ഡിജിറ്റൽ പാഠസംരക്ഷണം
1.എന്താണു് ഡിജിറ്റൈസേഷൻ

ഡിജിറ്റൈസേഷൻ വെറും വാച്യാർത്ഥത്തിൽ മാത്രം മനസ്സിലാക്കപ്പെട്ട ഒരു കാര്യമാണു്. പാഠത്തെ ഏതെങ്കിലും ഒരു വേഡ്പ്രോസസ്സർ രൂപത്തിലാക്കിക്കഴിഞ്ഞാൽ ഡിജിറ്റൈസേഷന്റെ ദൗത്യം പൂർത്തിയായി എന്നും അതു് കാലഘട്ടങ്ങളെ വെല്ലുവിളിച്ചുകൊണ്ടു് നിലനിൽക്കുമെന്നും നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഉപയോഗക്ഷമത നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്നുമാണു് പലരും കരുതുന്നതു്.

ഈ സങ്കല്പം അജ്ഞതയിൽ നിന്നും ഉണ്ടാവുന്നതാണു്. വേഡ്പ്രോസസ്സർ പ്രവർത്തകനിബദ്ധമായ (operating system dependent) ഒരു പ്രയോഗമാണു് (application). മാത്രവുമല്ല, പാഠം സൂക്ഷിച്ചിരിക്കുന്നതു് അതതു് പ്രയോഗത്തിന്റെ സ്രഷ്ടാക്കൾ വിഭാവനം ചെയ്യുന്ന രീതിയിലുള്ള, നമുക്കു് അപ്രാപ്യമായ, ആന്തരികസാങ്കേതികഘടനയിലാണു്. അക്കാരണം കൊണ്ടു പ്രയോഗത്തിന്റെ പതിപ്പുകൾ മാറുകയോ പ്രവർത്തകം മാറുകയോ ചെയ്യുമ്പോൾ പാഠം പ്രയോജനരഹിതമാവുന്നു. പിന്നെ വീണ്ടും വരുതിയിൽ കൊണ്ടുവരണമെങ്കിൽ പ്രയോഗത്തിന്റെ പുതിയ പതിപ്പു് വാങ്ങണം. അതൊരു വിപണനതന്ത്രത്തിന്റെ സാങ്കേതിക കെണിയായി തുടർന്നുകൊണ്ടേയിരിക്കുന്നു. അപ്പോൾ പാഠസംരക്ഷണത്തെക്കുറിച്ചുള്ള ധാരണ തീർത്തും അബദ്ധമായിരുന്നുവെന്നു ബോദ്ധ്യപ്പെടുന്നു. വേഡ്പ്രോസസ്സറിനെ ആശ്രയിക്കുന്നവർക്കു് മൂന്നു-നാലു കൊല്ലങ്ങൾക്കകം സംഭവിക്കുന്ന ദുരന്തങ്ങളാണിവയൊക്കെ. അപ്പോൾ പിന്നെ നൂറ്റാണ്ടുകൾക്കു് അപ്പുറത്തെ കഥ പറയാനുമില്ലല്ലോ. സാങ്കേതികമുന്നേറ്റത്തെക്കുറിച്ചു് ഊറ്റം കൊള്ളുമ്പോൾ നമ്മൾ ഡിജിറ്റൈസ് ചെയ്ത പാഠത്തിനു് താളിയോലയുടെ ആയുർദൈർഘ്യം പോലും അവകാശപ്പെടുവാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.

2.ഡിജിറ്റൽ സംരക്ഷണം

പാഠത്തിന്റെ ഡിജിറ്റൽ സൃഷ്ടി കഴിഞ്ഞാൽ, അതിന്റെ വിന്യാസത്തോടൊപ്പം ഡിജിറ്റൽ സംരക്ഷണവും നടത്തുക എന്നതു് മൗലികമായ ആവശ്യമാണു്. അല്ലെങ്കിൽ ഈ പാഠം കാലാന്തരത്തിൽ അച്ചടിപ്പതിപ്പിന്റെ തിരോധാനത്തെ തുടർന്നു് എന്നേയ്ക്കുമായി നഷ്ടപ്പെടും. എന്നാൽ സംരക്ഷണത്തിന്റെ ആവശ്യം ഇനിയും ബോദ്ധ്യമാവാത്ത ഒരു സമൂഹവും ഭരണസംവിധാനവുമാണു് നമുക്കുള്ളതു്. അവിടെ പാഠസംരക്ഷണത്തിനു് ഗുണകരമായി കാര്യങ്ങൾ നടത്തിക്കിട്ടുവാനുള്ള ശ്രമങ്ങൾ മറ്റു പരിഗണനകളുടെ മുന്നിൽ അവഗണിക്കപ്പെടും. അപ്പോൾ അതു് നടപ്പിലാക്കാമെന്നതിനു് ഉത്തമ മാതൃകകൾ നിർമ്മിച്ചു കാണിക്കുക എന്നതത്രെ ആ മാർഗ്ഗം. അതാണു് സായാഹ്നയുടെ ആവിർഭാവത്തിനും പ്രവർത്തനത്തിനും കാരണമായതു്.

ഡിജിറ്റൽ പാഠസംരക്ഷണത്തിന്റെ ആവിർഭാവവും വ്യാപനവും നടന്നതു് പാശ്ചാത്യലോകത്താണു്. പാഠത്തിന്റെ ഉളടക്കവും വിന്യാസവും രണ്ടായി [1] കാണുവാൻ കഴിഞ്ഞതും പാശ്ചാത്യർക്കു തന്നെ. പാഠത്തിന്റെ ഈ രണ്ടു ഗുണവിശേഷങ്ങളെയും വേർതിരിച്ചറിയാൻ കഴിഞ്ഞാൽ മാത്രമേ പാഠസംരക്ഷണം എങ്ങനെ സാധിക്കാം എന്നതിന്റെ രീതിശാസ്ത്രം ഉരുത്തിരിയുകയുള്ളു. [2] ഉള്ളടക്കമാണ് സംരക്ഷിക്കേണ്ടത്; വിന്യാസമാവട്ടെ, കാലികവും, രുചിഭേദങ്ങളിലെ മാറ്റത്തിനു് അനുസൃതമായി/വിധേയമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണു്. അതുകൂടാതെ, വിന്യാസം നിലവിലെ സാങ്കേതികതയുമായും ഉപകരണങ്ങളുമായും പിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്നതുമാണു്. ഉള്ളടക്കമാവട്ടെ കാലത്തിന്റെ ഒഴുക്കിൽപ്പെട്ടു മാറുന്ന ഒന്നല്ല, അതു് നിത്യവും നിതാന്തവുമത്രെ. അതുകൊണ്ടു് തനിമയോടെ തന്നെ അതു് എന്നേയ്ക്കുമായി സൂക്ഷിക്കപ്പെടേണ്ടതാണു്. സംരക്ഷണത്തിന്റെ രീതിശാസ്ത്രം ഇവിടെ തുടങ്ങുന്നു. [3]

3.സായാഹ്നയും പാഠസംരക്ഷണവും

സായാഹ്ന ഫൗണ്ടേഷന്റെ പ്രധാന ഉദ്ദേശ്യം ഭാഷാകൃതികളെ സംരക്ഷണ സാങ്കേതികക്കുള്ളിൽ കൊണ്ടുവരിക; ആർക്കൈവൽ രൂപങ്ങൾ സൃഷ്ടിച്ചു് ഉത്തമ മാതൃകകൾ കാണിച്ചു കൊടുക്കുക; പുതുതായി രൂപപ്പെട്ടു വരുന്ന വായനോപകരണങ്ങൾക്കു് ഉപയോഗിക്കാവുന്ന രീതിയിൽ ഭാഷാകൃതികളെ മാറ്റിയെടുക്കുക; പാഠവിന്യാസത്തിനു് ഇന്നു് ആശ്രയിക്കുന്ന പഴഞ്ചൻ രീതികൾ ഉപേക്ഷിച്ചു് യൂണികോഡിൽ അധിഷ്ഠിതമായ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു് പാശ്ചാത്യലോകത്തിൽ ഇറങ്ങുന്ന അച്ചടി പതിപ്പുകളോടു് കിടപിടിക്കുന്ന പതിപ്പുകൾ ഭാഷയിൽ പ്രസിദ്ധീകരിക്കുക; ഇതിനു് വേണ്ട സോഫ്റ്റ്വെയർ ശേഖരങ്ങൾ സ്വതന്ത്രോപയോഗത്തിനായി പ്രസിദ്ധീകരിക്കുക എന്നിവയാണു്.

4.ഡിജിറ്റൽ കാലത്തിലെ വായന

ഇന്നു് വായന പുസ്തകങ്ങളിൽ നിന്നു് വിവിധരൂപത്തിലുള്ള ഉപകരണങ്ങളിലേയ്ക്കു് മാറിവരികയാണു്. ആവശ്യക്കാർ ഉള്ളടക്കത്തിന്റെ ഡിജിറ്റൽ രൂപങ്ങൾ തിരയുമ്പോൾ കിട്ടാതെ വരുന്നു എന്നതു് കാലാന്തരത്തിൽ ഭാഷയുടെ നിലനില്പിനെയും ഉപയോഗത്തെയും സാരമായി ബാധിക്കാനിടയുണ്ടു്. ഉള്ളടക്കത്തിന്റെ സംസ്കരണത്തെ പോലെത്തന്നെ പ്രസാധനത്തിന്റെ ഒരവിഭാജ്യഘടകമാണു് ഡിജിറ്റൽ സംരക്ഷണരൂപങ്ങളുടെ നിർമ്മിീതിയും എന്നതു്. അതൊരു സോഫ്റ്റ്വേറിന്റെ ഉല്പന്നമാവരുത്, മറിച്ചു് ആവശ്യങ്ങൾക്കനുസൃതമായി സോഫ്റ്റ്വേർ തിരഞ്ഞടുക്കുകയാണു് വേണ്ടതു്. ഈ രീതിയിൽ പ്രസാധനരംഗം മാറിയേ പറ്റൂ.

5.ഉള്ളടക്കം പല രൂപത്തിൽ

ഒരേ ഉള്ളടക്കത്തെ പലതരം രൂപങ്ങളിൽ വിന്യസിക്കുക എന്നതു് ഒറ്റ നോട്ടത്തിൽ ഡിജിറ്റൽ ധാരാളിത്തമായി തോന്നിയേക്കും. പക്ഷേ, സത്യം അതല്ല, പാഠസംരക്ഷണ സിദ്ധാന്തത്തിന്റെ—പാഠത്തിന്റെ സ്രോതസ്സിൽ നിന്നും എക്സ്എംഎൽ നിർമ്മിച്ചു കഴിഞ്ഞാൽ കാലഘട്ടത്തിനു് അനുയോജ്യമായ, എല്ലാ സാങ്കേതികസാദ്ധ്യതകളും ഉപയോഗിക്കാവുന്ന വിധം വിന്യാസരൂപങ്ങൾ അതിൽ നിന്നു് സൃഷ്ടിക്കാനാവും എന്നതിന്റെ—ഒരു തെളിവു കൂടിയാണു്.

എക്സ്എംഎൽ നിർമ്മിച്ചു കഴിഞ്ഞാൽ മറ്റുരൂപങ്ങളെല്ലാം തന്നെ സൃഷ്ടിക്കാനുള്ള സ്രോതസ്സായി എക്കാലവും അതു് ഉപയോഗിക്കുവാനാവും. ഈ ആർക്കൈവൽ സ്രോതസ്സിൽ നിന്നു് ഉപയോഗത്തിനു വേണ്ട ഫോർമറ്റുകൾ നിർമ്മിക്കുന്നതുമൂലം ആർക്കൈവൽ പതിപ്പും അതിൽ നിന്നും നിർമ്മിതമായ മറ്റു പതിപ്പുകളും ഉള്ളടക്കത്തിന്റെ കാര്യത്തിൽ എപ്പോഴും യോജിപ്പിലായിരിക്കുകയും ചെയ്യും. ഇതു് ഒരു പ്രധാന ഘടകമാണു്. ഇക്കാരണം കൊണ്ടു് എക്സ്എംഎൽ പതിപ്പിനെ പാഠത്തിന്റെ ഔദ്യോഗിക പതിപ്പായി കണക്കാക്കി വരുന്നു (version of record), മറ്റൊരു കാരണം, പ്രവർത്തകത്തിന്റെയോ പ്രയോഗത്തിന്റെയോ ഉപകരണത്തിന്റെയോ മാറ്റങ്ങൾ ഈ എക്സ്എംഎൽ പതിപ്പിനെ ഒരു കാലവും സ്വാധീനിക്കുന്നില്ല (operating system, application and device independence) എന്നതാണു്. ഈ സമ്പ്രദായമാണു് സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൈസേഷന്റെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതു്.

കുറിപ്പുകൾ

1 William Warren Tunnicliffe (April 22, 1922 – September 12, 1996) is credited by Charles Goldfarb as being the first person (1967) to articulate the idea of separating the definition of formatting from the structure of content in electronic documents (separation of presentation and content). See this Wiki page.

2 കൂടുതൽ വിവരങ്ങൾക്കു് ഈ വിക്കി പേജു് കാണുക.

3 പാഠവിന്യാസത്തിന്റെ ആവിർഭാവത്തിനു കാരണമായ സംഭവങ്ങളെയും എക്സ്എം‌എല്ലിനെയും കുറിച്ചു് കൂടുതൽ അറിയുവാൻ ഈ താൾ സന്ദർശിക്കുക..