കേരളവർമ്മയുടെ അവതാരികകൾ: വിമർശനാത്മകപഠനം
രമ്യ, എൻ.
മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്
1845 മുതൽ 1914 വരെയുള്ള ഏഴുദശകങ്ങളാണ് കേരളവർമ്മയുഗം എന്ന പേരിൽ മലയാളസാഹിത്യത്തിൽ അറിയപ്പെടുന്നത്. അച്ചടിയുടെ പ്രചാരം, പത്രമാസികകളുടെ പ്രസിദ്ധീകരണം, കൊളോണിയൽ ചിന്താധാരകളുടെ കടന്നുവരവ്, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരം, നവോത്ഥാനാശയങ്ങളുടെ പ്രചാരം, അവയുടെ പ്രവർത്തനം, സർക്കാർ ആഭിമുഖ്യത്തിലുള്ള നാട്ടുഭാഷാവിദ്യാലയങ്ങളുടെ പ്രവർത്തനം, പാഠപുസ്തകനിർമ്മാണം, ഗദ്യപദ്യസാഹിത്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ബോധപൂർവശ്രമം തുടങ്ങിയവ ഈ കാലഘട്ടത്തിലെ പ്രത്യേകതകളാണ്. ചരിത്രത്തിലെ ഈ നിർണ്ണായക പരിണാമപ്രക്രിയയിൽ മലയാളസാഹിത്യത്തിലെ അഭിനിവേശങ്ങൾക്കും അഭിപ്രായങ്ങൾക്കും ദിശാബോധവും നേതൃത്വവും നല്കി എന്നുള്ളതാണ് കേരളവർമ്മയെ പ്രസക്തനാക്കുന്ന സന്ദർഭം.
കാവ്യാദർശം

ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരായിരുന്നു കേരളവർമ്മയുൾപ്പെടെയുള്ള അന്നത്തെ പ്രമുഖ സാഹിത്യകാരന്മാർ. സംസ്കൃതജ്ഞാനികളും സംസ്കൃതാഭിമാനികളുമായിരുന്നു അവർ. സാഹിത്യചരിത്രകാരന്മാരും നിരൂപകരും യാഥാസ്ഥിതികപക്ഷത്താണ് കേരളവർമ്മയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടാണ് ഇതിനു പ്രധാന കാരണം. പ്രാസപക്ഷവാദിയായിരുന്നു കേരളവർമ്മ. “ഭാഷാകവിതയിൽ പ്രാസനിർബന്ധം കൂടാതിരുന്നാൽ പദ്യങ്ങൾക്ക് അധിലാളിത്യമുണ്ടാകുമെന്നുള്ളതു വാസ്തവമാണെങ്കിൽ ഭാഷാഗദ്യങ്ങൾക്കു തദധികമായ ലാളിത്യമുണ്ടായിരിക്കുമെന്നുള്ളത് അതിലുമധികം വാസ്തവമാകകൊണ്ട് ഭാഷാപണ്ഡിതന്മാർ പദ്യനിർമ്മാണത്തിൽ പ്രവർത്തിക്കാതിരിക്കയാണല്ലോ വേണ്ട്. അതുചെയ്യാതിരിക്കുന്ന സ്ഥിതിക്കു ഭാഷാകവിതയിൽ യഥാശക്തി പ്രാസത്തെ നിർവഹിച്ചുകൊണ്ടുപോകതന്നെയാണ് വേണ്ടത് എന്നാണ് എന്റെ പക്ഷം” (പ്രസ്താവന, അന്യാപദേശശതകം). മയൂരസന്ദേശവും (1884) അന്യാപദേശപരിഭാഷയും (1902) ദ്വിതീയാക്ഷരപ്രാസത്തെ അനുവർത്തിച്ചുകൊണ്ട് കേരളവർമ്മ രചിച്ച പ്രധാനകാവ്യങ്ങളാണ്.

ദ്വിതീയാക്ഷരപ്രാസത്തോടുള്ള താല്പര്യം, മണിപ്രവാളശൈലി പിന്തുടർന്നുകൊണ്ടുള്ള കൃതികളുടെ രചന, സംസ്കൃതഭാഷയോടുള്ള അതിരുകവിഞ്ഞ അഭികാമ്യം എന്നീ സാഹിത്യദർശങ്ങളെ ഒഴിച്ചുനിർത്തിയാൽ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ആധുനികീകരണത്തിനായി പ്രവർത്തിച്ച മാതൃഭാഷാഭിമാനിയാണ് കേരളവർമ്മ. വിവിധവിജ്ഞാനശാഖകളിലെ കൃതികൾക്കെഴുതിയ അവതാരികകൾ ഇതിനു തെളിവുകളാണ്. ഭാഷയുടെ വളർച്ചയ്ക്കും വികാസത്തിനും എന്തെല്ലാം പ്രതിസന്ധികളാണുള്ളതെന്ന് സൂക്ഷ്മദൃഷ്ട്യാ കണ്ടറിയുക, അത് വായനക്കാർക്ക് മനസ്സിലാക്കികൊടുക്കുക, തരണം ചെയ്യുന്നതിനായി പുതുതലമുറയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടിക്രമങ്ങളാണ് അവതാരികകളിലൂടെ കേരളവർമ്മ കൈക്കൊണ്ടത്.

അവതാരിക—സവിശേഷതകൾ

അക്കാലയളവിലിറങ്ങിയ ഒട്ടുമിക്ക ഗ്രന്ഥങ്ങളും കേരളവർമ്മയുടെ സർട്ടിഫിക്കറ്റുകളോടെയാണ് പുറത്തുവന്നിട്ടുള്ളത്. എ. ഡി. ഹരിശർമ പറയുന്നതുനോക്കുക. “അദ്ദേഹത്തിന്റെ വാങ്മൂലമോ രേഖാമൂലമോ ആയ പ്രോത്സാഹനംമൂലം അരയും തലയും മുറുക്കി അന്ന് അരങ്ങത്തു പ്രവേശിച്ച സാഹിത്യകാരന്മാരുടെ സംഖ്യ കുറച്ചൊന്നുമല്ല. അക്കാലത്തു പുറപ്പെട്ടിരുന്ന പുസ്തകങ്ങളിൽ ഒരു വലിയ ഭൂരിപക്ഷം വലിയകോയിത്തമ്പുരാന്റെ സാക്ഷ്യപത്രങ്ങളോടുകൂടിയവയായിരുന്നു (രണ്ടു സാഹിത്യനായകന്മാർ, പു. 166) കേരളവർമ്മതന്നെ പ്രിയസുഹൃത്ത് ചന്തുമേനോന് അയച്ച കത്ത് ഈ വസ്തുതയെ ബലപ്പെടുത്തുന്നുണ്ട്. “വാസ്തവം പറയുന്നതിനാൽ ഇപ്പോൾ നടത്തിവരുന്ന സാഹിത്യവ്യവസായംപോലെ മറ്റൊന്നും എന്നെ മുഷിപ്പിക്കുന്നില്ല വേറൊന്നിനും. പരിശോധനയ്ക്കും ഈയിടയ്ക്കുവന്നുചേരുന്ന പുസ്തകങ്ങൾക്ക് അവസാനമില്ല. പലപ്പോഴും അവയ്ക്ക് അവതാരിക എഴുതുന്നതിനും ശല്യപ്പെടുത്തുന്നുണ്ട്. ഒരു കാലത്ത് ഇതെല്ലാം ഉന്മേഷകരമായ വ്യവസായമായി എനിക്കുതോന്നിയിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ കുന്നുപോലെ വന്നുകിടക്കുന്ന കൈയെഴുത്തു പ്രതികൾനോക്കി എന്റെ മനസ്സുമുട്ടി” (കേരളവർമ്മദേവൻ, പു. 165). പരിശോധനയ്ക്കായി കേരളവർമ്മയെ സമീപിക്കുന്ന ഗ്രന്ഥാധിക്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. പാശ്ചാത്യവും പൗരസ്ത്യവുമായ ഭാഷകളിലും വിവിധ വിജ്ഞാനശാഖകളിലുമുള്ള പാണ്ഡിത്യം, സംസ്കൃതത്തിലും മലയാളത്തിലുമായി ധാരാളം കൃതികളുടെ കർത്തൃത്വം, പാഠപുസ്തകകമ്മിറ്റി, ഭാഷാപോഷിണിസഭ എന്നിവയുടെ അധ്യക്ഷപദവി ഇവയെല്ലാം അദ്ദേഹത്തെ മലയാളസാഹിത്യത്തിലെ നായകത്വപദവിക്ക് അർഹനാക്കിത്തീർത്തു. “കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വമില്ലാതെ തിരുവിതാംകൂറിലെന്നല്ല, കേരളത്തിലാകമാനവും ശ്രദ്ധേയങ്ങളായ സംഘടിത ശ്രമങ്ങളൊന്നും സാഹിത്യരംഗത്തു വന്നിട്ടില്ല. അന്നത്തെ പത്രങ്ങൾ, സംഘടനകൾ സാഹിത്യനായകന്മാർ, കവിയശഃപ്രാർത്ഥികൾ, ഇതരരംഗങ്ങളിലെ പ്രമുഖവ്യക്തികൾ, ഭരണാധികാരികൾ എല്ലാം കേരളവർമ്മയെ ബഹുമാനിച്ചിരുന്നത് കേരളസാഹിത്യചക്രവർത്തിയായിട്ടാണ് ” (പന്മന രാമചന്ദ്രൻനായർ, നവയുഗശില്പി രാജരാജവർമ്മ, പു. 33–34). കേരളവർമ്മയുടെ ഈ നായകത്തപദവിയാണ് എഴുത്തുകാരെ തങ്ങളുടെ കൃതികളുടെ പരിചയങ്ങൾക്കായി അദ്ദേഹത്തിനടുത്തേക്ക് എത്തിച്ചത്. സാഹിത്യത്തിലും സമൂഹത്തിലും പ്രസിദ്ധിയുള്ള വ്യക്തി തങ്ങളുടെ ഗ്രന്ഥത്തിന് അവതാരിക എഴുതിയാൽ കൃതിക്ക് പ്രചാരവും പ്രസിദ്ധിയും ലഭിക്കും എന്ന ധാരണയാവാം ഇതിനുപിന്നിലുള്ളത്.

സാഹിത്യത്തിന്റെ നവീകരണം, ചലനാത്മകത, വികസനം എന്നിവയ്ക്ക് പ്രധാനമായും മൂന്നുതരം സവിശേഷതകളോടുകൂടിയ അവതാരികകാളാണ് കേരളവർമ്മ രചിച്ചിട്ടുള്ളത്.

1പ്രോത്സാഹനപരം

കേരളവർമ്മയുടെ അവതാരികകളുടെ പ്രധാനസവിശേഷത അവ പ്രോത്സാഹനപരങ്ങളാണ് എന്നുള്ളതാണ്. നല്ല പുസ്തകങ്ങളെയും ചീത്ത പുസ്തകങ്ങളെയും അദ്ദേഹം ഒരുപോലെ പ്രോത്സാഹിപ്പിച്ചു. ഗ്രന്ഥദൗർലഭ്യം അനുഭവിക്കുന്ന സമയത്ത് ഈ രീതി കാലസ്ഥിതിക്ക് യോജിച്ചതായിരുന്നു എന്ന് സുകുമാർ അഴീക്കോട് രേഖപ്പെടുത്തുന്നുണ്ട്. “ഒരു സാഹിത്യത്തിന്റെ ചരിത്രപരമായ ഒരു സവിശേഷ പ്രതിസന്ധിയിൽ അതിന്റെ വളർച്ചയ്ക്കു് എന്തു നയം വിമർശനത്തിൽ കൈക്കൊള്ളണം എന്ന് ഗാഢമായി ചിന്തിച്ച ഒരു സാഹിത്യനായകന്റെ ഈ ലക്ഷ്യം വിശാലതരമായ വിമർശനലക്ഷ്യമാണെന്ന് പറയേണ്ടതില്ലല്ലോ” (മലയാളസാഹിത്യവിമർശനം, പു. 54). ഉള്ളൂരിന്റെ ‘ഒരു നേർച്ച’യ്ക്ക് കേരളവർമ്മ എഴുതി. “പച്ചമലയാളത്തിൽ ചില കൃതി ഇതിനുമുമ്പിൽ ഞാൻ വായിച്ചിട്ടുള്ളതായി തോന്നുന്നു. അന്ന് ഈ പ്രകൃതകൃതിയെപ്പോലെ മനസ്സിനെ ആവർജ്ജിച്ചിട്ടില്ലെന്നുള്ളതു നിശ്ചയംതന്നെ. ദേവീവിഷയമായ രതിഭാവവും അതികോമളമായ മലയാളത്തിന്റെ ഭംഗിയുംകൂടി ഈ കൃതിയെ ഭാഷാകാവ്യങ്ങളിൽവച്ചു ഒരുത്തമസ്ഥാനത്തിന് അർഹമാക്കിത്തീർത്തിട്ടുണ്ട്” (തിരുവെഴുത്ത്, പു. 11). പദ്യരൂപത്തിലുള്ള അനുമോദനങ്ങളും സുലഭമായി എഴുതിയിട്ടുണ്ട്. എസ്സ്. കൊച്ചുനാഥൻ ചാന്നാരവർകൾ രചിച്ച ‘അശ്വലക്ഷണം മണിപ്രവാള’ത്തിന്

ചാരുത്വം വാക്കിനേറുന്ന
ചാന്നാറാം കൊച്ചുനാഥനാൽ
ചമയ്ക്കപ്പെട്ടൊരീ ‘അശ്വ
ലക്ഷണം’ നല്ല ശിക്ഷയായ്

എന്നെഴുതി. ആറ്റുകാൽ എസ്. ശങ്കരപ്പിള്ളയുടെ ‘വിന്ധ്യമർദനവും മനോവൃത്തവും’ (കിളിപ്പാട്ട്), വി. കെ. ജോസഫ്മാപ്പിളയുടെ ‘അത്ഭുതപ്രസവം തുള്ളക്കഥ’, രവിവർമ്മ കോയിത്തമ്പുരാന്റെ ‘ഉഷാകല്യാണം ഭാഷാചമ്പു’ (രണ്ടാംപതിപ്പ്) തുടങ്ങിയ കൃതികൾക്കെല്ലാം പദ്യരൂപത്തിലുള്ള പ്രോത്സാഹനങ്ങളാണ് കേരളവർമ്മ നല്കിയിട്ടുള്ളത്.

കേരളവർമ്മയുടെ അതിരുകവിഞ്ഞ പ്രോത്സാഹന നടപടിക്കെതിരെ അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. “ആശ്രിതവാത്സല്യതിമിരംകൊണ്ടു കേരളവർമ്മ ഭാഷയിലുണ്ടാകുന്ന എല്ലാകൃതികളിലും നല്ല പുസ്തകങ്ങളും നല്ല കവിതകളുമല്ലാതെ കാണുന്നില്ല എന്നും പിത്തകാമിലബാധിച്ച ഒരു മനുഷ്യൻ എല്ലാ സാധനങ്ങളും മഞ്ഞനിറത്തിൽ കാണുന്നപോലെയാണ് ‘കേരളവർമ്മിയ’ബാധിതനായ തിരുമേനി എല്ലാം നല്ലതായി കാണുന്നതെന്ന് മൂർക്കോത്ത് അഭിപ്രായപ്പെടുന്നു” (പത്രാധിപക്കുറിപ്പ്, കേരളചിന്താമണി, നാലാം പുസ്തകം, ലക്കം 9, 10).

2വിമർശനാത്മകം

സാഹിത്യത്തെസംബന്ധിച്ചുള്ള കേരളവർമ്മയുടെ കാഴ്ചപ്പാടുകളും നിരൂപണതത്ത്വങ്ങളും അടങ്ങിയവയാണ് അദ്ദേഹത്തിന്റെ അവതാരികകൾ. സംസ്കൃതാലങ്കാരികന്മാരുടെ സാഹിത്യസിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം കൃതികളെ വിലയിരുത്തുന്നത്. ‘ഉഷാകല്യാണം ഭാഷാചമ്പു’വിനെ, കൃതിയിലെ അർത്ഥം, ശബ്ദഭംഗി, രസഭാവപുഷ്ടി, അലങ്കാരപ്രകാരങ്ങൾ എന്നിവയിൽ ശ്രദ്ധയൂന്നിക്കൊണ്ട് പദ്യരൂപത്തിലുള്ള അവതരണമാണ് നടത്തിയിട്ടുള്ളത്.

അത്യർത്ഥസരളത്വമോടൊഴുകുമശ്ശബ്ദങ്ങടേഭംഗിയും
പ്രത്യർത്ഥം രസഭാവ പുഷ്ടിയോടലങ്കാര പ്രകാരങ്ങളും
സ്തുത്യർത്ഥം പറക്കല്ലാതിങ്ങിവിലുസുന്നത്ര പ്രബന്ധേമനോ
രത്യർത്ഥംഭവിതാകഥംനകവിതാസൈഷാമനിഷാവതാം

കെ. സി. കേശവപ്പിള്ള പ്രസിദ്ധീകരിച്ച ‘ഷഷ്ടിപൂർത്തിഷഷ്ടി’ക്ക് “മലയാളഭാഷയിൽ ഇത്ര ചാതുര്യവും അലങ്കാരപുഷ്ടിയും, ചമൽക്കാരവും, സഹൃദയഹൃദയാഹ്ലാദകത്വവും ചേർന്നിട്ടുള്ളതായി ഒരു കവിത ഇതിനു മുൻപിൽ ഞാൻ കണ്ടിട്ടില്ല” എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

കേരളവർമ്മയുടെ അവതാരികകളിൽ ഭൂരിഭാഗവും ഭാഷാനിരൂപണങ്ങളാണ്. കൃതിയുടെ ഗുണം അതിന്റെ ഭാഷയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നോവൽ, കവിത, നാടകം തുടങ്ങി സാഹിത്യരൂപം ഏതായാലും അതിൽ പ്രയുക്തമായിരിക്കുന്ന ഭാഷയുടെ ഗുണദോഷനിരൂപണം നിർവ്വഹിക്കുകയാണദ്ദേഹം. മുകളിൽ നല്കിയ ഉദാഹരണങ്ങൾക്കുപുറമെ കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ ‘വില്ലാൾവെട്ടം’ നാടകത്തിന്റെ ‘തിരുവെഴുത്ത് ’ ശ്രദ്ധിക്കുക, “ഇതിൽ ശൃംഗാരരസസ്ഫൂർത്തി അഗ്രാമ്യമായ വിധത്തിൽ വരാവുന്നിടത്തോളം രാജാവിന്റെയും രാജ്ഞിയുടെയും മന്ത്രിയുടെയും രുചിരയുടേയും സംഭാഷണങ്ങളിൽ വന്നിട്ടുണ്ട്. സംഭോഗശൃംഗാരം വരുത്തീട്ടില്ലെന്നുള്ളത് ഒരു വിധത്തിലും ന്യൂനതയ്ക്കു ഹേതുവാകുന്നതല്ല. അവിടവിടെ ഞാൻ കുറിച്ചിട്ടുള്ള സൂചനകളാൽ എന്റെ അഭിപ്രായം വിശദമാകുന്നതാണ്. ‘സകലത്ര’ ഇത്യാദി പ്രയോഗങ്ങളെക്കുറിച്ചും ചിലടത്ത് പ്രസാദം പോരായ്കകൊണ്ടും സംശയചിഹ്നങ്ങളും അധികപ്രസംഗമായി ചില പാഠഭേദങ്ങളും ഇട്ടിട്ടുള്ളവയെ യഥേഷ്ടം സ്വീകരിച്ചുകൊള്ളണം”. കൃതിയുടെ ഭാവത്തേക്കാൾ രൂപത്തിനു നല്കുന്ന ഈ പ്രാധാന്യം കേരളവർമ്മയ്ക്കു പുറമെ അദ്ദേഹത്തിന്റെ സമകാലികരായ ഏ. ആർ. രാജരാജവർമ്മ, സി. പി. അച്യുതമേനോൻ, ഉള്ളൂർ തുടങ്ങിയവരിലും കാണാം. മാനകഗദ്യഭാഷ (Standardized Prose)പോലും രൂപപ്പെടാതിരുന്ന അക്കാലത്ത് സാഹിത്യനിരൂപണം ഭാഷാനിരൂപണമായി പരിണമിച്ചതിൽ അത്ഭുതപ്പെടാനില്ലെന്ന എൻ. സാമിന്റെ നിരീക്ഷണം (കേരളവർമ്മയുടെ സാഹിത്യവിമർശനങ്ങൾ, കേരളവർമ്മ സ്മരണ, പു. 110) പ്രസക്തമാണ്.

ഗുണാംശങ്ങളെ വിസ്താരമായി പ്രതിപാദിക്കുകയും ദോഷഭാഗങ്ങളെ സൂചനകൊണ്ടു നിർദ്ദേശിക്കുകയും ചെയ്യുന്ന നിരൂപണപദ്ധതിയായിരുന്നു അദ്ദേഹത്തിന്റേത്. പന്തളം കേരളവർമ്മയുടെ ‘രുഗ്മാംഗദചരിതം’ അവതരിപ്പിക്കുന്നത് മികച്ച ഉദാഹരണമാണ്. “ഭാഷാനിയമങ്ങൾ ‘അവ്യവസ്ഥിതിതമായി’രുന്ന അക്കാലത്ത് പുറപ്പെട്ടിട്ടുള്ള ഏതു ഭാഷാകൃതിയിലും യേനകേനപ്രകാരേണ ആക്ഷേപത്തിന് അവകാശമുള്ളതായി കാണപ്പെടുന്ന സ്ഥിതിക്കു ഗുണാംശങ്ങളെ കൂടുതൽ അഭിനന്ദിക്കുകയും ദോഷഭാഗങ്ങളെ സൂചനകൊണ്ടു നിർദ്ദേശിക്കുകയുമത്രേ പ്രയോജനകരമായിരിക്കുന്നത് ” (എം. ആർ. ബാലകൃഷ്ണവാര്യർ, കേരളവർമ്മദേവൻ, 169).

ചന്തുമേനോന്റെ ‘ശാരദ’ നോവലിന് കേരളവർമ്മ എഴുതിയ മുഖവുരയിൽ ഒരു യഥാർഥ വിമർശകനെ കാണാം. നോവലിലെ കഥാപാത്രങ്ങളെ നിരൂപണം ചെയ്യുന്നതുനോക്കുക: “‘ശാരദ’ പാത്രസൃഷ്ടിചാതുര്യത്തിൽ ‘ഇന്ദുലേഖ’യെ അതിശയിച്ചിരിക്കുന്നു എന്നുതന്നെ പറയേണ്ടതാണെന്നു തോന്നുന്നു, എങ്കിലും അയാളെപ്പോലെ ഒരുവനെ നാം എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാണ് വായനക്കാർക്ക് തോന്നുന്നത്. അയാളുടെ സർപ്പദൃഷ്ടിയേയും മറ്റും കവിയുടെ മനോദർപ്പണത്തിൽ വാക്പ്രസരപ്രകാശസാന്നിദ്ധ്യത്താൽ പ്രതിഫലിച്ചു നാം വാസ്തവത്തിൽ കാണുന്നു”. “ശൃംഗാരസ്പർശമുണ്ടെങ്കിലേ ഇതിവൃത്തത്തിനു കൊഴുപ്പും ജാത്യവും വരൂ എന്നു വല്ലവരും ഭ്രമിക്കുന്നുണ്ടെങ്കിൽ അവർ ‘ശാരദ’ വായിച്ചുനോക്കട്ടെ. ഇതിൽ നായകൻ ഏതെന്നുതന്നെ തീർച്ചപ്പെട്ടു കഴിഞ്ഞിട്ടില്ല. നായിക ശാരദ തന്നെ. എന്നാൽ കന്യകയ്ക്കു യൗവനം ആർജിക്കാൻ പോകുന്നേ ഉള്ളൂ. ഇന്ദുലേഖയ്ക്ക് ശൃംഗാരം അധികപ്പെട്ടെങ്കിൽ ശാരദയ്ക്ക് അത് ഒട്ടും അധികമായി കാണുന്നില്ല. രാഘവമേനോന്റെയും കണ്ടൻമേനോന്റെയും സംഭാഷണം സൂരിനമ്പൂരിയും ഇന്ദുലേഖയും തമ്മിലുള്ള സല്ലാപത്തേക്കാൾ ഒരുപടി ഉയർന്നുനില്ക്കുന്നു.”

ഉള്ളൂരിന്റെ ‘ഉമാകേരള’ത്തിന് കേരളവർമ്മ എഴുതിയ അവതാരികയും നിരൂപണമെന്ന നിലയ്ക്ക് ശ്രദ്ധേയമാണ്. തന്റെ നേതൃത്വത്തിൽ നടന്ന പ്രാസയുദ്ധത്തിന്റെ കൊട്ടിക്കലാശമായിരുന്നു ആ മഹാകാവ്യമെങ്കിലും അദ്ദേഹം ആ നിരൂപണത്തിൽ മുഖ്യമായി ഊന്നിയത് കവിയുടെ രാജപ്രമാധിഷ്ഠിതമായ പാരമ്പര്യത്തെയും അതുമായി ബന്ധപ്പെട്ട് കൃതി നല്കാനിടയുള്ള സംസ്കാരത്തെയും കുറിച്ചാണ്. ഗ്രന്ഥകാരനെക്കുറിച്ചുള്ള ബോധം, കൃതി എന്ന മാധ്യമത്തെ സമഗ്രമായി പരിചയപ്പെടുത്തൽ, കൃതിയുടെ സാംസ്കാരിക പ്രതിബദ്ധത വ്യക്തമാക്കൽ, വായനക്കാരന്റെ അനുഭവം നിർണയിക്കൽ, മറ്റു കൃതികളുമായുള്ള താരതമ്യം ഇതെല്ലാം അടങ്ങിയതാണ് സൂക്ഷിച്ചു പരിശോധിക്കുമ്പോൾ ഈ അവതാരിക (കല്പറ്റ ബാലകൃഷ്ണൻ, മലയാളസാഹിത്യചരിത്രം, പു. 231).

3വിജ്ഞാനപ്രചാരണം

തന്റെ പരിശോധനയ്ക്കായി അയക്കുന്ന ഗ്രന്ഥങ്ങളുടെ മുൻവിഭവവുമായി ബന്ധപ്പെട്ടുകൊണ്ട് കേരളവർമ്മ നിരവധി വിജ്ഞാനശാഖകളിലെ കൃതികൾക്കായി ആഹ്വാനം ചെയ്തു. ഗ്രന്ഥദാരിദ്ര്യം അനുഭവിക്കുന്ന കാലഘട്ടമാണ് കേരളവർമ്മയുടേത്. സർവകലാശാലയിൽ മലയാളഭാഷയെ ഉപഭാഷയായി സ്വീകരിച്ച് അതിൽ പാഠപുസ്തകങ്ങളെ നിശ്ചയിക്കേണ്ട വേളയിൽ കഥകളിപ്പാട്ടുകളേയും ഗുണ്ടർട്ടിന്റെ വ്യാകരണത്തേയും ഗദ്യകൃതികളുടെ കൂട്ടത്തിൽ ഗണിക്കേണ്ട സാഹചര്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിൽ ധാരാളം ഗ്രന്ഥങ്ങൾ ഉണ്ടാകുന്നതിനായുള്ള ആസൂത്രിതപദ്ധതികളാണ് അവതാരികകളിലൂടെ അദ്ദേഹം ആവിഷ്കരിച്ചത്. ഒരു ഭാഷയുടെ ഉൽക്കർഷത്തെ പരിച്ഛേദിക്കുന്നത് അതിലുള്ള ഗദ്യഗ്രന്ഥങ്ങളുടെ എണ്ണംകൊണ്ടാണെങ്കിൽ മലയാളഭാഷയുടെ അവസ്ഥ ആദ്യാപി ശോചനീയമായിത്തന്നെ ഇരിക്കുന്നു എന്ന തിരിച്ചറിവു നല്കി ധാരാളം ഗദ്യഗ്രന്ഥങ്ങൾ എഴുത്തിനായി പ്രോത്സാഹിപ്പിക്കുന്ന അവതാരികയാണ് ‘ഗദ്യമാലിക’യുടേത്. ചരിത്രഗ്രന്ഥങ്ങൾ ഉണ്ടാകേണ്ട ആവശ്യകത ഓർമ്മിപ്പിക്കുന്നതാണ് ‘അക്ബർ’ന് എഴുതിയിട്ടുള്ളത്. മികച്ച ജീവചരിത്രഗ്രന്ഥങ്ങളുടെ നിർമ്മാണത്തിനായി പ്രേരിപ്പിക്കുന്നതാണ് ‘ഇന്ത്യയിലെ മഹാൻമാർ’, ‘മഹച്ചരിതസംഗ്രഹം’ എന്നിവയുടെ അവതാരികകൾ. കൈയെഴുത്തുപ്രതികളെ അച്ചടിയുടെ സാങ്കേതികതയിലേക്ക് പരിവർത്തിക്കുന്ന പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതാണ് റെഡ്യാർ പ്രസിദ്ധീകരിച്ച ‘കുഞ്ചൻനമ്പ്യാരുടെ ഓട്ടൻതുള്ളൽ 30 കഥകൾ’ക്കെഴുതിയ അഭിപ്രായക്കുറിപ്പ്.

4ഉപസംഹാരം

സാഹിത്യത്തിന്റെയും സമൂഹത്തിന്റെയും നവീകരണത്തിനായി പുരോഗമനപരമായ ആശയങ്ങളാണ് അവതാരികകളിലൂടെ കേരളവർമ്മ പങ്കുവച്ചത്. സ്വകൃതികളിൽ മണിപ്രവാളശൈലിയോട് അതിരുകവിഞ്ഞ ആദരവ്പുലർത്തുന്ന അദ്ദേഹം മറ്റുള്ളവരുടെ കൃതികളെ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന വേളയിൽ ലളിതവും സുന്ദരവുമായ ഗദ്യശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. മികച്ച ഒരു വിമർശകനായാണ് അവതാരികകളിലൂടെ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

സഹായകഗ്രന്ഥങ്ങൾ

  1. ഉള്ളൂർ എസ്. പരമേശ്വരയ്യർ, കേരളസാഹിത്യചരിത്രം (വാല്യം-നാല്), കേരളസർവ്വകലാശാല, തിരുവനന്തപുരം: 1964.

  2. കൃഷ്ണപിള്ള. എൻ, കൈരളിയുടെ കഥ, ഡി. സി. ബുക്സ്, കോട്ടയം: 2014.

  3. ഗംഗാധരൻ തിക്കുറിശ്ശി (സമ്പാ.), കേരളവർമ്മയുടെ തെരഞ്ഞെടുത്ത ഗദ്യകൃതികൾ, നാഷണൽ ബുക്സ്റ്റാൾ കോട്ടയം: 1980.

  4. ഗംഗാധരൻ തിക്കുറിശ്ശി, കേരളവർമ്മയും മലയാളഗദ്യവും തെരഞ്ഞെടുത്ത ഗദ്യകൃതികൾ, നാഷണൽ ബുക്സ്റ്റാൾ കോട്ടയം: 1984.

  5. പന്മന രാമചന്ദ്രൻനായർ, നവയുഗശില്പി രാജരാജവർമ്മ, ഡി. സി. ബുക്സ്, കോട്ടയം: 2009.

  6. പരമേശ്വരൻനായർ പി. കെ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ: 1988.

  7. ഡോ. ബാലകൃഷ്ണൻ കല്പറ്റ, മലയാളസാഹിത്യചരിത്രം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 2000.

  8. ബാലകൃഷ്ണവാര്യർ എം. ആർ, കേരളവർമ്മദേവൻ, ശ്രീധര പ്രിന്റിങ് പ്രസ്സ്, തിരുവനന്തപുരം: 1940.

  9. ഡോ. രാമചന്ദ്രൻനായർ കെ., (സമ്പാ.), കേരളവർമ്മസ്മരണ, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 1995.

  10. സുകുമാർ അഴീക്കോട്, മലയാളസാഹിത്യവിമർശനം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം: 1981.