അദ്ധ്യായം 64
അറുപത്തിനാലാമധ്യായം
64.1കെ. ചിദംബരവാദ്ധ്യയാർ (1035–1115)

ജനനവും വിദ്യാഭ്യാസവും

കെ. ചിദംബരവാദ്ധ്യയാർ തിരുവനന്തപുരത്തു കരമനഗ്രാമത്തിൽ പൌരോഹിത്യം കുലവൃത്തിയായ ഒരു ഗൃഹത്തിൽ ജനിച്ചു. പിതാവു കൃഷ്ണവാദ്ധ്യാരും മാതാവു വള്ളിഅമ്മാളുമായിരുന്നു. ബാല്യത്തിൽ സംസ്കൃതം അഭ്യസിച്ചതിനുമേൽ രാജകീയമഹാപാഠശാലയിൽ ചേർന്നു് 1054-ൽ ബി. ഏ. പരീക്ഷ ജയിച്ചു. ഐച്ഛികഭാഷ സംസ്കൃതമായിരുന്നു. മാത്തമാറ്റിക്സിൽ വിശേഷസാമർത്ഥ്യം പ്രകടിപ്പിച്ചുവന്നു. അന്നു വിശാഖംതിരുനാൾ മഹാരാജാവു് ഇംഗ്ലീഷിൽനിന്നു മലയാളത്തിൽ ഗദ്യപുസ്തകങ്ങൾ തർജ്ജമചെയ്തു കാണുവാൻ അത്യന്തം ഔത്സുക്യം പ്രകടിപ്പിച്ചിരുന്നു. കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ വാദ്ധ്യാർ ലാംബ് എഴുതിയ ഷേൿസ്പീയർ കഥകളിൽ (Lamb’s Tales from Shakespeare) നിങ്ങളുടെ ഇഷ്ടംപോലെ (As you like it) എന്ന കഥ കാമാക്ഷീചരിതം എന്ന പേരിൽ ഭാഷാന്തരീകരിച്ചു. ആ തർജ്ജമ തിരുമനസ്സിലെ ശ്രദ്ധയിൽപ്പെടുകയം തത്സംബന്ധമായി 1883-ലെ കോളേജ് വാഷികസമ്മാനദാനാവസരത്തിൽ അദ്ദേഹത്തെ അവിടുന്നു മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.

ഔദ്യോഗികജീവിതവും ഗ്രന്ഥനിർമ്മിതിയും

ഉടൻതന്നെ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ആധ്യക്ഷത്തിൽ സംഘടിതമായിരുന്ന സർക്കാർ പാഠ്യപുസ്തകക്കമ്മിറ്റിയിൽ ഒരങ്ഗമായി നിയമിക്കപ്പെട്ടു. അവിടെ കുറേക്കാലം ജോലി നോക്കിയതിനുശേഷം കോട്ടയത്തും കൊല്ലത്തും ഡിവിഷൺ ശിരസ്തദാരായി ഗവർമ്മെന്റിനെ സേവിച്ചു. കൊല്ലത്തുനിന്നു തിരിയെ ഹജൂരാപ്പീസിലേക്കു പോകേണ്ടിവന്നു. അക്കാലത്തു പല പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. (2) വർഷകാലകഥ (Winter’s Tale), (3) സിംഹളനാഥൻ (Cymbeline) ഇവ ലാംബിന്റെ ഷേൿസ്പീയർ കഥകളുടേയും, (4) ശരീരരക്ഷ ദിവാൻ രാമയ്യങ്കാരുടെ ആജ്ഞയനുസരിച്ചു കണ്ണിങ്ഹാം സായ്പിന്റെ സാനിറ്റെറി പ്രൈമർ (Sanitary Primer) എന്നപുസ്തകത്തിന്റേയും, (5) വ്യവസ്ഥിതിയും ബോധവും എന്ന പുസ്തകം ജെ. റ്റി. ഫൗളർ (J.T. Fowler) സായ്പിന്റെ ഡിസിപ്ലിൻ ആൻഡ് ഇൻസ്ട്രൿഷൺ (Discipline and Instruction) എന്ന പുസ്തകത്തിന്റേയും വിവർത്തനങ്ങളാണു്. അക്കാലത്തെഴുതീട്ടുള്ള പുസ്തകങ്ങളിൽ, (6) ക്ഷേത്രവ്യവഹാരം പ്രത്യേകഗണനയെ അർഹിയ്ക്കുന്നു. (7) ഇന്ത്യൻ പീനൽകോഡ് നോട്ടോടുകൂടി 1069-ൽ എഴുതി പ്രസിദ്ധീകരിച്ചു. യഥാകാലം ഹജൂരാപ്പീസിൽ ഹെഡ്ട്രാൻസ്ലേറ്ററായി ജോലിനോക്കി. അക്കാലത്തു പല പുതിയ മലയാളപദങ്ങൾ ഓരോ ആവശ്യത്തിനായി സൃഷ്ടിച്ചതിൽ ചിലതെല്ലാം ഇന്നും പ്രചാരത്തിലിരിക്കുന്നു. ഷേൿസ്പീയരുടെ, (8) റിച്ചർഡ് തൃതീയൻ (Richard III), (9) മാക്ബത്ത് (Macbeth) (10) റോമിയോ ആൻഡ് ജുലിയേററ് (11) ട്വൽത്ത് നൈറ്റ് (Twelfth Night) എന്നീ നാടകങ്ങളും അദ്ദേഹം തർജജമ ചെയ്തിട്ടുള്ളതായി കാണുന്നു. 1074-ൽ തയാറാക്കപ്പെട്ട പുതിയ മലയാളം റീഡർ പരിശോധിയ്ക്കുന്നതിൽ നിയമിതനായതു് അദ്ദേഹം തന്നെയാണു്. ഇവയെ എല്പാംകാൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുള്ള പ്രധാനകൈരളീസപര്യ, ഭാഷാരാമായണചമ്പുവിലെ, (12) രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാവിവാഹം, വിച്ഛിന്നാഭിഷേകം, ബാലിവധം എന്നീ ഭാഗങ്ങളുടെയും, (13) സ്വാതിതിരുനാൾ സംഗീതകൃതികളുടെയും പ്രസിദ്ധീകരണമാണു്. അതിനുമുമ്പു രാമായണചമ്പു എന്നൊരു കൃതി ഭാഷയിൽ ഉണ്ടെന്നു് ആരും ധരിച്ചിരുന്നില്ല. ഇവയിൽ ആദ്യത്തെ രണ്ടു ഭാഗങ്ങൾക്കു രാമായണചമ്പുവെന്നും അടുത്ത നാലിനു് ഉത്തരരാമായണചമ്പുവെന്നും പേർ കൊടുത്തിരിയ്ക്കുന്നു. സ്വാതിതിരുനാൾ സംഗീതകൃതികഉടെ പ്രകാശനത്തിലും അദ്ദേഹം നിപുണമായി ശ്രദ്ധിച്ചിട്ടുണ്ടു്. ഇനിയും ചില പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും അവ കേവലം സ്ക്കൂൾ ബുക്കുകളാകയാൽ ഇവിടെ നാമനിർദ്ദേശം ചെയ്യേണ്ട ആവശ്യമില്ല. താഴെച്ചേർക്കുന്ന വാക്യപംക്തി ഉത്തരരാമായണ ചമ്പുവിന്റെ മുഖവുരയിൽ ഉള്ളതാണു്.

“എന്നാൽ സർവ്വോപരി ഈ ഗ്രന്ഥത്തിന്റെ പ്രകാശനത്തിനു ഹേതുഭൂതരായിരിക്കുന്നതു മലയാളഭാഷയുടെ സഞ്ജീവിനീരൂപയായ ചിത്തവൃത്തിയോടുകൂടി ആ ഭാഷയിലുള്ള ഗ്രന്ഥസമൂഹങ്ങൾ അഹമഹമികയോടെ ചാടി വെളിയിൽ വരുന്നതിനായി രാത്രിന്ദിവം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കവികുലരത്നമായ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടാകുന്നു. ആ തിരുമനസ്സിലെ പരിശ്രമത്തിന്മേൽ ആകുന്നു കേവലം കുപ്പക്കൂട്ടമായി കിടക്കുന്ന വലിയകൊട്ടാരത്തിലെ ഗ്രന്ഥപ്പര വാണീനൃത്യരംഗമായിത്തീർന്നിരിക്കുന്നതു്. ആ തിരുമനസ്സിലെ അനുവാദത്തോടുകൂടിയാണു് ഈ ഗ്രന്ഥത്തെ ഏട്ടിൽനിന്നു പകർത്തിച്ചു് അച്ചടിപ്പിക്കാൻ ഇടയായതും. അതുകൊണ്ടു് ഈ ഗ്രന്ഥത്തിന്റെ പ്രചാരണത്തിലും തിരുമനസ്സുകൊണ്ടു ചെയ്തിട്ടുള്ള ഉപകാരം മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവരേയും തിരുമനസ്സിലെ കടപ്പെട്ടവരാക്കിത്തീർത്തിരിക്കുന്നു.”

വലിയ കോയിത്തമ്പുരാന്റെ നിര്യാണംവരെ വാദ്ധ്യാർ അദ്ദേഹത്തിന്റെ ഒരു പ്രധാനാശ്രിതനായിരുന്നു. ലക്ഷ്മിയമ്മാളായിരുന്നു സഹധർമ്മിണി. വാദ്ധ്യാരും, എം. സി. നാരായണപിള്ളയും നിത്യസഹചാരികളായാണു് കഴിഞ്ഞുകൂടിയതു്. രണ്ടുപേരുടേയും സാഹിത്യ പ്രവർത്തനത്തിനു പരസ്പരം പ്രോത്സാഹനവും സഹകരണവും നിരന്തരമായി ഉണ്ടായിരുന്നു. വാദ്ധ്യാർ 1115-ാമാണ്ടു മകരമാസം 26-ാം൹മരിച്ചു. ദിനചര്യയിൽ യാതൊരു നിഷ്കർഷയുമില്ലായിരുന്നുവെങ്കിലും അവസാനംവരെ അരോഗദൃഢഗാത്രനായിരുന്നു.

ഒരു ഉദാഹരണം

വാദ്ധ്യാരുടെ ഗദ്യശൈലി ഒരുദാഹരണംകൊണ്ടു വ്യക്തമാക്കാം.“ആരോഗ്യം മനുഷ്യനുണ്ടാകാവുന്ന അത്യുത്തമങ്ങളായ ഭാഗ്യങ്ങളിലൊന്നാകുന്നു. രോഗിയായിരിക്കുമ്പോൾ മനുഷ്യനു വേല ചെയ്വാൻ കഴിയുകയില്ല; അഥവാ കഴിയുമെങ്കിലും അതു ശ്രമസാധ്യമായിരിക്കും. മറ്റുസമയങ്ങളിൽ അവനു സന്തോഷത്തെ ഉണ്ടാക്കുന്നവ അക്കാലത്തു തീരെ സന്തോഷത്തെ ജനിപ്പിക്കുന്നില്ല. രോഗം സുഖാദ്യനുഭോഗത്തെ ഇല്ലാതെയാക്കുന്നു എന്നുമാത്രമല്ല, പലപ്പോഴും ദുഃഖകരമായ കഷ്ടതയേയും ദാരിദ്ര്യത്തേയുംകൂടി ഉണ്ടാക്കുന്… ചിലപ്പോൾ രോഗം അവന്റെ മരണത്തിനു ഹേതുവായിത്തീരുകയും അതുഹേതുവായിട്ടു് ഒരു കുടുംബത്തിന്റെ സുഖത്തിനും ഭാഗ്യത്തിനും വേണ്ടവയെ എല്ലാം സമ്പാദിച്ചുകൊണ്ടിരുന്ന ഒരുത്തൻ പൂർണ്ണയൗവനദശയിൽത്തന്നെ ആ കുടുംബത്തിനു നഷ്ടനായിപ്പോകുകയും ചെയ്യാം. ഇപ്രകാരം ഒരു കടുംബത്തെപ്പറ്റി പറഞ്ഞതു് അനേകകുടുംബങ്ങളുടെ സമുദായമായ ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ വിഷയത്തിലും സത്യംതന്നെയാകുന്നു. എന്നാൽ ആരോഗ്യം ഓരോരുത്തനും അത്ര വലിയ ആശിസ്സായും ഓരോ സമുദായത്തിനും അത്ര വലുതായ നിധിയായും ഇരുന്നിട്ടും അതു് എത്ര സാധാരണമായി ഉപേക്ഷിക്കപ്പെട്ടുവരുന്നു?”

(ശരീരരക്ഷ–മുഖവുര)

64.2സി. ഡി. ഡേവിഡ് (1035–1095)
ചരിത്രം

സി. ഡി. ഡേവിഡിന്റെ ജനനവും മരണവും ഏതു കൊല്ലങ്ങളിലായിരുന്നു എന്നു സൂക്ഷ്മമായി അറിയുന്നില്ല. 1035 എന്നും 1095 എന്നും കുറിച്ചിട്ടുള്ളതു് കുറേയെല്ലാം അനുമാനത്തെ ആധാരമാക്കിയാണു്. അദ്ദേഹം തൃശൂർ കുന്നത്തിക്കര ഡാനിയലിന്റെ പുത്രനും സി. എം. എസ്. ക്രിസ്തീയവിഭാഗത്തിൽപ്പെട്ട ആളുമായിരുന്നു. ബാല്യത്തിൽ സംസ്കൃതഭാഷയിൽ സാമാന്യവിജ്ഞാനം സമ്പാദിച്ചു. ഇംഗ്ലീഷ് മട്രിക്കുലേഷൻ ക്ലാസ്സുവരെ പഠിച്ചു. അക്കാലത്തു പിതൃസഹോദരനോടുകൂടി കുറേക്കാലം ലക്കടിയിൽ താമസിച്ചു. ആദ്യം തൃശ്ശൂർ സർക്കാർ ഹൈസ്കൂളിൽ ഉപാധ്യായനും പിന്നീടു് അവിടത്തെ ശിക്ഷാക്രമപാഠശാലയിൽ മലയാളപണ്ഡിതനുമായിരുന്നു. ദേവജി ഭീമജിയുടെ കേരളമിത്രം പത്രത്തിൽ സഹപത്രാധിപരായി സ്വല്പകാലത്തേക്കു പണി നോക്കി. അതിനുപുറമേ മലയാളമനോരമ, കോഴിക്കോടൻ മനോരമ, കേരളപത്രിക, കേരളസഞ്ചാരി, പശ്ചിമതാരക, നസ്രാണിദീപിക, സത്യനാദകാഹളം തുടങ്ങിയ വൃത്താന്തപത്രങ്ങളിലും, വിദ്യാവിനോദിനി, ഭാഷാപോഷിണി, രസികരഞ്ജിനി, നല്ലീശ്വരവിലാസം ഇത്യാദിമാസികകളിലും വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സി. പി. അച്യുതമേനോന്റെ പ്രിയസുഹൃത്തുക്കളിൽ ഒരാളായിരുന്നതിനാൽ വിദ്യാവിനോദിനിയെ പല പ്രകാരത്തിൽ സഹായിച്ചു. സക്കാർ സർവ്വീസിൽ നിന്നു പിരിഞ്ഞതിനു ശേഷം ജനോപകാരി എന്ന അച്ചുക്കൂടത്തിന്റെ മാനേജരായി കുറേക്കാലം പണിനോക്കി. ഒടുവിൽ വടക്കാഞ്ചേരിയിൽ ഒരു ഗൃഹം പണിയിച്ചു് അവിടെ താമസമാക്കി. മരണം അവിടെവെച്ചായിരുന്നു. ഭാഷയുടെ ഉന്നമനത്തിൽ അതീവ തൽപരനായിരുന്ന അദ്ദേഹം 1067 മുതൽ ഉദ്ദേശം 1090 വരെ ഭാഷയെ നിരന്തരമായി സേവിച്ചു.

കൃതികൾ

ഡേവിഡ് ഒരു ഗദ്യകാരനാണെങ്കിലും പദ്യരചനയും അദ്ദേഹത്തിനു വശമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ താഴെ കുറിക്കുന്നവയാണു് പ്രധാനങ്ങൾ. (1) പ്രബന്ധമഞ്ജരി മൂന്നു ഭാഗങ്ങൾ, (2) പ്രബന്ധമാലിക മൂന്നു ഭാഗങ്ങൾ, (3) ആരോഗ്യരക്ഷാമാർഗ്ഗം, (4) ഗൃഹഭരണം, (5) കുഞ്ചൻനമ്പിയാരുടെ കാലം, (6) ക്രിസ്തോത്ഭവം ഓട്ടൻതുള്ളൽ, (7) മിശിഹാചരിത്രസംഗ്രഹം കിളിപ്പാട്ടു്, (8) സദാചാരമാലിക (പദ്യം), (9) ദിവ്യോപദേശം മഞ്ജരി. ഡേവിഡിന്റെ പദ്യകൃതികൾ ക്രിസ്തുമതപരങ്ങളും, ഗദ്യകൃതികൾ സദാചാരപരങ്ങളുമാണു്. കുഞ്ചൻ നമ്പിയാരുടെ കാലം എന്ന പുസ്തകം ആ മഹാകവിയുടെ ചരിത്രത്തെയും കൃതികളെയും ആസ്പദമാക്കി എഴുതീട്ടുള്ള ഒരു പുസ്തകമാണു്. ഭാഷയിൽ ഗവേഷണപ്രധാനമായി രചിച്ചിട്ടുള്ള ഒന്നാമത്തെ ഗ്രന്ഥം അതാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ നിന്നു ചില ഉദാഹരണങ്ങൾ എടുത്തുകാണിക്കാം.

പദ്യം

“ലോഹത്തെ വഹ്നിയിലിട്ടീടിൽക്കിട്ടാംശ–
മാകവേ വേർപിരിഞ്ഞീടും പോലെ
ദുഷ്ടാംശമുള്ളവ നീങ്ങീട്ടുഭക്തന്മാർ
ശുദ്ധിയിൽ വർദ്ധിച്ചു ജീവിക്കുവാൻ
സന്താപവഹ്നിയിലാക്കിജഗദീശൻ
ശുദ്ധിചെയ്തീടുമെന്നോർത്തിടേണം.
കുന്തിരിക്കം ഭദ്രമായിട്ടു സൂക്ഷിപ്പാ–
നുണ്ടൊരു കാലമതിനെത്തന്നെ
തീയിലിട്ടീടാനുമുണ്ടൊരു കാലമെ–
ന്നീയുലകത്തിൽ നാം കാണുന്നീലേ?
അഗ്നിയിലായതിട്ടാലുണ്ടാം സൗരഭ്യ–
മെന്തെന്നെല്ലാരുമറിഞ്ഞിട്ടില്ലേ?
എന്നതുപോലെ ചില കാലം ശോകമാ–
മഗ്നിയിലാക്കും ചിലരെ നാഥൻ.”
(ദിവ്യോപദേശം)
ഗദ്യം

പ്രബന്ധമഞ്ജരി. പ്രസിദ്ധീകരിയ്ക്കുവാൻ പലസാഹിത്യകാരന്മാരും ലേഖനങ്ങൾ നല്കി സഹായിച്ചു കാണുന്നു. അതിലെ രണ്ടാം ഭാഗത്തിൽ സ്വഭാഷയും അന്യഭാഷയും എന്ന തലക്കെട്ടിൽ ഡേവിഡിന്റെ ഒരു നല്ല ഉപന്യാസമുണ്ടു്. അതിൽ നിന്നാണു് താഴെക്കാണുന്ന വാക്യങ്ങൾ ഉദ്ധരിയ്ക്കുന്നതു്.

“മനുഷ്യർക്കു മനോവിചാരത്തെ പരസ്പരം അറിയിക്കേണ്ടതിനു ഭാഷ ആവശ്യമായിരിക്കുന്നു. എങ്കിലും എല്ലാവരും ഒരേ ഭാഷതന്നെ സംസാരിച്ചുവരുന്നതായി കാണുന്നില്ല. ഓരോ രാജ്യത്തുള്ളവർ ഓരോ ഭാഷയാകുന്നു സംസാരിച്ചുവരുന്നതു്. അതിനാൽ ചിലരുടെ സ്വഭാഷ മറ്റു ചിലരുടെ അന്യഭാഷയായിരിയ്ക്കുമെന്നു തെളിയുന്നു. ഒരു രാജ്യത്തുള്ള ജനങ്ങളിൽ അധികഭാഗം, പ്രത്യേകമായി സ്വഭവനങ്ങളിൽ സംസാരിക്കുന്ന ഭാഷ ഏതോ, അതു് ആ രാജ്യത്തുള്ളവരുടെ സ്വഭാഷയായിരിക്കുമെന്നാണു് തോന്നുന്നതു്. ഒരു കുട്ടി ആദ്യം കേൾക്കുന്നതും സംസാരിക്കുന്നതും സ്വഭാഷയിലുള്ള പദങ്ങളെയാണു്. മാതാപിതാക്കന്മാരുടെ മനോവിചാരങ്ങളെ കുട്ടികളും കുട്ടികളുടേതിനെ മാതാപിതാക്കന്മാരും അറിയേണ്ടതിന്നു സ്വഭാഷയാണു് ആദ്യമേതന്നെ ആവശ്യമായിരിയ്ക്കുന്നതു്. പ്രയോജനകരങ്ങളായ പുസ്തകങ്ങൾ സ്വഭാഷയിൽ ഇല്ലെന്നുള്ള ഒരു ന്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ടു സ്വഭാഷയെ വെറുക്കുന്നതു് അത്ര ഭങ്ഗിയാണെന്നു തോന്നുന്നില്ല. തന്റെ പിതാവു സുന്ദരനല്ലെന്നു നിശ്ചയിച്ചു് ‘അഴകനെ അച്ഛനെന്നു വിളിക്ക’ യോഗ്യമോ?”

ഇതു മറ്റൊന്നു്

സഭാങ്ഗങ്ങളല്ലാത്തവരിൽ ചിലർ സഭാങ്ഗങ്ങളിൽ ചിലരെക്കാൾ സമർത്ഥന്മാരാണെന്നോ സഭാങ്ഗങ്ങളിൽ ചിലരിൽ ഗുണത്തിലേയ്ക്കുള്ള യാതൊരു മാറ്റവും കാണപ്പെടുന്നില്ലെന്നോ വന്നേക്കാം. ഇങ്ങനെ വന്നാൽത്തന്നെ സഭയെ കുറ്റപ്പെടത്തുവാനില്ലെന്നാണു് എന്റെ പക്ഷം. കുറേ മെഴുകും കുറേ ചളിയുമെടുത്തു് ഒരേ കാലത്തു വെയിലത്തുവച്ചാൽ ഉഷ്ണം വർദ്ധിക്കുന്തോറും മെഴുക് അധികമധികം ഉരുകുന്നതായും ചളി നേരേമറിച്ചു് ഉറച്ചുകട്ടയാകന്നതായും കാണാം. വസ്തുവിന്റെ പ്രകൃതിഭേദത്താലല്ല സൂര്യന്റെ ദൂഷ്യത്താലാണു് ഇപ്രകാരം വിപരീതഫലം കാണപ്പെടുന്നതെന്നു് ഇതേവരെ ആരെങ്കിലും പറക ഉണ്ടായിട്ടുണ്ടോ?

(പ്രബന്ധമഞ്ജരി, മൂന്നാം ഭാഗം)

64.3മൂർക്കോത്തു കുമാരൻ (1049–1116)
ജനനവും വിദ്യാഭ്യാസവും

ഈ അധ്യായത്തിൽ ഇതുവരെ സ്മൃതന്മാരായ സാഹിത്യകാരന്മാരുടെ ലോകസേവനത്തിനു് ഒരു പരിമിതിയുണ്ടു്. അതുപോലെയുള്ളതല്ല കുമാരന്റേതു്. അദ്ദേഹം വിവിധങ്ങളായ പ്രവർത്തനകോടികളിൽ സഞ്ചരിച്ചു പ്രശംസനീയമായ വിജയം നേടി. അതുകൊണ്ടാണു് അദ്ദേഹത്തിന്റെ ചരിത്രം പ്രത്യേകമായി പ്രതിപാദിക്കേണ്ടിയിരിയ്ക്കുന്നതു്. കുമാരൻ 1049-ാമാണ്ടു് (ഇംഗ്ലീഷ്വർഷം 1874-ാമാണ്ടു്) രേവതീനക്ഷത്രത്തിൽ തലശ്ശേരിയിൽ ജനിച്ചു. പിതാവു മൂർക്കോത്തു രാമുണ്ണിയും മാതാവു് കുഞ്ഞിച്ചിരുതയുമായിരുന്നു. ഏകദേശം ആറാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ഛനും മരിച്ചു. കുമാരൻ അച്ഛന്റെ തറവാട്ടിൽ വളർന്നു. കാലാന്തരത്തിൽ അച്ഛന്റെ മരുമകൾ ചൂര്യയി മൂർക്കോത്തു യശോദമ്മയെ വിവാഹം ചെയ്തു. തലശ്ശേരി ഗവർമ്മെന്റ് ബ്രണ്ണൻ കോളേജിൽ എഫ്. ഏ. പരീക്ഷ ജയിച്ചതിനുശേഷം മദിരാശി ക്രിസ്ത്യൻ കോളേജിൽ ബി. ഏ. പരീക്ഷയ്ക്കു ചേർന്നു ബാക്കി രണ്ടു ഭാഗങ്ങളിലും ജയിച്ചുവെങ്കിലും ഐച്ഛികവിഷയമായ ചരിത്രത്തിൽ തോറ്റുപോയി. സൈദാപ്പേട്ട് കോളേജിൽ ട്രയിനിംഗ് കഴിച്ചു മലബാറിലേക്കു മടങ്ങി. ഇംഗ്ലീഷ് വർഷം 1890-ൽ കോഴിക്കോട്ടു സെന്റ് ജോസഫസ് ബോയിസ് ഹൈസ്കൂളിൽ ആദ്യം ഉപാധ്യായനായി. കമാരൻമാസ്റ്റർ എന്ന പേരു് അദ്ദേഹത്തിനു് അങ്ങനെയാണു് സിദ്ധിച്ചതു്. അവിടെ നിന്നു കോഴിക്കോട്ടു പ്രോവിഡൻസ് കോൺവെന്റിലേയ്ക്കു മാറി. പിന്നീടു തലശ്ശേരി നെട്ടൂർ ബി. ഈ. എം. സെക്കണ്ടറി സ്ക്കൂൾ ഹെഡ്മാസ്റ്റരായും തദനന്തരം മങ്ഗലാപുരം സെന്റ് അലൂഷിയസ് കോളേജ് മലയാളപണ്ഡിതനായും ഒടുവിൽ തലശ്ശേരി സെന്റ് ജോസഫ്സ് സെക്കണ്ടറി സ്ക്കൂളിൽ ഒന്നാം അസിസ്റ്റന്റായും പണി നോക്കി. 1105-ൽ (ഏപ്രിൽ 1930) അധ്യാപകവൃത്തിയിൽനിന്നു വിരമിച്ചു. 45-ൽപ്പരം കൊല്ലം പല പ്രവർത്തനരങ്ഗങ്ങളിലും പ്രേക്ഷകന്മാരുടെ കണ്ണും കരളും കുളുർപ്പിക്കുമാറു ചൊല്ലിയാടി. 1934-ൽ അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി കേരളമെങ്ങും ആഡംബരപൂവ്വം ആഘോഷിയ്ക്കപ്പെട്ടു. ഒടുവിൽ അർബുദം ബാധിച്ചു് ഒരു കൊല്ലത്തോളം കാലം ശയ്യാശരണനായി. അദ്ദേഹം ചില ലേഖനങ്ങൾ പറഞ്ഞുകൊടുത്തു് അന്നും എഴതിച്ചിരുന്നു. ആടിയ കാലും പാടിയ വായും അതാതിന്റെ തൊഴിലിൽനിന്നു വിരമിയ്ക്കുവാൻ പ്രയാസമുണ്ടു്. 1116-ാമാണ്ടു് (1941 ജൂൺ 25) യശശ്ശരീരനായി.

പത്രപ്രവർത്തനം

കുമാരനു ബാല്യംമുതല്ക്കുതന്നെ ഭാഷാപോഷണത്തിൽ അഭിരുചിയും ഗദ്യപദ്യങ്ങൾ രചിക്കുന്നതിൽ പാടവവും ഉണ്ടായിരുന്നു. അദ്ദേഹം മദിരാശിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് എഴുതിയതാണു് മർക്കടസന്ദേശം എന്ന കാവ്യം.

“ആഴിക്കെട്ടിൽ പുകഴു പെരുകും കേരളത്തിൽ പ്രസിദ്ധം
കോഴിക്കോട്ടാം പെരിയ പുരിയിൽച്ചെന്നുചേർന്നാലുടൻ നീ
ആഴിപ്പെണ്ണെത്തിരയവതിനായഞ്ജനാസൂനു പാരാ–
താഴിക്കെട്ടേവിധമതുവിധം വണ്ടിയിൽനിന്നു ചാടൂ.”

ഈ കവിതക്കു രചനാഭംഗി കുറയുമെങ്കിലും കാലക്രമത്തിൽ ഒരു നല്ല കവിയാകുന്നതിനുവേണ്ട യോഗ്യതകൾ അദ്ദേഹം സമ്പാദിച്ചു. എന്നാൽ താൻ ഒരു കവിയെന്നു് അഭിമാനിയ്ക്കുകയോ അതിലേയ്ക്കായി വളരെ സമയം വ്യയംചെയ്യുകയോ ചെയ്തില്ല. ഗദ്യനിർമ്മിതിയിലാകുന്നു അദ്ദേഹത്തിന്റെ വിജയം അതിന്റെ സമഗ്രമായ രൂപത്തിൽ പ്രകാശിക്കുന്നതു്. 1894-ൽ താൻ ഒരു ചെറുകഥ എഴുതി കോഴിക്കോട്ടെ രണ്ടു പത്രങ്ങൾക്കു് അയച്ചതിൽ ആ പത്രങ്ങളുടെ അധിപന്മാർ അതു മടക്കിയയയ്ക്കുകയാണുണ്ടായതെന്നും അതുതന്നെ മലയാളമനോരമയ്ക്കു് അയച്ചപ്പോൾ വറുഗീസുമാപ്പിള അതു ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയും തന്നെ പ്രോത്സാഹനരൂപത്തിലുള്ള ഒരു കത്തുകൊണ്ടും ഉചിതമായ ധനസംഭാവനകൊണ്ടും അനുഗ്രഹിയ്ക്കുകയും ചെയ്തതായും അദ്ദേഹം ഒരവസരത്തിൽ പ്രസ്താവിച്ചിട്ടണ്ടു്. വറുഗീസമാപ്പിളയുടെ പേരിൽ അദ്ദേഹത്തിനു ജ്യേഷ്ഠനിർവ്വിശേഷമായ ഭക്തിയാണുണ്ടായിരുന്നതു്. അന്നു കോഴിക്കോട്ടു കേരളസഞ്ചാരിയുടെ പ്രസാധകനായിരുന്ന സി. കൃഷ്ണൻ ഉന്നതവിദ്യാഭ്യാസത്തിനായി മദിരാശിയിൽ പോകകയും അതിനുപകരം കുമാരൻ ആ സ്ഥാനത്തിൽ നിയുക്തനാകുകയും ചെയ്തു. അതാണു് കുമാരന്റെ ആധിപത്യത്തിൽ പ്രചരിച്ച ഒന്നാമത്തെ പത്രം. തദ്വാരാ ചന്തുമേനോൻ, കുഞ്ഞിരാമൻനായനാർ മുതലായ സാഹിത്യകാരന്മാരുമായി സ്നേഹം പുലർത്തുന്നതിനു സൗകര്യം കിട്ടി. ഫലിതം സംബന്ധിച്ചു് അവരുടെ ശിഷ്യനായിരുന്നു കുമാരൻ എന്നു പറയുന്നതിൽ അപാകമില്ല. സഞ്ചാരിയുടെ പ്രസാധകനായിരുന്ന കാലത്തു സരസ്വതി എന്നൊരു മാസികയും ആരംഭിച്ചു. അതിൽപ്പിന്നീടു് 1913-ൽ സി. കൃഷ്ണൻ അതിന്റെ അവകാശം വാങ്ങി സഞ്ചാരി മിതവാദിയിൽ ലയിപ്പിച്ചു. അതിൽനിന്നു മിതവാദി എന്ന പത്രം തുടങ്ങി. പിന്നീടുാണു് ഗജകേസരി എന്ന പത്രത്തിന്റെ ആവിർഭാവം. 1935-ൽ അതോടുകൂടി സത്യവാദി എന്നൊരു വാരികയും നടത്തി. ചിന്താമണി, ആത്മപോഷിണി എന്നീ മാസികകളുടേയും, വിദ്യാലയം, ധർമ്മം എന്നീ പത്രങ്ങളുടേയും അധിപരായി ഓരോ കാലത്തു ജോലി നോക്കീട്ടുണ്ടു്. ഇവയെയെല്ലാം തന്റെ തൂലികാചാലനംകൊണ്ടു് അദ്ദേഹം ഉയർത്തി. എങ്കിലും അതുകൊണ്ടൊന്നും താൻ വിഭാവനം ചെയ്തുകൊണ്ടിരുന്ന ആദർങ്ങൾക്കു് അവ അർഹിയ്ക്കുന്ന രൂപം കൊടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. ഒടുവിൽ ഉദാരമതിയും ഭാഷാപോഷണവ്യഗ്രനുമായ തോമസ് പോൾ ദീപം എന്നൊരു ചിത്രമാസിക എറണാകളത്തുനിന്നു് 1105-ാമാണ്ടു ചിങ്ങമാസം 1-ാം൹ മുതൽ പ്രചരിപ്പിയ്ക്കുവാൻ തീർച്ചപ്പെടുത്തിയപ്പോൾ അതിന്റെ പ്രസാധകനായി തിരഞ്ഞെടുത്തതു കുമാരനെയായിരുന്നു. ദീപംപോലെ വിജ്ഞാനപ്രദവും വിവിധവിഷയസ്പർശിയുമായ ഒരു മാസിക അതിനുമുമ്പും പിമ്പും ഉണ്ടായിട്ടില്ല എന്നു പറയുന്നതു മറ്റു മാസികകൾക്കു് ഒരുവിധത്തിലും അവജ്ഞാദ്യോതകമല്ല; രാജ്യസംബന്ധമായുള്ള കാര്യങ്ങളെപ്പറ്റി വിമർശങ്ങൾ, ചെറുകഥകൾ, ജീവിതചരിത്രങ്ങൾ, നോവൽ, കവിതകൾ, കൌതുകവാർത്തകൾ, സർവ്വോപരി ഹൃദയാവർജ്ജകങ്ങളായ ചിത്രങ്ങൾ ഇത്യാദി വിഷയങ്ങൾകൊണ്ടു് ഓരോ ലക്കവും അലംകൃതമായിരുന്നു. മൂന്നുകൊല്ലത്തേയ്ക്കേ ദീപം നടന്നുള്ളു.

മറ്റു പ്രവർത്തനങ്ങൾ

കുമാരൻ ഒരു തികഞ്ഞ സമുദായ സേവകനും പൊതുകാര്യപ്രസക്തനുമായിരുന്നു. പതിനെട്ടുകൊല്ലം തലശ്ശേരി മുനിസിപ്പൽ കൌൺസിലറായും ഒൻപതു കൊല്ലം മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ കൗൺസിലിലെ ഒരംഗമായും. ഓരോ പ്രാവശ്യം കോട്ടയം താലൂക്കുബോർഡ് വൈസ്പ്രസിഡണ്ടായും മുനിസിപ്പൽ വൈസ് ചെയർമാനായും പണി നോക്കി. മദിരാശി ഗവർണ്ണർ മലബാറിലെ ജന്മിമാരുടേയും കുടിയാന്മാരുടേയും ഒരു വട്ടമേശസമ്മേളനം സംഘടിപ്പിച്ചതിൽ കുമാരൻ കുടിയാന്മാരുടെ ഒരു പ്രതിനിധിയായിരുന്നു. അക്കാലത്തു് അദ്ദേഹത്തിന്റെ ലേഖനങ്ങൾ കൂടാതെ കേരളത്തിൽ പ്രചരിച്ചുവന്ന പത്രങ്ങൾ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പല ഗൂഢനാമങ്ങളിൽ അദ്ദേഹം ലേഖനങ്ങൾ എഴുതീട്ടുണ്ടു്. വജ്രസൂചി, ഗജകേസരി എന്നീ പേരുകളിൽ വടക്കൻപത്രങ്ങളിലും, പതഞ്ജലി എന്ന പേരിൽ തെക്കൻ പത്രങ്ങളിലുമാണു് അത്തരത്തിലുള്ള ലേഖനങ്ങൾ പ്രായേണ കാണാറുണ്ടായിരുന്നതു്. കുമാരൻ ഒരു ഉറച്ച ഹിന്ദുമതഭക്തനായിരുന്നു എന്നും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഇഷ്ടദേവത ശ്രീകൃഷ്ണനായിരുന്നു എന്നുമുള്ളതിനു പല ലക്ഷ്യങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഗൃഹത്തിനു ഗോകുലമെന്നായിരുന്നു നാമകരണം. ഭഗവൽഗീതയെപ്പോലെ മനുഷ്യർകു് ഐഹികവും ആമുഷ്മികവുമായ ഉൽക്കർഷത്തിനു പ്രയോജകീഭവിയ്ക്കുന്ന ഒരു ഗ്രന്ഥം ലോകത്തിലില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഗാഢമായ വിശ്വാസം. ഹിന്ദുക്കളുടെ ആചാരപരിഷ്കരണത്തിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ആ പരിഷ്കരണം ശ്രീനാരായണഗുരുസ്വാമിയുടെ ഉപദേശങ്ങൾകൊണ്ടും ചര്യാവിശേഷംകൊണ്ടും സിദ്ധമായിയെന്നു് അദ്ദേഹം തീർച്ചപ്പെടുത്തി. തലശ്ശേരി ജഗന്നാഥക്ഷേത്രത്തിന്റെ നിർമ്മിതിയ്ക്കും, അതിനു തൊട്ടുള്ള ഗുരുദേവന്റെ ലോഹപ്രതിമാസ്ഥാപനത്തിനും അദ്ദേഹമാണു് മുൻകയ്യെടുത്തു പ്രവർത്തിച്ചതു്. സ്വാമികളുടെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനു്’ എന്ന സന്ദേശത്തെ മലബാറിൽ പ്രധാനമായി പ്രചരിപ്പിച്ചതു് അദ്ദേഹമായിരുന്നു. തീയർ ഹിന്ദുമതം ഉപേക്ഷിയ്ക്കണമെന്നും ബുദ്ധമതം സ്വീകരിയ്ക്കണമെന്നും മറ്റുമുള്ള ചിലരുടെ അഭിപ്രായങ്ങൾക്കു് അദ്ദേഹം പരമവിരോധിയായിരുന്നു. ഉത്തരകേരളത്തിൽ ഈ പ്രക്ഷോഭണത്തെ നിർജ്ജീവമാക്കിത്തീർത്തതു് അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില തീയപ്രമാണികളുമായിരുന്നു എന്നുള്ള വസ്തുത അവിസ്മരണീയമാണു്. വെറുതേയല്ല അദ്ദേഹത്തെ ഉത്തരകേരളത്തിലെ കിരീടം വയ്ക്കാത്ത രാജാവു് എന്നു പറഞ്ഞുവന്നതു്. ഉദാരമായിരുന്നു അദ്ദേഹത്തിന്റെ ചിത്തവൃത്തി. അനേകം പാവപ്പെട്ട വിദ്യാർത്ഥികളെ അദ്ദേഹം തന്റെ ചിലവിൽ പഠിപ്പിച്ചിട്ടുണ്ടു്.

സാഹിത്യസേവനം

കുമാരന്റെ കൃതികളിൽ പ്രധാനങ്ങളായുള്ളവയെ മാത്രം ഇവിടെ കുറിയ്ക്കുന്നു. (1) മർക്കടസന്ദേശം, (2) ആശാകല, (3) ഇലഞ്ഞിപ്പൂമാല മുതലായ ഖണ്ഡകൃതികൾ, (4) ദർശനമാല (തർജ്ജമ), (5) ലോകാപവാദം, (6) കനകംമൂലം, (7) അമ്പുനായർ, (8) വസുമതി, (9) ഒരു വൈദ്യന്റെ അനുഭവങ്ങൾ, (10) ജാഹനീറ, (11) രജപുത്രവിവാഹം, (12) കൂനിയുടെ കുസൃതി, (13) യാദവകൃഷ്ണൻ, (14) ഒയ്യാരത്തു ചന്തുമേനോൻ, (15) വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, (16) ശ്രീനാരായണഗുരുസ്വാമി, (17) കാകൻ, (18) പ്രകൃതിശാസ്ത്രത്തിലെ ചില അത്ഭുതങ്ങൾ, (19) ഗദ്യമഞ്ജരി ഒന്നാം ഭാഗം, (20) സൈരന്ധ്രി, (21) മുത്തശ്ശന്റെ കഥകൾ, (22) നൂറ്റിൽപ്പരം ചെറുകഥകൾ, (23) അമ്മമാരോടു്, (24) വെള്ളിക്കൈ.

അവയിലെ ഉള്ളടക്കം

പദ്യം

ആശാകലയാണു് കുമാരന്റെ കൃതികളിൽ പ്രഥമഗണനീയം. സുപ്രസിദ്ധനായ കീറ്റ്സ് (Keats) എന്ന ആംഗലേയമഹാകവിയുടെ ഇസബല്ലാ (Isabella) എന്ന കാവ്യത്തിന്റെ സ്വതന്ത്രാനുവാദമാണതു്. അത്യന്തം ഹൃദയദ്രവീകരണചണമായ മൂലകൃതി വലിയ താഴ്ചവീഴ്ചകൾ കൂടാതെ കുമാരൻ ഭാഷാന്തരീകരിച്ചിരിയ്ക്കുന്നു. ചില വരികൾ ഉദ്ധരിക്കാം.

“ലാലസൻതന്റെ കഥയുദ്ധരിയ്ക്കാം ഞാൻ
ധീരതയുള്ളവർ കേട്ടുകൊൾവിൻ.
എങ്ങവൻ? എങ്ങാനൊരുൾനാട്ടിൽ ശഷ്പങ്ങൾ
തിങ്ങിവളർന്നൊരു കുറ്റിക്കാട്ടിൽ,
ആറ്റിൻകരയിൽ മനുഷ്യപാദസ്പർശം
തട്ടാറില്ലാത്തൊരു ദിക്കിലായി,
ആറടി ദീർഘതയുള്ള കുഴിയൊന്നു
മൂടിക്കിടപ്പുണ്ടു പുത്തനായി.
ലാലസനെങ്ങെന്നതിൽച്ചെന്നു ചോദിപ്പിൻ
മാലുറ്റ വാർത്ത കൊതിപ്പോരെല്ലാം.”

ഇലതഞ്ഞിപ്പൂമാല ചെറുതാണെങ്കിലും ഒന്നുകൂടി ചേതോഹരമാണെന്നു പറയാം. ഒരു പെൺകിടാവു് ആ മാല നിരത്തിൽക്കൂടി വില്പനയ്ക്കു കൊണ്ടുപോകുന്നു.

“ഇലഞ്ഞിപ്പൂമാലയിലഞ്ഞിപ്പൂമാല–
യിലഞ്ഞിപ്പൂ വാങ്ങിൻ, വണങ്ങുന്നേൻ.”

ആ പെൺകുട്ടിയുടെ ആകാരസുഷമയെ കവി ഇങ്ങനെ വർണ്ണിയ്ക്കുന്നു.

“തരുണശ്രീ വന്നങ്ങുദിച്ചില്ലായതിൻ
കരുക്കൾമേനിയിൽക്കുരുത്തില്ല.
ഉടുമുണ്ടല്ലാതെ മുറിമുണ്ടില്ലവൾ–
ക്കുടലുമംഗവും മറയുവാൻ.
കുളി കഴിഞ്ഞല്പം നനഞ്ഞുലഞ്ഞേറ്റ–
മളിവർണ്ണം പൂണ്ട ചികുരത്തെ
അനിലപോതങ്ങൾ ചലിപ്പിച്ചീടുന്നു–
ണ്ടനംഗൻ മാനവമനം പോലെ.
ഇലഞ്ഞിപ്പൂമാല മുഴുവനും വാങ്ങി–
യലസാപാംഗിക്കു പണമേകാൻ
പരതി കീശ ഞാ,നൊരു കാശില്ലതിൽ–
പ്പരിതാപമെന്തു പറയാവൂ?”

ദർശനമാല ശ്രീനാരായണഗുരുസ്വാമികളുടെ തന്നാമധേയമായ വേദാന്തഗ്രന്ഥത്തിന്റെ തർജ്ജമയാണു്.

ഗദ്യം

ഒരു ഗദ്യകാരൻ എന്ന നിലയിലാണല്ലോ കുമാരൻ പരക്കെ അറിയപ്പെടുന്നതും അറിയപ്പെടേണ്ടതും. അഞ്ചുമുതൽ ഏഴുവരെ നമ്പർ കൃതികൾ നോവലുകളാണു്. വസുമതി ഒരു സമുദായാഖ്യായികയാണു്. വടക്കേ മലബാറിലെ അക്കാലത്തെ തീയരെ സംബന്ധിച്ചുള്ള പല കാര്യങ്ങളും അതിൽനിന്നു ഗ്രഹിയ്ക്കുവാൻ കഴിയും. ഒരു വൈദ്യന്റെ അനുഭവങ്ങൾ ചില ചെറുകഥകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണു്. പത്തും പതിനൊന്നും കൃതികൾ ഇന്ത്യാചരിത്രത്തിലെ ചില കഥകൾ സംഭവമാക്കി എഴുതീട്ടുള്ളതാകുന്നു. പന്ത്രണ്ടാം നമ്പർ രാമായണത്തിലെ ഒരുപാഖ്യാനത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഗദ്യനാടകമാണു്, 13 മുതൽ 16 വരെ നമ്പരുകൾ ജീവിതചരിത്രഗ്രന്ഥങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. കാകൻ ഏററവും മനോഹരമായ ഒരു കൃതിയാണു്. കുമാരന്റെ നാനാമുഖമായ മനോധർമ്മപ്രസരം അതിൽ അതിന്റെ അത്യുച്ചകോടിയിൽ തെളിഞ്ഞുകാണാം. പ്രകൃതിശാസ്ത്രത്തിലെ അത്ഭുതങ്ങൾ എന്ന ഗ്രന്ഥത്തിലെ വിഷയം പേരുകൊണ്ടുതന്നെ വിശദമാകുന്നുണ്ടല്ലോ. ഗമദ്യമഞ്ജരി ഒന്നാംഭാഗം സാഹിത്യവിമർശനപരമാണു്. അതിൽ കവിത, ഭാവനാശക്തി, മലയാളഭാഷയ്ക്കു സഹായങ്ങൾ, ഗദ്യപ്രബന്ധം, നോവൽ മുതലായി പല വിഷയങ്ങൾ അടങ്ങിയിരിയ്ക്കുന്നു. കുമാരനെ ഒരു നിരൂപണവിചക്ഷണനായി ഉയർത്തിക്കാണിക്കുന്നതു് പ്രസ്തുത ഗ്രന്ഥമാണു്. സൈരന്ധ്രിയും മുത്തശ്ശന്റെ കഥകളും ബാലവിദ്യാർത്ഥികളുടെ ഉപയോഗത്തിനായി എഴുതിയിരിക്കുന്നു. ചെറുകഥകളിൽ അധികവും ദീപം മാസികയിൽ, പ്രസിദ്ധീകരിച്ചതാണു്. അവയിൽ ചിലതിന്റെയെല്ലാം വിഷയം സ്വകപോലകല്പിതമല്ല. റംഗൂണിൽവച്ചു മലയാളി മഹിളാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ എഴുതിവായിച്ചതാണു് അമ്മമാരോടു് എന്ന ചെറുകൃതി. പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാലിയും മഹാരാഷ്ട്രന്മാരും യോജിച്ചു പരന്ത്രീസുകാരുടെ സഹായത്തോടുകൂടി യുദ്ധംചെയ്തു പല അക്രമങ്ങളും പ്രവർത്തിച്ച സംഭവമാണു് വെള്ളിക്കയ്യുടെ പശ്ചാത്തലം. ദീപത്തിൽ അതു ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നു. പ്രത്യേകം പുസ്തകമായി അച്ചടിപ്പിച്ചിട്ടില്ല.

വാക്കലഹം

തന്റെ സാഹിത്യസേവനത്തെപ്പറ്റി കുമാരൻ ഒരവസരത്തിൽ ഇങ്ങനെ പറയുന്നു: “ഞാൻ ചിലതെഴുതി; അതു ചിലക്കു രസിച്ചു. ഞാൻ പിന്നെയും എഴുതി; അതു ചിലരെ മുഷിപ്പിച്ചു. അവർ എന്നെ കുത്തി എഴുതി; ഞാനും കുത്തി എഴുതി. ഇങ്ങനെ കമ്പിളിക്കെട്ടു ഞാൻ വിട്ടിട്ടും കമ്പിളിക്കെട്ടു് എന്നെ വിടുന്നില്ലെന്നു പറഞ്ഞപോലെ ഞാൻ സാഹിത്യസമുദ്രത്തിൽക്കിടന്നു്

‘ഓട്ടുനാളിറങ്ങിയും മങ്ങിയും തിരവന്നു
തട്ടിയിട്ടലച്ചുമങ്ങൊട്ടേടം ചെന്നും പോന്നും’

അങ്ങനെ പരിചയിച്ചു് ഒരുവിധം നീന്തിക്കളിയ്ക്കുവാൻ പഠിച്ചുവെന്നേ പറയേണ്ടതുള്ള.” സൂക്ഷ്മത്തിൽ അദ്ദേഹം സാഹിത്യക്കളരിയിൽ നെടുനാൾ കച്ചകെട്ടി കയ്യും മെയ്യും ഉറച്ച ഒരുധീരയോദ്ധാവായിരുന്നു. കുമാരൻ ധാരാളം വെട്ടും തട്ടും പയറ്റി. കൊടുക്കുകയും കൊള്ളുകയും ചെയ്തു. എതിരാളിയെ അമ്പരപ്പിയ്ക്കുകയും അടിപണിയിയ്ക്കുകയും ചെയ്ത അവസരങ്ങൾ അനവധിയുണ്ടു്. വ്രണകിണങ്ങളാൽ അങ്കിതമായിരുന്നു അദ്ദേഹത്തിന്റെ വിരിമാറു്. അപൂർവ്വം ചില ഘട്ടങ്ങളിൽ അടവു തെറ്റി താഴെ വീണിട്ടുണ്ടു്. വീണേടത്തുകിടന്നു വിദ്യയുമെടുത്തിട്ടുണ്ടു്. നിശിതവും മർമ്മവേധിയുമായിരുന്നു അദ്ദേഹത്തിന്റെ തൂലികാപ്രയോഗം. തനിയ്ക്കു പറയുവാനുള്ളതു് ആരെപ്പറ്റിയായാലും ഒളിവും മറവും കൂടാതെ പറയും. പല അച്ചുക്കൂടമുടമസ്ഥന്മാരുമായി ഗാഢമായ ബന്ധം പുലർത്തിവന്ന അദ്ദേഹം അവരെയും വിട്ടിട്ടില്ല: ഒരവസരത്തിൽ ഇങ്ങനെ പറയുന്നു:

“പ്രസാധകന്മാരിൽ അധികം പേരും കച്ചവടത്തിന്റെ കണ്ണുകണ്ട സമർത്ഥന്മാരാണു്. അവർക്കൊരു പേർ കൊടുക്കുവാൻ എനിക്കു് അധികാരമുണ്ടായിരുന്നുവെങ്കിൽ ഞാൻ അവരെ ‘ചോരകുടിയന്മാർ’ എന്നു വിളിയ്ക്കുമായിരുന്നു. കവികളുടേയും ഗ്രന്ഥകാരന്മാരുടേയും ചോരകുടിച്ചാണു് അവരിൽപലരും ജീവിയ്ക്കുന്നതും, തങ്ങൾക്കും തങ്ങളുടെശേഷം സന്താനങ്ങൾക്കുംവേണ്ടി ധനം സമ്പാദിയ്ക്കുന്നതും. വിദ്വാന്മാർ പ്രായേണ ദരിദ്രന്മാരാണല്ലോ. അവരെക്കൊണ്ടു ഗ്രന്ഥങ്ങൾ രചിപ്പിച്ചു് അല്പം വല്ലതും കൊടുത്തും കൊടുക്കാമെന്നു വാഗ്ദാനംചെയ്തും പിന്നെ കൊടുക്കാതെയും ആ ഗ്രന്ഥങ്ങൾ അച്ചടിപ്പിച്ചു പ്രസിദ്ധംചെയ്ത്, അതുകൊണ്ടുള്ള വമ്പിച്ച ആദായംമുഴുവൻ ഈ ചോരകുടിയന്മാർ എടുക്കുന്നു. ഗ്രന്ഥകർത്താക്കന്മാരോ? പട്ടിണി!” അങ്ങനെയുള്ള ഒരാൾ അഭിയോക്താവിനു ഭയങ്കരനായ പ്രതിദ്വന്ദിയായിരുന്നതു് അസാധാരണമല്ലല്ലോ. എങ്കിലും അദ്ദേഹത്തിന്റെ ഹാസ്യരസനിഷ്യന്ദികളായ ഉക്തിപ്രത്യുക്തികൾ അവരേയും ആനന്ദസാഗരത്തിൽ ആറാടിയ്ക്കുകയായിരുന്നു പതിവു്. തന്നെയോ തന്റെ സമുദായ നേതാക്കന്മാരെയോ തനിയ്ക്കു വേണ്ടപ്പെട്ടരവരെയോ ആക്ഷേപസൂചകമായി ആരു് എന്തെഴുതിയാലും അദ്ദേഹം ഉലച്ച വാളുമായി അരങ്ങത്തു കയറി നിർഭയമായി പോരാടും. പക്ഷേ, അദ്ദേഹത്തിന്റെ വിമലമായ ഹൃദയത്തിൽ വ്യക്തിവിദ്വേഷത്തിന്റെയോ സമുദായസ്പർദ്ധയുടെയോ ലാഞ്ചനം ഒരൊറ്റവാക്കിലെങ്കിലും മഷിയിട്ടു നോക്കിയാൽപ്പോലും കാണ്മാനുണ്ടായിരുന്നില്ല. താൽക്കാലികമായ ഒരു രസത്തിനുവേണ്ടി വേണ്ടതിലധികം തട്ടിവിടും. എങ്കിലും അതെല്ലാം ശരൽക്കാലത്തിലെ മേഘശകലത്തിന്റെ കളി കാട്ടി ക്ഷണത്തിൽ മറഞ്ഞുപോകും. കുമാരനെ നല്ലപോലെ അറിയുന്ന ഫലിതപ്രിയന്മാർക്കു് ആ വാൿപ്രവാഹം വിനോദത്തിന്റെ പ്രകാരാന്തരമായല്ലാതെ തോന്നുമായിരുന്നില്ല.

കൃത്യനിഷ്ഠ

ഇതു കുമാരന്റെ എണ്ണപ്പെട്ട ഗുണങ്ങളിൽ ഒന്നായിരുന്നു. താൻ ഏതു സാഹിത്യവ്യവസായത്തിൽ ഏർപ്പെട്ടാലും അതു വിജയപൂർവ്വമായി കലാശിപ്പിക്കണമെന്നു് അദ്ദേഹത്തിനു നിർബ്ബന്ധമുണ്ടായിരുന്നു. മറ്റു ചിലരെപ്പോലെ വല്ലതും കാട്ടിക്കൂട്ടി ഒപ്പിച്ചുമാറുന്നതിൽ അദ്ദേഹത്തിനു തെല്ലും വിശ്വാസമണ്ടായിരുന്നില്ല. ശ്രീനാരായണഗുരുവിന്റെ ജീവിതചരിത്രം രചിക്കുവാൻ അദ്ദേഹം യോഗാഭ്യാസ പ്രതിപാദകങ്ങളായ പല പുസ്തകങ്ങൾ വായിക്കുകയും അറുപത്തഞ്ചോളം വശം വരുന്ന തത്സംബന്ധമായ ഒരധ്യായം ആ പുസ്തകത്തിന്റെ പ്രഥമഭാഗമായി എഴുതിച്ചേർക്കുകയും ചെയ്തു. ചന്തുമേനോന്റെ ചരിത്രം ഗദ്യകാവ്യത്തിന്റെ വളർച്ച എന്ന അധ്യായം കൊണ്ടാണു് ആരംഭിക്കുന്നതു്. യാദവകൃഷ്ണൻ എന്ന പുസ്തകത്തിൽ ശ്രീകൃഷ്ണനെപ്പറ്റിയുള്ള ഇതിഹാസപൗരാണികോപാഖ്യാനങ്ങളിൽ ഇക്കാലത്തു് അവിശ്വസനീയങ്ങളാണെന്നു തോന്നാവുന്ന അംശങ്ങളെ പരിത്യജിച്ചു കേവലം ഒരു ഉത്തമപുരുഷൻ എന്ന നിലയിൽ ആ മഹാത്മാവിന്റെ ചരിത്രം ഉപപാദിക്കുന്നതിനുവേണ്ടി പല പുസ്തകങ്ങളും നിഷ്കർഷിച്ചു വായിച്ചു. ഇതെല്ലാം എന്തിനാണെന്നു ചിലർ ചോദിച്ചേക്കാം. അവർ ക്ലേശഭീരുക്കളും വിഷയപൂർത്തിയെപ്പറ്റി വേണ്ട വിജ്ഞാനമില്ലാത്തവരുമാണെന്നു പറയേണ്ടിയിരിക്കുന്നു.

സംസ്കൃതപദപ്രയോഗം

തന്റെ ഗദ്യത്തിൽ സംസ്കൃത പദങ്ങൾ വേണ്ടതിലധികം കടന്നുകൂടാതിരിക്കുന്നതിനു കുമാരൻ പ്രത്യേകം യത്നിച്ചു. തനിക്കു സംസ്കൃതത്തിലുള്ള പരിജ്ഞാനത്തിന്റെ കുറവു് അതിനു സഹായമായും തീർന്നു. വെള്ളിക്കൈ ദീപത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ “ഇതു് എല്ലാവരും വായിച്ചു രസിക്കണമെന്നല്ലാതെ സ്ക്കൂളുകളിൽ പാഠപുസ്തകമാക്കിക്കിട്ടണമെന്നു് ഉദ്ദേശമില്ലാത്തതിനാൽ അനാവശ്യമായി അപൂർവ്വ സംസ്കൃതപദങ്ങൾ കുത്തിച്ചെലുത്തുകയോ അന്വയവിഷമത വരുത്തുകയോ ചെയ്യേണ്ടുന്ന ആവശ്യം നേരിട്ടിട്ടില്ല” എന്നു് അദ്ദേഹം ആ വിഷയത്തിൽ തനിക്കുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. മറ്റൊരവസരത്തിൽ ഇങ്ങനെയും പറഞ്ഞിട്ടുണ്ടു്: “ശരിയായി അർത്ഥമറിഞ്ഞുകൂടാത്ത സംസ്കൃതപദങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണമെന്നുള്ളതു സംസ്കൃതം അറിഞ്ഞുകൂടാത്ത എന്നെപ്പോലുള്ളവർ പ്രബന്ധരചനയിൽ അനുസരിക്കേണ്ടുന്ന ഒരു സമ്പ്രദായമാണെന്നു ഞാൻ അവരെ ഓർമ്മപ്പെടുത്തിക്കൊള്ളന്നു.”

ഗദ്യശൈലി

കുമാരന്റെ വിവിധസിദ്ധികളിൽവച്ചു് അത്യന്തം സമുന്നതമായി. എല്ലാവർക്കും പ്രതിഭാസിക്കുന്നതു് അദ്ദേഹത്തിന്റെ അപ്രതിമമായ ഗദ്യശൈലിയാകുന്നു. അദ്ദേഹം ആ ശൈലികൊണ്ടു പലപ്പോഴും നമുക്കു സ്വർഗ്ഗീയമായസുഖം തരുന്നുണ്ടു്. അദ്ദേഹത്തിന്റെ ഗദ്യം ഒരുതരം ശ്രവണമധുരമായ സംഗീതമാണ്. അതിന്റെ ആരോഹാവരോഹക്രമങ്ങൾ അദ്ദേഹത്തിനേ നിശ്ചയമുള്ളു. അതു വായിക്കുമ്പോൾത്തന്നെ അർത്ഥം ഗ്രഹിക്കാം. വിവക്ഷിതം വേണ്ടവിധത്തിൽ ആലോചിച്ചു ക്രമപ്പെടുത്തിയേ പറയൂ. സരളവും പ്രസന്നവും മധുരവുമാണു് ആ ഗദ്യരീതി. ഉജ്ജ്വലലത ആവശ്യംപോലെ പ്രകടിപ്പിക്കും. ഫലിതംകൊണ്ടാണു് അദ്ദേഹം ആദ്യന്തം കൈകാര്യംചെയ്തു കാന്തിവിശേഷം ഉൽപാദിപ്പിക്കുന്നതു്. സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും ഗ്രന്ഥങ്ങളിലും ആ ഫലിതം പ്രയോഗിക്കും. അതിനു് ഒരു അദൃഷ്ടപൂർവ്വമായ ആകർഷണശക്തിയുണ്ടു്. അതിലേക്കു് ആവശ്യമുള്ള പഴഞ്ചൊല്ലുകളും ഉപകഥകളും മറ്റും ഒരു പുഴയിലെ അലകൾ പോലെ അതിൽ പൊങ്ങിയും മുങ്ങിയും പ്രകാശിക്കുന്നു. കുമാരൻ ഒരു വിശ്രുതനായ വാഗ്മിയായിരുന്നുവെന്നും നാം ഇവിടെ ഓർമ്മിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രസംഗവേദിയിൽ കടന്നാൽ ചിരിക്കു് എന്തെങ്കിലും വകയുണ്ടാകുമെന്നു ശ്രോതാക്കൾക്കറിയാമായിരുന്നു. ആ വിഷയത്തിൽ അദ്ദേഹത്തെപ്പോലെയുള്ള പ്രവക്താക്കളും പത്രലേഖകന്മാരും ഗ്രന്ഥകാരന്മാരും കേരളത്തിൽ അധികമുണ്ടായിട്ടില്ല.

ചില ഉദാഹരണങ്ങൾ

ചില ഉദാഹരണങ്ങൾകൊണ്ടു പ്രസ്തുത ശൈലി പ്രദർശിപ്പിക്കാം. കുമാരൻ നടത്തിത്തുടങ്ങിയ കേരളചിന്താമണിയെപ്പറ്റി അല്പം ആക്ഷേപസൂചകമായി മലബാറിയുടെ പ്രസാധകനായ വി. സി. ബാലകൃഷ്ണപ്പണിക്കർ ഒരു കുറിപ്പു് എഴുതി. പണിക്കർ പിരിഞ്ഞതിൽപ്പിന്നെയാണു് കുമാരൻ ചിന്താമണിയുടെ നടത്തിപ്പു് ഏറ്റെടുത്തതു്. ആ കുറിപ്പിനു കുമാരന്റെ പ്രത്യുക്തിയാണു് ചുവടേ ചേർക്കുന്നതു്.

“കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ മലബാറിയെപ്പറ്റി പറഞ്ഞതിനു മറുപടിയൊന്നും പറയാതെ കേരളചിന്താമണി പ്രത്രാധിപരെ കുറേ ചീത്തപറഞ്ഞു വിടുകയണു് ചെയ്തിട്ടുള്ളതു്. ഇതിനു മറുപടി പറവാൻ ഞങ്ങൾ പഠിച്ചിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. ഇതു പക്ഷേ മലബാറിപ്പത്രത്തിനു വലിയ ഇച്ഛാഭംഗത്തിനു കാരണമായേക്കാം. എന്തു ചെയ്യാം? നിവൃത്തിയില്ലാത്ത ദിക്കിൽ ഞങ്ങളുടെ മാന്യസഹജീവികളേയും വ്യസനിപ്പിക്കേണ്ടിവരുന്നു… ഇനിയും കാര്യം പറയാതെ ചീത്ത പറയാനാണു് ഭാവമെങ്കിൽ ഞങ്ങളുടെ ഭാവം മൗമുദ്ര ധരിക്കാനാണു്. കേരളചിന്താമണിയുടെ അഭ്യുദയകാംക്ഷികൾ ഞങ്ങൾക്കെഴുതാതെ മലബാറിപ്പത്രത്തിനു രഹസ്യമായി എഴുതിയതു വലിയ പുതുമയായിത്തോന്നുന്നു തന്നെ! അവർതന്നെ അഭ്യുദയകാംക്ഷികൾ.”

ഏതു വിഷയവും എത്ര കഠിനവും ശാസ്ത്രീയവുമായ രീതിയിൽ പ്രതിപാദിക്കുന്നതിനുള്ള ശക്തി കുമാരനിൽ അസാധാരണമായി വിദ്യോതിച്ചിരുന്നു. താഴെക്കാണുന്നതു കാകൻ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ നിന്നു് ഒരു ഭാഗമാണു്.

“കാക്കയെപ്പറ്റി എഴുതുവാനുള്ളതൊക്കെ എഴുതിക്കഴിഞ്ഞു. അച്ചടിച്ചുംകഴിഞ്ഞു. ഇനി ഒരു മുഖവുര വേണ്ടയോ എന്നാണു് അച്ചുക്കൂടക്കാർ ചോദിക്കുന്നതു്. അതിനാണു് വിഷമം. പുസ്തകം കാക്കയെപ്പറ്റിയാണു്. അതിനെ സ്തുതിച്ചാലും ദുഷിച്ചാലും ആരും ചോദിക്കുവാനില്ല. മുഖവുര പുസ്തകത്തെപ്പറ്റി ആയിരിക്കണമല്ലോ. അതിനെ ഞാൻ തന്നെ സ്തുതിക്കുന്നതു കുറേ അങ്ങനെയല്ലേ? ദുഷിക്കാൻ മനസ്സും വരുന്നില്ല. എഴുതാമെന്നുവെച്ചാൽ പലതും എഴുതാം, ‘ഈ പുസ്തകം അശേഷം നന്നായിട്ടില്ലെന്നു് എനിക്കുതന്നെ ബോധ്യമുണ്ടു്. പക്ഷേ, ചില സ്നേഹിതന്മാരുടെ നിർബ്ബന്ധംകൊണ്ടു് ഇങ്ങനെ അച്ചടിച്ചു പരസ്യംചെയ്തതാണു്’ എന്നു പറയാമായിരുന്നു. അതു വെറും കളവായിരിക്കും. ‘ഇതു പരസ്യംചെയ്വാൻ എന്നെ ആരും നിർബ്ബന്ധിച്ചിട്ടില്ല. ഇതിൽ വളരെ തെറ്റുകളുണ്ടു്. അതു വായനക്കാർ സദയം ക്ഷമിക്കണം.’ എന്നെഴുതിയാലോ? അതു കേവലം അനാവശ്യമാണു്. എന്റെ പുസ്തകത്തിൽ തെറ്റുണ്ടായാലും ഇല്ലെങ്കിലും അതു വെളിക്കിറങ്ങുന്ന തക്കവും നോക്കി അതിനെ കൊത്തിപ്പറിച്ചു ഛിന്നഭിന്നമാക്കുവാൻ നോമ്പും നോറ്റു നില്ക്കുന്ന ചില രസികശിരോമണികളുണ്ടു്. അവർക്കു് അതുകൊണ്ടു കാര്യസാധ്യവുമുണ്ടെന്നാണു് ഒരാൾ ഇതിനിടെ പറഞ്ഞതു്. എനിക്കും ഗുണമില്ലാതെയല്ല. പുസ്തകം വേഗത്തിൽ വിറ്റുപോകും. അതുകൊണ്ടു കാക്കയ്ക്കു ബലിയിട്ടുകൊടുക്കുമ്പോലെ രണ്ടുപേൎ ക്കും ഉപകാരമാകത്തക്കവണ്ണം ഈ ‘കാക’നെ അവർക്കായി സമർപ്പിക്കുക.”

അടിയിൽ ചേർക്കുന്ന ഭാഗവും അതിലുള്ളതുതന്നെയാണു്.

“ചിലപ്പോൾ തള്ളപ്പക്ഷിക്കു വല്ല ഭക്ഷണസാധനവും കിട്ടി അവൾ അതു കൊത്തിത്തിന്നാൻ ഭാവിക്കുമ്പോൾ കുട്ടി അടുത്തുചെന്നു് അതു പിടിച്ചുപറ്റാൻ ഭാവിക്കുന്നതും അതിനു കൊടുക്കാതെ തള്ള പകുതി വിഴുങ്ങുന്നതും പിന്നെ കുട്ടിയുടെകരച്ചിൽ കേട്ടിട്ടു് അലിവുണ്ടായിട്ടെന്നപോലെ വായിൽനിന്നുഴിഞ്ഞു കുട്ടിയുടെ കൊക്കിൽ ഇട്ടുകൊടുക്കുന്നതും കാണ്മാൻ ബഹുരസമുള്ള കാഴ്ചകളാണു്. വലതും തിന്നാൻ കിട്ടിയാൽ അതു തന്റെ സ്വന്തം ഉദരപൂരണത്തിനു് ഉപയോഗിക്കുകയോ വേണ്ടതു്? കരയുന്ന കുഞ്ഞുങ്ങളെ രക്ഷിക്കുവാൻ അവയ്ക്കുകൊടുക്കുകയോ വേണ്ടതു്? എന്നിങ്ങനെ മനസ്സിൽ രണ്ടു വിചാരങ്ങൾ അടിക്കടി വളരെ നേരം ജയാപജയങ്ങൾ സംശയത്തിലായിരിക്കയും ചിലപ്പോൾ ‘ആത്മപൂജ’ ജയിച്ചു എന്നു തീർച്ചപ്പെടുത്താൻ സംഗതിയാകത്തക്കവിധം പകുതിയോളം വിഴുങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും, കാക്കയ്ക്കു തന്റെ കുഞ്ഞുങ്ങളോടുള്ള കാരുണ്യത്തിനാണു് സ്വാർത്ഥപ്രതിപത്തിയെക്കാൾ ശക്തിയുള്ളതെന്നു് അവ സംശയംകൂടാതെ സ്ഥാപിച്ചിട്ടുണ്ടു്.”

യാദവകൃഷ്ണനിൽനിന്നു ചില വാക്യങ്ങൾകൂടി അടിയിൽചേർക്കുന്നു.

“ഇത്രയം പറഞ്ഞു ഭീഷ്മർ അല്പം നിർത്തി. ആദ്യം വൃന്ദാവനത്തിലെ ഗോപാലന്മാരുടെ ഹൃദയത്തിൽ വ്യാപിച്ചതും, ഗോപസ്ത്രീകളുടെ മനോമുകുരങ്ങളെ വികസിപ്പിച്ചതും, ക്രമേണ ഭാരതഖണ്ഡത്തിലെ ആമര്യന്മാരുടെയിടയിൽ സൗഭാഗ്യരശ്മിയെ ഉദിപ്പിച്ചതുമായി, കൃഷ്ണനിൽ നിന്നു ജനിച്ചുയർന്നസ്നേഹം ഭീഷ്മരുടെ ഹൃദയത്തിലും നിറഞ്ഞുകവിഞ്ഞിരുന്നു. അദ്ദേഹത്തിന്നു തൊണ്ടയിടറി, കണ്ണിൽ വെള്ളം നിറഞ്ഞു. നെഞ്ഞിടിച്ചു. ഒടുവിൽ കഴിയുന്നത്ര ഉച്ചത്തിൽ പൂജ്യനായ ആ വയോവൃദ്ധൻ ഇങ്ങനെ പറഞ്ഞു: ‘അതേ, കൃഷ്ണനെ വിശ്വത്തിന്റെ ആദികാരണമായി ധരിച്ചു നമ്മൾ പൂജിക്കുന്നു; വിശ്വത്തിന്റെ ലയകാരണമായി നമ്മൾ പൂജിക്കുന്നു. അവൻ ശാശ്വതനും അവൻ സർവ്വശക്തിക്കും അതീതനുമത്രേ.’ ഭീഷ്മർക്കു പിന്നെ സംസാരിപ്പാൻ കഴിയാതായി. അല്പം വിശ്രമിച്ചു ശ്വാസം നേരേയാക്കി. കൃഷ്ണനിലുള്ള ഭക്തി നിമിത്തം ജനിച്ച മനോവികാരത്തെ നിയന്ത്രിക്കുവാൻശ്രമിച്ചു.”

മതി, ഈ ഉദാഹരണങ്ങളിൽനിന്നു കുമാരൻ എത്രമാത്രം അനുഗൃഹീതനായ ഒരു സാഹിത്യകാരനായിരുന്നുവെന്നും ആ വടവൃക്ഷത്തിന്റെ ഏതെല്ലാം അംബരചുംബികളായ ശാഖകളിലാണു് വിവിധ ഗാനങ്ങൾപാടി കേരളീയരെ ആകമാനം പുളകംകൊള്ളിച്ചു വിഹരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നതെന്നും വ്യക്തമാകുന്നതാണു്. വാദ്ധക്യത്തിന്റെയാതൊരു ലക്ഷണവും രോഗഗ്രസ്തനാകുന്നതുവരെ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ആ സുകുമാരവും പട്ടാംബരവേഷ്ടിതവും മന്ദസ്മിതമധുരവുമായ ആകാരത്തെ നിത്യയൗവനം ആശ്ലേഷിച്ചു ചാരിതാർത്ഥ്യം നേടിയിരുന്നതുപോലെ തോന്നി. അത്തരത്തിലുള്ള ഒരു തികഞ്ഞ സാഹിത്യവീരനെ നമുക്കു് അത്ര എളുപ്പത്തിലൊന്നും കിട്ടുന്നതല്ലെന്നു പറയേണ്ടതില്ലല്ലോ.

64.4കെ. രാമകൃഷ്ണപിള്ള (1053–1091)
കുടുംബവും ജനനവും

കെ. രാമകൃഷ്ണപിള്ള നെയ്യാറ്റിൻകരത്താലൂക്കിൽ മുൻസീഫ് കോടതിവക്കീൽ എം. കേശവപിള്ളയുടെ ജ്യേഷ്ഠസഹോദരി ചക്കിയമ്മയുടേയും സ്ഥലം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശാന്തി നരസിംഹൻ പോറ്റിയുടേയും പുത്രനായി 1053-ാമാണ്ടു് ഇടവമാസം 16-ാം൹ പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. പൂർവ്വകുടുംബം നെയ്യാറ്റിൻകര അതിയന്നൂർ അംശം തെക്കേ കൂടില്ലാവീടായിരുന്നു. ആ കുടുംബത്തിലെ മല്ലൻപിള്ള എന്ന ഒരു പൂർവ്വപുരുഷൻ വീരമാർത്താണ്ഡവർമ്മമഹാരാജാവിനെ ശത്രുബാധയിൽനിന്നു രക്ഷിക്കുകയാൽ മഹാരാജാവ് അദ്ദേഹത്തിനു പേരാർ എന്ന സ്ഥാനം സമ്മാനിച്ചതിനു പുറമേ കുറേ വസ്തുവകകളും കൊടുത്തു. ആ വസ്തുക്കളിൽ ഒന്നാണു് നെയ്യാറ്റിൻകര കോട്ടയ്ക്കകത്തു് ഇപ്പോൾ മുല്ലപ്പള്ളി പുത്തൻവീട് എന്നു വിളിച്ചുവരുന്ന ഭവനം. 1053-ാമാണ്ടു് അതു മുല്പപ്പള്ളി വീടുമാത്രമായിരുന്നു.

വിദ്യാഭ്യാസം

ആദ്യഗുരു നെയ്യാറ്റിൻകര മലയാംപള്ളിക്കൂടത്തിൽ വാധ്യാരായിരുന്ന കൂട്ടപ്പന നാഗനാഥയ്യരായിരുന്നു. 1062-ൽ സ്ഥലം ഇംഗ്ലീഷ് മിഡിൽസ്ക്കൂളിൽ പഠിത്തമാരംഭിച്ചു. അക്കാലത്തു കഥകളിയിൽ കലശലായ ഭ്രമമുണ്ടായിരുന്നു. 1067-ൽ ആ മിഡിൽസ്ക്കൂളിലെ പഠിത്തം അവസാനിപ്പിച്ചു തിരുവനന്തപുരത്തു ഗവർമ്മെന്റ് കോളേജിൽ വിദ്യാഭ്യാസം തുടർന്നു. യഥാകാലം മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. എഫ്. ഏ.യ്ക്കു പഠിക്കുവാൻ അരംഭിച്ചതോടുകൂടി പത്രലേഖകനായി. ചിത്രമെഴുത്തിൽ ആദ്യകാലത്തു നല്ലവാസന പ്രദർശിപ്പിച്ചിരുന്നുവെങ്കിലും സാഹിത്യം ആ കലയെ നിശ്ശേഷം ഗ്രസിച്ചുകളഞ്ഞു. ഒടുവിൽ കഞ്ഞിക്കൃഷ്ണമേനോൻ തിരുവനന്തപുരത്തുനിന്നു പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന രാമരാജനിൽ നെയ്യാറ്റിൻകര ലേഖകനായാണു് ഗദ്യമെഴുതി പരിചയിച്ചതു്. മൂന്നു കൊല്ലം കൊണ്ടു 1073-ൽ എഫ്. എ. ജയിച്ചു. ബി. ഏ. ക്ലാസ്സിലും പഠിത്തം സംബന്ധിച്ചു യാതൊരുത്സാഹവും പ്രദർശിപ്പിച്ചില്ല.

ആദ്യകാലത്തെ പത്രപ്രവർത്തനം

1075 ചിങ്ങമാസത്തിൽ തിരുവനന്തപുരത്തുനിന്നു കേരളദർപ്പണമെന്നും വഞ്ചിഭൂപഞ്ചിക എന്നും രണ്ടു പത്രങ്ങൾ പുറപ്പെടുകയും രാമകൃഷ്ണപിള്ള കേരളദർപ്പണത്തിന്റെ ആധിപത്യം വഹിച്ചുതുടങ്ങുകയും ചെയ്തു. രാജ്യഭരണകാര്യങ്ങളിൽ ജനപ്രതിനിധികൾക്കു കൂടി ഭാഗഭാഗിത്വം ഉണ്ടായിരിക്കണം എന്നുള്ള തത്വത്തെയാണ് അദ്ദേഹം ദർപ്പണംവഴി പ്രചരിപ്പിച്ചതു്. പരസ്യമായി അനന്തരവൻ പത്രവുമായി ബന്ധം പുലർത്തിത്തുടങ്ങിയപ്പോൾ കോപിഷ്ഠനായ അമ്മാവൻ കേശവപിള്ള അദ്ദേഹത്തെ സ്വഗൃഹത്തിൽനിന്നു നിഷ്കാസനം ചെയ്തു. തനിക്കു വേറേ ആദായമാർഗ്ഗം ഒന്നുമില്ലായിരുന്നുവെങ്കിലും വീട്ടിൽനിന്നു പുറത്തു പോകുവാൻ സമ്മതമാണെന്നു് അദ്ദേഹത്തെ അറിയിച്ചുകൊണ്ടു സർവ്വവും സന്ത്യജിച്ചു് ആ ധീരൻ സ്വാതന്ത്ര്യം നേടുകയാണു് ഉണ്ടായതു്. ആ കൊല്ലം മലയാളത്തിൽമാത്രം ബി. ഏ. യ്ക്കു ചേന്നു് ഒന്നാംക്ലാസ്സിൽ ഒന്നാമനായി ജയിച്ചു കേരളവർമ്മ കീർത്തിമുദ്രയ്ക്കു് അഹനായി. പണ്ഡിതശ്രേഷ്ഠനായ പി. കെ. നാരായണപിള്ളയെ ആ വിഷയത്തിൽ അതിശയിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നു് അദ്ദേഹത്തിന്റെ കൈപ്പടയുടെ ആകർഷകതയാണു്. അടുത്ത കൊല്ലത്തിൽ ഇംഗ്ലീഷ് വിഭാഗത്തിനു ചേരണമെന്ന തീർച്ചപ്പെടുത്തിയിരുന്നുവെങ്കിലും അപേക്ഷാപത്രികയിൽ എഴുതിയിരുന്ന വയസ്സു തെറ്റിപ്പോയി എന്ന കാരണത്താൽ സർവ്വകലാശാലയിൽനിന്നു മൂന്നു കൊല്ലത്തേക്കു ബഹിഷ്കരിക്കപ്പെട്ടു. എങ്കിലും കോളേജിൽ അധ്യയനം തുടർന്നുകൊണ്ടിരുന്നു. അക്കാലത്താണു് ഇംഗ്ലീഷും മലയാളവും ധാരാളമായി വായിക്കുകയും തദ്വാരാ തന്റെ വിവിധവിഷയകമായ വിജ്ഞാനം പരിപുഷ്ടമാക്കുകയും ചെയ്തു. അന്നു് ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനായിരുന്നു അവിടെ സംസ്കൃതത്തിനും മലയാളത്തിനും പ്രൊഫസർ. അദ്ദേഹവുമായി ഗാഢസർക്കത്തിൽ ഏർപ്പെട്ട് ഇംഗ്ലീഷിലെ സാങ്കേതികശബ്ദങ്ങൾക്കു മലയാളത്തിൽ തർജ്ജമയുണ്ടാക്കുവാൻ പരിശീലിച്ചു. കുറേ സംസ്കൃതവും അഭ്യസിച്ചു. കേരളദർപ്പണത്തിൽ ക്രമേണ രാജ്യകാര്യങ്ങളും സാമുദായികവിഷയങ്ങളും ചുരുക്കുകയും സാഹിത്യവിമർശനത്തിനു പ്രാധാന്യം നല്കുകയും ചെയ്തു.

പ്രഥമപത്നി

1076 മകരത്തിൽ തിരുവനന്തപുരത്തു പാല്ക്കുളങ്ങര തോപ്പുവീട്ടിൽ നാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. ആ സാധ്വി ഏറ്റവും സമർത്ഥയും ഗുണശാലിനിയും സംഗീതസാഹിത്യങ്ങളിൽ വിചക്ഷണയുമായിരുന്നു. നാണിക്കുട്ടിയമ്മയുടെ അമ്മാവനായ കെ. പരമേശ്വരൻപിള്ളയായിരുന്നു കേരളദർപ്പണത്തിന്റെ ഉടമസ്ഥൻ. അദ്ദേഹം രാമകൃഷ്ണപിള്ളയെ പലപ്രകാരത്തിൽ കഷ്ടനഷ്ടപ്പെടുത്തി. 1076 മേടത്തിൽ കേരളദർപ്പണവും പഞ്ചികയും സംയോജിപ്പിച്ചു കേരളപഞ്ചിക എന്ന പേരിൽ നേറ്റീവ് ഹൈസ്ക്കൂളിൽ ഹെഡ്മാസ്റ്റർ റ്റി. മാർത്താണ്ഡൻ തമ്പി ഒരു പത്രം പുറപ്പെടുവിച്ചു. 1077 ചിങ്ങം മുതൽ 1078 കുംഭം വരെ അതു നടത്തിയതു രാമകൃഷ്ണപിള്ളയായിരുന്നു. 1079 ചിങ്ങത്തിലാണു മലയാളിപ്പത്രത്തിന്റെ ആധിപത്യം സ്വീകരിച്ചതു്. ഒരു കൊല്ലമേ അതിന്റെ ആധിപത്യം വഹിച്ചുള്ളു. 1079 മകരത്തിൽ നാണിക്കുട്ടിയമ്മ മരിച്ചു.

ദ്വിതീയഭാര്യ

1080-ാമാണ്ടു ചിങ്ങമാസം 7-ാം൹ രാമകൃഷ്ണപിള്ള തിരുവനന്തപുരത്തു വഞ്ചിയൂർ കഴിവിളാകത്തുവീട്ടിൽ ബി. കല്യാണിയമ്മയെ പരിഗ്രഹിച്ചു. കല്യാണിയമ്മയുടെ ചരിത്രം വിസ്മയത്തോടും അഭിമാനത്തോടും കൂടിയല്ലാതെ കേരളീയർക്കു സ്മരിക്കുവാൻ നിർവ്വാഹമില്ല. ദാമ്പത്യത്തിന്റെ ഉത്തമമാതൃകയാണു് ആ മഹിളാരത്നം നമുക്കുകാണിച്ചു തന്നിട്ടുള്ളതു്. 1079-ൽ ലളിത എന്നൊരു ചെറുകഥ ആ അമ്മ ഇംഗ്ലീഷിൽനിന്നു തർജ്ജമചെയ്തു രസികരഞ്ജിനിയിൽ പ്രസിദ്ധപ്പെടത്തി. വീട്ടിലും പുറത്തും, താമരശ്ശേരി അഥവാ അമ്മുവിന്റെ ഭാഗ്യം, വ്യാഴവട്ടസ്മരണകൾ മഹതികൾ ഒന്നാം ഭാഗം, കർമ്മഫലം എന്നീ പുസ്തകങ്ങൾ രചിച്ചു. ഭത്താവിന്റെ സുഖദുഃഖങ്ങളിൽ ഇതുപോലെ പങ്കുകൊണ്ട മഹിളകൾ പുരാണങ്ങളിൽ കാണുമെന്നല്ലതെ നമ്മുടെ മാംസദൃഷ്ടികൾക്കു വിഷയിഭവിക്കാറില്ല. വിവാഹത്തിനു മുമ്പു രാമകൃഷ്ണപിള്ള കല്യാണിയമ്മക്കു് അയച്ച ഒരു കത്തിൽ ഇങ്ങനെ കാണുന്നു.

“ഭവതിക്കു് ഇപ്പോഴുള്ളതിൽക്കൂടുതൽ പദവിയോ, ധനമോ, സുഖമോ നല്കാൻ ഞാൻ ഇപ്പോൾ അശക്തൻതന്നെ. എന്നാൽ കാർമേഘങ്ങൾക്കിടയിൽക്കൂടെ കാണുന്ന രജതരേഖകൾപോലെ ക്ലേശശോകാദികൾക്കിടയിൽ നാം അനുഭവിക്കാനിടയുള്ള സുഖസംതൃപ്തികൾ എത്രയോ മെച്ചമേറിയവയാണെന്നു് അനുഭവം കൊണ്ടു മനസ്സിലാകും.”

കേരളൻ

വിവാഹാനന്തരം കല്യാണിയമ്മയോടുകൂടി താമസിക്കുവാൻ കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു തിരിയെപ്പോന്നു. മലയാളിയുടെ പ്രസാധകത്വവും അതോടുകൂടി വിട്ടു. 1080 മേടത്തിൽ കേരളൻ എന്ന പേരിൽ രാജ്യകാര്യസംബന്ധമായ ഒരു മാസിക തനതുടമസ്ഥതയിലും പത്രാധിപത്യത്തിലും തിരുവനന്തപുരത്തുനിന്നു പുറപ്പെടുവിച്ചു. കേരളൻ തികച്ചും വിപ്ലവാത്മകമായ ഒരു പത്രഗ്രന്ഥമായിരുന്നു, നാരായണക്കുരുക്കളും രാമകൃഷ്ണപിള്ളയും തമ്മിൽ രാജ്യഭരണവിഷയകമായുയള്ള ഗുരുശിഷ്യഭാവത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കുരുക്കളുടെ ഉദയഭാനു കേരളന്റെ ഒന്നാം ലക്കം മുതൽ അതിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുതുടങ്ങി. രാമകൃഷ്ണപിള്ളയുടെ ഗദ്യശൈലി നിശിതവും ഊർജ്ജ്വസ്വലവുമായിരുന്നു. അതിനുമുമ്പുതന്നെ അദ്ദേഹം കേരളത്തിലെ ഗദ്യകാരന്മാരിൽ പ്രമുഖനായിക്കഴിഞ്ഞിരുന്നു. ഒന്നാം ലക്കത്തിൽ ലോകാഭിവൃദ്ധിയെന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിച്ചേർത്തിട്ടുള്ള പ്രസ്താവനയിൽ ഒരു ഭാഗമാണു് താഴെക്കാണുന്നതു്.

“പൊതുജനപ്രതിനിധി എന്നു ഭാവിക്കുന്ന പല പത്രങ്ങളും ഈ നാട്ടിലുണ്ടു്. അവ പൊതുജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും അഭിവൃദ്ധി ഉണ്ടാകണമെന്നു കരുതി അവരുടെ കാര്യങ്ങളെപ്പറ്റി പറയുന്നതായി ഭാവിക്കുന്നുണ്ടു്. അവയുടെ ഭാവം യഥാർത്ഥമായിരിക്കാം. അഥവാ കപടമായിരിക്കാം. എന്നാൽ സ്ഥിതിസ്ഥാപകരെന്നോ ഉല്പതിഷ്ണുക്കളെന്നോ രാജ്യപക്ഷ്യരെന്നോ പ്രജാപക്ഷ്യരെന്നോ മറ്റോ ഭേദങ്ങളില്ലാത്ത ഈ നാട്ടിലെ കാര്യങ്ങളിൽ സ്വവർഗ്ഗചാപലം കൊണ്ടാകട്ടെ, പരവർഗ്ഗദ്വേഷം കൊണ്ടാകട്ടെ, ഈ പത്രങ്ങളിൽ ചിലതുകൾ ഉണ്ടാക്കിക്കൂട്ടുന്ന ബഹളമായ ലഹളയിൽ ബഹുജനങ്ങളുടെ പൊതുവായ നന്മ നിശ്ശേഷം മറയ്ക്കപ്പെട്ടു പോകുന്നുവെന്നും, തന്നിമിത്തം ഗവർമ്മേണ്ടിനു പ്രജാക്ഷേമകാര്യങ്ങളിൽ അനാസ്ഥ കാണിക്കുവാൻ മാർഗ്ഗമുണ്ടാകുന്നുവെന്നും അനുശോചിക്കാതെ നിർവ്വാഹമില്ല.”

ഇതാ മറ്റൊരു ലക്കത്തിലെ ഒരു ഖണ്ഡികയിൽനിന്നു്. “രാജാവു ദൈവത്തിന്റെ പ്രതിപുരുഷൻ അല്ലെങ്കിൽ അവതാരം എന്നു രാജാക്കന്മാർ വിശ്വസിക്കുകയും പ്രജകളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു… ഈ വിശ്വാസം വ്യാജംതന്നെ. മനുഷ്യർ ജീവജന്തുക്കളിൽ ഒരു വംശത്തിൽ പെട്ടവരാണല്ലോ. പട്ടികളുടെ രാജാവായിട്ടു് ഒരു പട്ടിയെ ദൈവം സൃഷ്ടിച്ചുവോ? ആനകളുടെ രാജാവായിട്ട് ഒരു വിശേഷമായ ആനയെ ദൈവം സൃഷ്ടിച്ചിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിൽ രാജാവിന് ആ കുലത്തിലുള്ള മറ്റു ജീവികളിൽനിന്നും വ്യത്യാസപ്പെടുത്തുന്ന അടയാളങ്ങൾ ഉണ്ടായിരിക്കുമല്ലോ.”

സ്വദേശാഭിമാനി

അക്കാലത്തു് ചിറയിൻകീഴു താലൂക്കിൽ വക്കത്തുനിന്നു സ്വദേശാഭിമാനിയെന്ന പത്രം പുറപ്പെട്ടുകൊണ്ടിരുന്നു. 1081-ാമാണ്ടു കുംഭമാസത്തിൽ ആ പത്രത്തിന്റെ ആധിപത്യം സ്വീകരിച്ചു. 1082 മിഥുനത്തിൽ ആ പത്രത്തിന്റെയും സ്വദേശാഭിമാനി അച്ചുക്കൂടത്തിന്റെയും കൂട്ടുടമസ്ഥനായി അവ രണ്ടും തിരുവനന്തപുരത്തു മാറ്റിസ്ഥാപിച്ചു. 1081-ലാണു് കുരുക്കളുടെ പാറപ്പുറം ഒന്നാംഭാഗം പ്രസിദ്ധീകരിച്ചതു്. 1080 വൃശ്ചികം മുതൽ ശാരദ എന്ന പേരിൽ സ്ത്രീകളെ ഉദ്ദേശിച്ചു് ഒരു മാസിക തൃപ്പൂണിത്തുറനിന്നും പുറപ്പെട്ടുകൊണ്ടി രുന്നു. അതിന്റെ അധിപകളിൽ അന്യതമയായിരുന്നു കല്യാണിയമ്മ. അതിലേക്കു നിരന്തരമായി ലേഖനസാഹായം ചെയ്തുകൊണ്ടിരുന്നു. ശാരദയുടെ അവകാശം രാമകൃഷ്ണപിള്ള ഏറ്റുവാങ്ങുകയും വിദ്യാർത്ഥിയെന്ന നാമധേയത്തിൽ മറ്റൊരു മാസിക കൂടി ആരംഭിയ്ക്കുകയും ചെയ്തു. മൂന്നു വർഷവും രണ്ടു മാസവും വളരെ ക്ലേശിച്ചു പത്രം സംബന്ധിച്ചുള്ള എല്ലാ ജോലികളും താൻ തന്നെ നോക്കി. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ആരോഗ്യം വളരെ ക്ഷയിച്ചു. ആഴ്ചയിൽ ഒന്നിൽനിന്നു രണ്ടാക്കിയും രണ്ടിൽനിന്നു മൂന്നാക്കിയും ആ പരിതസ്ഥിതിയിലും അതിനെ വികസിപ്പിച്ചു.

നാടുകടത്തൽ

രാമകൃഷ്ണപിള്ളയും തിരുവിതാംകൂർ ഗവർമ്മെന്റും തമ്മിലുള്ള വിരോധം ഒന്നിനൊന്നു വർദ്ധിച്ചു് 1086-ൽ മൂർദ്ധന്യദശയിലെത്തി. 1086-ാമാണ്ടു കന്നിമാസം 10-ാം൹ (1910 സെപ്തമ്പർ 26) ഗവർമ്മെന്റ് അദ്ദേഹത്തെ തിരുവിതാം കൂറിൽനിന്നു് ഇരുചെവിയറിയാതെ നിഷ്കാസനം ചെയ്തു. പി. രാജഗോപാലാചാരിയായിരുന്നു അന്നത്തെ ദിവാൻജി. ഉടൻ തനിയ്ക്കു തിരുവനന്തപുരം ഗേൽസ് ഹൈസ്ക്കൂളിൽ ഉണ്ടായിരുന്ന ജോലി രാജിവെച്ചു കല്യാണിയമ്മ അദ്ദേഹത്തെ അന്വേഷിച്ചു തമിഴ്നാട്ടിലേയ്ക്കു പോയി. തിരുനെൽവേലിയിൽ എത്തി ഭർത്താവിനെ മലിനവസ്ത്രധാരിയായി, കയ്യിൽ ഒരു കാശുപോലുമില്ലാതെ, കുളിച്ചു് ഈറൻമാറാൻ പോലും വസ്ത്രം കൂടാതെയാണു് കണ്ടതു്. ഭാര്യയുടെ കയ്യി ലുണ്ടായിരുന്ന സ്വല്പം പണംകൊണ്ടു മദിരാശിയിൽ ചെന്നുചേർന്നു. പെരിയമേട്ടിൽ ഒരു ചെറിയ വീടു വാടകയ്ക്കെടുത്തു് അതിൽ താമസമാരംഭിച്ചു. അങ്ങനെ ആദ്യം സ്വഗൃഹത്തിൽനിന്നു ബഹിഷ്കാരം, പിന്നീടു സ്വസമുദായത്തിലെ പഴമക്കാരായ പ്രമാണികളുടെ ശത്രുത, ഒടുവിൽ സ്വദേശത്തുനിന്നു പ്രവാസം ഇതെല്ലാമാണു് അദ്ദേഹത്തിനു സ്വരാജ്യസേവനത്തിനു കിട്ടിയ സമ്മാനങ്ങൾ. ആ ബുദ്ധിമാനു അത്തരത്തിലുള്ള ഒരു പരിണാമമാണു് തന്റെ സ്വതന്ത്രമായ പത്രപ്രവർത്തനത്തിനു ലഭിയ്ക്കാവുന്ന നേട്ടം എന്നു ദീർഘദർശനം ചെയ്യുവാൻ പ്രയാസമുണ്ടായിരുന്നില്ല. “തിരുവിതാംകൂറിനോടുള്ള എന്റെ ബന്ധം വേർപെട്ടു. മാതൃഭൂമിയോടുള്ള എന്റെ കടമ ഞാൻ നിവ്വഹിച്ചുകഴിഞ്ഞു. എനിയ്ക്കു് ഇനി അവിടെ മടങ്ങിപ്പോകണമെന്നു് ആഗ്രഹമില്ല; അതിനിടവരികയുമില്ല.” എന്നാണു് അദ്ദേഹം ആ അവസരത്തിൽ പറഞ്ഞതു്. അതു പരമാർത്ഥമായിത്തീർന്നു.

നാടുകടത്തലിനുശേഷം

അനന്തരകാലത്തെ ജീവിതം അതുവരെയുള്ളതിനെക്കാൾ ദുഃഖഭൂയിഷ്ഠമായിരുന്നു. സ്ഥിരമായ ഒരാദായമാർഗ്ഗവും കൂടാതെയാണു് ഭർത്താവും ഭാര്യയും കുഞ്ഞുങ്ങളും മദിരാശിയിൽ താമസിച്ചത്. അതോടുകൂടി രാമകൃഷ്ണപിള്ളയെ പലകുറി അധിക്ഷേപിച്ചു് ഉപന്യാസങ്ങൾ തന്റെ ഇന്ത്യൻ പെട്രിയറ്റ് (Indian Patriot) എന്ന ദിനപത്രത്തിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ദിവാൻ ബഹദൂർ സി. കരുണാകരമേനോന്റെ പേരിൽ ഒരു മാനനഷ്ടക്കേസ് കൊടുക്കേണ്ട ആവശ്യവും നേരിട്ടു. മദിരാശിയിലെ ശീതോഷ്ണാവസ്ഥ രാമകൃഷ്ണപിള്ളയുടെ ദുർബ്ബലമായ ശരീരത്തിനു കൂടുതൽ അസ്വാസ്ഥ്യം ഉണ്ടാക്കി. തന്നിമിത്തം തൽക്കാലം മലബാറിലേക്കു സകുടുംബം താമസം മാറ്റി. അവിടെ പാലക്കാട്ടു് അവർക്കു് ഒരു ഉദാരചരിതയുടെ അതിഥികളാകുവാൻ ഭാഗ്യം സിദ്ധിച്ചു. ആ വിദുഷി ഒരു ഉത്തമഗദ്യകർത്രിയായ തരവത്തു് അമ്മാളുവമ്മയായിരുന്നു. ആ അമ്മയെപ്പറ്റി മേൽ പ്രസ്താവിക്കും. 1086-ൽ എഫ്. എൽ. പരീക്ഷജയിച്ചു. ശരീരം ഭയങ്കരമായ ക്ഷയരോഗത്താൽ ഗ്രസ്തമായിത്തുടങ്ങിയിരുന്നതിനാൽ ബി. എൽ. പരീക്ഷക്കു ചേരുവാൻസാധിച്ചില്ല. 1912-ാമാണ്ടു മലേഷ്യാ മലയാളികളുടെ ഒരു പ്രതിനിധി പാലക്കാട്ടെത്തി അദ്ദേഹത്തിനു സ്വദേശാഭിമാനി എന്ന ബിരുദം സമർപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശരീരപാരവശ്യം കണ്ടു ചില ഗുണകാംക്ഷികൾ തിരുവിതാംകൂർ മഹാരാജാവിനോടു ക്ഷമായാചനം ചെയ്താൽ സ്വന്തം നാട്ടിലേക്കു തിരിയെപ്പോകാം എന്നുപദേശിച്ചു. അതിനു് ആ ധീരോദാത്തന്റെ മറുപടി താഴെ കാണുന്നതായിരുന്നു: “മഹാരാജാവു തിരുമനസ്സുകൊണ്ടു കൃപാനിധി ആണെന്നും തിരുമനസ്സിലെ വിദ്വേഷത്താലല്ല ഞാൻ ഭ്രഷ്ടനായതെന്നും എനിക്കറിയാം. പക്ഷേ, മാപ്പു യാചിക്കണമെങ്കിൽ എന്തപരാധമാണു് ഞാൻ ചെയ്തതെന്നറിയണ്ടേ? ചെയ്യാത്ത കുറ്റത്തിനു മാപ്പു യാചിക്കുന്നതു പുരുഷത്വമാണോ? തിരുവിതാംകൂറുമായുള്ള എന്റെ ബന്ധം വിട്ടുകഴിഞ്ഞു. പുരുഷധർമ്മം മറന്നും മനസ്സാക്ഷിക്കു വിപരീതമായും ഞാൻ ഇജ്ജന്മം പ്രവർത്തിക്കുകയില്ല.” അതാണു് ഉത്തമപുരുഷന്മാരുടെ ലക്ഷണം. “അധോമുഖസ്യാപി കൃതസ്യ വഹ്നേർനാധശ്ശിഖാ യാതി കദാചിദേവ” എന്നുണ്ടല്ലോ. മരിക്കുന്നതുവരെ സാഹിത്യവിഷയകങ്ങളായ പല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരുന്നു. കുന്നങ്കുളത്തുനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന ആത്മപോഷിണിയിൽ പല ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തുകയും 1913-ൽ അതിന്റെ സാഹിത്യനായകനായിത്തീരുകയും ചെയ്തു. തനിക്കു സഹജമായ സത്യസന്ധത ഗ്രന്ഥവിമർശനത്തിലും പ്രദർശിപ്പിച്ചു. 1915-ൽ ഒരു ഇംഗ്ലീഷ് മലയാളനിഘണ്ടു രചിക്കുവാൻ തുടങ്ങി. അതിനിടയ്ക്കും 1913-ൽ കല്യാണിയമ്മ ബി. ഏ. പരീക്ഷയിൽ ജയിച്ചു. 1915-ാമാണ്ടു ജനുവരി മാസത്തിൽ കണ്ണൂർ ഗവർമ്മെന്റ് ബാലികാപാഠശാലയിൽ ഒരു ഉപാധ്യായയായി. രാമകൃഷ്ണപിള്ളയും അവിടെത്തന്നെ താമസിച്ചു. രോഗം ക്രമേണ വർദ്ധിച്ചു; വൈദ്യന്മാരുടെ പരിശ്രമം അശേഷം ഫലിച്ചില്ല. 1091-ൽ (1916 മാർച്ച് 28-ാം൹) അവിടെവച്ചുതന്നെ അദ്ദേഹം യശശ്ശരീരനായി. സംഭവബഹുലവും ദുരന്തദുഃഖവുമായ അദ്ദേഹത്തിന്റെ ജീവിതചരിത്രം ഹൃദയമുള്ളവർക്കു കണ്ണുനീർ വാർക്കാതെ വായിക്കുവാൻ നിവൃത്തിയില്ല. അതിന്റെ സമ്പൂർണ്ണമായ ഒരു വിവരണം ലഭിക്കണമെന്നുള്ളവർ അതിനുവേണ്ട മനോധൈര്യമുണ്ടെങ്കിൽ കല്യാണിയമ്മയുടെ വ്യാഴവട്ടസ്മരണകൾ എന്ന കരുണാമയമായ പുസ്തകം വായിക്കേണ്ടതാണ്. ആ സുചരിത ഇന്നും കോഴിക്കോട്ടു ജീവിച്ചിരിക്കുന്നു.

കൃതികൾ

രാമകൃഷ്ണപിള്ള ഒരു വിശ്രുതനായ പത്രപ്രവർത്തകനായിരുന്നതിനാൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ പല പത്രങ്ങളിലും മാസികകളിലും വിപ്രകീർണ്ണങ്ങളായി കിടക്കുന്നു. അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ ഒരു പട്ടിക അറിവുള്ളിടത്തോളം താഴെക്കുറിക്കുന്നു. (1) സോക്രട്ടീസ്, (2) നായന്മാരുടെ സ്ഥിതി, (3) ഭാര്യാധർമ്മം എന്നീ പുസ്തകങ്ങളും, (4) കൃഷിശാസ്ത്രം, (5) അങ്കഗണിതം മുതലായ സ്ക്കൂൾ ബുക്കുകളും 1079-നു മുമ്പ് എഴുതി. 1080-ൽ (6) ക്രിസ്റ്റഫർ കൊളംബസ്സും, (7) വാമനനും രചിച്ചു. 1087-ലാണു് (8) ഡൽഹി ഡർബാർ ഒന്നും രണ്ടും ഭാഗങ്ങളുടെയും, (9) വൃത്താന്തപത്രപ്രവർത്തനത്തിന്റേയും നിർമ്മിതി. (10) തിരുവിതാംകൂർ നാടുകടത്തൽ (മലയാളത്തിലും ഇംഗ്ലീഷിലും), (11) കാറൽമാർക്സ്, (12) ബെൻജമിൻ ഫ്രാങ്ക്ളിൻ, (13) മോഹനദാസ് ഗാന്ധി, (14) മന്നന്റെ കന്നത്തം, (15) നരകത്തിൽനിന്ന് (രണ്ടും കഥാപുസ്തകങ്ങൾ) ഇവയെല്ലാം 1085-നുമേൽ നിർമ്മിച്ചവയാണു്. ഇവ കൂടാതെ ഉദയഭാനുവും പാറപ്പുറവും ഈരണ്ടു ഭാഗങ്ങളായി അച്ചടിപ്പിച്ചതു് അദ്ദേഹമാണു്. ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാന്റെ അന്യാപദേശമാലയ്ക്കു പുറമേ വേദാന്തസാരം എന്നൊരു കിളിപ്പാട്ടുംകൂടി രാമകൃഷ്ണപിള്ളയുടെ പ്രസിദ്ധീകൃത പുസ്തകങ്ങളുടെ കൂട്ടത്തിലുൾപ്പെടുന്നു. അദ്ദേഹത്തിന്റെ സരസോജജ്വലമായ ഗദ്യരീതി, പ്രതിപാദ്യം രൂപപ്പെടുത്തുന്നതിലുള്ള പരിപാടി തുടങ്ങി ഒരുത്തമഗദ്യകാരൻ പാലിക്കേണ്ട പല കാവ്യധർമ്മങ്ങളിലും അദ്ദേഹം അദ്വിതീയനാണു്. പുസ്തകവിമർശനത്തിൽ “തൽ സ്വല്പമപി നോപേക്ഷ്യം കാവ്യേ ദുഷ്ടം കഥഞ്ചന” എന്ന മതമായിരുന്നു അദ്ദേഹത്തിനു് അഭിമതമെന്നു സൂചിപ്പിച്ചുകഴിഞ്ഞു. കേരളത്തിൽ സമഷ്ടിവാദത്തിന്റെ പ്രഥമപ്രചാരകൻ അദ്ദേഹമായിരുന്നു. ക്രി. പി. 1883-ൽ മരിച്ച മാർക്സിനെപ്പറ്റി ഒരു പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കണമെന്നു തോന്നിയതു് അദ്ദേഹത്തിന്നാണല്ലോ. ഇനി അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങളിൽ നിന്നു് ഓരോ ഭാഗം ഉദ്ധരിച്ചു കാണിക്കാം.

“വിഖ്യാതന്മാരായ സാഹിത്യകാരന്മാരുടെ ഗ്രന്ഥങ്ങൾ വായിച്ചു് അവരുടെ ഭാഷാസരണിയെ പകർത്തെടുക്കാം എന്നുവിചാരിക്കുന്നവർ ചിലരുണ്ടു്. ഈ വിചാരം തീരെ അസംബന്ധമെന്നാണു് എനിക്കു പറയാനുള്ളതു്. ഒരുവന്റെ ഭാഷാസരണിയെ അനുകരിക്കാൻ മറ്റൊരുത്തനു കഴിയാത്ത വിധത്തിൽ ഭാഷാസരണിയെന്നതു് അതാതാളുകൾക്കു് സ്വഭാവജന്യമായിട്ടുള്ളതാകുന്നു എന്നു നാം ഓർമ്മവയ്ക്കണം. ഒരുവന്റെ അനുഭവങ്ങളേയും പരിചയങ്ങളേയും അവന്റെ മനോഗതിക്കനുസരിച്ചിട്ടാകുന്നു ഭാഷാരൂപമായി പ്രകാശിപ്പിക്കുന്നതു്. അതേ പ്രകാരത്തിലുള്ള മനോഗതി ഉണ്ടാകുവാൻ മറ്റൊരുവൻ അതേ പ്രകാരത്തിലുള്ള അനുഭവങ്ങളേയും പരിചയങ്ങളേയും അതേ അവസ്ഥയിൽ പ്രാപിക്കുന്നവനായിരിക്കണം. ഇതു സാദ്ധ്യമല്ലല്ലോ.”

(വൃത്താന്തപത്രപ്രവർത്തനം)

“ധനതത്വശാസ്ത്രം സംബന്ധിച്ചു മാർക്സ് സ്ഥാപിച്ച സിദ്ധാന്തമാണു് ഏറെ പ്രസിദ്ധപ്പെട്ടതു്. എന്താണു് ഒരുവൻ കുറേ മൂലധനം മുടക്കി ഒരു തൊഴിൽ നടത്തുമ്പോൾ അതിൽനിന്നു ലഭിക്കുന്ന ആദായം എത്ര വലുതായിരുന്നാലും അതുണ്ടാകുവാൻ പണിയെടുക്കുന്ന വേലക്കാർക്കു ദാരിദ്ര്യം കുറയാതെയും മുതലാളിയായ യജമാനനു ധനം വർദ്ധിച്ചും ഇരിപ്പാൻ കാരണം? ഒരു സാധനത്തിന്റെ വിലയെ വർദ്ധിപ്പിക്കാൻതക്കവണ്ണം അതിന്മേൽ വേലചെയ്യുന്നവനായ കൂലിവേലക്കാരനു കിട്ടേണ്ടുന്ന ന്യായമായ ആദായം ലഭിക്കുന്നില്ലെന്നും വേലക്കാരന്റെ ഓഹരി കൂടെ മുതലാളി കയ്യടക്കിക്കൊള്ളന്നുവെന്നുമാണു് മാർക്സിന്റെ അഭിപ്രായഗതി. ഈ അഭിപ്രായം സോഷ്യലിസത്തിന്റെ അധിഷ്ഠാനങ്ങളിൽ മുഖ്യമായുള്ളതു് അല്ലെങ്കിൽ ഒന്നാമത്തേതാകുന്നുവെന്നു പറയാം.”

(കാറൽ മാർക്സ്)

64.5കെ. എസ്. രാമൻമേനവൻ (1052–1100)
ജനനവും വിദ്യാഭ്യാസവും

ഇനി അച്ചുക്കൂടം ഉടമസ്ഥന്മാരെക്കുറിച്ചു് അല്പം പ്രസ്താവിക്കാം. അവർ കെ. എസ്. രാമൻമേനവനും, തോമസ് പോളും, കെ. ജി. പരമേശ്വരൻപിള്ളയുമാണു്. രാമൻമേനവൻ കൊച്ചി തലപ്പള്ളിത്താലൂക്കു മായന്നൂർ അംശം ചിറങ്കര ദേശത്തിൽ സുപ്രസിദ്ധമായ തിരുവില്വാമലക്ഷേത്രത്തിൽനിന്നു മൂന്നു മൈൽ അകലെയായി സ്ഥിതിചെയ്യുന്ന മായന്നൂർ വടക്കുമ്മുറിയിൽ കുളക്കുന്നത്തുവീട്ടിൽ 1052-ാമാണ്ടു ചിങ്ങമാസത്തിലെ ചതയം നക്ഷത്രം നാളിൽ ജനിച്ചു. മാതാവു് പാർവ്വതിയമ്മയും, പിതാവു് അണിയത്തു ശങ്കുണ്ണിനായരുമായിരുന്നു. അക്കാലത്തു കുളക്കുന്നത്തുകുടുംബം വളരെ ദരിദ്രമായിരുന്നു. ജ്യേഷ്ഠൻ ഗോപാലമേനവൻ അന്നു തൃശ്ശൂരിൽ താമസമായിരുന്നതിനാൽ അദ്ദേഹത്തോടുകൂടി പാർക്കുകയും, ഇംഗ്ലീഷ് മിഡിൽസ്ക്കൂൾ പരീക്ഷയിൽ ജയിച്ചു ട്രയിനിംഗ് കഴിച്ചു് 1070-ൽ ഒരു വാധ്യാരായി മൂവാറ്റുപുഴയിൽ നിയമിതനാകുകയും ചെയ്തു. അവിടെനിന്നു മാവേലിക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിലേക്കും പിന്നീടു തിരുവനന്തപുരത്തു ചാലയിൽ മലയാളം സ്ക്കൂളിലേക്കും മാറ്റം കിട്ടി.

പ്രവർത്തനങ്ങൾ

തനിക്കു കിട്ടിവന്ന സ്വല്പവേതനംകൊണ്ടു ചിലവിനു തികയാത്തതിനാൽ എന്തെങ്കിലും തൊഴിലിൽ ഏർപ്പെടണമെന്നു മേനവൻ തീർച്ചയാക്കി. ആദ്യമായി നന്തിയാർവിട്ടിൽ താമസിച്ചുകൊണ്ടു് ആ ഗൃഹത്തിലെ കുട്ടികളെ പഠിപ്പിച്ചു തുടങ്ങി. അങ്ങനെ നന്തിയാർവീട്ടിൽ പരമേശ്വരൻപിള്ളയും അദ്ദേഹവും തമ്മിൽ സുഹൃത്തുക്കളായി. ആ പണ്ഡിതൻ മുഖാന്തരം ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാന്റെയും കേരളവർമ്മ വലിയകോയിത്തമ്പുരാന്റെയും പരിചയം സമ്പാദിച്ചു. പല പുസ്തകങ്ങൾ അവരെക്കൊണ്ടു രചിപ്പിച്ചു് അവ പ്രസിദ്ധീകരിച്ചു. തന്റെ വ്യവസായശീലവും സത്യസന്ധതയും കൃത്യനിഷ്ഠയുംകൊണ്ടു വേറേയും ചില ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങളുടെ പകർപ്പവകാശം വാങ്ങി. ഗ്രന്ഥകാരന്മാർക്കു നേരനീക്കം വരുത്താതെ പ്രതിഫലം കൊടുത്തുതുടങ്ങിയതു് അദ്ദേഹമാണെന്നാണറിവു്. ആ ഗ്രന്ഥങ്ങളിൽ പലതും പാഠ്യപുസ്തകങ്ങളായി. 1078-ൽ അദ്ദേഹം സ്ഥാപിച്ച ബി. വി. (ഭാഷാഭിവർദ്ധിനി) ബുക്കുഡിപ്പോയ്ക്കു പേരും പെരുമയും വളർന്നു. രാമൻമേനവൻ ധനാഢ്യനുമായി. കുറേ കഴിഞ്ഞപ്പോൾ അദ്ദേഹം രാമവർമ്മ അപ്പൻതമ്പുരാന്റെയും ആശ്രിതനായിത്തീർന്നു. തിരുവനന്തപുരത്തു രസികരഞ്ജിനിയുടെ പ്രചാരം വർദ്ധിപ്പിക്കുവാൻ വളരെ ശ്രമിച്ചു. സ്വന്തമായി ഒരു അച്ചുക്കൂടത്തിന്റെ ആവശ്യം അപരിഹരണീയമായിത്തീരുകയാൽ കമലാലയം എന്ന പേരിൽ ഒരു മുദ്രാലയം സ്ഥാപിച്ചു. 1093 മകരത്തിൽ സമദർശി എന്ന വാരികയും അവിടെനിന്നു പുറപ്പെടുവിച്ചു. മലബാറിൽ ഒറ്റപ്പാലത്തും ഒരു അച്ചുക്കൂടവും പുസ്തകശാലയും ഉൽഘാടനം ചെയ്തു. ഇവയുടെയെല്ലാം പരിപോഷണത്തിനു വേണ്ടി താമസം മായന്നൂരേക്കു മാറ്റി. 1100-ാമാണ്ടു് ഇടവമാസം 4-ാം൹ ഹൃദയസ്തംഭനംമൂലം മരിച്ചു. മായന്നൂർ തെക്കേക്കുറുവത്തു ശ്രീദേവിയമ്മയെയാണു് വിവാഹം ചെയ്തതു്. കമലാലയം അച്ചുക്കൂടത്തിൽനിന്നു കാലാന്തരത്തിൽ പിരിഞ്ഞതാണു് ബി. വി. പ്രിന്റിംഗ് വർക്കസ്. അവിടെനിന്നു ശ്രീചിത്രയുഗം ദിനപത്രം പ്രചരിച്ചിരുന്നു.

ചില വിശിഷ്ടപുസ്തകങ്ങൾ

രാമൻമേനവൻ പല നല്ല പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടണ്ടെങ്കിലും അവയിൽ അതിപ്രധാനങ്ങളായി ഗണിക്കേണ്ടതു പുരാണങ്ങളുടെ തർജ്ജമകളാണു്. വളരെ ധനവ്യയം കൂടാതെ അവ എഴുതിച്ചു മുദ്രണം ചെയ്യാവുന്നതല്ല. ആ പരിശ്രമത്തിനു തക്ക പ്രതിഫലം ഒരിക്കലും പ്രതിക്ഷിക്കാവുന്നതുമല്ല. അഞ്ചു ഭാഷാപുരാണങ്ങളാണു് മേനവൻ അച്ചടിപ്പിച്ചിട്ടുള്ളതു്. പാത്മം, വാമനം, മാത്സ്യം, ആഗ്നേയം, വൈഷ്ണവം ഇവയാണു് ആ പുരാണങ്ങൾ. ഇവയിൽ പാത്മം വളരെ ദീർഘമാണു്. പാത്മം, വാമനം, മാത്സ്യം ഇവ വള്ളത്തോളും ആഗ്നേയം കൈപ്പള്ളി വാസുദേവൻ മൂസ്സതും (കെ. വി. എം.) വൈഷ്ണവം സ്വാമി ആഗമാനന്ദനുമാകുന്നു വിവർത്തനം ചെയ്തിട്ടുള്ളതു്. ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ കേരളപാണിനീയത്തെയും (ആഗമികപ്രസ്ഥാനത്തിൽ രചിച്ചതു്) വൃത്തമഞ്ജരി, സാഹിത്യസാഹ്യം, നളചരിതം കഥകളിക്കു കാന്താരതാരകവ്യാഖ്യ, മണിദീപിക ഇവയേയും ആറ്റൂർ കൃഷ്ണപ്പിഷാരടി വ്യാഖ്യാനിച്ച ഉണ്ണുനീലി സന്ദേശത്തേയുംകൂടി ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം. മറ്റു പുസ്തകങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

64.6തോമസ് പോൾ (1064–1108)
ചരിത്രം

കെ. എസ്സ്. രാമൻമേനവൻ ഉൽഘാടനംചെയ്ത മാർഗ്ഗത്തിൽക്കൂടി വിജയപൂർവ്വമായി സഞ്ചരിച്ച മറ്റൊരു ഭാഷാഭിമാനിയാണു് തോമസ്പോൾ. അദ്ദേഹം 1064-ാമാണ്ടു മിഥുനമാസം 1-ാം൹ രാജകീയ കോളേജ് റിട്ടയർഡ് റൈട്ടർ പി. തോമസ്സിന്റേയും, തിരുവല്ലാ കാരയ്ക്കൽ മേമഠത്തിൽ ഏലിയമ്മയുടേയും പുത്രനായി ജനിച്ചു. ആ കോളേജിൽത്തന്നെ പഠിച്ചു ബി. ഏ. പാസ്സായി. അച്ഛൻ പെൻഷൻപറ്റിയതിന്റെ ശേഷം ലോങ്ങ് മാൻസ്, ഗ്രീൻ ആൻഡ് കോ എന്ന സുപ്രസിദ്ധന്മാരായ ആംഗ്ലേയ പുസ്തകവ്യാപാരികളുടെ ഏജന്റായി പണിനോക്കുകയായിരുന്നു. ആ വഴിക്കു പുസ്തകവ്യാപാരത്തിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കുവാൻ മകനു സാധിച്ചു. 1090-ൽ വി. വി. (വിദ്യാവിലാസം) പബ്ലിഷിംഗ് ഹൗസ് എന്ന പേരിൽ ഒരു പ്രസിദ്ധീകരണശാല തിരുവനന്തപുരത്തു് ഉൽഘാടനം ചെയ്തു. ഒട്ടുവളരെ സ്ക്കൂൾപുസ്തകങ്ങളും മറ്റും അവിടെ നിന്നു പ്രചരിപ്പിച്ചു. എറണാകുളത്തും കോഴിക്കോട്ടും ശാഖകൾ സ്ഥാപിച്ചു. ഇംഗ്ലീഷ് കമ്പനിക്കാരെപ്പോലെ നല്ല ശമ്പളം കൊടുത്തു പ്രാപ്തന്മാരായ ഏജന്റന്മാരെ നിയമിച്ചു. മല്ലപ്പള്ളി വാളക്കുഴി മറിയമ്മയെയാണു് വിവാഹം ചെയ്തതു്.

പ്രസിദ്ധീകരണങ്ങൾ

1. ഒടുവിൽ ശങ്കരൻകുട്ടി മേനോനെക്കൊണ്ടു സ്കന്ദപുരാണത്തിൽ ആദ്യത്തെ ചില ഭാഗങ്ങളും, 2. ക്ഷേമേന്ദ്രമഹാകവിയുടെ രാമായണമഞ്ജരിയും കിളിപ്പാട്ടായി തർജ്ജമചെയ്യിച്ചതിനുപുറമേ, 3. കേരളഭാഷാപ്രണയികൾ (Malayalam men of letters) എന്ന പേരിൽ എട്ടുപുസ്തകങ്ങളും, 4. സാഹിത്യപ്രണയികൾ എന്ന പേരിൽ അഞ്ചുഭാഗങ്ങളും എഴുതിച്ചു് അച്ചടിപ്പിച്ചു. 1. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 2. ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ, 3. ഒയ്യാരത്തു ചന്തുമേനോൻ, 4. വി. സി. ബാലകൃഷ്ണപ്പണിക്കർ, 5. പന്തളത്തു കേരളവർമ്മതമ്പുരാൻ, 6. കുമാരനാശാൻ 7. വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, 8. ഉണ്ണായിവാരിയർ ഇവർ കേരളഭാഷാപ്രണയികളുടെ കൂട്ടത്തിൽപ്പെടുന്നു. കൈക്കുളങ്ങര രാമവാരിയർ, ഗുണ്ഡർട്ട്, കെ. സി. കേശവപിള്ള, കാത്തുള്ളിൽ അച്യുതമേനോൻ, നടുവത്തച്ഛൻ നമ്പൂരി, വരവൂർ ശാമുമേനോൻ, ചാത്തുക്കുട്ടി മന്നാടിയാർ മുതലായവരുടെ ഒരു ലഘുചരിത്രമാണു് സാഹിത്യപ്രണയികളിൽ, കാണുന്നതു്. നായനാർ, ചന്തുമേനോൻ മുതലായവരുടെ ചരിത്രസംഗ്രഹവും ഇതിൽ ചേർത്തിട്ടുണ്ടു്. സാഹിത്യ പ്രണയികൾ അഞ്ചാംഭാഗത്തിൽ കേരളപാണിനി, കോട്ടയത്തു തമ്പുരാൻ, മൂലൂർ ഇവരെ അന്തർഭവിപ്പിച്ച കാണുന്നു. ഈ രണ്ടു പുസ്തകപരമ്പരകളും ഭാഷയ്ക്കു ഗണനീയങ്ങളായ സമ്പാദ്യങ്ങളാണു്. ഈ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതു പ്രസിദ്ധസാഹിത്യകാരന്മാരായ കോയിപ്പള്ളിപരമേശ്വരക്കുറുപ്പു് (1) ഏ. ഡി. ഹരിശമ്മാ (2–5) മൂർക്കോത്തുകുമാരൻ (3–7) കുന്നത്തു ജനാർദ്ദനമേനോൻ (കണ്ണൻ ജനാർദ്ദനൻ 4–6) റ്റി. കെ. രാമൻമേനോൻ (8) എന്നിവരാണു്. അനേകം സാഹിത്യകാരന്മാർക്കു് ഉദാരമായ പാരിതോഷികം നല്കി അവരെ തന്റെ സഹചാരികളാക്കി. മൂന്നു കൊല്ലം നടത്തിയ ദീപംമാസികയെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 1108-ാമാണ്ടു മകരമാസം 25-ാം൹ മരിച്ചു.

64.7കെ. ജി. പരമേശ്വരൻപിള്ള (1059–1123)
ചരിത്രം

കെ. ജി. പരമേശ്വരൻപിള്ള കൊല്പത്തു് ഉണിച്ചക്കം വീട്ടിൽ ഈശ്വരിയമ്മയുടേയും ആ താലൂക്കിൽ വടകോട്ടു വീട്ടിൽ ഗോവിന്ദപ്പിള്ളയുടേയും നാലാമത്തെ പുത്രനായി 1059-ാമാണ്ടു വൃശ്ചികമാസം 15-ാം൹ കാർത്തികനക്ഷത്രത്തിൽ ജനിച്ചു. ബാല്യത്തിൽ പറയത്തക്ക വിദ്യാഭ്യാസമൊന്നും ഉണ്ടായില്ല. തന്റെ ഈശ്വരഭക്തികൊണ്ടും നീതിനിഷ്ഠകൊണ്ടും പരാർത്ഥജീവിതംകൊണ്ടും ഉയർന്ന ഒരാളാണു് അദ്ദേഹം. 1101-ാമാണ്ടു സുപ്രസിദ്ധമായ ശ്രീരാമവിലാസം മുദ്രണാലയം സ്ഥാപിച്ചു. 1103-ൽ അവിടെനിന്നു മലയാളരാജ്യം എന്ന വാരിക പ്രസിദ്ധീകരിച്ചുതുടങ്ങി. 1105-ൽ അതിനെ ഒരു ദിനപത്രമാക്കി. 1116-മാണ്ടു തുലാമാസം 19-ാം൹ മഹാരാജാവുതിരുമനസ്സുകൊണ്ടു രാജ്യസേവാനിരതൻ എന്ന ബിരുദം സമ്മാനിച്ചു. 1103-ൽ നിയമസഭാസാമാജികനായി തിരഞ്ഞെടുക്കപ്പെട്ടു. 1109-ൽ വീണ്ടും ആ സ്ഥാനം ലഭിച്ചു. 1114-ൽ ഇന്ത്യാ ചക്രവർത്തിയുടെ ജൂബിലി സ്മാരകകീർത്തിമുദ്ര അദ്ദേഹത്തിനും വിതരണം ചെയ്യപ്പെട്ടു. ഇതൊന്നുമല്ല അദ്ദേഹത്തിന്റെ പൊതുജനസേവനത്തിൽ പ്രഥമഗണനീയമായിട്ടുള്ളത്. 1107-ൽ അദ്ദേഹം കൊല്ലം നഗരസഭയുടെ അധ്യക്ഷനായി. അഞ്ചു തവണ ആ സ്ഥാനം അദ്ദേഹത്തിൽത്തന്നെ സമർപ്പിതമായിത്തീർന്നുവെന്നുള്ളതു് അദ്ദേഹത്തിനു സ്വതസ്സിദ്ധമായ പ്രായോഗികവിജ്ഞാനത്തിനും സേവനസന്നദ്ധതയയ്ക്കും പൗരന്മാരുടെ സ്നേഹവിശ്വാസബഹുമാനങ്ങൾക്കും പ്രത്യക്ഷലക്ഷ്യമാകുന്നു. ഏതു നല്ല കാര്യത്തിനും അദ്ദേഹത്തെ ജാതിമതഭേദം കൂടാതെ ജനങ്ങൾ ഉപസർപ്പണം ചെയ്യുമായിരുന്നു. ധനസംബന്ധമായോ അല്ലാതെയോ ഉള്ള ഏതപേക്ഷയും അദ്ദേഹം അംഗീകരിച്ചു വേണ്ടതു ചെയ്യുമായിരുന്നു. കൊല്ലം നഗരത്തിൽ ഇന്നു കാണുന്ന പല പരിഷ്കാരങ്ങൾക്കും കാരണഭൂതൻ അദ്ദേഹമായിരുന്നു. 1119-ാമാണ്ടു വൃശ്ചികമാസം 12-ാം൹ അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി ആഡംബരപൂർവ്വം കൊണ്ടാടപ്പെട്ടു. 1123-ാമാണ്ടു ചിങ്ങമാസം 15-ാം൹യായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. അതുവരെയും അദ്ദേഹം നഗരപിതാവായിരുന്നു.

പ്രസിദ്ധീകരണങ്ങൾ

പല നല്ല പുസ്തകങ്ങൾ മലയാളരാജ്യം മുദ്രണം ചെയ്തിട്ടുണ്ടു്. വ്യാഖ്യാനത്തോടുകൂടിയ ദശോപനിഷത്തുകളാണു് അവയിൽ പ്രാഥമ്യത്തെ അർഹിയ്ക്കുന്നതു്. കണ്ണശ്ശരാമായണം ഉത്തരകാണ്ഡവും അവിസ്മരണീയമാണ്. നൂറ്റിപ്പതിനൊന്നു ദിവസത്തെ ആട്ടക്കഥകളും അറുപതു ദിവസത്തെ തുള്ളൽക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആമാതിരി പുസ്തകപ്രകാശനത്തിനു മാർഗ്ഗദശി കൊല്ലത്തെ എസ്. റ്റി. റെഡ്യാറാണെങ്കിലും കുറേക്കൂടി അധികം കഥകൾ ശ്രീരാമവിലാസംവക പുസ്തകങ്ങളിലുണ്ടു്. മറ്റു പുസ്തകങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല. മലയാളരാജ്യം ദിനപ്രത്രം വളർന്നുയർന്നു വാച്ചുതഴച്ചു് ഇക്കാലത്തെ കേരളീയപത്രങ്ങളുടെ ഇടയിൽ ഒരു മഹനീയമായ സ്ഥാനത്തെ അലങ്കരിക്കുന്നു.

ചില ശാസ്ത്രഗ്രന്ഥകാരന്മാർ
64.8ജി. കൃഷ്ണശാസ്ത്രി (1025–1090?)
ചരിത്രം

സംസ്കൃതത്തിൽനിന്നു ശാസ്ത്രീയസിദ്ധാന്തങ്ങളേയും പൗരാണിക മതതത്ത്വങ്ങളേയും തർജ്ജമചെയ്തു മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചതു ജി. കൃഷ്ണശാസ്ത്രിയാകുനു. അദ്ദേഹം ജനിയ്ക്കുകയും മരിയ്ക്കുകയും ചെയ്ത ആണ്ടുകൾ സൂക്ഷ്മമായി അറിവില്ല. മുകളിൽ കാണുന്ന ആണ്ടുകൾ അനുമാനംകൊണ്ടു കുറിച്ചിട്ടുള്ളതാണു്. കൃഷ്ണശാസ്ത്രി പാലക്കാട്ടു് അമൂലം പള്ളം ഗ്രാമത്തുകാരനായ ഒരു ചോഴിയബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിന്റെ പിതാവു ഗണപതി ശാസ്ത്രിയാണു് അപ്പയ്യാദീക്ഷിതർ തമിഴിൽ രചിച്ച രാമഗീത മലയാളത്തിൽ തർജ്ജമചെയ്തതു്. കൃഷ്ണശാസ്ത്രി അതു പരിശോധിച്ചു് 1080-ാമാണ്ടു തൃശ്ശൂർ കേരളകല്പദ്രുമം അച്ചുകൂടത്തിൽ അച്ചടിപ്പിച്ചു. ഈ അപ്പയ്യാദീക്ഷിതർ അർവ്വാചീനനാണു്. അദ്ദേഹത്തെ ശാസ്ത്രി പോയിക്കണ്ടു് അദ്ദേഹം നിർമ്മിച്ച 150 പ്രബന്ധങ്ങളുടെ അവകാശം വാങ്ങി. ‘ഗുരുജ്ഞാനവാസിഷ്ഠതത്ത്വരാമായണം’ അവയിൽ ഒന്നാണു്. ഇംഗ്ലീഷിലും നല്ല പരിജ്ഞാനമുണ്ടായിരുന്ന ശാസ്ത്രിക്കു കോഴിക്കോട്ടു് ഡിസ്ത്രിക്ടു് കോടതിയിൽ ഒരു ഗുമസ്തന്റെ ജോലികിട്ടി. ആ ജോലിയോടുകൂടിയാണു് 1064-ാമാണ്ടു് ആര്യസിദ്ധാന്തചന്ദ്രിക എന്ന പത്രിക ആരംഭിച്ചതു്. അതു എല്ലാ പൗർണ്ണമാസിദിനത്തിലും പ്രചരിപ്പിച്ചു. ആദ്യകാലത്തു തർജ്ജമ ചെയ്തു് അതിൽ ചേർത്ത ഗ്രന്ഥങ്ങൾ യാജ്ഞവല്ക്യസ്മൃതി, ഭഗവൽഗീത, തത്ത്വാവബോധപ്രകരണം, ആത്മവിചാരപ്രകരണം, പ്രശ്നോപനിഷത്തു്, ജഞാനവാസിഷ്ഠസംഗ്രഹം, ജീവന്മുക്തിപ്രകരണം എന്നീ പ്രൗഢങ്ങളായ സംസ്കൃതഗ്രന്ഥങ്ങളായിരുന്നു. അവ കേരളത്തിൽ സാധാരണ ജനങ്ങൾക്കു് ഒരു പുതിയ വെളിച്ചം നല്കി. രാമശർമ്മാ എന്നൊരു പണ്ഡിതൻ അന്നു കോഴിക്കോട്ടുണ്ടായിരുന്നു. അദ്ദേഹം കൃഷ്ണശാസ്ത്രിയുടെ ശിഷ്യനും ആജ്ഞാകാരനുമായി ശാസ്ത്രിയെ പ്രസ്തുതമാസികയുടെ പ്രവർത്തനത്തിൽ നിപുണമായി സഹായിച്ചു. 1075-ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചു. കൃഷ്ണശാസ്ത്രിക്കു വേദാന്തത്തിൽ പ്രത്യേകം അവഗാഹമുണ്ടായിരുന്നു. അദ്ദേഹം ഒരു മർമ്മജ്ഞനായ മതപരിഷ്കാരിയായിരുന്നുവെന്നുകൂടി പറയേണ്ടതുണ്ടു്. സകലജാതിമതസ്ഥരോടും അദ്ദേഹം സമഭാവന പുലർത്തിപ്പോന്നു.

64.9താരക്കാട്ട് അയ്യാത്തുരശാസ്ത്രി (1011–1086?)
ചരിത്രം

അയ്യാത്തുരശാസ്ത്രിയുടെ പൂർവ്വകുടുംബം കാവേരിതീരത്തിൽ വൈകച്ചേരി എന്ന സ്ഥലത്താണു്. അവിടെനിന്നു് അദ്ദേഹത്തിന്റെ പിതാമഹൻ വേങ്കടനാരായണശാസ്ത്രി പാലക്കാട്ടു താരക്കാട്ടു ഗ്രാമത്തിൽ താമസം തുടങ്ങി. അയ്യാത്തുര എന്നതു് ഓമനപ്പേരാണു്. പിതാവായ രഘുനാഥശാസ്ത്രി സംസ്കാരമുഹൂർത്തത്തിൽ നല്കിയ നാമധേയം വേങ്കടനാരായണൻ എന്നുതന്നെയായിരുന്നു. തർക്കശാസ്ത്രപണ്ഡിതനായ ശേഖരീപുരം ഗ്രാമത്തിൽ ശേഷുശാസ്ത്രികളിൽനിന്നു കാവ്യപാഠങ്ങളും തൃക്കണ്ടിയൂർ ഗോവിന്ദപ്പിഷാരടിയിൽനിന്നു നാടകാലങ്കാരങ്ങളും അഭ്യസിച്ചു. 1032-ാമാണ്ടു് ഇരുപത്തൊന്നാമത്തെ വയസ്സിൽ ഭാഗവതപാരായണം ആരംഭിച്ചു. 1035-ൽ നിജാനന്ദസ്വാമി എന്ന ഒരു ദ്വാരകാവാസിയായയോഗി സേതുസ്നാനം കഴിഞ്ഞു മടക്കത്തിൽ ചിറയ്ക്കൽ സ്വല്പകാലം താമസിക്കുകയും ശാസ്ത്രി അദ്ദേഹത്തിന്റെ ഉപദേശം വാങ്ങി മുപ്പതാമത്തെ വയസ്സു മുതൽ വേദാന്തശാസ്ത്രം പരിശീലനം ചെയ്യുകയും ചെയ്തു. 1040 മുതൽ പത്തു കൊല്ലം താഴയ്ക്കാട്ടുമനയിൽ താമസിച്ചു ഭാഗവതം ഏഴാവൃത്തി വായിച്ചു. പിന്നീടു തളിപ്പറമ്പത്തു തൃച്ചംബരക്ഷേത്രത്തിൽ ഭജനവും ഭാഗവതം വായനയുമായി കുറേക്കാലം കഴിഞ്ഞു. അവിടെ വെച്ചു ക്ഷേത്രാധികാരികൾ അദ്ദേഹത്തിനു ഭാഗവതപാരാണികൻ എന്ന ബിരുദവും ഒരു വീരശൃംഖലയും സമ്മാനിച്ചു. പിന്നിടുള്ള താമസസ്ഥലമാണു് കോഴിക്കോടു്. ഭാഗവതം ഇരുപതു പ്രാവശ്യം വായിച്ചു പല ഗൂഢാർത്ഥങ്ങളം കണ്ടുപിടിച്ചു. അനന്തരം സാമൂതിരിപ്പാട്ടിലെ അനുമതിയോടുകൂടി തളിയിൽ ക്ഷേത്രത്തിൽ മഹാഭാരതം വായിച്ചു. 1 ആര്യമതസഞ്ജീവിനി എന്നും 2 മതിവിവേകദർപ്പണം എന്നും രണ്ടു പുസ്തകങ്ങളെഴുതി അച്ചടിപ്പിച്ചു ഭാഗവതഭാരതങ്ങളിലെ ഗുഹ്യാർത്ഥങ്ങൾ പലതും തദ്വാരാ വെളിപ്പെടുത്തി. 3 വേദാന്തദർപ്പണം, കടത്തനാട്ടു് ഉദയവർമ്മ ഇളയതമ്പുരാന്റെ വൈദുഷ്യവും സൗശീല്യവും നേരിട്ടുകണ്ടു് അദ്ദേഹത്തിനു സമർപ്പിച്ചതാണു്. വേദാന്തതത്ത്വങ്ങൾ പലതും ആർക്കും സുഗ്രഹമായ രീതിയിൽ അതിൽ പ്രതിപാദിച്ചിട്ടണ്ടു്. 4 മുത്തുലക്ഷ്മി ഒരു ചെറിയ നോവലാണ്. അതിലെ പ്രതിപാദ്യവും വേദാന്തംതന്നെ. ഈച്ചരമേനവൻ, മായാശ്ശിഅമ്മ, പഞ്ചതൃശി അയ്യരും ചിന്താരത്നമേനവനും കൈവല്യനവനീതപ്പണിക്കരും, ശാന്തക്കുട്ടി മേനവനും മറ്റുമാണു് കഥാപാത്രങ്ങൾ. മുത്തുലക്ഷ്മി നായികയും, ശാന്തക്കുട്ടിമേനവൻ നായകനുമാണു്. മുത്തുലക്ഷ്മിയുടെ യഥാർത്ഥനാമധേയം മുക്തി ലക്ഷ്മിയാണെന്നും ഗ്രന്ഥകാരൻ നമ്മെ ധരിപ്പിക്കുന്നു. ശാസ്ത്രിയുടെ ഗദ്യത്തിനു നല്ല ഓജസ്സും ഫലിതവുമുണ്ടു്. മരണകാലം നിശ്ചയമില്ല. 1086 എന്നു മുൻപു സൂചിപ്പിചിട്ടള്ളതു അഭ്യൂഹത്തെ ആസ്പദമാക്കി മാത്രമാണു്.

ഒരു ഉദാഹരണം

“ഏതാനൊരർത്ഥം നേടേണം ക്രിയാജാതി ഗുണങ്ങളാൽ; എന്നാലവന്റെ ജനനഫലം സിദ്ധിച്ചു നിർണ്ണയം” എന്ന വചനഫലം ശ്രീഹർഷകാളിദാസജയദേവാദികളായ മഹാകവികൾക്കു സിദ്ധിച്ചു എന്നതിനു വാദമില്ല. എങ്ങനെയെങ്കിലും ഒരു പ്രസിദ്ധി സമ്പാദിക്കണമെന്നു തീർച്ചയാണു്. “എല്ലാവരും നെല്ലുണക്കി; എലി വാലുണക്കി” എന്ന പഴഞ്ചൊല്ലുപോലെ ഞാനും പ്രസിദ്ധിക്കുവേണ്ടി രണ്ടുമൂന്നു പുസ്തകങ്ങൾ ഉണ്ടാക്കി. ആര്യമതസിദ്ധാന്തത്തെ വെളിപ്പെടുത്തുന്നതും നാലാമത്തെ പുരുഷാർത്ഥമായ മോക്ഷത്തിനു മുഖ്യസാധനമായ ജ്ഞാനത്തെ തെളിയിക്കുന്നതുമായ ആ പുസ്തകങ്ങളെ അച്ചടിപ്പിച്ചു നാട്ടിലൊക്കെ പരത്തി. പ്രസിദ്ധി യാതൊന്നുമുണ്ടായില്ല. എന്നല്ല അച്ചടിച്ചിലവിനുവേണ്ടി വാങ്ങിയ കടം ബാക്കിയായും വന്നു. മലയാളത്തിൽ അനേകം നോവൽ പുസ്തകങ്ങൾ ഉണ്ടായിട്ടുള്ള ഇക്കാലത്തു് ആ മാതിരി ഒരു പുസ്തകമുണ്ടാക്കിയാൽ അനായാസേന പ്രസിദ്ധിയുണ്ടാകുമെന്നായി പിന്നത്തെ ആലോചന. നോവലിന്റെ ഗന്ധം കൂടി ഏറ്റിട്ടില്ലാത്ത ഞാൻ എങ്ങനെയാണു് അതുണ്ടാക്കേണ്ടതെന്നു് ആലോചിച്ചു് ഒരു നോവൽ വാങ്ങി വായിച്ചുനോക്കി. ഭാര്യയുടെ ഇഷ്ടത്തിന്നനുസരിച്ചാൽ പ്രസിദ്ധി കിട്ടുമെന്നു തീർച്ചയാക്കി. അതു ശരിയാണു്. ഭാര്യയുടെ ഇഷ്ടത്തിലിരുന്നാൽ ഉൽപാദനവും പിന്നെ ഗർഭധാരണവും മാസം പത്തു തികയുമ്പോൾ “നോവലും” പിന്നെ നാട്ടാരറിയത്തക്ക ഒരു പ്രസിദ്ധിയുമുണ്ടാകും. പക്ഷേ ഭാര്യയില്ലാത്തതുകൊണ്ടു് ഈ തരത്തിൽ പ്രസിദ്ധി നേടാൻ എനിക്കു് അസാധ്യമാകയാൽ ഈ വഴി വേണ്ടെന്നുവച്ചു.”

(മുത്തുലക്ഷ്മി-അവതാരിക)

64.10കോരാത്തു നാരായണമേനവൻ (1048–1113)
ചരിത്രം

കോരാത്തു നാരായണമേനവൻ പാലക്കാട്ടുനഗരത്തിനു പതിന്നാലു നാഴിക തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വടവന്നൂർ അംശത്തിൽ 1048-ാമാണ്ടു മകരമാസത്തിൽ വിശാഖം നക്ഷത്രത്തിൽ ജനിച്ചു. പിതാവു് എടത്തറവീട്ടിലെ കാക്കുണ്ണിനായരും മാതാവു കോരാത്തു ‘ചോണ’ അമ്മയുമായിരുന്നു. ആലമ്പള്ളം ഗ്രാമത്തിലെ പത്മനാഭശാസ്ത്രിയുടെ അടുക്കലാണു് ബാല്യത്തിൽ സംസ്കൃതം പഠിച്ചതു്. പിന്നീടു കൊല്ലങ്കോട്ടു ഹൈസ്ക്കൂൾ മലയാളപണ്ഡിതരായ ആർ. ശങ്കണ്ണിമേനവന്റെയും പട്ടഞ്ചീരി ശിവരാമശാസ്ത്രിയുടെയും ശിക്ഷണത്തിൽ ഉപരികാവ്യങ്ങൾ അഭ്യസിച്ചു. ഒടുവിൽ വേദംശാസ്ത്രികളുടെ ശിഷ്യനായി വേദാന്തം നിഷ്കർഷിച്ചു് അഭ്യസിച്ചു് ആ ശാസ്ത്രത്തിൽ നിഷ്ണാതനായി. ധനസമൃദ്ധമായ ഒരു കുടുംബത്തിലാണു് ജനിച്ചതെങ്കിലും ഒരു ത്യാഗിയുടെ ജീവിതം നയിക്കുന്നതിനു വേണ്ട മനഃപാകം അദ്ദേഹത്തിനുണ്ടായി. വേദാന്തത്തിൽ അനേകം ശിഷ്യയന്മാരുണ്ടായിരുന്നു. പണ്ഡിതനും വൈദ്യനുമായ വടക്കേപ്പാട്ടു വടവന്നൂർ നാരായണൻനായരാണു് അവരിൽ അഗ്രഗണ്യൻ. 1113-ാമാണ്ടു കർക്കടകമാസം 21-ാം൹ ചരമഗതിയെ പ്രാപിച്ചു. വടക്കേപ്പാട്ടെ കല്യാണിയമ്മയെയാണു് പരിഗ്രഹിച്ചതു്.

കൃതികൾ

നാരായണമേനവൻ ഭാഷയിൽ നാലു കൃതികൾ രചിച്ചിട്ടുണ്ടു്. അവ (1) വിവേകചൂഡാമണി, (2) സിദ്ധഗീത, (3) ആത്മപുരാണം എന്നീ മൂന്നു ഗ്രന്ഥങ്ങളുടെ തർജ്ജമകളും, (4) വിചാരസാഗരവുമാണു്. വിവേകചുഡാമണിയുടെ മൂലം ശങ്കരഭഗവൽപാദരുടെയും ആത്മപുരാണം ഭഗവൽഗീതയുടെ വ്യാഖ്യാതാവായ ശങ്കരാനന്ദന്റേതുമാണു്. ശങ്കരാനന്ദൻ എല്ലാ ഉപനിഷത്തുകളേയും വിസ്തരിച്ചുകൊണ്ടെഴുതിയതാണു് ആ പുരാണം. മൂലശ്ലോകങ്ങൾ മുകളിലും അവയുടെ തർജ്ജമ താഴത്തും ചേർത്തു വിഷമഘട്ടങ്ങളെ വിവരിക്കുന്ന ഒരു വ്യാഖ്യാനക്കുറിപ്പും ചുവടേ ഘടിപ്പിച്ചിട്ടുണ്ടു്. വിചാരസാഗരത്തിന്റെ മൂലഗ്രന്ഥം രചിച്ചതു ഹിന്ദിയിലാണു്. മഹാത്മാ ദാദുജി എന്നപണ്ഡിതന്റെ ശിഷ്യനായ സാധു നിശ്ചലാനന്ദദാസ് ആണ് അതിന്റെ പ്രണേതാവു്. ആ ഗ്രന്ഥഞ്ഞ തമിഴിൽ ഏ. ശിവറാവു എന്നൊരു മാന്യൻ പരിഭാഷപ്പെടുത്തി. നാരായണമേനവൻ തന്റെ തർജ്ജയ്ക്കു് ഉപയോഗിച്ചിരിക്കുന്നതു് ആ നിബന്ധമാണു്. അനുബന്ധസാമാന്യം മുതൽ ഏഴു തരങ്ഗങ്ങളിലായി നിരവധി വേദാന്തതത്ത്വങ്ങൾ ശങ്കാപരിഹാരരൂപേണ വിചാരണചെയ്തു പ്രതിപാദിച്ചിരിക്കുന്ന പ്രസ്തുതഗ്രന്ഥം മുമുക്ഷുക്കൾക്കു വളരെ ഉപയോഗമുള്ളതാണെന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹത്തി ന്റെ ഗദ്യശൈലിക്കു് ഒരുദാഹരണം പ്രദർശിപ്പിക്കാം:

“ഇങ്ങനെ മനസ്സിനെക്കൊണ്ടു പ്രവർത്തിപ്പിക്കണമെങ്കിൽ അതിന്റെ സർവ്വപ്രാണിസാധാരണമായിരിക്കുന്ന ചാഞ്ചല്യത്തെ നിരോധിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. ഈ ചാഞ്ചല്യനിരോധനത്തിൽ മനസ്സുതന്നെ നമുക്കു കാമധേനുവായും ചിന്താമണിയായും ഭവിക്കുന്നു. ഈ ചാഞ്ചല്യത്തിന്റെ ആത്യന്തികനിരോധനത്തിൽ നിരന്തരമായ ആത്മാനന്ദത്തിന്റെ സ്ഫുരണം അനുഭവവിഷയമായി ഭവിക്കുന്നു. സാമാന്യമായി നിശ്ചലമായ മനസ്സുകൊണ്ടു സിദ്ധിശാസ്ത്രങ്ങളിൽ വിധിച്ചപ്രകാരം പ്രവർത്തിക്കുമ്പോൾ ക്ഷുദ്രസിദ്ധികളെന്നുവേണ്ട മഹാസിദ്ധികളും സാധിക്കുന്നു.”

(ഉപാസന എന്ന ഒരുപന്യാസത്തിൽനിന്നും.)