അദ്ധ്യായം 41
പലവകപ്പാട്ടുകളും ഗദ്യകൃതികളും
(ക്രി. പി. പതിനെട്ടാം ശതകം, ഉത്തരാർദ്ധം തുടർച്ച)

41.1വാനോർനദീനിലയകീർത്തനം

ഹരിനാമകീർത്തനത്തിന്റെ രീതി പിടിച്ചു പില്ക്കാലങ്ങളിൽ ചിലർ ചില പാട്ടുകൾ രചിച്ചിട്ടുണ്ടു്. അവയിൽ രണ്ടു പാട്ടുകളെപ്പറ്റി മാത്രം ഇവിടെ പ്രസ്താവിക്കാം. ഒന്നു് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയെപ്പറ്റിയുള്ള ഒരു സ്തോത്രമാണു്. ആകെ അൻപത്തി മൂന്നു ശീലുകളുണ്ടു്. എല്ലാം “ജയ” എന്ന പദത്തിൽ അവസാനിക്കുന്നു. ചില ശീലുകൾ എടുത്തു കാണിക്കാം.

“ശ്രീവാസുദേവ യദുവംശാവതംസ സുര
വിദ്വേഷിഗർവഹര നന്ദാത്മജാത ജയ;
ദേവേശ ശർവനത വാനോർനദീനിലയ
കല്യാണരംഗനട കാരുണ്യഗാത്ര ജയ.

വൻപേറുമിജ്ജനനദേഹാത്യയാംബുനിധി
സന്താപവൻതിരകൾ വേർമായുമാറുലകിൽ
നിൻപാദപത്മയുഗമെപ്പോഴുമെൻമനസി
കാണായ്വരേണമരവിന്ദാക്ഷ കൃഷ്ണ ജയ.

വാർതേടുമിബ്ഭുവനമോർത്തോളമെത്രയുമ
സാരം വിനശ്വരമനന്താതുലാർത്തികരം
ചേതോഹരം വിമലമൻപോടു മേനി തവ
കാണാകണം വരദ നിത്യം രമേശ ജയ.
..................
ഹേമപ്രസ്തനശിഖിപിഞ്ഛങ്ങളും ശിരസി
ഫാലേ നിറം കലരുമക്കുങ്കുമദ്യുതിയും
ആമോഹമൻപിനൊടു ലോകേഷു ചേർത്തകുനു
ചില്ലീസുസൂചിതപരാനുഗ്രഹോദയവും

ആലോലശോണതരനേത്രദ്വയേ വിപുല
കാരുണ്യവാരിധിമഹാവീചിമാലകളും
ആലാപഭംഗികളുമല്പസ്മിതം ഗളത
ലാകല്പമംഗദഘടാകങ്കണാദികളും

ഓമൽക്കരാംഗുലികളും മോതിരങ്ങൾ മണി
കാഞ്ചീകലാപമണിപൊന്നിൻചിലമ്പുകളും
സീമാവിഹീനപദതാർ മോതിരങ്ങൾ നഖ
ജാലങ്ങളും വിതര കാണ്മാൻ ഹൃദേഡ്യ മമ.”

ഈ കവിതയ്ക്കു വലിയ ഗുണമൊന്നുമില്ല. “ആപീനദീർഘഭുജ പത്മേ നിറന്ന” എന്ന വരിയിൽ ‘നിറന്ന’ എന്ന പദവും മറ്റും കാണുന്നതുകൊണ്ടു പത്താം ശതകത്തിനു പിന്നീടല്ല ഇതിന്റെ നിർമ്മിതി എന്നു് അനുമാനിക്കാം.

41.2ഗുരുനാമകീർത്തനം

അടുത്തതായി പറയാൻപോകുന്ന ഗുരുനാമകീർത്തനത്തിന്റെ സാരസ്യം ഇതിലും പരുങ്ങലിലാണു്. “മാതൃപിതൃവാരും” എന്നും മറ്റും അതിൽ തട്ടിമൂളിച്ചു കാണുന്നു. അതിന്റെ പ്രണേതാവു് ഒരു നമ്പൂരിയാണെന്നു് ഋഗ്യജ്ജുസ്സാമാദികളെപ്പറ്റിയുള്ള പ്രസ്താവനയിൽനിന്നു വെളിവാകുന്നു. ഹരിയെപ്പോലെതന്നെ ഗുരുവിനെ വന്ദിക്കുവാൻ കവി ആവശ്യപ്പെടുന്നു. ‘ഹരിഃ’ മുതൽ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങളിൽ അനുക്രമമായി ശീലുകൾ ആരംഭിച്ചിട്ടുണ്ടു്. ഓരോന്നും “ഗോവിന്ദ രാമ ജയ” എന്നവസാനിക്കുന്നു. ഹരിനാമകീർത്തനം കണ്ടാണു് അദ്ദേഹം ഗുരുനാമകീർത്തനം രചിച്ചതെന്നുള്ളതിനു ഗ്രന്ഥത്തിൽത്തന്നെ തെളിവുണ്ടു്.

“ണന്തം കലർന്ന ഹരിനാമത്തിനൊക്കുമിഹ
ചന്തം വളർന്ന ഗുരുനാമം ജപിക്കിലിഹ”

എന്നും

“ഹരിനാമകീർത്തനവും ഗുരുനാമകീർത്തനവു
മൊരുപോലെ ഭക്തിപദമനിശം സ്തുതിപ്പവനു
കരുതുന്നതെന്തു ഫലമനുഭൂതദത്തമിഹ
കരുണാകരായ നമ ഗോവിന്ദ രാമ ജയ”

എന്നുമുള്ള ഭാഗങ്ങൾ നോക്കുക.

ചില പാട്ടുകൾ ചുവടേ പകർത്തുന്നു.

“ഹരിയെന്നൊരക്ഷരമതരികേ വിളിച്ചു ബത
പരിചോടു ശിക്ഷയിലിതരുളീടുമെൻഗുരുവെ
ഹരിയെന്നുറച്ചു പുനരനിശം നമിപ്പതിനു
കരളിങ്കലാക മമ ഗോവിന്ദ രാമ ജയ”

“ഈശൻ വെറുക്കിലതുമേലങ്ങൊഴിക്കുമിഹ
കൂശാതെ ദേശികനതാചാരമിന്നു ഭുവി
നാശങ്ങളാശു ഗുരു കോപിക്കിൽ വന്നടിയു
മീശൻ തടാ സപദി ഗോവിന്ദ രാമ ജയ”

അങ്കം പൊരുന്ന ജനവും കാലനും ഗുരുവ
രൻകാരണം പരവശം തൽകൃതാന്തഭട
സംഘങ്ങൾ ശങ്കരനൊടെന്തോന്നു ചെയ്വരവർ
ശങ്കിച്ചു വാങ്ങുമിഹ ഗോവിന്ദ രാമ ജയ”.

ഈ കീർത്തനവും പത്താം ശതകത്തിൽ ഉത്ഭവിച്ചതാണെന്നു തോന്നുന്നു.

41.3ദശമം സങ്കീർത്തനം (എട്ടുവൃത്തം)

പാണ്ഡവശങ്കരം മുതലായ ചില സങ്കീർത്തനങ്ങളെപ്പറ്റി 31-ആമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. രാമായണം ഇരുപത്തിനാലുവൃത്തം, ഭാഗവതം ഇരുപത്തിനാലുവൃത്തം ഇവയുടെ സ്വരൂപവുംമറ്റും വായനക്കാർ ധരിച്ചുകഴിഞ്ഞു. ആ പ്രസ്ഥാനത്തിൽ രചിച്ചിട്ടുള്ള മറ്റൊരു സങ്കീർത്തനമാണു് ദശമം എട്ടുവൃത്തം. ഓരോ വൃത്തത്തിലും ധാരാളം പാട്ടുകളുണ്ടു്. ദശമസ്കന്ധത്തിലെ ഇതിവൃത്തം മുഴുവൻ അജ്ഞാതനാമാവായ ഒരു കവി സംക്ഷേപിച്ചിരിക്കുന്നു. കാലമേതെന്നു നിർണ്ണയിക്കാൻ പ്രയാസമുണ്ടു്. 10-ആംശതകമാണെന്നു ഊഹിക്കാം. രണ്ടു മൂന്നു ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊള്ളട്ടെ.

“അവനിയിൽ വസുദേവാത്മജനായ്വ
ന്നവതാരംചെയ്തരുളിന ഭഗവാൻ
അവയവ ലീലകൾ തടവിയതെല്ലാ
മിത പുകഴുന്നേൻ നാരായണജയ.

അവനീമാതൊരു പശുവായംബുജ
ഭവനെക്കണ്ടു കരഞ്ഞു പറഞ്ഞാൾ
അവശത തങ്കലിയന്നവയെല്ലാ
മവനതവദനാ നാരായണജയ.”
(പ്രഥമവൃത്തം)


“ജനകനും ഗോപജനങ്ങളും വന്ന
ങ്ങണഞ്ഞുനിന്നവർ കരയുമ്പോൾ
പിണക്കം കാണായു് മുകുന്ദനും കൃഷ്ണ
ഫണധരൻതാനും ഹരി നമോ.
………
തലകളായിരം ചതഞ്ഞു കാളിയൻ
വളരെച്ചോരകാർന്നവശനായ്
തളർന്നുവീണപ്പോൾ സ്തുതിച്ചു പത്നികൾ
നളിനനാഭനെ ഹരി നമോ.”
(തൃതീയവൃത്തം)


“പരൻപൂരുഷോക്തേന യോഗേനപാർത്ഥൻ
പരിത്യജ്യ ദേഹം വിശുദ്ധാന്തരാത്മാ
പരബ്രഹ്മരൂപസ്യ വിഷ്ണോസ്സ്വരൂപം
പരം പ്രാപ വേഗാന്മുകുന്ദാ! മുരാരേ!
സരോജാസനപ്രാർത്ഥനാം കേട്ടു സാക്ഷാൽ
പരൻ പൂരുഷൻ ഗോപികാപത്യഭാവാൽ
ധരാഭാരവും തീർത്തു പാലാഴിമധ്യേ
പുരം സംപ്രപേദേ മുകുന്ദാ! മുരാരേ!”
(അഷ്ടമവൃത്തം)
41.4കോട്ടൂർ നമ്പിയാർ

ഉത്തരകേരളത്തിൽ ചിറയ്ക്കൽത്താലൂക്കിൽ കരിവള്ളൂർ ദേശത്തു കോട്ടൂർ എന്നൊരു ഭഗവതി ക്ഷേത്രമുണ്ടു്. ചിറക്കൽ കോവിലകം വക കോട്ടൂർമഠത്തിനടുത്താണു് ‘പള്ളിയറ’ എന്നു പറയുന്ന ആ ക്ഷേത്രം. കരിവെള്ളൂർ ക്ഷേത്രത്തിലെ ശ്രീപരമേശ്വരന്റെ പത്നിയായ പാർവതീദേവിയെ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണു് സങ്കല്പം. അവിടെ കോട്ടൂർ നമ്പിയാർ എന്ന ഒരു വിശിഷ്ടകവി പത്താംശതകത്തിൽ ജീവിച്ചിരുന്നു. പേരെന്തെന്നറിവില്ല. അദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണു് സുപ്രസിദ്ധമായ കുചേലകഥ പത്തുവൃത്തം. ആ കൃതിയുടെ ഒരു പ്രതീകത്തിൽ” കോട്ടൂർ നമ്പിയാരുടെ പാട്ടു്” എന്നും കോഷട്യപുരനിവാസിന്യൈ അംബികായൈ നമഃ” എന്നുമുള്ള കുറിപ്പുകൾ കാണ്മാനുണ്ടു്. കൊല്ലം 622-ൽ ഉദയവർമ്മകോലത്തിരി ആ രാജ കുടുംബത്തിന്റെ കുലദേവതയായ കളരിവാതില്ക്കൽ ഭഗവതിയുടെ അടിയന്തരക്കാരിൽ ഒരു തെയ്യംപാടിക്കു കോട്ടൂരധികാരിയെന്ന സ്ഥാനം നല്കിയതായി കാണുന്നു. ആ കുടുംബത്തിൽ ജനിച്ച ഒരു കവിയാണു് കുചേലകഥയുടെ കർത്താവു്. അദ്ദേഹം കുചേലകഥ കൈകൊട്ടിക്കളിപ്പാട്ടിനു പുറമേ (1) സുഭദ്രാഹരണം കൈകൊട്ടിപ്പാട്ടു് (2) നളചരിതം കോല്ക്കളിപ്പാട്ടു് എന്നിങ്ങനെ രണ്ടു ഭാഷാഗാനങ്ങൾകൂടി നിർമ്മിച്ചിട്ടുള്ളതായി അറിയുന്നു.

41.5കുചേലകഥ

കുചേലകഥ സ്വല്പം സംസ്കൃതപ്രധാനമാണെങ്കിലും കൈകൊട്ടിക്കളിപ്പാട്ടുകളുടെ കൂട്ടത്തിൽ അതു് അഭ്യർഹിതമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. ഒടുവിൽ താഴെക്കാണുന്ന ഫലശ്രുതിശ്ലോകം ഘടിപ്പിച്ചിട്ടുണ്ടു്.

“ലീലാമാനുഷദേഹനായ കമലാഭർത്തുഃ കഥാസ്തവ്യഥാ
ബാലസ്ത്രീജനകേളയേ വിരചിതാ ഭാഷാമയീയം മയാ
പാലോലും മൊഴിമാരമൂമനുദിനം പാടിക്കളിച്ചീടുകിൽ
ത്താലോലിപ്പതിനാശു പുത്രരുളവാമർത്ഥാദിമങ്ഗല്യവും.”

തൃതീയവൃത്തത്തിൽനിന്നു് ഒരു ഭാഗമുദ്ധരിച്ചു കവിതാരീതി കാണിക്കാം. ദ്വാരകാപുരിയുടെ വർണ്ണനമാണു് പ്രമേയം.

“പാലോലുംമൊഴിമാരാമാലോലനയനമാർ
ചാലവേ പലർകൂടിയൊത്തു ചെമ്മേ
കുന്തളമഴിഞ്ഞുലഞ്ഞന്തരാന്തരാ സുമ
സഞ്ചയമതിങ്കേന്നു ചിന്തിച്ചിന്തി,
സഞ്ചിതരസഭരചഞ്ചലതരനയ
നാഞ്ചലമങ്ങോടിങ്ങോടോടിയോടി,
നെഞ്ചകമലിയുന്ന കൊഞ്ചലോടിണങ്ങുമ
പ്പുഞ്ചിരിപ്പുതുമലർ തൂകിത്തൂകി,
കേടറ്റ മണിശോഭ കൂടിക്കലർന്ന തങ്ക
ത്താടങ്കയുഗളങ്ങളാടിയാടി,
തിങ്കളോടനുദിനമങ്കം തുടരും മുഖ
പങ്കജത്തിങ്കൽ വിയർപ്പേറിയേറി,
ലാളിത്യമാണ്ട ഗളനാളത്തിൽത്താലിമാല
മേളത്തിലിടയിടെ മിന്നിമിന്നി,
തങ്ങളിലിടതിങ്ങിബ്ഭംഗിയിലിളകുന്ന
തുംഗസ്തനങ്ങൾ കാന്തി പൊങ്ങിപ്പൊങ്ങി,
കിഞ്ചന ശിഥിലിതകാഞ്ചനകാഞ്ചീബദ്ധ
പ്പൂഞ്ചോലയൊരു കയ്യാൽത്താങ്ങിത്താങ്ങി,
മഞ്ജൂരണിതമണിമഞ്ജീരശോഭിപാദ
കഞ്ജതലങ്ങളേറ്റം വാടിവാടി,
ചന്തത്തിലിത്ഥം നിന്നു പന്തുകളടിക്കയും
സന്തോഷവാരിധിയിൽ നീന്തുകയും
ഇങ്ങനെ പലവിധം മംഗലലീലകോലു
മംഗനാജനങ്ങൾക്കു സംഖ്യയില്ല.”

ഇതിൽ സ്വഭാവോക്തിക്കൊപ്പംതന്നെ,

“പങ്കജകുമുദയോസ്സങ്കോചവികാസങ്ങ
ളങ്കങ്ങളറിവതിനുണ്ടെങ്കിലും
കിന്തു സംപൂർണ്ണചന്ദ്രൻ സന്തതമുദിക്കയാ
ലെന്തുപോൽത്തിഥിഭേദം കണ്ടറിവാൻ?”

“തന്നെയും മറന്നവൻ പിന്നെയങ്ങവിടുന്നു
മന്നിടത്തിങ്കൽച്ചാടി പേടിയാതെ
വത്സത്തെക്കണ്ടു ഹൃദി വാത്സല്യംപൂണ്ടു ഗോക്കൾ
തത്സമീപത്തിൽ വേഗാൽച്ചെല്ലുംപോലെ”

എന്നും മറ്റുമുള്ള ഈരടികളിൽ ഇതരാലങ്കാരങ്ങളും കവി മോഹനമായ രീതിയിൽ പ്രയോഗിച്ചിരിക്കുന്നു.

41.6നളചരിതം

ഈ കൃതിയിൽപ്പെട്ട

“കോലഭൂപൻതന്റെ കാലിണ വന്ദിച്ചു
കോല്ക്കളിപ്പാട്ടായു് കൃതിച്ച നളകഥ
കോലത്തുനാട്ടിന്റെ കേളി പരത്തണം
കോലരൂപംപൂണ്ട കോലവംശേശ്വരി”

എന്നീ വരികൾമാത്രമേ കണ്ടിട്ടുള്ളൂ. സുഭദ്രാഹരണം കിട്ടീട്ടില്ല.

41.7രുക്മിണീസ്വയംവരം പാട്ടു് – ഇതിവൃത്തം

കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവിന്റെ പ്രേയസിയായ ഒരു യുവതി ഒരവസരത്തിൽ ഒരു തത്തയേക്കണ്ടു് ഇങ്ങനെ ചോദിക്കുന്നു.

“അത്യന്തകൗതുകംപൂണ്ടു പറന്നോരോ
ദിക്കുകൾ തോറും നടന്നു മന്ദം
വൃത്താന്തമൊക്കെയറിഞ്ഞു വഴിപോലെ
ചിത്താനുമോദം വരുന്ന തത്തേ!
തത്രം [1] നിനക്കില്ല പോവതിനെങ്കിലോ
തത്ര കുറഞ്ഞൊന്നു വാണിടേണം.
ശ്രീരാമവർമ്മകുലശേഖരേന്ദ്രനി-
ന്നീരേഴുലകിലും കീർത്തിയോടേ
വൃത്രാരിതന്നോടു തുല്യനായു് വാഴുമെൻ
ഭർത്താവിനെയുണ്ടോ കണ്ടു ചൊൽക.
കണ്ടാലറിഞ്ഞിടാമില്ലൊരു സന്ദേഹം
തണ്ടാർശരനിലും നല്ലോനല്ലോ.
ബാലപ്പനിമതിക്കാലസ്യം നല്കുന്ന
ഫാലപ്രദേശത്തിലുണ്ടോ കണ്ടു
മാലേയപങ്കംകൊണ്ടുള്ള തൊടുകുറി
ത്തെല്ലിന്റെ ശോഭ വിളങ്ങുന്നതും?
പത്മനാഭൻതന്നെസ്സേവിച്ചു നിന്നാണെ
സത്മത്തിലാശു വരുന്നു നിന്റെ”

എന്നു വാഗ്ദാനം ചെയ്തു തിരുവനന്തപുരത്തേയ്ക്കു പോയ ഭർത്താവിനെ തിരിയെ വന്നുകാണാത്തതുകൊണ്ടാണു് നായിക പരിഭ്രമിക്കുന്നതു്. അതുകേട്ടു തത്ത ആ തിരുമേനിയെ സ്യാനന്ദൂരം ക്ഷേത്രത്തിൽവച്ചു കണ്ടതായും, കൂടെ സഹോദരനും (രവിവർമ്മ ഇളയതമ്പുരാൻ) ഉണ്ടായിരുന്നതായും പറഞ്ഞുകേൾപ്പിക്കുന്നു. ആ ക്ഷേത്രത്തിലെ ശീവേലിയും “നാടകശാലയിൽ നാരിമാർ ചേർന്നിട്ടു മോടികൾ” കാട്ടുന്ന രീതിയും മറ്റും വർണ്ണിച്ചതിനു മേൽ “വഞ്ചിമഹീപതിതന്റെ ജനനി” യേയും അവിടെ കണ്ടതായി അറിയിക്കുന്നു. അവിടത്തെ ശ്രീകൃഷ്ണക്ഷേത്രത്തിൽ (ആമ്പാടിയിൽ) തത്ത ഒരു ബ്രാഹ്മണൻ” മല്ലാരിതാനൊരു കല്യാണംചെയ്ത” കഥ പ്രവചനം ചെയ്യുന്നതു കേട്ടു് അതു നായികയോടു നിവേദനം ചെയ്യുന്നതായാണു് കവിയുടെ സങ്കല്പം. മഹാരാജാവിന്റെ മാതാവു പരഗതിയെ പ്രാപിച്ചതു 957-ലാകകൊണ്ടു 934- 957 ഈ വർഷങ്ങൾക്കിടയ്ക്കാണു് പ്രസ്തുതകൃതിയുടെ ഉത്ഭവം എന്നു തീർച്ചപ്പെടുത്താം. കവിതയ്ക്കു ഗുണം പോരാ.

41.8ചന്ദ്രസംഗമം പാട്ടു്

ഈ പാട്ടും പത്താം ശതകത്തിലെ കൃതിയെന്നാണു് തോന്നുന്നതു്. കവിയെപ്പറ്റി ഒന്നും അറിഞ്ഞുകൂട.

“ബുദ്ധിമാന്മാരോടു വേണം – നല്ല വൃത്താന്തവും വിചാരിപ്പാൻ.
അല്ലായ്കിലോ കാര്യമെല്ലാ – മങ്ങു വല്ലാതെതന്നെ വരുമേ.
ആറു കർണ്ണങ്ങളിൽക്കേട്ട – മന്ത്രമാരുള്ളു രക്ഷിച്ചുകൊൾവാൻ?
കാമിനിമാരെക്കൊതിച്ചാൽ – പിന്നെക്കാമന്റെ കിങ്കരരാകും.
പ്രാണഭയവുമില്ലാതെ – യൊരു നാണവുമില്ലാതെയാകും.
ബന്ധുവെന്നുള്ളതുമില്ലാ – തെയാം കന്ദർപ്പബാണങ്ങളേറ്റാൽ.
യോഷമാക്കിങ്ങനെയുള്ളൂ – ചിത്തേ ദോഷംവിചാരിക്കയില്ല.
പണ്ഡിതന്മാരായവർക്കും – പണ്ടേയുണ്ടോ വിചാരമുണ്ടാവൂ?
മോഹത്താൽ വല്ലതും ചെയ്താൽ – പിന്നെയാപത്തു വന്നുഭവിക്കും.”

41.9ഭൂതനാഥോത്ഭവം പാട്ടു്

ഇതു മഞ്ജരീവൃത്തത്തിലും മറ്റുമായി “ശാരികപ്പൈതലി”നെക്കൊണ്ടു “മങ്കമാർക്കു വേണ്ടി” കവി പാടിക്കുന്ന ഒരു ചെറിയ പാട്ടാണു്. വിഷ്ണുമായയെന്നും ഈ പാട്ടിനു പേരുണ്ടു്. “ഹരി മുന്നം നാരീ വേഷം പൂണ്ട വാർത്തയെല്ലാം” കിളി പറഞ്ഞുകേൾപ്പിക്കുന്നു. “ശൃംഗാരബാല” നായ ശാസ്താവു ജനിച്ചപ്പോൾ ഗംഗാദേവി സ്കന്യപാനം ചെയ്യിച്ചുവത്രേ.

“ചേതോഹരനായ പുത്രനുടേ ജാതകകർമ്മാദികൾ ചെയ്താരപ്പോൾ;
താതമാതാക്കൾ മുനികളും കൂടവേ ഭൂതനാഥനെന്നു പേരുമിട്ടു”
എന്നു് ഒടുവിൽ പറയുന്നു. ചില വരികൾ പകർത്തുന്നു.

“കാമിനിയോടു രമിച്ചു നന്നായു് കാമമാലൊട്ടു കളഞ്ഞിടുവാൻ
സോമനെച്ചൂടന്ന ദേവൻ തെരുന്നെനെക്കോമളയെച്ചെന്നടുക്കുന്നേരം
പോരാളിവീരനാമിക്ഷുവില്ലൻനാരിതന്നുള്ളിൽ മറഞ്ഞു മെല്ലെ.
നേരേയൊളിയമ്പു കോരിച്ചൊരിയുന്നു കാരണമുണ്ടതിനോർത്തുകണ്ടാൽ.”

കവിതയ്ക്കു വൈശിഷ്ട്യമൊന്നുമില്ല.

41.10ഭീമൻകഥ

സീതാദുഃഖംപോലെ അജ്ഞാതനാമാവായ ഏതോ ഒരു ഗ്രാമീണകവി നിർമ്മിച്ച ഒരു ചെറിയ പാട്ടാണു് ഭീമൻകഥ. ഹിഡിംബവധവും ബകവധവും ഈ പാട്ടിൽ അടങ്ങിയിട്ടുണ്ടു്. അതിനു മുൻപു “ചാതൃപ്പുഴ” എന്നൊരു പുഴ അരക്കില്ലത്തിൽനിന്നു് ഓടിപ്പോയ കുന്തിക്കും മക്കൾക്കും കടക്കേണ്ടതുണ്ടായിരുന്നു. അതു കടത്തിവിടണമെന്നു കടത്തുകാരനോടു കുന്തി താണുകേണപേക്ഷിച്ചിട്ടും കൂലി തരാതെ തോണിയിൽ കേറ്റുകയില്ലെന്നു അയാൾ ശഠിച്ചു. കൂലിക്കു കാശില്ലെങ്കിൽ മക്കളിൽ ഒരാളെയെങ്കിലും തന്നേ കഴിയൂ എന്നു കടത്തുകാരൻ നിർബ്ബന്ധിച്ചപ്പോൾ താൻ അവനോടുകൂടി പൊയ്ക്കൊള്ളാമെന്നു് ഭീമൻ പറഞ്ഞു. മനസ്സില്ലാമനസ്സോടെ അമ്മ അതിനു് അനുവാദം നൽകി. ആ ദുഷ്ടനെ ഭീമൻ ഒരു പാഠം പഠിപ്പിക്കുന്ന ഉപാഖ്യാനം കവിയുടെ സ്വന്തമാണു്. അതു സരസമായി പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. കടത്തുകാരൻ തന്റെ വീട്ടിൽ ഭീമനെ കൊണ്ടുചെന്നു ഭാര്യയെ ശുശ്രൂഷിക്കാൻ നിയോഗിച്ചു. അപ്പോൾ ഭീമൻ എന്തു ചെയ്തു എന്നു കവിയുടെ മുഖത്തുനിന്നുതന്നെ നമുക്കു കേൾക്കാം.

“നിത്യം കുളിപ്പതിനുള്ള – വെള്ളം കാച്ചേണമെന്നു പറഞ്ഞു.
ഊറ്റമായുള്ളോരു ചെമ്പു – ഭീമസേനന്റെ പറ്റിൽക്കൊടുത്തു.
ബാലകൻ ചെമ്പങ്ങെടുത്തു – മടപ്പള്ളിമഠമതിൽപ്പുക്കു.
ചെപ്പുക്കുടം രണ്ടെടുത്തു – വെള്ളം കോരിച്ചൊരിഞ്ഞു നിറച്ചു.
അഗ്നിയും കത്തിച്ചുനന്നായു് – വെള്ളം കാഞ്ഞുതിളച്ചുതുടങ്ങി.
‘പോരിക വേഗം കുളിപ്പാൻ – വിനനാഴിക [2] തെറ്റരുതൊട്ടും.
പോരാൻ മടിയുണ്ടെന്നാകിൽ-പ്രാണനാഥേ! വിരവിലെടുപ്പൻ’
എന്നു പറഞ്ഞുടൻ ഭീമൻ – വേഗം കാൽകരം കൂട്ടിപ്പിടിച്ചു
മെല്ലെയവിടുന്നെടുത്തു – തിളവെള്ളത്തിലിട്ടു മറിച്ചു.
കാർകൂന്തൽ ചുറ്റിപ്പിടിച്ചു – തിളവെള്ളത്തിലിട്ടൊന്നുലച്ചു.
അസ്ഥിയുമൊക്കെ മുറിഞ്ഞു അവൾ മൃത്യുവശഗതയായി.
ചത്തെന്നു കണ്ടോരുനേരം – ഭീമൻ മറ്റൊരു ചെമ്പങ്ങെടുത്തു
ചിത്രത്തിൽവച്ചങ്ങു മൂടി – യോടിച്ചെന്നു കടവിലന്നേരം.”

തന്റെ ഭാര്യയ്ക്കു സൗഖ്യംതന്നെയോ എന്നു യജമാനൻ ചോദിച്ചതിനു് “ഒരുനാളും ലയമില്ലവർക്കു്” എന്നു ഭീമൻ മറുപടി പറഞ്ഞപ്പോൾ അയാൾ സന്തോഷിച്ചു. തനിക്കുവേണ്ടി ഭീമൻ അന്നു് ഓടം കടത്തണമെന്നു് ആജ്ഞാപിച്ചു. പുഴയുടെ നടുവിൽ കൊണ്ടുചെന്നു് അതിലിരുന്ന കടത്തുകാരനോടുകൂടി ഓടം മുക്കി അയാളെ “കാൽകരം കൂട്ടിപ്പിടിച്ചു – ഭീമനക്കരയ്ക്കങ്ങോട്ടെറിഞ്ഞു” പോലും. ഈ പാട്ടു് ഏതോ ഒരുതരം കളിക്കു പാടുന്നതിനു് എഴുതീട്ടുള്ളതാണെന്നു് “ഇങ്ങനെ ചൊല്ലിക്കളിക്കു – ന്നോർക്കുമങ്ഗലം വർദ്ധിച്ചുകൂടും” എന്നഫലശ്രുതിയിൽ നിന്നു് അനുമാനിക്കാം.

41.11പുത്രകാമേഷ്ടിപ്പാട്ടു്

അജ്ഞാതനാമാവായ കവി ഈ പാട്ടു് ഒരേ വൃത്തത്തിൽ നിർമ്മിച്ചിരിക്കുന്നു. കൈകൊട്ടിക്കളിക്കുവേണ്ടിയാണോ എന്നു സംശയമുണ്ടു്. കവിക്കു പാണ്ഡിത്യം പോരെങ്കിലും ജ്യോതിശ്ശാസ്ത്രത്തിൽ ജ്ഞാനമുണ്ടായിരുന്നു എന്നു കാണുന്നു.

“ഉറ്റവർ മറ്റുള്ള മങ്കമാരും ഗർഭമുണ്ടെന്നുമില്ലെന്നും തമ്മിൽ.
ഒട്ടു കറുത്തു മുലക്കണ്ണുകൾ ഗർഭമുണ്ടെന്നുള്ളതു നിർണ്ണയിക്കാം.
അന്നം വെടിയും; നടന്നുകൂടാ; കണ്ണിൽ മിഴികളിരട്ടിച്ചിട്ടു്;
മന്ദതയേറും; കരം തളരും; എന്നതിലേതാനുമുണ്ടോ ചൊല്വിൻ?
മന്ദിരംതന്നിൽനിന്നന്തിനേരമെങ്ങുംപുറത്തേക്കിറങ്ങിടൊല്ലാ.
വല്ലോരും വല്ലതും ചോദിച്ചെന്നാലില്ലെന്നുമാത്രം പറഞ്ഞീടൊല്ലാ.
ദുഷ്ടരെന്നു നിങ്ങളാരെക്കൊണ്ടുമൊട്ടുമേചൊല്ലിച്ചു കൊള്ളരുതു്…
പാരാതെ കൗസല്യപെറ്റു മുമ്പേ പാരം വിചിത്രമിതെന്തുചൊല്ലാം.
പക്കം നവമി പുണർതത്തിൻകാൽ കർക്കടകക്കൂറു മേടമാസം
കർക്കടം രാശി പിറന്നു ബാലനർക്കനും മേടത്തിലുച്ചമുണ്ടു്;
അർക്കജൻതാനും തുലാത്തിലുണ്ടു്; ഉച്ചനായ്ഭൂമിസുതനുമുണ്ടു്.
ഉച്ചസ്ഥനായിട്ടു വ്യാഴമുണ്ടു്; മകരത്തിൽക്കേസരിയാദിയായ
നല്ല യോഗങ്ങൾ പലതുമുണ്ടു്; നാടു പിഴുകിപ്പുറത്തുപോയി
ക്കാടു പുക്കീടുവാനുണ്ടു യോഗം, ദൃഷ്ടിയിൽ ഭൂമിജൻ നില്ക്കകൊണ്ടു്
ഉണ്ടാകും നാശങ്ങൾ പത്നിയാലേ.”
41.12കുചേലമോക്ഷം പാട്ടു്

ഇതു മഞ്ജരീവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ഭാഷാഗാനമാണു്. പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലായിരിക്കണം ഈ കാവ്യത്തിന്റെ നിർമ്മിതികാലം. കവി ആരെന്നറിയുന്നില്ല. കവിത നന്നായിട്ടുണ്ടു്.

“ദാരിദ്ര്യസങ്കടം തീരും വഴിപോലെ
നാരിമാരിക്കഥ പാടിക്കൊണ്ടാൽ
നാരായണൻതന്റെ കാരുണ്യമുണ്ടാകും
നാരിമാരെല്ലാം ഗ്രഹിച്ചിടേണം.”

എന്നു് കവി ഒടുവിൽ ഉപദേശിക്കുന്നതിൽനിന്നു സ്ത്രീകൾക്കു പാടുന്നതിനായി എഴുതിയ ഒരു കൃതിയാണിതെന്നു തെളിയുന്നു. ആരംഭത്തിൽ

“തൃക്കൺമുനകൊണ്ടു തൃക്കൺപാർത്തിടേണം
തൃശ്ശിവപേരൂർ വടക്കുന്നാഥ!”

എന്നു കാണുന്ന വന്ദനത്തിൽനിന്നു കവി ആ ദേശക്കാരനാണെന്നും ഊഹിക്കാവുന്നതാണു്. ഈ പാട്ടിനു കേരളത്തിൽ പ്രചുരമായ പ്രചാരമുണ്ടു്.

“അന്നന്നു കാണായ്കിലാസ്ഥ കുറഞ്ഞുപോം
മന്നവന്മാർക്കും തരുണിമാർക്കും”

എന്നും മറ്റുമുള്ള സുപ്രസിദ്ധങ്ങളായ വരികൾ ഇതിലുള്ളവയാണു്. കവി ശ്രീകൃഷ്ണചരിതം മണിപ്രവാളത്തെ ഉപജീവിച്ചിട്ടുണ്ടു്. ഒരു ഭാഗം ഉദ്ധരിക്കാം.

“അയ്യോ ശുഭേ മമ ഭാര്യേ മനോഹരേ!
കാര്യമെന്നോടു പറഞ്ഞതെല്ലാം.
പാരിൽജ്ജനങ്ങൾക്കു ദാരിദ്ര്യമെന്നതു
പാരിച്ച സങ്കടമെങ്കിലും കേൾ.
അർത്ഥം മുഴുത്താലനർത്ഥങ്ങളുണ്ടാകും
വ്യർത്ഥം ധനമെന്നെനിക്കു പക്ഷം.
ദ്രവ്യത്തിലാഗ്രഹമാകാ നമുക്കെന്നു
ഭവ്യന്മാർ ചൊല്ലി ഗ്രഹിച്ചു പണ്ടേ.
പത്തു പണം കയ്യിലുള്ള പുരുഷന്നു
ശത്രുക്കളായു് പലരുണ്ടാമല്ലോ.
ഞാനെന്നഹംഭാവമുണ്ടാമതുനേരം
മാനം വളർന്നു ഞെളിഞ്ഞുകൂടും.
അന്നേരമാപത്തനേകം ജനിച്ചീടു
മന്നേരം രാജാവും കോഴ വാങ്ങും
തക്കത്തിൽ വന്നിങ്ങു തസ്കരിച്ചീടുവാൻ
തസ്കരന്മാരും തുനിഞ്ഞുകൂടും.
കാണം മുതലാണ്മകൊണ്ടു പറയുമ്പോൾ
പ്രാണൻ നശിപ്പനെളുപ്പം ബാലേ!
ഇല്ലം നിറച്ചു തലയ്ക്കൽ വച്ചാൽ
അപ്പോഴൊരു കുറ്റമുണ്ടാക്കി മന്നവ
നെപ്പേരും കുത്തിക്കവർന്നുകൊള്ളും.
കെട്ടിയടിച്ചുപിടിച്ചു പിഴിഞ്ഞീടും
പെട്ടെന്നു നമ്മുടെ നാടുവാഴി
വേണ്ടാ ധനമെന്നെനിക്കിന്നു തോന്നുന്നു
വേണ്ടുംപ്രകാരമിരിക്കാം താനും.
രാഗാദിദോഷങ്ങൾ വേഗം വളർന്നീടും
രോഗാദിദോഷങ്ങളെന്നുവേണ്ടാ.
വൈരം മുഴുത്തീടും നേരും കുറഞ്ഞീടും
ചേരുന്ന കൃത്യങ്ങളസ്തമിക്കും.
ഇത്യാദിദോഷങ്ങളുണ്ടാം ധനികന്നു
സത്യം ദരിദ്രന്നു ദോഷമില്ല.”
41.13ലക്ഷ്മീപാർവതിസംവാദം പാട്ടു്

“മാമലമങ്കയും പൂമാതും തങ്ങളിൽ പ്രേമമില്ലാത്തവരെന്നപോലെ” അന്യോന്യം വിഷ്ണുവിനും ശിവനുമുള്ള കുറ്റങ്ങളെ” ചൊല്ലി രസിച്ചോരു സല്ലാപലീലക” ളെപ്പറ്റി ഒരു പൈങ്കിളി മങ്കമാരോടു അവരുടെ അപേക്ഷയനുസരിച്ചു പറഞ്ഞുകേൾപ്പിക്കുന്നതാണു് ഈ ചെറിയ പാട്ടിലെ വിഷയം. കവിതയ്ക്കു പത്താം ശതകത്തിനുമേൽ പഴക്കമില്ല. ഒരിക്കൽ ശിവനും പാർവതിയും മറ്റു ദേവന്മാരുംകൂടി മഹാവിഷ്ണുവിനോടു ഭ്രഭാരശമനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ പാലാഴിയിൽചെന്നുചേർന്നു. അപ്പോൾ ലക്ഷ്മി പാർവതിയോടു് ഇങ്ങനെ നർമ്മസംഭാഷണം ആരംഭിച്ചു.

“ദക്ഷാരിതന്നുടെ ഭക്ഷണമിക്കാലം
ഭിക്ഷയിരന്നിട്ടോ ചൊൽക ബാലേ!”

അതിനു പാർവതി

“മുന്നം മഹാബലിതന്നുടെ യാഗത്തിൽ
ച്ചെന്നിരന്നുണ്ടതേയുണ്ടതുള്ളു.”

എന്നു മറുപടിപറഞ്ഞു. ആ ശൈലിയിൽ അവർ തമ്മിൽ വാഗ്വാദം ഇങ്ങനെ തുടർന്നു.

“ഉത്തമേ! നിന്നുടെ ഭർത്താവുതന്നുടെ
നൃത്തങ്ങൾ കാണ്മാൻ കഴിവരുമോ?’
‘വൃന്ദാവനംതന്നിൽച്ചെന്നു കൂത്താടുമ്പോ
ളെന്നുമേ കാണാമേ സുന്ദരാങ്ഗി.’
‘തിണ്ണം തലമുടിക്കെണ്ണയില്ലാഞ്ഞിട്ടോ
വെണ്ണീറു തേയ്ക്കുന്നു നിൻകണവൻ?’
‘നീലപ്പുരികുഴൽ നീളം പോരാഞ്ഞിട്ടോ
പീലികൾ ചാർത്തുന്നു നിൻകണവൻ?’
...............
‘പണ്ടെന്റെ കാന്തന്റെ സുന്ദരീവേഷത്തെ
ക്കണ്ടു ഭ്രമിച്ചില്ലേ നിൻകണവൻ?’
‘എണ്ണുരണ്ടായിരം പെണ്ണുങ്ങൾതന്നുടെ
പിന്നാലേ പോയില്ലേ നിൻകണവൻ?’
‘ആനയെക്കൊന്നതു തോലുപൊളിപ്പാനോ
മാനിനി! നിന്നുടെ പ്രാണനാഥൻ?’
‘വൻപനായുള്ളോരു കുംഭിയെക്കൊന്നതു
കൊമ്പു പറിപ്പാനാണെന്നു കേട്ടു.’
‘ഉത്തമേ! നിന്നുടെ കൂറ്റൻ മുതുകാള
ചത്തുപോയോ ഇപ്പോളുണ്ടോ ബാലേ?’
‘കാലികൾ മേയ്ക്കുന്നവനോടു ചോദിച്ചേ
ചൊല്ലാവൂ നിർണ്ണയം സുന്ദരാംഗി!’
‘പ്രാണനാഥന്നൊരു മാനുള്ളതെങ്ങു പോ–
യേണവിലോചനേ! ചത്തുപോയോ?’
‘ബാണവും വില്ലുമായു് മാനിന്റെ പിൻപേ പോയ്
മാനിങ്ങു പോരാഞ്ഞിട്ടെയ്തുകൊന്നു.’
‘ചേലയില്ലാഞ്ഞിട്ടോ ബാലേ! നിൻവല്ലഭൻ
തോലുമുടുത്തു നടന്നീടുന്നു?’
‘ചേലയില്ലെങ്കിലും പെണ്ണുങ്ങൾതന്നുടെ
ചേല കവർന്നതില്ലെൻകണവൻ.’
..................
‘കണ്ഠം കറുത്തതുകൊണ്ടു സുഭഗത
യുണ്ടെന്നോ ഭാവം നിൻകാന്തന്നിപ്പോൾ?’
‘കണ്ഠം കറുത്തതുകൊണ്ടുള്ളതു മതി
കണ്ടാലുമൊക്കെക്കറുത്ത മേനി.”

ഒടുവിൽ

“ഭർത്താക്കന്മാരെക്കൊണ്ടീവണ്ണം നാം തമ്മിൽ
വിസ്തരിക്കുന്നതു കഷ്ടമോർത്താൽ.”

എന്നുപറഞ്ഞു രണ്ടു ഭഗവതിമാരും അടങ്ങിയതായി കവി ഉപന്യസിച്ചു തന്റെ പാട്ടു സമാപിപ്പിക്കുന്നു.

41.14ഭാമാകൃഷ്ണസംവാദം വാതിൽതുറപ്പാട്ടു്

പണ്ടു കെട്ടുകല്യാണം ആഘോഷിക്കുന്ന അവസരങ്ങളിൽ വാതിൽ തുറപ്പാട്ടു പാടുക എന്നുള്ളതു് ഒഴിച്ചികൂടാത്ത ഒരു ചടങ്ങായിരുന്നു. ഭർത്താവു രാത്രിയിൽ നേരം താമസിച്ചു ഭാര്യയുടെ ഗൃഹത്തിൽ ചെല്ലുകയും ഭാര്യ ഭർത്താവിനു തന്റെ നേർക്കുള്ള പ്രണയത്തിൽ ശങ്കിച്ചു കലഹോത്സുകയായി ഭർത്താവിനോടു് ആ താമസത്തിന്റെ കാരണം ചോദിക്കുകയും ചെയ്യുന്നതാകുന്നു ഈ ഇനത്തിലുള്ള പാട്ടുകളിലെ വിഷയം. അനവധി പാട്ടുകൾ ഇത്തരത്തിലുണ്ടു്. പത്തുമുപ്പതു കൊല്ലം മുൻപുവരെ ചില ഇടത്തരക്കാരായ കവിതക്കാർ ഇവ നിർമ്മിച്ചിരുന്നു. ഇന്നു കെട്ടു കല്യാണവും പോയി; വാതിൽതുറപ്പാട്ടും പോയി. ഒരു പാട്ടിൽ നിന്നു മാത്രം ചില വരികൾ ഉദ്ധരിക്കാം.

“കാമിനിമാർകുലമൗലിമണേ സത്യ
ഭാമേയുറങ്ങിടുന്നോ നാഥേ?
യാമിനി പാരം പകർന്നതു കണ്ടീലേ?
താമസമെന്തു ചൊല്ക.
കാമകലാവിധിഭേദങ്ങൾ ചെയ്വതി
ന്നാമോദമോടു വന്നു.
സാമജഗാമിനി ഭാമിനി വാതിൽ തു
റക്ക നീ വൈകിടാതെ.”

“കാമകോമളാകാര, കാന്ത, കമലനാഭ!
താമസിച്ചതിൻകാരണം
കാമപാലാനുജ, നീ നേരു പറഞ്ഞല്ലാതെ
വാതിൽ തുറക്കുന്നില്ല ഞാൻ.”
“ധൂർത്തരിൽമുൻപനാം ധാർത്തരാഷ്ട്രനോടു
പാർത്ഥാദികൾക്കായിട്ടു പാതി
രാജ്യം പകത്തുകൊടുപ്പാൻ പറഞ്ഞത്രേ
പാർത്തതറിഞ്ഞുകൊൾക.”
.....................
“പാർത്ഥാദികൾക്കു പാതിരാജ്യം പകുപ്പാനർദ്ധ
രാത്രിയിൽ വേണമെന്നുണ്ടോ?
പാർത്ഥസാരഥേ പരമാർത്ഥം പറഞ്ഞല്ലാതെ
വാതിൽതുറക്കുന്നില്ല ഞാൻ.”
41.15അഞ്ചടികൾ

സന്മാർഗ്ഗപ്രതിപാദകങ്ങളായ ചില ചെറിയ പാട്ടുകൾക്കു് ‘അഞ്ചടികൾ’ എന്നു പേരുള്ളതായി ഡോക്ടർ ഗുണ്ഡർട്ടു് അദ്ദേഹത്തിന്റെ നിഘണ്ടുവിൽ പ്രസ്താവിക്കുന്നു. ആ പേരിലുള്ള ഗാനങ്ങളുടെ ഉൽപത്തി മലബാറിലാണു്. അഞ്ചടി എന്ന ശബ്ദത്തിന്റെ ആഗമത്തെപ്പറ്റി നിഷ്കൃഷ്ടമായി ഒന്നും പറവാൻ തോന്നുന്നില്ല. തമിഴിൽ കുറൾ, ചിന്തു്, അളവു്, നെടിൽ, കുഴിനെടിൽ എന്നിങ്ങനെ അഞ്ചു മാതിരി അടികളുണ്ടു്. ആ അടികളിൽ ഏതെങ്കിലും ഒന്നനുസരിച്ചു പാട്ടെഴുതിയാൽ അതിനു് അഞ്ചടി എന്നു പറഞ്ഞു വന്നു എന്നൂഹിക്കാം. “ചെല്ലൂരമന്നെഴും തമ്പുരാനേ” എന്നും “കാഞ്ഞിരക്കാട്ടമ്പും ശങ്കരരേ” എന്നുമുള്ള വരികൾ അഞ്ചടികളിൽ പെട്ടിട്ടുള്ളവയാണെന്നും, “ഇരതെണ്ടിത്തന്നെ പകലും കഴിഞ്ഞു” എന്ന വരി തിരൂർ അഞ്ചടിയിൽനിന്നു് എടുത്തതാണെന്നും പറഞ്ഞു ഗുണ്ഡർട്ടു് അവ നിഘണ്ടുവിൽ ഉദ്ധരിക്കുന്നു. കണ്ണിപ്പറമ്പത്തു് അഞ്ചടി എന്ന പാട്ടിൽനിന്നു് ആ പണ്ഡിതൻ ഏതാനും വരികൾ അദ്ദേഹത്തിന്റെ പാഠമാലയിൽ എടുത്തു ചേർത്തിട്ടുണ്ടു്. കണ്ണിപ്പറമ്പു കോഴിക്കോട്ടിന്നടുത്താണു്.

“പലരോടും നിനയാതെയൊരു കാര്യം തുടങ്ങൊല്ല,
പണം മോഹിച്ചോരുത്തനെച്ചതിച്ചീടൊല്ല.
അറിവുള്ള ജനങ്ങളോടെതിർപ്പാനും നിനയ്ക്കൊല്ല.
അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ല.
ഗുരുനാഥനരുൾചെയ്താലെതിർവാക്കു പറകൊല്ല.
മരണമുണ്ടെനിക്കെന്നതൊരിക്കലും മറക്കൊല്ല.
ധനം കണ്ടാലഹംഭാവം നടിച്ചീടൊല്ല.
വ്യസനമെന്നതിനെ മറ്റൊരുത്തർക്കും വരുത്തൊല്ല.
ബഹുലീലാവചനത്തെപ്പറഞ്ഞീടൊല്ല.
അതിർനീക്കി വിളയിപ്പാനൊരുനാളും നിനയ്ക്കൊല്ല.
അഴകങ്ങെപ്പൊഴും മെയ്യിൽ ധരിച്ചീടൊല്ല,
ആരാന്റെ മുതല്ക്കാശ പെരുത്തീടൊല്ല.
ആദിത്യനുദിക്കുമ്പോളുറങ്ങീടൊല്ല.
ആനയെബ്ഭരിപ്പതൊരഴകെന്നു നിനയ്ക്കൊല്ല.
ആചാരമൊരേടത്തും കുറച്ചീടൊല്ല.
മാന്യങ്ങൾ കുറഞ്ഞുള്ള ധനലാഭം കൊതിക്കൊല്ല.
മാതാവിൻമനംനോകപ്പറഞ്ഞീടൊല്ല.”

ഇതിലെ ഈരടികളിൽ ആദ്യത്തെ വരിയിൽ ഇരുപത്താറും രണ്ടാമത്തെ വരിയിൽ ഇരുപത്തിരണ്ടും മാത്രകൾ വീതമാണു് കാണേണ്ടതെങ്കിലും ഉദ്ധരിച്ച ഭാഗത്തിൽ രണ്ടു വരികൾ അടുത്തടുത്തു് ഇരുപത്താറു മാത്രകളിലും, വേറെ രണ്ടു വരികൾ ഇരുപത്തിരണ്ടു മാത്രകളിലും ഘടിപ്പിച്ചിരിക്കുന്നതു ലേഖകപ്രമാദമോ കർത്തൃസ്വാതന്ത്ര്യമോ എന്നു പരിച്ഛേദിച്ചു പറവാൻ സാധിക്കുന്നതല്ല. ഈ അഞ്ചടിക്കു് പത്താം ശതകത്തോളമേ പഴക്കമുള്ളു.

വേറേയും ഒരഞ്ചടിയിൽനിന്നു ചില വരികൾ ഗുണ്ഡർട്ടു് ആ പാഠമാലയിൽത്തന്നെ ഉദ്ധരിച്ചിരിക്കുന്നു.

ഊക്കരല്ലാത്തവർ തങ്ങളെയൊട്ടുമേ
മൂർഖത്വംകൊണ്ടു നശിപ്പിക്കൊല്ല.
യോഗ്യമല്ലാത്തതവർകൾ ചെയ്യുന്നതും
സൂക്ഷിച്ചടക്കേണം മാനുഷരേ!
ഏതുമറിയാതെ പാപികളോരോന്നേ
ചെയ്തീടും കർമ്മങ്ങളെന്നുവേണ്ടാ
ബോധവാന്മാരതു കണ്ടിട്ടടക്കായ്കിൽ
പ്പാപമുണ്ടായ്വരും മാനുഷരേ!

കോഴിക്കോട്ടു കല്ലിങ്കൽ എന്ന തീയകുടുംബത്തിലെ കുഞ്ഞിക്കോരുമൂപ്പൻ എന്ന ഒരു കീർത്തിമാന്റെ അപദാനങ്ങളെ വാഴ്ത്തുന്ന ഒരഞ്ചടി 1079-ലെ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ചു കണ്ടിട്ടുണ്ടു്. തമിഴിലെ സുപ്രസിദ്ധമായ ആചിരിയവിരുത്തത്തിലാണു് ആ അഞ്ചടി രചിച്ചിരിക്കുന്നതു്. പ്രസ്തുത വൃത്തം ഒരു കാലത്തു ഭാഷയിൽ പ്രചുരപ്രചാരമായിരുന്നു എന്നു വായനക്കാർ ധരിച്ചിട്ടുണ്ടല്ലോ. മൂപ്പന്റെ സമാധിസ്ഥലത്തെ വണ്ണാന്മാർ ആ പാട്ടു തോറ്റത്തിന്റെ രീതിയിൽ പാടിവന്നിരുന്നുവത്രേ.

“കറുത്തകണ്ഠന്റെ പൂർവനന്ദനൻ കരിതൂണ്ഡൻതാൻ
വിരുദ്ധനായു് നിന്നീടാതെ വിഘ്നങ്ങൾ നീക്കീടേണം.
സരസ്വതി നാവിൽ വാഴ്വാൻ ഗുരുവരൻ തുണചെയ്യേണം
പരക്കെയുള്ളൊരു സൂരിമാർകളും തുണചെയ്യേണം.
ഉരത്തെഴും കുഞ്ഞിക്കോരുമൂപ്പനാം പുലിയേ വാഴ്ത്തു
ന്നൊരുത്തനിന്നേഴുപാദമായിട്ടു കണ്ടവണ്ണം
പൊരുത്തമേറീടുന്നോരു കല്ലിങ്കൽക്കുടികൊള്ളുന്ന
കരുത്തനാം കുഞ്ഞിക്കോരുപ്പുലി തുണച്ചരുൾകയെന്നും.”

പുലിയെന്നതു കവിയോ മറ്റാരെങ്കിലുമോ കുഞ്ഞിക്കോരു മൂപ്പന്റെ ശൗര്യത്തെ, ആസ്പദമാക്കി നല്കിട്ടുള്ള ബിരുദമായിരിക്കണം.

41.16ചില കൈകൊട്ടിക്കളിപ്പാട്ടുകൾ

കൊല്ലം പത്താംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായിട്ടുള്ള കൈകൊട്ടിക്കളിപ്പാട്ടുകൾക്കു സംഖ്യയില്ല. മച്ചാട്ടിളയതും കോട്ടൂർ നമ്പിയാരും ആ രീതിയിൽ രചിച്ചിട്ടുള്ള പാട്ടുകളെപ്പറ്റി പ്രസ്താവിച്ചുകഴിഞ്ഞു. പറയത്തക്ക വ്യുൽപത്തി ദാർഢ്യമോ വാസനാസമ്പത്തോ ഇല്ലാത്തവർക്കും ലളിതമായ ഭാഷയിൽ എഴുതാവുന്ന ചെറിയ ചെറിയ ഗാനങ്ങളാണല്ലോ ഇവ; അതുകൊണ്ടു മറ്റു യാതൊരു കൃതിയും രചിക്കുവാൻ കഴിയാത്ത പലരും ഈ സുഗമമായ മാർഗ്ഗത്തിൽ സഞ്ചരിച്ചിട്ടുണ്ടു്. പ്രണേതാക്കന്മാരുടെ സിദ്ധികളനുസരിച്ചു് ഇവയിൽ ഉച്ചനീചത്വങ്ങൾ ഭാവുകന്മാർക്കു് കാണാവുന്നതാണു്. “കാലം പോരാ സകലം പറവാൻ.” എങ്കിലും അവയിൽ ചില കൈകൊട്ടിപ്പാട്ടുകളെക്കുറിച്ചു് ഒന്നുരണ്ടു വാക്കുകൾ പറയാം.

41.17മാർക്കണ്ഡേയപുരാണം (നാലുവൃത്തം)

മാർക്കണ്ഡേയപുരാണം നാലുവൃത്തത്തെ കൈകൊട്ടിപ്പാട്ടെന്നോ പാന എന്നോ വ്യവഹരിക്കേണ്ടതെന്നു നിശ്ചയമില്ല. ഒന്നും മൂന്നും ഭാഗങ്ങൾ പാനമട്ടിലും രണ്ടും നാലും ഭാഗങ്ങൾ ഓട്ടൻതുള്ളൽ മട്ടിലും രചിച്ചിരിക്കുന്നു. കവിത നന്നായിട്ടുണ്ടു്.

“അക്കാലത്തതിഘോരനാമന്തക
നക്കൈ രണ്ടിലും ദണ്ഡും കയറുമായു്
ഉൾക്കോപത്തോടവിടെ വന്നെത്തിനാൻ
ധിക്കരിച്ചു മുനിസുതനെപ്പാര
മർക്കനന്ദനനായ കൃതാന്തനു
മുൽക്കമ്പം വരുമാറൊന്നു ചോദിച്ചു......
ഈശൻതന്നെക്കൊണ്ടെന്നെ വിരോധിപ്പാ
നാശയുള്ളിലുറച്ച നിന്റെ കണ്ഠം
പാശംകൊണ്ടു മുറുക്കിയിഴപ്പൻ ഞാൻ
ആശു കൊണ്ടുവാ ബന്ധുവിനെച്ചെന്നു്.
മണ്ണുകൊണ്ടു പിടിച്ച ശിവലിംഗം
തന്നിലർച്ചനചെയ്തിരിക്കുന്നേരം
വണ്ണംകോലും കൃതാന്തനെക്കണ്ടിട്ടു
കണ്ണുമന്ദിച്ചുപോയിതു ബാലനു്.
അട്ടഹാസം പൊടുപൊടെക്കേൾക്കയാൽ
പൊട്ടി രണ്ടു ചെവിയും കഷണംകൊണ്ടു്
കഷ്ടവാക്കു പലതരം കേൾക്കയാൽ
തട്ടി പാരം ഭയം മുനിപുത്രനു്......
ഭക്തന്മാരുടെ സങ്കടം കേൾക്കുമ്പോൾ
ചിത്തേ പാരമെരിയുന്നു തമ്പുരാൻ.
ഭക്തനായ മൃകണ്ഡുസുതൻതന്റെ
യത്തൽ പാർത്തെഴുന്നള്ളിനാൻ വേഗേന.
സാരനായ മുനിസുതൻ തന്നോടു
ദൂരത്തൂന്നു വിളിച്ചരുളിച്ചെയ്തു.
ഘോരവേദന പോക്കുക ബാലക!
ചാരത്തുണ്ടു ഞാൻ ബന്ധുവായിട്ടെടോ.
ആരെയും പേടിവേണ്ടാ നിനക്കിന്നു
നേരേ പാലിപ്പാൻ ഞാനുണ്ടു്, ഞാനുണ്ടു്.
എന്നിവണ്ണമരുൾചെയ്തനേരത്തു
ചെന്നു കാലൻ പിടിപ്പാനടുത്തിതു്.”
41.18വൈശാഖമാഹാത്മ്യം (പതിനൊന്നുവൃത്തം)

നൃഗമഹാരാജാവിന്റെ പുത്രനായ കീർത്തിമാൻ വൈശാഖവ്രതം അനുഷ്ഠിച്ചു എന്നും തന്നിമിത്തം കാലനെ ജയിച്ചു എന്നും മറ്റുമുള്ള പ്രസിദ്ധമായ പുരാണകഥയാണു് ഈ കൈകൊട്ടിപ്പാട്ടിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നതു്.

“അമരപതിവന്ദിതനാകുമെന്റെ
പെരിയനദീവാസനാം ഭൂതനാഥൻ
ദുരിതമകറ്റീടുവാൻ പാദപത്മേ
പരിചിനൊടു ഞാനിതാ കൈതൊഴുന്നേൻ”

എന്ന വന്ദനത്തിൽനിന്നു കവിയുടെ ഇഷ്ടദേവത പേരിയാറ്റിന്റെ തീരത്തിൽ പ്രതിഷ്ഠിതനായ ശാസ്താവാണെന്നു തെളിയുന്നു. ആ ക്ഷേത്രം എവിടെയാണെന്നു് അറിവില്ല.

[കാക്കാത്തി (കുറത്തി)പ്പാട്ടു പോലെ]
“മാധവ ഗോവിന്ദ പാഹി വാസുദേവ ശൗരേ
ഭീതിനാശന മുകുന്ദ കൈവണങ്ങീടുന്നേൻ.
കാലനാകുമെന്നെപ്പരിപാലനം ചെയ്യേണം
നീലനേത്ര നീയൊഴിഞ്ഞൊരാശ്രയം മറ്റില്ല.
മർത്ത്യനായ കീർത്തിമാനോടേറ്റു ഞാനുമിപ്പോൾ
കീർത്തിഹീനനായിവന്നു കഷ്ടമെന്തു ചെയ്വൂ?
സൃഷ്ടിരക്ഷാസംഹാരത്തിന്നാദിമൂലമാകും
ഇഷ്ടനാം വിരാൾപുരുഷനല്ലയോ നീ നാഥാ?
കാലനറിയാതെ വന്നു ബാലമൃതിപോലും
കാലകാലനും നിനച്ചാലാവതല്ലെന്നായി.
നിൻതിരുവുള്ളത്തിലെന്തോന്നിപ്രകാരം തോന്നി
ച്ചന്തമേറും ചക്രം ഭൂമിപാലനു കൊടുത്തു?”
41.19ദക്ഷയാഗം (പതിനെട്ടുവൃത്തം)

“സാരസലോചനമാരേ! വരിൻ പാരാതെ പോക നാം തോഴിമാരേ!
ആരാമസീമനി ചെന്നു നമുക്കോരാതെ പൂക്കളിറുത്തിടേണം.
എന്തിനുപൂക്കളിറുത്തിടുന്നു? ചെന്താമരാക്ഷി അണിഞ്ഞിടുവാൻ.
എന്തിനുനാമിന്നണിഞ്ഞിടുന്നു? ബന്ധുരരൂപിണി പോയിടുവാൻ.
എങ്ങു നാം പോകുന്നു തോഴിമാരോ? ചങ്ങാതി ദക്ഷന്റെ മന്ദിരത്തിൽ
അങ്ങു വിശേഷങ്ങളെന്തു തോഴി? മംഗലമായൊരു യാഗമുണ്ടു്.
എന്നൽ നമുക്കു ഗമിക്കവേണം കന്ദബാണാരിയാം ദേവൻതന്നെ
സുന്ദരിയാകും സതിയുമായി ഒന്നിച്ചു കണ്ടു രസിച്ചുപോരാം!
അന്തകവൈരി വരികയില്ല. എന്തുകൊണ്ടെന്നു പറക സഖി!
അന്ധനാം ദക്ഷൻ ക്ഷണിക്കായ്കയാൽ.”

41.20പാർവ്വതീസ്വയംവരം (എട്ടുവൃത്തം)

രണ്ടും മൂന്നും അക്കങ്ങളായി ഉദ്ധരിച്ചിട്ടുള്ള പാട്ടുകൾക്കുള്ള ഗുണംപോലും ഈ കൃതിയ്ക്കില്ല.

“ഗീർവാണസുന്ദരിമാരും വിധിയോടെ പാർവതിയെ നീരാടിച്ചു
കാർകൂന്തൽ ചീകിത്തിരുകിയതിൽ നല്ല പുതുമലർ പൂക്കളും ചാർത്തി
കസ്തൂരികൊണ്ടു തിലകം ധരിപ്പിച്ചിട്ടഞ്ജനം കണ്ണിലെഴുതി
ശോഭയേറീടുന്നോരാഭരണങ്ങളും ഭംഗിയോടേയണിയിച്ചു
മട്ടോലുംവാണിയെപ്പെട്ടെന്നു കോമളപ്പട്ടുഞൊറിഞ്ഞുടുപ്പിച്ചു.
അന്തണന്മാർക്കേറ്റം ദാനങ്ങളും ചെയ്തു സന്തോഷം പൂണ്ടചലേശൻ
വാരസ്ത്രീകളുടെ വായ്ക്കരവയോടും വാദ്യഘോഷത്തോടുംകൂടെ
അക്ഷതപാത്രം ധരിച്ചവരുമംബുജാക്ഷിയെയുമെതിരേറ്റു
മാധവനോടും വിരിഞ്ചനോടുംകൂടെ മാരാരിതാനെഴുന്നള്ളി
അംഗജവൈരിതാൻ ചെന്നങ്ങു നീരാടിബ്ഭംഗിയോടേ തുകിൽ ചാർത്തി
കാലാരിതൻ പാദക്ഷാളനവുംചെയ്തു ശൈലേശ്വരൻ മോദത്തോടേ
വേദിയിൽ വന്നിറങ്ങീടുന്നു; വേദിയിലാദിദേവനെഴുന്നള്ളി.
പാലാഴിമങ്കതാൻ ശൈലേന്ദ്രപുത്രിയെച്ചേല ഞെറിഞ്ഞുടുപ്പിച്ചു.”

ഓരോ വൃത്തവും അവസാനിയ്ക്കുമ്പോൾ കവി “പൊന്മയമായൊരു ദേവിതൻ പാദങ്ങൾ ഭക്തിയോടെ കൈതൊഴുന്നേൻ” എന്നും മറ്റും ശ്രീപാർവതിയെ വന്ദിയ്ക്കുന്നുണ്ടു്.

41.21സുബ്രഹ്മണ്യോൽപത്തി

കാമദഹനം, പാർവതീ സ്വയംവരം, സുബ്രഹ്മണ്യോൽപത്തി എന്നീ കഥകൾ ഈ കൈകൊട്ടിപ്പാട്ടിൽ അടങ്ങിയിരിയ്ക്കുന്നു. ആകെ പതിനൊന്നു വൃത്തങ്ങളുണ്ടു്. “കവിത മുഴുവനില്ല” എന്നൊരു കുറിപ്പു ഗ്രന്ഥത്തിൽ കാണുന്നതുകൊണ്ടു് ഉപരികഥകളിൽ ചിലതും കവി സ്പർശിച്ചിരിയ്ക്കണമെന്നു വിചാരിയ്ക്കാം.

“ചാരുതരേ ഹരിഗീതനികേതനേ
സാരത പൂണ്ടു മരുവും നാഥൻ
കാർത്തികേയൻ കരുണാനിധിയെന്നുടെ
യാർത്തി കളഞ്ഞു പാലിച്ചിടേണം”

എന്നൊരു വന്ദനം പ്രഥമവൃത്തത്തിൽ കാണുന്നതിൽനിന്നു കവി അരിപ്പാട്ടുകാരനും പക്ഷെ അവിടുത്തെ വാരിയന്മാരിൽ ഒരാളുമാണെന്നു സങ്കല്പിക്കാം. കവിതയ്ക്കു ഗുണം പോരാ. ആവശ്യമില്ലാതെ പല സംസ്കൃത പദങ്ങളും പ്രയോഗിച്ചിരിയ്ക്കുന്നു;

“പ്രാലേയശൈലകുമാരി – തത്ര ബാലേന്ദുചൂഡനെക്കണ്ടു
ശ്രീമഹാദേവന്റെ വാചാ – ഗൗരിക്കാമയമെല്ലാമകന്നു.
ഇംഗിതവുമങ്ങറിഞ്ഞു – ജവാൽ മംഗലഗാത്രി പറഞ്ഞു.
ഇച്ഛാലാഭാർത്ഥമിദാനീ – മെല്ലാമച്ഛനെബ്ബോധിപ്പിയ്ക്കേണം.
എന്നതു കേട്ടു ഗിരീശ – നങ്ങുനിന്നു പിരിഞ്ഞു കഥഞ്ചിൽ.
സപ്തർഷിമാരെ സ്മരിച്ചു – ദേവനപ്പോൾ വരുത്തിയവരെ.
കല്യാണകാര്യം ഹിമാദ്രൗ – തദാ ചൊല്ലുവാൻ കല്പിച്ചയച്ചു”.
41.22കാളീചരിതം (എട്ടുവൃത്തം)

കാളീചരിതവും പത്താം ശതകത്തിൽ ആവിർഭവിച്ച ഒരു ഗാനമായിരിയ്ക്കാം. കവിയ്ക്കു പറയത്തക്ക വ്യുൽപത്തിയോ കവിതയ്ക്കു ഗണ്യമായ ആസ്വാദ്യതയോ ഇല്ല. ഭദ്രോൽപത്തിയും ദാരുകവധവുമാണു് പ്രതിപാദ്യം. അതു സാമാന്യം വിസ്തരിച്ചു വർണ്ണിച്ചിട്ടുണ്ടു്. “ആളീജനങ്ങൾക്കു പാടിക്കളിപ്പാനായ്ക്കാളീചരിതത്തെച്ചൊല്ലിടേണം.” എന്നാണു് കവി തത്തയോടു് അപേക്ഷിയ്ക്കുന്നതു്.

“ഘോരമായുള്ള തപം കണ്ടനേരത്തു
ലോകേശൻ തന്റെ മനം തെളിഞ്ഞു;
ലോകങ്ങളൊക്കെദ്ദഹിക്കുന്നതിൻമുൻപേ
കാലേ വരത്തെക്കൊടുപ്പതിന്നായ്
രൂക്ഷതയോടേ തപസ്സിനെച്ചെയ്യുന്ന
രാക്ഷസിമാരുടെ മുന്നിൽച്ചെന്നു്
വേണ്ടും വരത്തെത്തരുന്നുണ്ടു ഞാനിന്നു
വേണ്ടാ തപമെന്നരുളിച്ചെയ്തു.
അക്ഷണത്തിങ്കൽനിന്നക്ഷി തുറന്നവ
രീക്ഷണം ചെയ്തൊരു നേരത്തിങ്കൽ
സാക്ഷാജ്ജഗന്നാഥനായ വിരിഞ്ചനെ
പ്രത്യക്ഷഭൂതനായ്ക്കണ്ടനേരം
മോദം കലർന്നവർ താണുതൊഴുതുകൊ
ണ്ടേവമുണർത്തിച്ചു ഭക്തിയോടേ.”.
41.23അജാമിളമോക്ഷം (നാലുവൃത്തം)

അജാമിളമോക്ഷം ഒരു നല്ല തിരുവാതിരപ്പാട്ടാണു്. നാലു വൃത്തങ്ങളേ അടങ്ങീട്ടുള്ളു.

“വാർദ്ധക്യവും വന്നകംപുക്കു വിപ്രന
ങ്ങാസ്ഥ കുറഞ്ഞു സകലത്തിന്നും,
ദേഹം മെലിഞ്ഞു ജരാനരയും പൂണ്ടു
മോഹം വളർന്നു കുരയുമായി,
താനേയെഴുന്നേറ്റിരിപ്പാനരുതാഞ്ഞു
സ്നാനാശനങ്ങളുമില്ലാതായി,
നന്ദനന്മാരും കരഞ്ഞുതുടങ്ങിനാ
രെന്നല്ല പത്നിയുമവ്വണമേ:
ശ്വാസത്തിനേറ്റം പകർച്ച തുടങ്ങീതു
നാസിക തപ്പിത്തുടങ്ങി വിപ്രൻ.”

ഇതു ആസന്നമൃത്യുവായ അജാമിളന്റെ വർണ്ണനമാണു്. വിഷ്ണുദൂതന്മാർ നാരായണമാഹാത്മ്യത്തെപ്പറ്റി യമനെ ഇങ്ങനെ ഉൽബോധിപ്പിക്കുന്നു.

“ഇമ്മഹീതലമൊക്കെദ്ദഹിപ്പതി
ന്നെണ്മണിപ്രായം പോരയോ പാവകൻ?
ദണ്ഡപാണേ! ധരിയ്ക്ക നീയിന്നിയും
ദണ്ഡംപുക്കു വലഞ്ഞുകിടക്കുന്ന
വ്യാധിതാനൊരു കുന്നിക്കുരുവോളം
പോരുമൌഷധം തിന്നാലകന്നുപോം.
എന്നതുപോലെ തൻതിരുനാമങ്ങൾ;
നിന്നോടേറെപ്പറയേണ്ടതില്ലല്ലോ.”
41.24അമൃതമഥനം (പതിന്നാലുവൃത്തം)

ഇതു് ഇതേപേരിലുള്ള മച്ചാട്ടിളയതിന്റെ കൈകൊട്ടിക്കളിപ്പാട്ടിൽനിന്നു ഭിന്നമാകുന്നു. ഈ കൈകൊട്ടിക്കളിപ്പാട്ടു് പത്താം ശതകം ഒടുവിൽ രചിക്കപ്പെട്ടതാണു്. “ഓടും മൃഗങ്ങളേ,” “കല്യാണീ കളവാണീ” മുതലായ മട്ടുകൾ അനുകരിക്കണമെന്നു കവി നിർദ്ദേശിച്ചിട്ടുള്ളതിൽനിന്നു മച്ചാട്ടിളയതിന്റെ കാലത്തിനു പിന്നീടാണു് ഇതിന്റെ നിർമ്മിതി എന്നു വ്യക്തമാകുന്നു. കവി “ആരണവൃന്ദത്തെ” വന്ദിക്കുന്നുണ്ടു്.

(ഓടും മൃഗങ്ങൾപോലെ)

“വാരിധികന്യകാവല്ലഭനും പിന്നെ
നാരിയുടെ വേഷം കൈവെടിഞ്ഞു്
പാരം തെളിഞ്ഞുള്ള ദേവകളും സുധാ
പാരണചെയ്വാൻ തുടങ്ങുന്നേരം
സ്വർഭാനുവായുള്ള ദാനവവീരനും
നിർഭയം ദേവസഭാന്തരേ പോയ്
അത്ഭുതമായകൊണ്ടാരുമറിയാതെ
വിഭ്രമത്തോടമൃതാസ്വദിച്ചു.
തന്നുടെ കൺകൊണ്ടു കണ്ടതു പിന്നെയും
മന്നവന്മാർ ചെന്നു ചൊല്ലുമ്പോലെ
ചന്ദ്രദിവാകരന്മാരതു കണ്ടുടൻ
ചന്ദ്രാർക്കലോചനനോടു ചൊല്ലി.
ഇന്ദ്രാറികൈതവം കണ്ടു മുകുന്ദനും
സാന്ദ്രമോദത്തോടയച്ചു ചക്രം.
അർദ്ധഗളഗതമായോരമൃതത്താൽ
നിർദ്ധൂതജീവനായില്ലസുരൻ.”

പതിന്നാലാംവൃത്തംകൊണ്ടു കഥയുടെ ഉത്തരഭാഗമായ വിഷ്ണുമായാവിഭ്രമം അവസാനിക്കുന്നതായി കാണുന്നില്ല,

“പന്തൊക്കും കൊങ്കകൾ തുള്ളുന്നേരം ചെന്താർശരൻ കൂടെത്തുള്ളിടുന്നു.
മഞ്ജരീപുഞ്ചിരി തൂകിക്കൊണ്ടു മഞ്ജുലതാനവസുന്ദരിമാർ
വണ്ടുകൾ നാദമാം പാട്ടുകളും കൊണ്ടാടിക്കൊണ്ടവർ പാടിക്കൊണ്ടു
മന്ദസമീരണൻ ചൊല്കയാലേ വന്നവർ കൂടിക്കളിച്ചിടുന്നു.”

എന്ന വരികളിൽ അവസാനിക്കുന്ന ഒരു മാതൃകയേ എനിക്കു കാണ്മാനിടവന്നിട്ടുള്ളു.

41.25അമൃതമഥനം (മറ്റൊന്നു്)

ഈ കൈകൊട്ടിപ്പാട്ടിലെ ആദ്യത്തെ പതിമ്മൂന്നുവൃത്തങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. രാഹുവാരെന്നു് ആദിത്യചന്ദ്രന്മാർ സ്ത്രീരൂപിണിയായി അമൃതം വിളമ്പുന്ന മഹാവിഷ്ണുവിനെ അറിയിക്കുന്നതുവരെയുള്ള ഇതിവൃത്താംശമാണു് ഈ ഭാഗത്തിൽ അടങ്ങിയിരിക്കുന്നതു്.

“അന്നേരമൻപോടുകാണായി പാല്ക്കടൽ തന്നുള്ളിൽനിന്നുവേഗാൽമലർ
മങ്കമഹാലക്ഷ്മി പങ്കജപ്പൂവതി-ലങ്കിതശോഭയോടേ.
രണ്ടു ഭാഗത്തും കരിവരരൻപോടു തുമ്പിക്കരങ്ങൾകൊണ്ടു-നല്ല
തങ്കക്കലശങ്ങൾകൊണ്ടഭിഷേകവും മങ്കയ്ക്കു ചെയ്തു മോദാൽ.
അഷ്ടമംഗല്യം കരാഗ്രേ ധരിച്ചുടൻ മട്ടോലുംവാണിമാരും-ഭയാൽ
പക്ഷീന്ദ്രവാഹനൻതന്റെ ഗളമതിൽ ലക്ഷ്മിയും മാലയിട്ടാൾ.
ശ്രീമഹാദേവനും ബ്രഹ്മനും ശുക്രനും ശ്രീനാരദാദികളു-മപ്പോൾ
ശ്രീപതിതന്നെ വണങ്ങി സ്തുതിചെയ്തു ശ്രീപാദഭക്തിയോടേ.”
41.26ലക്ഷ്മീസ്വയംവരം (മൂന്നുവൃത്തം)

ഇതു് അമൃതമഥനത്തേയും ലക്ഷ്മീസ്വയംവരത്തേയുംപറ്റി സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഒരു കൈകൊട്ടിപ്പാട്ടാണു്. പത്താംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ആവിർഭവിച്ചിരിക്കാം.

“ലക്ഷ്മീഭഗവതിതാനും – തത്ര ലളിതവിലാസങ്ങളോടേ
തൽക്ഷണം കാണുമാറായി – നല്ല കളമൊഴിമാരുമനേകം.
കല്പകമാലയുംകയ്യിൽ – മെല്ലെ കനിവോടെടുത്തുകൊണ്ടപ്പോൾ
വല്ലഭനായി വരിപ്പാ – നിന്നു വരഗുണമുള്ള പൂമാനെ
കണ്ടറിഞ്ഞീടുക ബാലേ – യെന്നു കനിവോടു തോഴിമാർ ചൊല്ലി.
അണ്ടർകുലത്തിന്നധീശ – നിവനരികേ മേവുന്നു മഹേന്ദ്രൻ.
ഇന്ദ്രനെച്ചെന്നുവരിച്ചീ – ടുക ഇവനതിസുന്ദരനല്ലോ.
അഗ്രേ മഹാബലി വീര – നിവനസുരകുലത്തിന്നധീശൻ.
വ്യഗ്രം വെടിഞ്ഞുവരിച്ചീ – ടുക വിരവൊടു പാലാഴിമാതേ.
നാലു മുഖമെഴും ബ്രഹ്മാ – വിവൻ നലമൊടു വാണരുളുന്നു.
കാലംകളയാതെ വേണു – ന്നോരെക്കളമൊഴി! മാലയിട്ടാലും.
ചന്ദ്രക്കലാധരനീശൻ – നല്ല ചതുരൻ മനോജ്ഞശരീരൻ.
ഇന്നിവരിൽക്കൊതിയുണ്ടെ-ന്നാകിലൊരുവനെച്ചെന്നുവരിയ്ക്ക.
പന്നഗതല്പേ വസിയ്ക്കു – ന്നൊരു പരമപൂമാനിവനല്ലോ.
വാർമുകിൽവേണി! മനോജ്ഞേ! – ചെന്നു വരണംചെയ്തീടുകബാലേ.
ആയതു കേട്ടൊരു നേരം – ലക്ഷ്മിയനുരാഗകൗതുകത്തോടേ
പാണിയിൽ മാലയുമേന്തി! – ച്ചെന്നു പരമപുമാനുടെ മുമ്പിൽ
വിശ്വൈകനാഥന്റെ കണ്ഠം – തന്നിൽ വിരവൊടുമാലയുമിട്ടു.”
41.27രഘുസംഭവം (പന്ത്രണ്ടുവൃത്തം)

ഈ തിരുവാതിരപ്പാട്ടിന്റെ കർത്താവു് ആരെന്നറിയുന്നില്ല. ദാമോദരൻ എന്നൊരു ഗുരുവിനേയും, “ശ്രീരത്നമൃത്തിക” യിൽ അതായതു തൃക്കൽമണ്ണിൽ വസിയ്ക്കുന്ന മറ്റൊരു ഗുരുവിനേയും, പൂവരിണയിൽ ശിവനേയും അമ്പാറ ശാസ്താവിനേയും, വേങ്ങയല്ലിത്തിൽ ദേവിയേയും വന്ദിയ്ക്കുന്നു. ദിലീപന്റെ നന്ദിനീപരിചര്യയും, രഘുവിന്റെ ജനനവുമാണു് ഇതിവൃത്തം.

41.28അഹല്യാമോക്ഷം (ഏഴുവൃത്തം)

മനോഹരമായ ഒരു കൃതിയാണു് ഈ കൈകൊട്ടിപ്പാട്ടു്. ചില ഭാഗങ്ങൾ സഭ്യതാസീമയെ ഉല്ലംഘിയ്ക്കുന്നു. ദേവേന്ദ്രൻ അഹല്യാസമാഗമം കഴിഞ്ഞു തിരിയെ സ്വർല്ലോകത്തേയ്ക്കു പോകുന്നതുവരെയുള്ള കഥമാത്രമേ ഇതിൽ പ്രതിപാദിച്ചിട്ടുള്ളൂ.

“മഞ്ജുളഭാഷിണിതന്നുടെ വാക്കുകളിങ്ങനെ കേട്ടനേരം‌ – ഹൃദി
പൊങ്ങിന വേദനപൂണ്ടു മഹേന്ദ്രനും (മങ്ങി) മുഖാബ്ജമപ്പോൾ...
നന്മൊഴിമാർകുലമാലികേ ബാലികേയെന്മൊഴികേട്ടുകൊൾക – ഹൃദി
മന്മഥപീഡ സഹിയാഞ്ഞു നിന്നൊടു ചൊന്നൊരുകാര്യമിപ്പോൾ
സമ്മതമായിവരേണമതിന്നൊരു കല്മഷശങ്ക വേണ്ടാ – ഭുവി
കർമ്മഫലത്തിന്നധിപതി ഞാനെന്നു നന്മയിലോർത്തുകൊൾക..
സന്ദേഹമൊട്ടും മനസ്സിലിനി വേണ്ട വന്നാലുമെന്നരികി – ലിഹ
മന്ദേഹനാക്കിയയക്കരുതെന്നെ നീ മഞ്ജുളഗാത്രി ബാലേ!...
കാലവിളംബമിനിയരുതൊട്ടുമേ കാലിണ കൈതൊഴുന്നേൻ – പരി
പാലനംചെയ്യണമെന്നെ മടിയാതെ നീലസരോജനേത്രേ!...
എല്ലാജ്ജനങ്ങൾക്കും നല്ലതു നല്കുന്ന വില്ലാളിവീരൻഭവാ – നിന്നു
ചൊല്ലുന്ന വാക്കുകൾ കേൾക്കാത്തവർക്കുണ്ടോ നല്ലതു വന്നീടുന്നു?
എന്നതുകൊണ്ടിനി വൈകാതെ വാഞ്ഛിതം നന്നായിസ്സാധിച്ചാലുംനമു
ക്കൊന്നിന്നുമില്ല വിരോധം ഭവാനായിത്തന്നു ഞാനെന്റെദേഹം.
എന്നു പറഞ്ഞുടൻ കൺമുനകൊണ്ടവൾ തന്നുടെ ചാരുമുഖം – പാരം
പിന്നെയും പിന്നെയും നോക്കിക്കടാക്ഷിച്ചു നിന്നോരുനേരത്തിങ്കൾ
ഉല്ലാസമോടങ്ങടുത്തു പുരന്ദരൻ നല്ലാരിൽമൗലിതന്റെ – കര
പല്ലവം മെല്ലെപ്പിടിച്ചു തലോടിനാൻ തെല്ലും മടിച്ചിടാതെ.”
41.29ഖരവധം (പതിനൊന്നുവൃത്തം)

“എങ്കിലോ പണ്ടു രഘുപതി തന്നുടെ
തമ്പിയും സീതയും താനുമായി
പഞ്ചവടിയിലൊരാശ്രമം തീർത്തതി
ലഞ്ചാതെ വാഴുന്ന കാലത്തിങ്കൽ
രൂക്ഷതയേറുന്ന രാക്ഷസനാരിയാം
ശൂർപ്പണഖയെന്നു പേരവൾക്കു്.
ഊക്കു സഹിയാഞ്ഞു പാഞ്ഞവൾ ദിക്കുക
ളാക്രമം ചെയ്തു നടക്കും കാലം.
പഞ്ചവടിയിൽക്കടന്നു വിരവോടേ
സഞ്ചരിക്കേണമെന്നോർത്തൊരുനാൾ.”

എന്നിങ്ങനെ തുടരുന്ന ഈ കവിത മോശംതന്നെയെങ്കിലും ശൂർപ്പണഖയുടെ വിലാപം സാമാന്യം ഭംഗിയായി വർണ്ണിയ്ക്കപ്പെട്ടു കാണുന്നു.

“എട്ടുദിക്കൊക്കെയും പൊട്ടിയലറുമാറട്ടഹാസംതുടങ്ങി – ച്ചെന്നു
പെട്ടെന്നു ഭൂമിയിലൊക്കെ നടക്കുമ്പോൾ കെട്ടിപ്പിടഞ്ഞുവീണും
മുഷ്ടികൾകൊണ്ടു തൻമാറത്തിടിച്ചിട്ടുമൊട്ടൊട്ടു വീണുരുണ്ടുംപിന്നെ
ദ്ദംഷ്ട്ര കടിച്ചിട്ടുമട്ടാത [3] മിട്ടിട്ടുമൊട്ടൊട്ടെഴുന്നേറ്റിട്ടും
ദൃഷ്ടികലങ്ങിതുറിച്ചുമിഴിച്ചിട്ടും പെട്ടെന്നു ബോധംകെട്ടുംമേലിൽ
ചോരയുണങ്ങിത്തടിച്ചോരു പൊറ്റങ്ങളോരോന്നുനുള്ളിത്തിന്നും”

41.30ധ്രുവചരിതം (എട്ടുവൃത്തം)

“കേരളഭൂമിയ്ക്കൊരാഭരണമായ
കേരളാദിത്യപുരാധിപനാം
നാളീകനാഭന്റെ കേളിവിശേഷങ്ങ
ളാളിമാരേ നിങ്ങൾ കേട്ടുകൊൾവിൻ.”

എന്ന പീഠികയോടുകൂടി കവി തന്റെ ഗാനം ആരംഭിക്കുന്നു.

“എത്രയും സുഭഗൻ ഞാനെന്നുള്ള ഭാവം – കണ്ടാൽ
ചിത്രംചിത്രമെന്നല്ലാതെ ചൊല്ലിടാമോ!
തന്നെത്താനറിഞ്ഞിടാത്ത തന്വംഗിമാ – രോടു
മൊന്നിച്ചു വാഴുന്നതെങ്ങനെ വല്ലഭന്മാർ?
പിട്ടല്ലിതിൽക്കാളുമലംകരിച്ചു – കണ്ടാ
ലൊട്ടകത്തിനൊട്ടു ഭംഗിയുണ്ടാമല്ലോ.
ശീലമേവമില്ലാ നാരിമാരിലാർക്കു – മൊരു
ബാലകനുള്ളതുമതുപോലെതന്നെ.”

41.31പൂതനാമോക്ഷം (എട്ടുവൃത്തം)

ഈ കൈകൊട്ടിപ്പാട്ടിൽ “ധരണീഭാരത്തെക്കൊണ്ടു സഹിയാഞ്ഞു ഭൂമിതാനും വിരിഞ്ചനും ശിവൻതാനും മുനിമാരും ദേവകളും” പാലാഴിയിൽച്ചെന്നു മഹാവിഷ്ണുവിനെക്കണ്ടു് ആവലാതി പറയുന്നതു മുതല്ക്കുള്ള ദശമസ്ക്കന്ധകഥയാണു് പ്രതിപാദ്യം. കവിത തരക്കേടില്ല. “പൂർണ്ണത്രയീശ, പുരന്ദരപൂജിത, പൂർണ്ണചന്ദ്രാനന, പാലയ മാം” എന്ന ഭാഗത്തിൽനിന്നു കവി തൃപ്പൂണിത്തുറയിലോ അതിനു സമീപത്തോ താമസിച്ചിരുന്ന ഒരാളാണെന്നു് അനുമാനിയ്ക്കാം.

“അമ്പാടിതന്നിലവരൻപോടേ വാഴുംകാലം
വൻപനാം കംസൻതന്റെ വചനത്താലേ
രൂക്ഷത പെരുത്തൊരു രാക്ഷസിയാം പൂതന
സാക്ഷാൽ ജഗന്നാഥനെ ഹനിപ്പാനായി
കോമളവേഷം പൂണ്ടു പോർമുലയുഗളത്തിൽ
ക്കാളകൂടത്തെത്തേച്ചു കനിവിനോടേ [4]
ഓരോരോ ദിക്കിൽച്ചെന്നു ബാലരെക്കൊന്നുകൊന്നു
പാരാതേ നടക്കുന്ന കാലത്തിങ്കൽ
നന്ദഗോപന്റെ പുരം പുക്കവൾ യദൃച്ഛയാ
നന്ദകുമാരൻതന്റെയരുകിൽച്ചെന്നു.
ഗോപികമാരായുള്ള നാരിമാരെല്ലാവരും
ഗോപാലൻതന്നെക്കണ്ടു വസിക്കുംനേരം
ഇന്ദിരാദേവി തന്റെ കാന്തനെക്കാണ്മതിന്നായ്
വന്നിതോ എന്നു തോന്നും ജനങ്ങൾക്കെല്ലാം.
..................
കൊല്ലുവാൻ വന്നവൾക്കു കൈവല്യം നല്കീടുന്ന
കാർമുകിൽവർണ്ണനെ ഞാൻ കൈതൊഴുന്നേൻ.
പൂതനാശരീരത്തെഗ്ഗോപന്മാരൊക്കെക്കൂടി
ക്‍ഖണ്ഡിച്ചു കൊണ്ടുപോയിദ്ദഹനം ചെയ്തു.
മല്ലാക്ഷിമാരേ നിങ്ങളുല്ലാസത്തോടെ നല്ല
മല്ലരികഥ പാടിക്കളിച്ചുകൊൾവിൻ.
മോഹങ്ങൾ സാധിപ്പാനും പാപങ്ങൾ നശിപ്പാനു
മിത്ര നന്നായിട്ടൊരുകഥകളില്ല
ഇന്നിനി നേരം പോരാ സൽക്കഥയുരചെയ്വാൻ
നാളെ ഞാൻ വന്നീടുവൻ പൊളിയല്ലേതും.
ഇത്തരമുരചെയ്തു തത്തയും പോയശേഷം
മത്തകാശിനിമാരും സുഖിച്ചുവാണു.”
41.32കാളിയമർദ്ദനം (ഇരുപത്തിമൂന്നുവൃത്തം)

കാളിയമർദ്ദനം കൈകൊട്ടിപ്പാട്ടു സാമാന്യം നല്ല ഒരു കൃതിയാണു്. കവി ശ്രീകൃഷ്ണവിലാസത്തെ ഉപജീവിക്കുകയും കഥ വളരെ വിസ്തരിച്ചു പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു. കൃഷ്ണവിലാസത്തെ അനുകരിച്ചു, കാളിന്ദീനദി ഒരു സുന്ദരിയുടെ രൂപത്തിൽ ഒരു ദിവസം രാത്രി ശ്രീകൃഷ്ണനോടു് ആവലാതി പറയുന്ന ഘട്ടവും മറ്റുമുണ്ടു്.

“കണ്ണനുണ്ണി കുളി കഴിഞ്ഞണ്ണനോടുംകൂടി
യുണ്ണുവാനായ്ച്ചെന്നനേരമമ്മതാനും വേഗം
അണ്ണനും തമ്പിക്കും രണ്ടു കിണ്ണമതിൽപ്പോലും
വെണ്ണനെയ്യുംകൂടെയിട്ടു കൊണ്ടുവന്നുനല്കി.
ഉണ്ണികൾക്കു രണ്ടുപേർക്കും രോഹിണിയന്നേരം
കിണ്ണമതു രണ്ടിലവർക്കോദനങ്ങൾ നല്കി.
ഇഞ്ചിനാരങ്ങക്കറികൾ പഞ്ചസാര തേനും
ചഞ്ചലാക്ഷി രോഹിണിതാൻ പുഞ്ചിരിയോടേകി.
ഉണ്ണിരാമാ, കൃഷ്ണാ, നിങ്ങൾക്കെന്തുവേണംചൊൽവിൻ.
ഉണ്ണണമെന്നാകിൽപ്പഴംകൂടെ വേണമമ്മേ!
കണ്ണനേവം പറഞ്ഞപ്പോളമ്മതാനും വേഗ
മെണ്ണമില്ലാതോളം പഴം കൊണ്ടുവന്നു നല്കി.
കണ്ണനും കദളിയുമക്കണ്ണനു വിളമ്പി,
പിന്നെയങ്ങുറതയിരുമന്നവും വിളമ്പി
യൊന്നൊഴിയാതെയങ്ങവരൊക്കെയും ഭുജിച്ചു.
ഇന്നിനി മാതാവേ! ഞങ്ങൾക്കുണ്ണണമെന്നില്ല
നന്ന നിറഞ്ഞെന്നു പറഞ്ഞുണ്ണികളുമേറ്റം
അപ്പൊഴേ ചെന്നവരുടെ കൈ കഴുകിച്ചമ്മ.
കെല്പെഴുന്ന മണിമഞ്ചം കേറിയങ്ങുറങ്ങി.”
41.33ഗോപികാവസ്ത്രാപഹരണം (ഏകവൃത്തം)

ഇതു് ഒരു വൃത്തത്തിൽമാത്രം രചിച്ചിട്ടുള്ള ഒരു ചെറിയ കൈകൊട്ടിപ്പാട്ടാണു്.

“മാരബാണപീഡിതരാം ഗോപികമാർ പണ്ടു
മാരവൈരികാന്തയാകും ഗൗരിതന്റെ രൂപം
സൂരപുത്രീതീരേ നല്ല മണ്ണുകൊണ്ടുണ്ടാക്കി
ചാരുനേത്രൻ വാസുദേവൻ കാന്തനായ്വന്നീടാൻ
ഭൂരിഭക്തിയോടെല്ലാരും കിഞ്ചന ഭജിച്ചു.
നാരിമാരും ശൗരി ഹരനാരദാദിസേവ്യൻ
സാരസാക്ഷിമാരുടയ വാഞ്ഛിതം സാധിപ്പാൻ
കൈരവബാന്ധവകാന്തികാന്തമന്ദഹാസൻ
നീരജബാന്ധവസുതാരോധസി ഗമിച്ചു
നാരിമാനസമദനതാപകാരിതന്നെ.”

എന്നിങ്ങനെ ആ പാട്ടു പുരോഗമിക്കുന്നു.

41.34രാസക്രീഡ (ആറുവൃത്തം)

ഇതു സാമാന്യം നല്ല ഒരു കൈകൊട്ടിപ്പാട്ടാണു്. കവി “ശൂകപുരി വാണരുളും ഭഗവാനെ” വന്ദിക്കുന്നുണ്ടു്.

വേണുഗാനം കേട്ടു ഗോപികമാരെപ്പോ
ളാകുലമോടുടനെല്ലാപേരും
അത്താഴമുണ്മാനിരുന്നോരു നാരിമാ
രത്തൽപ്പെട്ടോടീ ചിലരവിടെ.
ബാലകന്മാർക്കു മുലയും കൊടുത്തങ്ങു
താലോലം പാടിയുറക്കുന്നേരം
ഓടക്കുഴൽവിളി കേട്ടു തരുണിമാർ
ബോധം മറന്നു നടന്നാർ ചിലർ;
ഭർത്താവിനോടു കലഹവും ഭാവിച്ചു
മെത്തമേൽനിന്നങ്ങിറങ്ങി വേഗാൽ
മറ്റേ മുറിയിൽശ്ശയിക്കുന്നവളുടൻ
തെറ്റെന്നു പോയിതു മറ്റൊരുത്തി.
കാതൊന്നലങ്കരിച്ചാമോദാൽ മറ്റേതി
ലേതുമേ കൂടാതൊരു തരുണി;
ഒറ്റക്കണ്ണഞ്ജനം കൊണ്ടങ്ങെഴുതീട്ടു
മറ്റേതുഴുതാതെ മറ്റൊരുത്തി;
ഹാരാവലിയുമരയിലുടഞാണു
മോരാതെ മാർവിലലങ്കരിച്ചാൾ.
നൂപുരം കൈകളിലിട്ടു തരിവള
പാദേ ധരിപ്പാൻ തുടങ്ങുന്നേരം
ആണികൂടാതൊരു നൂപുരമെന്നിട്ടു
കോണിലെറിഞ്ഞു കുപിതയായി
അത്തൽ പൂണ്ടോടുമ്പോളുത്തരീയം വീണ
തൊട്ടുമറിഞ്ഞില്ലൊരു തരുണി.
ഇങ്ങനെ ഗോപിമാരെല്ലാവരും കൂടി
നന്ദതനൂജന്റെ സന്നിധിയിൽ
ഒട്ടൊട്ടഴിഞ്ഞ തലയിലൊരു കയ്യും
മറ്റേതു നീവിയഴിഞ്ഞിടത്തും
മട്ടലർബാണന്റെയാജ്ഞകൊണ്ടെല്ലാരും
വട്ടത്തിൽനിന്നങ്ങുഴലുന്നേരം
പുഞ്ചിരിതൂകീട്ടു വഞ്ചനമാനുഷൻ
ചഞ്ചലാക്ഷിമാരോടേവം ചൊന്നാൻ.”

രാസക്രീഡാസംക്ഷേപം എന്നു നാലുവൃത്തത്തിൽ മറ്റൊരു തിരുവാതിരപ്പാട്ടും കാണ്മാനുണ്ടു്. അതിലും “ശുകപുരേ വാണരുളും ഭഗവാനേ” സ്മരിച്ചിരിക്കുന്നു.

41.35ശംബരകഥ (ഏകവൃത്തം)

ഇതും ഒരു ചെറിയ കൃതിയാണു്. മുഴുവൻ കിട്ടീട്ടില്ല.

“ഗർഭം തികഞ്ഞാശു രുക്‍മിണീദേവിയു
മർഭകൻതന്നെയും പെറ്റാളപ്പോൾ
ചമ്മരനെന്നൊരു ദാനവനന്നേരം
വന്നു പതുക്കവേ മായയാലേ
ചോരക്കിടാവിനെ വാരിപ്പിടിച്ചങ്ങു
വാരിധിതന്നിലെറിഞ്ഞു മൂഢൻ.
ആരുമറിഞ്ഞില്ല ബാലൻ പിറന്നതും
ചോരണംചെയ്തതുമെന്നേ വേണ്ടൂ.
വത്സൻ സമുദ്രത്തിൽചെന്നങ്ങു വീണപ്പോൾ
മത്സ്യം വിഴുങ്ങി നടന്നു വേഗാൽ.
മുക്കോർ വലവീശി നില്ക്കുന്നനേരത്തു
ചിക്കെന്നു മത്സ്യം വലയിൽപ്പുക്കു
മുക്കോരതുനേരം മത്സ്യത്തടിയനെ
തൃക്കാഴ്ചയായ് വെച്ചു ചമ്മരനു്.
മത്സ്യത്തെ മെല്ലവേ കീറുന്നനേരത്തു
വത്സനെക്കണ്ടവൻ വിസ്മയിച്ചു.

തന്നോടു ശൃങ്ഗാരപ്രകടനം ചെയ്യുന്ന തന്റെ വളർത്തമ്മയായ മായാവതിയോടു പ്രദ്യുമ്നൻ

“ഇന്നു നിനക്കെന്തു സമ്മോഹനമായ
ദുർമ്മാർഗ്ഗമോരോന്നേ തോന്നീടുന്നു?
മറ്റുള്ള മാതാക്കൾ പെറ്റുള്ള മക്കളിൽ
മുറ്റുമിഗ്ഗോഷ്ടികൾ കാട്ടുന്നുണ്ടോ?
വാരാങ്ഗനേ, നിന്റെ ചാരത്തിരിക്കാതെ
ദൂരത്തു പോകുന്നു ഞാനുമിപ്പോൾ”

എന്നു പറയുന്ന വാക്യംവരെ മാത്രമേ ഈ പാട്ടു കാണ്മാനുള്ളു.

41.36കുചേലവൃത്തം (എട്ടുവൃത്തം)

ഈ കൈകൊട്ടിപ്പാട്ടു് സമഗ്രമായി കിട്ടീട്ടില്ല. “ഇങ്ങിനെ വന്നതിൻ കാരണമെല്ലാമെങ്ങിനെയെന്നതു ചൊല്ലുക കാന്തേ?” എന്നു കുചേലൻ ലക്ഷ്മീദേവിയെപ്പോലെ തന്റെ സമീപത്തു ചെന്നുചേർന്ന പത്നിയോടു പറയുന്ന ഭാഗംവരെയേ കണ്ടിട്ടുള്ളു. കവി ശ്രീകൃഷ്ണചരിതം മണിപ്രവാളം പന്ത്രണ്ടാം സർഗ്ഗത്തെ അനുകരിച്ചിരിക്കുന്നു.

“അയ്യോയെൻവല്ലഭനെന്നുടെ സങ്കടം
മെയ്യോടെ കേട്ടാലുമെൻകണവാ!
ഊണുകഴിയ്ക്കാതെയാറു ദിനമായി
പ്രാണൻ ഗമിപ്പാനടുത്തുവല്ലോ.
ബാലകന്മാരൊക്കെ ലീലകൾ കൈവിട്ടു
ചാലേ തളർന്നു കിടന്നിടുന്നു.
ഇല്ലങ്ങളിൽ ബ്ഭിക്ഷ തെണ്ടിനടന്നാലു
മില്ലെന്നു ചൊല്ലും ജനങ്ങളേറും
വല്ലാതെന്നാകിലും ചെന്നാലൊരു പിടി
നെല്ലുമാത്രംപോലും കിട്ടാതായി.
വിറ്റു ഭുജിച്ചിടാമെന്നു നിരൂപിച്ചാൽ
ച്ചുറ്റുകൾ താലികൾ പണ്ടേയില്ല.
മാനസംതന്നിൽസ്സുഖമില്ലൊരിക്കലും
ഞാനെന്തു ചെയ്യേണ്ടൂ ജീവനാഥ!
കണ്ണുമടച്ചു ജപിച്ചങ്ങിരുന്നാകി
ലുണ്ണികളെങ്ങിനെയുണ്ണുന്നതും?
ശിഗ്രുവിൻപല്ലവം വച്ചുചമച്ചതു
ഭദ്രമായു് ഭക്ഷണം ചെയ്യുന്നതും
എത്രനാളിങ്ങനെ വേണമെന്നുള്ളതു
കൃത്യമതുണ്ടോ എൻ പൃഥ്വീദേവ?”
41.37സന്താനഗോപാലം (പതിമ്മൂന്നുവൃത്തം)

ഈ കൈകൊട്ടിപ്പാട്ടു സാമാന്യം നന്നായിട്ടുണ്ടു്. കവി പൂന്താനത്തെയാണു് ശരണീകരിച്ചിരിക്കുന്നതു്.

“എന്നരുളിച്ചെയ്തു കൃഷ്ണൻ പാർത്ഥനോടു-കൂടി
മന്ദേതരം സ്യന്ദനത്തിലേറിപ്പോയി.
വായുവേഗം ജയിച്ചോരു തേരുമപ്പോൾ-വേഗം
വായുമാർഗ്ഗേ പശ്ചിമാശ പറയുന്നേരം
സിന്ധുരാജന്മാരെയെല്ലാം ഹന്ത! കണ്ടു – കണ്ടു
ബന്ധുരാങ്ഗൻ കടന്നിതു ലോകാലോകം.
അർക്കചന്ദ്രന്മാരില്ലാത്ത ദിക്കിലായി – അപ്പോ
ളൊക്കെയുമിരുട്ടായിട്ടു വന്നുകൂടി.
തേർക്കുതിരകൾക്കുമേറ്റമാകുലമായു് – (മന്ദം)
തെരുതെരെപ്പോകാതായ നേരം പാർത്ഥൻ
അന്ധകരമെന്തിതേവം വാസുദേവ! – നമ്മ
ളേതു ദിക്കിലകപ്പെട്ടു ദേവദേവ?
ലോകനാഥനരുൾചെയ്തു നമ്മളിപ്പോൾ – (...)
ലോകാലോകം കടന്നൊരു ഭാഗത്തായി.
കൂരിരുളു കളഞ്ഞിടാം ഭീതി വേണ്ടാ-പാരം
സൂരനുദിച്ചതുപോലെ കണ്ടുകൊൾക.
തൃച്ചക്രത്തെ സ്മരിച്ചിതു വാസുദേവ – നപ്പോ
ളുച്ചയ്ക്കലേ രവിപോലെ വന്നുദിച്ചു.
ചക്രശോഭ കണ്ടു പാർത്ഥൻ ഭീതി പൂണ്ടു – നിന്നു
ചക്രപാണിതന്നെ നോക്കിനില്ക്കുന്നേരം
ചന്ദ്രകോടിപ്രഭപോലെ ദൂരെയേറ്റം – പാരം
സാന്ദ്രമായ തേജസ്സങ്ങു കാണ്മാറായീ.
സ്യന്ദനത്തിൽനിന്നിറങ്ങി കൃഷ്ണന്മാരു – മപ്പോൾ
നന്ദസൂനുവരുൾചെയ്തു പാർത്ഥനോടായു്.
വിശ്വസാക്ഷിയായ സത്യം താനിരിക്കു – ന്നൊരു
നിത്യമായ ലോകമിതു കണ്ടുകൊൾക”.
41.38ഭാമാസാന്ത്വനം (രണ്ടുവൃത്തം)

ശ്രീകൃഷ്ണനും രുക്‍മിണിയുംകൂടി ഒരു ദിവസം ചൂതു കളിച്ചുകൊണ്ടിരിക്കവേ നാരദമഹർഷി അവിടെച്ചെന്നു് ഒരു പാരിജാതപുഷ്പം ശ്രീകൃഷ്ണനു കാഴ്ചവെയ്ക്കുകയും ആ പൂവു ഭഗവാൻ തന്നെ രുക്‍മിണിയുടെ കേശപാശത്തിൽ ചൂടിക്കുകയും ചെയ്തു. ആ വാർത്ത തന്റെ ഒരു ദാസി മുഖാന്തിരം സത്യഭാമ അറിഞ്ഞു വ്യസനിക്കുകയും കോപിക്കുകയും ചെയ്തു. അപ്പോൾ ശ്രീകൃഷ്ണൻ ചെന്നു ഭാമയെ സമാധാനപ്പെടുത്തി. ഇതാണു് കഥ.

“ഇത്ഥമവൾ ചൊന്ന വാക്കുകൾ കേട്ടപ്പോൾ
ക്രുദ്ധിച്ചെഴുന്നേറ്റു സത്യഭാമ.
നിർണ്ണയമോ സഖി നീ ചൊന്ന വാക്കുകൾ?
നിർണ്ണയം; കണ്ടു ഞാൻ ധന്യശീലേ!
മല്ലാരിതാൻ തന്റെ വല്ലഭതന്നുടെ
നല്ല മുടിയിലണിഞ്ഞിതോ ചൊൽ?
തെല്ലുമെ സംശയമില്ല ഞാൻ ചൊന്നതു;
നല്ല വചനങ്ങൾ വിശ്വസിക്ക.
കേശവനീവണ്ണമെന്നതു കേട്ടപ്പോൾ
ക്ലേശവും രോഷവുമുത്ഭവിച്ചു
ഭൂഷണജാലങ്ങൾ പൊട്ടിച്ചെറിഞ്ഞിതു
രോഷാൽ ചുവന്നു നയനങ്ങളും.
നല്ലൊരു പീതദുകൂലം മുലക്കച്ച
യെല്ലാം ത്യജിച്ചു പരവശയായ്
പല്ലും കടിച്ചങ്ങു നല്ലോരു മെയു് വിറ
ച്ചല്ലലും പൂണ്ടു നിലത്തു വീണു.
രോദനം ചെയ്കയും പെട്ടെന്നുരുൾകയും
വേദനയാമ്മാറു കണ്ടനേരം
പേടിപൂണ്ടോരോരോ ദാസീസമൂഹങ്ങ
ളോടിത്തുടങ്ങിനാരങ്ങുമിങ്ങും.
41.39രാമാനുചരിതം

ഈ കൈകൊട്ടിപ്പാട്ടിലെ ആദ്യത്തെ എട്ടുവൃത്തങ്ങളേ കണ്ടിട്ടുള്ളൂ. “അതു കേട്ടൻപൊടു ഗരുഡൻ താൻ ചെന്നു കുതുകമോടങ്ങു ചൊല്ലിനാൻ” എന്ന വരിയാണു് ഗ്രന്ഥത്തിന്റെ ഒടുവിൽ കാണുന്നതു്.

“ആരു നീയെന്നുടെ നേരെ വന്നോരോരോ
പൗരുഷവാക്കുകൾ (ചൊല്ലി) പോരും
നിന്നെയും നിന്നുടെ നാഥനേയുമിന്നു
മാനസേ ഞാനുമറിയുന്നില്ല.
ലോകേശ്വരൻ കൃഷ്ണൻതന്നെയറിയാതെ
ലോകത്തിലാരുള്ളു നിന്നെപ്പോലെ?
മൂഢത്വം ചൊല്ലിയതാരുമേ കേൾക്കണ്ട;
രൂഢി ഞാനാരോടും ചൊല്ലുന്നില്ല.
പെണ്ണുങ്ങൾ തന്നുടെ കൂറകളും വാരി
വെണ്ണകൾ കട്ടുണ്ടു മേവിടുന്ന
കണ്ണൻനിയോഗത്താൽ വന്ന നിന്നെക്കണ്ടു
നാണം വളരുന്നു പാരമിപ്പോൾ.
പോരുന്നതില്ലഞാൻ വീര്യവാനെങ്കിലോ
പാരാതെ നീയെന്നെക്കൊണ്ടുപോകു.
കൊണ്ടുപോവാനായ്ത്തുനിഞ്ഞോരു നേരത്തു
കൊണ്ടൊരു തല്ലിനാലല്ലൽ പൂണ്ടു
പാരം വിഷണ്ണനായ്ച്ചെന്നു മുകുന്ദന്റെ
ചാരത്തുനിന്നൊരു വാക്കുണ്ടായി”.

കവിതയ്ക്കു ഗുണമില്ല.

41.40തുളസീമാഹാത്മ്യം (ആറുവൃത്തം)

ഒരിക്കൽ സത്യഭാമയുടെ ഗൃഹത്തിൽ നാരദമഹർഷി ചെന്നു വീണ വായിക്കുവാൻ ശ്രീകൃഷ്ണനെ തന്നോടുകൂടി അയച്ചുതരണമെന്നു് അപേക്ഷിച്ചു. തനിക്കു ഭർത്താവിനെ പിരിഞ്ഞിരിക്കുവാൻ നിവൃത്തിയില്ലെന്നും ഭർത്താവിന്റെ ശരീരത്തോളം തൂങ്ങുന്ന സ്വർണ്ണം ദാനം ചെയ്യാമെന്നും ഭാമ പറഞ്ഞു. ശ്രീകൃഷ്ണനും നാരദനും അങ്ങിനെ ചെയ്യുവാൻ അനുവദിച്ചു. രുക്‍മിണീദേവിയൊഴികെയുള്ള ഭഗവാന്റെ പതിനാറായിരത്തേഴു പത്നിമാരും അവരുടെ സകല ഭൂഷണങ്ങളും ത്രാസിന്റെ ഒരു തട്ടിലിട്ടുമറ്റേത്തട്ടിൽ ഭഗവാനെ തൂക്കിനോക്കി. ഭഗവാന്റെ ദേഹം അധികം തൂങ്ങുന്നതായി കണ്ടു വ്യസനിച്ചു ഭാമയും മറ്റും രുക്‍മിണിയെ വിവരമറിയിച്ചു. രുക്‍മിണി ആ ആഭരണങ്ങളെല്ലാം നീക്കിയിട്ടു് ഒരു തുളസീദളംമാത്രം അവയിരുന്ന തട്ടിൽ വയ്ക്കുകയും അപ്പോൾ ഭഗവാനും തുളസീദളവും ഒന്നുപോലെ തൂങ്ങുകയും ചെയ്തു. മഹർഷി തുളസീദളം സ്വീകരിച്ചു തൃപ്തനായി അവിടം വിട്ടുപോയി. ഈ കഥയാണു് പ്രസ്തുത കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നതു്.

“എന്നരുൾചെയ്തനേരം തുലാഭാര
മന്നു കാർമുഖിൽവർണ്ണനുണ്ടായിപോൽ.
ഏഴുരണ്ടു ഭുവനംനിറഞ്ഞീടു
മാഴിവർണ്ണനെത്തൂക്കുവാനാരുള്ളു?
ഊഴിതന്നിലഴകുള്ള ഭാമയും
പാഴിലെന്തു നിനച്ചു വൃഥാ ഫലം?
കൊണ്ടൽവർണ്ണനെത്തൂക്കിയ തട്ടത്തിൽ
കൊണ്ടു ഭാരമധികമധികമായു്.
കൊണ്ടൽവേണിമാരാഭരണങ്ങളെ
ക്കൊണ്ടുവന്നുനിറച്ചിതു മറ്റേതിൽ.
കൊണ്ടൽവേണിമാർ കോപ്പുകളിട്ടിട്ടും
കൊണ്ടൽവർണ്ണനധികമായ്ത്തൂങ്ങുന്നു.”
41.41രാജസൂയം (പത്തുവൃത്തം)

ഈ കൈകൊട്ടിപ്പാട്ടിനു കവിതാഗുണം പോരാ. ജരാസന്ധവധവും പാണ്ഡവദ്വിഗ്വിജയവുംമറ്റും വർണ്ണിക്കുന്നുണ്ടെങ്കിലും കവി ശിശുപാലവധത്തെ സ്പർശിച്ചു കാണുന്നില്ല. പ്രാസദീക്ഷ പ്രായേണ ഇല്ലെന്നുതന്നെ പറയാം. “കിളിമക” ളെക്കൊണ്ടാകുന്നു കഥ പറയിക്കുന്നതു്.

“ദ്വാരകാമന്ദിരത്തിൽ ഭാര്യമാരോടുംകൂടി
സ്വൈരമായു് വസിക്കുന്ന വാസുദേവൻ
താതനും ജനനികൾ ജ്യേഷ്ഠനും കാന്തമാരും
സേനയും സേനാപതിവീരന്മാരും
സേവകപ്രവരനാം സാത്യകിയോടുംകൂടി
സ്സത്വരം പുറപ്പെട്ടാനംബുജാക്ഷൻ.
ഏറിയ ജനത്തോടുമേറിയ ഘോഷത്തോടു
മച്യുതൻ തിരിച്ചിതു വ്യോമമാർഗ്ഗേ.
പാണ്ഡവഗൃഹമാകും ഖാണ്ഡവപ്രസ്ഥത്തിങ്കൽ
പ്പാരാതെയെഴുന്നള്ളി ലോകനാഥൻ.
കൃഷ്ണൻതന്നരുളാലേ നിർമ്മലൻ ധർമ്മാത്മജൻ
യാഗവുമനുഷ്ഠിച്ചു ശാലപുക്കു.”
41.42സുഭദ്രാഹരണം (പതിന്നാലുവൃത്തം)

ഇതു് ഇരയിമ്മൻ തമ്പിയുടെ “പാതിവ്രത്യമിയലും പാർവ്വതിദേവിതന്നെ” എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ സുഭദ്രാഹരണം കൈകൊട്ടിപ്പാട്ടിൽനിന്നു ഭിന്നമാകുന്നു. കവിത അതുപോലെ രമണീയമല്ലെങ്കിലും ആകെക്കൂടി തരക്കേടില്ല. കവി മേല്പത്തൂർ ഭട്ടതിരിയുടെ സുഭദ്രാഹരണം പ്രബന്ധത്തെ ഉപജീവിച്ചിട്ടുണ്ടു്. സുഭദ്രയുടെ പാണിഗ്രഹണംവരെയുള്ള കഥയേ പ്രതിപാദ്യമായിക്കാണുന്നുള്ളു. തദനന്തരമുള്ള യുദ്ധവും മറ്റും വിട്ടിരിക്കുന്നു.

“അംഗനമാർമണിതന്റെ – ഗുണമിങ്ങനെ കേട്ടോരുനേരം
അംഗജസായകമേറ്റു – തന്റെയംഗം മറന്നവൻ നിന്നു.
കൃഷ്ണയിലുള്ളൊരു രാഗം – പോന്നു വൃഷ്ണീശസോദരിതന്നിൽ.
പാലോലും വാണിയെത്തന്നെ – മനതാരിലുറപ്പിച്ചു പാർത്ഥൻ
ഭദ്രയാകുന്ന സുഭദ്രാ – ലാഭമുദ്രയെത്തന്നെക്കരുതി.
യാചിക്കയെന്നതുചിത – മല്ല ശീതാംശുവംശജന്മാർക്കു്.
ചോദിക്കിലല്ലാതെ കിട്ടാ – യെന്നു ലോകപ്രസിദ്ധമുണ്ടല്ലോ.
രാക്ഷസോദ്വാഹമസാധ്യം – നൂനം സാക്ഷാൽ ജഗന്നാഥനോടേ.
മട്ടലർസായകമേറ്റു പാരം ചുട്ടെരിയുന്നന്തരംഗം.
വേദനപോവാനുപായം – ജഗന്നാഥനെസ്സേവിച്ചാലുണ്ടാം.
ഇങ്ങിനെ ചിന്തിച്ചുറച്ചു – ഭിക്ഷുവേഷം ധരിച്ചു വിജയൻ.
ഭദ്രയിലുള്ളൊരു രാഗ – മുള്ളിൽനിന്നു പുറപ്പെട്ടപോലെ
വസ്ത്രങ്ങൾ കാവിയിൽ മുക്കി – രക്തമാക്കിദ്ധരിച്ചു ശരീരേ.
മാരി ചൊരിയും നിശയിൽ – പാരമാകുലമാനസനായി
കോടയേറ്റങ്ങു വിജയൻ – വടകോടരം തന്നിലിരുന്നു;
കൈടഭനാശനചിന്ത – ചെയ്തു കൈവരുവാനഭിപ്രായം.”

“മൈത്രേയമുഹൂർത്തത്തിങ്കൽ വൃത്രാരിസുതനെക്കൊണ്ടു
ചിത്രഭാനുദേവൻതന്നെസ്സാക്ഷിയായ്വച്ചു
അംഭോജസംഭവസുതൻജംഭാരിസഹജൻതന്റെ
സോദരിതൻ പാണിഗ്രഹമാചരിപ്പിച്ചു.”

എന്ന വരികളോടുകൂടി ഈ കൈകൊട്ടിപ്പാട്ടു് അവസാനിയ്ക്കുന്നു.

41.43അക്ഷയപാത്രം (രണ്ടുവൃത്തം)

“തിരുമാനാംകുന്നിൽത്തിരുനീലകണ്ഠസുതേ തിരുവുള്ളമുണ്ടാകേണം രുചിരതനോ” എന്നിങ്ങനെ ഈ കൃതി ആരംഭിയ്ക്കുന്നു. തിരുമാനാംകുന്നു് എന്നതു് തിരുമാന്ധാംകുന്നുതന്നെ.

41.44കിരാതം (എട്ടുവൃത്തം)

ഇതു സാമാന്യം ദീർഘവും രചനാമധുരവുമായ ഒരു പാട്ടാണു്. പല സ്ഥലങ്ങളിലും ഈ കൃതിയ്ക്കു പ്രചാരമുള്ളതായറിവുണ്ടു്. ശിവൻ പർവ്വതിയോടുകൂടി അർജ്ജുനന്റെ തപോവനത്തിലേയ്ക്കു പുറപ്പെടുന്ന ഭാഗമാണു് ചുവടെ വർണ്ണിച്ചിരിയ്ക്കുന്നതു്.

“വേടനാരിയുടെ വേഷം കൂടവേ നീ ധരിയ്ക്കേണം
കാടുതന്നിൽക്കളിയാടി നടക്കാമെന്നാൽ.
കുന്നു വെല്ലും മുലതന്നിൽക്കുന്നിമാലയണിഞ്ഞാലും
കുന്നിൽമാതേ! നിനക്കേതും കൂസലും വേണ്ടാ
നീലവർണ്ണം കലരുന്ന ചേലകൊണ്ടങ്ങുടുത്താലും
നീലിയെന്നുള്ള പേർ പണ്ടേ നിനക്കുണ്ടല്ലോ.
കൊട്ടയും നല്ലൊരു കോലും കൊണ്ടു പിൻപേ നടന്നാലും
വേട്ടയാടുന്നതു കണ്ടു വിനോദിച്ചാലും.
ഇത്ഥമോരോന്നരുൾചെയ്തു മൃത്യുവൈരി വിരവോടേ
മത്തനാകും കിരാതന്റെ ശരീരം പൂണ്ടു.
താടിയും മോടിയും മീശക്കൊമ്പുമമ്പുമൊരു വില്ലും
പേടിയാകും കിരാതന്റെ വിഗ്രഹം കണ്ടാൽ.
നീലവസ്ത്രം കടീഭാഗേ, പീലിമാല മുടിഭാഗേ,
നാലു ഭാഗേ നിറഞ്ഞുള്ള കിരാതന്മാരും
ഗളത്തിൽച്ചങ്ങല കെട്ടിവെളുത്ത നായ്ക്കളുമായി
ക്കളിച്ചു പർവതേനിന്നങ്ങിറങ്ങി നാഥൻ”
41.45കല്യാണസൗഗന്ധികം (ഏകവൃത്തം)

കല്യാണസൗഗന്ധികം ഏകവൃത്തത്തിൽ വിരചിതമായിരിയ്ക്കുന്നു.

“കല്യാണി വാവാ! കിളിമകളേ! കല്യാണസൗഗന്ധികത്തെച്ചൊല്ലാൻ.
നല്ലൊരു സമ്പത്തു സംഭവിപ്പാനുള്ളോരു സാധനമല്ലോ ബാലേ!
എങ്കിലോകേട്ടാലും മങ്കമാരേ! എങ്കൽനിന്നാശു കഥാമൃതത്തെ.”
41.46കീചകവധം (രണ്ടുവൃത്തം)

ഇതിലെ കവിതയ്ക്കു പറയത്തക്ക ഗുണവും ദോഷവുമില്ല. “വാണീവിനായക ദേശികന്മാർ വാണിടേണമെന്റെ മാനസത്തിൽ” എന്നു പ്രഥമവൃത്തം ആരംഭിയ്ക്കുന്നു. ദ്വിതീയവൃത്തം മഞ്ജരിയിലാണു് രചിച്ചിരിയ്ക്കുന്നതു്.

“മാരുതനന്ദനനാരുമറിയാതെ
വാരിജലോചനയോടുംകൂടെ
നൃത്തഗൃഹത്തിങ്കൽച്ചെന്നിതു മുന്നമേ
ചിത്തേ നിറഞ്ഞോരു കോപത്തോടേ.
തത്ര ബൃഹന്നളതന്നുടെ മെത്തമേൽ
വൃത്രാരിജാഗ്രജൻതാൻ കിടന്നു.
കുഞ്ജരപോതത്തെച്ചാടിപ്പിടിപ്പാനായ്
കുണ്ഠേ പതിക്കുന്ന സിംഹിപോലെ.
ഏണമിഴിയായ കൃഷ്ണയുമന്നേരം
പ്രാണനാഥന്റെ നിയോഗത്താലേ
കാണണം കള്ളനെക്കൊല്ലുന്നതെന്നോർത്തു
തൂണും മറഞ്ഞങ്ങരികിൽ നിന്നു.........
ചെന്തീക്കനൽപോലെ കണ്ണും ചുവപ്പിച്ചു
കുന്തളം ചുറ്റിപ്പിടിച്ചാൻ പിന്നെ.
ഏറ്റം വലിച്ചപ്പോളെന്തിതെന്നോർത്തവൻ
ചെറ്റു വിവാദിച്ചാൻ മാനസത്തിൽ.
പല്ലവകോമളമല്ലയോ പാർക്കുമ്പോൾ
മല്ലാക്ഷിമാരുടെ ദേഹമയ്യോ?
കല്ലിനെക്കാളും കഠിനതരമിതു
മെല്ലാം വിധിബലമെന്നു നൂനം.
കാമിനീകേശം തലോടുന്ന നേരത്തു
കാമാഗ്നി വർദ്ധിയ്ക്കുമത്രേ പാർത്താൽ.
ചാമെന്നു തോന്നുന്നു കേശം പിടിച്ചപ്പോൾ
രോമങ്ങൾ കൊള്ളുന്നു മുള്ളുപോലെ.
പൊയു് പറഞ്ഞെന്നെച്ചതിച്ചാളിവളയ്യോ
മയ്യൽമിഴിയല്ലിതാരു പാർത്താൽ?”
41.47ശിവകഥ (നാലുവൃത്തം)

ഇതിലെ കഥ വിചിത്രമാണു്. ശിവക്ഷേത്രങ്ങളിൽ ശാന്തിക്കാരനായിരുന്ന ഒരു ബ്രഹ്മണൻ പല പുണ്യകർമ്മങ്ങളും ചെയ്തുവെങ്കിലും അതോടുകൂടി തന്റെ വൃത്തിയിൽ ആർജ്ജിച്ച പാപംനിമിത്തം അടുത്ത ജന്മത്തിൽ പകൽ മുഴുവൻ പല്ലിയായും രാത്രിമുഴുവൻ രാജാവായും ജീവിക്കേണ്ടിവന്നു.

“ശാന്തികൊണ്ടുണ്ടായ പാതകത്താൽ ജീവിച്ചിതുനൃപൻ ഗൗളിയായി;
രാത്രിയിലീശ്വരചിന്തകൊണ്ടു ധാത്രിയ്ക്കു നാഥനായ് രാത്രിതോറും.
അർക്കനുദിക്കുന്ന നേരത്തിങ്കലക്ഷിതിനാഥനും ഗൗളിയായി.
ചെന്നു ദിനേശൻ മറഞ്ഞാൽപ്പിന്നെ വന്നിടും രാജത്വമെന്നേ വേണ്ടു.
അത്ഭുതംതോന്നുമീ വാർത്തകേട്ടാൽ ചിൽപുമാൻതന്റെവിലാസമെല്ലാം.”

എന്നു കവി ഈ ഘട്ടം വർണ്ണിക്കുന്നു. ഒരു രാത്രിയിൽ ആ രാജാവു് ഒരു സന്യാസിയെ കണ്ടുമുട്ടുകയും തനിക്കു കാശിക്കു പോയാൽ കൊള്ളാമെന്നുള്ള ആഗ്രഹം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. സന്യാസി ആ ഭാരം കയ്യേറ്റു തന്റെ ഭസ്മപാത്രത്തിൽ ഉഷഃകാലത്തു പല്ലിയെ അടയ്ക്കുകയും സന്ധ്യയാകുമ്പോൾ രാജാവിനെ തുറന്നുവിടുകയും ചെയ്തുവന്നു. അങ്ങനെ നാലഞ്ചുമാസംകൊണ്ടു് അവർ കാശിയിലെത്തി.

“പുണ്യപ്രദോഷസമയത്തു മോദേന
പുണ്യവാൻ ചെന്നിതു ഗംഗാതടേ.
മന്ദമിറങ്ങിക്കുളിച്ചു വിശുദ്ധനായ്
നന്നായു് വിഭൂതി ധരിപ്പതിന്നായ്
ഭസ്മക്കുടുക്ക തുറന്നോരുനേരത്തു
വിസ്മയം ഗൗളി പുറത്തുചാടി.
ചെന്നു പിടിപ്പാനെടുത്തപ്പോൾപ്പല്ലിയു
മൊന്നുകുതിച്ചു ജലത്തിൽച്ചാടി.
കൊത്തിബ്ഭുജിച്ചുപോൽ മത്സ്യമാദിയപ്പോൾ
മൃത്യുഞ്ജയൻതന്റെ വൈഭവത്താൽ.
അന്നേരമത്രനിന്നുണ്ടായ തേജസ്സു
ചാലേ ലയിച്ചിതു കാശിതന്നിൽ”

ഈ പാട്ടു വാസ്തവത്തിൽ യുവതികൾ കൈകൊട്ടിക്കളിക്കു് ഉപയോഗിച്ചിരുന്നിരിക്കുവാൻ ഇടയില്ല. ശിവക്ഷേത്രങ്ങളിൽ ശാന്തി കളിക്കുന്നതു് പാപമാണെന്നു കവി പ്രസ്തുതകഥമൂലം കാണിക്കുന്നു എന്നേ കരുതേണ്ടതുള്ളു.

41.48പൂച്ചചരിതം (മൂന്നുവൃത്തം)

തിരുവാതിരപ്പാട്ടുകൾ ധാരാളമായി ഉത്ഭവിക്കുകയും യുവതികൾ അവ പാടിക്കളിക്കുകയും ചെയ്തപ്പോൾ ഏതോ ഒരു സരസൻ അവരെ അവഹേളനം ചെയ്യുന്നതിനെന്നപോലെ ഈ ചെറിയ കൃതി രചിച്ചു. കോരിക്കുടിക്കുവാൻ പിലാവില കൊണ്ടുവരണമെന്നു ഈച്ച പൂച്ചയോടപേക്ഷിക്കുകയും അതിലേക്കായി പൂച്ച വെളിയിൽ പോവുകയും ചെയ്തു. ഈച്ച ഉടനെ ക്ഷുത്തു സഹിക്കവഹിയാതെ കഞ്ഞിപ്പാത്രത്തിൽ ചാടി കാലനൂരിലേക്കു യാത്രയായി. പൂച്ച വന്നു നോക്കിയപ്പോൾ ഈച്ച പാത്രത്തിൽ ചത്തു കിടക്കുന്നതായി കാണുകയും കഞ്ഞി മുഴുവൻ കുടിക്കുകയും ചെയ്തു. ഇതാണു് കഥ. “ഒരു ചരിതം ചൊല്വാൻ തുടങ്ങുന്നു ഞാൻ തരുണിജനം പാടിക്കളിച്ചീടുവാൻ” എന്നു ആദ്യവും “അംഗനമാരിതു നല്ല ഭംഗിയോടെ ചൊല്ലീടേണം മംഗലം വരുവാനൊരു സംഗതിയായു് ഭവിച്ചീടും” എന്നു് ഒടുവിലും കവി പറയുന്നു.

“ഒരു ദിവസമീച്ചയിലഗ്രജനും
പെരിയ ബലമുള്ളൊരു പൂച്ചയുമായ്
വിരവിനൊടേ കഞ്ഞി ചമച്ചീടുവാൻ
കരളിലുറച്ചാശു ജലവും കോരി
അരിയുമെടുത്താശു കഴുകിവെച്ചു
ഉരുളിയതിൽ വെള്ളമടുപ്പത്താക്കി
വിറകുനിറച്ചഗ്നിയും കത്തിച്ചുട
നരിയുമെടുത്തിട്ടു തിളച്ചശേഷം
കറികൾ ചമച്ചീടുവാൻ വേണ്ടുംവണ്ണം
മുതിര വറുത്താശു തിരഞ്ഞുവച്ചു.
ചെറിയൊരിടിച്ചക്കയരിഞ്ഞുചേർത്തു
ഇരുവരുമങ്ങാമോദത്തോടു ചൊന്നാർ.”
41.49കോക്രിത്തത്തയുടെ കഥ

കോക്രിത്തത്തയുടെ കഥയും വായിക്കാൻ രസമുണ്ടു്. കുറേ വരികളേ ഉള്ളൂ. പീഠിക കഴിഞ്ഞുള്ള ഭാഗം താഴെ പകർത്തുന്നു. അബദ്ധത്തിൽ തള്ളക്കിളി തന്റെ മകളെ കൊല്ലുന്നതാണു് വിഷയം.

“എങ്കിലോ പണ്ടൊരുനാൾ കോക്രിത്തത്തേടെ തള്ള
ഊക്കോടെ പറന്നൊരു ദിക്കിൽച്ചെന്നു്
നേരോടേ പതിനെട്ടു മണിയുള്ള പയർകൊത്തി
യാരുമേ കാണാതെതാൻ പറന്നുപോന്നു;
നല്ലൊരു പയർമണിയൊന്നവൾ തിന്നുനോക്കി
നല്ലതോയെന്നറിവാനന്നേരത്തു്!
തിന്നതു മറന്നുപോയ്പ്പയർമണിയെണ്ണുന്നേര
മൊന്നു കുറവായ്ക്കണ്ടു ചിന്തിച്ചപ്പോൾ,
തിന്നതു മകളെന്നങ്ങോർത്തവൾ കോപത്തോടെ
യന്നേരം തൻമകളെശ്ശണ്ഠയിട്ടു.
മൂധേവി! മുടിവിത്തേ! മൂശിനിയത്തി! യേറെ
ബ്ബന്ധമെന്തിതു മുമ്പിൽത്തിന്നീടുവാൻ?
എന്നെല്ലാമുരചെയ്തു തൻമകൾതന്നെക്കൊന്നു;
അന്നേരം തിന്നതോർത്തു കരഞ്ഞാളല്ലോ.
ഒത്തിതു കോക്രിത്തത്തേ! കരുവെന്നങ്ങവളപ്പോ
ളാർത്തയായ്ക്കരയുമ്പോൾ കഥയും പോയി.”

ഇത്രമാത്രമുള്ള വിവരണംകൊണ്ടു് ഇത്തരത്തിലുള്ള കൃതികളുടെ ഗുണവും ദോഷവും അനുവാചകന്മാർക്കു് അറിയുവാൻ കഴിയുന്നതാണല്ലോ. സ്ത്രീകൾക്കുവേണ്ടി രചിച്ച ഗാനങ്ങളാകയാൽ അവയിൽ ഭാഷാലാളിത്യം പ്രായേണ കാണാവുന്നതാണു്. അപൂർവം ചില കൃതികൾക്കു മാത്രമേ കാവ്യത്വമുള്ളു.

41.50ജോസഫ്ഫെൻ (960-1010) – ചരിത്രം

ഹിന്ദുമതത്തിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത ഒരു കവിയാണു് ചെറുശ്ശേരി ചാത്തുനായർ. അദ്ദേഹം 960-ആമാണ്ടിടയ്ക്കു വടക്കേ മലയാളത്തിൽ ജനിച്ചു. മലയാളവും കുറേ സംസ്കൃതവും ഗുരുമുഖേന അഭ്യസിക്കുകയും ഇംഗ്ലീഷ് സ്വപ്രയത്നം കൊണ്ടു വശമാക്കുകയും ചെയ്തതിനു മേൽ സ്വദേശം വിട്ടു തിരുവനന്തപുരത്തേക്കു പോന്നു് അവിടെ ഒരു ചെറിയ സർക്കാരുദ്യോഗത്തിൽ പ്രവേശിച്ചു. കുറേക്കാലം കഴിഞ്ഞപ്പോൽ അദ്ദേഹത്തിന്റെ കൃത്യനിഷ്ഠാദിഗുണങ്ങൾ കണ്ടു സന്തുഷ്ടരായ അധികാരികൾ അദ്ദേഹത്തെ കോട്ടയത്തു കാര്യക്കാരായി നിയമിച്ചു. അങ്ങനെ അവിടെ താമസിക്കുന്ന കാലത്തു ജോൺ ബെയിലി 1816 ലും ജോസഫ് ഫെൻ 1818 ലും ചർച്ചുമിഷൺസഭയിലെ പാതിരിമാരായി തിരുവിതാംകൂറിൽ വന്നുചേർന്നു. ബെയിലി പീലിപ്പോസിന്റെ വേദപുസ്തക തർജ്ജമ പരിഷ്ക്കരിക്കുന്നതിലും പഴയ നിയമംകൂടി ഭാഷാന്തരീകരിക്കുന്നതിലും വ്യാപൃതനായി. ആ പ്രയത്നത്തിൽ തന്നെ സഹായിക്കുന്നതിനു മറ്റു ചില ഹൈന്ദവപണ്ഡിതന്മാർക്കു പുറമേ ചാത്തുനായരോടും അപേക്ഷിച്ചു. ചാത്തുനായർക്കു ക്രിസ്തുമതത്തിന്റെനേർക്കു് അസാമാന്യമായ പ്രതിപത്തിയുണ്ടായിരുന്നെന്നുമാത്രമല്ല. അദ്ദേഹം ജോസഫ്ഫെന്നിനെ തന്റെ ഒരാചാര്യനെപ്പോലെ ആരാധിക്കുകയും ചെയ്തുവന്നു. തൽഫലമായി കാര്യക്കാരുദ്യോഗം രാജിവെച്ചു കോഴിക്കോട്ടു പോവുകയും അവിടെച്ചെന്നു ജ്ഞാനസ്നാനമേറ്റു തന്റെ ആചാര്യന്റെ പേർതന്നെ സ്വീകരിച്ചു ജോസഫ് ഫെന്നായിത്തീരുകയും ചെയ്തു. ബ്രിട്ടീഷിന്ത്യയിൽ അദ്ദേഹം ഒരു മുൻസിഫായി ഉയർന്നു് 1010-ആമാണ്ടിടയ്ക്കു കൊച്ചിക്കോട്ടയിൽ ആ പണിയിൽ ഇരിക്കവേ മരിച്ചു.

41.51അജ്ഞാനകുഠാരം

അജ്ഞാനകുഠാരം എന്ന ഭാഷാഗാനം മാത്രമേ ജോസഫ് ഫെന്നിന്റെ കൃതിയായി കണ്ടിട്ടുള്ളു. ഒന്നിലധികം വൃത്തങ്ങൾ ഉപയോഗിച്ചു രചിച്ചിരിക്കുന്ന ആ ഗാനം സാമാന്യം ദീർഘമാകുന്നു. ഹിന്ദുമതത്തിലെ പല ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും കർക്കശമായ രീതിയിൽ വിമർശിക്കുക എന്നുള്ളതാണു് കവിയുടെ ഉദ്ദേശം. ബാലന്മാർക്കുപോലും തന്റെ കവിത സുഗ്രഹമാകണമെന്നു് അദ്ദേഹത്തിന്നാഗ്രഹമുണ്ടായിരുന്നു.

“ബാലകർപോലും കേട്ടറിവതിനായ്
കാലവിളംബനമെന്നിയൊരല്പം
പോലും കഠിനപദങ്ങൾ വരാതേ
ചേലൊടു വെള്ളയിലുരചെയ്യുന്നേൻ.”

എന്നു് അദ്ദേഹം പറയുന്നു. കവി ശ്രീകൃഷ്ണനെ അധിക്ഷേപിയ്ക്കുന്നതു താഴെക്കാണുന്ന വിധത്തിലും മറ്റുമാണു്.

“വൃഷ്ണികുലമതിൽ കൃഷ്ണൻ ജനിച്ചു;
തൃഷ്ണയോടെ മുലയുണ്ണുന്നനേരം
പൂതനയെന്നൊരു നരിയെക്കൊന്നു;
പാതകം കംസനാം മാതുലം കൊന്നു;
കട്ടുകവർന്നുണ്ടു പാൽവെണ്ണയെല്ലാം
കട്ടുതുങ്ങിനാനാടകൾ പിന്നെ.”

അയിത്തത്തെ അവഹേളനം ചെയ്യുന്ന ചില വരികൾ നോക്കുക.

“മൂശാരി വാർത്ത തിടമ്പമ്പലംതന്നിൽ
ഘോഷിച്ചുവെച്ചു പൂജിക്കുന്നതുനേരം
ദോഷമുണ്ടാം വിപ്രനെന്നിയേ തൊട്ടീടിൽ
ദോഷമില്ലായതുടഞ്ഞിതെന്നാകിലോ
മൂശാരിതൊട്ടു കുറകൾ തീർത്തീടുന്നു;
മൂശയ്ക്കകത്തിട്ടു വാർപ്പതവനല്ലോ.”

കെട്ടുകല്യാണത്തിന്റെ അർത്ഥശൂന്യതയെ ചുവടേ ചേർക്കുന്ന ഈരടികളിൽ ഉപാലംഭനം ചെയ്തിരിയ്ക്കുന്നു.

“പെണ്കെട്ടുകല്യാണമുണ്ടു കോലാഹലം;
പെണ്കൊടിമാർക്കുപകാരം വരുന്നീല.
താലി കെട്ടുന്നോരു കാന്തനഞ്ചാം ദിനം
കൂലി വാങ്ങിക്കൊണ്ടുപേക്ഷിച്ചുപോകുന്നു.”

നാസ്തികന്മാരായ ക്രിസ്ത്യാനികളെപ്പറ്റിയും അദ്ദേഹത്തിനു് അവജ്ഞയുണ്ടു്.

“ക്രിസ്ത്യാനിയെന്നുള്ള നാമധേയം പൂണ്ടു
ക്രിസ്തുവാരെന്നുമെന്തെന്നുമറിയാതെ
സത്യവേദത്തെയുമോതിപ്പഠിക്കാതെ
നിത്യജീവാപ്തിക്കു മാനസം ചെല്ലാതെ
ചിത്തത്തിനൊത്തവണ്ണം നടന്നങ്ങിനെ
സാത്താന്റെ ഭക്തരായാലനർത്ഥം ഫലം.”

അങ്ങിങ്ങു തത്വോപദേശവും ഇല്ലാതില്ല.

“മർത്ത്യനു ബുദ്ധിയെന്നുള്ളൊരു സാധനം
തത്വം ഗ്രഹിപ്പതിനല്ലയോ തന്നതും?
നേരേതു നേരുകേടേതെന്നു തേറുവാൻ
നേരേ വിചാരമെന്നുള്ളിലൊന്നില്ലയോ?
ചിത്തമേകാഗ്രമായു് നിന്നിതെന്നാകിലോ
സത്വരം ജ്ഞാനാഗ്നിതന്നിൽദ്ദുരിതങ്ങൾ
കത്തിയെരിഞ്ഞുപോം കൈത്തിരികൊണ്ടൊരു
പത്തനമെല്ലാം ദഹിക്കുന്നതുപോലെ.”

ഫെന്നിന്റെ കവിതയ്ക്കു ഒഴുക്കും ഫലിതവുമുണ്ടു്. പത്താംശതകത്തിന്റെ അവസാനത്തോടുകൂടിയായിരിയ്ക്കണം പ്രസ്തുത കൃതിയുടെ നിർമ്മിതി.

41.52ചേകോട്ടു് ആശാൻ: (948-1035)

പത്തനംതിട്ടത്താലൂക്കിൽ ഇലന്തൂർപകുതിയിൽ ചേകോട്ടുകുടുംബത്തിൽ ജനിച്ച ഒരു കവിയായിരുന്നു ചേകോട്ടു് ആശാൻ. ആശാൻ എന്ന സ്ഥാനം പലരേയും സംസ്കൃതവും ജ്യോതിഷവും പഠിപ്പിച്ചതുകൊണ്ടു കിട്ടിയതാണു്. 948-ൽ ജനിച്ചു; 1035-ൽ മരിച്ചു. സ്വാതിതിരുനാൾ മഹാരാജാവു ചില സമ്മാനങ്ങൾ കൊടുത്തതായി അറിവുണ്ടു്. ആശാൻ മുപ്പത്തിനാലുവൃത്തം എന്നു രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിച്ചു് ഒരു കൃതിയും, ഇസ്രായേൽ ഉത്ഭവം അഥവാ യോസേപ്പു് ചരിതം എന്ന തുള്ളൽക്കഥയും രചിച്ചിട്ടുണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിയ്ക്കാം.

“വേദചരിതം സമുദിതം പറവതിന്നും
ആദിതിരുനായകവിലാസമറിവാനും
മോദമിയലുന്നൊരടിയന്റെ ഹൃദയത്തിൽ
ആദിവചൻ കരുണചെയ്ക ഗുരുനാഥാ.”
(മുപ്പത്തിനാലുവൃത്തം)

“വെള്ളപ്പുഴകടേ തീരത്തുണ്ടെന്നവ
നുള്ളിൽ പ്രസാദേന ചെന്നുനോക്കുംവിധൗ
തുള്ളിക്കളിക്കുന്ന മത്സ്യകൂർമ്മാദിക
ളല്ലാതെ വെള്ളത്തിലാരെയും കണ്ടില്ല.
വള്ളിക്കുടിലുകൾതള്ളിനോക്കുമ്പൊഴ
പ്പുള്ളിപ്പുലികൾ കരിമ്പുലിക്കൂട്ടങ്ങൾ
വള്ളിക്കെട്ടിൻമീതിലാടുന്ന മാൻകുട്ടി
യല്ലാതെ മറ്റൊന്നുമായവൻ കണ്ടില്ല.
പുറ്റിന്നരികത്തടുത്തുനോക്കും വിധൗ
ഈറ്റുസർപ്പമതിൽക്കുട്ടികളോടുമായ്
ചുറ്റിക്കളിച്ചിട്ടു ചീറ്റുന്നതല്ലാതെ
മറ്റൊന്നിനെയുമവിടവൻ കണ്ടില്ല.”
(യോസേപ്പുചരിതം)
41.53ചാക്കോമാപ്പിള

മലങ്കര ക്രിസ്ത്യാനികളുടെ ഇടയിൽ നല്ല പ്രചാരമുള്ള ചില ഗാനങ്ങളുടെ പ്രണേതാവാണു് ചാക്കോമാപ്പിള. ജനനമരണകാലങ്ങൾ അറിവില്ല. അദ്ദേഹത്തിന്റെ ജന്മഭൂമി കോതമംഗലമാണെന്നു് ഊഹിക്കപ്പെടുന്നു. (1) മാർ അല്ലേശുപാന (2) അല്ലേശുനാടകം (3) നിഷിദ്ധപർവ്വം എന്നീ മൂന്നു കൃതികളും ചാക്കോമാപ്പിള തന്നെയാണു് രചിച്ചതു്. അവ കൂടാതെ (4) മാർവർഗ്ഗീസു് പാന (5) ശുശരാജാക്കളുടെ പാട്ടു് (6) ചെറിയ തോബിയാസിന്റെ പാട്ടു് എന്നീ കൃതികളും അദ്ദേഹത്തിന്റെ വാങ്മയങ്ങളാണെന്നു് അഭിജ്ഞന്മാർ സങ്കല്പിക്കുന്നു. എഴുത്തച്ഛനെ അനുകരിച്ചു കവിപ്രാവിനെക്കൊണ്ടും അരയന്നത്തെക്കൊണ്ടും മറ്റുമാണു് കഥ പറയിക്കുന്നതു്. മാർ അല്ലേശുപാനയിലെ നാലു പാദങ്ങളും നാലു ഭിന്നവൃത്തങ്ങളിൽ രചിച്ചിരിക്കുന്നു. അതിന്റെ പ്രാരംഭത്തിൽ വന്ദനവും മറ്റും ഘടിപ്പിച്ചിട്ടുണ്ടു്. രണ്ടുദാഹരണങ്ങൾ പ്രദർശിപ്പിക്കാം.

“ധനപതിതന്നുടെ പുത്രൻതന്റെ
കല്യാണത്തെക്കണേണ്ടായോ?
ആനകൾ കുതിരകൾ പല്ലക്കുകളും
ചന്തം ചിന്തിന തണ്ടുകളെന്നിവ
പദവികളേറിന പൗരജനങ്ങൾ
മിത്രന്മാരും സഖികളുമായി
 “പുരുഷശിഖാമണിയല്ലേശിനെയും
 നളിനവിലോചന കന്യകയേയും
 കേവലമങ്ങിത ചമയിക്കുന്നു,
 അഞ്ചിതകാന്തികലർന്നെരിയുന്നൊരു
 കഞ്ചുകമന്നിരുവർക്കുമണിഞ്ഞു.
 ഭാസ്കരബിംബസമാഭരണങ്ങൾ
 പരിചിനൊടങ്ങിരുവർക്കുമണിഞ്ഞു.”

“പച്ചമരതകം വച്ചുപതിച്ചുള്ള
മാലയും മാർവിലണിഞ്ഞുവരുന്നൊരു
മെച്ചമേറുമരയന്നമേ വന്നിരി
ഇച്ഛയായുള്ളതു ചൊൽ കഥാശേഷവും.
കൊച്ചുകിടാങ്ങൾ കൊഞ്ഞച്ചു ചൊല്ലുന്ന വാ
ക്കിച്ഛയേറുമറിവുള്ളവർ കേൾക്കുമ്പോൾ
എന്നപോലേ കരുതീടണമെന്നെയു
മെന്നാൽപ്പറയാം കഥയിതിൻശേഷവും.”
41.54ചില ഗദ്യകൃതികൾ

പൗലീനോസു് പാതിരി (923-981) –ജീവിതം

പൗലീനോസു് യൂറോപ്പിൽ ഓസ്ത്രിയരാജ്യത്തു പിനോനിയാ (Pinonia) എന്ന ഗ്രാമത്തിൽ 1748 ഏപ്രിൽ 23-ആനു (കൊ.വ. 923) ജനിച്ചു. ജോൺ ഫിലിപ്പു് വെസ്ഡിൻ (Wesdin) എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേർ. കർമ്മലീത്താ (കർമ്മേലൈൻ) സഭയിലെ അംഗമായതിനു മേലാണു് പൗലീനോ ഡി സൻ ബർത്തോലോമിയോ (Paulino De San Bartolomeo) എന്ന നാമധേയം സ്വീകരിച്ചതു്. ആ പേർ ചുരുക്കി പൗലീനോസു് എന്നും പൗലി (Pauli; Paoli) എന്നും അദ്ദേഹത്തെ പറയാറുണ്ടു്. പൗലീനോസു് പ്രാഗിലേയും (Prague) റോമ്മയിലേയും വിശ്വവിദ്യാലയങ്ങളിൽ പഠിച്ചു. 1777-ൽ വരാപ്പുഴെ വന്നു് അവിടത്തെ കർമ്മലീത്താപ്പള്ളിയിൽ താമസം ആരംഭിച്ചു.

(1) ലെത്തീൻ, (2) ഇത്താലിയൻ, (3) ജർമ്മൻ, (4) ഫ്രഞ്ചു്, (5) ഇംഗ്ലീഷ്, (6) സുറിയാനി, (7) സംസ്കൃതം, (8) മലയാളം, (9) തമിഴു് എന്നീ ഭാഷകളിലും വിശേഷിച്ചു ഹിന്ദുമതഗ്രന്ഥങ്ങളിലും പ്രശംസനീയമായ പാണ്ഡിത്യം സമ്പാദിച്ച അദ്ദേഹം പതിമ്മൂന്നു കൊല്ലം വരാപ്പുഴയിൽ കഴിച്ചു കൂട്ടി.

1758–ൽ സിംഹാസനാരൂഢനായ തിരുവിതാംകൂർ രാമവർമ്മ മഹാരാജാവിനു വൈദുഷ്യനിധിയായ അദ്ദേഹത്തിന്റെ പേരിൽ അസാധാരണമായ കാരുണ്യമുണ്ടായിരുന്നു. 1774–ൽ അന്നു മാർപ്പാപ്പയായിരുന്ന ക്ലെമന്റു് പതിന്നാലാമൻ ക്രിസ്ത്യാനികളുടെ നേർക്കു് ആ മഹാരാജാവിനുണ്ടായിരുന്ന വാത്സല്യത്തിനു കൃതജ്ഞത പ്രദർശിപ്പിച്ചുകൊണ്ടു് അയച്ച സന്ദേശം 1780–ൽ പൗലീനോസാണു് പത്മനാഭപുരത്തുകൊണ്ടു ചെന്നു സമർപ്പിച്ചതു്. 962-ൽ നമ്മുടെ പാതിരിക്കു് ഒരു വീരശൃംഖല മഹാരാജാവു സമ്മാനിച്ചു. ഇംഗ്ലീഷുഭാഷയിലെ ശബ്ദവിഭാഗങ്ങൾ അദ്ദേഹത്തിൽനിന്നു ഗ്രഹിച്ചപ്പോൾ അദ്ദേഹത്തെ തന്റെ ഒരു ഗുരുവായിപ്പോലും അംഗീകരിച്ചു. മഹാരാജാവിന്റെ ആജ്ഞയനുസരിച്ചു പാതിരി ഒരു മലയാളം – ഇംഗ്ലീഷ് – പോർത്തുഗീസു് നിഘണ്ടു നിർമ്മിക്കുകയുണ്ടായി. കേരളത്തേയും പ്രത്യേകിച്ചു തിരുവിതാംകൂറിനേയും പരാമർശിക്കുന്ന പല കാര്യങ്ങൾ അദ്ദേഹം ഇൻഡ്യാ യാത്ര (A Voyage to the East Indies) എന്നും പൗരസ്ത്യരായ ഇൻഡ്യയിലെ ക്രിസ്ത്യാനികൾ (India Orientalis Christiana) എന്നുമുള്ള ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തീട്ടുണ്ടു്. അവയിൽ ആദ്യത്തെ ഗ്രന്ഥം ഇംഗ്ലീഷിൽ വിവർത്തനംചെയ്തിട്ടുള്ളതും സുപ്രസിദ്ധവുമാണു്. അതിൽ മലയാളഭാഷാസാഹിത്യത്തെപ്പറ്റി ഒരു രസകരമായ അധ്യായമുണ്ടു്. ആ അധ്യായത്തിൽ അധ്യാത്മരാമായണം കിളിപ്പാട്ടു്, രാമായണം ഇരുപത്തിനാലുവൃത്തം, ശിവപുരാണം കിളിപ്പാട്ടു് എന്നീ കൃതികളിൽനിന്നു് ഓരോ ഭാഗം ഉദ്ധരിച്ചു ചേർത്തിരിക്കുന്നു.

1789-ൽ പാതിരി തിരിയെ യൂറോപ്പിലേയ്ക്കു മടങ്ങി. റോമ്മയിൽ വിദേശമിഷ്യനറിമാരുടെ മതപരിശീലനത്തിനുള്ള കലാലയത്തിൽ പൗരസ്ത്യഭാഷകളുടെ പ്രൊഫസർ എന്ന സ്ഥാനത്തിൽ ആരൂഢനായി. ആ കലാലയത്തിന്റെ കാര്യദർശിയായും അദ്ദേഹത്തെത്തന്നെ അധികാരികൾ നിയമിച്ചു. റോമ്മയിലെ “വോൾസിയൻ അക്കാഡമി” എന്ന പണ്ഡിതപരിഷത്തിലെ ഫെല്ലോസ്ഥാനവും പാരീസ്സിലേയും നേപ്പിൾസിലേയും ‘അക്കാഡമി ഓഫ് സയൻസു്’ എന്ന വിദ്വൽ സമിതിയിലെ മെമ്പർസ്ഥാനവും അവയ്ക്കെല്ലാം മകുടം ചാർത്തുമാറു മാർപ്പാപ്പയിൽനിന്നു വികാരി അപ്പോസ്തോലികു് എന്ന ബഹുമതിയും അദ്ദേഹത്തിനു സിദ്ധിച്ചു. പൗലീനോസു് 1806-ആമാണ്ടു ഫിബ്രവരി 7-ആംനു- (കൊ.വ. 981) പരഗതിയെ പ്രാപിച്ചു.

41.55പാശ്ചാത്യഭാഷാകൃതികൾ

സതതോത്ഥായായിരുന്ന ഈ പാതിരിക്കു പല ഭാഷകളിലും അവയിലെ സാഹിത്യങ്ങളിലുമുണ്ടായിരുന്ന അന്യാദൃശമായ പാണ്ഡിത്യം ആരെയും വിസ്മയിപ്പിച്ചിരുന്നു. കേരളത്തിൽ വന്നിട്ടുള്ള പാശ്ചാത്യന്മാരായ മിഷ്യനറിമാരിൽ അദ്ദേഹത്തെക്കാൾ വൈദുഷ്യം സമ്പാദിച്ചവർ ആരുംതന്നെയുണ്ടായിട്ടില്ലെന്നു ധൈര്യമായി പറയാം. അദ്ദേഹം ആകെ ഇരുപത്തിനാലു കൃതികൾ രചിച്ചിട്ടുള്ളതായി പറയുന്നു. അവയിൽ പതിനൊന്നു ഗ്രന്ഥങ്ങൾ റോമ്മയിൽ അച്ചടിപ്പിച്ചു. ആ ഗ്രന്ഥങ്ങളുടെ പേരുകൾ താഴെച്ചേർക്കുന്നു. പ്രായേണ ലത്തീൻഭാഷയിലാണു് പൗലീനോസു് തന്റെ കൃതികൾ നിർമ്മിച്ചിട്ടുള്ളതെങ്കിലും അവയിൽ സന്ദർഭവശാൽ പല മലയാളവാക്കുകളും ഇടകലർത്തീട്ടുണ്ടു്. മലയാളം ചതുരവടിവിലാണു് ആ വാക്കുകളുടെ അച്ചടി.

(1) അമരകോശം (1798) (2) സിദ്ധരൂപം (1790) (3) ബ്രാഹ്മണമതവിവരണം (Systema Brahmanicum – 1791) (ഇതിൽ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഒരു പടം ചേർത്തിട്ടുണ്ടു്) (4) പ്രോപ്പഗാന്ത എന്ന വേദപ്രചാരണാലയത്തിലെ ഭാരതീയ ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (A Treatise on the Indian MSS to the Library of the congregation de Propaganda fide – 1792) (5) കർദ്ദിനാൾ ബോർജ്ജിയയുടെ മ്യൂസിയത്തിലുള്ള മലയാളം, ഹിന്ദുസ്ഥാനി മുതലായ ഭാഷകളിലെ ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (A Treatise on the MSS in the Penang, Siamaese, Malayalam and Hindustani Languages – 1793) (6) പൗരസ്ത്യരായ ഇൻഡ്യൻക്രിസ്ത്യാനികൾ (India Orientalis Christiana – 1794) (7) പ്രാചീനഭാരതം (A Treatise on Ancient India – 1795) (8) ഇൻഡ്യായാത്ര (A voyage to the East Indies – 1796) (9) അർണ്ണോസു് പാതിരിയുടെ വകയായുള്ള ഹസ്തലിഖിതഗ്രന്ഥങ്ങളുടെ വിവരണം (De Codicibus Indicio Manuscript R. P. Jonnis Hanxlden – 1799) (10) പേർഷ്യൻ, സംസ്കൃതം, ജർമ്മൻ ഈ ഭാഷകൾക്കുള്ള പഴക്കവും പരസ്പരബന്ധവും (A Treatise on the Antiquity and Affinity of Persian, Sanskrit and Geramn Languages – 1799) (11) മലയാളത്തിലെ പഴഞ്ചൊല്ലുകൾ (Adagia Malabarica – 1790) ഇവയാണു് അച്ചടിച്ച പുസ്തകങ്ങൾ. ഇവ കൂടാതെ (12) Viaggio Alle India Orientali—1796 (13) Monumenti Indici del nunsio namano—1799 (14) De Latin Sermonis (15) Bibliotheca Indica (16) Opus Moraleet Manuscripta (17) Commentarium Super quinque Praccipua attributa Dei Contra Politheismum ഇങ്ങനെ വേറെയും അനേകം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ വകയായി ഉണ്ടെന്നു് അഭിജ്ഞന്മാർ പറയുന്നു. ആധുനികരീതിയിലുള്ള ഭാഷാശാസ്ത്രപഠനരീതിയുടെ ഉപജ്ഞാതാക്കന്മാരിൽ പ്രഥമഗണനീയനായി പൗലീനോസിനെ പരിഗണിക്കേണ്ടതാണു്.

41.56മലയാളകൃതികൾ

ഭാഷയിൽ പാതിരി (1) ത്രേസിയാചരിതം (2) ദേവഷഡ്ഗുണം എന്നീ രണ്ടു പദ്യകൃതികളും (3) കൂദാശപ്പുസ്തകം (4) എട്ടുദിവസത്തെ ധ്യാനം (5) ദിവ്യജ്ഞാനലബ്ധിക്കുള്ള സരണി എന്നീ ഗദ്യകൃതികളും (6) മലയാളവ്യാകരണം (7) അക്ഷരമാലാവിസ്താരം എന്നീ വ്യാകരണഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളതായി പറയുന്നു. ഇവയിൽ ഒടുവിലത്തെ രണ്ടു ഗ്രന്ഥങ്ങളും കണ്ടുകിട്ടിയിട്ടില്ല. ഗദ്യഗ്രന്ഥങ്ങൾ സംസ്കൃതപ്രധാനങ്ങളാകയാൽ ആരും ഉപയോഗിയ്ക്കാറുമില്ല. ദേവഷഡ്ഗുണം ദൈവത്തിന്റെ ആറു ഗുണങ്ങളെ വിഷയീകരിച്ചു രചിച്ചിട്ടുള്ള ഒരു ഗാനമാണു്. ത്രേസിയാചരിതം അതിനെക്കാൾ ഒന്നുകൂടി നന്നായിട്ടുണ്ടു്. അതിൽനിന്നു ചില വരികൾ ചുവടേ ചേർക്കുന്നു.

“അഖിലശാസ്ത്രചിത്രം പരമജ്ഞാനമിത്രം
മഖണ്ഡഗുണമാത്രം കരുണാപൂർണ്ണപാത്രം
സർവകാരണം നിത്യം സർവവ്യാപകം ഭവ്യം
സർവേശമധോമുഖം സാദരം നമാമ്യഹം.
ത്രേസിയാ മമ മാതാപുണ്യചരിത്രം ചിത്രം
വക്തും മേ ജ്ഞാനം ദേഹി സകലജ്ഞാനമിത്ര!”

ഈ വരികൾ കൃതിയുടെ ആരംഭത്തിലുള്ളതാകുന്നു. അവസാനത്തിലെ ചില ഈരടികൾകൂടി പകർത്താം.

“വിപ്രാദിനീചരോളം സമസ്ത കേരളന്മാർ
വിവിധഭാഗത്തിങ്കൽചെയ്യുന്നു ദിനംതോറും.
എത്രയും ശുഭേ ബാലേ കരുണാകരീ കന്യേ
ത്രേസിയേ പങ്കം നീക്കിഗ്ഗുണം നല്കുക നാഥേ!
വേദാർത്ഥവിനാശനം വരുത്തും രിപുക്കളെ
വേദഗുരുനിതംബേയമർത്തിക്കൊള്ളേണമേ.
സാധുത്വം ദാനശീലം സുജ്ഞാനം ദൈവഭീതി
ചാരുസ്വഭാവം മോക്ഷേ സുഖിച്ചീടുവാൻ യത്നം.”
41.57പഴഞ്ചൊല്ലുകൾ

മലയാളത്തിലെ പഴഞ്ചൊല്ലുകളെപ്പറ്റി ഒരു ഗ്രന്ഥം പാതിരി രചിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ചുവല്ലോ. അതിൽ നൂറ്റിൽപ്പരം പഴഞ്ചൊല്ലുകൾ ലത്തീൻപ്പരിഭാഷയോടുകൂടി സമാഹരിച്ചുചേർത്തിട്ടുണ്ടു്. “പഴഞ്ചൊല്ലിൽ പൊളിയുണ്ടെങ്കിൽ പാലും കൈയ്ക്കും” എന്നു് ആദ്യമായി പറയുന്നു. അതിലെ പദ്യമായ ഒരു ഭാഗംകൂടി ഉദ്ധരിക്കാം.

“മക്കളില്ലാഞ്ഞാൽ മനവുമതിരുളേ
മക്കളുമിരുളേ പൊരുളില്ലാഞ്ഞാൽ
വിദ്യയില്ലാഞ്ഞാൽ മനവുമതിരുളേ
വിദ്യയുമിരുളേ പൊരുളില്ലാഞ്ഞാൽ
നാരിയില്ലാഞ്ഞാൽ വീടുമതിരുളേ
നാരിയുമിരുളേ വാ കടുതായാൽ.”

“ഉമാ കാത്യായനീ ഗൗരീ കാളീ ഹൈമവതീശ്വരീ......... ചണ്ഡികാംബികാ” എന്ന അമരസിംഹവചനം ബ്രാഹ്മണമതവിവരണത്തിൽ ചേർത്തിട്ടുണ്ടു്. ചന്ദ്രോദയം സ്നാനപർവം മുതലായി ചില ഭാഷാഗ്രന്ഥങ്ങളിൽനിന്നു് അദ്ദേഹം ഉദാഹരണങ്ങൾ കാണിച്ചിട്ടുണ്ടു്.

“ചെമ്പകപ്പൂഞ്ചോല തന്നിലങ്ങു
ചെമ്മേ സുഖിച്ചു തൻകാന്തനോടും
ഒന്നിച്ചുതന്നെ മരുവിടുന്നാൾ
സുന്ദരി പൈങ്കിളിപ്പെണ്കിടാവേ”

എന്നീ വരികൾ സ്നാനപർവത്തിലുള്ളതാണത്രേ. ഈ ഗ്രന്ഥങ്ങൾ ഇക്കാലത്തു് അലഭ്യങ്ങളായിരിക്കുന്നു.

ആകെക്കൂടി നോക്കുമ്പോൾ ഭാഷയുടെ പരമോപകർത്താക്കളിൽ ഒരാളായി പൗലീനോസു് പാതിരി പരിലസിക്കുന്നു. നൂറ്റൻപതു കൊല്ലങ്ങൾക്കുമുമ്പു് മലയാളം എന്നൊരു ഭാഷയും അതിനു മനോജ്ഞമായ ഒരു സാഹിത്യവുമുണ്ടെന്നു യൂറോപ്യന്മാരെ മനസ്സിലാക്കിച്ചതു് അദ്ദേഹമാണല്ലോ.

41.58കരിയാട്ടി യൗസേപ്പു മെത്രാൻ (917-962) – ചരിത്രം

ആലങ്ങാട്ടുപകുതിയിൽ ആലങ്ങാട്ടു അങ്ങാടിയിൽ കരിയാട്ടിവീട്ടിൽ പൈലി, മറിയം എന്നീ ദമ്പതിമാരുടെ ദ്വിതീയസന്താനമായി 1742 മെയു് 5 – ആംനു – ജനിച്ച ഒരു പുരുഷകേസരിയാണു് യൗസേപ്പു്. ബാല്യത്തിൽത്തന്നെ ആലങ്ങാട്ടു സെമ്മിനാരിയിൽ സുറിയാനി, ലത്തീൻ, പോർത്തുഗീസു് തുടങ്ങിയ ഭാഷകൾ അഭ്യസിച്ചു. തദനന്തരം ഉപരിവിദ്യാഭ്യാസത്തിന്നായി 1755-ൽ റോമ്മയിലേക്കു പോയി. അവിടെ പതിനൊന്നു വർഷകാലത്തോളം പഠിച്ചു പല ശാസ്ത്രങ്ങളിൽ അഗാധമായ വിജ്ഞാനം സമ്പാദിച്ചു് 1766 ഏപ്രിൽ 2-ആംനു- പ്രോപ്പഗന്താ സർവകലാശാലയിൽനിന്നു ഡി.ഡി. എന്ന ഉൽകൃഷ്ടബിരുദം നേടി സ്വദേശത്തേക്കു തിരിയെപ്പോരികയും ആലങ്ങാട്ടു സെമ്മിനാരിയിലെ പ്രധാനാധ്യാപകനായി നിയമിക്കപ്പെടുകയുംചെയ്തു. മലങ്കരനസ്രാണിസഭയിൽ പലകാരണങ്ങളെക്കൊണ്ടും വേർതിരിഞ്ഞുപോയ പഴയ കൂറ്റുകാരേയും (Catholic Syrians) പുത്തൻകൂറ്റുകാരേയും (Jacobite Syrians) തമ്മിൽ യോജിപ്പിക്കുന്നതിനുവേണ്ടി ജീവിതാർപ്പണം ചെയ്യുവാൻ ആ പണ്ഡിതവര്യൻ നിശ്ചയിച്ചു. സഭയിലുള്ള അന്തച്ഛിദ്രത്തിനു മാർപ്പാപ്പ മുഖാന്തരവും പോർത്തുഗൽ രാജാവുമുഖാന്തരവും ശമനം വരുത്തിക്കാണുവാനുള്ള അത്യാശയാൽ 1777-ആമാണ്ടു് ഒടുവിൽ വീണ്ടും റോമ്മയിലേക്കു പുറപ്പെടുകയും 1778 ഒക്ടോബർ 14-ആംനു – മദിരാശിയിൽനിന്നു കപ്പൽകയറി 1780 ജനുവരി 3-ആംനു- റോമ്മയിൽ എത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ സഭാപ്രവർത്തനങ്ങളെപ്പറ്റി ഇവിടെ പ്രപഞ്ചനം ചെയ്യേണ്ട ആവശ്യമില്ല. ലിസ്ബണിൽവെച്ചു് 1782 ജൂലായു് 16-ആംനു- അദ്ദേഹം കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 1786-മേയു് 1-ആംനു- ഗോവയിൽ തിരിച്ചെത്തി. അവിടെവെച്ചു് ആ കൊല്ലം സെപ്തംബർ 8-ആംനു- (കൊ.വ. 962) 45-ആമത്തെ വയസ്സിൽ യശശ്ശരീരനായി. അദ്ദേഹത്തിനു (1) മലയാളം (2) തമിഴു് (3) കർണ്ണാടകം (4) സംസ്കൃതം (5) സുറിയാനി (6) ലത്തീൻ (7) പോർത്തുഗീസു് (8) ഇത്താലിയൻ (9) ഫ്രഞ്ചു് എന്നീ ഭാഷകൾ സ്വാധീനമായിരുന്നുവെന്നും മലയാളത്തിനുപുറമേ സുറിയാനിയിലും ലത്തീനിലും പോർത്തുഗീസിലും ഉണ്ടായിരുന്ന പാണ്ഡിത്യപ്രകർഷം അദ്ദേഹം രചിച്ചിട്ടുള്ള ചില പ്രബന്ധങ്ങളിൽ നിന്നു അനുമാനിക്കത്തക്കതാണെന്നും അറിവുള്ളവർ പറയുന്നു.

41.59വേദതർക്കം

കരിയാട്ടി മെത്രാൻ മലയാളത്തിൽ വേദ തർക്കം എന്ന പേരിൽ ഒരു ഗദ്യഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതിലെ വിഷയം കൃസ്തീയസഭയിൽ പല അധികാരികൾ ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും ഏകാധികാരി പത്രോസും പത്രോസിന്റെ അനുഗാമിയായ മാർപ്പാപ്പയും മാത്രമാണെന്നുമാകുന്നു. ആ ഗ്രന്ഥം അദ്ദേഹം 1768-ൽ ആലങ്ങാട്ടുവച്ചെഴുതി. അതിൽനിന്നു് ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു.

“ആദിതൊട്ടു മിശിഹാ വരുവോളം പല തലവന്മാരായിവാണു എങ്കിലും ഒരു കാലത്തിൽ ഒരു കൂട്ടത്തിനു രണ്ടു തലവന്മാരു് ഒരുനാളും വാണിട്ടില്ലെന്നു വിശ്വാസമായിട്ടു് എഴുത്തു പെട്ടിരിക്കുന്നു. ഓരോരോ കാലങ്ങളിൽ ഓരോരോ തലവന്മാരത്രേ ആകുന്നു. ഇതെന്തേ? ഒരു നാട്ടിനു രണ്ടു രാജാവായാൽ തമ്മിൽ പിണങ്ങി രാജിതം ക്ഷയിച്ചുപോകും. എന്നപോലെ ഒരു വീടിനു രണ്ടശ്ചന്മാരായാൽ തങ്ങളിൽ പിണങ്ങി വീടു ക്ഷയിച്ചുപോകും. അതുകൊണ്ടു് ഒരു നാട്ടിനു രണ്ടു രാജാവും ഒരു വീട്ടിനു രണ്ടശ്ചനും ഒരു ശരീരത്തിനും രണ്ടു തലയും ന്യായമാകുന്നില്ല; എന്നപോലെ സകലമാനുഷരേയും രക്ഷിപ്പാനായിട്ടു സകലനാഥൻ മാനുഷനായി പിറന്നാലേ തന്റെ മാർഗ്ഗന്യായം താൻതന്നെ പഠിപ്പിച്ചു സർവ്വനേർവ്വഴി സമ്മതിച്ചു കൂടിയ സർവ്വവിശ്വാസക്കാരാകുന്ന നസ്രാണികളുടെ സഭക്കൂട്ടമാകുന്ന ശുദ്ധമാന കാതോലിക്കാപള്ളിയുടെ മുമ്പിലത്തേത്തലവനും ഇടയനും വികാരിയും അടിസ്ഥാനവും മിശിഹാതമ്പുരാൻതന്നെയായിരുന്നു.”

41.60പാറേമ്മാക്കിൽ തോമ്മാക്കത്തനാർ (912-974) ചരിത്രം

മീനച്ചൽത്താലൂക്കിൽ രാമപുരം പകുതിയിൽ കടനാട്ടുകരയിൽ പാറേമ്മാക്കിൽവീട്ടിൽ 1736 കന്നി 10-ആനു (കൊ.വ. 912) കുരുവിള, അന്ന ഈ ദമ്പതിമാരുടെ നാലാമത്തെ സന്താനമായി ജനിച്ച മറ്റൊരു കൈരളീസേവകനാണു് തോമ്മാ. മീനച്ചൽ ശങ്കരൻകർത്താവിനോടു മൂന്നുവർഷം സംസ്കൃതവും കാനാട്ടു് അയ്പുകത്താനാരോടും വീണ്ടും മൂന്നുവർഷം സുറിയാനിയും അഭ്യസിച്ചു. പിന്നീടു യഥാവിധി ആലങ്ങാട്ടു സിമ്മനാരിയിൽ ലത്തീനും പോർത്തുഗീസും പഠിച്ചു. 1761-ൽ കത്തനാരായും 1768-ൽ കടനാട്ടു പള്ളിയിലെ വികാരിയായും പണി നോക്കി. അക്കാലത്താണു് കരിയാട്ടി യൗസേപ്പുമല്പാൻ റോമ്മയിൽനിന്നു സ്വദേശത്തെത്തിയതു്. 1778 മുതൽ 1786 വരെ അവർ ഒരുമിച്ചു വിദേശപര്യടനം നടത്തി. യൗസേപ്പുമെത്രാൻ മരിക്കുന്നതിനു മുൻപുതന്നെ നമ്മുടെ കത്തനാരെ കൊടുങ്ങല്ലൂർ രൂപതയുടെ ഗവർണ്ണരാക്കി. അന്നു് ആ രൂപതയുടെ വിസ്തീർണ്ണത തിരുവനന്തപുരംമുതൽ കണ്ണൂർവരെ വ്യാപിച്ചിരുന്നു. ഗവർണ്ണർ അങ്കമാലിയിൽ താമസിച്ചു ഭരണം നടത്തിവരവേ ടിപ്പുസുൽത്താന്റെ ആക്രമണംനിമിത്തം 1790-ൽ അവിടെന്നിന്നു തലസ്ഥാനം വടയാറ്റുപള്ളിയിലേക്കു മാറ്റി. 1798-ൽ വാതരോഗം ആരംഭിക്കുകയാൽ സ്വദേശമായ രാമപുരത്തേക്കുതന്നെ പോരികയും അവിടെവച്ചു് 1799 മാർച്ചു് 20 – ആംനു – (കൊ.വ. 974) പരഗതിയെ പ്രാപിക്കുകയും ചെയ്തു.

41.61വർത്തമാനപ്പുസ്തകം

തോമ്മാക്കത്തനാർ (1) വർത്തമാനപ്പുസ്തകം (2) ക്രിസ്താനുകരണം എന്നിങ്ങനെ രണ്ടു ഗദ്യഗ്രന്ഥങ്ങൾ ഭാഷയിൽ രചിച്ചിട്ടുണ്ടു്. വർത്തമാനപ്പുസ്തകത്തിനു റോമ്മായാത്രയെന്നും പേർ പറയുന്നു. ഇതിൽ രണ്ടു ഭാഗങ്ങൾ അടങ്ങീട്ടുണ്ടു്. ഒന്നാംഭാഗം 1780 കന്നി 1-ആംനു-യാണു് കുറ തീർത്തതു് എന്നു ഗ്രന്ഥകാരൻ അതിലെഴുതിച്ചേർത്തിട്ടുള്ള മുഖവുരയിൽനിന്നു ഗ്രഹിക്കാവുന്നതാണു്. “1773-ആംകാലം മാർപ്ലൊരെൻസിയോസു് അരയപ്പൊല്ലീസു് എന്ന മെത്രാൻ മരിച്ചപ്പോൾ മലങ്കര ഇടവകയിലുണ്ടായിരുന്ന കാര്യം തൊട്ടു നമ്മുടെ വിശേഷം തുടങ്ങുകയും ചെയ്യുന്നു” എന്നു് അദ്ദേഹം ആ മുഖവുരയിൽ വിഷയസൂചന നൽകീട്ടുണ്ടു്. 1785 വരെയുള്ള ചരിത്രം മാത്രമല്ല 1786-ൽ മെത്രാനും ഗ്രന്ഥകാരനും ഗോവയിൽ എത്തുന്നതുവരെയുള്ള ചരിത്രവുംകൂടി അതിൽ ഉൾക്കൊള്ളിച്ചുകാണുന്നു. അതിൽപ്പിന്നീടുള്ള വൃത്താന്തങ്ങളാണു് രണ്ടാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ളതു്. രണ്ടാംഭാഗം 1100-മാണ്ടു പോലും കണ്ടിട്ടുള്ളവരുണ്ടു്; ഇപ്പോൾ എവിടെയാണെന്നു നിശ്ചയമില്ലാതെയിരിക്കുന്നു. ഒന്നാംഭാഗത്തിൽ എഴുപത്തിനാലദ്ധ്യായങ്ങളേ കണ്ടുകിട്ടീട്ടുള്ളു. ഇടയ്ക്കു ചില പൊടിവുകളുള്ളതുകൊണ്ടു് എൺപതു അധ്യായങ്ങളോളം കണ്ടേക്കാമെന്നു ചിലർ ഊഹിക്കുന്നു. അധ്യായത്തിനുപകരം ‘പദം’ എന്ന സം‌ജ്ഞയാണു് ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നതു്.

വർത്തമാനപ്പുസ്തകത്തിന്റെ സ്വരൂപം

തോമ്മാക്കത്തനാരുടെ പ്രസ്തുത കൃതി ഏതു നിലയ്ക്കു നോക്കിയാലും കൈരളിയ്ക്കു ഒരു കനകാഭരണമെന്നുതന്നെ പറയേണ്ടതാണു്. ഗ്രന്ഥകാരന്റെ നിരീക്ഷണപാടവം, ത്യാജ്യഗ്രാഹ്യവിവേചനാസാമർത്ഥ്യം, വിവരണവൈദഗ്ദ്ധ്യം മുതലായ സിദ്ധികൾക്കു എവിടെയും ഉദാഹരണങ്ങൾ കാണാം. സംസ്കൃതപ്രധാനമായ ഒരു ശൈലിയല്ല അദ്ദേഹത്തിന്നുള്ളതു്; പ്രത്യുത അന്നത്തെ സർക്കാരെഴുത്തുകുത്തുകളിലും മറ്റും പ്രചുരപ്രചാരമായിരുന്ന ഒരുതരം ഭാഷാരീതിയാണു്. യാത്രാവിവരണത്തിനു് ഏറ്റവും യോജിച്ച ഒരു രീതിതന്നെയാണു് അതു് എന്നുള്ളതിനു് സംശയമില്ല. ക്രിസ്ത്യാനികളുടെ ആവശ്യത്തെ പ്രായേണ മുൻനിറുത്തി രചിച്ചിട്ടുള്ള ഒരു ഗ്രന്ഥത്തിൽ അവരുടെയിടയിൽ മാത്രം നടപ്പുള്ള വാക്കുകൾ അങ്ങിങ്ങു കാണാമെങ്കിലും അവയ്ക്കും സന്നിവേശവിശേഷംകൊണ്ടു് ഒരുവക സൗഭാഗ്യമാണു് ലഭിച്ചിരിക്കന്നതു്. ആകെക്കൂടി ഭാഷയിലെ ആകർഷകമായ ഒരു ഗദ്യഗ്രന്ഥം എന്നതിനുപുറമെ, അക്കാലത്തെ ദേശചരിത്രം, സമുദായചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി അന്യത്ര അസുലഭമായ വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം എന്ന നിലയിലും വർത്തമാനപ്പുസ്തകം നമ്മുടെ സമഗ്രമായ ശ്ലാഘയെ അർഹിക്കുന്നു. ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിച്ചു് എന്റെ ആശയം വിശദീകരിക്കാം.

വേണാട്ടിലെ വലിയ കപ്പിത്താൻ

“തൃപ്പാപ്പൂസ്വരൂപമെന്ന മഹാരജാവു് ഉടേതമ്പുരാൻ തനിക്കു് അനുവദിച്ച മുഷ്കരത്വത്താലയും വലിമയാലയും മലങ്കരെ ഒക്കെയും പിടിച്ചതിന്റെ ശേഷം തന്റെ മുഷ്കരത്വത്തിൽ കീൾ ആക്കുന്ന നാടുകളിൽ തന്റെ പടപ്പുരുഷാരമൊക്കെയ്ക്കും ആകമാനമായ വലിയ യജമാനനും ഭരിക്കുന്നവനുമായി എവുസ്താക്കിയോ ബെനദിക്കോസ്ലണുവേ എന്ന പേരുകേട്ട ഒരു പ്രാൻസുകാരൻ ആയിരുന്നു. എന്നാൽ ഈ പ്രാൻസുകാരൻ പടത്തായം നല്ലവണ്ണം അറിഞ്ഞിരുന്നു. പടയ്ക്കു വളരെ പരിജ്ഞാനം ഉണ്ടായിരിക്കുകയും ചെയ്തതുകൊണ്ടു രാജവിന്റെ പടപ്പുരുഷാരത്തെ നല്ലക്രമത്തുംവഴി ഭരിച്ചു മറ്റു മലങ്കരെയുള്ള രാജാക്കളിൽ പലരുടേയും നാടു പിടിച്ചടക്കി രാജാവിന്റെ നാടു വളർമ്മിച്ചതിനെ [5] ക്കൊണ്ടു തന്റെ പ്രയത്നവും വിശ്വാസവും രാജാവു കണ്ടു സമ്മതിച്ചു തന്റെ നാടൊക്കെയും മേലും മുഷ്കരത്വവും യജമാനസ്ഥാനവും തന്റെ രാജിത [6] ത്വത്തിന്റെ നാമത്തിൽ വേണാട്ടുകപ്പിത്താനെന്നുള്ള പേരും തനിക്കു കൊടുത്തതുമല്ലാതെ തനിക്കും തന്നോടുകൂടെ രാജാവിനും ചിറ്റാഴ്മ [7] ചെയ്യുന്ന ഏറോപ്പാക്കാറരു ചിലർക്കും ഇരിപ്പടമായിട്ടു തന്റെ രാജിതത്തിന്റെ തെക്കെ അറുതികളിലുള്ള ഉദയഗിരി എന്ന കോട്ട ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.”

കത്തനാരുടെ ദേശാഭിമാനം

“ജാതിമഹത്വം എന്നൊരു വസ്തു എത്ര വലിയ കാര്യമാകുന്നു എന്നു് ഈ ഉണ്ടായതു വിചാരിച്ചാൽ അറികയുമാം. അതെന്തെന്നാൽ ഞങ്ങൾ പലർ ഉണ്ടാകകൊണ്ടും ശേഷം പാതിരിമാരു് ആ ദിക്കുകളിൽ നടപ്പാൻ മര്യാദയാകുന്ന സന്നാഹം ഒന്നു കൂടാതെയും പാവപ്പെട്ട ജനങ്ങളെപ്പോലെ ചെന്നിട്ടും അവിടെയുള്ള പാതിരി ബഹുമാനിക്കാഞ്ഞതിന്മേൽ ആ ഇടത്തിലുള്ള വിശ്വാസക്കാർക്കു പാരം സങ്കടം തോന്നുകയും ചെയ്തു.

ഇതു എന്തുകൊണ്ടു്? പക്ഷേ മുൻപിൽ ഞങ്ങളുമായിട്ടു് അവർക്കുള്ള കണ്ടറിവുകൊണ്ടോ ഞങ്ങൾ ഏതാനും മനഗുണം അവർക്കു ചെയ്തതുകൊണ്ടോ? ആയതു ഒന്നുകൊണ്ടുമല്ല. പിന്നെയോ നാമെല്ലാവരും ഒരു ജാതി അതായതു് ഇന്ദിയാകാറരു് ആകകൊണ്ടു വർഗ്ഗത്തിന്നടുത്ത ഈ സ്നേഹം അവരുടെ ഹൃദയങ്ങളെ ഇളക്കിയതിനെക്കൊണ്ടത്രേ.”

“തമ്പുരാനെയുള്ള പേടികൂടാതെ ചുക്കാനില്ലാത്ത കപ്പൽ തനിക്കുള്ള വഴിയറിയാതെ കാറ്റൂതുന്ന പുറത്തേക്കു പോകുമാറാകുന്നതുപോലെ”, “ആടുമാടുകൾ തങ്ങളുടെ നല്ല മേച്ചിൽസ്ഥലമാകുന്ന പട്ടാങ്ങയെ ഉപേക്ഷിച്ചു് ഇടത്തൂടാകുന്ന കാട്ടുമലയിൽ പിണങ്ങിപ്പോയി വ്യാഘ്രത്തിനു് ഇരയാകാതെയിരിപ്പാൻ”, “അർദ്ധരാത്രിയിൽ ഒരു കള്ളനെക്കൊണ്ടുപോകുമ്പോലെ ശോഭകേടോടെ”, “കാലം കൈക്കീഴമരാത്തവണ്ണം ചെന്നു കലാശമായിരിക്കുന്ന” എന്നിങ്ങനെയുള്ള ശക്തിമത്തുകളായ വാക്യങ്ങൾ പ്രസ്തുത ഗ്രന്ഥത്തിൽ ധാരാളമുണ്ടു്. ദിഷ്ടതി (ഭയം) വേസ്ത (വ്യവസ്ഥ) ഏറക്കുറയെ, മനസ്സല്ലാമനസോടെ, മുന്നൽ നന്ദി മുതലായ പദങ്ങളുടെ നിഷ്പത്തി ശബ്ദാഗമജ്ഞന്മാരുടെ നിഷ്കൃഷ്ടമായ ചിന്തനത്തെ അർഹിക്കുന്നു.

41.62ക്രിസ്താനുകരണം

തോമസു് അക്കെമ്പീസു് (Thomas Akempis) എന്ന പണ്ഡിതൻ ലത്തീൻ ഭാഷയിൽ രചിച്ചിട്ടുള്ള (Imitation of christ) എന്ന സുപ്രസിദ്ധമായ ഗ്രന്ഥത്തിന്റെ ഭാഷാനുവാദമാണു് ഇതു്. ഒന്നുരണ്ടു വാക്യങ്ങൾ ചുവടേ ചേർക്കുന്നു. “ധനശാസ്ത്രങ്ങൾ പഠിച്ചാലും ഗ്രഹിച്ചാലും ഒരു ഫലവുമുണ്ടോ? പട്ടാങ്ങയ്ക്കു ഒരു വസ്തുവുമറിയാതെ അന്നന്നു ദണ്ഡിച്ചുകഴിയുന്ന ഒരു മൂഢൻ നല്ലൂ, തന്നിടം സൂക്ഷിക്കാതെ കണ്ടു് ആദിത്യന്റെ ഓട്ടം സൂക്ഷിച്ചു ഗ്രഹശാസ്ത്രം പഠിച്ചിരിക്കുന്ന ഒരു ഫീലസുഫ്യക്കാരനെക്കാൾ എന്നു ബോധിച്ചിരിക്കട്ടെ.”

കത്തനാർ ക്രിസ്തുമതസംബന്ധമായി വേറെയും ചില ഗദ്യപ്രബന്ധങ്ങൾ എഴുതീട്ടുണ്ടെൻറിയുന്നു.

41.63മറ്റു ചില യൂറോപ്യൻ പാതിരിമാർ
സ്റ്റീഫൻ പാതിരി

ഇത്താലിയക്കാരനായ സ്റ്റീഫൻ 1700-നും 1769-നും ഇടക്കു ജീവിച്ചിരുന്നു. ഇന്ത്യയിൽ വന്നതിനുമേൽ ഹിന്ദുസ്ഥാനി, തെലുങ്ക, മലയാളം എന്നീ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. മലയാളത്തിൽ അദ്ദേഹം നിർമ്മിച്ചതു് ഒരു നിഘണ്ടുവായിരുന്നു.

ക്ലെമന്റു് പാതിരി

ക്ലെമന്റു് പിയാനിയസു് (Clement Peanius) എന്നാണു് പീഡ്മൊണ്ടുകാരനായ പ്രസ്തുത വൈദികന്റെ പൂർണ്ണമായ നാമധേയം. 1714-ൽ അദ്ദേഹം ജനിച്ചു. സ്റ്റീഫനെപ്പോലെ വരാപ്പുഴയിൽ ഉദ്യോഗമായി താമസിച്ച അദ്ദേഹവും മലയാളത്തിൽ ഒരു നിഘണ്ടു നിർമ്മിച്ചു. അതിനുപുറമെ മലയാളം, സംസ്കൃതം എന്നീ ഭാഷകളിലെ അക്ഷരമാലയെപ്പറ്റി ലത്തീനിൽ ഒരു പുസ്തകവും രചിച്ചിട്ടുണ്ടു്. എന്നാൽ പാതിരിയുടെ സർവപ്രധാനമായ കൃതി സംക്ഷേപവേദാർത്ഥമാണു്. അതിനു ലത്തീൻഭാഷയിൽ Compendiosa Legis Explicatio Omnidus Christianis Scitu Neccessaria എന്നൊരു ദീർഘമായ നാമധേയം നല്കിയിരിക്കുന്നു. അതിലെ ആദ്യത്തെ വാക്കു് രൂപാന്തരപ്പെടുത്തി പ്രസ്തുതപുസ്തകത്തിനു ‘കുമ്പേന്തി’ എന്നും പേർ പ്രചരിക്കുന്നുണ്ടു്. ഈ പുസ്തകങ്ങളെല്ലാം പാതിരി റോമ്മയിൽ സർവമുദ്രാലയത്തിൽ (Polyglot Press) മലയാളമച്ചുകൾ ഉണ്ടാക്കി അവിടെ 1772 (കൊ.വ. 947‌) -ൽ അച്ചടിപ്പിച്ചു. ക്ലെമന്റും രാമവർമ്മമഹാരാജാവിന്റെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ആ പാതിരി 1782 നവംബർ 9-ആംനു- (958) വരാപ്പുഴ വെച്ചു മരിച്ചു. മലയാളലിപിയിൽ ആദ്യമായി അച്ചടിച്ച പുസ്തകം സംക്ഷേപവേദാർത്ഥമാണു്. 270-ൽച്ചില്വാനം പുറങ്ങളുള്ള ആ പുസ്തകം ചോദ്യോത്തര (ഗുരുശിഷ്യസംവാദ) രൂപത്തിൽ രചിക്കപ്പെട്ടിരിക്കുന്നു. അതു് അനേകം പാഠങ്ങളായും കാണ്ഡങ്ങളായും വിഭജിച്ചുകാണുന്നു. ഒടുവിൽ “തമ്പുരാനടുത്ത ഗുണങ്ങളുടെ പ്രകാരങ്ങ” ളും, “രായിലയും സന്ധിക്കും വ്യാപരിക്കേണ്ടും നിഷ്ട (പ്രാർത്ഥന) പ്രകാരങ്ങ” ളും അടങ്ങീട്ടുണ്ടു്. ചതുരവടിവിൽ ഭങ്ഗിയായി റോമ്മയിൽ അച്ചടിച്ചുള്ള ആ പുസ്തകത്തിന്റെ പ്രതികൾ ഇപ്പോൾ വളരെ അപൂർവ്വമായേ കണ്ടുകിട്ടുന്നുള്ളു. ഈ ലിപികളുടെ മാതൃക കണ്ടാണു് ബെയിലിസായിപ്പു് പിന്നെയും അരശതാബ്ദത്തോളം കാലം കഴിഞ്ഞു കോട്ടയം സി.എം.എസു്. മുദ്രാലയത്തിലേക്കു് അച്ചുകൾ വാർത്തുണ്ടാക്കിയതു്. ബെയിലിയുടെ മേൽനോട്ടത്തിൽ പ്രസിദ്ധപ്പെടുത്തിയ പുതിയ നിയമത്തിലെ ഭാഷയെ അപേക്ഷിച്ചു സംക്ഷേപവേദാർത്ഥത്തിലെ ഭാഷയെ നന്നായിട്ടുണ്ടു്. അക്കാലത്തു സർക്കാരെഴുത്തുകൾപോലും നാടോടിഭാഷയിലായിരുന്നു എന്നു് ഓർമ്മിക്കുമ്പോൾ സംക്ഷേപവേദാർത്ഥത്തിലെ ഭാഷാരീതി ശ്ലാഘാവഹമാണെന്നു പറയേണ്ടതുണ്ടു്. ഒരു ഭാഗം പകർത്തുന്നു.

“ഗുരു: — കർത്താവിനെ കുരിശിന്മേൽ തറച്ചുകൊൾവാൻ കല്പിച്ചതാരു്?

ശിഷ്യൻ: — യൂദരാജ്യത്തിലെ അധികാരം ആയ പന്തിയോസപീലാത്തോസെന്ന ഒരു ദേഹം മിശിഹാകർത്താവിന്ന ഒരു കുറ്റമില്ലെന്നു ബോധിച്ചറിഞ്ഞുവെങ്കിലും തന്നെ പിടിച്ച കുരിശിന്മേൽ തൂക്കിക്കൊള്ളണമെന്ന വിധി കല്പിയ്ക്കുകയും ചൈതു.

ഗുരു: — യൂദന്മാരുടെ കൈയിൽനിന്നും പീലാത്തോസിന്റെ വശത്തിൽനിന്നും തന്നെ രക്ഷിപ്പാൻ ഈശോമിശിഹായ്ക്കു നിർവാഹമില്ലാഞ്ഞതോ?

ശിഷ്യൻ: — തന്നെ രക്ഷിപ്പാൻവശമുണ്ടായിരുന്നുവെങ്കിലും നമ്മുടെ രക്ഷയെ പ്രതി താൻ പാടുപ്പട്ട മരിയ്ക്കണമെന്ന അനാതി ആയ തന്റെ ബാവാടെ തിരുമനസ്സാകുന്നുയെന്നറിഞ്ഞിട്ട താൻ മനസ്സാല താൻതന്നെ വഴങ്ങി പാടുപ്പെട്ടു മരിച്ചു; എന്നത്തന്നെയല്ല, പിന്നെയോ എഴുന്നേറ്റു തന്റെ ശത്രുക്കൾക്ക എതൃത്ത തന്നെ പിടിപ്പാനും കെട്ടുവാനും വന്നവർക്ക നല്ല മനസ്സാലെ അനുവാദം കൊടുക്കുകയും ചൈതു.”

ഫാറോസു് പാതിരി

അദ്ദേഹം അമ്പഴക്കാട്ടു സന്യാസിമന്ദിരത്തിലെ റെക്ടറായിരുന്നു. ടിപ്പുസുൽത്താന്റെ ആക്രമണകാലത്തു അവിടംവിട്ടു ചാക്യാത്തുപള്ളിയിലേയ്ക്കു താമസം മാറ്റി. അദ്ദേഹവും ഒരു ചെറിയ മലയാളവ്യാകരണവും നിഘണ്ടുവും നിർമ്മിച്ചിട്ടുണ്ടു്. 1715 – 1789 ഈ വർഷങ്ങൾക്കിടയിലായിരുന്നു ഫാറോസിന്റെ ജീവിതകാലം.

ബീഷൊപ്പു് ഇൽദഫൊൻസ്

അദ്ദേഹം (1) ഹിന്ദുവേദാചാരങ്ങൾ, (2) മലയാളം – ലത്തീൻ – പോർത്തുഗീസു് നിഘണ്ടു എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. രണ്ടാമത്തേതു് അപൂർണ്ണമാണു്.

ബീഷൊപ്പു് പിമന്റൽ

അദ്ദേഹമാണു് അർണ്ണോസു പാതിരിയുടെ നിഘണ്ടു പൂർണ്ണമാക്കിയതു്.

ഇങ്ങനെ പല യൂറോപ്യൻവൈദികന്മാർ ഭാഷയിൽ നിഘണ്ടുക്കൾ നിർമ്മിച്ചു. ഇവയെ മൊത്തത്തിൽ വരാപ്പുഴനിഘണ്ഡുക്കൾ എന്നു പറയുന്നു. ഇവയിൽ ചിലതെല്ലാം ഡോക്ടർ ഗുണ്ഡർട്ടിന്റെ മഹനീയമായ നിഘണ്ഡുനിർമ്മിതിയ്ക്കു അത്യന്തം പ്രയോജകീഭവിച്ചിട്ടുണ്ടു്. ഈ വിദേശീയന്മാർ മലയാള ഭാഷയ്ക്കു് അകാരാദികളും വ്യാകരണങ്ങളും ഇതരഗ്രന്ഥങ്ങളും സമ്മാനിയ്ക്കുന്നതിനു എത്രമാത്രം ക്ലേശങ്ങൾ സഹിച്ചിരിയ്ക്കുന്നു എന്നതു് ഏറെക്കുറെ ഊഹ്യമാണല്ലോ. ഇവർ കൈരളിയ്ക്കു എന്നും പ്രാതഃസ്മരണീയരായ മഹാപുരുഷന്മാർതന്നെ. ഭാരതീയഭാഷകളിൽ മലയാളം തമിഴു് ഇവയെപ്പറ്റി യൂറോപ്യന്മാർക്കു പല ഇതര ഭാഷകളേക്കാൾ മുമ്പുതന്നെ അറിവാൻ ഇട വന്നതു് ഇവരുടെ നിസ്തന്ദ്രമായ പരിശ്രമത്തിന്റെ ഫലമാകുന്നു.

റോബർട്ടു് ഡ്രമ്മൺഡ്

റോബർട്ടു് ഡ്രമ്മൺഡ് (Robert Drummond) എന്ന ഒരു ഇംഗ്ലീഷ്കാരൻ മലയാളഭാഷയുടെ വ്യാകരണം എന്നൊരു കൃതി രചിച്ചു 974-ൽ അതു ബോംബെയിലെ കൂറിയർ അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു. അതാണു് ഒരു ഇംഗ്ലീഷ്കാരൻ മലയാളഭാഷയെപ്പറ്റി ഇദംപ്രഥമമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം. അന്നു് ഇംഗ്ലീഷ് ഈസ്ററിൻഡ്യാക്കമ്പനിക്കു കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങളെല്ലാം ബോംബെ പ്രസിഡൻസിയിൽ ഉൾപ്പെട്ടിരുന്നു. കമ്പനിയിലെ ജോലിക്കാരായ പാശ്ചാത്യരുടെ ആവശ്യത്തെ പുരസ്കരിച്ചാണു് ഡ്രമ്മൺഡ് പ്രസ്തുത പുസ്തകം നിർമ്മിച്ചതു്. അതിലെ ഭാഷ ഇംഗ്ലീഷാണെങ്കിലും ഉദാഹരണങ്ങൾ മലയാളത്തിലുള്ള കൃതികളിൽനിന്നുതന്നെ ഉദ്ധരിച്ചു ചേർത്തിരിയ്ക്കുന്നു. അവ പ്രായേണ ക്ലമന്റിന്റെ സംക്ഷേപവേദാർത്ഥത്തിലുള്ള വാക്യങ്ങളാണു്. മറ്റു വരാപ്പുഴപ്പാതിരിമാരുടെ വ്യാകരണം തുടങ്ങിയ ഭാഷാശാസ്ത്രസംബന്ധികളായ ഗ്രന്ഥങ്ങളോടും അദ്ദേഹത്തിനു കടപ്പാടുണ്ടായിരുന്നു.

പടപ്പുസ്തകം

“നേരെമ്പോക്കായിട്ടു പടവിദ്യയഭ്യസിപ്പാനൊള്ള പൊസ്തകം” എന്നാണു് ഈ പുസ്തകത്തിന്റെ പൂർണ്ണമായ നാമധേയം. പാശ്ചാത്യരീതിയിലുള്ള യുദ്ധസമ്പ്രദായം മനസ്സിലാക്കിയ ഏതോ ഒരു ഭടനാണു് ഇതു് എഴുതീട്ടുള്ളതു്. കൃസ്ത്യാനിയായിരിയ്ക്കുമെന്നു് എനിയ്ക്കു തോന്നുന്നു. പലവിധത്തിലുള്ള പടങ്ങളും അവിടവിടെ സന്ദർഭോചിതമായി ചേർത്തിട്ടുണ്ടു്. ദീർഘമായ ആ ഗ്രന്ഥം ഇങ്ങനെ ആരംഭിയ്ക്കുന്നു.

“പടനടത്തിപ്പാൻ അഭ്യസിക്കേണ്ടുന്ന വിദ്യകൾ ഇപ്പൊസ്തകം നാലുവീതമായി തിരിച്ചെഴുതുകകൊണ്ടു വായിക്കുന്നവർക്കു് എറെ പ്രിയവും ഉപകാരങ്ങളും ഒണ്ടാം. ശ്രേഷ്ഠതയുള്ള ഒരു പൈതലാൽ പടയാളികൾക്കു വേണ്ടുന്ന വിദ്യകൾ ചിക്ഷയായി അഭ്യസിച്ചു രാജാവിനും രാജ്യത്തിനും ഉപകാരമുള്ളവനായി വരണമെന്നു മനസ്സിൽ വെയ്ക്കകൊണ്ടു് അവന്റെ കാരണവരുടെ അനുവാദത്തോടെ ഗുണദോഷങ്ങൾ പറഞ്ഞു് അവനെ സൂക്ഷിച്ചു കൂട്ടിക്കൊണ്ടുപോവാൻ ഒരു വിചാരിപ്പുകാരുടെ കൂട്ടത്തിൽ ഒരു കോട്ടയും ഒരു പാളയവും ഒരു കോട്ടപിടിപ്പാൻ ഉണ്ടായിരിയ്ക്കുന്ന പാളയത്തിന്റെ പ്രകാരവും കോട്ട അമർത്തുവാൻ ചെയ്തുവരുന്ന വേലകളും അതിന്റെ കണക്കുകളും കാണ്മാനായി പുറപ്പെടുന്നു.

പടയാളികൾ അറിഞ്ഞേ മതിയാവുയെന്നുള്ള പലകൂട്ടം കാര്യങ്ങളും സംസാരത്തുംവഴി ഇപ്പൊസ്തകത്തിലെഴുതീട്ടുണ്ടു്.

വിദ്യകൾ അറിയണമെന്നു മനുഷ്യർക്കു് ഒക്കെയും പിറവിയിലെ ഒരു ആശയുണ്ടു്. എന്നതുകൊണ്ടു ബഹുമാനവും കീർത്തിയും ഉണ്ടാകണമെന്നു് ആഗ്രഹമൊള്ള പുരുഷന്മാർ അവരുടെ തൊഴിൽ നടത്തിപ്പാൻ കൂടിയേ മതിയാവു എന്നുള്ള വിദ്യകൾ ഒക്കെയും അഭ്യസിപ്പാൻ ഉദ്യോഗത്തോടെ ക്ലേശിക്കണം. പ്രത്യേകം പടയാളികൾക്കു പടനടത്തിപ്പാൻ വേണ്ടുന്ന വിദ്യകൾ അഭ്യസിപ്പാൻ ഏറിയൊരുദ്യോഗം വേണം. അവരടെ വിദ്യ അഭ്യാസങ്ങടെ കരയേറ്റത്തിനു തക്കവണ്ണം രാജ്യവും രാജാംഗവും വർദ്ധിയ്ക്കുകയും ചെയ്യുന്നു; അല്ലെങ്കിൽ കുറഞ്ഞുപോകുന്നു.

പടയാളികളെ അഭ്യസിപ്പിപ്പാൻ ഒള്ള കളരികളും മറ്റു പല വിദ്യകൾ അഭ്യസിപ്പിപ്പാൻ ഒണ്ടാകുന്ന കളരികളും ഈ രണ്ടു വക കളരികൊണ്ടു് ഒരുപോലെ രാജാവിനു ഉപകാരങ്ങൾ ഒണ്ടാം. എന്നാൽ പടസംബന്ധിച്ചുള്ള വിദ്യ അഭ്യസിപ്പാൻ കല്പിച്ചൊണ്ടാക്കിയ കളരികൾ പ്രത്യേകം രക്ഷിച്ചു നടത്തിപ്പാൻ സംഗതിയൊണ്ടു്. ഇക്കളരികൾ ഹേതുവായിട്ടു രാജ്യത്തിന്റെ സൗഖ്യവും വർദ്ധനയും ഒണ്ടാകുന്നു. ഇക്കളരികൾ ചേർന്നു് അഭ്യസിപ്പാൻ എല്ലാ പടയാളികൾക്കും സമയം ഒണ്ടാകയില്ലല്ലോ. എന്നാൽ മനുഷ്യരെക്കെടുക്കുന്ന മടി കളഞ്ഞു കളരികളിൽച്ചെന്നു അഭ്യസിപ്പാൻ സമയം ഇല്ലാത്ത പടയാളികൾ അവരടെ ഭവനങ്ങളിൽവച്ചു് ഇപ്പൊസ്തകങ്ങൾ വായിച്ചാൽ പടയ്ക്കു വേണ്ടുന്ന വിദ്യ പഠിയ്ക്കുകയും ആം. ഇതും വണ്ണം ക്ലേശിച്ചു് വായിച്ചു് എഴുതി തന്റെ ഗൃഹത്തിനു പുറത്തു് എറങ്ങാതെ മതിയാകത്തക്ക പടവയ്മ്പന്മാരായി പോയതു പലരു് ഒണ്ടായിട്ടൊണ്ടു്.”

കായംകുളത്തു പിലിപ്പോസു് റമ്പാൻ

ലോർഡ് വെല്ലസ്ലി ഇൻഡ്യയിൽ ഗവർണ്ണർ ജനറലായിരുന്ന കാലത്തു് 981-ൽ (1806) ഡോക്ടർ ക്ലോഡിയസു് ബുക്കാനൻ എന്ന പാതിരിയെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രവും തൽക്കാലാവസ്ഥയും ഗ്രഹിക്കുന്നതിനായി നിയോഗിക്കുകയും അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും സുദീർഘമായ ഒരു പര്യടനം നടത്തി വേണ്ട വിവരങ്ങൾ സംഗ്രഹിച്ചു ക്രിസ്തീയഗവേഷണം (Christian Researches) എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ വേദപുസ്തകത്തിനു് ഒരു ഭാഷാനുവാദം ഇല്ലാത്തതു സുറിയാനികളുടെയും മറ്റു ക്രിസ്ത്യാനികളുടെയും ഉൽകർഷത്തിനു് ഒരു മുഖ്യമായ പ്രതിബന്ധമാണെന്നു് അദ്ദേഹത്തിനു ബോധ്യമായി. അന്നു തിരുവിതാംകൂറിലും കൊച്ചിയിലും (1800-1810) റസിഡണ്ടായിരുന്ന ജനറൽകോളിൻ മക്കാളെ അദ്ദേഹത്തിന്റെ സ്നേഹിതനായിരുന്നു. റസിഡണ്ടിന്റെ ഒത്താശയോടുകൂടി പുതിയ നിയമം മലയാളത്തിൽ തർജ്ജമ ചെയ്യുവാൻ അദ്ദേഹം വേണ്ട ഏർപ്പാടുചെയ്തു. ആ ജോലി കയ്യേറ്റതു കായംകുളത്തു പിലിപ്പോസു് മല്പാനായിരുന്നു. പിന്നീടാണു് അദ്ദേഹം റമ്പാനായതു്. 1811-ൽ ആ പുസ്തകം ഡോക്ടർ ബുക്കാനൻതന്നെ ബോംബെയിലെ കൂറിയർപ്രസ്സിൽ നിന്നു് അച്ചടിപ്പിച്ചു് അതിന്റെ ഏതാനും പ്രതികൾ അന്നു റസിഡണ്ടായിരുന്ന ജോൺ മൺറോയ്ക്കു് അയച്ചുകൊടുത്തു. പ്രസ്തുതഗ്രന്ഥത്തിന്റെ വിവർത്തനം സുറിയാനി ഭാഷയിൽ നിന്നാണു്. അതിനു ഭാഷാശുദ്ധി പോരായ്കയാൽ പതിനൊന്നാം ശതകത്തിന്റെ ആരംഭത്തിൽ റെവറണ്ടു് ജോൺ ബെയിലി അതു പരിഷ്കരിച്ചു് പ്രസിദ്ധീകരിച്ചു. ആ പരിഷ്കാരത്തെപ്പാറ്റി അന്യത്ര പ്രസ്താവിയ്ക്കും. നാലു സുവിശേഷങ്ങളും അടങ്ങീട്ടുള്ളതാണു് റമ്പാന്റെ തർജ്ജമ. ഒന്നു രണ്ടു വാക്യങ്ങൾ ഉദ്ധരിക്കാം.

ലൂക്കോസു് പന്ത്രണ്ടാമധ്യായം

“13 എന്നാൽ ആ കൂട്ടത്തിൽനിന്നു് ഒരുത്തൻ തന്നോടവൻ ഉണർത്തിച്ചു. മല്പാനേ അനന്തരസുഖം എന്റെകൂടെ പവുപ്പാൻ എന്റെ കൂടപ്രപ്പിനോട നീ അരുളിച്ചെയ്കാ. 14 എന്നാൽ യീശോതമ്പുരാൻ അവനോടു താൻ അരുളിച്ചെയ്തു. പുരുഷാ, ഞായകാരനും പവുക്കുന്നവനും ആയി നിങ്ങളുടെമേൽ എന്നെക്കല്പിച്ചത ആരാകുന്നൂ”.

പരസഹായംകൂടാതെ ആ വിവർത്തനം, അതിനു് ആധുനികദൃഷ്ട്യാ എന്തെല്ലാം വൈകല്യങ്ങളുണ്ടെങ്കിലും, നിർവഹിച്ച റമ്പാന്റെ സദുദ്യമം ശ്ലാഘനീയമാണു്. അദ്ദേഹത്തിന്റെ ജീവിതചരിത്രത്തെപ്പറ്റി യാതൊന്നും അറിയുന്നില്ല. മണങ്ങനഴിയത്തു് എന്ന കുടുംബത്തിലെ ഒരങ്ഗമായിരുന്നു എന്നു മാത്രം വെളിപ്പെടുന്നു.

വ്യവഹാരമാല ഗദ്യം

ഈ ഗ്രന്ഥം മഴമങ്ഗലത്തിന്റെ വ്യവഹാരമാലയുടെ ഭാഷാനുവാദമാകുന്നു. “മനുമുഖ്യസരിൽസമുദ്ഭവൈഃ” എന്ന പ്രഥമശ്ലോകത്തിന്റെ തർജ്ജമ താഴെച്ചേർക്കുന്നു.

“ഈ ഗ്രന്ഥത്തിനു പ്രസിദ്ധി വരുത്തുവാനായിട്ടു ഗ്രന്ഥത്തിന്റെ പേരും പ്രകാരവുംവച്ചു പ്രതിജ്ഞചെയ്യുന്നു. വ്യവഹാരമാല എന്നു ഗ്രന്ഥത്തിനു പേരു്. ഈ മാലയുണ്ടാക്കിയതു് എന്തുകൊണ്ടു് എന്നാൽ മനു യാജ്ഞവല്ക്യൻ മുതലായ ഋഷീശ്വരന്മാരാകുന്ന തടാകങ്ങളിൽനിന്നും ഉൽഭൂതങ്ങളായും സ്വർഗ്ഗാദിപുണ്യലോകപ്രാപ്തിയാകുന്ന ഫലത്തോടുകൂടിയവയായും ഇരിക്കുന്ന, മന്വാദി ഋഷീശ്വരന്മാരുടെ വചനങ്ങളാകുന്ന കുസുമങ്ങളെക്കൊണ്ടു് ആകുന്നു. ഈ മാല രാജാവിനു യോഗ്യമായിട്ടുള്ളതു്.”

മറ്റൊരു ശ്ലോകത്തിന്റെ വിവർത്തനംകൂടി കാണിക്കാം.

മൂലം: “അജാതേഷ്വേവ സസ്യേഷു കുര്യാദാവരൻ മഹൽ.;

 ദുഃഖേന ഹി നിവാര്യന്തേ ലബ്ധസ്വാദുരസാ മൃഗാഃ.”

ഭാഷ: “മേലെഴുതിയ നിലങ്ങളിൽ പൈരുകൾ കുരുക്കുന്നതിനു മുൻപിൽത്തന്നെ നിലങ്ങളിൽ പശുക്കൾ ചാടി അഴിക്കാതെ വേലി കെട്ടിക്കൊള്ളണം. വിതകൾ കുരുത്തു മൃഗങ്ങൾ വന്നു ഭക്ഷിച്ചു രസമറിഞ്ഞുപോയാൽ പിന്നെത്തതിൽ മൃഗങ്ങളെ ഓടിപ്പാൻ എത്രയും പ്രയത്നം വേണ്ടിവരുന്നതാകക്കൊണ്ടു മുമ്പിൽത്തന്നെ വേലി കെട്ടിക്കൊള്ളണം.”

ഗ്രന്ഥകാരനെപ്പറ്റിയുള്ള ഗവേഷണത്തിൽ, ഒരു പ്രതീകത്തിൽ താഴെക്കാണുന്ന പങ്ക്തികൾ ഉപയോഗപ്പെടുന്നു.

“മന്വാദിഋഷീശ്വരന്മാരാൽ സംവാദത്തോടുകൂടി നിർമ്മിതമായ പുസ്തകമിദമൃഷികല്പിതം ഗ്രന്ഥം. ഈ എഴുതിയിരിക്കുന്ന ഋഷികൾ എല്ലാവരുംകൂടിയിരുന്നു കല്പിച്ചുണ്ടാക്കിയ ശ്ലോകങ്ങൾ അർത്ഥം കഠിനമാകക്കൊണ്ടു് 84-ആമാണ്ടു് ഒരു ശാസ്ത്രി പട്ടരുടെ പക്കൽ പുസ്തകം കൊടുത്തു ഭാഷയായിട്ടു് അർത്ഥമെഴുതിച്ചു തിരുവനന്തപുരത്തുവച്ചു ശാസ്ത്രികളെ ബഹുമാനിച്ചു വളരെ സമ്മാനവും കൊടുത്തു് അവിടെത്തന്നെ പാർപ്പിക്കയും ചെയ്തു.” ഈ 84-ആമാണ്ടു് 884-ആമാണ്ടല്ല, 984-ആമാണ്ടാണെന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. 989-ആമാണ്ടു വ്യവഹാരമാല ഒന്നുകൂടി വിസ്തരിച്ചു തർജ്ജമചെയ്വാൻ പന്തളം സുബ്രഹ്മണ്യശാസ്ത്രികളെയും ചോളദേശം അനന്തരാമശാസ്ത്രികളെയും റാണി ഗൌരി ലക്ഷ്മീബായി നിയമിച്ചതായി പഴയ റിക്കാർഡുകളിൽ കാണുന്നുണ്ടെങ്കിലും റാണിയും സുബ്രഹ്മണ്യശാസ്ത്രികളും 990-ൽ പരഗതിയെ പ്രാപിക്കയാൽ അത്തരത്തിൽ ഒരു പുതിയ ഗദ്യഗ്രന്ഥം ഭാഷയിൽ ആവിർഭവിച്ചിട്ടില്ല.

കുറിപ്പുകൾ

1 വളർമ്മിക്കുക – വളർത്തുക

2 രാജിതം – രാജ്യം

3 ചിറ്റാഴ്മ – സേവനം