അദ്ധ്യായം 47
പതിനൊന്നാം ശതകം, ഉത്തരാർദ്ധം (തുടർച്ച)
47.1കേരളവർമ്മൻ തിരുമുല്പാടു് (1011–1064)

കേരളവർമ്മൻ തിരുമുല്പാടു 1011-ാണ്ടു കായംകുളത്തിനു സമീപമുള്ള കൃഷ്ണപുരത്തു ചെത്തിവേൽകോവിലകത്തു ജനിച്ചു. കുടുംബം ചേലക്കലാപകാലത്തു തിരുവിതാംകൂറിനെ അഭയം പ്രാപിച്ചവയിൽ ഒന്നാണു്. അമ്മാവന്റെ പേർ കൂട്ടിച്ചേർത്തു് അദ്ദേഹത്തെ ഗോപാലൻ കേരളവർമ്മൻ തിരുമുല്പാടു എന്നു വ്യവഹരിച്ചുവന്നിരുന്നു. 1024-ൽ തിരുമുല്പാടു തിരുവനന്തപുരത്തേയ്ക്കു പോന്നു. 1026 മേടത്തിൽ ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ പുത്രി പാനപ്പിള്ള മാധവിലക്ഷ്മിയമ്മയെ കെട്ടുകല്യാണം കഴിച്ചു. തദനുരോധേന മാപ്പിളത്തിരുമുല്പാടു് എന്ന പേരിൽ വിഖ്യാതനായി. പരിഗ്രഹിച്ചതു സ്വാതിതിരുനാൾ മഹാരാജാവിന്റെ പ്രഥമപത്നി പാനപ്പിള്ളി കാളി മാധവിഅമ്മയുടെ സഹോദരി ജാനകിപ്പിള്ള പാർവ്വതിപ്പിള്ള തങ്കച്ചിയെയായിരുന്നു. അപ്പു അയ്യങ്കാർ ശാസ്ത്രികളുടേയും പാച്ചുമൂത്തതിന്റേയും ശിഷ്യനായി സംസ്കൃതത്തിൽ ഗാഢമായ വ്യുൽപത്തിയും വ്യാകരണത്തിൽ വിശേഷ പാണ്ഡിത്യവും സമ്പാദിച്ചു. കേരളാചാരവും നാരായണീയ വ്യാഖ്യയുമാണു് അദ്ദേഹം ഭാഷയ്ക്കു സമ്മാനിച്ച രണ്ടു കൃതികൾ. പാച്ചുമൂത്തതിന്റെ കേരളവിശേഷനിയമവിവരം എന്ന പുസ്തകത്തിൽ കേരളത്തിലെ ക്ഷത്രിയസ്ത്രീകൾക്കു് അപകർഷമുണ്ടാക്കുന്നതായി തോന്നിയ ചില പ്രസ്താവനകൾ കണ്ടു ക്ഷുബ്ധനായി തിരുമുല്പാടു് ആ പ്രസ്താവനകളെ എതിർക്കുകയും അതേതരത്തിലുള്ള അപവാദം ശിവദ്വിജജാതിക്കു മുമ്പുണ്ടെന്നു സമർത്ഥിക്കുവാൻ ഒരുമ്പെടുകയും ചെയ്തു. അതിന്റെ ഫലമാണു് കേരളാചാരക്രമം. മൂത്തതന്മാർ മരുമക്കത്തായക്കാരാണെന്നുപോലും അതിൽ സത്യവിരുദ്ധമായി അദ്ദേഹം പ്രസ്താവിച്ചു. രണ്ടു ഗ്രന്ഥകാരന്മാരും ആയില്യംതിരുമേനിയുടെ ആശ്രിതന്മാരായിരുന്നതിനാൽ കേരളാവകാശക്രമത്തിൽ ചില ഖണ്ഡികകൾ തള്ളി ആ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നതിൽ വിരോധമില്ലെന്നു് അവിടുന്നു് ഒരു മദ്ധ്യസ്ഥവിധി കല്പിച്ചു. അതിൽ തൃപ്തനാകാതെ പാച്ചുമൂത്തതു് കോടതിയിൽ ഒരപകീർത്തിക്കേസ്സു് കൊടുക്കുകയും സദർകോർട്ടു് ജഡ്ജിമാർ തിരുമനസ്സിലെ അഭിപ്രായം അംഗീകരിയ്ക്കുകയും ചെയ്തു. പ്രസ്തുത പുസ്തകത്തിൽ എട്ടധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. 2-ാമധ്യായം കേരളത്തിലെ ജാതിവിഭാഗങ്ങൾ, 3-ാമധ്യായം ക്ഷേത്രവും ഊരാണ്മയും, 4-ാമധ്യായം വിവാഹം, 5-ാമധ്യായം ദായക്രമം, 6-ാമധ്യായം ഭാഗം, 7-ാമധ്യായം ഗൃഹഭരണം, 8-ാമധ്യായം ദത്തു് ഈ വിഷയങ്ങളെ പരാമർശിക്കുന്നു. പൊതുവിൽ പൂർവ്വാചാരങ്ങളെപ്പറ്റി പലതും ഈ ഗ്രന്ഥത്തിൽ നിന്നു ഗ്രഹിക്കാം. എന്നാൽ അതിനേക്കാൾ തിരുമുല്പാടിന്റെ യശസ്സു നിലനില്ക്കുന്നതു നാരായണീയത്തിനു അദ്ദേഹം രചിച്ച വിപുലവും വിശിഷ്ടവുമായ വ്യാഖ്യാനംകൊണ്ടാകുന്നു. അതു പ്രസിദ്ധീകരിച്ചതു് 1054-ലാണു്. 1064-ാണ്ടു മകരമാസം 8-ാം൹ തിരുവനന്തപുരത്തു മതിലകം തെക്കെ നടയിൽ സർക്കാർമഠത്തിൽവെച്ചു തിരുമുല്പാടു പരഗതിയെ പ്രാപിച്ചു.

നാരായണീയവ്യാഖ്യ

നാരായണീയത്തിലെ ഓരോ ശ്ലോകത്തിനും പദവും വിഭക്തിയും, അന്വയം, അന്വയാർത്ഥം, പരിഭാഷ, ഭാവം ഇവയെല്ലാം ഒരു പരിണതപ്രജ്ഞനായ പണ്ഡിതന്റെ നിലയിൽ വ്യാഖ്യാതാവു് വിശദീകരിച്ചിട്ടുണ്ടു്. വ്യാഖ്യാനത്തിന്റെ സ്വരൂപം ഗ്രഹിപ്പിക്കുവാൻ “സാന്ദ്രാനന്ദാവബോധാത്മകം” എന്ന പ്രഥമപദ്യത്തിന്റെ ഭാവത്തിൽനിന്നു ചില പംക്തികൾ ഉദ്ധരിക്കാം.

‘ഗുരുപവനപുരം’ എന്ന പദത്തിനു ശ്രേഷ്ഠമായ ശരീരം എന്നുകൂടി പരിഭാഷയിൽ വിവരിച്ചതിന്റെ സാരത്തെ പ്രസ്താവിക്കുന്നു. “ഏറ്റവും മഹത്തായ ഒരു വടവൃക്ഷത്തിങ്കൽ അസംഖ്യേയങ്ങളായ ഫലങ്ങളും, ആ ഫലങ്ങളിൽ ഓരോന്നിന്റേയും ഉള്ളിൽ അസംഖ്യേയങ്ങളായ ബീജങ്ങളും, ആ ബീജങ്ങളിലൊക്കെയും ഓരോ വടവൃക്ഷങ്ങളും, ആ വടവൃക്ഷങ്ങളിലും പൂർവ്വോക്തപ്രകാരംതന്നെ ഫലങ്ങളും ബീജങ്ങളും എങ്ങനെ അവസാനമില്ലാതെ കാണപ്പെടുന്നുവോ, അതുപ്രകാരം കാര്യകാരണരൂപേണ സകലങ്ങളായ സ്ഥാവരജങ്ഗമപ്രപഞ്ചങ്ങളിൽ പരമാത്മാവു ജീവൻ എന്നുള്ള സംജ്ഞയോടുകൂടി നിറഞ്ഞും, ആ ജീവയുക്തങ്ങളായ പ്രപഞ്ചങ്ങൾ ഈശ്വരൻ എന്നുള്ള സംജ്ഞയോടുകൂടിയ ആ പരമാത്മവിങ്കലും ആകുന്നു സ്ഥിതിചെയ്യുന്നതു്.” ഈ പുസ്തകം ഇടക്കാലത്തു വീണ്ടും അച്ചടിക്കപ്പെട്ടിട്ടുണ്ടു്.

47.2വേർക്കോട്ടു് അച്യുതപ്പണിക്കർ (1014–1065)

വേർക്കോട്ടു് അച്യുതപ്പണിക്കരുടെ സ്വദേശം മലബാറിൽ തിരുമാന്ധാംകുന്നു് എന്ന ദേവീക്ഷേത്രത്താൽ സുവിദിതമായ കോങ്ങാടാണു്. അദ്ദേഹം 1014-ാണ്ടു് തുലാമാസത്തിൽ ജനിച്ചു. 1065 ധനുവിൽ മരിച്ചു. മലബാറിൽ വിദ്യാലയങ്ങളുടെ ഉപയോഗത്തിനു ചില പാഠ്യപുസ്തകങ്ങൾ രചിച്ചതിനു പുറമെ ഹരിശ്ചന്ദ്രപുരാണസംഗ്രഹം, മുഹമ്മദുചരിതം എന്നിങ്ങനെ രണ്ടു നല്ല ഗദ്യഗ്രന്ഥങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. വളരെക്കാലം മദിരാശിഗവർമ്മെന്റിന്റെ കീഴിൽ മലയാളം ട്രാൻസ്ലേറ്ററായി പണി നോക്കി. മൈലാപ്പൂരിൽ ആദ്യമായി വീടു വാങ്ങി താമസം തുടങ്ങിയ മലയാളി അദ്ദേഹമായിരുന്നുവത്രെ.

ഹരിശ്ചന്ദ്രപുരാണസംഗ്രഹം

അന്നത്തെ കാലസ്ഥിതിക്കു പണിക്കരുടെ ഗദ്യശൈലി ആസ്വാദ്യമാണെന്നുതന്നെ പറയണം. ഒരു ഖണ്ഡിക ഉദ്ധരിക്കാം. “കിരീടം ആഭരണങ്ങൾ, ഭേരി മുതലായ വാദ്യങ്ങൾ, വെണ്കൊറ്റക്കുട, വെഞ്ചാമരങ്ങൾ, ചതുരംഗങ്ങൾ എന്നീ രാജചിഹ്നങ്ങൾ ഒന്നും കൂടാതെ നമ്മുടെ രാജാവു് അരമനവാതിൽ വിട്ടു കാൽനടയായി പോകുന്നുവല്ലോ. കഷ്ടം! കൊടികെട്ടിയ തേരിലും, ആനമേലും, പല്ലക്കു മുതലായ അനേകം വാഹനങ്ങളിലും കരേറി, സൈന്യസമേതം വാദ്യഘോഷത്തോടുകൂടി എഴുന്നള്ളേണ്ടുന്ന രാജാവു് ഒരകമ്പടിയും കൂടാതെ മലിനമായ വേഷത്തോടും മങ്ങിയ മുഖത്തോടും പോകേണ്ടതിനു് എന്തൊരു പാപകർമ്മം ചെയ്തു. അത്രയുമല്ല, ബാലനായ ഈ കുലപുത്രനും അതിമൃദുവായ കാൽകൊണ്ടു വെയിലിൽ കഠിനമായ ഭൂമിയിൽക്കൂടി നടക്കുന്നതെങ്ങിനെ? ഇത്ര ചാരിത്രവതിയായി, ശീലവതിയായി, ഗുണാന്വിതയായിരിക്കുന്ന ഈ ചന്ദ്രമതിക്കും ഈ വിധം കഷ്ടങ്ങൾക്കു് ഇടവന്നതു് എന്തൊരു പാപപരിപാകം! ‘ധർമ്മം ആർ ചെയ്യുന്നുവോ അർക്കു നന്മ’ എന്നു ജനങ്ങൾ പറയുന്നു. എന്നാൽ ഇത്ര ധർമ്മിഷ്ഠനായ രാജാവിന്നു് ഈവിധമായ കഷ്ടംവരുവാൻ കാരണമെന്തു്?”

47.3പടുതോൾ വിദ്വാൻ നമ്പൂരിപ്പാടു് (998–1056)
ചരിത്രം

മൂവാറ്റുപുഴത്താലൂക്കിൽ പാഴൂർദേശത്തു പടുതോൾഎന്നൊരു ആഢ്യഗൃഹമുണ്ടു്. വിദ്വാൻ നമ്പൂരിപ്പാടു് ആ ഗൃഹത്തിൽ 998-ാണ്ടിടയ്ക്കു ജനിച്ചു. സുബ്രഹ്മണ്യൻ എന്നായിരുന്നു നാമധേയമെങ്കിലും വിളിച്ചുവന്ന ഓമനപ്പേർ കുഞ്ഞുക്കുട്ടൻ എന്നാണു്. മാതാവു് ഉമയും പിതാവു വാസുദേവൻ നമ്പൂരിയുമായിരുന്നു. കൂടല്ലൂർമന അമ്മാത്തായിരുന്നതിനാൽ അവിടത്തെ വാസുദേവൻനമ്പൂരിപ്പാട്ടിലെ അന്തേവാസിയാകുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചു. പടുതോളിനെ വ്യാകരണം അഭ്യസിപ്പിച്ചതു് ആ മഹാപണ്ഡിതനാണു്. അതിൽപ്പിന്നീടു തൃപ്പൂണിത്തുറ താമസിച്ചു് അന്നു് അവിടെ സഭാപണ്ഡിതനായിരുന്ന വെങ്കടസുബ്ബാദീക്ഷിതരോടു തർക്കെ വേദന്തവും പഠിച്ചു. പടുതോളിന്റെ ശേഖരവ്യാഖ്യയുടെ ആരംഭത്തിൽ താഴെ കാണുന്ന ശ്ലോകങ്ങൾ ഘടിപ്പിച്ചിട്ടുണ്ടു്.

 “ശ്രീശങ്കരം ഗുരും നത്വാ ശ്രീദേവീമപി സാദരം
 വാസുദേവമുമാം ചൈവ ശേഖരം വിവൃണോമ്യഹം.

 യദാനനേന്ദോർമൃദുഹാസകൗമുദീ
 മോ രമായാ നനു നന്ദയത്യലം
 ഗളസ്ഥസൽകൗസ്തുഭരത്നഭൂഷണം
 ശ്രീവാസുദേവം ഗുരുമീശ്വരം ഭജേ

 ഗുരൂണാം ചരണാംഭോജപരിചര്യാഗുണോദിത:
 ശബ്ദേന്ദുശേഖരസ്യാപി പ്രകാശോയം പ്രകാശ്യതേ.

 സ്പർദ്ധയാ യദി കേഷാഞ്ചിദ്വിചാരോ ദോഷഗോചരഃ
 തൃണായ തമഹം മന്യേ വിദ്വാംസസ്സന്തി ഹി ക്ഷിതൗ.

 ആലോകമാത്രമപി കോ നു കരോത്യമുഷ്മിൻ
 നിർമ്മൂലയുക്തിഘടിതേ മമ വാക്യജാലേ?
 ചേദപ്യുദാരമതയോ ഗുണലിപ്സവസ്തേ
 ഗ്യഹ്ണീയുരേവ യദി കിഞ്ചിദപീഹ സമ്യക്‍.”

ആദ്യത്തെ ശ്ലോകത്തിലെ ശങ്കരൻ പാഴൂർക്ഷേത്രത്തിലെ ശിവനും ശ്രീദേവി കൂടല്ലൂരിനു സമീപമുള്ള മൂക്കോലയ്ക്കൽ ഭഗവതിയുമാകുന്നു. വാസുദേവനേയും ഉമയേയും കുറിച്ചു പ്രസ്താവിച്ചു കഴിഞ്ഞു. മൂന്നാമത്തെ ശ്ലോകത്തിൽ ഗ്രന്ഥകാരൻ തന്റെ ഗുരുനാഥനെ വന്ദിക്കുന്നു. ശബ്ദകൗമുദി, മനോരമ, ശബ്ദകൗസ്തുഭം എന്നീ വ്യാകരണഗ്രന്ഥങ്ങളിൽ അദ്ദേഹത്തിനു് പരിനിഷ്ഠിതമായ ജ്ഞാനമുണ്ടായിരുന്നതായി ഇതിൽനിന്നു കാണാം. ശ്ലേഷസാമർത്ഥ്യംകൊണ്ടു തൃപ്പൂണിത്തുറെയപ്പനേയും ഈ ശ്ലോകത്തിൽ സ്തുതിക്കുന്നു.

ക്രമേണ നമ്പൂരിപ്പാട്ടിലെ പാണ്ഡിത്യകീർത്തിഭാരതമെങ്ങും പ്രസരിച്ചു. കേരളത്തിലെ രാജാക്കന്മാർക്കെല്ലാം അദ്ദേഹം സ്മാർത്താദി വിഷയങ്ങളിൽ ഉപദേഷ്ടാവായിത്തീർന്നു. അക്കാലത്തെ സ്ഥിതിക്കു് അദ്ദേഹത്തെ ഒരു തികഞ്ഞ ഉൽപതിഷ്ണുവായി പരിഗണിക്കാവുന്നതാണു്. രാജകുടുംബങ്ങളിലെ അകന്ന ശാഖകൾ തമ്മിൽ അവയുടെ നാമമാത്രമായ പൂർവബന്ധത്വത്തെ ആസ്പദമാക്കി ആശൗചം പരിപാലിക്കേണ്ട ആവശ്യമില്ലെന്നു് അദ്ദേഹം തിരുവിതാംകൂർ മഹാരാജാവിനെയും കൊച്ചി മഹാരാജാവിനെയും ഉൽബോധിപ്പിച്ചു. ആ വിഷയത്തെ അധികരിച്ചു് ആയില്യംതിരുനാൾ മഹാരാജാവിനു് 1047 മിഥുനം 7-ാനു അദ്ദേഹം അയച്ച ലേഖനത്തിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം.

 “വിദിതസകലവേദ്യോ രാമരാജഃ പൃഥിവ്യാം
 ജയതി വിബുധവൃന്ദശ്ലാഘിതാത്മാപദാനഃ
 വ്യലിഖദിദമിദാനീമാജ്ഞയാ തസ്യ രാജ്ഞഃ
 പടുധവളനിജാഖ്യഃ പണ്ഡിതസ്തദ്ധിതാർത്ഥീ.”

പണ്ഡിതശബ്ദപ്രയോഗത്തിന്റെ സ്വാരസ്യത്തിൽനിന്നു് അദ്ദേഹം അതിനുമുൻപുതന്നെ വിദ്വാൻ എന്ന ബിരുദത്താൽ വിദിതനായിരുന്നു എന്നു കാണാവുന്നതാണു്. പടുധവളം എന്നാൽ പടുതോൾ എന്നർത്ഥം. അതിനുമുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്തെ നവരാത്രിവിദ്വത്സദസ്സിൽ സംബന്ധിക്കുകയും ആ മഹാരാജാവിനോടു വീരശൃംഖല സമ്മാനമായി വാങ്ങുകയും ചെയ്തിരുന്നു. കൊച്ചിയിലെ പണ്ഡിതസദസ്സിൽ അദ്ദേഹം നിത്യനായി കൂടി അവിടെ വന്നുകൊണ്ടിരുന്ന വിദേശീയരായ പണ്ഡിതന്മാരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു വിജയം നേടി വന്നു. 1056 മേടം 26-ാം൹ മരിച്ചു ഈ വസ്തുത വെണ്മണിഅച്ഛൻ നമ്പൂരിപ്പാടുണ്ടാക്കിയ ഒരു ചരമശ്ലേകത്തിൽനിന്നു വെളിവാകുന്നു.

പ്രസാദം

നാഗേശഭട്ടന്റെ ലഘുശബ്ദേന്ദുശേഖരത്തിനു നമ്പൂരിപ്പാടു രചിച്ച വ്യാഖ്യയാണു് പ്രസാദം. അതിനെപ്പറ്റി സൂചനയുള്ള ശ്ലോകം ഞാൻ പ്രദർശിപ്പിച്ചുകഴിഞ്ഞു. ആ വ്യാഖ്യാനം പൂർണ്ണമായിട്ടുണ്ടോ എന്നു നിശ്ചയമില്ല. മൂലഗ്രന്ഥം ആദ്യമായി കേരളത്തിലേയ്ക്കു കൊണ്ടുവന്നതു് പന്തളം സുബ്രഹ്മണ്യശാസ്ത്രികളായിരുന്നു. പ്രസാദം ഇങ്ങനെ ആരംഭിക്കുന്നു.

“വൃദ്ധിരാദൈജിതി പ്രഥമതോ മങ്ഗലാർത്ഥം വൃദ്ധിശബ്ദ പ്രയോഗസ്യ ഭഗവതാ പാണിനിനാ കൃതത്വാൽ ശിഷ്ടാചാരാനു മിതകർത്തവ്യതാകം മങ്ഗലം ശിഷ്യശിക്ഷായൈ നിബധ്നം ശ്ചികീർഷിതം പ്രതിജാനീതേ-പാതഞ്ജല ഇത്യാദിനാ. അഞ്ജലേഃ പതിത ഇതി വിഗ്രഹേ മയൂരവ്യംസകാദിത്വാൽ സമാസേ തത്രൈവ നിപാതനാദിതശബ്ദസ്യ ലോപേ പൃഷോദരാദിത്വാദ്വാ തസ്യ ലോപേ സാധുഃ. ഗോനർദ്ദദേശേ കസ്യചിദൃഷേരഞ്ജലേഃ സന്ധ്യാകരണസമയേ പതിത ഇത്യൈതിഹ്യസ്യ വക്ഷ്യമാണത്വാൽ പതഞ്ജലിശബ്ദഃ ഭാഷ്യകാരേരൂഢഃ; തസ്മാൽ കൃതേ ഗ്രന്ഥേ ഇത്യണി പാതഞ്ജല ഇതിരൂപം. ഏതേന ഭാഷ്യകാരസ്യ അയോനിജത്വം ഭഗവദവതാരരൂപത്വഞ്ച ധ്വനിതം; തേന ച മഹാഭാഷ്യസ്യ അതിശയിതപ്രാമാണ്യം അധ്യേത്രാധീനാം പരമപുരുഷാർത്ഥ ഹേതുത്വഞ്ച സൂചിതം. ഏതേന മഹാഭാഷ്യശബ്ദസ്യ വ്യാകരണഭാഷ്യേ രൂഢത്വേന പാതഞ്ജല ഇതി വിശേഷണോപാദാനം വ്യർത്ഥമിത്യപാസ്തം.”

ഒരു മുക്തകം

ശക്തൻതമ്പുരാൻ 1031-ൽ മരിച്ചതിൽപ്പിന്നെ ഒരിക്കൽ നമ്പൂരിപ്പാടു കോഴിക്കോടു കണ്ടപ്പോൾ അദ്ദേഹത്തിൽ അങ്കുരിച്ച വികാരമാണു് അധോലിഖിതമായ പദ്യത്തിൽ പ്രതിഫലിക്കുന്നതു്.

 “ന യത്ര സ്ഥേമാനം ദധുരതിഭയോദ്ഭ്രാന്തനയനാ
 ഗളാദ്ദാനോദ്ദാമഭ്രമദളികദംബാഃ കരടിനഃ
 ലുഠന്മുക്താഹാരേ ഭവതി പരലോകം ഗതവതോ
 ഹരേരദ്യ ദ്വാരേ ശിവശിവ! ശിവാനാം കളകളഃ.”
47.4കിഴക്കേപ്പല്ലത്തു ശങ്കരൻമൂസ്സതു്: (1003–1063)
ചരിത്രം

ഒരു ഗ്രന്ഥകാരൻ എന്ന നിലയിലല്ല ശങ്കരൻ മൂസ്സതിന്റെ പ്രശസ്തി നിലനിൽക്കുന്നതു്. അ്ദദേഹം പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന കേരളത്തിലെ കേളികേട്ട ഒരു വ്യാകരണപണ്ഡിതനും സംസ്കൃതാധ്യാപകനും വൈദ്യോത്തമനുമായിരുന്നു. 1003-ാണ്ടു കന്നിമാസത്തിൽ ബ്രിട്ടീഷ്മലബാർ, പൊന്നാനിത്താലൂക്കു്, തൃപ്രങ്ങോടംശത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിതാവു് അക്കാലത്തെ ഒരു പ്രധാനവൈദ്യനായിരുന്ന പരമേശ്വരൻ മൂസ്സതായിരുന്നു. ശങ്കരൻമൂസ്സതിനെ തൃപ്രങ്ങോട്ടു മൂസ്സെന്നും കുഞ്ഞുണ്ണിമൂസ്സതു് എന്നുംകൂടി പറയും. “കുഞ്ഞുണ്ണി” എന്നതു് ഓമനപ്പേരാണു്. സ്വഗൃഹത്തിൽ അച്ഛനോടുതന്നെയാണു് മൂസ്സതു വിദ്യാഭ്യാസംചെയ്തതു്. വ്യാകരണത്തിലും വൈദ്യത്തിലും അസാധാരണമായ നൈപുണ്യം സമ്പാദിച്ചു. പിന്നീടു് അധീതിബോധാചരണപ്രചാരണങ്ങൾക്കായി ആയുഷ്കാലം മുഴുവൻ വിനിയോഗിച്ചു. തദനന്തരം അനശ്വരയശസ്വികളായിത്തീർന്ന പല അന്തേവാസികളേയും ശാസ്ത്രാഭ്യാസം ചെയ്യിച്ചു.നിത്യനൈമിത്തികകർമ്മങ്ങളിൽ അത്യന്തം ശ്രദ്ധാലുവായി ജീവിതം നയിച്ചു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരാണു് പുണശ്ശേരി നീലകണ്ഠശർമ്മ, വെള്ളാനശ്ശേരി വാസുദേവൻമൂസ്സതു്, മണന്തല നീലകണ്ഠൻമൂസ്സതു് എന്നീ സൃഗൃഹീതനാമാക്കൾ. ചോളദേശത്തിൽ ശ്രീരങ്ഗം, ചിദംബരം, കാഞ്ചീപുരം, മധുര, തിരുവയാറു് മുതലായ സ്ഥലങ്ങളിൽ വൈദ്യനെന്ന നിലയിൽ സഞ്ചരിക്കുകയും അവിടത്തെ സംസ്കൃതപണ്ഡിതന്മാരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു പാരിതോഷികങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ടു്. 1063 മകരം 13-ാം൹ മരിച്ചു.

ചില ശ്ലോകങ്ങൾ

സംസ്കൃതത്തിൽ ശിവകേശാദിപാദസ്തവം തുടങ്ങിയ ചില സ്തോത്രങ്ങൾമാത്രമേ അദ്ദേഹം നിർമ്മിച്ചിട്ടുള്ളു. ഓരോ അവസരത്തിൽ പാണ്ഡിത്യപ്രകടനത്തിനുവേണ്ടിയും മറ്റും ചില മുക്തകങ്ങളും രചിച്ചിട്ടുണ്ടു്.

  1. താഴെക്കാണുന്ന ശ്ലോകം സിദ്ധാന്തകൗമുദി ഉത്തരാർദ്ധത്തിലെ “പ്രഹാസേ ച മന്യോപപദേ” എന്ന സൂത്രം പഠിച്ചു കഴിഞ്ഞപ്പോൾ ഉണ്ടാക്കിയതാണെന്നു പറയുന്നു.

     “കിം കാമ്യതേ, കാ മധുരാ, ക ഈഡ്യഃ,
     സ്ത്രീഭൂഷണം കിം, മധുലോലുപഃ കഃ,
     കോ ന്യക്പരഃ, കീദൃഗഭൂദ്ദശാസ്യോ
     രാമാസ്ത്രപാളീനിഹതോ ബഭൂവ.”
  2. വ്യാകരണാഭ്യാസം പൂർത്തിയായപ്പോൾ നിർമ്മിച്ച ശ്ലോകം:

     “ആസ്വാദിതം ബുധജനൈരിതരൈരലഭ്യം
     ശബ്ദാഗമാബ്ധിമഥനോത്ഥിതസാരഭൂതം
     ശ്രീകൗസ്തുഭപ്രഭൃതിസോദരതാം ദധാനം
     ഭട്ടോജിദീക്ഷിതവചോമൃതമാസ്വദധ്വം.”
  3. വെള്ളാനശ്ശേരി വാസുണ്ണിമൂസ്സതു് ആദ്യം ഒരു കഥകളി യോഗത്തിൽ ചേർന്നു തൃപ്രങ്ങോട്ടു ചെന്നു് അവിടെ ഒരു കളി കളിപ്പിക്കണമെന്നപേക്ഷിച്ചു. ആഗതനായ യുവാവിനു് അന്നു് അശേഷം വ്യുല്പത്തിയുണ്ടായിരുന്നില്ല. അപ്പോൾ മൂസ്സതു കഥകളിയോഗക്കാരെ ആകമാനം അല്പമൊന്നു് അവഹേളനം ചെയ്തുകൊണ്ടു്

     “ദ്വിത്ര്യംഗുലപരീണാഹജിഹ്വാചലനഭീരവഃ
     സർവാങ്ഗൈരപ്യഹോ ക്ലേശം മൂഢാഃ കേചന കുർവതേ”

    എന്നൊരു ചെറിയ ശ്ലോകമുണ്ടാക്കി ചൊല്ലി. അതിന്റെ അർത്ഥം അവിടെ പഠിച്ചു താമസിച്ചിരുന്ന ചിലരോടു ചോദിച്ചു മനസ്സിലാക്കിയ ക്ഷണത്തിൽ വാസുണ്ണിമൂസ്സതു കഥകളി യോഗത്തിൽനിന്നു പിരിഞ്ഞു് അദ്ദേഹത്തിന്റെ ശിഷ്യനായി.

  4. ശങ്കരൻമൂസ്സതു് ശുചീന്ദ്രത്തു തൊഴാൻ പോയപ്പോൾ ചൊല്ലിയതാണു് ചുവടെ ചേർക്കുന്ന ശ്ലോകം. അവിടെ ശിവനും വിഷ്ണുവിനും അടുത്തടുത്തു ശ്രീകോവിലുണ്ടു്. ആ രണ്ടു ദേവന്മാരേയും പരാമർശിക്കുന്നതാണു് പ്രസ്തുത ശ്ലോകം.

     “ബിഭ്രാണഃ കമലാദി പാണികമലൈഃ സൽപുണ്ഡരീകച്ഛദം
     നേത്രേണാകലയൻ വിനായകകുമാരാദ്യൈഃ സദോപാസിതഃ
     ചന്ദ്രോല്ലാസിതമൗലിരബ്ധിജനുഷാ കണ്ഠേ ശ്രിയാലിങ്ഗിതോ
     ദേദീവീതു ശുചീന്ദ്രമന്ദിരഗതശ്ചിത്തേ ഹരോ വാ ഹരിഃ,”

    രാമവാരിയരെ പരീക്ഷിക്കുന്നതിനായി എഴുതിയ “യസ്യാർക്കാതിശയാ” എന്ന ശ്ലേകം മേൽ ഉദ്ധരിക്കും.

  5. ശിവകേശാദിപാദത്തിലെ ഒരു ശ്ലോകം:

     “വിദ്യുൽപുഞ്ജനിഭപ്രഭാ ദശ ദിശോ വിദ്യോതയന്ത്യശ്ശ്രിയാ
     ബദ്ധാസ്സാധു ഭുജങ്ഗമേന്ദ്രലയതാ സംസാരബന്ധച്ഛിദഃ
     രാജദ്രാജകലാകലാപവിഗളൽപീയൂഷബിന്ദുപ്രഭൈഃ
     ക്ലിന്നാസ്സ്വസ്സരിദൂർമ്മിഭിർദ്ദിശതു വഃ ക്ഷേമം ജടാ ധൂർജ്ജടേഃ.”

    ഒരാചാര്യനെന്ന നിലയിൽ പുന്നശ്ശേരിനമ്പി അദ്ദേഹത്തെ താഴെക്കാണുന്ന നിലയിൽ വർണ്ണിക്കുന്നു.

     “പ്രജ്ഞാവൈഭവമന്ഥദണ്ഡമഥിതാന്നിശ്ശേഷശാസ്ത്രാംബുധേഃ
     സാരാർത്ഥാനമൃതം സ്വയം സുമധുരം സമ്പാദയൻ പായയൻ
     ശിഷ്യാൻ വത്സലതാഭരാൽ സുമനസസ്തന്വൻ ബുധാൻ ഗീയതേ
     യഃ സർവത്ര നതോസ്മി തം ഗുരുവരം ശ്രീശങ്കരം സാദരം.”
ചില പഴയ മുദ്രാലയങ്ങളും വൃത്താന്തപത്രങ്ങളും

  1. തിരുവനന്തപുരം കേരളവിലാസം:ഗവർമ്മെന്റുകളുടേയും മിഷണറിമാരുടേയുമല്ലാതെ മറ്റുള്ളവരുടെ ഉടമസ്ഥതയിൽ ആദ്യകാലത്തു കേരളത്തിൽ യാതൊരു മുദ്രാലയവും ഉണ്ടായിരുന്നില്ല. 1028-ാണ്ടു തിരുവനന്തപുരത്തു ഉത്രംതിരുനാൾ മഹാരാജാവിന്റെ ആനുകൂല്യത്തോടുകൂടി ഈശ്വരപിള്ള വിചാരിപ്പുകാർ സ്ഥാപിച്ച കേരളവിലാസമാണു് അവയിൽ ഒന്നാമത്തേതെന്നു തോന്നുന്നു. ഉദ്ദേശം 1065-ാണ്ടുവരെ അതു് ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുവന്നതായി കാണുന്നു. അതിൽനിന്നാണു് കേരളത്തിലെ ഒന്നാമത്തെ സാഹിത്യ മാസിക എന്നു പറയാവുന്ന വിദ്യാവിലാസിനി 1056 മീനമാസത്തിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയതു്. വിജ്ഞേയങ്ങളായ വിവിധവിഷയങ്ങൾ അതിൽ പ്രതിപാദിക്കപ്പെട്ടിരുന്നു. വിശാഖം തിരുനാൾ മഹാരാജാവിന്റേയും കേരളവർമ്മ വലിയ കോയിത്തമ്പുരാന്റേയും അനുഗ്രഹം അതിനു പര്യാപ്തമായ പരിണാമത്തിൽ ലബ്ധമായി. അവർ രണ്ടുപേരും മഹച്ചരിതങ്ങളെ അധികരിച്ചും മറ്റും അനേകം ഉപന്യാസങ്ങൾ അതിൽ പ്രസിദ്ധീകരിച്ചു. വലിയ കോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളനാടകത്തിന്റെ ഭാഷാനുവാദവും ഇദംപ്രഥമമായി അതിലാണു് പ്രകാശിതമായതു്. നിലമ്പൂർ മാനവിക്രമ ഇളയ രാജാവിന്റെ ഉത്തരരാമചരിതം ഗദ്യനാടകത്തിന്റെ ആദ്യഭാഗവും അതിൽത്തന്നെയാണു് അല്പം പ്രസിദ്ധപ്പെടുത്തിയതു്. അപ്പോഴേക്കു് അതു മുടങ്ങിപ്പോയി.

  2. കോഴിക്കോട്ടു വിദ്യാവിലാസം:1036-ൽ കോഴിക്കോട്ടു കാളഹസ്തിയപ്പമുതലിയാർ എന്ന ഒരു വിദേശീയനായ മഹാശയൻ സ്ഥാപിച്ച മുദ്രാലയമാണു് വിദ്യാവിലാസം. അദ്ദേഹം അക്കാലത്തു അവിടെ മുൻസിഫായിരുന്നു. ഭാഷാ പോഷണത്തിലും മതപ്രചാരണത്തിലും ഉത്സുകനായിരുന്ന അദ്ദേഹം തമിഴ്നാട്ടിലെന്നപോലെ കേരളത്തിൽ ഹിന്ദുക്കൾക്കു സ്വമതഗ്രന്ഥങ്ങൾ പ്രകാശിപ്പിക്കുന്നതിനു് ഒരു മുദ്രാലയം ഇല്ലാതിരുന്ന ശോച്യാവസ്ഥ പരിഹരിക്കണമെന്നുറച്ചു് അതിലേക്കുവേണ്ടി വിദ്യാവിലാസം സ്ഥാപിക്കുകയും അവിടെ നിന്നു തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ മുതലായ മഹാകവികളുടെ വാങ്മയങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങുകയും ചെയ്തു. ആ പുസ്തകങ്ങളുടെ വില വളരെ അധികമായിരുന്നു. ഭാരതത്തിനു അഞ്ചും ഭാഗവതത്തിനു പത്തും ഉറുപ്പിക കൊടുത്താണു് ആ പുസ്തകങ്ങൾ അന്നു അവിടേനിന്നു വാങ്ങേണ്ടിയിരുന്നതു് എന്നു കേൾക്കുമ്പോൾ നമുക്കു് ആശ്ചര്യം തോന്നുന്നു.

  3. കൊച്ചി സെന്റ് തോമസ് അച്ചുക്കൂടം:ഈ അച്ചുക്കൂടം ബ്രിട്ടീഷുകൊച്ചിയിൽ 1037-നും 1040-നും ഇടയ്ക്കു സ്ഥാപിക്കപ്പെട്ടു. ഉടമസ്ഥൻ കുന്നംകുളത്തു കൂത്തൂർപാറമേൽ ഇട്ടൂപ്പായിരുന്നു. ആ അച്ചുക്കൂടത്തിൽനിന്നു രാമായണവും മറ്റും, വിദ്യാവിലാസത്തിൽനിന്നു ക്ണുപ്തപ്പെടുത്തിയതിൽ പകുതി വിലയ്ക്കു വില്ക്കുവാൻ ആരംഭിച്ചു. സാധാരണന്മാർക്കു പുസ്തകപാരായണത്തിനു് അതു അത്രമാത്രമെങ്കിലും സഹായമായി.

  4. വെസ്റ്റേൺസ്റ്റാർ:ഏതാനും വർഷങ്ങൾകൂടി കഴിഞ്ഞു ബ്രിട്ടീഷുകൊച്ചിയിൽത്തന്നെ വെസ്റ്റേൺ സ്റ്റാർ എന്നൊരച്ചുക്കൂടം ഒരു യൂറോപ്യൻ സ്ഥാപിക്കുകയും അവിടെനിന്നു് അതേ പേരിൽ ഒരു ഇംഗ്ലീഷുപത്രം പുറപ്പെടുവിക്കുകയും ചെയ്തു. ആ അച്ചുകൂടത്തിൽനിന്നു “പശ്ചിമതാരക-കേരളപതാക” എന്ന പേരിൽ 1048-ാണ്ടിടയ്ക്കു് ഒരു മലയാളപത്രവും പ്രചരിച്ചു തുടങ്ങി. “ആൾമാറാട്ടം” എന്ന കഥയുടെ പ്രണേതാവായ പീലീപ്പോസാശാനും റ്റി.ജെ. പൈലിയുമാണു് പ്രാരംഭദശയിൽ അതിന്റെ ആധിപത്യം വഹിച്ചതു്. വെസ്റ്റേൺ സ്റ്റാറിന്റെ ഒരു ഭാഷാനുവാദമായിരുന്നു പ്രായേണ ആ പത്രം.

  5. കേരളമിത്രവും ദേവജിഭീമജിയും (1004-1070):ബോംബേ പ്രവിശ്യയ്ക്കു സമീപമുള്ള കച്ച്സംസ്ഥാനത്തിൽ ഭീമജികേസരിയുടേയും കല്യാണീബായിയുടേയും പുത്രനായി ദേവജിഭീമജി ക്രി.പി. 1829 (1004)-ൽ ജനിച്ചു ദാരിദ്ര്യ ദുഃഖംനിമിത്തം സ്വദേശംവിട്ടു് ആ ബാലൻ പത്താമത്തെ വയസ്സിൽ കൊച്ചിയിലേക്കു പോന്നു. അവിടെ സജാതീയനായ തൃക്കുമുരളീധർ എന്ന വണിക്‍പ്രമുഖനു് ആ അശരണനിൽ അനുകമ്പു തോന്നുകയും അദ്ദേഹം ദേവജിയെ വേണ്ടവിധത്തിൽ വിദ്യാഭ്യാസംചെയ്യിക്കുകയും ചെയ്തു. പിന്നീടു് ആ യുവാവു് അന്നു കൊച്ചിയിലെ മറ്റൊരു വാണിജ്യധുരന്ധരനായ ധർമ്മ സിംഗിന്റെ കീഴിൽ കണക്കെഴുത്തുപണിക്കു നിയമിക്കപ്പെട്ടു. 25 വയസ്സുവരെ അങ്ങനെ കഴിഞ്ഞു. ഉൽക്കർഷേചതുവായ അദ്ദേഹത്തിനു് ആ വൃത്തിയിൽ വിരക്തി തോന്നി. വാണിജ്യ സംബന്ധമായുള്ള പല ഉദ്യമങ്ങളിലും ഏർപ്പെട്ടു. അവയിലൊന്നും പറയത്തക്ക ധനലാഭമുണ്ടായില്ല. അന്നു കൊച്ചിയിലെ മുഖ്യമായ ആവശ്യം ഒരു നല്ല അച്ചുക്കൂടമായിരുന്നു. ആദ്യമായി കേരളമിത്രം അച്ചുക്കൂടം എന്ന പേരിൽ ഒരു കല്ലച്ചു യന്ത്രവും മറ്റും സംവിധാനംചെയ്തു് അവിടെ ശ്രീരാമകർണ്ണാമൃതം മുതലായ ചില പുസ്തകങ്ങൾ അച്ചടിപ്പിച്ചു. 1042-ൽ ഒരു മരപ്രസ്സും ഉപകരണങ്ങളും വാങ്ങി. കുറേക്കഴിഞ്ഞു ബോംബെയിൽനിന്നു് ഒരു ആൽബിയൺപ്രസ്സു വാങ്ങി. അതിൽ രാമായണം, ഭാരതം മുതലായ അനവധി കൃതികൾ അച്ചടിപ്പിച്ചു കേരളത്തിലെ പുസ്തകവ്യാപാരികളിൽ പ്രഥമഗണനീയൻ എന്ന പേർ സമ്പാദിച്ചു. 1881 (1056) ജനുവരി 1-ാം൹ മുതൽ ശനിയാഴ്ചതോറും “കേരളമിത്രം” എന്ന സുപ്രസിദ്ധമായ വൃത്താന്തപത്രം പ്രസിദ്ധീകരിച്ചു. അതിന്റെ ആദ്യത്തെ അധിപർ സുഗൃഹീതനാമാവായ കണ്ടത്തിൽ വറുഗീസുമാപ്പിളയായിരുന്നു. അതിലെ മുദ്രാവാക്യമായ “ഭൂരിസൂരിപരിഷന്മുദമത്രം” ഇത്യാദി സംസ്കൃതപദ്യം വറുഗീസുമാപ്പിള, ആറന്മുള കൊച്ചുരാമൻപിള്ള വൈദ്യനെക്കൊണ്ടു് ഉണ്ടാക്കിച്ചു ചേർത്തതാണു്. വറുഗീസുമാപ്പിള ആ പണിയിൽ ഒന്നോ രണ്ടോ കൊല്ലം കഴിച്ചുകൂട്ടി. ഞാൻ കുട്ടിക്കാലത്തു നിയമേന വായിച്ചു വന്ന വർത്തമാനക്കടലാസ്സു കേരളമിത്രമായിരുന്നു. എത്ര ആനന്ദപാരവശ്യത്തോടുകൂടിയാണു് അതു് എന്നെ അഭിമുഖീകരിച്ചതു് എന്ന പറഞ്ഞറിയിക്കുവാൻ പ്രയാസമുണ്ടു്. ആ വാരികകൊണ്ടു ദേവജിഭീമജി ഭാഷയെ സമർത്ഥമായി പോഷിപ്പിച്ചിട്ടുണ്ടു്. വളരെക്കാലം അതു നിർവിഘ്നമായി പ്രചരിച്ചു. അതിനുംപുറമെ കൊച്ചിയിൽ രാമേശ്വരം മുറിയിൽ കേരളമിത്രം ശാഖാമുദ്രാലയം എന്ന പേരിൽ ഒരു മുദ്രാലയംകൂടി ഉൽഘാടനം ചെയ്കയും അവിടെനിന്നു മഹാരാഷ്ട്രിയിൽ “കേരളകോകിൽ” എന്നൊരു മാസികയും നാഗരലിപിയിൽ അമരകോശം മുതലായ സംസ്കൃതകൃതികളും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാഷാപോഷണപരിശ്രമത്തെ അഭിനന്ദിച്ചു തിരുവിതാംകൂറിലേയും കൊച്ചിയിലേയും മഹാരാജാക്കന്മാർ വിലയേറിയ പാരിതോഷിതങ്ങൾ നല്കുകയുണ്ടായി. 1894 (1070) ഒക്ടോബർ 27-ാം൹ ദേവജിഭീമജി പരഗതിയെ പ്രാപിച്ചു. സ്വപ്രയത്നംകൊണ്ടു മാത്രം ധനാഢ്യനായിത്തീർന്ന അദ്ദേഹം തന്റെ ഒസ്യത്തിൽ പല ധർമ്മസ്ഥാപനങ്ങൾക്കും ധാരാളം ധനം നീക്കിവയ്ക്കുകയുണ്ടായി.

  6. കുന്നംകുളം വിദ്യാരത്നപ്രഭയും മാളിയമ്മാവിൽ കുഞ്ഞുവറിയതും (1028–1110): ബ്രിട്ടീഷുകൊച്ചിയിൽ സെന്റ് തോമസ് അച്ചുക്കൂടം സ്ഥാപിച്ച കുന്നംകുളത്തു് അങ്ങാടിയിൽ പാറമേൽ ഇട്ടൂപ്പുതന്നെയാണു് കുന്നംകുളത്തു വിദ്യാരത്നപ്രഭയെന്ന അച്ചുക്കൂടവും സ്ഥാപിച്ചതു്. ഇട്ടൂപ്പു് ഒരു തികഞ്ഞ ഭാഷാഭിമാനിയായിരുന്നു. സെന്റ് തോമസ് അച്ചുക്കൂടംതന്നെ സ്വദേശത്തേയ്ക്കു മാറ്റി അതിനു പുതിയ പേർ കൊടുക്കുകയാണു് അദ്ദേഹം ചെയ്തതു് എന്നും ചിലർ പറയുന്നുണ്ടു്. ആ രണ്ടു് അച്ചുക്കൂടങ്ങൾക്കും പിന്നീടു തൃശ്ശൂർ കേരളകല്പദ്രുമത്തിനും ഭാരതവിലാസത്തിനും സിദ്ധിച്ച പ്രശസ്തിക്കുള്ള കാരണം വിദ്വാൻ കൈക്കുളങ്ങര രാമവാരിയർക്കു് അവയുമായുള്ള സാഹിത്യ ബന്ധമാണു്. അദ്ദേഹത്തിന്റെ പുരസ്കർത്താവും ബഹിശ്ചര പ്രാണനുമായിരുന്ന മാളിയമ്മാവിൽ കുഞ്ഞുവറിയതിനേയും ഈ ഘട്ടത്തിൽ സ്മരിക്കേണ്ടതുണ്ടു്. മാളിയമ്മാവിൽ കുഞ്ഞു വറിയതു ദേവജീഭീമജിയേക്കാൾ വലിയ ഒരു മുദ്രാലയപ്രവർത്തകനുമായിരുന്നു. അദ്ദേഹം 1028 മേടം 6-ാം൹ മലബാറിൽ പൊന്നാനിത്താലൂക്കു വെയ് ലത്തൂരംശർത്തിൽ ജനിച്ചു. 1040-ൽ അച്ചടിവേല പഠിക്കുവാൻ കൊച്ചിയിൽ ഒരു അച്ചുനിരത്തുകാരനായി മാസമൊന്നിനു മൂന്നുറുപ്പിക ശമ്പളത്തിൽ പ്രവേശിച്ചു. ആ വേതനം അടുത്ത കൊല്ലത്തിൽ അഞ്ചുറുപ്പികയായി. ചാവക്കാടു്, പാവറട്ടി തുടങ്ങി കോഴിക്കോടുവരെയുള്ള സ്ഥലങ്ങളിലെല്ലാം പണി നോക്കി, അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ച പുസ്തകങ്ങൾ ചുമന്നുകൊണ്ടുചെന്നു വിറ്റുകിട്ടുന്ന ആദായം ഉടമസ്ഥന്മാർക്കു കൊടുത്തുവന്നു. എട്ടുവർഷം അവിടെ ജോലിചെയ്തതിനു ശേഷം കുന്നംകുളം വിദ്യാരത്നപ്രഭ അച്ചുക്കൂടത്തിൽ നിയമിതനായി. ആറുവർഷത്തോളം അവിടെയും ജോലിനോക്കി. വിദ്യാരത്നപ്രഭയിൽനിന്നു പ്രസിദ്ധീകരിച്ച രാമായണാദിഗ്രന്ഥങ്ങൾ സെന്റ് തോമസ് പ്രസ്സിൽ അച്ചടിപ്പിച്ചവയെക്കാൾ കുറഞ്ഞ വിലയ്ക്കു വില്ക്കുന്നതിന്നു കുഞ്ഞുവറിയതിനു സാധിച്ചു. അതിനുമുൻപുതന്നെ കൈക്കുളങ്ങര രാമവാരിയരേക്കൊണ്ടു ചില സംസ്കൃതപുസ്തകങ്ങളും മറ്റു വ്യാഖ്യാനിപ്പിച്ചു സെന്റ് തോമസ് പ്രസ്സിൽനിന്നു പ്രസിദ്ധീകരിച്ചുവന്ന അദ്ദേഹത്തിനു വിദ്യാരത്നപ്രഭയിൽനിന്നു് ആ മഹാപണ്ഡിതന്റെ ഇതരഗ്രന്ഥങ്ങൾ പ്രകാശിപ്പിക്കുന്നതിനും സൗകര്യം ഉണ്ടായി. 1062 മിഥുനം 1-ാം൹ തൃശ്ശൂർ കേരളകല്പദ്രുമം അച്ചുക്കൂടം മാനേജരായി. അന്നുമുതൽ മാനേജർ കുഞ്ഞുവറിയതു് എന്ന പേരിലാണു് അദ്ദേഹം അറിയപ്പെട്ടുവന്നതു്. സുപ്രസിദ്ധമായ ആ അച്ചുക്കൂടം ചെമ്പുക്കാവിൽ റാഫേൽ തുടങ്ങിയ പന്ത്രണ്ടു ക്രിസ്തീയപ്രമാണികൾ സ്ഥാപിച്ചതാണു്. അനന്തരം അവിടെത്തന്നെ ഭാരതവിലാസം എന്നും വാണീകളേബരം എന്നും രണ്ടു മുദ്രാലയങ്ങൾ സ്ഥാപിച്ചു. 1081 മുതൽ ഏതാനും കൊല്ലം മേടമാസത്തിൽ പൂരക്കാലത്തിൽ ഭാഷാപോഷണത്തെ പുരസ്കരിച്ചു ഭാരതവിലാസം സഭ നടത്തി. ക്രിസ്തുവേദചരിത്രം തുടങ്ങി പതിന്നാലോളം ക്രിസ്തുമതഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. 1110-ാണ്ടു (1935 ജൂൺ 29-ാം൹) കുഞ്ഞുവറിയതു മരിച്ചു.

  7. കൊല്ലംവിദ്യാഭിവർദ്ധിനി:കൊല്ലം വിദ്യാഭിവർദ്ധിനി അച്ചുക്കൂടം 1062-ൽ എളിയ നിലയിൽ സ്ഥാപിച്ച സുബ്ബയ്യാ തെന്നാട്ടുറെഡ്ഡിയാരെപ്പറ്റിയും നമുക്കു പ്രകൃതത്തിൽ കൃതജ്ഞതാപൂർവ്വം സ്മരിക്കേണ്ടതുണ്ടു്. റെഡ്ഡിയാർ 1047-ൽ ജനിച്ചു; 1090-ൽ മരിച്ചു. അദ്ദേഹം പുസ്തകപ്പെട്ടിയും ചുമന്നുകൊണ്ടു ബാല്യത്തിൽ ഓരോ സ്ഥലത്തായി ഉത്സവാവസരങ്ങളിലുംമറ്റും പോയി ഏറ്റവും കുറഞ്ഞ വിലയ്ക്കു പുസ്തകങ്ങൾ വിറ്റു കേരളത്തിൽ ദരിദ്രന്മാർക്കുപോലും ഗ്രന്ഥസഞ്ചയനം സുകരമാക്കിത്തീർത്തു് ഒടുവിൽ ലക്ഷപ്രഭുവായി ആട്ടക്കഥകളും തുള്ളൽക്കഥകളുംമറ്റും ശേഖരിച്ചു് അവയേയും നാമമാത്രമായ മൂല്യത്തിന്നു വിക്രയംചെയ്ത ഉദാരശീലനാണു്. വിദ്യാഭിവർദ്ധിനിപോലെ ലഘുവായ വിലയ്ക്കു പുസ്തകങ്ങൾ പ്രകാശിപ്പിച്ച ഒരു മുദ്രാലയത്തേയാോ, റെഡ്ഡിയാരേക്കാൾ പുസ്തക വ്യാപാരത്തിന്റെ മർമ്മങ്ങൾ ധരിച്ച ഒരു വാണിജ്യനിപുണനേയോ കേരളം അറിയുന്നില്ല. അദ്ദേഹം സ്ഥാപിച്ച ആ മുദ്രാലയം ഇന്നും നല്ലനിലയിൽ അതിന്റെ പ്രവർത്തനം തുടർന്നുപോരുന്നു.

ചില പത്രങ്ങൾ

“പശ്ചിമതാരക-കേരളപതാക”യെയും “കേരളമിത്ര”ത്തെയും സ്മരിച്ചുകഴിഞ്ഞുവല്ലൊ. “പ്രാചീനതാരക” എന്നൊരു പത്രം കെ.പി. പീറ്റ് പ്രസിദ്ധീകരിച്ചു. അതിന്റെ ഉദയകാലം ഏതെന്നറിയുന്നില്ല.

3 സത്യനാദകാഹളം:സത്യനാദകാഹളമാണു് നാളതുവരെ നിന്നുപോരുന്ന കേരളത്തിലെ ഭാഷാവൃത്താന്തപത്രങ്ങളിൽ അത്യന്തം പുരാതനമായിട്ടുള്ളതു്. അതിന്റെ ആദ്യത്തെ ലക്കം 1052-ാണ്ടു കന്നിമാസം 28-ാം൹ ആവിർഭവിച്ചു. മാസാദ്യത്തിലും മാസമധ്യത്തിലും അങ്ങനെ മാസത്തിൽ രണ്ടു തവണയാണു് അതു് ആരംഭകാലത്തു പ്രസിദ്ധീകരിച്ചുവന്നതു്. കൂനമ്മാവായിരുന്നു അതിന്റെ ജന്മദേശം. രണ്ടു മൂന്നു കൊല്ലം കഴിഞ്ഞു് അതിന്റെ പ്രസിദ്ധീകരണം വരാപ്പുഴയ്ക്കു മാറ്റി. പത്തുപതിന്നാലുകൊല്ലം അവിടെനിന്നു പുറപ്പെട്ടുകൊണ്ടിരുന്നതിനുശേഷം എറണാകുളത്തേയ്ക്കു് അച്ചുക്കൂടവും പത്രവും നീങ്ങി. സ്വല്പകാലത്തേയ്ക്കു മുടങ്ങിയെങ്കിലും വീണ്ടും ഉദ്ധൃതമായി. 1076-ാണ്ടോടടുപ്പിച്ചു പേർ മാറി സത്യനാദമായി. ആദ്യകാലത്തു പത്രാധിപർ ഫാദർ കാന്തിദോസ് (Fr. Candidus) എന്നൊരു വൈദികനായിരുന്നു എന്നു പഴയ ലക്കങ്ങളിൽ കാണാമെങ്കിലും വാസ്തവത്തിൽ ആ സ്ഥാനം വഹിച്ചിരുന്നതു മുൻപു പശ്ചിമതാരക നടത്തിയ റ്റി.ജെ. പൈലിയായിരുന്നു. പൈലി പിന്നീടു നസ്രാണിദീപികയുടെ അധിപരായി. വൈദികവിഷയങ്ങൾ മാത്രമല്ല സത്യനാഥകാഹളത്തിൽ പ്രതിപാദിച്ചുവന്നതു്. ഒന്നാമത്തെ ലക്കത്തിൽത്തന്നെ (1) റോമ്മ, (2) യുഗവിസ്മയം, (3) പുറനാട്ടു വർത്തമാനം, (4) തൻനാട്ടുചെയ്തി, (5) കടംകഥ എന്നീ പ്രമേയങ്ങൾ ഉൾക്കൊള്ളിച്ചുകാണുന്നു. (1) സന്ദിഷ്ടവാദി, (2) പശ്ചിമതാരക-കേരളപതാക, (3) സത്യനാഥകാഹളം എന്നീ പത്രങ്ങൾ കേരളമിത്രത്തിനും കോഴിക്കോട്ടുനിന്നു 1060-ാണ്ടിടയ്ക്കു പുറപ്പെട്ട കേരളപത്രികയ്ക്കും മാന്നാനത്തെ നസ്രാണി ദീപികയ്ക്കും കുറെയെല്ലാം മാർഗ്ഗദർശകങ്ങളായിരുന്നുവെന്നു സങ്കല്പിക്കുന്നതിൽ അനുപപത്തിയില്ല. കോട്ടയം സി.എം. എസ്. അച്ചുക്കൂടത്തിൽനിന്നു മലയാളമിത്രം എന്നൊരു പത്രികയും കുറേക്കാലത്തേയ്ക്കു പ്രകാശിപ്പിച്ചുവന്നു.

47.5വിദ്വാൻ കൈക്കുളങ്ങര രാമവാരിയർ (1008–1072)

വിദ്വാൻ കൈക്കുളങ്ങര രാമവാരിയരെപ്പോലെ സർവ്വവിദ്യാപാരീണനായ ഒരു സംസ്കൃതപണ്ഡിതൻ കേരളത്തെ പതിനൊന്നാംശതകത്തിൽ അലങ്കരിച്ചിട്ടില്ല. പുതിയ സമ്പ്രദായത്തിലുള്ള വിദ്യാലയപാഠപദ്ധതിയിൽ സംസ്കൃതഭാഷയ്ക്കു ലഭിച്ച സ്ഥാനം അഭിലഷണീയമായിരുന്നില്ല. അതു പഠിയ്ക്കുവാൻ പൂർവ്വകാലങ്ങളിൽ ഉണ്ടായിരുന്ന സൗകര്യം ക്രമേണ കുറഞ്ഞുവരികയുംചെയ്തു. ആ ദുർദ്ദശയിൽനിന്നു രാമവാരിയർ നിരവധി ഗ്രന്ഥങ്ങൾക്കു സുഗ്രഹമായ രീതിയിൽ ഭാഷാവ്യാഖ്യാനങ്ങൾ രചിച്ചു് അവയെ സെന്റ് തോമസ്, വിദ്യാരത്നപ്രഭ, കേരളകല്പദ്രുമം, ഭാരതവിലാസം എന്നീ അച്ചുക്കൂടങ്ങളിൽനിന്നു പ്രസിദ്ധീകരിപ്പിച്ചു ഗൈർവ്വാണീപ്രേമികളെ അനുഗ്രഹിച്ചു. മാളിയമ്മാവിൽ കുഞ്ഞുവറിയതു് ആ സമുദ്യമത്തിൽ അദ്ദേഹത്തിന്റെ ബഹിശ്ചരപ്രാണനായിരുന്നു എന്നു പറഞ്ഞുകഴിഞ്ഞുവല്ലോ.

ബാല്യകാലം

രാമവാരിയർ കൊച്ചിയിൽ തലപ്പള്ളിത്താലൂക്കു ചെങ്ങഴിക്കോടുപ്രവൃത്തി കടങ്ങോട്ടുദേശത്തു കൈക്കുളങ്ങരെ കിഴക്കേ വാരിയത്തു നാരായണിവാരസ്യാരുടേയും കൈതക്കോട്ടു ഭട്ടതിരിയുടേയും പുത്രനായി 1008-ാണ്ടു ചിങ്ങ മാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു. ആദ്യംമുതല്ക്കുതന്നെ അതിമാനുഷമായ മേധാശക്തി പ്രദർശിപ്പിച്ചുവന്ന ആ ബാലനെ മന്ത്രശാസ്ത്രത്തിൽ നിപുണനായ പിതാവു നിഷ്കർഷയോടുകൂടി വളർത്തി. പന്ത്രണ്ടാമത്തെ വയസ്സിനകം രാമൻ ആദിത്യമണ്ഡലാന്തർഗ്ഗതയായ ധേനുസരസ്വതീദേവിയെ ഉപാസിച്ചു സിദ്ധി വരുത്തിയതായി പറയപ്പെടുന്നു. അന്നു കൈക്കുളങ്ങര വാരിയത്തിൽ രാമനെന്നും കൃഷ്ണനെന്നും അദ്ദേഹത്തിന്റെ അമ്മാവന്മാരായ രണ്ടു സഹോദരന്മാർ ജീവിച്ചിരുന്നു. അവരിൽ രാമവാരിയർക്കു വൈദ്യത്തിലും കൃഷ്ണവാരിയർക്കു ജ്യൗതിഷത്തിലുമായിരുന്നു പാണ്ഡിത്യം. അവരോടു ആ രണ്ടു ശാസ്ത്രങ്ങളിലേയും പ്രഥമപാഠങ്ങൾകൂടി കഥാനായകൻ ബാല്യത്തിൽ അഭ്യസിച്ചു. അന്നു കുഞ്ഞിട്ടി രാഘവൻനമ്പിയാരുടെ ശിഷ്യനും അനേകശാസ്ത്രങ്ങളിൽ നിഷ്ണാതനുമായ പാലപ്പുറത്തു പുതിയേടത്തു ഗോവിന്ദൻനമ്പിയാർ തൃപ്പൂണിത്തുറക്കോവിലകത്തുതാമസിച്ചു കൊച്ചുതമ്പുരാക്കന്മാരെ ശാസ്ത്രാഭ്യാസംചെയ്യിക്കുകയായിരുന്നു. അവിടെ രാമവാരിയരും അദ്ദേഹത്തിന്റെ ശിഷ്യനായിക്കൂടി മൂന്നുകൊല്ലംകൊണ്ടു് അലങ്കാരം, വ്യാകരണം തർക്കം എന്നീ ശാസ്ത്രങ്ങളിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചു.

വാരിയരും യോഗാനന്ദസ്വാമികളും

തനിക്കു ഗുരുദക്ഷിണയായി വല്ലതും തന്നേ കഴിയൂ എന്നു നിർബ്ബന്ധമുണ്ടെങ്കിൽ അതു വൃദ്ധയായ തന്റെ മാതാവിനെ ഒരു കുറി മഹാഭാരതം വായിച്ചുകേൾപ്പിക്കുകയാണെന്നു ഗോവിന്ദൻനമ്പിയാർ നിർദ്ദേശിക്കുകയാൽ കിള്ളിക്കുറിശ്ശിമങ്ഗലത്തുചെന്നു രാമവാരിയർ ആ കർത്തവ്യം മൂന്നു കൊല്ലംകൊണ്ടു നിർവ്വഹിച്ചു. പിന്നീടു കുറെക്കാലം തൃശ്ശിവപേരൂർ തെക്കേക്കുറുപ്പത്തു രാമഞ്ചിറ മഠത്തിൽ താമസിച്ചു് ആ ദിക്കിൽ ചിലരെ സംസ്കൃതം പഠിപ്പിക്കുകയും പ്രസിദ്ധനൈയായികനായ ഭീമാചാര്യരോടു തർക്കശാസ്ത്രത്തിൽ ചില ഉപരിഗ്രന്ഥങ്ങൾകൂടി പഠിക്കുകയും ചെയ്തു. തദനന്തരം പുന്നത്തൂർ രാജകുടുംബത്തിലെ ചില തമ്പുരാക്കന്മാരെ കുറെക്കാലം സംസ്കൃതം അഭ്യസിപ്പിച്ചു. അതിനുമേൽ വിദേശപര്യടനത്തിൽ ഉത്സുകനായി സ്വഹൃഹത്തിൽനിന്നു നിഷ്ക്രമിച്ചു വടക്കോട്ടു പോയി കർണ്ണാടക ദേശത്തിൽ കുമ്പഴ രാജസ്വരൂപത്തിലെ തമ്പുരാക്കന്മാരുടെ അധ്യാപകനായി മായിപ്പാടിക്കോവിലകത്തു് ഏതാനും കൊല്ലം താമസിച്ചു. അതിനു സമീപത്തുള്ള ഇളനീർമഠം സ്വാമിയാരുടെ അതിഥിയായി യോഗാനന്ദസ്വാമികൾ എന്നൊരു സിദ്ധൻ അക്കാലത്തു് അവിടെ വന്നുചേർന്നു. അദ്ദേഹം പൂർവ്വാശ്രമത്തിൽ ആ സ്ഥലത്തെ ഒരു എമ്പ്രാന്തിരിയുടെ പുത്രനായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ ആ ദിവ്യൻ കാശിക്കു പോയി വരദരാജയോഗീശ്വരന്റെ ശിഷ്യനായിത്തീർന്നു. യോഗാനന്ദനോടു രാമവാരിയർ ശങ്കരഭഗവൽപാദരുടെ ബ്രഹ്മസൂത്രഭാഷ്യം തന്നെ അഭ്യസിപ്പിക്കണമെന്നപേക്ഷിക്കുകയും ചാതുർമ്മാസ്യവ്രതം അനുഷ്ഠിക്കുന്നതിനുവേണ്ടിമാത്രം അവിടെ താമസിച്ച സ്വാമികളിൽനിന്നു മൂന്നു മാസത്തിനകം ആ മഹത്തായ വേദാന്തശാസ്ത്രഗ്രന്ഥം സരഹസ്യം അഭ്യസിക്കുകയും ചെയ്തു. യോഗാഭ്യാസപരിപാടികളിലും ആ യതിവര്യൻതന്നെയായിരുന്നു കഥാപുരുഷനു് ആചാര്യനായിത്തീർന്നതു്. പിന്നെയും ശിഷ്യനിലുള്ള വാത്സല്യാതിരേകം കൊണ്ടു സ്വാമികൾ മൂകാംബിയിലും കുടശാദ്രിയിലുമായി മൂന്നു മാസംകൂടി അദ്ദേഹത്തോടൊന്നിച്ചു താമസിയ്ക്കുകയും, ഒടുവിൽ വാഗ്ദാസൻ, രാമാനന്ദനാഥൻ, പണ്ഡിതപാരശവേന്ദ്രൻ എന്നിങ്ങനെ മൂന്നു ബിരുദനാമങ്ങൾ അദ്ദേഹത്തിനു സമ്മാനിച്ചു് അവിടെനിന്നു പിരിഞ്ഞുപോവുകയുംചെയ്തു. അതിനിടയ്ക്കു രാമവാരിയർ ഋഗ്വേദത്തിലും യജൂർവേദത്തിലുംകൂടി അസാധാരണമായ ജ്ഞാനം നേടിക്കഴിഞ്ഞിരുന്നു. പിന്നെ കുറെക്കാലം വെട്ടത്തുനാട്ടിൽ മുൻസിഫായിരുന്ന ഉള്ളാട്ടിൽ അച്യുതൻനായരുടെ പത്നി പരുവക്കാട്ടു് അമ്മുഅമ്മയെ കാവ്യനാടകാദിഗ്രന്ഥങ്ങൾ പഠിപ്പിച്ചുകൊണ്ടു തൃക്കണ്ടിയൂരിൽ താമസിച്ചു. അവിടെവച്ചു കിഴക്കേച്ചിറയ്ക്കു സമീപമുള്ള തെക്കേവാരിയത്തു കുട്ടിവാരസ്യാരെ വിവാഹംചെയ്തു.

രാമവാരിയരും അച്ചുക്കൂടങ്ങളും

ബാല്യത്തിൽത്തന്നെ സംസ്കൃതഗ്രന്ഥങ്ങളുടെ വ്യാഖ്യാനംകൊണ്ടും മറ്റും മാതൃഭാഷയെ സമർത്ഥമായി പോഷിപ്പിക്കണമെന്നു വാരിയർ ആഗ്രഹിച്ചിരുന്നു. പാറമേൽ ഇട്ടൂപ്പ് കുന്നംകുളത്തെ വിദ്യാരത്നപ്രഭ അച്ചുക്കൂടം സ്ഥാപിച്ചതോടുകൂടി ആ ആഗ്രഹം സഫലീഭവിക്കുന്നതിനുള്ള സന്ദർഭം സമാഗതമായി. അതിനുമുൻപുതന്നെ ഇട്ടൂപ്പ് അദ്ദേഹത്തെക്കൊണ്ടു ചില ഗ്രന്ഥങ്ങൾ വ്യാഖ്യാനിപ്പിച്ചു സെന്റ് തോമസ് അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചിരുന്നു. വിദ്യാരത്നപ്രഭയുടെ ആവിർഭാവത്തോടുകൂടി 1058-ാണ്ടിടയ്ക്കു് അദ്ദേഹം വാരിയരെ സകുടുംബം കുന്നംകുളത്തു വരുത്തി അഞ്ഞൂരുക്ഷേത്രത്തിനു സമീപം താമസിപ്പിച്ചു പുസ്തകങ്ങൾ എഴുതിച്ചുതുടങ്ങി. അപ്പോഴേയ്ക്കാണു് മാളിയമ്മാവിൽ കുഞ്ഞു വറിയതും അവിടെ വന്നുചേർന്നതു്. ഇട്ടൂപ്പിന്റെ ധനം, കുഞ്ഞു വറിയതിന്റെ കൈങ്കര്യം, വാരിയരുടെ വൈദുഷ്യം ഇവ മൂന്നും കൂടി സമഞ്ജസമായി സമ്മേളിച്ചപ്പോൾ പുസ്തകനിർമ്മിതിയ്ക്കു വേണ്ടിയുള്ള പുരുഷദ്രവ്യസമ്പത്തു പൂർണ്ണമായി. വാരിയരുമായുള്ള നിരന്തര സഹവാസംകൊണ്ടു കുഞ്ഞുവറിയതും ക്രമേണ ഒരു ഭാഷാപണ്ഡിതനായി. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും ആ ശിഷ്യനാണു് പകർത്തിയെഴുതിയതു്. ആദ്യമായി വാരിയർ എഴുത്തച്ഛന്റെ അധ്യാത്മരാമായണവും ഭാരതവും മറ്റും പിഴതീർത്തു അച്ചടിപ്പിക്കുവാൻ കൊടുത്തു; അതുവരെ പ്രമാദജടിലങ്ങളായി കിടന്നിരുന്ന പല വരികളുടേയും അർത്ഥം പൊതുജനങ്ങൾ ശരിയ്ക്കു ഗ്രഹിച്ചതു് അപ്പോൾമാത്രമാണു്. 1060-ാണ്ടു മേടം 3-ാം൹ കുഞ്ഞുവറിയതു വിദ്യാരത്നപ്രഭവിട്ടു സെന്റ് തോമസ്സിലേയ്ക്കു വീണ്ടും പോയി; അപ്പോൾ ആ അച്ചുക്കൂടത്തിലേയ്ക്കു പിന്നേയും ചില പുസ്തകങ്ങൾ വാരിയർ എഴുതി. 1062 മിഥുനം 1-ാം൹ തന്റെ ശിഷ്യൻ കേരളകല്പദ്രുമം മാനേജരായി പോകുകയും അദ്ദേഹത്തിന്റെ അപേക്ഷയനുസരിച്ചു വാരിയർ തൃശ്ശൂരിൽ താമസമുറപ്പിച്ചു നിരവധി പുസ്തകങ്ങൾ നിർമ്മിക്കുകയുംചെയ്തു. അക്കാലത്താണു് എടമന കൃഷ്ണൻ എമ്പ്രാന്തിരി അദ്ദേഹത്തിന്റെ അന്തേവാസിയായിത്തീർന്നതു്. വാരിയരുടെ ശിഷ്യന്മാരിൽ പ്രഥമഗണനീയൻ പരമസാത്വികനും വിശിഷ്ടവേദാന്തിയും മഹാമന്ത്രജ്ഞനുമായ അദ്ദേഹമാണെന്നുതന്നെ പറയാം. അവിടെ വെച്ചു കൊച്ചിയിലെ രാജഗുരു ശഠകോപാചാര്യരോടു വാരിയർ തർക്കത്തിൽ വീണ്ടും ചില ഉൽഗ്രന്ഥങ്ങൾ പഠിക്കുകയും അതിനു ഗുരുദക്ഷിണയെന്നപോലെ അദ്ദേഹത്തെ വ്യാകരണത്തിൽ ചില ഉപരിഗ്രന്ഥങ്ങൾ അഭ്യസിപ്പിക്കുകയും ചെയ്തു. പുന്നശ്ശേരി നീലകണ്ഠശർമ്മ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന “വിജ്ഞാനചിന്താമണി” പത്രികയ്ക്കു വാരിയരിൽനിന്നു പല തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിച്ചിട്ടുണ്ടു്. പ്രസ്തുതപത്രത്തിൽ വൈയാകരണമൂർദ്ധന്യനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഒരിക്കൽ

 “മൗലൗ മാലഹി മുക്താസ്രജ ഭുജലതയോ–
 രന്തരാളപ്രദേശേ
 ഫാലേ മാലേയധൂളീതിലക കടിതടേ
 ശാടയേത്യുൽക്കടാ യാ
 ഉദ്വാഹേ ഭസ്മഭൂഷാജുഷമലമചരീ–
 കസ്തരാം കൃത്തിചേലം
 സാസ്മാന്മന്ദസ്മിതശ്രീർഗ്ഗിരിവരദുഹിതുഃ
 പാഹിപാഹീതി പായാൽ”

എന്നു് ഒരു ശ്ലോകം പ്രസിദ്ധീകരിക്കുകയും അതിൽ വ്യാകരണ വിരുദ്ധങ്ങളായ പ്രയോഗങ്ങൾ ഉണ്ടെന്നു വാരിയർ ഒരു വാദം ഉന്നയിക്കുകയും ചെയ്തു. ആ പ്രയോഗങ്ങൾ ശരിയാണെന്നു റ്റി. ഗണപതിശാസ്ത്രികളെ ആൾപ്പേരാക്കി ഏ. ആറിന്റെ മാതുലനും വ്യാകരണഗുരുവുമായ കേരളവർമ്മ വലിയകോയിത്തമ്പുരാനും, താൻ ഉപക്ഷേപിച്ച ആക്ഷേപം സമീചീനമാണെന്നു വാരിയരും സിദ്ധാന്തിച്ചു. അന്നാണു് വാരിയർക്കുള്ള പാണ്ഡിത്യപ്രകർഷം വലിയ കോയിത്തമ്പുരാനു ബോധ്യമായതു്. പിന്നീടു തൃശ്ശിവപേരൂർവച്ചു് ഒരിക്കൽ ആ വിദ്വൽ കേസരികൾ തമ്മിൽ കണ്ടു സംഭാഷണം ചെയ്യുന്നതിനുള്ള അവസരം നേരിട്ടു. 1067 മേടം 28-ാം൹ തൃശ്ശിവപേരൂർവച്ചു നടന്ന ഭാഷാപോഷിണിസഭയുടെ ദ്വിതീയവാർഷികയോഗത്തിൽ വാരിയരാണു് ആധ്യക്ഷ്യം വഹിച്ചതു്. 1070-ൽ തിരുവനന്തപുരത്തു ആഘോഷിച്ച ആ സഭയുടെ ചതുർത്ഥയോഗത്തിൽ വാരിയരെ അഗ്രാസനസ്ഥനാക്കണമെന്നു് വലിയകോയിത്തമ്പുരാൻ ആശിച്ചു. എങ്കിലും വാരിയർക്കു താൽക്കാലികമായി നേരിട്ട അസൗകര്യംനിമിത്തം അതു സാധിച്ചില്ല.

മരണം

കഥാപുരുഷന്റെ ഒരു പുത്രി തൃശ്ശൂർവെച്ചു് അകാലമൃതിയെ പ്രാപിച്ചു. അനന്തരം ആ പരിസരത്തിൽ നിന്നു തീരെ വിട്ടുപിരിഞ്ഞു സകുടുംബം തൃക്കണ്ടിയൂരിൽത്തന്നെ വീണ്ടും താമസംതുടങ്ങി. രണ്ടുകൊല്ലത്തോളം അങ്ങനെ കഴിഞ്ഞു. അന്നന്നു കിട്ടുന്നതു് അന്നന്നുതന്നെ ചെലവിടണമെന്നു നിർബ്ബന്ധമുണ്ടായിരുന്ന അദ്ദേഹം ആ രണ്ടുകൊല്ലവും ആദായത്തിനു യാതൊരു മാർഗ്ഗവുമില്ലാതെ അതികഠിനമായ ദാരിദ്ര്യപീഡയ്ക്കു വശംവദനായി, ശാരീരികമായ ശക്തിയും മാനസികമായ ഓജസ്സും ക്രമേണ ക്ഷയിച്ചു, വളരെ കഷ്ടപ്പെടുകയും 1072-ാണ്ടു കന്നിമാസം 20-ാം൹ വിജയദശമിദിനത്തിൽ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്കയും ചെയ്തു.

കൃതികൾ

കൈക്കുളങ്ങര രാമവാരിയർ നിരവധി ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. സെന്റ് തോമസ് അച്ചുക്കൂടത്തിൽ മുദ്രണംചെയ്തവയാണു് താഴെക്കാണുന്ന ഭാഷാവ്യാഖ്യാനങ്ങൾ. (1) രഘുവംശം, (2) മാഘം, (3) നൈഷധം, (4) കുമാരസംഭവം, (5) മേഘസന്ദേശം, (6) യുധിഷ്ഠിരവിജയം, (7) ശ്രീരാമോദന്തം, (8) ശ്രീകൃഷ്ണവിലാസം, (9) താരോപദേശം. വിദ്യാരത്നപ്രഭയിൽനിന്നാണു് അധോലിഖിതങ്ങളായ പുസ്തകങ്ങൾ ആവിർഭവിച്ചിട്ടുള്ളതു്. (10) അഷ്ടാംഗഹൃദയം സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, കല്പസ്ഥാനം, ചികിത്സിതസ്ഥാനം, ഉത്തരസ്ഥാനം എന്നിവ സാരാർത്ഥദർപ്പണമെന്ന ഭാഷാവ്യാഖ്യാസമേതം, (11) അമരകോശം ബാലപ്രിയാവ്യാഖ്യാനസഹിതം, (12) ആരോഗ്യ കല്പദ്രുമം ബാലചികിത്സ, (13) ശിവശക്തിസപ്തശതീസ്തോത്രം (14) സാമുദ്രികാശാസ്ത്രം, (15) ഗൗളീശാസ്ത്രം, (16) നൂതന സിദ്ധരൂപം, (17) ബാലപ്രബോധനം സമാസചക്രം എന്നിവയുടെ ഭാഷാവ്യാഖ്യ, (18) ലക്ഷ്മണോപദേശത്തിന്റെ ഭാഷാവ്യാഖ്യ. കേരളകല്പദ്രുമം, ഭാരതവിലാസം എന്നീ മുദ്രാലയങ്ങളിൽനിന്നാണു് മറ്റു പുസ്തകങ്ങൾ പ്രസിദ്ധീകൃതങ്ങളായതു്. അവയിൽ ചിലതിന്റെ പേർ ചേർക്കാം. (19) സങ്ഗീത ശാസ്ത്രം, (20) നാരായണീയവ്യാഖ്യ, (21) വിംശതിവ്യാഖ്യ, (22) സിദ്ധാന്തകൗമുദിയുടെ പൂർവാർദ്ധത്തിനു പദസംസ്കാര ചന്ദ്രിക എന്ന വ്യാഖ്യ, (23) തർക്കശാസ്ത്രം, (24) ഹോരാശാസ്ത്രം, (25) അമരം ബാലബോധിനി, (26) വിദ്യാക്ഷരമാല, (27) വാസുദേവമനനം, (28) പ്രശ്നമാർഗ്ഗം പൂർവാർദ്ധം, (29) ജീവന്മുക്തി പ്രകരണം, (30) വൈദ്യാമൃതതരങ്ഗിണി, (31) നേത്രചികിത്സ, (32) അഷ്ടാംങ്ഗഹൃദയം ഭാവപ്രകാശവ്യാഖ്യാ സഹിതം, (33) അമരുകശതകം, (34) അഷ്ടപദി, (35) ദേവീമാഹാത്മ്യം, (36) പുഷ്പബാണവിലാസം, (37) മഹിഷമങ്ഗലഭാണം, (38) കോടിവിരഹം (സങ്ഗീതകേതുചരിതം) എന്നീ ഗ്രന്ഥങ്ങൾക്കു ഭാഷാവ്യാഖ്യകൾ, (39) വാഗാനന്ദലഹരി, (40) വാമദേവസ്തവം, (41) വിദ്യുന്മാലാസ്തുതി എന്നീ സ്വതന്ത്ര സംസ്കൃതകാവ്യങ്ങൾ. ഇവയിൽ ചിലതൊന്നും എനിക്കു വായിക്കുവാൻ സങ്ഗതി വന്നിട്ടില്ല. ഭഗവൽഗീതയ്ക്കു് ഒരു സംസ്കൃതവ്യാഖ്യാനം യോഗാനന്ദസ്വാമികളുടെ നിദേശമനുസരിച്ചു വാരിയർ എഴുതീട്ടുള്ളതായി ചിലർ പറയാറുണ്ടെങ്കിലും അതു് ആരും കണ്ടിട്ടില്ല. എന്നാൽ അതിനെ വിഷയീകരിച്ചുള്ള (42) ഒരു കിളിപ്പാട്ടിന്റെ “ഗണപതി” മാത്രം വായിച്ചിട്ടുണ്ടു്. ആകെക്കൂടി ഇരുപത്തഞ്ചു കൊല്ലക്കാലത്തോളമേ അദ്ദേഹം ഗ്രന്ഥനിർമ്മിതിക്കു വിനിയോഗിച്ചിട്ടുള്ളു. എന്നാൽ എത്ര ഫലഭൂയിഷ്ഠമാണു് ആ വ്യവസായം! അദ്ദേഹത്തിന്റെ കൂലങ്കഷമായ ചർച്ചയ്ക്കു വിഷയീഭവിക്കാത്ത ശാസ്ത്രങ്ങൾ അത്യന്തം വിരളങ്ങളാണു്. അദ്ദേഹം രചിച്ചിട്ടുള്ള വ്യാഖ്യാനങ്ങൾ ഓരോന്നും ആ പുണ്യശ്ലോകന്റെ വിശ്വോത്തരമായ വിജ്ഞാനപ്രകർഷത്തേയും വിസ്മയാവഹമായ ധിഷണാസമ്പത്തിനേയും വിശങ്കടമായ വിചിന്തനശക്തിയേയും കാഹളമൂതി പ്രഖ്യാപനം ചെയ്യുന്നു. പദസംസ്കാരചന്ദ്രികയെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തുമ്പോൾ വലിയ കോയിത്തമ്പുരാൻ വാരിയരെ “സർവ്വതന്ത്രസ്വതന്ത്രനും, കുശാഗ്രബുദ്ധിയും അശ്രാന്തപരിശ്രമശീലനും” ആണെന്നു വർണ്ണിച്ചിട്ടുള്ളതു വസ്തുതത്വകഥനം മാത്രമാകുന്നു.

വ്യാഖ്യാനശൈലി

അമരകോശം വിശേഷ്യനിഘ്ന വർഗ്ഗത്തിൽ നിർവാണോ മുനിവഹ്ന്യാദൗ - നിർവാതസ്തു ഗതാനിലേ” എന്ന ശ്ലോകാർദ്ധത്തിലെ പ്രഥമപാദം വാരിയർ ഇങ്ങനെ വ്യാഖ്യാനിക്കുന്നു; - “നിർവാണഃ (അ പു.പ്ര.ഏ) മുനിവഹ്ന്യാദികളുടെ പേർ. നിർഗ്ഗമിച്ചതു് എന്നു നിർവ്വാണ ശബ്ദത്തിന്റെ അർത്ഥമാകുന്നു: നിർഗ്ഗമനകർത്താവു വായുവാകുന്നു എങ്കിൽ നിർവാതഃ എന്നുതന്നെ പ്രയോഗിക്കുകയും വേണം. നിർവാതശബ്ദം ‘നിർ’ എന്ന ഉപസർഗ്ഗത്തിൽനിന്നു പരമായ ‘വാ’ എന്ന ധാതുവിൽനിന്നു പരമായി കർത്ത്രർത്ഥകമായ ‘ക്ത’ പ്രത്യയം വരുമ്പോൾ ഉണ്ടാകുന്നതാകുന്നു. ഇതിന്റെ തകാരത്തിനു നകാരം വിധിക്കപ്പെട്ടിരിക്കുന്നു. വായുവിനെ പറയുന്നതാകുന്നു എങ്കിൽ തകാരത്തിനു നകാരം വരികയുമില്ല. അതുകൊണ്ടു വായുഭിന്നന്മാരായ മുന്യാദികളെ നകാരംകൊണ്ടു വിശേഷിപ്പിക്കാം. ‘നിർവാണോമുനിഃ’ ‘നിർവാണോവഹ്നിഃ’ ‘നിർവാണോ ഹസ്തീ’ ഇങ്ങനെ ഉദാഹരണങ്ങൾ. ഇപ്രകാരമായാൽ നിർവാണശബ്ദം മുനിവഹ്ന്യാദിവാചകമാകുന്നു എന്ന സാരത്തെ ഗ്രഹിച്ചുകൊൾക. ‘നിർവാണോ മുനിഃ’ എന്ന ഉദാഹരണത്തിങ്കലെ നിർവാണശബ്ദത്തിനു നിർമ്മുക്തൻ എന്നർത്ഥമാകുന്നു. ‘നിർവാണോ വഹ്നിഃ’ എന്ന ഉദാഹരണത്തിങ്കലെ നിർവാണശബ്ദത്തിനു കെട്ടതു് എന്നർത്ഥമാകുന്നു. ‘നിർവാണോ ഹസ്തീ’ എന്നുള്ള ഉദാഹരണത്തിങ്കലെ നിർവാണശബ്ദത്തിനു മുങ്ങിയവൻ എന്നർത്ഥമാകുന്നു. എങ്കിലും നിർവാണമെന്ന ഒരു ശബ്ദം മുന്യാദിവിശേഷണമായി ചേരുകയാൽ മുനിവഹ്ന്യാദിനാമത്വം നിർവാണശബ്ദത്തിനു സിദ്ധമാകുന്നു എന്നറിഞ്ഞു കൊൾക.”

പദസംസ്കാരചന്ദ്രികയിൽ “യതശ്ച നിർദ്ധാരണം” (2-3-4) എന്ന സൂത്രം വ്യാഖ്യാനിക്കുമ്പോൾ വാരിയർ താഴെക്കാണുന്നവിധം അഭിപ്രായപ്പെടുന്നു. “നൃണാമിത്യാദിബഹുവചനം സമുദായത്തിങ്കൽ സ്പഷ്ടമായ അവയവഭേദത്തിന്റെ വിവക്ഷ ഹേതുവായിട്ടു് ഉപപന്നമാകുന്നു. അസ്പഷ്ടാർവയവഭേദത്വേന വിവക്ഷയുണ്ടായാലും ഏകവചനം സാധുവായി ഭവിക്കില്ല. എന്തു ഹേതുവായിട്ടെന്നാൽ അതിനു ഹേതു ഭാഷ്യ വിരോധംതന്നെ. ‘കാരകേ’ എന്ന സൂത്രത്തിന്റെ ഭാഷ്യത്തിങ്കൽ ‘കാരകേ’ എന്നതു നിർദ്ധാരണസപ്തമിയാകുന്നുവെങ്കിൽ ‘കാരകേഷു’ എന്നു പറയേണ്ടതാണെന്നു പറഞ്ഞിരിക്കുന്നു. ‘മിദചോന്ത്യാൽ പരഃ’ എന്നുള്ളേടത്തു് ഏകവചനപ്രയോഗം സൗത്രമാകയാൽ അതിന്നു് അസാധുത്വമില്ല. സ്മൃതിയും വേദവും തുല്യമാകുന്നു എന്നും വേദത്തിൽ കണ്ടതിനെ അനുസരിച്ചു വിധിയെ കല്പിക്കേണമെന്നും ഭാഷ്യത്തിങ്കൽത്തന്നെ പറഞ്ഞിട്ടുണ്ടു്. ഇങ്ങനെയാകയാൽ ലോകത്തിങ്കൽ ഏകവചനം അസാധുതന്നെ എന്നറിഞ്ഞുകൊൾക.” ഈ ചർച്ചയൊന്നും കൗമുദിയിലുള്ളതല്ല.

സംസ്കൃതകവിത

രാമവാരിയർക്കു താൻ ഒരു കവിയാണെന്നു് അഭിമാനമോ കാവ്യരചനയ്ക്കു സമയമോ ഇല്ലായിരുന്നു എങ്കിലും വാഗാനന്ദലഹരി, വാമദേവസ്തവം തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ വശ്യവചത്വത്തിനു മകുടോദാഹരണങ്ങളാണു്. ഈ കൃതികളിലും പ്രായേണ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളിലും എല്ലാംതന്നെ തന്റെ ഉപാസനാമൂർത്തിയായ ധേനുസരസ്വതിയെ വന്ദിക്കുന്ന ശ്ലോകമുണ്ടു്.

“നത്വാർക്കമണ്ഡലസ്ഥാം വാഗ്ദ്ധേനും” എന്നു വാഗാനന്ദലഹരിയിലും, “വാചം ധേനുമനുസ്മൃത്യ വരദാം” എന്നു വാമ

ദേവസ്തവത്തിലും, “അനുചിന്ത്യ ഗിരാം ദേവീം രവിമണ്ഡലവാസിനീം” എന്നു പദസംസ്കാരചന്ദ്രികയിലും കാണുന്നു. കവിയുടെ നാമത്രയത്തിൽ ഒന്നായ വാഗ്ദാസശബ്ദത്തിനും ഈ ഉപാസനതന്നെയാണു് നിദാനം. സൗന്ദര്യലഹരിയെ അനുകരിച്ചു 108 ശ്ലോകങ്ങളിൽ വാഗ്ദേവിയെ വന്ദിക്കുകയാണു് വാഗാനന്ദലഹരികൊണ്ടു് അദ്ദേഹം സാധിച്ചിരിക്കുന്നതു്. ഒരു ശ്ലോകം ഉദ്ധരിയ്ക്കാം.

 “കവീന്ദ്രാണാമന്തഃകരണമധുപഘ്രാണപദവീ–
 പദാതിത്വം ധത്തേ മുഹുരയി യദാമോദവിഭവഃ
 തദേതൽ പോതത്വം ഭവജലനിധൗ ബിഭ്രദിഹ തേ
 പദദ്വന്ദ്വം ഹേതുഃ പ്രണതജയലക്ഷ്മ്യാ വിജയതേ.”

ശിവവർണ്ണനപരമായ വാമദേവസ്തവത്തിൽ ഫലശ്രുതികൂടാതെ നാല്പത്തിരണ്ടു പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. വാഗാനന്ദലഹരി ശിഖരിണീവൃത്തത്തിലും വാമദേവസ്തവം സ്രഗ്ദ്ധരാവൃത്തത്തിലുമാണു് നിർമ്മിച്ചിരിക്കുന്നതു്. ഒരു ശ്ലോകം പ്രദർശിപ്പിക്കാം.

 “ഗംഗാഹേമാംബുജോത്ഥൈഃ പ്രണിഹിതകളമാ–
 ഗ്രൗഘദീപ്തീൻ പരാഗൈ–
 സ്സംഗൃഹ്ണാനഃ കപർദ്ദാംസ്ത്രിണയന പരിത–
 സ്താവകാനാവഹേന്നഃ
 ക്ഷേമാണ്യുദ്ദാമഫൂൽകൃത്യപതുഷിതഫണാ–
 ശൂർപ്പസമ്പൂർണ്ണരത്ന–
 ച്ഛായാസഞ്ചാരസമ്പാദിതജഗദുദര–
 ധ്വാന്തഭംഗോ ഭുജംഗഃ.”

വാരിയരുടെ കാവ്യശൈലി അത്യന്തം പ്രൗഢവും കല്പന സാമാന്യേന പണ്ഡിതൈകഗ്രാഹ്യവുമാകയാൽ ലഹരിക്കു “ഹൃദ്യ”യെന്നും സ്തവത്തിനു് “അർത്ഥപ്രകാശിക”യെന്നും ഓരോ വിസ്തൃതമായ വ്യാഖ്യാനവും അദ്ദേഹംതന്നെ രചിച്ചിട്ടുണ്ടു്.

ഭാഷാകവിത

ഭാഷാകവിതകളുടെ നേർക്കു വാരിയർക്കു മമത ഇല്ലായിരുന്നു. “ഭാഷാസൂക്തിനിബന്ധനാനി ബഹവഃ കർവന്തി നാമാധുനാ ദോഷം കഞ്ചന തേഷു നാവകലയേ ജാനാമി നോ വാ ഗുണാൻ” എന്നു് അദ്ദേഹം ഒരവസരത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. രണ്ടുമൂന്നു മുക്തകങ്ങൾമാത്രമേ ശ്ലോകരൂപത്തിൽ ഭാഷയിൽ നമുക്കു് അദ്ദേഹത്തിൽനിന്നു ലഭിച്ചിട്ടുള്ളു. അവ ആസ്വാദ്യങ്ങളായിരിക്കുന്നു. രണ്ടു ശ്ലോകങ്ങൽ ഉദ്ധരിക്കാം.

1 “കെട്ടും ഭുജാലതകൾകൊണ്ടവളങ്ങൊരിക്കൽ
 കൂട്ടും കടാക്ഷവടികൊണ്ടടി മറ്റൊരിക്കൽ
 പെട്ടെന്നു വാഗമൃതവീചിയിലിട്ടു മുക്കും
 തട്ടംതിരിച്ചിലിവിടെപ്പലതുണ്ടു പാർത്താൽ.”
2 “ജലജപതി മറഞ്ഞതില്ല മുറ്റും
 തവമുടികൊണ്ടു നിറഞ്ഞു കൂരിരുട്ടും
 അതിനിടയിൽ മുഖേന്ദു വന്നുദിച്ചി–
 ട്ടതിനെ നിജേന ബലേന പിന്നിലാക്കി.”

ഭഗവൽഗീത കിളിപ്പാട്ടായി എഴുതണമെന്നു് ഒരിക്കൽ ആലോചിച്ചു. അതു മുഴുമിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.

 “ശാരീകുലത്തിന്നലങ്കാരഹീരമേ!
 ശാരദാപാദാബ്ജസേവൈകതൽപരേ!
 ശാരികപ്പൈതലേ! സച്ചരിതാഖ്യാവി–
 ശാരദേ! ശ്രീചാരുമൂർത്തേ! സുഭാഷിണീ!
 ഭാരതവൃത്തങ്ങൾ മിക്കതുമൊട്ടൊട്ടു
 സാരംശമാദായ ചൊല്ലി നീയെന്നതിൽ
 വീരനാമർജ്ജുനൻതന്നുടെ ചേതസി
 ചേരാതവണ്ണം നിറഞ്ഞു ചമഞ്ഞൊരു
 ഘോരവിഷാദങ്ങൾ ദൂരവേനീങ്ങീടു–
 മാറു ഭഗവാനരുൾചെയ്തതിന്നതെ–
 ന്നാരും ഗ്രഹിക്കേണ്ട ഞങ്ങളിലെന്നൊരു
 നീരസഭാവം നിനക്കു ഞങ്ങളിലെന്നൊരു
 കാരണമെന്തെന്നു ഞാനറിഞ്ഞീല തൽ–
 സാരം ഗ്രഹിപ്പാനെനിക്കുമിന്നാഗ്രഹം.”
ചില ഐതിഹ്യങ്ങൾ

രാമവാരിയർക്കു സംസ്കൃതത്തിൽ ദ്രുതകവനം സുകരമായിരുന്നു. ഒരിക്കൽ അദ്ദേഹം വിജ്ഞാന ചിന്താമണിയിൽ

“അഭിനവനവനീതമുഷേ ഘോഷവധൂടീസ്തനോത്തരീയകൃഷേ
ശിഖിപിഞ്ഛശേഖരജുഷേ ശിശവേ കസ്മൈചിദവ്യയാ നമഃ

എന്നൊരു മംഗലശ്ലോകം പ്രസിദ്ധീകരിച്ചു. ഒടുവിലത്തെ പാദം ‘ഷേ’ എന്ന അക്ഷരത്തിൽ അവസാനിപ്പിക്കാത്തതു ഭംഗിയായില്ല എന്നു ചിലർ പറഞ്ഞപ്പോൾ തന്റെ ‘ഷ’ പെട്ടി ഒന്നുകൂടി തുറക്കാം എന്നു പറഞ്ഞുകൊണ്ടു് ആദ്യത്തേതിനുപകരം മാറ്റാരു ശ്ലോകം ചൊല്ലിക്കൊടുത്തു.

 “ശേഷേശയായ വിദുഷേ, വേഷേണാഭീരബാലസാമ്യജൂഷേ,
 തോഷാദുലൂഖലകൃഷേ ഘോഷപുഷേ രോചിഷേ നമോജനുഷേ.”

എന്നതാണു് ആ ശ്ലോകം. മറ്റൊരിക്കൽ “ബദ്ധോ ഹി നാഗോ ജലബിന്ദുനാസീൽ” എന്നൊരു സമസ്യ താഴെക്കാണുന്ന വിധത്തിൽ പൂരിപ്പിച്ചു.

 “സിംഹാദ്ഭിയാനുവ്രജതഃ പ്രധാവൻ
 സാകം കരിണ്യാ പഥി നിഷ്പതന്ത്യാഃ
 ഗർത്തേതിശോകാന്നയനസ്രുതാസ്യാ
 ബദ്ധോ ഹി……………………………”

ഒരവസരത്തിൽ വാരിയർ പുന്നശ്ശേരി നമ്പിയോടു സംസ്കൃതഭാഷയിൽ ആരു് ഏതുമാതിരി അബദ്ധം വിജ്ഞാനചിന്താമണിയിൽ ചേർക്കുകയാണെങ്കിലും വാദമുണ്ടായാൽ താൻ അതു സുബദ്ധമാണെന്നു സമർത്ഥിച്ചുകൊള്ളാമെന്നു വാഗ്ദാനംചെയ്തതായി നമ്പിയുടെ മുഖത്തുനിന്നു ഞാൻ കേട്ടിട്ടുണ്ടു്. ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ ഒരിക്കൽ താൻ നിരർത്ഥകമാണെന്നു ധരിച്ചിരുന്ന ഒരു ശ്ലോകത്തിനു് എന്താണു് അർത്ഥമെന്നു വാരിയരോടു ചോദിച്ചു. ചുവടെ ചേർക്കുന്നതാണു് ആ ശ്ലോകം.

 “പതിരതീവ ധനീ സുഭഗോ യുവാ
 പരവിലാസവതീഷു പരാങ്മുഖഃ
 ശിശൂരലംകുരുതേ സദനം സദാ
 കിമപിവാ സുദതീ രുദതീ ഭൃശം.”

‘സുഭഗ’നെന്നാൽ നല്ല (ഭം) നക്ഷത്രത്തിൽമാത്രം പത്നിയെ പ്രാപിക്കുന്നവനെന്നാണർത്ഥം എന്നും, പത്നി മറ്റു ദിവസങ്ങളിലെ വിയോഗാർത്തികൊണ്ടു രോദിക്കുന്നതാണു് പ്രകൃതമെന്നും വാരിയർ പറഞ്ഞപ്പോൾ മന്നാടിയാൽ അത്ഭുതപ്പെട്ടുപോയി. മറ്റൊരിക്കൽ കഥാനായകൻ മഹാവൈയാകരണനായ കിഴക്കേപ്പുല്ലത്തു ശങ്കരൻമൂസ്സതിന്റെ ഗൃഹത്തിൽ ചെന്നപ്പോൾ മൂസ്സതു വാരിയരുടെ ബുദ്ധിസാമർത്ഥ്യത്തിന്റെ അഗാധത പരിശോധിക്കുന്നതിനായി ഏറ്റവും കഠിനമായ ഒരു ശ്ലോകമുണ്ടാക്കി രാത്രി കിടക്കാൻ പോകുമ്പോൾ കൊടുത്തു. “വാരിയർ, ഇതിന്റെ അർത്ഥം ഞാൻ നാലഞ്ചുനാഴിക വെളിപ്പിനു കുളിക്കുവാൻ പോകുമ്പോൾ എന്നെ ചൊല്ലിക്കേൾപ്പിക്കണം” എന്നപേക്ഷിച്ചു. വാരിയർക്കുണ്ടോ അതുകൊണ്ടൊരു കുലുക്കം? അർത്ഥം കണ്ടുപിടിച്ചു നിർദ്ദിഷ്ടസമയത്തുതന്നെ മൂസ്സതിനെ ചൊല്ലിക്കേൾപ്പിച്ചു എങ്കിലും “ഈ ശ്ലോകം ഇന്നലെ എന്നെ ഉറക്കിയില്ല” എന്നുകൂടി പറഞ്ഞു. ശ്ലോകം താഴെച്ചേർക്കുന്നു.

“യസ്യാർക്കാതിശയാ പ്രഹർഷജനനീ ഭദ്രേണ ഭാഗീരഥീ
സാ മാലാത്യധിമൗലി ലോചനപദേ ചിത്രം കരാബ്ജം വിദുഃ
വാമാർദ്ധാങ്ഗമുമാപി യോ ദഹതി ഗവ്യേന സ്മരണേ സ്മരം
സൽക്ഷേമായ സ സർവകാലമപി യോ വേദാത്മഭൂതസ്സ നഃ.”
47.6ഉപ്പോട്ടു കണ്ണൻ (1000–1060)
ചരിത്രം

ഉപ്പോട്ടു കണ്ണൻ 1000-ാണ്ടു മേടമാസം 12-ാം൹ വടക്കേ മലബാറിൽ കണ്ണൂരിൽ ജനിച്ചു. ബാല്യത്തിൽ സ്വല്പം സംസ്കൃതം അഭ്യസിച്ചതിനുമേൽ സ്വദേശത്തു് ഇംഗ്ലീഷ് പട്ടാളക്കാരുടെ ആവശ്യത്തിനായി സ്ഥാപിച്ചിരുന്ന ഗവർമ്മെന്റു റജിമെന്റൽസ്ക്കൂളിൽ ചേർന്നു ഇംഗ്ലീഷ് പഠിച്ചു. ആ രണ്ടു ഭാഷകളിലും കാലക്രമത്തിൽ നല്ല പരിജ്ഞാനം നേടുവാൻ വ്യവസായശീലനായ അദ്ദേഹത്തിനു സാധിച്ചു. വൈദ്യശാസ്ത്രത്തിൽ പ്രശംസനീയമായ പാണ്ഡിത്യം സമ്പാദിച്ചു. 25-ാമത്തെ വയസ്സിൽ മലബാറിലെ ആദ്യത്തെ ഇൻഡ്യൻ ഡെപ്യൂട്ടികലക്ടരായ ചൂര്യയിൽ കണാരന്റെ സാഹായംകൊണ്ടു് ആ ആഫീസിലെ ഒരു പകർപ്പുഗുമസ്തനായി നിയമിക്കപ്പെട്ടു. കണാരൻ അന്നു ഹജൂരിൽ നായിബ് (രണ്ടാം) ശിരസ്തദാരായിരുന്നു. അദ്ദേഹം മയ്യഴിക്കാരനാണു്. ക്രി.പി. 1812-1876 ഈ വർഷങ്ങൾക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. കണ്ണൻ ഉദ്യോഗസോപാനത്തിൽ പടിപ്പടിയായി ഉയർന്നു 1042 മുതൽ ഹജൂർ ശിരസ്തദാരായും 1045 മുതൽ കണാരൻ പെൻഷൻപറ്റിയപ്പോൾ ഡെപ്യൂട്ടി കലക്ടരായും രാജ്യസേവ ചെയ്തു. ഗവർമ്മെണ്ടിന്റേയും പൊതുജനങ്ങളുടേയും സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ചു് 1060-ാണ്ടുമീനമാസം 31-ാം൹ വാതരോഗംനിമിത്തം മരിച്ചു.

കൃതികൾ

ഉപ്പോട്ടു കണ്ണൻ (1) അഷ്ടാങ്ഗഹൃദയം താൻ എഴുതിയ ഭാസ്കരം എന്ന ഭാഷാവ്യാഖ്യാനത്തോടുകൂടി 1048 തുലാം 22-ാം൹ പ്രസിദ്ധീകരിച്ചു. “ജഗച്ചക്ഷുര്യദോൽപന്നഃ കുജവാരോദയഃ കലിഃ” എന്ന അന്നത്തെ കലിദിനവാക്യം കൊണ്ടു് ആ തീയതി അറിയാം. അതുകൂടാതെ (2) യോഗാമൃതം എന്ന സുപ്രസിദ്ധമായ പഴയ വൈദ്യമണിപ്രവാളവും താൻ ഉണ്ടാക്കിയ ലഘുടിപ്പണിയോടുകൂടി അച്ചടിപ്പിച്ചു. അതു് 1046-ാണ്ടിടയ്ക്കാണു്. യോഗാമൃതകാരൻ പെരിഞ്ചല്ലൂർ ഗ്രാമത്തോടു ബന്ധമുള്ള ഒരു നമ്പൂരിയാണെന്നു് ഊഹിയ്ക്കാം. തൃപ്പറയാറ്റുകാരനാണെന്നു ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാർ പറയുന്നതിനു് ആസ്പദമെന്തെന്നറിയുന്നില്ല. താഴെ ഉദ്ധരിക്കുന്നവയിൽ രണ്ടാമത്തെ ശ്ലോകം നോക്കുക.

 “പൂമാതാൽ വീക്ഷ്യമാണം കലശജലനിധേ–
 ർമ്മഥ്യമാനാൽപ്പുറപ്പെ–
 ട്ടാമോദോല്ലോലകല്ലോലിതജലകണമേ–
 റേറ്ററു വിഭ്രാജമാനം
 ഹേമാലങ്കാരകാന്താരഗമിത തൊഴുതേൻ
 ധാമ ധാന്വന്തരം തൽ
 ക്ഷൌമാബദ്ധോത്തമാങ്ഗം കരലസദരിശം–
 ഖാബ്ജപീയൂഷകുംഭം.
 ചെല്ലൂരാവാസി ഭദ്രം പ്രദിശതു സശിവം
 ധാമ മേ ഞാൻ ചുരുക്കി–
 ച്ചൊല്ലീടുന്നേൻ ചികിത്സാസരണി ചില ധരി–
 പ്പാൻ ഭിഷഗ്ബാലകാനാം
 കൊള്ളാമെന്നോർത്തു കൈക്കൊണ്ടുരുളുക ഭിഷജോ
 വീക്ഷ്യ യോഗാമൃതം തൽ
 കല്യാണം മൽപ്രബന്ധം പുനരിത തൊഴുതേ–
 നേഷ സദ്ഭ്യോപി തേഭ്യഃ.”

“ഹേമാലങ്കാരകാന്താരം” എന്ന ക്ഷേത്രം ഏതെന്നു മനസ്സിലാക്കുന്നില്ല. അഷ്ടാങ്ഗസാരം എന്ന വൈദ്യഗ്രന്ഥത്തിന്റെ പ്രണേതാവും യോഗാമൃതകാരൻതന്നെയാണു്. അതിലും

 “ഹേമാലങ്കാരകാന്താരധാമാ സ പുരുഷോത്തമഃ
 ശ്രീമാനമൃതഹസ്തോ നഃ ക്ഷേമായാസ്തു ഭിഷങ്മണിഃ”

എന്നൊരു വന്ദനശ്ലോകം കാണുന്നു. അദ്ദേഹം ഒമ്പതാം ശതകത്തിൽ ജീവിച്ചിരുന്നതായി ഭാഷാശൈലിയിൽനിന്നു് ഉദ്ദേശിക്കാവുന്നതാണു.

47.7ആറ്റുപുറത്തു് ഇമ്പിച്ചൻഗുരുക്കൾ (1027–1076)
ചരിത്രം

ആറ്റുപുറത്തു ഇമ്പിച്ചൻഗുരുക്കൾ 1027-ാണ്ടു കുംഭമാസം അവിട്ടം നക്ഷത്രത്തിൽ വടക്കേ മലബാർ കൊയിലാണ്ടിയിൽ ആറ്റുപുറത്തു ചാത്തുവിന്റേയും ചെട്ടിയേടത്തു ചോയിച്ചിയുടേയും പുത്രനായി ജനിച്ചു. മാതാവിന്റെ കുടുംബത്തെയും കൂടി അനുസ്മരിച്ചു് ആറ്റുപുറത്തു് ചെട്ടിയേടത്തു് ഇമ്പിച്ചൻഗുരുക്കളെന്നും അദ്ദേഹത്തെ പറയാറുണ്ടു്. അവർ ജാതിയിൽ കണിശന്മാരായിരുന്നു; വലിയ ദാരിദ്ര്യത്തിലാണു് കഴിഞ്ഞുകൂടിയിരുന്നതു്. ഇമ്പിച്ചൻ തന്റെ അമ്മാമനായ മറ്റൊരു ഇമ്പിച്ചൻ നടത്തിവന്ന മീത്തലെ എഴുത്തുപള്ളിയിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനുമേൽ തലശ്ശേരിയിൽ ഗവർമ്മെന്റു സ്ക്കൂളിലും പിന്നീടു കോഴിക്കോട്ടു ഗവർമ്മെന്റു പ്രൊവിൻഷ്യൻ സ്ക്കൂളിലും പഠിച്ചു് അവിടത്തെ ട്രാൻസ് ലേഷൻപരീക്ഷയിലും മറ്റും വിജയം നേടി. മേല്പറഞ്ഞ അമ്മാമനാണു് വിദ്യാഭ്യാസ സംബന്ധമായുള്ള ചെലവുകൾ നിർവഹിച്ചതു്. വടക്കേ മലബാറിൽ കണിശർ, കമ്മാളർ, തീയർ ഈ ജാതികളിൽപെട്ട അദ്ധ്യാപകന്മാരെ പ്രായേണ ഗുരുക്കന്മാരെന്നു പറഞ്ഞുവരുന്നു. ചില നായന്മാരായ അദ്ധ്യാപകന്മാരെയും അങ്ങനെ പറയും. അനന്തരം ഉപ്പോട്ടു കണ്ണന്റെ അഷ്ടാങ്ഗഹൃദയവ്യാഖ്യ മുദ്രണം ചെയ്ത അവസരത്തിൽ അതിന്റെ പ്രൂഫ് പരിശോധകനായിക്കൂടി. അതിനു മേലാണു് കാര്യമായി സംസ്കൃതം പഠിച്ചു തുടങ്ങിയതു്. പാലക്കാട്ടു ശേഖരീപുരം ശേഷുശാസ്ത്രികളുടെ ശിഷ്യനായ അമ്പ്രമോളി രാമുണ്ണിവൈദ്യരുടെ ശിഷ്യസ്ഥാനം സ്വീകരിച്ചു കാവ്യനാടകാലങ്കാരങ്ങളിൽ പരിനിഷ്ഠിതവും തർക്കശാസ്ത്രത്തിൽ സാമാന്യവുമായ പരിജ്ഞാനം സമ്പാദിച്ചു. അതിനുമുൻപുതന്നെ ജ്യോതിഷത്തിലും പ്രായോഗികമായ അറിവു നേടിക്കഴിഞ്ഞിരുന്നു. പിന്നീടു വ്യാകരണം അഭ്യസിക്കുന്നതിനായി പരദേശത്തേയ്ക്കു പോയി. മദിരാശി പ്രസിഡൻസികോളേജിലെ മലയാളപണ്ഡിതരായ മൂളിയിൽ കൃഷ്ണന്റെ സാഹായ്യത്തിൽ അവിടെ താമസിച്ചു് ആ ശാസ്ത്രത്തിലും നിഷ്ണാതനാകുകയും അതിനുപുറമേ തർക്കശാസ്ത്രത്തിൽ ചില ഉപരിഗ്രന്ഥങ്ങൾകൂടി വായിക്കുകയും ചെയ്തു. വിദ്യാഭ്യാസം പൂർത്തിയായതിനുമേൽ ആറ്റുപുറത്തു തിരിയെപ്പോന്നു് ഒരു പാഠശാല സ്ഥാപിച്ചു് ഒട്ടുവളരെ ശിഷ്യന്മാരെ സംസ്കൃതം പഠിപ്പിച്ചു. 1076-ാണ്ടു് കുംഭമാസം 22-ാം൹ മരിച്ചു.

കൃതികൾ

ഇമ്പിച്ചൻ ഗുരുക്കളുടെ പ്രധാനകൃതി തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ പ്രവേശകം എന്ന വ്യാകരണഗ്രന്ഥത്തിന്റെ ഭാഷാവ്യാഖ്യാനമാണു്. അതിൽ തന്റെ ഗുരുനാഥനായ രാമുണ്ണിവൈദ്യരെ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽ വന്ദിച്ചിരിക്കുന്നു.

 “ശ്രീമാനംബരമൗലിനാമകഗൃഹാലങ്കാരഹീരായിതഃ
 ശ്രീരാമോഭിധയാ ഗുരുർവിജയതേ ദോഷജ്ഞചൂഢാമണിഃ
 യസ്യാനർഘഗുണോൽകരാ സുകവിതാ പ്രോദ്യദ്രസാലംകൃതാ
 സദ്രൂപാ സുരസുന്ദരീവ ബുധലോകാനന്ദസന്ദായിനീ.”

ഈ കൃതിയുടെ ആദ്യഭാഗമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. അതു കൂടാതെ (2) ധാരാകല്പം എന്നൊരു വൈദ്യഗ്രന്ഥവും, (3) മനീഷാ പഞ്ചകം എന്ന ശങ്കരാചാര്യരുടെ വേദാന്തപ്രകരണവും അദ്ദേഹം വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ടു്. (4) രാഘവാമൃതം എന്നു രാമായണകഥയെ ആസ്പദമാക്കി ഒരു സംസ്കൃതകാവ്യം രചിച്ചിട്ടുണ്ടെന്നും (5) കഥാസരിത്സാഗരം മലയാളത്തി്ല വിവർത്തനം ചെയ്തിട്ടുണ്ടെന്നും കേട്ടുകേൾവിയേ ഉള്ളൂ. (6) അഷ്ടപടി ആട്ടം എന്നൊരു കൃതിയും നിർമ്മിച്ചിട്ടുണ്ടുപോൽ. (7) ഭാഗവതം അദ്ദേഹം ഭാഷാഗദ്യരൂപത്തിൽ പരാവർത്തനംചെയ്തിട്ടുള്ളതിൽ ഒരു ഭാഗം ചുവടേ കുറിക്കുന്നു.

മൂലം:

 “സ ഏഷ ലോകവിഖ്യാതഃ പരീക്ഷിദിതി യൽപ്രഭുഃ
 ഗർഭദൃഷ്ടമനുധ്യായൻ പരീക്ഷേത നരേഷ്വിഹ.
 സ രാജപുത്രോ വവൃധ ആശു ശുക്ല ഇവോഡുപഃ
 ആപൂര്യമാണഃ പിതൃഭിഃ കാഷ്ഠാഭിരിവ സോന്വഹം.”
(ഭാഗവതം 1-12-30, 31)
തർജ്ജമ

“മുമ്പു മാതാവിന്റെ ഗർഭപാത്രത്തിൽ കണ്ടിട്ടുണ്ടായിരുന്ന ദിവ്യപുരുഷനെ മനസ്സിൽ വിചാരിച്ചിട്ടു് ഇവൻ അവനായിരിക്കുമോ എന്നു തന്റെ ജനങ്ങളെ എല്ലാവരേയും പരീക്ഷിക്കകൊണ്ടു് ഈ പ്രഭു പരീക്ഷിത്തു് എന്നു ലോകത്തിൽ പ്രസിദ്ധനായും വന്നു. ശുക്ലപക്ഷത്തിലെ ചന്ദ്രൻ കലകളാൽ പോഷിപ്പിക്കപ്പെടുന്നതുപോലെ ആ രാജകുമാരനും പിതൃക്കളാൽ അന്നാദികളേക്കൊണ്ടു പോഷിപ്പിക്കപ്പെട്ടു.” സ്വാശ്രയശക്തികൊണ്ടുമാത്രം ഉയർന്നു സമർത്ഥമായി മാതൃഭാഷയെ സേവിച്ച കേരളപണ്ഡിതന്മാരുടെ പങ്ക്തിയിൽ ഗുരുക്കൾക്കും ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്.

47.8മാടായി മന്ദൻഗുരുക്കൾ (1005?-1037)
ചരിത്രം

വടക്കേ മലയാളത്തിലെ തീയരുടെ ഇടയിൽ സാമാന്യം പ്രസിദ്ധിയുള്ള തലശ്ശേരി തിരുവങ്ങാട്ടു മാടായിത്തറവാട്ടിലാണു് മന്ദൻഗുരുക്കളുടെ ജനനം. 1005-നും 1009-നും ഇടയ്ക്കായിരുന്നു അദ്ദേഹം ജനിച്ചതു് എന്നറിയാം. പിതാവു കൂടക്കായി കണ്ണൻവൈദ്യനായിരുന്നു. സംസ്കൃതം പഠിച്ചതു മേനപ്രം അംശക്കാരനായ പുതുശ്ശേരി ചാത്തുഗുരുക്കളോടാണു്. ചാത്തുഗുരുക്കൾ ഊരാച്ചേരി ഗുരുക്കന്മാരെന്നു വിഖ്യാതി നേടിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു. ജ്യോതിഷം, വൈദ്യം എന്നീ ശാസ്ത്രങ്ങളിൽ നല്ല വൈദുഷ്യം സമ്പാദിച്ചതിനുപുറമേ വ്യാകരണവും തർക്കവുംകൂടി മന്ദൻ ഗുരുക്കൾ അഭ്യസിച്ചിരുന്നു. തിരുവങ്ങാട്ടു തലായി എന്ന സ്ഥലത്തു് ഒരു വിദ്യാലയം സ്ഥാപിച്ചു് അവിടെ അധ്യാപക വൃത്തിയിൽ ഏർപ്പെട്ടു കാലയാപനംചെയ്തു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ ഗൃഹം. 1037-ാണ്ടിടയ്ക്കു മുപ്പത്തി രണ്ടാമത്തെ വയസ്സിൽ മരിച്ചു.

കൃതികൾ

ഗുരുക്കളുടെ പ്രധാനകൃതി നളചരിതം കാവ്യമാണു്. കുഞ്ചന്റെ ശ്രീകൃഷ്ണചരിതം കഴിഞ്ഞാൽ ആ രീതിയിൽ രചിച്ചിട്ടുള്ള രണ്ടാമത്തെ കാവ്യം നളചരിതമാണെന്നു തോന്നുന്നു. അതിൽനിന്നു് ഒരു ശ്ലോകം ഉദ്ധരിക്കാം.

 “ഭീമാഖ്യക്ഷിതിപകുമാരിയെന്നു കേട്ടൂ
 വാമാക്ഷിക്കിഹ ദമയന്തിയെന്നു പേർപോൽ
 നാമിന്നിത്തരുണിയെയിങ്ങു കൊണ്ടുപോരാ–
 നാമെങ്കിൽപ്പരിചൊടുടൻ തുടർന്നിടേണം.”

പിന്നീടു് (2) പതിവ്രതാധർമ്മം എന്നൊരു കൃതി ദ്രാവിഡ വൃത്തത്തിൽ നിർമ്മിച്ചു. ഒടുവിലത്തെ കൃതിയായ (3) പാർവ്വതീ പരിണയകാവ്യം പൂർത്തിയാകുന്നതിനു മുൻപായിരുന്നു മരണം.

47.9കാരായി കൃഷ്ണൻഗുരുക്കൾ (1030–1063)
ചരിത്രം

കാരായി കൃഷ്ണൻഗുരുക്കൾ വടക്കേ മലബാറിൽ ചിറയ്ക്കൽത്താലൂക്കിൽ കണ്ണൂരിൽ ഒതയോത്തുവീട്ടിൽ 1030-ാണ്ടു് കന്നിമാസത്തിൽജനിച്ചു. അസാമാന്യമായ സഹൃദയത്വത്താലും ആശ്ചര്യജനകമായ വാസനയാലും അനുഹൃഹീതനായിരുന്നുവെങ്കിലും കഠിനമായ ത്വഗ്രോഗപീഡ നിമിത്തം 1063 കന്നിയിൽ അല്പായുസ്സായി ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ വാങ്മയങ്ങൾ എല്ലാംതന്നെ അമൃതനിഷ്യന്ദികളാകുന്നു.

കൃതികൾ

(1) രുക്‍മിണീപരിണയം മണിപ്രവാളം, (2) രാമായണം മണിപ്രവാളം, (3) ആദിത്യഹൃദയം-90 ശ്ലോകങ്ങൾ, (4) ലക്ഷണാപരിണയം ഓട്ടൻതുള്ളൽ, (5) അലങ്കാരത്തിൽ നായകപ്രകരണത്തിനു ഭദ്രാഖ്യാനം എന്ന ഭാഷാവ്യാഖ്യാനം, (6) കുചേലകൃഷ്ണീയം യമകകാവ്യം ഇവയാണു് കൃഷ്ണൻഗുരുക്കളുടെ പ്രധാനകൃതികൾ. ഇവയിൽ പലതും എനിക്കു കാണ്മാൻ സംഗതിവന്നിട്ടില്ല. യമകകാവ്യം സംസ്കൃതമോ മലയാളമോ എന്നുപോലും നിശ്ചയമില്ല. ആദിത്യഹൃദയം സംസ്കൃതമാണെന്നു തോന്നുന്നു. ചില കൃതികളിൽ നിന്നു് ഉദ്ധാരണങ്ങൾ ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.

രുക്‍മിണീപരിണയം:

 “ഗണാധിപൻതൻ ചരണാംബുജദ്വയം
 ഗുണാഭിവൃദ്ധ്യൈ സതതം നതോസ്മി ഞാൻ
 പ്രണാമമാത്രേണ സമസ്തകില്ബിഷ–
 പ്രണാശനം സർവസുപർവപൂജിതം.”

രാമായണം:

 “കഥയ ജനനി! കിം വിഷീദസി ത്വം?
 കഥമതിസിക്തമിഹാശ്രുണാ മദംഗം?
 പ്രഥയതി സുതരാം മുഖം ഭവത്യാഃ
 പൃഥുശുചമാശു വദാംബ! ദുഃഖഹേതുകം.”

ആദിത്യഹൃദയം:

 “അരുണസാരഥിമിന്ദ്രമുഖാമര–
 പ്രകരപൂജിതപാദസരോരുഹം
 സരസിജാസനവിഷ്ണുശിവാത്മകം
 സദയമാശ്രിതവത്സലമാശ്രയേ.”

സംസ്കൃതപ്രധാനങ്ങളാണു് പ്രസ്തുത കവിയുടെ നിബന്ധങ്ങൾ എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

47.10നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ (1023–1084)
ചരിത്രം

നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ 1023-ാണ്ടു ചിങ്ങമാസത്തിൽ കോഴിക്കോട്ടുതാലൂക്കു കുന്ദമങ്ഗലം ചെറുകുളത്തൂർദേശത്തു നരിക്കുനി എന്ന തറവാട്ടിൽ രാമന്റെ പുത്രനായി ജനിച്ചു. പത്തുവയസ്സുവരെ സ്വദേശത്തു മരുമയിൽ രാമപ്പണിക്കരോടു സംസ്കൃതത്തിൽ ബാലപാഠങ്ങളും ഗ്രഹഗണനാന്തംവരെ ജ്യോതിഷവും പഠിച്ചു. 1034-ൽ ആ സ്ഥലത്തു തന്നെ കറുത്തേടത്തുകണ്ടിയിൽ ഒരു എഴുത്തുപള്ളി സ്ഥാപിച്ചു് അവിടെ ഒരു കൊല്ലത്തോളം അദ്ധ്യാപകനായി കഴിച്ചുകൂട്ടി. 1035-ൽ കോഴിക്കോട്ടേയ്ക്കു പോയി. അടുത്ത കൊല്ലം അച്ഛൻ മരിച്ചു. അതിനുമേൽ കോഴിക്കോട്ടു മൂത്തോറൻ എഴുത്തച്ഛന്റെ ശിഷ്യനായി കാവ്യങ്ങൾ അഭ്യസിച്ചു. പിന്നീടു പിലാശ്ശേരി പേരു എന്നൊരാളുടെ സഹായത്തോടുകൂടി അവിടെത്തന്നെ ഇംഗ്ലീഷുപള്ളിക്കു സമീപം ഒരു പള്ളിക്കൂടം നടത്തി. ഗ്രന്ഥമെഴുത്തിൽ വളരെ നൈപുണ്യമുണ്ടായിരുന്നതിനാൽ അധ്യാത്മരാമായണം കിളിപ്പാട്ടു പലർക്കും ഓലയിൽ പകർത്തിയെഴുതിക്കൊടുത്തു് അങ്ങനെയും കുറെ ധനം സമ്പാദിച്ചു. സ്വകുടുംബത്തിൽ പരമ്പരാഗതമായിരുന്ന വൈദ്യവൃത്തിയിൽ ഏർപ്പെടുന്നതിനുവേണ്ടി കാട്ടുകണ്ടി വട്ടാമ്പോയിൽ വലിയ ചാത്തുണ്ണി വൈദ്യരോടു് അഷ്ടാംഗഹൃദയവും ചരകസുശ്രുതാദിഗ്രന്ഥങ്ങളും അഭ്യസിക്കുകയും പര്യാപ്തമായ ചിരിത്സാപരിചയം സമ്പാദിക്കുകയും ചെയ്തു. 1946-ൽ ചികിത്സ ആരംഭിച്ചു. ഉപ്പോട്ടു കണ്ണന്റെ ഭാസ്കരവ്യാഖ്യാനം പ്രസിദ്ധീകരിക്കുന്ന വിഷയത്തിൽ വൈദ്യരുടേയും സഹായം ഉണ്ടായിട്ടുണ്ടു്. 1049-ൽ പില്ക്കാലത്തു കേരളവിദ്യാശാലയിലെ സംസ്കൃതപണ്ഡിതർ ഏ. വെങ്കടസുബ്രഹ്മണ്യശാസ്ത്രികളോടു വ്യാകരണവും തർക്കവും വേദാന്തവും പഠിച്ചു. ഒരു വൈദ്യനെയും പണ്ഡിതനെന്നുമുള്ള നിലകളിൽ കഥാപുരുഷനു് അസാമാന്യമായ ഖ്യാതി നേടുവാൻ സാധിച്ചു. അതോടുകൂടി അധ്യാപകവൃത്തിയും തുടർന്നുകൊണ്ടുപോയി. 1054-ൽ പിലാശ്ശേരിപ്പറമ്പിൽനിന്നു തന്റെ പള്ളിക്കൂടം നായ്ക്കർമഠത്തിലേയ്ക്കു മാറ്റി അവിടെ പിന്നെയും ആറുകൊല്ലം പണി നോക്കി. 1084 കർക്കടകത്തിൽ പക്ഷവാതരോഗം നിമിത്തം ചരമഗതിയെ പ്രാപിച്ചു.

ഹരിശ്ചന്ദ്രചരിതം കാവ്യം

ഉണ്ണീരിക്കുട്ടിവൈദ്യരുടെ കൃതികളിൽ പ്രഥമഗണനീയമായി കരുതേണ്ടതു ഹരിശ്ചന്ദ്രചരിതം മണിപ്രവാളമാണു്. പത്തു സർഗ്ഗങ്ങളിൽ 1002 ശ്ലോകങ്ങൾ അതിൽ കവി ഉൾക്കൊള്ളിച്ചിട്ടുണ്ടു്. കുഞ്ചൻനമ്പിയാരുടെ ശ്രീകൃഷ്ണചരിതത്തെ അനുകരിച്ചു രചിച്ചിട്ടുള്ളതാണു് മാടായി മന്ദന്റെ എന്നപോലെ വൈദ്യരുടേയും കാവ്യം. മന്ദന്റെതായിരുന്നു വൈദ്യരുടെ കാവ്യത്തെക്കാൾ മുൻപു ആവിർഭവിച്ചതു്. കൃഷ്ണൻഗുരുക്കളുടെ രുക്‍മിണീ പരിണയവും രാമായണവും ഇവയെപ്പോലുള്ള കൃതികൾതന്നെയാണെന്നു തോന്നുന്നു. “സത്യം ശ്രീഭദ്രദാസ്യാൽ” എന്നൊരു കലിദിനസൂചകമായ വാക്യം ഒടുവിൽ ഘടിപ്പിച്ചിട്ടുള്ളതിൽ നിന്നു ഹരിശ്ചന്ദ്രചരിതം എഴുതിത്തീർത്തതു് 1068 കർക്കടമാസം 24-ാം൹യാണെന്നു കാണാം. മാതൃക മനസ്സിലാക്കുവാൻ മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

 “ശമദമഗുണയുക്തനാജിശൂരൻ
 സുമഹിതചേഷ്ടനഭീഷ്ടദൻ സുധീരൻ
 കുമതിജനമദാരിഭൂരിസാരൻ
 വിമലവിചിത്രചരിത്രനത്യുദാരൻ;

 സുമുഖികൾമണിയായ ദേവിതന്റെ
 വിമലമുഖാബ്ജമനോജ്ഞകാന്തികൊണ്ടും
 അമിതരസവചസ്സുകൊണ്ടുമൊന്നി–
 ച്ചമൃതരുചിദ്വയനീരസം ജനിച്ചു.

 ഉരഗാവലി തോഷമോടുകൂടി
 ത്വരിതം വന്നു നിറഞ്ഞതെത്ര കോടി!
 ഉരഗാളി തഥാ മദിച്ചു; കാട്ടി–
 ക്കുലവും വന്നുനിരന്നു ദിക്കുമുട്ടി.”

വെണ്മണിപ്രസ്ഥാനത്തെപ്പറ്റി നമ്മുടെ കവിക്കു അറിവുണ്ടായിരുന്നതായി തോന്നുന്നില്ല. ഭാഷാ മഹാകാവ്യങ്ങളുടെ ഗണനാപ്രസംഗത്തിൽ ഹരിശ്ചന്ദ്രചരിതവും അവിസ്മരണീയമാകുന്നു.

ഇതരകൃതികൾ

ഇതുകൂടാതെ (2) പഴനിയാണ്ടവസ്വാമി കീർത്തനം, (3) ഗുരുവായുപുരേശസ്തോത്രം, (4) നളചരിതം കൈകൊട്ടിക്കളിപ്പാട്ടു് എട്ടുവൃത്തം, (5) നല്ലീശ്വരാഷ്ടകം, (6) വേങ്ങാടു, പാടേരി എന്നീ ക്ഷേത്രങ്ങളെസ്സംബന്ധിച്ചു് അഞ്ചടികൾ ഇങ്ങിനെ ചില ലഘുകൃതികളും വൈദ്യർ രചിച്ചിട്ടുണ്ടു്. (7) ഭർത്തൃഹരിയുടെ നീതിശതകവും തർജ്ജമ ചെയ്തിട്ടുള്ളതായി അറിയാം നല്ലീശ്വരാഷ്ടകത്തിൽനിന്നുമാത്രം ഒരു ശ്ലോകം ഉദ്ധരിക്കാം

 “കാസശ്വാസം ഹൃദയഗദവും നെഞ്ഞടപ്പും തരിപ്പും
 ശാവസംമുട്ടും ജഠരരുജയും വാന്തിയും കാന്തിഹാനി
 ഏതൽസർവം ശമയ ഭഗവൻ! ശൂലപാണേ! കൃപാലോ!
 പ്രീതോ ഭൂത്വാ കരുണയരുളീടേണമേ ചന്ദ്രമൗലേ!”
47.11റ്റി. കണാരൻ (1037–1072)
ചരിത്രം

തത്തകണാരൻ വടക്കേ മലബാറിൽ തലശ്ശേരിയിൽ 1860-ൽ (1037) ജനിച്ചു. തത്ത എന്നതു കുടുംബപ്പേരാണു്. ബ്രെന്നൻ ജില്ലാ സ്ക്കൂളിൽനിന്നു മട്രിക്യുലേഷൻ പരീക്ഷയിലും കോഴിക്കോട്ടുപോയി അവിടത്തെ രണ്ടാംഗ്രേഡ് കോളേജിൽനിന്നു് എഫ്. ഏ. പരീക്ഷയിലും ജയിച്ചു. അനന്തരം തലശ്ശേരി ബാസൽ മിഷൻ പാഴ്സി ഹൈസ്ക്കൂളിൽ ഒരു ഉപാധ്യായനായി. ആ വിദ്യാലയത്തോടു പാഴ്സി എന്ന പദംകൂടി ഘടിപ്പിച്ചതു് ഏതോ ഒരു ഉദാരനായ പാഴ്സി അതിന്റെ സ്ഥാപനത്തിന്നായി ധനസഹായം ചെയ്ക നിമിത്തമാണു്. 1885-ൽ പ്രൈവറ്റായി പഠിച്ചു ബി. ഏ പരീക്ഷയിൽ വിജയം നേടി. 1887-ൽ ആ സ്ക്കൂളിലെ പ്രഥമാധ്യാപകനായി. 1890-ൽ കുറേക്കാലം പ്രൊബേഷനറി പോലീസ് ഇൻസ്പെക്ടരായും പണിനോക്കി. ആ ഉദ്യോഗം അരുചികരമായി തോന്നുകയാൽ അതിൽനിന്നു പിരിഞ്ഞു സാഹിത്യസേവനത്തിനായി ആയുശ്ശേഷം വിനിയോഗിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹത്തിനു് ഉപന്യാസരചനയ്ക്കു് ഒന്നുപോലെ പാടവമുണ്ടായിരുന്നു. 1897 ജൂലൈ 2-ാം൹ (1072) അപ്രതീക്ഷിതമായി ചരമഗതിയെ പ്രാപിച്ചു.

കൃതികൾ

കണാരൻ ആദ്യമായിരചിച്ച പുസ്തകത്തിന്റെ പേർ Comparative Study of English and Malayalam as a guide to reciprocal translation (പരിഭാഷാരീതി) എന്നായിരുന്നു. മലയാളത്തിൽ നിന്നു് ഇംഗ്ലീഷിലേയ്ക്കും ഇംഗ്ലീഷിൽ നിന്നു് മലയാളത്തിലേയ്ക്കും തർജ്ജമചെയ്യുന്നതിനു വേണ്ട പല പ്രായോഗികനിർദ്ദേശങ്ങളും അതിൽ അടങ്ങിയിട്ടുണ്ടു്. ഉദാഹരണങ്ങൾ പ്രദർശിപ്പിക്കുവാൻ രണ്ടു ഭാഷകളിലേയും ഗ്രന്ഥങ്ങളിൽനിന്നു് അനേകം ഗദ്യപദ്യഖണ്ഡങ്ങൾ എടുത്തു ചേർത്തിട്ടുമുണ്ടു്. അതിൽ പിന്നീടു സർ വാൾട്ടർസ്കോട്ടു് എന്ന സുപ്രസിദ്ധനായ ആങ്ഗലേയഭാഷാകവിയുടെ ലേഡി ഓഫ് ദി ലേക്കു് (Lady of the Lake) എന്ന കാവ്യം സരോഭാമിനീവിലാസം എന്ന ശീർഷകത്തിൽ ഗദ്യമായി വിവർത്തനംചെയ്തു. അദ്ദേഹത്തിന്റെ മൂന്നാമത്തേതും അതിപ്രധാനവുമായ കൃതിയാണു് രസലേശിക. അതു സാമുവൽ ജോൺസൺ എന്ന ആങ്ഗലോയഗദ്യഗ്രന്ഥകാരന്റെ Rasselas (റാസെലസ്) എന്ന നോവലിന്റെ തർജ്ജമയാണു്. രസലേശിക വളരെ നന്നായിട്ടുണ്ടു്. അതിൽനിന്നു ചില പങ്ക്തികൾ പ്രദർശിപ്പിക്കാം.

“ഈശ്വരൻ സുഖങ്ങളെ തന്റെ ഇരുകരങ്ങളിലും വെച്ചു ക്ഷണിക്കുകയാണെന്നു ഹിമലേഖകൻ പലപ്പോഴും പറയാറുള്ള അഭിപ്രായം വാസ്തവമാണെന്നു എനിക്കു നിമിഷംപ്രതി അധികമധികം ബോധ്യമായിട്ടാണു് വരുന്നതു്. മനോരഥവിഷയമായ സുഖങ്ങൾ ഒരു കരത്തിലും, ഇച്ഛാവിഷയമായവ അപരകരത്തിലും വെച്ചിരിക്കയാൽ ഒന്നിനെ കരസ്ഥമാക്കുവാൻ ശ്രമിക്കുമ്പോൾ മറ്റേതിൽനിന്നു ദൂരഗാമിയായിത്തീരുന്നു. ഇങ്ങനെ അന്യോന്യം വിരളമായ ഗുണങ്ങളിൽ ഒന്നിനെയല്ലാതെ രണ്ടിനേയും ഗ്രഹിക്കുവാൻ കഴിയുന്നതല്ല. ഇതിനാൽ ഈ കരദ്വയത്തിന്റേ സമമദ്ധ്യത്തിൽക്കൂടി ചരിക്കുന്നതാണു് ബുദ്ധിസാമർത്ഥ്യത്താൽ സാധിക്കാവുന്നതിന്റെ പരമാവധി…… ശരൽക്കാലത്തുണ്ടാകുന്ന പഴങ്ങൾ ആസ്വദിക്കയും മധുമാസത്തിലുണ്ടാകുന്ന പുഷ്പങ്ങളുടെ സൗരഭ്യം അനുഭവിക്കയും ഒരേ സമയത്തുതന്നെ സാധിക്കാവുന്നതാണോ? ഈ ഗങ്ഗയുടേ ഉത്ഭവസ്ഥാനത്തുനിന്നും മുഖത്തുനിന്നും ജലം കോരി ഒരേ സമയത്തുതന്നെ ഒരു ഭാജനത്തെ പൂരിപ്പിക്കാൻ ആർക്കാനും കഴിയുമോ?”

(29-ാം കാണ്ഡം)

47.12പി. വേലായുധൻ (1032–1076)
ചരിത്രം

കണാരനെപ്പോലെതന്നെ സ്മരണീയനായ ഒരു ഗദ്യകാരനാണു് പി. വേലായുധൻ. അദ്ദേഹം 1857 (1032) തിരുവനന്തപുരത്തു പേട്ടയിൽ തച്ചക്കുടി എന്ന പ്രസിദ്ധമായ ഈഴവകുടുംബത്തിൽ പപ്പുവിന്റേയും മാത്തപെരുമാളുടേയും പുത്രനായി ജനിച്ചു. തിരുവനന്തപുരത്തെ സ്ക്കൂളുകളിൽ ആദ്യകാലത്തു പ്രവേശനം ലഭിക്കാത്തതിനാൽ അഞ്ചിതെങ്ങിൽ നിന്നു് ഒരു ക്രിസ്ത്യൻ മിഷയറിയെ വരുത്തി ഇംഗ്ലീഷിൽ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചു. എഫ്. ഏ., ബി. ഏ. എന്നീ പരീക്ഷകൾ തിരുവനന്തപുരത്തു ഗവർമ്മെന്റുകോളേജിൽ നിന്നുതന്നെയാണു് ജയിച്ചതു്. 1883-ൽ ബി. ഏ. യായി. തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ ബി. ഏ ബിരുദധാരി അദ്ദേഹമായിരുന്നു. കോളേജിൽ വായിക്കുമ്പോൾ ഷേക്സ്പീയരുടെ പെരിക്ലിസ് (Pericles) എന്ന നാടകത്തിലെ ഇതിവൃത്തം സങ്ഗ്രഹിച്ചു. “പരിക്ലേശരാജാവിന്റെ കഥ” എന്ന പേരിൽ ഗദ്യത്തിൽ പ്രസിദ്ധീകരിച്ചു. “ലാംബ്സ് റ്റെയില്സി”ലുള്ള സങ്ഗ്രഹത്തെയാണു് ഗ്രന്ഥകാരൻ ഉപ ജീവിച്ചിരിക്കുന്നതു്. അന്നു വിശാഖംതിരുനാൾ മഹാരാജാവു് അത്തരത്തിലുള്ള ഗ്രന്ഥങ്ങൾ ഭാഷയിൽ ഉണ്ടായിക്കാണുവാൻ ഔത്സുക്യം പ്രദർശിപ്പിച്ചിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആദ്യമായി കുറേക്കാലം കോഴിക്കോട്ടെ വെസ്റ്റ് കോസ്റ്റ് സ്പെക്ടേറ്റർ എന്ന പത്രത്തിന്റെ ആധിപത്യം വഹിക്കുകയും പിന്നീടു നീലഗിരി സബ്കലക്ടർ ആഫീസിൽ ഒരു ഗുമസ്തനായി സർക്കാർ സർവ്വീസിൽ പ്രവേശിക്കുകയും ചെയ്തു. ഡെപ്യൂട്ടികലക്ടർ സ്ഥാനംവരെ ഉയർന്നു് ആ ഉദ്യോഗത്തിൽ പല ജില്ലകളിലും പണിനോക്കി ബ്രിട്ടീഷു ഗവർമ്മെന്റിൽനിന്നു റാവുബഹദൂർ എന്ന ബഹുമതി നേടി. 1911-ൽ ബർഹാംപൂർ എന്ന സ്ഥലത്തുവച്ചു മരിച്ചു. പരിക്ലേശരാജാവിന്റെ കഥയും ഭാഷയിലെ ആദ്യകാലത്തെ ഗദ്യകഥകളുടെ മധ്യത്തിൽ പരിഗണനയെ അർഹിക്കുന്നു.

47.13കക്കുഴി കുഞ്ഞിബാപ്പുഗുരുക്കൾ (1001–1083)
ചരിത്രം

കുഞ്ഞിബാപ്പുഗുരുക്കൾ വടക്കേ മലബാറിൽ തലശ്ശേരിയിൽ കക്കുഴി എന്ന തറവാട്ടിൽ ജനിച്ചു. ബാല്യത്തിൽത്തന്നെ സംസ്കൃതം അഭ്യസിച്ചു; സംഗീതത്തിലും നിപുണനായി. സംസ്കൃതത്തിൽ അധ്യായനം ചെയ്യിച്ചതു തലശ്ശേരിക്കടുത്തുള്ള മേനപ്പുറത്തു പുതുശ്ശേരി കണ്ണൻഗുരുക്കളായിരുന്നു. ആദ്യം സ്വന്തമായി ഒരു പാഠശാല സ്ഥാപിച്ചു് അതു നടത്തിവരവേ ബ്രെന്നൻ ജില്ലാസ്ക്കൂളിൽ മലയാളപണ്ഡിതനായി നിയമിക്കപ്പെട്ടു. 1033-ൽ (1855) ബാസൽമിഷൻകാർ പ്രസ്തുത വിദ്യാലയം ഏറ്റെടുത്തപ്പോൾ അവിടെ ആ സ്ഥാനത്തിൽത്തന്നെ തുടർന്നു. ഏകദേശം അൻപതു കൊല്ലത്തോളം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിനു് ഒട്ടുവളരെ ശിഷ്യ സമ്പത്തു് ഉണ്ടായതിൽ ആശ്ചര്യമില്ല. ഗാർത്തുവെയിറ്റു സായിപ്പിനെ വ്യാകരണം ചോദ്യോത്തരം എന്ന പുസ്തകത്തിന്റെ രചനയിൽ അദ്ദേഹം സഹായിച്ചിട്ടുണ്ടു്. ബാല്യത്തിൽ തീയർക്കുവേണ്ടി ഇദംപ്രഥമമായി ഒരു കഥകളിയോഗം ഏർപ്പെടുത്തി അതിൽ ഭാഗവതരായിരുന്നിട്ടുണ്ടെന്നുള്ളതും പ്രസ്താവയോഗ്യമാണു്. 1083-ൽ 82-ാമത്തെ വയസ്സിൽ മരിച്ചു.

കൃതികൾ

ഗുരുക്കളുടെ പ്രധാനകൃതി ഹരിശ്ചന്ദ്രചരിതം ശീതങ്കൻതുള്ളലാണു്. (2) ഭഗവൽഗീത കിളിപ്പാട്ടു്, (3) ഈസോപ്പിന്റെ സാരോപദേശകഥകൾ (ഗാനരൂപത്തിൽ) ഹരിച്ചന്ദ്രചരിതത്തിന്റെ നിർമ്മിതിക്കു് ഒരു കാരണമുണ്ടു്. ഒരു കാലത്തു വിഭവപൂർണ്ണമായിരുന്ന കക്കുഴിക്കുടുംബത്തിൽ ഗുരുക്കളുടെ വാർദ്ധക്യത്തിൽ ഒരത്യാഹിതം നേരിട്ടു. ആയിടയ്ക്കു ഇംഗ്ലണ്ടുമായി നേരിട്ടു കാപ്പിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒരു സ്നേഹിതനുവേണ്ടി അദ്ദേഹം ജാമ്യംനിന്നു; സ്നേഹിതൻ പാപ്പരായി; ഈടാകേണ്ട സംഖ്യ ഉത്തമർണ്ണൻ ഗുരുക്കളിൽനിന്നു് ഈടാക്കുകയും ചെയ്തു. തന്റെ സത്യനിഷ്ഠനിമിത്തം സംഭവിച്ച ധനനാശത്താലുണ്ടായ സന്താപത്തിനു സമാശ്വാസം സത്യവ്രതനായ ഹരിശ്ചന്ദ്രമഹാരാജാവിന്റെ ഉപാഖ്യാനത്തിനല്ലാതെ മറ്റെന്തിനു നല്കുവാൻ കഴിയും? അങ്ങനെ അദ്ദേഹം ആ ഇതിവൃത്തം തിരഞ്ഞെടുത്തു ശീതങ്കൻ തുള്ളലായി രചിച്ചു. പകുതിയിലധികം ഭാഗമായപ്പോഴേയ്ക്കും കവി രോഗഗ്രസ്തനായി; എങ്കിലും തന്റെ ശിഷ്യന്മാരുടെ നിർബ്ബന്ധപൂർവ്വമുള്ള പ്രാർത്ഥനയെ നിരസിക്കാതെ ശയ്യാവലംബിയായിത്തന്നെ ആ കാവ്യം ഒരുവിധത്തിൽ പൂരിപ്പിച്ചു് അവരെ ഏല്പിക്കുകയും ഉത്തരക്ഷണത്തിൽ നിര്യാതനാവുകയും ചെയ്തു. ഗുരുക്കളുടെ ശൈലിയിൽ അങ്ങിങ്ങു് ചില സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങളും മറ്റും കടന്നുകൂടീട്ടുണ്ടെങ്കിലും അതു് ആദ്യന്തം രമണായമാണു്. തുള്ളൽപ്പാട്ടു രചിക്കുവാൻ അദ്ദേഹത്തിനു പ്രശംസനീയമായ വാസനയുണ്ടായിരുന്നു; കുഞ്ചന്റെ അനുയായികളിൽ അദ്ദേഹത്തിനും ഒരു സ്ഥാനമുണ്ടു്. ഇത്ര ദീർഘമായ ഒരു തുള്ളൽ ഭാഷയിൽ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ സുന്ദര കാണ്ഡം കഴിഞ്ഞാൽ വേറേയില്ല. ഹരിശ്ചന്ദ്രചരിതം ആദ്യം മഹാകാവ്യരൂപത്തിൽ രചിച്ച ഉണ്ണീരിക്കുട്ടിവൈദ്യരുടെ സമകാലീനനായിരുന്നു അദ്ദേഹമെന്നും ഓർമ്മിക്കേണ്ടതുണ്ടു്. ചില ഈരടികൾ ഉദ്ധരിക്കാം:

 “രാജീവമാജീവനാന്തം ഭുജിച്ചുപ–
 ജീവനംകൊള്ളുന്ന രാജഹംസങ്ങളും
 പേടകളോടും തടാകങ്ങളിൽക്കേളി–
 യാടിക്കളിച്ചു പിടകൾക്കിടയ്ക്കിടെ
 ത്രോടീപുടംകൊണ്ടു മാടിവിളിച്ചങ്ങു
 ധാടീയുതം വിസം തേടിക്കൊടുപ്പതും
 പാടീരവും തേച്ചു ദേവചേടീജനം
 പാടി, പുന്നാഗവരാടിയും, പന്തുവ–
 രാടിയും, തോടിയെന്നുള്ളോരു രാഗങ്ങൾ
 പാടി ലയേന കൂത്താടി മേവുന്നതും
 എന്നിതെല്ലാം ഭവാനൊന്നൊഴിയാതെ ക–
 ണ്ടെന്നു നിരൂപിച്ചുകൊള്ളുന്നു ഞങ്ങളും.”
മറ്റു ചില ഉത്തരകേരളീയരായ ഗ്രന്ഥകാരന്മാർ

  1. പുനത്തൂർ രാമൻഗുരുക്കൾ:ഉത്തരാസ്വയംവരം ഓട്ടൻതുള്ളൽ അദ്ദേഹത്തിന്റെ കൃതിയാണു്. കാലം ഏതെന്നു നിശ്ചയമില്ല. നാരങ്ങാപ്പുറമാണു് ദേശം. തിരുവങ്ങാട്ടു തൃക്കോവിൽ ശിവക്ഷേത്രത്തിനു സമീപമാണു് ഭവനമെന്നു തുള്ളലിൽ പ്രസ്താവിച്ചിട്ടുണ്ടു്.

     “ശാസ്ത്രം ശ്രുതികളിവ ശ്രോത്രം ചെയ്തിട്ടുമില്ല;
     മാത്രം ഗുരുകടാക്ഷമത്രേ നമുക്കിങ്ങുള്ളു.
     സൂത്രമില്ലാതെ മണികോർക്കാനാവുമോ ചൊൽവിൻ?
     എന്നകണക്കേ ഞാനിങ്ങിന്നിനിത്തുടങ്ങുന്ന–
     തെന്നുടെ മതിമോശമെന്നേ ചൊല്ലുവാനുള്ളു.”

    എന്നീ വരികൾ അതിലുള്ളതാണു്.

  2. കുഞ്ഞിക്കുട്ടൻമാസ്റ്റർ:ഇദ്ദേഹം ഉപകോശാചരിതം എന്ന കാവ്യത്തിന്റെയും ധ്രുവചരിതം എന്നൊരാട്ടക്കഥയുടേയും പ്രണേതാവാണു്.

  3. മേലൂട്ടു കുഞ്ഞിക്കണ്ണൻഗുരുക്കൾ:ഇദ്ദേഹം മിടുക്കൻ കുഞ്ഞിക്കണ്ണൻഗുരുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു. ചൂര്യയിൽ കണാരൻ ഡെപ്യൂട്ടികലക്ടരുടെ സഹായത്തോടുകൂടി കുഞ്ഞിക്കണ്ണൻ വെങ്കടസുബ്രഹ്മണ്യശാസ്ത്രികളോടു വ്യാകരണം അഭ്യസിച്ചു. അതിനു മുൻപുതന്നെ പുതുശ്ശേരി കണ്ണൻഗുരുക്കളുടെയും കുഞ്ഞിബാപ്പുഗുരുക്കളുടെയും ശിഷ്യനായി ആ ഭാഷയിൽ അടിയുറച്ച അറിവു് സമ്പാദിച്ചിരുന്നു. കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ ശിഷ്യനാണു് പാലക്കാട്ടു വിക്ടോറിയാകോളേജിൽ വളരെക്കാലം സംസ്കൃത പണ്ഡിതനായിരുന്ന പാരമ്പത്തുരൈരുനായർ. തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഗൈർവ്വാണിയുടെ പ്രചാരത്തിനു ഗുരുക്കൾ വളരെ യത്നിച്ചിട്ടുണ്ടു്. അദ്ദേഹം ഒരു നല്ല ഭാഷാകവിയായിരുന്നു എന്നു കേട്ടുകേൾവിയേ ഉള്ളു.

  4. മാടാവൽ വലിയ കുഞ്ഞിരാമൻവൈദ്യർ:(998–1064) ഇദ്ദേഹം 998-ൽ ജനിച്ചു. തഹശീൽദാർ കൂക്കൽ കുങ്കൻനായരായിരുന്നു പിതാവു്. ആദ്യം കുറേക്കാലം ചെറുമർക്കായുള്ള പ്രത്യേകവിദ്യായലയത്തിൽ അധ്യാപകനായിരുന്നു. പിന്നീടു് തലശ്ശേരി സബ്ബ്കലക്ടരാഫീസിൽ ഗുമസ്തനായി. ക്രമേണ വടകര ഹെഡ്ശിരസ്തദാർ സ്ഥാനത്തിൽ എത്തി. തടാകാസ്വയംവരം ഓട്ടൻതുള്ളലും ശ്രീരാമോദന്തം (പുതിയതു്) ഗോവിന്ദചരിതം എന്നീ സംസ്കൃതകാവിങ്ങളും പ്രസ്തുത പണ്ഡിതന്റെ കൃതികളാണു്. ശ്രീരാമോദന്തത്തിലെ പ്രഥമശ്ലോകമാണു് താഴെ ചേർക്കുന്നതു്.

 “കമലാകാന്തം നത്വാ വിമലശ്രീവത്സലാഞ്ഛിതോരസ്കം
 കലയേ രാമോദന്തം കവിനാ വാല്മീകിനാ പ്രോക്തം.”

മാടാവിൽ ചെറിയ കുഞ്ഞിരാമൻവൈദ്യർ ഇദ്ദേഹത്തിന്റെ അനന്തരവനാണു്.

പുന്നത്തൂർ രാമന്റെ പുത്രന്മാരായിരുന്ന മണക്കാടൻ കുഞ്ഞമ്പു, മണക്കാടൻ രാമുണ്ണി എന്നിവരും കവികളായിരുന്നു എന്നു കേട്ടിട്ടുണ്ടു്. കുഞ്ഞമ്പു കുറേക്കാലം ഒരു കഥകളിയോഗം നടത്തിയിരുന്നു. കേളൻ ഗുരുക്കൾ ഒരു നല്ല ജ്യോത്സ്യനായിരുന്നു. ഉത്തരകേരളീയരുടെ ഇടയിൽ പതിനൊന്നാം ശതകത്തിന്റെ മധ്യകാലത്തു ദ്വിദേതരന്മാരായ പലരും ഗദ്യപദ്യങ്ങൾകൊണ്ടു ഭാഷയെ പോഷിപ്പിച്ചിരുന്നു എന്നുള്ളതു് ഏതാവന്മാത്രമുള്ള വിവരണംകൊണ്ടു വ്യക്തമാകുന്നതാണു്.

47.14മങ്കട ശ്രീവല്ലഭൻതമ്പുരാൻ (1034–1076)

വള്ളുവനാട്ടു മങ്കടക്കോവിലകത്തു് ഉണ്ണിക്കിടാവു് എന്നുകൂടിപേരുള്ള ശ്രീവല്ലഭൻതമ്പുരാൻ 1034-ാണ്ടു ജനിച്ചു. കുട്ടിത്തമ്പുരാനെന്നും അദ്ദേഹത്തെ പറയും. സങ്ഗീതത്തിലും സാഹിത്യത്തിലും നൈപുണ്യമുണ്ടായിരുന്നു. ചെറുപ്പത്തിൽത്തന്നെ കാരണവനല്ലെങ്കിലും കുടുംബഭരണത്തിൽ ഏർപ്പെടേണ്ടിവന്നതിനാൽ സാഹിത്യവ്യവസായത്തിനു വളരെ വിരളമായേ സമയം ലഭിച്ചുള്ളു. 1076-ൽ മരിച്ചു, അദ്ദേഹത്തിന്റെ കൃതികളായി (1) പത്മാസുരവധം, (2) ദേവസേനാപരിണയം, (3) ഭാനുകോപവിജയം, (4) ഘോഷയാത്ര, (5) മുചുകുന്ദമോക്ഷം എന്നിങ്ങനെ അഞ്ചു് ആട്ടക്കഥകൾ അച്ചടിപ്പിച്ചിട്ടുണ്ടു്. പത്മാസുരവധത്തിലെ ഇതിവൃത്തം സുബ്രഹ്മണ്യന്റെ ശൂരപത്മാസുരസംഹാരം തന്നെ. എല്ലാ കഥകളിലും കുലദേവതയായ തിരുമാന്ധാംകുന്നിൽ ഭഗവതിയെ വന്ദിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശ്ലോകം ദേവസേനാപരിണയത്തിലുള്ളതാണു്.

 “മൃന്മൂലാഖ്യപുരേ പുരാ ക്ഷിതിഭുജോ ജാതാസ്സുരേന്ദ്രദ്രുമാൻ
 ദാനേനാതിതരാമധഃകൃതയശഃപൂരാൻ വിതേനുശ്ചയേ
 മാന്ധാതൃപ്രമുഖാർച്ചിതാം ഭഗവതീം യേ ഭേജൂരിഷ്ടാർത്ഥദാം
 തേഷാം പാദസരോരുഹാണി ച സദാ വന്ദേ ഗിരാം ദേവതാം.”

ഒരു ശ്ലോകം മുചുകുന്ദമോക്ഷത്തിൽനിന്നുകൂടി പകർത്തുന്നു.

 “മധുരാനഗരാധിവാസിനോ
 മധുഹന്തുർവിരഹേണ വിഹ്വലാഃ
 മധുരാം ഗിരമൂചുരുദ്ധവം
 മധുരോഷ്ഠാധരപല്ലവാംഗനാഃ”

കവിതയ്ക്കു പറയത്തക്ക ഗുണമൊന്നും ഇല്ലെങ്കിലും ഒരു കാലത്തു് ഈ കഥകൾക്കു തെക്കേ മലബാറിൽ അഭിനേതാക്കളുടെ ഇടയിൽ നല്ല പ്രചാരമുണ്ടായിരുന്നു.

47.15അകത്തൂട്ടു ദാമോദരൻകർത്താവു് (1025–1097)
ചരിത്രം

അകത്തൂട്ടു ദാമോദരൻകർത്താവിന്റെ സ്വദേശം മുവ്വാറ്റുപുഴയാണു്. വടക്കുഞ്ചേരി അകത്തൂട്ടെന്നതു കുടുംബനാമധേയമാകുന്നു. അദ്ദേഹത്തിന്റെ ബാല്യകാലത്തെപ്പറ്റി ഒന്നും അറിയുന്നില്ല. 1055-ാണ്ടിടയ്ക്കു വിശാഖംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ പുത്രൻ അരുമന ശ്രീനാരായണൻ തമ്പിയെ സംസ്കൃതം അഭ്യസിപ്പിക്കുന്നതിന്നായി തുരുവനന്തപുരത്തേയ്ക്കു പോന്നു. അന്നു് അദ്ദേഹത്തിനു സംസ്കൃതത്തിലും വൈദ്യത്തിലും നല്ല ജ്ഞാനവും കവനവിഷയത്തിൽ പാടവവുമുണ്ടായിരുന്നു. ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ പുത്രൻ നാഗരുകോവിലിൽ ശ്രീനാരയണൻതമ്പിയേയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടു്. 1061-ാണ്ടിടയ്ക്കു കോട്ടയ്ക്കകത്തു ബാലികാ വിദ്യാലയത്തിൽ സംസ്കൃതപണ്ഡിതനായി; കൊല്ലം ഇംഗ്ലീഷ് ഹൈസ്ക്കൂളിലും ആ പണിതന്നെ കുറേക്കാലം നോക്കുകയുണ്ടായിട്ടുണ്ടു്. പെൻഷൻപറ്റി കുറേക്കാലം ജീവിച്ചിരുന്നു. 1097-ാണ്ടു കന്നി 22-ാം൹ മരിച്ചു.

കൃതികൾ

കർത്താവിന്റെ ഒന്നാമത്തെ കൃതിയായ (1) ഇന്ദുമതീസ്വയംവരം ഓട്ടൻതുള്ളൽ, ഇപ്പോൾ കിട്ടുന്നില്ല. (2) ഭർത്തൃഹരിയുടെ നീതിശതകം ഭാഷാശ്ലോകരൂപത്തിൽ തർജ്ജമ ചെയ്തു് അവതാരിക, അർത്ഥം, ഭാവം ഇവയോടുകൂടി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. ആ കൃതി വിശാഖം തിരുനാൾ മഹാരാജാവിന്റെ ആജ്ഞാനുരോധേന നിർമ്മിച്ചതാണെന്നു കവി മുഖവുരയിൽ പറയുന്നു. ശൃങ്ഗാരശതകവും വൈരാഗ്യശതകവും കൂടി കർത്താവു തർജ്ജമചെയ്തിട്ടുള്ളതായി ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ പറയുന്നു; ആ ഭാഗങ്ങൾ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഭാഷാശ്ലോകങ്ങൾക്കു ഭങ്ഗി കുറവാണു്. (3) വരാഹാവതാരം ആട്ടക്കഥയാണു് മറ്റൊരു കൃതി. പ്രഹ്ലാദചരിതം എന്നൊരു ആട്ടക്കഥയാണു് അദ്ദേഹം എഴുതീട്ടുള്ളതെന്നു ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതു പ്രമാദജന്യമാണെന്നു ഊഹിക്കേണ്ടിയിരിക്കുന്നു. വരാഹാവതാരത്തിലും വിശാഖം മഹാരാജാവിനെ കവി

 “ശരൽകുരങ്ഗലാഞ്ഛനസ്ഫുരൽപ്രഭാസമോജ്ജ്വലൽ–
 സ്വകീയകീർത്തികൗമുദീവിരാജിതോല്ലസദ്ദിശഃ
 വിശാഖവഞ്ചിഭൂപതേഃ കൃപാലവോപജീവിനാ
 കൃതന്ത്വിദം ഹി കേനചിദ്വിശോധയന്തു സഞ്ജനാഃ”

എന്ന ശ്ലോകത്തിൽ സ്തുതിക്കുന്നു. പ്രസ്തുത കൃതിയിൽ അശ്വതിയുടേയും കരീന്ദ്രന്റേയും കവിതകളുടെ ഉപജീവിത്വം ധാരാളമായി കാണുന്നുണ്ടെങ്കിലും ആകെക്കൂടി നോക്കുമ്പോൾ അതിനെപ്പറ്റി ഒരു നല്ല അഭിപ്രായം രേഖപ്പെടുത്താൻ പാടില്ലായ്കയില്ല. (4) ഗാരുഡപുരാണം കിളിപ്പാട്ടിന്റെ കാലമേതെന്നു്

 “കൊല്ലമൊരായിരവും പിന്നെയൊരറുപതും
 ചെല്ലുമ്പോളുള്ള ചിങ്ങമാസത്തിൽ (?)
 ഗാരുഡസംജ്ഞിതമാകുന്നൊരിപ്പുരാണത്തെ–
 ദ്ദാമോദരാഖ്യൻ ചമച്ചീടിനാൻ കിളിപ്പാട്ടായ്”

എന്നു് അദ്ദേഹംതന്നെ നമ്മെ അറിയിച്ചിട്ടുണ്ടു്. പതിനാറധ്യായങ്ങളാണു് അതിൽ അടങ്ങിയിരിക്കുന്നതു്. ആ കിളിപ്പാട്ടിൽ കുടുംബപരദേവതയായ കല്ലിൽ ഭഗവതിയെ വന്ദിക്കുന്നുണ്ടു്. അതിന്റെ രചനയ്ക്കും ഹേതുഭൂതൻ വിശാഖം തിരുമനസ്സുതന്നെയെന്നു തോന്നുന്നു.

 “അഞ്ചിതഗുണഗണവാരിധി ദയാനിധി
 വഞ്ചിഭൂപാലവംശാംഭോനിധികലാനിധി
 പങ്കജനാഭദാസൻ ശ്രീവിശാഖക്ഷ്മാപതി
 തൻകൃപയെങ്കലല്പമങ്കുരിച്ചതുമൂലം
 വമ്പേറുമിപ്പുരാണം ലോകോപകാരാർത്ഥമായ്
 സംപ്രതി പാട്ടാക്കുവാൻ സംഗതിവന്നൂ മമ.”

എന്നീ ഈരടികൾ നോക്കുക. (5) കർത്താവിന്റെ മുഖ്യമായ കൃതി യോഗവാസിഷ്ഠം കിളിപ്പാട്ടാണു്. അതു് എഴുതി 1079-ൽ അച്ചടിപ്പിച്ചു. ലഘുവാസിഷ്ഠം എന്നും യോഗവാസിഷ്ഠം എന്നും പറയുന്ന മൂലഗ്രന്ഥത്തിന്റെ ഭാഷാനുവാദമായ ആ ഗ്രന്ഥം കവിയുടെ പാണ്ഡിത്യത്തിനും കവിത്വത്തിനും മകുടോദാഹരണമായി പരിലസിക്കുന്നു. വൈരാഗ്യപ്രകരണം, മുമുക്ഷു പ്രകരണം, ഉൽപത്തിപ്രകരണം, സ്ഥിതിപ്രകരണം, ഉപശമപ്രകരണം, നിർവാണപ്രകരണം എന്നീ ആറു ഭാഗങ്ങളുള്ള ആ ഗാനത്തിൽ ആകെ നാല്പത്തിയാറു സർഗ്ഗങ്ങൾ അന്തർഭവിക്കുന്നു. ചില വരികൾ ഉദ്ധരിക്കാം.

 “യാതൊന്നു മനസ്സു ചെയ്തീടുന്നിതതുതന്നെ
 വീതസന്ദേഹം ചെയ്തീടുന്നതെന്നറിക നീ;
 യാതൊന്നു മനസ്സിനാൽ ത്യജിക്കപ്പെട്ടീടുന്നു
 രാഘവ! ത്യജിക്കപ്പെട്ടിടുന്നതതുതന്നെ.
 മനനരഹിതമായേതൊരുവന്റെ മന–
 സ്സചലഭാവത്തിനെ പ്രാപിച്ചീടുന്നൂ രാമ!
 അമ്മഹാൻ സർവോത്തമോപായമാം ധ്യാനത്തിനാൽ
 ചിന്മാത്രശേഷാവസ്ഥായുക്തനായ്ഭവിക്കുന്നു.
 മനസ്സിൻസംയമത്താൽ സംസാരവിഭ്രമങ്ങൾ
 മനുശ്രേഷ്ഠാത്മജാ! കേൾ ശാന്തിയെ പ്രാപിക്കുന്നു.”

മഹാഭാരതം കിളിപ്പാട്ടുരീതിയിൽ തർജ്ജമചെയ്യുവാൻ കർത്താവു് ആരംഭിച്ചിരുന്നു എന്നു ഗോവിന്ദപ്പിള്ള രേഖപ്പെടുത്തീട്ടുണ്ടെങ്കിലും അതു ഗർഭത്തിൽത്തന്നെ അലസിപ്പോയതായി കരുതേണ്ടിയിരിക്കുന്നു. അങ്ങനെയൊരു കൃതിയെപ്പറ്റി വാസിഷ്ഠം കിളിപ്പാട്ടിന്റെ മുഖവുരയിൽ അദ്ദേഹം ഒന്നും പറഞ്ഞുകാണുന്നില്ല.

47.16നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി (1004–1063)
ചരിത്രം

നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി 1004-ാണ്ടു ധനുമാസം 16-ാം൹ കൊച്ചിരാജ്യത്തു ചിറ്റൂർത്താലൂക്കിൽപ്പെട്ട നല്ലേപ്പള്ളി ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹം സകല വിദ്യകളും അഭ്യസിച്ചതു് അയ്യാശാസ്ത്രി എന്നുകൂടി പേരുള്ള തന്റെ പിതാവായ വെങ്കടകൃഷ്ണശാസ്ത്രികളിൽനിന്നായിരുന്നു. ബാല്യത്തിൽത്തന്നെ സംസ്കൃതത്തിൽ നല്ല വ്യുൽപത്തി സമ്പാദിച്ചതിനുപുറമെ, ജ്യോതിഷം, മന്ത്രശാസ്ത്രം, വിഷവൈദ്യം എന്നീ വിദ്യകളിലും സംഗീതത്തിലും ക്രമേണ നിഷ്ണാതനായിത്തീർന്നു. തമിഴിലും അദ്ദേഹത്തിനു ഗണനിയമായ ജ്ഞാനം ഉണ്ടായിരുന്നു. പതിനൊന്നാമത്തെവയസ്സിൽത്തന്നെ ദേവീഭക്തനായി. പതിമ്മൂന്നാമത്തെ വയസ്സിൽ സമീപത്തുള്ള എക്കണത്തു് എന്ന പ്രസിദ്ധ നായർതറവാട്ടിലെ വലിയ കയ്മളുടെ പുറകേ അദ്ദേഹമറിയാതെ കോഴിക്കോട്ടേയ്ക്കു പോയി സാമൂതിരിയെ കണ്ടു ചില സംസ്കൃതശ്ലോകങ്ങൾ അടിയറവച്ചു് അദ്ദേഹത്തിൽ നിന്നു പട്ടും വളയും സമ്മാനമായി നേടി. ശാസ്ത്രിയുടെ കവിയശസ്സു് അനുക്രമമായി ഉയർന്നു. കൊച്ചിയിൽ ദിവാൻജിയായിരുന്ന തിരുവെങ്കടാചാര്യർ സംഘടിപ്പിച്ച ഒരു പണ്ഡിതസദസ്സിൽ പ്രവേശിച്ചു സദസ്യരുടെ അപേക്ഷയനുസരിച്ചു സ്ത്രീവർണ്ണനമായും വനവർണ്ണനമായും ഓരോ ചൂർണ്ണിക പെട്ടെന്നുണ്ടാക്കിച്ചൊല്ലി നിമിഷകവി എന്ന ബിരുദം വാങ്ങി. പത്തൊൻപതാമത്തെ വയസ്സിൽ പിതൃവിയോഗംനിമിത്തം കുടുംബഭരണം ഏറ്റെടുക്കേണ്ടിവന്നതിനാൽ നമ്മുടെ കവിപ്രായേണ നല്ലേപ്പള്ളിയിലും എലപ്പുള്ളിയിലും താമസിച്ചുപലരേയും സംസ്കൃതം അഭ്യസിപ്പിച്ചു കാലയാപനം ചെയ്തു. 1063-ാണ്ടു ചിങ്ങമാസം 17-ാം൹ മരിച്ചു.

കൃതികൾ

(1) ലളിതോപാഖ്യാനം പാട്ടു്, (2) സൗന്ദര്യലഹരീഭാഷാവ്യാഖ്യാനം, (3) പാരിജാതഹരണം, (4) ത്രിപുരദഹനം, (5) പ്രഭാവതീസ്വയംവരം എന്നീ മൂന്നു ആട്ടക്കഥകൾ (ഭാഷ), (6) ശാകുന്തളം ഒന്നും രണ്ടും ദിവസത്തെ ആട്ടക്കഥകൾ (സംസ്കൃതം), (7) ലളിതാവിലാസചമ്പു (സംസ്കൃതം), (8) അഗണിതം (സംസ്കൃതം), (9) മീനാക്ഷീനാടകം (തമിഴ്) എന്നിവയാണു് ശാസ്ത്രിയുടെ പ്രധാനകൃതികൾ. കഥകളിയിൽ ശാസ്ത്രിക്കുള്ള അഭിനിവേശം അസാമാന്യമായിരുന്നു. തദനു ബന്ധികളായ കേളികൊട്ടു്, മൃദംഗവാദനം മുതലായ സംഗീത വലിയ കയ്മളുടെ നിദേശമനുസരിച്ചാണു് അദ്ദേഹം തന്റെ ആട്ടക്കഥകളെല്ലാം രചിച്ചതു്. ത്രിപുര ദഹനത്തിന്റെ നിർമ്മിതി 1031-ലും, പ്രഭാവതീസ്വയംവരം, പാരിജാതഹരണം, അഗണിതം, മീനാക്ഷീനാടകം, ശാകുന്തളം ഇവയുടേതു് യഥാക്രമം 1032, 1033, 1036, 1044, 1053 ഈ കൊല്ലങ്ങളിലുമായിരുന്നു. ലളിതാവിലാസം ചമ്പുവും സൗന്ദര്യലഹരീ വ്യാഖ്യാനവും കണ്ടുകിട്ടീട്ടില്ല.

ആട്ടക്കഥകൾ

താഴെക്കാണുന്ന വന്ദനശ്ലോകങ്ങൾ പാരിജാതഹരണത്തിലുള്ളതാണു്:

 “ക്ഷീരാംഭോനിധിമന്ഥമന്ദരചലദ്വീചിച്ഛടാഭോക്തിഭി–
 ർദ്ധീരാധ്യക്ഷകുലാവതംസമണിഭിര്യഃ ശ്ലാഘനീയോ ബുധൈഃ
 കാരുണ്യൌഘതരംഗിതായ വിപുലാജ്ഞാനാന്ധകാരച്ഛിദേ
 തസ്മൈ വേങ്കടകൃഷ്ണസംജ്ഞഗുരവേ കുർവേഞ്ജലിം സാദരം.

 രക്താംഭോരുഹദാമശോഭിതഭുജാപ്രോദ്യച്ഛരാസോജ്ജ്വലം
 മത്തദ്വീപിതരക്ഷുസിംഹമൃഗയാലോലം ദയാംഭോനിധിം
 ബധ്വാ ചാഞ്ജലിമദ്യ ചർമ്മസരസീതീരാധിവാസം പരം
 ഭക്തോത്തുംഗവരാർച്ചരത്നമകുടം വാർഷാകപേയം ഭജേ.”

ഇവയിൽ ആദ്യത്തെ ശ്ലോകത്തിൽ കവി തന്റെ അച്ഛനേയും, രണ്ടാമത്തേതിൽ തോല്ക്കുളത്തിന്റെ (തേവർകുളമെന്നു നാമാന്തരം) സമീപത്തുള്ള ശാസ്താവിനെയും നമിക്കുന്നു. ത്രിപുരദഹനത്തിൽ എക്കണത്തെ പരദേവതയും വരുണാലയേശനുമായ ശിവനെയും വന്ദിക്കുന്നുണ്ടു്. പാരിജാതഹരണത്തിൽ നികുംഭവധം എന്നൊരു കഥകൂടി ഒടുവിൽ ചേർത്തു ശാസ്ത്രി അരങ്ങിനു കൊഴുപ്പു വരുത്തുന്നു. വസുദേവന്റെ സബ്രഹ്മചാരിയായ ബ്രഹ്മദത്തൻ ഒരു യാഗം നടത്തുന്ന അവസരത്തിൽ അദ്ദേഹംകൂടി സന്നിഹിതനായിരിക്കണമെന്നു് അപേക്ഷിക്കുകയാൽ വസുദേവൻ അവിടെ ചെല്ലുന്നു. അപ്പോൾ ശ്രീകൃഷ്ണൻ പാരിജാതഹരണത്തിനുവേണ്ടി സ്വർഗ്ഗത്തേയ്ക്കു പോയിരിക്കുകയാണു്. യാഗമധ്യത്തിൽ നികുംഭൻ എന്നൊരു അസുരൻ തനിക്കും ദേവന്മാർക്കൊപ്പം ഹവിസ്സിൽ ഒരംശം തരണമെന്നും ബ്രഹ്മദത്തന്റെ പുത്രിമാരെ തനിക്കു ഭാര്യമാരായി കിട്ടണമെന്നും ഒരു സന്ദേശം തന്റെ അനുചരനായ രൂക്ഷാക്ഷൻമുഖേന അയയ്ക്കുന്നു. ബ്രഹ്മദത്തൻ അതിനു വഴിപ്പെടായ്കയാൽ രൂക്ഷാക്ഷൻ ആ യുവതികളെ മായാബലംകൊണ്ടു് അപഹരിക്കുന്നു. പ്രദ്യുമ്നനാണു് അവരെ ആ ദുഷ്ടന്റെ പിടിയിൽനിന്നു മോചിപ്പിക്കുന്നതു്. നാരദൻമുഖാന്തരം ആ വൃത്താന്തമറിഞ്ഞു നികുംഭൻ ജരാസന്ധനുമായി സഖ്യംചെയ്തു ശ്രീകൃഷ്ണനോടു യുദ്ധത്തിനൊരുങ്ങി. പ്രദ്യുമ്നനെ ജരാസന്ധൻ മോഹാസ്ത്രം പ്രയോഗിച്ചു രണാങ്കണത്തിൽ വീഴ്ത്തി. എങ്കിലും നന്ദികേശ്വരൻ അവിടെ ആവിർഭവിച്ചു് അദ്ദേഹത്തിനു ശത്രുജയത്തിനായി ഒരു പാശം നല്കുകയും അതുകൊണ്ടു് ആ കുമാരൻ ജരാസന്ധനെ ബന്ധിക്കുകയും ശ്രീകൃഷ്ണൻ നികുംഭനെ വധിക്കുകയുംചെയ്തു. ഈ കഥ ശാസ്ത്രി കഥകളിക്കുവേണ്ടി സൃഷ്ടിച്ചതാണു്. രംഗപ്രയോഗത്തിനു് ഇതു വളരെ യോജിച്ചിരിക്കുന്നു. പക്ഷെ കവി ഈ ഭാഗം അഭിനേതാക്കൾ പ്രത്യേകമായി ആടിക്കൊള്ളട്ടെ എന്നു കരുതിയുമിരിക്കാം. ശാസ്ത്രിയുടെ ആട്ടക്കഥകളെ രണ്ടാം കിടയിൽ കൊള്ളിക്കാവുന്നതാണു്.

അഗണിതം

ഇതു് ഒരു അമൂല്യമായ ജ്യോതിഷഗ്രന്ഥമാണു്. ഇതിന്റെ സഹായംകൊണ്ടു ഭാഷയിൽ സൂര്യാദിനവഗ്രഹങ്ങളുടെ ആയിരംകൊല്ലത്തോളമുള്ള നിലകൾ കവടിക്രിയ കൂടാതെ കണക്കാക്കാവുന്നതാണു്. അതിൽനിന്നു് ഒരു ശ്ലോകം പകർത്തുന്നു.

 “ആദ്യേ മാസേ സുരതരുദിനേ കാർമ്മുകാഗാരഗാമീ
 വൈശാഖസ്യ ദ്വിതയദിവസേ സാർത്ഥനാമൈവ വക്രഃ
 തസ്യൈവാഹ്നി സ്ഥിരപരിമിതേ കീടകോ യുഗ്മമാസി
 ത്രിംശദ്വാരേ ധരണിതനയസ്ത്വാർജ്ജവം സംപ്രപേദേ.”
മീനാക്ഷീകല്യാണം

പ്രസ്തുത നാടകം അക്കാലത്തു ചിറ്റൂരിൽ താലൂക്കുഹെഡ്രായസമായിരുന്ന വിനായകംപിള്ള എന്നൊരു ദ്രാവിഡപണ്ഡിതന്റെ അപേക്ഷയനുസരിച്ചു രചിച്ചതാണു്. അതിന്റെ തോടയത്തിൽ “ജയ സിദ്ധിവിനായക” എന്നൊരു പദം വിനായകംപിള്ളയേയും കൂടി ലക്ഷീകരിച്ചു കവി പ്രയോഗിച്ചിട്ടുണ്ടു്. മീനാക്ഷീനാടകത്തിൽ പുരുഷവേഷങ്ങൾ രംഗപ്രവേശം ചെയ്യുമ്പോൾ കഥകളിരീതിയിൽ ചെണ്ടയും സ്ത്രീവേഷങ്ങൾ അരങ്ങത്തു വരുമ്പോൾ മോഹിനിയാട്ടത്തിന്റെ സമ്പ്രദായത്തിൽ മൃദംഗാദിവാദ്യങ്ങളുമാണുപയോഗിക്കുന്നതു്. പുരുഷന്മാരുടെ വേഷവിധാനം കഥകളിയുടെ മാതിരിയിലും സ്ത്രീകളുടേതു മോഹിനിയാട്ടത്തിന്റെ മട്ടിലും നിർവഹിക്കുന്നു. ഈ രണ്ടു കേരളീയ ദൃശ്യകലകളുടേയും മനോമോഹനമായ സമ്മേളനമാണു് പ്രസ്തുത നാടകത്തിൽ നാം കാണുന്നതെന്നു ചുരുക്കത്തിൽ പറയാം. ഈ ചിട്ടകളെല്ലാം ഏർപ്പെടുത്തിയതു് ശാസ്ത്രിതന്നെയാണു്. മീനാക്ഷീനാടകത്തിനു് അതുണ്ടാക്കിയ കാലത്തു മധ്യകേരളത്തിൽ ധാരാളം പ്രചാരം സിദ്ധിച്ചു. ഗ്രന്ഥകാരനു് അതു് ഒരു നല്ല സമ്പാദ്യത്തിനു മാർഗ്ഗവുമായി.

കൃഷ്ണസ്തുതി

കൃഷ്ണസ്തുതിയിലെ അധോലിഖിതമായ ഭാഗത്തിൽനിന്നു കവിയുടെ സംസ്കൃതകാവ്യരചനാപാടവും ഗ്രഹിക്കാവുന്നതാണു്.

 “ഫാലലോചന, വിരിഞ്ചിസുസന്നുത,
 ബാലശീതകിരണോപമാനന,
 ഫാലശോഭിഘനസാരസുലക്ഷണ,
 നീലജലദരുചിരാങ്ഗ, ഹിരണ്മയ–
 ചേല, ചാരുജഘനാമല, മോഹന–
 ശീല, കാമജനകാംബുജലോചന.
 ലീലയാ മൃദിതഘോരശകട, വരു–
 ണാലയേശ, കരുണാമിഹ കുരു മയി,
 പാലയ ലോകാനന്ദലീല, യദുനന്ദന!

ഒരു ജ്യോത്സ്യനെന്നും മന്ത്രവാദിയെന്നുമുള്ള നിലകളിൽ സുബ്രഹ്മണ്യശാസ്ത്രി തന്റെ ജീവിതകാലത്തിൽ സമ്പാദിച്ചിരുന്ന യശസ്സും അപരിമിതമാണു്. വിഷബാധകളും അദ്ദേഹം മന്ത്രശക്തികൊണ്ടു ശമിപ്പിച്ചിരുന്നതായി ഗ്രാമവൃദ്ധന്മാർ പറഞ്ഞു കേട്ടിട്ടുണ്ടു്.

47.17ഇടമന ഗണപതിപ്പോറ്റി (1036–1116)
ചരിത്രം

നെടുമങ്ങാട്ടുതാലൂക്കിൽ മാണിക്കൽപകുതിയിൽ പിരപ്പൻകോട്ട് ഇടമനമഠത്തിലാണു് ഗണപതിപ്പോറ്റി ജനിച്ചതു്. 1036 മകരത്തിലായിരുന്നു ജനനം. തുളുനാട്ടിൽ നിന്നു തിരുവിതാംകൂറിൽ കുടിയേറിപ്പാർത്തു മലയാളിബ്രാഹ്മണരുടെ ആചാരങ്ങൾ സ്വീകരിച്ച ഒരു ഹവീകകുടുംബമായിരുന്നു പോറ്റിയുടേതു്. പിരപ്പൻകോട്ടു രാമകൃഷ്ണശാസ്ത്രികളോടു യജൂർവ്വേദം മുഴുവൻ അധ്യയനംചെയ്തു. സ്വജാതിയിൽ പൗരോഹിത്യമായിരുന്നു വൃത്തി. അതോടുകൂടി പലരേയും സംസ്കൃതവും അഭ്യസിപ്പിച്ചിട്ടുണ്ടു്. വേദാന്തത്തിലും ജ്യോതിഷത്തിലെ ഫലഭാഗത്തിലും നിഷ്ണാതനായിരുന്നു; എന്നുമാത്രമല്ല ഭാഷയിലും സംസ്കൃതത്തിലും അക്ലിഷ്ടമായി കവനംചെയ്യുന്നതിനും ഭാഷയിൽ നിരർഗ്ഗളമായി പ്രസംങ്ഗിക്കുന്നതിനുമുള്ള പാടവവും സമ്പാദിച്ചിരുന്നു. 1116-ാണ്ടു കുംഭമാസത്തിൽ മരിച്ചു.

കൃതികൾ

(1) ശതകത്രയഭൂഷണം, (2) ഭദ്രകാളീ മാഹാത്മ്യം മൂന്നു ദിവസത്തെ കഥ, (3) മഹിഷമർദ്ദനം എന്നീ ആട്ടക്കഥകളും ഗണപതിപ്പോറ്റി രചിച്ചിട്ടുണ്ടു്. ശതകത്രയഭൂഷണം ഭർത്തൃഹരിയെ അനുകരിച്ചു് ഐകമത്യം, ശൃങ്ഗാരം, അദ്വൈതം എന്നീ പ്രമേയങ്ങളെ അധികരിച്ചു നിർമ്മിച്ചിട്ടുള്ള ഒരു കൃതിയാണു്. ഈ പുസ്തകം 1075-ൽ അച്ചടിപ്പിച്ചു. ആട്ടക്കഥകൾ പല അവസരങ്ങളിലായി ഉണ്ടാക്കി. ഭദ്രകാളീ മാഹാത്മ്യത്തിൽ ഒന്നാംദിവസത്തെ കഥയ്ക്കു ദാരുകോത്ഭവമെന്നും, രണ്ടാമത്തേതിനു ദാരുകവിജയമെന്നും, മൂന്നാംദിവസത്തെ കഥയ്ക്കു ദാരുകവധമെന്നും പേരുകൊടുത്തിരിക്കുന്നു. മഹിഷമർദ്ദനം സാമാന്യം ഭേദപ്പെട്ട ഒരു കൃതിയാണു്. കവിയുടെ ഇഷ്ടദേവതകൾ കാളിയും ഹനുമാനുമാണെന്നു് ഈ ആട്ടക്കഥകളിൽനിന്നു കാണാം. ശതകത്രയഭൂഷണത്തിൽ കവിയുടെ നൈസർഗ്ഗികമായ ഫലിതോക്തിപാടവവും സ്പഷ്ടമാകുന്നുണ്ടു്.

ശതകത്രയഭൂഷണം:

 “കാലം ദേശമവസ്ഥയെന്നിവകളെക്കാലേ മലയ്ക്കാതെക–
 ണ്ടാലോചിച്ചതിനൊത്തപോലെകരുതിച്ചേലൊന്നുയർത്തീടണം
 കാലേ വേനലിലെന്നപോലെ കയറാൻ ചെന്നപ്പുഴയ്ക്കക്കരെ–
 ക്കാലും പൊക്കിവശാകിലായതു മഴക്കാലത്തു ചേലാകുമോ?”