അദ്ധ്യായം 63
ചെറുകഥാപ്രസ്ഥാനം
63.1അമ്പാടി നാരായണപ്പുതുവാൾ (1046–1111)

ഭാഷാചെറുകഥകൾ

മലയാളത്തിലെ അതിപ്രമുഖന്മാരായ ചെറുകഥാകർത്താക്കന്മാരിൽ ഒരാളായിരുന്നു അമ്പാടിനാരായണപ്പുതുവാൾ. നതേനിയൽ ഹാതോർൺ (1804–1864) (Nathaniel Hawthorne) എന്ന അമേരിക്കൻ ഗ്രന്ഥകാരനെയാണു് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചെറുകഥകളുടെ ഉപജ്ഞാതാവായി ഗണിക്കേണ്ടതു്. എഡ്ഗാർ ആലൻ പോ (Edgar Allan Poe) എന്ന അമേരിക്കൻ കാഥികനും (1809-1849) ചെറുകഥയെഴുത്തുകാരുടെ കൂട്ടത്തിൽ ഒരു മാന്യസ്ഥാനത്തിന് അവകാശിയാണു്. സംഭവവികാസത്തിൽമാത്രം ഭത്തദൃഷ്ടികളായ ഗയോവാനി ബൊക്കാച്ചിയോ (Giovanni Boccaccio) (1313–1375) മുതലായ പ്രാചീനന്മാരെ ഇവിടെ സ്മരിക്കേണ്ട ആവശ്യമില്ല, അദ്ദേഹത്തിന്റെ ഡെക്കാമെരൺ പ്രായേണ അസഭ്യശൃങ്ഗാരം കൊണ്ടു മലിനമാണു്. റഷ്യയിലെ ആന്റോണേ ചെക്കോവും (Antone Chekhov) ഫ്രാൻസിലെ ഗൈ ഡി മൗപ്പസാങ്ങും (Guy De Maupassant) ഈ പ്രസ്ഥാനത്തിന്റെ ഉത്തുംഗസൗധങ്ങളിൽ വിഹരിക്കുന്ന രണ്ടു് ഉജ്ജ്വലതാരങ്ങളാകുന്നു. പുതുവാളെപ്പറ്റി പരാമർശിക്കുന്നതിനു മുമ്പായി ചെറുകഥകളെപ്പറ്റി അല്പം ഉപന്യസിയ്ക്കാം. ചെറുകഥ എത്ര പൊലിപ്പിച്ചാലും നോവലാകയില്ല; നോവൽ എത്ര ചുരുക്കിയാലും ചെറുകഥയുമാകയില്ല. ഈ രണ്ടു സാഹിത്യസരണികൾക്കും തമ്മിൽ പല പ്രകാരത്തിൽ അന്തരമുണ്ടു്. ഇവയുടെ ആഗമനം പാശ്ചാത്യരാജ്യങ്ങളിൽനിന്നാണു്. ചെറുകഥാപ്രസ്ഥാനത്തിന്റെ അരുണോദയകാലത്തു നമുക്കു് പല അനുഗൃഹീതന്മാരായ വാണീവല്ലഭന്മാരെ നിരീക്ഷിയ്ക്കുവാൻ കഴിയും. 1 വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, 2 ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ, 3 അമ്പാടി നാരായണപ്പുതുവാൾ, 4 എം. ആർ. കെ. സി., 5 എം. രാമുണ്ണിനായർ, 6 ഈ. വി. കൃഷ്ണപിള്ള, 7 കെ. സുകുമാരൻ. ഇവരിൽ സുകുമാരൻ മാത്രമേ ഇന്നു നമ്മോടുകൂടിയുള്ളു. മറ്റു ഗ്രന്ഥകാരന്മാരെക്കുറിച്ചു് ഉപരിപ്രസ്താവിക്കും.

ചെറുകഥയിൽ ഒരു സംഭവമേ കേന്ദ്രീകരിക്കാവൂ. അതു് ഋജുവും ഹ്രസ്വവുമായിരിക്കുകയും വേണം. ഉപകഥകൾക്കു് അവിടെയെങ്ങും സ്ഥാനമേയില്ല. ചെറുകഥാകാരന്റെ ഹൃദയം വികാരോഷ്മളമായിരിക്കണം. അതേസമയത്തിൽ അദ്ദേഹത്തിന് ആത്മസംയമനം വേണം. ആ മാനദണ്ഡംവച്ചു നോക്കുമ്പോൾ, കുറേക്കൂടി കേന്ദ്രീകരണവും ആത്മനിയന്ത്രണവുമുണ്ടായാൽ ചെറുകഥ ഒരു ഭാവകാവ്യമായിപ്പരിണമിക്കുന്നതാണു്. പത്തുപേരെക്കൊണ്ടു നോവൽ എഴുതുവാൻ സാധിക്കും. അവരിൽ ഒരാൾക്കുപോലും നല്ല ചെറുകഥ എഴുതുവാൻ പ്രയാസമുണ്ടു്. താൻ ചിത്രണം ചെയ്യുന്ന വിഷയവുമായി ഒരു ചെറുകഥാകാരനു പ്രത്യക്ഷവും സ്നേഹപൂർവ്വവുമായ ഹൃദയസമ്പർക്കമുണ്ടായിരിക്കണം. സംഭവപരം, സ്വഭാവവർണ്ണനപരം, വസ്തുസ്ഥിതിവിവരണപരം എന്നു ചെറുകഥകളെ വിഷയമനുസരിച്ചു മൂന്നു തരമായി വിഭജിക്കാം. അപസർപ്പകകഥകൾ സംഭവപരങ്ങൾതന്നെ. ചില പ്രധാന കഥാംശങ്ങളെ ഗുഹനം ചെയ്യേണ്ടതുണ്ടു്. അതു വായനക്കാരുടെ ജിജ്ഞാസയെ ഉദ്ദീപിപ്പിക്കുന്നതിനായിരിക്കണം. തന്റെ കണ്ണിൽ കണ്ടതിന്റെയും ഹൃദയത്തിൽ പതിഞ്ഞതിന്റെയും സാരാംശം മാത്രമേ ചെറുകഥാകാരൻ സ്വീകരിക്കാവു. അയാളുടെ ചിത്രപടം അത്രയ്ക്കു പരിമിതമാണല്ലോ. അനുവാചകൻ ഗ്രന്ഥകാരനെയും തന്നെയും മറന്നു ഗ്രന്ഥത്തെ ആസ്വദിക്കണമെങ്കിൽ അതല്ലാതെ മാർഗ്ഗമില്ല. അതനുസരിച്ചു സംഭാഷണത്തിനു ഗതിവേഗവും സ്തോഭജനകത്വവും സരസത്വവും ഉണ്ടായിരിക്കണം. തലക്കെട്ടിന്റെ കാര്യത്തിൽ നിപുണമായി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടു്. അതു് ഇതിവൃത്തത്തിന്റെ സൂചനമാത്രമേ ആകാവൂ; ഒരു കാലത്തു ചെറുകഥകളുടെ പ്രയോജനം സന്മാർഗ്ഗോപദേശമാണെന്നു് അവയുടെ പ്രണേതാക്കൾ വിശ്വസിച്ചിരുന്നു. ആ വിശ്വാസം ഇപ്പോളില്ല. ഇന്നു പാശ്ചാത്യരാജ്യങ്ങളിൽ ഏതു വിഷയവും ആ പ്രസ്ഥാനത്തിൽപ്പെടുന്നുണ്ടു്. എല്ലാത്തരത്തിലുള്ള വികാരങ്ങളേയും അതിനു പ്രതിപാദിക്കുവാൻ അധികാരമുണ്ടു്. കല്പനാവൈഭവത്തിലാണു് ആധുനികന്മാരായ ചെറുകഥാകൃത്തുകൾ അവരുടെ പൂർവ്വഗാമികളിൽ നിന്നു വളരെ ഉയർന്നുനില്ക്കുന്നതു്. ഇങ്ങനെ ചിലതെല്ലാം ഈ വിഷയത്തെപ്പറ്റി കുറിച്ചുവെന്നേയുള്ളു. ഇതു ഞാൻ ചെയ്തതു നാരായണപ്പുതുവാൾ തന്നെ ചെറുകഥാപ്രസ്ഥാനം എന്ന പേരിൽ അദ്ദേഹത്തിന്റെ അനുഭവത്തെ ആസ്പദമാക്കി ഒരു ഉപന്യാസമെഴുതീട്ടുള്ളതുകൊണ്ടും ഭാഷയിൽ മറ്റേതു പ്രസ്ഥാനത്തെയുംകാൾ ഇന്നു ചെറുകഥ വളർന്നുവരുന്നതുകൊണ്ടുമാണു്.

ചരിത്രം

പുതുവാൾ തൃശ്ശിവപേരൂരിലുള്ള സുപ്രസിദ്ധമായ അമ്പാടി എന്ന ഭവനത്തിൽ 1046-ാമാണ്ടു് ഇടവമാസം ഉത്രാടം നക്ഷത്രത്തിൽ ജനിച്ചു. പിതാവു വക്കീൽ ശേഷയ്യരും മാതാവു പാപ്പി എന്നു വിളിച്ചുവന്ന പാർവ്വതിപ്പുതുവാൾസ്യാരുമായിരുന്നു. അക്കാലത്തു തറവാട്ടിലെ കാരണവസ്ഥാനം വഹിച്ചിരുന്ന സരസകവി കുഞ്ഞിക്കൃഷ്ണപ്പുതുവാളെപ്പറ്റി വായനക്കാർക്കറിവുള്ളതാണല്ലോ. തൃശ്ശൂർ ഹിന്ദുഹൈസ്കൂളിൽച്ചേർന്നു മട്രിക്കുലേഷൻപരീക്ഷ ജയിച്ചു. പിന്നീടു് എറണാകുളം കോളേജിൽ ഒരു വിദ്യാർത്ഥിയായി ഇന്റർമീഡിയേറ്റുക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. ദീർഘകാലത്തെ ഗവർമ്മെന്റു സേവനത്തിനുശേഷം 1101-ാമാണ്ടു സബ്രജിസ്ത്രാരുദ്യോഗത്തിൽ ഇരിക്കവേ പെൻഷൻവാങ്ങി പിരിഞ്ഞു. തൃശ്ശൂരിൽ പെരിങ്ങാവു് എന്ന സ്ഥലത്തു വെച്ചു 1111-ാമാണ്ടു മിഥുനമാസം 32-ാ൹ കാലധർമ്മം പ്രാപിച്ചു. മുണ്ടല്ലൂർ അടമ്പുങ്കളത്തു അമ്മാളുഅമ്മയായിരുന്നു പത്നി. ആ സാധ്വി മരിച്ചതിനുമേൽ ചെറുവത്തു വടക്കാഞ്ചേരി അമ്മുഅമ്മ എന്ന നാരായണിയമ്മയെ പരിഗ്രഹിച്ചു. അവർ രണ്ടുപേരും നായർ സ്ത്രീകളായിരുന്നു.

സാഹിത്യപരിശ്രമം—കവിത

പുതുവാൾ സാഹിത്യസേവനം ആരംഭിച്ചതു് ഒരു കവിയുടെ നിലയിലാണു്. വിദ്യാവിനോദിനിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ രങ്ഗപ്രവേശം. ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ കവിമൃഗാവലി എന്നൊരു കവിത അതിൽ പ്രസിദ്ധപ്പെടുത്തി. “മന്നാടിയാർ മദനമഞ്ജരി! മത്തദന്തി” എന്നു ചാത്തുക്കുട്ടിമന്നാടിയാരെ അതിൽ പുകഴ്ത്തിയപ്പോൾ സി. പി. കക്ഷിക്കു് അതു രസിച്ചില്ല. ഒടുവിനു് ഒരു മറുപടിയായിരുന്നു പുതുവാളിന്റെ കവിത. അതിലെ

“മന്നാടിയാർ മദനമഞ്ജരി! മത്തദന്തി–
യെന്നാണു നിങ്ങൾ പറയുന്നതതത്ര വേണ്ട;
ഭേഷാണിതെൻ മതമഹോ! ബത! ലബ്ധവർണ്ണൻ
ഭാഷാന്തരത്തിൽ വിരുതേറുമൊരാന്തയാവാം.”

എന്ന ശ്ലോകം മന്നാടിയാരെ വളരെ ക്ഷോഭിപ്പിച്ചു. “തങ്കന്നവങ്കനൊടുവിൽക്കഴുതപ്രമാണം” എന്നു് ഒടുവിനെക്കുറിച്ചും പരിഹാസമുണ്ടായിരുന്നു. അതു കഴിഞ്ഞു് ഒരിയ്ക്കുൽ മന്നാടിയാർ പുതുവാളെ കണ്ടപ്പോൾ “പുതുവാൾക്കു കവിതയുണ്ടോ? വിനോദിനിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന കവിതകൾ പുതുവാളുടേതാണോ?” എന്നു കോപത്തോടുകൂടി ചോദിക്കുകയും, അതിനു പുതുവാൾ “വിനോദിനിയിൽ ചിലപദ്യങ്ങൾ ഞാൻ പ്രസിദ്ധം ചെയ്തിട്ടുണ്ടു്. എനിയ്ക്കു കവിതയുണ്ടോ എന്നറിഞ്ഞുകൂടാ” എന്നു ശാന്തമായി മറുപടി പറയുകയും ചെയ്തു. “എനിയ്ക്കും പേനയെടുക്കാൻ അറിയുമെന്നു കുഞ്ഞിക്കുട്ടൻതമ്പുരാനോടു പറഞ്ഞേയ്ക്കൂ” എന്നു മന്നാടിയാർ വീണ്ടും സ്വരം മൂപ്പിച്ചു സംഭാഷണം തുടർന്നു. സി. പി. യ്ക്കു വേണ്ടി കുഞ്ഞിക്കുട്ടനുണ്ടാക്കിയ കവിതയാണെന്നുള്ള തെറ്റിദ്ധാരണയിലാണു് അങ്ങനെ പറഞ്ഞതു്. കുഞ്ഞിക്കുട്ടന്റെ കവിത പുതുവാളിന്റേതിൽനിന്നു തരം തിരിയ്ക്കുവാൻ കഴിയാതെപോയതു തൽക്കാലത്തെ ശുണ്ഠിനിമിത്തമായിരുന്നിരിക്കണം. അപ്പോൾ കൂടെയുണ്ടായിരുന്ന അമ്മാമൻ വക്കീൽ കൃഷ്ണപ്പുതുവാൾ “കുട്ടൻ എന്തിനാണു് വേണ്ടാത്ത പ്രവൃത്തിയ്ക്കു പോയി മറ്റുള്ളവരുടെ മുഷിച്ചിൽ സമ്പാദിക്കുന്നതു്? കവിതയെഴുതി പേരെടുക്കുവാനൊന്നും ശ്രമിക്കേണ്ട” എന്നുപദേശിച്ചു. പിന്നെ പദ്യം എഴുതീട്ടുണ്ടോ എന്നു സംശയമാണു്.

ഗദ്യം

അനന്തരം പുതുവാൾ വികസിച്ചതു് ഒരു ചെറുകഥാകാരനായാണു്. 1111-ൽ എഴുതിയ ഒരു ഉപന്യാസത്തിൽ അദ്ദേഹം പറയുന്നതു് “ഏകദേശം ഒരു നാലു പന്തീരാണ്ടുമുമ്പു മുതല്ക്കുതന്നെ എനിയ്ക്കു് ഒരു ചെറുകഥാകാരനാകുവാനുള്ള മോഹം തുടങ്ങീട്ടുണ്ടു്. ആ മോഹം സാധിക്കുവാൻ ഇപ്പോഴും ഞാൻ ഉത്സാഹിച്ചുവരുന്നതുമുണ്ടു്” എന്നാണു്.

കൃതികൾ

പുതുവാൾ തന്റെ ചെറുകഥകൾ സമാഹരിച്ചു മൂന്നു് ഭാഗങ്ങളിലായി കഥാസൗധം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്”. അതു കൂടാതെ മോചനം എന്നൊരു നാടകവും, കേരളപുത്രൻ എന്നൊരു നോവലുംകൂടി അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. മുൻപു സൂചിപ്പിച്ച ഉപന്യാസത്തിലെ നിയമങ്ങളിൽ ചിലതൊന്നും അദ്ദേഹം പരിപാലിച്ചിട്ടില്ല. ഒട്ടനേകം കഥകൾ കേരളത്തിന്റെ പുരാതനങ്ങളായ ഐതിഹ്യങ്ങളെ ആസ്പദമാക്കി രചിച്ചിട്ടള്ളവയാണു്. രസികരഞ്ജിനിയുടെ കാലത്തു് അപ്പൻതമ്പുരാന്റെ വടക്കേമാളികയിലെ സദസ്സിൽ അദ്ദേഹത്തിനും അഭ്യർഹിതമായ ഒരു സ്ഥാനമുണ്ടായിരുന്നു. ലേഖനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിന്റെ അരോചകിത്വം സുപ്രസിദ്ധമാണു്. അക്കാലത്തു് അപ്പൻതമ്പുരാനും ഒരുചരിത്രപണ്ഡിതനും നോവലെഴുത്തുകാരനും ആയിരുന്നുവല്ലോ. വിഷയസ്വീകരണത്തിലും ഗദ്യശൈലിയിലും അവർക്കു വളരെ സാജാത്യമുണ്ടായിരുന്നു. വിഷയത്തിൽ യോജിച്ച പ്രാചീനഭാഷാശബ്ദകോശം അവർക്കു് ഒരുപോലെ അധീനമായിരുന്നു എന്നുകൂടി പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. അമ്പാടിക്കു ഫലിതമുണ്ടു്; തമ്പുരാനു്അതില്ല. എങ്കിലും തമ്പുരാന്റെ ഉപന്യാസരചനയ്ക്കുവേണ്ട ശാസ്ത്രപാണ്ഡിത്യവും ഗംഭീരശൈലിയും പുതുവാളിനു് അപ്രാപ്യമായിരുന്നു. പുതുവാളിന്റെ പ്രധാനദോഷം പ്രാസഭ്രമമാണു്. അതു തലക്കെട്ടുകളേയും ബാധിക്കുന്നു. കഥാസൗധം മൂന്നാം ഭാഗത്തിൽ അന്തർജ്ജനത്തിന്റെ തന്ത്രം, കൊച്ചപ്പന്റെ കോച്ചൽ, വളകൊണ്ടവനിത, ആദരിച്ച പാതിര, ഇങ്ങനെയാണു് അതിലെ ചില കഥകളുടെ നാമധേയം. പുതുവാൾ ഒരു പേരുകേട്ട പരിഹാസവിദഗ്ദ്ധനായിരുന്നു എന്നു് ആവർത്തിച്ചു പറയേണ്ടതില്ല. ഒരു ചെറുകഥാകാരനു് അതിൽ അത്ര വലിയ പ്രാഗല്ഭ്യം ആവശ്യമില്ലെന്നാണു് അഭിജ്ഞമതം. ഇതൊക്കെ എങ്ങനെയിരുന്നാലും അദ്ദേഹത്തിന്റെ ചെറുകഥകൾക്കുള്ള ആസ്വാദ്യത അന്യാദൃശമാണു്. ഉളി പിടിച്ച കയ്യു്, കൈമ്മളശ്ശന്റെ കല്യാണം, കണ്ടപ്പന്റെ കൊണ്ടാട്ടം മുതലായ കഥകൾ ചിരഞ്ജീവികളാണു്. കഥാഗുംഫനത്തിൽ അദ്ദേഹത്തിനു് അപൂർവ്വമായേ നോട്ടക്കുറവു പറ്റീട്ടുള്ളു. ശൃംഗാര പ്രധാനങ്ങളായിരുന്ന ഒടുവിന്റെ കഥകളിൽനിന്നു പുതുവാളിന്റെ കഥകൾ വിഷയഗ്രഹണത്തിലും പരിണാമഗുപ്തിയിലും മറ്റും ഒട്ടുവളരെ ഉയർന്നിട്ടുണ്ടു്. അദ്ദേഹത്തിന്റെ സംഭാഷണചാതുര്യവും, പരിഹാസപാടവവും ഏതാനും വാക്യങ്ങൾ ഉദ്ധരിച്ചു പ്രദർശിപ്പിക്കാം.

“അമ്മാമൻ:

എടാ, കൊശവാ! കണ്ണിക്കണ്ട ദിക്കിലെല്ലാം കേറിച്ചെന്നു ദണ്ഡം പിടിപ്പിച്ചതിനു ഞാനാടാ ഉത്തരവാദി? ഞാൻ കാര്യം മനസ്സിലാകാതെ മിഴിച്ചുനില്ക്കുമ്പോൾ ‘നടക്കു കുളത്തിലേക്കു്’ എന്നു കേട്ടു് അവരോടുകൂടി കുളത്തിലേക്കുതന്നെ മടങ്ങിപ്പോന്നു.

അമ്മാ:

എട! തെണ്ടി! ഈ ദീനം വച്ചുകൊണ്ടു് എവിടേക്കെടാ തെണ്ടാൻ പോയിരുന്നതു്? പറ.

ഞാൻ:

എനിക്കൊന്നുമില്ല; ഞാൻ തെണ്ടാനുമല്ല പോയതു്.

അപ്പോത്തിക്കിരി:

എന്നാൽ പിന്നെ നിങ്ങൾ ഐഡ ഫോറം വാങ്ങിച്ചതെന്തിനാ? നിങ്ങളെ ഇപ്പോഴും ആ മരുന്നുനാറുന്നുണ്ടല്ലോ.

പൊടി കൊണ്ടുവന്നതു വേറേ ആവശ്യത്തിനാണെന്നു പറവാൻ ഇടകിട്ടുന്നതിനു മുൻപു് ‘ദീനമില്ലെടാ? എന്നാൽഞാനുണ്ടാക്കാം’ എന്നു പറഞ്ഞു് അമ്മാമൻ ഏറക്കാലിൽ നിന്നു കുന്നാലിക്കോലൂരി കണ്ണും മൂക്കുമില്ലാതെ എന്നെ തല്ലിത്തുടങ്ങി.”
(എന്റെ ആദ്യത്തെ ലേഖനം)

“നാലു പാദം വയ്ക്കുന്നവർ സംഘക്കളിക്കാരോ മൃഗങ്ങളോ കവിതക്കാരോ ആരോ എന്തോ ആകട്ടെ, കാഴ്ചപ്പുറമേയുള്ള ഭങ്ഗി കൊണ്ടെടുത്തു മലർത്തുമ്പോൾ പല വർണ്ണഭേദങ്ങളും ഇരുവശത്തും വരിയൊത്ത പാദങ്ങളും നോക്കുന്തോറും വെറുപ്പും ഉൾക്കട്ടിക്കുറവും ഉപദ്രവവുമുള്ള വസ്തു തേരട്ടയോ പുഴുവോ പഴുതാരയോ ആണെന്നു് ആരും ഓർക്കാതെ പറഞ്ഞുപോകരുതു്…‘പ്രഥമൻകുടി മണിപ്രവാളദ്വയം വിലയൈരണ്ടു്;’ “കീരത്രയം പോൽ കൂലിമാത്രം;” ദധിമഥനം മൂന്നു ശ്ലോകം കുറച്ചു് ഒരങ്കത്തിലുള്ള നാടകം, തപാൽക്കൂലി അടക്കം വില രണ്ടു പൈ; മൂന്നു പുസ്തകം ഒന്നിച്ചു വാങ്ങുന്നവർക്കു അരയണ കുറച്ചുകൊടുക്കപ്പെടും;’ ‘കൂമന്റെ മൂളക്കം, അഥവാ കണക്കന്റെ തെങ്ങേറ്റം;’ ഒരു പുതിയ നോവൽ, ഉടനേ പുറത്താകും. അനുമോദനപത്രം അയയ്ക്കുന്നവർക്കു വിലകൂടാതെ കിട്ടുന്നതും സ്വകാര്യകത്തുമൂലം വില തെരിയപ്പെടുത്തുന്നതുമായ ഒരു വിശേഷ ഗ്രന്ഥം!’ ഇങ്ങനെ എണ്ണംപറഞ്ഞ വിലപിടിപ്പുള്ള പുസ്തകങ്ങൾ ഉടമസ്ഥനും പ്രസാധകനും ഗ്രന്ഥകർത്താവുമായ ബാലകവി ‘വിശല്യാകരണി’ എന്ന മാസികയുടെ പത്രാധിപസ്ഥാനം വഹിക്കുന്നതിന്നുമുൻപു ‘കവച്ചുവച്ച’താണെന്നു് ആ മാസികയിൽത്തന്നെ പ്രത്യേകപരസ്യംമൂലം അറിയിക്കുകയും ചെയ്യും.”

(പേരില്ലാപ്രമേയം)

ക്രി. പി. പതിനെട്ടാം ശതകത്തിൽ തൃശ്ശൂരിൽവച്ചു നടന്ന സാമൂതിരി വാഴ്ചയെപ്പറ്റി സ്കോട്ടിന്റെ സുപ്രസിദ്ധമായ ബ്രൈഡ് ഓഫ് ലാമർമൂർ (The Bride of Lammermoor) എന്ന ആഖ്യായികയെ ഉപജിവിച്ചെഴുതിയ ഒരു ഗദ്യനാടകമാണു് മോചനം.

കേരളപുത്രൻ

പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തെ പശ്ചാത്തലമാക്കിക്കൊണ്ടു പൊതുവാൾ രചിച്ചിട്ടുള്ളതാണു് കേരളപുത്രൻ എന്ന നോവൽ. കഥാഘടനയ്ക്കു വലിയ ഭങ്ഗിയുണ്ടെന്നു പറയുവാൻ പാടില്ലെങ്കിലും ഒരു നല്ല നോവലിനു് ആവശ്യമുള്ള മറ്റംശങ്ങളിൽ ഗ്രന്ഥകാരൻ പ്രായേണ വിജയം പ്രാപിച്ചിട്ടുണ്ടു്. ചോളരാജാവായ കരികാലന്റെ പുത്രിപുലോമജയും ചേരരാജാവായ അത്തന്റെ പുത്രൻ ഇമയകുമാരനുമാണു് അതിലെ നായികയും നായകനും. കേരളരാജ്യത്തിന്റെ തലസ്ഥാനമായ മഹോദയപുരത്തിൽ ഇമയകുമാരൻ ശസ്ത്രാഭ്യാസത്തിനായി ചെന്നെത്തി അവിടെ അന്നു നാടുവാണിരുന്ന പള്ളിബാണപ്പെരുമാളുടെ പുത്രനായ ഉണ്ണിയുമായി ഒന്നിച്ചു കഴിയുന്ന കാലത്താണു് ഒന്നാമധ്യായത്തിൽ പ്രതിപാദിക്കുന്ന സംഭവം നടക്കുന്നതു്. ഭൂലോകരംഭയുടെ ദാസിയായ കുട്ടിപ്പെണ്ണിന്റെ ദുര, കടൽക്കുള്ളനായ ആദികാമന്റെ അക്രമം, കാടർക്കരചന്റെ കൈമിടുക്കു്, ചെന്നികുല പ്രഭുവിന്റെ ദുഷ്ടത, സേനാപതിയുടെ സാമർത്ഥ്യം എന്നിങ്ങനെ പലതും പ്രസ്തുതകൃതിയിൽ തത്തദ്രസസ്ഫൂർത്തിയോടുകൂടി മിന്നിത്തിളങ്ങുന്നുണ്ടു്. താഴെക്കാണുന്നതു് ഒരു വർണ്ണനമാണു്.

അരാകുളം

“മേച്ചിപ്പുറം കേറിപ്പോരുന്ന കാലിക്കൂട്ടങ്ങൾ തരിമുഴുത്ത മണൽത്തീരങ്ങളിൽ വന്നിറങ്ങി ദാഹം ശമിപ്പിച്ചിട്ടും മുഖം വെള്ളത്തിൽ നിന്നെടുക്കാതെ ക്ലാന്തഭാവത്തോടെ നില്ക്കുന്നതു കണ്ടാൽ ആർത്തത്രാണതല്പരയായ ഗങ്ഗയോടു് എന്തോ മന്ത്രിക്കുകയാണെന്നു തോന്നും; മനസ്സിനെ പരിഷ്കരിച്ചു മാലിന്യത്തെ ദൂരീകരിച്ചു സ്വധർമ്മത്തെ പരിപാലിക്കുവാൻ തക്ക കോപ്പും കെൽപ്പുമുള്ള സാധ്വികളിൽ വിടന്മാരുടെ അലട്ടും പകിട്ടും പ്രക്ഷോഭജനകമല്ലെന്നു പ്രത്യക്ഷീകരിക്കുന്നവിധം, കന്നാലിപ്പിള്ളർ കുളംചാടി കുത്തിമറിഞ്ഞിട്ടും ആ നിർമ്മലതോയഭരിതയായ വാപിയിൽ ലേശമെങ്കിലും കലങ്ങൽ കണ്ടില്ല. കാലി മേയ്ക്കുന്നവർ കോലു കരയ്ക്കുവച്ചു വെള്ളത്തിലിറങ്ങി മദിക്കുന്നതിനിടയ്ക്കു കറ്റക്കിടാങ്ങൾ തള്ളയെ വിട്ടു തെറ്റിച്ചാടി മറ്റു പശുക്കളുടെ അകിടുപറ്റി കടിക്കുന്നതു കണ്ടു് ഈറയോടെ ഏറി ഓടുന്നവർ മുട്ടോളം പൂലുന്ന മണലിൽ മുന്നുകുത്തി വീഴുന്നുണ്ടു്.”

ഒരു സംഭാഷണം

“ഒന്നാമൻ:

എടോ, ഉരുണ്ടാൽ നന്നെന്നാണോ തന്റെ വിചാരം? യുക്തി മുട്ടുമ്പോൾ തനിക്കു ഉരുളിച്ച. സ്വാധീനമാകുമെന്നതുകൊണ്ടായിരിക്കാം അതിൽ തനിക്കു് ഇത്ര പഴംമനസ്സു പ്രമാണമെന്നു പറഞ്ഞിട്ടു് ഇപ്പോൾ ഉരുണ്ടുതുടങ്ങിയോ?

രണ്ടാമൻ:

തൊട്ടതിനൊക്കെ എന്നെ കുറ്റം കല്പിക്കുവാൻ അത്രയ്ക്കുമാത്രം യോഗ്യത അപ്പുറത്തില്ല. ഞാൻ ഉരുളുന്നുവെങ്കിൽ മറ്റൊരാളെ ഉരുട്ടാനും എനിക്കറിയാം.

ഒന്നാ:

സ്നേഹിതാ, തന്റെ മനസ്സാകുന്ന പ്രമാണത്തിൽ അതും പിഴച്ചെഴുതിപ്പോയി.

രണ്ടാ:

എന്റെ പ്രമാണം പിഴച്ചിട്ടില്ല. അങ്ങയുടെ അനുമാനമാണു് തെറ്റിയതു്. ചരുകുളക്കടവിൽച്ചെന്നാൽ അനുഭവപ്പെടുത്തിത്തരാം.

ഒന്നാ:

എന്നിട്ടു താൻ പറയുമ്പോൾ ഞാൻ അവിടെ കിടന്നു ഒന്നുരുണ്ടാൽ തന്റെ അനുമാനവും പ്രമാണവും അനുഭവവും ഒക്കും ഇല്ലേ?”

63.2സി. എസ്. ഗോപാലപ്പണിക്കർ (1047–1105)
ജനനവ്യം വിദ്യാഭ്യാസവും

അമ്പാടി നാരായണപ്പുതുവാളിന്റേയും ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റേയും ചെറുകഥകളെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പുസ്തകരൂപത്തിൽ ഒന്നുംപ്രസിദ്ധീകരിക്കാതെ ചെറുകഥാകൃത്തുക്കളുടെയിടയിൽ ഒരു മാന്യസ്ഥാനം നേടിയ സാഹിത്യകാരനായ സി. എസ്. ഗോപാലപ്പണിക്കർ കൊച്ചിരാജ്യത്തു കിഴക്കൻ ചിറ്റൂർത്താലുക്കിൽ ചിറ്റൂർദേശത്തു പ്രസിദ്ധമായ ശ്രീകണ്ഠത്തുവീട്ടിൽ 1047-ാമാണ്ടു് ഇടവമാസം 17-ാം൹ ചതയം നക്ഷത്രത്തിൽ ജനിച്ചു. പാലക്കാട്ടുതാലൂക്കു പല്ലഞ്ചാത്തനൂരംശം തച്ചങ്കാട്ടുദേശം പെരിങ്ങാട്ടുവീട്ടിൽ നാരായണപ്പണിക്കർ പിതാവും ലക്ഷ്മിയമ്മ മാതാവുമായിരുന്നു. ഗോപാലപ്പണിക്കർ ജനിച്ചതു പിതൃഗൃഹത്തിലാണു്. പല്ലഞ്ചാത്തനൂർ വീശുപലം ദേശം ആറ്റിശ്ശേരി ചാത്തപ്പ എഴുത്തച്ഛനായിരുന്നു ആദ്യത്തെ ഗുരുനാഥൻ. ചിറ്റൂർ ഡസ്ത്രിക്ട് മിഡിൽ സ്ക്കൂൾ പരീക്ഷ ജയിച്ചതിനുശേഷം മലബാറിൽ പെരുവെമ്പാ ഹൈസ്കൂളിലും പാലക്കാട്ടു വിക്ടോറിയാ ഹൈസ്ക്കൂളിലും പഠിച്ചു മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. എഫ്. ഏ.യ്ക്കു വായിച്ചതു് കോഴിക്കോട്ടു കേരളവിദ്യാശാലയിലും എറണാകുളം കോളേജിലുമായിരുന്നു. പിന്നീടു മദിരാശി പ്രസിഡൻസി കോളേജിൽ ചേർന്നു ജന്തുശാസ്ത്രം ഐച്ഛികവിഷയമായി സ്വീകരിച്ചു് 1071-ൽ ബി. ഏ.യും ജയിച്ചു. എഫ്. ഏ.യ്ക്കു എറണാകുളത്തു വായിക്കുമ്പോൾ ഒടുവും അമ്പാടി നാരായണപ്പുതുവാളം അദ്ദേഹത്തിന്റെ സതീർത്ഥ്യന്മാരായിരുന്നു.

ഉദ്യോഗജീവിതം

ബി. ഏ. പാസ്സായി മൂന്നു മാസം കഴിയുന്നതിനുമുമ്പ് എറണാകുളത്തു ഹജ്ജൂരാപ്പീസിൽ ലാൻഡ് റവന്യു വകുപ്പിൽ പണിക്കർ ഒരു ഗുമസ്തനായി നിയമിക്കപ്പെട്ടു. 1072-ാമാണ്ടു മീനമാസം 1-ാം൹ ആ വകുപ്പിൽ ആക്ടിംഗ് ഹെഡ്ഗുമസ്തനായും 1073 വൃശ്ചികമാസം, 21-ാം൹ ആക്ടിംഗു് ശിരസ്തദാരായും ഉയർന്നു. ഗവർമ്മെന്റിന്റെ അനുവാദത്തോടുകൂടി കുറേക്കാലം ഇടപ്പള്ളിസ്വരൂപം കാര്യക്കാരായി പണിനോക്കി. പിന്നീടു ക്രമേണ 1087-ൽ താസിൽദാർ, 88-ൽ സ്റ്റാമ്പുസൂപ്രണ്ടു്, പഞ്ചായത്തു രജിസ്റ്റ്രാർ തിരുമല ദേവസ്വം മാനേജർ, ആക്ടിംഗ് ദേവസ്വം കമ്മീഷണർ എന്നീ തസ്തികകളിൽ നിയമിതനായി. തിരുമല ദേവസ്വം മാനേജരായി ആറു കൊല്ലത്തോളം ജോലിനോക്കി. 1104-ൽ പെൻഷൻ പറ്റി. തദനന്തരം നിലമ്പൂർക്കോവിലകം മാനേജിംഗ് ഏജന്റായി. 1105 മകരം 17-ാം൹ മരിച്ചു. പണിക്കർ സാഹിത്യകാരൻ എന്നതിനുപുറമേ ഒരു നല്ല നടനുമായിരുന്നു. ചിറ്റൂരിൽ തുഞ്ചത്താചാര്യൻ സ്ഥാപിച്ച ഗുരുകലത്തിന്റെ പുനരുദ്ധാരണത്തിനു വളരെ ശ്രമിച്ചിട്ടുണ്ടു്. തന്റെ അമ്മാമന്റെ മകളായ ചിറ്റൂർ വലിയതച്ചാട്ടു മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ പുത്രിമാരായ കൊച്ചി സബ് ജഡ്ജി തമ്പുരാന്റെ സഹധർമ്മിണി ദേവകി നേത്യാരമ്മയും കടത്തനാട്ടെ ഒരു തമ്പുരാന്റെ പത്നി ദാക്ഷായണിക്കെട്ടിലമ്മയുംകൂടി ‘സ്വർണ്ണലത’ എന്ന ബംഗാളി നോവൽ തർജ്ജമ ചെയ്തിട്ടുണ്ടു്.

സാഹിത്യം

പണിക്കർ ഒരു കവിയും ഗദ്യകാരനുമായിരുന്നു. ഭാഷാപോഷിണിയുടെ ദ്വിതീയസമ്മേളനം തൃശ്ശൂർവെച്ചു നടത്തിയപ്പോൾ കവിതാമത്സരപരിക്ഷയിൽ പ്രഥമസ്ഥാനം അദ്ദേഹത്തിനാണു് ലഭിച്ചതു്. വളരെ കുറച്ചുമാത്രമേ പദ്യഗദ്യങ്ങൾ എഴുതീട്ടുള്ളു. ഒരു ശ്ലോകം ഉദ്ധരിക്കാം. അതു ‘കരതലകമലസ്ഥാം സ്ഫാടികീമക്ഷമാലാം’ എന്ന സരസ്വതീവന്ദനപരമായ ശ്ലോകത്തിന്റെ ഭാഷാനുവാദമാണു്.

“കൈത്താരിൽച്ചേർത്തുമിന്നും സ്ഫടികമണിലസ–
ന്മാലയിൽക്കൈനഖശ്രീ
തത്തുമ്പോൾ മാതളത്തിൻമണിഗണമിതി ചി–
ന്തിച്ചുകൊത്തുന്നതിന്നായ്
എത്തും തത്തക്കിടാവെപ്പലവുരു തടവി–
പ്പിൻവലിപ്പിച്ചിടും നിൻ
പുത്തൻപൂമന്ദഹാസം സരസിജഭവജേ
ഭൂരിഭാഗ്യം തരട്ടേ.”

ചില മാസികകളിൽ അവയുടെ പ്രവർത്തകന്മാരുടെ നിർബ്ബന്ധം കൊണ്ടു പണിക്കർ ചില ഉപന്യാസങ്ങളും ചെറുകഥകളും എഴുതീട്ടുണ്ടു്. വിദ്യാവിനോദിനി, രസികരഞ്ജിനി തുടങ്ങിയ മാസികകളിലാണു് അദ്ദേഹത്തിന്റെ തൂലിക വ്യാപരിച്ചത്. സ്വയംപ്രകാശമുള്ള ചില ജന്തുക്കൾ, പക്ഷികളുടെ ആസ്പത്രി, മൊണാക്കോ, ജപ്പാൻകാരും അവരുടെ ചക്രവർത്തിയും ഇത്യാദിവിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളെക്കുറിച്ചു് പ്രകൃതത്തിൽ ഒന്നും പ്രസ്താവിക്കേണ്ടതില്ല. മേൽവിലാസം മാറി, നീളംകുറഞ്ഞ കത്തു്. ഒരു മുതലനായാട്ട് എന്നിവയാണു് അദ്ദേഹത്തിന്റെ ചില ചെറുകഥകൾ. 1081 വൃശ്ചികത്തിലെ രസികരഞ്ജിനിയിൽ പ്രസിദ്ധീകരിച്ച ഒരു മുതലനായാട്ടിനു ഭാഷയിൽ ശാശ്വതമായ പ്രതിഷ്ഠ ലഭിച്ചിട്ടുണ്ടു്. അതിൽ നിന്നു ചില വാക്യങ്ങൾ പ്രദർശിപ്പിച്ചുകൊള്ളുന്നു. “അപ്പോൾ ആകാശത്തിന്റെ പൂർവ്വദ്വാരം തുറന്നു ഞങ്ങൾക്കഭിമുഖനായി പ്രവേശിച്ച സൂര്യൻ തന്റെ കനകരശ്മി പ്രവാഹത്തിൽ ലോകം മുഴവനും പെട്ടെന്നു് ഒന്നു് കുളിപ്പിച്ചു. മേലേക്കുമേലേ കട്ടകട്ടയായി മുരിങ്ങപിടിച്ചു നില്ക്കുന്ന അഞ്ചോ ആറോ കാലുകളിന്മേൽ കിടക്കുന്ന ആ തോട്ടിന്റെ കിഴക്കേയറ്റത്തു കായ്ച്ചുതുടങ്ങിയതും തുടങ്ങാറായതുമായി മദിച്ചു നില്ക്കുന്ന അനവധി തെങ്ങിൻതൈകളാൽ സാമാന്യം നാലുപുറവും ഇടതൂർന്നു ചുറ്റപ്പെട്ടതും സ്വർണ്ണപ്പച്ചവർണ്ണമായ ഇലകൾ തിങ്ങി വളർന്നുകൂടിയ കണ്ടൽച്ചെടികളാൽ മൂടപ്പെട്ട വെള്ളത്തിൽ അവിടവിടെ വലിയ പച്ചക്കല്ലുകൾ പതിച്ചപോലെ കിടക്കുന്ന ചില തുരുത്തുകളാൽ മദ്ധ്യഭാഗങ്ങൾ അലങ്കരിക്കപ്പെട്ടതുമായ ഒരു തുറന്ന കായലിലേക്കു ഞങ്ങൾ പ്രവേശിച്ചിട്ട് ആ തുരുത്തുകളിലെ കണ്ടൽച്ചെടികളുടെ ഇടകളിൽനിന്നു തപോവിഘ്നംവന്ന അനവധി വൃദ്ധക്കൊക്കുകൾ കൂട്ടംകൂട്ടമായി ‘ക്രോ ക്രോ’ എന്നു ഞങ്ങളെ ശപിച്ചുംകൊണ്ടു മേല്പോട്ടുയന്നു.” ഈ വാക്യം ദൈർഘ്യംകൊണ്ടു വിരൂപമാണെങ്കിലും എല്ലാം ഇതുപോലെയല്ല. നോക്കുക മറ്റു ചില വാക്യങ്ങൾ. “വെള്ളത്തിൽ വാലിട്ടൊരു പിട. ‘ധിമൃതൈ’ എന്നൊരു കുട്ടിക്കരണം. കണ്ടലിന്റെ ഇടയിൽക്കൂടി മറിഞ്ഞു തുരുത്തിന്റെ ഉള്ളിലേക്കു ‘ധീം’ എന്നൊരു ചാട്ടം. ഞങ്ങൾ എല്ലാവരും ആയുധപാണികുളായി തുരുത്തിനുള്ളിൽ പ്രവേശിച്ചു. അവിടെ മുട്ടുവരെ ചേറുള്ള ഒരു സ്ഥലത്തുകൂടെ ഭീമച്ചൻ ഇഴഞ്ഞുപിഴഞ്ഞുകൊണ്ടു് ഒരോട്ടം. പിന്നാലെ കുമിളിച്ചുകൊണ്ടു് ഓടുന്ന സൈന്യങ്ങളിൽ കണ്ടൻകോരൻ ഉളികൊണ്ടൊരേറു്. നീലാണ്ടൻ കുന്തംവച്ചൊരു കുത്തു്. ചംകു കോടാലികൊണ്ടൊരു കൊത്തു്. ഭീമച്ചന്റെ ഊക്കു ശമിച്ചു. ചേറ്റിൽ പതിഞ്ഞു കിടപ്പായി. മുക്കാലും കഴിഞ്ഞു. കാൽപ്രാണൻ ബാക്കി. മുഴുവനാക്കുവാൻ ചെകിട്ടാണിക്കു് എന്റെ ഒരുണ്ട. അസ്തു.”

63.3ചെങ്കളത്തു ചെറിയ കുഞ്ഞിരാമമേനോൻ (1057–1115)
ജനനവും വിദ്യാഭ്യാസവും

കേരളപത്രികയുടെ ജനയിതാവായ ചെങ്കളത്തു വലിയ കുഞ്ഞിരാമമേനോന്റെ ഭാഗിനേയനാണു് ചെറിയ കുഞ്ഞിരാമമേനോൻ. അച്ഛന്റെ വീടു വടക്കേ മലബാറിൽ ചിറയ്ക്കൽ വളർപട്ടണത്തിലായിരുന്നു. അവിടെ പുഴാതി എന്ന ദേശത്തിൽ ഒരു സംസ്കൃതവിദ്വാനും ജ്യോതിശ്ശാസ്ത്രപണ്ഡിതനുമായ കുഞ്ഞികണ്ണൻ ഗുരുക്കൾ നടത്തിവന്ന എഴുത്തുപള്ളിയിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചു. നാലാം ക്ലാസ്സ് പരീക്ഷ പാസ്സായതിനുമേൽ രണ്ടു കൊല്ലം ഗണിതവും കാവ്യങ്ങളും ഗുരുക്കളുടെ അടുക്കൽ നിന്നു പഠിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ കണ്ണൂരിലുള്ള മുനിസിപ്പൽ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ഇംഗ്ലീഷ് വർഷം 1899-ൽ മദിരാശിക്കു പോയി അപ്പർ സെക്കൻഡറി പരീക്ഷ ജയിച്ചു. 1900-ൽ മലബാർ ജന്മം രജിസ്ത്രേഷൻ ആപ്പീസ്സിൽ ഒരു ഗുമസ്ഥനായിച്ചേരുകയും പിന്നീടു നാലു കൊല്ലം കോഴിക്കോട്ടു റവന്യൂ ഡിപ്പാർട്ടുമെന്റിൽ പണി നോക്കുകയും ചെയ്തു. അക്കാലത്തു കോഴിക്കോട്ടു പുത്തനായി ഏർപ്പെടുത്തിയ വാണിജ്യവിദ്യാലയത്തിൽ നിന്നു ചുരുക്കെഴുത്തു്, ടൈപ്പ്റൈറ്റിംഗു്, ബുൿകീപ്പിംഗ്, കമേഴ്സ്യൽ കറസ്പാണ്ഡൻസ് എന്നീ വിഷയങ്ങൾ പഠിച്ചു ജയിച്ചു. സർവ്വേ തുടങ്ങിയ റവന്യൂ ടെസ്റ്റുകളിലും ഉത്തീർണ്ണനായി. അപ്പോഴേയ്ക്കു് ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതുന്നതിനു വേണ്ട വൈദഗ്ദ്ധ്യം സമ്പാദിച്ചുകഴിഞ്ഞിരുന്നു.

പത്രപ്രവർത്തനം

1904-ൽ പുന്നത്തൂർ രാജാവിന്റെ എസ്റ്റേറ്റു സർക്കാറിന്റെ ഭരണത്തിലായിരുന്നു. ആ എസ്റ്റേറ്റു വക വസ്തുക്കൾ പൊളിച്ചെഴുതുന്നതിനു കുഞ്ഞിരാമമേനോൻ ഹെഡ് ഗുമസ്തനായി നിയമിയ്ക്കപ്പെട്ടു. അവിടെവെച്ചു കോഴിക്കോട്ടനിന്നു പ്രചരിച്ചിരുന്ന വെസ്റ്റ് കോസ്റ്റ് സ്പെക്റ്റേറ്റർ (West Coast Spectator) എന്ന പത്രത്തിൽ ഇംഗ്ലീഷ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. മലയാളപത്രങ്ങളിൽ പല വിഷയങ്ങളെക്കുറിച്ചും ഉപന്യാസങ്ങൾ എഴുതിവന്നു. എം. ആർ. കേ. സി. എന്ന തൂലികാനാമമാണു് അദ്ദേഹം സ്വീകരിച്ചതു്. അതു സി. കുഞ്ഞി-രാമ-മേനോൻ എന്ന തന്റെ പേർ ഇംഗ്ലീഷിൽ എഴുതി അതു മറിച്ചിട്ടാൽ കിട്ടുന്ന നാലു പ്രഥമാക്ഷരങ്ങളുടേയും സമാഹാരമാണു്.

കോട്ടയ്ക്കൽവെച്ചു നടത്തിയിരുന്ന ജന്മി, ലക്ഷ്മിവിലാസം എന്നീ മാസികകളിൽ എസ്റ്റേറ്റുഭരണത്തെപ്പറ്റി അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഉപന്യാസങ്ങൾ ‘മലയാളത്തിലെ ജന്മികൾ’ എന്ന പേരിൽ ഒരു പുസ്തകമായി പുറത്തുവന്നു. ഇതാണു ഗ്രന്ഥകാരന്റെ ഒന്നാമത്തെ കൃതി. 1909-ൽ കേരളപത്രികയുടെ നടത്തിപ്പിൽ പല കുഴപ്പങ്ങളും ഉണ്ടായിരുന്നു. ആ ശോച്യാവസ്ഥയിൽനിന്നു് അതിനെ ഉദ്ധരിക്കേണ്ട ഭാരം കാരണവരുടെ ആജ്ഞാനുസാരം തന്നിൽ ചുമത്തുകയാൽ എട്ടുകൊല്ലത്തെ ഗവർമ്മെന്റ് സർവ്വീസിൽ നിന്ന് അവധിവാങ്ങി അതിലേക്കായി കോഴിക്കോട്ടു പോയി. പ്രതീക്ഷിച്ചതുപോലെതന്നെ ആ പത്രം വീണ്ടും ഋണാദിബാധകളിൽനിന്നു വിമുക്തമായി, പത്രമണ്ഡലത്തിൽ പൂർവ്വാധികം ഉയർന്നു. 1911-ൽ ജോർജ്ജ് ചക്രവർത്തിയ്ക്കു ഡൽഹിയിൽവച്ചു നടന്ന പട്ടാഭിഷേകത്തെസ്സംബന്ധിച്ചു് ഒരു പുസ്തകം മലബാർ കലക്ടർ ഇന്നിസ്സിന്റെ അപേക്ഷയനുസരിച്ചു എഴുതി. ഇതാണു ജോർജജുപട്ടാഭിഷേകം. അക്കാലത്താണ് ദേശമങ്ഗലത്തുമനയ്ക്കൽ ആരംഭിച്ച മങ്ഗളോദയം മാസിക നിർവ്വിഘ്നമായി നടത്തിക്കൊണ്ടുപോകുന്നതിനു് 1080-ലെ കൊച്ചി കമ്പനി റഗുലേഷൻ പ്രകാരം മങ്ഗളോദയം കമ്പനി ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചതു്. ആ കമ്പനിയുടെ മാനേജരായി പണി നോക്കണമെന്നു് അപ്പൻതമ്പുരാനും മറ്റും ആവശ്യപ്പെടുകയാൽ കുഞ്ഞിരാമമേനോൻ തൃശ്ശൂരിൽ താമസമുറപ്പിച്ചു. അതോടുകൂടി സർക്കാർജോലി രാജിവച്ചു “വളരെ ഉപകാരപ്രദങ്ങളും, ദുർല്ലഭങ്ങളും, ഇതുവരെ അച്ചടിപ്പിക്കാത്തവയുമായ വിവിധവിഷയങ്ങളിലുള്ള സംസ്കൃതപുസ്തകങ്ങളും മലയാളപുസ്തകങ്ങളും പരിഷ്കൃതരീതിയിൽ അച്ചടിച്ചുപ്രസിദ്ധംചെയ്യുന്നതിനും” കമ്പനിവക കേരളകല്പദ്രുമം അച്ചുക്കൂടത്തെ പരിഷ്കരിച്ചു നന്നാക്കുന്നതിനും മറ്റുമാണു് കമ്പനി സ്ഥാപിച്ചതു്. “മലയാളഭാഷാധ്യയനത്തിൽ ഉത്സാഹം ഉണ്ടാക്കിത്തീർക്കുക, മലയാളഭാഷാസാഹിത്യത്തിന്റെ എല്ലാ ശാഖകളേയും പരിഷ്കരിക്കുകയും പോഷിപ്പിക്കുകയും ചെയ്ക” എന്നിവയായിരുന്നു സാഹിത്യസമാജത്തിന്റെ ഉദ്ദേശങ്ങൾ. പ്രസ്തുത സമാജത്തിന്റെയും ജീവനാഡി അപ്പൻതമ്പുരാൻ കഴിഞ്ഞാൽ കുഞ്ഞിരാമമേനോൻതന്നെയായിരുന്നു. അങ്ങനെ മങ്ഗളോദയം കമ്പനിയുമായുള്ള ബന്ധം 1912 മുതൽ 1930 വരെ തുടച്ചയായി പതിനെട്ടുകൊല്ലക്കാലം പുലർത്തി. തൃശ്ശൂർ താമസിയ്ക്കുമ്പോൾ 1913-ാമാണ്ടിടയ്ക്കു തൃശ്ശൂർ ചെമ്പുക്കാവിൽ രായിരത്തു വീട്ടിൽ അമ്മുക്കുട്ടിയമ്മയെ വിവാഹംചെയ്തു. 1920-ാമാണ്ടിടയ്ക്ക് അദ്ദേഹത്തിനു് ഒരു വലിയ ആപത്തു സംഭവിച്ചു. അന്നു പണിയിപ്പിച്ചുകൊണ്ടിരുന്ന മങ്ഗളോദയംകമ്പനിവക കെട്ടിടം ഇടിഞ്ഞുവീഴുകയും ആ അത്യാഹിതത്തിൽപ്പെട്ട കുഞ്ഞിരാമമേനോന്റെ ഒരു കാൽ ഒടിയുകയും ചെയ്തു. ആ കാൽ മുറിച്ചുകളയേണ്ടതായിവന്നുവെങ്കിലും തലയ്ക്കും വലത്തുകൈയ്ക്കും ഹാനി പറ്റാത്തതിൽ ആ മനസ്വി സമാധാനപ്പെടുകയാണു് ചെയ്തതു്. അവയായിരുന്നുവല്ലോ ജീവികയ്ക്കുള്ള ഉപകരണങ്ങൾ. 1933-ൽ ഭാരതി എന്നൊരു മാസിക അദ്ദേഹം തൃശ്ശൂരിൽനിന്നു പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അതിനെ 1934 മെയ് 20-ാം൹ കുടുംബപത്രിക എന്ന പേരിൽ പരിഷ്കരിച്ചു് ഒരു വാരികയാക്കി പ്രസിദ്ധീകരിച്ചുതുടങ്ങി. ഇംഗ്ലണ്ടിൽ ഹോംമാഗസീന്റെയും മറ്റും നിലയിൽ അതു വളർത്തിക്കൊണ്ടുവരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്വല്പകാലം കഴിഞ്ഞതിനുശേഷം സാമ്പത്തികമായ വൈഷമ്യംകൊണ്ടു് അതു മുടക്കേണ്ടിവന്നു. പിന്നീടു തൃശ്ശരിൽനിന്നു പുറപ്പെട്ട കേരളൻ എന്ന ദിനപത്രത്തിന്റെ അധിപനായി. ഒരു ദിനപത്രം നടത്തിക്കൊണ്ടുപോകുന്നതിനുള്ള ആരോഗ്യമില്ലാതിരുന്നതിനാൽ അതിൽനിന്നു വിരമിച്ചു. അനന്തരം കൊച്ചി സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സഹകരണപ്രബോധിനി എന്ന മാസികയുടെ ആധിപത്യം കയ്യേറ്റു. ആ ഭാരവും കുറേ കഴിഞ്ഞപ്പോൾ ദുർവ്വഹമായിത്തോന്നി. എങ്കിലും മരിയ്ക്കുന്നതിനു തലേ ദിവസംകൂടി സഹകരണപ്രബോധിനിയ്ക്കുള്ള മുഖപ്രസംഗം പറഞ്ഞുകൊടുത്തു് എഴുതിച്ചു. 1115-ാമാണ്ടു ചിങ്ങമാസം 4-ാം൹ ആ സതതോത്ഥായിയായ ഭാഷാഭിമാനി യശശ്ശരീരനായി.

കൃതികൾ

കുഞ്ഞിരാമമേനോന്റെ പ്രധാന കൃതികൾ, (1) മലയാളത്തിലെ ജന്മികൾ, (2) ജോർജ്ജ് പട്ടാഭിഷേകം, (3) സർരാമവർമ്മ (വാഴ്ചയൊഴിഞ്ഞ കൊച്ചി മഹാരാജാവു്), (4) കമ്പരാമായണം, (5) രഘുവംശചരിത്രം, (6) ഭാർഗ്ഗവരാമൻ, (7) വെള്ളുവക്കമ്മാരൻ, (8) ചെറുകഥകൾ ഒന്നും രണ്ടും ഭാഗങ്ങൾ ഇവയാകുന്നു. രഘുവംശത്തിലെ ആദ്യത്തെ ആറു സർഗ്ഗങ്ങളുടെ ഭാഷാഗദ്യവിവർത്തനമാണു് രഘുവംശചരിത്രം. വെള്ളുവക്കമ്മാരൻ ഒരു ചരിത്രകഥയാണു്. റിട്ടയാർഡു് സബ്രജിസ്ത്രാർ കൂത്തുപറമ്പു് എം. ഒതേനമേനോൻ ആദ്യം ഇംഗ്ലീഷിൽ എഴുതിയ ഒരു കഥയുടെ ഒരു സ്വതന്ത്രമായ തർജ്ജമയാണു് കുഞ്ഞിരാമമേനോന്റേതു്. വെള്ളുവത്തറവാട്ടുകാരുടെ പുരാതനഗൃഹം എടയ്ക്കാട്ടിനടുത്ത ഇളന്തേരിയായിരുന്നു. അവിടെനിന്നു ചാലാട്ടും (കണ്ണൂരിനടുത്തു്) കല്യാട്ടും ഓരോ തായ്വഴി പിരിഞ്ഞുപോയി. കഥയിൽ പറയുന്ന രൈരു യജമാനൻ ചാലാട്ടുതായ് വഴിയിലാണു് പാർത്തിരുന്നതെന്നും കമ്മാരൻ (കമ്മു) ജനിച്ചതു ചാലാട്ടുവെച്ചാണെന്നും ഐതിഹ്യമുണ്ടു്. മഹമ്മദുമതത്തിൽ വിശ്വസിച്ചു കമ്മു ഷെയിൿ ആയാസ്ഖാനായി പിന്നീടു ഹൈദരെ സഹായിച്ചു പല സ്ഥാനമാനങ്ങളും നേടി. ഒടുവിൽ ഇളന്തേരിയിലെ ക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്യുകയും ഭൂസ്വത്തുക്കൾ വെളളൂർ നമ്പൂരിപ്പാടിലേക്കു ദാനം ചെയ്യുകയും ചെയ്തു. കമ്മു ബദനൂർ കോട്ട ബ്രിട്ടീഷുകാരെ ഏല്പിച്ചു തലശ്ശേരിയിൽനിന്നു നീങ്ങി അമീനാബീഗത്തോടുകൂടി (മാധവി) മാലിഖാൻകുന്നിൽ താമസിച്ചു. 959 കന്നിമാസത്തിൽ കോലത്തിരി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടു്. വെള്ളുവക്കമ്മാരൻതന്നെയാണു് കുഞ്ഞിരാമമേനോന്റെ കൃതികളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു്. അതിനെ ആസ്പദമാക്കിയാണു് അപ്പൻതമ്പുരാൻ മുന്നാട്ടുവീരൻ എന്ന നാടകം രചിച്ചിട്ടുള്ളതെന്നു് മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം പല ചെറുകഥകൾ മങ്ഗളോദയത്തിലും മറ്റും എഴുതീട്ടുണ്ടു്. അവയിൽ ചില കഥകൾ മാത്രമേ ഒന്നും രണ്ടും ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളു. ചരിത്രസംബന്ധമായുള്ള കഥകളാണു് ഒന്നാംഭാഗത്തിൽ അടങ്ങീട്ടുള്ളതു്. രണ്ടാം ഭാഗത്തിൽ അപൂർവ്വം ചില സാമുദായികകഥകൾ ചേർത്തിരിക്കുന്നു. ചരിത്രകഥകളാണു് അദ്ദേഹം അധികം എഴുതീട്ടുള്ളതു്. അവയിലാണു് അദ്ദേഹത്തിന്റെ സാമർത്ഥ്യവും അധികമായി പ്രകാശിക്കുന്നതു്. കുഞ്ഞിരാമമേനോന്റെ പ്രതിപാദ്യങ്ങൾ നിത്യാനുഭവങ്ങളിൽനിന്നു വളരെ അകന്നിരിക്കുന്നുവെങ്കിലും അവയുടെ പ്രതിപാദനം രമണീയമായിട്ടുണ്ടു്. ഇത്തരത്തിലുള്ളവയുടെ പ്രണയനം കൊണ്ടാണു് കുഞ്ഞിരാമമേനോനെ ചെറുകഥാകാരനെന്നു് പറയുന്നതു്. ചില ഉദാഹരണങ്ങൾ വെള്ളുവക്കമ്മാരനിൽനിന്നും ചെറുകഥകളിൽ നിന്നും പ്രദർശിപ്പിക്കാം.

“അക്കാലത്തൊക്കെ നീതിന്യായം നടത്തുക എന്നതു വളരെ എളുപ്പമായ പണിയാണു്. ശിക്ഷയൊക്കെ ഏറ്റവും നിർദ്ദയമായിട്ടാണു് നടത്തിയിരുന്നതു്. നീതിന്യായക്കോടതികളിൽ ഇപ്പോൾ കാണുന്ന കെട്ടിമറിഞ്ഞ നടവടികളോ, വളരെ ബുദ്ധിമുട്ടി വ്യാഖ്യാനിക്കേണ്ട നിയമങ്ങളോ മറ്റോ അന്നുണ്ടായിരുന്നില്ല. കൊലക്കുറ്റത്തിന്നും പുരയ്ക്കു തീകൊടുത്തു എന്ന അപരാധത്തിനും കഴുവിന്മേൽ കയറ്റി തൂക്കിക്കൊല്ലുകയും സ്വത്തുക്കൾ പിടിച്ചടക്കുകയും ആയിരുന്നു അന്നത്തെ ശിക്ഷ. ചതിയും കളവും ചെയ്തവന്നു് അടിയും മുഖത്തു കരിതേച്ചു കഴുതപ്പുറത്തു വാലുനോക്കിയിരുന്നു വാദ്യഘോഷത്തോടെ രാജവീഥികളിൽകൂടിയുള്ള സഞ്ചാരവുമായിരുന്ന ശിക്ഷ… അക്കാലത്തു നികുതി എന്ന പേരിൽ ഒന്നും ഭൂമിയുടമസ്ഥന്മാർ കൊടുക്കേണ്ടതുണ്ടായിരുന്നില്ല. എന്നാൽ വിളവിൽ ഒരു ഭാഗം പാട്ടമെന്ന നിലയിൽ സാധനമായോ വിലത്തരമായോ ഏവരും കൊടുക്കണമെന്നുണ്ടായിരുന്നു. ഈ രാജഭോഗം അതാതു കാലത്തു കൊടുക്കാത്തവരെ വലിയ കരിങ്കല്ലു തലയിൽ കയറ്റി വെയിലത്തു നിറുത്തി ശിക്ഷിക്കുമെന്ന ഭയത്താൽ പാട്ടം ആരും ബാക്കിവയ്ക്കാറുണ്ടായിരുന്നില്ല.”

(വെള്ളുവക്കമ്മാരൻ)

“കുട്ടപ്പണിക്കർ തിരുവയൽദേശത്തു താമസമാക്കീട്ടു കുറച്ചുമാസമായി. ചെമ്പുക്കാവു കളപ്പുരയും കൃഷിയും തിരുത്തിക്കാട്ടു നായരുടെ സഹായം കൊണ്ടാണു് എളുപ്പത്തിൽ ഇദ്ദേഹം വാങ്ങീട്ടുള്ളതു്. ഒരു സ്ഥാനിയും ജന്മിയുമായ നായരുടെ സ്നേഹിതന്റെ നിലയിൽ പെരുമാറുമ്പോൾ തിരുവയൽ ദേശത്തുള്ള ഭേദപ്പെട്ട വീടുകളിൽ പ്രവേശം കിട്ടിയതിലും നേതാക്കന്മാരുടെ ഇടയിൽ ഒരു സ്ഥാനം കിട്ടിയതിലും ആശ്ചര്യമില്ല. സിങ്കപ്പൂരിൽ അഡ്വൊക്കേറ്റുജനറാളായ ബാരിസ്റ്റർനമ്പ്യാരുടെ ശിപാർശിക്കത്തും പണിക്കർ കൊണ്ടുവന്നിട്ടുണ്ടു്. തറവാട്ടുകാരേയും ബന്ധുക്കളേയും മറ്റും തിരക്കിച്ചോദിച്ചറിയേണ്ടതായ ആവശ്യം പിന്നെ ആർക്കാണു്?” (438-ാംനമ്പ്ര് ഏകാന്തം—ഒരു ചെറുകഥ)

63.4വിനോദസാഹിത്യപ്രസ്ഥാനം
ഫലിതം

ദുഃഖഭൂയിഷ്ടമായ ജീവിതത്തിൽ മനുഷ്യനു ചിരിയ്ക്കുവാൻ ഏതെങ്കിലും മാർഗ്ഗം ലഭിയ്ക്കുന്നതു് ഒരു വലിയ ലാഭമാകുന്നു. അതു് ആനന്ദത്തിനും ആയുരാരോഗ്യങ്ങൾക്കും ഉപകരിയ്ക്കും. വാചികവും ആംഗികവുമായ രണ്ടുവിധം വിനോദമുണ്ടെങ്കിലും വാചികമായ വിനോദം മാത്രമേ നമ്മുടെ ശ്രദ്ധയ്ക്കുപ്രകൃതത്തിൽ വിഷയീഭവിക്കുന്നുള്ളു. ശബ്ദനിഷ്ഠമായോ അർത്ഥനിഷ്ഠമായോ ഭാവനിഷ്ഠമായോ ഭാവുകന്മാർക്കു് അനുവാചകന്മാരെ ചിരിപ്പിയ്ക്കുവാൻ സാധിയ്ക്കും. ഇവയിൽ ഭാവനിഷ്ഠമായ നർമ്മോക്തിയാണു് ഉത്തമം. എല്ലാവിധത്തിലുള്ള വിനോദോക്തികളെയും ഉൾക്കൊള്ളുന്ന ഒരു സംജ്ഞ ഭാഗ്യവശാൽ കേരളീയർക്കുണ്ടു്. അതിനെയാണു് ഫലിതം എന്നു പറയുന്നതു്. അതു് ആരു സൃഷ്ടിച്ചാലും അദ്ദേഹം ഒരു തികഞ്ഞ വൈഹാസികനായിരുന്നിരിയ്ക്കണം. ഹാസ്യവിഡംബനത്തെ (parody) കുറിച്ചു് ഇവിടെ ഒന്നും പ്രസ്താവിക്കുന്നില്ല. ഹൃദയത്തിനു വിശാലത, ബുദ്ധിയ്ക്കു സംസ്കാരം, ലോകത്തിലെ അസംഗതങ്ങളും ഹാസോൽപാദകങ്ങളുമായ സംഭവങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ശക്തി, അവയെ പ്രകാശിപ്പിയ്ക്കുന്നതിനു സ്വതസ്സിദ്ധമായി വേണ്ട പാടവം ഇങ്ങനെ പല സിദ്ധികൾ ഉണ്ടെങ്കിലേ ഒരു ഗ്രന്ഥകാരനു ഫലിതസാഹിത്യ നിർമ്മാതാവായിത്തീരാൻ സാധിയ്ക്കുകയുള്ള. പിന്നെയും ഒരു കാര്യം പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. അത്തരത്തിലുള്ള സാഹിത്യകാരന്റെ മനസ്സു നിർമ്മലമായിരിയ്ക്കണം. സന്മാർഗ്ഗോപദേശമായിരിയ്ക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം; വ്യംഗ്യമായിരിയ്ക്കണംആ ഉപദേശം. വ്യക്തിവിദ്വേഷത്തിന്റേയോ സമുദായസ്പർദ്ധയുടേയോ നിഴലാട്ടം അവിടെയെങ്ങും കടന്നുകൂടരുതു്. കോപം അസൂയ മുതലായ ദുർഗ്ഗുണങ്ങൾക്കും അവിടെ സ്ഥാനമേയില്ല. അതു് ആ സാഹിത്യകാരനെ പൊതുജനങ്ങളുടെ മുമ്പിൽ ഒരപരാധിയായി നിർത്തും. ഇംഗ്ലണ്ടിൽ ഡൺസിയഡ് (Dunciad)എഴുതിയ പോപ്പും (Pope) ഇംഗ്ലീഷ് ബാർഡ്സ് ആൻഡ് സ്കോച്ച് റിവ്യുവേഴ്സ് (English Bards and Scotch Reviewers) എഴുതിയ ബൈറനും (Byron), അവർ അന്യഥാ എത്ര തന്നെ ഉൽക്കൃഷ്ടന്മാരായ കവികളായിരുന്നുവെങ്കിലും, പ്രസ്തൂതഗ്രന്ഥങ്ങളിലെ വ്യക്തിവിദ്വേഷപ്രകടനം അവരുടെ കലാസൗഭഗത്തിനു് ഒരു തീരാക്കളങ്കമായി നിലകൊള്ളുന്നു.

കേരളത്തിലെ ഫലിതസാഹിത്യം

കേരളഭാഷ ഉടലെടുത്തതു മുതൽ അതിലെ സാഹിത്യത്തിൽ ഫലിതവുമുണ്ടു്. നമ്പൂരിമാർക്കു് പ്രസ്തുതവിഷയത്തിൽ ജന്മസിദ്ധമായുള്ള പാരമ്പര്യം അവിസ്മരണീയമാണു്. തോലൻ, പുനം (കൃഷ്ണഗാഥാകാരൻ) ഇവർ അതാതു കാലത്തെ ഫലിതസാമ്രാട്ടുകളായിരുന്നു. അവരെയെല്ലാം ജയിച്ച മഹാകവിമൂർദ്ധന്യനാണു് കുഞ്ചൻ നമ്പിയാർ. സമുദായങ്ങളുടെ ഉൽക്കർഷത്തിനുവേണ്ടി അദ്ദേഹം വ്യക്തികളെ പരിഹസിക്കുന്നു. അദ്ദേഹത്തിന്റെ ദുര്യോധനനും ശകുനിയും രാവണനും മറ്റും തനി മലയാളികളാണു്. അങ്ങിങ്ങു് അല്പം അശ്ലീലതയില്ലെങ്കിൽ നമ്പിയാരുടെ തുള്ളൽ മുഴുവൻ തനിത്തങ്കമായിരിക്കും. വെണ്മണിമഹന്റെ ഫലിതത്തിനും സംസ്കാരം കുറയും. ശീവൊള്ളിക്കും സഹൃദയന്റെ നിഷ്കൃഷ്ടമായ പരിശോധനയിൽ ചില കുറ്റങ്ങളും കുറവുകളമുണ്ടു്. ചന്തുമേനോൻ അദ്വിതീയനായ ഒരു ഫലിതക്കാരനായിരുന്നു. ഇന്ദുലേഖയിൽ സൂരിനമ്പൂരിപ്പാടും, അദ്ദേഹത്തിന്റെ വ്യവഹാരകാര്യസ്ഥനായിരുന്ന താശ്ശൻമേനോനും തമ്മിലുള്ള സംഭാഷണവും മറ്റും നോക്കുക.

63.5വേങ്ങയിൽ കുഞ്ഞിരാമൻനായനാർ (1036–1090)
കുടുംബം

വേങ്ങയിൽത്തറവാടു മൂന്നു നൂറ്റാണ്ടുകൾക്കുമേലായി സ്ഥാനമാനങ്ങളോടും ധനപുഷ്ടിയോടും വടക്കേ മലയാളത്തിൽ ജീവിച്ചുപോന്ന ഒരു നായർ പ്രഭുകുടുംബമായിരുന്നു. അതിന്റെ മൂലഗൃഹം തെക്കൻ കർണ്ണാടകത്തിലെ കോടത്തുവേങ്ങയെന്ന തറവാടാണു്. കോടത്തുവേങ്ങയിലെ ഒരു സ്ത്രീയെ താഴയ്ക്കാട്ടു മനയ്ക്കലെ ഒരു ശാഖക്കാരായ രയരമങ്ഗലത്തെ ഒരു തിരുമുമ്പു വിവാഹം ചെയ്തു കുറ്റൂരിനു സമീപമുള്ള മാതമങ്ഗലത്തു പ്രതിഷ്ഠിച്ചു. ആ തായ്വഴിയാണു് കുറ്റുരുവേങ്ങ. ആ തറവാടിനെ വേങ്ങയിൽ എന്നുമാത്രം വിളിച്ചുവരുന്നു. വടക്കേ മലയാളത്തിലെ നായർ കുടുംബങ്ങളിൽ അതിനുതന്നെയാണു് അഗ്രഗണ്യത. മാടായിക്കാവിൽ ഭഗവതി ആ കടുംബത്തിന്റെ ഇഷ്ടദേവതയാകുന്നു.

ജനനവും വിദ്യാഭ്യാസവും

നായനാർ 1036-ാമാണ്ടിടയ്ക്കു (ക്രിസ്തുവർഷം 1861-ൽ) ജനിച്ചു. പിതാവു പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളിയമ്പടപ്പു ഹരിദാസൻ സോമയാജിപ്പാടവർകളും, മാതാവു കഞ്ഞാക്കം അമ്മയുമായിരുന്നു. പിതാവു് 1067-ൽ 77-ാമത്തെ വയസ്സിൽ മരിച്ചു. അമ്മയും എഴുപത്തേഴുവയസ്സു ജീവിച്ചിരുന്നു്, 1071-ാമാണ്ടു ചിങ്ങമാസത്തിൽ പരലോകപ്രാപ്തയായി, അവരുടെ കനിഷ്ഠപുത്രനാണു് നായനാർ. അദ്ദേഹത്തിനു സംസ്കൃതത്തിൽ പറയത്തക്ക വ്യുൽപത്തി ഉണ്ടായിരുന്നില്ല. തളിപ്പറമ്പിൽ ഇംഗ്ലീഷ്സ്ക്കൂളിൽച്ചേർന്നു് ആ ഭാഷയിലെ പ്രഥമപാഠങ്ങൾ പഠിച്ചു. പിന്നീടു കോഴിക്കോടു ഗവർമ്മെന്റ് കോളേജിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടർന്നു. അതാണു് കേരള വിദ്യാശാലയെന്നും സാമൂതിരിക്കോളേജെന്നുമുള്ള പേരുകളിൽ പിന്നീടു് അനുക്രമമായി വികസിച്ചതു് എന്നു് ഈ പുസ്തകത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. എഫ്. ഏ. പരീക്ഷയ്ക്കു തോറ്റുപോവുകയാൽ മദിരാശി പ്രസിഡൻസി കോളേജിലെ ഒരു വിദ്യാർത്ഥിയായി. അവിടെവെച്ചു ലോഗൻസായിപ്പിന്റെ ഉപദേശമനുസരിച്ചു സൈദാപ്പേട്ട കാർഷികവിദ്യാശാലയിൽ ചേർന്നു പഠിത്തം പൂർത്തിയാക്കി. നായനാരെപ്പോലെയുള്ള ഒരു ഉത്തിഷ്ഠമാനനായ ജന്മി ശാസ്ത്രീയരീതിയിൽ കൃഷി അഭ്യസിച്ചാൽ അതുകൊണ്ടു മലബാറിനു വരാവുന്ന അഭ്യുദയത്തെപ്പറ്റി മലബാർ ജില്ലയുടെ ക്ഷേമകാംക്ഷിയായിരുന്ന അദ്ദേഹം വിഭാവനം ചെയ്തതിന്റെ ഫലമാണു് ആ ഉപദേശം.

അനന്തരജീവിതം

ഒരു സംസ്കൃതപണ്ഡിതനും ബ്രഹ്മവിദ്യാവിശാരദനും ഒന്നാം ക്ലാസ്സ് മുൻസിപ്പുമായിരുന്ന അറയ്ക്കൽകണ്ടോത്തു കണ്ണൻ നമ്പിയാരുടെ മരുമകൾ എം. സി. കല്യാണിയമ്മയെയാണു് നായനാർ വിവാഹം ചെയ്തതു്. 1892-ൽ മലബാർ ഡിസ്ത്രിക്ട് ബോർഡിലെ ഒരങ്ഗമായി. കുടുംബത്തിൽ മൂപ്പുകിട്ടിയതു് 1904-ലായിരുന്നു. 1907-ൽ വീണ്ടും ഡിസ്ത്രിക്ട് ബോർഡങ്ഗമായി. ജോർജ്ജു ചക്രവർത്തിയുടെ പട്ടാഭിഷേകോത്സവത്തിനു് ബ്രിട്ടീഷ് ഗവർമ്മെന്റ് അദ്ദേഹത്തിനു് ഒരു കീർത്തിമുദ്ര സമ്മാനിച്ചു. 1912-ൽ മദിരാശി നിയമസഭയിൽ മലബാർ, ദക്ഷിണകർണ്ണാടകം ഈ ജില്ലകളിലെ ജന്മിപ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1090-ാമാണ്ടു് (1914 നവമ്പർ 14-ാം൹) ആ സദസ്സിൽ പ്രസങ്ഗിച്ചുകഴിഞ്ഞതിനുശേഷം അവിടെവച്ചുതന്നെ ഹൃദയസ്തംഭനംമൂലം നിര്യാതനായി. അഭികാമ്യമായ ഒരു മരണം തന്നെയായിരുന്നു അതു്. തന്റെ എല്ലാ ശക്തികളും സിദ്ധികളം മലബാറിലെ എല്ലാ സമുദായങ്ങളുടേയും ഉന്നമനത്തിനു ഉപയുക്തങ്ങളാക്കി. കൃഷി, വ്യവസായം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധോപദേശം നല്കുന്നതിനുവേണ്ട ശാസ്ത്രീയവും പ്രായോഗികവുമായ വിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

പത്രപ്രവർത്തനം

‘കേസരി’ എന്ന തൂലികാനാമധേയമാണു് നായനാർ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ പ്രായേണ സ്വീകരിച്ചിരുന്നതു്. ആ പേരില്ലാതേയും അദ്ദേഹം പല ലേഖനങ്ങൾ എഴുതീട്ടുണ്ടു്. 1067 മുതൽ വിദ്യാവിനോദിനിയുടെ സഹപത്രാധിപരായിരുന്ന കാലത്തു പേരുവയ്ക്കാതെയാണു് എല്ലാ ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചുവന്നതു്. എങ്കിലും കേരളീയരുടെ കേസരി നായനാർതന്നെയാണു്; മറ്റാരുമല്ല. 1879-ൽ തിരുവനന്തപുരത്തുനിന്നു പ്രചരിച്ചുകൊണ്ടിരുന്ന കേരളചന്ദ്രിക എന്ന പത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഥമലേഖനത്തിന്റെ പ്രകാശനം. അന്നു് അദ്ദേഹത്തിനു പതിനെട്ടു വയസ്സേ പ്രായമായിരുന്നുള്ളു. സി. കുഞ്ഞിരാമമേനോനും, റ്റി. എം. അപ്പുനെടുങ്ങാടിയും കൂടി കോഴിക്കോട്ടു സ്ഥാപിച്ച കേരളപത്രികയിലെ ഒരു പ്രധാനലേഖകനായിരുന്നു കേസരി. ആ ലേഖനങ്ങളെ ആസ്പദമാക്കിയും ഗവർമ്മെണ്ടിൽനിന്നും ചില അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കുകയുണ്ടായി. മുൻകാലത്തെ നായർകുടുംബങ്ങളിലെ കാരണവന്മാരെ അവഹേളനംചെയ്തു് അദ്ദേഹം പത്രികയിൽ ദേശാഭിമാനി എന്ന വ്യാജനാമത്തിൽ ഒരു സരസമായ ലേഖനം എഴുതുകയുണ്ടായി. സ്വകുടുംബത്തെത്തന്നെയാണു് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നതു്. അവ എല്ലാം പൊയ്പോയതു ഭാഷയ്ക്ക് ഒരു തീരാത്ത നഷ്ടമാകുന്നു. അക്കാലത്തു പൂവാടൻ രാമൻ എന്നൊരു വക്കീൽ കോഴിക്കോട്ടുണ്ടായിരുന്നു. അദ്ദേഹം മലബാർ സ്പെക്റ്റേറ്റർ (Malabar Spectator)എന്നൊരു ഇംഗ്ലീഷ് പത്രം അവിടെനിന്നു പ്രസിദ്ധീകരിച്ചു തുടങ്ങി. നായനാരുമായി ആലോചിച്ചു് അദ്ദേഹത്തിന്റെ ആധിപത്യത്തിൽ കേരളസഞ്ചാരി എന്നൊരു ഭാഷാപത്രവും തുടങ്ങി. സഞ്ചാരിയും അദ്ദേഹവും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി മൂർക്കോർത്തുകുമാരൻ ഇങ്ങനെ പറയുന്നു: “അന്നത്തെ ഉദ്യോഗസ്ഥരങ്ഗത്തിന്റെ മദ്ധ്യത്തിൽ കടന്നുചാടി, ചിലരെ സംഹരിച്ചു; ചിലരെ ഓടിച്ചു; ചിലരെ അനുഗ്രഹിച്ചു; ചിലരെ നല്ലവരാക്കിപ്പരിണമിപ്പിച്ചു. രങ്ഗം കുലുക്കി ചവിട്ടിക്കലാശംവച്ചു പൊടിപാറ്റി.” 1898-ൽ മൂർക്കോത്തു കുമാരൻസഞ്ചാരിയുടെ ആധിപത്യം കയ്യേറ്റപ്പോൾ കേസരി, വജ്രബാഹു, വജ്രസൂചി, ദേശാഭിമാനി എന്നിങ്ങനെ പല പേരുകളിൽ ലേഖനങ്ങൾ എഴുതി. കോട്ടയം മനോരമയിലും കോഴിക്കോടൻ മനോരമയിലുംകൂടി അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലിക കാര്യക്ഷമമായി വ്യാപരിക്കുകയുണ്ടായി. വിദ്യാവിനോദിനിയുടെ സഹപത്രാധിപത്യത്തെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടണ്ടല്ലോ. സി. പി. അച്യുതമേനോൻ തന്റെ ഫലിതധോരണിയ്ക്കു കുറേയെല്ലാം നായനാരോടു കടപ്പെട്ടിട്ടുള്ളതായി അനുമാനിയ്ക്കാം. കുമാരൻ തലശ്ശേരിയിൽനിന്നു പുറപ്പെട്ട മിതവാദിയുടെ പ്രസാധകനായപ്പോൾ അതിലും ധാരാളമായി ലേഖനങ്ങൾ എഴുതി. ഈവക ലേഖനങ്ങളും നശിച്ചുപോയിരിക്കുന്നു. 1086-ാമാണ്ടു തുലാമാസം 30-ാം൹ തൃശ്ശൂരിലെ സി. സി. ഡേവിഡ്ഡു് എന്ന ഭാഷാഭിമാനി കേസരി എന്ന ശീർഷകത്തിൽ അദ്ദേഹത്തിന്റെ ഇരുപത്തഞ്ചു് ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തി. കേസരിയെ നാം ഇന്നറിയുന്നതു് ഈ ഉപന്യാസങ്ങൾവഴിക്കു മാത്രമാണു്. അവയിൽത്തന്നെ മഹാകവികളുടെ കാലം, നാടകം, മഹാകാവ്യം, ഒവെദ്യം എന്നീ ഗവേഷണപരങ്ങളായ ഉപന്യാസങ്ങൾ ചമൽക്കാരശൂന്യങ്ങളാകുന്നു. അവയെ പ്രസ്തുത പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ല. നായനാർക്കു് ആ വഴിയ്ക്കു എഴുതുന്നതിനുവേണ്ട പാണ്ഡിത്യം കുറവായിരുന്നു. മറ്റുള്ള ഉപന്യാസങ്ങളിലാണു് അദ്ദേഹത്തിന്റെ ശക്തി അതിന്റെ സമഗ്രരൂപത്തിൽ കാണാവുന്നതു്. നാട്ടെഴുത്തശ്ശന്മാർ, മരിച്ചാലത്തെ സുഖം ഇവപോലെ അത്രമാത്രം ഹാസ്യരസപ്രധാനങ്ങളായി ഭാഷയിൽ വേറേ ഉപന്യാസങ്ങൾ ഉണ്ടായിട്ടില്ല. ദ്വാരക, പരമാർത്ഥം, മദിരാശിപ്പിത്തലാട്ടം, ഒരു പൊട്ടബ്ഭാഗ്യം എന്നീ ചെറുകഥകളുടെ സ്വാരസ്യവും അന്യാദൃശമാണു്. കൃഷിയെക്കുറിച്ചും ചില നല്ല ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്.

നായനാരുടെ ശൈലി

വളരെ ലളിതവും കോമളവുമായിരുന്നു നായനാരുടെ ശൈലി. എന്നാൽ ആ വാഗ്വജ്രത്തിന്റെ ശക്തി അനുവാചകന്മാരുടെ ഹൃദയങ്ങളിൽ തുളച്ചുകേറി മറുപുറം പായുന്നതായിരുന്നു. ആരെയും വാച്യമായി ആക്ഷേപിക്കുവാൻ നായനാർ സന്നദ്ധത പ്രദർശിപ്പിച്ചില്ല. ചന്തുമേനോന്റെ ഫലിതം വിവൃതമാണു്. നായനാരെയാണു് പല അവസരങ്ങളിലും നമുക്കു കൂടുതലായി അഭിനന്ദിക്കുവാൻ തോന്നുന്നതു്. അമേരിക്കയിൽ മാർൿട്വെയിൻ (1830–1910) എന്ന പേനപ്പേരിൽ അറിയപ്പെടുന്ന ഒരു സുപ്രസിദ്ധഫലിതസാഹിത്യകാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ യഥാത്ഥനാമധേയം സാമുവൽ ലാങ്ങ് ഹോറൺ ക്ലെമെൻസ് (Samuel Long Horne Clemens) എന്നാണു്. മലയാളത്തിലെ മാർൿട്വെയിനാണു് നായനാർ എന്നു ചില സഹൃദയന്മാർ വർണ്ണിക്കുന്നതു പരമാർത്ഥമല്ലെന്നു പറയാവുന്നതല്ല.

ചില ഉദാഹരണങ്ങൾ

ഫലിതമല്ലാതെ പൊട്ടിക്കാത്ത ഒരു ഗദ്യകവിയുടെ ഏതു വാക്യങ്ങളാണു് ഉദ്ധരിക്കേണ്ടതു്? എങ്കിലും സാഹിത്യചരിത്രകാരന്റെ ധർമ്മം അനുഷ്ഠിക്കാതെ നിർവ്വാഹമില്ലാത്തതുകൊണ്ടു ചിലതെല്ലാം പ്രദർശിപ്പിക്കാം.

ഗുണദോഷനിരൂപണം

“പക്ഷേ ഗുണദോഷനിരൂപണം ചെയ്വാൻ തക്ക സാമർത്ഥ്യമുള്ളവർ നല്ലതേതാണു് ചീത്തയേതാണു് എന്നു ജനങ്ങൾക്കു പറഞ്ഞുകൊടുക്കണം. അല്ലാതെ ‘അദ്ദേഹമുണ്ടാക്കിയ നോവലും വിശേഷം; ഇദ്ദേഹമുണ്ടാക്കിയതും നന്നായിരിക്കുന്നു. അല്പം ചില ദൂഷ്യങ്ങൾഉണ്ടാകുന്നതു് അസാധാരണമല്ലെങ്കിലും പുസ്തകം ആകപ്പാടെ വിശേഷമായിരിക്കുന്നു. കഥയിൽ അസംഭവ്യങ്ങളായ ചിലസംഗതികളുണ്ടെന്നു വരികിലും വാചകത്തിനു വളരെ പുഷ്ടിയുണ്ടു്’ എന്നൊക്കെ അങ്ങുമിങ്ങും തൊടാത്തവിധത്തിൽ വഴുക്കി ഒരഭിപ്രായം പറയുന്നതുകൊണ്ടു യാതൊരു സാധ്യവുമില്ല.”

(ആഖ്യായിക അല്ലെങ്കിൽ നോവൽ)

ചതിയന്റെ തട്ടിപ്പു്

“നമ്പ്യാര് ഇപ്പഴു് മരിക്കും; മുതലൊക്കെ വിദ്വാനും പറ്റിക്കും. എനിക്കും കുട്ടികൾക്കും എന്താണീശ്വരാ ഗതി? എന്നിങ്ങനെ ഓരോന്നു വിചാരിച്ചു ഭാര്യ വലിയ പരിഭ്രമത്തിലാണെന്നു നമ്പ്യാർക്കും ഏതാണ്ടു മനസ്സിലായി. പക്ഷേ ശ്വാസത്തിന്റെ ഗോഷ്ടിനിമിത്തം അധികം സംസാരിക്കാനും വഹിയാ. ആകപ്പാടെ വലിയ വിഷണ്ണനായി. ഭാര്യാമക്കളെ കയ്യാംഗ്യംകൊണ്ടു മെല്ലെ അടുക്കെ വിളിച്ചു. അപ്പോഴേക്കു ഗതി ഒന്നു മാറി. തമകൻ എളകി. താക്കോൽ കൊടുക്കേണ്ടുന്ന ദിക്കിലായി. അവരടുത്തു ചെന്നപ്പോൾ ഈ കള്ളന്റെ ചതിയറിവാൻമാത്രം നിങ്ങൾക്കു ബുദ്ധിയില്ലേ എന്നു പറവാൻ ഭാവിച്ചതു ശ്വാസത്തിന്റെ ഉപദ്രവംകൊണ്ടു ‘പുത്തിയില്ലേ’ എന്നായിപ്പോയി. അതു കേട്ട ഉടനേ വളരെ അനുതാപം നടിച്ചു കരഞ്ഞുംകൊണ്ടിരുന്ന ആ രസികൻ ‘ഉണ്ടമ്മോമ! ഉണ്ടു്—ഏഃ—എന്റമ്മോമനു കുടുംബങ്ങളോട് എന്തു വാത്സല്യമാണു്! പത്തുപതിനഞ്ചു കൊല്ലമായില്ലേ വീടുവിട്ട പോന്നിട്ട്? ആരേയും മറന്നിട്ടില്ലെന്റമ്മോമൻ. കേട്ടില്ലമ്മായിമ്മേ? പുത്തിയെയാണിപ്പോൾ ചോദിച്ചതു്. അമ്മോമന്റെനേരേ ഉടപ്പിറന്നവളാണു്.’ എന്നിങ്ങനെ കണ്ണീന്നും മൂക്കീന്നും വെള്ളം ഒലിപ്പിച്ചുകൊണ്ടു് ‘പുത്തിയുണ്ടമ്മോമാ–പുത്തിയുമുണ്ടു്. പുത്തിപെറ്റു നാലഞ്ചു മക്കളുമായി’ എന്നു് ഉച്ചത്തിൽ പറഞ്ഞു.”

(ഒരു പൊട്ടബ്ഭാഗ്യം)

ഒരു ഹൃദയംഗമമായ ഉപാലംഭം

“കേരളത്തിൽ പഠിപ്പുകുറഞ്ഞവരും രോഗികളും ധാരാളമുണ്ടെങ്കിലും ഇത്രയധികം മുറിവൈദ്യന്മാരെയും എഴുത്തശ്ശന്മാരെയും ക്ഷാമം തീർന്നുകിട്ടുന്നദിക്കും വേറേ ഉണ്ടോ എന്നു സംശയമാണു്… ഈ ജാതിയിൽ നാലഞ്ചു തരക്കാരുണ്ടെങ്കിലും തല്ക്കാലം ഇവിടെ വിവരിപ്പാൻ പോകുന്നതു കാലക്രമേണ നശിച്ചുപോകുന്നവരും നാട്ടുംപുറങ്ങളിൽ മാത്രം ഇപ്പഴും ദുർല്ലഭമായി കണ്ടുവരുന്നവരുമായ കൂട്ടരെപ്പറ്റിയാണു്… കഷണ്ടിയാണെന്നു പറയാൻ പാടില്ലാത്തവിധത്തിൽ തലയിൽ രോമം വളരെ കുറഞ്ഞു്, ഇരുവിരൽ നെറ്റിയും, കുണ്ടൻകണ്ണും, ഒട്ടിയ കവിളും, നീളം കുറഞ്ഞു ബഹുവിസ്തീർണ്ണമായ ദ്വാരത്തോടുകൂടിയ മുക്കും, നേരിയ ചുണ്ടും, ഒരുമാതിരി പച്ചനിറത്തോടുകൂടിയ നീണ്ടപല്ലും, വലിയ മുഴയോടുകൂടിയ വണ്ണം കുറഞ്ഞ കഴുത്തും, നെഞ്ഞുന്തി ലേശംപോലും ഉദരപുഷ്ടിയില്ലാതെ മെലിഞ്ഞദേഹവും, കയ്യും കാലും നന്നേ നേർത്തും, കഷ്ടിച്ചു മുട്ടു മറയുന്നതായ കുട്ടിമുണ്ടും ഉടുത്തു്, എടങ്ങഴി ഭസ്മവും വാരിത്തേച്ചു നല്ലൊരു എഴുത്താണിപ്പിശ്ശാങ്കത്തിയുമായി, ക്ഷയരോഗിയുടെ മാതിരി എല്ലായ്പോഴും കുരച്ചോണ്ടു ചൊറിഞ്ഞോണ്ടു് ആകപ്പാടെ മനുഷ്യാകൃതിയിൽ ഭയങ്കരമായ ഒരു പൈശാചികരൂപം കണ്ടാൽ അതൊരു എഴുത്തശ്ശനായിരിക്കണമെന്നു് ഊഹിക്കുന്നതായാൽ അധികമായ അബദ്ധമൊന്നും വരാനിടയില്ല.”

(നാട്ടെഴുത്തശ്ശന്മാർ)

മരണാനന്തരം

“ശ്വാസംകഴിക്കേണ്ടെന്നു വരുമ്പോൾ അസംഖ്യങ്ങളായ രോഗബീജങ്ങൾ വ്യാപിച്ചിട്ടുള്ളതായ വായുക്കളെക്കൊണ്ടാവട്ടെ, അന്യന്മാരു ചുരുട്ടു മുതലായതു വലിക്കുമ്പോഴുള്ള ദുസ്സഹമായ പുകകൊണ്ടാവട്ടെ, യാതൊരുപദ്രവവുംഉണ്ടാവുന്നതല്ല. മോട്ടോർകാറും സൈക്കിളും ഓടിച്ചു പൊടിപാറ്റിയാലും വീണാലും ചത്താലും മൂക്കുമുറിഞ്ഞാലും ഒന്നും വിചാരിക്കാനില്ല. ആവക സങ്കടമേ അനുഭവിക്കേണ്ടതില്ല. മണി മുട്ടുന്നതും കാളം വിളിക്കുന്നതും ഭേകവാക്കുകളായ ജിഹ്വാപരിഷ്കാരികൾ കണ്ഠക്ഷോഭം ചെയ്യുന്നതും വഴി പോകുമ്പോൾക്കൂടി നാടകശ്ലോകങ്ങൾ ചൊല്ലുന്നതും ഒന്നും കേട്ടു സഹിക്കേണ്ടതുമില്ല. കരിസനെണ്ണയുടെ ദുർഗ്ഗന്ധമേ ഉണ്ടാവില്ല… ആർക്കാണീ വോട്ടു ചെയ്യേണ്ടതു്? എപ്പോഴാണു് കൈ പൊന്തിക്കേണ്ടതു്? എവിടെയാണു് എസ് മൂളേണ്ടതു്? എങ്ങനെയാണു് ഇംഗ്ലീഷിൽ ഒപ്പിടേണ്ടതു്? എന്നതെല്ലാം പഠിക്കാനും ബുദ്ധിമുട്ടാനും കണ്ടവരെക്കൊണ്ടു ചിരിപ്പിക്കാനും ഒന്നിനും പോകണ്ട. പരമസുഖം. ഈവക പ്രകൃതിരഹസ്യങ്ങളെല്ലാം കേൾക്കുമ്പോൾ ഇനി ജീവിച്ചിരിക്കയല്ല നല്ലതു്, കുടിച്ചു മരിച്ചുകളയുന്നതാണുത്തമം എന്നു വിചാരിച്ചു് ആരും ഇന്നു വൈകുന്നേരം തന്നെ അബ്കാരിനികുതി വർദ്ധിപ്പിക്കാനും ശ്രമിക്കരുതു്. അതു നമ്മളാരുടേയും പരിശ്രമം കൂടാതെ പുതിയ പരിഷ്കാരത്തിനനുസരിച്ചു കൊല്ലംതോറും പതിവിലധികം വർദ്ധിക്കുന്നുണ്ടു്.”

(മരിച്ചാലത്തെ സുഖം)

ചന്തുമേനോന്റെ നാട്ടാശാന്മാർ നായനാരുടെ നാട്ടെഴുത്തശ്ശന്മാരെ അനുസ്മരിപ്പിക്കുന്നതുപോലെ കുഞ്ചൻനമ്പിയാരുടെ കാലനില്ലാത്ത കാലത്തെ നായനാരുടെ മരിച്ചാലത്തെ സുഖവും അനുസ്മരിപ്പിക്കുന്നു. ചെറുകഥകൾ അധികമില്ലെങ്കിലും ഉള്ളതുകൊണ്ടു നമുക്കു തൃപ്തിപ്പെടാവുന്ന നിലയിലാണു് ദ്വാരകയും മറ്റും. ദ്വാരകയിലെ ചില വാക്യങ്ങൾ നോക്കുക. “ഇതൊക്കെക്കണ്ടു ഭയപ്പെട്ടു വിസ്മിതന്മാരായി നില്ക്കുമ്പോൾ കുറച്ചുമുൻപേ ഭിത്തിയുണ്ടായിരുന്ന ദിക്കിൽ, വെളുവെളുത്ത സ്തംഭാകൃതിയിൽ വളരെ നേർമ്മയായി ചുറ്റിലും ചുഴന്നുംകൊണ്ട മേലോട്ടു പുകപോലെയൊന്നു പൊങ്ങിവരുന്നതു കണ്ടു; കാളമേഘംപോലെ കറുത്തു മഹാമേരുപോലെ ഘോരാകൃതിയിൽ ആയുധപാണികളായ രണ്ടു ഭൂതങ്ങൾ ആ പുകയുടെ പിന്നാലേ ഞങ്ങൾക്കഭിമുഖമായി വരുന്നതു കണ്ടു. ഈ ഘോരസത്വത്തെ കണ്ടുകൂടുമ്പോഴേയ്ക്കു ഞങ്ങൾ രണ്ടുപേരും വല്ലാതെ ഭയപ്പെട്ടു മോഹിച്ചു മോഹാലസ്യപ്പെട്ടു് ഇടിവെട്ടിയ മരംപോലെ നിശ്ചേഷ്ടന്മാരായി അവിടെത്തന്നെനിന്നുപോയി. അങ്ങനെയിരിക്കുമ്പോൾ അതിലൊരുത്തൻ ഒരു വലിയ ഗദയും ഉയർത്തിപ്പിടിച്ചുകൊണ്ടു് എന്റെ അടുക്കൽ വന്നു കഴുത്തിനു കൈ കൂട്ടിയപ്പോൾ ഞാൻ നിലവിളിച്ചു. ആ സമയം ആരോ ഒരാൾ ‘നാ… രേ, എടോ… ഹേ! നാ… രേ! ഇതെന്തൊറക്കാണെടോ? നേരം ഉച്ചയാവാറായല്ലോ. എന്താ ഹേ! നിലവിളിക്കുന്നതു്? വല്ല സ്വപ്നവും കണ്ടു ഭയപ്പെട്ടുവോ? എഴുനീല്ക്കു! ചായ കുടിക്കണ്ടേ?’ എന്നൊക്കെ ഉച്ചത്തിൽ പറയുന്നതു കേട്ടു.”

ഇനിയും നായനാർ പൊട്ടിച്ചിട്ടുള്ള പല ഊക്കൻ ഫലിതങ്ങളെപ്പറ്റിയും പ്രതിപാദിക്കേണ്ടതായുണ്ടെങ്കിലും സ്ഥലദൗർല്ലഭ്യം അതിനു പ്രതിബന്ധമായി നില്ക്കുന്നു. ചില അംശങ്ങളിൽ നായനാരെ ജയിക്കുന്ന ഒരു വിനോദസാഹിത്യകാരൻ കേരളത്തിൽ ജനിച്ചിട്ടില്ല എന്നു ധൈര്യമായി പറയാം.

63.6എം. രാമുണ്ണിനായർ (1078–1119)
ജനനം

എം. രാമുണ്ണിനായർ തലശ്ശേരിയിൽ ഒതയോത്തു് എന്ന ഒരു പുരാതനമായ നായർ കുടുംബത്തിൽ ഇംഗ്ലീഷു് വർഷം 1903 ജൂൺമാസം 13-ാം൹ (1078) ജനിച്ചു. അദ്ദേഹത്തിന്റെ പിതാവു തലശ്ശേരി ബി. ഇ. എം. പി. സ്ക്കൂളിൽ മലയാളപണ്ഡിതനായിരുന്ന മാടാവിൽ ചെറിയ കുഞ്ഞിരാമൻവൈദ്യരും മാതാവു മാണിക്കോത്തു പാറുവമ്മയുമായിരുന്നു. മാണിക്കോത്തു് എന്നതു് അദ്ദേഹത്തിന്റെ തറവാട്ടു പേരാണു്. ചെറിയകുഞ്ഞിരാമൻവൈദ്യർ വലിയ കുഞ്ഞിരാമൻവൈദ്യരുടെ അനന്തരവനായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. മാണിക്കോത്തു രാമുണ്ണി നായർ കാലാന്തരത്തിൽ എം. ആർ. നായരായി. പക്ഷേ പത്രപ്രവർത്തകനായപ്പോൾ പല തൂലികാനാമധേയങ്ങൾ അദ്ദേഹം സ്വീകരിക്കുകയും അവയിൽ പാറപ്പുറത്തു സഞ്ജയൻ എന്ന പേരിൽ അദ്ദേഹം സുപ്രസിദ്ധനാകുകയും ചെയ്തു. ചെറിയ കുഞ്ഞിരാമൻവൈദ്യരും അദ്ദേഹത്തിന്റെ അമ്മാവനെപ്പോലെ ഒരു ഭാഷാസാഹിത്യകാരനായിരുന്നതിനുപുറമേ ഒരു വാഗ്മിയും പത്രപ്രവർത്തകനുമായിരുന്നു; അദ്ദേഹം 42-ാമത്തെവയസ്സിൽ അന്തരിച്ചപ്പോൾ എം. ആർ. നായർക്കു് ഏഴു വയസ്സേ കഴിഞ്ഞിരുന്നുള്ളു. സംസ്കാരസമ്പന്നയും സുപരിചിതയുമായ മാതാവാണു് പിന്നീടു കുമാരനെ വളർത്തിയതു്.

വിദ്യാഭ്യാസം

മാതാവിന്റെ പ്രയത്നം സഫലമായി. അടിയുറച്ച ഈശ്വരവിശ്വാസത്തോടും അചഞ്ചലമായ ആത്മവിശ്വാസത്തോടും ആ മകൻ വളർന്നുയർന്നു. അദ്ദേഹത്തിന്റെ ഈശ്വരൻ പരബ്രഹ്മനിർവ്വിശേഷനാണെന്നുമാത്രം ഒരു വ്യത്യാസമുണ്ടു്. തന്റെ സർവ്വസ്വത്തിനും നിദാനീഭൂതയായ ആപുണ്യശ്ലോകയോടു് അദ്ദേഹത്തിന്റെ ഭക്തിക്കു് അതിരുണ്ടായിരുന്നില്ല. തിരുവങ്ങാടു ഗവർമ്മെന്റ് ബ്രന്നൻ ബ്രാഞ്ച് സ്ക്കൂൾ, തലശ്ശേരി ഗവർമ്മെന്റ് ബ്രന്നൻകോളേജ്, പാലക്കാട്ടു വിക്ടോറിയാകോളേജ്, മദിരാശി ക്രിസ്ത്യൻകോളേജ് എന്നീ വിദ്യാലയങ്ങളിൽ ഇംഗ്ലീഷു പഠിച്ചു് 1927-ൽ ഇംഗ്ലീഷ്സാഹിത്യം ഐച്ഛികവിഷയമായി സ്വീകരിച്ചു ബി. ഏ. ആണേഴ്സ് പരീക്ഷ ജയിച്ചു. ഫ്രഞ്ചു്, ജർമ്മൻ എന്നീ ഇതരപാശ്ചാത്യ ഭാഷകളിലും പ്രായോഗികമായ വിജ്ഞാനം സമ്പാദിച്ചിരുന്നതായി അഭിജ്ഞന്മാർ പറയുന്നു. സ്വയം പരിശ്രമിച്ചു സംസ്കൃതഭാഷയിലും ഗാഢമായ വ്യുൽപത്തിനേടി.

പത്രപ്രവർത്തനവും മറ്റും

പരീക്ഷാവിജയത്തിനുശേഷം നായർ കോഴിക്കോട്ടു ഹജൂരാപ്പീസിൽ ഒരു ഗുമസ്തനായി പണി നോക്കി. അവിടെ ഫൈലുകൾക്കിടയിൽ നശിച്ചു പോകേണ്ടതല്ലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ടു കൈരളിയുടെ ഭാഗ്യാതിരേകത്താൽ എന്നുവേണം പറയുവാൻ—അദ്ദേഹം ആ പണി രാജിവച്ചു വെളിയിലേക്കുകടന്നു. പിന്നീടു കുറേക്കാലം കോഴിക്കോട്ടു ക്രിസ്ത്യൻ കാളേജിൽ ഒരു അധ്യാപകനായിരുന്നു. അനന്തരം തിരുവനന്തപുരത്തു ലാക്കാളേജിൽ ചേർന്നുവെങ്കിലും എഫ്. എൽ. പരീക്ഷജയിച്ചതിനുമേൽ പഠിത്തം തുടരാൻ സാധിച്ചില്ല. 1932-ൽ ആ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ തിരുവനന്തപുരത്തേക്കുവീണ്ടും പോയിയെങ്കിലും പരീക്ഷയ്ക്കു സ്വല്പം മുൻപു ക്ഷയരോഗബാധിതനായിത്തീർന്നു കിടപ്പിലായിപ്പോയി. അന്നു് അദ്ദേഹത്തിനു മുപ്പതു വയസ്സു തികഞ്ഞിരുന്നില്ല. മദനപ്പള്ളിയിൽ ചികിത്സിച്ചു് ആ രോഗം തല്ക്കാലം ശമിപ്പിച്ചു. 1933-ൽ അവിടെനിന്നു തിരിച്ചെത്തി. പിന്നീടു മൂന്നുകൊല്ലത്തേയ്ക്കു നിരന്തരമായി പുസ്തകപാരായണത്തിൽ ഏർപ്പെട്ടു. അക്കാലത്താണു് ജ്യോതിശ്ശാസ്ത്രത്തിലും ഭഗവൽഗീതയിലും നിഷ്ണാതനായതു്.

വീണ്ടും കോഴിക്കോട്ടു ക്രിസ്ത്യൻ കോളേജിൽ ലെക്ചററായി. അങ്ങനെ 1935 മുതൽ 1942 ഏപ്രിൽമാസം വരെ അദ്ദേഹം കോഴിക്കോട്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനരങ്ഗമാക്കി സാഹിത്യസേവനം ചെയ്തു. തദനന്തരം ശരീരത്തിനു് അസുഖം കൂടിവരുന്നതായി കണ്ടതിനാൽ നാട്ടിലേയ്ക്കുതന്നെ മടങ്ങി. പിന്നീടു് അധികമൊന്നും എഴുതിയില്ല. ആകെ എട്ടു കൊല്ലത്തോളമേ അദ്ദേഹത്തിനു ഭാഷാസാഹിത്യത്തെ തദേകതാനനായി ഉപാസിക്കുവാൻ സാധിച്ചുള്ളു. അതുതന്നെയും നിരന്തരമാണെന്നു പറയുവാൻ നിർവ്വാഹമില്ല. സഞ്ജയന്റെയും വിശ്വരൂപത്തിന്റെയും പണി അതാതു ലക്കം പുറപ്പെടാറാകുമ്പോൾ മാത്രമാണു് നിർവ്വഹിച്ചതു്. “എൻമടിശ്ശീലയല്ലെൻ മടിശ്ലീലമാണുണ്മയിൽ വാഴ്വതെന്നോമനയായ്” എന്നു് അദ്ദേഹം തന്നെ പാടീട്ടുണ്ടു്.

ഗാൎഹികജീവിതം

എം. ആറിനെ ബാധിച്ചിരുന്ന രോഗം ഭയങ്കരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. 1927-ൽ തന്റെ അമ്മാമനായ റിട്ടയർഡു് ഡെപ്യൂട്ടി കലക്ടർ എം. അനന്തൻനായരുടെ ദ്വിതീയപുത്രി കാത്യായനിയമ്മയെ വിവാഹംചെയ്തു. 1929-ൽ ആ ദാമ്പത്യത്തിന്റെ ഫലമായി ബാബു എന്നൊരു പുത്രൻ ജനിച്ചു. 1930-ൽ പത്നിയും 1939-ൽ ബാബുവും അന്തരിച്ചു. മലയാംകൊല്ലം 1117-ൽ ജ്യേഷ്ഠസഹോദരനും മരിച്ചു. എന്തെല്ലാം കുടുംബദുഃഖങ്ങളാണു് അദ്ദേഹത്തിനു് അനുഭവിക്കേണ്ടിവന്നതു്! അദ്ദേഹത്തിന്റെ വാങ്മയം വായിച്ചാൽ അതിന്റെ കരിനിഴൽ അതിൽ എവിടെയെങ്കിലും തട്ടീട്ടുള്ളതായി കാണുമോ? ആ അജയ്യതയിലാണു് അദ്ദേഹത്തിന്റെ അന്യാദൃശത്വം പ്രധാനമായി നിലകൊള്ളുന്നതു്. അത്തരത്തിൽ ഒരു വ്യക്തിയെ ലോകം അത്യന്തം വിരളമായേ ദർശിക്കുന്നുള്ളു. 1944-ാമാണ്ടു സെപ്തമ്പർമാസം 13-ാം൹ ആ മഹാപുരുഷൻ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്തു. അതുവരെ അദ്ദേഹം ചെറുത്തുനിറുത്തിയിരുന്ന കേരളീയരുടെ അശ്രുപ്രവാഹം അണപൊട്ടിയൊഴുകി.

സാഹിത്യസേവനം

എം.ആർ. നായർ ഏറ്റവും ഹൃദയങ്ഗമമായി പദ്യരൂപത്തിലും ഗദ്യരൂപത്തിലും പലതും എഴുതീട്ടുണ്ടു്. ആദ്യകാലത്തു് അദ്ദേഹത്തിന്റെ തൂലിക വ്യാപരിച്ചതു് അധികവും പദ്യത്തിലായിരുന്നു. 1916-ാമാണ്ടിടയ്ക്കു പതിന്നാലു വയസ്സു മാത്രമുള്ളപ്പോൾ കൈരളിയിൽ പ്രസിദ്ധീകരിച്ചതാണു് ഒന്നാമത്തെ കവിത. കെ. കെ. രാജാവിന്റെ കൃതിക്കു് ഒരു മറുപടിയായിരുന്നു അതു്.

“രാജൻ! മഹേശാജ്ഞയഭിജ്ഞരാകും
മുനീന്ദ്രർ നമ്മോടരുൾ ചെയ്തിരിപ്പൂ;
അതീശ്വരങ്കൽ ദൃഢഭക്തിയൊത്തു
കർത്തവ്യകർമ്മങ്ങളിൽ നിഷ്ഠയത്രേ.”

നായരുടെ പല കവിതകളും ലേഖനങ്ങളും ജനരഞ്ജിനി, കവനകൗമുദി, സാഹിത്യചന്ദ്രിക മുതലായ മാസികകളുടേയും, സ്വാഭിമാനി, സമുദായദീപിക, ഗജകേസരി തുടങ്ങിയ വൃത്താന്തപത്രികകളുടേയും പുറങ്ങളിൽ കാണാം. കെ. വി. അച്യുതൻനായരുടെ ഉടമസ്ഥതയിൽ കേരളപത്രിക നടന്നുകൊണ്ടിരുന്ന കാലത്താണു് അദ്ദേഹം അതിലെ സാഹിത്യനായകനായിത്തീർന്നതു്. ആ പത്രത്തിന്റെ എട്ടാം പുറം എം. ആർ. നായരുടെ ഉപന്യാസങ്ങളെക്കൊണ്ടു നിരന്തരം അലംകൃതമായിരുന്നു. പിന്നീടു സ്വതന്ത്രമായി രണ്ടു മാസികകൾ അദ്ദേഹം ആരംഭിച്ചു. (അവയിൽ സഞ്ജയൻ 1936 മുതൽ 1939 വരെയും ‘വിശ്വരൂപം’ 1940 മുതൽ 1941 വരെയും പ്രചരിച്ചു. എം. ആറിന്റെ പേരു് അവയുടെ പ്രസിദ്ധീകരണം കൊണ്ടാണു് അനശ്വരമായി, അഭങ്ഗുരമായി, അഖണ്ഡജ്യോതിസ്സു പ്രസരിപ്പിച്ചുകൊണ്ടു നിലകൊള്ളുന്നതു്. എം. ആറിന്റെ പ്രവർത്തനങ്ങളിൽ എം. ബി. അദ്ദേഹത്തിന്റെ ചിത്രകാരനും മാധവൻനായർ (മാധവജി) സാഹായ്യകാരനുമായിരുന്നു. മാധവൻനായർ സഞ്ജയന്റെ മാനേജരുംകൂടിയായിരുന്നു. കോഴിക്കോട്ടു പുതിയതറയിലെ ഒരങ്ഗമായിരുന്നു എം. ബി. മാധവജി, കുതിരംപള്ളിയാടിൽ മാധവൻനായരാണു്. അദ്ദേഹത്തിന്റെ സ്വദേശം വള്ളുവനാടു താലൂക്കിൽ പുലാമന്തോൾ എന്ന ദേശമാണു്. പാലക്കാട്ടു കോളേജിൽ സഞ്ജയന്റെ സഹപാഠിയായിരുന്നു. ഇൻടർമീഡിയറ്റുപരീക്ഷ ജയിച്ചിട്ടില്ല.

കൃതികൾ

എം. ആർ. നായർ വേറേ ചില കൃതികൾകൂടി പ്രസിദ്ധീകരിച്ചിട്ടില്ലെന്നില്ല. (1) കേരളപത്രികയിൽ എഴുതിയിരുന്ന ആറു നിരൂപണങ്ങൾ 1935-ൽ സാഹിത്യനികഷം എന്ന പേരിൽ അച്ചടിപ്പിച്ചു. (2) 1942-ൽ ഷേക്സ്പീയർമഹാകവിയുടെ ലോകപ്രസിദ്ധമായ ഒഥെല്ലോ എന്ന നാടകം ഗദ്യമായി തർജ്ജമചെയ്തു. ഇംഗ്ലീഷിൽനിന്നു് ഒരു കൃതി മലയാളത്തിലേയ്ക്കു തർജ്ജമചെയ്യുമ്പോൾ അതു് അനുപദാനുവാദമാകരുതു് എന്നു് അദ്ദേഹത്തിനു പ്രത്യേകം നിഷ്കർഷയുണ്ടായിരുന്നു. “മൂലഗ്രന്ഥത്തിലെ ഒരു വാചകം വായിച്ചു് ആ വാചകത്തിന്റെ അർത്ഥം അതിന്റെ സമ്പൂർണ്ണമായ ശക്തിയോടുകൂടി ശ്രോതാവിന്റെ ഹൃദയത്തിലേയ്ക്കു സംക്രമിപ്പിയ്ക്കുവാൻവേണ്ടി ആ വാചകം പറയുന്ന ആളുടെ സ്വഭാവത്തോടും വിദ്യാഭ്യാസത്തോടും സാഹചര്യത്തോടും തല്ക്കാലപരിതഃസ്ഥിതിയോടും തല്ക്കാലവികാരത്തോടും കൂടിയ ഒരു മലയാളി എന്തു പറയുമോ അതു പകർത്തുക. ഇതു മൂലവാചകത്തിന്റെ അനുപദതർജ്ജമയായി പരിണമിയ്ക്കുന്നിടങ്ങളിൽ ഞാൻ അതിനെ സ്വീകരിച്ചിട്ടുണ്ടു്. അല്ലാത്തിടങ്ങളിൽ ഞാൻ അനുപദതർജ്ജമയെ കേവലം തള്ളുകയും ചെയ്തിരിക്കുന്ന. ഷേൿസ്പീയരുടെ മഹത്വത്തിന്റെ നേരേ മലയാളിയുടെ കണ്ണതുറപ്പിയ്ക്കുകയാണു് എന്റെ ഉദ്ദേശം.” എം. ആറിന്റെ മരണാനന്തരം ‘അന്ത്യോപഹാരം’ (പദ്യം) ‘ഹാസ്യാഞ്ജലി’ (പദ്യം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

സഞ്ജയൻ

കേരളപത്രികയിൽ അദ്ദേഹം സാഹിത്യദാസൻ എന്ന പേരിലാണു് ഉപന്യാസങ്ങൾ എഴുതിവന്നതു്. ഒരു വാസനാസമ്പന്നനായ കവി, സമുജ്ജ്വലനായ തത്ത്വചിന്തകൻ, സൂക്ഷ്മദൃക്കായ നിരീക്ഷകൻ, നിർഭയനും നിസ്സങ്ഗനുമായ നിരൂപകൻ, സരസനായ ഗദ്യകാരൻ, അദ്വിതീയനായ ഫലിതമാർമ്മികൻ എന്നിങ്ങനെ പല നിലകളിൽ അദ്ദേഹം നമ്മുടെ അന്യാദൃശമായ സ്നേഹത്തിനും ബഹുമാനത്തിനും പാത്രീഭവിയ്ക്കുന്നു. ഒന്നു തീർച്ചയായിപറയാം. ഇത്രയും സാംസ്കാരികമായ കലാസമ്പത്തോടുകൂടി വിനോദസാഹിത്യത്തിൽ വിഹരിച്ചവർ കുഞ്ചൻനമ്പിയാർക്കിപ്പുറം വേറേയില്ല. ദൈവം അദ്ദേഹത്തെ പലവിധത്തിൽ പീഡിപ്പിച്ചു. അവയെല്ലാം പാറപ്പുറത്തു് എയ്ത ഒരു ദുർബ്ബല ശത്രുവിന്റെ മൊട്ടമ്പുകളായി കരുതി അദ്ദേഹം ദൈവത്തേയും പ്രഹരിച്ചു. താൻ കരഞ്ഞുകാണണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം. അതു പറ്റിയില്ലെന്നു മാത്രമല്ല അദ്ദേഹം താനും ചിരിച്ചു് അതോടുകൂടി സകല കേരളീയരേയും ചിരിപ്പിച്ചു. ദൈവം അവനതശിരസ്കനും ഇതികർത്തവ്യതാമൂഢനുമായി അദ്ദേഹത്തിന്റെ പാദങ്ങളിൽ പതിച്ചു. ഇതാണു് പരമാർത്ഥം. പിന്നിട് അവിസ്മരണീയമായ ചങ്ങലംപരണ്ട പാറപ്പുറത്തു സഞ്ജയൻ എന്ന തൂലികാനാമധേയം സ്വീകരിച്ചു. ആറ്റുപുറം വയലിൽ പെരുംകളം പാലയുടെ അടുത്തെങ്ങാണ്ടോ ആണത്രേ പാറപ്പുറം. പാറപ്പുറത്തെ സഞ്ജയൻ സങ്കുചിതരൂപം കൈക്കൊണ്ടപ്പോൾ പി. എസ്. ആയി പരിണമിച്ചു. ആരാണു് സഞ്ജയൻ? മഹാഭാരതത്തിൽ അദ്ദേഹം അന്നന്നു നടന്ന ഭാരതയുദ്ധത്തെ അന്ധനായ ധൃതരാഷ്ട്രരുടെ കർണ്ണങ്ങളിൽ യഥാതഥം വർണ്ണിച്ചു കേൾപ്പിയ്ക്കുന്നു. നമ്മുടെ സഞ്ജയന്റെ സേവനത്തിനും അതോടു സാജാത്യമുണ്ടു്. അന്ധന്മാരായ പൊതുജനങ്ങളുടെ ദാസനാണു് അദ്ദേഹം. മഹാഭാരതയുദ്ധം ഇന്നും നടക്കുന്നുണ്ടു്; എന്നും നടക്കുകയും ചെയ്യും. കുറേ സത്തുക്കളും ഒട്ടനവധി അസത്തുക്കളും തമ്മിലുള്ള ഒരു യുദ്ധമാണു് അതു്. ദുഷ്ടന്മാരെ നല്ല വഴിയ്ക്കു നയിക്കുവാൻ സഞ്ജയൻ യത്നിയ്ക്കുന്നു. ചങ്ങലംപരണ്ട അദ്ദേഹത്തിനു സാധാരണദൃഷ്ട്യാ സംഭവിയ്ക്കാവുന്ന ക്ലേശങ്ങളേയും പാറപ്പുറം ആപത്തിലും അദ്ദേഹത്തിൽ കാണപ്പെടുന്ന മനസ്ഥൈര്യത്തേയും വ്യഞ്ജിപ്പിയ്ക്കുന്നു.

ഫലിതസാഹിത്യം

ആധുനികകാലത്തെ ഫലിതസാഹിത്യത്തിന്റെ സാമ്രാജ്യാധിഷ്ഠിതനാണു് പി. എസ്. യഥാർത്ഥമായ ഹാസസാഹിത്യം എന്തെന്നു് അദ്ദേഹം തന്നെ താഴെക്കാണുന്ന വിധത്തിൽ നിർവ്വചനം ചെയ്തിട്ടുണ്ടു്”

“കരളെരിഞ്ഞാലും തല പുകഞ്ഞാലും
ചിരിക്കണമതേ വിദൂഷകധർമ്മം.
ചിരിയും കണ്ണീരുമിവിടെക്കാണുവ–
തൊരുപോൽ മിഥ്യയെന്നറിവോനല്ലി നീ?
ഇവ രണ്ടിൽച്ചിരി പരം വരണീയ–
മവനിയിൽ ഹാസ്യമമൃതധാരതാൻ.
വിഷാദമാത്മാവിൻ വിഷം, വിദൂഷക!
വിശുദ്ധാനന്ദത്തിൻ വിലേപനം ചിരി.
………………………………
ചെറുകവികളിങ്ങരങ്ങേറും മുൻപേ–
യൊരു കളരിയിൽപ്പഠിച്ചിരിക്കണം
യുവവിമർശകകരാംഗുലികളെ
വിവേകമുള്ളോരൊന്നുഴിഞ്ഞിരിക്കണം
തിര മുറിച്ചാഴിപ്പരപ്പിൽ നീന്തുവാൻ
കുളത്തിലെ വെള്ളം വയറ്റിലെത്തണം.
നവീനവിപ്ലവവികൃതിപ്പിള്ളരെ–
ച്ചെവി പിടിച്ചു നേർവഴിയിലാക്കണം.
ചിരികൊണ്ടു കയ്പു കലരും സത്യത്തെ–
പ്പൊതിഞ്ഞു നല്കുവതെളുപ്പമെന്നാരും
കരുതിപ്പോകൊല്ലേ! ശരിക്കതു ചെയ്വാൻ
പരിചയം പോരാ, ഗുരുത്വവും വേണം.
………………………………
പരിഹാസമെന്നാൽ ശകാരംമാത്രമ–
ല്ലൊരിക്കലുമതു മറക്കരുതാരും.
പരിഹാസപ്പുതുപ്പനീർച്ചെടിക്കെടോ
ചിരിയത്രേ പുഷ്പം; ശകാരം മുള്ളുതാൻ.
അതിന്റെ പൂവാണച്ചെടിക്കലങ്കാര–
മതിന്റെ മുള്ളല്ലെന്നറിഞ്ഞുകൊള്ളുക.
വെറും മുള്ളായ്ത്തീർന്നാൽ സഹൃദയലോക–
മറുത്തെറിഞ്ഞീടുമതിനെയപ്പൊഴേ.
ചിരിയെന്നാലതിന്നൊരു മയം വേണം:
വരസാരസ്യത്താൽ സുഗന്ധിയാകണം;
പതിഞ്ഞ ശബ്ദത്താൽ മൃദുലമാക്കണം;
തികഞ്ഞ സാഹിത്യപ്രഭ കൊടുക്കണം.
ഒരു മുള്ളു തട്ടി മുറിഞ്ഞാലും പ്രിയാ–
നഖക്ഷതം പോലെ മനോജ്ഞമാകണം.
കുറച്ചൊരു നീറലിരുന്നാലുമതി–
ലുറന്ന രാഗത്തിൽ മനം ലയിക്കണം.
അതിന്റെ മാധുര്യസുഖലഹരിയിൽ
മതി മയങ്ങണം; കദനമാറണം.
ഇതു വയ്യെന്നാകിൽപ്പരിഹാസം നീച–
മതിലിറങ്ങാതെ കഴിക്ക കേസരി!”

എത്ര ഉൽക്കൃഷ്ടങ്ങളായ ആദർശങ്ങളാണു് ഈ വരികളിൽ വിഭാവനം ചെയ്തിരിക്കുന്നതു്! ഈ ആദർശങ്ങളെ ആകുന്നിടത്തോളം ലക്ഷീകരിച്ചുകൊണ്ടായിരുന്നു പി. എസ്. തന്റെ സാഹിത്യജീവിതം നയിച്ചതു്. അപൂർവ്വം ചില അവസരങ്ങളിൽ ആകാശത്തിലേക്കു് എയ്ത അമ്പുകൾ ഇടയ്ക്കുള്ള മരക്കൊമ്പുകളോളമേ പൊങ്ങിയുള്ളു എന്നു വരാം; വന്നിട്ടുണ്ടു്. ആർക്കാണു് വരാത്തതു്?

എം. ആറിന്റെ മറ്റു ചില ഗുണവൈശിഷ്ട്യങ്ങൾ

ഏതൊരു കാഴ്ചയിലും ഭാവനയിലും ചിരിക്കാനുള്ള വക സഞ്ജയന്നുണ്ടായിരുന്നു. അതിനെ പരഹൃദയങ്ങളിൽ അതേനിലയിൽത്തന്നെ പ്രസരിപ്പിച്ചു് അവിടമെല്ലാം ആനന്ദമയമാക്കുന്നതിനുള്ള ശക്തിയും അതോടുകൂടിത്തന്നെ സമ്മേളിച്ചിരുന്നു. ഏതു വിഷയത്തെപ്പറ്റി എഴുതുമ്പോഴും അദ്ദേഹത്തിനു സ്വകീയമായ ഒരു അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം ഹാസ്യാനുകരണങ്ങളിലല്ലാതെ പരകീയത്വം പ്രദർശിപ്പിച്ചിട്ടില്ല. ലണ്ടനിലെ സുപ്രസിദ്ധമായ പഞ്ചു് (Punch) എന്ന വാരിക വായിച്ചു പഠിച്ചു ചിന്തിച്ചു മനനംചെയ്തു ഹൃദയത്തിൽ അലിയിച്ചു ചേർത്തുവന്നതു സംസ്കാരസമുന്നതിയെ കാംക്ഷിച്ചുമാത്രമാണു്. പഞ്ചിനേയും അതിശയിക്കുന്ന പാടവത്തോടുകൂടി അദ്ദേഹം പരശ്ശതം ലേഖനങ്ങൾ എഴുതീട്ടുണ്ടു്. തന്റെ തൂലിക ഒരവസരത്തിലും മതത്തിനോ സമുദായത്തിനോ കക്ഷിക്കോവേണ്ടി അദ്ദേഹം മലീമസമാക്കീട്ടില്ല. അദ്ദേഹത്തിനു് ആരും ശത്രുക്കളല്ലായിരുന്നു. അദ്ദേഹത്തിനെ പിൻതിരിപ്പനാണെന്നു ചിലർ അവഹേളനം ചെയ്തതു് അവരുടെ സ്പർദ്ധയ്ക്കും സങ്കചിതചിന്തയ്ക്കും ഉദാഹരണമായി ഗ്രഹിക്കാം. തന്റെ സർവ്വസ്വമായ കലാബോധത്തിനുംമേൽ ഉയർന്നുപ്രകാശിക്കുന്ന ആദ്ധ്യാത്മിക സൗന്ദര്യത്തിന്റെ പരമാരാധകനായിരുന്നു അദ്ദേഹം. ഒരു പ്രതിയോഗിക്കു് എഴുതിയ മറുപടിയിൽ ആ വശ്യവചസ്സു പറഞ്ഞിട്ടുള്ളതു് ഇങ്ങനെയാണു്: “അങ്ങുന്നേ! തത്വവുംസത്യവ്യം ഇന്ന വേഷക്കാരന്റെ മുഖത്തുകൂടിയേ നിർഗ്ഗമിക്കാവു എന്നില്ല. യാതൊരു സ്ഥിരസത്തയും ശൈലീഭേദത്തെയോ ഭാഷാഭേദത്തെയോ ആസ്പദിയ്ക്കുന്നുമില്ല. ‘പ്രഭോ! ഒരു ഗായകന്റെ നിലയിൽ മാത്രമേ അങ്ങയുടെ സന്നിധിയിൽ വരുവാൻ എനിക്കു് അവകാശമുള്ളു’ എന്നു മഹാകവി ടാഗൂറാണു് പറഞ്ഞതു്. ആ വാചകത്തിൽ സ്ഫുരിക്കുന്ന വിനയത്തോടും അഭിമാനത്തോടും കൂടിത്തന്നെ ‘പടച്ചവനേ! ഒരു കോമാളിയുടെവേഷത്തിൽ മാത്രമേ തിരുമുമ്പിൽ ഹാജരാകവാൻ അടിയൻ ധൈര്യപ്പെടുന്നുള്ളു’ എന്നു് ഒരു കോമാളിക്കും പറഞ്ഞുകൂടേ? അതുകൊണ്ടു സഞ്ജയബന്ധോ! സഞ്ജയൻ കോമാളി ആണെന്നു ധരിക്കുന്നുണ്ടെങ്കിൽ അതിൽപ്പരം ഒരു കൃതാർത്ഥത പി. എസ്സിനു വന്നുചേരുവാനില്ലതന്നെ. പക്ഷെ, തമിഴ് സ്റ്റേജിന്മേലുള്ള കോമാളിയാണെന്നുമാത്രം ആളുകൾ തെറ്റിദ്ധരിക്കാതിരുന്നാൽ മതി. എനി സാക്ഷാൽ പടച്ചവന്റെ കാര്യംതന്നെഎടുക്കുക. അദ്ദേഹത്തിന്റെ സന്ദേശം വഹിച്ചുവരുന്നവരായ സ്വന്തം പ്രതിനിധികൾകൂടി ചിലപ്പോൾ ഒരു പരിഹാസച്ചിരി ചിരിക്കാറുണ്ടെന്നുള്ളതിനു് എനിക്കു മതിപ്പെട്ട തെളിവുഹാജരാക്കുവാനുണ്ടു്.

പശ്യ:

‘തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത!
സേനയോരുഭയോർമ്മധ്യേ വിഷീദന്തമിദം വചഃ.’

നോക്കിയോ? ‘പ്രഹസന്നിവ’ ഗൗരവമേറിയ കാര്യങ്ങളാണു് പറയുവാൻ പോകുന്നതു്. പക്ഷെ നമ്മുടെ വിഷാദാത്മകന്മാരെപ്പോലെ കണ്ണിൽ വെള്ളം നിറച്ചും മുക്കു പിഴിഞ്ഞും നെടുവീർപ്പിട്ടുംകൊണ്ടല്ല ‘പ്രഹസന്നിവ’—അതു പരിഹാസച്ചിരിതന്നെയായിരുന്നു എന്നുള്ളതിനു തെളിവു് അടുത്ത ശ്ലോകത്തിൽ കിടക്കുന്നു. എവിടെവിടെ പൂർവ്വാപരവിരോധവും യുക്തിഭങ്ഗവും ബുദ്ധിവിപ്ലവവും പൊങ്ങച്ചവും മിഥ്യാചാരവും സൊള്ളും ഭള്ളും കാണുന്നുവോ, അവിടവിടെ, അതിന്റെനേർക്കു മുൻചൊന്ന പരിഹാസച്ചിരി പകർത്തുകയാണു് ഈ കോമാളിയുടെ ഉദ്ദേശം. അതുകൊണ്ടു് ‘അശോച്യാനന്വശോചസ്ത്വം’. ആരെപ്പറ്റി ആളുകൾ കോമാളിയാണെന്നു പറയുമ്പോൾ ആർക്കുവേണ്ടി അങ്ങുന്നു് അനുശോചിയ്ക്കുന്നുവോ ആ ഞാൻ മേപ്പടി വിശേഷണത്തെ രത്നമകുടംപോലെ ധരിയ്ക്കുവാനായിക്കൊണ്ടു തലതാഴ്ത്തി നില്ക്കുന്നവനാണു്. അതിന്നുള്ള എന്റെ അർഹതയെപ്പറ്റിമാത്രമേ തല്ക്കാലം അനിവാര്യമായ ഒരു ശങ്ക എന്നെ ബാധിയ്ക്കുന്നുള്ളു.”

എന്താണു് മനുഷ്യജീവിതം? അതു കരയാനുള്ളതല്ലെന്നും, പ്രത്യുത, ചിരിക്കാനുള്ളതാണെന്നുമാകുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ആഹാരം അത്യാവശ്യകംതന്നെ. അതിനുവേണ്ടി അല്പം കൈമുതലുള്ളവരോടു് അവജ്ഞ കാണിക്കുകയും അവരുടെ സ്വത്തു പിടിച്ചടക്കുവാൻ സംഘടിതശ്രമം ചെയ്കയുമല്ല ഉത്തമനായ സാഹിത്യകാരന്റെ കർത്തവ്യം. കുറേക്കാലം കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞുകൊണ്ടിരുന്ന സാഹിത്യത്തിന്റെ മഹനീയമായ പാരമ്പര്യത്തെ നാം വിസ്മരിക്കരുതു്. അനശ്വരമായ ആനന്ദം പഞ്ചേന്ദ്രിയങ്ങളുടെ തർപ്പണത്തിൽനിന്നുമാത്രം ലഭിക്കുന്നതല്ല. സഞ്ജയന്റെ ലോകം ശ്രീകൃഷ്ണൻ ഗീതയിൽ ഉപദേശിച്ചിരിക്കുന്ന മാതിരിയിലുള്ളതാണു്. ആസുരീസമ്പത്തിൽനിന്നു ദൈവീസമ്പത്തിലേയ്ക്കു് അദ്ദേഹം മനുഷ്യനെ ഉയർത്തുന്നു. അതിനുള്ള മാർഗ്ഗം മാത്രമാണു് ഫലിതം. ആ ഫലിതം മാഹാത്മ്യത്തിന്റെ കേന്ദ്രമാണു്. ആദർശത്തിനൊത്ത യുക്തിയും, യുക്തിക്കൊത്ത ആശയവും, ആശയത്തിനൊത്ത വാക്കും, വാക്കിനൊത്ത അർത്ഥവും, അർത്ഥത്തിനൊത്ത വ്യങ്ഗ്യവും അതിൽ അഹമഹമികയാ കളിയാടുന്നു. വടക്കൻപാട്ടുരീതിയായാലും കൊള്ളാം, ദേവപ്പക്കുക്കിലിയായുടെ തുളുനാടൻ മലയാളഗദ്യമായാലും കൊള്ളാം, ഏതുതരത്തിലും നിലയിലുമുള്ള വായനക്കാരനേയും, രാജാവിനേയും രജകനേയും, അദ്ദേഹം അമൃതാശനംകൊണ്ടു നിർവൃതരാക്കും, പദസമുച്ചയത്തിൽ അദ്ദേഹം ഒരു കോടീശ്വരനാണു്. അതിനു് അദ്ദേഹം എഴുതീട്ടുള്ള ഓരോ വാക്യവും സാക്ഷിനില്ക്കുന്നു. അന്യനു് അനുകരിക്കാവുന്നതല്ല അദ്ദേഹത്തിന്റെ ശൈലി. രാഷ്ട്രീയവും സാമുദായികവുമായ കാര്യങ്ങളിൽ അദ്ദേഹം മഹാത്മാഗാന്ധിയുടെ ഒരു വിനീതാനുയായിയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ അദ്ദേഹത്തെക്കാൾ തൃഷ്ണ ആരും പ്രദർശിപ്പിച്ചിരുന്നില്ല. സന്മാർഗ്ഗനിഷ്ഠ അദ്ദേഹത്തിനു പ്രാണനിൽ പ്രാണനാണു്. അതു കലയ്ക്കു കീഴടങ്ങണമെന്നു വാദിയ്ക്കുന്നവരുടെനേർക്കു് അവർ അന്യഥാ എത്രതന്നെ ബഹുമാന്യന്മാരായാലും തന്റെ വിശ്വരൂപം കാണിയ്ക്കുന്നതിനും, വേണ്ടിവന്നാൽ തൂലികാചക്രം ഇളക്കുന്നതിനും അദ്ദേഹം മടിച്ചില്ല. കുട്ടിച്ചെകുത്താനാണെന്നു് അദ്ദേഹത്തെ കണ്ടു ചിലർ അന്ധാളിച്ചു. വാസ്തവത്തിൽ സ്വർഗ്ഗീയ സന്ദേശത്തിന്റെ സംവാഹകനായിരുന്നു അദ്ദേഹം.

കവിത

ഫലിതസാഹിത്യകാരന്മാർ സമീപകാലത്തു പദ്യനിർമ്മാണപ്രാഗല്ഭ്യത്തോടുകൂടി കേരളത്തിൽ ജനിച്ചിട്ടില്ല. സഞ്ജയനെസ്സംബന്ധിച്ചു പറയുകയാണെങ്കിൽ അദ്ദേഹം ഫലിതസാഹിത്യം എഴുതിത്തുടങ്ങുന്നതിനുമുമ്പിൽത്തന്നെ ഒരു ശ്രുതിപ്പെട്ട പദ്യകാരനായിക്കഴിഞ്ഞിരുന്നു. നോക്കുക ചില ഉദാഹരണങ്ങൾ.

“അളികളൊടടരാടിടുന്ന വർണ്ണ–
പ്പുതുമ കലർന്ന മനോജ്ഞമാം കചത്താൽ
നവകമലകളാഭയിൽക്കുളിക്കും
തവ മുഖമെന്തു മറച്ചിടുന്നു ബാലേ?”
(മൂടുപടം)


“കളയേണമടർക്കളത്തിലും
ക്ഷതിയാർന്നുള്ള വിനഷ്ടചേഷ്ടനെ
അതിദുശ്ശ്രവമർത്ഥശൂന്യമാം
പദമെന്തിന്നു സുകാവ്യവേദിയിൽ?”
(തിലോദകം)


“ഭയം ഭ്രമിപ്പിച്ച നയനങ്ങളുടൻ
വിയത്തിലേക്കോടീ–മനുഷ്യചാപല്യം.
അവിടെയെങ്ങനെ കഥിക്കുമക്കഥ?
നമോസ്തു ദേവി തേ, മഹാഭയാപഹേ!
ഒരു സൂരൻ പോയി മറയുമ്പോഴേക്കു–
മൊരായിരമല്ലോ വരുന്നു സൂരന്മാർ.
നിരന്തമാകുമീ മഹാഗൃഹത്തിലേ–
ച്ചിരന്തനമണിസുവർണ്ണദീപങ്ങൾ;
വിയൽക്കടാഹത്തിൽ തനിച്ചല്ല നമ്മൾ
തിരിയുവതെന്നു പറയും ഗോളങ്ങൾ;
മരണകാകോളം സുധയായ്മാറ്റുന്ന
ജനനിതൻ ദയാദ്രവത്തിൻതുള്ളികൾ;
അഴകൊഴുകുന്ന ഗഗനമേലാപ്പിൽ
മുഴുക്കെക്കാണാകും കനകപ്പുള്ളികൾ;
തടയാതെങ്ങുമേ കുതിച്ചിടം കാല–
നദിയിലേ മനോഹരനീർപ്പോളകൾ;
നഭോജലധിതന്നടിത്തട്ടിൽ മിന്നും
പ്രഭ കലരുന്ന മനോജ്ഞരത്നങ്ങൾ;
മഴ പൊഴിച്ചൂഴി ഫലാഢ്യമാക്കുന്ന
സുരാധിനാഥന്റെ സഹസ്രനേത്രങ്ങൾ;
പടർന്നുപൊങ്ങിയ വസന്തരാവായ
നറുംപിച്ചകത്തിൻ നിറംകൂടും പൂക്കൾ;
………………………………
കവിക്കെഴും കണ്ണും കരളമില്ലാതേ
കഥിപ്പുഹാ! കഥമവതൻവൈചിത്ര്യം?”
(ആ രാത്രി)

ഇവയെല്ലാം 1931-നു മുമ്പെഴുതിയ കൃതികളാണു്.

വിനോദസാഹിത്യം

ഇതിന്റെ സ്വരൂപം ചില ഉദാഹരണങ്ങൾമൂലം ഇതിനുമമ്പു പ്രദർശിപ്പിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും മറ്റു ചിലവകൂടി എടുത്തുകാണിക്കാം.

“മക്കുണത്തോടു മൂളന്നൂ കൊതു; നീയൊരു ചൂഷകൻ
തൊഴിലാളി മനുഷ്യന്റെ ചോര കട്ടുകടിക്കുവോൻ;
സംഘടിപ്പിച്ചിടും ഞാനെൻ തൊഴിലാളിസ്സഖാക്കളെ
ഇച്ചൂഷണത്തിനെതിരായ്; നിന്റെ കാലമടുത്തുപോയ്.
ഉദയംതൊട്ടന്തിയോളം വേലചെയ്തു പൊറുത്തിടും
നരന്റെ ചോര ശാപ്പിട്ടു പുലരും നീചനാണു നീ.
നിണക്കൊടി പറപ്പിച്ചു പാറും ഞാൻ വീടുതോറുമേ;
പ്രക്ഷോഭണം കൂട്ടിടും ഞാൻ പ്രസംഗം പൊടിപാറ്റിടും;
നിന്നെച്ചവിട്ടിത്തേപ്പിക്കാതടങ്ങുകയുമില്ല ഞാൻ;
മാർക്സു് ഞാൻ; ലെനിനീ ഞാൻ താൻ സ്റ്റാലിൻ ഞാനോർക്ക ദുർമ്മതേ!”
(മൂട്ടയും കൊതുകും)

ഹിമവാൻ ചോദിച്ചു.

“ആരിസ്സഖാക്കൾ നാടെങ്ങും പ്രസംഗിച്ചുനടക്കുവോർ?
ഉദ്ദേശമെന്തവർക്കെല്ലാം വിസ്തരിച്ചുരചെയ്ക നീ?”

ഭാരതം പറഞ്ഞു:

“വിദ്വേഷപ്പട്ടടത്തീയിൽ ജ്ഞാനമാഹുതിചെയ്യുവോർ;
ഉത്തമാംഗം മനുഷ്യന്നു വയറെന്നു ശഠിക്കുവോർ;
ഒരു നേരത്തെയൂണിന്നു സത്യാഹിംസകൾ വില്ക്കുവോർ;
ആസ്തിക്യത്തെ ‘യവീ’ നെന്നു ചൊല്ലിപ്പരിഹസിക്കുവോർ;
അവർക്കു ഹിതമല്ലാത്തതോതുന്നോരെദ്ദുഷിക്കുവോർ;
അതോടൊന്നിച്ചഭിപ്രായസ്വാതന്ത്ര്യത്തെ സ്തുതിക്കുവോർ;
മുതലാളിത്തമാം ചൂടിൽ നീറുന്ന തൊഴിലാളിയെ
വിപ്ലവത്തീക്കുഴിക്കുള്ളിൽത്തള്ളി രക്ഷിച്ചിടുന്നവർ;
അവർക്കൊരുപമാനത്തിന്നാരെയും കാണ്മതില്ല ഞാൻ;
അവർക്കു തുല്യമവർതാൻ; രാക്ഷസൻ രാക്ഷസോപമൻ.”
(അനന്വയം)

സഞ്ജയന്റെ പരിഹാസകൃതികളിൽ പ്രധാനസ്ഥാനത്തെ അർഹിക്കുന്ന ഒന്നാണു് ഏമറിഗീത.

“ശിഷ്യ ഉവാച:

ഡിമോക്രസിക്കു ലോകത്തിൽ മൂത്ത കോമരമാം ഭവാൻ
സ്വേച്ഛപോലല്ലയോ രാജ്യം ഭരിച്ചീടുന്നതിന്ത്യയിൽ?

ശ്രീ ഏമറിഭഗവാനുവാച:

അറിവറ്റവനെന്നോണം ചോദിക്കുന്നെന്തു ശിഷ്യ! നീ?
ചോദ്യം ചോദിച്ചിടും നീയും ഞാനുമൊന്നെന്നതോർക്കണം.
തടങ്ങലിൽപ്പാർക്കുവോനുമപ്പോൽപ്പാർപ്പിക്കുവോനുമേ
ഒന്നുതന്നെ ധരിച്ചാലുമടിപ്പോനടിഭേസിയും
* * * *
ബ്രിട്ടീഷെമ്പയറെന്നൊന്നു സത്യമാണന്യമൊക്കെയും
മിഥ്യയാണിതു ലോകത്തിലാദ്യതത്വമനശ്വരം.
പണ്ടേയ്ക്കുപണ്ടേയുള്ളോന്നിതെന്നെന്നും നിലനിന്നിടും;
ഭൂമുഖംമുഴുവൻ വ്യാപിച്ചതുനില്ക്കുന്നു നിസ്തുലം.
മഴു വെട്ടിമുറിക്കില്ല തീയ്യു ചുട്ടകരിച്ചിടാ;
വെള്ളം നനയ്ക്കില്ലിതിനെക്കാറ്റുണക്കുകയില്ലെടോ.
…………………………………………
ഇതിശ്രീമദേമറിഗീതാസൂപനിഷത്സു സാമ്രാജ്യഭരണവിദ്യായാം
മറിമായശാസ്ത്രേഷു ശ്രീയേമറിശിഷ്യസംവാദേ സാംഖ്യ
യോഗോ നാമ പ്രഥമോധ്യായഃ.”

മൂന്നാമത്തെ അധ്യായത്തിൽ ഈ ഹൃദയാകർഷകമായ കവിത മുറിഞ്ഞുപോയിരിക്കുന്നു. ബാക്കി ഭാഗം എഴുതീട്ടില്ല.

“ഞങ്ങളുടെ കൊച്ചിക്കത്തു്:

‘പിന്നെ പി. എസ്. ഒറു റസം ഉണ്ടായത് എന്താണെന്നു നമ്മൾ പറയാം ഇന്നാൾ ഒറു ദിവസം എറണാകുളം ബോട്ടുജട്ടിയിൽ വെച്ചു് രണ്ടു് ആളുകൾ തമ്മിൽ വാദപ്രതിവാദം ഇടുന്നതു നമ്മൾ കേട്ടു. സഞ്ജയൻ പുസ്തകത്തിൽ കൊച്ചീക്കത്തു എഴുതുന്ന ദേവപ്പാ കുക്കിലിയാ എറണാകുളത്തു് ഉള്ള നമ്മുടെ ഒറു ആൾ തന്നെയെന്നും അതൊന്നും അല്ലാ പി. എസ്. തന്നെയാണെന്നും അവർ പറഞ്ഞു തമ്മിൽ വളരെ കഷപിഷയായിപ്പോയി. പി. എസ്സിന്റെ ഷ്ടൈൽ അങ്ങനെയല്ലാ എന്നു് ഒരാൾ പറഞ്ഞു അപ്പോൾ മറ്റേ ആൾ തനിക്ക് ഒറു മണ്ണും അറിഞ്ഞുകൂടാ എന്നു പറഞ്ഞു. ഷ്ടൈൽ എന്നു പറഞ്ഞാൽ എന്തെന്നു നമുക്കു് അറിഞ്ഞുകൂടാ എന്നാലും ഇപ്പോളും ഇങ്ങനെ അവിഷ്വാസം ഉള്ള ആളുകൾ ഉണ്ടല്ലോ എന്നു നമ്മൾ വളരെ പരിതാപ ഇടുന്നു എന്നാൽ നമ്മൾ കള്ളി കൊടുക്കേണ്ട എന്നുവിചാരിച്ചുതന്നെ അവരോടു് ഒന്നും പറഞ്ഞില്ല.”

(ദേവപ്പകുക്കിലിയായുടെ ഒരു കൊച്ചിക്കത്തിൽനിന്നു്)

സഞ്ജയന്റെ സരസ്വതീപ്രസാദം ആസ്വദിക്കുവാൻ ഭാഗ്യം സിദ്ധിച്ച നമ്മെ ചരിതാർത്ഥരാണെന്നു നാം പറയുന്നതിൽ അനൗചിത്യമില്ല. ആ ‘രാപ്പകൽ പൂർണ്ണശോഭ’മായ ആദിത്യമണ്ഡലം അതിന്റെ അനന്തപ്രകാശം നാലുപാടും വീശി ആകാശത്തിൽ കല്പാന്തസ്ഥായിയായി വിഹരിക്കുന്നു; അനവധി ഗോളങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നു. സഞ്ജയനുള്ള സ്ഥലത്തു വിഷാദാത്മകതയെന്നൊന്നില്ല. എല്ലാം രസമയം; എല്ലാം ആനന്ദപൂർണ്ണം. ദേവന്മാർപോലും അദ്ദേഹത്തിന്റെ ആഗമനത്തിനു കൊതിച്ചിരിക്കണം; അല്ലെങ്കിൽ അദ്ദേഹം അത്ര അല്പായുസ്സിൽ നമ്മെ വിട്ടുപിരിയുവാൻ കാരണമില്ലല്ലോ.

63.7ഈ. വി. കൃഷ്ണപിള്ള (1070–1113)
ജനനം

കുന്നത്തൂർതാലൂക്കിൽ കുന്നത്തൂർ എന്ന സ്ഥലത്തു് ഇഞ്ചക്കാട്ടുപുത്തൻവീടു് എന്നൊരു ഗൃഹമുണ്ടു്. അതിന്റെ ഒരു ശാഖയാണു് ശാസ്താങ്കോട്ടയ്ക്കു സമീപം വള്ളിശ്ശേരിക്കൽ ആലത്തൂർ എന്ന കുടുംബം. ആ കുടുംബം കാലാന്തരത്തിൽ ഇഞ്ചക്കാട്ടുപുത്തൻവീട്ടിൽ ലയിച്ചു. ആ വീട്ടിലെ കല്യാണിയമ്മയുടേയും, പിന്നീടു് അടൂർ മജിസ്ത്രേട്ടുകോടതിയിലെ ഒരു വക്കീലായി വളരെക്കാലം വ്യവഹരിച്ചിരുന്ന കുന്നത്തൂർ പപ്പപിള്ളയുടേയും പുത്രനായി ഈ. വി. കൃഷ്ണപിള്ള 1070-ാമാണ്ടു ചിങ്ങമാസം 30-ാം൹ ജനിച്ചു. ഏഴു മാസത്തോളം മാത്രമേ അവിടെ താമസിച്ചുള്ളു. അപ്പോഴേയ്ക്കു പപ്പുപിള്ള ഒരു നല്ല വക്കീലെന്നു പേരു കേട്ടുതുടങ്ങിയിരുന്നതിനാൽ അടൂർ താലുക്കുകച്ചേരിയ്ക്കു സമീപം ഒരു വീടു വാടകയ്ക്കെടുത്തു് അവിടെ പാർപ്പുതുടങ്ങി. അടൂരിൽനിന്നു രണ്ടു നാഴിക അകലെയുള്ള പെരുങ്ങനാടു് എന്ന സ്ഥലത്തെ ചെറുതെങ്ങിലഴികത്തുവീടു് ഒരു ഉടമ്പടിപ്രകാരം തനിയ്ക്കു കിട്ടുക നിമിത്തം ആ വീട്ടിലേയ്ക്കു് അദ്ദേഹം താമസം മാറ്റി.

മലയാളവിദ്യാഭ്യാസം

കൃഷ്ണപിള്ള ആദ്യം പെരുങ്ങനാട്ടു പ്രൈമറിസ്ക്കൂളിലും മൂന്നാംക്ലാസ്സിനുമേൽ വടക്കേടത്തുകാവു സ്ക്കൂളിലും പഠിച്ചു. ബാല്യത്തിൽത്തന്നെ അദ്ദേഹത്തിനു സാഹിത്യത്തിൽ പ്രശംസനീയമായ അഭിരുചി ഉണ്ടായിരുന്നു. അച്ഛൻ പതിവായി ഭാഗവതം കിളിപ്പാട്ടു വായിക്കുകയം മകനെക്കൊണ്ടു വായിപ്പിച്ചു് അർത്ഥം പറഞ്ഞു കൊടുക്കുകയും ചെയ്തുവന്നിരുന്നുവെങ്കിലും മകനു് അതിലൊന്നും മനസ്സുറച്ചതായി കാണുന്നില്ല. കഥ കേൾക്കുന്നതിലും പറയുന്നതിലും ഈ. വി. അന്നുതന്നെ വളരെ താല്പര്യം പ്രദർശിപ്പിച്ചുവന്നു. അഞ്ചാംക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ചില കവികളെ അനുകരിച്ചു് അനേകം ചില്ലറക്കവിതകൾ എഴുതി. 1083-ൽ മിഡിൽസ്ക്കൂൾ പരീക്ഷയിൽ ജയിച്ചു. പിന്നീടു ഒരു കൊല്ലം ഏഴാംക്ലാസ്സിൽ പഠിച്ചതിനുമേൽ 1084 മിഥുനത്തിൽ തുമ്പമൺ ഇംഗ്ലീഷ് മിഡിൽസ്ക്കൂളിൽച്ചേർന്ന് ആ ഭാഷ പഠിച്ചു തുടങ്ങി. ആയിടക്കു ‘മറിയാമ്മ’ എന്ന പേരിൽ ഒരു ചെറുകഥയെഴുതി കുന്നംകുളത്തെ ആത്മപോഷിണിയിൽ പ്രസിദ്ധീകരിച്ചു.

ഇംഗ്ലീഷുവിദ്യാഭ്യാസം

1086-ൽ തുമ്പമൺ വിട്ടു് ആലപ്പുഴ സനാതനധർമ്മവിദ്യാശാലയിൽ ഒരു വിദ്യാർത്ഥിയായിക്കൂടി. ഈ. വി. യുടെ വിപുലമായ ലോകപരിചയസമ്പത്തിന്റെ ആരംഭം അവിടെവെച്ചാണ്. ബി. വാമനബാലിക എന്ന അസിസ്റ്റന്റുമാസ്റ്റരെപ്പറ്റി അദ്ദേഹത്തിനു വലിയ ബഹുമാനമായിരുന്നു. ആ ഗുരുഭൂതൻ നിദ്ദേശിച്ച ആദർശങ്ങൾ അനുസരിക്കുവാൻ തനിക്കു സാധിച്ചില്ലെന്നും അതാണു തന്റെ ജീവിതത്തിലെ പരാജയത്തിനു കാരണമെന്നും എന്നാൽ ‘കുറച്ചൊക്കെ ശരിയാക്കുന്നതിനുള്ള കാലം ഇനിയും വൈകീട്ടില്ലല്ലോ’ എന്നും അദ്ദേഹം ജീവിതസ്മരണകളിൽ ഏറ്റുപറഞ്ഞിരിയ്ക്കുന്നു. ഭാഷാപോഷിണിയിലും മറ്റും ചില ലേഖനങ്ങൾകൂടി അക്കാലത്തു പ്രസിദ്ധപ്പെടുത്തി. സ്ക്കൂൾ ഫൈനൽപരീക്ഷയ്ക്കു ചേർന്നതിനുശേഷം ബാലകൃഷ്ണൻ എന്നൊരു നോവൽ എഴുതി കായങ്കുളത്തുനിന്നു പ്രചരിച്ചിരുന്ന സുമങ്ഗല എന്ന മാസികയിൽ മുദ്രണം ചെയ്യിച്ചു. ഇംഗ്ലീഷിൽ നവീനവനത്തിലെ ബാലന്മാർ (Children of the new forest) എന്നൊരു കഥാപുസ്തകമുണ്ടു്. കഥാപുരുഷൻ അതിനെ ആസ്പദമാക്കി അനുകരണരൂപത്തിൽ എഴുതിയ ഒരു കഥയാണു് ബാലകൃഷ്ണൻ. ഇംഗ്ലണ്ടിലെ ചാറത്സ് ഒന്നാമൻ ത്രുഭയംനിമിത്തം കാന്ദിശീകനായി സഞ്ചരിക്കുന്നതും, രാജഭക്തന്മാരായ ചില പ്രജകൾ അദ്ദേഹത്തെ രക്ഷിക്കുവാൻ ഉദ്യമിക്കുന്നതുമാണു് മൂലഗ്രന്ഥത്തിലെ ഇതിവൃത്തം. ചാറത്സിനുപകരം മാർത്താണ്ഡവർമ്മ മഹാരാജാവിനെ പ്രവേശിപ്പിച്ചു തന്റെ കഥയ്ക്കു ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ടാക്കി. സമകാലികങ്ങളായ സംഭവങ്ങളെ വിവരിച്ചാൽ അത്തരത്തിലുള്ള ഒരു പുസ്തകത്തിൽ കുറ്റവും കുറവും കണ്ടുപിടിക്കുവാൻ എളുപ്പമുണ്ടെന്നും, അതു കൂടാതെകഴിക്കണമെങ്കിൽ ചരിത്രാവലംബിയായിരിക്കണം പ്രതിപാദ്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അക്കാലത്തെ വിചാരം. സ്ക്കൂൾ ഫൈനൽ പരീക്ഷ ജയിച്ചതിനുമേൽ കോട്ടയം സി. എം. എസ്. കോളേജിൽ ചേരുകയും അവിടെനിന്നു് ആ പരീക്ഷയിൽ ഉത്തീർണ്ണനായി ബി. എ. യ്ക്കു പഠിയ്ക്കുവാൻ തിരുവനന്തപുരത്തു പോകുകയും ചെയ്തു. അവിടെവെച്ചു സി. വി. രാമൻപിള്ള അദ്ദേഹത്തെ കാണുവാൻ ആളയച്ചു. അങ്ങനെ സി. വി. യുമായി പരിചയപ്പെട്ടു. അതോടുകൂടി ഈ. വി. യുടെ ജീവിതത്തിലെ മറ്റൊരു കാലഘട്ടം ആരംഭിയ്ക്കുന്നു.

അനന്തരകാലവിദ്യാഭ്യാസം

സി. വി. രാമൻപിള്ളയുമായുള്ള സമ്പർക്കം

കഥകൾ എഴുതുവാനുള്ള സാമർത്ഥ്യം ഈ. വി. ക്ക് അക്കാലത്തു് ഒന്നിനൊന്നു വർദ്ധിച്ചുവന്നു; എന്നാൽ അതിനുവേണ്ട വൈദുഷ്യം അദ്ദേഹം സമ്പാദിച്ചുകഴിഞ്ഞിരുന്നില്ല. അതിനു് ഉത്തേജകമായിത്തീർന്നതു സി. വി. യുമായുള്ള സമ്പർക്കമാണു്. അന്നു സി. വി. രാമരാജബഹദൂർ രചിക്കുകയായിരുന്നു. താൻ അതു പറഞ്ഞുകൊടുക്കുമെന്നും, ഈ. വി. കേട്ടെഴുതിക്കൊള്ളണമെന്നും അദ്ദേഹം ആജ്ഞാപിച്ചു. ഈ. വി. യുടെ സാഹിത്യപരിചയത്തേയും, ഭാവനാകുശലതയേയും ആ അന്തേവാസിത്വം ഗണനീയമായ വിധത്തിൽ പോഷിപ്പിച്ചു. 1093-ൽ ബി. ഏ. പരീക്ഷ ജയിച്ചു. മലയാളത്തിനു് ഒന്നാമതായി ജയിക്കുകയാൽ കേരളവർമ്മ മെഡലിനു് അർഹനായി. 1094 തുലാത്തിൽ ഹജൂർക്കച്ചേരിയിൽ ഒരു ക്ലാർക്കായി; അവിടെനിന്നു കല്ക്കുളം അസിസ്റ്റന്റ് തഹശീൽദാരായി ഉയർന്നു. പിന്നീടു ലാന്റ് റവന്യൂ കമ്മീഷണർ ആഫീസിലും, അക്കാണ്ടാഫീസിലും ജോലിനോക്കി. 1094 ഇടവത്തിൽ സി. വി. യുടെ കനിഷ്ഠപുത്രി മഹേശ്വരിയമ്മയെ വിവാഹം ചെയ്തു. 1097-ലായിരുന്നുവല്ലോ സി. വി. യുടെ ചരമം. 1099-ൽ ബി. എൽ. ജയിച്ചു് ഈ. വി. തിരുവനന്തപുരത്തെ കോടതികളിൽ വ്യവഹരിക്കുവാൻ ആരംഭിച്ചു. 1100-ാമാണ്ടു ചിങ്ങമാസത്തിൽ പ്രവർത്തനകേന്ദ്രം കൊല്ലത്തേക്കു മാറ്റി. വക്കീൽപ്പണിക്കുപുറമേ അവിടെ മലയാളിയുടെ പ്രസാധകത്വവും നിർവഹിച്ചു. ക്രിമിനൽ കേസ്സുകൾ വ്യവഹരിക്കുന്നതിൽ സമർത്ഥനെന്ന പേർ പ്രചരിച്ചുതുടങ്ങി. പക്ഷേ താണതരം സർക്കാരുദ്യോഗത്തിലെന്നപോലെ അഭിഭാഷകവൃത്തിയിലും അദ്ദേഹത്തിനു് ഔത്സുക്യമുണ്ടായിരുന്നില്ല. എല്ലാവിധത്തിലും നിരങ്കുശമായ ഒരു ജീവിതം നയിക്കണമെന്നും അതിനു തൂലികാവ്യാപാരമാണു് സമുചിതമായ ആയുധമെന്നും അദ്ദേഹം നിശ്ചയിച്ചു. പല പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. 1106-ൽ നിയമസഭയിലെ ഒരങ്ഗമായി. മലയാളരാജ്യം ചിത്രവാരിക 1109-ൽ ചിങ്ങം 26-ാം൹ ആരംഭിച്ചപ്പോൾ ത്രിലോകസഞ്ചാരി എന്ന നിഗൂഢനാമത്തിൽ പല വിഷയങ്ങളെപ്പറ്റി ഫലിതമയങ്ങളായ ഉപന്യാസങ്ങൾ എഴുതി. 1113 ചിങ്ങം 13–ാം൹ കോട്ടയം മനോരമക്കാർ ഒരു പുതിയ വാരിക തുടങ്ങിയപ്പോൾ അതിൽ നേത്രരോഗി എന്ന വ്യാജപ്പേരിൽ അതേമാതിരി ലേഖനങ്ങൾ തുടർന്നെഴുതി. 1110-ൽ തിരുവനന്തപുരത്തേക്കു വീണ്ടും പ്രാക്ടീസു മാറ്റി. ആ രണ്ടു വാരികകൾക്കും പ്രശസ്തി നേടിക്കൊടുത്തതു് ഈ. വി. ആയിരുന്നു. മനോരമയുമായുള്ളബന്ധം അവസാനംവരെ നിലനിന്നു. 1113-ാമാണ്ടു് മീനമാസം 17-ാം൹ യശശ്ശരീരനായി. മഫഹേശ്വരിയമ്മയുമായുള്ള ബന്ധത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചുവല്ലോ. മരിക്കുന്നതിനു കറേക്കാലംമുമ്പു് ഒരു ബി. ഏ. ക്കാരിയെ രജിസ്റ്റർ വിവാഹവും ചെയ്തു.

കൃതികൾ

ഈ. വി. ഒട്ടുവളരെ കൃതികൾ രചിച്ചിട്ടുണ്ടു്. ആദ്യം നോവലുകളും, രണ്ടാമതു ചെറുകഥകളും, മൂന്നാമതു നാടകങ്ങളും, ഒടുവിൽ ഫലിതോപന്യാസങ്ങളുമാണു് പ്രായേണ എഴുതിവന്നതു്. (1) ബാലകൃഷ്ണൻ, (2) ബാഷ്പവർഷം ഇവയാണു് അദ്ദേഹത്തിന്റെ നോവലുകൾ. ബാഷ്പവർഷം ഒരു ഇംഗ്ലീഷു് നോവലിലെ പ്രതിപാദ്യത്തെ ഉപജീവിച്ചു് എഴുതിയ ഒരു ചെറിയ കഥയാകുന്നു. ഇവയെ ഗ്രന്ഥകാരന്റെവാസനയുടെ അപക്വഫലങ്ങൾ എന്നേ പറയുവാൻ നിർവ്വാഹമുള്ളു. ചെറുകഥകളിൽ അധികവും കല്ക്കുളത്തു സർക്കാർ ജോലിയിൽ ഇരുന്നപ്പോൾ എഴുതിയതാണു്. അവ പ്രായേണ കൊച്ചിയിൽ കുന്നങ്കളത്തുനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന കഥാകൗമുദി എന്ന മാസികയിലാണു് പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ഒടുവിൽ (3) കേളീസൗധം എന്ന പേരിൽ അറുപതു ചെറുകഥകൾ നാലു ഭാഗങ്ങളിലായി മുദ്രണം ചെയ്യിച്ചു. നാലാം ഭാഗത്തിന്റെ പ്രാദുർഭാവം 1102-ലാണു്. മുത്തളക്കുറിച്ചിസർവ്വാധികാര്യക്കാർ, നല്ല വാക്കിന്റെ വില എന്നിങ്ങനെ ചില ഉപന്യാസങ്ങൾക്ക് അതിൽ പ്രവേശനത്തിന് അവകാശമില്ല. വളച്ചുകെട്ടുകൂടാതെ വിവക്ഷ ലളിതശൈലിയിൽ ബഹിർഗ്ഗമിപ്പിയ്ക്കേണ്ടതു് ഒരു ചെറുകഥാകാരന്റെ ഒഴിച്ചുകൂടാത്ത ചുമതലയാണു്. ആ അംശത്തിൽ ഈ. വി. വിജയം പ്രാപിച്ചിട്ടുണ്ടു്. ഈ. വി. യുടെ വാങ്മയങ്ങളിൽ നാടകങ്ങളാണു് ഭൂരിപക്ഷവും. (4) കള്ളപ്രമാണം, (5) സീതാലക്ഷ്മി (1101), (6) രാജാകേശവദാസൻ (1105), (7) രാമരാജപട്ടാഭിഷേകം (1107) (8) പ്രണയക്കമ്മീഷൺ (1107), (9) വിസ്മൃതി (1108), (10) ബി. ഏ. മായാവി (1108), (11) ഇരവിക്കുട്ടിപ്പിള്ള (1109), (12) വിവാഹക്കമ്മട്ടം (1109), (13) മായാമാനുഷൻ (1109), (14) പെണ്ണരശുനാടു് എന്നിവ അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇവയിൽ അഞ്ചും ആറും ഏഴും പതിനൊന്നും നമ്പറുകൾ ചരിത്രനാടകങ്ങളും ബാക്കിയുള്ളവ സമുദായനാടകങ്ങളുമാണു്. സീതാലക്ഷ്മി എന്ന നാടകത്തിൽ സീതാലക്ഷ്മി എന്ന വീരവനിതയുടെ കടുംബയശഃപ്രതിഷ്ഠാപകങ്ങളായ പരാക്രമങ്ങൾ വർണ്ണിക്കപ്പെട്ടിരിക്കുന്നു. രാജാകേശവദാസനിൽ വലിയ ദിവാൻജിയുടെ ചരമദിനങ്ങളും ജയന്തൻശങ്കരൻ നമ്പൂരിയുടെ രാജ്യസാരഥ്യവുമാണു് ചിത്രീകരിക്കുന്നതു്. രാമരാജപട്ടാഭിഷേകം ശ്രീ ചിത്തിരതിരുനാൾ മഹാരാജാവു തിരുമനസ്സിലെ ഭരണാധികാരപ്രതിഷ്ഠാപനം സംബന്ധിച്ചു് എഴുതിയ ഒരു കൃതിയാകയാൽ തദനുരോധേന രാമായണോപാഖ്യാനത്തിൽ ചില വ്യതിയാനങ്ങൾ വരുത്തീട്ടുണ്ടു്. ചില ചരിത്രനാടകങ്ങളിൽ സി. വി. രാമൻപിള്ളയുടെ അനേകം പ്രധാനകഥാപാത്രങ്ങളെ പ്രവേശിപ്പിച്ചിരിയ്ക്കുന്നു. സമുദായനാടകങ്ങളെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കുന്നതിനു സ്ഥലസൗകര്യമില്ല. റോബർട്ട് ലൂയിസ് സ്റ്റീവൻസൺ (Robert Louis Stevenson) എന്ന സുപ്രസിദ്ധനായ ബ്രിട്ടീഷ് നോവൽ സാഹിത്യകാരന്റെ ഡോക്ടർ ജക്കീലിന്റെയും മിസ്റ്റർ ഹൈഡിന്റെയും വിചിത്രവൃത്തി (The strange case of Doctor Jekyll and Mister Hyde) എന്ന കഥയെ ഉപജീവിച്ചാണു് മായാമാനുഷൻ രചിച്ചിട്ടുള്ളതു്. സ്ത്രീസ്വാതന്ത്ര്യത്തെ വിഷയീകരിച്ചു പെണ്ണുരശുനാടു് എഴുതി. ഈ. വി. തന്നെയും ഒരു വിശിഷ്ടനായ നടനായിരുന്നു എന്നുള്ള വസ്തുതയും നാം പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. രാജാകേശവദാസനിലെ മാത്തുത്തരകന്റയും മറ്റും വേഷങ്ങളിൽ രങ്ഗപ്രവേശം ചെയ്തു പ്രേക്ഷകന്മാരെ അപഹൃതചിത്തവൃത്തികളാക്കുവാൻ അദ്ദേഹത്തിനു് അസാമാന്യമായ പാടവമുണ്ടായിരുന്നു. (15) വീരമഹത്ത്വം, (16) ഗുരുസമക്ഷം, (17) ബാലലീല, (18) ഭാസ്കരൻ ഇവ സ്ക്കൂളുകളിൽ പാഠ്യപുസ്തകങ്ങളാക്കുന്നതിനുവേണ്ടി എഴുതിയവയാണു്. വീരമഹത്ത്വം തോമസ് കാർലൈൽ (Thomas Carlyle) എന്ന ബ്രിട്ടീഷു് ഗദ്യകാര സാർവ്വഭൗമന്റെ വീരന്മാരും വീരാരാധനയും (Heroes and Hero-worship) എന്ന വിശിഷ്ടഗ്രന്ഥത്തെ ഉപജീവിക്കുന്നു. ഇംഗ്ലീഷ് കഥാകർത്ത്രിയായ മേരി കോറല്ലി (Marie Corelli) യുടെ സ്വർഗ്ഗീയനിക്ഷേപം (Treasure of Heaven) എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയിരിക്കുന്നു. ഇവ്ക്കുപുറമെ (19) സുഖജീവിതം എന്ന പേരിൽ ഗ്രാമോദ്ധാരണ മാർഗ്ഗങ്ങളെ വിവരിച്ചു് ഒരു പുസ്തകവും രചിച്ചിട്ടുണ്ടു്. (20) കാൺഗ്രസ് ചിത്രങ്ങൾ എന്ന പുസ്തകത്തിൽ മഹാത്മാഗാന്ധി, തേജ്ബഹദൂർ സ്പ്രു, എം. ആർ. ജയക്കാർ, ജവഹർലാൽ നെഹറു എന്നീ ഭാരതീയനേതാക്കന്മാരെ പരാമർശിക്കുന്നു. ഫലിതസാഹിത്യകാരൻ എന്ന നിലയിലാണു് ഈ. വി. യെ കേരളീയർ പ്രധാനമായി അറിയുന്നതു്. അതുകൊണ്ടു് ആ വഴിയ്ക്കുള്ള നേട്ടങ്ങളെപ്പുറ്റി മേൽ പ്രസ്താവിക്കുമെങ്കിലും ആ പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ചില പുസ്തകങ്ങളുടെ പേരുകൾമാത്രം ഇവിടെക്കുറിക്കാം. (21). എം. എൽ. സി. കഥകൾ (1103-ൽ തിരുവിതാംകൂർ നിയമസഭയിലേയ്ക്കു തിരഞ്ഞെടുത്തു് അയയ്ക്കപ്പെട്ടിരുന്നവരിൽ ചിലർക്കു് അതിനുള്ള അപ്രാപ്തിയെ എം. എൽ. സി. കഥകളിൽ വർണ്ണിക്കുന്നു) (22) ഈ. വി. ക്കഥകൾ, (23) കവിതക്കേസ്, (24) പോലീസ് രാമായണം. മലയാളരാജ്യത്തിലും മനോരമയിലും പ്രസിദ്ധീകരിച്ചിരുന്ന ഫലിതോപന്യാസങ്ങളിൽ ചിലതെല്ലാം സമുച്ചയിച്ചു് (25) ചിരിയും ചിന്തയും എന്ന തലക്കെട്ടിൽ രണ്ടു പുസ്തകങ്ങളായി പ്രസിദ്ധപ്പെടുത്തി. അതുവരെ ആത്മകഥാപ്രസ്ഥാനത്തിൽ ഒരു പുസ്തകവും ഭാഷയിൽ ഉണ്ടായിരുന്നില്ല. പാച്ചുമൂത്തതു്, കോവുണ്ണി നെടുങ്ങാടി എന്നിവരുടെ ജീവിത ചരിത്രക്കുറിപ്പുകൾക്കു് ആ പേർ കൊടുക്കുവാൻ നിവൃത്തിയില്ലല്ലോ. (26) ജീവിതസ്മരണകൾ എന്ന ശീർഷകത്തിൽ ഒരു പുസ്തകം രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. അതും അപൂർണ്ണമാണു്. 1106-ാമാണ്ടുവരെയുള്ള സംഭവങ്ങളെയേ അതിൽ പ്രതിപാദിച്ചിട്ടുള്ളു. അതിന്റെ പ്രകാശനവും ഗ്രന്ഥകാരന്റെ മരണാനന്തരമാണു്. 1101-ൽ അദ്ദേഹത്തിന്റെയും കെ. ദാമോദരന്റെയും പ്രസാധകത്വത്തിൽ സേവിനി എന്നൊരു മാസികയും പുറപ്പെടുവിച്ചു. ‘ചിരിയും ചിന്തയും’ എന്ന പുസ്തകത്തിലെ ഉപന്യാസങ്ങൾ ശാശ്വചതയശസ്സിനെ അർഹിയ്ക്കുന്നു. ഈ. വി. യുടെ വിവിധങ്ങളായ വിശിഷ്യവിനോദഭാവനകൾ അവയുടെ സാരസ്യധോരണി കൊണ്ടു് അനുവാചകന്മാരെ വിസ്മയിപ്പിക്കുന്നതും നിർവൃതരാക്കുന്നതും സവ്വോപരി അവയിലാണു്.

ഈ. വി. യുടെ ഫലിതവും സ്വഭാവവും

ഈ. വി. ഒരു വ്യക്തിയല്ല; ഒന്നിലധികം വ്യക്തികളുടെ സമ്മിളിതരൂപമാണു്. സരസസംഭാഷണം അദ്ദേഹത്തിനു ബാല്യം മുതല്ക്കുതന്നെ സ്വാധീനമായിരുന്നു. ഫലിതം പറയുകയും എഴുതുകയും ചെയ്യുന്നതിനെക്കാൾ പ്രയോഗിയ്ക്കുന്നതിലായിരുന്നു അക്കാലത്തു കൂടുതൽ വിരുതു്. “എന്നെ ആരും അറിയാത്തതായ ദിക്കിൽ പോകുക, മലിനവസ്ത്രധാരിയായി നടക്കുക, ഓരോരുത്തരുടെ ഭാവങ്ങൾ ശ്രദ്ധിയ്ക്കുക, ഞാൻ സുഖിക്കുക, പിന്നീടു് അക്കാര്യങ്ങളെല്പാം ഒന്നിനു പത്തായി സ്നേഹിതന്മാരോടു പറഞ്ഞു രസിയ്ക്കുക.” ഈ വിനോദവ്യാപാരങ്ങളിൽ അദ്ദേഹം കൗമാരം മുതല്ക്കുതന്നെ കുതുകിയായിരുന്നതായി ജീവിതസ്മരണകളിൽ പ്രസ്താവിച്ചിട്ടുണ്ടു്. ഈ. വി. ഫലിതം എഴുതിത്തുടങ്ങിയതു് 1098-ലാണു്. തത്സംബന്ധമായി ചിലചെറുകവിതകളം ഒരു സ്നേഹിതനെ കൂട്ടുപിടിച്ചു എഴുതീട്ടുണ്ടു. ഒരു ഭാഷയിലും അധികമൊന്നും വായിച്ചറിവുള്ള ആളായിരുന്നില്ല. നൈസർഗ്ഗികമായ വാസനാസമ്പത്തുതന്നെയായിരുന്നു അദ്ദേഹത്തിന്റെ വാങ്മയ പരമ്പരയുടെ അടിസ്ഥാനം. ഏതു പുസ്തകവും എഴുതുവാൻ അദ്ദേഹത്തിനു് അല്പസമയംമാത്രം മതിയായിരുന്നു. ഏതെങ്കിലും സംഭവം കാണുകയോ അതിനെപ്പറ്റി കേൾക്കുകയോ ചെയ്യുമ്പോൾ വിനോദപരമായ ഒരുചിത്രം മനസ്സിൽ പതിയുന്നു എന്നും ആ ഭാവനയെ ആസ്പദമാക്കി സുഹൃത്തുക്കളുമായി ആവർത്തിച്ചാവർത്തിച്ചു സംഭാഷണം ചെയ്ത് അതിനു് നിറപ്പകിട്ടു കൊടുക്കുന്നുവെന്നും അതിനുശേഷം, പറയുമ്പോൾ തോന്നുന്നതിനെക്കാൾ കൂടുതൽ എഴുതുമ്പോൾ തോന്നുമെന്നും അദ്ദേഹം ജീവിതസ്മരണകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചില വിനോദമാസികകളിൽ ദ്വിജേന്ദ്രനാഥടാഗോർ എന്നും മറ്റുമുള്ള വ്യാജനാമങ്ങളിൽ 1105-ാമാണ്ടിടയ്ക്കു് അഭീഷ്ടസിദ്ധിയ്ക്കും വൈരനിര്യാതനത്തിനും വേണ്ടി ഉപയോഗിച്ച തന്റെ തൂലികയെപ്പറ്റി പില്ക്കാലത്തു ലജ്ജിയ്ക്കുകയും സന്തപിയ്ക്കുകയും ചെയ്തിട്ടുണ്ടു്.

“എന്റെ ചിത്രങ്ങളിൽ പലരെപ്പറ്റിയും കഠിനമായി ആക്ഷേപിച്ചിട്ടുണ്ടു്. ചിലരുടെ ശീലവിശേഷങ്ങൾ, രൂപവൈകല്യങ്ങൾ, മനോഭാവങ്ങൾ, പ്രവൃത്തികൾ മുതലായവ കുത്തിക്കൊല പോലെയുയള്ള നിശിതവിമർശനത്തിനു് ആ പ്രബന്ധങ്ങളിൽ വിഷയങ്ങളായിത്തീർന്നിട്ടുണ്ടു്. ഇക്കാലത്തായിരുന്നുവെങ്കിൽ ആ അവിവേകം ഞാൻ കാണിയ്ക്കുകയില്ലായിരുന്നു.” അക്കൂട്ടത്തിൽ തന്നെപ്പറ്റിയും ആക്ഷേപിക്കുകയും കള്ളക്കഥകൾ എഴുതി പ്രസിദ്ധീകരിയ്ക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിനു് ഒരു കൂസലും ഉണ്ടായിരുന്നില്ല എന്നു് ആ പുസ്തകത്തിൽ ഏറ്റുപറഞ്ഞിരിയ്ക്കുന്നു. അന്നു ചില കൂട്ടുകാർ അദ്ദേഹത്തെ പല അപഥങ്ങളിലും സഞ്ചരിപ്പിച്ചിട്ടുണ്ടു്. സുരാസേവനം അന്നാണു് ആരംഭിച്ചതെന്നു് അദ്ദേഹത്തിൽ നിന്നു തന്നെ നാം അറിയുന്നു. അക്കാര്യങ്ങൾ വളരെ വ്യസനത്തോടുകൂടിയാണു് രേഖപ്പെടത്തേണ്ടിയിരിയ്ക്കുന്നതു്. 1108-നുമേൽ അദ്ദേഹം അങ്ങനെയുള്ള ആഭാസസാഹിത്യമെന്നു് അദ്ദേഹം തന്നെ പറയുന്ന തൂലികാചിത്രാവലിയുടെ നിർമ്മാണത്തിനൊരുങ്ങിയതായി കാണുന്നില്ല. വ്യക്തിയിൽനിന്നു സമുദായത്തിലേയ്ക്കും, സമുദായത്തിൽനിന്നു പൊതുലോകത്തേയ്ക്കും അദ്ദേഹം ക്രമേണ ഉയരുകയായിരുന്നു. ഏതു പൂർവ്വാചാരത്തെയും നിരങ്കുശമായി അവഹേളനം ചെയ്യുന്നതിനുള്ള ഭഞ്ജകമനോവൃത്തി അദ്ദേഹത്തിനു് ഏറെക്കുറെ ജന്മസിദ്ധമായിരുന്നുവെന്നു പറയണം. അദ്ദേഹത്തിന്റെ ഉരുണ്ടുതള്ളി അഗ്നിഗോളങ്ങൾപോലെ ഉജ്ജ്വലിച്ചുകൊണ്ടിരുന്ന കണ്ണുകൾക്കു കാണുവാൻ കഴിയാത്തതായി യാതൊന്നുമില്ലായിരുന്നു. അവയ്ക്കു അസംഗതവും അപ്രതീക്ഷിതവും അതിശയോക്തിപരവും ഹാസജനകവുമായ രൂപം കൊടുത്തു പൊടിപ്പുംതൊങ്ങലും വച്ചു നിഷ്ക്രമിപ്പിയ്ക്കുന്നതിൽ അദ്ദേഹം സമാർജ്ജിച്ചിരുന്ന ചാതുര്യത്തിനു് അതിരില്ലതന്നെ. കുറേക്കൂടി ജീവിച്ചിരുന്നുവെങ്കിൽ ഇനിയും ഉയരുമായിരുന്നുവെന്നു് ഊഹിയ്ക്കുവാൻ ന്യായമുണ്ടു്. ഏതു നിലയിലും തരത്തിലും നില്ക്കുന്നവരുമായി താദാത്മ്യം പ്രാപിയ്ക്കുവാൻ കഴിവുള്ള ഒരസാധാരണപുരുഷനായിരുന്നു അദ്ദേഹം. പോലീസുകാരെപ്പാറി അത്രവളരെ അറിവു് ഒരു ഗ്രന്ഥകാരനുമുണ്ടായിരുന്നില്ല. ആ സിദ്ധിമൂലമാണു് ഈ. വി. സാമാന്യജനങ്ങൾക്കു് ആരാധ്യനായിത്തീന്നതു്.

ഉദാഹരണങ്ങൾ

ഇനി ഈ. വി. യുടെ കൃതികളിൽ നിന്നു ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം. താഴെക്കാണുന്ന ഖണ്ഡിക ചെറുകഥകൾ നാലാം ഭാഗത്തിൽനിന്നു് ഉദ്ധരിക്കുന്നതാണു്.

“തിരുനെൽവേലിപ്പേട്ടയായപ്പോൾ പരപരാ വെളുത്തു. ഞാനും പെട്ടിയും പരസ്പരസാമീപ്യത്തിൽ ആഹ്ലാദിച്ചും ഉൽകണ്ഠയോടുകൂടിയും ആ മുറിയിൽ ശേഷിക്കുന്നുണ്ടു്. തകർത്തടിച്ച കാറ്റോടുകൂടി ചരമഘട്ടത്തിലേക്കു പ്രവേശിച്ച നിശായക്ഷിക്കും ഞങ്ങളുടെ സ്ഥാനങ്ങൾ മാറ്റുവാൻ കഴിവുണ്ടായില്ല. പിന്നീടു മധുരയിൽ എത്തുന്നതുവരെ ഞാനും നിദ്രയുമായികഴിച്ച പോരും ചില്ലറയൊന്നുമല്ലായിരുന്നു. പാണ്ടിയിലെ ഊഷരപ്രദേശങ്ങളെ വരട്ടുന്ന ആദിത്യനും വൈദ്യുതവിശറിയെ കൊല്ലന്റെ ഉലയാക്കുന്ന ചൂടും എന്നെ വളരെ കഷ്ടപ്പെടുത്തി. മധുരയിൽച്ചെന്നിട്ടു ധനുഷ്കോടിവണ്ടിയിൽ കയറുന്നതിനു പത്തൊമ്പതു മിനിട്ടോളം ഒരു നെട്ടോട്ടം കുറിയോട്ടം വരുമെന്നു് എനിക്കറിയാമായിരുന്നു. ആ അവസരത്തിൽ എന്റെ പെട്ടി ഏതു കയ്യിൽ തൂക്കണം; ഏതു വഴിയെല്ലാം പോകണം എന്നുള്ള ആലോചന രണ്ടുമൂന്നു പാണ്ടി സ്റ്റേഷനെ തള്ളിവിട്ടു. ആലോചനയിലോ മയക്കത്തിലോ ലയിച്ചു ഞാൻ മധുരയിൽ ചെന്നുചേർന്നു.”

സീതാലക്ഷ്മി അനന്തപത്മനാഭൻ പടത്തലവനോടു്:

“സീതാലക്ഷ്മി—(ആക്ഷേപസ്വരത്തിൽ) നാം തമ്മിൽ രാജിയോ? നാം തമ്മിൽ സമത്വമോ? ഒരുപക്ഷേ നിങ്ങൾ വിഭ്രമിക്കുന്നുണ്ടായിരിക്കാം. എന്റെ വംശഭാസ്കരന്മാർ ലോകരുടെ ആക്ഷേപങ്ങൾക്കു പാത്രങ്ങളായി നീചമായ മരണത്തിൽപ്പെട്ടു നശിച്ചുപോയെന്നും, നിങ്ങളും മറ്റും സർവ്വവിജയികളായി ലോകത്തിന്റെ ശാശ്വതപൂജയെ അർഹിച്ചു നിതാന്തയശോരാശിയിൽ മുഴുകുന്നെന്നും, ഇതുപോലെ വേറേ ഒരബദ്ധമില്ല. എന്റെ പൂർവ്വികന്മാരുടെ പേരുകൾ അനന്തമായ അനന്തരജനപരമ്പരകളാൽ ഭക്ത്യാദരസമന്വിതം കീർത്തിക്കപ്പെടുമ്പോൾ, ഹേ, ഉഗ്രപ്രതാപശാലിയായ പടത്തലവൻ! അങ്ങയുടെ നാമധേയം ഒരു നിചനീചനായ കുലദ്രോഹിയുടേതായി ലോകാവസാനംവരെ വ്യവഹരിക്കപ്പെടന്നതാണു്. അങ്ങേ പേർ കേൾക്കുമ്പോൾ ലജ്ജാപാരവശ്യത്തോടുകൂടി തല കുനിക്കാത്തവരായി ആരും ഈ വർഗ്ഗത്തിൽ ഉണ്ടാകുന്നതല്ല. ഈ മഹനീയ വർഗ്ഗത്തിനു ജന്മസിദ്ധമായുണ്ടായിരുന്ന സ്വാതന്ത്ര്യസമ്പത്തിനെ സപ്തസാഗരങ്ങളുടെ ആഴത്തിലേക്കു വലിച്ചെറിഞ്ഞ മഹാദ്രോഹി എന്നായിരിക്കും അങ്ങേയ്ക്കു കിട്ടുന്ന മാറാപ്പേരു്. ധൈര്യവീര്യശൌര്യങ്ങളുടെ മണിനിലയനങ്ങളായി എന്റെ പൂർവ്വികന്മാർ സകലമാനപേരുടേയും ഹൃദയവേദിയിൽ പ്രതിഷ്ഠിക്കപ്പെടുന്നതാണു്. ഇതുതന്നെയാണു് അങ്ങേയ്ക്കു കിട്ടുന്ന ശിക്ഷയും ജനങ്ങൾക്കു കിട്ടുന്ന സമ്മാനവും. എന്തിനു മുഖം വക്രിപ്പിക്കുന്നു? ഞാൻ പാഞ്ഞുതീരട്ടെ. ദ്രോഹി! മനുഷ്യവർഗ്ഗത്തിൽ ആർക്കും കാണാത്ത ബുദ്ധിശൂന്യത ആഭരണം പോലെ പ്രതാപത്തിനായി അണിഞ്ഞിരിക്കുന്ന നേതാവേ! നിങ്ങളെ ഞാനല്ല, മനുഷ്യരാരുമല്ല കാലം—സത്യവേദിയായ ആ സത്വം—യഥായോഗ്യം ശിക്ഷിച്ചുകൊള്ളും.”

(സീതാലക്ഷ്മി)

കേശവദാസന്റെകൈയ്ക്കു വിലങ്ങു വയ്ക്കാൻ വന്ന പട്ടക്കാരനോടു സാവിത്രി കേശവദാസന്റെ സന്നിധിയിൽ: “ഏതു കൈകൾക്കമ്മാവാ! ഏതു കൈകൾക്കെടോ ശേവുകക്കാരൻപിള്ളേ! വിലങ്ങുവയ്ക്കേണ്ടതു്? ഞാൻ പറയാം ഏതു കൈകൾക്കെന്നു്. കാർത്തികതിരുനാൾ ശ്രീരാമവമ്മമഹാരാജാവു തിരുമനസ്സുകൊണ്ടു് ഏതു കൈകൾ കാഴ്ചകണ്ട ദിവസമാണോ ക്ഷാമം തീരെ നീങ്ങത്തക്കവണ്ണം ധാരാളം സാമാനങ്ങൾ തിരുമനസ്സിലേക്കു നല്കിയതു് ആ കൈകൾ. രാജ്യത്തിലെ അന്തഃച്ഛിദ്രംമൂലം പണമില്ലാതെ രാജ്യം കുചേലഭവനമായ സന്ദർഭത്തിൽ ഏതു കൈകൾകൊണ്ടു കണക്കെഴുതി ആ ശാഖയിലെ കുഴപ്പം തീർത്തു തിരുമനസ്സിലെ ഭണ്ഡാഗാരത്തിൽ സ്വർണ്ണനാണയം കിലുകിലെ വാരിയിട്ടു നിറച്ചുവോ ആ കൈകൾ. ഞാൻ പറയാം ഏതു കൈകളെന്നു്. അമ്മാവൻ എന്നെ തടുക്കരുതു്. ഭാരതഭൂമിയിൽ ശക്തി ഉറപ്പിച്ചും ചെറിയ സംസ്ഥാനങ്ങളെ മോഹാഗ്നിയിൽ ദഹിപ്പിച്ചും സഹ്യപർവ്വതാഗ്രങ്ങൾ കടന്നു് ഇങ്ങോട്ടടുത്ത വെള്ളക്കാർ കമ്പനിയാന്മാരെ ഈ രാജ്യത്തിന്റെ ഉത്തമബന്ധുക്കളാക്കി അവരെക്കൊണ്ടും ഇതിന്റെ അനിർവ്വചനീയമായ മാഹാത്മ്യം സമ്മതിപ്പിക്കത്തക്കവിധം ചാതുര്യത്തോടെ ബുദ്ധിചെലുത്തി ലേഖനങ്ങൾ എഴുതിയ ആ കൈകൾ… ഏതു കൈകളിലാണോ കൊച്ചുതിരുമേനിയേയും പ്രജകളേയും ഏല്പിച്ചിട്ടു കഴിഞ്ഞ ശിവരാത്രി ദിവസം ആ പൊന്നുതിരുമേനി ദിവംഗതനായതു്; ഏതു കൈകൾ കണ്ടാണോ കമ്പനിയാരന്മാർ തിരുവിതാംകൂറിനെ ആദരിക്കുന്നതു്; ഏതു കൈകളാണോ തിരുവിതാംകൂറിന്റെ അടിത്തട്ടും മേൽത്തട്ടും താങ്ങിയതു്… ഈ സാവിത്രിയുടെ മുന്നിൽവച്ചു്—എടോ രാജഭൃത്യൻ!—വയ്ക്കൂ വിലങ്ങു്.”

(രാജാകേശവദാസൻ)

മീറ്റിംഗ് ചടങ്ങു്—ഈശ്വരപ്രാർത്ഥനയാണു് ആദ്യം:

“ഉണങ്ങിവരണ്ട മൂന്നു പെൺകുട്ടികൾ ഒരു ദിവസംമാത്രം അവർക്കു പരിചയപ്പെടുന്ന വെള്ളമുണ്ടും വല്ലവരുടേയും ജാക്കറ്റുമായി അദ്ധ്യക്ഷന്റെ മുമ്പിൽ വന്നുനിന്നു ക്ഷാമഗാനം നടത്തുന്നതിനാണു് ഇരശ്വരപ്രാർത്ഥന എന്നു പറയുന്നതു്. പട്ടിണിക്കാരിലും പാതിജീവനുള്ളവരിലും കനിയുന്ന ഇരശ്വരനാണെങ്കിൽ ഇതു കേട്ടാൽ ഉടൻ പ്രത്യക്ഷപ്പെടുമെന്നുള്ളതു തീർച്ചയാണു്. ആ ദിക്കിലെ ഒരു വാത്സ്യായനപടുവായ നാട്ടുഭാഷാവിദ്യാലയമഹഷിയുടെ കൃതിയായിരിക്കും ഈ പ്രാർത്ഥന. അയാൾ ഒട്ടുമുക്കാലും നട്ടുവനായി ഈ ദരിദ്രശിശുക്കളുടെ അടുത്തു കാണും. അത്തക്കം നോക്കി വിദ്വാനെ തട്ടിയെടുത്തു് അടുത്ത പോലീസ് ലോക്കപ്പിലേക്കു് ആനയിച്ചാൽ പിന്നെ ഇശ്വരനും മനുഷ്യനും ആ ദേശത്തു സുഖമായി കഴിഞ്ഞുകൂടാം. പക്ഷേ, മനുഷ്യനിർമ്മിതങ്ങളായ നിയമങ്ങൾ എത്ര അപൂർണ്ണങ്ങൾ! അതുകൊണ്ടു് ഈവകക്കാർക്കു യാതൊരുതടസ്സവും ഒരിക്കലും വരുന്നതല്ല.”

(ചിരിയും ചിന്തയും, ഒന്നാം പുസ്തകം)

“തനിക്കു ലഭിക്കുവാൻ യോഗ്യതയില്ലാത്ത ഒരു ഭാര്യയെയാണു് കിട്ടിയിരിക്കുന്നതെന്നു വിചാരിക്കുന്ന ഭർത്താവാണു് ലോകത്തിൽ പരമസുഖം അനുഭവിക്കുന്നതു്. അവന്റെ മുഖത്തൊന്നു നോക്കണം. എപ്പോഴും ഒരു സംതൃപ്തി, ഒരു ചാരിതാർത്ഥ്യം, അല്പം ഒരു ശൃംഗാരച്ഛായയും. താൻ ഇങ്ങനെ ഒരു ഭാഗ്യവാൻ ഈ ഭൂമുഖത്തിൽക്കൂടെ നടക്കുന്നു, താൻമാത്രം സുഖിക്കുന്നു, മറ്റുള്ളവരെല്പാം മുജ്ജന്മത്തിൽചെയ്ത പാപംകൊണ്ടു് അസംതൃപ്തരായി കഴിയുന്നു എന്നാണു് അവന്റെ ഭാവവിശേഷം… ഇവൻ പ്രായേണ ഭാര്യാദാസനാണ്. അവളുടെ ആജ്ഞകൾ കേൾക്കുവാൻ ഉള്ള സന്തോഷം ഉള്ളിൽ മറയ്ക്കുകയുമില്ല. നമ്മോടെല്ലാം പറയും ‘എന്താചെയ്ക? എനിക്കു് അതിൽ തീരെ മനസ്സില്ലായിരുന്നു. പിന്നെ രാജമ്മ പറഞ്ഞു. പിന്നെ നമ്മളെന്തു ചെയ്യും?’ ഇതിൽ ‘നമ്മൾ’ എന്ന പ്രയോഗം കേട്ടു തെറ്റിദ്ധരിക്കേണ്ട. അയാളെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു.”

(ചിരിയും ചിന്തയും, രണ്ടാം പുസ്തകം—പെൺപിറന്നോന്മാർ)

മരണം

ഈ. വി. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പു മരണത്തെക്കുറിച്ചു് ഒരു ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽനിന്നാണ് താഴെക്കാണുന്ന വാക്യങ്ങൾ ഉദ്ധരിക്കുന്നതു്.

“ഈശ്വരൻ ഉണ്ടു്; ഇല്ലേ? ആകട്ടെ, അങ്ങനെ സമ്മതിക്കാം. ആ ഈശ്വരനു നമ്മെപ്പറ്റി ചില നിർബ്ബന്ധങ്ങൾ ഒക്കെയുണ്ടെന്നും പറയുന്നു. നാം എന്തൊക്കെയോ ചെയ്യണമെന്നു്. അതാണു് നിർബ്ബന്ധം. എന്നാൽ ഈശ്വരന്റെ അധികാരാതിർത്തി എവിടംവരെയായിരിക്കുമോ? നാം ഇക്കാണുന്നതും കേൾക്കുന്നതുമായ പ്രപഞ്ചം മുഴുവനുണ്ടു്. അതുതന്നെ പോരല്ലോ. പരലോകത്തിലും കാണണമല്ലോ. പരലോകം എന്നുവെച്ചാൽ എന്താണ്? ആത്മാവിനു നാശമില്ലെന്നും, വിക്രമാദിത്യനെപ്പോലെ കാടാറുമാസം, നാടാറുമാസം എന്ന നിലയിലോ, ഇൻഡ്യാവൈസ്രായിയെപ്പോലെ ഡൽഹിയിൽ കുറേനാൾ, സിംലയിൽ കുറേനാൾ എന്ന രീതിയിലോ ഇഹലോകത്തിൽ കുറേനാൾ പരലോകത്തിൽ കുറേനാൾ എന്ന മട്ടിൽ സഞ്ചരിക്കുകയാണെന്നും ആണല്ലോ സുസമ്മതമായ നിലയിൽ എത്തീട്ടുള്ള ബോധം.”

ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു് എത്ര ബുദ്ധിമാനും, പ്രതിഭാശാലിയും, നിരീക്ഷണപടുവും, ഭാവനാസമ്പന്നനും, ഫലിതമാർമ്മികനും, തുലികാചാലനപടുവുമായ ഒരു സരസഗദ്യകാരനായിരുന്നു ഈ. വി. കൃഷ്ണപിള്ള എന്നുള്ള വസ്തുതവിശദമാകുന്നു. സഞ്ജയന്റേതെന്നപോലെ അദ്ദേഹത്തിന്റേയും അകാലനിര്യാണം കൈരളിക്കു് ഒരു തീരാനഷ്ടമായി പരിണമിച്ചതിൽ ആശ്ചര്യമില്ല.