അദ്ധ്യായം 49
കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ
49.1കൊച്ചുണ്ണിത്തമ്പുരാൻ (1033–1101)

ഇങ്ങനെ വെണ്മണി മഹൻനമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ അന്യാദൃശമായ വചോവിലാസത്താൽ ആകർഷകമാക്കിത്തീർത്ത ഭാഷാ കവിതയിലെ നവീനപ്രസ്ഥാനത്തിനു പിന്നെയും ചില കോട്ടങ്ങളും കുറവുകളുമുണ്ടായിരുന്നു. അവയെ ദൂരീകരിച്ചു് അതിനു ബഹുമുഖമായ രാമണീയകം വർദ്ധിപ്പിച്ചു നിരവധി ഗ്രന്ഥങ്ങളുടെ നിർമ്മിതിമൂലം കൈരളിയെ വിഭവസമൃദ്ധവും വിലാസ മധുരമാക്കിത്തീർത്ത രണ്ടു മഹാപുരുഷന്മാരാണു് കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനും.

ജനനം

കൊച്ചുണ്ണിത്തമ്പുരാൻ 1033-ാമാണ്ടു മീനമാസം 17-ാം൹ ഉത്രം നക്ഷത്രത്തിൽ ജനിച്ചു; രാമവർമ്മാ എന്നായിരുന്നു സാക്ഷാൽ നാമധേയം, ഉത്തര ഫൽഗുനിയിൽ ജനിച്ചതു കൊണ്ടു താൻ ഫൽഗുനനാണെന്നും, തന്റെ കവിതാവീര്യത്തെ പ്രാകാശിപ്പിക്കുന്നതുകൊണ്ടുകൂടിയാണ് ഫല്ഗുനന്റെ പാശുപതലാഭം, കാലകേയവധം മുതലായ അപദാനങ്ങളെ വർണ്ണിക്കുന്ന സ്വകീയമായ നാടകത്തിനു ഫല്ഗുനവീര്യം എന്നു പേർ കൊടുത്തതെന്നും കവി ആ നാടകത്തിന്റെ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ടു്. അമ്മ വിദൂഷിയായ ഇക്കാവമ്മത്തമ്പുരാട്ടിയും അച്ഛൻ പൂരാടത്തു നമ്പൂരിയുമായിരുന്നു. ആ നമ്പൂരിയുടെ പേർ ശങ്കരനെന്നായിരുന്നു എന്നു പഴമക്കാർ പറയുന്നു. പൂരാടത്തില്ലം അങ്കമാലിക്കു സമീപമാണു്. തന്നിൽ “കൈതവമില്ലാതെയുള്ള ഗുണജാലം സ്ഫീതതരം ചേർപ്പാൻ പണിചെയ്ത സവിത്രിക്കിതാ നമസ്ക്കാരം” എന്നും, “ഘനതര സൽഗുണസഞ്ചയമനവധി കലരുന്ന വിപ്രകലതിലകൻ’ എന്നും ആ മാതാപിതാക്കന്മാരെ അദ്ദേഹം ശ്രീമദ്ഭാഗവതം ഭാഷാഗാനങ്ങളിൽ വന്ദിച്ചിരിക്കുന്നു. പ്രായേണ തന്റെ എല്ലാ വാങ്ങ്മയങ്ങളിലും “ഇക്കാവാകിയ രാജ്ഞിതൻ പ്രിയസുതൻ” എന്നും മറ്റും തന്റെ സുചരിതയായ അമ്മയെ അദ്ദേഹം സ്മരിച്ചിട്ടുണ്ടു്.

വിദ്യാഭ്യാസം

മൂന്നാമത്തെ വയസ്സിൽ വിദ്യാരംഭം കഴിഞ്ഞു കുലാചാര്യനായ വളപ്പിൽ ഉണ്ണിയാശാനോടു് (മേനോൻ) പത്താമത്തെ വയസ്സുവരെ സംസ്കൃതത്തിൽ ബാലപാഠങ്ങൾ അഭ്യസിച്ചു. തദനന്തരം അമ്മാവനായ ഗോദവർമ്മത്തമ്പുരാന്റെ അടുക്കൽ കാവ്യപഠനം ആരംഭിച്ചു. ആ തമ്പുരാൻ പൂതനാമോക്ഷം കൈകൊട്ടിക്കളിപ്പാട്ടു മുതലായ ചില കൃതികളുടെ പ്രണേതാവും ഒരു നല്ല ഭാഷാകവിയുമായിരുന്നു. കുംഭകോണം (പുതുക്കോട്ടു എന്നും പറയും) കൃഷ്ണശാസ്ത്രി വ്യാകരണത്തിൽ ഉൽഗ്രന്ഥങ്ങൾ പഠിക്കുന്നതിന്നു പ്രാപ്തന്മാരായ രാജകുമാരന്മാരെ ആ ശാസ്ത്രം അഭ്യസിപ്പിയ്ക്കുകയും, അത്രയ്ക്കു കയറ്റം വന്നിട്ടില്ലാത്ത അധ്യോതാക്കളുടെ വിഷയത്തിൽ ഒരു പര്യവേക്ഷകനെന്ന വിലയിൽ മാത്രം വ്യാപരിക്കുകയും ചെയ്തുവന്നു. അദ്ദേഹം ബാല്യത്തിൽ സർവതന്ത്രസ്വതന്ത്രനായ വിദ്വാൻ ഇളയതമ്പുരാന്റെ അന്തേവാസിയായി കൂടുകയും അദ്ദേഹത്തിന്റെ അടുക്കൽ കുറേ വ്യാകരണം പഠിച്ചു പിന്നീടു കാശിയിൽ പോയി ശേഖരാന്തം ആ ശാസ്ത്രം അഭ്യസിച്ചു പരിനിഷ്ഠിതനായ ഒരു പണ്ഡിതനായിത്തീരുകയും തിരിയെ കൊടുങ്ങലൂരിലെത്തി വീണ്ടും കുടങ്ങലൂർ മനക്കൽ പോയി ശാസ്ത്രവാദത്തിലേർപ്പെട്ടു അവിടെനിന്നു പ്രശംസാപത്രം വാങ്ങി, തദ്വാരാ കോവിലകത്തെ വ്യാകരണോപദേഷ്ടാവായി 1040-ൽനിയമിതനാവുകയും ചെയ്തു. 1074-ൽ പരഗതിയെ പ്രാപിക്കുന്നതുവരെ ശാസ്ത്രി ആ പണിയിൽത്തന്നെ ഏർപ്പെട്ടിരുന്നു. കൊച്ചുണ്ണിത്തമ്പുരാൻ അദ്ദേഹത്തോടു് നേരിട്ടു ശാസ്ത്രാഭ്യാസം ചെയ്യുകയുണ്ടായില്ലെങ്കിലും പല സാഹിത്യമർമ്മങ്ങളും അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചിരുന്നു. വിടരാജവിജയം ഭാണത്തിൽ “കുംഭകോണജാതഃ സകലഗുണസിന്ധു: കരുണാകരസ്തത്ര ഭവാൻ സർവജ്ഞചൂഡാമണിഃ ശ്രീകൃഷ്ണവിപ്രേന്ദ്രഃ” എന്നും വിപ്രസന്ദേശത്തിൽ

 “കിം തച്ചിത്രം ഭുവി ജലനിധീൻ യഃ പപൗ കുംഭജഃ പ്രാൿ
 ശാസ്ത്രാംഭോധീൻ യദയമപിബൽ കുംഭകോണോദ്ഭവോപി;
 ഇത്ഥം ലോകൈർദ്ധരണിവിബുധം തത്ര തോഷ്ടൂയമാനം
 ശ്രീകൃഷ്ണാഖ്യം പ്രണമ ശിവജാസേവനായാഗതം തം”

എന്നും തമ്പുരാൻ അദ്ദേഹത്തെ പ്രശംസിയ്ക്കുന്നു. 1049-ൽ ഗോദവർമ്മത്തമ്പുരാൻ മരിച്ചപ്പോൾ കുഞ്ഞുണ്ണി (രാമവർമ്മ) ത്തമ്പുരാനായി കഥാപുരുഷന്റെ ഗുരുനാഥൻ. അദ്ദേഹത്തിന്റെ ജീവിതകാലം 1028 മുതൽ 1090 വരെയാണു്. അതിനു മുൻപുതന്നെ അഷ്ടാധ്യായി ഹൃദിസ്ഥമാക്കിയിരുന്ന കവിയെ അദ്ദേഹം സിദ്ധാന്തകൗമുദി നിഷ്കർഷിച്ചു പഠിപ്പിച്ചു. കുഞ്ഞുണ്ണിത്തമ്പുരാൻ കൃഷ്ണശാസ്ത്രിയുടെ ശിഷ്യനായിരുന്നു. തന്റെ ഗുരുശിഷ്യബന്ധത്തെപ്പറ്റി കൊച്ചുണ്ണിത്തമ്പുരാൻ വഞ്ചീശ വംശത്തിൽ പന്തളം സുബ്രഹ്മണ്യശാസ്ത്രിയെ പ്പറ്റിയുള്ള പ്രസംഗത്തിൽ

 “കവനനിരതനാം ഞാനോർക്കിലാ ശാസ്ത്രിവിപ്ര
 പ്രവാരനുടയ ശിഷ്യൻ തൻ പ്രശിഷ്യപ്രശിഷ്യൻ”

എന്നു് പ്രസ്താവിച്ചിട്ടുണ്ടു്. പന്തളം സുബ്രഹ്മണ്യശാസ്ത്രിയുടെ ശിഷ്യൻ ആരൂരടിതിരിയും, അടിതിരിയുടെ ശിഷ്യൻ വിദ്വാൻ ഇളയതമ്പുരാനും, ഇളയതമ്പുരാന്റെ ശിഷ്യൻ കൃഷ്ണശാസ്ത്രിയും കൃഷ്ണശാസ്ത്രിയുടെ ശിഷ്യൻ കുഞ്ഞുണ്ണിത്തമ്പുരാനും, കുഞ്ഞുണ്ണിത്തമ്പുരാന്റെ ശിഷ്യൻ കവിയും-ഇങ്ങനെയാണു് ആ പാരമ്പര്യം. കൗമുദിക്കു മേലുള്ള വ്യാകരണഗ്രന്ഥങ്ങളൊന്നും കൊച്ചുണ്ണിത്തമ്പുരാൻ ഗുരുമുഖത്തിൽനിന്നഭ്യസിച്ചില്ല. അപ്പോഴേയ്ക്കും മുഴുവൻ സമയവും കവിതയ്ക്കു തന്നെ വിനിയോഗിക്കണമെന്നു തീർച്ചപ്പെടുത്തി ഏകദേശം 1055 മുതൽ തദേകതാനനായിത്തന്നെ കാലയാപനം ചെയ്തു. മഹാഭാഷ്യാദിവാദഗ്രന്ഥങ്ങൾ കൊണ്ടല്ല, പ്രയോഗമന്ത്രംകൊണ്ടാണു് വാഗ്ദേവതയെ വശ്യയാക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. 1027-ൽ ജനിച്ച പ്രസിദ്ധ ദൈവജ്ഞനായ മറ്റൊരു കൊച്ചുണ്ണിത്തമ്പുരാൻ കൂടി ആ കോവിലകത്തുണ്ടായിരുന്നതുകൊണ്ടു് അദ്ദേഹം വലിയ കൊച്ചുണ്ണിത്തമ്പുരാനെന്നും നമ്മുടെ കവി ചെറിയ കൊച്ചുണ്ണിത്തമ്പുരാനാണെന്നുമുള്ള പേരുകളിൽ അറിയപ്പെട്ടിരുന്നു. ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ കാവ്യനാടകാലങ്കാരങ്ങൾക്കു പുറമെ ഭരതശാസ്ത്രം തുടങ്ങിയുള്ള പല ആനുഷംഗികളായ കലകളിലും പ്രശംസനീയമായ നൈപുണ്യം സമ്പാദിച്ചു എന്നു മാത്രമല്ല, എളേടത്തു തൈക്കാട്ടു് ഇട്ടീരിമുസ്സത് എന്ന അഷ്ട വൈദ്യോത്തമനോടു് ആയുർവേദം സാംഗോപാംഗമായി അഭ്യസിച്ചു് അതിലും വിചക്ഷണനായിത്തീർന്നു; യാവജ്ജീവം പ്രയോഗമാർമ്മികനായ ഒരു ഭിഷഗ്വരനായും അദ്ദേഹം പരിലസിച്ചു. ജ്യോത്സ്യത്തിലും അദ്ദേഹത്തിന്നു നല്ല അറിവുണ്ടായിരുന്നു. വ്യാകരണഗുരുവായ കുഞ്ഞുണ്ണിത്തമ്പുരാന്റെ പേരിൽ അദ്ദേഹത്തിനു വളരെ ഭക്തിയുണ്ടായിരുന്നു.

 “ഇക്കാവാകിയ രാജ്ഞിതന്റെ തനയൻ
 കുഞ്ഞുണ്ണിഭൂപന്റെ നൽ
 ത്തൃക്കാൽസ്സേവകനായ ശിഷ്യനമലൻ
 ദേവൗഘസേവാരതൻ
 ചൊല്ക്കൊള്ളുന്നൊരു കോടിലിംഗനൃവരൻ
 കൊച്ചുണ്ണി ഭൂപാലകൻ”

എന്നു പല ഭാഷാഗ്രന്ഥങ്ങളിലും “കുഞ്ഞുണ്ണിക്ഷ്മാപതിരതിമതിശ്ശാസ്ത്ര മധ്യാപയദ്യം” എന്നു വിപ്രസന്ദേശത്തിലും ആ വസ്തുത അദ്ദേഹം രേഖപ്പെടുത്തീട്ടുണ്ടു്. ആ ശിക്ഷാസാമർത്ഥ്യത്തിന്റെ ഫലമായി വിടരാജവിജയത്തിൽത്തന്നെ “ശാസ്ത്രജ്ഞം” എന്ന വിശേഷണം അദ്ദേഹം സ്വീകരിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹത്തിനു “ശാസ്ത്രം കാവ്യം പുരാണാദികളഴകി, യലുന്നോരു മീനധ്വജശ്രീശാസ്ത്രം വൈദ്യം” എന്നിവയിൽ അവഗാഹമുണ്ടായിരുന്നു എന്നു് സോമതിലകം ഭാണത്തിൽ പ്രസ്താവിച്ചു കാണുന്നു.

അനന്തരകാലജീവിതം

1065-ാമാണ്ടു വരെ കൊച്ചുണ്ണിത്തമ്പുരാൻ കൊടുങ്ങല്ലൂർത്തന്നെ താമസിച്ചു. കാത്തുള്ളിൽ അച്യുതമേനോന്റെ സഹോദരി ജാനകിയമ്മയായിരുന്നു പ്രേയസി. അവർ തമ്മിലുള്ള വിവാഹം 1061-ാമാണ്ടിടയ്ക്കായിരുന്നു. 1065 മുതൽ പത്തു കൊല്ലത്തോളം ഇരിങ്ങാലക്കുട തീപ്പെട്ട കൊച്ചിളയതമ്പുരാന്റെ സഹചാരിയായി ജീവിതം നയിച്ചു. ആ തമ്പുരാൻ ഒരു നൈയായികനും പണ്ഡിതപക്ഷപാതിയും കൊടുങ്ങല്ലൂർമഹാമഹോപാധ്യായൻ ഭട്ടൻഗോദവർമ്മത്തമ്പുരാന്റെ സതീർത്ഥ്യനുമായിരുന്നു. 1069-ൽ കവി രചിച്ച മധുരമംഗലം നാടകത്തിൽ

 “കൊച്ചുണ്ണിത്തമ്പുരാനെന്നഖിലദിശി പുക
 ഴ്ന്നോരു ശാസ്ത്രജ്ഞവര്യൻ
 കൊച്ചിക്കീശൻ തൃതീയൻ വിനയസുനയവാ
 നാതപോഗ്രപ്രതാപൻ
 ഉൾച്ചേരും ദോഷമൊന്നെങ്കിലുമരികിലടു
 ക്കാതെ ശോഭിച്ചിടുന്നു
 ണ്ടച്ഛിന്നാമോദമോടീ നൃപതിമണിയെ നീ
 കേട്ടറിഞ്ഞിട്ടതില്ലേ?”

എന്നു സൂത്രധാരൻ നടിയോടു ചോദിക്കുന്നു അവിടത്തെ യഥാർത്ഥ നാമധേയം കേരളവർമ്മാ എന്നാണു്. തമ്പുരാന്റെ കാന്തവൃത്തത്തിനു് അവിടുന്നു് ഒരു അവതാരിക എഴുതീട്ടുണ്ടു്. 1075 തുലാമാസത്തിൽ അവിടുത്തെ ദേഹവിയോഗം നിമിത്തം കവിക്കു നേരിട്ട ഹൃദയവ്യഥ ആജീവനാന്തം നിലനിലനിന്നിരുന്നു. അനുരൂപനായ ആ പുരശ്ചാരിയുമായി അദ്ദേഹം തൃപ്പൂണിത്തുറ, എറണാകുളം, ഇരിങ്ങാലക്കുട, തൃശ്ശൂർ മുതലായ സ്ഥലങ്ങളിൽ താമസിച്ചു; കാശിക്കുപോയി ഗംഗാസ്നാനവും ചെയ്തു. തമ്പുരാൻ അതിൽ പിന്നീടു് കാളീഭജനവും വൈദ്യശാസ്ത്രാഭ്യസനവും കവിതയുമായി കൊടുങ്ങല്ലൂർത്തന്നെ സ്ഥിരതാമസമായി.

കവനപാടവം‌

പല അവസരങ്ങളിൽ ആ മഹാകവിയുടെ കവനകലാപാടവത്തെ പല സഹൃദയന്മാരും പരീക്ഷിച്ചിട്ടുണ്ടു്. അവയിലെല്ലാം അദ്ദേഹം പ്രഥമസ്ഥാനത്തിനു് അർഹനായിത്തീരുകയാണു് ചെയ്തതു്. 1066-ൽ തൃശ്ശൂരിൽ സമ്മേളിച്ച ഹിന്ദുമതാചാരധർമ്മരക്ഷണസഭയുടെ വാർഷികയോഗത്തിൽ പദ്യത്തിൽത്തന്നെ അദ്ദേഹം അധ്യക്ഷപ്രസംഗം ചെയ്തു. ഒരിക്കൽ പണ്ഡിതമൂർദ്ധന്യനായ കൊച്ചിയിലെ വാഴ്ചയൊഴിഞ്ഞ വലിയ തമ്പുരാൻ തിരുവഞ്ചിക്കുളത്തുവച്ചു മൂന്നു മണിക്കൂറിൽ ഇരുപതു ശ്ലോകങ്ങൾ വീതം സ്രഗ്ദ്ധരാവൃത്തത്തിൽ അക്ഷരശ്ലോകരീതിയിൽ ചൊല്ലണമെന്നു കല്പിച്ചു. അവിടെക്കൂടിയിരുന്ന വെണ്മണിമഹൻ, നടുവത്തച്ഛൻ, ഒറവങ്കര, കൊച്ചുണ്ണീത്തമ്പുരാൻ കുഞ്ഞിക്കുട്ടൻതമ്പുരാൻ മുതലായ മഹാരഥന്മാരാണു് സദസ്സിൽ സന്നിഹിതരായിരുന്നതു്. ഓരോരുത്തരും രണ്ടു മണിക്കൂറിനകം അവരവരുടെ കൃത്യം നിർവഹിക്കുകയും ഉണ്ടാക്കിയ ശ്ലോകങ്ങൾ ഓർമ്മിച്ചു് ഒടുവിൽ എഴുതി സമർപ്പിക്കുകയും ചെയ്തു. കൊച്ചുണ്ണീതമ്പുരാനാകട്ടേ തന്റേയും മറ്റുള്ളവരുടേയും ശ്ലോകങ്ങൾ മുഴുവൻ എഴുത്തുകത്തിന്റെ സഹായം കൂടാതെതന്നെ ചൊല്ലുകയും അതിനുംപുറമേ താനുണ്ടാക്കിയ ശ്ലോകങ്ങൾ സംസ്കൃതത്തിലും കൂടി വിവർത്തനം ചെയ്തു കേൾപ്പിക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ടു് അത്ഭുതപ്പെട്ടുപോയി. ദ്രുതകവി എന്ന ബിരുദം കുഞ്ഞിക്കുട്ടൻ തമ്പുരാനാണു് ലഭിച്ചതു് എങ്കിലും അദ്ദേഹത്തെക്കാൾ ഒട്ടും താണപടിയിലല്ലായിരുന്നു ആ പദ്ധതിയിൽ കൊച്ചുണ്ണിത്തമ്പുരാന്റേയും നില. നൂറും അതിലധികവും ശ്ലോകങ്ങൾ ഓരോ ഇരുപ്പിലിരുന്നുണ്ടാക്കി അവ മുഴുവൻ മനസ്സിൽ വച്ചുകൊണ്ടു പിന്നീടു് സൗകര്യം പോലെ എഴുതുവാൻ അദ്ദേഹത്തിനു യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. അത്രയ്ക്കുമേൽ വാഗ്ദേവത അദ്ദേഹത്തിനു വശ്യയായിരുന്നു. മദിരാശിയിൽ വച്ചു തീപ്പെട്ട ഔചിത്യവേദിയായ കൊച്ചി വലിയതമ്പുരാൻ 1094-ൽ പല സാഹിത്യകാരന്മാർക്കും സ്ഥാനമാനങ്ങൾ സംഭാവന ചെയ്ത അവസരത്തിൽ കൊച്ചുണ്ണിത്തമ്പുരാനെ അവരുടെ നേതാവാക്കി, “കവിസാർവഭൗമൻ” എന്ന ബിരുദത്താൽ ധന്യനാക്കി, തന്റെ സഹൃദയ ധുരീണതയെ പ്രഖ്യാപനം ചെയ്തു. കോർട്ടുനടപ്പു തുടങ്ങിയ ലൗകികങ്ങളായ വിഷയങ്ങളിലും അദ്ദേഹം കൃതമതിയായിരുന്നു എന്നു് അദ്ദേഹത്തിന്റെ കൃതികൾ തെളിയിക്കുന്നുണ്ടു്. സാഹിത്യനിരൂപണത്തിൽ അദ്ദേഹത്തോളം സാമർത്ഥ്യം അക്കാലത്തു് ആർക്കുമുണ്ടാഅയിരുന്നതായി തോന്നുന്നില്ല. ഏതു ശ്ലോകത്തെയും മണ്ഡനപരമായോ ഖണ്ഡനപരമായോ വിമർശിക്കുവാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. ആകെക്കൂടി നോക്കുമ്പോൾ ഒരതിമാനുഷൻ എന്നു വേണം അദ്ദേഹത്തെ പഠയുവാൻ. ആ പ്രതിഭ, ആ മേധ, ആ വശ്യവചസ്ത്വം, ആ സാഹിത്യപോഷണവ്യഗ്രത, ആ പരോപകാരതൽപരത ഇങ്ങനെയുള്ള പല സിദ്ധികൾ അദ്ദേഹത്തിൽ അഹമഹമികയാ സമ്മേളിച്ചിരുന്നു. 1097-ൽ ഇളയതമ്പുരാനായി. 1101-മാണ്ടു കർക്കിടകമാസം 11-ാം തിയ്യതി ഹൃദ്രോഗം നിമിത്തം പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിനു വൈദ്യശാസ്ത്രത്തിൽ ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു.

കൃതികളുടെ സ്വരൂപം

കൊച്ചുണ്ണിത്തമ്പുരാന്റെ കൃതികൾ എണ്ണിത്തിട്ടപ്പെടുത്തുവാൻ സാധിക്കുകയില്ല. ഓരോ ആവശ്യം പ്രമാണിച്ചു് ഓരോരുത്തർ വന്നു ചോദിച്ചാൽ ആ നിമിഷത്തിൽത്തന്നെ ഓരോന്നു് എഴുതിക്കൊടുക്കും; അതു പിന്നീടു് അച്ചടിച്ചുവോ എന്നു് അന്വേഷിക്കുക പോലും പതിവില്ല. അച്ചടിപ്പിക്കാതെ തന്നെ അനേകം നശിച്ചിട്ടുണ്ടു്. നിരവധി വാങ്മയങ്ങൾ ചില പഴയ മാസികകളിൽ മാത്രം പ്രകാശിതങ്ങളായും കിടക്കുന്നുണ്ടു്. സംസ്കൃതത്തിലും മലയാളത്തിലും കവനം ചെയ്വാൻ ഒന്നുപോലെ ശക്തിയുണ്ടായിരുന്നതുകൊണ്ടു് അദ്ദേഹത്തെ കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിഭാരതത്തിൽ “ദിവ്യനാം സവ്യസാചി” എന്നു പുകഴ്ത്തിയിരിക്കുന്നു എന്നു വായനക്കാർ ധരിച്ചിരിയ്ക്കുമല്ലോ. പ്രായേണ പ്രധാനകൃതികളെപ്പറ്റി മാത്രമേ ഇവിടെ പ്രസ്താവിക്കുവാൻ ഉദ്ദേശിക്കുന്നുള്ളു.

സംസ്കൃതം

(1) വിടരാജവിജയം ഭാണം, (2) അനങ്ഗ ജീവനം ഭാണം, (3) ബാണയുദ്ധം ചമ്പു, (4) വിപ്രസന്ദേശം, (5) ശ്രീരാമചരിതപൂരണം കാവ്യം, (6) ഉത്തരരാമചരിതം കാവ്യം, (7) ശ്രീരാമവർമ്മ കാവ്യം, (8) ശ്രീരാമപട്ടാഭിഷേകം നാടകം, (9) അന്യാപദേശം, (10) സൂര്യോദയം.

ഭാഷ

(11) അംബോപദേശം, (12) സോമതിലകം ഭാണം, (13) മദനകേതനചരിതം കാവ്യം (മദനവിലാസം), (14) കല്യാണീനാടകം, (15) ഉമാവിവാഹം, (16) ഫല്ഗുനവീര്യം, (17) മധുരമങ്ഗലം, (18) പാഞ്ചാലീസ്വയംവരം, (19) അജ്ഞാതവാസം എന്നീ നാടകങ്ങൾ, (20) പാണ്ഡവോദയം, (21) സാവിത്രീമാഹാത്മ്യം, (22) വഞ്ചീശവംശം, (23) ഗോശ്രീശാദിത്യചരിതം എന്നീ മഹാകാവ്യങ്ങൾ, (24) മലയാംകൊല്ലം കാവ്യം, (25) രുക്മിണീസ്വയംവരം കാവ്യം (മധ്യോത്തരഭാഗം), (26) ഷഷ്ടിപൂർത്തിഡർബാർ (മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചി മഹാരാജാവിനെപ്പറ്റി), (27) ദേവീമാഹാത്മ്യം (വൃത്താനുവൃത്തവിവർത്തനം), (28) സുന്ദരകാണ്ഡം തുള്ളൽ, (29) ഷഷ്ടിപൂർത്തി ശീതങ്കൻ തുള്ളൽ (പിന്നീടു വാഴ്ച യൊഴിഞ്ഞ കൊച്ചി മഹാരാജാവിനെപ്പറ്റി), (30) ഭദ്രോൽപത്തി, (31) ലക്ഷ്മീസ്വയംവരം, (32) രാമാശ്വമേധം എന്നീ കിളിപ്പാട്ടുകൾ, (33) ശ്രീമഹാഭാഗവതം ഗാഥ, (34) കാന്തവൃത്തം, (35) മലയാള്ശബ്ദശാസ്ത്രം (പ്രഥമഭാഗം), (36) അലങ്കാരമാല, (37) ബാലോപദേശം, (38) ഭാഷാബൃഹത്സംഹിത, (39) വിദ്യാകലാവിവരണം, (40) ശ്രീകരുംബസ്തവം ശ്രുതിഗീത (അവിദ്യാസംഹാരം) തുടങ്ങിയ അസംഖ്യം സ്തോത്രങ്ങൾ ഇവയാണു് കൊച്ചുണ്ണിത്തമ്പുരാന്റെ ഗണനീയങ്ങളായ പദ്യകൃതികൾ. ശങ്കരാചാര്യ ചരിതം, വിക്രമോർവശീയസാരം എന്നിങ്ങനെ ചില ഗദ്യ കൃതികളും കാണ്മാനുണ്ടെങ്കിലും അവയ്ക്കു രചനാഭങ്ഗി പോരാതെയാണിരിക്കുന്നതു്. പൊതുവേ പറയുകയാണെങ്കിൽ കൊച്ചുണ്ണിത്തമ്പുരാന്റെ സംസ്കൃതകൃതികൾക്കു ഭാഷാകൃതികളെക്കാൾ ഗുണം കൂടും. ഭാഷാകൃതികളിൽത്തന്നെ ആദ്യകാലത്തെഴുതിയ ഗ്രന്ഥങ്ങൾ മധ്യകാലത്തിലെഴുതിയവയെക്കാളും പ്രായേണ ഗുണോത്തരങ്ങളാണു്. സോമതിലകം, സുന്ദരകാണ്ഡം തുടങ്ങിയ കൃതികൾ സകല സഹൃദയന്മാരുടേയും സശിരഃകമ്പമായ ശ്ലാഘയെ അർഹിക്കുന്നു. പിൻകാലത്തു താൻ എഴുതിയതു രണ്ടാമതൊന്നു വായിച്ചുനോക്കുക എന്നുള്ള ഏർപ്പാടു പോലും ഇല്ലാതെയായി. അന്നനട, ഗാഥ എന്നീ ഭാഷാവൃത്തങ്ങളിൽ സങ്ഗീതാത്മകമായ രീതിയിൽ കവനം ചെയ്യുവാൻ അദ്ദേഹത്തിനു സാമർത്ഥ്യം പോരായിരുന്നു. അതുകൊണ്ടു ഭാഗവതം പാട്ടു്, അന്യഥാ അതു് എത്രതന്നെ അമൂല്യമായാലും അനാകർഷകമാണെന്നു് അഭിപ്രായപ്പെടേണ്ടിയിരിക്കുന്നു. “പാർത്താൽ ഭങ്ഗി ചുരുക്കമല്പരസമദ്ധാരാളം” എന്ന വെണ്മണി മഹന്റെ ശാപം ഒടുവിലൊടുവിൽ ഏതാണ്ടു ഫലിച്ചതുപോലെയാണു് ഭാവുകന്മാർക്കു തോന്നുക. പാണ്ഡവോദയത്തിന്റെ അവതാരികയിൽ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ “കൊച്ചുണ്ണിത്തമ്പുരാന്റെ വാസനാശക്തിയും ശേഷിയും നോക്കുമ്പോൾ അതിന്റെ ഒരു മാനദണ്ഡമായി കരുതത്തക്ക സ്ഥിതിയിലായിട്ടില്ല” എന്നു പറഞ്ഞിട്ടുള്ളതിൽ പൗരോഭാഗ്യത്തിന്റെ പ്രസക്തിയേ ഇല്ല. “അതിപ്രസംഗോരസഭംഗഹേതുഃ” എന്നു് അദ്ദേഹത്തിന്റെ പല കൃതികളെയും പറ്റി പറയാം. അത്തരത്തിലുള്ള വൈകല്യങ്ങൾ എങ്ങനെയിരുന്നാലും അനവധി അചുംബിതങ്ങളായ ഉല്ലേഖങ്ങളുടേയും അനവദ്യങ്ങളായ രസഭാവങ്ങളുടേയും അഭൗമാകരങ്ങൾ ഓരോ കൊല്ലവും കൈരളിക്കു് ഒന്നും അതിലധികവും വീതം പ്രദാനം ചെയ്തുകൊണ്ടിരുന്ന ആ മഹാകവിമൂർദ്ധന്യനെ സാഷ്ടാംഗ പ്രണാമം ചെയ്യുവാൻ ആരാണു് സന്നദ്ധരാകാത്തതു്?

സംസ്കൃതം

എട്ടാമത്തെ വയസ്സിൽ സംസ്കൃതകവിത ശീലിച്ചു തുടങ്ങി. അക്കാലത്തു പെട്ടെന്നുണ്ടാക്കിച്ചൊല്ലിയതാണു് ഭദ്രകാളീ പ്രാർത്ഥനാരൂപത്തിലുള്ള

 “നവോത്സവേ ഘോരഗജേന്ദ്രമൂർദ്ധ
 ന്യാരോപിതായാ അവലോകനാർത്ഥം
 അതിശ്രമേണൈവ സഹാഗതാനാം
 വർഷാജലാനാം തു ഭയം ന കര്യാഃ”

എന്ന ശ്ലോകം, ഒന്നുമുതൽ നാലുവരെ കൃതികൾ ആദ്യകാലത്തെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. വിദ്വാൻ ഇളയ തമ്പുരാൻ നിർമ്മിച്ച പതിമ്മൂന്നാം സർഗ്ഗത്തിൽ 31 ശ്ലോകങ്ങൾ വരെ എത്തിച്ച രാമചരിത മഹാകാവ്യത്തെ കൊച്ചുണ്ണിത്തമ്പുരാൻ മുപ്പത്തിരണ്ടാമത്തെ സർഗ്ഗം കഴിയുവോളം എഴുതി പൂർത്തിയാക്കിയതാണു് രാമചരിതപൂരണം. യുദ്ധകാണ്ഡാവസാനം വരെയുള്ള പ്രതിപാദ്യമേ അതിൽ അടങ്ങീട്ടുള്ളു. ഉത്തരരാമയണത്തിലെ ഇതിവൃത്തത്തെ ആസ്പദമാക്കി ഉത്തരരാമചരിതം കാവ്യം എട്ടു സർഗ്ഗത്തിൽ രചിച്ചു. അങ്ങനെ ആ മഹാകാവ്യത്തിൽ 40 സർഗ്ഗങ്ങൾ അടങ്ങിയിരിക്കുന്നു. ഇളയതമ്പുരാന്റെ കവിതയ്ക്കു ഗാംഭീര്യം കൂടുമെങ്കിലും നാളികേരപാകത്തിലാണു് അതിന്റെ രചന. കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഗത്തിൽ നിന്നു് ഏതാനും ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു. സന്യാസിരൂപത്തിൽ രാവണൻ സീതയോടു്:

 “ക്വേദം വപുസ്തേ സദലാതിശായി?
 ക്വേയം ദശാ തേ വനവാസരൂപാ?
 കഃ കല്പയേതാനനുരൂപമേവം
 യൽ പശ്യതാം ഹന്ത! മനോ ദുനോതി.  അശേഷയോഷാജനരത്നഭ്രൂതാം
 ജാനീ മഹേ ത്വാം മഹനീയഗാത്രി!
 യേ രത്നഭാജസ്ത്രിഷു വിഷ്ടപേഷു
 തേഷാം ഭവത്യർഹതി ദാരഭാവം.  ജാഗർത്തി സമ്പ്രത്യധികത്രിലോകി
 ജയശ്രിയാലംകൃതദിവ്യമൂർത്തിഃ
 സൗഭാഗ്യനിർഭർത്സിതമത്സ്യകേതു
 ർദ്ദശാനനോ രാക്തസചക്രവർത്തീ.  യസ്യാപദാനാനി വിലസേവത്യോ
 ഗായന്തി ശബ്ദേന വിനാ സുരാണാം
 ദാസീപദം പ്രാപ്യ യഥാനിയോഗം
 ലങ്കാപുരേ കർമ്മ വിതന്വയേ യാഃ.”
(13-ാം സർഗ്ഗം)

ശ്രീരാമചരിതപുരാണത്തിനു് ഒരു പീഠികയുടെ രൂപത്തിൽ വിദ്വദ്യുവരാജചരിതം എന്നൊരു സർഗ്ഗംകൂടി എഴുതിച്ചേർത്തിട്ടുള്ളതിനെപ്പറ്റി അന്യത്ര സൂചിപ്പിച്ചിട്ടുണ്ടല്ലോ. അക്ലിഷ്ഠ മനോഹരമാണു് കൊച്ചുണ്ണിത്തമ്പുരാന്റെ സംസ്കൃതകാവ്യശൈലി. അർത്ഥാലങ്കാരബാഹുല്യംകൊണ്ടും പ്രസ്തുത കാവ്യങ്ങൾ ഹൃദയഹാരികളാണു്. രസസ്ഫൂർത്തിക്കും കുറവില്ല. വിടരാജവിജയം, വിപ്രസന്ദേശം, ബാണയുദ്ധം, ശ്രീരാമവർമ്മ കാവ്യം എന്നീ കൃതികളെപ്പറ്റി മാത്രം അല്പം ഉപന്യസിക്കാം.

49.2വിടരാജവിജയം

ഈ ഭാണം ഉണ്ടാക്കുന്ന കാലത്തു കവി കൊച്ചി ഇക്കുഅമ്മത്തമ്പുരാട്ടിയുടെ ആശ്രിതനായിരുന്നു എന്നുള്ളതു് “ഇക്കുമാടധരണീനാതാകൃപൈകാസ്പദം” എന്നു കവി തന്നെ വിശേഷിപ്പിച്ചിരിക്കുന്നതിൽനിന്നു വിശദമാകുന്നു. സ്വകീയമായ സൂക്തിഗുണത്തെപ്പറ്റി അധോലിഖിതമായ പ്രസ്താവനയും അതിൽ കാണുന്നുണ്ടു്.

 “മാധുര്യൈകനിധാനമർത്ഥഭരിതം കൊച്ചുണ്ണിധാത്രീപതേ
 ർന്നാര്യശ്ചാപി നരാശ്ച സൂക്തമനിശം ജല്പന്ത്യനല്പം മുഖൈഃ
 തസ്മാൽ പാഠവിധൗ തദക്ഷരഗളൽപീയൂഷസമ്മേളനാ
 ദേതേഷാം മധുരോധികം മധുസിതാദിഭ്യോപി ജാതോധരഃ.”

താഴെക്കുറിക്കുന്ന ശ്ലോകത്തിലും പ്രബന്ധകടാക്ഷമുണ്ടെന്നു് അനുമാനിക്കാവുന്നതാണു്.

 “സലളിതപദന്യാസാം ദോഷവ്രജേന വിവർജ്ജിതാം
 ഗുണഗണയുതാം സാലങ്കാരധ്വനിം രസവർഷിണീം
 നിജകൃതിനടീം ലോകാഹ്ലാദപ്രദാം സമനാർത്തയൽ
 സകാലവിബുധോത്തംസോ ധീമാൻ സ സൽകവി പുംഗവഃ.”

ചുവടേ ഉദ്ധരിക്കുന്ന ശ്ലോകങ്ങളുടെ ഭംഗി നോക്കുക.

 “മന്ദോച്ചന്മണിവിഭൂഷണമഞ്ജുനാദം
 താടങ്കചക്രഹതിതാമ്രകപോലമൂലം
 താരാവികാസവിലാസത്തരളായതാക്ഷം
 കാന്തം വപുർജ്ജയതി കന്ദുകലീലയാസ്യാഃ.”

വേശ്യാസ്വഭാവം:

 “ഈർഷ്യാന്യാസ്വംഗനാസു, സ്ഫുരദമൃതമുച
 ശ്ചാടവോ ഭൂരിവിത്തേ,
 ന്യക്കാരോ ലോഭയുക്തേ, സ്തുതിമുഖരമുഖേ
 നഷ്ടസാദഃ പ്രസാദഃ,
 ജാരേ തീവ്രോനുരാഗഃ, കപടശതമഹോ!
 ഭർത്തരീതി സ്വഭാവോ
 വാരസ്ത്രീണാം പ്രസിദ്ധസ്ത്രിജഗതി മതിമ
 ന്നത്ര കിം ചിത്രമസ്തി?”

ആനന്ദവല്ലി എന്ന വേശ്യയുടെ സ്വയംവരത്തിനു സമാഗതരാകുന്ന രാജാക്കന്മാരുടെ വർണ്ണനത്തിൽനിന്നു കവിക്കു ഭാരതീയ ഭൂമിശാസ്ത്രത്തിൽ നല്ല അറിവുണ്ടായിരുന്നു എന്ന് തെളിയുന്നു.

49.3വിപ്രസന്ദേശം

ഈ സന്ദേശം കവി കോഴിക്കോട്ടു മാനവേദൻരാജാവിന്റെ അപേക്ഷയനുസരിച്ചു രചിച്ചതാണു്. സാമൂതിരി രാജകുടുംബത്തിലെ രാജ്ഞിമാർക്ക് കൊടുങ്ങല്ലൂർ രാജാക്കന്മാരാണല്ലോ കൂട്ടിരിപ്പു്, കവി

 “ഗംഭീരേ തം ഭുജഗശയനം സ്വാശയേ പദ്മനാഭം
 കുവർന്നുർവ്യാമിഹ വിജയതേ മാനവേദക്ഷിതീന്ദ്രഃ”

എന്നാരംഭിച്ചു്

 “വാർത്താം സൗമ്യാമധികമധുരാം യസ്യ ശുദ്ധാം നിശമ്യ
 ഹ്രീണാ ലീനാ ഭവതി ഹി സുധാ ഹന്ത! കുംഭോദരേഷു
 കാകോളോപി പ്രചുരമഹസോ യൽപ്രതാപാൽ പ്രഭീതഃ
 കണ്ഠസ്യാന്തർന്നിവസതി സദാ കാളകണ്ഠസ്യ ഗുഢം”

എന്നു് ആ രാജാവിന്റെ വാങ്മാധുര്യത്തെ വർണ്ണിക്കുകയും

 “തസ്യാമോദം മനസി സതതം രാജഹംസസ്യ പൂർണ്ണം
 കര്യാദേതൽ സുമധുരരസസ്യന്ദി കാവ്യാരവിന്ദം
 നിത്യാസ്വാദ്യം വിബുധമധുപൈർമ്മാനസാദസ്മദീയാ
 ജ്ജാതം ശംഭോർഗ്ഗുണഗണബിസൈർവേഷ്ടിതം ശ്ലിഷ്ടമിത്രം”

എന്നഭ്യർത്ഥിക്കുകയും ചെയ്യുന്നു. വിപ്രസന്ദേശത്തിലും പൂർവാചാരാനുരോധന പൂർവാർദ്ധം, ഉത്തരാർദ്ധം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടു്. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ തനിക്കു മരണം സംഭവിക്കുമെന്നും ആ വിപത്തിൽ നിന്നു് രക്ഷപ്പെടണമെങ്കിൽ കാശിയിൽ പോയി ഗങ്ഗാസ്നാനം ചെയ്തു വിശ്വനാഥനെ ഭജിക്കണമെന്നും ഒരു ബ്രാഹ്മണനോടു മുപ്പതാമത്തെ വയസ്സിൽ ജ്യോത്സ്യൻ പറയുകയാൽ തന്റെ പ്രേയസി താമസിക്കുന്ന തിരുവനന്തപുരം വിട്ടു് അദ്ദേഹം അങ്ങോട്ടുപോകുന്നു; പതിനെട്ടു മാസം കഴിഞ്ഞു തന്റെ വിരഹതാപം നായികയെ അറിയിക്കുവാൻ മറ്റൊരു ബ്രാഹ്മണനെ ദൂതനാക്കുന്നു; അന്നു വിശാഖം തിരുനാൾ മഹാരാജാവായിരുന്നു തിരുവിതാംകൂർ വാണിരുന്നതു്. തീവണ്ടിയിലാണു് സന്ദേശഹരന്റെ യാത്ര. കാശിയിൽനിന്നു് പുറപ്പെട്ടു് വഴിക്കു പല നഗരങ്ങളും സന്ദർശിച്ചു ചെറുവണ്ണൂരിൽ ഇറങ്ങി, അവിടെ നിന്നു പിന്നെയും തൃശ്ശിവ പേരൂർ, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ, വൈയ്ക്കം മുതലായ സ്ഥലങ്ങളിൽക്കൂടി തെക്കോട്ടേക്കു പോയി തിരുവനന്തപുരത്തെത്തി പ്രിയതമയെ ആശ്വസിപ്പിക്കണമെന്നാണു് നായകന്റെ പ്രാർത്ഥന; മേഘസന്ദേശത്തിൽ മാത്രമേ തനിയ്ക്കു ബഹുമാനമുള്ളു എന്നും കോകിലസന്ദേശവും ശുകസന്ദേശവും ശ്ലാഘ്യങ്ങളല്ലെന്നും കവി ആദ്യംതന്നെ സൂചിപ്പിച്ചിരിക്കുന്നു.

 “നിന്ദന്നേഷ ശ്രവണസുഭഗം കോകിലാലാപജാലം
 സദാർണ്ണാർത്ഥം പരമഗിരാഞ്ചാനുവാസം ശുകസ്യ
 പശ്യന്മേഘം പ്രസൃമരരസം സ്നിഗ്ദ്ധഗംഭീരശബ്ദം
 സോൽകണ്ഠസ്സൻ കമപി വിബുധം വിപ്രമാപ്തം ബഭാഷേ.”

മേഘസന്ദേശവുമായി തുലനംചെയ്യുമ്പോൾ വിപ്രസന്ദേശത്തിനു് ഒരു സ്ഥാനവും ഇല്ലതന്നെ; എന്നാൽ അതിലും അനേകം സുധാമധുരങ്ങളായ ശ്ലോകങ്ങളുണ്ടു്. അവയിൽ ചിലതു് ഉദ്ധരിക്കാം.

  1. കൊടുങ്ങല്ലൂർ:

     “വാണീ ലക്ഷ്മീവിതരണപരാൻ സേവതേ യത്ര ഭൂപാൻ
     ഹിത്വാ പത്മാശ്രിത ഇതി പതിം ബദ്ധരോഷാ രമായാം
     രാജ്യം പൂജ്യം വ്രജ തദനു തൽ കോടിലിങ്ഗാഭിധാനം
     തത്രൈവാന്തർവണഭുവി ഗൃഹം ഭാതി തദ്ഭദ്രകാള ്യാഃ.”
  2. വൈയ്ക്കത്തെ തിരുനീലകണ്ഠനാന:

     “ആസ്യം യസ്യ പ്രകൃതിസുഭഗം ബിന്ദു സിന്ദൂരചിത്രം
     ദുഷ്ട്വാ കാമാൽ സ വിഭുരഭവദ്വിഘ്നരാജോ ഗജാസ്യഃ
     തത്രോൽപശ്യ സ്വിപപരിവൃഢം നീലകണ്ഠം സ്വകണ്ഠ
     പ്രേങ്ഖദ്ഘണ്ടം ധവളരദതശ്ചാത്യരാളം കരാളം.”
  3. സ്യാനന്ദൂരനഗരി:

     “വൃത്താദശോല്ലസിതവദനാം വല്ലകീക്വാണവാണീം
     ദീപശൃണീരിചിരകനകാലംകൃതിം വപ്രകാഞ്ചീം
     വാപീനാഭീം സുതനുമിവ താം പൂർണ്ണകുംഭസ്തനാഢ്യാം
     രംഭോരും ത്വം പ്രവിശ നഗരീം ധൂപകേശീം നിശാദൗ.”
  4. തിരുവനന്തപുരത്തെ യുവതികൾ:

     “യത്ര സ്ത്രീണാം മുഖസുഷമയാ ചന്ദ്രധിക്കാരിണീനാം
     തന്ദ്രാബാധാ നിജഭുജസമാകർഷണേ ഭർത്തുരംസാൽ
     അങ്കോത്ഥാനേ പദവികലതാ സൗഷ്ഠവം ലാഘവം ചാ
     പ്യങ്ഗേ രമ്യേ ദൃഢതരസമാശ്ലേഷണേ നിർദ്ദയത്വം.”
  5. ധർമ്മരാജാവു്:

     “ആസീദസ്യാമധികകരുണഃ ക്ഷത്രധർമ്മൈകദീക്ഷോ
     ധീരോദാത്തഃ പ്രഥിതമഹിമാ രാമവർമ്മാ മഹീന്ദ്രഃ
     യോ വാരക്ഷീദശുഭമനസഃ കേരളം ഠിപ്പുനാമ്നഃ
     സീതാജാനിസ്ത്രീഭുവനമിവ ത്രസ്തമുഗ്രാദ്ദശാസ്യാൽ.”
  6. വിശാഖം തിരുനാൾ മഹാരാജാവു്:

     “കീർത്തിം യസ്യ സ്ഫടികധവളാമാനനാന്തർജ്ജനാനാം
     വിക്രീഡന്തീം ശ്രുതിഷു ച സദാ വീക്ഷ്യ വാണീഭ്രമേണ
     ചിത്രൈഃ സ്തോത്രൈഃ കവികലവരാഃ സംസ്തുവന്തിപ്രകാമം
     യത്രാദ്യാസ്തേ സ ഖലു സുമതിശ്ശ്രീവിശാഖക്ഷിതീന്ദ്രഃ.”

ഇതരസന്ദേശങ്ങളിൽ നിന്നു് ഒരു വ്യത്യാസം വിപ്രസന്ദേശത്തിനുള്ളതു് അതിൽ പിന്നെയും ആറു മാസം കഴിഞ്ഞു നായികയ്ക്കു നായകനുമായി സമ്മേളിക്കുവാൻ സാധിക്കുന്നു എന്നുള്ള പ്രസ്താവനയാണു്. ആ വ്യതിയാനം വേണ്ടിയിരുന്നില്ല. പ്രതിപാദ്യം കല്പിതമാണെങ്കിൽ ആയിക്കൊള്ളട്ടെ എന്നും ശങ്കരമതമനുസരിച്ചു നോക്കുമ്പോൾ എല്ലാം മായയാണല്ലോ എന്നും കവി ഒടുവിൽ നമ്മെ ധരിപ്പിക്കുന്നു.

 “ചിത്താനന്ദപ്രകടിതമഹാദേവസേവാനുഭവേ
 പ്യസ്മിൻ കാവ്യേ സകലമനൃതം വൃത്തമിത്യസ്തി ചേദ്വഃ
 ബ്രൂ തൈതന്മാം ബുധകുലവരാശ്ശങ്കരാധ്വൈകനിഷ്ഠാ
 മായാരൂപേ ഭവതി കിമൃതം ലോകചക്രേ ചരിത്രം?”
49.4ബാണയുദ്ധം ചമ്പു

കൊച്ചുണ്ണിത്തമ്പുരാന്റെ സംസ്കൃതകൃതികളിൽ വെച്ചു് എനിയ്ക്കു് ഏറ്റവും രമണീയമായിത്തോന്നിയിട്ടുള്ളതാണു് ബാണയുദ്ധം ചമ്പു. അതിലെ പദ്യഗദ്യങ്ങൾ എല്ലാംതന്നെ ആപാതമധുരങ്ങളും ആലോചനാമൃതങ്ങളുമാണു്. പ്രസ്തുത കൃതി കവി 1066-ൽ നിർമ്മിച്ചു. ഗ്രന്ഥാവസാനത്തിൽ അതിനെ അദ്ദേഹം താഴെ കാണുന്ന വിധത്തിൽ പുകഴ്ത്തുന്നു.

 “സത്സ്വന്യേഷ്വപി ചമ്പുഷു ധ്വനിരസാലങ്കാരഹുങ്കാരിഷു
 സ്വീകര്യുസ്സുഭഗാമിമാം മമ കൃതി, സന്തോഽതിസന്തോഷതഃ
 ക്ഷീരക്ഷൗദ്രസിതാഗുളാമധുരസദ്രവ്യാണി സന്തീത്യത
 സ്ത്യാജ്യഃ കിം ഹരണീദൃശാം സ്മരരസാലംബസ്സ ബിംബാധരഃ?” ”

ആ പ്രശംസ അനുചിതമല്ലെന്നു കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.

  1. ചിത്രലേഖ താൻ ഉഷയുടെ അന്തഃപുരത്തിലേക്കു നയിച്ച അനിരുദ്ധനോടു്:

     “മുഞ്ച ത്വം ചഞ്ചളീകപ്രവര! സരഭസം
     മഞ്ജുളം കഞ്ജമേതൽ
     സേവനസ്വാമും രസാലദ്രുമനവകലികാം
     മന്ദമന്ദം ഹസന്തീം  യാ ത്വസ്യാഃ പല്ലവാളീ സവിധഭുവി തിര
     സ്കാരകർത്ത്രീ പുരാഭുൽ
     സേയം സൗരഭ്യവിജ്ഞാപനപടുതരയാ
     വാത്യയാ ചാപനീതാ.”
  2. അന്തഃപുരരക്ഷികൾ ബാണനോടു്:

     “അന്തഃപുരേസ്മാഭിരിഹാപ്രമത്തൈ
     സ്സുരക്ഷിതേ കോപി പുമാൻ സമാസ്തേ
     പ്രവേശമാർഗ്ഗം തു ന തസ്യ വിദ്മോ
     മുക്താഫലസ്യേവ കരിന്ദ്രകംഭേ.”
  3. ശിവജ്വരം ശ്രീകൃഷ്ണനോടു്:

     “ത്വാമാശ്രയേഖിലസുരേശ്വര! ദുഃഖശാന്ത്യൈ
     നാന്യാൻ സുരാനപി ഭവൽപ്രതിബിംബരൂപാൻ
     കോ വാ ഭജതേ പുരുഷസ്തപനാഭിതപ്ത
     ശ്ചിത്രാർപ്പിതാൻ ഹിമകരാംബുധരാംബുരാശീൻ?”

തമ്പുരാനു തന്റെ സംസ്കൃത കവിതയെപ്പറ്റി വലിയ മതിപ്പാണുണ്ടായിരുന്നതെന്നു നാം കണ്ടുവല്ലോ. അനംഗ വിജയം ഭാണത്തിലും അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നു.

 “ഗീർവാണേഷു ശചീപതിർഹി സുമഹാസർപ്പേഷു തല്പം ഹരേ
 ർന്നാഗേഷ്വഭ്രമുവല്ലഭോബ്ധിഷു പയസ്സിന്ധു രഥിഷ്വർജ്ജുനഃ
 ആനന്ദേഷു ശിവാത്മജാഭജനശ്ശൈലേഷു ഹേമാചലോ
 ലോകേഷു ത്രിദിവഃ കവിഷ്വിഹ ബുധഃ കൊച്ചുണ്ണിഭൂപാലകഃ”

ഉത്തമരാമചരിതം തൃതീയസർഗ്ഗത്തിൽ നിന്നു രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.

 “സ കാന്തയാലങ്കൃതചാരുമൂർത്തിർ
 ലതാഗൃഹം കിഞ്ചിദലഞ്ചകാര
 മാനോഗൃഹഞ്ചാസ്യ മനോഭിരാമം
 രത്യാ സമാശ്ലിഷ്ഠതനുസ്സുമേഷുഃ.”  “ശുഭാംഗി! പാപാവരണേന നൂനം
 ഭൃംഗവ്രജോ മേചകതാം പ്രപന്നഃ
 തഥാഹ്യയം ഹാ! മധുപാനമത്തോ
 ലതാവധൂർഗ്ഗച്ഛതി പുഷ്പയുക്താഃ.”

ശ്രീരാമവർമ്മകാവ്യം ഇങ്ങനെ ആരംഭിക്കുന്നു.

 “ഗോശ്രീപതീ രക്ഷതി രാമവർമ്മാ
 ഗോമണ്ഡലം സ്വീയമമോഘകർമ്മാ
 ഉൽപാദിതശ്രീഗുണമസ്തദോഷം
 ഗോപാലരൂപീവ ഹരിർമ്മഹാത്മാ.” (പ്രഥമസർഗ്ഗം)

ഇതാ മറ്റു മൂന്നു ശ്ലോകങ്ങൾ:

“തദാ തദാനനം നീലൈഃ ശ്മശ്രുഭിർദ്ദീക്ഷയൈധിതൈഃ
വൃതം വിഡംബയാമാസ ബിംബമൈന്ദവമംബുദൈഃ.” (ദ്വിതീയസർഗ്ഗം)  താളോത്താളാംഘ്രിസംഘട്ടനതുമൂലസമു
 ല്ലോലഹസ്തീന്ദ്രകൃത്തി
 പ്രാന്തോദ്ഭൂതപ്രചണ്ഡാനിലരയരഭസോ
 ദ്ധൂതമേഘാബ്ധിശൈലഃ
 ഭാരാതിശ്രാന്തദിഗ്വാരണവദനസമു  ദ്വാന്തരക്തപ്രാവാഹ
 ദ്രീഡൽക്രവ്യാദസംഘോൽബംമിദമയി! തേ
 താണ്ഡവം ദേവി വന്ദേ.” (ചതുർത്ഥസർഗ്ഗം) “തവാങ്കം നിശ്ശങ്കം കലയതി യയാ ശൈലതനയാ
സ്വഗേഹം സസ്നേഹം പുനരപി ച ദേഹം ഹൃതവതീ
നൃണാം ഭുക്തിം മുക്തിം ത്വയി വിമലഭക്തിഞ്ച തനുതേ
ഭവത്സേവാ സൈവാസ്ത്വഖിലദ! മമ ത്വൽകരുണയാ.” (നവമസർഗ്ഗം)

മാടമഹീശവംശം എന്നു് ഈ കാവ്യത്തിനു പേർ കൊടുക്കണം എന്നും അതിന്റെ ഒരു ഭാഗമായി മാത്രം ഒൻപതു സർഗ്ഗങ്ങൾ അടങ്ങിയ ഇതിനെ കരുതണമെന്നും കവിക്കു് ഉദ്ദേശ്യമുണ്ടായിരുന്നു. 1087-ലാണു് പ്രസ്തുത കാവ്യത്തിന്റെ രചന. വാഴ്ചയൊഴിഞ്ഞ രാമവർമ്മ വലിയകോയിത്തമ്പുരാന്റെ ജീവിതചരിത്രമാണു് പ്രതിപാദ്യം. അവിടത്തെ ഷഷ്ട്യബ്ദപൂർത്തി വരെയ്ക്കുമുള്ള കഥാഭാഗമേ നിർമ്മിച്ചിട്ടുള്ളൂ. എത്രയെത്ര ഉൽകൃഷ്ട ങ്ങളായ സകല സംസ്കൃതകൃതികളിലും നാം കണ്ടു കണ്ടകിതരാകുന്നതു്?

ഭാഷാകവിത

സംസ്കൃതത്തിൽ മാത്രം ആദ്യകാലത്തു കവനം ചെയ്തിരുന്ന തമ്പുരാനെ ഭാഷാകവിതയിലേയ്ക്കു കൂടി ആകർഷിച്ചതു വെണ്മണി നമ്പൂരിപ്പാടന്മാരായിരുന്നു. രാമാശ്വമേധം കിളിപ്പാട്ടിൽ തുഞ്ചൻ, കുഞ്ചൻ ഇവർക്കു പുറമെ കവി വന്ദിക്കുന്നതു് അവർ രണ്ടുപേരേയും മാത്രമാണു്.

 “വെണ്മണിനമ്പൂരിമാർ, കേരളഭാഷാകവി
 വെണ്മണികളായുള്ളോർ, താതനും തനയനും,
 എന്മനസ്സിങ്കൽ ഭാഷാകവിതാവിശേഷങ്ങൾ
 നന്മയിൽ പ്രകാശിപ്പാൻ തുണച്ചീടേണം സദാ.”

എന്ന ഈരടികൾ നോക്കുക. അദ്ദേഹം ആ ഗുരുനാഥന്മാരെ എത്രയോ കവച്ചുവച്ചു. ദീപ്ത ങ്ങളായ അലങ്കാരങ്ങൾ മിന്നിത്തിളങ്ങുന്ന അദ്ദേഹത്തിന്റെ കവിതയിൽ സുന്ദരമായ സ്വഭാവോക്തിക്കു പ്രാധാന്യമുണ്ടു്.

49.5സോമതിലകം ഭാണം

കൊച്ചുണ്ണിത്തമ്പുരാന്റെ ഭാഷാകാവ്യങ്ങളിൽ കുറേയധികം മെച്ചപ്പെട്ടതാണു് അദ്ദേഹത്തിന്റെ ആദ്യകാലത്തെ കൃതിയായ ഈ ഭാണം. അതിൽ 366 ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. അതിനു മുൻപു് അദ്ദേഹം ഭദ്രോത്സവം എന്നൊരു നാടകവും മറ്റൊരു ഭാണവും ഒരു ചമ്പുവും ഉണ്ടാക്കീട്ടുള്ളതായി പറയുന്നുണ്ടു്. അവയെപ്പറ്റി ഇപ്പോൾ ആർക്കും യാതൊരറിവുമില്ല. ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു് എന്റെ ആദരാതിശയം വ്യക്തമാക്കാം.

  1.  “താനേ നാണിച്ചൊഴിഞ്ഞും തരമൊടുമവിടെ
     ത്തന്നെ പിന്നെപ്പതിഞ്ഞും
     സാനന്ദം തെല്ലിടഞ്ഞും സപുളകമധികം
     പ്രേമഭാരം ചൊരിഞ്ഞും
     ഊനംകൂടാതെ ഭംഗ്യാ രഹസി ദയിതനെ
     ക്കണ്ടു കൊണ്ടാടുമോമ
     ന്മാനേലുംകണ്ണീമാർക്കുള്ളൊരു കടമിഴികൾ
     ക്കെപ്പൊഴും കൂപ്പിടുന്നേൻ.”
  2.  “തുള്ളിച്ചാടിക്കളിച്ചും തുടുതുടെ വിലസും
     ദേഹമിട്ടൊന്നുലച്ചും
     വെള്ളച്ചുട്ടുള്ള നെറ്റിത്തടമുടയ മുഖം
     നീർത്തിനീർത്തിപ്പിടിച്ചും
     ഉള്ളിൽച്ചാഞ്ചല്യമില്ലാതുരുതരസുഖമായ്
     പ്പൈക്കളോടൊത്തിണങ്ങി
     ത്തള്ളിച്ചാഞ്ചാടി നേരിട്ടൊരു വൃഷഭമിതാ
     മത്തനായെത്തിടുന്നു.”
  3.  “ചില്ലീവില്ലെന്നു പൊക്കിച്ചുളിവൊടുമിഴികൊ
     ണ്ടൊന്നു മേല്പോട്ടു നോക്കി
     ത്തെല്ലീ രോമാഞ്ചമോടും കുറുനിരയൊരു കൈ
     കൊണ്ടു ചിക്കെന്നു ചിക്കി
     മല്ലീബാണന്റെ കേളിക്കരികിലൊരുവനെ
     ത്താൻ വരുത്തീടുവാനായ്
     സല്ലീലാഹാസവും പൂണ്ടിവൾ കവിത നിന
     യ്ക്കുന്നു ചെറ്റെന്നു തോന്നും.”
  4.  “തങ്കമാല നവകുങ്കുമം കനകകങ്കണാദികളലങ്കരി
     ച്ചങ്കുരിച്ച കുതുകം കലർന്നു വിലസും കരംഗമിഴി മങ്കു കേൾ
     പങ്കജാസ്ത്രനു വളം കൊടുക്കുമൊരു നിൻകടക്ഷമതു ശങ്കുവി
     ട്ടെങ്കൽ വന്നു സതതം കളിക്കിൽ മമ സങ്കടങ്ങളഖിലം കെടും.”
  5.  “താളത്തോടൊത്തിണങ്ങും മണിവളകളെഴും
     കയ്യൂകൊട്ടും ചവിട്ടും
     മേളത്തോടീ മൃദംഗാദികളൊടു സരസം
     ചേർന്ന പാട്ടും പകിട്ടും  ഓളത്തോടൊത്ത ചില്ലീനടനവുമെഴുമീ
     നാരിമാർകേളി കണ്ടാൽ
     മേളത്തോളഗ്നിഹോത്രിപ്രവരനുമിളകും
     ഹന്ത! ചിത്തം വിചിത്രം.”  “കാലേ കുളിച്ചതിനു കാരണമെന്തു ചൊല്ക
     ചാലേ ചലൽകമലചാരുദലാക്ഷിയാളേ!
     ബാലാർക്കകോടിയുടെ കാന്തികലർന്നിടുന്ന
     ശൈലാത്മജാഭജനമോ ജനമോഹനാംഗി?”

എന്ന പ്രസിദ്ധമായ പദ്യം ഈ ഭാണത്തിലുള്ളതാണു്. ഗ്രന്ഥകാരന്റെ വൈദൂഷ്യത്തിനു നിദർശനമായി ചില സംസ്കൃതശ്ലോകങ്ങൾ അങ്ങിങ്ങു ഘടിപ്പിച്ചിട്ടുണ്ടെന്നു മാത്രമല്ല, “തവ സുചരിതമാംഗുലീയ നൂനം” എന്ന ശാകുന്തളപദ്യത്തിലെ “അംഗുലീഷു” എന്ന പദത്തിന്റെ സൂക്ഷ്മാർത്ഥവും വിവരിച്ചിരിക്കുന്നു. കാമദേവപരമായ ഒരു ഭുജംഗപ്രയാതസ്തോത്രവും പ്രസ്തുതകൃതിയിൽ അടങ്ങീട്ടുണ്ടു്. സോമതിലകം ഭാണത്തിനും വെണ്മണിമഹന്റെ കാമതിലകം ഭാണത്തിനും തമ്മിലുള്ള ചില വ്യത്യാസങ്ങൾ ഞാൻ മുൻപു ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ.

49.6അംബോപദേശം

തമ്പുരാന്റെ അംബോപദേശവും വായിക്കുവാൻ രസമുള്ളതാണു്. താഴെച്ചേർക്കുന്ന പദ്യങ്ങൾ നോക്കുക.

 “പെറ്റീടൊലാ ഝടിതി നീ മകളേ! നിനച്ചാൽ
 തെറ്റീടുമീയുടലുലഞ്ഞുകുഴഞ്ഞുപോകും
 തെറ്റെന്നു കൂമ്പുകളെടുത്തു കുലച്ച വാഴ
 യ്ക്കറ്റം വരുന്നതിനു താമസമെന്തു പിന്നെ?”  “ആണുങ്ങളെക്കനകഭൂഷകൾ കെട്ടിടാതെ
 കാണിച്ചീടൊല്ല മകളേ! പുതുമേനി തെല്ലും
 ചേണാർന്ന ദീപഗണമറ്റൊരു പൂരവേല
 കാണുന്നവർക്കു ബഹുനീരസമാകുമല്ലോ.”
നാടകങ്ങൾ

ശ്രീരാമപട്ടാഭിഷേകവും, പാഞ്ചാലീസ്വയംവരവും, അജ്ഞാതവാസവും കണ്ടുകിട്ടീട്ടില്ല. 1066 കന്നിമാസം 15-ാം൹ 150-ൽചില്വാനം ശ്ലോകങ്ങളടങ്ങിയ പാഞ്ചാലീസ്വയംവരം അഞ്ചങ്കത്തിലും, തുലാം 19-ാം൹ 320-ൽ ചില്വാനം ശ്ലോകങ്ങളോടു കൂടി അജ്ഞാതവാസം പത്തങ്കത്തിലും ദ്രുതകവിതാപരീക്ഷയിൽ സംബന്ധിച്ചു് എഴുതിയതായി അറിയാം. ബാക്കിയുള്ള നാലു നാടകങ്ങളിൽ ആദ്യം കല്യാണീനാടകവും രണ്ടാമതായി ഉമാവിവാഹവും മൂന്നാമതായി ഫൽഗുനവീര്യവും അവസാനമായി മധുമംഗലവും പ്രസിദ്ധപ്പെടുത്തി. 1064-നും 1066-നും ഇടയ്ക്കാണു് അവരുടെ രചന. കല്യാണീനാടകത്തിലും മധുരമംഗലത്തിലും ഉൽപാദ്യമാണു് ഇതിവൃത്തം. പ്രഖ്യാപിതമല്ലാത്ത പ്രതിപാദ്യം ആദ്യമായി ഭാഷയിൽ നാടകരൂപത്തിൽ ആവിർഭവിച്ചതു കല്യാണീനാടകത്തിലാണ് എന്നൊരു മേന്മ അതിനുണ്ടു്. എന്നാൽ സദാചാരഭഞ്ജകങ്ങളായി തോന്നുന്ന ചില രംഗങ്ങളും അതിലുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. അവയെ തള്ളി ബാക്കി ഭാഗങ്ങൾ മാത്രമേ അക്കാലത്തെ നടന്മാർ അഭിനയിച്ചിരുന്നുള്ളു. അതിനുമുൻപ് അവർക്കു വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാനശാകുന്തളവും ചാത്തുക്കുട്ടിമന്നാടിയാരുടെ ജാനകീപരിണയവും മാത്രമേ ലഭിച്ചിരുന്നുള്ളുവല്ലോ. രാമമേനോൻ തഹശീൽദാർ കല്യാണിയെ കാമിക്കുന്നു; അവർ അന്യോന്യം പ്രണയബദ്ധരായി ഒടുവിൽ ദാമ്പത്യത്തിൽ എത്തിച്ചേരുന്നു. കല്യാണി കുലടയല്ല. പാത്രങ്ങൾക്കു പ്രായേണ തന്മയത്വമുണ്ടു്. വങ്കനും വഷളനുമായ കോരപ്പൻ നായരെയും കാമഭ്രാന്തനായ വെങ്കപ്പരായരെയും മറ്റും ആരും മറക്കുകയില്ല. അഞ്ചാമങ്കത്തിൽ ഒരു ക്രിമിനൽ കേസ്സുവിസ്താരമുണ്ട്. ശ്യംഗാരത്തേക്കാൾ കവി പ്രകൃതത്തിൽ പ്രധാനമായി കരുതിയിരിക്കുന്ന രസം ഹാസ്യമാണ്. ഒന്നു രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു:

“ചേറുപിരണ്ടു മുഷിഞ്ഞൊരു കീറത്തുണിയും പുതച്ചു ചൂലേന്തി
ഈറ പെരുത്തിടുമെന്നുടെ പാറുവതാ മച്ചിയുണ്ടിഹ വരുന്നു.”  അങ്ങേക്കരയ്ക്കലിടതിങ്ങി ഞെരുങ്ങിനില്ക്കും
 തെങ്ങിന്മടൽത്തല കുറച്ചു കുറച്ചിളക്കി
 ശൃംഗാരമോടു പുഴയിൽത്തിരമാല ചാർത്തീ
 ട്ടിങ്ങീവരും ചെറിയ വായു മഹാവിശേഷം.”

കോന്തക്കുറുപ്പെന്ന ഒരു തറവാട്ടുകാരണവന്റെ ആഭിജാത്യ ഭ്രമം നിമിത്തം ആ തറവാട്ടിനു സംഭവിക്കുന്ന അധഃപതനത്തിൽ നിന്നു് അതിനെ അദ്ദേഹത്തിന്റെ അനന്തരവൾ നാരായണിയുടെ ഭർത്താവായ മധുരമംഗലം നമ്പൂരി ഉദ്ധരിക്കുന്നതാണ് മധുരമംഗലത്തിലെ ഇതിവൃത്തം. അതിൽ കവിയുടെ സ്വാനുഭവവും പ്രതിബിംബിച്ചിട്ടുണ്ടെന്നു് അഭിജ്ഞന്മാർ പറയുന്നു. “ഗാഢഹാസ്യരസകൗതുകം പരം കൂടുമിദ്വിജസദസ്സിൽ” അഭിനയിക്കുവാൻ നിർമ്മിച്ചതാക കൊണ്ടു് അതിലും ഹാസ്യരസത്തിനു തന്നെയാണ് പ്രാധാന്യം. തന്റെ പുരസ്കർത്താവായ കൊച്ചി കൊച്ചുണ്ണിത്തമ്പുരാന്റെ അനന്തരവൻ കുഞ്ഞുണ്ണിരവിവർമ്മത്തമ്പുരാന്റെ അപേക്ഷയനുസരിച്ചാണ് പ്രസ്തുത നാടകം രചിച്ചതു്. കോമപ്പറമ്പിൽ കോന്തക്കുറുപ്പിന്റെ കവനഭ്രാന്താണ് നാലാമങ്കത്തിലെ പ്രതിപാദ്യം.കവിതയ്ക്കു എന്താണു് വിഷയം വേണ്ടതു് എന്നു് എടശ്ശേരി നമ്പൂരി ചോദിക്കുമ്പോൾ “വിഷോ? എന്തു വിഷം? കവിതയ്ക്കു വിഷം വേണോ?” എന്നു് അയാൾ തട്ടിമൂളിക്കുന്നു. പിന്നെയും തുടരെത്തുടരെ പല വിഡ്ഢിത്തരങ്ങളും ആ മനുഷ്യൻ എഴുന്നള്ളിക്കുന്നുണ്ടു്. അഞ്ചാമങ്കത്തിൽ ശങ്കരഭഗവൽപാദരുടെ ജീവിതചരിത്രം സംഗ്രഹിച്ചിരിക്കുന്നു.

 “പോകുന്നേൻ പുതുമേഘവേണി! കടുമാകാണിക്കുമെൻ കാര്യമൊ
 ന്നാകുന്നീല; നമുക്കു ജോലി പലതുണ്ടില്ലത്തു മല്ലേക്ഷണേ!
 ചാകുന്നോളവുമുള്ളിലിങ്ങനെ മനോരാജ്യം വിചാരിച്ചു നിൻ
 പാകം നോക്കിയിളിച്ചെനിക്കിഹ വൃഥാവാസം പ്രയാസം പ്രിയേ!”

എന്ന പ്രസിദ്ധമായ ശ്ലോകം ഇതിലുള്ളതാണു്. ആകപ്പാടെ നോക്കുമ്പോൾ കവിതാഗുണം കൊണ്ടു് ഒന്നാമതായി ഉമാവിവാഹവും രണ്ടാമതായി കല്യാണീനാടകവും മൂന്നാമതായി മധുരമംഗലവും നില്ക്കുന്നു. ഫല്ഗുനവീര്യത്തിന്റെ നില ചുവട്ടിലാണെന്നു പറയണം. ഉമാവിവാഹത്തിൽ ചില നല്ല ശ്ലോകങ്ങളുണ്ടു്. അവയിൽ മൂന്നെണ്ണം ചുവടെ ചേർക്കുന്നു.

നാന്ദി:

 “കാടൊക്കെത്തെണ്ടിമണ്ടിക്കമലനയനനെ
 ക്കണ്ടുകിട്ടാഞ്ഞു കൂട്ടം
 കൂടിക്കൊണ്ടങ്ങു ഗോപീജനമഥ പുളിനേ
 വാണുടൻ കേണീടുമ്പോൾ
 കോടിക്കാമപ്രകാശം തടവീടുമുടലിൻ
 ധാടിയോടെത്തിയോര
 ക്കോട്രക്കാർവർണ്ണനെന്നെക്കരുണയോടു കടാ
 ക്ഷിച്ചു രക്ഷിച്ചിടട്ടേ.”

സൂത്രധാരൻ നടിയോടു്:

 “പട്ടൊന്നൻപോടുടുക്കും പുനരതു തെളിയാ
 ഞ്ഞിട്ടഴിക്കും കചത്തെ
 ക്കെട്ടും പെട്ടെന്നഴിക്കും കറിതൊടുമുടനേ
 മായ്ക്കുമീവണ്ണമായി
 കഷ്ടം കാലം കഴിക്കുന്നതു കഠിനമെടോ
 നേരമോ പാതിരാവാ
 യൊട്ടും നില്ക്കാതെ വേഗാലിനി വരിക ചലാ
 പാങ്ഗി നീ രങ്ദേശേ.”

ശിവനെ വന്ദിക്കുന്ന പാർവതി:

 “മങ്ങാതണിഞ്ഞ മലർമാലകൾ തൂങ്ങുമാറു
 ഭങ്ഗ്യാ കരിങ്കുഴലെഴും തലയൊന്നു താഴ്ത്തി
 ശൃങ്ഗാരസാരമയി മാമലമങ്ക മാനി
 ച്ചങ്ഗാരലോചനപദങ്ങൾ വണങ്ങിടുന്നു.”

ഒട്ടു വളരെ ആശയങ്ങൾ കുമാരസംഭവത്തിൽ നിന്നു വായ്പ വാങ്ങീട്ടുണ്ടു്. അതിന്റെ ആവശ്യം കവിക്കില്ലാത്ത സ്ഥിതിക്കു് ആ പരിപാടിയുടെ ഉദ്ദേശ്യം അജ്ഞാതമായിരിക്കുന്നു. കുമാരസംഭവം അഞ്ചാം സർഗ്ഗത്തിലെ ഇതിവൃത്തം ശിവനെക്കൊണ്ടു വിഷ്ണുവിനോടു പറയിച്ചതും പന്തിയായില്ല. എങ്കിലും സർവാങ്ഗീണമായ ഒരുതരം സാരസ്യം ഈ നാടകത്തിനുണ്ടു്.

49.7മഹാകാവ്യങ്ങൾ: പാണ്ഡവോദയം

കൊച്ചുണ്ണിത്തമ്പുരാന്റെ കാവ്യങ്ങളിൽ അതിപ്രധാനമെന്നു പറയേണ്ടതു പാണ്ഡവോദയത്തെയാണു്. ആകെ 22 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന ആ കാവ്യം ലക്ഷ്മീഭായി എന്ന മാസികയിൽ ആദ്യം ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തി. ആ മാസികയുടെ ഓരോ ലക്കവും പുറപ്പെടാനുള്ള സമയമാകുമ്പോൾ അതിന്റെ പ്രവർത്തകന്മാരുടെ ആവശ്യം പോലെ ആ ലക്കത്തിലേയ്ക്കു വേണ്ട ശ്ലോകങ്ങൾ കവി നിർമ്മിച്ചുകൊടുക്കും. അങ്ങനെ 1085-ആ മാണ്ടു മേടം ലക്കത്തിൽ തുടങ്ങി 1088 മീനം ലക്കത്തിൽ പ്രസ്തുത കാവ്യം അവസാനിപ്പിച്ചു. 1087 മീനം 9-ാം തീയതിയാണു് ഗ്രന്ഥം പൂർത്തിയായതെന്നുള്ളതു “സമ്പന്നപാണ്ഡൂദയം” എന്ന കലിവാചകത്തിൽ നിന്നറിയാം. പാണ്ഡവന്മാരുടെ അജ്ഞാതവാസാരംഭം മുതൽ ഉത്തരാസ്വയംവരം വരെയുള്ള വിരാടപർവം കഥയാണു് പ്രതിപാദ്യം. പതിനൊന്നാം സർഗ്ഗത്തിൽ അനേകം ഗഹനങ്ങളായ ചിത്രശ്ലോകത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ആറാം സർഗ്ഗത്തിൽ അഭൗമമായ പ്രാഗല്ഭ്യത്തോടുകൂടിയാണു് കയ്യാങ്കളി വർണ്ണിച്ചിരിക്കുന്നതു്. ഏഴാം സർഗ്ഗത്തിലെ കീചകന്റെ സൈരന്ധ്രീവർണ്ണനത്തിൽ ഗ്രന്ഥകാരന്റെ കല്പ്നാവൈഭവം തികച്ചും തെളിഞ്ഞിട്ടുണ്ടു്. എല്ലാ രസങ്ങളേയും അവസരോചിതമായി അവിടവിടെ പ്രപഞ്ചനം ചെയ്തിരിക്കുന്നു. പതിനഞ്ചാം സർഗ്ഗത്തിൽ ഗന്ധർവഭീതി നിമിത്തം മാത്സ്യപുരവാസികൾ പെടുന്ന പാടു് ഏറ്റവും മനോമോഹനമാണു്. കുറെക്കൂടി നിഷ്കർഷിച്ചിരുന്നുവെങ്കിൽ പ്രസ്തുതമഹാകാവ്യം അതിന്റെ പ്രണേതാവിനു് ഇന്നത്തേതിലും എത്രയോ അധികം സ്വാദിഷ്ഠമാക്കാമായിരുന്നു. അങ്ങനെ ചെയ്തിട്ടില്ലെങ്കിലും ഉള്ളതുകൊണ്ടു് ഓണമുണ്ണാൻ വേണ്ട വിഭവം അതിൽ നമുക്കു് ആ മഹാനുഭാവൻ സമ്മാനിച്ചിട്ടുണ്ടു്. നോക്കുക ചില ശ്ലോകങ്ങൾ.

സൈരന്ധ്രി:

 “മാണിക്യരത്നോപമകാന്തി ചിന്തും
 പാണിദ്വയത്താൽ ദ്രുപദേന്ദ്രപുത്രി
 ചേണാർന്ന ഭങ്ഗ്യാ മെഴുകും ദശായാം
 ചാണം പരം കുങ്കുമമായ്ച്ചമഞ്ഞു.”

ശ്രീകൃഷ്ണനും യശോദയും:

 “മന്ദീച്ചീടാതെ കുഞ്ഞിക്കുടവയറിൽ മുല
 പ്പാൽ നിറച്ചിട്ടു പൂർണ്ണാ
 നന്ദാലങ്കേ കിടക്കും പരമപുരുഷനാ
 കുന്ന തൻ നന്ദനന്റെ
 കുന്ദശ്രീമന്ദഹാസോല്ലസിതമുഖശര
 ച്ചന്ദ്രനെക്കണ്ടുകണ്ടാ
 നന്ദിക്കും നന്ദജായാനയനകുവലയ
 ത്തിന്റെ പുണ്യം ന ഗണ്യം.”
49.8മറ്റു മൂന്നു മഹാകാവ്യങ്ങൾ

സാവിത്രീമാഹാത്മ്യം ഒൻപതു സർഗ്ഗങ്ങളടങ്ങിയ ഒരു കാവ്യമാണു്.അതും ലക്ഷ്മീഭായി യോടു് അനുബന്ധിച്ചു തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. “നീശജായേംബദൃഷ്ട്യാ” എന്ന കലിദിവസം അതായതു് 1089 മിഥുനം 18-ാം൹ ആ കാവ്യം പൂർത്തിയായി. ഏഴാം സർഗ്ഗത്തിലെ വനവർണ്ണന കേമമായിട്ടുണ്ടു്. മാതൃക കാണിക്കാൻ ഒരു ശ്ലോകം ചുവടേ ചേർക്കുന്നു:

 “രാകാശശിച്ഛവിലസന്നിജമന്ദഹാസ
 ശ്രീകാന്തികൊണ്ടു നൃവരാശയഗഹ്വരത്തിൽ
 ശോകാന്ധകാരമിയലുന്നതു പോക്കിയേവം
 സ്തോകാക്ഷരാർത്ഥഘനമായരുൾചെയ്തു ദേവി.”

തിരുവിതാകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിസ്മാരകമായി രചിച്ച ഒരു ദീർഘകാവ്യമാണു് വഞ്ചീശവംശം. അതിൽ 21 സർഗ്ഗങ്ങൾ അന്തർഭവിക്കുന്നു. “നന്നായ്നീലാങ്ഗദാദ്യ” എന്ന കലിദിനത്തിൽ അതായതു് 1093-ാമാണ്ടു ചിങ്ങമാസം 8-ാം൹ ഗ്രന്ഥം സമാപ്തമായി. തിരുവിതാംകൂർ മഹാരാജവംശത്തിന്റെ ആദ്യകാലം മുതല്ക്കുള്ള ചരിത്രം അതിൽ ഐതിഹ്യത്തിൽ നിന്നു ലഭിക്കാവുന്നിടത്തോളമുള്ള വിവരങ്ങൾ സംഗ്രഹിച്ചു പ്രതിപാദിച്ചിട്ടുണ്ടു്. പതിനഞ്ചാം സർഗ്ഗത്തിലാണു് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ രാജ്യഭാരകഥ ആരംഭിക്കുന്നതു്. എട്ടാം സർഗ്ഗത്തിൽ ധർമ്മരാജാവിന്റെ വിദ്വൽപ്രോത്സാഹനത്തെപ്പറ്റിയുള്ള പലപുരാവൃത്തങ്ങളും എടുത്തു കാണിച്ചിരിക്കുന്നു. അവ മിക്കവാറും യഥാർത്ഥസംഭവങ്ങൾ തന്നെ. 16-ാം സർഗ്ഗത്തിലെ പ്രഭാതവർണ്ണനത്തിലും 17-ാം സർഗ്ഗത്തിലെ യക്ഷികഥയിലും കവി തന്റെ കലാവൈഭവം അതിന്റെ അത്യുച്ചകോടിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. തിരുവാലൂർ ക്ഷേത്രത്തിന്റെ നവീകരണവൃത്താന്തത്തിനു് ഒരു പൂർവപീഠിക എന്ന രീതിയിൽ പ്രതിപാദിതമായിരിക്കുന്ന തൃശ്ശൂർ പൂരപ്പറമ്പിലെ യക്ഷികഥ ഏതു സഹൃദയനും വായിക്കേണ്ടതാണു്. ചുവടേ ചേർക്കുന്നതു പണ്ടാരത്തിന്റെ വേഷത്തിൽ പ്രത്യക്ഷീഭവിക്കുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ചിത്രമാകുന്നു.

 “ഞൊണ്ടുന്ന കാലിലതിയായഴൽപൂണ്ടു പിച്ച
 തെണ്ടുംവിധൗ ഝടിതി പട്ടി കടിച്ച പുണ്ണും
 കുണ്ടുള്ള വൻകിണറിനൊത്ത പഴുത്ത കണ്ണും
 തെണ്ടും കരത്തിലതിലൊട്ടരിയൊട്ടു നെല്ലും;  വില്ലും തൊഴുംപടി ഞെളിഞ്ഞു വളഞ്ഞ പിന്നും
 തെല്ലും പ്രസാദമറിയാത്ത തുറിച്ച കണ്ണും
 ചൊല്ലുമ്പൊൾ വിക്കലുമഹോ! തലതേഞ്ഞ കോന്ത്രൻ
 പല്ലും പെടുന്നവനശേഷജനാപഹാസ്യൻ.”

ഗോശ്രീശാദിത്യചരിതം മദിരാശിയിൽ വച്ചു തീപ്പെട്ട കൊച്ചി രാമവർമ്മമഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി പ്രമാണിച്ചു് എട്ടു സർഗ്ഗത്തിൽ നിർമ്മിച്ച ഒരു കാവ്യമാണു്. “സാദരാലോലദൃഷ്ട്യാ” എന്ന കലിദിവസത്തിൽ അഥവാ 1093 ഇടവം 24-ാം൹ യാണു് അതു് എഴുതിത്തീർത്തതു്. ആ കാവ്യത്തിൽ വിഷവൈദ്യൻ കാരാട്ടു നമ്പൂരിയെപ്പറ്റിയുള്ള ഐതിഹ്യം നാലാം സർഗ്ഗത്തിൽ ചേർത്തിരിക്കുന്നു. ഗോശ്രീശാദിത്യചരിതവും ഇതരകാവ്യങ്ങൾ പോലെ യാതൊരു നിഷ്കർഷയുമില്ലാതെ ഏതാനും ദിവസങ്ങൾ കൊണ്ടു മാത്രമാണു നിർമ്മിച്ചതു്. അതുകൊണ്ടു “സഞ്ചാരയന്തി ചിലരിങ്ങകിലിന്റെ ധൂമം” എന്നും മറ്റുമുള്ള വരികൾ കടന്നുകൂടീട്ടുണ്ടെങ്കിലും ആ ന്യൂതതയൊന്നും അത്ര സാരമാക്കാനില്ല. താഴെക്കാണുന്ന ശ്ലോകങ്ങൾ ഒരു കൃഷിക്കാരനെ പരാമർശിക്കുന്നതാണു്.

 “വെട്ടും ലതാതരുഗണങ്ങളവൻ ചിലപ്പോ
 ളൊട്ടും കളങ്കമണയാതെ പരം കിളയ്ക്കും;
 കെട്ടും ചിലപ്പൊളുലയും ചിലതാഞ്ഞുതട്ടി
 മുട്ടും ചിലപ്പൊളവിടെപ്പലതും നനയ്ക്കും.  കഷ്ടിച്ചു മുട്ടു മറയുംപടി നീണ്ടുരുണ്ടു
 പുഷ്ടിപ്പെടും ഭുജ, മുരസ്സധികം വിശാലം;
 മുഷ്ടിക്കൊതുങ്ങുമുര, വൻകൃഷിവേല ചെയ്വാൻ
 സൃഷ്ടിച്ചതാണെവനെഴും തനുവെന്നു തോന്നും.”

ഇതു കാരണവന്റെ അവസ്ഥയാണു്. അനന്തരവരുടേയോ? കവി പറയുന്നു:

 “നീങ്ങില്ലൊരിക്കലുമൊരുത്തനു നീരിളക്കം
 പാങ്ങില്ലൊരുത്തനൊരു മുണ്ടു പിഴിഞ്ഞുടുപ്പാൻ;
 വീങ്ങിത്തുടങ്ങുമൊരുവന്നടിയെണ്ണ തേച്ചാ
 ലേങ്ങിത്തുടങ്ങുമപരൻ പടി കേറിയാലും.”
49.9മലയാംകൊല്ലം

ഈ നാലു കാവ്യങ്ങൾക്കു മുൻപാണു് ഇവയിൽനിന്നെല്ലാം പല പ്രകാരത്തിലും വിഭിന്നമായ മലയാം കൊല്ലത്തിന്റെ നിർമ്മിതി. 1082-ാമാണ്ടു ചിങ്ങമാസം മുതൽ അതു രസികരഞ്ജിനി എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. കേരളത്തിൽ ഓരോ മാസത്തിലുമുള്ള പ്രകൃതിവിലാസങ്ങൾ മുതലായവയെ വർണ്ണിച്ചു് അതതു മാസത്തിനു് അനുരൂപമായ ഒരു ദേവതാസ്തുതിയോടുകൂടി അവസാനിക്കുന്നതും അങ്ങനെ 12 സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്നതുമായ പ്രസ്തുത കാവ്യം കൊച്ചുണ്ണിത്തമ്പുരാന്റെ സൂക്ഷ്മനിരീക്ഷണം, വർണ്ണനാചാതുര്യം, കല്പനാവൈഭവം തുടങ്ങിയ വിവിധ സിദ്ധികളുടേയും, വൈദ്യം ജ്യോത്സ്യം, സ്മൃതികൾ, ഇതിഹാസപുരാണങ്ങൾ മുതലായവയിലുള്ള അസാധാരണമായ അവഗാഹത്തിന്റേയും വിസ്മായാവഹമായ നിദർശനമാകുന്നു. സ്വഭാവോക്തിയെ ചിലപ്പോൾ ശ്ലേഷോക്തി പുറംതള്ളുന്നു എന്നും, വെണ്മണിക്കൃതികളിലെന്ന പോലെയുള്ള ദീർഘമായ സ്ത്രീസംബോധനം ചില ശ്ലോകങ്ങൾക്കു മാറ്റു കുറയ്ക്കുന്നു എന്നും ചില വൈകല്യങ്ങളില്ലെന്നില്ല. എന്നാൽ അവ മറ്റുള്ള ഗുണസാമഗ്രിയിൽ മറഞ്ഞുപോകുക തന്നെ ചെയ്യുന്നു. താഴെക്കാണുന്ന ഭാവഗർഭമായ ശ്ലോകം മങ്ഗലാചരണരൂപത്തിൽ ഘടിപ്പിച്ചിട്ടുള്ളതാണു്.

 “തുങ്ഗശ്രീസിംഹവാഹേ! തുഹിനശിഖരിതൻ
 കന്യകേ! നിസ്തുലാഭേ!
 ഭൃങ്ഗാളീകേശി! ചാപഭ്രുകടി! മൃഗസമാ
 നാക്ഷി! കുംഭസ്നേനാഢ്യേ!
 ഭങ്ഗം മീനാക്ഷി! തീർത്തീടുക മധുമഥനാ
 ജാദികേവ്യേ! വൃഷാങ്കോ
 ത്സങ്ഗശ്രീസൗമ്യഗേഹേ! ഭഗവതി! കടകോ
 ല്ലാസിഹസ്തേ നമസ്തേ!”

ആദ്യന്തം വസന്തതിലകവൃത്തമാണു് പ്രയോഗിച്ചിരിക്കുന്നതു്.

49.10രുക്മിണീസ്വയംവരം മധ്യോത്തരഭാഗങ്ങൾ

രുക്മിണീസ്വയംവരം വളരെ ദീർഘവും വൃഥാസ്ഥൂലമെന്നു പോലും പറയാവുന്നതുമായ ഒരു ഭാഷാകാവ്യമാണു്. അതിൽ മൂന്നു ഭാഗങ്ങളുണ്ടു്. ഒന്നാം ഭാഗം കാത്തുള്ളിൽ അച്യുത മേനോനും രണ്ടും മൂന്നും ഭാഗങ്ങൾ കൊച്ചുണ്ണിത്തമ്പുരാനും ഉണ്ടാക്കി. വളരെ വേഗത്തിൽ എഴുതിത്തീർത്ത പ്രസ്തുതകൃതി അവസാനിച്ച ദിവസം “മോദാലത്രഗജാസ്യ” എന്ന കലി വചനം കൊണ്ടു് 1091 ധനു 4-ാം൹യാണെന്നു കാണാം. മധ്യഭാഗത്തിൽ 269-ാം, ഉത്തരഭാഗത്തിൽ 293-ഉം ശ്ലോകങ്ങളുണ്ടു്. മധ്യഭാഗത്തിലെ സദ്യവർണ്ണനവും മറ്റും വിശേഷമായിരിയ്ക്കുന്നു.

49.11സുന്ദരകാണ്ഡം തുള്ളൽ

ഏറ്റവും മനോഹരമാണു് തമ്പുരാന്റെ സുന്ദരകാണ്ഡം തുള്ളൽ. എട്ടു കളങ്ങൾ അടങ്ങീട്ടുള്ള ഈ കൃതിയിൽ ആദ്യത്തെ രണ്ടും പറയൻ മട്ടിലും മൂന്നു മുതൽ അഞ്ചു വരെ ശീതങ്കൻ മട്ടിലും ബാക്കി മൂന്നു കളങ്ങളും ഓട്ടൻ മട്ടിലും നിബന്ധിച്ചിരിക്കുന്നു. “മാംസളതരദയ” എന്ന കലി വാചകത്തിൽ നിന്നു പ്രസ്തുത കൃതി പൂർത്തിയായതു് 1076 കുംഭം 11-ാം൹ യാണെന്നു വരുന്നു. കവിയുടെ ഗംഗാപ്രവാഹസദൃശമായ വചോധോരണി അതിന്റെ പരമകാഷ്ഠയിൽ കാണണമെന്നുള്ളവർ അതിലെ ആദ്യത്തെ രണ്ടു കളങ്ങൾ വായിക്കണം. നോക്കുക ഒരു ഭാഗം:

 “ക്ഷത്രിയോത്തമനായ ദശരഥപുത്രനുത്തമകീർത്തിമാൻ
 ചിത്രവിമലചരിതകൗശികസത്രരക്ഷണശിക്ഷിതൻ
 രാമനരികുലഭീമനഭിനതകാമപൂരണതൽപരൻ
 സീമവിട്ടഭീരാമഗുണഗണധാമമൂത്തമപൗരുഷൻ,  അംഗുലീയകമേകി വിരവിനൊടങ്ങയച്ചൊരു മാരുതി
 തുങ്ഗമതിരിപുങ്ഗകരനതിമങ്ഗളൻ കപിപുങ്ഗവൻ
 കോടിനിശിചരദലനകരനഖകോടികലിശഭയങ്കരൻ
 പ്രൗഢരഘുപതികിങ്കരൻ ഭുവി ശങ്കരംശസമുത്ഭവൻ.”

ഫലിതം കൊണ്ടു് അനുസ്യൂതമായി പെരുമാറിയിട്ടില്ലെന്നു് ഒരു ദോഷം ഇല്ലെന്നില്ല. എട്ടാം കളത്തിൽ സുമതിയുടെ രാജ്യഭാരം വർണ്ണിച്ചിട്ടുള്ള അധോലിഖിതങ്ങളായ ചില വരികളിൽ അതിന്റെ നിഴലാട്ടം കാണുന്നുണ്ടെങ്കിലും അതു് അദ്ദേഹത്തിന്റെ സഹജസിദ്ധികളിൽ ഒന്നല്ല.

 “പാട്ടിൽപ്പല പല പിട്ടു പറഞ്ഞും
 ആട്ടിൻകാട്ടം ഗുളിക കൊടുത്തും
 നാട്ടിലിരിക്കും വിത്തമശേഷം
 തട്ടിയെടുക്കും വൈദ്യൻ നാസ്തി.  മുക്കും മൂളഹുമൂർദ്ധ്വേക്ഷണവും
 മുക്കാലും പിഴയായൊരു വാക്കും
 ഉൽക്കടസഭയിൽ വിയർപ്പും ബഹുദു-
 സ്തർക്കവുമുള്ളൊരു ശാസ്ത്രിയുമില്ല.  മുലയില്ലാഞ്ഞൊരു മേലാപ്പിടലും
 തലയില്ലാഞ്ഞൊരു വാർമുടികെട്ടും
 നിലവിട്ടുള്ളൊരു കൂളക്കളിയും
 ചലമിഴിമാർക്കില്ലക്കാലത്തിൽ.”

ഇങ്ങനെയാണു് ആ വർണ്ണനത്തിന്റെ ഗതി.

49.12ഭദ്രോൽപത്തി കിളിപ്പാട്ടു്

ഭദ്രോൽപത്തി തമ്പുരാന്റെ ആദ്യത്തെ കിളിപ്പാട്ടാണു്. അതിൽ മാത്രമേ കിളിയെക്കൊണ്ടു കഥ പറയിക്കുന്നുള്ളൂ. 1068-ലാണു് അതിന്റെ പ്രസിദ്ധീകരണം. അഞ്ചു പാദമായി ഗ്രന്ഥം വിഭജിക്കപ്പെട്ടിരിക്കുന്നു. ചതുർത്ഥപാദത്തിൽ നിന്നു ചില വരികൾ ഉദ്ധരിക്കാം. കളകാഞ്ചിയാണു് കവിക്കു് ഏറ്റവും സ്വാധീനമായ ഭാഷാവൃത്തം.

 “ഉടനസുരപതിയുടയ കഠിനതരമാറിൽനി
 ന്നൂക്കോടു ചാടും കടുംചോരയൊക്കെയും
 വടിവിനൊടു ശമനരിപുതനായ വലുതായുള്ള
 വട്ടകതന്നിലൊഴിച്ചു കുടിച്ചുടൻ
 ഉടലധികമുദിതമുടനുരനിളകിടുംവിധ
 മുഗ്രാട്ടഹാസവും ചെയ്തിതു ചണ്ഡിക.
 കഠിനതരമസുരപതിയുടയ ഹൃദയാംബുജം
 കാളീഭഗവതി കുത്തിപ്പറിച്ചുടൻ
 നിജനിടിലതടനയനമതിലെരിയുമഗ്നിയിൽ
 നീറിവേവുംവിധമിട്ടങ്ങു ചുട്ടുടൻ
 കരൾതളിരിൽ നിറയുമൊരു രുചിയൊടു ഭുജിച്ചുതേ
 കാട്ടാളനാരി കിഴങ്ങു തിന്നുംവിധം.”
49.13ലക്ഷ്മീസ്വയംവരം കിളിപ്പാട്ടു്

ലക്ഷ്മീസ്വയംവരവും നല്ല ഒരു കിളിപ്പാട്ടാണു്. കവിതാഗുണം കൊണ്ടു് അതും ഭദ്രോൽപത്തിയും രണ്ടു കൃതികളും തുല്യങ്ങളാണെങ്കിലും ലക്ഷ്മീസ്വയംവരം പ്രായേണ അർത്ഥാലങ്കാരപ്രധാനമാണെന്നു പറയേണ്ടതുണ്ടു്. നാരായണവരണമെന്ന തൃതീയപാദത്തിലെ പദഘടനാവൈഭവം പ്രത്യേകം പ്രശംസനീയമായിരിക്കുന്നു.

 “വലമഥനവിമലമണിഗണസമകടാക്ഷങ്ങൾ
 വർഷിച്ചിടും നേത്രനീലാംബുജങ്ങളും
 മണിമുകുരതരസുഷമ കളമൊറ്റു കവർന്നിടും
 മാണിക്യകുണ്ഡലോല്ലാസിഗണ്ഡങ്ങളും
 പവിഴമണികളുടെ പരമരുണകിരണവ്രജം
 പാതാളരന്ധ്രേ പതുങ്ങും ചൊടികളും
 മഹിതശരദുദിതസിതകരകരപരിസ്ഫുര
 ന്മന്ദസ്മിതങ്ങളും മന്ദാക്ഷഭാവവും
 കുലരുമതിസുഭഗതരമുഖകമലമേന്തിയും
 കല്യാണശൃങ്ഗാരസാരത്തിൽ നീന്തിയും
 കൊടിനടുവിനുടയ തനുവധികതനുവാകയാൽ
 കൊങ്കകൾതൻകനം താങ്ങാൻ കുഴങ്ങിയും
 മദതരളലളിതകളഹംസപ്പിടപോലെ
 മന്ദം നടന്നങ്ങു ശോഭിച്ചു ഭാർഗ്ഗവി.”

ലക്ഷ്മീസ്വയംവരം 1082-ാമാണ്ടിലാണു് രചിച്ചതു്.

49.14രാമാശ്വമേധം

രാമാശ്വമേധമാണു് തമ്പുരാന്റെ കിളിപ്പാട്ടുകളിൽ അത്യന്തം ദീർഘമായിട്ടുള്ളതു്. പാത്മ പുരാണം പാതാളഖണ്ഡത്തിൽ ശേഷവാത്സ്യായനസംവാദരൂപമായിട്ടുള്ള മൂലകഥയുടെ പരാവർത്തനമാണു് പ്രസ്തുതകൃതി. ആകെയുള്ള 68 അധ്യായങ്ങൾ വൃത്തഭേദത്തെ പുരസ്കരിച്ചു് അഞ്ചു ഭാഗങ്ങളായി രചിച്ചിരിക്കുന്നു. 1099 വൃശ്ചികം 15-ാം൹ “ദേവീ രാമാങ്ഗം രാജ്യം” എന്ന കലിയിലാണു് ഗ്രന്ഥം പൂർത്തിയായതു്. അതിൽപ്പിന്നീടു കവി ഗ്രന്ഥരൂപത്തിൽ ഒന്നും എഴുതിയതായി അറിവില്ല. അനുവാചകന്മാരെ ആദ്യന്തം പുളകംകൊള്ളിക്കുന്ന ഒരു കാവ്യമല്ല രാമാശ്വമേധം. എങ്കിലും ഭംഗിയുള്ള ഭാഗങ്ങളും ഇല്ലാതില്ല. അഞ്ചാമധ്യായത്തിൽ കവി ശ്രീരാമന്റെ രാജ്യഭാരം വർണ്ണിക്കുന്ന അവസരത്തിൽ മൂലത്തിലെ ശ്ലിഷ്ടപദങ്ങളെ ആശ്രയിക്കാതെ ഭാഷാശ്ലേഷപ്രയോഗത്തിൽ നിമഗ്നനാകുന്നു.

 “മടിയങ്ങിരുന്നാലും മുണ്ടുടുത്താലുമുണ്ടാ-
 മിടി കാർമേഘങ്ങളിലക്കാലമടി കാലിൽ.
 മത്തനക്കാലം കൊണ്ടൽക്കൃഷികൾ തന്നിൽമാത്രം
 വൃത്തഭങ്ഗങ്ങളപ്പോൾ ഭോജനങ്ങളിൽമാത്രം.
 പോരതുകാലം ചതുരംഗത്തിൽ, കാറ്റേറ്റാടും
 തോരണങ്ങളിൽത്തന്നെ തമ്മിൽത്തല്ലക്കാലത്തിൽ.”

ഇങ്ങനെയാണു് ആ വർണ്ണനം തുടരുന്നതു്.

49.15ശ്രീമൽഭാഗവതം പാട്ടു്

ഇതാണു് തമ്പുരാന്റെ ഏറ്റവും ബൃഹത്തും എന്നാൽ അതോടൊപ്പംതന്നെ കവന മാധുര്യം കുറഞ്ഞതുമായ കൃതി. വിഷ്ണുഭാഗവതത്തിന്റെ ഭാഷാനുവാദമായ പ്രസ്തുതഗാനം ഭക്ത ന്മാർക്കു് പാരായണത്തിനു കൊള്ളാം. പ്രഥമസ്കന്ധത്തിലെ പ്രഥമാധ്യായം അനുഷ്ടുപ്പു വൃത്തത്തിലാണു് തർജ്ജമ ചെയ്തതെങ്കിലും ദ്വിതീയാധ്യായം മുതൽ മഞ്ജരിയിൽ എഴുതിത്തുടങ്ങി. മഞ്ജരികൊണ്ടു കൈകാര്യംചെയ്തു പരിചയം പോരാത്തതിനാലാണു് കവിത തീരെ ശോഭിക്കാതെ പോയതു്. ഒടുവിൽ ഭാഗവതമാഹാത്മ്യം സംസ്കൃതവൃത്തത്തിൽ ത്തന്നെ വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നു. ആ ഭാഗം രസനിഷ്യന്ദിയായിട്ടുമുണ്ടു്.

49.16ഇതരകൃതികൾ

മറ്റുള്ള കൃതികളെപ്പറ്റി വിശേഷിച്ചൊന്നും പറയേണ്ടതില്ല. അന്യാപദേശം, സൂര്യോദയം, മദനകേതനചരിതം ഇവ കണ്ടുകിട്ടീട്ടില്ല. ശീവൊള്ളിക്കൃതികളുടെ കൂട്ടത്തിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള മദനകേതനചരിതം ഭിന്നമാണു്. പ്രായേണ സംസ്കൃതത്തിൽ പ്രചുരപ്രചാരമായ 61 (കാന്ത)വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ചെറിയ ശാസ്ത്രകാവ്യമാണു് കാന്തവൃത്തം. ബൃഹത്സംഹിതയുടെ തർജ്ജമ മുഴുവനായിട്ടുണ്ടെന്നു തോന്നുന്നില്ല. 64 കലാവിദ്യകളുടെ സ്വരൂപം വിദ്യാകലാവിവരണത്തിൽ സംക്ഷിപ്ത മായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ബാലോപദേശം വിദ്യാർത്ഥികളുടെ ആവശ്യത്തെ പുരസ്കരിച്ചു് ആറു സർഗ്ഗങ്ങളിൽ എഴുതിയിട്ടുള്ള സദാചാരബോധകമായ ഒരു ലഘുകൃതിയാണു്. ഭാഷാശബ്ദശാസ്ത്രത്തെപ്പറ്റി ഉപരി പ്രസ്താവിക്കും. അലങ്കാരമാല അർത്ഥാലങ്കാരങ്ങളെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന മറ്റൊരു ശാസ്ത്രഗ്രന്ഥമാണു്. 1070-ാമാണ്ടിടയ്ക്കാണു് അതിന്റെ രചന. ലക്ഷണം കാകളിയിലും ലക്ഷ്യം വിവിധങ്ങളായ ശ്ലോകങ്ങളിലും കാണിച്ചിരിക്കുന്നു. വിസ്തരിച്ചുള്ള ടീകയുമുണ്ടു്. ഉദാഹരണശ്ലോകങ്ങളിലെ ആശയങ്ങളെല്ലാം ജഗന്നാഥ പണ്ഡിതരുടെ രസഗംഗാധരത്തിലെന്നപോലെ സ്വകീയങ്ങളാണ്. ആ ഗ്രന്ഥത്തിന്റെ ആദ്യം കുറേ ഭാഗങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കി തമ്പുരാൻ എഴുതിയിട്ടുണ്ടോ എന്നു സംശയമാണു്. ഒരു ശ്ലോകം ഉദ്ധരിക്കാം:

 “കൂന്തൽക്കെട്ടൊട്ടഴിഞ്ഞും കുനുകുനെയഴകിൽ
 സ്വേദജാലം പൊടിഞ്ഞും
 ചാന്തിൻപൊട്ടൊട്ടു മാഞ്ഞും പരിമളമുയരും
 ചന്ദനച്ചാറലിഞ്ഞും
 എന്തും നിശ്വാസമോടൊത്തിളകിന മുലയോ
 ടൊത്തെഴുന്നോരു നിന്മെയ്
 കാന്തേ! മിന്നുന്നു കാമക്കളിയതിൽവിധമീ
 പ്പന്തടിക്കുന്നനേരം.”

സ്തോത്രങ്ങളുടെ സംഖ്യ ഗണനാതീതം തന്നെ. അവിദ്യാസംഹാര രൂപമായ (ശ്രീകൃഷ്ണ) ശ്രുതിഗീതാസ്തോത്രത്തിൽ നിന്നു് ഒരു ശ്ലോകം മാത്രം ചേർക്കാം.

 “അളവറ്റ ഗുണങ്ങളെദ്ധരി
 ച്ചിളതന്നിൽബ്ബഹുദോഷമേവനും
 ഉളവാക്കീടുമീയവിദ്യ നൽ
 ക്കളവേറീടിന വേശ്യതാൻ പ്രഭോ!”

കൊച്ചുണ്ണിത്തമ്പുരാനെ അദ്ദേഹത്തിന്റെ സമകാലികന്മാർ ഏതെല്ലാം ഉപാധികളെ ആശ്രയിച്ചാണു് ആദരിക്കുക മാത്രമല്ല അമാനുഷത്വം കല്പിച്ചു് ആരാധിക്കുക പോലും ചെയ്തു വന്നിരുന്നതു് എന്നു സാമാന്യത്തിലധികം ദീർഘമേറിപ്പോയ ഉപന്യാസത്തിൽ ഞാൻ വിശദീകരിച്ചിട്ടുണ്ടു്. ഭാഷാകവിതയുടെ നവോത്ഥാനത്തിനു മാർഗ്ഗദർശനം ചെയ്ത മഹാനുഭാവന്മാരിൽ അദ്ദേഹത്തിനുള്ള അദ്വിതീയമായ സ്ഥാനം ഏതു പുരോഭാഗിയും അനുവദിച്ചുകൊടുത്തേ മതിയാകുകയുള്ളു.

49.17കുഞ്ഞിക്കുട്ടൻതമ്പുരാൻ (1040–1088)
പീഠിക

ഭാഷാസാഹിത്യത്തിന്റെ പരമമായ ഉൽക്കർഷത്തിനുവേണ്ടി പ്രയത്നിച്ചിട്ടുള്ള പല മഹാകവികളെപ്പറ്റിയും നാം ഇപ്പോൾ പലതും അറിഞ്ഞുകഴിഞ്ഞു. അവരിൽ അസാമാന്യമായ പല അമാനുഷകർമ്മങ്ങളും ചെയ്തു കേരളീയരെ ആകമാനം ആശ്ചര്യ പരതന്ത്രരും ആനന്ദതുന്ദിലരുമാക്കിയ ഒരവതാരപുരുഷനാണു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ.

 “യദ്യദ്വിഭൂതിമൽ സത്ത്വം ശ്രീമദുർജ്ജിതമേവ വാ
 തത്തദേവാവഗച്ഛ ത്വം മമ തേജോംശസംഭവം”

എന്ന ഗീതാവാക്യം അദ്ദേഹത്തിന്റെ വിഷയത്തിൽ തികച്ചും യോജിക്കും. ഒരു കാൽ ശതാബ്ദത്തിനിടയ്ക്ക് അദ്ദേഹം സാഹിത്യപോഷണത്തെ പുരസ്കരിച്ചു സഹസ്രമുഖമായി ചെയ്ത സേവനങ്ങൾ ആർക്കും വിലമതിക്കുവാൻ പാടുള്ളതല്ല.

നമ്മുടെ സാഹിത്യസരണിയിൽ അത്തരത്തിൽ ഒരു മഹത്തമനായ സരസ്വതീവല്ലഭൻ അതിനു മുൻപും അതിൽ പിന്നീടും ഒരിക്കലും സഞ്ചരിച്ചിട്ടില്ല; കൈരളിയുടെ പൂർവപുണ്യത്തിന്റെ പരിണതഫലമായിരുന്നു അദ്ദേഹത്തിന്റെ ആവിർഭാവം എന്നു ഭാവനാകുശലന്മാർക്കു കാണുവാൻ അശേഷം പ്രയാസവുമില്ല.

ജനനം

ആധുനികഭാഷാകവിതയുടെ വിധാതാവായ വെണ്മണി അച്ഛൻനമ്പൂതിരിപ്പാടു കൊടുങ്ങല്ലൂർക്കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയെ വിവാഹംചെയ്തു (ജീവിതകാലം 1011 –1096). 28 വയസ്സുവരെ ആ സുചരിതയ്ക്കു സന്താനലാഭം ഉണ്ടായില്ല. ആ ദമ്പതിമാർ പല ദേവതകളെ ഭജിച്ചു; പല വഴിപാടുകൾ നടത്തി; ആ സൽകർമ്മങ്ങളുടെ ഫലമായി തമ്പുരാട്ടിയുടെ 29-ആമത്തെ വയസ്സിൽ നമ്മുടെ കഥാനായകൻ 1040-ാമാണ്ടു കന്നിമാസം 4-ാം തിയ്യതി അശ്വതിനക്ഷത്രത്തിൽ ജനിച്ചു. കുഞ്ഞിക്കുട്ടൻ എന്നതു് ഓമനപ്പേരാണു്; കുഞ്ഞനെന്നും വിളിക്കും. ആചാര്യദത്തമായ നാമധേയം രാമവർമ്മ എന്നായിരുന്നു.

വിദ്യാഭ്യാസം

വിദുഷിയായ മാതാവിന്റെയും വിശിഷ്ടകവിയായ പിതാവിന്റെയും വാത്സ്യപൂർണ്ണമായ സംരക്ഷണത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വളർന്നു. കുലഗുരുവായ വളപ്പിൽ ഉണ്ണിയാശാനോടു് ബാലപാഠങ്ങളും, മൂന്നാംകൂർ ഗോദവർമ്മത്തമ്പുരാനോടു കാവ്യങ്ങളും അഭ്യസിച്ചു. 1049-ൽ ആ തമ്പുരാൻ മരിച്ചപ്പോൾ ശാസ്ത്രപാഠം ആരംഭിക്കുന്നതിനു വേണ്ട വ്യുൽപത്തി ശിഷ്യനു സിദ്ധിച്ചുകഴിഞ്ഞിരുന്നു. ആദ്യം പഠിച്ചതു വ്യാകരണവും, അതു പഠിപ്പിച്ചതു തന്റെ നേരെ അമ്മാവനും കുംഭകോണം കൃഷ്ണശാസ്ത്രികളുടെ ശിഷ്യനും അക്കാലത്തെ ഒരു പ്രസിദ്ധവൈയാകരണനുമായ വിദ്വാൻ കുഞ്ഞിരാമവർമ്മൻ തമ്പുരാനുമായിരുന്നു. കുഞ്ഞിരാമവർമ്മൻ തമ്പുരാൻ 1029-ൽ ജനിച്ചു; 1096 കർക്കടകം 24-ാം൹ പരേതനായി. സിദ്ധാന്തകൗമുദി, പ്രൗഢമനോരമ, പരിഭാഷേന്ദുശേഖരം, ശബ്ദേന്ദുശേഖരം ഇവയെല്ലാം കുഞ്ഞിക്കുട്ടൻ അഭ്യസിച്ചതും അദ്ദേഹത്തോടുതന്നെയായിരുന്നു. കാത്തുള്ളി അച്യുതമേനോൻ, ജ്യോത്സ്യൻ സുബ്രഹ്മണ്യശാസ്ത്രി (കട്ടൻപട്ടർ) ആലങ്ങാട്ടു കുഞ്ഞൻ തമ്പുരാൻ തുടങ്ങിയവർ മഹാകവിയുടെ സതീർത്ഥ്യന്മാരായിരുന്നു. 1049-ൽ ഒറവങ്കര നീലകണ്ഠൻ നമ്പൂതിരിയും കുഞ്ഞിരാമവർമ്മൻ തമ്പുരാന്റെ അന്തേവാസിയായി കൊടുങ്ങല്ലൂർ താമസം തുടങ്ങി. പിന്നീടു യഥാകാലം നടുവം മഹനും അദ്ദേഹത്തോടു സംസ്കൃതം പഠിച്ചു. വ്യാകരണത്തിനു പുറമേ കഥാനായകൻ കൊച്ചുണ്ണിത്തമ്പുരാന്റെ ജ്യേഷ്ഠനായ കൊടുങ്ങല്ലൂർ കുഞ്ഞൻ തമ്പുരാനോടു മുക്താവലി വരെ തർക്കവും തന്റെ മുത്തശ്ശിയായ കൊടുങ്ങല്ലൂർ കൊച്ചുതമ്പുരാട്ടിയോടു പഞ്ചബോധം വരെയും വലിയ കൊച്ചുണ്ണിത്തമ്പുരാനോടു് അതിനപ്പുറവും ജ്യോതിഷവും പഠിച്ചുവെങ്കിലും ആ രണ്ടു ശാസ്ത്രങ്ങളിലും പറയത്തക്ക പാണ്ഡിത്യം സമ്പാദിച്ചില്ല. കുഞ്ഞൻ തമ്പുരാന്റെ കാലം. 1028-നും 1096-നും ഇടയ്ക്കായിരുന്നു. വ്യാകരണം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനശാസ്ത്രം; കുഞ്ഞിരാമവർമ്മൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനഗുരുനാഥനും. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അനുജൻ കുഞ്ഞുണ്ണിത്തമ്പുരാൻ 1122 കുംഭം 3-ാം൹ മരിച്ചു. അദ്ദേഹം ഒരു നൃത്തകലാകോവിദനായിരുന്നു.

 “അമ്മാമനും ഗുരുവുമാകിന കുഞ്ഞിരാമ
 വർമ്മാവനീപതി കൃപാനിധി ചാരുശീലൻ
 ദുർമ്മാർഗ്ഗമേറിടുമൊരെൻകവിതയ്ക്കു നല്ല
 സന്മാർഗ്ഗരീതി വരുവാൻ വരമേകിടേണം.”

എന്നു സ്യമന്തകം നാടകത്തിൽ സ്വഗുരുവിനെ കവി വന്ദിച്ചിട്ടുണ്ടു്. സംസ്കൃതത്തിലോ ഭാഷയിലോ ഏതു കൃതി രചിച്ചാലും അതു് ആദ്യം ആ ആചാര്യനെക്കൊണ്ടു പരിശോധിപ്പിക്കണമെന്നു കഥാപുരുഷനു നിർബ്ബന്ധമുണ്ടായിരുന്നു. ഗുരുനാഥനും കുഞ്ഞിക്കുട്ടനോടു് ഒരു സഹപാഠിയുടെ നിലയിലാണു് പെരുമാറിവന്നതു്. കൊച്ചുണ്ണിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ, വെണ്മണി മഹൻ മുതലായവരുടെ കവിതാമത്സരപരീക്ഷകളിൽ അദ്ദേഹവും പങ്കുകൊണ്ടു; കൊച്ചുണ്ണിത്തമ്പുരാനും അദ്ദേഹവും കുഞ്ഞിക്കുട്ടനും കൂടിയാണു് മലയാളശബ്ദശാസ്ത്രം എന്ന ഗ്രന്ഥം എഴുതിയതു്. അതിലെ ദ്വിതീയഭാഗം അദ്ദേഹത്തിന്റെ കൃതിയാകുന്നു.

കവനാരംഭം

1047-ൽത്തന്നെ കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിതയെഴുതിത്തുടങ്ങി. 1055-ൽ വ്യാകരണാധ്യയനം പൂർത്തിയായതിനുമേലാണു് ആ വ്യവസായത്തിൽ നിരന്തരമായി ശ്രദ്ധ പതിപ്പിച്ചതു്. ആദ്യകാലത്തു കവനം ചെയ്തുകൊണ്ടിരുന്നതു സംസ്കൃതത്തിലായിരുന്നു. ആ കവിതാഗംഗയെ ഭാഷയിലേയ്ക്കു തിരിച്ചുവിട്ടതു പ്രധാനമായി അച്ഛനാണു്. ഒറവങ്കുരനമ്പൂരിയുടെ നിത്യസഹവാസവും അതിനു പ്രയോജകീഭവിചു. ഭാഷാകവനവിഷയത്തിൽ അദ്ദേഹത്തിനു മാർഗ്ഗദർശികളും ഉപദേഷ്ടാക്കളും അച്ഛനും ജ്യേഷ്ഠനായ കൊച്ചുണ്ണിത്തമ്പുരാനും വെണ്മണിമഹനുമായിരുന്നു അവരെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന ആദരാതിശയം സുവിദിതമാണു്.

 “മഞ്ജുശ്രീകവി വെണ്മണിക്ഷിതിസുരൻ വാത്സല്യ ഭാരത്തിനാൽ
 ഭഞ്ജിക്കാതെ തനിക്കെഴുന്ന കവിതാചാതുര്യമർപ്പിക്കയാൽ
 രഞ്ജിക്കും രസമോരനേകകവിതാഗ്രന്ഥങ്ങൾ നിർമ്മിച്ചൊരീ
 ക്കുഞ്ഞിക്കുട്ടനൃപൻ”

എന്നു ചന്ദ്രികാ നാടകത്തിൽ കഥാനായകൻ അദ്ദേഹത്തെ സ്മരിക്കുകയും

 “ഞാനെന്നാൽ ഞായരക്ഷയ്ക്കൊരു ഗുണവഴിയേ
 പോകുവാൻ തിങ്കളൊക്കും
 മാനം ചെവ്വായ് വഹിക്കും ബുധനതിമതിമാൻ
 വ്യാഴതുല്യപ്രഭാവൻ
 നൂനം പൊൻവെള്ളിയെന്നീവക ശനി നിയതം
 വിദ്യതാൻ വേണ്ടതെന്നീ
 ജ്ഞാനത്തെത്തന്നൊരച്ഛൻ കനിയണമിഹ മേ
 വെണ്മണിബ്രാഹ്മണേന്ദ്രൻ”

എന്നു സ്യമന്തകം നാടകത്തിൽ നമസ്കരിക്കുകയും ചെയ്യുന്നു. ജ്യേഷ്ഠന്റെ അലോകസാധാരണങ്ങളായ സിദ്ധിവിശേഷങ്ങളെപ്പറ്റി അദ്ദേഹത്തിനുണ്ടായിരുന്ന ബഹുമാനം പല അവസരങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെടുത്തീട്ടുണ്ടു്. നാലഞ്ചുവർഷത്തെ അഭ്യാസം അങ്ങനെ കഴിഞ്ഞു. പ്രകാശിതങ്ങളായ കൃതികളിൽ ആദ്യത്തേതെന്നു പറയേണ്ട കവിഭാരതം രചിച്ച 1062-ാമാണ്ടിൽത്തന്നെ അദ്ദേഹം അന്നത്തെ ഭാഷാകവികളുടെ കൂട്ടത്തിൽ അതുൽകൃഷ്ടമായ സ്ഥാനത്തിനു് അവകാശിയായിക്കഴിഞ്ഞിരുന്നു. 1065-ൽ എഴുതിയ ലക്ഷണാസംഗം നാടകത്തിൽ

 “നരപതികുഞ്ഞിക്കുട്ടൻ സരസദ്രുതകവികിരീട മണിയല്ലോ”

എന്നു് അദ്ദേഹം ചെയ്ത പ്രസ്താവന ആത്മപ്രശംസയാണെന്നു് അക്കാലത്തു് ആർക്കും തന്നെ തോന്നിയതുമില്ല. അന്നു മുതൽ അദ്ദേഹത്തെ പലരും കവിതാവിഷയത്തിൽ അഭിവന്ദ്യനായ ഒരാചാര്യനായി സ്വീകരിക്കയാണുണ്ടായതു്.

ഗാർഹസ്ഥ്യം

കുഞ്ഞിക്കുട്ടൻതമ്പുരാൻ 21-ആമത്തെ വയസ്സിൽ കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിഅമ്മയെ വിവാഹം ചെയ്തു. ആ സാധ്വി 1079-ൽ മരിച്ചു. അതിനുമേൽ തൃശ്ശൂർ വടക്കേക്കുറുപ്പത്തു കിഴക്കേ സ്രാമ്പിയിൽ കുട്ടിപ്പാറുവമ്മയുടെ ഭർത്താവായി. സങ്ഗീതകലാകുശലയായിരുന്ന ആ ഭാഗ്യവതി ഏകദേശം 35 വയസ്സുവരെ അവിവാഹിതയായിരുന്നു; പിന്നീടാണു് തമ്പുരാന്റെ പ്രേയസിയായതു്; 1086-ൽ അന്തരിക്കുകയും ചെയ്തു. 1068-ാമാണ്ടു കോട്ടയ്ക്കൽ സാമൂതിരിക്കോവിലകത്തെ തമ്പാട്ടി എന്ന നാമാന്തരത്താൽ വിദിതയായ ശ്രീദേവിത്തമ്പുരാട്ടിയ്ക്കും അദ്ദേഹത്തിന്റെ സഹധർമ്മിണീപദം ലഭിക്കുന്നതിനു യോഗമുണ്ടായി. ആ ദാമ്പത്യബന്ധം തമ്പുരാൻ മരിക്കുന്നതുവരെ നിലനിൽക്കുകയും ചെയ്തു. ആ തമ്പുരാട്ടി 1049-ൽ ജനിച്ചു; 1105-ൽ മരിച്ചു.

വിവിധസിദ്ധികൾ

കുഞ്ഞിക്കുട്ടൻതമ്പുരാൻ 1060 മുതൽ 1088 വരെ അനുസ്യൂതമായി സാഹിത്യസേവനം ചെയ്തു. പണ്ഡിതൻ, കവി, ഗദ്യകാരൻ, വിമർശകൻ, ചരിത്രഗവേഷകൻ, ഭാഷാപോഷകൻ, പത്രപ്രവർത്തകൻ, സാഹിത്യാചാര്യൻ എന്നിങ്ങനെ പല കോടികളിൽ നമുക്കു് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ ശരിയ്ക്കറിഞ്ഞു് അഭിനന്ദിക്കേണ്ടതുണ്ടു്. അദ്ദേഹത്തിന്റെ ഗുരുഭക്തിയെക്കുറിച്ചു് ഞാൻ അല്പം ഉപന്യസിച്ചുകഴിഞ്ഞു. അതോടുകൂടീ അദ്ദേഹത്തിൽ സമഞ്ജസമായി സമ്മേളിച്ചിരുന്ന സമഭാവന, ശാന്തത, പ്രിയവക്തൃത, നിഷ്പക്ഷത, പരിഷ്കൃതഹൃദയത മുതലായ സൽഗുണങ്ങളും സമാദരണീയങ്ങളാണു്. നിത്യസഞ്ചാരിയായിരുന്നതിനാൽ അദ്ദേഹത്തിനു സുഹൃത്തുക്കളുടെയിടയിൽ ‘പകിരി’ എന്നൊരു സംജ്ഞാന്തരം പ്രചരിച്ചിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും അച്ചടിച്ചിട്ടുള്ള സകല പുസ്തകങ്ങളും വെറുതെയോ വിലയ്ക്കോ വാങ്ങും; ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ഗ്രന്ഥപ്പുരകൾ നിപുണമായി പരിശോധിച്ചു് അപൂർവ്വകൃതികൾ കണ്ടുപിടിച്ചു് അവ നിഷ്കർഷിച്ചു വായിക്കും. അങ്ങനെ അദ്ദേഹത്തിനു് 1078-ൽ കോട്ടയ്ക്കൽ പി.വി.കൃഷ്ണവാരിയരുടെ ഗൃഹത്തിൽനിന്നു കിട്ടിയ ഒരു കോഹിനൂർരത്നമാണു് ലീലാതിലകം. പഴയ ഐതിഹ്യങ്ങൾ ശേഖരിച്ചു് അവയെക്കൊണ്ടു കൈകാര്യം ചെയ്യുന്നതിൽ തമ്പുരാനു പ്രശസ്യമായ അഭിനിവേശവും പ്രാഗല്ഭ്യവുമുണ്ടായിരുന്നു. അതിനുവേണ്ടി ഏതുതരത്തിലുള്ള ത്യാഗങ്ങളും അനുഷ്ഠിക്കാൻ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. അനവധി മുത്തശ്ശിമാരെയും മുതുക്കന്മാരെയും ഉദ്ദേശസിദ്ധിക്കായി അദ്ദേഹം ഉപാസിച്ചിട്ടുണ്ടു്. അത്ര വളരെ സ്നേഹിതന്മാർ ഉണ്ടായിരുന്ന ഒരു സാഹിത്യകാരൻ വേറെയില്ല. അത്ര വളരെ ജ്ഞാനദൃഷ്ടിയോടുകൂടി യാവജ്ജീവം ഒരു വിദ്യാർത്ഥിയായിത്തന്നെ കഴിഞ്ഞുകൂടുന്നതിനും അദ്ദേഹത്തെപ്പോലെ അധികംപേർക്കു കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ സരസനായ അമ്പാടി നാരായണപ്പൊതുവാൾ അദ്ദേഹത്തെപ്പറ്റി “തല നിറച്ചു കുടുമ, ഉള്ളു നിറച്ചു പഴമ, ഒച്ചപ്പെടാത്ത വാക്ക്, പുച്ഛം കലരാത്ത നോക്ക്, നനുത്ത മെയ്യ്, കനത്ത ബുദ്ധി, നാടൊക്കെ വീടു്, നാട്ടുകാരൊക്കെ വീട്ടുകാരു്” എന്നു പ്രസ്താവിച്ചിട്ടുള്ളതു പ്രത്യക്ഷരം പരമാർത്ഥമാണു്.

സ്വർഗ്ഗതി

അങ്ങനെ തമ്പുരാൻ തദേകതാനനായി സാഹിതീദേവിയെ പ്രകൃഷ്ടമായ ഭക്തിപാരവശ്യ ത്തോടുകൂടി ആരാധിച്ചുപോന്നു. 1088-ാമാണ്ടു ധനുമാസം 29-ാം൹ അല്പം ദഹനക്ഷയം തോന്നി. അതു പെട്ടെന്നു അതിസാരമായി പരിണമിച്ചു. രോഗം വിഷമാവസ്ഥയിൽ എത്തിയതായിക്കണ്ടു മഹാകവിയും മഹാവൈദ്യനുമായ കൊച്ചുണ്ണിത്തമ്പുരാൻ കുഞ്ഞിക്കുട്ടനു സുഖക്കേടു് ഉടനേ മാറുവാൻ വേണ്ടി ഭഗവതിയെ സ്മരിച്ചു ശ്ലോകങ്ങളുണ്ടാക്കൂ എന്നുപദേശിച്ചു. ആ ഉപദേശമനുസരിച്ച് ആറേഴു് അനുഷ്ടിപ്പുശ്ലോകങ്ങൾ ശരീരത്തിനു് അശേഷം ശക്തിയില്ലായിരുന്നുവെങ്കിലും കഷ്ടിച്ചു കുറിച്ചു. ആ സംഭവം നടന്നതു് മകരം 7-ാം൹ യോ മറ്റോ ആയിരുന്നു. അവയിൽ രണ്ടു ശ്ലോകങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നവർക്കു വായിക്കുവാൻ കഴിഞ്ഞുള്ളു; അദ്ദേഹത്തിന്റെ കൈ അത്രമാത്രം കുഴഞ്ഞിരുന്നു. ആ ശ്ലോകങ്ങൾ താഴെ ഉദ്ധരിക്കുന്നു.

 “ലോകമാതാവിനിസ്സർവലോകമാം സ്വന്തസന്തതി
 അവിടത്തേയ്ക്കു പിഴചെയ്തിവിടെക്കിട്ടുമോ സുഖം?
 സ്വന്തസന്താനങ്ങൾതമ്മിൽച്ചന്തംവിട്ടേറ്റെതിർക്കുകിൽ
 ഹന്ത! ദൂരസ്ഥർ ദുഃഖിച്ചു സ്വാന്തസ്ഥർ സുഖമെന്നിയേ”.

മകരം 10-ാം൹ വെളുത്ത വാവുദിവസം മധ്യാഹ്നത്തിൽ ആ മഹാനുഭാവൻ കൈരളിയെ കദനസമുദ്രത്തിൽ തള്ളി പരഗതിയെ പ്രാപിച്ചു. അന്നു് ആ പുണ്യശ്ലോകനു 48 വയസ്സേ തികഞ്ഞിരുന്നുള്ളു. എന്തുചെയ്യാം? നമ്മുടെ സുകൃതക്ഷയം. പുത്രശോകം ബാധിച്ച അദ്ദേഹത്തിന്റെ മാതാവു് ഒരുമാതിരി ചിത്തഭ്രമത്തിനു വിധേയയായി അഞ്ചാറു കൊല്ലംകൂടി ജീവിച്ചിരുന്നു.

കൃതികൾ

ഇവിടെനിന്നു മുന്നോട്ടു കടക്കുന്നതിനുമുമ്പായി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കൃതികളുടെ ഒരു പട്ടിക കുറിക്കേണ്ട ആവശ്യമുണ്ടു്. അതു വലരെ ക്ലേശകരമായ ഒരു ഉദ്യമമാണു്. തമ്പുരാന്റെ വാങ്മയങ്ങളിൽ പലതും നശിച്ചുപോയിട്ടുണ്ടു്. ചിലതിന്റെയെല്ലാം പേരുമാത്രമേ കേട്ടിട്ടുള്ളു. ചിലതു പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. ചിലതു മനോലയിൽ മാത്രം അവ്യക്തരൂപത്തിൽ കുറിച്ചിരുന്നതുമാണു്. ആരു് ഏതുമാതിരി കവിത വേണമെന്നാവശ്യപ്പെട്ടാലും ഉടനേ ചൊല്ലിക്കൊടുക്കുകയായിരുന്നുവല്ലോ പതിവു്. പിന്നെ അവയൊന്നും പ്രസിദ്ധീകരിക്കുവാൻ പലപ്പോഴും ശ്രദ്ധിക്കാറില്ലായിരുന്നു. അറിയാവുന്നിടത്തോളമുള്ള കൃതികളുടെ പേരുകൾ കുറിക്കാം. എഴുതിയതോ പ്രസിദ്ധീകരിച്ചതോ ആയ കൊല്ലത്തെക്കുറിച്ചു് അറിവുണ്ടെങ്കിൽ അതും എടുത്തുകാണിക്കാം.

സംസ്കൃതം

(1) ജരാസന്ധവധം, (2) കിരാതർജ്ജുനീയം, (3) സുഭദ്രാഹരണം, (4) ദശകുമാരചരിതം (അപഹാരവർമ്മചരിതംവരെ) എന്നീ നാലു വ്യായോഗങ്ങൾ, (5) ബഭ്രുവാഹനവിജയം, (6) ശ്രീശങ്കരഗുരുചരിതം എന്നീ രണ്ടു ഖണ്ഡകാവ്യങ്ങൾ, (7) ആര്യാശതകം, (8) സ്വയംവരമന്ത്രാക്ഷരമാല, (9) കിരാതരുദ്രസ്തവം എന്നീ സ്തോത്രങ്ങൾ, (10) കൃതജ്ഞസ്തുരുഷ്കഃ, (11) വിളംബിതമഞ്ജുഷാ ഇവയാണു് മഹാകവിയുടെ സംസ്കൃതകൃതികൾ. ഇവയിൽ പലതും 1070-ൽ തമ്പുരാൻ കോട്ടയ്ക്കൽ താമസം തുടങ്ങിയതിനുമേൽ അവിടെ സംസ്കൃത ഭാഷാപോഷണത്തിനുവേണ്ടി അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ വളർന്നുവന്ന ഗീർവാണീസഭ എന്ന സമാജത്തിന്റെ ആവശ്യത്തെ പുരസ്കരിച്ചു രചിച്ചിട്ടുള്ളതാണു്. ശങ്കരഗുരുചരിതം ആ കൂട്ടത്തിൽപ്പെട്ടതല്ല. അതു പുരാണച്ഛായയിൽ കിരാങ്ങോട്ടുമനയ്ക്കൽ ശങ്കരൻനമ്പൂരിപ്പാട്ടിലെ അപദാനങ്ങളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ഒരു കൃതിയാണു്. രണ്ടാം സർഗ്ഗം 8-ാമത്തെ ശ്ലോകത്തിനുമേലുള്ള ഭാഗം എഴുതിയോ എന്നു സംശയമുണ്ടു്. നാലു അഞ്ചും ഏഴു മുതൽ പതിനൊന്നു വരെയുമുള്ള കൃതികൾ ഞാൻ കണ്ടിട്ടില്ല. ഗുരുവായൂപുരേശസ്തവം, പ്രാർത്ഥനാ, കാലടിക്ഷേത്രം എന്നിങ്ങനെ ചില ലഘുകൃതികളും ഒട്ടുവളരെ കത്തുകളുംകൂടി തമ്പുരാൻ സംസ്കൃതത്തിൽ എഴുതിയിട്ടുണ്ടു്. “ധനശാസ്ത്രകാരികാ” എന്ന പേരിൽ 27 അനുഷ്ടുപ്പുശ്ലോകങ്ങൾ എഴുതി അവ ഭാഷയിൽ വിവർത്തനം ചെയ്തിട്ടു ള്ളതായും കാണുന്നു.

ഭാഷ

ഭാഷയിൽ തമ്പുരാൻ സഞ്ചരിക്കാത്തതും വിജയം നേടാത്തതുമായ കവനസരണികൾ വിരളങ്ങളാണു്. ആദ്യമായി അവയെ (A) സ്വതന്ത്രങ്ങളെന്നും (B) ഭാഷാന്തരീകൃതങ്ങളെന്നും രണ്ടു് ഇനങ്ങളായി വിഭജിക്കാം. ഒന്നാമത്തെ ഇനത്തിൽ (I) കാവ്യങ്ങൾ, (II) രൂപകങ്ങൾ, (III) ഗാഥകൾ, (IV) ശാസ്ത്രഗ്രന്ഥങ്ങൾ എന്നിങ്ങനെ നാലു് അവാന്തരവിഭാഗങ്ങൾ അന്തർഭവിക്കുന്നു. പലവകയിൽ ഖണ്ഡകാവ്യങ്ങൾക്കുപുറമേ അനവധി അമൃതനിഷ്യന്ദികളായ കത്തുകളും മുക്തകങ്ങളും ചേർക്കേണ്ടതുണ്ടു്. എഴുത്തുകളിൽ പതിനായിരം ശ്ലോകങ്ങളോളം ഉൾപ്പെടുമെന്നാണു് അഭിജ്ഞന്മാരുടെ ഗണന. മുക്തകങ്ങൾക്കു സംഖ്യയില്ല.ഗദ്യകൃതികൾ പ്രായേണ രസികരഞ്ജിനി, മംഗളോദയം തുടങ്ങിയ നിരവധി മാസികകളിലും, കോഴിക്കോടൻ മനോരമ മുതലായ പത്രങ്ങളിലും വിപ്രകീർണ്ണങ്ങളായിക്കിടക്കുന്നു. പടിഞ്ഞാറേടത്തു കുഞ്ഞൻതമ്പുരാൻ എന്ന വ്യാജനാമത്തിൽ വിവിധവിഷയങ്ങളെപ്പറ്റി പല ഗദ്യലേഖനങ്ങളും അക്കൊല്ലത്തെ വൃത്താന്തപത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്.

49.18(A) സ്വതന്ത്രഭാഷാകൃതികൾ
(I) കാവ്യങ്ങൾ

(12) കവിഭാരതം (1062), (13) അംബോപദേശം, (14) ദക്ഷയാഗശതകം (1065), (15) നല്ല ഭാഷ (1066), (16) മദിരാശിയാത്ര (1066), (17) പാലുള്ളിചരിതം (1067), (18) തുപ്പല്ക്കോളാമ്പി (1068), (19) ഹംസസന്ദേശം (1072), (20) കംസൻ, (21) കൃതിരത്ന പഞ്ചകം-നാരായണാസ്ത്രദാനം, ഭീമയോഗം, യാത്രാദാനം, ഭീഷ്മസമാധി, യുധിഷ്ഠിര ശമം എന്നീ അഞ്ചു കൃതികൾ, (22) കേരളം ഒന്നാം ഭാഗം (1087), (23) ദ്രോണാചാര്യൻ (ഒടുവിലത്തെ ഭാഷാകാവ്യം; അപൂർണ്ണം).

(II) രൂപകങ്ങൾ

(24) ലക്ഷണാസംഗം (1065), (25) നളചരിതം (1066), (26) ചന്ദ്രിക-നാടിക (1066), (27) സന്താനഗോപാലം (1066), (28) സീതാസ്വയംവരം, (29) ഗംഗാവതരണം (1067), (30) ശ്രീമാനവിക്രമവിജയം (1074), (31) മാർത്താണ്ഡവിജയം (മൂന്നാമങ്കം മാത്രം തീർന്ന ഗാനസങ്കുലിതമായ ഒരു നാടകം, അപൂർണ്ണം), (32) മധുസൂദനവിജയം (കൊട്ടാരത്തിൽ ശങ്കുണ്ണി വായിച്ചിട്ടുള്ളതു്; ഇപ്പോൾ അലഭ്യം) ആട്ടക്കഥ:–(33) ഘോഷയാത്ര.

(III) ഗാഥകൾ

(34) അയോധ്യാകാണ്ഡം (അഞ്ചുകളം), (35) ആത്മബോധം പാന, (36) ചൊവ്വര കൃഷ്ണൻ പാന, ഏറ്റുമാനൂരപ്പൻ പാന, ഭൂതപുരത്തപ്പൻ പാന, വൈക്കത്തപ്പൻ പാന, വേട്ടയ്ക്കൊരു മകൻ പാന എന്നിങ്ങനെ ഭഗവൽസ്തുതിപരങ്ങളായ അഞ്ചു പാനകൾ, (37) പട്ടാഭിഷേകം പാന, (38) ദോഷവിചാരം കിളിപ്പാട്ടു്, (39) രാധാമാധവയോഗം വഞ്ചിപ്പാട്ടു്, (40) ഷഷ്ടിപൂർത്തിമങ്ഗളം വഞ്ചിപ്പാട്ടു്, (41) കൊടുങ്ങല്ലൂർ ഭഗവതി കുറത്തിപ്പാട്ടു്, (42) മയൂരധ്വജചരിതം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (43) പലവക പാട്ടുകൾ-ഇവയിൽ പതിനൊന്നെണ്ണം പി.വി.കൃഷ്ണവാരിയർ പ്രസിദ്ധീകരിച്ച കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സിലെ കൃതികൾ ആറാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്.

(44) ഖണ്ഡകൃതികൾ:– ഇവ സംഖ്യാതീതങ്ങളാണു്. (1) കുലുക്കമില്ലാവൂര്, (2) എരുവയിൽ അച്യുതവാരിയർ, (3) കൂടൽമാണിക്യം, (4) ഒരു കരാർ, (5) ഒരു ചരിത്രകഥ, (6) ഗർവശമനം, (7) ഉദയസിംഹൻ, (8) ഒരിന്ദ്രജാലം, (9) ബ്രഹ്മരക്ഷസ്സ്, (10) ഒടി തുടങ്ങിയ കഥകളും; (11) ഒരു സായങ്കാലം, (12) ഒരായാസം, (13) ഒരു ശതാബ്ദത്തിനപ്പുറം, (14) മടി, (15) കാലടി മുതലായ വർണ്ണനാത്മകങ്ങളും ചിന്താപരങ്ങളുമായ കൃതികളും; (16) പരശുരാമാഷ്ടകം, (17) വെണ്മണി യക്ഷിസ്തവം, (18) ഭദ്രകാള ്യഷ്ടകം, (19) ദേവീഭുജങ്ഗസ്തോത്രം ഇത്തരത്തിലുള്ള സ്തോത്രങ്ങളും ഈ വകുപ്പിൽ ഉൾപ്പെടുന്നു.

(IV) ശാസ്ത്രഗ്രന്ഥങ്ങൾ

(45) കരപ്പൻ (ബാലചികിത്സ), (46) മലയാളശബ്ദശാസ്ത്രം ഒടുവിലത്തെ ആറു പ്രകരണങ്ങൾ (1074), (47) ശബ്ദാലങ്കാരം.

(B) തർജ്ജമകൾ

ഇതിഹാസപുരാണങ്ങൾ

(48) മഹാഭാരതം (ഹരിവംശസഹിതം) (1079–1081), (49) ശ്രീമദ്ഭാഗവതം (ചതുർത്ഥ സ്കന്ധംവരെ), (50) ഹരിശ്ചന്ദ്രോപാഖ്യാനം (1083).

കാവ്യങ്ങൾ

(51) കാദംബരീകഥാസാരം (1073), (52) ശങ്കരാചാര്യചരിതം (1073), (53) ശുകസന്ദേശം (1078), (54) കോകിലസന്ദേശം, (55) ഭാരതമഞ്ജരി (ദ്രോണപർവം) (1078), (56) ശ്രീസ്തുതി (ഒടുവിലത്തെ വിവർത്തിതകാവ്യം).

രൂപകങ്ങൾ

(57) വിക്രമോർവശീയം (1067), (58) ആശ്ചര്യചൂഡാമണി (1068), (59) ചന്ദ്രികാവീഥി, (60) ഹാംലെറ്റു് (1071), (61) ഒഥെല്ലോ (രണ്ടാമങ്കം ഏതാനും ഭാഗംവരെ; അപൂർണ്ണം), (62) അഭിജ്ഞാനശാകുന്തളം, ഇവ കൂടാതെ (1) അത്ഭുതരാമായണം കിളിപ്പാട്ടു് (1066-ൽ ആരംഭിച്ചതു്), (2) മാണിക്യസാരം എന്ന പേരിൽ പാശ്ചാത്യരീതിയിൽ ശോകപര്യവസായിയായ നാടകം, (3) അർത്ഥാലങ്കാരം എന്നീ ഗ്രന്ഥങ്ങളും തുടങ്ങിവച്ചിരുന്നു.

49.19തമ്പുരാന്റെ കവിതാനിർമ്മാണം; ദ്രുതകവിത

ഇത്ര വളരെ ഗ്രന്ഥങ്ങൾ തമ്പുരാന്നു രചിക്കുവാൻ സാധിച്ചതിനു പല കാരണങ്ങളുണ്ടു്. വാസനയും വൈദൂഷ്യവും അവയുടെ പരമമായ കാഷ്ഠയിൽ പരിലസിച്ചിരുന്ന ഒരു അനുഗ്രഹീതനായ പുരുഷനായിരുന്നു അദ്ദേഹമെന്നു നാം കണ്ടുവല്ലോ. അവയിലുമധികമായി പ്രത്യക്ഷീഭവിച്ചിരുന്നു അദ്ദേഹത്തിന്റെ വ്യവസായസന്നദ്ധത. മുറുക്കുക, കവിതയെഴുതുക, ചതുരംഗം വയ്ക്കുക, വെടി പറയുക ഇത്രയും കാര്യങ്ങളിൽ മാത്രമേ അദ്ദേഹത്തിനു് അതിരറ്റ ഉത്സാഹമുണ്ടായിരുന്നുള്ളു. വെടിവട്ടത്തിൽ കൂടുകകൊണ്ടു വിജ്ഞാനവിതരണവും വിജ്ഞാനസമ്പാദനവും അദ്ദേഹം ഒന്നുപോലെ സാധിച്ചിരുന്നു. ഭാഷയുടെ പരിപോഷണത്തിനുവേണ്ടി തന്റെ ജീവിതത്തിലെ ഓരോ ദിവസവും അദ്ദേഹം സമർത്ഥമായും സഫലമായും സമർപ്പണം ചെയ്തുവന്നു. എങ്കിലും അത്യന്തം മഹനീയമായ അത്തരത്തിലുള്ള സാഹിത്യസപര്യ അദ്ദേഹത്തിനു സാധ്യമായതു ദ്രുതകവനത്തിലുള്ള അദൃഷ്ടപൂർവമായ നൈപുണ്യംനിമിത്തമായിരുന്നു എന്നുള്ളതിനു സംശയമില്ല.സ്യമന്തകം, നളചരിതം, സന്താനഗോപാലം,സീതാസ്വയംവരം, ഗംഗാവതരണം എന്നീ നാടകങ്ങളും ദക്ഷയാഗം, തുപ്പല്ക്കോളാമ്പി തുടങ്ങിയ കാവ്യങ്ങളും സമയം മുൻകൂട്ടി ക്ലപ്തപ്പെടുത്തി അതിനകം എഴുതിത്തീർത്തിട്ടുള്ളവയാണു്. 1067-ാമാണ്ടു് വൃശ്ചികമാസാം 13-ാം൹ കോട്ടയത്തുവച്ചു നടന്ന സമ്മേളനത്തിൽ അഞ്ചു മണിക്കൂറും എട്ടു മിനിട്ടും കൊണ്ടു തമ്പുരാൻ രചിച്ച ഗംഗാവതരണം നാടകത്തെത്തന്നെ ആ വിഷയത്തിൽ അദ്ദേഹത്തിന്നുണ്ടായിരുന്ന അത്ഭുതാവഹമായ സരസ്വതീപ്രസാദത്തിനു് ഉദാഹരണമായി ഗ്രഹിക്കാം. 101 ശ്ലോകങ്ങളും ഇടയ്ക്കു് ആവശ്യമുള്ള ഗദ്യവും ആ കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്.

 “ഒട്ടേറെ നാളിഹ കൊതിച്ചു കൊതിച്ചിരിക്കെ
 പ്പൊട്ടിപ്പൊടിച്ചൊരു സുരദ്രുമവല്ലി മെല്ലെ
 കഷ്ടിച്ചു കായ്ക്കവതിനായ്ത്തുനിയുന്നനേരം
 വെട്ടിക്കളഞ്ഞവിധമായി മമ പ്രയത്നം”

എന്നിത്തരത്തിൽ പ്രസന്നമധുരങ്ങളായ പദ്യങ്ങളാണു് അതിൽ പ്രായേണ കാണുന്നതു്. തമ്പുരാൻ പറഞ്ഞുകൊടുത്തു കൂനേഴുത്തു പരമേശ്വരമേനോനെക്കൊണ്ടു് എഴുതിക്കയായിരുന്നു ആ നാടകം. ആ കാഴ്ച അടുത്തുനിന്നു കണ്ടുകൊണ്ടിരുന്ന പി.കെ. കൊച്ചീപ്പൻതരകൻ പ്രസ്തുത സംഭവത്തെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. “കുഞ്ഞിക്കുട്ടൻതമ്പുരാൻ അതാ ആളുമാറിയിരിക്കുന്നു.അദ്ദേഹത്തിന്റെ കൂർത്ത മുഖത്തെ വീർത്തുരുണ്ട കണ്ണുകൾ രണ്ടു രക്തപിണ്ഡങ്ങളായി. ആ ഉഗ്രമൂർത്തി കണ്ണടച്ചു് അല്പനേരം ധ്യാനിച്ചിരുന്നു. അടുത്തിരുന്ന കൂനേഴത്തു പരമേശ്വരമേനോനോടു് എഴുതിക്കൊള്ളുന്നതിനാജ്ഞാപിച്ചു. പിന്നത്തെ കഥകൾ ഞാൻ എന്താണു് പറയേണ്ടതു്? അദ്ദേഹത്തിന്റെ പരദേവതയായ കൊടുങ്ങല്ലൂർ ഭദ്രകാളി അദ്ദേഹത്തിൽ ആവേശിച്ചു എന്നാണു് പരമേശ്വരമേനോൻ എന്നോടു പറഞ്ഞതു്. എന്നെപ്പോലെ പലരും ഭ്രമിച്ചുവശായി”. കൊടുങ്ങല്ലൂരെ കവിതാമത്സരപ്പരീക്ഷകളിൽ തമ്പുരാനു തുടരെത്തുടരെ സിദ്ധിച്ചുവന്ന വിജയത്തെപ്പറ്റിയുള്ള കേൾവി വെറും ഭൂതാർത്ഥകഥനമാണെന്നു് അന്നാണു് കേരളീയർക്കു പരക്കെ ബോധ്യമായതു്. അതിനുമുൻപു ചിലർ അദ്ദേഹത്തിനു വൃത്തഭംഗം വരുമെന്നുപോലും ശങ്കിച്ചിരുന്നു. 1066-ൽ മലയാള മനോരമയിൽ മാവേലിക്കര ഉദയവർമ്മത്തമ്പുരാൻ

 “കുഞ്ഞിക്കുട്ടകവിപ്രവീര ഭവതോ വാടാതെയിത്യാദിയാം
 മഞ്ജുശ്ലോകമതിൽക്കുറച്ചപകടം കണ്ടിട്ടു ചൊല്ലുന്നു ഞാൻ
 ചേരാനക്ഷരമൊന്നു വേണമതുതാൻ സൂക്ഷിച്ചുനോക്കാതെക
 ണ്ടാരും കണ്ടുപിടിക്കയില്ലതിനെനിക്കില്ലേതുമേ കില്ലെടോ”

എന്നൊരു ശ്ലോകം തട്ടിമൂളിച്ചു. അതിന്നു തമ്പുരാനെഴുതിയ മറുപടി താഴെ കാണുന്ന വിധത്തിലായിരുന്നു.

 “ശ്രീവാനോർപുരവാമദേവവനിതാവാത്സല്യവായ്പേല്ക്കയാ
 ലാവാമെൻകൃതി കണ്ടറിഞ്ഞ,തറിയപ്പോന്നോരറിഞ്ഞീടവേ
 മാവേലിക്കരമന്ന, മാന്യതയെഴും മന്നാടിയാരേ! നമു
 ക്കീ വേലക്കൊരബദ്ധമച്ചുപിഴയിൽപ്പെട്ടേ പെടുള്ളു ദൃഢം”.

വാസ്തവത്തിൽ ആ ശ്ലോകത്തിൽ ഒരക്ഷരം വിട്ടുപോയതു മുദ്രാലയക്കാരുടെ അനവനാധാനതകൊണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കവിസമാജത്തിലെ നാടകനിർമ്മാണപ്പരീക്ഷയിൽ പ്രഥമസ്ഥാനത്തിനു് അർഹമായതു ഗംഗാവതരനമാണു്. ശുകസന്ദേശത്തിലെ സുപ്രസിദ്ധമായ

 “തത്സേവാർത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാ
 സ്താമ്യന്മധ്യാഃ സ്തനഭരനതാസ്താരഹാരാവലീകാഃ
 താരേശാസ്യാസ്തരളനയനാസ്തർജ്ജിതാംഭോദകേശ്യ
 സ്തത്രസ്ഥാഃ സ്യുഃ സ്തബകിതകരാസ്താലവൃന്തൈസ്തരുണ്യഃ”

എന്ന ശ്ലോകം അതുപോലെ വൃത്ത്യനുപ്രാസസുന്ദരമായും പ്രത്യങ്ഗവർണ്ണനത്തിൽ പ്രക്രമഭങ്ഗം വരുത്താതെയും തമ്പുരാൻ ഒന്നൊന്നരമിനിട്ടുനേരത്തേയ്ക്കുമാത്രമുള്ള ആലോചനയുടെ ഫലമായി തർജ്ജമചെയ്തതിനു പി.വി.കൃഷ്ണവാരിയർ സാക്ഷിയാണു്. ആ ശ്ലോകം ചുവടേ ചേർക്കുന്നു.

 “കാന്തന്മാരൊത്തു കാൽത്താർ, കുടി കടുകളവിൽ
 ക്ലാന്തമധ്യം, കനത്തിൽ
 ക്കാന്തിപ്പിട്ടുള്ള കൊങ്കക്കുട, മഴകുകല
 ർന്നാടിടും കമ്രഹാരം,
 കാന്തത്തിങ്കൾപ്രഭാഢ്യം, കളിയുടയ കയൽ
 ക്കണ്ണു, കാർകൂന്ത, ലേവം
 കാന്ത്യാ കല്യാണിമാർ കൈവിശറിയൊടവിടെ
 ദ്ദേവസേവയ്ക്കു കൂടും”.

വിശ്വഗുണാദർശചമ്പുവിലെ

 “ശ്രീരാജീവാക്ഷവക്ഷസ്ഥലനിലയരമാ
 ഹസ്തവാസ്തവ്യലോല
 ല്ലീലാബ്ജാന്നിഷ്പതന്തീ മധുരമധുഝരീ
 നാഭിപദ്മേ മുരാരേഃ
 അസ്തോകം ലോകമാത്രാ ദ്വിയുഗമുഖശിശോ
 രാനനേഷ്വർപ്പ്യമാണം
 ശംഖപ്രാന്തേന ദിവ്യം പയ ഇതി വിബുധൈ
 ശ്ശങ്ക്യമാനാ പുനാതു”

എന്ന വിവർത്തനാസഹമായ ശ്ലോകം കൃഷ്ണവാരിയർ തർജ്ജമചെയ്തു കിട്ടണമെന്നുള്ള അപേക്ഷയോടുകൂടി ഒരവസരത്തിൽ ചൊല്ലുകയും അതു് ഒരിക്കൽകൂടി അദ്ദേഹത്തെക്കൊണ്ടു ചൊല്ലിച്ചിട്ടു തമ്പുരാൻ അടുത്ത നിമിഷത്തിൽ താഴെക്കാണുന്നവിധത്തിൽ ഭാഷപ്പെടുത്തുകയും ചെയ്തതായി അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടു്.

 “നാളീകാക്ഷന്റെ മാറത്തരുളിനരമതൻ
 കയ്യിലാടുന്ന കേളീ
 നാളീകത്തിങ്കലെത്തേൻ ഹരിയുടെ തിരുനാ
 ഭിക്കകം വീണിടുമ്പോൾ
 നാളീകാവാസനാകും ശിശുവിനിവൾ ദരം
 കൊണ്ടു പാൽ നല്കിടുന്നെ
 ന്നാളീടുന്നാദരാൽ ദേവകൾ കരുതുമിതേ
 കട്ടെ നമ്മൾക്കു ശുദ്ധം”.

ആശ്ചര്യചൂഡാമണിയിലെ

 “അശങ്കിതാ ശിഥിലയ പാണ്ഡുധൂസരം
 സ്തനാംശുകം ശുകഹരിതം ശുകാലപേ
 വിശോഷിതാധരകമലം വിസർപ്പിതാ
 തരങ്ഗിതം തവ മുഖഗന്ധവാഹിനാ”

എന്ന ശ്ലോകത്തിലുള്ള തമ്പുരാന്റെ “മെച്ചമറ്റഥ കുറച്ചു ധൂളി പതറിച്ചുവന്നു മധുരം” എന്നിങ്ങനെയുള്ള തർജ്ജമ മതിയായില്ലെന്നു് ഒരിക്കൽ കൃഷ്ണവാരിയർ അഭിപ്രായപ്പെട്ടപ്പോൾ അതു തന്നെ വേറെ ഇരുപതു പ്രകാരത്തിൽ ഇരുപതു വൃത്തങ്ങളിൽ ഒരിക്കൽ ഉപയോഗിച്ച ശബ്ദങ്ങൾ മറ്റൊരിയ്ക്കൽ ഉപയോഗിക്കാതെ വിവർത്തനംചെയ്തു കാണിച്ചുകൊടുത്തു എന്നും, ആ പണിയെല്ലാം അതിവേഗത്തിൽ കഴിഞ്ഞു എന്നും പറഞ്ഞിരിക്കുന്നു. ഇനിയും ഈ വിഷയത്തെസ്സംബന്ധിച്ചു് എത്ര രേഖകൾ വേണമെങ്കിലും പ്രദർശിപ്പിക്കാവുന്നതാണു്. കൊച്ചുണ്ണിത്തമ്പുരാനുമാത്രമേ കഥാനായകനെപ്പോലെയും, അപൂർവം ചില അവസരങ്ങളിൽ അദ്ദേഹത്തെപ്പോലും അതിശയിക്കത്തക്ക വിധത്തിലുള്ള കവനവൈഭവം ഉണ്ടായിരുന്നുള്ളു. എന്നാൽ കൊച്ചുണ്ണിത്തമ്പുരാന്റെ ദ്രുതകവിത വായിച്ചാൽ അതു് ഭാവുകന്മാർക്കു ദ്രുതകവിതയാണെന്നു ചിലപ്പോൾ തോന്നും; കുഞ്ഞിക്കുട്ടൻതമ്പുരാന്റേതിനു് ആ വൈകല്യം ഉണ്ടായിരിക്കുകയില്ല. അതാണു് പ്രകൃതത്തിൽ അവർക്കുതമ്മിലുണ്ടായിരുന്ന വ്യത്യാസം. പരദേവത ആവേശിച്ചതിന്റെ ഫലമായാലും അല്ലെങ്കിലും കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിതയ്ക്കുള്ള അഭൗമമായ വിജയത്തിന്റെ മുഖ്യകാരനം ഈ സിദ്ധിവിശേഷം തന്നെയായിരുന്നുവെന്നു് ആവർത്തിച്ചു പറഞ്ഞുകൊള്ളട്ടെ. ആദ്യകാലത്തു വെണ്മണി മഹന്റെ രീതിയിൽ ‘അതു’ തുടങ്ങിയ അപൂർവ്വം ചില നിരർത്ഥകപദങ്ങൾ തമ്പുരാന്റെ കൃതികളിൽ കടന്നുകൂടിയിരുന്നുവെങ്കിലും പിന്നീടു് അവയെ നിശ്ശേഷം പരിഹസിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.

കവിതയെഴുതുന്ന മാതിരി

തമ്പുരാനു മുറുക്കും, അതോടുകൂടി പറഞ്ഞുകൊടുക്കുന്നതു് എഴുതാൻ ഒരാളും ആവശ്യമായിരുന്നു; ആ ലേഖകൻ കവികൂടിയായിരുന്നാൽ ഉത്തമമായി. ആരും കൂടെയില്ലെങ്കിൽ നിലത്തു കുനിഞ്ഞുകിടന്നെഴുതും; പക്ഷേ ഒരു മിനിട്ടുകൊണ്ടു് ആലോചിച്ചതു് എഴുതുവാൻ അഞ്ചു മിനിട്ടു വേണം; അത്ര പതുക്കയേ കയ്യോടിയിരുന്നുള്ളു. വേദവ്യാസൻ വിഘ്നേശ്വരനെക്കൊണ്ടു മഹാഭാരതം എഴുതിച്ചതുപോലെ ആ മഹാഗ്രന്ഥത്തിന്റെ തർജ്ജമ തമ്പുരാനും പലരെക്കൊണ്ടു് എഴുതിക്കയായിരുന്നു പതിവു്. അദ്ദേഹത്തിന്റെ ആദ്യകാലത്തെ ലേഖകൻ കൂനേഴത്തു പരമേശ്വരമേനോനായിരുന്നുവെന്നു നാം കണ്ടുവല്ലൊ. പിന്നെ പി.വി.കൃഷ്ണവാരിയർ, തേലപ്പുറത്തു നാരായണൻനമ്പി തുടങ്ങിയ വേറെ ചില കവികളും ആ സ്ഥാനം കയ്യേറ്റു. മഹാഭാരതം തർജ്ജമചെയ്യുന്നതിനിടയ്ക്കു നാരായണൻനമ്പിയ്ക്കു് ഒരു നമ്പർകാര്യത്തിനായി കുറെ ദിവസം തമ്പുരാനെ വിട്ടുപിരിയേണ്ടിവന്നു. അപ്പോൾ കൃഷ്ണവാരിയർക്കു മഹാകവി ഇങ്ങനെ എഴുതുകയുണ്ടായി.

 “ഒൻപതുമണിവരെയെഴുതീട്ടൻപതു പദ്യത്തിലധികമായീല;
 ഒരു മണി മുട്ടുമ്പോഴേയ്ക്കൊരു വരവിങ്ങോട്ടു കൂടിയേ കഴിയൂ.  കാലത്തു താങ്കടെ തിരക്കു നിനച്ചു ഞാൻ തൽ
 ക്കാലത്തുതാൻ തനതു കയ്യു മയക്കിനോക്കി;
 ശീലക്കുറച്ചിൽ മമ കൈവിറയെന്നിവറ്റിൻ
 മേലക്ഷരങ്ങളുടനോടി നടക്കയില്ല.  അതുകൊണ്ടൊരു മണി മുട്ടുന്നതുകണ്ടു ഭവാൻ വരുംവരയ്ക്കും ഞാൻ
 കുതുകമൊടു കാത്തിരിക്കും കൊതുകടിയുംകൊണ്ടു കട്ടിലിൽത്തന്നെ”.

എഴുത്തുകാരന്റെ സാമർത്ഥ്യമനുസരിച്ചായിരിക്കും കവനത്തിന്റെ വേഗം; തനിക്കാണെങ്കിൽ ആലോചനയ്ക്കു സമയമേ വേണ്ട; അത്രമാത്രം അദ്ദേഹത്തിനു വാഗ്ദേവത വശ്യയായിരുന്നു.

സാഹചര്യങ്ങൾ

കൊടുങ്ങല്ലൂരെ കവിതക്കളരിയിൽ കച്ചകെട്ടി കയ്യും മെയ്യും വേണ്ടവിധത്തിൽ ഉറച്ചതിനുമേൽ 1065-ാമാണ്ടോടുകൂടിയേ തമ്പുരാൻ കുവനസമുദ്രത്തിൽ നിരന്തരമായി വിഹരിച്ചുതുടങ്ങിയുള്ളു. 1065 തുലാമാസത്തിൽ സി.പി. അച്യുതമേനോന്റെ ആധിപത്യത്തിൽ തൃശ്ശൂരിൽനിന്നു വിദ്യാവിനോദിനി മാസിക പുറപ്പെട്ടുതുടങ്ങി. സി.പി.യും തമ്പുരാനും സുഹൃത്തുക്കളായിരുന്നു. തമ്പുരാന്റെ കൃതികൾ ഓരോന്നായി ആ മാസികയിൽ പ്രസിദ്ധീകൃതങ്ങളാകുകയും ചെയ്തു. ആ കൊല്ലം മീനം 10൹യാണു് കോട്ടയത്തുനിന്നു കണ്ടത്തിൽ വറുഗീസുമാപ്പിള മലയാള മനോരമ പ്രചരിപ്പിച്ചു തുടങ്ങിയതു്; അതിൽ ഒഴിച്ചിട്ടിരുന്ന കവിതാപങ്ക്തി തമ്പുരാന്റെ ശ്ലോകങ്ങൾകൊണ്ടാനു് അധികവും അലംകൃതങ്ങളായിക്കൊണ്ടിരുന്നതു്. ആ പങ്ക്തിയിൽ ശ്ലോകങ്ങളെഴുതുന്നതിനു് അദ്ദേഹം അക്കാലത്തെ സകല കവികളെയും പ്രോത്സാഹിപ്പിച്ചു. ആ പ്രോത്സാഹനം പ്രതീക്ഷയിലധികം ഫലവത്തായി. മനോരമയിലെ കവിതാപങ്ക്തി ആ പത്രത്തെ അന്വർത്ഥമാക്കി. 1067 വൃശ്ചികത്തിൽ കവിസമാജവും അതിനെത്തുടർന്നു ഭാഷാപോഷിണിസഭയും സ്ഥാപിക്കുവാൻ പ്രയത്നിച്ചവരിൽ തമ്പുരാനു് അവിസ്മരണീയമായ ഒരു മാന്യസ്ഥാനത്തിനവകാശമുണ്ടു്. 1079-ാമാണ്ടു മനോരമയിൽ പദ്യപങ്തി തദനന്തരം വേണ്ടെന്നു നിശ്ചയിച്ചപ്പോൾ അദ്ദേഹം അതിൽ “സങ്കടപഞ്ചകം” എന്നൊരു കൃതി പ്രസിദ്ധീകരിച്ചു. അതിൽനിന്നു് ഒരു ശ്ലോകമാണു് ചുവടെ ചേർക്കുന്നതു്.

 “പണ്ടത്തെ പ്രതിപത്തിവിട്ടു പരമപ്പത്രാധിപൻ ഞങ്ങൾതൻ
 കണ്ടത്തെ പ്രതിപക്ഷികൾക്കു നിയമിച്ചേല്പിച്ചുറപ്പിച്ചതിൽ
 കിണ്ടത്തിൽപ്പിണയുന്ന ഞങ്ങൾ മുറപോലന്യായവും മറ്റുമായ്
 ക്കൊണ്ടെത്തീട്ടുജയിക്കുമപ്പോളൊഴിയും വല്ലാത്തൊരിസ്സങ്കടം”.

കൊച്ചി അപ്പൻതമ്പുരാൻ 1078 ചിങ്ങത്തിൽ രസികരഞ്ജിനി മാസിക ആരംഭിച്ചപ്പോൾ അതിന്റെ ആധിപത്യം വഹിക്കുവാൻ അപേക്ഷിച്ചതു തമ്പുരാനോടായിരുന്നു. നാലു കൊല്ലവും നാലു മാസവും കാലമേ ആ മാസിക നിലനിന്നുള്ളു. ഒട്ടേറെ ഗദ്യപദ്യലേഖനങ്ങൾകൊണ്ടു തമ്പുരാൻ അതിനെ അലങ്കരിച്ചുകൊണ്ടു് അവസാനംവരെ ആ സ്ഥാനത്തിൽ തുടർന്നു. 1084-ാമാണ്ടു വൃശ്ചികമാസത്തിലായിരുന്നു തൃശ്ശൂരിൽനിന്നു നമ്പൂരിമാരുടെ ഉടമസ്ഥതയിൽ മംഗളോദയം മാസിക പുറപ്പെട്ടു തുടങ്ങിയതു്. അതിനും വേണ്ട ലേഖനങ്ങൾ അദ്ദേഹം മുക്തഹസ്തമായി ദാനം ചെയ്തു. മാളിയമ്മാവിൽ കുഞ്ഞുവറിയതു് 1081-ൽ ഏതാനും വർഷം തൃശ്ശൂർ പൂരക്കാലത്തു നടത്തിവന്ന ഭാരതവിലാസം സഭയുടേയും ജീവനാഡി തമ്പുരാൻതന്നെയായിരുന്നു. 1070 മുതൽ കോട്ടയ്ക്കൽ കോവിലകത്തുണ്ടായ താമസവും അദ്ദേഹത്തിന്റെ സാഹിത്യവ്യവസായത്തിനു് ഉത്തേജകമായിബ്ഭവിച്ചു. 1085-ൽ പി.വി.കൃഷ്ണവാരിയർ കവനകൗമുദി മാസിക കോട്ടയ്ക്കൽനിന്നു സ്ഥിരമായി പ്രസിദ്ധീകരിച്ചു തുടങ്ങിയതു പ്രധാനമായി തമ്പുരാന്റെ പിൻബലംകൊണ്ടായിരുന്നു. താനുള്ള കാലം കൗമുദിയ്ക്കു ലേഖനങ്ങളില്ലാതെ ബുദ്ധിമുട്ടു വരികയില്ലെന്നു കൃഷ്ണവാരിയർക്കു നല്കിയിരുന്ന വാഗ്ദാനം അദ്ദേഹം ആയുരന്തംവരെ അഭങ്ഗുരമായി പരിപാലിച്ചു. കംസൻ, കൃതിരത്നപഞ്ചകം തുടങ്ങിയ കൃതികൾ ആ മാസികയുടെ ആവശ്യത്തിനുവേണ്ടി എഴുതിയവയാണു്. അങ്ങനെ അത്യന്തം അനുകൂലമായ പരിതഃസ്ഥിതിയിലാണു് കഥാനായകനു സാഹിത്യസേവനം ചെയ്യാൻ അവസരം ലഭിച്ചതു്.

പച്ചമലയാളം

സാഹിത്യവിഷയത്തിൽ ഇനി തമ്പുരാന്റെ ചില പുതിയ വ്യവസായങ്ങളെപ്പറ്റി അല്പം ഉപന്യസിക്കാം. സംസ്കൃതപദങ്ങളുടെ സാഹായം കൂടാതെ ഒന്നോ രണ്ടോ ശ്ലോകങ്ങളല്ലാതെ ഒരു കാവ്യം മുഴുവൻ രചിക്കുവാൻ സാധിക്കുകയില്ലെന്നു സി.പി. അച്യുതമേനോനും, സാധിക്കുമെന്നു് അദ്ദേഹവും ഒരവസരത്തിൽ വാദിച്ചു. ആ വാദത്തിൽ ജയിക്കുവാനാണു് “നല്ല ഭാഷ” എന്ന കാവ്യം അദ്ദേഹം നിർമ്മിച്ചു് 1066-ൽ വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ചതു്. ആകെ വിവിധ വൃത്തങ്ങളിലായി അതിൽ 52 ശ്ലോകങ്ങളുണ്ടു്. കൊച്ചിയിൽ പെരുവനത്തിനടുത്തുള്ള ഒരില്ലത്തെ നമ്പൂരി സാമൂതിരിയുടെ നാട്ടിൽ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു. അദ്ദേഹം പെരുവനത്തു പൂരത്തിനു കൊല്ലംതോറും ചെല്ലും. അവിടെ താൻ ഒരമ്പലത്തിൽ കഴിച്ചുവച്ചിരുന്ന സമ്പാദ്യം മുഴുവൻ മോഷണം പോയി. സാമൂതിരിയോടു് ആവലാതി പറഞ്ഞപ്പോൾ അവിടുന്നു കാര്യം ഒരുമാതിരി മനസ്സിലാക്കി ഒരു ചെപ്പു പുഴുകു നമ്പൂരിയുടെ കയ്യിൽക്കൊടുത്ത് അതു് അദ്ദേഹത്തിന്റെ രണ്ടാംവേളിക്കു സമർപ്പിക്കുവാൻ ഉപദേശിച്ചു. അതേ പുഴുകുള്ള മറ്റൊരു ചെപ്പു കൊച്ചി മഹാരാജാവിന്റെ കയ്യിൽ ഏല്പിക്കുവാനും ചട്ടംകെട്ടി. അടുത്തുവന്ന പെരുവനത്തു പൂരത്തിനു കൊച്ചിത്തമ്പുരാൻ ആ പുഴുകു പൂശിയുംകൊണ്ടു നമ്പൂരിയോടുകൂടി അവിടത്തേയ്ക്കു പോയി. അതേ പുഴുകു പൂശിക്കൊണ്ടു കാഴ്ചകാണുവാൻ വന്ന രണ്ടാംവേളിയുടെ ജാരനെ കണ്ടുപിടിച്ചു തൊണ്ടിയെടുത്തു നമ്പൂരിയെ ഏല്പിക്കുകയും ചെയ്തു. രണ്ടു രാജാക്കന്മാരും അതിബുദ്ധിമാന്മാരായിരുന്നു. അവർ തമ്മിൽ ശത്രുതയിലാണു് വർത്തിച്ചിരുന്നതെങ്കിലും നമ്പൂരിയുടെ മുതൽ വീണ്ടെടുത്തുകൊടുക്കുന്നതിൽ രണ്ടുപേരും ജാഗരൂകന്മാരായിരുന്നു. ഇതാണു് നല്ലഭാഷയിലെ ഇതിവൃത്തം. ഒരു ശ്ലോകം ഉദ്ധരിക്കാം.

 “ആരോടെല്ലാം പറഞ്ഞു പണമിവിടെയിരി
 പ്പുള്ള,താരോടുമില്ലേ;
 നേരോ? നേരാണു്; ചൊവ്വല്ലിതു ചെറിയൊരക
 ത്താളൊടുവ്വായിരിക്കാം;
 പോരും; നേരാണിതെന്നാൽപ്പറവതു വെറുതേ;
 പോയതോ പോയിടട്ടേ;
 പൂരത്തിൻനാൾ വരൂ നോക്കൊരുമയോടൊരു വേ
 ളയ്ക്കു വേലയ്ക്കു പോകാം”.

എത്ര ഹൃദയങ്ഗമമായിരിക്കുന്നു ഈ ശ്ലോകം! ഇതുപോലെ തന്നെയാണു് മറ്റു ശ്ലോകങ്ങളും. “ഒടി” എന്നൊരു ചെറിയ കൃതിയും തമ്പുരാൻ ഈ ജാതിയിൽ നിർമ്മിച്ചിട്ടുണ്ടു്. പച്ച മലയാളത്തിൽ പില് ക്കാലത്തു “കോമപ്പൻ” മുതലായ കാവ്യങ്ങളെഴുതി മെച്ചം നേടിയ കുണ്ടൂർ നാരായനമേനോനു് അദ്ദേഹമായിരുന്നു ആ വിഷയത്തിൽ ആചാര്യൻ. കോമപ്പനിലെ ആദ്യത്തെ 25 ശ്ലോകം അദ്ദേഹം പരിശോചിച്ചു തിരുത്തിക്കൊടുത്തിട്ടുള്ളതാണു്. പച്ചമലയാളം എന്ന ഈ നവീനകാവ്യ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു തമ്പുരാൻതന്നെയാണു്. അതു കേവലം ഒരു സാഹിത്യവിനോദമെന്നല്ലാതെ സംസ്കൃതപദങ്ങളെ ഭാഷാകവിതയിൽനിന്നു ബഹിഷ്കരിക്കണമെന്നു് ആഗ്രഹമുണ്ടായിരുന്നില്ല. ആ വസ്തുത അറിയാതെ ചില നിരൂപകമ്മന്യന്മാർ “ഉണക്കമലയാളം” എന്നും മറ്റും അക്കാലത്തു് അതിനെ അധിക്ഷേപിക്കുകയുണ്ടായി എന്നുള്ളതും പ്രകൃതത്തിൽ പ്രസ്താവയോഗ്യമാണു്.

ഭാരതം കിളിപ്പാട്ടു്

മഹാഭാരതത്തിൽ തമ്പുരാന്നുള്ള പ്രതിപത്തി അന്യാദൃശമായിരുന്നു. കവിഭാരതമാണല്ലോ അദ്ദേഹം ആദ്യമായി പ്രസിദ്ധീകരിച്ച ഭാഷാകൃതി. 1066-ൽ സി.പി. അച്യുതമേനോനും ചാത്തുക്കുട്ടിമന്നാടിയാരും കൂടി മഹാഭാരതം ഹരിവംശസഹിതം അഞ്ചുവർഷംകൊണ്ടു തർജ്ജമ ചെയ്വാൻ ഒരു പദ്ധതി രൂപവൽക്കരിച്ചു. അതിനെപ്പറ്റി നടുവത്തച്ഛന്നുള്ള ഒരെഴുത്തിൽ തമ്പുരാൻ

 “കൊച്ചുണ്ണിക്ഷോണിപാലൻ, കൊടിയൊരു കവി കാ
 ത്തുള്ളി,യെന്നല്ലഹോ ഞാ
 നച്ഛൻനമ്പൂരിയാമ,ങ്ങയി തവ തനയൻ,
 കൊച്ചുകുഞ്ഞുണ്ണിരാജൻ,
 സ്വച്ഛൻ മദ്ദേശികക്ഷ്മാപതി, ശുഭമതി കു
 ണ്ടൂ,രഹോ സി.പി.സാക്ഷാൽ
 മെച്ചം ചേരുന്നൊരാ വെണ്മണികവിമണി കൂ
 നേഴനും പേരു പോരേ?  പോരൊന്നിനി ഹരിവംശം പോരൊടു മന്നാടിയാരുമെഴുതട്ടെ;
 തീരട്ടേ പാട്ടിലതും; തീരട്ടേ ഗ്രന്ഥദുർഭിക്ഷം”.

എന്നെഴുതിക്കാണുന്നു. ആദിപർവവും ഭീഷ്മപർവവും കൊച്ചുണ്ണിത്തമ്പുരാൻ; വനപർവവും ശല്യപർവവും ശാന്തിപർവവും കുഞ്ഞിക്കുട്ടൻതമ്പുരാൻ; വിരാടപർവവും സ്ത്രീപർവവും സി.പി; കർണ്ണപർവം നടുവത്തച്ഛൻ-ഇങ്ങനെ പർവ്വങ്ങളും അവരവർക്കു വീതിച്ചു കൊടുത്തു. കൊച്ചുണ്ണിത്തമ്പുരാൻ ആദിപർവവും കുഞ്ഞിക്കുട്ടൻതമ്പുരാൻ വനപർവത്തിൽ ഏതാനും ഭാഗവും തർജ്ജമ ചെയ്തു. ശേഷമുള്ളവരുടെ അസൗകര്യംകൊണ്ടു് ആ ഉദ്യമം സഫലമായില്ല.

സംസ്കൃതകാവ്യവിവർത്തനം

1078-മാണ്ടിടയ്ക്കു സംസ്കൃതകാവ്യങ്ങൾ ഭാഷപ്പെടുത്തുന്നതിനു തമ്പുരാന്റെ ആധ്യക്ഷ്യത്തിൽ ഒരു സമിതി ആവിർഭവിച്ചു; തർജ്ജമയോഗക്കമ്മിറ്റി എന്ന പേരിൽ തത്സംബന്ധ മായി ഒരു കമ്മിറ്റിയും രൂപവൽക്കരിച്ചു. പലരും അതിൽ അങ്ഗങ്ങളായിരുന്നു. അല്പം ചിലതെല്ലാം നടന്നു.

ദ്രാവിഡകാവ്യവിവർത്തനം

തമിഴിലെ ചില പ്രധാന കാവ്യങ്ങൾ മലയാലത്തിൽ തർജ്ജമചെയ്തുകിട്ടണമെന്നുള്ളതു തമ്പുരാന്റെ മറ്റൊരാഗ്രഹമായിരുന്നു. ആ പ്രയത്നവും പുരോഗമനം ചെയ്തില്ല.

പുരാണതർജ്ജമ

മഹാഭാരതം തർജ്ജമ അവസാനിപ്പിച്ചതിനുമേൽ പതിനെട്ടു പുരാണങ്ങളും തർജ്ജമചെയ്തു പ്രസിദ്ധീകരിക്കണമെന്നു തമ്പുരാൻ നിശ്ചയിച്ചു. 1081-ാമാണ്ടു കൊട്ടാരത്തിൽ ശങ്കുണ്ണിക്കു മഹാകവി എഴുതിയ ഒരെഴുത്തിലെ ചില ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.

 “പതിനെട്ടുപുരാണങ്ങളും തുടങ്ങാ
 മതിനൊട്ടല്ല കണക്കു നാലു ലക്ഷം;
 അതിസാഹസമാണിതെന്നൊരാൾ ഞാൻ
 മുതിരുന്നാകിൽ മുടിക്കുവാൻ പ്രയാസം.  പല സൽകവിവര്യരൊത്തുകൂടി
 പ്പലനാൾ വേലയെടുക്കിലങ്ങൊടുക്കം
 ഫലവത്തരമാം പെരുത്തു പുണ്യം
 ഫല,മെന്നല്ലറിവും ഹൃദിസ്ഥമാക്കാം.  ആരും തുണയ്ക്കില്ലിതിനെന്നു വന്നാൽ
 ച്ചേരുംവിധം ഞാൻ കഴിയുന്നപോലെ,
 താരുണ്യഗർവാൽപ്പറയുന്നതല്ല,
 നേരുള്ളതോതാം, പടുവേലചെയ്യും.  പ്രയത്നിക്കമാത്രം നമുക്കുള്ള കൃത്യം;
 പ്രയത്നം ഫലിപ്പിക്കലാദ്ദൈവകൃത്യം;
 സ്വയം ചെയ്യണം നാം മനുഷ്യപ്രയത്നം,
 സ്വയത്നം പരാശക്തി സിദ്ധാർത്ഥമാക്കും.”

എന്തൊരു പൗരുഷപാരമ്യം; എന്തൊരു ഭാഷാപോഷണവൈയഗ്ര്യൈം! ശങ്കുണ്ണിയെ ഏല്പിച്ച പുരാണം ഗാരുഡമായിരുന്നു. സ്കാന്ധപുരാണമായിരുന്നു മഹാകവി തനിക്കു തിരഞ്ഞെടുത്തതെന്നു തോന്നുന്നു. എന്തുകൊണ്ടെന്നാൽ അതിലെ ഒരു ഭാഗമാണു് 65 അധ്യായങ്ങളടങ്ങിയ ഹരിശ്ചന്ദ്രോപാഖ്യാനം. ആ വ്യവസായവും മുന്നോട്ടു നീങ്ങിയില്ലെങ്കിലും ആ വഴിക്കുള്ള പ്രചോദനത്തിന്റെ ശക്തിയാലാണു് കണ്ടിയൂർ മഹാദേവശാസ്ത്രി ദേവീഭഗവതവും, പെരുവനത്തു കെ.എസ്. കൃഷ്ണയ്യർ ഭവിഷ്യപുരാണവും, ഇരിങ്ങാലക്കുട നാരായണപ്പിഷാരടി വിഷ്ണുപുരാണവും മറ്റും വൃത്താനുവൃത്തമായി ഭാഷപ്പെടുത്തിയതു്.

പുരാണപുരുഷന്മാർ

1086-ൽ ഇതിഹാസപുരാണങ്ങളിലെ നായകന്മാരുടെ ജീവചരിത്രം ഗദ്യരൂപത്തിൽ രചിക്കുവാൻ തമ്പുരാൻ പി.വി. കൃഷ്ണവാരിയരോടും മറ്റും ആലോചിച്ചു പലരോടും അപേക്ഷിച്ചു. വലിയ കോയിത്തമ്പുരാൻ ശ്രീമാൻ, വള്ളത്തോൾ നാരായണമേനോൻ ലക്ഷ്മണൻ, എം. രാജരാജവർമ്മത്തമ്പുരാൻ സുയോധനൻ എന്നിങ്ങനെയാണു് അദ്ദേഹത്തിന്റെ പട്ടികയുടെ പോക്കു്. അതിൽ സുയോധനൻ മാത്രമേ പ്രസിദ്ധീകൃതമായുള്ളു. വലിയ കോയിത്തമ്പുരാൻ പ്രായാധിക്യംകൊണ്ടു് ആ ഭാരം കയ്യേറ്റില്ല.

മലയാളത്തിലെ ഗ്രന്ഥദാരിദ്ര്യത്തിന്റെ പരിഹാരത്തിന്നു തമ്പുരാൻ എത്രവളരെ മാർഗ്ഗങ്ങളിൽക്കൂടിയാണു് ശ്രമിച്ചതെന്നു് ഈ പ്രസ്താവനകളിൽനിന്നു പ്രകടമാകുന്നുണ്ടല്ലോ.

സംസ്കൃതകൃതികൾ

ഇനി തമ്പുരാന്റെ ഏതാനും ചില കൃതികളെപ്പറ്റിമാത്രം സ്വല്പം ഉപന്യസിക്കാം. വിസ്ത രിച്ചുള്ള പ്രതിപാദനം ഒരു വലിയ പുസ്തകംകൊണ്ടല്ലാതെ സാധിക്കുന്നതല്ല. വീരരസവർണ്ണനത്തിലായിരുന്നു അദ്ദേഹത്തിനു വിശേഷപ്രതിപത്തി. ഓജഃപ്രധാനമായിരുന്നു അദ്ദേഹത്തിന്റെ സ്വാഭാവികമായ കാവ്യശൈലി. ലക്ഷണാസങ്ഗം തന്റെ ആദ്യത്തെ നാടകത്തിനു് ഇതിവൃത്തമായി തിരഞ്ഞെടുത്തതും ഭാരതമഞ്ജരിയിൽ ദ്രോണപർവം തർജ്ജമയ്ക്കു സ്വീകരിച്ചതും ആ കലാപ്രവണതയ്ക്കു് ഉദാഹരണങ്ങളാണു്. തമ്പുരാന്റെ കവിതയ്ക്കു ശൃങ്ഗാരരസത്തിൽ പ്രവേശമില്ലെന്നുള്ള അപവാദം നിർമ്മാർജ്ജനം ചെയ്യുന്നതിനുവേണ്ടിയാണു് ചന്ദ്രിക എന്ന ഭാഷാനാടിക രചിച്ചതു്.

 “അങ്ഗേശൻ മുതലായനേകമരിവീരന്മാരടുത്താലെടു
 ത്തങ്ങേശും ഭുജശാക്തിയാലെയർവരെത്തട്ടിപ്പറപ്പിക്കിലും  തുങ്ഗശ്രീ വിജയന്നു കൃഷ്ണസഹജാകൃഷ്ണാദിസങ്ഗങ്ങളിൽ
 ശ്ശൃങ്ഗാരക്കുറവുണ്ടതെന്നു വരുമോ കാര്യം വിചാരിക്കെടോ.”

എന്ന ശ്ലോകം നോക്കുക. ആ കാരണത്താൽത്തന്നെയാണു് അദ്ദേഹത്തിന്റെ ബുദ്ധി വ്യായോഗനിർമ്മിതിയിൽ ആസക്തമായതു്. “ഹാസ്യശൃങ്ഗാരശാന്തേഭ്യ ഇതരേത്രാങ് ഗിനോ രസാഃ” എന്നും മറ്റുമാണല്ലോ ആ മാതിരി രൂപകത്തിന്റെ ലക്ഷണം. മഹാകവിക്കു സംസ്കൃതകവിതയും ഭാഷാകവിതയും, ഭാഷാകവിതയിൽ സ്വതന്ത്രകവനവും വിവർത്തനവും ഒന്നുപോലെ സ്വാധീനമായിരുന്നു. ഏതു് ഏതിൽ കവിഞ്ഞു നില്ക്കുന്നു എന്നു പരിച്ഛേദിച്ചു പറയുവാൻ നിർവാഹമില്ലതന്നെ. സംസ്കൃതകവനത്തിന്റെ രീതി കാണിക്കുവാൻ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.

 “അയം സമരജാംഘികസ്സുദൃഢഗൂഢസന്ധിക്രമഃ
 കൃശോദരമനോഹരോ വിതതപീവരോരഃസ്ഥലഃ
 സുവൃത്തകഠിനായതസ്ഥിരവൃഷാംസബാഹുദ്വയോ
 ഗഭീരവദനേക്ഷണോ ദിശാതി മേ മുദം മാധവഃ”.
(ജരാസന്ധവധം)  “ഗർത്തേഷ്ടച്ചൈരടന്തീ, ഘനതുഹിനശിലാപൃഷ്ഠമധ്യാശ്രയന്തീ,
 നിമ്നേഷുപ്രസ്ഖലന്തീ, നിബിഡതരുതതേരന്തരാ നിഷ്പതന്തീ,
 സത്ത്വൗഘം സംഹരന്തീ, പ്രചലദസിലതാമേചകാ, യാമുനീവ
 സ്രോതോവൃദ്ധിവിർധത്തേ ശബരഭടഘടാ കാനനാഭോഗ പൂർത്തിം”.
(കിരാതാർജ്ജുനീയം)  “ഏഷ ത്വാം വിശിഖവിശീർണ്ണവർഷ്മഖണ്ഡ
 പ്രത്യഗ്രസ്രുതരുധിരാർദ്രമാംസപിണ്ഡം
 ആലഭ്യ പ്രിയപിശിതോപഹാരചര്യാം
 കൈരാതീം നനു വനഭൈരവീം ധിനോമി”.
(കിരാതാർജ്ജുനീയം)  “കിം കിം പ്രാഹ ഭവാൻ സ ഭീമസഹജോ
 ഗാന്ഡീവധന്വാ യതി
 വ്യാജാന്നശ്ഛലയന്നഥാപഹൃതവാൻ
 കന്യാം സുഭദ്രാമിതി?
 നോ ശോചാമി കരൂൻ; ന സൗഹൃദഭിദഃ
 കുന്തീസുതാൻ; നാർജ്ജുനം;
 കിന്ത്വേനാം മൃതപുരുഷാദുപനതാം
 ദൂയേ സ്മരൻ ദാരികാം”.
(സുഭദ്രാഹരനം)  “ശ്രീമാനവിക്രകവീന്ദ്രമുഖാരവിന്ദ
 മാധ്വീരസാതിമദമന്ഥരരാജഹംസീ
 ചൂതാടവീതടലസത്സവിലാസയാതാ
 ജേജീയതേ മദനമർദ്ദനഭാഗ്യവൃദ്ധിഃ”.
(മാനവിക്രമഏട്ടൻതമ്പുരാനു് ഒരെഴുത്തു്)  “ജലാർദ്രപവനാലോലസസ്യസാരസ്യശാലിനീ
 നിമ്നാപ്യുന്നതിമാധത്തേ യത്ര ക്ഷേത്രക്ഷിതിർന്നൃണാം.
 തപസ്സ്വാധ്യായ സംസിദ്ധഭൂദേവപദചിഹ്നിതാഃ
 യത്രോന്നതാ അപി ഭൂവോ ദർശയന്തീവ നമ്രതാം”.
(ശ്രീശങ്കരഗുരുചരിതം)
49.20ധനശാസ്ത്രകാരിക

ഇതു് കെ.സി. മാനവിക്രമരാജാ ഡി.സി.യും പി.വി. കൃഷ്ണവരിയരും കൂടി നടത്തിവന്ന ലക്ഷ്മീവിലാസം മാസികയിൽ ചേർക്കുന്നതിനു 1081-ാമാണ്ടു് അവരുടെ ആവശ്യമനുസരിച്ചു രചിച്ചതാണു്. വിഷയഗ്രഹണത്തിനു രാജാവിന്റെ തത്സംബന്ധമായുള്ള ഗദ്യലേഖനങ്ങളെ ആശ്രയിച്ചിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങളും അവയുടെ ഭാഷാനുവാദവും പകർത്തുന്നു.

 “തഥാഹ്യുത്സർഗ്ഗതസ്സർവ്വേ ലോകേർത്ഥാഃ കിന്തു കേവലം
 ക്രയശക്ത്യാത്മകം മൂല്യം യത്ര സോർത്ഥ ഇഹേഷ്യതേ”.  “അർത്ഥമല്ലാതെ ലോകത്തിലില്ലൊരെണ്ണവുമെങ്കിലും
 ഇതിൽ വാങ്ങാൻ തക്കവിലയുള്ളതേ അർത്ഥമായ്വരൂ”.  “യഥാ ക്വചിച്ഛീർണ്ണപത്രഭസ്മപങ്കാദയോപി വാ
 മൂല്യസമ്പാദകതയാ സമ്പദ്ഭാവം വ്രജന്തി ഹി”.  “ചിലേടം പാഴിലകളും വെണ്ണീറും ചേറുമെന്നിവ
 വിലയുണ്ടാകയാൽ സമ്പത്തായിത്തീരുന്നതില്ലയോ?”
49.21ഭാഷാകൃതികൾ-കവിഭാരതം

കവിഭാരതത്തിൽ പാണ്ഡവപക്ഷമെന്നും കൌരവപക്ഷമെന്നും രണ്ടു ഖണ്ഡങ്ങളുണ്ടു്. ഏതാനും കവികളുടെ പേരുകൾ മാത്രമേ കൊള്ളിച്ചിട്ടുള്ളു. കവിക്കു് അന്നു പറയത്തക്ക ബാഹ്യലോകപരിചയമില്ലായിരുന്നു.

 “ഓർക്കുമ്പോളിനിയോർമ്മ പോര; കവിത
 ക്കാരുണ്ടനേകം തരം  പാർക്കുമ്പോൾ കരുവീരരാർക്കുക; നിറു
 ത്തുന്നേൻ പൊറുത്തിന്നു ഞാൻ”.

എന്നു പറഞ്ഞു കവി ഒഴിയുകയാണു് ചെയ്തിട്ടുള്ളതു്.

കൊച്ചുണ്ണിത്തമ്പുരാൻ അർജ്ജുനൻ, വലിയകോയിത്തമ്പുരാൻ ഭീമസേനൻ, വെണ്മണി അച്ഛൻനമ്പൂരി ഹനുമാൻ, ഒറവങ്കര നീലകണ്ഠൻനമ്പൂതിരി സാത്യകി, വെണ്മണി മഹൻ ദ്രോണർ, നടുവത്തച്ഛൻ കൃപൻ, കൈക്കുളങ്ങര രാമവാരിയർ കർണ്ണൻ, കറുത്തപാറ ദാമോദരൻ നമ്പൂരി ശല്യൻ എന്നും മറ്റുമാണു് അദ്ദേഹം നിർദ്ദേശിക്കുന്നതു്. തനിയ്ക്കു കൌരവപക്ഷത്തിൽ കൃതവർമ്മാവിന്റെ സ്ഥാനമേ കല്പിച്ചിട്ടുള്ളു.

 “ഊനത്വം പിണയാതെ രാജകവിയോടൊട്ടൊട്ടടുക്കുന്നൊരീ
 ഞാനത്രേ കവിസംഘസംഗരമതുണ്ടായെങ്കിൽ മായം വിനാ
 മാനത്താൽപ്പൊരുതുന്ന ചാരുകൃതവർമ്മാവെന്നൊരാ യാദവ
 സ്ഥാനത്തിന്നനുരൂപനെന്നു മതമിദ്ദിക്കിൽച്ചിലർക്കൊക്കെയും”

എന്നതാണു് സ്വന്തം സ്ഥാനത്തെപ്പറ്റിയുള്ള ശ്ലോകം. വറുഗീസുമാപ്പിള പില്ക്കാലത്തു് അതു വിപുലമാക്കണമെന്നു് അപേക്ഷിച്ചപ്പോൾ തമ്പുരാൻ ആ അപേക്ഷ അംഗീകരിച്ചില്ല. ആ കൃതി കേവലം ബാലചാപല്യമെന്നുമാത്രമേ അദ്ദേഹം അന്നു കരുതിയുള്ളു.

49.22ദക്ഷയാഗശതകം

ദക്ഷയാഗശതകം യൗവനോദയത്തിലെ ഒരു ദ്രുതകവിതയായിട്ടും അതിൽപ്പോലും തമ്പുരാന്റെ കവനകലാവൈഭവം അതിന്റെ വികസ്വരരൂപത്തിൽ കാണ്മാനുണ്ടു്.

 “ചാർച്ചക്കാരാണു ചന്ദ്രൻ പിതൃപതി മുതലാ
 യുള്ള വാനോർകളേറെ
 ച്ചേർച്ചക്കാരായിരിപ്പുണ്ടനവധി മുനിമാർ
 നിത്യമിങ്ങത്രയല്ല,
 കാഴ്ചയ്ക്കും പാരമോരോ വിവിധതരവിശേ
 ഷങ്ങളുണ്ടെങ്കിലും മേൽ
 വീഴ്ചക്കായ് വന്നുകൂടും വിഭൂവിനൊടു വിരോ
 ധിച്ച ദുർമ്മോഹമെല്ലാം”.

എന്നതു് അതിലെ ഒരു ശ്ലോകമാണു്.

49.23പാലുള്ളിചരിതം

ഈ കാവ്യത്തിൽ മഹാകവി ഒരൈതീഹ്യത്തെ ആസ്പദമാക്കി പാലുള്ളിനമ്പൂരിയുടെ സമരവൈദഗ്ദ്ധ്യത്തേയും നായികയായ മാധവിയുടെ ചാരിത്രനിഷ്ഠയേയും വർണ്ണീക്കുന്നു. താഴെക്കാണുന്ന ശ്ലോകങ്ങളുടെ മാധുര്യം പരിശോധിക്കുക; ആദ്യത്തേതു് സ്വഭാവോക്തി സുഭഗമാണു്.

 “പട്ടും പട്ടുറുമാലുമേറെ വിലയേറീടുന്ന കുപ്പായവും
 മൊട്ടച്ചാത്തലമൂടു മൂടിയ പകിട്ടേറുന്ന നൽത്തൊപ്പിയും
 വട്ടത്താടി വളർത്തു തുമ്പു സമമായ് വെട്ടീട്ടെഴും വക്ത്രവും
 മട്ടും ചേർന്നു നടുക്കു കണ്ടിതവരന്നക്കുഞ്ഞുവീരാനെയും”  “ഇതി പലതുമകക്കാമ്പിങ്കലോർത്തിട്ടു പിന്നെ
 ക്ഷിതി കിടുകിടയാകുംമട്ടു കാൽവെച്ചു കേറി
 ചതിയുടയൊരു മുത്തിത്തള്ള രോഷാഗ്നിദേവാ
 ഹുതിയതിനു ഹവിസ്സാംമട്ടു നോക്കീട്ടു ചൊന്നാൾ”

നല്ല ഭാഷ, പാലുള്ളിചരിതം, തുപ്പല്ക്കോളാമ്പി മുതലായവയാണു് ഭാഷയിൽ നിർമ്മിതങ്ങളായ ആദ്യത്തെ ലഘുകാവ്യങ്ങൾ.

49.24മദിരാശിയാത്ര

ഇതു കൊച്ചി രാജകുടുംബത്തിലെ കുഞ്ഞുണ്ണിത്തമ്പുരാൻ മദിരാശിയിൽ ബി.ഏ. പരീക്ഷയ്ക്കു വായിച്ചുകൊണ്ടിരുന്നപ്പോൾ അവിടുത്തെ സംസ്കൃതം പഠിപ്പിക്കുവാൻ അവിടെ താമസിച്ച കാലത്ത് എഴുതിയതാണു്. കൊടുങ്ങല്ലൂർ നിന്നു മദിരാശി വരെയും മദിരാശിയിലും കണ്ട കാഴ്ചകളെ തമ്പുരാൻ സൂക്ഷ്മദൃക്കായ ഒരു കവിയുടെ നിലയിൽ സ്വഭാവോക്തിസുഭഗമായ രീതിയിൽ ഇതിൽ വർണ്ണിക്കുന്നു.

 “വട്ടത്തൊപ്പിയിലാടിടുന്ന കുനുപീലിപ്രൗഢിയും, ബൂട്സതിൽ
 ത്തട്ടീട്ടങ്ങുരസുംവരയ്ക്കടിവരെത്തൂങ്ങുന്ന കുപ്പായവും
 കട്ടിക്കാലുറയും കരത്തിലൊരു നൽക്കാറ്റാടിയുംവച്ചുകൊ
 ണ്ടൊട്ടേറെക്കളിയാടീടുന്നൊരു ദൊരപ്പൈതങ്ങളെക്കണ്ടു ഞാൻ”.

എന്ന പദ്യം ഈ കൃതിയിൽ ഉൾപ്പെടുന്നു.

49.25തുപ്പല്ക്കോളാമ്പി

തുപ്പല്ക്കോളാമ്പി തമ്പുരാൻ ഒരിക്കൽ ഗുരുവായൂർക്കു തൊഴാൻ പോയപ്പോൾ അവിടെ പെട്ടരഴിയം രാമനിളയതിന്റെയും മറ്റും അപേക്ഷയനുസരിച്ചു് ഒരു രാത്രികൊണ്ടെഴുതിയ അതിമനോഹരമായ ഒരു കാവ്യമാണു്. കൊടുങ്ങല്ലൂർ രാജാക്കന്മാരുടെ അങ്ഗരക്ഷകരായിരുന്ന കിളിക്കോട്ടു പണിക്കന്മാരുടെ കുടുംബത്തിൽ പണ്ടൊരിക്കൽ ഒരു സ്ത്രീ ധൂർത്തയായിരുന്നു. ആ സ്ത്രീയുടെ ഭര്ത്താവായ നമ്പൂരി അവളെ ജാരനോടുകൂടി ശയനഗൃഹത്തിൽ കാണുകയും, ഉടൻ ക്രോധാവിഷ്ടനായി അടുത്തു നിറച്ചു മുറുക്കിത്തുപ്പിവച്ചിരുന്ന കോളാമ്പിയെടുത്തു് അവളെ അഭിഷേകം ചെയ്കയും ചെയ്തു. തന്റെ കുറ്റം മറയ്ക്കുന്നതിനായി അവൾ ആ വേഷത്തിൽത്തന്നെ ഓടിച്ചെന്നു തന്റെ സമരശൂരന്മാരായ സഹോദരന്മാരോടു പരാതിപ്പെടുകയും, അവർ നമ്പൂരിയെ കൊല്ലുകയും ചെയ്തു. ധർമ്മിഷ്ഠനായ രാജാവു് ആ ഭടപ്രമാണികളെ, അവർ തന്നെ പല യുദ്ധങ്ങളിലും സഹായിച്ചിരുന്നു എങ്കിലും, ഉടൻതന്നെ നാടുകടത്തി. ഈ പുരാവൃത്തമാണു് തമ്പുരാൻ പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. കേരളത്തിലെ ഐതീഹ്യങ്ങളെ ആസ്പദമാക്കി ഖണ്ഡകാവ്യങ്ങൾ രചിക്കുവാൻ മഹാകവിക്കു് അതിരും എതിരുമില്ലാത്ത നൈപുണ്യമുണ്ടായിരുന്നു; തുപ്പല്ക്കോളാമ്പിയിൽ ആ നൈപുണ്യം അതിന്റെ അഗ്രകക്ഷ്യയിൽ പ്രത്യക്ഷീഭവിക്കുന്നു. ഒന്നുരണ്ടു ശ്ലോകങ്ങൾ പകർത്താം.

 “നില്ക്കട്ടേ ജാരനായ് നീയതുമിതുമുരചെ
 യ്തിട്ടു ഞാൻ കേട്ട,തെന്ന
 ല്ലിക്കട്ടിന്മേൽകിടക്കുന്നവനെയരികിൽ ഞാൻ
 കണ്ടതും കൂട്ടീടേണ്ട;
 ധിക്‍കഷ്ടം! ദുഷ്ടശീലേ! പറക പറക നീ;
 നിന്റെ കോളാമ്പിയിൽത്താ
 നിക്കട്ടത്തുപ്പലിത്രയ്ക്കനവധി നിറവാ
 നെന്തഹോ! ഹന്ത! ബന്ധം?  ഞാൻതന്നെ തുപ്പിയിതിലിന്നു നിറച്ചുതാണു;
 കാന്തന്നു മറ്റൊരു വിചാരമുദിച്ചിടേണ്ട;
 എന്തെന്നിലിക്കടുതയെന്നവൾ ചൊല്ലിടുമ്പോ
 ളെന്തെന്നു നിഷ്ഠുരമുരച്ചു ചൊടിച്ചു വിപ്രൻ.  ഇപ്പച്ചപ്പേച്ചുരയ്ക്കുന്നതു ശഠഹൃദയമേ!
 നല്ല സാമർത്ഥ്യമുള്ളി
 ത്തുപ്പൻനമ്പൂരിയോടോ? മതി മതിയറിയും
 നിന്നെ ഞാൻ പണ്ടുതന്നെ;
 ഇപ്പോൾകാട്ടിത്തരാമെന്നവളുടെ തലയിൽ
 ത്തൽക്ഷണം ചെയ്തു വിപ്രൻ
 തുപ്പൽക്കോളാമ്പികൊണ്ടിട്ടരിയൊരു കുലടാ
 രാജ്യപട്ടാഭിഷേകം”.
49.26കംസൻ

കംസന്റെ ജീവചരിത്രത്തെപ്പറ്റി വളരെ വിസ്തരിച്ചെഴുതീട്ടുള്ള ഒരു കാവ്യമാണു് ഈ ഗ്രന്ഥം. ശ്രീമദ്ഭാഗവതത്തിൽ കാണുന്ന കഥ മാത്രമല്ല ഇതിൽ അനുർഭവിച്ചിട്ടുള്ളതു്. അധോലിഖിതങ്ങളായ ശ്ലോകങ്ങളിൽ ആദ്യത്തേതു ജരാസന്ധന്റെ കൊമ്പനാനയുടെ നേർക്കു കംസനും, രണ്ടാമത്തേതു കംസന് അദ്ദേഹത്തിൽനിന്നു സമ്മാനമായി കിട്ടിയ അതേ ആനയുടെ നേർക്കു് ശ്രീകൃഷ്ണനും പ്രദർശിപ്പിക്കുന്ന പരാക്രമമാണു്. ആ കൊലകൊമ്പനാണു് കുവലയാപീഡം.

 “മലച്ചുനില്ക്കാത്തവനാശു വാൽ പിടി
 ച്ചുലച്ചു ചുറ്റിച്ചു മറിച്ചുവിട്ടതിൽ
 ബലച്ചുരുക്കം വെളിവാക്കി മണ്ണിൽ വീ
 ണലച്ചു വൻപേറിന കൊമ്പനാനയും”.  “പൊടിച്ചു മുന്നോട്ടു കുതിയ്ക്കുമാന, യാ
 ഞ്ഞടിച്ചു പിന്നോട്ടു തിരിയ്ക്കുമച്യുതൻ;
 പിടിച്ചുകുത്താൻ കരി നോക്കു, മൂക്കൊടൊ
 ത്തിടിച്ചു ചാടും ഹരി സിംഹവിക്രമൻ”.
49.27കൃതിരത്നപഞ്ചകം

ഈ പുസ്തകത്തിലെ അഞ്ചു കൃതികളും ഭാരതാന്തർഗ്ഗലങ്ങളായ കഥകളെ ആസ്പദമാക്കി എഴുതീട്ടുള്ളവയാണു്. ഇവയെല്ലാം ഒന്നുപോലെ വിശിഷ്ടങ്ങളായിരിക്കുന്നു.

 “ഉടൽ വീർത്തു വിയർത്തു ചോരപാഞ്ഞുൽ
 ക്കടമൂക്കിട്ടു പിടിച്ചുപൊക്കിയാലും
 സ്ഫുടമാപ്പുകൾകൊണ്ട ചക്രമങ്ങോ
 ർക്കിടയായീല കുറച്ചുമൊന്നനക്കാൻ”

എന്നതു നാരായണാസ്ത്രദാനത്തിലെ ഒരു ശ്ലോകമാകുന്നു. അടുത്തതായി കാണുന്നതു യാത്രാദാനത്തിലെ ഒരു ശ്ലോകമാണു്.

 “ഉലച്ചുവീശും കരി ശൃംഖലച്ചു
 റ്റലച്ചു ചീറുന്നൊരു ചീറ്റലിന്നും
 ബലം കെടുമ്മാറലറുന്നു യുദ്ധ
 സ്ഥലം കുലുങ്ങുംപടി മർക്കടത്താൻ”.
49.28കേരളം

ഈ ഗ്രന്ഥം കേരളത്തിലെ പ്രാചീനചരിത്രത്തെ, ഐതിഹ്യം പ്രധാനമായി ആശ്രയിച്ചു കൂലങ്കഷമായി വിശദീകരിക്കുന്ന ഒരു കാവ്യമാകുന്നു. ഇതിന്റെ നിർമ്മിതിക്കുവേണ്ട കരുക്കൾ ശേഖരിക്കുവാൻ കവി വളരെക്കാലം, വളരെയധികം, ക്ലേശിച്ചിട്ടുണ്ടു്; മുപ്പതുസർഗ്ഗങ്ങൾകൊണ്ടു മുഴുമിപ്പിക്കണമെന്നു സങ്കല്പിച്ചിരുന്നു; പതിനൊന്നു സർഗ്ഗങ്ങളേ തീർന്നുള്ളു. അതിലും ആദ്യത്തെ അഞ്ചു സർഗ്ഗങ്ങളേ പുസ്തകാകൃതിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ആറാം സർഗ്ഗം കൈരളി മാസിക വഴിക്കു പുറത്തുവന്നു. ഏഴു മുതലുള്ള സർഗ്ഗങ്ങൾ എവിടെപ്പോയിയെന്നു് ആർക്കും രൂപമില്ല. ഒന്നാം സർഗ്ഗത്തിൽ കേരളപ്രതിഷ്ഠയും, രണ്ടാം സർഗ്ഗത്തിൽ നമ്പൂരിരജ്യഭരണവും, മൂന്നാം സർഗ്ഗത്തിൽ പെരുമാൾഭരണവും, നാലാം സർഗ്ഗത്തിൽ ഏറാട്ടുപെരുമ്പടപ്പുവാഴ്ചയും, അഞ്ചാം സർഗ്ഗത്തിൽ കൂറുമത്സരവുമാണു് പ്രതിപാദ്യം. ആ സർഗ്ഗത്തിൽത്തന്നെ ശങ്കരാചാര്യ സ്വാമികളുടെ ഒരു ചരിത്രസംക്ഷേപവും ഉൾപ്പെടുന്നു.

49.29രൂപകങ്ങൾ

ഇവയിൽ പലതും നിമിഷകൃതികളാണെന്നു പറഞ്ഞുവല്ലോ. എന്നാൽ അതുകൊണ്ടു് ഇവയ്ക്കു് ആസ്വാദ്യതാംശത്തിൽ കുറവൊന്നും വന്നിട്ടില്ല. പത്തു് അങ്കത്തിൽ രചിച്ച നളചരിതം എവിടെപ്പോയി എന്നറിഞ്ഞുകൂടാ. ചന്ദ്രവർമ്മമഹാരാജാവു ചന്ദ്രികയെ പാണീഗ്രഹണം ചെയ്യുന്നതാണു് ചന്ദ്രികാനാടികയിലെ ഇതിവൃത്തം. സാമൂതിരിപ്പാടും കൊച്ചി മഹാരാജാവും തമ്മിൽ നടന്ന ശണ്ഠയാണു് ശ്രീമാനവിക്രമവിജയത്തിൽ വിവരിച്ചിരിക്കുന്നതു്. മങ്ങാട്ടച്ചൻ, പാലിയത്തച്ചൻ തിരുനാവായയോഗക്കാർ, തൃശ്ശൂർയോഗക്കാർ ഇവരെപ്പറ്റിറ്റിയുള്ള ചരിത്രശകലങ്ങളും ഇതിൽ ഭംഗിയായി ഇണക്കിക്കോർത്തിട്ടുണ്ടു്. ശ്രീമാനവിക്രമവിജയവും മാർത്താണ്ഡവിജയവും ചരിത്രകഥകളെ അവലംബിച്ചും, ചന്ദ്രിക ഒരു കല്പിതമായ ഇതിവൃത്തത്തെ ആസ്പദീകരിച്ചും എഴുതീട്ടുള്ളവയാണു്. എല്ലാ കൃതികളും ഓരോ പ്രകാരത്തിൽ ഹൃദയാവർജ്ജകങ്ങളായിട്ടുണ്ടു്. ഏതാനും ചില ശ്ലോകങ്ങൾ ഈ രൂപകസമുച്ചയത്തിൽനിന്നു പകർത്താം.

 “മേനിക്കണ്ടപ്പരായിപ്പലരുമവനിയിൽ
 പ്പാർത്തുപോരുന്നതു  മാനംകെട്ടോരു കയ്യിൽപ്പണമുടയവരിൽ
 ത്തന്നെ ധാരാളമുണ്ടാം;
 നൂനം ഭൂപാലരായീടുകിലിനിയുരചെ
 യ്യേണ്ടതുണ്ടോ? നൃപാല
 സ്ഥാനം കേറുന്നതായാലറിവുടയവനും
 മൗഢ്യമുണ്ടാകുമല്ലോ”. (സന്താനഗോപാലം)  “താരേശാസ്യത്തിലോമന്മുകിൽമുടി ചെറുകാ
 റ്റേറ്റുചിന്നിക്കരത്തിൽ
 ച്ചേരും നൽപ്പുസ്തകത്തെച്ചെറുമുലകളണി
 ച്ചട്ടമേൽച്ചേർത്തുവെച്ചു്
 നേരേ നോക്കുന്ന ബാലത്തരുണികൾനടുവിൽ
 ബ്ബാലികാപാഠശാലാ
 ദ്വാരേ നാണിച്ചുനിന്നോരഴകൊഴുകിന പെൺ
 പൈതലേതായിരിക്കും?” (ചന്ദ്രിക)  “ചോരത്തിളപ്പും ചൊടിയിൽച്ചുമപ്പും
 മാറിൽത്തരിപ്പുള്ള മുലപ്പൊടിപ്പും
 ദാരിദ്ര്യവായ്പ്പും നടുവിൽക്കിടപ്പു
 ള്ളോരർദ്ദയാശക്തി ജയിച്ചിടട്ടേ”. (സീതാസ്വയംവരം)  “കൂടെക്കൂടെയുറക്കെയൊച്ചയിടുമാ
 റെന്തിനു തർക്കിപ്പതീ
 മാടക്ഷോണിപനിന്നിരുന്നു പുലരും
 വെണ്മാടമിക്കാണ്മതിൽ
 കേടൊക്കാതൊരു മണ്ഡലത്തിനകമേ
 ശൈലാബ്ധിനാഥന്റെകാ
 ല്പാടേല്ക്കാതെയിരിക്കിലന്നുമുതലി
 പ്പൂണൂലിടുന്നില്ല ഞാൻ”. (ശ്രീമാനവിക്രമവിജയം)

സ്ഥലദൗർല്ലഭ്യത്താൽ ഗാഥയേയോ, പാട്ടുകളേയോ ഖണ്ഡകൃതികളേയോ പറ്റി ഇവിടെ ഒന്നും പറയുന്നില്ല.

49.30മലയാളശബ്ദശാസ്ത്രം

ഈ ഗ്രന്ഥം കൊച്ചുണ്ണിത്തമ്പുരാന്റെ പുരസ്കർത്താവായിരുന്ന കൊച്ചി ഇളയതമ്പുരാന്റെ ആജ്ഞയനുസരിച്ചു് ആ മഹാകവിയും, കുഞ്ഞുരാമവർമ്മൻതമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനുംകൂടി എഴുതിയതാണു്. അക്ഷരം, സന്ധി, ദ്വിത്വം, സുബന്തം, സർവനാമം, അവ്യയം, സ്ത്രീപ്രത്യയം, വിഭക്ത്യർത്ഥം, സമാസം, തദ്ധിതം, ധാതു, ശുദ്ധക്രിയ, നാമക്രിയ, അവ്യയക്രിയ, വാചകരീതി എന്നിങ്ങനെ പതിനാറു പ്രകരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ആദ്യത്തെ നാലു പ്രകരണങ്ങൾ കൊച്ചുണ്ണിതമ്പുരാനും, അഞ്ചുമുതൽ പത്തുവരെ കുഞ്ഞുരാമവർമ്മൻതമ്പുരാനും, ഒടുവിലത്തെ ആറു പ്രകരണങ്ങൾ കുഞ്ഞിക്കുട്ടൻതമ്പുരാനും രചിച്ച വിഷയസ്വരൂപം കാരികയായും, ഓരോ കാരികയുടേയും വ്യാഖ്യാനം ഗദ്യമായും എഴുതിയിരിക്കുന്നു. ഒരു ഭാഷാവൈയാകരണന്റെ ദൃഷ്ടിയിൽ പ്രസ്തുത കൃതിക്കു പറയത്തക്ക മെച്ചമൊന്നുമില്ലെങ്കിലും, ഇതിലും ഗ്രാഹ്യങ്ങളായ അംശങ്ങൾ പലതുമുണ്ടു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ രചിച്ച ഭാഗത്തിനു് ഉത്തരാർദ്ധമെന്നു പേർ കൊടുത്തിരിക്കുന്നു. അദ്ദേഹം കാരിതാകാരിതധാതുക്കൾക്കു് യഥാക്രമം നല്കിയിരിക്കുന്ന സംജ്ഞകൾ കറുത്ത ധാതുവെന്നും വെളുത്ത ധാതുവെന്നുമാണു്. കറുത്ത രേഫം എന്നൊരു പേർ റ എന്ന അക്ഷരത്തിനു നമ്പൂരിമാർ പണ്ടേകാലത്തു കൊടുത്തിരുന്നുവെന്നും, അതിനെ അനുകരിച്ചാണു് താൻ പ്രസ്തുത സംജ്ഞകൾ സൃഷ്ടിച്ചതെന്നും അദ്ദേഹം പറയുന്നു. ’വാചകരീതി’ എന്ന പ്രകരനത്തിൽനിന്ന് ഒരു ഭാഗം ഉദ്ധരിക്കാം.

കാരിക:

 “സ്വന്തമായ് മലയാളത്തിൽച്ചേരും വാചകരീതിയെ
 ഉപയോഗിച്ചുകൊള്ളാവൂ വാക്യഭങ്ഗി വരുത്തുവാൻ”.

വ്യാഖ്യാനം

“വാക്യഭംഗി വരുത്തുന്നതിനു മലയാളഭാഷയ്ക്കു സ്വന്തമായ വാക്യരീതിയല്ലാതെ മറ്റു ഭാഷകളുടെ വാചകരീതിയെ ഉപയോഗിച്ചുകൂടാ. ഉദാഹരണം: ഈ മനുഷ്യൻ തന്നൂ ഇനിക്കൊരു പുസ്തകം ഇന്നലെ; അതിൽ ഞാൻ കണ്ടു കോമാളിത്വം ഒരു വിഡ്ഢിയുടെ എന്നു് ഇംഗ്ലീഷ് വാചകരീതിയെ അനുസരിച്ചോ ആ കുട്ടിയാൽ അപ്രകാരം പ്രയത്നം ചെയ്യപ്പെട്ടു എന്നും മറ്റും സംസ്കൃതവാചകരീതിയെ അനുസരിച്ചോ വാചകമെഴുതിയാൽ ഭങ്ഗിയില്ലാതെ തീരുമെന്നല്ല, വളരെ അഭങ്ഗിയുമാകും”.

49.31ശബ്ദാലങ്കാരം

ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ ഭാഷാഭൂഷണമെന്ന അലങ്കാരശാസ്ത്രഗ്ര ന്ഥം പുറത്തുവന്നപ്പോൾ അതിലെ ശബ്ദാലങ്കാരപ്രകരണം തമ്പുരാനു് അത്ര സമഞ്ജ സമായി തോന്നിയില്ല. അതുനിമിത്തമാണു് പ്രസ്തുത കൃതി അദ്ദേഹം രചിച്ചതു്.

 “മലമങ്കയ്ക്കു കുമ്പിട്ടു ചില പിച്ചളവാക്കിൽ ഞാൻ
 അലങ്കാരംപണിക്കുള്ള നിലവച്ചച്ചുകൊത്തിടാം”.

എന്നു മഹാകവി തന്റെ ഉദ്യമത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നു. വിവിധരീതികളിലുള്ള യമകങ്ങൾ, ബന്ധങ്ങൾ, അനുപ്രാസങ്ങൾ, സമസ്യകൾ ഇവയ്ക്കെല്ലാം ഉദാഹരണങ്ങൾ അക്ലിഷ്ടമനോഹരങ്ങളായ ശ്ലോകങ്ങളിൽ അദ്ദേഹം ഈ കൃതിയിൽ രചിച്ചുചേർത്തിട്ടുണ്ടു്.

49.32മഹാഭാരതം

മഹാകവി മലയാളഭാഷയുടെ ഉൽക്കർഷത്തിനു വേണ്ടി ചെയ്തിട്ടുള്ള അത്ഭുതകൃത്യങ്ങളിൽ പലതും മനസ്സുവെച്ചാൽ മറ്റു ചിലർക്കും കഷ്ടിച്ചു കഴിയുമായിരിക്കാം. എന്നാൽ ലക്ഷത്തിരുപത്തയ്യായിരം ഗ്രന്ഥങ്ങളടങ്ങിയ മഹാഭാരതം-ഭാരതീയരുടെ പഞ്ചമവേദം-പൂർത്തിയാക്കുവാൻ വ്യാസമഹർഷിക്കുതന്നെയും മൂന്നുകൊല്ലം വേണ്ടിവന്ന ലോകത്തിലെ ബൃഹത്തായ ഗ്രന്ഥം-ഇങ്ങുമങ്ങും ഗ്രന്ഥിജടിലം-സ്വച്ഛന്ദം എന്ന കവിവചനത്താൽ സൂചിതമായ 874 ദിവസംകൊണ്ടു തർജ്ജമചെയ്വാൻ തമ്പുരാനെക്കൊണ്ടുമാത്രമല്ലാതെ സാധിക്കുമായിരുന്നുവോ? ഒരിക്കലുമില്ല. അതിലാണു് അദ്ദേഹത്തിന്റെ അമാനുഷമായ പ്രഭാവം അതിന്റെ പരമകാഷ്ഠയിൽ അധിഷ്ഠിതമായിരിക്കുന്നതു്.

ഭാരതം കിളിപ്പാട്ടായി തർജ്ജമചെയ്യുവാൻ പലരേയും ഏല്പിച്ചുവെങ്കിലും ആ ഉദ്യമം ഫലവത്തായില്ലെന്നു പറഞ്ഞുവല്ലോ. ഭാരതമഞ്ജരിയുടെ തർജ്ജമകൊണ്ടു ഭാരതത്തിന്റെ തർജ്ജമ നിറവേറിയതായി സമാധാനപ്പെടുവാനും നിവൃത്തി കണ്ടില്ല. എന്നാൽ പിന്നെ മറ്റൊരാളെയും കൂട്ടുപിടിക്കാതെ താൻ ഒറ്റയ്ക്കുതന്നെ വിശ്വോത്തരമായ ആ ഇതിഹാസം വിവർത്തനം ചെയ്താലെന്തെന്നു തമ്പുരാൻ വിചാരിച്ചു. തർജ്ജമയ്ക്കു് ആരംഭിക്കുന്നതിനു മുമ്പിലത്തെ ദിവസം തദ്വിഷയകമായി താഴെക്കാണുന്ന ഒരു സംഭാഷണം അദ്ദേഹവും അദ്ദേഹത്തിന്റെ സ്യാലനായ കെ.സി.വീരരായൻരാജാ ബി.ഏ.യും തമ്മിൽ നടന്നു. വീരരായൻരാജാവു് ആ സംഭാഷണം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘എന്താണു് കോവിലു്?’ എന്നു ഞാൻ ചോദിച്ചു. അതിനുത്തരമായി ‘സമുദ്രം ചാടിക്കടക്കുവാനുറച്ചു മഹേന്ദ്രപർവ്വതത്തിന്റെ മുകളിൽ കയറിനിന്നു് അപാരമായ സമുദ്രം ഒന്നു നോക്കിക്കണ്ട സമയം ഹനുമാനുണ്ടായ വിചാരമെന്തായിരിക്കുമെന്നു് ഒന്നൂഹിച്ചു പറയുവാൻ സാധിക്കുമോ കുഞ്ഞേട്ടനു്?’ എന്നാണു് അദ്ദേഹം ചോദിച്ചതു്. ‘ഇല്ല’ എന്നു ഞാൻ പറഞ്ഞു. ‘എന്നാൽ ആ ഹനുമാന്റെ നിലയാണു് എന്റെ ഇപ്പോഴത്തെ നില. നോക്കിയാൽ അറ്റം കാണുന്നില്ല’ എന്നു മാത്രം പറഞ്ഞു. പിറ്റേ ദിവസം കാലത്തു് ആറു മണിക്കു ഭാരതം തർജ്ജമ ചെയ്തുതുടങ്ങി. ആറു മുതൽ ഒൻപതു മണിവരെയുള്ള സമയം ആ കൃത്യത്തിലേക്കു പതിവായി വിനിയോഗിക്കും. ആദ്യകാലത്തു അൻപതു ശ്ലോകങ്ങൾ വീതമേ ദിവസംതോറും വിവർത്തനം ചെയ്യുവാൻ കഴിഞ്ഞിരുന്നുള്ളു. പിന്നീടു് അതു നൂറായി; അനന്തരം നൂറ്റൻപതായി. അതുപോലെ ആദ്യകാലത്തു മൂലം വായിക്കുക, ആലോചിക്കുക, ഭാഷപ്പെടുത്തുക ഈ മൂന്നു കർത്തവ്യങ്ങളും ഒന്നിനപ്പുറം മറ്റൊന്നെന്ന ക്രമത്തിൽ അനുഷ്ഠിക്കേണ്ടിവന്നിരുന്നു; കുറേ കഴിഞ്ഞപ്പോൾ അവയെല്ലാം ഒന്നിച്ചു തന്നെ ചെയ്തുതീർക്കുന്നതിനുവേണ്ട ശക്തികിട്ടി. ആരംഭത്തിൽ തൃശ്ശൂർ ഭാരതവിലാസം അച്ചുക്കൂട്ടത്തിൽനിന്നു ഭാഷാഭാരതം മാസികയായി പുറപ്പെട്ടു. പിന്നീടു് അതിന്റെ പ്രസിദ്ധീകരണത്തിനായി കോട്ടയ്ക്കൽ ഭാരതം എന്ന പേരിൽ പ്രത്യേകം ഒരു മുദ്രാലയം തന്നെ സ്ഥാപിതമായി. ഭൂരിഭാഗവും തർജ്ജമചെയ്തതു കോട്ടയ്ക്കൽവെച്ചു തന്നെയായിരുന്നു. 1081-ൽ പുസ്തകം സമാപ്തമായി; തമ്പുരാൻ കൃതകൃത്യനുമായി. 1069-ൽ കോട്ടയ്ക്കലെ ഒരു വിദ്യാലയത്തിൽനിന്നു തനിയ്ക്കു സമർപ്പിച്ച മംഗളപത്രത്തിന്റെ മറുപടിയിൽ

 “ശക്തിയ്ക്കൊത്തവിധത്തിൽ ഞാനതുമിതും വല്ലെങ്കിലും വല്ലതും
 യുക്തിക്കേടൊടു മിക്കിമൂളിയെഴുതികൂട്ടാറുമുണ്ടിപ്പൊഴും;
 പക്ഷേ വേണ്ടതുപോലെ മേലിലുപകാരത്തിന്നുപോരുന്നതായ്
 ശിക്ഷയ്ക്കൊന്നുമിതേവരെയ്ക്കുമെഴുതിത്തീർപ്പാൻ കഴിഞ്ഞില്ല മേ.  ഓരോ നാടകഭേദമോ, ചെറുകഥാബന്ധങ്ങളോ, ശ്ലോകമോ
 നേരമ്പോക്കിനെഴുത്തുകുത്തുകളതോ, പത്രങ്ങളിൽച്ചേർത്തതോ
 നേരായിട്ടൊരു ഭാഷ പുഷ്ടിവരുവാൻ മാത്രം പുലർന്നീടുമോ?
 സാരത്തിൽസ്സരസോപദേശവിശദഗ്രന്ഥങ്ങൾ നിർമ്മിയ്ക്കണം”.

എന്നു് അനുശോചിച്ചിരുന്നു. ആ അനുശോചനം ഭാഷാഭാരതത്തോടുകൂടിയേ ആവശ്യകമല്ലെന്നു് അദ്ദേഹത്തിനു് തോന്നിയിരുന്നുള്ളു. തർജ്ജമയിൽ പല ഭാഗങ്ങളും അമൃതസ്യന്ദികളാണു്. മാതൃക കാണിക്കുവാൻ രണ്ടു ശ്ലോകങ്ങൾ മാത്രം പകർത്താം.

മൂലം:

 “സുലഭാ: പുരുഷാ രാജൻ സതതം പ്രിയവാദിനഃ
 അപ്രിയസ്യ ച പഥ്യസ്യ വക്താ ശ്രോതാ ച ദുർല്ലഭഃ”.
തർജ്ജമ:

 “ആളേറെയുണ്ടാം രാജാവേ! നിത്യം സേവപറഞ്ഞിടാൻ
 സേവ വിട്ടു ഹിതം ചൊൽവോൻ കേൾക്കുവോനും ചുരുക്കമാം”.
മൂലം:

 “ക്ലൈബ്യം മാ സ്മ ഗമഃ പാർത്ഥ! നൈതത്ത്വയ്യു പപ്ദ്യതേ
 ക്ഷുദ്രം ഹൃദയദൗർബ്ബല്യം ത്യക്ത്വോത്തിഷ്ഠ! പരന്തപ!”
തർജ്ജമ:

 “ക്ലീബത്വമേല്ക്കൊലാ പാർത്ഥ! നിനക്കൊക്കില്ലതൊട്ടുമേ
 തുച്ഛമിച്ചിത്തദൗർബ്ബല്യം വിട്ടെല്ക്കുക പരന്തപ!”

49.33മറ്റു തർജ്ജമകൾ

ഹരിശ്ചന്ദ്രോപാഖ്യാനം ചെറുശ്ശേരി ചാത്തുമേനോന്റെ അപേക്ഷയനുസരിച്ചു രചിച്ചതാണു്. കാദംബരീസാരം കാശ്മീരകനായ അഭിനന്ദമഹാകവിയുടെ തന്നാമധേയമായ കൃതിയുടെ തർജ്ജമയാണു്. അതിൽ ആകെ എട്ടു സർഗ്ഗങ്ങളടങ്ങിയിരിക്കുന്നു. ശങ്കരാചാര്യചരിതം കേരളീയനായ ഗോവിന്ദാനന്ദന്റെ ആ പേരിലുള്ള കൃതിയുടെ ഒരു സ്വതന്ത്രവിവർത്തനമാണു്. ശുകസന്ദേശവും ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശവും പ്രസിദ്ധങ്ങളാണല്ലോ. അവയാണു് തമ്പുരാന്റെ ഭാഷാനുവാദത്തിനു വിഷയീഭവിച്ച രണ്ടു സന്ദേശങ്ങൾ. ഈ നാലു കൃതികളും തോട്ടയ്ക്കാട്ടു കുഞ്ഞുകൃഷ്ണമേനോൻ ബി. ഏ. യുടെ അപേക്ഷയനുസരിച്ചു രചിച്ച വാങ്മയങ്ങളാണു്. ശ്രീസ്തുതി ശങ്കരഭഗവൽപാദരുടെ അതേ നാമധേയത്തിലുള്ള (കനകധാരാസ്തവം എന്നും പറയും) ഒരു വിശിഷ്ടസ്തോത്രത്തിന്റെ തർജ്ജമയാകുന്നു. ഈ കൃതികളെല്ലാം ഉത്തമകക്ഷ്യയിൽ സ്ഥിതിചെയ്യുന്നു. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.

 “നില്ക്കട്ടേ പേറ്റുനോവിൻ കഥ; രുചികുറയും
 കാലമേറും ചടപ്പും
 പൊയ്ക്കോട്ടേ, കൂട്ടീടേണ്ടാ മലമതിലൊരു കൊ
 ല്ലം കിടക്കും കിടപ്പും;
 നോക്കുമ്പോൾ ഗർഭമാകും വലിയ ചുമടെടു
 ക്കുന്നതിൻ കൂലിപോലും
 തീർക്കവല്ലെത്ര യോഗ്യൻ മകനു, മതു നില
 യ്ക്കുള്ളൊരമ്മേ! തൊഴുത്തേൻ”.
(ശങ്കരാചാര്യചരിതം)
 അങ്ങേബ്ഭാഗത്തു ശാസ്ത്രം, കുലമുറ, പെരുതാം
 ലജ്ജ, താതാദിയിൽബ്ഭീ
 യിങ്ങേബ്ഭാഗത്തു മാരൻ, മധു, മുതുവിരഹം,
 മൃത്യുവിൽപ്പെട്ട പേടി;
 മങ്ങീ ഞാനെന്തു വേണ്ടൂ വിഷമമിഹ വിമോ
 ഹത്തിലായ് ബ്രഹ്മഹത്യ
 യ്ക്കിങ്ങീയുള്ളോൾക്കു തീരാഞ്ഞൊരു കടുനരകം
 പറ്റിടാതായ്വരട്ടേ”.
(കാദംബരീകഥാസാരം)
 പിന്നെപ്പൂർവാചലത്തിൻ കൊടുമുടിനിരയിൽ
 ക്കാട്ടുതീയെന്നമട്ടിൽ
 ത്തന്നെത്താൻ നല്ലശോകപ്പുതുമലർനിറമാ
 ർന്നർക്കഭാസ്സങ്കുരിച്ചാൽ  ഒന്നേറ്റെൻതോഴർ കാലത്തുടനഥ നടകൊ
 ണ്ടീടുകിഷ്ടോപചാര
 ത്തിന്നെന്നാൽ ബുദ്ധിമുട്ടും പരമൊരു സുഖമാം
 നിൻതരക്കാർക്കു നൂനം”.
(ശുകസന്ദേശം)
 “രണ്ടാളും നമ്മൾ പാർപ്പാനൊരു ധരണിയിലാ
 ണെന്തു വിശ്ലേഷമോർക്കു
 ന്നുണ്ടാ മാരന്റെ കുറ്റം പറയുമിരുവരെ
 ന്നുണ്ടു സല്ലാപസൌഖ്യം
 കൊണ്ടാടിത്തിങ്കൾ രാവിൽക്കുളുർകരമിരുപേർ
 മെയ്യിലും തുല്യമേറ്റു
 ന്നുണ്ടാക്കാര്യം നിനച്ചാൽകരിവരഗമനേ!
 സിദ്ധമാശ്ലേഷതോഷം”.
(കോകിലസന്ദേശം)
 “മൊട്ടിട്ട പച്ചിലമരത്തിലണഞ്ഞ വണ്ടിൻ
 മട്ടിൽക്കുരുംകുളിർ മുളച്ച മുകുന്ദമെയ്യിൽ
 തട്ടിച്ച ഭൂതിമയമങ്ഗളദേവതാക്ഷി
 ത്തട്ടിപ്പെനിക്കു പുരുമങ്ഗളമേകിടട്ടേ”.
(ശ്രീസ്തുതി)
49.34രൂപകവിവർത്തനങ്ങൾ

തമ്പുരാന്റെ വിവർത്തിത രൂപകങ്ങളിൽ അതിപ്രധാനമായുള്ളതു് ആശ്ചര്യചൂഡാമണി യാണു്. അതിനോളം തന്മയത്വമുള്ള ഒരു തർജ്ജമ ഭാഷാനാടകങ്ങളുടെയിടയിൽ വേറേയുണ്ടെന്നു തോന്നുന്നില്ല. വിക്രമോർവശീയത്തിനു് അതിന്റെ ഗുണത്തിൽ പകുതിപോലുമില്ലാത്തതു് അതു വൃത്താനുവൃത്താനുവാദമാണെന്നുള്ളതിനു പുറമേ വീരരസപ്രധാനമല്ലാത്തതുകൊണ്ടുകൂടിയല്ലയോ എന്നു സംശയിക്കുവാൻ മാർഗ്ഗമുണ്ടു്. അഭിജ്ഞാനശാകുന്തളം വലിയകോയിത്തമ്പുരാൻ തർജ്ജമചെയ്തതു വങ്ഗീയപാഠമനുസരിച്ചാണു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ കേരളീയപാഠം അങ്ഗീകരിച്ചു് അതിനു മറ്റൊരു തർജ്ജമ നിർമ്മിച്ചിരുന്നു എന്നുള്ളതിനു സംശയമില്ല. അതു് ഇപ്പോൾ എവിടെപ്പോയി എന്നറിഞ്ഞുകൂടാ. മലയാളത്തിലെ ഗ്രന്ഥദാരിദ്ര്യം തീർക്കുന്നതിനുള്ള അത്യുത്സാഹം നിമിത്തമാണു് അദ്ദേഹം ഹാംലെറ്റും ഒതെല്ലോയും തർജ്ജമ ചെയ്തതു്. മദിരാശി പ്രവിശ്യയിൽ ഒരു വലിയ ഉദ്യോഗസ്ഥനായിരുന്ന ഏ. രാമച്ചൻനെടുങ്ങാടിയുടെ സാഹായം അക്കാര്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നു.

 “ഏ. രാമച്ചൻനെടുങ്ങാടിയെ വലിയ സഹാ-
 യത്തിനായ് വച്ചമാന്തം
 ചേരാതേ വേലചെയ്തിട്ടുപചിതകുതുകം
 രണ്ടു മാസത്തിനുള്ളിൽ”

ഹാംലെറ്റു ഭാഷപ്പെടുത്തിയതായി അദ്ദേഹം കുത്താമ്പള്ളി രാമൻനമ്പ്യാർക്കയച്ച ഒരെഴുത്തിൽ പ്രസ്താവിയ്ക്കുന്നു.

 “എല്ലാറ്റിലും പുറമെയൊന്നിതു നീ നിനക്കു
 നല്ലോരു സത്യപരനാകണമെന്നുമെന്നാൽ
 അല്ലിന്റെപിൻപു പകലെന്നതുപോലെ ചൊല്ലാ
 മില്ലീഷൽ നീ ചതിയനായ് വരികില്ലൊരാൾക്കും”

എന്നിത്തരത്തിലാണു് തർജ്ജമയുടെ ഗതി. ഒതെല്ലോവിലുള്ളതാണു് അധോലിഖിതങ്ങളായ പദ്യങ്ങൾ.

 “ചരടു തനതെന്നമട്ടിൽപ്പെരിയ പണസ്സഞ്ചി കയ്യിൽ വയ്ക്കും നീ
 പരമിതറിഞ്ഞിങ്ങെന്നൊടു പറയാത്തതു വലിയ കഠിനനിലയല്ലോ”.
 “കേട്ടാലും ചെറുപുഞ്ചിരിയിട്ടാൽക്കെട്ടവനിൽനിന്നു കവരുന്നു
 കിട്ടപ്ഫലമതിലിണ്ടൽപ്പെട്ടാളാത്മാപഹാരിയാകുന്നു”.

ഹാംലെറ്റിനെപ്പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണിക്കയച്ച ഒരെഴുത്തിൽ തമ്പുരാൻ

 “ആകപ്പാടെ നമുക്കതത്ര ശരിയായ്ത്തൃപ്തിപ്പെടുന്നീലെടോ
 ശ്ലോകപ്പാടുമതിന്റെ ഗദ്യരചനാഭേദങ്ങളേർപ്പാടുമേ
 ലോകത്തിൽജ്ജനസമ്മതത്തിനുതകാത്തിംഗ്ലീഷുനാമങ്ങളും
 പാകത്തിൽപ്പെടുകില്ല ശുദ്ധമലയാളക്കാർക്കതെന്നേ വരൂ.  എന്നാലിമിംഗ്ലീഷറിയും ജനങ്ങൾ
 നന്നായിയെന്നായ്പ്പറയും ചിലേടം
 ഒന്നാണെനെക്കീയിതിൽ മെച്ച, മിംഗ്ലീ
 ഷിൻനാറ്റമേല്ക്കാതിതു ചെയ്തുവല്ലോ”.

എന്നും മറ്റും എഴുതുന്നുണ്ടെങ്കിലും വാസ്തവത്തിൽ അതു ഭാഷയിലെ ഒരൊന്നാന്തരം വിവർത്തനനാടകമായി പരിണമിച്ചിട്ടുണ്ടു്. അത്തരത്തിൽ ഒരു തർജ്ജമ എത്രയോ ആംഗ്ലേയപണ്ഡിതന്മാരായ മഹാകവികൾ കേരളത്തിൽ ആവിർഭവിച്ചിട്ടും ഏതൽക്കാലപര്യന്തം ഉണ്ടായിട്ടില്ലല്ലോ. ഇനി ചൂഡാമണിയിൽനിന്നുമാത്രം ഒരു ശ്ലോകം പകർത്താം.

 “മുറയ്ക്കു ദശകണ്ഠനാമിവനെ വെന്നൊരോരായിരം
 കരങ്ങളെഴുമർജ്ജുനക്ഷിതിതലേന്ദ്രനെത്താപസൻ
 വെറും ചമത വെട്ടിടും പരശുകൊണ്ടു പോരിൽത്തടു
 ത്തറുത്തതറിവില്ലയോ തരു മുറിച്ചുതള്ളും വിധം?”
49.35എഴുത്തുകൾ

കുഞ്ഞുക്കുട്ടൻതമ്പുരാൻ നിരവധി സുഹൃത്തുക്കൾക്കു് ഇടതടവില്ലാതെ അയച്ചുകൊണ്ടിരുന്ന പദ്യലേഖനങ്ങളിൽനിന്നാണു് നമുക്ക് അദ്ദേഹത്തിന്റെ അനഹങ്കാരവും, അസൂയാരാഹിത്യവും, പരഹിതൈഷിത്വവും, അഭിപ്രായധീരതയും, സാഹിത്യപോഷണൗത്സുഖ്യവും, ഫലിതമാർമ്മികതയും മറ്റും അവയുടെ സമഗ്രമായരൂപത്തിൽ ആസ്വാദ്യമാകുന്നതു്. എത്രയെത്ര കൃതികളാണു് അദ്ദേഹം അവരുടെ മുമ്പാകെ മറിപ്പുകിടന്നു് എഴുതിച്ചിട്ടുള്ളതു്. കൊട്ടാരത്തിൽ ശങ്കുണ്ണിക്കുള്ള ഒരു കത്തിൽ ഇങ്ങനെ കാണുന്നു.

 “മുറയ്ക്കു താൻ ഗ്രന്ഥമിരുന്നുതീർക്കു
 കുറയ്ക്കുകെന്നാകിലറച്ചിടട്ടെ;
 ഉറയ്ക്കണം വേണ്ടതിൽ വേണ്ടപോലെ
 യിരിക്കണം; വന്നതു വന്നു പിന്നെ.  ജനിച്ചിടുമ്പോൾ കവിവര്യനായി
 ജ്ജനിച്ചൊരാളിഹ പാരിടത്തിൽ?
 നിനയ്ക്കുകുത്സാഹസുധാരസത്താൽ
 നിനയ്ക്കിൽ നേരേ വളരാത്തതുണ്ടോ?  തുടങ്ങണം കാര്യമതൊന്നിടയ്ക്കു
 മുടങ്ങിയാലന്നു മുടങ്ങിടട്ടേ:
 നടുങ്ങിടാതായതിലേതുമേ പിൻ
 മടങ്ങിടാഞ്ഞാലൊരുനാൾ ജയിക്കും”.

പിന്നൊരിക്കൽ നടുവത്തച്ഛൻനമ്പൂരിയോടു താഴെക്കാണുന്നവിധം നിവേദനം ചെയ്യുന്നു.

 “വല്ലെങ്കിലും നാടകമൊന്നെടുക്കൂ
 തെല്ലെങ്കിലും തർജ്ജമചെയ്തുനോക്കൂ
 ഇല്ലം കുലുങ്ങില്ലതുകൊണ്ടു ഹേ! ന
 ന്നല്ലെങ്കിലപ്പോൾക്കളയാം നമുക്കും”.

തന്റെ സ്നേഹിതന്മാരിൽ പ്രഥമഗണനീയനായ ശങ്കുണ്ണിപോലും ഒരിക്കൽ “പോകുന്നഹോ” എന്നു പ്രയോഗിച്ചപ്പോൾ

 “അപ്പൂർണ്ണക്രിയയ്ക്കുള്ളൊരസ്സന്ധി ശുദ്ധം
 സപൂർണ്ണക്രിയയ്ക്കും ഭവാൻ തട്ടിവീക്കും”

എന്നു് അദ്ദേഹത്തോടു പറയുവാൻ തമ്പുരാനു സങ്കോചം തോന്നുന്നില്ല. മലയാളശബ്ദശാ സ്ത്രത്തിൽ കൊച്ചുണ്ണിത്തമ്പുരാന്റെ മധുരമങ്ഗലത്തിൽനിന്നു് ഒരു ശ്ലോകാർദ്ധം ഉദാഹരിച്ചു് അതിലെ ദോഷം ചൂണ്ടിക്കാണിക്കുവാൻ മുതിരുന്നു. പി.ജി. രാമയ്യരുടെ ശാകുന്തളം തർജ്ജമ പുറത്തുവന്നപ്പോൾ അതു കേരളീയപാഠാനുസൃതമല്ലായ്കയാൽ തദ്വിഷയകമായ ഉദ്യമം ശ്ലാഘ്യമല്ലെന്നു പ്രസ്താവിച്ചുകൊണ്ടു്

 “ശിഷ്യരുടെ സാഹസത്തിൽ വി
 ശിഷ്യ ഗുരുക്കൾക്കു ശാസനം ചെയ്യാം;
 പശ്യ, ഭവാനൊടു ഞാനുമ
 വശ്യമതേവിധമുരച്ചതാണിതെടോ”

എന്നു് അദ്ദേഹത്തെ സമാശ്വസിപ്പിക്കുന്നു.

ഓരോ എഴുത്തിലും ഓരോ സരസമായ മങ്ഗളശ്ലോകവും കാണും. ഈ ഇനത്തിൽപ്പെട്ട ഒരു സംസ്കൃതശ്ലോകവും ഒരു ഭാഷാശ്ലോകവും പ്രദർശിപ്പിക്കാം.

 “പാലയതു സൗഹൃദം വഃ പാശാംകുശപരശുശൂലകലിതകരം
 പാടലകിരണനിമഗ്നം പാവകജാപത്യമാദിജാമ്പത്യം”.  “കണ്ണിൽക്കണ്ട കിടാങ്ങളോടു വെറുതേ മല്ലിട്ടെതിർത്തിട്ടു ത
 ല്ലെണ്ണിക്കൊണ്ടു കൊടുത്തുമേറ്റുമിടയിൽത്തോറ്റോടിടും നേരവും
 തിണ്ണം പുഞ്ചിരിപൂണ്ടു കണ്ടുപഹസിക്കും രാധതന്നിൽച്ചതി
 ക്കണ്ണിട്ടങ്ങനെ നോക്കിടുന്ന പശുപക്കുഞ്ഞിന്നു കൂപ്പുന്നു ഞാൻ”.
49.36ഭാഷാശൈലി

തമ്പുരാന്റെ ഭാഷാശൈലി ഏറ്റവും പ്രസന്നമധുരമാണു്. ജീവനുള്ള ഭാഷാപദങ്ങൾ അത്ര ധാരളമായി പ്രയോഗിച്ചിട്ടുള്ള ഒരു കവി കുഞ്ചൻനമ്പിയാർക്കിപ്പുറം ജനിച്ചിട്ടില്ല; ഔചിത്യദീക്ഷ നമ്പിയാരെക്കാൾ തമ്പുരാനു കൂടുകയും ചെയ്യും.

 “നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ
 ക്രമക്കണക്കേ ശരണം; ജനങ്ങൾ
 സമസ്തരും സമ്മതിയാതെകണ്ടി
 സ്സമർത്ഥനോതില്ലൊരു വാക്കുപോലും.  എന്നാണു കൊച്ചുണ്ണി മഹീമഹേന്ദ്ര
 നെന്നോടു ചെയ്തോരുപദേശസാരം;
 എന്നാലതങ്ങേക്കുമെടിത്തിടേണ്ട
 തെന്നോർത്തു ഞാൻ ചൊല്ലിയതാണിതെല്ലാം”

എന്നു് ഒരവസരത്തിൽ അദ്ദേഹം ശങ്കുണ്ണിയെ ഉപദേശിക്കുന്നു. വാസ്തവത്തിൽ എഴുത്തച്ഛന്റേതിനേക്കാൾ പതിന്മടങ്ങു ലളിതകോമളമാണു് അദ്ദേഹത്തിന്റെ എഴുത്തുകളിലെ ശൈലി. നോക്കുക, പി.വി.കൃഷ്ണവാരിയരോടു് ഒരു പെൻസിലിനു് ആവശ്യപ്പെടുന്നതു്.

 “പെരുമാൾച്ചെട്ടിപ്പെൻസിലി
 നറുതിയിതാ വന്നു ഭാരതാപ്പീസിൽ;
 ഒരു കോലയച്ചുതരണം
 വെറുതേ കരുതിക്കിടന്നിടും വകയിൽ”.

തമ്പുരാൻ ശ്ലോകത്തിലെ കത്തെഴുതൂ; അതിനു മറുപടി ഗദ്യത്തിലയയ്ക്കരുതെന്നു് അദ്ദേഹം പ്രത്യേകമായി നിർബന്ധിച്ചിരുന്നു; ഈമാതിരി കത്തിടപാടുകളിൽ എന്തു കവിതയാണു് ഉള്ളതെന്നു ചില അരസികന്മാർ ചോദിക്കാം; ഇവയിലുമുണ്ടു് കവിതാംശം എന്നറിയുവാൻ വേണ്ട സഹൃദയത്വം അവർക്കില്ല. അതേയുള്ളു വൈഷമ്യം. മുൻപു് ഉദ്ധരിച്ച ശ്ലോകത്തിലെ “വെറുതേ കരുതിക്കിടന്നിടും വകയിൽ” എന്ന വാചകം അനുസന്ധാനക്ഷമമല്ലെന്നു പറയുവാൻ ആർക്കു കഴിയും?

ഗദ്യവും ഗവേഷണവും

തമ്പുരാൻ വളരെ മുൻപുതന്നെ ധാരാളം ഗദ്യം എഴുതിയിരുന്നുവെങ്കിലും അദ്ദേഹത്തിനു് ആ ശാഖയിൽ ഒരു നല്ല ശൈലി കൈവശമായതു രസികരഞ്ജിനിയുടെ ആധിപത്യം സിദ്ധിച്ചതിനുമേലായിരുന്നു. ’പ്രസന്ന പ്രൗഢരസപ്രസങ്ഗങ്ങൾ’ അതിൽ നിറഞ്ഞിരിക്കണമെന്നു് അദ്ദേഹത്തിനു് അഭിലാഷമുണ്ടായിരുന്നു.

 “പ്രാചീനകേരളചരിത്രനവീനഗദ്യ
 കാവ്യപ്രശസ്തതരശാസ്ത്രകഥാവിനോദൈഃ
 അന്യൈശ്ച നാടകപുരാതനപദ്യജാല
 ഗാഥാദിഭിശ്ശബളിതാവതു മാസികൈഷാ”.

എന്ന ശ്ലോകത്തിൽ ആ മാസികയിൽ ഏതെല്ലാം വിഷയങ്ങൾ അടങ്ങിയിരിക്കണമെന്നും അദ്ദേഹം നിർണ്ണയിച്ചു; പ്രാചീന കേരളചരിത്രത്തെ പരാമർശിക്കുന്ന ലേഖനങ്ങളാണു് അദ്ദേഹം പ്രായേണ എഴുതിവന്നതു്. രസികരഞ്ജിനിയിലെ “തൃക്കണാമതിലകം” മങ്ഗളോദയത്തിലെ “വെള്ള” മുതാലായ ഉപന്യാസങ്ങൾ അദ്ദേഹത്തിനു് ആ വഴി ലഭിച്ചിട്ടുള്ള അഗാധമായ വിജ്ഞാനത്തിന്റെ നിദർശനങ്ങളായിരുന്നു. 1078-ൽ ശങ്കുണ്ണിക്കു തമ്പുരാൻ ഗവേഷണസംബന്ധമായി ഒരു കത്തെഴുതീട്ടുണ്ടു്. അതിൽപ്പെട്ടതാണു് ചുവടേ കുറിക്കുന്ന ശ്ലോകങ്ങൾ.

 “എന്നാൽച്ചരിത്രവിഷയത്തിൽ നമുക്കു ലക്ഷ്യം
 നന്നായ്ത്തിരഞ്ഞു പല വൃദ്ധഗൃഹങ്ങൾ തോറും
 തന്നാൽപ്പെടുന്നപടി പിട്ടുപറഞ്ഞിളക്കൂ;
 തന്നാൽപ്പെരുത്തുഗുണമാം കിടയായ്കിൽ വേണ്ടാ.  കൂറുള്ളിലുള്ളൊരു ഭവാൻ തരമൊടു തെക്കും
 കൂറിള്ളിളാപതിഗൃഹത്തിലുമൊന്നു ചെല്ലൂ
 പേരുള്ള വല്ല വരിയോല കിടയ്ക്കുമെങ്കിൽ
 പ്പോരുള്ള കാലവിഷയത്തെളിവിന്നുകൊള്ളാം.  നേരായിണങ്ങി, യതുപോലൊരു പോക്കു ദേവ
 നാരയണപ്രഭുഗൃഹത്തിലുമൊത്തവണ്ണം
 ആരാൽ നടത്തുകയി! ’ഭട്ടതിരി’ സ്ഥലത്തു
 മാരാഞ്ഞുനോക്കുക, കിടച്ചതു ലാഭമല്ലേ?  കേട്ടുള്ളവണ്ണമിവർ നമ്മുടെ കൊച്ചി-കോഴി
 ക്കോട്ടുള്ള മന്നവൻ നടത്തിയ പോർക്കളത്തിൽ
 പെട്ടുള്ള യോഗ്യർ നിയതം പഴമയ്ക്കു ചേർച്ച
 പെട്ടുള്ള വല്ല കഥയും കിടയാതെയാമോ?
 ഇടപ്രഭുക്കൾക്കുടയോരു വീട്ടിൽ
 പ്പിടപ്പുഴുക്കുത്തു പിടിച്ച മട്ടിൽ
 കിടപ്പതാം ഗ്രന്ഥവരിക്കുറിപ്പു
 കിടപ്പതിന്നങ്ങു തുനിഞ്ഞിരിപ്പൂ”.

എന്തൊരു സർവങ്കഷമായ സദുപദേശം!

ഉപസംഹാരം

അങ്ങനെയെല്ലാമായിരുന്നു കുഞ്ഞിക്കുട്ടൻതമ്പുരാന്റെ സർവതോമുഖമായ സാഹിതീവ്യവസായം, ജീവിതത്തിന്റെ അസ്ഥിരതയെപ്പറ്റി അറിവില്ലാത്ത ഒരാളല്ലായിരുന്നു അദ്ദേഹം. 1068-ൽ ശങ്കുണ്ണിക്കയച്ച അധോലിഖിതമായ പദ്യം അതിന്നു സാക്ഷ്യം വഹിക്കുന്നു.

 “ഞാനോ മാനിനിമാർക്കു മന്മഥനഹോ
 ശാസ്ത്രത്തിലെന്നോടെതി
 ർപ്പാനോ പാരിലൊരുത്തനില്ല; കവിത
 യ്ക്കൊന്നാമനാകുന്നു ഞാൻ;
 താനോരോന്നിവയോർത്തുകൊണ്ടു ഞെളിയേ
 ണ്ടെൻചിത്തമേ, നിശ്ചയം
 താനോ ജീവനൊരസ്ഥിരത്വമതിനാൽ
 നിസ്സാരമാണൊക്കെയും”.

എന്നു് ആ മഹാത്മാവു ഗാനം ചെയ്തു. മരണത്തെക്കുറിച്ചു തന്നെ അദ്ദേഹം ഒരവസരത്തിൽ വികാരോത്തേജകമായ ഒരു വിംശതി നിർമ്മിച്ചിട്ടുണ്ടു്. അതിലെ ചരമശ്ലോകം അടിയിൽ ചേർക്കുന്നതാണു്.

 “മൂഢന്നും പണ്ഡിതന്നും പെരിയ ധനികനും
 പിച്ചതെണ്ടുന്നവന്നും
 പ്രൗഢന്നും പ്രാകൃതന്നും പ്രഭുവിനിടയനും
 കണ്ട നായ്ക്കും നരിയ്ക്കും
 ബാഢം വ്യാപിക്കുമാറായ്പ്പകലുമിരവിലും
 ലോകമോർക്കാതെ മായാ
 ഗൂഢക്കയ്യാൽ മയക്കും മഹിതമരണമേ!
 നിന്റെ ഘോഷം വിശേഷം”.

നിസ്സങ്ഗനും നിർല്ലേപനുമായ ഒരു ഋഷികല്പന്റെ നിലയിലാണു് അദ്ദേഹം ലോകയാത്ര ചെയ്തതു്. മൂർത്തിമത്തായ ഉത്സാഹം എന്നു് ആ കവികുലഗുരുവിനെ വർണ്ണിക്കാം. ഇന്നു നാം കാണുന്ന ഭാഷാഗദ്യത്തിന്റെ അടിസ്ഥാനം ഉറപ്പിച്ചതു വലിയകോയിത്തമ്പുരാനാണെങ്കിൽ പദ്യത്തിന്റെ അസ്തിവാരം ബലപ്പെടുത്തിയതു കുഞ്ഞിക്കുട്ടൻതമ്പുരാനുമാണു്. അവരെ വിസ്മരിക്കുന്ന ആധുനിക സാഹിത്യകാരന്മാർ തല മറന്നു് എണ്ണതേയ്ക്കുകയാണു് ചെയ്യുന്നതു്.