എന്താണു് എക്സ്എംഎൽ
1.പാഠസംരക്ഷണത്തിന്റെ ആവിർഭാവം

ഡിജിറ്റൽ പാഠസംരക്ഷണത്തിന്റെ ആവിർഭാവവും വ്യാപനവും നടന്നതു് പാശ്ചാത്യലോകത്താണു്. പാഠത്തിന്റെ ഉളടക്കവും വിന്യാസവും രണ്ടായി [1] കാണുവാൻ കഴിഞ്ഞതും പാശ്ചാത്യർക്കു തന്നെ. പാഠത്തിന്റെ ഈ രണ്ടു ഗുണവിശേഷങ്ങളെയും വേർതിരിച്ചറിയുവാൻ കഴിഞ്ഞാൽ മാത്രമേ പാഠസംരക്ഷണം എങ്ങിനെ സാധിക്കാം എന്നതിന്റെ രീതിശാസ്ത്രം ഉരുത്തിരിയുകയുള്ളു. [2] കാരണമെന്തെന്നാൽ, സാധാരണ കരുതുന്നതിനു് വിരുദ്ധമായി, ഉള്ളടക്കമാണു് സംരക്ഷണം ആവശ്യപ്പെടുന്നതും അർഹിക്കുന്നതും. വിന്യാസമാവട്ടെ, കാലികവും, രുചിഭേദങ്ങളിലെ മാറ്റത്തിനു് അനുസൃതമായി/വിധേയമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണു്. അതുകൂടാതെ, വിന്യാസം നിലവിലെ സാങ്കേതികതയുമായും ഉപകരണങ്ങളുമായും പിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്നതുമാണു്. ഉള്ളടക്കമാവട്ടെ കാലത്തിന്റെ ഒഴുക്കിൽപ്പെട്ടു് മാറുന്ന ഒന്നല്ല, അതു് നിത്യവും നിതാന്തവുമത്രെ. അതുകൊണ്ടു് ആ രീതിയിൽ തന്നെ എന്നേയ്ക്കുമായി സൂക്ഷിക്കപ്പെടേണ്ടതാണു്. സംരക്ഷണത്തിന്റെ രീതിശാസ്ത്രം ഇവിടെ തുടങ്ങുന്നു.

ഡിജിറ്റൽ പാഠസംരക്ഷണം ഒരു വ്യാവസായികാവശ്യമായിട്ടാണു് ആവിർഭവിക്കുന്നതു്. ഐ. ബി. എം. കോർപ്പറേഷനിൽ മെയിൻഫ്രേം കമ്പ്യൂട്ടറുകളുടെ സാങ്കേതിക വിവരണഗ്രന്ഥങ്ങളുടെ സമകാലികത നിലനിറുത്തുവാൻ സാദ്ധ്യമല്ലാതെ വന്നപ്പോൾ ഒരു അനിവാര്യതയായിട്ടാണു് പാഠസംരക്ഷണത്തിന്റെ ആശയം ഉദിച്ചതു്. സാങ്കേതിക വളർച്ചയുടെ വേഗതമൂലം യന്ത്രോപകരണങ്ങളിൽ വരുത്തപ്പെടുന്ന മാറ്റത്തിനു് അനുയോജ്യമായ വേഗതയിൽ അവയുടെ സാങ്കേതികവിവരണ ഗ്രന്ഥാവലി നവീകകരിക്കുവാൻ കഴിയാതെ വന്നതു് കമ്പനിയുടെ ഉല്പന്നങ്ങളുടെ വിപണനത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. കമ്പ്യൂട്ടറുകൾ ഉൽപ്പാദനകേന്ദ്രങ്ങളിൽ നിന്നും ഉപഭോക്തൃസ്ഥാപനങ്ങളിലേയ്ക്കു് ലക്ഷക്കണക്കിനു് പുറങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സാങ്കേതിക വിവരണപുസ്തകങ്ങളുമായി എത്തിക്കഴിയുമ്പോഴേയ്ക്കും തന്നെ പുസ്തകങ്ങൾ കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കും. അത്രവേഗം അച്ചടിപ്പതിപ്പിറക്കുക എന്നതു് ദുഷ്കരവും ഭാരിച്ച സാമ്പത്തികഭാരം വരുത്തുന്നതുമാണു്.

2.എസ്ജിഎം‌എൽ, എച്റ്റിഎം‌എൽ, എക്സ്എം‌എൽ

ഈ സാഹചര്യത്തിലാണു്, പാഠം പുസ്തകമല്ലാത്ത രൂപത്തിൽ നെറ്റ്വർക്കു് വഴി വിതരണം ചെയ്യാവുന്ന ഒരു സേവനമാക്കാം എന്ന ആശയം ഐ. ബി. എമ്മിലെ ഒരു എൻജിനീയറായ ചാൾസ് ഗോൾഡ്ഫാർബി നു (Charles Goldfarb) [3] തോന്നിയതു്. ഈ ആവശ്യം നിറവേറ്റുവാൻ ആദ്യപടിയായി ചെയ്തതു് പാഠത്തെ ഉള്ളടക്കമായും വിന്യസിക്കപ്പെട്ട രൂപമായും വിഭജിക്കുകയായിരുന്നു. ഐ. ബി. എമ്മിന്റെ സെർവറുകളിൽ, ഘടനാപരമായ വേർതിരിവുകൾ (structural differentiation) അസന്നിഗ്ദ്ധമായി നിർദ്ദേശിക്കപ്പെട്ട രീതിയിലുള്ള മാർക്കപ്പുകളാൽ സമൃദ്ധമായ പാഠം നിലകൊണ്ടു. ഉപഭോക്താക്കളുടെ ഉപയോഗത്തിനായി പാഠത്തിലെ സ്ട്രക്ചറൽ മാർക്കപ്പുകളെ വിശകലനം ചെയ്തു് വിന്യസിക്കുവാൻ കഴിവുള്ള സോഫ്റ്റ്വെയർ പ്രയോഗങ്ങൾ ഐ. ബി. എം. വിതരണം ചെയ്തു. ഉപഭോക്താക്കൾ ആവശ്യാനുസരണം ഈ സോഫ്റ്റ്വെയറിന്റെ സഹായത്തോടുകൂടി സെർവറുകളുമായി ബന്ധപ്പെടുകയും ഉല്പന്നങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം ഒട്ടും തന്നെ സമയനഷ്ടം കൂടാതെ നേടുകയും ചെയ്തിരുന്നു. ഈ മാർക്കപ്പ് സമ്പ്രദായത്തിനു ജെനറലൈസ്ഡ് മാർക്കപ്പ് ലാംഗ്വേജ് (Generalized Markup Language—GML) അഥവാ ജിഎംഎൽ എന്നാണു് ഗോൾഡ്ഫാർബ് നാമകരണം ചെയ്തതു്. [4]

ഐ. ബി. എമ്മിൽ മാത്രം ഈ സമ്പ്രദായം ഒതുങ്ങി നിന്നില്ല. അമേരിക്കയിലെ വിവിധ പ്രസാധകർ ഉള്ളടക്കത്തെ അതിന്റെ വിന്യാസബന്ധിയല്ലാത്ത രീതിയിൽ ഘടനാപരമായ സംശുദ്ധിയോടുകൂടി നീണ്ടകാലം സൂക്ഷിക്കുവാനുള്ള മാർഗ്ഗവും അതിലുപരി വമ്പിച്ച സാമ്പത്തികലാഭവും ഇതിൽ കണ്ടെത്തി. പിന്നീടു് ഓരോ പ്രസാധകനും അവനവനു് യോജിച്ച തരത്തിൽ ജിഎംഎൽ സമ്പ്രദായങ്ങൾ വികസിപ്പിക്കുകയും അതിന്റെ അതിരു കവിഞ്ഞ വ്യാപനം പരസ്പരപ്രവർത്തനക്ഷമതയില്ലാത്ത ഒരു കൂട്ടം മാർക്കപ്പിന്റെ വ്യവസ്ഥാരാഹിത്യത്തിലേയ്ക്കു് വഴിതെളിക്കുകയും ചെയ്തു. അധികം വൈകും മുമ്പു് 1974-ൽ ഇന്റർനേഷണൽ സ്റ്റാന്റാർഡ്സ് ഓർഗനൈസേഷൻ ഇടപെടുകയും ജിഎംഎലിനു് ഒരു സ്റ്റാന്റാർഡ് രൂപപ്പെടുത്തുകയും ചെയ്തു. അതാണു് സ്റ്റാന്റാർഡ് ജെനറലൈസ്ഡ് മാർക്കപ്പ് ലാംഗ്വേജ് (Standard Generalized Markup Language—SGML) എന്നു് ഇന്നറിയപ്പെടുന്നതു്. ഇന്നു് ഇന്റർനെറ്റിന്റെ ജീവനാഡിയായി വർത്തിക്കുന്ന ഹൈപ്പർ റ്റെക്സ്റ്റ് മാർക്കപ്പ് ലാംഗ്വേജ് (Hypertext Markup Language—HTML) ആണു് എസ്ജിഎംഎല്ലിൽ നിന്നും രൂപം കൊണ്ട ഏറ്റവും വിജയിച്ച ആദ്യത്തെ പ്രയോഗം. അനന്തരം എസ്ജിഎംഎല്ലിന്റെ സങ്കീർണ്ണതകൾ ലഘൂകരിച്ചു് എക്സ്എംഎൽ (Extensible Markup Language—XML) എന്ന ഇന്നു് പാഠസംരക്ഷണത്തിനു് സാർവജനീനമായി ഉപയോഗിക്കപ്പെടുന്ന മാർക്കപ്പ് സമ്പ്രദായം രൂപപ്പെടുകയുണ്ടായി. എച്റ്റിഎംഎൽ, എക്സ്എംഎൽ തുടങ്ങിയ സമ്പ്രദായങ്ങൾ സുതാര്യവും, സ്വതന്ത്രവും, പൊതുസമൂഹത്തിന്റെ നിയന്ത്രണത്തിലുമാണു്, അക്കാരണം കൊണ്ടു് തന്നെ സ്വകാര്യ സോഫ്റ്റ്വെയറുകളോ പ്രമാണരൂപങ്ങളോ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന അപകടങ്ങളോ അത്ഭുതങ്ങളോ ഉപയോക്താവിനു് നേരിടേണ്ടി വരുന്നില്ല.

3.എക്സ്എംഎലിന്റെ വ്യാപനം

എഴുപതുകളിൽ ഒരു സ്വകാര്യകമ്പനിയിൽ വാണിജ്യാവശ്യത്തിനായി രൂപപ്പെട്ട പാഠസംരക്ഷണ പ്രയോഗങ്ങൾ ഏറ്റവും ജനോപകാരപ്രദമായി പ്രയോജനപ്പെടുത്തിയതു് യൂറോപ്യൻ യൂണിയനാണു്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി തന്നെ യൂറോപ്യൻ ഭാഷകളിലെ എല്ലാ ഗ്രന്ഥങ്ങളും ടി. ഇ. ഐ. കൺസോർഷ്യം (TEI Consortium) [5] എന്ന സം‌ഘടനയുടെ സഹായത്തോടുകൂടി പാഠസംരക്ഷണം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ പാത പിന്തുടർന്നുകൊണ്ടു് വിവിധ സർക്കാരുകളും സ്വകാര്യ പ്രസാധകരും അവരവരുടെ ഉടമസ്ഥതയിലുള്ള ഉള്ളടക്കത്തിന്റെ സംരക്ഷിത രൂപങ്ങൾ സൃഷ്ടിക്കുകയും ഗ്രന്ഥങ്ങൾ, രേഖകൾ, പ്രമാണങ്ങൾ തുടങ്ങിയവയെ ക്രോഡീകരിച്ചുകൊണ്ടു് കാലത്തിന്റെ വെല്ലുവിളികളെ നേരിടുവാൻ അനുയോജ്യമായ വിവര വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയുണ്ടായി. പ്രസിദ്ധീകരണത്തിലും പാഠസംസ്കരണത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളും വർത്തമാനകാലത്തിലും ഇതേ രീതി പിന്തുടർന്നതുകൊണ്ടു് പാശ്ചാത്യലോകത്തിനു് ഇവിടെ സംഭവിച്ച വിപത്തു് നേരിടേണ്ടി വന്നില്ല. ടി. ഇ. ഐ. [6] എന്ന ഡി. റ്റി. ഡി. (DTD—Document Type Definition) [7] ആണു് ശാസ്ത്ര-സാഹിത്യ-മാനവിക വിഷയങ്ങളിലെ പാഠസംരക്ഷണത്തിനു് ഉപയോഗിച്ചതു്. പക്ഷേ, സ്വകാര്യ പ്രസാധകരാവട്ടെ, അവർക്കു് അനുയോജ്യമായ ഡിറ്റിഡി-കൾ രൂപകല്പന ചെയ്യുകയുണ്ടായി. [8]

4.പാഠസംരക്ഷണം ഭാരതീയഭാഷകളിൽ

മറ്റു ഭാരതീയഭാഷകളിൽ പാഠസംരക്ഷണം എന്തുമാത്രം പുരോഗമിച്ചിട്ടുണ്ടെന്നു് യാതൊരു രൂപവുമില്ല. തമിഴിന്റെ സ്ഥിതി മലയാളത്തിന്റേതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലെന്നു് മാത്രം അറിയാം. നമ്മുടെ ബിരുദ/ബിരുദാനന്തരപഠനങ്ങളിൽ ഇതൊക്കെ പാഠ്യവിഷയങ്ങളായിട്ടു് ഉണ്ടെന്നല്ലാതെ സർവകലാശാലകൾ പാഠസംരക്ഷണ മേഖലയിൽ എന്തെങ്കിലും ക്രിയാത്മക പ്രവർത്തനം നടത്തുകയോ ഗവേഷണത്തിനു നേതൃത്വം നൽകുകയോ ചെയ്തിട്ടുണ്ടോ എന്നു് സംശയമാണു്. യൂറോപ്യൻ രാജ്യങ്ങളിലെ മുഴുവൻ പുസ്തകങ്ങളും ഡിജിറ്റൽ സംരക്ഷണം നടത്തുവാൻ സഹായിച്ച റ്റെക്സ്റ്റ് എൻകോഡിങ് ഇനിഷിയേറ്റീവ് (Text Encoding Initiative) എന്ന സംരംഭം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു എന്നതു് നമ്മുടെ വിദ്യാഭ്യാസവിചക്ഷണരും സർവകലാശാലകളും അറിയേണ്ട ഒരു കാര്യമാണു്.

വികസിതലോകത്തു് ഇപ്പോൾ പുസ്തകനിർമ്മാണത്തിന്റെ ഭാഗമായി പാഠസംരക്ഷണം നിർബന്ധിതമായും ചെയ്തിരിക്കേണ്ട ഒരു കാര്യമാണു്. അതൊഴിവാക്കിയിട്ടു് ആർക്കും തന്നെ പുസ്തകമോ എന്തെങ്കിലും രൂപത്തിലുള്ള പാഠമോ ടൈപ്സെറ്റ് ചെയ്യുവാൻ സാദ്ധ്യമല്ല. അതിനർത്ഥം ഒരു പുസ്തകത്തിന്റെ അച്ചടിപ്പതിപ്പു് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഡിജിറ്റൽ പതിപ്പു് സംരക്ഷണത്തിനായി തയ്യാറായിക്കഴിഞ്ഞുവെന്നാണു്. അത്രമേൽ ശുഷ്കാന്തി ഇക്കാര്യത്തിൽ പാശ്ചാത്യലോകം വെച്ചുപുലർത്തുന്നു.

മലയാളത്തിൽ എഴുപതിനായിരത്തോളം കൃതികൾ പ്രസിദ്ധികരിച്ചിട്ടുണ്ടെന്നാണു് ഒരേകദേശ കണക്കു്. അവയുടെ ഏതെങ്കിലും പ്രസാധകരോ സർക്കാരോ സർവകലാശാലകളോ ഈ പുസ്തകങ്ങളുടെ ഡിജിറ്റൽ ആർക്കൈവ് നിർമ്മിച്ചതായി അറിവില്ല. ഈ നിലയ്ക്കു് യാത്ര തുടരുന്നപക്ഷം നമ്മുടെ പുസ്തകങ്ങളെല്ലാം തന്നെ അച്ചടിപ്പതിപ്പിന്റെ അവസാനത്തോടുകൂടി എന്നേയ്ക്കുമായി നമുക്കു് നഷ്ടപ്പെടും എന്നതു് തീർച്ചയാണു്.

കുറിപ്പുകൾ

1 William Warren Tunnicliffe (April 22, 1922 – September 12, 1996) is credited by Charles Goldfarb as being the first person (1967) to articulate the idea of separating the definition of formatting from the structure of content in electronic documents (separation of presentation and content). See this Wiki page.

2 കൂടുതൽ വിവരങ്ങൾക്കു് ഈ വിക്കി പേജു് കാണുക.

3 ചാൾസ് ഗോൾഡ്ഫാർബ് 1969-ൽ ജനറലൈസ്ഡ് മാർക്കപ്പ് ലാംഗ്വേജ് വികസിപ്പിച്ചു. വിക്കിപ്പീഡിയ ലിങ്ക്.

4 Goldfarb, Charles (1996) “The Roots of SGML—A Personal Recollection”, ഗോൾഡ്ഫാർബിന്റെ ബ്ലോഗ് കാണുക.

5 http://www.tei-c.org/index.xml എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

6 TEI—Text Encoding Initiative—ഇതൊരു പാഠസംരക്ഷണ നിർവചനത്തിന്റെ പേരാണു്. TEI Consortium (2002), Guidelines for Electronic Text Encoding and Interchange (TEI P4). Ed. C. M. Sperberg-McQueen and Lou Burnard, Chicago, Oxford, എന്ന രേഖ ആധികാരികമാണു്. കൂടുതൽ വിവരങ്ങൾക്കു് Burnard, Lou (2014), What is the Text Encoding Initiative? (Open Edition Press, Marseille, pp. 114, doi: 10.4000 / books.oep.426) എന്ന പുസ്തകം കാണുക.

7 എസ്ജിഎംഎൽ കുടുംബത്തിൽപെടുന്ന മാർക്കപ് രൂപങ്ങളെ—എച്റ്റിഎംഎൽ, എക്സ്എംഎൽ, മാത്എംഎൽ,... —നിയന്ത്രിക്കുന്ന, അതിലെ വിവിധ ഘടകങ്ങൾ ഏതു ക്രമത്തിലാവണം, എങ്ങിനെ പരസ്പരം ബന്ധപ്പെടണം തുടങ്ങിയ കാര്യങ്ങളെ നിർവചിക്കുന്ന നിയമാവലി. കൂടുതൽ വിവരങ്ങൾക്കു് ഈ വിക്കി കണ്ണി സന്ദർശിക്കുക.

8 ആനുഷംഗികമായി ഓർമ്മയിൽ വരുന്ന ഒരു കാര്യം കൂടി ഇവിടെ രേഖപ്പെടുത്തുന്നതു് നന്നായിരിക്കും എന്നു തോന്നുന്നു. 2002-ൽ ടെക് യൂസേഴ്സ് ഗ്രൂപ്പി ന്റെ സാർവദേശീയ സമ്മേളനം ആദ്യമായി ഇന്ത്യയിൽ നടന്നതു് തിരുവനന്തപുരത്തു് വെച്ചാണു്. ടി. ഇ.  ഐ. കൺസോർഷ്യത്തിന്റെ പ്രധാനികളായ സെബാസ്റ്റ്യൻ റാറ്റ്സും (Sebastian Rahtz) ലു ബർണാർഡും (Lou Burndard) ഈ കോൺഫറൻസിൽ പങ്കെടുക്കുകയും ടി. ഇ. ഐ. എക്സ്എംഎൽ ഉപയോഗിച്ചു് പാഠസംരക്ഷണം നടത്തുന്നതിനെക്കുറിച്ചു് ഒരു ശില്പശാല നടത്തുകയുമുണ്ടായി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടിംഗ് സർവീസെസ് (ഇവിടെയാണു് സെബാസ്റ്റ്യൻ റാറ്റ്സും ലു ബർണാർഡും ജോലി ചെയ്തിരുന്നതു്. ടി. ഇ. ഐ. കൺസോർഷ്യത്തിന്റെ ആസ്ഥാനവും ഇവിടെയായിരുന്നു.) ടി. ഇ. ഐ. എക്സ്എംഎൽ ഉപയോഗിച്ചു പാഠ സംസ്കരണം/സംരക്ഷണം നടത്തുവാനായി വികസിപ്പിച്ച ഒട്ടനവധി സ്വതന്ത്രസോഫ്റ്റ്വെയറുകളെയും അന്നത്തെ ശില്പശാലയിൽ പരിചയപ്പെടുത്തുകയുണ്ടായി. മാത്രവുമല്ല, കേരള സർവകലാശാലയ്ക്കോ സർക്കാരിനോ ടി. ഇ. ഐ. എക്സ്എംഎൽ ഉപയോഗിക്കുകയാണെങ്കിൽ സാങ്കേതികസഹായം നല്കുവാൻ തയ്യാറാണെന്നും അറിയിക്കുകയുണ്ടായി. എന്നാൽ, ഒരിക്കലും നമ്മളാരും അതു് പ്രയോജനപ്പെടുത്തിയില്ല എന്ന സത്യം അവശേഷിക്കുന്നു. യൂറോപ്യൻ യൂണിയന്റെ പാഠസംരക്ഷണശ്രമങ്ങളിൽ ഏറ്റവും വലിയ പങ്കാളിത്തവും സംഭാവനയും നൽകിയതു് യൂറോപ്യൻ സർവകലാശാലകളും വിദ്യാർത്ഥികളുമായിരുന്നു.