സമകാലികന്മാരായ കവികളുടെ ഇടയിൽ സാമാന്യം പ്രസിദ്ധനായിരുന്ന കോമത്തു കുഞ്ഞുപണിക്കനെപ്പറ്റിയും സ്വല്പം ഈ ഘട്ടത്തിൽ പ്രസ്താവിക്കേണ്ടതുണ്ടു്. കുഞ്ഞുപണിക്കന്റെ തറവാടു മാവേലിക്കര മുട്ടത്തു കോമത്തുവീടാണു്. അദ്ദേഹം ആ ഗൃഹത്തിലെ വെളുമ്പിയമ്മയുടേയും വിഭവപൂർണ്ണമായ ആലുമ്മൂട്ടിൽ തറവാട്ടിലെ കഞ്ഞുശങ്കരൻ ചാന്നാരുടേയും പുത്രനായി 1037-ാമാണ്ടു കർക്കടകമാസം 30-ാം൹ ജനിച്ചു.
എന്നു കവി ഒരവസരത്തിൽ അദ്ദേഹത്തെ സ്മരിക്കുന്നു. മാതാവും പിതാവും ബാല്യത്തിൽ മരിച്ചുപോകയാൽ ജ്യേഷ്ഠൻ കേശവപ്പണിക്കരുടെ സംരക്ഷണത്തിലാണു് ആ ബാലൻ വളർന്നതു്. ആ വസ്തുത കവി തന്റെ ഒന്നിലധികം കൃതികളുടെ ആരംഭത്തിൽ നിവേദനം ചെയ്തിട്ടുണ്ട്.
എന്ന സമർപ്പണശ്ലോകം ഹരിശ്ചന്ദ്രശതകത്തിലും രുക്മിണീസ്വയംവരം നാടകത്തിലും കാണ്മാനുണ്ടു്. ഭാഷാകൃതികൾ നിഷ്കർഷിച്ചു വായിച്ചുള്ള സംസ്കാരമല്ലാതെ സംസ്കൃതം പറയത്തക്ക നിലയിൽ അഭ്യസിച്ചിട്ടുണ്ടായിരുന്നതായി തോന്നുന്നില്ല. പ്രശസ്യമായ രീതിയിൽ കവിതാവാസന പ്രദർശിപ്പിച്ചിരുന്നു. അതിനെക്കുറിച്ചും രുക്മിണീസ്വയംവരത്തിൽ വിനയപുരസ്സരം ഉപന്യസിക്കുന്നുണ്ടു്.
പിന്നെ നല്ല കവിതാവാസനയും പഠിത്തവുമുള്ളവർ കവിതയുണ്ടാക്കുന്നതിനെക്കുറിച്ചു് ഒരത്ഭുതമായി വിചാരിക്കാനില്ല. അതൊന്നുമില്ലാത്തവർ ഞെരുക്കിപ്പിടിച്ചു വലതും കെട്ടിയുണ്ടാക്കിയാൽ അതല്ലേ അത്ഭുതം? അതിനെക്കുറിച്ചു സജ്ജനങ്ങൾ അഭിനന്ദിക്കയല്ലാതെ ഒരിക്കലും നിന്ദിക്കയില്ല” എന്നു സൂത്രധാരൻ പറയുന്നതു നോക്കുക. അമ്മക്കുഞ്ഞമ്മയായിരുന്നു പത്നി. 1095-ാമാണ്ടു ധനുമാസം 15-ാം൹യായിരുന്നു കവിയുടെ ദേഹവിയോഗം.
കുഞ്ഞുപണിക്കൻ. (1) ഹരിശ്ചന്ദ്രശതകം, (2) രുക്മിണീസ്വയംവരം നാടകം, (3) ജനോവാനാടകം, (4) താതോപദേശം എന്നീ പദ്യകൃതികളും, (5) വിദ്യുല്ലതിക എന്ന ഒരു ഗദ്യകഥയും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിത ഉത്തരോത്തരം ഉൽക്കർഷത്തെ പ്രാപിച്ചുവരികയായിരുന്നു. ഒടുവിലത്തെ കൃതിയായ താതോപദേശത്തിൽ ഒരു പിതാവു പുത്രിക്കുനല്കുന്ന ഉപദേശമാണു് വിഷയം. ആകെ 136 ശ്ലോകങ്ങളുണ്ടു്. ചക്കുകളങ്ങര ഓ. കല്യാണിക്കുട്ടി എന്ന തന്റെ മകൾക്കുവേണ്ടിയാണു് കവി അതെഴുതിയതു് 1084-ൽ ആകാവ്യം പ്രസിദ്ധീകൃതമായി. ജനോവാനാടകത്തിലെ ഇതിവൃത്തം സുവിദിതമാണല്ലോ.
കുഞ്ഞുപണിക്കന്റെ കവിതാരീതി താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽനിന്നു വായനക്കാർക്കു വിശദമാകുന്നതാണു്.
റ്റി. സി. അച്യുതമേനോൻ ഗുരുവായൂരിനു സമീപമുള്ള കോട്ടപ്പടിദേശത്തു നടുക്കാട്ടു കൃഷ്ണൻനമ്പൂരിയുടേയും തൃശ്ശൂർ തെക്കേക്കുറുപ്പത്തു രാമഞ്ചിറമഠത്തിൽ പാറുക്കുട്ടിയമ്മയുടേയും പുത്രനായി 1045-ാമാണ്ടു കന്നിമാസത്തിൽ മൂലം നക്ഷത്രത്തിൽ ജനിച്ചു. ബാല്യംമുതല്ക്കുതന്നെ സാഹിത്യത്തെക്കാളധികം സംഗീതത്തിലായിരുന്നു വാസന. അദ്ദേഹത്തിന്റെ മാതൃസഹോദരിയായ കാവമ്മ ഒരു സങ്ഗീതവിദുഷി എന്നതിനുപുറമേ കേരളത്തിലെ ഭാഷാനാടകങ്ങളിൽ ആദ്യത്തെ നടിയുമായിരുന്നു. ആ കലാകുശല കാലകേയവധം കഥകളിയിൽ ഉർവ്വശിയുടെ വേഷം കെട്ടി ആടിയിരുന്നതായി ചില പഴമക്കാർ പറയുന്നതിൽ പരമാർത്ഥമുണ്ടോ എന്നു നിശ്ചയമില്ല. ഏതായാലും അച്യുതമേനോന്റെ സങ്ഗീതനൈഷധത്തിൽ നളന്റെ ഭാഗം അഭിനയിച്ചിരുന്നു എന്നുള്ളതു സൂക്ഷ്മമാണു്. ആ പരിസരത്തിൽ വളർന്ന അച്യുതമേനോൻ യൗവനാരംഭത്തിൽത്തന്നെ സങ്ഗീതജ്ഞനായ കവിയായി വികസിച്ചത് ആശ്ചര്യമല്ല. 23-ാമത്തെ വയസ്സിൽ തൃശ്ശൂർ അമ്പാടി പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. കൊല്ലം നാരായണപിള്ളയും കൂട്ടുകാരും ഒരവസരത്തിൽ എറണാകുളത്തെത്തി അഭിജ്ഞാനശാകുന്തളം അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ കാവമ്മ അവരെ തൃശ്ശൂരിലേക്കു ക്ഷണിച്ചുകൊണ്ടുപോയി. ഗാനസമ്മിളിതമല്ലാത്ത അവരുടെ നാടകാഭിനയം അവർക്കു സമഞ്ജസമായി തോന്നിയില്ല. തന്നിമിത്തം അച്യുതമേനോൻ സങ്ഗീതനൈഷധം എന്നൊരു പുതിയ നാടകം പാട്ടുകൾ ഇടകലർത്തി രചിച്ചു. 1067-ാമാണ്ടിടയ്ക്കു് അതു അഭിനയിച്ചവരിൽ കാവമ്മക്കുപുറമേ അമ്പാടിയിൽ ഗോവിന്ദമേനോൻ ദമയന്തിയുടേയും ഗ്രന്ഥകാരൻ തന്നെ കാട്ടാളന്റേയും ഭൂമികകളിൽ രങ്ഗപ്രവേശം ചെയ്തു. ആ നൈഷധമാണു് മലയാളത്തിലെ ഇദംപ്രഥമമായ സംഗീതനാടകം. തന്നിമിത്തം അച്യുതമേനോനെ കേരളത്തിലെ സങ്ഗീതനാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് എന്ന നിലയിൽ കേരളീയർ ബഹുമാനിക്കുന്നു. സങ്ഗീതനൈഷധം അതിവേഗത്തിൽ നാടെങ്ങും പ്രചരിച്ചു. 1106-ൽ 18-ാമത്തെ പതിപ്പു് അച്ചടിപ്പിക്കേണ്ടിവരികയും അതോടുകൂടി 33,800 പ്രതികൾ മുദ്രിതങ്ങളാകയും ചെയ്തു. അപ്പോഴേക്കു തമിഴ്നാടകങ്ങളുടെ പ്രകാശത്തിൽ മലയാള നാടകങ്ങൾ അസ്തപ്രഭങ്ങളായിത്തീരുകയാൽ വീണ്ടും ഒരു പതിപ്പിന്റെ ആവശ്യം നേരിടുകയുണ്ടായില്ല. അച്യുതമേനോൻ നൈഷധത്തിനു പുറമേ സങ്ഗീതഹരിശ്ചന്ദ്രചരിതം എന്നും ഒരു നാടകമെഴുതി. നൈഷധം ഏഴങ്കത്തിലുള്ള ഒരു നാതിവിസ്തരമായ നാടകമാണ്. പത്തങ്കത്തിലുള്ള ഹരിശ്ചന്ദ്രചരിതത്തിനു് അതിലിരട്ടിയിലധികം വലുപ്പംവരും. രണ്ടിലും അങ്കങ്ങളിൽ രങ്ഗവിഭാഗമില്ല. ഹരിശ്ചന്ദ്രചരിതത്തിൽ നൈഷധത്തെക്കാൾ ശ്ലോകങ്ങൾ കുറയും. ആദ്യത്തെ മൂന്നങ്കങ്ങൾ ഒന്നാം ദിവസവും, നാലും അഞ്ചും അങ്കങ്ങൾ രണ്ടാം ദിവസവും, ആറാമങ്കം മൂന്നാം ദിവസവും, ഏഴുമുതൽ പത്തുവരെ അങ്കങ്ങൾ നാലാം ദിവസവും അഭിനയിക്കുന്നതു് ആശാസ്യമായിരിക്കുമെന്നാണു് ഗ്രന്ഥകാരന്റെ ഉപദേശം. ആദ്യം അഞ്ചങ്കങ്ങൾ മാത്രമേ എഴുതിയുള്ളു. പിന്നീടു് ബാക്കിയുള്ള അങ്കങ്ങളുംകൂടി എഴുതി 1088 കുംഭം 10-ാം൹ പ്രസിദ്ധീകരിച്ചു. രണ്ടു നാടകങ്ങളിലേയും ഗാനങ്ങൾ സൗന്ദർഭോചിതങ്ങളായിരിക്കേണ്ട വിഷയത്തിൽ കവികഴിയുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ സങ്ഗീതം ശരിക്ക് അഭ്യസിച്ചവർക്കല്ലാതെ പാടി ഫലിപ്പിക്കുവാൻ സാധിക്കുന്നതല്ല. സ്വാമിനാഥയ്യർ എന്നൊരു ഭാഗവതർ അദ്ദേഹത്തിന്റെ ശിക്ഷയിൽത്തന്നെ ആ പാട്ടുകൾ അഭ്യസിച്ചു് അവയെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പറവൂർ, തുറവൂർ മുതലായ സ്ഥലങ്ങളിൽ പ്രചരിപ്പിക്കുകയുണ്ടായി. 1117-ാമാണ്ടു മിഥുനമാസം 25-ാം൹യായിരുന്നു അച്യുതമേനോന്റെ മരണം.
റ്റി. സി. അച്യുതമേനോൻ ഉൽഘാടനം ചെയ്ത മാർഗ്ഗത്തിൽ അനേകം ഗായകകവികൾ അദ്ദേഹത്തെ അനുഗമിച്ചു. അവരിൽ പ്രധാനന്മാർ തിരുവിതാംകൂറിൽ പരവൂർ കെ.സി. കേശവപിള്ളയും, എരുവയിൽ എം. ചക്രപാണിവാരിയരും, തെക്കേ മലയാളത്തിൽ പി.എസ്. വാരിയരും, വടക്കേ മലയാളത്തിൽ നീലഞ്ചേരി ശങ്കരൻനായരും, കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പുമാണു്. ചാത്തുക്കുട്ടി മന്നാടിയാർ വലിയകോയിത്തമ്പുരാന്റെ ശാകുന്തളം ഒന്നാമങ്കത്തിലെ ശ്ലോകങ്ങൾക്കു പകരം പാട്ടുകൾ ഉണ്ടാക്കി. അദ്ദേഹത്തിന്റെ മരണാനന്തരം 1088-ൽ ചക്രപാണിവാരിയർ അതിനുമേലുള്ള ശ്ലോകങ്ങൾക്കുപകരം ഗാനങ്ങൾ നിർമ്മിച്ചു് ആ ഗ്രന്ഥം പൂർത്തീകരിച്ചു. ഏകദേശം 1067-ാമാണ്ടിടയ്ക്കുതന്നെ തമിഴ് നാടകക്കാർ ധാരാളമായി കേരളത്തിൽ പ്രവേശിച്ചുതുടങ്ങി. തിരുവനന്തപുരത്തു വന്ന കല്യാണരാമയ്യർസെറ്റും, രാമഡുസെറ്റും ആ കൂട്ടത്തിൽ പ്രധാനങ്ങളായിരുന്നു. എറണാകുളത്തു് ഒരു ശാമിഅയ്യർ സെറ്റും വന്നുചേർന്നു. ചക്രപാണിവാരിയർ വർഷീയാനാണെങ്കിലും ഇന്നും അരോഗദൃഢഗാത്രനായി വിശ്രമിക്കുന്നു. അദ്ദേഹത്തിന്റെ മുഖ്യ സംഗീതനാടകങ്ങൾ ഹരിശ്ചന്ദ്രചരിതവും (1068) രുക്മാംഗദചരിതവും (1078–80) വള്ളിയമ്മാൾ ചരിത്രവും (1080–85) ആണു്. ആ കൃതികൾ അഭിനയിക്കുന്നതിനാണു് ബബ്ബലൻ എന്ന പേരിൽ പ്രസിദ്ധനായ ഒരു ഗൗഡസാരസ്വതബ്രാഹ്മണനടൻ കായങ്കളത്തു് ഒരു യോഗം സംഘടിപ്പിച്ചതു്. അതിൽ കുട്ടീശ്വരൻ മുതലായ മറ്റു ചില നടന കലാകുശലന്മാരും ഉൾപ്പെട്ടിരുന്നു. കേശവപിള്ളയുടെ സംഗീതനാടകങ്ങളിൽ അതിപ്രധാനം സദാരാമയാണു്. അതിനെപ്പറ്റി ഉപരി പ്രസ്താവിക്കും. തൃപ്പൂണിത്തുറയിലെ എമ്പ്രാന്മാർ പാണ്ടിയിൽനിന്നു നരസിങ്ഗറാവു എന്നൊരു നടശ്രേഷ്ഠനെ വരുത്തി അനേകം നാടകങ്ങൾ അഭിനയിപ്പിച്ചു. അവിടത്തെ ഗൗഡസാരസ്വതബ്രാഹ്മണരും രാമപ്പൈസെറ്റു് എന്ന പേരിൽ ഒരു സംഘമായി സമ്മേളിച്ചു. അതിൽ ശങ്കരത്തു നീലകണ്ഠൻപണിക്കർ ഒരങ്ഗമായിരുന്നു. തമിഴ് നാടകങ്ങളിൽ കഥാപാത്രങ്ങൾ സംഭാഷണം ചെയ്യുമ്പോൾ അവരവരുടെ മനോധമ്മംപോലെ പൊതുവിൽ ഉപയോഗിക്കുന്നതിനു പഠിച്ചിട്ടുള്ള പാട്ടുകളാണല്ലോ പ്രായേണ പാടാറുള്ളതു്. ആ ആവശ്യം നിറവേറ്റുന്നതിനും ചക്രപാണിവാരിയർ കുറേപാട്ടുകൾ ഉണ്ടാക്കി അവയെ സമാഹരിച്ചു് ആപൽബ്ബന്ധു എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പാലക്കാട്ടിനു സമീപമുള്ള ചില ഗാനവാസനയുള്ള ബാലന്മാർ തമിഴ്നാടക സ്സെറ്റുകളിലും ചേർന്നു. അവരിൽ അത്യന്തം പ്രശസ്തനായിത്തീർന്ന കുയിൽനാദം വേലുനായർ, അനുവാചകന്മാർക്കു അശ്രുതപൂർവ്വനല്ലല്ലോ. തിരുവിതാംകൂറിൽപ്പെട്ട ചെങ്കോട്ടയിൽ നിന്നു വെളിയിൽ പോയി വിശ്രുതനായ ഒരു നടനാഗ്രേസരനായിരുന്നു കിട്ടപ്പാ. ഇന്നത്തെ ഹാസ്യാഭിനയ കോവിദന്മാരിൽ അഗ്രഗണ്യനായ എൻ.എസ്. കൃഷ്ണന്റെ സ്വദേശം നാഗരുകോവിലാണെന്നും നാം സാഭിമാനം സ്മരിക്കേണ്ടതുണ്ടു്.
ഒരു പത്രപ്രവർത്തകൻ എന്ന നിലയിലും അച്യുതമേനോൻ പേരെടുക്കുകയുണ്ടായി. സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്നു സപ്തദൈനികപത്രികകൾ അദ്ദേഹം നടത്തി. സുപ്രഭാതത്തിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനം കൊച്ചിയിലെ പത്രപ്രവർത്തനചരിതത്തിൽ ഒന്നാമത്തെ അപകീർത്തിക്കേസ്സിനു കാരണമായിത്തീർന്നു; അതിൽ അദ്ദേഹത്തിനു കോടതി നിശ്ചയിച്ച പിഴ പൊതുജനങ്ങൾതന്നെ പണം പിരിച്ച് ഒടുക്കി. കഥകളിയോടു മേനോനു വളരെ പ്രതിപത്തിയുണ്ടായിരുന്നു. ആ പ്രാചീനപ്രസ്ഥാനത്തിൽ യാതൊരു പരിഷ്കാരവും കടന്നുകൂടരുതെന്നു് അദ്ദേഹം ആയുരന്തംവരെ നിർബ്ബന്ധിച്ചു. അദ്ദേഹത്തിന്റെ ഭദ്രോത്സവം ആട്ടക്കഥ കൊച്ചിയിൽ പല സ്ഥലങ്ങളിലും ആടിച്ചിരുന്നു.
മേനോന്റെ കൃതികളിൽ (1) സങ്ഗീതനൈഷധം, (2) സങാഗീതഹരിശ്ചന്ദ്രചരിതം, (3) ജനോവാപർവ്വം, (4) അവസാനപ്രസ്താവന എന്നീ നാലു രൂപകങ്ങൾ മാത്രമേ അച്ചടിപ്പിച്ചിട്ടുള്ളു. അവ കൂടാതെ മദനികാമന്മഥം, പത്മവ്യൂഹഭഞ്ജനം, കുചേലഗോപാലം, രുക്മിണീസ്വയംവരം, ബാലഗോപാലൻ എന്നീ രൂപകങ്ങളും അദ്ദേഹത്തിന്റെ വകയായുണ്ട്. അവ അച്ചടിപ്പിച്ചിട്ടില്ല. അവയ്ക്കുപുറമേ, (5) ഭദ്രോത്സവം, (6) ഹരിഹരചരിതം എന്നീ രണ്ടാട്ടക്കഥകൾ കൂടി അദ്ദേഹം രചിച്ചിട്ടുള്ളതായി കാണുന്നു. ആട്ടക്കഥകൾക്കു ഗുണം വളരെ കുറയും. അവസാനപ്രസ്താവനയിൽ അദ്ദേഹം സാധാരണ നാടകങ്ങളിൽ കാണുന്ന അർത്ഥശൂന്യങ്ങളായ ദീർഘപ്രസ്താവനകളെ നിശിതമായി അവഹേളനം ചെയ്യുന്നു. ശ്ലോകങ്ങൾക്കു പ്രായേണ ഗുണം കുറയും. ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
പിട്ടുകളാൽപ്പാട്ടിൽപ്പെട്ടു
കെട്ടുപോകും പെണ്ണല്ല ഞാൻ.
പിട്ടല്ലെടി! നിന്നിഷ്ടമെല്ലാ–
മൊട്ടും വൈകാതേകാം വാടി!
പൊട്ടശ്ശീല ചേല കെട്ടി–
പ്പട്ടണത്തിൽ ഞാൻ വട്ടം ചുറ്റി.
കെട്ടേണ്ടടി അങ്ങു ചെന്നാലുടൻ
പട്ടുചേല നല്കാം വാടി!
പളപള മിന്നും തോടകളം
വളകളും വാങ്ങിത്തരുമോടാ?
വളകളം കാപ്പും തോടകളും
കളവാണി! വാങ്ങാം വാടി!
ബുല്ലാക്കും നന്മുത്തുഞാത്തും കൂടെ
നല്ലതരം വാങ്ങിത്തരുമോടാ?
എല്ലാമോരോന്നായ്ച്ചൊല്ലണമോ?
എല്ലാമേകാം പോകാം വാടി!”
ഗോവിന്ദമേനോൻ കൊച്ചിയിൽ നെമ്മാറ ദേശത്തു രായിരങ്കണ്ടത്തു വീട്ടിൽ ലക്ഷ്മിയമ്മയുടേയും പാലക്കാട്ടു മാഞ്ഞാളൂർ ഏറത്തു കരുണാകരൻനായരുടേയും പുത്രനായി 1035-ാമാണ്ടു തുലാമാസം 19-ാം൹ ജനിച്ചു. ബാല്യത്തിൽ സംസ്കൃതഭാഷ നെമ്മാറ അയ്യാശാസ്ത്രികളുടേയും മറ്റും കീഴിൽഅഭ്യസിച്ചു് അതിലും ജ്യോതിശ്ശാസ്ത്രത്തിലും ഗണനീയമായവിജ്ഞാനം സമ്പാദിച്ചു. ഇംഗ്ലീഷിലും സ്വപരിശ്രമംകൊണ്ടു സാമാന്യമായ അറിവു നേടിയതിനുമേൽ നെമ്മാറയിൽത്തന്നെ ഒരു ക്രിമിനൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. 1064-ൽ സ്വദേശത്തു് ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു്. 1072-ൽ അതിനെ ഒരു ലോവർ സെക്കണ്ടറി സ്കൂളായും 1081-ൽ ഹൈസ്കൂളായും ഉയർത്തി. 1096 മുതൽ അതു സർക്കാർ ഹൈസ്കൂളായിത്തീർന്നു. അതിനുപുറമേ അദ്ദേഹം പല പൊതുക്കാര്യങ്ങളിലും സജീവമായി പ്രവർത്തിച്ചു ജനസമ്മതം സമാർജ്ജിച്ചു. 1105-ാമാണ്ടു് ഇടവമാസം 25-ാം൹ മരിച്ചു. പിതാവിന്റെ ഭാഗിനേയി പാർവ്വതിയമ്മയായിരുന്നു പത്നി.
ഗോവിന്ദമേനോൻ കേരളീയകുവലയാനന്ദം എന്നും, ദത്താത്രേയതന്ത്രം എന്നും രണ്ടു കൃതികൾ ഭാഷയിൽ രചിച്ചിട്ടുണ്ട്. ജാലവിദ്യാവിഷയകമാണു് രണ്ടാമത്തെ ഗ്രന്ഥം. 1064-ൽ പ്രസിദ്ധീകരിച്ച കേരളീയകുവലയാനന്ദം നമ്മുടെ വിശേഷശ്രദ്ധയ്ക്കു പാത്രീഭവിക്കേണ്ടതാണു്. അതിനുമുൻപു ചിറ്റൂർ നാണുഅയ്യാശാസ്ത്രികൾ ചന്ദ്രാലോകം 1058-ാമാണ്ടിടയ്ക്കു പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും അതു സവ്യാഖ്യാനമായിരുന്നില്ല. പ്രസ്തുത പുസ്തകത്തിൽ ചന്ദ്രാലോകകാരൻ വ്യവസ്ഥാപനം ചെയ്യുകയും അപ്പയ്യദീക്ഷിതർ പില്ക്കാലത്തു വ്യാഖ്യാനിക്കുകയും ചെയ്തിട്ടുള്ള നൂറലങ്കാരങ്ങളും ഇരുപത്താറു ഛന്ദസ്സുകളിലായി പ്രയോഗിച്ചുകാണാറുള്ള എഴുപത്തിമൂന്നുവൃത്തങ്ങളും സമാസചക്രവും പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്. ലക്ഷണലക്ഷ്യങ്ങൾ കാരികകളായി പ്രദർശിപ്പിച്ചിരിക്കുന്നു. അവയ്ക്കു ഭാഷാപ്രവേശിക എന്ന പേരിൽ വിശദമായ വ്യാഖ്യാനം ഗദ്യരൂപത്തിലും എഴുതിച്ചേർത്തിട്ടുണ്ടു്. നല്ല ഓജസ്സുള്ളതാണു് ആ പണ്ഡിതന്റെ ഗദ്യശൈലി. ചുവടേ പകർത്തുന്ന വാക്യങ്ങൾ അവതാരികയിൽനിന്നെടുത്തതാണു്.
“ചതുഷ്ഷഷ്ടികലാവിദ്യകളിൽ പ്രധാനഭൂതയാകുന്ന സാഹിത്യവിദ്യയാകുന്ന ഒരവയവി തർക്കശാസ്ത്രമാകുന്ന ഉടലോടും വ്യാകരണശാസ്ത്രമാകുന്ന കരചരണാദ്യവയവങ്ങളോടും കൂടിയതാകുന്നു. ഒരു ദേഹം അതിസൗന്ദര്യമുള്ളതായിരുന്നാലും വസ്ത്രാദ്യലങ്കാരവിഹീനമായിരുന്നാൽ ശോഭിക്കാത്തപോലെ തർക്കവ്യാകരണാദികളുടെ ജ്ഞാനം എത്രതന്നെ ഉണ്ടായിരുന്നാലും അലങ്കാരശാസ്ത്രജ്ഞാനമുണ്ടാകാതെ സാഹിത്യവിദ്യ ശോഭിക്കാത്തതിനാൽ തർജ്ജിജ്ഞാസുക്കൾക്കു് അലങ്കാരജ്ഞാനം അത്യാവശ്യമാകുന്നു.”
1064-ാമാണ്ടത്തെ ഗദ്യമാണു് ഇതെന്നു നാം സ്മരിക്കുമ്പോൾ രചയിതാവിനെപ്പറ്റി നമുക്കുള്ള ബഹുമാനം വർദ്ധിക്കുന്നു. ഇനി കാരികയ്ക്കും വ്യാഖ്യാനത്തിനും ഒരു ഉദാഹരണം കാണിക്കാം.
“ഉപമാനംകൊണ്ടുള്ള പ്രയോജനം ഉപമേയംകൊണ്ടുതന്നെ ഉള്ളതിനാൽ ഉപമാനം നിഷ്പ്രയോജനമാണെന്ന വർണ്ണനവും പ്രതീപാലങ്കാരം. ഉദാഹരണം: കാന്തയുടെ മുഖം കണ്ടാൽ ചന്ദ്രനെക്കൊണ്ടും പത്മത്തെക്കൊണ്ടും ഫലമെന്തു്? (ഒന്നുമില്ല). ഇവിടെ കാന്തയുടെ മുഖം കാണുന്ന സമയത്തിൽ ചന്ദ്രപത്മങ്ങളെക്കൊണ്ടുണ്ടാകുന്ന ആനന്ദം ഉള്ളതുകൊണ്ടു ചന്ദ്രപത്മങ്ങളെക്കൊണ്ടു പ്രയോജനമില്ലെന്നു വർണ്ണിക്കയാൽ പ്രതീപം.”
മധ്യതിരുവിതാംകൂറിൽ പ്രധാനവും പ്രസിദ്ധവുമായി വാരണപ്പള്ളി എന്നൊരീഴവകടുംബമുണ്ടു്. കരുനാഗപ്പള്ളിയിൽ കൃഷ്ണപുരത്തു് ഓച്ചിറ ക്ഷേത്രത്തിനു സമീപമുള്ള “ആനയടി” എന്ന തറവാടാണു് ആ കുടുംബത്തിനുകൂടസ്ഥിതമായിട്ടുള്ളതു്. അതിൽ നിന്നു കരുനാഗപ്പള്ളി പുതുപ്പള്ളിയിലും കാർത്തികപ്പള്ളി മുതുകുളത്തും വാരണപ്പള്ളി എന്ന പേരിൽ രണ്ടു ശാഖകൾ അങ്കുരിച്ചു. കുഞ്ഞൻവൈദ്യൻ 1043-ാമാണ്ടു വൃശ്ചികമാസം ഓച്ചിറയ്ക്കു സമീപമുള്ള ആനയടിവീട്ടിൽ കൊച്ചിക്കാവമ്മയുടേയും തിരുവല്ലാ മാന്നാറു പാവുക്കര കുറക്കോട്ടുവഞ്ചിയിൽ കൊച്ചുകൃഷ്ണനന്റേയും പുത്രനായി ജനിച്ചു.
പുതുപ്പള്ളി വാരണപ്പള്ളിത്തറവാട്ടിലെ പല അങ്ഗങ്ങളും സാഹിത്യരസികന്മാരും കലാപോഷകന്മാരുമായിരുന്നു. അവരിൽ വാരണപ്പള്ളി കുഞ്ഞുകൃഷ്ണപ്പണിക്കർ വാരണപ്പള്ളി എസ്. ഗോവിന്ദർപ്പണിക്കർ എന്നിവരെക്കുറിച്ചു് ഒന്നോരണ്ടോ വാക്കു് ഇവിടെ പ്രസ്താവിക്കുന്നതു് അസങ്ഗതമായിരിക്കയില്ല. കുഞ്ഞുകൃഷ്ണപ്പണിക്കർ 1035-ാമാണ്ടു് ആറാട്ടുപുഴ കല്ലിശ്ശേരിവീട്ടിൽ വേലായുധപ്പണിക്കരുടെ പുത്രനായി ജനിച്ചു. 1077-ാമാണ്ടു കന്നിമാസത്തിൽ മരിച്ചു. തനിക്കു പരിചിതന്മാരായ പല പ്രഭുക്കന്മാരുടേയും ഗുണദോഷങ്ങൾ നിരൂപണം ചെയ്യുന്ന രീതിയിൽ ശതഗുണം എന്നൊരു കാവ്യം രചിച്ചു. അദ്ദേഹത്തിന്റെ അനുജൻ ഗോവിന്ദർപ്പണിക്കർ 1036-ാമാണ്ടു വൃശ്ചികമാസത്തിൽ പിതൃകുടുംബമായ ആനസ്ഥാനത്തു ജനിച്ചു. കേശവപ്പണിക്കർ എന്നായിരുന്നു അച്ഛന്റെ പേർ. ബാല്യത്തിൽ പിതൃവ്യനായ വെളുമ്പൻപണിക്കരുടെ കീഴിൽ സംസ്കൃതം പഠിച്ചുതുടങ്ങി; വെളുമ്പൻ പണിക്കർ 1027-ൽ ജനിച്ചു; 1082-ൽ മരിച്ചു. ഗോവിന്ദർപ്പണിക്കർ 1050-ൽ അച്ഛൻ മരിച്ചപ്പോൾ സ്വഗൃഹത്തിലേക്കു പോന്നു. അവിടെ കുമ്മമ്പള്ളി രാമൻപിള്ളയുടെ ശിഷ്യനായി കാവ്യനാടകാലങ്കാരങ്ങളും ജ്യോതിഷവും അഭ്യസിച്ചു. 1055-ാമാണ്ടിടയ്ക്കു മാത്തൂർ കുടുംബത്തിലെ അന്നത്തെ കാരണവർ എരുവയിൽ പട്ടയത്തു കുടംബത്തിൽ നിന്നു വിവാഹംചെയ്തു് അവിടെ താമസിച്ചുവന്നിരുന്നു. അദ്ദേഹത്തിൽ നിന്നു് അഷ്ടാങ്ഗഹൃദയവും പ്രവേശകത്തിൽ (വ്യാകരണം) ഏതാനും ഭാഗവും പഠിച്ചു. അക്കാലത്തെ പല പത്രങ്ങളിലും ശ്ലോകങ്ങൾ എഴുതിക്കൊണ്ടിരുന്നു. പാഞ്ചാലീസ്വയംവരം കുറത്തിപ്പാട്ട് അദ്ദേഹത്തിന്റെ കൃതിയാണു്.
വൈദ്യൻ സ്വപിതാവിൽ നിന്നു ബാലപാഠങ്ങൾ അഭ്യസിച്ചതിനു മേൽ താമരക്കുളം പരമേശ്വരൻപിള്ളയുടെ കീഴിൽ ശ്രീകൃഷ്ണവിലാസവും പതിമ്മൂന്നാമത്തെ വയസ്സിൽ പുതുപ്പള്ളി വാരണപ്പള്ളിവീട്ടിൽ താമസിച്ചു കുമ്മമ്പള്ളി രാമൻപിള്ളയോടു് ഉപരികാവ്യങ്ങളും നാടകാലങ്കാരങ്ങളും പഠിച്ചു. അതിനു മേൽ തിരുവനന്തപുരത്തു നാലു കൊല്ലം താമസിച്ചു വെളുത്തേരികേശവൻ വൈദ്യന്റെയും പി. കെ. കൃഷ്ണൻവൈദ്യന്റേയും ശിഷ്യനായി അഷ്ടാങ്ഗഹൃദയവും അഭ്യസിച്ചു. തിരുവനന്തപുരത്തു താമസിച്ച കാലത്തു് പേട്ടയിൽ രാമൻപിള്ള ആശാൻ മലയാളിസഭയുടെ ആഭിമുഖ്യത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്ന മലയാളിപ്പത്രത്തിൽ പി. വേലായുധൻ ബി. ഏ. യുടേയും മറ്റും ഉപദേശമനുസരിച്ചു ഗദ്യലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു.
വൈദ്യൻ തിരുവനന്തപുരത്തെ പഠിത്തം കഴിഞ്ഞു തിരിച്ചു കായംകുളത്തു ചെന്നു് ഒരു വൈദ്യശാല സ്ഥാപിച്ചു. ആയിടയ്ക്കായിരുന്നു മനോരമയുടെ ആവിർഭാവം. മനോരമ, സുജനാനന്ദിനി തുടങ്ങിയ പല പത്രങ്ങളിലും ഗദ്യപദ്യങ്ങൾ എഴുതി പ്രസിദ്ധപ്പെടുത്തി. 1074-ൽ കൊല്ലത്തുനിന്നു നടത്തിവന്നിരുന്ന ചന്ദ്രിക എന്ന മാസികയുടെ ഉപപത്രാധിപരായി. 1076-ൽ വനംവക ഡിപ്പാർട്ടുമെന്റിൽ ഒരു ചെറിയ ജോലി സ്വീകരിച്ചു് ഒന്നുരണ്ടു വർഷം കഴിച്ചുകൂട്ടി. 1078-ൽ കൊല്ലം സർക്കാർ ഇംഗ്ലീഷ് ഹൈസ്കൂളിൽ സംസ്കൃതപണ്ഡിതനായി നിയമിക്കപ്പെട്ടു. അവിടെ പിന്നീടു മലയാളപണ്ഡിതനായും ജോലി നോക്കീട്ടുണ്ടു്. സുജനാനന്ദിനിയിൽ കോകിലം എന്നും ചന്ദ്രികയിൽ കനകമങ്ഗലം എന്നുമുള്ള വ്യാജനാമങ്ങളിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. ചന്ദ്രികയിലെ ലേഖനപരമ്പര ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ ഭാഷാകുമാരസംഭവത്തെ വിഷയീകരിച്ചുള്ളതാണു്. 1082-ാമാണ്ടോടുകൂടി കൃഷ്ണപുരത്തുതന്നെ സ്ഥിരമായി താമസിച്ചു് അവിടെ നല്ല നിലയിൽ ഒരു വൈദ്യശാല സ്ഥാപിച്ചു നടത്തി ആ വൃത്തിയിൽ യശസ്സുനേടി. സമുദായസംബന്ധമായും വിദ്യാവിഷയകമായുമുള്ള പല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പൊതുജനസേവനം അനുഷ്ഠിച്ചു. മരണം 1087-ലായിരുന്നു.
വൈദ്യന്റെ കവിത വിശിഷ്ടമാണെന്നു പറയുവാൻ പാടുള്ളതല്ല; എങ്കിലും തീരെ മോശവുമല്ല. അദ്ദേഹം പതിന്നാലാമത്തെ വയസ്സിൽ (1) അഹല്യാമോക്ഷം ഊഞ്ഞാൽപ്പാട്ടും, (2) പതിനഞ്ചാമത്തെ വയസ്സിൽ ശംബരവധം അമ്മാനപ്പാട്ടും എഴുതി. (3) 1067-ാമാണ്ടു രചിച്ച വാസവദത്ത എന്ന ഖണ്ഡകാവ്യം കുഞ്ഞിക്കുട്ടൻതമ്പുരാനെക്കൊണ്ടു തിരുത്തിച്ചു് 1074-ൽ പ്രസിദ്ധീകരിച്ചു. നൂറ്റൊന്നുശ്ലോകങ്ങൾ അടങ്ങിയ ആ കൃതി വാസവദത്ത എന്ന സംസ്കൃതാഖ്യായികയിലെ ഇതിവൃത്തം സംക്ഷേപിച്ചു രചിച്ചിട്ടുള്ളതാണു്. (4) രുക്മിണീസ്വയംവരം ഉഞ്ഞാൽപ്പാട്ടും, (5) കുചേലഗോപാലം അമ്മാനപ്പാട്ടും കൊല്ലത്തു താമസിക്കുമ്പോൾ ഉണ്ടാക്കി. (6) 1084-ൽ മൂന്നു ഖണ്ഡകാവ്യങ്ങൾ എന്ന പേരിൽ ഒരു ചെറിയ പുസ്തകം പ്രസിദ്ധപ്പെടുത്തി. അതിൽ ശങ്കരീസ്തോത്രവും ഹർമ്മ്യപഞ്ചകവും നിസ്സാരങ്ങളാണെങ്കിലും, തന്റെ പുത്രൻ ബാലകൃഷ്ണന്റെ അകാലചരമത്തെ വിഷയീകരിച്ചു് അൻപത്തിമൂന്നു ശ്ലോകങ്ങളിൽ രചിച്ചിട്ടുള്ള വിലാപകാവ്യം നമ്മുടെ ശ്രദ്ധയെ ആവർജ്ജിക്കുന്നു. വസന്തതിലകം ഭാണവും ഋതുസംഹാരകാവ്യവും തർജ്ജമ ചെയ്യുവാൻ ആരംഭിച്ചുവെങ്കിലും അവ മുഴുവനായിട്ടില്ല. വാസവദത്ത, എന്റെ പുത്രൻ എന്നീ കൃതികളിൽ നിന്നുമാത്രം ഓരോ ഉദാഹരണം ഉദ്ധരിക്കാം.
പി. കുഞ്ഞുപണിക്കർ 1061-ാണ്ടു കന്നിമാസം24-ാം൹ മാതൃഗൃഹമായ കൊല്ലം പേരൂർ കളിയലഴികത്തുവീട്ടിൽ ജനിച്ചു. മാതാവായ കാത്യായനിയമ്മയുടെ മൂലകുടുംബം കുന്നത്തൂർത്താലുക്കിൽ ഇളങ്ങമങ്ഗലത്തു് അകത്തയ്യടിയാണു്. ഇളമ്പിലാശ്ശേരി കൃഷ്ണനാശാൻ എന്ന ഭാഷാഭിമാനിയുടെ ദ്വിതീയപുത്രിയായ ആ സുചരിതയ്ക്കു സാമാന്യമായ വൈദുഷ്യമുണ്ടായിരുന്നു. പുതുപ്പള്ളി വാരണപ്പള്ളികുടുംബത്തിലെ ഒരങ്ഗവും ആട്ടപ്പാട്ടുകാരുടെ ഇടയിൽ വിശ്രുതനുമായിരുന്ന പത്തേഴത്തു കിഴക്കേതിൽ കുഞ്ഞുകുഞ്ഞുപണിക്കരായിരുന്നു അച്ഛൻ. അദ്ദേഹം ആറാട്ടുപുഴ വേലായുയധപ്പണിക്കരുടെ മകനാണു്.
ബാല്യത്തിൽ പിതൃവ്യനായ വാരണപ്പള്ളി കുഞ്ഞുകൃഷ്ണപ്പണിക്കരുടെ അടുക്കലും തദനന്തരം പിതൃഭാഗിനേയനായ കുഞ്ഞുപണിക്കരുടെ അടുക്കലും സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചതിനുമേൽ വാരണപ്പള്ളി വെളുമ്പൻ പണിക്കുരുടെ അടുക്കലും ചില കാവ്യങ്ങൾ വായിച്ചു. 1078 മുതൽ കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ അന്തേവാസിയായി നൈഷധവും നാടകാലങ്കാരങ്ങളും തർക്കസങ്ഗ്രഹവും സിദ്ധാന്തകൗമുദിയിലെ ചില പ്രകരണങ്ങളും ജ്യോത്സ്യവും അഭ്യസിച്ചു. അപ്പോഴേക്കു് ഇരുപത്തിരണ്ടു വയസ്സായി. അതോടുകൂടി പുതുപ്പള്ളിയിൽ വിജ്ഞാനസന്ദായിനി എന്ന പേരിൽ ഒരു സംസ്കൃതപാഠശാല സ്ഥാപിച്ചു് അതു നല്ല നിലയിൽ നടത്തിത്തുടങ്ങി. 1088-ൽ അമ്മ മരിച്ചു. 1089-ൽ വാരണപ്പള്ളി ശാന്താദേവിയെ വിവാഹംചെയ്തു. ജന്മം കൊണ്ടു തന്റെ സമുദായത്തോടു ചിലർ പ്രദർശിപ്പിച്ചിരുന്ന അവജ്ഞ അദ്ദേഹത്തെ വളരെക്കാലമായി ദുഃഖിതനും പ്രക്ഷുബ്ധനുമാക്കിത്തീർത്തിരുന്നു. ആ അസമത്വബോധത്തിൽനിന്നു മുക്തനാകുന്നതിനുവേണ്ടി 1095-ാമാണ്ടുമേടമാസം 17-ാംനു- കൽക്കട്ടാബ്രഹ്മസമാജത്തിലെ ഒരങ്ഗമായിച്ചേർന്നു. ബ്രഹ്മവിദ്യാസംഘത്തിലെ ഒരു മിഷണറിയായ ഹേമചന്ദ്രസർക്കാർ അദ്ദേഹത്തിനു ബ്രഹ്മവിദ്യാഭൂഷൺ എന്ന ബിരുദം സമ്മാനിച്ചു. ജാതിമതാദികളുടെ തത്ത്വത്തെപ്പറ്റി പല സ്ഥലങ്ങളിലും ഉജ്ജ്വലമായി പ്രസങ്ഗിച്ചുകൊണ്ടിരുന്നു. 1098-ാമാണ്ടു മേടമാസം 31-ാം൹ പണിക്കർ ജ്വരാതിസാരം ബാധിച്ചു് അകാലമരണം പ്രാപിച്ചു.
പണിക്കർ തനിക്കു ലഭിച്ച സംസ്കൃതപാണ്ഡിത്യം നിരന്തരമായ ഗ്രന്ഥപാരായണം കൊണ്ടു വളരെ വർദ്ധിപ്പിച്ചു. അദ്ദേഹം ഭാഷയ്ക്കു രണ്ടു വിലയേറിയ രത്നങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അവയിൽ ആദ്യത്തേതു കുലശേഖരവർമ്മ രചിതമായ തപതീസംവരണം നാടകത്തിന്റെ തർജ്ജമയും, രണ്ടാമത്തേതു കേദാരഭട്ടന്റെ വൃത്തരത്നാകരത്തിനു രചിച്ച സവ്വാർത്ഥസുബോധിനി എന്ന കൂലങ്കഷമായ വ്യാഖ്യാനവുമാണു്. ആ വ്യാഖ്യാനം 1091-ൽ മാത്രമേ അച്ചടിച്ചുള്ളു എങ്കിലും 1086- ലായിരുന്നു അതു മുഴുമിപ്പിച്ചതെന്നു ഗ്രന്ഥാവസാനത്തിൽ കാണുന്നു. രാമൻപിള്ള ആശാൻ അതു പരിശോധിച്ചിട്ടുണ്ട്. തപതീസംവരണവും 1090-നുമുൻപു് എഴതിയതാണു്. ആ നാടകം കവി സമഞ്ജസമായ രീതിയിൽ തർജ്ജമ ചെയ്തിരിക്കുന്നു. ഉത്തരരാമചരിതം, ആശ്ചര്യചൂഡാമണി മുതലായവയുടെ കൂട്ടത്തിൽ അതിനേയും ചേർക്കാം. ആ രണ്ടു കൃതിക്കും പുറമേ സ്വഭാര്യയുടെ മാതുലൻ മജിസ്ത്രേട്ട് എസ്സ്. പത്മനാഭപ്പണിക്കരുടെ അകാലചരമത്തെ വിഷയീകരിച്ച് (3) പ്രിയവിയോഗം എന്നൊരു വിലാപകാവ്യവും (4) സാഹിത്യമഞ്ജുഷ ഒന്നാംഭാഗവും കൂടി അദ്ദേഹം പ്രസിദ്ധപ്പെടത്തീട്ടുണ്ട്. സാഹിത്യമഞ്ജുഷ നവീനസമ്പ്രദായത്തിൽ രചിച്ചിട്ടുള്ള ഏതാനും ഖണ്ഡകാവ്യങ്ങളുടെ സമുച്ചയമാണു്. സാഹിത്യദർപ്പണം വിവർത്തനം ചെയ്യാൻ ആരംഭിച്ചുവെങ്കിലും ആ പണി പൂത്തിയായില്ല. താഴെ കാണുന്ന ശ്ലോകങ്ങൾ കൊണ്ടാണു് വൃത്തരത്നാകരം ഉപസംഹരിച്ചിരിക്കുന്നതു്.
മറ്റു കൃതികളിൽനിന്നു ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
ഈ സമുച്ചയത്തിൽ ഏറ്റവും വികാരോദ്ദീപകമായി എനിക്കു തോന്നീട്ടുള്ളതു് ഒരു ദയനീയസംഭവം എന്ന കൃതിയാണു്. അതിൽനിന്നു മൂന്നു ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.
കവിയൂർ വെങ്കടാചലമയ്യരുടെ കുടുംബം ടിപ്പുവിന്റെ ചേലക്കലാപകാലത്തു പാലക്കാട്ടു നിന്നു് ഓടിവന്നു തിരുവിതാംകൂറിൽ കവിയൂർദേശത്തു താമസമറപ്പിച്ചതാണു്. കവിയുടെ പിതാവു നാരായണയ്യരും മാതാവു പാർവ്വതിഅമ്മാളുമായിരുന്നു. ജനനദിവസം 1050-ാമാണ്ടു മിഥുനമാസം 8-ാം൹യാണു്. മകനു നാലു വയസ്സു പ്രായമായപ്പോൾ അച്ഛൻ മരിച്ചുപോകയാൽ അമ്മയുടെ പോഷണത്തിൽ ആ ബാലൻ വളർന്നു. പാർവ്വതിഅമ്മാളുടെ സ്വദേശം തിരുനെൽവേലി ജില്ലയിൽപ്പെട്ട അംബാസമുദ്രം ഗ്രാമമാണു്. കവി തിരുവല്ല മലയാം പള്ളിക്കൂടത്തിൽ ചേർന്നു പഠിച്ചു. തെങ്കാശി രാമസ്വാമിശാസ്ത്രികൾ എന്ന പണ്ഡിതനാണ് സംസ്കൃതം പഠിപ്പിച്ചതു്. അനന്തപുരത്തുപോയി കുറേക്കാലം താമസിച്ചു് അവിടെയും ആ ഭാഷ അല്പം അഭ്യസിച്ചു. പിന്നീടു സംസ്കൃതത്തിൽ നേടിയ വിജ്ഞാനമെല്ലാം സ്വപരിശ്രമത്തിന്റെ ഫലമായിരുന്നു. പതിനാറാമത്തെ വയസ്സിൽത്തന്നെ മലയാളം പള്ളിക്കൂടത്തിൽ ഒരു ഉപാധ്യായനും പിന്നീടു പ്രധാനാധ്യാപകനുമായി. ആയിടക്കു പുത്തില്ലത്തിൽ നാരായണൻപോറ്റിയുടെ ആവശ്യമനുസരിച്ച് അഞ്ചങ്കത്തിൽ മോഹിനീവിഭ്രമം എന്ന നാടകം എഴുതി 1068-ൽ കോട്ടയം മനോരമ അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു. അതുകണ്ടു് ആനന്ദ ഭരിതനായ കെ.ഐ. വറുഗീസ് മാപ്പിള കോട്ടയത്തു് എം.ഡി. ഹൈസ്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ട സൗകര്യം ഉണ്ടാക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുകയാൽ വാധ്യാർവേല രാജികൊടുത്തു് 1069-ൽ ആ ഹൈസ്കൂളിൽ പഠിത്തം ആരംഭിച്ചു. അവിടെ മട്രിക്കുലേഷൻ ക്ലാസ്സുവരെ എത്തിച്ചേർന്നുവെങ്കിലും രോഗം നിമിത്തം പരീക്ഷയിൽ ചേരുവാൻ സാധിച്ചില്ല. വീണ്ടും മലയാളം സ്കൂളിൽ അധ്യാപകവൃത്തി അംഗീകരിച്ചു. 25-ാമത്തെ വയസ്സിലായിരുന്നു അതു്. കുന്നത്തുനാടു കൂവപ്പടി അഗ്രഹാരത്തിൽ ലക്ഷ്മിയമ്മാളെ വിവാഹം ചെയ്തു. 1106-ൽ അടുത്തൂൺപറ്റി സ്വദേശത്തുപോയി. 1116-മാണ്ടു വൃശ്ചികമാസം 24-ാം൹ ഒരു മോട്ടോർവണ്ടി കയറിയതിന്റെ ഫലമായി മരണം പ്രാപിച്ചു.
വെങ്കടാചലമയ്യർ (1) മോഹിനീവിദ്രമം നാടകത്തിനുപുറമേ, (2) മൂലകാസരവധം അഥവാ സീതാവിജയം, (3) ദ്രൗപദീപരിണയം എന്നീ രണ്ടു് ആട്ടക്കഥകളും, (4) ഉഷാകല്യാണം സംഗീതനാടകവും, (5) ലക്ഷ്മീകേരളം, (6) രുക്മിണീസ്വയംവരം എന്നീ രണ്ടു കാവ്യങ്ങളും, (7) ഭാഷാഭാരതചമ്പു ആദ്യത്തെ മൂന്നു സ്തബകങ്ങളും, (8) വിവിധ വിഷയങ്ങളെക്കുറിച്ച് അന്യാപദേശരൂപത്തിൽ കുസുമമഞ്ജരീവൃത്തത്തിൽ 100-ൽപ്പരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതിതത്ത്വം എന്ന കാവ്യവും, (9) അശ്രുകിരണം എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുടെ സമാഹാരവും, (10) ആഞ്ജനേയസ്തവം എന്നപേരിൽ സംസ്കൃതത്തിൽ ഒരു ശതകവും നിർമ്മിച്ചിട്ടുണ്ടു്. അവയിൽ പ്രധാനങ്ങൾ ഭാരതചമ്പുവും പ്രകൃതിതത്ത്വവുമാണു്. ഭാരതചമ്പുവിന്റെ ഭാഷാനുവാദം പ്രശംസാർഹമാണെന്നുള്ളതിനു സംശയമില്ല. അതു മുഴുമിപ്പിക്കാത്തതു ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ ആ പണിയിൽ ഏർപ്പെട്ടിട്ടണ്ടെന്നു് അറിഞ്ഞതുകൊണ്ടാണു്. പ്രകൃതിതത്ത്വത്തിൽ 102 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അതു സംസ്കൃതത്തിലോ ഇതരഭാഷയിലോ ഉള്ള ഒരു മൂലഗ്രന്ഥത്തിന്റെ തർജ്ജമയല്ല; എന്നാൽ ആശയങ്ങൾ മിക്കവാറും പരകീയങ്ങളാണു്. രചനാരീതി പരിശോധിച്ചാൽ വലിയകോയിത്തമ്പുരാന്റെ അന്യാപദേശശതകത്തിന്റെ കനിഷ്ഠസഹോദരസ്ഥാനത്തിനു് അതു് അവകാശിയാണെന്നു കാണാം. പ്രതിപാദ്യവൈചിത്ര്യം കൊണ്ടും ആ ഖണ്ഡകാവ്യം പ്രശംസീനമായിരിക്കുന്നു. അശ്രുകിരണത്തിലെ വിഷയം ദമയന്തിയുയടേയും ദശരഥന്റേയും ആക്രന്ദനമാണു്. കവിയൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിതന്മാരായ ദേവന്മാരിൽ ഹനുമാനു് അന്യാദൃശമായ പ്രാധാന്യമുണ്ടല്ലോ. ആ ദേവനെ ഉദ്ദേശിച്ചു രചിച്ചിട്ടുള്ളതാണു് ആഞ്ജനേയസ്തവം. ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
സംസ്കൃതപാണ്ഡിത്യത്തിനും ആയുർവേദ ജ്യൗതിഷാദിവിദ്യാവൈദഗ്ദ്ധ്യത്തിനും വളരെക്കാലം പേരുകേട്ടിരുന്ന ഒരു കുടുംബമാണ് മാവേലിക്കരത്താലൂക്കിൽ നൂറനാട്ടു ചുനക്കരപ്പുകുതിയിൽ സ്ഥിതിചെയ്യുന്ന അയിരൂർവാരിയം. കവിയുടെ മാതാമഹൻ കൊച്ചുകൃഷ്ണവാരിയർ ടിപ്പുവിന്റെ മലബാറാക്രമണകാലത്തു തിരുവിതാംകൂറിലേക്കു പലായനം ചെയ്ത് എണ്ണക്കാട്ടുകൊട്ടാരത്തിൽ താമസിച്ചിരുന്ന കോഴിക്കോട്ടു മനോരമത്തമ്പുരാട്ടിയുടെ അടുക്കൽനിന്നു പ്രൗഢമനോരമവരെ വ്യാകരണം പഠിച്ചിരുന്ന ഒരു പണ്ഡിതനായിരുന്നു. തമ്പുരാട്ടി കോട്ടയ്ക്കൽ കിഴക്കേക്കോവിലകത്തേക്കു മടങ്ങിയപ്പോൾ തന്റെ സന്താനങ്ങളെ സംസ്കൃതം അഭ്യസിപ്പിക്കുന്നതിനായി കൊച്ചുകൃഷ്ണവാരിയരെക്കൂടി കൊണ്ടുപോയി. അവിടെ കുറേക്കാലം താമസിച്ചതിനുമേൽ അദ്ദേഹം തിരിയെ ചുനക്കരക്കു പോന്നു. പിതാമഹൻ ശങ്കര (ശങ്കു) വാരിയരും ഒരു ന്യായശാസ്ത്രപടുവും സംസ്കൃതപണ്ഡിതനും അനന്തപുരത്തു കൊട്ടാരത്തിൽ സംസ്കൃതാധ്യാപകനുമായിരുന്നു. ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ ബാല്യകാലത്തെ ഗുരുക്കന്മാരിൽ അന്യതമനാണു് അദ്ദേഹം. പുരാണങ്ങളിലും തർക്കത്തിലും പണ്ഡിതനായിരുന്ന അയിരൂർവാരിയത്തു ശൂലപാണിവാരിയരുടെയും ആ വാരിയത്തെ മാധവിവാരസ്യാരുടേയും പുത്രിയായ കുഞ്ഞുലക്ഷ്മിവാരസ്യാരെ താന്ത്രികനായ സുബ്ബരായൻപോറ്റി വിവാഹം ചെയ്തു. ആ ദമ്പതികളിൽനിന്നു കഥാനായകനായ ഉണ്ണിക്കൃഷ്ണവാരിയർ 1040-ാമാണ്ട് മീനമാസം 14-ാം൹ ജനിച്ചു. അദ്ദേഹത്തിനു മാധവിവാരസ്യാർ എന്നൊരനുജത്തിയും യഥാകാലം ജാതയായി. തിരുവനന്തപുരത്തു രാജകീയമഹാവിദ്യാലയത്തിൽ അധ്യാപകനായിരുന്ന ശൂലപാണി വാരിയർ കുഞ്ഞുലക്ഷ്മിവാരസ്യാരുടെ ജ്യേഷ്ഠനായിരുന്നു.
സാമാന്യം കാവ്യവ്യുൽപത്തി സമ്പാദിച്ചിരുന്ന മാതാവുതന്നെയായിരുന്നു ഉണ്ണിക്കൃഷ്ണവാരിയരുടെ ആദ്യത്തെ ആചാര്യ. കളിയിക്കൽ കുഞ്ഞുരാമൻനായർ അന്നത്തെ പാഠപദ്ധതിയനുസരിച്ചു മലയാളവും പഠിപ്പിച്ചു. പിന്നീടു കൊച്ചുകൃഷ്ണവാരിയരുടെ കീഴിൽ കാവ്യനാടകാലങ്കാരങ്ങളും പ്രൗഢമനോരമാന്തം വ്യാകരണവും തർക്കസംഗ്രഹവും അഭ്യസിച്ചു. തദനന്തരം പിതാമഹൻ ശങ്കുവാരിയർ അനന്തപുരത്തുകൊട്ടാരത്തിൽ അധ്യാപകനായിരുന്നതിനാൽ അവിടെ 1060-ാമാണ്ടു ചെന്നുചേരുകയും വീണ്ടും സംസ്കൃതത്തിൽ ചില ഉൽഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ അടുക്കലും ആയുർവ്വേദം അനന്തപുരത്തു രാജരാജവർമ്മകോയിത്തമ്പുരാന്റെയടുക്കലും പഠിക്കുകയും ചെയ്തു. ശങ്കുവാരിയർ സംസ്കൃതം അഭ്യസിച്ചതു പന്തളത്തുകൊട്ടാരത്തിൽ ചെന്നാണു്. അദ്ദേഹത്തിന്റെ മരണാനന്തരം അനന്തപുരത്തുകൊട്ടാരത്തിൽ ബാലികാബാലന്മാരെ സംസ്കൃതം അഭ്യസിപ്പിക്കുവാൻ ഉണ്ണിക്കൃഷ്ണവാരിയർ നിയമിതനായി. അതു് 1063-ലാണു്. ആ വഴിക്കു് എട്ടൊൻപതു കൊല്ലം ആയുവ്വേദം സാംഗോപാംഗമായി അഭ്യസിക്കുന്നതിനും ചികിത്സാപദ്ധതി പരിചയിക്കുന്നതിനും സാധിക്കുകയാൽ ഒരു നല്ല വൈദ്യനായിത്തീർന്നു.
1071-ൽ ഏവൂർവാരിയത്തു ഗോവിന്ദവാരിയരുടെ മകൾ പാർവ്വതിവാരസ്യാരെ വിവാഹം ചെയ്തു. 1073-ൽ അതികഠിനമായ ബാധിര്യബാധയ്ക്കു വിധേയനായി. ചികിത്സയൊന്നും ഫലിച്ചില്ല. അതുകൊണ്ടു് അനന്തപുരത്തെ അധ്യാപകവൃത്തിയിൽ നിന്നു വിരമിച്ചു് 1074-ൽ സ്വഗൃഹത്തിലേക്കുതന്നെ പോന്നു. അനന്തപുരത്തുവച്ചാണു് കേരളവർമ്മകോയിത്തമ്പുരാനെ ആദ്യമായി കണ്ടതു്. സ്വഗൃഹത്തിലും സംസ്കൃതാധ്യാപനവും ആയുവ്വേദചികിത്സയുംതന്നെയായിരുന്നു കാലയാപനമാർഗ്ഗങ്ങൾ. പ്രസിദ്ധവൈദ്യന്മാരായ അരിപ്പാട്ടു ചക്രപാണിവാരിയരും ആറന്മുള നാരായണപിള്ളയും അദ്ദേഹത്തിന്റെ സതീർത്ഥ്യന്മാരായിരുന്നു. അരിപ്പാട്ടുകൊട്ടാരത്തിൽ കാർത്തികനാൾ അംബാദേവിത്തമ്പരാട്ടിയേയും മറ്റും അദ്ദേഹം സംസ്കൃതം പഠിപ്പിച്ചിട്ടുണ്ട്. ചുനക്കരയ്ക്കു തിരിയെ പോന്നതിനുശേഷം അനുജൻ ബാലകൃഷ്ണവാരിയരും ഭാഗിനേയന്മാരായ ശൂലപാണിവാരിയരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. കവനകൗമുദി കോട്ടക്കൽനിന്നു പ്രചരിച്ചു തുടങ്ങിയപ്പോൾ പല ചമ്പുക്കൾ പി. വി. കൃഷ്ണവാരിയരുടെ പ്രേരണയ്ക്കു വശംവദനായി വിവർത്തനം ചെയ്തു് ആ മാസികയിൽ പ്രസിദ്ധീകരിച്ചു. 1094-ൽ പിടിപെട്ട പക്ഷപാതത്തിൽ നിന്നു വിമുക്തനായെങ്കിലും പിന്നെയും പലതരത്തിലുള്ള അസ്വാസ്ഥ്യങ്ങൾക്കു ശരീരം വിധേയമായിരുന്നു. 1111-ാമാണ്ടു മിഥുനമാസം 14-ാം൹ യാണു് കവിയുടെ ചരമദിനം. മരണഹേതുകമായ രോഗം അതിസാരമായിരുന്നു.
ഉണ്ണിക്കൃഷ്ണവാരിയരെപ്പോലെ അത്ര വളരെ സംസ്കൃതചമ്പുക്കൾ ഭാഷയിൽ വിവർത്തനംചെയ്ത കവികൾ വേറെയില്ല. എല്ലാ തർജ്ജമകളം ഒന്നുപോലെ നന്നായിട്ടുമുണ്ടു്. വാരിയരുടെ യശസ്സു് ആ ഗ്രന്ഥങ്ങളിൽ സ്ഥിരപ്രതിഷ്ഠിതമായിരിക്കുന്നു; അതിനു കാലപ്പഴക്കം കൊണ്ടൊരുമ്ലാനത ഒരിക്കലും ഉണ്ടാകുന്നതുമല്ല. അസാമാന്യം തന്നെയായിരുന്നു അദ്ദേഹത്തിന്റെ തദ്വിഷയകമായ വൈദഗ്ദ്ധ്യം. പ്രത്യേകിച്ചു് അനന്തഭട്ടന്റെ വിവർത്തനാസഹമായ ഭാരതചമ്പു പന്ത്രണ്ടുസ്തബകങ്ങളും തർജ്ജമചെയ്യുന്നതിൽ അദ്ദേഹം പ്രദർശിപ്പിച്ചിട്ടുള്ള കൃതഹസ്തത ആരെയും ആശ്ചര്യപരതന്ത്രരാക്കുവാൻ പര്യാപ്തമാണു്. (1) വാസന്തികസ്വപ്പം നാടകം (2) സൗരന്ദര്യലഹരി, (3) കേരളീയഭാഷാകംസവധചമ്പു, (4) ഭാഷാരഘുവംശം എന്നിവയാണു് ആദ്യകാലത്തെ കൃതികൾ. അവയിൽ ഒന്നാമത്തേതു് A Midsummer Night’s Dream എന്ന ഷേൿസ്പീയറുടെ പ്രസിദ്ധമായ നാടകം ആർ. കൃഷ്ണമാചാര്യർ എം. ഏ. സംസ്കൃതീകരിച്ചിട്ടുള്ളതിന്റെ തർജ്ജമയാണു്. കംസവധചമ്പുവിന്റെ മൂലം കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ വാങ്മയം തന്നെ. വാസന്തികസ്വപ്നം 1078-ലും, സൗന്ദര്യലഹരി 1081-ലും, കംസവധം 1083-ലും രഘുവംശം 1085-ലും രചിച്ചു. രഘുവംശത്തിലെ ആദ്യത്തെ മൂന്നു സർഗ്ഗങ്ങൾ മാത്രമേ കവി തർജ്ജമചെയ്തിട്ടുള്ളു. വാരിയരെപ്പോലെ വാസനാസമ്പന്നനും പണ്ഡിതപ്രവേകനുമായ ഒരു കവി തന്റെ ഒന്നാമത്തെ കൃതി 38-ാമത്തെ വയസ്സിലേ പ്രസിദ്ധീകരിക്കയുണ്ടായുളള എന്നുള്ള വസ്തുത പലക്കും വിസ്മയജനകമായി തോന്നാം; എന്നാൽ പരിണതപ്രജ്ഞനായതിനുമേലല്ലാതെ ആർക്കും കാവ്യാധ്വാവിൽ സഞ്ചരിക്കുവാൻ അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പിന്നീട് (5) ഭാരതചമ്പു (1093), (6) അഷ്ടമീപ്രബന്ധം (1094), (7) നിരനുനാസികം (1098), (8) കിരാതം (1100), (9) ദൂതവാക്യം (1100), (10) കൈലാസവർണ്ണനം (1101), (11) നൃഗമോക്ഷം (1101), (12) രാജസൂയം (1103), (13) പാഞ്ചാലീസ്വയംവരം (1104), (14) ദ്രൗപദീപരിണയം (1104), (15) കുചേലവൃത്തം (1105), (16) സ്വാഹാസുധാകരം, (17) അജാമിളമോക്ഷം, (18) സുഭദ്രാഹരണം, (19) ഭക്തിസംവർദ്ധനശതകം (1105), (20) സന്താനഗോപാലം, (21) കാർത്തവീര്യവിജയം, (22) ശ്രീപാർവ്വതീവിരഹം, (23) ഭോജചമ്പു, (24) നാരദമോഹനം എന്നീ കൃതികളും നിർമ്മിച്ചു. ആറുമുതൽ പതിനെട്ടുവരെയുള്ള ചമ്പുക്കൾ മേല്പുത്തൂരിന്റേയും ഇരുപതും ഇരുപത്തൊന്നും അശ്വതിതിരുനാൾ ഇളയതമ്പുരാന്റേയും കൃതികളാണെന്നു പറയേണ്ടതില്ലല്ലോ. ശ്രീപാർവ്വതീവിരഹത്തിന്റെ മൂലം ശീവൊള്ളി നാരായണൻ നമ്പൂതിരിയുടെ ഒരു ഖണ്ഡകാവ്യമാകുന്നു. നാരദമോഹനത്തിലെ ഇതിവൃത്തം പുരാണാന്തർഗ്ഗതമാണു്. അതൊന്നേ കവിയുടെ സ്വതന്ത്രകൃതിയായി ഉള്ളു. പക്ഷേ, മുഴുമിപ്പിക്കുവാൻ സാധിച്ചില്ല. ആദ്യത്തെ രണ്ടു ഭാഗങ്ങളേ എഴുതിയുള്ളു. സ്വാഹാസുധാകരവും, ഇരുപത്തൊന്നുമുതലുള്ള നാലു കൃതികളും അച്ചടിപ്പിച്ചിട്ടില്ല. വാസന്തികസ്വപ്നത്തിൽ ചില ഗാനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സൌന്ദര്യലഹരി കിളിപ്പാട്ടായി തർജ്ജമ ചെയ്തിരിക്കുന്നു. കംസവധത്തിൽ പഴയ ഭാഷാചമ്പുക്കളിലെ സംസ്കൃതപ്രധാനമായ ശൈലിയാണു് സ്വീകരിച്ചിരിക്കുന്നതു്. അഷ്ടമീപ്രബന്ധത്തിലെ ചില പദ്യങ്ങൾ കിളിപ്പാട്ടുരീതിയിൽ വിവർത്തനം ചെയ്തിരിക്കുന്നു. ഗദ്യമായ കൈലാസവർണ്ണന മുഴുവൻ കിളിപ്പാട്ടായിത്തന്നെ ഭാഷാന്തരീകരിച്ചിരിക്കുകയാണു്. നിരനുനാസികത്തിൽ അനുനാസികാക്ഷരങ്ങൾ കഴിവുള്ളിടത്തെല്ലാം ചുരുക്കീട്ടുണ്ടെന്നല്ലാതെ മുഴുവൻ പരിത്യജിച്ചിട്ടില്ല.
ഇനി നമ്മുടെ കവിപുങ്ഗവന്റെ കാവ്യശൈലി ഗ്രഹിക്കുവാൻ ഉതകുന്ന ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
രഘുവംശം എഴുതിയ കാലത്തു കവിയുടെ കലാകുശലത അതിന്റെ സമ്പൂർണ്ണരൂപത്തിൽ പ്രകാശിച്ചുകഴിഞ്ഞിരുന്നു. ദ്രാവിഡവൃത്തങ്ങളെക്കൊണ്ടു കൈകാര്യം ചെയ്യുവാൻ അത്രതന്നെ സാമത്ഥ്യമുണ്ടായിരുന്നില്ല. എല്ലാ ചമ്പുക്കളിൽനിന്നും ഉദാഹരണങ്ങൾ ഉദ്ധരിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടു് ഏതാനും ചില ശ്ലോകങ്ങൾ മാത്രം കാണിക്കാം.
എത്രമാത്രം അക്ലിഷ്ടമധുരമാണു് പണ്ഡിതകവിയായ വാരിയരുടെ വിവർത്തനരീതിയെന്നു് അനുവാചകന്മാർക്കു ഗ്രഹിക്കുവാൻ ഇത്രയും ശ്ലോകങ്ങൾ മതിയാകുന്നതാണല്ലോ.
വാരിയർ രചിച്ച ഒരു സംസ്കൃതശ്ലോകവും ഒരു ഭാഷാശ്ലോകവും കൂടി പകർത്തുന്നു.
ഉണ്ണിക്കൃഷ്ണവാരിയരുടെ ഭാഗിനേയിയായ പാർവ്വതിവാരസ്യാരുടെ മകനായിരുന്നു ബാലകൃഷ്ണവാരിയർ. ഭാരതത്തിലെ കിരാതാർജ്ജുനീയകഥയെ ആസ്പദമാക്കി ശങ്കരവിജയം എന്നൊരു ആട്ടക്കഥയും, നളചരിതം, അംബരീഷചരിതം എന്നീ നാടകങ്ങളും മറ്റും ഉണ്ടാക്കി. നാടകവേദിയിൽ ഒരു നല്ല നടനെന്ന പേരു നേടി. 1111 കന്നിയിൽ മരിച്ചു.
ചുനക്കര രാമവാരിയർ ഉണ്ണിക്കൃഷ്ണവാരിയരുടെ സഹോദരിയായ മാധവിവാരസ്യാരുടെ പുത്രനായിരുന്നു. വളരെക്കാലം മാന്നാർ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ പണ്ഡിതനായി ജോലിനോക്കി. തന്റെ മാതുലനും ഗുരുവുമായ ഉണ്ണിക്കൃഷ്ണവാരിയരെ വിഷയീകരിച്ചു “ചുനക്കര ആശാൻ” എന്നൊരു ചെറിയ സംസ്കൃതകൃതി രചിച്ചിട്ടുണ്ട്.
ഉദയവർമ്മതമ്പുരാൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ജ്യേഷ്ഠൻ അനന്തപുരത്തു രാജരാജവർമ്മകോയിത്തമ്പുരാന്റെയും മാവേലിക്കര ചതയംനാൾ ഭാഗീരഥിഅമ്മതമ്പരാട്ടിയുടെയും സീമന്തപുത്രനായി 1044-ാമാണ്ടു് ഇടവമാസം അശ്വതിനക്ഷത്രത്തിൽ ജനിച്ചു. ജ്യോത്സ്യൻ കണ്ടിയൂർ നാരായണപ്പിഷാരടിയായിരുന്നു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിപ്പിച്ചത്. മാവേലിക്കര ഹൈസ്ക്കൂളിൽനിന്നു മട്രിക്കുലേഷൻ ജയിച്ചതിനുമേൽ തിരുവനന്തപുരത്തു രാജകീയ മഹാപാഠശാലയിൽ ചേർന്നു് 1066-ൽ ബി. ഏ. പരീക്ഷയിൽ ഉത്തീർണ്ണനായി. അവിടെ തന്റെ ഭാഗിനേയനും പിന്നീട് എം. ഏ. പരീക്ഷ ഒന്നാം ക്ലാസിൽ ജയിച്ചു ബ്രിട്ടീഷ് സവ്വീസിൽ പ്രവേശിച്ചു് ഉയന്ന ഉദ്യോഗങ്ങൾ വഹിച്ച എം. രവിവർമ്മതമ്പുരാൻ, വിവിധ വിശിഷ്ടഗ്രന്ഥങ്ങളുടെ പ്രണേതാവും തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായിരുന്നു പെൻഷൻപറ്റി ഇപ്പോഴും സാഹിത്യസേവനം അനുഷ്ഠിക്കുന്ന മഹാശയനുമായ മാവേലിക്കര മണ്ണൂർമഠം കൊട്ടാരത്തിൽ രാജരാജവർമ്മതമ്പരാൻ എം. ഏ. ബി. എൽ. എന്നിവരും അദ്ദേഹത്തിന്റെ സതീത്ഥ്യന്മാരായിരുന്നു. നാടകാലങ്കാരങ്ങളിൽ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാനായിരുന്നു ഗുരുനാഥൻ. മാവേലിക്കരയിൽ ക്ഷത്രിയർക്കുള്ള സ്പെഷ്യൽസ്ക്കൂളിൽ നാലു കൊല്ലം പ്രഥമാദ്ധ്യാപകനായി പണിനോക്കി. പിന്നീട് ഒട്ടുവളരെ അംഗങ്ങളുള്ള സ്വകുടുംബത്തിലെ കാരണവസ്ഥാനത്തിൽ ആരൂഢനാകേണ്ടിവരികയാൽ ആ ജോലിയിൽ നിന്നു വിരമിച്ചു. ആ വലിയ തറവാട് എല്ലാവർക്കും തൃപ്തികരമായ രീതിയിൽ ആജീവനാന്തം ഭരിക്കുവാൻ പരേങ്ഗിതജ്ഞനും സ്വാർത്ഥചിന്താരഹിതനുമായ അദ്ദേഹത്തിനു് അനായാസേന സാധിച്ചു. സാഹിത്യവ്യവസായത്തിനുള്ള സൗകര്യം തന്നിമിത്തം വളരെ വിരളമായിത്തീർന്നുവെങ്കിലും തദ്വിഷയകമായ ഔത്സുക്യം അദ്ദേഹത്തെ ഒരിക്കലും വിട്ടപിരിഞ്ഞില്ല. ചരിത്രപരമായ ഗവേഷണത്തിലും അദ്ദേഹം പ്രഗല്ഭനായിരുന്നു എന്നു് അനേകം വിജേഞയങ്ങളായ ഉപന്യാസങ്ങൾ മൂലം തെളിയിച്ചിട്ടുണ്ട്. ഒടുവിൽ ഹിന്ദിഭാഷ നിഷ്കർഷിച്ചു പഠിക്കുകയും, സ്വഗൃഹത്തിൽ ഒരു ഹിന്ദിവായനശാല സ്ഥാപിച്ചു ആ ഭാഷയുടെ പ്രചാരത്തെ പലപ്രകാരത്തിൽ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തു. 1119-ാമാണ്ടു കന്നിമാസം 24–ാം൹ യശശ്ശരരീരനായി. ആദ്യത്തെ ഭാര്യയായിരുന്ന കീരക്കാട്ടു വട്ടപ്പറമ്പിൽ കല്യാണിയമ്മ മരിച്ചതിനുമേൽ 1077-ൽ ഇടശ്ശേരിവീട്ടിൽ ലക്ഷ്മിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു. ആ സാധ്വി 1094-ൽ പരേതയായി.
1. ലക്ഷ്മീശാല എന്നൊരു പദ്യകൃതിയും, 2. മുദ്രാരാക്ഷസനാടകത്തിന്റെ തർജ്ജമയും, 3. അതിരൂപചരിതം എന്നൊരു ചെറിയ ഗദ്യപുസ്തകവും, 4. പ്രവേശിക എന്നൊരുശാസ്ത്രഗ്രന്ഥത്തിന്റെ ഭാഷാനുവാദവുമാണു് ഉദയവർമ്മതമ്പുരാന്റെ പ്രധാനകൃതികൾ. 1066-ൽത്തന്നെ മനോരമയിൽ “വാടാതേ നാലുവട്ടം നലമൊടുമൊരു മാസത്തിൽ” എന്നാരംഭിക്കുന്ന കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഒരു ശ്ലോകം ‘നലമൊടൊരുമാസത്തിൽ’ എന്നു തെറ്റിച്ചു് അച്ചടിച്ചു കണ്ടപ്പോൾ
എന്നു് ആ പത്രത്തിൽ ചൂണ്ടിക്കാണിച്ചതും അതിനു് ആ മഹാകവി മൂർദ്ധന്യൻ സമുചിതമായി മറുപടി എഴുതിയതും അന്യത്രസൂചിപ്പിച്ചിട്ടുണ്ടല്ലോ. അതു് അക്കാലത്തെ സാഹിത്യസംരംഭത്തിൽ ഉദയവർമ്മതമ്പരാൻ സജീവമായി പങ്കെടുത്തിരുന്നു എന്നുള്ളതിനു് ഒരു തെളിവാണു്. ലക്ഷ്മീശാലയിൽ ആകെ 97 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു; അതു റ്റെനിസൺ എന്ന ആങ്ഗലേയമഹാകവിയുടെ ലോക്സിലിഹാൾ (Loksley Hall) എന്ന കാവ്യത്തിന്റെ വിവർത്തനമാണു്. മുദ്രാരാക്ഷസം വിശാഖദത്തന്റെ തത്സംജ്ഞമായ നാടകത്തിന്റെ തർജ്ജമയാകുന്നു. 1106-ൽ മുദ്രിതമായ ആ നാടകമാണു് തമ്പുരാന്റെ ഒടുവിലത്തെ കൃതി. അദ്ദേഹത്തിന്റെ പദ്യകൃതികൾ ഗുണോത്തരങ്ങളെന്നു പറയുവാൻ പ്രയാസമുണ്ടു്. ഒരു ഗദ്യകാരനെന്നനിലയിലാണു് അദ്ദേഹം സമർത്ഥമായി സാഹിത്യസേവനം ചെയ്തിട്ടുള്ളതു്. ഡോക്ടർ കെ. കൃഷ്ണൻപണ്ടാലയും റ്റി. കെ. കൃഷ്ണമേനോനും കൂടി മലയാള ലഘുശാസ്ത്രപാഠാവലി എന്ന പേരിൽ ഒരു പുസ്തകപരമ്പര പ്രസിദ്ധീകരിച്ചുതുടങ്ങി. അതിലെ മൂന്നാമത്തെ സഞ്ചികയായാണു് ഉദയവർമ്മതമ്പുരാന്റെ പ്രവേശിക പ്രാദുർഭവിച്ചതു്. ഡോക്ടർ പണ്ടാല രസതന്ത്രത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണു് മറ്റൊരു സഞ്ചിക. അതു 1069-ൽ അച്ചടിപ്പിച്ചു. പ്രൊഫസർ ഹൿസ്ലിയുടെ ഇൻട്രൊഡൿറ്ററി പ്രൈമർ (Introductory primer) എന്ന ശാസ്ത്രീയ പുസ്തകത്തിന്റെ ഭാഷാനുവാദമാണതു്. 1074-ലാണു് തമ്പുരാൻ ആ ഗ്രന്ഥം തർജ്ജമചെയ്യുവാൻ ആരംഭിച്ചതെങ്കിലും 1088-ലേ അതു പ്രസിദ്ധീകൃതമായുള്ളു. ഇംഗ്ലണ്ടിലെ ശാസ്ത്രീയ ശബ്ദങ്ങൾക്കു ഭാഷയിൽ സാങ്കേതി കപര്യായങ്ങൾ (രണ്ടു പുസ്തകങ്ങൾക്കും) ഉണ്ടാക്കിക്കൊടുത്തതു സർവ്വതന്ത്രസ്വതന്ത്രനായ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനായിരുന്നു. പിന്നീടു ഡോക്ടർ ഫോസ്റ്റരുടെ ലഘുശരീരശാസ്ത്രം കൂടി തർജ്ജമചെയ്യുവാൻ തുടങ്ങിയെങ്കിലും അതു മുഴുപ്പിച്ചിട്ടില്ല. പ്രവേശികയിൽനിന്നു ചില വാക്യങ്ങൾ ചുവടെ ഉദ്ധരിക്കുന്നു.
“സൂര്യൻ ഉദിക്കയും അസ്തമിക്കയും ചെയ്യുന്നു. ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്തിൽക്കൂടെ ചരിക്കുന്നു. കാറ്റടങ്ങിയ കാലവും കൊടുങ്കാറ്റുള്ള കാലവും ശീതവും ഉഷ്ണവും മാറിമാറി വരുന്നു. കാറ്റു് അവ്യവസ്ഥമായ വേഗത്തോടെ അടിക്കുയും അടങ്ങുകയും ചെയ്യുന്നതിനെ അനുസരിച്ചു സമുദ്രം ക്ഷോഭിക്കയും ശാന്തമാകയും ചെയ്യുന്നു. പ്രകൃതിയിലുള്ള വലുതായ ഓരോ സംഭവങ്ങളുടെ പ്രൗഢഗതിയിൽ നമ്മുടെ അധികാരത്തെ അല്പംപോലും ചെലുത്താൻ പാടില്ലാത്ത വിധത്തിൽ അനേകം ചെടികൾ ഉണ്ടാകയും നശിക്കയും ചെയ്യുന്നു. വലിയ കൊടുങ്കാറ്റുകൾ ഭൂമിയുടെ ഒരു ഭാഗത്തെ നശിപ്പിക്കുന്നു. ഭൂകമ്പങ്ങൾ മറ്റൊരു ഭാഗത്തെ ധ്വംസിക്കുന്നു. അഗ്നിപർവ്വതങ്ങളുടെ ഉദ്ഗമങ്ങൾ ഇനിയൊരു ഭാഗത്തെ ശുദ്ധശൂന്യമാക്കുന്നു. വെയിൽ, മഴ മുതലായതിന്റെ സമ്യക്യോഗം ഒരു സ്ഥലത്തു് ഐശ്വര്യത്തേയും സുഭിക്ഷതയേയും തൂകുന്നു. ദീർഗ്ഘമായ അനാവൃഷ്ടി മറ്റൊരു സ്ഥലത്തു് സാംക്രമികരോഗത്തേയും ക്ഷാമത്തേയും കടത്തിവിടുന്നു.”
പദ്യകൃതികളിൽനിന്നുകൂടി ഓരോ ശ്ലോകം എടുത്തു കാണിക്കാം,
സി. എൻ. രാമൻപിള്ള വൈക്കത്തു ചെമ്മനത്തുകരയിൽ പെരയിലായ എളന്താശ്ശേരിവീട്ടിൽ 1053-ാമാണ്ടു തുലാമാസം അത്തം നക്ഷത്രത്തിൽ ജനിച്ചു. മാതാവു പാർവ്വതിഅമ്മയും പിതാവു വയലൂർ പറമ്പത്തുവീട്ടിൽ ആദിപത്മനാഭപിള്ളയുമായിരുന്നു. വൈക്കത്തു സർക്കാർ മലയാളം പള്ളിക്കൂടത്തിൽ പഠിച്ചു പരീക്ഷ ജയിച്ചതിനുമേൽ കുറേക്കാലം സമീപസ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളിൽ വാധ്യാരായി ജോലിനോക്കി. 1074-ൽ മജിസ്ത്രേട്ടുപരീക്ഷയിൽ ജയിച്ചു. ക്രിമിനൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. അദ്ദേഹത്തിനു ജോത്സ്യത്തിലും നല്ല അറിവുണ്ടായിരുന്നു. 1090–ാമാണ്ടുമുതൽ ആത്മീയചിന്തകളിൽ നിമഗ്നനായി. അനിർവ്വചനീയമായ ഏതോ ഒരു സിദ്ധി നേടി അതിന്റെ പ്രഭാവത്താൽ മഴപെയ്യിക്കുന്നതിനും നിറുത്തുന്നതിനും കഴിഞ്ഞിരുന്ന അദ്ദേഹത്തെ ആവശ്യക്കാർ പല സ്ഥലങ്ങളിലും വിളിച്ചുകൊണ്ടുപോയി അവരവരുടെ അഭീഷ്ടം സാധിപ്പിക്കാറുണ്ടായിരുന്നു എന്നു് അനുഭവസ്ഥന്മാർ പറയുന്നു. 1101-ാമാണ്ടു തുലാമാസം 27-ാം൹ യശശ്ശരീരനായി. വയലൂർപ്പറമ്പിൽ നാരായണി അമ്മയായിരുന്നു ഭാര്യ.
‘നാലു ഭാഷാന്തരങ്ങൾ’ എന്ന ഒരു കൃതിയേ അദ്ദേഹം പുസ്തകാകൃതിയിൽ പ്രധാനമായി പ്രസിദ്ധീകരിച്ചുള്ളു. സഹസ്രകലശം ശീതങ്കൻതുള്ളലും എഴുതീട്ടുണ്ട്, മറ്റു പല ഖണ്ഡകൃതികളും അനേകം പത്രങ്ങളിലും മാസികകളിലും വിപ്രകീർണ്ണങ്ങളായിരിക്കുന്നു, നാലു ഭാഷാന്തരങ്ങളിൽ ക്ഷേമേന്ദ്രന്റെ ബൃഹൽകഥാമഞ്ജരിയിലെ അഞ്ചാമത്തെ ലംബകമായ ചതുർദ്ദാരികാചരിതം, ഗുമാനിയുടെ ഉപദേശശതകം, കുസുമദേവനന്റെ ദൃഷ്ടാന്തകലികാശതകം, വീരേശ്വരന്റെ അന്യാപദേശശതകം ഇവയുടെ വിവർത്തനങ്ങളാണു് അടങ്ങിയിരിക്കുന്നതു്. ചതുർദ്ദാരികാചരിതം കഥ സംക്ഷേപിച്ചു് എഴുതീട്ടേയുള്ളു. രാമൻപിള്ളയുടെ കവിതപ്രഥമകക്ഷ്യയിൽപ്പെടുന്നതല്ലെങ്കിലും ചില അവസരങ്ങളിൽ അതിനടുത്തപടിയിൽ നില്ക്കും. ചിലശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
കേശവമേനോന്റെ കുടുംബം ബ്രിട്ടീഷ് മലബാറിൽ ഒറ്റപ്പാലത്തുനിന്നു പത്തു നാഴിക വടക്കുള്ള ചെർപ്പുളശ്ശേരിക്കു സമീപമുള്ള ഓടാട്ടാണു്. ഓടാട്ടു കുടുംബവും ഒറ്റപ്പാലത്തിനു സമീപമുള്ള മുല്ലശ്ശേരി കടുംബവും തമ്മിൽ പുരാതനകാലം മുതല്ക്കേ ബന്ധുത്വമുണ്ടു്. കേശവമേനോന്റെ പിതാവു മുല്ലശ്ശേരിത്തറവാട്ടിലെ ഒരങ്ഗവും മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ വക്കീലുമായിരുന്ന കവളപ്പാറ ഗോവിന്ദമേനോനായിരുന്നു. ജനനം 1051-ാമാണ്ടു മീനമാസം 28-ാം൹യാണു്. ബാല്യത്തിൽത്തന്നെ അച്ഛൻ മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ കൊച്ചമ്മയുടെ മകനും കോട്ടയം ജില്ലാക്കോടതിവക്കീലുമായിരുന്ന കുമാരമേനോന്റെ സംരക്ഷണത്തിൽ വളർന്നു. കോട്ടയത്തുവച്ചാണു് ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതു്. അതിനുമുമ്പുതന്നെ അച്ഛന്റെ കീഴിൽ സംസ്കൃതം പഠിച്ചിരുന്നു. കെ. പി. എസ്. മേനോന്റെയും മറ്റും പിതാവായ കുമാരമേനോനെപ്പറ്റി വായനക്കാർ കേട്ടിരിക്കുമല്ലോ. ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സൗകര്യം ഇല്ലാതിരുന്നതിനാൽ തിരുവനന്തപുരത്തു പോയി ലോക്കോളേജിൽ ചേർന്നു പ്ലീഡർഷിപ്പു പരീക്ഷ ജയിച്ചു മുവാറ്റുപുഴയിൽ വക്കീലായി വ്യവഹരിച്ചു തുടങ്ങി. കുമാരമേനോന്റെ ഭാഗിനേയി മുല്ലശ്ശേരി ലക്ഷ്മിയമ്മയായിരുന്നു പത്നി. സാഹിത്യത്തിലെന്നതുപോലെ സങ്ഗീതത്തിലും അദ്ദേഹത്തിനു നല്ല വാസനയുണ്ടായിരുന്നു. 1121-ാമാണ്ടു മിഥുനമാസം 24-ാം൹ കവളപ്പാറ വച്ചു മരിച്ചു.
കേശവമേനോൻ (1) ടിപ്പുവും മലയാളരാജ്യവും, (2) കപോതസന്ദേശം എന്നീ കൃതികളടെ പ്രണേതാവാണു്. ഇവയിൽ ആദ്യത്തേതു് 1087-ലും രണ്ടാമത്തേതു് 1101-ലും പ്രസിദ്ധീകരിച്ചു. ഇവ കൂടാതെ സ്തവരത്നമാല എന്ന പേരിൽ അനേകം പ്രാചീനസംസ്കൃതസ്തോത്രങ്ങൾ ഭാഷാവ്യാഖ്യാനസഹിതം 1089-ൽ താൻ നടത്തിത്തുടങ്ങിയ പത്രഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ചു. പ്രാർത്ഥന എന്ന ശീർഷകത്തിൽ കുറേ ശ്ലോകങ്ങൾ മാത്രമേ സ്വകീയങ്ങളായുള്ളു. ടിപ്പുസുൽത്താന്റെ കേരളാക്രമണത്തെ വിഷയീകരിച്ചെഴുതിയ ഒരു കാവ്യമാണു് ടിപ്പുവും മലയാളരാജ്യവും. അതു് ഒരു മത്സരപരീക്ഷയിൽ കവിക്കു് അർഹമായ സമ്മാനം നേടിക്കൊടുത്തു. ഒന്നാമത്തെ ലോകമഹായുദ്ധകാലത്തു ജർമ്മനിയിലെ മ്യൂനിച്ചു പട്ടണത്തിൽ സഞ്ചാരസൗകര്യം കിട്ടാതെ കുടുങ്ങിപ്പോയ ഒരു കേരളീയൻ ഒരു മാടപ്രാവു മുഖേന തൃശ്ശൂരിൽ വിരഹാർത്തയായി താമസിക്കുന്ന തന്റെ പത്നിക്കു് അയയ്ക്കുന്ന സന്ദേശമാണു് കപോതസന്ദേശത്തിലെ വിഷയം. യൂറോപ്പിലെ പല സ്ഥലങ്ങൾ, ആൽപ്സുപർവ്വതം, മെഡിറ്ററേനിയൻ സമുദ്രം, ചെങ്കടൽ, ബാംബേ മുതലായ ഭാരതത്തിലെ പട്ടണങ്ങൾ ഇത്യാദി പല വിഷയങ്ങളേയും ഹൃദയങ്ഗമമായ രീതിയിൽ വർണ്ണിക്കുന്ന പൂർവ്വഭാഗത്തിൽ 147-ം, തൃശൂർനഗരത്തിന്റെ സമഗ്രമായ ചിത്രണവും സന്ദേശവും അന്തർഭവിക്കുന്ന ഉത്തരഭാഗത്തിൽ 87-ം പദ്യങ്ങളണ്ടു്. ആകെക്കൂടി കപോതസന്ദേശത്തിൽ ആകർഷകമായ ഒരു പുതുമ ഭാവുകന്മാർക്കു നിരീക്ഷിക്കാവുന്നതാണു്. അക്ലിഷ്ടമനോഹരങ്ങളാണു് കേശവമേനോന്റെ കൃതികൾ. ചില ഉദാഹരണങ്ങൾ ഉദ്ധരിക്കാം.
മഹാദേവശാസ്ത്രി മാവേലിക്കരത്താലുക്കിൽ കണ്ടിയൂർ ശിവക്ഷേത്രത്തിനു സമീപമുള്ള വലിയമഠത്തിൽ രാമയ്യരുടേയും സുന്ദരപാണ്ഡ്യപുരത്തു സീതാംബാളുടേയും പുത്രനായി 1041-ാമാണ്ടു കുംഭമാസം 8-ാം൹- രേവതീ നക്ഷത്രത്തിൽ ജനിച്ചു. കണ്ടിയൂർ കുഞ്ഞുവാരിയരുടെ കീഴിൽ കാവ്യങ്ങളും മാവേലിക്കര പുത്തൻകൊട്ടാരത്തിൽ ഉദയവർമ്മതമ്പുരാന്റെ കീഴിൽ നാടകാലങ്കാരങ്ങളും പഠിച്ചതിനുമേൽ സ്വല്പകാലം തിരുവനന്തപുരത്തു താമസിച്ചു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ വ്യാകരണവും മന്ത്രശാസ്ത്രവും അഭ്യസിച്ചു. വിദ്യാഭ്യാസാനന്തരം മജിസ്ത്രേട്ടു പരീക്ഷ ജയിച്ചു ക്രിമിനൽക്കോടതി വക്കീലായി പതിനഞ്ചു കൊല്ലം വ്യവഹരിച്ചു. പിന്നീടു് ഒരു പ്രൈവറ്റു ഹൈസ്ക്കൂളിലും മാവേലിക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിലും മലയാളം പണ്ഡിതനായി ഇരുപതിലധികം കൊല്ലം അദ്ധ്യാപകവൃത്തിയിൽ കഴിച്ചുകൂട്ടി. ബാല്യത്തിൽത്തന്നെ ഇലത്തൂരിന്റെ സന്നിധിയിൽനിന്നു ലഭിച്ചിരുന്ന മന്ത്രശാസ്ത്രജ്ഞാനം മാവേലിക്കരവെച്ചു നിരന്തരമായ സാധനകൊണ്ടു ദശഗുണീഭവിപ്പിച്ചു. കുറേക്കാലം യോഗാഭ്യാസവും ശീലിച്ചു വശമാക്കി. അടുത്തൂൺ പറ്റിയതിനു ശേഷം ദേവതാരാധന, പുരാണാദിഗ്രന്ഥപാരായണം, ദേവീപരങ്ങളായ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനനിർമ്മിതി എന്നീ കൃത്യങ്ങളിൽ ഇടതടവില്ലാതെ വ്യാപൃതനായി ആ വഴിക്കു ഭാഷയെ സമർത്ഥമായി പോഷിപ്പിച്ചു. 1109-ാമാണ്ടു തുലാമാസം 19-ാം൹ നിര്യാതനായി; കൊട്ടാരക്കര കുഞ്ചിഅമ്മാളായിരുന്നു പത്നി.
(1) ശൂരപത്മാസുരവധം ആട്ടക്കഥ, (2) അതിരൂപചരിതം, (3) രംഭാപ്രവേശം, (4) കിരാതാർജ്ജുനീയം എന്നീ നാടകങ്ങൾ, (5) കുചേലചരിത്രം, (6) ജയദേവചരിത്രം, (7) ഭൂലോകവിനോദകഥകൾ എന്നീ ഗദ്യഗ്രന്ഥങ്ങൾ ഇവ ശാസ്ത്രിയുടെ ആദ്യകാലത്തെ കൃതികളാണു്. നാടകങ്ങളിൽ അവസരോചിതമായി ഗാനങ്ങളും സംഘടിപ്പിച്ചിട്ടുണ്ടു. അവയിൽ രംഭാപ്രവേശത്തിനുമാത്രമേ. ഗണനീയമായ പ്രചാരം സിദ്ധിച്ചുള്ളു. ഗദ്യപുസ്തകങ്ങളെല്ലാം, തമിഴിൽനിന്നു വിവർത്തനം ചെയ്തിട്ടുള്ളതും അവയിൽ ആദ്യത്തെ രണ്ടും ഭക്തമാലയിൽ നിന്നു തിരഞ്ഞെടുത്തിട്ടുള്ളതുമാണു്. ഈ കൃതികളിലല്ല ശാസ്ത്രിയുടെ ശാശ്വതമായ കീർത്തി പ്രതിഷ്ഠിതമായിരിക്കുന്നതു്. ദേവീപരങ്ങളായ അനേകം വിശിഷ്ടഗ്രന്ഥങ്ങൾ അദ്ദേഹം സംസ്കൃതത്തിൽനിന്നു വ്യാഖ്യാനസഹിതം ഭാഷാന്തരീകരിച്ചു. ആ കൂട്ടത്തിൽ (8) ലളിതാസഹസ്രനാമം (ഭാസ്കരരായപണ്ഡിതന്റെ സൗഭാഗ്യഭാസ്കരം എന്ന സർവ്വസംശയച്ഛേദിയായ വ്യാഖ്യാനത്തോടുകൂടിയതു്), (9) ലളിതാത്രിശതി (ശാങ്കരഭാഷ്യത്തോടുകൂടിയതു്), (10) സൌന്ദര്യലഹരി (ഭാഷാവ്യാഖ്യാനസഹിതം), (11) വരിവസ്യാരഹസ്യം (ഭാഷാവ്യാഖ്യാനസഹിതം), (12) ഭാവനോപനിഷത്തു് (ഭാഷാവ്യാഖ്യാനസഹിതം), (13) ശ്രീസ്തുതി അഥവാ ബാലാവിംശതി (ഭാഷാവ്യാഖ്യാനസഹിതം), (14) ദേവീമാഹാത്മ്യം (വിസ്തൃതമായ ഭാഷ്യത്തോടുകൂടിയതു്) എന്നീ കൃതികളും, സർവ്വോപരി പന്ത്രണ്ടു സ്കന്ധങ്ങളിൽ പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ദേവീഭാഗവതമെന്ന മഹാപുരാണത്തിന്റെ വൃത്താനുവൃത്തമായുള്ള ഭാഷാനുവാദവും അതിവിശിഷ്ടങ്ങളും പരാശക്തിയുടെ ഉപാസകന്മാർക്കു പരമാനുഗ്രഹപ്രദങ്ങളുമാകുന്നു. ദേവീമാഹാത്മ്യം വ്യാഖ്യാനിക്കുന്നതിനു ദുർഗ്ഗാപ്രദീപം, ഗുപ്തവതി, ചതുർദ്ധരി, ശാന്തനവി, നാഗോജീഭട്ടി, ദംശോദ്ധാരം, ജഗച്ചന്ദ്രചന്ദ്രിക എന്നിങ്ങനെ ഏഴു പൂർവ്വടീകകളെ ആശ്രയിച്ചിട്ടുണ്ട്. സൗന്ദര്യലഹരിയിലെ നൂറു ശ്ലോകങ്ങൾക്കും ഉപാസനാർത്ഥമുള്ള യന്ത്രങ്ങളുടെ പടങ്ങൾകൂടി കാണിച്ചിരിക്കുന്നു. ഓരോ പുസ്തകവും വ്യാഖ്യാനിക്കുന്നതിനു് ഒട്ടുവളരെ ഗ്രന്ഥങ്ങൾ പരിശോധിക്കുകയും ഒട്ടധികം സമയം അസ്ഖലിതമായ അർത്ഥം സമഗ്രമായി ഗ്രഹിക്കുന്നതിനു വിനിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നു് അഭിജ്ഞന്മാർക്കു കാണാവുന്നതാണു്. എത്രമാത്രം ക്ലേശാവഹമായ ഒരു കവികർമ്മമാണു് ദേവീഭാഗവതവിവർത്തനം എന്നു പറയേണ്ടതില്ലല്ലോ. അതു് 1085-ാമാണ്ടിടയ്ക്കു് ഒരു മാസികയായി പ്രസിദ്ധീകരിച്ചുതുടങ്ങി; രണ്ടു കൊല്ലം കൊണ്ട് അവസാനിപ്പിച്ചു. തർജ്ജമ ലളിതവും പ്രസന്നവുമായിട്ടണ്ടു്. 1099-ാമാണ്ടു തുലാം 2-ാം൹യാണു് സൗന്ദര്യലഹരിയുടെ ഭാഷ്യം പൂർണ്ണമായതു്. 1101-ൽ ദേവീമാഹാത്മ്യം അച്ചടിപ്പിച്ചു.
പ്രാചീനവും പ്രശസ്തവുമായ പകലോമറ്റം എന്ന ക്രിസ്തീയകുടുംബത്തിന്റെ ഒരു ശാഖയാണു് മീനച്ചിൽത്താലൂക്കിൽ പാലായങ്ങാടിക്കടുത്തുള്ള കട്ടക്കയം. ചെറിയാൻമാപ്പിള കട്ടക്കയത്തുവീട്ടിൽ 1034-ാമാണ്ടു കുംഭമാസം 13-ാം൹ ഉലഹന്നാന്റേയും ഭരണങ്ങാനത്തു പിലാന്തോട്ടത്തു സിസിലിയമ്മയുടേയും സീമന്തപുത്രനായി ജനിച്ചു. ആസ്തിക്യയവും ആചാരശ്ലക്ഷ്ണതയുമുള്ള ഒരു സുറിയാനിക്കത്തോലിക്കാ കുടുംബമായിരുന്നു അതു്. അങ്ങനെയുള്ള പരിസരത്തിൽ വളർന്ന ചെറിയാൻമാപ്പിളയിൽ ആ ഗുണങ്ങൾ അതിശയേന സംക്രമിച്ചു എന്നതിൽ ആശ്ചര്യത്തിന്നവകാശമില്ലല്ലോ. പതിന്നാലാമത്തെ വയസ്സു മുതൽ അദ്ദേഹം അനേകം സംസ്കൃതകാവ്യങ്ങൾ മീനച്ചിൽ ഞാവൽക്കാട്ടു ദാമോദരൻകർത്താവിന്റെ അടുക്കൽനിന്നു് അഭ്യസിച്ചു. നാലുകൊല്ലമേ ഗുരുമുഖേനയുള്ള വിദ്യാഭ്യാസം നീണ്ടുനിന്നുള്ളു. പിന്നീട് ആ ഭാഷയിൽ നിരന്തരമായി സ്വപ്രയത്നംകൊണ്ടു തന്നെ പരിശീലിച്ചു. ഏതാനും കൊല്ലം കൊണ്ടു് ഒരു വിശിഷ്ടഭാഷാകവിയായി വികസിക്കുന്നതിനു വേണ്ട വ്യുൽപത്തിസ്വാധീനമാക്കി. 1051-ൽ പിതാവു മരിച്ചുപോകയാൽ കുടുംബഭരണം ഏറ്റെടുക്കേണ്ടി വന്നു. അതുകൊണ്ടാണു് ഗുരുശിഷ്യബന്ധം വിച്ഛിന്നമായതു്.
1056-ാമാണ്ടുമുതൽതന്നെ ചെറിയാൻമാപ്പിള കവിത എഴുതിത്തുടങ്ങി. 1062 മുതൽ നസ്രാണിദീപികയിൽ ചില ശ്ലോകങ്ങൾ അപ്പോഴപ്പോൾ പ്രസിദ്ധീകരിച്ചു. എങ്കിലും കണ്ടത്തിൽ വറുഗീസ്മാപ്പിള 1065-ൽ മലയാളമനോരമയിൽ കവിതാപംക്തി ഉൽഘാടനം ചെയ്തുതിനുമേലാണു് അദ്ദേഹം കവനത്തിൽ അക്ഷീണമായ വ്യവസായം ആരംഭിച്ചതു്. ഭാഷാകവിതയിൽ പ്രവേശനാനുവാദം സവർണ്ണഹിന്ദുക്കൾക്കുമാത്രമുള്ളതല്ലെന്നും ആർക്കും അതിനുവേണ്ട അധികാരിഭാവമുണ്ടെങ്കിൽ അവിടെ കടന്നുചെല്ലാവുന്നതാണെന്നുമുള്ള വസ്തുത വറുഗീസ്മാപ്പിള നല്ലപോലെ ഗ്രഹിച്ചു. തന്നിമിത്തം വാസനക്കാരായ ക്രിസ്തീയകവികളെ അദ്ദേഹം വിശേഷിച്ചു പ്രോത്സാഹിപ്പിച്ചുപോന്നു. അവരുടെ കൂട്ടത്തിൽ ഏതു നിലയിൽ നോക്കിയാലും പ്രഥമഗണനീയനായി കാണപ്പെട്ടതു ചെറിയാൻമാപ്പിളയായിരുന്നു. ഹിന്ദുക്കളുടെ രീതി അനുകരിച്ചു പത്രങ്ങളിൽ കവിത എഴുതുന്ന ക്രിസ്ത്യാനികൾ തങ്ങളുടെ പേരോടുകൂടി ‘മാപ്പിള’ എന്ന വർഗ്ഗനാമം ചേർക്കുന്നതു് അഭിലഷണീയമാണെന്നുള്ള വറുഗീസ് മാപ്പിളയുടെ ഉപദേശത്തെ അക്കാലത്തെ ക്രിസ്തീയകവികൾ അനുകൂലിച്ചതിന്റെ ഫലമായിട്ടാണു ബാല്യകാലത്തെ ചെറിയാൻ അനന്തരകാലത്തെ ചെറിയാൻമാപ്പിളയായതു്. 1067-ലെ കവി സമാജപരീക്ഷയിൽ അദ്ദേഹവും ചേരുവാൻ ധൈര്യപ്പെട്ടു. വറുഗീസ്മാപ്പിളയുടെ പേരിൽ തനിക്കുള്ള കടപ്പാട് അദ്ദേഹം ആ ഭാഷാപോഷണധുരീണന്റെ ചരമത്തെ അനുസ്മരിച്ചു് എഴുതിയ ഒരു ശ്ലോകത്തിൽ വിനയപൂർവ്വമായി സൂചിപ്പിചിട്ടുണ്ട്.
അങ്ങനെ ഒരു വശത്തു സാഹിത്യവിഷയത്തിലെന്നപോലെ മറ്റൊരു വശത്തു കൃഷികാര്യത്തിലും വ്യാപൃതനായി രണ്ടു വിഭിന്നമാർഗ്ഗങ്ങളിലും സമനൈപുണ്യത്തോടുകൂടി പുരോഗമനം ചെയ്തു. കർഷകവൃത്തിയിൽ അത്യധികം ശ്രദ്ധ പതിപ്പിക്കേണ്ടിയിരുന്നതുമൂലം ഇടയ്ക്കു സ്വല്പകാലം മനോരമയിൽ ശ്ലോകങ്ങൾ എഴുതുവാൻ സാധിച്ചില്ല. എല്ലാ കവിമുഖ്യന്മാർക്കും അദ്ദേഹത്തോടു് അളവറ്റ സ്നേഹമുണ്ടായിരുന്നു. അവരിൽ അദ്ദേഹത്തിന്റെ അസന്നിധാനത്തിൽ പരിതപിച്ചു നടുവത്തച്ഛൻനമ്പൂരി
എന്നും, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ
എന്നും മനോരമയിൽ ചോദിച്ചു. അതിനു മറുപടിയായി കട്ടക്കയം അതേ പത്രത്തിൽത്തന്നെ
എന്നു മറുപടി എഴുതി. 1075 മുതൽ 1085 വരെ പത്തു കൊല്ലത്തോളം കൊണ്ടൂർപ്പകുതിയിൽ അഞ്ഞൂറ്റിമംഗലം ചേരിക്കലിൽ ആ വൃത്തി അനുസ്യൂതമായി തുടന്നു് ഒരു മാതൃകാകർഷകനെന്ന ഖ്യാതിക്കു പാത്രീഭവിച്ചു ധനാർജ്ജനം ചെയ്തു. അതിനിടയ്ക്കു സാഹിത്യവ്യവസായം തുടർന്നുകൊണ്ടുപോയി. മാർപ്പാപ്പാ അദ്ദേഹത്തിന്റെ സമുന്നതമായ സാഹിത്യസേവനത്തെ അഭിനന്ദിച്ചു് ഒരു കീർത്തിമുദ്ര അയച്ചുകൊടുത്തു. 1086-ൽ മീനച്ചിൽ റബ്ബർക്കമ്പനി സ്ഥാപിച്ചു് അതിന്റെ ഡയറക്ടരായും പത്തു കൊല്ലം ജോലി നോക്കി. ഒടുവിൽ കുറേക്കാലം വാതരോഗം ബാധിച്ചതോടുകൂടി വാർദ്ധക്യത്തിൽ ദുർന്നിവാരങ്ങളായ വേറേയും ചില ശരീരാസ്വാസ്ഥ്യങ്ങൾക്കു് അദ്ദേഹത്തിനു വിധേയനാകേണ്ടിവരികയും അവയുടെ പീഡനിമിത്തം 1112-ാമാണ്ടു വൃശ്ചികമാസം 14-ാം൹ യശശ്ശരീരനാകുകയും ചെയ്തു. കൊട്ടുകാപ്പള്ളിവീട്ടിൽ ജനിച്ചു് അവകാശവഴി പാലാ കുടക്കച്ചിറവീട്ടിലെ അംഗമായ മറിയാമ്മയായിരുന്നു പത്നി. മാതാവു് 1079 കുംഭം 15-ാം൹ മരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ജോൺ ഒരു സാഹിത്യരസികനും മരുമകൻ ജെ. ജോൺ ഗദ്യപദ്യാത്മകങ്ങളായ അനേകം സൽഗ്രന്ഥങ്ങളുടെ പ്രണേതാവുമാണു്. രണ്ടുപേരും- മലംകൃഷിയിലും വൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ചെറിയാൻമാപ്പിള (1) യുദജീവേശ്വരി, (2) വില്ലാൾവെട്ടം, (3) സാറാവിവാഹം, (4) കലാവതി എന്നീ രൂപകങ്ങളും, (5) ഒലിവേർവിജയം അട്ടക്കഥയും, (6) മാർത്തോമ്മാചരിതം, (7) വനിതാമണി, (8) തിരഞ്ഞെടുക്കപ്പെട്ട പാത്രം എന്നീ ഖണ്ഡകാവ്യങ്ങളും രചിച്ചിട്ടുണ്ട്. എങ്കിലും കേരളത്തിലെ ഒന്നാംകിടക്കാരായ കവികളുടെ കൂട്ടത്തിൽ അദ്ദേഹം ഗണനാർഹനായിത്തീർന്നതു് ഇരുപത്തിനാലു സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന (9) ശ്രീയേശുവിജയം എന്ന മഹാകാവ്യത്തിന്റെ പ്രണയനം കൊണ്ടാകുന്നു. യൂദജീവേശ്വരി കവിസമാജത്തിലെ നാടകപരീക്ഷയ്ക്കു് എഴുതുവാൻ ഉദ്യമിച്ചതും അവിടെവെച്ചു രണ്ടങ്കത്തോളം തീർത്തതുമാണു്. പിന്നീടു് അതു് 141 ശ്ലോകങ്ങൾ ഉൾപ്പെടുത്തി അഞ്ചങ്കങ്ങളിൽ പുർത്തിയാക്കി 1068-ാമാണ്ടിടയ്ക്കു പ്രസിദ്ധീകരിച്ചു. എസ്തർ രാജ്ഞിയുടെ ചരിത്രമാണു് അതിലെ പ്രതിപാദ്യം. വില്ലാൾവെട്ടം 1069-ാമാണ്ടാണു് അച്ചടിപ്പിച്ചതു്. അതിലെ ഇതിവൃത്തം കല്പിതമാകുന്നു. പണ്ടു് ഉദയംപേരൂരിൽ വില്ലാൾ വെട്ടം എന്ന പേരിൽ ഒരു നസ്രാണി രാജകുടുംബം ഉണ്ടായിരുന്നു എന്നുള്ള ഐതിഹ്യത്തെ ആസ്പദമാക്കി ആ പശ്ചാത്തലത്തിൽ കവി ഒരു കഥ നാടകോചിതമായ രീതിയിൽ ഘടിപ്പിച്ചിരിക്കുന്നു. സ്വാമിഭക്തനും രാജ്യസ്നേഹിയുമായ ആ രാജ്യത്തിലെ മന്ത്രിയെ അവിടത്തെ സേനാനായകൻ രാജാവിനെ തെറ്റിദ്ധരിപ്പിച്ചു നിഷ്കാസനം ചെയ്യിക്കുന്നു. എന്നാൽ മന്ത്രി അവിടെത്തന്നെ ഗൂഢമായി താമസിച്ചുകൊണ്ടു രാജാവിന്റെനേർക്ക് ആ രാജ്യദ്രോഹി അനുഷ്ടിക്കുന്ന ദ്രോഹകൃത്യങ്ങളെ വിഫലീകരിക്കുന്നു. അതാണു് കഥയുടെ സംക്ഷേപം. പഴയ നിയമത്തിൽ തോബിയാസ്സിന്റെ ചരിത്രത്തെ വിഷയീകരിച്ചു പാലാ മനോവിനോദിനീ നാടകസഭയുടെ അപേക്ഷയനുസരിച്ചു രചിച്ച സാറാവിവാഹം നാടകം 1077-ൽ പ്രസിദ്ധപ്പെടുത്തി. കലാവതി നാലങ്കത്തിലുള്ള ഒരു നാടികയാണു്. ഗദ്യമൊഴിച്ചാൽ ഇരുപത്തിമൂന്നു ശ്ലോകങ്ങളും ഒരു പാട്ടും മാത്രമേ അതിൽ ഉൾപ്പെടുന്നുള്ളു. ആംഗലേയ മഹാകവിയായ റ്റെനിസന്റെ ഒരു പ്രതിപാദ്യം കേട്ടു മനസ്സിലാക്കി എഴുതിയതാണു് ആ രൂപകം. സാറാവിവാഹം കഴിഞ്ഞാണു് അതിന്റെ നിർമ്മിതി. അതു് അച്ചടിപ്പിച്ചിട്ടില്ല. 1070-ാമാണ്ടിടയ്ക്കു പാലായിൽ സ്ഥാപിക്കപ്പെട്ടിരുന്ന ഒരു കഥകളിയോഗത്തിനു് അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് ഒലിവേർവിജയം ആട്ടക്കഥ. കാറൾമാൻ ചക്രവർത്തിയുടെ ചരിത്രമാണു് അതിലെ വിഷയം. സെൻറ് തോമസ്സിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി 300 ശ്ലോകങ്ങളിൽ എഴുതിയ മാർത്തോമ്മാചരിതം 1082-ൽ അച്ചടിപ്പിച്ചു. ചാസർ എന്ന. ആംഗലേയമഹാകവിയുടെ The Clerk’s Tale എന്ന ഒരു കാൻറർബറിക്കഥയാണു് വനിതാമണി എന്ന കാവ്യത്തിലെ, വിഷയം. ആ കാവ്യത്തിലെ നായികയായ ഗ്രിസെൽഡാ സാവിത്രിക്കു സമയായ ഒരു പതിവ്രതയാകുന്നു. ഒടുവിലത്തെ തിരഞ്ഞെടുക്കപ്പെട്ട പാത്രം എന്ന കൃതി മാത്രമേ ചെറിയാൻമാപ്പിള ദ്രാവിഡവൃത്തത്തിൽ രചിച്ചിട്ടുള്ളു. പൌലോസ് അപ്പോസ്തലന്റെ മതപരിവർത്തനമാണു് അതിലെ വിഷയം. ഇവകൂടാതെ ഭാഷാപോഷിണിവകയായി നടത്തിയ മത്സരപരീക്ഷയ്ക്കു് ആസന്നമരണന്റെ അന്തർഗ്ഗതം എന്നൊരു ഖണ്ഡകാവ്യവും എഴുതിയയച്ചു. എങ്കിലും അതു മുദ്രിതമായിട്ടില്ല. ശ്രീയേശുവിജയം മഹാകാവ്യത്തിലാണു് മഹാകവിയുടെ സർവ്വസിദ്ധികളും അവയുടെ സമഗ്രമായ രൂപത്തിലും പരിമാണത്തിലും പ്രതിഭാസിക്കുന്നതു്. അത്യന്തം ദീർഘമാണു് അതിലെ ഓരോ സർഗ്ഗവും. സജാതീയദ്വിതീയാക്ഷരപ്രാസം ഓരോ ശ്ലോകത്തിലും സമർത്ഥമായി ഘടിപ്പിച്ചിട്ടുണ്ടു്. പ്രസന്നവും മധുരവുമാണു് അദ്ദേഹത്തിന്റെ കാവ്യശൈലി. നിഷ്കൃഷ്ടമായ സന്മാർഗ്ഗബോധം ഓരോ കൃതിയിലും ആദ്യന്തം പ്രതിഫലിക്കുന്നു. രചനാവൈകല്യം ലേശം പോലുമില്ല. ഭാഷാസാഹിത്യത്തിന്റെ ശാശ്വതസമ്പാദ്യങ്ങളിൽ ഒന്നായി പ്രസ്തുത കാവ്യരത്നത്തെ പരിഗണിക്കാം. പഴയനിയമത്തിലെ ഇതിവൃത്തം സംക്ഷിപ്തമായും പുതിയ നിയമത്തിലേതു സവിസ്തരമായും പ്രതിപാദിക്കുന്നു. ലോകോൽപ്പത്തി തുടങ്ങി കോൺസ്റ്റന്റൈൻ എന്ന റോമൻചക്രവത്തി ക്രിസ്തുമതം സ്വീകരിക്കുന്നതുവരെയുള്ള കഥകൾ ഔചിത്യദീക്ഷയോടുകൂടി അന്തർഭവിപ്പിച്ചിട്ടുണ്ട്. 1100-ാമാണ്ടാണു് പ്രസ്തുത മഹാകാവ്യം പ്രസിദ്ധീകരിച്ചതു്. ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു ചെറിയാൻമാപ്പിളയുടെ കവനരീതി അനുവാചകന്മാരെ ഗ്രഹിപ്പിക്കാം.
ക്രിസ്തീയയുവകവികൾക്കു മഹത്തായ പ്രചോദനമാണ് കട്ടക്കയം ശ്രീയേശുവിജയം വഴിയ്ക്കു നല്കിയിരിക്കുന്നതു്. അദ്ദേഹത്തിന്റെ പാവനങ്ങളായ പാദമുദ്രകളെ പ്രകാശദീപങ്ങളാക്കി പുരോഗമനംചെയ്തു വിജയം നേടുവാൻ അവരിൽ വാസനാസമ്പന്നരായ പലർക്കും നിരന്തരമായ വ്യവസായാസക്തിയും ഉദാത്തമായ ഉൽക്കർഷേച്ഛയുമുണ്ടെങ്കിൽ സാധിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല.
തിരുവല്ലാത്താലൂക്കിൽ പമ്പാനദിയുടെ തെക്കേക്കരയിൽ ആറന്മുള ക്ഷേത്രത്തിൽ നിന്നു് അല്പം പടിഞ്ഞാറു മാറി ഇടയാറന്മുള എന്നൊരു ഗ്രാമമുണ്ട്. അവിടെ കുന്നുംപുറം എന്ന കുടുംബത്തിൽ വറുഗീസിന്റെ പുത്രനായി കെ. വി. സൈമൺ 1058-ാമാണ്ടു മകരമാസം 27-ാം൹ ജനിച്ചു. തന്റെ മാതാപിതാക്കന്മാരുടെ ദശമസന്താനമായിരുന്നു അദ്ദേഹം. ജ്യേഷ്ഠസഹോദരൻ കെ. വി. ചെറിയാന്റെ അടുക്കലാണു് പ്രധാനമായി സംസ്കൃതം അഭ്യസിച്ചതു്. ചെറിയാൻ സംസ്കൃതജ്ഞനായിരുന്നതിനു പുറമേ ഇംഗ്ലീഷിലും തമിഴിലുംകൂടി പ്രായോഗികപരിചയം സമ്പാദിച്ചിരുന്നു. 1075-ൽ അദ്ദേഹം മരിച്ചു. അപ്പോഴേയ്ക്കും തനിക്കു സിദ്ധിച്ചുകഴിഞ്ഞിരുന്ന ലോകവ്യുൽപത്തി സൈമൺ സ്വപ്രയത്നംകൊണ്ടു് അഭിവൃദ്ധമാക്കി. ബാല്യംമുതല്ക്കുതന്നെ അദ്ദേഹം കവിതാനിർമ്മാണത്തിലും വിവിധഭാഷാപഠനത്തിലും ഉത്സുകനായിരുന്നു. കാലക്രമത്തിൽനിസ്തന്ദ്രമായ വ്യവസായം കൊണ്ടു സംസ്കൃതത്തിൽ സാമാന്യമായ വ്യുൽപത്തി സമ്പാദിക്കുകയും അതോടുകൂടി തമിഴ്, തെലുങ്കു്, കർണ്ണാടകം, ഹിന്ദി, ഇംഗ്ലീഷ് മുതലായ ഭാഷകളും സാമാന്യമായി ഗ്രഹിക്കുകയും ചെയ്തു. കെ. വി. ചെറിയാൻ നടത്തിക്കൊണ്ടിരുന്ന ഒരു പ്രാഥമിക വിദ്യാലയത്തിൽ ഇരുപത്തൊന്നു കൊല്ലം അദ്ധ്യാപകനായി പണിനോക്കി. സങ്ഗീതത്തിലും അദ്ദേഹത്തിനു വാസനയുണ്ടായിരുന്നു. ക്രമത്തിൽ അദ്ദേഹത്തിന്റെ മനസ്സ് ആത്മീയചിന്തയിലേയ്ക്കു തിരിയുകയും അതിന്റെ ഫലമായി അദ്ദേഹം വളരെക്കാലം ദക്ഷിണാപഥം മുഴുവൻ പര്യടനം ചെയ്തു ക്രിസ്തുമതപരമായി പ്രസങ്ഗങ്ങൾ ചെയ്യുകയും ചെയ്തു. വിവിധ മതഗ്രന്ഥങ്ങൾ ശ്രദ്ധാപൂർവ്വം പാരായണം ചെയ്തിരുന്ന ആ വിശാലഹൃദയൻ ഒരു മതത്തെയും ദുഷിച്ചില്ല. സ്വരമാധുര്യം ശബ്ദസൗഷ്ഠവം, ഗാനകുശലത, വാഗ്മിത്വം മുതലായ സിദ്ധികളെക്കൊണ്ടു് ഏതു സദസ്സിനേയും വശീകരിക്കുവാനുള്ള ശക്തി അദ്ദേഹത്തിനു് അധീനമായിരുന്നു. 1118-ാമാണ്ടു കുംഭമാസം 8–ാം൹ രക്തസമ്മർദ്ദം നിമിത്തം പരഗതിയെ പ്രാപിച്ചു.
സൈമൺ (1) വേദവിഹാരം, (2) നല്ല ശമര്യൻ എന്നീ പദ്യകൃതികളും, (3) സങ്ഗീതരത്നാവലി എന്ന ഗാനപുസ്തകവും, (4) ഉത്തമഗീതാവ്യാഖ്യ എന്നൊരു ഗദ്യപുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല ശമര്യൻ ബൈബിളിലെ ലൂക്കോസ് സുവിശേഷത്തിൽ ഉൾപ്പെട്ട A Good Samaritan എന്ന ഉപാഖ്യാനത്തെ ആസ്പദമാക്കി രണ്ടു ഭാഗങ്ങളിലായി എഴുതീട്ടുളള ഒരു ഖണ്ഡകാവ്യമാണു്. ഭക്തിഭാവപ്രധാനങ്ങളായ 300-ൽപ്പരം ഗാനങ്ങളുടെ സമാഹാരമാകുന്നു സങ്ഗീതരത്നാവലി. ബൈബിളിലെ Song of Songs എന്ന യോഗാത്മകഭാഗത്തിന്റെ ഒരു ഭാഷ്യമാണ് ഉത്തമഗീതാവ്യാഖ്യ. ഇവ കൂടാതെ (5) 1089-ാമാണ്ടു ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ നിശാകാലം എന്ന പേരിൽ ഒരു ചെറിയ സംസ്കൃതകാവ്യവും നിർമ്മിച്ചിട്ടുണ്ടു്. ഇവയെല്ലാം സാധാരണകൃതികളായേ സഹൃദയന്മാർ ഗണിക്കുകയുള്ളു. സൈമണെ ഒരു ഉൽക്കൃഷ്ടകവി എന്നു കേരളീയർ കൊണ്ടാടുന്നതും കൊണ്ടാടേണ്ടതും വേദവിഹാരം എന്ന വിശിഷ്ടകാവ്യത്തെ പുരസ്കരിച്ചുകൊണ്ടാണു്. വേദവിഹാരം പഴയ നിയമത്തിൽ മോശയുടെ ഒന്നാം പുസ്തകം എന്നു പറയുന്ന Genesis അഥവാ ലോകോൽപ്പത്തിയുടെ വിവൃതമായ പരാവർത്തനമാണു്. പഴയ നിയമത്തിൽ ആകെ 39 പുസ്തകങ്ങളുണ്ട്. അവയിൽ ആദ്യത്തെ അഞ്ചു പുസ്തകങ്ങളാണു് മോശയുയടേതായി അറിയപ്പെടുന്നതു്. അവയിൽ ആദ്യത്തെ പുസ്തകം മാത്രമേ സൈമൺ തന്റെ വാങ്മയത്തിനു് ഉപയോഗിച്ചിട്ടിള്ളു. കിളിപ്പാട്ടുരീതിയിൽ രചിച്ചിട്ടുള്ളതും ആകെ 50 അധ്യായങ്ങൾ അടങ്ങിയതുമായ പ്രസ്തുതകാവ്യം ഭാഷയ്ക്കു് അമൂല്യമായ ഒരാഭരണമായി പ്രശോഭിക്കുന്നു. കൃച്ഛ്രസാധ്യമായ ആ സാഹിത്യവ്യവസായത്തിൽ കവി അഭിനന്ദനീയമായവിധം വിജയം നേടീട്ടുണ്ടു്.
വേദവിഹാരത്തിൽനിന്നുമാത്രം ചില ഈരടികൾ ഉദ്ധരിക്കാം.
കൃഷ്ണൻനായർ മലബാറിൽ കൊല്ലങ്കോട്ട കാമ്പ്രത്തു് ഈശ്വരമേനോന്റേയും മഞ്ഞപ്ര കൊങ്ങോട്ടു തില്ലുഅമ്മയുടേയും പുത്രനായി 1059-ാമാണ്ടു് ഇടവമാസം അത്തംനക്ഷത്രത്തിൽ ജനിച്ചു. ധനികനും അംശമധികാരിയുമായിരുന്ന ഇരശ്വരമേനോൻ താരകാസുരവധം ആട്ടക്കഥയുടേയും തോരണ യുദ്ധം മൂന്നു ദിവസത്തെ തുള്ളൽക്കഥയുടേയും പ്രണേതാവായിരുന്നു. കൊല്ലങ്കോട്ടു ഹൈസ്ക്കൂളിൽ മെട്രിക്കുലേഷൻ ക്ലാസ്സുവരെ പഠിച്ചു. ആദായകരമായ പ്രവൃത്തിയിലൊന്നും ഏർപ്പെട്ടില്ല. വിഭവസമ്പന്നയായ ജേഷ്ഠത്തിയുടെ, കുടുംബകാര്യങ്ങൾ അന്വേഷിച്ചുകൊണ്ടു കൊല്ലങ്കോട്ടു തന്നെ താമസിച്ചു. മാതാവു മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മരിച്ചു. കൃഷ്ണൻനായർ സംസ്കൃതത്തിലും ഇംഗ്ലീഷിലും അഭിജ്ഞനായിരുന്നതിനു പുറമേ ജ്യോതിഷത്തിലും ഹസ്തരേഖാശാസ്ത്രത്തിലും നിപുണനും ചരിത്രസംബന്ധമായുള്ള ഗവേഷണത്തിൽ സദാ വ്യാപൃതനുമായിരുന്നു. 1119-ാമാണ്ടു വൃശ്ചികമാസം സ്വാതിനക്ഷതരത്തിൽ ദേഹവിയോഗം ചെയ്തു. മരണസമയം മുൻകൂട്ടി അറിഞ്ഞിരുന്നു.
കൃഷ്ണൻനായർ (1) ശ്രീദേവീഹരണം ഭാഷാനാടകം, (2) ഋതുമഞ്ജരി, (3) വീരരവിവർമ്മചക്രവത്തി, (4) ഭാവകുതൂഹലം എന്ന ജ്യോതിഷഗ്രന്ഥത്തിന്റെ ഭാഷാവ്യാഖ്യാനം, (5) വ്യവഹാരഭ്രമം അഥവാ കണ്ടൻമേനോന്റെ ഒസ്യത്തു് എന്നീ അഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മലബാറിലെ രണ്ടു പ്രസിദ്ധ രാജവംശങ്ങളായ നെടിയിരിപ്പു സ്വരൂപത്തിന്റേയും കോലസ്വരൂപത്തിന്റേയും പരസ്പരബന്ധവും നീലേശ്വരം രാജകുടുംബത്തിന്റെ ഉൽപ്പത്തിയുമാണു് ഏഴങ്കമുള്ള ശ്രീദേവീഹരണം നാടകത്തിലെ ചരിത്രപരമായ പശ്ചാത്തലം. ഇതിവൃത്തം ആ പശ്ചാത്തലത്തിൽ കവി കെട്ടിപ്പടുത്തതുതന്നെ. ഋതുമഞ്ജരി എന്ന കൃതിയിൽ കാളിദാസകൃതമായ ഋതുസംഹാരകാവ്യം മഞ്ജരീവൃത്തത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു. വീരരവിവർമ്മചക്രവത്തി, ക്രി. പി. പതിന്നാലാം ശതകത്തിന്റെ അവസാനത്തിൽ കൊല്ലത്തു നാടുവാണിരുന്ന സങ്ഗ്രാമധീര രവിവർമ്മ ചക്രവത്തിയെ വിഷയീകരിച്ചുള്ള മറ്റൊരു നാടകമാണു്. ദാരിദ്ര്യത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്നായ വ്യവഹാരഭ്രമം നിമിത്തം ഉണ്ടാകുന്ന ദോഷങ്ങളെ വിവരിക്കുന്ന ഒരു ചെറിയ ഗദ്യകഥയാണു് കണ്ടൻമേനോന്റെ ഒസ്യത്തു്. ഒന്നുരണ്ടുദാഹരണങ്ങൾ കാണിക്കാം.
കരുവാ എം. കൃഷ്ണനാശാൻ 1043-ാമാണ്ടു കുംഭമാസം 9-ാം൹ കൊല്ലത്തു് ഏറത്തു വീട്ടിൽ ജനിച്ചു. മാധവനാശാനായിരുന്നു അച്ഛൻ. വെളുത്തേരിൽ കേശവൻവൈദ്യൻ, ആറ്റുപുറത്തു് ഇമ്പിച്ചൻഗുരുക്കൾ, കൊല്ലത്തു് അധ്യാപകന്മാരായിരുന്ന സുബ്രഹ്മണ്യശാസ്ത്രികൾ, ആപദുദ്ധാരണശാസ്ത്രികൾ ഇവരായിരുന്നു ആദ്യകാലത്തെ ഗുരുക്കന്മാർ. ഹിന്ദുമതത്തിന്റെ മൂലതത്ത്വങ്ങൾ നിഷ്കർഷിച്ചു പഠിക്കുകയും വിഗ്രഹാരാധനത്തിലും ഭസ്മധാരണത്തിലും മറ്റും വിശ്വസിക്കുകയും അത്തരത്തിലുള്ള പൂർവ്വാചാരങ്ങളെ എതിർക്കുന്നവരോടു വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. പരമതഖണ്ഡനശാസ്ത്രികൾ എന്ന പേരിൽ പ്രസിദ്ധനും, ജ്ഞാനോദയസാരം തുടങ്ങിയ ഗ്രന്ഥങ്ങളുടെ പ്രണേതാവുമായ കോയമ്പത്തൂർ വെങ്കിടഗിരിശാസ്ത്രികളുടേയും കുഞ്ഞൻപിള്ള ചട്ടമ്പിസ്വാമികളടേയും സവ്വോപരി നാരായണഗുരുസ്വാമികളുടേയും അന്തേവാസിയായി വളരെക്കാലം കഴിഞ്ഞുകൂട്ടുകനിമിത്തമാണു് അത്തരത്തിലുള്ള ഒരു ജീവിതം അദ്ദേഹത്തിനു നയിക്കുവാനിടവന്നതു്. വൈദ്യത്തിലും നല്ല വൈദുഷ്യം സമ്പാദിച്ചു. കേരളവർമ്മവിദ്യാമന്ദിരം എന്നൊരു സംസ്കൃതവിദ്യാലയവും രാജരാജവിലാസം അച്ചുക്കൂടവും കരുവായിൽ സ്ഥാപിച്ചു. വിദ്യാവിലാസിനി എന്ന പേരിൽ ഒരു മാസിക 1073-ാമാണ്ടു മേടമാസം മുതൽ കുറേക്കാലം സ്യാലനായ കൊല്ലം പെരിനാട്ടു ചന്തിരഴികത്തു് എസ്. പത്മനാഭനാശാന്റെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സദസ്സുകളിൽ പ്രഭാഷകൻ എന്ന നിലയിൽ വിഖ്യാതി നേടി. 1111-ാമാണ്ടു വൃശ്ചികമാസം 17-ാം൹ മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ വലിയവീട്ടിൽ കൊച്ചുണ്ണിയായിരുന്നു ആദ്യത്തെ ഭാര്യ. ആ സാധ്വിയുടെ മരണാനന്തരം 1083-ൽ ചവറ തെക്കുംഭാഗത്തു പൈന്തൊടി തെക്കേതിൽ പുത്തൻമഠത്തിൽ കെ. കൊച്ചുപെണ്ണിനെ പരിഗ്രഹിച്ചു.
ആശാൻ സാഹിത്യസംബന്ധമായും മതപരമായും ആയുർവ്വേദവിഷയകമായും ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ശാകുന്തളത്തിനു് അദ്ദേഹം രചിച്ചിട്ടുള്ള തർജ്ജമയിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
തർജ്ജമയ്ക്കു വൈശിഷ്ട്യമുണ്ടെന്നു പറയാൻ പാടില്ല. മതപരങ്ങളായ പുസ്തകങ്ങൾ ഉപന്യാസരൂപത്തിലുള്ളവയും അന്യമതസിദ്ധാന്തങ്ങളെ ഖണ്ഡിക്കുവാൻ ശ്രമിക്കുന്നവയുമായ ചെറിയ കൃതികളാണു്. വിജയധ്വജം, ആര്യജയഭേരി മുതലായവ ആ കൂട്ടത്തിൽ ഉൾപ്പെടും. അർക്കുപ്രകാശം, ചികിത്സാക്രമകല്പവല്ലി, വൈദ്യമനോരമ എന്നീ വൈദ്യഗ്രന്ഥങ്ങൾ തർജ്ജമ ചെയ്തിട്ടുണ്ടു്.