അദ്ധ്യായം 50
കേരളവർമ്മ വലിയകോയിത്തമ്പുരാൻ (1020–1090)

 “യന്മാതാപിതരൗ തു കേരളധരാവിഖ്യാതവിദ്യാധരൗ;
 ലക്ഷ്മീര്യസ്യ വശംവദാ വിജയതേ ശ്രീവഞ്ചിസാമ്രാജ്യഭൂഃ;
 കീർത്തിഃ കേരളവർമ്മണോസ്യ കവിതാശ്രീകല്പവല്ലീഫലാ
 സ്വാദാവിഷ്കൃതസൗമനസ്യമഹസഃ കേനൈവ നാകർണ്ണിതാ?”
(മാനവിക്രമ ഏട്ടൻതമ്പുരാൻ)

ഉപക്രമം

ആധുനിക സാഹിത്യചക്രവർത്തിയായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ സഹസ്രമുഖമായ സരസ്വതീസേവനത്തെപ്പറ്റി പ്രസ്താവിക്കുന്നതിനുള്ള അവസരം ഇപ്പോൾ സന്നിഹിതമായിരിക്കുന്നു. അൻപതു കൊല്ലത്തിലധികം കാലം അവിടുന്നു ഗൈർവാണിയേയും കൈരളിയേയും അത്യത്ഭുതമായ ഭക്തിയോടും ശ്രദ്ധയോടും കൂടി സജീവമായി ആരാധിച്ചു. ഇന്നു ഭാഷാസാഹിത്യത്തിനു സിദ്ധിച്ചു കാണുന്ന സമുൽക്കർഷത്തിനു പ്രധാനമായ നിദാനം ആ അവതാര പുരുഷന്റെ അനുസ്യൂതവും അനന്യസാധ്യവുമായ പ്രയത്നമാണു്. “പൂർവാപരൗ വാരിനിധീ വഗാഹ്യ” എന്നു കാളിദാസൻ പറയുന്നതുപോലെ പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിലും ഉത്തരാർദ്ധത്തിലും അവിടുത്തെ അനുഗ്രഹം കേരളീയർക്കു ലഭിച്ചു. അത്തരത്തിൽ ഒരു പരമോപകർത്താവിനെ കേരള സാഹിത്യം അതിനു മുൻപും പിൻപും ഒരിക്കലും നിരീക്ഷിച്ചിട്ടില്ല.

കുടുംബം

തെക്കേ മലബാറിൽ പരപ്പൂർ എന്ന പേരിൽ പ്രാചീനമായ ഒരു രാജകുടുംബമുണ്ടു്. ആ കുടുംബത്തിന്റെ രണ്ടു ശാഖകളാണു് വേപ്പൂരും (ബേപ്പൂർ) പരപ്പനാടും. വേപ്പൂർ ശാഖയിൽനിന്നു പിരിഞ്ഞുപോന്നവരാണു് കിളിമാനൂർ കോയിത്തമ്പുരാക്കന്മാൻ. ചങ്ങനാശ്ശേരി കോയിത്തമ്പുരാക്കന്മാർ പരപ്പനാട്ടുശാഖയിൽപ്പെട്ടവരാണു്. ആ ശാഖയ്ക്കു് ആലിയക്കോടെന്ന പേരിലായിരുന്നു ആദ്യകാലത്തു തിരുവിതാംകൂറിൽ പ്രശസ്തി. 941-ൽ ഹൈദർഅലി ആക്രമിച്ച കാലത്തു് ആ ശാഖയിലെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി തന്റെ അഞ്ചു സ്ത്രീസന്താനങ്ങളോടു കൂടി ധർമ്മരാജാവിനെ അഭയംപ്രാപിച്ചു തിരുവനന്തപുരത്തു താമസിച്ചു. 960-ൽ മൂത്ത മകൾ ഇട്ടോട്ടിയമ്മയും കുഞ്ഞുങ്ങളും മാവേലിക്കര കണ്ടിയൂരിൽ മാറിപ്പാർക്കുകയും 982-ൽ ഗ്രാമത്തിൽക്കൊട്ടാരം പണികഴിച്ചു് അവിടെ താമസം തുടങ്ങുകയും ചെയ്തു. രണ്ടാമത്തെ മകൾ ഇട്ടിയങ്കളയമ്മ അവരുടെ സന്തനങ്ങളോടുകൂടി 969-ൽ തിരുവല്ലാ പാലിയക്കരക്കൊട്ടാരത്തിലേക്കു താമസം മാറ്റി. മൂന്നാമത്തെ മകൾ ഞാഞ്ഞിയമ്മയും കുട്ടികളും 973 മുതൽ ജ്യേഷ്ഠത്തിയോടൊന്നിച്ചു പാലിയക്കരക്കൊട്ടാരത്തിൽത്തന്നെ പാർത്തുതുടങ്ങി. നാലാമത്തെ മകൾ ആനിയമ്മയും സന്താനങ്ങളും 970 മുതൽ കോട്ടയം പള്ളത്തു സർക്കാർവക എടത്തിൽ താമസിച്ചു. അഞ്ചാമത്തെ മകൾ ഇഞ്ഞഞ്ഞിയമ്മയേയും സന്താനങ്ങളേയും ധർമ്മരാജാവു് പണ്ടു തെക്കുംകൂർ രാജാക്കന്മാരുടെ വാസസ്ഥാനമായിരുന്ന ചങ്ങനാശ്ശേരി നീരാഴിക്കെട്ടുകൊട്ടാരത്തിൽ പ്രതിഷ്ഠിച്ചു. ആ ഉപശാഖയാണു് ചങ്ങനാശ്ശേരി കോയിത്തമ്പുരാക്കന്മാരുടെ കുടുംബം. അച്ഛൻകോയിത്തമ്പുരാനു വേണ്ടി അവിടുത്തെ പ്രിയപത്നിയായ റാണി ഗൗരിലക്ഷ്മീബായി 987-ൽ പണിയിച്ചുകൊടുത്തതാണു് ലക്ഷ്മീപുരത്തുകൊട്ടാരം എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. നീരാഴിക്കെട്ടിൽനിന്നു് ആ കുടുംബം അപ്പോൾ അങ്ങോട്ടു മാറി. ടിപ്പുവിന്റെ ചേലക്കലാപത്തിനു ശേഷം ബ്രിട്ടീഷുകാർ മലബാർ പിടിച്ചടക്കി അവിടത്തെ രാജാക്കന്മാരെയെല്ലാം മാലിഖാൻ കൊടുത്തു പിരിച്ചുവിട്ടു ഭരണാധികാരം കരസ്ഥമാക്കി. അതിനാൽ പരപ്പനാട്ടുനിന്നു തിരുവിതാംകൂറിലേക്കു പോന്ന ശാഖോപശാഖകൾ അങ്ങോട്ടു മടങ്ങിയില്ല. ചിലർ പരപ്പനാട്ടു വലൂർ പുതിയകോവിലകത്തു താമസിച്ചിരുന്നു.ആ ഉപശാഖയിൽ സന്തതിവിച്ഛേദം വരുമെന്നു കണ്ടപ്പോൾ, 994-ാമാണ്ടു ലക്ഷ്മീപുരത്തുനിന്നു രണ്ടു സ്ത്രീകളേയും മൂന്നു പുരുഷന്മാരേയും അവിടത്തേക്കു ദത്തെടുത്തു. അവരിൽ ഒരാളൊഴിച്ചു ശേഷം നാലുപേർ 1005-ൽ അവിടെ നിന്നു പരപ്പനാട്ടെ മറ്റൊരു ഉപശാഖയായ കുറിയിടത്തുകോയിക്കലും ദത്തുകേറി. അങ്ങനെ ചങ്ങനാശ്ശേരിക്കുടുംബത്തിലേക്കു പരപ്പനാട്ടെ ദേശാധിപത്യവും വസ്തുവകകളും മാലിഖാനും കിട്ടി. നീരാഴിക്കെട്ടുകൊട്ടാരത്തിൽ താമസിച്ചിരുന്ന തമ്പുരാട്ടിക്കു് അച്ഛൻകോയിത്തമ്പുരാൻ, കൊച്ചപ്പൻകോയിത്തമ്പുരാൻ, ചെറുണ്ണികോയിത്തമ്പുരാൻ എന്നീ മൂന്നു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു സന്താനങ്ങൾ. ആ പുത്രിക്കു ലക്ഷ്മി, കുഞ്ഞിക്കുട്ടി, കുഞ്ഞി എന്നു മൂന്നു പുത്രിമാരും, ഇത്തമ്മർ എന്നൊരു പുത്രനുമുണ്ടായിരുന്നു. കുഞ്ഞിത്തമ്പുരാട്ടി പ്രസവിച്ചില്ല. അച്ഛൻകോയിത്തമ്പുരാനും മറ്റും കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ ശാഖയിൽപ്പെട്ടവരായിരുന്നു. ലക്ഷ്മിത്തമ്പുരാട്ടിയുടെ ശാഖയിൽപ്പെട്ടയാളാണു് ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ പിതാവും വലിയകോയിത്തമ്പുരാന്റെ മാതുലനുമായ രാജരാജവർമ്മകോയിത്തമ്പുരാൻ.

ജനനം

കേരളവർമ്മ വലിയകോയിത്തമ്പുരാൻ ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ വടക്കേത്തളത്തിൽ 1020-ാമാണ്ടു കുംഭമാസം 10-ാം൹ പൂയം നക്ഷത്രത്തിൽ ജനിച്ചു. “രാമവർമ്മാ” എന്നായിരുന്നു ആചാര്യദത്തമായ നാമധേയം. രാജരാജവർമ്മ കോയിത്തമ്പുരാന്റെ നേരേ സഹോദാരിയായിരുന്നു മഹാകവിയുടെ മാതാവായ ദേവ്യംബ (ദേവിയമ്മ). ആ തമ്പുരാട്ടിക്കു് ഇട്ടിയങ്കള എന്നു് ഒരു ഓമനപ്പേരുണ്ടായിരുന്നു. ആ തമ്പുരാട്ടി 999-ാമാണ്ടു കന്നിമാസത്തിൽ പൂരംനക്ഷത്രത്തിൽ ജനിച്ചു. ബാല്യത്തിൽ സംസ്കൃതം അഭ്യസിച്ചു് ഇതിഹാസപുരാണങ്ങളിൽ വൈദൂഷ്യം നേടി. പന്ത്രണ്ടാമത്തെ വയസ്സിൽ തളിപ്പറമ്പു മുല്ലപ്പള്ളി നാരായണൻനമ്പൂതിരിയുടെ പത്നിയായി. അദ്ദേഹം ശ്രുതിസ്മൃതികളിലും ജ്യോതിഷത്തിലും വിഷവൈദ്യത്തിലും അഭിജ്ഞനായിരുന്നു. സീമന്തപുത്രനായ രാജരാജവർമ്മ (ചെറുണ്ണി) കോയിത്തമ്പുരാനെ 1013-ാമാണ്ടു തുലാമാസം 9-ാം൹ മകംനക്ഷത്രത്തിൽ പ്രസവിച്ചു. അഭിനവവാഗ്ഭടൻ എന്ന ബിരുദത്താൽ പില്ക്കാലത്തു വിശ്രുതനായിത്തീർന്ന അദ്ദേഹത്തെക്കുറിച്ചു് ഉപരി പ്രസ്താവിക്കും. അവിടുത്തെ കനിഷ്ഠസഹോദരനാണു് കേരളവർമ്മദേവൻ. അവിടുത്തെ കനിഷ്ഠസഹോദരനായ രാജരാജവർമ്മകോയിത്തമ്പുരാൻ ഇംഗ്ലീഷിലും, അദ്ദേഹത്തിന്റെ അനുജനായ രവിവർമ്മകോയിത്തമ്പുരാൻ സംസ്കൃതത്തിലും—പ്രത്യേകിച്ചു വ്യാകരണത്തിൽ—നിപുണന്മാരായിരുന്നു.

പ്രാഥമികവിദ്യാഭ്യാസം

കേരളവർമ്മദേവൻ ബാല്യത്തിൽ കുലഗുരുവായ തിരുവാർപ്പിൽ രാമവാരിയരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചു. ഒൻപതാമത്തെ വയസ്സുവരെ ആ അഭ്യസനം അങ്ങനെ തുടർന്നു. കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെ പുത്രൻ രാമവർമ്മകോയിത്തമ്പുരാൻ അവിടുത്തെ സതീർത്ഥ്യനായിരുന്നു. അദ്ദേഹമാണു് പരപ്പനാട്ടു് രാമവർമ്മത്തമ്പുരാൻ എന്ന പേരിൽ അനന്തരകാലത്തിൽ പ്രസിദ്ധനായിത്തീർന്നതു്. ആ തമ്പുരാന്റെ ജനനം 1018-ാമാണ്ടു് ഇടവമാസത്തിലാണു്. നമ്മുടെ കഥാനായകന്റെ വിദ്യാഭ്യാസത്തിലും സ്വഭാവസംസ്കരണത്തിലും മാതാപിതാക്കന്മാരുടെ ശ്രദ്ധ സവിശേഷമായി പതിഞ്ഞിരുന്നു. മാതാവിനെ ഹനുമദുത്ഭവം ആട്ടക്കഥയുടെ ഉപോൽഘാതത്തിൽ മഹാകവി ഇങ്ങനെ വർണ്ണനം ചെയ്യുന്നു.

 “വിരക്തിമാർഗ്ഗേ ഹൃദയം തതാന യാ
 സമസ്തസൗഭാഗ്യസമൃദ്ധിമത്യപി
 അനന്യനാരീസുലഭോല്ലസദ്ഗുണാ
 ദദാതു മാതാ മമ സാപ്യനുഗ്രഹം.”

കൈരളീപ്രശസ്തിയിൽ

 “ഭൂപത്വമാർന്നിതരരുള്ളവർതൻകുലത്തിൽ
 ദീപങ്ങളായവതരിച്ചൊരു നാരിമാരിൽ
 പാപപ്രസങ്ഗമണയാത്ത മദീയമാതാ
 ശ്രീപർപ്പരാജ്ഞി വിദുഷീമണിമൗലിയത്രേ”

എന്നും അവിടുന്നു് ആ സുപരിചിതയെ സ്തുതിച്ചിട്ടുണ്ടു്.

പിതൃവന്ദനമാണു് ചുവടെ ചേർക്കുന്നതു്. അതും ഹനുമദുത്ഭവത്തിലുള്ള ഒരു ശ്ലോകംതന്നെ.

 “യഃ പ്രേയാൻ ജനകോ മമാഖിലജനശ്ലാഘാസ്പദം സമ്പദം
 സർവാം ബിഭൂദപി പ്രരൂഢപരമജ്ഞാനോദയാനന്ദഥുഃ
 ഹിത്വാ ദന്തുരകർമ്മസന്തതിമഭൂൽ കർമ്മന്ദിവൃന്ദാരകോ
 വന്ദേ കന്ദവിഹാരമന്ദിരപതിം തം ഭൂമിവൃന്ദാരകം.”
മാതുലനും ഭാഗിനേയനും

തിരുവനന്തപുരത്തു ലക്ഷ്മീറാണിയുടെ ഭർത്താവായിരുന്ന ചങ്ങനാശ്ശേരി രാജരാജവർമ്മ കോയിത്തമ്പുരാനെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചതുശ്ശാസ്ത്രപണ്ഡിതനായ അദ്ദേഹം 1025-ൽ ത്തന്നെ കഥാനായകന്റെ ജ്യേഷ്ഠനായ ചെറുണ്ണി കോയിത്തമ്പുരാനെ തന്റെ വാസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി സംസ്കൃതത്തിൽ ഉൽഗ്രന്ഥങ്ങൾ പഠിപ്പിച്ചു. അതോടുകൂടി ഇംഗ്ലീഷ്, വൈദ്യം, സങ്ഗീതം എന്നീ വിഷയങ്ങളിലും അദ്ദേഹം അവഗാഹം നേടി. മഹാകവി അദ്ദേഹത്തെ

 “കവികുലമഹനീയോ ഹൂണഭാഷാരഹസ്യം
 പണിനജമുനിതന്ത്രം സാധുസങ്ഗീതതീരം
 ബഹുഫലകരമായുർവേദശാസ്ത്രഞ്ച വിദ്വാൻ
 ജയന്തി മമ മഹാത്മാ സോദരോ രാജരാജഃ”

എന്നു മേൽസ്മരിച്ച ഉപോദ്ഘാതത്തിൽ പ്രശംസിച്ചിരിക്കുന്നു. ആ മാതുലന്റെ അന്തേവാസിയായിത്തീരുന്നതിനുള്ള ഭാഗ്യം 1030-ാമാണ്ടു കന്നിമാസത്തിൽ അവിടുത്തേക്കും സിദ്ധിച്ചു. ആ കൊല്ലത്തെ വിദ്യാരംഭദിനത്തിൽ പ്രസ്തുത ഗുരുശിഷ്യബന്ധം ആരംഭിച്ചു. അവിടെവെച്ചു് ആദ്യമായി പഠിച്ച ഗ്രന്ഥം കിരാതാർജ്ജുനീയമാണു്. 1033-ാമാണ്ടു കന്നിമാസം 11-ാം൹ 22-ാമത്തെ വയസ്സിൽ നാടുനീങ്ങിയ തന്റെ പ്രിയപത്നിയെ ഗുരുനാഥൻ 1034 മീനമാസത്തിൽ അനുഗമിക്കുകയാൽ നാലരക്കൊല്ലമേ ആ ഛാത്രത്വം നീണ്ടുനിന്നുള്ളുവെങ്കിലും അപ്പോഴേക്കു കേരളവർമ്മദേവൻ പല വിഷയങ്ങളിലും–പ്രത്യേകിച്ചു വ്യാകരണത്തിൽ–പ്രശംസാപരിധിയെ അതിലംഘിക്കുന്ന പാണ്ഡിത്യം സമ്പാദിച്ചുകഴിഞ്ഞിരുന്നു. വെളുപ്പാൻകാലത്തു നാലുമണി മുതൽ രാത്രി പത്തുമണിവരെയായിരുന്നു പഠിത്തം. സംസ്കൃതത്തോടുകൂടി ഇംഗ്ലീഷും, വൈദ്യവും, സങ്ഗീതവും അക്കാലത്തുതന്നെ അവിടുന്നും അഭ്യസിച്ചുതുടങ്ങി. മാതുലന്റെ പേരിൽ മരുമകന്നുള്ള ഭക്തിപ്രകർഷത്തെ അവിടുന്നു തന്റെ പല ആദ്യകാലകൃതികളിലും പ്രകീർത്തിച്ചിട്ടുണ്ടു്. ഹനുമദുത്ഭവത്തിന്റെ പ്രാരംഭത്തിൽ കാണുന്ന “അജ്ഞാനസ്ഫുരൽ” എന്ന ശ്ലോകം അന്യത്ര ഉദ്ധരിച്ചിട്ടുണ്ടല്ലോ. 1036-ൽ രചിച്ച തിരുനാൾപ്രബന്ധത്തിലും 1041-ൽ ഉണ്ടാക്കിയ നക്ഷത്ര മാലയിലും “ശ്രീമന്മാതുലരാജരാജകരുണാസാരസ്ഫുരത്സാഹിതീ വൈചക്ഷണ്യതൃണാങ്കുരേണ” എന്നും 1043-ൽ നിർമ്മിച്ച ശൃംങ്ഗാരമഞ്ജരീഭാണത്തിൽ “നിജമാതുലസ്യ വിബുധരാജരാജശേഖരസ്യ രാജരാജവർമ്മണഃ കരുണാസാരൈസ്സമുല്ലസിത കവിതാബാലവല്ലരീകേണ” എന്നും അവിടുന്നു തന്നെപ്പറ്റി പ്രശ്രയാവനതനായി പ്രസ്താവിച്ചുകാണുന്നു.

50.1വലിയ കോയിത്തമ്പുരാൻ

ലക്ഷ്മീറാണിയുടെ സ്വർഗ്ഗാരോഹണത്തോടുകൂടി തിരുവിതാംകൂർ രാജകുടുംബത്തിൽ സ്ത്രീകൾ ഇല്ലാതെയായിത്തീരുകയാൽ ഉത്രംതിരുനാൾ മഹാരാജാവു് 1033-ാമാണ്ടു ധനുമാസം 8-ാം൹ മാവേലിക്കരക്കൊട്ടാരത്തിൽനിന്നു രണ്ടു രാജകുമാരിമാരെ ദത്തെടുത്തു. അവരിൽ ജ്യേഷ്ഠസഹോദരിയായ റാണി ലക്ഷ്മീബായി ആറ്റുങ്ങൽ മൂത്തതമ്പുരാനെ കഥാനായകൻ 1034-ാമാണ്ടു മേടമാസം 13-ാം൹ പള്ളിക്കെട്ടുകഴിച്ചു് ‘വലിയ കോയിത്തമ്പുരാൻ’ എന്ന മഹനീയ പദവിയിൽ ആരൂഢനായി. സർവാങ്ഗസുന്ദരിയും സൽഗുണ സമ്പന്നയും സങ്ഗീതാദികലാഭിജ്ഞയുമായ ആ മഹാരാജകുമാരിയ്ക്കു സകലപുരുഷസിദ്ധികളുടേയും സങ്കേതസൗധവും സാഹിതീപാരദൃശ്വാവുമായ ഒരു വീരക്ഷത്രൈയകുമാരനെ ഭർത്താവായി ലഭിക്കുക എന്നുള്ളതിനേക്കാൾ എന്തൊരു സൌഭാഗ്യമാണു് കൈവരാനുള്ളതു്? അതുപോലെ തന്നെ മറിച്ചും. മാതുലന്റെ തദ്വിഷയകമായ ചരമപ്രാർത്ഥന മാത്രമല്ല അവിടത്തെക്കൊണ്ടു ലക്ഷ്മീരാജ്ഞിയെ വിവാഹംചെയ്യിക്കുന്ന വിഷയത്തിൽ മഹാരാജാവിനു പ്രേരകമായി ഭവിച്ചതു്. ആ ആകാരസൗഷ്ഠവം, ആ മേധാബലം, ആ വൈദുഷ്യപ്രകർഷം, ആ സൗശീല്യസമ്പത്തു് ഇത്യാദി മനോവാക്കായശക്തികൾ അവിടുത്തേയ്ക്കു മറ്റൊരു രാജകുമാരനിൽ സമീക്ഷിക്കുവാൻ ശക്യമായിരുന്നില്ല. ദ്വിതീയാശ്രമപ്രവേശംകൊണ്ടു കേരളവർമ്മദേവന്റെ ജ്ഞാനം ശിഥിലീഭവിക്കുന്നതിനു പകരം ദ്വിഗുണീഭവിക്കുകയാണു് ചെയ്തതു്.

ഉപരി ശാസ്ത്രാഭ്യാസം

ഉത്രംതിരുനാൾ മഹാരാജാവിന്റെയും ആയില്യം തിരുനാൾ മഹാരാജാവിന്റെയും കാലത്തു തിരുവനന്തപുരത്തെ വിദ്വത്സദസ്സ് ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുകൊണ്ടുവന്നിരുന്നു. ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ഉത്രം തിരുനാൾ മഹാരാജാവിന്റെ രാജ്യഭരണദശയിൽ ആ സദസ്സിനെ അലങ്കരിച്ചിരുന്ന ചില പണ്ഡിത പ്രവേകന്മാരെപ്പറ്റി കീർത്തിവിലാസചമ്പുവിൽ വർണ്ണിക്കുന്നുണ്ടെന്നു ഞാൻ മറ്റൊരവസരത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. കഥാനായകൻ അവരിൽ സുബ്ബാദീക്ഷിതർ, ശീനു അയ്യങ്കാർശാസ്ത്രികൾ ഇവരിൽനിന്നു വ്യാകരണശാസ്ത്രവും, പണ്ഡിതർ രാമ സ്വാമിശാസ്ത്രികളിൽനിന്നു തർക്കശാസ്ത്രവും, ഇലത്തൂർ രാമസ്വാമിശാസ്ത്രകളിൽനിന്നു വേദാന്തശാസ്ത്രവും അഭ്യസിച്ചു. ആദ്യത്തെ മൂന്നു ചതുശ്ശാസ്ത്രപണ്ഡിതന്മാരേയും പറ്റി ഇലത്തൂർ കീർത്തിവിലാസത്തിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

 “സ്നാനം പാതഞ്ജലാബ്ദൗ വിദധദവിരതം
 മന്ദയൻ മന്ദരാദ്രിം
 ശേഷാശേഷാസ്യനിര്യദ്ഭണിതിനിപുണവാ
 ഗ്വാദസങ്ഗ്രാമകാലേ
 ഗങ്ഗാഭങ്ഗാഭിരാമാതുലവിശദയശാഃ
 സാർവവൈദ്യാഗ്രയായീ
 ധാത്രീരാത്രീശ്വരസ്യാഭജത മണിസഭാം
 സുബ്ബയാഖ്യോ ബുധേന്ദ്രഃ.”
(സുബ്ബാസീക്ഷിതർ)


 “പ്രാണാഃ കാണാദവാണീദൃഷദുപനിഷദാം
 വാദയുദ്ധേ ബുധാനാം
 വേലാദോലായമാനാംബുധിവിമലതര
 ങ്ഗാഭവാഗ്ദ്ധോരണീകഃ
 വേഗാദാഗാദഗാധാഗമജലധിമഹാ
 മന്ദരോദാരബുദ്ധി
 ഗ്ഗോത്രാഗോത്രാരിഗോഷ്ഠിം ചടുകൃതിചതുരഃ
 ശ്രീനിവാസഃ കവീന്ദ്രഃ.”
(ശീനു അയ്യങ്കാർശാസ്ത്രികൾ)


 “ഘോടീധാടീപടീയഃപ്രവചനഗഹനൈഃ
 കർക്കശൈസ്തർക്കജാലൈ
 സ്സർവം ഖർവം പ്രകുർവൻ സദസി ബഹുവിദാം
 വാദിനാം വാദകേള ്യാം
 ക്ഷീരാംഭോരാശിവീചീചയവിമലയശഃ
 പ്രാപിതാശാവകാശോ
 രാമസ്വാമീതി വിത്തോ ഭജത നൃപസഭം
 മണ്ഡിതം പണ്ഡിതാനാം.”
(പണ്ഡിതർ രാമസ്വാമിശാസ്ത്രികൾ)

ഇലത്തൂർ തന്നെപ്പറ്റി വിവരിയ്ക്കുന്ന “പാടീരദ്രവസിക്ത” എന്ന ശ്ലോകം മുൻപു് ഉദ്ധരിച്ചിട്ടുള്ളതാണു്. ശീനുഅയ്യങ്കാർ ശാസ്ത്രികളുടെ പ്രധാനശാസ്ത്രം തർക്കമായിരുന്നു എങ്കിലും കേരളവർമ്മദേവൻ അദ്ദേഹത്തിൽനിന്നു് അഭ്യസിച്ചതു വ്യാകരണം തന്നെയായിരുന്നു. വേദാന്തത്തിനു പുറമേ സാഹിത്യവിഷയത്തിലും അവിടത്തേക്കു ഗുരുനാഥനായിരുന്നതു് ഇലത്തൂർ ഗോമതീദാസനാണു്. “ബ്രഹ്മവിദ്യോപദേഷ്ടാരം സ്വസ്യസാഹിത്യദേശികം” എന്നു് അദ്ദേഹത്തെ വിശാഖവിജയം ചതുർത്ഥസർഗ്ഗത്തിൽ മഹാകവി ഉപശ്ലോകനംചെയ്യുന്നു. യൗവനത്തിൽത്തന്നെ അവിടുന്നു പരാശ്ക്തിയുടെ ഉപാസകനായി; ആ വിഷയത്തിലും അവിടത്തെ സമ്പ്രദായഗുരു ഇലത്തൂരായിരുന്നു. ത്രിശത്യന്തരത്തിന്റെ ആരംഭത്തിൽ സപത്നീകനായ ആ ഗുരുവിനെ

 “മദനാനന്ദനാഥായ കരവൈ ഗുരുവേ നമഃ
 മോദിന്യംബാസമേതായ മോഹാന്ധതമസച്ഛിദേ”

എന്ന ശ്ലോകത്തിൽ വന്ദിക്കുന്നു. മദനാനന്ദനാഥനെന്നും മോദിന്യംബ എന്നുമുള്ള സംജ്ഞകൾ ശാക്തസമ്പ്രദായസിദ്ധങ്ങളായിരുന്നു.

ഇതരഭാഷാഭ്യാസം

കേരളവർമ്മദേവനെ തിരുവനന്തപുരത്തുവെച്ചു് ആദ്യമായി ഇംഗ്ലീഷ് അഭ്യസിപ്പിച്ചതു മാതുലൻ തന്നെയാണു്. അക്കാലത്തെ ഡർബാർ ഫിസിഷണരായിരുന്ന ഡോക്ടർ വെയറിങ്ങായിരുന്നു പിന്നത്തെ ഗുരുനാഥൻ. ഒടുവിൽ മാധവരായർദിവാൻജിയുടെ അനന്തരവനായ അണ്ണാജിരായരും കുറെക്കാലം പഠിപ്പിച്ചു. എങ്കിലും രാജധാനിയിൽ യൂറോപ്യന്മാരുമായുള്ള ഗാഢസമ്പർക്കവും, ആയില്യംതിരുനാൾ മഹാരാജാവിന്റെ അനുജൻ വിശാഖംതിരുനാൾ ഇളയതമ്പുരാനും മാധവരായർ ദിവാൻജിയുമായുള്ള സന്തതസാഹചര്യവും സർവോപരി നിയതമായ സ്വപ്രയത്നവും തന്നെയാണു് അവിടത്തേക്കു് ആ ഭാഷയിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം നേടുവാൻ കാരണഭൂതമായതു്. ഭാരതീയഭാഷകളിൽ സംസ്കൃതത്തിനും മലയാളത്തിനും പുറമേ, ഹിന്ദുസ്ഥാനിയിലും തമിഴിലും നിഷ്ക്കൃഷ്ടവും, തെലുങ്കിലും മഹാരാഷ്ട്രയിലും മറ്റും പ്രായോഗികവുമായ ജ്ഞാനം കൂടി അവിടുന്നു സമ്പാദിച്ചു.

സംഗീതം

വലിയ കോയിത്തമ്പുരാൻ നിസ്തന്ദ്രമായ സാധനകൊണ്ടു വീണവായനയിലും വിദഗ്ദ്ധനായിത്തീർന്നു. ആ കലയിൽ അവിടുത്തെ ആദ്യകാലത്തെ ഗുരു ജ്യേഷ്ഠൻ തന്നെയായിരുന്നു. 1036-ാമാണ്ടിടയ്ക്കു് ആസ്ഥാനവിദ്വാനായ വെങ്കടാദ്രിഭാഗവതരുടെ അന്തേവാസിത്വം സ്വീകരിച്ചു.കാലാന്തരത്തിൽ കല്യാണകൃഷ്ണഭാഗവതർ ആസ്ഥാനത്തിൽ ഉപവിഷ്ടനായി. എങ്കിലും ആ വിഷയത്തിൽ അവിടത്തെ പ്രധാനാചാര്യ പ്രേയസിയായ റാണി ലക്ഷ്മീബായിതന്നെയായിരുന്നു. അതിനു പകരം അവിടുന്നു പ്രേയസിയെ സാഹിത്യത്തിൽ നിപുണയാക്കി. എന്തൊരു ഹൃദയംഗമമായ വിദ്യാ വിനിമയം! വീണാവാദനം അവിടുന്നു യാവജ്ജീവം ഒരു നിത്യകർമ്മം പോലെ സമയം തെറ്റാതെ ആചരിച്ചുപോന്നു.

മറ്റു വ്യാപാരങ്ങൾ

കായികാഭ്യാസങ്ങളിലും മഹാ കവി നിരന്തരമായി ശ്രദ്ധ പതിപ്പിച്ചുകൊണ്ടിരുന്നു. മല്ലയുദ്ധം, കുതിരസ്സവാരി, ആയുധപ്രയോഗം, മൃഗയാവിനോദം, ചതുരംഗക്രീഡ തുടങ്ങിയ വിനോദവിഷയങ്ങളിൽ അവിടുന്നു ദിവസംതോറും പരിശീലനം ചെയ്തു. ലക്ഷ്യവേധത്തിൽ അവിടത്തെ വൈദഗ്ദ്ധ്യം അദ്വിതീയമായിരുന്നു. നളികപ്രയോഗവിദ്യയിൽ പല രഹസ്യങ്ങളും കിളിമാനൂർ ഗോദവർമ്മ കോയിത്തമ്പുരാൻ, കുഞ്ഞുണ്ണികോയിത്തമ്പുരാൻ എന്നീ ആചാര്യന്മാരിൽനിന്നു ഗ്രഹിച്ചു. കടുന്തുടിയേറു മുതലായ മറ്റു ചില വിദ്യകളിലും അവിടുന്നു സമർത്ഥനായിരുന്നു.

ആദ്യത്തെ സംസ്കൃതകൃതി

വലിയകോയിത്തമ്പുരാന്റെ പ്രധാന സംസ്കൃതകൃതികളുടെ ഗണനയിൽ ആദ്യത്തേതെന്നു പറയേണ്ടതു തിരുനാൾ പ്രബന്ധത്തെയാണു്. 1036-ാമാണ്ടു മീനമാസത്തിൽ ആയില്യം തിരുനാൾ മഹാരാജാവു് സിംഹാസനാരൂഢനായതിനുമേലുള്ള അവിടുത്തെ പ്രഥമ ജന്മർക്ഷം ആഘോഷിക്കേണ്ട അവസരം നേരിട്ടു. അക്കാലത്തു കഥാപുരുഷനു പതിനാറുവയസ്സുമാത്രമേ തികഞ്ഞിരുന്നുള്ളൂ. പന്തളത്തു പാർവതീപുരത്തു രേവതിതിരുനാൾ കേരളവർമ്മത്തമ്പുരാനോടു് താനും ആ വിഷയത്തെക്കുറിച്ചു് ഒരു പ്രബന്ധം രചിച്ചിട്ടുണ്ടെന്നു നേരമ്പോക്കായി പറഞ്ഞവാക്കുസത്യാപനം ചെയ്യുന്നതിനു് ഒരു ദിവസം രാത്രിയിൽ മൂന്നു നാലു മണിക്കൂർകൊണ്ടു് അറുപത്തഞ്ചു പദ്യങ്ങളും ഒൻപതു ഗദ്യങ്ങളും ഘടിപ്പിച്ചു രചിച്ചതാണു് പ്രസ്തുത കൃതി. അവിടുന്നു് ആ നിമിഷകൃതിയിൽ കേരളവർമ്മദേവൻ വശ്യവാക്കുകളായ മഹാകവികൾക്കും പ്രക്രിയാമർമ്മജ്ഞന്മാരായ വൈയാകരണന്മാർക്കും അലഭ്യമായ ഒരു മഹോന്നതപദവി അതിനു മുൻപുതന്നെ സ്വാധീനമാക്കിക്കഴിഞ്ഞിരുന്നതായി തെളിയിക്കുന്നു.

 “ദൃപ്യൽപ്രത്യർത്ഥിപൃഥ്വീപരിവൃഢമദസ
 ന്ദോഹനീഹാരധാരാ
 സംഹാരാർക്കപ്രകാശായിതബഹുളഭുജാ
 ഗൗരവാടോപശാലീ
 ക്ഷീരാംഭോരാശിവീചീവിസൃമരകരുണാ
 തുന്ദിലാപാംഗവീക്ഷാ
 മധുര്യോദ്രേകദൂരീകൃതനതകദനോ
 രാജതേ രാമരാജഃ”

എന്നും

 “വൈമാനികാധിപതിധാമാ മനോജ്ഞഗുണധാമാ ഖിലാംബുജമുഖീ
 കാമാർത്തിദായകനികാമാഭിരാമരുചിസീമാതിമോഹനതനുഃ
 ശ്രീമാനമേയതരഭൂമാ സമേത്യ ഖലു രാമാലയം രഘുപതിം
 ശ്യാമാബ്ദസുന്ദരമഥാമാനുഗൈരപി നനാമാവനീപരി വൃഢഃ”

എന്നും ഷോഡശവയസ്കനായ ഒരു ബാലൻ അതിനുമുൻപു് എപ്പോഴെങ്കിലും എഴുതീട്ടുണ്ടോ എന്നും ഉണ്ടെങ്കിൽത്തന്നെ ദ്രുത കവനസംരംഭത്തിൽ അതു സാധ്യമാണോ എന്നും ഏതു സഹൃദയനും സംശയിക്കാവുന്നതാണു്. അത്രയ്ക്കുണ്ടു് ആ പദ്യങ്ങളുടെ–എന്നെന്തിനു പറയുന്നു? ആ ചമ്പുവിന്റെ–രാമണീയകം. എന്താണു് ഈ അത്ഭുതത്തിന്റെ രഹസ്യം? മഹാപുരുഷന്മാരായ ചിലർ ഭൂമിയിൽ അപൂർവമായി അങ്ങിങ്ങവതരിക്കാറുണ്ടു്. പ്രാഗ്ജന്മങ്ങളിൽ സമാർജ്ജിച്ച പരിപൂർണ്ണമായ വിദ്യാസംസ്കാരത്തോടുകൂടി ജനിക്കുന്ന അവർക്കു “സ്ഥിരോപദേശാമുപദേശകാലേ പ്രപേദിരേ പ്രാക്തനജന്മവിദ്യാ:” എന്നു കാളിദാസൻ പാർവതീദേവിയെപ്പറ്റി പറയുന്നമാതിരി, ആചാര്യന്റെ സാമീപ്യത്തേയോ സകൃൽപ്രവചനത്തേയോ മാത്രം നിമിത്തീകരിച്ചു സകലസിദ്ധികളും ഉത്തരക്ഷണത്തിൽ ഉന്മീലനം ചെയ്യുന്നു.

50.2ആയില്യംതിരുനാൾ മഹാരാജാവും വലിയ കോയിത്തമ്പുരാനും—പൂർവ്വദശ

ആയില്യം തിരുനാൾ മഹാരാജാവിന്റെ അനേകമുഖമായ അഭിജ്ഞതയെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവിടത്തേക്കു കഥാപുരുഷന്റെ പേരിൽ ആദികാലത്തു് അത്യന്തം സ്നേഹബഹുമാനങ്ങളുണ്ടായിരുന്നു. മഹാരാജാവു് അവിടത്തെ വശ്യവചസ്ത്വം പല അവസരങ്ങളിലും നിഷ്ക്കൃഷ്ടമായി പരിശോധിച്ചു തൃപ്തിപ്പെടുകയുണ്ടായിട്ടുണ്ടു്. ഒരിയ്ക്കൽ കടല്പുറത്തു സവാരി എഴുന്നള്ളിയെ അവസരത്തിൽ അവിടുന്നു വലിയകോയിത്തമ്പുരാനെ ശംഖിൻ മുഖത്തു മണൽക്കുന്നിനു സമീപം ഒരു ചണ്ടിക്കുതിരയുടെ പുറത്തു കയറ്റി ഒരു മൈൽമാത്രമകലെയുള്ള സമുദ്രതീരത്തിൽ തൻ തന്റെ സാറട്ടുവണ്ടിയിൽ എത്തുന്നതിനുമുൻപു സമുദ്രവർണ്ണനരൂപത്തിൽ രണ്ടു ശ്ലോകങ്ങൾ നിർമ്മിച്ചു തന്നെ ചൊല്ലിക്കേൾപ്പിക്കുണമെന്നാജ്ഞാപിച്ചു. അന്നു മഹാകവിക്കു് ഇരുപത്തിമൂന്നു വയസ്സിനുമേൽ കഴിഞ്ഞിരുന്നില്ല. എങ്കിലും മഹാരാജാവിന്റെ ആ അഗ്നിപരീക്ഷയിൽ അവിടുന്നു് ഉത്തീർണ്ണനാകുകതന്നെ ചെയ്തു. താഴെക്കാണുന്നവയാണു് ആ ശ്ലോകങ്ങൾ.

 “സംക്ഷുഭ്യന്മാരുതാനർത്തിതതരളതരോ
 ത്തുംഗവിഭ്രാജമാന
 ഭ്രാമ്യൽകല്ലോലപാളീ വലയിതശഫരീ
 ജാലഹേലാജടാലഃ
 തീരാന്തശ്രാന്തമീനപ്രവരകളകള
 പ്രോല്ലസന്മന്ദ്രനാദ
 പ്രേംഖദ്വീചിച്ഛടാശീകരനികരസമു-
 ദ്ഭാസമുദ്രസ്സമുദ്രഃ.”

 “ഝംഝാമാരുതപൂർണ്ണഗർഭബഹളപ്രേംഖോളശംഖാവലീ
 ഝങ്കാരദ്വിഗുണീകൃതാരവമഹാകല്ലോലഹല്ലോഹലഃ
 രന്ധ്രാലോകിവലത്തിമിംഗലഗിലപ്രേക്ഷാഭയാകമ്പിത
 ഭ്രാമ്യന്മദ്ഗുരപോതവല്ഗിതശതൈരുജ്ജാഗരസ്സാഗരഃ”

അനുലോമവും പ്രതിലോമവുമായി വായിച്ചാൽ യഥാക്രമം ദേവീപരവും മഹാരാജപരവുമായ അർത്ഥം ലഭിക്കുന്ന അധോലിഖിതമായ ശ്ലോകവും ആയിടയ്ക്കുതന്നെ രണ്ടു മണിക്കൂർകൊണ്ടു മഹാരാജാവിന്റെ കല്പനയ്ക്കു വഴിപ്പെട്ടു രചിച്ചു.

 “ധീരാനുത്യാസമഗ്രാമയനിവഹഭിദ
 സ്താപനിഷ്ടാനദീനോ
 ച്ചാലോകശ്രീസമസ്താഘനദയഹരിരി
 ഷ്ടാദുരന്തായജാരാ
 ഹീനാരിർഘോരദുശ്ചാരഹതിരതിഗരി
 ഷ്ഠാനിരസ്താനയോമാ
 താപാനര്യാവിഹന്താമദപരഹതചി
 ന്താമനസ്ഥാവരാസാ”

1043-ൽ രചിച്ച ശൃംഗാരമഞ്ജരീഭാണത്തിൽ മേലുദ്ധരിച്ച സമുദ്രശ്ലോകങ്ങളും 1044-ൽ രചിച്ച ചിത്രശ്ലോകാവലിയിൽ ‘ധീരാനുത്യാ’ ദിപദ്യവും ചേർത്തുകാണുന്നു. വലിയകോയിത്തമ്പുരാൻ ആ രണ്ടു കൃതികൾക്കും തിരുനാൾപ്രബന്ധത്തിനും പുറമേ നക്ഷത്രമാല, തുലാഭാരശതകം, പാദാരവിന്ദശതകം എന്നു മൂന്നു കാവ്യങ്ങൾകൂടി നിർമ്മിച്ചു് അടിയറവച്ചു തന്റെ സുദൃഢമായ സ്വാമിഭക്തി പദേ പദേ പ്രകടിപ്പിച്ചികൊണ്ടിരുന്നു. സഹൃദയധുരീണനായ മഹാരാജാവു് അവയെ അംഗീകരിച്ചു മഹാകവിയെ ഉചിതങ്ങളായ സമ്മാനങ്ങൾകൊണ്ടു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

മഹാരാജാവിന്റെ ചില ആനുകൂല്യങ്ങൾ

ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ 1034-നുമേലുണ്ടായ കുടുംബഛിദ്രംനിമിത്തം മാതാവും സന്താനങ്ങളും അവിടെനിന്നു മാറിത്താമസിക്കേണ്ടതായിവന്നു. ഭർത്താവായ മുല്ലപ്പള്ളിനമ്പൂരി 1037-ൽ കാശിയിൽപ്പോയി അവിടെ സന്യാസാശൃമം സ്വീകരിച്ചു കുറേക്കാലം വേദാന്തവിചാരത്തിൽ നിമഗ്നനായി 1043-ാമാണ്ടു ബ്രഹ്മജ്യോതിസ്സിൽ വിലയം പ്രാപിച്ചു. 1040-ാമാണ്ടു വലിയകോയിത്തമ്പുരാന്റെ കുടുംബം കാർത്തികപ്പള്ളീക്കോയിക്കൽ താമസം തുടങ്ങി. 1046-ൽ അതിനടുത്തുതന്നെ സുപ്രസിദ്ധമായ അനന്തപുരത്തുകൊട്ടാരം പണിയിച്ചപ്പോൾ അങ്ങോട്ടേക്കു മാറി. അങ്ങനെ ആ ഛിദ്രം അവസാനിച്ചു. അതിനെല്ലാം കാരണം മഹാരാജാവിന്റെ കാരുണ്യപാത്രമായ മഹാകവിയുടെ ജ്യേഷ്ഠന്റെ നയകോവിദതയും കർമ്മകുശലതയുമായിരുന്നു. അദ്ദേഹം കുടുംബഭരണക്ലേശം വഹിച്ചതുകൊണ്ടു് അവിടത്തേക്കു് ആ കാര്യത്തിൽ അധികമൊന്നും ശ്രദ്ധിക്കേണ്ടിവന്നില്ല. വിശാഖം തിരുനാൾ ഇളയതമ്പുരാന്റേയും മാധവരായൻ ദിവാൻജിയുടേയും പ്രാണസുഹൃത്തായിരുന്നു വലിയ കോയിത്തമ്പുരാൻ എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. മഹാരാജാവിനോടൊപ്പം ഇളയതമ്പുരാന്നും മാധവരായർക്കും ഭാഷാഗദ്യസരണി പരിഷ്കരിച്ചു വിപുലീകരിക്കുന്നതിനു് ഏറ്റവും ഔത്സുക്യമുണ്ടായിരുന്നു. താൻ പുത്തനായി 1041-ാമാണ്ടു സ്ഥാപിച്ച മലയാളം പള്ളിക്കൂടങ്ങളുടെ ആവശ്യത്തിലേക്കു വേണ്ട ഗദ്യപുസ്തകങ്ങൾ രചിക്കുന്നതിനു മാധവരായർ 1042-ാമാണ്ടു ഒരധ്യക്ഷനും മൂന്നങ്ഗങ്ങളുമടങ്ങിയ ഒരു സമിതിയെ സംഘടിപ്പിച്ചു. അതിൽ ആദ്യം ഒരംങ്ഗമായി അവിടുന്നുകൂടി നിയമിതനാകുവാനുള്ള കാരണം അധ്യക്ഷനായ അണ്ണാജിയർക്കു ഇംഗ്ലീഷും മറ്റു രണ്ടങ്ഗങ്ങളായ സുബ്ബാദീക്ഷിതർക്കും കോളേജ് മുൻഷി രാമൻതമ്പിക്കും യഥാക്രമം സംസ്കൃതവും മലയാളവും മാത്രമേ പരിചയം ഉണ്ടായിരുന്നുള്ളു എന്നുള്ളതാണു്. കേവലം നാലുപേരിൽ ഒരാൾക്കുമാത്രമായിരുന്ന അവിടുത്തേക്കുതന്നെയാണു് തന്നിമിത്തം കമ്മിറ്റിയുടെ ആവിർഭാവംമുതല്ക്കു സ്വയം പുസ്തകങ്ങൾ നിർമ്മിക്കുകയും, ചിലപ്പോൾ മറ്റുള്ളവരെക്കൊണ്ടു നാമമാത്രമായി എഴുതിച്ചു് അവയുടെ അലകം പിടിയും മറ്റി മുദ്രാപണാർഹമാക്കുകയും ചെയ്യേണ്ടി വന്നതു്. 1039-ൽ ഒന്നാമത്തെ ഭാഷാകൃതിയായ ഹനുമദുത്ഭവം കഥകളി അവിടുന്നു രചിച്ചു; അതു പദ്യ്സാഹിത്യശാഖയിലാണല്ലോ ഉൽപ്പെടുന്നതു്. തിരുവനന്തപുരത്തു മലയാളം പള്ളിക്കൂടങ്ങൾ ഏർപ്പെടുത്തിയപ്പോൾ വിശാഖംതിരുനാളോടൊപ്പം വലിയകോയിത്തമ്പുരാനും അവിടങ്ങളിൽ പോയി പ്രസങ്ഗങ്ങൾ ചെയ്തുവന്നു. 1042-ൽ ഗദ്യപുസ്തകരചന തന്റെ പ്രഥമകർത്തവ്യങ്ങളിൾ ഒന്നായി അവിടുന്നു കരുതി അതിലേക്കു സ്ഥിരപ്രയത്നം ചെയ്തുതുടങ്ങി. 1043-ൽ അവിടുന്നു രചിച്ച സന്മാർഗ്ഗസംഗ്രഹവും വിജ്ഞാനമഞ്ജരിയും ഭാഷാ വിദ്യാലയങ്ങളിൽ പഠിപ്പിച്ചിരുന്നതായി കാണുന്നു. ആ കൊല്ലം കർക്കടകമാസം 15-ാം൹ അവിടുന്നു കമ്മിറ്റിയുടെ അധ്യക്ഷനായി. ധനതത്വനിരൂപണം, രണ്ടാംപാഠം, മൂന്നാംപാഠം ഇവയെല്ലാം 1043-നു മുമ്പു് അച്ചടിപ്പിച്ചുകഴിഞ്ഞിരുന്നു. 1048 ചിങ്ങം 24-ാം൹ വരെയേ മഹാകവി ആ സ്ഥാനത്തിലിരുന്നുള്ളു. 1048-ൽ മാധവരായർ ഇംഗ്ലീഷിൽ എഴുതിയ തിരുവിതാംകൂർ ചരിത്രത്തിന്റെ തർജ്ജമയും 1049-ൽ ഇൻഡ്യാചരിത്രവും പ്രസിദ്ധീകരിച്ചു.

50.3ആയില്യംതിരുനാൾ മഹാരാജാവും, വലിയ കോയിത്തമ്പുരാനും—ഉത്തരദശ

അങ്ങനെ ഒരു വ്യാഴവട്ടക്കാലം കേരളവർമ്മദേവന് അഭിജ്ഞാഗ്രിമനായ വഞ്ചീശ്വരന്റെ ആദരാതിശയം; ആ തിരുമേനിയുടെ സഹൃദയധുരീണനായ കനിഷ്ഠഭ്രാതാവിന്റെ സൗഹാർദ്ദപാരമ്യം; സകലകലാകശലയായ പ്രിയതമയുടെ സരസപരിചരണം; സർവതന്ത്രസ്വതന്ത്രന്മാരും കവികൂടസ്ഥന്മാരുമായ നിരവധി സരസ്വതീദാസന്മാരുടെ നിത്യസമ്പർക്കം; സമുന്നതമായ സ്ഥാനത്തിനു് അനുഗുണമായ സൽക്കീർത്തിസിദ്ധി-എന്നുവേണ്ട, ഉത്ഥാനശീലനായ ഒരു പുരുഷനു സ്പൃഹണീയങ്ങളായി ലോകത്തിൽ ഏതെല്ലാം വസ്തുക്കളുണ്ടോ അവയെല്ലാം യൗവനത്തിൽത്തന്നെ അധീനങ്ങളായിത്തീർന്നു. അക്കാലത്തു് “കേരളത്തിൽ ആരാണു് അത്യന്തം ഭാഗ്യവാൻ?” എന്ന ചോദ്യത്തിനു “കേരളവർമ്മ വലിയകോയിത്തമ്പുരാൻ” എന്നല്ലാതെ ആർക്കും ഉത്തരം പറയുവാൻ തോന്നുമായിരുന്നില്ല. അവിടത്തെ ജീവിതത്തിലെ പ്രഥമഘട്ടം അങ്ങനെ കഴിഞ്ഞു. അടുത്തതു ദ്വിതീയഘട്ടമാണു്.

വിധിവൈപരീത്യം

കാലം മാറി; കാർമേഘപടലങ്ങൾകൊണ്ടു് അന്തരീക്ഷം ഇരുണ്ടു. 1048-ാമാണ്ടു ധനുമാസം 6-ാം൹ മഹാരാജാവു് ദീർഘമായ ഭാരതപര്യടനം കഴിഞ്ഞു വലിയ കോയിത്തമ്പുരാനോടൊന്നിച്ചു രാജധാനിയിൽ തിരിച്ചെഴുന്നള്ളി. മഹാരാജാവിനു കുറേക്കാലമായി മാധവരായരോടുള്ള നീരസം വർദ്ധിച്ചുവരികയായിരുന്നു. അതിന്റെ ഫലമായി അദ്ദേഹം 1047-ാമാണ്ടു മേടം 31-ാം൹ ഉദ്യോഗത്തിൽ തിന്നൊഴിഞ്ഞു. ഇടവം 10-ാം൹ ശേഷയ്യ്യശാസ്ത്രികൾ ദിവാൻജിയായി. ശേഷയ്യ്യശാസ്ത്രികൾ മാധവരായരുടെ സഹപാഠിയും സുഹൃത്തുമായിരുന്നു. മാധവരായർക്കും വിശാഖം തിരുനാൾ തമ്പുരാന്നും, വലിയകോയിത്തമ്പുരാന്നും തമ്മിലുള്ള സൗഭ്രാത്രനിർവിശേഷമായ സൗഹാർദ്ദപ്രകർഷം അനുവാചകന്മാർ ഓർമ്മിക്കുമല്ലോ. ആയില്യംതിരുനാൾ മഹാരാജാവിന്റെ രാജ്യഭാരത്തിലെ ഉത്തരഭാഗം പൂർവഭാഗത്തെപ്പോലെ അനവദ്യമായിരുന്നില്ല; ശേഷയ്യ്യശാസ്ത്രികൾ തിരുമനസ്സിലെ പല ആജ്ഞകളും അനുവർത്തിക്കുവാൻ വിസമ്മതിച്ചു. 1048-ൽത്തന്നെ അവിടുത്തേക്കു മഹാകവിയുടെ പേരിൽ രസക്ഷയം അങ്കുരിച്ചു കഴിഞ്ഞിരുന്നു. അവർ മൂന്നുപേരും തന്റെ ശത്രുക്കളും തനിക്കെതിരായി തിരുവനന്തപുരത്തു സംഘടിപ്പിച്ചിരുന്ന ഒരു പ്രബലമായ ഉപജാപകസംഘത്തിന്റെ നേതാക്കന്മാരുമാണെന്നു മഹാരാജാവു തെറ്റിദ്ധരിച്ചു. വിശ്വവിദിതനായ വിശാഖം തിരുനാളിന്റേയോ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റേയോ നേർക്കു തന്റെ ക്രോധം ഫലിക്കുകയില്ലെന്നു ബുദ്ധിശാലിയായ അവിടുത്തേക്ക് അറിവുണ്ടായിരുന്നു. തന്നിമിത്തം താരതമ്യേന അശരണനായ വലിയകോയിത്തമ്പുരാനെ ലക്ഷ്യമാക്കി അവിടത്തെ വൈര നിര്യാതനാസക്തി അതിന്റെ പ്രചണ്ഡരൂപത്തിൽ പാഞ്ഞു. ഉദാത്തമായ സൗഹാർദ്ദം ഉൽക്കടമായ വിദ്വേഷമായി രൂപം മാറി, എന്തിനു വളരെ? 1050-ാമാണ്ടു കർക്കടമാസം 21-ാമാണ്ടു കർക്കടകമാസം 21-ാം ൹ മഹാരാജാവു അവിടുത്തെ രാജദ്രോഹക്കുറ്റം ചുമത്ത ബന്ധനസ്ഥനാക്കി ആലപ്പുഴക്കൊട്ടാരത്തിൽ താമസിപ്പിച്ചി പതിനഞ്ചുമാസത്തേയ്ക്കു നീണ്ടുനിന്ന ആ കാരാഗൃഹത്തിലെ ഏകാന്തവാസത്തിനു മേൽ 1052-ാമാണ്ടു വൃശ്ചികമാസത്തിൽ അരിപ്പാട്ടു സ്വഗൃഹത്തിൽപ്പോയി താമസിച്ചുകൊള്ളുവാൻ കല്പനകിട്ടി. അങ്ങനെ അവിടുത്തെ ബന്ദിശാല അല്പംകൂടി വിശാലമായി. അവിടെ താമസിക്കുമ്പോളാണു് സാഹിത്യമാർഗ്ഗത്തിൽക്കൂടി ആ ഏകശാസകനെ ഉപസർപ്പണംചെയ്തു കാരുണ്യപ്രാർത്ഥനമൂലം അവിടുത്തെ അശ്മഹൃദയത്തെ അലിയിച്ചു ബന്ധവിമോചനം സമ്പാദിക്കാമെന്നുള്ള പ്രത്യാശയിൽ ക്ഷമാപണസഹസ്രം എന്ന കരുണാമയമായ കാവ്യതല്ലജം രചിച്ചു കഥാനായകൻ മഹാരാജസന്നിധിയിലേയ്ക്കു് അയച്ചുകൊടുത്തതു്. അവിടുത്തെ കവിതയുടെ ശക്തിയെപ്പറ്റി നല്ല അറിവുണ്ടായിരുന്ന മഹാരാജാവാകട്ടെ അതിൽ ആദ്യത്തെ രണ്ടു മൂന്നു ശ്ലോകങ്ങൾക്കപ്പുറം അതു വായിച്ചുനോക്കിയതുപോലുമില്ല. ആ പരിദേവനം ഫലശൂന്യമെന്നു കണ്ടപ്പോൾ ശ്രീപത്മനാഭനോടായി അവിടുത്തെ ആക്രന്ദനം. ശത്രുസംഹാരസാധകങ്ങളെന്നു തനിക്കു തോന്നിയ വിവിധസ്തോത്രങ്ങൾ അവിടുന്നു് ആ അവസരത്തിൽ നിർമ്മിച്ചിട്ടുള്ളവയിൽ അഗ്രപൂജയ്ക്കു് അർഹമായിട്ടുള്ളതു് യമപ്രണാമശതകമാണു്.

അരിപ്പാട്ടെ ഇതരകൃത്യങ്ങൾ

കഥാപുരുഷൻ അസ്വതന്ത്രനായി അരിപ്പാട്ടു താമസിക്കുമ്പോൾ കാവ്യരചനയിൽൽ മാത്രമല്ല വ്യാപൃതനായിരുന്നതു്. സംസ്കൃതഗ്രന്ഥങ്ങൾ മനോഹരമായ സ്വന്തം കയ്പടയിൽ പകർത്തുക എന്നതു് അവിടുത്തേക്കു ബാല്യംമുതല്ക്കുതന്നെ പ്രിയമായ ഒരു സാഹിത്യവ്യവസായമായിരുന്നു. ആ പരിപാടി ഉപസ്ഥിതിക്കു വളരെ പ്രയോജനപ്പെടുന്നതാണെന്നു പറയേണ്ടതില്ലല്ലോ. 1053-ാമാണ്ടു ധനുമാസം ഒടുവിലത്തെ ദിവസം മേല്പത്തൂർ ഭട്ടതിരിയുടെ പ്രക്രിയാസർവസ്വം പകർത്തിത്തുടങ്ങുകയും അതിൽ അങ്ങിങ്ങു ചില പംക്തികൾക്കു് ഒരു ലഘുടിപ്പണീ രചിക്കുകയും ചെയ്തു. 1057-ൽ വേമഭൂപാലചരിതം, നവസാഹസാങ്കചരിതം എന്നീ ഗദ്യപദ്യകാവ്യങ്ങൾ തിരുവനന്തപുരത്തു തിരിയെപ്പോയതിനുമേലും ലേഖനം ചെയ്തതായി കാണുന്നു. 1058-ൽ ധാതുകാവ്യം, ശബ്ദകൗസ്തുഭം മുതലായ ഗ്രന്ഥങ്ങളും പകർത്തി. ബന്ധനത്തിനുമുൻപു തിരുവനന്തപുരത്തുവെച്ചു ചിലരെ സംസ്കൃതത്തിൽ ശാസ്ത്രഗ്രന്ഥങ്ങൾ അവിടുന്നു പഠിപ്പിക്കാറുണ്ടായിരുന്നു. അരിപ്പാട്ടുവച്ചു തന്റെ പ്രിയഭാഗിനേയനായ കൊച്ചപ്പക്കോയിത്തമ്പുരാൻ (ഏ. ആർ. രാജരാജവർമ്മ), തുറവൂർ നാരായണശാസ്ത്രികൾ, അനുജൻ രവിവർമ്മകോയിത്തമ്പുരാൻ മുതലായവരെ വ്യാകരണം അഭ്യസിപ്പിച്ചു. അവരെല്ലാം പിൽക്കാലത്തു മഹാവൈയാകരണന്മാരായിത്തീരുകയും രാജരാജവർമ്മ കോയിത്തമ്പുരാൻ പിൽക്കാലത്തു പ്രൊഫസറായീ സംസ്കൃതത്തിലും ഭാഷയിലും മഹനീയങ്ങളായ പല ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. മഹാമേധാവിയായ ആ ഭാഗിനേയനെ അവിടുന്നു സംസ്കൃതത്തിനുപുറമേ ഇംഗ്ലീഷിലും പഠിപ്പിച്ചു. ഈ ദ്വിതീയഘട്ടത്തിൽനിന്നു് ഇനി നമുക്ക്‍ തൃതീയഘട്ടത്തിലേയ്ക്കു നീങ്ങാം.

തിരിയെ തിരുവനന്തപുരത്തു്

1055-ാമാണ്ടു് ഇടവമാസം 19-ാം൹ ആയില്യം തിരുനാൾ മഹാരാജാവു നാടുനീങ്ങി. ആ മാസം 31-ാം൹ വിശാഖംതിരുനാൾ ഇളയ തമ്പുരാൻ സിംഹാസനാരോഹണംചെയ്തു. അതിനുമുൻപു തന്നെ അവിടുന്നു വലിയ കോയിത്തമ്പുരാനെ തിരുവനന്തപുരത്തേക്കു ആനയിച്ചുകഴിഞ്ഞിരുന്നു. താൻ പകർത്തിയെഴുതിയ പ്രക്രിയാസർവസ്വം അവിടുത്തേക്കു് 1056-ാമാണ്ടു അടിയറ വച്ചപ്പോൾ

 “യസ്യോച്ചൈർദ്ദയയൈവദുർഗ്ഗതിമയസ്തീർണ്ണോമയാർണ്ണോനിധി
 സ്തുർണ്ണം പൂർണ്ണമനോരഥേന ച പുനർല്ലബധാഗതിഃ ശ്രേയസീ”

എന്നു കഥാനായകൻ ആ അനുഗ്രഹത്തെ സ്മരിച്ചിട്ടുണ്ടു്. മഹാരാജാവും 1065-ാമാണ്ടു് അവിടത്തേക്കു മദിരാശി വിശ്വവിദ്യാലയത്തിൽനിന്നു് എഫ്.എം.യു.എന്ന സ്ഥാനം നല്കിയപ്പോൾ

 “ന കേവലം മോചിതവാൻ ഗ്രാഹഗ്രസ്തമിഭം ഹരിഃ
 നിരുപാധികൃപാപൂർണ്ണസ്സാരൂപ്യമപി ദത്തവാൻ”

എന്നു തനിക്കു് ആ വിഷയത്തിലുണ്ടായിരുന്ന പങ്കിനെപ്പറ്റി സൗഹാർദപുരസ്സരം അറിയിച്ചിട്ടുണ്ടു്. മഹാരാജാവിനു് അതിനു മുൻപുതന്നെ ആ ബഹുമതി ലഭിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അങ്ങനെ കഥാപുരുഷന്റെ പത്നീവിരഹദുഃഖം അവസാനിച്ചു. തന്റെ ബഹിശ്ചരപ്രാണനായ വിശാഖം തിരുനാൾ മഹാരാജാവിന്റെ സഹവാസസൗഖ്യം വീണ്ടും ലബ്ധമായി. 1056-ാമാണ്ടു കുംഭമാസം 25-ാം൹ സി. ഐ. എന്ന ബിരുദം ഭാരതചക്രവർത്തിനി പ്രേയസിക്കു സമ്മാനിച്ചു. എങ്കിലും അതിനുമുൻപുണ്ടായ വിധിയുടെ കഠിനപ്രഹരം അവിടുത്തേക്കു് അനുനിമിഷം മർമ്മഭേദകമായിത്തന്നെ അവശേഷിച്ചു. ബന്ധനത്തിനുമുൻപു ജീവിച്ച ആനന്ദമയനെയല്ല, ആതങ്കമയനായ മറ്റൊരു പുരുഷനെയാണു് ബന്ധമോക്ഷം ലഭിച്ച അവസരത്തിൽ ലോകം കണ്ടതു്. “തേജോവധഃ പ്രാണവധാദ്ഗരീയാൻ” എന്നുണ്ടല്ലോ.

വീണ്ടും ബുക്കുകമ്മിറ്റി

1049-ാമാണ്ടുമുതൽ മൃതപ്രായമായിക്കഴിഞ്ഞിരുന്ന ബുക്കുകമ്മിറ്റിയെ മഹാരാജാവു സമുദ്ധരിച്ചു വലിയ കോയിത്തമ്പുരാനെ വീണ്ടും അതിന്റെ അദ്ധ്യക്ഷനായി നിയമിച്ചു. പിന്നെയും പല നല്ല ഗദ്യപുസ്തകങ്ങൾ അവിടുന്നു് ആ നിലയിൽ ഇരുന്നുകൊണ്ടു രചിച്ചു പ്രസിദ്ധീകരിച്ചു. അക്‍ബർ, മഹച്ചരിതസംഗ്രഹം എന്നീരണ്ടു പ്രധാന ഗ്രന്ഥങ്ങളുടെ നിർമ്മിതി അക്കാലത്താരംഭിച്ചതാണു്. സന്മാർഗ്ഗവിവരണം, സന്മാർഗ്ഗപ്രദീപം, ലോകത്തിന്റെ ശൈശവാവസ്ഥ മുതലായ പുസ്തകങ്ങൾ ആ ഘട്ടത്തിൽ നിർമ്മിതങ്ങളായി. ആദ്യത്തെ രണ്ടു ഗ്രന്ഥങ്ങളും മഹാരാജാവിന്റെ പ്രത്യേകമായ അഭിലാഷമനുസരിച്ചാണു് എഴുതിയതു്. വോണ്‍ലീംബർഗ്ഗ്ബ്രൗവർ എന്ന ഡച്ചുകാരൻ ‘അക്‍ബർ ക്രി.പി. 1872-ൽ ഡച്ചുഭാഷയിൽ രചിച്ചു; അതിന്റെ ഒരു ആംഗലേയഭാഷാനുവാദം 1879-ൽ പുറപ്പെട്ടു. പ്രസ്തുത ഗ്രന്ഥം മഹാരാജാവു 1880 ജൂലൈ 5-ാം൹ “ആ ആഖ്യായിക മുഴുവൻതന്നെ ഭാഷാന്തരീകരിക്കത്തക്ക യോഗ്യതയുള്ളതാകുന്നു” എന്ന അഭിപ്രായത്തോടുകൂടി വലിയകോയിത്തമ്പുരാന് അയച്ചുകൊടുത്തു. 1057-ാമാണ്ടു് അവിടുന്ൻ ആ തർജ്ജമ ആരംഭിച്ചു. എങ്കിലും ഇടയ്ക്കുവെച്ചു് ആ പ്രയത്നം മുടങ്ങിപ്പോയി. പിന്നീടു് 1069-ാമാണ്ടാണു് അതു മുഴുവനാക്കി അച്ചടിപ്പിച്ചതു്. മഹച്ചരിതസംഗ്രഹം മോണ്ഡർ (Maunder) സായിപ്പിന്റെ മഹച്ചരിതഭണ്ഡാഗാരം (Treasury of Biography) എന്നവിശിഷ്ടപുസ്തകത്തിലടങ്ങിയവയും അതിൽ ഉൾപ്പെടാത്തവയുമായ അനേകം മഹച്ചരിത്രങ്ങളുടെ സമുച്ചയമാണു്. അവയിൽ അലക്സാണ്ടർ, ആൽഫ്രഡ്, ആർക്കമീഡസ്, അരിസ്റ്റോട്ടിൽ, ബേക്കൺ എന്നീ അഞ്ചു മഹാന്മാരുടെ ചരിത്രം തിരുമനസ്സുകൊണ്ടുതന്നെ രചിച്ചതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥം പൂരിപ്പിക്കുവാൻവേണ്ട നിർദ്ദേശങ്ങളോടു കൂടി 1880 ജൂണ്‍ 4-ാം൹ ഒരു തിരുവെഴുത്തു് വലിയ കോയിത്തമ്പുരാന്നയച്ചു. കഥാപുരുഷൻ ആ അഞ്ചും താൻ എഴുതിയ ഒൻപതും ചരിത്രങ്ങൾ വിദ്യാവിലാസിനി മാസികയിൽ പ്രസിദ്ധീകരിച്ചു. ആകെ 107 പേരുടെ ചരിത്രങ്ങൾ പ്രസ്തുത പുസ്തകത്തിൽ ഉൾക്കൊള്ളുന്നുണ്ടു്. അവയിൽ 40 എണ്ണം അവിടുന്നുതന്നെ എഴുതിയതും ശേഷമുള്ളവ ബുക്കുകമ്മിറ്റിയിലെ മറ്റംഗങ്ങളെക്കൊണ്ടു എഴുതിച്ചു് അനല്പമായ ശ്രമം ചെയ്തു പരിശോധിച്ചു വാചകരീതിക്കു് ഐകരൂപ്യം വരിത്തീട്ടുള്ളതുമാണു്.” 1070-ലായിരുന്നു മഹച്ചരിതസംഗ്രഹത്തിന്റെ പ്രസിദ്ധീകരണം. 1072-ൽ അക്കാലത്തെ ഗവണ്‍മെന്റു ബുക്കുകമ്മിറ്റിയുടെ പ്രവൃത്തി മണ്ഡലം സങ്കുചിതമാക്കി പുതിയ പുസ്തകങ്ങളുടെ നിർമ്മിതി ആവശ്യമില്ലെന്നു് തീർച്ചപ്പെടുത്തി. 1073-ൽ മറ്റൊരു പ്ദ്ധതി ഉൽഘാടിതമായി. എങ്കിലും അതനുസരിച്ചും കാര്യക്ഷമമായ കൈരളീകൈങ്കര്യത്തിനു പറയത്തക്ക സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഏതദ്ദേശീയഭാഷകൾ സംബന്ധിച്ചു ഗവണ്‍മെന്റിന്റെ ഉപദേഷ്ടാവു് എന്നൊരു സ്-ഥാനം അവിടുത്തേക്കു് ആജീവനാന്തം നല്കപ്പെട്ടിരുന്നു.

പദ്യസാഹിത്യം

ഗദ്യസാഹിത്യത്തിൽ മാത്രമല്ല കോയിത്തമ്പുരാൻ അക്കലത്തു പ്രവർത്തിച്ചിരുന്നതു്. അവിടുത്തെ അതിപ്രധാനകൃതികളിലൊന്നായ വിശാഖവിജയം മഹാകാവ്യം ആരംഭിച്ചതു് അക്കാലത്താണു്. ആദ്യത്തെ പതിന്നാലു സർഗ്ഗങ്ങൾ മാത്രമേ മഹാരാജാവിന്റെ സ്വർഗ്ഗാരോഹണത്തിനുമുൻപു് പൂർത്തിയായുള്ളൂ; ശേഷം ആറു സർഗ്ഗങ്ങൾ പിന്നീടു എഴുതിച്ചേർത്തതാണു്. കാളിദാസന്റെ അഭിജ്ഞാനശാകുന്തളനാടകം 1056-ാമാണ്ടു മകരം 20-ാം ൹ തർജ്ജമചെയ്യുവാൻ ആരംഭിച്ചു. കേരളീയ ഭാഷാശാകുന്തളം എന്ന പേരിൽ ആ തർജ്ജമ വിദ്യാവിലാസിനിയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. 1058 തുലാം 20-ാം൹ അതു പുസ്തകാകൃതിയിൽ പുറത്തുവന്നു. അനന്തരകാലത്തു് അനവധി നാടകങ്ങൾക്കു് ആ പുസ്തകം മാർഗ്ഗദർശകമായി പരിണമിച്ചു എന്നുള്ള വസ്തുത എല്ലാവർക്കും അറിവുള്ളതാണല്ലോ. കേരളമൊട്ടുക്കു പല സ്ഥലങ്ങളിൽ തിരുവട്ടാർ നാരായണപിള്ള മുതലായ നടപ്രമാണികൾ അതു് അഭിനയിക്കുകയും ചെയ്തു.

വലിയകൊട്ടാരം ഗ്രന്ഥപ്പുര

സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തിനുമേൽ വലിയകൊട്ടാരം ഗ്രന്ഥപ്പുരയുടെ പരിഷ്ക്കരണത്തിൽ ശ്രദ്ധ പതിപ്പിച്ചതു വിശാഖം തിരുനാളാണു്. അവിടുന്നു പണ്ഡിതൈകസാധ്യമായ ആ കർത്തവ്യനിർവഹണത്തിനും കോയിത്തമ്പുരാനെത്തന്നെ ചുമതലപ്പെടുത്തി. വലിയ കോയിത്തമ്പുരാൻ ഒട്ടു വളരെ ഗ്രന്ഥങ്ങൾ വെളിയിൽനിന്നു സമ്പാദിച്ചും ദ്രവിച്ചു പൊടിയാറായവ പകർത്തിയെഴുതിച്ചും, ചിലതെല്ലാം പ്രസിദ്ധീകരിച്ചും അതിന്റെ കാര്യകാരിതയെ പോഷിപ്പിച്ചു സംസ്കൃതത്തിൽ മഹാരാജാവിന്റെ നിർദേശമനുവർത്തിച്ചു് ഒരു ലഘുടിപ്പണിയോടുകൂടി ശുകസന്ദേശവും, അതുകൂടാതെ മേല്പുത്തൂരിന്റെ മാടരാജപ്രശസ്തിയും, ഭാഷയിൽ രാമപുരത്തുവാരിയരുടെ അഷ്ടപദി, നൈഷധചമ്പു, ഭാരതചമ്പു, ചെല്ലൂർമാഹാത്മ്യം ചമ്പു, രാമായണചമ്പുവിൽ പല ഭാഗങ്ങൾ ഈ കൃതികളും അവിടുന്നു് ഒരേ കാലത്തു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആയില്യം തിരുനാൾ മഹാരാജാവിന്റെ ഗദ്യകൃതികൾ അച്ചടിപ്പിച്ചതും അവിടുന്നുതന്നെയാണു്. ഗ്രന്ഥപ്പുരയുടെ പര്യവേക്ഷകത്വം അവിടുന്നു് ആജീവനാന്തം വഹിച്ചുകൊണ്ടിരുന്നു.

ചില വിയോഗങ്ങൾ

1060-ാമാണ്ടു കർക്കടകം 21-ാംനു മഹാരാജാവു നാടുനീങ്ങി. പിന്നീടു സിംഹാസനാരൂഢനായ ശ്രീമൂലംതിരുനാൾ മഹാരാജാവു് മഹാകവിയുടെ മാതുലപുത്രനാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. ആ മഹാരാജാവും അവിടുത്തെ പേരിൽ സൗഹാർദ്ദാദരങ്ങളോടുകൂടിത്തന്നെയാണു് വർത്തിച്ചുപോന്നത്ത് 1062-ാമാണ്ടു കർക്കടകം 32-ാം൹ ഗുരുനാഥനായ ഗോമതീദാസൻ ശിവസായൂജ്യം പ്രാപിച്ചു. ആ രണ്ടു ദാരുണങ്ങളായ വിയോഗങ്ങൾക്കപ്പുറം വിശാഖംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തുതന്നെ അവിടുത്തെ മുഖപ്രസാദത്തിന്റെ അടിയിൽ ദൃശ്യമാനമായിരുന്ന മ്ലാനത ഒന്നുകൂടി വർദ്ധിച്ചു. അതിൽപ്പിന്നീടു് 1063-ൽ ചെങ്ങന്നൂർ വഞ്ഞിപ്പുഴപ്പണ്ടാരത്തിലെ പ്രാർത്ഥനയനുസരിച്ചു ശോണാദ്രീശ സ്തോത്രമല്ലാതെ മറ്റൊരു സംസ്കൃതിയും രചിച്ചില്ല. 1063-ൽ അവിടുത്തെ ഏകസഹോദരിയുടെ ശിശുപ്രായത്തിലുള്ള പുത്രിയും 1065-ൽ ആ സഹോദരിയും മരിച്ചു. തദനന്തരം വ്യസനാക്രാന്തയായ മാതാവു് അനന്തപുരത്തു കൊട്ടാരത്തിനടുത്തുതന്നെ അവിടുത്തെ ആവശ്യത്തിലേക്കു പ്രത്യേകം പണികഴിപ്പിച്ചുകൊടുത്തിരുന്ന ശ്രീമൂലവിലാസം കൊട്ടാരത്തിൽ പ്രത്യേകമായി താമസിച്ചു. ഭഗവദ്ധ്യാനത്തിൽ ലീനയായി കാലയാപനം ചെയ്ത് 1073-ാമാണ്ടു കർക്കിടകം 18-ാംനു ആ മഹതി സ്വർഗ്ഗാരൂഢയായി. ഈ സംഭവങ്ങളെല്ലാം ആനുഷങ്ഗികമായി ഇവിടെ പ്രസ്താവിച്ചു എന്നേയുള്ളൂ. വാസ്തവത്തിൽ 1063-ൽ ഗുരുനാതന്റെ നിര്യാണത്തിനുമേൽത്തന്നെ കഥാപുരുഷന്റെ ജീവിതത്തിലെ ചതുർത്ഥഘട്ടം ആരംഭിക്കുന്നു.

സംസ്കൃത പാഠശാല

അത്തരത്തലുള്ള മഹാപുരുഷന്മാർക്കു വിശ്രമത്തിനു് ഒരിക്കലും അവസരം കിട്ടുന്നതല്ലല്ലോ. 1064-ൽ തിരുവിതാംകൂറിൽ ഇദംപ്രഥമമായി നിയമ നിർമ്മാണസംവിധാനം ചെയ്തപ്പോൾ അതിലെ ഒരങ്ഗമായി മഹാരാജാവു് അവിടുത്തേയും നിയമിച്ചു. ആ കൊല്ലം മേടമാസം 21-ാം൹ തിരുവനന്തപുരത്തു മഹാരാജാവു് ഒരു സംസ്കൃതപാഠശാല സ്ഥാപിച്ചു് അതിന്റെ ഭരണാധികാരം വലിയകോയിത്തമ്പുരാനു നല്കി; 1065 കർക്കടകത്തിൽ ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ആ പാഠശാലയുടെ പരിശോധകനായി. വളരെക്കാലം അതിന്റെ ചുമതലകളെല്ലാം വഹിച്ചുവന്നതു കഥാപുരുഷൻതന്നെയായിരുന്നു. പിന്നീടു് അവിടത്തെ ആശ്രിതനായ മഹാമഹോപാധ്യായൻ റ്റി. ഗണപതി ശാസ്ത്രികൾ പ്രാചീന സംസ്കൃത ഗ്രന്ഥങ്ങളുടെ പ്രകാശനത്തിനു ഗവർമ്മെന്റിനാൽ നിയുക്തനായപ്പോഴും അതിന്റെ സൂത്രധാരത്വം മുഴുവൻ വഹിച്ചതും അവിടുന്നല്ലതെ മറ്റാരുമായിരുന്നില്ല.

ഭാഷാപോഷണം

കണ്ടത്തിൽ വറുഗീസുമാപ്പിള്ള

അക്കാലത്തെ ചില സംഭവവികാസങ്ങൾ വലിയകോയിത്തമ്പുരാനെ തന്റെ ആയുശ്ശേഷം മുഴുവൻ ഭാഷാപോഷണത്തിനു മാത്രമായി വിനിയോഗിക്കുന്നതിനു പ്രേരിപ്പിച്ചു. 1065-ാമാണ്ടു തുലാമാസത്തിൽ കി.പി. അച്യുതമേനോൻ തൃശ്ശൂരിൽ നിന്നു വിദ്യാവിനോദിനി മാസികയും മീനമാസത്തിൽ കണ്ടത്തിൽ വറുഗീസുമാപ്പിള കോട്ടയത്തുനിന്നു മലയാള മനോരമപ്പത്രവും പ്രചരിപ്പിച്ചു തുടങ്ങി. അപ്പോൾ അവയെ സഹായിക്കേണ്ട ഭാരം വലിയകോയിത്തമ്പുരാനു് ഏറ്റെടുക്കാതെ നിവൃത്തിയില്ലെന്നായി. വിശേഷിച്ചും വറുഗീസുമാപ്പിളയും അവിടുന്നുമായി ഗാഢമായ സൗഹാർദ്ദബന്ധം ഉണ്ടായതു ഭാഷയുടെ ബഹുവിധമായ ഉൽക്കർഷത്തിനു് അത്യന്തം പ്രയോജകീഭവിച്ചു. 1067-ൽ വറുഗീസുമാപ്പിള കോട്ടയത്തു് ഒരു കവിസമാജം നടത്തുകയും അതിനെത്തുടർന്നു ഭാഷാപോഷിണിസഭ സ്ഥാപിക്കുകയും ചെയ്തു. ആ സഭയുടെ അധ്യക്ഷസ്ഥാനത്തിൽ വലിയ കോയിത്തമ്പുരാൻ ആരൂഢനായി. അതിന്റെ രസനയായ ഭാഷാപോഷിണി എന്ന പത്രഗ്രന്ഥത്തിന്റെ സാഹിത്യനായകനും അവിടുന്നുതന്നെയായിരുന്നു. 1079-ാമാണ്ടു മിഥുനം 13-ാം൹ വറുഗീസുമാപ്പിള മരിക്കുന്നതുവരെ എല്ലാ വിദ്യാവിഷയങ്ങളായ പ്രവർത്തനങ്ങളിലും അവിടത്തെ കർമ്മസചിവൻ എന്നു പറയേണ്ടതു് അദ്ദേഹത്തെയാണു്. മനോരമയുടെ ആവിർഭാവകാലത്തുത്തന്നെ അദ്ദേഹം ഒരു കവിതാപംക്തി സംവിധാനം ചെയ്തു് അതിന്റെ പ്രസാധകനായി കൊട്ടാരത്തിൽ ശങ്കുണ്ണിയെ നിയമിച്ചു. ആ വഴിക്കും ഭാഷാപോഷിണിയുടെ വാർഷികസമ്മേളനങ്ങൾ വഴിക്കും ഭാഷാപോഷിണിയുടെ വാർഷികസമ്മേളനങ്ങൾ വഴിക്കും കേരളത്തിന്റെ ഒരറ്റംമുതല്ക്കു മറ്റേയറ്റംവരെയുള്ള വിദ്വാന്മാരും കവികളും സമ്പർക്കം പുലർത്തി. സകല കേരളീയ സാഹിത്യകാരന്മാരും ഒരേ തറവാട്ടിലെ അങ്ഗങ്ങളും വലിയകോയിത്തമ്പുരാൻ ആ തറവാട്ടിലെ കാരണവരുമായി. വറുഗീസുമാപ്പിള മരിച്ചതിനുമേലും ഭാഷാപോഷിണീമാസിക കുറേക്കാലം പ്രചരിച്ചു കൊണ്ടിരുന്നു. പ്രസ്തുത സഭയുടെ ഒരു സമ്മേളനം 1086 കന്നിമാസത്തിൽ വൈക്കത്തുവെച്ചു നടക്കുകയും അതിൽ മഹാകവി തന്നെ അഗ്രാസനാധിപത്യം വഹിക്കുകയും ചെയ്തു. അതായിരുന്നു ആ സമതിയുടെ ഒടുവിലത്തെ സമ്മേളനം.

ലേഖകത്വവും ഗ്രന്ഥപരിശോധനയും

കാലക്രമേണ പത്രങ്ങളും മാസികകളും പെരുത്തു; സുഹൃത്തുക്കളുടേയും പരിചിതന്മാരുടേയും സംഖ്യ വർദ്ധിച്ചു. അഖിലഭാരതീയ പ്രശസ്തി അതിനുമുൻപുതന്നെ സിദ്ധിച്ചുകഴിഞ്ഞിരുന്നതിനാൽ പല വിദേശീയപണ്ഡിതന്മാരുടെ സ്നേഹബഹുമാനങ്ങളും ലഭിച്ചു. അവരുമായി കത്തിടപാടുകൾ നടത്തുക, പത്രങ്ങൾക്കും മറ്റും കവിതകൾ അയയ്ക്കുക, ഉത്തിഷ്ഠമാനന്മാരായ ഗ്രന്ഥകാരന്മാരുടെ കൃതികൾ പരിശോധിച്ചു് അഭിപ്രായം രേഖപ്പെടുത്തുക മുതലായവ ആ സാഹിത്യചക്രവർത്തിക്കു് ഒഴിച്ചുകൂടാത്ത മുതലായവ ആ സാഹിത്യചക്രവർത്തിക്കു് ഒഴിച്ചുകൂടാത്ത നിത്യകർമ്മങ്ങളായിത്തീർന്നു. ഈ പുതിയ ഭാരങ്ങളെ വ്യഞ്ജിപ്പിച്ചുകൊണ്ടു് 1067 മീനം 13-ാം൹ അവിടുന്നു കുഞ്ഞിക്കുട്ടൻതമ്പുരാനു് എഴുതിയ ഒരെഴിത്തിൽ ഇങ്ങനെ പ്രസ്താവിക്കുന്നു.

 “വിരളവിരളകാവ്യാലാപകേളീപ്രസങ്ഗാഃ
 പ്രചുരതരപരാർത്ഥോദ്യോഗനിത്യപ്രവൃത്ത്യാ
 കിമപി കിമപി നാനാകാര്യവൈയഗ്ര്യമധ്യേ
 കുതുകതരളിതോഹം സാഹിതീം ശീലയാമി.”

1074-ൽ ചന്തുമേനോനു് അയച്ച ഒരു കത്തിൽ “വാസ്തവം പറയുന്നതായാൽ ഇപ്പോൾ ഞാൻ നടത്തിവരുന്ന സാഹിത്യവ്യവസായംപോലെ മറ്റൊന്നും എന്നെ മുഷിപ്പിക്കുന്നില്ല. അഭിപ്രായത്തിനും പരിശോധനയ്ക്കും വന്നുചേരുന്ന പുസ്തകങ്ങൾക്കു് അവസാനമില്ല. പലപ്പോഴും അവയ്ക്കു് അവതാരിക എഴുതുന്നതിനും ശല്യപ്പെടുത്തുന്നുണ്ടു്. ഒരുകാലത്തു് ഇതെല്ലാം ഉന്മേഷകരമായ വ്യവസായമായി എനിക്കു തോന്നിയിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ കുന്നുപോലെ വന്നുകിടക്കുന്ന കയ്യെഴുത്തുപ്രതികൾ നോക്കി എന്റെ മനസ്സു മുട്ടി.” എങ്കിലും അവിടുന്നു് ആ അരോചകമായ കർത്തവ്യവും അത്യന്തം ക്ഷമയോടു കൂടി ആയുരന്തം നിർവഹിച്ചുപോന്നു.

കാവ്യനിർമ്മിതി

വലിയകോയിത്തമ്പുരാന്റെ ഒരു പ്രേഷ്ഠസുഹൃത്തായിരുന്നു ചന്തുമേനോൻ. 1064-ാമാണ്ടു് അങ്കുരിതമായ ആ സൗഹാർദ്ദബന്ധം 1074-ൽ അദ്ദേഹം മരിക്കുന്നതുവരെ ഉത്തരോത്തരം വർദ്ധിച്ചുപോന്നു. ചന്തുമേനോന്റെ പത്നിയുടെ അഭീഷ്ടപൂർത്തിക്കായിട്ടാണു് അവിടുന്നു് 1068-ൽ അമരുകശതകം ഭാഷപ്പെടുത്തിയതു്.

 “സുമതികൾമണി ചന്തുമേനവൻതൻ
 കമനി മനീഷിണിതന്റെയിച്ഛപോലെ
 അമരുകശതകം മണിപ്രവാളം
 കിമപി ചമച്ചതു ഞാനയച്ചീടുന്നേൻ”

എന്നു മഹാകവി ആ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ടു്. 1069-ൽ പല കൃത്യാന്തരങ്ങൾക്കിടയിൽ 48 ദിവസംകൊണ്ടു വറുഗീസു മാപ്പിളയ്ക്കു ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി മയൂരസന്ദേശം രചിച്ചു.

വിധുരത

എഫ്. എം. യൂ. എന്ന പദവിക്കുപുറമേ വേറേയും പല ബഹുമതികൾ അവിടുത്തെ സ്ഥാനോന്നതിക്കും സാഹിത്യസേവനത്തിനും അനുരൂപമായി അവിടുത്തേക്കു ലഭിച്ചു. 1070-ൽ അവയ്ക്കെല്ലാം മകുടീഭൂതമായ സി. എസ്.ഐ. എന്ന ഉന്നതബിരുദവും സിദ്ധിച്ചു. അക്കാലത്തു റാണി ലക്ഷ്മീബായിയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരികയായിരുന്നു. അനപത്യതാദുഃഖത്തിന്റെ ദാരുണത ഏതുതരത്തിലുള്ളതാണെന്നു് അനുഭവിച്ച മാതാപിതാന്മാർക്കേ അറിഞ്ഞുകൂടൂ. തന്റെ പത്നിക്കു സന്താനയോഗമില്ലെന്നുള്ള വസ്തുത ഉദ്ദേശം പത്തുകോല്ലത്തിനുമുൻപുതന്നെ അവിടുന്നു ഗ്രഹിച്ചിരുന്നു. “രാജന്യസ്ത്രീമണിയുടെ ഗുണൗഘങ്ങളന്യാദൃശങ്ങൾ” എന്നു മയൂരസന്ദേശത്തിൽ ആ സുകൃതിനിയെപ്പറ്റി മഹാകവി കീർത്തനം ചെയ്തിട്ടുള്ളതു പരമാർത്ഥമാണു്. “കസ്മിംശ്ചിദന്യ വിഷയേ കഥമുത്സുകാ സ്യാദുത്സൃജ്യ കേരളമസംശയമേവ ലക്ഷ്മീഃ?” എന്നു വിശാഖവിജയത്തിൽ അവിടുന്നു സൂചിപ്പിച്ചിട്ടുള്ളതു് അക്കാലത്തു് ആ മനസ്വിനിക്കു് അഭിമുഖീകരിക്കേണ്ടിവന്ന പ്രലോഭനത്തേയും ബിഭീഷികയേയും ഉദ്ദേശിച്ചാണു്. താൻ പുത്രനിർവിശേഷമായി ലാളിച്ചുവളർത്തിയ റാണി പാർവതീബായിയുടെ കനിഷ്ഠപുത്രൻ അശ്വതിതിരുനാൾ 1076-ാമാണ്ടു കന്നിമാസം 25-ാം൹ തീപ്പെട്ടതോരുകൂടി മഹാരാജ്ഞിയുടെ രോഗം വർദ്ധിച്ചു. ആ കൊല്ലം മിഥുനം 2-ാംനു അവിടുന്നു പരലോകപ്രാപ്തയുമായി. ആ മർമ്മഘാതം ഏൽക്കുവാനുള്ള ശക്തി മഹാകവിക്ക്‍ ഒരുതരത്തിലും ഉണ്ടായിരുന്നില്ല. ഈ സംഭവത്തോടുകൂടി നാം അവിടുത്തെ ജീവിതത്തിന്റെ പഞ്ചമഘട്ടത്തിലേക്കു പ്രവേശിക്കുന്നു.

ജീവിതസായാഹ്നം

1076 ചിങ്ങം 16-ാം൹ മഹാരാജകുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട മഹാറാണി സേതുപാർവ്വതീബായിയുടേയും സർവതോമുഖമായ പരിപോഷണത്തിനു ശ്രീമൂലംതിരുനാൾ മഹാരാജാവു് മഹാകവിയെയാണു ചുമതലപ്പെടുത്തിയതു്. അത്യന്തം ആത്മാർത്ഥമായി അതുല്യമായ ഭക്തിയോടുകൂടി അവിടുന്നു് ആ കൃത്യവും നിർവഹിച്ചു. 1080-ൽ അവിടത്തെ ഷഷ്ട്യബ്ദപൂർത്തി ആഘോഷത്തോടുകൂടി സകല കേരളീയരും കൊണ്ടാടി. പല പ്രശസ്തിഗ്രന്ഥങ്ങൾ സംസ്കൃതത്തിലും മലയാളത്തിലും തത്സംബന്ധമായി പ്രാദുർഭവിച്ചു. 1088 തുലാം 22-ാം൹ ഇന്നു നാടുവാണരുളുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മമഹാരാജാവു തിരുമേനി ഭൂജാതനായപ്പോൾ ആ സംഭവത്തിൽ അവിടുന്നു ചരിതാർത്ഥനായി. ആ പഞ്ചമഘട്ടത്തിൽ കോയിത്തമ്പുരാൻ ശാരീരികമായ ശക്തിവൈകല്യം കൊണ്ടും മാനസികമായ ഉന്മേഷക്ഷയംകൊണ്ടും സാഹിത്യ വ്യാപാരങ്ങളിൽനിന്നു് ഉത്തരോത്തരം വിരമിച്ചു് അന്തർമ്മുഖനായി. വൈരാഗ്യധനനായി ആയുശ്ശേഷം നയിക്കുകയായിരുന്നു. 1077-ൽ നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം വിവർത്തനം ചെയ്തു. സ്വ്വാതിതിരുനാൾമഹാരാജാവു് അതിലെ പദ്യങ്ങൾക്കു് അവതാരികയും സ്വമാതുലൻ രാജരാജവർമ്മ കോയിത്തമ്പുരാൻ അവയിൽ നാല്പതിലധികം ശ്ലോകങ്ങൾക്കു വ്യാഖ്യാനവും നിർമ്മിച്ചിരുന്നു എന്നുള്ളതു് അവിടുത്തേക്കു ആ കൃതിയുടെനേർക്കുള്ള ആദരാതിശയത്തിനു ഹേതുഭൂതമായിത്തീർന്നു. അത്തരത്തിൽ സജാതീയദ്വിതീയാക്ഷരപ്രാസം സകല ശ്ലോകങ്ങളിലും ദീക്ഷിച്ചുകൊണ്ടു് ഒരു കാവ്യം അവിടുന്നുണ്ടാക്കിയപ്പോൾ ആ വിഷയത്തിൽ ഭിന്നമതാനുവർത്തിയായിരുന്ന ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ “പ്രാസപ്രയോഗ നിയമത്തയൊഴിച്ചു നവ്യം കാവ്യം” ഒന്നു രചിക്കണമെന്നു് അപേക്ഷിക്കുകയും, ആ അപേക്ഷയ്ക്കു വശംവദനായി ദൈവയോഗം എന്ന ലഘുകൃതി നിർമ്മിക്കുകയും ചെയ്തു. പിന്നീടു് അവിടുന്നു ഭാഷയിൽ ശ്രീപത്മനാഭശതകവും ഒടുവിൽ സ്തുതിശതകവും നിബന്ധിച്ചു. ഈ രണ്ടു കൃതികളും അക്കാലത്തു മഹാകവിയുടെ മനോവൃത്തി എന്തായിരുന്നു എന്നു നമുക്കു കരതലാമലകംപോലെ കാണിച്ചുതരുന്നു. 1088-ൽ താൻ പിതൃതുല്യനായി ആരാധിച്ചിരുന്ന ജ്യേഷ്ഠൻ യശശ്ശരീരനായി; പരപ്പനാട്ടു വലിയ രാജാവു് എന്ന സ്ഥാനം തന്നിമിത്തം അവിടത്തേക്കു സിദ്ധിച്ചു.

സ്വർഗ്ഗാരോഹണം

1090-ാമാണ്ടു ചിങ്ങമാസം അവസാനത്തിൽ പതിവുപോലെ വൈക്കത്തു പോയി പെരുംതൃക്കോവിലപ്പനെ തൊഴുതതിനുശേഷം കഥാപുരുഷൻ അനന്തപുരത്തുകൊട്ടാരത്തിൽ എത്തി അരിപ്പാട്ടു സുബ്രഹ്മണ്യസ്വാമിയേയും വന്ദിച്ചുകൊണ്ടു കന്നി 4-ാം൹ തിരുവനന്തപുരത്തേക്കു മടങ്ങി. വഴിക്കു കായംകുളത്തിനു സമീപം അവിടുന്നു കയറിയിരുന്ന മോട്ടോർകാർ മറിഞ്ഞു. കൂടെയുണ്ടായിരുന്ന എ.ആർ.രാജരാജവർമ്മകോയിത്തമ്പുരാൻ ആ ആഘാതത്താൽ ഹൃദയത്തിൽ ക്ഷതമേറ്റു് അവശനായിത്തീർന്നിരുന്ന അവിടത്തെ പല്ലക്കിൽ കയറ്റി മാവേലിക്കരകൊട്ടാരത്തിലേക്കു കൊണ്ടുപോയി. 6-ാം൹ ആ മഹാത്മാവു് ഇഹലോകവാസം വെടിഞ്ഞു് ആത്മാവിനെ സച്ചിദാനന്ദജ്യോതിസ്സിൽ ലയിപ്പിച്ചു.

സംസ്കൃതശൈലി

വലിയകോയിത്തമ്പുരാനു സംസ്കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളും ഒന്നുപോലെ സ്വാധീനമായിരുന്നു. അവ മൂന്നിലും അവിടുന്നു പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു. എങ്കിലും ഗൈർവാണിയാണു് അവിടുത്തെ പട്ടമഹിഷി. ആ ഭാഷയിൽ കവനം ചെയ്യുവാൻ അവിടുന്നു 17-ാമത്തെ വയസ്സിൽപ്പോലും ആർജ്ജിച്ചിരുന്ന ഹസ്തലാഘവത്തിന്റെ സ്വരൂപം എന്തെന്നു തിരുനാൾ പ്രബന്ധത്തിൽനിന്നു നാം കണ്ടുകഴിഞ്ഞു; പല പൂർവസൂരികളോടും മഹാകവി പല വിഷയങ്ങളിൽ കടപ്പെട്ടിരുന്നുവെങ്കിലും സർവോപരി അവിടുത്തെ മാർഗ്ഗദർശികളായിരുന്നുവെന്നു് എനിക്കു തോന്നീട്ടുള്ളതു് രണ്ടേ രണ്ടു കവിസാർവഭൗമന്മാർ മാത്രമാണു്-പാരേതന്മാരിൽ മേല്പത്തൂരും സമകാലികന്മാരിൽ ഇലത്തൂരും. മേല്പത്തൂരിന്റെ അപൂർവം ചില ശ്ലോകങ്ങൾ പറയത്തക്ക വൈചിത്ര്യമൊന്നും കണ്ടില്ലെന്നു വരാം: ഇലത്തൂരിന്റെ ചില ശ്ലോകങ്ങൾ നാളികേരപാകത്തിൽ വിരചിതങ്ങളുമാണു്. എന്നാൽ വലിയകോയിത്തമ്പുരാന്റെ ഓരോ കൃതിയും പ്രതിശ്ലോകം പ്രസന്നപ്രൗഢസരസമാണു്. എല്ലാ ശ്ലോകങ്ങളും ഒന്നുപോലെ ധ്വനിപ്രധാനങ്ങളല്ല; എന്നാൽ എല്ലാത്തിലേയും വിവക്ഷിതാർത്ഥപ്രതിപാദകമായ പദവ്യന്യാസം വിസ്മയനീയമായിരിക്കുന്നു. ഒരൊറ്റ ശബ്ദത്തിന്റെ സ്ഥാനത്തിൽ മറ്റൊന്നു വിനിവേശിപ്പിക്കുവാൻ ഒരിക്കലും സാധിക്കുന്നതല്ല. ഗൗഡീരീതിയാണു് അവിടത്തേക്കു് അഭിമതം; ഓജസ്സും കാന്തിയും ഓളംവെട്ടുന്നതാണു് ഓരോ ശ്ലോകവും. അക്കാലത്തു് അവിടത്തേക്കാൾ മഹനീയനായ ഒരു സംസ്കൃതകവി ഭാരതഭൂമിയിൽ ജീവിച്ചിരുന്നില്ലെന്നുള്ളതു് എല്ലാ സഹൃദയന്മാരും സമ്മതിച്ചിട്ടുള്ളതാണു്.

ഭാഷാപദ്യശൈലി

ഭാഷാപദ്യസാഹിത്യം സംബന്ധിച്ചിടത്തോളം വലിയ കോയിത്തമ്പുരാനെ ഒരാചാര്യനും അധ്വദർശകനുമായാണു് പരിഗണിയ്ക്കേണ്ടതു്. ആദ്യത്തെ ഭാഷാനാടകം രചിച്ചതു അവിടുന്നാണെന്നു പറയേണ്ടതില്ലല്ലോ. അതിനുമുൻപുതന്നെ 1042-ാമാണ്ടു് ആൽഫ്രെഡ് എന്ന പേരിൽ ഒരു ചെറിയ ഏകാങ്കനാടകം അവിടുന്നു രചിച്ചതു വിജ്ഞാനമഞ്ജരിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പിന്നീടു് വളരെക്കാലത്തേയ്ക്കു ഭാഷാനാടകങ്ങൾഅവിടുത്തെ ശകുന്തളത്തെ മാതൃകയായി വച്ചുകൊണ്ടു ഇതരകവികൾ എഴുതി. സംഗീതനാടകങ്ങളാണു് ആ സമ്പ്രദായത്തിനു ഒരു മാറ്റം വരുത്തിയതു്. മയൂരസന്ദേശം ഭാഷയിലെ ഒന്നാമത്തെ സന്ദേശകാവ്യമല്ലെങ്കിലും അതെഴുതിയ കാലത്തു് അങ്ങനെയായിരുന്നു ജനങ്ങളുടെ ധാരണ. പ്രാചീനകൃതികളായ ഉണ്ണുനീലിസന്ദേശവും കോകസന്ദേശവും പിന്നീടു കണ്ടെടുത്തവയാണു്. മയൂരസന്ദേശത്തെ അനുകരിച്ചും പല സന്ദേശങ്ങൾ ഭാഷയിൽ ആവിർഭവിച്ചിട്ടുണ്ടു്. മണിപ്രവാളശൈലിയുടെ ഒടുവിലത്തെ പ്രാണപ്രിയനായി അവിടുത്തെ കരുതാം. വെണ്മണിപ്രസ്ഥാനം അവിടുന്നു് അങ്ഗീകരിച്ചില്ല. തന്നിമിത്തം ചില രചനാവൈകല്യങ്ങൾ അവിടത്തെ ആദ്യകൃതികളിലുണ്ടു്. കാലാനുസൃതമായ രുചിഭേദം അവിടത്തേക്കു് അദൃശ്യമായിരുന്നില്ല; പക്ഷേ, താൻ ദീർഘകാലം സ്വച്ഛന്ദമായി വിഹരിച്ചുവന്ന ശൃങ്ഗാഗ്രത്തിൽനിന്നു പെട്ടെന്നു താഴോട്ടിറങ്ങുവാൻ അവിടത്തേക്കു സാധ്യമല്ലായിരുന്നു. എങ്കിലും ക്രമേണ ഓരോ പടിയായി അവിടത്തെ കവിത ജനതാമധ്യത്തിലേയ്ക്കു അവരോഹണം ചെയ്യുകതന്നെ ചെയ്തു. ശാകുന്തളത്തോളം സംസ്കൃതപക്ഷപാതം അമരുകശതകത്തിലില്ല. മയൂരസന്ദേശത്തിൽ അതിനു പിന്നേയും കുറേ കുറവു വന്നിട്ടുണ്ടു്. എങ്കിലും അന്യാപദേശശതകത്തിലും ശ്രീപത്മനാഭശതകത്തിൽപ്പോലും ആ പക്ഷപാതത്തിന്റെ നിഴലാട്ടം കാണാം. എന്നാൽ പരേങ്ഗിതജ്ഞനായ അവിടുന്നു സംസ്കൃതപണ്ഡിതന്മാരല്ലാത്ത കവികളുമായി കത്തിടപാടു നടത്തുമ്പോൾ അവരുടെ ശൈലിതന്നെ കഴിയുന്നതും സ്വീകരിച്ചുവന്നിരുന്നു. താഴെക്കാണുന്ന ശ്ലോകങ്ങളിൽ ആദ്യത്തേതു് നടുവത്തച്ഛൻ നമ്പൂരിക്കും രണ്ടാമത്തേതു് തരവത്തു് അമ്മാളുഅമ്മയ്ക്കും അയച്ചതാണു്.

 “പട്ടില്ല നല്ലതിവിടങ്ങളി, ലൊന്നു പിന്നെ
 ക്കിട്ടി ക്ഷിതീശ്വരി മമ പ്രിയതൻ പ്രസാദാൽ
 കെട്ടിപ്പൊതിഞ്ഞമരുകത്തൊടതിന്നയച്ചേൻ
 പൊട്ടിച്ചുനോക്കിയിതമെങ്കിലെടുത്തുകൊൾക.”

 “അമ്മാവിനുള്ള തളിർ നവ്യവസന്തലക്ഷ്മി
 സമ്മാനമേകുവതു തിന്നു കഴിഞ്ഞിടുമ്പോൾ
 അമ്മാ! പുറപ്പെടുമിളംകുയിലിന്റെ പാട്ടു
 മമ്മാളുവമ്മയുടെ സൂക്തിയുമൊന്നുപോലെ.”

 “കൊള്ളിച്ചുവച്ചു കനകത്തിലുമബ്ജയോനി
 പുള്ളിക്കുരങ്ഗമിഴിമാരിലുമായനർത്ഥം
 ഉള്ളിൽത്തദാശ പെരുകീട്ടു വിവേകമെല്ലാം
 തള്ളിജ്ജനങ്ങൾ ബഹുധാ കലഹിച്ചിടുന്നു.”

എന്ന ശ്ലോകം ഏട്ടൻതമ്പുരാന്റെ നിർദ്ദേശമനുസരിച്ചു എഴുതിയ വൃദ്ധകവിപ്രശ്നോത്തരത്തിലുള്ളതാണു്. സ്തുതിശതകം ഒരു ശുദ്ധഭാഷാകൃതിയാണെന്നു പറയാം. പ്രാസമില്ലാതെ തീർത്ത ദൈവയോഗത്തിൽ

 “കൈക്കാണമേകിയവരായതു വാങ്ങുമെന്നു
 ലോകപ്രസിദ്ധമതു തെല്ലുമബദ്ധമല്ല
 ഏറെപ്പറഞ്ഞുഫലമെന്തപരാധിയായി
 ജ്ജേലിൽക്കിടന്നു ജളനീച്ചരപിള്ള ചത്തു.”

 “മാൻകണ്ണിയാൾ മലിനമായൊരു തോർത്തുമുണ്ടു
 മാറത്തുചേർത്തു മുലമൊട്ടുമറച്ചിരുന്നു;
 പാരം പഴക്കമൊന്നരയൊന്നു ചെമ്പൊൽ
 ച്ചേലൊത്ത മുട്ടുവരെ മൂടിയുടുത്തിരുന്നു”

ഇത്യാദിപദ്യങ്ങളിൽ അവിടത്തെ കവിതാമഹാരാജ്ഞി കൊട്ടാരത്തിൽനിന്നു കുടിലിൽതന്നെ ഇറങ്ങിവന്നിരിക്കുന്നു. വലിയ കോയിത്തമ്പുരാന്റെ ഭാഷാകാവ്യങ്ങൾക്കു പ്രത്യേകമായി ഒരു തന്റേടവും തറവാടിത്തവും സാരസ്യവും സങ്ഗീതാത്മകതയുമുണ്ടു്. അവയൊന്നും മറ്റുള്ളവരുടെ കാവ്യങ്ങളിൽ അത്ര പ്രകടമായി കാണുന്നതല്ല. അഭിജ്ഞാനശാകുന്തളം എത്രയോ കവികൾ അവിടത്തേതിനേക്കാൾ നന്നാക്കണമെന്നുള്ള അത്യാവശയോടുകൂടി തർജ്ജമചെയ്തു. എന്നിട്ടെന്തായി ഫലം? അവിടത്തെ തർജ്ജമതന്നെയാണു് കാലംകൊണ്ടെന്നപോലെ കമനീയതകൊണ്ടും ഒന്നാമതായി നില്ക്കുന്നതു്.

ഭാഷാഗദ്യശൈലി

ഭാഷാഗദ്യം സംബന്ധിച്ച നോക്കുകയാണെങ്കിൽ വലിയ കോയിത്തമ്പുരാനു പലതരത്തിലുള്ള ശൈലികളുണ്ടായിരുന്നു.അക്‍ബറിലെ ഭാഷ കടിച്ചാൽ പൊട്ടാത്തതാണെന്നു് അതിലെ ഒന്നാമധ്യായത്തിലെ “അസ്തപർവതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തിൽനിന്നും അംബരമധ്യത്തിൽ വിസൃമരങ്ങളായ ബന്ധു കബന്ധുരങ്ങളായ കിരണകന്ദളങ്ങൾ” ഇത്യാദി പ്രഥമവാക്യംമാത്രം വായിച്ചോ മറ്റുള്ളവർ പറഞ്ഞുകേട്ടോ വിധികല്പിക്കുന്നവർ “ഉപക്രമം കണ്ടു ബുദ്ധിക്ഷയത്താൽ പുസ്തകം വലിച്ചെറിഞ്ഞുകളയാതെ അല്പം ക്ഷമയോടുകൂടി വായിച്ചു നോക്കിയാൽ അങ്ങോട്ടങ്ങോട്ടു സംസ്കൃതപദപ്രയോഗം കുറവാണെന്നു കാണുന്നതുകൂടാതെ തങ്ങളുടെ ശ്രമം നിഷ്പ്രയോജനമായി എന്ന പശ്ചാത്താപത്തിനു യാതൊരുവിധത്തിലും ഇടയില്ലെന്നു് അവർക്കു് ഒടുവിൽ നിശ്ചയമായി ബോധപ്പെടുന്നതുമാണ്” എന്നു ഗ്രന്ഥത്തിന്റെ അവതാരികയിൽ അവിടുന്നു നല്കീട്ടുള്ള ഉപദേശമനുസരിച്ചു പ്രവർത്തിക്കുന്നതു നന്നായിരിക്കും. അക്‍ബറിലേയും, മഹച്ചരിതസംഗ്രഹത്തിലേയും ഭാഷയെക്കാൾ ലളിതമാണു് സന്മാർഗ്ഗവിവരണത്തിലേയും ഭാഷ; അതിലും കുറേക്കൂടി ലളിതമായ ഒരു ഗദ്യശൈലിയാണു് വിജ്ഞാനമഞ്ജരിയിലും സന്മാർഗ്ഗപ്രദീപത്തിലും അങ്ഗീകരിച്ചുകാണുന്നതു്. സ്വാനുഭവങ്ങളെ വിവരിക്കുന്ന മൃഗയാസ്മരണകളിൽ സർവസാധാരണമായ മലയാളംതന്നെ പ്രയോഗിച്ചിരിക്കയും ചെയ്യുന്നു. “ എന്നാൽ അവരുടെ ഉപദേശങ്ങളെ പരീക്ഷിച്ചുനോക്കീട്ടുള്ളതു് എത്രയും അപൂർവമായിട്ടു മാത്രമേയുള്ളു. ഉണ്ടയിട്ടു ഒരുത്തന്റെ നെഞ്ചിൽ വെടിവെച്ചാൽ ആ ഉണ്ട അവന്റെ നെഞ്ചിൽ തട്ടി താഴെ വീഴുന്ന സമ്പ്രദായം ആ വിധത്തിൽ പരീക്ഷിക്കുവാൻ എനിക്കു ധൈര്യമില്ലാതെ ഒരു മുണ്ടു മടക്കി ചുമരിൽ ഇട്ടു വെടി വെച്ചുനോക്കിയപ്പോൾ ഉണ്ട ആ മുണ്ടിൽ തട്ടി യാതൊരു കെടുതലും ചെയ്യാതെ അതിൽ തട്ടി താഴത്തു വീണു” എന്നിത്തരത്തിലാണു് ആ ഉപന്യാസത്തിലെ വാക്യങ്ങളുടെ ഗതി. താഴത്തെ ക്ലാസ്സുകളിലെ ആവശ്യത്തിനുവേണ്ടി എഴുതിയ രണ്ടാംപാഠത്തിലേയും മൂന്നാംപാഠത്തിലേയും വാചകരീതി ആ ക്ലാസ്സുകൾക്കു യോജിച്ച വിധത്തിൽ കോമളമാക്കിയിരിക്കുന്നു. “കേശവൻ കഞ്ഞിയും കൂട്ടാനും വാങ്ങിക്കൊണ്ടു വീട്ടിൽ വന്നു തീ കത്തിച്ചു കഞ്ഞിക്കു കുറച്ചു ചൂടു പിടിപ്പിച്ചു് അതു രണ്ടു കിണ്ണങ്ങളിലാക്കി, ഒരു പീഠം പിടിച്ചു കട്ടിലിന്റെ അരികിലിട്ടു് ആ കിണ്ണം രണ്ടും, കൂട്ടാൻ രണ്ടു കുത്തിലയിൽ ആക്കി അതുംകൂടി, പീഠത്തിന്റെ മുകളിൽ വെച്ചു” എന്നിപ്രകാരമാണു് ആ പുസ്തകങ്ങളിലെ ഭാഷ, പ്രകരണത്തിനൊത്ത ഭാഷാരീതിയാണു് ആ വശ്യവാക്കു എല്ലാ അവസരങ്ങളിലും പ്രയോഗിച്ചിരുന്നതു്. ഒരു വസ്തുത നാം വിശേഷിച്ചും ഓർമ്മിക്കേണ്ടതുണ്ടു്. മലയാളത്തിലെ ഗദ്യശാഖയ്ക്കു് അവിടത്തെ പാണിസ്പർശമേല്ക്കുന്നതുവരെ പറയത്തക്ക സാധുത്വമോ സൗഷ്ഠവമോ ഉണ്ടായിരുന്നില്ല. അപരൂപമായിരുന്ന ആ ശാഖയ്ക്കു ആകർഷകത വർദ്ധിപ്പിച്ചതു അവിടുന്നാണു്. ആ മഹാപുരുഷൻ വെട്ടിത്തുറന്നു സംസ്കാരപൂതവും ചമൽക്കാരപൂർണ്ണവുമാക്കിയ സരണിയിൽക്കൂടിത്തന്നെയാണു് ഭാഷഗദ്യകാരന്മാർ ഇപ്പോഴും സഞ്ചരിയ്ക്കുന്നതു്. ഇന്നു ഭാഷയിൽ പ്രചുരപ്രചാരങ്ങളായ പല സജീവശബ്ദങ്ങളും ആദ്യമായി പ്രയോഗിച്ചതു് അവിടുന്നാണെന്നു അനേകം പേർ അറിഞ്ഞിരിക്കുകയില്ല. ഭാഷാഗദ്യത്തിനു കേരളമൊട്ടുക്കു ഐകരൂപ്യം വരുത്തുവാൻ സഹായിച്ചതും അവിടത്തെ കൃതികൾ തന്നെയാണു്.

കൃതികൾ—സംസ്കൃതം

(1) തിരുനാൾ പ്രബന്ധം (1036), (2) നക്ഷത്രമാല (1041), (3) ഗുരുവായുപുരേശസ്തവം (1041), (4) ശൃംഗാരമഞ്ജരീഭാണം (1043), (5) ചിത്രശ്ലോകാവലി (1044), (6) കംസവധചമ്പു (1044), (7) തുലാഭാരശതകം (1045), (8) പാദാരവിന്ദശതകം (1045), (9) ലളിതാംബാദണ്ഡകം (1050), (10) ക്ഷമാപണസഹസ്രം (1053-54), (11) യമപ്രണാമശതകം (1055), (12) ശത്രുസംഹാരപ്രാർത്ഥനാഷ്ടകം, (13) ക്ഷമാപണാഷ്ടകം, (14) ത്രിശത്യന്തരം; ലളിതാംബാസ്തോത്രം, (15) ദണ്ഡനാഥാസ്തോത്രം, (16) ചങ്ഗണാദ്രീശ്വരീസ്തോത്രം, (ഇവയെല്ലാം 1052-നും 55-നും ഇടയ്ക്കു്), (17) സ്കന്ദശതകം, (18) നാരദീയമഹിമാനുവർണ്ണനം, (19) നാരായണപഞ്ചാശത്തു്, (20) നരസിംഹാവതാരം, (21) വഞ്ചിപതിശതകം, (22) അമൃതമഥനം (ഇവ നാലും ബാല്യകാലകൃതികൾ), (23) ശ്രീവിശാഖവിജയം മഹാകാവ്യം (1055-നുമേൽ), (24) വിക്ടോറിയാചരിതസംഗ്രഹം (1062), (25) വ്യാഘ്രാലയേശശതകം (1063), (26) ശാകുന്തളപാരമ്യം, (27) ശോണാദ്രീശസ്തോത്രം അഥവാ ആര്യാസ്തോത്രം (1085) എന്നിവയാകുന്നു വലിയ കോയിത്തമ്പുരാന്റെ സംസ്കൃതകാവ്യങ്ങൾ. ഇവ കൂടാതെ 1050-നും 1055-നും ഇടയ്ക്കു, (28) പ്രക്രിയാസർവസ്വത്തിനും, 1058-ൽ, (29) ശുകസന്ദേശത്തിനും ഓരോ ലഘുടിപ്പണികളും എഴുതി. ദാവാനലവർണ്ണനത്തിൽ നാലു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. അവ മാനവിക്രമ ഏട്ടൻ രാജാവിന്റെ ആവശ്യമനുസരിച്ചു രചിച്ചതാണു്. അവയ്ക്കു പ്രത്യേകിച്ചു് അക്കം കൊടുക്കണമെന്നു തോന്നുന്നില്ല. (30) സന്മാർഗ്ഗസംഗ്രഹം ആദ്യം ഇംഗ്ലീഷിൽനിന്നു മലയാളത്തിലും പിന്നീടു് നീതിസാരസർവസ്വം എന്ന പേരിൽ സംസ്കൃതത്തിലും വിവർത്തനം ചെയ്തു. ഇവ കൂടാതെ പഞ്ചഗ്രാമാഷ്ടകം (അഞ്ചില്ലത്തു ശ്രീകൃഷ്ണനെപ്പറ്റി) ഷഡങ്കുരേശാഷ്ടകം (ആറന്മുളത്തേവരെപ്പറ്റി) ഇങ്ങനെ വേറെയും പല ചില്ലറ സ്തോത്രങ്ങളുണ്ടു്. ജാതിനിരൂപണവും മറ്റും സംസ്കൃതത്തിൽ അവിടുന്നു രചിച്ച ഉപന്യാസങ്ങളാണു്.

അവയുടെ സ്വരൂപം

ആദ്യമായി അവിടത്തെ സംസ്കൃതകൃതികളെപ്പറ്റിത്തന്നെ പ്രസ്താവിക്കാം. അവയിലാണല്ലോ അവിടത്തെ കവിസാർവഭൗമയശസ്സു സർവ്വോപരി അധിഷ്ഠിതമായിരിക്കുന്നതു്. തിരുനാൾപ്രബന്ധത്തെക്കുറിച്ചു പ്രതിപാദിച്ചുകഴിഞ്ഞു. നക്ഷത്രമാല 27 ശ്ലോകങ്ങളടങ്ങിയതും ആയില്യം തിരുനാൾ മഹാരാജാവിനു ജി.സി.എസ്.ഐ. എന്ന ബിരുദം ലഭിച്ചപ്പോൾ മഹാകവി സമർപ്പണം ചെയ്തതുമായ ഒരു സ്തോത്രമാണു്. ഗുരുവായുപുരേശസ്തവത്തിൽ അകാരാദിക്രമത്തിനു് ‘അ’ മുതൽ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങളിൽ ആരംഭിയ്ക്കുന്ന 51 ശ്ലോകങ്ങളാണുള്ളതു്. മേദിനിയിലും നാനാർത്ഥരത്നമാലയിലും കാണുന്ന അർത്ഥവത്തുക്കളായ ഏകാക്ഷരശബ്ദങ്ങൾ ആ ആവശ്യത്തിനു സ്വീകരിച്ചിട്ടുണ്ടു്. തന്നെ ബാധിച്ച രക്തവാതത്തിന്റെ ഉപശാന്തിക്കുവേണ്ടിയാണു് അവിടുന്നു പ്രസ്തുത സ്തോത്രം രചിച്ചതു്. ശൃങ്ഗാരമഞ്ജരീഭാണവും കംസവധചമ്പുവുമേയുള്ളു ദേവതാപരങ്ങളോ രാജപരങ്ങളോ അല്ലാത്ത കൃതികൾ. അനുഷ്ടുപ്പുവൃത്തത്തിൽ 12 ശ്ലോകങ്ങൾമാത്രം ഉൾക്കൊള്ളുന്ന ശാകുന്തളപാരമ്യത്തെ ഒരു ചെറിയ അലങ്കാരശാസ്ത്രനിബന്ധമെന്നു വേണം പറയുവാൻ.

 “വേണീവീരചരിത്രാദി വീരേ പ്രാശസ്ത്യമർഹതി;
 മാലത്യാദി തു ശൃംഗാരേ; ക്ഷുദ്രമന്യദ്രസാന്തരേ;

 അനുപ്രവിശ്യ ഖേലദ്ഭിസ്സർവചേതോഹരം രസം
 ശ്ലാഘ്യേഷു പര്യവസ്യദ്ഭിരുപദേശേഷു ഭൂരിഷു

 അന്യുനാധികൈ(?)വസ്തുസ്വാഭാവ്യൈകാവമർശിഭിഃ
 അത്യക്തരചനൗചിത്യൈസ്സ്വാദിമതിശയാന്വിതൈഃ

 യതോഭിരാമം വ്യാഹാരൈശ്ശാകുന്തളമതോ വയം
 സർവരൂപകസാമ്രാജ്യപദത്വം തസ്യ മന്മഹേ.”

എന്നീ ശ്ലോകങ്ങളിൽ മഹാകവി ശാകുന്തളത്തിന്റെ പരമൗൽകൃഷ്ട്യം സ്ഥാപിക്കുന്നു. ശൃംഗാരമഞ്ജരിയിൽ ഔദ്ധത്യപരിഹാരരൂപത്തിൽ ആദ്യവും അനുവാചകന്മാർക്കു് ഉപദേശരൂപത്തിൽ അവസാനത്തിലും ഓരോ ശ്ലോകമുണ്ടു്. അവ പ്രകൃതത്തിൽ ഉദ്ധരിക്കുന്നതു സമീചീനമായിരിക്കും.

 ‘തഥാ ന പ്രൗഢത്വം ന ഭവതി തഥാ വാ മധുരതാ
 തഥാന്യൈരക്ഷുണ്ണാ ഗരിമഭരിതാർത്ഥാ ന ച ഗിരഃ
 യഥാ ഗംഭീരേഷു പ്രഥിതകവിഗുംഫേഷു, തദപി
 സ്ഫുരദ്വാത്സല്യാസ്താം ശൃണുത ഭണിതിം നൂതനകവേഃ.”

 “സാഹിത്യാമൃതവാരിധേരസദൃശീം ഗംഭീരതാം മാനവാ
 വിജ്ഞായൈവ ഭൂജംഗപുംഗവ ഗവീസിദ്ധാന്തസാരാനപി
 ദൂരോത്സാരിതമത്സരാഃ കവിഗിരാം ഗർഹാസ്തുതീ കുർവതാ
 മേതദ്ദൃഷ്ടമദുഷ്ടമേതദിതി ന സ്വച്ഛന്ദമുദ്ഘുഷ്യതാം.”

ചിത്രശ്ലോകാവലിയും ആയില്യംമഹാരാജാവിനെപ്പറ്റിയുള്ള ഒരു സ്തോത്രംതന്നെ. അതിൽ ഏകാക്ഷരം, ഗോമൂത്രികാബന്ധം, ചക്രബന്ധം, ഖഡ്ഗബന്ധം, നാഗബന്ധം, പത്മബന്ധം മുതലായ ശബ്ദചിത്രശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. അതുപോലെ ക്ഷമാപണസഹസ്രത്തിലെ 47-ാമത്തെ വിംശതിയിലും പല ശബ്ദചിത്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ടു്. മഹാകവിയുടെ വശ്യവചസ്ത്വവും പാണ്ഡിത്യപാരമ്യവും അവ രണ്ടിൽ നിന്നും ഗ്രഹിക്കാം. ആയില്യം തിരുനാൾ മഹാരാജാവിന്റെ തുലാഭാരോത്സവത്തെ അധികരിച്ചു് അവിടുന്നു് രചിച്ച തുലാഭാരശതകംതന്നെ 1060-ാമാണ്ടു വിശാഖംതിരുനാൾ മഹാരാജാവിന്റെ തുലാഭാരോത്സവത്തിലും ചില ഭേദഗതികൾ വരുത്തി സമർപ്പിച്ചു. തുലാഭാരശതകത്തിന്റെ പ്രഥമദശകത്തിൽ തുലാപുരുഷദാനമാഹാത്മ്യവും, ദ്വിതീയദശതകത്തിൽ രാജധാനിയിൽ വന്നുചേരുന്ന ജനസമൂഹത്തിന്റെ സൽക്കാരവും എന്നിങ്ങനെ ഓരോ ദശകത്തിൽ ഓരോ വിഷയമാണു് വർണ്ണിച്ചിരിക്കുന്നതു്. മൂന്നാമത്തേയും ഒൻപതാമത്തേയും ദശകങ്ങൾ ചിത്രശ്ലോകമയങ്ങളും അഞ്ചാമത്തെ ദശകം യമകവുമാണു്. ആറാമത്തെ ദശകത്തിൽ ഗായകന്മാരുടേയും ഏഴാമത്തെ ദശകത്തിൽ പണ്ഡിതന്മാരുടേയും സദസ്സുകളെ വിവരിക്കുന്നു.

പാദാരവിന്ദശതകം ആയില്യംതിരുനാൾ മഹാരാജാവിന്റെ പാദപത്മങ്ങളുടെ മഹിമാതിശയത്തെ വിഷയീകരിച്ചു നിർമ്മിച്ച ഒരു കൃതിയാണു്. അതു തന്നെ അല്പം പരിഷ്കരിച്ചു ശ്രീമൂലകരാമവർമ്മമഹാരാജപാദപത്മശതകം എന്ന പേരിൽ പ്രസിദ്ധീകരിച്ചു് ശ്രീമൂലംതിരുനാൾമഹാരാജാവിനും കാഴ്ച വച്ചു. ലളിതാംബാദണ്ഡകം ബന്ധനസ്ഥനാകുന്നതിനു സ്വല്പം മുൻപു പ്രേയസിയുടെ അപേക്ഷയനുസരിച്ചു ഉണ്ടാക്കിയതാണു്. ക്ഷമാപണസഹസ്രത്തേയും യമപ്രണാമശതകത്തേയും (പ്രണാമശതകമെന്നും പറയും) വിശാഖവിജയത്തേയുംപറ്റി മേൽ പ്രസ്താവിക്കാം. ശത്രുസംഹാരപ്രാർത്ഥനാഷ്ടകത്തിൽ വലിയകോയിത്തമ്പുരാൻ കാത്യായനീദേവിയേയും ക്ഷമാപണാഷ്ടകത്തിൽ കാമാക്ഷീദേവിയേയും അഭിസംബോധനംചെയ്തു തന്റെ ബന്ധമോക്ഷത്തിനായി പ്രാർത്ഥിക്കുന്നു. ത്രിശത്യന്തരം മന്ത്രശാസ്ത്രസമ്പ്രദായത്തിൽ രചിച്ചിട്ടുള്ള ഒരു സ്തോത്രമാണു്. സുപ്രസിദ്ധമായ പുരാതനത്രിശതിയാണു് അതിന്റെ മാതൃക.

 “ജനാ നിന്ദന്തു ജനനി സ്തവമേനം സ്തുവന്തു വാ
 യദി പ്രസന്നാ ഭവതീ കൃതാർത്ഥസ്താവതാസ്മ്യഹം.

 സത്സമാജാസ്തോത്രമിദം ന നിന്ദേയുഃ കഥഞ്ചന
 സമാജാ യദി നിന്ദേയുഃ കിമനേനാസ്യ ഹീയതേ?”

എന്നു കവി സമാധാനപ്പെടുന്നു. 117 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ലളിതാംബാസ്തോത്രത്തിൽ ലളിതാസഹസ്രനാമത്തിലെ ക്രമമനുസരിച്ചുള്ള ദേവീസംജ്ഞകളെല്ലാം ഘടിപ്പിച്ചിട്ടുണ്ടു്. കാരാഗൃഹവാസിയായ വസുദേവൻ ലളിതാംബികയുടെ പ്രീതിക്കായി നിർമ്മിച്ചതാണു് ആ സ്തോത്രമെന്നു പീഠികയിൽ പറയുന്നുണ്ടെങ്കിലും പ്രകൃതത്തിൽ കവിതന്നെയാണു് ആ വ്യക്തി. ദണ്ഡനാഥ ലളിതാദേവിയുടെ സേനനായികയാണല്ലോ; ആ ദേവതയോടു ശത്രുസംഹാരാർത്ഥമായുള്ള പ്രാർത്ഥനയാണു് ദണ്ഡനാഥാസ്തോത്രം. സ്കന്ദശതകം കുലദേവതയായ ഹരിപ്പാട്ടു സുബ്രഹ്മണ്യനെപ്പറ്റിയുള്ളതാണു്. വിക്ടോറിയാചരിത സങ്ഗ്രഹം വിക്ടോറിയാ ചക്രവർത്തിനിയുടെ സ്ഥാനാരോഹണം സംബന്ധിച്ചുള്ള സുവർണ്ണജൂബിലി 1062-ാമാണ്ടു കുംഭമാസം 5-ാംനു ഭാരതമെങ്ങും ആഘോഷിച്ച അവസരത്തിൽ മഹാകവി നിർമ്മിച്ചു. “വിക്ടോറിയാ വിജയതാം ശരദാം ശതം സാ” എന്നാണു് അതിലെ ഓരോ ശ്ലോകത്തിലും ചതുർത്ഥപാദം ഘടിപ്പിച്ചിരിക്കുന്നതു്. 1063-ൽ വയ്ക്കത്തു കുംഭമാസാഷ്ടമിക്കു തൊഴാൻ പോയപ്പോൾ അവിടുന്നു് ഒരു സഹസ്രകലശമടിയന്തിരം നടത്തുകയും ഓരോ ദിവസം പത്തു ശ്ലോകങ്ങൾ വീതം പത്തു ദിവസംകൊണ്ടു രചിച്ചു് അവ മുഖമണ്ഡപത്തിൽവെച്ചു ചൊല്ലിക്കയും ചെയ്തു അതാണു് വ്യാഘ്രാലയേശശതകസ്തവം. ശോണാദ്രീശസ്തോത്രം ചെങ്ങന്നൂർ പാർവതീ ദേവിയെപ്പറ്റിയുള്ള ഒരു സ്തവമാണു്. അതിന്റെ ഉത്ഭവത്തിനുള്ള കാരണം മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ.

ചില ശ്ലോകങ്ങൾ

ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു് ഈ കൃതികളിലെ കവനശൈലി പ്രദർശിപ്പിക്കാം.

 “കല്പാന്തോൽക്കടനാട്യധൂർജ്ജടിജടാജൂടോദരത്വങ്ഗിത
 സ്വർഗ്ഗങ്ഗാജലധവളീമദഭിദാചഞ്ചുഃ കഥം കഥ്യതാം
 ഹാരസ്യാസ്യ ദിഗങ്ഗനാകുചതടീപാടീരപീയൂഷരുക്‍
 പത്രാളീമകരീകരിഭൂമകരീ ഹീരപ്രഭാമഞ്ജരീ.”
 
(നക്ഷത്രമാല)


 “ഏതേ ജാഗ്രതി വാതപോതലളിതവ്യാതോദദോലായിതാഃ
 പുഷ്യത്സൗരഭകേതകീസമുദയാംഃ പാന്ഥാശയോദ്വേജയാഃ
 ഊരീകൃത്യ വിയോഗിഘാതദുരിതം ഭൃങ്ഗച്ഛലേന സ്ഥിതാൻ
 മന്യേ മന്മഥമത്തഹസ്തിരദനാങ്കൂരാൻ കരാളാനിമാൻ.”
 
(ശൃങ്ഗാരമഞ്ജരി, കൈതപ്പൂക്കൾ)


 പ്രാചീനാശാധുരീണദ്വിരദപരിവൃഢോ
 ത്തുങ്ഗകുംഭോപദിഗ്ദ്ധ
 സ്ഫായൽസിന്ദൂരപാംസുവ്യതികരവിലസ
 ന്മണ്ഡലശ്ചണ്ഡഭാനുഃ
 താവജ്ജൈവാതൃകാംശുഗ്ലപിതകമലിനീ
 ജീവനാഗണ്യപുണ്യ
 വ്യാപാരപ്രാപ്തലക്ഷ്മീഭരമധുരമഹോ
 മേദുരഃ പ്രാദുരാസീൽ.”
 
(കംസവധചമ്പു, സൂര്യോദയം)

 “ശ്രീമാനാനമ്രഭൂമീപതിമകുടതട
 പ്രോതമാണിക്യമാലാ
 സീമാതിക്രാന്തകാന്തിപ്രഗുണിതചരണാം
 ഭോരുഹാരുണ്യഭൂമാ
 ഭൂമാവാചന്ദ്രതാരം ജയതു സിതയശോ
 രാശിനീശാരിതാശോ
 ഭീമാരാതിച്ഛിദാകോവിദഭുജഗരിമോ
 ഡ്ഡാമരോ രാമരാജഃ.”
 
(തുലാഭാരശതകം)


 സന്ധ്യാകാന്ത്യനുബന്ധബന്ധുരലസദ്ബന്ധൂ കപുഷ്പപ്രഭാ
 ബാഹൂബാഹവിമേദുരാഹവകലാധൗരന്ധരീം ബിഭൂതീ
 ശ്രീവഞ്ചിക്ഷിതിപാകശാസന! ഭവൽപാദാരവിന്ദദ്യുതി
 ശ്രേണീശോണിമകന്ദളീ വിജയതേ വിഭ്രാജയന്തീ ദിശഃ.”
 
(പാദാരവിന്ദശതകം)


 മന്ദാരദ്രുമദുർമ്മദം ദമയതേ വന്ദാരുകാമാർപ്പണൈ
 രിന്ദാവാനനശോഭയാ വിദധതേ നിന്ദാവദാഭിഖ്യതാം
 കുന്ദാഹംകൃതിഹാരമന്ദഹസിതസ്യന്ദായ ലോകത്രയീ
 കന്ദായേശ്വരനന്ദനായ ഭവതു സ്കന്ദായ തുഭ്യം നമഃ.”
 
(സ്കന്ദശതകം)


 “അഭുദ്ഗച്ഛദഖണ്ഡശീതകിരണാഹങ്കാരസർവങ്കഷ
 സ്ഫായന്മഞ്ജിമസമ്പദാനനഗളൽകാരുണ്യമന്ദസ്മിതം
 ഖദ്യോതായുകോടിനിസ്തുലമഹസ്സന്ദോഹപാരമ്പരീ
 ഖദ്യോതീകരണപ്രവീണസുഷമം വാതാലയേശം ഭജേ.”
 
(ഗുരുവായുപുരേശ്സ്തവം)

വ്യാഘ്രാലയേശശതകത്തിലെ ദശമദശകം നാരയണീയം ദ്വിതീയ ദശകത്തോടു സമസ്കന്ധമായി പരിലസിക്കുന്നു.

 “ചൂഡാമണീകൃതതുഷാരമയൂഖലേഖം
 ഭസ്മീകൃതത്രിപുരഭാസുരഫാലനേത്രം
 ഭക്താശുഭക്ഷപണദക്ഷകൃപാകടാക്ഷ
 മക്ഷാമധാമതിലപുഷ്പസദൃക്ഷനാസം.

 സ്ഫാരദ്യുതിസ്ഫടികദർപ്പണദർപ്പഹാരി
 ഗണ്ഡോല്ലസദ്ഭുജഗകുണ്ഡലലോഭനീയം
 ബിംബാധരച്ഛവികരംബിതദന്തപങക്തി
 കാന്തിച്ഛടാച്ഛുരിതസുന്ദരമന്ദഹാസം;

 വിശ്വാവനവ്യസനഭക്ഷിതകാളകൂട
 ക്ഷ്വേളാങ്കമേളനസകാളിമകണ്ഠനാളം
 വ്യാളാവലീവലയപാളിലസൽകുഠാര
 സാരങ്ഗകാഭയവരാങ്കിതബാഹുദണ്ഡം;

 ശൈലാധിരാജതനയാകുചകുങ്കുമാങ്ക
 വക്ഷഃകവാടഘടിതാഹിവരോപവീതം
 അശ്വത്ഥപത്രസദൃശോദരമേദുരാഭ
 മാവർത്തഭങ്ഗിഭരഭങ്ഗുരനാഭിഗർത്തം”

ഇത്യാദി ശ്ലോകങ്ങൾ ഏതു സഹൃദയന്റെ ഹൃദയത്തെയാണു് അപഹരിക്കാത്തത്.

1071-ൽ ശേഷയ്യാശാസ്ത്രികൾക്കു് എഴുതിയ ഒരു കത്തിൽ “ഒരു കാലത്തു സരസ്വതീദേവി ഞാൻ വിചാരിക്കുമ്പോൾ എന്റെ മുന്നിൽ ആവിർഭവിക്കുമായിരുന്നു. എന്നാൽ ഇപ്പോഴാകട്ടേ കാറ്റു മാറിവീണിരിക്കുകയാണു്. സംസ്കൃതകവനവാസന അഭ്യാസത്തിന്റെ അഭാവംകൊണ്ടു തീരെ നിരുന്മേഷയായിത്തീർന്നിരിക്കുന്നു” എന്നു മഹാകവി വിലപിക്കുന്നുവെങ്കിലും അവിടത്തെ സാരസ്വതസൗരഭം പണ്ടത്തെ നിലയിൽത്തന്നെ പ്രസരിച്ചിരുന്നു എന്നു കാണിക്കുവാൻ ശോണാദ്രീശസ്തോത്രത്തിൽനിന്നു രണ്ടു ശ്ലോകം പകർത്തിക്കാണിക്കാം. ആ കൃതി പല ഭാഗങ്ങളിലും മൂകപഞ്ചശതിയിലെ ആര്യാശതകത്തെ അനുസ്മരിപ്പിക്കുന്നു.

 “അരുണഗിരിസ്ഥേമവതീ വിസൃമരഘുസൃണാഭിരാമധാമവതീ
 പ്രഥമപതിപ്രേമവതീ പ്രദിശതു മേ കാമിതാനി ഹൈമവതീ”
 “അലയാമോദമനന്യജകലയാമോദിതശിവാം മഹാമായാം
 കലയാമോരുണഭൂഭൃന്നിലയാമോങ്കാരകലശസിന്ധുസുതാം.”
ക്ഷമാപണസഹസ്രം

ക്ഷമാപണസഹസ്രംപോലെ ഹൃദയദ്രവീകരണചണമായ ഒരു കാവ്യം ഇതരഭാഷകളിലില്ല.

 ലക്ഷ്മീം ദദ്യാദ്ദയാലുസ്സരസിജനയനഃ
 കാശ്യപീവല്ലഭോ മേ
 ഭക്താഭീഷ്ടപ്രദായീ വിബുധസമുദയ
 സ്തുയമാനാപദാനഃ
 നാരീണാം പ്രീതിദാതാ മദനജനയിതാ
 സംശ്രിതാഹീനഭോഗോ
 ദേവസ്സന്താപഹാരീ സകലസുമനസാ
 മുത്തമഃ പൂരുഷാണാം”

എന്ന പ്രഥമശ്ലോകം ശ്രീപത്മനാഭനേയും മഹാരാജാവിനേയും പരാമർശിക്കുന്നു. തനിക്ക് തന്റെ ‘ലക്ഷ്മി’യെ തിരിയെ കിട്ടണം എന്നാണു് കവിയുടെ പ്രാർത്ഥന.

 “ലോകാനാമസി ബാന്ധവസ്ത്വമനിശം സന്മാർഗ്ഗമാസേവസേ
 ത്വത്തോ ധർമ്മസമുദ്ഭവോഥ കമലോല്ലാസോ ഭവന്മൂലകഃ
 ത്വാം പ്രത്യക്ഷമുദീക്ഷ്യ ദേവ മുദിതം ദോഷാന്തരായച്ഛിദം
 ചക്രസ്യേവ മമ പ്രിയാധിഗമനം സ്യാദേവ മോദാവഹം”

എന്ന ഒടുവിലത്തെ ശ്ലോകത്തിലും അതുപോലെ രണ്ടർത്ഥം-ആദിത്യപരമായും മഹാരാജപരമായും-ഉണ്ടു്. ‘പ്രിയാധിഗമനം’ എന്ന പദം ഭാവഗർഭമയമായാണു് പ്രയോഗിച്ചിരിക്കേണ്ടതെന്നു പറയേണ്ടതില്ലല്ലോ. പ്രസ്തുത കൃതി അൻപതു വിംശതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു; ഓരോ വിംശതിയിലും വൃത്തത്തിനു ഭേദമുണ്ടു്. തന്നെ മഹാരാജാവു ശിക്ഷിച്ചതിൽ താൻ വ്യസനിക്കുന്നില്ലെന്നു കവി നിവേദനം ചെയ്യുന്നു.

 “ദൂയേഹം കിയദപി നൈവ സാപരാധോ
 ദണ്ഡോഭൂന്മയി വിഹിതസ്ത്വയേതി മത്വാ
 യദ്ബ്രൂതേ മനുരപി രാജ്ദണ്ഡിതാനാം
 പാപൗഘക്ഷയകൃതനാകലോകലാഭം.”

പക്ഷേ, ദുർജ്ജനങ്ങളുടെ അസൂയനിമിത്തമാണു് തനിക്കു് ആ ആപത്തു വന്നതു്.

 “ഉൽക്കർഷം ഭവദനുവർത്തിനോ മമോച്ചൈ
 രാലോക്യ വ്യഥിതമഭൂന്മനഃ ഖലാനാം
 അശ്രാന്തം മനസി പരോദയാസഹാനാം
 ദുഷ്ടാനാമുദയതി ദുസ്ത്യജാ ഹ്യസൂയാ.”

ആലപ്പുഴക്കൊട്ടാരത്തിൽ താമസിക്കുമ്പോൾ സർക്കാരുദ്യോഗസ്ഥന്മാർ ആഹാരംപോലും മുട്ടിച്ചു തന്നെ പലവിധത്തിൽ കഷ്ടപ്പെടുത്തി.

 “അബിഭരുരധികാരിണസ്ത്വദീയാ
 മയി നിതരാമധികാരിതാം തദാനീം
 അപി വിവിധമുപദ്രവം ദിശന്തോ
 ദ്ധുരതിമാത്രമഥാധികാരിതാം മേ.”

 “അനുദിനമശനാർത്ഥമിഷ്ടദാനം
 നിഖിലമഭ്രദ്ഭവതാ നിയുക്തമേവ
 യദി പുനരധികാരിഭിസ്സ്വകുക്ഷിം
 ഭരിഭിരിദം ന കൃതം കു ഏഷ ദോഷഃ?”

ശിക്ഷയ്ക്കു് ഒരു കാലാവധി കല്പിയ്ക്കാത്തതാണു് തനിയ്ക്കു് അത്യന്തം മർമ്മഭേദകമായി തോന്നിയിട്ടുള്ളതു്.

 “ഉചിതസ്യാപി ദണ്ഡസ്യ ഭവതാ രചിതസ്യ മേ
 അപരിച്ഛിന്നതാ ധൈര്യമർമ്മഭേദായ സാജനി.”

കാരാഗൃഹബന്ധനത്തിൽനിന്നു മോചിപ്പിച്ച തന്നെ ഗൃഹബന്ധനത്തിൽനിന്നു കൂടി മോചിപ്പിയ്ക്കാത്തതു് ഒന്നു നോക്കിയാൽ അധികസങ്കടത്തിന്നു കാരണമാണു്.

 “കാരാഗാരേ തത്ര വസൻ നാന്യമവിന്ദം
 ഖേദം ദത്താദ്ദൃഷ്ടജനൈസ്ത്വദ്വിനിയുക്തൈഃ
 ആഹാരാദ്യം സർവമഭൂത്തത്ര വിതീർണ്ണം
 നൈതസ്യാർത്ഥേ കോപി തദാ ക്ലേശ ഉദീതഃ”

 “ദാരിദ്ര്യാംഭോരാശിനിമഗ്നേത്ര കുടുംബേ
 വാസാന്നിത്യം ക്ലേശമഹം ഭൂരി ഭുരാമി
 ന സ്വാതന്ത്ര്യം ഗന്തുമിതോ മേ ബഹിരന്യം
 ദേശം യത്ര സ്വൈരമഹം ജീവനകൃത്സ്യാം.”

 “പ്രാഗ്വദ്ബന്ധേ ക്ഷേപയ വാ ക്ഷിപ്രമമുഷ്മാദ്
 ഗേഹക്ലേശാന്മോചയ വാ, മാരയ വാസ്മാൻ.”

 “പ്രദേഹി മേ ബന്ധനമിന്ധനം വാ.”

 “ഗളിതകളങ്കപൂർണ്ണകലശീതഗഭസ്തിരുചി
 പ്രചയകചാകചിപ്രധനചുഞ്ചുയശഃപ്രകരൈഃ

 ക്ഷിതിവലഭേദനാതിധവളീകൃതദ്വിഗ്വലഭേ
 ന തവ ലഭയേ നാഥ! കിമഹം കരുണാകണികാം?”

എന്നും മറ്റും വാഗ്ദേവതയുടെ മഞ്ജീരശിഞ്ജിതം ഭാവുകന്മാർക്കു പ്രകടമായി കേൾക്കാവുന്ന നിരവധി പദ്യങ്ങൾ ഈ കൃതീയിലുണ്ടു്. രസനിർഭരങ്ങളായ ആ പദ്യങ്ങൾക്കു പുറമേ എത്ര ചിത്രശ്ലോകങ്ങൾ, എത്ര മുദ്രാലംകൃതപദ്യങ്ങൾ, എത്ര ശ്ലിഷ്ടകല്പനകൾ, എത്ര ദ്വാദശപ്രാസഘടനകൾ, എന്നുവേണ്ട വിദ്വൽപ്രിയങ്ങളായ എത്ര വിഭിന്നരീതികളിലുള്ള കാവ്യ ശില്പങ്ങൾ ഈ ബൃഹന്നിബന്ധത്തിലുണ്ടെന്നു പരിച്ഛേദിച്ചു പറയുക പ്രയാസം തന്നെ.

യമപ്രണാമശതകം

 “സാധുവൈധുര്യകൃൽകം സബാധിതാ മാഥുരാ ജനാഃ
 യമപ്രണാമശതകം കിമപ്യതേ വിതേനിരേ”

എന്ന പീഠികയോടുകൂടിയാണു് ഈ കൃതി ആരംഭിക്കുന്നതെങ്കിലും ഇതിന്റെ നിർമ്മാണോദ്ദേശം സുവിദിതമാണെന്നു സൂചിപ്പിച്ചുകഴിഞ്ഞു. പ്രസ്തുത ശതകത്തിലെ ഓരോ ശ്ലോകവും ഓരോ വജ്രായുധമാണു്. ഗൗഡീരീതിയുടെ പ്രചണ്ഡതാണ്ഡവമാണു് നാം അതിൽ ആപാദചൂഡം ഭയചകിതരായി നിരീക്ഷിക്കുന്നതു്. ഒരു ശ്ലോകം മാത്രം പകർത്തിക്കാണിക്കാം.

 “ഖട്വാരൂഢേഷു കട്വാചരണവിരഹിതഃ
 കഷ്ടമിഷ്ടേഷു ഖട്വാ
 മാരൂഢാൻ ബാഢമുദ്വേജയതി വിഷമധീ
 രേഷു വൈരായമാണഃ
 ദോർദ്ദണ്ഡോദ്യന്മുസൃണ്ഠീപടുതരഹതിഭിഃ
 പിണ്ഡിപിണ്ഡീതി പിണ്ഡീ
 ബ്രാധ്നേ! മൂർദ്ധാനമസ്യാവനിഭൃദപശദ
 സ്യാഞ്ജസൈഷ പ്രണാമഃ.”
ശ്രീവിശാഖവിജയം

വിശാഖം തിരുനാൾ മഹാരാജാവിന്റെ ജീവിതത്തേയും രാജ്യഭരണത്തേയും വിഷയീകരിച്ചു വിരചിച്ചിട്ടുള്ളതാണു് പ്രസ്തുതമഹാകാവ്യം. 1060-ാമാണ്ടു മഹാരാജാവു നിർവഹിച്ച തുലാപുരുഷദാനത്തോടുകൂടി ആ കൃതി സമാപ്തമാകുന്നു. ആകെ 20 സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. അതു് ഒരു ‘വിജയ’കാവ്യമാകയാൽ സ്വർഗ്ഗാരോഹണവൃത്താന്തം ചേർത്തിട്ടില്ല. വിശാഖവിജയത്തിന്റെ വിവിധഗുണഗനങ്ങളെ വിശകലനം ചെയ്യുവാനുള്ള അവസരം ഇതല്ല; സഹൃദയന്മാർ അവ അറിയനമെങ്കിൽ ആ കാവ്യം സമഗ്രമായിത്തന്നെ വായിക്കനം. ഒരു ശ്ലോകം ഉദ്ധരിച്ചു മാതൃക കാണിക്കാം.

 “ഹാലശോ (?) ഷ്ണീഷശോഭാപരിഗതനിടിലഃ
 പദ്മപത്രായതാക്ഷ
 സ്തുംഗഭ്രാജിഷ്ണുനാസസ്തുലിതപരിണമദ്-
 ബിംബകമ്രാധരോഷ്ഠഃ
 കുംബുഗ്രീവഃ കവാടപ്രതിഭടവികടോ
 രസ്തടശ്ശാതകുക്ഷി:
 കുക്ഷിൽ സുക്ഷത്രിയോ മേ കിരതി സഖി! ദൃശോ
 രേഷ പീയൂഷവർഷം.”
(സപ്തമസർഗ്ഗം)

വിശാഖം തിരുനാൾ മഹാരാജാവു് കാണികളുടെ നയനങ്ങളിൽ എന്നപോലെ പ്രസ്തുതകാവ്യം ഭാവുകന്മാരുടെ ശ്രവണങ്ങളിൽ പീയൂഷവർഷം ചെയ്യുന്നു. ആയില്യം തിരുനാൾ മഹാരാജാവിനോടു കഥാപുരുഷനു് അതികഠിനമായ വിദ്വേഷത്തിനു കാരണമുണ്ടായിരുന്നു. എങ്കിലും അവിടത്തെപ്പറ്റിയുള്ള ആദരാതിശയം വിശാഖ വിജയത്തിൽ വേണ്ടവിധത്തിൽ പ്രകടീകരിച്ചിട്ടുണ്ടു്. ആസന്നമരണനായ അവിടുന്നു തന്റെ പ്രഥമ ശത്രുവായി കരുതിയിരുന്ന വിശാഖം തിരുനാൾ യുവരാജാവിനെ അടുക്കൽ വിളിച്ചു് ഇങ്ങനെ അരുളിച്ചെയ്യുന്നു.

 “ആയുസ്സുദീർഘമനപായമനാമയത്വ
 മൈശ്വര്യമക്ഷയമനന്തമഭീഷ്ടയോഗം
 വിദ്യാമവദ്യരഹിതാം വിപുലാഞ്ച കീർത്തിം
 പുഷ്ണാതു വത്സ! സതതം തവ പദ്മനാഭഃ.

 ധന്യോഹമദ്യ പരചിന്മയമേമി ധാമ
 കർമ്മക്ഷമേ ത്വയി സമർപ്പിതരാജ്യഭാരഃ
 ധർമ്മോസ്മദീയകുലദൈവതമിത്യവേത്യ
 നീത്യാ പ്രശാധി പൃഥിവീം കുലശേഖരസ്ത്വം.

 ദുർമ്മന്ത്രിണോത്ര ബഹവസ്തവ ധാർമ്മികസ്യ
 ധീഭേദമാരചയിതും നിയതം യതേരൻ
 കാമാന്ന ജാതു ന ഭയാന്ന ച ലോഭതോ വാ
 കർമ്മ സ്വകീയമവധീരയ ധീരവര്യ.”

യമപ്രണാമശതകംകൊണ്ടു വല്ല അപരാധവും അവിടുന്നു് ആചരിച്ചുപോയിട്ടുണ്ടെങ്കിൽ അതിനു് മേലുദ്ധരിച്ച ശ്ലോകങ്ങളെക്കൊണ്ടും മറ്റും പര്യാപ്തമായ പരിഹാരവും നേടീട്ടുണ്ടു്.

പ്രക്രിയാസർവ്വസ്വടിപ്പണി

പ്രക്രിയാസർവ്വസ്വത്തിനു മഹാകവി വലിയ ടിപ്പണിയൊന്നും രചിച്ചിട്ടില്ല. “പ്രക്രിയാസർസ്വം ശ്രീനാരായണഭട്ടവിരചിതം ക്വചിദ്വലയാങ്കിതൈഷ്ടിപ്പണൈസ്സൂത്രാങ്കാദിവഭിശ്ച കേരളവർമ്മണാ പരിഷ്കൃതം” എന്നേ അവിടുന്നു് ആ ഉദ്യമത്തെപ്പറ്റി പറയുന്നുള്ളു. ഇരുപതാമത്തെ ഖണ്ഡമായ ഛാന്ദസം “ബഹുസ്ഥലേഷു ഗവേഷിതോപ്യേതാവൽപര്യന്തം നാധിഗതഃ” എന്നു പറഞ്ഞിട്ടുണ്ടു്. ഭട്ടതിരി യങ്ലുക്‍ഖണ്ഡത്തിന്റെ അവസാനത്തിൽ

 “നിത്യം സ്യാമ യുഷം, യുഷാനിഹ കഥാ ശ്രോതും
 യുഷാഭിശ്ച ന
 സംവാസോസ്തു നമോ യുഷഭ്യമനിശം, കോന്യോ ഹി
 ധന്യോ യുഷാൽ?
 ദുസ്സാധം ന യുഷാകമസ്തി യുഷ വൈ മർത്ത്യസ്യ മുക്തിഃ കരേ
 യുഷ്യാ തുഷ്യാതി സജ്ജനേന ഭുവനം ഹേ കൃഷ്ണ ലീലാഭ്രമാഃ”

എന്നൊരു കഠിനമായ ശ്ലോകം ചേർത്തിട്ടുണ്ടു്. വലിയകോയിത്തമ്പുരാൻ അതിനു ടിപ്പണി, താഴെ ചേർക്കുന്നവിധത്തിൽ എഴുതിയിരിക്കുന്നു. “യുഷ്മാനാചഷ്ട ഇതി ണിചി, ക്വപി, യുഷം ഇത്യാദീനി രൂപാണി, യുഷ്മാനാചക്ഷാണ ഇത്യാദി രർത്ഥഃ, യുഷ, യുഷ്മാനാചക്ഷാണസ്യ മർത്ത്യസ്യ മുക്തിഃ കരേ വൈ ഇതി നിശ്ചയാർത്ഥകമവ്യയം. യുഷ്യാ, യുഷ്മാനാചക്ഷാണേന സജ്ജനേന ഭുവനം തുഷ്യതി. ഏഷാം പ്രക്രിയാസ്ത്വേ തദനന്തരസുബന്തധാതുഖണ്‍ഡേ വക്ഷ്യന്തേ.”

ഭാഷാപദ്യം

ഭാഷയിൽ (31) ഹനുമദുത്ഭവം, (32) ധ്രുവചരിതം, (33) മത്സ്യവല്ലഭവിജയം, (34) പ്രലംബവധം, (35) പരശുരാമവിജയം, (36) സോമവാരവ്രതം ഉത്തരഭാഗം എന്നീ ആറു് ആട്ടക്കഥകൾ, (37) കേരളീയഭാഷാശാകുന്തള നാടകം (തർജ്ജമ), (38) അമരുകശതകം (തർജ്ജമ), (39) മയൂരസന്ദേശം, (40) അന്യാപദേശശതകം (തർജ്ജമ), (41) ദൈവയോഗം, (42) ശ്രീപദ്മനാഭപദപത്മശതകം, (43) സ്തുതിശതകം എന്നിവയാണു് അവിടത്തെ പ്രധാനങ്ങളായ പദ്യകൃതികൾ. ഇവ കൂടാതെ (44) കൈരളീപ്രശസ്തി, (45) അഷ്ടമിരോഹിണീമാഹാത്മ്യം കൈകൊട്ടിക്കളിപ്പാട്ടു് ഇങ്ങനെയും ചില ലഘുകൃതികൾ അവിടുന്നു രചിച്ചിട്ടുണ്ടു്.

ആട്ടക്കഥകൾ

ഇവയിൽ സോമവാരവ്രതം ഉത്തരഭാഗം കണ്ടുകിട്ടീട്ടില്ല. അതു 1050-ാമാണ്ടു് ഒടുവിലാണു് ആരംഭിച്ചതെന്നും, യമുനയിൽ തോണി മുങ്ങി ചന്ദ്രാങ്ഗദൻ അദൃശ്യനായപ്പോൾ സീമന്തിനി “വിധവത വഹിച്ചു” എന്നവസാനിക്കുന്ന ഒരു ദണ്ഡകംവരെ എഴുതിയപ്പോഴാണു് അവിടത്തെ ബന്ധനത്താൽ മഹാരാജ്ഞിയ്ക്കു വൈധവ്യകല്പമായ ദു:ഖം സംഭവിച്ചതെന്നും കാണുന്നു. 1055-ൽ അരിപ്പാട്ടു താമസിക്കുമ്പോൾ ആ കഥ പൂരിപ്പിക്കണമെന്നുള്ള മാതാവിന്റേയും ജ്യേഷ്ഠന്റേയും ആജ്ഞയ്ക്കു് വിധേയനായി അങ്ങനെ ചെയ്തു. അതുകഴിഞ്ഞു് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ ദമ്പതിമാർക്കു പുനസ്സമാഗമവും സിദ്ധിച്ചു. ആട്ടക്കഥകളിൽ അവിടുത്തേയ്ക്കു അഭിരുചി ജനിപ്പിച്ചതും ഗുരുഭൂതനായ അമ്മാവൻതന്നെയായിരുന്നു. 1039-ാമാണ്ടു ഹനുമദുത്ഭവം ലക്ഷദീപാവസരത്തിൽ ഇദംപ്രഥമമായി അഭിനയിയ്ക്കപ്പെട്ടു. അടുത്തതായി രചിച്ചതു മത്സ്യവല്ലഭവിജയമാണു്. അതിന്റെ നിർമ്മിതി 1040-1042 എന്നീ കൊല്ലങ്ങൾക്കിടയിലാണു്. ധ്രുവചരിതം 1043 ധനു 17-ാംനു മുതൽ 26-ാംനുവരെയുള്ള പത്തുദിവസംകൊണ്ടു മറ്റു കൃത്യശതങ്ങൾക്കിടയിൽ നിർമ്മിച്ചതായിക്കാണുന്നു. അതിൽ പദങ്ങളിൽ സാർവത്രികമായി അന്ത്യപ്രാസം ഘടിപ്പിച്ചിട്ടുണ്ടു്. ആദ്യത്തെ കൃതികൾ രണ്ടും കിളിമാനൂർ കോയിത്തമ്പുരാന്റേയും മൂന്നാമത്തേതു് അവനവഞ്ചേരി (ഹരിഹരഭാഗവതരുടേയും) നിർദ്ദേശമനുസരിച്ചു് ഉണ്ടാക്കീട്ടുള്ളതാണു്. അവ മൂന്നും ഗായകദൃഷ്ട്യാ പരിശോധിച്ചതും ഹരിഹരഭാഗവതർതന്നെയാണു്. പ്രലംബവധം ജ്യേഷ്ഠന്റെ നിയോഗമനുസരിച്ചു നിർമ്മിച്ചു. അദ്ദേഹംതന്നെയാണു് കഥ തീർച്ചപ്പെടുത്തുകയും രങ്ഗവിഭാഗം വ്യവസ്ഥപ്പെടുത്തുകയും പദങ്ങളുടെ മട്ടും മറ്റും നിശ്ചയിക്കുകയും ചെയ്തതു്. ആ ആട്ടക്കഥയും ഏതാനും ദിവസങ്ങൾകൊണ്ടു രചിച്ചതാണു്. പരശുരാമവിജയം അത്തംതിരുനാൾ കൊച്ചുതമ്പുരാന്റെ ആവശ്യപ്രകാരം ഒന്നരദിവസംകൊണ്ടുണ്ടാക്കി.അത്തംതിരുനാളിന്റെ ജനനം 1030-ാമാണ്ടും മരണം 1053-ാമാണ്ടുമായിരുന്നതിനാൽ 1046-നുമേൽ 1050-ാമാണ്ടിനകമാണു് ആ കഥയുടെ രചന എന്നൂഹിക്കാം. മഹാകവിയുടെ ആട്ടക്കഥകൾക്കു് അവ എഴുതിയ കാലത്തു നല്ല പ്രചാരമുണ്ടായിരുന്നു എങ്കിലും ഇപ്പോൾ അവയെ അഭിനേതാക്കൾ രങ്ഗത്തിൽ വളരെ വിരളമായിട്ടേ പ്രയോഗിക്കുന്നുള്ളു. അതിന്നുള്ള മുഖ്യകാരണങ്ങളായി അവയുടെ നവ്യത്വത്തേയും സംസ്കൃതജടിലമായ ശൈലിയേയും ഗണിക്കാം. പ്രലംബവധം തുടങ്ങിയുള്ള കഥകൾ അവയ്ക്കു മുൻപുള്ളവയേക്കാൾ സരളങ്ങളാണു്. സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ അവയെല്ലാം ഉത്തമകക്ഷ്യയിൽത്തന്നെ നിലകൊള്ളുന്നു.

 “കല്പാന്തോച്ചണ്ഡചണ്ഡീശ്വരപടുനടനാരംഭചഞ്ചൽപദാഗ്ര
 പ്രൗഢാഘാതപ്രഭിന്നസ്ഫടികഗിരിതടസ്ഫാരഗംഭീരനാദഃ”
 
(ഹനുമദുത്ഭവം)

എന്നും,

 “ദാഢാകോടിദൃഢോപലഗ്നകരടിപ്രൗഢാസ്ഥികൂടച്ഛടാ
 ഗാഢാപൂരിതവക്ത്രകോടരഗഭീരാഢൗകിതക്ഷ്വേളിതാ”
 
(പ്രലംബവധം)

എന്നും മറ്റുമുള്ള ശ്ലോകങ്ങളുടെ പ്രൗഢി പ്രശംസനീയമായിരിക്കുന്നു.

 “നീവാരാൻ വാരനാരീകരസരസിരുഹാൽ
 സാദരം സ്വീകരോതി
 ഗ്രീവാമുന്നമ്യ യസ്മിൻ കുവലയരമണോ
 ത്സംഗശായീ കരംഗഃ
 ദേവാധീശഃ പുരാന്യാസുലഭശതമഖീ
 പുണ്യനിർവാഹധന്യോ
 യാവൽ പാദാരവിന്ദാനതസകലസുധാ
 ദീദിവിർദ്ദേദിവീതി”

ഇത്യാദി ശ്ലോകങ്ങളിലെ അർത്ഥചാതുര്യവും ആസ്വാദ്യമാണു്. മത്സ്യവല്ലഭവിജയത്തിലെ “അംഗജതുല്യമനോജ്ഞമൂർത്തേ-സുര-പുംഗവഭാസുരഭൂരികീർത്തേ” എന്നു തുടങ്ങുന്ന കുമ്മിയും, “ധരണീധരേന്ദ്രനുടെ പരിണാഹവർണ്ണനേ” എന്നാരംഭിക്കുന്ന പർവതവർണ്ണനവും മറ്റും അനുവാചകന്മാരുടെ ഹൃദയത്തെ അത്യന്തം ചമൽക്കരിക്കുന്നു. ശൃംഗരരസപ്രതിപാദകങ്ങളായ പദങ്ങളുടെ മാധുര്യവും സാമാന്യമല്ല. ധ്രുവചരിതത്തിൽ ഉത്താനപാദൻ സുരുചിയെ അനുനയിപ്പിക്കുന്ന അധോലിഖിതമായ പദം പരിശോധിക്കുക.

 “കാമിനി നിശമയ മാമകവാണീം കാറണിവേണിമണേ!
 താമരസായതബന്ധുരനയനേ! സാമജപരിവൃഢമന്ഥരഗമനേ!
 
(കാമി)

 ചന്ദനശൈലസമീരൻ ശശിമുഖി ചാലിതഭംഗകിശോരൻ
 തുന്ദിലസൗരഭസാരൻ സുന്ദരി തോദിതവിരഹിശരീരൻ
 മന്ദമണഞ്ഞുവരുന്നു മനോഹരകുന്ദരദേ! പരിദീപിതമാരൻ
 
(കാമി)

 വിലസതി ഹിമകരബിംബം സമ്പ്രതി വിഹസതി കുമുദകദംബം
 ചലമിഴിയരുതു വിളംബം ദിശ മമ ചാരു തവാധരബിംബം കളമൊഴി
 മന്മഥപരവശനാം മമ കാമിനി ഭവൽകൃപതാനവലംബം
 
(കാമി)

 ശീതകരോപമവദനേ! നാമിഹ ശീതളവല്ലീസദനേ
 മേദുരകൗസുമശയനേ തുടരുക മന്മഥകേളികളുടനേ
 ഭീതചമൂരുകിശോരവിലോചനഭർത്സനപടുതമമഞ്ജിമനയനേ
 
(കാമി)

ഇതു് ഏതാട്ടക്കഥയിലെ ഏതു ശൃംഗാരപദത്തോടും കിടനില്ക്കുന്നതാണു്.

കേരളീയഭാഷാശാകുന്തളം

1056-ലും 1057-ലുമായി രചിച്ചതാണു് ഈ നാടകം എന്നു പറഞ്ഞുവല്ലോ. അതിന്റെ ആമുഖോപന്യാസത്തിൽ ആ തർജ്ജമയിൽ സംസ്കൃതപദപ്രയോഗം അല്പം ബഹുലീഭവിച്ചിട്ടുണ്ടെന്നും ഔത്തരാഹന്മാർക്കു് അഭംഗി എന്നു തോന്നുന്ന ശൈലീഭേദം അങ്ങിങ്ങു കാണാമെന്നും അവിടുന്നു സമ്മതിച്ചിട്ടുണ്ടു്. എല്ലാ ശ്ലോകങ്ങൾക്കും “കണ്ഠനാളമഴകിൽത്തിരിച്ചു്”, “ഫുല്ലാബ്ജത്തിനു രമ്യതയ്ക്കു കുറവോ”, മേദസ്സറ്റു മെലിഞ്ഞു “കുക്ഷി ലഘുവാം”, “നാലുകെട്ടിലധികാരമുദ്രയായ്”, “മാനോടൊത്തുവളർന്നു”, “ഭക്ത്യാസേവിക്ക പൂജ്യാൻ”, “മാനോടൊത്തുവളർന്നു”,“ഭക്ത്യാസേവിക്കപൂജ്യാൻ”, “മുന്നേ ഞാൻ നിരൂപിച്ചുപോൽ” മുതലായവയെപ്പോലുള്ള സാരള ്യമില്ല. “ശമധനരായ മാമുനിജനേഷു”, “ശാലയെച്ചൂഴവേ ക്ലപ്തധിഷ്ണ്യാഃ”, “ശശി കുമുദാനേവ” ഇത്യാദി ശ്ലോകങ്ങൾ ഏറ്റവും കഠിനങ്ങൾ തന്നെ. ഈ രണ്ടു ന്യൂനതകളുടേയും പരിഹാരത്തിനുവേണ്ടിയാണു് പഴയകൃതി ആവശ്യമെന്നു തോന്നിയിടത്തോളം പരിഷ്കരിച്ചു “മണിപ്രവാളശാകുന്തളം” എന്ന പേരിൽ 1087-ൽ വീണ്ടും പ്രസിദ്ധീകരിച്ചതു്. എങ്കിലും അതും സംസ്കൃതജ്ഞന്മാരല്ലാത്ത സാധാരണകേരളീയർക്കു സുഗ്രഹമല്ല. ഏ.ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ ആയിടയ്ക്കു മലയാളശാകുന്തളം എന്നപേരിൽ മറ്റൊരു തർജ്ജമ പ്രസിദ്ധീകരിച്ചു. എന്നാൽ അവയ്ക്കു രണ്ടിനും തമ്മിൽ വലിയ അന്തരമുണ്ടു്. വലിയകോയിത്തമ്പുരാന്റെ ശ്ലോകങ്ങളുടെ സംഗീതമാധുരി അനന്യസുലഭമാണെന്നുള്ളതു സർവസമ്മതമാണു്. മൂലശ്ലോകങ്ങളുടെ അർത്ഥം ഏറ്റക്കുറച്ചിൽ കൂടാതെ ഭാഷയിൽ സംക്രമിപ്പിക്കുന്നതിനു വലിയകോയിത്തമ്പുരാനുള്ള വൈദഗ്ദ്ധ്യത്തെക്കുറിച്ചും ആർക്കും ഭിന്നാഭിപ്രായമില്ല. കേരളീയഭാഷാശാകുന്തളം ആവിർഭവിച്ച കാലത്തു് അതിലെ പല ശ്ലോകങ്ങളും വണ്ടിക്കാർക്കുപോലും മനഃപാഠമായിരുന്നു. അത്ര ധാരാളമായി അഭിനയഭാഗ്യം സിദ്ധിച്ച മറ്റൊരു ഭാഷാനാടകവും (സംഗീത നാടകങ്ങൾ ഒഴിച്ചുനോക്കിയാൽ) കേരളത്തിൽ നാളതുവരെ ഉണ്ടായിട്ടില്ലെന്നുള്ളതും പ്രത്യേകിച്ചു വക്തവ്യമാണു്.

അമരുകശതകം

അമരുകശതകത്തെക്കാൾ മഹനീയമായ ഒരു ശൃംഗാരകാവ്യം സംസ്കൃതത്തിലില്ല; അതു ശരിക്കു തർജ്ജമ ചെയ്യണമെങ്കിൽ വലിയ കോയിത്തമ്പുരാനെപ്പോലെയുള്ള ഒരു പണ്ഡിതപ്രവേകനും അനുഭവരസികനും സഹൃദയധുരീണനും മഹാകവിമൂർദ്ധന്യനുമല്ലാതെ സാധിക്കുന്നതുമല്ല. അത്രയ്ക്കു് ഉൽക്കൃഷ്ടമാണു് ആ കാവ്യത്തിന്റെ ധ്വന്യാത്മകത്വവും രസനിർഭരതയും. ആ ഭാരമേറിയ കൃത്യം അവിടുന്നു് അനായാസമായി നിർവഹിച്ചിരിക്കുന്നു. രചനസംബന്ധിച്ചു നോക്കുകയാണെങ്കിൽ കേരളീയഭാഷാശാകുന്തളത്തിലെ ചില വൈകല്യങ്ങൾ അതിലും അല്പാല്പം കടന്നുകൂടീട്ടുണ്ടു്. എങ്കിലും പല ശ്ലോകങ്ങൾ ആ വിഷയത്തിലും അനവദ്യങ്ങളാണു്. അധോലിഖിതങ്ങളായ പദ്യങ്ങൾ നോക്കുക.

 “ജാതാലസ്യം തിരിഞ്ഞും കിമപി മുഹൂരട
 ഞ്ഞും പ്രിയത്താലലിഞ്ഞും
 ഹ്രീതാരള ്യം നിറഞ്ഞും ക്ഷണമെതിരെയണ
 ഞ്ഞും നിമേഷം വെടിഞ്ഞും
 വീതാശങ്കം ഹൃദന്തർഗ്ഗതമതു വെളിവാ
 ക്കുന്നപോലുള്ള ദൃഷ്ട്യാ
 നീതാൻ മുഗ്ദ്ധേ! കഥിക്കേതൊരു സുകൃതിയെയാ
 ണിന്നു വീക്ഷിച്ചിടുന്നു?”

 “കാന്തൻ പോയ്വന്നശേഷം കഥമപി പകലുൽ
 കണ്ഠയോടേ കഴിച്ചി
 ട്ടന്തർഗ്ഗേഹത്തിലെത്തിജ്ജഡസഖികൾ കഥാ
 വിസ്തരം ചെയ്തിടുമ്പോൾ
 എന്തോ എന്നെക്കടിച്ചെന്നധികവിവശയായ്
 ച്ചൊല്ലി വസ്ത്രം കുടഞ്ഞ
 പ്പൂന്തേൻനേർവാണിയേറ്റം രതിരഭസഭരം
 പൂണ്ടു ദീപം കെടുത്തി.”
മയൂരസന്ദേശം

മയൂരസന്ദേശംപോലെ ഹൃദയദ്രുവീകരണപ്രഭാവമുള്ള ഒരു ഭാഷാസന്ദേശകാവ്യം അതിൽപ്പിന്നീടു് ആരും രചിച്ചിട്ടില്ല. അന്യത്ര ദർശനീയങ്ങളല്ലാത്ത പല വൈശിഷ്ട്യങ്ങളും അതിനുണ്ടു്. മേഘസന്ദേശം അതിനു് അർദ്ധാസനം നല്കണമെന്നു് ഒരു സഹൃദയനും വാദിക്കുന്നതല്ല. എന്നാൽ ഇതിവൃത്തത്തെസ്സംബന്ധിച്ചിടത്തോളം കാളിദാസകൃതി കേരളവർമ്മകൃതിയ്ക്കു പുറകിൽനിന്നേ മതിയാകൂ. ആദ്യത്തേതിൽ ഒരു യക്ഷൻ മേഘത്തെ തന്റെ സന്ദേശഹരനാക്കുന്നു; രണ്ടാമത്തേതിൽ കവിതന്നെയാണു് മയൂരത്തെ പ്രിയതമയുടെ സന്നിധിയിലേയ്ക്കു് അയയ്ക്കുന്നതു്. ഉഗ്രമായ രാജശാസനം നിമിത്തം വലിയകോയിത്തമ്പുരാൻ അരിപ്പാട്ടു ബന്ധനസ്ഥനായി താമസിക്കുകയായിരുന്നു എന്നതു വാസ്തവത്തിൽ നടന്ന ഒരു സംഭവമാണു്. യക്ഷന്റെ പ്രഭാസം ഒരു വർഷത്തേയ്ക്കു നീണ്ടുനിന്നതായി കാളിദാസൻ ഉപന്യസിച്ചാൽമാത്രമേ അദ്ദേഹത്തിന്റെ കാവ്യം പുരോഗമിക്കുകയുള്ളു. ഒന്നു സങ്കല്പചിത്രം; മറ്റേതു സ്വാനുഭവചിത്രം. തദനുരോധേന മയൂരസന്ദേശത്തിനുള്ള മഹിമാതിശയം അനുക്തസിദ്ധമാകുന്നു. കേരളവർമ്മ ദേവനെ വിധി പതിപ്പിച്ച പങ്കത്തിൽനിന്നു് ഒരു ജഗന്മോഹനമായ ചെന്താമരപ്പൂ വിരിഞ്ഞു. അതാണു് പ്രസ്തുത സന്ദേശം. അതിന്റെ കലാശില്പത്തിൽ കവി കരുതിക്കൂട്ടിക്കൊണ്ടു സ്വഭാവോക്തിസുന്ദരമായ വസ്തുവർണ്ണനത്തിനു പ്രാധാന്യം നല്കിയിരിക്കുന്നു. അരിപ്പാട്ടുനിന്നു തിരുവനന്തപുരത്തേയ്ക്കുള്ള മാർഗ്ഗവിവരണത്തിന്റെ തന്മയത്വം 1053-മാണ്ടിടയ്ക്കാണു് ആ സന്ദേശം കവി അയച്ചിരിയ്ക്കുന്നതായി സങ്കല്പിച്ചിട്ടുള്ളതു് എന്നനുസ്മരിച്ചു് അന്നത്തെ സ്ഥിതിഗതികൾ ഗ്രഹിച്ചു വായിക്കുന്നവർക്കു് വിശിഷ്യ അനുഭവദേദ്യമായിരിക്കും. ഔചിത്യയുക്തമായല്ലാതെ ഒരു ശബ്ദവും അവിടുന്നു് ആ കൃതിയിൽ പ്രയോഗിച്ചിട്ടില്ല. നിഷ്പക്ഷബുദ്ധിയോടുകൂടി അന്തഃപ്രവേശം ചെയ്യുന്ന ഭാവുകന്മാർക്കു് അതു ക്ഷണത്തിൽ ബോധപ്പെടുകയും ചെയ്യും. അഭിജ്ഞാനവാക്യമായി ആ കാവ്യത്തിൽ ഘടിപ്പിച്ചിരിക്കുന്ന

 “ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാൻ
 നീലാപാങ്ഗേ! കമപി നിഹനിച്ചീടിനേൻ നീഡജത്തെ;
 മാലാർന്നാരാൽ മരുവുമിണയെക്കന്റു നീ താം ച നേതും
 കാലാഗാരം സപദി കൃപയാ കാതരേ! ചൊല്ലിയില്ലേ!”

എന്ന ശ്ലോകത്തിൽ “പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോന്നീടു”മെന്നുള്ളതിനു സഹൃദയഹൃദയം തന്നെയാണു് സാക്ഷി. “ഭൂയശ്ചാഹ ത്വമസി ശയനേ കണ്ഠലഗ്നാ പുരാമേ” എന്നിത്തരത്തിലുള്ള ഒരു വാക്യമല്ലല്ലോ അതു്. പ്രകൃതത്തിനു് അധികം ഉപയോഗപ്പെടുന്നതു മയൂരസന്ദേശത്തിലെ പ്രബോധനമാണെന്നു് എനിക്കു തോന്നുന്നു. ഏതു വൈകടികൻ ഏതു നികഷോപലത്തിൽ മാറ്റുരച്ചുനോക്കിയാലും ആ ശ്ലോകം പത്തരമാറ്റു തങ്കമായിത്തന്നെ പരിലസിക്കുന്നതാണു്.

ഇതരകൃതികൾ

അന്യാപദേശശതകത്തേയും ദൈവയോഗത്തേയും കുറിച്ചു മുമ്പു പറഞ്ഞുകഴിഞ്ഞു. ദൈവയോഗത്തിലെ ഇതിവൃത്തഘടനയും പ്രതിപാദനരീതിയും പദപ്രയോഗസമ്പ്രദായവും എല്ലാംതന്നെ വലിയകോയിത്തമ്പുരാന്റെ സാധാരണ സരണിയിൽനിന്നു വിഭിന്നമാണു്. എങ്കിലും അവിടുന്നു് ആ മാതിരി കൃതികൾ രചിക്കുന്നതിനും പ്രഗത്ഭനാണെന്നു് അതിൽ തെളിയിച്ചിരിക്കുന്നു. ഐഹികസുഖങ്ങളിൽ വിരക്തി തോന്നിയ ഒരു വയോധികനായ മുമുക്ഷുവിന്റെ വിചാരധാരയാണു് ശ്രീപത്മനാഭപദപത്മശതകത്തിൽ നാം സമീക്ഷിക്കുന്നതു്. അതിൽ ഉത്തരാർദ്ധം സംബോധനാരൂപത്തിൽ വിരചിതമായിരിക്കുന്നു. രണ്ടു ശ്ലോകങ്ങൾ പകർത്തിക്കാണിക്കാം.

 “നാലഞ്ചു ഭാഷകൾ മുഷിഞ്ഞു വൃഥാ പഠിച്ചേൻ,
 പാലഞ്ചിടുംമൊഴിയുമായ്പ്പലനാൾ കഴിച്ചേൻ,
 കാലം ചതിച്ചു; കരുണാകര! ഞാനിനിത്തൃ
 ക്കാലഞ്ചുവൻ കരുണയോടയി കാത്തുകൊൾക.”

 “പാരം ദയാകര! ഭവച്ചരണാരവിന്ദ
 മാരന്ദധാര നുകരും മമ ചിത്തഭൃങ്ഗം
 പൗരന്ദരോന്നതപദത്തെയുമിന്ദിരേശ!
 ദൂരം ദരിദ്രതയിൽ മജ്ജിതമായ് നിനയ്ക്കും.”

സ്തുതിശതകത്തിൽ ഓരോ ദശകത്തിൽ ഓരോ ദേവതയെ വന്ദിച്ചിരിക്കുന്നു. താഴെ കാണുന്ന വന്ദനം ഭൂതനാഥപരമാണു്.

 “ശരചാപധരൻ, നവീനധാരാ
 ധരചാരുദ്യുതി,ധാർമ്മികാഗ്രഗണ്യൻ,
 സുരചാരണസേവ്യനാശ്രയം മേ
 വരചാമീകരഭൂഷനാര്യദേവൻ”

കൈരളീപ്രശസ്തി ഒരു ചെറിയ കൃതിയാണു്. അതിൽ കേരളത്തിലെ വിദുഷിമാരെ കവി പ്രശംസിക്കുന്നു. സ്ത്രീവിദ്യാഭ്യാസത്തിന്റെ പോഷണത്തിൽ ഏറ്റവും ജാഗരൂകനായിരുന്നു വലിയ കോയിത്തമ്പുരാൻ.

അഷ്ടമിരോഹിണീമാഹാത്മ്യം പത്തു വൃത്തങ്ങളിലായി ബ്രഹ്മാണ്ഡപുരാണാന്തർഗ്ഗതമായ ഒരു ഉപാഖ്യാനത്തെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള ഒരു കൈകൊട്ടിക്കളിപ്പാട്ടാണു്. കവിയുടെ കുടുംബപരദേവതയായ പരപ്പനാട്ടു നിറങ്കൈതക്കോട്ട (നൈടുംകൈതക്കോട്ട) ശാസ്താവിനെ ആ കൃതിയിൽ വന്ദിച്ചിരിക്കുന്നു. ആരംഭത്തിൽ അരിപ്പാട്ടു സുബ്രഹ്മണ്യസ്വാമിയേയും വന്ദിച്ചിട്ടുള്ളതുകൊണ്ടു് 1046-നുമേലാണു് അതു് ഉണ്ടാക്കിയതെന്നു് അനുമാനിക്കാം. വിശാഖംതിരുനാൾ മഹാരാജാവിനെ സ്തുതിക്കുന്നുവെങ്കിലും അവിടത്തെ വാഴ്ചക്കാലത്തു് എഴുതിയതാണോ ആ കൃതി എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബാല്യകാലത്തു രചിച്ച ഒരു കൃതിയുടെ ഗുണമേ അതിനുള്ളു.

കേരളപ്രാസം

ദ്വിതീയാക്ഷരപ്രാസം വളരെക്കാലമായി ഭാഷാകവികൾ പ്രയോഗിച്ചുവന്നിരുന്ന ഒരു ശബ്ദാലങ്കാരമാണു്. ഇതരദ്രാവിഡസാഹിത്യങ്ങളിൽ-പ്രത്യേകിച്ചു തമിഴ് സാഹിത്യത്തിൽ അതിനു് അഭ്യർഹിതവും അനുപേക്ഷണീയവുമായ ഒരു സ്ഥാനമാണുള്ളതു്. കേരളീയഭാഷാശാകുന്തളവും അമരുകശതകവും രചിക്കുമ്പോൾ വലിയ കോയിത്തമ്പുരാൻ സ്വരവ്യഞ്ജനങ്ങൾക്കു ദ്വിതീയാക്ഷരപ്രാസത്തിൽ സാർവത്രികമായ ഐകരൂപ്യം ദീക്ഷിച്ചിരുന്നില്ല. 1066-ൽ ദ്വിതീയാക്ഷരപ്രാസം വേണമോ വേണ്ടയോ എന്നൊരു വാദം മനോരമയിൽ ആരംഭിച്ചു. ആ പ്രാസം അത്യാവശ്യമാണെന്നുള്ള പക്ഷക്കാരനായിരുന്നു വലിയകോയിത്തമ്പുരാൻ. അവിടുന്നു് അതു കൈരളീദേവിയുടെ മണിമഞ്ജീരമാണെന്നു് ഉപപാദിച്ചപ്പോൾ മരുമകനായ ഏ.ആർ.രാജരാജവർമ്മകോയിത്തമ്പുരാൻ പാദശൃങ്ഖലയാണെന്നു് എതിർവാദം ചെയ്തു. ആ മതവൈരുദ്ധ്യം അങ്ങനെ തുടർന്നുപോയി. മരുമകൻ മേഘസന്ദേശവും കുമാരസംഭവവും പ്രസ്തുതപ്രാസം നിശ്ശേഷം പരിത്യജിച്ചാണു് തർജ്ജമ ചെയ്തതു്. അമ്മാവനാകട്ടെ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തി ദ്വിതീയാക്ഷരപ്രാസം പ്രതിശ്ലോകം പ്രയോഗിച്ചു മയൂരസന്ദേശവും രചിച്ചു. 1077-മാണ്ടു ഭാഷാഭൂഷണം പ്രസിദ്ധീകരിച്ചപ്പോൾ മരുമകൻ ആ പ്രാസത്തെ വീണ്ടും ഉപാലംഭനം ചെയ്തു. അതു കഴിഞ്ഞു് ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്യാപദേശശതകം പ്രസിദ്ധീകരിച്ച അവസരത്തിൽ അമ്മാവൻ അതിന്റെ പ്രസ്താവനയിൽ “ദ്രാവിഡന്മാരും കേരളീയന്മാരുമായ പ്രാചീനഭാഷാകവികൾ അവ്യഭിചാരേണ ആരംഭിച്ചിരുന്നതായ ദ്വിതീയാക്ഷരപ്രാസത്തെ തീരെ ഉപേക്ഷിക്കുന്നതിനെക്കാൾ അതിൽ യഥാശക്തി സ്വരവ്യഞ്ജനങ്ങൾക്കു സാരൂപ്യം ഉണ്ടാക്കുവാൻ ശ്രമിക്കയാണു് ആധുനികഭാഷാകവികളിൽ ശക്തിമാന്മാർ ചെയ്യേണ്ടതു്” എന്നുള്ള തന്റെ അഭിപ്രായത്തെ ഒന്നുകൂടി ഉറപ്പിച്ചു പറയുകയും തന്റെ ആ “അസാമാന്യമായ നിർബന്ധത്തെ ഉപേക്ഷിക്കാതെതന്നെ ഒരു സരസകാവ്യം നിർമ്മിക്കാവുന്നതല്ലയോ” എന്നു പരീക്ഷിക്കുവാനാണു് താൻ ആ കാവ്യം തർജ്ജമ ചെയ്തതെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴത്തേയ്ക്കു് അവിടത്തെ മതത്തിനു പ്രാമാണികന്മാരായ സകല കേരളീയകവികളുടേയും സമ്മതം കിട്ടി. കുഞ്ഞിക്കുട്ടൻതമ്പുരാനും അനുയായികളും ആ പക്ഷത്തിൽ ചേർന്നു. കേ.സി.കേശവപിള്ള ഷഷ്ടിപൂർത്തിഷഷ്ടി രചിച്ചതും ജഗന്നാഥപണ്ഡിതരുടെ കരുണവിലാസം തർജ്ജമ ചെയ്തതും ആ പ്രാസരീതിയെ അങ്ഗീകരിച്ചുതന്നെയായിരുന്നു. 1080-നു മേൽ അദ്ദേഹം മരുമകന്റെ പക്ഷത്തിലേയ്ക്കു മാറി. 1083-ൽ കാളേജു മലയാളസമാജത്തിന്റെ വാർഷികയോഗത്തിൽ അമ്മാവനെ അധ്യക്ഷപീഠത്തിൽ ഉപവേശിപ്പിച്ചുകൊണ്ടു മരുമകന്റെ സന്നിധിയിൽ ആ കവിമുഖ്യൻ പ്രസ്തുത പ്രാസത്തിന്റെ ദീക്ഷകൊണ്ടു ഭാഷാകവിതയ്ക്കു സംഭവിക്കാവുന്ന ദോഷങ്ങളെ വിവരിച്ചു. അമ്മാവൻ അവിടെവെച്ചുതന്നെ ആ അപവാദത്തിലെ വാദമുഖങ്ങളെ ഖണ്ഡിച്ചു. പിന്നീടു കുറേക്കാലത്തേയ്ക്കു് ആ വിഷയം അതിപ്രചണ്ഡമായ ഒരു വാദപ്രതിവാദകോലാഹലത്തിനു നിദാനീഭവിച്ചു. കേ.സി.കേശവപിള്ളയും, വി.സി.ബാലകൃഷ്ണപ്പണിക്കരും ഒഴികെ മറ്റുള്ള വാസനക്കാരായ കവികൾ ആരും മരുമകന്റെ പാർശ്വത്തിൽ ചേർന്നില്ല.

 “വാസന്തീമധുവാർന്ന വാക്കിനു സജാ
 തീയ ദ്വിതീയാക്ഷര
 പ്രാസം തീർപ്പതു കൈരളീമഹിളതൻ
 മങ്ഗല്യമാണോർക്കണം;
 ഹാ! സംസത്തിലയസംശയം പഴയതിൽ
 പ്പാഴായ്പ്പറഞ്ഞാൽ പരീ
 ഹാസം സത്തുക്കളുൾത്തടത്തിലതിയായ്
 ചെയ്യുന്നതാശ്ചര്യമോ?”

എന്നു വലിയകോയിത്തമ്പുരാനും

 “പ്രായേണ ദ്രാവിഡച്ചൊല്കളിലിടകലരും
 പ്രാസസൗഭാഗ്യമുണ്ടെ
 ന്നായേ ലോകം രസിക്കൂ; കവിതയിലതിനാൽ
 ഭൂടിപക്ഷത്തെ നോക്കി
 ചായേണം നമ്മളങ്ങോ,ട്ടതിനിടയിൽ വെറും
 വാഗ്വിവാദം തുടങ്ങി
 പ്പോയേച്ചാൽ കാര്യമുണ്ടോ?”

എന്നു കുഞ്ഞിക്കുട്ടൻതമ്പുരാനും അവരുടെ നിഷ്കൃഷ്ടമായ അഭിപ്രായം രേഖപ്പെടുത്തി. ആ വാദത്തിൽ ഞാൻ പ്രാസപ്രേമികളുടെ പ്രതിനിധിയായിരുന്നു. ഒടുവിൽ മരുമകൻ ഇരുകൂട്ടർക്കും സമ്മതമായ ഒരു സന്ധി എഴുതിയുണ്ടാക്കുകയും അതു് എല്ലാവരും അങ്ഗീകരിക്കുകയും ചെയ്തു. അതിലെ ചില വാക്യങ്ങളാണു് അടിയിൽ കാണുന്നതു്.

“നാട്ടുനടപ്പുപേക്ഷിക്കുന്നതു ശരിയല്ലെന്നും കഴിയുന്നതും അതു വൃത്തിയായി അനുസരിക്കണമെന്നുമുള്ള അഭിപ്രായത്തിൻപേരിലാണു് എന്റെ ഗുരുവായ മാതുലപാദർ ദ്വിതീയാക്ഷരപ്രാസത്തിൽ സ്വരവ്യഞ്ജനൈകരൂപ്യം ചെയ്യാൻ തുടങ്ങിയതു്. കേശവപിള്ളപ്രഭൃതികൾക്കു പരിഷ്കാരികളാകുവാൻ പരിഭ്രമമാണെങ്കിൽ പ്രകൃതപ്രാസത്തെ അവർ നിശ്ശേഷം ഉപേക്ഷിച്ചുകൊള്ളട്ടെ. പരമേശ്വരയ്യർ മുതൽപേർക്കു് ഈ പ്രാസം രസിക്കുന്നപക്ഷം അവർ അതിനെ പരിഷ്കരിച്ച മട്ടിൽത്തന്നെ ഉപയോഗിച്ചുകൊള്ളുകയും ചെയ്യട്ടെ.” ചുരുക്കത്തിൽ പറയുകയാണെങ്കിൽ നിരർത്ഥകപദങ്ങൾ ദ്വിതീയാക്ഷരപ്രാസം സാർവത്രികമായി ദീക്ഷിച്ചാൽ കടന്നുകൂടുമെന്നുള്ളതുകൊണ്ടു് ആ നിർബന്ധം വേണ്ടെന്നുവെയ്ക്കുകയാണു് നല്ലതെന്നു് ഒരു കൂട്ടർ; അർത്ഥത്തെ ബലികഴിച്ചു പ്രാസം പ്രയോഗിക്കുന്നതു ശരിയല്ലെങ്കിലും ആ ദോഷംകൂടാതെ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തി ആ പ്രാസം ഘടിപ്പിക്കുന്നതു ശ്രവണസുഖം വർദ്ധിപ്പിക്കുമെന്നുള്ളതിനാൽ അങ്ങനെ ചെയ്യുവാൻ ശക്തന്മാരായ കവികൾ ശ്രമിക്കണമെന്നു മറ്റേകൂട്ടർ. ഇത്രമാത്രമായിരുന്നു ഇരുകക്ഷികളുടേയും വീക്ഷണഗതികൾക്കു തമ്മിലുള്ള വ്യത്യാസം; അതൊരു വ്യത്യാസമാനെന്നു പറയുവാൻ പാടുള്ളതുമല്ല. “കൃതിസമുചിതമട്ടിൽ പ്രാസമൂന്നി പ്രയോഗിപ്പതിനു കഴിയുവോനെങ്ങർത്ഥഭങ്ഗപ്രസങ്ഗം?” എന്നുള്ള വസ്തുതത്വം അനപലപനീയമായിത്തന്നെ അവശേഷിച്ചു. ഈ വാദം മുഴുവൻ സംസ്കൃതവൃത്തങ്ങളിൽ നിബന്ധിക്കുന്ന ശ്ലോകങ്ങളെപ്പറ്റി മാത്രമായിരുന്നു. ഭാഷാവൃത്തങ്ങളിൽ ദീക്ഷിക്കുന്ന ദ്വിതീയാക്ഷരപ്രാസത്തിൽ സ്വരവ്യഞ്ജനൈകരൂപ്യം വേണമെന്നില്ല. സംസ്കൃതച്ഛന്ദസ്സുകളിൽത്തന്നെ അനുഷ്ടുപ്പു്, ഉപജാതി, ആര്യ ഇവയിൽ അത്തരത്തിലുള്ള പ്രാസമുപേക്ഷിച്ചു ശ്ലോകാർദ്ധംതോറും ആദ്യക്ഷരപ്രാസങ്ങൾക്കു സാരൂപ്യം വരുത്തിയാൽ മതി; ഒരു ഗുരുവോടോ ഒന്നിലധികം ലഘുക്കളോടോ ആരംഭിക്കുന്ന ഇതരവൃത്തങ്ങളിലും അതു വേണമെങ്കിൽ ഒഴിച്ചുനിർത്താം. എന്നാൽ വസന്തതിലകം, ശാർദ്ദൂലവിക്രീഡിതം, സ്രഗ്ദ്ധര മുതലായി ദീർഘാക്ഷരംകൊണ്ടു് ആരംഭിക്കുന്ന വൃത്തങ്ങളിൽ സജാതീയദ്വിതീയാക്ഷരപ്രാസം സർവഥാ അനുപേക്ഷണീയംതന്നെ. തർജ്ജമയിൽ ദ്വിതീയാക്ഷരപ്രാസം കഴിയുന്നിടത്തോളം പ്രയോഗിച്ചാൽ മതി. ഇവയെല്ലാമാണു് ഇന്നു ഭാഷാകവിപ്രമുഖന്മാരുടെ ഇടയിൽ ഈ വിഷയം സംബന്ധിച്ചുള്ള സർവസമ്മതങ്ങളായ നിയമങ്ങൾ.

ഭാഷാഗദ്യം

വലിയകോയിത്തമ്പുരാന്റെ ഭാഷാഗദ്യകൃതികൾ എല്ലാം ബുക്കുകമ്മിറ്റിയുടെ അധ്യക്ഷനെന്നനിലയിൽ അവിടുന്നു സ്വയം രചിക്കുകയോ മറ്റംഗങ്ങളെക്കൊണ്ടു നക്കലെഴുതിച്ചു പരിശോധിച്ചു പരിഷ്കരിക്കുകയോ ചെയ്തിട്ടുള്ളതാനെന്നു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അധോലിഖിതങ്ങളായ പുസ്തകങ്ങൾ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.

(46) ഒന്നാംപാഠം, (47) രണ്ടാംപാഠം, (48) മൂന്നാംപാഠം, (49) വിജ്ഞാനമഞ്ജരി, (50) ഇംഗ്ലണ്ടുചരിത്രം, (51) ഇൻഡ്യാചരിത്രം, (52) തിരുവിതാംകൂർ ചരിത്രം, (53) ധനതത്വനിരൂപണം, (54) സന്മാർഗ്ഗസങ്ഗ്രഹം. തിരുവിതാംകൂർ ചരിത്രം മാർത്താണ്ഡവർമ്മമഹാരാജാവിനേയും രാമവർമ്മമഹാരാജാവിനേയും വിഷയീകരിച്ചു മാധവരായർ ദിവാൻജി ഇംഗ്ലീഷിൽ രചിച്ച ഒരു പാഠപുസ്തകത്തിന്റെ തർജ്ജമയാണു്. ബന്ധനത്തിനു മുൻപുള്ള കൃതികളുടെ കൂട്ടത്തിൽ ഇൻഡ്യാവിവരണം ഒന്നും രണ്ടും ഭാഗങ്ങളും, കണക്കുപുസ്തകം ഒന്നും രണ്ടും ഭാഗങ്ങളും, ക്ഷേത്രവ്യവഹാരം ഒന്നാംഭാഗവും, ഭൂവിവരണവും കൂടി ഉൾപ്പെടുത്തേണ്ടതുണ്ടു്. 1056-ൽ കമ്മിറ്റി പുനരുദ്ധൃതമായതിനുമേൽ രചിച്ചതാണു് (55) സന്മാർഗ്ഗപ്രദീപം, (56) സന്മാർഗ്ഗവിവരണം, (57) ലോകത്തിന്റെ ശൈശവാവസ്ഥ, (58) ആരോഗ്യരക്ഷോപായം, (59) യുവാക്കന്മാരോടുള്ള ഉപദേശങ്ങൾ, (60) മഹച്ചരിതസങ്ഗ്രഹം, (61) അക്‍ബർ എന്നീ കൃതികൾ. ഇവയെപ്പറ്റിയൊന്നും ഇവിടെ വിസ്തരിക്കുവാൻ സമയമില്ല. ചോദ്യോത്തരരൂപത്തിൽ രചിക്കുന്ന സന്മാർഗ്ഗസങ്ഗ്രഹത്തിലെ ഭാഷയുടെ രീതി സർവഗുണസമ്പൂർണ്ണമാകുന്നു. നോക്കുക സന്മാർഗ്ഗബോധത്താൽ എന്തെന്നുള്ള പ്രശ്നത്തിനു് ഉത്തരം. “അതു നമുക്കു സ്വഭാവജന്യമായ ഒരു ജ്ഞാനവിശേഷമാകുന്നു. ഇതരപ്രാണികൾക്കു് ഇല്ലാത്തതായ ആ ജ്ഞാനവിശേഷത്താലാകുന്നു ഇന്നതു ഗുണം, അതിനാൽ അതു ഗ്രാഹ്യമാണു്; എന്നും ഇന്നതു ദോഷം അതിനാൽ അത് ത്യാജമാണു്; എന്നും മറ്റും നാം ഗുണദോഷങ്ങളെ വിവേചിച്ചറിയുന്നതു്. ഏതന്മൂലമായിട്ടാകുന്നു നമുക്കു ഗുണദോഷങ്ങളിൽ സ്നേഹദ്വേഷങ്ങൾ തോന്നുന്നതു്. ഈശ്വരനാൽ മനുഷ്യജാതിക്കുമാത്രം ദത്തമായിരിക്കുന്ന ഈ ജ്ഞാനം പഠിത്തംകൊണ്ടു പ്രബലീഭവിക്കുകയും ശാസ്ത്രാദികളാൽ ദൃഢീകരിക്കപ്പെടുകയും ചെയ്യുന്നു. ഇതിൽനിന്നാകുന്നു സന്മാർഗ്ഗങ്ങൾ ഉത്ഭവിക്കുന്നതു്.” ഏകദേശം എണ്പതുകൊല്ലത്തോളം പഴക്കമുള്ളതാണു് പ്രസ്തുത ഗ്രന്ഥം. ഇന്നും അതിൽക്കാണുന്നതുതന്നെയാണു് ഭാഷയിലെ ഉപന്യാസശൈലി. അതുവരെ അത്തരത്തിൽ സൂക്ഷ്മവും ഊർജ്ജസ്വലവുമായ ഗദ്യരീതി മലയാളം കണ്ടിരുന്നില്ല. സന്മാർഗ്ഗവിവരണം കുറേക്കൂടി ഉയർന്ന ക്ലാസ്സുകളിലേയ്ക്കുള്ള പുസ്തകമാണു്. പ്രായേണ സന്മാർഗ്ഗപരങ്ങൾതന്നെയാണു് അതിലെയും വിഷയങ്ങൾ. സന്മാർഗ്ഗപ്രദീപത്തിലെ പ്രതിപാദ്യവും അതിൽനിന്നു് അധികം വിഭിന്നമല്ല. വിജ്ഞാനമഞ്ജരിയിൽ ആവിയന്ത്രം, കൂലി തുടങ്ങിയ ഇതരവിഷയങ്ങളേയും സ്പർശിച്ചിട്ടുണ്ടു്. ആദ്യകാലത്തു ധാരളം സംസ്കൃതപദങ്ങൾ അവിടുന്നു പ്രയോഗിച്ചുകൊണ്ടിരുന്നു എന്നുള്ളതു പരമാർത്ഥംതന്നെ; പക്ഷേ ഭാഷയിലെ ശബ്ദകോശം തന്നിമിത്തം പരിപുഷ്ടമായി എന്നുള്ള വസ്തുതയും നാം വിസ്മരിക്കരുതു്. കാലം നീങ്ങുംതോറും അവിടത്തെ ശൈലിയ്ക്കുള്ള സാരള ്യവും കൂടിവന്നു. അവിടുന്നു് ആ പരിവർത്തനത്തെക്കുറിച്ചു് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. “എങ്ങനെയായാലാണു് പ്രതിപാദ്യമായ വിഷയം വായിക്കുന്നവർക്കു വിരസതയും ക്ലേശവും കൂടാതെ സുഗ്രഹമായി ഭവിക്കുന്നതു് അങ്ങനെയുള്ള രീതിയിൽ വാചകമെഴുതണമെന്നു മാത്രമേ ഇപ്പോൾ ഞാൻ മുഖ്യമായി കരുതാറുള്ളു. എന്നാൽ ശബ്ദസൗഷ്ഠവത്തെയും വാചകഭങ്ഗിയേയും വാചകശുദ്ധിയേയും കേവലം അനാദരിച്ചു. വിഷയവിശദീകരണത്തെ മാത്രം ഉദ്ദേശിച്ചു ശുദ്ധജലപ്രായമായ വാചകമെഴുതുന്നതു് അത്ര നന്നല്ലെന്നാണു് എന്റെ അഭിപ്രായം.” മുൻനിർദ്ദേശിച്ച ഗ്രന്ഥങ്ങൾക്കുപുറമെ ഭാഷാപോഷിണീ സഭാസമ്മേളനങ്ങളിലും മറ്റും അവിടുന്നു് അനേകം സാരഗർഭങ്ങളായ പ്രസങ്ഗങ്ങളും ചെയ്തിട്ടുണ്ടു്.

മുക്തകങ്ങൾ

സംസ്കൃതത്തിലും ഭാഷയിലും ലേഖന രൂപത്തിലും മറ്റും അനേകം ശ്ലോകങ്ങൾ മഹാകവി രചിച്ചിട്ടുണ്ടു്. അവയിലും അവിടത്തെ കാവ്യങ്ങളുടെ ഗുണങ്ങൾ പ്രായേണ നിരീക്ഷിക്കാവുന്നതാണു്. രണ്ടു ശ്ലോകങ്ങൾ എടുത്തു കാണിക്കാം. ആദ്യത്തേതു ഏട്ടൻതമ്പുരാന്നും രണ്ടാമത്തേതു കൈകുളങ്ങര രാമവാരിയർക്കും അയച്ചതാണു്.

 “ഹാരാ ഇവ ശ്വപചയൗവതകാചദാമ്നി
 താരാ ഇവാവിലനഭസ്യനഭോവിഭാഗേ
 ഹംസാ ഇവോദ്ധതബകാവലിസിന്ധുതീരേ
 ശ്ലോകാ അലക്ഷിഷത കേരളപത്രികായാം.”

 “അമന്ദരയമന്ദരഭൂമണഘൂർണ്ണമാനാർണ്ണവ
 പ്രസൃത്വരസുധാരസോത്തരതരങ്ഗഭങ്ഗാവഹൈഃ
 അനർഗ്ഗളവിനിർഗ്ഗളത്സരസവൈഖരീവിഭ്രമൈ
 സ്സുധീജനമനോഹരോ ജയതി വാമദേവസ്തവഃ.”
ഉപസംഹാരം

ഉന്നതമായ പ്രഭുത്വം, ഉൽക്കൃഷ്ടമായ ഐശ്വര്യം, അനുരൂപമായ ദാമ്പത്യം, അനന്യസുലഭമായ പാണ്ഡിത്യം, പ്രശസ്യമായ കവിത്വം, പ്രഭൂതമായ യശസ്സു് ഇത്യാദി വിവിധാനുഗ്രഹങ്ങൾ ഈശ്വരൻ യൗവനാരംഭത്തിൽത്തന്നെ സമ്മാനിച്ചിരുന്ന കേരളവർമ്മദേവനു വേണമെങ്കിൽ അവകൊണ്ടുതന്നെ ജന്മസാഫല്യം സിദ്ധിച്ചതായി കരുതി യാതൊരു കായക്ലേശവും കൂടാതെ കാലയാപനം ചെയ്യാമായിരുന്നു. എന്നാൽ അവിടുന്നു സ്വജീവിതത്തെ ഭോഗസാധനമായല്ല പരിഗണിച്ചതു്. അതിനു ധാർമ്മികമായ ഒരു സന്ദേശ വാഹകത്വമുള്ളതായി ബാല്യത്തിൽത്തന്നെ ധരിച്ചു; ആ ധാരണയ്ക്കനുസരിച്ചു ദിനകൃത്യങ്ങൾ അനുഷ്ഠിച്ചു. ഓരോ ദിവസവും തനിക്കു ലഭിക്കുന്ന ഓരോ നിമിഷകലയും ആ സുഗൃഹീതനാമാവു പരാർത്ഥമായി വിനിയോഗിച്ചു. “സന്ദേഹം വേണ്ട പരനുപകാരത്തിനാകാത്തതെങ്കിൽ കിംദേഹംകൊണ്ടൊരു ഫലമിഹ പ്രാണിനാം ക്ഷോണിതന്നിൽ?” എന്ന സദാചാരവാക്യം അവിടുന്നു മയൂരസന്ദേശത്തിൽ ഉച്ചരിച്ചതു് ഒരു അനുഭവസ്ഥന്റെ നിലയിലാണു്. ആ വിനയം, ആ ആർജ്ജവം, ആ മിതഭാഷിത്വം, ആ ഹൃദയാവർജ്ജനപാടവം, ആ അകുതോഭയത, ആ ആഡംബരവൈമുഖ്യം, ആ പരഗുണകാംക്ഷ, ആ ലോകോപകാര വ്രതം തുടങ്ങിയ അവിടുത്തെ ഗണനാതീതങ്ങളായ മനോഗുണങ്ങളെ എത്ര പ്രശംസിച്ചാലാണു് മതിയാകുക? ധനത്തിന്റെ സമ്പാദനത്തിലല്ല സംവിഭാഗത്തിലാണു് അവിടുന്നു് ആനന്ദിച്ചതു്. കലാപോഷണത്തിനുവേണ്ടി കടം വാങ്ങിയും ധനവ്യയം ചെയ്യുവാൻ അവിടുന്നു് മടിച്ചിരുന്നില്ല. സാഹിത്യത്തിന്റെ സമുൽക്കർഷത്തിനുവേണ്ടി സ്വാത്മാവിനെപ്പോലും ബലികഴിപ്പാൻ ആ മഹാത്മാവു സദാ സന്നദ്ധനായിരുന്നു. കേരളസാഹിത്യത്തിനു എവിടെയെങ്കിലും സ്ഥാനമുണ്ടെങ്കിൽ അവിടെ കേരളവർമ്മദേവനും സ്ഥാനമുണ്ടു്.

50.4റാണി ലക്ഷ്മീബായി സി.ഐ. (1023–1076)
മാവേലിക്കരകൊട്ടാരം

വടക്കേ മലബാറിലെ കോലസ്വരൂപം ആദികാലത്തു് ഉദയമങ്ഗലത്തുകോവിലകമെന്നും പള്ളിക്കോവിലകമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. പള്ളിക്കോവിലകത്തിനു പള്ളി എന്നും പുതുപ്പള്ളി എന്നും രണ്ടു ഉപശാഖകളുണ്ടായിരുന്നു. അവയിൽ പള്ളിക്കോവിലകം കാലാന്തരത്തിൽ ചിറയ്ക്കൽ, ചെങ്ങൽ (ചെങ്കൽ), കോണിശ്ശേരി, തേവണങ്കോടു്, പടിഞ്ഞാറു് എന്നു് അഞ്ചും കുടുംബങ്ങളായി വേർപെട്ടു. പുതുപ്പള്ളിക്കോവിലകത്തിലെ ഒടുവിലത്തെ അങ്ഗങ്ങൾ 1030-ാമാണ്ടു തിരുവിതാംകൂറിൽ കാർത്തികപ്പള്ളിയിൽവെച്ചു അന്യംനിന്നു. 1010-ാമാണ്ടു തേവണങ്കോടു ചെങ്ങക്കോവിലകത്തിൽ ലയിച്ചു. ചെങ്ങക്കോവിലകത്തിന്റെ പ്രശാഖകളാണു് ഇന്നു തിരുവിതാംകൂറിൽ സ്ഥാപിതങ്ങളായിക്കാണുന്ന മാവേലിക്കര, പ്രായിക്കര, എണ്ണക്കാടു് എന്നീ മൂന്നു കൊട്ടാരങ്ങൾ. ആദ്യത്തെ രണ്ടിന്റേയും സന്നിവേശം മാവേലിക്കരത്താലൂക്കിലും മൂന്നാമത്തേതിന്റേതു തിരുവല്ലാത്താലൂക്കിലുമാണു്. ഉദയമങ്ഗലത്തു കോവിലകവും മേത്തല, കുഞ്ഞി, നടുവിൽ, ചെറിയ എന്നു നാലായി പിരിഞ്ഞു. കുഞ്ഞിക്കോവിലകം 665-ാമാണ്ടുതന്നെ കുറ്റിയറ്റുപോയി. നടുവിലെക്കോവിലകക്കാരും ചെറിയ കോവിലകക്കാരും തിരുവല്ലാത്താലൂക്കിൽ ആറന്മുളയിൽ താമസിക്കുന്നു. മേത്തലെ ഉപശാഖ കൊട്ടാരക്കര, മറിയപ്പള്ളി, തിരുവല്ലാ എന്നീ മൂന്നു സ്ഥലങ്ങളിൽ കുടിയേറിപ്പാർത്തു. മറിയപ്പള്ളിക്കാർ ആദ്യം താമസിച്ചുവന്നതു ചങ്ങനാശ്ശേരി തെക്കേകൊട്ടാരത്തിലാണു്. കൊട്ടാരക്കര 1029-ലും തിരുവല്ലാ 1068-ലും അവസാനിച്ചു. മറിയപ്പള്ളി മാത്രമേ ആ വകയിൽ അവശേഷിക്കുന്നുള്ളു. കൊട്ടാരക്കര എന്നു് ഇവിടെ പറഞ്ഞതു മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തു് അസ്തമിതമായ പഴയ കൊട്ടാരക്കരക്കോവിലകമല്ലെന്നു പറയേണ്ടതില്ലല്ലോ. പുതുപ്പള്ളിക്കോവിലകക്കാർ മുഴുവൻ കൊല്ലം അഞ്ചാശതകത്തിൽ തന്നെ തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ ആ ശാഖയിൽനിന്നു ദത്തെടുക്കപ്പെട്ടപ്പോൾ കൂടെപ്പോന്നു് ആദ്യം നെടുമങ്ങാട്ടും കാലാന്തരത്തിൽ കാർത്തികപ്പള്ളിയിലും താമസിച്ചു. ചെറിയ കോവിലകക്കാരും തിരുവിതാംകൂറിലേയ്ക്കു പോന്നതു് ഒരു ദത്തിനെ പ്രതീക്ഷിച്ചായിരുന്നു. 920-നും 930-നും ഇടയ്ക്കാണു് അവരുടെ ആഗമനം; ആ പ്രതീക്ഷ ഫലിക്കാത്തതുകൊണ്ടു് അവർ ആറന്മുളയിൽ താമസമുറപ്പിച്ചു. പിന്നീടു ടിപ്പുവിന്റെ ചേലക്കലാപകാലത്താണു് ബാക്കിയുള്ള കുടുംബക്കാർ സ്വഗൃഹങ്ങളിൽനിന്നു പലായനം ചെയ്തു ധർമ്മരാജാവിനെ അഭയം പ്രാപിച്ചതു്. ഇതാണു് തിരുവിതാംകൂറിലെ കോലത്തിരി രാജാക്കന്മാരുടെ സംക്ഷിപ്തചരിത്രം.

ജീവിതചരിത്രം

കേരളവർമ്മദേവന്റെ പ്രേയസിയായ റാണി ലക്ഷ്മീബായി മാവേലിക്കര കൊട്ടാരത്തിൽ 1023-ാമാണ്ടു കർക്കടമാസം 10-ാംനു ഭരണി നക്ഷത്രത്തിൽ ജനിച്ചു. മാതാവു മഹാപ്രഭത്തമ്പുരാട്ടിയും പിതാവു പള്ളത്തുകൊട്ടാരത്തിൽ രവിവർമ്മകോയിത്തമ്പുരാനുമായിരുന്നു. ബാല്യത്തിൽ മാതാവു തന്നെയാണു് സംസ്കൃതത്തിലെ പ്രാഥമിക പാഠങ്ങൾ അഭ്യസിപ്പിച്ചതു്. അതോടുകൂടി സങ്ഗീതം, ചിത്രമെഴുത്തു് മുതലായ കലകളിലും നിപുണമായി പരിശീലനം ചെയ്തു.1033-ാമാണ്ടു കന്നിമാസം 11-ാംനു തിരുവിതാംകൂർമഹാരാജകുടുംബത്തിലെ ഏകവംശവർദ്ധിനിയായിരുന്ന ലക്ഷ്മീറാണി 24-ാമത്തെ വയസ്സിൽ പരഗതിയെ പ്രാപിച്ചപ്പോൾ ഉത്രം തിരുനാൾ മഹാരാജാവു മാവേലിക്കരകൊട്ടാരത്തിൽനിന്നു സഹോദരികളായ രണ്ടു രാജകുമാരികളെ ആ കൊല്ലം ധനു 14-ാംനു ദത്തെടുത്തു. അവരിൽ ജ്യേഷ്ഠസഹോദരിയായിരുന്നു റാണി ലക്ഷ്മീബായി. ദത്തോടുകൂടി ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്ന മഹോന്നതമായ സ്ഥാനവും അവിടുത്തേയ്ക്കു ലബ്ധമായി. 1034 മേടം 13-ാംനു കേരളവർമ്മദേവൻ അവിടുത്തെ പള്ളിക്കെട്ടു കഴിച്ചു വലിയകോയിത്തമ്പുരാൻ എന്ന പദവിയെ അധിരോഹണം ചെയ്തു എന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. സംസ്കൃതത്തിൽ ഉൽക്കൃഷ്ടഗ്രന്ഥങ്ങൾ ഭർത്താവു പത്നിയേയും സങ്ഗീതശാസ്ത്രരഹസ്യങ്ങൾ പത്നി ഭർത്താവിനേയും പഠിപ്പിച്ചു. സങ്ഗീതത്തിൽ അവിടത്തേയ്ക്കുള്ള വാസനയും അഭ്യാസവും അസാധാരണമായിരുന്നു; വെങ്കടാദ്രിഭാഗവതരുടേയും അനന്തരം കല്യാണകൃഷ്ണഭാഗവതരുടേയും ശിക്ഷയിൽ ആ വിജ്ഞാനസമ്പത്തു് അത്യധികം ഉൽക്കർഷത്തെ പ്രാപിച്ചു. വായ്പാട്ടിലും വീണാവദനത്തിലും ഒന്നുപോലെ വിദഗ്ദ്ധയായിരുന്നു അവിടുന്നു്. സ്ത്രീജനങ്ങൾക്കു പ്രത്യേക നൈപുണ്യം സമ്പാദിക്കാവുന്ന ചിത്രമെഴുത്തു്, തയ്യൽ മുതലായ പല കലാവിദ്യകളിലും പ്രാവീണ്യം നേടുവാൻ അവിടത്തേയ്ക്കു് ഒരു പ്രയാസവുമുണ്ടായില്ല. 1056-ൽ ആ സുചരിതയ്ക്കു ലഭിച്ച സി.ഐ. ബിരുദത്തെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. 1076-ാമാണ്ടു മിഥുനമാസം 2-ാംനു യായിരുന്നു അവിടത്തെ സ്വർഗ്ഗാരോഹണം. അതിനുമുൻപു മഹാരാജകുടുംബത്തിൽ പല ആപത്തുകൾ സംഭവിച്ചു. കനിഷ്ഠസഹോദരിയായ ഭരണിതിരുനാൾ റാണി പാർവതീബായി ആറ്റിങ്ങൽ ഇളയതമ്പുരാൻ 1069 കന്നി 31-ാംനുയും അവിടത്തെ പുത്രന്മാരായ രേവതിതിരുനാൾ കേരളവർമ്മ 1071 വൃശ്ചികം 21-ാംനുയും ചതയംതിരുനാൾ രാമവർമ്മ 1076 ഇടവം 24-ാംനുയും അശ്വതിതിരുനാൾ മാർത്താണ്ഡവർമ്മ ബി.ഏ. 1076 കന്നി 25-ാംനുയും നാടുനീങ്ങിക്കഴിഞ്ഞിരുന്നു. രാജ്ഞിക്കു തന്റെ പൂർവ്വ കുടുംബമായ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽനിന്നു രണ്ടു രാജകുമാരിമാരെ ദത്തെടുത്തു കാണണമെന്നുള്ള ആഗ്രഹം 1076-ാമാണ്ടു ചിങ്ങമാസം 16-ാംനു സഫലമായി. ആ കുമാരിമാരാണു് ഇന്നു തിരുവിതാംകൂർ മഹാരാജവംശത്തെ അലങ്കരിക്കുന്ന മഹാറാണി സേതുലക്ഷ്മീബായി സി.ഐ.യും, മഹാറാണി സേതു പാർവതീബായിയും.

ചില വിശിഷ്ടഗുണങ്ങൾ

“യത്രാകൃതിസ്തത്ര ഗുണാ വസന്തി” എന്ന ആപ്തവാക്യത്തിന്റെ പാരമാർത്ഥികതയ്ക്കു പ്രത്യക്ഷനിദർശനമായിരുന്നു റാണി ലക്ഷ്മീബായി. ആ ആകാരസുഷമ, ആ ബുദ്ധിവൈശിഷ്ട്യം, ആ വിവിധകലാകുശലത, ആ പരോപകാരതല്പരത ഇങ്ങനെ പല അപൂർവ്വ സിദ്ധികൽകൾക്കു് അവിടുന്നു കേൾവിപ്പെട്ടിരുന്നു. എന്നാൽ അവിടത്തെ മനോധൈര്യമാണു് അവയിലെല്ലാം അതിശയിച്ചു പ്രശോഭിച്ചതു്. ആയില്യം തിരുനാൾ മഹാരാജാവു് തന്റെ ഭാഗിനേയി, ഭർത്താവു ബന്ധനസ്ഥനായപ്പോൾ, മറ്റൊരു വരനെ സ്വീകരിക്കാതെയിരിക്കയില്ലെന്നു ദൃഢമായി വിശ്വസിച്ചു. അതിനെപ്പറ്റി വിശാഖവിജയത്തിൽ കേരളവർമ്മ ദേവൻ ഇങ്ങനെ പ്രസ്താവിക്കുന്നു.

 “സോഢാ കിയച്ചിരമിയം സുമസായകാർത്തിം?
 മൂഢാ ഭജേൽ കമപി കാമുകമന്യമേവ
 ഏവം വിചിന്ത്യ സ ദിനാനി ഭജങ്ഗതാര
 ജന്മാ നിനായ കുലശേഖരരാമവർമ്മാ.

 നാഹം കദാപി പുരുഷാന്തരമാശ്രയിഷ്യേ
 മോഹം വിഹായ നൃപതിർമ്മഹതാം മതേന
 ബന്ധാദ്വിമോച്യ ദയിതം ദയയാ മയാ തം
 സന്ധാസ്യതീതി സഹിതാശമൂവാസ രാജ്ഞീ.

 ഗൃഷ്ണാതി യാവദിതരം കമിതാരമേഷാ
 യോഷാസ്വഭാവസുലഭേന കുതൂഹലേന
 മുഞ്ചാമി താവദഗതിം പതിമേതദീയം
 ബന്ധാതിദി ക്ഷിതിപതിർമ്മതിമാബബന്ധ.”

ആ മഹാകാവ്യത്തിലെ ചതുർത്ഥസർഗ്ഗം വായിച്ചാലറിയാം ഭർത്താവിനെ രക്ഷിക്കുന്നതിന്നും ഗത്യന്തരമില്ലെങ്കിൽ അനുഗമിക്കുന്നതിന്നും ആ വീരക്ഷത്രിയ അനുഷ്ഠിച്ച പുളകപ്രദമായ കൃത്യപരിപാടി. വെറുതേയല്ല വലിയകോയിത്തമ്പുരാൻ മയൂരസന്ദേശത്തിൽ

 “ധീരത്വത്താലനതിശയിതേ! പൂരുഷന്മാരുമന്ത
 സ്സാരത്താൽ നിൻസദൃശത കലർന്നേറെയിപ്പാരിലില്ല;
 നേരത്രേ ഞാന്നിരുപമഗുണേ! നിന്റെ ധൈര്യത്തെയാണി
 ന്നേരത്തോർക്കുന്നതു ദൃഢതരാലംബമായംബുജാക്ഷി!”

എന്നു് ആ മഹതിയെ വാഴ്ത്തീട്ടുള്ളതു്.

കൃതികൾ

സങ്ഗീതത്തിൽ മാത്രമല്ല സാഹിത്യത്തിലും അവിടത്തേയ്ക്കു നല്ല വാസനയുണ്ടായിരുന്നു. എങ്കിലും ചില സ്തോത്രങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളുമല്ലാതെ അവിടുന്നു മറ്റൊന്നും രചിച്ചതായി കാണുന്നില്ല. അവിടത്തെ ഗാനങ്ങൾക്കു സവിശേഷമായ മാധുര്യമുണ്ടു്. (1) നളചരിതം പതിന്നാലുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (2) ഗോപികാവസ്ത്രാപഹരണം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (3) മഹിഷമർദ്ദിനീസ്തോത്രം, (4) പാർവതീസ്തോത്രം രണ്ടെണ്ണം, (5) ഗോപികാഗീത, (6) മാരൻപാട്ടിന്റെ മട്ടിൽ ഒരു വിരഹിണീപ്രലാപം, (7) ഒരു വാതിൽതുറപ്പാട്ടു് എന്നീ മലയാളം പാട്ടുകളും (8) ശാകുന്തളം എന്ന ഒരു തമിഴ് പാട്ടും ആ കൃതികളുടെ കൂട്ടത്തിൽ ഞാൻ വായിച്ചിട്ടുണ്ടു്. അവയിൽ നളചരിതം മാത്രമേ അച്ചടിച്ചിട്ടുള്ളു. ശാകുന്തളം ദ്രാവിഡബ്രാഹ്മണസ്ത്രീകൾക്കു പാടിക്കളിക്കുവാൻ ഉണ്ടാക്കിക്കൊടുത്തതാണു്.

 “ചന്തിരരാകിയ ദുഷ്ഷന്തർ തമ്മുടെ
 ചന്തിരികയാകും കീർത്തിതന്നെ
 പാരിടമെങ്കും പരക്കവേ വിട്ടു
 പാലിത്തിരുന്താർ മഹാരാജർ.
 അന്തസമയത്തിൽ വേട്ടയിലേയാശൈ
 വന്തുടനേയന്ത രാശാവും
 സേനയും തേരുംവരവഴൈത്തു അവ
 രാനന്തമാകവേ യാനം ചെയ്താർ.
 കാട്ടാളർകൾ വന്തു കുമ്പിട്ടു മിന്നാലെ
 കൂട്ടമാകവെ നടന്തുവിട്ടാർ.
 ചാപശരങ്കൾ തരിത്തുകൊണ്ടു അവാൾ
 ശ്വാക്കളുടനേ വനത്തിൽ വന്തു.”

എന്നീ വരികൾ പ്രഥമവൃത്തത്തിലുള്ളവയാണു്.

ഗോപികാഗീത

ഈ കൃതി

 “ജയ ജഗന്മയി! ജന്മമോചനി!
 ജയ ജഗൽക്കൃതേ! ജീവദായിനി!
 ജയ സുലോചനേ! സുന്ദരാനനേ!
 ജയ സുരാർച്ചിതേ! സൂനസായകേ!
 ജയ ശശാങ്കചൂഡാങ്കുവാസിനി!
 ജയ ശമാശ്രയേ! ശ്രീധരാനുജേ!
 ജയ മഹാമനസ്സങ്കടാപഹേ!
 ജയമനോഹരേ! മഞ്ജുഭാഷിണീ!”

എന്നിങ്ങനെ പോകുന്നു.

വിരഹിണീപ്രലാപം

ഭർത്താവിന്റെ വിപ്രയോഗദുഃഖം അസഹനീയമായപ്പോൽ അതിന്റെ ഉപശാന്തിക്കായി ശ്രീപത്മനാഭനെ പ്രാർത്ഥിച്ചു് അഭീഷ്ടസിദ്ധി വരുത്തുവാൻ രാജ്ഞി സഖിയോടു് അഭ്യർത്ഥിക്കുന്നതാണു് ഇതിലെ വിഷയം.

 “ജ്ഞാനലോചനങ്ങാലെപ്പോഴും ദയിതന്റെ
 ആനന്ദജനകമാം രൂപവുമോർത്തു നിത്യം
 സ്നാനപാനാദിയിലുമാശയെന്നിയേ ഹന്ത!
 ഞാനേവം വാണീടുമ്പോളില്ലയോ ദയാലേശം?

 കാനനമതിലാകിലുമെന്നുടെ
 കനവനോടു രമിച്ചു വസിപ്പാൻ
 കാറണികുഴലികളണിയുന്നൊരു
 മൗക്തികമേ! നീ ചെയ്ക യത്നം.

 കാൽക്ഷണംപോലും നാഥം വേർവിടാതോരു ഞാനും
 രൂക്ഷമാം വിയോഗമിതെങ്ങനെ സഹിപ്പതു?
 വീക്ഷണമെന്നിലൊന്നു ജാതമായീടുന്നാകി
 ലിക്ഷണമഖിലവും ലഭ്യമെന്നറിഞ്ഞാലും.”
നളചരിതം

നളചരിതത്തിൽ ദമയന്തിയുടെ പാർവ്വതീസ്തോത്രം വളരെ നന്നായിട്ടുണ്ടു്.

കല്യാണീ രാഗം:

 “പാഹി പാഹി മാമുമേ വിധേഹി കുശലമാശു മേ!
 സാഹമശരണാ ഭവാനി മോഹവിരഹിതാ ഭവാനി!
(പാഹി)


 ഭവതു സപദി തേ ദയാ ഭവാനി! മേ കൃതോദയാ
 ഭർഗ്ഗമഹിഷി! ഭജനനിരതഭാഗ്യജലധിചന്ദ്രികാസി
(പാഹി)


 വിതര ഭർത്തൃദർശനം വിഷാദവിതതികർശനം
 ഇതരദൈവതദ്വിശേഷമില്ലയോ തവേശമഹിഷി?”
(പാഹി)
50.5അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാൻ (1013–1088)
ജനനവും വിദ്യാഭ്യാസവും

അനന്തപുരത്തു രാജരാജവർമ്മ കോയിത്തമ്പുരാൻ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ജ്യേഷ്ഠസഹോദരനായിരുന്നു എന്നു പ്രസ്താവിച്ചിട്ടുണല്ലോ. അവിടത്തെ മൂലകുടുംബത്തെക്കുറിച്ചും മാതാപിതാക്കന്മാരെക്കുറിച്ചുമുള്ള വിവരങ്ങളും ആ പ്രകരണത്തിൽത്തന്നെ രേഖപ്പെടുത്തീട്ടുണ്ടു്. രാജരാജവർമ്മ കോയിത്തമ്പുരാൻ 1013-ാമാണ്ടു തുലാമാസം 9-ാംനു മകം നക്ഷത്രത്തിൽ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ ജനിച്ചു. ചെറുണ്ണി എന്നായിരുന്നു ഓമനപ്പേർ. ബാല്യത്തിൽ തിരുവാർപ്പിൽ രാമവാരിയരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചതിനുമേൽ മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാന്റെ അന്തേവാസിയായിത്തീർന്നു. അവിടുന്നു മരുമകനെ സംസ്കൃതത്തിനുപുറമെ ഇംഗ്ലീഷും പഠിപ്പിച്ചു. 1024 ചിങ്ങമാസത്തിൽ ഗുരുനാഥൻ തിരുവനന്തപുരത്തു റാണിലക്ഷ്മീബായിയെ പള്ളിക്കെട്ടു കഴിച്ചു തിരുവനന്തപുരത്തു താമസം തുടങ്ങിയപ്പോൽ മരുമകനും കൂടെപ്പോന്നു. അവിടെ ഉത്രംതിരുനാൾ മഹാരാജാവിന്റെ പുത്രന്മാരെ ഇംഗ്ലീഷുപഠിപ്പിച്ചുകൊണ്ടിരുന്ന കല്ലപ്പാറ ശങ്കരമേനോനോടു് ആ ഭാഷ നല്ലപോലെ പരിശീലിച്ചു. സംസ്കൃതത്തിൽ വ്യാകരണം പഠിപ്പിച്ചതു മാതുലൻ തന്നെയായിരുന്നു. 1027 മുതൽ 1029 വരെ ചങ്ങനാശ്ശേരിയിൽ താമസിച്ചു. 1029-ൽ വീണ്ടും തിരുവനന്തപുരത്തേയ്ക്കു പോന്നു. രണ്ടുകൊല്ലം പണ്ഡിതർ രാമസ്വാമിശാസ്ത്രികളോടു തർക്കം പഠിച്ചു. 1031 വൃശ്ചികം 26-ാംനു മാവേലിക്കര ചതയം നാൾ ഭാഗീരഥിഅമ്മ തമ്പുരാനെ വിവാഹം ചെയ്തു. അതുവരെ ചങ്ങനാശ്ശേരിയിൽ സ്വശാഖയുടെ കാര്യങ്ങൾ ഒന്നും അദ്ദേഹത്തിനു പ്രത്യേകമായി അന്വേഷിക്കേണ്ടിവന്നില്ല. ആയിടയ്ക്കു കുടുംബത്തിൽ കാരണവനും അച്ഛൻതമ്പുരാന്റെ അനുജനുമായിരുന്ന കൊച്ചപ്പക്കോയിത്തമ്പുരാൻ മരിച്ചു. അടുത്ത മൂപ്പനും പ്രസിദ്ധമീമാംസകനുമായിരുന്ന ഇത്തമ്മൻ കോയിത്തമ്പുരാൻ മാവേലിക്കര കൊട്ടാരത്തിൽ വിവാഹം ചെയ്തു് അവിടെ താമസിച്ചുകൊണ്ടിരുന്നതല്ലാതെ അനന്തരവരോടുള്ള രസക്ഷയം നിമിത്തം ലക്ഷ്മീപുരത്തുകൊട്ടാരത്തിലെ യോഗക്ഷേമത്തിൽ ശ്രദ്ധ പതിപ്പിച്ചില്ല. മറുശാഖയിൽപ്പെട്ട ആളായിരുന്നു രാജരാജവർമ്മകോയിത്തമ്പുരാൻ. തന്നിമിത്തം വിശേഷിച്ചും ആ ശാഖയുടെ കാര്യങ്ങൾ താൻതന്നെ നോക്കാതെ നിർവ്വാഹമില്ലെന്നുള്ള സ്ഥിതി വന്നുചേർന്നു. എങ്കിലും വീണ്ടും പല അവസരങ്ങളിലുമായി തിരുവനന്തപുരത്തു പോയി അമ്മാവൻ ബാല്യത്തിൽ പഠിപ്പിച്ചിരുന്ന വീണവായനയിൽ വെങ്കിടാദ്രി ഭാഗവതരുടെ ശിഷ്യനായി പ്രാവീണ്യം നേടുകയും മഹാവൈദ്യൻ വൈക്കത്തു പാച്ചുമൂത്തതിനോടു് ആയൂർവ്വേദശാസ്ത്രം സാങ്ഗോപാങ്ഗമായി അഭ്യസിച്ചു് അതിൽ അനന്യസുലഭമായ പ്രയോഗവിജ്ഞാനം സ്വായത്തമാക്കുകയും ചെയ്തു. ഇംഗ്ലീഷുഭാഷയിൽ നല്ല അറിവുണ്ടായിരുന്നതുകൊണ്ടു പാശ്ചാത്യവൈദ്യസമ്പ്രദായംകൂടി പരിചയിച്ചു ശസ്ത്രക്രിയയിലും ഏറെക്കുറെ വിദഗ്ദ്ധനായിത്തീർന്നു.

അനന്തരകാലജീവിതം

1034-ൽ അമ്മാവൻ മരിച്ചതോടുകൂടി കുടുംബച്ഛിദ്രം മുത്തു ലക്ഷ്മീപുരത്തുകൊട്ടാരം തന്റെ ശാഖയ്ക്കു വാസയോഗ്യമല്ലാതെ തീരുകയാൽ 1040-ാമാണ്ടു കാർത്തികപ്പള്ളിക്കോയിക്കലേയ്ക്കു മാറിത്താമസിച്ചു. 1046-ൽ അനന്തപുരത്തു കൊട്ടാരം അതിനടുത്തു തന്നെ പണിയിച്ചു് അവിടെ ആ ശാഖയെ പ്രതിഷ്ഠിച്ചു. ഈ സംഭവം ഞാൻ അന്യത്ര രേഖപ്പെടുത്തീട്ടുണ്ടു്. ആയൂർവ്വേദത്തിൽ തനിക്കു സിദ്ധിച്ചിരുന്ന അവഗാഹം അന്യരിലും സങ്ക്രമിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി പരോപകാരനിരതനായ അദ്ദേഹം പലരേയും ആ ശാസ്ത്രം നിഷ്കർഷിച്ചു പഠിപ്പിച്ചു് അതിൽ പ്രായോഗികപരിശീലനവും നല്കി. ജാതിമതഭേദംകൂടാതെയായിരുന്നു ആ അധ്യാപനം. ആ വിഷയത്തിൽ കേരളത്തിലെ ഒന്നാമത്തെ ഭിഷഗാചാര്യനായി ആഢ്യനും അഭിജ്ഞനുമായ അദ്ദേഹത്തെ പരിഗണിക്കണം. എണ്ണയ്ക്കാട്ടു വേലുവൈദ്യനും കണ്ണമങ്ഗലം കൊച്ചുകൃഷ്ണൻവൈദ്യനുമായിരുന്നു പ്രഥമശിഷ്യന്മാർ. സ്വന്തം മേൽനോട്ടത്തിലും ഒരു അഷ്ടാങ്ഗഹൃദയം വൈദ്യശാല അരിപ്പാട്ടു് ഏർപ്പെടുത്തി അതു പ്രശംസനീയമായ രീതിയിൽ നടത്തി.ആയുരന്തംവരെ തിരുവിതാംകൂർഗവർമ്മെന്റിനു വൈദ്യസംബന്ധമായുള്ള വിഷയങ്ങളിൽ അദ്ദേഹം വിദഗ്ധോപദേഷ്ടാവായിരുന്നു. 1056 തുലാമാസത്തിൽ ഇത്തമ്മർകോയിത്തമ്പുരാൻ ചരമഗതിയെ പ്രാപിച്ചപ്പോൾ പരപ്പനാട്ടു വലിയരാജാവു് എന്ന സ്ഥാനം മൂപ്പുമുറയ്ക്കു് അദ്ദേഹത്തിനു സിദ്ധിച്ചു. 1072-ാമാണ്ടു വൃശ്ചികമാസം 25-ാംനു പത്നി മരിച്ചു. പ്രിയവക്‍തൃത, കൃത്യനിഷ്ഠ മുതലായ പല സൽഗുണങ്ങളും കഥാപുരുഷനിൽ വിശേഷിച്ചു ശോഭിച്ചിരുന്നു. 1088-ാമാണ്ടു മകരമാസം 19-ാംനു അതിസാരരോഗം മൂർച്ഛിച്ചു ചരമഗതിയെ പ്രാപിച്ചു. ഭാഷാപോഷണവ്യഗ്രനായ മാവേലിക്കര ഉദയവർമ്മകോയിത്തമ്പുരാൻ ബി.ഏ.അദ്ദേഹത്തിന്റെ സീമന്തപുത്രനായിരുന്നു. അനന്തപുരത്തുകൊട്ടാരം അത്യന്തം സമ്പത്സമൃദ്ധവും പണ്ഡിതമണ്ഡിതവുമാക്കിത്തീർത്തതിനുമേലായിരുന്നു കഥാപുരുഷന്റെ പരലോകപ്രാപ്തി.

കവിത

19-ാമത്തെ വയസ്സുമുതൽ കുടുംബഭരണത്തിൽ വ്യാപൃതനായിത്തീർന്ന മൂത്തകോയിത്തമ്പുരാനു സാഹിത്യസേവനത്തിനുള്ള സൗകര്യം ഏറ്റവും വിരളമായിരുന്നു. ബാല്യത്തിൽതന്നെ കവിതാ വിഷയത്തിലുണ്ടായിരുന്ന വാസന 11-ാമത്തെ വയസ്സിൽ താഴെക്കാണുന്ന ശ്ലോകരൂപത്തിൽ പ്രകടീഭവിച്ചു.

 “ശീതം മാം ബാധതേ രാത്രൗ ശീതാംശുസദൃശാനന!
 അർത്ഥയേ തന്നിവൃത്ത്യർത്ഥം നിചോളം ദാതുമർഹസി.”

ആ സംഭവത്തെപ്പറ്റി 1027-ാമാണ്ടിടയ്ക്കു ഉത്രംതിരുനാൾ മഹാരാജാവു തന്റെ ജ്യേഷ്ഠപുത്രനായ ശ്രീപത്മനാഭൻതമ്പിയുടെ മുഖത്തുനിന്നു കേട്ടപ്പോൾ അതു ഭാഷപ്പെടുത്തി വാങ്ങിക്കൊണ്ടു ചെല്ലാൻ ആജ്ഞാപിക്കുകയും അതനുസരിച്ചു കോയിത്തമ്പുരാൻ രണ്ടു ഭാഷാശ്ലോകങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. അവയിൽ രണ്ടാമത്തെ ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.

 “സകലാസു കലാസു നൈപുണ്യംകൊ
 ണ്ടഖിലാനന്ദവിധായിധന്യശീല!
 ചകലാസു പുതച്ചു സൗഖ്യമേല്പാ
 നഭിലാഷം വളരുന്നു സത്യമത്രേ.”

അതിനുമുൻപുതന്നെ 1025-ാമാണ്ടു് ഉത്രംതിരുനാളിന്റെ തുലാഭാര മഹോത്സവം സംബന്ധിച്ചു് ഒരു രഥബന്ധശ്ലോകം അവിടത്തേയ്ക്കു സമർപ്പിച്ചുകഴിഞ്ഞിരുന്നു. 1034-ാമാണ്ടു് അവിടുന്നും, 1069-ാമാണ്ടു ശ്രീമൂലംതിരുനാളും ഓരോ വീരശൃങ്ഖല സമ്മാനിക്കുകയുണ്ടായി.

കൃതികൾ

1027 മുതൽ 29 വരെ ഒന്നര വർഷം ചങ്ങനാശ്ശേരിയിൽ താമസിക്കുന്നതിന്നിടയ്ക്കാണു് കോയിത്തമ്പുരാൻ (1) പാലാഴിമഥനം, (2) സതീവിവാഹം, (3) സ്യമന്തകചരിതം എന്നീ മൂന്നു കൈകൊട്ടിക്കളിപ്പാട്ടുകളും (4) സർവ്വജ്ഞവിജയം ആട്ടക്കഥയും നിർമ്മിച്ചതു്. 1053-ൽ തന്റെ പുത്രന്മാരെ മാവേലിക്കരക്കൊട്ടാരത്തിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്ന കണ്ടിയൂർ നാരായണപ്പിഷാരടിയുടെ ആവശ്യത്തെ പുരസ്കരിച്ചു് അഗസ്ത്യഭട്ടന്റെ ബാലഭാരതമഹാകാവ്യത്തിലെ ആദ്യത്തെ മൂന്നു സർഗ്ഗങ്ങൾക്കു “ലളിതാ” എന്നൊരു വിശിഷ്ടമായ വ്യാഖ്യാനം സംസ്കൃതത്തിലും രചിച്ചിട്ടുണ്ടു്.

സർവ്വജ്ഞവിജയം ആട്ടക്കഥ

കേരളത്തിലെ നൃത്യകലയിൽ കോയിത്തമ്പുരാനു സർവ്വതോമുഖമായ വിജ്ഞാനവും അതിന്റെ പരിപോഷണത്തിൽ സാമാന്യാധികമായ ആസക്തിയും ഉണ്ടായിരുന്നു. സർവ്വജ്ഞവിജയത്തിലെ ഇതിവൃത്തം കല്പിതമാണു്. ആടിക്കാണാൻ കൊള്ളാവുന്ന ഒരു നല്ല പ്രബന്ധമാണതു്.

 “നിശ്ചിത്യൈവം സ വിശ്വത്രുടനപടുതരാ
 ടോപധാടീധുരീണൈ
 ർദ്ദൈത്യോ ഘോരാട്ടഹാസൈർഝടിതി വിഘടിതാ
 നേകശൈലേന്ദ്രശാഖഃ
 വക്ത്രാന്തർവ്യക്തദംഷ്ട്രാപ്രകടിതവികട
 പ്രോതഹര്യക്ഷരൂക്ഷഃ
 പ്രക്ഷുഭ്യോക്ഷുദ്രസത്വഃ ക്ഷിതിപതിതിലകം
 ചാപവാനാപപാത”

എന്ന ശ്ലോകവും “തിങ്കളണിഞ്ഞ തിരുമുടിഭങ്ഗിയും” എന്നു തുടങ്ങുന്ന ശിവന്റെ കേശാദിപാദാന്തവർണ്ണനവും മറ്റും വളരെ നന്നായിട്ടുണ്ടു്.

ബാലഭാരതവ്യാഖ്യ

ലളിതയിൽ കോയിത്തമ്പുരാനു സാഹിത്യം, അലങ്കാരം, വ്യാകരണം, സ്മൃതികൾ മുതലായ വിഷയങ്ങളിലുള്ള അവഗാഹം തെളിഞ്ഞുകാണാം. പ്രസ്തുതകാവ്യത്തിനു വിജയനഗരസാമ്രാജ്യം ക്രി.പി.1509-1530 ഈ വർഷങ്ങൾക്കിടയിൽ ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ മന്ത്രി സാലുവതിമ്മദണ്ഡനാഥൻ രചിച്ച മനോഹരാ എന്ന വ്യാഖ്യാനം അദ്ദേഹം വായിച്ചിരുന്നു; എങ്കിലും സ്വകീയങ്ങളായ ആശയങ്ങളും അവിടവിടെ ആവിഷ്കരിച്ചിട്ടുണ്ടു്. “ബംഹീയസീം വൃദ്ധിമുപൈതി വാർദ്ധിഃ” എന്ന പാഠമാണു് സമീചീനമെന്നും, ബഹീയസീം എന്ന പാഠാന്തരം അസത്താണെന്നും ചൂണ്ടിക്കാണിക്കുന്നു. “തതോംബികാം ബാലികയോസ്സ പാണിമഗ്രാഹയദ്ഭ്രാത രമാപഗേയഃ” എന്ന ശ്ലോകാർദ്ധത്തിൽ ഗ്രഹിധാതുവിനു ദ്വികർമ്മകത്വം സാധൂകരിക്കുവാൻ പ്രൗഢമനോരമയും മറ്റും പ്രമാണ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഉദ്ധരിക്കുന്നു.