അദ്ധ്യായം 45
പതിനൊന്നാം ശതകം, പൂർവ്വാർദ്ധം (തുടർച്ച)
45.1ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ (999–1062)

മഹാകവിത്വം

കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ 1026-ൽ മരിച്ച അവസരത്തിൽ കേരളത്തിലെ മഹാകവി മൂർദ്ധന്യസ്ഥാനത്തിനു് അർഹനായിത്തീർന്നതു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളാകുന്നു. 1036ാംമാണ്ടോടുകൂടി കേരളവർമ്മ വലിയ കോയിത്തമ്പുരാനും തത്തുല്യമായ ഒരു പദവിക്കു് അവകാശിയായിത്തീർന്നു. ശാസ്ത്രികൾക്കും വലിയ കോയിത്തമ്പുരാനും തമ്മിൽ സാഹിത്യവിഷയത്തിൽ ഗുരുസിഷ്യബന്ധമാണുണ്ടായിരുന്നതു്. വിശാഖവിജയമഹാകാവ്യത്തിൽ അവിടുന്നു ശാസ്ത്രികളെ “സ്വസ്യ സാഹിത്യദേശികം” എന്നു ഭക്തി പുരസ്സരം സ്മരിച്ചിട്ടുണ്ടു്. ആ മൂന്നു മഹാശയന്മാരേയും കവികളെന്ന നിലയിൽ ഏകദേശം സമസ്കന്ധന്മാരായി പരിഗണിക്കാം.

ജനനവും വിദ്യാഭ്യാസം

രാമസ്വാമി ശാസ്ത്രികൾ 999-ാംമാണ്ടു തുലാമാസം 24-ാം൹ പൂരാടം നക്ഷത്രത്തിൽ തിരുവിതാംകൂർ ചെങ്കോട്ടത്താലൂക്കിലുൾപ്പെട്ട ഇലത്തൂർ ദേശത്തിൽ പടിഞ്ഞാറേ അഗ്രഹാരത്തിൽ ജനിച്ചു. പിതാവു് ആണ്ടിശാസ്ത്രികൾ എന്ന പേരിൽ പ്രസിദ്ധനായ ശങ്കര നാരായണശാസ്ത്രികളായിരുന്നു. ഹരിതഗോത്രക്കാരാണു് ആ കുടുംബക്കാർ. രാമസ്വാമി അതിബാല്യത്തിൽത്തന്നെ സമീപവാസിയായ കൃഷ്ണാപുരം ലക്ഷ്മീനാരായണശാസ്ത്രികളോടു ചില കാവ്യനാടകഗ്രന്ഥങ്ങൾ പഠിച്ചതിനുമേൽ ഉപരിവിദ്യാഭ്യാസത്തിനു പന്തളത്തേയ്ക്കു പോയി. ഇലത്തൂർദേശം 996 വരെ പന്തളം രാജകുടുംബത്തിന്റെ അധീനത്തിലായിരുന്നതിനാൽ ആ ബാലനെ പഠിപ്പിക്കുന്നതിനു് അവിടുത്തെ തമ്പുരാക്കന്മാർക്കു പ്രത്യേകം ഔത്സുക്യം ഉണ്ടായിരുന്നു. പന്തളത്തു കോയിക്കൽ ചെന്നപ്പോൾ നമ്മുടെ ബാലനു മാങ്ങാക്കറിയും നെയ്യും കൂട്ടി ഊണു കഴിക്കുവാൻ ഇടവരികയും അതു കഴിഞ്ഞപ്പോൾ അതു സാമ്രാജുഭുക്തിയാണെന്നു പ്രശംസിച്ച ആ കുട്ടിയുടെ ധിഷണാബലം കണ്ടു തമ്പുരാക്കന്മാർ അത്ഭുതപ്പെടുകയും ചെയ്തു. “ശൂഭ്രാങ്ഗൗ കവി ഗീഷ്പതീ” എന്ന ശ്ലോകത്തിന്റെ പ്രണേതാവായ അവിടത്തെ നീരാഴിക്കോട്ടു കൊട്ടാരത്തിൽ കേരളവർമ്മത്തമ്പുരാനെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.

അദ്ദേഹത്തോടു രാമസ്വാമി വ്യാകരണവും തർക്കവും അഭ്യസിച്ചു. പിന്നീടു മൂകാംബിക്കു പോയി. അവിടത്തെ കവിതാകാമ ധേനുവായ ദേവിയെ കുറേക്കാലം ഉപാസിക്കുകയും, തദനന്തരം കാശി കുംഭകോണം മുതലായ പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ചു തദ്ദേശിയന്മാരായ വിദ്വാന്മാരുമായി ശാസ്ത്രവാദം നടത്തുകയും, വേദാന്തശാസ്ത്രവും മന്ത്രശാസ്ത്രവും കൂടി പഠിക്കുകയും ചെയ്തു. 1024-ാംമാണ്ടിടയ്ക്കു തിരുവനന്തപുരത്തേയ്ക്കു പോന്നു് ഉത്രം തിരുനാൾ മഹാരാജാവിന്റെ ആസ്ഥാനപണ്ഡിതന്മാരിൽ അന്യതമനായി. പന്തളത്തെ ഗോദവർമ്മത്തമ്പുരാൻ കുറേക്കാലം പാർവ്വതീറാണിക്കു കൂട്ടിരുപ്പായിരുന്നതുകൊണ്ടും മറ്റും ആ രാജകുടുംബത്തെക്കുറിച്ചു് ഉത്രംതിരുനാൾക്കു വലിയ മതിപ്പുണ്ടായിരുന്നു. അതും ശാസ്ത്രികളുടെ സഭാപ്രവേശത്തിനു സഹായമായിപ്പരിണമിച്ചു. തിരുവനന്തപുരത്തു് അക്കാലത്തു സകലശാസ്ത്രങ്ങളിലും പാരങ്ഗതത്വം നേടിയ പണ്ഡിതന്മാരുണ്ടായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അവരുമായുള്ള നിരന്തരസഹവാസംനിമിത്തം ശാസ്ത്രികൾക്കു തന്റെ വിവിധ ശാസ്ത്രങ്ങളിലുള്ള വൈദൂഷ്യം വീണ്ടും വികസിപ്പിക്കുന്നതിനുള്ള സൗകര്യം ലഭിച്ചു. എങ്കിലും വ്യാകരണവും സാഹിത്യവുമാണു് അദ്ദേഹത്തെ അത്യധികമായി ആകർഷിച്ചതു്. ഗ്രന്ഥനിർമ്മാണത്തിലും അദ്ദേഹം നിരന്തരം വ്യാപൃതനായിരുന്നു. ഇലത്തൂർ ഗ്രാമത്തിനു് ഉദ്ദേശം പതിനഞ്ചു മൈൽ വടക്കുള്ള ശങ്കര നൈനാർകോവിൽ എന്ന മഹാക്ഷേത്രത്തിലെ ഗോമത്യംബ (പാർവ്വതീദേവി) ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവത. തന്നിമിത്തം ശാസ്ത്രികളുടെ നിബന്ധങ്ങളിൽ പ്രായേണ “ഗോമതീദാസൻ” എന്ന മുദ്ര കാണാവുന്നതാണു്.

നാലു മഹാരാജാക്കന്മാരുടെ സുഹൃത്തു്

ഉത്രംതിരുനാൾ, ആയില്യംതിരുനാൾ, വിശാഖംതിരുനാൾ, ശ്രീമൂലംതിരുനാൾ എന്നീ നാലു മഹാരാജാക്കന്മാരുടെ പ്രിയസുഹൃത്തായി കഴിഞ്ഞു കൂടുന്നതിനുള്ള ഭാഗ്യം ശാസ്ത്രികൾക്കു സിദ്ധിച്ചു. അവരുടെ വാഴ്ചക്കാലങ്ങളിൽ എഴുതീട്ടുള്ള പല കൃതികളിലും അദ്ദേഹം അവരുടെ പേർകൂടി ഘടിപ്പിച്ചുകാണുന്നു. എങ്കിലും അദ്ദേഹത്തിന്റെ പ്രധാനമായ സാഹിത്യവ്യവസായം ആയില്യം തിരുമേനിയുട്രെ കാലത്തുതന്നെയായിരുന്നു എന്നു പറയാം. അന്നാണല്ലോ അതിനു കായികവും മാനസികവുമായ ശക്തിയും അധികം ഉണ്ടായിരിക്കാവുന്നതു്. ഗോമതീദേവിയുടെ അനുഗ്രഹം നിമിത്തം ശാസ്ത്രികൾക്കു് അമാനുഷങ്ങളായ ചില സിദ്ധിവിശേഷങ്ങൾ സ്വായത്തങ്ങളായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ടു്. ഒരിക്കൽ ആയില്യംതിരുനാൾ മഹാരാജാവു സൗവർണ്ണവും പഞ്ചമുഖവുമായ ഒരു ഹനുമദ്വിഗ്രഹം കൈയിൽ മറച്ചുവച്ചുകൊണ്ടു് അതു് എന്തെന്നു കണ്ടുപിടിച്ചു പെട്ടെന്നു് ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലണമെന്നു് അന്നത്തെ സഭാസദസ്യന്മാരോടു് ആജ്ഞാപിച്ചു. ശാസ്ത്രികൾ ഉടനടി താഴെക്കാണുന്ന ശ്ലോകം ചൊല്ലി.

 “ശ്രീമാൻ ശ്രീരാമദാസോ ജയന്തി വസുമതീ–
 താതതാതാര്യജാതഃ
 ശ്രീരക്ഷോനാഥപക്ഷക്ഷിതിധരകുലിശ–
 പ്രായദംഷ്ടാകരാളഃ
 ശ്രീദഃ ശ്രീരാമസേവാസമരസമനസാം
 ശ്രീധരോദാരബാഹു:
 ശ്രീദാശാദ്രീശചാപപ്രതിഭടതനുമാൻ
 പഞ്ചവക്‍ത്രോ ഹനൂമാൻ.”

അവിടുത്തേയ്ക്കും വിശാഖംതിരുമേനിക്കും മറ്റും നിരന്തരം വന്നു കൊണ്ടിരുന്ന ഗദ്യപദ്യമയങ്ങളായ സംസ്കൃതപത്രികകൾക്കുപ്രത്യുത്തരം തയ്യാറാക്കുന്നതും അദ്ദേഹത്തിന്റെ കൃത്യങ്ങളിൽ ഒന്നായിരുന്നു. ആയില്യംതിരുമേനിയോടു് ഒരിക്കൽ അകുതോഭയനായി അവിനീതമായ ഒരു പ്രശ്നത്തിനു മറുപടിപറയുക നിമിത്തം അവിടത്തെ അപ്രീതിക്കു പാത്രീഭവിച്ചപ്പോൾ “വിസ്തീർണ്ണാ പൃഥിവീ, ജനാശ്ച ബഹവഃ കിം കിം ന സംഭാവ്യതേ” എന്നു പറഞ്ഞുകൊണ്ടു രാജധാനി വിട്ടു വീണ്ടും ഒരു വിദേശപര്യടനത്തിൽ ഏർപ്പെടുകയും കാശിയിലെ ബാലശാസ്ത്രി, കല്ക്കത്തയിലെ താരാനാഥതർക്കവാചസ്പതി മുതലായ പണ്ഡിതപ്രവേകന്മാരുടെ സ്നേഹബഹുമാനങ്ങൾ സമ്പാദിക്കുകയും ചെയ്തു. താൻ അനന്തശയനത്തുകാരനായ ഒരു ദേശസഞ്ചാരിയാണെന്നു നമ്മുടെ കഥാനായകൻ ബാലശാസ്ത്രികളോടു പറഞ്ഞ അവസരത്തിൽ ശ്രീകൃഷ്ണവിലാസത്തിനു വ്യാഖ്യാനമെഴുതിയ രാമസ്വാമിശാസ്ത്രികളെ അറിയുമോ എന്നു് അദ്ദേഹം ചോദിച്ചതിനു് അതു താൻതന്നെയാണെന്നു നിവേദനം ചെയ്കയും അതു കേട്ടു വിസ്മയസ്തിമിതനായ ആ ത്രേധാവൃദ്ധൻ അദ്ദേഹത്തെ ആലിങ്ഗനംചെയ്തു് ആശീർവ്വചനങ്ങൾ വർഷിക്കുകയും ചെയ്തുവത്രേ. ഏതാനും മാസത്തേയ്ക്കുമാത്രമേ ആ വിരഹം നീണ്ടുനിന്നുള്ളു. അതിനിടയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അപരിഹാര്യമായിത്തീരുകയാൽ മഹാരാജാവു തന്നെ അദ്ദേഹത്തെ ആളയച്ചു തിരിയെ വരുത്തി വീണ്ടും തന്റെ സദസ്സിലെ പണ്ഡിതസാർവ്വഭൗമനായി അവരോധിച്ചു. ശാസ്ത്രികൾ പ്രകൃത്യാ വിരക്തനായിരുന്നു; ഐഹികങ്ങളായ അഭ്യുദയങ്ങൾ യാതൊന്നിലും അദ്ദേഹത്തിനു് അഭിസന്ധിയുണ്ടായിരുന്നില്ല. ഒരിക്കൽ തിരുവനന്തപുരം സദർ(ഹൈ)ക്കോടതിയിലെ പണ്ഡിതസ്ഥാനത്തിൽ ആരോഹണം ചെയ്യുവാൻ ആയില്യംതിരുമേനി ക്ഷണിച്ചു. എങ്കിലും തന്റെ ദേവ്യുപാസനയ്ക്കു പ്രതിബന്ധമായിത്തീരുമെന്നു തോന്നിയതിനാൽ ശാസ്ത്രികൾ ആ ക്ഷണം സ്വീകരിച്ചില്ല. ഗോമത്യംബയെ മന്ത്രശാസ്ത്രപ്രോക്തമായ ശക്തിരൂപത്തിൽ ആരാധിക്കുക, ഛാത്രന്മാരെ ശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുക, സുഹൃത്തുക്കളായ പണ്ഡിതന്മാരുമായി വാക്യാർത്ഥവിചാരം ചെയ്യുക. വിവിധവിഷയങ്ങളെ അധികരിച്ചു ഗ്രന്ഥങ്ങൾ നിർമ്മിക്കുക ഇവ മാത്രമാണു് അദ്ദേഹത്തിന്റെ നിയമേനയുള്ള കൃത്യപരിപാടിയിൽ പെട്ടിരുന്നതു്. ഗണിതശാസ്ത്രത്തിലും ശാസ്ത്രികൾ കാലാന്തരത്തിൽ വിസ്മയനീയമായ പാണ്ഡിത്യം സമ്പാദിച്ചു. കൂടെക്കൂടെ ഇലത്തൂർഗ്രാമത്തിൽ പോയി കുറേ ദിവസം താമസിക്കുകയും താൻ നവീകരണം ചെയ്ത ഗ്രാമവാപിയുടെ തീരത്തിൽ തന്റെ ചലവിൽ ഒരാലിന്റെ ചുവട്ടിൽ പ്രതിഷ്ഠിച്ച ഗണപതിയെ (അശ്വത്ഥഗണനാഥൻ) സേവിക്കുകയും ചെയ്തിരുന്നു. 1062 കർക്കടകമാസം 31-ാം൹ ആ ആശ്ചര്യവിദ്യാനിധി തിരുവനന്തപുരത്തുള്ള സ്വഗൃഹത്തിൽവച്ചു യശശ്ശരീരനായി ശിവസായൂജ്യം പ്രാപിച്ചു.

ശിഷ്യന്മാർ

ശാസ്ത്രികൾക്കു തിരുവനന്തപുരത്തു് ഒട്ടു വളരെ ശിഷ്യന്മാരുണ്ടായിരുന്നു. അവരിൽ പ്രഥമഗണനീയൻ കേരളവർമ്മ വലിയകോയിത്തമ്പുരാണെന്നു പറയേണ്ടതില്ലല്ലോ. കവികർമ്മത്തിനു പുറമേ അവിടുന്നു വേദാന്തവും മന്ത്ര ശാസ്ത്രവും ആ മഹാനോടു് അഭ്യസിച്ചു. മന്ത്രശാസ്ത്രത്തിൽ അവിടുത്തെ ജ്യേഷ്ഠൻ അനന്തപുരത്തു രാജരാജ്വർമ്മ മൂത്തകോയിത്തമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ഗുരുനാഥന്റെ മരണത്തിൽ പരിതപ്തനായ വലിയകോയിത്തമ്പുരാൻ ജ്യേഷ്ഠനു്

 “ശ്രീശങ്കരോപമാനാഃ ശ്രീമദനാനന്ദനാഥഗുരുചരണാഃ
 ശ്രീമോദിനീസനാഥാഃ ശ്രീപുരമേവാപുരദ്യ പൂർവ്വാഹ്ണേ”

എന്ന ശ്ലോകം അയച്ചുകൊടുത്തു. മദനാനന്ദൻ എന്നതു് ആ ആചാര്യനു സമ്പ്രദായസിദ്ധമായ നാമധേയമാകുന്നു. അടുത്ത പടിയിൽ ഗണിക്കേണ്ട ഒരു ശിഷ്യനാണു് അന്നത്തെ ഒരു നല്ല ഭാഷാകവിയായ ആറ്റുകാൽ ശങ്കരപ്പിള്ള. അദ്ദേഹത്തെപ്പറ്റി മേൽ പ്രസ്താവിക്കും. ശങ്കരപ്പിള്ള ശാസ്ത്രികളെ ദേവീഭാഗവതം കിളിപ്പാട്ടിൽ താഴെക്കാണുന്ന വിധത്തിൽ സ്തോത്രം ചെയ്യുന്നു.

 “നരത്വവ്യാജേന വന്നവതാരത്തെ ചെയ്തൊ–
 രിലത്തൂർബ്രഹ്മജ്യോതിസ്സൊന്നിഹ വിളങ്ങുന്നു.
 യാതൊന്നിൻ ഗുണശ്രേണി ചൊല്ലുവാനാർക്കും പണി;
 യാതൊന്നിൻ കീർത്തിവല്ലി നിർജ്ജിതാശേഷമല്ലി;
 യാതൊന്നിൻ കൃപാഝരി പൂയൂഷപ്രഭാകരി;
 യാതൊന്നിൻ തത്വബോധം പാർക്കിലോ ഭൂര്യഗാധം;
 യാതൊന്നിൻ ധ്യാനരൂപം ചിൽകലാസൂക്ഷ്മദീപം;
 യാതൊന്നിൻ നിത്യകൃത്യം യോഗികൾക്കതിസ്തുത്യം;
 യാതൊന്നിൻ കാവ്യബന്ധം ഗണനേ സദാനന്തം;
 യാതൊന്നിൻ കൃപാശീലം ചൊല്ലുവാനഹം നാലം;
 യാതൊന്നിൻ തിരുനാമം രാമശർമ്മാഭിരാമം;
 യാതൊന്നിൻ സുകിങ്കരൻ പാർക്കിലിന്നിശ്ശങ്കരൻ.”
കൃതികൾ

ശങ്കരപ്പിള്ള “യാതിന്നിൻ കാവ്യബന്ധം ഗണനേ സദാനന്തം” എന്നു ഗാനം ചെയ്തിട്ടുള്ളതു പരമാർത്ഥമാണു്. അത്ര വളരെ ഗ്രന്ഥങ്ങൾ ശാസ്ത്രികൾ രചിക്കുകയുണ്ടായി. കവിയശസ്സിൽ കാംക്ഷയില്ലാതിരുന്നതുകൊണ്ടു് ആ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ സദ്വൃത്ത രത്നാവലിയും ശ്രീരാമസ്തുതിരത്നവും എന്ന കൃതിയൊഴിച്ചു മറ്റു് അധികമൊന്നും പ്രസിദ്ധീകൃതമായില്ല. മരണാനന്തരം അനേകം വാങ്മയങ്ങൾ നശിച്ചുപോയിട്ടുണ്ടു്.മലയാളത്തിൽ (1) ജലന്ധരാസുരവധം ആട്ടക്കഥയും, (2) വിജ്ഞപ്തികഥ എന്നൊരു ചെറിയ ഗദ്യകൃതിയും മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളൂ. വിജ്ഞാപ്തികഥ പ്രജകൾ അനുഭവിച്ചുവന്ന ചില സങ്കടങ്ങളെപ്പറ്റി വിശാഖം മഹാരാജാവിനു സമർപ്പിച്ച ഒരു നിവേദനമാണു്. 1056-ൽ പ്രസിദ്ധപ്പെടുത്തിയ വീരമാർത്താണ്ഡവർമ്മചരിതം ആട്ടക്കഥയിലെ ആദ്യത്തെ മൂന്നു ശ്ലോകങ്ങളും അദ്ദേഹത്തിന്റെ വകതന്നെ. (3) ഗണമക്രിയാക്രമം എന്നൊരു മണിപ്രവാളകൃതിയുണ്ടെന്നു പറഞ്ഞുകേട്ടിട്ടേയുള്ളൂ. സംസ്കൃതത്തിൽ അദ്ദേഹത്തിന്റെ കൃതികളെ കാവ്യഗ്രന്ഥങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ, സ്തോത്ര ഗ്രന്ഥങ്ങൾ, വ്യാഖ്യാനങ്ങൾ എന്നിങ്ങനെ നാലു വകുപ്പുകളായി പിരിക്കാം. കാവ്യഗ്രഗ്രന്ഥങ്ങളിൽ (1) സുരൂപരാഘവം മഹാകാവ്യം, (2) കീർത്തിവിലാസചമ്പു, (3) ഗാന്ധാരചരിതം, (4) പാർവതിപരിണയം, (5) അംബരീഷചരിതം, (6) തുലാഭാരപ്രബന്ധം, (7) അന്യാപദേശ ദ്വാസപ്തതി, (8) ഗൗണസമാഗമം, (9) കാശിയാത്രാനുവർണ്ണനം എന്നി ഒൻപതു ഖണ്ഡകാവ്യങ്ങൾ (10) കൈവല്യവല്ലീപരിണയം നാടകം തുടങ്ങിയ വാങ്മയങ്ങൾ ഉൾപ്പെടുന്നു. കൈവല്യവല്ലീപരിണയത്തിൽ കുറേ ഭാഗം ഞാൻ വായിച്ചിട്ടുണ്ടു്. ഇപ്പോൾ അതു് ഒരിടത്തും കാണാനില്ല. ഇവയ്ക്കും പുറമേ (11) തിരുമാസപ്രബന്ധം, (12) ശ്രീധർമ്മസംവർദ്ധനീമാഹാത്മ്യം (അഥവാ ഇലത്തൂർ സ്ഥലപുരാണം), (13) പന്തളപുരീമാഹാത്മ്യം, (14) ശാകുന്തളം ചമ്പു എന്നീ കൃതികൾകൂടി ശാസ്ത്രികൾ രചിച്ചതായി കേട്ടിട്ടുണ്ടു്. ഇവ കണ്ടുകിട്ടീട്ടില്ല. അദ്ദേഹത്തിന്റെ ശാസ്ത്രഗ്രന്ഥങ്ങൾ (15) സദ്വൃത്തരത്നാവലി, (16) രാമോദയം, (17) ക്ഷേത്രതത്ത്വദീപിക ഇങ്ങിനെ മൂന്നുണ്ടു്. ശ്രീരാമസ്തുതിരത്നം സദ്വൃത്തരത്നാവലിയുടെ ഒരനുബന്ധം തന്നെ. സ്തോത്രഗ്രന്ഥങ്ങൾക്കു സംഖ്യയില്ല. അവയിൽ (18) ദേവ്യഷ്ടപ്രാസശതകം, (19) ശിവാഷ്ടപ്രാസശതകം, (20) വിഷ്ണ്വവഷ്ടപ്രാസശതകം, (21) ദേവീവർണ്ണമുവലി, (22), (23) രണ്ടു് ആര്യാശതകങ്ങൾ, (24) ശ്രീകൃഷ്ണദണ്ഡകം, (25) ത്രിപുരസുന്ദരീകേശാദിപാദസ്തവം, (26) ശ്രീരാമാശ്രയസ്തോത്രം, (27) മധുസൂദനാഷ്ടകം, (28) ഹനൂമദഷ്ടകം, (29) കലിനാശന സ്തോത്രം. (30) പുണ്ഡരീകപുരേശസ്തോത്രം, (31) ശ്രീകണ്ഠേശ്വരസ്തോത്രചിന്താമണി, (32) ധർമ്മസംവർദ്ധനീസ്തോത്രം, (33) ശ്രീലളിതാപ്രാതഃസ്മരണസ്തോത്രം, (34) അശ്വത്ഥഗണ നാഥാഷ്ടകം എന്നിങ്ങനെ ചിലതെല്ലാം ഞാൻ വായിച്ചിട്ടുണ്ടു്. ദേവീവർണ്ണമുക്താവലിയിൽ അ മുതൽ ക്ഷ വരെയുള്ള അക്ഷരങ്ങളെക്കൊണ്ടു യഥാക്രമം ആരംഭിക്കുന്ന അൻപത്തൊന്നു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നു. ആര്യാശതകദ്വയം ഗോമതീസ്തുതിപരമാണു്. ആദ്യത്തെ ശതകത്തിൽ നൂറ്റെട്ടു ശ്ലോകങ്ങൾ ഉള്ളതുകൊണ്ടു് അതിനെ ആര്യാഷ്ടോത്തരശതകമെന്നും പറയും. ശ്രീത്രിപുരസുന്ദരീകേശാദിപാദവും ശ്രീരാമാശ്രയസ്തോത്രവും ഗോപികാഗീതിയുടെ മട്ടിൽ രചിച്ചിട്ടുള്ളതാണു്. കലിനാ ശനസ്തോത്രത്തിൽ കവി നളമഹാരാജാവിനേയും, പുണ്ഡരീക പുരേശസ്തോത്രത്തിൽ വൈക്കത്തപ്പനേയും, ശ്രീകണ്ഠേശ്വര സ്തോത്രചിന്താമണിയിൽ ശ്രീകണ്ഠേശ്വരത്തു ശിവനേയും, ധർമ്മസംവർദ്ധനീസ്തോത്രത്തിൽ ഇലത്തൂർ ദേവിയേയും. അശ്വത്ഥഗണനാഥാഷ്ടകത്തിൽ താൻ ഇലത്തൂരിൽ പ്രതിഷ്ഠിപ്പിച്ച ഗണപതിയേയും സ്തുതിക്കുന്നു. ശാസ്ത്രികളുടെ ദേവീസ്തോത്രങ്ങളിൽ ചിലതിനു സൗന്ദര്യലഹരിപോലെ മന്ത്രശാസ്ത്രസിദ്ധമായ മാഹാത്മ്യവുമുണ്ടു്. ശ്രീകൃഷ്ണദണ്ഡകം രാസക്രീഡാവർണ്ണനാത്മകമായ ഒരു ലഘുകൃതിയാകുന്നു. സ്വകീയഗ്രന്ഥങ്ങൾക്കുള്ള ടീകകൾ കൂടാതെ ശ്രീകൃഷ്ണവിലാസം മാത്രമേ വ്യാഖ്യാനിച്ചതായി അറിവുള്ളു. ആ വ്യാഖ്യാനത്തിനു മഞ്ജുഭാഷിണി എന്നാണു് പേർ. ഇങ്ങനെ മുപ്പതിൽച്ചില്വാനം കൃതികൾ അദ്ദേഹം നിർമ്മിച്ചതായി തെളിയുന്നു; അവയിൽ ചിലതിനെപ്പറ്റി മാത്രം അല്പം പ്രസ്താവിക്കാം.

45.2സുരൂപരാഘവം മഹാകാവ്യം

സുരൂപരാഘവത്തിലെ ഇതിവൃത്തം രാമായണംതന്നെയാണു്. ഭട്ടികാവ്യത്തിന്റേയും മറ്റും രീതിയിൽ വ്യുൽപിത്സുകൾക്കു വ്യാകരണത്തിൽ പരിനിഷ്ഠിതമായ ജ്ഞാനം ലഭിക്കുന്നതിനുവേണ്ടിയാണു് കവി പ്രസ്തുത കാവ്യം നിർമ്മിച്ചിട്ടുള്ളതു്. ആകെ പതിനഞ്ചു സർഗ്ഗങ്ങൾക്കുമേലുണ്ടെന്നു് അഭിയുക്തന്മാർ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അഷ്ടമസർഗ്ഗത്തിൽ മൂപ്പത്തിമൂന്നാമത്തെ ശ്ലോകംവരെയുള്ള ഭാഗമേ എനിക്കു വായിക്കുവാൻ ഇടവന്നിട്ടുള്ളൂ. ശാസ്ത്രകാവ്യമാകയാൽ ഗ്രന്ഥകാരൻതന്നെ വിസ്തരിച്ചു് ഒരു വ്യാഖ്യാനവും എഴുതിച്ചേർത്തിട്ടുണ്ടു്. വ്യാകരണസൂത്രോദാഹരണങ്ങാൾക്കു പുറമെ യഥോചിതം ഹൃദ്യങ്ങളായ അലങ്കാരങ്ങളും സന്നിവേശിപ്പിച്ചിട്ടുള്ള ഈ കാവ്യം പണ്ഡിതന്മാർക്കെന്നപോലെ ഭാവുകന്മാർക്കും ആനന്ദപ്രദമാകുന്നു. ശാസ്ത്രികളുടെ പാണിനീയമർമ്മജ്ഞതയ്ക്കും, അലങ്കാരപ്രയോഗചാതുര്യത്തിനും, ദേശാഭിമാനവിജൃംഭണത്തിനും, ഫലിതരസികതയ്ക്കും ഉദാഹരണമായി ഓരോ ശ്ലോകം ഉദാഹരിക്കാം.

  1. സ്ത്രീപ്രത്യയം-ദശരഥന്റെ പൂജാഗൃഹം:

    “യത്ര പ്രവേണീഷു സുലോഹിനീഷു
    മൃദ്വീഷു കാളീഷു ച ലാക്ഷികീഷു
    ഏനീഷു ശോണീഷു സുവർണ്ണലിപ്തീ–
    ഷ്വധ്യാസനം തേ പരിതോ നിഷേദുഃ.”
  2. അലങ്കാരം-അഹല്യാമോക്ഷം:

    “സംസർഗ്ഗമാത്രേണ പരസ്യ പുംസഃ
    പാഷാണഭൂയം രമണീമണീതാ
    പാദാർനുഷംഗേണ പരസ്യ പുംസോ
    യോഷിന്മണീഭൂയമഗാൽ പുനസ്സാ.”
  3. ദേശാഭിമാനം-അഭിഷേകസംഭാരം:

    “പരിഹിതനവവസ്രൈർമ്മൗലിഭാസ്വച്ഛിരസ്രൈർ–
    വൃതവിവിധതനുത്രൈഃ കാർത്തികീചന്ദ്രവക്‍ത്രൈഃ
    ധൃതകനകവിഭൂഷൈർന്നാഗരൈർമ്മഞ്ജുവേഷൈ–
    രജനി രജനിസീമാ കേരളശ്രാവണീവ.”
  4. ഫലിതം-മന്ഥരയും അവളുടെ സഖി കാരീഷഗന്ധിയും തമ്മിലുള്ള സംവാദം: സഖി–

    “ഹേ! വക്രേ കുടിലേ ജഹാഹി ധിഷണാം
    രാമാ മയാ നോച്യതേ
    ഭൂയോ വച്മ്യഭിഷേക്ഷ്യതി ക്ഷിതിപതി–
    സ്തം കൗശലേയം പ്രിയം.”

    മന്ഥര–

    “കാ വാ സാ കുശലാ യദീയതനയം രാജ്യേഭിഷേക്ഷ്യത്യസൗ”

    സഖി–

    “നാഹം വച്മി തഥാതിവേല്ലിതമതേ! ത്വം സാവധാനാ ശൃണു
    യോ വീരോ ജനകാത്മജാമുദവഹത്തസ്യാഭിർഷേകോധുനാ.”

    മന്ഥര–

    “കോ വീരോ ഭഗിനീം നിജാമുദവഹദ്യസ്യാ ന പത്യന്തരം.”

    സഖി–

    “കൈടില്യം കുടിലേ! വിമുഞ്ച സരളീഭൂയ ത്വയാ ശ്രൂയതാം
    മാഹേയീരമണസ്യ സർവസുഖസസ്യാദ്യാഭിഷേകോത്സവഃ.”

    മന്ഥര–

     “യം ഭൂമീരമണോഭിഷേക്ഷ്യതി മുദാ കോ വാ വൃഷസ്താദൃശോ?”

    സുഖി–

    “മുഗ്ദ്ധേ! നാവസരസ്ത്വയാ പ്രലപിതും യാമ്യാളയോഗ്രേ ഗതാഃ.”
45.3കീർത്തിവിലാസചമ്പു

ഈ ചമ്പുവിന്റെ ഒരു ഉല്ലാസം മാത്രമേ കിട്ടീട്ടുള്ളൂ. 94 പദ്യങ്ങളും ഏതാനും ചില ഗദ്യങ്ങളും ഉൾക്കൊള്ളുന്ന പ്രസ്തുത കൃതിയിൽ കവി ഉത്രംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തു് ആയില്യംതിരുനാൾ ഇളയതമ്പുരാന്റെ അപദാനങ്ങളെ അനുകീർത്തനംചയ്യുന്നു. 1033-ലാണു് ഇതിന്റെ നിർമ്മിതിയെന്നു പഴമക്കാർ പറയുന്നു. ഇതിലെ വസ്തുനിർദ്ദേശാത്മകമായ പദ്യമാണു് താഴെ ചേർക്കുന്നതു്.

 “ധർമ്മോ ദൃഷ്ടഃ ശ്രുതോ വാ സകൃദപി മനസാ
 സംസ്കൃതഃ കീർത്തിതോ വാ
 നാകം ലോകം ത്രിലോകം നയതി നഹി മൃഷാ
 തത്ര വേദാഃ പ്രമാണം
 തസ്മാച്ഛ്റീരാമവർമ്മാഹ്വയയുവനൃപതേ–
 ർദ്ധർമ്മവിശ്രാമഭൂമേഃ
 കീർത്തിം വിശ്വൈകഹൃദ്യാം വിബുധജനമുദേ
 വർണ്ണയേ വർണ്ണനീയം.”

ഒരു ശിവരാത്രിദിവസം ശ്രീപരമേശ്വരനെ യുവരാജാവു ഭക്തിപൂർവ്വം ഉപാസിക്കുന്നു. തനിക്കു ധർമ്മചിന്തയും പരമാത്മബോധവും ഉണ്ടാകണമെന്നു് അവിടുന്നു പ്രാർത്ഥിച്ചപ്പോൾ “വേദാന്തശ്രവണവിധിം വിധിത്സ്വ സദ്ഭിഃ” എന്ന ഭഗവാന്റെ അശരീരിവാക്യം കേൾക്കുന്നു. പിറ്റേ ദിവസം ആസ്ഥാനപണ്ഡിതന്മാരെ ആനയിച്ചു് അവരുമായി പല സല്ലാപങ്ങളിലും ഏർപ്പെടുന്നു. ആ പണ്ഡിതന്മാരിൽ അനന്ത രാമശാസ്ത്രികളെപ്പറ്റിയുള്ള കവിയുടെ തൂലികാചരിത്രം ഞാൻ അന്യത്ര പ്രദർശിപ്പിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിനുപുറമേ അപ്പാദീക്ഷിതർ, പണ്ഡിതർ രാമസ്വാമിശാസ്ത്രി, വെങ്കടരാമ ശാസ്ത്രി, ശീനുഅയ്യങ്കാർ, അപ്പുഅയ്യങ്കാർ ഇവരേയും കവി വർണ്ണിക്കുന്നുണ്ടു്. കവി തന്നെപ്പറ്റി എഴുതീട്ടുള്ള ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.

 “പാടീരദ്രവസിക്തചമ്പകലതാവാടീലസന്മാലതീ–
 കോടീനിര്യദരീണമാധവഘനീശൗടീര്യഹൃന്മാധുരീം
 ഘോടീനാമനുകുർവതീം സ്വവശയൻ ധാടീം ജവാൽ സാഹിതീം
 കോടീരാതനഗോമതീചരണഭാഗാടീകതായം കവിഃ.”

രജസദസ്സിൽ വൈയാകരണൻ, താർക്കികൻ, മീമാംസകൻ, അദ്വൈതി മുതലായവർ അവരവരുടെ ശാസ്ത്രസിദ്ധാന്തങ്ങളെ പ്രതിപാദിക്കുന്നു. സന്ധ്യയോടുകൂടിയാണു് സമ്മേളനം സമാപിക്കുന്നതു്. പ്രസ്തുത ചമ്പുവിലെ “പ്രതിദിവസമുജ്ജൃംഭ മാണമഹോത്സവാരംഭാശ്ചന്ദ്രമണ്ഡലകുശലാനുയോഗസംഭൃതസ മുദ്യോഗസമുത്സേധസൗധനിരവഗ്രഹവിഹരമാണരമണീയരമണീശിരോമണീഗണ” ഇത്യാദി കേരളദേശവർണ്ണനാത്മകമായ ഗദ്യം വിശേഷിച്ചും മോഹനമായിട്ടുണ്ടു്.

45.4ഗാന്ധാരചരിതം തുടങ്ങിയുള്ള മൂന്നു ലഘുകാവ്യങ്ങൾ

ഹരികഥാകാലക്ഷേപത്തിന്റെ പ്രോത്സാഹനത്തിൽ സ്വാതിതിരുനാൾ മഹാരാജാവിനെന്നതുപോലെ ആയില്യം തിരുനാൾ മഹാരാജാവിനും കൗതുകമുണ്ടായിരുന്നു. അതിലേയ്ക്കു് അവിടുന്നും തഞ്ചാവൂരിൽനിന്നു ചില പുതിയ ഭാഗവതരന്മാരെ വരുത്തുകയുണ്ടായി. അവരുടെ ഉപയോഗത്തിനു മഹാരാഷ്ട്രശൈലിയനുസരിച്ചു പ്രായേണ ആര്യ, പഞ്ചചാമര മുതലായ സംഗീതഗന്ധികളായ വൃത്തങ്ങൾ പ്രയോഗിച്ചു രചിച്ചിട്ടുള്ള കൃതികളാണു് ഗാന്ധാരചരിതവും പാർവതീസ്വയംവരവും അംബരീഷചരിതവും. പാർവതീസ്വയംവരത്തിലെ ശ്ലോകങ്ങൾ യമകാലംകൃതങ്ങാളാണെന്നു് ഒരു വിശേഷം കൂടിയുണ്ടു്. ഗാനങ്ങൾ പ്രത്യേകമായി ഘടിപ്പിച്ചിട്ടില്ല. ഗാന്ധാരചരിതത്തിലെ ഇതിവൃത്തം ഇങ്ങനെ സംഗ്രഹിക്കാം. ഗാന്ധാരൻ എന്ന ഒരു ബ്രാഹ്മണൻ ഗോകർണ്ണത്തേയ്ക്കുപോയി ഒരു ശിവരാത്രിദിവസം ശ്രീപരമേശ്വരനെ പൂജിച്ചു. തദനന്തരം അയാൾ ഒരു ദാശസ്ത്രീയിൽ അനുരക്തനായിത്തീരുകയും അവളുമായി താൻ ചെയ്ത ഉടമ്പടിയനുസരിച്ചു് എന്നും അവൾക്കു മാംസാഹാരം കൊണ്ടുചെന്നു കൊടുക്കയും ചെയ്തു വന്നു. അങ്ങിനെയിരിക്കേ ഒരിക്കൽ ഒരു മഹർഷിയുടെ ആശ്രമ മൃഗം വെള്ളം കുടിക്കാൻ ഒരു സരസ്സിൽ ഇറങ്ങി; അതിനെ ആ ബ്രാഹ്മണബ്രുവൻ അമ്പെയ്തുകൊന്നു. മഹർഷി അയാൾ ജ്വര തൃഷ്ണാർത്തനായി മരിക്കട്ടേ എന്നു ശപിച്ചു. ഗാന്ധാരൻ തിരിയെ ഗൃഹത്തിലേയ്ക്കു പോയതും ജ്വരാർത്തനായതും ഒന്നിച്ചു കഴിഞ്ഞു. ദാഹം അസഹ്യമാകയാൽ ഭാര്യയോടു കുറേ വെള്ളം കൊണ്ടുവരണമെന്നു താഴെ കാണുന്ന വിധത്തിൽ ഉച്ചരിച്ചു.

 “അയി ശശിവദനേ സുകേശി വാമേ
 ദൃശിവസുധോർവശിവാരി ദേഹി ശീഘ്രം”

തദ്വാരാ ‘ശിവ ശിവ’ എന്നു രണ്ടാവർത്തി അയാൾക്കു ശിവനാമം ഉച്ചരിക്കുവാൻ ഇടവന്നു. അതുനിമിത്തം ശിവന്റെ പാർഷദന്മാർ യമഭടന്മാരെ ആട്ടിയോടിക്കുകയും ആ മഹാപാപി പിന്നീടു വളരെക്കാലം ത്യക്തകൽമഷനായി ജീവിച്ചു് ആയുരന്തത്തിൽ ശിവസായൂജ്യം പ്രാപിക്കുകയും ചെയ്തു. പാർവതീസ്വയം വരത്തിൽനിന്നു് ഒരു ശ്ലോകമാണു് താഴെ ഉദ്ധരിക്കുന്നതു്. വൃദ്ധവേഷനായ ശിവൻ തപസ്സുചെയ്യുന്ന പാർവതിയോടു് ഇങ്ങനെ പറയുന്നു:

 “അഗുണമപർണ്ണമഗോത്രം
 ഗുണിനി സുവർണ്ണേ സുഗോത്രവരജാതേ
 ഗിരിശം ലിപ്സസി കിമയേ
 ഗുണിനി സുവർണ്ണേ സുഗോത്രവരജാതേ.”

പാർവതീദേവിയുടെ ജനനംമുതൽ കുമാരസംഭവം വരെയുള്ള കഥ ഇതിൽ അടങ്ങിയിട്ടുണ്ടു്. അംബരീഷചരിതത്തിൽ ഇരുപത്തിരണ്ടു ശ്ലോകങ്ങളേയുള്ളു.

45.5തുലാഭാരപ്രബന്ധം

ശാസ്ത്രികളുടെ കവനകലാകുശലതയ്ക്കു മൂർദ്ധാഭിഷിക്തോദാഹരണമായി പരിലസിക്കുന്ന ഒരു കൃതിയാണു് തുലാഭാര പ്രബന്ധം. വിശാഖംതിരുനാൾ മഹാരാജാവു് 1060-ൽ നടത്തിയ തുലാപുരുഷദാനമാണു് വിഷയം. നൂറിലധികം ശ്ലോകങ്ങൾ ഈ കൃതിയിൽ അടങ്ങിയിട്ടുണ്ടു്. ഒന്നാമത്തെ ശ്ലോകമാണു് അടിയിൽ ചേർക്കുന്നതു്.

 “തേജസ്വീ മേദിനീഭൃദ്വിബുധപരിവൃഢ–
 സ്സർവരത്നാകരോസ്മീ–
 ത്യുത്സേ കാദ്വഞ്ചിഭൂഭൃൽകലതിലകവിശാ–
 ഖേന സാകം തുലായാം
 ആരൂഢഃ സ്വർണ്ണരത്നപ്രകാരമയവപു–
 ർന്നീചകൈർമ്മേരുരാസീൽ
 സാമ്യം വാഞ്ച്ഛൻ മഹദ്ഭിഃ പ്രകടയതി ലഘു–
 ർന്നീചതാമേവ നൂനം.”

ഒരു ശ്ലോകംകൂടി പകർത്തുന്നു.

 “ശ്രീമാൻ വിശാഖക്ഷിതിപാലമൗലേ!
 ത്വൽകീർത്തിമുക്താഫലജാലമാര്യാഃ
 ഹാരം വിധാതും ഭവതോ ഗുണാനാ–
 മന്തം വിചിന്വന്തി ന തം ലഭന്തേ.”

ഇടയ്ക്കിടയ്ക്കു ചില ഫലിതശ്ലോകങ്ങളും ഘടിപ്പിച്ചിട്ടുണ്ടു്.

 “അവൻ വരാനവൻ നിത്യമിവൻ നാരീമനോ ഹരൻ
 മലയാളംകൃതമഹീ പോത്തിമാരാരിവൻ സുഖം.”

ആ ശ്ലോകം കേട്ടാൽ അവ്യുൽപന്നന്മാർ അതു ഭാഷയാണെന്നു സംശയിച്ചുപോകും. ഇതാ അതുപോലെ മറ്റൊരു ശ്ലോകം.

 “ആസേദിവാൻ ശ്രിയം രാജാ ബഹിഷ്കാരപരോഽസതാം
 ശിരസ്ഥദാരി തശ്രീകപർദ്ദഃ സർവാധികാരവാൻ.”

ഇതിൽ കവി ദിവാൻ, പേഷ്കാർ, ശിരസ്തദാർ, സർവാധികാര്യക്കാർ എന്നീ ഉദ്യോഗസ്ഥന്മാരുടെ സ്മരണയെക്കൂടി അക്ലിഷ്ടമായി ഉത്ഥാപനം ചെയ്യിക്കുന്നു.

45.6അന്യാപദേശദ്വസപ്തതി

പേരുകൊണ്ടുതന്നെ ഈ കൃതിയിൽ 72 ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടെന്നു കാണാവുന്നതാണല്ലോ. ഒരിക്കൽ ആയില്യംതിരുനാൾ മഹാരാജാവിനു് ഒരു ശില്പി ദന്തംകൊണ്ടുണ്ടാക്കിയ ഒരു ത്രാസ് അടിയറവയ്ക്കുകയും ഉടൻ ആ ത്രാസിനെപ്പറ്റി ഒരു ശ്ലോകമുണ്ടാക്കി ചൊല്ലണമെന്നു് അവിടുന്നു് അടുത്തു നിന്നിരുന്ന ശാസ്ത്രികളോടു് ആജ്ഞാപിക്കുകയും ചെയ്തു. ശാസ്ത്രികൾ ത്രാസോടൊപ്പം മഹാരാജാവിനേയും പരാമർശിച്ചുകൊണ്ടു് അന്യോപദേശരൂപത്തിൽ താഴെക്കാണുന്ന ശ്ലോകം ഉച്ചരിച്ചു.

 “ഉച്ചൈഃ പ്രാപയസേ പദം ലഘുതരാ–
 നർത്ഥാനധസ്താദ്ഗുരൂൻ
 ജിഹ്വാം ലോലതമാം ബിഭർഷി കുടിലാ
 വിസ്രംസിനസ്തേ ഗുണാഃ
 അപ്യേവം ധട! താരതമ്യകലനാ–
 ചാതുര്യധൗര്യേയതാ
 ത്വയ്യാധീയത യേന സർവവിദസൗ
 ധാതൈവ കിം ബ്രൂ മഹേ?”

മഹാരാജവു ശ്ലോകം കേട്ടു കുപിതനായില്ല. പ്രത്യുത ആ രീതിയിൽ ഒരു കാവ്യം തന്നെ രചിക്കണമെന്നു കല്പിച്ചു. ഒരു ശ്ലോകംകൂടി മാതൃകയായി കാണിക്കാം.

ധനവാന്റെ മിത്രമായ ദരിദ്രന്റെ പിന്നാലെയും ധനാർത്ഥികൾ പാഞ്ഞുചെല്ലുന്നതു്:

 “അസ്ഥീന്യേവ വിഭൂഷണാനി കരുതാം ധത്താം കപാലം കരേ
 വസ്താം വാ ഗജചർമ്മ ലിമ്പതു ചിതാഭസ്മാനി വാ ഭിക്ഷതാം
 ആസ്താം വാ പിതൃകാനനേ തദപി നോ ജാത്വർത്ഥിഭിർമ്മുച്യതേ
 ശ്രീകണ്ഠോസ്യ സഖാ ധനേശ ഇതി യദ്വാർത്താ ജഗദ്വിശ്രുതാ.”
45.7ഗൗണസമാഗമം

ഇതു കൊല്ലം 1038-ാംമാണ്ടു തിരുവനന്തപുരം സന്ദർശിച്ച ലോഡു്നേപ്പിയർ എന്ന മദിരാശി ഗവർണ്ണരുടെ ആഗമനത്തേയും ആ അവസരത്തിൽ നടന്ന ആഘോഷങ്ങളേയും സരസമായി വർണ്ണിക്കുന്ന ഒരു കാവ്യമാണു്.

ഗൗണപദംകൊണ്ടാണു് കവി ഗവർണ്ണരെ വ്യപദേശിക്കുന്നതു്. മഹാരാജാവിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനു ഗൗണത്വം പോയി മുഖ്യത്വം വന്നുവത്രേ.

 “ശ്രീവഞ്ചിക്ഷിതിപാകശാസനസഭാം യാതസ്യ ഗൗണപ്രഭോ–
 സ്സൽകാരൈരഭിയാനസൂക്തികരദാനാഗ്രാസനോപക്രമൈഃ
 മുഖ്യൈവ പ്രഭുതാ തദാ സമഭവദ്ഗൗണീ പുനർഗ്ഗൗണതാം
 രൂപസ്യോപഗതസ്യ ഹേമഗുളികാം കാ നാമ ദുർവർണ്ണതാ?”

മഹാരാജാവു പ്രതിസന്ദർശനത്തിനു പോകുന്ന ഘട്ടം അത്യന്തം മനോമോഹനമായ ഒരു ഗാഥകൊണ്ടാണു് കവി നിർവ്വഹിച്ചിരിക്കുന്നതു്. അതിൽനിന്നു ചില വരികൾ മാത്രമേ എടുത്തു കാണിക്കുവാൻ തരമുള്ളൂ.

 “രാജീവാദിവിതാനിതതോരണ
 രാജീരാജിതരാജപഥേ
 ജങ്ഗമഹേമഗിരാവിവ ശനകൈ–
 രങ്ഗതി തുങ്ഗേ പുഷ്യരഥേ
 നാളീകോദിതഭീഷണഘോഷണ
 പാളീവിചലിത ശൈലകുലം
 ചിത്രധ്വജപടരാജിസുവീജിത–
 മിത്രരഥാശ്വശതാങ്ഗഗണം
 സുന്ദരഘണ്ടാഘണഘണനിക്വണ
 മന്ദരമന്ദഗദന്തികുലം
 തുങ്ഗതുരങ്ഗഖുരോദ്ധൃതധൂളീ–
 സങ്ഗപിശങ്ഗിതമേഘപഥം.”

എന്നിങ്ങനെ ആ ഗാഥ പുരോഗമിക്കുന്നു.

45.8കാശിയാത്രാനുവർണ്ണനം

വിശാഖംതിരുമേനി 1057-ൽ കാശിക്കെഴുന്നള്ളി തിരിച്ചുവരുന്നതുവരെയുള്ള സംഭവങ്ങളെ കവി ആര്യാവൃത്തത്തിൽ 120 ശ്ലോകങ്ങൾകൊണ്ടു് ഈ കാവ്യത്തിൽ വർണ്ണിക്കുന്നു.

45.9സദ്വൃത്തരത്നാവലി

സദ്വൃത്തരത്നാവലി സവ്യാഖ്യാനം ആയില്യംതിരുനാൾ മഹാരാജാവിന്റെ ആജ്ഞയനുസരിച്ചു ശാസ്ത്രികൾ രചിച്ചു. 1053-ൽ അതു തിരുവനന്തപുരം സർക്കാരച്ചുക്കൂടത്തിൽനിന്നു കേരളലിപിയിൽ പ്രസിദ്ധീകൃതമായി. ഛന്ദശ്ശാസ്ത്രത്തിൽ അത്ര ബൃഹത്തും വിശ്വതോമുഖവുമായ ഒരു ഗ്രന്ഥം സംസ്കൃതത്തിൽ വേറെയില്ല. അതിനെ ശാസ്ത്രികളുടെ വാങ്മയങ്ങളിൽ ഒന്നാമത്തേതായിത്തന്നെ പരിഗണിക്കാവുന്നതാണു്. ഡാക്ടർ ബർണ്ണൽ പ്രസ്തുതഗ്രന്ഥം വായിച്ചുനോക്കി ഒരു ആധുനികഭാരതീയനാണു് അതിന്റെ പ്രണേതാവെന്നു പറഞ്ഞാൽ ആരും വിശ്വസിക്കയില്ലന്നു പോലും അഭിപ്രായപ്പെടുകയുണ്ടായി. ഉപക്രമത്തിൽ ആയില്യം തിരുമേനിയെ പ്രശംസിക്കുന്ന മൂന്നു ശ്ലോകങ്ങളുണ്ടു്. അവയിൽ ഒടുവിലത്തേതാണു് ചുവടേ കുറിക്കുന്നതു്.

 “ശുഷ്മാണപ്രതിപക്ഷകക്ഷദഹനേ ചക്രേണ ലോകാവനേ
 ശൂലേനാർത്ഥികനേഷു താപഹരണേ രാജാനപാദശ്രിതാം
 സൂത്രാമാണയശസ്സു ജീവവചനേ സ്വാത്മാനഭൂതേഷ്വിതി
 പ്രേഷ്ഠോ യോ ഭവതി ക്ഷിതൗ സ ജയതി ശ്രീരാജരാജോ
 മഹാൻ.”

വൃത്തരത്നാകരത്തോടു തനിക്കുള്ള കടപ്പാടു വലുതാണെന്നു ശാസ്ത്രികൾ സമ്മതിക്കുന്നുണ്ടു്.

 “ഭാനുതേജോമയരസലിങ്ഗാത്മാതിഗഭീരിമാ
 വൃത്തരത്നാകരോപാരോ രത്നാകര ഇവാപരഃ
 വൃത്തരത്നാകരോന്നീതൈർവ്വർണ്ണമാത്രാഗണാത്മകൈ:
 ഗ്രഥ്യതേ ഛാന്ദസൈർവൃത്തൈർവൃത്തരത്നാവലീ മയാ”

എന്നാണു് അദ്ദേഹം പറയുന്നതു്. ശ്രീരാമസ്തുതിരത്നം എന്നു് 162 ശ്ലോകങ്ങളിൽ ഒരു കൃതികൂടി അനുബന്ധരൂപത്തിൽ എഴുതിച്ചേർത്തു് അതിൽ ബൃഹത്യാദിച്ഛന്ദസ്സുകളിൽ അടങ്ങിയ അപ്രസിദ്ധങ്ങളും എന്നാൽ ഗ്രാഹ്യങ്ങളുമായ പല വൃത്തങ്ങളേയും ലക്ഷണസമേതം ഉദാഹരിച്ചിരിക്കുന്നു.

45.10രാമോദയം

ഇതു് ഒരു അലങ്കാരഗ്രന്ഥമാണു്. ചന്ദ്രാ ലോകത്തിന്റേയും മറ്റും രീതിയിൽ പൂർവ്വാർദ്ധം ലക്ഷണവും ഉത്തരാർദ്ധം ലക്ഷ്യവുമായി വസന്തതിലകവൃത്തത്തിലുള്ള ശ്ലോകങ്ങൾകൊണ്ടു് എല്ലാ അർത്ഥാലങ്കാരങ്ങളേയും ശാസ്ത്രികൾ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചുകാണുന്നു. ലക്ഷ്യവിഷയം രാമ സമനായ ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവുതന്നെ. ശ്ലോകങ്ങൾ ഏറ്റവും ലളിതങ്ങളാണു്. പ്രതിവസ്തുപമയെപ്പറ്റിയുള്ള ശ്ലോകം നോക്കുക.

 “സ്യാദ്വാക്യയോര്യ്ദുഭയോ: പൃഥഗേകധർമ്മോ
 നിർദ്ദിശ്യതേ തദുപമാ പ്രതിവസ്തുപൂർവാ
 ഓജോഭരേണ ഭുവി രാജതി രാമരാജ–
 സ്തോജോഭരേണ ദിവി ദീവ്യതി രശ്മിമാലീ.”
45.11ക്ഷേത്രത്വദീപിക

ഇതു് ഇംഗ്ലീഷിലെ ‘ജോമെട്രി’യുടെ രീതിയനുസരിച്ചു ശാസ്ത്രികൾ രചിച്ച ഒരു ക്ഷേത്ര വ്യവഹാരഗ്രന്ഥമാകുന്നു. ഇതിൽനിന്നു് അദ്ദേഹത്തിനു വാർദ്ധക്യത്തിൽ ഇംഗ്ലീഷിലും പ്രായോഗികമായ ജ്ഞാനമുണ്ടായിരുന്നു എന്നു തെളിയുന്നു. ഹാറ്റൺക്ഷേത്രഗണിതം (Hatton’s Geometry) എന്ന പുസ്തകമാണു് അദ്ദേഹം പ്രായേണ ഉപജീവിച്ചിരിക്കുന്നതു്. യൂക്ലിഡ്ഡിന്റെ ഗ്രന്ഥത്തിലെ എല്ലാ പ്രമേയങ്ങളും സ്വീകരിച്ചിട്ടില്ല; അതിലില്ലാത്ത ചിലതെല്ലാം കൂട്ടിച്ചേർത്തിട്ടുമുണ്ടു്.

45.12സ്തോത്രഗ്രന്ഥങ്ങൾ

സ്തോത്രഗ്രന്ഥങ്ങളിൽ ഓരോന്നിന്റേയും സ്വരൂപം ഇവിടെ പ്രദർശിപ്പിക്കുവാൻ സൗകര്യമില്ല. ദിങ്മാത്രമായി ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.

 “ആകാശാദിനമാദിപുരുഷം ശ്രീകാമുകാദ്യർച്ചിതം
 ഭൂകാഗ്ന്യാശൂഗഖാർക്കസോമയജമാനാകാരമേകാധിപം
 ലോകാനാം ഭജതാമഭീഷ്മഫലദം ശോകാമയധ്വംസനം
 പാകാനുഷ്ണഗുശേഖരം പശുപതിം ശ്രികാളകണ്ഠം ഭജേ.

 പാകാരാതിസഹോദരപ്രഭൃതിഭിന്നാകാലയൈസ്സേവിതം
 ശാകാംഭഃപവനാശനൈശ്ശമധനൈരേകാഗ്രചിത്തൈസ്സദാ
 ഏകാന്തേ പരിചിന്തിതം ശിവകരം നൗകായമാനാംഘ്രികം
 ശോകാംഭോനിധിമുത്തരീതുമനസാം ശ്രീകാലകാലം ഭജേ.”

എന്നിങ്ങനെ പോകുന്ന ശിവാഷ്ടപ്രാസത്തിന്റെ മഹിമ അന്യാദൃശംതന്നെ. അതിനോടു കിടനില്ക്കുന്ന ഒരു കൃതി രാമഭദ്ര ദീക്ഷിതരുടെ രാമാഷ്ടപ്രാസമേയുള്ളു.

 “ഗാന്ധർവീകൃതകൃത്രിമേതരവചഃ! പത്രീകൃതശ്രീപതേ!
 ഭൂമിസ്യന്ദന! സാരഥീകൃതവിധേ! മൗർവ്വീകൃതാഹീശ്വര!
 കോദണ്ഡീകൃതകാഞ്ചനാചല! പുരാ ജേതും പുരാണാം ത്രയം
 ശ്രീകണ്ഠേശ്വര! ചന്ദ്രശേഖര! കിഭോ! ഗൗരീപതേ!
 പാഹി മാം.”

എന്ന സ്തോത്രം ശ്രീകണ്ഠേശ്വരസ്തോത്രചിന്താമണിയിലുള്ളതാണു്. ഇനിയും സമസ്യാവലി, ആഭാണകമാല, ഇലത്തൂർ ബ്രാഹ്മണസമുദായത്തിനു ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ കാലത്തു വിവാഹാവസരങ്ങളിലും മറ്റും പ്രാർത്ഥിക്കുവാൻ എഴുതിക്കൊടുത്ത ഒരു ദീർഘമായ മംഗളാശംസ ഇങ്ങനെ ചില വാങ്മയങ്ങൾകൂടി കണ്ടിട്ടുണ്ടു്. അവയെപ്പറ്റി ഒന്നും ഒവിടെ പ്രസ്താവിക്കുന്നില്ല.

45.13മഞ്ജുഭാഷിണി

ശ്രീകൃഷ്ണവിലാസത്തിനു ശാസ്ത്രികൾ മഞ്ജുഭാഷിണി എന്ന വ്യാഖ്യാനം രചിച്ചതു വിശാഖംതിരുമേനിയുടെ നിർദേശമനുസരിച്ചാണെന്നു് അദ്ദേഹംതന്നെ ആ വ്യാഖ്യാനത്തിന്റെ ഉപക്രമത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്.

 “ആദേശേന വിശാഖഭൂവലരിപോര്യാവന്മനീഷാബലം
 ശ്രീമൽകൃഷ്ണവിലാസകാവ്യതിലകം വ്യാഖ്യാതുമദ്യാരഭേ”

എന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നു.

 “ചതുസ്സഹസ്ര്യാം നവഭിര്യുതായാം
 ശതൈശ്ചതുസ്സപ്തിസംഖ്യയാപി
 അതീതവത്യാം കലിവത്സരാണാം
 വ്യാഖ്യാ കൃതാ മഞ്ജുളഭാഷിണീയം”

എന്ന വചനത്തിൽനിന്നു് 1047-ലാണു് അതിന്റെ നിർമ്മിതിയെന്നും അന്നു വിശാഖംതിരുനാൾ ഇളയതമ്പുരാൻമാത്രമേ ആയിരുന്നുള്ളു എന്നും കാണാവുന്നതാണു്. ആദ്യത്തെ അഞ്ചുസർഗ്ഗങ്ങൾക്കുള്ള വ്യാഖ്യാനമേ ഞാൻ കണ്ടിട്ടുള്ളു. ഗ്രന്ഥം പൂർണ്ണമായിട്ടില്ലെന്നാണു് അറിവു്. “വ്യാഖ്യാതൃണാം സ്മരാമി പൂർവേഷാം” എന്നു ശാസ്ത്രികൾ പറയുന്നുണ്ടെങ്കിലും ചില പുതിയ അർത്ഥങ്ങളും അവിടവിടെ ചൂണ്ടിക്കാണിക്കുന്നുണ്ടു്. ആദ്യത്തെ ശ്ലോകത്തിൽ “ശ്രുയഃ സദ്മ” എന്ന ഭാഗത്തിനു് അർത്ഥവിവരണം ചെയ്യുമ്പോൾ “യദ്വാ ശ്രിയോ ദേവ്യാസ്ത്രി പുരസുന്ദര്യാഃ സദ്മ ഗൃഹം; സുമേരോർദ്ദേവീവാസസ്ഥാനത്വം പ്രസിദ്ധം; ബ്രഹ്മാണ്ഡ പുരാണേ സുമേരുമധ്യശൃംഗസ്ഥേത്യാദൗ ദുർവാസസാപ്യുപബൃംഹിതം” എന്നു് ഉപന്യസിക്കുന്നതു നോക്കുക.

45.14മുക്തകങ്ങൾ

അതിമനോഹരങ്ങളായ അനവധി മുക്തകങ്ങൾ ശാസ്ത്രികളുടെ മുഖത്തുനിന്നു് ഓരോ അവസരത്തിൽ നിർഗ്ഗളിച്ചിട്ടുണ്ടു്.

  1. ആയില്യംതിരുനാൾ മഹാരാജാവു സിംഹാസനാരൂഢനായ അവസരത്തിൽ ശാസ്ത്രികളോടു ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളേയും യൗഗപദ്യേന പരാമർശിക്കുന്ന ഒരു ശ്ലോകമുണ്ടാക്കുവാൻ ആവശ്യപ്പെട്ടു. അപ്പോൾ ചൊല്ലിയതാണു് താഴെച്ചേർക്കുന്ന ശ്ലോകം.

 “രമ്യാസാവനിതാ പുരോഭ്യുപനതാ യാ ഭർത്തുരന്തർഹിതം
 ഹൃദ്യാവിഷ്കരുതേ ശ്രുതിപ്രണയവത്സാരസ്യവച്ചാരുദൃക്
 യോഗാഭ്യാസബലേന യത്ര ഭവതി ത്രൈവർഗ്ഗികീ ധന്യതാ
 നിസ്സാരസ്വധാശയൈകവശഗാ സമ്യഗ്വിവിക്‍തേ രതിഃ.”

ഒരിക്കൽ ഇലത്തൂർ കൃഷ്ണസ്വാമിക്ഷേത്രത്തിന്റെ മുൻവശത്തു വച്ചു ചില കുട്ടികൾ കുരുവി എന്ന വാക്കു ഘടിപ്പിച്ചു് ഒരു ശ്ലോകമുണ്ടാക്കണമെന്നപേക്ഷിച്ചു. ശാസ്ത്രികൾ അവരുടെ അഭീഷ്ടം അടിയിൽ കാണുന്നവിധം പൂരിപ്പിച്ചു.

 “കുരു വീശ്വരവാഹ! ത്വം കാക്കായതവിലോചന!
 മയി ലക്ഷ്മീം കൃപാസിന്ധോ! രാജാളീവദനാളക!”
45.15ഭാഷാകൃതികൾ-ജലന്ധരാസുരവധം ആട്ടക്കഥ

ജലന്ധരാസുരവധം 1028-ൽ ഉത്രം തിരുനാൾ മഹാരാജാവിന്റെ കല്പനയനുസരിച്ചു രചിച്ച ഒരു കൃതിയാണു്. ആ മഹാരാജാവിനെ കവി പ്രസ്തുതകൃതിയിൽ ഇങ്ങനെ വർണ്ണിക്കുന്നു.

 “സോമം മാർത്താണ്ഡരാജോ ജയതി ഭുവനമാ–
 ക്രമ്യ യസ്യ പ്രതാപേ
 ഭൗമം ഹൃത്വാ രസാംശാം കലയതി സമയേ
 കാഞ്ചനാമോഘവൃഷ്ടിം
 മാർത്താണ്ഡസ്വാധികാരപ്രചലനചകിത–
 സ്സൽപഥേ വർത്തമാനഃ
 പ്രാദക്ഷിണ്യക്രമാഖ്യം പ്രചരതി നിയമം
 സർവദേവാലയസ്യ.”

ജലന്ധരാസുരവധത്തിലെ ശ്ലോകങ്ങളും പദങ്ങളും പ്രായേണ സംസ്കൃതമയങ്ങളാണെങ്കിലും ഏറ്റവും ഹൃദ്യങ്ങളാണു്. താഴെക്കാണുന്ന ശ്ലോകവും പദവും പരിശോധിക്കുക.

 “കാലകാലമഥ ഫാലലാലസദരാളബാലശശിജാലകം
 കാലകൂടഗരകാളശോഭിഗളനാളലോലഫണിജാലകം
 ബാലയാ ലളിതമാലയാ മിളിതമേത്യ ശൈലകുലകന്യയാ
 പാലകം ധൃതകപാലകം ത്രിദശപാലകഃ സ്തുതിഗിരാലപൽ.”

 “ഫലേവിലോചന! പാലയ മാമഘ–
 ജാലവിമോചന! പാലയമാം.
 ശൈലസുതാകുചകംകമപങ്കില!
 ശൈലവരാലയ! പാലയ മാം
 നീലവിലോഹിത! ലോകപതേ! ഹരി
 നീലമനോഹര ഭൂതപതേ!
 കാലനിഷൂദന! ദേവ നമോ ഹര!
 ബാലകലാനിധി ശേഖര! തേ.
 മാരകളേബരതൂലശൂചേ! സുകു–
 മാരശരീരസുചാരുരുചേ!
 കാരണകാരണ! ചാരണവന്ദിത!
 പാഹിനതാംബുജതിഗ്മരുചേ!
 കാമിമനോരഥകാമധനോ! ജയ!
 ഹൈമവതീപരിശോഭിതനോ!
 സോമവിഭാകര പാവകുലോചന!
 സാമപരായന! പാഹി വിഭോ! [1]
 ഭൂരിധരാധരചാപപതേ! വര
 വാരിരുഹാസന!സൂതപതേ!
 വാരിജനേത്രശരായ ധരാരഥ
 വേദഹയായ നമോ ഭവതേ.”

വാഗ്ദേവതയുടെ ലാസ്യരങ്ഗവും താണ്ഡവമണ്ഡപവുമായിരുന്നു ഗോമതീദാസന്റെ അനുഗൃഹീതമായ രസനാഞ്ചലം. ആ മഹാപുരുഷൻ അർഹിക്കുന്ന യശസ്സിന്റെ ഒരു അല്പമായ അംശംപോലും അദ്ദേഹത്തിന്റെ കൃതികളുടെ അമുദ്രിതത്വവും അവയിൽ പലതിന്റേയും അപൂർണ്ണത്വവും നിമിത്തം അദ്ദേഹത്തിനു സിദ്ധിച്ചിട്ടില്ല.

45.16ഇലത്തൂർ സുന്ദരരാജയ്യങ്കാർ ശാസ്ത്രികൾ (1016—1078)
ജനനവും കുടുംബവും

സുന്ദരരാജയ്യങ്കാർ ശാസ്ത്രികൾ രാമസ്വാമിശാസ്ത്രികളുടെ ജന്മദേശമായ ചെങ്കോട്ട ഇലത്തൂർഗ്രാമത്തിൽ 1016-ആമാണ്ടു മീനമാസത്തിൽ രേവതീനക്ഷത്രത്തിൽ ജനിച്ചു. ശ്രീ വൈഷ്ണവന്മാരുടെയിടയിൽ പാഞ്ചരാത്രന്മാരെന്നും വൈഖാനസന്മാരെന്നും രണ്ടു ശാഖകളുണ്ടു്. അവയിൽ വൈഖാനസശാഖയിൽപ്പെട്ടതാണു് ശാസ്ത്രികളുടെ കുടുംബം. ആത്രേയമാണു് ആ കുടുംബക്കാരുടെ ഗോത്രം. ആ കുടുംബത്തിൽ സുന്ദരരാജന്റെ പുത്രനായ വരദരാജൻ കൃഷ്ണാംബയെ പാണീഗ്രഹണം ചെയ്തു. അവർക്കു് ഏഴു പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. അവരിൽ സീമന്തപുത്രനാണു് നമ്മുടെ കവി. ഈ വസ്തുതകളിൽ ചിലതെല്ലാം വൈദർഭീവാസുദേവം നാടകത്തിന്റെ പ്രസ്താവനയിൽ അദ്ദേഹം ഉപന്യസിക്കുന്നുണ്ടു്.

 “താദൃഗ്വഞ്ചികുലാബ്ധിജസ്യ നഗരീ ശ്രീമദ്വിശാഖക്ഷമാ–
 നാഥേന്ദോഃ കരമാശ്രിതാ കുവലയത്യുർവ്യാമിലത്തൂരിതി
 ആസീൽ സുന്ദരരാജനാമസുമതിസ്തത്രാത്രിഗോത്രേ കൃതീ
 തൽപുത്രോ വരദാര്യനാമസുമനാഃ കൃഷ്ണാംബയാസീദ്ഗൃഹീ.

 തസ്യാത്മജേഷു സുഗുണേഷു വിഭാതി സോയം
 ജ്യായാൻ ദശാസ്യരിപുദൂതദയൈകപാത്രം
 യോ വൈഷ്ണവീമിഹ ദധാതി ശുഭാമഭിഖ്യാം
 പൈതാമഹീമപി മഹീസുമനോഗ്രഗണ്യഃ.”

‘ചെല്ലം’ എന്നായിരുന്നു കവിയുടെ ഓമനപ്പേർ.

വിദ്യാഭ്യാസം

തന്റെ ബാല്യകാലത്തിൽ രാമസ്വാമിശാസ്ത്രികൾ ഇലത്തൂരിൽ താമസിച്ചിരുന്നതിനാൽ അദ്ദേഹത്തിൽനിന്നുതന്നെ ചെല്ലം കാവ്യനാടകാലങ്കാരങ്ങളും വ്യാകരണത്തിൽ പ്രാഥമികപാഠങ്ങളും അഭ്യസിച്ചു. അപ്പോഴേയ്ക്കു ഗുരുനാഥനു തിരുവിതാംകൂർമഹാരാജാവിന്റെ അസ്ഥാനപണ്ഡിതനായി തിരുവനന്തപുരത്തു താമസിക്കേണ്ടിവന്നതിനാൽ ഉപരിശാസ്ത്രപഠനത്തിനു് എട്ടിയാപുരം സംസ്ഥാനത്തിലെ പണ്ഡിതസഭാധ്യക്ഷനും വല്ലീപരിണയചമ്പു തുടങ്ങിയ കൃതികളുടെ പ്രണേതാവുമായ സ്വാമിദീക്ഷിതരുടെ അന്തേവാസിയായി. (സ്വാമിദീക്ഷിതരുടെ പിതൃദത്തമായ നാമധേയം യജ്ഞസുബ്രഹ്മണ്യദീക്ഷിതരെന്നാണു്) ‘കവി കേസരി’ എന്ന ബിരുദത്താൽ സുവിദിതനായിരുന്ന അദ്ദേഹം സുന്ദരരാജനെ വ്യാകരനപാരഗതനാക്കിയതോടുകൂടി കവിതാസരണിയിൽ സ്വച്ഛന്ദസഞ്ചാരം ചെയ്യുന്നതിനും ശക്തിമാനാക്കി. അതിനുപുറമേ കഥാപുരുഷൻ ജ്യോതിഷം, മന്ത്രശാസ്ത്രം, ആഗമം മുതലായ വിദ്യകളിലും വൈചക്ഷണ്യം സമ്പാദിച്ചു. ഹനൂമന്മന്ത്രം ജപിച്ച് സിദ്ധിവരുത്തി.തന്റെ മഹാകവിത്വത്തിനു കാരണം ഹനൂമാന്റെ അനുഗ്രഹമാണെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. വലിയകോയിത്തമ്പുരാന്റെ കംസവധചമ്പുവിനു് അദ്ദേഹം രചിച്ച സുമനോരഞ്ജിനി എന്ന വ്യാഖ്യാനത്തിൽ “ശ്രീരഘുനന്ദനദൂതചരണാമവിന്ദസപര്യാസമാസാദിതകലാവിലാസേന” എന്നു വിശേഷണം ഘടിപ്പിച്ചുകാണുന്നു. ഹനൂമദ്വിജയം എന്നൊരു നാടകവും അദ്ദേഹം രചിച്ചിട്ടുള്ളതായി വൈദർഭീവാസുദേവത്തിൽനിന്നു നാം അറിയുന്നു.

അനന്തരകാലജീവിതം

ശാസ്ത്രികൾ ഇലത്തൂരിൽത്തന്നെയാണു് സ്ഥിരമായി താമസിച്ചുവന്നതു്. 25-ആമത്തെ വയസ്സിൽ വെങ്കിടലക്ഷ്മ്യംബയെ വിവാഹം ചെയ്തു. ആ പത്നി യൗവ്വനത്തിൽത്തന്നെ മരിച്ചുപോയി. പിന്നീടു ദാരസംഗ്രഹം ചെയ്തില്ല. കവി സന്താനലാഭത്താൽ അനുഗൃഹീതനായുമില്ല. ഗ്രന്ഥരചനയിലും സംസ്കൃതാധ്യാപനത്തിലുമാണു് അദ്ദേഹത്തിന്റെ ആയുസ്സിൽ ഭൂരിഭാഗവും കഴിഞ്ഞുകൂടിയതു്. ശാസ്ത്രികൾക്കു് ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു. ശിഷ്യന്മാരിൽ പ്രമുഖൻ തിരുനെൽവേലിയിൽ വളരെക്കാലം അഭിഭാഷകനായിരുന്ന കൃഷ്ണസ്വാമി അയ്യരായിരുന്നു. തിരുവിതാംകൂറിൽ വിശാഖം മഹാരാജാവു്, മൂലം മഹാരാജാവു്, വലിയകോയിത്തമ്പുരാൻ ഇവരുടേയും എട്ടിയാപുരം രാജാവിന്റേയും പാരിതോഷികങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ വൈദർഭീവാസുദേവം തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചതു കൃഷ്ണസ്വാമി അയ്യരാണു്. സുന്ദരരാജയ്യങ്കാർ 1079-ആമാണ്ടു മകരമാസത്തിൽ ശുക്ലചതുർത്ഥീദിനത്തിൽ പരഗതിയെ പ്രാപിച്ചു.

കൃതികൾ

ശാസ്ത്രികൾ (1) മോക്ഷാപായപ്രദീപിക, (2) ലക്ഷ്മീവിശിഷ്ടാദ്വൈതഭാഷ്യദർപ്പണം, (3) വൈഖാനസ മഹിമാമഞ്ജരി എന്നീ ശാസ്ത്രഗ്രന്ഥങ്ങളും, (4) നീതിരാമായണം, (5) രാമഭദ്രവിജയചമ്പു, (6) രാമഭദ്രസ്തുതിശതകം, (7) കൃഷ്ണാര്യാശതകം എന്നീ കാവ്യങ്ങളും (8) വൈദർഭീവാസുദേവം, (9) ഹനൂമദ്വിജയം, (10) പദ്മിനീ പരിണയം, (11) സ്നുഷാവിജയം എന്നീ രൂപകങ്ങളും (12) വലിയകോയിത്തമ്പുരാന്റെ കംസവധത്തിനു സുമനോരഞ്ജിനി എന്നും, (13) തന്റെ ഗുരു സ്വാമിദീക്ഷിതരുടെ വല്ലീപരിണയചമ്പുവിനു രത്നദീപിക എന്നും, (14) കേശവകവിയുടെ ഗോദാപരിണയ ചമ്പുവിനു സുമനോരഞ്ജിനി എന്നും മൂന്നു വ്യാഖ്യാനങ്ങളും രചിച്ചിട്ടുണ്ടു്. ഇവയിൽ മൂന്നാമതായി അക്കമിട്ടിരിക്കുന്നതു വൈഖാനസാഗമത്തെ പരാമർശിക്കുന്ന ഒരു ഗ്രന്ഥമാണല്ലോ. അതിനുപുറമെ (15) ഉത്തമബ്രഹ്മവിദ്യാരസം എന്നൊരു സ്വതന്ത്രഗ്രന്ഥവും, (16) ശ്രീനിവാസദീക്ഷിതരുടെ പാരമാത്മികോപനിഷദ്വാക്യയ്ക്കു് ഒരു ഭാഷ്യവും കൂടി ആ ആഗമശാസ്ത്രം സംബന്ധിച്ചു് അദ്ദേഹം നിർമ്മിച്ചിട്ടുള്ള കൃതികളിൽ ഉൾപ്പെടുന്നു. കേരളത്തിൽ വൈദർഭീവാസുദേവത്തിനാണു് പ്രസിദ്ധി അധികം; ആ കൃതി കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാൻ ഭാഷപ്പെടുത്തീട്ടുണ്ടു്. അതു് അഞ്ചങ്കത്തിലുള്ള ഒരു സരസനാടകമാണു്. തമിഴ് ബ്രാഹ്മണഗൃഹങ്ങളിൽ സ്നുഷകളെ ശ്വശ്രുക്കളും നാത്തൂന്മാരും സമീപകാലംവരെ വളരെ ക്ലേശിപ്പിച്ചുവന്നിരുന്നു. ആ ദുരവസ്ഥയെ പരാമർശിച്ചു് ഒടുവിൽ സ്നുഷതന്നെ വിജയം പ്രാപിക്കുന്നതായി വിവരിച്ചു രചിച്ചിട്ടുള്ള ഒരു സാമുദായികരൂപകമാണു് സ്നുഷാവിജയം. ആ രൂപകത്തിൽ കവി ദുരാശയെന്നു ശ്വശ്രുവിനും, സുശീലനെന്നു ശ്വശൂരനും, ചാരുവൃത്തയെന്നു ശ്വശ്രുവിന്റെ സഖിക്കും, സുഗുണനെന്നു് സ്നുഷയുടെ ഭർത്താവിനും, സച്ചരിത്രയെന്നു സ്നുഷയ്ക്കും, ദുർല്ലളിതയെന്നു സുഗുണന്റെ സഹോദരിക്കും അന്വർത്ഥമായി പേർ കൊടുത്തിരിക്കുന്നു. വലിയകോയിത്തമ്പുരാന്റെ ഒരാപ്തമിത്രവും കൂടിയായിരുന്ന തിരുനെൽവേലി വക്കീൽ കൃഷ്ണസ്വാമി അയ്യരുടെ അപേക്ഷയനുസരിച്ചാണു് കവി കംസവധം വ്യാഖ്യാനിച്ചതു്. വ്യാഖ്യാനങ്ങളിൽ ശാസ്ത്രികളുടെ പ്രകൃഷ്ടമായ വ്യാകരണ പാണ്ഡിത്യം പ്രതിഫലിക്കുന്നു. കവിതയ്ക്കു പ്രസാദവും ഒഴുക്കുമുണ്ടു്. പ്രാകൃതഗുംഫനത്തിൽ നല്ല പാടവമുണ്ടായിരുന്നതായി നാടകങ്ങളിൽനിന്നു വെളിപ്പെടുന്നു. ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.

 “വചോ ദധിമുഖോദ്ഭൂതം നവനീതം ശുഭദ്യുതി
 അർക്കജന്മാനമാസാദ്യ യുക്തം കഠിനതാം ജഹൗ”
 
(നീതിരാമായണം)
 “ഗോപീകുചതലലോലാ വാപീ കരുണാരസസ്യ കാപി കലാ
 പാപീയസാമസുലഭാ സാ പീതാംബരവിലാസിനീ പാതു”
 
(കൃഷ്ണാര്യാശതകം)

സീതാരാമസംവാദം:

 “ശ്വശ്രും ശുശ്രൂഷമാണാ ഭവ സുമുഖീ! നൃപേഽ–
 പ്യാചരന്തീ വിനീതിം;
 നാഥാര്യ ത്വം യിയാസുഃ ക്വ? ജനകതനയേ!
 കാനനം; കോത്ര ഹേതുഃ?
 ആജ്ഞാ താതസ്യ വസ്തും; മമ ച വനഭുവി
 സ്യാൽ കതോ നാവകാശഃ?
 സത്വൈഃ ക്രൂരൈർഹി ഭീമം വനതല; മിഹ കിം
 ന്യസ്യശൗര്യം പ്രയാസി?”
(രാമഭദ്രവിജയം)


 “ദിഷ്ടേന ദൂരഗമിതോ ഹിമഗുഃ കളങ്കീ
 ശ്രീമാൻ സ്വതസ്സ വസുമാനിഹ മാമുപേത്യ
 ദൂരീകരിഷ്യതി തമാംസി നിജൗജസേതി
 മോദാൽ പുരന്ദരദിശാ ഹസതീവ കാമം.”
 
(വൈദർഭീവാസുദേവം)


 “ജാമാതാ ഗൃഹമാഗതോ യദി തദാ ക്ഷൗമം ച കന്ഥായതേ
 ഹൃദ്യം ദാരു പരിച്ഛദോചിതമഹോ ശുഷ്ക്കേന്ധനം ജായതേ
 സർപ്പിസ്സിന്ധുജലായതേ ദധി പരം ഹന്താരനാളായതേ
 കിം വാക്യൈർബ്ബഹുഭിഃ ഫലം? സുരുചിരം കാചായതേ കാഞ്ചനം.”
(സ്നുഷാവിജയം)
45.17വിദ്വാൻ കോമ്പിഅച്ചൻ (1006–1090)
ജനനവും വിദ്യാഭ്യാസവും

പാലക്കാട്ടു തരൂർസ്വരൂപത്തിൽ കിഴക്കേമേലേടത്തു് എന്ന ശാഖയിൽ ഒരംഗമായി കോമ്പിഅച്ചൻ 1006–ാംമാണ്ടു ഇടവമാസം 22-ാംനു ജനിച്ചു. ശേഖരിവർമ്മരാജവംശം എന്നാണു് പാലക്കാട്ടു രാജകുടുംബത്തിനു പേർ പറയുന്നതു്. കോമ്പിഅച്ചൻ അതിബാല്യത്തിൽത്തന്നെ വിജ്ഞാനസമ്പാദനത്തിൽ വിസ്മയനീയമായ ആസക്തി പ്രകടിപ്പിച്ചു. ആദ്യത്തെ ഗുരു കവളപ്പാറ രാമനെഴുത്തച്ഛനായിരുന്നു. 13-ആമത്തെ വയസ്സിൽ ആട്ടത്തിൽ കച്ചകെട്ടി കേരളത്തിലെ നൃത്യകലയുടെ മർമ്മങ്ങൾ പൂർണ്ണമായി ഗ്രഹിക്കുകയും നാലു കൊല്ലത്തോളം വേഷം കെട്ടി ആടുകയും ചെയ്തു. അതിൽ അദ്ദേഹത്തിന്റെ ഗുരു ഒരു ഗോവിന്ദനാണെന്നറിയാം. അക്കാലത്തു സ്വരൂപംവകയായി ഒരു കഥകളിയോഗമുണ്ടായിരുന്നു. 1020-നു മേൽ മാത്രമേ സംസ്കൃതം വേണ്ട വിധത്തിൽ അഭ്യസിക്കുവാൻ ആരംഭിച്ചുള്ളു. 1023 മുതൽ ഗോവിന്ദപുരം രാമജ്യോത്സ്യരോടും തന്റെ അമ്മാവനും വിദ്വാനുമായ ചാത്തുഅച്ചനോടും കാവ്യനാടകാലങ്കാരങ്ങൾ പഠിച്ചു. തന്റെ ഗുരുനാഥന്മാരിൽ രാമജ്യോത്സ്യർക്കാണു് കവി പ്രാധാന്യം കല്പിച്ചുകാണുന്നതു്. 1025-ൽ കുംഭകോണത്തു നിന്നു പഴമാനേരിഗ്രാമക്കാരനായ സ്വാമിശാസ്ത്രികൾ എന്നൊരു പണ്ഡിതൻ പാലക്കാട്ടു വന്നുചേർന്നു. അദ്ദേഹത്തിനു ന്യായശാസ്ത്രത്തിൽ അസാമാന്യമായ അവഗാഹമുണ്ടായിരുന്നു. അദ്ദേഹത്തെ വർഷാശനവും മറ്റും പതിച്ചുകൊടുത്തു് അന്നത്തെ പാലക്കാട്ടുരാജാവു തന്റെ ആസ്ഥാനപണ്ഡിതനായി നിയമിച്ചു. സ്വാമിശാസ്ത്രികളോടു കോമ്പിഅച്ചൻ പ്രധാനമായി അഭ്യസിച്ചതു ന്യായംതന്നെയാണെങ്കിലും മീമാംസയിൽ സാമാന്യമായ ജ്ഞാനംകൂടി നേടി. പിന്നീടു പതിന്നാലു ദേശക്കാർ ആട്ടലനമ്പൂരിയുടെ അടുക്കൽനിന്നു പഞ്ചബോധഗണിതവും 1031-ൽ കൊടുങ്ങല്ലൂർ തമ്പുരാന്റെ അടുക്കൽനിന്നു ആയുർദ്ദായഗണിതവും ഗ്രഹിച്ചു. ഈ ആട്ടലനമ്പൂരി ലാടവൈധൃതഗണിതം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടു്. മന്ത്രശാസ്ത്രത്തിൽ തനിക്കു “ശങ്കരാര്യൻ” എന്നൊരു ഗുരു കൂടി ഉണ്ടായിരുന്നതായി അച്ചൻ പറഞ്ഞിട്ടുണ്ടു്. അതാരെന്നു് അറിയുന്നില്ല. ജ്യോതിഷത്തിലും തർക്കത്തിലും കോമ്പിഅച്ചൻ അത്യധികം പ്രശസ്തനായിത്തീർന്നു. വിവിധശാസ്ത്രങ്ങളിലുള്ള വിജ്ഞാനത്തെ ബഹുമാനിച്ചു് അദ്ദേഹത്തെ സമകാലികന്മാർ വിദ്വാനെന്നു വിളിച്ചുവന്നിരുന്നു. തന്റെ ഗുരുനാഥന്മാരിൽ മിക്കവരേയും അദ്ദേഹം താഴെക്കാണുന്ന ശ്ലോകത്തിൽ സ്മരിക്കുന്നുണ്ടു്.

 “രാമാഖ്യാദിഗുരൂംശ്ച നൃത്തകരണേ ഗോവിന്ദമാപ്തം ഗുരും
 കാവ്യേ രാമമഹീസുരഞ്ച നൃപതിം ശ്രീശാസ്തൃവർമ്മാഹ്വയം
 ശാസ്ത്രേ സ്വാമിധരാസുരഞ്ച ഗണിതേ ശ്രീകേരളക്ഷ്മാസുരം
 മന്ത്രാപ്തൗ കില ശങ്കരാര്യമമലം വന്ദേഹമന്യാനപി.”

അങ്ങനെ പന്ത്രണ്ടു കൊല്ലത്തോളം കോമ്പിഅച്ചൻ നിർബ്ബാധമായി അധ്യേതൃജീവിതം നയിച്ചു. 1031-ൽ മാതാവു മരിച്ചുപോവുകകൊണ്ടു താവഴിക്കാര്യങ്ങൾ മുഴുവൻ താൻതന്നെ നേരിട്ടു് അന്വേഷിക്കേണ്ടിവന്നതിനാൽ പിന്നീടു് ഉപരിഗ്രന്ഥങ്ങൾ പ്രായേണ സ്വഗൃഹത്തിൽ വച്ചുതന്നെയാണു് പരിശീലിച്ചതു്.

അനന്തരജീവിതം

1074-ൽ കോമ്പിഅച്ചൻ അഞ്ചാമുറത്തമ്പുരാനായി. 1086 കുംഭം 11-ാംനു വലിയ രാജാവിന്റെ സ്ഥാനത്തിൽ അഭിഷേകം ചെയ്യപ്പെട്ടു. മൂന്നിൽച്ചില്വാനം കൊല്ലം ആ സ്ഥാനം അലങ്കരിച്ചതിനുമേൽ 1090 കന്നി 3-ാംനു 84-ആമത്തെ വയസ്സിൽ യശശ്ശരീരനായി. സദ്വൃത്തനെന്നും സാധുസംരക്ഷകനെന്നുമുള്ള ഖ്യാതിക്കു പാത്രമായി, അനാഢംബരമായ ജീവിതം നയിച്ച അദ്ദേഹം 1060-നുമേൽ കേരളത്തിൽ പലപ്രകാരത്തിൽ വിജൃംഭിച്ച സാഹിത്യസംരംഭങ്ങളിൽ ഒന്നും പങ്കുകൊണ്ടില്ല. കല്ലേക്കുളങ്ങര ഭഗവതി പാലക്കാട്ടു രാജാക്കന്മാരുടെ കുടുംബദേവതയാണെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ദേവിക്കു ഹേമാംബിക എന്ന അഭിധനത്തിലാനു് സംസ്കൃതഭാഷയിൽ പ്രസിദ്ധി. അവിടത്തെ പരമാരാധകനായിരുന്നു കോമ്പിഅച്ചനെന്നും, തന്നിമിത്തം വളരെക്കാലം അന്തർമ്മുഖനായാണു് ജീവിച്ചിരുന്നതെന്നും കേട്ടിട്ടുണ്ടു്. 1090-ാംമാണ്ടുവരെ അരോഗദൃഢഗാത്രനായ അദ്ദേഹത്തിന്റെ ആയുഷ്കാലം നീണ്ടുനിന്നിരുന്നുവെങ്കിലും പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽത്തന്നെ അദ്ദേഹത്തെ പ്രകൃതത്തിൽ സ്മരിക്കുന്നതിനുള്ള കാരണവും അതുതന്നെയാണു്.

കൃതികൾ

വൈദൂഷ്യത്തിനു യോജ്യമായുള്ള വാങ്മയം അധികമൊന്നും കോമ്പിഅച്ചനിൽനിന്നു ജനിച്ചിട്ടില്ല. അദ്ദേഹം സംസ്കൃതത്തിലും ഭാഷയിലും ചില കൃതികൾ രചിച്ചിട്ടുണ്ടു്. അക്ലിഷ്ടതകൊണ്ടുള്ള ആകർഷകത അവയ്ക്കുണ്ടു്. ചില സ്തോത്രങ്ങൾ ഹൃദയദ്രവീകരനചനങ്ങളുമാണു്. 1028-ൽ അമ്മാവൻ ചാത്തുഅച്ചന്റെ നിദേശമനുസരിച്ചു് (1) ശ്രീകൃഷ്ണജയന്തീമാഹാത്മ്യം കിളിപ്പാട്ടായി രചിച്ചു. 1038-ൽ അന്നത്തെ പാലക്കാടു രാജാവായ ഇട്ടിക്കോമ്പിഅച്ചന്റെ കല്പനപ്രകാരം (2) നീലാസുരവധമെന്നും (3) സിംഹാവതാരമെന്നും രണ്ടു ആട്ടക്കഥകൾ ഉണ്ടാക്കി. ചാത്തുഅച്ചനും അന്നു ജീവിച്ചിരുന്നു. ഈ മൂന്നുമാണു് കോമ്പിഅച്ചന്റെ പ്രധാന കൃതികൾ. കടിയംകുളത്തു ശുപ്പുമേനോന്റെ കാവേരീമാഹാത്മ്യത്തിൽ പതിനഞ്ചാമധ്യായത്തിലും പതിനാറാമധ്യായത്തിൽ ആദ്യഭാഗത്തിലുമുള്ള നൂറ്റിൽച്ചില്വാനം ശ്ലോകങ്ങളുടെ തർജ്ജമ ഏട്ടിൽ കാണാത്തതുകൊണ്ടു് ആ ശ്ലോകങ്ങൾ നമ്മുടെ കവി വിവർത്തനംചെയ്തു് അതിൽ ചേർത്താണു് ആ പുസ്തകം 1063-ൽ അച്ചടിപ്പിച്ചതെന്നു മുൻപു കാണിച്ചിട്ടുണല്ലോ. സംസ്കൃതത്തിൽ (5) ഹേമാംബികാസ്തവം, (6) ഭുവനാംബാസ്തവം, (7) ദേവീസ്തവം, (8) ഭുവനേശ്വരസ്തവം എന്നിങ്ങനെ നാലു സ്തോത്രങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. അവയിൽ ആദ്യത്തേയും മൂന്നാമത്തേയും സ്തോത്രങ്ങൾ വസന്തതിലകത്തിലും രണ്ടാമത്തേതു ശിഖിരിണിയിലുമാണു് രചിച്ചിരിക്കുന്നതു്. ആദ്യത്തേതിൽ നാല്പത്തഞ്ചും രണ്ടാമത്തേതിൽ ഇരുപത്തെട്ടും മൂന്നാമത്തേതിൽ പതിനാറും ശ്ലോകങ്ങൾ ഉൾപ്പെടുന്നു. ഭുവനേശ്വരസ്തവം 1048-ലാണു് രചിച്ചതു്. ഹേമാംബികാസ്തവം എൺപത്തിമൂന്നാമത്തെ വയസ്സിൽ നിർമ്മിച്ചതാനു്. കാലടിക്ഷേത്ര പ്രതിഷ്ഠയ്ക്കു വന്ന ശ്രീശങ്കരാചാര്യർക്കും സ്ഥാനത്യാഗം ചെയ്ത കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലേയ്ക്കും മറ്റും പദ്യരൂപത്തിൽ പത്രികകളും സമർപ്പിച്ചുകാണുന്നു.

45.18ശ്രീകൃഷ്ണജയന്തി

പ്രസ്തുത കൃതി ഇങ്ങനെ ആരംഭിക്കുന്നു.

 “ഗണനായകൻ ദേവൻ ഫണിഭൂഷണൻ ഭക്ത–
 ഗണവത്സലൻ വരഗുണസഞ്ചയനിധി
 തുണയായ്വന്നീടണമനയത്തിരുന്നിഹ
 ഭണനേയതിനു കാലിണയേ കലയേ ഞാൻ.

 നന്ദനന്ദനൻ കൃഷ്ണൻ സുന്ദരകളേബര–
 നിന്ദുബിംബാസ്യൻ പരാനന്ദചിദ്രൂ പൻ ഹരി
 മന്ദനാമടിയന്റെ മന്ദത കളഞ്ഞുടൻ
 നന്ദനീയമാം വരമിന്നു നല്കണം മമ.

 മോഹനശീലാ സരോമധ്യവാസിനി ജഗ–
 ന്മോഹിനി ഹേമാംഹികേ! സന്തതം നമോസ്തുതേ.
 കരുണാലയൻ മമ ഗുരുവാം രാമാചാര്യൻ
 ഗുരുകാരുണ്യംപൂണ്ടു തുണപ്പാൻ വന്ദിക്കുന്നേൻ.”
ആട്ടക്കഥകൾ

ഈ ആട്ടക്കഥകൾ അച്ചടിപ്പിച്ച അവസരത്തിൽ കോമ്പിഅച്ചൻ ഇങ്ങനെ പ്രസ്താവിച്ചുകാണുന്നു. “ആ കാലത്തു് (1038) നമ്മുടെ സ്വരൂപംവകയായി നടത്തിയിരുന്ന ആട്ടക്കഥാഭ്യാസത്തിൽ ഈ കഥകളെ നാംതന്നെ കൂടിയിരുന്നു കുട്ടികളെ അഭ്യസിപ്പിക്കുകയും അന്നു പാട്ടുകാരായിരുന്ന കരുമനശ്ശേരി കൃഷ്ണൻകുട്ടി ഭാഗവതർ മുതലായ നാലാളുകളെ ഈ കഥകൾ പഠിപ്പിക്കുകയും അതിന്നുശേഷം നാലുകൊല്ലം ഈ കഥകളെ ആടിച്ചുവരികയും ചെയ്തിരുന്നു.” നീലാസുരവധത്തിന്റെ ആരംഭത്തിൽ താഴെ ചേർക്കുന്ന ശ്ലോകങ്ങൾ കാണുന്നു.

 “ഹേമാക്ഷ്മാധരമന്ദിരാ പദജൂഷാം കാമപ്രദാത്രീ നൃണാം
 ശ്രീമദ്ഗ്രാവതടാകമധ്യനിലയാ വാമാ ജഗന്മോഹിനീ
 ഹേമാദ്രീശ്വരചാപഭാഗ്യവിഭവാ സോമാനനാ ചിന്മയീ
 ഹേമാംബാ പരദേവതാ കലയതാം ക്ഷേമാണ്യസീമാനി വഃ.

 കവർന്തു ഭൂസുരവരാ മമ മംഗലാനി
 രാമദ്വിജേന്ദ്രമുഖമദ്ഗുരവസ്തഥാന്യേ
 ഹേമാംബികാചരനഭക്തിരസാനുജീവി
 ശ്രീശാസ്തൃരാഡ്ജയതി ശേഖരിവർമ്മവംശ്യഃ.

 തദ്ഭാഗിനേയനൃവരേണ ഹി കേരളീയ–
 സദ്ഭൂകഥാനികുലിതാ മഹതീ ശുഭൈഷാ
 സദ്ഭാവിനോത്ര നിതരാം നിരതാ ഭവന്തു
 യദ്ഭാവനാ ഖലു ദൃഢാ നിഖിലേഷു തുല്യാ.”

ഒടുവിലത്തെ രണ്ടു ശ്ലോകങ്ങളും “തദ്ഭാഗിനേയ” എന്നതിലെ പൂർവ്വാർദ്ധത്തിൽ കഥാസൂചനത്തിനു് ആവശ്യകമായ വ്യത്യാസം വരുത്തി ആ ശ്ലോകം സിംഹാവതാരത്തിലും ഘടിപ്പിച്ചിട്ടുണ്ടു്. നിലാസുരവധത്തിലെ ഇതിവൃത്തം കേരളീയമാണു്. ബ്രാഹ്മണരുടെ സ്വൈരവാസത്തിനായി പരശുരാമൻ വരുണനെ ഭയപ്പെടുത്തി കേരലം സമുദ്ധരിക്കുന്നു. അതു കേട്ടു കോപിഷ്ഠനായ ദുർവ്വാസസ്സു് പരശുരാമന്റെ കൃത്യം ദത്താപഹാരമാണെന്നു പറഞ്ഞുകൊണ്ടു കലശൽ കൂട്ടുകയും നാരദൻ സമരോദ്യോഗികളായ അവരെ പിരിച്ചുവിടുകയും ചെയ്യുന്നു. അതുകൊണ്ടു് അരിശം തീരാതെ സഹജാമർഷനായ ആ മഹർഷി നീലാസുരന്റെ സന്നിധിയിൽ ചെന്നു ഭാർഗ്ഗവൻ കുടിയേറ്റിയ ബ്രാഹ്മണരെ ഉപദ്രവിക്കണമെന്നും താനും അതിൽ സഹായമായി ഒരു ഭൂതത്തെ അയച്ചുതരാമെന്നും പറയുന്നു. നീലൻ ഭൂതത്തിന്റെ സഹായത്തോടുകൂടി ഭാർഗ്ഗവനുമായി യുദ്ധം ചെയ്യുകയും ഭൂതം എതിരാളിയെ ജയിക്കുകയും ചെയ്യുന്നു. അപ്പോൾ പരശുരാമൻ ശത്രുസംഹാരത്തിനു ദുർഗ്ഗയെ ഉപാസിക്കുന്നു; ദുർഗ്ഗ ഹേമാംബികാ രൂപത്തിൽ പ്രത്യക്ഷീഭവിച്ചു നീലാസുരനെ വധിച്ചു് ആഴ്വാഞ്ചേരിത്തമ്പ്രാക്കളെ കേരളാധീശനായി വാഴിയ്ക്കുന്നു. ഈ കഥ അഭിനയയോഗ്യമായ വിധത്തിൽ കവി നൃത്യപ്രബന്ധമായി രചിച്ചു.സിംഹാവതാരത്തിലെ ഇതിവൃത്തം നരസിംഹാവതാരമാണെന്നു പറയേണ്ടതില്ലല്ലോ. നീലാസുരവധത്തിൽ ചെറിയ നീലാസുരനും വലിയ നീലാസുരനും സിംഹാവതാരത്തിൽ ചെറിയ ഹിരണ്യനും വലിയ ഹിരണ്യനും യഥാകാലം പ്രവേശമുണ്ടു്. രണ്ടും ആടിക്കാണ്മാൻ കൊള്ളാവുന്ന കൃതികൾ തന്നെ. എന്നാൽ സാഹിത്യദൃഷ്ട്യാ പരിശോധിക്കുമ്പോൾ അവയ്ക്കു വലിയ മെച്ചമൊന്നുമില്ല. നീലാസുരവധത്തിലെ ഒരു പദത്തിൽനിന്നുമാത്രം ചില വരികൾ ചേർക്കാം.

പരശുരാമൻ ഹേമാംബികയോടു്:

 “ജനനി! ജയ താവകചരനം-നൗമി
 മുനിവരഹൃദംബുജശരണം.
 ഭൂമയസി സദാ നിഖിലം ഭുവനം-ദേവി!
 ശമയ മമ പരിതാപദഹനം.
 ജലനിധിജലേ ചിരം മുങ്ങി-പ്പോയ
 തലമപി ച പാശിയൊടു വാങ്ങി
 ഗിരികളെ വിദാരണം സമയേ-ചെയ്തു
 സ്ഥലമഹഹ സമമാക്കി സദയേ!

 അവനിവിബുധാനപഖേദം-തൂർണ്ണ–
 മഹമതിലിരുത്തി സാമോദം.
 അസുരവരബാധയാലവരും-ദേവി!
 ദിശി ദിശി ഗമിച്ചു പരമചിരം.
 അസുരകുലമാകവേ കൊന്൹മമ
 വസുമതീതലം തരികിന്നു.”
സ്തോത്രങ്ങൾ

 “ബാലോ ഹി ദുർഗ്ഗതിരയഞ്ച മമേതി മാതഃ
 കാലസ്ത്വയം സമുചിതസ്തവ രക്ഷിതു മാം
 ബാലം ത്യജേദ്യദി കുബുദ്ധിമപി പ്രസൂസ്ത്വം
 കോ വാഭിരക്ഷതി പുനർഭുവനേ മഹേശി?”

 “സംസാരനാടകഗൃഹേ ബഹുരൂപധാരീ
 ഹാ! യോനീകായവനികാന്തരതോ നിരേത്യ
 അഗ്രേ തവാംബ! ചിരനർത്തനതോധുനാതി–
 ശ്രാന്തോസ്മി തേലമിതി യുക്തവചോസ്തു ദേയം.”
 
(ഹേമാംബികാസ്തവം‌)


 അവശ്യം ഭോക്തവ്യം ഭവതു ദുരിതം പ്രാക്കൃതഫലം
 ന മേ സ്യാത്തദ്ബാധാ ജനനി! യദി ജാതാ തവ കൃപാ
 അകർത്തും കർത്തും വാ പുനരിതരധാ കർത്തുമഖിലം
 ത്വമേകൈവ പ്രായഃ പ്രഭവസി ഹി കാരുണ്യനിലയേ!”
 
(ഭുവനാംബാസ്തവം‌)
രണ്ടു ഭാഷാശ്ലോകങ്ങൾ

ശൃങ്ഗാരം:

 “ചേരാ ചേരാത്തവൻതാൻ ത്രിഭുവനമഖിലം
 നല്കിയാലും വധൂനാം
 ചേരുന്നോനാകിലഗ്നൗ ഝടിതി മുഴുകുവാൻ
 ചൊല്കിയാലും ചേരുമത്രേ;
 നാരീണാം ശീലമിത്ഥം പരിചൊടു തരസാ
 കാട്ടിനാൾ പണ്ടു സീതാ
 നേരേ ശ്രീരാമനോടും ബലമുടയ ദശ–
 ഗ്രീവനോടും വിശേഷാൽ.”

വൈരാഗ്യം:

 “ഇന്നോ വാ നാളയോ മറ്റിനിയൊരു ദിവസം
 തന്നെയോ കാലദൂതൻ
 വന്നീടുന്നാളിലോർത്താലിതിനൊരു കഴിവി–
 ല്ലെന്നു ചിത്തേ നിനപ്പിൻ;
 മുന്നേതാൻ പത്മനാഭൻ ചരണനളിനമിങ്ങു–
 ള്ളിലാക്കീട്ടു നിത്യാ–
 നന്ദ! ശ്രീകൃഷ്ണ! നാരായണ! വരദ! രമേ–
 ശേതി കീർത്തിച്ചുകൊൾവിൻ.”
45.19ആറ്റുകാൽ ശങ്കരപ്പിള്ള (1011–1066)
ജനനം

സദർക്കോട്ടുജഡ്ജിയായിരുന്ന ശങ്കരനാഥജ്യോത്സ്യരുടേയും തിരുവനന്തപുരത്തു് ആറ്റുകാൽ ചെറുകര വീട്ടിൽ ലക്ഷ്മിഅമ്മയുടേയും പുത്രനായി ശങ്കരപ്പിള്ള 1011-ാംമാണ്ടു് ഇടവമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു. സ്വകുടുംബത്തെപ്പറ്റി അദ്ദേഹം ദേവീഭാഗവതം കിളിപ്പാട്ടിന്റെ ഉപോൽഘാതത്തിൽ ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു.

 “പ്രഥിതപ്രഭാവത്തോടച്ഛനെ വഞ്ചീശ്വരൻ
 പ്രഥമപ്രാഡ്വിവാകസ്ഥാനത്തിലാക്കീടിനാൻ.

 അഥ ധർമ്മശാസ്ത്രത്തിൻ പൊരുളാകവേ നോക്കി
 വിധിചെയ്തവ ബ്രഹ്മവിധിയായക്കാലത്തിൽ.

 പതിവായ്വന്നു പുണ്യപുരുഷനതിൽപ്പിന്നെ–
 സ്സതിയാം ലക്ഷ്മീദേവിയാകുമെൻ മാതാവിന്നു്.

 അതിലഞ്ചുപേർ മക്കളമ്മയ്ക്കു; മത്താതനു
 സുതനായ് ഞാനുമൊരു ഭഗിനിയിളയവൾ.”

ശങ്കരപ്പിള്ളയ്ക്കു് ഒരു കനിഷ്ഠസഹോദരികൂടി ജ്യോത്സ്യരുടെ മകളായി ഉണ്ടായിരുന്നു എന്നു് ഒടുവിലത്തെ വരികളിൽനിന്നു വെളിപ്പെടുന്നു.

വിദ്യാഭ്യാസം

ശങ്കരപ്പിള്ള പഴവങ്ങാടി ഉടയാൻപിള്ളയോടു മലയാളവും പാലക്കാട്ടു് അപ്പാശാസ്ത്രിയോടു സംസ്കൃതത്തിൽ കാവ്യനാടകാദികളും ഇലത്തൂർ രാമസ്വാമിശാസ്ത്രികളോടു വ്യാകരണവും മന്ത്രശാസ്ത്രവും അഭ്യസിച്ചു. ഈ മൂന്നു ഗുരുക്കന്മാരേയും ദേവീമാഹാത്മ്യത്തിന്റെ ആരംഭത്തിൽ അദ്ദേഹം വന്ദിച്ചിട്ടുണ്ടു്. രാമസ്വാമിശാസ്ത്രികളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രശസ്തി മുൻപു് ഉദ്ധൃതമായിട്ടുണ്ടല്ലോ. മറ്റു രണ്ടു പേരേയും കവി താഴെക്കാണുന്നവിധത്തിലാണു് സ്തുതിക്കുന്നതു്.

 “ഉടയാനാദ്യാചാര്യനമലാന്തരാത്മാവോ–
 ടുടയോനനേകാന്തേവാസികളോടുമെന്നിൽ
 കുടികൊള്ളുമാ ശ്രീമാനാവതും തുണയ്ക്കുവാ–
 നടിയൻ മുടി കൂപ്പിപ്പണിയുന്നേറ്റം ഭക്ത്യാ.

 ഇപ്പാരിൽ പ്രസിദ്ധികേട്ടെപ്പേരുമുൾബോധമാം
 കല്പകത്തൈവിത്തു തൻശിഷ്യഹൃൽകേദാരത്തിൽ
 ശില്പമായ് മുളപ്പിച്ചൊരെൻഗുരുസ്വാമിയാകു–
 മപ്പാശ്രീശർമ്മാവുതൻ തൃപ്പാദം പണിയുന്നേൻ.”

അച്ഛൻതന്നെയാണു് ഹിന്ദുസ്ഥാനി പഠിപ്പിച്ചതു്. ജ്യോതിഷശാസ്ത്രവും അദ്ദേഹത്തിൽനിന്നുതന്നെ ഗ്രഹിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ അന്നു ബ്രിട്ടീഷ് റസിഡണ്ടായിരുന്ന കല്ലൻസായിപ്പു ജ്യോത്സ്യരോടു മകനെ ഇംഗ്ലീഷുകൂടി പരിശീലിപ്പിക്കണമെന്നു് ഉപദേശിക്കുകയാൽ പ്രായം കുറേ അതിക്രമിച്ചുപോയെങ്കിലും ആദ്യം പ്രൈവറ്റായും പിന്നീടു ഫ്രീസ്കൂൾ വിദ്യാർത്ഥിയായും രണ്ടു കൊല്ലത്തോളം പഠിച്ചു് ആ ഭാഷയും സ്വാധീനമാക്കി.

ഉദ്യോഗസ്ഥൻ

ഉദ്ദേശം 20-ആമത്തെ വയസ്സിൽ ശങ്കരപ്പിള്ള തിരുവനന്തപുരത്തു ഹജൂരാഫീസിൽ ഒരു റൈട്ടറായി സർക്കാർ സേവനം ആരംഭിച്ചു. അവിടെനിന്നു സദർക്കോർട്ടിൽ പ്രധാനപരിഭാഷകനായും തദനന്തരം ജുഡീഷ്യൽ വകുപ്പിൽ മുൻസിഫായും ഉയർന്നു. തിരുവല്ലാ, മൂവാറ്റുപുഴ, ആലപ്പുഴ, ചിറയിൻകീഴ്, ഹരിപ്പാടു് എന്നീ സ്ഥലങ്ങളിൽ മുൻസിഫുപണി നോക്കി. 1057 തുലാമാസത്തിൽ പെൻഷൻ പറ്റി. പിന്നീടു ബുക്കുകമ്മിറ്റിയിലെ ഒരംഗമായും ഗവർമ്മെന്റിനെ സേവിച്ചു. 1066-ആമാണ്ടു ധനുമാസം 24-ാംനു മരിച്ചു.

കൃതികൾ

ശങ്കരപ്പിള്ളയുടെ പ്രധാനകൃതികൾ (1) ഭാഷാദേവീഭാഗവതത്തിലെ ചില സ്കന്ധങ്ങൾ, (2) ശ്രീമദ്വിശഖാരാജവിജയം, (3) ഹിന്ദുശാസ്ത്രസാരസംഗ്രഹം എന്നിവയാണു്. ഒടുവിലത്തേതു് ഒരു തർജ്ജമയാനെന്നു് അറിയുന്നു. ഞാൻ കണ്ടിട്ടില്ല. ഇവകൂടാതെ പല അവസരങ്ങളിലായി ഓരോ കാര്യം പ്രമാണിച്ചു സംസ്കൃതത്തിലും ഭാഷയിലും ശ്ലോകങ്ങളും പാട്ടുകളും രചിച്ചിട്ടുണ്ടു്; അവ കിട്ടിയേടത്തോളം സമാഹരിച്ചു ശങ്കരകൃതി എന്ന പേരിൽ അദ്ദേഹത്തിന്റെ പുത്രൻ എസ്. കുഞ്ഞുകൃഷ്ണപിള്ള പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്. അവികലമല്ലെങ്കിലും അക്ലിഷ്ടമായ ശബ്ദഘടനയ്ക്കും, അവിരളമല്ലെങ്കിലും സമുചിതമായ അർത്ഥകല്പനയ്ക്കും, സരസമായ ഫലിതപ്രയോഗത്തിനും അദ്ദേഹത്തിന്റെ കൃതികളിൽ ഉദാഹരണങ്ങൾ കാണാവുന്നതാണു്. ആസന്നമരണനായി കിടക്കുന്ന അവസരത്തിൽപ്പോലും ഒരു സ്നേഹിതൻ “ആശ്വാസമുണ്ടോ?” എന്നന്വേഷിച്ചതിനു് “ആശ്വാസമുണ്ടു്; ആ ശ്വാസമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

45.20ദേവീഭാഗവതം

ദേവീഭാഗവതം എട്ടു സ്കന്ധങ്ങളോളം ശങ്കരനാഥജ്യോത്സ്യർ ഭാഷയിൽ കിളിപ്പാട്ടായി രചിച്ചു എന്നും അവയിൽ ആദ്യത്തെ രണ്ടു സ്കന്ധങ്ങൾ മാത്രമേ നഷ്ടശിഷ്ടമായി ലഭിച്ചുള്ളു എന്നും തൃതീയസ്കന്ധവും ഒൻപതും പത്തും സ്കന്ധങ്ങളും മാത്രം ശങ്കരപ്പിള്ള തർജ്ജമചെയ്തു എന്നും മുൻപു നിർദ്ദേശിച്ചിട്ടുണ്ടു്. അതിലും മൂന്നാംസ്കന്ധവും ദശമസ്കന്ധത്തിലെ വിന്ധ്യമർദ്ദനം, മനുവൃത്തം എന്നീ രണ്ടുപാഖ്യാനങ്ങളും മാത്രമേ ഇപ്പോൾ കാണുന്നുള്ളു. തൃതീയസ്കന്ധം കേകയിലും ദശമസ്കന്ധം അന്നനടയിലുമാണു് രചിച്ചിരിക്കുന്നതു്. ദേവ്യുപാസകനായ ശങ്കരപ്പിള്ള പ്രസ്തുത പുരാണം വിവർത്തനം ചെയ്യുന്നതിനു വിശിഷ്യ അർഹനായിരുന്നു. തൃതീയസ്കന്ധത്തിന്റെ ഉപക്രമത്തിൽ ചുവടേ ചേർക്കുന്ന പിതൃവന്ദനശ്ലോകം കാണുന്നു.

 “കാമാക്ഷീചരണാരവിന്ദഭജനാദ്ധർമ്മാർത്ഥകാമൈശ്ശ്രിതാ
 വിഖ്യാതാ യശസാ നരേന്ദ്രമഹിതാ ജ്യോതിർവിദഗ്രേസരാഃ
 യേ നന്ദതി ബുധേന്ദ്രസംസദി ചതുർഭദ്രേണ ഭദ്രേണ താൻ
 ശ്രീമച്ഛങ്കരനാഥതാതചരണാൻ ഭക്ത്യാ നമസ്കർമ്മഹേ.”

നവരാത്രിമാഹാത്മ്യം കിളിപ്പാട്ടു് എന്ന പേരിൽ 1055-ൽ അച്ചടിപ്പിച്ചിട്ടുള്ള പുസ്തകം തൃതീയസ്കന്ധത്തിന്റെ ഒരു ഭാഗം തന്നെയാണു്. അതു വായിച്ചുനോക്കി ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ താഴെ കാണുന്ന പ്രശംസാപത്രംകൊണ്ടു ശിഷ്യനെ ധന്യനാക്കി.

 “അലങ്കാരൈർഹൃദൈർദ്വിഗുണരമണീയാ ഗുണവതീ
 രസവ്യക്തിം വാക്യൈർമ്മധുരപദവർണ്ണൈർവിദധതി
 സ്ഫുരദ്ഭാവാ ശയ്യാമധിഗതവതീ ശങ്കരകൃതിർ–
 ബുധേ കസ്മിൻ പ്രീതിം ന ദിശതി ഗഭീരേവ വനിതാ?”

ഭാഷാകവിസമ്രാട്ടെന്ന ബിരുദം കേരളവർമ്മ വലിയകോയിത്തമ്പുരാനും സമ്മാനിച്ചു. തൃതീയസ്കന്ധത്തിലെ ദേവീസ്തുതിയിൽനിന്നു് ചില വരികൾ ചുവടെ പകർത്തുന്നു.

 “ചിന്മയീ ത്വൽപാദാബ്ജപാംസുവേല്ക്കയാൽ ലോക–
 സമ്മതന്മാരായ് ഞങ്ങൾ സൃഷ്ട്യാദി നടത്തുവാൻ.
 താമസഗുണമെനിക്കജനു രജോഗുണം
 ശ്യാമളേ! സത്വഗുണം ഹരിക്കുമേകിയല്ലോ.
 ഏണിപോലേറിപ്പോയും വ്യോമയാനത്തിൽനിന്നു
 കാണായ്വാന്നവയെല്ലാം നീ കാണിച്ചവയല്ലോ.
 വാണികൊണ്ടിഹ വാഴ്ത്തി സ്തുതിപ്പാനൊരുത്തന്നും
 കണിപോലുമില്ലല്ലോ നൈപുണ്യം മഹാമായേ!
 പേണിയുമല്ലൽ തീർത്തുമെങ്ങളെക്കടാക്ഷിപ്പാൻ
 പാണികൊണ്ടേറ്റം ഭക്ത്യാ താണുകൂപ്പിനേനഹം.”

എഴുത്തച്ഛന്റെ പേരിൽ കവിക്കു് അപാരമായ ഭക്തിയുണ്ടായിരുന്നു. അദ്ദേഹം പറയുന്നതു നോക്കുക.

 “പഞ്ചഭൂതത്താൽ പരികല്പിതമിക്കാണും പ്ര–
 പഞ്ചമാകവേ മിഥ്യാഭൂതമെന്നോർക്കാതവർ
 വഞ്ചിതന്മാരായ്വരും കേരളീയന്മാരെന്നു
 നെഞ്ചകം തന്നിലോർത്തു വിരിഞ്ചനതുവഴി
 തഞ്ചത്തിലയച്ചോരു ഗന്ധർവ്വനല്ലോ വന്നു
 തുഞ്ചത്തിലാചാര്യനായ് ജനിച്ചപ്പുമാൻതാനും
 പഞ്ചമില്ലാതെ പല ഗ്രന്ഥങ്ങൾ ചമയ്ക്കയാൽ
 സഞ്ചിതപുണ്യാത്മാക്കളായല്ലോ മനുഷ്യരും.”
45.21വിശാഖരാജവിജയം

ഇതു് ഒരു മണീപ്രവാളകൃതിയാണു്. ഇതിനെ പൂർവ്വഭാഗമെന്നും ഉത്തരഭാഗമെന്നും രണ്ടായി പിരിച്ചു് ഓരോന്നിലും നന്നാലു് ആശ്വാസങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിശാഖം തിരുനാൾ മഹാരാജാവിന്റെ കാശിയാത്രയും മറ്റുമാണു് പ്രതിപാദ്യം. അതോടുകൂടി പ്രസക്താനുപ്രസക്തമായി രാമായനാസാരസംഗ്രഹവും നിബന്ധിച്ചിട്ടുണ്ടു്. കവിതയ്ക്കു ഗുണം പോരാ. ഭാഷാവൃത്തങ്ങളിലെന്നപോലെ സംസ്കൃതവൃത്തങ്ങളിൽ കവനം ചെയ്യുന്നതിനുള്ള പാടവം കവിക്കു് ഉണ്ടായിരുന്നില്ലെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.

45.22പലവക

ശങ്കരകൃതിയെന്ന പുസ്തകത്തിൽ കവിയുടെ പല ചില്ലറ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു പറഞ്ഞുവല്ലോ. ഇവയിൽ കറ്ണ്ണപർവ്വത്തിന്റെ രീതിയിൽ രചിച്ചിട്ടുള്ള പണപ്പർവ്വം സഹൃദയന്മാരുടെ ശ്രദ്ധയെ സവിശേഷമായി ആകർഷിക്കുന്നു. ഒരിക്കൽ കവി ഒരാളോടു കുറേ പണം ആവശ്യപ്പെട്ടപ്പോൾ അയാൾ പെട്ടി തുറന്നു. “നോക്കണം, എത്ര ഭംഗിയായി അടുക്കിവച്ചിരിക്കുന്നു! ഈ ചെറിയ തുക എടുത്താൽ പോയില്ലേ അതിന്റെ ഭംഗി” എന്നു തന്റെ പിശുക്കിനു യോജിച്ച വിധത്തിൽ മറുപടി പറഞ്ഞു. “എന്നാൽ ഇതാ ഇതു മേടിച്ചോളു” എന്നു പറഞ്ഞുകൊണ്ടു കവി എഴുതി അയച്ചതാണു് പണപ്പർവ്വം.

 “ചെറുപ്പകാലത്തിലിതെന്തു കിട്ടീലാ?
 മുതുക്കനായപ്പോൾ ധനികനായി ഞാൻ.
 ധനത്തെ ഞാനൊന്നങ്ങണച്ചു നോക്കട്ടേ;
 ധനത്തെ ഞാനൊന്നു പിണച്ചുവയ്ക്കട്ടെ;
 ധനത്തെ ഞാനൊന്നു പരത്തിവയ്ക്കട്ടെ;
 ധനത്തെ ഞാനൊന്നു കരത്തിൽ വയ്ക്കട്ടെ;
 ധനത്തെ ഞാനൊന്നു പൊടിച്ചുനോക്കട്ടെ;
 ധനത്തെ ഞാനൊന്നു കടിച്ചുനോക്കട്ടെ;
 ധനത്തെ ഞാനൊന്നങ്ങുലച്ചുനോക്കട്ടെ;
 ധനത്തെ ഞാനൊന്നു തെളിച്ചുനോക്കട്ടെ;
 ധനത്തെ ഞാനൊന്നു വളച്ചുനോക്കട്ടെ;
 ധനത്തെ ഞാനൊന്നു വലിച്ചുനോക്കട്ടെ;
 മരിച്ചവരിപ്പോൾ തിരിച്ചുവന്നെങ്കിൽ
 ധരിപ്പിച്ചുവയ്പ്പേനൊരു തുലാം സ്വർണ്ണം.
 പെരുവഴിയിൽ ഞാനിതുനേരം ചെന്നി–
 ട്ടൊരുമിച്ചു വിളി ബഹുതരം കൂട്ടാം.
 വിളിച്ചുപോ,ലവർ വിളിയും കേട്ടീലാ;
 ചളിച്ചു മാനസം ചുടലയിൽച്ചെന്നാൻ.
 ദ്വിഭാര്യമാരുണ്ടായൊരുത്തനേകദാ;
 ദ്വിധാ വിഭാഗിച്ചു ധനത്തെയങ്ങവൻ.
 അരപ്പണത്തൂക്കം സുവർണ്ണമേറിപ്പോയ്;
 വെറുപ്പതിൽവച്ചിട്ടൊരുത്തിക്കുണ്ടായി.
 കറുപ്പും കഞ്ചാവും കൊടുത്തവൻ പള്ളീ–
 ക്കുറുപ്പുമായെന്നേ പറയേണ്ടൂ പിന്നെ.
 ഒരുക്കിവെക്കുന്ന ധനമൊരുത്തനും
 മരിക്കുമ്പോളനുഗമിക്കുമാറില്ല.”
45.23എഴുവത്തു നാണുക്കുട്ടിമേനോൻ (1010–1048)
ജനനവും വിദ്യാഭ്യാസവും

പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ കേരളത്തിന്റെ ഇതരഭാഗങ്ങളിലുള്ള കവികൾ കിളിപ്പാട്ടുകൾ രചിക്കുന്നതിൽ സാമാന്യേന വൈമുഖ്യമാണു് പ്രദർശിപ്പിച്ചിരുന്നതു്. എന്നാൽ തുഞ്ചത്തു് എഴുത്തച്ഛന്റെ സമാധിസ്ഥലമായ വടക്കൻ ചിറ്റൂരിൽ അന്നും ആ വിഷയത്തിൽ ഒരു ഭക്തോത്തമൻ യഥാശക്തി സാഹിതീസേവനം ചെയ്തുവന്നു. അദ്ദേഹമാണു് എഴുവത്തു നാണുക്കുട്ടിമേനോൻ. നാണുക്കുട്ടിമേനോൻ വടക്കൻ ചിറ്റൂരിൽ കളപ്പുര എഴുവത്തു വീട്ടിൽ 1010-ആമാണ്ടു ചിങ്ങമാസത്തിൽ ജനിച്ചു. ഇട്ടിച്ചിരിയമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവു്. ജ്യോതിശ്ശാസ്ത്രജ്ഞനായ ഗോപാലമേനോൻ എന്നൊരു സഹോദരനും, കുഞ്ചിയമ്മ, ലക്ഷ്മിയമ്മ എന്ന രണ്ടു സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു. പിതാവു സുപ്രസിദ്ധമായ എക്കനത്തു തറവാട്ടിലെ ഗോവിന്ദനുണ്ണിയാണു്. എക്കണത്തു ശങ്കുണ്ണീ എന്ന കവിയെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം നാണുക്കുട്ടിമേനോന്റെ പിതാമഹനും ഗുരുക്കന്മാരിൽ അന്യതമനുമായിരുന്നു എന്നു കേട്ടിട്ടുണ്ടു്. ശങ്കുണ്ണിയുടെ മകൻ കുഞ്ഞുകൃഷ്ണമേനോൻ മറ്റൊരു ഗുരുവായിരുന്നു. ഇവർ രന്റുപേരേയും കവി തന്റെ ഭാഗവതസാരസംക്ഷേപത്തിന്റെ ആരംഭത്തിൽ

 “ശങ്കരഗുരോഃ പാദപങ്കജദ്വയങ്ങളു–
 മെൻകുലഭൂഷൻ ഗുണസങ്കുലൻ ബാലകൃഷ്ണ–
 ദേശികൻ മാതുലനുമാശയേ വിളങ്ങണം”

എന്ന വരികളിൽ സ്മരിച്ചിട്ടുണ്ടു്. 12-ആമത്തെ വയസ്സുവരെ അച്ഛന്റെ ഗൃഹത്തിൽത്തന്നെ താമസിച്ചു സംസ്കൃതം പഠിച്ചു. അനന്തരകാലത്തെ പ്രധാനാധ്യാപകൻ എക്കണത്തു ദാമോദരനുണ്ണിയായിരുന്നു.

 “കരുത്തിന്നജ്ഞാനത്തെത്തിരുത്തിച്ചിത്തശുദ്ധി
 വരുത്തിച്ചിന്മാത്രമായിരുത്തിക്കാത്തുകൊണ്ടു
 പരമകാരുണികൻ പരിതാപോന്മൂലനൻ
 ഗുരുവാം ദാമോദരചരണാംബുജങ്ങളും
 അച്ഛമാനസനായോരച്യുതഗുരുവിന്റെ
 സ്വച്ഛപാദാബ്ജങ്ങളും നിശ്ചലമുറപ്പിച്ചു” എന്നും

 വൻകനിവാലേ ഭവസങ്കടം തീർത്തു കൃപ
 തങ്കം ദാമോദരാംഘ്രിപങ്കജദ്വയങ്ങളും
 സച്ചിദാനമൂർത്തി നിശ്ചലൻ നിരുപമ–
 നച്യുതഗുരുതന്റെ സ്വച്ഛപാദാബ്ജങ്ങളും”

എന്നുമുള്ള ഈ കിളിപ്പാട്ടിലെ ഈരടികളിൽ കവി അദ്ദേഹത്തെയും അച്യുതനെന്ന മറ്റൊരു ഗുരുനാഥനേയും വന്ദിക്കുന്നുണ്ടല്ലോ. ഇവർ കവിയുടെ അദ്വൈതവിദ്യോപദേശകന്മാരായിരുന്നു. അച്യുതനെപ്പറ്റി വഴിയേ പ്രസ്താവിക്കാം.

ജ്യൌതിഷികനും വേദാന്തിയും

22-ാംമത്തെ വയസ്സിൽ കാട്ടൂർ എന്ന സ്ഥലത്തു സംബന്ധം ചെയ്തു. ആ വഴിക്കു് അവിടെ ഒരു വാരിയരാശാനോടു ജ്യോതിഷം സാംഗോപാംഗമായി അഭ്യസിച്ചു. ക്രമേണ ഫലനിർണ്ണയത്തിൽ അത്യന്തം സമർത്ഥനായിത്തീർന്നു. 28-ആമത്തെ വയസ്സിൽ പ്രമേഹരോഗം ബാധിക്കുകയാൽ സ്വന്തം ജാതകം ഗണിച്ചുനോക്കുകയും 38-ആമത്തെ വയസ്സിൽ മൃത്യുലക്ഷനം കാണുകയും ചെയ്തു. ആറുമാസത്തിനകം ആ രോഗം ഭേദപ്പെട്ടുവെങ്കിലും അതിൽപ്പിന്നീടു് അദ്ദേഹം കുടുംബകാര്യങ്ങൾ മരുമകനെ ഏല്പിച്ചു് ആയുശ്ശേഷം ഈശ്വരഭജനത്തിനും വേദാന്തവിചാരത്തിനുമായി വിനിയോഗിക്കുവാൻ തീർച്ചപ്പെടുത്തി. 1042-ൽ ചിറ്റൂർ ചിറ്റേടത്തു അച്യുതമേനോൻ എന്ന സിദ്ധനെ അദ്വൈത ഗുരുവായി വരിച്ചു. അച്യുതമേനോൻ 992 മേടത്തിൽ പൂരുരുട്ടാതിനാളിൽ ജനിച്ചു. 1061 കർക്കടകം 9-ാംനു സമാധിസ്ഥനായി. അദ്ദേഹത്തിനു കേരളത്തിലും പരദേശങ്ങളിലും നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. ഗ്രന്ഥപരിചയത്തിലല്ല സ്വാനുഭൂതിയിലാണു് അദ്ദേഹത്തിന്റെ വൈശിഷ്ട്യം അധിഷ്ഠിതമായിരുന്നതു്.

ഗ്രന്ഥരചനയും മരണവും

1043 മുതൽ 1045 വരെ ഭാഗവതസാരസംക്ഷേപരചനയിൽ വ്യാപൃതനായി. അന്നന്നു് എഴുതുന്ന ഭാഗങ്ങൾ ഗുരുനാഥനെ കാണിച്ചു സംശയം തീർത്തുവന്നു. 1046 കന്നിമാസത്തിൽ ഗുരുവായൂർക്ഷേത്രത്തിൽ പോയി അവിടെ 12 ദിവസം ശ്രീകൃഷ്ണനെ ഭജിക്കുകയും ഭഗവത്സന്നിധിയിൽ തന്റെ ഗ്രന്ഥം ഒരാവൃത്തി പാരായണം ചെയ്യുകയും ചെയ്തു.തദനന്തരം ആ കൊല്ലത്തിൽത്തന്നെ കോഴിക്കോട്ടെ ഒരു അച്ചുക്കൂട്ടത്തിൽനിന്നു് ആ പുസ്തകം പ്രസിദ്ധീകരിച്ചു. അതിനുമേൽ തനിക്കു് ഐഹികമായി യാതൊരു കർത്തവ്യവുമില്ലെന്നു കരുതി അച്യുതഗുരുവിനോടു് കാശിയാത്രയ്ക്കു് അനുവാദം ചോദിച്ചു. 1047-ൽ തന്റെ ആയുസ്സിന്റെ ഹ്രസ്വതയെക്കുറിച്ച് ഗുരുനാഥനെ അറിയിച്ചപ്പോൾ ആ യാത്രയ്ക്കു് അദ്ദേഹം അനുജ്ഞ നല്കി. ആ കൊല്ലം അവസാനത്തോടുകൂടി കാശിയാത്രയും അതിൽ പിന്നീടു രാമേശ്വരയാത്രയും നിർവ്വിഘ്നമായി നിർവ്വഹിച്ചു. കർക്കടകം ഒടുവിൽ സ്വഗൃഹത്തിൽ തിരിച്ചെത്തുകയും 1048 ചിങ്ങത്തിൽ താൻ പ്രതീക്ഷിച്ചിരുന്നതുപോലെ മുപ്പത്തെട്ടാമത്തെ വയസ്സിൽത്തന്നെ മരിക്കുകയും ചെയ്തു. ചിറ്റൂർ ദേവിയും ചിദംബരത്തിലെ നടരാജനും അദ്ദേഹത്തിന്റെ ഇഷ്ടദേവതകളായിരുന്നു. ചിദംബരത്തു പലപ്രാവശ്യവും പോയി ഭജനം നടത്തീട്ടുണ്ടു്. സംസ്കൃതത്തിൽ അദ്ദേഹത്തിനു സാമാന്യം പാണ്ഡിത്യവും ഭാഗവതത്തിൽ അതലസ്പർശിയായ അവഗാഹവും ഉണ്ടായിരുന്നു. ലൗകികകാര്യങ്ങളിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നുവെന്നും ഗ്രന്ഥമെഴുത്തിൽ പ്രത്യേകിച്ചു നിപുണനായിരുന്നു എന്നുംകൂടി അറിവുണ്ടു്.

കൃതികൾ

നാണുക്കുട്ടിമേനോന്റെ പ്രധാനകൃതി ഭാഗവതസാരസംക്ഷേപംതന്നെയാണു്. അതു കൂടാതെ അദ്ദേഹം (1)സുന്ദരീസ്വയംവരം ആട്ടക്കഥ (2) ചിദംബരാഷ്ടകം (സംസ്കൃതത്തിലും ഭാഷയിലും), (3) കാളിയാക്കു് എന്നീ വാങ്മയങ്ങളുടേയും കർത്താവാണു്. ഹാലാസ്യമാഹാത്മ്യം ആദ്യത്തെ പതിനെട്ടധ്യായം ഭാഷാന്തരീകരിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു; ആ ഗ്രന്ഥം ഞാൻ കണ്ടിട്ടില്ല.

45.24ഭാഗവതസാരസംക്ഷേപം കിളിപ്പാട്ടു്

ഈ ഗ്രന്ഥത്തിന്റെ ഒന്നാംഭാഗത്തിൽ ഭാഗവതം പ്രഥമാദിനവമസ്കന്ധപര്യന്തവും രണ്ടാംഭാഗത്തിൽ ദശമസ്കന്ധവും കവി സംഗ്രഹിക്കുന്നു. മൂന്നാം ഭാഗത്തിന്റെ ആമുഖം എന്ന നിലയിലേ അവയെ ഗണിക്കേണ്ടതുള്ളു. ആ ഭാഗത്തിൽ ഗഹനമായ ഏകാദശസ്കന്ധം ശ്രീധരീയവ്യാഖ്യാനത്തോടുകൂടി പൂർവ്വപക്ഷസിദ്ധാന്തങ്ങൾ വിവരിച്ചു തർജ്ജമചെയ്തിരിക്കുന്നു. നാലാംഭാഗത്തിൽ ദ്വാദശസ്കന്ധവും വിസ്തരിച്ചുതന്നെ വിവർത്തനം ചെയ്തുകാണുന്നു. ഗ്രന്ഥാരംഭത്തിൽ മേനോൻ

 “കടൽമാനിനീകാന്തനുടയ കഥ ചൊൽവാൻ
 പടുത നടിച്ചിട്ടല്ലടിയൻ തുനിയുന്നു.
 വല്ലാതെ ഹരികഥ ചൊല്ലിയാലും പാപങ്ങ–
 ളെല്ലാം പോയ്വാക്‍ശുദ്ധിയാമല്ലോ എന്നോർത്തിട്ടത്രേ.

 മന്ദനാമടിയന്റെയുന്നതസാഹസത്തെ–
 ദ്ധന്യന്മാർ ക്ഷമിച്ചുകൊണ്ടന്നനുഗ്രഹംചെയ്വിൻ.
 പിഴകളശേഷവും പഴമയുള്ള നിങ്ങൾ
 വഴിയേ തീർപ്പിൻ യുഷ്മൽക്കഴലേ ശരണം മേ.”

എന്നു തന്റെ വിനീതി പ്രകടിപ്പിക്കുന്നു. കവിതയ്ക്കു മാധുര്യാദി ഗുണങ്ങൾ വളരെ കുറയും. ഏകാദശം 26-ാംമധ്യായം കളകാഞ്ചിയിൽ വിവർത്തനം ചെയ്തിരിക്കുന്നതു നോക്കുക. എങ്കിലും കവിക്കു് അർത്ഥനിഷ്കർഷ ധാരാളമായുണ്ടു്. ശ്രീകൃഷ്ണന്റെ ദേഹത്തിൽ ജരൻ ശരംപ്രയോഗിക്കുന്ന ഘട്ടം താഴെക്കാണുന്ന വിധത്തിൽ വർണ്ണിക്കുന്നു.

 “ഘനശ്യാമം ശ്രീവത്സകാങ്കം സന്തപ്ത–
 കനകവർച്ചസം ലസൽകൗശേയകം
 സുവസ്രയുഗ്മേന പരിവീതം സദാ
 സുമംഗളം ചാരുസ്മിതവക്‍ത്രാംബുജം
 സുനീലകുന്തളലളിതം നാളീക–
 മനോഭിരാമാക്ഷം മകുരകുണ്ഡല–
 വിരാജിതം ശ്രീമൽകിരീടമണ്ഡിതം
 സ്ഫുരൽകടകങ്കണാംഗദധരം
 സുനൂപുരഹാരലസിതകൗസ്തുഭ–
 മണിവിരാജിതം കടിസൂത്രോജ്ജ്വലം
 സ്ഫുരദ്ബ്രഹ്മസൂത്രവനമാലാധരം
 ശരീരിഭിർന്നിജായുധൈർവിരാജിതം
 മനോജ്ഞപങ്കജാരുണവാമപാദം
 മനോഭിരാമദക്ഷിണോരുവിൽച്ചേർത്തു
 സമാസീനം നാഥം മുഴുവൻകാണാതെ
 കമലകോമളപദംമാത്രം കണ്ടു
 ജരനെന്നു പേരായൊരു കാട്ടാളനും
 പുരാ മുസലശേഷനിർമ്മിതമായ
 ശരംകൊണ്ടു ഹരിചരണപത്മത്തെ–
 ത്തരസാ ഭേദിച്ചാൽ മൃഗാസ്യമെന്നോർത്തു.”
45.25ചിദംബരാഷ്ടകം (സംസ്കൃതം)

ഇതു മത്തേഭവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു സ്തോത്രമാണു്.

 “ത്ര്യക്ഷം മഹോക്ഷരഥമക്ഷീണപുണ്യചയലക്ഷ്യം വിപക്ഷപടലീ–
 കക്ഷാശുശുക്ഷണിമദക്ഷാക്ഷമാവിനയദക്ഷാധ്വരപ്രശമനം
 യക്ഷാധിപാദിസുരലക്ഷാർച്ചിതം പ്രണതമാക്ഷ്മാവരംതനുഭൃതാ–
 മീശം ചിദംബരസഭേശം നിരസ്തഭവപാശം ഭജേഹമനിശം.”
45.26സുന്ദരീസ്വയംവരം

സുന്ദരീസ്വയംവരത്തെ വിഷയീകരിച്ചു പലരും ആട്ടക്കഥകൾ എഴുതീട്ടുണ്ടു്. കുന്നത്തു സുബ്രണ്യൻപോറ്റിയുടെ കഥയെക്കുറിച്ചു മുൻപു പ്രസ്താവിച്ചുവല്ലോ. മേനോന്റേതു് അതിനേക്കാൾ മെച്ചമാണു്. അതിലെ “രൂക്ഷക്ഷുദ്രവിപക്ഷപക്ഷ” ഇത്യാദി ശ്ലോകം പി. ഗോവിന്ദപ്പിള്ള ഉദ്ധരിച്ചിട്ടുണ്ടു്.

45.27കാളിയാക്കു്

ഇതു ചിറ്റൂർ ദേവിയെപ്പറ്റിയുള്ള കേശാദിപാദവർണ്ണനപരമായ ഒരു സംസ്കൃതസ്തോത്രമാണു്.

 “അരുണസ്പർദ്ധികിരീടോല്ലസിതേ!
 തരുണഘനോപമസുരുചിരചികുരേ!
 ഹരിണാങ്കകുലാകുലിതോത്തംസേ!
 കരുണാകരി! തിലകാഞ്ചിതഫാലേ!
 സ്മരചാപോപമചില്ലീലതികേ!
 സരസീരുഹദളലോചനയുഗളേ!
 സുരുചിരനാസേ! സുന്ദരഹാസേ!
 വരപല്ലവതാമ്രാധരി!വിമലേ!
 കുരവകകുഡ്മളകോമളദന്തേ!
 ഗിരിതനയേ! കളകോകിലവചനേ!”

ഇവ അതിലെ ചില വരികളാണു്.

45.28അഴകത്തു വിദ്വാൻ കുറുപ്പ് (980–1035)
ജീവചരിത്രം

കരുനാഗപ്പള്ളിത്താലൂക്കിൽ ചവറയിൽ അഴകത്തുവീട്ടിൽ വിദ്വാൻ കുറുപ്പു പതിനൊന്നാംശതകം പൂർവ്വർദ്ധത്തിലെ അവിസ്മരണീയനായ ഒരു കവിയാണു്. അദ്ദേഹത്തിന്റെ ജനനമരണവർഷങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും അറിയുന്നില്ലെങ്കിലും ജീവിതകാലം 980-നും 1035-നും ഇടയ്ക്കാണെന്നു ഉദ്ദേശമായി പറയാം. പേരെന്തെന്നും അറിവില്ല. തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ എട്ടരയോഗം എന്ന സുപ്രസിദ്ധമായ ഭരണസമിതിയിൽ ആ കുടുംബത്തിലെ കാരണവന്മാർക്കു് ഒരു സ്ഥാനവും ശ്രീകരണം പള്ളിയാടി, അഥവാ കരണത്താക്കുറുപ്പു്, എന്നൊരു ഔദ്യോഗികനാമധേയവുമുണ്ടു്. കരണത്താൻ എന്നാൽ കണക്കപ്പിള്ള എന്നർത്ഥം. ചരിത്രപുരുഷൻ ബാല്യത്തിൽ സംസ്കൃതഭാഷ വഴിപോലെ പഠിക്കുകയും വേദാന്തശാസ്ത്രത്തിൽ വിശിഷ്യ വിജ്ഞാനം സമ്പാദിക്കുകയും ചെയ്തു. അദ്വൈതാനന്ദം കിളിപ്പാട്ടിൽ അദ്ദേഹം രണ്ടു ഗുരുക്കന്മാരെ വന്ദിച്ചുകാണുന്നു.

 “ദാസനാമെൻമനോവാസനയെബ്ഭക്തി–
 ഭാസുരയാക്കിച്ചമച്ച കൃപാനിധി
 ഭൂസുരന്മാരിലഗ്രേസരനീശ്വരോ–
 പാസനാതൽപരൻ കേശവൻതന്നുടെ
 ഭാസമാനശ്രീപദസരോജാന്തര–
 പംസുനാ നിർമ്മലേ മന്മനോദർപ്പണേ
 വാസുദേവൻ പ്രതിഭാസിക്കണം സദാ
 വ്യാസാദികളുമനുഗ്രഹിക്കേണമേ.
 കംസാരിസേവനതൽപരൻ കൃഷ്ണാഖ്യ–
 ദേശികൻതന്നെയും സഞ്ചിന്തയാമി ഞാൻ.”

ഇവരിൽ കേശവൻ എന്ന ബ്രാഹ്മണൻ ആരാണെന്നു് അറിയുന്നില്ല. തേവലക്കരപ്പകുതിയിൽ കോട്ടൂർ കൃഷ്ണനാശാനാണു് കൃഷ്ണൻ. വിദ്യാഭ്യാസം കഴിഞ്ഞു വിഖ്യാതനായതിനുമേൽ തിരുവനന്തപുരത്തുപോയി അന്നു നാടുവാണിരുന്ന സ്വാതിതിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുകയും അവിടുന്നു കുറിപ്പിന്റെ ബഹുമുഖമായ പാണ്ഡിത്യത്തെ അനുമോദിച്ചു “വിദ്വാൻ” എന്ന ബിരുദം സമ്മാനിക്കുകയും ചെയ്തു. മരിച്ചതു സ്വഗൃഹത്തിൽവെച്ചുതന്നെയാണു്. ചവറ പുതുക്കാട്ടു മുറിയിൽ മഠത്തിൽവീട്ടിൽ ഇടിക്കാളിഅമ്മയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മകനും വിദ്വാനുമായ പുതുക്കാട്ടു മഠത്തിൽ കൃഷ്ണനാശാനെപ്പറ്റി മേൽ പ്രസ്താവിക്കും.

കൃതികൾ

അദ്വൈതാനന്ദം എന്ന കിളിപ്പാട്ടാണു് കുറുപ്പിന്റെ പ്രധാനകൃതി. അതിനുപുറമെ മാർക്കണ്ഡേയചരിതം എന്ന പേരിൽ ഒരു ആട്ടക്കഥയും ലക്ഷ്മീസ്തവം എന്ന കീർത്തനവും അദ്ദേഹം രചിച്ചിട്ടുണ്ടു്.

 “കുംഭിമുഖവനെക്കുമ്പിട്ടുകൊണ്ടു ഞാ–
 നംഭോജസംഭവൻതൻ തിരുമാതിനെ
 കമ്പമൊഴിഞ്ഞുള്ളിലാമ്മാറുറപ്പിച്ചു
 സമ്പത്തു നല്കുവാൻ പാലാഴിമാതിനെ”

വാഴ്ത്തുകയാണെന്നു കവി പറയുന്ന ലക്ഷ്മീസ്തവം നിർഗ്ഗുണമാണു്.

45.29മാർക്കണ്ഡേയചരിതം ആട്ടക്കഥ

മാർക്കണ്ഡേയചരിതം തരക്കേടില്ലാത്ത ഒരാട്ടക്കഥയാണു്. രാഷ്ട്രവർദ്ധനൻ എന്ന രാജാവിന്റെ വർണ്ണനത്തോടുകൂടി കഥ ആരംഭിക്കുന്നു. അദ്ദേഹമാണ് മാർഗ്ഗനിരോധം ശമിപ്പിച്ചു മൃഗണ്ഡുമഹർഷിക്കു കാശിയിൽ വിശ്വനാഥഭജനത്തിന്നു വേണ്ട സൗകര്യം ഉണ്ടാക്കിക്കൊടുത്തതു്. ആടിക്കാണുവാൻ പ്രസ്തുത കഥ പ്രത്യേകിച്ചും കൊള്ളാം. “മാമുകിൽവാസിനി”യായ പാർവ്വതീദേവിയെ കവി ഗ്രന്ഥാരംഭത്തിൽ ധ്യാനിക്കുന്നു. അതു് ഏതു ക്ഷേത്രത്തിലെ മൂർത്തിയാണെന്നു മനസ്സിലാകുന്നില്ല. താഴെക്കാണുന്ന ശ്ലോകവും ദുർഗ്ഗസ്തുതിതന്നെ.

 “ദുർഗ്ഗാമാശു ബഹിർമ്മുഖൈഃ പ്രണുതസം–
 സർഗ്ഗാം ച ബഹിർമ്മുഖൈഃ
 സ്വർഗ്ഗാധീശനിഷേവിതാം പദജൂഷാം
 സ്വർഗ്ഗാപവർഗ്ഗപ്രദാം
 ഭർഗ്ഗാനന്ദവിധായിനീം മദസുഹൃ–
 ദ്വർഗ്ഗന്തദാ ചിന്മയീം
 ദുർഗ്ഗാം സന്തതമാശ്രയേ ഭഗവതീം
 സർഗ്ഗാന്തരക്ഷാകരീം.”

ഒരു ചരണം:–രാജാവു മാർഗ്ഗനിരോധിയായ കാട്ടാളനോടു്:

 “ഝടിതി കൊടിയ പടിമ പെരിയൊ–
 രടികളിടികൾ കൊണ്ടു നിന്റെ
 തടിയതുടയ വടിവു ഘടന വെടിയുമിന്നെടാ!
 നിർജ്ജനേ വനേ വസിച്ചു സജ്ജനത്തെയുജ്ജസിച്ചു–
 പാർജ്ജിതാർത്ഥവർജ്ജ്യഭോജ്യസജ്ജ ദുർമ്മതേ!
 ആശനിസദൃശനിശിതവിശിഖ–
 നിരകൾകൊണ്ടു സപദിനിന്റെ–
 യശുഭപുശുനകുശലപശുത തീരുമിന്നെടാ!”
45.30അദ്വൈതാനന്ദം

അദ്വൈതാനന്ദം നിരവധി വേദാന്തതത്വങ്ങളെ സ്പഷ്ടവും ലളിതവുമായ ഭാഷയിൽ പ്രതിപാദിക്കുന്ന ഒരു വിശിഷ്ടമായ കിളിപ്പാട്ടാണു്. അതിൽ ആറധ്യായങ്ങൾ കവി ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ഒന്നും അഞ്ചും അധ്യായങ്ങൾ കാകളിയിലും, രണ്ടും ആറും അധ്യായങ്ങൾ കേകയിലും, മൂന്നും നാലും അധ്യായങ്ങൾ യഥാക്രമം പാനയിലും അന്നനടയിലുമാണു് രചിച്ചിരിക്കുന്നതു്. ഗുരുശിഷ്യോപദേശരൂപത്തിൽ നിബന്ധിച്ചിരിക്കുന്ന ആ ഗാനത്തിൽ ഗുരു വെങ്കടാചലസ്വാമി എന്ന ബ്രഹ്മജ്ഞസത്തമനാണു്. പഞ്ചീകരണമാണ് പ്രഥമാധ്യായത്തിലെ പ്രകരണം. ദ്വാദശവർണ്ണകം എന്ന ഗ്രന്ഥത്തെയാണു് കവി പ്രായേണ ഉപജീവിച്ചിരിക്കുന്നതു്. ഒടുവിൽ “വേദാന്തമഹാശാസ്ത്രം മനനം സാംഖ്യസാരം ദ്വാദശസംഖ്യൈരുക്തം വർണ്ണകുമിദം പൂർണ്ണം” എന്നു കവിതന്നെ ആ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്. കുറുപ്പിന്റെ കാവ്യസരണി കാണിക്കുവാൻ ഒരു ഭാഗം ഉദ്ധരിക്കാം.

 “മത്സ്യകേതനനാകും കൈവർത്തൻ നരന്മാരാം
 മത്സ്യസഞ്ചയങ്ങളെ നിഗ്രഹിപ്പതിനായി
 സുന്ദരീവർഗ്ഗമാകും ബളിശം സംസാരമാ–
 കുന്നോരു സമുദ്രത്തിൽസ്സന്തതം ക്ഷേപിക്കുന്നു.
 മോഹനാംഗികളുടെയധരമാംസത്തിനെ
 മോഹിച്ചു ചാടിക്കൊത്തി വലയുന്നെന്നേ വേണ്ടൂ.
 പിന്നെയിമ്മർത്ത്യമത്സ്യവൃന്ദത്തെയനുരാഗ–
 വഹ്നിയിൽപ്പചിപ്പതും കുന്ദർപ്പവൃത്തിയല്ലോ.
 ദുരുക്തിയെന്തിന്നേറ്റം ഘോഷിച്ചുപറയുന്നു?
 വിരക്തിയുണ്ടെന്നാകിൽജ്ജയിക്കാംമനസ്സിനെ.
 അശക്തനെന്നാകിലും ഭക്തിയുണ്ടാകുന്നേര–
 മസക്തി സർവേന്ദ്രിയവിഷയങ്ങളിലുണ്ടാം.
 അസക്തികൊണ്ടുതന്നെ വിരക്തി വന്നീടുന്നു,
 വിമുക്തപാപന്മാരാം ഭക്തന്മാർക്കെല്ലാപേർക്കും.
 ബഹിരിന്ദ്രിയജയമായൊരു ദമമേവം
 ഗ്രഹണം ചെയ്തീടുക മനസാ ശുഭമതേ!”

1068-ാംമാണ്ടു് അഴകത്തു പത്മനാഭക്കുറുപ്പ് അച്ചടിപ്പിച്ച ഈ പുസ്തകം ഇപ്പോൾ ഒരിടത്തും കിട്ടുന്നില്ല. കേരളത്തിൽ എവിടെയും പ്രചുരപ്രചാരം സിദ്ധിക്കേണ്ട ഒരു ഭാഷാഗാനത്തിനാണു് ഈ ശോചനീയാവസ്ഥ സംഭവിച്ചിരിക്കുന്നതു്.

45.31മടവൂർ കാളുആശാൻ (1032–1063)
കുടുംബവും ജനനവും

മടവൂർ കാളുആശാൻ 1032-ാംമാണ്ടു ചിങ്ങമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു. ചിറയിൻകീഴ് താലൂക്കിൽ മടവൂർപകുതിയിൽ കോവിൽവീടാണു് തറവാടു്. ആ വീട്ടിൽ മാർത്താണ്ഡനാശാൻ എന്നൊരു പണ്ഡിതൻ 990 മുതൽൽ 1021 വരെ ജീവിച്ചിരുന്നു. അദ്ദേഹം ഒരു ജ്യോത്സ്യനും മന്ത്രവാദിയും വൈദ്യനും ചില ചില്ലറ ഭാഷാഗാനങ്ങളുടെ പ്രണേതാവുമായിരുന്നു. 998-ൽ ആ കുടുംബത്തിലെ പരദേവതയായിരുന്ന ഭദ്രകാളിയെ വെട്ടൂർ പെരുമൺ എന്ന സ്ഥലത്തു നിന്നു മടവൂർ കളരിയിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. കോവിൽവീട്ടുകാർ ആ ദേവിയെ തദനന്തരം പൂർവ്വാധികമായി ആരാധിച്ചുതുടങ്ങി. ആ മാർത്താണ്ഡനാശാന്റെ സഹോദരി നാരായണിഅമ്മയുടേയും ചെറുകര ബാലകൃഷ്ണപിള്ളാആശാന്റേയും പുത്രനാണു് കാളുആശാൻ. പിതൃദത്തമായ നാമധേയം കാളിദാസൻ എന്നായിരുന്നു എന്നും അതു ലോപിച്ചാണു് കാളു എന്നായതെന്നും പറയുന്നു. മലയാളം പഠിപ്പിച്ചതു പിതാവുതന്നെയായിരുന്നു.

ജീവിതചരിത്രം

അക്കാലത്തു കിളിമാനൂർ കൊട്ടാരത്തിൽ സംസ്കൃതാധ്യാപകനായിരുന്ന കിളിമാനൂർ കോട്ടൂർ നീലകണ്ഠപ്പിള്ളആശാനായിരുന്നു ആദ്യത്തെ സംസ്കൃതഗുരു. അദ്ദേഹത്തിന്റെ അന്തേവാസിയായി അഞ്ചാറു മാസമേ കഴിച്ചുകൂട്ടിയുള്ളു എങ്കിലും ശൈശവത്തിൽത്തന്നെ അസാധാരണമായ പ്രതിഭാശക്തി പ്രദർശിപ്പിച്ചിരുന്ന കഥാനായകനു സാഹിത്യത്തിൽ കവലയാനന്ദംവരെയും ഗണിതത്തിൽ ലീലാവതിവരെയും അതിനിടയ്ക്കു പഠിക്കുവാൻ സാധിച്ചു. പിന്നീടു യാവജ്ജീവം ഒരത്യേധാവായി വ്യാകരണത്തിലും തർക്കത്തിലും യഥാകാലം പരിചയം സമ്പാദിച്ചു. അപ്പോഴേയ്ക്കു 15 വയസ്സു പ്രായമായിരുന്ന ആ ബാലൻ സ്വല്പകാലം ഒരു പ്രവൃത്തിപ്പള്ളിക്കൂടം വാധ്യാരായും പിന്നീടു മാമണ്ണൂർ ഇല്ലത്തെ ഉണ്ണികളുടെ അധ്യാപകനായും ജീവിതം നയിച്ചു. അനന്തരം ജ്യോത്സ്യൻ എന്ന ഖ്യാതി പ്രസരിച്ചപ്പോൾ അതുതന്നെ കാലക്ഷേപമാർഗ്ഗമായിത്തീർന്നു. 1063-ആമാണ്ടു കുംഭമാസം 10-ാംനു മരിച്ചു.

കൃതികൾ

കാളുആശാനു സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനംചെയ്വാൻ പാടവമുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽത്തന്നെ ചില പാട്ടുകൾ എഴുതി. അദ്ദേഹത്തിന്റെ കൃതികളിൽ (1) പ്രഹ്ലാദചരിതം ആട്ടക്കഥ, (2) ശങ്കരാചാര്യചരിതം കിളിപ്പാട്ടു്, (3) ശ്വകാകസല്ലാപം സംസ്കൃതചമ്പു എന്നിവയ്ക്കാണു് പ്രാധാന്യം. പാഞ്ചാലീസ്വയംവരം കിളിപ്പാട്ടും സോമവാരവ്രതമാഹാത്മ്യം തുള്ളൽപ്പാട്ടും കൂടി അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളതായി കേട്ടിട്ടുണ്ടെങ്കിലും അവ ഇപ്പോൾ അലഭ്യങ്ങളാണു്.

പ്രഹ്ലാദചരിതവും ശങ്കരാചാര്യചരിതവും

പ്രഹ്ലാദചരിതം ആട്ടക്കഥയും ശങ്കരാചാര്യചരിതം കിളിപ്പാട്ടും കോട്ടൂർ നീലകണ്ഠപ്പിള്ള ആശാന്റെ നിദേശാനുസരണം നിർമ്മിച്ച കൃതികളാണു്.

 “ശ്രീമൽകീരൈണരാഷ്ട്രക്ഷിതിവലഭിദുരു–
 പ്രീതിഭാഗാര്യശിഷ്യ–
 ശ്രീമന്മൗലിർമ്മഹാത്മാ തരളസരളധീ–
 ർന്നീലകണ്ഠാഭിധാനഃ
 ഭീമശ്രീപാദസേവീ ഗുഹനിഖിലകലാ–
 പേശലോ ദൂരദർശി–
 സ്തോമോത്തംസോ യശസ്വീ മമ ഗുരുരിഹ ജേ–
 ജീയതേ ധന്യശീലഃ”

എന്നു് ഇവയിൽ ആദ്യത്തെ കൃതിയിലും,

 മൽഗുരുവരനായ മംഗലമണിദീപം
 സൽഗുണാകരൻ ക്രോഡഗ്രാമനാമകധാമാ
 മേദൂരിതോരുഹോരാതത്വാർത്ഥസാരതന്ത്ര–
 യാദസാംപതിലോപാമുദ്രാസുനാഥൻ ശുഭൻ
 ദേവബ്രാഹ്മണസാധുപൂജനരതൻ സർവ–
 കോവിദാവലീമുഖകൈരവരാകാചന്ദ്രൻ
 നീലകണ്ഠാഭിധാനൻതൻതിരുപ്പാദം നിത്യ–
 മാലംബിച്ചിതാ വീണു വനങ്ങീടുന്നേനഹം.”

എന്നു രണ്ടാമത്തേതിലും ആ ഗുരുവിനെ കവി വന്ദിച്ചിരിക്കുന്നു. പ്രഹ്ലാദചരിതം സാമാന്യം നല്ല ഒരാട്ടക്കഥയാണു്. ഒരു മങ്ഗളശ്ലോകവും ഒരു പദത്തിൽനിന്നു ചില വരികളും എടുത്തുകാണിക്കാം.

 “യദ്ബീജാംകുരിതം ക്രമൈദിതമിദം ചാദോ മദീയം വപൂർ–
 ല്ലോകേ സംക്രമിതം യദീയയശസഃ കിഞ്ചഛുഭം മദ്യശഃ
 യച്ഛിക്ഷാസുപടുത്വതോഹമധുനാ സദ്യഃ പ്രബുദ്ധാക്ഷര–
 സ്തം താതം ഹൃദി ചിന്തയേ ബുധവരം യോ ബാലകൃഷ്ണാ ഹ്വയഃ.”

ദേവേന്ദ്രൻ ശചീദേവിയോടു്:

 “സൂര്യബിംബം പോയ്മറഞ്ഞു പാരിജാതങ്ങൾ കരിഞ്ഞു
 സാരകാന്തവിയോഗേന നാരിതന്റെ മുഖംപോലെ.
 താരേശനുദിച്ചുയർന്നൂ കൈരവങ്ങൾ തെളിയുന്നൂ
 ചാരു നിൻമുഖശ്രീ കണ്ടൂ പാരമെൻമാനസംപോലെ.
 അഞ്ചിതകോകിലവൃന്ദം പഞ്ചമങ്ങൾ പാടീടുന്നു;
 പിഞ്ഛവും വിരുത്തു ശിഖിസഞ്ചയങ്ങളാടിടുന്നു.
 വണ്ടുകളും മധുരസമുണ്ടു ഷഡ്ജം പാടിടുന്നു
 തണ്ടലർസായകൻതന്റെ കൊണ്ടാടും ഞാണൊലിപോലെ.
 മന്ദവായുസഞ്ചലിതമന്ദാരവല്ലികൾ കാണ്ക
 മന്ദം നമ്മെ വിളിക്കുന്നിതെന്നുതന്നെ തോന്നീടുന്നു.
 മാരനായ വീരൻ വന്നു കൂരമ്പുകൾ ചൊരിയുന്നു
 വാരണഗമനേ! മനതാരിൽ മാൽ പെരുകീടുന്നു.”

ശങ്കരാചാര്യചരിതം അപൂർണ്ണമാണു്.

ശ്വകാകസല്ലാപം

ഈ കൃതിയാണു് കാളുആശാന്റെ വാങ്മയങ്ങളിൽ ഏറ്റവും സരസമായി എനിക്കു തോന്നീട്ടുള്ളതു്. ഇതും മുഴുവൻ കിട്ടീട്ടില്ല. തന്റെ ഗുരുനാഥനായ നീലകണ്ഠപ്പിള്ള ഒരവസരത്തിൽ തിരുവല്ലാ നെടുമ്പുറത്തു കൊട്ടാരത്തിൽ തമ്പുരാനുമായുള്ള ഏതോ ഒരു വാദത്തിൽ തോറ്റു എന്നു ദുഷ്പ്രവാദം പരത്തിയ ‘കൂനൻ നമ്പിയാർ’ എന്നൊരു കലഹപ്രിയനെ പരിഹസിയ്ക്കുന്നതിലേയ്ക്കായി കവി രചിച്ചതാണു് പ്രസ്തുതചമ്പു. അത്തരത്തിലുള്ള വാദ കോലാഹലങ്ങളിൽ കാളു ആശാൻ പലപ്പോഴും ഏർപ്പെട്ടിരുന്നു. കാവ്യം ഇങ്ങനെ ആരംഭിക്കുന്നു.

 “ജഗദ്ഗുരും ഗുരും വന്ദേ സംശ്ലിഷ്യൽസർവമങ്ഗലം
 വൃഷധ്വജം നീലകണ്ഠം സൽകലാനിധിശേഖരം.

 ശ്വകാകസല്ലാപ ഇതീര്യതേ മയാ
 പ്രബന്ധ ഏഷോല്പധിയാപി കുശ്ചന
 അയം സമാലോക്യ നിരന്തരം ബുധൈ–
 വിശുദ്ധ ഊരീക്രിയതാം ക്ഷമാപരൈ:.”

ആദ്യത്തെ ശ്ലോകത്തിൽ ഗുരുവന്ദനവും കാണാവുന്നതാണു്. അനന്തരം അമ്പലപ്പുഴക്ഷേത്രത്തെ കവി ഒരു പ്രൗഢമായ ഗദ്യത്തിൽ വർണ്ണിക്കുന്നു.

“സകല ജഗൽപരിപാലനലീലാകരണൈകതാനത്വവി
ഹിതപൃഥുരോമകമഠസ്തബ്ധരോമനരകണ്ഠീരവാകണ്ഠവാ മ ന ധൃത
പരശുകോദണ്ഡമുസല രാമപരമഭാഗധേയാന്വിതരാധാനാമധേ
യാദ്യഖിലഗോപികാലോലംബാരാമ ഗോവിന്ദധരാസുഗതസൗ
ഗതാസജ്ജനദുരാചാരധാരണപ്രചാരണ നിപുണദോർദ്ദണ്ഡപ
രിമണ്ഡിതഖഡ്ഗ്യവതാരശ്രീമുകുന്ദൈകവാസസുക്ഷേത്ര ഭ്രാ ജി
ഷ്ണുസകലസല്യാണമയമംബരനദീപുരാഖ്യമങ്ഗള വിഷയം”

എന്നു് ആ ഗദ്യം അവസാനിക്കുന്നു. ആ ക്ഷേത്രത്തിൽ ഊട്ടുപുരയ്ക്കു വെളിയിൽ ദീർഘകർണ്ണനെന്ന ശൂനകനും ജവനനെന്ന കാകനും തമ്മിൽ നടക്കുന്ന സംഭാഷണമാണു് പ്രതിപാദ്യ വിഷയം.