അദ്ധ്യായം 58
ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ (1038–1093)
58.1ശൈശവം

ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ 1038-ാമാണ്ടു കുംഭമാസം 9-ാം൹ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ ജനിച്ചു. കൊച്ചപ്പൻ എന്നായിരുന്നു ഓമനപ്പേർ. അമ്മ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മാതാവായ ദേവിഅമ്മത്തമ്പുരാട്ടിയുടെ സഹോദരീപുത്രി ഭരണിതിരുനാൾ അംബാലികത്തമ്പുരാട്ടിയും അച്ഛൻ കിടങ്ങുർ ഓണന്തുരുത്തി പാറ്റിയാൻ ഇല്ലത്തിൽ വാസുദേവൻ നമ്പൂരിയുമായിരുന്നു. ആ നമ്പൂരി ഒരു വേദജ്ഞനും ജ്യോതിർവ്വിത്തുമായിരുന്നുവത്രേ. ചങ്ങനാശ്ശേരിയിലെ കടുംബച്ഛിദ്രം നിമിത്തം വലിയകോയിത്തമ്പുരാന്റെ ശാഖയ്ക്കു് 1040-ാമാണ്ടു ലക്ഷ്മീപുരം വിട്ടൊഴിഞ്ഞു കാർത്തികപ്പള്ളിക്കോവിലകത്തു താമസിക്കേണ്ടിവന്ന കഥ ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടണ്ടല്ലോ. അന്നു കേവലം ശിശുവായിരുന്ന കൊച്ചപ്പനേയുംകൊണ്ടു മാതാവു് ആ ശാഖയിലെ മറ്റംഗങ്ങളോടൊന്നിച്ചു കാർത്തികപ്പള്ളിയിലേയ്ക്കു പോയി. ആ തമ്പുരാട്ടി ഐഹികകാര്യങ്ങളിൽ പ്രായേണ അനാസക്തയായിരുന്നതിനാൽ ആ സാധ്വിയുടെ ജ്യേഷ്ഠസഹോദരി ചിത്തിരതിരുനാൾ അംബികത്തമ്പുരാട്ടിയാണു് കുമാരനെ ലാളിച്ചു വളർത്തിയതു്. ബാല്യത്തിൽ കോയിത്തമ്പുരാൻ മൂകനായിരുന്നു എന്നു ചിലർ പറയുന്നതു പരമാർത്ഥമല്ലെങ്കിലും ബുദ്ധിക്കു കുറേ മാന്ദ്യമുള്ളതായി ചിലപ്പോൾ തോന്നിയിരുന്നു. അതു നീങ്ങിയതു് അച്ഛൻ പനച്ചിക്കാട്ടു ദേവീക്ഷേത്രത്തിൽ മകനെ എന്നും കൂട്ടിച്ചുകൊണ്ടുപോയി തൊഴിയിച്ചതിന്റെ ഫലമായിരുന്നു എന്നു് ആസ്തികന്മാർ വിശ്വസിക്കുന്നു. 1046-ാമാണ്ടു് അരിപ്പാട്ട് അനന്തപുരത്തുകൊട്ടാരം കാരണവർ പണിയിച്ചപ്പോൾ കുടുംബം മുഴുവൻ അവിടെ മാറിത്താമസിച്ചുതുടങ്ങി. ആ വഴിക്കാണ് അദ്ദേഹം ഏ. (അരിപ്പാടു്) ആർ. (രാജരാജവർമ്മ കോയിത്തമ്പുരാന്റെ അനന്തരവൻ) രാജരാജവർമ്മയായതു്.

58.2വിദ്യാഭ്യാസം

ആദ്യമായി ചുനക്കര അച്യുതവാരിയരോടു ചില ബാലപാഠങ്ങൾ പഠിക്കുകയും അദ്ദേഹം രോഗാർത്തനായി സ്വഗൃഹത്തിലേയ്ക്കു പോയപ്പോൾ ആ വാര്യത്തെ ഒരു പ്രസിദ്ധ സംസ്കൃതപണ്ഡിതനായ ചുനക്കര ശങ്കരവാരിയരുടെയടുക്കൽ സംസ്കൃതത്തിൽ കാവ്യനാടകങ്ങൾ അഭ്യസിക്കുകയും ചെയ്തു. ശങ്കരവാരിയരെപ്പറ്റി ഞാൻ മറ്റൊരു ഘട്ടത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ആ രണ്ടുപേരേയും അധ്യാപകന്മാരായി വരുത്തി കൊട്ടാരത്തിലെ ബാലന്മാരെയും ബാലികമാരെയും പഠിപ്പിക്കുവാൻ നിയോഗിച്ചതു് അഭിജ്ഞോത്തമനായ മൂത്തകോയിത്തമ്പുരാനായിരുന്നു. ശങ്കരവാരിയരുടെ കീഴിൽ അധികകാലം സംസ്കൃതം അഭ്യസിക്കേണ്ട ആവശ്യം കുമാരനു നേരിട്ടില്ല. എന്തുകൊണ്ടെന്നാൽ 1052-ാമാണ്ടു വൃശ്ചികമാസത്തിൽ വലിയകോയിത്തമ്പുരാനു് ആലപ്പുഴനിന്നു് സ്വഗൃഹത്തിൽ പോയി താമസിച്ചു കൊള്ളുവാൻ രാജാജ്ഞ കിട്ടി. അതു് അനന്തരവനു പഠനവിഷയത്തിൽ ഒരു പരമാനുഗ്രഹമായി പരിണമിച്ചു. കുശാഗ്രബുദ്ധിയായ ഒരധ്യേതാവിനെ കൂലങ്കഷ വൈദുഷ്യനായ ഒരധ്യാപകനു കിട്ടുക എന്നുള്ളതു് ഇരുകൂട്ടർക്കും ചാരിതാർത്ഥ്യജനകമായ ഒരു ഭാഗ്യവിശേഷമാണു്. അക്കാലത്തു കഥാപുരുഷന്നു 14 വയസ്സേ തികഞ്ഞിരുന്നുള്ളവെങ്കിലും അന്നുതന്നെ അദ്ദേഹം സംസ്കൃതത്തിൽ വിസ്മയനീയമായ പാണ്ഡിത്യവും കവിതാപരിചയവും സമ്പാദിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹത്തെ വലിയകോയിത്തമ്പുരാൻ സംസ്കൃതത്തിനുപുറമെ ഇംഗ്ലീഷും കണക്കും ചരിത്രവും മറ്റുംകൂടി പഠിപ്പിച്ചു. ഇതരശിഷ്യന്മാർ സംസ്കൃതം മാത്രമേ പഠിച്ചിരുന്നുള്ള. അവരിൽ തുറവൂർ നാരായണശാസ്ത്രികൾ, ഗുരുനാഥന്റെ കനിഷ്ഠസഹോദരൻ രവിവർമ്മകോയിത്തമ്പുരാൻ ചെംപ്രോൽമഠത്തിൽകൊട്ടാരത്തിൽ കേരളവർമ്മ കോയിത്തമ്പുരാൻ എന്നിവരുടെ പേരുകൾ പ്രത്യേകം സ്മരണീയങ്ങളാണു്. ആലപ്പുഴവച്ചു തന്നെ അവിടത്തെ ആശ്രിതനായിക്കൂടി കാലാന്തരത്തിൽ മഹാവൈയാകരണനെന്ന ഖ്യാതി ദിഗന്തരങ്ങളിൽപ്പോലും വ്യാപിപ്പിച്ച നാരായണശാസ്ത്രികൾ യാവജ്ജീവം കഥാപുരുഷന്റെ ബഹിശ്ചരപ്രാണനായിരുന്നു. വലിയകോയിത്തമ്പുരാൻ 1056-ൽ തിരുവനന്തപുരത്തേയ്ക്കു പോന്നപ്പോൾ രവിവർമ്മകോയിത്തമ്പുരാൻ അനന്തപുരത്തു കൊട്ടാരത്തിലെ ബാലന്മാരുടേയും ബാലികമാരുടേയും സംസ്കൃതാധ്യാപകനായിത്തീർന്നു. അമരകോശംപോലെ അഷ്ടാധ്യായിയും അക്കാലത്തു കുട്ടികളെ ഉപാധ്യായന്മാർ കാണാപ്പാഠമായി പഠിപ്പിക്കാറുണ്ടായിരുന്നു. ആ രീതിതന്നെയാണു് രവിവർമ്മകോയിത്തമ്പുരാനും തുടർന്നുകൊണ്ടുപോയതു്. കേരളവർമ്മകോയിത്തമ്പുരാനും വ്യാകരണത്തിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം നേടി. ആ ഘട്ടത്തിൽ മരുമകൻ മാതുലന്റെ കീഴിൽ പ്രധാനമായി പഠിച്ചതു നൈഷധീയചരിതം, മാലതീമാധവം, കുവലയാനന്ദം, മാനവേദചമ്പു എന്നീ സാഹിത്യഗ്രന്ഥങ്ങളും സിദ്ധാന്തകൗമുദിയുമായിരുന്നു.

അക്കാലത്തെ കവനപാടവം

രണ്ടു വർഷം കൗമുദി പഠിപ്പിച്ചതിനുമേൽ ഒരവസരത്തിൽ ഗുരുനാഥൻ ശിഷ്യന്മാരോടു ഗണേശപരമായി അവരവർക്കു് ഇഷ്ടമുള്ള വൃത്തത്തിൽ പിറ്റേദിവസം വൈകുന്നേരം ഓരോ അഷ്ടകമുണ്ടാക്കിക്കൊണ്ടു ചെല്ലണമെന്നാജ്ഞാപിച്ചു. വിദ്യാഭ്യാസത്തെക്കാൾ വിഹാരചേഷ്ടയിലായിരുന്നു കൊച്ചപ്പനു് അധികം അഭിരുചി. അതുകൊണ്ടു നിശ്ചിതസമയത്തിനു് അരമണിക്കൂർ മുമ്പുവരെ ആ കാര്യത്തെപ്പറ്റി ഓർത്തില്ല. ഒടുവിൽ നിമിഷകവിതാരൂപത്തിൽ ഒരഷ്ടകമെഴുതി സമർപ്പിച്ചു. ഗുരുനാഥനും ഒന്നെഴുതിവെച്ചിരുന്നു. ശിഷ്യന്റെ അഷ്ടകത്തിലെ ഒരു ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.

 “സകലസുരാസുരാദി ശരണീകരണീയപദഃ
 കരിവദനഃ കരോതു കരുണാജലധിഃ കുശലം
 പ്രബലതരാന്തരായതിമിരഘനിരാകരണ
 പ്രസൃമരചന്ദ്രികായിതനിരന്തരദന്തരുചിഃ.”

ആ അഷ്ടകം മഹാകവിയെ ദ്വേധാ ആനന്ദവിവശനാക്കി. കേവലം ഷോഡശവയസ്കനായ ഒരു ശിഷ്യൻ അത്തരത്തിൽ ഒരു സ്തോത്രമെഴുതുവാൻ ശക്തനായല്ലോ എന്നും, ആ സ്തോത്രത്തിൽ ശിഷ്യൻ ശബ്ദാർത്ഥഘടനയിൽ തന്റെ നൈസർഗ്ഗികമായ കവനശൈലിയെ അനുവാചകന്മാർക്ക് അഭേദപ്രതീതി ജനിപ്പിക്കത്തക്ക വിധത്തിൽ അത്ര പരിപൂർണ്ണമായി അനുകരിച്ചുവല്ലോ എന്നുമുള്ള വസ്തുതകളാണു് ആ ആനന്ദത്തിന്റെ കാരണങ്ങൾ. പ്രസ്തുതശ്ലോകത്തിന്റെ ഉത്തരാർദ്ധം വലിയ കോയിത്തമ്പുരാന്റേതല്ലെന്നു് ആർക്കും തോന്നുകയില്ലല്ലോ. അത്രമാത്രം അതിനു തന്മയീഭാവം വന്നിട്ടുണ്ടു്. മറ്റു ശിഷ്യന്മാരാകട്ടേ മേല്പുത്തൂർ പാഞ്ചാലീസ്വയംവരത്തിൽ പറയുന്നതുപോലെ

“അസ്പൃഷ്ട്വാ ചാപമേകേ ബത! നിവവൃതിരേ തീവ്രസമ്മർദ്ദഖിന്നാഃ
കേചിൽ പ്രോദ്ധർത്തുകാമാ മഥിതളജബലാസ്സത്രപം സന്നിവൃത്താഃ”

എന്നും മറ്റുമുള്ള നിലകളിൽ നിന്നതേയുള്ളു. വേറിട്ടൊരു സുമുഹൂർത്തവും ആയിടയ്ക്കു വന്നുചേർന്നു. ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ വലിയ കോയിത്തമ്പുരാനെ സന്ദശിക്കുവാൻ അനന്തപുരത്തു കൊട്ടാരത്തിൽ ചെന്നു. അദ്ദേഹം അവിടത്തെ വിദ്യാർത്ഥികളുടെ സഹൃദയത്വം നിപുണമായി പരീക്ഷിച്ചു. കുവലയാനന്ദത്തിലെ

 “അദ്യാപി തിഷ്ഠതി ദൃശോരിദമുത്തരീയം
 ധർത്തും പുനഃ സ്തനതടാൽ പതിതും പ്രവൃത്തം
 വാചം നിശമ്യ നയനം നയനം മമേതി
 കിഞ്ചിത്തദാ യദകരോൽ സ്മിതമായതാക്ഷീ”

എന്ന ഭാവികാലങ്കാരത്തെ ഉദാഹരിക്കുന്ന ശ്ലോകം പ്രഷ്ടാവിന്റെ പ്രതീക്ഷയിൽ കവിഞ്ഞ പ്രാഗല്ഭ്യത്തോടുകൂടി കൊച്ചപ്പൻ വ്യാഖ്യാനിച്ചതു കേട്ടു് ആ സഹൃദയമൂർദ്ധന്യൻ വിസ്മയാവിഷ്ടനായി “യുക്തം ബാലകവേ! യുക്തം” എന്നുച്ചരിച്ചുപോയി. ആയിടയ്ക്കുതന്നെ കവി രചിച്ച ഒരു ലഘുസ്തോത്രമാണു് ദേവീമങ്ഗലം.

 “നീരജാക്ഷാദിനിശ്ശേഷനിലിമ്പോദ്ഭൂതതേജസാം
 സമഷ്ടിശക്തിരൂപായ സർവ്വമൂലായ മങ്ഗലം.”
 “ദുഷ്ടാസുരേന്ദ്രദൃഷ്ടാന്തഹൃഷ്ടാന്തഃകരണൈസ്സുരൈഃ
 പുഷ്ടാദരമഭിഷ്ടൂയമാനായായസ്തുമങ്ഗലം”

ഇത്യാദി ശ്ലോകങ്ങൾ ആ പഞ്ചദശീസ്തവത്തിൽ അടങ്ങിയിരിക്കുന്നു.

വിദ്യാഭ്യാസം തിരുവനന്തപുരത്തു്

1056-ൽ വലിയകോയിത്തമ്പുരാൻ ബന്ധവിമുക്തനായി തിരുവനന്തപുരത്തു തിരിയെ താമസം തുടങ്ങിയപ്പോൾ ഭാഗിനേയനും അവിടത്തെ അനുഗമിച്ചു രാജകീയമഹാപാഠശാലയിൽ നാലാം ക്ലാസ്സിൽ ചേർന്നു. ഇന്നത്തെ നാലാം ഫോറമാണു് അന്നത്തെ നാലാം ക്ലാസ്സ്. ആ ക്ലാസ്സിൽ കഥാപുരുഷൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ വിശാഖംതിരുനാൾ മഹാരാജാവു് ഒരവസരത്തിൽ കാളേജിൽ എഴുന്നള്ളി ആങ്ഗലേയ മഹാകവിയായ പോപ്പിന്റെ An honest man’s the noblest work of God എന്ന ആഭാണകത്തെ ആസ്പദമാക്കി ‘ദേവസ്യ പരമോൽകൃഷ്ടാ സൃഷ്ടിഃ ഖലു ശുചിർന്നരഃ’, ‘ദുർല്ലഭോ ഹി ശുചിർന്നരഃ’ എന്നീ രണ്ടു വിഷയങ്ങളിൽ ഒന്നിനെ അധികരിച്ചു് എട്ടു വശങ്ങളിൽ കുറയാതെ സംസ്കൃതത്തിൽ ഉത്തമോപന്യാസം എഴുതിയയയ്ക്കുന്ന വിദ്യാർത്ഥിക്കു് 25 ഉറുപ്പിക സമ്മാനം നല്കുന്നതാണെന്നു പ്രഖ്യാപനം ചെയ്തു. ആ മത്സരപരീക്ഷയിൽ അനായാസേന വിജയം പ്രാപിച്ചതു കേവലം നാലാം ക്ലാസ്സുവിദ്യാർത്ഥിയായ ഏ. ആർ. ആയിരുന്നു. ഉപന്യാസത്തിന്റെ ഗുണപൌഷ്കല്യം കണ്ടുസന്തോഷിച്ചു മഹാരാജാവു പാരിതോഷികം 25-ൽനിന്നു 50 ഉറുപ്പികയാക്കി. അഞ്ചാം ക്ലാസ്സിൽ പരീക്ഷയ്ക്കു മാത്തമാറ്റിക്സിൽ തോറ്റുപോയെങ്കിലും വിദ്യാലയാധികൃതർ അദ്ദേഹത്തെ ഇതരവിഷയങ്ങളിലുള്ള സാമർത്ഥ്യം കണ്ടു തൃപ്തരായി മട്രിക്കുലേഷൻ ക്ലാസ്സിലേയ്ക്കു കയറ്റിവിടുകതന്നെ ചെയ്തു. 1059-ൽ മാതാവു മരിച്ചു. തത്സംബന്ധമായുള്ള സംവത്സരദീക്ഷയുടെ നിർവ്വഹണത്തിനുവേണ്ടി വിശാഖം തിരുനാൾ തന്റെ പുത്രൻ അരുമന ശ്രീനാരായണൻതമ്പിയോടൊന്നിച്ചു് എഫ്. ഏ. പരീക്ഷയ്ക്കു പ്രൈവറ്റായി പഠിക്കുവാൻ അദ്ദേഹത്തിനുംകൂടി അനുവാദം നല്കി. 1061-ൽ ആ പരീക്ഷയിൽ വിജയിയായി. അന്നത്തെ ഗുരുക്കന്മാരിൽ കെ. കുഞ്ഞുണ്ണിമേനോന്റെയും (പിന്നീട് ഡിസ്ത്രിക്ട് ജഡ്ജി) കെ. ചിദംബരവാധ്യാരുടേയും പേരുകൾ പ്രസ്താവയോഗ്യങ്ങളാണു്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുകൂടി വ്യാകരണത്തിൽ ഉൽഗ്രന്ഥങ്ങൾ മാതുലനോടും ജ്യോതിശ്ശാസ്ത്രത്തിൽ ഉപരിഭാഗങ്ങൾ കിളിമാനൂർ രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാനോടും നിപുണമായി അഭ്യസിക്കുകയും സംസ്കൃതകവിതാരചനയിൽ നിരന്തരമായി പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.

തുലാഭാരപ്രബന്ധം

1060-ാമാണ്ടു വിശാഖംതിരുനാൾ മഹാരാജാവിന്റെ തുലാഭാരമഹോത്സവം സമാഗതമായി. അനവധി പണ്ഡിതകവികളെക്കൊണ്ടു നിറഞ്ഞിരുന്ന തിരുവനന്തപുരത്തു് ആ മഹോത്സവം പല വിശിഷ്ടകൃതികളുടേയും ജനനത്തിന് അവസരം ഉണ്ടാക്കിയതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ. അവരുടെ കൂട്ടത്തിൽ കേവലം വിദ്യാർത്ഥിയായ കഥാനായകനും ‘ശ്രീവിശാഖതുലാഭാരപ്രബന്ധം’ എന്ന പേരിൽ ഒരു ചമ്പ രചിച്ചു് അടിയറവച്ചു. ആ ശുഭകർമ്മത്തിന്റെ അവസാനത്തിൽ മഹാരാജാവു വലിയകോയിത്തമ്പുരാൻ തടങ്ങിയ എല്ലാ കവികൾക്കും സമുചിതമായ പാരിതോഷികം നല്കി. കൊച്ചപ്പനെമാത്രം ക്ഷണിക്കുകയുണ്ടായില്ല. തന്റെ പ്രബന്ധം പൊട്ടയായിപ്പോയി എന്നും താൻ സഹൃദയധുരീണനായ മഹാരാജാവിന്റെ അപ്രീതിക്കു പാത്രീഭവിച്ചു എന്നും ആദ്ദേഹം തീർച്ചപ്പെടുത്തി വ്യസനാക്രാന്തനായിത്തീർന്നു. കുറേ ദിവസം കഴിഞ്ഞു ആ മഹാരാജാവു് അദ്ദേഹത്തെ ആളയച്ചു വരുത്തി താൻ അദ്ദേഹത്തിനു കൊടുക്കുവാൻ തയാറാക്കിവെച്ചിരുന്ന സമ്മാനം പ്രബന്ധത്തിന്റെ വൈശിഷ്ട്യം കണ്ടപ്പോളേ തീരെ അപര്യാപ്തമെന്നു തോന്നിയതിനാൽ സമുചിതമായ് ഒരു പാരിതോഷികം മദിരാശിയിൽനിന്നു വരുത്തുന്നതിനുണ്ടായ കാലദൈർഗ്ഘ്യമാണു് ആ വിളംബത്തിനു കാരണമെന്തെന്നു കല്പിച്ചുകൊണ്ടു വളരെ വിലപിടിച്ച ഒരു ജോഡി വൈരക്കല്ലുകടുക്കൻ സംഭാവനചെയ്തു. അതു തൃക്കയ്യിൽനിന്നു വാങ്ങിയപ്പോഴാണു കാര്യത്തിന്റെ ഉള്ളുകള്ളി മനസ്സിലായതു്. ആ കടുക്കൻ രണ്ടും അദ്ദേഹം ആജീവനാന്തം ശ്രവണാലങ്കാരമായി ധരിച്ചിരുന്നു.

ഉപരിപരീക്ഷകൾ–ദാമ്പത്യം

ബി.ഏ.-യ്ക്കു് ഐച്ഛികമായി സ്വീകരിച്ചിരുന്ന വിഷയം രസതന്ത്രമായിരുന്നു. 1064-ാമാണ്ടു് ആ വിഷയത്തിൽ മാത്രം കവിക്കു് ഉത്തീർണ്ണനാകുവാൻ സാധിച്ചില്ല. ആ പരാജയത്തെ അധികരിച്ചു നക്ഷത്രമാലാരൂപത്തിൽ ഭങ്ഗവിലാപം എന്ന പേരിൽ ഒരു ഖണ്ഡകാവ്യം അദ്ദേഹം രചിച്ചു. ഒടുവിലുള്ള മങ്ഗലപദ്യമുൾപ്പെടെ 28 ശ്ലോകങ്ങൾ അടങ്ങിയ ആ കൃതിയുടെ രസനിർഭരത അനിർവ്വചനീയമാണു്. വിദ്യാർത്ഥിജീവിതത്തോടു് അനുബദ്ധമാകയാൽ അതിൽനിന്നു ചില ശ്ലോകങ്ങൾ ഇവിടെത്തന്നെ പകർത്തിക്കാണിക്കാം.

 “വിജയോത്സവവൈജയന്തികാ
 നിഭമന്ദസ്മിതമീഷദുച്ഛ്രിതം
 അവലേപവിലേപസുന്ദരം
 മുഖമീക്ഷേ സഹപാഠിനാം കഥം?”  “നിയതിർജ്ജയതീഹ കേവലാ
 ജഗതി സ്ഥാവരജങ്ഗമാത്മകേ
 നിജസർവ്വപഥീനചേഷ്ടിതേ
 പ്രതിബന്ധം ന കദാപി വേദയാ.”  “ദ്വിഷതാം ഹൃദി മോദമീയുഷാ
 മപി ബന്ധുച്ഛലമേത്യ ശോചതാം
 അവഹേലവിഷോഷ്മളാ ഗിരോ
 വിഷഹേതാം ശ്രവസീ കഥം മമ?”  “സ്വയമാതപതാപശോഷിണീം
 മൃദു സംപോഷ്യ ശിരീഷവല്ലരീം
 കുസുമോദ്ഗമവാസരേ പുനഃ
 കധിയോപി ക്വ ലുനന്ത്യശങ്കിതം?”  “ചിരചോരിതചാരുദക്ഷിണ
 സ്തനകുംഭോ ദയിതാജനസ്യ മേ
 അയമദ്യ പരഞ്ച വാഞ്ഛതീ
 ത്യയി വൈരം മമ മാ കൃഥാ വിധേ!”

സംസ്കൃതത്തിലെന്നല്ല ഇതരഭാഷകളിൽപ്പോലുമുള്ള സമപരിമാണമായ ഏതു വിലാപകാവ്യത്തോടും കിടനില്ക്കുവാൻ വേണ്ട സ്വരൂപയോഗ്യത ഭങ്ഗവിലാപർത്തിനുണ്ടു്. ‘ചിരചോരിത’എന്ന ശ്ലോകത്തിൽനിന്നു കവി അക്കാലത്തു വീണവായനയും അഭ്യസിച്ചുകൊണ്ടിരുന്നു എന്നു കാണാവുന്നതാണു്. 1062-ൽത്തന്നെ തദ്വിഷയകമായ പരിശീലനം ആരംഭിച്ചതായി വീണാഷ്ടകം എന്ന കൃതിയിൽനിന്നു നാം അറിയുന്നു. ആ കൊല്ലത്തിൽത്തന്നെയാണു് അദ്ദേഹം മാതുലപുത്രിയും ഉദയവർമ്മതമ്പുരാന്റെ സഹോദരിയുമായ മാവേലിക്കര സ്വാതിതിരുനാൾ മഹാപ്രഭത്തമ്പുരാട്ടിയെ വിവാഹം ചെയ്തതു്. 1065-ൽ വീണ്ടും ബി. ഏ. പരീക്ഷയ്ക്കു ചേർന്നു ജയിക്കുകയും അതിനെത്തുടർന്ന് 1067-ൽ സംസ്കൃതം ഐച്ഛികമായി തിരഞ്ഞെടുത്തു “മേല്പത്തൂർ നാരായണഭട്ടതിരിയും അദ്ദേഹത്തിന്റെ കൃതികളും” എന്ന ശീർഷകത്തിൽ ഒരു പ്രൗഢോപന്യാസം സമർപ്പിച്ചു് എം. ഏ. പരീക്ഷയിൽ മദിരാശി പ്രവിശ്യയിൽ ഒന്നാമനായി ജയിക്കുകയും പരീക്ഷകനായ എം. ശേഷഗിരിശാസ്ത്രികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിക്കുകയും ചെയ്തു. മേല്പത്തൂർഭട്ടതിരി വലിയകോയിത്തമ്പുരാന്റെ നിത്യാരാധനയ്ക്കു പാത്രമായിരുന്നു എന്നു പ്രകൃതത്തിൽ സ്മരിക്കേണ്ടതുണ്ടു്. സ്വാതിത്തമ്പുരാട്ടി ഒരു സ്ത്രീസന്താനത്തെ 1065-ൽ പ്രസവിച്ചു. ആ കുമാരിയാണു ഭാഗീരഥി അമ്മത്തമ്പുരാട്ടി എന്ന പേരിൽ പിന്നീടു സാഹിത്യലോകത്തിൽ പ്രസിദ്ധയായി ഒരു സരസഗദ്യകർത്ത്രി എന്ന നിലയിൽ പിതാവിന്റെ പ്രത്യേകവാത്സല്യത്തെ ആർജജിച്ചതു്.

58.3ഏ. ആറും രാജകീയസംസ്കൃതപാഠശാലയും

1064-ാമാണ്ടു മേടമാസം 21-ാം൹ വലിയകോയിത്തമ്പുരാന്റെ ചിരപ്രയത്നത്തിന്റെ ഫലമായി തിരുവനന്തപുരം കോട്ടയ്ക്കുകത്തു വലിയകോയിക്കൽ മാളികയിൽ ഗവർമ്മെൻറ് ഇദംപ്രഥമമായി ഒരു സംസ്കൃതപാഠശാല സ്ഥാപിച്ചു. 1065 തുലാം 15-ാം൹ മുതൽ കഥാനായകൻ മാവേലിക്കര സ്പെഷ്യൽ സ്ക്കൂൾ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ആ കൊല്ലം കർക്കടകമാസം 29-ാം൹ അദ്ദേഹം സംസ്കൃതപാഠശാലയുടെ ഇൻസ്പെക്ടരായി. അതിനുള്ള വേതനം ആണ്ടിൽ 200 ഉറുപ്പികമാത്രമായിരുന്നു എങ്കിലും സംസ്കൃതഭാഷാപോഷണത്തിലുള്ള അത്യാസക്തിനിമിത്തം വലിയകോയിത്തമ്പുരാൻ ആ ഉദ്യോഗം സ്വീകരിക്കണമെന്ന് ഉപദേശിക്കുകയും ഏ. ആർ. ആ ഉപദേശത്തിനു വഴിപ്പെടുകയും ചെയ്തു. 1069-ൽ ആ വിദ്യാലയം ഒരു കാളേജായി വികസിച്ചപ്പോഴും അദ്ദേഹം അതിന്റെ പ്രിൻസിപ്പാൾ സ്ഥാനത്തിൽ ആരൂഢനായി. 1071-ൽ ആ കാളേജിന്റെ സമൂലപരിഷ്കൃതിക്കുതകുന്ന വിശദവും വിപുലവുമായ ഒരു നിർദ്ദേശപദ്ധതി ഗവർമ്മെന്റിലേയ്ക്കു് സമർപ്പിച്ചു. 1074-ൽ തിരുവനന്തപുരത്തെ ഗവർമ്മെന്റ് ആങ്ഗലേയമഹാപാഠശാലയിൽ നാട്ടുഭാഷാ സൂപ്രണ്ട് എന്ന ഉദ്യോഗത്തിൽ നിയമിക്കപ്പെട്ടു. 1087-ൽ സംസ്കൃത-ദ്രാവിഡഭാഷകളുടെ പ്രൊഫസർ എന്ന അഭികാമ്യമായ പദവിയിലേക്കുയർന്നു. മദിരാശി യൂണിവേഴ്സിറ്റിക്കും, തിരുവിതാംകൂർ ഗവർമ്മെന്റിനും, സർക്കാർ ആങ്ഗലേയമഹാപാഠശാല, സംസ്കൃതമഹാപാഠശാല, പാഠ്യപുസ്തകസമിതി, പബ്രിൿലൈബ്രറി, പബ്ലിൿ ലൿചർകമ്മിറ്റി മുതലായ സ്ഥാപനങ്ങൾക്കും കഥാനായകന്റെ നിശിതമായ ബുദ്ധിശക്തി, നിസ്തന്ദ്രമായ വ്യവസായസന്നദ്ധത ഇത്യാദി സിദ്ധികൾ നിമിത്തം അനുസ്യൂതമായി ലഭിച്ചുകൊണ്ടിരുന്ന സാഹായ്യയങ്ങളെപ്പറ്റിഇവിടെ പ്രപഞ്ചനം ചെയ്യുവാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല. ആ വക കാര്യങ്ങളിലെല്ലാം മാതുലന്റെഅനുഗ്രഹവും ഉപദേശവും അദ്ദേഹത്തിനു വേണ്ടവിധത്തിൽ ലഭിച്ചിരുന്നു. 1089-ാമാണ്ട കന്നിമാസത്തിൽ കാളേജുഡേ ആഘോഷത്തിൽ അദ്ദേഹം ചെയ്ത അധ്യക്ഷപ്രഭാഷണം വിദ്യാഭ്യാസവിഷയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹത്തെപ്രസ്പഷ്ടമാക്കുവാൻ പര്യാപ്തമായിരുന്നു. കറേക്കാലത്തേക്കു് ആങ്ഗലേയമഹാപാഠശാലയിൽ ആക്ടിംഗ് പ്രിൻസിപ്പൽജോലിയും നോക്കീട്ടുണ്ടു്. വലിയകോയിത്തമ്പുരാന് അത്രമാത്രം പ്രതിഭാശാലിയായ ഒരു ഭാഗിനേയനെ അന്തേവാസിയായി ലഭിക്കുക; അദ്ദേഹത്തെ സംസ്കൃതവ്യാകരണം അഭ്യസിപ്പിക്കുന്നതിനു് അനിദംപൂർവ്വമായ ഒരു സൗകര്യം ഉണ്ടാകുക; അവിടത്തെ അനുയായിയായും പ്രതിനിധിയായും അദ്ദേഹത്തിനു പല വിദ്യാസ്ഥാപനങ്ങളേയും അലങ്കരിക്കുന്നതിനുള്ളസാഹചര്യങ്ങൾ തുടരെത്തുടരെ വന്നുചേരുക; സാഹിത്യത്തിലെന്നതുപോലെ ശാസ്ത്രത്തിലും പൗരസ്ത്യവിദ്യയിലെന്നതുപോലെ പാശ്ചാത്യവിദ്യയിലും അദ്ദേഹം പാരങ്ഗതനായിത്തീരുക; അമ്മാവനു് അപരിചിതങ്ങളായ അനേകം മാർഗ്ഗങ്ങളിൽക്കൂടി മാതൃഭാഷയെ പോഷിപ്പിക്കുവാൻ അവിടത്തെ വ്യവസായപൂരകൻ എന്ന നിലയിൽ മരുമകൻ പരികരബന്ധനംചെയ്തു് ആ അഭിനന്ദനീയമായ പരിശ്രമത്തിൽ വിജയംനേടുക; ഓദ്യോഗികവൃത്തിയും പരിതഃസ്ഥിതിയും അതിനുസ്ർവ്വഥാ ആനുകൂല്യം നല്ക; ഈ ഭാവുകപരമ്പര കാകതാലീയന്യായേന സംഭവിച്ചതാണെന്നു ഞാൻ കരുതുന്നില്ല. കൈരളിയുടെ സർവ്വതോമുഖമായ സമുന്നമനത്തിനായി അവതരിച്ച രണ്ടു അതിമാനുഷന്മാരാണു് അവർ എന്നേ ഭാവനാകുശലന്മാർക്കു തോന്നുകയുള്ളു. 1093-ാമാണ്ടു മിഥുനമാസം 4-ാം൹ ആ സർവ്വതന്ത്രസ്വതന്ത്രൻ കേരളത്തെ ആകമാനം കദനസമുദ്രത്തിൽ നിമഗ്നമാക്കി പരഗതിയെ പ്രാപിച്ചു. സന്നിപാതജ്വരമായിരുന്നു മരണഹേതുകമായ രോഗം. അദ്ദേഹത്തിനു തിരുവനന്തപുരത്തു പാല്ക്കുളങ്ങരയിൽ അയ്മനമെന്നും മാവേലിക്കര ശാരദാലയമെന്നും രണ്ടു ഭവനങ്ങളുണ്ടായിരുന്നു. ശാരദാലയത്തിൽവച്ചായിരുന്നു സ്വർഗ്ഗതി.

58.4സംസ്കൃതകൃതികൾ

ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെവാങ്മയങ്ങളെ സംസ്കൃതമെന്നും ഭാഷയെന്നും അവയിൽത്തന്നെ സാഹിത്യമെന്നും. ശാസ്ത്രമെന്നും പദ്യമെന്നും ഗദ്യമെന്നും ആറു വകുപ്പുകളായി വിഭജിക്കേണ്ടതുണ്ടു്. സംസ്കൃതത്തിൽ അദ്ദേഹത്തിന്റെ ആദ്യകാലത്തെ ചില കൃതികൾ സങ്ഗ്രഹിച്ചു സാഹിത്യകുതൂഹലം എന്ന പേരിൽ ഒരു ചെറിയ പുസ്തകം തുറവൂർ നാരായണശാസ്ത്രികളുടെ ടിപ്പണിയോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മുമ്പു ഞാൻ വിവരിച്ച (1) ദേവീമങ്ഗലം (1055), (2) ഭങ്ഗവിലാപം (1064), (3) സരസ്വതീസ്തവം (10 65), ഇവ കൂടാതെ (4) വീണാഷ്ടകം (1062), (5) രാഗമുദ്രാസപ്തകം (1064), (6) വിമാനാഷ്ടകം (1066), (7) മേഘോപാലംഭം (1064), (8) ഹിന്ദുപദവ്യുൽപ്പത്തി (1065), (9) ചിത്രശ്ലോകങ്ങൾ, (10) പിതൃപ്രലാപം (1067), (11) ശ്രീപത്മനാഭപഞ്ചകം എന്നീ ലഘുകാവ്യങ്ങളും, (12) ഗൈർവ്വാണീവിജയം (1065) എന്ന ഏകാങ്കനാടകവും, (13) ദേവീദണ്ഡകം എന്ന ദണ്ഡകവും, (14) ഉദ്ദാലചരിതം എന്ന ഗദ്യഗ്രന്ഥവും അടങ്ങിയിരിക്കുന്നു. അവയ്ക്കു പുറമേ (15) ഋഗ്വേദകാരികയും, അനന്തരകാലങ്ങളിൽ (16) വിടവിഭാവരി എന്ന ഖണ്ഡകാവ്യവും (17) ആങ്ഗലസാമ്രാജ്യം എന്ന മഹാകാവ്യവും കൂടി അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. (18) ശ്രീവിശാഖതുലാഭാരപ്രബന്ധത്തെപ്പറ്റി മുൻപു സുചിപ്പിച്ചിട്ടുണ്ടല്ലോ. (19) ചിത്രനക്ഷത്രമാലിക എന്ന മറ്റൊരു പദ്യകൃതിയും അദ്ദേഹം നിബന്ധിച്ചതായി കാണുന്നു. ശാസ്ത്രസംബന്ധമായുള്ള ഗ്രന്ഥങ്ങളിൽ പ്രാധാന്യം വ്യാകരണത്തിനാണെങ്കിലും ജ്യോതിഷത്തിൽ അനേകം ഗംഭീരങ്ങളായ ഉപന്യാസങ്ങളും അദ്ദേഹം രചിച്ചിരിക്കുന്നു. (20) ലഘുപാണിനീയം, (21) ലഘുപാണിനീയം ഉത്തരകാണ്ഡം, (22) കരണപരിഷ്കരണവും പഞ്ചാങ്ഗശുദ്ധിപദ്ധതിയും എന്നീ മുന്നു കൃതികൾ ആ ഇനത്തിൽപ്പെടുന്നു. രസതന്ത്രതത്വങ്ങളെ അധികരിച്ചും മറ്റും വേറെ ഉപന്യാസങ്ങളും അദ്ദേഹത്തിന്റെതൂലികയിൽനിന്നു വിനിർഗ്ഗമിച്ചിട്ടുണ്ടു്.

സംസ്കൃതകവിതാരീതി

കോയിത്തമ്പുരാന്റെ സംസ്കൃതകവിത സർവ്വഗുണസമ്പന്നവും ഭിന്നരുചികളായ സഹൃദയന്മാരെയെല്ലാം ഒന്നുപോലെ ആനന്ദതുന്ദിലന്മാരാക്കുന്നതിനു പര്യാപ്തമാണു്. കേരളത്തിലെ അതിപ്രമുഖന്മാരായ സംസ്തതകവികളുടെ മധ്യത്തിൽ അദ്ദേഹത്തിനും അഭ്യർഹിതമായ ഒരു സ്ഥാനത്തിനവകാശമണ്ടു്. സമകാലികന്മാരായ സരസ്വതീ വല്ലഭന്മാരുടെ ഇടയിൽ അമ്മാവന്റെ മുന്നിൽ മാത്രമേഅദ്ദേഹം അല്പമൊന്നു് അവനതശീർഷനായി നില്ക്കേണ്ട ആവശ്യമുണ്ടായിരുന്നുള്ളു. കരുണരസപ്രസ്ഥാനത്തിൽ അദ്ദേഹത്തിനുള്ള വൈദഗ്ദ്ധ്യം അമാനുഷമായി പരിലസിക്കുന്നു. ശൃങ്ഗാരരസവർണ്ണനത്തിലും അദ്ദേഹം പ്രഗല്ഭൻതന്നെയാണു്.

സാഹിത്യകതൂഹലം

സരസ്വതീസ്തവത്തിൽ പ്രന്ത്രണ്ടു ശ്ലോകങ്ങളണ്ടു്. ശിഷ്യന്മാർക്കു ഭങ്ഗ്യന്തരപരിവർത്തനം പ്രദർശിപ്പിക്കുന്നതിനുവേണ്ടി ഒരേ ആശയം അതിൽ ശ്ലോകം തോറും വിഭിന്നപദങ്ങൾകൊണ്ട് ആവിഷ്കരിച്ചിരിക്കുന്നു. “മമ തിഷ്ഠതു ജിഹ്വാഗ്രേ” എന്നു് ആദ്യത്തെ ശ്ലോകവും “മമ ജിഹ്വാഗ്രമാതിഷ്ഠേൽ” എന്നു് രണ്ടാമത്തെ ശ്ലോകവും ആരംഭിക്കുന്നു. ഒരു ആശുകവിതയായ വീണാഷ്ടകത്തിൽ കവിയുടെ കവനപാടവം തികച്ചും പ്രതിഫലിക്കുന്നുണ്ടു്.

 “വീണേയമേണനയനാകുചകുംഭതുങ്ഗ
 കാഠിന്യസാക്ഷിസമവർത്തുളപൃഥ്വലാബൂഃ
 നൂനം തദീയഗളനാളസമുജജിഹാനാ
 ന്മഞ്ജുസ്വരാൽ സ്വരഗുണാനനഘാനധീതേ.”  “യോ യഃ കലാസു കുശലഃ കളനാദലോഭാ
 ദങ്കേ നിധായ കുരുതേ നഖലാളനാനി
 രാഗേണ തം തമുചിതേന വിമോഹയന്തീ
 വേശാങ്ഗനാവിലസിതം തനുതേ വിപഞ്ചീ”

ഇത്യാദി ശ്ലോകങ്ങളുടെ ഭങ്ഗി നോക്കുക. രാഗമുദ്രാസപ്തകം രഘുപതി ഭാഗവതർ മുതലായ ആസ്ഥാനഗായക പ്രമുഖന്മാരുടെ അപേക്ഷയനുസരിച്ചു വിവിധരാഗങ്ങളുടെ പേരുകൾ ഇടകലർത്തി രചിച്ചിട്ടുള്ള ഒരു സരസമായ ഈശ്വരസ്തോത്രമാകുന്നു. സ്പെൻസർ എന്ന ധ്വര മദിരാശിയിൽ ഒരു വിമാനത്തിൽ പറന്ന സംഭവത്തെ വർണ്ണിച്ചു് എഴുതിയതാണു് വിമാനാഷ്ടകം. അതിൽനിന്നു് ഒരു ശ്ശോകം ഉദ്ധരിക്കാം.

“മന്ദാന്ദോളിതസാന്ദ്രസൂത്രപടലീപക്ഷപ്രപഞ്ചഃ ക്ഷണം
സ്ഥിത്വാ സത്വരസംഭൃതോൽപ്ലു തിരസഃ ക്ഷിപ്രോജ്ഝിതോർവ്വീതലഃ
വിസ്മേരൈരനുധാവ്യമാനസരണിഃ കൃച്ഛ്രേണ ലോകേക്ഷണൈഃ
പക്ഷീ സോയമനണ്ഡജസ്ത്രുടിലവൈരാകാശമാക്രാമതി.”

ഹിന്ദുശബ്ദം സംസ്കൃതത്തിലുള്ളതല്ലെന്നു സ്ഥാപിക്കുകയാണു് ഹിന്ദുവ്യുൽപത്തിയിൽ നിരുക്തപചണ്ഡിതനായ കവി ചെയ്യുന്നതു്. അദ്ദേഹം പറയുന്നു:

“ഭാഷാ സർവ്വാപി ഗൃഹ്ണാതി ശബ്ദാൻ ഭാഷാന്തരസ്ഥിതാൻ
സരിദ്ഭ്യോ നീരമാദത്തേ സംപൂർണ്ണോപ്യംഭസാം നിധിഃ.” “അപ്രയുക്തചരം പൂർവൈരാസ്മാകഗ്രന്ഥകർത്തൃഭിഃ
പ്രയുജ്യതേ ച ബഹുശഃ പാരസീകൈരിദം പദം. പാശ്ചാത്യപണ്ഡിതോന്നീതരീത്യാ ഹിന്ദുപദം തതഃ
പാരസീകജനോപജ്ഞം ഭവേദേവേതി മന്മതം.”

അതു “ബ്രഹ്മവിദ്യാ” എന്ന പത്രഗ്രന്ഥത്തിന്റെ പ്രവർത്തകനായിരുന്ന ശ്രീനിവാസശാസ്ത്രികളുടെ അനുജനും മഹാകവിയുമായ ഭട്ടശ്രീനാരായണശാസ്ത്രികളുടെ ജിജ്ഞാസ ശമിപ്പിക്കുന്നതിന് എഴുതിയ ഒരു ലേഖനമാണു്. പിതൃപ്രലാപം ഏറ്റവും മഹനീയമായ ഒരു കാവ്യരത്നമാണു്. ആകെ ഇരുപത്തിമൂന്നു ശ്ലോകങ്ങളേ ഉള്ളുവെങ്കിലും അവയിൽ ഓരോന്നിന്റേയും ഹൃദയദ്രവീകരണചണത അന്യാദൃശമായിരിക്കുന്നു. 1067-ൽ ജനിച്ചു മുന്നു നാലു ദിവസത്തിനകം മരിച്ചുപോയ സ്വപുത്രിയെപ്പറ്റിയുള്ള അനുശോചനമാണു് വിഷയം. ആദ്യത്തെ പന്ത്രണ്ടു ശ്ലോകങ്ങൾ പിതൃവചനമായും, അടുത്ത പത്തു ശ്ലോകങ്ങൾ മാതൃവചനമായും ഒടുവിലത്തേതു് ഉഭയവചനമായും ഗ്രഥിച്ചിരിക്കുന്നു. ആ കൃതിയുടെ സ്വാരസ്യം പരിപൂർണ്ണമായി ആസ്വദിക്കണമെങ്കിൽ അതു സമഗ്രമായിത്തന്നെ പാരായണം ചെയ്യണം. മാതൃകയായി ചില ശ്ലോകങ്ങൾ പകർത്താം.

 “തവ കഷ്ടമരിഷ്ടശയ്യയാ
 ദയിതേ! ധൂസരശൂന്യപൃഷ്ഠയാ
 ചമരാങ്ഗനയേവ വിദ്യതേ
 നിയതം ചോരിതചാരുബാലയാ.”  “അയി ഹാ! ദുഹിതസ്ത്വരാവതാ
 കുത ഏവ പ്രഹിതാസി വേധസാ?
 ത്രിദിവം കരജാനുചംക്രമേ
 പ്യപടുസ്ത്വം കഥമാരുരുക്ഷസി?”
(പിതൃവചനം)
 “ഉര ഇവ ഹൃതകൗസ്തഭം മുരാരേഃ
 കര ഇവ നഷ്ടകമണ്ഡലുർവിധാതുഃ
 ശിര ഇവ മുഷിതേന്ദു ചന്ദ്രമൗലേഃ
 ശയനമിദം മമ ഹാ! ക്ഷണേന ജാതം.”  “ഗണയതി ഗണകസ്സുദീർഘമായുർ-
 ഗ്ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
 വനതൃണരസമേളനൈശ്ച വൈദ്യോ
 ഹരതി വിധിർമ്മിഷതാമഥോഭയേഷാം.”
(മാതൃവചനം)

ദേവീദണ്ഡകം കുമാരനല്ലൂർക്കാരൻ പുനംനമ്പുരിയുടെ പ്രാർത്ഥനയനുസരിച്ചു രചിച്ച ഒരു കാത്യായനീസ്തോത്രമാണു്.

ഗൈർവാണീവിജയം

ഗൈർവാണീവിജയം പ്രത്യേകമായ പരിഗണനയെ അർഹിക്കുന്നു. വിജ്ഞാനചിന്താമണിപത്രിക ആദ്യമായി ആരംഭിച്ചതു വെള്ളാനശ്ശേരി വാസുണ്ണിമൂസ്സതായിരുന്നുവെന്നും രണ്ടു വർഷം തികയുന്നതിനുമുമ്പു് അതു സാരസ്വതോദ്യോതിനീസഭയിൽനിന്നു പ്രചരിപ്പിക്കുന്നതിനായി ആ സഭയുടെ കാര്യദർശി ഭരതപ്പിഷാരോടിക്കു വിട്ടുകൊടുത്തു എന്നും നാലാമത്തെ വർഷത്തിൽ ആ പത്രിക അദ്ദേഹത്തിനു തുടർന്നു നടത്തുവാനുള്ള പ്രയാസം കണ്ടു പുന്നശ്ശേരിനമ്പിതന്നെ ഏറ്റെടുത്തു പ്രസിദ്ധീകരിച്ചുതുടങ്ങി എന്നും മറ്റൊരു ഘട്ടത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. നമ്പിയുടെ ആവശ്യമനുസരിച്ചു് അഞ്ചാറു ദിവസംകൊണ്ടു കോയിത്തമ്പുരാൻ 1064-ൽ രചിച്ചതാണു് ആ ഏകാങ്കനാടകം. 1064-ൽത്തന്നെ തിരുവനന്തപുരത്തു സംസ്കൃതപാഠശാല സ്ഥാപിതമായിക്കഴിഞ്ഞിരുന്നതിനാൽ ആ സംഭവവും അതിൽ സൂചിപ്പിച്ചിട്ടുണ്ടു്. ഗൈർവാണിയും ഹൗണിയും തമ്മിലുള്ള ആദർശഭിന്നതയും ഹൗണിക്കു ഗൈർവാണിയെ കീഴടക്കുന്നതിനുള്ള അത്യൗത്സുക്യവുമാണു് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നതു്. ഭാരതീദേവി സ്വപുത്രിയായ ഗൈർവ്വാണിയുടെ ആധുനികാവസ്ഥയെപ്പറ്റി താഴെക്കാണുന്ന വിധത്തിൽ പ്രലപിക്കുന്നു.

 “ശാലാസു ശോഭനതരാസു ചിരം ചരന്തീ
 ഭദ്രാസനേ പരമശേത പുരാ ചിരം യാ
 സൈഷാ കഥം തമസി ഹന്ത! മലീമസേഷു
 താളീദലേഷ ഘുണദംശസഹാസ്ത വത്സാ?”

ഗൈർവാണി ഹൗണിയെ ഇങ്ങനെ ദുഷിക്കുന്നു:

 “കഥയതി മദമൂഢാ ശ്ലേഷമൂലാൻ മമാല
 ങ്കൃതിവിവിധവിശേഷാനാരകൂടോപകപ്താൻ
 അനിശമതിശയോക്തിം ദേവ! മേ കണ്ഠസൂത്രം
 പരിഹസതി ഹതാശാ കാചമാലേതി ചോച്ചൈഃ”

ചുവടേ ചേർക്കുന്ന ശ്ലോകത്തിൽ ആങ്ഗലേയഭാഷയിലെ അക്ഷരമാലയുടെ ന്യൂനതകൾ സരസമായി വർണ്ണിച്ചിരിക്കുന്നു.

ഗൈർവാണി ഹൗണിയെ അപവദിക്കുകയാണു്.

“ബാലാനാം ഭീഷകോയം, ദിശി ദിശി വിശദവ്യാപ്ത്യതിവ്യാപ്തിദോഷൈർ
വ്വർണ്ണാഭാസൈഃ പ്രകീർണ്ണസ്സഹജനിജരുചിച്ഛാദകസ്സ്വാംഗകാനാം
സർവാങ്ഗീണസ്സുജീർണ്ണഃ ക്വചന ഭൃശമപര്യാപ്തിമാൻ ഹ്രസ്വഭാവാ
ല്ലംബശ്ചാന്യത്ര ദൈർഘ്യാജ്ജയതി യുവമനോവഞ്ചകഃ കഞ്ചുകസ്തേ.”

അതോടുകൂടി ആങ്ഗലേയഭാഷയ്ക്കുള്ള ഗുണാംശങ്ങളെന്തെന്നും കവി നമ്മെ ഗ്രഹിപ്പിക്കുന്നുണ്ട്.

“വക്തവ്യാംശം സ്പൃശതി നിഖിലം പ്രസ്തൃതാന്ന പ്രമാദ്യ
ത്യുച്ചൈഃ പ്രൗഢിം പ്രഥയതി പദാഡംബരം നാപ്നുതേ തു
സ്പഷ്ടാർത്ഥത്വം ഭജതി കുരുതേ നൈവ കിഞ്ചിൽ പ്രപഞ്ചം
കിഞ്ചൌദ്ധത്യം വഹതി വിനയം നോ പുനർന്യക്കരോതി.”

ഒടുവിൽ ബ്രഹ്മാവു് ആ രണ്ടു സഹോദരിമാരും തമ്മിലുള്ള കലഹം ശമിപ്പിക്കുവാൻ അധോലിഖിതമായ ഉപദേശം നല്കുന്നു.

“കനീയസ്യാമസ്യാം സ്വസരി ഭരമാരോപ്യ നിഖിലം
വിനീതായാം സ്വൈരം വിഹര രമമാണാ സ്വരമണൈഃ
ഇയഞ്ച ജ്യായസ്യാസ്തവ കുശലസമ്പാദനപരാ
സദാ വത്സ്യത്യുച്ചൈർവിനയബഹുമാനാദരഭരാ.”

ശ്രീപത്മനാഭപഞ്ചകം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലിസ്വാമിയാരുടെ അഭ്യർത്ഥന അംഗീകരിച്ചു രചിച്ച ഒരു വിഷ്ണുപാദാദി കേശാന്തവർണ്ണനമാണു്. ആ ശ്ലോകങ്ങളിലെ ശബ്ദമാധുര്യം അത്ഭുതാവഹമായിരിക്കുന്നു.

 “കൌമോദകീകമലകാർമ്മുകകംബുചുംബി
 പാണിം പയോധിതനയാപരിഗൂഢകണ്ഠം
 കർണ്ണസ്ഫുരന്മകരകുണ്ഡലകമ്രഗണ്ഡം
 കാരുണ്യമന്ദഹസിതോച്ഛ ്വസിതാധരോഷ്ഠം.”

എന്നിത്തരത്തിലുള്ള അവയുടെ ശൈലി അമ്മാവന്റെ കവിതാരീതിയെ ബഹുദൂരം അനുഗമിക്കുന്നുണ്ടു്.

ഋഗ്വേദകാരിക

കുറേക്കാലം പുതുക്കോട്ടയിൽനിന്നു പ്രചരിച്ചിരുന്ന സംസ്കൃതമാസികയുടെ പ്രവർത്തകന്മാർ ആവശ്യപ്പെടുകയാൽ കവി ഋഗ്വേദസൂക്തങ്ങളെ അനുഷ്ടുപ്പുവൃത്തത്തിൽ പരാവർത്തനം ചെയ്തുതുടങ്ങി. ആ കൃതിയിൽ പ്രഥമമണ്ഡലത്തിലെ പ്രഥമാനുവാകമേ ഞാൻ കണ്ടിട്ടുള്ള. അതിനുമേൽ പ്രസ്തുതകൃതി പുരോഗമിച്ചതായി അറിവില്ല.

“യോയമൃത്വിൿ ച ഹോതാ ച ദേവതാ ച പുരോഹിതഃ
യജ്ഞസ്യ തം ദേവമഗ്നിമീഡേ രത്നൗഘപോഷകം.
യഥാ പ്രാചീനഋഷിഭിസ്തഥൈവാദ്യതനൈരപി
ഈഡനീയസ്തദൈവാഗ്നിസ്സദേവാ നവഹിത്വിഹ”

എന്നിങ്ങനെ അത്യന്തം ലളിതമായ രീതിയിലാണു് അതിന്റെ രചന.

വിടവിഭാവരി

ഏ. ആറിന്റെ സംസ്കൃതകാവ്യങ്ങളിൽവെച്ചു് എന്നെ സവിശേഷം ആനന്ദിപ്പിച്ചിട്ടുള്ള ഒരു കൃതിയാണ് വിടവിഭാവരി. രാധാമാധവന്മാരുടെ സമാഗമത്തെ ഓരോ യാമത്തിനു് ഓരോ സർഗ്ഗം എന്ന കണക്കിൽ നാലുസർഗ്ഗങ്ങളിലായി വണ്ണിക്കുന്ന ആ ശൃംഗാരകാവ്യത്തിനു മാവേലിക്കര ഉദയവർമ്മതമ്പുരാൻ ബി.എ. ചന്ദ്രിക എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ആ വ്യാഖ്യാനം കവി തന്നെ പരിശോധിച്ചിരിക്കാൻ ഇടയുള്ളതായിത്തോന്നുന്നു. വ്യാകരണം, കോശം തുടങ്ങിയ ഗ്രന്ഥസമുച്ചയങ്ങളിൽ അദ്ദേഹത്തിനുള്ള അപാരമായ വിജ്ഞാനം പ്രസ്തുതകാവ്യത്തിൽ അങ്ങിങ്ങു സ്പഷ്ടമാക്കീട്ടുണ്ടെങ്കിലും മധുരകോമളകാന്തപദാവലി കൊണ്ടുതന്നെയാണു് അതു് ആദ്യന്തം ഘടിതമായിരിക്കുന്നതു്. ചില ശ്ലോകങ്ങൾ നോക്കുക.

 “അസ്തശൈലശിഖരാഗ്രമണ്ഡനം
 മണ്ഡലം വഹതി ചണ്ഡരോചിഷഃ
 പാശപാണിപുരഗോപരസ്ഫുര
 ച്ഛാതകുംഭമയകുംഭവിഭ്രമം.  മാനിനീഹൃദയമാനഭേദനോ
 മാമകേഷ്വചദയമാനമാനസഃ
 വാതി ഗന്ധവഹ ഏഷ മന്ഥരം
 ജാതിഗന്ധവഹനശ്രമാലസഃ  സാമിസംകുചിതപദ്മലോചനാ
 ഹീയമാനകളഹംസകസ്വനാ
 ഉന്മഖീ സ്വപിതി പദ്മിനീ ശനൈഃ
 കാമിനീവ സുരതക്ലമാലസാ.”  “സീമലംഘനവിശൃംഖലോച്ചല
 ന്മീനലാഞ്ഛനരസൗഘപൂരിതാ
 കിം കരിഷ്യതി ധുനീ ച കാമിനീ
 സ്വപ്രിയാഭിസരണോദ്യമാദൃതേ?”
(പ്രഥമസർഗ്ഗം)
“ആശ്ലിഷ്യാശ്ലിഷ്യ ഗാത്രം പുളകിതമസകൃദ് ഗാഢയൻ ബാഹുബന്ധാ
നാചുംബ്യാചുംബ്യ വക്ത്രം മുഹുരധരസുധാപൂരപാഥേയഹാരീ
ആപൃച്ഛ ്യാപൃച്ഛ ്യ ഭൂയഃ പ്രണയമസൃണിതൈർ ഗ്ഗദ്ഗദൈരശ്രു വർഷൻ
മന്ദം മന്ദം മൃഗാക്ഷീം ഹരിരകൃത സഖീഹസ്തനിക്ഷേപമേവ.”
(ചതുർത്ഥസർഗ്ഗം)

ഒടുവിൽ ഇങ്ങനെ ഒരു പ്രാർത്ഥനയുണ്ടു്.

 “സർവ്വജ്ഞചൂഡാമണിലാള ്യയമാനാ
 സുര്യാദരാലോകസുഖപ്രതീക്ഷാ
 വിലാസിമോദായ വിഭാവരീയം
 ജീയാച്ചിരം ദുരവിഭാതശോഭാ.”
ആംഗലസാമ്രാജ്യം

ആംഗലസാമ്രാജ്യം 23 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാകാവ്യമാകുന്നു. കൊല്ലവർഷം 1072-ൽ വിക്ടോറിയാ ചക്രവത്തിനിയുടെ വജ്രജുബിലി മഹോത്സവം സമാഗതമായപ്പോൾ കോയിത്തമ്പുരാനു ബ്രിട്ടീഷുകാരുടെ ഭാരതീയഭരണത്തെ അധികരിച്ചു് ഒരു മഹാകാവ്യം രചിക്കണമെന്നു് ആഗ്രഹമുണ്ടായി. ജൂബിലിക്കു് ഏകദേശം മുന്നാഴ്ചയ്ക്കു മുൻപു് ആ ഗ്രന്ഥം ആരംഭിക്കുകയും രണ്ടു കൊല്ലവും ഏതാനും ദിവസവും കൊണ്ടു് അവസാനിപ്പിക്കുകയും ചെയ്തു. 1076-ൽ റ്റി. ഗണപതിശാസ്ത്രികളുടെ ടിപ്പണിയോടുകൂടി പ്രസിദ്ധീകരിച്ചു. ലണ്ടൻ നഗരത്തിന്റെ വിസ്തൃതമായ വണ്ണനത്തോടുകൂടിയാണു് കാവ്യം തുടങ്ങുന്നതു്. വിക്ടോറിയ ചക്രവത്തിനീപദം സ്വീകരിച്ചു ഭാവിഭാരത ഭരണപരിപാടി ഒരു വിളംബരംമൂലം പ്രഖ്യാപനം ചെയ്യുന്നതുവരെയുള്ള വൃത്താത്തങ്ങൾ 22-ാം സർഗ്ഗം സമാപ്തമാകുന്നതുവരെയുള്ള ഭാഗത്തിലും അതിനുശേഷം വജ്രജുബിലിമഹോത്സവത്തിന്റെ ആഘോഷങ്ങൾ വരെയുള്ള സംഭവങ്ങൾ ചുരുക്കി ഒടുവിലത്തെ സർഗ്ഗത്തിലും പ്രതിപാദിച്ചിരിക്കുന്നു. രണ്ടാം സർഗ്ഗത്തിൽ ഹിന്ദു-മുഹമ്മദീയഭരണ കാലങ്ങളിലെ ചരിത്രം സംഗ്രഹിച്ചിട്ടുണ്ട്. പതിനൊന്നാം സർഗ്ഗത്തിൽ ടിപ്പുസുൽത്താന്റെ കേരളാക്രമണം സവിസ്തരമായി വണ്ണിച്ചിരിക്കുന്നു. അതു സ്വദേശാഭിമാനത്താൽ പ്രേരിതനായ കവിയുടെ കർത്തവ്യമാണല്ലോ. ഇരുപതാം സർഗ്ഗം യമകാലംകൃതമായി കാണുന്നു. “അന്നത്തെ ഇൻഡ്യാചരിത്രത്തിൽ ചില അവാസ്തവപ്രസ്താവനകളുള്ളതായി” ഭാരതീയചരിത്രകാരന്മാർ ഇപ്പോൾ കണ്ടുപിടിച്ചിട്ടുള്ളതു കവിയുടെ വാങ്മയത്തിനു് ഒരു ദോഷമായി ഭാവുകന്മാർ ആരും കരുതുന്നതല്ല. എല്ലാംകൊണ്ടും ഏറ്റവും മോഹനമായിട്ടുള്ള ഈ കൃതിയിൽനിന്നു ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.

 “യത്രാഗ്നിയാനാനി സുരുംഗികാഭിർ
 വ്വീഥീഷ്വധസ്താല്ലഘു പര്യടന്തി,
 ഗൃഹപ്രണാളോദരഖേലദാഖു
 വിചേഷ്ടിതാനീവ വിഡംബയന്തി.  ധുമം വമന്തശ്ശിഖിനം ഗിലന്തോ
 വേതാളവീരാ ഇവ യന്ത്രരാജാഃ
 ശില്പാനി യത്രാദ്ഭൂതദുഷ്കരാണി
 നിഷ്പാദയന്തി ശ്രമമന്തരേണ.”
(ലണ്ടൻനഗരം പ്രഥമസർഗ്ഗം)

 “സാംയാത്രികാസ്തേഥ മഹാസമുദ്രാൻ
 ദിങ്മൂലകൂലങ്കഷവാരിമുദ്രാൻ
 ഝാങ്കാരിഝംഝാനിലനൃത്യരംഗാൻ
 ദുർദ്ദാന്തജന്തുവ്രജന്തുരാംഗാൻ
 ക്വചിന്നിലീനൈഃ പുളിനൈർദ്ദുരാപാൻ
 ക്വചിദ്ഗഭീരോദരമേദുരാപാൻ
 ക്വചിൽ കുഹേളീകൃതകായമാനാൻ
 ക്വചിൽ പ്രചണ്ഡാതപപീയമാനാൻ
 കുത്രാപി മധ്യേംബരരന്ധ്രബദ്ധ
 ത്വംഗത്തരംഗാചലതുംഗശൃംഗാൻ
 അന്യത്ര വൃത്തഭൂമദംബുപിണ്ഡ
 പ്രവർത്തി താവർത്തവിചിത്രഗർത്താൻ
 ഇതസ്തതോ നൗചരചൗവീരൈ
 ശ്ചഞ്ചൂര്യമാണൈശ്ചിരരുദ്ധമാർഗ്ഗാൻ
 നാനാവിധദ്വീപനിവേശചിത്രാ
 നുത്തേരുരുദ്വീക്ഷികയേക്ഷമാണാഃ.”
(മഹാസമദ്രങ്ങൾ-പ്രഥമസർഗ്ഗം)

 “ഗുളികാവിസരസ്സ സാരശൂന്യോ
 പ്യലമുത്ത്രാസയതി സ്മ ശത്രുസൈന്യം
 ഗജയൂഥമീവാശ്മഖണ്ഡഷണ്ഡോ
 വിപിനേ വ്യാധകുമാരഹസ്തമുക്തഃ
 “xxxxxx പടീകടീരമാരാ
 xxxxxxxxx സാലാൽ
 ഹതശൃംഗ ഇവ ശ്വസൻ മഹോക്ഷോ
 വ്രജവാടം കൃഷകന്യകാളമീനാൽ.”
(ടിപ്പുവിന്റെ പലായനം-ഏകാദശസർഗ്ഗം)

 “ക്രിസ്തോർമ്മതേ ബഹുമതേ ദൃഢഭാവബന്ധാ
 പ്യന്യൽ സമാദ്രിയത ഏവ മതം മതിർന്നഃ
 വാചംയമാ വയമഗർഹ്യജുഷാം പ്രജാനാ
 മാചാരപദ്ധതിഷു കേവലവൈദികീഷു.
 അത്ര പ്രജാകശലമേവ ഭവേദ്ബലം ന
 സ്തൽപ്രീതിരേവ ഖലു ഗുപ്തിരഥാസ്മദീയാ
 താസാം കൃതജ്ഞമനസാമനുരാഗ ഏവ
 സർവ്വോത്തരം പ്രതിഫലഞ്ച ഭവത്യഥോ നഃ.”
(ഭാരതചക്രവർത്തിനിയുടെ വിളംബരം)
തുലാഭാരപ്രബന്ധം

1060-ൽ രചിച്ച തുലാഭാരപ്രബന്ധത്തെപ്പറ്റി മുൻപു സൂചിപ്പിച്ചുവല്ലോ. വലിയകോയിത്തമ്പുരാന്റെ തുലാഭാരശതകത്തിൽ പദ്യങ്ങൾ മാത്രമേ ചേത്തിട്ടുള്ള. രാജരാജവർമ്മ കോയിത്തമ്പുരാന്റെ കൃതിയും ഒരു ശതകം തന്നെ. എന്നാൽ ആ ശതകത്തിൽ ഗദ്യങ്ങൾകൂടി ഉൾപ്പെടുന്നു. വലിയകോയിത്തമ്പുരാന്റെ ശതകത്തിനുള്ള ഗുണം പ്രസ്തുതകൃതിക്കില്ലെങ്കിലും അതിലും പല വൈചിത്ര്യങ്ങൾ കവി പ്രദർശിപ്പിച്ചിരിക്കുന്നു.

“ലക്ഷ്മീം ക്ഷ്മാമപി സദ്ഗുണൈകജലധാവാധായ യസ്മിൻ ജഗ
ദ്രക്ഷാദക്ഷഭുജേ ഭുജംഗമശയോ വിശ്രാമ്യതി ശ്രീപതിഃ
സോയം വഞ്ചിവസുന്ധരേശ്വരകലാലങ്കാരമുക്താമണിർ
വ്വിദ്യാസാരനിധിർവ്വിശാഖവസുധാജാനിർവ്വിജേജീയതേ”

എന്നതാണു് പ്രഥമശ്ലോകം.

“താദൃൿപ്രൗഢമനഃ പ്രമോദജനകേപ്യസ്മിൻ മഹത്യുത്സവേ
സർവ്വൈരേവ ജനൈശ്ചിരായ വിധിവൽ സന്ധാര്യതേ കൗതുകം
ഇത്യാലോച്യ സ വഞ്ചിരാഡപി തദാ ദേധേ സ്വയം കൌതുകം
ലോകാനാമനുവർത്തനം ഹി മഹതാമേതാദൃശാനാം വ്രതം.”
 “ചിത്രം തദാനീമവതീശ്വരസ്യ
 വിശ്വംഭരാഭാരധുരന്ധർസ്യ
 സാമ്യം ഹ്യനിച്ഛൻ കനകവ്രജോഭൂ
 ന്നമ്രഃ പ്രകാമം ദൂഢയാ ഹ്രിയേവ.”
 “ഗുണവൃദ്ധിവിധിര്യസ്മിന്നത്ഭുതം വ്യഞ്ജനേഷ്വശ്രുൻ
 യദ്വാ വ്യാകരണജ്ഞാനം കേവലം പാചകേ കഥം?”

ഇവ മറ്റു ചില ശ്ലോകങ്ങളാണു്. “അയം ഖലു നിഖിലജനസംഭാവനീയജംഭാരിതുല്യമഹിതാനുഭാവവിലാസഃ കലാസമഗ്രശരദിന്ദുസരന്ദര്യനിന്ദാവിധായിനിജയശഃ പ്രകാശവിശദീതലോകത്രയീവിലോകനസമുപജാതകലശാംബുരാശി ശങ്കാകുലകലിതനിദ്രകമലനാഭമുദ്രിതനിജനഗരോപകണ്ഠഃ കണ്ഠകദളീകാണ്ഡഖണ്ഡനാത്യാഹിതാതിദ്രുതാദ്രുതപ്രചുരതിമിരഗാഢോപഗൂഢതരമഹാടവീഗതവിടപി കോടരകുടീരനിലീനരിപുജനപടലീവിഫലീകൃത സംഗ്രാമയാത്രാപ്രസംഗഃ” ഇത്യാദി ഗദ്യവും സഹൃദയാഹ്ലാദകമായിട്ടുണ്ടു്. ശിഷ്യൻ 94 വരെയുള്ള ഗദ്യപദ്യങ്ങൾ രചിച്ചു കൃതി പൂർണ്ണമാക്കിയപ്പോൾ ആറു ശ്ലോകങ്ങൾ കൂടി ഒടുവിൽ എഴുതിച്ചേർത്തു ഗുരുനാഥൻ അതു മഹാരാവിനു സമർപ്പിക്കയാണു് ചെയ്തതു്.

ചിത്രനക്ഷത്രമാല

ചിത്രനക്ഷത്രമാല മുഴുവൻ ചിത്രശ്ലോകങ്ങളെക്കൊണ്ടു ഗ്രഥിച്ചിരിക്കുന്നതായാണു് കേട്ടിട്ടുള്ളതു്. ഇപ്പോൾ അതു സമഗ്രമായി കണ്ടുകിട്ടുന്നില്ല. രണ്ടു ശ്ശോകങ്ങുൾ പകർത്തുന്നു.

“രമാദാസസദാമാര മാവസാര രസാവമാ
ദാസാവസാസാവസാദാ സരസാനനസാരസ”
(സർവ്വതോഭദ്രം)

“ഭാസതേനവമാതീവ രസാഭാസപിനാകിനാ
നാകിനാപിസഭാസാരവതീമാവനതേ സഭാ”
(അനുലോമപ്രതിലോമസമം)
ഉദ്ദാലചരിതം

ഉദ്ദാലചരിതം ഷേൿസ്പീയർ മഹാകവിയുടെ ഒഥെല്ലോ എന്ന നാടകത്തിലെ കഥാവസ്തു സംക്ഷേപിച്ചെഴുതിയ ഒരു ചെറിയ ഗദ്യഗ്രന്ഥമാണു്. താണ ക്ലാസ്സുകളിലെ സംസ്കൃതവിദ്യാർത്ഥികൾക്കു പാഠ്യപുസ്തകമാക്കുവാൻ തക്കവിധം അത്രമാത്രം ലളിതമായ രീതിയിലാണു് അതു് നിർമ്മിച്ചിരിക്കുന്നതു്. “അസ്തി വിനിശാ നാമ വിശ്രുതവിഭവാ നഗരീ. തത്ര രാജകീയ മന്ത്രസഭാസാമാജികസ്യ വ്രജബന്ധോരാസീദ് ദോഷദമനാ നാമ കുമാരീ; യസ്യാഃ കിലാന്യാദൃശീ ലാവണ്യലക്ഷ്മീരതിവിപുലാ വിഭവസമൃദ്ധിശ്ചാനേകേഷാം കുലീനാനാം പ്രഭുകുമാരാണാം മനാംസ്യഹരത” എന്നിങ്ങനെ ആ കൃതി ആരംഭിക്കുന്നു. സംസ്കൃതഭാഷയ്ക്കു യോജിക്കത്തക്കവണ്ണം ഒഥെല്ലോയെ ഉദ്ദാലനായും കാഷ്യോയെ കാശികനായും എമിലിയായെ അമീലിതയായും ഡെസ്ഡിമോണയെ ദോഷദമനയായും ഇയാഗോയെ അയാഗനായും ബ്രബൻഷ്യോയെ വ്രജബന്ധുവായും വെനീസ്സിനെ വിനിശയായും മറ്റും രൂപാന്തരപ്പെടുത്തിയിരിക്കുന്നു.

ലഘുപാണിനീയം

സംസ്കൃതമഹാപാഠശാലയിലെ പ്രിൻസിപ്പലും സംസ്കൃതഭാഷാപരീക്ഷകനുമായിരുന്നു് വിദ്യാർത്ഥികൾക്ക് സംസ്കൃതവ്യാകരണം പഠിക്കുന്ന വിഷയത്തിൽ നേരിടുന്ന ക്ലേശങ്ങൾ കോയിത്തമ്പുരാൻ നല്ലപോലെ ഗ്രഹിച്ചു. “വൃത്തൗ ചാരുന രൂപസിദ്ധിഘടനാ” എന്നും മറ്റും പ്രക്രിയാസർവ്വസ്വത്തിന്റെ ഉപക്രമത്തിൽ ഭട്ടതിരിതന്നെ ആ ക്ലേശങ്ങളെപ്പറ്റി അനുശോചിച്ചിട്ടുണ്ടല്ലോ. കാശികാദി ഗ്രന്ഥങ്ങളിലെ പാണിനീയസൂത്രക്രമമനുസരിച്ചുള്ള വ്യാഖ്യാനരീതിയും രൂപാവതാരകൗമുദ്യാദിഗ്രന്ഥങ്ങളിലെ രൂപസിദ്ധ്യർത്ഥമുള്ള പൗർവ്വാപര്യവ്യതിക്രമസമ്പ്രദായവും കഴിയുന്നേടത്തോളം വർജ്ജിച്ചു സമ്മിശ്രമായ ഒരു മാർഗ്ഗം കണ്ടുപിടിച്ചു് അതിൽക്കൂടി സഞ്ചരിക്കുകയാണു് ആചാര്യൻ ലഘുപാണിനീയത്തിൽ ചെയ്തിട്ടുള്ളതു്.

“വ്യാകരണദുർഗ്ഗമാർഗ്ഗേഷ്വപ്രഢാൻ ബാലകാൻ പ്രചാരയിതും
ലഘുപാണിനീയമേതൽ പ്രണീയതേ രാജരാജേന”

എന്നു് അദ്ദേഹം ഗ്രന്ഥാരംഭത്തിൽ പ്രതിജ്ഞചെയ്യുന്നു. അന്യർക്കു സാഹസികമായി തോന്നാവുന്ന ഈ സമുദ്യമം പൗരസ്ത്യവും പാശ്ചാത്യവുമായ ശബ്ദശാസ്ത്രപദ്ധതികളിൽ ഒന്നുപോലെ അഭിജ്ഞനായ ഗ്രന്ഥകാരൻ അനായാസേന സാധിച്ചിരിക്കുന്നു. അപ്രധാനങ്ങളായ സൂത്രങ്ങളെ അണുലിപികളിൽ പ്രകാശിപ്പിക്കുക; വിരളപ്രയോഗങ്ങളായ ചില സൂത്രങ്ങളെ മിശ്രപ്രകരണം എന്നൊരു പ്രത്യേകവിഭാഗമുണ്ടാക്കി അതിൽ ചേർക്കുക; ഏതാനും ചില സൂത്രങ്ങൾ വിട്ടിട്ടു് അഷ്ടാധ്യായിയിലെ 2978 സുത്രങ്ങൾ 1959 ആക്കി ചുരുക്കുക; പ്രക്രിയാജടിലങ്ങളായ ഭാഗങ്ങളിൽ ഭട്ടതിരിയുടെ രീതി പിടിച്ചു കാരികകൾ എഴുതിച്ചേർക്കുക; കൃത്തദ്ധിതസമാസപ്രകരണങ്ങൾ സമുചിതമായി സംക്ഷേപിക്കുക എന്നിങ്ങനെ പല ഉപായങ്ങൾ തന്റെ ഉദ്ദേശസിദ്ധിക്കു് ഏ. ആർ. അങ്ഗീകരിച്ചിരിക്കുന്നു. ഗ്രന്ഥാവസാനത്തിലെ പ്രസ്താവനയിൽ നിന്നാണു് ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കുന്നതു്.

 “യേ ശബ്ദശുദ്ധ്യൈ പരമാചരന്തി
 സമാപ്ലവം വ്യാകരണാംബുരാശൗ
 സുഖാവഗാഹക്ഷമ ഏഷ തേഷാം
 മയേഹ സോപാനപഥോ നിബദ്ധഃ
 സമുദ്ധൃയതം, നാഖിലമേവ സൂത്രം
 സമുദ്ധൃതേഷ്വപ്യനതിസ്ഫുടസ്യ
 ബാലാനുരോധേന യഥാശ്രുതാർത്ഥ
 വ്യാഖ്യാനമേവാചരിതം മയാത്ര.”
 “അപൂർവ്വസംജ്ഞാപരിഭാഷഗുപ്തേ
 സാലാതുരീയസ്യ വചോരഹസ്യേ
 പ്രവേശനദ്വാരമിദം യദി സ്യാ
 ദവന്ധ്യമേവാത്ര പരിശ്രമോ മേ.
 ആയുർമ്മിതം ജ്ഞേയമിഹാമിതം ച
 തന്ത്രസ്ത്വപാരഃ പണിഗോത്രജസ്യ
 വ്യുൽപത്തയേ ധ്യേയമിദഞ്ച സർവ്വൈ
 രിതി പ്രണീതം ലഘുപാണിനീയം”

1087-ൽ ലഘപാണിനീയവും 1089-ൽ അതിന്റെ ഉത്തരഖണ്ഡവും പ്രസിദ്ധീകരിച്ചു. വൈദികകാണ്ഡം, സ്വരകാണ്ഡം, തന്ത്രപ്രതിഷ്ഠ, ഭാഷാചരിത്രം എന്നു നാലു ഭാഗങ്ങളിൽ പ്രപഞ്ചനം ചെയ്തിരിക്കുന്ന ഈ ഖണ്ഡത്തിന്റെ മൂന്നും നാലും ഭാഗങ്ങളിൽ ഭാഷയെസ്സംബന്ധിച്ചു പൗരസ്ത്യന്മാരും പാശ്ചാത്യന്മാരുമായ വൈയാകരണന്മാർ പ്രകാശിപ്പിച്ചിട്ടുള്ള ചർച്ചകൾ ക്രോഡീകരിച്ചു സമന്വയിപ്പിക്കുവാൻ ആചാര്യൻ ചെയ്തിരിക്കുന്ന പ്രയത്നം തികച്ചും സഫലീഭവിച്ചിട്ടണ്ടു്. ഇരു കൂട്ടർക്കും ആ ഭാഗങ്ങൾ അവശ്യം അധ്യേതവ്യങ്ങളാണു്. എല്ലാം കൊണ്ടും കോയിത്തമ്പുരാന്റെ വിശ്വോത്തരമായ വിജയസ്തംഭം തന്നെയാണു് ഉത്തരഖണ്ഡസഹിതമായ പാണിനീയം.

ജ്യൗതിഷോപന്യാസങ്ങൾ

ശൃംഗേരിയിലെ ജഗൽഗുരുഅഭിനവനരസിംഹഭാരതി സ്വാമികൾ കാലടിയിൽ ശാരദാംബാദിദേവപ്രതിഷ്ഠയ്ക്കായി 1085-ൽ സന്നിധാനംചെയ്ത അവസരത്തിൽ ഏ. ആറും അവിടെ ആഹൂതന്മാരായ പണ്ഡിതവരേണ്യന്മാരുടെ കൂട്ടത്തിൽ പോയിരുന്നു. പല ജ്യൗതിഷപ്രസ്ഥാനങ്ങൾ പ്രചരിച്ചുവരുന്നവയിൽ ഏതാണു് സമാദരണീയമെന്നു നിർണ്ണയിക്കുവാൻ സ്വാമികളുടെ ആജ്ഞാനുസരണം ആ അവസരത്തിൽ ജ്യോതിർവ്വിത്തുകളുടെ ഒരു സമ്മേളനം നടന്നു. ആ സദസ്സിൽ കോയിത്തമ്പുരാൻ വായിച്ച രണ്ടു പ്രൗഢോപന്യാസങ്ങളാണു് കരണപരിഷ്കരണവും പഞ്ചാംഗശുദ്ധിപദ്ധതിയും. ആദ്യത്തേതിൽ പഞ്ചാംഗങ്ങൾ ബഹുവിധങ്ങളാകുന്നതിനുള്ള കാരണങ്ങളും അവ ഓരോന്നിനുമുള്ള ദോഷങ്ങളും നിരൂപിതങ്ങളായിരിക്കുന്നു. രണ്ടാമത്തേതിൽ ആദോഷങ്ങളുടെ പരിഹാരത്തിനു് അംഗീകരിക്കേണ്ട മാർഗ്ഗങ്ങൾ നിദ്ദേശിച്ചിരിക്കുന്നു. നമ്മുടെ ആചാര്യനു ജ്യോതിശ്ശാസ്ത്രത്തിലുള്ള അനന്യസുലഭമായ അവഗാഹവും സൂക്ഷ്മമായ ശാസ്ത്രചിന്തനത്തിലുള്ള ജന്മസിദ്ധമായ പ്രാഗല്ഭ്യവും ഈ രണ്ടുപന്യാസങ്ങളിൽനിന്നും സ്ഫുടമായി പ്രത്യക്ഷീഭവിക്കുന്നു.

58.5ഭാഷാകൃതികൾ

(23) കേരളപാണിനീയം (1071), (24) കേരളപാണിനീയം പരിഷ്കരിച്ച പതിപ്പു് (1092), (25) ഭാഷാഭൂഷണം (1077), (26) വൃത്തമഞ്ജരി, (27) സാഹിത്യസാഹ്യം (1086), (28) മണിദീപിക (1084), (29) ശബ്ദശോധിനി, (30) മധ്യമവ്യാകരണം, (31) പ്രഥമവ്യാകരണം എന്നിങ്ങനെ ഒൻപതു ശാസ്ത്രഗ്രന്ഥങ്ങൾ കോയിത്തമ്പുരാൻ ഭാഷയിൽനിബന്ധിച്ചിട്ടുണ്ടു്. (32) മലയാളശാകുന്തളം (33) മാളവികാഗ്നിമിത്രം (1091), (34) ചാരുദത്തൻ (1092), (35) സ്വപ്നവാസവദത്തം എന്നീ നാലു നാടകങ്ങൾ, (36) ഭാഷാമേഘദൂതം (1070), (37) ഭാഷാകുമാരസംഭവം (1073) എന്നീ രണ്ടു കാവ്യങ്ങൾ, (38) മലയവിലാസം, (39) പ്രസാദമാല (1094) എന്നീ രണ്ടു സ്വതന്ത്രകാവ്യങ്ങൾ ഇവയാണു് സാഹിത്യകൃതികളിൽ പ്രാധാന്യത്തെ അർഹിക്കുന്നവ. അവിടത്തെ പതിനാറു ഗദ്യോപന്യാസങ്ങൾ സമാഹരിച്ചു് 1112-ാമാണ്ടു 40 പ്രബന്ധസംഗ്രഹം എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകൃതമായി. അതിൽ ഉൾപ്പെടാതെ കവിസഭാരഞ്ജനഭാഷ്യം മുതലായി വേറെയും ചില ഉപന്യാസങ്ങൾ പഴയ പത്രഗ്രന്ഥങ്ങളിൽ കാണാം. (41) നമ്മുടെ മഹാന്മാർ എന്നൊരു ലഘുകൃതിപരമ്പര പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വലിയകോയിത്തമ്പുരാനെപ്പറ്റിയുള്ള ഉപന്യാസം രചിച്ചതു് ഏ. ആറാണു്. ഒരു വ്യാഖ്യാതാവെന്നനിലയിലും അദ്ദേഹം കേരളീയക്കു നിത്യസ്മരണീയനാണു്. 42 ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥയ്ക്കു കാന്താരതാരകം (1088), (43) വലിയകോയിത്തമ്പുരാന്റെ കേരളഭാഷാശാകുന്തളത്തിനു വ്യാഖ്യ, (44) മയൂരസന്ദേശത്തിനു മർമ്മപ്രകാശം (1070) എന്നീ വ്യാഖ്യാനങ്ങളെ പ്രകൃതത്തിൽ പരിഗണിക്കേണ്ടതുണ്ടു്. അദ്ദേഹത്തെ, ഭാഷയെസ്സംബന്ധിച്ചിടത്തോളം ഒരുശാസ്ത്രകാരനെന്ന നിലയിലാണു് കേരളീയർ പൊതുവേ അത്യധികമായി ആരാധിക്കുന്നതും ആരാധിക്കേണ്ടതും. സാഹിത്യകൃതികൾ മിക്കവാറും വിവർത്തിതങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. എങ്കിലും അവയെത്തന്നെ ആദ്യമായി വിമർശിക്കാം.

മേഘദൂതം

സംസ്കൃതത്തിലെന്നപോലെ ഭാഷയിൽ ആദ്യകാലങ്ങളിൽ കവനം ചെയ്യുന്നതിൽ ഏ. ആർ. പരിചയിച്ചിരുന്നില്ല. അക്കാലത്തു സംസ്കൃതത്തിൽ കവിയശസ്സു ലഭിക്കുമെന്നുള്ള നിശ്ചയമുള്ളവരിൽ പത്തിനു് ഒൻപതുപേരും ഭാഷാകവികളാകുവാൻ അവരുടെ സമയം വ്യയം ചെയ്തിരുന്നില്ലെന്നുള്ള വസ്തുത നാം വിസ്മരിക്കരുതു്. വിജ്ഞാനചിന്താമണി, ബ്രഹ്മവിദ്യ മുതലായ പത്രികകളെ നിരന്തരമായി ഗദ്യപദ്യങ്ങളെക്കൊണ്ടു് അലങ്കരിച്ചു് അഖിലഭാരതപ്രശസ്തി നേടുവാൻ അതിനുമുൻപുതന്നെ കഴിഞ്ഞിരുന്ന അദ്ദേഹം തന്റെ ആദ്യത്തെ ഭാഷാശ്ലോകമായി പ്രസിദ്ധീകരിച്ചതു ഭരത്തൃഹരിയുടെ ‘ആബദ്ധകൃത്രിമസടാ’ എന്ന ശ്ലോകത്തിന്റെ തർജ്ജമയായിരുന്നു,

“കൃത്വാ കൃത്രിമകേസരം സടകളും സ്കന്ധത്തിൽ ബന്ധിച്ചുടൻ
ജോഷം വേഷമൊരുക്കിയൊക്കവെ ഹരിസ്ഥാനത്തിരുത്തീടുകിൽ
നിത്യം മത്തഗജേന്ദ്രമസ്തകതടം പെട്ടെന്നുപൊട്ടിക്കുമ
പ്പാരീന്ദ്രൻ ചൊരിയുംപടിക്കു ശുനകൻ സർജ്ജിക്കുമോ ഗർജ്ജനം?”

എന്നതാണു് ആ തർജ്ജമ. ദ്വിതീയാക്ഷരപ്രാസം പരിത്യക്തമായി എന്നല്ലാതെ ആ ശ്ശോകത്തിൽ മറ്റൊരു വിശേഷവും ഭാവുകന്മാർക്കു നിരീക്ഷിക്കുവാൻ സാധിച്ചില്ല. മലയാള മനോരമയിൽ 1066-ാമാണ്ടാണു് അതിന്റെ ആവിർഭാവം. അതുസംബന്ധിച്ചു് കടത്തനാട്ടു് ഉദയവർമ്മതമ്പുരാനു് എഴുതിയ ഒരു മറുപടിയിൽ

“ആഴം ദീർഗ്ഘത ദർഗ്ഘടങ്ങൾ പലതും കൂടുന്ന ഗൈർവ്വാണമാ
മാഴിക്കുള്ളിലിറങ്ങിയേറിയൊരുനാൾ നീന്തിത്തുടിച്ചീടിലും
ദൂരം ഗാധതമൂലമോളമധികം കോലുന്ന ഭാഷാസരഃ
പൂരത്തിൽക്കുഴയുന്നു ഞാനൊരു കരം പ്രാസം മുടക്കീടവേ.”

എന്ന ശ്ലോകത്തിൽ കോയിത്തമ്പുരാൻ തന്റെ തദ്വിഷയകമായ അന്തർഗ്ഗതം വെളിപ്പെടുത്തി. “വാസന തികവുള്ള ഭവാൻ പ്രാസമുപേക്ഷിച്ചതെന്തൊരാവശ്യം?” എന്നും മറ്റും നടുവത്തച്ഛൻ മുതൽപേർ പിന്നെയും ചോദിച്ചുകൊണ്ടിരുന്നു. ആയിടയ്ക്കുതന്നെ മനോരമയിൽ ദ്വിതീയാക്ഷരപ്രാസം ഭാഷാകവിതയിൽ അനുപേക്ഷണീയമല്ലെന്നു കൃത്യകൃത്തു് എന്ന വ്യാജനാമത്തിൽ ഒരു ലേഖകൻ വാദിച്ചുതുടങ്ങി. ആ മതം ശരിയല്ലെന്നു കൃത്യവിത്തു് എന്ന പേരിൽ മറ്റൊരു ലേഖകൻ അതിനു മറുപടി എഴുതി. “കവിതാവാസനയില്ലാത്തവർ കവിതയ്ക്കു് ആരംഭിക്കരുതാത്തതുപോലെ പ്രാസം പ്രയാസംകൂടാതെ പ്രയോഗിക്കുന്നതിനു സാമർത്ഥ്യമില്ലാത്തവർ അതിനു പുറപ്പെടരുതാത്തതാകുന്നു” എന്നു വലിയകോയിത്തമ്പുരാനും “പ്രാസമെന്നതുഭാഷാകവിതയുടെ പദ്ധതിയിൽ ദുർഗ്ഗംപോലെ ഒരു പ്രതിബന്ധമായിത്തീന്നിട്ടുണ്ടെന്നാണു് എന്റെയും അഭിപ്രായം” എന്നും “ദ്വിഃപ്രാസം ഭാഷയ്ക്കു് അത്യാവശ്യമാണെന്നു് അഭിപ്രായപ്പെടുന്നതു് വെളുത്ത ആളുകൾക്കേ സൗന്ദര്യമുള്ളു എന്നു വാദിക്കുന്നതുപോലെയാണു്” എന്നും ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനും ആ വാദത്തിൽ അവരുടെ മതം രേഖപ്പെടുത്തി. അങ്ങനെ 1066-ൽത്തന്നെ സ്പഷ്ടീഭവിച്ചതാണു് അമ്മാവനും മരുമകനും തമ്മിൽ ആ വിഷയത്തിലുള്ള പ്രബലമായ അഭിപ്രായവ്യത്യാസം. ആ അങ്കുരം പതിനാറു വർഷം വർളന്നു വൃക്ഷരൂപം കൈക്കൊണ്ടതിനുമേലാണു് 1083-ലെ പുതിയ ദ്വിതീയാക്ഷരപ്രാസവാദം അതിന്റെ ഉച്ചകോടിയിലെത്തിയതു്. സ്വപക്ഷസാധനവ്യഗ്രനായി ഏ. ആർ. എഴുതിയ ഒന്നാമത്തെ കാവ്യമായിരുന്നു മേഘദൂതം. അതിന്റെ മുഖവുരയിൽ വിവർത്തകൻ ഇങ്ങനെ പറയുന്നു. “ഇക്കാവ്യത്തിൽ ദ്വിതീയാക്ഷരപ്രാസം ചെയ്യാത്തതിന് എനിക്കു സ്വഭാവേന അതിന്റെ നേരേയുള്ള ഉദാസീന ബുദ്ധി മാത്രമല്ല തർജ്ജമകളിൽ ഇതൊട്ടും ആവശ്യകമല്ലെന്നുള്ള വിചാരവും കാരണമാകുന്നു.” പിന്നെയും ചിലതെല്ലാം അതിനെക്കുറിച്ചു പ്രസ്താവിച്ചിട്ടണ്ടു്. “ദ്വിതീയാക്ഷരപ്രാസം മണിപ്രവാളത്തിനു് ഒരു ഭങ്ഗിയാണെന്നുള്ളതിൽ” തനിക്കുലേശം വിവാദമില്ലെന്നും എന്നാൽ താൻ സംസ്കൃതസുപ്തിങ് പ്രത്യയപ്രയോഗം മേഘദൂതത്തിൽ നിശ്ശേഷം തിരസ്കരിച്ചിട്ടുള്ളതുകൊണ്ടു് ആ ന്യായം ശുദ്ധമലയാളകാവ്യമായ അതിനു സംബന്ധിപ്പിക്കാവുന്നതല്ലെന്നും ഒരു വിശദീകരണവും നല്കികാണുന്നു. ആ തിരസ്ക്കാരം കൂടാതെ അതിനു വളരെ മുൻപുതന്നെ വെണ്മണിപ്രസ്ഥാനക്കാർ ഭാഷയിൽ കവനംചെയ്തു വിജയം നേടിക്കഴിഞ്ഞിരുന്നു എന്നു നമുക്കു് അറിവുള്ളതാണല്ലോ. വാസ്തവത്തിൽ ദ്വിഃപ്രാസരാഹിത്യമല്ല മേഘദൂതത്തിന്റെ പ്രധാനവൈകല്യം. ദേശ്യപദപ്രയോഗബാഹുല്യമാണു് അതിലെ മുഖ്യദൂഷ്യം. മുഖത്തിനു മുകറെന്നും മറ്റുമുള്ള പര്യായപദസ്വീകരണവും, മുക്കണ്ണന്റണിതിങ്കൾ, വർഷിച്ചിഹ (വർഷിച്ചു ഇഹ) ഇത്യാദി കുസന്ധിപ്രാചുര്യവുമാണു് അതിന്റെ ആകർഷകതയെ പ്രതിബന്ധിക്കുന്നതു്. ഭാഷാശ്ലോകങ്ങളിൽ പ്രയോഗിക്കുന്നതു കഴിയുന്നതും ഭാഷാപദങ്ങളായിരിക്കണമെന്നും ആ ലക്ഷ്യപ്രാപ്തിക്കു ദേശ്യപദപ്രയോഗവും ഒരു ഉപായമായി സ്വീകരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ചില നല്ല ശ്ലോകങ്ങളുമുണ്ടു്.

“കൈത്തണ്ടിൽത്തടയാഞ്ഞു പൊൻവള വെടിഞ്ഞേറ്റം വിയോഗാർത്തിയോ
ടേതാനും ദിവസങ്ങളമ്മലകളിൽ ചുറ്റിക്കഴിച്ചിട്ടവൻ
ആടിത്തിങ്കൾ പിറന്ന നാളിലരികേ പാർത്താൻ പെരുമ്പാറയാൽ
ക്കൂത്താടുന്നൊരു കൊമ്പനോടു കിടയാം പുത്തൻകൊടുങ്കാറ്റിനെ.”

എന്നാൽ അത്തരത്തിൽപ്പെടാത്ത ശ്ലോകങ്ങളും ധാരാളമുണ്ടെന്നു പറയാതെ നിർവ്വാഹമില്ല.

 “വേടപ്പേടമൃഗാക്ഷിമാർകളികളും കണ്ടൊന്നിരുന്നിട്ടുടൻ
 ശേഷിക്കും മഴപെയ്തു തീത്തു. തരസാ ദൂരം കടന്നീടവേ
 വെണ്ണീറിൻകുറി വൻകരീന്ദ്രമുതുകിൽത്തുക്കെപ്പരക്കുംവിധം
 കാണാം കല്ലു കഴന്ന വിന്ധ്യകഴലിൽക്കേഴും നദീ നർമ്മദാ”

എന്ന ശ്ലോകത്തെ പ്രത്യുദാഹരണമായി സ്വീകരിക്കാവുന്നതാണു്. ഭാഷാകവിതയിൽ ദ്വിതീയാക്ഷരപ്രാസത്തിനു തൃതീയാക്ഷരപ്രാസത്തേയും മറ്റും കവിഞ്ഞ ഒരു ശ്രവണസുഖം ഇല്ലെന്നു തുടങ്ങിയുള്ള ചില രുചിഭേദമാത്രനിഷ്ഠങ്ങളായ വാദമുഖങ്ങൾ ഉന്നയിച്ചു് ആ പ്രാസത്തിന്റെ അനാവശ്യകതയേയും അതു ദീക്ഷിച്ചാൽ കവിക്കു നേരിടാവുന്ന അപകടങ്ങളേയും പറ്റി അദ്ദേഹം ദീർഘകാലം പ്രചാരണം നടത്തി. ദ്വിതീയാക്ഷരപ്രാസപക്ഷപാതികളെ

“പാദം നാലിലുമൊത്തുവെന്നു വരണം രണ്ടാമതാമക്ഷരം
വൃത്തം പൂർത്തിവരായ്കിലോ വിടവടച്ചീടാം നിരർത്ഥോക്തിയാൽ
യത്നിക്കേണ്ട യതിയ്ക്കു സംസ്കൃതപദം കുത്തിച്ചെലുത്താം മുറ
യ്ക്കർത്ഥം ചേർന്നുവരും മുറയ്ക്കു തനിയേ ശ്ലോകം ചമച്ചേയ്ക്കണം”

എന്ന ശ്ലോകത്തിൽ അവഹേളനംചെയ്തു. സൽക്കവികളുടെ ലക്ഷ്യം എന്തായിരിക്കണമെന്നു് അദ്ദേഹത്തിന്റെ അനുയായിയായ കെ. സി. കേശവപിള്ള

“അന്യൂനാനതിരിക്തമായ് വിലസണം ശബ്ദങ്ങളർത്ഥങ്ങളും
പ്രാസാദ്യാഭരണങ്ങൾ വാങ്ങുവതിനായർത്ഥം കളഞ്ഞീടൊലാ
ദോഷം നീക്കി വളച്ചുകെട്ടുകളൊഴിച്ചൗചിത്യമോർത്തോതണം
സൽക്കാവ്യോചിതമായ വസ്തു വിവിധം വ്യങ്ഗ്യം വിളങ്ങുംവിധം”

എന്നു മറ്റൊരു ശ്ലോകത്തിൽ പ്രസ്പഷ്ടമാക്കുകയും ചെയ്തു. രണ്ടാമത്തെ ശ്ലോകത്തിലെ ആശയത്തെപ്പറ്റി. ആർക്കും വിപ്രതിപത്തിയുണ്ടാകുവാൻ മാർഗ്ഗമില്ല. അതു് ഒരു മർമ്മജ്ഞനായ സാഹിത്യകാരന്റെ ഉപദേശമായി ഏതു കവിയും സ്വീകരിക്കുകയും ചെയ്യും. പൂർവ്വസൂരികളുടെ മതം തന്നെയാണ് അതു് സങ്ഗ്രഹിച്ചിരിക്കുന്നതു്. എന്നാൽ “പാദം നാലിലുമൊത്തുവെന്നു വരണം രണ്ടാമതാമക്ഷരം” എന്ന ശ്ലോകത്തിൽ കാണുന്നതുപോലെയുള്ളതാണോ ദ്വിതീയാക്ഷരപ്രാസവാദികളുടെ ആദർശം? കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുണ്ടൂർ തുടങ്ങിയ കവിപുങ്ഗവന്മാരുടെ കവിത ആ അധിക്ഷേപത്തെ ഒരു പ്രകാരത്തിലും അർഹിക്കുന്നില്ലല്ലോ. ദ്വിഃപ്രാസം ദീക്ഷിച്ചതുകൊണ്ടു് ഉത്തമകവികൾക്കു് യാതൊരു ക്ഷതിയും വരുവാനില്ല; അതു പരിവർജ്ജിച്ചതു കൊണ്ടുമാത്രം മറ്റുള്ളവക്കു് ഒരു മെച്ചവും സിദ്ധിക്കുവാനുമില്ല. അതാണു സൂക്ഷ്മമായ വസ്തുതത്വം.

ഭാഷാകുമാരസംഭവം

ഭാഷാകുമാരസംഭവത്തിൽ “രതിവിലാപം” എന്ന ചതുർത്ഥസർഗ്ഗം വിട്ടു് ആദ്യത്തെ എട്ടുസർഗ്ഗങ്ങളിൽ ബാക്കിയുള്ള ഏഴും തർജ്ജമചെയ്തിരിക്കുന്നു. അതിനുമേലുള്ള ഭാഗം കാളിദാസകൃതമല്ല. രതിവിലാപം അമങ്ഗലസൂചകമാണെന്നുള്ള വിശ്വാസത്താൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താറുമില്ല. അതുകൊണ്ടാണു് മുൻനിദ്ദേശിച്ച ഏഴു സർഗ്ഗങ്ങൾ മാത്രം വിവർത്തനം ചെയ്യാൻ ഇടവന്നതു്. 1069 ഇടവം 3-ാം൹ ആരംഭിച്ച ആ വ്യവസായം 1070 ഇടവം 26-ാം൹ പരിസമാപ്തിയെ പ്രാപിച്ചു. മേഘദൂതത്തിലെ രചനാവൈകല്യങ്ങൾ പലതും അതിലും ഉണ്ടായിരുന്നു എന്നു കവിക്കുതന്നെ അതിന്റെ അഞ്ചാം പതിപ്പു പ്രസിദ്ധീകരിച്ച 1091-ാമാണ്ടിനുമുൻപു ബോധ്യമായി എന്നു് ആ പതിപ്പിനു് എഴുതിയ മുഖവുരയിൽനിന്നു വെളിപ്പെടുന്നു. ഒന്നാമത്തെ പതിപ്പിൽ

 “ഉണ്ടങ്ങു ദേവകലയാണ്ട വടക്കുദിക്കിൽ
 ച്ചൊല്ലാർന്നു മാമല ഹിമാലയനാമധേയൻ
 ഈരാഴികൾക്കു നടുവേ നിലകൊൾകയാലീ
 യൂഴിക്കരയ്ക്കളവുകോലു പതിച്ചപോലെ”

എന്നിരുന്ന പ്രഥമസർഗ്ഗത്തിലെ പ്രഥമശ്ലോകം പിന്നീടു്

 “ഉണ്ടുത്തരാശയതിലങ്ങൊരു ദേവതാംശ
 മാണ്ടുള്ള മാമല ഹിമാലയനാമധേയൻ
 ആഴിക്കു രണ്ടിനുമിടയ്ക്കിഹ നില്ക്കയാലീ
 യൂഴിക്കരയ്ക്കളവുകോലു പതിച്ച പോലെ”

എന്നു മാറ്റി. അതിലും ചില അസ്വാരസ്യങ്ങളുള്ളതായി ഒടുവിൽ വിശ്വാസം വന്നു. കവി പറയുകയാണു്: “ഇതിൽ ‘ഉണ്ടു്’ എന്നുള്ള ആരംഭം അർത്ഥത്തിനു പുഷ്ടി കൊടുക്കുമെങ്കിലും ആ രൂപം ദുർബ്ബലമായ ഒര, ക്രിയാപദമാകയാൽ കർണ്ണസുഖം മതിയാകുന്നില്ല. ‘ഉത്തരാശയിൽ ഉണ്ടു്’ എന്നു വിഭക്തി പിരിച്ചതുകൊണ്ടുള്ള ശൈഥില്യപ്രതീതി സുസഹമാണെങ്കിലും ‘ആണ്ടു്’ എന്നതു ദൂരപ്രതീതി വരുത്തുവാനാണെന്നു സമാധാനപ്പെടാമെങ്കിലും ‘ഉത്തരാശ’ എന്ന സമാസത്തിനു വിവക്ഷിതാർത്ഥപ്രതീതി ഉണ്ടാകുന്നില്ല. ‘ആണ്ടുള്ള’ എന്നതു ‘ആണ്ടിട്ടുള്ള’ എന്നാക്കിയാലേ വൈയാകരണൻ തൃപ്തിപ്പെടുകയുള്ളു. ‘ഇഹ’ ഒരുവക നിരർത്ഥകപദമാണു്. ‘പതിച്ചപോലെ’ ‘പതിച്ചതുപോലെ’ എന്നായാൽ അധികം നന്നു്. ഈ മാതിരിയിലാണു് അസ്വാരസ്യങ്ങൾ തോന്നുക.” പന്ത്രണ്ടാം ശ്ലോകത്തിൽ ‘കാക്കുന്നിവൻ’ (കാക്കുന്നു ഇവൻ എന്നതു) കുസന്ധികളുടെ കൂട്ടത്തിൽ ഗണിക്കേണ്ടതാണെന്നും സമ്മതിക്കുന്നു. പ്രഥമശ്ലോകം ആ പതിപ്പിൽ ഇങ്ങനെ വീണ്ടും ഭേദപ്പെടുത്തി.

 “ദേവാനുഭാവധരനുത്തരദിക്കിലുണ്ടു
 മേവുന്നു മാമല ഹിമാലയനാമധേയൻ
 ആഴിക്കു രണ്ടിനുമിടയ്ക്കു കിടക്കയാലീ
 യൂഴിക്കരയ്ക്കളവുചങ്ങലയെന്നപോലെ.”

കുമാരസംഭവം വിശിഷ്ടമായ ഒരു ഭാഷാകാവ്യമാണു്. ‘അതു്’ തുടങ്ങിയ ചില നിരർത്ഥകപദങ്ങളും ‘ശിരസ്സീന്നു’ മുതലായ ചില സങ്കുചിതപദപ്രത്യയാങ്ഗഭങ്ഗങ്ങളും ‘മുതക്കിടി’ ഇത്യാദി ദേശ്യപദങ്ങളും ‘പിന്നാർക്കുമാകാത്ത പ്രവൃത്തി’ എന്ന ഹതവൃത്തപ്രയോഗവും വേറെയും പല അഭങ്ഗികളും വർജ്ജിച്ചിട്ടില്ലെങ്കിലും ചില അംശങ്ങളിൽ അത്ര ഗുണോത്തരമായ ഒരു വിവർത്തിതകാവ്യം ഭാഷയിൽ വേറെയുണ്ടോ എന്നു സഹൃദയന്മാർ സംശയിച്ചുപോകും. താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ പരിശോധിക്കുക.

“ഫണാമണികൾ മിന്നിച്ചിട്ടവനെക്കാത്തു രാത്രിയിൽ
വാടാവിളക്കായ് വാഴുന്നു വാസുകിപ്രമുഖോരഗർ. കല്പവൃക്ഷങ്ങളർപ്പിക്കുമനർഗ്ഘാഭരണങ്ങളാൽ
പ്രഭവിൻ പ്രീതി നേടുന്നു കാര്യസിദ്ധിക്കു ശക്രനും. ഇച്ചൊന്നതൊക്കെച്ചെയ്തിട്ടും ദ്രോഹിക്കുന്നു മഹാസുരൻ
ഇണക്കം ദുഷ്ടരിൽപ്പറ്റാ പിണക്കംതാൻ ഫലപ്പെടും. ദേവസ്ത്രീകൾ കനിഞ്ഞെന്യേ തളിർ നുള്ളാത്ത ശാഖികൾ
വെട്ടേറ്റു വീഴ്വതിൻ സ്വാദിന്നറിഞ്ഞൂ നന്ദനത്തിലും.
(ദ്വിതീയസർഗ്ഗം)
 “വിൺഗങ്ഗയിൽച്ചെന്നു പറിച്ചുണക്കി
 ക്കോർത്തോരു തണ്ടാർമണിമാലയപ്പോൾ
 ഓമൽക്കരത്തിങ്കലെടുത്തു ഗൗരി
 തപസ്വിയാം ദേവനു കാഴ്ചവച്ചാൾ.  ഗിരീശനും ഭക്തജനപ്രിയത്താ
 ലൊരുങ്ങി സൽക്കാരമതേറ്റുകൊൾവാൻ
 കെല്പോടു മുപ്പാരുമയക്കിയെന്ന
 നൽബ്ബാണമാദ്ദർപ്പകനും തൊടുത്താൻ.  ചന്ദ്രോദയം പാർത്തെഴുമാഴിപോലെ
 യന്നേരമൊന്നുള്ളമലിഞ്ഞു ദേവൻ
 പാരിച്ച ബിംബാധരകാന്തി കോലു.
 മുമാമുഖം കണ്ണുകളാൽ നുകർന്നാൻ.”
(തൃതീയസർഗ്ഗം)
മലയവിലാസം

മലയവിലാസത്തിൽ രണ്ടു ഭാഗങ്ങളിലായി ഇരുപത്തിരണ്ടു ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. മലയപർവ്വതത്തിന്റെ വർണ്ണനമാണു് വിഷയം. ഇതു കവി എന്നെഴുതി എന്നു നിശ്ചയമില്ല. അതിലെ ചില ശ്ലോകങ്ങൾ ഭാഷാഭൂഷണത്തിൽ ഉദാഹരിച്ചു കാണുന്നതിനാൽ 1077-ാമാണ്ടിനു മുൻപാണെന്നു മാത്രം പറയാം. ഏ. ആറിന്റെ സംസ്കൃതകവിതയിലെ കല്പനാസുഭഗമായ കാവ്യരീതിയാണു മലയവിലാസത്തിൽ പ്രതിഫലിക്കുന്നതു്.

 “ജലേശ്വരൻതന്നുടെ രാജധാനിയിൽ.
 ബ്ബലത്തിനായ്ത്തീർത്തൊരു കോട്ടതാനിതോ
 അതിങ്കലിസ്സന്ധ്യയുമർക്കമൂർത്തിയാൽ
 പ്പതിച്ചിടുന്നോ പുതുതാഴികക്കുടം?  നിനച്ചിടുമ്പോൾ നിജനാട്ടിലെപ്പൊഴും
 പൊഴിച്ചിടേണം ജലമെന്നൊരാശയാൽ
 കരുത്തനാം ഭാർഗ്ഗവനന്നു ശേഖരി
 ച്ചെടുത്തു സൂക്ഷിച്ചൊരു മേഘമാലയോ?”
പ്രസാദമാല

ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി മഹോത്സവം 1093-ാമാണ്ടു് കന്നി മാസത്തിൽ സമാഗതമായപ്പോൾ കേരളത്തിലെ പല കവികളും തത്സംബന്ധമായി ഗ്രന്ഥങ്ങൾ എഴുതി അവിടത്തേക്കു് ഉപായനീകരിച്ചു. പ്രൊഫസർ കോയിത്തമ്പുരാൻ ആ അവസരത്തിൽ രചിച്ച ഒരു ദേവതാസ്തോത്രരൂപമായ കാവ്യമാണു് പ്രസാദമാല. അതിലെ സമർപ്പണ ശ്ലോകങ്ങളിൽ ഒന്നാണു് അടിയിൽ ചേർക്കുന്നതു്.

“ഓരോ ദേവതമാരെയും മഹിതമാമൃഗ്വേദസൂക്തങ്ങൾ തൊ
ട്ടാരാഞ്ഞുൽക്കടഭക്തിയോടരുളിനേൻ സൽപ്പദ്യപുഷ്പാഞ്ജലി;
ആരാധിച്ചു സുമങ്ങൾകൊണ്ടു സരവും ഗുലുങ്ങളും തീർത്തിതാ
ഹാരംപോലെ ചമച്ച മാലിക സമർപ്പിക്കുന്നു തൃക്കയ്യിൽ ഞാൻ.”

പ്രസ്തുതമാലയിൽ വൈദികഗുച്ഛുകം, പൗരാണികഗുച്ചുകം, ആചാര്യപ്രാത്ഥന എന്നു മൂന്നു ഗുച്ഛുകങ്ങളും അവയിൽ ആദ്യത്തെ ഗുച്ഛകത്തിൽ പൃഥ്വീസ്ഥാനദേവതാപ്രാർത്ഥന, അന്തരീക്ഷ സ്ഥാനദേവതാപ്രാർത്ഥന, ദ്യുസ്ഥാനദേവതാപ്രാർത്ഥന എന്നു മൂന്നു സരങ്ങളും രണ്ടാമത്തേതിൽ സ്വസ്ഥാനദേവതാപ്രാർത്ഥന, ജ്യോതിർമ്മയദേവതാപ്രാർത്ഥന, അവതാരദേവതാപ്രാർത്ഥന എന്നു മൂന്നു സരാന്തരങ്ങളും അടങ്ങിയിരിക്കുന്നു. ഒടുവിലത്തെ ഗുച്ഛകത്തിൽ അവൈദികമതസ്ഥാപകന്മാരായ ബുദ്ധൻ, ജിനൻ, ക്രിസ്തു, മുഹമ്മദ് എന്നിവരുടെ അനുഗ്രഹത്തിനും കവി പ്രാർത്ഥിക്കുന്നുണ്ടു്. അനുസ്യൂതമായ ഒരു കഥാവസ്തവിന്റെ അഭാവം കവിത്വപ്രദർശനത്തിനു ബാധകമാകയാൽ അതിലേക്കു് അദ്ദേഹം ഉദ്യമിക്കുന്നില്ല. ചില ഉദാഹരണങ്ങൾകൊണ്ടു ശൈലി വെളിപ്പെടുത്താം.

 “ഇരുളാം കൂപത്തിൽക്കുഴയും ലോകരെ
 ക്കരജാലം നീട്ടിക്കരകേറ്റി  വിതതവിശ്വത്തിൻ വിവിധവൈചിത്ര്യം
 പുതുതാക്കിക്കാട്ടി പ്രിയമേകാൻ  കുതുകക്കാതലാം കതിർ കോലും കോല
 മെതിരെ കാണിക്കും രവിയെത്താൻ  നിലയും കാലവും ക്രിയയുും നോക്കീട്ടു
 പലതാക്കിച്ചൊന്നാർ പഴമക്കാർ  അതിലോരോ പേരും പെരുതാം മംഗളം
 ക്ഷിതിപന്നേകണം സദൃശംപോൽ.”
(വിഷ്ണു-ദ്യുസ്ഥാനദേവതു)
 “തൃക്ഷാത്മജാതനമൃതാഹൃതിചെയ്ത വീരൻ
 പക്ഷാനിലോച്ചരിതപാവനസാമഗാനൻ
 പക്ഷീശ്വരൻ ഗരുഡനിക്ഷിതിരക്ഷിതാവി-
 ന്നക്ഷീണമേകുക പരാക്രമപൗരുഷങ്ങൾ.”
(ഗരുഡൻ-സ്വസ്ഥാനദേവത)
58.6ദൃശ്യകാവ്യങ്ങൾ
മലയാളശാകുന്തളം

വലിയ കോയിത്തമ്പുരാന്റെ കേരളീയഭാഷാശാകുന്തളം തര്‍ജ്ജമയിൽ സംസ്കൃതപദപ്രയോഗം വളരെ അധികമായിപ്പോയി എന്ന കാരണത്താൽ രാജരാജവർമ്മകോയിത്തമ്പുരാൻ കുറേയധികം ഭേദങ്ങൾ വരുത്തി വീണ്ടും അതേപേരിൽത്തന്നെ അവിടുത്തേക്കൊണ്ടു പ്രസിദ്ധീകരിപ്പിച്ചു. മരുമകന്റെ പാാഠഭേദങ്ങൾ മുഴുവൻ മാതുലൻ സ്വീകരിച്ചില്ല. ഇരുകൂട്ടർക്കും അതു സമുചിതമായി തോന്നാത്തതിനാൽ മാതുലൻ അതുതന്നെ വീണ്ടും അല്പം പരിഷ്കരിച്ചു മണിപ്രവാളശാകുന്തളം എന്ന പേരിൽ 1087-ലും മരുമകൻ പുത്തനായി ഒരു തർജ്ജമ എഴുതിയുണ്ടാക്കി മലയാളശാകുന്തളം എന്ന പേരിൽ 1088-ലും പ്രചരിപ്പിച്ചു. ദാക്ഷിണാത്യപാഠമായിരുന്നു വലിയകോയിത്തമ്പുരാൻ പ്രായേണ അംഗീകരിച്ചിരുന്നതു്. എങ്കിലും ഔത്തരാഹപാഠത്തിന്റെ കലർപ്പുകൂടി അതിൽ അങ്ങിങ്ങു കാണാവുന്നതാണു്. അഭിരാമനാൽ ദർശിതമായ ശുദ്ധദാക്ഷിണാത്യപാഠത്തെ ആസ്പദമാക്കിയാണു് രാജരാജവർമ്മകോയിത്തമ്പുരാന്റെ പരിഭാഷയുടെ ഗതി. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം അഭിരാമന്റെ മർമ്മസ്പൃക്കായ വ്യാഖ്യാനത്തോടുകൂടി ഏ. ആര്‍. തന്നെ 1088-ൽ പ്രകാശിപ്പിക്കുകയുണ്ടായി. ആ മുന്നു തർജ്ജമകളടേയും പ്രസാധകൻ തിരുവനന്തപുരത്തു ബി. വി. ബുക്കുഡിപ്പോ ഉടമസ്ഥൻ കുളക്കുന്നത്തു് എസ്. രാമൻമേനോനായിരുന്നു. തന്റെ പുതിയ പരിഭാഷയുടെ പ്രയോജനം മരുമകൻ സമർപ്പിച്ച സമർപ്പണശ്ലോകത്തിൽ നിർദ്ദേശിച്ചിട്ടണ്ടു്.

 “മണേർമ്മഹാർഘസ്യ ഗുണാനഭിജ്ഞൈഃ
 പ്രവാളഭൂയിഷ്ഠപദപ്രയോഗം
 ഗ്രന്ഥസ്യ തസ്യാഭിനവം വിവർത്ത
 മഭ്യർത്ഥിതോഽഹം യദജല്പമേവം.”

അതിനെ വലിയകോയിത്തമ്പുരാൻ

 “വ്യാഖ്യാനഭേദാദപി പാഠഭേദാ
 ദനേകഭേദം യദി മൂലമേവ
 പ്രസ്ഥാനഭേദാദ്രുചിഭേദതശ്ച
 ഭേദാവകാശസ്സുതരാം വിവർത്തേ.  അതോ നവീനേ പരിവർത്തനേസ്മിൻ
 കൃതശ്ശ്രമോ നൈവ പിനഷ്ടി പിഷ്ടം
 ശാകുന്തളാർത്ഥാമൃതപാനപാത്ര
 മേകം നവം കൈരളി! തേദ്യ ലബ്ധം”

എന്നും മറ്റുമുള്ള ശ്ലോകങ്ങൾകൊണ്ടു ശിഷ്യനെ സന്തോഷിപ്പിച്ചു സ്വീകരിക്കുകയും ചെയ്തു. മൂന്നാമത്തേയും നാലാമത്തേയും പരിഭാഷകളുടെ സമഗ്രതാരതമ്യവിവേചനം പ്രകൃതത്തിൽ അസംഗതമാണു്. രണ്ടിൽനിന്നും ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ ഉദ്ധരിച്ചുകാണിക്കാം.

“ധാതാവാദൗ ചമച്ചോരുദകമഥ ഹവിർവ്വാഹിയാം വീതിഹോത്രൻ
ഹോതാതാനും ദിനേശൻ നിശയുടെ പതിയും നാദലക്ഷ്യം നഭസ്സും
ഭൂതാളിക്കാകെയേകപ്രകൃതി പൃഥിവിയും പ്രാണദൻ മാരുതൻതാ
നേതാവദ്വ്യക്തമൂർത്ത്യഷ്ടകനുലകുടയോൻ നിങ്ങളെക്കാത്തിടട്ടേ.”
(മണിപ്രവാളശാകുന്തളം)
“ആദ്യത്തെസ്സൃഷ്ഠി, ഹോതാ, വഥ വിധിഹുതമായുള്ള ഹവ്യം വഹിപ്പോ
നാ ദ്വന്ദം കാലമാനാസ്പദമുലകു നിറഞ്ഞോരു ശബ്ദാശ്രയംതാൻ
വിത്തെല്ലാത്തിന്നുമേകപ്രകൃതി ചരജഗൽപ്രാണനാം തത്ത്വമെന്നീ
പ്രത്യക്ഷം മൂർത്തിയെട്ടാർന്നൊരു ജഗദധിപൻ
നിങ്ങളെക്കാത്തുകൊൾവൂ.”
(മലയാളശാകുന്തളം)
 “വിജ്ഞന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ് വരൂ
 നല്ല ശിക്ഷ കഴിച്ചോർക്കുമില്ല വിശ്വാസമാത്മനി.”
(മണിപ്രവാളശാകുന്തളം)
“വിദ്യ ശരിയെന്നുറയ്ക്കാൻ വിദ്വൽപ്രീതിക്കു പാത്രമായ് വരണം;
നന്നായ്പ്പഠിച്ചവന്നും തന്നിൽ വരുന്നില്ല നല്ല വിശ്വാസം.”
(മലയാളശാകന്തളം)
58.7ഇതരനാടകങ്ങൾ

ഓരോ കൊല്ലം ഓരോ നാടകം, ഭാഷയിൽ വിവർത്തനം ചെയ്യുകയും അതു യഥാസൌകര്യം അഭിനയിപ്പിക്കുകയും ചെയ്യുക എന്നൊരു ക്രിയാപരിപാടി കോയിത്തമ്പുരാൻ ഒടുവിൽ അനുഷ്ഠിച്ചു. ആ പരിപാടിയനുസരിച്ചു മാളവികാഗ്നിമിത്രം 1091-ലും അതിൽപ്പിന്നീട് ചാരുദത്തനും ഒടുവിൽ സ്വപ്നവാസവദത്തം 1092-ലും പരിഭാഷപ്പെടത്തി. മാളവികാഗ്നിമിത്രത്തിന്റെ അവതാരികയിൽ കവി ഇങ്ങനെ പറയുന്നു: “കാടും പടലും വെട്ടിക്കളഞ്ഞു് ഒറ്റയടിപ്പാതയെങ്കിലും തെളിക്കാതെ ഉള്ളിൽ പ്രവേശിക്കാൻ പാടില്ലാത്ത വ്യാകരണകാന്താരത്തിൽ ചാടിക്കടന്നു ക്ലേശിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയത്തിനു സ്വൈരസഞ്ചാരയോഗ്യമായ നാടകപ്പൂങ്കാവനത്തിൽ ചെന്നുകേറി അല്പനേരമെങ്കിലും ഒരു വിശ്രമസുഖം അനുഭവിക്കുന്നതിനുള്ള കൗതുകം തടുത്താൽ നില്ക്കാത്തവിധം അതിക്രമിച്ചു; ആ കൌതുകത്തിന്റെ ഫലമാണു് ഈ തർജ്ജമ.”

ചാരുദത്തന്റെ ആമുഖത്തിൽ “ഉത്ഭവപ്രകാരം ചാരുദത്തൻ മാളവികയുടെ അനുജനും കലാവിലാസനാടകസംഘക്കാരുടെ വക നാടകാവലിയിൽ മൂന്നാമത്തെ പുസ്തകവുമാകുന്നു” എന്നു പറയുന്നു. ഭാസനാടകത്തിന്റെ അനുപദഭാഷാനുവാദമല്ല ചാരുദത്തൻ. “ഭാസനാടകത്തെ ഏതുവിധത്തിലുള്ള പ്രപഞ്ചനംകൊണ്ടു ശൂദ്രകൻ വൃഥാസ്ഥൂലമാക്കിത്തീർത്തുവോ ആ വിധം ശുദ്രകന്റെ ബാക്കിയുള്ള ആറങ്കങ്ങളെ തക്ഷണംകൊണ്ടു കൃശീകരിക്കുകയാണു ഞാൻ ചെയ്തതു്” എന്നും പ്രസ്താവിക്കുന്ന. അതു് ആ നാടകം അഭിനയോചിതമാകുന്നതിനുവേണ്ടി ചെയ്ത വ്യതിയാനമാണു്. ചാരുദത്തനിലെ പല ഭാഗങ്ങളും ഒരു സ്വതന്ത്രകൃതിപോലെയായിട്ടുണ്ട്. സംസ്ഥാനകൻ പ്രാകൃത സമ്പ്രദായത്തിലുള്ള നാടോടിബ്ഭാഷയിലാണു് സംസാരിക്കുന്നതു്. മേളക്കൊഴുപ്പിനു ചില ഗാനങ്ങളും ഇടകലർത്തീട്ടുണ്ട്. മാളവികാഗ്നിമിത്രവും ചാരുദത്തനും ഉത്തമകോടിയിൽ പരിലസിക്കുന്ന രണ്ടു നാടകങ്ങളാണ്. സ്വപ്നവാസവദത്തം അവയ്ക്കു് അടുത്തപടിയിലേ നില്ക്കുന്നുള്ളു. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.

 “സരസോജ്ജ്വലരാഗമോമലാളിൻ
 ചരണാബ്ജത്തിൽ വരച്ച രേഖ നോക്കൂ
 ഹരവീക്ഷണമേറ്റു നീറിനില്ക്കും
 സ്മരവൃക്ഷത്തിൽ മുളച്ച നാമ്പുപോലെ.”
(മാളവികാഗ്നിമിത്രം)
 “സരസപല്ലവകോമളമായ നിൻ
 ചരണതാരിണ ചഞ്ചലലോചനേ!
 പരുപരുത്ത മരത്തിലണയ്ക്കയാൽ
 പ്പറക ചെറ്റൊരു വേദന പറ്റിയോ?”
(മാളവികാഗ്നിമിത്രം)
“സംസത്തിൽ സ്വാവമാനോദ്യതനൃപഭടരോടാത്തരോഷൻ സ്വവീര്യം
ശംസിക്കും സാധുപൗരപ്പരിഷയിലലിവാർന്നുന്മിഷന്മന്ദഹാസൻ
അംസത്തിൽച്ചന്ദ്രലേഖാവിമലകുവലയാ പീഡദന്തങ്ങളേന്തി
ക്കംസധ്വംസത്തിനോങ്ങും മുരരിപു ഭഗവാൻ നിങ്ങളെക്കാത്തുകൊൾക.”
(ചാരുദത്തൻ)
“ദാരിദ്യത്തിലണഞ്ഞവന്റെ വചനം കൈക്കൊണ്ടിടാ ബന്ധുവും
പാരം ശീലശശിക്കു മങ്ങലുളവാമന്തസ്സഹോ! ഹാസ്യമാം
കെല്പില്ലാതെ കുഴങ്ങിയുറ്റവരൊതുങ്ങീടും വിപത്തേറെയാ
മേല്പിക്കും പഴിയിങ്ങവന്റെ തലയിൽക്കുററം പരൻചെയ്കിലും.”
(ചാരുദത്തൻ)
“ഭിന്നിപ്പിച്ചു രിപുക്കളെ; പ്രജകളിൽ ത്വത്ഭക്തിയാശ്വാസവും
കുന്നിപ്പിച്ചു; ഭവാന്നു പാര്‍ഷ്ണിബലവും സജ്ജിച്ചു യാത്രക്കു ഞാൻ;
സന്നദ്ധം രിപുനിഗ്രഹത്തിനുചിതം സംഭാരമോരോന്നുമേ;
സൈന്യം ഗംഗ കടന്നുതീർന്നു; വഴിയേ നിൻകൈക്കലാം രാജ്യവും.”
(സ്വപ്നവാസവദത്തം)

ഈ നാടകങ്ങൾ രചിച്ച കാലത്തു കോയിത്തമ്പുരാന്റെ ഭാഷാകവിത വളരെ വളരെ ഉയർന്നുകഴിഞ്ഞിരുന്നു.

58.8ശാസ്തകൃതികൾ
കേരളപാണിനീയം പഴയപതിപ്പ്

ഭാഷയ്ക്കു സർവ്വസമ്മതവും സമ്പൂർണ്ണവുമായ ഒരു വ്യാകരണം നിർമ്മിക്കണമെന്നുള്ള ആഗ്രഹം കോയിത്തമ്പുരാനു് 1058-ൽ സർക്കാര്‍ ഹൈസ്ക്കൂളിൽ അധ്യയനം ആരംഭിച്ചപ്പോൾത്തന്നെ അങ്കരിച്ചുകഴിഞ്ഞിരുന്നു. ആ ആഗ്രഹം സഫലമാക്കുന്നതിന്നുവേണ്ടി അന്നു നിലവിലിരുന്ന (1) ഗുണ്ഡർട്ടിന്റെ വ്യാകരണം, (2) ഗാർത്തുവെയിറ്റിന്റെ വ്യാകരണം ചോദ്യോത്തരം, (3) പീറ്ററിന്റെ വ്യാകരണം, (4) ഗീവറുഗീസ് മാത്തന്റെ വ്യാകരണം, (5) കോവുണ്ണിനെടുങ്ങാടിയുടെ കേരളകൗമുദി, (6) പാച്ചുമൂത്തതിന്റ വ്യാകരണം, എന്നീ പുസ്തകങ്ങൾ നിഷ്കർഷിച്ചു പഠിച്ചതിനുപുറമേ തമിഴുവ്യാകരണത്തിലും തെലുങ്കുവ്യാകരണത്തിലും കൂടി അത്യാവശ്യത്തിനുവേണ്ട അറിവു സമ്പാദിച്ചു. സൗകര്യം കിട്ടിയപ്പോൾ നവീനരീതിയിൽ ഒരു മലയാളവ്യാകരണം എഴുതിത്തുടങ്ങി. മറ്റു ജോലികൾക്കിടയിൽ നാലിലധികം സംവത്സരം വിനിയോഗിച്ചു് അതു പൂർത്തിയാക്കി; 1071-ൽ പ്രസിദ്ധീകരിച്ചു. തന്റെ വ്യാകരണഗുരുവായ വലിയകോയിത്തമ്പുരാന്നാണ് ആ ഗ്രന്ഥം സമർപ്പിച്ചതു്.

 “സാലാതുരീയമുനിമന്ദരമഥ്യമാനഃ
 കാത്യായനാമരസരിജ്ഝരപൂര്യമാണഃ
 ശ്രീമൽപതഞ്ജലിഘടോ്ഭവചൂഷ്യമാണ
 ശ്ശബ്ദാനുശാസനമഹാജലധിശ്ചകാസ്തി.
തസ്യൈതസ്യ സമന്തതോപി ഹരിതാംകൂലങ്കഷസ്യാംബുധേഃ
കല്ലോലേഷു കുതൂഹലാകുലതയാ നിഷ്ണാതവദ്ഭിശ്ചിരം
ശ്രീമദ്ഭിർഭഗിനീസുതപ്രണയിഭിർവ്വീചീഷു സഞ്ചാരിതഃ
സോയം കിഞ്ചിദുപാഹരാമി ഭവതാം സംയാത്രയാത്രാർജ്ജിതം.
യദ്വാലം കഥിതൈരഹോ നു ഖലു ഭോഃ സുൂത്രാണി സംസീവ്യതാ
രീതിം കേരളവൈഖരീയസമുദാചാരോചിതാം ഗൃഹ്ണതാ
ശബ്ദാനാമനുശിഷ്ടിരാപദശിഖം സംവണ്ണിതേയം മയാ
ബദ്ധാ കേരളവർമ്മണൈവ ഗുരുണേത്യാനീയതാമാദരാൽ.”

ഇവ ആ സമർപ്പണശ്ലോകങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു. സൂത്ര–വൃത്തി–ഭാഷ്യാത്മകമായി ആഭ്യൂഹികപ്രസ്ഥാനത്തിൽ രചിച്ചിട്ടള്ള ഒരു വ്യാകരണഗ്രന്ഥമാണു് കേരളപാണിനീയം. സൂത്രങ്ങൾ പാണിനിയുടേതുപോലെ അത്യന്തം ഹ്രസ്വങ്ങളാണു്. വൃത്തിയുടെ സാഹായ്യം കൊണ്ടു വേണം അവയുടെ അർത്ഥം ഗ്രഹിക്കുവാൻ. “ഇപ്പുസ്തകത്തിൽ ശരീരഭൂതമായതു വൃത്തി എന്ന ഭാഗമാകുന്നു. അതിലെ വാചകങ്ങൾക്കു കഴിയുന്നതും സാരള ്യം വരുത്താൻ ശ്രമിച്ചിട്ടുണ്ട്. സൂത്രം എന്നതു തുടരെത്തുടരെ ഓമ്മിക്കുന്നതിനുതകുന്ന ഒരു നൂലെന്നേയുള്ള. ഭാഷ്യം പ്രായേണ അധ്യാപകന്മാരുടെ ദൃഷ്ടിക്കുമാത്രമായി ഉദ്ദേശിക്കപ്പെട്ടതാണു്” എന്നു ഗ്രന്ഥകാരൻ ഓരോ. ഭാഗത്തിന്റേയും ഉപയോഗം വിശദീകരിക്കുന്നു. വ്യാകരണത്തിന്റെ വിഷയത്തെ ശിക്ഷ, പരിനിഷ്ഠ, ആകാംക്ഷ, നിരുക്തി എന്നു നാലു വകുപ്പുകളിലായി പിരിച്ചു് ഓരോന്നിനു് ഓരോ കാണ്ഡം വീതം വിനിയോഗിക്കുക, പൂർവ്വവൈയാകരണന്മാര്‍ അങ്ഗീകരിച്ചിരുന്ന ഛന്ദസ്സ്, അലങ്കാരം ഈ വിഷയങ്ങളെ വ്യാകരണബാഹ്യങ്ങളാകയാൽ വിട്ടുകളയുക, സംസ്കൃതവ്യാകരണവും ഭാഷാവ്യാകരണവും തമ്മിൽ കൂട്ടിക്കുഴയ്ക്കാതിരിക്കുക, നാമം, കൃതി, ഭേദകം, നിപാതം, അവ്യയം എന്നിങ്ങനെ ശബ്ദങ്ങളെ അഞ്ചു വിഭാഗങ്ങളായി വേര്‍തിരിക്കുക, ഗതികൾ, അനുപ്രയോഗങ്ങൾ, വിഭക്ത്യാഭാസങ്ങൾ ഇത്തരത്തിൽ ചില ശബ്ദസമുഹങ്ങൾ ഉണ്ടെന്നു വ്യവസ്ഥാപനം ചെയ്യുക എന്നിങ്ങനെ ആശാസ്യങ്ങളായ പല പരിഷ്കാരങ്ങളും വരുത്തി ഭാഷാവ്യാകരണത്തിന്റെ സമഞ്ജസവും സസമ്പൂണ്ണവുമായ സ്വരൂപം ഇദംപ്രഥമമായി പ്രദർശിപ്പിച്ചിട്ടള്ള പ്രസ്തുത ഗ്രന്ഥത്തിന്റെ മാഹാത്മ്യം വാക്കുകളെക്കൊണ്ടു പരിച്ഛേദിക്കാവുന്നതല്ല. ആ സൂര്യോദയത്തിൽ അതിനുമുൻപുള്ള വ്യാകരണതാരങ്ങൾ എല്ലാം അസ്തപ്രഭങ്ങളായതിൽ ആശ്ചര്യമില്ലല്ലോ. ആ പുസ്തകത്തിന്റെ ആവിർഭാവത്തിനു മേലാണു കേരളീയര്‍ ആ മഹാപുരുഷനെ “കേരളപാണിനി” എന്ന ബിരുദനാമം നല്കി അഭിവാദനം ചെയ്തുതുടങ്ങിയതു്. അതിനെത്തുടർന്നു ബാലവിദ്യാർത്ഥികളുടെ ആവശ്യത്തിനായി അതിലെ സിദ്ധാന്തങ്ങളെത്തന്നെ അടിസ്ഥാനപ്പെടുത്തി (1) പ്രാഥമികവ്യാകരണം, (2) മധ്യമവ്യാകരണം, (3) ശബ്ദശോധിനി എന്നിങ്ങനെ ഉത്തരോത്തരം വിവൃതങ്ങളായ മൂന്നു പുസ്തകങ്ങൾകൂടി പ്രസിദ്ധീകരിച്ചു. കേരളപാണിനീയത്തെപ്പറ്റി തനിക്കു തോന്നിയ ചില അഭിപ്രായഭേദങ്ങൾ മറ്റൊരു വൈയാകരണനായ എം. ശേഷഗിരിപ്രഭു ഭാഷാപോഷിണീ മാസികയിൽ തുടർച്ചയായി പ്രദർശിപ്പിക്കുകയുണ്ടായെങ്കിലും 1079-ൽ തലശ്ശേരിയിൽവച്ചു നടന്ന ഭാഷാപോഷിണിസഭയുടെ സമ്മേളനത്തിൽ “കേരളപാണിനീയം ഇപ്പോൾ സ്ക്കൂളുകളിൽ ഉപയോഗിച്ചുവരുന്ന പുസ്തകങ്ങളിൽവച്ചു പല സങ്ഗതികളിലും നല്ലതായിരിക്കുന്നു. ഭാഷാശാസ്ത്രം ആധാരമാക്കി മലയാള ഭാഷയുടെ സ്വരൂപത്തേയും ഘടനയേയും ഗോത്രത്തേയും നിശ്ചയിച്ചു ഭാഷാശാസ്ത്രം കാട്ടിക്കൊടുക്കുന്ന മാർഗ്ഗങ്ങളിൽ വ്യാകരണവിഷയങ്ങളെ ഉപപാദിച്ചു്, നൈയായികരീതിയിൽ സംജ്ഞകളെ നിർവ്വചിച്ചു് അഭിപ്രായഭേദങ്ങളുള്ള ദിക്കുകളിൽ സിദ്ധാന്തത്തെ കാണിച്ചുകൊടുക്കുന്ന ഒരു ശാസ്ത്രീയവ്യാകരണം കേരളപാണിനീയം മാത്രമേയുള്ളു. പാണിനി, പതഞ്ജലി മുതലായ സംസ്കൃതവൈയാകരണന്മാരുടെ രീതിയേയും സൂക്ഷ്മമായ വ്യാകരണതത്ത്വങ്ങളേയും കാണിക്കുന്നുണ്ടു്” എന്നാണു് അദ്ദേഹത്തിന്റെ പ്രസങ്ഗത്തിൽ പ്രസ്താവിച്ചതു്. അക്കാലത്തെ വൈയാകരണമൂർദ്ധന്യന്മാരിൽ അന്യതമനായിരുന്നരായം പേട്ട ആര്‍.വി. (പിന്നീടു മഹാമഹോപാധ്യായൻ) കൃഷ്ണിമാചാര്യരും ആ അവസരത്തിൽ കേരളപാണിനീയത്തെപ്പറ്റി ശ്ലാഘിക്കുകയുണ്ടായി. കൃഷ്ണമാചാര്യർക്കു മലയാളത്തിലും നല്ല ജ്ഞാനമുണ്ടായിരുന്നു. ചാരുചര്യാശതകം അദ്ദേഹം തർജ്ജമ ചെയ്തിട്ടണ്ടു്.

കേരളപാണിനീയം പരിഷ്കരിച്ച പതിപ്പ്

കാരികാവൃത്ത്യാദ്യാത്മകമായി ആഗമികപ്രസ്ഥാനത്തിൽ കേരളപാണിനി രചിച്ച സർവ്വങ്കഷമായ ഒരു വ്യാകരണഗ്രന്ഥമാണു് 1092-ൽ മുദ്രിതമായ പ്രസ്തുത പുസ്തകം. അതിന്റെ മുഖവുരയിൽ ആചാര്യൻ ഇങ്ങനെ പറയുന്നു. ആഭ്യൂഹികവ്യാകരണം രാജാധിപത്യത്തിന്റെയും ആഗമികവ്യാകരണം പൗരാധിപത്യത്തിന്റെയും സ്ഥാനം വഹിക്കുന്നു. ആകൃതിയിലും പ്രകൃതിയിലും മാത്രമല്ല, വേഷത്തിലും വിഷയത്തിലും കൂടി കേരളപാണിനീയത്തിന്റെ മുദ്രണത്തിൽ പറയത്തക്ക ഭേദഗതികൾ ചെയ്യേണ്ടിവന്നിട്ടുണ്ടു്. അഹർമ്മാനവും യോഗ്യാദിയും എല്ലാം കഴിച്ചാൽ കേരളപാണിനീയം എന്ന പേര്‍ മാത്രമേ ശേഷിക്കയുള്ള. അതിനാൽ പ്രകൃതപുസ്തകം 1071-ൽ പ്രസിദ്ധപ്പെടുത്തിയ കേരളപാണിനീയത്തിന്റെ രണ്ടാം പതിപ്പാണെന്നു പറഞ്ഞറിയിക്കതന്നെ വേണ്ടിയിരിക്കുന്നു!” അതിന്റെ ആരംഭത്തിൽ എഴുതിച്ചേത്തിട്ടുള്ള ദീർഘമായ പീഠിക അദ്ദേഹത്തിന്റെ ധിഷണാസമ്പത്തിനെയും പാണ്ഡിത്യപൗഷ്കല്യത്തെയും പ്രഖ്യാപനം ചെയ്യുന്നു. പുതിയ കേരളപാണിനീയത്തിന്റെ ബഹുമുഖങ്ങളായ വൈശിഷ്ഠ്യങ്ങളെപ്പറ്റി നാമനിർദ്ദേശം ചെയുന്നതിനുപോലും സ്ഥലം അനുവദിക്കുന്നില്ല. മറ്റൊരു പുസ്തകം അതുപോലെ എഴുതുവാൻ യാതൊരു ഭാഷാപണ്ഡിതനും നാളതുവരെ ഉദ്യമിച്ചിട്ടില്ലെന്നുള്ളതുതന്നെ അതിന്റെ അന്യാദൃശമായ മഹിമയ്ക്കു നിദർശനമാകുന്നു.

മണിദീപിക

കേരളപാണിനീയത്തിൽ സംസ്കൃതവ്യാകരണത്തിലെ വിഷയങ്ങൾ പ്രതിപാദിച്ചിട്ടില്ലെന്നു പറഞ്ഞുവല്ലോ. സംസ്കൃതവ്യാകരണത്തിന്റെ ഒരു സ്ഥൂലമായ ജ്ഞാനമെങ്കിലും ഇല്ലാതെ മണിപ്രവാളകവിത ശരിക്കു് ആസ്വദിക്കുവാൻ സാധിക്കുന്നതല്ല എന്നുള്ളതിനുപുറമേ, ഏതെങ്കിലും ഒരു പുതിയ അർത്ഥത്തെ കുറിക്കുന്നതിനു് ഒരു പുതിയ ശബ്ദം ആവശ്യപ്പെട്ടാൽ അതിനു സംസ്കൃതത്തെ ആശ്രയിക്കാതെ ഗത്യന്തരമില്പാത്തതും, അതു സുശബ്ദമായിരിക്കണമെങ്കിൽ കൃത്തദ്ധിതാദിപ്രകരണങ്ങളിൽ പ്രയോക്താവിനു സാമാന്യ പരിചയമെങ്കിലും ഉണ്ടായിരിക്കേണ്ടതുമാണു്. ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കു സംസ്കൃതവ്യാകരണത്തിന്റെ ഒരു ലഘുവായ പരിചയം സമ്പാദിക്കുന്നതിനു പ്രവേശികാരൂപത്തിൽ കാരികാവൃത്ത്യാത്മകമായ മലയാളത്തിൽ രചിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണു് മണിദീപിക. ‘മണിപ്രവാള’ ശബ്ദത്തിലെ മണിക്കു സംസ്കൃതം എന്നാണല്ലോ അർത്ഥം. മണിക്കു ദീപിക സ്ഥാനീയമാകുക നിമിത്തം പ്രസ്തുത പുസ്തകത്തിനു മണിദീപിക എന്ന സംജ്ഞ അർത്ഥവത്തായിരിക്കുന്നു. ഗ്രന്ഥാവസാനത്തിൽ അതിന്റെ പ്രയോജനത്തെപ്പറ്റി ഗ്രന്ഥകാരൻ ഇങ്ങനെ ഉപന്യസിക്കുന്നു.

 “മണിപ്രവാളത്തിൽ വിളങ്ങിടുന്ന
 മണിപ്രഭേദങ്ങളെടുത്തുകാട്ടാൻ
 കൊളുത്തിനേൻ ദീപികയൊന്നിവണ്ണം
 കോളൊത്ത മുന്യഷ്ടകദീപയഷ്ടേഃ.  കൃതഃ പുരാ കേരളപാണിനീയേ
 യതഃ പ്രവാളസ്യ വിശോധനായാം
 മണേര്‍വിമർശോ മണിദീപികേയം
 മണിം പ്രവാളഞ്ച വിശോധയധ്വം.”

ആകെ 702 കാരികകൾകൊണ്ടു വക്തവ്യം മുഴവൻ സങ്ഗ്രഹിച്ചിരിക്കുന്നുവെന്നുള്ളതു വിസ്മയാവഹമാണു്. 1084-ൽ രചിച്ച ആ ഗ്രന്ഥവും വലിയകോയിത്തമ്പുരാനുതന്നെയാണു് സമർപ്പിച്ചിരിക്കുന്നതു്.

 “പുരാർപ്പിതം കേരളപാണിനീയം
 സഹ പ്രജാഭിസ്തിസൃഭിസ്സമിന്ധേ
 കനീയസീയം മണിദീപീകാസ്യ
 നിവേദ്യതേ സംപ്രതി കൗതുകേന. പഥ്യാം പാണിനിസുത്രതിക്തഗുളികാപാളിം ഗളഗ്രാഹിണീം
ശുഷ്കത്വാൽ കഥമപ്യഹോ! നിഗിലതോവിജ്ഞാനസമ്പത്തയേ
യന്മാധ്വീ ഗുളജിഹ്വികാമകൃത മേ തസ്മിൻ പദാബ്ജേർപ്പയേ
തസ്യാസ്സാരകലാമിമാം വിതുഷിതാം വീതാനുബന്ധത്വതഃ”

എന്ന ആ ഘട്ടത്തിലെ രണ്ടു ശ്ലോകങ്ങൾ പ്രകൃതത്തിൽ അനുസ്മരണീയങ്ങളാണു്.

ഭാഷാഭൂഷണം

ഭാഷാഭൂഷണം ഭാഷയിൽ സാഹിത്യശാസ്ത്രത്തിലെ മിക്ക വിഷയങ്ങളേയും സ്പർശിക്കുന്ന ഒരു അലങ്കാരഗ്രന്ഥമാണു്. അതു കോളേജുവിദ്യാർത്ഥികളുടെ ആവശ്യത്തെ പുരസ്കരിച്ചു് എഴുതീട്ടുള്ളതുതന്നെ. അലങ്കാരപ്രകരണം, ദോഷപ്രകരണം, ഗുണപ്രകരണം, ശബ്ദാർത്ഥപ്രകരണം, ധ്വനിപ്രകരണം, ഗുണീഭൂതവ്യംയംഗ്യപ്രകരണം എന്നിങ്ങനെ ആറു പ്രകരണങ്ങൾ ഉൾപ്പെടുത്തീട്ടുണ്ടു്. നായകപ്രകരണം, നാടകപ്രകരണം, ഇത്യാദികൾ വിട്ടിരിക്കുന്നു. സംസ്കൃതത്തിലുള്ള എല്ലാ അലങ്കാരഗ്രന്ഥങ്ങളേയും പരിശോധിച്ചു് ഓരോ അംശത്തിൽ ഓരോ പൂർവ്വാചാര്യന്മാരുടെ മതം അംഗീകരിച്ചിട്ടുണ്ട്. “അർത്ഥാലങ്കാരങ്ങളെ അതിശയോക്തി, സാമ്യോക്തി, ശ്ലേഷോക്തി, വാസ്തവോക്തി എന്നു നാലിനങ്ങളായി പിരിച്ചിരിക്കുന്നതു കാവ്യാലങ്കാരകാരനായ രുദ്രടന്റെ സിദ്ധാന്തമനുസരിച്ചാകുന്നു. അവയുടെ സംഖ്യ ചുരുക്കിയതിൽ അലങ്കാരശേഖരകാരനായ കേശവമിത്രന്റെ പക്ഷത്തെ അനുകരിച്ചിരിക്കുന്നു. അങ്ങനെ പലരോടും കടപ്പെട്ടിട്ടുണ്ടെങ്കിലും ഏതാനും ചിലേടത്തു സ്വന്തമതംതന്നെ സ്ഥാപിക്കേണ്ടതായും വന്നിട്ടില്ലെന്നില്ല. ഭാഷാഭേദം മറ്റുചില ദിക്കുകളിൽ ഭേദഗതികൾക്കു കാരണമായിത്തീർന്നിട്ടുണ്ടു്. സംസ്കൃതത്തിൽ മാത്രം സംഭവിക്കുന്ന ചില ദോഷങ്ങളേയും മറ്റും ഉപേക്ഷിക്കുകയും സംസ്കൃതത്തിലില്ലാതെ ഭാഷയ്ക്കുമാത്രം വരുന്ന മറ്റു ചിലതുകളെ പുതുതായി കല്പിക്കുകയും ചെയ്തിരിക്കുന്നു” എന്നു ഗ്രന്ഥകാരൻ ചുണ്ടിക്കാണിക്കുന്നു. ആകെക്കൂടി നോക്കുമ്പോൾ ആചാര്യന്റെ ഉദ്ദേശം ഫലിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ ആവശ്യത്തിനു ഭാഷാഭൂഷണം ഒരുവിധമെല്ലാം മതിയാകുന്നതാണെന്നും പറയാം. സംപൂർണ്ണമായ ജ്ഞാനം സമ്പാദിക്കണമെങ്കിൽ സംസ്കൃതത്തിലെ സാഹിത്യശാസ്ത്രപ്രതിപാദകങ്ങളായ ഉപരിഗ്രന്ഥങ്ങൾതന്നെ പഠിക്കേണ്ടതാണെന്നു പറയേണ്ടതില്ലല്ലോ.

വൃത്തമഞ്ജരി

ഭാഷയിൽ സർവ്വസ്പർശിയായ ഒരു വൃത്തശാസ്ത്രഗ്രന്ഥം വൃത്തമഞ്ജരി മാത്രമേയുള്ള. അതിന്റെ മുഖവുരയിൽ ആചാര്യൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഭാഷാഭൂഷണം പോലെ വൃത്തമഞ്ജരിയും ക്ലാസ്സിലെ ഉപയോഗത്തിനുവേണ്ടി എഴുതിയിരുന്ന നോട്ടുകളിൽ പോരാത്ത ഭാഗം ചേർത്തു പുസ്തകാകൃതിയിൽ വരുത്തീട്ടുള്ളതാകുന്നു… ഈ പുസ്തകത്തിൽ വിശേഷമായി ഒന്നു ചെയ്തിട്ടുള്ളതു ഭാഷാവൃത്തങ്ങൾക്കു സംജ്ഞാലക്ഷണകല്പനയാകുന്നു. സംസ്കൃതത്തിലെപ്പോലെ ഭാഷയിൽ ഗണ്യമായ വൃത്തശാസ്ത്രം ഇതേവരെ ആരും ഏർപ്പെടുത്തിക്കണ്ടില്ല… പ്രാചീനന്മാര്‍ സംജ്ഞകൾ ചെയ്തിടത്തു് അതുകളെത്തന്നെ സ്വീകരിച്ചും, ഇല്ലാത്തിടത്തു പുതിയ സംജ്ഞകളെ സൃഷ്ടിച്ചുമാണു് ഇതിൽ ഭാഷാവൃത്തപ്രകരണം എഴുതീട്ടുള്ളതു്.”

സാഹിത്യസാഹ്യം

സാഹിത്യയസാഹ്യവും ഭാഷാഭൂഷണംപോലെ ഭാഷാപോഷണത്തിനു പ്രയോജകീഭവിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാകുന്നു. കൊച്ചി രാമവർമ്മ അപ്പൻതമ്പുരാൻ അതിന്റെ അവതാരികയിൽ പറയുന്നതുപോലെ “കേരളപാണിനീയം ശബ്ദനിയമങ്ങളെ സ്ഥാപിച്ചു. പദ്യകൃതികളെ നിയമനംചെയ്തുകൊണ്ടു ഭാഷാഭൂഷണം പിൻതുടർന്നു… സാഹിത്യസാഹ്യംകൊണ്ടു ഗദ്യകൃതികൾക്കും പുരോഗതിയുണ്ടായി.” സാഹിത്യത്തിന്റെ പുറമേയുള്ള വേഷത്തെ ആസ്പദമാക്കി ഗദ്യം, പദ്യം, മിശ്രം എന്നു മൂന്നായിട്ടും, ഉദ്ദേശ്യത്തിന്റെ സ്വഭാവമനുസരിച്ച് ഉപദേശം, വിനോദം എന്നു രണ്ടായിട്ടും, രൂപം പ്രമാണിച്ചു്, ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നു നാലായിട്ടും വിഭജിച്ചു സാഹിത്യത്തിന്റെ സ്വരൂപം ഗ്രന്ഥകാരൻ ആദ്യമായി കാണിച്ചതിനുമേൽ ഗദ്യശാഖയെ സംബന്ധിച്ചിടത്തോളം ഈ നാലു രൂപങ്ങളേയും പ്രപഞ്ചനം ചെയ്യുന്നു. ഇതു പൂർവ്വഭാഗത്തിലെ പ്രതിപാദ്യമാണു്. കൃതിപ്രണയനം എന്ന ഉത്തരഭാഗത്തിൽ പദം, വാക്യം, ഖണ്ഡിക എന്നിങ്ങനെ കെട്ടിച്ചമയ്ക്കുവാനുള്ള മൂന്നു സാധനങ്ങളിൽ ഓരോന്നിനേയും സംബന്ധിച്ചു് എല്ലാവരും അറിഞ്ഞിരിക്കേണ്ടതും എന്നാൽ പലക്കും അറിവില്ലാത്തതുമായ പല ശുദ്ധിനിയമങ്ങളേയും വിവരിച്ചിരിക്കുന്നു. നല്ല ഗദ്യകാരന്മാരാകണമെന്നു് ആഗ്രഹിക്കുന്നവര്‍ സാഹിത്യസാഹ്യം നിഷ്കർഷിച്ചു പഠിക്കുകയും അതിൽ നിർദ്ദിഷ്ടങ്ങളായ വ്യവസ്ഥകൾ ആകുന്നിടത്തോളം അനുസരിക്കുകയും ചെയ്യേണ്ടതാണു്. പ്രകൃതഗ്രന്ഥത്തിന്റെ നിർമ്മിതിയിൽ പ്രൊഫസര്‍ കോയിത്തമ്പുരാൻ വിശിഷ്യ അനുമോദനീയനാകുന്നു. എന്തുകൊണ്ടെന്നാൽ അത്തരത്തിൽ ഒരു ഗ്രന്ഥം മാർഗ്ഗദർശകമായി അക്കാലത്തുണ്ടായിരുന്നില്ലല്ലോ. “ഇംഗ്ലീഷ് സാഹിത്യശാസ്ത്രകാരന്മാര്‍ ചെയ്തിട്ടുള്ള വ്യവസ്ഥകളിൽ സ്വഭാഷയ്ക്കു യോജിക്കുന്നിടത്തോളം ഭാഗം അതേവിധം പകർത്തുകയും, ആ ഛായ പിടിച്ചു ചിലതു യഥാമതി കൂട്ടിച്ചേർക്കകയും” ആണു് ഗ്രന്ഥകാരൻ ചെയ്തിട്ടുള്ളതു്. അതു് ഏറ്റവും ക്ലേശസാധ്യമായ ഒരു പ്രയത്നമാണെന്നു പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഇംഗ്ലീഷുകാരുടെ മാനദണ്ഡംകൊണ്ടു പ്രാസംഗികമായി ഭാരവിപ്രമുഖന്മാരായ സംസ്കൃതമഹാകവികളെ തുലനം ചെയ്തിട്ടുള്ളതു സ്ഥാനസ്ഥമാണെന്നു സമർത്ഥിക്കുവാൻ പ്രയാസമുണ്ടു്.

വ്യാഖ്യാനങ്ങൾ

ഏ. ആറിന്റെ ഭാഷാവ്യാഖ്യാനങ്ങളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു കാന്താരതാരകമാകുന്നു. ഉണ്ണായിവാരിയര്‍ കല്പിച്ചുകൂട്ടി നളചരിതം ആട്ടക്കഥയിൽ കെട്ടിത്തള്ളീട്ടുള്ള കുരുക്കുകൾ അഴിക്കുവാൻ വ്യാഖ്യാതാവു ചെയ്തിട്ടുള്ള തീവ്രമായ പ്രയത്നം പ്രായേണ ഫലിച്ചിരിക്കുന്നു. അതുകൂടാതെ ഏ. ആര്‍. തന്റെ മിക്ക ഗ്രന്ഥങ്ങൾക്കും അവതാരിക എഴുതീട്ടുണ്ട്. വ്യാഖ്യാനങ്ങളുടെ വിഷയത്തിലും ആ പരിപാടിതന്നെയാണു് സ്വീകരിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ അവതാരികകൾ ഏതു നിലയിൽ നോക്കിയാലും അത്യുൽക്കൃഷ്ടങ്ങളാണു്. അവ സങ്കുചിതങ്ങളല്ല; വൃഥാസ്ഥൂലങ്ങളുമല്ല. ഓരോ ഗ്രന്ഥത്തെയും പറ്റി അനുവാചകന്മാർക്കു് എന്തെല്ലാം ഗ്രഹിക്കണമോ അതെല്ലാം ഒന്നുപോലും വിടാതെ സ്ഫടികസ്ഫുടമായ ഭാഷയിൽ സംശയച്ഛേദിയായ രീതിയിൽ പ്രതിപാദിക്കുവാൻ അദ്ദേഹത്തിനുള്ള പാടവം അന്യർക്കു ലഭിച്ചിട്ടില്ല. അവതാരിക വായിച്ചുകൊണ്ട് ഗ്രന്ഥത്തിലേക്കു കടന്നാൽ അതിലെ സഞ്ചാരം ഏതു പംഗുവിനും സുഖകരമായിരിക്കും. ആ ആനന്ദം അനുഭവിക്കണമെന്നുള്ളവര്‍ കാന്താരതാരകമോ മാളവികാഗ്നിമിത്രത്തിന്റെയോ മറ്റോ ഭൂമികയോ വായിച്ചുനോക്കട്ടെ.

58.9ഗദ്യം

ഏ. ആറിന്റെ ഗദ്യരീതി എത്രമാത്രം ഹൃദയാവർജ്ജകമാണെന്നു പറഞ്ഞറിയിക്കുവാൻ പ്രയാസമുണ്ടു്. അതിൽ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ അനന്യലഭ്യമായ വ്യക്തിമുദ്ര പതിഞ്ഞിട്ടുള്ളതു ഭാവുകന്മാർക്കു പ്രത്യക്ഷത്തിൽ കാണാം. വിഷയത്തെ വേണ്ടവിധം വിശകലനം ചെയ്തു പണ്ഡിതോചിതവും എന്നാൽ പാമരന്മാർക്കുകൂടി സുഗ്രഹവുമായ ഭാഷയിൽ മിതമായും സാരമായും വിവക്ഷിതാർത്ഥ പ്രതിപാദകമായുമുള്ള പദവിന്യാസംകൊണ്ടു വാചയിതാക്കൾക്കു് അറിവും ആനന്ദവും ഒരേസമയത്തു നല്കി, സാഹിത്യവീഥിയിൽ ജൈത്രയാത്ര ചെയ്യുന്ന ആ അനുഗൃഹീതപുരുഷന്റെ ഗദ്യോപന്യാസങ്ങൾക്കുള്ള അടുക്കും അഴകും ആഴവും അന്തസ്സും അവ വായിച്ചുതന്നെ അറിയേണ്ടതാണു്. അലങ്കാരവും അഗ്രാമ്യമായ ഫലിതവുംകൊണ്ടു് ആവശ്യമുള്ള ഭാഗങ്ങളിൽ അവയ്ക്കു മാറ്റുകൂട്ടീട്ടുമുണ്ടു്. ആ സമഞ്ജസമായ ശൈലി അദ്ദേഹത്തിനു യൗവനത്തിൽത്തന്നെ സ്വാധീനമായിക്കഴിഞ്ഞിരുന്നു എന്നും നാം പ്രകൃതത്തിൽ അനുസ്മരിക്കേണ്ടതുണ്ടു്. രണ്ടുദാഹരണങ്ങൾകൊണ്ടു് ഈ വസ്തുത വ്യക്തമാക്കാം. ആദ്യത്തേതു് 1068-ൽ എഴുതിയ കവിസഭാരഞ്ജനഭാഷ്യത്തിലുള്ളതാണു്. രണ്ടാമത്തേതു വളരെക്കാലം കഴിഞ്ഞു ഗദ്യമാലികയിൽ ചേർക്കുവാൻ രചിച്ചതുമാണ്. ഒന്നിനൊന്നു് അദ്ദേഹത്തിന്റെ ഗദ്യരചനാവൈഭവം ഉയർന്നുകൊണ്ടിരുന്നു.

“ഈ നാടകത്തിൽ അങ്ഗിയായതു വീരരസമാകുന്നു. ദാനവീരം, ദയാവീരം, ഇത്യാദി വീരരസത്തിനു് അനേകം ഭേദങ്ങളള്ളതിൽ ഇതിലെ വീരത്തിനു് ആരംഭവീരമെന്നോ കാര്യവീരമെന്നോ പേരു പറയാം. സമാജം നടത്തുന്ന വിഷയത്തിലുള്ള സ്ഥായിയായ ഉത്സാഹമാകുന്നു വീരരസമായിത്തീരുന്നതു്. പത്രാധിപരാകുന്ന ധീരനായകനിൽ വർത്തിക്കുന്നതും സമാജനിർവ്വഹണത്തെ ആലംബിക്കുന്നതുമായ ഉത്സാഹസ്ഥായിഭാവം മഹാരാജസാഹായ്യാദിവിഭാവങ്ങളാൽ ഉദ്ദീപിതവും ‘എരിതീയിലാശു ചാടാം’ ഇത്യാദി വീരവാദങ്ങളാകുന്ന അനുഭാവങ്ങളാൽ അവഗാഢീകൃതവും സഭ കൂടി ആലോചന ‘ബഞ്ചും മേശകളും കസാലകളുമിങ്ങന്യൂന’ ഇത്യാദി സാധനസാമഗ്രി സമ്പാദിക്കുന്നതിലുള്ള വൈയഗ്ര്യം ‘വിത്തിട്ടന്നു തുടങ്ങി വിങ്ങിയ ഇരു’ ഇത്യാദി വിഘ്നങ്ങളിൽ നിന്നുള്ള ശങ്ക, ‘അറ്റംകൂടാതുള്ള യത്നം പലതു’ ഇത്യാദി ചിന്ത ‘ഇതൊന്നുംകൊണ്ടും മറ്റും ശാല അലംകൃതമായി എന്നു് അടിയൻ വിചാരിക്കന്നില്ല’ ഇത്യാദി ഒത്സുക്യം ഇങ്ങനെയുള്ള വ്യഭിചാരികളാൽ പരിപോഷ്ഠിതവുമായിട്ടുണ്ടു്; നമ്പ്യാരുടെ ഫലിതങ്ങളാൽ ഉത്ഥാപിതമായ ഹാസ്യരസം; ആപണശാലാദ്യാലംബിതമായ അത്ഭുതരസം ഇങ്ങനെയുള്ള അംഗങ്ങളാൽ പരിപൂർണ്ണതയെ പ്രാപിച്ചു നിഖിലനിബന്ധവ്യാപിയായിത്തീർന്നു വ്യാഖ്യാതൃശ്രോതാക്കളുടെ ഹൃദയത്തിൽ ബ്രഹ്മാനന്ദനിർവ്വിശേഷമായ ഒരു നിര്‍വൃതിവിശേഷത്തെ ജനിപ്പിക്കുന്നു.”

ഇതു് ആലങ്കാരികവിഷയമാണു്. അടുത്തതായി തത്ത്വ ചിന്താപരമായ ‘ജീവിതസ്നേഹം’ എന്ന ഉപന്യാസത്തിലെ ചില വാക്യങ്ങൾ പ്രദർശിപ്പിക്കാം.

“എന്നാൽ അനുഭവങ്ങളും ഇന്ദ്രിയങ്ങളും ചെയ്യുന്ന പ്രവൃത്തി വ്യർത്ഥംതന്നെ. അതു രണ്ടിനെക്കാളും ബലവത്തരമായ ആശ, ദൂരമായ ഉദർക്കത്തെ, സങ്കല്പകല്പിതമായ സൗന്ദര്യത്തോടുകൂടെ പുരോഭാഗത്തിൽ സജ്ജീകരിക്കുന്നു; ഏതോ ഒരാനന്ദം ഇനിയും അതിദൂരത്തിൽനിന്നു് അങ്ങോട്ടു ചെല്ലാൻ എന്നെ സംജ്ഞാപനം ചെയ്യുന്നു. ഒരു തോല്ക്കുന്ന ചൂതുകളിക്കാരനെപ്പോലെ ഓരോ തോൽവിയും എനിക്കു ദ്യൂതാസക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.”

സാങ്കേതികശബ്ദങ്ങൾ

ആങ്ഗലഭാഷയിൽനിന്നു ശാസ്ത്രീയഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുന്നവരുടെ ആവശ്യമനുസരിച്ചു ഭാഷയിൽ സാങ്കേതികശബ്ദങ്ങൾ നിർമ്മിച്ചുകൊടുക്കുന്നതിൽ നമ്മുടെ ഈ മഹാപണ്ഡിതൻ സദാ ജാഗരൂകനായിരുന്നു. കേരളപാണിനീയം തുടങ്ങിയ സ്വകീയഗ്രന്ഥങ്ങളിലും അത്തരത്തിലുള്ള അനേകം ശബ്ദങ്ങൾ സംക്രമിപ്പിച്ചിട്ടുണ്ടു്. അദ്ദേഹമാണു് സർവ്വസംപ്രതിപന്നമായ സാങ്കേതികശബ്ദകോശം ആദ്യമായി ഭാഷയിൽ സൃഷ്ടിച്ചതു് എന്നുള്ളതിനു സംശയമില്ല. ഡാക്ടര്‍ കൃഷ്ണൻപണ്ടാലയുടെ രസതന്ത്രനിർമ്മാണകാലം മുതൽ ആയുരന്തംവരെ അദ്ദേഹം ആ വിഷയത്തിൽ സമർത്ഥമായി പ്രയത്നിച്ചു. “നൂതന സാങ്കേതികശബ്ദങ്ങളെ ആവശ്യം പോലെ അടിച്ചെടുക്കുന്നതിൽ ഞാൻ ചെറിയ തോതിൽ ഒരു കമ്മട്ടം ഏർപ്പെടുത്തീട്ടുണ്ട്” എന്നു സാഹിത്യസാഹ്യത്തിൽ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഭാഷയിലെ ശബ്ദദാരിദ്ര്യം പരിഹരിക്കുന്നതിനായി ഓക്സ്ഫോർഡു് ഇംഗ്ലീഷ്നിഘണ്ടു തർജ്ജമചെയ്യാൻ നിശ്ചയിച്ചു് അതിൽ ആദ്യത്തെ കുറേ ഭാഗം വിവർത്തനംചെയ്തു. അതിനു് ഒരു ചെറിയ സമിതിയേയും സംഘടിപ്പിച്ചിരുന്നു. എന്നാൽ അതു മുഴുമിപ്പിക്കുവാൻ വിധി സമ്മതിച്ചില്ല.

ഉപസംഹാരം

കേരളപാണിനി ഒരു വശ്യവചസ്സായ കവിയുടേയും സർവ്വതന്ത്രസ്വതന്ത്രനായ ശാസ്ത്രകാരന്റേയും നിലയിൽ സംസ്കൃതത്തിനും ഭാഷയ്ക്കും ചെയ്തിട്ടുള്ള സഹസ്രമുഖമായ സാഹായ്യത്തെസ്സംബന്ധിച്ചു ദിങ്മാത്രമായി ചിലതെല്ലാം ഈ ഘട്ടത്തിൽ പ്രസ്താവിച്ചുവെന്നേയുള്ള. ഇനിയും പലതും നിവേദനീയമായുണ്ടു്. അതു പ്രത്യേകമൊരു പുസ്തകംകൊണ്ടല്ലാതെ സാധ്യമല്ല. മറ്റുള്ളവര്‍ ഭാഷാസാഹിത്യസാധത്തിന്റെ ഭിത്തികളിൽ ചിത്രപ്പണികൾ ചെയ്തുകൊണ്ടിരുന്നപ്പോൾ ഈ സ്ഥപതി മൂദ്ധന്യൻ അതിന്റെ അസ്തിവാരവും ആരൂഢവും ഉറപ്പിച്ചു് അതിനു ശാശ്വതപ്രതിഷ്ഠ നല്കി കേരളീയരെ ആകമാനം അനുഗ്രഹിച്ചു. ആ ശില്പകർമ്മത്തിലാണ് അദ്ദേഹത്തിന്റെ യശസ്സ് ആചന്ദ്രതാരം അചലസ്ഥായിയായി നിലകൊള്ളന്നതു്. ഒന്നു ഞാൻ തീർച്ചയായി പറയാം; അദ്ദേഹത്തെപ്പോലെ സൂക്ഷ്മദർശിയും ഉചിതജ്ഞനും പ്രതിഭാസമ്പന്നനും വ്യവസായശീലനുമായ ഒരു മഹാനുഭാവൻ ഈ നവയുയഗത്തിൽ കേരളത്തിൽ ജനിച്ചിട്ടില്ല. അത്തരത്തിലുള്ള അതിമാനുഷന്മാരുടെ അവതാരം ഏതു ദേശത്തും ഏതു കാലത്തും അത്യന്തം വിരളമായിരിക്കുവാനല്ലാതെ മാർഗ്ഗവുമില്ല.

58.10കെ. സി. കേശവപിള്ള (1043–1089)
ജനനവും ബാല്യവും

കൊല്ലം പരവൂരിൽ വാഴവിള എന്നൊരു ഗൃഹമുണ്ട്. ആ ഗൃഹത്തിലെ ഒരങ്ഗമായ ശങ്കരപ്പിള്ള വേലുത്തമ്പിദളവയുടെ കാലത്തു് ആലപ്പുഴ സർവ്വാധികാര്യക്കാരായിരുന്ന അവസരത്തിൽ ബാലരാമവർമ്മ മഹാരാജാവു് അദ്ദേഹത്തിനു ‘ചെമ്പകരാമൻ’ എന്ന സ്ഥാനം സമ്മാനിച്ചു. കേശവപിള്ളയുടെ മാതാവായ ലക്ഷ്മിയമ്മ 1017-ാമാണ്ടു ജനിച്ചു. 1036-ാമാണ്ടു പരവൂര്‍ വലിയവെളിച്ചത്തുവീട്ടിൽ രാമൻപിള്ളയുടെ പത്നിയായി. ആ ദമ്പതിമാരുടെ പുത്രനായി കേശവപിള്ള വാഴവിളവീട്ടിന്റെ ഒരു ശാഖയായ കോതേത്തുവീട്ടിൽ 1043-ാമാണ്ടു മകരമാസം 22-ാം൹ രോഹിണീനക്ഷത്രത്തിൽ ഭൂജാതനായി. സ്തവരത്നമാലികയിൽ കവി ഇവരെയെല്ലാം ചുവടേ ഉദ്ധരിക്കുന്ന ശ്ലോകത്തിൽ വന്ദിച്ചിരിക്കുന്നു.

“ലക്ഷ്മീമം ഭോജനാഭസ്മരണഗതശുചം മാതരം മാന്യശീലാ
മക്ഷീണശ്രീവിലാസാലയമപി ജനകം രാമസംജ്ഞം മനോജ്ഞം
സേവേഹം ഭാഗധേയോദ്ധരണവിധിസമാസാദിതസ്ഫാരകീർത്തിം
വഞ്ചിക്ഷേശസ്യ ധീരം സവിനയമതുലം മാതുലം ശങ്കരാഖ്യം.”

പരവൂര്‍ മലയാളം പള്ളിക്കൂടത്തിൽ അഞ്ചാമത്തെ വയസ്സിൽ വിദ്യാഭ്യാസം ആരംഭിച്ചു. അഞ്ചു കൊല്ലത്തോളം ആ പഠിത്തം തുടർന്നു. പരവുരിൽ അതിനുമേൽ പഠിക്കുവാൻ സൗകര്യമില്ലാതിരുന്നതിനാൽ വിദ്യാലയാധ്യയനം അവിടെവച്ചു നിറുത്തി. പിന്നീടു് അധ്യാത്മരാമായണം, ഭാഗവതം മുതലായ കിളിപ്പാട്ടുകൾ വായിച്ചു പഠിച്ചു് അവയിലെ രസം അനുഭവിച്ചു സ്വതസ്സിദ്ധമായ സങ്ഗീതവാസനയോടുകൂടി അവയെ പാടിക്കേൾപ്പിക്കുന്നതിൽ ഉത്സുകനായിത്തീർന്നു. അതോടുകൂടി കഥകളിയിൽ അസാമാന്യമായ അഭിനിവേശമുണ്ടായി. ഏതാനും വയസ്യന്മാരെ കൂട്ടിച്ചേർത്തു കുട്ടിത്തരത്തിൽ ഒരു കളിയോഗം സംഘടിപ്പിച്ചു ദുര്യോധനവധം ആട്ടക്കഥ ബാലോചിതമായ വേഷവിധാനത്തോടുകൂടി അഭിനയിച്ചു. ചെണ്ടകൊട്ടും പാട്ടും ഹനൂമാന്റെ അഭിനയവുമാണു കവിക്കു് അന്നു് അനുഷ്ടിക്കേണ്ടിവന്ന കൃത്യപരിപാടി. കയ്യിൽ കിട്ടുന്ന ആട്ടക്കഥകൾ നിവൃത്തിയുള്ളേടത്തോളം പകർത്തിപ്പഠിച്ചു് ആ സാഹിത്യവിഭാഗത്തിൽ വിപുലമായ വിജ്ഞാനം നേടി. പതിനഞ്ചാമത്തെ വയസ്സിൽ സിദ്ധരൂപത്തിന്റെ ജ്ഞാനം പോലുമില്ലാതിരുന്ന ആ ഉത്തിഷ്ഠമാനൻ പ്രഹ്ലാദചരിതം എന്ന പേരിൽ ഒരു പുതിയ ആട്ടക്കഥതന്നെ എഴുതി. അതിലെ ഒരു ശ്ലോകം അന്നു പരവൂര്‍ മലയാളം പള്ളിക്കൂടം വാധ്യാരായിരുന്ന ഇടത്തറെ പരമു ആശാൻ കണ്ടു “കേശവനു കവിയായാൽ കൊള്ളാമെന്നു മോഹമണ്ടു് അല്ലേ? പക്ഷേ അതിനു പഠിച്ചെങ്കിലേ ഒക്കൂ” എന്നു് അതിനെ നിശിതമായ രീതിയിൽ വിമർശനം ചെയ്തു. തന്റെ ആ പ്രഥമകൃതി പരിശോധിക്കുവാൻ പരവൂര്‍ കേശവനാശാനെ സമീപിച്ചപ്പോൾ “അവിടുന്നു സംസ്കൃതംകൂടി കുറേ വായിക്കണം. വായിച്ചാൽ ഇതിനെ സ്വയമേവ തിരുത്തുന്നതിനു ശക്തനായിത്തീരും” എന്നു് ഉപദേശിച്ചു. രണ്ടു പ്രസ്താവനകളടേയും സാരം ഒന്നുതന്നെയായിരുന്നു. ഭാഷ മാത്രമേ വ്യത്യസ്തമായിരുന്നുള്ളു.

ഉപരിപഠനം

ഉടനടി കേശവനാശാനെത്തന്നെ തന്റെ പ്രഥമ സംസ്കൃതഗുരുവായി വരിച്ചു കവി ആ ഭാഷയിൽ പഠനം ആരംഭിച്ചു. കാവ്യനാടകാലങ്കാരങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽനിന്നു് അഭ്യസിച്ചു. അത്യന്തം ശ്രദ്ധയോടുകൂടിയാണു് കേശവപിള്ള സംസ്കൃതം പഠിച്ചതു്. അതുകൊണ്ടു ചുരുങ്ങിയ കാലത്തിനുള്ളിൽ മാഘം നൈഷധം മുതലായ കാവ്യങ്ങളിലും, ശാകുന്തളം ഉത്തരരാമചരിതം ഇത്യാദിനാടകങ്ങളിലും, മേഘസന്ദേശത്തിലും, കുവലയാനന്ദം തുടങ്ങിയ ചില അലങ്കാരഗ്രന്ഥങ്ങളിലും അദ്ദേഹം അഗാധമായ ജ്ഞാനം സ്വായത്തമാക്കി. കാവ്യങ്ങളിൽ അദ്ദേഹത്തിനു് അത്യന്തം പരിചിതമായിരുന്നതു മാഘമാണെന്നുള്ളതിനു് അദ്ദേഹത്തിന്റെ പശ്ചാൽക്കാലത്തെ പ്രയോഗവൈചിത്ര്യങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. വ്യുൽപ്പത്തിക്ക് ആ മഹാകാവ്യമാണല്ലോ അധികം പ്രയോജനപ്പെടുന്നതും. പ്രഹ്ലാദചരിതം അടുത്ത കൊല്ലത്തിൽ ഹിരണ്യാസുരവധം എന്ന പേരിൽ മാറ്റിയെഴുതി.

“കല്യാണോദധി നിർജ്ജരാന്വയവരൻ മല്ലാരിഭക്തോത്തമൻ
സ്വര്‍ല്ലോകാധിപനംബുസംഭവസുതാകാന്താഗ്രജൻ താൻനിജ
കല്യാണാംഗികളായ വല്ലഭകളോടുല്ലാസമോടാശു താൻ
സ്വര്‍ല്ലോകേ സുഖമോടു വാണിതു മനസ്സന്തോഷമാർന്നേറ്റവും”

എന്ന അതിലെ ആദ്യകാലത്തെ ശ്ലോകം,

 “ശ്രീമാൻ മഹോച്ഛ്രായസഹോ ജിതാരിഃ
 ശ്രീനാഥസേവൈകരതോ മഹാത്മാ
 നാകേ നിജാഭിസ്സുരസുന്ദരീഭി
 സ്സാകും സുരേശസ്സസുഖം ന്യവാത്സീൽ”

എന്നാണു് രൂപഭേദം കൈക്കൊണ്ടതു്. കേശവനാശാന്റെ ശിക്ഷാസാമർത്ഥ്യം കേശവപിള്ളയുടെ പരിശ്രമോന്മിഷിതമായ് പ്രതിഭാവിശേഷത്തോടു സമ്മേളിച്ചപ്പോൾ സഞ്ജാതമായ ഫലം വിസ്മയനീയമായിരുന്നു എന്നേ പറയേണ്ടതുള്ളു. ഒരിക്കൽ ആശാന്റെ ഗൃഹത്തിൽ ഗോപസ്ത്രീസമേതനായ ബാലഗോപാലന്റെ ഒരു പടം വച്ചിരുന്നതു കണ്ടു സന്ദർശകന്മാരിൽ ഒരാളുടെ അഭിമതമനുസരിച്ചു പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു് അധോലിഖിതമായ ശ്ലോകം.

 “മഹാരത്നഭ്രാജൽകനകവലയശ്രീകരധൃതോ
 ജജ്വലദ്വേണൂദഞ്ചൽസുമധുരമനോമോഹനരവഃ
 വിഭാത്യേഷ ശ്രീമൽപശുപവനിതാലോചനമധു
 വ്രതശ്രേണീപത്മായിതവരതനുശ്ശ്രീമധുരിപുഃ”

ആ ശ്ലോകം പിന്നീടു സ്തവരത്നമാലികയിൽ ഉൾപ്പെടത്തീട്ടുണ്ടു്. ആശാനെ കവി ഹിരണ്യാസുരവധത്തിൽ ഇങ്ങനെ സ്മരിക്കുന്നു.

 “വിബുധാനന്ദസന്ദായീ വിദ്യാകേളിവിശാരദഃ
 വിഭാതു ഹൃദയേ നിത്യം ദേശികഃ കേശവാഹ്വയഃ.”

വ്യാകരണം അഭ്യസിപ്പിച്ചതു കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ശിഷ്യനും, സിദ്ധാന്തകൌമുദി കാരികാരൂപത്തിൽ പരാവർത്തനം ചെയ്ത പ്രശസ്ത പണ്ഡിതനുമായ എണ്ണയ്ക്കാട്ടു രാജരാജവർമ്മത്തമ്പുരാനായിരുന്നു. അദ്ദേഹം കേശവപിള്ള 1065-ൽ പരിഗ്രഹിച്ച പരവൂര്‍ പടിഞ്ഞാറേ വീട്ടിൽ കല്യാണിയമ്മയുടെ ജ്യേഷ്ഠത്തിയായ ലക്ഷ്മിയമ്മയുടെ ഭർത്താവായിരുന്നു എന്നു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. ആ തമ്പുരാനെ കവി കൊല്ലം പ്രദർശനവർണ്ണനത്തിൽ താഴെക്കാണുംവിധം അഭിവാദനം ചെയ്യുന്നു.

 “ശ്രീരാജമാനതരതൈലവനാവനീശ
 ശ്രീരാജരാജഗുരുപാദപദാരവിന്ദം
 പാരിച്ച ഭക്തിഭരമാർന്ന മദീയചിത്ത
 താരിൽ പ്രസന്നത കലർന്നു വിളങ്ങിടേണം.”

ഈ ശ്ലോകം 1067-ൽ രചിച്ചതാണെങ്കിലും അതിനുമുൻപു തന്നെ അവര്‍ തമ്മിലുള്ള ഗുരുശിഷ്യബന്ധം ആരംഭിച്ചിരിക്കണം. തമ്പുരാനുപുറമെ കൊല്ലത്തു് 1063-ൽ ഒരു വൈദ്യവിദ്യാശാലയിൽ സംസ്കൃതാധ്യാപകനായിരുന്ന കാലത്തോമറ്റോ അവിടെ സർക്കാര്‍ഹൈസ്ക്കൂളിൽ സംസ്കൃതപണ്ഡിതനായിരുന്ന ഒരു ശാസ്ത്രികളോടും അദ്ദേഹം വ്യാകരണത്തിൽ ചില പ്രകരണങ്ങൾ പഠിക്കുകയുണ്ടായി. ഏതായാലും അപ്പോഴേയ്ക്കും ആ ഭാഷയിൽ വ്യുൽപ്പത്തി നല്ലപോലെ ഉറച്ചുകഴിഞ്ഞിരുന്നു എന്നു് അതിലെ വന്ദനശ്ലോകങ്ങൾ തെളിയിക്കുന്നു. ചുരുക്കത്തിൽ ഏതാനും കൊല്ലത്തെ നിഷ്കൃഷ്ടമായ അധ്യയനംകൊണ്ടു സംസ്കൃതത്തിൽ സരസമായി കവനം ചെയ്യുന്നതിനും അതിൽ പണ്ഡിതൈകസാധ്യങ്ങളായ ചില പ്രയോഗവിശേഷങ്ങൾ ഉൾക്കൊള്ളിക്കുന്നതിനുമുള്ള പാടവം അദ്ദേഹത്തിനു ലഭിച്ചു. എന്നാൽ സംസ്കൃതപഠനംകൊണ്ടുമാത്രം ആ ഉൽക്കഷേച്ഛു തൃപ്തനായില്ല. കുറേക്കാലം ഗുരുമുഖത്തിൽനിന്നും പിന്നീടു സ്വയം പരിശ്രമിച്ചും ഇംഗ്ലീഷിലും പ്രായോഗികമായ പരിചയം സമ്പാദിച്ചു. ആ വിവിധമണ്ഡലങ്ങളിലുള്ള വ്യവസായസന്നദ്ധതയെ ശ്ലാഘിച്ചു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടൻതമ്പുരാൻ 1077-ൽ ഇങ്ങനെ പ്രസ്താവിക്കുന്നു.

 “അധിപാഠകശാലമീയുഷാ
 വിധിവൽ പാഠകതാം ചിരായുഷാ
 ഭവതാ കൃതഹൂണവാൿതൃഷാ
 സ്വവയസ്യാഃ കിമു വിസ്മൃതാ മുഷാ?” “കൊല്ലം ഹൈസ്ക്കൂളിൽ മുൻഷിപ്പണിയുടയ തിരക്കിന്നുമസ്സുംസ്തതത്തിൽ
ക്കൊല്ലംതോറും വിശേഷജ്ഞത വളരുമൊരാ പ്രക്രമപ്രൌഢിമയ്ക്കും
മെല്ലെന്നിംർഗ്ഗീഷു ശീലിപ്പതിനുമധികമായ് വിഘ്നമാകാത്തമട്ടിൽ
കില്ലെന്ന്യേ സ്വന്തഭാഷാകവിതയുമിടയിൽ താങ്കൾ താങ്ങുന്നു ധീരൻ.”

1077-ാമാണ്ടു മകരമാസത്തിൽ തിരുവനന്തപുരത്തു വലിയ കൊട്ടാരത്തിൽ അദ്ധ്യാപകനായതിനുമേൽ ഏ. ആര്‍. രാജരാജവർമ്മ കോയിത്തമ്പുരാൻ മുതലായ മഹാപണ്ഡിതന്മാരുടെ സാഹചര്യംകൊണ്ടു് അദ്ദേഹത്തിന്റെ സംസ്കൃതജ്ഞാനം പിന്നെയും പ്രവൃദ്ധമായി. അതോടുകൂടി ആംഗലഭാഷാജ്ഞാനവും ഉറച്ചു. മരണംവരെ ഒരു വിദ്യാർത്ഥിയുടെ ജീവിതമാണു് അദ്ദേഹം നയിച്ചുവന്നിരുന്നതു്.

പശ്ചാൽക്കാലചരിത്രം

കേശവനാശാന്റെ കീഴിലുള്ള സംസ്കൃതാഭ്യസനം കഴിഞ്ഞു കവി കുറേക്കാലം പാര്‍വത്യാരായിരുന്ന അച്ഛനെ കണക്കെഴുത്തിലും മറ്റും സഹായിച്ചുകൊണ്ടിരുന്നു. 1063 മുതൽ കൊല്ലത്തു് ഒരു വൈദ്യവിദ്യാശാലയിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞുവല്ലോ. പിന്നീടു കൊല്ലം പെരിനാട്ട് ഒരു സംസ്കൃതവിദ്യാലയം നടത്തി; 1066-ൽ അതായതു മലയാളമനോരമ തുടങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോൾ അതു പരവുരേക്കുമാറ്റി. 1072-ൽ കൊല്ലം മലയാളം പള്ളിക്കൂടത്തിൽ ഒരധ്യാപകനായും 1076-ൽ അവിടത്തെ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ സംസ്കൃതപണ്ഡിതനായും നിയമിതനായി. 1077 മകരത്തിൽ തിരുവനന്തപുരത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പുത്രനായ ശ്രീവേലായുധൻതമ്പിയുടെ അദ്ധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടു. മരണംവരെ തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. 1065-ൽ കവി കല്യാണിയമ്മയെ വിവാഹം ചെയ്തതായി പറഞ്ഞുകഴിഞ്ഞു. 1067 ധനുമാസത്തിൽ ആ സാധ്വി മരിച്ചു. 1069 മിഥുനത്തിൽ അച്ഛന്റെ അനന്തരവൾ നാണിക്കുട്ടിയമ്മയെ പരിഗ്രഹിച്ചു. അച്ഛൻ 1086 ചിങ്ങം 20-ാം൹ യശശ്ശരീരനായി. കേശവപിള്ളയുടെ അപ്രതീക്ഷിതമായ ചരമഗതി 1089-ാമാണ്ടു ചിങ്ങമാസം 20-ാംനു യായിരുന്നു. മധുര അമേരിക്കൻ കോളേജിൽ മലയാളം ശാഖയുടെ പര്യവേക്ഷകനും സംഗീതസാഹിത്യ രസികനുമായ ഗോപാലപിള്ള, എം. ഏ. അദ്ദേഹത്തിന്റെ പുത്രനാകുന്നു.

കൃതികൾ

കേശവപിള്ള സംസ്കൃതത്തിൽ (1) കേരളവർമ്മവിലാസം (1071) എന്നൊരു ശതകം രചിച്ചിട്ടണ്ടു്. കോയിത്തമ്പുരാനു് അൻപതു വയസ്സു തികഞ്ഞ അവസരത്തിൽ എഴുതിയതാണു് ആ കൃതി. ഭാഷയിൽ താഴെ കാണുന്ന വാങ്മയങ്ങൾ അദ്ദേഹം നിർമ്മിച്ചിരിക്കുന്നു. (2) ഹിരണ്യാസുരവധം (1058), (3) ശൂരപത്മാസുരവധം (1062), (4) ശ്രീകൃഷ്ണവിജയം (1063) എന്നീ മൂന്നു് ആട്ടക്കഥകൾ; 1057-ൽ എഴുതിയതും അച്ചടിപ്പിക്കാത്തതുമായ (5) പാവ്വതിസ്വയംവരം അമ്മാനപ്പാട്ടു് (6) രുക്മിണീസ്വയംവരം കമ്പടികളിപ്പാട്ട്, (7) വൃകാസുരവധം വഞ്ചിപ്പാട്ട് എന്നീ മൂന്നു ബാല്യകൃതികൾ; (8) സുരതവിധി പാന (1059-അഷ്ടാംഗഹൃദയത്തിൽ ഒരു ഭാഗത്തിന്റെ തർജ്ജമ), (9) അധ്യാത്മരാമായണാന്തഗ്ഗതമായ ലക്ഷ്യണോപദേശത്തിനു തത്വബോധിനി എന്ന വ്യാഖ്യാനം (1061), (10) അജാമിളമോക്ഷോപാഖ്യാനം കിളിപ്പാട്ട് (1060), (11) രാസക്രീഡ ഈഞ്ഞാൽപ്പാട്ടു് (1062), (12) സ്തവരത്നാവലി (1063), (13) സംഗീതമഞ്ജരി (1065) എന്നീ രണ്ടു് ഈശ്വരസ്തോത്രപരങ്ങളായ ഗാനങ്ങൾ; (14) ഭാഷാനാരായണീയം (1067), (15) കവിസമാജയാത്രാശതകം (1067), (16) കൊല്ലം പ്രദർശനവർണ്ണനം (1067), (17) രാഘവമാധവം നാടകം, (18) ലക്ഷ്മികല്യാണം നാടകം, (19) ഇരശ്വരസ്തോത്രം ഗാനകൃതി (1069), (20) ആസന്നമരണചിന്താശതകം (1070), (21) ശ്രീകാശിയാത്ര, (22) ശാന്തിവിലാസം (1073), (23) ഗാനമാലിക ഒന്നാം ഭാഗം (ഈശ്വരസ്തുതിപരങ്ങളായ ഗാനങ്ങൾ- 1073), (24) സുഭാഷിതരത്നാകരം (1075), (25) ശ്രീമൂലരാജവിജയം ഗാനകൃതി (1075), (26) മങ്ഗല്യധാരണം തുള്ളൽപ്പാട്ട് (1078), (27) സദാരാമസങ്ഗീതനാടകം (1079), (28) ആംഗലസാമ്രാജ്യം (1079), (29) ഷഷ്ടിപൂർത്തിഷഷ്ടി (1080), (30) പള്ളിക്കെട്ടുവർണ്ണനം തുള്ളൽപ്പാട്ടു് (1081), (31) മാനസോല്പാസം (1082), (32) വിക്രമോർവ്വശീയം സംഗീതനാടകം (1083), (33) കല്യാണദർപ്പണം (1085), (34) ഗാനമാലിക രണ്ടാം ഭാഗം (1086), (35) അഭിനയമാലിക (1086) (36) സംഗീതപ്രവേശിക, (37) സംഗീതമാലിക ഗാനകൃതി (1087), (38) കേശവീയം മഹാകാവ്യം (1088).

ചില കവിതാപരിക്ഷകൾ

1065 മുതൽ മലയാളമനോരമയുടെ കവിതാപംക്തിയിൽ കേശവപിള്ള ഒരു പ്രധാനകവിയായി വറുഗീസുമാപ്പിളയെ സഹായിച്ചുവന്നു. കവിസമാജയാത്രാശതകത്തിൽ 1067-ൽ കോട്ടയത്തു സമ്മേളിച്ച കവിസമാജത്തിനു കവിയുടെ യാത്രയും അവിടെ നടന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ പരവൂരേക്കുള്ള പ്രത്യാഗമനവും വർണ്ണിച്ചിരിക്കുന്നു. വെണ്മണിമഹന്റേയും മറ്റും രീതി പിടിച്ചു ഭർത്താവു ഭാര്യയോടു നിവേദനം ചെയ്യുന്ന മാതിരിയിലാണു് ആ കവിതയുടെ ഗതി.

“കൊട്ടാരത്തിലെഴുന്ന വിശ്രുതനതാം ശങ്കണ്ണിയേയും പരം
തുഷ്ട്യാ കണ്ടു രസിച്ചു പിന്നവരൊടും ചേന്നിട്ട വിപ്രാലയേ
പെട്ടെന്നെത്തിയുടൻ സുഖാശനമതും ചെയ്തെന്നതോർത്തീടുകെൻ
മട്ടോലും മൊഴിമാർക്കു വാര്‍കുഴലതിൽച്ചേർക്കേണ്ട മുക്താമണേ!”

എന്നതു് ആ കൃതിയിലെ ഒരു ശ്ലോകമാണു്. കവിസമാജത്തിലെ ഘടികാവിംശതിപരീക്ഷയിലും കവിതാചാതുര്യ പരീക്ഷയിലും കേശവപിള്ളയാണു് പ്രഥമസമ്മാനത്തിനു് അർഹനായതു. തെക്കരും വടക്കരുമായ അനേകം കവികളും പണ്ഡിതന്മാരും സന്നിഹിതരായിരുന്ന ആ സദസ്സിൽ ‘സരസദ്രുതകവികിരീടമണി’ എന്ന ബഹുമതിബിരുദത്താൽ സർവ്വത്ര വിദിതനായ കുഞ്ഞിക്കുട്ടൻതമ്പുരാനെക്കാൾ ഉപരിയായ ഒരു സ്ഥാനം പ്രസ്തുതപരീക്ഷകൾകൊണ്ടു നേടിയ നമ്മുടെ കവിയെ കേരളീയര്‍ അന്നുമുതൽ ഒരു കവിശ്രേഷ്ഠനായി കൊണ്ടാടിയതു് അത്ഭുതമല്ലല്ലോ. പക്ഷേ കുഞ്ഞിക്കുട്ടൻതമ്പുരാൻ അവിടെവച്ചുതന്നെ നടന്ന നാടകപരീക്ഷയിൽ തന്റെ വിശ്വരൂപം പ്രദർശിപ്പിക്കാതെയിരുന്നില്ല. ആ പരീക്ഷയിൽ കേശവപിള്ള സംബന്ധിക്കുകയുണ്ടായില്ല. 1070-ൽ തിരുവനന്തപുരത്തു നടന്ന ഭാഷാപോഷിണിസഭയുടെ ചതുർത്ഥയോഗത്തിലും കവിതാചാതുര്യയപരീക്ഷയിൽ ഒന്നാം സമ്മാനം അദ്ദേഹത്തിനുതന്നെ കിട്ടി.

 “അങ്കത്തിങ്കലലം കളങ്കരഹിതം സംക്രാന്തമായീടുമ
 ത്തങ്കപ്പങ്കജമങ്കതൻ കുളുര്‍മുലപ്പങ്കേരുഹത്തിങ്കലേ
 തങ്കം കുങ്കുമപങ്കസങ്കലനയാലങ്കാരസങ്കാരമാ
 മങ്കം പങ്കഹരം കലർന്നൊരുടൽ മേ സങ്കേതമാം കേവലം.”
 “ഉൾക്കാമ്പിനേറീടിന ബാധ നല്കും
 ചിക്കെന്നു ശയ്യയ്ക്കതിദോഷമേകും
 തീക്കായ്ക്കിൽ വേഗത്തിൽ വളർന്നുകൂടും
 ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ”

എന്നീ ശ്ലോകങ്ങൾ ആ പരീക്ഷയിൽ എഴുതിയവയാണു്. രണ്ടാമത്തേതിൽ നാലാം പാദം സമസ്യയാണ്. ആസന്നമരണചിന്താശതകവും ഭാഷാപോഷിണീഭാരവാഹികൾ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയ തദ്വിഷയകങ്ങളായ കവിതകളിൽ പ്രഥമസമ്മാനത്തിനു യോഗ്യമെന്നു നിണ്ണയിച്ചതാണു്. കേരളഭാഷാനാരായണീയത്തിനു നാല്പതുറുപ്പിക പാരിതോഷികവും ആ വിദ്വത്സമിതിയിൽനിന്നുതന്നെ ലഭിച്ചു. ലക്ഷ്മികല്യാണത്തിലെ ഇതിവൃത്തം ഉൽപ്പാദ്യമാകുന്നു. അതും ഭാഷാപോഷിണീധുരന്ധരന്മാരുടെ ഒരു പരസ്യമനുസരിച്ചുണ്ടാക്കിയതാണു്. അതിനു പ്രശംസാപത്രം മാത്രമേ ലഭിച്ചുള്ളു. പ്രഥമസമ്മാനം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ദേവീവിലാസത്തിനാണു് കിട്ടിയതു്. ലക്ഷ്മീകല്യാണം കോഴിക്കോട്ടു മാനവിക്രമഏട്ടൻതമ്പുരാൻ സംസ്കൃതത്തിലേക്കു വിവർത്തനം ചെയ്ത വസ്തുത മുൻപു രേഖപ്പെടത്തീട്ടുണ്ട്. അദ്ദേഹത്തിന്റെ കാശിയാത്ര എന്ന ഭാഷാഗദ്യകൃതി കേശവപിള്ളയും പദ്യരൂപത്തിൽ പരാവർത്തനം ചെയ്തു. ആ വിനിമയത്തെ അവര്‍ തമ്മിൽ ഭാഷാപോഷിണി മുഖേന സംപുഷ്ടമായ സൌഹാർദ്ദത്തിന്റെ ലക്ഷ്യമായി കരുതാവുന്നതാണു്.

കേരളവർമ്മ വലിയകോയിത്തമ്പുരാനും കേശവപിള്ളയും

ബാല്യംമുതല്ക്കുതന്നെ നമ്മുടെ കവിയ്ക്കു വലിയ കോയിത്തമ്പുരാന്റെ വാത്സല്യഭാജനമാകുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചു. 19-ാമത്തെ വയസ്സിൽ എഴുതിയ ശൂരപത്മാസുരവധം ആട്ടക്കഥയെ അവിടുന്നു് “അദ്യതനയുവകവികളിൽവച്ചു് അഗ്രഗണ്യനായ പരവൂര്‍ കേശവപിള്ളയുടെ കൃതിയായ ശൂപത്മാസുരവധം ആട്ടക്കഥ ഞാൻ വായിച്ചുനോക്കി. കവിതാഗുണങ്ങൾ പലതും ഇതിൽ ഉള്ളതുകൂടാതെ ആടിക്കാണുന്നതിനും ഈ കഥ വളരെ നന്നായിരിക്കുമെന്നു തോന്നുന്നു” എന്നു് ഏറ്റവും പ്രോത്സാഹകമായ ഒരു പ്രശംസാപത്രം കൊണ്ടു് അനുഗ്രഹിച്ചു. അതിന്റെ പ്രണേതാവു് 1065-ൽ മനോരമയിലെ കവിതാപംക്തിയിൽ ഒരാദ്യവസാന വേഷക്കാരനായി പ്രത്യക്ഷപ്പെട്ടപ്പോൾ ആ വാത്സല്യം ദ്വിഗുണീഭവിച്ചു. ഭാഷാപോഷിണിവകയായുള്ള മത്സരപരീക്ഷകളിൽ തുടരെത്തുടരെ വിജയം നേടിക്കണ്ടപ്പോൾ അദ്ദേഹത്തെ എല്ലാ പ്രകാരത്തിലും ഉയർത്തിക്കൊണ്ടുവന്ന താൻ ചരിതാർത്ഥനായി എന്നു് അവിടത്തേക്കു തോന്നി. ആ വാത്സല്യപാരമ്യത്തിനു് അനുഗുണമായ ഭക്തിപ്രകർഷം കേശവപിള്ളയ്ക്കുമുണ്ടായിരുന്നു. 1070-ൽ അവിടത്തേക്ക് അൻപതു വയസ്സുതികഞ്ഞ അവസരത്തിൽ രചിച്ച കേരളവർമ്മവിലാസം എന്ന സംസ്കൃതകാവ്യത്തിനുപുറമേ ഷഷ്ട്യബ്ദപൂർത്തിമഹോത്സവം സംബന്ധിച്ചു ഷഷ്ടിപൂർത്തിഷഷ്ടി എന്നൊരു ഭാഷാകാവ്യവും നിർമ്മിച്ചു. പ്രാസവാദം സംബന്ധിച്ചു് അല്പകാലത്തേക്കു് ആ ബന്ധത്തിനു ശൈഥില്യമുണ്ടായില്ലെന്നില്ല. 1083 മീനത്തിൽ ആരംഭിച്ച ആ വാദം 1085 വൃശ്ചികത്തോടുകൂടി അവസാനിച്ചപ്പോൾ അതു പിന്നെയും ദൃഢീഭവിച്ചു. മഹാന്മാരുടെ നില എക്കാലത്തും അങ്ങനെയുള്ളതാണല്ലോ. “ജാതഃ കോപോ ന ഭൃത്യേഷു; ജാതോപി ന നിഗൂഹിതഃ; നിഗൂഹിതോപി ന ചിരമാസ്പ ചിത്തേഽസ്യ കോമളേ” എന്നു ഭഗീരഥവർണ്ണനയിൽ നീലകണ്ഠദീക്ഷിതര്‍ പറയുന്നു. ഈ ശ്ലോകത്തിലെ ‘ഭൂത്യേഷു” എന്ന പദം ‘മിത്രേഷു’ എന്നു പ്രകൃതത്തിൽ മാറ്റാം. ആദ്യം ‘സരസഗായകകവി’ എന്നു് അവിടുന്നു് കഥാനായകനു നല്കിയിരുന്ന ബിരുദം 1087-ൽ സംഗീതമാലിക സമർപ്പിച്ചപ്പോൾ ‘സരസഗായകകവിമണി’ എന്നു് ഒന്നുകൂടി സമഞ്ജസമായി വികസിപ്പിച്ചു. കേശവപിള്ള അവിടത്തെ കേശവീയം വായിച്ചുകേൾപ്പിച്ചു തിരുത്തിക്കുന്നതു് ഇതെഴുതുന്ന ആൾ നേരിട്ടു കണ്ടിട്ടുള്ളതാണു്.

മറ്റു ചില കൃതികളിലെ ഉള്ളടക്കം

1067-ാമാണ്ടു മകരമാസം 24-ാം൹ കൊല്ലം ഡിവിഷൻ കച്ചേരിവളപ്പിൽ ഗവമ്മെണ്ടിന്റെ ആഭിമുഖ്യത്തിൽ ഒരു കൃഷിവ്യവസായപ്രദർശനം ആഘോഷിക്കപ്പെട്ടു. അതിനെസ്സംബന്ധിച്ചു നാല്പത്തഞ്ചു ശ്ലോകങ്ങളിൽ കേശവപിള്ള എഴുതിയ ഒരു ലഘുകാവ്യമാണു് കൊല്ലം പ്രദർശനവർണ്ണനം.

 “ഈടേറുന്നഭിവൃദ്ധിയും പല പരിഷ്കാരങ്ങളും മേല്ക്കുമേൽ
 കൂടിക്കൂടി വളർന്നുവന്നിടുവതിന്നുള്ളോരു സൽസൂത്രമായ്
 നാടാകെപ്പരമെൿസിബിഷ്യണിതി ഹൗണ്യോക്ത്യാ സമാഖ്യാതമാ
 യീടും കാഴ്ചയിതിൻ മഹത്വമഖിലം വർണ്ണിപ്പതിന്നാവതോ?”

എന്നതു പ്രസ്തൃതകൃതിയിലെ മൂന്നാമത്തെ ശ്ലോകമാണു്. ഈശ്വരസ്തോത്രം വറുഗീസുമാപ്പിളയുടെ അപേക്ഷയനുസരിച്ചു് എല്ലാ മതാനുയായികൾക്കും പാരായണം ചെയ്യാവുന്ന വിധത്തിൽ രചിച്ചിട്ടുള്ള ചില ഗാനങ്ങളുടെ സമാഹാരമാണു്. ശാന്തിവിലാസം നീലകണ്ഠദീക്ഷിതരുടെ തന്നാമധേയമായ മൂലകൃതിയുടെ ഭാഷാനുവാദമാകുന്നു. അതു തര്‍ജ്ജമചെയ്തതു കെ. ചിദംബരവാധ്യാരുടെ ആവശ്യമനുസരിച്ചാണു്. മങ്ഗല്യധാരണം തുള്ളൽപ്പാട്ടു് 1076-ൽ തിരുവിതാംകൂര്‍ മഹാരാജകുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട രാജകുമാരിമാരുടെ മങ്ഗല്യധാരണമഹോത്സവത്തെ പുരസ്കരിച്ചു രചിച്ചു. പള്ളിക്കെട്ടുവർണ്ണനം, അവരിൽ ആറ്റിങ്ങൽ മൂത്തകോയിത്തമ്പുരാനു 1081 മേടം 24-ാം൹ നടന്ന പള്ളിക്കെട്ടു സംബന്ധിച്ചു് ഏഴുതിയ മറ്റൊരു തുള്ളൽപ്പാട്ടാണു്. കല്യാണദർപ്പണം, 1085–ാമാണ്ടു മീനമാസം 10-ാം൹ നടന്ന വടശ്ശേരി ഭഗവതിപ്പിള്ളക്കൊച്ചമ്മയുടെ താലികെട്ടുകല്യാണം പ്രമാണിച്ചെഴുതിയ ഒരു കാവ്യമാണു്. അതിൽ 170 ശ്ലോകങ്ങളും ചില ഗാനങ്ങളും ഉൾപ്പെടുന്നു. മാനസോല്ലാസത്തിൽ അടങ്ങിയിരിക്കുന്ന പതിനേഴ് ലഘുകാവ്യങ്ങളിൽ ഗുരുഭക്തിയൊഴികെ പതിന്നാലെണ്ണം ഇംഗ്ലീഷ് കൃതികളടെ തര്‍ജ്ജമയാണു. കൂപ്പര്‍, മാക്കേലൗവൽ, ഹീമാൻസ്, ടെനിസണ്‍, കാമ്പ്ബെൽ, ഷേൿസ്പിയര്‍ മുതലായ കവിശ്രേഷ്ഠന്മാരുടെ കൃതികളാണു് വിവർത്തനത്തിനു തിരഞ്ഞെടുത്തിട്ടുള്ളതു്. ഗുരുഭക്തിയിൽ രഘുവംശം ദ്വിതീയസർഗ്ഗത്തിലെ ഉപാഖ്യാനം സംഗ്രഹിച്ചിരിക്കുന്നു. നാഴികമണിയെന്നും പ്രസൂനവാദമെന്നും രണ്ടു സ്വതന്ത്രകൃതികൾക്കും പ്രസ്തുത പുസ്തകത്തിൽ സ്ഥാനം അനുവഭിച്ചിട്ടുണ്ട്. സാഹിത്യവിലാസം കവിയുടെ സുര്യൻ, ശിവദശകം, ഒരു വിലാപം, കൃഷ്ണൻകുന്നു് മുതലായ ഒന്നാം കിടയിലുള്ള കൃതികൾ ഉൾക്കൊള്ളന്ന ഒരു ഖണ്ഡകാവ്യസമുച്ചയമാണു്. ഇനി പ്രത്യേക ഗണനയെ അർഹിക്കുന്ന ചില കൃതികളെപ്പറ്റി സ്വല്പം വിസ്തരിക്കാം.

കേരളവര്‍മ്മവിലാസം

വളരെ നല്ല ഒരു സംസ്കൃതകൃതിയാണു കേരളവർമ്മവിലാസം. 1072-ലേ അതു് അച്ചടിച്ചതായി കാണുന്നുള്ളു. മുന്നു ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.

 “ഹൂണപ്രവീണനികടാധ്യയനേന സോയം
 സ്വീയശ്രമേണ ച മഹാപ്രതിഭാദ്ഭൂതാത്മാ
 രച്ഛാസ്ത്രസഞ്ചയമയാതിവിശാലസിന്ധു
 മുഷ്ടിയിന്ധയത്വമപി ഹന്ത! ദുരാപമാപ.  ഗൈര്‍വാണ്യപി സ്വയമമന്ദരസാ വൃണാതാം
 ലക്ഷ്മീശ്ച സാധു യമശേഷഗുണാഭിരാമം
 തം ചേദ്ഭവേദവസരഃ കിമു ചാരുവാണീ
 ഹാണീ ജഹാതി നവയരവനജൃംഭമാണാ?”
(തൃതരീയദശകം)
“യന്നാമശ്രവണേ സതാം ബഹുമതിസ്സദ്യോ ജരീജൃംഭതേ
യസ്യാസേചനകാങ്ഗവീക്ഷണവിധാ ലോകാസ്സമുൽക്കണ്ഠിതാഃ
യദ്വാണീമമൃതസ്രു തേസ്സഹചരീം ശ്രോതും മിതാം സമ്മുഖം
വാഞ്ചന്ത്യദ്യമനീഷിണശ്ചസുകൃതീ സോയംവിജേജീയതാം.”
(ദശമദശകം)
മൂന്നാട്ടക്കഥകൾ

കേശവപിള്ളയുടെ ആട്ടക്കഥകൾ മൂന്നും നന്നായിട്ടുണ്ടെങ്കിലും ആദ്യത്തെ കൃതിയായ ഹിരണ്യാസുരവധത്തെക്കാൾ ശൂരപത്മാസുരവധത്തിനും തദപേക്ഷയാ ശ്രീകൃഷ്ണവിജയത്തിനും കൂടുതൽ മേന്മ കല്പിക്കേണ്ടതുണ്ട്. ഈ കൃതികളെപ്പറ്റി “എനിക്കു കവിതയിൽ ഒരു വിധം പഴക്കമോ പരിചയമോ സിദ്ധിക്കുന്നതിനു മുമ്പാണു് ഈ മൂന്നു കഥകളും എഴുതുന്നതിന്നിടയായതെന്നു സ്പഷ്ടമാണല്ലോ. അതിനാൽ ഇപ്പോൾ നോക്കുന്ന സമയങ്ങളിൽ ഇവയിൽ പല ഭാഗങ്ങളും ‘പോര’, ‘നന്നായില്ല’ എന്നൊക്കെ എനിക്കു തോന്നാറുണ്ടു്. എങ്കിലും കാലഭേദത്താൽ പലർക്കും കഥകളിയിൽ തോന്നിത്തുടങ്ങീട്ടുള്ള വൈമുഖ്യം നിമിത്തം ഇവയെ പരിഷ്കരിച്ചു് അച്ചടിപ്പിക്കുന്നതിനോ വീണ്ടും ആട്ടക്കഥകളെ നിർമ്മിക്കുന്നതിനോ എനിക്കു് ഉത്സാഹമുണ്ടായില്ല” എന്നു കവി പറയുന്നു. ഇരയിമ്മൻതമ്പിക്കിപ്പുറം സങ്ഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെ അഭിജ്ഞനായി കേരളത്തിനു ലഭിച്ചിട്ടുള്ള ഏകമഹാകവിയാണു് കേശവപിള്ള. അതുകൊണ്ടു് അദ്ദേഹം പരിണതപ്രജ്ഞനായതിനുമേൽ ഒരു ആട്ടക്കഥ രചിച്ചിരുന്നുവെങ്കിൽ അതു സർവ്വഗുണസമ്പന്നമായി പ്രശോഭിക്കുമായിരുന്നു. എങ്കിലും ഇരുപതാമത്തെ വയസ്സിനുമുമ്പുതന്നെ അദ്ദേഹം നേടിത്തന്ന ഈ സ്വത്തുകൊണ്ടും നമുക്കു സന്തോഷിക്കാവുന്നതാണു്. ചില ശ്ലോകങ്ങളം ഒരു പദത്തിൽനിന്നു് ഏതാനും ഭാഗവും പകർത്തുന്നു.

“ദൈത്യുാത്തംസോ നഭസ്സൂദ്ഭുജകമലവിധുഃ പദ്മജാനുഗ്രഹോദ്യൽ
പ്രഖ്യാതപ്രൗഢതേജാഃ സ്മരഹൃതഹൃദയഃ പ്രോല്ലസൽപത്രവല്ലീം
പ്രേക്ഷാനന്ദപ്രദാത്രീം സുരഭിലകസുമാലംകൃതാം സുനവാടീം
പ്രാഹ സ്വാധീരനേത്രാം സരസമിതി മഹാവീര്യശാലീ ഹിരണ്യഃ”
(ഹിരണ്യാസുരവധം)
 “അസ്മിൻ ഗതേ സതി സഭാം സ്വയമാവിരാസീ
 ദസ്യാമസീമരുചി ഹേമമയഞ്ച കിഞ്ചിൽ
 ഭദ്രാസനം സപദി തത്ര മുദൈഷ തസ്ഥാ
 വസ്ത്യസ്ഥിതിഃ ക്വ നു സതാമദുരധ്വഗാനാം?”
(ശൂരപത്മാസുരവധം)
 “നാനാനനാനൂനനാനാ നനാനൂനാനനാനനു
 നാനാനനാനോനനേനാ നനാനേനനനേനനുഃ”

എന്ന ഏകാക്ഷരശ്ലോകം ഈ കഥയിലുള്ളതാണു്. ഇതു സ്തവരത്നാവലിയിലെ വന്ദനശ്ലോകങ്ങളുടെ കൂട്ടത്തിലും ഉൾപ്പെടുത്തീട്ടുണ്ടു്.

“ഉക്ത്വൈതാവിതി സത്വരം പ്രതിഭയപ്രധ്വാനനിർദ്ധാവിത
പ്രത്യത്ഥിപ്രകരപ്രവൃദ്ധപൃതനൗ ഭൂജാതദേവാന്തകൗ
ഗത്വാ മാഗധഭൂപകഞ്ജരമതിപ്രോഛ്രായശൗര്യം മഹാ
സംസ്ഫോടസ്ഫുരിതസ്പൃഹാവിതി വചഃ പ്രോച്ചൈര്‍ബ്രു വാതേ സ്മതം.”
(ശ്രീകൃഷ്ണവിജയം)
 “അലര്‍ശരസമാകാര! അയി മമ ജീവനാഥ!
 സുലഭമായ് മമ കാമം സദ്തീമനോഹരാങ്ഗ!  വിലസിതയായ നിന്റെ വരതനുവിനെയോർത്തു
 അലസയായിഹ വാണേനമല! ഞാനിന്നയോളം,  പരിണതശശിബിംബം പരിചിൽക്കാണ്മതിനായി
 പരമാശ ഹൃദി പൂണ്ടു മരുവും ചകോരി പോലെ.  അന്നു ജന്മസാഫല്യം തന്നു നീയെനിക്കായി
 കുന്ദസായകൻതദനുമന്നേയെൻ വൈരിയായി.  മന്ദഹാസമധുരം സുന്ദര! തവ മുഖ
 മൊന്നു കണ്ടവര്‍ പിന്നെയന്യമോത്തീടുന്നുണ്ടോ?”
(ശ്രീകൃഷ്ണവിജയം–സൈരന്ധ്രി ശ്രീകൃഷ്ണനോട്)
സ്തവരത്നാവലി

പുത്തൻ ഭജനകീത്തനങ്ങൾ എന്നു കൂടി പേരുള്ള സ്തവരത്നാവലിയിൽ രണ്ടു ഹാരാവലികൾ അടങ്ങീട്ടുണ്ട്. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ദുർഗ്ഗ തുടങ്ങിയ ദേവതകളെ ഏറ്റവും മനോമോഹനങ്ങളായ ഗാനങ്ങളിൽ കവി സ്തോത്രം ചെയ്യുന്നു. കവിയുടെ പാണ്ഡിത്യ പാരീണതയ്ക്കു മൂർദ്ധാഭിഷിക്തോദാഹരണങ്ങളായ ചില വന്ദനശ്ലോകങ്ങളും ഗ്രന്ഥാരംഭത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. അവയിൽ ചില ശ്ലോകങ്ങൾ ശബ്ദചിത്രങ്ങളാണു്. തമിഴുപാട്ടുകളെ അനുകരിച്ചു ‘കൊഞ്ചമേ’ “എന്റു” മുതലായി അപൂർവ്വം ചില തമിഴുവാക്കുകളം ഇടകലർത്തിയിരിക്കുന്നു. ഒരു പാട്ടിൽനിന്നു സ്വല്പം ചുവടേചേർക്കുന്നു.

 “കോടി ദിവാകരശോഭയെഴും തവ
 കോമളതനുമീഡേ–രാമ!
 ഹാടകനിർമ്മിതമകുടലസിത! രിപു
 പാടവാതിശയപാടനപടുതമ!
(കോടി)

 ......................
 കനകവസന! മഘവോപലനീല!
 കാമിതഫലതതിവിതരണലോല!
 ഘനകരുണാമലപദനതപാല!
 കാമകോടി സുഭഗാത്ഭുതലീല!”
(കോടി)
കേരളീയഭാഷാനാരായണീയം

മേല്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ നാരായണീയം ഭാഷാന്തരീകരിക്കുവാൻ ഒരു കവിക്കു സമഗ്രങ്ങളായ ശക്തിനൈപുണ്യാഭ്യാസങ്ങൾക്കു പുറമേ ഭക്തിപ്രാചുര്യത്തിൽനിന്നും പരോപകാരപ്രവണതയിൽനിന്നും ജനിക്കുന്ന മനോനിശ്ചയവും ആവശ്യമുണ്ടു്. മൂലത്തിന്റെ ഗാംഭീര്യസാരങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ അത്ര വളരെ ക്ലേശാവഹമാണു് ആ സാഹിതീവ്യവസായം. കേശവപിള്ളയുടെ കേരളീയഭാഷാനാരായണീയം ആ സ്തോത്രരത്നതത്തിന്റെ ആദ്യത്തെ ഭാഷാനുവാദമാണെന്നുമാത്രമല്ല, മറ്റൊരു തര്‍ജ്ജമകൂടി പിന്നീടും ആവിർഭവിച്ചിട്ടുണ്ടെങ്കിലും അതിനെക്കാൾ പതിന്മടങ്ങു വിശിഷ്ടവുമാണു്. രചനയിൽ വന്നിട്ടുള്ള ന്യൂനതകളെ തന്നിമിത്തം അത്ര കാര്യമായി വിചാരിക്കുവാനില്ല. ചില നല്ല ശ്ലോകങ്ങളാണു് ചുവടേ കാണുന്നതു്.

“നിവ്വ്യാപാര! ഭവാന്റെയീക്ഷണമതാം നിർമ്മൂലയാം ചേഷ്ടയാൽ
ചേർന്നില്ലാത്തതുപോലെഴും പ്രകൃതിയുണ്ടാകുന്നു കല്പങ്ങളിൽ
ശുദ്ധം സത്ത്വമൊരംശമൻപൊടതിൽനിന്നുദ്ധാരണംചെയ്തു നീ
സർവ്വോൽക്കൃഷ്ട! വഹിച്ചിടുന്നു മഹിതം ലീലാസ്വരൂപം വിഭോ!”
(ഒന്നാം ദശകം)
“പിന്നെത്താമരനാളമൊക്കെ വിധിതാൻ നന്നായ്ത്തിരഞ്ഞാർത്തനായ്
തന്നെത്താനൊരു നൂറുവത്സരമഹോ! ചെന്നെത്തിയില്ലൊന്നിലും
പിന്നെത്താൻ സുഖമോടിരുന്നതിലുടൻ ഭിന്നത്വമെന്യേവിഭോ!
നിന്നെത്തന്നെ സമാധിശക്തിയൊടുമങ്ങുന്നിത്തപിച്ചീടിനാൻ.”
(ഒൻപതാം ദശകം)
“പ്രകാശിക്കും ശ്രീമന്മഹിതപരമാനന്ദലഹരീ
പ്രവാഹത്താലേറ്റം നിറയുമൊരു കൈവല്യജലധൗ
ചിരംനന്നായന്നാൾ മുഴുകിയൊരു ഗോപാലരെ വിഭോ!
ഹരേ നീതാൻ പിന്നെപ്പരിചിനൊടുയർത്തീ മുരരിപോ!”
(അറുപത്തിനാലാം ദശകം) “വ്യാപിക്കും കൗസ്തുഭശ്രീയൊടുമധുരമിളം ചോപ്പെഴും കണ്ഠവും തേ
ശ്രീവത്സം ചേർന്നു ശോഭിച്ചിളകമമലഹാരാഞ്ചിതം നെഞ്ചുമേറ്റം
നാനാവർണ്ണപ്പുതുപ്പൂന്തളിരിവയിളകും വണ്ടിനോടൊത്തു മാറിൽ
ബ്ഭാസിക്കും മാലയും ചേലിയലിന മണിമാല്യത്തെയും പാർത്തിടുന്നേൻ.”
(നൂറാം ദശകം)
58.11നാലു നാടകങ്ങൾ
രാഘവമാധവം

ശ്രീ കൃഷ്ണൻ രുക്മിണിയുടേയും ഗരുഡന്റേയും അഹങ്കാരത്തെ ശമിപ്പിക്കുന്നതാണ് രാഘവമാധവത്തിലെ പ്രതിപാദ്യം. ഭാഗവതാന്തർഗ്ഗതമായ ആ ഉപാഖ്യാനംകൊണ്ടു പല കവികളും കൈകാര്യം ചെയ്തിട്ടുണ്ടു്. വറുഗീസുമാപ്പിളയുടെ ദർപ്പവിച്ഛേദം ആട്ടക്കഥയിലെ കഥാവസ്തുവും അതുതന്നെയാണെന്നു വായനക്കാരെ ഗ്രഹിപ്പിച്ചിട്ടുണ്ടല്ലോ. രണ്ടാമത്തെ പതിപ്പിൽ കേശവപിള്ള അഭിനേതാക്കളുടെ രുചിയനുസരിച്ചു സംഗീതനാടകമായി രൂപഭേദപ്പെടുത്തി അതിനു സംഗീതരാഘവമാധവം എന്നു പേരു കൊടുത്തു. ആ നാടകത്തിൽനിന്നു് ഒരു ശ്ലോകംമാത്രം ഉദ്ധരിക്കുന്നു.

 “അതിപരിചയമൂലം ഹന്ത! വൈരാഗ്യമാർക്കും
 മതിയതിലുളവാകും സംശയം ലേശമില്ല;
 മതിമുഖി! മൃഗനാഭിക്കുള്ള സൗരഭ്യമേല്പാൻ
 കൊതിയതു പെരുമാറും വാണിജന്നോർക്കിലുണ്ടോ?”
ലക്ഷ്മീകല്യാണം

ഇതും രാഘവമാധവംപോലെ അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. ഇതിവൃത്തം പ്രഖ്യാതമല്ലാത്തതിനാൽ കൂടുതൽ ആകർഷകമാണു്. കാലോചിതങ്ങളായ സമുദായപരിഷ്കാരപദ്ധതികളെ സ്വാഗതം ചെയ്യുന്നതിൽ കവി ശ്രദ്ധാലുവായിരുന്നു. കൊച്ചുകുഞ്ഞുപിള്ള തന്റെ പുത്രിയായ ഗൌരിയെ അനന്തരവനായ കൃഷ്ണപിള്ളയെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നു നിശ്ചയിക്കുന്നു. പരിഷ്കൃതഹൃദയനായ കൃഷ്ണപിള്ളയ്ക്കു് അനഭ്യസ്തവിദ്യയായ ഗൗരിയിൽ അനുരാഗമില്ല; അദ്ദേഹം പിച്ചകശ്ശേരി കൊച്ചുലക്ഷ്മി എന്ന യുവതിയിൽ ആകൃഷ്ടനാകകയും ഒടുവിൽ കൊച്ചുകുഞ്ഞുപിള്ളതന്നെ ആ വിവാഹത്തിനു സമ്മതം നല്കുകയും ചെയ്യുന്നു. പ്രശ്നം, ശകുനം, മന്ത്രവാദം ഇവയിലുള്ള അന്ധവിശ്വാസത്തെ കവി പ്രാസങ്ഗികമായി നിശിതരീതിയിൽ അവഹേളനം ചെയുന്നു. ഏട്ടൻതമ്പുരാന്റെ തര്‍ജ്ജമയിൽ കൃഷ്ണപിള്ള ബാലകൃഷ്ണമേനോനും കൊച്ചുലക്ഷ്മി ബാലലക്ഷ്മിയും മറ്റുമായി മാറീട്ടുണ്ടു്. രണ്ടു ശ്ലോകങ്ങൾ താഴെ ചേർക്കുന്നു.

“കുപ്പായം നിത്യമുണ്ടക്കരകരിയതിലേ മിക്കവാറും വസിക്കൂ;
ചൊല്പൊങ്ങും സാരമേറും പഴയ കഥകൾ ചൊല്ലീടുവാൻ വാഞ്ഛയില്ല;
വയ്പിന്നും പോകയില്ലാ; പുതിയ കവിത വായിക്കുവാനായ് മിനക്കെ
ട്ടെപ്പോഴും വാണുകൊള്ളം; ചില കുറി വെറുതേ പാടി നേരങ്ങൾ പോക്കും.” “പ്രാണാന്തത്തോളമെത്തും സുഖവുമസുഖവും പങ്കുകൊണ്ടങ്കരിക്കും
പ്രാണപ്രേമം കലർന്നങ്ങനെ വരസഖിയായ് ബുദ്ധിയെത്താത്ത ദിക്കിൽ
വേണുമ്പോൽ വല്ലഭന്നായ് വിനയമൊടുപദേശങ്ങൾ ചൊല്ലി പ്രഭാവാൽ
വാണീടാനുള്ള ഭാര്യയ്ക്കറിവകമതിലില്ലെങ്കിലെന്താണു സൗഖ്യം?”
സദാരാമ

തമിഴുനാടകക്കാര്‍ അഭിനയിക്കാറുള്ള കഥകളിൽ അതിപ്രധാനമായ ഒരു സ്ഥാനം സദാറാംചരിത്രത്തിനുണ്ട്. ആ കഥയിൽ ചില പരിഷ്കാരങ്ങൾ വരുത്തി, കേരളീയർക്കു രുചിക്കുന്ന വിധത്തിൽ അഞ്ചങ്കങ്ങളിൽ ഓരോന്നിലും രങ്ഗവിഭജനംചെയ്തു രചിച്ചിട്ടുള്ള ഒരു നാടകമാണു് സദാരാമ. അതിന്റെ മുഖവുരയിൽ കവി ഇങ്ങനെ പ്രസ്താവിക്കുന്നു. “ഇതിൽ ശ്ലോകങ്ങളെക്കാൾ ഗാനങ്ങളെയാണു് ഞാൻ അധികമായി ചേർത്തിട്ടുള്ളതു്. അഭിനയത്തിൽ ശ്ലോകങ്ങളേയോ ഗാനങ്ങളേയോ സങ്ഗീതരീത്യാ പ്രയോഗിക്കുമ്പോഴം രങ്ഗസ്ഥിതന്മാര്‍ സങ്ഗീതരസത്തിൽ മുഴുകിപ്പോകുന്നതിനാൽ അവക്കു കഥാബന്ധത്തെക്കുറിച്ചുള്ള പര്യാലോചനയും തജ്ജന്യമായ സാക്ഷാൽ നാടകീയരസത്തിന്റെ അനുഭവവും ഉണ്ടാകുന്നില്ലെന്നു് ഒരഭിപ്രായമുണ്ട്. വാസ്തവത്തിൽ സ്വരവൈചിത്ര്യങ്ങളെ പ്രദർശിപ്പിക്കാനായി ഗാനാംശങ്ങളെ ക്രമത്തിലധികം ആവർത്തിക്കുന്ന ഭാഗവതര്‍ മറ്റു നാടകാഭിനയത്തിൽ കഥയുടെ രസധാരയ്ക്കു വിച്ഛേദം വരുത്തുന്നതാകയാൽ ത്യാജ്യം തന്നെയാകുന്നു. എന്നാൽ സങ്ഗീതത്തിലും സാഹിത്യത്തിലും വൈദുഷ്യവും ഒചിത്യബോധവുമുള്ള ‘സമർത്ഥനായ’ ഒരു നടനു സങ്ഗീതസാഹിത്യരസങ്ങളെ ക്ഷീരനീരന്യായേന യോജിപ്പിച്ചു തദുഭയ രസികന്മാരെ ഏകകാലത്തിൽത്തന്നെ ആസ്വദിപ്പിക്കുവാൻ കഴിയുമെന്നാണു് എന്റെ അഭിപ്രായം.” ഈ അഭിപ്രായമനുസരിച്ചാണു് കവി പ്രസ്തുത ദൃശ്യകാവ്യം നിബന്ധിച്ചിരിക്കുന്നതു്. സദാരാമയ്ക്കു വളരെ വേഗത്തിൽ പൊതുജനങ്ങളുടെ ഹൃദയപൂർവ്വമായ അഭിനന്ദനം സിദ്ധിച്ചു. അതിലെ ചില പാട്ടുകൾ അക്ഷരജ്ഞാനമില്ലാത്ത ഗ്രാമീണര്‍പോലും മൂളിപ്പാടി ആനന്ദിച്ചു. ഒട്ടു വളരെ പ്രതികൾ ഏഴെട്ടു കൊല്ലങ്ങൾക്കിടയിൽ വിറ്റഴിഞ്ഞു. വാസ്തവത്തിൽ സദാരാമയിലെ ഗാനങ്ങൾ എല്ലാംതന്നെ മനോഹരങ്ങളാകുന്നു. അതെഴുതുന്ന കാലത്തു് അപരിമേയമായ വാസനാവൈഭവംകൊണ്ടും അനേകം ഭാഗവതരന്മാരുമായുള്ള സമ്പർക്കംകൊണ്ടും ഒരു ഗാനസാഹിത്യകാരൻ എന്ന നിലയിൽ കവി എത്രമാത്രം സമുന്നതിയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നു ഭാവുകന്മാക്ക് അനുമാനിക്കാവുന്നതാണു’. ഒരു ഗാനം ചുവടേ ചേർക്കുന്നു.

 “കാ–മ–പാ–ലാ
 കാ–മപാ–ലഭൂ–മിപാ–ലാ
 കാ–മ–പാ–ലാ–ഭൂ–മി–പാ–ലാ
 കാമ–പാലാ–ജയ ഭൂമി–പാലാ  സോമസ–മാനന–കാമിത–ദായക
(കാമ)

 കരുണാ–ശരണാ–തരുണാ–ഭരണാ
(കാമ)

 പാവനശീല–പാലനലോല
 പരഗണകാല–പുരുഗുണജാല
(കാമ)

 കൈവരുമാദര–ഭാവരസത്തൊടു
 ഭൂവരരേവരുമേ–പണിയുന്നൊരു
(കാമ)

 അസമാ–നസമാ–ഹിതമാ–നസമാ
(കാമ)

 നിനിമാ–മതിമാ–നദമാ–നസമാ
(കാമ)

 രണമതിലെതിരിടടുമരികളെ യമപുര
 മണവതിനതിബലസഹിതമയപ്പൊരു”
(കാമ)
വിക്രമോര്‍വശീയം

കാളിദാസകൃതമായ വിക്രമോർവ്വശീയനാടകത്തിലെ ശ്ലോകങ്ങളെ ഗാനങ്ങളാക്കി രചിച്ചിട്ടുള്ളതാണു് ഈ സങ്ഗീതനാടകം. ഒരു ഗാനം ഉദ്ധരിക്കുന്നു.

 “ആരാവാം–ഓരുമ്പൊഴു–തിവളടെയുടൽ
 തീർത്ത വിരുത-നാരാവാം?
 ആരാജിതസുഷമാനിധി
 താരാപതിതാനോ? പുന–
(രാരാവാം)

 ശൃങ്ഗാരരസാംബുനിധി
 സുമസായകനോ? സുമകല
 സങ്ഗാഭിരാമമായ
 സുരഭിയാകുമൃതുവോ? പുന–
(രാരാവാം)

 വേദങ്ങളെയുരുവിട്ടിഹ
 വിഷയങ്ങളിൽ മുഷിവേന്തിയ
 കിഴവൻമുനിയഴകീവിധ
 മുളവാക്കുവതെളുതോ? പുന–
(രാരാവാം)

വിക്രമോവ്വശീയത്തിനു സദാരാമയ്ക്കെന്നപോലെയുള്ള പ്രചാരം ലഭിച്ചില്ല.

സുഭാഷിതരത്നാകരം

സുഭാഷിതരത്നാകരത്തിൽ രണ്ടു പ്രകരണമങ്ങൾ അടങ്ങിയിരിക്കുന്നു. വിഷയങ്ങൾ അകാരാദിക്രമത്തിലാണു് രണ്ടിലും വിഭജിച്ചിരിക്കുന്നതു്. ‘ചില നീതിവാക്യങ്ങൾ’ എന്ന തലക്കെട്ടിൽ കേശവപിള്ള അനേകം സദാചാരപദ്യങ്ങൾ ഭാഷാപോഷിണിയിൽ എഴുതിക്കൊണ്ടിരുന്നു. സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും തർജ്ജമ ചെയ്തിട്ടുള്ള ശ്ലോകങ്ങൾക്കുപുറമേ ചില സ്വകീയങ്ങളായ ശ്ലോകങ്ങളും ഇതിൽ കാണാവുന്നതാണു്. പരക്കെ ഏതുതരത്തിലുള്ള അനുവാചകന്മാർക്കും പ്രയോജകീഭവിക്കുന്ന ഈ ഗ്രന്ഥത്തിൽ നിന്നു രണ്ടു ശ്ലോകങ്ങൾ പകർത്തുന്നു.

“കാതിൽക്കുത്തുന്ന കാന്തിപ്രചുരിമ കലരും തോടയോ, മോടിയാടി-
ക്കോതി ബ്ബന്ധിച്ച കൂന്തൽക്കുലമതിൽ വിലസും മാലതീമാലതാനോ
പാതിത്തിങ്കൾപ്രകാശം തടവുമളികമോ കാന്തിയേന്തുന്നതില്ല
പ്പാതിവ്രത്യാഖ്യമാകും സുമഹിതമണിതാൻ ഭൂഷണം യോഷമാരിൽ.”
(പാതിവ്രത്യം–സ്വകീയം)
“ശീലിപ്പിക്കണമന്യദുഃഖമനുശോചിക്കുന്നതിന്നും കനി
ഞ്ഞാലോകിച്ചിടുമന്യദോഷമൊളിവായ് വയ്പാനുമെന്നെ പ്രഭോ
ചാലേയന്യജനങ്ങളിൽസ്സതതമീ ഞാനിങ്ങു കാണിച്ചിടും
പോലുള്ളോരലിവെന്നിലും വിശദമായ്ക്കാണിക്കവേണം ഭവാൻ.”
(സാമാന്യസ്തുതി–പോപ്പിന്റെ ഇംഗ്ലീഷ് കൃതിയിൽനിന്നു്)
ആംഗലസാമ്രാജ്യം

ഏ. ആര്‍. രാജരാജവർമ്മകോയിത്തമ്പുരാന്റെ ആങ്ഗലസാമ്രാജ്യം മഹാകാവ്യത്തിന്റെ ഭാഷാനുവാദമാണു് ഈ കൃതി. കോയിത്തമ്പുരാന്നും കേശവപിള്ളയും തമ്മിൽ 1067-ലെ കവിസമാജസമ്മേളനത്തിൽവെച്ചുണ്ടായ പരിചയം ക്രമേണ രൂഢമൂലമായി സൗഹാർദ്ദാവസ്ഥയിൽ ഉയർന്നു. 1085-ലായിരുന്നു ഈ തർജ്ജമ അച്ചടിപ്പിച്ചുതു്. തർജ്ജമ നന്നായിട്ടുണ്ട്. നാരായണീയം വിവർത്തനം ചെയ്തുകഴിഞ്ഞപ്പോൾ സിദ്ധിച്ച പാടവം ഇതിന്റെ രചനയക്കു ധാരാളം പ്രയോജകീടവിച്ചിട്ടുണ്ട്. ചില ശ്ലോകങ്ങൾ നോക്കുക.

 “ആൾ തിങ്ങിടും തെരുവുകൾക്കിടയിൽത്തുരന്ന
 മാർഗ്ഗങ്ങളുടെയിവിടെപ്പുകവണ്ടിജാലം
 വീട്ടിന്റെയോവുകളിൽ മുഷികരെന്നപോലെ
 വാട്ടം വെടിഞ്ഞനിശമങ്ങനെ മണ്ടിടുന്നു.”
(ഒന്നാംസർഗ്ഗം)
 “ഘോരഘോരമവര്‍ ചെയ്തിടുന്നൊരി
 പ്പോരുകാണ്മതിനശക്തിയാർന്നപോൽ
 ധുമികാമയപടം വിടർത്തതി
 ന്നുള്ളിലാശകൾ മറച്ചു തന്മുഖം.”
(പത്തൊൻപതാംസർഗ്ഗം)
 “നല്കുന്നവങ്കലധമർണ്ണഗുണത്തിനാലും
 വാങ്ങുന്നവങ്കലുരുസൽഫലവൃദ്ധിയാലും
 മോദം വളർത്തിടുമൊരീയൃണബന്ധനീതി
 ലോകർക്കു ചേർത്തു നൃപഭക്തിയെയേറ്റമന്നാൾ.”
(ഇരുപതാം സർഗ്ഗം)
“ബ്രഹ്മാനന്ദൈകഖണ്ഡം ധരണിയുടെ ധനങ്ങൾക്കെഴും മാനദണ്ഡം
സാമ്രാജ്യത്തിൻ പ്രകർഷം പ്രഭുതതിയുടെ നൽപ്രേമസമ്പൂർണ്ണവർഷം.
സംസാരത്തിന്റെ സാരം സകലരുടെയുമുത്സാഹഘോഷാവതാരം
ഭാസിച്ചിടുന്നു പാരം മഹിതമിഹ മഹാരാജ്ഞിതൻ കീർത്തിപൂരം.”
(ഇരുപത്തിമൂന്നാം സർഗ്ഗം)
ഷഷ്ടിപൂർത്തിഷഷ്ടി

ഷഷ്ടി പൂർത്തിഷഷ്ടിയിൽ ഗീതിവൃത്തത്തിൽ രചിച്ച അറുപതു ശ്ലോകങ്ങൾ ഉൾപ്പെടുന്നു. ദ്വിതീയാക്ഷരം സ്വരവ്യഞ്ജനൈകരൂപ്യംകൊണ്ടു സുന്ദരമാക്കി രചിച്ചിട്ടുള്ളതാണു് ഓരോ ശ്ലോകവും. ചില ശ്ലോകങ്ങൾ നോക്കുക.

“ശ്രീമാൻ കേരളവർമ്മാ ധീമാൻ പർപ്പാവനീശവംശമണിഃ
സീമാവിരഹിതകീർത്തി സ്തോമാലയമായതാ! വിളങ്ങുന്നു.” “താപം പാത്രത്തിനുമൊരു ലോപം സ്നേഹത്തിനും വരുത്താതെ
ശ്രീ പകലും രാവുമെഴും ദീപമിതന്യാദൃശം നിനച്ചോളം.” “മതിമാൻ പണ്ടൊന്നിച്ചൊരു കുതിരയെയും കവിതയായ വനിതയെയും
അതിചിത്രപദക്രമമായ് ഗതിചെയ്യിച്ചെന്നതെത്ര മഹനീയം.” “വ്യായാമവിശേഷഭവശ്രീയാർന്നിടുമിമ്മഹാനൊടേറ്റീടിൽ
കായാഭ്യാസിജനത്തിനനായാസം ധരണിയെപ്പുണർന്നീടാം.”
സാഹിത്യവിലാസം

സാഹിത്യവിലാസത്തിൽ പല നല്ല ഖണ്ഡകൃതികളം അന്തര്‍ഭവിക്കുന്നുവെന്നു മുൻപു നിർദ്ദേശിച്ചിട്ടുണ്ടല്പോ. ചില ശ്ലോകങ്ങൾ പരിശോധിക്കുക.

 “ചൊല്ലാർന്നിടുന്ന ഭവദാഗമവേളയോർത്തി
 ട്ടുല്ലാസമോടു പതഗാവലി പാടിടുമ്പോൾ
 കല്യത്വമിങ്ങണയുമാറണയും വിഭോ! നിൻ
 കല്യാണകാന്തി ഭരകന്ദളമെത്ര രമ്യം!”
(സുര്യൻ)
 “അസിതമായ ഗളത്തിലുമുജജ്വലൽ
 ഭസിതമാം തിരുമേനിയിലും പ്രഭോ!
 ഹസിതമായ നിലാവിലുമേറ്റമു
 ല്ലസിതമാകണമെന്നുടെ മാനസം.”
(ശിവദശകം)

ഒരു വിലാപം എന്ന കൃതിയിൽ ജഗന്നാഥപണ്ഡിതരുടെ സുപ്രസിദ്ധമായ കരുണവിലാസത്തിലെ മിക്ക ശ്ലോകങ്ങളും ഭാഷാന്തരീകരിച്ചിട്ടുണ്ട്. മൂലത്തിൽനിന്നു തർജ്ജമയ്ക്കു യാതൊരപകർഷവും സജാതീയമായ ദ്വിതീയാക്ഷരപ്രാസനിർബ്ബന്ധം നിഷ്കൃഷ്ടമായി പരിപാലിക്കുന്ന ഈ ശ്ലോകങ്ങളിൽ നിരീക്ഷിക്കുവാൻ സാധിക്കുന്നതല്ല.

 “നർമ്മങ്ങളോടു ചില നാളിഹ വാണു വിദ്യ
 ദ്ധർമ്മം കലർന്നൊരു മഹേന്ദ്രസുഖങ്ങളേകി
 നിർമ്മന്ത്രനാം നൃപനെ ലക്ഷ്മികണക്കു പുണ്യ
 കർമ്മം തുലഞ്ഞപൊഴുതെന്നെ വെടിഞ്ഞുവോ നീ?
 ഭൂവിങ്കൽ വാണു മധുരരോക്തികൾ ചൊല്ലിയെന്നെ
 ദ്യോവിങ്കലാക്കിയ മനോഹരയായ നീതാൻ
 ദ്യോവിങ്കലിപ്പൊഴുതു പോയളവെന്നെയേവം
 ഭൂവിങ്കലെപ്പൊടിയിൽ വീഴ്ത്തുവതെന്തു ബാലേ?
 താപിഞ്ഛവേണി! ബത നിദ്രയിലും പരങ്കൽ
 പ്രാപിച്ചതില്ല തവ മാനസമാശയോടേ
 നീ പിന്നെ നിര്‍ഗ്ഗണതയാർന്ന പരൻപുമാനെ
 പ്രാപിച്ചിടുന്നതിനു സമ്പ്രതി പോയതെന്തേ?”

എന്തൊരു കര്‍ണ്ണാമൃതം!

സംഗീതമാലിക

സംഗീതപ്രവേശികയും സംഗീതമാലികയും ഒരേ പുസ്തകമായാണു് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നതു്. രാഗലക്ഷണങ്ങളെപ്പറ്റി പ്രവേശികയിൽ പ്രസ്താവിക്കുന്നു.

“അവയവവൃത്തികൾമൂലം ശ്രവണസുഖം നല്കിടും സ്വരാവലിയോ
അതിൽനിന്നുണ്ടായീടും വ്യക്തിയതോ രാഗമെന്നു ചൊല്ലുന്നു.
ശ്രുതിയുടെ പിറകേ വഴിപോൽ ശ്രുതിസദൃശാംശം ജനിച്ചിടും ശബ്ദം
സ്വത ഏവ രഞ്ജകത്വാൽ സ്വരമെന്നു പറഞ്ഞിടുന്നു വിദ്വാന്മാര്‍”

എന്നിങ്ങനെയാണു് ആ കൃതി ആരംഭിക്കുന്നതു്. ആകെ ഇരുപതു ശ്ലോകങ്ങളേ അതിൽ ഉള്ളു. സങ്ഗീതമാലികയിൽ 42 പാട്ടുകൾ ഉൾപ്പെടുന്നു. അവയിൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലം മുതല്ക്കു ജീവിച്ചിരുന്ന പല കവികളും നിർമ്മിച്ചതായി ഇരുപത്തഞ്ചും കേശവപിള്ളയുടെ കൃതികളായി പതിനേഴും കാണുന്നു. അദ്ദേഹത്തിന്റെ പാട്ടുകളിൽ ഒന്നു പകർത്തുന്നു.

 “പരിപാവനി–ദേവി—പരിപാവനി!
 കരുണാവതി! പാഹി മഹേശ്വരി!
(പരി)

 തരുണാംഭോജായതാക്ഷി!
 ആമയനാശിനി!—സാമജഗാമിനി!
 ശ്രീമതി തവ പാദമാകലയാമി
 കാമിതദായിനി! കരുണാമയി!
 കാമവിനാശന—മാനസമോഹിനി!”
(പരി)
58.12കേശവീയം

1066-ൽ മനോരമയിൽ ആരംഭിച്ച ദ്വിതീയാക്ഷരപ്രാസവാദത്തെപ്പറ്റി ഞാൻ ഒന്നിലധികം ഘട്ടങ്ങളിൽ പ്രസ്താവിച്ചുകഴിഞ്ഞിട്ടുള്ളതിനാൽ അതിനെ വീണ്ടും വിസ്തരിക്കുന്നില്ല. ആ വാദത്തിനുമേൽ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തി ദ്വിതീയാക്ഷരപ്രാസം സ്വീകരിക്കുന്നതു ശ്രവണസുഖം നല്കുവാൻ സവിശേഷം പ്രയോജകീഭവിക്കുന്നതാണെന്നുള്ള വലിയ കോയിത്തമ്പുരാന്റെ മതം ഭൂരിപക്ഷം കവികളും അംഗീകരിക്കുകയും, “ദ്വിതീയാക്ഷരപ്രാസത്തെ ഭാഷാകവികൾ തങ്ങളുടെ കവിതാവനിതയ്ക്കു് ഒരു തിരുമംഗല്യമെന്നു വിചാരിച്ചു പോരുകയും ചെയ്യുന്നു. വേറേ അലങ്കാരങ്ങൾ എത്രതന്നെ ഇരുന്നാലും ദ്വിതീയാക്ഷരപ്രാസമില്ലെങ്കിൽ ശ്ലോകമേ അല്ല എന്നു കൂടി ശഠിക്കുവാൻ അവര്‍ മടിക്കുന്നില്ല. ഈ നാലക്ഷരങ്ങളെ രക്ഷിക്കുവാൻവേണ്ടി കവികുഞ്ജരന്മാര്‍ കാട്ടിക്കൂട്ടന്ന ഗോഷ്ടികൾ കാണുമ്പോൾ കോപത്തിലും തുലോം താപമാണുണ്ടാകുന്നതു്. ചിലർ യതികളെയെല്ലാം നിശ്ശങ്കം ഗളഹസ്തം ചെയ്യുന്നു; മറ്റു ചിലര്‍ സാധുക്കളായ ശബ്ദങ്ങളുടെ കഴുത്തറുക്കുന്നു; എന്നുവേണ്ട കോലാഹലം പലതും കാണാം. ഈ പ്രാസത്തെ ഉപേക്ഷിച്ചാലല്ലാതെ നിരർത്ഥകശബ്ദപ്രയോഗം ഭാഷയിൽനിന്നു് ഒഴിഞ്ഞുനീങ്ങുന്നതല്ല” എന്നു് 1076-ൽത്തന്നെ ഏ. ആര്‍. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷാഭൂഷണത്തിൽ തദ്വിഷയകമായി ചെയ്തിരുന്ന നിശിതമായ വിമർശനം ദ്വിഃപ്രാസപക്ഷപാതികളായ ക്ഷുദ്രകവികളെമാത്രം ബാധിക്കുന്നതാകയാൽ ആ ഉപദേശം ശക്തിമാന്മാരുടെ വിഷയത്തിൽ കാര്യകാരിയല്ലെന്നു പ്രദർശിപ്പിക്കുകയും ചെയ്തു. 1083-ൽ കേശവപിള്ള രാജരാജവർമ്മകോയിത്തമ്പുരാന്റെ ആശയം വിശദീകരിക്കുന്നതിനു് ‘ഭാഷാകവിത’ എന്ന ഒരു ഉപന്യാസം തിരുവനന്തപുരം കാളേജുസമാജത്തിന്റെ ആ കൊല്ലത്തെ വാര്‍ഷികസമ്മേളനത്തിൽ അമ്മാവന്റെ അധ്യക്ഷതയിലും അനന്തരവന്റെ സന്നിധാനത്തിലും ഏഴുതി വായിക്കുകയും പിന്നീട് അതു ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയുംചെയ്തു. തത്സംബന്ധമായുള്ള വാക്കലഹം 1085-ൽ അവസാനിച്ചതിനുമേലാണു് കല്യാണദർപ്പണം രചിച്ചതു്. അതിൽ കേരളപ്രാസം എല്ലാ ശ്ലോകങ്ങളിലും പരിത്യജിച്ചിട്ടില്ല; ആദ്യത്തെ മൂന്നു ശ്ലോകങ്ങളിൽ അതിന്റെ ദീക്ഷയുണ്ടു്.

 “ശർമ്മം ജനങ്ങളിൽ വിളങ്ങുവതിന്നു വേണ്ടും
 കർമ്മങ്ങൾതന്നെ നിയതം നിറവേറ്റി നന്നായ്
 ധർമ്മവ്രതത്തൊടു വസിച്ചിടുമിന്നരേന്ദ്രൻ
 ഭർമ്മപ്രഭൻ ഭുവനപുണ്യഫലായിതൻതാൻ.”

ഈ പശ്ചാത്തലത്തിൽ വേണം കേശവീയത്തെപ്പറ്റി ചർച്ചചെയ്യുവാൻ. പൂർവ്വകവികളാൽ ബഹുധാ ക്ഷുണ്ണമായ സ്യമന്തകോപാഖ്യാനത്തെ ഉപജീവിച്ചു പന്ത്രണ്ടു സർഗ്ഗങ്ങളിൽ രചിച്ചിട്ടുള്ള ഒരു മഹാകാവ്യമാണതു്. കാളിദാസന്റെ കവനശൈലിയിലാണു് അതു രചിച്ചിട്ടുള്ളതെന്നു കേശവപിള്ളയും, ഭാഷയിൽനിന്നു വളരെക്കാലം മുൻപുതന്നെ അന്തർദ്ധാനം ചെയ്തിരുന്ന വൈദർഭമാർഗ്ഗത്തിനു പുനഃപ്രതിഷ്ഠ ലഭിച്ചതു ആ കാവ്യത്തിനാലാണെന്നും മറ്റും ഏ. ആറും അവകാശപ്പെടുന്നു.

 “രാജരാജാഖ്യനായോരഗ്ഗുരുവിന്റെ കൃപാരസം
 എന്മൊഴിക്കുള്ളഴുക്കെല്ലാം കഴുകിക്കളയേണമേ.
 തദുപജ്ഞം മതം നവ്യം സാമഞ്ജസ്യമനോഹരം
 ഒരുക്കിയെന്നെയിക്കാവ്യരചനാസാഹസത്തിനായ്.
 കാളിദാസകവീന്ദ്രന്റെ കാൽനഖേന്ദുമരീചികൾ
 കാവ്യാധ്വാവിൽസ്സഞ്ചരിക്കുമെനിക്കു വഴി കാട്ടണം”

എന്നു കേശവപിള്ള; പ്രസ്തുതകാവ്യത്തിനു നല്കിയ പ്രശംസാപത്രത്തിൽ

“പാദാഗ്രേഷു പുനഃ പുനഃ പ്രഹരതാ പ്രാസേന പംഗുകൃതാ
ഗാഡീയേക്ഷരഡംബരേണ വിഷമേ മാർഗ്ഗേ സ്ഖലന്തീ ചിരാൽ
ബാലാ കേരളസാഹിതീ സമതയാ രമ്യേ സദർത്ഥോജ്ജ്വലേ
വൈദർഭാധ്വനി മോചിതാദ്യ ഭവതാ കൃച്ഛ്രാൽ സുഖം നൃത്യതു”

എന്നു കോയിത്തമ്പുരാൻ. കേശവീയം സമഞ്ജസമായ ഒരു മഹാകാവ്യമാണെന്നുള്ളതിൽ ആക്കും അഭിപ്രായഭേദമില്ല. പക്ഷേ, പ്രാസത്താൽ പംഗുകൃതനാകാതെ കാവ്യാധ്വാവിൽ സ്വച്ഛന്ദസഞ്ചാരം ചെയ്യുന്ന ഒരു കവിക്കു് ആ ത്യാഗംകൊണ്ടു കിട്ടിയ വിശേഷലാഭമെന്തെല്ലാം എന്നുകൂടി പ്രകൃതത്തിൽ പരിശോധിക്കേണ്ടതുണ്ടല്ലോ. അതു ചെയ്യുന്നതു പുരോഭാഗിത്വംകൊണ്ടല്ല, വാചയിതാക്കന്മാരെ വസ്തുസ്ഥിതി ഗ്രഹിപ്പിക്കുന്നതിനുവേണ്ടി മാത്രമാണു്.

“കനിഞ്ഞു മാധവൻ പോറ്റും വൃഷത്തിന്റെ വിഹാരവും
ശിവധാമത്വവും ശ്രീമദ്വിനായകവിലാസവും നന്ദിയാളുന്ന ഭൂതൗഘമളകാപുരസഖ്യവും
മഹാസേനാഭയും പാർത്താലിതു കൈലാസമേ ദൃഢം.” “അനീതിബാധയില്ലാതെ മാധവൻ നാടു വാഴവേ
അനീതിബാധാകുലമായഹോ! ശോഭിച്ചു ഭൂതലം.” “കൃഷ്ണശബ്ദാത്ഥമായുള്ള സത്താനന്ദങ്ങൾ സർവ്വദാ
കലർന്നു ലോകര്‍ ഭൂപാലന്നനുരൂപത തേടിനാര്‍.” “ഗദത്തിൻഗന്ധമേ നാട്ടിലാഗമിച്ചില്ലയെങ്കിലും
ദ്വിധാ മുകുന്ദപാര്‍ശ്വത്തിലുളവായി ഗദാഗമം” “ശൗല്ബികാദികൾ കൈവിട്ടു മൃഷാനാമിക വേശ്യയാൾ
കാദാചിൽകം കാവ്യകര്‍ത്തൃകടാക്ഷം പൂണ്ടു കേവലം.” “സുവർണ്ണം സുഷ്ഠുവായുയള്ള വർണ്ണത്താലെന്നപോലവേ
സത്യമായ് ഭാസ്സിനാൽ മായാമവളന്വർത്ഥതാൻ ഹരേ!”

ഈ ശ്ലോകങ്ങളെല്ലാം പ്രഥമസർഗ്ഗത്തിലുള്ളവയാണു്. ഇവയിൽ ചിലതിനു ചമൽക്കാരം ഇല്ലെന്നല്ല വാദം; ഇതു കാളിദാസന്റെ പന്ഥാവല്ലെന്നുമാത്രമാണു്.

 “പത്മാകരംതന്നിൽ വസിക്കയാലും
 മിത്രാവനംകൊണ്ടു ലസിക്കയാലും
 പാഥോജസാദൃശ്യമിരിക്കവേ താൻ
 യാതൊന്നു രാജാദരമാർന്നിരുന്നു”

എന്നു് ആറാം സർഗ്ഗത്തിൽ മറ്റൊരു ശ്ലോകമുണ്ടു്. അതിലും ശ്ലേഷോത്ഥാപിതമായാണു് അലങ്കാരത്തിന്റെ സന്നിവേശം. “വിഭാവസുത്വം ദൃഢമിങ്ങുമുണ്ട്” ഇത്യാദി പാണ്ഡിത്യമാത്രദ്യോതകങ്ങളായ ശ്ലോകങ്ങൾ വേറെയും കാണാം. ഏഴാം സർഗ്ഗം ആറാം ശ്ലോകത്തിൽ രണ്ടാം. പാദം “തിരുവുടലിൽത്തിരളുന്ന കാന്തി കണ്ടു” എന്നു വിനയെച്ചത്തിൽ അവസാനിപ്പിച്ചിരിക്കുന്നു. ‘ഇഹ’ ‘അഥ’ മുതലായ നിരർത്ഥകശബ്ദങ്ങളും അങ്ങിങ്ങു സ്ഥലം പിടിച്ചിട്ടണ്ടു്. പന്ത്രണ്ടാം സർഗ്ഗത്തിൽ

 “സിന്ധുജാവതരമായ് വിളങ്ങുമ
 സ്സിന്ധുജാനനയമർന്ന തേരിനെ
 സിന്ധുജാശ്വനിവഹം വഹിച്ചുടൻ
 സിന്ധുശായിവസതിക്കു മണ്ടിനാര്‍”

എന്നൊരു ശ്ലോകമുണ്ട്. അവതരം എന്ന ശബ്ദം അവതാരത്തിന്റെ പര്യായമായി മാഘനും ശ്രീഹർഷനും പ്രയോഗിച്ചിട്ടുണ്ടെങ്കിലും അതിനു കാളിദാസകൃതികളിലോ ഭാഷാസാഹിത്യത്തിലോ പ്രചാരമില്ല. സിന്ധുജശബ്ദം ചന്ദ്രൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതും വ്യാഖ്യാഗമ്യമാണു്. പ്രാസദീക്ഷകൊണ്ടാണു് പ്രസ്തുതശ്ശോകം ഇങ്ങനെ രചിക്കേണ്ടിവന്നതു് എന്നു ടിപ്പണത്തിൽ പറഞ്ഞുകാണുന്നുമില്ല. ‘പാദാഗ്രേഷു’ എന്ന ശ്ലോകത്തിന്റെ പൂർവ്വാര്‍ദ്ധത്തിൽ ഇതരഭാഷാകാവ്യങ്ങളെപ്പറ്റി ചെയ്തിട്ടുള്ള ഉപാലംഭവും ഉത്തരാർദ്ധത്തിൽ കേശവീയത്തെപ്പറ്റി ചെയ്തിട്ടുള്ള പ്രശംസയും ഉപപത്തിയുക്തങ്ങളല്ലെന്നു തെളിയിക്കുവാനാണു് ദിങ്മാത്രമായി ചില വൈകല്യങ്ങൾ ഇവിടെ പ്രദർശിപ്പിച്ചതു്. കരുണവിലാസം തർജ്ജമ ചെയ്ത കവിക്കു ദ്വിതീയാക്ഷരപ്രാസത്യാഗംകൊണ്ടു യാതൊരു ലാഭവും കിട്ടേണ്ടതായിട്ടില്ല, കിട്ടീട്ടുമില്പ എന്നു വായനക്കാര്‍ ചുരുക്കത്തിൽ മനസ്സിലാക്കിയാൽ മതി. കേശവീയത്തിൽ അനേകം ഹൃദയാവർജ്ജകങ്ങളായ വർണ്ണനകളും ചിന്തകളുമണ്ടു്. ഒരു ഉദാഹരണം മാത്രം പ്രദർശിപ്പിക്കാം. പരേതനായ പ്രസേനനെ കണ്ടു ശ്രീകൃഷ്ണൻ തത്വവിചാരത്തിൽ മഗ്നനാകുന്നതാണു് പ്രകരണം.

 “സുരഭിലസുമശയ്യയിൽസ്സുഖിപ്പാൻ
 സുകൃതമെഴും സുകുമാരനിക്കുമാരൻ
 ഇതുവിധമിവിടെക്കിടപ്പതോർത്താൽ
 വിധിഗതി വിസ്മയനീയമേവ നൂനം.  ക്ഷണികതയുമനേകമട്ടിലെത്തും
 പിണികളുമൊന്നു മുതിർന്നു ചിന്തചെയ്താൽ
 മനുജനുടയ ജീവിതത്തിനുള്ളോ
 രനുപമശോച്യത നല്ലപോലെ കാണാം.  ഉലകിൽ നിരഭിസന്ധിയായ ഹാർദ്ദം
 സുവിരമളമെന്നുമനേകസംഭവത്താൽ
 അവനവനുടെ മിത്രമായതെല്ലാ
 മവനവനെന്നുമവൻ ഗ്രഹിച്ചിടുന്നു.  അഹമഹമിക പുണ്ടു ചിന്തയോരോ
 ന്നനിശമണഞ്ഞു ബലാൽ മനസ്സിനേയും
 അഥ ബത! ജരതൻ വികാരമോരോ
 ന്നുടലിനെയും ശിഥിലീകരിച്ചിടുന്നു.  തദനു തനയാദരഗേഹവസ്തു
 പ്രകരവിയോഗവിചാരമദഗ്ദ്ധചിത്തൻ
 അവനഴലൊടു ഭൂതപഞ്ചകത്തി
 ന്നുടൽവിധി പോലെ പകുത്തു നല്കിടുന്നു.
ആസന്നമരണചിന്താശതകം

കേശവപിള്ളയുടെ കൃതികളിൽ ഗുണംകൊണ്ടു പ്രഥമപീഠത്തെ അലങ്കരിക്കുന്ന ഒരു കാവ്യതല്ലജമാണു് ആസന്നമരണചിന്താശതകം. ശാർദ്ദൂലവിക്രീഡിതത്തിൽ 104 ശ്ലോകങ്ങളടങ്ങിയ ഈ കൃതിയിൽ ആസന്നമരണനായ ഒരു ഗൃഹസ്ഥാശ്രമിക്കു് ഉണ്ടാകുന്ന വിചാരങ്ങളും വികാരങ്ങളും ഏതു ശ്രോതാവിന്റേയും ഹൃദയത്തെ ദ്രവിപ്പിക്കുമാറുള്ള കവിധർമ്മമർമ്മജ്ഞതയോടുകൂടി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. തദ്വിഷയകമായി അത്ര മനോഹരമായ ഒരു കാവ്യം ഭാഷയിൽ ഏതാവൽപര്യന്തം യാതൊരു കവിയും രചിച്ചിട്ടില്ലെന്നു് ഉറപ്പിച്ചുപറയാവുന്നതാണു്. ചില ശ്ലോകങ്ങൾ നോക്കുക.

“അമ്മേ! വന്നിടുകെന്നു ചൊന്നു കരവും കാലും കുടഞ്ഞാർത്തിപൂ
ണ്ടമ്മിഞ്ഞയ്ക്കു കരഞ്ഞുകൊണ്ടുഴലുമെൻ പൊന്നോമനക്കുഞ്ഞിനെ
ചെമ്മേ ചെന്നുടനുമ്മവെച്ചു വരികെന്നോതിപ്പുണർന്നിട്ടെടു
ത്തമ്മയ്ക്കുള്ള കരത്തിലേകുവതിനിച്ചെയ്യാവതോ ദൈവമേ?” “സ്വച്ഛാഭം ശയനാന്തരത്തിൽ നിശയിൽത്തങ്കുന്നൊരെൻ കുഞ്ഞണ
ഞ്ഞച്ഛാ! വന്നിടുകെന്നു നോക്കുമളവിൽക്കാണാഞ്ഞു കേണേറ്റവും
ഇച്ഛാഭങ്ഗമിയന്നിടുന്ന സമയം കച്ചേൽമുലത്തയ്യലാൾ
വിച്ഛായാനനമാർന്നു ഞാനിവിടെയെന്തോതേണ്ടതെന്നോർത്തിടും.” “കാലൻ കോപമിയന്നു വന്നു കയറാൽപ്പെട്ടെന്നു കെട്ടീടുമെ
ക്കാലത്തിങ്കലണഞ്ഞിടുന്നു മൃതിയെന്നോതുന്നു സാധാരണം
കാലാഹ്വാനസമാനനായൊരു പുമാനുണ്ടോ പുരാണങ്ങളിൽ
കാലത്തെച്ചിലര്‍ കാലനെന്നുചിതമായ് ഖണ്ഡിച്ചു വർണ്ണിച്ചതോ?” “സുര്യൻതന്നുടെ സൂനുവാണു സുമനസ്സാകുന്നൊരക്കാലനെ
ന്നാര്യന്മാരതി ദീർഘദർശികൾ പറഞ്ഞിട്ടുണ്ടതിസ്പഷ്ടമായ്
കാര്യം നേരതു രാത്രിയും പകലുമുണ്ടാക്കുന്നതോർക്കുമ്പൊഴ
സ്സൂര്യൻ കാലമതിന്നെഴും ജനകനാണെന്നുംവരുന്നില്ലയോ?” “എന്തിന്നച്ചച്ഛനെയീവിധത്തിലിവിടെക്കെട്ടിപ്പൊതിഞ്ഞൊട്ടുപേ
രെന്താണിന്നു കഴിപ്പതെന്നു പറ നീയെന്നേവമെൻ ബാലകൻ
ചന്തച്ചുണ്ടപൊളിച്ചുകൊണ്ടരുളവേ പെണ്ണുങ്ങൾ കണ്ണിൽപ്പരം
ചിന്തിച്ചിന്തിയൊലിക്കുമശ്രുനിരയേ പ്രത്യുക്തിയായ്ത്തീർത്തിടും.” “എല്ലാവർക്കുമിവണ്ണമന്ത്യഗതിതാൻ വന്നീടുമെന്നുള്ളതി
ന്നില്ലാ സംശയമാകയാൽ സകലരും സന്മാർഗ്ഗകർമ്മങ്ങളിൽ
ഉല്പാസേന മനസ്സുവച്ചു ജഗതീസന്താനമാം ശാന്തിയാൽ
നല്ലാനന്ദമിയന്നമന്ദമഹിതശ്രീ പൂണ്ടു മേവീടണം.”

ഉപസംഹാരം

ഇത്രമാത്രമുള്ള വിവരണത്തിൽനിന്നു ബഹുമൂല്യമായ ഒരു സാഹിത്യസമ്പത്താണു് നമുക്കു കേശവപിള്ളയിൽനിന്നു ലഭിച്ചിട്ടുള്ളതെന്നു കാണാം. സരസവും ധാരാവാഹിയുയമായ ഒരു ഗദ്യരീതിയും അദ്ദേഹത്തിനു സ്വാധീനമായിരുന്നു. സാമുദായികവിഷയങ്ങളിൽ അദ്ദേഹത്തിന്റെ പരിഷ്കൃതമായ ആശയഗതി നാം ലക്ഷ്മീകല്യാണം നാടകത്തിൽനിന്നു കണ്ടുവല്ലോ. 1069-ലെ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘ശകുനവിശ്വാസം’ എന്ന ഉപന്യാസത്തിൽപ്പോലും “ശകുനവിശ്വാസത്താൽ ഉണ്ടാകുന്നവയും കേവലം മനോരാജ്യത്തിൽ സ്ഥിതിചെയ്യുന്നവയുമായ സുഖദുഃഖങ്ങളെ അനുഭവിക്കുന്നതു വളരെ ദയനീയമായിട്ടുള്ളതാണെന്നു പ്രത്യക്ഷപ്പെട്ടുവല്ലോ” എന്നു് ആ വിഷയത്തിൽ സ്വമതം ആവിഷ്കരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഹസ്തലിഖിതത്തെപ്പറ്റിക്കൂടി ഒരു വാക്കു പ്രസ്താവിക്കേണ്ടതുണ്ടു്. അത്രമാത്രം കണ്ണും കരളും കവരുന്ന കൈപ്പടയിൽ എഴുതാവുന്ന കവികൾ അത്യന്തം വിരളമായിരുന്നു. സതതോത്ഥാനസുഭഗവും പരോപകാരനിരതവുമായ ഒരു ജീവിതമാണു് അദ്ദേഹം നയിച്ചതു്. ആ മഹാകവിയെ സബഹുമാനവും സാഭിമാനവുമായല്ലാതെ സ്മരിക്കുവാൻ ആർക്കും സാധിക്കുന്നതല്ല.