കൊച്ചിരാജ്യത്തിൽ ചാലക്കുടി തീവണ്ടിയാപ്പീസിനു സമീപം നടുവം എന്നൊരില്ലമൂണ്ടു്. ആ ഇല്ലത്തിൽ 1016-ാമാണ്ടു മീനമാസത്തിൽ മകംനക്ഷത്രത്തിൽ അച്ഛൻനമ്പൂരി ജനിച്ചു. പിതാവു ദിവാകരൻനമ്പൂരിയും മാതാവു് ആര്യാന്തർജ്ജനവുമായിരുന്നു. പിതാവിന്റെ പേർതന്നെയാണു് പുത്രന്നും ലഭിച്ചതു്. ഉണ്ണി പിറന്നു നാലാമത്തെ മാസത്തിൽ പിതാവു് നാല്പതാമത്തെ വയസ്സിൽ അന്തരിച്ചു. അക്കാലത്തു നടുവത്തില്ലം അത്യന്തം ദരിദ്രമായിരുന്നു. ആവട്ടത്തൂർ എന്ന സ്ഥലത്തു കുട്ടപ്പള്ളീ എന്ന ഇല്ലമായിരുന്നു കവിയുടെ അമ്മാത്തു്. ഉപനയനം ചാലക്കുടിക്കു് അഞ്ചുനായിക വടക്കുള്ള കൊടകര മരുത്തോമ്പിള്ളീയില്ലത്തും സമാവർത്തനം നെല്ലായിക്കുന്നത്തില്ലത്തുമായി കഴിഞ്ഞുകൂടി. ആ ഇല്ലക്കാർ സ്വജനങ്ങളായിരുന്നു. നടുവത്തു് ആ ക്രിയകൾ നിർവ്വഹിക്കുന്നതിനു പോലും മുതലുണ്ടായിരുന്നില്ല. കൂട്ടിവായന കഴിഞ്ഞ ക്ഷണത്തിൽ കഥാനായകനു തുള്ളൽക്കഥകൾ വായിക്കുന്നതിലും പകർത്തിയെഴുതുന്നതിലും അളവറ്റ അഭിരുചിയുണ്ടായി. അങ്ങനെ ഭാഷാസാഹിത്യത്തോടു ബാല്യത്തിൽത്തന്നെ അദ്ദേഹം സമ്പർക്കം പുലർത്തിത്തുടങ്ങി. മരുത്തോമ്പിള്ളി തെക്കേ പുഷ്പകത്തു വാസുനമ്പിയാരോടു ശ്രീകൃഷ്ണവിലാസം പഠിച്ചു. 1031-ാമാണ്ടിടയ്ക്കു തൃപ്പൂണിത്തുറയ്ക്കു പോയി അന്നു് അവിടെ താമസിച്ചിരുന്ന പാലപ്പുറത്തു ഗോവിന്ദൻനമ്പിയാരുടെ ശിഷ്യനായി. കൈക്കുളങ്ങര രാമവാരിയർ അച്ഛൻമമ്പൂരിയുടെ സതീർത്ഥ്യനായിരുന്നു. 1038 വരെ ഗോവിന്ദൻ നമ്പിയാരുടെ കിഴിൽ സംസ്കൃതം പഠിച്ചുവെങ്കിലും ദാരിദ്ര്യബാധകൊണ്ടു കാര്യമായി ഒന്നും അഭ്യസിക്കുന്നതിനു സാധിച്ചില്ല. സാമാന്യം ലോകവ്യുൽപത്തി മാത്രമേ ലഭിച്ചുള്ളു; എന്നാൽ ഭാഷാകവിതയിൽ അക്കാലത്തും പരിശ്രമിച്ചിരുന്നു. അന്നു കഥാനായകൻ എഴുതിയ ശ്ലോകങ്ങളും പാട്ടുകളും തിരുത്തിക്കൊടുത്തു് അദ്ദേഹത്തിനു വേണ്ട സദുപദേശങ്ങൾ നല്കി പ്രോത്സാഹിപ്പിച്ചതു പൂന്തോട്ടത്തു് അച്ഛൻനമ്പൂരിയായിരുന്നു.
1039-ാമാണ്ടിടയ്ക്കു ചാലക്കുടിക്കടുത്തുള്ള വടക്കാഞ്ചേരി ഇല്ലത്തുനിന്നു വിവാഹം ചെയ്തു. ആ വിവാഹത്തിൽ നാരായണൻനമ്പൂരി 1043-ലും,അദ്ദേഹത്തിന്റെ അനുജൻ ശങ്കരൻനമ്പൂരി 1052-ലും, ഒരു പുത്രി 1047-ലും ജനിച്ചു. നാരായണനാണു് പില്ക്കാലത്തു് നടുവത്തു മഹൻനമ്പൂരി എന്ന പേരിൽ പ്രസിദ്ധനായിത്തീർന്ന കവി. കുറ്റിയറ്റുപോകാറായിരുന്ന വടക്കഞ്ചേരിയില്ലത്തെ 50,000 ഉറുപ്പിക വിലവരുന്ന വസ്തുവകകൾ കൊച്ചിമഹാരാജാവിന്റെ തീട്ടൂരമനുസരിച്ചു് അച്ഛനു കിട്ടി. അതിനെത്തുടർന്നു് ഇരിങ്ങാലക്കുടയ്ക്കു് സമീപം അന്യംനിന്നുപോയ തത്തമ്പിള്ളി, നെടുംപിള്ളി എന്നീ രണ്ടില്ലങ്ങളിലെ സ്വത്തുക്കൾക്കുകൂടി മഹാരാജാവു് അദ്ദേഹത്തെ അവകാശിയാക്കി. അങ്ങനെ കവിയുടെ ഭാഗ്യ ദേവത തെളിഞ്ഞു; സാഹിതീസേവ നിർവിഘ്നമായി നടത്താനുള്ള സൗകര്യവും വന്നു. 1040-ൽത്തന്നെ ഇളേടത്തു തൈക്കാട്ടു നാരായണൻമൂസ്സതിന്റേയും, അദ്ദേഹത്തിന്റെ മരണാനന്തരം അനുജൻ ഇട്ടീരിമൂസ്സതിന്റേയും ശിഷ്യനായി അഷ്ടാംഗഹൃദയം പഠിച്ചു വൈദ്യശാസ്ത്രത്തിൽ നിഷ്ണാതനായി ആ വഴിക്കും ധനം സമ്പാദിച്ചു.
നടുവത്തച്ഛൻ വെണ്മണി അച്ഛനുമായുള്ള വേഴ്ച നിമിത്തം കൊടുങ്ങല്ലൂർക്കോവിലകത്തു കൂടെക്കൂടെ പോകാറുണ്ടായിരുന്നു. അവിടെവെച്ചു കുഞ്ഞിരാമവർമ്മൻ തമ്പുരാനും, കൊച്ചുണ്ണിത്തമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനും അദ്ദേഹത്തിന്റെ പ്രേഷ്ഠസുഹൃത്തുക്കളായി. അവരുമായി നിരന്തരമായ കത്തിടപാടുനടത്തിയും താനുണ്ടാക്കുന്ന കൃതികൾ അവരെക്കൊണ്ടു പരിശോധിപ്പിച്ചും അദ്ദേഹം കൊടുങ്ങല്ലൂർ കവിസമാജത്തിലെ ഒരങ്ഗമെന്നപോലെതന്നെ കൈരളിയെ ഉപാസിച്ചു. നടുവം മഹനെ കുഞ്ഞിരാമവർമ്മൻതമ്പുരാനോടു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ അഭ്യസിക്കുവാൻ കൊടുങ്ങല്ലൂരിൽ താമസിപ്പിച്ചതു് ആ സൗഹാർദ്ദം പൂർവ്വാധികം ദൃഢീഭവിക്കുന്നതിനു കാരണമായി. 1055 മുതൽ 1064 വരെ അതിനുമുൻപു കൊച്ചിഗവർമ്മെണ്ടിന്റെ ഭരണത്തിലിരുന്ന കൊടശ്ശേരികയ്യളുടെ വക കാര്യസ്ഥനായി പണിനോക്കി. 1066 മേടമാസം വിശാഖംനക്ഷത്രത്തിൽ പുത്രനെ സമ്പന്നനും യശസ്വിയുമായിക്കണ്ടു് ആനന്ദത്തോറ്റുകൂടി മാതാവു മരിച്ചു. 1075-ൽ ഗൃഹഭരണത്തിലുള്ള സാമർത്ഥ്യംനിമിത്തം ‘മിടുക്കൻ’ എന്നു് അതിനു മുമ്പുതന്നെ പേരുകേട്ടിരുന്ന ശങ്കരൻനമ്പൂരി അന്തരിച്ചു. ആ സംഭവവും 1080-ൽ മകളുടെ അപ്രതീക്ഷിതമായ നിര്യാണവും കവിയെ ഏറ്റവുമധികം അസ്വസ്ഥനാക്കി. 1085-ൽ കാലിന്മേൽ നീരുവന്നു കഷ്ടപ്പെട്ടപ്പോൾ വലിയകോയിത്തമ്പുരാൻ തുടങ്ങി കേരളത്തിലെ ഗണനീയന്മാരായ കവികളെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ടു ശ്ലോകങ്ങളുണ്ടാക്കി. അവ ശേഖരിച്ചു് “ആരോഗ്യസ്തവം” എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അനേകം രോഗങ്ങൾ ഓരോ കാലത്തു ബാധിച്ചു കൊണ്ടിരുന്ന അദ്ദേഹം ദിനചര്യയിലുള്ള നിരതിശയമായ നിഷ്ഠ നിമിത്തമാണു് അവയിൽനിന്നെല്ലാം വിമുക്തനായതു്. 1088 വൃശ്ചികം 23-ആംനു-യായിരുന്നു ആ പുണ്യശ്ലോകന്റെ സ്വർഗ്ഗതി. അചഞ്ചലമായ ഈശ്വരഭക്തി, അന്യാദൃശമായ ആചാരശ്ലക്ഷ്ണത, അകളങ്കമായ ഹൃദയശുദ്ധി, ആശ്ചര്യകരമായ പരാവർജ്ജനപാണ്ഡിത്യം ഇത്തരത്തിലുള്ള പല സഹജസിദ്ധികളും അദ്ദേഹത്തിൽ പരിലസിച്ചിരുന്നു. “നടുവധരണീ ഗീർവാണനത്യന്തശാന്തൻ” എന്നു ഭഗവദ്ദൂതിൽ തന്നെപ്പറ്റി അദ്ദേഹം ചെയ്തിട്ടുള്ള പ്രസ്താവന പരമാർത്ഥമാണു്.
അച്ഛൻനമ്പൂരി അധികം കൃതികൾ എഴുതീട്ടില്ല. (1) അംബോപദേശം, (1061), (2) ഭഗവൽസ്തുതി, (3) ഭഗവദ്ദൂതുനാടകം (1067), (4) ശൃങ്ഗേരിയാത്ര, (5) അഷ്ടമീയാത്ര എന്നീ അഞ്ചു വാങ്മയങ്ങളേ പൂർണ്ണങ്ങളായിട്ടുള്ളൂ. വിദ്യാഭ്യാസകാലത്തിൽ എഴുതിയ ബാല്യുത്ഭവം എട്ടുവൃത്തം കൈകൊട്ടിക്കളിപ്പാട്ടും അക്കൂട്ടത്തിൽച്ചേരും. ഇവയ്ക്കു പുറമേ, (7) കുമാരസംഭവം ദ്വിതീയസർഗ്ഗം, (8) അക്രൂര ഗോപാലം നാടകം (രണ്ടങ്കത്തോളം), (9) ഭാരതം കർണ്ണപർവം കിളിപ്പാട്ടു് (അഞ്ചാമധ്യായത്തോളം) എന്നീ അപൂർണ്ണകൃതികളും, (10) ചില ചെറിയ ഖണ്ഡകൃതികളും, (11) കുറേയധികം എഴുത്തുകളുംകൂടിയുണ്ടു്.
ശുദ്ധഭാഷാപദങ്ങൾ സുഗമമായ രീതിയിൽകൂട്ടിയിണക്കി ശ്രവണസുഖം നല്കുവാൻ പര്യാപ്തമായ ഒരു കവനശൈലിയാണു് അച്ഛനു സ്വാധീനമായിരുന്നതു്. ഒരിയ്ക്കൽ കേട്ടാൽ അർത്ഥബോധമുണ്ടാകാത്ത ശ്ലോകങ്ങൾ അദ്ദേഹം രചിച്ചിട്ടില്ലെന്നുതന്നെ പറയാം. ഇരുത്തിച്ചിന്തിപ്പിക്കുന്ന കവിതയൊന്നും ആ കവി എഴുതീട്ടില്ല. ഉൽക്കടങ്ങളായ വികാരങ്ങളെക്കൊണ്ടു ഹൃദയം തരളിതമാകുമ്പോൾ, അലങ്കാരാദ്യാഡംബരങ്ങളുടെ സാഹായ്യ്യം കൂടാതെ സ്വഭാവസുന്ദരങ്ങളായ ഖണ്ഡകൃതികൾ നിർമ്മിക്കുന്നതിനും അദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. 1075-ൽ മകന്റെ മരണത്തിൽ സങ്കടപ്പെട്ടു രണ്ടു തവണകളിലായി ഇരുപതു ശ്ലോകങ്ങൾ അദ്ദേഹം മലയാളമനോരമയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അവയിൽനിന്നു രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർക്കാം.
ഒന്നാംതരം വിലാപകൃതിയായി ഈ വിംശതിയെ പരിഗണിക്കാം. “ഭാഷാരീതിപ്പഴക്കത്തിനു നടുവം” എന്നു പറഞ്ഞു വരുന്നതു് അദ്ദേഹത്തിന്റെ കവിതകളിലെ പ്രസാദാദിഗുണങ്ങളെ ആസ്പദമാക്കിയാണു്.
ഏഴങ്കത്തിലുള്ള ഈ നാടകം വളരെ പ്രചാരമുള്ള ഒരു കൃതിയാണു്. ഭക്തിഭാവം വർണ്ണിക്കുവാൻ അച്ഛന്നുള്ള പ്രാഗല്ഭ്യം തികച്ചും ഇതിൽ പ്രകടീഭവിക്കുന്നുണ്ടു്. ഈ നാടകം തന്നെയാണു് അദ്ദേഹത്തിനു ഭാഷാകവികളുടെയിടയിൽ ഗണനീയമായ ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുത്തതും. രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
അംബോപദേശം അക്കാലത്തെ കവിസമ്പ്രദായമനുസരിച്ചു നടുവത്തച്ഛനും എഴുതിയെന്നേയുള്ളു.
എന്ന ശ്ലോകത്തിൽ അദ്ദേഹം അത്തരത്തിലുള്ള അമ്മായി ശ്ലോകോപദേശം സ്ത്രീകൾക്ക് അങ്ഗീകാരയോഗ്യമല്ലെന്നു ചൂണ്ടിക്കാണിക്കുന്നു. അതിനുശേഷമാണു്
ഭഗവൽസ്തുതി എന്ന പേരിൽ ഒരു ശ്രീകൃഷ്ണസ്തോത്രം രചിച്ചതു്. രണ്ടു കൃതികളും ഒരേ പുസ്തകത്തിൽ ചേർത്തുതന്നെ അച്ചടിപ്പിക്കുകയും ചെയ്തു. സ്നേഹിതനായ മരുത്തോമ്പിള്ളി നമ്പൂരി ശൃങ്ഗേരിമഠത്തിൽ പോയി ശങ്കരാചാര്യരോടു് ഉപദേശം വാങ്ങിവന്ന വർത്തമാനമാണു് ശൃങ്ഗേരിയാത്രയിൽ വർണ്ണിച്ചിരിക്കുന്നതു്. കവിതന്നെ പോയി അതിൽ പറയുന്ന സംഭവങ്ങളെല്ലാം കണ്ടതുപോലെയുള്ള പ്രതീതിയാണു വായനക്കാർക്കുണ്ടാകുന്നതു്. മരുത്തോമ്പിള്ളി ആചാര്യസ്വാമികളെ കാണുന്ന ഭാഗം പ്രത്യേകിച്ചും മധുരമായിട്ടുണ്ടു്.
എന്നും മറ്റുമുള്ള ശ്ലോകങ്ങൾ കോൾമയിർക്കൊള്ളാതെ വായിക്കാവുന്നതല്ല. അതുപോലെതന്നെയാണു് അഷ്ടമീയാത്രയിൽ കവി വയ്ക്കത്തുവച്ചു വലിയ കോയിത്തമ്പുരാനുമായി സംഭാഷണം ചെയ്യുന്ന ഭാഗവും. ഖണ്ഡകൃതികളിൽ ചാലക്കുടിപ്പുഴ പ്രത്യേകിച്ചു നന്നായിട്ടുണ്ടു്.
കുഞ്ഞിക്കുട്ടൻതമ്പുരാന്റെ എഴുത്തുകൾക്കുള്ള ഗുണമില്ലെങ്കിലും അച്ഛന്റെ എഴുത്തുകളും കൊള്ളാവുന്നവയാണു്. മലയാളമനോരമയിലും മറ്റും വളരെപ്പേർക്കു് അദ്ദേഹം കത്തുകൾ എഴുതിക്കൊണ്ടിരുന്നു. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
നടുവത്തു മഹൻ (നാരായണൻ) നമ്പൂരി 1043-ാമാണ്ടു മേടമാസം 17-ആംനു- തിരുവോണംനക്ഷത്രത്തിൽ ജനിച്ചു. നടുവത്തച്ഛൻ, വൈലൂർ ഈശ്വരവാരിയർ, ഇളമന ഇളയതു എന്നിവരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചതിനുമേൽ കൊടുങ്ങല്ലൂരേക്കു പോയി. അവിടത്തെ കെങ്കത്തമ്പുരാട്ടി എന്ന വിദുഷിയോടു കാവ്യനാടകാലങ്കാരങ്ങളും കുഞ്ഞിരാമവർമ്മൻതമ്പുരാനോടു വ്യാകരണവും പഠിച്ചു. സാമാന്യം നല്ല വൈദൂഷ്യം ആ ഭാഷയിൽ സമ്പാദിച്ചു.
പഠിത്തം കഴിഞ്ഞപ്പോൾ കൊടുങ്ങല്ലൂർ സർക്കാർപള്ളികൂടത്തിൽ മുൻഷിയായി മഹൻ നിയമിക്കപ്പെട്ടു. കൊടുങ്ങല്ലൂർക്കവിതക്കളരിയിൽ അതിനുമുൻപുതന്നെ പയറ്റു മുറകൾ അഭ്യസിച്ചിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി സി.പി. അച്ചുതമേനോൻ മന്നാടിയാർക്കെതിരായി പ്രസിദ്ധീകരിച്ച ഉത്തരരാമചരിതത്തിലെ ഒരു ഭാഗമായിരുന്നു. അക്കാലത്തുതന്നെയായിരുന്നു മുദ്രരാക്ഷസം നാടകവും തർജ്ജമ ചെയ്തതു്. സി.പി. യും കുണ്ടൂർ നാരായണമേനോനുമായിരുന്നു ആ തർജ്ജമയുടെ ഭാരം കൈയേറ്റതു്. എങ്കിലും അവർ മറ്റു പല കവികളെക്കൂടി ആ ഉദ്യമത്തിൽ ഭാഗഭാക്കുകളാക്കി. ആ സംഭവത്തെക്കുറിച്ചു മേൽ പ്രസ്താവിക്കാം. വെണ്മണി മഹനെയാണു് നടുവം തന്റെ കവിതാവിഷയത്തിൽ പ്രധാന ഗുരുനാഥനായി കരുതിവന്നതു്. 1073-ൽമാത്രമാണു് അദ്ദേഹം ഗുമാനി കവിയുടെ ഉപദേശശതകത്തിനു സാരോപദേശം എന്ന പേരിലുള്ള ഭാഷാനുവാദം പ്രസിദ്ധപ്പെടുത്തിയതു്. എങ്കിലും വെണ്മണിമഹൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ അതെഴുതി എന്നുള്ളതിനു
എന്ന അതിലെ ഒരു ശ്ലോകാർദ്ധം ജ്ഞാപകമാണു്. 1070-ൽ കൊടുങ്ങല്ലൂർനിന്നു നമ്മുടെ കവിയെ പഴയന്നൂരേക്കു മാറ്റി. അവിടെ അഞ്ചുകൊല്ലം പണി നോക്കി. 1075-ൽ അനുജൻ മരിച്ചപ്പോൾ അച്ഛന്റെ ശുശ്രൂഷയ്ക്കും കുടുംബസ്വത്തുക്കളുടെ ഭരണത്തിനുമായി ഇല്ലത്തേക്കു തിരിച്ചുപോന്നു. നടുവത്തു നിന്നു് ഒരു നാഴിക അകലെയുള്ള പെരഞ്ചേരി വീട്ടിൽനനാനിക്കുട്ടിഅമ്മയായിരുന്നു അദ്ദേഹത്തിന്റെ പത്നി.
കുടുംബഭരണത്തിൽ മഹൻ ഏറ്റവും സമർത്ഥനായിരുന്നു. 1078-ൽ ആവട്ടത്തൂർ (അഗസ്ത്യപുത്തൂർ) ശിവക്ഷേത്രത്തിന്റെ സാമ്പത്തികസ്ഥിതി നന്നാക്കുവാൻ വേണ്ടി അതിന്റെ ഭരണംകൂടി ഏറ്റെടുക്കുകയും, 1097 വരെ ആ ഭാരം സ്തുത്യർഹമായി നിർവഹിച്ചു പ്രസ്തുത ക്ഷേത്രത്തെ ഋണബാധയിൽനിന്നു നിശ്ശേഷം വിമുക്തമാക്കി, പുതുക്കിപ്പണിയിച്ചു് അവിടെ ധ്വജപ്രതിഷ്ഠ കഴിപ്പിക്കുകയും ചെയ്തു. “ആവട്ടത്തൂരിൽ വാഴും പുരഹരൻ” നടുവത്തില്ലത്തെ ഗ്രാമപരകദേവതയാണു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ, ശീവൊള്ളി നാരായണൻനമ്പൂരി മുതലായ കവികളുമായി ആദ്യകാലം മുതല്ക്കുതന്നെ കത്തിടപാടു നടത്തിക്കൊണ്ടിരുന്നതിനുപുറമെ പഴയന്നൂരിൽ താമസമായിരുന്നപ്പോഴും പല കൃതികൾ രചിച്ചു വന്നു. മലയാളമനോരമ തുടങ്ങിയ പത്രങ്ങളിലും, രസിക രജ്ഞിനി കവനോദയം മുതലായ മാസികകളിലും അനേകം ലഘുകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1119 മേടം 27-ആംനു- പരലോകപ്രാപ്തനായി. അദ്ദേഹത്തിന്റെ അപ്ഫന്റെ മകൻ നടുവത്തു ശങ്കരൻനമ്പൂരിയും ഒരു നല്ല കവി എന്നു പേരെടുത്തിട്ടുണ്ടു്.
(1) ഉത്തരരാമചരിതം തർജ്ജമ മൂന്നാമങ്കം (1067), (2) രുദ്രാരാക്ഷസം (കൂനേഴവുമായി കൂട്ടുചേർന്നു് -1068), (3) സാരോപദേശശതകം (പ്രകാശനം 1073-ൽ), (4) ഘോഷയാത്രാനാടകം (1071), (5) അംബാസ്തവം (1073), (6) ഗുരുവായൂരപ്പന്റെ കഥ, (7) സ്തവമഞ്ജരി (1100), (8) കാവ്യശകലങ്ങൾ (1101), (9) സന്താനഗോപാലം കാവ്യം (1101), (10) മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, (11) മഹിഷമർദ്ദനം വഞ്ചിപ്പാട്ടു് (1081), (12) ഗുരുവായൂരപ്പൻ കൈകൊട്ടിക്കളിപ്പാട്ടു്, (13) ഭക്തിലഹരി ഇവയാണു് വടുവംമഹന്റെ പ്രധാന കൃതികൾ. ഇവയിൽ ഒന്നും മൂന്നും കൃതികളെപ്പറ്റി പ്രസ്താവിച്ചു കഴിഞ്ഞു. വിശാഖദത്തന്റെ മൂലകൃതിയുടെ ഭഷാനുവാദമാണു് മുദ്രാരാക്ഷസം. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
മുദ്രാരാക്ഷസം 1068-ൽ എഴുതിത്തീർന്നു. അതിൽ മഹന്റെ സഹപ്രവർത്തകനായിരുന്ന കൂനേഴത്തു പരമേശ്വരമേനോൻ വിവിധവിഷയങ്ങളിൽ വൈദൂഷ്യമുള്ള ഒരു പണ്ഡിത പ്രവേകനും കവിയുമാണു്.
നടുവം മഹൻ നല്ല നിഷ്കർഷയോടുകൂടിയാണു് കവിതകൾ എഴുതിക്കൊണ്ടിരുന്നതു്. ശബ്ദസുഖം ധാരാളമുണ്ടു്. നിരർത്ഥകപദങ്ങൾക്കു പ്രവേശമില്ല; വെണ്മണി മഹന്റേയും, അതിൽ കുറേക്കൂടി കവിഞ്ഞ ശീവൊള്ളിയുടേയും രീതിയിൽ ഫലിതം തട്ടിവിടും; രസഭാവങ്ങളിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കും; ചിലപ്പോൾ മൃദുലമായും മറ്റു ചിലപ്പോൾ ഗംഭീരമായും സന്ദർഭാനുഗുണമായി തൂലിക വ്യാപരിപ്പിക്കും; ഇങ്ങനെ ശ്ലാഘനീയമായ ഒരു കവിതാപദ്ധതിയിലാണു് അദ്ദേഹം സ്വച്ഛന്ദമായി സഞ്ചരിച്ചിരുന്നതു്.
മഹന്റെ സ്തോത്രങ്ങൾക്കു പ്രത്യേകം ഒരു ആകർഷണശക്തിയുണ്ടു്. വാർദ്ധക്യത്തിലെ കൃതിയായ ഭക്തിലഹരി ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഒരു സ്തോത്രമാണു്. അതിൽ ശാർദ്ദൂലവിക്രീഡിതത്തിൽ രചിച്ച 173 ശ്ലോകങ്ങളുണ്ടു്. സ്തവമഞ്ജരിയിൽ കൃഷ്ണപരങ്ങളായും ദേവീപരങ്ങളായുമുള്ള സ്തുതികൾക്കുപുറമേ ഓരോ അവസരത്തിൽ നേരിട്ട കുടുംബദുഃഖങ്ങളുടെ ശമനത്തിനായി വിവിധ ദേവതകളെ പ്രാർത്ഥിക്കുന്ന ‘ദിനാക്രന്ദനസ്തവങ്ങ’ളുമുണ്ടു്. ഈ സ്തവങ്ങൾ വിശേഷിച്ചും ഹൃദയങ്ഗമങ്ങളാണു്. കവിയുടെ പത്നിയ്ക്കു നേരിട്ട കർണ്ണരോഗത്തെപ്പറ്റി അനുവാചകന്മാരെ ആകമാനം കരയിക്കുന്ന ഒരു വിലാപം അദ്ദേഹം എഴുതീട്ടുണ്ടു്. അതിലെ ഒരു ശ്ലോകമാണു് താഴെ കാണുന്നതു്.
ഇതും ചില ഖണ്ഡകൃതികളുടെ സമുച്ചയമാണു്. പല കൂട്ടുകവിതകൾക്കും, മുകുന്ദപുരത്തു കൊറ്റനല്ലൂർ കുട്ടപ്പിള്ളിമന കൃഷ്ണൻനമ്പൂരിയുടെ ദേഹവിയോഗത്തെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ‘കൃഷ്ണപ്പ’നും പുറമെ മഹന്റെ ഉൽക്കൃഷ്ടകൃതികളിൽ ഒന്നായ ‘കിഞ്ചിച്ഛേഷവും’ ഇതിൽ അടങ്ങിയിരിക്കുന്നു. കിഞ്ചിച്ഛേഷത്തിൽനിന്നു പുതുമോടികളെ അവഹേളനം ചെയ്യുന്ന ഘട്ടത്തിലുള്ള ഒരു മനോഹരമായ ശ്ലോകം ചുവടേ ചേർക്കാം.
നിരവധി സാരോപദേശങ്ങൾ ഈ കൃതിയിൽ കവി ഉൾക്കൊള്ളിച്ചിട്ടുണ്ടു്.
ഇതു കവി അഞ്ചു സർഗ്ഗങ്ങളിൽ രചിച്ചിട്ടുള്ള ഒരു സരസകാവ്യമാണു്. പുരാണകഥ വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ടു്. ഒരു ശ്ലോകം ഉദ്ധരിക്കാം.
മഹാത്മാഗാന്ധി തന്റെ സഹധർമ്മിണിക്കു നൽകുന്ന സദുപദേശമാണു് ഈ കാവ്യത്തിലെ വിഷയം. പല പുരാണകഥകളേയും മറ്റും ഇതിൽ സംക്ഷിപ്തമായും എന്നാൽ സമഞ്ജസമായും പ്രതിപാദിച്ചിരിക്കുന്നു. അനേകം വേദാന്തതത്വങ്ങളും എടുത്തുകാണിച്ചിട്ടുണ്ടു്. നോക്കുക ഒരു വേശ്യയുടെ ചിത്രം.
രസികരഞ്ജിനീ മാസികയിൽ വള്ളത്തോൾ നാരായണമേനോന്റെ തപതീസംവരണം, ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ അജാമിളമോക്ഷം, നടുവം മഹന്റെ മഹിഷമർദ്ദനം എന്നീ മൂന്നു വഞ്ചിപ്പാട്ടുകൾ തുടരെത്തുടരെ പ്രസിദ്ധീകരിക്കുകയുണ്ടായി. മൂന്നും നന്നായിട്ടുണ്ടു്. മഹിഷമർദ്ദനംതന്നെയാണു് വളരെ മാറ്റമൊന്നുംകൂടാതെ പിഷാരിയിക്കൽ അമ്മ എന്ന പേരിൽ ഗുരുവായൂരപ്പൻ എന്ന തിരുവാതിരപ്പാട്ടോടുചേർത്തു മുദ്രിതമായിട്ടുള്ളതു്. ഗുരുവായൂരപ്പനെപ്പറ്റി വിശേഷവിധിയായി ഒന്നും പ്രസ്താവിക്കേണ്ടതില്ല. ഗുരുവായൂരപ്പന്റെ കഥയിൽ ഗുരുവായൂരപ്പന്റെ ആഗമനത്തെസ്സംബന്ധിച്ചുള്ള ഐതിഹ്യങ്ങൾ 101 ശ്ലോകങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. മഹിഷമർദ്ദനത്തിന്റെ അവസ്ഥ അതല്ല; ഭാഷയിലെ വഞ്ചിപ്പാട്ടുകളുടെ കൂട്ടത്തിൽ അതിനു് അഭ്യർഹിതമായ ഒരു സ്ഥാനമുണ്ടു്. ചില വരികൾ വായിക്കുക.
മഹൻനമ്പൂരിയുടെ ഫലിതപ്രയോഗത്തെക്കുറിച്ചു പറഞ്ഞുവല്ലോ. അതിനുകൂടി രണ്ടുദാഹരണങ്ങൾ കാണിക്കാഞ്ഞാൽ പ്രകരണം പൂർണ്ണമാകുന്നതല്ല. സർക്കാരിലേക്കു തീവണ്ടിയ്ക്കായെടുത്ത കുടുംബവസ്തുവിനു പൊന്നുംവില കിട്ടാനുള്ള താമസത്തെപ്പറ്റി പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചനു് അയച്ച ഒരു കത്തിൽ കവി ഇങ്ങനെ എഴുതുന്നു.
മഹിഷമർദ്ദനത്തിന്റെ അവസാനത്തിൽ ഒറവങ്കരക്കൃതികളുടേയും ശീവൊള്ളിക്കൃതികളുടേയും ഛായയിലുള്ള ഒരു പ്രാർത്ഥന കൂടി കാണ്മാനുണ്ടു്. അതാണു് താഴെച്ചേർക്കുന്നതു്.
കൊടുങ്ങല്ലൂർത്തലൂക്കിൽ മേത്തല അംശത്തിൽ കാത്തുള്ളി എന്നൊരു പ്രസിദ്ധമായ ഗൃഹമുണ്ടു്. ആ ഗൃഹത്തിൽ കല്യാണിയമ്മയുടേയും കൊടുങ്ങല്ലൂർ പുല്ലുറ്റംശം മാമ്പറയില്ലത്തെ നാരായണൻനമ്പൂരിയുടേയും പുത്രനായി അച്യുതമേനോൻ 1026-ാമാണ്ടു മകരമാസം 8-ആംനു- ഭരണി നക്ഷത്രത്തിൽ ജനിച്ചു. അക്കാലത്തു കാരണവരായ ഇട്ടിരാരിച്ച മേനോന്റെ ഭരണത്തിൽ ആ തറവാടു സമ്പത്സമൃദ്ധമായിത്തീർന്നു. അച്യുതമേനോനെ പ്രഥമപാഠങ്ങൾ പഠിപ്പിച്ചതു് ചിങ്ങപുരത്തു് അച്യുതവാരിയരായിരുന്നു. അന്നു തന്നെ നമ്മുടെ കവിക്കു ഭാഷാസാഹിത്യത്തിൽ ഉണ്ടായിരുന്ന അഭിരുചി തന്റെ മാതാവു് എഴുത്തച്ഛൻപാട്ടുകൾ കർണ്ണാനന്ദകരമായി വായിക്കുന്നതിൽ നിപുണയായിരുന്നതിനാൽ തദ്വാരാ ഒന്നുകൂടി വർദ്ധിച്ചു. ജൈമിനീയാശ്വമേധം കിളിപ്പാട്ടിൽ ആ സുചരിതയെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
അനന്തരം വിദ്വാൻ കുഞ്ഞിരാമവർമ്മൻതമ്പുരാന്റെ ശിഷ്യനായി സംസ്കൃതം അഭ്യസിച്ചുതുടങ്ങി. എന്നാൽ കാവ്യനാടകാലങ്കാരങ്ങൾ പഠിച്ചുകഴിഞ്ഞപ്പോൾ തറവാട്ടിലേക്കു പരമ്പരയായി സിദ്ധിച്ചിരുന്ന അംശംമേനോൻപണി നോക്കേണ്ടിവന്നതിനാൽ ശാസ്ത്രാഭ്യാസത്തിനു് സൗകര്യം ലഭിച്ചില്ല. തനിക്കു തീരെ അഭിമതമല്ലാത്ത ആ പണിയിൽനിന്നു കഴിയുന്ന വേഗത്തിൽ പിരിഞ്ഞു സ്വാതന്ത്ര്യം നേടി എന്നു പറഞ്ഞാൽ കഴിഞ്ഞുവല്ലോ.
കൊടുങ്ങല്ലൂർക്കോവിലകത്തു് ഒരു ‘നിത്യ’നെപ്പോലെ കഴിഞ്ഞുകൂടിയിരുന്ന അച്യുതമേനോനു് അവിടത്തെ മഹാകവികളുമായി നിരന്തരസമ്പർക്കം പുലർത്തുന്നതിനും കവിതാപരീക്ഷകളിൽ മത്സരിക്കുന്നതിനും ലഭിച്ച അവസരം അദ്ദേഹം നിഷ്പ്രയോജനമാക്കിയില്ല. ശബ്ദാലങ്കാര പ്രയോഗത്തിൽ അദ്ദേഹത്തിനു് അത്യധികമായ പ്രതിപത്തിയുണ്ടായിരുന്നു. “അതിപ്രാസമെണ്ണിപ്പെറുക്കി-ശ്ശോഷിച്ചീടാതെ കുത്തിത്തിരുകിവിടുവതിന്നച്യുതൻ” എന്നും മറ്റുമുള്ള പ്രശംസകളാണു് അദ്ദേഹം സഹചാരികളിൽനിന്നു സമാർജ്ജിച്ചിരുന്നതു്. കൊച്ചുണ്ണിത്തമ്പുരാന്റെ പത്നിയായ ജാനകി അമ്മ അച്യുതമേനോന്റെ വൈമാത്രേയിയായ ഒരു കനിഷ്ഠസഹോദരിയായിരുന്നു എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ ബന്ധവും അദ്ദേഹത്തിന്റെ കവിതാനിർമ്മാണത്തിനു് ഉത്തേജകമായി. എങ്കിലും ആകസ്മികമായി വന്നുചേർന്ന കുടുംബചിഛിദ്രം നിമിത്തം ഏതാനും കൊല്ലത്തേക്കു് അദ്ദേഹം സാഹിതീസേവനത്തിൽനിന്നു വിരമിക്കേണ്ടിവന്നു. തറവാട്ടിനു് ആ ഛിദ്രംനിമിത്തം സാരമായ സമ്പൽക്ഷയമുണ്ടായി. വീണ്ടും കൊച്ചുണ്ണിത്തമ്പുരാന്റേയും കുഞ്ഞിക്കുട്ടൻ തമ്പുരാന്റേയും ഉപദേശമനുസരിച്ചു കവിതാനിർമ്മാണത്തിൽ ഏർപ്പെടുകയും യാവജ്ജീവം ആ കൃത്യം നിർവിഘ്നമായി അനുഷ്ടിക്കുകയും ചെയ്തു. മലയാളമനോരമയുടെ ആവിർഭാവകാലംമുതല്ക്കുതന്നെ അച്യുതമേനോൻ പത്രങ്ങളിലും മാസികകളിലും കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. 1095 തുലാമാസം 15-ആംനു- യശശ്ശരീരനായി.
അച്യുതമേനോൻ പ്രകൃത്യാ ശാന്തനും വിനീതനുമായിരുന്നു. വെണ്മണിമഹൻ കലശലായി എതിർത്തതുകൊണ്ടു തന്റെ കവിപുഷ്പമാല പ്രസിദ്ധീകരിക്കുകയുണ്ടായില്ല. അദ്ദേഹത്തെപ്പോലെതന്നെ അനേകം കൃതികൾ ആരംഭിച്ചുവെങ്കിലും അവയിൽ പലതും പൂർത്തിയാക്കാതെ വിട്ടുകളഞ്ഞു. ഏതു സാഹിത്യസമിതിയിൽച്ചെന്നാലും അദ്ദേഹത്തിനു ബഹുമാന്യമായ ഒരു സ്ഥാനമുണ്ടായിരുന്നു. കവിതാവിഷയത്തിൽ അദ്ദേഹത്തിന്റെ ശ്രദ്ധ അധികമായി ശബ്ദസൗഷ്ഠവത്തിലാണു് പതിഞ്ഞതു്. സംസ്കൃതവൃത്തങ്ങളെ അപേക്ഷിച്ചു ഭാഷാവൃത്തങ്ങളാണു് അദ്ദേഹത്തിനു കൂടുതൽ വശംവദങ്ങളായിരുന്നതു് എന്നും പറയേണ്ടതുണ്ടു്.
അച്യുതമേനോന്റെ കൃതികളിൽ അതിപ്രധാനമായുള്ളതു്. (1) ജൈമിനീയാശ്വമേധം കിളിപ്പാട്ടാണു്. അതിനും പുറമേ, (2) രുക്മിണീസ്വയംവരം കാവ്യം പൂർവഭാഗം, (3) സതീനിദർശനം കാവ്യം, (4) നാഗാനന്ദം നാടകം (തർജ്ജമ), (5) കവിപുഷ്പമാല, (6) പ്രതാപമുകുടചരിതം കാവ്യം, (7) ആനന്ദരാമായണം കിളിപ്പാട്ടു്, (8) വിക്രമാദിത്യചരിതം കിളിപ്പാട്ടു്, (9) കുലടാഗഹണം കാവ്യം എന്നീ ഗ്രന്ഥങ്ങൾ കൂടി അദ്ദേഹത്തിന്റെ വകയായുണ്ടു്. സതീനിദർശനത്തിൽ സീതാദേവിയുടെ ചാരിത്രത്തെക്കുറിച്ചുള്ള ഒരു വ്യാഖ്യാനമാണു് വിഷയം. രുക്‍മിണീസ്വയംവരം ഒടുവിലത്തെ കൃതിയാണു്. അതിന്റെ മധ്യോത്തരഭാഗങ്ങൾ കൊച്ചുണ്ണീത്തമ്പുരാൻ രചിച്ചതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ കൃതിക്കു പ്രത്യേകമായ ആകർഷകത്വമൊന്നുമില്ല. വെണ്മണിമഹന്റെ ഭൂതിഭൂഷചരിതത്തെ അനുകരിച്ചു് എഴുതിയ ഒരുദീർഘകാവ്യമാണു് പ്രതാപമകുടചരിതം. അതിൽ ഏതാനും ചില ശ്ലോകങ്ങൾ കണ്ടുകിട്ടീട്ടുള്ളു. ആകെ മൂവായിരം ശ്ലോകങ്ങളുള്ളതായി കൊച്ചുണ്ണിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുണ്ടു്. നാഗാനന്ദം വൃത്താനുവൃത്തമായാണു് തർജ്ജമ ചെയ്തിരിക്കുന്നതു്. അതിലെ
എന്ന ശ്ലോകം പ്രസിദ്ധമാണു്. ആറുമുതല്ക്കുള്ള ഗ്രന്ഥങ്ങൾ പൂർണ്ണങ്ങളല്ലെന്നു തോന്നുന്നു. അവകൂടാതെ അച്യുതമേനോൻ ഒട്ടുവളരെ കൈകൊട്ടിക്കളിപ്പാട്ടുകളും ഉണ്ടാക്കിയിട്ടുണ്ടു്. അവയെപ്പറ്റി ഇവിടെ പ്രസ്താവിക്കുന്നില്ല.
കാത്തുള്ളിയുടെ യശസ്സിനെ കല്പാന്തസ്ഥായിയാക്കുവാൻ ജൈമിനീയാശ്വമേധം കിളിപ്പാട്ടു് ഒന്നുമാത്രം മതി. എഴുത്തച്ഛന്റെ മഹാഭാരതത്തോടു് ഏറെക്കുറെ കിടനില്ക്കുകയും പദഘടനയിൽ അതിനേക്കാൾ ഉൽക്കൃഷ്ടം എന്നു പറയേണ്ടതുമായ ഒരു ശുകഗാനാമാണു് പ്രസ്തുതകൃതി. ദൈർഘ്യത്തിൽ അതിനു സമമായ കിളിപ്പാട്ടു് വേറെ ഒന്നുമില്ല. 1065-ൽത്തന്നെ കവി ആ മഹാവ്യവസായത്തിൽ ഏർപ്പെട്ടിരുന്നതായി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഒരെഴുത്തിൽനിന്നറിയുന്നു. വ്യാസഭാരതത്തിനുപുറമേ ജൈമിനിമഹർഷിയും ഒരു ഭാരതം എഴുതി എന്നാണു് ഐതിഹ്യം. എന്നാൽ അതിൽ അശ്വമേധപർവ്വം മാത്രമേ കണ്ടുകിട്ടീട്ടുള്ളു. അതിന്റെ ഒരു തമിഴുതർജ്ജമ ഒരു ശാസ്ത്രിയുടെ സഹായത്തോടുകൂടി വായിച്ചു മനസ്സിലാക്കി. ആ ഗ്രന്ഥമാണു് കവി ആദ്യം ഭാഷപ്പെടുത്തുവാൻ തുടങ്ങിയതു കുഞ്ഞിക്കുട്ടൻതമ്പുരാൻ അതറിഞ്ഞപ്പോൾ സംസ്കൃതത്തിലുള്ള മൂലഗ്രന്ഥംതന്നെ വരുത്തിക്കൊടുക്കുകയും, അതിനു മുൻപെഴുതിയ ഭാഗങ്ങൾ കാത്തുള്ളി അതിനെ ആസ്പദമാക്കി പരിഷ്കരിക്കുകയും ചെയ്തു. കുഞ്ഞിക്കുട്ടൻതമ്പുരാൻ കാത്തുള്ളിയുടെ തർജ്ജമ കൂടെക്കൂടെ പരിശോധിച്ചു തിരുത്തുകയും അപ്പോഴപ്പോൾ വേണ്ട ഉപദേശങ്ങൾ നല്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ വളരെക്കാലത്തെ പ്രയത്നത്തിന്റെ ഫലമാണു് ആ കാവ്യകൗസ്തുഭം. തെലുങ്കുഭാഷയിൽ പിന്നവീരഭദ്രയ്യാ ക്രി.പി. പതിനഞ്ചാം ശതകത്തിലും കർണ്ണാടകഭാഷയിൽ ലക്ഷ്മീശൻ പതിനെട്ടാം ശതകത്തിലും ആ കൃതി തർജ്ജമ ചെയ്തിട്ടുണ്ടു്.കവിയശസ്സിൽ അശേഷം കാംക്ഷയില്ലാതിരുന്നതുകൊണ്ടു കാത്തുള്ളി അതു തന്റെ ജീവിതകാലത്തിൽ പ്രസിദ്ധീകരിച്ചില്ല. അദ്ദേഹത്തിന്റെ മരണാനന്തരം 1097-ൽ കൊച്ചുണ്ണിത്തമ്പുരാൻ ആ കാവ്യം വീണ്ടും പരിശോധിച്ചു പ്രകാശനം ചെയ്യിച്ചു. ജൈമിനിമഹർഷി ജനമേജയമഹാരാജാവിനോടു് ആഖ്യാനം ചെയ്തതാണു് ആ ഇതിഹാസമാന്നു് ഉപക്രമത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ആകെ അഞ്ചു ഭാഗങ്ങൾ അടങ്ങീട്ടുണ്ടു്. വ്യാസഭാരതത്തിൽ ഇല്ലാത്ത പല കഥകളും അതിൽ വായിക്കാവുന്നതാണു്. അനേകം ഭക്തന്മാരുടെ ചരിത്രങ്ങൾ വളരെ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. സുപ്രസിദ്ധമായ ചന്ദ്രഹാസചരിതം ആ ഗ്രന്ഥത്തിലുള്ളതാണു്. കാത്തുള്ളിയുടെ കമനീയമായ കാവ്യശൈലി. ഏതാനും ഈരടികൾ പകർത്തി പ്രദർശിപ്പിക്കാം.
ഇനി രണ്ടുമൂന്നു മുക്തകങ്ങൾമാത്രം എടുത്തുകാണിക്കാനുണ്ടു്.
ഒരിക്കൽ പായ്ക്കാട്ടു നമ്പൂരിപ്പാടു് എന്ന കവിമ്മന്യൻ അച്യുതമേനോനു് ഒരു ശ്ലോകമെഴുതി അയച്ചതിൽ പൂർവാർദ്ധം വസന്തതിലകവും ഉത്തരാർദ്ധം ശാർദ്ദൂലവിക്രീഡിതവുമായിപ്പോയി. അതിനു മേനോന്റെ മറുപടിയാണു് താഴെക്കുറിക്കുന്നതു്.
ഉമാരമാസംവാദം:
സമസ്യാപൂരണം:
ഇതിൽ ചതുർത്ഥപാദമാണു് സമസ്യ.
കൊച്ചിരാജ്യത്തു കല്ലൂർ മുതലായ മനകളെപ്പോലെ മന്ത്രവാദത്തിനു പ്രാചീനകാലം മുതല്ക്കു തന്നെ കേൾവിപ്പെട്ടതായി കോശ്ശാപ്പിള്ളീ എന്നൊരില്ലമുണ്ടായിരുന്നു. ആ ഇല്ലം അന്യംനിന്നപ്പോൾ-ആ ഇല്ലത്തെ ഒരു നമ്പൂരി തന്റെ സുഹൃത്തായ കണ്ടാരത്തു നമ്പൂരിയെ രക്ഷിക്കുവാൻ ചോറ്റാനിക്കര ഭഗവതിയെക്കൊണ്ടു് ഒരു യക്ഷിയെ സംഹരിച്ചു എന്നും അതിന്റെ ഫലമായാണു് ആ ഇല്ലം അന്യംനില്ക്കുവാൻ ഇടയായതെന്നും ഒരൈതിഹ്യമുണ്ടു്-പ്രസ്തുത കുടുംബത്തിലെ വസ്തുവകകൾ മുകുന്ദപുരം താലൂക്കിൽ കല്ലൂരംശം വത്തിശ്ശേരിയിൽ ഒറവങ്കര ഇല്ലത്തേക്കു് ഒതുങ്ങി;അതോടു കൂടി മന്ത്രവാദത്തിൽ വൈദഗ്ദ്ധ്യവും ആ കുടുംബത്തിലേക്കു സംക്രമിച്ചു. നീലകണ്ഠൻനമ്പൂരി ഒറവങ്കര ശങ്കരൻനമ്പൂരിയുടെ ആദ്യത്തെ വേളിയിൽ ജനിച്ച പ്രഥമപുത്രനായിരുന്നു. രണ്ടാമത്തെ വേളിയിൽ അതിനു കുറേ മുമ്പു ശങ്കരൻ നമ്പൂരി എന്നൊരു പുത്രൻ കൂടി ജനിച്ചിരുന്നു. നമ്മുടെ കവിയുടെ ജനനം 1032-ാമാണ്ടു് ഇടവമാസം 25-ആംനു- തൃക്കേട്ട നക്ഷത്രത്തിലായിരുന്നു. സംസ്കൃതത്തിൽ പ്രാഥമിക പാഠങ്ങൾ ശങ്കരൻനമ്പൂരിയിൽനിന്നുതന്നെയാണു് അഭ്യസിച്ചതു്. പിതാവിൽനിന്നു കുറെ മന്ത്രവാദവും ഗ്രഹിച്ചു. 1049 കർക്കടകത്തിൽ കൊടുങ്ങല്ലൂരിലേക്കു പോയി വിദ്വാൻ കുഞ്ഞിരാമവർമ്മൻതമ്പുരാന്റെ കീഴിൽ ആറേഴു കൊല്ലം നിഷ്കർഷിച്ചു സംസ്കൃതം പഠിച്ചു. സിദ്ധാന്തകൗമുദി പൂർവഭാഗവും തർക്കസംഗ്രഹവും വായിച്ചു. 1056-ൽ ഒരു കൊല്ലം കാവിൽ ഭദ്രകാളിയെ ഭജിച്ചു. അതു കഴിഞ്ഞപ്പോൾ ഒന്നാംതരം കവിയും മന്ത്രവാദിയുമായി. കുഞ്ഞിക്കുട്ടൻതമ്പുരാന്റെ സന്തതസഹചാരിയായി പല കവിതാപരീക്ഷകളിലും ചേർന്നു വിജയം നേടി. ഫലിതപ്രയോഗത്തിലായിരുന്നു വാസന അധികം. “ഫലിതമധികമായ് രാജവിപ്രൻ ചമയ്ക്കും” എന്നു കൊച്ചുണ്ണിത്തമ്പുരാനും, “ഫലിതത്തിനു രാജാവും” എന്നു വെണ്മണി മഹനും ആ വിഷയത്തിൽ അദ്ദേഹത്തിനു പ്രശംസാപത്രം നല്കീട്ടുണ്ടു്. അവർ രണ്ടുപേരുമായിരുന്നു അദ്ദേഹത്തിന്റെ കവിതാഗുരുക്കന്മാർ.
1056-ാമാണ്ടിടയ്ക്കു് ഒറവങ്കര ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. ഒരു സംവത്സരം കഴിഞ്ഞപ്പോൾ ആ സാധ്വി പരേതയായി. കുറേക്കാലം നമ്മുടെ കവി കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ പുരസ്കർത്താവായ കൊച്ചി വീര കേരളവർമ്മത്തമ്പുരാന്റേയും വിഷവൈദ്യൻ കൊച്ചുണ്ണിത്തമ്പുരാന്റേയും ഈശ്വരസേവക്കാരനായിരുന്നു. അതു് 1063-ൽ അമ്മ മരിച്ചു ദീക്ഷ കഴിഞ്ഞതിനുശേഷമാണു്. 1068-ൽ അന്ന മനട കിഴക്കേ പോട്ടയിൽ ഇച്ചിക്കുട്ടി പൊതുവാൾസ്യാരുടെ ഭർത്താവായി. മന്ത്രവാദം സംബന്ധിച്ചു പല ദേശങ്ങളിലും സഞ്ചരിക്കുകയും ആ വഴിക്ക് ആവശ്യത്തിനുവേണ്ട ധനം സമ്പാദിക്കുകയും ചെയ്തുവന്നിരുന്നു. 1082-ൽ ഒരു വലിയ വ്യവഹാരത്തിൽ ഏർപ്പെട്ടു. അതിന്റെ ഫലമായി സമ്പത്തും ആരോഗ്യവും ക്ഷയിച്ചു. 1092 ചിങ്ങം 12-ആംനു- പരഗതിയെ പ്രാപിച്ചു. ആ കവിവര്യൻ ശാന്തനും മിതഭാഷിയും സരസനും പരോപകാരിയുമയിരുന്നു.
നീലകണ്ഠൻനമ്പൂരിയെ ‘രാജൻ’ എന്ന പേരിലാണു് സഹൃദയന്മാർ അറിയുന്നതു്. ആ രാജശബ്ദത്തിന്റെ ആഗമത്തെപ്പറ്റി അദ്ദേഹം തന്നെ മലയാളമനോരമയിൽ പ്രസിദ്ധീകരിച്ച ശ്ലോകങ്ങൾ അനുവാചകന്മാർക്കു കൗതുകപ്രദമായിരിക്കും. താഴെ ഉദ്ധരിക്കുന്നവയാണു് ആ ശ്ലോകങ്ങൾ.
ഒറവങ്കരയുടെ കൃതികൾക്കു കൊടുങ്ങല്ലൂർക്കളരിയിലെ മറ്റു കവികളുടെ കൃതികളിൽനിന്നു ചില ഗണനീയങ്ങളായ വ്യത്യാസങ്ങളുണ്ടു്. ആ കളരിയിൽ അഭ്യസിക്കുമ്പോൾ അദ്ദെഹം കവിതാവേഗപരീക്ഷകളിൽ ഏർപ്പെടാറുണ്ടായിരുന്നു. അവയിൽ ഒന്നിന്റെ ഫലത്തെക്കുറിച്ചു് അദ്ദേഹം ഇങ്ങനെ വർണ്ണിക്കുന്നു.
എന്നാൽ ക്ഷണത്തിൽ നിർമ്മിക്കുന്ന കൃതികളുടെ മേന്മ സാമാന്യകവികളുടെ വിഷയത്തിൽ ക്ഷണടംഗുരമാണെന്നു് ആ സൂക്ഷ്മഗ്രാഹി ദൃഢമായി വിശ്വസിച്ചിരുന്നു. തന്നിമിത്തം തന്റെ ഓരോ ശ്ലോകവും കഴിവുള്ളിടത്തോളം ചേതസ്സമാകർഷകമാക്കുന്നതിനു സ്വശക്തി അതിന്റെ പരമാവധിവരെ വിനിയോഗിക്കുന്നതിൽ ആ ഔചിത്യവേദി ബദ്ധശ്രദ്ധനായിരുന്നു. ശബ്ദത്തിൽ അദ്ദേഹത്തിനു് അത്യധികമായ നിഷ്കർഷയുണ്ടായിരുന്നു; എന്നാൽ അതോടുകൂടിത്തന്നെ അർത്ഥത്തിലും തത്തുല്യമായ ജാഗരൂകത വ്യാപരിപ്പിച്ചിരുന്നു. അതുകൊണ്ടു് അദ്ദേഹത്തിന്റെ കൃതികൾ പ്രായേണ ആശയഗംഭീരങ്ങളാണു്. “പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോ”ന്നുന്ന ശ്ലോകങ്ങൾ ഭാഷയിൽ ചമ്പുകാരന്മാരുടെ കാലത്തിനിപ്പുറം ആദ്യമായി രചിച്ചുതുടങ്ങിയതു് അദ്ദേഹമാണെന്നു പറയാം. നമ്പൂരി ദീർഘമായ കൃതി യാതൊന്നുംതന്നെ രചിച്ചിട്ടില്ല. രചിച്ചിട്ടുള്ള കൃതികളിൽത്തന്നെ പലതും അപൂർണ്ണമായും ചിലതെല്ലാം നഷ്ടശിഷ്ടമായും കിടക്കുന്നു. എണ്ണംകൊണ്ടും വണ്ണം കൊണ്ടുമല്ല, ഗുണംകൊണ്ടാണു് അദ്ദേഹം ഒന്നാംകിടയിലുള്ള ഒരു കവിയെന്ന യശസ്സു നേരിയതു്. “ഉൽപതന്തി പഥം വ്യോമ കേചിൽ പ്രാപ്തപദത്രയാഃ” എന്ന വർണ്ണനം അദ്ദേഹത്തിനു യോജിക്കും. അദ്ദേഹത്തിന്റെ ദേവീസ്തോത്രങ്ങൾക്കുള്ള മാഹാത്മ്യം അന്യാദൃശമാണു്. ഭാഷയിൽ അത്തരത്തിലുള്ള സ്തോത്രങ്ങൾ ഒരു കവിയും ഉണ്ടാക്കീട്ടില്ല. അവയിൽ ചിലതിലെല്ലാം അദ്ദേഹത്തിനു മന്ത്രശാസ്ത്രത്തിലുള്ള അഗാധ വിജ്ഞാനം പ്രദർശിപ്പിച്ചിട്ടുണ്ടു്. അപൂർവ്വം ചില ശ്ലോകങ്ങൾക്കു സൗന്ദര്യലഹരിയിലെ ശ്ലോകങ്ങളുടെ മാധുര്യമുണ്ടെന്നുപോലും പറയാവുന്നതാണു്. അർത്ഥാലങ്കാരവിനിവേശത്തിൽ കൊച്ചുണ്ണിത്തമ്പുരാനേയും ഫലിതപ്രയോഗത്തിൽ വെണ്മണി മഹനേയുമാണു് അനുകരിച്ചതെങ്കിലും രാജന്റെ ഓരോ വാങ്മയത്തിലും സ്പഷ്ടമായ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ടെന്നുള്ളതു സഹൃദയന്മാർക്കു സമീക്ഷിക്കുവാൻ പ്രയാസമില്ല.
ഒറവങ്കരയുടെ കൃതികളിൽ, (1) ബാലോപദേശം ഒന്നു മാത്രമേ പൂർണ്ണമായി കിട്ടീട്ടുള്ളൂ. മൂന്നു ഭാഗങ്ങൾ അടങ്ങിയിരിക്കുന്ന ആ കാവ്യം വിദ്യാർത്ഥികളുടെ ആവശ്യത്തെ പുരസ്കരിച്ചു രചിച്ചിട്ടുള്ളതാണു്. (2) കുചേലവൃത്തം ഓട്ടൻതുള്ളലാണു് മറ്റൊരു കൃതി. അതിലെ ചില വരികൾ പൊടിഞ്ഞുപോയിട്ടുള്ള ഒന്നാംകളം മാത്രമേ കിട്ടീട്ടുള്ളൂ. ബാക്കി എഴുതിയോ എന്നറിവില്ല. (3) ഭൈമീപരിണയം എന്നു് അഞ്ചങ്കത്തിൽ ഒരു നാടകം എഴുതിയതായി കേൾവിയുണ്ടു്. അതിലേയും, 200 ശ്ലോകങ്ങളോളം എഴുതിയതായി പറയുന്ന (4) ദേവീമാഹാത്മ്യത്തിലേയും, (5) ശ്രീനാരദോപാഖ്യാനം കാവ്യത്തിലെയും ഏതാനും ശ്ലോകങ്ങൾ ലഭിച്ചിട്ടുണ്ടു്. (6) വെണ്മണിപ്രസ്ഥാനത്തിലെ പരിപാടിയനുസരിച്ചു നൂറു ശ്ലോകങ്ങൾ ഒരു അംബോപദേശം നമ്പൂരിയും നിർമ്മിച്ചിരുന്നു. അതും സമ്പൂർണ്ണമായി കിട്ടീട്ടില്ല. ഇവ നീക്കിയാൽ പ്രധാനമായി അവശേഷിക്കുന്നതു ചില ദേവീപരങ്ങളായ സ്തോത്രങ്ങളാണു്. അവയിൽ രണ്ടുമൂന്നു ദേവീസ്തോത്രങ്ങൾ (9) ദേവീവ്യപാശ്രയസ്തോത്രം, (10) ലക്ഷ്മീസ്തവം, (11) അനാഗസ്തോത്രം, (12) കൃഷ്ണാവനാഷ്ടകം മുതാലായ സ്തോത്രങ്ങൾ പ്രധാനങ്ങളാണു്. (13) പലവകയിൽ ചില പാട്ടുകളും എഴുത്തുകളും സമർപ്പണ ശ്ലോകങ്ങളും ശൃങ്ഗാര ശ്ലോകങ്ങളും മറ്റും ഉൾപ്പെടുന്നു.
രാജന്റെ വിശങ്കടമായ സരസ്വതീ പ്രസാദത്തിനു് ഉദാഹരണങ്ങളായി ചില്ല ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ഒറ്റവങ്കര മരിക്കുന്നതിനു നാലു ദിവസം മുൻപു് ഒടുവിലത്തേതായി ഉണ്ടാക്കിയ പദ്യമാണു് അടിയിൽ കാണുന്നതു്.
ദ്രാവിഡവൃത്തങ്ങളും ആ വശ്യവാക്കിനു സംസ്കൃതവൃത്തങ്ങൾ പോലെതന്നെ സ്വാധീനമായിരുന്നു. നോക്കുക കുചേലവൃത്തം തുള്ളലിലെ ചില ഈരടികൾ.
കണ്ടൂർ നാരായണമേനോൻ കോമത്തു കൃഷ്ണമേനോൻ താസിൽദാരുടേയും കല്യാണിഅമ്മയുടേയും പുത്രനായി 1036-ാമാണ്ടു മിഥുനമാസം 11-ആംനു- ജനിച്ചു. തറവാട്ടുപേരാണു് കുണ്ടൂർ. അതു തൃശ്ശൂർനിന്നു് ആറുമൈൽ തെക്കുള്ള ഊരകംദേശത്തു സ്ഥിതിചെയ്യുന്നു. നാരായണമേനോന്റെ പിതാമഹൻ തൃശ്ശൂർ വടക്കേക്കുറുപ്പത്തു സ്രാമ്പിക്കൽ കൊച്ചുകൃഷ്ണമേനോനും ഒരു താസിൽദാരായിരുന്നു. ഊരകത്തു ഭഗവതിയെ കവി പലകൃതികളിലും വന്ദിച്ചിരിക്കുന്നതായി കാണാം. ബാല്യത്തിൽത്തന്നെ അസാധാരണമായ കവിതാവാസന പ്രദർശിപ്പിച്ചിരുന്ന അദ്ദേഹം മദിരാശിയിൽ പ്രസിഡൻസി കോളേജിൽനിന്നു് 1058-ൽ ബി.എ. പരീക്ഷ ജയിച്ചു. ഐച്ഛികഭാഷ മലയാളമായിരുന്നു എങ്കിലും തന്നത്താൻ പരിശ്രമിച്ചു സംസ്കൃതത്തിലും പരിനിഷ്ഠിതമായ ലോകവ്യുൽപത്തി സമ്പാദിച്ചു. കാളിദാസന്റെ കൃതികളിലാണ് സഹൃദയധുരീണനായ അദ്ദേഹത്തിനു് അനന്യസാമാന്യമായ അഭിരുചി അങ്കുരിച്ചതു്. ബി.ഏ. ജയിച്ചതിനു മേൽ കോഴിക്കോട്ടു പോലീസ്ട്രെയിനിംഗ് സ്ക്കുളിൽ ജോർജ്ജ് ഗന്തറുടെ കീഴിൽ ആ തുറയിലേക്കു വേണ്ട പ്രായോഗിക പരിശീലനം നേടി; കൊച്ചി പോലീസ് സൂപ്രണ്ടിന്റെ ആഫീസിൽ ഹെഡ്ക്ലാർക്കായി. അവിടെനിന്നു പിതൃപിതാമന്മാരാൽ മുമ്പു് അലംകൃതമായ താസിൽദാർപണിയിലേക്കു നിയുക്തനായി. സ്വരാജ്യത്തു മിക്കവാറും എല്ലാതാലൂക്കുകളിലും ആ പണി നോക്കി. ആ നിലയിൽത്തന്നെ പെൻഷൻപറ്റി. സർക്കാർജോലി അത്ര വളരെ അഭികാമ്യമായി അദ്ദേഹത്തിനു് ഒരിക്കലും തോന്നിയിരുന്നില്ല.
എന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ശിശു, കവിത, ചതുരങ്ഗം, മാമ്പഴം ഇവ നാലുകൂട്ടമേ തന്നെ ആകർഷിച്ചിരുന്നുള്ളു എന്നു് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. തന്നിമിത്തം മേലുദ്യോഗസ്ഥന്മാർക്കു കണ്ടൂർ ബുദ്ധിമാനും സത്യസന്ധനുമാണെന്നു് അറിവുണ്ടായിരുന്നു എങ്കിലും അവർ അദ്ദേഹത്തിൽ അലസത തുടരെത്തുടരെ ആരോപിച്ചു. ദിവാൻ രാജഗോപാലാചാര്യരുടെ കാലത്തു് ഒരു മാസത്തെ ശമ്പളം അദ്ദേഹത്തിനു പിഴയിട്ടു; അപ്പോൾ തന്റെ ഫലിതശൈലി വിടാതെ അദ്ദേഹം പറഞ്ഞതു്: “ആകട്ടെ, കൈയിൽനിന്നു് ഒന്നും കൊടുക്കേണ്ടിവന്നില്ലല്ലോ” എന്നാണു്. ദിവാൻ ബാനർജ്ജിയുടെ കാലത്തു് 55 വയസ്സു തികയുന്നതിനുമുൻപു തന്നെ ഉദ്യോഗം രാജിവെച്ചു. പിന്നീടു് കുറേക്കാലം പാലിയം മാനേജരായിരുന്നു. തൃശ്ശൂരിൽ ഒരു ഗൃഹം പുത്തനായി പണിയിച്ചു് അവിടെ താമസമാക്കി. ആ ഗൃഹത്തിൽവച്ചു് 1111-ാമാണ്ടു കർക്കടമാസം 4-ആം നു- യശശ്ശരീരനായി. മരിക്കുന്നതുവരെ പല കവിതകളും രചിച്ചുകൊണ്ടിരുന്നു. പല്ലശ്ശേരി കോമത്തു കുട്ടിപ്പാറുഅമ്മയെയാണു് കുണ്ടൂർ വിവാഹം ചെയ്തതു്. ആ സുചരിത 1121-ൽ മരിച്ചു. ആദ്യത്തെ ബി.ഏ.ക്കാരനായ ഭാഷാകവി കുണ്ടൂരായിരുന്നു. 1065-ൽ വിദ്യാവിനോദിയുടെ ആവിർഭാവംമുതല്ക്കാണു് നിരന്തരമായ സാഹിത്യസേവനത്തിൽ ഏർപ്പെട്ടതു്. സി. പി. അച്യുതമേനോനും അദ്ദേഹവും സുഹൃത്തക്കളായിരുന്നു. 1066-ൽ കൊടുങ്ങല്ലൂർ താസിൽദാരായിരുന്ന കാലത്തു വെണ്മണി മഹൻ, കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ തുടങ്ങിയ മഹാകവികളുമായി സമ്പർക്കം പുലർത്തുന്നതിനുള്ള ഭാഗ്യമുണ്ടായി. അതിനുമുൻപുതന്നെ അദ്ദേഹം വെണ്മണിപ്രസ്ഥാനത്തിൽ കവനം ചെയ്തു പേരെടുത്തു കഴിഞ്ഞിരുന്നു. കൊടുങ്ങല്ലൂരിൽ ചില കവിതാവേഗപരീക്ഷകൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്നിട്ടുണ്ടു്. അവയിലൊന്നിലാണു് കുഞ്ഞിക്കുട്ടൻതമ്പുരാൻ കോട്ടക്കോവിലകത്തുവെച്ചു സന്താനഗോപാലം നാടകം നിർമ്മിച്ചതു്. ശബ്ദത്തിലും അർത്ഥത്തിലും കുണ്ടൂരിനു നല്ല നിഷ്കർഷയുണ്ടായിരുന്നു. പച്ചമലയാളത്തിൽ കവനംചെയ്യുന്ന വിഷയത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാനുപോലും അദ്ദേഹത്തിനു തുല്യമായിരുന്നില്ല. “നല്ലഭാഷ” തിരിയാണെങ്കിൽ “കോമപ്പൻ” അതിൽനിന്നു കൊളുത്തിയ പന്തമാണു്. ഭാഷയിൽ സരസമായ യമകപ്രയോഗത്തിനു് അദ്ദേഹത്തിന്റെ സമീപത്തുപോലും ചെല്ലാവുന്ന ഒരു കവി നാളതുവരെ ജനിച്ചിട്ടില്ല. സംസ്കൃതഗ്രന്ഥങ്ങൾ തർജ്ജമചെയ്യുന്നതിനും അദ്ദേഹത്തിനുള്ള പാടവം അസാധാരണമായിരുന്നു. സജാതീയദ്വിതീയാക്ഷരപ്രാസം സാർവ്വത്രികമായി ദീക്ഷിച്ചു രഘുവംശം തുടങ്ങിയ കൃതികൾ അദ്ദേഹം വിവർത്തനംചെട്തിട്ടുള്ളതു് ആശ്ചര്യകരമായിരിക്കുന്നു. അവയിൽ ചിലതെല്ലാം വൃത്താനുവൃത്തമായാണു് വിവർത്തനംചെയ്തിട്ടുള്ളതു്. അദ്ദേഹത്തെ ശ്ലാഘിക്കേണ്ടതു് മനോഗുണത്തിനാണു്. അത്രമാത്രം അഹങ്കാരരഹിതനായി ഗുണൈകലബ്ധനായി ജീവിച്ചിരുന്ന അദ്ദേഹത്തെ നടുവത്തച്ഛന്റെ മരണാനന്തരം കേരളീയകവികൾ അവരുടെ തറവാട്ടുകാരണവരായി ബഹുമാനിച്ചുവന്നതിൽ അത്ഭുതത്തിനവകാശമില്ല. ഗദ്യരചനയിലും ഗവേഷണത്തിലും തനിക്കുള്ള നൈപുണ്യം അദ്ദേഹം ചെറുശ്ശേരിഭാരതത്തെപ്പറ്റി എഴുതിയ വിപുലമായ നിരൂപണത്തിൽ വെളിപ്പെടുത്തുകയുണ്ടായിട്ടുണ്ടു്. മദിരാശിയിൽവെച്ചു തീപ്പെട്ട കൊച്ചി വലിയതമ്പുരാൻ 1094-ാമാണ്ടു കന്നിമാസത്തിൽ നടത്തിയ ഷഷ്ടിപൂർത്തി ഡർബ്ബാറിൽ, (1)കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ കവി സാർവഭൗമൻ, (2) പന്തളത്തു കേരളവർമ്മത്തമ്പുരാൻ, (3) വള്ളത്തോൾ നാരായണമേനോൻ, (4)കൊട്ടാരത്തിൽ ശങ്കുണ്ണി, (5) കുണ്ടൂർ നാരായണമേനോൻ, (6) ഇതു് എഴുതുന്ന ആൾ, (7) വരവൂർ ശാമുമേനോൻ ഇവർക്കു കവിതിലകൻ, (8) രാമവർമ്മ അപ്പൻതമ്പുരാൻ, (9) സി.വി. രാമൻപിള്ള, (10) റ്റി.കെ.കൃഷ്ണമേനോൻ, (11) സി. പി. അച്യുതമേനോൻ, (12)എം. ശേഷഗിരിപ്രഭു ഇവർക്കു സാഹിത്യകുശലൻ, (13) തരവത്തു് അമ്മാളുഅമ്മ, (14) റ്റി.സി. കല്യാണിഅമ്മ(മിസിസ്സ് റ്റി.കെ. കൃഷ്ണമേനോൻ,ഇവർക്കു സാഹിത്യസഖി എന്നീ ബിരുദങ്ങൾ സമ്മാനിക്കുകയുണ്ടായി.
(1) കോമപ്പൻ, (2) കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, (3) പാക്കനാർ, (4)കണ്ണൺ, (5) അജാമിള മോക്ഷം, (6) സാംബൻ, (7) മറുകത്തു്, (8) ഒരു രാത്രി, (9) അകവൂർ ചാത്തൻ, (10) നാറാണത്തുഭ്രാന്തൻ, (11) വടുതല നായർ, (12) ഒരു വിദ്യ എന്നീ കാവ്യങ്ങളും, (13)കിരാതം പതിന്നാലുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (14) പൂതനാമോക്ഷം വഞ്ചിപ്പാട്ടു്, (15) സുന്ദോപസുന്ദോപാഖ്യാനം വഞ്ചിപ്പാട്ടു് എന്നീ ഗാനങ്ങളും കുണ്ടൂരിന്റെ സ്വതന്ത്രകൃതികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. കൂടാതെ ചിറ്റൂർ വാസുദേവൻനമ്പൂതിരിപ്പാടു്, പ്രമദ്വരാചരിതം, ഉപകോശ, കുശനാഭകന്യാദാനം, ദ്രൗപദീഹരണം, രത്നാവലി എന്നിങ്ങനെ നിരവധി കൂട്ടുകവിതകളുടെ നിർമ്മാണത്തിലും പങ്കുകൊണ്ടിട്ടുണ്ടു്. ഇത്തരത്തിലുള്ള സാഹിത്യവിഷയകമായ സംഭൂയസമുത്ഥാനത്തിൽ അക്കാലത്തെ കവികളിൽ വേറേയും ചില പ്രമുഖന്മാർ ഭാഗഭാക്കുകളായിരുന്നിട്ടുണ്ടു്. എങ്കിലും കുണ്ടൂർക്കൃതികൾ അക്കൂട്ടത്തിലും പ്രായേണ മികച്ചുനില്ക്കുന്നു. കുണ്ടൂർ ഭാഷാന്തരീകരിച്ചിട്ടുള്ള സംസ്കൃതഗ്രന്ഥങ്ങളും വളരെയുണ്ടു്. കാളിദാസന്റെ വാങ്മയങ്ങൾ തർജ്ജമ ചെയ്യുന്നതിൽ അദ്ദേഹം പലപ്പോഴും വ്യാപൃതനായിരുന്നു. അതിന്റെ ഫലമായി (16)മാളവികാഗ്നിമിത്രം നാടകം, (17) കുമാരസംഭവം, (18)രഘുവംശം, (19) മേഘസന്ദേശം, (20) ധനഞ്ജയവിജയവ്യായോഗം, (21)ദൂതഘടോൽകചവ്യായോഗം എന്നീ കൃതികൾ നമുക്കു കിട്ടീട്ടുണ്ട്. അഭിജ്ഞാനശാകുന്തളവും അദ്ദേഹം വിവർത്തനംചെയ്തിരുന്നതായി ചിലർ പറയുന്നു. അതു ശരിയാണെന്നു തോന്നുന്നില്ല. (22) പുഷ്പബാണവിലാസം, (23) അധ്യാത്മരാമായണം ഈ ഗ്രന്ഥങ്ങളും അദ്ദേഹം തർജ്ജ്മചെയ്തിട്ടുണ്ടു്. അധ്യാത്മരാമായണം വൃത്താനുവൃത്തമായാണു് വിവർത്തനം ചെയ്തിട്ടുള്ളതു്. അച്ചടിപ്പിച്ചിട്ടില്ല. ഒടുവിലത്തെ കൃതിയാണു് ടാഗോറിന്റെ ഗീതാഞ്ജലിയുടെ ഭാഷാനുവാദം. ഇത്രയും ഗ്രന്ഥങ്ങളുടെ പേർ ഇവിടെ കുറിച്ചുവെന്നേയുള്ളു. ഇനിയും പലതും ഒട്ടനേകം മാസികകളിലായി ചിന്നിച്ചിതറിക്കിടക്കുന്നു. അവ സമാഹൃതങ്ങളായി കാണുവാൻ സഹൃദയന്മാർക്കുള്ള ആഗ്രഹം അല്പമൊന്നുമല്ല.
കോമപ്പൻ തുടങ്ങിയ ആദ്യത്തെ നാലു കൃതികളും ഒന്നിച്ചുചേർത്തു നാലു ഭാഷാകാവ്യങ്ങൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. പുരാണകഥകളെ ഉപജീവിക്കാതെ വടക്കൻപാട്ടുകളിലും മറ്റും കാണുന്ന കേരളത്തിലെ ചില ഐതിഹ്യാംശങ്ങളെ വിഷയീകരിച്ചു കുണ്ടൂർ നിർമ്മിച്ചിട്ടുള്ള ഈ കാവ്യങ്ങളിൽ വേണം അദ്ദേഹത്തിന്റെ അസുലഭമായ സരസ്വതീപ്രസാദം അതിന്റെ സർവാങ്ഗസുന്ദരമായ ആകൃതിയിൽ ദർശിക്കുവാൻ. സംസ്കൃതത്തിന്റെ സാഹായ്യ്യം കൂടാതെ തനിമലയാളത്തിനു് എത്ര ദൂരം ഉയരാമെന്നും അതിലെ പദങ്ങൾക്കു് എത്രമാത്രം ഊക്കും ഉശിരും അഴകും അന്തസ്സുമുണ്ടെന്നും ഇവ നമുക്കു കരതലാമലകംപോലെ കാണിച്ചുതരുന്നു. ചില ശ്ലോകങ്ങൾ നോക്കുക.
ഈ കാവ്യങ്ങൾ ഓരോന്നിലും നൂറിനുമേൽ ശ്ലോകങ്ങളുണ്ടു്. 175 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന കണ്ണനാണു് ഏറ്റവും ദീർഘം. നാലു കാവ്യങ്ങളും ഒന്നുപോലെ മനോഹരങ്ങളാണു്. ശക്തൻ തമ്പുരാനിലെ കായൽവർണ്ണനത്തിന്റേയും മറ്റും ഹൃദ്യത പറഞ്ഞറിയിക്കുവാൻ പ്രയാസമുണ്ടു്. കണ്ടൂരൂരിന്റെ സദ്യശസ്സുസ്ഥായിയായി നില്ക്കുന്നതു് ഈ കാവ്യങ്ങളിൽത്തന്നെയാണു്.
ഇവയെല്ലാം പ്രായേണ ലഘുകൃതികളാണു്. അജാമിളമോക്ഷമാണു് കവിയുടെ ഒന്നാമത്തെ സ്വതന്ത്രകാവ്യം. അതിൽത്തന്നെ അദ്ദേഹത്തിന്റെ കവനകലാവൈഭവം തികച്ചും പ്രകടിപ്പിച്ചിരിക്കുന്നു. ഒരു ശ്ലോകം നോക്കുക.
“സാംബൻ” വള്ളത്തോൾ നാരായണമേനോന്റെ “ബന്ധനസ്ഥനായ അനിരുദ്ധ”ന്റെ രീതി പിടിച്ചു് എഴുതീട്ടുള്ളതാണു്. വള്ളത്തോളിന്റെ രുക്മിയുടെ കത്തിനു രുക്മിണിയുടെ മറുപടി എന്ന നിലയിലാണു് മറുകത്തു നിർമ്മിച്ചിരിക്കുന്നതു്. കുന്നത്തു ജനാർദ്ദനമേനോൻ ദ്വിതീയാക്ഷരപ്രാസംകൂടാതെ എഴുതിയ ഒരു കൃതിതന്നെ ആ പ്രാസം സമഞ്ജസമായി ഘടിപ്പിച്ചു് പുതുക്കിയെഴുതിയതാണു് ഒരു രാത്രി. അകവൂർ ചാത്തൻ, നാറാണത്തു ഭ്രാന്തൻ, വടുതല നായർ എന്നിവർ പറയിപെറ്റ പന്തിരുകുലത്തിലെ മൂന്നു സഹോദരന്മാരാണല്ലോ. ഇവരെപ്പറ്റിയുള്ള ഓരോ ഐതിഹ്യത്തെ വിഷയീകരിച്ചു രചിച്ചിട്ടുള്ളതാണു് ഒൻപതുമുതൽ പതിനൊന്നുവരെയുള്ള കൃതികൾ. ഒരു ഐന്ദ്രജാലികന്റെ ഹസ്തലാഘവമാണു് ‘ഒരു വിദ്യ’യിൽ പ്രദർശിപ്പിച്ചിരിക്കുന്നതു്. എല്ലാ കൃതികളിലും കണ്ടൂരിന്റെ വ്യക്തിത്വം സ്ഫുടമായി കാണാം. സാംബനിൽനിന്നുമാത്രം ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
തർജ്ജമകളിൽ മാളവികാഗ്നിമിത്രമാണു് ഒന്നാമത്തെ കൃതി. അതു് 1065-നു മുൻപുതന്നെ രചിച്ചു. വൃത്താനുവൃത്തമായാണു് ഭാഷാന്തരീകരണം.
എന്നിങ്ങനെ വിശിഷ്ടങ്ങളായ ശ്ലോകങ്ങൾ അതിലുണ്ടു്.
കുമാരസംഭവം അഞ്ചാം സർഗ്ഗം ആദ്യം മലിനീവൃത്തത്തിൽ തർജ്ജമചെയ്തു; പിന്നീടു് ആ കാവ്യം മുഴുവൻ, എട്ടാം സർഗ്ഗത്തിനുമേൽ പതിനേഴാം സർഗ്ഗംവരെ മറ്റേതോ അപ്രഗല്ഭനായ ഒരു കവി വികൃതമായി എഴുതിച്ചേർത്ത ഭാഗം ഉൾപ്പെടെ, വിവർത്തനം ചെയ്തപ്പോൾ ആ സർഗ്ഗം വംശസ്ഥവൃത്തത്തിൽ മാറ്റിയെഴുതി. രഘുവംശവും ആദ്യന്തം-പത്തൊൻപതാം സർഗ്ഗത്തിന്റെ അവസാനംവരെ-ഭാഷപ്പെടുത്തീട്ടുണ്ടു്. സജാതീയദ്വിതീയാക്ഷരപ്രാസത്തിൽ കഴിയുന്നതും ശ്രദ്ധപതിപ്പിച്ചും, കുമാരസംഭവം പത്താം സർഗ്ഗത്തിലും രഘുവംശം ഒമ്പതാം സർഗ്ഗത്തിലും യമകപ്രാസം നിലനിറുത്തിയുമാണു് തർജ്ജമ. മേഘസന്ദേശം മന്ദാക്രാന്തയിൽത്തന്നെ ഭാഷാന്തരീകരിച്ചു് അതിലും ആ അസിധാരാവ്രതം വിജയപൂർവ്വമായി അനുഷ്ഠിച്ചിരിക്കുന്നു. ഓരോ കാവ്യത്തിൽനിന്നും ഓരോ ശ്ലോകം പകർത്താം.
ഒടുവിലത്തെ പാദത്തിൽ “ന സ്യാദന്യോപ്യമിവ ജനോ യഃ പരാധീനവൃത്തിഃ” എന്ന മൂലത്തിന്റെ തർജ്ജമ പന്തിയായിട്ടില്ലെന്നു സമ്മതിക്കാം. ധനഞ്ജയവിജയം രചിച്ചതു് പന്ത്രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന കാഞ്ചനാചാര്യനാണു്. ദൂതഘടോൽക്കചം തിരുവനന്തപുരത്തുനിന്നു ഭാസനിർമ്മിതമെന്നു സങ്കല്പിച്ചു പ്രസിദ്ധപ്പെടുത്തീട്ടുള്ള ഒരു രൂപകമാണു്. ഗിതാഞ്ജലി മഞ്ജരീവൃത്തത്തിലാണു് ഭാഷപ്പെടുത്തിയിരിക്കുന്നതു്. അതെഴുതുന്ന കാലത്തു ഭാഷാവൃത്തങ്ങൾക്കു പ്രാധാന്യം കൂടിക്കഴിഞ്ഞിരുന്നു. മറ്റു കൃതികളെപ്പറ്റി സ്ഥല ദൗർല്ലഭ്യംനിമിത്തം ഒന്നും പ്രസ്താവിക്കുവാൻ നിർവാഹമില്ലാതെയിരിക്കുന്നു.
കുഞ്ഞികൃഷ്ണമേനോൻ കൊച്ചിതലപ്പിള്ളിത്താലൂക്കിൽ വടക്കാഞ്ചേരി ഏങ്കക്കാടു് അംശത്തിൽ ഒടുവു് എന്ന തറവാട്ടിൽ 1045-ാമാണ്ടു തുലാമാസം 10-ആംനു- തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. പിതാവു് ആലത്തൂർ ജനാർദ്ദനൻനമ്പൂതിരിപ്പാടും മാതാവു് ഒടുവിൽ കുഞ്ഞിക്കുട്ടിയമ്മയുമായിരുന്നു. ജനാർദ്ദനന്നമ്പൂരിപ്പാടു കുഞ്ഞുണ്ണി എന്ന ഓമനപ്പേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണു് ആലത്തൂർ അനുജൻനമ്പൂരിപ്പാടു്. ജനാർദ്ദനൻനമ്പൂരിപ്പാടു് ആ രണ്ടു വിവാഹങ്ങൾക്കും പുറമേ പാലിയത്തു് ഒരു സംബന്ധവും ചെയ്തിരുന്നു. ആ വിവാഹത്തിലാണു് പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചന്റെ ജനനം. കുഞ്ഞിക്കൃഷ്ണമേനോനെപ്പോലെ അവരും കവികളായിരുന്നു. കുഞ്ഞിക്കൃഷ്ണമേനോന്റെ കനിഷ്ഠസഹോദരനായി 1059-ൽ ജനിച്ച ശങ്കരൻകുട്ടിമേനോനും കവികളുടെ ഗണനയിൽ സ്ഥാനമുണ്ടു്.
കുഞ്ഞിക്കൃഷ്ണമേനോന്റെ തറവാടു ധനപുഷ്ടിയുള്ളതായിരുന്നില്ല. തന്നിമിത്തം അദ്ദേഹത്തിനു വിദ്യാഭ്യാസവിഷയത്തിൽ വളരെ ക്ലേശം സഹിക്കേണ്ടിവന്നുവെങ്കിലും സ്വാശ്രയശക്തികൊണ്ടു് സകല പ്രതിബന്ധങ്ങളേയും തട്ടിനീക്കി അദ്ദേഹം ധൈര്യപൂർവ്വം പുരോഗമനംചെയ്തു. 1061-ൽ ആദ്യം എറണാകുളത്തും പിന്നീടു മദിരാശിയിലും പഠിച്ചു് 1096-ൽ എഫ്. ഏ. പരീക്ഷ ജയിച്ചു്, അന്നു പ്രൈമറിസ്ക്കൂളിൽനിന്നു മിഡിൽസ്ക്കൂളായി ഉയർന്നിരുന്ന വടക്കാഞ്ചേരി ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ ഹെഡ്മാസ്റ്റരായി രണ്ടു കൊല്ലം പണിനോക്കി. തിരുവനന്തപുരത്തു രാജകീയ കോളേജിൽ ചേർന്നു പഠിച്ചു് 1073-ൽ ബി.ഏ.പാസ്സായി. അക്കാലത്തു മലയാളമനോരമയ്ക്കു പല ലേഖനങ്ങളുമെഴുതി വറുഗീസുമാപ്പിളയുടെ ധനസാഹായ്യ്യം സമ്പാദിച്ചതിനു പുറമേ തിരുവനന്തപുരത്തു ശങ്കരയ്യർ എന്ന പുസ്തകവ്യാപാരിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച “രാമരാജൻ” എന്ന പത്രത്തിന്റെ ആധിപത്യം വഹിച്ചു് ആ വഴിക്കും അല്പം ആദായമുണ്ടാക്കി. സാധാരണന്മാരാരും ആ പരിതഃസ്ഥിതിയിൽ അത്ര വളരെ ഉയരാറില്ല.
ഒടുവു് ബി.ഏ. ജയിച്ചു തിരിയെ കൊച്ചിയിൽ ചെന്നപ്പോൾ അദ്ദെഹത്തിനു ഹജൂരാപ്പീസിൽ ഒരു ഗുമസ്തന്റെ ജോലി കിട്ടി. പിന്നീടു സംപ്രതിയായി ചിറ്റൂർ, തലപ്പിള്ളി, തൃശ്ശിവപേരൂർ എന്നീ താലൂക്കുകളിൽ സേവനമനുഷ്ഠിച്ചു് ആ നിലയിൽനിന്നു യഥാകാലം ഉയർന്നു കൊടുങ്ങല്ലൂർ തഹശീൽമജിസ്ട്രേട്ടായി. അതിനു മുൻപുതന്നെ വെണ്മണിപ്രസ്ഥാനമനുസരിച്ചു കവിതകൾ രചിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു് അപ്പോൾ മാത്രമാണു് കൊടുങ്ങലൂർ തമ്പുരാക്കന്മാരുമായി സൗഹാർദ്ദബന്ധത്തിൽ ഏർപ്പെടുവാൻ സാധിച്ചതു്. പിന്നീടു് ഇരിങ്ങാലക്കുട, കൊച്ചി, എറണാകുളം എന്നീ താലൂക്കുകളിൽ മജിസ്ട്രേട്ടായിരുന്നു. എറണാകുളത്തുവച്ചു പ്രമേഹരോഗം മൂർച്ഛിച്ചു് 1091 ഇടവം 5-ആംനു- യശശ്ശ്രീരനായി. കുഞ്ഞിക്കൃഷ്ണമേനോൻ വാഴ്ചയൊഴിഞ്ഞ കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലെ പത്നിയുടെ കനിഷ്ഠസഹോദരിയായ ഇട്യാണത്തു മൂകാംബിഅമ്മയെ 1073-ൽ വിവാഹം ചെയ്തു. 1080-ൽ ആ സാധ്വി മരിച്ചു. അനന്തരം ഭഗവൽഗീത, ബാലവതീരാമകുമാരം മുതലായ കൃതികളുടെ പ്രണേതാവായ സബ്ജഡ്ജി റ്റി.വി. അനന്തൻനായർ ബി.ഏ. എല്ലിന്റെ ദ്വിതീയപുത്രി തൃശ്ശൂർ ആളത്തു പുരുതൽ വീട്ടിൽ ചിന്നമ്മുഅമ്മയെന്ന നാരായണിഅമ്മയെ ഭാര്യയായി സ്വീകരിച്ചു. ആ യുവതി ഒരു സാഹിത്യരസികയായിരുന്നു. ചിന്നമ്മുഅമ്മ 1086-ൽ പരേതയായതിനുമേൽ പഴയന്നൂർ ആച്ചാട്ടിൽ കൊച്ചുകുട്ടിഅമ്മയുടെ ഭർത്താവായി.
കുഞ്ഞിക്കൃഷ്ണമേനോൻ ഭാഷാസാഹിത്യത്തെ ബഹുമുഖമായി സേവിച്ചിട്ടുണ്ടു്. ഒരു കവി, ലഘുകഥാകാരൻ, പത്രപ്രവർത്തകൻ, ഗ്രന്ഥവിമർശകൻ, എന്നിങ്ങനെ പല നിലകളിൽ, അദ്ദേഹം ഉന്നതമായ ഒരു പദവി സ്വായത്തമാക്കി.
ഒടുവു് വളരെ ബാല്യത്തിൽത്തന്നെ കവിത എഴുതിശ്ശീലിച്ചു് അസുലഭമായ വാസനനിമിത്തം അക്കാലത്തുതന്നെ ആ വഴിക്കു യശസ്സു് ആർജ്ജിക്കുവാൻ ആരംഭിച്ചു. സംസ്കൃതത്തിൽ പറയത്തക്ക പാണ്ഡിത്യം നേടുവാൻ അദ്ദേഹത്തിനു് ഒരിക്കലും സൌകര്യം ലഭിച്ചില്ല. എങ്കിലും പ്രതിഭയുടെ പരിപൂർണ്ണമായ പ്രകാശത്താൽ അനവദ്യമായ ലക്ഷ്യശുദ്ധി സിദ്ധിച്ചു്, ഒരു പണ്ഡിതപ്രവേകന്റെ നിലയിൽ പരിലസിക്കുവാൻ അദ്ദേഹത്തിനു കഴിവുണ്ടായി. 1068-ൽ കോഴിക്കോട്ടു നടന്ന ഭാഷാപോഷിണീസഭയുടെ സമ്മേളനത്തിൽ മത്സരിച്ചു സമ്മാനം വാങ്ങി. എറണാകുളത്തു് എഫ്. ഏ. ക്ലാസ്സിൽ പഠിക്കുന്നകാലത്തു് എഴുതിയ താഴെ കാണുന്ന ഒരു വർണ്ണനാശ്ലോകത്തിൽ അദ്ദേഹത്തിന്റെ കവനസംബന്ധമായ സിദ്ധികളിൽ പലതും അവയുടെ അങ്കുരാവസ്ഥയിൽ കാണാം.
അദ്ദേഹം ദീർഘകാവ്യങ്ങൾ ഒന്നും രചിച്ചിട്ടില്ല. എങ്കിലും വൻകിടയിലുള്ള ഒരു കാവ്യകാരനായാണു് അദ്ദേഹത്തെ ലോകം ബഹുമാനിച്ചുവരുന്നതു്. കറകളഞ്ഞതും കരടറ്റതും ശബ്ദാലങ്കാരമധുരവുമായ ഭാഷാശൈലിയും, വക്തവ്യമായ ആശയം വളച്ചുകെട്ടുകൂടാതെ നവനവോല്ലേഖങ്ങൾ ഘടിപ്പിച്ചു് ആവിഷ്കരിക്കുന്നതിനുള്ള പാടവവും അദ്ദേഹത്തിനു് ഏതവസരത്തിലും സ്വാധീനങ്ങളായിരുന്നു. നിരർത്ഥകപദങ്ങൾ ഒരിടത്തും കടന്നുകൂടീട്ടില്ല. ഫലിതംകൊണ്ടു കടുകുവറുക്കുന്ന വിദ്യ അദ്ദേഹത്തെപ്പോലെ പ്രദർശിപ്പിച്ചിട്ടുള്ള കവികൾ അപൂർവ്വമാണു്. ഒടുവിന്റെ പൊടിക്കൈകൾ സുപ്രസിദ്ധങ്ങളാണല്ലോ. ഏതെങ്കിലും ഒരുവിധത്തിൽ അനുവാചകന്മാരെ രസിപ്പിക്കുന്നതിനു പര്യാപ്തമല്ലാത്ത ഒരൊറ്റ ശ്ലോകമോ, ഈരടിയോ അദ്ദേഹം എഴുതീട്ടില്ലെന്നുതന്നെ പറയാം. പൂർവ്വസൂരികളുടെ പന്ഥാവിനെത്തന്നെയാണു് അദ്ദേഹം അനുവർത്തിച്ചതെങ്കിലും പാശ്ചാത്യവിദ്യാഭ്യാസജന്യമായ സംസ്കാരത്തിന്റെ പ്രതിഫലനവും അദ്ദേഹത്തിന്റെ കവിതകളിൽ പല ഘട്ടങ്ങളിലും സമീക്ഷിക്കുവാൻ കഴിയും. ചുരുക്കിപ്പറയുകയാണെങ്കിൽ സരസകവി എന്ന ബിരുദത്തിനു് അദ്ദേഹത്തെക്കാൾ അർഹനായി ആരും കേരളത്തിൽ ആധുനികകാലത്തിൽ ജീവിച്ചിരുന്നിട്ടില്ല.
(1) വിനോദിനി, (2) ലക്ഷ്മീവിലാസശതകം, (3) അന്തർജ്ജനത്തിന്റെ അപരാധം, (4) ഒരു പോലീസ് ഇൻസ്പെക്ടറുടെ വധം, (5) ഒരു പതിവ്രതയുടെ കഥ, (6) കുംഭകോണയാത്ര, (7) മദിരാശിക്കടൽക്കര എന്നിവയാണു് ഒടുവു് സംസ്കൃതച്ഛന്ദസ്സുകളിൽ രചിച്ചിട്ടുള്ള പ്രധാന കൃതികൾ. ദ്രാവിഡവൃത്തങ്ങളിലുള്ള കൃതികളിൽ, (8) അജാമിളമോക്ഷം വഞ്ചിപ്പാട്ടു് അഗ്രാസനത്തെ അർഹിക്കുന്നു. (9) കല്യാണീകല്യാണം എന്നൊരു പ്രഹസനവുമുണ്ടു്. മറ്റു കവികളുമായി കൂട്ടുചേർന്നു് എഴുതീട്ടുള്ളതാണു് ഉപകോശ, ചിറ്റൂർ വാസുദേവൻനമ്പൂരിപ്പാടു്, പഞ്ചാങ്ഗി, ചണ്ഡാലീമോക്ഷം തുടങ്ങിയ കൃതികൾ. ഇവയിൽ ഒടുവിന്റെ സരസ്വതീപ്രസാദം അതിന്റെ പരിപൂർണ്ണാവസ്ഥയിൽ പ്രകാശിക്കുന്നു. പ്രത്യേകിച്ചും ചണ്ഡാലീമോക്ഷത്തിൽ അദ്ദേഹമെഴുതിയ നാലാംസർഗ്ഗം അമൃതമയംതന്നെ. ഒടുവിന്റെ ദേവീസ്തോത്രങ്ങളും നന്നായിട്ടുണ്ടു്. ഇവയ്ക്കുപുറമേ ഹനുമാൻ, സാരജ്ഞൻ തുടങ്ങിയ അനേകം വ്യാജനാമങ്ങളിൽ അദ്ദേഹം ഇതര കവികളിൽ പലരുമായി പത്രരങ്ഗങ്ങളിൽ നർമ്മകലഹം നടത്തീട്ടുണ്ടു്. കവിരാമായണം സംബന്ധിച്ചു മുല്ലൂർ എസ്. പത്മനാഭപ്പണിക്കരുമായി നടത്തിയ വിവാദത്തിൽ സ്വീകരിച്ച പേരാണു് ഹനുമാൻ. താല്ക്കാലികമായ ഒരു വിനോദത്തിനുവേണ്ടിമാത്രമാണു് അത്തരത്തിലുള്ള മാർഗ്ഗങ്ങളിൽക്കൂടി അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചതു്. അല്ലാതെ പരിശുദ്ധഹൃദയനായ അദ്ദേഹത്തിനു് ആരോടും വിരോധമുണ്ടായിട്ടല്ല. ഇനി ഒടുവിന്റെ കവിതാരീതി എന്തെന്നു ചില ഉദാഹരനങ്ങൾകൊണ്ടു സ്പഷ്ടമാക്കാം.
ശാർദ്ദൂലവിക്രീഡിതത്തിൽ നൂറ്റൊന്നു ശ്ലോകങ്ങൾ അടങ്ങിയ കുംഭകോണയാത്രയെ ഒടുവിന്റെ പ്രഥമഗണനീയമായ കാവ്യമായി അങ്ഗീകരിക്കുന്നതിൽ അപാകമില്ല. വെണ്മണിഅച്ഛന്റെ രാമേശ്വരയാത്ര മുതൽ പലരും യാത്രാവർണ്ണനാത്മകങ്ങളായ പദ്യഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും പ്രസ്തുതകൃതി അവയെയെല്ലാം അതിശയിക്കുന്നു. തന്റെ ശ്വശൂരൻ അനന്തൻനായർ 1084-ൽ കുംഭകോണം സബ്ജഡ്ജിയായിരുന്നപ്പോൾ അദ്ദേഹത്തെ സന്ദർശിച്ചതിനേയും അവിടെ ഏതാനും ദിവസം താമസിച്ചതിനേയും കുറിച്ചാണു് കവി അതിൽ വിവരിച്ചിരിക്കുന്നതു്. രണ്ടു ശ്ലോകങ്ങൾ നോക്കുക.
ഒരു പോലീസ് ഇൻസ്പെക്ടരുടെ വധം:
ഇൻസ്പെക്ടർ പണസ്സഞ്ചിയോടുകൂടി ഒരു പാന്ഥനെ സ്റ്റേഷനിൽ അടച്ചു് അയാളെ വധിക്കുവാൻ അനുചരന്മാർക്കു് ആജ്ഞ നൽകുന്നു. പാന്ഥൻ അവിടെനിന്നു തെറ്റി; ഇൻസ്പെക്ടർ മുൻകൂട്ടി വന്നു് ആ മുറിയിലുള്ള കട്ടിലിൽക്കിടന്നുറങ്ങുന്നു; പോലീസുകാർ പാന്ഥനാണെന്നു തീർച്ചപ്പെടുത്തി ആ ഉദ്യോഗസ്ഥന്റെ തല വീശുന്നു. ഇതാണു് കഥ.
പച്ചമലയാലത്തിൽ കവി രചിച്ചിട്ടുള്ള ഈ കൃതിയിൽ ഇരുപത്തിമൂന്നു ശ്ലോകങ്ങളേ ഉള്ളു എങ്കിലും അവ ഓരോന്നും വിശിഷ്ടമാണു്.
ഇതു വടക്കാഞ്ചേരിക്കു സമീപമുള്ള ഒരു നമ്പൂരിയില്ലത്തെ അടുക്കളദോഷത്തെക്കുറിച്ചുള്ള വിവരണമാണു്.
താഴെക്കാണുന്ന രണ്ടു ശ്ലോകങ്ങൾ ചണ്ഡാലിയുടെ രൂപവർണ്ണനത്തിൽപ്പെട്ടതാണു്.
അവളുടെ പൂർവ്വജന്മത്തിലേയും ഇഹജന്മത്തിലേയും അവസ്ഥാന്തരം വർണ്ണിക്കുന്ന ഘട്ടത്തിലുള്ളതാണു് ചുവടേ ചേർക്കുന്ന ശ്ലോകങ്ങൾ.
ചുവടേ കാണുന്നതു യമഭടന്മാരെപ്പറ്റിയുള്ള വർണ്ണനമാണു്.
മറ്റു കൃതികളെപ്പറ്റി പ്രത്യേകമായി ഒന്നും പ്രസ്താവിക്കുന്നില്ല. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ഷഷ്ടിപൂർത്തിസ്സംബന്ധിച്ചു നിർമ്മിച്ചതാണു് ലക്ഷ്മീവിലാസം. കല്യാണീകല്യാണത്തിൽ ഒരു നായർതറവാട്ടിൽ അമ്മാവനും മരുമകനും തമ്മിലുണ്ടായ സ്വൈരക്കേടിനെ ചിത്രീകരിച്ചിരിക്കുന്നു. ഹൂണഭാഷാപ്രണയികളായ സദസ്യരുടെ രുചിക്കുതക്കവണ്ണം നാലു രങ്ഗങ്ങൾമാത്രം ഉൾക്കൊള്ളിച്ചാണു് ആ രൂപകം എഴുതിയിരിക്കുന്നതു്.
ഇതിലെ ഒരു ശ്ലോകത്തിലേക്കുകൂടി വായനക്കരുടെ ശ്രദ്ധയെ ആകർഷിക്കാം.
1066-ാമാണ്ടു മുതല്ക്കാണു് ഭാഷയിൽ ചെറുകഥകൾ പ്രസിദ്ധീകൃതങ്ങളായതെന്നു തോന്നുന്നു. സി. പി. അച്യുതമേനോന്റെ വിദ്യാവിനോദിനിയിൽ പ്രകാശിതമായ ‘വാസനാവികൃതി’ ഒരപസർപ്പകകഥയാണു്. അതിനെത്തുടർന്നു ‘മേനോക്കിയെക്കൊന്നതാരാണു്’, ‘ദ്വാരക’, ‘പാതാളരാജാവു്’ (വേങ്ങയിൽ കുഞ്ഞിരാമൻനായർ) ‘എന്റെ ആദ്യത്തെ പീസ്’ മുതലായ കഥകളും ആ മാസികവഴിക്കുതന്നെയാണു് പുറപ്പെട്ടതു്. ഭാഷാപോഷിണി മാസികയായി 1073-ൽ പ്രചരിച്ചുതുടങ്ങിയപ്പോൾ അതിലും ചില ചെറുകഥകൾ ഉദയംചെയ്തു. എന്നാൽ നല്ല ചെറുകഥകൾ മാത്രമേ പ്രസിദ്ധപ്പെടുത്താവൂ എന്ന നിഷ്കർഷ രസികരഞ്ജിനിയിലാണു് ഇദംപ്രഥമമായി പ്രത്യക്ഷീഭവിച്ചതു്. സാമുദായികച്ഛായയിൽ ആദ്യമായി കഥകൾ എഴുതിത്തുടങ്ങിയതു് ഒടുവാണു്. പാത്രസൃഷ്ടിയിലും ആഖ്യാനരീതിയിലും അദ്ദേഹം വിജയിച്ചിട്ടുണ്ടെന്നുള്ളതിനു സംശയമില്ല.ശോകാന്തങ്ങളല്ല അദ്ദേഹത്തിന്റെ കഥകൾ എന്നുള്ളതുകൊണ്ടുമാത്രം അവയ്ക്കു് അപകർഷം കല്പിക്കുന്നതു ശരിയല്ല. അക്കാലത്തെ സഹൃദയന്മാരെ ചില വിശേഷ സംഭവങ്ങൾ വിവരിച്ചു് വിനോദിപ്പിക്കുന്നതിൽക്കവിഞ്ഞു് അന്നത്തെ ചെറുകഥാകാരന്മാർക്കു് ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. ഒടുവിന്റെ കഥകൾക്കു ചില വൈകല്യങ്ങൾ ഇല്ലാതില്ല. എന്നാൽ അന്നു് ആ ഇനത്തിലുള്ള സാഹിത്യം അത്ര മാത്രമേ വികസിച്ചിരുന്നുള്ളു എന്നു നാം ഓർമ്മിക്കേണ്ടതാണു്. എട്ടധ്യായത്തിലുള്ള മാലതി എന്ന കഥയാണു് ഏറ്റവും ദീർഘം. കല്യാണിക്കുട്ടി, ജാനു, നാരായണിക്കുട്ടി, കേളുണ്ണി മൂപ്പിൽനായർ എന്നിവ സമുച്ചയിച്ചു ‘നാലു കഥകൾ’ എന്നപേരിൽ ഒരു പുസ്തകം മുദ്രാപിതമായിട്ടുണ്ടു്. സരോജിനീഭായി, വിചാരം തെറ്റി, ഒരു രാത്രി, സത്യം തെളിഞ്ഞു, കൗമുദി മുതലായി വേറെയും പല കഥകൾ ഒടുവു് ഓരോ അവസരത്തിൽ എഴുതീട്ടുണ്ടു്. അവ അക്കാലത്തെ മാസികകളിൽ മറഞ്ഞുകിടക്കുന്നു. വേങ്ങയിൽ നായനാരുടെ അടുത്ത അനന്തരഗാമിയായി ഒരു കാഥികനെന്ന നിലയിൽ ഭാഷാസാഹിത്യമണ്ഡലത്തിൽ രങ്ഗപ്രവേശം ചെയ്തതു് അദ്ദേഹമായിരുന്നു.
രാമരാജനെന്ന പത്രം ഒരു കൊല്ലത്തോളം ഉൽക്കൃഷ്ടമായ രീതിയിൽ ഒടുവു് തിരുവനന്തപുരത്തു പഠിക്കുമ്പോൾ നടത്തിക്കൊണ്ടിരുന്നുവെന്നു സൂചിപ്പിച്ചുവല്ലോ. മലയാളമനോരമയെ അനുകരിച്ചു് അതിൽ ഒരു കവിതാപങ്ക്തി ഏർപ്പെടുത്തി അതിൽ പല കവികളെക്കൊണ്ടും ശ്ലോകങ്ങൾ എഴുതിച്ചിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ രാജാ കേശവദാസൻ തുടങ്ങിയ കൃതികളെപ്പറ്റി വിജ്ഞേയങ്ങളായ നിരൂപണങ്ങളും ആ പത്രത്തിൽത്തന്നെ പ്രസിദ്ധീകരിച്ചു. സാഹിത്യകാരന്മാരെ രാമരാജൻ അത്യന്തം ആകർഷിച്ചു. പത്രലേഖകൻ എന്ന നിലയിലും അദ്ദേഹത്തിനു സ്പൃഹണീയമായ ഒരു സ്ഥാനമുണ്ടായിരുന്നു. ‘കോരപ്പപ്രഭു’ എന്ന പേരിൽ ആദ്യന്തം ഫലിതമായി കൊച്ചി രാജ്യകാര്യങ്ങളെപ്പറ്റി അദ്ദേഹം എഴുതിയിരുന്ന ലേഖനപരമ്പരകൊണ്ടു മനോരമയുടെ പ്രചാരം സാമാന്യമൊന്നുമല്ല വർദ്ധിച്ചതു്. തത്തുല്യനെന്നു പറയാവുന്ന ഒരു ലേഖകൻ ആ പത്രത്തിനു കെ.സി.നാരായണൻനമ്പിയാർ മാത്രമായിരുന്നു.
നാരായണൻനമ്പൂരി തിരുവിതാംകൂറിൽ പറവൂർതാലൂക്കു് അയിരൂർപകുതി വയലാദേശത്തു ശീവൊള്ളി വടക്കേടത്തു മഠത്തിൽ ഹരീശ്വരൻ നമ്പൂരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും തൃതീയപുത്രനായി 1044-ാമാണ്ടു ചിങ്ങമാസം 24-ആംനു കാർത്തികനക്ഷത്രത്തിൽ ജനിച്ചു. ശീവൊള്ളി എന്നതു ശിവംപള്ളിയുടെ ഒരു സങ്കുചിതരൂപമാണു്. “ശിവംപള്ളിയെന്നാലംബിക്കുമതിന്നു പേർ” എന്നു കവി തന്നെ ആ വസ്തുത ഒരെഴുത്തിൽ വ്യക്തമാക്കീട്ടുണ്ടു്. ശിവംപള്ളി ഇല്ലത്തു ജനിച്ചതിനാൽ ‘ശിവൻ’ എന്നും കവിയെ വിളിക്കാറുണ്ടായിരുന്നു. “മാനംചേർന്നമരും മഹാകവി ശിവൻ നാരായണൻ” എന്നു ദുസ്പർശാ നാടകത്തിൽ ഒരു പ്രസ്താവനയുണ്ടു്. മലയാറ്റൂർ മുരിയാടത്തു നമ്പിയാരോടു് 1053 മുതൽ 1058 വരെ സംസ്കൃതം പഠിച്ചു കാവ്യനാടകാദികളിൽ പാണ്ഡിത്യം സമ്പാദിച്ചു. കവിതാവാസന ജന്മസിദ്ധമായിരുന്നതിനാൽ എട്ടാമത്തെ വയസ്സിൽത്തന്നെ ശ്ലോകങ്ങൾ രചിച്ചുതുടങ്ങി. പിന്നീടു തൃപ്പുണിത്തുറയ്ക്കു പോയി കൊച്ചുണ്ണിത്തമ്പുരാന്റേയും നടുവത്തച്ഛന്റേയും ഗുരുനാഥനായ എളേടത്തു തൈക്കാട്ടു് ഇട്ടീരിമൂസ്സതിനോടു വൈദ്യശാസ്ത്രം നിഷ്കർഷിച്ചു പഠിക്കുകയും ആ ഭിഷഗ്വരനോടുകൂടി പല സ്ഥലങ്ങളിലും സഞ്ചരിച്ചു് ആ വിദ്യയിൽ പര്യാപ്തമായ പ്രായോഗിക വിജ്ഞാനം നേടുകയും ചെയ്തു. “രവിവിമലാകാരൻ” എന്നു് അദ്ദേഹത്തെ ദുസ്പർശാനാടകത്തിൽ വന്ദിച്ചിട്ടുണ്ടു്. കുറേ ജ്യോത്സ്യം ബാല്യത്തിൽത്തന്നെ പഠിച്ചിരുന്നു. അതിനുപുറമേ ചെപ്പടിക്കളിയും ചിത്രമെഴുത്തുംകൂടി കാലാന്തരത്തിൽ അഭ്യസിക്കുകയുണ്ടായി. കർണ്ണാടകം, ഇംഗ്ലീഷ് മുതലായി വേറെയും ചില ഭാഷകൾ ഗ്രഹിച്ചു.
വൈദ്യനായിരുന്നു ശീവൊള്ളിയുടെ ജീവിതവൃത്തി. 1070-ൽ സ്വദേശത്തേയ്ക്കു പോന്നു. 1071 മേടത്തിൽ അതിനു സമീപമുള്ള വരിക്കശ്ശേരി കുഞ്ചിയമ്മയെ വിവാഹം ചെയ്തു. 1072 വൃശ്ചികം 1-ആംനു അയിരൂരിൽ ഒരു വൈദ്യശാല സ്ഥാപിച്ചു് അതു യാവജ്ജീവം വിജയപ്രദമായ രീതിയിൽ നടത്തി. ശീവൊള്ളിക്കു വൈദ്യനെന്ന നിലയിൽ കേരളത്തിലും വിദേശങ്ങളിലും വലിയ പ്രശസ്തിയാണുണ്ടായിരുന്നതു്. 1078 കന്നിയിൽ അമ്മ മരിച്ചു. അർബുദമായിരുന്നു (Internal Tumour) കവിയുടെ മരണത്തിനു ഹേതുവായ വ്യാധി. ആ വ്യാധിക്കു നാലഞ്ചുകൊല്ലം ചികിത്സിച്ചതിൽ യാതൊരു ഫലവും കാണായ്കയാൽ 1081 വൃശ്ചികം 7-ആംനു മദിരാശിക്കു പോകുകയും അവിടെ ആസ്പത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായി 15-ആംനു ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. മരിക്കുന്നതിനു് അല്പസമയം മുമ്പു ജ്യേഷ്ഠൻ കേശവൻനമ്പൂരിയെ ഏൽപിക്കുന്നതിനു് എഴുതിക്കൊടുത്ത അധോലിഖിതമായ ശ്ലോകം പ്രസിദ്ധമാണു്.
ദ്രോണാചാര്യർക്കു് ഏകലവ്യൻ എന്നപോലെ വെണ്മണി മഹൻനമ്പൂരിപ്പാട്ടിലേക്കു് ഒരു വിനീതശിഷ്യൻ എന്ന നിലയിൽ നേരിട്ടുള്ള പരിചയം കുറവാണെങ്കിലും വളർന്നുയർന്ന ഒരു കവിയാണു് ശീവൊള്ളി. പല വിഷയങ്ങളിലും അവർക്കു തമ്മിൽ സാദൃശ്യമുണ്ടു്. നിരങ്കുശമായ ഫലിതപ്രയോഗം, മനോമോഹനമായ രചനാസമ്പ്രദായം, ആന്തരമായ ഭാവത്തെക്കാൾ ബാഹ്യമായ രൂപത്തെ ചിത്രണംചെയ്യുന്നതിന്നുള്ള വൈഭവം, ആരംഭിച്ച അനേകം കൃതികൾ അവസാനിപ്പിക്കാതെ ഇരിക്കത്തക്ക മനോവൃത്തി ഇവയിൽ ആ ആചാര്യന്റെ അനുയായിതന്നെയാണു് നമ്മുടെ കവി. അസ്ഥാനത്തു ഫലിതം തട്ടിവിടുന്നതിൽ അദ്ദേഹം ചില അവസരങ്ങളിൽ ഗുരുവിനേയും അതിശയിക്കുന്നുണ്ടു്. ഹാസ്യം, ബീഭത്സം എന്നീ രസങ്ങൾ വർണ്ണിക്കുന്നതിനാണു് അദ്ദേഹത്തിനു് അധികം നൈപുണ്യം. ആദ്യകാലത്തു മദനകേതനചരിതവും മറ്റും എഴുതിക്കൊണ്ടിരുന്നപ്പോൾ ഒരു സാമാന്യകവി എന്ന നിലയ്ക്കേ അദ്ദേഹത്തെ പരിഗണിക്കുവാൻ സാധിച്ചിരുന്നുള്ളു. പിന്നീടു പെട്ടെന്നു് അത്ഭുതാവഹമായ ഒരു കയറ്റം അദ്ദേഹത്തിൽ ഭാവുകന്മാർ കണ്ടു. മലബാറിൽ നിന്നു പ്രചരിച്ചുകൊണ്ടിരുന്ന കേരളചന്ദ്രികയിൽ ശ്ലോകങ്ങൾ എഴുതിത്തുടങ്ങിയതുമുതല്ക്കാണു് അതു പ്രസ്പഷ്ടമായതു്. സാരോപദേശശതകംകൊണ്ടു തനിക്കു ലഭിച്ച നൂതനസ്ഥാനം അദ്ദേഹം ഉറപ്പിച്ചു; അതിന്റെ നിർമ്മിതി 1072-ലായിരുന്നു. ‘ഒരു കഥ’യിലെ ചില ശ്ലോകങ്ങളുടെ ശബ്ദമാധുര്യം അന്യാദൃശമാണെന്നു മാത്രമേ പറയേണ്ടതുള്ളു. അർത്ഥചമൽക്കാരമുള്ള പദ്യങ്ങൾ കുറയും. ശീവൊള്ളി വളരെയൊന്നും എഴുതീട്ടില്ല. പക്ഷേ, എഴുതീട്ടുള്ളതുകൊണ്ടുതന്നെ അദ്ദേഹത്തിനു സാഹിത്യലോകത്തിൽ ശാശ്വതമായ പ്രതിഷ്ഠ സിദ്ധിച്ചിട്ടുണ്ടു്. ഓരോ കൊല്ലം ചെല്ലുംതോറും അദ്ദേഹത്തിന്റെ കവിത ഓരോ പടവു് ഉയരുകയായിരുന്നു. 37-ാമത്തെ വയസ്സിൽ മരിച്ചില്ലെങ്കിൽ ഇന്നു കാണുന്നവയെക്കാൾ അത്യധികം ഉൽകൃഷ്ടങ്ങളായ കൃതികൾ അദ്ദേഹത്തിനു നിർമ്മിക്കുവാൻ കഴിഞ്ഞിരുന്നേനേ.
ശീവൊള്ളിയുടെ പ്രധാന കൃതികൾ (1) മദനകേതനചരിതം, (2) സാരോപദേശശതകം (1072), (3) ദാത്യൂഹസന്ദേശം (1072), (4) ഒരു കഥ (1074), (5) ദുസ്പർശാനാടകം (1075), (6) ഘോഷയാത്ര ഓട്ടൻതുള്ളൽ (1073-ലും 1078-ലും) ഇവയാണു്. ഈ കൃതികളിൽ പത്തുശ്ലോകങ്ങൾ മാത്രം അടങ്ങിയ സാരോപദേശവും, ഇരുപതു ശ്ലോകങ്ങളിൽ കൂടുതലില്ലാത്ത ദാത്യൂഹസന്ദേശവുമേ സമ്പൂർണ്ണങ്ങളായിട്ടുള്ളു. ബാക്കിയെല്ലാം അസമഗ്രങ്ങളാണു്. മദനകേതനചരിതം കൊടിയ വിരഹത്തെ അനുസരിച്ചു് എഴുതുവാൻ തുടങ്ങിയ ഒരു പഴയ കഥയാണു്. 142 ശ്ലോകങ്ങൾ മാത്രമേ അതിൽ കവി രചിച്ചിട്ടുള്ളു. സുപ്രസിദ്ധമായ സാരോപദേശശതകം സന്മാർഗ്ഗപ്രതിപാദകമാണു്. ദാത്യുഹസന്ദേശത്തിൽ ഒരു “കിഴവച്ചാലിയച്ചാർ” പാലപ്പിള്ളിമലങ്കാട്ടിൽനിന്നു കൊടുങ്ങല്ലൂരിൽ താമസിക്കുന്ന തന്റെ “ചാലിയപ്പെണ്കിടാ”വിനു് ഒരു നത്തു മുഖേന അയയ്ക്കുന്ന സന്ദേശമാണു് വിഷയം. സന്ദേശ കാവ്യങ്ങളെ പൊതുവേ അവഹേളനം ചെയ്യുന്നതിനുവേണ്ടിയാണു് ശീവൊള്ളി ആ കാവ്യം നിർമ്മിച്ചതു്. ആ ഉദ്ദേശം വേണ്ടപോലെ ഫലിച്ചിട്ടുമുണ്ടു്. ബീഭത്സമാണു രസം. ‘ഒരു കഥ’ ഭൂതിഭൂഷചരിതത്തിന്റെ രീതി പിടിച്ചു് എഴുതീട്ടുള്ളതാണു്. ഭൂതിഭൂഷചരിതത്തിൽ ഒരു ദീർഘമായ പീഠികയുള്ളതുപോലെ അതിലുമുണ്ടു്. കനകാകുരമെന്ന പട്ടണത്തിൽ ധനശേഖരൻ എന്നൊരു രാജാവുണ്ടായിരുന്നു എന്നാണു കഥാഭാഗത്തിന്റെ ആരംഭം. അതു പൂർത്തിയാക്കാത്തതു നന്നായി. വാരിയേടത്തു രാമൻനമ്പൂരി യമരാജധാനി കണ്ടു തിരിയെ വരുന്നതാണു് പീഠികയിലെ പ്രതിപാദ്യം. അതു വളരെ സരസമായിട്ടുണ്ടു്. ദുസ്പർശാനാടകം എഴുതിയതു നാടകങ്ങളെ പൊതുവെ അപഹസിക്കുന്നതിനാണു്. മണ്ഠനായി അമ്പലത്തിലെ അടിച്ചുതളിക്കാരി ദുസ്പർശ (കൊടുത്തുവ) നായിക; ആനക്കാരൻ ഭല്ലാതകൻ നായകൻ; കരിങ്കുറിഞ്ഞിയും പെരുങ്കുറുമ്പയും സഖിമാർ; തുവരകൻ വയസ്യൻ-ഇങ്ങനെയാണു് പാത്രങ്ങൾ. വിരഹിണിയായ നായികയെ മുൻപറഞ്ഞ രണ്ടു തോഴിമാരുംകൂടി ചാണകത്തിൽ മുക്കിയ പാളവിശറികൊണ്ടു വീശുന്നു. ദുസ്പർശ പാളമുറിയിൽ കരിക്കഷണംകൊണ്ടു പ്രിയതന്റെ ചിത്രം വരയ്ക്കുന്നു. കവിയുടെ പേർതന്നെ ‘ചിത്തേത്തു് അറപ്പൻ’ എന്നാണുപോലും.ബീഭത്സമാണു് അങ്ഗിയായ രസം; ഹാസ്യം അങ്ഗവും. ഹാസ്യവിഡംബനമല്ല കവി പ്രധാനമായി ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു. ഭാഷാപദങ്ങളിൽ സംസ്കൃതപ്രത്യയങ്ങൾ ചേർക്കുന്നതു ശീവൊള്ളിക്കു വളരെ അരോചകമാണെന്നു് അനേകം പദ്യങ്ങളിൽ കാണിച്ചിരിക്കുന്നു. മൂന്നാമങ്കം പകുതിയിൽവെച്ചു് ഈ കൃതി മുറിഞ്ഞുപോകുന്നു. ഘോഷായാത്ര ഓട്ടൻതുള്ളലിൽ കുഞ്ചൻനമ്പിയാരുടെ പാദമുദ്രകളെ പിൻതുടരുകയും ആ ഉദ്യമത്തിൽ കുറേയെല്ലാം വിജയം നേടുകയും ചെയ്തിരിക്കുന്നു. ദുര്യോധനൻ പാണ്ഡവസന്നിധിയിലേക്കു ഘോഷയാത്രയായി പുറപ്പെടുന്നതുവരെയുള്ള കഥാംശമേ കവി വർണ്ണിച്ചിട്ടുള്ളു. ശീവൊള്ളിയുടെ എഴുത്തുകൾ, മുക്തകങ്ങൾ, സമസ്യാപൂരണങ്ങൾ മുതലായവയ്ക്കുള്ള ആസ്വാദ്യത അല്പമൊന്നുമല്ല; സംസ്കൃതത്തിൽ കവനംചെയ്യുന്നതിനും കവിക്കു സാമാന്യപരിചയമുണ്ടായിരുന്നു. ആ ഭാഷയിൽ, (7) 1064-ൽ മൂകാംബിസ്ഥലമാഹാത്മ്യവും, (8) 1074-ൽ പാർവതീവിരഹം കാവ്യവും രചിച്ചു. അവയ്ക്കു വൈശിഷ്ട്യമൊന്നും കല്പിക്കുവാനില്ല. അവകൂടാതെ അതേ രീതിയിൽ ദേവീമാഹാത്മ്യം (കോലേശ്വരീമാഹാത്മ്യം) എന്നൊരു കൃതിയും ഇരുപതു ദശകങ്ങളിൽ നിർമ്മിച്ചിട്ടുണ്ടു്.
ഇനി ശീവൊള്ളിയുടെ ഭാഷാകവിതയുടെ സ്വരൂപമെന്തെന്നു ചില ഉദാഹരണങ്ങൾ ഉദ്ധരിച്ചു പ്രദർശിപ്പിക്കാം.
യമഭടന്മാർ:
“ശുദ്ധവിഢ്യാൻപറമ്പതിവനെന്നൊരു പേരു കിട്ടും”, “സ്വാധ്യായക്കിണ്ടികൊണ്ടാ വികൃതിയുടെ തലയ്ക്കൊന്നു താങ്ങിക്കൊടുത്തു”, “അരവിന്ദബാണകലഹാപ്പീസിൽ കമാനാപ്സരായ്”, “ജലരുഹാവാസന്റെ മാസംവരെ”, “കലാശം-കുന്തം പിടിച്ചു കുതികുത്തി മറിഞ്ഞുപോയി”, “ഉണ്ടൊരു വെറുംതെങ്ങെൻപുറം താങ്ങുവാൻ”, “ഓട്ടത്തിലരമാകാണി നോട്ടം കണ്ടു നടന്നു ഞാൻ” തുടങ്ങിയ അടക്കിയാലടങ്ങാതെ തുള്ളിച്ചാടുന്ന പൊടിക്കൈകളെപ്പറ്റി ഇവിടെ വിസ്തരിക്കുന്നില്ല. അക്കാര്യത്തിൽ അദ്ദേഹം ഒരു കുട്ടിവെണ്മണിമഹൻതന്നെ.
കേരളമെങ്ങും കേളികേട്ടിട്ടുള്ള അഷ്ടവൈദ്യകുടുംബങ്ങളിലൊന്നാണു് പഴനെല്ലിപ്പുറത്തുതൈക്കാടു്. ആ കുടുംബക്കാർ ആദ്യകാലത്തു താമസിച്ചിരുന്നതു ബ്രിട്ടീഷ് മലബാറിൽ എടക്കുളം തീവണ്ടിയാപ്പീസിനു സമീപമുള്ള പഴനെല്ലിപ്പുറം എന്ന സ്ഥലത്തായിരുന്നു 981-ാമാണ്ടു തീപ്പെട്ട കൊച്ചി ശക്തൻതമ്പുരാൻ അന്നത്തെ പഴനെല്ലിപ്പുറത്തു മൂസ്സതിനെ സ്വന്തം ആവശ്യങ്ങൾക്കായി തൃശ്ശൂരിൽ വരുത്തി താമസിപ്പിച്ചു. ആ വഴിക്കാണു് തൃശ്ശൂർ തൈക്കാട്ടു് എന്ന ഇല്ലപ്പേർ അവർക്കു സിദ്ധിച്ചതു്. ഇളയിടത്തു തൈക്കാടു് എന്നതു് മറ്റൊരു അഷ്ടവൈദ്യകുടുംബമാകുന്നു.
നാരായണൻമൂസ്സതു തൃശ്ശൂർ തൈക്കാട്ടില്ലത്തിൽ 1046-ാമാണ്ടു കന്നിമാസത്തിൽ രോഹിണീനക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവായ വാസുദേവൻമൂസ്സതു് അയൂർവ്വേദത്തിലെന്നപോലെ തർക്കശാസ്ത്രത്തിലും നിഷ്ണാതനായിരുന്നു. അദ്ദേഹത്തിന്റെ കനിഷ്ഠസഹോദരന്മാരായ കുഞ്ഞുണ്ണിമൂസ്സതിനും പരമേശ്വരൻമൂസ്സതിനുമുള്ള ചികിത്സാപാടവവും ഒട്ടും കുറവായിരുന്നില്ല. അവർമൂന്നുപേരും 1049-ാമാണ്ടു മേടമാസത്തിൽ മസൂരിദീനത്താൽ മരിച്ചുപോയതിനാൽ ശിശുവായ നാരായണൻമൂസ്സതു കേവലം അനാഥനായിത്തീർന്നു. താനും തന്റെ ഒന്നരവയസ്സുമാത്രം പ്രായമുള്ള കനിഷ്ഠസഹോദരിയും മാതാവും പിതാമഹിയുമല്ലാതെ ഇല്ലത്തു വേറെ ആരും ഉണ്ടായിരുന്നില്ല. കുടുംബമോ ഋണബാദ്ധ്യതയിൽപ്പെട്ടു നട്ടംതിരിയുകയുമായിരുന്നു. ആ അശരണാവസ്ഥയിൽനിന്നു അവരെയെല്ലാം രക്ഷിച്ചതു അവരുടെ ബന്ധുവായ അന്നത്തെ പിലാമന്തോൾ മൂസ്സതായിരുന്നു. ആ മൂസ്സതു് 1078-ലാണു് മരിച്ചതു്. അദ്ദേഹം അവരെ സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടു പോയി നാരായണൻമൂസ്സതിന്റെ വിദ്യാഭ്യാസത്തിനുവേണ്ട ഏർപ്പാടു ചെയ്തു. ചേന്ത്രവാരിയർ എന്നൊരാളായിരുന്നു ബാലപാഠങ്ങൾ പഠിപ്പിച്ചതു്. പിന്നീടു് കുട്ടഞ്ചേരി അപ്ഫൻമൂസ്സതു ചില മഹാകാവ്യങ്ങളും ഉപനയനാന്തരം അഷ്ടാങ്ഗഹൃദയവും അഭ്യസിപ്പിച്ചു. 1056 മകരത്തിൽ മാതാവു മരിച്ചു. 1062-ാമാണ്ടു വയസ്കര ആര്യൻ നാരായണൻ മൂസ്സതിന്റെ പ്രഥമപുത്രിയെ പരിഗ്രഹിച്ചു തൈക്കാട്ടില്ലത്തു കൊണ്ടുപോയി കുടിവച്ചു. പിന്നീടു നാരായണൻമൂസ്സതു സ്വഗൃഹത്തിൽത്തന്നെ സ്ഥിരമായി താമസിച്ചു വൈദ്യവൃത്തിയിൽ ഏർപ്പെട്ടു. വളരെ വേഗത്തിൽ അദ്ദേഹത്തിനു കേരളത്തിലെ വിശിഷ്ടവൈദ്യന്മാരുടെ കൂട്ടത്തിൽ ഒരു സ്ഥാനം ലബ്ധമായി. അതോടുകൂടി ഒരു ശാസ്ത്രിയെ ഇല്ലത്തു താമസിപ്പിച്ചു് അലങ്കാരശാസ്ത്രഗ്രന്ഥങ്ങളും സിദ്ധാന്തകൗമുദിയും പഠിച്ചു. പലരേയും മൂസ്സതു വൈദ്യശാസ്ത്രം അഭ്യസിപ്പിച്ചിട്ടുണ്ടു്. നല്ല ഒരു വൈദ്യനും കവിയുമായിരുന്ന പി.കെ. നാരായനൻനമ്പീശനും കീരംകുളങ്ങര ചക്രപാണിവാരിയരും മറ്റും അദ്ദേഹത്തിന്റെ ശിഷ്യകോടിയിൽ ഉൾപ്പെടുന്നു. 1075-ാമാണ്ടു മകരത്തിൽ ആര്യൻ നാരായണൻമൂസ്സതിന്റെ ദ്വിതീയപുത്രിയേയും വിവാഹം ചെയ്തു. 1083-ാമാണ്ടു കന്നിമാസം 24-ആംനു ലൂതവിഷബാധ നിമിത്തം മരിച്ചു.
മൂസ്സതു സംസ്കൃതത്തിൽ (1) യാദവദാനവീയം കാവ്യവും, ഭാഷയിൽ (2) സിന്ദൂരമഞ്ജരി, (3) കപോതസന്ദേശം, (4) നളചരിതം എന്നീ കാവ്യങ്ങളും, (5) ശൃങ്ഗാരമണ്ഡനം ഭാണവും, (6) വിരാധവധം ആട്ടക്കഥയും രചിച്ചിട്ടുണ്ടു്. ഇവയിൽ ചിലതെല്ലാം അപൂർണ്ണങ്ങളാണു്. (7) കവിതാവലി, (8) അത്തച്ചമയം കുറത്തിപ്പാട്ടു്, (9) സംബന്ധവിലാസം തുള്ളൽ ഈ കൃതികൾ പ്രധാനങ്ങളല്ല. സിന്ദൂരമഞ്ജരി ഒരു വൈദ്യഗ്രന്ഥമാണു്. അതിൽ വെള്ളി, ചെമ്പു്, ഇരുമ്പു്, ഗന്ധകം, അഭ്രം, രസം മുതലായവ നീറ്റിയെടുത്തു ചൂർണ്ണമാക്കി ഉപയോഗിക്കുന്നതിനുള്ള വിധികൾ പ്രതിപാദിച്ചിരിക്കുന്നു. മൂസ്സതിന്റെ ഭാഷാകവിതയ്ക്കു പൊതുവേ നല്ല പ്രസാദവും ഒഴുക്കും, വേണ്ട ദിക്കിൽ ഗാംഭീര്യവുമുണ്ടു്. ഭാണത്തിൽനിന്നുമാത്രം രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം. ഒരു കൊമ്പനാന:
ഒരു സുന്ദരി:
ഒരു സംസ്കൃതശ്ലോകം:
ദാമോദരൻനമ്പൂരിയുടെ മൂലകുടുംബം മലബാറിൽ വെട്ടത്തുനാടു പൊന്നാനിത്താലൂക്കിൽ തൃപ്രങ്ങോട്ടംശം പൊയിലിശ്ശേരി ദേശത്തു് ആലത്തൂർഗ്രാമത്തിൽപ്പെട്ട കറുത്തപാറയില്ലമാണു്. ഈ ഇല്ലം ഇപ്പോൾ ഭാഗംപിരിഞ്ഞു രണ്ടായി നിലനിന്നുപോരുന്നു. തെക്കേടത്തു ഭട്ടതിരിപ്പാട്ടിലെ കുടുംബത്തിൽ സ്മാർത്തക്രിയകൾ നടത്തുന്നതിനുവേണ്ടി കാർത്തികതിരുനാൾ മഹാരാജാവു വെട്ടത്തുനാട്ടുനിന്നു കറുത്തപാറ, പുത്തൂർ എന്നീ രണ്ടില്ലങ്ങളിലെ നമ്പൂരിമാരെ വരുത്തി അവർക്കു കുടമാളൂരിൽ ഗൃഹങ്ങളും കരമൊഴിവായി വസ്തുക്കളും ദാനംചെയ്തു. അതോടുകൂടി തെക്കേടത്തുമനയ്ക്കലെ ഈശ്വരസേവയും കറുത്തപാറയില്ലത്തേക്കു സിദ്ധിച്ചു. ആ വഴിക്കാണു് ദാമോദരൻനമ്പൂരി കുടമാളൂരിൽ താമസിക്കാൻ ഇടയായതു്. അദ്ദേഹത്തിന്റെ ഒരു പൂർവപുരുഷനെ കറുത്തപാറ അനുഷ്ഠാനം എന്ന പ്രസിദ്ധമായ സ്മാർത്തഗ്രന്ഥത്തിന്റെ പ്രണേതാവെന്ന നിലയിൽ നമുക്കറിവുണ്ടു്.
ദാമോദരൻനമ്പൂരി കുടമാളൂരുള്ള കറുത്തപാറയില്ലത്തിൽ 1021-ാമാണ്ടു മിഥുനമാസത്തിൽ ജനിച്ചു. പിതാവു രാമൻചോമാതിരിയും മാതാവു സാവിത്രി അന്തർജ്ജനവുമായിരുന്നു. കറുത്തപാറ ഇല്ലക്കാർ ഋഗ്വേദികളും ആശ്വലായനസൂത്രാനുവർത്തികളുമാണു്. രാമൻ നമ്പൂരിയുടെ പത്നി സാവിത്രി അന്തർജ്ജനത്തിന്റെ ഗൃഹം കുടമാളൂർ കറുത്തേടത്തുമനയ്ക്കലാണു്. ദാമോദരൻനമ്പൂരിയുടെ പല കൃതികളിലും താഴെ ഉദ്ധരിക്കുന്ന ശ്ലോകം കാണാം.
ബാല്യത്തിൽ കാവ്യങ്ങൾ തൃപ്രങ്ങോട്ടു കിഴക്കേപ്പുല്ലത്തു ശങ്കരൻമൂസ്സതിനോടു് അഭ്യസിച്ചു. അക്കാലത്തു തെക്കേടത്തുമനയ്ക്കൽ നാരായണൻ ഭട്ടതിരിപ്പാടു് എന്നു് ഒരു പ്രസിദ്ധപണ്ഡിതൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്തേവാസിയായി തർക്കവും വേദാന്തവും പടുതോൾ നമ്പൂരിപ്പാട്ടിലെ സന്നിധിയിൽനിന്നു വ്യാകരണവും പഠിച്ചു. ഋഷിനമ്പൂരി മറ്റൊരു ഗുരുവായിരുന്നു. ഇതിഹാസപുരാണങ്ങളിൽ അസാധാരണമായ ജ്ഞാനം നേടി. പുരാണപാരായണം, കവിതാനിർമ്മാണം ഇവയായിരുന്നു ദൈനംദിനകൃത്യങ്ങൾ. ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ പ്രധാനസേവകന്മാരിൽ ഒരാളായിരുന്ന കുടമാളൂർ വിളായിക്കോട്ടില്ലത്തു് ഇരവി നമ്പൂരിയുടെ പൗത്രിയെന്നാണു് വിവാഹംചെയ്തതു്. ഒരു സ്ത്രീസന്താനമേ ആ ദാമ്പത്യഫലമായി ജനിച്ചുള്ളു. വന്ധ്യയായ ആ അന്തർജ്ജനം ഇന്നും ജീവിച്ചിരിക്കുന്നതായി അറിയുന്നു.
ദാമോദരൻനമ്പൂരി ഒരു സഞ്ചാരപ്രിയനായിരുന്നു. കേരളത്തിലെ പല രാജകുടുംബങ്ങളുടേയും സൽക്കാരം സ്വീകരിച്ചു് ആ കുടുംബാംഗങ്ങളുടെ പ്രീതിക്കു പാത്രമായി ഓരോ ദിക്കിൽ താമസിച്ചിട്ടുണ്ടു്. കോഴിക്കോട്ടു മാനവിക്രമ ഏട്ടൻതമ്പുരാൻ അദ്ദേഹത്തിന്റെ ഒരു മുഖ്യപുരസ്കർത്താവായിരുന്നു. അദ്ദേഹം സഹൃദയസമാഗമം എന്ന പേരിൽ നടത്തിക്കൊണ്ടിരുന്ന വിദ്വത്സദസ്സിൽ കറുത്തപാറയും ഒരംഗമായിരുന്നു. “അധീതതർക്കവ്യാകരണാലങ്കാരപ്രകരണഃ” എന്നു് ആ സദസ്സിന്റെ ഒരു സമ്മേളനവിവരണത്തിൽ പ്രസ്താവിച്ചു കാണുന്നു. പുതിയകോവിലകത്തു കുട്ടിയേട്ടൻതമ്പുരാനും നമ്പൂരിയുടെ പേരിൽ വളരെ വാത്സല്യമുണ്ടായിരുന്നു. താഴെക്കാണുന്ന ശ്ലോകത്തിന്റെ ചതുർത്ഥപാദം പുന്നശ്ശേരി നമ്പിയും പ്രഥമപാദം വാസുണ്ണിമൂസ്സതും ദ്വിതീയപാദം ഏട്ടൻതമ്പുരാനും തൃതീയപാദം നമ്മുടെ കവിയും പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു്.
കൊച്ചി മഹാരാജകുടുംബത്തിൽ അന്നു രണ്ടാംമുറയായിരുന്ന മങ്കുഅമ്മത്തമ്പുരാട്ടിയുടെ ആജ്ഞയനുസരിച്ചാണു് രുക്‍മിണീസ്വയംവരം മണിപ്രാളകാവ്യവും അക്ഷയപാത്രവ്യായോഗവും രചിച്ചതു്. “എൻമങ്കുത്തമ്പുരാൻതന്നുടയ ബഹുലമാം കല്പനാവൈഭവത്താൽ” എന്നു് ഇവയിൽ ആദ്യത്തെ കൃതിയിലും “പൂമാനിനിയ്ക്കു ശരിയായൊരു മങ്കുരാജ്ഞിക്കീമാതിരി പ്രഭുചരിത്രമഭീഷ്ടമല്ലോ” എന്നു രണ്ടാമത്തെ കൃതിയിലും പ്രസ്താവിച്ചുകാണുന്നു. കുടമാളൂരിൽവെച്ചാണു് വെണ്മണിമഹനുമായി പരിചയപ്പെടുവാൻ ഇടവന്നതു്. 1057-ൽ മുറജപക്കാലത്തു തിരുവനന്തപുരത്തു പോയി മുറജപപ്രബന്ധം രചിച്ചു രാജസമ്മാനം വാങ്ങുകയുണ്ടായി. മരണം 1073-ാമാണ്ടു കർക്കടകമാസം 10-ആംനുയായിരുന്നു.
ദാമോദരൻനമ്പൂരി സംസ്കൃതത്തിലും മലയാളത്തിലും കൃതികൾ രചിച്ചിട്ടുണ്ടു്. സംസ്കൃതത്തിൽ (1) അക്ഷയപാത്രവ്യായോഗം, (2) കുലശേഖരവിജയം നാടകം, (3) മന്ദാരമാലികാവീഥി, (4) വിഷ്ണുഭുജംഗപ്രയാതം എന്നിവയും, ഭാഷയിൽ (5) രുക്‍മിണീസ്വയംവരം മണിപ്രവാളകാവ്യം, (6) മുറജപപ്രബന്ധം (സംസ്കൃതവും മലയാളവും ചേർന്നതു്), (7) അക്ഷയപാത്രവ്യായോഗം, (8) അഭിമന്യുത്ഭവം നാടകം, (9) കൃഷ്ണാർജ്ജുനം അഥവാ കംസനാടകം, (10) ബാലധ്രുവചരിതം നാടകം, (11) അജാമിളമോക്ഷം നാടകം, (12) രുക്‍മിണീപരിണയം നാടകം, (13) കാമാക്ഷീശേഖരം നാടകം എന്നിവയേയും കുറിച്ചു് അറിയാം. ഇവകൂടാതെ ചെമ്പകശ്ശേരി രാമൻതമ്പുരാനും അദ്ദേഹവും ചേർന്നു ദൂതഘടോൽക്ക്കചം എന്നൊരാട്ടക്കഥ ഉണ്ടാക്കാൻ തുടങ്ങി. അതു് അപൂർണ്ണമാണു്. അക്ഷയപാത്രം സംസ്കൃതത്തിലും മലയാളത്തിലും രചിച്ചിട്ടുണ്ടെന്നു് ഈ പട്ടികയിൽനിന്നു ഗ്രഹിക്കാവുന്നതാണല്ലോ. ആ വ്യായോഗത്തിന്റെ പ്രസ്താവനയിൽ സൂത്രധാരൻ നടിയോടു ദാമോദരകവി സംസ്കൃതത്തിലും ഭാഷയിലും പ്രസ്തുതഗ്രന്ഥം നിർമ്മിച്ചിരിക്കെ “അപ്രധാനമായ ഭാഷാനാടകത്തെ ആദ്യമായി പ്രസിദ്ധം ചെയ്യുവാൻ എന്താണു് കാരണം?”എന്നു ചോദിക്കുകയും അതിനു സൂത്രധാരൻ,
എന്നു മറുപടി പറയുകയും ചെയ്യുന്നു. ഏഴോളം ഭാഷാരൂപകങ്ങൾ എഴുതീട്ടുണ്ടെങ്കിലും അവയൊന്നും വളരെ മെച്ചമെന്നു പറയുവാനില്ല. എന്നാൽ ചില ശ്ലോകങ്ങൾക്കു് അനിതരസുലഭമായ സ്വാരസ്യം കാണ്മാനില്ലെന്നുമില്ല. സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ നല്ല ഓജസ്സോടും ഒഴുക്കോടുംകൂടി കവനംചെയ്യുവാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു; എന്നാൽ വേണ്ടിടത്തോളം നിഷ്ക്കർഷ അവയിൽ ചെലുത്തീട്ടില്ല. ആദ്യകാലത്തെ ഒരു കൃതിയാണു് രുക്‍മിണീസ്വയംവരംകാവ്യം. അതിൽ സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങൾ അധികമായി പ്രയോഗിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശ്ലോകം നോക്കുക:
പിന്നീടു് ആ ഭ്രമം ക്രമേണ കുറഞ്ഞു ബാലധ്രുവചരിതവും മറ്റും എഴുതുമ്പോൾ ഏകദേശം പുതിയരീതിയിലുള്ള ഭാഷാശൈലിതന്നെ സ്വീകരിച്ചു. അതിൽ അങ്ങിങ്ങു വെണ്മണിച്ഛായ കാണുന്നുണ്ടു്. എങ്കിലും തനി വെണ്മണിരീതിയെന്നുപറയുവാൻ നിർവാഹമില്ല. ആകെക്കൂടി നോക്കുമ്പോൾ അക്കാലത്തെ മേലേക്കിടയിലുള്ള കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിനും ഒരു സ്ഥാനത്തിനവകാശമുണ്ടെന്നുള്ളതിനു സംശയമില്ല.
ഇനി കറുത്തപാറയുടെ ചില ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.
ഇതു കവി 15-ാമത്തെ വയസ്സിൽ തീവണ്ടിയെക്കുറിച്ചു് ഉണ്ടാക്കിയതാണു്.
പെട്ടരഴിയത്തില്ലം മുൻപു സ്ഥിതിചെയ്തിരുന്നതു് മലബാറിൽ പൊന്നാനിത്താലൂക്കു് ഇടക്കുഴിയുരംശത്തിലായിരുന്നു. രാമനിളയതിന്റെ അച്ഛൻ വാസുദേവനിളയതായിരുന്നു കുടുംബത്തിലെ കാരണവർ. അദ്ദേഹം തൃശ്ശിവപേരൂർ കണിമങ്ഗലത്തിനടുത്തുള്ള വെമ്പള്ളിയില്ലത്തു് ഇട്ടിവാസു ഇളയതിന്റെ പ്രഥമപുത്രിയായ ഉണ്ണിമായ അന്തർജ്ജനത്തെ വിവാഹം ചെയ്തു. അവരുടെ ആദ്യത്തെ പുത്രനായ രാമനിളയതു് ആ ഇല്ലത്തിൽ 1042-ാമാണ്ടു കർക്കടകമാസത്തിൽ പൂയം നക്ഷത്രത്തിൽ ജനിച്ചു. വാസുദേവനിളയതു് 1047-ൽ ചാവക്കാട്ടു ‘ചക്കക്കണ്ട’ക്കടവിനടുത്തു് ഒരു പുതിയ ഗൃഹം പണിയിച്ചു പെട്ടരഴിയത്തു കുടുംബത്തെ അവിടെ മാറ്റിത്താമസിപ്പിച്ചു. പഴയരീതിയിലുള്ള പ്രാഥമികവിദ്യാഭ്യാസവും പള്ളിക്കൂടത്തിൽ വളരെ താണ ക്ലാസ്സുകളിൽനിന്നു കിട്ടാവുന്ന കഷ്ടിപിഷ്ടി പഠിത്തവുമല്ലാതെ മറ്റു യാതൊരു തരത്തിലുള്ള വിജ്ഞാനവും ഗുരുമുഖത്തുനിന്നു നമ്മുടെ കവിക്കു ലഭിച്ചിട്ടില്ല. അപ്പോഴേക്കു നല്ല കാര്യസ്ഥനെന്നു പൊതുജനസ്സമ്മതി നേടിയിരുന്ന വാസുദേവനിളയതിനു കടം വർദ്ധിച്ചു് അതിന്റെ ഫലമായി കാരാഗൃഹവാസം അനുഭവിയ്ക്കേണ്ടിവരികയും തന്നിമിത്തം നമ്മുടെ രാമനിളയതിനു യൗവനാരംഭത്തിൽത്തന്നെ കുടുംബത്തിന്റെ സംരക്ഷണഭാരം കൈയേല്ക്കേണ്ടിവരികയും ചെയ്തു. 1062 മുതൽ മരണംവരെ ഏറെക്കുറെ ദാരിദ്ര്യദുഃഖം അനുഭവിച്ചു ലോകയാത്ര ചെയ്യേണ്ട ദുർവിധിയാണു് അദ്ദേഹത്തെ അഭിമുഖീകരിച്ചതു്. എന്നാൽ ആ വിഷാദാത്മകത യാതൊന്നും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലോ രചിക്കുന്ന കൃതികളിലോ പ്രതിഫലിക്കാതെയിരിക്കത്തക്ക ശാന്തമായ മനോവൃത്തി അദ്ദേഹത്തിനുണ്ടായിരുന്നു. ഫലിതമായിരുന്നു അദ്ദേഹത്തിന്റെ രസനയുടേയും തൂലികയുടേയും വ്യാപാരം. തന്നിമിത്തം ഒട്ടുവളരെ പുരസ്കർത്താക്കന്മാരേയും സുഹൃത്തുക്കളേയും അദ്ദേഹത്തിനു സമ്പാദിയ്ക്കുവാൻ സാധിച്ചു. ലോകപരിചയം വർദ്ധിപ്പിയ്ക്കുന്നതിനുവേണ്ടി അദ്ദേഹം ഉത്സവാഘോഷങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും സന്നിഹിതനായി. തൃശ്ശൂർപൂരം, പെരുവനത്തുപൂരം, ആറാട്ടുപുഴപൂരം, കൊടുങ്ങല്ലൂർ താലപ്പൊലി മുതലായ വിശേഷസന്ദർഭങ്ങളിൽ അദ്ദേഹം ഏതാണ്ടു നിത്യനെപ്പോലെ കടന്നുകൂടും. അവിടങ്ങളിൽ ചെന്നുചേരുന്ന പണ്ഡിതന്മാരേയും കവികളേയും സരസകൃതികൾകൊണ്ടും സംഭാഷണചാതുരികൊണ്ടും വശീകരിയ്ക്കും. അങ്ങനെയാണു് അദ്ദേഹം കൊടുങ്ങല്ലൂർ കവീശ്വരന്മാരുടെ-പ്രത്യേകിച്ചു കുഞ്ഞിക്കുട്ടൻതമ്പുരാന്റെ-വിശേഷവാത്സല്യത്തിനു പാത്രീഭവിച്ചതു്. നാടകഭ്രമം കലശലായിരുന്ന കാലത്തു ശാകുന്തളം, ഉത്തരരാമചരിതം മുതലായ നാടകങ്ങളിൽ സ്ത്രീവേഷംകെട്ടി നിപുണമായി അഭിനയിച്ചിട്ടുണ്ടു്. ഇളയതിന്റെ പുരശ്ചാരികളിൽ പ്രഥമഗണനീയനായിരുന്നു വളരെക്കാലം ഗുരുവായൂർ ദേവസ്വം മാനേജരായിരുന്ന മേലേപ്പുറത്തു കോന്തിമേനോൻ. അദ്ദേഹത്തെ ആശ്രയിച്ചു പത്തൊൻപതുകൊല്ലം ഗുരുവായൂരിൽ താമസിച്ചു. 1099-ാമാണ്ടാണു് കോന്തിമേനോൻ മരിച്ചതു്. ഇളയതു് 1062-ാമാണ്ടിടയ്ക്കു് തൃപ്പറയാറ്റുക്ഷേത്രത്തിൽനിന്നു് ആറുനാഴിക തെക്കുള്ള കൈപ്പമംഗലം എന്ന ദേശത്തു കണ്ണംകുളത്തു ബ്ലാഹയില്ലത്തു വാസുദേവനിളയതിന്റെ മകൾ സാവിത്രി എന്ന കന്യകയെ വേളികഴിച്ചു. ആ ഇളയതിന്റെ അച്ഛന്റെ അമ്മാത്തുമുത്തച്ഛനായിരുന്നു സാക്ഷാൽ മച്ചാട്ടിളയതു്. ആ ദമ്പതികളുടെ ദ്വിതീയപുത്രനാണു് ചെറിയ രാമനിളയതു്. അദ്ദേഹം 1015-ൽ ജനിച്ചു. പിതാവിന്റെ കവനപാരമ്പര്യം പ്രശസ്തമായ രീതിയിൽ പാലിച്ചിരുന്നു. 1110-മാണ്ടു കർക്കടമാസം 6-ആംനുയായിരുന്നു വലിയ രാമനിളയതിന്റെ നിര്യാണം. വാതമാണു് മരണഹേതുകമായിത്തീർന്ന രോഗം.
ഒരു യഥാർത്ഥകവിക്കു വാസനാവൈഭവംകൊണ്ടുമാത്രം സമഞ്ജസമായ രീതിയിൽ സഹൃദയഹൃദയാഹ്ലാദനംചെയ്യുവാൻ സാധിക്കുമെന്നുള്ളതിനു മറ്റൊരു മകടോദാഹരണമാണു് വലിയ രാമനിളയതിന്റെ സാഹിതീവ്യവസായം. സംസ്കൃതം അദ്ദേഹം അഭ്യസിച്ചിട്ടില്ലെന്നു നാം കണ്ടുവല്ലോ. എങ്കിലും അദ്ദേഹത്തിന്റെ കവിത വായിച്ചാൽ അതു് ആരും ഗ്രഹിക്കുകയില്ല. അക്കാലത്തെ കവിമുഖ്യന്മാരുടെയിടയിൽ അദ്ദേഹത്തിനു് ആർക്കും അഭികാമ്യമായ ഒരു സ്ഥാനമാണുണ്ടായിരുന്നതു്. കവിതാവിഷയത്തിൽ അദ്ദേഹത്തിന്റെ മാർഗ്ഗദർശി എന്നു പറയേണ്ടതു കുഞ്ഞിക്കുട്ടൻതമ്പുരാനെയാണു്. സമുചിതങ്ങളായ ഭാഷാപദങ്ങളുടെ സന്നിവേശനത്തിൽ ഇളയതു് തമ്പുരാനു് ഏറെക്കുറെ സമസ്ക്കന്ധനായിരുന്നു. ശയ്യാസുഖം അദ്ദേഹത്തിന്റെകൃതികൾക്കു അഭംഗുരമായുണ്ടു്.ദ്രുതകവിതയിലും അദ്ദേഹം പിന്നോക്കമായിരുന്നില്ല. മലയാളവാക്കുകളെക്കൊണ്ടു ശേഷാലങ്കാരം പൊടിപാറ്റുന്നതിനുള്ള ഒരു വിരുതു് അദ്ദേഹത്തിനു പ്രത്യേകിച്ചും സ്വാധീനമായിരുന്നു. നിരർത്ഥകപദങ്ങൾകൊണ്ടു് അദ്ദേഹത്തിനു കൈകാര്യംചെയ്യേണ്ടിവന്നിട്ടില്ലെന്നു പ്രത്യേകം പറയേണ്ടതുണ്ടു്. ഏതാനും ചില ചില്ലറക്കൃതികളും കുറേ മുക്തകങ്ങളുമല്ലാതെ അദ്ദേഹം ഒന്നും എഴുതീട്ടില്ല. അവയിൽത്തന്നെ പലതും സൂക്ഷിച്ചുവയ്ക്കണമെന്നു നിർബന്ധമില്ലായിരുന്നതിനാൽ നശിച്ചുപോയിട്ടുണ്ടു്. ബാക്കിയുള്ളവയിൽനിന്നാണു് നമുക്കു് അദ്ദേഹത്തിന്റെ പ്രഭാവം നിർണ്ണയിക്കേണ്ടിയിരിക്കുന്നതു്. പക്ഷേ അതുകൊണ്ടു് നമ്മുടെ ആവശ്യം ധാരാളം നിറവേറുന്നതുമാണു്.
(1) അംബോപദേശം, (2) ഒരു സ്വപ്നം, (3) ഒരു മിടുക്കൻ, (4) കുചേലവൃത്തം എന്നീ ലഘുകാവ്യങ്ങളും, (5) ശംബരവധം, (6) പാഞ്ചാലീവസ്ത്രാക്ഷേപം എന്നീ വഞ്ചിപ്പാട്ടുകളും, (7) വസ്ത്രാപഹരണം കൈകൊട്ടിക്കളിപ്പാട്ടുമാണു് ഇളയതിന്റെ മുൻകൃതികൾ. ശേഷമെല്ലാം പലവകയിൽ ഉൾപ്പെടുത്താം. കുചേലവൃത്തമാണു് ഇവയിൽ ഏറ്റവും വിശിഷ്ടമായിട്ടുള്ളതു്. പക്ഷേ, അതു് ഒരപൂർണ്ണകൃതിയാണു്. ആദ്യത്തെ 48 ശ്ലോകങ്ങളിൽ കുചേലൻ ദ്വാരകയ്ക്കു പുറപ്പെടുവാൻ ഒരുങ്ങുന്നതുവരെയുള്ള ഭാഗംമത്രമേ അടങ്ങുന്നുള്ളു. അതിനപ്പുറം കവി ആ ഗ്രന്ഥരചന തുടർന്നുകൊണ്ടുപോയതായി കാണുന്നില്ല. ഇളയതിന്റെ അംബോപദേശത്തിനു മറ്റു കവികളുടെ ആ പേരിലുള്ള കൃതികളിൽനിന്നു് ഒരു അഭിനന്ദനീയമായ വ്യത്യാസമുള്ളതു് അതിൽ വേശ്യാവൃത്തിയല്ല, സദാചാരമാണു് പ്രതിപാദ്യം എന്നുള്ളതാണു്. ഒരു സ്വപ്നത്തിൽ നായിക, നായകൻ പരസ്ത്രീസക്തനാണെന്നു സ്വപ്നം കാണുന്നതും ഉണർന്നപ്പോൾ തന്റെ ഭ്രമം നിർമ്മൂലമാണെന്നറിഞ്ഞു ലജ്ജിക്കുന്നതുമാണു് വിഷയം. ‘ഒരു മിടുക്കൻ’ എന്ന കൃതിയിൽ നടുമുല്പാട്ടുനമ്പൂരി എന്ന വിരുതൻ ഒരു അറുപിശുക്കൻ നമ്പൂരിയെ തക്കിടിവിദ്യകൊണ്ടു പേടിപ്പെടുത്തി അദ്ദേഹത്തിൽനിന്നു് ഒരു നേരത്തെ ആഹാരം പിടിച്ചുവാങ്ങുന്നു. ‘വസ്ത്രാപഹരണം ബാലകൃഷ്ണനേയും ഗോപികമാരേയും കുറിച്ചുള്ള സുപ്രസിദ്ധമായ ഭാഗവതോപാഖ്യാനത്തെ ഉപജീവിച്ചു് എഴുതീട്ടുള്ളതാണു്. ഇളയതിന്റെ പാട്ടുകൾക്കു സംസ്കൃതവൃത്തങ്ങളിൽ രചിച്ചിട്ടുള്ള കൃതികളുടെ മെച്ചം കൈവന്നിട്ടില്ല. പ്രാസദന്തുരമായ പാഞ്ചാലീവസ്ത്രാക്ഷേപമാണു് ഉള്ളതിൽ ഭേദം.
ഉദാഹരണങ്ങൾ:
താഴെക്കാണുന്ന ശ്ലോകം ഒ. ചന്തുമേനോന്റെ അപേക്ഷയനുസരിച്ചു പെട്ടെന്നുണ്ടാക്കി ചൊല്ലിയതാണു്.
“കാമിനീകായകാന്താരേ” എന്ന സംസ്കൃതശ്ലോകത്തിന്റെ ഭാഷാനുവാദം നോക്കുക.
ഒരു ശ്ലോകംകൂടി പകർത്താം.
കൊച്ചിരാജ്യത്തു് ഇരിങ്ങാലക്കുടയ്ക്കു നാലുമൈൽ വടക്കുകിഴക്കുള്ള മാടായിക്കോണംദേശത്തിലെ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനടുത്തു പുത്തൻപിഷാരം എന്നൊരു ഗൃഹമുണ്ടു്. മാടായിക്കോണം അംശം മാപ്രാണംദേശത്തിൽ ഉൾപ്പെട്ടതാണു്. കൂടൽമാണിക്കംക്ഷേത്രത്തിൽ ഉത്സവക്കാലത്തു കൂത്തുവിളക്കുക എന്നൊരു കുലവൃത്തി ആ കുടുംബത്തിലേക്കുള്ളതു ദൂരെ താമസിച്ചുകൊണ്ടു പോയി നടത്തുവാൻ സാധിക്കാത്തതിനാൽ 1021-ാമാണ്ടിടയ്ക്കു് ആ ക്ഷേത്രത്തിനു സമീപമായി ഒരു ഭവനം പണിയിച്ചു് അതിനു് ഇരിങ്ങാലക്കുട പുത്തൻ പിഷാരം എന്നു പേരിട്ടു് അതിലും ആ കുടുംബക്കാർ താമസിച്ചുവന്നു. നാരായണപ്പിഷാരടി ശ്രീകൃഷ്ണപുരം പുത്തൻ പിഷാരത്തിൽ കുഞ്ഞിക്കുട്ടിപ്പിഷാരസ്യാരുടേയും കിഴുപ്പള്ളിക്കരെ ചെറുമുക്കില്ലത്തു പരമേശ്വരൻനമ്പൂരിയുടേയും പുത്രനായി 1057-ാമാണ്ടു ധനുമാസം ഉത്രംനക്ഷത്രത്തിൽ ജനിച്ചു. ബാല്യത്തിൽ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം അക്കാലത്തെ ഒരു പ്രസിദ്ധ ദൈവജ്ഞനായിരുന്ന ഇരിങ്ങാലക്കുട തെക്കേവാരിയത്തു കുട്ടൻവാരിയരോടു ജ്യോതിശ്ശസ്ത്രം നിഷ്കർഷിച്ചു പഠിക്കുകയും തദന്തരം കൊടുങ്ങല്ലൂർക്കുപോയി അവിടെ വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ ശിഷ്യനായി താമസിച്ചു് ആ ശാസ്ത്രത്തിലെ ഉൽഗ്രന്ഥങ്ങളിൽ അവഗാഹവും പ്രായോഗികപദ്ധതിയിൽ പരിശീലനവും സമ്പാദിക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ മഹാകവികളുടെ സ്നേഹവും ആ അവസരത്തിൽ അദ്ദേഹത്തിനു ലഭിച്ചുവെങ്കിലും കവിതാവിഷയത്തിൽ അവരെ അദ്ദേഹം പൂർണ്ണമായി അനുകരിച്ചു എന്നു പറയാവുന്നതല്ല. അപ്പോഴേയ്ക്കു സംസ്കൃതത്തിൽ ഒരുമാതിരി ലോകവ്യുൽപ്പത്തി ഉറപ്പിച്ചുകഴിഞ്ഞിരുന്നു. സംസ്കൃതവും ജ്യോതിഷവും പഠിപ്പിക്കുവാൻ സമർത്ഥനായ ഒരധ്യാപകനെ കിട്ടണമെന്നു പാഴൂർ പടിപ്പുരയ്ക്കലെ കുഞ്ഞിരാമൻ കണിയാർ അപേക്ഷിക്കുകയാൽ വലിയ കൊച്ചുണ്ണിത്തമ്പുരാൻ പിഷാരടിയെ അങ്ങോട്ടയച്ചു. 1079 മുതൽ മൂന്നു കൊല്ലം അദ്ദേഹം അവിടെ ആ പണി നോക്കി. പിന്നീടു് എറണാകുളം കോൺവെന്റു ഹൈസ്കൂളിൽ ഭാഷാപണ്ഡിതനായി നിയമിതനാകുകയാൽ താമസം അങ്ങോട്ടേയ്ക്കു മാറ്റി. പതിന്നാലു കൊല്ലത്തോളം ആ സ്കൂളിൽ അധ്യാപകനായിരുന്നതിനുശേഷം പരീക്ഷായോഗ്യത ഇല്ലെന്ന കാരണത്താൽ പിരിച്ചുവിടപ്പെടുകയാൽ ജ്യോതിഷവിദ്യയും സംസ്കൃതാധ്യാപനവും കാലക്ഷേപമാർഗ്ഗമാക്കിക്കൊണ്ടു നാലഞ്ചുകൊല്ലം കുമാരനല്ലൂരിലും രണ്ടുമൂന്നു കൊല്ലം കോട്ടയ്ക്കലും പിന്നീടു ഗുരുവായൂരിലും താമസിച്ചു. പേരുകേട്ട ഒരു ദൈവജ്ഞനായിരുന്നു എങ്കിലും അതിനനുസരിച്ചുള്ള ആദായമോ, വാസനാസമ്പന്നനായ ഒരു കവിയായിരുന്നുവെങ്കിലും അതിന്നനുഗുണമായ യശസ്സോ അദ്ദേഹത്തിന്നു നേടുവാൻ സാധിച്ചില്ല. കാരണം അന്യരോടു് ഇണങ്ങിപ്പെരുമാറുവാൻവേണ്ട നയമില്ലായ്മയാണു്. ആരോടും ഏതപ്രിയവും മുഖത്തുനോക്കി പറയും; മുൻകോപം ധാരാളമുണ്ടു്; ഇത്തരത്തിലുള്ള സ്വഭാവവൈകല്യങ്ങളാണു് അദ്ദേഹത്തിന്റെ ജീവിതത്തെ പരാജയപ്പെടുത്തിയതു്. ആദ്യം സ്വജാതിയിലുണ്ടായിരുന്ന ഭാര്യയെ ഉപേക്ഷിച്ചു് കുടമാളൂർവച്ചു് ഒരു നായർസ്ത്രീയെ സംബന്ധം ചെയ്തു. ഗുരുവായൂരിൽ വച്ചു വീണ്ടും ഞാറയ്ക്കാട്ടു കുടുംബത്തിലെ ഒരു പിഷാരസ്യാരെ ഭാര്യയായി സ്വീകരിച്ചു. ആകെക്കൂടി ഭാഗ്യഹീനരായ കേരളീയ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തെയും കൂട്ടാവുന്നതാണു്. ഗുരുവായൂരിൽ താമസിക്കുന്ന കാലത്തു് 1116-ൽ വയനാട്ടു് ഒരു ഇല്ലത്തെ ആവശ്യത്തിലേയ്ക്കു പ്രശ്നത്തിനായി പോകുകയും അവിടെവച്ചു് ഹൃദയസ്തംഭനംമൂലം 1116 മേടം 24-ആംനു മകം നക്ഷത്രത്തിൽ മരിക്കുകയും ചെയ്തു.
പിഷാരടി വളരെയൊന്നും എഴുതീട്ടില്ല. (1) സങ്ഗമേശ്സ്തവം, (2) വിഷ്ണുപുരാണം ഭാഷ, (3) വിശ്വരൂപം, (4) ഉദയാദുദയാന്തം, (5) നാരായണീയം ഭാഷ എന്നിവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. (6) ജാതകാദേശവും തർജ്ജമ ചെയ്തിട്ടുണ്ടു്. (7) നമ്പൂരിമാരോടു് എന്നൊരു കൃതിയും കുടമാളൂർ താമസിക്കുമ്പോൾ ഉണ്ടാക്കി. വിഷ്ണുപുരാണം അതേപേരിലുള്ള മൂലഗ്രന്ഥത്തിന്റെ വൃത്താനുവൃത്തരൂപത്തിലുള്ള പരിഭാഷയാണു്. അതു് ഇരിങ്ങാലക്കുട കൂടൽമാണിക്കം അച്ചുക്കൂടത്തിൽനിന്നു മാസികയായി പ്രസിദ്ധീകരിച്ചു. ഏഴു ലക്കങ്ങൾ പുറപ്പെട്ടതിനുശേഷം മുടങ്ങിപ്പോയി.
എന്ന മങ്ഗളപ്രാർത്ഥനയോടുകൂടിയാണു് ആ തർജ്ജമ ആരംഭിക്കുന്നതു്. വി.സി. ബാലകൃഷ്ണപ്പണിക്കർ ദ്വിതീയാക്ഷരപ്രാസവാദം പരിത്യജിച്ചു ‘വിശ്വരൂപം’ എന്ന കാവ്യമെഴുതിയപ്പോൾ അതിനെത്തന്നെ ആ പ്രാസത്തോടുകൂടി വിവർത്തനം ചെയ്യുകയാണു് പിഷാരടി തന്റെ വിശ്വരൂപംകൊണ്ടു സാധിച്ചിട്ടുള്ളതു്. പണിക്കരുടെ
എന്ന ശ്ലോകം
എന്നു മാറ്റിയിരിക്കുന്നു. വിശ്വരൂപത്തിന്റെ രീതിപിടിച്ചു നിർമ്മിച്ചിട്ടുള്ള ഒരു സ്വതന്ത്രകാവ്യമാണു് ഉദയാദുദയാന്തം.
എന്ന ശ്ലോകംകൊണ്ടു് ആരംഭിക്കുന്ന ഈ കാവ്യത്തിൽ കവി പല വിശിഷ്ടമനോധർമ്മങ്ങളും പ്രയോഗിച്ചിരിക്കുന്നു. ഒരു ശ്ലോകംകൂടി എടുത്തുകാണിക്കാം.
പിഷാരടിയുടെ ഈ കൃതി താമതമ്യേന പ്രസാദശൂന്യവും ശ്ലേഷജടിലവുമാകയാൽ സാധാരണന്മാർക്കു സുഗ്രഹമല്ല. ഭാഷാനാരയണീയം മുഴുവനായിട്ടുണ്ടോ എന്നു നിശ്ചയമില്ല. അധോലിഖിതമായ ശ്ലോകം ആദ്യത്തേതാണു്.
1105-ൽ ഒരു സാഹിത്യപരിഷത്സമ്മേളനത്തിൽ വായിച്ച ഒരു പ്രബന്ധത്തിൽനിന്നുകൂടി ഒരു ശ്ലോകം ചേർക്കാം.