അദ്ധ്യായം 35
ഭാഷാസാഹിത്യം
(ക്രി. പി. പതിനെട്ടാം ശതകം)

35.1പുത്രകാമേഷ്ടി പാട്ടു്

പുത്രകാമേഷ്ടി പാട്ടിൽ ദശരഥന്റെ ജനനവും രാജ്യഭാരവും ഋശ്യശൃങ്ഗമഹർഷി നടത്തുന്ന പുത്രകാമേഷ്ടിയും ശ്രീരാമന്റെ അവതാരവും മറ്റുമാണു് പ്രതിപാദ്യം. കവിതയ്ക്കു വളരെ ചാതുര്യവും തന്മയത്വവുമുണ്ടു്. അയോധ്യാവർണ്ണന, ദശരഥന്റെ സന്താനകാംക്ഷ മുതലായ ഭാഗങ്ങൾ പ്രത്യേകം രസനിഷ്യന്ദികളാണു്.

ഈ പാട്ടു നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നതിൽ ഒന്നും മൂന്നും പാദങ്ങൾ തരങ്ഗിണിയിലും രണ്ടും നാലും പാദങ്ങൾ ദ്രുതകാകളിയിലും രചിച്ചുകാണുന്നു. ‘പൊഴിൽ, മറയവർ, തിറവിയ’ മുതലായ പഴയ ശബ്ദങ്ങൾ പ്രയോഗിച്ചിട്ടുണ്ടു്. അന്തരങ്ഗപരിശോധനയിൽ ഈ പാട്ടു് എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലോ ഒൻപതാംശതകത്തിന്റെ പ്രഥമ പാദത്തിലോ നിർമ്മിച്ചതായി ഗണിക്കേണ്ടിയിരിക്കുന്നു. ദശരഥൻ ബാല്യത്തിൽ അഭ്യസിച്ച കലകളുടെ കൂട്ടത്തിൽ ആട്ടക്കഥയെപ്പറ്റി പറഞ്ഞിരിക്കുന്നതുകൊണ്ടു് ഇതിനു് അത്രപഴക്കം കല്പിക്കുവാൻ പാടുള്ളതല്ലെന്നു ചിലർ വാദിക്കുന്നു. ഈ മിഥ്യാബോധത്തിനു കാരണം തിരുവനന്തപുരത്തു് വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലെ ഭാഷാഗ്രന്ഥസൂചി തയ്യാറാക്കിയവർ പ്രസ്തുത ഗ്രന്ഥത്തിലെ ആ ഭാഗം തെറ്റി വായിച്ചതാണു്. വാസ്തവത്തിൽ ആട്ടക്കഥ എന്നൊരു ശബ്ദമേ കവി ആ ഗ്രന്ഥത്തിൽ പ്രയോഗിച്ചിട്ടില്ല. താഴെ ഉദ്ധരിക്കുന്ന വരികൾ നോക്കുക:

“പമ്പരമരശമ്മാനകണ്മായം വമ്പെഴും ചതുരങ്ഗം മണിച്ചതു്
തണ്ടി വീണ കുഴൽ തകിൽ മദ്ദളം ആട്ടം പാട്ടകചാരി പുറചാരി
വാട്ടമറ്റ തൊഴിൽ കരണാദികൾ ഗോഷ്ടിവാക്കുകളോടുമോരോ ചാട്ടം
വാളയപ്പുതിരിപ്പുകൾ വായ്പ്പെഴും കമ്പവിച്ച കയറ്റുവിച്ചകളും
കുതിരപ്പയിറ്റാനപ്പയിറ്റുകൾ തേർകടാവുകവേടു വിനോദങ്ങൾ.”

ആണ്ടിയാട്ടം, കൂടിയാട്ടം മുതലായി പലവിധത്തിലുള്ള ആട്ടങ്ങൾ പണ്ടു പ്രചരിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ടു കവിയുടെ വിവക്ഷ രാമനാട്ടമാണെന്നു സങ്കല്പിക്കേണ്ട ആവശ്യമില്ല.

മാതൃക കാണിക്കുവാൻ ഈ പാട്ടിൽനിന്നു കുറെ വരികൾ ഉദ്ധരിക്കാം.

(1) അയോധ്യാവർണ്ണനം:

“പുരികളിലവനിയിലിതു മുമ്പായതു് പുരുഹൂതൻപുരിയെന്നതുപോലെ
അനുപമസമ്പത്തുകളോർക്കുമ്പോളളകാപുരി പുനരെന്നേ തോന്നും
നിർമ്മലഭാവം നിരുപിക്കുമ്പോൾ ബ്രഹ്മാലയമാണെന്നേ തോന്നും
കല്മഷനാശനവൈഭവമോർത്താൽ വൈഷ്ണവലോകമിതെന്നേ തോന്നും
ശിവകരവസ്തുവിശേഷം പാർത്താൽ ശിവലോകം പുനരെന്നേ തോന്നും
ഹരിയോ ഹരി ഹരി ഭാസ്കരവംശദിവാകരനുദയം പർവ്വതമായതു
സൂരിയകുലമാം ദീപജ്വാലയ്ക്കാദരവേറും രത്നവിളക്കതു
വണ്ടാർകുഴലികൾതിലകമതാകിയ തണ്ടാർമാതിനു കളിമന്ദിരമതു
ആനന്ദത്തിനു പൊന്നിൻഗൃഹമതു ആശ്ചര്യത്തിനുമാശ്രയമായതു
ജയനർത്തകവരതരുണിതതിക്കൊരു മരതകനാടകശാലയതായതു
കോമളതയ്ക്കൊരു പൂമ്പൊഴിലായതു വീരനൃപന്നൊരു പൂത്തഴയായതു
അർത്ഥിജനത്തിനു കല്പകമാമതു ആശ്രിതജനചാതകകരുമുകിലതു
അഖിലനൃപാംബുജപകലവനായതു സകലഗുണങ്ങൾക്കാകരമായതു
നിഖിലജനാളീനയനോത്സവമതു ദുഷ്കർമ്മത്തിനു പാഴ്ക്കുലനിലമതു
വിക്രമമാകിയ മകരകുലത്തിനു ചൊല്ക്കലരും മകരാലയമായതു
ഓരോ ചാരുകിടങ്ങുകൾ കണ്ടാലോരോവാരിധിയെന്നേ തോന്നും
വാർകോലും കല്ക്കോട്ടകൾ കണ്ടാൽ ലോകാലോകമിതെന്നേ തോന്നും.
പൊന്മതിൽ മമ്മാ! കാണുന്തോറും നന്മണിസാനുവിതെന്നേ തോന്നും
പ്രാസാദാഭോഗം കാണുമ്പോൾ കൈലാസാചലമെന്നേ തോന്നും
വെണ്മാടങ്ങളിലേറാനുള്ളൊരു സോപാനങ്ങളെ നോക്കുന്നേരം
സ്വർഗ്ഗത്തിങ്കൽപ്പോവാനുള്ളൊരു പെരുവളിയെന്നേ പേർത്തും തോന്നും.

(2) അപുത്രനായ ദശരഥന്റെ മനോരാജ്യം:

“ഗർഭമായ് ഭാര്യമാരിലൊരുത്തരെ
കെല്പുകേടോടു കൂടീട്ടു കണ്ടാവൂ.
ഉദരം ക്രമത്താലേ വളരുന്ന
തുദിതാനന്ദമൊന്നു ഞാൻ കണ്ടാവൂ.
അരുതായ്കയും പൂണ്ടു മടയവ
രാരങ്ങളെയഴിപ്പിതും കണ്ടാവൂ.
പ്രസവിക്കുന്ന കാലമണയുമ്പോൾ
പകരുന്നതാം ഭാവങ്ങൾ കണ്ടാവൂ.
പ്രസവിക്കുമിപ്പോഴെന്നുമില്ലെന്നും
പലരും പറയുന്നതു കേട്ടാവൂ.
ചെറുക്കൻ പിറന്നൂവെന്നു ചൊല്ലുന്ന
തുറക്കത്തിലൊന്നെങ്ങാനും കേട്ടാവൂ.
അതു ചൊല്ലുവോർക്കോരോരോ വസ്തുക്കൾ
കൊടുത്താവൂ എൻ കൈകഴപ്പോളവും.
ജാതകർമ്മങ്ങൾ ഞാൻ ചെയ്തുകൊണ്ടാവൂ
ചേതോരമ്യമായിട്ടെന്റെ ദൈവമേ!
പുത്രൻതന്മുഖമൊന്നു ദർശിച്ചാവൂ,
മുകർന്നാവൂ മുകത്തണച്ചാവൂ ഞാൻ
നാമമിട്ടാവൂ ചോറു കൊടുത്താവൂ
നാൾതോറും കരയുന്നതും കേട്ടാവൂ
ഒറ്റടി വയ്പതും പിന്നെ വീഴ്വതും
നാലഞ്ചാറു പദം നടക്കുന്നതും
വീണു മെല്ലെ നിലത്തു കിടപ്പതും
പിരണ്ടിട്ടങ്ങുരുണ്ടു മറിവതും
വീണുടനെയെഴുന്നേറ്റു നിന്നിട്ടു
മന്ദമന്ദം നടപ്പതും കണ്ടാവൂ.”

ഒടുവിലത്തെ വരികൾകൂടി ചുവടെ ചേർക്കുന്നു:

“കഞ്ഞിയും നെയ്യും നന്നായ്ക്കുടിക്കണം
കണ്ടവർക്കൊത്തവണ്ണമരുതതു്.
കട്ടിന്മേൽ കിടക്കേയാവു നിർണ്ണയം
കണ്ട വസ്തുക്കൾ കാട്ടരുതേതുമേ.
എന്നിവണ്ണമവരവർതങ്ങടെ
വൈദുഷ്യം പ്രയോഗിക്കുന്നതിൻമുന്നേ
വിശ്വനാഥൻ പിറന്നങ്ങു വീണുതേ
ഗർഭപാത്രത്തിൽനിന്നു ധരണിയിൽ.”
35.2കോട്ടയത്തു കേരളവർമ്മത്തമ്പുരാൻ

ജീവചരിത്രം

തുഞ്ചത്തു ഗുരുനാഥന്റെ കാലത്തിനുശേഷം കിളിപ്പാട്ടു രീതിയിൽ ഗ്രന്ഥങ്ങൾ നിർമ്മിച്ചു യശസ്സു നേടിയ ആദ്യത്തെ കവിപുങ്ഗവൻ കോട്ടയത്തു കേരളവർമ്മത്തമ്പുരാനാകുന്നു. അദ്ദേഹത്തിന്റെ പൂർണ്ണനാമം വീരകേരളവർമ്മാവെന്നാണു് 871-ലെ ഒരു ശാസനത്തിൽ കാണുന്നതു്. തമ്പുരാൻ 820-ആണ്ടിടയ്ക്കു ജനിച്ചിരിക്കണം. 852-ൽ അന്നത്തെ കോലത്തിരിയായ പുതിയ പള്ളിക്കോവിലകത്തു രവിവർമ്മത്തമ്പുരാനും അദ്ദേഹവും തമ്മിൽ തലശ്ശേരി തിരുവങ്ങാട്ടു കോട്ടയിൽവെച്ചു് ഒരു സന്ധി നടന്നതിനു രേഖയുണ്ടു്. പുതുവാതപ്പാട്ടു് (പുതുബാധപ്പാട്ടു്) എന്ന പേരിൽ കേരളവർമ്മത്തമ്പുരാന്റെ ജീവിതചരിത്രത്തെ പരാമർശിച്ചു് ഒരു വില്ലടിച്ചാൻപാട്ടു തിരുവനന്തപുരത്തും അതിനു തെക്കുള്ള പ്രദേശങ്ങളിലും ദുർദ്ദേവതാപ്രീതിക്കെന്നുദ്ദേശിച്ചു പാടിവരുന്നുണ്ടു്. ആ കൃതിയുടെ പ്രണേതാവു് പരപ്പക്കുട്ടിപ്പുലവർ എന്ന ഒരു കവിയുടെ ശിഷ്യനും ഭാഷതെക്കൻ തിരുവിതാംകൂറിൽ ഇന്നും പ്രചരിക്കുന്ന പ്രാകൃതമായ മലയാംതമിഴുമാകുന്നു. തമ്പുരാന്റെ മരണാനന്തരം അധികകാലം കഴിയുന്നതിനുമുൻപു രചിച്ചിട്ടുള്ള ഒരു പാട്ടാണു് അതെന്നു് ഊഹിക്കുവാൻ കഴിയും. തമ്പുരാന്റെ ജീവിത ചരിത്രത്തിൽ അദ്ദേഹത്തെ തിരുവിതാംകൂറിലെ ഇളയരാജാവായി ദത്തെടുക്കുന്നതിനുമുൻപുള്ള ചില സംഭവങ്ങൾ ആ പാട്ടിൽ വിവരിച്ചുകാണുന്നു. അവയെ താഴെ കാണുന്നുവിധത്തിൽ സംഗ്രഹിക്കാം. പുറവഴിനാട്ടിലെ (കോട്ടയം) ഗോദവർമ്മ [1] രാജാവിനു് ഉമാദേവി എന്നൊരു സഹോദരി ഉണ്ടായിരുന്നു. ആ രാജ്ഞി കന്നിമാസം 10-ആം തീയതി കാർത്തിക നക്ഷത്രത്തിൽ കഥാനായകനെ പ്രസവിച്ചു. ആ രാജകുമാരൻ ബാല്യത്തിൽത്തന്നെ ആയുധാഭ്യാസത്തിലും അശ്വാരോഹണത്തിലും വൈദഗ്ദ്ധ്യം സമ്പാദിച്ചു. പോർക്കലി ഭദ്രകാളിയെ ഭജിച്ചു് ആ ദേവിയുടെ തൃക്കയ്യിൽനിന്നു പൊന്നുടവാൾ വാങ്ങി. തന്നെ മാതുലൻ ഇളയരാജാവായി വാഴിക്കുന്നതിനു പ്രതിബന്ധങ്ങളുണ്ടാക്കിയ മന്ത്രിയെ വധിക്കുകയും ആ പാപം തീരുന്നതിനായി മാതാവിന്റെ നിർദ്ദേശമനുസരിച്ചു തീർത്ഥസ്നാനത്തിനു പോകുകയും ചെയ്തു. കന്നിച്ചേവുകക്കാർ എന്നു പേരുള്ള പതിനാറു് അങ്ഗരക്ഷകന്മാരും വിദ്വാനായ ഒരു ദ്രാവിഡ ബ്രാഹ്മണനും “കരുണൻ” അഥവാ കരുണാകരൻ എന്ന ഒരു പിഷാരടിയുമായിരുന്നു ആ യാത്രയിൽ അദ്ദേഹത്തിന്റെ അനുചരന്മാർ. പരദേശത്തു മയ്യത്തുര എന്ന ഒരു മുഹമ്മദീയരാജാവിന്റെ പുത്രിയായ താനാവതി എന്ന യുവതിയെ പാണിഗ്രഹണംചെയ്തു് തന്റെ ശ്വശുരന്റെ ശത്രുക്കളായ ചടക്കൻ എന്ന മറവപ്രഭുവിനേയം മുടുക്കൽ എന്ന തെലുങ്കപ്രഭുവിനേയും തന്റെ വാളിനിരയാക്കി ആ രാജ്യത്തിന്റെ അനന്തരാവകാശിയായി. പാട്ടിൽ തമ്പുരാന്റെ പ്രഭാവത്തെപ്പറ്റി ഒരു ഭടൻ മയ്യത്തുരയെ വർണ്ണിച്ചു കേൾപ്പിക്കുന്നതു താഴെക്കാണുംവിധത്തിലാണു്.

“നമ്മളുടെ രാച്ചിയത്തു വന്നതുണ്ടു
നായകനോ മാലയനോ നാനറിയേൻ.
അമ്മമാതാക്കളീന്റെടുത്തവരോ?
അറിയാതമായ ചുറ്റിവന്തവരോ?
കർണ്ണനെന്നാലവർ കർണ്ണനും അല്ലേ,
കയ്യിലൊരു വില്ലുമമ്പുതാനുമില്ലേ.
ഭീമനെന്നാലവർ ഭീമനല്ലേ,
കയ്യിലൊരു ഭീമഗദയുമില്ലേ.
സോമകുലമോ സൂരിയകുലമോ,
സോമബിംബതുല്യമാം മുഖമതുണ്ടേ.
ഒമ്മ ചൊല്ലുവാനിപ്പുവിയിലാരുമില്ലേ,
ഒളിവു പൊൻനിറംപോലെ മേനി കണ്ടാൽ.
കണ്ടാൽപ്പല പല നിറം തോന്നും,
കയ്യിലൊരു വാളുമിരിപ്പതുണ്ടു.
തെണ്ടാടും വാളു കണ്ടാലെല്ലാപേരും,
തെളിന്ത വാളും ചരവുമിതുപോലെയുണ്ടോ.”

മയ്യത്തുരയുടെ രാജ്യത്തിൽ തദനന്തരം ചില ഭരണപരിഷ്കാരങ്ങൾ ഉൽഘാടനം ചെയ്തപ്പോൾ ശത്രുക്കൾ തമ്പുരാനെ ഗുഢമായി കൊല്ലുന്നതിനു പ്രതിജ്ഞചെയ്യുകയും ഭദ്രകാളി ആ വിവരം സ്വപ്നത്തിൽ ധരിപ്പിച്ചു് അവിടം വിട്ടുപോകണമെന്നു് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. തമ്പുരാൻ കപ്പൽ കയറി തിരിയെ സ്വദേശത്തേയ്ക്കു പോയി അമ്മയെ സന്ദർശിക്കുകയും അവിടുന്നു് അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. താനാവതി പ്രിയവിയോഗത്താൽ ശോകാർത്തയായി ആത്മഹത്യചെയ്തു. തമ്പുരാൻ കോട്ടയത്തെ യൌവരാജ്യത്തിൽ അഭിഷിക്തനായി. എങ്കിലും തീർത്ഥസേവനത്തിലുള്ള ആസക്തി അദ്ദേഹത്തെ വീണ്ടും വിദേശപര്യടനത്തിനു പ്രേരിപ്പിച്ചു. കോഴിക്കോടു്, കൊച്ചി, പറവൂർ, ആലപ്പുഴ, കൊല്ലം, പരവൂർ മുതലായ സ്ഥലങ്ങൾ കടന്നു വർക്കലയിലെ പ്രസിദ്ധ തീർത്ഥസ്നാനഘട്ടത്തിൽ ചെന്നുചേർന്നു. അവിടെ സ്നാനം ചെയ്യുന്ന അവസരത്തിൽ ‘ആണ്ടിരങ്കനണ്ണാവി’ എന്നൊരു ബ്രാഹ്മണൻ അന്നു് ആറ്റിങ്ങൽ മൂപ്പുവാണിരുന്ന അശ്വതിതിരുനാൾ ഉമയമ്മറാണിയെ സന്ദർശിച്ചാൽ അതും ഒരു തീർത്ഥ സ്നാനമാകുമെന്നു് അറിയിക്കുകയാൽ അവിടെപ്പോയി ആ രാജ്ഞിയെക്കണ്ടു.

“വേണാട്ടിൽപ്പടവീടാളുകയ്ക്കു
വേന്തനില്ലാതെ നിനന്തിരിപ്പേൻ.
വെറ്റിയാകത്തെപ്പും തിരുമാടമ്പുംകൊണ്ടു്
ആളും പടവീട്ടിൽപ്പോമേയിപ്പോൾ.”

അതായതു, വേണാട്ടിലെ പടവീടു രക്ഷിക്കുന്നതിനു് ആളില്ലാത്തതിനാൽ അവിടുന്നു ദത്തും തിരുമാടമ്പുംകൊണ്ടു് ആ സാഹായ്യം തനിക്കു ചെയ്തുതരണമെന്നു് ഉമയമ്മറാണി അഭ്യർത്ഥിച്ചു. അങ്ങനെ കോട്ടയത്തു കേരളവർമ്മത്തമ്പുരാൻ വേണാട്ടിലെ ഇളയരാജാവായി. ആ റാണിയുടെ പുത്രനായ രവിവർമ്മത്തമ്പുരാനായിരുന്നു അന്നത്തെ വലിയ തമ്പുരാൻ. എന്നാൽ അദ്ദേഹത്തിനു പതിനാറു വയസ്സു തികയാത്തതിനാൽ റാണിതന്നെ രാജ്യരക്ഷ ചെയ്തുവന്നു. 860-ൽ രവിവർമ്മത്തമ്പുരാൻ മൂപ്പേറ്റുവെങ്കിലും അദ്ദേഹവും ഇളയരാജാവും ഒന്നിച്ചു സമസ്കന്ധന്മാരെന്ന നിലയിലാണു് നാടുവാണതു്. രവിവർമ്മത്തമ്പുരാൻ രാമായണസംഗ്രഹം രചിച്ചതു കേരളവർമ്മ രാജാവിന്റെ സഹവാസം മൂലമായിരിക്കാമെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടു്. “വടക്കു പിറവഴിയായി നാട്ടിൽനിന്നും തീർത്ഥയാത്രയാക വന്ന കേരളവർമ്മരെ ദത്തുടയതാക്കി ഹിരണ്യ സിംഹനല്ലൂർ (ഇരണിയിൽ) ഇളമുറയ്ക്കു നീട്ടുകൊടുത്തു” എന്നു് 861-ലെ ഒരു മതിലകം രേഖയിൽ കാണുന്നു. ആ ദത്തു നടന്നതു് 854-ആണ്ടിടയ്ക്കാണെന്നും ആ രേഖയിൻനിന്നു വിശദമാകുന്നുണ്ടു്. 853-ആണ്ടിടയ്ക്കു “മുകിലൻ” എന്ന പേരിൽ പ്രഖ്യാതനായ ഒരു മുഹമ്മദീയസേനാനി തിരുവിതാംകൂർ കൈകേറി മണക്കാട്ടു പാളയമടിച്ചുകൊണ്ടു രാജ്യത്തിനു പല ശല്യങ്ങളും ഉണ്ടാക്കി. തമ്പുരാൻ ആദ്യമായി ആ ശത്രുവിനെ തിരുവട്ടാറ്റുവച്ചു നടന്ന ഒരു യുദ്ധത്തിൽ നാമാവശേഷനാക്കി. തിരുവനന്തപുരത്തു പുത്തൻകോട്ടയിലുണ്ടായിരുന്ന കൊട്ടാരം പൊളിച്ചു കോട്ടയ്ക്കകത്തു വലിയ കോയിക്കലെന്നും കൊച്ചുകോയിക്കലെന്നും രണ്ടു കോവിലകങ്ങൾ പണിയിച്ചു. അവ ഇന്നും തിരുവിതാംകൂർ രാജ്ഞിമാരുടെ ആവാസഹർമ്മ്യങ്ങളായി പരിലസിക്കുന്നു.

871-ആണ്ടു മകരമാസം 25-ആംനു ഒരു ശാസനംമൂലം അദ്ദേഹം രാജ്യത്തിൽ പുലപ്പേടി എന്നും മണ്ണാർപ്പേടിയെന്നും പറഞ്ഞുവന്ന ഒരു ദുരാചാരം ഉന്മൂലനംചെയ്തു. മകരം 28-ആംനു മുതൽ മേടം 10-ആംനുവരെ പുലയർ മണ്ണാർ എന്നീ ജാതികളിൽപ്പെട്ട പുരുഷന്മാർ, ബ്രാഹ്മണർ നായന്മാർ മുതലായ ജാതികളിൽപ്പെട്ട സ്ത്രീകളെ ഏതു വിധത്തിലെങ്കിലും സ്പർശിച്ചു പോയെങ്കിൽ ആ സ്ത്രീകൾക്കു ജാതിഭ്രംശം കല്പിച്ചുപോന്നിരുന്നു. “പിലപ്പേടി മണ്ണാർപ്പേടി എന്ന വകൈ പെണ്ണുംപിള്ളയ്ക്കു് ഉണ്ടായാൽ പെണ്ണുംപിള്ള കുളിച്ചു കരയേറിക്കൊണ്ടാൽ തോഴ (ദോഷ)മില്ല” എന്നാണു് ആ ശാസനത്തിലെ പ്രധാനവാക്യം.

അനന്തരം ആഭ്യന്തരങ്ങളായ ഉപപ്ലവങ്ങൾ ശമിപ്പിക്കുന്നതിനുവേണ്ടി നായിക്കരാജാവിന്റെ ഒരു സൈന്യത്തെ വരുത്തി കല്ക്കുളത്തുവെച്ചു് അതിനു ഹേതുഭൂതന്മാരായിരുന്ന പ്രമാണികളിൽ ചിലരെ വധിപ്പിക്കുകയും അങ്ങനെ താൻ സ്വതന്ത്രനായപ്പോൾ തന്റെ രക്ഷയ്ക്കു വന്ന ആ വിദേശീയ സേനയേയും തിരിഞ്ഞു പടയിളക്കിച്ചെന്നു നശിപ്പിക്കുകയും ചെയ്തു. പിന്നീടു് പുതുവാതപ്പാട്ടിലെ കഥ തുടരുകയാണെങ്കിൽ “ഇന്ത മന്തിരിമാർകളും നാനുമാകാതെ ഇതത്തിൽ പാരായിന്തപ്പടവീട്ടിൽ” എന്നു നിശ്ചയിച്ചു ചില പുതിയ മന്ത്രിമാരെ നിയമിച്ചു. അതിൽ ക്ഷോഭിച്ചു പഴയ നേതാക്കന്മാരിൽ പതിനാറു പേർ അദ്ദേഹത്തെ എങ്ങനെയെങ്കിലും ഇല്ലായ്മചെയ്യണമെന്നു തീർച്ചപ്പെടുത്തി. തമ്പുരാൻ ഭദ്രകാളിയുടെ സ്വപ്നോപദേശവും റാണിയുടെ പ്രതിഷേധവചനവും വകവെയ്ക്കാതെ ഒരു ദിവസം രാത്രി തന്റെ ഉടവാൾപോലും കൊച്ചുകോയിക്കൽ വച്ചുംവച്ചു് ഒരു തുളുനാടൻ കത്തിമാത്രം എടുത്തുകൊണ്ടു വലിയകോയിക്കൽ കോവിലകത്തിന്റെ ബഹിർദ്ദ്വാരത്തിൽ ചെല്ലവെ അവിടെ ശത്രുക്കൾ, അദ്ദേഹത്തെ വളയുകയും അവരുടെ നായകനായ പണ്ടാരക്കുറുപ്പ് അദ്ദേഹത്തെ വധിയ്ക്കുകയും ചെയ്തു. [2] ഈ സംഭവം നടന്നതു് 871-ആണ്ടു കർക്കടകം 22-ആംനുയാണു്. വിദേശികളും സ്വദേശികളുമായ സകല ചരിത്രകാരന്മാരും തമ്പുരാനെ ശത്രുക്കൾ വധിച്ചതായിത്തന്നെയാണു് പ്രസ്താവിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ ശേഷക്രിയ 853-ൽ കോലത്തുനാട്ടുനിന്നു ദത്തെടുത്ത നെടുമങ്ങാട്ടെ ആദിത്യവർമ്മത്തമ്പുരാൻ നിർവഹിച്ചു. ഈ വിവരണത്തിൽ നിന്നു് അദ്ദേഹം അധൃഷ്യനും അകതോഭയനുമായ ഒരു യോദ്ധാവായിരുന്നതിനുപുറമെ ശത്രുക്കളെ അമർച്ചചെയ്യുന്നതിൽ അത്യന്തം നൃശംസനുമായിരുന്നു എന്നു വെളിപ്പെടുന്നുണ്ടു്. ആ മഹാവീരൻ വലിയകോയിയ്ക്കൽ നടയിൽവെച്ചാണു് ഹതനായതെന്നും തന്നിമിത്തമുണ്ടായ ഘോരമായ ബാധോപദ്രവം നീങ്ങുവാൻ രാജകുടുംബത്തിൽനിന്നു പല മാന്ത്രികകർമ്മങ്ങളും ചെയ്യിക്കേണ്ടിവന്നു എന്നും നമുക്കു ധൈര്യമായി വിശ്വസിക്കാം. അതിനു് ഉപോൽബലകങ്ങളായി അനേകം ഐതിഹ്യങ്ങളുമുണ്ടു്. അങ്ങനെ സംഭവബഹുലമായ ആ ജീവിതം അപ്രാപ്തകാലത്തിൽ അവസാനിക്കയും രാജ്യവും സാഹിത്യവും ആധിസമുദ്രത്തിൽ ആമഗ്നമാകുകയും ചെയ്തു.

കൃതികൾ

കേരളവർമ്മത്തമ്പുരാൻ ഉദ്ദേശം 854 മുതൽ 871 വരെ ഉദ്ദേശം 17 കൊല്ലം തിരുവിതാംകൂർ ഇളയരാജാവായിരുന്നു എന്നു നാം ധരിച്ചുവല്ലോ. ഈ കാലഘട്ടത്തിനിടയ്ക്കു് അദ്ദേഹം (1) സുന്ദരകാണ്ഡാവസാനംവരെയുള്ള വാല്മീകി രാമായണം (2) പാതാളരാമായണം (3) ബാണയുദ്ധം (4) വൈരാഗ്യചന്ദ്രോദയം (5) മോക്ഷദായകപ്രകരണം (6) മോക്ഷസിദ്ധിപ്രകരണം (7) ഭീഷ്മോപദേശം എന്നിങ്ങനെ 7 ഭാഷാഗാനങ്ങളും (8) പടസ്തുതി എന്നൊരു ഭാഷാസ്തോത്രവും (9) രാഗമാലിക (10) പത്മനാഭകീർത്തനം എന്നീ പേരുകളിൽ രണ്ടു സംസ്കൃതസ്തോത്രങ്ങളും രചിച്ചതായി അറിവുണ്ടു്. വടക്കൻ കോട്ടയത്തു താമസിച്ചിരുന്ന കാലത്തും അദ്ദേഹം ചില പ്രബന്ധങ്ങൾ നിർമ്മിച്ചിരിക്കണം. അവയെപ്പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല. ഭാരതവിലാസത്തിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള കേരളവർമ്മരാമായണത്തിൽ യുദ്ധകാണ്ഡം കൂടി ചേർത്തു് ആ ഭാഗവും അദ്ദേഹം രചിച്ചതായി പ്രസ്താവിച്ചു കാണുന്നു. എങ്കിലും സുന്ദരകാണ്ഡംവരെയുള്ള ഭാഗത്തിലെ ശൈലിയും യുദ്ധകാണ്ഡത്തിലെ ശൈലിയുംകൂടി തട്ടിച്ചുനോക്കിയാൽ യുദ്ധകാണ്ഡം അതിൽ പിന്നീടു പത്താംശതകത്തിലോ മറ്റോ ജീവിച്ചിരുന്ന വേറെ ഏതോ ഒരു കവിയുടെ കൃതിയെന്നേ കവനകലാമർമ്മജ്ഞന്മാർക്കു കൂടുമെന്നു മാത്രമല്ല, അതിന്നു മുമ്പിലത്തെ കാണ്ഡങ്ങളിൽ പ്രയുക്തങ്ങളായ തെക്കൻ പദങ്ങളും ശൈലികളും അതിൽ ഒരിടത്തും കണ്ടെത്താവുന്നതുമല്ല. ആ വഴിക്കു നോക്കുമ്പോൾ സുന്ദരകാണ്ഡാവസാനംവരെ മാത്രമേ തമ്പുരാൻ ആ കൃതി രചിച്ചുള്ളു എന്നു ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരുടെ പ്രസ്താവന വിശ്വാസയോഗ്യമായിരിക്കുന്നു. മോക്ഷദായകപ്രകരണം, കഥകളികളുടെ കർത്താവായ കോട്ടയത്തു തമ്പുരാനാണു് നിർമ്മിച്ചതു് എന്നു് അദ്ദേഹം പറഞ്ഞിട്ടുള്ളതു ശരിയല്ലെന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടു്.

വാല്മീകിരാമായണത്തിലുള്ള അധോലിഖിതങ്ങളായ പംക്തികൾ പ്രകൃതത്തിൽ അനുസ്മരണീയങ്ങളാണു്.

“അഞ്ചിതാകൃതികോലും വഞ്ചിഭൂവാസികളാൽ
സഞ്ചിതപുണ്യപൂരം സഞ്ചിതം ജലരാശൗ
അഞ്ചിതോരഗപതിമഞ്ചശായിയാം ദേവൻ
പഞ്ചബാണാരിവന്ദ്യൻ പഞ്ചഭൂതാധിവാസൻ
പഞ്ചകദ്വയശീർഷപഞ്ചജനാരിഗണ
പഞ്ചത കൊടുത്തവൻ പഞ്ചജനാസുരാരി.”
“പുരളീജനപദഖുരളീഭുവി കളി
ച്ചരുളീടിന ശിവൻ കരളിലിരുന്നെന്റെ
തരളീകൃതയായ മതിയെയതിതരാം
സരളീകരിക്കണം ചരിതമിതു ചൊല്വാൻ.”
“ശ്രീപതിയായീടുന്ന സ്യാനന്ദൂരേശൻതന്റെ
ശ്രീപാദത്തിങ്കൽനിന്നു ശ്രീപാദങ്ങളും കൂപ്പി.”

ഈ ഭാഗങ്ങളിൽ ഒന്നാമത്തേതിലും മൂന്നാമത്തേതിലും ശ്രീപത്മനാഭനേയും രണ്ടാമത്തേതിൽ കോട്ടയത്തു തമ്പുരാക്കന്മാരുടെ കുലദേവതയായ കൊട്ടിയൂർ ശിവനേയുമാണു് കവി വന്ദിക്കുന്നതു്. ഗ്രന്ഥം ആരംഭിക്കുന്ന കാലത്തു് അദ്ദേഹം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു തൊട്ടു വടക്കുള്ള ശ്രീപാദം കൊട്ടാരത്തിൽ താമസിച്ചിരുന്നതായും “ശ്രീപാദത്തിങ്കൽനിന്നു” എന്ന വചനത്തിൽനിന്നു ഗ്രഹിക്കുവാൻ കഴിയും.

പാതാളരാമായണത്തിൽ “ഇതിവചനമലിവിനൊടു വഞ്ചിഭൂപാലകൻ ചോദിച്ചതുകേട്ടു ചൊല്ലിനാൾ ശാരിക” എന്നു പ്രഥമപാദത്തിലും “വഞ്ചിഭൂപാലകൻ കേരളവർമ്മന്റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും കണ്ടു കിളിമകൾ ചൊല്ലിനാൾ പിന്നെയും” എന്നു ചതുർത്ഥ പാദത്തിലും പ്രസ്താവന കാണുന്നു. ബാണയുദ്ധം പ്രഥമപാദത്തിൽ “വഞ്ചിപുരളീശൻ നെഞ്ചിൽ കരുതുന്നു” എന്നും ദ്വിതീയപാദത്തിൽ “പുരളിവഞ്ചിഭൂവരനുടെ നെഞ്ചിലിരുന്നരുളുന്നൊരനന്തശായിയാം തിരുവനന്തനൽപ്പുരമമരുന്ന തിരുവടിതാനും തുണയ്ക്കണം മുദാ” എന്നും കവി പാടുന്നു.

“വഞ്ചിഭൂപനുമേവം ചോദിച്ചോരനന്തര
മന്നവും ചൊല്ലീടിനാൻ ഖിന്നത കളവാനായ്
കേൾക്കെടോ പുരളീശ പാർത്ഥിവശിഖാമണേ
വാസ്തവമേവമെങ്കിലാസ്ഥയോടിരുന്നു നീ.
മുക്തിദനായീടുന്ന നൽത്തിരുവനന്തേശൻ
വിശ്രുതകീർത്തികൊള്ളും പത്മനാഭന്റെ പാദ
ഭക്തികൾകൊണ്ടു വേണം മുക്തിയെ വരുത്തുവാൻ.
അത്ര വൈഭവമുള്ള നൽത്തിരുവനന്തേശൻ
തത്സമീപത്തങ്ങെഴുന്നള്ളിയിട്ടിരിക്കവേ
ഭക്തവത്സലപാദം പ്രത്യഹം സേവിക്കിലോ
മുക്തി വന്നീടും നൃപസത്തമ ധരിച്ചാലും.
അത്രയല്ലി ഹ വന്നു ബദ്ധമോദേന കണ്ടേൻ
തല്പമാമനന്തന്മേൽത്തത്വമായുള്ള വസ്തു.”
“വന്ദാരുജനാളീമരന്ദപൂർണ്ണപാദാബ്ജം
ചിന്തയേ സന്തതം സ്യാനന്ദൂരപുരാധീശം”

എന്നീ വരികൾ വൈരാഗ്യചന്ദ്രോദയത്തിലുള്ളവയാണു്. “അനന്തതല്പേ പള്ളികൊള്ളുന്നോരനന്തേശനനന്തം ജന്മമെടുത്തീടുന്നു കൃപാനിധി” എന്നു മോക്ഷദായകത്തിലും ഒരു വാക്യം കാണുന്നു. മോക്ഷസിദ്ധി മോക്ഷദായകത്തിന്റെ തുടർച്ചയാണെന്നു മേൽ ഉപപാദിക്കും. ഈ രണ്ടു കൃതികളും വൈരാഗ്യ ചന്ദ്രോദയവും ഏകകർത്തൃകങ്ങളാണെന്നു് അവ ഒന്നിച്ചുവച്ചു വായിച്ചാൽ ഏതു സഹൃദയന്നും സ്പഷ്ടമാകുന്നതാണു്. ഭീഷ്മോപദേശത്തിൽ “പുരളീനായക ഭുജിച്ചതിൻശേഷം” “പുരളീനായക പറകിൽക്കേവലം” “കവികുലമണേ വിഗതശങ്കനായ്” “ഉരത്താനിങ്ങനെ പുരളീനാഥനും” “വഞ്ചീശ” ഇത്യാദി പംക്തികൾ കാണുന്നു. രാഗമാലയിലും പത്മനാഭകീർത്തനത്തിലും യഥാക്രമം “ദീനപാലനവഞ്ചിവീരകേരളവർമ്മഭൂപാലസേവിതപാദേ” എന്നും “ചിന്തയേ കവിവരാഞ്ചിതപുരളീ വഞ്ചിഭൂപതിരഹം സന്തതം ത്വാം” എന്നുള്ള കവിമുദ്രകളുണ്ടു്.

35.3ഭാഷാവാല്മീകിരാമായണം

ഈ കൃതിക്കു സാധാരണമായി കേരളവർമ്മരാമായണം എന്നാണു് പേർ പറഞ്ഞുവരുന്നതു്. ആദ്യത്തെ അഞ്ചു കാണ്ഡങ്ങൾ മാത്രമേ കവി ഭാഷാന്തരീകരിച്ചിട്ടുള്ളു എന്നു പറഞ്ഞുകഴിഞ്ഞുവല്ലോ. അതിനു മുൻപു മലയാളത്തിൽ നിരണത്തുരാമപ്പണിക്കർമാത്രമേ വാല്മീകിരാമായണം തർജ്ജമചെയ്തിരുന്നുള്ളു. അതിലെ ഭാഷാരീതി തമ്പുരാന്റെ കാലത്തു് അല്പം ദുരവഗാഹമായി പരിണമിച്ചിരുന്നിരിക്കണം. താൻ മൂലകൃതി ഭാഷയിൽ പരാവർത്തനം ചെയ്തതിന്റെ ഉദ്ദേശം കവി

“പലരും പലവിധം ഭാഷയിൽച്ചൊല്ലുന്നുണ്ടു
ഫലമെന്നതിലേറ്റമിതിലെന്നതും ചൊല്ലാം.
മൂലത്തിലുള്ള കഥയൊട്ടുമേയൊഴിയാതെ
ചാലവേ പറവൻ ഞാൻ ഗ്രന്ഥവിസ്തരത്തോടെ.
ശബ്ദാർത്ഥാലങ്കാരങ്ങൾ പാരമായ് ദീക്ഷിച്ചീല
ഗുഢമായുള്ള പൊരുൾ മൂഢർക്കും തിരിയുമാ
റൂഢവൈശദ്യമായിച്ചൊല്ലുവൻ മടിയാതെ”

എന്ന വരികളിൽ വിശദീകരിച്ചിരിക്കുന്നു. ആ പ്രതിജ്ഞ അദ്ദേഹം ആദ്യന്തം അഭങ്ഗുരമായി പരിപാലിച്ചിട്ടുമുണ്ടു്. തമ്പുരാന്റെ ഭാഷ മൂഢന്മാർക്കും തിരിയുമാറു് അത്രമാത്രം ലളിതവും പ്രസന്നവുമാണു്. സംസ്കൃതപ്രത്യയങ്ങൾ പ്രയോഗിക്കുന്നതിനു് അദ്ദേഹത്തിനു വളരെ വൈമുഖ്യമുണ്ടു്. മൂലത്തിലെ വിഷയങ്ങൾ യാതൊന്നും വിടാതെ കവി വാല്മീകിയുടെ കാവ്യതല്ലജത്തെ അക്ലിഷ്ടമനോഹരമായി അദ്വിതീയമായ രസസ്ഫൂർത്തിയോടുകൂടി വിവർത്തനം ചെയ്തിരിക്കുന്നു. “ശബ്ദാർത്ഥാലങ്കാരങ്ങൾ പാരമായ് ദീക്ഷിച്ചീല” എന്നു പറഞ്ഞിട്ടുള്ളതു പരമാർത്ഥംതന്നെ. ദ്വിതീയാക്ഷരപ്രാസഘടനയിൽപ്പോലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചിട്ടില്ല. അങ്ങിങ്ങു ചില ഈരടികൾ നടുക്കുവെച്ചുതന്നെ ഒടിഞ്ഞുപോയിട്ടുണ്ടു്. ആ മാതിരിയിലുള്ള സൌന്ദര്യാധായകത്വത്തിന്റെ അവസ്ഥ എങ്ങനെയിരുന്നാലും തമ്പുരാന്റെ രാമായണം അതിന്റെ അകൃത്രിമമായ രാമണീയകംകൊണ്ടു കൈരളിയുടെ മികച്ച കണ്ഠാഭരണങ്ങളിൽ ഒന്നായി പരിലസിക്കുന്നു. ശ്രീരാമഭക്തന്മാരിൽ അഗ്രേസരനായിരുന്ന അദ്ദേഹം ആ അവതാരപുരുഷനെപ്പറ്റി പല രഹസ്യങ്ങളും ഗുരുമുഖത്തിൽനിന്നു ധരിച്ചിരുന്നു എന്നു് ഊഹിക്കുവാൻ

ചൊല്ലെഴും രഘുപതിതന്നുടെ പരമാർത്ഥം
നല്ലൊരു ഗുരു ചൊല്ലി മിക്കതുമറിഞ്ഞു ഞാൻ.
ആവോളം വെളിവാക്കിച്ചൊല്ലുവാൻ ഭയമുണ്ടു
ദേവഗുഹ്യങ്ങളെല്ലാം ഗോപ്യമായിരിക്കണം.
വല്ലഭമുള്ള ജനം നമ്മുടെ ചൊല്ലിലുള്ള
മർമ്മങ്ങൾ നോക്കുന്നേരം മിക്കതും വെളിയാകും.”

എന്ന വരികൾ പഴുതു നല്കുന്നു. അവയെത്തുടർന്നുള്ള ചില ഈരടികൾ ആ മർമ്മങ്ങളിൽ ഒന്നു കവി എങ്ങനെ ആവിഷ്കരിക്കുന്നു എന്നു നമുക്കു കാണിച്ചുതരുന്നുണ്ടു്.

“കാശ്യപൻ ദശരഥൻ കൗസല്യയദിതിയാം
ചക്രമാം ഭരതനും ശംഖമാം ശത്രുഘ്നനും
ലക്ഷ്മണൻ പന്നഗേശൻ ലക്ഷ്മിയാമവനിജ
യെന്നതു മനതാരിലേവരുമറിയേണം.
നാഗമാം കുണ്ഡലിനി ചക്രമാം തേജസ്സെന്നും
നാദമാം ശംഖമെന്നും മായയാം ലക്ഷ്മിയെന്നും
രാമനാം പരമാത്മാവെന്നതുമറിഞ്ഞവർ
മേല്പെട്ടു വിചാരിപ്പാൻ പാത്രമെന്നതും ചൊല്ലാം.
മായയാം കൗസല്യയും ബ്രഹ്മമാം ദശരഥ
നാത്മാവാം രാമൻ സീത ബുദ്ധിയാമെന്നും ചൊല്ലാം.”

ചില ഘട്ടങ്ങളിൽ കവി മൂലത്തിലെ ആശയങ്ങളെ സമഞ്ജസമായി വികസിപ്പിക്കുന്നുണ്ടു്. സുന്ദരകാണ്ഡത്തിൽ ദഗ്ദ്ധഭവനരായ രാക്ഷസന്മാരുടെ സ്ഥിതി മഹർഷി

“നൂനമേഷോഽഗ്നിരായാതഃ കപിരൂപേണ ഹാ! ഇതി
ക്രന്ദന്ത്യഃ സഹസാ പേതുഃ സ്തനന്ധയധരാഃ സ്ത്രിയഃ.
കാശ്ചിദഗ്നിപരീതേഭ്യോ ഹർമ്മേഭ്യോ മുക്തമൂർദ്ധജാഃ
പതന്ത്യോ രേജിരേഽഭ്രേഭ്യഃ സൌദാമിന്യ ഇവാംബരാൽ”

എന്നിങ്ങനെ പരിമിതങ്ങളായ വാക്കുകളൊക്കൊണ്ടേ പ്രദർശിപ്പിക്കുന്നുള്ളു. തമ്പുരാൻ ആ ഭാഗം എങ്ങനെ തജ്ജമ ചെയ്തിരിക്കുന്നു എന്നു നോക്കുക.

“മാരുതിതന്റെ വേഷമായിട്ടു വരുന്നഗ്നി
പാരിതെന്നുരയ്ക്കുമ്പോൾ മുല്പെട്ടു പറഞ്ഞുതാൻ
തീപ്പിടി മുറിപ്പാനും ചൊല്പടി കേൾക്കുവോര
ങ്ങുൾപ്പെടുന്നില്ല,യിപ്പോൾ കെല്പുകേടിത തീയിൽ
ഉൾപ്പെട്ടു പതിക്കുന്നേൻ തപ്പുമാറായി കണ്ണിൽ
തീപ്പൊരി തെറിച്ചിട്ടു മേല്പുരവെന്തുവീണു,
ചായ്പുകൾ ഭസ്മമായി, ഏപ്പുകൾ വിട്ടുപോയി,
ഏപ്പുകൾ പറകയല്ലാപ്പുകൾ കാണ്മാനില്ല-
ങ്ങാർപ്പുകൾ കേൾപ്പാനില്ല, ശില്പങ്ങളഴിഞ്ഞുപോയ്.
ശില്പം നീ ചാടിപ്പോന്നാലുൽപത്തി വെന്തുപോമോ
അപ്പന്തി വെന്തുകൂടിയപ്പൊന്നുമെരിഞ്ഞുപോയ്
അപ്പനുമെരിഞ്ഞുപോയരിയുമെരിഞ്ഞുപോയ്
മക്കൾ പോയ് മകൻ പോയി മൈക്കണ്ണിതാനുംപോയി
മിക്കതും പൊരിഞ്ഞിപ്പോൾ ദുഃഖിപ്പാറായി ഞാനും.
അച്ഛൻ പോയച്ചി പോയി ജീവിതത്തിങ്കലുള്ളോ
രിച്ഛ പോയിഷ്ടൻ പോയി, ജീവനും പോകുന്നില്ല.
കണ്ണു പോയെനിക്കെന്നും കാലു പോയെനിക്കെന്നും
കണ്ണു പോയിരിക്കാറായല്ലോ ഞാനിപ്പോഴെന്നും
പന്തൊക്കും മുലയാൾക്കു വെന്തുപോയ് മുലയെല്ലാം
കോകിലമൊഴിയാളിന്നാകുലമൊഴിയായി.
വണ്ടാർപൂങ്കുഴൽവേണി കണ്ടാലും കരിയായി
പേടമാൻമിഴിയാൾക്കു പട്ടു മാന്മിഴി രണ്ടും
അന്നത്തിൻനടപ്പോളിന്നുന്നത്തിൽ നടപ്പാറായ്
തൊണ്ടിവായ്മലരിണ തുണ്ടിച്ചു ശിവ ശിവ
രാപ്പട്ടങ്ങുടുത്തവൾ തീപ്പട്ടങ്ങുടത്തിഹ
നൂൽപ്പാട്ടു ധരിച്ചാലും നേർപ്പെട്ടങ്ങിരിക്കണം.”

എന്നും മറ്റും ഏറ്റവും ദീർഘമായ രൂപത്തിലാണു് അദ്ദേഹത്തിന്റെ പ്രപഞ്ചനം. ഇതുപോലെ വേറേയും പല ദൃഷ്ടാന്തങ്ങൾ കാണിക്കാവുന്നതാണു്. രാമനില്ലാത്ത അയോധ്യ പാദുകാധാരിയായ ഭരതൻ എങ്ങനെ കണ്ടു എന്നു വാല്മീകി “വിഡാലോലൂകചരിതാം” എന്നു തുടങ്ങുന്ന അത്യുജ്ജ്വലങ്ങളായ ചില ശ്ലോകങ്ങളിൽ വർണ്ണിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങളുടെ ഭാഷാനുവാദത്തിൽ ഒരു ഭാഗം അടിയിൽ ചേർത്തു തമ്പുരാന്റെ കവന രീതി സ്പഷ്ടമാക്കാം.

“പെരിച്ചാഴി കൂമൻ പെരിയ പൂച്ചയും
നിറഞ്ഞിരിക്കുന്ന പുരവും കണ്ടഥ
ഇരുട്ടിനാൽ നിറഞ്ഞൊരു കാളരാത്രി
പരിശോഭിക്കാതെയിരിക്കുന്നപോലെ
തപനനെക്കൊണ്ടു തപിച്ചിരിക്കുന്ന
പതത്രികൾകൊണ്ടുജലജന്തുകൊണ്ടും
കൃശയായുള്ളൊരു ഗിരിനദിപോലെ
കൊടി കുട തഴ കവചമെന്നിവ
ഭടവരന്മാരും മുറിഞ്ഞുപോയുള്ള
പടയിലാപത്തു ഭവിച്ചിരിക്കുന്ന
പടക്കൂട്ടം പാരം തളർന്നതുപോലെ
പവനനില്ലാത്ത കടൽത്തിരകൾതൻ
രവമില്ലാതെകണ്ടിരിക്കുംപോലെയും
സുകൃതമൊക്കെയുമൊടുങ്ങി ഭൂമിയിൽ
പതിച്ച നക്ഷത്രാവലിയെപ്പോലെയും
വസന്തകാലത്തിൽ സുപുഷ്പിതലത
വനാഗ്നിനാ വാടിക്കിടക്കുംപോലെയും
നവമണികളാൽ വിഹീനമായുള്ള
നവഹാരലതാവലികൾപോലെയും
ജലദങ്ങൾകൊണ്ടു മറഞ്ഞിരിക്കുന്ന
മതിയും താരകഗണങ്ങൾപോലെയും” ഇത്യാദി.

ബാലകാണ്ഡത്തിൽ “ചഞ്ചലാക്ഷിമാരുടെ പുഞ്ചിരിവിലാസവും” എന്നു തുടങ്ങുന്ന സ്ത്രീഗർഹണവും, കിഷ്കിന്ധാകാണ്ഡത്തിൽ “പച്ചളിപ്പിച്ചു പത്തുദിക്കുമൊക്കെ” എന്നു തുടങ്ങുന്ന ശരൽക്കാലവർണ്ണനവും “പങ്കജമലർകാണുമ്പോഴെന്നുടെ” എന്നു തുടങ്ങുന്ന ശ്രീരാമവിരഹ വർണ്ണനവും, സുന്ദരകാണ്ഡത്തിൽ “ഹാരമങ്ങൊരുത്തിക്കു ദൂരത്തു ചിതറിയും ചാരുവാം തിലകമങ്ങൊരുത്തിക്കഴിഞ്ഞിട്ടും” എന്നു തുടങ്ങുന്ന രാവണാവരോധനിദ്രയും മറ്റും കവി അത്യന്തം തന്മയത്വത്തോടുകൂടി വിവർത്തനം ചെയ്തിരിക്കുന്നു. ബാലകാണ്ഡവും സുന്ദരകാണ്ഡവും കേകയിലും, ആരണ്യകാണ്ഡവും യുദ്ധകാണ്ഡവും കാകളിയിലും, അയോധ്യാകാണ്ഡം അന്നനടയിലും, കിഷ്കിന്ധാകാണ്ഡം ദ്രുതകാകളിയിലുമാണു് രചിച്ചിരിക്കുന്നതു്. കൊട്ടാരക്കരത്തമ്പുരാൻ തന്റെ ആട്ടക്കഥകളിൽ മൂന്നാമത്തേതായ വിച്ഛിന്നാഭിഷേകത്തിന്റെ ആരംഭത്തിലെന്നപോലെ കോട്ടയത്തു കേരള വർമ്മത്തമ്പുരാൻ തന്റെ കിളിപ്പാട്ടിന്റെ മൂന്നാമത്തെ ഭാഗമായ ആരണ്യകാണ്ഡത്തിന്റെ ആരംഭത്തിലും സംസ്കൃതമയമായ ഒരു ശ്രീരാമസ്ത്രോത്രം ഘടിപ്പിച്ചിട്ടുണ്ടു്. ആ സ്ത്രോത്രം അത്യധികം ഹൃദയാകർഷകമാകയാൽ അതുകൂട്ടി പകർത്തിക്കൊണ്ടു മുന്നോട്ടേയ്ക്കു കടക്കാം.

“സലിലനിധിശായിനം സതതമനപായിനം
ഭജത ബഹുമായിനം പ്രണതസുഖദായിനം
കമലദലലോചനം കരിഭയവിമോചനം
ഖഗപരിവൃഢാസനം കലികലുഷനാശനം
വിബുധകൃതബന്ധനം വിനതഭയകൃന്തനം
വിധൃതഹരിചന്ദനം വിബുധവരനന്ദനം
യുവതിജനമോഹനം നയവിനയശാലിനം
ഭജത കനകാസനം സകലജനമോഹനം
ത്രിഭുവനവിഭൂഷണം ത്രിദശരിപുഭീഷണം
വിമലമൃദുഭാഷണം വിജിതഖരദൂഷണം
രുചിരതരകന്ധരം മനസിജസുസുന്ദരം
മഹിതജഗദാകരം മുഖവിജിതസാരസം
മുദിതവരമാനസം കനകരുചിവാസസം
കരവിധൃതഗോരസം മൃദുലകുടിലാളകം
മൃഗമദസുഫാലകം പരമവനിനായകം
ഭജത വരദായകം രഘുവരകഥാമൃതം
ദുരിതവിഷനാശനം ശ്രവണസുഖദായകം
ചെവികളിതുകൊണ്ടു പാനം മുദാ ചെയ്യുവിൻ.”

തമ്പുരാന്റെ കൃതികളിൽ രചനാഗുണംകൊണ്ടു പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു രാമായണം തന്നെ. വൈരാഗ്യ ചന്ദ്രോദയം, മോക്ഷദായകം, മോക്ഷസിദ്ധി, ഭീഷ്മോപദേശം, പാതാളരാമായണം എന്നിവ രണ്ടാം കിടയിലും ബാണയുദ്ധം മൂന്നാംകിടയിലും നില്ക്കുന്നു.

35.4പാതാളരാമായണം

പാതാളരാമായണത്തിലെ ഇതിവൃത്തം പ്രസിദ്ധമാണല്ലോ. രാമരാവണയുദ്ധത്തിൽ രാവണനെ സഹായിക്കുന്നതിനായി അധോഭുവനവാസിയായ പതാളരാവണൻ വിഭീഷണന്റെ വേഷത്തിൽ ഹനൂമാന്റെ ലാംഗുലപ്രാകാരത്തെ അതിലംഘിച്ചു് ഉറങ്ങിക്കിടന്നിരുന്ന രാമലക്ഷ്മണന്മാരെ അപഹരിച്ചു കൊണ്ടു പോകുന്നു. ഹനൂമാൻ നൂതനരാവണന്റെ വാസസ്ഥാനം സുഗ്രീവനിൽനിന്നു ഗ്രഹിച്ചു് ആ രാക്ഷസരാജാവിനെ ജയിക്കുവാനുള്ള ഉപായവും മനസ്സിലാക്കി അവിടേയ്ക്കു പോകുന്നു. ആ സ്ഥലത്തെത്തിയപ്പോൾ അദ്ദേഹത്തിനു ദ്വാരപാലകനായ മത്സ്യവല്ലഭനെ ജയിക്കേണ്ടിവരുന്നു. ആ യുവാവു ഹനൂമാന്റെ പുത്രനാണു്. രണ്ടു പേരും ആളറിയാതെ അന്യോന്യം അതിഘോരമായി യുദ്ധം ചെയ്യുന്നു. ഒടുവിൽ പരമാർത്ഥം മനസ്സിലാക്കി മത്സ്യവല്ലഭൻ പിതാവിനെ ഗുഹയിലേയ്ക്കു കടക്കുവാൻ അനുവദിക്കുന്നു. അകത്തു ചെന്നപ്പോൾ ഒരു വൃദ്ധ ഒരു കുടവും കൈയിൽ വച്ചുകൊണ്ടു വിലപിക്കുന്നതു കണ്ടു ഹനൂമാൻ അതിന്റെ കാരണമെന്തെന്നു ചോദിക്കുകയും തന്റെ മകനെയും വേറേ എവിടെനിന്നോ കൊണ്ടുവന്നിട്ടുള്ള രണ്ടു യുവാക്കന്മാരെയും പാതാളരാവണൻ പുത്രോൽപത്തിക്കുവേണ്ടി അന്നു കുരുതികൊടുക്കുവാൻ നിശ്ചയിച്ചിരിക്കുകയാൽ അതിനു ശുദ്ധജലം കൊണ്ടുചെന്നു കൊടുക്കുവാനാണു് താൻ പോകുന്നതെന്നു് ആ സ്ത്രീ മറുപടി പറയുകയും ചെയ്യുന്നു. ഹനൂമാൻ ആ ദുഷ്ടനെക്കൊന്നു് അവളുടെ പുത്രനെ അവിടത്തെ രാജാവായി അഭിഷേകം ചെയ്യാമെന്നു പ്രതിജ്ഞചെയ്തു്, ആ കുടത്തിൽ ഒരു തവളയുടെ രൂപത്തിൽ അകത്തേക്കു പോകുന്നു. അന്തഃപുരത്തിൽ അതിസുന്ദരമായ ഒരു വാനരപ്പൈതലിന്റെ രൂപംപൂണ്ടു മാരുതി രാമലക്ഷ്മണന്മാരുടെ മുമ്പിൽ സാകൂതമായി ചാടിക്കളിക്കുകയും രാക്ഷസരാജാവിന്റെ ഭാര്യയായ സരമയുടെ പ്രീതിക്കു പാത്രീഭവിക്കുകയും ചെയ്യുന്നു. അപ്പോൾ പാതാളരാവണൻ ആ കുരങ്ങിനെ കടന്നുപിടിക്കുവാൻ ഒരുങ്ങുകയും ആ തക്കം നോക്കി ഹനൂമാൻ തന്റെ ശത്രുവിനെ വാൽകൊണ്ടു ചുറ്റി യുദ്ധത്തിൽ വധിച്ചു രാമലക്ഷ്മണന്മാരെ വീണ്ടുകൊണ്ടു തിരിയെപ്പോകയും ചെയ്യുന്നു. ഇതാണു് ആ ഇതിവൃത്തം. പതാളരാമായണം കിളിപ്പാട്ടു് കവി നാലു പാദങ്ങളായി രചിച്ചിരിക്കുന്നു. ഒന്നാമത്തെ പാദം കളകാഞ്ചിയിലും രണ്ടാമത്തേതു കേകയിലും മൂന്നാമത്തേതു് അന്നനടയിലും നാലാമത്തേതു കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ഹനൂമാനും മത്സ്യവല്ലഭനുമായുള്ള യുദ്ധത്തിൽനിന്നു ചില ഈരടികൾ ചുവടേ പകർത്തുന്നു. മത്സ്യവല്ലഭനെ മാത്സ്യനെന്നാണു് കവി വ്യപദേശിച്ചിരിക്കുന്നതു്.

“മതിൽ കടപ്പതിനടുത്തൊരു നേരം
മതി മതിയെന്നു തടുത്തൊരു കപി
മഹിതവിക്രമമുടയതാരിപ്പോൾ
മരണം വന്നവനടുത്തു നിശ്ചയം.
മതിമാനാകിയ യമൻ വരികിലും
മമ മനോഗതം ത്യജിച്ചുപോകുമോ?
ഇതി പറഞ്ഞുകൊണ്ടിടിനികരുട
നലറി മാരുതിയൊടു മുടുകിനാൻ.
അതുനേരമടുത്തനിലനന്ദന
നതികഠിനമായവനെത്താഡിച്ചാൻ.
പിടിച്ചു കൈത്തലം ഞെരിച്ചു മുഷ്ടികൊ
ണ്ടിടിച്ചു മാറിടം പൊടിയുമാറഹോ
അടുത്തുടൻ നഖം പതിച്ചു മെയ്കളി
ലൊലിക്കും ചോരയാലണിഞ്ഞിരുവരും
കരിവരർ തമ്മിൽപ്പൊരുതിടുംവണ്ണം
തലയോടു തലയടിച്ചുമങ്ങനെ
കുടുകുടെ വരും രുധിരം കൊപ്പിളി
ച്ചുടൽ പൊടിയവേ ചവിട്ടിയും തദാ
പിടിച്ചു വാൽകൊണ്ടു മുറുക്കിദ്ദൂരവേ
പെരുത്ത കോപത്തോടെറിഞ്ഞുമൊന്നുപോൽ
കുരുത്ത താപമോടകലെ വാങ്ങിയും
തളർച്ച തീർന്നടുത്തെതിർത്തുമങ്ങനെ
പിടിച്ചുടല്ക്കടിച്ചുരുണ്ടു ഭൂമിയിൽ
പിരണ്ടുടൻ പൊടിയണിഞ്ഞിരുവരും
പഠിച്ചപോലുള്ള തൊഴിൽകൾ കാട്ടിനാർ
പവനപുത്രനും തദീയശത്രുവും.”
35.5ബാണയുദ്ധം

ഈ കിളിപ്പാട്ടിലെ ഒടുവിലത്തെ ചില വരികൾ കിട്ടീട്ടില്ല. കവിതയ്ക്കു ഗുണം കുറവാണെന്നു സൂചിപ്പിച്ചുവല്ലോ. ആകെ രണ്ടു പാദങ്ങളേ ഉള്ളു. ഒന്നാം പാദം കളകാഞ്ചിയിലും രണ്ടാംപാദം അന്നനടയിലും വിരചിതമായിരിക്കുന്നു. വിദഗ്ദ്ധന്മാർക്കുപോലും വിഷമമായ കളകാഞ്ചികൊണ്ടു പെരുമാറുവാൻ കവിയ്ക്കുള്ള അപ്രഗത്ഭതയ്ക്കു കാരണം അപരിചയമായിരിക്കാം.

“മധുരിപുതന്റെ ചതുരത കണ്ടു
മധുമൊഴികളാമമരനാരിമാർ
മദനമാൽ പൂണ്ടു മയങ്ങി വീഴ്കയും”

എന്ന വരികളിലാണു് കിട്ടിയ മാതൃക അവസാനിക്കുന്നതു്. പ്രസ്തുത കൃതി ഇങ്ങനെ ഉപക്രമിക്കുന്നു.

“ഗുളഗുളിക മധു മധുരമിയലുന്നൊരു പാൽ പഴം
മേളിച്ചതും ഭുജിച്ചാദരാലിന്നു നീ
കളക കിളിമകളെ കളിവചനമിവയൊക്കയും
കാലഭയം കളഞ്ഞീടുവാൻ ശാരികേ.
വളരുമൊരു ദുരിതമതു കളവതിനു നല്വ്ഴി
ചൊല്ലെടോ മെല്ലവേ കല്യമോദേന നീ.
കിളിമകളുമതുപൊഴുതു തെളിവിനൊടു ചൊല്ലിനാൾ
മേളമാർന്നുള്ളോരു ബാണയുദ്ധം കഥാ.”
35.6വൈരാഗ്യചന്ദ്രോദയം

മേൽവിവരിച്ച ഗാനങ്ങൾ മൂന്നും കിളിയാണു് ഗാനം ചെയ്യുന്നതെങ്കിൽ, വൈരാഗ്യചന്ദ്രോദയവും ഭീഷ്മോപദേശവും പാടുന്നതു ഹംസമാണു്. ഇതിഹാസപുരാണങ്ങൾ കിളിയെക്കൊണ്ടും വേദാന്തശാസ്ത്രം ഹംസത്തെക്കൊണ്ടും ആഖ്യാനംചെയ്യിക്കുന്നു എന്നു പറയുവാൻ തരമില്ലാത്തവിധത്തിൽ വേദാന്തപരങ്ങളായ മോക്ഷദായകം, മോക്ഷസിദ്ധി ഈ കൃതികളും കവി കിളിയെക്കൊണ്ടുതന്നെ പാടിക്കുന്നതായും കാണുന്നു. അർത്ഥപുത്രകളത്രാദികളായ തുച്ഛവസ്തുക്കളിൽ ഭ്രമിച്ചു മായയിൽ മോഹിച്ചു സംസാരത്തിൽ മുഴുകി കർത്തവ്യബോധമില്ലാതെ കഴിഞ്ഞുകൂടുന്ന ജനങ്ങൾക്കു സുകൃതദുഷ്കൃതങ്ങളുടെ ഫലം, പ്രപഞ്ചത്തിന്റെ രഹസ്യം, ജനനമരണങ്ങളുടെ നിദാനം, ഭഗവൽഭക്തിയുടെ മാഹാത്മ്യം, ചാതുവർണ്ണ്യത്തിന്റേയും മറ്റും ധർമ്മങ്ങൾ ഇത്യാദിവിഷയങ്ങൾ ലളിതമായ ഭാഷയിൽ, ആകർഷകമായ രീതിയിൽ ഉപദേശിക്കുക എന്നുള്ള കൃത്യമാണു് തമ്പുരാൻ വൈരാഗ്യചന്ദ്രോദയംകൊണ്ടു സാധിക്കുന്നതു്. നിർവേദം ആഥവാ വൈരാഗ്യം ശാന്തരസത്തിന്റെ സ്ഥായിഭാവമാകയാൽ ഗ്രന്ഥത്തിന്റെ നാമധേയം അന്വർത്ഥമാകുന്നു.

“രാജഹംസമേ ജനിമോചനം കഥം വദ
രാജമാനമാനസാവാസ സാദരം മുദാ
തേജസാം നിധേ! കളഭാഷണ! പറകെടോ
ഭാജനം കർമ്മങ്ങടേതാക്കിനോരിതിനേയും”

എന്നിങ്ങനെ പാട്ടു് ആരംഭിക്കുന്നു. കിളിയോടെന്നപോലെ ആലസ്യമുണ്ടെങ്കിൽ കുളിച്ചുപാലും പഴവും ഭുജിക്കാമെന്നു കവി ഹംസത്തോടു പറയുമ്പോൾ ആ പക്ഷി,

“ക്ഷീരത്തെക്കുടിപ്പാനും ഫലത്തെബ്ഭുജിപ്പാനു
മാഗ്രഹമിവറ്റിലും പേർത്തുമില്ലറികെടോ,
ക്ഷുത്തൃഡാദികളെന്നതൊട്ടുമില്ലിഹ പാർത്താൽ
ഭക്തവത്സലനായ പത്മനാഭന്റെ പദ
യുഗ്മളസേവയായ നല്ക്കുളംതന്നിൽക്കുളി
ച്ചെത്രയും ശുദ്ധനായിട്ടെപ്പൊഴും നടപ്പൂ ഞാൻ.
അത്രയല്ലതിമധുരത്തൊടുകൂടീടുന്ന
ഭക്തിയാകുന്ന പാലും നിത്യവും കുടിച്ചഥ
തത്ത്വമാകുന്ന പരവൃക്ഷമേറീട്ടങ്ങതി
ലുത്തമമായീടുന്ന മുക്തിയാം ഫലമതിൽ
ഇച്ഛപൂണ്ടെങ്ങും തിരഞ്ഞെത്താഞ്ഞു നടക്കുമ്പോൾ
സത്യലോകത്തുന്നോരോ സത്തുക്കൾ പറഞ്ഞ വാ
ക്കിത്തരം കേട്ടു പറന്നിങ്ങു വന്നതും, മഹാ
മുക്തിദനായീടുന്ന നൽത്തിരുവനന്തേശൻ
തൽപാദപങ്കേരുഹം തത്ത്വമായ്ക്കാണുന്നേരം
മുക്തിയാം ഫലം നിനക്കെത്തുമെന്നോരോതരം
സത്തുക്കൾ പറഞ്ഞിട്ടു നിശ്ചയിച്ചിഹ ഞാനു
മത്രയില്ലിതു വൈകുണ്ഠത്തിനു സമാനമെ
ന്നുത്തമന്മാരാം ജനം പ്രത്യഹം പറയുന്നു
സത്യമെന്നിതു ധരിച്ചീടുക ധരാപതേ!”

എന്നിങ്ങനെ സമുചിതമായി പ്രത്യുത്തരം നല്കുന്നു. തമ്പുരാന്റെ വേദാന്തപരങ്ങളായ നാലു കൃതികളിലും പ്രഷ്ടാവു തമ്പുരാനും ഉപദേശം നല്കുന്നതു ഹംസവും കിളിയുമാണെങ്കിലും മുമുക്ഷുക്കൾക്കു തമ്പുരാൻതന്നെയാണു് ഉപദേഷ്ടാവായി നിലകൊള്ളുന്നതു് എന്നുള്ള പരമാർത്ഥം ആത്മകഥാകഥനാത്മകവും കൂടിയായ മേലുദ്ധരിച്ച ഭാഗത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പരന്തപനും സമരശൂരനുമായിരുന്ന അവിടുന്നു ഭക്തനും വിരക്തനുമായാണു് ഈ കൃതികളിൽ അനുവാചകന്മാർക്കു പ്രത്യക്ഷീഭവിക്കുന്നതു്;

“നിർമ്മലമായീടുന്ന പന്നഗഫണങ്ങളിൽ
മിന്നിന മണികൾകൊണ്ടന്യൂനം പ്രകാശിക്കും
മന്മഥനുടെ നല്ല ലാവണ്യപൂരമായ
പൊന്മണിക്കിരീടത്തിന്നൊണ്മകൾ പറവതോ?”

എന്നു തുടങ്ങിയ ശ്രീപത്മനാഭന്റെ കേശാദിപാദവർണ്ണന ഏറ്റവും ചേതോഹരമായിരിക്കുന്നു. രാജധർമ്മത്തേയും മറ്റും പറ്റി വിസ്തരിക്കുന്ന ഭാഗങ്ങൾ മനോധർമ്മപ്രകാശനത്തിനു മകുടോദാഹരണങ്ങളാകുന്നു. മാതൃക കാണിക്കുവാൻ രാജഭോഗത്തിന്റെ ഭംഗുരതയെപ്പറ്റിയുള്ള പ്രപഞ്ചനത്തിൽനിന്നു ചില ഈരടികൾ ഉദ്ധരിക്കാം.

“മത്തവാരണങ്ങളും മുത്തണിമുലമാരു
മെത്തിവന്നെതിരിടുമുത്തമക്കുതിരയും
പുത്തനായുള്ള നിജപത്തനങ്ങളും തന്റെ
വിസ്തൃതമായ നല്ല രാജ്യവും ധനങ്ങളും
ചിത്രങ്ങളെഴുതിയ ഭിത്തിയും മണിക്കെട്ടും
ഛത്രവും ചാമരവും വിസ്തൃതം മണിയറ
ചിത്തമോദേന വാഴും ചിത്രമാം മാളികയു
മുത്തമമുപധാനം മെത്തയും വിധാനവും
വേത്രങ്ങളെടുത്തഹോ! സ്തോത്രിക്കും ജനങ്ങളു
മാർത്തു മുൻനടക്കുന്ന ചീർത്തൊരു വീരന്മാരും
നട്ടുവന്മാരും നട്ടുമട്ടുകാരരും പിന്നെ
നർത്തകിമാരും നല്ല ദർപ്പണഗേഹങ്ങളും
പട്ടുകൾ നിറച്ചുള്ള പെട്ടികൾ വിവിധമാം
മുത്തുകളോടു നല്ല വജ്രവും വൈഡൂര്യവും
പത്മരാഗവും നല്ല ശില്പമാം പവിഴവും
മുറ്റുമിന്ദ്രനീലമെന്നിത്തരം പതിച്ചുള്ള
വിസ്മയമായ പല ഭൂഷണമുണ്ടെങ്കിലു
മൊട്ടുമേ വരാ കാലൻ കെട്ടിയിട്ടിഴയ്ക്കുമ്പോൾ.”

ഒടുവിൽനരകത്തെ വർണ്ണിച്ചതിനുമേൽ

“ഇത്തരം വരുമെന്നു സത്തുക്കളറിഞ്ഞഥ
സത്ത്വമൂർത്തിയെബ്ഭജിച്ചീടണമനാരതം
ഭക്തവത്സനായ പത്മനാഭന്റെ പദ
യുഗ്മളം കരുതുകിൽ മുക്തിയും വരും നൂനം.”

തന്റെ ഉപദേശത്തിന്റെ സാരസംക്ഷേപം തമ്പുരാനെ ഒന്നുകൂടി ഗ്രഹിപ്പിച്ചു “രാജഹംസവുമപ്പോൾ സത്വരം ദേവലോകം പുക്കിതു ശുഭം ശുഭം” എന്നിങ്ങനെ ഗ്രന്ഥം പരിസമാപ്തിയെ പ്രാപിക്കുന്നു. ആദ്യന്തം കേകാവൃത്തത്തിൽ വിരചിതമായ വൈരാഗ്യചന്ദ്രോദയത്തിന്റെ സാരസ്യം പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ അതു് ആമൂലാഗ്രം അനന്യചിന്തയോടുകൂടി വായിച്ചു് അനുസന്ധാനം ചെയ്യേണ്ടതാണു്.

35.7മോക്ഷദായകപ്രകരണം

അദ്വൈതവേദാന്തപ്രതിപാദകങ്ങളായ രണ്ടു ഗാനങ്ങളാണു് മോക്ഷദായകപ്രകരണവും മോക്ഷസിദ്ധിപ്രകരണവും. മോക്ഷസിദ്ധിയുടെ ആരംഭത്തിൽ കാകളീവൃത്തത്തിലെഴുതിയ ചില ഈരടികൾ കാണുന്നുണ്ടെങ്കിലും അതും അതിനപ്പുറം മോക്ഷദായകത്തെപ്പോലെ കേകാവൃത്തത്തിൽത്തന്നെയാണു് വിരചിതമായിരിക്കുന്നതു്.

“പണ്ടൊരു വന്ധ്യാപുത്രൻതന്നുടെ തനയനാ
യുണ്ടായി സ്ഥാണുപുമാൻ ഗന്ധർവനഗരത്തിൽ
ഉണ്ടാക്കീടിനാർ ശുക്തിരജതമായ മാല
പണ്ടാരും വെള്ളിമാലയുണ്ടാക്കീട്ടുണ്ടോ കണ്ടു?”

എന്നു മോക്ഷദായകത്തിന്റെ അവസാനത്തിലും,

സ്ഥാണുപുമാന്റെ കഥയെന്നപോലിതു
വേണമെന്നാകിൽപ്പറയാം ചുരുക്കി ഞാൻ.”

എന്നു മോക്ഷസിദ്ധിയുടെ ആരംഭത്തിലും കാണുന്നതുകൊണ്ടു് മോക്ഷസിദ്ധി മോക്ഷദായകത്തിനുമേൽ തമ്പുരാൻ രചിച്ചതാണെന്നു് ഊഹിക്കാം. തെക്കൻവാക്കുകൾ രണ്ടു കൃതികളിലുമുണ്ടു്. മോക്ഷദായകത്തിലെ “മണിയം മാറ്റീടുക” എന്ന ശൈലി തെക്കൻതിരുവിതാം കൂറുമായി പരിചയമുള്ള ഒരു കവിക്കല്ലാതെ പ്രയോഗിക്കുവാൻ സാധ്യമല്ല. “എന്റെയെന്നതും നിന്റെയെന്നതുമവനുടെ തമ്പിയെന്നതുമണ്ണനെന്നതും ദ്വൈതഭ്രമം” എന്ന ഈരടി മോക്ഷസിദ്ധിയിലുള്ളതാണു്. ഈ രണ്ടു കൃതികളിലേയും വൈരാഗ്യചന്ദ്രോദയത്തിലേയും കവനശൈലി അഭിന്നമാണെന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൃഷ്ണമിശ്രയതിയുടെ പ്രബോധചന്ദ്രോദയനാടകത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചാണു് കവി മോക്ഷദായകം നിർമ്മിച്ചിരിക്കുന്നതു്. ഈ പാട്ടിലെ പ്രതിപാദ്യം ഇങ്ങനെ സംഗ്രഹിക്കാം. കർമ്മാകുന്ന കടല്ക്കരയിൽ ദേഹമെന്ന ദ്വീപിൽ മാനസസരസിജം എന്നൊരു രാജധാനിയുണ്ടു്. അതു ചർമ്മാദികളായ ഏഴു കോട്ടകളാൽ ആവൃതമാണു്. അന്നപ്രാണാദികളായ പഞ്ചകോശങ്ങൾ അതിൽ സ്ഥിതിചെയ്യുന്നു. ഇഡതുടങ്ങിയ മൂന്നു ജയസ്തംഭങ്ങളും സത്ത്വം തുടങ്ങിയ മൂന്നു പാശങ്ങളും അതിലുണ്ടു്. മൂലാധാരം മുതലായി പന്ത്രണ്ടു നിലകളുള്ള അവിടത്തെ കൊട്ടാരത്തിൽ മാനസരാജാവു രാഗദ്വേഷാദികളായ ദുർമ്മന്ത്രിമാരോടും ഭക്തിശ്രദ്ധാദികളായ സന്മന്ത്രിമാരോടുംകൂടി പൂർവ്വപുണ്യമാകുന്ന ദേശികനോടും പ്രവൃത്തിനിവൃത്തിസംജ്ഞകളായ രണ്ടു പത്നിമാരോടുംകൂടി പ്രജാപരിപാലനം ചെയ്യുന്നു. ശ്രോത്രാദികളായ ഇന്ദ്രിയങ്ങളത്രേ പ്രജകൾ. രാജാവിന്റെ പിതാമഹനു് അസംഗനെന്നും മാതാവിനു മഹാമായയെന്നും പിതാവിനു് ആത്മാവെന്നുമാണു് പേർ. മഹാമേഹം, രാഗം, ദ്വേഷം, കാമം, ക്രോധം, ലോഭം, മദം, മാത്സര്യം, ഈർഷ്യ, ഡംഭം, അഹങ്കാരം മുതലായവ പ്രവൃത്തിയുടേയും വിവേകം, വിരക്തത്വം, സന്തോഷം, സത്യബുദ്ധി, സമബുദ്ധി, ഭക്തി, ശ്രദ്ധ മുതലായവ നിവൃത്തിയുടേയും സന്താനങ്ങളാകുന്നു. അവയിൽ മഹാമോഹവും വിവേകവും യുവരാജാക്കന്മാരാണു്. വിവേകത്തിനു സൈന്യം അഷ്ടാംഗയോഗവും, സേനാപതി ഭക്തിയും, ബ്രഹ്മപദം കാശിയുമാകുന്നു. വിവേകത്തിന്റെ ദൂതൻ ശ്രദ്ധയും മഹാമോഹത്തിന്റെ സേനാപതി അഹങ്കാരവുമാണു്. “നരയൻ, വെള്ളെഴുത്തൻ, കുരയൻ, ദന്തഹീനൻ, ജരയൻ മുൻപായുള്ള ശത്രുരാജാക്കന്മാരാൽ” കോട്ടകൾ തകർക്കപ്പെട്ടതുനിമിത്തം മാനസരാജൻ വിഷണ്ണനായിത്തീരവേ അവിടെ പൂർവ്വപുണ്യം വന്നു് അദ്ദേഹത്തിനു സദുപദേശം നല്കുന്നു. നിവൃത്തിപുത്രന്മാരായ വിവേകാദികൾക്കു പൈതൃകസ്വത്തായുള്ള നർമ്മദ, ഗോകർണ്ണം തുടങ്ങിയ പുണ്യസ്ഥാനങ്ങൾ പ്രവൃത്തിപുത്രന്മാർ കയ്യടക്കുകയാൽ ഇരുകൂട്ടരും തമ്മിൽ ഒരു ഭയങ്കരമായ യുദ്ധമുണ്ടാകുകയും അതിൽ നിവൃത്തി പുത്രന്മാർ പ്രവൃത്തിപുത്രന്മാരെ വധിക്കുകയും ചെയ്യുന്നു. ആ വർത്തമാനം കേട്ടു ചാർവ്വാകൻ, കാപാലികൻ, ദിഗംബരൻ മുതലായവർ സൈന്യസമേതം നിവൃത്തിപുത്രന്മാരോടു് എതിർക്കുകയും ആ വിമതസ്ഥന്മാരെ അവർ തോല്പിച്ചതിനെത്തുടർന്നു നിവൃത്തി പ്രവൃത്തിയെ നാമാവശേഷയാക്കുകയും ചെയ്യുന്നു. കാപാലികൻ ചോളദേശീയനാണു്. തമ്പുരാൻ നാടകത്തിൽ നിന്നു തന്റെ കഥയ്ക്കു സന്ദർഭോചിതമായി പല മാറ്റങ്ങളും വരുത്തീട്ടുണ്ടു്. ഏതാനും ചില ഈരടികൾ ഉദ്ധരിച്ചു കവിതാരീതി പ്രദർശിപ്പിക്കാം.

“പറഞ്ഞു മഹാമോഹംതന്നോടു വിവേകവും
കുറഞ്ഞീലല്ലോ നിന്റെ ദുർമ്മദം ദുരാത്മാവേ!
നാദത്തെക്കേട്ടു മോഹിച്ചെത്രയും കുതൂഹലാൽ
നാദമാം വഴിയേ പോയ്ച്ചാകുന്നൂ മൃഗങ്ങളും.
സ്പർശത്താൽ വരാഹങ്ങൾ, രൂപത്താൽ ശലഭങ്ങൾ,
രസത്താൽ മീനങ്ങളും, ഗന്ധത്താൽ വണ്ടുകളും
ചത്തീടുംപോലെ നീയും ചത്തുപോകേണ്ടാ പാഴിൽ
സത്തുക്കൾക്കുള്ള ധർമ്മം കേട്ടാലും പറഞ്ഞീടാം.
കണ്ണുകാണാതെ കൂപേ പതിപ്പാൻ പോകുന്നോനെ
ക്കണ്ണുകാണുന്നോൻ ചെന്നു വിലക്കി നിർത്തീടണം.
നിന്നുടെ മാതാവായ പ്രവൃത്തിതന്റെ പിണ്ഡം
പിന്നെച്ചെയ്വതിനാരുമില്ലല്ലോ നീയല്ലാതെ,
എന്നതുകൊണ്ടു വില്ലും വച്ചിഹ വണങ്ങിപ്പോയ്
ച്ചെന്നു ചൊല്ലുക പിതാ തന്നോടീയവസ്ഥകൾ.
അന്നേരം ഭക്തിശ്രദ്ധ മന്നവൻ സവിധേ പോയ്
വന്ദനംചെയ്തു പറഞ്ഞീടിനാൾ മന്ദം മന്ദം.
എന്തിനായ് തുടങ്ങുന്നൂ നിന്തിരുവടിയിപ്പോൾ
ചിന്തിച്ചുവേണം കാര്യാരംഭമെന്നറിഞ്ഞീലേ?
പണ്ടൊരു നാരീമണിക്കുണ്ടായിതൊരു സുതൻ
കണ്ടാലുമതുപോലെ നകുലിക്കൊരു ശിശു
കണ്ടെടുത്തതിനെയുമൊന്നിച്ചു വളർത്തവൾ
കൊണ്ടാടിപ്പാലിച്ചീടും കാലമങ്ങൊരു ദിനം
ആലസ്യമെന്യേ പരിപാലനം ചെയ്തീടുവാൻ
ബാലകനുറങ്ങിയ നേരത്തങ്ങൊരു നാഗം
കടിപ്പാനടുത്തതു കണ്ടൊരു നകുലിയും
കടിച്ചുകൊന്നു ചോരയൊഴുക്കീട്ടതിദ്രുതം
അമ്മയെക്കാണ്മാനായിച്ചെന്നതു കണ്ടനേരം
നന്ദനൻതന്നെ കൊന്നെന്നോർത്തവളതിവേഗാൽ
അടിച്ചിതവഘാതംകൊണ്ടു കാലനൂർ പുക്കാൾ.
മടിച്ചീടാതെ ചെന്നങ്ങെടുത്തു കുമാരനെ
ഉണർന്ന നേരമറിഞ്ഞീടിനാളവസ്ഥകൾ
പിണഞ്ഞ ദുഃഖമിന്നു പറഞ്ഞാലൊടുങ്ങുമോ?
യാതൊരു കാര്യം പ്രവർത്തിക്കേണമെന്നാകിലു
മാദിയേ നിരൂപിച്ചു കല്പിച്ചീടണം പ്രഭോ!
35.8മോക്ഷസിദ്ധിപ്രകരണം

ഗഹനങ്ങളായ അനേകം വേദാന്തതത്ത്വങ്ങളെ മന്ദന്മാർക്കുപോലും സുഗ്രഹമാകത്തക്ക വിധത്തിൽ ഉദാഹരണങ്ങൾകൊണ്ടു മനോഹരങ്ങളാക്കി കവി ഈ ഗാനത്തിൽ പ്രദർശിപ്പിക്കുന്നു. “തത്ത്വമസി” മഹാവാക്യത്തിന്റെ അർത്ഥവും മറ്റും ഇതിലെ പ്രതിപാദ്യത്തിൽ ഉൾപ്പെടുന്നു. കവി ശാരികയോടു്

“പാലും പഴവും മധുവും നുകർന്നു നീ
കാലേ പറയണം മോക്ഷസിദ്ധിപ്രദം.
നേരുള്ള മാർഗ്ഗമറിഞ്ഞു നടപ്പതി
നാരും പറയുമോ നിന്നോളമാദരാൽ?”

എന്നു് അഭ്യർത്ഥിക്കുകയും അതു കേട്ടു ശാരിക

“എങ്കിലോ കാനൽജ്ജലംപോലെയും തഥാ
തിങ്കളെ ദ്വന്ദമായ്ക്കാണുന്നപോലെയും
പഞ്ചഭൂതാംശമായ്ക്കാണും ചരാചരം
പഞ്ചത വന്നു ജനിക്കും പ്രകാരവും
പഞ്ചഭൂതത്തിൻ വിഭാഗവും ചൊല്ലുവൻ
ചഞ്ചലമെന്നിയേ കേൾപ്പിനെല്ലാവരും.”

എന്ന പീഠികയോടു കൂടി തത്ത്വോപദേശത്തിനു് ഒരുമ്പെടുകയും ചെയ്യുന്നു. മോക്ഷദായകത്തിലെയും ഈ ഗ്രന്ഥത്തിലെയും വിഷയങ്ങൾക്കു ചില ഘട്ടങ്ങളിൽ സാമ്യം കാണുന്നുണ്ടെന്നുള്ളതു താഴെ ഉദ്ധരിക്കുന്ന ഈരടികളിൽനിന്നു ഗ്രഹിക്കാവുന്നതാണു്.

“ഇന്നിതിനൊക്കെത്തന്നെ കാരണമാകുന്നതോ
മുന്നമേ മഹാമായയെന്നതോ വന്നുവല്ലോ.
ബന്ധമോക്ഷങ്ങൾക്കധികാരിണി മഹാമായ
ശുദ്ധയും മലിനയുമിങ്ങനെ രണ്ടംശമായ്
രണ്ടിലുമംശങ്ങളായവിദ്യാകാര്യമായ
രാഗവും ദ്വേഷം കാമം ക്രോധവും ലോഭം മോഹം
മദവും മാത്സര്യവുമീർഷ്യയുമസൂയയും
ഡംഭവും ദർപ്പമഹംകാരമിപ്പതിമൂന്നും
ഇച്ഛയും ഭക്തി ശ്രദ്ധ വിദ്യാധികാരികളാ
യിച്ചൊന്ന പതിനാറു മന്ത്രികളോടുകൂടി
അമ്മതൻ ജഡദുഃഖമാകിയൊരുപാധിയാം
ദുഷ്കൃതമാകും രാജ്യം പാലിപ്പാനുഴറ്റോടെ
സാത്ത്വികാംശത്തിൽ നിന്നു സത്വരമുളവായി
ധാർമ്മികനാകും … … … രാജ
മാനസമനാഹതമാകിയ പുരിതന്നിൽ.”

വേറെ ചില വരികൾകൂടി പകർത്തിക്കാണിക്കാം.

“ഏകരാത്രിയിലൊരു ചോരനുൾപ്പക്കു ഗൃഹേ
സംഭരിച്ചുള്ള ധനമെപ്പേരും കൈക്കലാക്കി
സഭ്യന്മാരിരിക്കുന്ന രാജദ്വാരത്തിൽച്ചെന്നു
കൈക്കാണം നല്കിയതിൻശേഷമസ്സഭാന്തരേ
ഇക്കാണാകിയ പുമാൻ കള്ളനെന്നുരചെയ്ത
ങ്ങപ്പോലെയൊരു വരിയോലയും വയ്പിച്ചുടൻ
അപ്പൊഴേ കൊണ്ടെക്കാരാഗൃഹത്തിലാക്കീടിനാർ.
തേടിയ മുതലൊക്കെപ്പോയതുമാത്രമല്ല
വാടിയ മനസ്സോടും കിടക്കെന്നതും വന്നു
എന്നതുകൊണ്ടു കർമ്മമറിഞ്ഞു ചെയ്തീടണ
മെന്നാലെങ്ങനെ ജന്മം പിന്നെയുണ്ടായീടുന്നു.”
“പങ്കജമിഴിയാളാം കന്യകയൊരു ദിനം
മങ്കമാർമൗലിയാകും മാതാവോടുരചെയ്തു.
അച്ഛനും നീയും കൂടിയിച്ഛയിൽ ക്രീഡിക്കുമ്പോൾ
സ്വച്ഛമായുണ്ടാകുന്ന സൗഖ്യത്തെപ്പറകെന്നാൾ.
ചിന്തിച്ചു മാതാവൊട്ടുനാൾ കഴിഞ്ഞതിൻശേഷം
ബന്ധിച്ചു താലിയനുരൂപനാം ഭർത്താവുമായ്.
മോദിച്ചു മാരോത്സവത്തോടിരിക്കുന്നകാലം
ചോദിച്ചു മാതാ മകൾതന്നോടങ്ങൊരുദിനം
മുന്നം നീയെന്നോടൊരു കാര്യത്തെക്കേട്ടീലയോ?
ഇന്നു നിൻ ഭർത്തൃസൗഖ്യമെന്നോടു പറയണം.
എന്നു കേട്ടവളൊട്ടു നാണിച്ചു വിചാരിച്ചു
ചൊല്ലിടാനരുതമ്മേയറിഞ്ഞേനെന്നാളവൾ.
എന്നതുപോലെ നിജാനന്ദമാമനുഭവം
ചൊന്നീടാനരുതാർക്കും ശ്രുതിക്കും മതമല്ലോ.”

ഒടുവിൽ കിളി “ഇന്നിവ പാട്ടാക്കുവാൻ യോഗ്യമല്ലെന്നാകിലും മന്ദന്മാർക്കറിവാനായ്പറഞ്ഞോരപരാധം പൊറുക്ക മഹത്തുക്കൾ പൊറുത്തീടുക” എന്നു പറഞ്ഞുകൊണ്ടു് അവിടം വിട്ടു പോകുന്നു.

35.9ഭീഷ്മോപദേശം

ഈ കൃതിക്കു കർമ്മവിപാകമെന്നും പേരുണ്ടു്. അധർമ്മമൂലകങ്ങളായ പ്രവൃത്തികളുടെ പരിണാമമാണെന്നാണു് കർമ്മവിപാകപദത്തിന്റെ അർത്ഥം. പരലോകത്തിൽ നരകാദിഭോഗവും ഇഹലോകത്തിൽ രോഗാദിഭോഗവുമാണു് അത്തരത്തിലുള്ള പാപകർമ്മങ്ങളുടെ ഫലം. എന്നാൽ മിക്ക പാപങ്ങൾക്കും പരിഹാരമുണ്ടു്. പര്യാപ്തമായ പ്രായശ്ചിത്തം കൊണ്ടു് അവയ്ക്കു നിവൃത്തി നേടുവാൻ ആർക്കും സാധിക്കും. ഈ വിഷയത്തെപ്പറ്റി ഗാരുഡപുരാണത്തിൽ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നു. കർമ്മവിപാകത്തെ വിഷയീകരിച്ചു സംസ്കൃതത്തിൽ അതു കൂടാതെയും പല ഗ്രന്ഥങ്ങളുണ്ടു്. തമ്പുരാൻ പ്രത്യേകം ഒരു മൂലഗ്രന്ഥത്തെ ആസ്പദമാക്കിയല്ല പ്രസ്തുതകൃതി രചിച്ചിട്ടുള്ളതു്. ഗാരുഡപുരാണത്തിനു പുറമേ വായുപുരാണം, പാത്മപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നീ പുരാണങ്ങളേയും മനു, വൃദ്ധഗൗതമൻ, ഗൗതമൻ ശൗനകൻ, ബൃഹസ്പതി മുതലായ മഹർഷിമാരുടെ സ്മൃതികളേയും അദ്ദേഹം ആശ്രയിച്ചിട്ടുണ്ടു്. അന്നനടയല്ലാതെ മറ്റൊരു വൃത്തവും പ്രയോഗിച്ചിട്ടില്ല; ഗ്രന്ഥം സാമാന്യം ദീർഘമാണെങ്കിലും പാദവിഭാഗവുമില്ല. ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർ ധർമ്മപുത്രർക്കു് ഉപദേശിക്കുന്ന കർമ്മവിപാകപ്രായശ്ചിത്തങ്ങൾ മാനസസരസ്സിൽനിന്നു വരുന്ന ഒരു രാജഹംസം തമ്പുരാനു് ഉപദേശിക്കുന്നതായാണു് ഉപാഖ്യാനം. മഹാഭാരതത്തിൽ ഭീഷ്മോപദേശം അടങ്ങീട്ടുള്ള ശാന്തിപർവ്വത്തിലും ആനുശാസനികപർവത്തിലും രാജധർമ്മം, മോക്ഷധർമ്മം മുതലായവയെപ്പറ്റിയല്ലാതെ കർമ്മവിപാകത്തെപ്പറ്റി കൂലങ്കഷമായി പ്രതിപാദിച്ചുകാണുന്നില്ല. ഈ ഹംസപ്പാട്ടിൽനിന്നു തമ്പുരാന്റെ വേദാന്തജ്ഞാനത്തിനുപുറമേ ജ്യോതിഷത്തിലും വൈദ്യത്തിലുമുള്ള അവഗാഹവും പ്രത്യക്ഷീഭവിക്കുന്നു. ആത്മാനാത്മവിവേകം, ജാതിയുടെ ദ്വാസപ്തതിസംഖ്യാകമായ വിഭാഗം, സൃഷ്ടിക്രമം, പാപങ്ങളും അവയ്ക്കു വിധിച്ചിട്ടുള്ള നരകഫലങ്ങളും, ഓരോ രോഗത്തിനുള്ള പ്രായശ്ചിത്തങ്ങൾ, സ്വർഗ്ഗസുഖം ഇങ്ങനെ പല ഗഹനങ്ങളായ വിഷയങ്ങളേയും സൂക്ഷ്മദർശിയായ കവി പതിവുപോലെ സരളമായ ശൈലിയിൽ ഈ ഗ്രന്ഥത്തിലും പ്രപഞ്ചനം ചെയ്യുന്നു. ഭീഷ്മോപദേശം താഴെക്കാണുന്ന വിധത്തിലാണു് ആരംഭിക്കുന്നതു്.

“ജനിമരണസംസൃതിമഹാബ്ധിയി
ലനുപദമാണ്ടു വിവശത തേടി
മനം മയങ്ങിയൊന്നിലുമൊരുത്സാഹ
മറിയപ്പോകാതെ വസിക്കുമക്കാലം
പുരുപുണ്യവശാലഖിലേശൻപദ
സരോജമോർക്കുവാനവകാശം വന്നാൽ
പരൻ പരാപരൻ വരദനച്യുത
നുരുകൃപാനിധി ഭുവനൈകസാക്ഷി
ദുരിതമൊക്കെയും കളഞ്ഞു വൻകൃപാ
തരിയേറ്റി മോക്ഷപദത്തിലാക്കുവാൻ
അരം ബദ്ധാദരനരിഗദാദിയാൽ
പരം പ്രശോഭിതൻ ജഗതാമീശ്വരൻ
നിരുപമൻ നിത്യൻ നിഗമൈകവേദ്യൻ
കരുണയോടെന്നെത്തുണച്ചരുളണം.
അപാരബുദ്ധിമാൻ കൃപാനിധി ഭീഷ്മ
രുപദേശം നരപതിക്കു ചെയ്തവ
അഖിലവുമെനിക്കറിവതിന്നായി
പ്പറയണം ഹംസപ്പെരുമാളേ! ഭവാൻ.”

അവസാനത്തിൽ രാജഹംസം യഥാവിധി അനുഗ്രഹിച്ചു മാനസസരസ്സിലേയ്ക്കു പറന്നുപേകുന്നു.

“നൃവരനും കർമ്മഗതികളാകവേ
മനസ്സുകൊണ്ടുടനതീവ ചിന്തിച്ചാൻ
പരമാർത്ഥമകത്തൊളിപോലെ മിന്നി
പ്രകാശിച്ച നേരമൊഴിഞ്ഞു ദുഃഖങ്ങൾ
വിരസമാകിന സുഖങ്ങളിൽക്കൊതി
ച്ചനാരതം ദുഃഖം വരിക്കും മർത്ത്യരിൽ
കൃപാവശാലന്നം പറഞ്ഞതിൻസാരം
പരോപകാരമായുരത്താനീവണ്ണം”

എന്നു പ്രസ്താവിച്ചുകൊണ്ടു വിഷയം മഹാഭാരതാന്തർഗ്ഗതമാകയാൽ ഒരു ചെറിയ ശ്രീകൃഷ്ണസ്തുതിയോടുകൂടി കവി ഗ്രന്ഥം സമാപിപ്പിക്കുന്നു. മനുഷ്യന്റെ ഏകജാതിത്വത്തെ അദ്ദേഹം അടിയിൽ ചേർക്കുന്ന ഈരടികളിൽ ഉജ്ജ്വലമായി ഉപപാദിക്കുന്നു.

“കരചരണാദി അവയവങ്ങളും
സുരുചിരമായ സുഖദുഃഖങ്ങളും
മുറിച്ചാൽച്ചോരയുമെലുമ്പും മാംസവും
മുഖജജാതിക്കും പുലയനുമൊക്കും.
വിശപ്പുമുണ്ണുമ്പോൾ നിറകയും മൂത്ര
വിസർഗ്ഗവും നിദ്ര മലങ്ങൾ പോകയും
അടിച്ചാൽപ്പീഡയും പിടിച്ചാലാശ്വാസം
കൊടുത്താൽ പ്രീതിയുമൊരുപോലെ തന്നെ.
വരനാരിമാരോടനുഭോഗം ചെയ്താൽ
പെരുത്തൊരാനന്ദമിരുവർക്കുമൊക്കും.
പുരുഷനും സ്ത്രീയുമനുഭവിച്ചിട്ടി
ങ്ങിരുവരുടെയും ജനനമാകുന്നു.
ഇവർക്കു ചാവുമിങ്ങൊരുപോലെതന്നെ
ശവത്തിനുമേതുമൊരു ഭേദമില്ല.
തെളിച്ചുള്ളായുധമുടലിലേല്ക്കുമ്പോൾ
പുലയനും വിപ്രവരനും മന്നവാ.
മുറിയുമെന്നതുമറിയാവല്ലയോ?
പറയുമ്പോളിതു പെരുതെന്നും വരും.”
35.10സ്തോത്രങ്ങൾ

ഈ കൃതികൾക്കു പുറമേ മൂന്നു സ്തോത്രങ്ങളെക്കുറിച്ചുകൂടി മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിൽ മുകിലനുമായുള്ള യുദ്ധത്തിനുമുൻപു തമ്പുരാൻ തിരുവട്ടാറു് ആദികേശവസ്വാമിയെ തൊഴുതു വിജയപ്രാർത്ഥന ചെയ്യുവാൻ പോയ അവസരത്തിൽ ഉണ്ടാക്കിച്ചൊല്ലിയതാണു് പടസ്തുതി. അ മുതൽ അഃ വരെയുള്ള സ്വരങ്ങളിൽ ഋ, ഋൗ, ഌ, ൡ, അം എന്നിവയൊഴിച്ചു ബാക്കിയുള്ള അക്ഷരങ്ങൾകൊണ്ടു തുടങ്ങുന്ന പതിമ്മൂന്നു കണ്ണികൾ (എ. ഒ. ഇവയടക്കം) ഈ സ്തുതിയിൽ ഉൾപ്പെടുന്നു. പതിന്നാലാമത്തെ കണ്ണിമാത്രം പകാരത്തിൽ ആരംഭിക്കുന്നു. എല്ലാ കണ്ണികളും അവസാനിക്കുന്നതു്, “കേശിമഥന! നാഥ! തൊഴുന്നേൻ” എന്നാണു്. മൂന്നു കണ്ണികൾ താഴെ ചേർക്കുന്നു.

“ഇടിനികരമൊടിടയും ഡിണ്ഡിമ
 പടുനിനദവുമിടയിടെ വെടിയും
പൊടുപൊടെ നിലവിളികളുമായുധ
 മിടയുന്നൊരു ഝടഝടരവവും
ഝടിതി കിളർന്നെഴുമൊരു പൊടിയും
 തടവിന പടയുടനെ തടുപ്പാ
നടിയനു യുധി പടുത തരേണം
 കേശിമഥന! നാഥ! തൊഴുന്നേൻ.
അക്ഷതബലമിയലും രിപുബല
 മൊക്കെ മുടിച്ചിഹ പുരളീശം
വഞ്ചിക്ഷിതികേരളസംജ്ഞം
 രക്ഷ വിഭോ! രക്ഷ മുദാ മാം.
പക്ഷീശ്വരവാഹന! സജ്ജന
 രക്ഷക! കരുണാകര! സന്തത
മക്ഷയയശസം കുരു മാധവ!
 കേശിമഥന! നാഥ! തൊഴുന്നേൻ.
പരിപുഷ്ടാടോപമൊടരിജന
 മെതിരിട്ടീടുമ്പോളടവികൾ
തരിപെട്ടീടുംപടി പാഞ്ഞവ
 രിഹ പട്ടീടുവതിനു വേഗാൽ
ഒരു വട്ടമുണർന്നരുളീടുക
 പരിതുഷ്ടികലർന്നു വിഭോ നീ
തിരുവട്ടാറതിൽ മരുവീടിന
 കേശിമഥന! നാഥ! തൊഴുന്നേൻ.”

ഈ സ്തുതിയും, വിവിധരാഗങ്ങളുടെ സംജ്ഞകൾ ഉൾക്കൊള്ളിച്ചു് “കലയേ ഗാംബോധിരസനാലയേ ത്വാം” എന്നാരംഭിക്കുന്ന കാത്യായനീസ്തോത്രപരമായ രാഗമാലയും, “ധ്യായേമാനിശം ശ്രീപദ്മനാഭം” എന്നു തുടങ്ങുന്ന പദ്മനാഭകീർത്തനവും ഞാൻ വിജ്ഞാനദീപിക മൂന്നാം ഭാഗത്തിൽ അവയുടെ സമഗ്രരൂപത്തിൽ പ്രകാശനം ചെയ്തിട്ടുണ്ടു്.

കേരളവർമ്മത്തമ്പുരാന്റെ കവിതയുടെ വൈശിഷ്ട്യവും വൈകല്യവും അനുവാചകന്മാർക്കു് ഇപ്പോൾ മനസ്സിലായിരിക്കും. ഭാഷാകവിതയെ സംസ്കൃതത്തിന്റെ പിടിയിൽ നിന്നു വിടുർത്തുവാൻ അക്ഷീണപരിശ്രമം ചെയ്തിട്ടുള്ള പ്രാക്തന കവികളുടെ മധ്യത്തിൽ അദ്ദേഹത്തിനു കല്പിക്കേണ്ട സ്ഥാനം അപശ്ചിമമാണു്. എഴുത്തച്ഛന്റെ മഹാഭാരതത്തിലെ ഭാഷാ ശൈലിയാണു് അദ്ദേഹം അനുസരിച്ചിരിക്കുന്നതു്. തന്റെ ശക്തിക്കു് അനുസരണമായി തമ്പുരാൻ ആ ഗുരുനാഥന്റെ വിനീതശിഷ്യനായും വിദൂരാനുയായിയായും നിലകൊള്ളുന്നു. സംസ്കൃതഗ്രന്ഥങ്ങളെ ഭാഷയിൽ വിവർത്തനം ചെയ്യുന്നതിനും സംക്ഷേപിക്കുന്നതിനും അദ്ദേഹത്തിന് അത്ഭുതാവഹമായ വൈഭവമുണ്ടു്. സ്മൃതികൾ, ഇതിഹാസപുരാണങ്ങൾ, വേദാന്താദിശാസ്ത്രങ്ങൾ ഇവയിൽ അദ്ദേഹത്തിനുള്ള നിഷ്ണാതതയും അസാധാരണമാണു്. തർക്കവ്യാകരണങ്ങൾ അദ്ദേഹം അഭ്യസിച്ചിരുന്നതായി തോന്നുന്നു. തമ്പുരാന്റെ കൃതികളിൽ പ്രായേണ കാണുന്ന പ്രധാനവൈകല്യം രചനാവിഷയത്തിലുള്ള അഭംഗിയാണു്. അപരിചയവും അശ്രദ്ധയും സമയ ദൗർലഭ്യവുമായിരുന്നിരിക്കണം അതിന്റെ മുഖ്യകാരണങ്ങൾ. ഞാൻ മുമ്പു ചൂണ്ടിക്കാണിച്ചതുപോലെ കേവലം പത്തുപതിനേഴു കൊല്ലങ്ങൾക്കിടയിൽ വേണാട്ടിലെ ബാഹ്യവും ആഭ്യന്തരവുമായ കലഹങ്ങൾക്കു ശാന്തിവരുത്തുന്നതിലും ആ രാജ്യത്തിൽ പല ഭരണപരിഷ്കാരപദ്ധതികൾ ഉൽഘാടനം ചെയ്യുന്നതിലും അനുനിമിഷം വ്യാപൃതനായിരുന്ന ആ മഹാത്മാവിന്റെ സാഹിത്യസേവനം അതിനുണ്ടായിരുന്ന പ്രതിബന്ധശതങ്ങളെ അനുസ്മരിച്ചാൽ അത്യന്തം മഹനീയമാണെന്നു ഭാവുകന്മാർക്കു പറഞ്ഞറിയിക്കാതെതന്നെ ബോധ്യമാകുന്നതാണു്.

35.11ചെമ്പുകാട്ടു നീലകണ്ഠൻ
ഹര്യക്ഷമാസസമരോത്സവം കിളിപ്പാട്ടു്—ഓണപ്പട

പണ്ടു ചിങ്ങമാസത്തിലെ തിരുവോണത്തോടനുബന്ധിച്ചു കേരളത്തിൽ മിക്ക സ്ഥലങ്ങളിലും നായന്മാർ ഓണപ്പട അല്ലെങ്കിൽ ഓണത്തല്ല് എന്നൊരു വിനോദസമരം ആഘോഷിക്കുക പതിവുണ്ടായിരുന്നു. അതു് ആയോധനവൃത്തികൊണ്ടു ജീവിക്കേണ്ട അവരുടെ വീര്യശൗര്യപരാക്രമങ്ങൾ അഭംഗുരമായി പരിപാലിക്കുന്നതിനുവേണ്ട പെരുമാക്കന്മാരുടെ കാലത്തോ അതിനുമുമ്പുതന്നെയോ ഏർപ്പെടുത്തപ്പെട്ട ഒരാചാരമാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ക്രി. പി. 1519-ൽ ഡൈയോഗോലോപ്പസ്ഡെസെക്വീറാ എന്ന പോർത്തുഗീസ് ഗവർണ്ണർ തന്റെ അഞ്ഞൂറു് അനുചരന്മാരോടുകൂടി കൊച്ചിയിലേയും കോഴിക്കോട്ടേയും ഓരോ പ്രഭുക്കന്മാർ തമ്മിൽ അത്തരത്തിൽ നടന്ന ഒരു പട സന്ദർശിച്ചതിനു രേഖയുണ്ടു്. അന്നു് ഇരുവശത്തും നാലായിരം ഭടന്മാർവീതം ആ പടയിൽ സംബന്ധിച്ചിരുന്നു. കായംകുളത്തുവച്ചു താൻ ഒരോണപ്പട കണ്ടതായി കാന്റർ വിഷ്ഷർ എന്ന ലന്തക്കാരൻ 1720-ആണ്ടിടയ്ക്കു പ്രസ്താവിച്ചു കാണുന്നു. 941-ആമാണ്ടു ചിങ്ങം 17-ആംനു-യും 943-ആമാണ്ടു ചിങ്ങം 25-ആംനു-യും 946-ആമാണ്ടു ചിങ്ങമാസം 22-ആംനു-യും തിരുവനന്തപുരത്തുള്ള നായന്മാർ ചേരിതിരിഞ്ഞു്. “ഓണപ്പട എയ്തവകയ്ക്കു” ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽനിന്നു് ഇരുകൂട്ടർക്കും പണക്കിഴി സമ്മാനിച്ചതിനും പ്രമാണമുണ്ടു്. ആ പടയിൽ മുറിഞ്ഞവർ ഓരോരുത്തരും പതിനഞ്ചു പണംവീതം പ്രത്യേകമായി കെട്ടിവാങ്ങി. പട നടന്നതു് അവിട്ടംനാളിലായിരുന്നു. ഹര്യക്ഷ മാസസമരോത്സവത്തിൽ തിരുവോണത്തിൻനാൾ ഉച്ചയ്ക്കുമേൽ ഒന്നും അവിട്ടത്തിൻനാൾ പുലർച്ചയ്ക്കു മറ്റൊന്നും അങ്ങനെ രണ്ടു പോരുകൾ നടന്നതായി വർണ്ണിച്ചിരിക്കുന്നു. ആ കാലത്തെ ആചാരമായിരിക്കാം അതു്. സാക്ഷാൽ സമരംതന്നെ ഒരു വിനോദമായി കരുതിയിരുന്ന നായന്മാരുടെ വിഷയത്തിൽ അതിനെ ഒരു വിനോദസമരം എന്നു പറയുന്നതിൽ തെറ്റില്ലെങ്കിലും വാസ്തവത്തിൽ ഓരോ ഓണപ്പടയിലും അനേകം ഭടന്മാർ ഹതരും ക്ഷതരുമായിത്തീരാറുണ്ടായിരുന്നു. കർക്കടകമാസത്തിലെ കളരിപ്പയറ്റു കഴിഞ്ഞാൽ ഉടൻതന്നെ തങ്ങളുടെ അഭ്യാസവൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുവാൻ ഓണപ്പട ഒരു ഉത്തമാവസരമായിരുന്നതുനിമിത്തം ഭടന്മാർ അതിനെ സന്തോഷപൂർവ്വം സ്വാഗതംചെയ്കയും നാടുവാഴികൾ തങ്ങളുടെ സാന്നിധ്യത്താലും സംഭാവനയാലും പ്രോത്സാഹിപ്പിക്കയും ചെയ്തിരുന്നു. സുറിയാനി ക്രിസ്ത്യാനികളും ആ രണലീലയിൽ പങ്കെടുത്തിരുന്നതായി കാണുന്നു. അതു പാടില്ലെന്നു ഉദിയംപേരൂർ സൂനഹദോസിൽവച്ചു് അർച്ച് ബിഷപ്പ് മെനസസ്സ് 1599-ൽ വിധിച്ചു. ബ്രിട്ടീഷുകാർ കേരളത്തിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു പഴയ രീതിയിലുള്ള സൈനികഘടന നശിപ്പിക്കുന്നതുവരെ ഓണപ്പട നിലനിന്നുവന്നിരുന്നതിനു ലക്ഷ്യങ്ങളുണ്ടു്. വേറെയും കായംകുളത്തു രാജാക്കന്മാർ ചിങ്ങമാസത്തിലെ ഓണംകഴിഞ്ഞു വരുന്ന മകംനാളിൽ മകപ്പട എന്ന പേരിലും, തെക്കിൻകൂർ രാജാക്കന്മാർ കോട്ടയത്തു പാക്കിൽക്ഷേത്രസന്നിധിയിൽ കന്നിമാസത്തിൽ വിദ്യാരംഭം കഴിഞ്ഞു് ഒരു ദിവസം പാക്കിൽപ്പട എന്ന പേരിലും ഓരോ നർമ്മയുദ്ധം തുടങ്ങിവന്നു. മിഥുനം 1-ഉം 2-ഉം തീയതികളിൽ ഓച്ചിറപ്പട ഏർപ്പാടുചെയ്തു വന്നതും കായംകുളത്തു രാജാക്കന്മാർതന്നെ.

കിളിപ്പാട്ടിന്റെ കാലവും കർത്തൃത്വവും

ഹര്യക്ഷമാസസമരോത്സവത്തിനു ഗ്രന്ഥകാരൻ കണ്ടിയൂർമറ്റം പടപ്പാട്ടെന്നാണു് പേർ കൊടുത്തിരിക്കുന്നതു്. മാവേലിക്കരത്താലൂക്കിൽ കണ്ടിയൂർ മറ്റം എന്നീ രണ്ടു കരകളിലെ നായന്മാർ അവരുടെ സാഹായ്യത്തിനു മറ്റു കരകളിൽനിന്നു വന്നുചേർന്ന അനുചരന്മാരോടുകൂടി ആഘോഷിച്ച ഓണപ്പടയാകകൊണ്ടാണു് അതിനു് ആ സംജ്ഞ സിദ്ധിച്ചതു്.

“പാട്ടിതു ചമച്ചതോ ചെപ്പുകാടമർന്നീടും
കേടില്ലാമടപതിമാർ പലരുളരതിൽ
ഉണ്ടതിൽ തിരുനീലകണ്ഠനെന്നൊരു ദേഹ
മുണ്ടാക്കിയിതുതന്നെ, കണ്ടിയൂർമറ്റംപട
പ്പാട്ടിതു പഠിപ്പോരും കേൾപ്പോർകൾതാമും വാഴ്ക
നന്നിതെന്നുരപ്പോരും നന്നിചെയ്വോരും വാഴ്ക”

എന്നു ഗ്രന്ഥാവസാനത്തിൽ കാണുന്ന പ്രസ്താവനയിൽനിന്നു കവി ചെപ്പുകാടെന്ന സ്ഥലത്തെ മടപതിമാരുടെ (പണ്ടാരങ്ങളുടെ) കൂട്ടത്തിൽപ്പെട്ട തിരുനീലകണ്ഠനാണെന്നു വെളിപ്പെടുന്നു. ചെപ്പുകാടു് എവിടെയാണെന്നറിയുന്നില്ല. കവിതയിൽ “ആർകലി, എണ്ടിശ, കോതില്ലാ (കുറ്റമില്ലാത്ത), കോതി മുടിത്ത കുഴൽ, മുല്ലനകയാർകൾ (മുല്ലപ്പൂവൊത്ത പുഞ്ചിരിതൂകുന്ന യുവതികൾ), പുരവി (കുതിര), മറ്റത്തു വാഴ്(വാഴുന്ന) വീരൻ, തങ്കൾ (തങ്ങൾ); നീണിലം (നീണ്ട നിലം), ഇയക്ഷർ (യക്ഷർ)” മുതലായി പ്രാചീനങ്ങളായ ഒട്ടുവളരെ പദങ്ങളും ശൈലികളും കാണ്മാനുണ്ടെങ്കിലും അവ സൂചിപ്പിക്കുന്ന ഭാഷാ വൈചിത്ര്യത്തിനുള്ള കാരണം മടപതിജാതിയിൽപ്പെട്ട പ്രണേതാവിനു ദ്രാവിഡഭാഷയിലുള്ള പരിചയാധിക്യമാണെന്നു് എനിക്കു തോന്നുന്നു. “തണ്ടമിഴ് ചേരും പുതിയ കാവുള്ളോരും” എന്നു് അദ്ദേഹം ഒരു സ്ഥലത്തു പറയുന്നു. മാവേലിക്കരയ്ക്കു സമീപം പുതിയകാവെന്ന സ്ഥലത്തുള്ളവർ മനോഹരമായ (തണ്‍=മനോഹരമായ) തമിഴ് സംസാരിക്കുന്നവരാണത്രേ. അതിനടുത്തായിരുന്നിരിക്കുമോ മാതൃഭാഷ തമിഴായ അദ്ദേഹത്തിന്റെ ചെപ്പുകാടു്? ഒടുവിൽ പടയിൽ മരിച്ച നായരുടെ ഭാര്യമാരും മക്കളും വിലപിക്കുന്നതായി പറയുന്നതിൽനിന്നു് അദ്ദേഹം മക്കത്തായക്കാരനാണെന്നും ഊഹിക്കാവുന്നതാണു്. കള്ളപ്പറങ്കിയേയും കൊങ്കണിമാർകളേയും പറ്റിയുള്ള പ്രസ്താവനകൾ നോക്കിയാൽ ഈ കിളിപ്പാട്ടു് ഗൌഡസാരസ്വതബ്രാഹ്മണർ ഗോവയിൽനിന്നു കേരളത്തെ അഭയംപ്രാപിച്ചു കായംകുളത്തും മറ്റും വണിക്കുകളായിത്തീർന്നതിനുമേലാണു് നിർമ്മിച്ചിട്ടുള്ളതെന്നു വിശദമാകുന്നു. എന്നാൽ ലന്തക്കാരെപ്പറ്റി കവി പ്രത്യേകമായൊന്നും പറയുന്നുമില്ല. ആകെക്കൂടി എട്ടാം ശതകത്തിന്റെ ചതുർത്ഥപാദത്തിലോ ഒൻപതാം ശതകത്തിന്റെ പ്രഥമപാദത്തിലോ ആവിർഭവിച്ച ഒരു കൃതിയാണു് ഹര്യക്ഷ മാസസമരോത്സവം എന്നു സങ്കല്പിക്കുന്നതു സയുക്തികമായിരിക്കും. വണ്ടിന്റെ അപേക്ഷയനുസരിച്ചു കിളി പറഞ്ഞു കേൾപ്പിക്കുന്നതായിട്ടാണു് ഈ പാട്ടു് ആരംഭിക്കുന്നതു്. വണ്ടിനെ അപേക്ഷിച്ചു കിളിക്കു പറക്കുന്നതിനു് അധികം സൗകര്യമുള്ളതിനാൽ കവിയുടെ ആ കല്പന അസമഞ്ജസമല്ല. ആകെ നാലു പാദങ്ങളുണ്ടു്. “ചന്ദനപ്പൂങ്കാവൂടെ മന്ദമാരുതവുമേറ്റിന്ദുശേഖരൻപാദം വന്ദനംചെയ്തു മെല്ലെ” പാടിയാടി വരുന്ന “സുന്ദരി കിളിപ്പെണ്ണിനു” വണ്ടു കനിയും തേനുംമറ്റും സമർപ്പിക്കുകയും കിളി സന്തോഷിച്ചു് “മന്നലർമധുക്കളോടൊന്നിയേയിരുന്നീടും നന്നിചേർവരിവണ്ടേ ഇന്നിതു കേൾപ്പിൻ നിങ്ങൾ” എന്നു പറയുകയും ചെയ്യുന്നതായി ചതുർത്ഥപാദത്തിലും മറ്റും സൂചനയുണ്ടു്. കവിതയ്ക്കു ഭംഗി ചുരുങ്ങുമെങ്കിലും വിഷയത്തിന്റെ വൈശിഷ്ട്യം അതിനെ ആസ്വാദ്യമാക്കിത്തീർക്കുന്നു. പ്രഥമചതുർത്ഥപാദങ്ങൾ കേകയിലും ദ്വിതീയ പാദം കാകളിയിലും തൃതീയപാദം അന്നനടയിലുമാണു് രചിച്ചിരിക്കുന്നതു്. എന്നാൽ കാകളിയിൽ അന്നനടയും കളകാഞ്ചിയും മണികാഞ്ചിയും, “അന്നപ്പിടയോ പിടിയോ മിന്നൊത്തിടയോ നടയോ മുൻനില്ക്കരുതാഞ്ഞൊളിച്ചു തന്നിച്ഛയിലേ നടപ്പർ” എന്നു യാതൊരു കിളിപ്പാട്ടിലും പ്രയുക്തമാകാത്ത മറ്റൊരു വൃത്തവും, അന്നനടയിൽ കാകളിയും ഇടയ്ക്കു കടന്നു കൂടുന്നു.

പ്രതിപാദ്യം

പ്രഥമപാദത്തിൽ കവി “ഇരവിപട്ടണത്തിൻ മികവു പറകിലോ അതിനൊരളവില്ല” എന്നു് അനുവാചകന്മാർക്കു ബോധപ്പെടുന്ന വിധത്തിൽ അവിടെ തിരുവോണത്തിനുമുമ്പു നടക്കുന്ന വിപുലമായ വാണിജ്യത്തെ വർണ്ണിക്കുന്നു. ഇരവിപട്ടണമെന്നു കായംകുളത്തിനു പേരുണ്ടായിരുന്നതായി ഈ ഗ്രന്ഥത്തിൽനിന്നാണു് നാം ധരിക്കുന്നതു്. പിന്നീടു് ഓണത്തിന്റെ മാഹാത്മ്യത്തെപ്പറ്റി

“ഓണം വന്നടുത്തപ്പോൾ കാണം കൈവന്നില്ലാഞ്ഞു
നാണംകെട്ടോടും പല നാരിമാർ പുരുഷന്മാർ
പൂണുമാടയും പണിതേടിയേ നടപ്പോരും
പുഷ്പവും കുറികളും ശില്പമായണിവോരും
കൊള്ളുവോർ കൊടുപ്പോരും കള്ളമായൊളിപ്പോരും
നല്ലവർക്കുള്ളപോലെയില്ലാതോരിതന്നാടു
മെല്ലാർക്കും സുഖിപ്പാനുണ്ടായിതാവണിയോണം”

എന്നു പുകഴ്ത്തിക്കൊണ്ടു് ഓണപ്പടയെപ്പറ്റി ഉപന്യസിക്കുവാൻ ആരംഭിക്കുന്നു. ആ പടയുടെ ആഗമമാണു് താഴെ ഉദ്ധരിക്കുന്ന ഈരടികളിൽ വിവരിക്കുന്നതു്.

“ഓണയുദ്ധങ്ങൾ ചെയ്ക ആണുങ്ങൾക്കഴകെന്നു
നാണയം പലവുണ്ടിന്നിന്നിലത്തോർകൾക്കെല്ലാം.
ചേരമാൻകുലത്തിലേ പാരിലുള്ളോർകൾ മോക്ഷം
ചേരുവാനുള്ള കർമ്മം നേരേയുള്ളതിൽത്തന്നെ
വീരന്മാർ നിരുപിച്ചാൽ വീര്യരസങ്ങൾ ചെയ്താൽ
വീരിയസ്വർഗ്ഗം പൂവാൻ പാര [3] മില്ലെന്നു കണ്ടാർ.
പോരിന്നു തുടങ്ങിയാൽക്കാരിയം പലതുണ്ടു്.
മരിപ്പാൻ വിധിയെങ്കിൽ മരിച്ചാൽ മോക്ഷം തന്നെ,
മരിക്കാതിരിക്കിലോ പെരുത്തു പുകഴുണ്ടാം,
അർത്ഥവുമഴകുണ്ടാം ബുദ്ധിമേധയുമുണ്ടാം.
എങ്കിൽ നാമൊരുമിച്ചു ഭംഗിയിൽ യുദ്ധം ചെയ്കെ
ന്നിങ്ങനെ കരപ്പുറത്തെങ്ങുമുണ്ടായീ യുദ്ധം.”

ആദികാലത്തു ചെന്നിത്തലയും പുത്തനങ്ങാടിക്കലും കരക്കാരായിരുന്നു ഓണത്തല്ലിൽ ഏർപ്പെട്ടിരുന്നതെന്നും പിന്നീടാണു് അതു കണ്ടിയൂരും മറ്റവും കരക്കാരിൽ സംക്രമിച്ചതെന്നും ആ ഘട്ടത്തിൽ കവി നമ്മെ ഗ്രഹിപ്പിക്കുന്നു. യുദ്ധത്തിനു വാൾ, പരിശ, വില്ല്, അമ്പു് മുതലായ ആയുധങ്ങൾ ഭടന്മാർ കേടുതീർപ്പിക്കുകയും പുത്തനായി പണിയിക്കുകയും മറ്റും ചെയ്യുന്നതിനിടയിൽ ചിലർ

“ഒക്കെയുണ്ടെനിക്കൊരു കൈപ്പരിശയേ വേണ്ടി,
ഇല്ലെങ്കിലെനിക്കൊരു കൊല്ലിവാളതും കൊള്ളാം,
ഉണ്ടെങ്കിൽ വില തന്നു കൊണ്ടുകൊള്ളുകയുമാം”

എന്നു യാചിക്കുന്നു.

സമരോത്സവം സന്ദർശിക്കുവാൻ വരുന്ന സ്ത്രീകളുടെ വിസ്തൃതമായ വർണ്ണനംകൊണ്ടു ദ്വിതീയപാദം ആരംഭിക്കുന്നു. അവരിൽ ചിലരെ രസികന്മാർ

“കരചരണമെന്തിവൾക്കിങ്ങനെ വീങ്ങുവാൻ
കരികൾകരമോ ഉരൽക്കുറ്റിയോ കാൽകളോ
പെരിയ മുഖമോ പെരുങ്കണ്ണ കോങ്കണ്ണതിൽ
പെരിമയിവളോളം മറ്റുള്ളവർക്കില്ലെടോ”

എന്നും മറ്റും അവഹേളനം ചെയ്യുന്നു. പിന്നീടു കണ്ടിയൂർച്ചേരിയിലും മറ്റത്തു ചേരിയിലും ചെന്നുചേരുന്ന കരക്കാരെക്കുറിച്ചാണു് കവി പ്രസ്താവിക്കുന്നതു്. വേണാടു്, കൊല്ലം, മാടത്തിൻകീഴു് (മാടത്തിൻകൂറു്), കായംകുളം എന്നീ രാജാക്കന്മാരുടെ സാന്നിധ്യവും അവിടെ ഉണ്ടായിരുന്നുവത്രേ. ദ്വിതീയ പാദത്തിന്റെ അവശേഷവും തൃതീയപാദവും

“തിരുവോണമുച്ചതിരിഞ്ഞപ്പോൾതൊട്ടി
ട്ടരുണനസ്തമിപ്പതിനിടപ്പട
യൊരുപോലെ വെട്ടിപ്പിരിഞ്ഞുവാങ്ങിയ”

പ്രഥമയുദ്ധത്തിലേക്കായി വിനിയോഗിച്ചുകൊണ്ടു, കിളി

“തിരുവോണപ്പട ചുരുക്കമാ—(?)
യറിഞ്ഞവണ്ണം ഞാൻ പറഞ്ഞേൻ വണ്ടേ! കേൾ.
അതിൽ മുതിർന്നൊരു പടയുണ്ടിന്നിയു
മവിട്ടമെന്ന നാൾ വെളുക്കുമ്പോൾത്തന്നെ”

എന്നു പറഞ്ഞു തൃതീയപാദം അവസാനിപ്പിക്കുന്നു.

ചതുർത്ഥപാദത്തിൽ അവിട്ടംനാളിലെ പടയ്ക്കുള്ള ഭടന്മാരുടെ ചമയമാണു് ആദ്യമായി വർണ്ണിക്കുന്നതു്. ആ യുദ്ധം കവി വിസ്തരിച്ചു പ്രതിപാദിക്കുന്നു.

“പൊടിയും ധൂളിയുയർന്നടിയും മുടിയേതു
മറിവാൻ വശമല്ലംബരവുമവനിയും
രുധിരവെള്ളം യുദ്ധക്കളത്തിലോളംവെട്ടി
തിരയും ധൂളിയോടി, പരുന്തും കഴുകാടി,
ഭൂതവും പേയുമാടി, വാധകന്മാരുമാടി,
കാകവും പറന്നോരോ ഭാഗമേയതുമാടി,
ആയുധങ്ങളും മുറിഞ്ഞാടുകാൽ [4] പലർക്കെത്തി,
തേർകളും താണു മധ്യേ സൂര്യനുമുച്ചമേറി.
ആരുയിർ പോയോർക്കെല്ലാം വീരിയസ്വർഗ്ഗമെത്തി,
മനവും ചലിയാതെ കനവും കുറഞ്ഞിതേ,
കൈകളും കഴച്ചിതേ, മെയ്കളും കുഴഞ്ഞിതേ,
കാൽ കൈയും ദേഹം പ്രാണൻ ചാലവേ തളർന്നിതേ”

എന്നിങ്ങനെയാണു് ആ പ്രതിപാദനത്തിന്റെ രീതി. മൃതപ്രായരായ ഭടന്മാരുടെ ഭാര്യമാരുടേയും മറ്റും പരിദേവനം കരുണമയമായിരിക്കുന്നു.

“പടുതോർ [5] ശവം വലിച്ചൊട്ടിടം കൊണ്ടുവച്ചി
ട്ടൊക്കവേയടുത്തെത്തി മൈക്കണ്ണിമാരും മക്കൾ
ചുറ്റിനിന്നലയ്ക്കയും പറ്റിവീണഴുകയും
വീണുടൽ പുരൾകയും കണ്ടുടൻ വീഴുകയും.
പാപമേയെൻഭർത്താവേ! നീയെന്നെപ്പിരിഞ്ഞായോ?
അയ്യോ വിധി വിധി ഹാ! പൈതങ്ങൾക്കാരുള്ളതും?
അർത്ഥവുമഴകെനിക്കസുവുമിനി വേണ്ടാ;
ആവി [6] പോയുടൻ വേറാവാനെന്തു വഴിയയ്യോ!
ആരുയിരായ വീരനായരേ! മരിച്ചായോ?
ആ വിധിയന്നുതന്നെ പാപീ! നീ കളഞ്ഞായോ?”

കടശ്ശിയിൽ

“അന്നേരം വീരന്മാരങ്ങൊന്നിച്ചങ്ങൊരുപോലെ
പിന്നെയങ്ങടയവിൽ തിന്നിളനീർവെള്ളവും
കുടിച്ചു വെറ്റ തിന്നു കളിച്ചു ചിരിച്ചൊക്കെ
പടച്ചമയമഴിച്ചടുക്കി വെച്ചുകെട്ടി
എടുത്തു ചുമട്ടാളർ തിരിച്ചു നടയിട്ടാർ”

പിന്നീടു “മുന്നമേയുള്ള വഞ്ചിമന്നമമാത്യരും” ആ പടനിമിത്തം മേലും കലഹമുണ്ടാകാതിരിക്കുന്നതിനുവേണ്ടി കണ്ടിയൂരിലും മറ്റത്തുമുള്ള കരനാഥന്മാരെ വരുത്തി വേണ്ട ഉപദേശം നല്കി എല്ലാവരും പിരിയുന്നു.

“വഞ്ചി വാഴുന്ന മന്നരഞ്ചൽകൂടാതെ വാഴ്ക
മന്ത്രികൾ വാഴ്ക മറ്റു തന്ത്രികൾ താമുംവാഴ്ക
കണ്ടിയൂർമറ്റംകര രണ്ടിലും വേണ്ടുംജന
മിണ്ടൽകൂടാതെ വാഴ്ക … ”

എന്നും മറ്റും പ്രാർത്ഥിക്കുകയും

“പാട്ടിതു കേൾപ്പോർക്കെല്ലാമീശ്വരാർത്ഥങ്ങളുണ്ടാ
മേറ്റം വിദ്യയുമുണ്ടാം പേർത്തു വീര്യവുമുണ്ടാം.
അതിനുണ്ടാക്കിയിതു മതിയില്ലാതോനെന്നി
ട്ടറിവോർ കറ തീർത്തു നെറിയെ നടത്തുക”

എന്നു തന്റെ അനൌദ്ധത്യത്തെ സൂചിപ്പിക്കുകയും ചെയ്തുകൊണ്ടു കവി വിരമിക്കുന്നു.

ഓണപ്പടയെന്നാലെന്തെന്നും ആ വഴിക്കു കേരളത്തിലെ നായന്മാർ അവരുടെ വിഖ്യാതമായ രണശൂരത എങ്ങിനെ നിലനിർത്തിപ്പോന്നിരുന്നുവെന്നും നമ്മെ പഠിപ്പിക്കുന്ന കണ്ടിയൂർ മറ്റം പടപ്പാട്ടിനു സഹൃദയദൃഷ്യാ മെച്ചമില്ലെങ്കിൽ എന്തു്? അതിൽനിന്നു നമുക്കു ലഭിക്കുന്ന ചരിത്രസംബന്ധമായ വിജ്ഞാനം അപരിമേയമാണെന്നുള്ള വസ്തുത മതി ആ കൃതിക്കു ശാശ്വതപ്രതിഷ്ഠ ലഭിക്കുവാൻ.

35.12പടപ്പാട്ടു്
സാമാന്യനിരൂപണം

ഇതഃപര്യന്തം നമുക്കു ലഭിച്ചിട്ടുള്ള കേരളീയസമരഗാനങ്ങളിൽ ‘പടപ്പാട്ടി’നുള്ള സ്ഥാനം ഏറ്റവും ഉൽകൃഷ്ടമാകുന്നു. കൊല്ലം 821 മുതൽ 845 വരെ ഇരുപത്തിനാലു വർഷങ്ങൾക്കിടയിൽ കൊച്ചിരാജകുടുംബത്തിനു സംഭവിച്ച ദശാപരിവർത്തനങ്ങളെ വിഷയീകരിച്ചു് അജ്ഞാതനാമാവായ ഏതോ ഒരു കവി രചിച്ചിട്ടുള്ള ഈ കിളിപ്പാട്ടിന്റെ ആവിർഭാവം 850-ആമാണ്ടിടയ്ക്കാണെന്നു നിർണ്ണയിക്കാവുന്നതാകുന്നു. കവി ആ സംഭവങ്ങളിൽ പലതിനേയും ഒരു ദൃക്‍സാക്ഷിയുടെ നിലയിലാണു് വർണ്ണിക്കുന്നതു്. അദ്ദേഹം ഒരു ഹിന്ദുതന്നെയോ എന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. ഗ്രന്ഥാരംഭത്തിൽ ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, വേദവ്യാസൻ, ബ്രാഹ്മണർ ഇവരെപ്പറ്റിയുള്ള വന്ദനത്തിന്നുപുറമേ

“കർണ്ണാരിയെക്കാത്ത കാരുണ്യവാരിധി
കണ്ണനുടെ കളിയെന്നേ പറയാവൂ”

എന്നും “ധേനുവെ വെട്ടിനുറുക്കുന്ന പാഴരും” എന്നും മറ്റുമുള്ള പ്രസ്താവനകളും ഈ വസ്തുസ്ഥിതി തെളിയിക്കുന്നു. എന്നാൽ അദ്ദേഹം ഒരു നമ്പൂതിരിയാണെന്നു ചിലർ സങ്കല്പിക്കുന്നതിനു് ആസ്പദമൊന്നും കാണുന്നില്ല. “വേദവാർദ്ധികൾ മറ്റുള്ള ന്തണർകൾക്കും വന്ദേ” എന്ന വചനവും പൊതുവെ നോക്കുമ്പോൾ ഭാഷയുടെ രീതിതന്നെയും ആ അധ്യാഹാരത്തിനു പ്രതികൂലമായിരിക്കുന്നു. തൃതീയപാദം ആരംഭിക്കുന്നതു് ഒരു ശിവസ്തുതിയോടുകൂടിയാണു്. പ്രസ്തുതകാവ്യം ആറുപാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രഥമപാദം കേകയിലും തൃതീയ പാദം അന്നനടയിലും പഞ്ചമപാദം കളകാഞ്ചിയിലും മറ്റു മൂന്നു പാദങ്ങളും കാകളിയിലുമാണു് രചിച്ചിരിക്കുന്നതു്. ഒമ്പതാം ശതകത്തിലെ ഇതരശുകഗാനങ്ങളിലെന്നപോലെ പടപ്പാട്ടിലും കളകാഞ്ചിമാത്രം ഛന്ദോനിയമത്തെ സാർവത്രികമായി അനുസരിക്കുന്നില്ല, “തെളികടന്ന ചവളമതു വയറുകളിൽപ്പുക്കടൻ” “അരിവരരൊടതുപൊഴുതു പടയതൊന്നു പൊരുവതിന്നു്” എന്നിത്തരത്തിലുള്ള വരികൾ ധാരാളമായുണ്ടു്. ‘വനിതം’ (കളി), ‘പുകുന്തു’ (പുക്കു), ‘വിരയംചേർ’ മുതലായി ചില പഴയ പദങ്ങളും ശൈലികളും കാണാം. മന്തിരി, മുടിഞ്ഞ ഒളി, ജൂരാൽ (ജനറൽ) മുതലായ പദങ്ങളും കവിയുടെ ഉച്ഛൃംഖലതയെ ഉദാഹരിക്കുന്നു, ചില അപകടപ്രയോഗങ്ങളും ഇല്ലെന്നില്ല. “ദൂഷണൻ തന്നഗ്രജൻമുതുകിന്റെ പേർ ദൂഷണം കൂടാതെ ചൊല്ലുന്ന ദേശത്തു്” എന്നുവെച്ചാൽ (ദൂഷണാഗ്രജൻ=ഖരൻ, ഖരന്റെ മുതുകു്=ഖരപ്പുറം) കരപ്പുറമെന്നും ‘ബദരർ’ എന്നാൽ ‘ലന്തകൾ’ എന്നുമാണർത്ഥം. ആദ്യത്തേതൊഴികെ മറ്റു പാദങ്ങളിലെല്ലാം കിളിയെക്കൊണ്ടുതന്നെയാണു് പാടിക്കുന്നതു്. ആദ്യത്തെ പാദത്തിൽ അതുസംബന്ധിച്ചുള്ള വരികൾ ആദർശഗ്രന്ഥത്തിൽ പകർത്തിയെഴുതിയപ്പോൾ വിട്ടു പോയിരിക്കണം.

“വാനിടത്തമ്പിളിത്തെല്ലൻപൊടേ കണ്ടു കരം
താനെടുത്തുയർത്തിനിന്നഴകേറുന്ന ബാലൻ
ഞാണെടുത്തതിനുചെങ്ങാതം …”

എന്നു കവി തന്റെ ശാലീനതയെ ഉപക്രമത്തിൽത്തന്നെ പ്രകടിപ്പിക്കുന്നു.

“ഭാഷയിൽപ്പല പടപ്പാട്ടുണ്ടു കേരളത്തിൽ
ക്കോഴകൾ കുറഞ്ഞ വിദ്വാന്മാർകൾ ചമച്ചിട്ടു്;
ഭോഷൻ ഞാനതുപോലെ ചൊല്ലുവാൻ ഭാവിച്ചതു
ദോഷമല്ലെന്നു വരുത്തീടണം തമ്പുരാനേ!”

എന്നു് അദ്ദേഹം പറയുന്നു. അങ്ങനെയുള്ള പടപ്പാട്ടുകളിൽ ഹര്യക്ഷമാസോത്സവമൊഴിച്ചാൽ പ്രസ്തുതഗാനത്തിനുമുൻപുള്ള കൃതികളിൽ ഒന്നുംതന്നെ നമുക്കു കിട്ടീട്ടില്ല.

പ്രതിപാദ്യവും കവിതാരീതിയും—പ്രഥമപാദം

അൻപത്തിരണ്ടുകാതം നീളമുള്ള പെരുമ്പടപ്പുസ്വരൂപത്തിൽ കൊല്ലം ഒൻപതാംശതകത്തിന്റെ ആരംഭത്തിൽ നാലു രാജാക്കന്മാർമാത്രം ശേഷിക്കുകയാൽ അന്നു നാടുവാണിരുന്ന ഇളയതാവഴിയിലെ വീരകേരളവർമ്മമഹാരാജാവു മൂത്തതാവഴി, ഇളയതാവഴി, മുരിങ്ങൂരു്, ചാഴൂരു്, പള്ളുരുത്തി എന്നീ അഞ്ചു താവഴികളുള്ളതിൽ മൂത്തതാവഴിയിലും പള്ളുരുത്തിത്താവഴിയിലുംനിന്നു ചില കൊച്ചുതമ്പുരാക്കന്മാരെ ദത്തെടുക്കണമെന്നു നിശ്ചയിക്കുകയും അദ്ദേഹത്തിന്റെ മരണാനന്തരം ആ ദത്തുകൾ നടക്കുകയും ചെയ്തു. 821-ൽ മൂത്ത താവഴിയിൽനിന്നു ദത്തുപുക്കരാമവർമ്മത്തമ്പുരാൻ മൂപ്പു വാണുതുടങ്ങി. എന്നാൽ ചെമ്പകശ്ശേരി രാജാവിന്റെയും കരപ്പുറത്തുകാരുടേയും പിൻബലത്തോടുകൂടി പള്ളുരുത്തിയിൽനിന്നു ദത്തുകേറിയ വീരകേരളവർമ്മത്തമ്പുരാൻ തുറവൂരിൽവെച്ചു നടന്ന യുദ്ധത്തിൽ രാമവർമ്മത്തമ്പുരാനെ തോല്പിച്ചു് അദ്ദേഹത്തേയും അദ്ദേഹത്തിന്റെ അനുജനനേയും കൊച്ചിയിൽ നിന്നു നിഷ്കാസനം ചെയ്തു. വീര കേരളവർമ്മാവു ചാഴൂർത്താവഴിയിൽനിന്നു രാമവർമ്മാ എന്ന ഒരു കുമാരനെ ദത്തെടുക്കുകയും അദ്ദേഹത്തിന്റെ മരണാനന്തരം ആ കുമാരൻ സിംഹാസനാരോഹണം ചെയ്കയും ചെയ്തു. മൂത്തതാവഴിയിലെ രാജാക്കന്മാർ സാമൂതിരിയുടെ ഒരു സാമന്തനായ മണക്കുളത്തു നമ്പിടിയുമായി സഖ്യംചെയ്തു. അതിനെത്തുടർന്നു നമ്പിടിയും രാമവർമ്മത്തമ്പുരാനും തമ്മിൽ തൃശ്ശിവപേരൂരുള്ള അങ്ങാടിയിൽവെച്ചുണ്ടായ യുദ്ധത്തിൽ നമ്പിടി മരിച്ചു. ആ വർത്തമാനം കേട്ടപ്പോൾ മാനവിക്രമൻ (സാമൂതിരി) ക്ഷോഭിച്ചു പടയ്ക്കായി തൃശ്ശിവപേരൂരെത്തി. രാമവർമ്മത്തമ്പുരാൻ അപ്പോഴേക്കു മൃതനായിക്കഴിഞ്ഞിരുന്നതിനാൽ ‘രാഘവൻകോയിൽ’ (രാമൻകോവിലെന്നും പറയുന്നു) എന്ന അദ്ദേഹത്തിന്റെ സേനാപതിയായ ഒരു തിരുമുല്പാടാണു് ആ പട തടുക്കുവാൻ ശ്രമിച്ചതു്. നാലഞ്ചു വർഷം കൊച്ചിക്കാർ ഒരുവിധം പിടിച്ചുനിന്നു. ഒടുവിൽ സാമൂതിരിയെ ജയിക്കുവാൻ ഒരു മാർഗ്ഗവും കാണാത്തതിനാൽ രാഘവൻ കോവിൽ അമ്മത്തമ്പുരാനോടുകൂടി കൊച്ചിയിലേക്കു പിൻവാങ്ങി വെട്ടത്തുനാട്ടിൽനിന്നു് ഇളയ താവഴിയിലേയ്ക്കു് അഞ്ചു തമ്പുരാക്കന്മാരെ ദത്തെടുപ്പിച്ചു. വെട്ടവും പെരുമ്പടപ്പും ചൊവ്വരക്കൂറ്റിൽപ്പെട്ട രാജാക്കന്മാരായിരുന്നു. വെട്ടത്തു വലിയതമ്പുരാൻ തന്റെ ഭാഗിനേയന്മാരോടു പെരുമ്പടപ്പിൽനിന്നു് ആവശ്യപ്പെട്ട ദത്തിനു വഴിപ്പെടണമെന്നു് ഉപദേശിക്കുന്നതു താഴെ കാണുന്ന വിധത്തിലാണു്.

“… ചിലർ പോകണം മാടത്തിങ്കൽ.
വെട്ടിക്കൊന്നിട്ടും വെട്ടിച്ചത്തിട്ടും മടിയാതെ
വെട്ടമെണ്‍കാതംപോലെ രക്ഷിപ്പിനവിടവും
ക്ഷത്രിയകുലത്തിങ്കൽപ്പിറന്നുള്ളരചന്മാർ
ശക്തരല്ലാതെ മുന്നമില്ലെന്നു ധരിക്കണം.
ആജിയിൽ മരിക്കയുമാശ്രിതരക്ഷണവും
വ്യാജമെന്നിയേ ശത്രുസംഹാരപ്രവൃത്തിയും
ബാഹുജധർമ്മമെന്നു വേദശാസ്ത്രത്തിൽചൊല്ലൂ”

ദത്തുകൊള്ളുവാൻ വന്നവരോടു് അദ്ദേഹം പറയുന്ന വാക്യത്തിൽനിന്നുകൂടി ചില ഈരടികൾ ഉദ്ധരിക്കാം:

“ചോതരക്കൂറെന്നൊരു കൂറിനെ നിരൂപിച്ചും
ചേതസി പെരുമ്പടപ്പിൽ സ്വരൂപത്തെയോർത്തും
ജാതിയൊന്നെന്നതോർത്തും വന്ന നിങ്ങളെയോർത്തും
ചേതസി തന്നീടുന്നിതെന്നുടെയുണ്ണികളെ.
നല്ലതുപോലിദ്ദോഷം വിലക്കിപ്പണ്ടുപണ്ടേ
യുള്ള മര്യാദപോലെ നടത്തിക്കൊള്ളേണമേ!
മാനത്തീന്നൊരു കടുകളവും നീങ്ങുമെന്നു
മാനസതാരിൽ നിങ്ങളാരുമോർക്കയും വേണ്ട
വെട്ടവരെന്ന കീർത്തിയെട്ടു നാട്ടിലും ശ്രുതി
വിട്ടുവാങ്ങുമാറില്ല പടയ്ക്കു പുറകോട്ടു്.”

പിന്നീടു് അയിരൂർസ്വരൂപത്തിൽനിന്നുകൂടി ചിലരെ ദത്തെടുത്തു. അങ്ങിനെ വെട്ടത്തുനിന്നു വന്ന രാജാക്കന്മാരിൽ ജ്യേഷ്ഠനായ ഉണ്ണിരാമവർമ്മാ 833-ൽ കൊച്ചിമഹാരാജാവായി. കൊച്ചിക്കോട്ടയിലെ പറങ്കികളുടെ നായകൻ അവർക്കു ബന്ധുവുമായി. സാമൂതിരി അദ്ദേഹത്തോടു തോറ്റു പിൻവാങ്ങിയെങ്കിലും പിന്നെയും ഒരു വലിയ സൈന്യത്തോടുകൂടി യുദ്ധത്തിനെത്തി അയിരൂർനിന്നു ദത്തുകേറിയ രാമവർമ്മത്തമ്പുരാനെ കൊന്നു. അതു കേട്ടു് ഉണ്ണിരാമവർമ്മയുടെ അനുജനായ കൊച്ചി ഇളയതമ്പുരാൻ പടക്കളത്തിൽച്ചെന്നു പരേതന്റെ തല മടിയിൽ എടുത്തുവെച്ചുകൊണ്ടു് ഇങ്ങനെ വിലപിച്ചു:

“മടികൂടാതെ വെട്ടിമരിച്ച വീരനാകു
മനുജാ നിന്നെയിനി ഞാനേതു നാളിൽക്കാണ്‍മൂ?
ഞാനല്ലോ മുൻപിൽ മരിച്ചീടുവാനവകാശി;
പിന്നാലെ നീയെന്നല്ലോ ഞാൻ നിനച്ചിരുന്നതും.
മുന്നേ നീ മരിച്ചതു കുറ്റമല്ലെന്നേ വേണ്ടു.
ഇത്തരമരുൾചെയ്തു ദുഃഖിച്ചു നൃപവരൻ
ചിത്തമോദേന തമ്പിതന്നുടൽ തഴുകിയും
കണ്ണീരുമനുജന്റെ ദേഹത്തിൽനിന്നു വരും
പുണ്ണീരും കരംകൊണ്ടു തുടച്ചു, പകയരോ
ടെണ്ണില്ലാതോളം വരും കോപാവേശതയോടും
എന്നെയുമുണ്ണിയെയുമൊന്നിച്ചിട്ടടയ്ക്കണം
പിന്നെയുള്ളവരെന്നു മന്നവനരുൾചെയ്തു.”

ആ ഇളയതമ്പുരാന്റെ യുദ്ധവൈദഗ്ദ്യം കണ്ടപ്പോൾ മാനവിക്രമന്റെ സേനയുടെ അവസ്ഥ കവി അടിയിൽക്കാണുന്ന പ്രകാരം വർണ്ണിക്കുന്നു.

“വൈനതേയനെക്കണ്ട നാഗങ്ങളെന്നപോലെ
വാനവർകോനെക്കണ്ട ശൈലങ്ങളെന്നപോലെ
കോളരിതന്നെക്കണ്ട കുംഭികളെന്നപോലെ
വ്യാളവീരനെക്കണ്ട മണ്ഡൂകജാലംപോലെ
വാരിധിതന്നെക്കണ്ട മയിൽക്കൂട്ടത്തെപ്പോലെ
ശ്രീരാമൻതന്നെക്കണ്ട രാക്ഷസരെന്നപോലെ
ജാമദഗ്ന്യനെക്കണ്ട ക്ഷത്രിയരെന്നപോലെ
ഭീമദുർഗ്ഗയെക്കണ്ട സുംഭാദികളെപ്പോലെ
ഭാരതയുദ്ധത്തിങ്കൽ ഫൽഗുനൻതന്നെക്കണ്ട
വീരതകലർന്നീടും കൗരവന്മാരെപ്പോലെ”

മാലോപമാപ്രയോഗത്തിൽ കവിയ്ക്കുള്ള പാടവത്തിനു പ്രസ്തുത കൃതിയിൽ വേറേയും ഉദാഹരണങ്ങളുണ്ടു്. ഒടുവിൽ സാമൂതിരിയുടെ മന്ത്രിയായ പാറനമ്പിയെ ഒരു ദ്വന്ദ്വയുദ്ധത്തിൽ രാജാവു വെട്ടിക്കൊല്ലുകയും അതിനെത്തുടർന്നു താനും ശത്രുസൈന്യത്താൽ ഹതനാവുകയും ചെയ്യുന്നു.

ദ്വിതീയപാദം

വീണ്ടും സാമൂതിരി വീരകേരളത്തമ്പുരാനുവേണ്ടി യുദ്ധോദ്യക്തനായി. ആ വശത്തു തെക്കുംകൂർ, വടക്കുംകൂർ, ആലങ്ങാടു്, ഇടപ്പള്ളി എന്നീ രാജാക്കന്മാരും, വെട്ടത്തുനിന്നു ദത്തുപുക്ക രാജാക്കന്മാർക്കു പറങ്കിയും, (പുറത്തുകാൽ—പോർത്തുഗൽ) ചെമ്പകശ്ശേരി, പറവൂർ, വള്ളുവനാടു് ഈ രാജാക്കന്മാരും പാങ്ങു് അതായതു് സഹായമായിത്തീർന്നു. പറങ്കിയോടു് എതിരിടാൻ തനിക്കും അതുപോലെ ഒരു ബന്ധുവേണമെന്നു കരുതിയിരിക്കവേ വീരകേരളവർമ്മത്തമ്പുരാൻ,

“അൻപോടു കേക്കൊരു കിംവദന്തി മുദാ
കുംഭഞ്ഞിയെന്നൊരു കൊമ്പൻ കൊലയാന
വൻപോടു വാഴുംപ്രകാരം മനോഹരം
അൻപരിലൻപു സമ്പത്തു ഗാംഭീര്യവും
വൻപരിൽ മുൻപു വൻഭീരങ്കിയും പട
ക്കോപ്പുകൾ വൻപെഴും കപ്പലുമർത്ഥവും
കല്പനശക്തിയുമിബ്ഭുവനാന്തരേ
സൂര്യസോമാവധി ശൗര്യവീര്യഗുണ
കാര്യമര്യാദപൂണ്ടേഷ ദ്വീപാന്തരേ”

എന്നു വർണ്ണിക്കത്തക്കവിധത്തിലുള്ള ലന്തക്കമ്പനിക്കാരുടെ പ്രാഭവം കേട്ടു കുളമ്പിൽ പോയി അവരുടെ സഖ്യം സമ്പാദിച്ചു.

“എന്തൊരു ബന്ധമിങ്ങാഗതനായെതു
മെന്തുസിദ്ധാന്തമിന്നെന്നാൽ വേണ്ടുന്നതും?
അന്തരമില്ലരുളീടുകിൽ നല്കുവൻ
ലന്തയെന്നല്ല പേരല്ലെങ്കിൽ നിർണ്ണയം”

എന്നു് അവരുടെ ഗവർണ്ണർ (പരദേശി) പ്രതിജ്ഞ ചെയ്തപ്പോൾ തമ്പുരാൻ,

“ഛിദ്രവും ശത്രുവും ബന്ധുക്കളും ചില
സിദ്ധാന്തവുംകൊണ്ടു നാടുവേർപെട്ടു ഞാൻ
ചത്തു രക്ഷിച്ച പറങ്കിയും കൈവിട്ടു
ശക്തിയുള്ളോർ ചിലർ നാടുമടക്കിനാർ.
ബന്ധുക്കളായ് ചിലരുണ്ടവർക്കും പിന്നെ
പ്പൂന്തുറമന്നനാം വൈരിക്കുമാമില്ല
ഞങ്ങളെ വാഴിപ്പതിന്നു പുറത്തുകാ
ലങ്ങേപ്പുറമെന്നതുകൊണ്ടറികെടോ.
കൊച്ചിയിൽക്കോട്ട പിടിച്ച പറങ്കിയെ
ത്തച്ചിറക്കീടുകിൽ കാര്യസാദ്ധ്യം വന്നു.”

എന്നു തന്റെ ഇങ്ഗിതമറിയിച്ചു. ഉടൻതന്നെ ഗവർണ്ണർ ഒരു കപ്പൽസൈന്യത്തെ കൊച്ചിക്കു് അയയ്ക്കുകയും ആ സൈന്യം 836-ആമാണ്ടു കുംഭമാസത്തിൽ പറങ്കികളുടെ പള്ളിപ്പുറംകോട്ട പിടിക്കുകയും ചെയ്തു. എന്നാൽ പ്രസ്തുതസൈന്യം തിരിയെ സിലോണിലേയ്ക്കു പോയ അവസരം നോക്കി പറങ്കികൾ വീണ്ടും ആ കോട്ട കൈവശപ്പെടുത്തി. വേനല്ക്കാലമായപ്പോൾ പിന്നെയും ലന്തപ്പട വന്നു് 837-ആമാണ്ടു മകരമാസത്തിൽ പറങ്കികളുടെ കൊടുങ്ങല്ലൂർക്കോട്ട പിടിച്ചടക്കി. ആ യുദ്ധം കവി വിസ്തരിച്ചു വർണ്ണിക്കുന്നു:

“നാളെയെനിക്കു കൊടുങ്ങല്ലൂർക്കോട്ടയിൽ
നീളെയിരുന്നെന്യേയില്ലൊരു തീനേതും
നീളെയിരിപ്പാൻ മനസ്സുണ്ടെന്നാകിലോ
വാളിനൂണാകാതെ ജീവനോടുംകൂടെ
മീളുവൻ കൊച്ചിതന്നിൽപ്പറങ്കികളെ”

എന്നു വീരവാദം ചെയ്യുന്നതും മറ്റും വായിക്കുവാൻ രസമുണ്ടു്.

തൃതീയപാദം

മട്ടാഞ്ചേരിയിൽവെച്ചു നടന്ന യുദ്ധവും മറ്റുമാണു് തൃതീയപാദത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്. അവിടെച്ചെന്നാൽ ശത്രുക്കളെ മാത്രമേ വധിക്കാവൂ എന്നു തമ്പുരാൻ ലന്തക്കാരോടു മുൻകൂട്ടി ഉപദേശിച്ചു.

“പട കോയിലകത്തുടൻ കരേറുമ്പോ
ളുടമയേറുമമ്മതമ്പുരാനുണ്ടു്
പിറന്നുടയതെന്നറികമരാലേ
മറന്നുകൂടുവാനരുതതുനൂനം.
മറയവരുമുണ്ടവിടെക്കൂടവേ
മറപിടിച്ചോണ്ടു പലരും പാർക്കുന്നു.
സകലം കൊല്ലുകെന്നതു വരായല്ലോ
പകയവരെക്കൊല്ലുകെന്നതേ വരൂ.”

എന്നാണു് അദ്ദേഹം വിജ്ഞാപനം ചെയ്തതു്. ആ യുദ്ധത്തിൽ വെട്ടത്തുനിന്നു ദത്തുകേറിയ അന്നത്തെ കൊച്ചി വലിയതമ്പുരാനും അദ്ദേഹത്തിന്റെ രണ്ടനുജന്മാരും മൃതരായി. ശേഷിച്ച ഗോദവർമ്മാവും സേനാപതി രാഘവൻകോവിലും ഓടി രക്ഷപ്പെട്ടു. ഗോദവർമ്മാവും പടക്കളത്തിൽ മരിക്കുവാൻ സന്നദ്ധനായിരുന്നുവെങ്കിലും വലിയതമ്പുരാൻ.

അതിനു കാലവുമടുത്തില്ലയുണ്ണീ!
അടലിൽ നാമൊക്കെ മുടിഞ്ഞെന്നാൽപ്പിന്നെ
യടലർതങ്ങൾക്കു സുഖമായ് വാണീടാം
പരിഭവിപ്പതിനൊരുത്തനെങ്കിലും
പുറത്തുണ്ടെന്നാകിൽ രിപുക്കൾ പേടിക്കും;
ഇതുകാലത്തു നീ നിനച്ച കാരിയ
മിതമോടേയിനിയൊരുനാളേ വേണ്ടൂ”

എന്നു കല്പിക്കുകനിമിത്തമാണു് ആ രാജകുമാരൻ പഴയന്നൂർ ഭഗവതിയെ വന്ദിച്ചുകൊണ്ടു് അവിടം വിട്ടുപോയതു്. മട്ടാഞ്ചേരിയിലെ യുദ്ധവും കവി സമഞ്ജസമായി ചിത്രീകരിക്കുന്നു.

“എരിഞ്ഞണയും തീക്കുടുക്കകൊണ്ടുട
നെരിഞ്ഞഥ മുടി പുടവയുമൊക്കെ.
കരിക്കട്ടപോലെ കരിഞ്ഞു ദേഹവും
പിരിഞ്ഞുടൻ ഞെളിഞ്ഞുലകിൽ വീഴുന്നു.
തൊലിയും ഞാന്നുടൻ കുടലു ചാടീട്ടു
മലവെള്ളംപോലെയൊഴുകുന്നൂ ചോര.
പുലികളെപ്പോലേയലറുന്നൂ ലന്ത
യെലികളെപ്പോലെ വിറയ്ക്കുന്നൂ വൈരി.”

എന്നും,

“വരിമിഴിമാർകൾ മരിച്ചൊരു ഭാഗേ
പുരികുഴലഴിഞ്ഞഥ കിടക്കുന്നു
കളഭം കസ്തൂരിയിഴുകുന്ന നല്ല
മുലത്തടത്തിൽച്ചോരയുമണിഞ്ഞുടൻ”

എന്നും മറ്റുമുള്ള വരികൾക്കു നല്ല തന്മയത്വമുണ്ടു്. ആ അവസരത്തിൽ കൊച്ചിക്കോട്ട പിടിക്കുവാൻ ലന്തയ്ക്കു സാധിച്ചില്ല.

ചതുർത്ഥപാദം

വീരകേരളവർമ്മത്തമ്പുരാൻ തന്റെ ദയനീയാവസ്ഥ ലന്തഗവർണ്ണരെ ധരിപ്പിക്കുവാൻ വീണ്ടും കുളമ്പിലേയ്ക്കു പോകുന്നതുമുതല്ക്കുള്ള ചരിത്രമാണു് കവി ചതുർത്ഥപാദത്തിൽ കഥനം ചെയ്യുന്നതു്. “ജംഭാരിതൻമീതെയായ കുംഭഞ്ഞി കൊച്ചിക്കോട്ട പടിക്കാത്തതിനു് അമരാലോടു് കയർത്തു് എന്നെക്കണക്കെന്റെ രാജനെ നിങ്ങളും നന്നായ് ബഹുമാനസ്നേഹമുൾക്കൊണ്ടുടൻ ചൊല്ലുന്ന വേലകൾ കേട്ടില്ലെന്നാകിലോ കൊല്ലുന്നതുണ്ടു ഞാൻ” എന്നു ഭയപ്പെടുത്തി രണ്ടാമതും ഒരു സേനയെ അയച്ചുകൊടുത്തു. വഴിയിൽ ലന്തക്കപ്പലിൽവെച്ചു വലിയ തമ്പുരാൻ മരിക്കുകയാൽ അദ്ദേഹം ചാഴൂരിൽനിന്നു ദത്തെടുത്തിരുന്ന വീരകേരളവർമ്മത്തമ്പുരാൻ ആ സ്ഥാനത്തിൽ ആരൂഢനായി. ആ തമ്പുരാനും ലന്തപ്പടയും കൊച്ചിക്കു നേരെ അടുത്തു. ഗോദവർമ്മതമ്പുരാനും ചെമ്പകശ്ശേരിരാജാവും എറണാകുളത്തും പറങ്കികൾ കൊച്ചിക്കോട്ടയിലും യുദ്ധോദ്യുക്തരായി നിലകൊണ്ടു. ആദ്യമായി ചെമ്പകശ്ശേരിക്കാരുടെ വഞ്ചിപ്പടയെ നശിപ്പിക്കുവാൻ തന്റെ കപ്പൽ സേനയുടെ ഒരു ഭാഗം ലന്തക്കാരുടെ വലിയ കപ്പിത്താൻ വിനിയോഗിച്ചു. ആ പോരിൽ ചെമ്പകശ്ശേരിയാണു് ജയിച്ചതു്. പ്രസ്തുത കാവ്യത്തിലെ അത്യന്തം മനോഹരമായ ഒരു ഭാഗമാകുന്നു ആ നാവികസമരവർണ്ണനം.

“മിന്നുംവെടിത്തിരയൊക്കെക്കൊളുത്തുന്നു;
നന്നായ്മനമുറപ്പിച്ചു നിന്നീടുന്നു;
കൊള്ളട്ടെയെന്നുടൻ വെള്ളത്തിൽച്ചാടുന്നു;
വള്ളമിടയിട്ടു വെട്ടുന്നു തങ്ങളിൽ,
രണ്ടു പരിഷയും വെള്ളത്തിലായാറെ
യുണ്ടായ യുദ്ധമെന്തൊന്നു പറവു ഞാൻ.
ഓളത്തൊടൊന്നിച്ചു നീന്തിയടുക്കുന്നു:
ചീളെന്നു വെട്ടിപ്പുറക്കോട്ടു വാങ്ങുന്നു;
വാട്ടമുള്ളേടത്തു വീരരടുക്കുന്നു;
കൂട്ടത്തിൽപ്പെട്ടുടൻ തീട്ടുന്നു തങ്ങളിൽ.
കത്തു വരക്കണ്ടു തട്ടിക്കളയുന്നു
കുത്തുകൾകൊണ്ടു കുടലു തെറിക്കുന്നു;
വഞ്ചിമേൽനിന്നു വെടികൾ പൊഴിക്കുന്നു;
നെഞ്ചു പൊളിഞ്ഞു മറിഞ്ഞുവീണീടുന്നു;
മത്തഗജങ്ങൾ പുഴയിലിറങ്ങീട്ടു;
കുത്തിക്കളിക്കുന്നതുപോലെ തങ്ങളിൽ
ശക്തിയോടേറ്റുടൻ കുത്തുന്നു, വെട്ടുന്നു;
ചത്ത ശവം പുഴതന്നിലൊഴുകുന്നു;
നില്ലു നില്ലെന്നു മുൻനോക്കിയടുക്കുന്നു;
നില്ലാതെയുള്ള കെറുവോടടുക്കുന്നു,
മേളമേറീടുന്ന ഭീരങ്കിയിൽനിന്നു
കാളുന്ന തീപോലെ വെന്തുപഴുത്തുടൻ
നാളികേരോപമമുള്ളൊളികൊള്ളിക
ളോളത്തിനുമീതെ തെറ്റിനടക്കുന്നു.
കോലുളികൊണ്ടു വലിച്ചുകൂടാഞ്ഞിട്ടു
കാലുവിറച്ചു ലന്തേശു ഭ്രമിക്കുന്നു.
തൊപ്പികളൊക്കെത്തെറിച്ചുതുടങ്ങുന്നു;
കുപ്പായം ചീർത്തടൻ കെല്പു കുറയുന്നു
തോക്കുകളും വാളും വെള്ളത്തിൽപ്പോകുന്നു;
തോല്ക്കുമാറായിതു ലന്തപ്പരിഷയും.
തീക്കൊള്ളിപോലേ ശരങ്ങളേറ്റീടുന്നു;
തീക്കുടുക്കകളും കത്തിയണയുന്നു;
ചേലയും കൂന്തലും കത്തിപ്പൊരിയുന്നു;
മാലോകരും കണ്ടു വിസ്മയിച്ചീടുന്നു.
കാണിപോലും പഴുതാത നായന്മാർകൾ
പ്രാണനെക്കൈവെടിഞ്ഞത്യന്തശൗര്യേണ
നില്ലാതെയുള്ള കെറുവോടണയുന്നു;
മൂക്കിൽ വെള്ളം പുക്കു ചീറ്റിത്തുടങ്ങുന്നു;
തോക്കുകൾകൊണ്ടു തലയ്ക്കിട്ടിടിക്കുന്നു.
തോല്ക്കരുതെന്നു ഭാവിച്ചു പൊരുന്നേരം
മത്സ്യങ്ങളൊക്കെയുമുത്സാഹവും പൂണ്ടു
മത്സരത്തോടു കൊത്തിപ്പറിച്ചീടുന്നു.
മുങ്ങിക്കളയുന്നു വെട്ടുവരക്കണ്ടു
പൊങ്ങുന്നനേരം തലകൾ തെറിക്കുന്നു.
തിണ്ണം കടലലറീടുന്നതുപോലെ
പൊണ്ണത്തടിയരലറിനിന്നീടുന്നു.”

ഇങ്ങനെ പോകുന്ന വർണ്ണനം വായിക്കുമ്പോൾ നമുക്കു ആ യുദ്ധം പ്രത്യക്ഷമായി കണ്ടതുപോലെയുള്ള പ്രതീതിയാണു് ജനിക്കുന്നതു്. കവിയുടെ പ്രതിപത്തി ചെമ്പകശ്ശേരിയുടെ നേർക്കാണു്. കൊച്ചിക്കോട്ടയിൽ ചെന്നു പറങ്കിയോടു കീഴടങ്ങുവാൻ ആജ്ഞാപിക്കുന്നതും അതിനു പറങ്കി വിസമ്മതിക്കുന്നതും മറ്റൊരു രസകരമായ ഘട്ടമാണു്.

“എന്തിന്നു നിങ്ങൾ പഴുതേ മരിക്കുന്നു?
ബുന്ധുക്കളാരുമില്ലെന്നു ധരിക്കണം
എന്നുടെ ശൗര്യവും നിങ്ങളറിഞ്ഞില്ല
മുന്നം വടക്കോട്ട ഞാൻ പിടിച്ചേനല്ലോ.
പിന്നെ നിങ്ങൾക്കു തുണയായ മന്നരെ
ത്തന്നെയും കൊന്നിതു ഞാൻ ബലവീര്യത്താൽ.
തോല്ക്കുമാറേയുള്ളു നിങ്ങൾ ഞങ്ങളോടു
പോർക്കൊരുമിച്ചു വരുന്ന നാളൊക്കയും.
നല്ല പരദേശത്തുള്ളൊരു കോട്ടകൾ
ചൊല്ലിക്കൊണ്ടൊത്തു പിടിച്ചതും ഞാനല്ലോ,
പിന്നെ മറുനാട്ടിലുള്ള കൊടുങ്ങല്ലൂർ
തന്നെയടക്കിജ്ജയിച്ചതും ഞാനല്ലോ,
എന്നതിനുമുൻപു പള്ളിപ്പുറത്തൻപൊടു
വന്നഴകിൽക്കോട്ടകൊണ്ടതും ഞാനല്ലോ.
അന്നേതുതന്നെയീ ലന്ത ഞാനെന്നതു
മിന്നൊന്നു മാറിപ്പറകയുമില്ലല്ലോ.
അന്നുള്ളവർതന്നെ നിങ്ങളുമായതു
മിന്നൊന്നു മാറിപ്പോയില്ലെന്നു നിർണ്ണയം.
പിന്നെയെന്തിന്നു പഴുതേ നടിക്കുന്നു
നിന്നു പൊറുക്കരുതാതോരു നിങ്ങളും?
ഇന്നു നിങ്ങൾക്കൊരു നല്ലതാകുന്നതു
മെന്നോടഴിഞ്ഞുപൊറുക്കെന്നതുതന്നെ.”

എന്നു ലന്തയുടെ ഉപഹാസപരമായ വാക്കിനു പറങ്കി വീരോചിതമായ വിധത്തിൽ ഇങ്ങനെ മറുപടി നല്കുന്നു.

“ചാവും മുറിവും പെരുത്തു വലഞ്ഞിട്ടൊ
രാവതില്ലാതെ ചമഞ്ഞാലിണങ്ങുവൻ.
മുന്നം നീ തന്നെ പലപല കോട്ടക
ളെന്നോടു വെട്ടിപ്പിടിച്ചനാളൊക്കെയും
നീങ്ങെന്നു നീ പറയുന്നതു കേട്ടു ഞാൻ
നീങ്ങുമാറില്ലെന്നതുമറിഞ്ഞീടുക,
ബന്ധുക്കളും കൊറ്റുമില്ലെന്നുവന്നൊഴി
ഞ്ഞെന്തൊരു നാളിൽജ്ജയിച്ചു പണ്ടെന്നെ നീ?
ഞങ്ങൾക്കു ഞങ്ങടെ മൂലസ്ഥലമതും
പ്രത്തുകാൽനാടുമക്കോട്ടപ്പടികളും
രാജധാനികളും സിംഹാസനങ്ങളു
മിന്നൊന്നു നിർമ്മിച്ചുവന്നതല്ലെന്നറി.
ശൗര്യം നിനക്കതിമാത്രമുണ്ടെങ്കിലും
ശൗര്യമുള്ള ജനം കാട്ടുമാറേയുള്ളു.
അഞ്ചു ലന്തേശുമൊരു ദുളുദാസുമായ് [7]
നേരെ പലർ കാണ്കെ നിന്നുപൊരുതെന്നാൽ
എന്റെ ദുളുദാസു തോറ്റുപോയെങ്കിലോ
കോട്ടയും തന്നു പടയുമിളച്ചുടൻ
നീ ചൊന്നതൊക്കെയും സൌജന്യമെന്നുടൻ
നീതിയോടേ കണ്ടൊഴിഞ്ഞു വാങ്ങിത്തരാം.
അല്ലാതെ നീ പറയുന്ന പേവാക്കുകൾ
ന്യായമല്ലെന്നതറിവോരറിഞ്ഞിടും:
ഇപ്പോൾ നിനക്കു തുണ പലരുണ്ടല്ലോ
കെല്പോടെനിക്കാരുമില്ലെന്നിരിക്കിലും
ചെറ്റു പൊരുതേയടങ്ങുന്നതുള്ളു ഞാ
നുറ്റു നീ പോരിന്നു കോപ്പിട്ടുകൊണ്ടാലും.”

ആ യുദ്ധത്തിൽ പറങ്കികൾ തോറ്റു. “തൊപ്പിയൂരിത്തല ചായ്ച്ചു നല്ലായുധം കെല്പുകുറഞ്ഞവൻ മുൻപിൽ വെച്ചീടിനാർ.” 838-ആമാണ്ടു ധനുമാസം 28-ആംനു വെള്ളിയാഴ്ചയാണു് ആ സംഭവം നടന്നതെന്നു കവി നമ്മെ അറിയിക്കുന്നു. വീരകേരളവർമ്മത്തമ്പുരാൻ കൊച്ചിയിൽ തിരുമൂപ്പു വാണു. ചെമ്പകശ്ശേരിതമ്പുരാൻ അദ്ദേഹത്തിന്റെയും ലന്തയുടെയും സഖ്യം സമ്പാദിച്ചു. കരപ്പുറത്തുകാർ അദ്ദേഹത്തിന്റെ ആധിപത്യത്തിനു കീഴടങ്ങി. ഗോദവർമ്മ രാജാവു് അമ്പലപ്പുഴ നിന്നു തെക്കോട്ടു നീങ്ങി.

അഞ്ചുമാറും പാദങ്ങൾ

അഞ്ചുമാറും പാദങ്ങളെപ്പറ്റി അധികമൊന്നും പ്രസ്താവിക്കുന്നില്ല. ഗോദവർമ്മ തിരുവനന്തപുരത്തുപോയി “വഞ്ചിപൻമന്നനെ” കണ്ടു എങ്കിലും അവിടെനിന്നു് അദ്ദേഹത്തിനു് ഒരു സാഹായ്യവും ലഭിച്ചില്ല. പിന്നെയും ഒരു സൈന്യത്തെ ശേഖരിച്ചുകൊണ്ടു് ആ തമ്പുരാൻ കരപ്പുറത്തുവെച്ചു ലന്തക്കാരുമായി എതിർക്കുകയും ആ യുദ്ധത്തിലും പരാജിതനാകുകയും ചെയ്തു. സാമൂതിരി കൊടുങ്ങല്ലൂർക്കോട്ട കയ്യടക്കിവച്ചുകൊള്ളുകയും, അതു തിരികെ കൊച്ചിക്കു കൊടുക്കണമെങ്കിൽ തന്റെ പടച്ചെലവു കിട്ടണമെന്നു ശഠിക്കുകയും ചെയ്യുകയാൽ കൊച്ചിത്തമ്പുരാനും ലന്തയും ഒരുവശത്തും സാമൂതിരിയും പറങ്കിയും മറുവശത്തുമായി വീണ്ടും ഒരു യുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നു. അതുസംബന്ധിച്ചുള്ള ഒരുക്കമാണു് ഷഷ്ഠപാദത്തിൽ പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നതു്. ഒടുവിൽ ലന്ത ആ കോട്ട 845-ആമാണ്ടു കന്നിമാസം 15-ആംനു വീണ്ടെടുത്തു. അങ്ങനെ പള്ളുരുത്തിത്താവഴിയിൽനിന്നു ദത്തുപുക്ക രാമവർമ്മത്തമ്പുരാൻ മൂത്തതാവഴിയിൽനിന്നു ദത്തുപുക്ക വീരകേരളവർമ്മത്തമ്പുരാന്റെ നേർക്കു പ്രവർത്തിച്ച അന്യായത്തിന്റെ ഫലം ആ തമ്പുരാന്റെ പിൻവാഴ്ചക്കാരായി വെട്ടത്തുനിന്നു ദത്തുകേറിയ തമ്പുരാക്കന്മാർ അനുഭവിച്ചു. വീരകേരളവർമ്മത്തമ്പുരാന്നും അദ്ദേഹത്തിന്റെ പിൻവാഴ്ചക്കാർക്കും നേരിട്ട സങ്കടം കാലാന്തരത്തിൽ പരിഹൃതവുമായി. ആ വസ്തുത പര്യാലോചിക്കുമ്പോൾ പടപ്പാട്ടു സന്മാർഗ്ഗോപദേശകമായ ഒരു കാവ്യമാണെന്നുകൂടി സമർത്ഥിക്കാവുന്നതാണു്. അതോടുകൂടി പടപ്പാട്ടു് അവസാനിക്കുന്നു. ഷഷ്ഠപാദത്തിൽ ലന്തക്കാർ തിരുവഞ്ചിക്കുളത്തു കേറിയുറപ്പിച്ച മരക്കോട്ടയെപ്പറ്റിയുള്ള വർണ്ണനം കവിയുടെ കല്പനാശക്തിക്കു മകുടോദാഹരണമായി പ്രശോഭിക്കുന്നു.

“മേരുമലയ്ക്കൊരു വൈരി പുറപ്പെട്ടു കേരളഭൂമിയിൽനിന്നു വടക്കോട്ടു നേരേ വരുന്നു” എന്നാണു് ആ കോട്ടയെ അദ്ദേഹം ഉല്ലേഖനം ചെയ്യുന്നതു്.

“മേരുമലയ്ക്കു ശിഖരങ്ങളുണ്ടെങ്കിൽ
ചാരുതണ്ടായ ശിഖരമിതിനുണ്ടു്.
അമ്മലമേൽ കരിസിംഹമലറുകി
ലിമ്മരക്കോട്ടയിൽത്തോക്കലറീടുമേ.
വണ്ടുകളമ്മലമേൽ മുരണ്ടീടുകിൽ
തണ്ടുകളെല്ലാം മുരണ്ടലറുമിതിൽ.
ഗന്ധർവരാദികളങ്ങു വസിക്കിലോ
സന്തതം ലന്തകൾ വാഴുന്നിതിലുമേ.
തണ്ണീർ നിറഞ്ഞ തടമതിലുണ്ടെങ്കിൽ
തണ്ണീർ നിറച്ച പത്താഴങ്ങളുണ്ടിതിൽ.
കുന്നിന്മാതങ്ങു കളിച്ചുവസിക്കിലോ
ഇന്ദിരാദേവി കളിച്ചിങ്ങിരിക്കുന്നു.
അന്നം പറക്കും തലയ്ക്കുമീതെങ്കിലോ
ഉന്നം പറക്കും കൊടിക്കൂറ കോട്ടമേൽ.
കൂർത്തുമൂർത്തുള്ള മുള്ളുണ്ടതിലെങ്കിലോ
ചേത്തിരുമ്പാണിമുള്ളുണ്ടിതിന്മേലുമേ.
ഈശാനനാശ്രയം പൂണ്ടതു വാഴുകിൽ
പാശിതാനാശ്രയം പൂണ്ടിതു വാഴുന്നു.
സൂര്യന്റെ തേരതിൻ ചുറ്റും നടക്കിലോ
വാരിധിത്തേരിതിൻ ചുറ്റും നടക്കുന്നു.
കല്ലുണ്ടതിലുരുണ്ടെന്നതാകുന്നെങ്കിൽ
കല്ലുണ്ടയുണ്ടിതിൽച്ചിത്രം തരംതരം.
ഏണമതിൻചുവട്ടിൽക്കിടന്നീടുകിൽ
ചീനിയിതിൻചുവട്ടിൽക്കിടന്നീടുന്നു.
പാമ്പുകളുണ്ടു തടിച്ചതതിലെങ്കിൽ
പാമ്പുകയറുണ്ടിതിലും മനോഹരം.
പാഴുമരമുണ്ടു പർവതത്തിലെങ്കിൽ
പാമരമുണ്ടു വളർന്നതിതിലുമേ”

എന്നാണദ്ദേഹത്തിന്റെ ഉപപാദനരീതി. പടപ്പാട്ടിന്റെ പ്രണേതാവിനെ മഹാകവി എന്നോ പണ്ഡിതമൂർദ്ധന്യനെന്നോ പറയുവാൻ പാടില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാവനാസമ്പത്തിനേയും വർണ്ണനാചാതുര്യത്തേയും മുക്തകണ്ഠമായി പ്രശംസിക്കുവാൻ ഏതു പുരോഭാഗിയും മടിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ ഭാഷാശൈലി സാമാന്യജനങ്ങളുടേതാണു്. അക്കാലത്തു പ്രചാരലുപ്തങ്ങളായിരുന്ന ചില പ്രയോഗങ്ങളും കാണ്മാനുണ്ടു്. ദേശചരിത്രവും സമരവ്യാപാരവും സംബന്ധിച്ചു് അദ്ദേഹത്തിനുള്ള അവഗാഹം അസാധാരണമാണു്. ക്യാപ്റ്റൻ ന്യൂഹോഫ് മുതലായ ലന്തക്കാരുടെ ഗ്രന്ഥങ്ങളിലും തൃപ്പൂണിത്തുറ ഗ്രന്ഥപ്പുരയിലും മറ്റും പ്രതിപാദിക്കുന്ന അക്കാലത്തെ ആ സംഭവങ്ങൾ പടപ്പാട്ടിൽ അണുമാത്രംപോലും വ്യത്യാസം കൂടാതെ പ്രപഞ്ചനം ചെയ്തിരിക്കുന്നു. എന്നുമാത്രമല്ല രാഘവൻ കോവിൽ ആരായിരുന്നു എന്നും മുരിയതിട്ട നമ്പൂരിമാരെ ലന്തക്കാർ ബന്ധനസ്ഥന്മാരാക്കിയോ എന്നും അമ്മത്തമ്പുരാന്റെ നേർക്കു മൂത്തതാവഴിത്തമ്പുരാക്കന്മാരുടെ മനോഭാവമെന്തായിരുന്നു എന്നും മറ്റുമുള്ള അനേകം വാദഗ്രസ്തങ്ങളായ വിഷയങ്ങളിൽ അതു സംശയനിവൃത്തിക്കു പര്യാപ്തമായ വിധത്തിൽ പുതിയ അറിവുകൾ തരുന്നുമുണ്ടു്. കവി താൻ വർണ്ണിക്കുന്ന ചില യുദ്ധങ്ങളിൽ ഭാഗഭാക്കായിരുന്നതായി കരുതുന്നതിൽപ്പോലും അസാംഗത്യമില്ല. അതെന്തായാലും അദ്ദേഹത്തിനു് അന്നത്തെ യുദ്ധസമ്പ്രദായത്തെപ്പറ്റിയുള്ള വിജ്ഞാനം സർവങ്കഷമായിരുന്നു എന്നുള്ളതു നിർവിവാദംതന്നെ. ഭാരതത്തിലെ ഇതരദേശവാസികളെ അപേക്ഷിച്ചു കേരളീയർ ദേശചരിത്രത്തെ വിഷയീകരിച്ചു കവനം ചെയ്യുന്നതിൽ താൽപര്യം പ്രദർശിപ്പിച്ചിരുന്നു എന്നുള്ളതിനു് ഒൻപതാം ശതകത്തിൽ വിരചിതങ്ങളായ ഹര്യക്ഷമാസസമരോത്സവം, പടപ്പാട്ടു്, മാമാങ്കോദ്ധരണം എന്നീ ഗ്രന്ഥങ്ങൾ ഉത്തമലക്ഷ്യങ്ങളാണു്. മലനാട്ടിൽ എങ്ങും എവിടെയും പട നടന്നിരുന്ന അക്കാലത്തു് അതിന്റെ പ്രതിഫലനം സാഹിത്യത്തിലും സംക്രമിച്ചതു് അസ്വാഭാവികമല്ലല്ലോ.

35.13കാടഞ്ചേരി നമ്പൂരി — കാലം

തെക്കേമലയാളത്തിൻ കാടഞ്ചേരിയില്ലത്തെ ഒരു നമ്പൂരി ‘മാമാങ്കോദ്ധാരണം’ എന്ന പേരിൽ ഒരു കിളിപ്പാട്ടു രചിച്ചിട്ടുണ്ടു്.

“മല്ലാരിസമൻ മാനവിക്രമൻ മനുജേന്ദ്ര
നല്ലിപ്പൂമകൾ പിരിയാത മങ്ഗലശീലൻ
സ്വർല്ലോകാദികളിലും കീർത്തിചേർത്തിടും നാഥ
ന്നുള്ള സർവ്വാർത്ഥകാര്യമാർഗ്ഗലേഖകന്മാരിൽ
വല്ലഭമേറും കാടഞ്ചേരിയില്ലം നല്ല
പല്ലാനിക്കോടം വീടുമീശന്മാർ ചെറിയന്നേ
വല്ലാതെ വലഞ്ഞുഴന്നീടിനോരെന്നെക്കണ്ടി
ട്ടല്ലൽ തീർത്തെടുത്തങ്ങു കൊണ്ടുപോയനുദിനം
മെല്ലെമെല്ലെവേ നറുംപാലുമന്നവും തന്നു
കല്യമോദേന പരിപാലിച്ചു വേണ്ടുംവണ്ണം”

എന്നു ഗ്രന്ഥാരംഭത്തിൽ കിളി പാടിയിരിക്കുന്നു. പല്ലാനിക്കോടം വീടു് ഏതെന്നു മനസ്സിലാകുന്നില്ല. അതിന്റെ അധിപൻ ഒരു നായരായിരിക്കണം. അദ്ദേഹത്തിനും പ്രസ്തുതകൃതിയുടെ രചനയിൽ അനുഗ്രാഹകത്വമുണ്ടായിരുന്നതായി സങ്കല്പിക്കേണ്ടിയിരിക്കുന്നു. അവർ രണ്ടുപേരും കഥാനായകന്റെ കോവിലകത്തു ലേഖനവൃത്തിയിൽ ഏർപ്പെട്ടിരുന്നു. കൃഷ്ണനാട്ടം നിർമ്മിച്ച മാനവേദനെ തുടർന്നു് നെടുവിരിപ്പു (നെടിയിരുപ്പു) സ്വരൂപം പരിപാലിച്ചു തിരുവോണം തിരുനാൾ, അശ്വതി തിരുനാൾ, പൂരാടംതിരുനാൾ, ഉത്തൃട്ടാതിതിരുനാൾ എന്നീ നാലു രാജാക്കന്മാരെപ്പറ്റി ചുരുക്കമായി ചിലതെല്ലാം പ്രസ്താവിച്ചതിനുമേൽ തന്റെ കഥാനായകനായ ഭരണിതിരുനാൾ മാനവിക്രമരാജാവിന്റെ രാജ്യഭാരത്തെയും അദ്ദേഹം 869-ആമാണ്ടും, 870-ആമാണ്ടും നടത്തിയ രണ്ടു മാമാങ്കങ്ങളേയുംപറ്റി കവി വർണ്ണിക്കുന്നു. അവരിൽ ആദ്യത്തെ നാലു രാജാക്കന്മാരുടെ ഭരണകാലം 833 മുതൽ 859 വരെയാണു്. ഭരണിതിരുനാൾ 815-ൽ ജനിച്ചു. 859-ൽ സാമൂതിരിപ്പാടായി. 880-ൽ തീപ്പെട്ടു. 870-ലെ മാമാങ്കവും പ്രതിപാദ്യകോടിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ പ്രസ്തുത കൃതിയുടെ നിർമ്മിതി 870-നും 880നും ഇടയ്ക്കാണെന്നു് അനുമാനിക്കാവുന്നതാണു്.

ഗ്രന്ഥത്തിന്റെ സ്വരൂപം

മാമാങ്കോദ്ധരണത്തിൽ (1) ഗോകർണ്ണോദ്ധരണം (2) പൂന്തുറേശാധിപത്യം (3) പൂന്തുറേശവൃത്തം (4) മാഘമഹോത്സവം (5) ശക്തിപ്രസാദം (6) മാമാങ്കോദ്ധരണം എന്നീ ആറു ഖണ്ഡങ്ങൾ അടങ്ങിയിരിക്കുന്നു. മാമാങ്കോദ്ധരണത്തിനുശേഷമുള്ള സംഭവങ്ങൾകൂടി ശാരിക പറയുവാൻ സപ്തമഖണ്ഡത്തിൽ ഉപക്രമിക്കുന്നു എങ്കിലും അതിൽ ഏതാനും വരികൾ മാത്രമെ കണ്ടുകിട്ടീട്ടുള്ളു. പ്രഥമ തൃതീയഖണ്ഡങ്ങൾ കേകയിലും മറ്റു നാലു ഖണ്ഡങ്ങളും കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കാകളിയിൽ അങ്ങിങ്ങു കളകാഞ്ചിയും മണികാഞ്ചിയും മറ്റും മിശ്രണം ചെയ്തിട്ടുണ്ടെങ്കിലും ആ വൃത്തങ്ങൾകൊണ്ടു കൈകാര്യം ചെയ്യാൻ കവി താരതമ്യേന അസമർത്ഥനാണെന്നു പറയേണ്ടിയിരിക്കുന്നു. ആദ്യത്തെ രണ്ടു ഖണ്ഡങ്ങളിലും കേരളോല്പത്തിയിലെ ഇതിവൃത്തം തന്നെയാണു് പ്രതിപാദിച്ചിരിക്കുന്നതു്. ശ്രീപരശുരാമന്റെ സ്രൂക്ഷേപണംകൊണ്ടു സമുദ്രം നീങ്ങുന്നതും തൽഫലമായി ആവിർഭവിച്ച ഭൂമി അദ്ദേഹം ബ്രാഹ്മണർക്കു ദാനം ചെയ്യുന്നതും അങ്ങനെ തങ്ങൾക്കു ലഭിച്ച രാജ്യം അവർതന്നെ കുറെക്കാലം രക്ഷിക്കവേ അധർമ്മം വർദ്ധിച്ചപ്പോൾ ദാതാവിന്റെ അനുമതി വാങ്ങി കേരളൻ എന്നൊരു രാജമന്ത്രിയെ (ചോള ദേശത്തുനിന്നെന്നു കേരളോൽപ്പത്തി) കൊണ്ടുവന്നു രാജാവായി വാഴിക്കുന്നതും ഒടുവിൽ ചേരമാൻപെരുമാൾ തന്റെ പ്രകൃതി രഞ്ജനാപാടവംകൊണ്ടു് ആയുരന്തംവരെ രാജ്യഭാരം ചെയ്യുന്നതും ആസന്നമരണനായ കാലത്തു് അദ്ദേഹം മധ്യകേരളം തന്റെ ഏഴു പുത്രന്മാർക്കായി വീതിച്ചുകൊടുക്കുന്നതും മറ്റും ഈ കൃതിയിലും വിവരിച്ചിട്ടുണ്ടു്. പിന്നീടാണു് അദ്ദേഹത്തെ ഭക്തനായ പൂന്തറേശൻ ചെന്നു തൊഴുതതു്. കോഴിക്കോടിനു മുൻപു നെടിയിരിപ്പു സ്വരൂപത്തിന്റെ രാജധാനി പൂന്തുറയായിരുന്നു. “തൽപാദഭക്തന്നു സൽകരിച്ചീടുവാനല്പമെന്നാകിലുമൊന്നു കാണായ്കയാൽ, കുക്കുടക്കോടരക്രോശമാത്രം” തനിക്കു ബാക്കിയുണ്ടായിരുന്ന സ്ഥലം ആ വീരനു ദാനംചെയ്തു.

“കർമ്മഭൂദേശമിവിടമാകുന്നതു്;
ധർമ്മമര്യാദകൾ നീങ്ങാതെ സന്തതം
ബ്രാഹ്മണരേയും പശുക്കളേയും മഹാ
ധാർമ്മികന്മാരായ സാധുക്കൾ തമ്മെയും
രക്ഷിപ്പതിനു സർവ്വാധിപത്യം നിന
ക്കൊക്കെയടക്കിത്തരുന്നുണ്ടു നിർണ്ണയം”

എന്നു കല്പിച്ചു പെരുമാൾ തന്റെ പള്ളിവാൾ അദ്ദേഹത്തിന്റെ കയ്യിൽ സമർപ്പിക്കുകയും

“ചൊല്ലെഴും മക്കത്തു കപ്പലോടിക്കയും
കല്യാണമുൾക്കൊണ്ടു മാമങ്കമാകിയ
നല്ല മഹോത്സവം മേളിച്ചുകൊൾകയു
മല്ലലൊഴിഞ്ഞു ചെയ്താലും നിരന്തരം”

എന്നുകൂടി അനുശാസിക്കയും ചെയ്തു ബ്രഹ്മസായുജ്യം പ്രാപിച്ചു. ഈ വരങ്ങളെ പെരുമാളുടെ ആശംസയായി മാത്രമേ കരുതേണ്ടതുള്ളു. എന്തെന്നാൽ അദ്ദേഹത്തോടു “ചമ്മംപരിശ” വാങ്ങിയ വള്ളുവക്കോനാതിരിക്കാണു് മാമാങ്കാഘോഷത്തിന്നുള്ള അവകാശം അദ്ദേഹം ആദ്യമായി ദാനംചെയ്തതെന്നു ഗ്രന്ഥകാരൻ തന്നെ പറയുന്നുണ്ടു്. കോഴിക്കോടിനു പ്രാബല്യം സിദ്ധിച്ചതിനുമേലല്ലാതെ “മക്കത്തു കപ്പലോടിക്കുവാൻ” തരവുമില്ലല്ലോ. അതു് എങ്ങനെയായാലും പൂന്തുറേശൻ ഉടനടി തന്നെ കോഴിക്കോട്ടുനഗരം സ്ഥാപിച്ചു് അതു തന്റെ രാജധാനിയാക്കി ക്രമേണ അയൽനാടുകളിൽ ഓരോന്നായി “ചത്തും കൊന്നും അടക്കി”ത്തുടങ്ങി.

പരശുരാമൻ വരുണന്റെ നേർക്കു ഭാർഗ്ഗവാസ്ത്രം പ്രയോഗിച്ചപ്പോൾ ലോകത്തിനു സംഭവിച്ച ദശാന്തരം കവി ഇങ്ങനെ വർണ്ണിക്കുന്നു.

“കല്പാന്തനലസമമായ ദിവ്യാസ്ത്രം തൊടു
ത്തപ്പൊഴുതതിശയമുൽപതിച്ചെഴും ധൂളി
ചക്രവേഗേന മിത്രമണ്ഡലം മറയുന്നു;
രക്തവൃഷ്ടിയുമുല്ക്കാപാതവുമശനിയും
വിച്യുതിച്ചളവതു കണ്ടതിപരവശാൽ
അച്ചരിത്രങ്ങളെന്തായ് വരുമെന്നറിയാഞ്ഞു
യക്ഷകിന്നരഗന്ധർവ്വോരഗവിദ്യാധര
രക്ഷോഗുഹ്യകപിശാചാദികളെല്ലാവരും
വിഭ്രാന്തന്മാരായ്ച്ചമഞ്ഞീടിനാരോരോ ദിക്കിൽ;
വിഭ്രമം കലർന്നിതു മറ്റുള്ള ജനങ്ങളും.
അബ്ധിയും ഖരതരം തിളച്ചുമറിഞ്ഞുട
നപ്പുകൾ കുറുകിമിട്ടാൽ കവിഞ്ഞിളകുന്നു.
പുഷ്കരാലയനിയതാലയനിവാസിക
ളൊക്കവേ ബഹുവിധമുഷ്ണിച്ചു പിടയുന്നു.
നക്രമത്സ്യാഹിഗ്രാഹകച്ഛപതിമിംഗല
മുഖ്യസൂകരജലമാനുഷാദികളെല്ലാം
തിഗ്മവേഗങ്ങൾ സഹിയാഞ്ഞുഴന്നഴല്പെട്ടു
വ്യഗ്രമുൾക്കലർന്നങ്ങോടിങ്ങോടുമലയ്ക്കുന്നു.
ശുക്രാദിമുനികളും രാമനെപ്പുകഴ്ന്നതി
ഭക്ത്യാ സന്താപവേഗാലൊട്ടോട്ടു പിൻവാങ്ങുന്നു.
ശക്രാദിദേവകളുമീശശിഷ്യാധിക്യം ക
ണ്ടുൾക്കാമ്പു തെളിഞ്ഞഖിലേശനെ വണങ്ങുന്നു.
വിപ്രാദിസാധുക്കളും ദേവകളസുരക
ളെപ്പേരും വരുണനോടത്ഭുതം കണ്ടുകണ്ടു
ധിക്കാരം കാട്ടിടാതെ ഭാർഗ്ഗവൻതന്നെച്ചെന്നു
സല്ക്കരിച്ചാലും ഭവാനെന്നൊക്കെപ്പറയുന്നു.”

ഇനി ഭരണി തിരുനാൾതമ്പുരാന്റെ അപദാനങ്ങളെ പരാമർശിച്ചു കവി പ്രധാനമായി എന്തു പറയുന്നു എന്നു നോക്കാം. മൂന്നും നാലും ഖണ്ഡങ്ങളിലാണു് അവയെപ്പറ്റി ഉപക്രമരൂപത്തിൽ പ്രസ്താവിച്ചിരിക്കുന്നതു്. അദ്ദേഹത്തെ

“പണ്ടു തൃശ്ശിവപേരൂർനിന്നു സൽഗതി നേടി
ക്കൊണ്ട ഭൂപൻതൻ സ്വസൃനന്ദനം കൃപാലയം
തണ്ടലർബാണസമം ബാഹുജവരാത്മജം
കൊണ്ടൽനേർവർണ്ണൻ കലാസംഭവം ദിവ്യാത്മാനം”

എന്നും മറ്റും ജനങ്ങൾ പുകഴ്ത്തി. പണ്ടു് ഒരു സാമൂതിരി ഒരു സ്വാമിയാരെ ഹിംസിക്കുകയും തന്നിമിത്തം ആ രാജവംശത്തിനു ധനനാശവും മാനഹാനിയും സംഭവിക്കുകയും ചെയ്ത കഥ അദ്ദേഹം ധരിച്ചപ്പോൾ ആ പരാഭവത്തിന്റെ ശാന്തിക്കായി ഒരു വലിയ സൈന്യത്തോടുകൂടി പോയി പല ശത്രുക്കളേയും ജയിച്ചു. അവിടുന്നു് അധികമായി താമസിച്ചിരുന്നതു് പൊന്നാനിക്കോവിലകത്തായിരുന്നു. 97 വയസ്സായ അമ്പാടിക്കോവിലകത്തു വലിയ തമ്പുരാട്ടിയുടെ നിര്യാണം ആസന്നമായി എന്നു കേട്ടപ്പോൾ അവിടെനിന്നു കോഴിക്കോട്ടെത്തുകയും ആ രാജ്ഞിയുടെ മരണാനന്തരം ശേഷക്രിയ ആഘോഷപൂർവം നിർവ്വഹിക്കുകയും ചെയ്തു. “തൽകുലേശ്വരി ജീവന്മുക്തയായ് വിളങ്ങി സൽഗുണാലയാ വിജ്ഞാനജ്ഞാനദയാവതീ” എന്നു കവി ആ തമ്പുരാട്ടിയെ വാഴ്ത്തുന്നു. ഭരണിതിരുനാൾ 865-ൽ തിരുനാവായിൽ വെച്ചു നാല്പത്തൊമ്പതു ദിവസത്തോളം നീണ്ടുനിന്ന ഒരു മൃത്യുഞ്ജയഹോമം ഫലാപേക്ഷകൂടാതെ അനുഷ്ഠിച്ചതായും കവി പറയുന്നുണ്ടു്. അയനിക്കൂറ്റു (ചിറളയം) ആറാംകൂറുതമ്പുരാൻ വെട്ടത്തു മൂന്നാംമുറത്തമ്പുരാനെ കൊച്ചിയിലെ ഇളയരാജാവായി വാഴിക്കുന്നതിനു ശ്രമിക്കുകയാൽ കൊച്ചി വലിയതമ്പുരാനും ലന്തക്കാരും ഭയപ്പെട്ടു് ആ സാമൂതിരിയുടെ സഹായത്തിനു് അപേക്ഷിച്ചു. അപേക്ഷകന്മാരുടെ വിചാരം താഴെക്കാണുന്ന പ്രകാരത്തിലായിരുന്നു.

“ചിന്തിച്ചു നമുക്കൊരു പിൻതുണയ്ക്കടയതായ്
പൂന്തുറേശനെത്തന്നെ ബന്ധുവായ് വരിക്കേണം.
സന്തതമല്ലായ്കിൽ മറ്റെന്തൊരാശ്രയം നമു
ക്കെന്തിനു പത്തെടുത്തു പത്തു നാം ചിന്തിക്കുന്നു?
പൂന്തുറേശ്വരൻ തുണയായ്വരുന്നാകിൽപ്പരി
പന്ഥികൾ മലയാളത്തിങ്കലാരുള്ളൂ പിന്നെ?
സന്തോഷിച്ചചലാബ്ധിനായകൻ പ്രസാദിപ്പാ
നെന്തൊരുപായമുള്ളതെന്നതേ ചിന്തിക്കേണ്ടൂ.
പണ്ടു നാം പിഴച്ചതുകൊണ്ടവനീശൻ തനി
ക്കുണ്ടല്ലോ തിരുവുള്ളക്കേടതിനിനിയിപ്പോൾ
കണ്ടു കാൽപിടിച്ചാകും പ്രായശ്ചിത്തങ്ങൾ ചെയ്തു
കൊണ്ടാലൻപോടു പരിപാലിപ്പാൻ മതിയല്ലോ.
വൻപെഴുമവനീശൻ സർവ്വപാലകനനു
കമ്പയുള്ളവർകളിൽ മുൻപനെന്നല്ലോ കേൾപ്പൂ.
മുൻപിനാൽപ്പിഴച്ചതു നാം കൊടുങ്ങല്ലൂർനിന്നു
തമ്പുരാൻതന്നോടതിന്നിന്നിനി പ്രായശ്ചിത്തം
ചെയ്വതുമവിടെനിന്നായ്ക്കൊള്ളാമതിനിപ്പോൾ
ദിവ്യനാം നരേന്ദ്രനെയിങ്ങെഴുന്നള്ളിക്കേണം.”

ഒടുവിൽ അവർ വെളുത്തേടത്തു ഭട്ടതിരിയെ ദൂതനായി സാമൂതിരിക്കോവിലകത്തേക്കു് പറഞ്ഞയച്ചു.

“പണ്ടു ലന്തേശൻ പിഴച്ചീടിനാനെന്നാകിലും
കണ്ടു കാൽ പിടിക്കിൽ നാം രക്ഷിക്കെന്നതേ വരൂ.
പാരിച്ച പിഴകളുണ്ടേറെയെന്നിരിക്കിലും
പാരിതിലഭയം നല്കീടുകെന്നാകുംവണ്ണം
യാചിച്ചുനിന്നാലവർക്കുള്ളപരാധം സഹി
ച്ചാചാരം പരിപാലിച്ചീടണമെന്നുണ്ടല്ലോ.
രാജാവിന്നതിൻമീതെ മറ്റൊരു ധർമ്മമില്ലെ
ന്നാചാരമാര്യന്മാരാൽ സമ്മതമെന്നുണ്ടതും”

എന്നു വേണ്ടപ്പെട്ടവരുമായി ആലോചിച്ചു തീർച്ചപ്പെടുത്തി തമ്പുരാൻ കൊടുങ്ങല്ലൂരേക്കു പോകുകയും അവിടെവെച്ചു് 866-ൽ ലന്തക്കാരുമായി ഒരു സന്ധിയിൽ ഏർപ്പെട്ടു തദ്വാരാ പന്ത്രണ്ടു വർഷത്തേക്കു പരസ്പരം കലഹം കൂടാതെ കഴിയുവാൻ വ്യവസ്ഥ ചെയ്കയും ചെയ്തു. ആ സന്ധിയുടെ ഫലമായാണു് ചേറ്റുവാ മണൽപ്പുറം സാമൂതിരിക്കു ലഭിച്ചതു്. വെട്ടത്തു മൂന്നാമൻ തമ്പുരാൻ ആ സംഭവവികാസങ്ങൾ അറിഞ്ഞപ്പോൾ അത്യന്തം വിഷണ്ണനായി. അദ്ദേഹത്തിന്റെ പേർ ഗോദവർമ്മാ എന്നായിരുന്നു. ആ രാജാവിനെ ബന്ധുക്കൾ സാന്ത്വനം ചെയ്യുന്നതു കവി താഴെ കാണുന്ന വിധത്തിൽ വിവരിക്കുന്നു.

“കാലദോഷത്താലുള്ള കാലുഷ്യമാർക്കില്ലാത്തൂ?
മാലോകർക്കെല്ലാവർക്കുമുണ്ടാവോന്നതു നൂനം.
കാലാരിനാഥൻ പന്തീരാണ്ടിരന്നീലേ മുന്നം?
കാലനുമൊരു കാലം ശൂലമേറ്റുലഞ്ഞുപോൽ.
ബാലനാം ഗണേശനും കൊമ്പടർന്നഴല്പെട്ടാൻ;
മാലിയെന്നൊരു മത്സ്യമായാനഗ്നിജൻതാനും.
വേധാവിന്നൊരു തല പോയി പണ്ടമരേന്ദ്ര
നാധിപൂണ്ടഹല്യയെ പ്രാപിച്ചേറ്റിതു ശാപം.
മേദിനീപതി നളൻ കലിയാവേശത്താലേ
മേദിനീ മുതലെല്ലാമൊഴിഞ്ഞു വാണീടിനാൻ.
കാമിനിമൂലമഭിമാനഹാനിയും വന്നു
രാമനാം ജഗന്നാഥൻ താനുഴന്നഴല്പെട്ടാൻ.
സോമവംശോൾഭൂതനാം ധർമ്മജൻ ചൂതിൽത്തോറ്റു
ഭൂമിയും ധനങ്ങളും വിട്ടുതാൻ വനം പുക്കാൻ.
കേവലമേവം മറ്റു പലർക്കുമന്നന്നോരോ
രാവലാതികൾ വന്നു മേലിൽ നല്ലതും വന്നു.
നമുക്കുമതുപോലെ നല്ലതുവരും മേലിൽ
ഭൂമിച്ചീടാതെ ശമിച്ചീടുകെന്നിത്യാദികൾ
ബന്ധുക്കൾ പറഞ്ഞതു കേട്ടുടനകതാരി
ലന്തസ്താപവും തീർന്നു വാണിതന്നരേന്ദ്രനും.”

ചിറളയത്തു കോട്ട പിടിക്കുകയും ലന്തക്കാരിൽനിന്നു കായംകുളത്തു രാജാവിനുണ്ടായ ഉപദ്രവങ്ങൾ ശമിപ്പിക്കുകയുമാണു് സാമൂതിരി പിന്നീടു ചെയ്തത്. അനന്തരം മാമാങ്കം ആഘോഷിക്കുന്നതിന്നുള്ള ചടങ്ങുകൾ ആരംഭിച്ചു.

35.14മാമാങ്കത്തിന്റെ ചരിത്രം

മാമാങ്കമഹോത്സവത്തെപ്പറ്റി ചിലതെല്ലാം അനുവാചകന്മാർ ഈ ഘട്ടത്തിൽ ധരിച്ചിരിക്കേണ്ടത് ആവശ്യകമാണു്. മാഘ (മകം) നക്ഷത്രത്തിൽ വെളുത്ത വാവു വരുന്നമാസത്തിനു് (മകരം-കുംഭം) മാഘമാസം എന്നു പേർ പറയുന്നു. ഈ മാസത്തിൽ നിത്യവും പ്രാതസ്നാനം വിഷ്ണുപ്രീതികരമാണെന്നു പുരാണങ്ങൾ ഉപദേശിക്കുന്നു. കേരളത്തിലെ അതിപ്രധാനങ്ങളായ വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നാണല്ലോ തിരുനാവാ. അതു നവയോഗികളാൽ പ്രതിഷ്ഠിതമാണു്. നിളയെന്നും പ്രതീചിയെന്നും പേരാറെന്നുമുള്ള നാമാന്തരങ്ങളോടുകൂടിയ ഭാരതപ്പുഴ ആ ക്ഷേത്രത്തിന്റെ തെക്കു വശത്തുകൂടി കിഴക്കു പടിഞ്ഞാറായി പ്രവഹിക്കുന്നു. പന്ത്രണ്ടു വർഷങ്ങൾക്കൊരിക്കൽ മാഘമാസത്തിലെ മകം നാളിൽ ഭാരത ഭൂമിയിലെ പല പ്രശസ്തതീർത്ഥങ്ങളിലും ഗംഗയുടെ സന്നിധാനമുണ്ടാകുന്നതായി ആസ്തികന്മാർ വിശ്വസിക്കുകയും അന്നു് അവിടെപോയി സ്നാനം ചെയ്തു് തദ്വാരാ ദുഃഖത്തിനും ദാരിദ്ര്യത്തിനും നിവൃത്തി വരുത്തുവാൻ യത്നിക്കുകയും ചെയ്യുന്നു. ആര്യാവർത്തത്തിൽ ഹരിദ്വാരം, പ്രയാഗം, നാസിക്ക്, ഉജ്ജയിനി ഈ സ്ഥലങ്ങളിലും ദക്ഷിണാപഥത്തിൽ കുംഭകോണത്തും തിരുനാവായിലും ഈ സ്നാനോത്സവം പ്രധാനമായി ആഘോഷിക്കാറുണ്ട്. ആകെ തത്സംബന്ധമായി പന്ത്രണ്ടു പുണ്യതീർത്ഥങ്ങളുള്ളവയിൽ വർഷംതോറും ഓരോ തീർത്ഥത്തിനു വൈശിഷ്ട്യം കല്പിച്ചിരിക്കുന്നു. തിരുനാവായിലെ മഹാമാഘത്തിനു ‘മാമാകം’ എന്നൊരു പേർ പണ്ടുണ്ടായിരുന്നതായി കാണുന്നുവെങ്കിലും ‘മാമാങ്കം’ എന്ന സംജ്ഞയിലാണു് അതു പരക്കെ അറിയപ്പെടുന്നത്. മഹാമാഘം ദുഷിച്ചു മാമാകവും മാമാകം ദുഷിച്ചു മാമാങ്കവുമായി പരിണമിച്ചിരിക്കണമെന്നു് എനിക്കു തോന്നുന്നു. പ്രാചീനചേരരാജാക്കന്മാരുടെ കാലത്തുതന്നെ തിരുനാവായിൽ മാമാങ്കോത്സവം നടത്തിവന്നിരുന്നു. ‘പാണ്ടിയ്ക്കെഴുതിയയയ്ക്കുക’ എന്നുള്ള അതിന്റെ ഒന്നാമത്തെ ചടങ്ങു് പാണ്ടിയും കേരളവുമായുണ്ടായ സമ്പർക്കം നാമാവശേഷമായി വളരെക്കാലം കഴിഞ്ഞിട്ടും അനുഷ്ഠിച്ചുവന്നിരുന്നതായി കാടഞ്ചേരിയുടെ കിളിപ്പാട്ടിൽനിന്നു കാണാം. പ്രാചീനകാലത്തിലെ ചേരമാന്മാർ ചോളപാണ്ഡ്യരാജാക്കന്മാർക്കു് അയച്ചുവന്നിരുന്ന ക്ഷണപത്രത്തിന്റെ അർത്ഥശൂന്യമായ ആവർത്തനമായിരിക്കണം അതു്. പരഹിതഗണിതത്തിന്റെ രീതി വ്യവസ്ഥാപനം ചെയ്തതു് ഒരു മാമാങ്കത്തിലായിരുന്നു എന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഒടുവിലത്തെ പെരുമാൾ മാമാങ്കം നടത്തുന്നതിന്നുള്ള അധികാരം ‘ആറങ്ങോട്ടു്’ എന്നുകൂടി പേരുള്ള വള്ളുവനാട്ടുകര രാജാവിനാണു് കൊടുത്തതെന്നു കേരളോൽപത്തിയിൽ കാണുന്ന പ്രസ്താവന വിശ്വസിക്കാവുന്നതാണു്. “ഒടുക്കം മഹാമാഘവേല ആചരിച്ചു നടത്തുവാൻ വള്ളുവക്കോനാതിരി രാജാവിനു തിരുനാവായി മണൽപ്പുറവും നാടും പതിനായിരം നായരും കല്പിച്ചു കൊടുത്തു് ആറങ്ങോട്ടുസ്വരൂപം എന്നരുളിച്ചെയ്തു. സ്വരൂപം രക്ഷിപ്പാൻ ചോവരക്കൂറ്റിൽ തിരുമാനാംകുന്നത്തു ഭഗവതിയെ സ്ഥാനപരദേവതയാക്കിക്കല്പിക്കയും ചെയ്തു” എന്നതാണു് ആ പ്രസ്താവന. ആറിനു് (ഭാരതപ്പുഴയ്ക്കു്) അങ്ങോട്ടു് (വടക്കോട്ടു്) ഉള്ള രാജ്യമാകയാൽ ആറങ്ങോട്ടു് എന്നു് ആ നാട്ടിന്നു പേർ സിദ്ധിച്ചു. നെടുവിരുപ്പു സ്വരൂപം ക്രി. പി. 1042-ൽ സ്ഥാപിതമായിയെന്നു “ദേവോ നാരായണോവ്യാൽ” എന്ന കലിവാക്യത്തേയും ചോളശാസനങ്ങളേയും ആസ്പദമാക്കി നിർണ്ണയിക്കാവുന്നതാണു്. എന്നാൽ ഏറനാടു് അതിനുമുൻപു തന്നെ ഉണ്ടായിരുന്നു. ആ നാട്ടിന്റെ രാജധാനിയായിരുന്നു പൂന്തുറ. ക്രി. പി. 1320-ലെ വീരരാഘവപ്പട്ടയത്തിൽ ഏറനാട്ടിലേയും (നെടിയിരിപ്പു്) വള്ളുവനാട്ടിലേയും രാജാക്കന്മാർ സാക്ഷിനിന്നിരുന്നതായി കാണുന്നു. സാമൂതിരിമാർ ക്രമേണ പോലനാടു് (കടത്തനാടു്) പിടിച്ചടക്കി മഹമ്മദീയരുടെ സാഹായ്യത്തോടുകൂടി മാമാങ്കം നടത്തുന്നതിനുള്ള അധികാരം വള്ളുവക്കോനാതിരിയുടെ പക്കൽനിന്നു സ്വായത്തമാക്കി. കൊച്ചിമഹാരാജാക്കന്മാർ ചൊവ്വരക്കൂറ്റുകാരും സാമൂതിരിമാർ പന്നിയൂർക്കൂറ്റുകാരുമായിരുന്നു. വീരരാഘവപ്പട്ടയത്തിൽ ഈ രണ്ടു കൂറുകളേയും സ്മരിച്ചിട്ടുണ്ടു്. പന്നിയൂർക്കൂറ്റിൽപ്പെട്ട തിരുമനശ്ശേരി നമ്പൂരിയുടെ വക പൊന്നാനിദ്ദേശം തെക്കുനിന്നു കൊച്ചിമഹാരാജാവും വടക്കുനിന്നു വള്ളുവക്കോനാതിരിയും കൂറുമത്സത്തൈ ആസ്പദമാക്കി ആക്രമിക്കുവാൻ ഒരുമ്പെട്ടപ്പോൾ നമ്പൂരി പന്നിയൂർക്കൂറ്റിന്റെ തലവനായ സാമൂതിരിയെ അഭയംപ്രാപിച്ചു് അദ്ദേഹത്തിനു് ഒഴിഞ്ഞുകൊടുത്തു. അതിനെത്തുടർന്നാണ് സാമൂതിരി മാമാങ്കത്തിന്റെ ആധ്യക്ഷ്യം കരസ്ഥമാക്കിയതു്. മാമാങ്കാഘോഷം പ്രാചീനചേരരാജാക്കന്മാരുടെ സാർവ്വഭൗമചിഹ്നങ്ങളിൽ ഒന്നായിരുന്നതിനാൽ ആ ഉത്സവം സംബന്ധിച്ചിടത്തോളം സാമൂതിരിമാർക്കുള്ള സർവ്വോൽകൃഷ്ടത കേരളത്തിലെ മറ്റു നാടുവാഴികളെല്ലാം സമ്മതിച്ചുകൊടുത്തു. എന്നാൽ സ്ഥാനഭൂഷ്ടന്മാരായ വള്ളുവക്കോനാതിരിമാർമാത്രം അതിനു സന്നദ്ധരായില്ല. ഓരോ മാമാങ്കോത്സവത്തിലും അവരുടെ ‘ചാവേർ’ഭടന്മാർ തിരുമാന്ധാംകുന്നിലെ (തിരുമാനാംകുന്നെന്നു പഴയ പേർ) ഭഗവതിയുടെ ആജ്ഞാനുവർത്തികൾ എന്ന സങ്കല്പത്തിൽ സാമൂതിരിയെ മാമാങ്കത്തിന്നു മണിത്തറയിൽ നിലപാടു നില്ക്കുമ്പോൾ വധിക്കുന്നതിനായി ആവേശത്തോടുകൂടി പാഞ്ഞുചെന്നുകൊണ്ടിരുന്നു. എന്നാൽ ആ അവസരങ്ങളിലെല്ലാം സാമൂതിരിമാരുടെ സമർത്ഥന്മാരായ യോദ്ധാക്കൾ അവരെ വെട്ടിക്കൊന്നു് ആ മഹോത്സവം നിർവ്വിഘ്നമായി സമാപിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ ഒരു ചരിത്ര രേഖയിൽ പ്രസ്തുതമഹോത്സവത്തെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

“മേലെഴുതിയ ഉത്സവം പരിപാലിപ്പാനായിക്കൊണ്ടു നമ്മുടെ സ്വരൂപത്തിങ്കൽ മഹാരാജാവു് ആകുന്ന സാമൂതിരി രാജാവും, ശേഷം നാലു കൂറുവാഴ്ചയിലുള്ള രാജാക്കന്മാരും മന്ത്രി പ്രധാനികളും സേനാപതികളും മഹാബ്രാഹ്മണരും സകലമാന ജനങ്ങളോടുംകൂടി മേലെഴുതിയ തിരുനാവായ മഹാക്ഷേത്രത്തിന്റെ സന്നിധാനത്തിങ്കൽ കോവിലകങ്ങളും പണിയിച്ചു് ഇരുന്നു മേലെഴുതിയ ജനങ്ങൾ എല്ലാ പേരോടും സകലമാന വിരുതുകളോടുംകൂടി മേൽപ്പറഞ്ഞ മഹാവിഷ്ണുവിന്റെ ഉത്സവവും നദിയുടെ ഉത്സവവും നമ്മുടെ സ്വരൂപത്തിന്റെ പ്രതാപവുംകൂടി ഒന്നായി മേലെഴുതിയ മാഘമാസത്തിൽ 28 ദിവസവും നിലപാടും ഘോഷയാത്രയും നടത്തി സകലമാന ജനങ്ങൾക്കും അന്നദാനവും ചെയ്തു സന്തോഷിപ്പിച്ചു നിത്യവും നദിയിൽ സ്നാനവും ചെയ്തു മഹാവിഷ്ണുവിനേയും സേവിച്ചു ബ്രാഹ്മണരുടെ ആശീർവ്വാദത്തോടുകൂടി ഇരിക്കുമാറാകുന്നതു്. ഇപ്രകാരം മാമാങ്കവേല അലങ്കരിച്ചിരിക്കുമ്പോൾ മേലെഴുതിയ മലയാളത്തിലുള്ള രാജാക്കന്മാർ എല്ലാവരും അതിശയ പദാർത്ഥങ്ങളായിട്ടുള്ള ഉപായനങ്ങൾ കൊടുത്തയക്കുമാറാകുന്നതു്.”

ഒടുവിലത്തെ മാമാങ്കം 930-ആമാണ്ടു നടത്തുവാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്യപ്പെട്ടു. എന്നാൽ അതു നടന്നുവോ എന്നു നിശ്ചയമില്ല. 918-ആമാണ്ടു നടന്നുവെന്നറിയാം. ഹൈദരാലി നെടുവിരിപ്പുനാടു കയ്യടക്കി ചേറ്റുവാമണൽപ്പുറം വരെ തന്റെ അധികാരം വ്യാപിപ്പിച്ചു. 941 മേടമാസം 14-ആം തീയതി മാനധനനും മഹാധീരനുമായിരുന്ന അന്നത്തെ സാമൂതിരി ഹൈദരിൽനിന്നു രക്ഷപ്രാപിക്കുന്നതിനുവേണ്ടി കോഴിക്കോട്ടുള്ള തന്റെ കോവിലകം മരുന്നിട്ടു തീകൊളുത്തി നശിപ്പിച്ചു് അതിൽ താനും ദഗ്ദ്ധനായി പരഗതിയെ പ്രാപിച്ചു. ഇതാണു് മാമാങ്കോത്സവത്തിന്റെ ചുരുങ്ങിയ ചരിത്രം.

35.15ഭരണിതിരുനാൾ ആഘോഷിച്ച മാമാങ്കങ്ങൾ

ഇനി നമുക്കു കിളിപ്പാട്ടുകാരനെ പിൻതുടരാം. 869-ആമാണ്ടു മകരമാസമാകുമ്പോൾ വ്യാഴം കർക്കടകത്തിൽ പകരുമെന്നും അന്നു മാമാങ്കവും അതിനു് ഒരു കൊല്ലംമുൻപു പുഷ്യമാസത്തിൽ തൈപ്പൂയവും ആഘോഷിക്കേണ്ടതുണ്ടെന്നും മന്ത്രിമാർ സാമൂതിരിയെ അറിയിച്ചു. തൈപ്പൂയം ഒരു ദിവസത്തെ അടിയന്തിരം മാത്രമാണെങ്കിലും അതിനും മാമാങ്കത്തിനെന്നപോലെതന്നെ തിരുനാവായയ്ക്കു വരുവാൻ ലോകർക്കു നീട്ടു (തിട്ടൂരം) അയയ്ക്കുകയും സാമൂതിരി ഘോഷയാത്രയായി ആ സ്ഥലത്തു വാകയൂരിൽ എത്തി മണിത്തറമേൽ പെരുനില നില്ക്കുകയും ചെയ്യേണ്ടിയിരുന്നു. ആ പ്രാരംഭോത്സവം നടത്തിയതിനുമേൽ തമ്പുരാൻ വർഷക്കാലം പൊന്നാനിക്കോവിലകത്തു കഴിച്ചുകൂട്ടുകയും അടുത്ത കൊല്ലം വൃശ്ചികമാസത്തിൽ മാമാങ്കത്തിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. മകരമാസത്തിലെ പൂയത്തിൽ മാമാങ്കം ആരംഭിച്ചു. ആദ്യത്തെ ദിവസം പകൽ തിരിഞ്ഞു് ഏഴടിയായപ്പോൾ തിരുവാഭരണങ്ങൾ ചാർത്തി ഘോഷയാത്രയായിപ്പോയി തിരുനാവാത്തേവരെ തൊഴുതു് അസ്തമിക്കുമ്പോഴേക്കു വാകയൂർക്കോവിലകത്തു തിരിയെ എത്തി. തൈപ്പൂയത്തിൻനാളും മാമാങ്കത്തിന്റെ ഒടുവിലത്തെ നാലു ദിവസവും മാത്രമേ പെരുനില നില്ക്കേണ്ടതുള്ളു. ഉത്രട്ടാതിനാൾ കഴിഞ്ഞതിനുശേഷം “പൊന്നണിഞ്ഞാനക്കഴുത്തിലുള്ള” ഘോഷയാത്ര ആരംഭിക്കുകയും അതു് ഏഴു ദിവസത്തേയ്ക്കു തുടരുകയും ചെയ്തു. ആ ഘട്ടത്തിലാണു് വള്ളുവനാട്ടിലെ “ചാവേറുകാർ” സാമൂതിരിയെ വെട്ടിക്കൊല്ലുവാൻ വരുന്നതു്. ഒന്നാമത്തെ ദിവസം തത്സംബന്ധമായി നടന്ന സംഭവത്തെപ്പറ്റി കവി ഇങ്ങനെ ഗാനം ചെയ്യുന്നു.

“ആസ്ഥയാ മുന്നമേയുള്ള പരിഭവം
ചീർത്തെഴും വള്ളുവക്കോനാതിരി നൃപേ
ന്ദ്രോത്തമൻതൻ നിയോഗേന നടേത്തന്നെ
വന്നു മരിക്കുമാറുണ്ടഹോ, ചാവേറാ
യന്നുമൊരൻപതുപേർ വന്നതിശയം.
നിന്നുപിണങ്ങിപ്പരാക്രമശക്തിക
ളൊന്നൊഴിയാതെ കാട്ടുന്നവർതമ്മെയും
കൊന്നുടനങ്ങു വീര്യാമരമന്ദിരം
തന്നിൽസ്സുഖിച്ചിരിക്കെന്നയച്ചാദരാൽ
നിർണ്ണയത്തിനു നിലപ്പടഹങ്ങളെ
വിണ്ണിലും കൂടെയങ്ങൊച്ച പൊങ്ങുംവണ്ണം
നന്നായ് മുഴക്കിച്ചിരുന്നരുളീടിന
മന്നവൻ … … …”

പുണർതം മുതൽ നാലു ദിവസങ്ങൾ പൂർവ്വാചാരമനുസരിച്ചു സാമൂതിരി നിലപാടുനിന്നു. മകത്തിൻനാൾ ഉദയത്തിനു മുൻപും നാലുചാവേറുകാർ മുൻപിലത്തെപ്പോലെ വെട്ടിമരിച്ചു. തമ്പുരാന്റെ ആനപ്പുറത്തുള്ള എഴുന്നള്ളത്തു കവി ഏറ്റവും മനോഹരമായി ചിത്രീകരിക്കുന്നു.

“മണ്ടുന്നിതോരോ ജനങ്ങൾ മുന്നിൽച്ചെന്നു
കണ്ടുകരേറിത്തിരിഞ്ഞുനിന്നീടുവാൻ.
കുന്തങ്ങളൂന്നിക്കുതിച്ചു പാഞ്ഞെത്തുന്നു
കുന്തിച്ചുനിന്നുറയാഞ്ഞിഴിഞ്ഞീടുന്നു
ചന്തമായഭ്യാസികൾ തുടർന്നെത്തുന്നു
സന്ധികൾ വിട്ടു രക്ഷിച്ചുനിന്നീടുന്നു
പൂന്തേന്മൊഴികളുഴറിയെത്തീടുന്നു
പന്തിടയും കുളുർകൊങ്കകൾ ചീർക്കുന്നു
സന്തതിജാതികളെക്കൊണ്ടുഴറുന്നു
സംഭ്രമിച്ചങ്ങവയമ്പരന്നീടുന്നു
………
ബന്ധുക്കളോടു പിരിഞ്ഞുഴന്നീടുന്നു
ബന്ധമില്ലാത്തവർ തമ്മിലൊന്നിക്കുന്നു
വൻപടഹങ്ങൾ മുഴങ്ങിമിന്നീടുന്നു
വൻഭീ മുഴുത്തകതാർ മറുകീടുന്നു
കുംഭികളെല്ലാം വെരിണ്ടുഴറീടുന്നു
കുംഭസ്തനികളെപ്പിന്നിലാക്കീടുന്നു
………
മന്ത്രികളെങ്ങും നടന്നു ഭരിക്കുന്നു
പൂന്തുറേശൻ പരക്കെക്കടാക്ഷിക്കുന്നു
പുഞ്ചിരിപൂണ്ടഭയം കൊടുത്തീടുന്നു
ചെഞ്ചമ്മേ സർവരും കണ്ടുകൊണ്ടാടുന്നു”

എന്നിങ്ങനെയാണു് ആ വർണ്ണനയുടെ ഗതി. ചതുർത്ഥ ഖണ്ഡത്തിൽ കവി വിവരിക്കുന്നതു് ഈ മാമാങ്കത്തേയാണു്.

മാമാങ്കം കർക്കടകവ്യാഴത്തിലോ ചിങ്ങവ്യാഴത്തിലോ ആഘോഷിക്കേണ്ടതു് എന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടായിരുന്നാലും തന്റെ ചില പൂർവ്വന്മാർ രണ്ടു പക്ഷവും സ്വീകരിച്ചു രണ്ടു കൊല്ലവും അടുപ്പിച്ചുതന്നെ ആ ഉത്സവം നടത്തിയിരുന്നതിനാലും ഭരണിതിരുനാളും ആ ആചാരത്തെത്തന്നെയനുസരിച്ചു് 870-ലും ഒരു മാമാങ്കം ആഘോഷിച്ചു. ആ ആഘോഷത്തെയാണു് ഷഷ്ഠഖണ്ഡത്തിൽ പ്രതിപാദിക്കുന്നതു്. തമ്പുരാന്റെ പത്നിയായ കൊടിക്കുന്നത്തു കിഴക്കേ വീട്ടിൽ ‘ഉണിശ്രീദേവി’ (ഉണിച്ചിരുത)യുടെ സൗന്ദര്യാദി വിവിധസിദ്ധികളെ കവി ശക്തിപ്രസാദം എന്ന പഞ്ചമഖണ്ഡത്തിൽ വർണ്ണിക്കുന്നു. സ്വർഗ്ഗസ്ത്രീകൾ വിമാനസ്ഥകളായി 869-ലെ മാമാങ്കം കണ്ടുകൊണ്ടിരുന്നപ്പോൾ “ധന്യശീലാംഗിദയാവതി നിത്യസൌജന്യാലയാ സർവ്വലോകൈകമോഹിനി” എന്നും മറ്റും കവി പുകഴ്ത്തുന്ന—ആ സുന്ദരിയെ നോക്കി അസൂയയും ഖേദവുംകൊണ്ടു് വിവശരായി സരസ്വതീദേവിയോടു സങ്കടമുണർത്തിച്ചു.

“മന്നവൻതൻ മനോവല്ലഭയായ് മഹീ
മണ്ഡലലക്ഷ്മിയെയങ്ങു കണ്ടീലയോ?
സുന്ദരിമാർകുലമൌലിമാണിക്യമാ
യുന്നതകാന്തിപുരങ്ങൾ വളർന്നതി
സുന്ദരി കണ്ടിക്കരിംകുഴലാളര
വിന്ദശരദമൃതാംശുരമ്യാനനാ
കന്നൽക്കയൽമിഴിയാൾ കമലാക്ഷി നൽ
ക്കർണ്ണികാതുല്യലളിതനാസോന്നതാ
………
മന്മഥന്നാറാമതൻപെഴുമമ്പുട
നുന്മിഷിച്ചുള്ളപോലെ വിളങ്ങീടിനാൾ”

എന്നും ആ യുവതി തങ്ങളെയെല്ലാം സൌന്ദര്യാതിശയം കൊണ്ടു ജയിച്ചിരിക്കുന്നു എന്നും

ഭദ്രേ, നിരൂപിക്ക നാരികളെത്തെളി
ഞ്ഞിത്രയെല്ലാം ശ്രമിച്ചാക്കിത്തുടങ്ങിയാൽ
മുട്ടുപാടൊന്നൊഴിഞ്ഞെന്തു ചൊല്ലുന്നതി
പ്പൊട്ടികൾക്കാശ്രയം മറ്റാരുമില്ലല്ലോ.
ഭവതി തവ രമണനൊടിതരുതിനിയൊരിക്കലെ
ന്നവസരമറിഞ്ഞുണർത്തിക്കവേണം ശുഭേ!”

എന്നുമായിരുന്നു അവരുടെ നിവേദനം. അതിനു ദേവി ശക്തി പൂജാനിരതനാണു് തമ്പുരാനെന്നും തന്നിമിത്തം അദ്ദേഹത്തിനു സർവ്വാഭീഷ്ടങ്ങളും സിദ്ധിക്കുന്നുവെന്നും “മാനവേന്ദ്രപ്രിയേയം തരുണീമണി മാനുഷിയല്ലഖിലേശ്വരിതാനല്ലോ” എന്നുമുള്ള മറുപടികൊണ്ടു് അവരെ സമാശ്വസിപ്പിച്ചു.

നെടുവിരിപ്പുസ്വരൂപത്തിലെ നാലു ഇളമുറത്തമ്പുരാക്കന്മാർക്കും മാമാങ്കം സംബന്ധിച്ചു മാമൂലനുസരിച്ചുള്ള ചില ചുമതലകൾ നിർവ്വഹിക്കേണ്ടതുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. അവർക്കു യഥാക്രമം ഏറാൾപ്പാടെന്നം, മൂന്നാർപ്പാടെന്നും, എടത്രാൾപ്പാടെന്നും, നെടുത്രാൾപ്പാടെന്നും സ്ഥാനപ്പേരുകളുണ്ടു്. അക്കാലത്തെ ആ ഇളമുറക്കാർ “ധാതൃമുകുന്ദശിവാർക്കർക്ഷജർ” അതായതു രോഹണി, തിരുവോണം, തിരുവാതിര, അത്തം എന്നീ നക്ഷത്രങ്ങളിലാണു് ജനിച്ചതു് എന്നും അവരിൽ നാലാമൻ “ബോധം തെളിഞ്ഞ വൈയാകരണോത്തമ”നും സാധു സന്ന്യസ്തസങ്കല്പനും തപോധനനുമായിരുന്നു എന്നും കവി നമ്മെ അറിയിക്കുന്നു.

“കുറവു കൂടാതെകണ്ടുലകിൽ വളർന്നെഴും
യശസാ വിബുധേന്ദ്രനഗരാദികളെയും
വിശദാകാരമാക്കിച്ചമച്ചിതനുദിനം.
സുരഭി വളർന്നെഴും സുരപാദപംപോലെ,
സുരഭിതന്നെപ്പോലെ, സകല പ്രജകൾക്കും
തനയന്മാരെത്താതൻ മനസാ ദിനമനു
തനിയേ ലാളിച്ചഭിലാഷങ്ങൾ നല്കുംവണ്ണം
സകലകാമ്യാർത്ഥങ്ങളഖിലകാലം നല്കി
സ്സുഖമേ പരിപാലിച്ചരുളുന്നതുകാലം”

എന്ന വരികളോടുകൂടി പ്രസ്തുത കാവ്യത്തിന്റെ ആദർശഗ്രന്ഥം ഇടയ്ക്കുവച്ചു മുറിഞ്ഞുപോയിരിക്കുന്നു.

മാമാങ്കോൽപത്തി മുതലായി അപൂർവ്വം ചില കൃതികൾ മാത്രമേ ദേശചരിതസംബന്ധമായി മലയാളഭാഷയിൽ കാണ്മാനുള്ളു എങ്കിലും അവ നമുക്കു് ആ വിഷയത്തിൽ വിതരണം ചെയ്യുന്ന വിജ്ഞാനം അല്പമൊന്നുമല്ല. അത്തരത്തിലുള്ള കൃതികൾ രചിച്ച പണ്ഡിതന്മാർ അവാസ്തവപ്രസ്താവനയിൽ അശേഷം ഔത്സുക്യം പ്രദർശിപ്പിക്കുന്നില്ല എന്നുള്ളതു ചാരിതാർത്ഥ്യജനകമാകുന്നു. മാമാങ്കോദ്ധരണത്തിലെ മാമാങ്കോത്സവം വർണ്ണിച്ചിരിക്കുന്നതിൽ കവിക്കു കാല്പനികദൃഷ്ട്യാ ഒഴിച്ചുവയ്ക്കുവാൻ നിവൃത്തിയില്ലാത്ത അതിശയോക്ത്യംശം തള്ളിയാൽ അവശേഷിക്കുന്നതു കോഴിക്കോട്ടു ഗ്രന്ഥവരി മുതലായ രേഖകളിൽ കാണുന്നതുപോലെയുള്ള വിശ്വസനീയമായ ഭൂതാർത്ഥകഥനമാണു്. കവിതയിൽ ‘സാധ്വസന്മാരായ’ ‘തപസാംവരന്മാർ,’ ‘ഭൃഗ്വരൻ,’ ‘മഹൽസ്രുവം’, ‘സ്വസാത്മജൻ’ തുടങ്ങിയ ചില അപശബ്ദങ്ങൾ കാണ്മാനുണ്ടെങ്കിലും അതിന്റെ ശൈലി ധാരാവാഹിയും പ്രസന്നമധുരവുമായി പ്രണേതാവിന്റെ ഹസ്തലാഘവത്തേയും നിരീക്ഷണ പാടവത്തേയും പ്രഖ്യാപനം ചെയ്യുന്നു. ഒൻപതാം ശതകത്തിലെ കേരളചരിത്രത്തിനു പൊതുവേയും നെടിവിരിപ്പുസ്വരൂപത്തിന്റെ ചരിത്രത്തിനു പ്രത്യേകമായും ഗവേഷകന്മാർക്കു് ഇതിനെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കാവുന്നതാണു്.

35.16രണ്ടു ചാവേറുപാട്ടുകൾ
കണ്ടർമേനോൻ പാട്ടു്

വള്ളുവനാട്ടിലെ ചാവേറുകാർക്കു് മാമാങ്കോത്സവവുമായുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി മാമാങ്കോദ്ധരണത്തെപ്പറ്റിയുള്ള പ്രസ്താവനയിൽ ഞാൻ സൂചിപ്പിച്ചുവല്ലോ. 858-ൽ നടന്ന മാമാങ്കത്തിൽ തിരുനാവായ്ക്കു പോയി സാമൂതിരിയുടെ ഭടന്മാരോടു് പൊരുതി വീരസ്വർഗ്ഗം പ്രാപിച്ച വട്ടൊണ്ണെവീട്ടിലെ കണ്ടർമേനോന്റെയും ആ ദേശാഭിമാനിയുടെ പുത്രൻ ഇത്താപ്പുവിന്റെയും ചരിത്രം സംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഒരു കിളിപ്പാട്ടു് കണ്ടുകിട്ടീട്ടുണ്ടു്. രണ്ടു ഖണ്ഡങ്ങളിൽ കേകാവൃത്തത്തിൽ വിരചിതമായ ഈ കൃതിക്കു രചനാസൗഷ്ഠവം തുലോം വിരളമാണെങ്കിലും വടക്കൻപാട്ടുകളിലെന്നപോലെ ഇതിലും വീരകരുണാദിരസങ്ങൾ സമുജ്ജ്വലമായി പരിസ്ഫുരിക്കുന്നു. വള്ളുവനാട്ടുകാരനായ ഒരു നായരായിരിക്കാം ഇതിന്റെ പ്രണേതാവു്. കവിത ഇങ്ങനെ ആരംഭിക്കുന്നു.

“വാളിന്മേൽ ചുവപ്പുമായ് തിരിച്ചു ഭഗവതി
ആർങ്ങോട്ടുസ്വരൂപത്തിൽ വട്ടൊണ്ണെവീടു വാഴും
പടിഞ്ഞാറ്റയിലും കിടക്കും കണ്ടർമേനോൻതൻ
കട്ടിന്റെ തലയ്ക്കലും ചെന്നതാ ഇരിയ്ക്കുന്നു.
മാമാങ്കം കാണാൻ പോണമെന്നതു ദരിശനം
ഞെട്ടിയങ്ങുണരുന്നു വട്ടോണ്ണെ കണ്ടർമേനോൻ”

തിരുമാന്ധാംകുന്നിലെ ഭഗവതി കണ്ടർമേനോനോടു മാമാങ്കത്തിനു പോകണമെന്നു സ്വപ്നത്തിൽ ആജ്ഞാപിക്കുക നിമിത്തം ആ യോദ്ധാവു പതിവിനുമുൻപു് ഉണരുന്നു. അതിന്റെ കാരണം മാതാവു ചോദിക്കുകയും “തിരുമാന്ധാംകുന്നിലമ്മ എന്നെയും ചതിച്ചമ്മേ, മാമാങ്കം കാണാൻ പോണമെന്നതാദരിശനം” എന്ന മകന്റെ വാക്കു കേട്ടു് “അഞ്ചാറു പെറ്റിട്ടിനി നീയല്ലേയെനിക്കുള്ളു, നീയതു പോയാലുണ്ണീ മകനേ കണ്ടരായോ ഓരാണ്ടു ശേഷക്രിയ കഴിപ്പാനെനിക്കാര്?” എന്നു വ്യസനാക്രാന്തയായി വീണ്ടും ഒരു പ്രശ്നം ഉന്നയിക്കുകയും ചെയ്യുന്നു. അതിനു മേനോൻ താൻ ഉടൻതന്നെ തിരുനെല്ലിക്കു പോയി അമ്മയുടെ പിണ്ഡംവെച്ചിട്ടു പിന്നീടു മാമാങ്കത്തിനു പോയ്ക്കൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. അതായിരിക്കാം ആറങ്ങോട്ടു ചാവേറുകാരുടെ കാര്യപരിപാടി. ആയിരം (പണം?) വീതംരണ്ടു കിഴിയായി കെട്ടി ഒന്നു് അമ്മയ്ക്കു കൊടുത്തു മറ്റേതുംകൊണ്ടു ഭാര്യ താമസിക്കുന്ന പുതുപ്പറമ്പു വീട്ടിൽ ചെന്നു മറ്റേക്കിഴി അവിടെ സമർപ്പിക്കവേ, മകൻ ഇത്താപ്പു അച്ഛന്റെ സ്വപ്നവാർത്തയറിഞ്ഞു “ഞാനുമേ കൂടിപ്പോരുമച്ഛാ മാമാങ്കം കാണ്മാൻ” എന്നു പറയുന്നു. അച്ഛൻ മകനെ ആ സാഹസത്തിൽനിന്നു വിരമിപ്പിക്കുവാൻ ആകുന്നതും ഉപദേശിക്കുന്നുവെങ്കിലും തത്സംബന്ധമായുള്ള ഉദ്യമം ഫലിക്കുന്നില്ല.

“നീയതു പോരേണ്ടുണ്ണീ മകനേ! ഇത്താപ്പുവേ!
മരിപ്പാൻ വിധി പോരാ; ബാലകനല്ലോ നീയും.
കോണകമെടുത്തങ്ങു ഉടുത്തു വളർന്നെന്നെ
ക്കാണിനേരവും പിരിയാതെകണ്ടിത്രനാളും
നടന്ന നിന്നെക്കൊണ്ടുപോയിക്കൊല്ലിക്കുന്നതിൽ
മടിയുണ്ടെനിക്കെന്നതറിയാം നിനക്കുള്ളിൽ.
കൃപയുണ്ടെങ്കിൽപ്പോയി മാതാവെ രക്ഷിക്ക നീ”

എന്ന കണ്ടരുടെ വാക്കിനു്

“ഉണ്ട ചോറ്റിനുമുൻപിൽ വേല ചെയ്കിലേ നല്ലൂ.
നിങ്ങൾതൻ പദത്താണു്, കൂടിയ സഭയാണു്,
അരിയ തിരുമാന്ധാംകുന്നെഴുമമ്മയാണു്,
പോകയില്ലൊരിക്കിലും നിങ്ങളെപ്പിരിഞ്ഞു ഞാൻ,
പോകുകിൽപ്പരലോകം ചേരുവൻ മുൻപിൽത്തന്നെ”

എന്നു മകൻ ഉചിതമായി പ്രത്യുത്തരം നല്കുന്നു. ഇത്താപ്പുവിന്റെ അമ്മ ഒരു വീരമാതാവിനു യോജിച്ച വിധത്തിൽ മകന്റെ പക്ഷത്തിൽ ചേരുന്നു.

അഞ്ചാറു പെറ്റിട്ടുണ്ണീ നീയല്ലേ എനിക്കുള്ളൂ?
എഴുതാനാക്കി നിന്നെപ്പയറ്റിനാക്കി നിന്നെ.
മച്ചിവാക്കിനെപ്പോലെ പറയുന്നു ഞാനെടോ
മുൻപിൽ നീ മരിക്കേണം … … …
വഴിയേ മരിക്കേണം വട്ടൊണ്ണെ കണ്ടർമേനോൻ”

എന്നാണു് ആ സ്ത്രീരത്നത്തിന്റെ അനുശാസനം. അതിനുമേൽ അച്ഛനും മകനുംകൂടി തിരുനെല്ലിയിൽ ചെന്നു് അവരവരുടെ പെറ്റമ്മമാരുടെ പിണ്ഡംവച്ചു തിരികെപ്പോന്നു വേണ്ട അനുയായികളെ കൂട്ടിക്കൊണ്ടു തിരുനാവായ്ക്കു പോകുകയും അവിടെ മേനോൻ തന്റെ ഗുരുനാഥനായ വെള്ളച്ചാത്തിരരെ നമസ്കരിച്ചു് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു.

അനന്തരമുള്ള കഥ കവി ദ്വിതീയഖണ്ഡത്തിൽ വിവരിക്കുന്നു. രാത്രിയിൽ അങ്കത്തിനായി പാഞ്ഞുകയറിയ കണ്ടർ മേനോനോടു സാമൂതിരിയുടെ ഭടന്മാർ ആരെന്നു ചോദിച്ചപ്പോൾ ആ യോദ്ധാവു് ഇങ്ങനെയാണു് മറുപടി പറയുന്നതു്.

“ആരെന്നു ചോദിച്ചപ്പോൾപ്പറഞ്ഞു കണ്ടർമേനോൻ
വിരവിൽത്തിരുമാന്ധാംകുന്നെഴുമമ്മതന്റെ
നാമവും സ്വരൂപവും മൊഴിയും വഴികളും.
ചൊവ്വരക്കൂറ്റിൽ മികവുള്ള ചേവകർ ഞങ്ങൾ
ആർങ്ങോട്ടുസ്വരൂപത്തിൽ വട്ടൊണ്ണെവീടു വാഴും
കണ്ടെരെന്നാണു നാമമെനിക്കുമൊക്കെത്തന്നെ.
ഉണ്ടല്ലോ പതിനേഴു ചേവകരറിഞ്ഞാലും
ഞങ്ങളെസ്സമ്മതിച്ചു നില്ക്കണം നിലപാടും.
അല്ലായ്കിൽച്ചോരയിലും പിണ്ഡത്തിന്മേലും നിന്നു
കഴിയും നിലപാടുവേലയെന്നറിഞ്ഞാലും.”

പിന്നീടു ഇരുകൂട്ടരും തമ്മിൽ ഘോരമായ യുദ്ധം തുടങ്ങി; പലരും മരിച്ചു.

“ചങ്ങാതി പതിനേഴാളും മരിച്ചപ്രാകാരം
അക്കരുമന കണ്ടു ഇത്താപ്പു മകൻതാനും
കൂട്ടത്തിൽച്ചാടി മൂന്നു കൊലയും കഴിച്ചവൻ
നാലാമതൊരുത്തനെ വെട്ടുവാനടുത്തപ്പോൾ
നാളത്തിൽക്കൂത്തുകൊണ്ടു ചെക്കനുമതുനേരം
പാവമേയെന്നു ചൊല്ലിക്കണ്ടർമേനവൻതാനും
പരിചതന്നിൽക്കോരി മാറത്തണച്ചുടൻ
തഴുകിനില്ക്കുന്നേരം തളർച്ച തീർന്നു ചെക്കൻ
കുതിച്ചു ചാടീടിനാൻ … … …
മാളികേലകംപുക്കു വെട്ടിനാനതുനേരം”

അതു കണ്ടു മാടപ്പുറത്തു് ഉണ്ണിരാമൻ എന്ന സാമൂതിരിയുടെ ഭടൻ ഇത്താപ്പുവിനെ വാൾ കൊണ്ടു വെട്ടിക്കൊന്നു. ഉടനേ കണ്ടർ മേനോൻ കൂട്ടത്തിൽ ചാടി “കരിമ്പുപോലെ വെട്ടിമുറിച്ചു ഒക്കെത്തന്നെ.” ഒടുവിൽ തന്റെ മരണദിവസം സമാഗതമായി എന്നു് ആ വീരൻ ഓർത്തു, അതു് 858-ആമാണ്ടു മകരം 28-ആംനു “പൂർവ്വപക്ഷവും നല്ല ദ്വാദശി തിരുവോണം അസ്തമിച്ചു പതിനെട്ടു നാഴിക കഴിഞ്ഞിട്ടു് ഉദയത്തിനു മുൻപേ മരിക്കാനെനിക്കു സത്യം” എന്നു ജ്യോത്സ്യവിധി ഉണ്ടായിരുന്നുവത്രേ. അപ്പോഴേയ്ക്കും ചേറ്റായെപ്പണിക്കർ എന്നൊരു ഭടൻ സ്നേഹം ഭാവിച്ചു് അടുത്തുകൂടി. അയാൾ കണ്ടരെ ചതിച്ച് ഇടയിൽ വെട്ടുകയും മേനോൻ മുട്ടുകുത്തി വീഴുകയും ചെയ്തു. എങ്കിലും കണ്ടർ ആ ദ്രോഹിയെ വീണ നിലയിൽ കിടന്നുകൊണ്ടു് ഒന്നു ചവിട്ടാതെ വിട്ടില്ല. ചവിട്ടുകൊണ്ടു പണിക്കരും വെട്ടുകൊണ്ടു മേനോനും മരിച്ചു. ഇത്രയുമാണു് ഇതിവൃത്തം. രചന മോശമെങ്കിലും ചാവേറുകാരുടെ ആചാരപദ്ധതിയേയും പരാക്രമ പ്രഭാവത്തേയും സ്പഷ്ടമായി പ്രദർശിപ്പിക്കുന്ന ഈ കൃതിക്കും സാഹിത്യചരിത്രത്തിന്റെ കോണിൽ ഒരു സ്ഥാനം നല്കുന്നതിൽ അനുവാചകർ പരിഭവിക്കയില്ലെന്നു ഞാൻ വിശ്വസിക്കുന്നു.

35.17രാമച്ചപ്പണിക്കർ പാട്ടു്

ഇതു കിളിപ്പാട്ടായി കേകാവൃത്തത്തിൽ ഏതോ ഒരു കവി നിർമ്മിച്ചിട്ടുള്ളതും “മല്ലികപ്പൊയ്കതോറും മാളവി പാടിവരുന്ന” ഒരു പൈങ്കിളിക്കിടാവിനെക്കൊണ്ടു കവി ഗാനം ചെയ്യിക്കുന്നതുമാണു്.

“മലനാടെങ്ങും പുകഴ്കൊണ്ടെഴും ചന്തിരത്തിൽ
വമിശം [8] പെരുത്തീടും കൊച്ചയ്യപ്പണിക്കർതാൻ
മാമാങ്കത്തുന്നാൾ ചെന്നു വാകയൂരകംപുക്കു
മരിപ്പൂവെന്നു കല്പിച്ചുടനേ പുറപ്പെട്ടു
മന്നരിൽമഹീപതിയെന്നുള്ളൊരഭിമാന
മേറിടും രണ്ടാം നല്ല വള്ളുവർകോനെക്കണ്ടു
മടക്കിത്തൊഴുതപ്പോളെന്തു നീ വന്നുവെന്നു
മകത്തിൻ മൂന്നാം പക്കം മുൻപിലേ പൂയത്തുന്നാൾ
മാളോകർ കാണുന്നേരം കുന്നലക്കോനാതിരി
മറ്റത്തിലെഴുന്നള്ളിനിന്നരുളുന്നനേരം
മകരം രാശികൊണ്ടങ്ങണഞ്ഞു വാകയൂരേ
നിലയ്ക്കൽപ്പുക്കു വെട്ടിമരിപ്പാനടിയന്നു
മനസ്സുണ്ടതിനെയിങ്ങുണർത്തിക്കേണമെന്നു
മനസാ വാചാ വിടകൊണ്ടു മറ്റൊന്നിനല്ല.
മരിക്കാം നെടുവിരിപ്പിങ്ങു വന്നിടുംകാലം
മരവും വീടും പെണ്ണും പിള്ളയുമിവയെല്ലാം
മടികൂടാതെ വന്നു കളഞ്ഞീടുന്നനേരം
മനസാ മരിക്കെന്നിയൊന്നു വേണ്ടീലതാനും.
മന്നനും തെളിഞ്ഞിതു; കൊച്ചയ്യപ്പണിക്കരും
മരണംകൊണ്ടു പിശകീടുന്ന വിശേഷങ്ങൾ
മായമെന്നിയേ കേട്ടു രാമച്ചപ്പണിക്കരും
മാളെന്നു കത്തുമഗ്നി വീണുതന്നുദരത്തിൽ
മാപാപി! ചതിച്ചായോ ഞാനിരിക്കവേ നീയും?
മാറത്തു കയ്യുംവച്ചു കിതച്ചുനില്ക്കുന്നേരം
മാരിനീരെന്നപോലെ കണ്ണുനീർ തിടുതിടെ
മാറത്തു വീഴുന്നു തൻതമ്പിയെ നിരൂപിച്ചു.
മാറടിച്ചിവൻ പോയിച്ചാകുമെന്നോർത്തപ്പോഴേ
മരിക്കുന്നതു ഞാനെന്നുറച്ചു പുറപ്പെട്ടു;
മദിച്ച കുലയാനത്തലവൻ പോകുംപോലെ.
മണ്ടിക്കൊണ്ടിതു കോയിലകത്തു പുക്കു തെക്കേ
മച്ചിലുമ്മറത്തീന്നു തൊഴുതു രാജാവിനെ.
മണ്ടിക്കൊണ്ടവിടേന്നു വരുന്നൂ പണിക്കരു്
മന്നവപാണ്ടിൽ കുപ്പമാട്ടിന്നു വിടകൊണ്ടു
മാനിച്ചിട്ടനുജനെ വിളിച്ചുകൊണ്ടു മെല്ലെ
മരുക്കിവച്ചുകൊണ്ടു ചൊല്ലി നീയല്ലയിപ്പോൾ.
മരിക്കുന്നതുമിനി ഞാനെന്നങ്ങറിഞ്ഞാലും.
മറുത്തനേരം തമ്പി ചൊല്ലി തന്നണ്ണനോടു
മരിക്കുന്നതു ഞാനെന്നങ്ങുമുള്ളോരു വാർത്ത
മന്നിലെങ്ങുമേ നീളെ നടന്നൂവതിൻശേഷം
മരിച്ചീടാതെ ഞാനങ്ങടങ്ങിയിരിക്കുമ്പോൾ
മടവാർ വേതിയരും ബാലരും തരുണരും
മറ്റുള്ള മഹാജനമൊക്കെയുമെന്നെക്കൊണ്ടു
മന്ദിച്ചു പറഞ്ഞവർ കൈകൊട്ടിച്ചിരിച്ചീടും;
മന്ദിച്ചീടുകയില്ല നിന്നെക്കൊണ്ടിതിന്നു ഞാൻ.
മരിച്ചാൽത്തീരും കുറ്റം; നീയിപ്പോൾ മരിക്കുമ്പോൾ
മടിഞ്ഞുകൊണ്ടു കുത്തിയിരുന്നു കരഞ്ഞു ഞാൻ
മാലോകർ കാണുന്നേരം ശേഷവും ചുറ്റിത്താക്കോൽ
മലർത്തിപ്പിടിച്ചു ഞാൻ കണ്ണുനീർ കാട്ടുന്നേരം
മണവുമെനിക്കില്ല; ഗുണവും നിനക്കില്ല;
മതി നീ പ്രതിജ്ഞ കൈപ്പിടി,ച്ചതയച്ചീടു:
മലസ്സിൽ വ്യസനംപൂണ്ടയച്ചൂവനുജനും
മരിപ്പാനയച്ചതും മരിപ്പാൻ പോകുന്നതും
അമ്മമ്മായിരുവരും നന്നെന്നു മഹാലോകർ
മാർഗ്ഗമായ്പ്പറയുന്നൂ പകലും പാതിരായ്ക്കും.
മരിപ്പാനായിക്കൊണ്ടു രാമച്ചപ്പണിക്കരും
മന്ദസ്മിതവുംചെയ്തു വന്നിച്ചു നിന്നനേരം
മന്നവനരുൾചെയ്തു പണിക്കർതന്നോടു പോയ്
മരിച്ചീടുകവേണ്ടാ വെറുതേതന്നെയല്ലോ”

എന്നിങ്ങനെ ജ്യേഷ്ഠൻ രാമച്ചപ്പണിക്കരും അനുജൻ കൊച്ചയ്യപ്പണിക്കരും തമ്മിൽ വാദിക്കുകയും ഒടുവിൽ ജ്യേഷ്ഠൻതന്നെ മാമാങ്കത്തിനു വള്ളുവക്കോനാതിരിയുടെ അനുമതിയോടുകൂടി തിരിക്കുകയും ചെയ്യുന്നു. 751-ൽ നടന്ന ഒരു മാമാങ്കത്തെപ്പറ്റി ഗ്രന്ഥത്തിൽ കാണുന്ന പ്രസ്താവന ശരിയാണെങ്കിൽ ഈ പാട്ടിന്റെ നിർമ്മിതി പക്ഷേ എട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലാണെന്നു വിചാരിക്കുവാനും ന്യായമുണ്ടു്. കവിത സമ്പൂർണ്ണമായി ലഭിച്ചിട്ടില്ല.

35.18രാമായണം പാന

രാമായണം മുഴുവൻ പാനയായി ഒരു വിശിഷ്ടകവി ഈ ശതകത്തിൽ രചിച്ചിട്ടുണ്ടു്. അദ്ദേഹം ഏതു ദേശക്കാരനായിരുന്നുവെന്നറിയുന്നില്ല. വളരെ മനോഹരമാണു് കവിത. ചമ്പുക്കളിലെ ആശ്ചര്യകരമായ ഉല്ലേഖധോരണി അതിലും അവിച്ഛിന്നധാരമായി കാണാം. ചില ഭാഗങ്ങൾ ഉദ്ധരിക്കാം.

1 ജടായുവിന്റെ വരവു കണ്ടു സാരഥി രാവണനോടു പറയുന്നതു്.

“കണ്ടാലെത്രയും പേടിയാകുന്നൊരു
പക്ഷിരാജൻ വരുന്നതു കണ്ടാലും.
വാരിരാശിയിൽത്തന്നെ കിടന്നൊരു
മൈനാകം പോന്നു വന്നീടുകല്ലല്ലീ?
പത്മനാഭനെത്തന്നെച്ചുമന്നീടും
പക്ഷിരാജൻതാൻ വന്നീടുകല്ലല്ലീ?
നമ്മുടെ കുലനാശത്തിനായൊരു
ധൂമകേതുവുദിച്ചീടുകല്ലല്ലീ?
വൻപുകോലുമിപ്പക്ഷിരാജൻതന്നെ
ക്കണ്ണുകാണുകിൽപ്പേടിയാകും ദൃഢം.
കത്തിടുന്നോരു ചെങ്കനൽക്കട്ടയ്ക്കും
ചെമ്പരുത്തിപ്പുതുപ്രസൂനത്തിനും
കാന്തികോലുന്ന വിദ്രുമക്കല്ലിനു
മിത്രതന്നെ ചുവപ്പില്ല നിർണ്ണയം.
കൊക്കു കണ്ടാലും പിന്നെബ്ഭയങ്കരം
കൊത്തുമ്പോഴേ മരിച്ചീടുമേവനും.
ചിത്രം ചിത്രം നിരൂപിക്കുമ്പോഴിതു
വജ്രംകൊണ്ടു ചമച്ചീടുകല്ലല്ലീ?
വീരലക്ഷ്മിക്കിരിപ്പാൻ ചമച്ചോരു
വാരുലാവും മണിയറതന്നുടെ
സാരമായ മണിത്തൂന്നുകൊണ്ടോയി
ക്കണ്ഠനാളം ചമച്ചൂ ചതുർമ്മുഖൻ?”

2 സീതയുടെ അഗ്നിപ്രവേശം:

“അന്നപ്പേടയരവിന്ദപ്പൊയ്കയി
ലൻപിനോടു ചാടീടുന്നതുപോലെ
അതിഘോരമായി ജ്വലിച്ചീടുന്നൊ
രഗ്നിയിൽപ്പത്മപത്രാക്ഷി ചാടിനാൾ.
………
ദിക് തരുണികൾക്കു മുഖം മങ്ങീതു;
പത്തു ദിക്കും ഭയത്താൽ വിറച്ചിതു;
പത്മനാഭനുണർന്നൊന്നു നോക്കീതു;
പത്മബാണാരി വിസ്മയപ്പെട്ടിതു;
പവമാനനും മെല്ലെയടങ്ങീതു;
സർപ്പരാജനുമൊന്നു വിഷാദിച്ചു;
അർക്കരശ്മിയും മങ്ങീ തുലോമപ്പോ
ളസ്തമിച്ചെന്നപോലെ ചമഞ്ഞിതു;
ആദിത്യാശ്വങ്ങളും ക്ഷണം നിന്നിതു;
അരവിന്ദങ്ങളും കൂമ്പിയന്നേരം.
………
പ്രളയാഗ്നിയെപ്പോലെ കത്തിക്കാളി
ജ്വലിച്ചീടുന്ന പാവകദേവനും
അതിശീതളനായിച്ചമഞ്ഞിതു;
കുളിർകൊണ്ടു സഹിച്ചില്ലങ്ങെല്ലാർക്കും.
കുളിർത്തോരു മലർത്തെന്നലും വീയി;
കനൽക്കട്ടയും പൊട്ടിത്തെറിച്ചിതു.
ചെമ്പരുത്തിപ്പൂവുപോലെയും ചെമ്പക
പ്പൂവുപോലെയും പൊന്നിൻചെന്താമര
പ്പൂവുപോലെയുമെങ്ങും ചമഞ്ഞിതു
കത്തിനില്ക്കുന്ന തീക്കനൽക്കട്ടകൾ.
താരിൽ മേവിന വണ്ടുകൾ തീക്കനൽ
താരിതെന്നോർത്തു തേൻ കുടിച്ചീടുന്നു.
കനൽക്കട്ടയിൽച്ചെന്നങ്ങിരുന്നപ്പോൾ
ചിറകും കാലും വെന്തുപോയീലൊട്ടും.
നിന്നവർ കനൽക്കട്ടകൾ വാരുമ്പോൾ
പാണികൾ ചുട്ടുപോയീലെന്നുമല്ല,
ആലിപ്പഴം കണക്കെത്തണുത്തിട്ടു
ചൂടിക്കൊള്ളാം തലയിലെന്നാർ ചിലർ;
മാലയായ്ക്കോർത്തു മാറിലിടാമെന്നാർ;
മടിയിൽക്കൊണ്ടുപോകാമെന്നാർ ചിലർ;
കോരിക്കണ്ണിലിടാമെന്നാർ ചിലർ;
ക്രീഡിക്കുന്നു കനൽകൊണ്ടു തങ്ങളിൽ.”
35.19ബാലിവധം കിളിപ്പാട്ടു്

ബാലിവധം കിളിപ്പാട്ടിന്റെ ഉത്ഭവവും ഒൻപതാം ശതകത്തിലാണെന്നു ഭാഷാരീതി നോക്കിയാൽ നിർണ്ണയിക്കാവുന്നതാണു്. പ്രണേതാവു് ആരെന്നറിയുന്നില്ല. അദ്ദേഹത്തിനു വ്യുൽപത്തി പോരെങ്കിലും ആകൃതിക്കു വളരെ ചമൽക്കാരമുണ്ടു്. ആദ്യത്തെ പകുതി പ്രായേണ കേകയിലും ബാക്കിയുള്ളതു കാകളി, മണികാഞ്ചി മുതലായ വിവിധവൃത്തങ്ങളിലുമായി നിബന്ധിച്ചിരിക്കുന്നു. കിഷ്കിന്ധാകാണ്ഡത്തിന്റെ ആരംഭംമുതൽ ബാലിവധാനന്തരം സുഗ്രീവനെ വാനരരാജാവായി അഭിഷേകംചെയ്തു് ശ്രീരാമൻ മതങ്ഗാശ്രമത്തിൽ പോയി ചാതുർമ്മാസ്യം അനുഷ്ഠിക്കുന്നതുവരെയുള്ള കഥയാണു് പ്രതിപാദ്യം.

“പുഞ്ചനെൽക്കതിർ കൊത്തിപ്പൂഞ്ചോലതോറും പറന്നഞ്ചാതെവരും തത്ത”യെക്കൊണ്ടു കവി തന്റെ കാവ്യം ഗാനം ചെയ്യിക്കുന്നു. അതിന്റെ സ്വരൂപം എന്തെന്നു കാണിക്കുവാൻ ചില വരികൾ ഉദ്ധരിക്കാം.

1. ബാലിയുടെ രാജധാനി:

 “അഴകിലന്നു വേഗം നടന്നു ചെല്ലുന്നപ്പോ
 ളുയർന്നു വളർന്നേറ്റം മലർത്തൊത്തുകളാലും
 ഇരുൾപെറ്റിതിലിളം തിളർത്തൊത്തുകളാലും
 രസങ്ങൾ പൊഴിയുന്ന കായ്കനിയെല്ലാറ്റിലു
 മിടതൂർന്നിതവിയ വനം കണ്ടരശർകോൻ
 ഇവിടെ വസിപ്പതാരാർക്കുള്ളതിത്തൂവനം;
 കണ്ണിനാനന്ദം വരുമാറുള്ളൊന്നിതു കണ്ടാൽ
 പുണ്യമാം ജലം തങ്കും പൊയ്കയും തടാകവും
 മതുമല്ലികൾ മുല്ല പിച്ചകം കുറുമൊഴി
 മധുമാമലർ മറ്റും മുറ്റുമിത്തരം പൂത്തു
 വിരിഞ്ഞു മണം പുണർന്നെഴുന്നു മന്ദം മന്ദം
 വരുന്ന മാരുതവും കോകിലവാണികളും
 സന്തതം കണ്ടും കേട്ടും സുഖസാധനങ്ങളെ
 ച്ചന്തമോടനുഭവിപ്പാനുള്ളൊന്നിതു വനം.”

2. ബാലിസുഗ്രീവയുദ്ധം:

 “മുറുക്കിയരതല കനത്തേറീടം മുഷ്ടി
 ചുരുട്ടിക്കനല്ക്കണ്ണും ചുവത്തിദ്ദംഷ്ട്രകളും
 കഴറ്റിബ്ഭുജബലമുടയ മുടിമന്ന
 നരിശമൊടും മുഷ്ടി പൊരുതീടിനനേരം
 അലയാഴികൾ തമ്മിലണഞ്ഞുപൊരുംപോലെ
 അടുത്ത മലതമ്മിലെതിർത്തു പൊരുംപോലെ
 കയർത്ത സിംഹത്താന്മാർ കതിർത്തു പൊരുംപോലെ
കതിരവനൊടൊരു കതിരവനടൽ പൊരുവതിനായണയുംപോലെ
കനമൊടെഴും കാറ്റുകൾ തമ്മിൽപ്പട പൊരുവതിനായണയുംപോലെ
കപിവരനും ദിനകരസുതനും കടുതരമായലറിയടുത്തും
പരിചിൽപ്പലമുഷ്ടിയുടക്കിയിടത്തെതു തടുപ്പതിനായി
………
മല്ലുപിടിച്ചല്ലലിൽ മെല്ലെനവേ വാങ്ങിയൊഴിച്ചും
കാലുകളാൽകെട്ടിയിഴച്ചും ലീലകളാൽ വിട്ടുകളഞ്ഞും
മുഷ്ക്കു നിനച്ചുൾക്കനമോടേ പുക്കുപിടിച്ചൂക്കൊടടിച്ചും
………
 തണ്ടയും തണ്ടയും തമ്മിലിടയുന്നു
 കണ്ട മരാമരംകൊണ്ടുതല്ലീടുന്നു
 കുന്നും മലയും പറിച്ചെറിഞ്ഞീടുന്നു
 കുന്നിക്കു തോല്ക്കയില്ലെന്നു ചൊല്ലീടുന്നു
 കാലുകൾ കെട്ടിപ്പകരി തിരിയുന്നു
 കാലുമ്മേലിട്ടു ചവിട്ടിത്തകർക്കുന്നു
 ചീളെന്നണഞ്ഞു പിടിച്ചു ഞെക്കീടുന്നു
 മൂളിമുരണ്ടങ്ങു ദൂരെപ്പാർത്തീടുന്നു
 മാറിൽത്തലംകൊണ്ടു ചാടിപ്പാഞ്ഞീടുന്നു
 മാറിക്കളഞ്ഞതൊഴിച്ചു നിന്നീടുന്നു
 മാറ്റത്തിൽക്കിട്ടാഞ്ഞു പാരമലറുന്നു
 മാറ്റൊലികൊണ്ടു ജഗത്തു മുഴങ്ങുന്നു.”

ആസന്നമൃത്യുവായ ബാലിയുടെ അപരാധാരോപണവും അതിനു ശ്രീരാമൻ നൽകുന്ന പ്രത്യുത്തരവും ആസ്വാദ്യമായിരിക്കുന്നു. നാടുകൊണ്ടല്ലേ ബാലിസുഗ്രീവന്മാർ തമ്മിൽ പിണക്കമുണ്ടായതെന്നും നാടുകളിൽപ്പെട്ടതല്ലേ കിഷ്കിന്ധയെന്നും താരയെ ബാലി മോഷ്ടിച്ചുകൊണ്ടുപോന്നതല്ലേ എന്നും മതങ്ഗമുനിയോടു ദൌഷ്ട്യം കാണിച്ചില്ലേ എന്നും കായ്കനികൾ തിന്നേണ്ടവൻ കാഞ്ചനപൂർണ്ണനാകുന്നതു ശരിയാണോ എന്നും മറ്റുമാണു് ശ്രീരാമന്റെ ചോദ്യങ്ങൾ. ഒടുവിൽ ഭൂമിയോ വീരസ്വർഗ്ഗമോ വേണ്ടതെന്നു ശ്രീരാമൻ ചോദിച്ചപ്പോൾ,

 “ബാലിയെന്നും മറുബാലിയെന്നും വേണ്ട
 രണ്ടുപേരുണ്ടായി വാഴുന്നതില്ല ഞാൻ.”

എന്നു ബാലി മറുപടി പറയുന്നു.

35.20കപിലോപാഖ്യാനം കിളിപ്പാട്ടു്

സാമാന്യം നല്ല ഒരു കിളിപ്പാട്ടാണു് കപിലോപാഖ്യാനം. അതു നാലു വൃത്തങ്ങളിൽ നിബന്ധിച്ചിരിക്കുന്നു എന്നു ചിലർ പറയുന്നതു ശരിയല്ല. ആദ്യന്തം കേകയിലാണു് കവി ഗ്രന്ഥം രചിച്ചിരിക്കുന്നതെങ്കിലും ഇടയ്ക്കു കുറേ വരികൾ കാകളിയിലുമുണ്ടു്. കാകളി തുടങ്ങുമ്പോൾ കിളിയെ പ്രത്യേകമായി കവി സംബോധനം ചെയ്തുകാണുന്നു. ഗോമാഹാത്മ്യവും ഗോദാനത്തിന്റെ ഫലവുമാണു് പ്രതിപാദ്യം. കവി ആരെന്നറിയുന്നില്ല. കാലം ഒൻപതാം ശതകമാണെന്നു് ഊഹിക്കുന്നു. പക്ഷേ പത്താം ശതകമാണെന്നും വരാം.

ഇതിവൃത്തം

ഭീഷ്മർ ശരശയനത്തിൽ കിടക്കുമ്പോൾ ധർമ്മപുത്രർ ആ മഹാത്മാവിനെ നമസ്കരിച്ചു, “സർവ ദാനങ്ങളിലും മുഖ്യമായുള്ള ദാനം, സർവവുമിന്നാവോളമരുളിചെയ്തീടണം” എന്നു് അഭ്യർത്ഥിച്ചു. അദ്ദേഹം “ശ്രീകപിലോപാഖ്യാനമായുള്ള സംവാദത്തെ ലോകനായകാ കേട്ടുകൊള്ളുക ധർമ്മരാജാ” എന്നു പറഞ്ഞുകൊണ്ടു കഥയാരംഭിക്കുന്നു. ചന്ദ്രപുരി എന്ന രാജ്യത്തിൽ ചന്ദ്രസേനൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം വിധിവത്തായി പ്രജാപരിപാലനം ചെയ്യുന്ന കാലത്തു് ആ രാജ്യത്തിൽ ഗൃഹസ്ഥനായ ഒരു ബ്രാഹ്മണ ശ്രേഷ്ഠൻ താമസിച്ചിരുന്നു. അദ്ദേഹത്തോടു് അദ്ദേഹത്തിന്റെ ധർമ്മപത്നി അഗ്നിഹോത്രത്തിനു പഞ്ചഗവ്യവും മറ്റും ഉണ്ടാക്കുവാൻ ഒരു പശുവിനെ എവിടെനിന്നെങ്കിലും കൊണ്ടുവരണമെന്നു പ്രാർത്ഥിച്ചു.

ബ്രാഹ്മണൻ,
നന്നല്ല പശുക്കളെ വളർക്കുന്നതു, ദോഷ
മെന്നിയേ ഭവിക്കയില്ലതിനാലെന്നു നൂനം.
പശൂക്കൾക്കൊരിക്കലും തീരുകയില്ല ദാഹം
വിശപ്പുമടങ്ങീടാ സന്തതം ഭക്ഷിച്ചാലും.
തൃപ്തിയെ വരുത്തുവാനെത്രയും പണിയത്രേ
ശപ്തനായ് വരുമത്രേ പശുസംഗ്രഹത്തിനാൽ”

എന്നും മറ്റും പല ഒഴികഴിവുകളും പറഞ്ഞുനോക്കിയെങ്കിലും അതൊന്നും ഫലിച്ചില്ല. അതിനാൽ അദ്ദേഹം രാജാവിനെക്കണ്ടു വിവരം അറിയിക്കുകയും രാജാവു തന്റെ പശുക്കളിൽവെച്ചു് ഉത്തമയായ കപിലയെത്തന്നെ അദ്ദേഹത്തിനു ദാനം ചെയ്യുകയും ചെയ്തു. ആ സമയത്തിൽ ഗോക്കളുടെ മാഹാത്മ്യത്തെപ്പറ്റി ദാതാവു് ഇങ്ങനെ വർണ്ണിക്കുന്നു.

“സർവ്വദേവതാമയം ഗോരൂപമറിഞ്ഞാലും.
ഫാലലോചനനാകമീശ്വരൻ പശുപതി
ഫാലദേശത്തിങ്കൽ വാണീടുന്നതറിഞ്ഞാലും.
ആനനത്തിങ്കൽ മൂലപ്രകൃതി വസിപ്പതും
വാനവർ വാണീദേവി നാവിന്മേൽ വസിപ്പതും.
നേത്രങ്ങളാകുന്നതു ചന്ദ്രനുമാദിത്യനും
ശ്രോത്രങ്ങൾ മഹായക്ഷി ശൃംഗമോ ദുർഗ്ഗാദേവി.
നാസികാഗ്രത്തിങ്കൽ വാണീടുന്നു ജ്യേഷ്ഠാദേവി
വാസവന്നധിവാസം വാലിന്മേലറിഞ്ഞാലും.
തോളു രണ്ടിലും ഗണനാഥനും കുമാരനും
തോലാകുന്നതു ജലധീശ്വരനറിഞ്ഞാലും.
ദന്തപംക്തികളിൽ വാണീടുന്നു മരുത്തുകൾ
സന്തതമകിടിൽ വാണീടുന്നു നിധിപതി.
സാദരമുദരത്തിൽ വാണീടുന്നു ദഹനനും
പാദപാണികളിൽ വാണീടുന്നു നാഗേശന്മാർ.
നാലു വേദവും നാലുമുലകളാകുന്നതു
പാലാകുന്നതു നൂനമമൃതുതന്നെയല്ലോ.
ഗോമയം ലക്ഷ്മീദേവി ഗോമൂത്രം ഗംഗാദേവി
ശ്രീമഹാവിഷ്ണുതന്നെ വെണ്ണയായീടുന്നതും.
രോമങ്ങളെല്ലാംതന്നെ മുനിശ്രേഷ്ഠന്മാരല്ലോ
ഗോമാഹാത്മ്യമെല്ലാമേ പറവാൻ പകൽ പോരാ.”

ബ്രാഹ്മണി ആ കപിലയെ വളർത്തി. തനിക്കു് ആഹാരം പോരാതെയും തന്നിമിത്തം ബ്രാഹ്മണഗൃഹത്തിലേക്കുവേണ്ട പാൽ കൊടുക്കുവാൻ ശക്തിയില്ലാതെയും വരികയാൽ ആ പശു ഒരു ദിവസം മലയപർവ്വതത്തിൽ ചെന്നു ധാരാളം പുല്ലുതിന്നുകയും ആ തക്കംനോക്കി കാമരൂപി എന്ന വ്യാഘ്രി അതിനെ ഭക്ഷിക്കുവാൻ പാഞ്ഞടുക്കുകയും ചെയ്തു. പതിനൊന്നു മാസമായ തന്റെ പുത്രനെ ഒന്നു കണ്ടിട്ടു തിരിയെ എത്തുവാൻ അനുവാദം കിട്ടണമെന്നു പശു വ്യാഘ്രിയോടഭ്യർത്ഥിക്കുകയും പല വാദപ്രതിവാദങ്ങൾക്കുമേൽ വ്യാഘ്രി ആ കരാറിനു വഴിപ്പെടുകയും ചെയ്തു. പ്രസ്തുതഭാഗം വളരെ മനോഹരമായ രീതിയിൽ കവി വിസ്തരിച്ചിട്ടുണ്ട്.

“ഞാനൊരു സംവത്സരം തികഞ്ഞേ പുറപ്പെടൂ
ദീനനായിര തിരഞ്ഞീടുവാൻ, കിട്ടായ്കിലോ
പിന്നെയും സംവത്സരം തികഞ്ഞേ പുറപ്പെടൂ.
ഇന്നിപ്പോൾ പൈദാഹവും പെരുതായിരിക്കുന്നു;
നിന്നെ ഞാൻ തിന്നു മമ പൈദാഹാദികൾ തീർത്താൽ
വന്നീടും സ്വർഗ്ഗപ്രാപ്തി നിനക്കെന്നതു നൂനം”

എന്നു പറയുന്ന കാമരൂപിയോടു്

“പുരുഷാർത്ഥങ്ങൾ സാധിച്ചീടാതെ ഭൂമിതന്നിൽ
പ്പെരികെക്കാലം ജീവിച്ചിരുന്നാലെന്തു ഫലം?
പരലോകത്തെസ്സാധിച്ചീടാമെന്നിരിക്കിലോ
മരണം വരുന്നതുമെത്രയും സുഖമല്ലോ”

എന്നാണു് കപില മറുപടി പറയുന്നതു്. കവി സന്ദർഭാനുസാരേണ ഉത്തമനായ ഒരു വാനരന്റെയും മധ്യമനായ ഒരു ശാർദ്ദൂലത്തിന്റെയും അധമനായ ഒരു വ്യാധന്റെയും കഥകൂടി വ്യാഘ്രിയെ പറഞ്ഞുകേൾപ്പിക്കുന്നുണ്ടു്. പശു തന്റെ പുത്രനെ കണ്ടു നടന്ന വിവരങ്ങൾ പറഞ്ഞപ്പോൾ അവിടത്തെ സ്ഥിതി കവി താഴെക്കാണുന്ന വിധത്തിൽ വിവരിക്കുന്നു.

“ശാർദ്ദൂലത്തോടു സത്യം ചെയ്തുപോന്നതു കേട്ടു
പാർത്തുകല്പിച്ചു പറഞ്ഞീടിനാൻ തനയനും.
തന്നുടെ മാതാപിതാക്കന്മാർക്കു ദുഃഖം തീർപ്പാൻ
നന്ദനനുണ്ടാകുന്നതെന്നതു കേട്ടിട്ടില്ലേ?
എന്നതുമൂലം ഞാൻ പോയ്ച്ചെന്നവനാഹാരത്തി
നെന്നുടെ ദേഹം കൊടുത്തീടുവൻ മടിയാതെ.
എന്നുമേ പോകവേണ്ട മാതാവേ നീയെന്നതു
നന്ദനൻ ചൊന്നനേരം ചൊല്ലിനാൾ കപിലയും.
സന്തതിയില്ലാതവർക്കില്ലല്ലോ പരഗതി
ചിന്തിച്ചുകണ്ടാൽ ഞാൻതാൻ പോയ്ക്കൊൾക നല്ലൂ നൂനം.
എന്നതു പറകയും കണ്ണുനീരൊലിക്കയും
തന്നുടെ സഖികളെയേല്പിച്ചു കരഞ്ഞുപോ
കുന്നതു കണ്ടു കരഞ്ഞീടിനാർ സഖികളും.
പിന്നാലെ കൂടെച്ചിലർ നടന്നുതുടങ്ങിനാർ
എന്നതു കണ്ടു പറഞ്ഞീടിനാൾ കപിലയും,
എന്നേ കഷ്ടമേ! ചൊല്ക നിങ്ങൾക്കു ദുഃഖിപ്പാനെ
ന്തെന്നെയീവണ്ണമല്ലോ ധാതാവു നിയോഗിച്ചു.
വന്നീടുമൊരുത്തനു മരണമെന്നാലപ്പോ
ളന്യരായുള്ള ജനം കൂടവേ മരിപ്പുണ്ടോ?”

ഒടുവിൽ കപില തിരിയെച്ചെന്നു കാമരൂപിയെക്കണ്ടു.

“സത്യതൽപരയായ നിന്നെ ഞാൻ തിന്നുന്നീല
അത്രയുമല്ലയിന്നു തുടങ്ങിയിനിമേലിൽ
പൃഥ്വിയിലുള്ള ജന്തുവർഗ്ഗത്തെത്തിന്നുന്നീല
മാംസഭോജനമിന്നു തുടങ്ങിച്ചെയ്യുന്നീല”

എന്നു വ്യാഘ്രി പറഞ്ഞു. ആ ആശ്ചര്യം കണ്ടു മഹാവിഷ്ണു രണ്ടു മൃഗങ്ങളേയും വൈകുണ്ഠത്തിലേക്കു കൊണ്ടുചെല്ലാൻ ദൂതന്മാരെ അയച്ചു. തന്റെ പുത്രനേയും സഖികളേയും രക്ഷിതാവായ ബ്രാഹ്മണനേയുംകൂടി വിമാനത്തിൽ കയറ്റിയാലല്ലാതെ താൻ കയറുകയില്ലെന്നു കപില വാദിച്ചു. ബ്രാഹ്മണനോടു ചോദിച്ചപ്പോൾ തന്റെ പത്നിയും ബന്ധുക്കളും രാജാവുംകൂടി തന്നെ അനുഗമിക്കണമെന്നു് അദ്ദേഹവും, ചന്ദ്രസേനനോടു ചോദിച്ചപ്പോൾ തന്റെ രാജ്യത്തിലെ സകല ചരാചരങ്ങളും തന്നെ അനുയാത്ര ചെയ്യണമെന്നു് ആ രാജാവും സിദ്ധാന്തിച്ചു. മഹാവിഷ്ണുവിന്റെ അനുമതിയോടുകൂടി അവരെല്ലാം വിഷ്ണുലോകത്തിലേക്കു പോയി ഭഗവത്സായുജ്യം പ്രാപിക്കുകയും ചെയ്തു.

35.21സീതാദുഃഖം കിളിപ്പാട്ടു്

സീതാദുഃഖം ഒൻപതാം ശതകത്തിൽ ആരോ രചിച്ച ഒരു ചെറിയ കിളിപ്പാട്ടാണു്. ‘നിറവേ ഭുജിക്കുക’, ‘ദോഷമില്ലാ ജാനകി’, ‘ബോധ്യവും വരുത്തിയേ’, ‘എന്നെക്കായിൽ മുതിർന്നു’, ‘വേറെയുണ്ടൊരു കശൽ’, ‘നിച്ചിരിയത്തെപ്പോലെ’, ‘പിറന്ന കുഴവിയും’ മുതലായ പ്രയോഗങ്ങൾ ഇതിൽ കാണ്മാനുണ്ടു്. വാല്മീകിയുടെ ഉത്തരരാമായണത്തിലുള്ള സീതാനിർവാസ ഘട്ടത്തിലെ ഇതിവൃത്തത്തെ വികൃതരീതിയിൽ രൂപാന്തരപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ പ്രണേതാവു് ആ വിഷയത്തിൽ തന്റെ ഉദ്ദേശമെന്തെന്നു വെളിപ്പെടുത്തുന്നില്ല. “മാവാരതം പാട്ടു്” മുതലായ ഗ്രാമീണകൃതികളുടെ കൂട്ടത്തിൽ ഇതിനേയും ചേർക്കണമെന്നാണു് എനിക്കു തോന്നുന്നതു്. പത്താംശതകത്തിലെ കൃതിയെന്നു ഞാൻ ഊഹിക്കുന്ന “ഭീമൻകഥ”യ്ക്കുള്ള സ്ഥാനവും ഇത്തരത്തിലുള്ളതുതന്നെ.

ഇതിവൃത്തം

പട്ടാഭിഷേകം കഴിഞ്ഞു ശ്രീരാമൻ ഒരിക്കൽ നായാട്ടിനുപോയ അവസരംനോക്കി കൗസല്യ, കൈകേയി, സുമിത്ര എന്നീ മൂന്നു് അമ്മായിമാരുംകൂടി സീതാദേവിയോടു രാവണന്റെ പടംവരച്ചു തങ്ങളെ കാണിക്കുവാൻ ആവശ്യപ്പെടുന്നു. വളരെ വൈമനസ്യത്തോടുകൂടിയാണെങ്കിലും അവരുടെ നിർബ്ബന്ധത്തിനു് ആ സാധ്വി വഴങ്ങുന്നു. “വരട്ടനൂറും മഷിക്കുറിയുമെടുത്തുടൻ സുമിത്രാദേവി കൊണ്ടു” ചെന്നു സീതയുടെ കയ്യിൽ കൊടുക്കുകയും, സീത

“വേദമന്ത്രത്തെജ്ജപിച്ചിരിക്കുന്നൊരു മുഖം;
സങ്ഗീതങ്ങളും പാടീട്ടിരിക്കുന്നൊരു മുഖം;
ആദിത്യനെന്റെനേരേയില്ലെന്നുണ്ടൊരു മുഖം;
ഈശ്വരനോടു യുദ്ധം ചെയ്യുന്നുണ്ടൊരു മുഖം;
ദേവകൾ തന്നെദ്ദുഷിചെയ്യുന്നങ്ങൊരു മുഖം;
പടയ്ക്കു മറുതല തിരിക്കുന്നൊരു മുഖം;
സീതയെത്തന്നെ നിനച്ചീടുന്നിതൊരു മുഖം;
മധുവും മാംസവും ഭക്ഷിക്കുന്നിതൊരു മുഖം;
ഇന്ദ്രജിത്തിനെ നിനച്ചിടുന്നിതൊരു മുഖം;
വരവും പെരുക്കീട്ടു വസിക്കുന്നൊരു മുഖം;”

ഇങ്ങനെയും മറ്റുമുള്ള രൂപത്തിൽ ലങ്കേശ്വരന്റെ ചിത്രമെഴുതിത്തീർക്കുകയും ചെയ്തു. സുമിത്ര ആ ചിത്രം വാങ്ങി. അമ്മായിമാർ മൂവരും യോജിച്ചു് അതു് ആവണപ്പലകമേൽ വെച്ചു “വിശന്നു വെയിൽകൊണ്ടു വരുന്ന രാമദേവ”നെ അതിന്മേൽ ഇരുത്തി. ശ്രീരാമൻ, ആ പടം സീത വരച്ചതാണെന്നറിഞ്ഞപ്പോൾ ഏറ്റവും ക്രുദ്ധനായി, സീതയുടെ സമാധാനവും പരിദേവനവും ചെവിക്കൊള്ളാതെ വനവാസത്തിൽ തന്റെ പത്നിയുടെ സർവപ്രവൃത്തികളിലും കാപട്യം കണ്ടു. “കുളിപ്പാനെന്നെക്കായിൽ മുതിർന്നുപോകും മുൻപേ മലർക്കാവിലേ പോയാൽ വൈകിയേ വരൂതാനും” എന്നും മറ്റും അദ്ദേഹം പല ദുശ്ശങ്കകൾക്കു വിധേയനായിത്തീർന്നു. ഒടുവിൽ ലക്ഷ്മണനോടു് ആ ദേവിയെ “മണിയും കൊട്ടി മെല്ലെയുലകിൽ നടത്തണം” എന്നു് ആജ്ഞാപിക്കുകയും ലക്ഷ്മണൻ അതിനു വിസമ്മതം അറിയിച്ചപ്പോൾ “ലക്ഷ്മണ! നിനക്കിനി ഭാര്യയായിരുത്തുവാൻ നിശ്ചയം നിനയ്ക്കുന്നു, ഇപ്പോൾ ഞാനറിഞ്ഞിതു” എന്നും മറ്റും കൊള്ളിവാക്കുകൾ പറയുകയാണു് ശ്രീരാമൻ ചെയ്തതു്. ലക്ഷ്മണൻ പിന്നെ അവിടെ നില്ക്കാതെ സീതയേയുംകൊണ്ടു മുനിയുടെ പർണ്ണശാലയിൽ ചെല്ലുകയും മുനി ഒരു പരീക്ഷ കഴിഞ്ഞു ദേവിയുടെ പാതിവ്രത്യനിഷ്ഠ ശരിക്കു മനസ്സിലാക്കി ആ ഗർഭിണിയെ അവിടെ താമസിപ്പിക്കുകയും ചെയ്തു. ആദ്യം ഒരു ഉടുമ്പിനെ കൊന്നു കുമാരൻ സീതയുടെ ചോരയാണു് തന്റെ വാളിൽ പുരണ്ടിരിക്കുന്നതെന്നു് അറിയിച്ചപ്പോൾ അമ്മായിമാർ അതിൽ കളവുണ്ടെന്നു പറയുകയാൽ വീണ്ടും ആശ്രമത്തിൽച്ചെന്നു ദേവിയുടെ ആണിവിരൽ അറുത്തു് ആ ചോര വാളിൽ പൂശി കാണിച്ചു. “ആണ്‍ ചോര പെണ്‍ചോരയും കണ്ടിട്ടില്ലതുകൊണ്ടോ” തങ്ങളെ വീണ്ടും കബളിപ്പിക്കുന്നതെന്നു് അവർ വീണ്ടും തുടർന്നു വാദിച്ചപ്പോൾ “നിങ്ങടെ ദേഹമൊരു ഭാഗമങ്ങറുക്കണം, ഒന്നുപോൽ നിറമെങ്കിൽപ്പിന്നെ ഞാൻ പറഞ്ഞീടാം.” എന്നു ലക്ഷ്മണൻ പറഞ്ഞു. സീത മൃതയായി എന്നു് അതിൽനിന്നു ശ്രീരാമൻ ധരിച്ചു.

“അല്ലിത്താർതിരുമുടിഭംഗികൾ മറപ്പതോ?
മഴക്കാറിരുളൊത്ത തലനാർ മറപ്പതോ?
മുത്തുകളണിഞ്ഞീടും തൃക്കണ്ണു മറപ്പതോ?
കോവതൻ കുരുവൊത്ത പല്ലുകൾ മറപ്പതോ?
ആലിലസമമൊത്ത വയറും മറപ്പതോ?
അന്നത്തിൻ നടയൊത്ത നടകൾ മറപ്പതോ?”

എന്നും മറ്റും വിലപിച്ചു. പിന്നെയും ചില സംഭവങ്ങൾ കഴിഞ്ഞു ശിശുക്കളെ കാണുവാൻ ശ്രീരാമൻ ലക്ഷ്മണസഹിതനായി ആശ്രമത്തിലേക്കു പോകുകയും അവിടെ ഭൂമി പിളർന്നു സീത അതിൽ അപ്രത്യക്ഷയാകുകയും ചെയ്തു. എങ്കിലും സീതയുടെ തലമുടി ശ്രീരാമന്റെ കയ്യിൽ പെടുകയും അതു “പാലഴിതന്നിൽച്ചെന്നു വാസുകിയുടെ വാൽമേൽ” ചുറ്റുകയും ചെയ്തുവത്രേ. അതുകൊണ്ടാണുപോലും ആ സർപ്പത്തിൽ ഭഗവാൻ ശയനംചെയ്യുന്നതു്. ഗ്രന്ഥകത്താവിനു ദുഷ്ടകളായ അമ്മായിഅമ്മമാരെ അവഹേളനം ചെയ്യണമെന്നു താൽപര്യമുണ്ടായിരുന്നതായി സങ്കല്പിക്കാമെങ്കിലും അതല്ല അദ്ദേഹത്തിനു് ഇതിഹാസവിഷയത്തിലുള്ള അപാരമായ അജ്ഞതതന്നെയാണു് ഇങ്ങനെ ഒരു കാവ്യനിർമ്മിതിക്കു സഹായകമായിരുന്നതു് എന്നു നിർണ്ണയിക്കുന്നതിനു മഹാവിഷ്ണുവിന്റെ മെത്ത വാസുകിയാണെന്നുള്ള അബദ്ധപ്രസ്താവനതന്നെ മതിയായ സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ.

35.22നളചരിതം പാന

ഈ പാനയും ഒൻപതാംശതകം ഉത്തരാർദ്ധത്തിലേയോ പത്താംശതകം പൂർവ്വാർദ്ധത്തിലേയോ ഒരു കൃതിയാണെന്നു തോന്നുന്നു. കർത്താവു് ആരെന്നറിവില്ല. ദമയന്തീസ്വയംവരത്തിനു നളനും ദേവന്മാരും പുറപ്പെടുന്നതു മുതൽ സ്വയംവരംവരെയുള്ള കഥയേ ഇതിൽ പ്രതിപാദിച്ചിട്ടുള്ളു. ആകെ രണ്ടു ഭാഗങ്ങളുള്ളതിൽ രണ്ടാമത്തെ ഭാഗം തരംഗിണീവൃത്തത്തിൽ രചിച്ചിരിക്കുന്നു. കവിത രമണീയമാണു്. ദൂതവേഷധാരിയായ നളൻ ദമയന്തിയോടു പറയുന്ന ചില വാക്കുകളാണു് ചുവടെ ചേർക്കുന്നതു്.

“സ്വർഗ്ഗവാസത്തിനാഗ്രഹമില്ലെന്നു
ഭർഗ്ഗുതന്നേ പറയുന്നു നീയിപ്പോൾ
നാരിമാർക്കു വലിപ്പത്തിനാഗ്രഹം
പാരമെന്നുള്ളതിന്നുള്ളതല്ലെടോ.
മൂടുവാൻ മുതലുള്ള പുരുഷനും
നാടുവാഴിയുംകൂടി വരുന്നാകിൽ
നാടുവാഴി ദരിദ്രനെന്നാകിലും
കൂടിച്ചെന്നു ശയിക്കുമീ നാരികൾ.
ആയിരം പണം നല്കുന്നവനേക്കാ
ളായിരപ്രഭു നിർദ്ധനനാകിലും
ആയവൻതന്നെ വേണ്ടൂ സുഖത്തിനെ
ന്നായതാക്ഷിമാർക്കൊക്കവേ സമ്മതം.
രണ്ടകമ്പടിക്കാരുടെ പിന്നാലെ
തണ്ടരഞ്ഞാണും തുപ്പട്ടിവസ്ത്രവും
വ്യാളംകൊത്തിയ മുൻകയ്യുമായൊരു
വാളും കുത്തി ഞെളിഞ്ഞു നടക്കുന്ന
പണ്ടത്തെക്കാണുംനേരം തരുണിമാർ
പണ്ടത്തെപ്പുരുഷന്മാരെക്കൈവിടും.
തണ്ടുതപ്പിത്തമല്ലാതൊരിക്കലും
കൊണ്ടൽവേണിമാർക്കില്ലെന്നറിഞ്ഞാലും.
ഇന്ദ്രനിൽക്കൊതിയില്ലെന്നു ചൊല്ലിയാ
ലിന്നെനിക്കിതു ബോധിക്കയുമില്ല.
കണ്ടു കണ്ടില്ലെന്നുള്ള മനുഷ്യരെ
ക്കൊണ്ടുപകാരമെന്തുള്ളു സുന്ദരി?”
35.23ലക്ഷ്മീസ്വയംവരം പാട്ടു്

ഇതു പാലാഴിയിൽനിന്നു ലക്ഷ്മീദേവി ഉത്ഭവിക്കുന്നതും മഹാവിഷ്ണു ആ ദേവിയെ പാണിഗ്രഹണം ചെയ്യുന്നതുമായ ഉപാഖ്യാനത്തെ അധികരിച്ചു കാകളീവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ പാട്ടാണു്. കവിയെപ്പറ്റി ഒരറിവുമില്ല. കാലം ഒൻപതാം ശതകം ഉത്തരാർദ്ധമോ പത്താം ശതകം പൂർവ്വാർദ്ധമോ ആണു്. കവിത മോശമെന്നു പറയാനില്ല. താഴെ കാണുന്ന ഈരടികൾ നോക്കുക.

“അക്കടൽതൻ നടുവിൽ പ്രകാശിച്ചുട
നർക്കായുതപ്രഭ കൈക്കൊണ്ടു കാണായി
പൊൽത്താരിൽമാതെഴുന്നള്ളും പ്രകാരങ്ങൾ.
പത്തുനൂറായിരം ദിവ്യവധൂജനം
കൈത്താരിൽ താലപ്പൊലി കൈവിളക്കുകൾ
മുത്തുക്കുട കൊടി രത്നത്തഴകളും
മുത്തുരത്നങ്ങളാൽ കോരിയഭിഷേകം
മത്തഗജേന്ദ്രന്മാർ ചെയ്തുകൊണ്ടങ്ങനെ
ആലവട്ടം നല്ല വെഞ്ചാമരങ്ങളും
ബാലത്തരുണിമാർ വീയുമാറങ്ങനെ
മംഗല്യവായ്ക്കുര വാദ്യഘോഷംകൊണ്ടു
തിങ്ങിയുലകു മുഴങ്ങുമാറങ്ങനെ
ബ്രഹ്മാവു മുൻപായ ദേവമുനീന്ദ്രന്മാർ
നിർമ്മലവേദം ജപിക്കുമാറങ്ങനെ
ദേവകൾ മുപ്പത്തിമുക്കോടിയുംകൂടി
ദേവിയെ വാഴ്ത്തി സ്തുതിക്കുമാറങ്ങനെ
അംബുജലോചനൻതന്നെ വരിപ്പാനാ
യംബുജത്തയ്യലാൾ പയ്യെച്ചമഞ്ഞിതു.
അംബുവാഹങ്ങളെ വെന്നണിചായലി
ലംബുജമാല തുളസിയും തെച്ചിയും
പിച്ചകമാലയണിഞ്ഞു നിരന്നുട
നുജ്ജ്വലിക്കും കിരീടം ഘനം ചാർത്തിയും …
തിങ്ങിവിങ്ങിഗ്ഘനം തമ്മിലുരുമ്മീട്ടു
പൊങ്ങുന്ന ബാലക്കുളുർമുലക്കുന്നുകൾ
സംഗീതസാഹിത്യസാമർത്ഥ്യസാരസ്യ
സാരം ചുമന്നു ചൊരിഞ്ഞുകൊണ്ടങ്ങനെ
ത്രൈലോക്യമോഹിനി സുന്ദരിയിന്ദിര
ബാലാർക്കശോഭ കലർന്നുകൊണ്ടങ്ങനെ
നാഥനുറങ്ങുമരയാൽത്തളിരിനു
മാധി കൊടുക്കുമുദരവുമങ്ങനെ
നീലിമ കോലുന്ന രോമാവലി കണ്ടാൽ
നീലഫണീന്ദ്രനെ വെല്ലുമാറങ്ങനെ
മേളമിയലുന്ന നാഭിമലർ കണ്ടി
ട്ടോളത്തിലെച്ചുഴി മൂളന്നൊളിച്ചുപോയ് …
തണ്ടു തരിവള പാടകമെന്നിവ
കൊണ്ടു വിളങ്ങുന്നടിയിണശോഭയും.”
35.24ഓണപ്പാട്ടു്

ഓണപ്പാട്ടിനു മഹാബലിചരിതം എന്നും പേരുണ്ടു്. കവിയാരെന്നറിയുന്നില്ല. ഒൻപതാം ശതകത്തിലോ പത്താംശതകത്തിലോ ഉള്ള കൃതിയാണെന്നനുമാനിക്കാം. താൻ തൃക്കാക്കരനിന്നു വരുന്നതായി കിളി പറയുമ്പോൾ “തൃക്കാക്കരയെന്തു വാർത്തയൊള്ളു?” എന്നു കവി ചോദിക്കുന്നു. “തൃക്കാക്കര ശ്രീമഹാദേവന്റെ” ലീലകൾ നാരദൻ പറഞ്ഞുകേട്ടിട്ടുള്ളതു താൻ വിവരിക്കാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടു കിളി മഹാബലിയുടെ രാജ്യഭാരം ആദ്യമായി വർണ്ണിക്കുന്നു. ആ ഘട്ടത്തിലുള്ള ചില ശീലുകൾ സുപ്രസിദ്ധങ്ങളാണല്ലോ.

“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം.
വെള്ളിക്കോലാദികൾ നാഴികളു
മെല്ലാം കണക്കുകൾ തുല്യമായി.
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.”

അക്കാലത്തു് ആഡംബരപൂർവ്വം ആഘോഷിച്ചുവന്നിരുന്ന ചിങ്ങമാസത്തെ ഓണം “മാവേലി മണ്ണുപേക്ഷിച്ചശേഷം മാധവൻ നാടുവാണീടും കാലം” മുടങ്ങിപ്പോകയും മഹാബലി അതിനെപ്പറ്റി ശ്രീകൃഷ്ണനോടു് ആവലാതിപ്പെടുകയും ചെയ്തു. അപ്പോൾ ശ്രീകൃഷ്ണൻ

“വേദിക്കവേണ്ട നീ മാവേലിയേ
കാലമൊരാണ്ടിലൊരു ദിവസം
മാനുഷരെ വന്നു കണ്ടുകൊൾവാൻ
ചിങ്ങമാസത്തിലെ ഓണത്തിൻനാൾ
ഭംഗ്യാ വരിക … … …”

എന്നരുളിചെയ്തു. ഭഗവാന്റെ ഉപദേശമനുസരിച്ചു ധർമ്മപുത്രർ

“ചിങ്ങമാസത്തിലെ ഓണത്തിൻനാൾ
മാവേലിതാനും വരുമിവിടെ
പണ്ടേതിനേക്കാൾ വിചിത്രമായി
വേണ്ടുന്നതെല്ലാമൊരുക്കീടേണം”

എന്നു് ആജ്ഞാപിക്കുകയും ചെയ്തു. പ്രജകൾ ആ ഉത്സവം ഘോഷിക്കുന്ന രീതി കവി സാമാന്യം ഭംഗിയായി പ്രതിപാദിക്കുന്നു. താഴെക്കാണുന്നതു് അക്കാലത്തെ വാണിജ്യത്തെ പരാമർശിക്കുന്ന ചില വരികളാണു്.

“ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവണികൾ വേണ്ടുവോളം
നല്ലോണം ഘോഷിപ്പാൻ നല്ക്കഴുത്തൽ
കായംകുളച്ചേല പൊല്ക്കലിയൻ
ചീനത്തെ മുണ്ടുകൾ വേണ്ടുവോളം
ജീരകം നല്ല കടുമുളകു
ശർക്കര തേനോടു പഞ്ചസാര
എണ്ണമില്ലാതോളമെന്നേ വേണ്ടു.”

സ്ത്രീകൾ ഭർത്താക്കന്മാരോടും മറ്റും ഓണപ്പുടവയ്ക്കു് അപേക്ഷിക്കുന്ന ഭാഗം വായിക്കാൻ രസമുണ്ടു്.

“തന്റെ കണവനോടൊന്നു ചൊന്നു.
ചേലയെനിക്കൊന്നുവേണമെങ്കിൽ
രണ്ടാംതരംതന്നെ വേണമല്ലോ
കണ്ടാലും നല്ല വിശേഷം വേണം.
എന്നതു കേട്ടപ്പോൾ മറ്റൊരുത്തി
ഉടുവാത്തൊരു ചേല വേണമല്ലോ
കാരണം കേൾപ്പിൻ ഞാൻ ചൊന്ന വാർത്ത
ചേലത്തരത്തിനു വേണമെങ്കിൽ
പൂരത്തിൻനാൾക്കു വരേണം നിങ്ങൾ
വീരാളിക്കൊത്തൊരു ചേലവേണം”
“അന്നേരം മറ്റൊരു കന്യകയും
തന്നുടെ മാതാവിനോടു ചൊന്നാൾ.
ഓണപ്പുടവയെനിക്കില്ലമ്മേ
നാണക്കേടായിട്ടു വന്നുകൂടി.
അച്ഛൻകൊണ്ടന്നാലെനിക്കു വേണ്ടാ
എന്റെ മകൾക്കങ്ങിരുന്നുപോട്ടെ
ഓണം കഴിഞ്ഞേ എനിക്കു വേണ്ടു.”
“അത്തം കഴിഞ്ഞു നാളഞ്ചു ചെന്നാൽ
വേണ്ടുന്നതെല്ലാമൊരുക്കിടേണം
ഉത്രാടമസ്തമിച്ചീടുന്നേരം
ഹസ്തിമുഖവനു വേണ്ടുന്നതു”

എന്നും മറ്റുമുള്ള ചടങ്ങുകളെപ്പറ്റി അനന്തരം ചുരുക്കമായി പ്രസ്താവിക്കുന്നു.

“മാവേലി പോകുന്ന നേരത്തിങ്കൽ
നിന്നു കരയുന്നു മാനുഷരും”

എന്നാണു് കവി പറയുന്നതു്.

സാഹിത്യദൃഷ്ട്യാ ഈ ചെറിയ പാട്ടിനു സ്ഥാനമൊന്നും കല്പിക്കുവാൻ പാടില്ലെങ്കിലും അതിലെ ചില ശീലുകൾക്കു തന്മയത്വമുണ്ടെന്നു സമ്മതിക്കുകതന്നെ വേണം. ചില ഈരടികൾ മൂവടികളായാണു് രചിച്ചുകാണുന്നതു്. മഹാബലി തന്റെ നാടു കാണ്മാൻ വരുന്ന ദിവസമാണു് ചിങ്ങമാസത്തിലെ തിരുവോണം എന്നു കേരളത്തിൽ ഐതിഹ്യമുണ്ടെങ്കിലും അദ്ദേഹം കേരളരാജാവായിരുന്നുവെന്നു് ആരും തെറ്റിദ്ധരിക്കരുതു്. പണ്ടു തിരുവോണം തമിഴ്നാട്ടിലും ഘോഷിച്ചിരുന്നു എന്നുള്ളതിനു “മതുരൈക്കാഞ്ചി” എന്ന സംഘകാലത്തെ കൃതിയിൽ തെളിവുണ്ടു്. വാസ്തവത്തിൽ തിരുവോണം മഹാബലിയെ വാമനമൂർത്തി ജയിച്ച ദിവസമാണു്. “വാനവരമ്പൻ” എന്ന പദത്തെ “ബാണവർമ്മൻ” എന്നു രൂപാന്തരപ്പെടുത്തി മഹാബലിയുടെ പൗത്രനായ ബാണനും കേരളത്തിൽ രാജ്യഭാരം ചെയ്തിരുന്നു എന്നു പറയുന്നതു പ്രമാദംതന്നെ. ബാണന്റെ രാജധാനി ആര്യാവർത്തത്തിലായിരുന്നു. “വാനവരമ്പൻ” എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണു്. “മല്ലൽ ചെരുതിയൻ വാനവരമ്പനേ മലയമാനേ” എന്നു ചൂഡാമണി നിഘണ്ടുവിൽ കാണാം.

35.25രാമായണം ഗാഥ

രാമായണം ഗാഥ എന്നൊരു ദീർഘമായ കൃതി അജ്ഞാതനാമാവായ ഏതോ ഒരു കവി രചിച്ചുകാണുന്നു. കൃഷ്ണഗാഥയെ അപേക്ഷിച്ചു ഭാരതഗാഥ പതിന്മടങ്ങു് അപകൃഷ്ടമാണെങ്കിൽ ഭാരതഗാഥയെക്കാൾ നൂറു മടങ്ങു് അപകൃഷ്ടമാണു് രാമായണഗാഥ. കവി വളരെ പണിപ്പെട്ടു് ഒരുവിധത്തിൽ വൃത്തമൊപ്പിച്ചു എന്നു പേർ വരുത്തി ശബ്ദഗുണമോ അർത്ഥഗുണമോ ഉള്ള ഒരൊറ്റ വരിപോലും കണികാണാൻ നിവൃത്തിയില്ലാത്തവിധത്തിൽ രാമായണത്തെ അടിസ്ഥാനപ്പെടുത്തി ‘ഷോഡശായിരത്തൊന്നു’ ഗ്രന്ഥമായി പ്രസ്തുതകൃതി നിബന്ധിച്ചിരിക്കുന്നു. “ദീനതയെന്യേ ദിനംപ്രതി രക്ഷിക്കും ദയയേറും പള്ളിയറേശ്വരി” തന്നെ പരിപാലിക്കണമെന്നു പ്രാർത്ഥിക്കുന്നതിനുപുറമേ “വല്ലാതെയാക്കാതെ മംഗലമാക്കണം, വ്യാഘ്രാലയ, ദേവ, തമ്പുരാനേ” എന്നും പറയുന്നതിൽനിന്നു വൈക്കത്തപ്പന്റെ ഭക്തനായിരിക്കാം അദ്ദേഹമെന്നു സങ്കല്പിക്കാവുന്നതാണു്. ഒരു ഗുരു വേണ്ട ദിക്കിൽ രണ്ടു ലഘുക്കളെ അതിനുപകരം ചേർക്കുന്നതു കവി ഒരു ഭംഗ്യന്തരമായി കരുതീട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. “പല ഗുണമുള്ളൊരു പത്മവിലോചനൻ പാർത്ഥിവൻ രാമചരിതം ഭക്ത്യാ” “അരചന്മാർക്കു വാഴ്വാനഴകാം രാജധാനി അത്ഭുതമാം സ്വർണ്ണംകൊണ്ടുതന്നെ” എന്നും മറ്റുമുള്ള വരികൾ ഈ വൈകല്യത്തിനു് ഉദാഹരണങ്ങളാണു്. യതിഭംഗംകൊണ്ടു കർണ്ണാരുന്തുദങ്ങളായ ഈരടികൾക്കു കണക്കില്ല. ചില വരികൾ ഉദ്ധരിക്കാം.

“മന്നവന്മാർക്കൊക്കെ മന്നവനായൊരു
മാർത്താണ്ഡഗോത്രജൻ മാനശീലൻ
മുനിമാർ ദേവകൾക്കും മുഖ്യർ മറ്റുള്ളോർക്കും
മോഹിച്ചതൊക്കെയും നല്കീടുന്നു.
ആനന്ദമൂർത്തിയതാകും ശ്രീരാമനു
മംഗനയോടുമനുജനോടും
നന്നായയോദ്ധ്യാനഗരിയിലും വാണു
നല്ലോരോടുമാനന്ദിച്ചക്കാലം.”

ഗാഥയിൽ ഇത്ര പൊട്ടയായി മറ്റൊരു കാവ്യം ഞാൻ വായിച്ചിട്ടില്ല. പണ്ടും ഇന്നത്തെപ്പോലെ സാഹിത്യസാമ്രാജ്യത്തിൽ അനധികാരികളായ ചില ലോകോപദ്രവികൾ വലിഞ്ഞുകേറി ഗോഷ്ടികൾ കാണിച്ചിരുന്നു എന്നു സൂചിപ്പിക്കുന്നതിനെങ്കിലും ഈ ഖണ്ഡിക പ്രയോജനപ്പെടുന്നതാണല്ലോ. ഉളൻ, നെറിയേ (ന്യായമായി) മുതലായ ചില പഴയ പദങ്ങൾ കാണുന്നു. കവി അദ്ധ്യാത്മരാമായണം വായിച്ചിരുന്നു എന്നുള്ളതിനു “ഫാലവിലോചനൻ പരമേശ്വരൻതാനും പാർവ്വതിക്കു നന്മവർദ്ധിപ്പാനായ്” രഹസ്യോപദേശം ചെയ്തു എന്നുള്ള പ്രസ്താവന ജ്ഞാപകമാണു്. കവിത ഒമ്പതാം ശതകത്തിൽ രചിച്ചതാണെന്നു തോന്നുന്നു.

35.26ക്രിയാദീപിക (തന്ത്രഗ്രന്ഥം)—പൊടവർഭാഷ

ബിംബപ്രതിഷ്ഠ, പൂജ, തന്ത്രദീക്ഷ മുതലായ പല താന്ത്രിക വിഷയങ്ങളെക്കുറിച്ചും വിശദവും ലളിതവുമായ രീതിയിൽ പ്രതിപാദിക്കുന്ന ഒരു ദീർഘമായ ശാസ്ത്രഗ്രന്ഥമാണു് ക്രിയാ ദീപിക. പുടവർ(വിടവൂർ) ഭാഷയെന്നും ഇതിനെ പറയുന്നു. പൊടവർ എന്നതു തളിപ്പറമ്പുഗ്രാമത്തിലെ വൈദികന്മാരായ നമ്പൂരിമാർക്കുള്ള പൊതുപ്പേരാണു്. ആവശ്യമുള്ള ഘട്ടങ്ങളിൽ വേണ്ട മന്ത്രങ്ങളും ഉദ്ധരിച്ചിട്ടുണ്ടു്. പെരൂഞ്ചല്ലൂർ ഗ്രാമക്കാരനും നാരായണന്റെ പുത്രനും പാണ്ഡുരംഗന്റെ ശിഷ്യനുമായ വാസുദേവൻനമ്പൂരിയാണു് ഇതിന്റെ പ്രണേതാവു്. താൻ സുമനോവാടികാജാതനും മഹേശ്വരന്റെ പിതൃവ്യനുമാണെന്നും അദ്ദേഹം തന്നെപ്പറ്റി പറയുന്നു. സുമനോവാടിക(മലർക്കാവു്) ഏതു സ്ഥലമാണു് എന്നറിയുന്നില്ല. മഹേശ്വരനും അവിജ്ഞാതനാണു്. ഗ്രന്ഥം ആദ്യന്തം അനുഷ്ടുപ്പുവൃത്തത്തിൽ രചിച്ചിരിക്കുന്നു. തന്ത്രസമുച്ചയത്തിലെന്നപോലെ ഇതിലും പന്ത്രണ്ടു പടലങ്ങളുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങൾ ശ്രദ്ധേയങ്ങളാണു്. ആരംഭം:

ഉള്ളിൽ വെന്തഴലും ലോകർക്കല്ലൽ തീർപ്പാനൊരൗഷധം
നല്ലതിന്നായ് വണങ്ങുന്നേൻ ചെല്ലൂർനാഥം സദാശിവം.
തന്ത്രമായ സമുദ്രത്തിന്നന്തയാനേ സുപോതകം
ചിന്തയേ പാണ്ഡുരംഗാഖ്യം സന്തതം ഞാൻ ഗുരൂത്തമം
തന്ത്രീണാം മന്ദബുദ്ധീനാം വ്യക്തമായറിവാനിഹ
പ്രതിമാസ്ഥാപനാദീനാമെളുതായി വിധിംബ്രുവേ.”

അവസാനം:

“ഗുരൂപദേശം കൂടാതെ ചെയ്യൊല്ലയിവയൊന്നുമേ,
ധാർഷ്ട്യതശ്ചെയ്കിൽ വിഫലം കർമ്മ സ്യാദ്ദേവകോപവും.
സുമനോവാടികാജാതവിടവൂർ വാസുദേവനാൽ
മഹേശ്വരപിതൃവ്യേണ പഠിച്ചുണ്ടായതൊക്കെയും
ശ്ലോകരൂപേണ ബന്ധിച്ചു ഭാഷാമിശ്രിതസംസ്കൃതൈഃ.
………
ഏവം കൃതാ തന്ത്രഭാഷാ മന്ത്രാണാം മാർഗ്ഗദർശിനീ
ചെല്ലൂരാധിപതിജ്ഞേയാ ഭൂയാദസ്മദനുഷ്ഠിതാ.
ഇത്ഥം ക്രിയാദീപികയിൽ ദ്വാദശം പടലം കൃതം
നാരായണതനൂജേന ചെല്ലൂർനാഥപ്രസാദതഃ.”

ഇടയ്ക്കുനിന്നു ചില ശ്ലോകങ്ങൾകൂടി ചേർക്കാം.

ആചാര്യകുണ്ഡേ ഹോമിപ്പാൻ പ്ലാശുതന്നെ സമിത്തിഹ
കടമ്പും ഷണ്‍മുഖേ വിഘ്നേ കൂവളം പ്ലാശു ശാസ്തരി
പ്ലാശും കരിങ്ങാല്യരയാലിത്തി പേരാലു കൂവളം
അത്തിയും കമിഴും പ്രാഗാദികുണ്ഡേഷു ക്രമാച്ഛിവേ
പ്രാഗാദി നാലു കുണ്ഡേഷു പ്ലാശുതന്നെ ഹരീശ്വരേ.”
35.27കിരാങ്ങാട്ടു ജയന്തൻനമ്പൂതിരിപ്പാടു്
ജീവചരിത്രം

ഷോഡശക്രിയാകാരിക എന്ന ഗ്രാമത്തിൽ ജയന്തൻ നമ്പൂതിരിപ്പാടു തന്നെപ്പറ്റി ചിലതെല്ലാം പ്രസ്താവിക്കുന്നുണ്ടു്. പരശുരാമക്ഷേത്രമായ ഈ മലനാട്ടിൽ “എട്ടു സംഖ്യാവതാം ഗ്രാമാണാം നിലയം” ഉണ്ടു്. അവയിൽ ഒന്നായ പെരുവനം ഗ്രാമത്തെ അദ്ദേഹം ഇങ്ങനെ വർണ്ണിക്കുന്നു.

“അരിയ മഖഹവിർഗ്ഗന്ധങ്ങളെക്കൊണ്ടജസ്രം
സുരഭിതഭുവനാന്തം ക്ഷാന്തഭൂദേവകാന്തം
പരശുധരമുനീന്ദ്രൻതന്നുടേ ശാസനത്താൽ
പെരിയ പെരുമനഗ്രാമം ജയിച്ചീടുകെന്നും.”
“വേദം വേദാംഗമുച്ചൈഃ സ്മൃതി പുനരുപവേ
 ദാംഗവും ധർമ്മശാസ്ത്രം
വേദാന്തം മറ്റുമോരോ തരമിതമിയലും
 വിദ്യ കൈക്കൊണ്ടുദാരാഃ
വ്യാസാദീനാം കപോലേ പുളകനിര ശനൈ
 രുത്തമാംഗേപി കമ്പം
നാസാഗ്രേ തർജ്ജനീം കണ്ണിണയിൽ മുകുളതാം
 തന്വതേ യദ്വിജേന്ദ്രാഃ”

അനന്തരം ഇരട്ടയപ്പൻ, മേല്ക്കാവമ്മ, ഊരകത്തു ദുർഗ്ഗ, തിരുപലക്കയ്യൂർ അയ്യപ്പൻ, ആരിയൂർക്കളത്തു വിഷ്ണു എന്നീ ദേവതകളെ വന്ദിച്ചതിനുമേൽ “ഇടക്കുന്നിൽത്തലം ചേർന്ന” നമ്പൂരിപ്പാടന്മാരെ വാഴ്ത്തുന്നു. ഇടക്കുന്നിൽ പാർവ്വതിയാണു് ആചാര്യന്റെ ഇഷ്ടദേവത.

“ഏഷാമഭീഷ്ടം മുഴുവൻ കൊടുപ്പാ
നാഷാഢമാസേ മുകിലെന്നപോലെ
ഏഷാ കനിഞ്ഞക്ഷസമക്ഷമാസ്തേ
താഴാത കാരുണ്യരസേന ഗൗരീ.”

അവിടെ കിരാങ്ങാട്ടു മനയ്ക്കൽ വിദ്വാന്മാരായി രണ്ടു നമ്പൂരിമാർ ജീവിച്ചിരുന്നു.

“വാട്ടംവരാതെ ധനധാന്യസമൃദ്ധി കൈക്കൊ
ണ്ടാഢ്യൗ തഴച്ച സുഹൃദൗ സകലേഷു യേഷാം
ആടിത്തിരട്ടി വരുമാപദി നാകഭാജാം
മൗഢ്യത്തിലീശമുരവൈരികളെന്നപോലെ.
 വൃത്ത്യാ വിളങ്ങീടിന വിദ്യകൊണ്ടും
 നിത്യം നിറക്കുന്ന വിനീതികൊണ്ടും
 വന്ദ്യൗ കിരാങ്ങാടിതി ഭാസുരൗ യൗ
 ചന്ദ്രാംശുമന്താവിവ ദീപ്തിജാലൈഃ.”

അവരിൽ ഒരാളായിരുന്നു നാരായണൻനമ്പൂരിപ്പാടു്. അദ്ദേഹത്തിന്റെ വംശജനായ നീലകണ്ഠനു പാർവ്വതീപ്രസാദംകൊണ്ടു ജയന്തൻ എന്നൊരു പുത്രൻ ജനിച്ചു.

“വിദ്വാൻ വിനീതോ നിറമാർന്നുലാവും
വൃത്തേന നാരായണനാമധേയഃ
തദ്വംശഭാജോഽജനി നീലകണ്ഠാ
ദദ്രീന്ദ്രജാപാദപരാഗരാഗീ.
അത്യാദരത്താലചലേന്ദ്രപുത്രീം
നിത്യാമവൻ നിത്യവചോവിലാസൈഃ
ഭക്ത്യാ പുകണ്ണാനതുകൊണ്ടുതന്നെ
പുത്രോപി ജജ്ഞേ സ ജയന്തനാമാ.”

ജയന്തനു ശങ്കരൻ എന്നൊരു ഗുരുവുണ്ടായിരുന്നു.

“അത്യന്തമൂഢനവനെങ്കിലുമംബികായാം
ഭക്തോ ഗുരൂക്തികരണേ നിയതസ്വഭാവഃ
യസ്യായമൻപു തടവീടിന ഭാവഹൃദ്യോ
വിദ്യോപദേശഗുരു ശങ്കരനാമധേയഃ.”

ജയന്തന്റെ കാലം ഒൻപതാം ശതകമായിരിക്കുവാൻ ന്യായമുണ്ടു്.

കൃതികൾ

ജയന്തൻ നമ്പൂരിപ്പാടു് (1) ഷോഡശക്രിയാകാരിക (2) ആശൌചകേരളി എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ മണിപ്രവാളപദ്യരൂപത്തിൽ രചിച്ചിട്ടുണ്ടു്.

35.28ഷോഡശക്രിയാകാരിക

ബോധായനസ്മാർത്ത പ്രയോഗമെന്നും കേരളിയെന്നുംകൂടി നാമാന്തരങ്ങൾ ഈ ഗ്രന്ഥത്തിനുള്ളതായി കാണുന്നു.

“ബോധായനനെ വന്ദിച്ചു ഷോഡശക്രിയ ഭാഷയായ്
ആഖ്യാസ്യാമീഹ ബാലപ്രബോധായ ചെറുതേഷ ഞാൻ”

എന്നതാണു് അതിലെ ചികീർഷിതസൂചന. ഗ്രന്ഥാവസാനത്തിലുള്ളവയാണു് ചുവടേ പകർത്തുന്ന ശ്ലോകങ്ങൾ.

 കേരളങ്ങളിലിണങ്ങിന ഭാഷകൊ
 ണ്ടാരചയ്യ ചെറുതങ്ങവനിങ്ങനെ
 കേരളീതി ലളിതം നിറമാർന്നെഴും
 പേരുമിട്ടതു പലർക്കുപകാരമാം.
സൈഷാ ചാരുമുഖീ സതീ മൃദുപദന്യാസാ സുബോധാ മൃദു
ർന്നാനാകർമ്മപരായണാ സഹചരീ ധർമ്മേ സുവൃത്തോത്തമാ
ആലോകേ ലളിതാത്മനാം രുചികരീ ഭാഷാവിശേഷോദിതാ
വിപ്രാണാം ഹൃദയംഗമാ വിജയതാം വർണ്ണോജ്ജ്വലാ കേരളീ.”

ജയന്തനു ഭാഷാകവനം സുസാധ്യമായിരുന്നു എന്നു താഴെക്കാണുന്ന മങ്ഗലശ്ലോകംതന്നെ തെളിയിക്കുന്നു.

“കൊമ്പും തുമ്പിക്കയ്യും ചെമ്പഞ്ഞിനിറം പഴിക്കുമുടൽവടിവും
സംപ്രതി കോലും കോലം സമ്പദമരുളീടുകൻപിൽ മമ വചസാം.”

ശ്ലോകങ്ങളിലെ ഭാഷ വളരെ ലളിതമാണു്.

“വേളി ചൗളം സമാവർത്തം സീമന്തമുപനീതിയും
ഗോദാനവുമിവാറിന്നും നാന്ദി നാലിൽക്കുറയ്ക്കൊലാ.
ദേവകൾക്കും പിതൃക്കൾക്കുമൊപ്പിച്ചതിരുവർക്കതു്
മറ്റുമൊന്നിന്നുമോരോന്നിൽക്കുറയച്ചെയ്വതില്ലപോൽ.
തൻനേരുടൽപിറന്നോരെ വിശ്വേദേവകളാക്കുക
തൻഗോത്രമല്ലായാതോരെപ്പിതൃക്കളെയുമാക്കുക.
ക്രിയ മറ്റൊരുവർക്കാകിൽ വലത്തവരെ വച്ചുടൻ
തമ്മിൽപ്പലകമേൽപ്പുല്ലു തുടർന്നിട്ടു തുടങ്ങുക.”
35.29ആശൗചകേരളി

ആശൗചത്തെപ്പറ്റിമാത്രം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് ആശൗചകേരളി. അതിന്റെ ആരംഭത്തിൽ

“അൻപിൽത്തുണയ്ക്കെനിക്കെന്നും തുമ്പിക്കയ്യുള്ള തമ്പുരാൻ
ഇമ്പത്തിൽ മേവുകെൻനാവിലൻപത്തൊന്നക്ഷരങ്ങളും.
സ്വായംഭുവനെ വന്ദിച്ചിട്ടാവോളമെളുതായി ഞാൻ
ആയവണ്ണം പുലയുടെ ഞായത്തെയിത ചൊല്ലുവൻ”

എന്നും അവസാനത്തിൽ

“തടുക്കെന്നു വരും പേടി തടുക്കെന്നൊരു വൈഭവം
ഇടക്കുന്നിൽ ഭഗവതി കടക്കണ്ണെന്നെ രക്ഷതാം
ആശൗചകേരളീനാമ്നാ ജയന്തേന പ്രകീർത്തിതാ
ബോധായ മന്ദബുദ്ധീനാമുപകാരായ കല്പതാം.”

എന്നുമുള്ള ശ്ലോകങ്ങൾ കാണുന്നു.

35.30പുതുവന നമ്പൂരി

സംസ്കൃതം അഭ്യസിക്കുന്ന ബാലന്മാർക്കു പ്രാഥമികമായ വിഭക്തിജ്ഞാനവും മറ്റും ലഭിക്കുന്നതിനുവേണ്ടി പുതുവന നമ്പൂരി ‘ബാലപ്രബോധനം’ എന്നൊരു ചെറിയ മണിപ്രവാളഗ്രന്ഥം രചിച്ചിട്ടുണ്ടു്. അനുഷ്ടുപ് ശ്ലേകങ്ങളിലാണു് ഈ ഗ്രന്ഥത്തിന്റെ നിർമ്മിതി. അനേകം വ്യാകരണവിഷയങ്ങളെ നാമമാത്രമായെങ്കിലും അദ്ദേഹം സ്പർശിച്ചിട്ടുണ്ടെന്നുള്ളതാണു് ഇതിന്റെ പ്രയോജനം. തന്നിമിത്തം ഇതു പുതിയ സംപ്രദായത്തിലുള്ള സംസ്കൃതവിദ്യാഭ്യാസത്തിന്റെ ആവിർഭാവകാലത്തിനുമുൻപുവരെ ഉപാധ്യായന്മാർ അധ്യേതാക്കന്മാരെ പഠിപ്പിച്ചുവന്നിരുന്നു. ‘വൃക്ഷസിദ്ധരൂപ’ത്തിന്റെ അനുബന്ധങ്ങളായി ബാലപ്രബോധനവും സമാസ ചക്രവും ശ്രീരാമോദന്തവും പ്രസിദ്ധീകരിക്കുന്നതിനുള്ള കാരണവും അതുതന്നെയാണു്. സമാസചക്രം സംസ്കൃതഭാഷയിൽത്തന്നെ വിരചിതമായിരിക്കുന്നതിനാൽ അതു ബാലപ്രബോധനംപോലെ ഉപയോഗമുള്ളതല്ല. ‘നവാരണ്യമഹീദേവകൃതി രേഷാ വിരാജതേ’ എന്നു ഗ്രന്ഥാവസാനത്തിലുള്ള പ്രസ്താവനയിൽനിന്നാണു് പുതുവന നമ്പൂരിയാണു് പ്രസ്തുത നിബന്ധത്തിന്റെ പ്രണേതാവെന്നു വെള്ളിപ്പെടുന്നതു്. പുതുവനയില്ലം തിരുവിതാംകൂറിൽ കോട്ടയത്തു തിരുനക്കരെയാണു്. ഗ്രന്ഥാരംഭത്തിൽ

“വെള്ളം ജടാന്തേ ബിഭ്രാണം വെള്ളിമാമലവിഗ്രഹം
വെള്ളൂരമർന്ന ഗൗരീശമുള്ളിലൻപൊടു ചിന്തയേ”

എന്ന ശ്ലോകത്തിൽ അദ്ദേഹം തന്റെ ഇഷ്ടദേവതയെ വന്ദിക്കുന്നു. മധ്യകേരളത്തിലെ ഒരു പുതുവന നമ്പൂരിയാണു് പ്രബോധനകാരൻ എന്നു സങ്കല്പിക്കുന്നവരുമുണ്ടു്.

35.31ബാലപ്രബോധനം

താഴേക്കാണുന്ന വിഭക്ത്യർത്ഥ ബോധകങ്ങളായ ശ്ലോകങ്ങൾ വായിച്ചാൽ ഗ്രന്ഥത്തിലെ പ്രതിപാദനരീതി മനസ്സിലാകും.

“അതെന്നു പ്രഥമയ്ക്കർത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ
തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടേതി ച ക്രമാൽ
ആയിക്കൊണ്ടു ചതുർത്ഥീ ച സർവ്വത്ര പരികീർത്തിതാ
അതിങ്കൽനിന്നു പോക്കേക്കാൾ ഹേതുവായിട്ടു പഞ്ചമീ
ഇക്കുമിന്നുമുടേ ഷഷ്ഠിക്കതിന്റേ വെച്ചുമെന്നപി
അതിങ്കലതിൽവച്ചെന്നും വിഷയം സപ്തമീ മതാ
വിഭക്ത്യർത്ഥങ്ങളീവണ്ണം ചൊല്ലുന്നൂ പല ജാതിയും.
വൃക്ഷസ്തിഷ്ഠത്യസൌ വൃക്ഷം നില്ക്കുന്നൂ; വൃക്ഷമാശ്രയേ
വൃക്ഷത്തെയാശ്രയിക്കുന്നേൻ; വൃക്ഷേണ ദ്വിരദോ ഹതഃ
വൃക്ഷത്താലാന കൊല്ലപ്പെട്ടെന്നീവണ്ണം തൃതീയയും;
നമശ്ചകാര വൃക്ഷായ ശാഖാസംരുദ്ധഭാസ്വതേ
നമസ്കരിച്ചേൻ വൃക്ഷത്തിന്നായിക്കൊണ്ടു ചതുർത്ഥ്യപി;
വൃക്ഷാഗ്രാൽ കുസുമം ഭ്രഷ്ടം വൃക്ഷാഗ്രത്തിങ്കൽനിന്നിഹ
പൂ വീണെന്നതു; വൃക്ഷസ്യ ശാഖാ ചാത്യന്തമുന്നതാ
വൃക്ഷത്തിന്റെ കൊമ്പുമേറ്റമുയർന്നോന്നിതു ഷഷ്ഠ്യപി;
പക്ഷീ വൃക്ഷേ സ്ഥിതഃ പക്ഷി വൃക്ഷത്തിങ്കലിരുന്നിതു;
ഹേ വൃക്ഷ! ത്വം കമ്പസേ കിമിതി സംബോധനാപി ച
എടോ വൃക്ഷം നീ ചലിക്കുന്നെന്തിതീവണ്ണമൊക്കവേ
സംബോധനാനിർണ്ണയാർത്ഥം ഹേശബ്ദം കൂടെ യുജ്യതേ.”
35.32ആശൌചവിജ്ഞാനം ഭാഷ

ആശൌചവിഷയകമായുള്ള ഒരു ഭാഷാഗ്രന്ഥമാണു് ആശൌചവിജ്ഞാനം.

“ഗണേശാനം ഗുരും വാണീം കാത്യായനമുമാപതിം
പ്രണമ്യാശൌചവിജ്ഞാനം ഭാഷയാ ലിഖ്യതേ മയാ”

എന്നുള്ള പീഠികയോടുകൂടി ആചാര്യൻ

“സപിണ്ഡബാലതുല്യോദബന്ധൂനാമുള്ള ഭേഭവും
മറ്റും ഭേദങ്ങളെല്ലാവും യഥാമതി വദാമ്യഹം”

എന്നു തന്റെ ഭാഷാകൃതി ആരംഭിക്കുന്നു. ഒടുവിൽ

“കൃതമല്പമതീനാമിദമാശൌചം നൃസുരഭാഷയാ മിശ്രം
അധ്യാപകപരമേശ്വരഭാഷാഗദ്യം നിരീക്ഷ്യ കേനാപി”

എന്നും.

“രുദ്രനാരായണേനേദമാശൗചം ഭാഷയാ കൃതം
സമാസേനോപകാരായ ബാലാനാമിതി മൃഷ്യതാം”

എന്നുമുള്ള പദ്യങ്ങൾ കാണ്മാനുണ്ടു്. രുദ്രന്റെ പുത്രനായ നാരായണൻനമ്പൂരി അദ്ദേഹത്തിന്റെ ആചാര്യനാണെന്നു കരുതാവുന്ന പരമേശ്വരൻനമ്പൂരി ഗദ്യത്തിൽ നിർമ്മിച്ച ആശൗചഗദ്യം നോക്കി അതിനെ ഉപജീവിച്ചെഴുതിയതാണു് ആശൗചവിജ്ഞാനം എന്നു് ഈ പദ്യങ്ങളിൽനിന്നു നാം അറിയുന്നു. ഗ്രന്ഥകാരനെപ്പറ്റി മറ്റൊരു വിവരവും ലഭിക്കുന്നില്ല.

35.33ആശൗചാഷ്ടകം ഭാഷാവ്യാഖ്യ

വരരുചികൃതം എന്നു പുരാവിത്തുകൾ വിശ്വസിക്കുന്നതും കേരളത്തിൽ പ്രധാന ഭൂതവുമായി ആശൗചാഷ്ടകം എന്നൊരു സംസ്കൃതഗ്രന്ഥമുണ്ടെന്നു് ഏഴാമധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആശൗചാഷ്ടകത്തിന്റെ ഭാഷാവ്യാഖ്യാനം പദ്യരൂപമാണു്.

“ആശൗചാഷ്ടകകർത്താരം നത്വാ വരരുചിം മുനിം
തദർത്ഥോ ലിഖ്യതേസ്മാഭിഃ പദ്യൈർഭാഷാവലംബിഭിഃ”

എന്നതാണു് അതിലെ ചികീർഷിതപ്രതിജ്ഞാശ്ലോകം. ഒരു ഭാഷാപദ്യം മാത്രം ഇവിടെ ഉദ്ധരിക്കാം.

“തന്നോടുകൂടെപ്പുരുഷാന്തരങ്ങ
ളേഴേഴു കീഴേതപി തേ സപിണ്ഡാഃ
പിന്നെസ്സമാനോദകരെന്നു സംജ്ഞാം
വദന്തി സന്തഃ പതിനൊന്നിനോളം.”
35.34ആശൌചപദ്ധതി

ആശൗചപദ്ധതി സംസ്കൃതത്തിലെന്നപോലെ ഭാഷയിലുമുണ്ടു്. സംസ്കൃതാശൗചപദ്ധതി കേരളീയമാണോ എന്നു നിശ്ചയമില്ല.

“പതിനൊന്നതു കോവില്ക്കു പുല പന്ത്രണ്ടു വൈശ്യനു്
പതിനഞ്ചഥ ശൂദ്രന്നു പന്തിരണ്ടഥ വാര്യനു
അന്യേഷാം തന്തുധാരീണാം (?) പില പത്തങ്ങതേ മതി.
………
അന്യേഷാം വിപ്രവൽ പോലെ നമ്പിടിക്കു വിശേഷതഃ
അമ്മയും പെങ്ങളും പിന്നെപ്പെങ്ങൾക്കുള്ളോരു മക്കളും
അമ്മേടെയമ്മയിത്യാദി പെണ്‍ പെറ്റാൽ പില പത്തു നാൾ
സോദകം നമ്പിടിക്കില്ല ശാവസൂതകയോരവി.”

എന്ന പദ്യങ്ങൾ ഈ കൃതിയിലുള്ളതാണു്.

35.35ആശൗചചന്ദ്രിക

ആശൌചപദ്ധതിയുടെ അനുകരണമാണു് ആശൗചചന്ദ്രിക. ചില ശ്ലോകങ്ങൾ ഇതിലും ആ ശൗചാഷ്ടകം ഭാഷാവ്യാഖ്യയിലും ഒന്നുപോലെ കാണുന്നു. രണ്ടും ഒരേ ആചാര്യന്റെ കൃതികളായിരിക്കാം. ചന്ദ്രികാ കാരന്റെ പേർ പരമേശ്വരൻനമ്പൂരി എന്നാണെന്നും അദ്ദേഹത്തിന്റെ കുലഗുരുവാണു് ആശൗചപദ്ധതിയുടെ കർത്താവെന്നും അറിയാം.

“ആശൗചപദ്ധതി ചമച്ച വിപശ്ചിദഗ്ര്യം
വന്ദിച്ചു മൽകുലഗുരും തമുദാരകീർത്തിം
പദ്യൈഃ കുറച്ചു പുല ചൊല്വതിനാരഭേ ഞാൻ
ഭാഷാസനാഥമറിവാൻ ഭുവി ബാലകാനാം.”
“ഭാഷാസംസ്കൃതപദ്യൈരേവം പരമേശ്വരാഖ്യവിപ്രേണ
അഖിലനരാണാമെളുതായറിവാനാശൗചചന്ദ്രികാ രചിതാ”

എന്നീ ശ്ലോകങ്ങൾ നോക്കുക. ഒരു ശ്ലോകംകൂടിപ്പകർത്താം.

“നെയ് മാംസം മധു ശർക്കരാ ലവണവും ക്ഷീരം പുനർഭോജനം
സ്ത്രീഭോഗം കുറി കണ്ണെഴുത്തു കുസുമം ദന്താദിസംശോധനം
ഖട്വാരോഹണമെണ്ണതേപ്പു പലവും മറ്റുള്ള ഭോഗ്യങ്ങളും
ശാവാശൗചികൾ ചെയ്വതില്ലൊരുവരും; നോ പിണ്ഡദാഃ കേവലം.”
35.36കവിയൂർ പ്രായശ്ചിത്തം

പ്രായശ്ചിത്തവിധികൾ സംബന്ധിച്ചു സാമാന്യം പ്രമാണഭൂതമായ ഒരു ഗ്രന്ഥമാണു് കവിയൂർപ്രായശ്ചിത്തം. കവിയൂർക്കാരനായ ഏതോ ഒരു മലയാളബ്രാഹ്മണന്റെ കൃതിയെന്നുമാത്രം അറിയാം.

“കവിയൂർപ്പാർവ്വതീനാഥം വണങ്ങിക്കൊണ്ടു ഭാഷയായ്
ശ്രൗതസ്മാർത്തവിധിക്കിപ്പോൾ പ്രായശ്ചിത്തം വദാമ്യഹം”

എന്നാണു് ഗ്രന്ഥത്തിന്റെ ഉപക്രമം.

“കൈകൊട്ടപ്പെട്ടുപോയോർക്കും തഥാ ശൂദ്രർക്കുമാറടി
രജകാന്തമ്ലേച്ഛജാതേശ് ശുദ്രവാച്യത്വമത്ര ഹി.
തീണ്ടായിരുന്നവർക്കത്രേ വിധിച്ചൂ പന്തിരണ്ടടി
അഷ്ടാദശം സൂതികയ്ക്കു ദാഹകർക്കിരുപത്തിനാൽ”

എന്നും മറ്റുമുള്ള ചില പ്രസിദ്ധപങ്ക്തികൾ ഇതിലുള്ളവയാണു്.

വേറെയും ചടങ്ങുകളെപ്പറ്റി വിവരിക്കുന്ന പല ഗ്രന്ഥങ്ങൾ സംസ്കൃതത്തിലെന്നപോലെ ഭാഷയിലുമുണ്ടു്. “കാലം പോരാ സകലം പറവാൻ.” എന്നു കരുതി അവയെ സ്പർശിക്കാതെ തന്നെ പുരോഗമിക്കുവാൻ ഉദ്ദേശിക്കുന്നു.

35.37ഗദ്യഗ്രന്ഥങ്ങൾ, കേരളോൽപത്തി
കോഴിക്കോട്ടു മാതൃക

കേരളത്തിന്റെ രാഷ്ട്രീയവും സാമുദായികവുമായ ചരിത്രമാണെന്ന ഭാവത്തിൽ ഏതോ ഒരു പണ്ഡിതൻ കൊല്ലം ഒൻപതാം ശതകത്തിൽ കേരളോൽപത്തി എന്ന പേരിൽ ഒരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതിനു കേരളചരിതം എന്നും, കേരള നാടകം എന്നും, കേരളോത്ഭവം എന്നും കേരളസത്ഭാവം എന്നും വേറേയും പല സംജ്ഞകൾ കാണുന്നു. ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ ചിറയ്ക്കൽ, കോഴിക്കോടു്, കൊച്ചി, തിരുവിതാംകൂർ എന്നീ രാജസ്ഥാനങ്ങളിൽ ആ നാമധേയത്തിൽ ഒരു ഗ്രന്ഥമുണ്ടെന്നും ഏതാണ്ടു കൊല്ലവർഷത്തിന്റെ ആരംഭത്തിൽ ആവിർഭവിച്ചു പുരാതനകേരളോൽപത്തിയിൽ “അതാതു രാജാക്കന്മാരെ അല്പാല്പം പുകഴ്ത്തിയും കാണാം” എന്നും “ചിലതിൽ അതാതു രാജ്യത്തു നടപ്പുള്ള കാണജന്മമര്യാദയെക്കുറിച്ചു് ഒരധ്യായമുണ്ടു്” എന്നും പ്രസ്താവിച്ചിരിക്കുന്നു. ദേശം തോറും കേരളോൽപത്തി വേറെയാണെന്നു പഴമക്കാർ പറയുന്നതിൽ പരമാർത്ഥമുണ്ടു്. ശങ്കരാചാര്യർ സർവജ്ഞപീഠം കയറുന്നതുവരെയുള്ള പാഠം എല്ലാ കേരളോൽപത്തികളിലും വലിയ വ്യത്യാസംകൂടാതെയാണു് പകർത്തിയിട്ടതു്. അതു് ഐതിഹ്യാംശമാകയാൽ അത്രത്തോളം ഐകരൂപ്യം പരിപാലിക്കപ്പെട്ടിട്ടുണ്ടു്. പിന്നീടുള്ളതു നാടുവാഴികളുടെ ചരിത്രമാണു്; അവിടെയാണു് ആവാപോദ്വാപങ്ങളുടെ ബാഹുല്യം സ്വാഭാവികമായി കടന്നുകൂടീട്ടുള്ളതു്. ഓരോ ദേശത്തെ കേരളോൽപത്തിയും ആ ഘട്ടത്തിൽ അവിടത്തെ നാടുവാഴിയെ അതിരു കടന്നു പ്രശംസിക്കുന്നു. കൊല്ലവർഷത്തിന്റെ ആരംഭത്തിലാണു് ആദ്യത്തെ കേരളോൽപത്തിയുടെ ആവിർഭാവമെന്നുള്ള പക്ഷം ക്ഷോദക്ഷമമല്ല. കോഴിക്കോട്ടെ കേരളോൽപത്തിയിൽ നിന്നു ഡോക്ടർ ഗുണ്ഡർട്ടു് അദ്ദേഹത്തിന്റെ പാഠമാലയിൽ ഉദ്ധരിച്ചിട്ടുള്ള രണ്ടു ഭാഗങ്ങളിൽ “ദ്വാപരയുഗത്തിങ്കൽ ഒരു ബ്രാഹ്മണൻ ഒരു കന്യകയെ വിവാഹം ചെയ്തു” എന്നുതുടങ്ങുന്ന ആദ്യത്തെ ഭാഗത്തിലെ ചില പങ്ക്തികൾ ഗോവിന്ദപ്പിള്ള പകർത്തീട്ടുണ്ടു്. അതിനെ ആസ്പദമാക്കിയാണു് അദ്ദേഹം പ്രസ്തുതമതം ഉൽഘാടനംചെയ്തിട്ടുള്ളതു്. ആ ഭാഗത്തിലെ ഭാഷാരീതിതന്നെ അതിനു കടകവിരുദ്ധമായിരിക്കുന്നു.

ഗുണ്ഡർട്ടു് ഉദ്ധരിക്കുന്ന രണ്ടാമത്തെ ഭാഗത്തിൽ ഒൻപതാം ശതകത്തിൽ കൊച്ചിയിലെ മൂത്തതാവഴിക്കും ഇളയതാവഴിക്കും തമ്മിലുള്ളതും പടപ്പാട്ടിലും മറ്റും സൂചിപ്പിച്ചിട്ടുള്ളതുമായ ശണ്ഠയേയും ആ ശണ്ഠയിൽ സാമൂതിരിപ്പാട്ടിലെ ഭാഗഭാഗിത്വത്തേയുംപറ്റി സൂചനയുണ്ടു്. “നമ്മുടെ തമ്പുരാൻ തൃക്കണ്‍ ചുവന്നു തിരുമേനി വിയർത്തു … അച്ചനും ഇളയതും ഉണ്ടയും മരുന്നും കെട്ടിച്ചു കൊച്ചിക്കോട്ടയ്ക്കു നേരേ കൂട്ടി കോട്ടയും തച്ചു തകർത്തു പോന്നിരിക്കുന്നു എന്നു മുൻപിലുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു” എന്ന വാക്യത്തിൽനിന്നു പ്രസ്തുതയുദ്ധത്തിനു മേലാണു് ആ ഭാഗം എഴുതീട്ടുള്ളതെന്നു വ്യക്തമാക്കുന്നു. “കോഴിക്കോട്ടു കേരളോത്ഭവ”ത്തിൽനിന്നാണു് താൻ മുൻപു നിർദ്ദേശിച്ച രണ്ടു ഭാഗങ്ങളും എടുത്തിട്ടുള്ളതു് എന്നു ഗുണ്ഡർട്ടു് പറയുന്നുണ്ടെങ്കിലും, അതിൽ രണ്ടാമത്തേതു് എഴുത്തച്ഛന്റെ കേരളനാടകമെന്ന പേരിൽ മങ്ഗലാപുരം ബേസൽമിഷ്യൻ അച്ചുക്കൂടത്തിൽനിന്നു് അച്ചടിച്ചിട്ടുള്ള പുസ്തകത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു കോഴിക്കോട്ടു കേരളോൽപത്തിയുടെ ഒരു മാതൃകയാണു്. ആ പുസ്തകത്തിൽ (1) പരശുരാമന്റെ കാലം, (2) പെരുമാക്കന്മാരുടെ കാലം, (3) തമ്പുരാക്കന്മാരുടെ കാലം എന്നു മൂന്നു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽ (1) ആദ്യം പെരുമാക്കന്മാർ, (2) ബൗദ്ധനായ പെരുമാൾ, (3) കുലശേഖരനോളം വാണ പെരുമാക്കന്മാർ, (4) രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം, (5) കൃഷ്ണരായരുടെയും ചേരമാൻപെരുമാക്കളുടേയും കഥ, (6) ശങ്കരാചാര്യർ കല്പിച്ച കുലക്രമവിവരം, (7) ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു് എന്നും, മൂന്നാമത്തെ വിഭാഗത്തിൽ (1) താമൂതിരി പോലനാടക്കിയതു്, (2) കോഴിക്കോട്ടുനഗരം കിട്ടിയതു്, (3) വള്ളുവക്കോനാതിരിയെ ജയിച്ചതു്, (4) കോഴിക്കോട്ടുമഹത്ത്വം, (5) പറങ്കി വന്നിട്ടു കുറുമ്പിയാതിരിബന്ധുവായതു്, (6) മറ്റേ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ, (7) കേരളാവസ്ഥ (ചുരുക്കിപ്പറയുന്നതു്) എന്നും ഏഴു ഖണ്ഡങ്ങൾവീതം ഉൾക്കൊള്ളുന്നു. മൂന്നാം വിഭാഗത്തിലെ എല്ലാ ഖണ്ഡങ്ങളിലും ‘നൊമ്പടതമ്പുരാൻ’ എന്നു ഗ്രന്ഥകാരൻ കൂടെക്കൂടെ പറയുന്ന സാമൂതിരിപ്പാട്ടിലെ സ്തോത്രമാണു് വിവക്ഷ. ആ പുസ്തകത്തിൽ “പറുങ്കി, ലന്ത, പരിന്തിരീസ്സ്, ഇങ്കിരീസ്സ്, എന്നീ നാലു വട്ടത്തൊപ്പിക്കാർ” എന്നും, “പരിന്തിരീസ്സ്, ഇങ്കിരീസ്സ്, പറുങ്കി, ലന്തദ്വീപാഴി” എന്നും രണ്ടു ഘട്ടങ്ങളിൽ ആ നാലുവക വിദേശീയരേയുംപറ്റി പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു് അവരുടെയെല്ലാം വരവിനുമേലാണു് മുദ്രിതമായ കോഴിക്കോട്ടു കേരളോൽപത്തിയുടെ ഉൽപത്തി എന്നു നിർണ്ണയിക്കാം.

മറ്റു മാതൃകകളിൽ അവരെ സ്മരിക്കുന്നില്ല എങ്കിലും എല്ലാ മാതൃകകളിലും ആനകുണ്ടി കൃഷ്ണരായർ എന്നു ഗ്രന്ഥത്തിൽ പറയുന്ന വിജയനഗരത്തിലെ കൃഷ്ണദേവരായചക്രവർത്തിയെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. കൃഷ്ണദേവരായരെ തടുത്തുനിർത്തിയതു ചേരമാൻപെരുമാളാണെന്നു രായരുടെ സമകാലികന്മാർ ആരും പറയുന്നതല്ലാത്തതിനാൽ അദ്ദേഹം അന്തരിച്ചു് ഏകദേശം ഒരു ശതകം കഴിഞ്ഞതിനുമേലാണു് കേരളോൽപത്തിയുടെ നിർമ്മിതി എന്നു സിദ്ധിക്കുന്നു. ഈ വസ്തുത ഞാൻ മറ്റൊരധ്യായത്തിലും പ്രാസങ്ഗികമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

ചിറയ്ക്കൽമാതൃക

കേരളചരിതം എന്ന പേരിൽ തിരുവിതാംകൂർ ഗവർമ്മെന്റു ക്യൂറേറ്റർ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകവും ഒരു കേരളോൽപത്തിതന്നെയാണു്. അതു മുഖ്യമായി കോലത്തുനാട്ടു രാജവംശത്തിന്റെ മഹിമയെയാണു് പുകഴ്ത്തുന്നതു്. “പിന്നെ ഇക്കേരളത്തിങ്കൽ നാലു സ്വരൂപവും പ്രധാനമായി കല്പിച്ചു. അതായതു തെക്കു വേണാടു്, വടക്കു കോലത്തുനാടു്, പിന്നെ പെരുമ്പടപ്പു്, പിന്നെ ഏറനാടു്. ഇങ്ങനെ നാലു സ്വരൂപവും കേരളത്തിൽ പ്രധാനമായികല്പിച്ചതിൽ കോലസ്വരൂപത്തിനു മുൻപു കല്പന എന്നു കല്പിച്ചു.” “ചേരമാൻ പെരുമാൾ രാജ്യാംശം നീരു കോലത്തിരി വടക്കൻപെരുമാൾക്കു കൊടുത്തിട്ടേയുള്ളൂ. ഇങ്ങനെ ഓരോരോ പരമ്പര പല പ്രകാരത്തിൽ വിചാരിച്ചാലും ഇക്കേരളത്തിൽ കോലത്തിരി വടക്കൻപെരുമാൾതന്നെ പ്രധാനം” എന്നും മറ്റുമുള്ള വചനങ്ങൾ അതിൽ കാണുന്നു. പന്തളത്തു രാജകുടുംബത്തെപ്പറ്റിയും ഈ കേരളോൽപത്തിയിൽ പ്രസ്താവനയുണ്ടു്. “പിന്നെ ഓണനാടും വേണാടും കൂടിയ നടുവിൽ പന്തളമെന്നും കല്പിച്ചു. ഐങ്കാതം വഴിനാടും പന്തളത്തു രാജാവിനു കല്പിച്ചുകൊടുത്തു” എന്നും മറ്റുമുള്ള പങ്ക്തികൾ നോക്കുക. പ്രസ്തുത പുസ്തകം അസമഗ്രമാണു്.

പ്രധാനവിഷയങ്ങൾ

ഈ വിവരണത്തിൽനിന്നു കേരളോൽപത്തി വാസ്തവത്തിൽ ഒന്നേയുള്ളൂ എന്നും അതു പിൽക്കാലങ്ങളിൽ പല പ്രകാരത്തിൽ രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും വിശദമാകുന്നതാണല്ലോ. ഏഴെട്ടു മാതൃകകൾ നിപുണമായി പരിശോധിച്ചതിനുമേലാണു് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നതു്. ശങ്കരാചാര്യരുടെ കാലംവരെയുള്ള ഐതിഹ്യകഥനത്തിൽ ഗ്രാഹ്യാംശങ്ങളെ അപേക്ഷിച്ചു ത്യാജ്യാംശങ്ങളാണു് അധികമുള്ളതു്. എങ്കിലും പതിരു മുഴുവൻ വീശിക്കളഞ്ഞാൽ അങ്ങിങ്ങു ചില നെന്മണികൾ കിട്ടാതെയിരിക്കുന്നില്ല. പെരുമാക്കന്മാരുടെ വാഴ്ചക്രമത്തെപ്പറ്റിയുള്ള വിവരണം അക്കാലത്തെ ചെന്തമിഴ് സാഹിത്യത്തിലെ പ്രസ്താവനകൾക്കു വിരുദ്ധമാകയാൽ അംഗീകാര്യമല്ല. പൊരുമാൾവാഴ്ചക്കുശേഷമുള്ള കേരളചരിത്രം ഓരോ മാതൃകയിലും ഓരോ മാതിരിയായി കാണുന്നതു തട്ടിച്ചുനോക്കി എല്ലാ മാതൃകകളും സമ്മതിക്കുന്ന അംശങ്ങൾ സ്വീകരിക്കയും മറ്റുള്ളവ പുനർവിമർശനത്തിനു വിധേയമാക്കുകയും ചെയ്യാവുന്നതാണു്. എല്ലാ മാതൃകകളും താഴെക്കാണുന്ന വിധത്തിൽ ആരംഭിക്കുന്നു. ഏതാനും ചില പദങ്ങൾക്കുമാത്രമേ മാതൃകകളിൽ വ്യത്യാസമുള്ളു.

“ഗണപതിയും സരസ്വതിയും കൃഷ്ണനും വേദവ്യാസനും ഗുരുവിനെയും വണങ്ങിക്കൊണ്ടു കേരളസത്ഭാവത്തെ ചൊല്ലാൻ തുടങ്ങുന്നേൻ. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ നാലു യുഗത്തിങ്കൽ അനേകം രാജാക്കന്മാർ ഭൂമി വഴിപോലെ രക്ഷിച്ചു വാണുപോരുന്നേരം ക്ഷത്രിയവംശത്തിങ്കൽ ദുഷ്ടരാജാക്കന്മാരെ മുടിച്ചുകളവാനായിക്കൊണ്ടു ശ്രീപരശുരാമൻ അവതരിച്ചു. എങ്കിലോ പണ്ടു ശ്രീപരശുരാമൻ ഇരുപത്തൊന്നുവട്ടം ക്ഷത്രിയരെ മുടിച്ചുവന്ന വീരഹത്യാദിദോഷം പോവാനായിക്കൊണ്ടു് കർമ്മംചെയ്വാൻതക്കവണ്ണം ഗോകർണ്ണംപുക്കു കന്മലമേലിരുന്നു വരുണനെ സേവിച്ചു് വാരാന്നിധിയെ നീക്കംചെയ്തു ഭൂമിദേവിയെ വന്ദിച്ചു നൂറ്ററുപതു കാതം ഭൂമിയുണ്ടാക്കി മലയാളം. ഭൂമിക്കു രക്ഷ വേണമെന്നു കല്പിച്ചു നൂറ്റെട്ട് ഈശ്വരപ്രതിഷ്ഠയും ചെയ്തു. എന്നിട്ടും ഭൂമിക്കു് ഇളക്കം മാറീല്ലെന്നു കണ്ടു് അതിന്റെശേഷം ശ്രീപരശുരാമൻ കേരളത്തിൽ ബ്രാഹ്മണരെ ഉണ്ടാക്കി.”

ശ്രീപരശുരാമന്റെ കേരളപ്രതിഷ്ഠ, ബ്രാഹ്മണാനയനം, അറുപത്തിനാലു ഗ്രാമങ്ങൾ, ചില ബ്രാഹ്മണരുടെ ആയുധാദാനം, ഉത്സവനിർദ്ദേശം, കഴകങ്ങൾ, രക്ഷാപുരുഷന്മാരുടെ ഭരണം, ചേരമാൻ പെരുമാൾ ഉൾപ്പെടെ പതിനെട്ടു പെരുമാക്കന്മാരുടെ ഭരണം, കൃഷ്ണരായർക്കും ചേരമാൻപെരുമാൾക്കും തമ്മിലുള്ള ശണ്ഠ, ചേരമാൻപെരുമാളുടെ കേരള വിഭജനം, ശങ്കരാചാര്യരുടെ അപദാനങ്ങൾ, കേരളത്തിലെ ജാതിവിഭാഗങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളാണു് എല്ലാ മാതൃകകളിലും അടങ്ങിയിരിക്കുന്നതു്.

അപ്രധാനവിഷയങ്ങൾ

കേരളത്തിലെ വസ്ത്വനുഭവക്രമവും, വ്യവഹാരരീതിയും, ഗൃഹനിർമ്മാണവിധിയും മറ്റും അനുബന്ധരൂപത്തിലാണു് ഘടിപ്പിച്ചിരിക്കുന്നതു്. ഒരു മാതൃകയിൽനിന്നു് ആ ഘട്ടത്തിലെ ചില പങ്ക്തികൾ ഉദ്ധരിക്കാം. വാസ്തവത്തിൽ ഈ ഭാഗമാണു് ഏറ്റവും പ്രയോജനകരമായിട്ടുള്ളതു്.

“അനന്തരം ദേവബ്രാഹ്മണർ തങ്ങളോടു് എടകുടികൾ കരണം വാങ്ങിക്കൊണ്ട ക്രമങ്ങൾ ചൊല്ലുന്നേൻ. ഒന്നാമതു് വെണ്‍പാട്ടമാക കരണം വാങ്ങിപ്പൂതെങ്കിൽ മൂവാണ്ടുകാലം കൊണ്ടു കല്ലു കരടു കളഞ്ഞു് ഈടുമാടും ചമച്ചു വാങ്ങിപ്പൂതു. വെണ്‍പാട്ടക്കരണത്തിൽ ജന്മിഭോഗം ന്യായമില്ല എന്നും ഞായം. രണ്ടാമതു വെറുമ്പാട്ടമാക കരണം വാങ്ങിപ്പൂതെന്നും വെറുമ്പാട്ടകരണത്തിൽ കുറഞ്ഞൊരു ജന്മിഭോഗമിട്ടു കാലം തോറും ജന്മിയിങ്കൽ കൊടുത്തു പന്തീരാണ്ടുകാലം വെറുമ്പാട്ടമാക ഭുതിച്ചു് [9] ഈടുപാടു പാടുകേടു തീർത്തു കുറ്റിയും പുറ്റും നിരത്തിക്കൊൾക ഞായം. മൂന്നാമതു നേർപാട്ടമാക കരണം വാങ്ങിപ്പൂതെന്നു ഞായം. നാലാമതും നേർപാട്ടമാക കരണം വാങ്ങിപ്പൂതെന്നും എന്നാൽ അരയാൽ, പേരാൽ, നെല്ലി, തെങ്ങു്, പിലാവു്, പറുങ്കിമാവു് ഇങ്ങനെയുള്ള വൃക്ഷങ്ങളും നേർമ്മചേർത്തു കുറഞ്ഞോരു ജന്മിഭോഗവും കൊടുത്തു ഭുതിച്ചു കൊൾക ഞായം. അഞ്ചാമതു കാണപ്പാട്ടമാക കരണം വാങ്ങിപ്പൂ എന്നും കരണത്തിൽ എഴുതുന്ന കാണത്തിൽ കാണപ്പലിശ കഴിച്ചു ശേഷിച്ചുള്ള ഫലം പലിശയാൽ ജന്മിഭോഗവും കൊടുത്തു ഭുതിച്ചുകൊൾക ഞായം” ഇത്യാദി.

ചുരുക്കിപ്പറഞ്ഞാൽ ചിലർ സങ്കല്പിക്കുന്നതുപോലെയുള്ള പ്രാമാണികത കേരളോൽപത്തി അർഹിക്കുന്നില്ലെങ്കിലും അതിന്റെ പഠനം കേരളീയർക്കു് അപരിത്യാജ്യവും വിഭിന്നമാതൃകകളിൽ കാണുന്ന പാഠഭേദങ്ങൾ പ്രകാശിപ്പിക്കേണ്ടതു ദേശാഭിമാനികളുടെ കർത്തവ്യവുമാകുന്നു.

35.38പാഠകഗദ്യം

ചാക്കിയാന്മാരുടേയും പ്രത്യേകിച്ചു് പാഠകക്കാരുടേയും കഥാപ്രവചനവിഷയത്തിൽ സഹായമായിത്തീരത്തക്കവണ്ണം അവർ അരങ്ങത്തു ചൊല്ലേണ്ട പദ്യങ്ങൾക്കും മറ്റും സരസവും ധാരാവാഹിയുമായ ഗദ്യശൈലിയിൽ ചില പണ്ഡിതന്മാർ അർത്ഥവിവരണം ചെയ്തിട്ടുണ്ടു്. (1) രാമായണം, (2) ബകവധം, (3) കൗന്തേയാഷ്ടകം, (4) നരസിംഹാവതാരം, (5) ഗജേന്ദ്രമോക്ഷം, (6) സന്താനഗോപാലം, (7) ദക്ഷയജനം, (8) നൃഗമോക്ഷം, (9) കീചകവധം, (10) കല്യാണസൗഗന്ധികം, (11) കംസവധം, (12) നാളായണീചരിതം എന്നിങ്ങനെ പല പ്രബന്ധങ്ങൾക്കും അത്തരത്തിലുള്ള അർത്ഥ വിവരണം കാണുന്നു. സംസ്കൃതചമ്പുക്കളിൽനിന്നും ഭാഷാചമ്പുക്കളിൽനിന്നും ആവശ്യമുള്ള ഗദ്യപദ്യങ്ങൾ തിരഞ്ഞെടുത്തു ക്രോഡീകരിച്ചു് ഉദ്ധൃതങ്ങളായ ഭാഗങ്ങളെയെല്ലാം വിശദമായി വ്യാഖ്യാനിച്ചു് അവയിലെ വ്യങ്ഗ്യമർമ്മങ്ങൾ സ്ഫുടീകരിച്ചുകൊണ്ടാണു് ഈ വിവരണങ്ങൾ എഴുതീട്ടുള്ളതു്. പാഠകക്കാരും മറ്റും രംഗത്തിൽ ഇന്നും പ്രയോഗിക്കുന്നതും പ്രായേണ ഈ ഗദ്യപങ്ക്തികൾതന്നെയാണു്. ഓരോ കഥയോടും പ്രത്യേകമായി ഉപക്രമോപസംഹാരങ്ങളും ഘടിപ്പിച്ചിട്ടുണ്ടു്. പൂർവകഥാസങ്ഗതി സംക്ഷിപ്തമായി ഗദ്യരൂപത്തിൽ നിവേദനംചെയ്തുകൊണ്ടുവേണം പ്രകൃതകഥ പ്രതിപാദിക്കുവാൻ എന്നൊരു നിയമമുണ്ടു്. അതുകൊണ്ടു പ്രകൃതം സീതാസ്വയംവരമാണെങ്കിൽ പൂർവകഥ അത്യന്തം ഹ്രസ്വമായും പ്രത്യുത ശ്രീരാമസ്വർഗ്ഗാരോഹണമാണെങ്കിൽ അതീവ ദീർഘമായുമിരിക്കും എന്നു പറയേണ്ടതില്ലല്ലോ. ചാക്കിയാന്മാർ ഓരോ കഥയും വൈഷ്ണവമാണെങ്കിൽ ‘പത്മനാഭം ഭജേഥാഃ’ എന്നു വിഷ്ണുപരമായും, ശൈവമാണെങ്കിൽ ‘ചന്ദ്രചൂഡം ഭജേഥാഃ’ എന്നു ശിവപരമായുമുള്ള ഒരു വന്ദനശ്ലോകത്തോടുകൂടി ആരംഭിക്കുകയും പ്രവക്താവു് അതിന്റെ അർത്ഥം വിസ്തരിക്കുകയും ചെയ്യണമെന്നുള്ള ചടങ്ങിനു് അനുരൂപമായി ആ ഘട്ടത്തിലും പ്രയോഗിക്കേണ്ട ഗദ്യം ഈ വിവരണങ്ങളിൽ കാണ്മാനുണ്ടു്. അവസാനത്തിലും ‘പത്മനാഭം ഭജേഥാഃ’ എന്നോ, ‘ചന്ദ്രചൂഡം ഭജേഥാഃ’ എന്നോ സമർത്ഥിക്കേണ്ടതുണ്ടു്.

പുരാതനകാലത്തെ നമ്പിയാർത്തമിഴിൽനിന്നു വികസിച്ച അത്തരത്തിലുള്ള ഗദ്യം സംസ്കൃതശൈലികളെ ധാരാളമായി അനുകരിക്കുന്നുണ്ടെങ്കിലും ഏറ്റവും സജീവങ്ങളും ഇക്കാലത്തു് അപ്രയുക്തപ്രായങ്ങളായി പരിണമിച്ചിട്ടുള്ളവയുമായ അനേകം ഭാഷാപദങ്ങളുടെ പ്രയോഗം അതിന്റെ ആകർഷകതയെ വർദ്ധിപ്പിക്കുന്നു. പ്രസ്തുതവ്യാഖ്യകൾ മിക്കവാറും ഒൻപതാം ശതകത്തിൽ ആവിർഭവിച്ചവയാണെന്നു് അനുമാനിക്കാം. ചില ഉദാഹരണങ്ങൾ താഴെച്ചേർക്കുന്നു.

വൈഷ്ണവകഥകൾക്കുള്ള സാധാരണോപക്രമം

“ഐഹികപാരത്രികങ്ങളെ സാധിപ്പാനായിക്കൊണ്ടു് അഖില ജഗദാധാരഭൂതനായി അപ്രമേയസ്വരൂപനായിരിക്കുന്ന ശ്രീ പത്മനാഭനെ ഭക്തിയോടുകൂടി സേവിച്ചു ജന്മസാഫല്യം വരുത്തിക്കൊള്ളണം. അതു കൂടാതെകണ്ടു് അസാരങ്ങളായിരിക്കുന്ന വിഷയങ്ങളിൽ ഭ്രമിച്ചു ദുർല്ലഭമായിരിക്കുന്ന മനുഷ്യജന്മത്തെ നിഷ്ഫലമാക്കിക്കളയരുതു്. ബഹുജന്മഭൂതങ്ങളായിരിക്കുന്ന പാപങ്ങൾ ഈശ്വരാനുഗ്രഹംകൊണ്ടു് സമങ്ങളായി ലഭിച്ചിരിക്കുന്ന മനുഷ്യജന്മമല്ലോ ആകുന്നതു്. ഇനിപ്പിന്നെ ജനനമരണങ്ങൾക്കു സംഗതി വരാതെ ഇരിപ്പാൻ തക്കവണ്ണം മോക്ഷ പ്രദനായിരിക്കുന്ന ശ്രീനാരായണനെ സേവിച്ചുകൊള്ളണം, ‘പത്മനാഭം ഭജേഥാഃ’ മുക്തിപ്രദനായിരിക്കുന്ന മുകുന്ദനെ സേവിച്ചുകൊള്ളണം. അതെന്യേ അർത്ഥപുത്രമിത്രകളത്രാദികളിലെ ആഗ്രഹങ്ങളാകുന്ന ചില പാശങ്ങളെക്കൊണ്ടു ബദ്ധനായി ഗൃഹമാകുന്നോരു കൂപത്തിങ്കൽ അകപ്പെട്ടു ദുഃഖിച്ചു് ആയുസ്സിനെ ഒടുക്കിക്കളയരുതു്.എന്നു് ആരോടു പറയുന്നു എന്നു്. ‘ഭജേഥാഃ’ നമ്മുടെ മനസ്സോടുതന്നെ പറകചെയ്യുന്നതു്. അല്ലേടോ മനസ്സു്! ഇഹലോകസുഖങ്ങളേയും പരലോക സുഖങ്ങളേയും ഒരുപോലെ സാധിക്കണമെങ്കിൽ ശ്രീപത്മനാഭന്റെ കടാക്ഷംകൊണ്ടേ എളുതായി വരൂ. ‘അവ്യാധി ഗാത്രം, മനുകൂലതരം കളത്രം, വേശ്മ പ്രശസ്തവിഭവം, വിശദാ ച വിദ്യാ, ശ്ലാഘ്യം കുലം, ചരമകാലഗതിസ്സമർത്ഥാ വിഷ്ണോഃ കടാക്ഷപരിണാമവിഭൂതിരേവ.’ ‘അവ്യാധി ഗാത്രം’ ഗാത്രം അവ്യാധിയായിരിക്കണം. മനുഷ്യശരീരത്തെ ലഭിപ്പാൻ അവകാശം വന്നു എന്നതുകൊണ്ടുതന്നെ മതിയായില്ല. ത്രിദോഷസംബന്ധികളായിട്ടു് ഓരോ പ്രകാരേണയുള്ള മഹാവ്യാധികളുണ്ടു്. അതിലൊന്നുകൊണ്ടു് അംഗങ്ങൾക്കു് അവശത അകപ്പെട്ടാൽ സ്നാനശൗചാദികൾ കൂടാതെ കണ്ടു് അശുദ്ധശരീരനായി നിത്യാനുഷ്ഠാനങ്ങളേയും പണിപ്പെട്ടു ലോപിച്ചു കഴിച്ചു വളരെ ദുഃഖിച്ചു ഒരിടത്തു കിടന്നുപോയാൽ ഒരു ഫലവുമില്ല മനുഷ്യജന്മംകൊണ്ടു്. ‘അവ്യാധി ഗാത്രം’ ഒരു മഹാവ്യാധിയും കൂടാതെകണ്ടു് ഈശ്വര സേവയും ചെയ്തു സ്വൈരമായിരിപ്പാൻ സംഗതി വരണം. അതങ്ങനെതന്നെ സംഗതി വരണമെങ്കിൽ ‘അനുകൂലതരംകളത്രം’ കളത്രം ഏറ്റവും അനുകൂലമായിരിക്കണം. സൗന്ദര്യാദി ഗുണങ്ങളുടെ പരിപൂർണ്ണതയോടുകൂടി ഇരിക്കുന്ന ഭാര്യയോടുകൂടെ കാമസുഖങ്ങളെ അനുഭവിപ്പാൻ സംഗതിവരണം. അതിനും ഈശ്വരാനുഗ്രഹമുണ്ടെങ്കിലേ സംഗതിവരൂ. സ്വഭാവഗുണവുമില്ല, രൂപഗുണവുമില്ല, ദുർഭഗയാകുന്നതു ഭാര്യ എന്നാൽ അതു നിമിത്തമായി മരണാവധി ദുഃഖിച്ചുതന്നെ കഴിക്കേ ഉള്ളൂ. ഭർത്താവിനെക്കുറിച്ചു സ്നേഹാനുരാഗങ്ങളുടെ തികച്ചിൽ ഉണ്ടായിരിക്കയും ഭാവം കണ്ടറിഞ്ഞു ശുശ്രൂഷിച്ചു മനസ്സിനു നിരൂപിച്ചിരിയാതെകണ്ടുള്ള കൗതുകത്തെ ദിവസംപ്രതി ഉണ്ടാക്കി ശരീരത്തെ വഴിപോലെ രക്ഷിക്കണം. അങ്ങിനെയിരിക്കുന്ന ഭാര്യയോടുകൂടെ സുഖിച്ചിരിപ്പാൻ സംഗതിവരണം” ഇത്യാദി.

സീതാസ്വയംവരം ഉപക്രമം

“എങ്കിലോ പണ്ടു സൂര്യവംശാലങ്കാരഭൂതന്മാരായിരിക്കുന്ന രാജാക്കന്മാർ കുലരാജധാനിയായിരിക്കുന്ന അയോധ്യയിങ്കൽ ഇരുന്നുകൊണ്ടു രാജ്യപരിപാലനം ചെയ്തുപോരുന്ന കാലങ്ങളിൽ, അജനാകുന്ന രാജാവിന്റെ സുതനായിരിക്കുന്ന ദശരഥൻ കൃതവിവാഹനായി കാന്താത്രയസമേതനായി കാമങ്ങളെ യഥാകാമം അനുഭവിപ്പൂതും ചെയ്തു കൃതാർത്ഥചിത്തനായിട്ടു് അധിവസിക്കുന്നകാലത്തിങ്കൽ, സന്തത്യഭാവംകൊണ്ടു് സന്തപ്യമാനമാനസനായി സുമന്ത്രോക്തികളെക്കൊണ്ടു സന്തുഷ്ടഹൃദയനായി വസിഷ്ഠാദിഷ്ടമായിരിക്കുന്ന അശ്വമേധാധ്വരത്തെ സരയൂരോധസ്സിങ്കൽ വിധിക്കുതക്ക വണ്ണം നിർവ്വഹിപ്പൂതും ചെയ്തു് അവിടെത്തന്നെ പുത്രകാമേഷ്ടി ആരംഭിച്ച സമയത്തിങ്കലാകട്ടേ”

ബകവധം ഉപക്രമം

“എങ്കിലോ പണ്ടു് അചണ്ഡഭാനുവം ശമണ്ഡനന്മാരായിരിക്കുന്ന പാണ്ഡവന്മാർ പാണ്ഡുവിന്റെ അപായാനന്തരം ശതശൃംഗംപർവ്വതത്തിൽനിന്നു തന്നിവാസികളായിരിക്കുന്ന മുനീന്ദ്രന്മാരാൽ ഹസ്തിനപുരത്തെ നീതന്മാരായി ധൃതരാഷ്ട്രസമീപത്തിങ്കൽ ദുര്യോധനാദികളോടുകൂടെ വസിക്കുന്ന കാലം അസൂയാനിധിയായ ദുര്യോധനൻ വ്യാപരിച്ചിരിക്കുന്ന ദുർവ്വ്യാപാരങ്ങൾ വ്യാപരിച്ചതിലൊന്നും ഫലിയാഞ്ഞതിന്റെശേഷം, പിന്നെ വാരണാവതമാകുന്ന നഗരത്തിങ്കൽ ജതുഗേഹമുണ്ടാക്കിച്ചമച്ചു് ആയവിടെക്കൊണ്ടെ പാണ്ഡവന്മാരെ ഇരുത്തൂതും ചെയ്തു. എന്നതിന്റെ ശേഷമാകട്ടേ.”

ദൂതവാക്യം ഉപസംഹാരം

“ഭക്തവത്സലനായിരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണനെ കണ്ട നേരം പ്രസാദാതിശയത്തോടുകൂടെ നില്ക്കുന്ന പാണ്ഡവന്മാരോടു ഹസ്തിനപുരത്തിങ്കൽ എഴുന്നള്ളി ദുര്യോധനനോടു പറഞ്ഞ പ്രകാരങ്ങളൊക്കെയും അരുളിച്ചെയ്തു കേൾപ്പിപ്പൂതും ചെയ്തു. അതു കേട്ടു പാണ്ഡവന്മാരും വളരെ പ്രസാദിച്ചു. പാപക്ഷയത്തിന്നായിക്കൊണ്ടു പാണ്ഡവന്മാരുടെ കഥകളിലെങ്ങാനുമൊരെടം കുറഞ്ഞൊന്നു കേൾക്കണമെന്നല്ലോ ആഗ്രഹമുണ്ടായതു്. അത്രമാത്രം പറവാനും കേൾപ്പാനും സംഗതിവരികയും ചെയ്തു. എന്നതുകൊണ്ടു് ഇനിയും ഇപ്രകാരം സംഗതി വരണമെങ്കിൽ ഈശ്വരനുഗ്രഹംകൊണ്ടേ സംഗതിവരൂ. അനുഗ്രഹമോ സേവിച്ചിടത്തോളം ആകുന്നതും. എന്നതുകൊണ്ടു് എല്ലാ ജനങ്ങളും എല്ലാ സമയത്തിങ്കലും ജഗന്നായകനായിരിക്കുന്ന ഭഗവാൻ ശ്രീപത്മനാഭനെ സേവിച്ചുകൊള്ളണം എന്നിവിടെ പറഞ്ഞതു് ‘പത്മനാഭം ഭജേഥാഃ’”

ഈ ഗദ്യങ്ങളിലേയും കേരളോൽപത്തിയിലേയും ശൈലികൾ വിഭിന്നിങ്ങളാണെന്നു് അനുവാചകന്മാർ ഗ്രഹിക്കുല്ലോ. സംസ്കൃതജ്ഞന്മാരെ രസിപ്പിക്കുന്നതിനുവേണ്ടി രചിച്ച ഗദ്യം സാമാന്യജനങ്ങളുടെ ആവശ്യത്തിനായിമാത്രം എഴുതിയ ഗദ്യത്തിൽനിന്നു വ്യത്യസ്തമായി കാണുന്നതിൽ ആശ്ചര്യപ്പെടുവാനില്ല.

35.39കാളിനാടകം ഗദ്യം

ഒൻപതാം ശതകത്തിലെ ഒരു ഗദ്യകൃതിയായ കാളിനാടകത്തിൽ ഭദ്രകാളി ദാരുകനെ വധിക്കുന്ന കഥയാണു് പ്രതിപാദ്യം. ദാരുകന്റെ പത്നിയുടെ പേർ വിനോദിനി എന്നു് ഈ കൃതിയിൽ പ്രസ്താവിച്ചിരിക്കുന്നു. ഇതു കാളീക്ഷേത്രങ്ങളിൽ വൃശ്ചികവ്രതംസംബന്ധിച്ചുള്ള കളമെഴുത്തിനു പാടിവരുന്നതായറിയാം. ‘നാടക’മെന്നു പറയുന്നു എങ്കിലും അഭിനയത്തിനുപയോഗിച്ചിരുന്നതായി തോന്നുന്നില്ല. ചില പംക്തികൾ ചുവടെ ഉദ്ധരിക്കുന്നു.

“അന്നേരം തന്റെയൊരേകമനസ്സാവൂതുംചെയ്തു. അന്നേരം ചോദിച്ചുകൊണ്ടാൻ ദാനവേന്ദ്രൻ ദാരുകരാജാവു്. കേളു കേളു ദേവീ ഞാനിവിടുന്നു യുദ്ധത്തിനു പോയതിൽപ്പിന്നെ ആരൊരുത്തർ വന്നുപോയതു ദേവി എന്നാൻ ദാനവേന്ദ്രൻ ദാരുകരാജാവു്. അയ്യോ! എന്റെ ഭർത്താവേ! ഇവിടെ വിശേഷിച്ചാരും വന്നീല എന്നാൾ ഭാര്യാവാകും ദേവി വിനോദിനി. ഒരഗതിപ്പെഞ്ചാതിയൊഴിഞ്ഞാരും വന്നീല എന്റെ ഭർത്താവേ എന്നാൾ ദേവി വിനോദിനി … പണ്ടുപണ്ടു നമ്മുടെ കൂറുപാങ്ങടിയാത്തിപോലവളാകുന്നതു് എന്നാൾ അഗതിപ്പെഞ്ചാതിയുമപ്പോൾ …ഉപദേശത്തേയും ഉപദേശിച്ചു കൊടുത്തേനെന്റെ ഭർത്താവേ എന്നാൽ ഭാര്യാവാകും ദേവി വിനോദിനി. അന്നേരം തലയെടുത്തെറിഞ്ഞു കുത്തിച്ചും കതകതപാഞ്ഞും മതിൽ ചാടിക്കൊണ്ടാൻ ദാനവേന്ദ്രൻ ദാരുകരാജാവു് …തന്റെയൊരു കോട്ടഗോപുരങ്ങളെല്ലാം കടക്കുമ്പോൾ ഉമ്മറപ്പടിയോടു് അടിമുടി തട്ടിപ്പുറപ്പെടുന്നോരു നേരത്തു്. അന്നേരം എഴുനീറ്റു കച്ചവാലുംതൊങ്കൽ പിടിച്ചുകൊണ്ടാൾ ഭാര്യാവാകും ദേവി വിനോദിനി …കൊല്ലത്തു കൊടിയാടയിൽ തീവെന്തെരിയക്കിനാവു കണ്ടേൻ ഞാനെന്റെ ഭർത്താവേ! അതുകൊണ്ടും പോകൊലാ പോകൊലാ എന്നാൾ ഭാര്യാവാകും ദേവി വിനോദിനി …ഇവയെല്ലാം കേളാതെ ചിത്രമണിദണ്ഡമെടുത്തു പോരണിനാഗം ചുമലേറുവൂതും ചെയ്തു് ആരിയച്ചൊട്ട അങ്കായുധം കയ്യിൽ പിടിച്ചു തന്റെയൊരു ഭൂമിയിങ്കൽ ചെന്നു പുറപ്പെടുന്നോരു നേരത്തു്”

ശക്തിമത്തുകളായ വാക്യങ്ങളെക്കൊണ്ടാണു് കാളിനാടകം ആദ്യന്തം നിബന്ധിച്ചിട്ടുള്ളതു്. അനന്തരകാലത്തും ദേവീഭക്തന്മാരായ ചില കവികൾ ‘കാളിനാടകം’ നിർമ്മിച്ചു കാണുന്നു. കൊല്ലം പതിനൊന്നാം ശതകത്തിൽ ജീവിച്ചിരുന്ന ചിറ്റൂർ എഴുവത്തു നാണുക്കുട്ടിമേനോന്റെ കൃതിയാണു് അവയിൽ പ്രധാനം.

35.40ദ്വാദശ്യാരാധനാകല്പം

ചില പൂജാകല്പങ്ങൾ വ്യക്തമായി വിവരിക്കുന്ന ഭാഷാഗദ്യഗ്രന്ഥങ്ങളും ഈ ശതകത്തിൽ ഉത്ഭവിച്ചിട്ടുണ്ടു്. അവയുടെ ശൈലി പാഠകഗദ്യത്തിൽനിന്നും മറ്റും ഭേദിച്ചിരിക്കുന്നു. ദ്വാദശ്യാരാധനാകല്പത്തിൽനിന്നു ചില പങ്ക്തികൾ ചുവടെ ചേർക്കുന്നു.

“പിന്നെ നിവേദ്യശേഷം കൊണ്ടു വൈശ്വദേവഹോമം ചെയ്തു് ഒരു ബ്രാഹ്മണനെ കാലു കഴുകിച്ചു കുറിയിടീച്ചു പൂവും ചൂടിച്ചു മൂലംകൊണ്ടു പൂജിച്ചു് ഇല കഴുകി ഉപസ്തരിച്ചു സംവിഭാഗം വിളമ്പി ഉപസ്തരിച്ചു് കുടിക്കുനീർ വീഴ്ത്തി കുണ്ഡത്തിനു വടക്കു ബലി തൂകി മണ്ഡപത്തിനു പ്രദക്ഷിണം വെച്ചു നമസ്കരിച്ചു കാലു കഴുകിയാചമിച്ചു ദേവനും വിളക്കു രണ്ടിനും നിവേദ്യം വിടുർത്തു് ഒടുക്കത്തെ കുടിക്കുനീർ വീഴ്ത്തി കൈ കഴുകിയാൽ ദക്ഷിണചെയ്തു പ്രസന്നപൂജ ചെയ്തു മൂന്നെടത്തും അപ്പവും വെറ്റിലയുമടയ്ക്കയും നിവേദിച്ചു പുഷ്പാഞ്ജലിയും ചെയ്തു സാധ്യനെക്കൊണ്ടു ചെയ്യിച്ചു പൂജയും സമർപ്പിച്ചു് ഉച്ചപൂജ തുടങ്ങു.”

ഒടുവിൽ “ഈവണ്ണം ഏകാദശീവ്രതം അനുഷ്ഠിച്ചു ദ്വാദശി ആരാധന ചെയ്താൽ ജന്മാന്തരാർജ്ജിതങ്ങളും ഇജ്ജന്മത്തിൽ ചെയ്ത പാപവും ക്ഷയിച്ചു ദേഹാന്തത്തിൽ സച്ചിദാനന്ദലക്ഷണമായിരിക്കുന്ന ബ്രഹ്മത്തിൽ സായൂജ്യം പ്രാപിക്കും” എന്ന ഫലശ്രുതിയോടുകൂടി ഗ്രന്ഥം അവസാനിക്കുന്നു. ഇതുപോലെ ചക്രാബ്ജപൂജാകല്പത്തെപ്പറ്റിയും ഒരു ചെറിയ ഗദ്യനിബന്ധം കാണ്മാനുണ്ടു്. പൊതുവേ ഗദ്യരൂപത്തിലുള്ള തന്ത്രഗ്രന്ഥങ്ങളുടെ ഭാഷാശൈലി ഇതുതന്നെയാണു്.

35.41സ്മാർത്തപ്രായശ്ചിത്തസങ്ഗ്രഹം ഭാഷ

സ്മാർത്തപ്രായശ്ചിത്തസങ്ഗ്രഹത്തിനു് ഒരു ഭാഷാവ്യാഖ്യാനം ലഭിച്ചിട്ടുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. ഈ വ്യാഖ്യാനത്തിൽനിന്നു് ഒരു ഭാഗം ചുവടേ ചേർക്കുന്നു.

“അവിടെ നടേ ഇന്ന നിമിത്തമുണ്ടാകയാൽ ഇന്ന ക്രിയചെയ്യണമെന്നു യജ്ഞപ്രായശ്ചിത്താദികളിൽ ചൊല്ലിക്കിടക്കുന്ന ക്രിയകളും അതിന്റെ മന്ത്രഗണങ്ങളും യാവചിലവ അവറ്റെ നടേ ചൊല്ലുന്നു. അതു് ഏതുപ്രകാരമെന്നു് …അവിടെ നടേ പവമാനസ്ഥാലീപാകത്തിന്റെ ക്രിയാക്രമം; പിന്നെ പൂർണ്ണാഹുതിയുടെ ക്രിയാക്രമം; പിന്നെ വിവീചീസ്ഥാലീപാകം; പഥികൃൽസ്ഥാലീപാകം; അന്വാരംഭണീ സ്ഥാലീപാകം …കർമ്മപ്രായശ്ചിത്തം എന്നിങ്ങനെ പ്രഥമമായതിങ്കൽ ചൊല്ലപ്പെടുന്ന വസ്തുക്കൾ …ഇങ്ങനെ സംക്ഷേപിച്ചു ചൊല്ലിയതായ പ്രതിപാദ്യാർത്ഥത്തെ അനന്തരം വിസ്തരിച്ചു ചൊല്ലുന്നു …അവിടെ നടേ അഗ്നിദോഷത്തിങ്കൽ ചൊല്ലിയ പവമാനസ്ഥാലീപാകത്തെ ആശ്വലായനമതേന ചൊല്ലുന്നു. അവിടെ പവിത്രമിട്ടു പത്നിയും വന്നു തുടർന്നിരുന്നാൽ ആയതനത്തോടു കൂടാതെ ‘അയന്തേ യോനിം’ എന്ന മന്ത്രം ചൊല്ലിത്തീക്കാച്ചി ചമതപ്പുല്ലുകൊണ്ടു മൂടി വടക്കു നിലത്തെന്നിയേ സങ്ഗ്രഹിച്ചു മുൻപിലെത്തീയും വെണ്ണീറും കളഞ്ഞു ചാണകമുരുട്ടി ഭസ്മശേഷം കളഞ്ഞു കുത്തുകയും തളിക്കുകയും ചെയ്യാതെ ആയതനത്തിങ്കൽ തീയിട്ടു പൂളിട്ടു വീശി എരിച്ചാൽ ആജുഹ്വാനാദിമന്ത്രങ്ങളെക്കൊണ്ടു കാച്ചിയ ചമത ഇടൂ. പിന്നെ അതിങ്കൽ അന്വാധാനാദിസ്ഥാലീപാം ചെയ്വൂ നിത്യംപോലെ.”

35.42ആശൗചദീപകം ഭാഷ

മഴമങ്ഗലത്തിൻറെ ആശൗചദീപകത്തിനു ഭാഷയിൽ ഒരു വ്യാഖ്യാനമുണ്ടു്. അതിൽ നിന്നുകൂടി ചില പങ്ക്തികൾ പകർത്താം. “ ‘സർവത്രാഘേ സതി നിത്യകർമ്മാണി വിദധതാം’—എല്ലാ പിലയുമുണ്ടായിരിക്കുമ്പോൾ നിത്യകർമ്മങ്ങളൊക്കവെ അഴകുതായി ചെയ്യണം. ലോപിച്ചുകളയരുതു്. തൂഷ്ണീമെന്നു വിശേഷം. നിത്യകർമ്മങ്ങളിൽ യാവചിലവറ്റേ മന്ത്രത്തോടുകൂടിച്ചെയ്യേണ്ടൂ അവറ്റിനു മന്ത്രംവേണ്ടാ; ക്രിയമാത്രമേ വേണ്ടൂ. മനസ്സുകൊണ്ടു മന്ത്രത്തെ സ്മരിച്ചു ക്രിയചെയ്വൂ എന്നു പൊരുൾ. ‘പ്രാണാഹുത്യാഞ്ച ജലവിക്ഷേപണേ തു മന്ത്രീ ഭവതു’—പ്രാണാഹുതി ഇടുമ്പോഴും തീരുമ്പോഴും മന്ത്രം ചൊല്ലണം. ഉച്ചക്കാലത്തെ സൂര്യോപസ്ഥാനത്തിങ്കൽ നീരൂക്കുമ്പോഴും മന്ത്രം ചൊല്ലണമെന്നു പലരും ചൊല്ലുന്നു. ശ്രൗതം ഓത്തിൽ വിധിച്ചതു്: സ്മാർത്തം സ്മൃതികളിൽ വിധിച്ചതു്.”

ഇവ കൂടാതെ ഇനിയും (1) സന്ന്യാസകല്പം (2) പതിത പരിത്യാഗപ്രക്രിയാ (3) ത്രിസന്ധ്യാജപക്രമം (4) ക്ഷത്രിയ ബലിക്രമം (5) അഗ്നിഹോത്രം (6-7) ആചാരസംഗ്രഹം രണ്ടുമാതിരി (8) മഹാവ്രതാദിവിവരണം (9) അപരക്രിയാനുഷ്ഠാനം (10) ജാതകർമ്മാനുഷ്ഠാനം (11) ഗൃഹപ്രയോഗം (12) ആശൗചവിധി തുടങ്ങി ചടങ്ങുസംബന്ധിച്ചു ഭാഷയിൽ പല ഗ്രന്ഥങ്ങൾ ഗദ്യരൂപത്തിൽ നമ്പൂരിമാർ ഓരോ കാലത്തു രചിച്ചിട്ടുണ്ടു്. “ഒക്കവേ പറവതിനൊട്ടുമേ കാലം പോരാ” എന്നുള്ളതിനാൽ അവയെ ഇവിടെ പരാമർശിക്കുന്നില്ല. പതിതപരിത്യാഗപ്രക്രിയ സ്മാർത്തവിചാരത്തെപ്പറ്റിയുള്ള വിവരണമാണു്. മഹാവ്രതം എന്നതു് ഉണ്ണികൾ വേദാഭ്യാസത്തിനു മുൻപു് അനുഷ്ഠിയ്ക്കേണ്ട വ്രതമാണു്. വേദം അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യേണ്ട രീതിയും അതിൽ പ്രതിപാദിച്ചിരിക്കുന്നു.

35.43അദ്വൈതശതകം ഭാഷ

നൂറു് അനുഷ്ടുപ് ശ്ലോകങ്ങളെക്കൊണ്ടു് അദ്വൈതവേദാന്തത്തിന്റെ സാരം സങ്ഗ്രഹരൂപേണ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് അദ്വൈതശതകം. അതിന്റെ കർത്താവു് ആരെന്നറിയുന്നില്ല. ആ ഗ്രന്ഥത്തിനു സുഗ്രഹമായ ഒരു ഭാഷാഗദ്യവ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങളുടെ വ്യാഖ്യാനം താഴെ ചേർക്കുന്നു.

“പ്രണമ്യ പരമാത്മാനം സ്വാത്മാനം പരമേശ്വരം
അദ്വൈതശതകം വക്ഷ്യേ സർവവേദാന്തസംഗ്രഹം.

അഹം പരമേശ്വരം പ്രമണ്യ അദ്വൈതശതകം വക്ഷ്യേ—ഞാൻ പരമേശ്വരനെ പ്രണമനം ചെയ്തിട്ടു് അദ്വൈതശതകത്തെ ചമയ്ക്കുന്നേൻ. അദ്വൈതത്തെ നൂറു ശ്ലോകംകൊണ്ടു സംഗ്രഹിക്കുന്നേൻ എന്നു താൽപര്യം. എങ്ങനെ ഇരുന്നോരുത്തൻ പരമേശ്വരൻ എന്നപേക്ഷ വന്നിടത്തു് അവനെ കാട്ടുന്നു. സ്വാത്മാവായി വർത്തിച്ചിരുന്നോരുത്തൻ. തന്റെ ആത്മാവായി വർത്തിച്ചിരുന്നോരുത്തൻ. പരമാനന്ദം—ആനന്ദസ്വരൂപനായിരുന്നോരുത്തൻ. എങ്ങിനെയിരുന്നോണു് അദ്വൈതശതകം? എല്ലാ വേദാന്തങ്ങളുടേയും സംഗ്രഹമായിരുന്നോണു്. പത്തുനൂറായിരമായി പ്രകാശിച്ചിരുന്ന ഉപനിഷൽഭാഷ്യങ്ങളുടെ സങ്ഗ്രഹമായിരുന്നോന്നു് എന്നു പൊരുൾ.”

“പുനർവേശ്യാവശേ സ്ഥിത്വാ തൈസ്സാർദ്ധം ശ്വഖരാജവൽ
സർവധർമ്മവിനിർമ്മുക്തോ ദേഹീ താ ഏവ സേവതേ.

പുനഃ ദേഹീ തൈഃ സാർദ്ധം വേശ്യാവശേ സ്ഥിത്വാ—പിന്നെ ദേഹി കാമികളോടുകൂടെ സങ്ഗത്തെച്ചെയ്തു് അവരുടെകൂടെ വേശ്യമാരുടെ വശത്തിൽ സ്ഥിതിചെയ്വൂതും ചെയ്തിട്ടു്. സർവധർമ്മവിനിർമ്മുക്തഃ താ ഏവ സേവതേ—സർവധർമ്മങ്ങളോടു വിനിർമ്മുക്തനായി സ്നാനതർപ്പണസ്വാദ്ധ്യായങ്ങളോടു വേർപെട്ടു് ആ വേശ്യമാരെ സേവിക്കുന്നു. ശ്വഖരാജ വൽ—ശ്വാവിനെപ്പോലെ പിന്നാലെ നടന്നിട്ടും ഖരത്തെപ്പോലെ ചുമന്നിട്ടും അജത്തെപ്പോലെ പ്രതിബദ്ധനായിട്ടും സേവിക്കുന്നു എന്നു പൊരുൾ.”

35.44ഹോർത്തുസ് മലബാറിക്കസ്

ഹോർത്തുസ് മലബാറിക്കസ് (കേരളാരാമം) എന്ന പേരിൽ കേരളത്തിലെ സസ്യവിജ്ഞാനീയത്തെപ്പറ്റി ഒരു വിപുലമായ പുസ്തകം ലത്തീൻഭാഷയിൽ രചിച്ച ഹെൻഡ്രിക്ക് ഏഡ്രിയൻ വാൻറീഡ് എന്ന പണ്ഡിതൻ നമ്മുടെ കൃതജ്ഞതയെ സവിശേഷം അർഹിക്കുന്ന ഒരു ഗ്രന്ഥകാരനാണു്. അദ്ദേഹം ക്രി. പി. 1637-ആമാണ്ടിടയ്ക്കു ഹോളൻഡിൽ ഡ്രാക്കെസ്റ്റീൻ എന്ന സ്ഥലത്തു ജനിച്ചു. 1663-ൽ ലന്തക്കാർ കൊച്ചിക്കോട്ട പറങ്കികളിൽ നിന്നു പിടിച്ചടക്കിയപ്പോൾ ലന്തസൈന്യത്തിലെ ഒരു സൂപ്പർ ന്യൂമെറ്റി കപ്പിത്താനായിരുന്നു. പിന്നീടു തുപ്പായികളുടെ സൂപ്രണ്ടും 1670-ൽ കൊച്ചിയിൽ കമാൻഡറുമായി ഉദ്യോഗത്തിൽ ഉയർന്നു. ഒടുവിൽ കുറേക്കാലം ബെത്തേവിയാ ഭരണ സമിതിയിലെ ഒരംഗമായി പണി നോക്കിയതിനുമേൽ 1677 നവംബർമാസത്തിൽ സ്വദേശത്തേക്കു മടങ്ങി. കൊച്ചി വിടുന്നതിനുമുമ്പുതന്നെ തന്റെ സസ്യശാസ്ത്രരചനയ്ക്കു വേണ്ട സാമഗ്രികൾ അദ്ദേഹം, എറണാകുളത്തിനു സമീപം ചാത്തിയാത്തും പിന്നീടു വരാപ്പുഴയും കർമ്മലീത്താഭവനങ്ങൾ സ്ഥാപിച്ച നേപ്പിൾസ് കാരനായ ഫാദർ മാത്യൂസ് എന്ന ഒരു കർമ്മലീത്താമിഷണറി, രങ്ഗഭട്ടൻ, വിനായകപണ്ഡിതൻ, അപ്പു ഭട്ടൻ എന്ന മൂന്നു ഗൗഡസാരസ്വതബ്രാഹ്മണവർഗ്ഗത്തിൽപ്പെട്ട ഭിഷഗ്വരന്മാർ, ഇട്ടി അച്യുതൻ എന്ന വിശിഷ്ടനായ ഒരു ഈഴവവൈദ്യൻ ഈ അഞ്ചു പണ്ഡിതന്മാരുടെയും സാഹായ്യത്തോടുകൂടി തയാറാക്കിക്കഴിഞ്ഞിരുന്നു. അച്യുതൻ കരപ്പുറത്തു കൊട്ടകാരപ്പള്ളി അഥവാ കൊല്ലാടം എന്ന തറവാട്ടിലെ ഒരങ്ഗമായിരുന്നു. മാത്യൂസാണു് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു് ഓഷധികളും മറ്റു ശേഖരിച്ചു കൊച്ചിയിലേക്കു കൊണ്ടുപോയി അവയുടെ പടങ്ങൾ വരപ്പിച്ചതു്. മാത്യൂസ് 1691-ൽ ഉദ്ദേശം 90-ആമത്തെ വയസ്സിൽ കൊച്ചിയിൽവെച്ചു മരിച്ചു. ജോണ്‍കെയ്സറിയസ് എന്നൊരു ലന്തപ്പാതിരി ആ പുസ്തകത്തിന്റെ ആദ്യത്തെ ചില വാല്യങ്ങൾ ഡച്ചുഭാഷയിൽ പരാവർത്തനംചെയ്തതായിക്കാണുന്നു. അദ്ദേഹം കേരളത്തിൽ 1667 മുതൽ 1676 വരെ താമസിച്ചു. ആകെ പന്ത്രണ്ടു വലിയ വാല്യങ്ങളിൽ 7946 പടങ്ങളോടുകൂടിയാണു് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളതു്. ഒന്നും രണ്ടും വാല്യങ്ങൾ 1678-ൽ (കൊല്ലം 853-ൽ) മുദ്രാപിതങ്ങളായി. വീണ്ടും റീഡ് ഒരു ഗവർണ്ണർജനറലിന്റെ അധികാരങ്ങളോടു കൂടി ഇന്ത്യയിൽ ചോളമണ്ഡലക്കരയിൽ വന്നുചേരുകയും അവിടെ ലന്തക്കാരുടെ തലസ്ഥാനം പുലിക്കാട്ടുനിന്നു നാഗപട്ടണത്തേക്കു മാറ്റുകയും വേറേയും പല പരിഷ്കാരപദ്ധതികൾ ഉൽഘാടനം ചെയ്കയും ചെയ്തു. 1691-ൽ സിലോണിൽനിന്നു സൂററ്റിലേക്കുള്ള ഒരു നാവികയാത്രയുടെ മദ്ധ്യത്തിൽ ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും സൂററ്റിൽ സംരക്ഷിയ്ക്കപ്പെടുന്നുണ്ടു്.

കേരളത്തിലെ സസ്യങ്ങളേയും ഔഷധങ്ങളേയും സമഗ്രമായി വിവരിക്കുന്ന ഹോർത്തുസ് മലബാറിക്കസ് കേരളീയർക്കു തികച്ചും അഭിമാനംകൊള്ളാവുന്ന ഒരു പുസ്തകമാണു്. ചിത്രമുള്ള വശങ്ങളിൽ ചിത്രത്തിന്റെ സമീപമായി അതിന്റെ പേർ ലത്തീൻ, മലയാളം, അറബി, ദേവനാഗരി എന്നീ നാലു ഭാഷകളിൽ കുറിച്ചിട്ടുണ്ടു്. മലയാളലിപികൾ ചതുര വടിവിലാണു് കൊത്തിക്കാണുന്നതു്. ഗ്രന്ഥത്തിന്റെ പ്രാരംഭത്തിലുള്ള ചില മലയാള വാക്യങ്ങൾ താഴെ ഉദ്ധരിക്കുന്നു.

“പ്രസമവും മംഗല്യവും കൂടിയിരിപ്പും ബഹുമാനപ്പെട്ട കൊമ്പങ്ങിയെടെ തുപ്പായിത്ഥവും കൊച്ചിയിൽ ആയ മനുവെർക്കർന്നെരു നിശ്ചയിക്കും പ്രകാരം. എന്ദ്രിക്കി വന്റെദെ കുമുദോരിടെ കല്പനയാൽ കരപ്പുറത്ത പിറന്നൊള്ള ചെകൊവർണ്ണമായ കൊല്ലാടനെന്ന പേരൊള്ള ഒരു മലയാംവൈദ്യന്റെ ചൊൽക്കെട്ട പൊസ്തകത്തിൽ ചാത്തിയ മലെയാളത്തിലെ വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും കായ്കെളും വിത്തുകെളും രെസങ്ങളും വേരുകെളും ചക്തികെളും സുദചക്തികെളും പറങ്കിപ്പാഴെയിലും മലയാംപാഴെയിലും വകതിരിച്ചു ചൊല്ലുകയുംഞ്ചെയ്തു. ഈ വണ്ണം ഒരു സംശെയം എന്നിയേ നേരാകുംവണ്ണം എഴുതിതീർത്ത നിശ്ചയത്തിൽ എന്റെ ഒപ്പ അബീൽമാസം ൧ ൯ ൯ ൬ ൗ ൬ ധ ൬ (അക്കം പഴയ മട്ടു) മത കൊച്ചിയിൽ കോട്ടയിൽ എഴുത്ത.”

റീഡ് സസ്യശാസ്ത്രത്തിൽ പാരംഗതനായിരുന്നു. ആ ലന്തക്കാരൻ ഇങ്ങിനെ അതിബൃഹത്തായ ഒരു ഗ്രന്ഥം നിർമ്മിക്കുന്നതിനു കായികമായും മാനസികമായും സാമ്പത്തികമായും ഒട്ടുവളരെ ക്ലേശം അനുഭവിച്ചിരിക്കണമെന്നുള്ളതിനു സംശയമില്ല. തദ്വാരാ അദ്ദേഹം കേരളത്തിന്റെ പ്രശസ്തി ലോകമെങ്ങും പ്രസരിപ്പിച്ചു. കെസേറിയസ്സിനു സസ്യശാസ്ത്രത്തിൽ ജ്ഞാനമില്ലായിരുന്നു എന്നു റീഡ് രേഖപ്പെടുത്തീട്ടുണ്ടെങ്കിലും അമേരിക്കയിൽ നിക്കോലസ് ജാക്കിൻ എന്ന പണ്ഡിതൻ ഒരു പുതിയ വർഗ്ഗത്തിൽ പെടുത്തേണ്ട ചെടി കണ്ടുപിടിച്ചപ്പോൾ അതിനു് അദ്ദേഹത്തിന്റെ ബഹുമാനസൂചകമായി കെസേറിയാ എന്ന സംജ്ഞയാണു് നല്കുകയുണ്ടായതു്.

35.45അർണ്ണോസ് പാതിരി
ചരിത്രം

വിദേശീയരായ ക്രിസ്ത്യാനികളിൽ കവിത്വംകൊണ്ടു പ്രഥമഗണനീയനായി പരിശോഭിക്കുന്നതു് അർണ്ണോസ് പാതിരിയാകുന്നു. ജോണ്‍ എർണ്ണസ്തൂസ് ഹാൻക് സൽഡെൻ എന്നതാണു് അദ്ദേഹത്തിന്റെ പൂർണ്ണമായ നാമധേയം. എർണ്ണസ്തൂസ് അഥവാ എർണ്ണസ്തു ഭാഷാ കൃതമായപ്പോൾ അതു് അർണ്ണോസ് എന്നു രൂപാന്തരപ്പെട്ടു. യൂറോപ്പിൽ ഹംഗെറി രാജ്യത്തു ജനിച്ച അർണ്ണോസ് 1699-ൽ കേരളത്തിൽ വന്നുചേരുകയും ആദ്യം അമ്പഴക്കാട്ടെ ഈശോസഭക്കാരുടെ ആശ്രമത്തിൽ കുറേക്കാലം താമസിക്കുകയും പിന്നീടു തൃശ്ശൂരിൽ ചെന്നു കുഞ്ഞനെന്നും കൃഷ്ണനെന്നും പേരുള്ള രണ്ടു നമ്പൂരിമാരുടെ സഹായത്തോടുകൂടി സംസ്കൃതഭാഷ അഭ്യസിക്കുകയും ചെയ്തു. സംസ്കൃതത്തിൽ അദ്ദേഹം ആദ്യമായി പഠിച്ച കാവ്യം യുധിഷ്ഠിരവിജയമായിരുന്നു. വേലൂർ എന്ന സ്ഥലത്തെ പള്ളി പണിയിച്ചതു് അദ്ദേഹമാണു്. 1732-ആമാണ്ടു (കൊല്ലം 907-ൽ) മീനമാസം 20-ആംനു പഴയൂർ പള്ളിയിൽവച്ചു കാല ധർമ്മം പ്രാപിച്ചു.

കൃതികൾ

അർണ്ണോസ് പാതിരി താൻ സംസ്കൃതത്തിലും മലയാളത്തിലും ക്ലേശിച്ചു സമ്പാദിച്ച പാണ്ഡിത്യം വ്യർത്ഥമാക്കിയില്ല. കേരളത്തിലെ ഹിന്ദുക്കൾക്കു രാമായണാദികാവ്യങ്ങൾപോലെ ക്രിസ്ത്യാനികൾക്കും ഭക്തിസംവർദ്ധകങ്ങളായ ചില ഗ്രന്ഥങ്ങൾ രചിക്കേണ്ടതു് ആവശ്യകമാണെന്നു തോന്നുകയാൽ അദ്ദേഹം അതിനുവേണ്ടി പ്രധാനമായി ഉദ്യമിച്ചു. പാതിരിയുടെ മുഖ്യകൃതികൾ (1) ചതുരന്ത്യം (2) പുത്തൻ പാന (മിശിഹാചരിതം) (3) ഉമ്മാപർവം (4) വ്യാകുലപ്രബന്ധം (5) ആത്മാനുതാപം (6) വ്യാകുലപ്രയോഗം (7) മലയാളനിഘണ്ടു (8) മലയാളം പോർത്തുഗീസുനിഘണ്ടു (9) മലയാളവ്യാകരണം എന്നിവയാണു്. ഇവ കൂടാതെ അദ്ദേഹം (1) വാസിഷ്ഠസാരം (2) ചില ഉപനിഷത്തുകൾ (3) വേദാന്തസാരം (4) അഷ്ടാവക്ര ഗീത (5) യുധിഷ്ഠിരവിജയം എന്നീ സംസ്കൃതകൃതികളെ അധികരിച്ചു ലത്തീൻഭാഷയിൽ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ളതായും അറിയുന്നു. ചതുരന്ത്യമാണു് പാതിരി ആദ്യമായി നിർമ്മിച്ച കാവ്യം. അതിൽ മരണപർവം, വിധിപർവം, നരകപർവം, മോക്ഷപർവം എന്നിങ്ങനെ നാലു വിഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. മരണപർവം മഞ്ജരിയിലും വിധിപർവം കളകാഞ്ചിയിലും ഒടുവിലത്തെ രണ്ടു പർവങ്ങളും കേകയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ആകെ 1851 ഈരടികൾ ഈ ഗ്രന്ഥത്തിൽ അന്തർഭവിച്ചിരിക്കുന്നു. പർവം എന്ന വിഭാഗസംജ്ഞ മഹാഭാരതത്തെ അനുകരിച്ചു കവി നല്കീട്ടുള്ളതാണു്. ആസന്നമരണനായ മനുഷ്യന്റെ അന്തർഗ്ഗതങ്ങളെ മരണപർവത്തിൽ പ്രതിപാദിക്കുന്നു. കവിക്കു് ആശയസമ്പത്തുണ്ടെങ്കിലും രചന ദോഷഭൂയിഷ്ഠമാണെന്നു പറയാതെ നിവൃത്തിയില്ല. ചതുരന്ത്യം പോലെതന്നെ ആ വിഷയത്തിൽ മോശമല്ല പുത്തൻ പാനയും ഉമ്മാപർവവും. പുത്തൻപാനയിലെ ഇതിവൃത്തം ബൈബിളിലെ ലോകസൃഷ്ടിമുതൽ ക്രിസ്തുവിന്റെ പരഗതിവരെയുള്ള കഥകളാണു്. അതിൽ പതിന്നാലു പാദങ്ങൾ ഉൾക്കൊള്ളുന്നു. പുത്തുൻപാന എന്നു കവി കൃതിക്കു പേരിട്ടിരിക്കുന്നതു ക്രിസ്ത്യാനികളുടെ ഇടയിൽ ചില പഴയ പാനകൾ പ്രചരിച്ചിരുന്നതിനാലായിരിക്കണമെന്നു ഡോക്ടർ പി. ജെ. തോമസ് പറയുന്നു. പ്രസ്തുതകൃതിയിൽനിന്നു ചില വരികൾ ചുവടെ ചേർക്കുന്നു.

“അമ്മ കന്നിമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും.
സർവമാനുഷർക്കു വന്ന സർവദോഷോത്തരത്തിന്നായ്
സർവനാഥൻ മിശിഹയും മരിച്ചശേഷം
സർവനന്മക്കടലോന്റെ സർവനന്മപ്പാട്ടുകൊണ്ടു
സർവദുഃഖം നിറഞ്ഞുമ്മാ പുത്രനെ നോക്കി
എന്മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ!
ജന്മദോഷത്തിന്റെ ഭാരമൊഴിച്ചോ പുത്രാ?
ആദമാദിനരവർഗ്ഗം ഭീതികൂടാതെ പിഴച്ചു
ഹേതുവതിനുത്തരം നീ ചെയ്തിതോ പുത്രാ?
നന്നു നന്നു നരരക്ഷ നന്നിതത്രേ ചെയ്തു പരീ;
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ?”

നതോന്നതയിൽ രചിച്ചിട്ടുള്ള ഈ ഈരടികൾ ആസ്വാദ്യങ്ങളാണു്. വ്യാകുലപ്രബന്ധം ഈ കഥയെത്തന്നെ വിഷയീകരിച്ചു പാതിരി ഉപജാതിവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു ലഘുകാവ്യമാകുന്നു. ആത്മാനുതാപം ഒരു പാപിയുടെ പശ്ചാത്താപത്തിന്റെ പ്രപഞ്ചനമാണു്. ഉമ്മാപർവത്തിനു ദൈവമാതൃചരിതം എന്നും പേരുണ്ടു്. അതിലെ വിഷയം കന്യാമറിയത്തിന്റെ ജീവിതകഥയാകുന്നു. മലയാളനിഘണ്ടു ‘താ’ എന്ന അക്ഷരംവരെയേ പുരോഗമിച്ചിട്ടുള്ള. അതിൽ അടങ്ങീട്ടുള്ളതു പ്രായേണ സംസ്കൃതപദങ്ങളാണു്. മലയാളവ്യാകരണവും സംസ്കൃതത്തിലെ സിദ്ധരൂപത്തെ അടിസ്ഥാനമാക്കിയാണു് എഴുതീട്ടുള്ളതു്. ‘വൃക്ഷസിദ്ധരൂപം’ കേരളത്തിൽ പഴയ കാലത്തുതന്നെ അധ്യേതാക്കൾ ബാല്യകാലത്തു പഠിച്ചിരുന്നതായിക്കാണുന്നു. അർണ്ണോസ് പാതിരിയുടെ വിവിധകൃതികളെ വിവരിക്കുന്ന ഒരു ചെറിയ ഗ്രന്ഥം 1790-ആമാണ്ടിടയ്ക്കു പൗലീനോസ് പാതിരി രചിച്ചിട്ടുണ്ടു്. മധ്യവയസ്സിൽമാത്രം കേരളത്തിൽ വന്നു സംസ്കൃതവും മലയാളവും പഠിച്ചു് ആ ഭാഷകളിൽ പ്രാവീണ്യം നേടി ഒട്ടനേകം ഗ്രന്ഥങ്ങൾ നിർമ്മിച്ചു കേരളത്തിന്റെ മഹിമ വിദേശങ്ങളിൽ വ്യാപരിപ്പിച്ച ഈ യൂറോപ്യൻപാതിരി നമ്മുടെ ഹൃദയപൂർവമായ അഭിനന്ദനത്തിനു സർവഥാ പാത്രീഭവിക്കുന്നു. ആദ്യമായി സംസ്കൃതഭാഷയിൽ അനപലപനീയമായ പാണ്ഡിത്യം സമ്പാദിച്ച യൂറോപ്യൻ അദ്ദേഹമാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ നിഘണ്ടു മുഴുവനാക്കിയതു കൊല്ലം പത്താം ശതകത്തിൽ ജീവിച്ചിരുന്ന ബിഷൊപ്പു പി. മെന്റൽ ആണെന്നു മേൽ പ്രസ്താവിക്കും.

35.46ആഞ്ചലോസ് ഫ്രാൻസിസ് മെത്രാൻ

ഇറ്റലിയിൽ പീഡ്മോണ്ട് എന്ന ദേശത്തിൽ ക്രി. പി. 1650-ആമാണ്ടു ജനിച്ച ആഞ്ചലോസ് ഫ്രാൻസിസ് ഒരു കർമ്മലീത്താ പാതിരിയായി വരാപ്പുഴ വന്നുചേരുകയും 1701-ൽ കേരളത്തിലെ കത്തോലിക്കരുടെ മെത്രാനായിത്തീരുകയും ചെയ്തു. അദ്ദേഹം 1712-ൽ വരാപ്പുഴവച്ചു മരിച്ചു. ആഞ്ചലോസും ഒരു മലയാളവ്യാകരണത്തിന്റെ പ്രണേതാവാണു്. അതു വാമൊഴിയെ ആസ്പദമാക്കി രചിച്ചിട്ടുള്ളതാകയാൽ അർണ്ണോസ്സ് പാതിരിയുടെ വ്യാകരണത്തോളം നല്ലതല്ലെന്നാണു് പൗലീനോസിന്റെ അഭിപ്രായം.

35.47ജോണ്‍ ബപ്തീസ്താ

ജോണ്‍ ബപ്തീസ്താ എന്ന കർമ്മലീത്താ പാതിരി ഇറ്റലിയിൽ അലെഴ്സി എന്ന സ്ഥലത്തു് 1674-ൽ ജനിച്ചു. അദ്ദേഹം “ഏഴു കൂദാശകളെ” വിവരിച്ചു മലയാളത്തിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുള്ളതിനുപുറമെ ഒരു മലയാളനിഘണ്ടുവും ഉണ്ടാക്കീട്ടുണ്ടു്. 1714-ൽ ബപ്തീസ്താ മെത്രാനാകുകയും 1750-ൽ വരാപ്പുഴ വച്ചു മരിക്കുകയും ചെയ്തു.

35.48ക്രിസ്ത്യാനിമന്ത്രവാദം

പണ്ടു കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലും മന്ത്രവാദം ധാരാളം നടപ്പുണ്ടായിരുന്നു എന്നു കടമറ്റത്തച്ചനെപ്പറ്റിയുള്ള ഐതിഹ്യങ്ങളിൽനിന്നും മറ്റും വായനക്കാർ കേട്ടിരിക്കുമല്ലോ. ആ ആവശ്യത്തിലേക്കു് ഉപയോഗിച്ചിരുന്ന ചില മന്ത്രങ്ങളും യന്ത്രങ്ങളും ഞാൻ കണ്ടിട്ടുണ്ടു്. ഒന്നു രണ്ടു മന്ത്രങ്ങൾ ഓം എന്നാരംഭിക്കുന്നു. ഒരു മന്ത്രം താഴെ പകർത്താം.

“ചെമ്പരപ്പനെന്ന പുണ്യവാളന് ആകാശത്തിങ്കലേക്കു് എഴുന്നള്ളുമ്പോൾ ആറായിരം മാലാഹമാരും പന്തിരണ്ടു ശ്ലീഹന്മാരും പതിനോരായിരം കന്യാസ്ത്രീകളും ഭൂമിയിലുള്ള ചൈത്താന്മാരെ ഒക്കെയും ഓടിച്ചു മണ്ടിച്ചു പിടിച്ചു കുഞ്ചി കെട്ടിതടിക്കീഴിലിട്ടു ചെരിപ്പുകൊണ്ട് അടിച്ചിറക്കി നസ്രാണിയുടെ അംശത്തിൽ കടക്കുകയില്ല എന്നു ഹേമം കലി പുസ്തകം തൊട്ടു സത്യവും സമയവും ചെയ്യിപ്പിച്ചു് വിടുകയും ചെയ്തു. എന്റെ കർത്താവേ! അന്മേനീശോ.”

കുറിപ്പുകൾ

1 ഈ പേർ കോട്ടയത്തു രാജാക്കന്മാർക്കു് ഉണ്ടായിതന്നതിനു തെളിവില്ല.

2 പുതുവാതപ്പാട്ടിൽ വർണ്ണിക്കുന്ന ചില സംഭവങ്ങൾ കവികല്പിതമാണോ എന്നു നിശ്ചയമില്ലെങ്കിലും മറ്റു ചിലവ ചരിത്രദൃഷ്ട്യാ പരമാർത്ഥമാണെന്നു തെളിഞ്ഞിട്ടുണ്ടു്.

3 ഭുതിക്കുക=അനുഭവിക്കുക.