സ്വാതിതിരുനാൾ മഹാരാജാവിന്റെ സന്തതസഹചാരിയായിരുന്ന മഹാകവി വിദ്വാൻ കോയിത്തമ്പുരാനെപ്പറ്റിയാണു് ഇനി പ്രതിപാദിക്കേണ്ടതു്. 980-ാമാണ്ടിടയ്ക്കു കിളിമാനൂർക്കൊട്ടാരത്തിൽ ഭരണസാമർത്ഥ്യമുള്ള പുരുഷന്മാർ ആരുമില്ലാതിരുന്നതിനാൽ, 964-ൽ തിരുവിതാംകൂർ രാജകുടുംബത്തിലേയ്ക്കു കോലത്തുനാട്ടുനിന്നു ദത്തെടുത്ത ഭരണിതിരുനാൾ ആറ്റിങ്ങൽ മുത്തറാണിയുടെ ഭർത്താവായ കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ വടക്കേമലബാറിൽ തളിപ്പറമ്പിൽനിന്നു അണിമങ്ഗലത്തു നാരായണൻനമ്പൂരിയെ വരുത്തി അദ്ദേഹത്തെക്കൊണ്ടു തന്റെ സഹോദരിയായ രോഹിണിനാൾ തമ്പുരാട്ടിയേ വിവാഹം ചെയ്യിച്ചു. അണിമങ്ഗലത്തു നമ്പൂരി 945-മാണ്ടിടയക്കു ജനിച്ചു. കോട്ടയം പഴശ്ശിരാജാവിന്റെ സുഹൃത്തായി അന്നത്തെ കലാപങ്ങളിൽ അദ്ദേഹത്തെ സഹായിച്ച ഒരു വീരപുരുഷനായിരുന്നു അദ്ദേഹം. രോഹിണിനാൾ തമ്പുരാട്ടിക്കു് ഉത്രംനാൾ തമ്പുരാട്ടിയെന്നും ഉമാദേവിത്തമ്പുരാട്ടിയെന്നും രണ്ടു് അനുജത്തിമാരുണ്ടായിരുന്നു. അവരിൽ ഉത്രംനാൾ തമ്പുരാട്ടിയെ വടക്കൻതിരുവിതാംകൂറിൽ ആയാംകുടി അയ്യ്യോഴി നമ്പൂതിരിയും ഉമാദേവിയെ തെക്കേ മലബാറിൽ കിഴക്കാഞ്ചേരി നാരായണൻനമ്പൂരിയും പരിഗ്രഹിച്ചു. അയ്യ്യോഴി നമ്പൂരി വൈശാഖമാഹാത്മ്യം എന്നൊരാട്ടക്കഥ രചിച്ചിട്ടുണ്ടു്. ഉമാദേവിത്തമ്പുരാട്ടി വിഷ്ണുമായാചരിതം തുള്ളലിന്റെ പ്രണേത്രിയായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കിഴക്കാഞ്ചേരി നമ്പൂരി ഒരു നല്ല പണ്ഡിതനും ശ്രീമദ്ഭാഗവതത്തിന്റെ അർത്ഥചർച്ചയിൽ അദ്വിതീയനുമായിരുന്നു. അദ്ദേഹത്തെ വിദ്വാൻ കോയിത്തമ്പുരാൻ രാവണവിജയം ആട്ടക്കഥയുടെ ആരംഭത്തിൽ താഴെക്കാണുന്നവിധത്തിൽ പ്രശംസിച്ചിട്ടുണ്ടു്.
ആ ദമ്പതികളുടെ സന്താനമാണു് നമ്മുടെ കവിപുംഗവൻ. വിദ്വാൻ കോയിത്തമ്പുരാന്റെ ആചാര്യദത്തമായ നാമധേയം രാജരാജവർമ്മ എന്നായിരുന്നു എങ്കിലും ചെറൂണ്ണി എന്ന ഓമനപ്പേരിലായിരുന്നു അദ്ദേഹത്തെ വിളിച്ചുവന്നതു്. ഗൗരി പാർവതീറാണിയെ പള്ളിക്കെട്ടു കഴിച്ചതു കിളിമാനൂർ രാഘവവർമ്മത്തമ്പുരാനായിരുന്നു. അച്ഛൻതന്നെയാണു് അതിബുദ്ധിശാലിയായ കുമാരനെ ബാല്യത്തിൽ കാവ്യങ്ങൾ അഭ്യസിപ്പിച്ചതു്. പത്താമത്തെ വയസ്സിൽ ഒരു ദിവസം കിളിമാനൂർ കൊട്ടാരത്തോടനുബന്ധിച്ചുള്ള വേട്ടക്കരുമൻകോവിലിൽ അമ്മയോടൊരുമിച്ചു പ്രദക്ഷിണംവെച്ചുകൊണ്ടിരിക്കുമ്പോൾ ആ ബാലൻ പെട്ടെന്നു കിരാതരുദ്രപരമായി
എന്നൊരു ശ്ലോകമുണ്ടാക്കിച്ചൊല്ലി അമ്മയെവിസ്മയിപ്പിച്ചു. ആയിടയ്ക്കു പാർവതീറാണി കിളിമാനൂർകൊട്ടാരത്തിൽ എഴുന്നള്ളിയപ്പോൾ ആ ശ്ലോകം കേട്ടു് ഉടൻതന്നെ ചെറൂണ്ണിയെ സ്വാതിതിരുനാൾ മഹാരാജാവിന്റെ സതീർത്ഥ്യനാക്കുന്നതിനു വേണ്ടി തിരുവനന്തപുരത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അങ്ങനെ ബാല്യംമുതൽക്കുതന്നെ മഹാരാജാവും കോയിത്തമ്പുരാനും സഖാക്കളായി വളർന്നു.
തിരുവനന്തപുരത്തെ താമസം കോയിത്തമ്പുരാനെ ഒരു വിശിഷ്ടസംസ്കൃതപണ്ഡിതനും വശ്യവാക്കായ കവിയും മർമ്മജ്ഞനായ ഗായകനുമായി വികസിപ്പിച്ചു. തിരുമനസ്സുകൊണ്ടു് 1004-ൽ സിംഹാസനാരൂഢനായപ്പോൾ അദ്ദേഹത്തിനു പ്രതിമാസം 100 രൂപ അടുത്തൂണ്‍ പതിച്ചുകൊടുത്തു. കോയിത്തമ്പുരാന്റെ ആശുകവനസാമർത്ഥ്യം അവിടുന്നു് പലപ്പോഴും പരീക്ഷിച്ചു് ആനന്ദതുന്ദിലനായിട്ടുണ്ടു്. 1015-ാമാണ്ടു് ഒരിക്കൽ മതിലകത്തു് ഉത്സവത്തിൽ ശ്രീപത്മനാഭസ്വാമിയെ കാഴ്ചശ്ശീവേലിക്കു് എഴുന്നള്ളിച്ചപ്പോൾ തിരുമേനി “ശിബികായാം വിഭാത്യേഷ ഭഗവാനംബുജേക്ഷണഃ” എന്നു് ഒരു ശ്ലോകത്തിന്റെ പൂർവാർദ്ധം ഉണ്ടാക്കിച്ചൊല്ലി ഉത്തരാർദ്ധം ഉണ്ടാക്കുവാൻ കോയിത്തമ്പുരാനോടാജ്ഞാപിച്ചു.
“കനകാദ്രിസമാരൂഢഘനകാന്തിം വിഡംബയൻ” എന്നു് ഒരു കൂസലുംകൂടാതെ കവി അതു പൂരിപ്പിച്ചപ്പോൾ അവിടുന്നു് ആശ്ചര്യപ്പെട്ടു് ഒരു ജോഡി വൈരക്കടുക്കൻ സമ്മാനിച്ചു. പിന്നീടു് ഒരവസരത്തിൽ മഹാരാജാവു മതിലകത്തെ ആറാട്ടിനു കാൽനടയായി കടപ്പുറത്തേയ്ക്കു എഴുന്നള്ളുമ്പോൾ നിരത്തിന്റെ ഇരുവശത്തുമുള്ള മേടകളിൽ അലംകൃതകളായി കിളിവാതിലുകളിൽക്കൂടി എത്തിനോക്കിക്കൊണ്ടിരുന്ന സുന്ദരിമാരെക്കണ്ടു്
എന്നു മറ്റൊരു ശ്ലോകത്തിന്റെ പൂർവാർദ്ധം നിർമ്മിച്ചു് ഉച്ചരിച്ചു. കോയിത്തമ്പുരാൻ അതിന്റെ ഉത്തരാർദ്ധം
എന്നു തൽക്ഷണംതന്നെ നിഷ്പ്രയാസം പൂരിപ്പിച്ചു. പൂർവാർദ്ധത്തിന്റേയും ഉത്തരാർദ്ധത്തിന്റേയും സാമഞ്ജസ്യം ആ കാഴ്ച ഇക്കാലത്തും കണ്ടിട്ടുള്ള സഹൃദയന്മാർക്കു് അത്യന്തം ആസ്വാദ്യമാണെന്നു പറയേണ്ടതില്ലല്ലോ. ആ പുരണത്തെ അകമഴിഞ്ഞ് അഭിനന്ദിച്ചാണു് “വിദ്വാൻ” എന്ന ബിരുദം മഹാരാജാവു പിറ്റേ ദിവസം പണ്ഡിതസദസ്സിൽവച്ചു നല്കി കവിയെ ചരിതാർത്ഥനാക്കിയതു്. മറ്റൊരിക്കൽ മഹാരാജാവു കടൽപ്പുറത്തു കൊട്ടാരത്തിനു സമീപം എത്തിയപ്പോൾ ചുറ്റും കൂടിയിരുന്ന ആസ്ഥാനവിദ്വാന്മാരോടു കൊട്ടാരത്തിൽ എത്തുന്നതിനുമുൻപു ശ്രീപത്മനാഭനും തനിക്കും യോജിപ്പിക്കാവുന്ന നിലയിൽ രണ്ടർത്ഥത്തിൽ ഒരു ശ്ലോകമുണ്ടാക്കണമെന്നു കല്പിച്ചു. കോയിത്തമ്പുരാനും ഇരയിമ്മൻതമ്പിയും മാത്രമേ ആ അഗ്നിപരീക്ഷയിൽ വിജയം പ്രാപിച്ചുള്ളു. കോയിത്തമ്പുരാന്റെ ശ്ലോകമാണു് ചുവടേ കാണുന്നതു്.
ഭാഷാകവനവിഷയത്തിലും കഥാപുരുഷൻ ആ സാമർത്ഥ്യം വെളിപ്പെടുത്തീട്ടുണ്ടു്. ഒരിയ്ക്കൽ സന്ധ്യയ്ക്കു തിരുമേനി സല്ലാപ മധ്യേ “നാഴികമണിയാറായീ” എന്നു കല്പിച്ചു. ഉടനേ കോയിത്തമ്പുരാൻ അതിനെ ഒരു സമസ്യാരൂപത്തിൽ സ്വീകരിച്ചു “നാരീണാം ഭൂഷണൗഘമണിയാറായീ” എന്നു് ആ ശ്ലോകത്തിന്റെ ദ്വിതീയപാദം ചൊല്ലി. എന്നാൽ ശേഷംകൂടി കേൾക്കട്ടെ എന്നായി മഹാരാജാവു്;
എന്നു് അതിന്റെ ഉത്തരാർദ്ധവും ചൊല്ലി ആ സരസ്വതീവല്ലഭൻ അവിടത്തെ സംതൃപ്തനാക്കി. മഹാരാജാവു് 1016-ൽ ഇദം പ്രഥമമായി പുഷ്യരഥം ഉണ്ടാക്കിച്ചപ്പോൾ ആസ്ഥാന പണ്ഡിതന്മാരെല്ലാം അതിനെ അവരുടെ സരസ്വതീപ്രസാദത്തിനു് അനുഗുണമായവിധത്തിൽ പ്രകീർത്തനം ചെയ്തു. അന്നും അവരുടെ മുന്നണിയിൽ നിന്നതു കോയിത്തമ്പുരാനും തമ്പിയും തന്നെയായിരുന്നു. താഴെക്കാണുന്ന വർണ്ണനശ്ലോകത്തിൽ ആ വാഹനത്തെ മഹാരാജാവിനോടും ശ്രീകൃഷ്ണനോടും അർജ്ജുനനോടും ഭീമസേനനോടും ഉപമിച്ചു നാലർത്ഥംവരെ കോയിത്തമ്പുരാൻ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ജിഷ്ണുവിനെ ഇന്ദ്രപര്യായമായി കരുതുമ്പോൾ അഞ്ചാമതൊരർത്ഥവും വിദ്വാന്മാർക്കു കല്പിക്കാവുന്നതാണു്.
ഈ ശ്ലോകത്തിനു മഹാരാജാവു കവിക്കു രണ്ടു കൈയ്ക്കും രത്നഖചിതമായ വീരശൃംഖല നല്കി.
വിദ്വാൻ എന്ന ബിരുദത്തിനുപുറമെ മഹാരാജാവു കോയിത്തമ്പുരാനു “കരീന്ദ്രൻ” എന്നൊരു നർമ്മ സംജ്ഞയും സമ്മാനിച്ചിരുന്നു. അതു് അദ്ദേഹത്തിന്റെ മേചകസ്നിഗ്ദ്ധമായ വർണ്ണത്തേയും സ്പൃഹണീയമായ ശരീരദാർഢ്യത്തേയും രമണീയമായ ഗതിവിശേഷത്തേയും ആസ്പദമാക്കിയായിരുന്നു എന്നു പഴമക്കാർ പറയുന്നു. ബാല്യത്തിൽ അന്നത്തെ ക്ഷത്രിയസംപ്രദായമനുസരിച്ചു കച്ചകെട്ടി കായികാഭ്യാസരീതികൾ പരിശീലിച്ചിരുന്ന അദ്ദേഹം പില്ക്കാലത്തു തത്സംബന്ധമായി പല അത്ഭുതകാര്യങ്ങളും നിർവഹിച്ചിട്ടുണ്ടെന്നറിയുന്നു. 1005-ൽ കടത്തനാട്ടു അപ്പുത്തമ്പുരാൻ തിരുവനന്തപുരത്തു വന്നു തന്റെ ജ്യോതിശ്ശാസ്ത്രപാണ്ഡിത്യം പ്രദർശിപ്പിച്ചു മടങ്ങിയതിന്റെ ശേഷം കോയിത്തമ്പുരാനു് ആ ശാസ്ത്രംകൂടി അഭ്യസിക്കണമെന്നു തോന്നുകയാൽ അതിലേക്കായി കുട്ടൻ പേരൂരിൽനിന്നു ബാലരാമൻപിള്ളയെ വരുത്തി മഹാരാജാവു രാജധാനിയിൽ താമസിപ്പിച്ചു. അതിനും പുറമെ അദ്ദേഹം അശ്വലക്ഷണജ്ഞനായ ഒരു അശ്വാരോഹണകശലനുമായിരുന്നു. അങ്ങനെയെല്ലാം തിരുമനസ്സിലെ സ്നേഹ ബഹുമാനങ്ങൾക്കു പാത്രീഭവിച്ച ആ മഹാകവിക്കും മാച്ചിപ്പുറത്തു നമ്പിപ്പോറ്റി എന്നൊരു ഏഷണിക്കാരന്റെ കുതന്ത്രങ്ങളിൽ വിശ്വസിച്ചുപോയ അവിടത്തെ അപ്രീതിനിമിത്തം കുറേക്കാലത്തേയ്ക്കു രാജധാനി വിട്ടു മാറിത്താമസിക്കേണ്ടിവന്നു. ആ അവസരത്തിൽ തന്റെ അശരണദശയെ നിവേദനം ചെയ്യുന്ന ഒരു പദ്യലേഖനം അദ്ദേഹം തിരുമേനിക്കു സമർപ്പിച്ചു. അതിലെ രണ്ടു ശ്ലോകങ്ങൾ മാത്രമേ കിട്ടീട്ടുള്ളു. അവ അടിയിൽ ഉദ്ധരിക്കുന്നു. ആദ്യത്തെ ശ്ലോകത്തിൽ കരീന്ദ്രമുദ്ര ഘടിപ്പിച്ചിട്ടുമുണ്ടു്.
ആ ശ്ലോകങ്ങൽ വായിച്ച നിമിഷത്തിൽ സാനുശയനായ മഹാരാജാവു കവിയെ പൂർവ്വാധികം തന്റെ സ്നേഹഭാജനമാക്കി.
കോയിത്തമ്പുരാൻ രചിച്ച ഒരു ശ്ലോകത്തിൽ ഉഷാപരിണയകർത്താവായ ആമ്പല്ലൂർ ഇളയിടത്തു ഭട്ടതിരി ഒരു പ്രമാദം ഉത്ഭാവനംചെയ്തു; ഭട്ടതിരിയുടെ അഭിപ്രായം ശരിയല്ലെന്നു കോയിത്തമ്പുരാൻ വാദിച്ചു; ഭട്ടതിരി പിന്നെയും അടിയുറപ്പിച്ചുതന്നെ നിന്നു. അവർ തമ്മിൽ തത്സംബന്ധമായി ഉക്തിപ്രത്യുക്തിരൂപത്തിൽ പല ശ്ലോകങ്ങളും വിനിമയംചെയ്യുകയുണ്ടായി. അവയിൽ ചില ശ്ലോകങ്ങളാണു് താഴെ ഉദ്ധരിക്കുന്നതു്.
കോയിത്തമ്പുരാൻ:
ഭട്ടതിരി:
ഇങ്ങനെ ആ വാക്സമരം തുടർന്നുപോകുന്നു. ഓരോ ശ്ലോകത്തിനും സ്തുതിപരമായും നിന്ദാപരമായും അർത്ഥം കല്പിക്കാവുന്നതാണു്. കോയിത്തമ്പുരാന്റെ അടുത്ത ലേഖനത്തിലെ രണ്ടു ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
“ബുദ്ധിശ്ശാകുന്തളാ” എന്ന ശ്ലോകത്തിന്റെ പ്രണേതാവിനോടു് ഏതു സഹൃദയനാണു് ആദരാതിശയം തോന്നാത്തതു്? പ്രേമാതിരേകമിളിതയാണെങ്കിലും വാമയായ ബന്ധുവാണി മനീഷികളുടെ ഹൃദയത്തിൽ ശങ്കയെയാണു് ജനിപ്പിക്കുന്നതെന്നും അതിനു ശ്രീകൃഷ്ണവാക്യംകൊണ്ടു ശങ്കിതയായ രുൿമിണീദേവി തന്നെ ഉദാഹരണമാണെന്നുമായി ഭട്ടതിരി; അതു ശരിയല്ലെന്നു
എന്നു കോയിത്തമ്പുരാനും തർക്കിച്ചു. ഒടുവിൽ ആ കലഹം നിർവ്യളീകമായ പരസ്പരബഹുമാനത്തിൽ എത്തിച്ചേർന്നു നിശ്ശേഷം ശാന്തമായി. ഭട്ടതിരി കോയിത്തമ്പുരാന്റെ കവിതയെ താഴെക്കാണുന്ന വിധത്തിൽ പ്രശംസിച്ചു.
ഭട്ടതിരിയെ അപേക്ഷിച്ചു യുവാവായിരുന്ന കോയിത്തമ്പുരാനും പ്രശ്രയാവനതമായ സ്വരത്തിൽ അതിനു താഴെ കാണുന്ന മറുപടി എഴുതി.
താഴെക്കാണുന്ന ശ്ലോകം തിരുവല്ലാ കുഴിക്കാട്ടു് അഞ്ചാംമുറ ഭട്ടതിരിക്കയച്ചതാണു്.
994-ൽ മഹേശ്വരൻ ഭട്ടതിരിയുടെ പുത്രനായി ജനിച്ച അക്കീരമൻ ഭട്ടതിരിയായിരിക്കാം ആ അഞ്ചാമൻ എന്നു ഞാൻ അനുമാനിക്കുന്നു.
1013-ൽ കോയിത്തമ്പുരാൻ തിരുവനന്തപുരത്തു ചെല്ലം കാര്യക്കാരന്മാരുടെ ഭവനമായ കല്ലമ്പള്ളിയിൽ ഒരു തങ്കച്ചിയെ സംബന്ധം ചെയ്തു. ഒരിക്കൽ കിളിമാനൂരേയ്ക്കു പോകുന്ന വിവരം പ്രിയതമയെ അറിയിച്ചപ്പോൾ ആ സുന്ദരി അതിനു അനുവാദം നല്കിയില്ല. ആ അവസരത്തിൽ മഹാകവിയുടെ മുഖത്തുനിന്നു നിർഗ്ഗളിച്ചതാണു് അടിയിൽ കാണുന്ന മനോഹരമായ ശ്ലോകം.
ഈശ്വരൻ ദീർഘായുര്യോഗംകൊണ്ടുമാത്രം അനുഗ്രഹിച്ചിരുന്നുവെങ്കിൽ കോയിത്തമ്പുരാൻ കവിലോകത്തിൽ ഹസ്തപ്രാപ്യമല്ലാത്ത സ്ഥാനം യാതൊന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ 1020-ാമാണ്ടു് അദ്ദേഹത്തിനു പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും 1021 ധനുമാസത്തിൽ അതു മൂർച്ഛിച്ചു ദേഹവിയോഗം സംഭവിക്കുകയുമാണുണ്ടായതു്. കിളിമാനൂരിൽവെച്ചുതന്നെയായിരുന്നു ആ അത്യാഹിതം. തന്റെ മഹാരാജാവിനേക്കാൾ ഒരു കൊല്ലം മുൻപു ജനിക്കുകയും ഒരു കൊല്ലം മുൻപു മരിക്കുകയും ചെയ്ത അദ്ദേഹം അവിടത്തേയ്ക്കു് ഇഹലോകത്തിലെന്നപോലെ പരലോകത്തിലും അന്തരംഗസഹചാരിയായിരുന്നുവോ എന്നു ഭാവനാകുശലന്മാർക്കു തോന്നിപ്പോകും. രണ്ടുപേരും മേടമാസത്തിൽ ജനിച്ചു; ധനുമാസത്തിൽ യശശ്ശരീരന്മാരുമായി.
സംസ്കൃതകവനത്തിൽ വാചാമഗോചരമായ കൗശലം പ്രദർശിപ്പിച്ച കോയിത്തമ്പുരാൻ ആ ഭാഷയിൽ (1) കിരാതവിംശതി എന്ന സ്തോത്രവും (2) രണ്ടു കീർത്തനങ്ങളുമേ രചിച്ചതായി അറിവുള്ളൂ. കിരാതവിംശതി 1020-ാമാണ്ടിടയ്ക്കു രോഗിയായതിനുമേൽ എഴുതിയതാണു്. എന്നാൽ ഈശ്വര കാരുണ്യംകൊണ്ടു സംസ്കൃതത്തിനു ലഭിക്കാത്ത അനുഗ്രഹം ഭാഷയ്ക്കു കിട്ടി. അത്യന്തം ഹൃദയഹാരികളായ (3) രാവണ വിജയം ആട്ടക്കഥയും (4) സന്താനഗോപാലം ശീതങ്കൻതുള്ളലും അദ്ദേഹത്തിന്റെ കൃതികളാണു്. സന്താനഗോപാലം പൂർത്തിയാക്കുവാൻ സംഗതിവന്നില്ല. അർജ്ജുനൻ ശ്രീകൃഷ്ണസന്നിധിയിൽവച്ചുചെയ്യുന്ന വികത്ഥനത്തിനു മറുപടിയായി ബ്രാഹ്മണൻ
എന്നീ ഈരടികളോടുകൂടി ഗ്രന്ഥം മധ്യത്തിൽ മുറിഞ്ഞുപോകുന്നു.
ഈ സ്തോത്രത്തിൽപ്പെട്ട പതിനൊന്നു ശ്ലോകങ്ങളേ കിട്ടീട്ടുള്ളൂ. ഒന്നാമത്തേയും പതിനൊന്നാമത്തേയും ശ്ലോകങ്ങളാണു് താഴെക്കാണുന്നതു്.
രണ്ടു കീർത്തനങ്ങളിൽ ഒന്നു പർവതീദേവിയേയും മറ്റൊന്നു ഭൂതനാഥനേയും വർണ്ണിക്കുന്നതാണു്. രണ്ടാമത്തേതു വിശിഷ്യ ഹൃദയമോഹനമായിരിക്കുന്നു. ചുവടേ ഉദ്ധരിക്കുന്ന രണ്ടാമത്തെ ചരണം നോക്കുക.
ആട്ടക്കഥകളുടെ കൂട്ടത്തിൽ അഗ്രിമമായ സ്ഥാനത്തെ അലങ്കരിക്കുന്ന രാവണവിജയത്തെപ്പറ്റി ഈ സന്ദർഭത്തിൽ അധികമൊന്നും പ്രസങ്ഗിക്കേണ്ടതില്ല. കഴിഞ്ഞ നൂറുകൊല്ലങ്ങൾക്കുമേലായി അതിന്റെ പ്രചാരം അത്രമാത്രം അപ്രതിഹതമായി ലസിക്കുന്നു. സങ്ഗീതമാധുര്യംകൊണ്ടും സാഹിത്യസൗഭഗംകൊണ്ടും അഭിനയൗചിത്യംകൊണ്ടും അതിനെ അതിശയിപ്പിക്കുന്ന കഥകൾ ചുരുക്കമാണു്. വെണ്മണി മഹൻനമ്പൂരിപ്പാട് മുരിങ്ങൂർ പോറ്റിക്കു നല്കിയ ഒരു പ്രശംസാപത്രത്തിൽ പ്രാസങ്ഗികമായി
എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു രാവണവിജയത്തിനു് അനന്തരകാലികന്മാരായ കവിപുങ്ഗവന്മാരുടെ ഇടയിലുള്ള മതിപ്പു് ഏതുതരത്തിലുള്ളതാണെന്നു നിർണ്ണയിക്കാവുന്നതാണു്. ദേവന്മാരെയോ രാജാക്കന്മാരെയോ നായകന്മാരായി സ്വീകരിക്കുന്ന രീതി വിട്ടു രാക്ഷസചക്രവർത്തിയായ രാവണന്റെ ബാഹുപരാക്രമത്തെയും മറ്റും പ്രകീർത്തനംചെയ്തു് ഒരു കഥകളി നിർമ്മിക്കുവാൻ അക്കാലത്തു ധൈര്യപ്പെട്ട കവിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കൈലാസോദ്ധാരണത്തിൽ ആ ധീരോദ്ധതൻ പ്രദർശിപ്പിച്ച ദോർമ്മദം ശ്രീപരമേശ്വരൻ ശമിപ്പിക്കുന്നതോടുകൂടി ഇതിവൃത്തം സമഞ്ജസമായ ഒരു ഘട്ടത്തിൽ സമാപ്തമാകുന്നു. രംഭാപ്രവേശമാണു് കാവ്യത്തിലെ നടുനായകമായ ഭാഗം; ആ ഭാഗം ആടി ഫലിപ്പിക്കുന്ന നടന്മാരെ ഇന്നും അഭിജ്ഞന്മാരായ പ്രേക്ഷകന്മാർ സശിരഃകമ്പം ശ്ലാഘിക്കുന്നു. കോയിത്തമ്പുരാന്റെ പ്രസ്തുതകൃതി ആപാദചൂഡം ശ്രോത്രമനോഭിരാമമാണു്. ദിങ്മാത്രമായി ചില ഉദാഹരണങ്ങൾ കാണിക്കാതെ തൂലിക മുന്നോട്ടു നീങ്ങുവാൻ മടിക്കുന്നു. ശ്ലോകങ്ങൾ:
ഈ ശ്ലോകത്തിനു കുബേരപരമായ പ്രസ്തുതാർത്ഥത്തിനുപുറമേ ശ്രീപത്മനാഭപരമായും മഹാരാജപരമായും ചില അംശങ്ങളിൽ കവിപരമായുംകൂടി അർത്ഥമുണ്ടു്.
“മാനിനിമാർകുലമണേ! മാമകജായേ”, “പുണ്യജനാധിപതേ നിയതം”, “നളിനായതനേർമിഴി ബാലേ!”, “രാകാധി നാഥരുചിരഞ്ജിതനിശായാം” തുടങ്ങിയ പദങ്ങളുടെ മാധുര്യവും, “യാഹി യാഹി നിശാചരാധമ” മുതലായ പദങ്ങളുടെ പ്രൗഢിയും പ്രശംസാപരിധിയെ അനായാസേന അതിലംഘിക്കുന്നു.
ഒരു വശ്യവാക്കായ പണ്ഡിതകവിക്കു സംസ്കൃതസാഹിത്യത്തിൽ എത്രതന്നെ ഉച്ചത്തിൽ സഞ്ചരിക്കാമെങ്കിലും, ഭാഷാസാഹിത്യത്തിൽ എങ്ങനെ സാമാന്യജനങ്ങളെ അവരുടെ കൂട്ടത്തിൽ ഒരുത്തനായി നിന്നുകൊണ്ടു് ആനന്ദിപ്പിക്കമെന്നുള്ളതിനു സന്താനഗോപാലം ശീതങ്കൻതുള്ളൽ ഒരു ഉത്തമനിദർശനമാകുന്നു. അതു കുഞ്ചൻ നമ്പിയാരുടെ തുള്ളലുകളോടു സമസ്കന്ധമായി സമുല്ലസിക്കുന്നു; മറ്റൊരു കവിയുടെ തുള്ളലും ആ മേന്മയെ അർഹിക്കുന്നില്ല.
ഇത്യാദി ഭാഗങ്ങൾ വികാരനിർഭരതയോടുകൂടിയല്ലാതെ ആർക്കും വായിക്കുവാൻ കഴിയുന്നതല്ല. പ്രത്യേകിച്ചും മനഃക്ഷോഭകരമാണു് ബ്രാഹ്മണന്റെ ശ്രീകൃഷ്ണനെക്കുറിച്ചുള്ള പരിവാദം.
എന്നിങ്ങനെ പോകുന്ന ആ ഉപാലംഭം
എന്നീ വാക്തർജ്ജനത്തിൽ അവസാനിക്കുന്നു.
എന്നു കവി വാഗ്ദേവതയോടു് ഉപക്രമത്തിൽ ചെയ്യുന്ന പ്രാർത്ഥന കരുണാശീലയായ ആ ദേവി ആദ്യന്തം ഫലിപ്പിച്ചിരിക്കുന്നു എന്നുള്ളതിനു സംശയമില്ല.
കോയിത്തമ്പുരാൻ ഭാഷയിൽ രചിച്ചിട്ടുള്ള മുക്തങ്ങൾകൂറ്റി പ്രദർശിപ്പിച്ചുകൊണ്ടു് ഈ പ്രകരണം സമാപിപ്പിക്കാം.
ധർമ്മരാജാവിന്റെ “ഹേമാംഭോജിനി” എന്ന സംസ്കൃത ശ്ലോകത്തിന്റെ ഏകദേശവിവർത്തനം:
ഇവിടെ കളഭപദപ്രയോഗം കരീന്ദ്രനായ കവിയേയും പരാമശിക്കുന്നതായി ചില വയോവൃദ്ധന്മാർ പറഞ്ഞുകേട്ടിട്ടുണ്ടു്.
ഒരു ശൃങ്ഗാരശ്ലോകം:
കിളിമാനൂർ ഉമാദേവിത്തമ്പുരാട്ടി വിദ്വാൻ കോയിത്തമ്പുരാന്റെ മാതാവാകുന്നു. 972-ലായിരുന്നു അവിടത്തെ ജനനം. 1011-ാമാണ്ടു കന്നിമാസത്തിൽ മരിച്ചു. പാർവതീറാണിയും സ്വാതിതിരുനാൾ മഹാരാജാവും ആ തമ്പുരാട്ടിയുടെ വൈദുഷ്യത്തെ അഭിനന്ദിച്ചു പല പാരിതോഷികങ്ങളും നല്കുകയുണ്ടായി. വിഷ്ണുമായാചരിതം എന്നൊരു ഓട്ടംതുള്ളൽ ആ കവയിത്രി രചിച്ചിട്ടുണ്ടെന്നു സൂചിപ്പിച്ചുവല്ലോ.
എന്നാണു് ആ തുള്ളലിന്റെ ആരംഭം.
രോഹിണിതിരുനാൾ തമ്പുരാട്ടിയുടെ മൂത്തപുത്രനാണു് പുണർതംനാൾ രാമവർമ്മകോയിത്തമ്പുരാൻ. അദ്ദേഹം 982-ാമാണ്ടു് ഇടവമാസത്തിൽ ജനിച്ചു. ശൈശവത്തിൽത്തന്നെ കുടുംബത്തിൽ കാരണവരായി. 1045 തുലാമാസത്തിൽ മരിച്ചു. സംഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെ നിപുണനായിരുന്ന അദ്ദേഹം 1034-ാമാണ്ടിടയ്ക്കു സീതാവിജയം ആട്ടക്കഥ രചിച്ചു. അദ്ദേഹത്തിന്റെ അടുത്ത സഹോദരിയായ അനിഴംനാൾ തമ്പുരാട്ടിയാണു് രാജരാജവർമ്മകോയിത്തമ്പുരാന്റെ മാതാവു്. ആ തമ്പുരാനെയും രോഹിണിത്തമ്പുരാട്ടിയുടെ അഞ്ചാമത്തെ പുത്രിയായ മകയിരംനാൾ തമ്പുരാട്ടിയേയും കുറിച്ചു മേൽ പ്രസ്താവിക്കും.
ഉത്രംനാൾ തമ്പുരാട്ടിയുടെ മൂത്തപുത്രനായ ചോതിനാൾ ഗോദവർമ്മ കോയിത്തമ്പുരാൻ 985-ാമാണ്ടു കന്നിമാസത്തിൽ ജനിച്ചു. 1045 മകരത്തിൽ മരിച്ചു. സ്വന്തമായി ഒരു നാഴികമണി ഉണ്ടാക്കി അതിനു വലിയ കൊട്ടാരത്തിൽനിന്നു സമ്മാനം വാങ്ങീട്ടുണ്ടു്. മണിക്കാരൻ തമ്പുരാൻ എന്നു് അദ്ദേഹത്തെ സമകാലികന്മർ ബഹുമാനപൂർവ്വം വിളിച്ചുവന്നിരുന്നു. അദ്ദേഹത്തിനു് അശ്വവിദ്യയിലും നളീകവിദ്യയിലും പല രഹസ്യങ്ങൾ അറിയാമായിരുന്നു. തോക്കിന്റെ മുഖം മൂടിക്കെട്ടി വീണ്ടും ആവശ്യമുള്ളപ്പോൾ തുറക്കുക, മൃഗങ്ങളെ വരുത്തി വെടി വെയ്ക്കുക തുടങ്ങിയ സിദ്ധികൾ ആ കൂട്ടത്തിൽപ്പെട്ടവയാണു്. അവയെല്ലാം കേരളവർമ്മവലിയകോയിത്തമ്പുരാൻ യഥാകാലം ഗ്രഹിച്ചതു് അദ്ദേഹത്തിൽനിന്നും ഭരണിനാൾ കോയിത്തമ്പുരാനിൽനിന്നുമായിരുന്നു. മുചുകുന്ദമോക്ഷം എന്ന ആട്ടക്കഥ അദ്ദേഹത്തിന്റെ കൃതിയാണു്. അദ്ദേഹത്തിന്റെ അനുജൻ ഭരണിനാൾ രാജരാജവർമ്മകോയിത്തമ്പുരാൻ 987-ൽ ജനിച്ചു. അദ്ദേഹമാണു് ചിത്രമെഴുത്തിനു് അക്കാലത്തു് ഇദംപ്രഥമമായി വൈദഗ്ദ്ധ്യം സമ്പാദിച്ചതു്. മകയിരംനാൾ തമ്പുരാട്ടിയുടെ പുത്രനും വിശ്വവിശ്രുതനുമായ ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാന്റെ ആചാര്യനും മാർഗ്ഗദർശിയുമായിരുന്നു അദ്ദേഹം. ദാരുകവധം എന്ന ആട്ടക്കഥ അദ്ദേഹം എഴുതിയതാണു്. വൈദ്യത്തിലും ജ്യോതിഷത്തിലുംകൂടി അദ്ദേഹം പ്രാവീണ്യം സമ്പാദിച്ചിരുന്നു. ഗോദവർമ്മകോയിത്തമ്പുരാനും രാജരാജവർമ്മകോയിത്തമ്പുരാനും ഉത്രംതിരുനാൾ മഹാരാജാവിന്റെ സവിശേഷമായ പ്രീതിക്കു പാത്രീഭവിച്ചതിൽ ആശ്ചര്യമില്ലല്ലൊ.
വിശ്വവിശ്രുതനായ ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാന്റെ മാതാവാണു് ഈ തമ്പുരാട്ടി. 1007-ാമാണ്ടു മേടം 25-ആംനു- ജനിച്ചു. 1062 മകരം 18-ആംനു- മരിച്ചു. അംബാദേവി എന്നായിരുന്നു പേര്. അവിടുത്തേക്കു സംഗീതസാഹിത്യങ്ങളിലെന്നപോലെ ചിത്രമെഴുത്തിലും പ്രകൃഷ്ടമായ വാസനയും അഭ്യാസവുമുണ്ടായിരുന്നു. അതിനെല്ലാംപുറമേ ബാലചികിത്സയ്ക്കും നേത്രചികിത്സയ്ക്കുംകൂടി അവിടുന്നു കീർത്തിപ്പെട്ടിരുന്നു. നീലകണ്ഠന്റെ പുത്രനായ ശ്രീകുമാരൻ എന്ന ബ്രാഹ്മണനായിരുന്നു അവിടത്തെ ഗുരുനാഥൻ. അവിടത്തെ വകയായി പാർവതീസ്വയംവരം ഓട്ടംതുള്ളൽ എന്ന ഒരു കൃതി മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളൂ. മൂന്നു ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ആ കൃതി 1033-ാമാണ്ടു രചിച്ചതാണു്. അതിൽനിന്നു് ഒരു ഭാഗം താഴെ ചേർക്കുന്നു.
സാമാന്യം നല്ല ഒരു തുള്ളലാണു് പാർവതീസ്വയംവരം എന്നു ചുരുക്കത്തിൽ പറയാം.
വൈശാഖപുരാണം ആട്ടക്കഥയുടെ നിർമ്മാതാവായ ഈ നമ്പൂരിയുടെ പേർ ജയന്തൻ എന്നായിരുന്നു. പിതാവിന്റെ നാമധേയവും അതുതന്നെ. ഗൃഹം വൈക്കത്തു് ആയാംകുടിയിലാണെന്നും ഉത്രംനാൾ തമ്പുരാട്ടിയുടെ ഭർത്താവായിരുന്നു എന്നും പറഞ്ഞുകഴിഞ്ഞു. ജീവിതകാലം 958-നും 1080-നും ഇടയ്ക്കായിരുന്നു എന്നറിയുന്നു. വൈശാഖപുരാണത്തിൽനിന്നു് ഒരു ശ്ലോകം മാത്രം ഉദ്ധരിക്കാം.
കൊല്ലം പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ പന്തളത്തുകൊട്ടാരത്തിൽ ചില വിശിഷ്ടന്മാരായ ശാസ്ത്ര പണ്ഡിതന്മാർ ജീവിച്ചിരുന്നു. ശിഷ്യന്മാരെ വ്യാകരണാദി ശാസ്ത്രങ്ങളിൽ ഉൽഗ്രന്ഥങ്ങൾ അഭ്യസിപ്പിക്കുകയായിരുന്നു അവരുടെ പ്രധാന വൃത്തി. അവരിൽനിന്നു വലിയ വാങ്മയ സമ്പത്തൊന്നും നമുക്കു ലഭിച്ചിട്ടില്ലെങ്കിലും വിശിഷ്ടങ്ങളായ ചില മുക്തകങ്ങൾ കിട്ടീട്ടുണ്ടു്. ആ തമ്പുരാക്കന്മാരിൽ ചിലരെപ്പറ്റി ഇവിടെ പ്രസ്താവിക്കാം.
കൊല്ലം 900-ാമാണ്ടിടയ്ക്കു ജീവിച്ചിരുന്ന ഒരു രവിവർമ്മത്തമ്പുരാനെപ്പറ്റിയാണു് ആദ്യമായി നാം കേൾക്കുന്നതു്. അദ്ദേഹം വേദങ്ങളിലെ ചില പ്രധാനഭാഗങ്ങൾ സംഗ്രഹിച്ചു ലളിതമായ ഭാഷയിൽ ഒരു പദ്യഗ്രന്ഥമുണ്ടാക്കീട്ടുള്ളതായി പുരാവിത്തുകൾ പറയുന്നു; ആ ഗ്രന്ഥം ഇപ്പോൾ കാണ്മാനില്ല. അദ്ദേഹത്തെ ആദിത്യനോടു സാമ്യപ്പെടുത്തി സമകാലികനായ ഒരാസ്ഥാനപണ്ഡിതൻ രചിച്ചിട്ടുള്ളതാണു് ചുവടേ ചേർക്കുന്ന പദ്യം.
കൊല്ലം പതിനൊന്നാം ശതകത്തിൽ പന്തളത്തു മറ്റൊരു രവിവർമ്മത്തമ്പുരാൻ ജീവിച്ചിരുന്നു. അദ്ദേഹം വിദ്വാൻ എന്ന ബിരുദത്താൽ വിദിതനായിത്തീരുകയും അന്നത്തെ സാമൂതിരിപ്പാടുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരി തന്വംഗതിത്തമ്പുരാട്ടിയും ഒരു വിദുഷിയായിരുന്നുവത്രേ.
കേരളവർമ്മത്തമ്പുരാൻ പന്തളത്തു നീരാഴിക്കോട്ടുകൊട്ടാരത്തിൽ 971-ാമാണ്ടു ജനിച്ചു. 1045 കുംഭത്തിൽ മരിച്ചു. അവിടുന്നു് ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടേയും ഭാഗിനേയൻ പന്തളം പാർവതീപുരത്തു കേരളവർമ്മ (കേളപ്പൻ) തമ്പുരാന്റേയും അവിടെത്തന്നെ വടക്കേക്കൊട്ടാരത്തിൽ രാജരാജവർമ്മത്തമ്പുരാന്റേയും ചുനക്കര ശങ്കരവാരിയരുടേയും ഗുരുനാഥനായിരുന്നു. ആ ശങ്കരവാരിയരാണു് ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ പ്രഥമഗുരു. വാരിയരുടെ ജീവിതകാലം 999-നും 1058-നും ഇടയ്ക്കായിരുന്നു. നീരാഴിക്കെട്ടിൽ തമ്പുരാൻ സ്വാതി തിരുനാൾ മഹാരാജാവിനു സമർപ്പിച്ച രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ഇദ്ദേഹമാണു് പാർവതീപുരത്തുകൊട്ടാരത്തിലെ കേളപ്പൻതമ്പുരാൻ. 991-ൽ ജനിച്ചു; 1060-ൽ മരിച്ചു. മരിക്കുന്നതിനുമുൻപു് ആയില്യം തിരുനാൾ മഹാരാജാവിന്റെ ജന്മർക്ഷമഹം സംബന്ധിച്ചു് ഒരു ചമ്പു രചിച്ചു് അടിയറവെച്ചു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ പതിനാറാമത്തെ വയസ്സിൽ രചിച്ച തിരുനാൾ പ്രബന്ധവും അക്കാലത്തുതന്നെ ആവിർഭവിച്ചു. പ്രസ്തുതചമ്പു കിട്ടീട്ടില്ല. കേളപ്പൻതമ്പുരാന്റെ ഒരു ശ്ലോകമാണു് താഴെ കാണുന്നതു്.
മേടയിൽക്കൊട്ടാരത്തിൽ രവിവർമ്മത്തമ്പുരാൻ 1003-ാമാണ്ടു ജനിച്ചു; 1035 ധനുമാസത്തിൽ മരിച്ചു. കേരളവർമ്മത്തമ്പുരാന്റെ ഗുരുനാഥനായ അത്തംനാൾ ഗോദവർമ്മ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ ഭാഗിനേയനും ശിഷ്യനുമായിരുന്നു. അദ്ദേഹം സ്വാതിതിരുനാൾ മഹാരാജാവിനു സമർപ്പിച്ച രണ്ടു ശ്ലോകങ്ങളാണു് ചുവടേ ചേർക്കുന്നതു്.
അദ്ദേഹത്തെപ്പറ്റി ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ഇങ്ങനെ പ്രശംസിക്കുന്നു.
മറ്റു ചില പന്തളത്തു തമ്പുരാക്കന്മാരെപ്പറ്റി വേറൊരവസരത്തിൽ പ്രസ്താവിക്കും.
ശങ്കരനാഥജ്യോത്സ്യർ (ശങ്കരൻപണ്ടാല എന്നും പറയും) 965-ാമാണ്ടിടയ്ക്കു് ഉത്തരകേരളത്തിൽ പയ്യന്നൂരിനുസമീപം കരിവള്ളൂരംശത്തിൽ വങ്ങാട്ടു് ഉണിത്തിരിമാരുടെ പ്രസിദ്ധമായ കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ഒരു പൂർവ്വഗനാണു് ഉത്തരരാമായണം ഗദ്യത്തിന്റെ പ്രണേതാവെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മുപ്പത്തൊന്നാമത്തെ വയസ്സിലാണു് മാതാവു് അദ്ദേഹത്തെ പ്രസവിച്ചതു്. വിദുഷിയായ അവർക്കു വേറെ സന്താനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആ സുചരിതയുടെ രക്ഷണത്തിലാണു് ശങ്കരൻ വളർന്നതു്. അന്നത്തെ രീതിക്കു കുറേ മലയാളവും സംസ്കൃതവും പഠിച്ചുവെങ്കിലും കായികാഭ്യാസത്തിലായിരുന്നു സദാ ആസക്തി. അതുകൊണ്ടു് ഒരു ദിവസം വ്യസനാക്രാന്തയായ അമ്മ “ഉണ്ണി! കുതിരയുടെ വയറ്റിൽ പിറന്ന നീ ഇങ്ങനെ കഴുതയായിപ്പോയല്ലോ” എന്നു നീരസഭാവത്തിൽ ആക്രോശംചെയ്തു. അതു കേട്ട ക്ഷണത്തിൽ കുമാരന്റെ ആത്മാഭിമാനവും ആരുരുക്ഷുത്വവും വിജൃംഭിച്ചു. അന്നുതന്നെ നാടുവിട്ടു പരദേശത്തേയ്ക്കു പോയി കാശിയിൽച്ചെന്നു വരാഹാചാര്യൻ എന്ന ഒരു സിദ്ധന്റെ ശിഷ്യനായി ജ്യോതിഷം, പക്ഷിശാസ്ത്രം, അദ്വൈദവേദാന്തം എന്നീ വിഷയങ്ങളിൽ കുറേക്കാലംകൊണ്ടു പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചു. പിന്നീടു പല പുണ്യക്ഷേത്രങ്ങളും സന്ദർശിച്ചു കാഞ്ചീപുരത്തു കാമാക്ഷീദേവിയെ ഭക്തിപൂർവ്വം ഭജിച്ചു; അവിടെ പാലാറ്റിൽ സ്നാനംചെയ്തുകൊണ്ടിരുന്നപ്പോൾ ദേവിയുടെ ഒരു മനോഹരമായ വിഗ്രഹം കണ്ടുകിട്ടി, അതിന്റെ നിത്യപൂജകൊണ്ടു മഹാഹായശസ്വിയായിത്തീർന്നു. “ജ്യോതിഷശാസ്ത്രം കൊണ്ടും പക്ഷിശാസ്ത്രത്തെക്കൊണ്ടുമോതിന വാക്കൊക്കെയും വേദവാക്കായിത്തീർന്നു” എന്നു് ആ സംഭവത്തെക്കുറിച്ചു് അദ്ദേഹത്തിന്റെ പുത്രൻ ആറ്റുകാൽ ശങ്കരപ്പിള്ള ദേവീമാഹാത്മ്യം കിളിപ്പാട്ടിന്റെ ഉപക്രമത്തിൽ ഗാനം ചെയ്തിരിക്കുന്നു. പല രാജാക്കന്മാർക്കും ഭാവിഫലനിർണ്ണയംകൊണ്ടു പ്രീതി വരുത്തി ധാരാളം ധനം സ്വായത്തമാക്കിയെങ്കിലും അതെല്ലാം ലോകോപകാരത്തിനായി വിനിയോഗിച്ചു. കാശിയിൽ മണികർണ്ണികാഘട്ടത്തിൽ ഒരു സത്രം പണിയിച്ചു. അതു് ഇന്നും “ജോഷിഘട്ട്” എന്ന നാമത്താൽ അറിയപ്പെടുന്നു. അങ്ങനെയിരിക്കേ ലാഹൂറിലെ സിംഹം എന്നു പ്രസിദ്ധനായ രണജിത് സിംഹമഹാരാജാവ് അദ്ദേഹത്തിന്റെ സിദ്ധികൾ പരീക്ഷിച്ചു വിസ്മിതനായി തന്റെ വിദ്വത്സഭാനാഥനും അധ്യാത്മവിദ്യോപദേഷ്ടാവുമായി ക്ഷണിച്ചുവരുത്തി അദ്ദേഹത്തെ രാജധാനിയിൽ താമസിപ്പിച്ചു. ആഫ്ഗാന്മാരുമായി അക്കാലത്തു് ആ പരാക്രമശാലി നടത്തിയ യുദ്ധത്തിൽ നമ്മുടെ ജ്യോത്സ്യരും ഭാഗഭാക്കാകുകയും ആ യുദ്ധത്തിൽ ഖഡ്ഗംകൊണ്ടു് അദ്ദേഹത്തിനു “ഗണ്ഡമണ്ഡലത്തിൽ” ഉണ്ടായ ഒരു മുറിവിന്റെ പാടു് യാവജ്ജീവം നിലനില്ക്കുകയും ചെയ്തു. രണജിത്സിംഹനെയാണു് ആ സമരത്തിൽ വിജയലക്ഷ്മി വരിച്ചതു്. ജ്യോത്സ്യരുടെ പ്രയാണലഗ്നനിർദ്ദേശത്തിൽ സന്തുഷ്ടനായ മഹാരാജാവു് തന്നിമിത്തം പല മഹാർഹസംഭാവനകളും നല്കി ജ്വാലാമുഖി തുടങ്ങിയ പുണ്യക്ഷേത്രങ്ങളിൽ ഭജനത്തിനു സൗകര്യവും ഉണ്ടാക്കിക്കൊടുത്തു.
വിശിഷ്ടനായ ഒരു കേരളീയദൈവജ്ഞൻ രണജിത്സിംഹന്റെ ആസ്ഥാനപണ്ഡിതനായി താമസിക്കുന്ന വിവരമറിഞ്ഞു സർവ്വവിദ്യാനിധിയായ സ്വാതിതിരുനാൾമഹാരാജാവു് അദ്ദേഹത്തെ സ്വസന്നിധിയിൽ വരുത്തണമെന്നാഗ്രഹിക്കുകയും ആ അഭിലാഷം ബ്രിട്ടീഷുഗവർമ്മെന്റുമുഖേന രണജിത്തിനെ അറിയിക്കുകയും ചെയ്തു. ജ്യോത്സ്യർക്കു് ആ ക്ഷണം അഭിമാനകരമെന്നു കണ്ടതിനാൽ തിരുവനന്തപുരത്തേയ്ക്കു പോയ്ക്കൊള്ളുവാൻ മഹാരാജാവു് അനുവദിച്ചു. ലോർഡ് വില്യം ബൻറിക്ക് ഗവർണ്ണർജനറലായിരുന്ന കാലത്താണു് ജ്യോത്സ്യർ സ്വദേശത്തേയ്ക്കു പുറപ്പെട്ടതു്. “ഉത്തമപുരുഷനിർമ്മലബുദ്ധ് ജോഷി ശങ്കരനാഥ്, ദി സ്പിരിച്വൽ അഡ്വൈസർ ഓഫ് ഹിസ് ഹൈനസ് റണ്‍ജിറ്റ്സിംഗ് ദി ലയണ്‍ ഓഫ് ലാഹോർ” എന്ന വിലാസത്തിൽ നിർബ്ബാധമായ യാത്രയ്ക്കു ബൻറിക്കിന്റെ ഒരു പിടിപാടുകൂടി അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. 1005-ാമാണ്ടിനും 1010-ാമാണ്ടിനും ഇടയ്ക്കായിരുന്നു തിരുവനന്തപുരത്തു് അദ്ദേഹത്തിന്റെ ആഗമനം.
എന്ന് ശങ്കരപ്പിള്ള ആ അനന്തരസംഭവം വർണ്ണിക്കുന്നു. ഔത്തരാഹങ്ങളായ പല അനഘവസ്തുക്കളുടെ കൂട്ടത്തിൽ ജ്ഞാനവാസിഷ്ഠം, ദേവീഭാഷ്യം, നാമഭാഷ്യം, കാശീഖണ്ഡം, ഗൗരീതന്ത്രം തുടങ്ങിയ പല അപൂർവ്വഗ്രന്ഥങ്ങളും അദ്ദേഹം അടിയറ വച്ചു. ആ ഗ്രന്ഥങ്ങളിൽ പ്രഥമഗണനീയമായി തിരുമനസ്സിലേയ്ക്കു തോന്നിയതു ദേവീഭാഗവതമാണു്. ഉടൻതന്നെ മഹാരാജാവു് അദ്ദേഹത്തെ സദർകോടതി ജഡ്ജിയായി നിയമിച്ചു. കുറേക്കാലം ആ പണി നോക്കിയതിനുമേൽ കൊട്ടാരത്തിൽ പൗസദാരി കമ്മീഷണറുദ്യോഗത്തിൽ നിയുകതനായി. 1027-ൽ ശങ്കരനാഥപണ്ടാലജ്യോത്സ്യൻ ആ ഉദ്യോഗം നോക്കിയിരുന്നു. എന്നുള്ളതിനു രേഖയുണ്ടു്. അനേകം ധർമ്മസ്ഥാപനങ്ങൾ ഏർപ്പെടുത്തിയതിൽ പാലക്കാട്ടെ അന്നസത്രം പ്രത്യേകം സ്മരണീയമാണു്. 1034-ൽ മരിച്ചു. അദ്ദേഹത്തിന്റെ പുത്രൻ ആറ്റുകാൽ ശങ്കരപിള്ളമുൻസിഫിനെപ്പറ്റി യഥാകാലം പ്രസ്താവിക്കും.
ജ്യോത്സ്യർ കൊണ്ടു വന്ന ദേവീഭാഗവതം കിളിപ്പാട്ടുരീതിയിൽ മലയാളത്തിൽ വിവർത്തനം ചെയ്യണമെന്നു സ്വാതിതിരുനാൾ മഹാരാജാവു് അദ്ദേഹത്തോടു് ആജ്ഞാപിച്ചു.
എന്നാണു് ശങ്കരപ്പിള്ള ആ ആജ്ഞയെപ്പറ്റി പറയുന്നതു്. ആ ഗ്രന്ഥത്തിലും വിഷ്ണുപുരാണത്തിലെന്നപോലെ പന്ത്രണ്ടു സ്കന്ധങ്ങൾ അടങ്ങിയിരിക്കുന്നു. കാമാക്ഷീദേവിയുടെ പരമഭക്തനായ ജ്യോത്സ്യർക്കു് ആ കല്പന ഒരനുഗ്രഹമായി. എട്ടു സ്കന്ധങ്ങളോളം അദ്ദേഹംതന്നെ തർജ്ജമചെയ്തു എങ്കിലും അദ്ദേഹത്തിന്റെ മരണാനന്തരം മൂന്നും നാലും സ്കന്ധങ്ങൾ നശിച്ചു പോകയാൽ അവയും ഒൻപതും പത്തും സ്കന്ധങ്ങളും ശങ്കരപ്പിള്ള മുൻസിഫ് ഭാഷപ്പെടുത്തി. 11-12 സ്കന്ധങ്ങൾ അദ്ദേഹത്തിനും വിവർത്തനം ചെയ്യുവാൻ ഭാഗ്യമുണ്ടായില്ല. ജ്യോത്സ്യർ തർജ്ജമചെയ്ത ഭാഗത്തിൽ ഒന്നും രണ്ടും സ്കന്ധങ്ങൾ മാത്രമേ മുദ്രിതങ്ങളായിട്ടുള്ളു.
കവിതയ്ക്കു വലിയ ഗുണമില്ല. പ്രഥമസ്കന്ധത്തിൽനിന്നു ചില ഈരടികൾ ഉദ്ധരിക്കുന്നു.
ഒരിക്കൽ കാശിക്കു പോകാൻ തന്നെ അനുവദിക്കണമെന്നു നിവേദനംചെയ്തുകൊണ്ടു ജ്യോത്സ്യർ മഹാരാജാവിനു് അടിയറവെച്ചതാണു് ചുവടേ ചേർക്കുന്ന ശ്ലോകം.
ധർമ്മരാജാവിന്റെ കനിഷ്ഠസഹോദരനായ രവിവർമ്മ ഇളയതമ്പുരാനെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ തമ്പുരാൻ തിരുവനന്തപുരത്തു കരമന ആണ്ടിയിറക്കത്തു പുരാതനമായുള്ള പുതുമന അമ്മവീട്ടിൽനിന്നു രണ്ടു സഹോദരിമാരെ വിവാഹം ചെയ്തു. അവരിൽ ജ്യേഷ്ഠത്തിയുടെ പുത്രിയായ പാർവ്വതിപ്പിള്ളത്തങ്കച്ചിയാണു് രവിവർമ്മൻതമ്പിയുടെ മാതാവു്. അനുജത്തിയുടെ പുത്രനായ കൃഷ്ണൻതമ്പിയുടെ ഭാഗിനേയനാണു് 986-ൽ നാടുനീങ്ങിയ അവിട്ടംതിരുനാൾ ബാലരാമവർമ്മമഹാരാജാവിന്റെ മന്ത്രി ഉമ്മിണിത്തമ്പി ദിവാൻജി. പാർവതിപ്പിള്ളത്തങ്കച്ചിയുടെ ഒരു സഹോദരിയെ ബാലരാമവർമ്മമഹാരാജാവിന്റെ പുത്രൻ ശ്രീകൃഷ്ണൻതമ്പിയും പരിഗ്രഹിക്കുകയുണ്ടായി. ഇങ്ങനെ പലവിധത്തിൽ രവിവർമ്മൻതമ്പിക്കു തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. പാർവ്വതിപ്പിള്ളത്തങ്കച്ചിയെ വിവാഹം ചെയ്തതു ചേർത്തല നടുവിലെ കോവിലകത്തു കേരളവർമ്മ(കേളരു) തമ്പാനായിരുന്നു. ചേർത്തലെ അക്കാലത്തു് ഒട്ടനേകം തമ്പാന്മാരുടെ കുടുംബങ്ങളുണ്ടായിരുന്നു; ആ കുടുംബാംഗങ്ങളെയെല്ലാം ധർമ്മരാജാവു സ്വകീയങ്ങളായി പരിഗണിച്ചു രക്ഷിച്ചുവരികയും ചെയ്തു. അവർ ആ കാരുണ്യത്തിനു സർവഥാ അർഹന്മാരായിരുന്നു എന്നുള്ളതിനു ചാതകസന്ദേശത്തിലെ
എന്ന ശ്ലോകം തെളിവു നൽകുന്നു. കേരളവർമ്മതമ്പാൻ ശാസ്ത്രജ്ഞനും സഹൃദയവരേണ്യനുമായിരുന്നതിനാൽ തിരുമനസ്സുകൊണ്ടു് അദ്ദേഹത്തെ “ശാസ്ത്രി” എന്നാണു് വിളിച്ചുവന്നതു്. ആ ശാസ്ത്രിത്തമ്പാന്റേയും പാർവ്വതിപ്പിള്ളത്തങ്കച്ചിയുടേയും പുത്രനായി രവിവർമ്മൻതമ്പി 958-ാമാണ്ടു തുലാമാസം പൂരുരുട്ടാതിനക്ഷത്രത്തിൽ ഭൂജാതനായി. അന്നു തമ്പാന്റേയും തങ്കച്ചിയുടേയും താമസം കോട്ടയ്ക്കകത്തു വിറകുപുരക്കോട്ടവാതിലിനു സമീപമുള്ള കിഴക്കേമഠം എന്ന ഭവനത്തിലായിരുന്നു. ആ ഗൃഹവും പുരയിടവും ധർമ്മരാജാവു തമ്പാനു ദാനം ചെയ്തതാണു്. ആ തറവാടു് ഇന്നുമുണ്ടു്. പുതുമനത്തമ്പിമാരുടെ മൂലകുടുംബം വിളവങ്കോട്ടുതാലൂക്കിൽ ഇടയ്ക്കോട്ടു പുളിയറത്തലവീടാണു്. പാർവ്വതിപ്പിള്ളയ്ക്കു പത്മനാഭൻതമ്പി എന്നും ഒരു സഹോദരനുണ്ടാായിരുന്നു. രവിവർമ്മതമ്പിയെപ്പറ്റിയുള്ള കൊട്ടാരംരേഖകളിൽ “ആണ്ടിറക്കത്തു കണക്കു തമ്പി പത്മനാഭൻ ഇരയൂമൻ” എന്നാണു് പ്രസ്താവിച്ചുകാണുന്നതു്. ഇരയൂമൻ ഇരയിമ്മന്റെ രൂപാന്തരവും ഇരയിമ്മൻ രവിവർമ്മൻ എന്ന ശബ്ദത്തിന്റെ തത്ഭവവുമാണു്. അതു മാതാമഹന്റെ നാമധേയവുമാണല്ലോ.
986 വരെ തമ്പിയുടെ പ്രഥമഗുരു സ്വപിതാവു തന്നെയായിരുന്നു. അദ്ദേഹത്തോടുകൂടി വലിയ കൊട്ടാരത്തിൽ ഒരു നിത്യനെന്ന നിലയിലാണു് ബാല്യത്തിൽ കാലയാപനം ചെയ്തത്. പൂർവ്വജന്മസംസ്ക്കാരത്താൽത്തന്നെ പൂതനായ അദ്ദേഹത്തിനു് ആ അസുലഭമായ സാഹചര്യം വിദ്യാസമ്പാദനത്തിനു് അത്യന്തം പ്രയോജകീഭവിച്ചു. സംഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെയുള്ള ഉൽക്കർഷം യൗവനോദയത്തിനുമുൻപു സംസിദ്ധമായി. പതിനാലാമത്തെ വയസ്സിൽ ഒരു ശ്ലോകമുണ്ടാക്കി അടിയറവച്ചപ്പോൾ ധർമ്മരാജാവു് ഉള്ളുകൊണ്ടു് സന്തോഷിച്ചു എങ്കിലും അത്തരത്തിലുള്ള വ്യവസായം ആ ബാലന്റെ വിദ്യാഭ്യാസത്തിനു പ്രതിബന്ധമാകരുതല്ലോ എന്നു കരുതി അൽപം നീരസഭാവമാണു് പ്രകടിപ്പിച്ചതു്. പിന്നീടു മൂത്താട്ടു ശങ്കരനിളയതു് എന്ന പണ്ഡിതനോടു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ വായിക്കുകയും വ്യാകരണാദിശാസ്ത്രങ്ങൾ പഠിക്കുകയും ചെയ്തു. ബാലരാമവർമ്മമഹാരാജാവു രാജ്യഭരണത്തിൽ പ്രദർശിപ്പിച്ച അപാടവം എങ്ങനെയിരുന്നാലും വിദ്വൽ പ്രോത്സാഹനത്തിൽ അവിടുന്നു തന്റെ പൂർവ്വഗാമിയുടെ പാദമുദ്രകളെത്തെന്നെയാണു് പിൻതുടർന്നതു് എന്നു ഞാൻ മുൻപു ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. കീചകവധം, ഉത്തരാസ്വയംവരം എന്നീ രണ്ടാട്ടക്കഥകളും തമ്പി ആ മഹാരാജാവിന്റെ മരണത്തിനു മുൻപു് എഴുതി അഭിനയിപ്പിച്ചതായാണു് ഐതിഹ്യം. ധർമ്മരാജാവുതന്നെ അദ്ദേഹത്തിനു വലിയ കൊട്ടാരം നിത്യച്ചെലവിൽ അടുത്തൂണ്‍ പതിച്ചു കൊടുത്തിരുന്നു. കീചകവധത്തിൽ കവി തന്റെ ഗുരുനാഥനേയും മാതാമഹനേയും താഴെക്കാണുന്ന പദ്യങ്ങളിൽ യഥാക്രമം വന്ദിക്കുന്നു.
അക്കാലത്തുതന്നെ അദ്ദേഹത്തിനു കവിതാദേവി വശ്യയായിരുന്നു എന്നുള്ള വസ്തുത മേലുദ്ധരിച്ച ശ്ലോകങ്ങളും പോരെങ്കിൽ കീചകവധത്തിലെ ചിതറാൽഭഗവതിയെ ഉദ്ദേശിച്ചുള്ള
എന്ന അഷ്ടപ്രാസാലംകൃതമായ വന്ദനശ്ലോകവും പ്രഖ്യാപനം ചെയ്യുന്നു.
മുൻപറഞ്ഞ കൃഷ്ണൻതമ്പിയുടെ പുത്രി ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചിയെയാണു് തമ്പി വിവാഹം ചെയ്തതു്. അദ്ദേഹത്തിന്റേയും ആ സാധ്വിയുടേയും പുത്രിയായി 995-ാമാണ്ടു കുംഭമാസത്തിൽ അനിഴംനാളിൽ ജനിച്ച കുട്ടിക്കുഞ്ഞുതങ്കച്ചിയെപ്പറ്റി യഥാവസരം പ്രസ്താവിക്കും. ഒരിക്കൽ തന്റെ പ്രിയതമയുടെ കേശപാശത്തിന്റെ ദൈർഘ്യാദി ഗുണവിശേഷങ്ങൾ കണ്ടു തമ്പി ‘കാളീ കാളീ’ എന്നിങ്ങനെ ആറു പ്രാവശ്യം ഉച്ചരിക്കുകയും, തന്നെ അങ്ങനെ പരിഹസിക്കുന്നതിൽ ഭേദം സാക്ഷാൽ കാളിയെപ്പറ്റി ഒരു വന്ദനശ്ലോകം ഉണ്ടാക്കുകയായിരിക്കും എന്നുള്ള ആ സ്ത്രീരത്നത്തിന്റെ മറുപടി കേട്ടു് “ആനമ്രധ്വാന്തകേളീവിഹരണകുരളീ” എന്നു തുടങ്ങുന്ന ഒരു ശ്ലോകം പെട്ടെന്നു നിർമ്മിച്ചു ചൊല്ലുകയും ചെയ്തു. കാളിപ്പിള്ളത്തങ്കച്ചി 1022-ൽ പരഗതിയെ പ്രാപിച്ചു.
ഉമ്മിണിത്തമ്പിയുടെ നിഷ്കാസനത്തിനുമേൽ അദ്ദേഹവുമായുള്ള ചാർച്ചനിമിത്തം രവിവർമ്മൻ തമ്പിയുടെ ധനസ്ഥിതി ക്ഷീണമായി എന്നു് ഊഹിക്കുന്നതു ശരിയല്ല. “മഹീപതേ ഭാഗവതോപമാനം” എന്നും മറ്റുമുള്ള വിധത്തിൽ ഓരോ ആവശ്യം പുരസ്കരിച്ചു് അഭീഷ്ടപ്രാർത്ഥനാ രൂപത്തിലുള്ള പദ്യങ്ങൾ അടിയറവയ്ക്കുന്നതു് അക്കാലത്തെ കവിശൈലിയായിരുന്നു. വാസ്തവത്തിൽ തമ്പി, 973, 986 എന്നീ കൊല്ലങ്ങളിൽ നാടുനീങ്ങിയ മഹാരാജാക്കന്മാരുടേതു പോലെ തന്നെ 1028-ൽ നാടുനീങ്ങിയ റാണി ഗൗരിപാർവ്വതീബായിയുടേയും വിശേഷപ്രതിക്കു പാത്രീഭവിച്ചിരുന്നു. 990 മുതൽക്കാണു് അദ്ദേഹം വലിയകൊട്ടാരത്തിലെ ആസ്ഥാനകവികളിൽ അഗ്രേസരനായിത്തീർന്നതു്. അന്നു് അദ്ദേഹത്തിനു 32 വയസ്സു പ്രായമുണ്ടായിരുന്നു. പാർവ്വതീറാണിയേയും രുൿമിണീബായി രാജകുമാരിയേയും സ്വാതിതിരുനാൾ ഉത്രം തിരുനാൾ എന്നീ മഹാരാജാക്കന്മാരേയുംപറ്റി അദ്ദേഹം സംസ്കൃതത്തിലും ഭാഷയിലും അനേകം ശ്ലോകങ്ങളും പാട്ടുകളും രചിച്ചിട്ടുണ്ടു്. അക്കാലത്തു് അദ്ദേഹത്തിന്റെ കവിതയ്ക്കു വിഷയീഭവിക്കാത്ത യാതൊരു സംഭവവും വലിയകൊട്ടാരത്തിൽ ഉണ്ടായിട്ടില്ല. (1) 1003-ലെ മുറജപം, (2) 1004-ലെ സ്വാതി തിരുനാൾ മഹാരാജാവിന്റെ സിംഹാസനാരോഹണം, (3) 1005-ൽ ഉത്രംതിരുനാൾ ഇളയതമ്പുരാന്റെ തിരുമാടമ്പു്, (4) 1014-ൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ കുലശേഖര മണ്ഡപാദി നവീകരണം, (5) 1015-ൽ പൂരാടംതിരുനാൾ ഇളയ തമ്പുരാട്ടിയുടെ പള്ളിക്കെട്ടു്, (6) 1017 ചിങ്ങം 20-ാംനുസ്വാതിതിരുനാളുടെ രഥത്തിലെഴുന്നള്ളത്തു്, (7) 1027-ൽ ശീമമഹാറാണി അയച്ച പ്രതിപത്രികയുടെ സ്വീകാരം, (8) 1028-ൽ കെയിറ്റ് എന്ന ധ്വരയുടെ വ്യോമസഞ്ചാരം, (9) 1029-ൽ ഉത്രംതിരുനാൾ മഹാരാജാവിന്റെ ഹിരണ്യഗർഭം, (10) 1030-ൽ അത്തംതിരുനാൾ രാജകുമാരന്റെ ജനനം. ഇങ്ങനെയുള്ള വിഷയങ്ങളെല്ലാം അദ്ദേഹം തന്റെ നിസർഗ്ഗമനോഹരമായ കവനത്തിനു വിഷയീകരിച്ചിട്ടുണ്ടു്. രാജകീയകവി (Poet Laureate) എന്ന ബിരുദത്തിനു കേരളത്തിൽ ഒരു കവി അർഹനായി ജീവിച്ചിട്ടുണ്ടെങ്കിൽ അതു് അദ്ദേഹംമാത്രമാകുന്നു.
1015-ാമാണ്ടിടയ്ക്കു പാരദേശികന്മാരായ രണ്ടു ശാസ്ത്രിമാർ തിരുമനസ്സിലെ സന്നിധിയിൽ ഗഹനാർത്ഥങ്ങളായ രണ്ടു ശ്ലോകങ്ങൾ അടിയറവച്ചു; തമ്പി അവയ്ക്കു് ഉടൻതന്നെ അർത്ഥം പറഞ്ഞു എന്നു മാത്രമല്ല അവയെക്കാൾ കഠിനമായി രണ്ടു ശ്ലോകങ്ങൾ ഉണ്ടാക്കി അവയ്ക്കു് ആ പണ്ഡിതന്മാരിൽനിന്നു് അർത്ഥവിവരണം ആവശ്യപ്പെടുകയും അതു സാധിക്കാത്തതിനാൽ അവർ പരാജയം സമ്മതിക്കുകയും ചെയ്തു. അനായാസേന നേടിയ ആ വിജയം കണ്ടു സന്തോഷിച്ച മഹാരാജാവു് അദ്ദേഹത്തിനു രണ്ടു കൈയ്ക്കും വീരശൃംഖല സമ്മാനിച്ചു. ഉത്രംതിരുനാൾ മഹാരാജാവും അനവധി സമ്മാനങ്ങൾ നൽകിയതു കൂടാതെ ഒരു പല്ലക്കും കൊടുക്കുകയുണ്ടായി. അക്കാലത്തെ പഞ്ചാങ്ഗങ്ങളിൽ അനേകം കവികളുടെ പദ്യങ്ങൾ ചേർത്തുവന്നിരുന്നു എങ്കിലും അവരിൽ “കവി” എന്ന വിശേഷണം കൊണ്ടു തമ്പിയെ മാത്രമാണു് വിശേഷിപ്പിച്ചുകാണുന്നതു്. ആ ബിരുദം സ്വാതിതിരുനാളോ ഉത്രംതിരുനാളോ കവിക്കു നൽകിയിരുന്നതായിരിക്കണം. അങ്ങനെ തിരുവിതാംകൂറിലെ നാലു മഹാരാജാക്കന്മാരുടേയും രണ്ടു മഹാരാജ്ഞിമാരുടേയും അനിർവ്വചനീയമായ ആദരത്തിനും വാത്സല്യത്തിനും ഭാജനമായി ജീവിച്ച നമ്മുടെ മഹാകവിമൂർദ്ധന്യൻ 1031-ാമാണ്ടു കർക്കടകമാസത്തിൽ 73-ാമത്തെ വയസ്സിൽ യശശ്ശരീരനായിത്തീർന്നു.
രവിവർമ്മൻതമ്പി, (1) കീചകവധം, (2) ഉത്തരാസ്വയംവരം, (3) ദക്ഷയാഗം എന്നീ മൂന്നു് ആട്ടക്കഥകൾ, (4) സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ടു്, (5) മുറജപപ്പാന, (6) നവരാത്രിപ്രബന്ധം, (7) ഓമനത്തിങ്കൾക്കിടാവോ എന്നാരംഭിക്കുന്ന താരാട്ടു്, (8) വാസിഷ്ഠം കിളിപ്പാട്ടു്, (9) രാസക്രീഡ (10) രാജസേവാക്രമം മണിപ്രവാളം, (11) സംസ്കൃതത്തിലും മലയാളത്തിലും നിരവധി ശ്ലോകങ്ങൾ, പാട്ടുകൾ എന്നിങ്ങനെയുള്ള വാങ്മയങ്ങളുടെ പ്രണേതാവാണെന്നറിയാം. ഇവയിൽ വാസിഷ്ഠവും രാസ്ക്രീഡയും ഞാൻ കണ്ടിട്ടില്ല; ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ അവയുടെ നാമനിർദ്ദേശം കാണുന്നു. അച്ഛൻ കോയിത്തമ്പുരാൻ വാസിഷ്ഠത്തിൽ പ്രത്യേകം പ്രതിപത്തിയുള്ള ഒരു പണ്ഡിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ നിയോഗമനുസരിച്ചു തമ്പി ആ വിഷയത്തെ ആസ്പദമാക്കി ഒരു കിളിപ്പാട്ടു രചിച്ചിരിക്കുവാൻ ഇടയുണ്ടു്. അദ്ദേഹം ഉണ്ടാക്കീട്ടുള്ള കൃതികളിലെല്ലാം ആരംഭത്തിലോ അവസാനത്തിലോ
എന്നു് ഒരു മുദ്രാലംകൃതപദ്യം ഘടിപ്പിച്ചുകാണുന്നു. ഒന്നാം പാദത്തിൽ ഒന്നാമക്ഷരവും രണ്ടാം പാദത്തിൽ രണ്ടാമക്ഷരവും മൂന്നാമത്തേതിലും നാലാമത്തേതിലും യഥാക്രമം മൂന്നും നാലും അക്ഷരങ്ങളും, വീണ്ടും ഒന്നാം പാദത്തിൽ ആദ്യത്തെ മൂന്നു കഴിച്ചുള്ള അക്ഷരങ്ങളും ചേർത്തുവായിച്ചാൽ “രവിവർമ്മാതംപിക-വനം” എന്ന പദം കിട്ടുന്നതാണു്.
തമ്പിയുടെ മൂന്നു കൃതികളിൽ ആദ്യത്തേതു കീചകവധവും ഒടുവിലത്തേതു ദക്ഷയാഗവുമാകുന്നു. ഉത്തരാസ്വയംവരം കീചകവധത്തിന്റെ തുടർച്ചയാണെന്നു് അനുമാനിക്കത്തക്കവണ്ണമാണു് അതിലെ “നിശമ്യ വാർത്താമഥ കീചകാനാം” എന്ന പ്രഥമശ്ലോകം രചിച്ചിരിക്കുന്നതു്. ദക്ഷയാഗം സ്വാതിതിരുനാൾ തിരുമേനിയുടെ വാഴ്ചക്കാലത്തു് ഉത്രംതിരുനാൾ ഇളയതമ്പുരാന്റെ ആജ്ഞാനുരോധേന രചിച്ചതാണെന്നുള്ളതിനു്
എന്ന ശ്ലോകം ലക്ഷ്യമാണു്. ഈ മൂന്നു കഥകളും കഥകളി സാഹിത്യത്തിൽ ത്രി കൂടശിഖരങ്ങൾപോലെ അംബരചുംബികളായി, അഭൗമമായ ആകർഷണശക്തി പ്രസരിപ്പിച്ചുകൊണ്ട് ഇന്നും പരിലസിക്കുന്നു. “കോട്ടം തീർന്നൊരു കോട്ടയം കഥകൾ നാലു്” എന്ന വെണ്മണിമഹന്റെ ശ്ലോകത്തിൽ “തമ്പിയുടെ മൂന്നു” കഥകളേയും കൂടി ഉൾപെടുത്തീട്ടുണ്ടെന്നു പറഞ്ഞു കഴിഞ്ഞുവല്ലോ. സങ്ഗീതഭങ്ഗികൊണ്ടു് കോട്ടയവും സാഹിത്യമാധുരികൊണ്ടു് അശ്വതിയും, രസസ്ഫൂർത്തികൊണ്ടു ഉണ്ണായിയുമാണു മെച്ചം നേടീട്ടുള്ളതെങ്കിൽ, ഏതുപാധികൊണ്ടു പരിശോധിച്ചാലും അവരുടെ കൃതികളോടു സമപ്രഭാവങ്ങളും പദങ്ങളിലെ ശബ്ദഘടനാവൈഭവംകൊണ്ടു് അവയ്ക്കു മീതേ നിലകൊള്ളുന്നവയുമാണു് തമ്പിയുടെ കൃതികൾ. കേരളത്തിൽ അങ്ങോളമിങ്ങോളം അവയ്ക്കു്–പ്രത്യേകിച്ചു് ഉത്തരപ്രദേശങ്ങളിൽ കീചകവധത്തിനും, ഉത്തരാസ്വയംവരത്തിനും–അസാമാന്യമായ പ്രചാരമുണ്ടു്. കീചകവധത്തിലെ (1) “ശശിമുഖി! വരിക സുശീലേ” (2) “മാലിനീരുചിരഗുണശാലിനീ കേൾക്ക നീ” (3) “ഹരിണാക്ഷീജനമൗലിമണേ” (4) “കാന്ത കൃപാലോ കാത്തുകൊൾക” എന്നും, ഉത്തരാസ്വയംവരത്തിലെ (5) “സമയമതിമോഹനം” (6) “പ്രണയവാരിധേ കേൾക്കമേ വചനങ്ങൾ”(7) “സുന്ദര ശൃണു കാന്ത” (8) “ജയ ജയ നാഗകേതന” (9) “കൗരവേന്ദ്ര നമോസ്തുതേ” (10) “മൂഢമതേ രണനാടകമാടുക” (11) “അരവിന്ദമിഴിമാരേ ഗിരമിന്നു കേൾക്ക മേ” (12) “കർണ്ണ സുമതേ മമ ഗിരം” (13) “കർണ്ണ പാർത്ഥസദൃശനാരിഹ” എന്നും, ദക്ഷയാഗത്തിലെ (14) “പൂന്തേൻ വാണീ ശൃണു മമ വാണീ പൂവണിഘനമേണീ” (15)“കണ്ണിണയ്ക്കാനന്ദം” (16) “നീലകണ്ഠഗുണസിന്ധോ” (17) “കന്യകമാർമൗലിമണേ കല്യാണശീലേ” (18) “അറിയാതേ മമ പുത്രിയെ നൽകിയതനുചിതമായിതഹോ” (19) “അരവിന്ദഭവതനയ സുമതേ” (20) “ശങ്കരഗിരിന്ദ്രശിഖരേ” (21) “രൂഢമാം മദേന ചന്ദ്രചൂഡമന്ദിരത്തിൽ വന്നു” (22) “കാരുണ്യാകരം ഗൗരീകാന്തമുദാരം” (23) “മങ്ഗലമൂർത്തിയായുള്ള മഹേശനെ” (24) “യാഗശാലയിൽനിന്നു പോക ജവാൽ” (25) “തിങ്കൾ മൗലേ കേൾക്ക വാചം ദേവദേവ മേ” (26) “ശങ്കര ജയ ഭഗവൻ” (27) “അന്തകാന്തക വൈഭവം” (28) “ചന്ദ്രചൂഡ നമോസ്തു തേ ജയ” എന്നും മറ്റുമുള്ള പദങ്ങളുടേയും സർവ്വോപരി കീചകവധത്തിലെ ദണ്ഡകത്തിന്റേയും ഉത്തരാസ്വയംവരത്തിലെ കമ്മിയുടേയും മനോമോഹനത വാചാമഗോചരമാകുന്നു. ഉത്തരാസ്വയംവരവും ദക്ഷയാഗവും തമ്മിൽ തട്ടിച്ചുനോക്കിയാൽ ഗുണാധിത്യം ഏതിനാണെന്നു പറയാൻ പ്രയാസമുണ്ടെങ്കിലും എന്റെ ഹൃദയത്തെ ദക്ഷയാഗമാണു് ഒന്നുകൂടി വികാരതരളമാക്കുന്നതു്. വേറെ ചിലർക്കു മറിച്ചും തോന്നാം. കീചകവധം മറ്റു രണ്ടു കഥകളേയും അപേക്ഷിച്ചു് അൽപം താഴെയേ നിൽക്കുന്നുള്ളു.
ആപാദചൂഡം അദൃഷ്ടചരമായ ശബ്ദാർത്ഥ സൗന്ദര്യം തുള്ളിത്തുളുമ്പുന്ന തമ്പിയുടെ കഥകളിൽനിന്നു് ഏതു ഭാഗമാണു് ഉദ്ധരിക്കേണ്ടതു്? എത്ര ഉദ്ധരിച്ചാലാണു് മതിയാകുന്നതു്? എങ്കിലും ചടങ്ങനുസരിച്ചു് ഓരോ കഥയിൽ നിന്നും ഓരോ ശ്ലോകവും പദവും പകർത്തിക്കാണിക്കാം.
കീചകവധം–ശ്ലോകം
പദം:
കഥകളിസാഹിത്യത്തിൽ ദണ്ഡകത്തിനുള്ള സ്ഥാനം അപ്രധാനമല്ലല്ലോ. കീചകവധത്തിലെ ദണ്ഡകം പോലെ ഒന്നു മറ്റൊരു കഥയിലും സഹൃദയന്മാർക്കു കാണ്മാൻ സാധിക്കുന്നതല്ല. ദക്ഷയാഗത്തിലെ “ഏണാങ്കമൗലിയുടെ ചേണാർന്ന രൂപം” എന്ന ദണ്ഡകത്തിൽ കലാശിൽപം വിരളമാണു്. നോക്കുക, കീചകവധത്തിലെ ദണ്ഡകം:
ഇതുപോലെയൊരു കുമ്മി മലയാളഭാഷയിൽ വേറെയില്ല. ഇതിനടുത്തു നില്ക്കുന്നതു പ്രസ്തുതകവിതന്നെ റാണി ഗൗരിപാർവ്വതീബായിയുടെ അപദാനങ്ങളെ പ്രകീർത്തനംചെയ്തു രചിച്ചിട്ടുള്ളതും “ശ്രീമദനന്തപുരത്തിൽ വാഴും സ്വാമി ശ്രീപത്മനാഭന്റെ പാദപത്മം” എന്നു തുടങ്ങുന്നതുമായ കുമ്മിയാകുന്നു.
എന്നിങ്ങനെയാണു് ആ കുമ്മി പുരോഗമിക്കുന്നതു്. “വീര വിരാട കുമാര വിഭോ” എന്ന കുമ്മിയിൽക്കൂടി നാം കാണുന്നതു മത്സ്യരാജധാനിയിലെ നർത്തകിമാരുടെയല്ല, സാക്ഷാൽ സരസ്വതീദേവിയുടെതന്നെ സർവാംഗസുന്ദരമായ സരസനർത്തനമാകുന്നു.
“ജയ ജയ നാഗകേതന ചൊല്ലിയാടുക” എന്ന ശൈലി ഭാഷയിൽ ദുഷ്ടന്മാരെ സേവിക്കുക എന്ന അർത്ഥത്തിൽ പ്രചുര പ്രചാരമായിത്തീർന്നിട്ടുണ്ടു്.
ഇതു കവി 12 വൃത്തത്തിൽ രചിച്ചിട്ടുള്ള ചോതോഹരമായ ഒരു ഭാഷാ ഗാനമാണു്. കുഞ്ചൻനമ്പിയാരുടെ രുൿമിണീസ്വയംവരം പത്തുവൃത്തത്തിന്റെ അർദ്ധാസനം ഈ കൃതി അവകാശപ്പെടുന്നു. ഇതു പാടാൻ അറിഞ്ഞുകൂടാത്ത ബാലികകൾ ഇക്കാലത്തു പോലും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഉണ്ടോ എന്നു സംശയമാണു്. “പാതിവ്രത്യമിയലും” (പ്രഥമവൃത്തം) “അന്നൊരുനാളിൽ ഗദൻ” (ദ്വിതീയവൃത്തം) “ഇന്ദുകുലോജ്ജ്വലമണിയാം” (തൃതീയവൃത്തം) “നാളീകലോചനൻ കൃഷ്ണൻ” (ചതുർത്ഥവൃത്തം) “കാമസുന്ദരൻ പാർത്ഥനിങ്ങനെ” (നവമവൃത്തം) ഇവയ്ക്കു പ്രചാരം കൂടും. പ്രഥമവൃത്തം ഇങ്ങനെ ആരംഭിക്കുന്നു.
എന്തൊരു ശബ്ദസൗഷ്ഠവമാണു് ഈ വരികളിൽ കളിയാടുന്നതു്!
1003-ാമാണ്ടു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ നടന്ന മുറജപത്തെപ്പറ്റിയുള്ള ഒരു പാനയാണു് ഇതു്. 993-ാമാണ്ടത്തെ മുറജപമാണു് ഈ കൃതിയിൽ തമ്പി വർണ്ണിക്കുന്നതു് എന്നു ചിലർ പറഞ്ഞിട്ടുള്ളതു നിർമൂലംതന്നെ. 993-ാമാണ്ടു് ഒരു മുറജപവർഷമല്ല; എന്നുതന്നെയല്ല തമ്പിതന്നെ ഗ്രന്ഥാരംഭത്തിൽ
എന്നു് അതിന്റെ നിർമ്മാണകാലത്തെപ്പറ്റി പ്രഖ്യാപിക്കുന്നുമുണ്ടു്. തമ്പി ആ മുറജപത്തെപ്പറ്റി പാനയ്ക്കുപുറമെ സംസ്കൃതത്തിലും ഭാഷയിലും അനേകം ശ്ലോകങ്ങളും നിർമ്മിച്ചിട്ടുണ്ടു്.
എന്നീ ശ്ലോകങ്ങൾ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു. 997 കർക്കടകം മുതൽ 1005 വൃശ്ചികംവരെയായിരുന്നു വെങ്കടരായർദിവാൻജിയുടെ ഭരണകാലം; ‘രായരായരായ’ സ്ഥാനം ബ്രിട്ടിഷ്ഗവർമ്മെന്റിൽനിന്നു നേടിയ അദ്ദേഹം റെഡ്ഡിരായർ എന്ന വെങ്കടരായരിൽനിന്നു ഭിന്നനാണു്. 979-ൽ നടന്ന മുറജപത്തെ വർണ്ണിക്കുന്ന ഒരു പാനയെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനെ മനസ്സിൽ വച്ചുകൊണ്ടായിരിക്കാം തമ്പി പ്രസ്തുത കൃതി നിർമ്മിച്ചതു്. രണ്ടിനും തമ്മിൽ കവിത്വത്തിൽ വളരെ അന്തരമുണ്ടെന്നു പറയേണ്ടതില്ലല്ലോ. ചില വരികൾ ഉദ്ധരിക്കാം.
ഇതു ഗേയരൂപത്തിലാണു കവി നിബന്ധിച്ചിരിക്കുന്നതു്. ഇതിൽ സ്വാതിതിരുനാൾമഹാരാജാവിന്റെ നവരാത്രികീർത്തനങ്ങളെ അനുകരിച്ചിട്ടില്ല. പൂജയെടുപ്പിനു മഹാരാജാവു് എഴുന്നള്ളുമ്പോൾ ആ കാഴ്ച കാണുന്ന സുന്ദരിമാരുടെ വികാരം വർണ്ണിക്കുന്ന ഭാഗത്തിൽ നിന്നാണു് താഴെ കാണുന്ന വരികൾ ഉദ്ധരിച്ചിരിക്കുന്നതു്
എന്നാരംഭിക്കുന്ന തമ്പിയുടെ പ്രസിദ്ധമായ താരാട്ടു് ഒന്നു കൊണ്ടുമാത്രം ഭാഷാസാഹിത്യത്തിനു ജന്മസാഫല്യം വന്നതായി അഭിമാനിക്കാം. അതുപോലെ ഒരു ഉറക്കുപാട്ടു് കൈരളിയിലെന്നല്ല ഇതരഭാഷകളിൽപ്പോലും ഇല്ലെന്നാണു് എന്റെ അറിവു്. പ്രസ്തുതകൃതിക്കു പുറമെ മറ്റൊന്നും വേണ്ട തമ്പിയെ മഹാകവിമൂർദ്ധന്യനാക്കുവാൻ. ഏതു രാജകുമാരനെ ഉദ്ദേശിച്ചാണു് അതിന്റെ നിർമ്മിതി എന്നറിയുന്നില്ല.
ഇതു സംസ്കൃതവൃത്തങ്ങളിൽ രചിച്ചിട്ടുള്ള ഒരു ഭാഷാകൃതിയാണു്. ഗ്രന്ഥം പൂർണ്ണുരൂപത്തിൽ കിട്ടിയിട്ടില്ല. ഒരു ശ്ലോകം ചുവടേ ചേർക്കുന്നു.
രവിവർമ്മൻതമ്പിയുടെ മഹാകവിത്വത്തിനു പ്രത്യേകനിദർശനങ്ങളായി ശോഭിക്കുന്ന പല മുക്തകങ്ങൾ സംസ്കൃതത്തിലും ഭാഷയിലുമുണ്ടു്. സംസ്കൃതശ്ലോകങ്ങളിലാണു് ഭാഷാശ്ലോകങ്ങളിലേക്കാൾ രചനാസൗഷ്ഠവവും ആശയ വൈചിത്ര്യവും അധികമായി കാണുന്നതു്. നൂറോളം ശ്ലോകങ്ങൾ ഓരോ അവസരത്തിൽ അദ്ദേഹം നിർമ്മിച്ചിട്ടുള്ളതായി എനിക്കറിയാം. അവയിൽ ഏതാനും ചിലതുമാത്രമേ ഇവിടെ എടുത്തുകാണിക്കുവാൻ നിർവ്വാഹമുള്ളുവല്ലോ.
വടശ്ശേരി ബാലകൃഷ്ണൻ:
ചെങ്ങന്നൂർ ഭഗവതി:
പാർവതീറാണിയോടു് ഒരഭ്യർത്ഥന:
മറ്റൊന്നു് (തന്റെ ഭാര്യക്കു് ഓണപ്പുടവ നല്കാത്തതിനെപ്പറ്റി):
സ്വാതിതിരുനാൾ മഹാരാജാവു്:
മറ്റൊന്നു്:
രഥവർണ്ണനം:
മറ്റൊന്നു്:
ഉത്രംതിരുനാൾ മഹാരാജാവു് 1029-ൽ നിർവ്വഹിച്ചു പത്മഗർഭം:
ഒരു ശൃങ്ഗാരശ്ലോക
അന്യാപദേശം:
സമസ്യാപൂരണം:
“ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമൻ കറുപ്പും ഗളേ” എന്നും “മഹീപതേ ഭാഗവതോപമാനം എന്നുമുള്ള ശ്ലോകങ്ങൾ സുപ്രസിദ്ധമാണല്ലോ. വേറേ ചില ശ്ലോകങ്ങൾ പ്രദർശിപ്പിക്കാം.
ഹരിപ്പാട്ടു സുബ്രഹ്മണ്യൻ:
പാർത്ഥസാരഥി:
മുറജപം:
വലിയ കൊട്ടാരത്തിലെ വിഷുക്കൈനീട്ടം:
ആറ്റിങ്ങലേയ്ക്കു് എഴുന്നള്ളിയ പാർവ്വതീറാണി:
ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മാ:
അന്നത്തെ ഭാഷാകവികളുടെയിടയിൽ തമ്പിതന്നെയായിരുന്നു പ്രഥമഗണനീയനെന്നു് ഈ ശ്ലോകങ്ങൾ തെളിയിക്കുന്നു.
ഇത്രയുംകൊണ്ടുതന്നെ സമ്പൂർണ്ണമെന്നു സമർത്ഥിക്കാവുന്ന തമ്പിയുടെ വിജയം ഇവിടെയും നിലയ്ക്കുന്നില്ല. സംഗീതകൃതികൾ രചിച്ചിട്ടുള്ള കേരളീയകവികളുടെ ഇടയിൽ തമ്പിക്കുള്ള സ്ഥാനം അദ്വിതീയമാണു്. അദ്ദേഹത്തിന്റെ സംസ്കൃതഗീതങ്ങളിൽ ഭൂരിഭാഗവും സ്വാതിതിരുനാൾ മഹാരാജാവിന്റെ ഗീതങ്ങൾക്കു താഴെയല്ല; ഭാഷാഗീതങ്ങൾ അവിടത്തേവയെക്കാൾ പ്രായേണ ഉൽകൃഷ്ടങ്ങളുമാണു്. തിരുമനസ്സുകൊണ്ടു് അപ്പോഴപ്പോൾ രചിക്കുന്ന പാട്ടുകൾ തമ്പിയും തമ്പി രചിക്കുന്നവ തിരുമനസ്സുകൊണ്ടും പരിശോധിച്ചതിനുമേലേ വെളിയിൽ വന്നിരുന്നുള്ളൂ. തമ്പിയുടെ 29 സംസ്കൃതകീർത്തനങ്ങളും 27 മണിപ്രവാളകീർത്തനങ്ങളും സംസ്കൃതത്തിലും മണിപ്രവാളത്തിലുമായി പദങ്ങളും 5 വർണ്ണങ്ങളുംകൂടി ആകെ 61 ഉരുപ്പടികൾ നമുക്കു ലഭിച്ചിട്ടുണ്ടു്. സ്വാതിതിരുനാളുടെ ശൃംഗാരകീർത്തനങ്ങളിലും വർണ്ണങ്ങളിലും എങ്ങനെ ശ്രീപത്മനാഭൻ നായകനാകുന്നുവോ അതുപോലെ തമ്പിയുടെ ശൃംഗാരകീർത്തനങ്ങളിലും വർണ്ണങ്ങളിലും സ്വാതിതിരുനാളും അവിടത്തെ കാലത്തിനുമേൽ ഉത്രംതിരുനാളുമാണു് പ്രായേണ നായകന്മാർ. നായികയുടെ വിരഹാവസ്ഥാവർണ്ണനമാണു് അവയിൽ പലതിലും പ്രതിപാദ്യം. “പ്രാണനാഥനെനിക്കു നല്കിന പരമാനന്ദരസത്തെ”, “ആരോടു ചൊൽവേനഴലുള്ളതെല്ലാം”, “ഒരു നാൾ നിശി ചെയ്ത ലീലകൾ” എന്നിവയെ പച്ചപ്പദങ്ങൾ എന്നു പറഞ്ഞുവരുന്നു. അത്രമാത്രം നഗ്നമായ ശൃംഗാരവർണ്ണനമാണു് കവി ആ പദങ്ങളിൽ ചെയ്തിട്ടുള്ളതു്. അന്യഥാ അവയും ആസ്വാദ്യതമങ്ങൾതന്നെ. “കരുണചെയ്വാനെന്തു താമസം കൃഷ്ണ” എന്നും മറ്റുമുള്ള കീർത്തനങ്ങൾ കേരളത്തിൽ എവിടെയും പ്രസിദ്ധങ്ങളാണു്. വിക്രമോർവ്വശീയത്തിലെ “ക്വാകാര്യം ശശലക്ഷ്മണഃ ക്വ ച കുലം ഭൂയോഽപി ദൃശ്യേത സാ” എന്ന ശ്ലോകം
എന്നു തുടങ്ങിയുള്ള വരികളിൽ തർജ്ജമ ചെയ്തിരിക്കുന്നു. സംസ്കൃതത്തിൽനിന്നു് ഒരു കീർത്തനവും ഭാഷയിൽനിന്നു് ഒരു പദവും ഉദ്ധരിക്കാം.
ശുചീന്ദ്രത്തു ശിവൻ: പല്ലവി:
അനുപല്ലവി:
ചരണങ്ങൾ:
വിരഹിണീവിലാപം: പല്ലവി:
അനുപല്ലവി:
ചരണങ്ങൾ:
ഇത്യാദി. ഉത്തമോത്തമന്മാരായ ഭാഷാകവിസാർവ്വഭൗമന്മാരുടെ മധ്യത്തിലാണു് രവിവർമ്മൻതമ്പി സമാർജ്ജിച്ചിട്ടുള്ള മഹനീയമായ സ്ഥാനം എന്നു് ഇനി വിശേഷിച്ചു പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല.
കൊച്ചുഗോവിന്ദവാരിയരും അരിപ്പാട്ടു കിഴക്കേവാരിയത്തിലെ ഒരംഗമായിരുന്നു. അദ്ദേഹം കൊച്ചുപിള്ളവാരിയരുടെ അനുജന്റെ മകനായിരുന്നു എന്നറിയുന്നു. ആ കവി കൊച്ചുകുഞ്ഞു് എന്ന ഓമനപേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ യഥാർത്ഥനാമധേയവും കൊച്ചുപിള്ളവാരിയരുടേതുപോലെ ശങ്കരൻ എന്നായിരുന്നുവത്രെ. കൊച്ചുപിള്ളവാരിയർതന്നെയായിരുന്നു കൊച്ചുഗോവിന്ദവാരിയരുടെ ഗുരു. അദ്ദേഹം 985-ാമാണ്ടിടയ്ക്കു ജനിച്ചു എന്നും 1030-ൽ മരിച്ചു എന്നും അറിയുന്നു. കൊച്ചുപിള്ളവാരിയർ സ്വാതിതിരുനാൾ മഹാരാജാവിനെ സംസ്കൃതം പഠിപ്പിക്കുവാൻ 998-ൽ തിരുവനന്തപുരത്തേയ്ക്കു പോരുമ്പോൾ ഗോവിന്ദവാരിയർ കൂടെ പോന്നു് 1014-ൽ അദ്ദേഹം മരിച്ചപ്പോൾ രാജഗുരുസ്ഥാനത്തിൽ ആരൂഢനായി. 1028-ൽ പാർവ്വതീറാണിയുടെ മരണത്തെപ്പറ്റിയും 1029-ൽ ഉത്രംതിരുനാൾ മഹാരാജാവിന്റെ ഹിരണ്യഗർഭത്തെപ്പറ്റിയും അദ്ദേഹം ശ്ലോകങ്ങൾ രചിച്ചിട്ടുണ്ടു്. ഹിരണ്യഗർഭത്തെക്കുറിച്ചുള്ള ഒരു ശ്ലോകമാണു് താഴെച്ചേർക്കുന്നതു്.
അദ്ദേഹം 1027-ാമാണ്ടിടയ്ക്കു് ഒരു നായർയുവതിയെ പരിഗ്രഹിച്ചു എന്നും ആ ദമ്പതികളുടെ സന്താനമാണു് ആദ്യകാലത്തു മലയാളനാടകക്കാരുടെ ഇടയിൽ പ്രസിദ്ധനായിരുന്ന രാമൻ കുട്ടിഭാഗവതരെന്നും കേട്ടിട്ടുണ്ടു്. സ്വജാതിയിൽ വിവാഹം ചെയ്തിരുന്നില്ല.
ഈ കവിയുടെ കൃതികളായി (1) സംസ്കൃതത്തിൽ ഗോവിന്ദബ്രഹ്മാനന്ദീയം എന്ന ശാകുന്തളവ്യാഖ്യയും, (2) ഭാഷയിൽ ഭീഷ്മവിജയം ആട്ടക്കഥയും, (3) ശാകുന്തളം, (4) വല്ലീപരിണയം, (5) ദേവസേനാസ്വയംവരം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും, (6) കൃഷ്ണലീലാമൃതം താലോലം പാട്ടും കണ്ടിട്ടുണ്ടു്.
തിരുപ്പതിക്ഷേത്രത്തിലെ വൈഖാനസാർച്ചകനും കൗശികഗോത്രോത്ഭവനും തിമ്മയപണ്ഡിതന്റെ പുത്രനുമായ ശ്രീനിവാസാചാര്യരുടെ ശാകുന്തള ടീക സുപ്രസിദ്ധമാണല്ലോ. അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധമായിരുന്നു. ആ വ്യാഖ്യാനം കേരളത്തിൽ വന്നുചേർന്നപ്പോൾ അതു വായിച്ചു് അതിന്റെ സ്വാരസ്യത്തിൽ ആകൃഷ്ടനായി ഗോവിന്ദവാരിയർ അതിനെ സംഗ്രഹിച്ചു ഗോവിന്ദബ്രഹ്മാനന്ദീയം രചിച്ചു. വാരിയർ ആ കൃതിയുടെ ആരംഭത്തിൽ ഇങ്ങനെ പറയുന്നു.
സംക്ഷിപ്തശ്രീനിവാസീയം എന്നും ഒരു പേർ പ്രസ്തുതവ്യാഖ്യാനത്തിനു ഗോവിന്ദവാരിയർ നൽകിക്കാണുന്നു. വാസ്തവത്തിൽ വാരിയരുടെ വ്യാഖ്യാനത്തിനു യാതൊരു പുതുമയുമില്ല. ശ്രീനിവാസന്റെ പംക്തികളിൽ ഗഹനാംശങ്ങൾ വിട്ടു ബാക്കി ഭാഗം പകർത്തി എഴുതുന്നു എന്നേയുള്ളൂ. അങ്ങിങ്ങു് ഏതാനും പദങ്ങൾക്കുമാത്രം പര്യായങ്ങൾ പ്രയോഗിച്ചിട്ടുണ്ടു്. അങ്ങനെയുള്ള ഒരു നിബന്ധനത്തിനു ബ്രഹ്മാനന്ദീയം എന്നു നാമകരണം ചെയ്തതു കുറെ കടന്നുപോയി എന്നു പറയേണ്ടിയിരിക്കുന്നു.
ഈ ആട്ടക്കഥയും ഗോവിന്ദവാരിയരുടെ കൃതിയാണെന്നു ചുവടേ ഉദ്ധരിക്കുന്ന ശ്ലോകം തെളിയിക്കുന്നു.
പതിന്നാലുവൃത്തങ്ങളിൽ രചിച്ചിരിക്കുന്ന ഈ പാട്ടു് ഏറ്റവും മനോഹരമാണു്. ഇതു വാരിയരുടെ പാണ്ഡിത്യത്തിനും കവിത്വത്തിനും ഒന്നുപോലെ നിദർശനമായി പരിപാലസിക്കുന്നു. ചില വരികൾ നോക്കുക.
നായാട്ടു്:
ദുഷ്ഷന്തന്റെ വിരഹതാപം:
അഭിജ്ഞാനശാകുന്തളത്തിൽ കവി ആമഗ്നമാനസനായിരുന്നു എന്നുള്ളതിനു സംശയമില്ല.
വല്ലീപരിണയത്തിലെ ആദ്യത്തെ രണ്ടു വൃത്തങ്ങളും ദേവസേനാസ്വയംവരത്തിലെ ആദ്യത്തെ ഒൻപതു വൃത്തങ്ങളുമേ ഞാൻ കണ്ടിട്ടുള്ളു. “ക്ഷോണീപതിഗുരു മൽഗുരു” എന്നിങ്ങനെ ആദ്യത്തെ കൃതിയിൽ കവി കൊച്ചുപിള്ളവാരിയരെ വന്ദിക്കുന്നതിനുപുറമെ
എന്ന വരികളിൽ അരിപ്പാട്ടു സുബ്രഹ്മണ്യനേയും
എന്ന ഈരടിയിൽ തിരുവിതാംകൂർ മഹാരാജാവിനേയും സ്തുതിക്കുന്നു.
അരിപ്പാട്ടു ചെമ്പകശ്ശേരി എന്ന പേരിൽ മറ്റൊരു വാരിയമുള്ളതായി പ്രസ്താവിച്ചുവല്ലോ. ചെമ്പകശ്ശേരിവാരിയന്മാരുടെ മൂലകുടുംബം കുടമാളൂരിനു സമീപമുള്ള ആർപ്പൂക്കരെയാണു്. അവിടെയും ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ടു്. ആ വാരിയത്തിൽ പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ശങ്കുരവാരിയർ എന്നൊരു പണ്ഡിതൻ ജീവിച്ചിരുന്നു. അദ്ദേഹം കാര്യവശാൽ ചുനക്കരയ്ക്കും അവിടെനിന്നു് അരിപ്പാട്ടേയ്ക്കും പോന്നു കൊച്ചുപിള്ളവാരിയരുടെ സഹോദരിയെ വിവാഹംചെയ്തു ചെമ്പകശ്ശേരിവാരിയം പണിയിച്ചു. ആ ദാമ്പത്യബന്ധത്തിൽ ജനിച്ച കൃഷ്ണവാരിയർ തിരുവിതാംകൂറിൽ ഒരു മുൻസിപ്പായി. അദ്ദേഹത്തിനു ജ്യോതിഷത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്നു. കൃഷ്ണവാരിയരുടെ ജനനാനന്തരം അധികം താമസിയാതെ ശങ്കരവാരിയർ അന്തരിക്കുകയാൽ അദ്ദേഹത്തിന്റെ യുവതിയായ വിധവ ഹരിപ്പാട്ടു ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്ന മാച്ചിപ്പുറത്തു പോറ്റിയുടെ പത്നിയായി. അവരുടെ സന്താനമായി രാമവാരിയർ 993-ാമാണ്ടിടയ്ക്കു ജനിച്ചു. സംസ്കൃതത്തിൽ ബാല്യത്തിൽത്തന്നെ ഉറച്ച ജ്ഞാനം സമ്പാദിച്ച അദ്ദേഹം തിരുവനന്തപുരത്തു സ്വാതിതിരുനാൾ മഹാരാജാവിന്റെ പ്രോത്സാഹനത്തിൽ ഉത്രംതിരുനാൾ ഇളയതമ്പുരാന്റെ അമ്മച്ചിയേയും മക്കളേയും സംസ്കൃതം പഠിപ്പിച്ചുകൊണ്ടു താമസിച്ചു. 38-ാമത്തെ വയസ്സിൽ 1031-ാമാണ്ടിടയ്ക്ക് അവിടെവെച്ചു തന്നെ മരിക്കുകയും ചെയ്തു. അദ്ദേഹം അവിവാഹിതനായിരുന്നു.
രാമവാരിയരുടെ കൃതിയായി ഇന്ദുമതീസ്വയംവരം ആട്ടക്കഥ മാത്രമേ കിട്ടീട്ടുള്ളു. അതിലെ കവനകുശലത തരക്കേടില്ല; കഥയ്ക്കു പ്രചാരമില്ലാതെ പോയതിനുള്ള പ്രധാനകാരണം ഇതിവൃത്തത്തിന്റെ ശുഷ്കതയാണു്. ആ നിബന്ധത്തിലെ “പൂർണ്ണചന്ദ്രവദനേ” എന്ന ശൃങ്ഗാരപ്പദത്തിനു മുൻപുള്ള
എന്ന ശ്ലോകം ഉത്രംതിരുനാൾ ഈളയതമ്പുരാൻ കേട്ടു ചെവിപൊത്തിക്കൊണ്ടു് “ഇന്നു മതി വാരരേ” എന്നു കല്പിച്ചതായി ഐതിഹ്യവേദികൾ പറയുന്നു. എന്നാൽ “പൂർണ്ണചന്ദ്രവദനേ” എന്ന പദം ആ ന്യൂനത ഒട്ടൊന്നു പരിഹരിക്കുന്നതിന്നു പര്യാപ്തമായിരിക്കുന്നു
ഇവ ആ പദ്യത്തിലെ രണ്ടു ചരണങ്ങളാണു്.
എന്ന ശ്ലോകത്തോടുകൂടി പ്രബന്ധം അവസാനിക്കുന്നു. ഇന്ദുമതിയുടെ ദേഹവിയോഗവും മറ്റും പ്രകൃതത്തിനു് അനുചിതമാകയാൽ കവി വർണ്ണിക്കുന്നില്ല.
അനേകം അവസരങ്ങളിൽ കൊട്ടാരത്തിലെ ഓരോ സംഭവത്തെ വിവരിച്ചു രാമവാരിയർ പദ്യങ്ങൾ രചിച്ചിട്ടുണ്ടു്. 1020 മേടം 18-ആംനു- ഉത്രംതിരുനാൾ മഹാരാജാവു കന്യാകുമാരിക്കു പോയി. ഇടവം 21-ആംനുതിരുവനന്തപുരത്തു തിരിയെ എഴുന്നള്ളി. ആ യാത്രയെക്കുറിച്ച് അനേകം ശ്ലോകങ്ങൾ അദ്ദേഹം രചിച്ചിട്ടുള്ളതിൽ ഒന്നുരണ്ടെണ്ണം അടിയിൽ ചേർക്കുന്നു.
അമ്പാടി കുഞ്ഞുകൃഷ്ണപ്പുതുവാൾ 987-ാമാണ്ടു് മകരമാസത്തിൽ തൃശ്ശൂരിൽ അമ്പാടി എന്ന പ്രസിദ്ധമായ തറവാട്ടിൽ ജനിച്ചു. ആ തറവാട്ടുകാർക്കു സ്ഥലത്തെ വടക്കുന്നാഥക്ഷേത്രത്തിൽ കഴകവൃത്തി ഉണ്ടായിരുന്നതിനുപുറമെ ചാലക്കുടിക്കുസമീപം മൂഴിക്കുളത്തും ചേർത്തലത്താലൂക്കിൽ തുറവൂരും വസ്തുവകകളും മറ്റും ഉണ്ടായിരുന്നു. ആ കുടുംബത്തിലെ കൃഷ്ണപ്പുതുവാൾ എന്നൊരു പൂർവ്വപുരുഷൻ ധർമ്മരാജാവിന്റെ കാലത്തു തിരുവിതാംകൂറിൽ ഒരു കാര്യക്കാരായി പണിനോക്കിയിരുന്നതായും അദ്ദേഹത്തിൽ പ്രീതനായ മഹാരാജാവു തൃശ്ശൂരിൽ ഒരു വലിയ ഭവനം പണിയിച്ചുകൊടുത്തതായും ഐതിഹ്യമുണ്ടു്. കുഞ്ഞുകൃഷ്ണപ്പുതുവാൾ ബാല്യത്തിൽ പാരമ്പര്യമനുസരിച്ചു കുലവൃത്തിയിൽ ഏർപ്പെട്ടു. അതോടുകൂടിത്തന്നെ അക്കാലത്തെ ഒരു വലിയ സംസ്കൃതപണ്ഡിതനായിരുന്ന തൃശ്ശൂർ താഴയ്ക്കാട്ടു ചെറിയ നാരയണപ്പുതുവാളോടു സംസ്കൃതം അഭ്യസിച്ചു. താഴയ്ക്കാട്ടുകുടുംബത്തിൽ അതിനുമുൻപു വലിയ ശങ്കരപ്പുതുവാൾ, ചെറിയ ശങ്കരപ്പുതുവാൾ, വലിയ നാരായണപ്പുതുവാൾ (നാണു) എന്നീ പേരുകളിൽ ചില വിദ്വന്മണികൾ ഉണ്ടായിട്ടുണ്ടു്. ചെറിയ നാരായണപ്പുതുവാൾ തോന്നിക്കൽ കുഞ്ഞിട്ടി രാഘവൻനമ്പിയാരുടെ ശിഷ്യനായിരുന്നു. നമ്മുടെ കവി, നാരായണപ്പുതുവാളിൽനിന്നു ശാസ്ത്രമൊന്നും അഭ്യസിച്ചില്ലെങ്കിലും സംസ്കൃതത്തിൽ ബുദ്ധിയുടെ തീക്ഷ്ണതകൊണ്ടു ലോകവ്യുൽപത്തി വേഗത്തിൽ സ്വാധീനമാക്കി. തന്റെ ഗുരുനാഥന്റെ മാഹാത്മ്യത്തെപ്പറ്റി അദ്ദേഹം വ്യാസോൽപത്തി തുള്ളലിൽ താഴെക്കാണുന്നപ്രകാരം വർണ്ണിച്ചിരിക്കുന്നു.
ഭാഷയുടെ ലാളിത്യം ഫലിതത്തിന്റെ സമൃദ്ധി എന്നിവയാണു് പുതുവാളുടെ കാവ്യശൈലിക്കുള്ള മുഖ്യഗുണങ്ങൾ. കൊടുങ്ങല്ലൂർ താമസിക്കുകയുണ്ടായിട്ടില്ല എങ്കിലും വെണ്മണി അച്ഛന്റേയും പൂന്തോട്ടത്തിന്റേയും കവനസംപ്രദായംതന്നെയാണു് അദ്ദേഹത്തിലും വേരൂന്നി വികസിച്ചതു്. ആ വികാസം ആദ്യകാലത്തു കദംബകോരകന്യായേന സംഭവിച്ചതായിരുന്നു എങ്കിലും പിൽക്കാലത്തു് ആ ഭാഷാകവിപുംഗവന്മാർ ചില അവസരങ്ങളിലെല്ലാം ഒന്നിച്ചു കൂടി സാഹിത്യവിനോദങ്ങളിൽ ഏർപ്പെടുക ഉണ്ടായിട്ടുണ്ടു്.
പുതുവാളിനു പത്തുപന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള കാലത്തു തേച്ചുകുളിക്കന്നതിന് എണ്ണയെടുത്തുകൊടുക്കുവാൻ തന്റെ ചിറ്റമ്മയോടു് ആവശ്യപ്പെടുകയും ആ ബാലന്റെ മരുമകളായ ഒരു കുഞ്ഞിനെ ഉറക്കുവാൻ സാധിക്കാതെ ക്ലേശിച്ചു കൊണ്ടിരുന്ന ചിറ്റമ്മ കുട്ടിയെ ഉറക്കാമെങ്കിൽ എണ്ണയെടുത്തു കൊടുക്കാമെന്നു പറയുകയും ചെയ്തു. ഉടൻതന്നെ ആ പൈതലിനെ കൈയിൽ വാങ്ങി ഒരു താലോലംപാട്ടുണ്ടാക്കി പാടി. അതാണു് ആ വാസനാകവിയുടെ ആദ്യത്തെ വാങ്മയം.
കല്ലൂർ നമ്പൂരിപ്പാടു് 1010-ാമാണ്ടാണല്ലോ മരിച്ചതു്. ആ കാലത്തോടടുപ്പിച്ചു് അദ്ദേഹത്തിന്റെ ആവശ്യം പ്രമാണിച്ചു ചങ്ങണംകുന്നിൽ ഭഗവതിയെപ്പറ്റി എഴുതിയ ഒരു വന്ദനശ്ലോകമാണു് താഴെ ചേർക്കുന്നതു്.
സ്വാതിതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു് നാടുനീങ്ങുന്നതിനു് അല്പകാലം മുമ്പായി പുതുവാൾ തിരുവനന്തപുരത്തു ചെന്നു് അവിടത്തെ മുഖം കാണിക്കുകയും അദ്ദേഹത്തിന്റെ കുടുംബകഥ അറിവുണ്ടായിരുന്ന ആ മഹാനുഭാവൻ കവിയെ യഥോചിതം സൽക്കരിക്കുകയും ചെയ്തു. ഒരിക്കൽ മഹാരാജാവു സവാരിക്കെഴുന്നെള്ളിയ അവസരത്തിൽ ഏതോ ഒരു ചുവരിൽ “അദ്ദിക്കിൽനിന്നറവലേ മുറയിട്ടിടുന്നു” എന്നൊരു ശ്ലോകപാദം ആരോ എഴുതിവച്ചിരുന്നതു കണ്ടു തിരിയെ എഴുന്നള്ളിയപ്പോൾ പുതുവാളോടു് അതൊരു സമസ്യയായി പരിഗണിച്ചു പൂരിപ്പിക്കുവാൻ ആജ്ഞാപിച്ചു. പുതുവാൾ അതു് അടിയിൽ കാണുന്നവിധത്തിൽ പൂരിപ്പിക്കുകയും തിരുമനസ്സുകൊണ്ടു് അദ്ദേഹത്തിനു് ഒരു വീരശൃംഖല സമ്മാനിക്കുകയും ചെയ്തു.
അതിനെ പുതുവാളുടെ കുടുംബക്കാർ ഇന്നും വീരശൃംഖലാ ശ്ലോകം എന്നു സാഭിമാനം സ്മരിക്കുന്നുണ്ടു്. 1022-ൽ സ്വാതിതിരുനാളുടെ കാലാനന്തരം ഉത്രംതിരുനാൾക്കു മൂപ്പുകിട്ടിയപ്പോൾ നമ്മുടെ കവി “പട്ടാഭിഷേകം” എന്നൊരു തുള്ളലുണ്ടാക്കി തിരുമുമ്പിൽ പാടിക്കേൾപ്പിക്കുകയും അതിൽ ജ്യേഷ്ഠന്റെ സ്വർഗ്ഗാരോഹണം വർണ്ണിക്കുന്ന ഘട്ടം കേട്ടു മഹാരാജാവു കണ്ണുനീർ വാർക്കുകയും ചെയ്തുവത്രേ. പ്രസ്തുത കൃതി കണ്ടുകിട്ടീട്ടില്ല. ആ തമ്പുരാന്റെ കല്പനയനുസരിച്ചാണു് (1) കൃഷ്ണാവതാരം, (2) കാളിയമർദ്ദനം, (3) കേശിവധം എന്നീ ആട്ടക്കഥകൾ രചിച്ചതു്. 1034-ാമാണ്ടു ആയില്യംതിരുനാൾ സിംഹാസനാരോഹണം ചെയ്യുന്നതുവരെ പുതുവാൾ കൂടെക്കൂടെ തിരുവനന്തപുരത്തായിരുന്നു താമസം. ഒരു സന്ദർഭത്തിൽ നാട്ടിലേയ്ക്കു പോയി മടങ്ങിവരാൻ താമസിച്ചതിനാൽ അദ്ദേഹത്തിനു വലിയ കൊട്ടാരത്തിൽ പതിച്ചിരുന്ന ആഴ്ചമുറയെണ്ണ അധികൃതന്മാർ നിറുത്തിക്കളഞ്ഞു. അതിനെപ്പറ്റി മഹാരാജാവിനോടു സങ്കടമുണർത്തിക്കുവാൻ ആയുധശാലയിൽ എഴുന്നള്ളിയ അവസരത്തിൽ അദ്ദേഹത്തിനു് ഒരു നല്ല സന്ദർഭം കിട്ടുകയും അതു് അദ്ദേഹം താഴെക്കാണുന്ന ശ്ലോകങ്ങൾ സമർപ്പിക്കുവാൻ ഉപയോഗപ്പെടുത്തുകയും ചെയ്തു.
ആയില്യംതിരുനാൾ മഹാരാജാവിനെ ഒരിയ്ക്കൽ മുഖം കാണിച്ചപ്പോൾ “കുഞ്ഞുകൃഷ്ണനെ കണ്ടിട്ടു കാലം കുറച്ചായല്ലോ” എന്നു് അവിടുന്നു് കല്പിച്ചു. അപ്പോൾ ഉണ്ടാക്കി ചൊല്ലിയതാണു് ചുവടേ കുറിക്കുന്ന ശ്ലോകങ്ങൾ.
പുതുവാൾ ഏറെനാൾ താമസിയാതെ തന്റെ താമസം മൂഴിക്കുളത്തേയ്ക്കു മാറ്റി. അവിടെ തേക്കിൻകാടു് എന്നൊരു വീട്ടിലായിരുന്നു അദ്ദേഹത്തിനു സംബന്ധം. അവിടെവെച്ചു പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഫലിതസാഹിത്യം നിരങ്കുശമായി വ്യാപിച്ചുകൊണ്ടിരുന്നു. ഒരിക്കൽ സ്വയം കവിതക്കാരിയെന്നു് അഭിമാനിച്ചുവന്ന ഒരു സ്ത്രീ താനുണ്ടാക്കിയ ഒരു ശ്ലോകം അദ്ദേഹത്തെ കാണിച്ചു് അതിനു തനിക്കു് രണ്ടു് ഓണപ്പുടവ ആരെങ്കിലും തരേണ്ടതാണെന്നു വാദിച്ചു. അതു കേട്ടു പുതുവാൾ മുഖം നോക്കാതെ
എന്നു തട്ടിവിട്ടു് ആ പാവത്തെ ക്ഷീണസത്വയാക്കി മടക്കി അയച്ചു. പിന്നെയൊരിക്കൽ ഒരു നമ്പൂരി “വനിതാരത്നമേ യത്നമായി” എന്നു് ഒരു സമസ്യ താൻ മുൻപു കൊടുത്തിരുന്നതു പൂരിപ്പിക്കാത്തതിനു പുതുവാളോടു് അൽപം രസക്ഷയം പ്രകടിപ്പിച്ചു. ആ നമ്പൂരിക്കു് അടുത്തുള്ള ഒരു ചാക്കിയാർ ഭവനത്തിലായിരുന്നു സംബന്ധം. അപ്പോൾ അദ്ദേഹം അമ്പലക്കിണറ്റിൽനിന്നു വെള്ളം കോരി താൻ തന്നെ കുടവും ചുമന്നുകൊണ്ടു ഭാര്യാഗൃഹത്തിലേയ്ക്കു പോകുകയുമായിരുന്നു. അതു കണ്ടിട്ടു പുതുവാൾ ആ സമസ്യ ഇങ്ങനെ പൂരിപ്പിച്ചു കേൾപ്പിച്ചു.
വേറൊരു നമ്പൂരി തന്റെ ഭാര്യയുടെ വാക്കു കേട്ടു പുഴവക്കത്തുള്ള ചന്തിരപ്പുരച്ചുവരിൽ പുതുവാളെ അധിക്ഷേപിച്ചു്
എന്നൊരു നാല്ക്കാലി കരികൊണ്ടു വരച്ചുവച്ചു. പുതുവാൾ അതുകണ്ടു് അരിശം സഹിക്കാതെ അദ്ദേഹത്തേയും ഭാര്യയേയും പറ്റി അനേകം ശ്ലോകങ്ങൾ പ്രത്യുത്തരരൂപത്തിൽ അയച്ചുകൊടുത്തു. അവയിൽ ഓരോന്നു താഴെ ചേർക്കുന്നു.
1040-ാമാണ്ടിനു മുൻപു് ഒരിക്കൽ കൊടുങ്ങല്ലൂർക്കോവിലകത്തു പോയിരുന്നപ്പോൾ പൂന്തോട്ടത്തു നമ്പൂരി അർത്ഥമില്ലാത്ത ഒരു സംസ്കൃതശ്ലോകം ശബ്ദാഡംബരത്തോടുകൂടി ഉണ്ടാക്കി “കുഞ്ഞുകൃഷ്ണാ! ഈ പഴയ ശ്ലോകത്തിന്റെ അർത്ഥം മനസ്സിലായോ?” എന്നു ചോദിച്ചു.“ഒരിക്കൽക്കൂടി കേൾക്കട്ടെ” എന്നായി പുതുവാൾ. വീണ്ടും ചൊല്ലിയപ്പോൾ മനസ്സിലായി എന്നു പറഞ്ഞു. എന്താ മനസ്സിലായതെന്നു പൂന്തോട്ടവും അടുത്തുണ്ടായിരുന്ന വെണ്മണി അച്ഛനും വീണ്ടും ചോദിച്ചതിനു് “അർത്ഥമില്ലെന്നുതന്നെ” എന്നായിരുന്നു ലക്ഷണജ്ഞനല്ലെങ്കിലും ലക്ഷ്യജ്ഞനായ പുതുവാളുടെ മറുപടി.
മൂഴിക്കുളത്തെ ഒരു മാരാർസ്ത്രീയെപ്പറ്റി മാരാവാഹനം എന്നൊരു ദുഷ്കവിതയും പുതുവാൾ നിർമ്മിച്ചു. അതൊരു ശീതങ്കൻതുള്ളലാണു്. പുതുവാളുടെ ഏതോ ഒരു പാട്ടിൽ സംഗീതവിദൂഷിയായിരുന്ന ആ സ്ത്രീ വൈകല്യമുണ്ടെന്നു പറഞ്ഞതാണു് കലഹത്തിന്റെ കാരണം
എന്നിങ്ങനെയാണു് ആ കൃതി ആരംഭിക്കുന്നതു്. ഇതെല്ലാം തികഞ്ഞ കന്നത്തമാണെങ്കിലും അന്നത്തെ സ്ഥിതിക്കു് അത്ര ഗർഹ്യമായി സാഹിത്യരസികന്മാർ കരുതിയിരുന്നില്ല.
ശങ്കരവാരിയർ ദിവാൻജിയുടെ കാലത്തു് ഇരിങ്ങാലക്കുട വാരിയന്മാരെല്ലാവരുംകൂടി പുതുവാളന്മാർക്കു് അമ്പലവാസികളോടൊന്നിച്ചു ക്ഷേത്രസദ്യയ്ക്കു് ഇലവയ്ക്കുവാൻ പാടില്ലെന്നു ശഠിച്ചു. അതു കീഴ്മര്യാദയ്ക്കു വിപരീതമായിരുന്നതിനാൽ പുതുവാൾ ദിവാൻജിക്കു പദ്യത്തിൽ ഒരു ഹർജി എഴുതി സമർപ്പിച്ചു് തന്റെ വർഗ്ഗത്തിൽപ്പെട്ടവർക്കു് ആ ക്ഷേത്രത്തിലെ അമ്പലവാസിസ്സദ്യയിൽ ഒന്നാമതായി ഇലവയ്ക്കേണ്ടതാണെന്നു് ഉത്തരവു വാങ്ങിച്ചു. താഴയ്ക്കാട്ടു പഠിച്ചിരുന്ന കാലത്തു് അദ്ദേഹത്തിന്റെ സതീർത്ഥ്യരായിരുന്നു ശങ്കരവാര്യരുടെ പുത്രന്മാരും പിന്നീടു കൊച്ചിയിലെ ദിവാൻജിമാരുമായ തോട്ടയ്ക്കാട്ടു ശങ്കുണ്ണിമേനോനും ഗോവിന്ദമേനോനും. ആ ഹർജ്ജിയിലെ ഒരു ശ്ലോകം അടിയിൽ ചേർക്കുന്നു.
1050-ാമാണ്ടിനുമേൽ മൂഴിക്കുളത്തുള്ള താമസം മതിയാക്കി പെരുവനത്തു ചിറ്റൂർ നമ്പൂരിപ്പാട്ടിലെ ആശ്രിതനായി പുതുവാൾ കുറേക്കാലം കഴിഞ്ഞുകൂടി. അവിടെവച്ചു് ആ നമ്പൂരിപ്പാട്ടിലെ നിർദ്ദേശമനുസരിച്ചാണു് കംസവധം എന്ന നാലാമത്തെ ആട്ടക്കഥ രചിച്ചതു്. സംഗീതകുശലനായിരുന്ന അദ്ദേഹത്തിന്റെ ആട്ടക്കഥകളിൽ ഒന്നിനും പ്രചാരമില്ലാതെപോയതിനുള്ള കാരണം അവ വായിച്ചാലേ കണ്ടുപിടിക്കാൻ തരമുള്ളു. ആ കഥകൾ ഒന്നും സമഗ്രരൂപത്തിൽ കണ്ടുകിട്ടീട്ടില്ല. 1054-ാമാണ്ടോടുകൂടി തൃശ്ശൂർ കുടുംബഗൃഹത്തിലേയ്ക്കു തിരിച്ചുപോന്നു. അവിടെ വടക്കുന്നാഥക്ഷേത്രത്തിൽ ഒരു തിരുവാഭരണം കളവുപോയപ്പോൾ ക്ഷേത്രോപജീവികളുടെ അനുഭവത്തിനുള്ള ചോറു സർക്കാരിൽനിന്നു നിറുത്തി. കേസ്സന്വേഷിക്കുന്നതിനു വന്ന ഒരു പോലീസ്സുദ്യോഗസ്ഥന്റെ മുമ്പിൽ വയോധികനായ പുതുവാൾ അനന്തരവന്മാരുടെ സഹായത്തോടുകൂടി വന്നുചേർന്നു. അത്രയ്ക്കു ശരീരത്തിനു ക്ഷീണത എങ്ങനെ വന്നു എന്നു് ആ ഉദ്യോഗസ്ഥൻ ചോദിച്ചതിനു വിശപ്പു സഹിക്കുവാൻ പാടില്ലാഞ്ഞിട്ടാണെന്നു പറഞ്ഞുകൊണ്ടു താഴെക്കാണുന്ന ശ്ലോകങ്ങൾ അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു.
തൃശ്ശൂർ പൂരത്തിനു പാറമേക്കാവുകാരെ ദുഷിച്ചു വെണ്മണി മഹൻനമ്പൂരി ഏതാനും ശ്ലോകങ്ങളെഴുതിയപ്പോൾ പാറമേക്കാവുകാരുടെ കക്ഷി പിടിച്ചു പുതുവാൾ പത്തു ശ്ലോകങ്ങൾ അതിനു മറുപടിയായി “പാറമേക്കാവു തേതി” എന്ന കള്ളപ്പേരിൽ കുറിച്ചു് അയച്ചുകൊടുത്തു. അതു പുതുവാളാണെന്നു തീർച്ചയാക്കി വെണ്മണി ചീന്തി തീയിലിട്ടു. ഉടനേ ആ ശ്ലോകങ്ങൾതന്നെ വീണ്ടും പകർത്തി ചുവടേ ചേർക്കുന്ന ശ്ലോകത്തോടുകൂടി പുതുവാൾ വീണ്ടും അദ്ദേഹത്തിനയച്ചു
ഒരിക്കൽ ശങ്കുണ്ണിമേനോൻദിവാൻജിയെക്കണ്ടു പുതുവാൾ പുതയ്ക്കുവാൻ ഒരു “പ്ലാൻ” വേണമെന്നു് അഭ്യർത്ഥിച്ചതു താഴെക്കാണുന്ന ശ്ലോകത്തിലായിരുന്നു.
പുതുവാൾ രോഗം പിടിപെട്ടുകിടക്കുമ്പോൾ തൈക്കാട്ടു മൂസ്സതിനു് ആവലാതിയായി കുറേ ശ്ലോകങ്ങൾ ഉണ്ടാക്കി അയച്ചതിൽ ഒന്നു് ഉദ്ധരിക്കാം.
1056 മകരമാസത്തിൽ സരസനായ ആ വാസനാകവി പരഗതിയെ പ്രാപിച്ചു.
കുഞ്ഞുകൃഷ്ണപ്പുതുവാൾ (1) കൃഷ്ണാവതാരം, (2) കാളിയമർദ്ദനം, (3) കേശിവധം, (4) കംസവധം എന്നീ നാലാട്ടക്കഥകളും, (5) വ്യാസോൽപ്പത്തി, (6) മാരാവാഹനം (പത്തുവൃത്തം) എന്നീ തുള്ളലുകളും, (7) പാത്രചരിതം കൈകൊട്ടിക്കളിപ്പാട്ടും രചിച്ചിട്ടുണ്ടു്. അവയ്ക്കുപുറമേ അനവധി ഒറ്റ ശ്ലോകങ്ങളും പാട്ടുകളും അദ്ദേഹം സന്ദർഭാനുസാരേണ നിർമ്മിച്ചതായി അറിയാം. അവയിൽ പാത്രചരിതംമാത്രമേ മുദ്രിതമായിട്ടുള്ളു. വ്യാസോൽപത്തിയേയും മാരാവാഹനത്തേയും കുറിച്ചു മുൻപു പറഞ്ഞുകഴിഞ്ഞു.
താഴെക്കാണുന്ന വന്ദനശ്ലോകം ആദ്യകാലത്തെ മൂന്നാട്ടക്കഥകളിൽ ഏതോ ഒന്നിൽ ഉൾപ്പെട്ടതാണു്. അതു് ഏതാണെന്നു നിശ്ചയമില്ല.
അടുത്തതായി ചേർക്കുന്നതു കംസവധത്തിൽനിന്നു് ഒരുശ്ലോകവും അതോടു ചേർന്ന പദത്തിലെ ഒരു ഭാഗവുമാണു്.
എന്നിങ്ങനെയാണു് പ്രസ്തുത കൃതി ആരംഭിക്കുന്നതു്.
(1) ഇരിങ്ങാലക്കുടക്ഷേത്രത്തിൽ താഴികക്കുടംവച്ച അവസരത്തിൽ:
(2) കുണ്ടൂർ തേവരെപ്പറ്:
(1) ഒരിക്കൽ പൂന്തോട്ടത്തു നമ്പൂരി ഏതോ ഒരു സ്ത്രീയെ ദുഷിച്ചു് ഒരു പാട്ടുണ്ടാക്കി. അതിനെതിരായി നമ്പൂരിയെ ശകാരിച്ചു് ഒരു പാട്ടുണ്ടാക്കിത്തരണമെന്നു് ആ സ്ത്രീ അപേക്ഷിച്ചതിനു പുതുവാൾ അവരുടെ സൗന്ദര്യത്തെത്തന്നെ വർണ്ണിച്ചു് ഒരു പാട്ടെഴുതിക്കൊടുത്തു് അങ്ങനെ പ്രതിയോഗിയെ തോല്പിച്ചു. അതു രവിവർമ്മൻതമ്പിയുടെ “പ്രാണനാഥനെനിക്കു നല്കിയ” എന്ന ഗാനത്തിന്റെ മട്ടിൽ രചിച്ചതാണു്.
(2) മൂഴിക്കുളത്തു ലക്ഷ്മണനെപ്പറ്റി:
ചങ്ങണംകുന്നു ഭഗവതിയെപ്പറ്റിയും ഒരു നല്ല പാട്ടു് അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്.
അക്കാലത്തെ ചില കവികളെ പഴങ്ങളോടു് ഉപമിക്കുന്ന ഒരു പ്രസിദ്ധമായ ശ്ലോകമുണ്ടു്. അതിനു കവിപക്വാവലി എന്നാണു് പേരു്.
എന്ന ശ്ലോകത്തിൽ പട്ടത്തു നമ്പിയാരെക്കുറിച്ചുള്ള ഭാഗം ആറാട്ടുപുഴയ്ക്കടുത്തുള്ള അച്ചൻകണ്ടത്തു നമ്പിയാരും, വെണ്മണി അച്ഛനെപ്പറ്റിയുള്ള ഭാഗം പുതുവാളും, പുതുവാളിനെപ്പറ്റിയുള്ളതു വെണ്മണി അച്ഛനും ഒരു സദസ്സിൽവെച്ചുണ്ടാക്കിച്ചൊല്ലിയെന്നാണു് കേട്ടിട്ടുള്ളതു്. കവിപക്വാവലിക്കുമേലാണു് കാത്തുള്ളിൽ അച്യുതമേനോന്റെ കവിപുഷ്പമാലയുടേയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിഭാരതത്തിന്റേയും ആവിർഭാവം.
പട്ടത്തു കുഞ്ഞുണ്ണിനമ്പിയാർ കൊച്ചിരാജ്യത്തു് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു വടക്കുവശം ഒരു ഫർലാംഗു് അകലെയുള്ള വെളുത്തപട്ടത്തു് എന്ന ഗൃഹത്തിൽ ജനിച്ചു. വെളുത്തപട്ടത്തിനു വടക്കേപ്പട്ടം എന്നും പേരുണ്ടു്. പട്ടത്തു് എന്നതു് അതിന്റെ ഹ്രസ്വരൂപമാണു്. അദ്ദേഹത്തിന്റെ പൂർവ്വഗന്മാർ തിരുവിതാംകൂർ മഹാരാജാക്കന്മാരെ ആശ്രയിച്ചു ചിലപ്പോൾ തിരുവനന്തപുരത്തു താമസിച്ചിരുന്നു. ആ ബന്ധം ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ചില അവകാശങ്ങൾ മാർത്താണ്ഡവർമ്മമഹാരാജാവിനു് അടങ്ങിയ കാലംമുതല്ക്കാണെന്നു പറഞ്ഞുവരുന്നു. ആ വഴിക്കു കുഞ്ഞുണ്ണിനമ്പിയാരുടെ അച്ഛൻ നാരായണൻനമ്പിയാരും 973-ൽ തീപ്പെട്ട ധർമ്മരാജാവിന്റെ ആശ്രിതനായിത്തീർന്നു. 984-വരെ തിരുവനന്തപുരത്തു താമസിച്ചതിനുമേൽ അദ്ദേഹം സ്വദേശത്തേയ്ക്കു മടങ്ങി. കുഞ്ഞുണ്ണി എന്നതു് ഓമനപ്പേരാണു്. ജയന്തൻ എന്നായിരുന്നു പിതൃദത്തമായ നാമധേയം. ജനനം ഏതുകൊല്ലത്തിലാണെന്നു നിശ്ചയമില്ല. 980-മാണ്ടിടയ്ക്കായിരിക്കണം. കുഞ്ഞുണ്ണിനമ്പിയാരും, കുഞ്ഞുകൃഷ്ണപ്പുതുവാളെപ്പോലെ വിദ്യാഭ്യാസം കഴിഞ്ഞതിനുമേൽ തിരുവനന്തപുരത്തു സ്വാതിതിരുനാൾ മഹാരാജാവിന്റെയും ഉത്രംതിരുനാൾ മഹാരാജാവിന്റെയും സദസ്യനായി ഏതാനും വർഷം കഴിച്ചുകൂട്ടി. കുഞ്ഞുണ്ണിനമ്പിയാർ സ്വാതിതിരുനാൾ മഹാരാജാവിനു് അടിയറവെച്ച ഒരു ശ്ലോകമാണു് താഴെ കാണുന്നതു്.
ഉത്രംതിരുനാൾ തിരുമനസ്സിലെ കാലത്താണു് രസരത്നാകരം എന്ന സംസ്കൃതഭാണത്തിന്റെ നിർമ്മിതി. വഞ്ചീശ്വരന്റെ ആജ്ഞാനുസാരമാണു് അതു രചിച്ചതെന്നു കവിതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. 1029 മിഥുനം 23-ആംനു ആ മഹാരാജാവു ഹിരണ്യഗർഭദാനം നിർവ്വഹിച്ച അവസരത്തിൽ നമ്പിയാർ തിരുവനന്തപുരത്തുണ്ടായിരുന്നു. ആ വിഷയത്തെ അധികരിച്ചു് അദ്ദേഹം രചിച്ച രണ്ടു ശ്ലോകങ്ങൾ ചുവടേ ചേർക്കുന്നു.
1030-ാമാണ്ടിടയ്ക്കു കവി ഇരിങ്ങാലക്കുടയ്ക്കു തിരിയെപ്പോയി. 1031-ാമാണ്ടു് അവിടത്തെ ക്ഷേത്രത്തിൽ ദിവാൻ ശങ്കരവാരിയർ നടത്തിച്ച പഞ്ചസന്ധ എന്ന മഹത്തെപ്പറ്റി ഒരു തുള്ളൽ ഉണ്ടാക്കി. 1036-ൽ ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയെക്കുറിച്ചു് അദ്ദേഹം നിർമ്മിച്ച ഒരു ശ്ലോകമാണു് ചുവടേ ചേർക്കുന്നതു്.
നമ്പിയാർ 1050-ാമാണ്ടിടയ്ക്കു മരിച്ചു. വിശാഖനക്ഷത്രത്തിലായിരുന്നു മരണം. കവിപക്വാവലിയിൽ അദ്ദേഹത്തിന്റെ പേരുമുണ്ടെന്നു മുൻപു കാണിച്ചിട്ടുണ്ടല്ലോ.
കുഞ്ഞുണ്ണിനമ്പിയാർ (1) രസരത്നാകരം ഭാണം, (2) ഭഗവദ്ദൂതു് ഓട്ടൻതുള്ളൽ, (3) പഞ്ചസന്ധ തുള്ളൽ എന്നിവയ്ക്കു പുറമേ, (4) അഷ്ടപദി കൈകൊട്ടിക്കളിപ്പാട്ടു് എന്നീ ഗ്രന്ഥവും രചിച്ചിട്ടുണ്ടു്. അദ്ദേഹം ഒരു ഉറച്ച സംസ്കൃതപണ്ഡിതനും ആ ഭാഷയിൽ കവനത്തിനു പ്രഗല്ഭനുമായിരുന്നു. ഭാഷാകവിത അത്രതന്നെ വിശേഷമാണെന്നു പറയാനില്ല. എങ്കിലും അതിലെ ഫലിതങ്ങൾക്കു് ആസ്വാദ്യതയുണ്ടു്. ഭഗവദ്ദൂതു കൊച്ചിയിൽ കുറേക്കാലം ദിവാനായിരുന്ന ചെറുപറമ്പിൽ കുഞ്ഞുകൃഷ്ണമേനോന്റെ നിർദ്ദേശമനുസരിച്ചു രചിച്ചതാണു്.
എന്നു് ആ ഗ്രന്ഥത്തിൽ കാണുന്നു. അനേകം നൂതനവൃത്തങ്ങൾക്കു കവി അതിൽ പ്രവേശനം നല്കീട്ടുണ്ടു്. അദ്ദേഹം ഒരു സങ്ഗീതജ്ഞനായിരുന്നു എന്നും പ്രസ്തുത കൃതി സൂചിപ്പിക്കുന്നു.
ഈ പ്രബന്ധത്തിൽ ആദ്യമായി സങ്ഗമേശ്വരനേയും അനന്തരം ശ്രീപരമേശ്വരനേയും കവി വന്ദിക്കുന്നു. താഴെ കാണുന്നതു ശിവവന്ദനമാണു്.
ചുവടേ ചേർക്കുന്നതു വഞ്ചിമഹാരാജപ്രശസ്തിയാണു്.
അതിലെ വേറെ രണ്ടു ശ്ലോകങ്ങൾ:
ഇതിൽ കവി കുഞ്ചൻനമ്പിയാരെ ഒട്ടധികം ഉപജീവിച്ചിരിക്കുന്നു. രചനാഭങ്ഗിയും കുറവാണു്. താഴെക്കാണുന്ന വന്ദനശ്ലോകം ഇരിങ്ങാലക്കുടത്തേവരെപ്പറ്റിയാണെന്നു പറയേണ്ടതില്ലല്ലോ.
ചില വരികൾ:
1“പുരക്കൂട്ടങ്ങളെച്ചുട്ടു കരിക്കട്ടയാക്കി നല്ല
കരിക്കുട്ടിത്തോലെടുത്തങ്ങരക്കെട്ടിൽച്ചേർത്തുകൊണ്ടു
പാറക്കാട്ടു മേവും ദൈവം തെരിക്കെന്നു മമകാര്യം
തരക്കേടു വരുത്താതെ ശരിക്കെട്ടിത്തരേണമേ;
പൊടിക്കെന്നിക്കഥ തീർപ്പാൻ മിടുക്കുണ്ടെന്നോർത്തുപോയേൻ
മുടക്കം വരാതെകണ്ടിങ്ങൊടുക്കത്തിലടിയനെ
മിടുക്കനാക്കുവാനിന്നു മുടക്കുന്നൂർഭഗവതി
കടക്കണ്ണുതുറന്നൊന്നു കടാക്ഷിച്ചരുളേണമേ.”
2“കളഭവരന്റെ ഗഭീരവിലാസം
കരഭകുലത്തിന്നുണ്ടായ്വരുമോ?
കളഹംസങ്ങടെ വാണീമധുരത
കരടകുലത്തിനു വരുമോ പാർത്താൽ?
കാച്ചിയെടുത്തൊരു കാഞ്ചനകളരുചി
കാക്കപ്പൊന്നിനു കാണ്മാനുണ്ടോ?
മിത്രൻതന്നുടെ തേജസ്സിപ്പോൾ
മിന്നമിനുങ്ങിനുമുണ്ടായ്വരുമോ?”
ഇതിലെ ശ്ലോകങ്ങൾ ജയദേവന്റേതുതന്നെയാണു്. പദങ്ങൾമാത്രമേ കവി തർജ്ജമചെയ്തിട്ടുള്ളു.
എന്ന വരികളിൽനിന്നു് അതു നിർമ്മിക്കുന്ന കാലത്തു കവി ഇടപ്പള്ളിത്തമ്പുരാന്റെ ആശ്രിതനായിരുന്നു എന്നു് ഊഹിക്കാവുന്നതാണു്. ഓരോ അഷ്ടപദി ഓരോ വൃത്തമാക്കി രചിച്ചിരിക്കുന്നു. ശൈലി രാമപുരത്തു വാരിയരുടേതിനെക്കാൾ ഹൃദ്യമാണു്.
പഞ്ചമവൃത്തം:
താഴെക്കാണുന്ന നമ്പിയാരുടെ ഒറ്റ ശ്ലോകത്തിനു സംസ്കൃതത്തിലും ഭാഷയിലും വെവ്വേറെ അർത്ഥമുണ്ടു്.
അടുത്തതായി ചേർക്കുന്നതും ഒരു സരസശ്ലോകമാണു്.
ഇതു് ആരുടെ കൃതിയാണെന്നോ എപ്പോൾ വിരചിതമായെന്നോ അറിവില്ല. പട്ടത്തു നമ്പിയാരുടെ ദൂതവാക്യത്തെക്കാൾ നല്ലതാണു്. കുഞ്ചൻനമ്പിയാരുടെ ശൈലി അങ്ങിങ്ങു സമർത്ഥമായി കവി അനുകരിച്ചിട്ടുണ്ടു്. ഹസ്തിനപുരത്തേയ്ക്കു വന്നുചേരുന്ന ശ്രീകൃഷ്ണനെ ഗോസായിമാർ, കൊങ്കണബ്രാഹ്മണർ, തുളുപ്പോറ്റിമാർ, തമിഴ്ബ്രാഹ്മണർ എന്നിവരെക്കൊണ്ടു് അവരവരുടെ ഭാഷയിലാണു് വന്ദിപ്പിക്കുന്നതു്.
സുന്ദരിമാരുടെ വർണ്ണനം:
അർജ്ജുനന്റെ പ്രഭാവം:
ബ്രിട്ടീഷ് മലബാറിൽ കുറുമ്പ്രനാട്ടുതാലൂക്കിൽ വടകരയ്ക്കു കിഴക്കു മേമുണ്ട അംശത്തിൽ ലോകമലയാർകാവിൽ(ലോകനാർകാവു്) കിഴക്കേമഠം എന്നു പേരായി നമ്പീശന്മാരുടെ ഒരു ഭവനമുണ്ടു്. ആ മഠത്തിൽ വാസുനമ്പി 980-ാമാണ്ടിടയ്ക്കു ജനിച്ചു. അദ്ദേഹത്തെ, ആ കാവിലെ ദേവിയുടെ ഭക്തനായിരുന്നതിനാൽ കാവിൽ വാസു എന്നും പറയും. കുറുമ്പ്രനാട്ടുതാലൂക്കിൽ നടുവന്നൂരിനു സുമാർ രണ്ടു നാഴിക വടക്കുകിഴക്കായി കോട്ടൂർ എന്നു് ഒരമ്പലമുണ്ടു്. ആ അമ്പലത്തിലെ കഴകക്കാരായ നമ്പീശന്മാരുടെ കുടുംബങ്ങളിൽ ഒന്നിന്റെ ശാഖയാണു് കിഴക്കേമഠം. ബാല്യത്തിൽത്തന്നെ സംസ്കൃതം നിപുണമായി അഭ്യസിച്ചു തർക്കത്തിലും വ്യാകരണത്തിലും ജ്ഞാനം സമ്പാദിച്ച നമ്മുടെ കവി കടത്തനാട്ടുരാജവംശത്തിൽ അന്നു മൂപ്പു വാണിരുന്ന കുറ്റിപ്പുറത്തു് ഉദയവർമ്മത്തമ്പുരാന്റെ ആശ്രിതനായി മിക്കവാറും ആ കോവിലകത്തുതന്നെ കഴിഞ്ഞുകൂടി. 1056-ൽ തീപ്പെട്ട ആ തമ്പുരാനെ അദ്ദേഹം അനേകം ഹൃദയംഗമങ്ങളായ ശ്ലോകങ്ങളിൽ വർണ്ണിച്ചിട്ടുണ്ടു്. സീമന്തിനീചരിതം എന്ന ആട്ടക്കഥ അദ്ദേഹം രചിച്ചതു് ആ തമ്പുരാന്റെ മരുമകൻ ആജ്ഞാപിക്കുകകൊണ്ടാണെന്നു ചുവടേ ചേർക്കുന്ന ശ്ലോകങ്ങളിൽനിന്നു കാണാം.
താഴെക്കാണുന്ന ശ്ലോകങ്ങളും ഉദയവർമ്മപ്രശസ്തിപരങ്ങളാണു്.
ഒടുവിലത്തെ ശ്ലോകത്തിലെ ചതുർത്ഥപാദത്തിൽ കവി തനിക്കു തമ്പുരാൻ ഒരു ചന്ദ്രകാവി (വസ്ത്രം) തരണമെന്നുകൂടി സമഞ്ജസമായി അഭ്യർത്ഥിക്കുന്നു. നമ്പിക്കു വാതത്തിന്റെയും കാസത്തിന്റെയും ശല്യമുണ്ടായിരുന്നു. വാതശമനത്തിനായി ഗുരുവായൂരപ്പനെ ഭജിച്ചിട്ടുണ്ടു്. ആ അവസരത്തിൽ ഉണ്ടാക്കിയ ഒരു ശ്ലോകമാണു് അടിയിൽ പകർത്തുന്നതു്.
മരണത്തിന്നു ഹേതുവായ രോഗം കാസമായിരുന്നു. ആ അവസരത്തോടടുപ്പിച്ചു് അദ്ദേഹം രചിച്ച രണ്ടു ശ്ലോകങ്ങളാണു് താഴെ കാണുന്നതു്.
“ജാതാ ശയ്യാ” എന്ന ശ്ലോകം കടത്തനാട്ടുതമ്പുരാൻ രോഗസ്ഥിതിയെപ്പറ്റി അന്വേഷിച്ചപ്പോൾ അദ്ദേഹത്തിനു് എഴുതി അയച്ചതാണു്. 1040-ാമാണ്ടു മരിച്ചു.
വാസുനമ്പിയുടെ കൃതികളായി സീമന്തിനീചരിതം എന്നൊരാട്ടക്കഥയും വയ്ക്കത്തമ്പലത്തിൽ ‘കട്ടിയ’ത്തിനു ചൊല്ലിവരുന്ന ഒരു കീർത്തനവും കുറേ സംസ്കൃതമുക്തകങ്ങളും മാത്രമേ കിട്ടീട്ടുള്ളു. ശ്രീകൃഷ്ണചരിതം ബാലകാവ്യം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു പൂർവ്വഗന്റെ കൃതിയാണെന്നു ഞാൻ മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. ആ കവിയുടെ പേർ ഗോവിന്ദൻനമ്പീശൻ ആണെന്നറിയുന്നു. കടത്തനാട്ടു ലോകനാർകാവിലെ ദുർഗ്ഗയാണു് വാസുനമ്പിയുടെ ഇഷ്ടദേവത; കോട്ടൂർ വിഷ്ണുവിനെ അദ്ദേഹം ഒരിടത്തും വന്ദിച്ചുകാണുന്നില്ല. അതുകൊണ്ടു് അതു വാസുനമ്പിയുടെ കൃതിയല്ലെന്നു തീർച്ചപ്പെടുത്താവുന്നതാണു്.
അങ്ങിങ്ങു് ഒന്നാംകിടയിലേയ്ക്കു കടന്നുനില്ക്കുന്ന ഒരാട്ടക്കഥയാണു് സീമന്തിനീചരിതം. ആ കൃതിക്കു് അതു അർഹിക്കുന്ന പ്രചാരം സിദ്ധിക്കാത്തതു പരിതാപകരംതന്നെ. പി. ഗോവിന്ദപ്പിള്ള ഉദ്ധരിച്ചിട്ടുള്ള “കാരുണ്യാപാങ്ഗ” എന്നും “വന്ദേ വന്ദാരുവൃന്ദാരക” എന്നുമുള്ള പദ്യങ്ങളും “ഭസിതഭുജഗഭൂഷം” ഇത്യാദി പദ്യംപോലെ അതിലെ വന്ദനശ്ലോകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. താഴെക്കാണുന്ന വന്ദനശ്ലോകങ്ങളും നമ്പി ആ ഘട്ടത്തിൽ ചേർത്തിട്ടുണ്ടു്.
ഒരു ശ്ലോകവും ഒരു പദത്തിൽ ഒരു ഭാഗവും ചുവടേ ചേർക്കുന്നു:
തക്ഷകന്റെ ശൃങ്ഗാരപദത്തിൽനിന്നു്:
നമ്പിയുടെ ശക്തി മുഴുവൻ പ്രസ്തുത കൃതിയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല.
ഒറ്റശ്ലോകങ്ങളുടെ കർത്താവെന്ന നിലയിലാണു് നമ്പി സഹൃദയധുരീണന്മാരാരുടെ ശ്ലാഘയെ സർവ്വോപരി ആവർജ്ജിക്കുന്നതു്. അനേകം ശ്ലോകങ്ങൾ പ്രദർശിപ്പിച്ചു കഴിഞ്ഞു. ഇനിയും ചിലതുകൂടി പ്രദർശിപ്പിക്കേണ്ടതുണ്ടു്.
വിഷ്ണുവിനേയും ശിവനേയും യൗഗപദ്യേന പരാമർശിക്കുന്ന ഒരു വന്ദനശ്ലോകം:
കുറ്റിപ്പുറത്തു കോവിലകത്തിനു് ഒരു നാഴിക തെക്കുകിഴക്കായുള്ള നരിക്കാട്ടമ്പലത്തിൽ തൊഴുമ്പോൾചൊല്ലിയ ശ്ലോകം:
കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാന്റെ ഒരു സമസ്യ പൂരിപ്പിച്ചതു്:
ഈ ശ്ലോകത്തിലെ ചതുർത്ഥപാദമാണു് തമ്പുരാന്റെ സമസ്യ.
മറ്റൊരു സമസ്യാപൂരണം:
ഒരിയ്ക്കൽ കവിത നേരേ തോന്നാഞ്ഞിട്ടു്:
ഒരു ദിവസം കടത്തനാട്ടുകോവിലകത്തെ ഊണിനെപ്പറ്റി:
ഈ വാസുനമ്പിയുടെ അനന്തരവനോ മറ്റോ ആയി ചെറിയ വാസു എന്നൊരാൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം “സൂര്യം സഹസ്രകിരണം ശരണം പ്രപദ്യേ” എന്നു് എല്ലാ ശ്ലോകങ്ങളും അവസാനിക്കുന്ന ഒരു സൂര്യാഷ്ടകമെഴുതിയിട്ടുണ്ടെന്നും അറിയുന്നു. അദ്ദേഹത്തിന്റേയും ഒരു മുക്തകം പ്രദർശിപ്പിക്കാം.
ചീരക്കുഴിയില്ലത്തു ഭവദാസൻനമ്പൂരി ഭാഗവതം ഏകാദശസ്കന്ധത്തിനു “പദയോജന” എന്നൊരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. ആ ഇല്ലത്തിനു പല്ലിക്കാടെന്നും പേരുണ്ടു്. അതു തെക്കേമലബാറിൽ കോട്ടയ്ക്കൽനിന്നു സുമാർ പന്ത്രണ്ടുനാഴിക അകലെയുള്ള തകരപുരം എന്ന സ്ഥലത്താണു് സ്ഥിതിചെയ്യുന്നതു്. തകരപുരം സംസ്കൃതത്തിൽ സാഗരപുരം എന്ന സംജ്ഞയാൽ അറിയപ്പെടുന്നു. വള്ളുവനാട്ടുതാലൂക്കിൽപ്പെട്ടതാണു് തകരപുരം.
നമ്പൂരി ജീവിച്ചിരുന്ന കാലത്തെപ്പറ്റി ക്ലപ്തമായി ഒന്നും പ്രസ്താവിക്കുവാൻ നിവൃത്തിയില്ല. വ്യാഖ്യാനത്തിന്റെ ഉപോൽഘാത്തിലുള്ള താഴെക്കാണുന്ന ശ്ലോകങ്ങൾ പ്രകൃതത്തിൽ ശ്രദ്ധേയങ്ങളാകുന്നു.
ഓരോ അധ്യായത്തിന്റേയും അവസാനത്തിൽ “ശ്രീവാസുദേവതീർത്ഥാവഗാഹപവിത്രകീർത്തേ:, ശ്രീവീരരായസംജ്ഞ ശ്രീമാനവിക്രമസഹോദരായാഃ, പൂർവാലയകമലലക്ഷ്മ്യഃ, ശ്രീമദുത്തരാഷാഢജാതായാ, അഭിനവലക്ഷ്മ്യാ രാജ്ഞ്യാ ആജ്ഞയാ, സ്വാജ്ഞാനധ്വാന്തചിത്രഭാനുശ്രീപുരുഷോത്തമ പാദഗുരുഭക്തിമതാ, ശ്രീമദരുണാദ്രിഗുരുനാഥാനുക്ഷണശിക്ഷിതേന, ഭവദാസേന പൂരിതപദയോജനായാം, ശ്രീധരസ്വാമി വിരചിതായാമേകാദശവ്യാഖ്യായാം” എന്നൊരു സൂചകവചനം ചേർത്തിട്ടുണ്ടു്.
ഈ ഉദ്ധാരണങ്ങളിൽനിന്നു ഗ്രന്ഥകാരനെപ്പറ്റി ചില വിവരങ്ങൾ നമുക്കു ഗ്രഹിക്കുവാൻ സാധിക്കും. സാമൂതിരി കുടുംബത്തിലെ ശാഖകളിൽ ഒന്നായ കിഴക്കേക്കോവിലകത്തെ ഉത്രാടംതിരുനാൾ രാജ്ഞിയാണു് ഭവദാസൻനമ്പൂരിയോടു് ഏകാദശസ്കന്ധത്തിനു വ്യാഖ്യാനം നിർമ്മിക്കുവാൻ ആജ്ഞാപിച്ചതു്. ആ രാജ്ഞിയ്ക്കു പക്ഷേ ലക്ഷ്മി എന്നും ഒരു നാമധേയമുണ്ടായിരിക്കാം. സാക്ഷാൽ മനോരമത്തമ്പുരാട്ടിയുടെ ജന്മനക്ഷത്രം സ്വാതിയാകയാൽ ആ വിദുഷിയല്ല പ്രസ്തുത വ്യാഖ്യാനത്തിന്റെ കാരയിത്രി; തന്നിമിത്തം ആ ഗ്രന്ഥം മനോരമത്തമ്പുരാട്ടിയാണു് നിർമ്മിച്ചതെന്നും, വേദാന്തപ്രതിപാദകമായ ഏകാദശസ്കന്ധം തനിക്കു വ്യാഖ്യാനിക്കുന്നതിനു് അർഹതയില്ലാത്തതിനാൽമാത്രം അതിൽ തന്റെ ആശ്രിതനായ നമ്പൂരിയുടെ പേർ ആ രാജ്ഞി ഘടിപ്പിച്ചതാണു് എന്നുമുള്ള ഐതിഹ്യം അനാസ്പദമായി പരിണമിക്കുന്നു. മനോരമത്തമ്പുരാട്ടിയുടെ ദൗഹിത്രിമാരായി ഉത്രാടംനക്ഷത്രത്തിൽ ജനിച്ച രണ്ടു രാജ്ഞിമാർ കിഴക്കേക്കോവിലകത്തു് ഉണ്ടായിരുന്നു. അവരുടെ മാതാവാണു് മനോരമത്തമ്പുരാട്ടിയുടെ മൂത്തപുത്രി; ആ രാജ്ഞി 954 മുതൽ 1014വരെ ജീവിച്ചിരുന്നു. ജ്യേഷ്ഠത്തിയായ കുഞ്ഞുത്തമ്പുരാട്ടി 973 തുലാത്തിൽ ജനിച്ചു് 1022 കുംഭത്തിൽ പുണർതംനാളിൽ തീപ്പെട്ടു; അനുജത്തിയെ കുട്ടിയനുജത്തി എന്നു വിളിച്ചുവന്നു; ആ തമ്പുരാട്ടി 1070 മകരത്തിൽ നാടുനീങ്ങി. ആ രണ്ടുപേരും ജനിച്ചതു് ഉത്രാടംനാളിലാണു്. അവരിൽ കുഞ്ഞുത്തമ്പുരാട്ടിയുടെ നിർദ്ദേശമനുസരിച്ചാണു് ചീരക്കുഴി പദയോജന നിർമ്മിച്ചതു്. 1031-ൽ സ്ഥാനാരോഹണംചെയ്ത വലിയേട്ടൻതമ്പുരാൻ ആ രാജ്ഞിയുടെ സഹോദരനായിരുന്നു. അദ്ദേഹത്തിനു വീരരായനെന്നും പേരുണ്ടായിരുന്നിരിക്കാം. 1003-ൽ പകർത്തിയെഴുതിയ പദയോജനയുടെ ഒരു മാതൃക ഭാഷാചരിത്രകാരൻ ഗോവിന്ദപ്പിള്ള കാണുകയുണ്ടായിട്ടുണ്ടു്. ആ വഴിയ്ക്കു നോക്കുമ്പോൾ 993-നും 1003-നും ഇടയ്ക്കാണു് പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മിതി എന്നു വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ കാലം 960-നും 1030-നും ഇടയ്ക്കായിരുന്നു എന്നു് ഊഹിക്കാം. ഗ്രന്ഥകാരൻ തനിക്കു പുരുഷോത്തമനെന്നും അരുണഗിരിയെന്നും രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നതായും വ്യാഖ്യാനം രചിക്കുമ്പോൾ അരുണഗിരി ജീവിച്ചിരുന്നതായും പ്രസ്താവിക്കുന്നുണ്ടല്ലോ. അവർ ആരെന്നറിയുന്നില്ല. സുഖബോധിനീ വ്യാഖ്യയുടെയും മറ്റും പ്രണേതാവായ ദേവരാജൻ സ്മരിക്കുന്ന അരുണാദ്രി മറ്റൊരു പണ്ഡിതനാണു്.
ശ്രീധരീയവ്യാഖ്യയെ സുഗമമക്കുന്നതിനുവേണ്ടി മാത്രമാണു് ഭവദാസൻ പദയോജന നിർമ്മിച്ചതു്. അതിൽ ശ്രീധരീയത്തെ പ്രധാനമായും കൃഷ്ണപദി മുതലായ ഇതരവ്യാഖ്യാനങ്ങളെ ദിങ്മാത്രമായും ഉപജീവിച്ചിരിക്കുന്നു;
ഏതാനും ചില അവസരങ്ങളിൽ സ്വപ്രതിഭയനുസരിച്ചും സമഞ്ജസമായി അർത്ഥകല്പന ചെയ്തിട്ടുണ്ടു്.
വേദാന്തരാമാനുജൻ എന്നൊരു ശ്രീവൈഷ്ണവബ്രാഹ്മണൻ മനോരമത്തമ്പുരാട്ടിയുടെ പുത്രനും കുട്ടുണ്ണി എന്ന നാമാന്തരത്താൽ വിദിതനുമായ സാമൂതിരി ശക്തൻ മാനവിക്രമൻതമ്പുരാനെ ആശ്രയിച്ചു കോട്ടയ്ക്കൽ താമസിക്കുകയും മാനവിക്രമീയം എന്ന പേരിൽ അദ്ദേഹത്തിന്റെ അപദാനങ്ങളെ പ്രകീർത്തനംചെയ്യുന്ന ഒരു സംസ്കൃത ചമ്പു രചിക്കുകയും ചെയ്തിട്ടുണ്ടു്. ആ സാമൂതിരി തീപ്പെട്ടതു് 1031-ലാണു്. കവി പാരദേശികനും, ശ്രീവത്സഗോത്രജനായ രഘുനാഥാചാര്യരുടെ പുത്രനും, വാധൂലവംശജനായ ഗോപാലസൂരിയുടെ ശിഷ്യനുമാണെന്നു് അദ്ദേഹംതന്നെ പ്രസ്തുതകൃതിയിൽ രേഖപ്പെടുത്തീട്ടുണ്ടു്.
താൻ നൂതനമായി ഒരു ചമ്പു രചിക്കുന്നതിനുള്ള സമാധാനം കവി ഇങ്ങിനെ പറയുന്നു.
തദനന്തരം സാമൂതിരിരാജാക്കന്മാരുടെ പ്രധാനരാജധാനിയായ കോഴിക്കോടിനേയും കിഴക്കെക്കോവിലകത്തെയും (പ്രാക്‍പുരി) വർണ്ണിച്ചതിനുമേൽ “നിരന്തരനമനപരാമരനികരകരംബിതസ്ഥലീ ശ്വേതക്രോഡാഭിധാനാ മഹാസ്ഥലീ” എന്നു വെങ്കടക്കോട്ടയെ (കോട്ടയ്ക്കൽ) സ്മരിച്ചു് അവിടത്തെ ശിവനെ ഉപശ്ലോകനം ചെയ്യുന്നു. മാനവിക്രമന്റെ ജനനം, ബാല്യം, വിദ്യാഭ്യാസം തുടങ്ങിയ സകല വിഷയങ്ങളും കവി ചമൽകാരയുക്തമായി വിവരിക്കുന്നു. രഘുനാഥൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്റെ പേർ.
എന്നാണു് ആ ഗുരുവിനെപ്പറ്റിയുള്ള പ്രസ്താവന ആരംഭിക്കുന്നതു്. ആകെ ഒൻപതു സ്തബകങ്ങളുണ്ടു്. മാനവിക്രമന്റെ മധുര, രാമേശ്വരം മുതലായ ദേശങ്ങളിലേയ്ക്കുള്ള യാത്രയും, അദ്ദേഹത്തിന്റെ ഗുരുവായൂർ, തൃശ്ശൂർ എന്നീ ക്ഷേത്രസന്ദർശനവും വർണ്ണിച്ചിട്ടുണ്ടു്. ഗുരുവായൂരപ്പനെത്തൊഴുമ്പോൾ ചൊല്ലിയ ശ്ലോകങ്ങൾ അദ്ദേഹംതന്നെ ഉണ്ടാക്കിയവയാണു്. അദ്ദേഹം ഒരു സാഹിത്യപ്രണയിയായിരുന്നു. കേരള ചരിത്ര പരിശോധന എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. വേദാന്തരാമാനുജൻ ഒരു സരസനായ സംസ്കൃതകവിയായിരുന്നു എന്നുള്ളതിനു സന്ദേഹമില്ല. കാലം പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധമായിരിക്കനം. ദേശമേതെന്നു് അറിയുന്നില്ല.
കോഴിക്കോട്ടെ ഏതോ ഒരു മാനവിക്രമരാജാവിന്റെ സദസ്യനായി സാംബശിവശാസ്ത്രി എന്നൊരു കവി ജീവിച്ചിരുന്നു. ഗോപാലസമുദ്രം തിരുനെൽവേലി ജില്ലയിലെ ഒരു ഗ്രാമമാണു്. അദ്ദേഹം ശ്രീവത്സഗോത്രജനായ കനകസഭാപതിയുടെ സീമന്തപുത്രനും ഭാരദ്വാജഗോത്രോത്ഭവനായ ആപദുദ്ധാരണശാസ്ത്രികളുടെ പുത്രൻ സ്വാമിശാസ്ത്രികളുടെ ശിഷ്യനുമാണു്. ഈ വസ്തുതകൾ ചുവടെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽ നിന്നു വെളിപ്പെടുന്നു.
തന്റെ കവനചാതുര്യത്തെപ്പറ്റി
എന്നു പ്രശംസിച്ചതിനുമേൽ “തേന മഹാകവിനാ രചിതം ശൃംഗാരവിലാസം നാമ ഭാണമഭിനയദ്ഭിരസ്മാഭിർന്നിതരാമാ പാദ്യത ഇതി ശ്രീമാനവിക്രമമഹാരാജവിദ്വൽസാമാജികഹൃദയാനന്ദഃ” എന്നു പറയുന്നു. 1053-ാമാണ്ടിടയ്ക്കു പകർത്തിയെഴുതിയതായി കാണുന്നതിനാൽ അതിനുമുൻപാണു് പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മിതി എന്നു സിദ്ധമാകുന്നു. കവിതാരീതി വ്യക്തമാക്കുവാൻ ഒരു ശ്ലോകംകൂടി ഉദ്ധരിക്കാം.
സരസനായ ഒരു കവിതന്നെയാണു് സാംബശിവശാസ്ത്രി.
കൊല്ലം പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ കോലത്തുനാട്ടു രവിവർമ്മത്തമ്പുരാന്റെ ആശ്രിതനായി തൊണ്ഡമണ്ഡലത്തിൽ പാലാറ്റിന്റെ പോഷകനദിയായ ചെയ്യാറ്റിന്റെ തെക്കേക്കരയിലുള്ള ഉത്തരമേരൂർ എന്ന ഗ്രാമത്തിൽ ജനിച്ച കൃഷ്ണസുധി എന്നൊരു പണ്ഡിതൻ ജീവിച്ചിരുന്നു. ചെയ്യാറ്റിനു സംസ്കൃതത്തിൽ സ്കന്ധം എന്നും മറ്റുമാണു് പേർ നല്കിയിരിക്കുന്നതു്. ശ്രീരാമഭക്തനായ അദ്ദേഹം കൊല്ലം 1020-ൽ കാവ്യകലാനിധി എന്നൊരു ഗ്രന്ഥം നിർമ്മിക്കുകയുണ്ടായി. ഈ അലങ്കാരഗ്രന്ഥത്തെ (1) നായകപ്രകരണം, (2) ശബ്ദാർത്ഥനിർണ്ണയം, (3) അർത്ഥനിർണ്ണയം, (4) ധ്വനിനിരൂപണം, (5) ഗുണീഭൂതവ്യംഗനിരൂപണം, (6) ശബ്ദാർത്ഥചിത്രണം, (7) ദോഷനിരൂപണം, (8) ഗുണനിരൂപണം, (9) ശബ്ദാലങ്കാരനിരൂപണം, (10) അർത്ഥാലങ്കാരനിരൂപണം എന്നിങ്ങിനെ പത്തു കുസുമങ്ങളായി കൃഷ്ണസുധി വിഭജിച്ചിരിക്കുന്നു. ഉദാഹരനശ്ലോകങ്ങളെല്ലാം രവിവർമ്മപരങ്ങളാണു്. “ഇതി കാഞ്ചീമണ്ഡലേ സ്കന്ധസരിദ്ദക്ഷിണദിശ്യുത്തരമേരുഗ്രാമവാസിനാ പണ്ഡിതരായ നാരായണോപദ്രഷ്ടൃവംശമുക്താമണി ശിവരാമസൂരിസൂനു കവിദാസകൃഷ്ണസൂരികലിതേ കാവ്യകലാനിധൗ” എന്നു ഗ്രന്ഥാവസാനത്തിൽ കാണുന്ന സൂചീവാക്യത്തിൽനിന്നു് അദ്ദേഹം ഉപദ്രഷ്ടാവെന്ന ബിരുദത്താൽ വിദിതനായ നാരായണസൂരിയുടെ കുലത്തിൽ ജനിച്ച ശിവരാമസൂരിയുടെ പുത്രനാണെന്നു സിദ്ധിക്കുന്നു. അവരുടെ പേരുകൾ ശിവരാമസുധി എന്നും കൃഷ്ണശാസ്ത്രി എന്നുമാണു് മറ്റു ചില കുറിപ്പുകളിൽ കാണുന്നതു്.
കിഞ്ച,
തസ്യൈവ ഖലു,
എന്നീ ശ്ലോകങ്ങളിൽ കവി തന്റെ പ്രബന്ധോദ്ദേശ്യം വിവരിക്കുന്നു. അവസാനത്തിൽ ഉള്ളവയാണു് താഴെക്കാണുന്ന ശ്ലോകങ്ങൾ.
‘സന്മേധാവി’ എന്നതു കലിവർഷസൂചകമായ ഒരു പദമാണു്. അതിൽനിന്നു പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മിതി 1020-ാമാണ്ടാണെന്നു സിദ്ധിക്കുന്നു.
ഹംസസന്ദേശം എന്ന പേരിൽ കൊല്ലം പതിനൊന്നാംശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ വിരചിതമെന്നു കരുതാവുന്ന ഒരു കാവ്യം കണ്ടുകിട്ടീട്ടുണ്ടു്. അതു മറ്റു സന്ദേശങ്ങളെന്നപോലെ പൂർവ്വഭാഗവും ഉത്തരഭാഗവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. മന്ദാക്രാന്ത തന്നെയാണു് വൃത്തം. പൂർവ്വസന്ദേശത്തിൽ 83-ഉം ഉത്തരസന്ദേശത്തിൽ 88-ഉം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ട്. പൂർവ്വഭാഗത്തിന്റെ ആരംഭത്തിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം:
പ്രസ്തുതസന്ദേശത്തിലെ നായകനും നായികയുമായി സുഖിക്കുന്ന ഒരവസരത്തിൽ നായകനെ ഒരു രാക്ഷസി ഭക്ഷിക്കുന്നതിനായി ലങ്കയിലെ ഉദ്യാനത്തിലേയ്ക്കു കൊണ്ടുപോകുകയും അവിടെവെച്ചു വിഭീഷണചക്രവർത്തിയുടെ ആജ്ഞയാൽ മോചിപ്പിക്കുകയും ചെയ്തു. നായികയുടെ ഭവനം കവണാറ്റിന്റെ (മീനച്ചിലാറ്റിന്റെ) തീരത്തുള്ള കുടമാളൂരാണെന്നു കവി പറയുന്നു.
സന്ദേശഹരൻ ഹംസമാണെന്നു പറയേണ്ടതില്ലല്ലോ. നായകൻ ഹംസത്തെ സേതുദർഭശയനം, താമ്രവർണ്ണീതീരം, മണലൂർ, സഹ്യപർവ്വതം ഇവ കടന്നു കേരളത്തിൽ എത്തുവാൻ ഉപദേശിക്കുന്നു. അധോലിഖിതമായ ശ്ലോകത്തിൽ കവി കേരളത്തെ വർണ്ണിക്കുന്നു.
തദനന്തരം കന്യാകുമാരി, മരുത്വാമല, ശുചീന്ദ്രം ഇവയുടെ വിവരണത്തിലാണ് കവി വ്യാപൃതനാകുന്നതു്. മരുത്വാമലയ്ക്കു വക്രഗിരി എന്നാകുന്നു സന്ദേശത്തിൽ കാണുന്ന സംജ്ഞ. ശുചീന്ദ്രത്തു് അക്കാലത്തു നടപ്പിലിരുന്ന കൈമുക്കൽ എന്ന ശുദ്ധികർമ്മത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു.
അതിൽപ്പിന്നീടു ഹംസം ചെന്നേത്തേണ്ടതു തിരുവനന്തപുരത്താണു്.
ആ ഘട്ടത്തിൽ കവി വഞ്ചിമഹാരാജാവിനെ അത്യന്തം സമുജ്ജ്വലമായ രീതിയിൽ ചിത്രനം ചെയ്യുന്നു. തദ്വിഷയകമായ ഒരു ശ്ലോകം മാത്രം പകർത്താം.
തിരുവനന്തപുരത്തുനിന്നു വടക്കോട്ടേയ്ക്കു രണ്ടു വഴികളുണ്ടെങ്കിലും അവയിൽ ഒന്നു് ‘ക്ഷിതിധരവനഗ്രാവരൂക്ഷ’മായ ‘കദധ്വാവാ’കയാൽ അതിനെ ത്യജിച്ചിട്ടു ‘പാഥോനിധിതടതല’ത്തിൽ കൂടിയുള്ള മാർഗ്ഗത്തെ സ്വീകരിക്കണമെന്നു നായകൻ ഹംസത്തോടു നിർദ്ദേശിക്കുന്നു. കൊല്ലത്തു ചെന്നാൽ അവിടെ ധാരാളം ധ്വരമാരെക്കാണാം.
തദന്തരം ഹംസം അമ്പലപ്പുഴെച്ചെന്നു “വിലസദതസിദാമനീലപ്രതീക”നായ ശ്രീകൃഷ്ണനെ തൊഴുതുംകൊണ്ടു കുടമാളൂരേയ്ക്കു പോകണം. അത്തരത്തിലാണു് മാർഗ്ഗനിർദ്ദേശം.
കവിയാരെന്നു് അറിയുന്നില്ലെങ്കിലും അദ്ദേഹത്തിനും തന്റെ പ്രിയതമയ്ക്കെന്നപോലെ കുടമാളൂർതന്നെയായിരുന്നു ജന്മഭൂമി എന്നു് ഊഹിക്കാവുന്നതാണു്. ഗ്രന്ഥം നിർമ്മിച്ച കാലത്തു ശുചീന്ദ്രക്ഷേത്രത്തിൽ കൈമുക്കും കൊല്ലത്തു സായ്പന്മാരുടെ താമസവുമുണ്ടായിരുന്നു എന്നുള്ളതിനു പുറമേ, കൊട്ടാരക്കരനിന്നു കോട്ടയത്തേയ്ക്കുള്ള പാത പരിഷ്കരിച്ചിരുന്നില്ലെന്നും നാം കണ്ടുവല്ലോ. ശുചീന്ദ്രത്തു് കൈമുക്കൽ നിന്നതു് 1019-ാമാണ്ടാണു്; അതിൽപ്പിന്നീടു കുറേക്കാലം തിളയ്ക്കാത്ത എണ്ണയിൽ കൈമുക്കിവന്നിരുന്നു. ഉത്രംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്താണു് അതു നിശ്ശേഷം നിന്നതു്. അതുകൊണ്ടു് 1019-ാമാണ്ടിനു മുൻപാണു് ഹംസസന്ദേശത്തിന്റെ ആവിർഭാവമെന്നും, അതോടുകൂടി സ്വാതിതിരുനാൾമഹാരാജാവു സിംഹാസനാരൂഢനായ 1004-ാമാണ്ടിനു മേലാണെന്നും നിർണ്ണയിക്കാം.
തിരുവിതാംകൂറിലെ സുപ്രസിദ്ധമായ ചെങ്ങന്നൂർക്ഷേത്രത്തിലെ ശ്രീപരമേശ്വരനെപ്പറ്റിയുള്ള ഒരു ദീർഘമായ സ്തോത്രമാണു് സാഹസ്രിക. നാരായണീയത്തിന്റെ ഛായയിൽ താഴമൺ പരമേശ്വരൻ തന്ത്രി രചിച്ച പാരമേശ്വരം സാഹസ്രിക അഥവാ ശോണാദ്രീശസ്തോത്രം എന്ന കൃതിയിൽ ചെങ്ങന്നൂർ സ്ഥലപുരാണത്തിലെ കഥകളായ ആയിരം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. പക്ഷേ പാരമേശ്വരകാരനു കവിയെന്ന നിലയിൽ ഗണനീയമായ സ്ഥാനത്തിനു് അവകാശമൊന്നും കാണുന്നില്ല. മാതൃക കാണിക്കുവാൻ നാലെണ്ണം ഉദ്ധരിക്കാം.
എഴുമണ്‍, ചെങ്ങന്നൂർ, ഏറ്റുമനൂർ മുതലായ പല ക്ഷേത്രങ്ങളിലെ തന്ത്രിമാരാണു് ചെങ്ങന്നൂർ താഴമണ്ണില്ലത്തെ പോറ്റിമാർ. അവരിൽ പരമേശ്വരൻ എന്ന ഒരു തന്ത്രിയുടെ കൃതിയാണു് പ്രസ്തുതസ്തോത്രമെന്നു് ഐതീഹ്യമുണ്ടു്. അദ്ദേഹം പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്നതായി അറിയുന്നു. പാരമേശ്വരത്തിനു സാഹസ്രികയെന്നും അഷ്ടകമാലികയെന്നുംകൂടി പേരുകൾ ഉള്ളതിനാലാണു് ‘നാമത്രയോജ്ജ്വലം’ എന്ന വിശേഷണം കവി പ്രയോഗിക്കുന്നതു്.
ശ്രീരാമോദന്തത്തിന്റെ കരുവിൽ വാർത്തെടുത്തിട്ടുള്ള ഒരു കാവ്യമാണു് ശ്രീകൃഷ്ണോദന്തം. അതിനു പ്രചാരം തീരെയില്ല. കവിതാഗുണവും ശൂന്യംതന്നെ. ശ്രീമദ്ഭാഗവതം ദശമം, ഏകാദശം എന്നീ രണ്ടു സ്കന്ധങ്ങളിലും പ്രതിപാദിതമായിരിക്കുന്ന ശ്രീകൃഷ്ണചരിതമാണു് ഇതിവൃത്തം. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
ഒടുവിൽ
എന്നു സർഗ്ഗാന്തരീതിയിൽ ഘടിതമായ ഒരു ശ്ലോകത്തോടുകൂടി അവസാനിക്കുന്നു. അതിനുമേൽ
എന്നൊരു ശ്ലോകവും കാണ്മാനുണ്ടു്. അതിൽനിന്നു ഭാസ്കരൻ എന്നൊരു കവിയാണു് ശ്രീകൃഷ്ണോദന്തത്തിന്റെ പ്രണേതാവെന്നും അദ്ദേഹം ആ കൃതി രചിച്ചതു് 1025-ാമാണ്ടാണെന്നും വിശദമാകുന്നു.“വട്ടപ്പള്ളി ഭാസ്കരൻ” എന്നുകൂടി ഗ്രന്ഥത്തിൽ ഒരു കുറിപ്പുണ്ടു്. ആ വഴിയ്ക്കു നോക്കിയാൽ ശുചീന്ദ്രത്തു വട്ടപ്പള്ളിയില്ലത്തെ ഭാസ്കരൻ മൂത്തതാണു് ഗ്രന്ഥകാരൻ എന്നു് ഊഹിക്കാം. “ഗുരുഗൃഹാലയം” ഏതെന്നു് അറിയുന്നില്ല.