കൂടല്ലൂർ മനക്കലെ അംഗങ്ങൾ വ്യാകരണപാണ്ഡിത്യത്തിനു കേൾവിപ്പെട്ടവരാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 11-ാം ശതകത്തിന്റെ ആരംഭത്തിൽ ആ മനയ്ക്കൽ വാസുദേവൻനമ്പൂരിപ്പാടു് എന്നൊരു മഹാവിദ്വാൻ ജീവിച്ചിരുന്നു. പരദേശങ്ങളിൽ അദ്ദേഹം വാസുദേവശാസ്ത്രി എന്ന പേരിലാണു് അറിയപ്പെട്ടിരുന്നതു്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകനും വൈയാകരണനുമായിരുന്ന കുഞ്ചുനമ്പൂരിപ്പാടു് ചെറുപ്പത്തിൽ മരിച്ചുപോയി. ആ കുഞ്ചു നമ്പൂരിപ്പാടും വിദ്വാൻ പടുതോൾ നമ്പൂരിപ്പാടു്, നമ്മുടെ കുഞ്ചുണ്ണിനമ്പൂരിപ്പാടു് മുതൽപേരും വാസുദേവൻനമ്പൂരിപ്പാട്ടിലെ ശിഷ്യന്മാരായിരുന്നു. കൊച്ചി ചാലക്കുടി പിലാങ്ങോട്ടു പടുതോൾ നമ്പൂരിപ്പാട്ടിലെ മരുമകനായ ഈ കുഞ്ചു (ബ്രഹ്മദത്തൻനമ്പൂരിപ്പാടു്) ആണു് കുഞ്ചുണ്ണിയുടെ അച്ഛൻ. കുഞ്ചുനമ്പൂരിപ്പാടു് രണ്ടന്തർജ്ജനങ്ങളെ പരിഗ്രഹിച്ചു. ആദ്യത്തെ വേളി പാഴൂർ കറുത്തേടത്തു മനയ്ക്കൽനിന്നും രണ്ടാമത്തേതു പെരുമ്പിള്ളിശ്ശേരി കിരാങ്ങാട്ടുമനയ്ക്കൽ നിന്നുമായിരുന്നു. രണ്ടു പത്നിമാരിലും മുമ്മൂന്നു പുത്രന്മാർ ജനിച്ചു. ദ്വിതീയപത്നിയുടെ പുത്രന്മാരാണു് കുഞ്ഞൻനമ്പൂരിപ്പാടും കുഞ്ഞുണ്ണിനമ്പൂരിപ്പാടും കുഞ്ചുണ്ണിനമ്പൂരിപ്പാടും. കുഞ്ചുണ്ണിയുടെ പിതൃദത്തമായ നാമധേയം നീലകണ്ഠൻ എന്നായിരുന്നു. കുഞ്ഞുണ്ണിനമ്പൂരിപ്പാടു് ഒരു മികച്ച മീമാംസകനും കൂടിയായിരുന്നു. പ്രഥമപത്നിയുടെ ശാഖയിൽപ്പെട്ട കുഞ്ഞിക്കാവുനമ്പൂരിപ്പാടാണു് സുപ്രസിദ്ധനായ ഭാഗവതപൗരാണികൻ. ഭക്തിസാരാമൃതസംഗ്രഹം എന്നൊരു ചെറിയഗദ്യഗ്രന്ഥം അദ്ദേഹത്തിന്റെ വകയായി പ്രസിദ്ധീകരിച്ചിട്ടണ്ടു്. ഭക്തിമാർഗ്ഗത്തിന്റെ സകലരഹസ്യങ്ങളും പ്രമാണപുരസ്സരം ആർക്കും മനസ്സിലാകുന്ന ഭാഷയിൽ അതിസ്പഷ്ടമായി പ്രതിപാദിച്ചിരിക്കുന്നു. ഭക്തിയുടെ സ്വരൂപം, അതിന്റെ വിഭാഗങ്ങൾ, അതിന്റെ ആവശ്യം, ഭക്തി കൊണ്ടുമാത്രം സാക്ഷാൽക്കരിക്കാവുന്ന ഭഗവത്സ്വരൂപത്തിന്റെ ലക്ഷണം, ഭക്തിയുടെ വളർച്ചയിൽ ഭക്തന്നുണ്ടാകുന്ന അവസ്ഥാവിശേഷം, ഭക്തിയോഗത്തിനു ജഞാനയോഗാദികളിൽനിന്നുള്ള വൈലക്ഷണ്യം ഇങ്ങനെയുള്ള വിഷയങ്ങളാണു് അതിൽ അദ്ദേഹം സംഗ്രഹിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കാവുനമ്പൂരിയോടാണു് ചേന്നമംഗലത്തു് അയ്യാശാസ്ത്രികളും മറ്റും കുറേക്കാലം വ്യാകരണം അഭ്യസിച്ചതു്. കഞ്ചുണ്ണിനമ്പൂരിപ്പാട്ടിലെ കാലം കഴിഞ്ഞതിനുമേൽ ഉണ്ണിനമ്പൂരിപ്പാടു് എന്നൊരു പണ്ഡിതൻകൂടി കൂടല്ലൂർമനയ്ക്കൽ ജീവിച്ചിരുന്നു. സ്ഥാനസസന്ന്യാസം ചെയ്ത കൊച്ചി വലിയതമ്പുരാനോടു് ആ ഉണ്ണിനമ്പൂരി ഒരവസരത്തിൽ “ഇല്ലത്തു വ്യാകരണം പ്രധാനമായി പഠിച്ചുതുടങ്ങിയിട്ടു പതിന്നാലു തലമുറയായി. എന്നോടുകൂടി അതവസാനിക്കാൻ പോകുന്നു എന്നു വിചാരിച്ചു് എനിക്കു വലിയ സങ്കടമുണ്ടു്” എന്നു തിരുമനസ്സറിയിച്ചതു കൂടെനിന്നു കേട്ടുകൊണ്ടിരുന്ന പരീക്ഷിത്തു രാമവർമ്മ വലിയതമ്പുരാൻ തിരുമേനിയിൽനിന്നു് എനിക്കു് അറിവാൻ ഇടവന്നിട്ടുണ്ടു്. ഉണ്ണിനമ്പൂരിപ്പാടുതന്നെയായിരുന്നു കൂടല്ലൂർ മനക്കലെ ഒടുവിലത്തെ പണ്ഡിതൻ.
1005-ാമാണ്ടു മിഥുനമാസം 18-ാം൹ സ്വാതിനക്ഷത്രത്തിലാണു് കുഞ്ചുണ്ണിനമ്പൂരിപ്പാടു ജനിച്ചതു്. ബാല്യത്തിൽത്തന്നെ കേട്ടതെല്ലാം കാണാതെ പഠിക്കുവാൻ ഒരു വാസന പ്രത്യേകമുണ്ടായിരുന്നു. മണിക്കുറ്റി വാരിയരായിരുന്നു ആദ്യത്തെ ഗുരു. കൂടല്ലൂർമനക്കലെ കുലഗുരുസ്ഥാനം പരമ്പരയാ ആ കുടുംബത്തേയ്ക്കുണ്ടു്. ഓത്തു ചൊല്ലിച്ചതു് മുത്തച്ഛനാണു്. വാസുദേവശാസ്ത്രിയായിരുന്നു വ്യാകരണാചാര്യൻ എന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കുഞ്ചുണ്ണിനമ്പൂരിപ്പാടു വ്യാകരണത്തിനുപുറമെ വേദാന്തത്തിലും പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചു. ഉമയാപുരം രാമയ്യാശാസ്ത്രികളാണു് ആ വിഷയത്തിൽ ഗുരു. ജ്യോതിഷത്തിലും ധർമ്മശാസ്ത്രത്തിലും കൂടി അദ്ദേഹം നൈപുണ്യം നേടി. ഇരുപതാമത്തെ വയസ്സിൽ സിദ്ധാന്തകൗമുദി പഠിപ്പിച്ചുതുടങ്ങി. ആ ശാസ്ത്രത്തിൽ കാരയ്ക്കാട്ടു് അച്ഛൻനമ്പൂരിയും മുല്പപ്പള്ളി സ്വാമിയാരുമാണു് അദ്ദേഹത്തിന്റെ പ്രഥമശിഷ്യന്മാർ. 1030-ാമാണ്ടോടുകൂടി തൃശൂരിൽ താമസം തുടങ്ങി വടക്കേക്കുറുപ്പത്തു കുട്ടിപ്പാറുവമ്മയെപരിഗ്രഹിച്ചു. അവിടെയും വ്യാകരണംതന്നെയാണു് മുഖ്യമായി പഠിപ്പിച്ചതു്. മഹാമഹോപാധ്യായൻ കിള്ളിമംഗലത്തുനാരായണൻനമ്പൂരിപ്പാടു്, വാടാനംകുറിശ്ശി പിച്ചുശാസ്ത്രികൾ, ചേന്നമങ്ഗലം അയ്യാശാസ്ത്രികൾ, കൂടല്ലൂർ കുഞ്ഞിക്കാവുനമ്പൂരിപ്പാടു്, കാവുനമ്പൂരിപ്പാടു്, വാഴ്ചയൊഴിഞ്ഞ കൊച്ചിവലിയതമ്പുരാൻ മുതലായവർ ആ കാലത്തു് അദ്ദേഹത്തിനു ലഭിച്ച ശിഷ്യോത്തമന്മാരാണു്. സി. പി. അച്യുതമേനോനും കുറേക്കാലം അദ്ദേഹത്തിന്റെ കീഴിൽ പഠിച്ചിട്ടുണ്ടു്. കോഴിക്കോട്ടു തളിയിൽ സദസ്സിൽ ശിഷ്യന്മാരേയുംകൊണ്ടു പതിവായിപ്പോകാറുണ്ടായിരുന്നു. മിഥുനമാസത്തിൽ തീപ്പെട്ട വലിയതമ്പുരാൻ അദ്ദേഹത്തിന്റെ വൈദുഷ്യത്തെ അഭിനന്ദിച്ചു മാസന്തോറും ഇരുപത്തിരണ്ടര ഉറുപ്പിക പാരിതോഷികമായി കൊടുത്തു. തിരുവനന്തപുരത്തു് ആയില്യം തിരുനാൾ മഹാരാജാവും ഒരു വീരശൃംഖല സമ്മാനിച്ചു. നമ്പൂരിമാരുടെയിടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ തൃശ്ശൂരിൽവച്ചു് അവരുടെ ഒരു യോഗം സംഘടിപ്പിച്ചു. സ്വസമുദായത്തിൽ കാലോചിതമായ ഏതു പരിഷ്കാരവും നടപ്പിലാക്കുന്ന വിഷയത്തിൽ അദ്ദേഹം ആത്മാർത്ഥമായി സഹായിച്ചു. വിഷൂചികാബാധിതനായ ഒരു ദീനക്കാരനെ പരിചര്യചെയ്യുക നിമിത്തം ആ രോഗം തനിക്കും ബാധിക്കുകയും അതു മൂർച്ഛിച്ചു് 1060-ാമാണ്ടു് ഇടവമാസം ഉത്രാടംനാൾ പരഗതിയെ പ്രാപിക്കുകയും ചെയ്തു. കുഞ്ചുണ്ണിനമ്പൂരിപ്പാട്ടിലെ യശസ്സ് ഇക്കാലത്തും നിലനില്ക്കുന്നതു വ്യാകരണത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അധീതി ബോധാചരണ പ്രചാരണങ്ങളുടെ ഫലവത്തായ സ്വപരിശ്രമം നിമിത്തമാണു്.
ഗണപതിശാസ്ത്രി തിരുനെൽവേലി ജില്ലയിൽ തരുവൈ ഗ്രാമത്തിൽ രാമസുബ്ബയ്യരുടേയും സീതാംബയുടേയും പുത്രനായി 1036-ാമാണ്ടു തുലാമാസം 11-ാം൹ ജനിച്ചു. അദ്ദേഹത്തിന്റെ കുടുംബം വളരെ ദരിദ്രമായിരുന്നു. നീലകണ്ഠശാസ്ത്രി എന്നൊരു പണ്ഡിതന്റെ അടുക്കൽ നിഷ്കർഷിച്ചു സംസ്കൃതം അഭ്യസിച്ചതിനുമേൽ വദാന്യന്മാരും വൈദുഷ്യനിധികളുമായ വഞ്ചിമഹാരാജാക്കന്മാരുടെ വാസസ്ഥാനമായ തിരുവനന്തപുരത്തു സ്വഗൃഹത്തിൽനിന്നു കാൽനടയായി നടന്നെത്തി ചാലഗ്രാമത്തിൽ താമസിച്ചു കടയം സുബ്ബയ്യാദീക്ഷിതരെന്ന മഹാവൈയാകരണന്റെ കീഴിൽ വ്യാകരണവും അലങ്കാരവും പഠിച്ചു. വളരെ വേഗത്തിൽ ഒരു ഗണനീയനായ പണ്ഡിതനായി വികസിച്ചു. 1054-ാമാണ്ടു മീനമാസം 1-ാം൹തിരുവിതാംകൂർ ഹൈക്കോടതിയിൽ ഒരു ഗുമസ്തനായി സർവ്വീസിൽ പ്രവേശിച്ചു. അവിടെനിന്നു സംസ്കൃതമഹാപാഠശാലയിൽ ആദ്യം ഒരു ഉപാധ്യായനായും പിന്നീടു ഹെഡ്മാസ്റ്റരായും തദനന്തരം പ്രിൻസിപ്പലായും ഉയർന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ആശ്രിതനും അന്തേവാസിയുമായ അദ്ദേഹത്തിന്റെ ബഹുമുഖമായ പാണ്ഡിത്യത്തെയും വികസ്വരമായ പ്രതിഭാപാരമ്യത്തേയും പറ്റി അക്കാലത്തെ സംസ്കൃതവിദ്വാന്മാർക്കെല്ലാം വലിയ മതിപ്പായിരുന്നു. വിശാഖം തിരുനാൾ മഹാരാജാവു് ഒരു മോതിരം സമ്മാനിച്ചു; 1084-ാമാണ്ടു ചിങ്ങമാസം 19-ാം൹ പ്രാച്യഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനു പ്രത്യേകമായി ഒരു വകുപ്പു ഗവർമ്മെന്റു് സംവിധാനം ചെയ്തപ്പോൾ ആ വകപ്പിലെ ആദ്യത്തെ ക്യൂറേട്ടറായി നിയമിതനായതും, നമ്മുടെ ശാസ്ത്രിയായിരുന്നു. ആ നിലയിൽ പതിനെട്ടു കൊല്ലം ലോകസേവനം ചെയ്തു ദിഗന്തങ്ങളിൽ തന്റെയും വഞ്ചിനാട്ടിന്റെയും കീർത്തി പ്രചരിപ്പിച്ചു. ലണ്ടനിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിലെ ഓണറ്റിമെംബർ സ്ഥാനവും, ജർമ്മനിയിലെ ട്യൂബിൻജൻ സർവ്വകലാശാലയിൽനിന്നു പി. എച്ച്. ഡി. ബിരുദവും, ഭാരതചക്രവർത്തിയിൽനിന്നു മഹാമഹോപാധ്യായ പദവിയും, വെയിത്സ് രാജകുമാരൻ ഭാരതം സന്ദർശിച്ചപ്പോൾ ഒരു കീർത്തിമുദ്രയും അദ്ദേഹത്തിനു ലബ്ധമായി. 1101-ാമാണ്ടു തുലാമാസം 10-ാം൹ ഉദ്യോഗത്തിൽനിന്നു വിരമിക്കുകയും ആ കൊല്ലത്തിൽത്തന്നെ മീനം 21-ാം൹ പരമപദത്തെ പ്രാപിക്കുകയും ചെയ്തു.
ഗണപതിശാസ്ത്രി ഒരു വൈയാകരണനായിരുന്നുവെന്നു പറഞ്ഞുവല്ലൊ. അലങ്കാരത്തിലും സാഹിത്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹം അനന്യസാമാന്യമായിരുന്നു. വിശ്രമം എന്നൊന്നു് അദ്ദേഹം അറിഞ്ഞിരുന്നതേയില്ല. (1) മാധവീവാസന്തീയം നാടകം, (2) സേതുയാത്രാവർണ്ണനം, (3) തുലാപുരുഷദാനകാവ്യം, (4) അർത്ഥചിന്താമണിമാല, (5) ചക്രവർത്തിനീഗുണമണിമാലം, (6) ഭാരതാനുവർണ്ണനംഗദ്യം, (7) വലിയകോയിത്തമ്പുരാന്റെ ശാകുന്തളപാരമ്യത്തിനു വ്യാഖ്യാനം ഇവ അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ വലിയ കോയിത്തമ്പുരാന്റെ വിശാഖവിജയത്തിനും, ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാന്റെ ആംഗലസാമ്രാജ്യത്തിനും ലഘുടിപ്പണികളും അദ്ദേഹം എഴുതീട്ടുണ്ടു്.
എന്നാൽ ഗണപതിശാസ്ത്രിയുടെ യശസ്സു്, ക്യൂറേട്ടർ എന്ന നിലയിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങളെ ആശ്രയിച്ചാണു് സർവ്വോപരി നിലകൊള്ളുന്നതു്. ഒട്ടുവളരെ ഉത്തമഗ്രന്ഥങ്ങൾ അദ്ദേഹം പ്രകാശിപ്പിക്കുകയുണ്ടായി. (1) മഹിമഭട്ടന്റെ വ്യക്തിവിവേകം, (2) കാമന്ദകന്റെ നീതിസാരം, (3) കേശവസ്വാമിയുടെ നാനാർത്ഥാർണവസംക്ഷേപം, (4) വന്ദ്യഘടീയ സർവ്വാനന്ദന്റെ ടീകാസർവ്വസ്വത്തോടുകൂടിയ നാമലിംഗാനുശാസനം, (5) മഹേന്ദ്രവിക്രമവർമ്മാവിന്റെ മത്തവിലാസപ്രഹസനം, (6) കൃഷ്ണാനന്ദസരസ്വതിയുടെ സിദ്ധാഞ്ജനം, (7) ഈശാനശിവഗുരുദേവന്റെ പദ്ധതി, (8) കൗടില്യന്റെ അർത്ഥസ്ത്രം, (9) അര്യമഞ്ജുശ്രീമൂലകല്പം, (10) വിശ്വരൂപന്റെ ബാലക്രീഡയോടുകൂടിയ യാജ്ഞവല്ക്ക്യസ്മൃതി എന്നീ അപൂർവ്വഗ്രന്ഥങ്ങൾ അവയിൽ ചിലതുമാത്രമാണ്. ഭാസന്റേതെന്നു് അദ്ദേഹവും മറ്റു ചില പണ്ഡിതപ്രവേകന്മാരും സ്ഥാപിക്കുവാൻ ശ്രമിക്കുന്ന പതിമ്മൂന്നു രൂപകങ്ങൾ പ്രസിദ്ധീകരിക്കുക നിമിത്തമാണു് അദ്ദേഹത്തെ സകലരാജ്യങ്ങളിലെ സംസ്കൃതപണ്ഡിതന്മാരും ഒന്നുപോലെ സർവ്വോപരി ബഹുമാനിച്ചതു്. ആ രൂപകങ്ങൾക്കും അർത്ഥശാസ്ത്രത്തിനും അദ്ദേഹം വളരെ മേലേക്കിടയിലുള്ള വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ടു്. അർത്ഥസ്ത്രവ്യാഖ്യയ്ക്കു് അദ്ദേഹത്തിനു് അവലംബമായിത്തീർന്നതു് ഒരു മഹത്തും പ്രാക്തനവുമായ ഭാഷാവ്യാഖ്യാനമാണെന്നുള്ള വസ്തുത അവിസ്മരണീയമാണു്. പദ്യത്തെക്കാൾ ഗദ്യമായിരുന്നു അദ്ദേഹത്തിനു് അധികം സ്വാധീനം. ആ കൃതഹസ്തത ഭാരതാനുവർണ്ണനം എന്ന ലഘുഗ്രന്ഥത്തിൽനിന്നു മാത്രമല്ല, പ്രതിമാനാടകത്തിനു് അദ്ദേഹം എഴുതീട്ടുള്ളതും സ്വപ്നവാസവദത്താദി ഗ്രന്ഥങ്ങളൊന്നും ഭാസന്റേതല്ലെന്നു വാദിക്കുന്ന പണ്ഡിതന്മാരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതുമായ ഉപോൽഘാതത്തിൽനിന്നും കാണാവുന്നതാണു്. വളരെ താളിയോലഗ്രന്ഥങ്ങൾ കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു് അദ്ദേഹം വരുത്തി സംഭരിച്ചു. ഏതു പ്രകാരത്തിൽ നോക്കിയാലും അദ്ദേഹം ക്യൂറേട്ടറായിരുന്ന കാലത്തുചെയ്തിട്ടുള്ള സംസ്കൃതസേവനം ആർക്കും പുളകോൽഗമകാരിയായി, അന്യാദൃശമായ തേജസ്സോടുകൂടി എവിടെയും എല്ലാക്കാലത്തും പരിലസിക്കും. അത്തരത്തിലുള്ള ഒരു വിദ്യാവല്ലഭനെ ആ സേവനത്തിനു കിട്ടിയതു തിരുവിതാംകൂറിന്റെ ഭാഗ്യാതിരേകം കൊണ്ടുതന്നെയാണു്.
ഗണപതിശാസ്ത്രിക്കുപുറമേ രണ്ടു കേരളീയർക്കുകൂടി ബ്രിട്ടീഷ് ഗവർമ്മെന്റു മഹാമഹോപാദ്ധ്യായബിരുദം സമ്മാനിച്ചിട്ടുണ്ടു്. അവരിൽ ഒരാൾ കിള്ളിമംഗലത്തു നാരായണൻനമ്പൂരിപ്പാടും മറ്റേയാൾ കൊടുങ്ങല്ലൂർ വലിയഗോദവർമ്മത്തമ്പുരാനുമാകുന്നു. രണ്ടുപേരും കൊച്ചിക്കാരായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കൊച്ചിശ്ശീമ തലപ്പിള്ളിത്താലൂക്കിൽ മംഗലത്തു നടുവത്തു പാഞ്ഞാൾ എന്നൊരു ദേശമുണ്ടു്. അവിടെ നടുവത്തുമനയ്ക്കൽ നാരായണൻനമ്പൂരിപ്പാട്ട് 1030-ാമാണ്ടു മീനമാസത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛനു് അന്നു 47 വയസ്സു പ്രായമായിരുന്നു. തൃശ്ശിവപേരൂർ ജഡ്ജിയായിരുന്ന സുപ്രസിദ്ധനായ വ്യാകരണാചാര്യരോടാണ് അച്ഛൻ ശബ്ദേന്ദുശേഖരം പഠിച്ചതു്. ആ മഹാവൈയാകരണന്റെ ആദ്യത്തെ ശിഷ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. എറണാകുളം കോളേജിൽ മലയാളം പണ്ഡിതനായിരുന്ന കുഞ്ഞൻവാരിയരുടെ അമ്മാവൻ ശങ്കുവാരിയരായിരുന്നു നാരായണൻ നമ്പൂരിപ്പാട്ടിലെ ആദ്യത്തെ ഗുരു. ഓത്തുചൊല്ലിച്ചതു് തെക്കേമഠത്തിലേക്കു സന്യസിച്ച വെമ്മലത്തുർ നമ്പൂരിയാണു്. സംസ്കൃതത്തിൽ ഉപരിപഠനത്തിനായി നമ്മുടെ കഥാനായകൻ കൂടല്ലൂർമനയ്ക്കൽ ചെന്നുകൂടി. അവിടെ വാസുദേവശാസ്ത്രിയോടു നൈഷധം ഒരു സർഗ്ഗം പഠിച്ചു. സിദ്ധാന്തകൗമുദി, മനോരമ, പരിഭാഷേന്ദുശേഖരം ആദ്യഭാഗം എന്നീ ഗ്രന്ഥങ്ങൾ കഞ്ചുനമ്പൂരിപ്പാട്ടിലേയും മറ്റും സന്നിധിയിൽ നിന്നഭ്യസിച്ചു. പിന്നീടു തൃശ്ശൂരേയ്ക്കു താമസം മാറ്റി കുഞ്ചുണ്ണിനമ്പൂരിപ്പാട്ടിലെ അടുക്കൽ കുറേക്കാലം തർക്കം പഠിച്ചുവെങ്കിലും അതു വ്യാകരണാഭ്യസനത്തിനു പ്രതിബന്ധമാകുമെന്നു കരുതി തുടർന്നുകൊണ്ടു പോയില്ല. പരിഭാഷേന്ദുശേഖരം മുഴുമിപ്പിച്ചു ശബ്ദേന്ദുശേഖരവും പഠിച്ചു. ആയിടയ്ക്കുതന്നെ ശാങ്കരീയഭാഷ്യവും വായിച്ചു വേദാന്തത്തിലും നിഷ്ണാതതനായി. പിന്നീടു മഹാഭാഷ്യം മുഴുവൻ വശമാക്കി. മഹാഭാഷ്യം പഠിച്ചുതീർന്നപ്പോൾ അദ്ദേഹത്തെ കുന്നംകുളത്തിനു മൂന്നു മൈൽ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ചൊവ്വന്നൂർ സഭാമഠത്തിലെ വ്യാകരണഭട്ടതിരിയായി നിയമിച്ചു. അവിടെ ആറു ശാസ്ത്രങ്ങളും പഠിപ്പിക്കുവാൻ ആറു പണ്ഡിതപ്രവേകന്മാരെ നിയമിച്ചിരുന്നു. ഒന്നിലധികം തവണ തിരുവനന്തപുരത്തു പോവുകയും വിശാഖംതിരുനാൾ മഹാരാജാവിന്റെയും അവിടുത്തെ സദസ്യകേസരികളുടേയും മുക്തകണ്ഠമായ അഭിനന്ദനത്തിനു പാത്രീഭവിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ ആദ്യമായി പ്രവേശിച്ചത് 1063-ലാണു്. ആ സദസ്സിൽ പ്രഥമസമ്മാനം വളരെക്കൊല്ലം അദ്ദേഹം വാങ്ങിച്ചു. 1109 മകരമാസം 6-ാം൹യാണു് യശശ്ശരീരനായതു്. അദ്ദേഹം സ്വജാതിയിൽ വിവാഹം ചെയ്തിരുന്നില്ല. രണ്ടു നായർ സ്ത്രീകളെ പരിഗ്രഹിച്ചു. അവരിൽ ഒന്നു വടക്കാഞ്ചേരിക്കടുത്തു പുത്തൻകളത്തിലെ കുട്ടിപ്പാറുവമ്മയും മറേറതു കിള്ളിമംഗലത്തു് ഊരമ്പകത്തെ കൊച്ചുക്കുട്ടിയമ്മയുമാണു്. നടുവത്തുമനയ്ക്കു ചൊവ്വന്നൂരിനടുത്തു് അകത്തിയൂർ എന്നൊരില്ലവും സ്വത്തുമുണ്ടു്. വ്യാകരണത്തിൽ അർത്ഥവാദസൂത്രശതകോടി എന്നൊരു മഹാഗ്രന്ഥം നിർമ്മിച്ചിട്ടള്ളതിനു പുറമേ, നാമി (6–4–3) സാമ ആകം (7–1–3)എന്നീ രണ്ടു പാണിനീസൂത്രങ്ങളെ സമഗ്രമായി വ്യാഖ്യാനിക്കുകയും സ്വപ്നചരിതം എന്നൊരു കാവ്യം രചിക്കുകയും ചെയ്തിട്ടുണ്ടു്.
ഗോദവർമ്മത്തമ്പുരാൻ 1034-ാമാണ്ടു മിഥുനമാസം 14-ാം൹ എളകുറിശ്ശി നാരായണൻ നമ്പൂരിപ്പാട്ടിലേയും കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടേയും പുത്രനായി ജനിച്ചു. അദ്ദേഹത്തിനു വിശിഷ്ടന്മാരായ പലഗുരുക്കന്മാരും ഉണ്ടായിരുന്നു. അവരിൽ ഗോദവർമ്മത്തമ്പുരാനും (1005–1049) കുഞ്ഞുണ്ണിത്തമ്പുരാനും (1028–1090) കുംഭകോണം കൃഷ്ണശാസ്ത്രികളും, കൊച്ചി വാഴ്ചയൊഴിഞ്ഞ വലിയ തമ്പുരാന്റെ അനുജൻ കൊച്ചുണ്ണിത്തമ്പുരാനും, മഹാമഹോപാദ്ധ്യായൻ കുംഭകോണം ശഠകോപാചാര്യരും പ്രധാനന്മാരാണു്. മഹാകവി കൊച്ചുണ്ണിത്തമ്പുരാൻ ഗോദവർമ്മത്തമ്പുരാന്റെ ശിഷ്യനും കഥാപുരുഷന്റെ സഹപാഠിയുമായിരുന്നു. മനോരമയും ശേഖരവും പഠിപ്പിച്ചതു കുഞ്ഞുണ്ണിത്തമ്പുരാനായിരുന്നു. ശഠകോപാചാര്യരാണു് അദ്ദേഹത്തിനു തർക്കശാസ്ത്രത്തിൽ പാരങ്ഗതത്വം വരുത്തിയതു്. തത്സംബന്ധമായി കൊച്ചി ഇളയതമ്പുരാന്റെ പേരും സ്മരിക്കേണ്ടതുണ്ടു്. ബ്രഹ്മാനന്ദീയം, സിദ്ധാന്തബിന്ദു എന്നീ വേദാന്തഗ്രന്ഥങ്ങളും കഥാപുരുഷൻ നിഷ്കർഷിച്ചു വശമാക്കി. ഇങ്ങനെ മൂന്നു ശാസ്ത്രങ്ങളിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നുവെങ്കിലും തർക്കമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യശാസ്ത്രം. വിദ്വാന്മാർ അദ്ദേഹത്തെ ഭട്ടൻ എന്ന ബിരുദം നല്കി ബഹുമാനിച്ചു. ഭട്ടൻ എന്നു് ഒരാളെ വ്യപദേശിക്കണമെങ്കിൽ ഗഹനങ്ങളായ ശാസ്ത്രങ്ങൾ വ്യാഖ്യാനിക്കുകയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഗ്രന്ഥങ്ങൾ സ്വയം രചിക്കുകയോ ചെയ്തിരിക്കണം. മഹാതാർക്കികനായ മാന്തിട്ട കുഞ്ചുനമ്പൂരി അദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണു്. വടശ്ശേരി കുഞ്ഞിക്കാവമ്മയുടെ പുത്രി ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. 1108 ധനുമാസം 25-ാം൹ മുതൽ വലിയതമ്പുരാനായിരുന്നു. ഭട്ടൻതമ്പുരാൻ പ്രകൃത്യാ ദുർബ്ബലനും വാതരോഗിയുമായിരുന്നു. എങ്കിലും തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ സന്നിഹിതനാകാറുണ്ടായിരുന്നു. 1109-ാമാണ്ടു കുംഭമാസം 16-ാം൹ ആയില്യം നാളിൽ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്തു.
ഭട്ടന്റെ വാങ്മയങ്ങളിൽ ഉൾപ്പെട്ടവയാണു് ചുവടേ കുറിയ്ക്കുന്ന കൃതികൾ. (1) പ്രാമാണ്യവാദവ്യാഖ്യാനം (തൃതീയവ്യുൽപ്പത്തിവരെ), (2) ദൃത്തകമീമാംസ; (3) സ്മാർത്തപ്രായശ്ചിത്തവ്യാഖ്യാനം, (4) ഉപകാരപ്രവേശികാവ്യാഖ്യാനം, (5) ഭാഗവതപ്രഥമശ്ലോകവ്യാഖ്യാനം, (6) ന്യായരത്നാവലീവ്യാഖ്യാനം, (7) ശക്തിതത്വപ്രകാശിക, (8) വ്യുൽപത്തിവാദകാരിക. ഇവയെല്ലാം പ്രമാണഗ്രന്ഥങ്ങളാണു്. നമ്മുടെ മഹാമഹോപാദ്ധ്യായന്മാരെല്ലാം ആ സ്ഥാനത്തിനു സർവ്വഥാ അർഹന്മാരായിരുന്നുവെന്നു് ഇത്രമാത്രമുള്ള പ്രസ്താവനയിൽ നിന്നു വ്യക്തമാകുന്നതാണല്ലോ.
രാജർഷിയെന്നും വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാനെന്നുമുള്ള വിശേഷണങ്ങളാൽ പ്രശസ്തനായ കൊച്ചി രാമവർമ്മ മഹാരാജാവു് 1028-ാമാണ്ടു ധനുമാസം 14-ാം൹ ജനിച്ചു. 971-ൽ ജനിച്ചു് 1036-ൽ തീപ്പെട്ട വലിയമ്മത്തമ്പുരാന്റെ തൃതീയപുത്രിയായിരുന്നു അവിടത്തെ മാതാവായ അംബത്തമ്പുരാട്ടി. ആ മഹതിയെ കുഞ്ഞിക്കിടാവു് എന്നാണു് വിളിച്ചുവന്നിരുന്നതു്. അവിടുന്നു് 1008-ാമാണ്ടു വൃശ്ചികമാസത്തിൽ ജനിച്ചു. 13-ാമത്തെ വയസ്സിൽ കൂടലാറ്റു പുറത്തു ഭാസ്കരൻ അനുജൻ നമ്പൂരിപ്പാട്ടിലെ ധർമ്മപത്നിയായി. രാമവർമ്മമഹാരാജാവിനു നാലു സഹോദരന്മാരും മൂന്നു സഹോദരിമാരും ഉണ്ടായിരുന്നു.
കഥാപുരുഷൻ ബാല്യത്തിൽ തത്സഹജങ്ങളായ ലിലാവിനോദങ്ങളിൽ വ്യാപൃതനായിരുന്നതല്ലാതെ വിദ്യാസമ്പാദനത്തിൽ വിശേഷവിധിയായി ശ്രദ്ധിച്ചിരുന്നില്ല. ആമു (രാമപട്ടർ) എന്നൊരു വിശ്വസ്തനും സ്വാമിഭക്തനുമായ പരിചാരകനെ വാത്സല്യവതിയായ മാതാവു് അവിടുത്തെ മേൽനോട്ടത്തിനായി പ്രത്യേകം നിയമിച്ചിരുന്നു. മൂഴിക്കുളത്തു കുഞ്ഞുണ്ണിനമ്പിയാരായിരുന്നു ഒന്നാമത്തെ സംസ്കൃതഭാഷാധ്യാപകൻ. 1037-ൽ റോബർട്ട് വൈറ്റ്, നാരായണയ്യർ എന്നീ ഉപാധ്യായന്മാരുടെ കീഴിൽ ഇംഗ്ലീഷ് പഠിച്ചുതുടങ്ങി. അനന്തരം സുപ്രസിദ്ധനായ പാലപ്പുറത്തു ഗോവിന്ദൻനമ്പിയാരെ വരുത്തി തൃപ്പൂണിത്തുറ താമസിപ്പിച്ചു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ അദ്ദേഹത്തെക്കൊണ്ടഭ്യസിപ്പിക്കുവാൻ അന്നത്തെ വലിയ തമ്പ്രാൻ തീർച്ചപ്പെടത്തി. ഗോവിന്ദൻനമ്പിയാർ കൈക്കുളങ്ങര രാമവാരിയരുടേയും ഗുരുനാഥനായിരുന്നു എന്നു് അനുവാചകന്മാർ സ്മരിക്കുമല്ലോ. അന്നു് അദ്ദേഹത്തെപ്പോലെ സമഞ്ജസമായും സരഹസ്യമായും ധ്വന്യാലോകത്തിനു് അർത്ഥവിവരണം ചെയുന്ന പണ്ഡിതന്മാർ കേരളത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം അധ്യാപകനായതോടുകൂടി മഹാരാജാവിന്റെ പഠനരീതിക്കു് ഒരു മാറ്റംവന്നു. കാലത്തു് ഏഴു മണിമുതൽ ഒൻപതു മണിവരെ നമ്പിയാർ പഠിപ്പിക്കും. താൻ ഉണ്ണാൻ പോകുന്ന അവസരങ്ങളിൽ പാഠം ചൊല്ലുന്നതു കേൾക്കുവാൻ മകനെ കൂടെയിരുത്തും. പത്തു മണിമുതൽ പന്ത്രണ്ടു മണിവരെ പഴയ പാഠങ്ങൾ ഉരുവിടണം. മൂന്നു മണിമുതൽ അഞ്ചു മണിവരെ പിന്നെയും പഠിപ്പിക്കും. ആ ഗുരുനാഥൻ ഒരു കൊല്ലം കഴിഞ്ഞപ്പോൾ വസൂരിദീനത്താൽ നിര്യാതനാകുക നിമിത്തം ആ പരിപാടി വിച്ഛിന്നമായി. തൃപ്പൂണിത്തുറ തീപ്പെട്ട വീരഇളയതമ്പുരാനും പാറമേക്കാവു രാമൻനമ്പിയാരുമായിരുന്നു പിന്നത്തെ അധ്യാപകന്മാർ. അവർ മൂന്നുനാലു കൊല്ലം പഠിപ്പിച്ചതോടുകൂടി അവിടത്തേക്കു വ്യുൽപ്പത്തി ഉറച്ചു. പിന്നീടു ശാസ്ത്രപഠനമായി. അക്കാലത്തു ശേഷാചാര്യരെന്നും രങ്ഗപ്പാചാര്യരെന്നും രണ്ടു പണ്ഡിതപഞ്ചാനനന്മാർ കൊച്ചിയിലുണ്ടായിരുന്നു. മഹാരാജാവു ശേഷാചാര്യരോടു തർക്കവും വ്യാകരണവും വായിച്ചു. അവിടുത്തെ സഹചാരിയായ കൊച്ചുണ്ണിത്തിരുമുൽപ്പാട് എന്നൊരാൾ രങ്ഗപ്പാചാര്യരോടു തർക്കംപഠിച്ചു് അലസനായ അവിടത്തെ പരാജിതനാക്കുമെന്നുള്ളഘട്ടം സമീപിച്ചപ്പോൾ അവിടുത്തേക്കും ആത്മാവിൽ നിലീനമായ ഉത്സാഹശക്തി അത്ഭുതാവഹമായ വിധത്തിൽ ഉൽബുദ്ധമായി. ശേഷാചാര്യർ മൂന്നു കൊല്ലത്തോളം പഠിപ്പിച്ചു. ആ ഗുരുശ്രേഷ്ഠന്റെ സ്മാരകമായി സ്വന്തം ചിലവിൽ ‘ശ്രീശേഷ്ഠാചാര്യപാഠശാല’ എന്നൊരു സംസ്കൃതവിദ്യാലയം 1060-ാമാണ്ടു് കർക്കടകമാസത്തിൽ തൃപ്പൂണിത്തുറെ സ്ഥാപിച്ചു. അതാണു് ഇന്നത്തെ സംസ്കൃതകോളേജായി വികസിപ്പിച്ചിട്ടുള്ളതു്. ആ വിദ്യാലയത്തിന്റെ ആവശ്യത്തിനു ‘ബാലബോധനം’ എന്നൊരു ലഘുവ്യാകരണഗ്രന്ഥം നിർമ്മിച്ചു. അനന്തരകാലങ്ങളിൽ വേദാന്തത്തിലും നിപുണമായി പരിശ്രമിച്ചു. അങ്ങനെ ഇളയതമ്പുരാനാകുന്നതിനു മുൻപുതന്നെ മൂന്നു ശാസ്ത്രങ്ങളിൽ നിഷ്ണാതനായി. സി. പി. അച്യുതമേനോനിൽനിന്നു് ഇംഗ്ലീഷിൽ തനിക്കുള്ള ജ്ഞാനത്തിനു പരിപൂർണ്ണതയും വരുത്തി. 1063-ാമാണ്ടു മിഥുനമാസത്തിലാണു് അവിടുന്ന് ഇളയതമ്പുരാനായതു്.
മഹാരാജാവു് 1055-ാമാണ്ടു് വൃശ്ചികമാസത്തിൽ എടക്കുന്നി ഇട്ടിയുഴുത്തിരവാരിയരുടേയും കോരകത്തു കുഞ്ഞിക്കാളിയമ്മയുടേയും പുത്രിയായ പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. ആ സാധ്വി 1056 തുലാത്തിൽപരേതയായി. പിന്നീടു പന്ത്രണ്ടു വർഷത്തോളം വിധുരനായി കഴിച്ചുകൂട്ടിയതിനുമേൽ 1068-ാമാണ്ടു തുലാമാസത്തിൽ തൃശൂർ ഇട്ട്യാണത്തു പാറുക്കുട്ടിയമ്മയെ പത്നിയായി സ്വീകരിച്ചു.
ഇന്നത്തെ കൊച്ചിയുടെ പിതാവു് എന്ന ബഹുമതിയാണു് അവിടുന്നു സമാർജ്ജിച്ചതു്. അതിനെപ്പറ്റി സാഹിത്യചരിത്രത്തിൽ അധികമൊന്നും പ്രസ്താവിക്കുവാൻ സാധിക്കുന്നതല്ലെങ്കിലും തീരെ വിസ്മരിക്കുന്നതു് അനുചിതമായിരിക്കും. 1071-ാമാണ്ടു ചിങ്ങം 27-ാം൹ അന്നു നാടുവാണിരുന്ന മഹാരാജാവു തീപ്പെട്ടു. കഥാപുരുഷൻ സിംഹാസനാരൂഢനുമായി. അന്നു് അവിടുത്തേക്കു് 42 വയസ്സു പ്രായമായിരുന്നു. ഇളയതമ്പുരാനായിരുന്നപ്പോൾത്തന്നെ വലിയതമ്പുരാന്റെ സഹചാരിയും ഉപദേഷ്ടാവുമായി രാജ്യഭരണം സംബന്ധിച്ചുള്ള കാര്യങ്ങളിൽ അസാധാരണമായ നൈപുണ്യം സമ്പാദിച്ചിരുന്നു. പല പരിഷ്കാരങ്ങൾ അവിടുത്തെ വാഴ്ചക്കാലത്തു് ഏർപ്പെടുത്തപ്പെട്ടു. രാജ്യത്തിന്റെ ആയവ്യയസ്ഥിതി ക്രമീകരിച്ചു. സർവ്വേയും സെറ്റിൽമെന്റും നടത്തി. വനസംരക്ഷണത്തിനു് ആശാസ്യമായ ഒരു പദ്ധതി രൂപവൽക്കരിച്ചു. ട്രാംവെ ഉൽഘാടനം ചെയ്തു. പ്രധാന പട്ടണങ്ങളിൽ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള ആശുപത്രികൾ സ്ഥാപിച്ചു. എക്സൈസ് തുടങ്ങിയ പലഡിപ്പാർട്ടുമെന്റുകളും കാര്യക്ഷമമായി പരിഷ്കരിച്ചു. മാജിസ്ട്രിസിയും റവന്യൂവും വകുപ്പുകൾ വേർതിരിച്ചു. ആരോഗ്യം, കൃഷി എന്നീ വകുപ്പുകൾ ഇദംപ്രഥമമായി സംഘടിപ്പിച്ചു. എറണാകുളം, മട്ടാഞ്ചേരി, തൃശൂർ എന്നീ സ്ഥലങ്ങളിൽ നഗരസഭകൾ ഏർപ്പെടുത്തി പഞ്ചായത്തുഭരണം ആരംഭിച്ചു. കോവിലകം ചിലവു ക്ലുപ്തപ്പെടത്തി. ചെറുവണ്ണൂർ എറണാകുളം തീവണ്ടിപ്പാത നടപ്പിലാക്കി. വ്യവസായസർവ്വേ നിവ്വഹിച്ചു. അധഃസ്ഥിതരെ സർക്കാരുദ്യോഗങ്ങളിൽ നിയമിച്ചു. വിദ്യാഭ്യാസം വ്യാപ്തിയിലും പരിണാമത്തിലും അഭൂതപൂർവ്വമായി വർദ്ധിപ്പിച്ചു. എന്തിനു വിസ്തരിക്കുന്നു? അവിടുത്തെ കുശാഗ്രബുദ്ധിയുടേയും രാജ്യതന്ത്രപാരീണതയുടേയും മുദ്രപതിയാത്തയാതൊരു ഗവർമ്മെന്റ് സ്ഥാപനവും അക്കാലത്തു് ഉണ്ടായിരുന്നില്ല. കൊള്ളയും കോഴയും അസ്തമിച്ചു. അധർമ്മം ഒരുദിക്കിലും തലപൊക്കിയില്ല. തന്റെ രാജ്യമെന്നും പ്രജകളെന്നുമല്ലാതെ അവിടത്തേക്കു വേറെ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അരിഷഡ്വർഗ്ഗത്തെ ജയിച്ച ഒരു മഹാത്മാവായിരുന്നു ആ തിരുമേനി. അവിടത്തെ രാജ്യഭരണത്തിലുള്ള മതിപ്പുനിമിത്തം ബ്രിട്ടീഷ് ഗവർമ്മെന്റു് അവിടത്തേക്കു് ജി. സി. എസ്. ഐ., ജി. സി. ഐ. ഈ. എന്നീ ബിരുദങ്ങൾ പ്രദാനം ചെയ്തു. അവിടത്തേക്കുള്ള ആചാരവെടി പതിനേഴിൽനിന്നു പത്തൊൻപതായി ഉയർത്തി. ഇൻഡ്യയൊട്ടുക്കു സഞ്ചരിക്കുകയും പല രാജാക്കന്മാരും പണ്ഡിതന്മാരുമായി പരിചയം സമ്പാദിക്കുകയും ചെയ്തു. കൃതജ്ഞരായ പ്രജകൾ അവിടത്തെ ഷഷ്ട്യബ്ദപൂർത്തിമഹോത്സവം യഥോചിതം കൊണ്ടാടി.
അത്തരത്തിലുള്ള അഭികാമ്യമായ അത്യുച്ചസ്ഥാനത്തെ അവിടുന്നു് 1090-ാമാണ്ടു വൃശ്ചികമാസം 22-ാം൹ സ്വയം പരിത്യജിച്ചു. അതു പാടില്ലെന്നു ബ്രിട്ടീഷ് ഗവർമ്മെന്റു് ആകുന്നതും ഉപദേശിച്ചുനോക്കി. ഭിന്നജാതിമതസ്ഥരായ സകലപ്രജകളും അവിടത്തെ ആ ഉദ്യമത്തിൽനിന്നു വിരമിപ്പിക്കുവാൻ പലപ്രകാരത്തിൽ പരിശ്രമിച്ചു. അതൊന്നും ഫലിച്ചില്ല. തന്റെ നിശ്ചയം അവിടുന്നു ദൃഢവ്രതനായി നിറവേറ്റുകതന്നെ ചെയ്തു. താൻ രാജ്യഭാരം കയ്യേറ്റ പതിനൊന്നാമത്തെ വർഷത്തിൽത്തന്നെ അവിടുത്തേക്കു് അതിൽനിന്നു് ഒഴിയണമെന്നു് ആഗ്രഹമുണ്ടായിരുന്നു. അന്നു് അതു സാധിച്ചില്ല. “ഗളിതവയസാമിക്ഷ്വാകൂണാമിദം ഹി കുലവ്രതം” എന്ന കാളിദാസവചനത്തിൽ അന്തർഭവിച്ചിരിക്കുന്ന തത്വം പ്രവൃത്തിപഥത്തിൽ വരുത്തുവാൻ പിന്നെയും കുറേക്കാലംകൂടി താമസിക്കേണ്ടിവന്നു. സ്ഥാനത്യാഗത്തിനുമേൽ സ്ഥിരവാസം തൃശൂർ കാനാട്ടുകര കോയിക്കലാക്കി ശാസ്ത്രചിന്തകളിൽ വ്യാപൃതനായി ആയുശ്ശേഷം നയിച്ചു് 1107-ാമാണ്ടു മകരമാസം 16-ാം൹ പരമപദത്തിൽ ലയിച്ചു.
ഷഷ്ടിപൂർത്തിമഹോത്സവത്തിൽ കഥാപുരുഷൻ സംസ്കൃതഭാഷയുടെ പോഷണത്തിനായി മുപ്പതിനായിരം ഉറുപ്പികയും ഭാഷാപരിഷ്കരണത്തിനായി ഇരുപതിനായിരം ഉറുപ്പികയും തൃക്കൈച്ചിലവായി നല്കി മലയാളത്തിൽ പ്രാചീനങ്ങളും നവീനങ്ങളുമായ ഗ്രന്ഥങ്ങൾ ആ സംഖ്യയിലെ ആദായംകൊണ്ടു് പ്രസിദ്ധീകരിക്കുന്നതിന് ഒരു കമ്മിറ്റിയെ നിയമിച്ചു. ആ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ അനേകം നല്ല ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ടു്. (1) സാഹിത്യദർപ്പണത്തിന്റെ പരിഭാഷ, (2) അർത്ഥശാസ്ത്രത്തിന്റെ ഭാഷാഗദ്യവിവർത്തനം (കെ. വി. എം.), (3) ദൂതവാക്യം ഭാഷാഗദ്യം (അതിപ്രാചീനം), ഉത്തരരാമായണംഭാഷാഗദ്യം (പ്രചീനം), (5) പ്രാചീന കേരളലിപികൾ (എൽ. ഏ. രവിവർമ്മ), (6) ഒട്ടനേകം ഭാഷാചമ്പുക്കൾ ഇവ ആ കൂട്ടത്തിൽപ്പെട്ടവയാണു്. അവിടുത്തെ അനുകരിച്ചു മദിരാശിയിൽവെച്ചു തീപ്പെട്ട വലിയതമ്പുരാൻ കേളികേട്ട ഭാഷാപണ്ഡിതന്മാരെ കീർത്തിമുദ്ര നല്കി പ്രോത്സാഹിപ്പിച്ചതായി നാം കണ്ടുവല്ലോ. 1121-ൽ തീപ്പെട്ട രവിവർമ്മ വലിയതമ്പുരാനും ചില ഗ്രന്ഥകാരന്മാർക്കു കീർത്തിമുദ്ര സമ്മാനിക്കുകയും സംസ്കൃതഭാഷയുടെ അഭിവൃദ്ധിക്കായി ഒരു ലക്ഷം ഉറുപ്പികദാനം ചെയ്യുകയും ചെയ്തു. പല താളിയോലഗ്രന്ഥങ്ങൾ അവിടുന്നുതന്നെ സംഭരിച്ചിരുന്നു. 1092-ൽ തിരുമനസ്സുകൊണ്ടു് അഖിലഭാരതീയായുർവ്വേദസമിതിയിൽ ആധ്യക്ഷ്യം വഹിച്ചുകൊണ്ടു ചെയ്ത ഗംഭീരമായ പ്രസംഗം കേട്ട മഹാപണ്ഡിതനായ ലോകമാന്യതിലകൻ അഭിപ്രായപ്പെട്ടതു് “അവിടുന്നു രാജാക്കന്മാരുടെ ഇടയിൽ ഒരു പണ്ഡിതനാണെന്നു ഞാൻ അറിഞ്ഞിട്ടണ്ടു്. ഇപ്പോളാണു് അവിടന്നു പണ്ഡിതന്മാരുടെ ഇടയിൽഒരു രാജാവാണെന്നു് അറിയുന്നതു്” എന്നായിരുന്നു. മഹാമഹോപാധ്യയായന്മാരായ പണ്ഡിതഗണനാഥസേനനും, ഡോക്ടർ ഗണനാഥസേനനും അവിടുത്തെ സംസ്കൃതഭാഷാവൈദുഷ്യത്തെപ്പറ്റി മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. തൃപ്പൂണിത്തുറവിദ്വത്സദസ്സിൽ ആധ്യക്ഷ്യം വഹിച്ചുവന്നതു തന്റെ വാഴ്ചക്കാലത്തെല്ലാം അവിടുന്നുതന്നെയാണു്. അവിടുത്തെ വാഗ്മിത്വവും ഉപപാദനപാടവവും അസാധാരണമായിരുന്നു തനിക്കു വല്ലസംശയവും നേരിട്ടാൽ വ്യാകരണമാണെങ്കിൽ കിള്ളിമങ്ഗലത്തു നമ്പൂരിപ്പാടിനോടും തർക്കമായാൽ ഭട്ടൻതമ്പുരാനോടും ചോദിച്ചു അതു തൽക്ഷണംതന്നെ പരിഹരിക്കുന്നതിലും അവിടുത്തേക്കു സങ്കോചമുണ്ടായിരുന്നില്ല. അവിടുന്നു വേദാന്തപരിഭാഷാസങ്ഗ്രഹം എന്ന ശീഷകത്തിൽ ഒരു വിശിഷ്ടഗ്രന്ഥം രചിച്ചിട്ടുണ്ടു്. സരളമായ ശൈലിയിൽ വേദാന്തത്തിന്റെ സാരസംക്ഷേപം അതിൽ പ്രതിപാദിതമായിരിക്കുന്നു. “വേദാന്തശാസ്ത്രസ്യ പ്രയോജനം പരമപുരുഷാർത്ഥഃസ ച മോക്ഷഃ യജ്ജ്ഞാനം സൽസ്വവൃത്തിതയേഷ്യതേ സൽപുരുഷാർത്ഥഃ മുഖ്യാമുഖ്യഭേദേന സ ദ്വിവിധഃ” എന്നിങ്ങനെയാണു് അതിലെ വാക്യങ്ങളുടെ ഗതി. ആ രാജർഷിയുടെ ഭാഗിനേയനും ജാമാതാവും കേരളത്തിൽ ഇന്നുള്ള ശാസ്ത്രപണ്ഡിതന്മാരിൽ പ്രഥമഗണനീയനുമായ കൊച്ചി പരീക്ഷിത്തു രാമവർമ്മമഹാരാജാവു് അവിടുത്തെപ്പറ്റി ഇങ്ങനെ ഉപശ്ലോകനം ചെയ്തിരിക്കുന്നു.
അയ്യാശാസ്ത്രി 1039-ാമാണ്ടു ധനുമാസം 30-ാം൹ ചതയം നക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ സുന്ദരശാസ്ത്രി പാലക്കാട്ടു് എണ്ണപ്പാടം ഗ്രാമത്തിൽനിന്നു ചേന്നമംഗലത്തു ചെന്നുചേർന്നു പാലിയത്തെ പണ്ഡിതനും പൌരാണികനുമായി താമസിച്ചു. ആ വഴിക്കാണ് ചേന്നമംഗലം എന്നുകൂടി അയ്യാശാസ്ത്രിയുടെ നാമധേയത്തോടു ചേർത്തുവന്നതു്. സുന്ദരശാസ്ത്രി ഒരു നല്ല വൈയാകരണനും പ്രൌഢമനോരമ, ശബ്ദകൗസ്തുഭം എന്നീ ഗ്രന്ഥങ്ങൾ പഠിച്ചിരുന്ന പണ്ഡിതനുമായിരുന്നു. അദ്ദേഹത്തിന്റെ നാലു പുത്രന്മാരിൽ കനിഷ്ഠനാണു് നമ്മുടെ കഥാനായകൻ. ‘അയ്യാ’ എന്നതു് ഓമനപ്പേരാണു്. പിതൃദത്തമായ നാമധേയം ഹരിഹരപുത്രൻ എന്നായിരുന്നു.
ശാസ്ത്രിയുടെ പ്രഥമഗുരു അച്ഛൻതന്നെയായിരുന്നു. കാവ്യങ്ങൾ പഠിക്കുന്നതോടുകൂടി നിഘണ്ടുക്കളും മുഖസ്ഥമാക്കുവാൻ തുടങ്ങി. കൃഷ്ണവിലാസം രണ്ടു സർഗ്ഗവും, രഘുവംശം മൂന്നു സർഗ്ഗവും, നൈഷധം ഒരു സർഗ്ഗവും ഗുരുമുഖത്തുനിന്നുതന്നെ അഭ്യസിച്ചു. പിന്നീടു സിദ്ധാന്തകൗമുദി പഠിച്ചു തുടങ്ങി. അതിൽ പൂർവ്വാർദ്ധവും ഉത്തരാർദ്ധത്തിൽ ണിജന്തം വരെയുള്ള ഭാഗങ്ങളം അച്ഛൻതന്നെ പഠിപ്പിച്ചു. പിന്നീടു് 1057-ൽ കൂടല്ലൂർ കുഞ്ചുണ്ണിനമ്പൂരിപ്പാട്ടിലെ ശിഷ്യനായി ആ ശാസ്ത്രത്തിലെ ഉൽഗ്രന്ഥങ്ങൾ അഭ്യസിച്ചു. അമരകോശത്തിനുപുറമെ വിശ്വപ്രകാശം, മേദിനി, ഹാരാവലി, ദ്വിരൂപകോശം എന്നീ നിഘണ്ടുക്കളും അതോടുകൂടി ഹൃദിസ്ഥമാക്കി. പ്രൗഢമനോരമ പഠിക്കുന്ന കാലത്തു കഞ്ചുണ്ണിനമ്പൂരിപ്പാടു പരേതനാകുകയാൽ അതിന്റെ ബാക്കി ഭാഗങ്ങളും, മഹാഭാഷ്യത്തിലെ ചില ആഹ്നികങ്ങളും കൂടല്ലൂർ കാവുനമ്പൂരിപ്പാട്ടിലെ അടുക്കൽനിന്നു വശമാക്കി. കാവുനമ്പൂരിപ്പാട്ട് ഒരു മീമാംസകനും കൂടിയായിരുന്നതിനാൽ മീമാംസാന്യായമാല, ഭാട്ടദീപികയിലെ ചില ഭാഗങ്ങൾ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ കീഴിൽ പഠിച്ചു. അന്നു കൂടല്ലൂർ താമസിച്ചു ശാസ്ത്രാഭ്യാസം ചെയ്യിച്ചിരുന്ന പഴമാനേരി സുന്ദരശാസ്ത്രിയുടെ ശിഷ്യൻ കൃഷ്ണശാസ്ത്രിയിൽനിന്നു ബ്രഹ്മസൂത്രഭാഷ്യം പരിശീലിച്ചു. 1067-ലാണു് അയ്യാശാസ്ത്രി ആദ്യമായി തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ പ്രവേശിച്ചതു്. ആ അവസരത്തിൽത്തന്നെ അദ്ദേഹം ഉത്തമസംഭാവനയ്ക്കു് അർഹനായി. “അയ്യൻ തർക്കത്തിൽ വാദഗ്രന്ഥങ്ങൾകൂടി പഠിക്കണം” എന്നു് അന്നു് ഇളയതമ്പുരാനായിരുന്ന രാജർഷി അനുശാസിക്കുകയാൽ രണ്ടു കൊല്ലംതൃപ്പൂണിത്തുറെ താമസിച്ചു ശഠകോപാചാര്യരോടു പഞ്ചലക്ഷണി, ചതുർദ്ദശലക്ഷണി, സിദ്ധാന്തലക്ഷണം, സംശയപക്ഷത, അവയവത്തിലെ ആദ്യഭാഗം ഇവ അഭ്യസിച്ചു. ഗദാധരീയത്തിലെ ഉപരിഗ്രന്ഥങ്ങളായ ഹേത്വാഭാസനിബന്ധങ്ങളം ആ ഗുരുവിൽനിന്നുതന്നെ ഗ്രഹിച്ചു. 35 വയസ്സു കഴിഞ്ഞതിനുമേൽ പറവൂർ ശ്രീരാമഘനപാഠികളോടു വേദം അഭ്യസിച്ചു. അത്തരത്തിൽ വേദജ്ഞനായ ഒരു ചതുശ്ശാസ്ത്രപണ്ഡിതൻഅക്കാലത്തു കേരളത്തിൽ ഇല്ലായിരുന്നു എന്നു തീർച്ചയായിപറയാം.
അയ്യാശാസ്ത്രിക്കു കർമ്മാനുഷ്ഠാനങ്ങളിൽ വളരെ ആസക്തിയും നിഷ്ഠയുമുണ്ടായിരുന്നു. ആചാരലോപം സംഭവിക്കുവാൻ ഇടവരുന്ന വിദേശസഞ്ചാരത്തിൽ അദ്ദേഹം പ്രകൃത്യാ വിമുഖനായിരുന്നു. ഒരിക്കൽ കാശിക്കുപോയി ഗംഗാസ്നാനം ചെയ്യുക മാത്രമുണ്ടായി. മദിരാശി സർവ്വകലാശാലയിൽ ഒരു പരീക്ഷകസ്ഥാനംപോലും അദ്ദേഹം സ്വീകരിച്ചില്ല. ഇതിഹാസപുരാണങ്ങളിലും ധർമ്മശാസ്ത്രത്തിലും ശാസ്ത്രിക്കുള്ള അവഗാഹം അന്യാദൃശമായിരുന്നു. രാമായണം, ഭാഗവതം എന്നീ ഗ്രന്ഥങ്ങൾ ആമൂലാഗ്രം ഹൃദിസ്ഥമായിരുന്നു. വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാൻ ധർമ്മശാസ്ത്രം സംബന്ധിച്ചുള്ള കാര്യങ്ങളിൽ അദ്ദേഹത്തെ ഒരു പ്രധാനോപദേഷ്ടാവായി ആദരിച്ചിരുന്നു. കേരളീയരായ സകല വൈദികന്മാർക്കും അദ്ദേഹത്തിന്റെ പ്രാമാണികത സമ്മതമായിരുന്നു. തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ മഹാരാജാവു് അദ്ദേഹത്തിനു മൂന്നുതവണ പാരിതോഷികങ്ങൾ നല്കീട്ടുണ്ടു്. കോഴിക്കോട്ടു താനത്തിനു സാമൂതിരിപ്പാടു് കൂടല്ലൂർ നമ്പൂരിപ്പാടോടൊപ്പം തന്നെ സംഭാവന നല്കി. രാജർഷി 1090-ൽ അദ്ദേഹത്തിനു ശാബ്ദികതിലകനെന്നും മാന്തിട്ട നമ്പൂതിരിക്കു താർക്കികതിലകനെന്നും വലിയ രാമപ്പിഷാരടിക്കു സഹൃദയതിലകനെന്നുമുള്ള ഉചിതങ്ങളായ സ്ഥാനമാനങ്ങൾ സമ്മാനിച്ചു. പണ്ഡിതരാജൻ എന്ന കീർത്തിമുദ്ര തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ ആദ്യമായി ലഭിച്ചതു് അദ്ദേഹത്തിനായിരുന്നു. അതു് 1101-ലാണു്. ചൊവ്വരെവച്ചു തീപ്പെട്ട വലിയതമ്പുരാൻ അദ്ദേഹത്തെ വീരശൃംഖലാർപ്പണത്താൽ ബഹുമാനിച്ചു. വിദ്യയ്ക്കനുസരിച്ചുള്ള വിനയം അദ്ദേഹത്തിന്റെ വിശിഷ്ടഗുണങ്ങളിൽ ഒന്നായിരുന്നു. ശാസ്ത്രിയുടെ വിശ്വതോമുഖമായ ഉപസ്ഥിതി വിസ്മയാവഹമായിരുന്നുവെന്നേ പറയാവൂ. ഒരിക്കൽ പി. എസ്. അനന്തനാരായണശാസ്ത്രി യക്ഷിണീ എന്ന ശബ്ദം സാധുവാണോ എന്നു ചോദിക്കുകയും അതിനു് ആ പാണ്ഡിത്യവൈശ്രവണൻ “യക്ഷഃ പതിത്വേന അസ്യാ അസ്തീതിയക്ഷിണീ ഇതി ഗോവിന്ദരാജീയേ വ്യാഖ്യാതം” എന്നു കൂസൽകൂടാതെ ഉത്തരം പറയുകയും ചെയ്തു. മറ്റൊരിക്കൽ ‘ശിപ്രാ’ എന്നതിനുപകരം ‘സിപ്രാ’ എന്നല്ലേ ഉച്ചരിക്കേണ്ടതു് എന്ന അദ്ദേഹത്തിന്റെ പൂർവ്വപക്ഷത്തിനു ലഭിച്ച മറുപടി “ശിപ്രാ സിപ്രാ ച കഥ്യതേ ഇതി ദ്വിരൂപകോശഃ” എന്നായിരുന്നു മറുപടി. 1120-ാമാണ്ടു മകരമാസം 4-ാം൹ അയ്യാശാസ്ത്രിയുടെ ശതാഭിഷേകം ആഘോഷിക്കപ്പെട്ടു. നാല്പതു കൊല്ലത്തോളം ചേന്നമംഗലത്തു താമസിച്ചു പാലിയത്തെ പൌരാണികവൃത്തിയിൽ ഏർപ്പെട്ടിരുന്നു. എല്ലാ ചിലവുകളം കഴിച്ചു് ഒരു സംഖ്യ പ്രതിമാസം വേതനമായും വലിയച്ചൻ കൊടുത്തുവന്നു. ആ കുടുംബത്തിലെ ചില അംഗങ്ങളെ സംസ്കൃതവും അഭ്യസിപ്പിച്ചിട്ടണ്ടു്. 1107 മുതൽ തന്റെ മക്കളിൽ ഒരാൾ മുള്ളൂർക്കരെ പണിചെയ്യിച്ചിട്ടള്ള വസതിയിലേക്കു താമസം മാറ്റി. ശതാഭിഷേകം നടന്നതു് അവിടെവച്ചാണു്. ആ മഹോത്സവം കഴിഞ്ഞു് അടുത്ത ചതയത്തിൻനാളിൽ 1120-ാമാണ്ടു കുംഭമാസം 2–ാം൹ സായൂജ്യം പ്രാപിച്ചു. അനന്തനാരായണശാസ്ത്രി അദ്ദേഹത്തെപ്പറ്റി ശതാഭിഷേകാവസരത്തിൽ താഴെക്കാണുന്ന വിധത്തിൽ പ്രശംസിച്ചിരിക്കുന്നു.
അയ്യാശാസ്ത്രി കിള്ളിമങ്ഗലത്തു നമ്പൂരിപ്പാട്ടിലെ ശതകോടിയ്ക്കു് ഒരു ഉപോൽഘാതം എഴുതീട്ടുള്ളതല്ലാതെ ഗ്രന്ഥങ്ങളൊന്നും രചിച്ചിട്ടില്ല. പ്രാചീനന്മാരുടെ ഗ്രന്ഥങ്ങൾ നിഷ്കർഷിച്ചു നോക്കി ഗ്രഹിക്കുവാൻ സമയവും ശക്തിയുമില്ലാത്തവർ പുതിയ ഗ്രന്ഥം ഉണ്ടാക്കുന്നതെങ്ങനെയെന്നും എന്തിനെന്നുമായിരുന്നു ആ പരിണതപ്രജ്ഞന്റെ ആശയഗതി.
കൊച്ചിരാജ്യത്തു് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്നു് ഏകദേശം മുക്കാൽമൈൽ അകലെയായി കല്ലങ്കര എന്ന പേരിൽ ഒരു പിഷാരമുണ്ടു്. ആ ഗൃഹത്തിൽ വെള്ളാങ്ങല്ലൂർ വാഴപ്പള്ളിമനയയ്ക്കൽ നമ്പൂരിപ്പാട്ടിലേയും കുഞ്ചിപ്പിഷാരസ്യാരുടേയും മൂത്ത പുത്രനായി രാമപ്പിഷാരടി 1042-ാമാണ്ടു തുലാമാസത്തിൽ ആയില്യം നക്ഷത്രത്തിൽ ജനിച്ചു. തന്റെ മരുമകനായ പ്രഫസർ കെ. രാമപ്പിഷാരടിയിൽനിന്നു തിരിച്ചറിയുന്നതിനുവേണ്ടി കഥാനായകനെ വലിയ രാമപ്പിഷാരടി എന്ന പേരിലാണു് വ്യവഹരിക്കാറുള്ളതു്. പ്രഫസർ പിഷാരടിയും വലിയ പിഷാരടിയുടെ മകൻ കുട്ടമശ്ശേരി നാരായണപ്പിഷാരടിയും സാഹിത്യകാരന്മാരാണു്.
അച്ഛനമ്മമാർ ബാല്യത്തിൽ മരിച്ചുപോവുകയാൽ മാതുലനായ അച്യുതപ്പിഷാരടിയാണു് രാമപ്പിഷാരടിയെ പാഠങ്ങൾ പഠിപ്പിച്ചതു്. കൊച്ചി മഹാരാജകുടുംബത്തിലെ ഗുരുസ്ഥാനം കല്ലങ്കരപ്പിഷാരത്തേക്കായിരുന്നതിനാൽ അച്യുതപ്പിഷാരടിയുടെ താമസം അധികവും തൃപ്പൂണിത്തുറയായിരുന്നു. ഉദ്ദേശം പത്താമത്തെ വയസ്സിൽ അദ്ദേഹത്തോടുകൂടി രാമപ്പിഷാരടിയും അവിടെത്തന്നെ താമസമായി. അച്യുതപ്പിഷാരടി പ്രധാനമായി ആശ്രയിച്ചതു മദിരാശിയിൽവച്ചു തീപ്പെട്ട വലിയതമ്പുരാനെയായിരുന്നു. ആ തമ്പുരാന്റെ അടുക്കൽ നമ്മുടെ ബാലൻ മുക്താവലിയും ദിനകരീയവും പഠിച്ചു. പിന്നീടു ന്യായശാസ്ത്രം അഭ്യസിപ്പിച്ചതു രങ്ഗപ്പാചാര്യരും അദ്ദേഹത്തിന്റെ പുത്രൻ മാധ്വാചാര്യരുമാണു്. ഒടുവിൽ ശഠകോപാചാര്യർ ആ ശാസ്ത്രത്തിലെ ഉൽഗ്രന്ഥങ്ങൾ പഠിപ്പിച്ചു. ആ വഴിയ്ക്കു പരീക്ഷിത്തു തമ്പുരാന്റെ സതീർത്ഥ്യനാകുവാനുള്ള ഭാഗ്യം പിഷാരടിക്കു സിദ്ധിച്ചു. അവർതമ്മിൽ നാൾക്കുനാൾ വളർന്നുവന്ന സൌഹാർദ്ദം സൗഭ്രാത്ര നിർവ്വിശേഷമായി വിജൃംഭിച്ചു. രണ്ടുപേരും തൃപ്പൂണിത്തുറെയുണ്ടെങ്കിൽ ഒരു ദിവസമെങ്കിലും ഒന്നിച്ചുകൂടാതെയോ, കാവ്യശാസ്ത്രാർത്ഥചിന്തനം ചെയ്യാതെയോ ഇരുന്നിട്ടില്ല. രാമപ്പിഷാരടി പ്രധാനമായി ശീലിച്ച ശാസ്ത്രം തർക്കം തന്നെയാണു്. പാലപ്പുറത്തു ഗോവിന്ദൻനമ്പ്യാരുടെ ശിഷ്യനായ മുരിങ്ങോട്ടു കൊച്ചുകുഞ്ഞൻനമ്പ്യാരാണു് വ്യാകരണം പഠിപ്പിച്ചതു്. രാമപ്പിഷാരടിയ്ക്കു് അലങ്കാരത്തിലുള്ള വൈദുഷ്യം അനന്യസാധാരണമായിരുന്നു. ധ്വന്യാലോകലോചനം, കാവ്യപ്രകാശം, വ്യക്തിവിവേകം, രസഗങ്ഗാധരം തുടങ്ങിയുള്ള ആ ശാസ്ത്രത്തിലെ പ്രൗഢഗ്രന്ഥങ്ങൾ സ്വയമേവ പരിശീലനംചെയ്തു. വേദത്തിലും സാമാന്യമായ വ്യുൽപ്പത്തി നേടി. ഇരിങ്ങാലക്കുട ശങ്കുവാരിയരുടേയും അദ്ദേഹത്തിന്റെ അനന്തിരവൻ കുട്ടൻവാരിയരുടേയും അടുക്കൽനിന്നു ജ്യോതിഷവും വശമാക്കി.
വാഴ്ചയൊഴിഞ്ഞ തമ്പുരാൻ രാമപ്പിഷാരടിയെ ശേഷാചാര്യപാഠശാലയിലെ ഒരു അദ്ധ്യാപകനായി നിയമിച്ചു. 1078-ാമാണ്ടു് എറണാകുളം കോളേജിൽ പ്രധാനസംസ്കൃതപണ്ഡിതനായി. 1097-ൽ അവിടെ നിന്നു പെൻഷൻപറ്റി പിരിഞ്ഞു. വാഴ്ചയൊഴിഞ്ഞ തമ്പുരാൻ അദ്ദേഹത്തിനു സഹൃദയതിലകൻ എന്ന സ്ഥാനം നല്കിയതിനെപ്പറ്റി മുമ്പു പ്രസ്താവിച്ചല്ലോ. പണ്ഡിതരാജകീർത്തിമുദ്രയും അദ്ദേഹത്തിനു് അചിരേണ ലബ്ധമായി. തിരുവിതാംകൂർ ശ്രീചിത്തിരതിരുനാൾ മഹാരാജാവും ഒരു സുവർണ്ണമുദ്ര സമ്മാനിച്ചു. പല സർവ്വകലാശാലകളും പണ്ഡിതപരിഷത്തുകളുമായി അദ്ദേഹം ഗാഢമായ ബന്ധം പുലർത്തി. ഒട്ടുവളരെ ശിഷ്യസമ്പത്തു് അദ്ദേഹം സമ്പാദിച്ചു. കെ. പി. കറുപ്പനെ അലങ്കാരവും വ്യാകരണവും പഠിപ്പിച്ചിട്ടുണ്ടു്. കേരളത്തിലെ പണ്ഡിതപാരമ്പര്യത്തെപ്പറ്റി അത്ര വളരെ അറിവുള്ള ഒരാൾ സമീപകാലത്തു് നമ്മുടെയിടയിൽ ഉണ്ടായിരുന്നില്ല. അത്തരത്തിലുള്ള ഒരു വിദ്യാവ്യസനിയേയും കണ്ടുകിട്ടുവാൻ പ്രയാസമുണ്ടു്. രഘുവംശത്തേയും നൈഷധത്തേയുംകുറിച്ചു് അദ്ദേഹത്തിനുണ്ടായിരുന്ന ബഹുമാനത്തിനളവില്ല. കൊച്ചിയിലും മലബാറിലും സഞ്ചരിച്ചു് അമുല്യങ്ങളായ താളിയോലഗ്രന്ഥങ്ങൾ സമ്പാദിച്ചു തൃപ്പൂണിത്തുറ ഈടുവയ്പുഗ്രന്ഥപ്പുരയ്ക്കു കൊടുത്തുവെന്നുള്ള വസ്തുതയും പ്രകൃതത്തിൽ വക്തവ്യമാണു്. 1122-ാമാണ്ടു തുലാമാസം 6-ാം൹തൃപ്പൂണിത്തുറ സ്വഗൃഹത്തിൽവെച്ചു യശശ്ശരീരനായി. ഒടുവിൽ ഒരു നിത്യോപദ്രവിയായിരുന്ന കാസശ്വാസത്തെ പരിഗണിക്കാതെ മരിക്കുന്നതുവരെ ഗ്രന്ഥനിർമ്മിതിയിൽ വ്യാപൃതനായിരുന്നു. മരിയ്ക്കുന്ന ദിവസംകൂടി ശാസ്ത്രാർത്ഥവിചാരം ചെയ്തുകൊണ്ടിരുന്നുവെന്നു പറഞ്ഞാൽ ആർക്കാണു് ആശ്ചര്യം തോന്നാത്തതു്?
രാമപ്പിഷാരടിയുടെ വകയാണു് ചുവടേചേർക്കുന്ന കൃതികൾ. (1) ശാകുന്തളവ്യാഖ്യാനം, (2) മാളവികാഗ്നിമിത്രവ്യാഖ്യാനം (സാരാർത്ഥദീപിക), (3) ധ്വന്യാലോകലോചന വ്യാഖ്യാനം (ബാലപ്രിയ), (4) രാമവർമ്മശതകം (വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാന്റെ ഷഷ്ട്യബ്ദപൂർത്തിയവസരത്തിൽ എഴുതിയതു്. കുവലയാനന്ദത്തിന്റെ അംഗീകൃതങ്ങളായ നൂറർത്ഥാലങ്കാരങ്ങൾക്കും ഇതിൽ ഉദാഹരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടണ്ടു്), (5) രത്നാവലീവ്യാഖ്യാനം, (6) വിക്രമോർവ്വശീയവ്യാഖ്യാനം, (7) ശുകസന്ദേശവ്യാഖ്യാനം, (8) ചിത്രമീമാംസാടിപ്പണി, (9) കുവലയാനന്ദവ്യാഖ്യാനം, (10) ദശരൂപകവ്യാഖ്യാനം, (11) വ്യുൽപ്പത്തിവാദവ്യാഖ്യാനം, (12) നാരായണീയവ്യാഖ്യാനം, (13) ശിവാനന്ദലഹരീവ്യാഖ്യാനം, (14) ശിവപാദാദികേശവ്യാഖ്യാനം, (15) ശിവകേശാദിപാദവ്യാഖ്യാനം, (16) ദിനകരീയടിപ്പണി, (17) ദേവീമാഹാത്മ്യവ്യാഖ്യാനം, (18) വ്യഞ്ജനാവൃത്തി (സംസ്കൃതഗദ്യം). ഇവയിൽ ആദ്യത്തെ നാലു ഗ്രന്ഥങ്ങൾ മുദ്രിതങ്ങളായിട്ടുണ്ടു്. നാരായണീയവ്യാഖ്യാനം ദശമകഥാഭാഗത്തിനേ എഴുതീട്ടുള്ളു.
ലോചനത്തിന്റെ വ്യാഖ്യയായ ബാലപ്രിയയാണു് പിഷാരടിയുടെ അലങ്കാരവിജ്ഞാന സമ്പത്തിനു മൂർദ്ധാഭിഷിക്തോദാഹരണമായി പരിലസിക്കുന്നതു്. അഭിനവഗുപ്തന്റെ അതിപ്രൗഢമായ ആ ഗ്രന്ഥം അതുവരെ ആരും സമഗ്രമായി വ്യാഖ്യാനിക്കുവാൻ ഒരുമ്പെട്ടിട്ടില്ല. കഥാപുരുഷനു മാത്രമേ അതിനുവേണ്ട ആത്മവിശ്വാസമുണ്ടായുള്ളു. സർവ്വങ്കഷമായ ആ വ്യാഖ്യാനം സഹൃദയന്മാർ വായിച്ചിരിക്കേണ്ടതാണു്. അദ്ദേഹം ബാലപ്രിയയുടെ ഉപക്രമത്തിൽ ഇങ്ങനെ പറയുന്നു:
തിരുവനന്തപുരത്തു് ആയില്യംതിരുനാൾ മഹാരാജാവിന്റേയും വിശാഖംതിരുനാൾ മഹാരാജാവിന്റേയും ആശ്രിതനായി വൈക്കം കൃഷ്ണശാസ്ത്രി എന്നൊരു വ്യാകരണപണ്ഡിതൻ ജീവിച്ചിരുന്നു. ആ കൃഷ്ണശാസ്ത്രിയുടെ പുത്രനാണ് സാംബശിവശാസ്ത്രി. അച്ഛനു മകനെ ഇംഗ്ലീഷ് പഠിപ്പിച്ചാൽക്കൊള്ളാമെന്നു് ആഗ്രഹമുണ്ടായിരുന്നെങ്കിലും മകനു സംസ്കൃതപഠനത്തിലായിരുന്നു വാസന. പത്താമത്തെ വയസ്സിൽ പിതാവു മരിച്ചുപോകയാൽ നാലാം ഫാറത്തിൽവെച്ചു് ആ ദരിദ്രനായ ബാലനു് ഇംഗ്ലീഷു് വിദ്യാഭ്യാസം മതിയാക്കേണ്ടിവന്നു. അനന്തരം സംസ്കൃതമഹാപാഠശാലയിൽ പഠിച്ചു മഹോപാധ്യായ പരീക്ഷയിൽ വ്യാകരണവും സാഹിത്യവും ഐച്ഛികവിഷയമായി സ്വീകരിച്ചു് ഒന്നാമനായി ജയിച്ചു. അക്കാലത്തെ ഒരു മഹാവൈയാകരണനായ തുറവൂർ നാരായണശാസ്ത്രിയായിരുന്നു ഗുരുനാഥൻ.
സാംബശിവശാസ്ത്രി ആദ്യം നെയ്യാറ്റിൻകരെ മലയാംപള്ളിക്കൂടത്തിൽ മലയാളംമുൻഷിയായി നിയമിക്കപ്പെട്ടു. അവിടെനിന്നു താൻ പഠിച്ച മഹാപാഠശാലയിലേക്കു മാറ്റംകിട്ടി അവിടെ വ്യാകരണപണ്ഡിതനായി ഉയർന്നു. തദനന്തരം ഗവർമ്മെൻറ് കോളേജിൽ സംസ്കൃതാധ്യാപനത്തിനു നിയുക്തനായി. 1101-ൽ റ്റി. ഗണപതിശാസ്ത്രി പ്രാച്യഗ്രന്ഥപ്രകാശനശാഖയുടെ അധ്യക്ഷപദത്തിൽനിന്നു പെൻഷൻപറ്റി പിരിഞ്ഞപ്പോൾ ആ സ്ഥാനത്തിൽ ആരൂഢനായതു സാംബശിവസ്ത്രിയായിരുന്നു. 1114-ാമാണ്ടു തുലാമാസംവരെ ആ പണി തുടർച്ചയായി നോക്കി. അദ്ദേഹത്തിനു മലയാളത്തിലും പരിജ്ഞാനമുണ്ടായിരുന്നതിനാൽ ഈ പുസ്തകം എഴുതുന്ന വ്യക്തി ആദ്യവും, ഡോക്ടർ കൊളത്തേരി ശങ്കരമേനോൻ അതിനപ്പുറവും വഹിച്ച ഭാഷാഗ്രന്ഥപ്രകാശനവകപ്പിന്റെ ആധ്യക്ഷ്യവും അദ്ദേഹത്തിൽ അവരോധിതമായി. പൗരസ്ത്യഭാഷാഗ്രന്ഥങ്ങളുടെ പ്രസാധകനെന്ന നിലയിൽ അദ്ദേഹത്തിനു ഗവർമ്മെന്റ്, ഭാരതം മുഴുവൻ പര്യടനം ചെയ്യുന്നതിനും അതാതു സ്ഥലങ്ങളിലുള്ളവിദ്വൽകേസരികളുടെ പരിചയം സമ്പാദിക്കുന്നതിനും സൗകര്യം നല്കി. പെൻഷൻ പറ്റിയതിനുശേഷവും കേരളമെങ്ങും ചുറ്റിസ്സഞ്ചരിച്ചു പല താളിയോലഗ്രന്ഥങ്ങൾ സർവ്വകലാശാലയ്ക്കു സമ്പാദിച്ചുകൊടുത്തു. ഒടുവിൽ ഗവർമ്മെന്റ് ഹിന്ദുമതഗ്രന്ഥശാലയുടെ ക്യുറേറ്റരായി അദ്ദേഹത്തെ നിയമിക്കുകയും ആ ചുമതല അദ്ദേഹം രണ്ടു കൊല്ലത്തോളം വഹിക്കുകയും ചെയ്തു. തിരുവനന്തപുരത്തു നവരാത്രി വിദ്വത്സദസ്സിലെ അധ്യക്ഷനായി വളരെക്കാലം അതിനെ നയിച്ചു. ബ്രിട്ടിഷ് ഗവർമ്മെന്റിൽനിന്നു് ഒരു സിൽവർജുബിലിമെഡലും, കൊച്ചി വിദ്വത്സദസ്സിൽനിന്നു പണ്ഡിതരാജൻ എന്ന സ്ഥാനവും കുംഭകോണം കാമകോടിപീഠത്തെ അലങ്കരിക്കുന്ന ജഗൽഗുരു ശ്രീശങ്കരാചാര്യരിൽനിന്നു ഗീർവ്വാണവാണീതിലകൻ എന്ന ബിരുദവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടു്. വ്യാകരണശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ വിജ്ഞാനം അസാമാന്യമായിരുന്നു. ഒടുവിൽ വേദാന്തത്തിലും നിഷ്ണാതനായി. അദ്ദേഹത്തിന്റെ സിദ്ധിവിശേഷങ്ങളിൽ ആരെയും ആശ്ചര്യപരതന്ത്രരാക്കിവന്നതു് ആ വാഗ്മിക്കു സംസ്കൃതത്തിൽ പ്രസങ്ഗിക്കുന്നതിനും വാക്യാർത്ഥവിവരണം ചെയ്യുന്നതിനുമുള്ള നൈസർഗ്ഗികവും നിത്യാഭ്യാസപ്രവൃദ്ധവുമായ പാടവമായിരുന്നു. അദ്ദേഹത്തിന്റെ സമശീർഷനായ ഒരു പ്രഭാഷകനായി പുന്നശ്ശേരി നീലകണ്ഠശർമ്മാ മാത്രമേ ഉണ്ടായിരുന്നുള്ളു.
ശാസ്ത്രിയുടെ ഭാഷാകൃതികളിൽ പ്രഥമഗണനീയമായുള്ളതു് മേല്പത്തൂർ ഭട്ടതിരിയുടെ നാരായണീയത്തിനു് അദ്ദേഹം ഏഴു ഭാഗങ്ങളായി രചിച്ചിട്ടുള്ള (1) ലക്ഷ്മീവിലാസം എന്ന അതിവിസ്തൃതവും അതലസ്പർശിയുമായ വ്യാഖ്യാനമാകുന്നു. അതിന്റെ മുഖവുരയിൽ വ്യാഖ്യാതാവു് ഇങ്ങനെ പറഞ്ഞിരിക്കുന്നു. “ഈ വ്യാഖ്യാനം അന്വയക്രമത്തിനുള്ള അർത്ഥവിവരണം, സാരം, നിരൂപണം, അലങ്കാരാദിവിമർശം എന്നിങ്ങനെ അനേകം സോപാനങ്ങളായിട്ടാണു് രചിച്ചിരിക്കുന്നതു്. സാരാർത്ഥവർണ്ണനത്തിനു ചിലേടത്തു ഭാഗവതപ്രകാരം നാരായണീയഗതിക്കു് അവിരുദ്ധങ്ങളായ ആശയങ്ങൾ ചേർത്തുകാണുന്നതാണു്. നിരൂപണംകൊണ്ടു ഭങ്ഗ്യന്തരേണ ലോകോപദേശപര്യവസായികളായ ഗുണപാഠങ്ങളും പദപ്രയോജനങ്ങളും ശാസ്ത്രീയസിദ്ധാന്തസ്ഥാപനങ്ങളും യുക്തിചർച്ചകളും ബഹുമുഖങ്ങളായ കവിവാക്യങ്ങളിൽനിന്നു ദ്യോതിയ്ക്കുന്ന അഭിപ്രായാന്തരങ്ങളും പാഠഭേദപര്യാലോചനകളും ആവശ്യപ്പെടുന്നിടത്തു മതാന്തരഖണ്ഡങ്ങളും വർണ്ണിക്കുന്നതായിരിക്കും. നിരൂപിതങ്ങളായ ഭാഗങ്ങൾക്കു് ആവശ്യമുള്ള അനേകം പ്രമാണങ്ങൾ ഭാഗവതാദിഗ്രന്ഥങ്ങളിൽനിന്നു് ഉദ്ധരിച്ചു ചേർത്തിട്ടുണ്ടു്.” ഭാഷയ്ക്കു് ഒരു അനർഘമായ നിധി തന്നെയാണു് ദീർഘതമമായ ഈ പുസ്തകം. (2) ഹിന്ദുമതതത്വങ്ങളെ വിശദീകരിച്ചു ഹിന്ദുമതപ്രദീപിക എന്നൊരുഗ്രന്ഥവും ഗവർമ്മെന്റിന്റെ ആവശ്യപ്രകാരം ഉണ്ടാക്കി. (3) എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു് ഒരു ഭാഷാവ്യാഖ്യാനമെഴുതി. അതു് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതിയാണു്. സംസ്കൃതത്തിൽ, (4) ചിത്രോദയമണി മുതലായിചില ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ടു്. പ്രക്രിയാസർവ്വസ്വത്തിനു് അദ്ദേഹം ആരംഭിച്ച സംസ്കൃതവ്യാഖ്യാനം മുഴമിച്ചിട്ടില്ല. സാംബശിവീയം എന്നൊരു മഹാകാവ്യവും ആ ഭാഷയിൽ എഴുതിത്തുടങ്ങി; അതും മൂന്നു സർഗ്ഗങ്ങളോളമേ തീർന്നിട്ടുള്ളു. ക്യുറേറ്റർ എന്ന നിലയിൽ അദ്ദേഹം പല ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ടു്. (1) സ്കന്ദസ്വാമിയുടേയും വേങ്കടമാധവന്റേയും വ്യാഖ്യാനങ്ങളോടുകൂടിയ ഋൿസംഹിത, (2) സുചരിതമിശ്രന്റെ കാശികാവ്യാഖ്യാനത്തോടുകൂടിയ മീമാംസാശ്ലോകവാർത്തികം, (3) നീലകണ്ഠസോമയാജിയുടെ ഭാഷ്യത്തോടുകൂടിയ ആര്യഭടീയം, (4) ഹേലാരാജന്റെ പ്രകീർണ്ണപ്രകാശവ്യാഖ്യാനത്തോടുകൂടിയ വാക്യപദീയം, (5) ഭോജരാജാവിന്റെ സരസ്വതീകണ്ഠാഭരണം (വ്യാകരണം) എന്നിവ സംസ്കൃതഗ്രന്ഥങ്ങളിലും, (6) കണ്ണശ്ശഭാഗവതം, (7) കണ്ണശ്ശഭാരതം, (8) കൗടലീയം അർത്ഥശാസ്ത്രം, (9) രാമചരിതം, (10) ബ്രഹ്മാണ്ഡപുരാണം ഗദ്യം എന്നിവ ഭാഷാഗ്രന്ഥങ്ങളിലും പ്രാധാന്യത്തെ അർഹിക്കുന്നു. ഇവയിൽ ചില ഗ്രന്ഥങ്ങൾ ഇനിയും പൂർണ്ണമായി മുദ്രണം ചെയ്തുകഴിഞ്ഞിട്ടില്ല.
കേശവശാസ്ത്രിയുടെ ജന്മഭൂമി പത്മനാഭപുരമാണു്. ജനനം 1042 കന്നി 16-ാം൹യാണു്. അച്ഛനമ്മമാർ ബാല്യത്തിൽത്തന്നെ മരിച്ചുപോകയാൽ തിരുവനന്തപുരത്തു കരമനഗ്രാമത്തിൽ അന്നു താമസിച്ചിരുന്ന തന്റെ പിതൃവ്യനായ അഞ്ചൽമാസ്റ്റർ നാണുവയ്യരുടെ സംരക്ഷണത്തിലാണു വളർന്നതു്. നാണുവയ്യർ ഒരു സാഹിത്യരസികനായിരുന്നു. കരമന ശാമുശാസ്ത്രിയായിരുന്നു ആദ്യത്തെ ഗുരു.
എന്നു പതിനാറാമത്തെ വയസ്സിൽ എഴുതിയ ഗുരുപഞ്ചകം എന്ന സ്തോത്രത്തിൽ കവി തന്റെ ഗുരുവിനെപ്പറ്റി വിവരിച്ചിരിക്കുന്നു.
ദാരിദ്ര്യബാധകൊണ്ടു് 1060-ാമാണ്ടു കുംഭമാസത്തിൽ കണ്ടുകൃഷിക്കച്ചേരിയിൽ അഞ്ചു രൂപാ ശമ്പളത്തിൽ ഒരു ഗുമസ്തനായി സക്കാർ സർവ്വീസിൽ പ്രവേശിച്ചു. അത്തരത്തിൽ നാലു കൊല്ലം പണി നോക്കിയതിന്റെശേഷം 1064-ൽ തിരുവനന്തപുരത്തു സംസ്കൃതപാഠശാല സ്ഥാപിച്ചപ്പോൾ അവിടെ സാഹിത്യാധ്യാപകനായി നിയമിക്കപ്പെട്ടു. 20 കൊല്ലം അവിടെ ജോലി ചെയ്തു. 1084-ൽ ഹൈസ്ക്കൂൾ സംസ്കൃതമുൻഷിയായി നിയമിതനായി. തുടർന്നു് 1087-ാമാണ്ടു കുംഭമാസത്തിൽ മലയാളം മുൻഷിവേല നോക്കിത്തുടങ്ങി. 1090-ൽ രാജകീയ മഹാപാഠശാലയിൽ സംസ്കൃതപണ്ഡിതനായി. 1094-ൽ കർക്കിടകമാസത്തിലേ ആ ഉദ്യോഗം ഉറച്ചുള്ളു. 1097 വരെ അവിടെ സാൻസ്ക്രിറ്റ് അസിസ്റ്റന്റു് എന്ന നിലയിൽ തുറവുർ നാരായണശാസ്ത്രിയുടെ അനന്തരഗാമിയായി പണിനോക്കിയപ്പോൾ വയഃക്ലുപ്തി നിയമമനുസരിച്ചു സർവ്വീസിൽനിന്നു പിരിയേണ്ടിവന്നു. പലരേയും ഗൃഹത്തിൽവച്ചും സംസ്കൃതം പഠിപ്പിച്ചിട്ടുണ്ടു്. തികഞ്ഞ ഒരു സഹൃദയനായിരുന്നു ശാസ്ത്രി. നല്ല കവിതകളിൽ ആസ്വാദ്യാംശം ഏതെങ്കിലും കണ്ടാൽ അദ്ദേഹത്തിനുള്ള ആനന്ദം അനിർവ്വചനീയമായിരുന്നു. അശ്രുധാരവാർത്തുകൊണ്ടു വളരെ നേരത്തേക്കു പൊട്ടിച്ചിരിക്കുക എന്നുള്ളതാണു് അതിന്റെ ബഹിർലക്ഷണം. 1109–ാമാണ്ടു മേടമാസം 20-ാം൹ ചരമഗതിയെ പ്രാപിച്ചു.
ശാസ്ത്രി സംസ്കൃതത്തിലും മലയാളത്തിലുമായി പല കൃതികൾ രചിച്ചിട്ടുണ്ടു്. അവയിൽ ചിലതിന്റെ പേരുകൾ താഴെ ചേർക്കുന്നു. (1) കൃതജ്ഞതാശതകം (1074), (2) അനുഭവജ്ഞാനം (1074), (3) ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനനാടകത്തിന്റെ സംസ്കൃതാനുവാദം (1075), (4) സൂര്യശതകം (1077), (5) ശിഖരിണീസ്തുതി (1074), (6) ആര്യാസ്തുതി, (7) ദേവകീനന്ദനാശ്രമസ്വാമിവിജയ ഖണ്ഡകാവ്യം (1100), (8) ആര്യാഗീതിസഹസ്രം (1103), (9) ഗോമതീപഞ്ചാശിക, (10)ഭഗവതീനവമഞ്ജരി, (11) വഞ്ചിസേതുലക്ഷ്മീവിജയഖണ്ഡകാവ്യം, (12) ഉപസർഗ്ഗവൃത്തി, (13) ശങ്കരവിജയകഥാസാരം,(14) നീലകണ്ഠദീക്ഷിതരുടെ കലിവിഡംബനത്തിന്റെയും സഭാരഞ്ജനത്തിന്റെയും വൈരാഗ്യശതകത്തിന്റെയും ഭാഷാനുവാദം. ഗോദാവരീമഠത്തിലെ ശ്രീദേവകീനന്ദനാശ്രമസ്വാമികളുടെ അപദാനങ്ങളെ വിഷയീകരിച്ചു രചിച്ചിട്ടുള്ളതാണു് ഏഴും എട്ടും നമ്പർ കൃതികൾ. ആ സ്വാമികൾ തിരുവനന്തപുരത്തു സന്നിധാനം ചെയ്തു പല ശിഷ്യന്മാരെ സമ്പാദിച്ചു. സുഭദ്രാർജ്ജുനത്തിൽനിന്നു് ഒന്നുരണ്ടു ശ്ലോകങ്ങൾ ശാസ്ത്രിയുടെ കവിതാരീതി കാണിക്കുവാൻ ഉദ്ധരിക്കാം.
താഴെക്കാണുന്ന ശ്ലോകം ദേവകീനന്ദനാശ്രമവിജയത്തിലുള്ളതാണു്.
ബ്രിട്ടീഷ്മലബാറിൽ വള്ളുവനാടു താലൂക്കു പെരുമുടിയൂർ അംശം ഈങ്ങയൂർദേശത്തു പുന്നശ്ശേരി എന്ന പേരിൽ പ്രസിദ്ധമായി മൂത്തതന്മാരുടെ ഒരില്ലമുണ്ടു്. ആ ഇല്ലത്തിനു സാമൂതിരിക്കോവിലകവുമായി പരമ്പരയാ ഉള്ള ഔദ്യോഗികബന്ധത്തെപ്പറ്റി പുന്നശ്ശേരി ശ്രീധരൻനമ്പിയുടെ ചരിത്രത്തിൽ ഇതിനുമുമ്പു ഞാൻ പ്രസ്താവിച്ചിട്ടുണ്ടല്ലോ. പുന്നശ്ശേരിയില്ലത്തിൽ നാരായണൻനമ്പി കഥാപുരുഷന്റെ പിതാവും മാതാവു് അച്ചുതത്തു നങ്ങയ്യ അന്തർജ്ജനവും (നീലിയെന്നും പറയും) ആയിരുന്നു. കൊച്ചിശ്ശീമ തലപ്പിള്ളിത്താലൂക്കിൽ തളിയിൽ ഏഴിക്കര എന്ന ഇല്ലമാണു് അമ്മാത്തു്. അമ്മാമൻ നാരായണൻമൂസ്സതു് അന്നത്തെ കൊച്ചി മഹാരാജാവിന്റെ പ്രീതിബഹുമാനങ്ങൾക്കു പാത്രീഭവിച്ച ഒരു ദൈവജ്ഞോത്തമനായിരുന്നതായി അറിവുണ്ടു്. കഥാപുരുഷന്റെ പിതാവായ നാരായണൻനമ്പിയും ഒരു നല്ല സംസ്കൃതപണ്ഡിതനായിരുന്നു. ഈ ദമ്പതികളുടെ സന്താനമായി നീലകണ്ഠശർമ്മാ 1033-ാമാണ്ടു മിഥുനമാസം 4-ാം൹ മകം നക്ഷത്രത്തിൽ ജനിച്ചു.
1038 കന്നിയിൽ അച്ഛൻ മരിച്ചുപോയി. അതിനാൽ അമ്മയുടെ സംരക്ഷണത്തിലാണു് പുത്രൻ വളർന്നതു്. ആ അമ്മയുടെ പരിചരണമാണു് തന്റെ ശ്രേയസ്സിനെല്ലാം നിദാനമെന്നു് അദ്ദേഹം പറയാറുണ്ടായിരുന്നു. അഞ്ചാമത്തെ വയസ്സിൽ കുലഗുരുവായ ആറങ്ങോട്ടുവാരിയർ എഴുത്തിനുവച്ചു. അദ്ദേഹവും എടവീട്ടിൽ ഗോവിന്ദമാരാരും കലുക്കമില്ലാവൂർ ഉണിക്കണ്ടവാരിയരും ബാലപാഠങ്ങൾ പഠിപ്പിച്ചു. അതിനുശേഷം ചേലൂർ കേളവർമ്മ ഉണിത്തിരിയുടെ ശിഷ്യനായി ജ്യോതിശ്ശാസ്ത്രം അഭ്യസിച്ചു. ഉണിത്തിരി അക്കാലത്തെ പേരുകേട്ട ഒരു ജ്യോത്സ്യനായിരുന്നു. നീലകണ്ഠശർമ്മാവിനെ പ്രശ്നമാർഗ്ഗം, ഹോര, ജാതകാദേശം എന്നീ ജ്യോതിഷഗ്രന്ഥങ്ങൾ പഠിപ്പിച്ചതും, ലീലാവതിയിലെ കണക്കുകളും, പഞ്ചബോധത്തിലേയും മറ്റും ക്രിയകളും അഭ്യസിപ്പിച്ചതും അദ്ദേഹമാണു്. ആ ആചാര്യനെ ചമൽക്കാരചിന്താമണി എന്ന ജ്യോതിഷഗ്രന്ഥത്തിന്റെ വ്യാഖ്യാനോപക്രമത്തിൽ ശർമ്മാ താഴെക്കാണും വിധത്തിൽ പ്രശംസിച്ചിരിക്കുന്നു.
പ്രശ്നമാർഗ്ഗത്തിനു താൻ രചിച്ച ഉപരത്നശിഖാവ്യാഖ്യാനത്തിലും
1047-ൽ സമാവർത്തനം കഴിഞ്ഞതിനുമേൽ വ്യാകരണം പഠിക്കുവാൻ ആരംഭിച്ചു. സിദ്ധാന്തകൗമുദിയിൽ സന്ധിത്രയാന്തം വരെ ചിറ്റിലപ്പള്ളി അപ്പുശാസ്ത്രിയിൽ നിന്നു് അഭ്യസിച്ചു. 1051-ാമാണ്ടു് ആ ശാസ്ത്രം നിഷ്കർഷിച്ചു പഠിക്കുന്നതിനായി തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി (ശങ്കരൻ) മൂസ്സതിന്റെ അന്തേവാസിയായി കൂടി. കഞ്ഞുണ്ണിമൂസ്സതിന്റെ പാണ്ഡിത്യപ്രകർഷത്തേയും അധ്യാപനപാടവത്തേയുംപറ്റി അന്യത്ര ഉപന്യസിച്ചിട്ടുണ്ടു്. വ്യാകരണവും വൈദ്യവും അദ്ദേഹത്തിൽ അഹമഹമികയാ സമ്മേളിച്ചിരുന്നു. അവിടെ കൗമുദി രണ്ടു കൊല്ലം കൊണ്ടു പഠിച്ചുതീർത്തു. പ്രൗഢമനോരമ മുതലായ ചില ഉൽഗ്രന്ഥങ്ങളും ശീലിച്ചു. എങ്കിലും കൗമുദിയെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷ്ഠ. ആ ഗ്രന്ഥത്തിലുള്ള ഉപസ്ഥിതി അന്യാദൃശമായിരുന്നതിനാൽ പ്രക്രിയാഭാഗത്തിൽ അദ്ദേഹത്തെ ജയിക്കത്തക്ക ഒരു വൈയാകരണൻ അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ കേരളത്തിൽ ഇല്ലായിരുന്നുവെന്നു പറയാം. മണന്തല നീലകണ്ഠൻമൂസ്സതു് അദ്ദേഹത്തിന്റെ സബ്രഹ്മചാരിയായിരുന്നു. 1063-ൽ കുഞ്ഞുണ്ണിമൂസ്സതു മരിച്ചതിനുമേൽ സ്വഗൃഹത്തിലേയ്ക്കു പോന്നു. അതിനുമുമ്പുതന്നെ ആ ഗുരുവര്യനിൽനിന്നു് അലങ്കാരശാസ്ത്രവും അഷ്ടാങ്ഗഹൃദയവും മറ്റും അഭ്യസിച്ചുകഴിഞ്ഞിരുന്നു. കുഞ്ഞുണ്ണിമുസ്സതിനെപ്പറ്റി കഥാപുരുഷൻ തന്റെ “പ്രജ്ഞാവൈഭവമന്ഥദണ്ഡമഥിതാൽ” ഇത്യാദി പദ്യത്തിൽ ഉപശ്ലോകനം ചെയ്തിട്ടുണ്ടു്.
ലോകസേവനം ഒന്നു മാത്രമായിരുന്നു നമ്പിയുടെ ലക്ഷ്യം. അദ്ദേഹം മാതൃഭൂമിയെ പലപ്രകാരത്തിൽ ഉപാസിച്ചിട്ടുണ്ടു്. വാചാമഗോചരമായിരുന്നു അദ്ദേഹത്തിന്റെ അനുജിഘൃക്ഷ! വിജ്ഞാനചിന്താമണി എന്ന മാസിക നമ്പിയുടെ പിൻതുണയോടുകൂടി വെള്ളാനശ്ശേരി വാസുണ്ണിമൂസ്സതു് ആരംഭിച്ചതും വളരെ ക്ലേശങ്ങൾ സഹിച്ചു കുന്നംകുളത്തു കൊണ്ടുപോയി അച്ചടിപ്പിച്ചതും മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. അതിൽ സംസ്കൃതമയൂഖം എന്നും ഭാഷാമയൂഖം എന്നും രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നുവെന്നും ആദ്യത്തേതിൽ സംസ്കൃതലേഖനങ്ങളും രണ്ടാമത്തേതിൽ ഭാഷാലേഖനങ്ങളുമാണു് പ്രസിദ്ധീകരിച്ചിരുന്നതെന്നും വായനക്കാർ ധരിച്ചിരിക്കും. ആദ്യത്തെ കൊല്ലത്തിൽ രണ്ടു മയൂഖങ്ങളും മലയാളത്തിലും അടുത്ത രണ്ടു കൊല്ലങ്ങളിൽ സംസ്കൃതമയൂഖം ഗ്രന്ഥാക്ഷരത്തിലുമാണു് പ്രകാശിപ്പിച്ചതു്. പിന്നീടു് രണ്ടു കൊല്ലക്കാലം ആ പത്രം മുടങ്ങിപ്പോയി. നമ്പിയുടെ ജാതകത്തിൽ ദ്വാത്രിംശദ്യോഗം കണ്ടതിനാൽ ഈശ്വരഭജനം കൊണ്ടു് അതിനു പരിഹാരം നേടുവാൻ അദ്ദേഹം ഉദ്യമിച്ചു. ആ ഉദ്യമത്തിൽ അദ്ദേഹം വിജയിയായി. പിന്നീടു മുടങ്ങിക്കിടന്ന വിജ്ഞാനചിന്താമണി പുനരുദ്ധരിച്ചു. 1067-ൽ സ്വദേശത്തുതന്നെ വിജ്ഞാനചിന്താമണി എന്ന പേരിൽ ഒരു മുദ്രണാലയം സ്ഥാപിച്ചു. സംസ്കൃതലേഖനങ്ങൾ മാത്രമേ അനന്തരകാലത്തു് ആ മാസികയിൽ പ്രസിദ്ധീകരിച്ചുള്ളു. ആദ്യം മലയാളത്തിലും പിന്നീടു ഗ്രന്ഥാക്ഷരത്തിലും ഒടുവിൽ ദേവനാഗരിയിലുമാണു് അതു് അച്ചടിപ്പിച്ചതു്. ഇടയ്ക്കു ഒന്നു രണ്ടു തവണ മുടങ്ങിയെങ്കിലും ഏകദേശം പത്തൊൻപതു കൊല്ലക്കാലം വിജ്ഞാനചിന്താമണി പ്രചരിച്ചു. ദേശവൃത്താന്തങ്ങൾ, അവയെക്കുറിച്ചുള്ള വിമശനങ്ങൾ, ഖണ്ഡകൃതികൾ, ചെറുകഥ, സമസ്യാപൂരണങ്ങൾ, ചിത്രപ്രശ്നങ്ങൾ, സാഹിത്യപരമായും ശാസ്ത്രപരമായുമുള്ള പണ്ഡിതമൂർദ്ധന്യന്മാരുടെ വാദപ്രതിവാദങ്ങൾ ഇവയെല്ലാം അതിൽ അടങ്ങിയിരുന്നു. കേരളീയർ മാത്രമല്ല, വൈദേശികന്മാരായ മഹാപണ്ഡിതന്മാരും അതിലേക്കു ലേഖനങ്ങൾ അയച്ചുകൊടുത്തിരുന്നു. നമ്പിയുടെ ശ്ലക്ഷ്ണവും പ്രസന്നവുമായ ശൈലിയിൽ എഴുതപ്പെടുന്ന മുഖപ്രസംഗങ്ങൾ അതിനൊരു വിശേഷാലങ്കാരമായി ശോഭിച്ചിരുന്നു. ശാകുന്തളമോ, ഉത്തരരാമചരിതമോ മഹനീയം എന്ന വിഷയത്തെപ്പറ്റി കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ ശാകുന്തളപാരമ്യവും, കവിഭൂഷണൻ കുമാരതാതാചാര്യൻ എഴുതിയ ഭവഭൂതിഭാരതിയും അതിലാണു് പ്രസിദ്ധീകരിച്ചതു്. കേരളത്തിൽ മലയാളപത്രങ്ങൾപോലും വിരളമായിരുന്ന ഒരു കാലത്തു സ്വന്തമായ ഒരു അച്ചുക്കൂടം സ്ഥാപിച്ചു് അവിടെ നിന്നു് ഒരു സംസ്കൃതമാസിക പ്രചരിപ്പിക്കാമെന്നുതോന്നിയ നമ്പിയുടെ ഉത്സാഹശക്തിയും അകുതോഭയതയും ആശ്ചര്യകരമെന്നു് ആരുതന്നെ സമ്മതിക്കയില്ല?
സംസ്കൃതഭാഷയുടെ ഉജ്ജീവനത്തിനായി അവതരിച്ച ഒരു മഹാപുരുഷനായിരുന്നു നമ്പി. ഗുരുനാഥൻ എന്ന ഉപാധി പലരും പലരേയും സംബന്ധിച്ചു് ഉപയോഗിക്കാറുണ്ടെങ്കിലും ആ വിശേഷണംകൊണ്ടു പരക്കെ അറിയപ്പെടുന്നതു് അദ്ദേഹമൊരാൾ മാത്രമാണു്. 1063-ൽ ചുരുങ്ങിയ നിലയിൽ പ്രസ്തുതപാഠശാല ആരംഭിച്ചു. 1096-ൽ അതു് ഒരു കോളേജായി ഉയർന്നു. ആദ്യംമുതല്ക്കുതന്നെ ജാതിമതവ്യത്യാസം പരിഗണിക്കാതെ എല്ലാവരേയും സംസ്കൃതം അഭ്യസിപ്പിച്ചു. അന്നത്തെ കാലസ്ഥിതിക്കു് അതു് അദ്ദേഹത്തിന്റെ ഹൃദയവിശാലതയെ സ്പഷ്ടമായി പ്രഖ്യാപനം ചെയ്യുന്നു. അദ്ദേഹത്തിന്റെ അധ്യാപനം രണ്ടുതരത്തിലായിരുന്നു. നേരിട്ടും, പാഠശാലമുഖാന്തരവും. ഉയർന്ന ക്ലാസ്സുകളിൽ വ്യാകരണം, അലങ്കാരം, ജ്യോതിഷം, വൈദ്യം എന്നീ വിഷയങ്ങൾ പഠിപ്പിച്ചിരുന്നതു് അദ്ദേഹംതന്നെയാണു്. ഗൃഹത്തിൽ പ്രഭാതത്തിൽ ഒന്നുരണ്ടു വിഷയങ്ങളും, രാവിലത്തെ കുളിയും ജപവും കഴിഞ്ഞാൽ വേറെ ഒന്നു രണ്ടു വിഷയങ്ങളും പഠിപ്പിക്കും. ഭക്ഷണം കഴിഞ്ഞാൽ വിശ്രമത്തിനുമുൻപും, വിശ്രമാനന്തരം സന്ധ്യയ്ക്കുമുൻപും അധ്യാപനമണ്ടു്. അത്താഴമൂണിനുമുൻപും ചിലരെ അഭ്യസിപ്പിക്കുക പതിവുണ്ടു്. ഇങ്ങനെയാണു് പല പ്രായക്കാരും പല തരക്കാരുമായ ശിഷ്യന്മാർക്കു് അദ്ദേഹം പാണ്ഡിത്യം നേടിക്കൊടുത്തതു്. നമ്പിയുടെ അധ്യാപനസമ്പ്രദായം അത്യന്തം ആകർഷകമായിരുന്നു. അദ്ദേഹം ഒരു പണ്ഡിതമൂർദ്ധന്യനെന്നപോലെ സഹൃദയധുരീണനുമായിരുന്നു. രഘുവംശം, മേഘസന്ദേശം മുതലായ കാവ്യങ്ങൾക്കും, അനർഘരാഘവം തുടങ്ങിയ നാടകങ്ങൾക്കും അദ്ദേഹം സ്വയം അർത്ഥവിചാരംചെയ്തു് അചുംബിതങ്ങളായ ചില നിഗമനങ്ങളിൽ എത്തിയിരുന്നു. അവ അദ്ദേഹത്തിന്റെ മുഖത്തുനിന്നു കേൾക്കുവാൻ ഭാഗ്യംചെയ്തവർക്കേ സാധിക്കു. പാഠശാലയിൽ അഷ്ടമിതോറും ഒരു സഭായോഗം സംഘടിപ്പിച്ചു് അതിൽ വിദ്യാർത്ഥികളെക്കൊണ്ടു സംസ്കൃതത്തിലും ഭാഷയിലും പ്രസംഗങ്ങൾ ചെയ്യിച്ചുവന്നു. നമ്പിയുടെ ശിഷ്യന്മാരായി വളർന്ന പല വിദ്യാർത്ഥികളും പില്ക്കാലത്തു പേരുകേട്ടിട്ടുണ്ടു്. അവരിൽ പഴയ ശിഷ്യന്മാരായ വാചസ്പതി ടി. സി. പരമേശ്വരൻമൂസ്സതും, മഹാവൈദ്യൻ വടക്കേപ്പാട്ടു നാരായണൻനായരുമാണു് പ്രഥമഗണനീയന്മാർ. നമ്പി നൈഷ്ഠികബ്രഹ്മചാരിയായിരുന്നതിനാൽ ശിഷ്യന്മാർ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്താനങ്ങൾ. അദ്ദേഹത്തിനു് അവരിൽ പ്രാണാധികമായ സ്നേഹം ഉണ്ടായിരുന്നതു പോലെ അവർക്കു് അദ്ദേഹത്തിന്റെ പേരിൽ ദേവതാബുദ്ധിയും ഉണ്ടായിരുന്നതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ.
1060-ാമാണ്ടിടയ്ക്കു തന്നെ നമ്പി പട്ടാമ്പി പഞ്ചാങ്ഗം പ്രസിദ്ധീകരിച്ചുതുടങ്ങി. ഗ്രഹഗണിതത്തിലും ഗോളഗണിതത്തിലും അദ്ദേഹം ഒന്നുപോലെ നിഷ്ണാതനായിരുന്നു. വിവാഹവിഷയത്തിൽ സ്ത്രീപുരുഷജാതകങ്ങൾ പരിശോധിച്ചു പൊരുത്തം നോക്കി വിധി പറയുന്നതിനു വിശേഷനൈപുണ്യം സമ്പാദിച്ചിരുന്നു. 1063-ാമാണ്ടു മുതല്ക്കുതന്നെ വൈദ്യം പഠിപ്പിച്ചുതുടങ്ങി. 1078-ൽ ചിന്താമണി എന്ന പേരിൽ ഒരു വൈദ്യശാല സ്ഥാപിച്ചു. ആര്യവൈദ്യസമാജത്തിന്റെ ഒരു പ്രധാന പ്രവർത്തകനായിരുന്നു നമ്പി. അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ നിര്യാണത്തിനുശേഷം ആ സമാജത്തിന്റെ സ്ഥിരാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
സാമൂതിരിക്കോവിലകത്തു നമ്പി നിത്യനായിരുന്നു. മാനവിക്രമ ഏട്ടൻതമ്പുരാനും അദ്ദേഹവും തമ്മിലുള്ള സൗഹാർദ്ദത്തെക്കുറിച്ചു മുമ്പു പ്രസ്താവിച്ചിട്ടണ്ടു്. അദ്ദേഹം സഹൃദയസമാഗമം എന്ന പേരിൽ ഒരു വിദ്വൽസഭ ആരംഭിക്കയും ഏതാനും വർഷക്കാലത്തേക്കു് അതു് മുടക്കംകൂടാതെ നടക്കുകയും ചെയ്തു. അതിന്റെ മുഖ്യ ഭാരവാഹിയും നമ്പിയായിരുന്നു. അദ്ദേഹം കാശിയും, ദക്ഷിണഭാരതത്തിലെ പല പുണ്യസ്ഥാനങ്ങളും ഇരശ്വരഭജനത്തിനുവേണ്ടി സന്ദർശിച്ചിട്ടുണ്ടു്. ആ വഴിക്കു് അനേകം സംസ്കൃതപണ്ഡിതന്മാരുടെ സൌഹാർദ്ദം സമ്പാദിക്കുവാൻ സാധിച്ചു. ആ സൌഹാർദ്ദം വിജ്ഞാനചിന്താമണി പത്രികയ്ക്കു് ഉപകാരപ്രദവുമായി.
സദസ്സുകളിൽ ആധ്യക്ഷ്യം വഹിക്കുന്നതിനും പ്രസങ്ഗിക്കുന്നതിനും നമ്പി ഒരവസരത്തിലും വൈമുഖ്യം പ്രദർശിപ്പിച്ചിരുന്നില്ല. സംസ്കൃതപാരീണന്മാരായി അന്നു സഹൃദയന്മാരും ശാസ്ത്രജ്ഞന്മാരും ധാരാളം ഉണ്ടായിരുന്നുവെങ്കിലും പ്രസങ്ഗവേദിയിൽ കയറിയാൽ അവർ പ്രായേണ വാചംയമന്മാരായാണു് കാണപ്പെടുന്നതു്. സംസ്കൃതത്തിലും മലയാളത്തിലും യാതൊരു തടവും കൂടാതെ ശ്രോതാക്കളുടെ ഹൃദയം കവരുമാറു സരസമായും ഫലിതമായും സാരസമ്പൂർണ്ണമായും പ്രസങ്ഗിക്കുവാനുള്ള പാടവം അദ്ദേഹത്തിന്റെ അപൂർവ്വസിദ്ധികളിൽ ഒന്നായിരുന്നു. 1067-ാമാണ്ടു കോട്ടയത്തു കവിസമാജത്തിൽ അദ്ദേഹം ചെയ്ത സംസ്കൃതപ്രസങ്ഗത്തെപ്പറ്റി ചങ്ങനാശ്ശേരി രവിവർമ്മ കോയിത്തമ്പുരാൻ കവിസഭാരഞ്ജനത്തിൽ
എന്നു പ്രശംസിച്ചിരിക്കുന്നു.
നമ്പി ഒരു തികഞ്ഞ കാര്യസ്ഥനും പൊതുകാര്യസേവകനുംകൂടിയായിരുന്നു. മലബാർ ഡിസ്ത്രിക്ട്ബോർഡിൽ മൂന്നു കൊല്ലക്കാലത്തേക്കു് ഒരു അങ്ഗമെന്ന നിലയിൽ പണി നോക്കി. പഞ്ചായത്തുകോടതിയിലും ഒരു ജഡ്ജിയായിരുന്നു. പുന്നശ്ശേരിക്കുടുംബത്തിനു ധാരാളം ജന്മസ്വത്തുണ്ടു്. വൈമാത്രേയനായ ജ്യേഷ്ഠൻ നാരായണൻനമ്പിയായിരുന്നു ഭരണക്കാരൻ. 1093–ലാണു് കഥാപുരുഷന്റെ ഭിക്ഷാടനകാവ്യം, ചന്ദ്രികാവീഥി, മാനസോല്ലാസം, ഗൈർവ്വാണീവിജയം ഇത്യാദി ഗ്രന്ഥങ്ങളും പ്രസ്താവയോഗ്യങ്ങളാണു്. പുരുഷോത്തമന്റെ പ്രശ്നായനം എന്ന ജ്യോതിശ്ശാസ്ത്രഗ്രന്ഥവും ആ അച്ചുക്കൂടത്തിൽ നിന്നുതന്നെ അച്ചടിപ്പിക്കുകയുണ്ടായി.
റ്റി. സി. പരമേശ്വരൻ മൂസ്സതു ബ്രിട്ടീഷ്മലബാർ ഏറനാടു താലൂക്കു പൊന്മുള അംശത്തിൽ ചോലക്കരയില്ലത്തു് 1042-മാണ്ടു മേടമാസത്തിൽ മൂലംനക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവു വാസുദേവൻമൂസ്സതും മാതാവു ദേവകിയമ്മയും (തേതി) ആയിരുന്നു. നമ്മുടെ കഥാപുരുഷനു് ഒരു ജ്യേഷ്ഠനും രണ്ടു സഹോദരിമാരുമുണ്ടായിരുന്നു. അതിൽ ജ്യേഷ്ഠസഹോദരൻ വാസുദേവൻമൂസ്സതു് അക്കാലത്തെ ഒരു പ്രസിദ്ധവൈദ്യനും, ഒരു സഹോദരിയുടെ പ്രഥമപുത്രനായ പണ്ഡിതർ സി. കെ. വാസുദേവശർമ്മ അനേകം വ്യാഖ്യാനങ്ങളുടെ കർത്താവുമാണു്. അവയിൽ അഷ്ടാങ്ഗഹൃദയം, ചരകം, പരമേശ്വരൻമൂസ്സതോടുകൂടി സുശ്രുതസംഹിത, ഹൃദയോല്ലാസം വ്യാഖ്യ, അഞ്ജനനിദാനം, ഉന്മീലനവ്യാഖ്യ, സുഖസാധകവ്യാഖ്യ, ശാർങ്ഗധരസംഹിത, വൈദ്യപ്രിയാവ്യാഖ്യ, അഷ്ടസ്ഥാനപരീക്ഷയിൽ മർമ്മവിഭാഗം, ആശൗചദീപികാവ്യാഖ്യ എന്നിവയാണു് മുഖ്യങ്ങൾ. പുന്നശ്ശേരി നീലകണ്ഠശർമ്മാവിന്റെ മാതുലനായ ഏഴിക്കര നാരായണൻമൂസ്സതായിരുന്നു പരമേശ്വരൻമൂസ്സതിന്റെ അമ്മാത്തുമുത്തച്ഛൻ.
ആദ്യത്തെ ഗുരു വരയ്ക്കൽ പാറമഠത്തിൽ കൃഷ്ണനമ്പിയായിരുന്നു. അദ്ദേഹം കാവ്യനാടകാലങ്കാരങ്ങൾ പഠിപ്പിച്ചു. 1058-ാമാണ്ടു മീനമാസം 13-ാം൹ അച്ഛൻ മരിച്ചു. 1060-ാമാണ്ടു കുംഭം 4-ാം൹ പട്ടാമ്പിയിൽ പോയി പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി. സിദ്ധാന്തകൗമുദി, അഷ്ടാങ്ഗഹൃദയം, ലീലാവതി തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിപ്പിച്ചതു് ആ ആചാര്യനാണു്. 1062-ാമാണ്ടു മുതൽ പട്ടാമ്പി വിടുന്നതുവരെ ഗുരുനാഥന്റെ സകലപ്രവർത്തനങ്ങളിലും ഭാഗഭാക്കായിരുന്നു. അച്യുതത്തു രാമൻമൂസ്സതിനു് അവയിൽ ഗണനീയമായ ഒരു പങ്കണ്ടു്. 1104-ലാണു് അദ്ദേഹം മരിച്ചതു്. 1067-ൽ വിജ്ഞാനചിന്താമണി അച്ചുക്കൂടം സ്ഥാപിച്ചപ്പോൾ. അദ്ദേഹത്തിന്റെ പണി വർദ്ധിച്ചു. ചിന്താമണിപത്രികയിൽ അതിനുമുമ്പുതന്നെ ഉപന്യാസങ്ങൾ എഴുതിശ്ശീലിച്ചിരുന്നു. 1063-ൽ അച്യുതത്തു വാസുദേവൻ മൂസ്സതിന്റെ പുത്രിയെ വിവാഹം ചെയ്തു.
1068-ൽ മൂസ്സതു് ഇല്ലത്തേക്കു മടങ്ങി. അവിടെ ചില വിദ്യാർത്ഥികളെ സംസ്കൃതം അഭ്യസിപ്പിച്ചു. 1072-ൽ പൊന്മുള ശിവക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്തു. 1078-ൽ കോട്ടക്കൽനിന്നു പുറപ്പെട്ട ധന്വന്തരി എന്ന മാസികയുടെ ഉപപത്രാധിപരായി. പത്രാധിപർ വൈദ്യരത്നം പി. എസ്സ്. വാരിയരായിരുന്നു. 1080-ൽ മാളിയമ്മാവിൽ കുഞ്ഞുവറിയതു തൃശൂരിൽ ഭാരതവിലാസം അച്ചുക്കൂടം സ്ഥാപിച്ചപ്പോൾ മൂസ്സതു താമസം അങ്ങോട്ടു മാറ്റി. അദ്ദേഹത്തിനു വേണ്ടി പുസ്തകങ്ങൾ എഴതിക്കൊടുത്തു തുടങ്ങി. 1081-ൽ കൊച്ചി കടവല്ലൂരിൽ ഒരു സ്ഥലം വാങ്ങി പുരപണിനടത്തി അതിനു ദ്വാരക എന്നു നാമകരണം ചെയ്തു. 1090-ൽ പട്ടാമ്പി ഗുരുഗൃഹത്തിൽ കാര്യസ്ഥനായി. അതേ കൊല്ലം മകരം 5-ാം൹ മാനവിക്രമ ഏട്ടൻതമ്പുരാൻ അദ്ദേഹം അമരകോശത്തിനു രചിച്ച പാരമേശ്വരി എന്ന വ്യാഖ്യാനം കണ്ടു സന്തുഷ്ടനായി അഭിനവവാചസ്പതി എന്ന ബിരുദം സമ്മാനിച്ചു. 1086 മേടത്തിൽ മാസികയായി ആരംഭിച്ച ആ പുസ്തകം 1090 കന്നിയിൽ അവസാനിച്ചു. ഇടയ്ക്കു കറേക്കാലം കുടുംബത്തിലെ ചില പ്രാരബ്ധങ്ങൾ നിമിത്തം പൊന്മുളയിൽ താമസിക്കേണ്ടിവന്ന അദ്ദേഹം 1103 ചിങ്ങത്തിൽ ഭാരതവിലാസക്കാരുമായുള്ള ബന്ധം വീണ്ടും ആരംഭിച്ചു. 1104-ൽ ഹരിപ്പാട്ടുവെച്ചു നടന്ന വാർഷികസമ്മേളനത്തിൽ അധ്യക്ഷനായി തിരഞ്ഞെടുത്തതു് അദ്ദേഹത്തെയായിരുന്നു. 1105-ൽ ഇരിങ്ങണ്ണുർ വച്ചുനടന്ന വാഷികയോഗത്തിൽ വായിക്കുവാൻ സമുദായബോധം എന്ന പേരിൽ സംസ്കൃതഭാഷയിൽ ഒരു ചെറിയ പദ്യപുസ്തകം എഴുതി അച്ചടിപ്പിച്ചു. 1109-ൽ ഏറ്റുമാനൂരിൽ താമസമാക്കി അവിടെവച്ചും ചിലപുസ്തകം രചിച്ചു. 1112 തുലാത്തിൽ ഏറ്റുമാനൂരിലെ താമസം മതിയാക്കി കടവല്ലൂരിലേക്കു തിരിയെ പോന്നു. രാമവാരിയരെപ്പോലെ സാമ്പത്തികമായ ക്ലേശം അദ്ദേഹവും അനുഭവിച്ചിട്ടുണ്ടു്. 1114-ാമാണ്ടു വൃശ്ചികമാസം 7-ാം൹ചരമഗതിയെ പ്രാപിച്ചു. രക്തവാതമായിരുന്നു മരണകാരണമായ രോഗം. മരിക്കുന്നതിനു് ഏതാനും ദിവസങ്ങൾക്കുമുൻപു ചുവടേ ഉദ്ധരിക്കുന്ന ശ്ലോകം ഉണ്ടാക്കി ചൊല്ലി.
മൂസ്സതു് 35 പുസ്തകങ്ങൾ രചിച്ചിട്ടുളളതായി അറിവുണ്ടു്. (1) അമരം പാരമേശ്വരീവ്യാഖ്യാനം, (2) അമരംസംക്ഷിപ്ത പാരമേശ്വരീവ്യാഖ്യാനം, (3) അമരം പദാർത്ഥദീപികാവ്യാഖ്യാനം, (4) അമരം ത്രിവേണീവ്യാഖ്യാനം, (5) നാരായണീയം ശ്യാമസുന്ദരം വ്യാഖ്യാനം, (6) ശാങ്കരസ്മൃതി എന്നുകൂടി പേരുള്ള ലഘുധർമ്മപ്രകാശികയുടെ വ്യാഖ്യാനം, (7) വിഷ്ണുസഹസ്രനാമം മുക്തിമാർഗ്ഗപ്രദീപവ്യാഖ്യാനം, (8) വിഷ്ണുസഹസ്രനാമം ഭാഷാവ്യാഖ്യാനം, (9) ശിവാനന്ദലഹരി ഉമാമഹേശ്വരം വ്യാഖ്യാനം, (10) ഭഗവൽഗീത മാർഗ്ഗദർശിവ്യാഖ്യാനം, (11) ഭഗവൽഗീത ഭാഗ്യോദയം വ്യാഖ്യാനം, (12) ഭഗവൽഗീതലോകമാന്യം വ്യാഖ്യാനം, (13) ലോകമാന്യതിലകന്റെ ഗീതാരഹസ്യം പൂവ്വാർദ്ധം പരിഭാഷ, (14) രുക്മിണീസ്വയംവരം വ്യാഖ്യാനം, (15) ഏറ്റുമാനൂർക്ഷേത്രമാഹാത്മ്യം ഭാഷാവിവരണം, (16) സുബ്രഹ്മണ്യപൂജാകല്പം വ്യാഖ്യാനം, (17)സന്ധ്യാവന്ദനഭാഷ്യം, (18) വൈദ്യമനോരമ ഭാഷാവ്യാഖ്യാനം, (19) കൈക്കുളങ്ങര രാമവാരിയരുടെ ജീവചരിത്രം, (20) പരശുരാമന്റെജീവചരിത്രം, (21) കാളീകല്പം മാർഗ്ഗദർശിവ്യാഖ്യാനം, (22) ശ്രിരുദ്രചമകങ്ങൾക്കു ഭാഷാഭാഷ്യം, (23) രുദ്രസൂക്തം ഭാഷാഭാഷ്യം, (24) ശാസ്താവിന്റെ മൂലതത്വം, (25) ഭാഗവതം മാർഗ്ഗദശിവ്യാഖ്യാനം, (26) കാഠകോപനിഷത്തു്ഭാഷാസാരം വ്യാഖ്യാനം, (27) കേരളാചാരം ഭാഷാവ്യാഖ്യാനം, (28) ഭാവപ്രകാശം അഭിനവവാചസ്പത്യവ്യാഖ്യാനം, (29) ചരകസംഹിത വാചസ്പത്യവ്യാഖ്യാനം, (30) ഗുരുവായുപുര മാഹാത്മ്യം കിളിപ്പാട്ട്, (31) ദൃഗ്ദൃശ്യവിവേകം അർത്ഥവിവരണം, (32) രത്നത്രയം മാർഗ്ഗദർശിവ്യാഖ്യാനം എന്നിവയ്ക്കുപുറമേ, മുൻസൂചിപ്പിച്ച (33) സമുദായബോധവും, (34) സ്വൈരക്കേട് എന്നൊരു ചെറുകഥയുംകൂടി അദ്ദേഹത്തിന്റെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. (35) ബൗധായനച്ചടങ്ങു് എന്നും അദ്ദേഹത്തിന്റെ വകയായി ഒരു പുസ്തകമുണ്ടു്. അതിന്റെ ഒരു പ്രതീകം മാത്രമേ അച്ചടിച്ചിട്ടുള്ളതായി കേട്ടിട്ടുള്ള. 7, 10, 16, 17, 22, 23, 24, 26 എന്നീ നമ്പർപുസ്തകങ്ങൾ ഈശ്വരാനന്ദ സരസ്വതി എന്ന കർതൃനാമത്തിലാണു് അച്ചടിച്ചിരിക്കുന്നതു്. ചരകസംഹിതാവ്യാഖ്യയിൽ സി. കെ. ശർമ്മാവിനും പങ്കുണ്ടെന്നു നാം കണ്ടുവല്ലോ. അമരം പദാർത്ഥദീപിക, ഭഗവൽഗീതയുടെ മാർഗ്ഗദർശിവ്യാഖ്യ, ഭാഗവതം, ഭാവപ്രകാശം, ദൃഗ്ദൃശ്യവിവേകം എന്നീ അഞ്ചു പുസ്തകങ്ങൾ പൂർണ്ണമായിട്ടില്ല. ഇവയ്ക്കുപുറമെ മൂസ്സതു് അനേകം പത്രങ്ങൾക്കും മാസികകൾക്കും ഗദ്യലേഖനങ്ങൾ എഴുതിവന്നിരുന്നു. വാചസ്പതിക്കു ജ്യോത്സ്യം മാത്രമേ വശമല്ലാതിരുന്നുള്ളു. അതിനുപകരം പുരോഹിതകർമ്മങ്ങളിൽ നിഷ്ണാതനായിരുന്ന അദ്ദേഹത്തിനു പൂജാക്രമം സംബന്ധിച്ചു ചില ഗ്രന്ഥങ്ങൾ എഴുതുവാൻ സാധിച്ചു. ഒരു അടിയുറച്ച വൈയാകരണനും കോശജ്ഞനുമായിരുന്നു അദ്ദേഹം എന്നുകൂടി എടുത്തുപറയേണ്ടതായുണ്ടു്.
മൂസ്സതിന്റെ ഗ്രന്ഥങ്ങളിൽ പ്രഥമഗണനീയമായുള്ളതു് അമരത്തിനു് അദ്ദേഹം രചിച്ച പാരമേശ്വരിയാകുന്നു. 16 വ്യാഖ്യാനങ്ങൾ നിഷ്കർഷിച്ചു പരിശോധിച്ചു ത്യാജ്യഗ്രാഹ്യവിവേചനം ചെയ്ത് ഒട്ടുവളരെ ക്ലേശങ്ങൾ സഹിച്ചു് അദ്ദേഹമെഴുതിയ ആ വ്യാഖ്യാനം അത്യന്തം വിസ്തൃതവും സർവ്വസംശയച്ഛേദിയുമാകുന്നു. ഉപരിപ്ലവമായ രീതിയിൽ ഒരു പുസ്തകവും അദ്ദേഹം ഉണ്ടാക്കീട്ടില്ല. ‘ഗതോ വദാന്യാന്തരം’ എന്നൊരു അവസ്ഥ സംഭവിക്കരുതെന്നു് അദ്ദേഹത്തിനു് അത്യുൽക്കടമായ ആഗ്രഹമുണ്ടായിരുന്നു. ഏറ്റുമാനൂർ താമസിക്കുമ്പോൾ രചിച്ചതാണു് ത്രിവേണി. അതു പാരമേശ്വരിപോലെ വിസ്തൃതമല്ല. എങ്കിലും അതിലെ ചില സ്ഖലിതങ്ങൾ തിരുത്തുന്നതിനും ചില പരിഷ്കാരങ്ങൾ വരുത്തുന്നതിനും ഉപയോഗപ്പെട്ടിട്ടുണ്ടു്. അനേകം ശബ്ദങ്ങൾക്കു് ഇംഗ്ലീഷിൽക്കൂടി അർത്ഥം രേഖപ്പെടുത്തീട്ടുണ്ടെന്നുള്ളതു് അതിന്റെ കാര്യകാരിതയെ വർദ്ധിപ്പിക്കുന്നു. ത്രിവേണിയുടെ പ്രാരംഭത്തിൽമൂസ്സതു് ഇങ്ങനെയാണു് മാലാചരണം ചെയ്യുന്നതു്.
ഗ്രന്ഥാവസാനത്തിലുള്ള അധോലിഖിതമായ പദ്യത്തിൽ നിന്നു് അദ്ദേഹത്തിനു വേണമെങ്കിൽ നല്ല പദ്യവും എഴുതാമെന്നുള്ളതു വെളിപ്പെടുന്നു.
ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യം പൂർവ്വഭാഗത്തിനു മൂസ്സതു രചിച്ച പരിഭാഷ അത്യന്തംവിശിഷ്ടമാകുന്നു. മൂലഗ്രന്ഥം നമ്മുടെ മാതൃഭൂമിയുടെ അമൂല്യനിധികളിൽ ഒന്നാണു്. തിലകന്റെ വിശ്വവ്യാപിയായ വൈദുഷ്യപ്രകർഷവും ഊഹാപോഹകുശലതയും അതിൽ ആപാദചൂഡം സഹസ്രകിരണമായ ആദിത്യബിംബംപോലെ പ്രകാശിക്കുന്നു. അതിനു കർണ്ണാടകഭാഷയിലുള്ള തർജ്ജമയാണു് മൂസ്സതിനു പ്രസ്തുതപരിഭാഷയ്ക്കു് അവലംബമായി പരിണമിച്ചിരിക്കുന്നതു്. അദ്ദേഹം പ്രസ്താവനയിൽ “കർണ്ണാടകാക്ഷരവും ഭാഷയും മുമ്പുതന്നെ ഏതാണ്ടെനിക്കു പരിചയപ്പെട്ടിരുന്നതിനുപുറമേ അടുത്ത കാലത്തു ഞാൻ അതിൽ പൂർവ്വാധികം പരിശ്രമിക്കയും ചെയ്തിട്ടുണ്ടു്. കൂടാതെ സംസ്കൃതം, മലയാളം, കർണ്ണാടകം എന്നീ മൂന്നു ഭാഷകളിലും ധാരാളം വ്യുൽപന്നനായ ഒരു എമ്പ്രാന്തിരി എന്നെ ഇക്കാര്യത്തിൽ വേണ്ടിടത്തോളം സഹായിപ്പാനേല്ക്കുകയും അതുപ്രകാരം സഹായിച്ചുവരികയും ചെയ്യുന്നതുകൊണ്ടു തജ്ജമയുടെ കാര്യത്തിൽ ലോകമാന്യരുടെ അനുഗ്രഹം സഫലമാകാതെ വരികയില്ലെന്നു് എനിക്കു ധാരാളം ധൈര്യമുണ്ടു്” എന്നു നിവേദനം ചെയ്തിരിക്കുന്നു. കഥാപുരുഷനു പ്രസന്നപ്രൗഢവും, ധാരാവാഹിയുമായ ഒരു ഗദ്യശൈലി സ്വാധീനമായിരുന്നുവെന്നു പ്രകൃതഗ്രന്ഥത്തിൽ ഏതു ഭാഗം പരിശോധിച്ചാലും ബോധ്യമാകുന്നതാണു്.
റ്റി. സി. പരമേശ്വരൻ മൂസ്സതു് ആജീവനാന്തം ഒരു വിദ്യാർത്ഥിയും ജിജ്ഞാസുവും ഗ്രന്ഥകാരനും ലോകഗുരുവുമായിരുന്നു. സാധാരണപണ്ഡിതന്മാരിൽ ചിലപ്പോൾ കാണാറുള്ള സങ്കുചിതമനസ്ഥിതിക്കു് അദ്ദേഹം ഒരിക്കലും അധീനനായിരുന്നില്ല. കൈക്കുളങ്ങര രാമവാരിയർക്കിപ്പുറം ഭാഷയെ തന്റെ അപ്രതിമമായ പാണ്ഡിത്യംകൊണ്ടും, അത്ഭുതാവഹമായ പരിശ്രമംകൊണ്ടും ധന്യതമയാക്കിയ മഹാപുരുഷന്മാരിൽ അഗ്ര്യപൂജയ്ക്കു് അർഹൻ വാചസ്പതിതന്നെയാകുന്നു. പാരമേശ്വരിയും ഗീതാരഹസ്യവും മാത്രം മതി അദ്ദേഹത്തിന്റെ സദ്യശസ്സു് അമ്ലാനമായും അക്ഷയമായും നിലനിറുത്തുവാൻ. ഇന്നത്തെ പരിതസ്ഥിതിയിൽ കേരളത്തിൽ അത്തരത്തിലുള്ള ഒരു പുരുഷൻ ജനിക്കുമോ എന്നു കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
പി. എസ്സ്. അനന്തനാരായണശാസ്ത്രി തൃശൂർ ഡിസ്ത്രിൿറ്റ് കോടതി വക്കീൽ സീതാരാമയ്യരുടേയും നാരായണിയമ്മാളുടേയും പുത്രനായി 1060-ാമാണ്ടു കർക്കടകമാസം 30-ാം൹ ജനിച്ചു. തൃശൂർ സർക്കാർ സ്ക്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ബാല്യത്തിൽതന്നെ അച്ഛൻ മരിച്ചുപോകയാൽ സ്ക്കൂൾ വിടേണ്ടിവന്നു. സംസ്കൃതം ആദ്യകാലത്തു കുറേ പഠിച്ചിരുന്നു. ആ വിദ്യാഭ്യാസം പൂർത്തിയാക്കുവാനായിരുന്നു പിന്നീടുള്ള ശ്രമം. അതിലേയ്ക്കായി പല പണ്ഡിതന്മാരുടേയും കീഴിൽ ശാസ്ത്രാഭ്യാസംചെയ്തു. പുതുക്കോടാണു് ശാസ്ത്രിയുടെ മൂലകുടുംബം. അച്ഛൻ മരിച്ചതിനുശേഷം അമ്മാത്തു മുത്തച്ഛൻ നമ്മുടെ കഥാപുരുഷനെ പുതുക്കോട്ടു കൊണ്ടുപോയി. പുതുക്കോട്ടു രാമശാസ്ത്രികൾ, എടമന നമ്പൂരിപ്പാട്, വാടാനങ്കുറിശ്ശി നാരായണശാസ്ത്രികൾ, പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, മഹാമഹോപാധ്യായൻ ആർ.വി. കൃഷ്ണമാചാര്യർ ഇവരായിരുന്നു പ്രധാനഗുരുനാഥന്മാർ. പുതുക്കോട്ട രാമശാസ്ത്രി തർക്കത്തിൽ പ്രകരണപാഠവും ചിലവാദഗ്രന്ഥങ്ങളും, മനുസ്മൃതി വൈദ്യനാഥദീക്ഷിതീയം തുടങ്ങിയ സ്മൃതിഗ്രന്ഥങ്ങളും വാടാനങ്കുറിശ്ശി നാരായണശാസ്ത്രി വേദാന്തഭാഷ്യവും, എടമന നമ്പൂരിപ്പാട് ദിനകരീയവും, പുന്നശ്ശേരിനമ്പി വ്യാകരണം, ജ്യോതിഷം, വൈദ്യം എന്നിവയും, ആർ. വി. കൃഷ്ണമാചാര്യർ വ്യാകരണവുമാണു് അഭ്യസിപ്പിച്ചതു്. കൃഷ്ണമാചാര്യരുടെ അന്തേവാസിത്വം സ്വീകരിച്ചതു് ആ മഹാപണ്ഡിതന്റെ സ്വദേശമായ തൃശ്ശിനാപ്പള്ളിയിൽ വെച്ചാണു്. സുപ്രസിദ്ധനായ പിച്ചുശാസ്ത്രികളുടെ അനുജനായിരുന്നു നാരായണശാസ്ത്രി.
വാടാനങ്കുറിശ്ശി പിച്ചുശാസ്ത്രികളെക്കുറിച്ചും ഈ പ്രകൃതത്തിൽ അല്പം സ്മരിക്കേണ്ടതായുണ്ടു്. വാടാനങ്കുറിശ്ശി ഷൊറണൂർ റയിൽവേസ്റ്റേഷനു മൂന്നു മൈൽ വടക്കുപടിഞ്ഞാറാണ്. ശാസ്ത്രി നല്ലൊരു വേദജ്ഞനും തർക്കത്തിലും വ്യാകരണത്തിലും മികച്ച പണ്ഡിതനും ഗണിതപദ്ധതികളിൽ സ്വപ്രയത്നം കൊണ്ടു് ഉറച്ച വിദ്വാനുമായിരുന്നു. വളരെക്കാലം ദേശമങ്ഗലത്തു മനയ്ക്കലെ പണ്ഡിതനായിരുന്നു. അനുജൻ നാരായണ ശാസ്ത്രിക്കുപുറമേ അനന്തനാരായണശാസ്ത്രിയുടെ ഗുരു രാമശാസ്ത്രിയും മുണ്ടയൂർ നമ്പ്യാത്തൻനമ്പൂരിയും പൂന്തോട്ടത്തു മഹൻ ദാമോദരൻനമ്പൂരിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. തർക്കം, വേദാന്തം എന്നീ ശാസ്ത്രങ്ങളിലും അനന്തനാരായണശാസ്ത്രി പരിനിഷ്ഠിതമായ പരിജ്ഞാനം സമ്പാദിച്ചിരുന്നുവെങ്കിലും വ്യാകരണത്തിലായിരുന്നു പാരങ്ഗതത്വം. ആ ശാസ്ത്രത്തിൽ ശേഖരാന്തം നിഷ്കൃഷ്ടമായി അധ്യയനംചെയ്ത കേരളത്തിലെ പ്രാമാണികനായ ഒരു വൈയാകരണൻ എന്ന പേരു പരത്തി.
1084-ൽ തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ സന്നിഹിതനാകുകയും അവിടെനിന്നു സമ്മാനം ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷും ഹിന്ദിയും സ്വയം അഭ്യസിച്ചു. ഇംഗ്ലീഷിൽ അദ്ദേഹം സമ്പാദിച്ച പാണ്ഡിത്യം അന്യാദൃശമായിരുന്നു. ആ ധിഷണാശാലി മദിരാശിയിലെ ഹിന്ദുപത്രത്തിൽ കുറേക്കാലം നിപുണമായി ഗ്രന്ഥങ്ങൾ നിരൂപണം ചെയ്തുകൊണ്ടിരുന്നതു സഹൃദയന്മാർ മറക്കാറായിട്ടില്ല. ഒടുവിൽ തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽനിന്നു പണ്ഡിതരാജൻ എന്ന ബിരുദവും തിരുവിതാംകൂർ നവരാത്രി സദസ്സിൽനിന്നു കീർത്തിമുദ്രയും നേടി. കൊച്ചിയിൽ ആദ്യം തൃശൂർ സർക്കാർ ഹൈസ്ക്കൂളിലും പിന്നീടു രാജകീയമഹാപാഠശാലയിലും സംസ്കൃതപണ്ഡിതനായി. ഒരു വലിയ കുടുംബം സംരക്ഷിക്കേണ്ട ഭാരം നിമിത്തം വളരെക്കാലം സാമ്പത്തികമായ ക്ലേശം അനുഭവിച്ചു. ബാലാംബാളെയാണു് ധർമ്മപത്നിയായി സ്വീകരിച്ചതു്.
ശാസ്ത്രികൾക്കു സംസ്കൃതത്തിലും മലയാളത്തിലും ഒന്നുപോലെ പ്രൗഢഗംഭീരമായ രീതിയിൽ ഗദ്യമെഴുതുവാൻ പാടവമുണ്ടായിരുന്നു. (1) മണിമഞ്ജുഷ, (2) നവപുഷ്പമാല. (3) ഭഗവൽഗീതയയ്ക്കു് അനുസ്വാനം എന്ന മർമ്മസ്പൃക്കായ വ്യാഖ്യാനം, (4) ദേവീമാഹാത്മ്യ വ്യാഖ്യാനം, (5) നാരായണീയ വ്യാഖ്യാനം (അപൂർണ്ണം), (6) വാകൃതത്വം, (7) തർക്കസാരം, (8) പ്രവേശകത്തിനു വിവൃതി എന്ന സംസ്കൃതവ്യാഖ്യാനം, (9) ബാലരാമായണം, (10) മേഘസന്ദേശവിമർശനം. ഇവയ്ക്കുപുറമേ അനേകം സംസ്കൃതഗ്രന്ഥങ്ങൾ അദ്ദേഹം മംഗളോദയം കമ്പനിക്കും മറ്റും വേണ്ടി പ്രസാധനം ചെയ്തിട്ടുണ്ടു്. ഇതുകൂടാതെ ലഘുകൗമുദി, സാംഖ്യകാരിക എന്നീ രണ്ടു ഭാഷാവ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ വകയായുണ്ടു്. ശങ്കരന്റെ ശ്രീകൃഷ്ണവിജയം കാവ്യവും അത്തരത്തിലുള്ള ഒരു ഗ്രന്ഥമാണു്. മംഗളോദയം മാസികയുടെ ആധിപത്യവും കുറേക്കാലം വഹിക്കുകയുണ്ടായി.
ഈ ചെറിയ പുസ്തകംകൊണ്ടു വാക്യസംബന്ധമായി പല അറിവുകൾ സംസ്കൃതവിദ്യാർത്ഥികൾക്കു നല്കുവാൻ ഗ്രന്ഥകാരൻ സമർത്ഥമായി യത്നിച്ചിരിക്കുന്നു.
എന്നതു് അതിലെ പ്രതിജ്ഞാപദ്യമാണു്.
“സാമാന്യതഃ കോശാദിഷു പര്യായതയാ പരിഗണിതാനാമപി പദാനാം കേഷാഞ്ചിൽ ക്വചചിൽ പ്രയോഗ ഔചിത്യാതിശയോ ഭവതി. യഥാ തനുഃ ദേഹ ഇത്യനയോഃ പര്യായതയാ ഗണ്യമാനയോരപി തനുശബ്ദസ്യ കാർശ്യദ്യോതകത്വം ദേഹശബ്ദസ്യ പുനഃ പുഷ്ടിവിശേഷവ്യഞ്ജകത്വം ച സഹൃദയൈരനുഭൂയതേ. സന്താപാദിജനിതകാർശ്യവർണ്ണനേ പ്രകൃതേ ദേഹശബ്ദപ്രയോഗോ അനുചിത ഇതിഭാസേത. ഏവം ഉപചയാതിരേകേ വർണ്ണ്യമാനേ തനുശബ്ദപ്രയോഗോപി ന തനുതേ സ്വാരസ്യം. ഏവം തത്ര തത്ര വർത്തമാനം സൂക്ഷ്മരൂപമർത്ഥവിശേഷം വിജ്ഞായൈവ പദാനി പ്രയോജ്യാനി.”
തർക്കസാരം അതുപോലെ തർക്കത്തിന്റെ മൂലതത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.
അച്യുതപ്പിഷാരടിയുടെ പ്രവേശകം എന്ന വ്യാകരണത്തിനു ശാസ്ത്രി രചിച്ച വ്യാഖ്യാനമാണു് വിവൃതി എന്നു മുൻപു സുചിപ്പിച്ചുവല്ലോ. ഇതു ഗോശ്രീ സംസ്കൃത ഗ്രന്ഥാവലിയുടെ ദ്വിതീയാങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ളതാണു്.
എന്ന ശ്ലോകത്തോടുകൂടിയാണു് ഗ്രന്ഥകാരൻ തന്റെ വ്യാഖ്യാനം ആരംഭിക്കുന്നതു്. ഒടുവിൽ കാണുന്ന
എന്ന ശ്ലോകത്തിൽ തന്റെ പുരസ്കർത്താവായ പരീക്ഷിത്തുതമ്പുരാനെ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു.
ബാലരാമായണം ഒരു സംസ്കൃതഗദ്യഗ്രന്ഥമാണു്. കഴിയുന്നതും വാല്മീകിയുടെ ഭാഷതന്നെയാണ് ഉപയോഗിച്ചിട്ടുള്ളതു്. മേഘസന്ദേശവിമർശനം ഭാഷയിലാണു് രചിച്ചിരിക്കുന്നതു്. ശാസ്ത്രികളുടെ പാണ്ഡിത്യവും സഹൃദയത്വവും അതിൽനിന്നു വിശദമാകും. മണിമംജുഷയും ഭാഷതന്നെ മംഗളോദയം പത്രാധിപരായിരുന്ന കാലത്തു് അതിൽ എഴുതിയിരുന്ന ശാസ്ത്രോപന്യാസങ്ങളുടെ സമാഹാരമാണു് അതിലെ ഉള്ളടക്കം. ഷഡ്ദർശനങ്ങളെ മാത്രമല്ല, പാശ്ചാത്യശാസ്ത്രങ്ങളിൽ പ്രതിപാദ്യങ്ങളായ ചില വിഷയങ്ങളെക്കുറിച്ചും അതിൽ ഉപന്യാസങ്ങളുണ്ടു്. അത്തരത്തിൽ ഒന്നാണു് കുജലോകം.
ഒരു തികഞ്ഞ സഹൃദയനെന്ന നിലയിൽ ശാസ്ത്രിയെ ഉയർത്തിക്കാണിക്കുന്ന ഒരു വിമർശനഗ്രന്ഥമാണു് നവപുഷ്പമാല. ഇതിൽ ഒൻപതുപന്യാസങ്ങൾ അടങ്ങിയിരിക്കുന്നു. നവശബ്ദത്തിനു പ്രകൃതത്തിൽ രണ്ടർത്ഥം കല്പിച്ചിട്ടുണ്ടു്; കുമാരനാശാന്റെ കരുണയെപ്പറ്റി മണ്ഡനപരമായ ഒരു നിരൂപണവും ഇവയിൽ ഒരു പുഷ്പമാണു്. ശാസ്ത്രിയുടെ ഗദ്യരചനാപാടവവും ഭാവനാവിശേഷവും പ്രദർശിപ്പിക്കുവാൻ മേഘപ്രാദുർഭാവം എന്ന ഉപന്യാസത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം.
“രാമഗിര്യാശ്രമത്തിന്റെ പർവ്വതശിഖരത്തിൽ എന്നെ കൂട്ടുകാരില്ലാതെ ഒറ്റയാക്കി നിർത്തി വിട്ടുപോകുന്നു. ആ വിജനമായ ഗിരിശിഖരത്തിന്റേയും എന്റെ പുരാതനഗൃഹമായ — അന്തരാത്മാവിന്റെ പ്രാർത്ഥനീയധാമമായ — അളകാപുരിയുടേയും മധ്യത്തിൽ അത്യന്തം വിശാലവും രമണീയവുമായ മൈതാനം പരന്നുകിടക്കുന്നതായിത്തോന്നുന്നു. ആ മൈതാനത്തിൽ നദികളുടെ നിർഝരത്തിന്റെ മാറ്റൊലി കേൾക്കുന്നു. ഉന്നതങ്ങളായ പർവ്വതങ്ങൾ ശിഖരങ്ങളായ ശിരസ്സുയർത്തി നില്ക്കുന്നു. ഫലം നിറഞ്ഞ ജംബുവൃക്ഷങ്ങളുടെ നിഴൽ ഇരുൾ പരത്തുന്നു. പുതുമഴയേറ്റ പിച്ചകത്തിന്റെ വാസന നാലുപാടും വീശുന്നു. മനുഷ്യരുടെ ഹൃദയം ഈ മൈതാനത്തിലെ ഓരോ വനത്തിലും ഗ്രാമത്തിലും പർവ്വതത്തിലും നദീതീരത്തിലും ചുറ്റിനടന്നു് ആ രമ്യമായ പ്രദേശത്തിന്റെ പരിചയം സമ്പാദിക്കുകയും, ഒടുവിൽ ദീർഘവിരഹത്തിന്റെ അവസാനത്തിൽ മാനസസരസ്സിലേക്കായി ഉൽക്കണ്ഠയോടെ യാത്ര തുടരുന്ന രാജഹംസത്തോടൊപ്പം മോക്ഷസ്ഥാനത്തെ പ്രാപിപ്പാൻ ആഗ്രഹിക്കയും ചെയ്യുന്നു.”
തെക്കേ മലബാറിൽ തിരുവേഗപ്പുറ എന്ന പ്രസിദ്ധമായ ദേശത്തിൽ വാഴകുന്നം എന്നൊരു നമ്പൂരിയില്ലമുണ്ടു്. ആ ഇല്ലത്തിൽ രാമൻ അടിതിരിപ്പാട്ടിലേയും മുണ്ടക്കിഴി കാലടി മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും പുത്രനായി വാസുദേവൻ നമ്പൂരി 1066-ാമാണ്ടു മേടമാസം 12-ാം൹ ജനിച്ചു. അടിതിരിപ്പാടിനു വ്യുൽപ്പത്തിയും കവിതയും ഉണ്ടായിരുന്നു. ഭാഗവതം ഏകാദശസ്കന്ധവും ഭഗവൽഗീതയും പാനയായി അദ്ദേഹം രചിച്ചിട്ടുണ്ടു്. നമ്മുടെ കഥാപുരുഷന്റെ 11-ാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. സമാവർത്തനം കഴിഞ്ഞു തിരുനാവായിൽ നാലു കൊല്ലം താമസിച്ചു വേദം വേണ്ടവിധത്തിൽ അഭ്യസിച്ചു. ജട, രഥ എന്നിവയിൽ പാണ്ഡിത്യം നേടി. പിന്നെ കഥകളി, നാടകം, സങ്ഗീതം മുതലായവയിലായി ഭ്രമം. എങ്കിലും പഞ്ചാക്ഷരം മുവ്വായിരം ഉരു ജപിക്കുക എന്നുള്ള കൃത്യം ഒരു ദിവസവും മുടക്കിയില്ല. ശുകപുരത്തു ദക്ഷിണാമൂർത്തി പ്രസാദിച്ചു; നമ്പൂരിയുടെ ഭാഗ്യതാരവും അന്നുമുതൽ തെളിഞ്ഞുതുടങ്ങി.
ഇരുപത്തൊന്നാമത്തെ വയസ്സിൽ മാത്രമാണു് വാസുദേവൻനമ്പൂരി സംസ്കൃതപഠനം ആരംഭിച്ചത്. ആദ്യം വരിക്ക മാഞ്ചേരി മനയ്ക്കൽ താമസിച്ചു കാവ്യനാടകങ്ങൾ പഠിച്ചു. കുറേ തർക്കവും വശമാക്കി. പിന്നീടു മുക്കോലയിൽ പോയി പകരാവൂർ മനയ്ക്കൽ നീലകണ്ഠൻ നമ്പൂരിപ്പാട്ടിലെ കീഴിൽ ചതുർദ്ദശലക്ഷണി അഭ്യസിച്ചു. തദനന്തരം തൃപ്പൂണിത്തുറ സംസ്കൃതപാഠശാലയിൽച്ചേർന്നു് ഒരു കൊല്ലം പഠിക്കുകയും അവിടത്തെ വേദാന്താചാര്യനായിരുന്ന പഞ്ചാപകേശശാസ്ത്രികളോടു പഞ്ചദശി, സിദ്ധാന്തലേശസങ്ഗ്രഹം തുടങ്ങിയ വേദാന്തഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്തു. കിരാങ്ങാട്ടു കുഞ്ഞുണ്ണിനമ്പൂരിപ്പാട്ട് സാമാന്യനിരുക്തി പഠിപ്പിച്ചു. പരീക്ഷിത്തു തമ്പുരാൻ തിരുമേനിയും തർക്കത്തിൽ അദ്ദേഹത്തിന്റെ ഗുരുവാണു്. അദ്ദേഹം ദിനകരീയം അഭ്യസിപ്പിച്ചു. സ്വല്പകാലം തൃപ്പൂണിത്തുറയ്ക്കടുത്തുള്ള മുക്കോട്ടിൽ ഭഗവതീക്ഷേത്രത്തിൽ ലളിതാസഹസ്രനാമം പാരായണം ചെയ്തു. പിന്നീടു തിരുവേഗപ്പുറയ്ക്കു മടങ്ങി. അവിടെ ഹരിവിലാസം എന്ന സ്ഥലത്തു് ഒരു സംസ്കൃതവിദ്യാലയം ഉൽഘാടനംചെയ്തു് ഏതാനും ബാലന്മാരെ പഠിപ്പിച്ചു. അക്കാലത്തു് 75000 പവൻ ഒന്നാം സമ്മാനമായി കിട്ടാവുന്ന ഒരു ഭാഗ്യക്കുറിയിൽ 10 ഉറുപ്പിക ഒരു സ്നേഹിതന്റെ പക്കൽനിന്നു കടം വാങ്ങി ചേർന്നു. ആറുമാസം ആ സമ്മാനം തനിയ്ക്കു കിട്ടുന്നതിന്നുവേണ്ടി ദേവിയെ ശ്രീചക്രപൂജകൊണ്ടും, ലളിതാസഹസ്രനാമപുഷ്പാഞ്ജലികൊണ്ടും ആരാധിച്ചു. പരിപൂർണ്ണമായ പരാജയമായിരുന്നു ഫലം. ഒരു കാശുപോലും ആ കുറിയിൽനിന്നു കിട്ടീട്ടില്ല. ധനത്തിലുള്ള തൃഷ്ണ അതോടുകൂടി വിട്ടൊഴിഞ്ഞു. ഈ സംഭവത്തെപ്പറ്റി താഴെക്കാണുന്ന ശ്ലോകത്തിൽ ഇങ്ങനെ പ്രസ്താവിയ്ക്കുന്നു.
അവിടെനിന്നു കൊടുങ്ങല്ലൂരിൽച്ചെന്നു ദേവിയെ ഭജിക്കുകയും വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ കീഴിൽ ഹോര പത്തദ്ധ്യായം പഠിക്കുകയും, മഹാകവി ചെറിയ കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഗവതംവായന കേൾക്കുകയും ചെയ്തു. അതിബാല്യത്തിൽത്തന്നെ വാഴകുന്നത്തിനു കഥ പറഞ്ഞുകേൾപ്പിക്കാൻ ഒരു പ്രാഗല്ഭ്യം സ്വതസ്സിദ്ധമായുണ്ടായിരുന്നു. അതു യൗവനത്തിൽ ഉൽക്കടമായ ശ്രീകൃഷ്ണഭക്തിയായി വികസിക്കുകയും ഭാഗവതത്തിൽ നിരതിശയമായ അഭിരുചിക്കു കാരണമായി പരിണമിക്കുകയും ചെയ്തു. കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഗവതപാരായണം അദ്ദേഹത്തിന്റെ ഹൃദയത്തെ അസാമാന്യമായി വശീകരിച്ചു. 1093-ൽ അവിടം വിട്ടു കടത്തനാട്ടേക്കുപോയി. അവിടെവച്ചു കഠിനമായ വാതരോഗം പിടിപെട്ടു. അതിന്റെ ശാന്തിക്കായി ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചു. ആ പ്രാർത്ഥന ഫലവത്തായി. രോഗം ഉടൻതന്നെ മാറി. നേരേ ഗുരുവായൂരിലേക്കു പോയി. അവിടെ 12 ദിവസം ദേവനെഭജിച്ചു.
ആ ഭജനത്തിന്റെ അവസാനത്തിലാണ് ഭാഗവതംവായന ആരംഭിച്ചതു്. വളരെ വേഗത്തിൽ വാഴകുന്നം ഒരു കേളികേട്ട ഭാഗവതംവായനക്കാരനും പുരാണപ്രഭാഷകനുമായി ഉയർന്നു. നാലു കൊല്ലം തുടർന്നു ഗുരുവായൂരമ്പലത്തിൽ ആ ഭക്തിസംവർദ്ധകമായ പുരാണം പാരായണം ചെയ്തു. 1097-ാമാണ്ടു തുലാമാസം 27-ാം൹ ഒരുളൂർമന പാർവ്വതി അന്തർജനത്തെ വിവാഹം ചെയ്തു. 1098 മുതൽ അദ്ദേഹം പ്രഭാഷണത്തിനായി ഒരുങ്ങി. തൃശ്ശൂർ വിവേകോദയം സ്കൂളിൽവച്ചായിരുന്നു ആദ്യത്തെ പ്രസംഗം. അവിടെനിന്നു കേരളത്തിന്റെ നാനാഭാഗങ്ങളിലും മദിരാശിയിലും ബാംബയിലും പ്രസംഗങ്ങൾ നടത്തി. അനവധി ജനങ്ങളെ നിരീശ്വരതയിൽനിന്നു വിഷ്ണുഭക്തിയിലേക്കു പരിവർത്തനം ചെയ്യിക്കുവാൻ അദ്ദേഹത്തിനു് അനായാസേന സാധിച്ചു. എറണാകുളത്തു് ഒരവസരത്തിൽ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടു് ആനന്ദതുന്ദിലയായ വലിയമ്മത്തമ്പുരാൻ രണ്ടു കൈയ്ക്കും വീരശൃംഖല സമ്മാനിച്ചു. ആ ഭക്തനാകട്ടേ ആ സമ്മാനത്തിൽ മതിമറക്കാതെ ഒന്നു തോന്നല്ലൂർത്തേവർക്കും മറേറതു നെല്ലുവായിൽത്തേവർക്കും സമർപ്പിച്ചു. 1121-ാമാണ്ടു രോഗശയ്യയെ അവലംബിച്ചു. 1122 ധനു 2-ാം തീയതി കൊച്ചി രവിവർമ്മവലിയതമ്പുരാൻ അദ്ദേഹത്തിനു ഭക്തശിരോമണി എന്ന സ്ഥാനവും 20 ഉറുപ്പിക മാസികവേതനവും നല്കി. ശരീരാസ്വാസ്ഥ്യം നിമിത്തം തമ്പുരാനോടു് ആ പാരിതോഷികങ്ങൾ നേരിട്ടു വാങ്ങുവാൻ നിവൃത്തിയില്ലാതിരുന്നതിനാൽ സർവ്വാധികാര്യക്കാർ സ്ഥാനചിഹ്നം മുതലായവ ഒരുളൂരിൽ കൊണ്ടുചെന്നു കൊടുക്കുകയാണുണ്ടായതു്. ആകൊല്ലം മേടം 10-ാം൹ വാഴകുന്നം യശശ്ശരീരനായി വിഷ്ണുസായൂജ്യം പ്രാപിച്ചു. അദ്ദേഹത്തിനു് തോട്ടം, വെണ്മണി തുടങ്ങി പല ഉത്തമശിഷ്യന്മാരുമുണ്ടു്.
1078-ൽ മരിച്ച കൂടല്ലൂർ കുഞ്ഞിക്കാവുനമ്പൂരിപ്പാടായിരുന്നു ഗുരുവായൂരിലെ അധുനാതനന്മാരായ ഭാഗവതംവായനക്കാരിൽ അഗ്രഗണ്യൻ. ചില അംശങ്ങളിൽ വാഴകുന്നം അദ്ദേഹത്തെപ്പോലും ഒന്നു കവച്ചുവയ്ക്കുയാണു് ചെയ്തതു്. ലളിതമായ ഭാഷയിൽ, സരളമായ രീതിയിൽ, മധുരങ്ങളായ ഭാവനകളിൽ, ശ്രാവ്യമായ സ്വരത്തിൽ, ഉചിതമായ മുഖഭാവത്തോടും, കരചരണവിന്യാസത്തോടുംകൂടി ഗങ്ഗാപ്രവാഹംപോലെ പരിശുദ്ധമായി, നിരർഗ്ഗളമായി പുരോഗമനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണപരിപാടി അത്ഭുതാവഹമായിരുന്നു. ഒന്നിലും മമതയില്ലാതിരുന്ന അദ്ദേഹം എല്ലാ മതങ്ങളേയും ആദരിച്ചു. വിവിധഗ്രന്ഥങ്ങളിൽ തികഞ്ഞ ഉപസ്ഥിതി ഉണ്ടായിരുന്നതിനാൽ മേല്പുത്തൂർ, വില്വമംഗലം എന്നീ സംസ്കൃതകവികളുടെ മാത്രമല്ല, തുഞ്ചത്തെഴുത്തച്ഛൻ, പൂന്താനം എന്നീ ഭഷാകവികളുടെ സൂക്തികളേയും മറ്റും അവസരോചിതമായി ഉദ്ധരിച്ചു. ഫലിതസമ്മിശ്രമായ അദ്ദേഹത്തിന്റെ ഓരോവാക്കും ശ്രോതാക്കളുടെ ഹൃദയങ്ങളിൽ തുളച്ചുകേറി. ആധുനികഭാരതത്തിലെ രാഷ്ട്രീയസംഭവങ്ങളം അദ്ദേഹം ഉദാഹരണത്തിനു സ്വീകരിക്കുകനിമിത്തം ഈശ്വരസത്തയെ മറന്ന പുതുമോടിക്കാർക്കും അദ്ദേഹത്തിന്റെ പ്രസങ്ഗങ്ങൾ ആകർഷകങ്ങളായി. 1096-ൽ തിരുവേഗപ്പുറവച്ചു പ്രഹ്ലാദനെപ്പറ്റി നടത്തിയ ഒരു രാഷ്ട്രീയച്ഛായയുള്ള പ്രഭാഷണത്തിൽ അദ്ദേഹം പറയുന്നതു നോക്കുക. “അതുകൊണ്ടു് ഈ മർദ്ദനഭരണത്തിൽ നിന്നു രക്ഷപ്പെടണമെങ്കിൽ എന്നെപ്പോലെ നിങ്ങളും കുട്ടിക്കാലത്തു ശ്രീകൃഷ്ണനെ ശരണംപ്രാപിക്കണം എന്നായി പ്രഹ്ലാദൻ” എന്നു കഥാപ്രസങ്ഗം അവസാനിപ്പിച്ചു. “ആ! നമുക്കും നാമം ജപിക്കുക ഹരിനാമം! ഇല്ല. നിങ്ങൾ ജപിക്കില്ല അല്ലേ? നിങ്ങളോടു ഞാൻ പറയുന്നില്ല” എന്നു പറഞ്ഞു പിൻവശത്തേക്കു തിരിഞ്ഞു് “അക്കരെ നില്ക്കുന്ന പച്ചപിടിച്ച മാമരങ്ങളേ! ജപിക്കുക! നാരായണനാമം ജപിയ്ക്കുക” എന്നു തുടർന്നു. എല്ലാവരും ഏകകണ്ഠമായി നാരായണനാമം ജപിച്ചു. ഇതു നടന്നതു് അദ്ദേഹം ഭാഗവതം വായന ആരംഭിക്കുന്നതിനു മുൻപാണു് എന്നുകൂടി നാം ഓർമ്മിക്കേണ്ടതാണു്. ഭാഷയിൽ ഇത്ര ഹൃദയാവർജ്ജകമായി പ്രസങ്ഗിക്കാവുന്ന ഒരു വാഗ്മിയെ കേരളം സമീപകാലത്തു കണ്ടിട്ടില്ല.
വാഴകുന്നത്തെ ഒരു മഹാപണ്ഡിതൻ എന്ന നിലയിലല്ല, ഭക്തശിരോമണി എന്ന നിലയിലാണു് കേരളം അറിയുന്നതും അറിയേണ്ടതും. പ്രകൃതത്തിൽ ശാസ്ത്രപണ്ഡിതന്മാരുടെ കൂട്ടത്തിൽ സൗകര്യമുദ്ദേശിച്ചു് അദ്ദേഹത്തിന്റെ പേരു കൂടി ചേർത്തുവെന്നേയുള്ളു. ചുവടേ ചേർക്കുന്നവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. (1) വാസുദേവകർണ്ണാമൃതം എന്ന പ്രഥമകൃതി 1106-ൽ എഴുതി. (2) അതിൽപ്പിന്നീടു് 335 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഭാഗവതസംഗ്രഹം എന്ന ഗ്രന്ഥംനിർമ്മിച്ചു. (3) ശ്രീധരാചാര്യർ എന്ന ഒരു ഏകാങ്കനാടകവും, (4) ഭാഗവതസംഗ്രഹം ഗാഥയും ഉണ്ടാക്കി. (5) അദ്ദേഹത്തിന്റെ അതിപ്രധാനകൃതിയാണു് ഭാഗവതത്തിനു വിശദവും വിസ്തൃതവുമായ ഭാഷാവ്യാഖ്യാനം. അതുമുഴുമിപ്പിക്കുവാൻ സങ്ഗതി വന്നില്ല. 70 അധ്യായങ്ങളുടെ വ്യാഖ്യാനമേ എഴുതിയിട്ടുള്ളു. അന്വിതാർത്ഥപ്രകാശിക, ബാലപ്രബോധിനി, ശ്രീധരീയം എന്നീ വ്യാഖ്യാനങ്ങൾ നിഷ്കർഷിച്ചുനോക്കി ഭാഗവതത്തിലെ ഓരോ ശ്ലോകത്തിനും അവതാരിക, അന്വയം, അർത്ഥം, പ്രസങ്ഗം ഈ ക്രമത്തിലാണു് വാഴകുന്നത്തിന്റെ ഭാഷാവ്യാഖ്യാനരീതി. പ്രസങ്ഗഭാഗത്തിൽ അദ്ദേഹം തന്റെ നൈപുണ്യം പ്രകൃഷ്ടമായി പ്രദർശിപ്പിച്ചിരിക്കുന്നു. “നിഗമകല്പതരോഃ” എന്ന ശ്ലോകം സംബന്ധിച്ചുള്ള പ്രസങ്ഗമാണു് ചുവടേ ചേർക്കുന്നതു്. “പ്രപഞ്ചപ്പന്തലിൽ ഭാഗവതസദ്യയ്ക്കു രസം എടുത്തുകഴിഞ്ഞു. പുരുഷാർത്ഥചതുഷ്ടയാദിവിഭവങ്ങൾ തുടച്ചുനീക്കി ഒരുങ്ങിയിരുന്നുകൊള്ളുക. ശുകവായ്മലരിൽ അകപ്പെട്ടു് അധികം മധുരിച്ചുപോയ വേദമന്ദാരമരത്തിന്റെ പഴം പിഴിഞ്ഞുണ്ടാക്കിയ ഈ രസം മുക്താവസ്ഥയിലും ചൂടാറുന്നതല്ല; മുത്തശ്ശിസ്തോത്രം പോലെ മനംമടുപ്പിക്കുന്നതുമല്ല. സംസാരസങ്കടത്തിൽ ആസക്തിയില്ലാത്തവർ മാത്രമേ ഇതുപാനംചെയ്യാവു.” (6) ഓർമ്മക്കുറിപ്പുകൾ, (7) ഭാഗവതമകരന്ദം,(8) ലഘുഭാഗവതം ഭാഷ, (9) രാമകഥാസുധ, (10) വാല്മീകിയും വ്യാസനും തുടങ്ങിയ മറ്റു ചില നാടകങ്ങൾ ഇവയും അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. സംസ്കൃതത്തിൽ (11) ഭാഗവതാധ്യായസാരം, അഥവാ ലഘുഭാഗവതം, (12) വാല്മീകിരാമായണസർഗ്ഗസാരം, (13) ശ്രീകൃഷ്ണകൃപാസ്തോത്രം എന്നീ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടു്. ലഘുഭാഗവതത്തിൽ നിന്നു് ഒരു ശ്ലോകംകൂടി ഉദ്ധരിക്കാം.
ഈ അധ്യായത്തിൽ ഞാൻ ഇതഃപര്യന്തം വർണ്ണിച്ചിട്ടുള്ള പഴഞ്ചൻ പണ്ഡിതന്മാരെ നമുക്കു് എന്തിനു സ്മരിക്കണം എന്നു ചിലർ ചോദിക്കുമായിരിക്കാം. പറയാം. ഇവരാണു് നമ്മുടെ ഭാരതഭൂമിയുടെ പ്രാചീനസംസ്കാരം — വിജ്ഞാനദീപം — ഈ പരിവർത്തനദശയിൽ മലനാട്ടിൽ പ്രോജജ്വലിപ്പിച്ചുകൊണ്ടിരുന്നതു്; ആങ്ഗലഭാഷാവാത്യയുടെ പ്രചണ്ഡസമ്മർദ്ദത്തിൽനിന്നു് ഇവിടെ ആ നെയ്വിളക്കിനെ രക്ഷിച്ചതു്. ഇവരിൽ പലരും നിർദ്ധനരായിരുന്നു. എങ്കിലും വിജ്ഞാനത്തിന്റെ സമ്പാദനത്തിലും വിതരണത്തിലുമല്ലാതെ അവർ മറ്റൊന്നിലും ശ്രദ്ധിച്ചില്ല. എന്തൊരു നിരീഹത! എന്തൊരു നിസ്വാർത്ഥത! ഉപശമപരമാണു് വിദ്യാബീജം എന്നു് അവർ വേണ്ടവിധത്തിൽ ഗ്രഹിച്ചിരുന്നു. ഇവരും ഇവരുടെ ശിഷ്യന്മാരും തമ്മിലുള്ള ബന്ധം എത്ര പാവനമായിരുന്നു! അങ്ങനെ ശിഷ്യപ്രശിഷ്യപ്രണാളികാദ്വാരാ ഈ ദേശത്തിൽ സംസ്കൃതഭാഷയെ നിത്യയൗവനയും നിതാന്തസൗന്ദര്യവതിയുമായി അടുത്ത കാലത്തു പോറ്റിപ്പുലർത്തിയതു് ഇവരാകുന്നു. ഇവരുടെ വാങ് മയങ്ങൾ വായിച്ചറിയുവാൻവേണ്ട മനോവൃത്തിയും വൈദുഷ്യവും സൗകര്യവും ഇല്ലാത്തവർ അതു ചെയ്യണമെന്നില്ല. എന്നാൽ നമുക്കെല്ലാവർക്കും ഒരു കർത്തവ്യമുണ്ടു്. ഇവരെ സാഷ്ടാങ്ഗപാതമായി നമസ്കരിക്കാം; അതിൽ തെറ്റില്ല. “പ്രതിബധ്നാതി ഹിശ്രേയഃ പൂജ്യപൂജാവൃതിക്രമഃ” എന്നു് ഉപദേശിക്കുന്നു മഹാകവി കാളിദാസൻ.
തിരുവനന്തപുരം നഗരത്തിൽ കൊല്ലൂർ എന്നൊരു ഗ്രാമമുണ്ടു്. അവിടെയുള്ള പുരാതനമായ ഒരു നായർ കുടുംബത്തിൽ 1029-ാമാണ്ടു ചിങ്ങമാസം ഭരണി നാളിൽ കുഞ്ഞൻപിള്ളച്ചട്ടമ്പി ജനിച്ചു. മാതാവു നങ്ങയമ്മയും പിതാവു് അനന്തശർമ്മാ എന്നൊരു ബ്രാഹ്മണനുമായിരുന്നു. പിതൃദത്തമായ നാമധേയം അയ്യപ്പൻ എന്നാണു്. കുഞ്ഞൻ എന്നതു് ഓമനപ്പേരും. സ്വാതിതിരുനാൾ മഹാരാജാവിന്റെ ആശ്രിതന്മാരുടെ കൂട്ടത്തിൽ ഒരു വിദ്വദ്വരേണ്യനായ ഉമ്മിണിപ്പിള്ളയാശാനായിരുന്നു മാതുലൻ. മൂലകുടുംബം നെയ്യാറ്റിൻകരെയാണു്.
നമ്മുടെ കഥാപുരുഷൻ ജനിക്കുന്ന കാലത്തു് അദ്ദേഹത്തിന്റെ കുടുംബം അത്യന്തം ദരിദ്രമായിരുന്നു. അതുകൊണ്ടു പള്ളിക്കൂടത്തിൽച്ചേർന്നും മറ്റും വിദ്യയഭ്യസിയ്ക്കുന്നതിനു് അദ്ദേഹത്തിനു സൗകര്യം ലഭിച്ചില്ല. കൊല്ലൂരിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ എട്ടരയോഗത്തിന്റെ അങ്ഗമായ ഒരു പോറ്റിയുടെ (കൊല്ലൂർ അത്തിയറ) ഭവനമുണ്ടു്. കൊല്ലൂർമഠം എന്ന പേരിലാണു് അതിനെ വ്യവഹരിക്കുന്നതു്. അതിലെ ഗൃഹനാഥൻ തന്റെ കുട്ടികളെ സംസ്കൃതം പഠിപ്പിക്കുവാൻ ഒരു ശാസ്ത്രിയെ ഏർപ്പെടുത്തിയിരുന്നു. അദ്ദേഹം അവർക്കു ചൊല്ലിക്കൊടുക്കുന്ന പാഠങ്ങൾ അവിടെ ഒരു നിത്യനായിരുന്ന കുഞ്ഞൻ ഒളിഞ്ഞു കേട്ടു പഠിക്കുകയും അതറിഞ്ഞു് ആ ശാസ്ത്രി അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ബുദ്ധിവൈഭവത്താൽ ആകൃഷ്ടനായി നേരിട്ടു പഠിച്ചുകൊള്ളുവാൻ അനുവദിക്കുകയും ചെയ്തു. അങ്ങനെയാണു് സംസ്കൃതത്തിലെ ലഘുകാവ്യങ്ങളും മറ്റും അഭ്യസിച്ചതു്. അന്നു് ആ ബാലനു കൊല്ലൂർ ക്ഷേത്രത്തിൽ മാലകെട്ടുകൂടിയുണ്ടായിരുന്നു. വയസ്സു പതിമ്മൂന്നോ പതിന്നാലോ വരും. അക്കാലത്തു ജടാവല്ക്കലധാരിയായ ഒരു സിദ്ധൻ അദ്ദേഹത്തെ അനുഗ്രഹിച്ചു ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിക്കുകയും അതു ജപിച്ചു സിദ്ധിവരുത്തിക്കൊള്ളണമെന്നാജ്ഞാപിക്കുകയും ചെയ്തു. സ്വാമി ആ അനുശാസനം അക്ഷരംപ്രതി അനുഷ്ഠിച്ചു. പില്ക്കാലങ്ങളിൽ ഷണ്മുഖദാസൻ എന്ന ബിരുദനാമം അദ്ദേഹത്തിനു ലഭിച്ചതു് ആ വഴിക്കാണ്. അതിനിടയ്ക്കു കൊല്ലൂർ മഠത്തിൽ കണക്കെഴുത്തുവേല കിട്ടി. പിന്നെ നെയ്യാറ്റിൻകരെ രജിസ്റ്റർ കച്ചേരിയിൽ ആധാരമെഴുതിത്തുടങ്ങി. വടിവീശ്വരം വേലുപ്പിള്ള എന്നൊരാളോടു മലയാളം പഠിച്ചു. തദനന്തരം പേട്ടയിൽ രാമൻപിള്ളയാശാന്റെ പള്ളിക്കൂടത്തിൽ പോയി മലയാളത്തിൽ കൂടുതൽ അറിവും സങ്ഗീതവിജ്ഞാനവും സമ്പാദിച്ചു. അക്കാലത്തു് ആ പള്ളിക്കൂടത്തിൽ ഒരു മോണിട്ടറായി ജോലി നോക്കുകയാൽ ചട്ടമ്പി എന്നു് അദ്ദേഹത്തെ ചിലർ വിളിച്ചുതുടങ്ങി. ഏതായാലും ആ പേരിലാണു് അദ്ദേഹത്തിനു കൂടുതൽ പ്രശസ്തി. സ്വാമിനാഥദേശികൻ എന്നൊരു ദ്രാവിഡഭാഷാപണ്ഡിതനോടു് ആദ്യമായി തമിഴു പഠിച്ചു. സർ.ടി. മാധവരായർ അദ്ദേഹത്തെ ഒരു കണക്കെഴുത്തുഗുമസ്തനായി നിയമിച്ചുവെങ്കിലും ആ പണിയിൽനിന്നു് ഉടൻതന്നെ രാജിവെച്ചു പിരിഞ്ഞു.
അക്കാലത്തു് തിരുനെൽവേലി ജില്ലയിൽ കല്ലടക്കുറിച്ചി എന്ന ഗ്രാമത്തിൽനിന്നു സുബ്ബജടാപാഠികൾ എന്നൊരു വേദവേദാന്തവിജ്ഞനായ പണ്ഡിതമൂർദ്ധന്യൻ തിരുവനന്തപുരത്തു നവരാത്രി വിദ്വത്സദസ്സിൽ ഭാഗഭാക്കാകുവാൻ വന്നുചേർന്നു. അദ്ദേഹം കുഞ്ഞൻപിള്ളച്ചട്ടമ്പിയുടെ ഗുണങ്ങൾ കണ്ടു സന്തുഷ്ടനായി അദ്ദേഹത്തെ സ്വദേശത്തുകൂടെക്കൊണ്ടുപോയി തർക്കം, വ്യാകരണം, മീമാംസ, വേദാന്തം, വേദങ്ങൾ, എന്നിവയിൽ നിഷ്ണാതനാക്കി. ചട്ടമ്പിയുടെ പ്രധാന വിഷയങ്ങൾ തർക്കവും വേദാന്തവുമാണു്. മൂന്നുനാലു കൊല്ലം ചട്ടമ്പി ജടാവല്ലഭരുടെ അന്തേവാസിയായി ഇരുന്നിട്ടുണ്ടു്. അതിനുശേഷം ദക്ഷിണാപഥത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചു തന്റെ ശാസ്ത്രവിജ്ഞാനം ഒന്നുകൂടി വർദ്ധിപ്പിച്ചു. അതു കഴിഞ്ഞപ്പോൾ ഒരു അവധൂതസന്യാസി യാദൃച്ഛികമായി അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷീഭവിക്കുകയും, ആ പരിപക്വമതിയെ ബ്രഹ്മോപദേശം നല്കി അനുഗ്രഹിക്കുകയും ചെയ്തു. ഖുർആൻ ഒരു തങ്ങളിൽനിന്നു് അഭ്യസിച്ചു. ബൈബിൾ സ്വപരിശ്രമം കൊണ്ടു വശമാക്കിയതാണു്. കൂപക്കരമഠത്തിലെ ഗ്രന്ഥപ്പുര പരിശോധിച്ചു മന്ത്രങ്ങൾ, മർമ്മവിദ്യ മുതലായ വിഷയങ്ങളെസ്സംബന്ധിച്ചുള്ള പഴയ ഗ്രന്ഥങ്ങൾ നിഷ്കർഷിച്ചു വായിച്ചു് അവയിലും അറിവുനേടി. വട്ടെഴുത്തു വായിയ്ക്കുവാൻ അദ്ദേഹത്തിനു നല്ല പരിചയമുണ്ടായിരുന്നു. ഏതു കലാവിദ്യയും അദ്ദേഹത്തിനു സ്വാധീനമായിരുന്നു എന്നു ചുരുക്കത്തിൽ പറയാം. തന്നിമിത്തം ശ്രീവിദ്യാധിരാജൻ എന്നൊരു ബഹുമതിപ്പേരുകൊണ്ടും പൊതുജനങ്ങൾ അദ്ദേഹത്തെ ആരാധിച്ചുവന്നു. “ശ്രീവിദ്യാധിരാജപരമടഭട്ടാരകചട്ടമ്പിസ്വാമികൾ” എന്നാണു സോപാധികമായ നാമധേയം.
യൗവനാരംഭത്തിനുമമ്പുതന്നെ പിതാവും, ഏകദേശം 25-ാമത്തെ വയസ്സിൽ മാതാവും മരിച്ചു. മാതാവിന്റെ സംസ്കാരകർമ്മങ്ങൾ കഴിച്ചു സ്വഭവനം വിട്ടതിൽപ്പിന്നെ ഒരിക്കലും അവിടം സ്പർശിച്ചിട്ടില്ല. സ്വാമികൾ ഒരു നിത്യബ്രഹ്മചാരിയായാണു് ജീവിതം നയിച്ചതു്. തിരുവനന്തപുരം റസിഡൻസിയിൽ ഉദ്യോഗമായി ‘അയ്യാ’ എന്ന പേരിൽ ഒരു ആദിദ്രാവിഡനായ സിദ്ധനുണ്ടായിരുന്നു. അദ്ദേഹവും ചട്ടമ്പിസ്വാമികളും തമ്മിൽ ഉണ്ടായിരാന്ന ഗാഢമായ സൗഹാർദ്ദം ഗുരുശിഷ്യബന്ധത്തിന്റെ ഫലമായിരുന്നുവെന്നും, അയ്യാവിനോടു സ്വാമികൾ ശീലിച്ചതു ഹഠയോഗത്തിലെ ചില അഭ്യാസക്രമങ്ങളായിരുന്നുവെന്നും അറിയുന്നു. കുമാരവേലുനാടാർ അഥവാ ആത്മാനന്ദയോഗിയാണു് തമിഴ്മുറയ്ക്കുള്ള യോഗവിദ്യയിൽ അദ്ദേഹത്തെ പാരങ്ഗതനാക്കിയതു് എന്നുള്ള വസ്തുത എല്ലാവരും അങ്ഗീകരിക്കുന്നു. സ്വഗൃഹം വിട്ടതിൽപ്പിന്നീടു തന്റെ ബന്ധുവായ കല്ലുവീട്ടിൽകേശവപിള്ള എന്ന ഒരു പൊതുമരാമത്തു് ഓവർസീയറോടുകൂടി പല സ്ഥലങ്ങളിലും ദേശസഞ്ചാരത്തിനു ഭങ്ഗം വരുത്താതെ താമസിച്ചിരുന്നു. നെടുമങ്ങാട്, വാമനപുരം, കോട്ടയം, ഏറ്റുമാനൂർ, മൂവാറ്റുപുഴ, ആലുവാ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുമ്പോൾ ആദ്ധ്യാത്മികരശ്മി കേരളമെങ്ങും പ്രസരിപ്പിക്കുകയും, ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ആശ്രമം സ്ഥാപിച്ചു് അതിന്റെ അദ്ധ്യക്ഷനാകണമെന്നു് അദ്ദേഹത്തിനു് ആഗ്രഹമുണ്ടായിരുന്നില്ല. 1099-ാമാണ്ടു മേടമാസം 23-ാം൹ കാർത്തികനക്ഷത്രത്തിൽ കരുനാഗപ്പള്ളിയിൽ പന്മനവച്ചു് ആ പുണ്യപുരുഷൻ മഹാസമാധിയെ പ്രാപിച്ചു — സച്ചിദാനന്ദമഹസ്സിൽ ലയിച്ചു. അദ്ദേഹത്തിന്റെ ഭക്തന്മാർ അവിടെ ‘ഭട്ടാരകേശ്വരം’ എന്ന പേരിൽ ഒരു ക്ഷേത്രം പണിയിച്ചു് അതോടനുബന്ധിച്ചു് ഒരാശ്രമവും സ്ഥാപിച്ചിട്ടുണ്ടു്. അവിടെ സന്ദർശനത്തിനും ആരാധനത്തിനുമായി പലഭക്തന്മാരും വന്നുകൊണ്ടിരിക്കുന്നു.
സകലകലാവല്ലഭനായ സ്വാമികളെ ഔദ്ധത്യത്തിന്റെ കണികപോലും തീണ്ടിയിരുന്നില്ല. വിദ്യാപൗഷ്കല്യത്തിനു അനുരൂപമായ വിനീതിസമ്പത്തു് അദ്ദേഹത്തിന്റെ വിശിഷ്ടഗുണങ്ങളിൽ ഒന്നായിരുന്നു. നിരവധി സിദ്ധികൾ സമാർജ്ജിച്ചിരുന്ന അദ്ദേഹം കേരളീയർക്കു പൊതുവേയും സമുദായത്തിനു പ്രത്യേകിച്ചുമുള്ള ഒരമൂല്യനിധിയായിരുന്നു. എങ്കിലും ഒരു സാധാരണമനുഷ്യന്റെ നിലയിൽ സാധാരണരീതിയിൽ പെരുമാറിയതേ ഉള്ളു. സമഭാവന അദ്ദേഹത്തിനു് എല്ലാക്കാലത്തും അലങ്കാരമായിരുന്നു. ഭൂതദയയെയാണു് അദ്ദേഹത്തിന്റെ ഗുണഗണങ്ങളിൽ പരമപ്രധാനമായി ഗണിക്കേണ്ടതു്. പാമ്പു് കടുവാ തുടങ്ങിയ ഹിംസ്രജന്തുക്കൾ അദ്ദേഹത്തിന്റെ സന്നിധാനത്തിൽ ശാന്തങ്ങളായി നില്ക്കുന്നതു പലരും കണ്ടിട്ടുണ്ടു്. സാമരസ്യദർശനത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഔത്സുക്യം അപരിമേയമാണു്. ശങ്കരഭഗവൽപാദരുടെ അദ്വൈതമതത്തേയും, ജഞാനസംബന്ധർ, അപ്പർ, മാണിക്യവാചകർ മുതലായ ദ്രാവിഡാചാര്യന്മാർ പ്രചരിപ്പിച്ച ശൈവസമയത്തേയും കൂട്ടിയിണക്കി അദ്ദേഹം നടപ്പിൽ വരുത്തിയതാണു് തീൎത്ഥപാദമതം.
സ്വാമികൾക്കു് ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു. പ്രധാനശിഷ്യന്മാർ നാരായണഗുരുസ്വാമികളും, നീലകണ്ഠതീർത്ഥപാദസ്വാമികളും, തീത്ഥപാദ പരമഹംസസ്വാമികളമാണു്. അവരെപ്പറ്റി ഉപരി വർണ്ണിക്കും. തീത്ഥപാദപരമഹംസൻ ബാല്യത്തിൽത്തന്നെ ശിഷ്യത്വം സ്വീകരിച്ചു ബ്രഹ്മനിഷ്ഠനായി തദുപദിഷ്ടങ്ങളായ യോഗജ്ഞാനസമ്പ്രദായങ്ങൾ പ്രചരിപ്പിക്കുകയും ആശ്രമങ്ങൾ സ്ഥാപിക്കുകയും വേദാന്ത പ്രഭാഷണങ്ങൾചെയ്യുകയും ചെയ്തുകൊണ്ടിരുന്നു.
താഴെ പേർ കുറിക്കുന്നവ സ്വാമികളുടെ കൃതിസമുച്ചയത്തിൽ ഉൾപ്പെടുന്നു. (1) പ്രാചീനമലയാളം ഭാഷാഗദ്യം — ഇതിന്റെ ഒന്നാം ഭാഗം മാത്രമേ പ്രസിദ്ധീകരിച്ചുള്ളു. ആറു ഭാഗങ്ങൾ എഴുതിവച്ചിരുന്നതായി അറിവുണ്ടു്. (2) സർവ്വമതസാമരസ്യം — ഇതാണു് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി. (3) തർക്കരഹസ്യരത്നം — ഇതു ന്യായശാസ്ത്രത്തെ ആസ്പദമാക്കിയുള്ള ഒരു കൃതിയാണു്. (4) ബ്രഹ്മതത്വനിർഭാസം — ഇതു് ഒരു വേദാന്തഗ്രന്ഥമാണു്.
എന്ന ശ്ലോകംമാത്രം ഇതിൽനിന്നു് ഉദ്ധരിക്കുന്നു. (5) സ്തവരത്നഹാരാവലി–സ്തോത്ര രൂപമായ ഈ കൃതിയിൽനിന്നുകൂടി ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
(6) പരമശിവസ്തവം — ഇതും സ്തോത്രാത്മകംതന്നെ. ദ്വൈതചിന്ത സ്വാമികൾക്കില്ലായിരുന്നുവെങ്കിലും ശിവനായിരുന്നു ആരാധനാമൂർത്തി. (7) അദ്വൈതപഞ്ജരം — ഈ കൃതിയിലെ ഒരു ശ്ലോകം കൂടി ഉദ്ധർത്തവ്യമായി തോന്നുന്നു.
(8) വേദാധികാരനിരൂപണം, (9) അദ്വൈതചിന്താപദ്ധതി, (10)ചിദാകാശലയം, (11) പുനർജ്ജന്മനിരൂപണം, (12) ജീവകാരുണ്യനിരൂപണം, (13) ശ്രീചക്രപൂജാകല്ലം എന്നീ പേരുകളിലും ആറുകൃതികൾ അദ്ദേഹം രചിച്ചിട്ടുള്ളതായി അഭിജ്ഞന്മാർ പറയുന്നു. (14) ക്രിസ്തുമതഖണ്ഡനം, (15) ക്രിസ്തുമതസാരം, (16) മോക്ഷപ്രദീപഖണ്ഡനം എന്നിവയാണു് മറ്റു കൃതികൾ. ഈ കൃതികൾ വാദഗ്രന്ഥങ്ങളാകുന്നു. ഇവയിലെ ഭാഷാഗദ്യശൈലി പ്രൗഢോദാരമെന്നേ പറഞ്ഞുകൂടു. തന്റെ ഗ്രന്ഥങ്ങളെപ്പറ്റി ഒരവസരത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നതു് അവിസ്മരണീയമാണു്.
“ഞാൻ എഴുതുന്ന പുസ്തകങ്ങളെക്കുറിച്ചു് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിൽ അസഭ്യമായി വല്ലതും ഉണ്ടായിരുന്നാൽ അതിലേക്കു വന്ദനം പറഞ്ഞു കൊള്ളുകയും, സഭ്യങ്ങളായുള്ളവയെ നമസ്കാരപൂർവ്വം സ്വീകരിച്ചുകൊള്ളുകയും മാത്രമേ ചെയ്യുകയുള്ളു.”
ആലത്തൂർ ബ്രഹ്മാനന്ദശിവയോഗിയുടെ ഒരു നിബന്ധമാണു് മോക്ഷപ്രദീപം. ‘ആദിഭാഷ’ എന്ന ശീർഷകത്തിൽ ഒരു ബൃഹൽ ഗ്രന്ഥം അദ്ദേഹം എഴുതിവച്ചിരുന്നതായി കേട്ടിട്ടുണ്ടു്. ഇപ്പോൾ അതു ഒരിടത്തും കണ്ടുകിട്ടുന്നില്ല.
തിരുവനന്തപുരം നഗരത്തിനു് ഏഴു നാഴിക വടക്കു ചെമ്പഴന്തി എന്നൊരു ഗ്രാമവും അവിടെ മണയ്ക്കുൽ എന്നൊരു ക്ഷേത്രവുമുണ്ടു്. അതു് ഈഴവരുടെ ക്ഷേത്രമാണ്. അതിന്റെ വടക്കുപടിഞ്ഞാറായി വയൽവാരം എന്നൊരു പറമ്പും അതിൽ ഒരു ചെറിയ ഗൃഹവുമുണ്ടു്. ആ ഗൃഹത്തിൽ നാരായണഗുരുസ്വാമികൾ 1032-ാമാണ്ടു ചിങ്ങമാസം ചതയം നക്ഷത്രത്തിൽ ജനിച്ചു. 1032-ലല്ല, 1030-ലാണു് ജനനം എന്നു പറയുന്നവരുമുണ്ടു്. നാരായണൻ എന്നായിരുന്നു അച്ഛൻ നല്കിയ പേരു് എങ്കിലും നാണു എന്നാണു് ആ ശിശുവിനെ എല്ലാവരും വിളിച്ചുവന്നതു്. മാതാവു കുട്ടിയമ്മയും, പിതാവു മാടനാശാനുമായിരുന്നു. മാടനാശാൻ സാമാന്യവിദ്യാഭ്യാസം സിദ്ധിച്ച ഒരു കുടിപ്പള്ളിക്കൂടം അധ്യാപകനായിരുന്നുവെന്നു കേട്ടിട്ടുണ്ടു്. കഥാപുരുഷന്റെ കുടുംബം ഏറ്റവും ദരിദ്രമായിരുന്നു. അദ്ദേഹത്തിനു രാമൻവൈദ്യൻ എന്നും കൃഷ്ണൻവൈദ്യൻ എന്നും രണ്ടു് അമ്മാവന്മാരുണ്ടായിരുന്നു. കൃഷ്ണൻവൈദ്യൻ ഒരു സംസ്കൃതജ്ഞനും വൈദ്യനുമായിരുന്നു. അദ്ദേഹത്തിന്റെ സാഹായ്യമാണു് സ്വാമികൾക്കു് ആദ്യകാലത്തു പ്രധാനമായുണ്ടായിരുന്നതു്.
ചെമ്പഴന്തി മൂത്തപിള്ള എന്ന നായർ പ്രമാണി എഴുത്തിനിരുത്തി. തമിഴും മലയാളവും കുറെയെല്ലാം പഠിച്ചു. തമിഴ്ഭാഷയിൽ പിന്നീടു പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചതു ചാലയിൽ ഒരു പാണ്ടിപ്പിള്ളയുടെ കടയിൽനിന്നു പുസ്തകങ്ങൾവാങ്ങി വായിച്ചാണു്. ഉപരിവിദ്യാഭ്യാസത്തിനു ധനസ്ഥിതി ഒട്ടും അനുകൂലമല്ലാതിരുന്നതിനാൽ പഠിത്തം നിറുത്തി കൃഷി, മാടുമേച്ചിൽ മുതലായ തൊഴിലുകളിൽ ഏർപ്പെട്ടു കുറേക്കാലം കഴിച്ചു. അക്കാലത്തു തിരുവനന്തപുരത്തും ചിറയിൻകീഴിലും ഈഴവർ ഇടതിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സഞ്ചരിച്ചു് അവിടത്തെ ദേവന്മാരെ ഭജിച്ചുവെന്നും, കുളിയും ഭസ്മധാരണവും ജപവും നിർബന്ധമായിരുന്നുവെന്നും കേൾവിയുണ്ടു്. അങ്ങനെയിരിക്കെ 1053 ധനുമാസത്തിൽ അമ്മാവൻ കൃഷ്ണൻവൈദ്യന്റെ പ്രോത്സാഹനം നിമിത്തം വാരണപ്പള്ളി കുടുംബക്കാരുടെ ഒരു ആശ്രിതനും പണ്ഡിതമ ശ്രേഷ്ഠനുമായ കമ്മമ്പള്ളി രാമൻപിള്ള ആശാന്റെ കീഴിൽ സംസ്കൃതം പഠിക്കുവാൻ പോയി. വാരണപ്പള്ളിക്കാരുടെ ഒരു ശാഖാഗൃഹമായ കുന്നത്തുവീട്ടിലായിരുന്നു താമസം. വെളുത്തേരി കേശവൻവൈദ്യനും പെരുന്നെല്ലി കൃഷ്ണൻവൈദ്യനും അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യന്മാരായിരുന്നുവെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ക്ലാസ്സിൽ ഒന്നാമനാകയാൽ ‘ചട്ടമ്പി’ എന്ന സ്ഥാനം കിട്ടി. അങ്ങനെയാണു് നാണു നാണുച്ചട്ടമ്പിയായതു്. 1057-ാമാണ്ടു തുലാമാസംവരെയേ അവിടെ പഠിക്കുവാൻ സാധിച്ചുള്ളു. കഠിനമായ അർശോരോഗം ബാധിക്കുകയാൽ തിരിയെ ചെമ്പഴന്തിക്കുതന്നെ പോന്നു. പിന്നെ കടക്കാവൂരിൽ മീരാൻകടവിന്നടുത്തും, അഞ്ചുതെങ്ങിലും, സ്വദേശത്തും ഓരോ പാഠശാലസ്ഥാപിച്ചു വിദ്യാർത്ഥികളെ സംസ്കൃതം അഭ്യസിപ്പിച്ചു. ഒരിടത്തും ഉറച്ചിരുന്നില്ല. ജനങ്ങൾ അദ്ദേഹത്തെ നാണുവാശാൻ എന്നു വിളിച്ചു തുടങ്ങിയതു് അപ്പോഴാണു്. അതിനു മുമ്പുതന്നെ അദ്ദേഹം വേദാന്തവിചാരത്തിൽ നിമഗ്നനായിക്കഴിഞ്ഞിരുന്നു. 28-ാമത്തെ വയസ്സിൽ തന്റെ ഹിതത്തിനു വിപരീതമായി നെടുങ്ങണ്ടയിൽ ഒരു സ്ത്രീയെ വിവാഹം ചെയ്യേണ്ടിവന്നുവെങ്കിലും ആ സംസാരപാശം അടുത്ത നിമിഷത്തിൽത്തന്നെ ഛേദിച്ചുകളയുവാൻ അദ്ദേഹത്തിനു മനോധൈര്യമുണ്ടായി. അന്നുമുതൽ സ്വഗൃഹത്തിലോ നെടുങ്ങണ്ടയിലെ ആ വീട്ടിലോ അദ്ദേഹം പ്രവേശിക്കയുണ്ടായില്ല. നെടുങ്ങണ്ടവീട്ടിൽ ഒരിക്കൽ അദ്ദേഹം പ്രവേശിച്ചതു താൻ പരിവ്രാട്ടാകാൻ പോകുന്നു എന്നു കാണിക്കുവാനാണു്. 1060-ൽ അച്ഛൻ മരിച്ച കാലത്തു് അദ്ദേഹം അരുവിപ്പുറത്തായിരുന്നു.
യോഗത്തിലും വേദാന്തത്തിലും അഭ്യാസത്തിനു് ഉത്തമനായ ഒരു ഗുരുവിനെ അദ്ദേഹം അന്വേഷിക്കുന്ന കാലമായിരുന്നു അതു്. പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ കഥാനായകനെ ചട്ടമ്പിസ്വാമികളുമായി സംഘടിപ്പിച്ചു. ചട്ടമ്പിസ്വാമി റസിഡൻസിയിൽ അയ്യാവിനെ സമിപിച്ചു് അദ്ദേഹത്തെ ശിഷ്യനായി സ്വീകരിക്കണമെന്നു നിർദ്ദേശിച്ചു. അയ്യാ അദ്ദേഹത്തെ യോഗവും തമിഴ്വഴിക്കുള്ള വേദാന്തവും കുറേയൊക്കെ പരിശീലിപ്പിച്ചു. യോഗാഭ്യാസവിധികളിൽ പ്രായോഗികവിജ്ഞാനവും സംസ്കൃതത്തിലൂടെയുള്ള അദ്വൈതവേദാന്തോപദേശവും നല്കിയതു് ചട്ടമ്പിസ്വാമികൾതന്നെയായിരുന്നു. ആ രണ്ടു ഗുരുക്കന്മാരുടേയും അന്തേവാസിയായി നാരായണഗുരു വികസിച്ചു. ചട്ടമ്പിസ്വാമികൾ നാരായണഗുരുസ്വാമികളുടെ ആചാര്യനായിരുന്നുവോ എന്നു ചിലർ സംശയിക്കുന്നു. ആ സംശയം അനാസ്പദമാണു്.
എന്നു നാരായണഗുരുതന്നെ ജനനീസ്തവമഞ്ജരിയിൽ പ്രസ്താവിച്ചിട്ടുണ്ടു്. ശിശു എന്നാൽ കുഞ്ഞൻ എന്നർത്ഥം. നാരായണഗുരുസ്വാമി യോഗജ്ഞാന വിഷയങ്ങളിൽ തന്റെ ശിഷ്യനായിരുന്നതായി ചട്ടമ്പിസ്വാമികളും ഒരെഴുത്തിൽ പ്രാസംഗികമായി സൂചിപ്പിച്ചിരിക്കുന്നു. ഇതിൽക്കൂടുതൽ തെളിവു ആവശ്യമില്ലല്ലോ.
തനിക്കു കിട്ടിയ ഉപദേശങ്ങളുടെ സാധനയ്ക്കായി നാരായണഗുരു കന്യാകുമാരിക്കു സമീപമുള്ള മരുത്വാമലയിലേക്കു പോയി. അവിടം ചില യോഗികളുടെ വാസസ്ഥാനമെന്നതിനുപുറമേ ഒററമൂലിമരുന്നുകൾക്കു പേരുകേട്ട ഒരു വിജനപ്രദേശവുമായിരുന്നു. അവിടെ പിള്ളത്തടം എന്ന കുന്നിൽനിന്നു തപശ്ചര്യ കഴിഞ്ഞു ബഹിർഗ്ഗമിക്കുമ്പോൾ നാം അദ്ദേഹത്തെ കാണുന്നതു് ഒരു വൈദ്യവിദഗ്ദ്ധനും മനഃശാസ്ത്രകുശലനുമായ മഹാപുരുഷനായാണ്. അന്നാണു സ്വാമികൾ എന്ന ഉപാധികൊണ്ടു് ജനങ്ങൾ അദ്ദേഹത്തെ പൂജിച്ചുതുടങ്ങിയതു്. അദ്ദേഹത്തിന്റെ മുഖത്തു് അഭൗമമായ ഒരു തേജസ്സു പ്രകാശിച്ചിരുന്നു. സാത്വികങ്ങളായ ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുന്നതിനാണു് ആ അഹിംസാവ്രതി ആദ്യമായി ഉദ്യമിച്ചതു്. പ്രകൃതിരമണീയങ്ങളായ സ്ഥലങ്ങൾ കണ്ടുപിടിക്കുന്ന വിഷയത്തിൽ അദ്ദേഹം അവർണ്ണനീയമായ ഏതോ അന്തർദൃഷ്ടിയാൽ അനുഗൃഹീതനായിരുന്നു. നെയ്യാറ്റിൻകരത്താലൂക്കിൽ നെയ്യാർ എന്നു് ഒരു പുഴ പ്രവഹിക്കുന്നുണ്ടു്. അതിന്റെ തീരത്തിൽ പൂവാർ എന്ന തുറമുഖത്തിനടുത്താണു് അരുവിപ്പുറം. 1060-ാമാണ്ടു് ആ സ്ഥലത്തു താമസിച്ചു തുടങ്ങുകയും 1063-ാമാണ്ടു ശിവരാത്രി ദിവസം ശിവലിംഗാകൃതിയിൽ ആറ്റിൽ കിടന്നിരുന്ന ഒരു ശിലാഖണ്ഡമെടുത്തു് ആറ്റിന്റെ കിഴക്കേ തീരത്തുള്ള പാറയിൽ വളരെപ്പേരുടെ സാന്നിധ്യത്തിൽ ശൈവമന്ത്രപുരസ്സരം പ്രതിഷ്ഠിക്കുകയും ചെയ്തു. അതാണു് സ്വാമികൾ നിർമ്മിച്ച ആദ്യത്തെ ക്ഷേത്രം. അരുവിപ്പുറത്തുവച്ചാണു് കുമാരനാശാൻ അദ്ദേഹത്തിന്റെ അനുചരനായതു്. അദ്ദേഹമാണു് സ്വാമികളുടെ പ്രധാന ശിഷ്യനെന്നു വായനക്കാർ ധരിച്ചിരിക്കുമല്ലോ.
പിന്നീടു സ്വാമികൾ തന്റെ പ്രവത്തനകേന്ദ്രം വർക്കല വലിയതുരപ്പിനു സമീപമുള്ള വിശാലമായ ഒരു കുന്നിലേക്കു മാറ്റി. ആ കുന്നിനേക്കാൾ മനോഹരമായി അത്തരം സ്ഥലങ്ങൾക്കു കേൾവിപ്പെട്ട ഒരു സ്ഥലം കേരളത്തിൽ ഉണ്ടോ എന്നു സംശയമാണു്. 1079-ാമാണ്ടു മുതൽ അവിടെ താമസിച്ചു. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിക്കു് ഉതകത്തക്കവണ്ണം അതിനു മുമ്പിലത്തെ കൊല്ലം ധനു 23-ാം൹ ശ്രീനാരായണധർമ്മപരിപാലനയോഗം എന്ന പേരിൽ ഒരു യോഗം ഭക്തജനങ്ങൾ സംഘടിപ്പിച്ചിരുന്നു. ആ യോഗത്തിന്റെ ഒൻപതാമത്തെ വാർഷിക സമ്മേളനം നടന്ന 1087-ാമാണ്ടു കന്നിമാസത്തിൽ അവിടെ ഒരു ശിവക്ഷേത്രം നിമ്മിക്കുവാൻ വേണ്ട സാഹചര്യമുണ്ടായി. 1087 മേടം 18-ാം൹മുതൽ 21-ാം൹വരെ സ്വാമികൾ ആ പുണ്യസ്ഥലത്തു ശിവനേയും ശാരദയേയും അടുത്തടുത്തായി രണ്ടു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു. ശിവനും സുബ്രഹ്മണ്യനുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവതകൾ. ശിവപ്രതിഷ്ഠക്കുമേലാണു് ആ കുന്നിനു ശിവഗിരി എന്നു പേരുവന്നതു്. ഇപ്പോൾ അവിടെ നല്ല രീതിയിൽ നടത്തപ്പെടുന്ന ഒരു ഇംഗ്ലീഷ് ഹൈസ്ക്കൂളും മറ്റു ചില പൊതുസ്ഥാപനങ്ങളുമുണ്ടു്. തദനന്തരം 1090-ാമാണ്ടിടയ്ക്കു ആലുവായിൽ ഒരാശ്രമവും സംസ്കൃതപാഠശാലയും സ്ഥാപിച്ചു. അങ്ങനെ ആദ്യകാലത്തു പൂജാദികൾ നടത്തുന്ന ക്ഷേത്രങ്ങളും പിന്നിടു് ധ്യാനത്തിനുമാത്രം പ്രയോജകീഭവിക്കുന്ന വിധത്തിൽ ഒരു ബിംബത്തോടുകൂടിയ ശാരദാക്ഷേത്രവും ഒടുവിൽ ക്ഷേത്രവും ബിംബവും മറ്റുമില്ലാത്ത അദ്വൈതാശ്രമവും, മനുഷ്യനു സർവ്വസാധാരണമായ അധികാരഭേദത്തിനു് അനുഗുണമായി സ്വാമികൾ നിർമ്മിച്ചു. അദ്ദേഹത്തിനു് ഏകമതത്തിലും ഏകജാതിയിലും ഏകദൈവത്തിലുമായിരുന്നു വിശ്വാസം. 1096-ാമാണ്ടു് അദ്ദേഹം നല്കിയ ഉപദേശത്തിൽ,
എന്നീ പ്രസിദ്ധശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. “ജാതിചോദിക്കരുതു്, വിചാരിക്കരുത്, പറയരുതു്” എന്നും അദ്ദേഹം അനുശാസിച്ചിട്ടുണ്ടു്. 1099-ാമാണ്ടു കുംഭമാസം 20, 21 തീയതികളിൽ ആലുവായിൽ ഒരു സർവ്വമതസമ്മേളനം വിളിച്ചുകൂട്ടി. എല്ലാ മതാനുയായികൾക്കും തമ്മിൽ ഏകത്വബോധം ജനിപ്പിക്കുക എന്നുള്ളതായിരുന്നു ആ സമ്മേളനത്തിന്റെ മുഖ്യോദ്ദേശം. സ്വാമികൾ ദക്ഷിണകർണ്ണാടകമുൾപ്പെടെ പല സ്ഥലങ്ങളിലും അവിടവിടെയുള്ള ജനങ്ങളുടെ അഭ്യർത്ഥനയനുസരിച്ചു് ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്. അവയുടെ നാമനിർദ്ദേശത്തിനുപോലും നിർവ്വാഹമില്ലാതെയിരിക്കുന്നു. അവയിൽ അതിപ്രധാനമായി കരുതേണ്ടതു തലശ്ശേരി ജഗന്നാഥക്ഷേത്രത്തെയാകുന്നു. ആ ക്ഷേത്രം 1083-ാമാണ്ടു കുംഭമാസം 1-ാം൹യാണു് പ്രതിഷ്ഠിച്ചതു്. മതപരിഷ്കാരത്തോടകൂടി അന്ധവിശ്വാസത്തിൽ ആണ്ടുകിടന്ന സമുദായത്തിലെ അനാചാരങ്ങൾക്കും സമൂലപരിവർത്തനം വരുത്തി.
70-ാമത്തെ വയസ്സിനുമേലും സ്വാമികൾ തെക്കേ ഇന്ത്യയിലും സിലോണിലും ഒരു ദീർഘസഞ്ചാരം നടത്തി. വഴിയ്ക്കുവച്ചു രോഗഗ്രസ്തനാകുക നിമിത്തം തിരിയെ ശിവഗിരിയ്ക്കു പോന്നു. അവിടെവച്ചു് 1104-ാമാണ്ടു കന്നിമാസം 5-ാം൹ ആ അത്ഭുതമഹസ്സു് ചിത്സ്വരൂപത്തിൽ വിലയം പ്രാപിച്ചു.
സ്വാമികൾക്കു് ആശ്ചര്യകരങ്ങളായ പലസിദ്ധിവിശേഷങ്ങളും ഉണ്ടായിരുന്നുവെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവയൊന്നും വലിയ നേട്ടങ്ങളായി ഗണിക്കാതെ അദ്ദേഹം തന്റെ സമുദായത്തെ രാവിൽനിന്നു പകലെന്നവണ്ണം ഉൽബുദ്ധമാക്കി; അതിന്റെ മാലിന്യങ്ങളെ നിമ്മാർജ്ജനം ചെയ്തു; ആത്മാഭിമാനവും ആത്മവിശ്വാസവും അതിലെ അംഗങ്ങൾക്കു സഞ്ജാതമാക്കി. ആ മഹാത്മാവിന്റെ അത്ഭുതാവഹമായ നേതൃത്വത്തിൽ ആ അങ്ഗങ്ങൾ സമീചീനമായി സമുൽഗമിച്ചു. ഇതരസമുദായങ്ങൾക്കും അദ്ദേഹം ഒരു ഉൽപതിഷ്ണുവായ മാർഗ്ഗദർശിയായി കേരളത്തിൽ ഉത്തരോത്തരം പേരും പെരുമയും വള ൎത്തി. സ്വാമികളുടെ ഭൂതാനുകമ്പ, ഹൃദയശുദ്ധി, ലോകോദ്ധാരണവൈയഗ്ര്യം, പരേങ്ഗിതജ്ഞാനം, ദൂരവീക്ഷാകുശലത, സരസവും, സാരഭൂയിഷ്ഠവും ഫലിതസമ്മിശ്രവുമായ സംഭാഷണരീതി ഇത്യാദി ഗുണങ്ങൾ ആരെയും ഹഠാദാകർഷിക്കുവാൻ പര്യാപ്തമായിരുന്നു. അദ്ദേഹത്തെ ലോകപ്രസിദ്ധരായ വിദേശീയർപോലും അഭിവാദനംചെയ്തു ചരിതാർത്ഥരായി. അദ്ദേഹം അനുഷ്ഠിച്ചതുപോലെ അത്ര ഫലപൂർണ്ണമായ സമസൃഷ്ടകൈങ്കര്യം നമ്മുടെ നാട്ടിൽ മറ്റാരെങ്കിലും ചെയ്തിട്ടുണ്ടോ എന്നു ഞാൻ സംശയിക്കുന്നു.
ഗ്രന്ഥരചന അദ്ദേഹത്തിന്റെ കൃത്യശതങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല. ആദ്യകാലത്തു ചില സുബ്രഹ്മണ്യസ്തോത്രങ്ങളും ശിവസ്തോത്രങ്ങളും പിന്നീടു ചില അദ്വൈതപദ്യങ്ങളും ഒടുവിൽ ദർശനമാലയുമാണു് അദ്ദേഹത്തിന്റെ കൃതികൾ. അവയിൽ (1) കണ്ഡലിനിപ്പാട്ട്, (2) വൈരാഗ്യദശകം, (3) മുനിചര്യാപഞ്ചകം, (4) ശിവശതകം, (5) മതമീമാംസ, (6) കാളീനാടകം (ഒരു ദണ്ഡകം), (7) ദർശനമാല ഇവയാണു് വാങമയങ്ങളിൽ പ്രധാനം. ഭാഷാകൃതികളിൽ ശിവശതകവും സംസ്കൃതകൃതികളിൽ ദർശനമാലയും പ്രാമുഖ്യത്തെ അർഹിയ്ക്കുന്നു. ചില ഉദാഹരണങ്ങൾ ഉദ്ധരിയ്ക്കാം.
ഈ പഞ്ചകം സംസ്കൃതമാണു്.
ഉപനിഷത്സാരസർവ്വസ്വമായ ഈ സംസ്കൃതഗ്രന്ഥം മതവിഷയത്തിൽ അദ്വൈതവേദാന്തത്തിൽ സ്വാമികൾക്കുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം സ്പഷ്ടമായി പ്രദർശിപ്പിക്കുന്നു. അധ്യാരോപദർശനത്തിൽ തുടങ്ങി നിവ്വാണദർശനത്തിൽ അവസാനിക്കുന്ന പത്തു ദർശനങ്ങൾ ഇതിൽ അന്തർഭവിക്കുന്നു. ഓരോ ദർശനത്തിലും പത്തു് അനുഷ്ടുപ്പ് ശ്ലോകങ്ങൾ വീതമുണ്ടു്.
ചട്ടമ്പിസ്വാമികളും നാരായണഗുരുസ്വാമികളും അവർ ജനിച്ച സമുദായങ്ങളുടേയോ രാജ്യത്തിന്റേയോ പ്രത്യേകസ്വത്തുക്കളല്ല. ഭാരതത്തിലെ അധുനാതനന്മാരായ പരമാചാര്യന്മാരുടെ കൂട്ടത്തിലാണു് അവരുടെ സ്ഥാനം.
മുവാററുപുഴത്താലൂക്കിൽ തിരുമാറാടി എന്നൊരു ഗ്രാമമുണ്ട്. ശ്രീമധുരേശ്വരക്ഷേത്രം അതിനു സമീപമാണു് സ്ഥിതിചെയ്യുന്നതു്. ആ ഗ്രാമത്തിൽ വാളാനിക്കാട്ടു കല്യാണിയമ്മ എന്ന പുണ്യവതിയുടേയും, നീലകണ്ഠപ്പിള്ള എന്ന ഒരു മാന്യന്റേയും തൃതീയപുത്രനായി നീലകണ്ഠതീർത്ഥപാദർ 1047 ഇടവം 13-ാം൹ തൃക്കേട്ടനാളിൽ ജനിച്ചു. അച്ഛന്റെ ഗൃഹം പാഴൂരിനു രണ്ടുമൂന്നു നാഴിക അകലെയാണു്. അമ്മയുടേയും അച്ചന്റെയും കുടുംബങ്ങൾ സമ്പന്നങ്ങളായിരുന്നു. പിതാവും പത്മനാഭപിള്ള, നാരായണപിള്ള എന്ന രണ്ടു ജ്യേഷ്ഠന്മാരും വിദ്വാന്മാരായിരുന്നു. അമ്മാവൻ പരമേശ്വരക്കുറുപ്പാണു് എഴുത്തിനിരുത്തിയതു്. കഥാപുരുഷനു 15 വയസ്സായപ്പോൾ അച്ഛൻ മരിച്ചു.
തൃപ്പൂണിത്തുറ സ്ക്കൂളിൽനിന്നു മിഡിൽസ്ക്കൂൾ പരീക്ഷ ജയിച്ചതിനുമേൽ കഥാപുരുഷൻ എറണാകുളം ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ആറാം ഫാറംവരെ വായിച്ചു. അത്തരത്തിലുള്ള വിദ്യാഭ്യാസത്തിൽ ആഭിമുഖ്യമില്പാതിരുന്നതിനാൽ സംസ്കൃതപഠനത്തിലാണു് കൂടുതലായി ശ്രദ്ധ പതിപ്പിച്ചതു്. ബാല്യത്തിൽത്തന്നെ മൂത്ത ജ്യേഷ്ഠന്റെ കീഴിൽ കുറേയെല്പാം സംസ്കൃതം അഭ്യസിക്കുകയും വിഷവൈദ്യവും മന്ത്രശാസ്ത്രവും സാംഗോപാംഗമായി പഠിച്ചു സിദ്ധിവരുത്തുകയും ചെയ്തു. തീർത്ഥപാദർ അക്കാലത്തു് ഒരു തികഞ്ഞ വിഷ്ണുഭക്തനും, സ്നാനജപാദിനിത്യകർമ്മങ്ങളിൽ ഏറ്റവും തൽപരനുമായിരുന്നു. തർക്കശാസ്ത്രം ശഠകോപാചാര്യരോടും, വ്യാകരണം കുംഭകോണം കൃഷ്ണശാസ്ത്രികളോടും മറ്റും അഭ്യസിച്ചു. കവിതയും പരിശീലിച്ചു. 20-ാമത്തെ വയസ്സിൽ വേദാന്തവിചാരത്തിൽ മനസ്സുവെച്ചു.
തീർത്ഥപാദർ ഒരു വർഷത്തോളം ജപവ്രതാദികളിലും, ഗ്രന്ഥപാരായണത്തിലും, പിന്നീടു സ്വല്പകാലം സ്വദേശത്തു് അധ്യാപകവൃത്തിയിലും കഴിച്ചുകൂട്ടിയതിനുശേഷം യോഗവേദാന്തപാരീണനായ ചട്ടമ്പിസ്വാമികളുടെ അന്തേവാസിയായിത്തീരുകയും, ഖേചരീമുദ്ര ബന്ധിച്ചു ധ്യാനനിഷ്ഠ അഭ്യസിക്കുകയും, ബ്രഹ്മോപദേശം വാങ്ങുകയും ചെയ്തു. ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാരിൽ നാരായണഗുരു സ്വാമികളെ കഴിച്ചാൽ അടുത്ത സ്ഥാനം തീർത്ഥപാദർക്കുതന്നെയാണു്. “ശിശുനാമാവതു മാം സ പുജ്യപാദഃ” എന്നവസാനിക്കുന്ന അഞ്ചു ശ്ലോകങ്ങൾ ശ്രീമദാരാധ്യപാദപഞ്ചകം എന്ന ശീർഷകത്തിൽ പിന്നീടു തന്റെ ആചാര്യനെപ്പററി രചിച്ചിട്ടുണ്ട്. അതു പിന്നീടു സപ്തകമാക്കി. ആ ആചാര്യനെ വന്ദിച്ചുകൊണ്ടാണു് മിക്ക കൃതികളും ആരംഭിച്ചിരിക്കുന്നതു്.
എന്നു ബ്രഹ്മാഞ്ജലിയിൽ കാണുന്നു. ഈ പരിശീലനം മൂന്നു കൊല്ലത്തേക്കേ നീണ്ടുനിന്നുള്ളു. അതിനിടകയ്ക്കുതന്നെ അദ്ദേഹം ജീവന്മുക്തനായിക്കഴിഞ്ഞു.
തീർത്ഥപാദർ ഒരു സഞ്ചാരപ്രിയനായിരുന്നു. ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ ലോകസേവനമെങ്കിലും അവയിൽ ശിഷ്യോപദേശം, ശാസ്ത്രാഭ്യാസം, ദേശസഞ്ചാരം, ഗ്രന്ഥപാരായണം, കവിതാനിർമ്മാണം എന്നിവയ്ക്കായിരുന്നു പ്രാധാന്യമെന്നു പറയാം. സംസ്കൃതത്തിൽ ഗദ്യവും പദ്യവും ഒന്നുപോലെ രചിക്കുവാൻ വൈദഗ്ദ്ധ്യം ഉണ്ടായിരുന്നതുകൊണ്ടും, വ്യാകരണം, തർക്കം, വേദാന്തം മുതലായ ശാസ്ത്രങ്ങളിൽ നിഷ്ണാതനായിരുന്നതുകൊണ്ടും ഔത്തരാഹവും ദാക്ഷിണാത്യവുമായ ഭാരതപര്യടനങ്ങളിൽ അദ്ദേഹത്തിനു പല പണ്ഡിതസുഹൃത്തുക്കളെ സമ്പാദിക്കുവാൻ സാധിച്ചു. വേണ്ടിവന്നാൽ പ്രാകൃതത്തിലും കവനം ചെയ്യാമായിരുന്നു. മലയാളത്തിൽ സരസഗംഭീരങ്ങളായ ഗദ്യപദ്യങ്ങൾ നിർമ്മിക്കുന്നതിനുള്ള പാടവം അതിനു മമ്പുതന്നെ നേടിയിരുന്നു. താനുണ്ടാക്കിയ ഗ്രന്ഥങ്ങൾ അച്ചടിപ്പിച്ചു സഹൃദയന്മാരുടെയിടയിൽ മൂല്യംകൂടാതെ വിതരണംചെയ്തു വന്ന അദ്ദേഹത്തിന്റെ യശസ്സ് ജർമ്മനി മുതലായ പാശ്ചാത്യരാജ്യങ്ങളിൽപ്പോലും പ്രസരിച്ചു. പരിവ്രാജകനായിരുന്നതിനാൽ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചില്ല. അദ്ദേഹത്തിനു് ഒരു വലിയ ശിഷ്യസമ്പത്തു മധ്യതിരുവിതാംകൂറിലും ഉത്തരതിരുവിതാംകൂറിലും ഉണ്ടായിരുന്നു. അവരെ അദ്ദേഹം പരിശീലിപ്പിച്ചതു് അദ്വൈതവേദാന്തമാണു്. തീർത്ഥപാദർ സംസ്തൃതത്തിലോ മലയാളത്തിലോ പ്രസിദ്ധീകൃതങ്ങളായ പുസ്തകങ്ങൾ മിക്കവാറും പാരായണം ചെയ്തിരുന്നു. എന്നുമാത്രമല്ല. മലയാളത്തിലെ മാസികകളും വൃത്താന്തപത്രങ്ങളും കൂടി മുടങ്ങാതെ വായിക്കുന്ന വിഷയത്തിൽ ശ്രദ്ധാലുവുമായിരുന്നു. പരിപൂർണ്ണമായ വേദാന്തവിജ്ഞാനത്തിനുവേണ്ടി തമിഴും, ദേശസഞ്ചാരത്തിനുപയോഗപ്പെടത്തക്കവണ്ണം തെലുങ്ക്, ബംഗാളി മുതലായ ഭാഷകളും സ്വാധീനമാക്കി. ഇത്രമാത്രം പരിശ്രമശീലന്മാരും പരോപകാരനിരതന്മാരുമായ പണ്ഡിതമൂർദ്ധന്യന്മാരെ അപൂർവ്വമായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. യാവജ്ജീവം അദ്ദേഹം ഒരു വിദ്യാർത്ഥിയായിത്തന്നെ കാലയാപനം ചെയ്തു. വിനീതനും ജിജ്ഞാസുക്കൾക്കു് അഭീഷ്ടദാതാവുമായിരുന്നു ആ മഹാപുരുഷൻ. ഉപനിഷത്തുകൾ, സ്മൃതികൾ, ജ്ഞാനവാസിഷ്ഠം, പഞ്ചദശി എന്നീ വിശിഷ്ടഗ്രന്ഥങ്ങളിൽ അദ്ദേഹത്തിനുള്ള അന്യാദൃശമായ അവഗാഹം ആരെയും ആശ്ചര്യപരതന്ത്രന്മാരാക്കി. അന്നത്തെ സംഭവങ്ങൾ ഒരു ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നുവെന്നുള്ളതു വിശിഷ്യ അഭിനന്ദനീയമാണു്. അദ്ദേഹത്തിനു തീരെ അറിവില്ലാത്ത വിഷയം സങ്ഗീതം മാത്രമായിരുന്നു എന്നു ചിലർ പറയാറുള്ളതിൽ അത്യുക്തിയില്ല. 1096-ാമാണ്ടു കർക്കടകമാസം 23-ാം൹ കരുനാഗപ്പള്ളിയിൽ പള്ളിത്തോട്ടത്തുമഠത്തിൽവച്ചു സായൂജ്യം പ്രാപിച്ചു. അപ്രാപ്തകാലമായിരുന്നു ആ നിര്യാണം എന്നു പറയേണ്ടതില്ലല്ലോ.
തീർത്ഥപാദർ മലയാളത്തിലും സംസ്കൃതത്തിലുമായി ഒട്ടുവളരെ കൃതികൾ രചിച്ചിട്ടണ്ടു്. അവയിൽ ചിലതിന്റെ പേർ താഴെ ചേർക്കുന്നു. (1) മൗസലം മണിപ്രവാളം 14-ാമത്തെ വയസ്സിലും, (2) സുന്ദോപസുന്ദം നാടകം 20-ാമത്തെ വയസ്സിലും എഴുതി. അവയെ അപക്വഫലങ്ങളായി കരുതിയാൽ മതി. ചട്ടമ്പിസ്വാമികളിൽനിന്നു ബ്രഹ്മോപദേശം സിദ്ധിച്ചതിനുമേൽ എഴുതിയ കൃതികളെയേ കാര്യമായി ഗണിക്കേണ്ടതുള്ളു. അദ്വൈതസ്തബകം എന്ന പേരിൽ എട്ടു വാങ്മയങ്ങൾ 1079-നു മുൻപു നിർമ്മിച്ചു. (3) വേദാന്താര്യാശതകം, (4) ശ്രീരാമഗീതഭാഷ, (5) ആനന്ദമന്ദാരം, (6) ഹരികീർത്തനം, (7) രാമഹൃദയം ഭാഷ, (8) ആത്മപഞ്ചകം ഭാഷ, (9) കൈവല്യകന്ദളി വ്യാഖ്യാനം ഗദ്യം, (10) ശ്രീമദാരാധ്യപാദപഞ്ചകം ഇവയാണു് ആ എട്ടു വാങ്മയങ്ങൾ. ഇവയിൽ ഒടുവിലത്തേതുമാത്രമേ സംസ്കൃതത്തിൽ നിബന്ധിച്ചിട്ടുള്ളു. പ്രായേണ മിക്ക കൃതികളും അദ്വൈതപ്രതിപാദകങ്ങളാണു്. ശ്രീകണ്ഠാമൃതാർണ്ണവത്തിൽ അന്തർഭവിച്ചിരിക്കുന്നവയാണു്, (11) പ്രശ്നോത്തരമഞ്ജരി, (12) ശിവാമൃതം, (13) അദ്വൈതപാരിജാതം, (14) ഹരിഷഡ്രത്നം എന്നീ നാലു കൃതികൾ. ഇവയിൽ രണ്ടാമത്തേതിൽ 262 ശ്ലോകങ്ങളണ്ടു്. തീത്ഥപാദരുടെ സംസ്കൃതശൈലി വ്യുൽപന്നന്മാർക്കുപോലും വ്യാഖ്യാനാപേക്ഷകൂടാതെ ഗ്രഹിക്കുവാൻ വിഷമമാകുന്നു. അത്തരത്തിലുള്ളകാവ്യങ്ങളിലെ നാളികേരപാകവും, അപൂർവ്വപദപ്രയോഗവും, ആരെയും അമ്പരപ്പിക്കുന്ന വ്യാകരണപാണ്ഡിത്യ പ്രകടനവും കാലക്രമേണ കുറഞ്ഞുവന്നുവെങ്കിലും വളരെയൊന്നും കുറഞ്ഞില്ല. യോഗാമൃതതരങ്ഗിണിയിൽപ്പെട്ട (15) ഹരിഭജനാമൃതം, (16) വിധുനവസുധാഝരി, (17) ഹരിപഞ്ചകം, (18) വിധുസ്തവമധുദ്രവം, (19) സ്വാത്മസുധാകരം, (20) യോഗരഹസ്യകൌമുദി, (21) യോഗമഞ്ജരി, (22) അമൃതലത (കൈവല്യകന്ദളി), (23) കാളീപഞ്ചകം ഇവയും, സങ്കല്പലതികയിൽ ചേർത്തിട്ടുള്ള (24) ദിവ്യക്ഷേത്രാദർശം, (25) ലക്ഷ്മീകടാക്ഷമാല, (26) ഭുവനേശ്വര്യഷ്ടകം, (27) സൂര്യാഷ്ടകം, (28) ശങ്കരാർഭോദയം, (29) അച്യുതാനന്ദലഹരി, (30) നീലകണ്ഠപഞ്ചകം, (31) ദക്ഷിണാമൂർത്തിഭുജംഗം, (32) അംബാകൃപാംബുവാഹം, (33) സ്വാരാജ്യലക്ഷ്മീപഞ്ചകം എന്നിവയും സംസ്കൃതനിബദ്ധങ്ങളാണു്. (34) കണ്ണാമൃതലഹരി ശിഖരിണീവൃത്തത്തിൽ കവി നിർമ്മിച്ചിട്ടുള്ള ഒരു വിദ്വൽപ്രിയമായ ലഘുകാവ്യമാണു്. ആത്മാമൃതം എന്ന പുസ്തകത്തിൽ (35) പഞ്ചാക്ഷരസ്ലോത്രം, (36) വിഷമൃത്യുഞ്ജയം, (37) സ്തവമാല എന്നീ സംസ്കൃതകൃതികൾ കാണാം. (38) സ്വരാജ്യസർവ്വസ്വം എന്നതാണു് മറ്റൊരു വാങ്മയം. (39) ബ്രഹ്മാഞ്ജലി, (40) ഹഠയോഗപ്രദീപിക, (41) ആചാരപദ്ധതി, (42) ദേവാർച്ചാപദ്ധതി ഗദ്യം ഇവ ഭാഷാകൃതികളാകുന്നു. ആചാരപദ്ധതിയും ദേവാർച്ചാപദ്ധതിയും താൻ ജനിച്ച സമുദായത്തിന്റെ ഉന്നമനത്തെ പുരസ്കരിച്ചു പലരുടേയും അഭ്യർത്ഥനകൾക്കു വിധേയനായി എഴുതിയതാണു്. ഇവകൂടാതെ വളരെ മാസികകൾക്കു് ഉപന്യാസങ്ങൾ സംഭാവനചെയ്തുവന്നു. യതികൾക്കു സദസ്സുകളിൽ സന്നിഹിതരായി പക്ഷം പിടിച്ചു പ്രസംഗിക്കുന്നതു് ഉചിതമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിഷ്കൃഷ്ടമായമതം. അതിനാൽ സഭകളിൽ പോവുക പതിവില്ലായിരുന്നുവെങ്കിലും നിർബ്ബന്ധിച്ചാൽ അവയിൽ വായിക്കുന്നതിനു ചില ഉപന്യാസങ്ങൾ എഴുതിക്കൊടുത്തുകൊണ്ടിരുന്നു. ഏതു ഗഹനതമമായ വേദാന്തവിഷയവും അദ്ദേഹം വിശകലനം ചെയ്തു പ്രകാശിപ്പിക്കുമ്പോൾ അത്യന്തം ലളിതമാകും. ഇതിനൊരുദാഹരണം പ്രദർശിപ്പിക്കാം. “മുൻപു് ഉപദേശിക്കപ്പെട്ടിരിക്കുന്ന ബ്രഹ്മധ്യാനനിഷ്ഠയിൽ ദൃഢത സിദ്ധിക്കാൻ നാഡി — ഹൃദയ — ശുദ്ധിദ്വാരാ ഉപയുക്തമെന്നു് പറഞ്ഞു് അപേക്ഷിക്കയാൽ പരമാനന്ദനാഥനു പ്രാണായാമക്രമം പറഞ്ഞുകൊടുത്തു. പ്രാണായാമം വല്ല അംശത്തിലും ജ്ഞാനത്തിനു സഹകാരിസാധനം (സഹായം) ആകുമെങ്കിലും ബ്രഹ്മനിഷ്ഠ ചെയ്യുന്നവർക്കു് ഇതു് ആവശ്യമെന്നു ഞങ്ങൾ വച്ചിട്ടില്ല. “അത ഏവ ഭഗവൽപാദാഃ കുത്രാപി യോഗാപേക്ഷാം നവ്യുൽപാദയാമാസുഃ” എന്നു വിദ്യാരണ്യസ്വാമിയും പറഞ്ഞിരിക്കുന്നു.”
തീർത്ഥപാദരുടെ കവിതാരീതികാണിക്കുവാൻ ചില ഉദാഹരണങ്ങൾചുവടേ ചേർക്കുന്നു.
തീർത്ഥപാദപരമഹംസസ്വാമി എന്ന പേർ സന്യാസാശ്രമം അങ്ഗീകരിച്ചപ്പോൾ കൈക്കൊണ്ടതാണു്. വടക്കൻപറവൂരിൽ വടക്കേക്കരപ്പകുതിയിൽ മഠത്തിൽ ഭവനത്തിൽ നാരായണക്കുറുപ്പ് എന്നാണു് ആദ്യകാലത്തെ പേർ. അദ്ദേഹം 1057 തുലാമാസത്തിൽ പൂരം നക്ഷത്രത്തിൽ ജനിച്ചു. പുതുക്കുടി നാരായണൻ ഇളയതാണു് ആദ്യകാലത്തു സംസ്കൃതം പഠിപ്പിച്ചതു്. പതിനാറാമത്തെ വയസ്സിൽ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായി. പണ്ഡിതന്റേയും വേദാന്തിയുടേയും നിലയിൽ ഉയർന്നു. കവിതയും ഉണ്ടായിരുന്നു. താഴെക്കുറിക്കുന്ന കൃതികൾ അദ്ദേഹം രചിച്ചിട്ടണ്ടു്. (1) ലേഖനമാലിക (രണ്ടു ഭാഗങ്ങൾ — ഗദ്യം), (2) നവാലയേശ്വരീസ്തവം (പറവൂർ പുതിയകാവു ദേവിയെപ്പറ്റി), (3) സർവ്വേശ്വരാഷ്ടകം, (4) വേദാന്തചിന്താശതകം, (5) ചുഡാലാശിഖിധ്വജം നാടകം, (6) ശ്രീകുമാരാഭരണശതകം, (7) വിഷ്ണുസ്തോത്രശതകം, (8) അമൃതാനന്ദലഹരി (ഗുരുസ്തോത്രം). ഇവയിൽ നവാലയേശ്വരീസ്തവം, വിഷ്ണുസ്തോത്രശതകം, അമൃതാനന്ദലഹരി ഇവ സംസ്കൃതഗ്രന്ഥങ്ങളാണു്.
1114-ാമാണ്ട് ചിങ്ങമാസം 26-ാം൹ സമാധിയെ പ്രാപിച്ചു.
നാണുപിള്ളയെ ഈ സിദ്ധന്മാർക്കു പിന്നീടു ഇവിടെ സ്മരിച്ചിരിക്കുന്നതു് അദ്ദേഹം ഇവരിൽ ഒന്നും മൂന്നും പേരുടെ അന്തേവാസിയായതു കൊണ്ടാണു്. കരുനാഗപ്പള്ളിത്താലൂക്കിൽ മരുതൂർകളങ്ങര എന്ന ഗ്രാമത്തിൽ പന്നിശ്ശേരി എന്നൊരു ഭവനമുണ്ടു്. അവിടെ കല്യാണിയമ്മയുടേയും പത്മനാഭക്കുറുപ്പ് എന്ന ഒരു പണ്ഡിതന്റേയും പുത്രനായി അദ്ദേഹം 1061-ാമാണ്ടു കന്നിമാസം 7-ാം൹ ജനിച്ചു. കൊല്ലം ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ മൂന്നാം ഫാറംവരെ വായിച്ചു. അപ്പോഴത്തേക്കു് അച്ഛൻ അദ്ദേഹത്തിന്റെ 40-ാമത്തെ വയസ്സിൽ മരിച്ചുപോയി. അമ്മ വീണ്ടും പരിണീതയായി. പിന്നീടു സ്വല്പകാലത്തേയ്ക്കു് അമ്മാവന്റേയും ജ്യേഷ്ഠൻ വേലുപ്പിള്ളയുടേയും സംരക്ഷണത്തിൽ വളർന്നു. അമ്മാവന്റെ പേരു് കൃഷ്ണൻ എന്നായിരുന്നുവെന്നറിയുന്നു. സ്ക്കൂളിലെ അദ്ധ്യയനം അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും ഇംഗ്ലീഷിൽ വേദാന്തപ്രതിപാദകങ്ങളായ പുസ്തകങ്ങൾ ധാരാളമായി വായിച്ചു് ആ ഭാഷ കുറേക്കൂടി സ്വാധീനമാക്കി. അപ്പോഴാണു് നീലകണ്ഠതീർത്ഥപാദസ്വാമികൾ ആസ്ഥലത്തു ചെന്നുചേർന്നതു്. അദ്ദേഹവുമായുള്ള സഹവാസത്തിന്റെ ഫലമായി സംസ്കൃതം പഠിക്കണമെന്നുറച്ചു. കരിങ്ങോലിൽ കൃഷ്ണനാശാൻ എന്നൊരീഴവനായിരുന്നു ആദ്യത്തെ ഗുരു. പിന്നീടു നാരായണദേശികൻ എന്നൊരു പണ്ഡിതന്റെ കീഴിൽ പഠിത്തം തുടർന്നു. നാണുപിള്ളയുടെ തീക്ഷ്ണമായ ബുദ്ധിശക്തിയും മേധാബലവും വിശിഷ്യ വേദാന്തവാസനയുംകണ്ടു സന്തുഷ്ടനായ നീലകണ്ഠതീർത്ഥപാദർ അദ്ദേഹം ചട്ടമ്പിസ്വാമികളോടു ശിഷ്യപ്പെടണമെന്നുപദേശിച്ചു. അവിടെച്ചെന്നു വേദാന്തത്തിന്റേയും തർക്കത്തിന്റേയും മർമ്മങ്ങൾ ഗ്രഹിച്ചു. സംസ്കൃതത്തിലും പാണ്ഡിത്യം ഉറപ്പിച്ചു. മങ്ങാട്ടുവീട്ടിൽ കൊച്ചുകൃഷ്ണനാശാൻ, നാരായണനാശാൻ എന്നിങ്ങനെ രണ്ടു കഥകളിയാശാന്മാരുടെ ജന്മഭൂമിയെന്ന നിലയിൽ മരുതൂർകുളങ്ങര പ്രശസ്തമായിരുന്നു. നാണുപിള്ളയ്ക്കു ബാല്യംമുതല്ക്കുതന്നെ കഥകളിയിൽ അസാമാന്യമായ അവഗാഹമുണ്ടായിരുന്നതിനാൽ പല നടന്മാർക്കും മുദ്രക്കൈകളും മറ്റും മനസ്സിലാക്കിക്കൊടുത്തു് അവരുടെ ആചാര്യസ്ഥാനം വഹിക്കുവാൻ പ്രാപ്തിനേടി. രണ്ടു സിദ്ധന്മാരുടെ അന്തേവാസിയായി കാലയാപനം ചെയ്കനിമിത്തം പല വിഷയങ്ങളിലും വൈദുഷ്യം സമ്പാദിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു എന്നു ചുരുക്കത്തിൽ പറയാം. ‘പരമാനന്ദനാഥൻ’ എന്ന ബിരുദത്താൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. 1118-ാമാണ്ടു ചിങ്ങമാസം 4-ാം൹യായിരുന്നു മരണം.
നാണുപിള്ള താഴെ പേരു കുറിക്കുന്ന കൃതികൾ രചിച്ചിട്ടുണ്ടു്. (1) പഞ്ചദശി കിളിപ്പാട്ടു (തർജ്ജമ,അപൂർണ്ണം), (2) നീലകണ്ഠതീർത്ഥപാദരുടെ ബ്രഹ്മാഞ്ജലിയിലെ ചില ഭാഗങ്ങൾ, (3) നിഴൽക്കുത്തു്, (4) ഭദ്രകാളീവിജയം, (5) പാദുകാപട്ടാഭിഷേകം, (6) ശങ്കരവിജയം എന്നീ നാലു് ആട്ടക്കഥകൾ, (7) സൂര്യശതകം (തർജ്ജമ). ഇവ കൂടാതെ നീലകണ്ഠതീർത്ഥപാദചരിത്രസമുച്ചയത്തിലെ പ്രഥമഭാഗവും അദ്ദേഹമാണു് എഴുതിയതു്. ആട്ടക്കഥകളെല്ലാം നന്നായിട്ടുണ്ടു്. നിഴൽക്കുത്തിൽനിന്നും ശങ്കരവിജയത്തിൽനിന്നും ഓരോ ഭാഗം ഉദ്ധരിക്കാം.
പദഭാഗം — ഭീമസേനൻ പാഞ്ചാലിയോട്:
താഴെക്കാണുന്ന ശ്ലോകം സൂര്യശതകത്തിൽനിന്നാണു്.