കേരളീയസംസ്കൃതകവികളുടെ ഇടയിൽ സമാരാധ്യമായ സ്ഥാനത്തെ അലങ്കരിക്കുന്ന ഒരു പുണ്യപുരുഷനാണു് കോഴിക്കോട്ടു മാനവേദരാജാവു്. അദ്ദേഹം കൊല്ലം എട്ടാം ശതകത്തിന്റെ ചതുർത്ഥപാദത്തിൽ ജനിച്ചു. തിരുവേഗപ്പുറക്കാരനായ ആനായത്തു കൃഷ്ണപ്പിഷാരടിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുഭൂതൻ. ബാല്യത്തിൽത്തന്നെ കാവ്യനാടകങ്ങളിലും തർക്കശാസ്ത്രത്തിലും പ്രത്യേകിച്ചു വ്യാകരണശാസ്ത്രത്തിലും അസാമാന്യമായ വൈദുഷ്യം സമ്പാദിച്ചു. കാലാന്തരത്തിൽ യോഗശാസ്ത്രത്തിലും നിഷ്ണാതനായി, കൊല്ലം 819-ൽ പൂർവഭാരതചമ്പുവും 829-ൽ കൃഷ്ണഗീതിയും നിർമ്മിച്ചു. കൃഷ്ണഗീതിക്കു കൃഷ്ണനാട്ടം എന്ന പേരിലാണു് പ്രസിദ്ധി അധികം. ആ കൃതിയുടെ നിർമ്മിതി നിമിത്തം അദ്ദേഹത്തെ കൃഷ്ണനാട്ടം സാമൂതിരിപ്പാടു് എന്നും വ്യപദേശിക്കാറുണ്ടു്. പൂർവഭാരതചമ്പു രചിച്ച കാലത്തു് അദ്ദേഹത്തിന്റെ മാതുലനായ ശക്തൻമാനവിക്രമരാജാവായിരുന്നു സാമൂതിരി. ആ മാനവിക്രമൻ 824-ൽ തൃശ്ശൂർവച്ചു തീപ്പെടുകയും അനന്തരം മറ്റൊരു മാനവിക്രമരാജാവു സാമൂതിരിസ്ഥാനത്തിൽ അവരോധിക്കപ്പെടുകയും ചെയ്തു. കൃഷ്ണഗീതി നിർമ്മിക്കുന്ന കാലത്തു് അദ്ദേഹമായിരുന്നു സാമൂതിരി. ആ സാമൂതിരി 831-ൽ മരിച്ചപ്പോൾ നമ്മുടെ മഹാകവിക്കു മൂപ്പുകിട്ടി. എന്നാൽ അധികകാലത്തേക്കു് അദ്ദേഹത്തിന്റെ വാഴ്ചനീണ്ടുനിന്നില്ല. ക്രി. പി. 1658-ാം വർഷം ഫെബ്രുവരി 15-ാംനുക്കു തുല്യമായ കൊല്ലം 833-ൽ അദ്ദേഹവും പരഗതിയെ പ്രാപിച്ചു. കോഴിക്കോട്ടു ഗ്രന്ഥവരിയിൽ കാണുന്നതു മാനവേദൻ തൃശ്ശൂർവച്ചു തീപ്പെട്ടു എന്നാണെങ്കിലും ആ സംഭവം ഗുരുവായൂർവച്ചാണു് നടന്നതെന്നു ചില പുരാവിത്തുകൾ ഊഹിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള സാമൂതിരികോവിലകത്തു തെക്കേ വളപ്പിലായി മാനവേദരാജാവിനെ സംസ്കരിച്ചതാണെന്നു ജനങ്ങൾ പൊതുവെ വിശ്വസിക്കുന്ന ഒരു സ്ഥലം ഇന്നും കാണ്മാനുണ്ടു്. അവിടെ ദിവസേന വൈകുന്നേരം വിളക്കു വയ്ക്കാറുണ്ടെന്നും കൃഷ്ണനാട്ടം കളിക്കാർ ഗുരുവായൂർക്കു ചെന്നിട്ടു് ആ സ്ഥലത്തെ കളി എല്ലാം കഴിഞ്ഞാൽ അവിടത്തെ സാമൂതിരിക്കോവിലകത്തു കൂടി ഒരു ദിവസം നിർബ്ബന്ധമായി കളിക്കണമെന്നും അതു ഗ്രന്ഥകാരനെ സംസ്കരിച്ച സ്ഥലത്തേയ്ക്കു നോക്കീട്ടു വേണമെന്നും അറിയുന്നു. അങ്ങനെ തെക്കോട്ടേയ്ക്കു തിരിഞ്ഞു കൃഷ്ണനാട്ടം മറ്റൊരിടത്തും കളിക്കാറുമില്ല. ഇതിൽനിന്നെല്ലാം മാനവേദന്റെ മരണം തൃശ്ശൂർ വച്ചായിരുന്നിരിക്കാമെങ്കിലും അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചതു ഗുരുവായൂർ സാമൂതിരിക്കോവിലകത്തായിരുന്നു എന്നു് അനുമാനിക്കാവുന്നതാണു്. അദ്ദേഹം ഗുരുവായൂർ ശ്രീകൃഷ്ണന്റെ ഭക്തന്മാരിൽ അഗ്രഗണ്യനായിരുന്നു എന്നുള്ള വസ്തുതയും പ്രകൃതത്തിൽ സ്മർത്തവ്യമാണു്.
മാനവേദന്റെ കൃതികളായി പൂർവഭാരതചമ്പുവും കൃഷ്ണഗീതിയും മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. കൃഷ്ണാഷ്ടകം എന്ന പേരിൽ മൂന്നാമതൊരു കൃതി കൂടിയുണ്ടെന്നു പറയുന്നതു ശരിയല്ല. കൃഷ്ണഗീതി (1) അവതാരം (2) കാളിയമർദ്ദനം (3) രാസക്രീഡ (4) കംസവധം (5) സ്വയംവരം (6) ബാണയുദ്ധം (7) വിവിദവധം (8) സ്വർഗ്ഗാരോഹണം എന്നു് എട്ടു കഥകളായി വിഭജിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു് അതിനുതന്നെ കൃഷ്ണാഷ്ടകം എന്നൊരു നാമാന്തരവും പ്രചരിക്കുന്നുണ്ടു്. ഒന്നാമതായി പൂർവഭാരതചമ്പുവിൽ കവിയേയും അദ്ദേഹത്തിന്റെ വംശത്തേയും മറ്റും പറ്റി കാണുന്ന നിർദ്ദേശങ്ങൾ ഉദ്ധരിക്കാം. മാനവേദൻ ആദ്യമായി മഹാഭാരതവേധസ്സായ വേദവ്യാസനേയും, പിന്നീടു ഗണപതി സരസ്വതി എന്നീ ദേവതകളേയും വന്ദിക്കുന്നു. അടിയിൽ ചേർക്കുന്ന ശ്ലോകങ്ങൾ അവയ്ക്കപ്പുറമുള്ളവയാണു്.
ഗ്രന്ഥത്തിന്റെ അവസാനത്തിലും പ്രകൃതോപയുക്തങ്ങളായ രണ്ടു ശ്ലോകങ്ങളുണ്ടു്.
ഇവയിൽ ആദ്യത്തെ ശ്ലോകം ബാലകൃഷ്ണനേയും ഏഴാമത്തേതു ഗുരുവായൂരപ്പനേയും പരാമർശിക്കുന്നു. ‘കേളീലോലം’ എന്ന ശ്ലോകം കൃഷ്ണഗീതിയുടെ അവസാനത്തിലും ചേർത്തിട്ടുണ്ടു്. ഓരോ കഥ കളിക്കുന്ന ദിവസവും കൃഷ്ണനാട്ടത്തിലെ പാട്ടുകാർ അതു് ഒടുവിൽ ചൊല്ലണമെന്നു് ഒരു വയ്പുമുണ്ടു്. രണ്ടാമത്തേയും പതിനഞ്ചാമത്തേയും ശ്ലോകങ്ങളിൽ കവി തന്റെ ഗുരുനാഥനായ ആനായത്തു കൃഷ്ണപ്പിഷാരടിയെ വന്ദിക്കുന്നു. മൂന്നാമത്തേതു തളിയിൽ ശിവനേയും നാലാമത്തേതു തിരുവളയക്കാട്ടു് ഭദ്രകാളിയേയും അഞ്ചാമത്തേതു വാലിശ്ശേരി വേട്ടയ്ക്കൊരുമകനേയും ആറാമത്തേതു കരിമ്പുഴ ശ്രീരാമനേയും എട്ടാമത്തേതു പെരിഞ്ചെല്ലൂർ ശിവനേയും ഒൻപതാമത്തേതും പതിനാറാമത്തേതും അശോകപുരത്തെ തിരുവേഗപ്പുറ ശിവനേയും വിഷ്ണുവിനേയും സ്മരിക്കുന്നു. ഈ മൂർത്തികളെല്ലാം സാമൂതിരിരാജവംശത്തിലെ കുലദേവതകളാണു്. പണ്ടു് ഒരു സാമൂതിരിപ്പാടു പെരുഞ്ചെല്ലൂർ ശിവന്റെ സായൂജ്യം പ്രാപിച്ചു എന്നും അന്നുമുതൽ ആ ദേവനു മഹാരാജത്വം സിദ്ധിച്ചു എന്നും അതിൽ പിന്നീടു സാമൂതിരിമാർ തീപ്പെട്ടാൽ ദേവൻ പുലകൊള്ളുന്നു എന്നും ഒരു ഐതിഹ്യമുണ്ടു്. പതിനൊന്നുമുതൽ പതിന്നാലുവരെയുള്ള പദ്യങ്ങളിൽ കവി തന്റെ മാതുലനും സാമൂതിരിയുമായ ശക്തൻമാനവിക്രമരാജാവിന്റെ അപദാനങ്ങളെ പ്രകീർത്തനം ചെയ്യുന്നു. “തിലകയന്നന്വയം ചിത്രഭാനോഃ” എന്ന പ്രസ്താവനയിൽനിന്നു സാമൂതിരിപ്പാടന്മാരുടെ കുടുംബം അഗ്നിവംശജമാണെന്നു കാണാവുന്നതാണു്. ‘പാപോദ്യല്ലാലസോയം’ എന്നതു കലിവാക്യമാകുന്നു.
കൃഷ്ണഗീതയിൽ ഈ വിസ്തരമൊന്നുമില്ല. ആദ്യമായി ഒരു ഗോപാലകൃഷ്ണസ്തുതിയും പിന്നീടു ഗുരുവന്ദനവും അതിനപ്പുറം ഗുരുവായുപുരേശസ്തുതിയും മാത്രമേ ഇവിടെ സ്മരിക്കേണ്ടതായുള്ളൂ. അവയിൽ ഒടുവിലത്തെ രണ്ടു ശ്ലോകങ്ങളും സാമൂതിരിയും കവിയുമായുള്ള ബന്ധത്തെ പ്രദർശിപ്പിക്കുന്നതും ഒടുവിൽ കലിദിനസൂചകമായ വാക്യം ഉൾക്കൊള്ളുന്നതുമായ മറ്റു രണ്ടു ശ്ലോകങ്ങളും പകർത്താം.
തന്റെ ഗുരുവായ പിഷാരടിയുടെമേൽ കവിക്കുണ്ടായിരുന്ന ഭക്തിപാരവശ്യത്തിനു ‘പ്രേമ്ണാ’ ഇത്യാദി ശ്ലോകവും സാക്ഷ്യംവഹിക്കുന്നു. “ഗ്രാഹ്യാ സ്തുതിർഗ്ഗാഥകൈഃ” എന്നതാണു് പ്രകൃതത്തിൽ കലിവാക്യം.
മാനവേദന്റെ കവിത പ്രാസപ്രയോഗജടിലവും വ്യാകരണപാണ്ഡിത്യോൽഘോഷകവുമാണെങ്കിലും വിരസമോ ദുർഗ്രഹാർത്ഥമോ അല്ല; പ്രത്യുത അതു ബഹുധാ സഹൃദയഹൃദയാവർജ്ജകമായി പരിസ്ഫുരിക്കുകയും ചെയ്യുന്നു. പദഘടനയിൽ അദ്ദേഹത്തിനുള്ള പാടവം അസാധാരണമാകുന്നു. കൊല്ലം 821 വരെയെങ്കിലും ജീവിച്ചിരുന്നിരിക്കാവുന്ന മേല്പുത്തൂർ ഭട്ടതിരിയെ പലപ്പോഴും കാണുന്നതിനും അദ്ദേഹവുമായി സംഭാഷണം ചെയ്യുന്നതിനുമുള്ള അവസരം അദ്ദേഹത്തിനു ധാരാളമായി ലഭിച്ചിരുന്നിരിക്കണം. രണ്ടു പേരും ഗുരുവായൂർ ശ്രീകൃഷ്ണന്റെ ഭക്തന്മാരായിരുന്നുവല്ലോ. കവനവിഷയത്തിൽ ഭട്ടതിരിതന്നെയായിരുന്നു തമ്പുരാന്റെ പരമപ്രധാനനായ മാർഗ്ഗദർശി. സുകുമാരന്റെ ശ്രീകൃഷ്ണവിലാസം, ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയം, ജയദേവന്റെ ഗീതഗോവിന്ദം, അഗസ്ത്യഭട്ടന്റെ ബാലഭാരതം, അനന്തഭട്ടന്റെ ഭാരതചമ്പു ഇത്യാദി ഗ്രന്ഥങ്ങളേയും അദ്ദേഹം ഉപജീവിച്ചിട്ടുണ്ടു്. ശബ്ദാഡംബരം പോലെ തന്നെ അർത്ഥസൗഭാഗ്യം അദ്ദേഹത്തിനു സ്വാധീനമായിരുന്നു എന്നു തോന്നുന്നില്ല. തമ്പുരാന്റെ കല്പനകളിൽ ഏറിയകൂറും ശ്ലേഷാനുപ്രാണിതങ്ങളോ അല്ലെങ്കിൽ അനന്തകവിയെ അനുകരിക്കുന്നവയൊ ആണു്. ദുശ്ശ്രവമായ യതിഭംഗവും അങ്ങിങ്ങു കാണുന്നുണ്ടു്. ‘വ്യത്യസ്താംഘ്രി സവിഭ്രമോന്നമിതവാമഭ്രൂലതം തേ സ്ഥിതം’ എന്നുംമറ്റും പ്രയോഗിക്കുവാൻ അദ്ദേഹത്തിനു യാതൊരു മടിയും കാണുന്നില്ല. പക്ഷെ ആ വൈകല്യസമുച്ചയം ചന്ദ്രബിംബത്തിലെ കളങ്കശകലമെന്നേ കരുതേണ്ടതുള്ളു.
കൃഷ്ണപ്പിഷാരടിയോടു വ്യാകരണം അഭ്യസിച്ചതിനുമേൽ ആ ശാസ്ത്രത്തിൽ തനിക്കു സിദ്ധിച്ച ആശ്ചര്യജനകമായ അവഗാഹം ഗുരുനാഥനെ ബോധപ്പെടുത്തുന്നതിനുവേണ്ടി കവി യൗവനാരംഭത്തിൽ രചിച്ച ഒരു കാവ്യമാണു് പ്രസ്തുതചമ്പുവെന്നും ഓരോദിവസവും ഓരോ സ്തബകം വീതം ഉണ്ടാക്കി അദ്ദേഹം ഗുരുവിനു കാഴ്ചവച്ചു എന്നും അങ്ങനെ പന്ത്രണ്ടു ദിവസംകൊണ്ടു ചമ്പൂനിർമ്മിതി സമാപ്തമായി എന്നും ചില പഴമക്കാർ പറയുന്നു. സ്തബകങ്ങളുടെ ദൈർഘ്യവും അവയിൽ ആപാദചൂഡം പരിലസിക്കുന്ന രചനയുടെ നിഷ്കർഷവും നോക്കിയാൽ ആ ഐതിഹ്യത്തിൽ അനല്പമായ അതിശയോക്തിയുടെ കലർപ്പുണ്ടെന്നു അനുമാനിച്ചേ കഴിയൂ.
എന്നു തൽക്കർത്താവുതന്നെ പ്രശംസിച്ചിട്ടുള്ള ഭാരതചമ്പുവിന്റെ അചുംബിതോല്ലേഖപ്രഭൃതികളായ ഗുണഗണങ്ങളാൽ ആകൃഷ്ടനാകുക നിമിത്തമാണു് താൻ പൂർവഭാരതചമ്പു രചിച്ചതെന്നു ‘സ്വസ്രീയോസ്യ’ ഇത്യാദി പദ്യത്തിൽനിന്നു വ്യഞ്ജിക്കുന്നുണ്ടല്ലോ. അനന്തഭട്ടന്റേതിലെന്നപോലെ തമ്പുരാന്റെ ചമ്പുവിലും പന്ത്രണ്ടു സ്തബകങ്ങൾ ഉൾക്കൊള്ളുന്നു. അനന്തകവി തന്റെ കാവ്യം ഹസ്തിനാപുരത്തിന്റെ വർണ്ണനത്തോടുകൂടി ആരംഭിച്ചു് അവിടെ പാണ്ഡുമഹാരാജാവിന്റെ രാജ്യഭാരത്തെ വർണ്ണിച്ചുകൊണ്ടു പുരോഗമിക്കുകയും ഒടുവിലത്തെ സ്തബകത്തിൽ യുധിഷ്ഠിരചക്രവർത്തിയുടെ അശ്വമേധാനന്തരമുള്ള രാജ്യഭാരമാഹാത്മ്യത്തെ ദിങ്മാത്രമായി നിർദ്ദേശിച്ചുകൊണ്ടു തൂലികയെ വിരമിപ്പിക്കുകയും ചെയ്യുന്നു. ആശ്രമവാസപർവംമുതൽക്കുള്ള ഇതിവൃത്തം അദ്ദേഹം സ്പർശിച്ചിട്ടില്ല. അനന്തഭട്ടൻ ആദിപർവത്തിൽ എവിടംതൊട്ടു തുടങ്ങുന്നുവോ അതിനുമുമ്പുള്ള മഹാഭാരതകഥകളാണു് തമ്പുരാന്റെ കാവ്യത്തിനു വിഷയീഭവിക്കുന്നതു്. ബാലഭാരതത്തിലെ ‘അസ്ത്യത്രിനേത്രപ്രഭവഃ’ എന്ന പ്രഥമശ്ലോകത്തെ അനുകരിച്ചു് അദ്ദേഹവും
എന്നിങ്ങിനെ വസ്തുനിർദ്ദേശത്തിനു് ഉപക്രമിക്കുന്നു. തന്റെ വൈയാകരണത്വം ഗുരുനാഥനും പണ്ഡിതലോകവും അറിയണമെന്നു് അദ്ദേഹത്തിനു പ്രസ്തുതചമ്പു രചിക്കുന്ന കാലത്തു അത്യന്തം അഭിനിവേശം ഉണ്ടായിരുന്നതായി ഊഹിക്കാം. ‘ബലാൽകാരേണ’ എന്നതിന്നുപകരം ‘ആര്യഹലം’ എന്നുപോലും അദ്ദേഹം പ്രയോഗിക്കും. യങന്തങ്ങളും യങ്ലുഗന്തങ്ങളുമായ പദങ്ങൾ സമൃദ്ധങ്ങളാണു്. ‘നന്നമ്യമാനാവനിപാല മൗലിനേനിജ്യമാനാമലപാദപീഠഃ’ ഇത്യാദി ഭാഗങ്ങൾ നോക്കുക. ഏതാദൃശമായ ഭ്രമം പത്തുവർഷംകൂടി കഴിഞ്ഞതിനു ശേഷം നിർമ്മിച്ച കൃഷ്ണഗീതിയിൽ അത്രതന്നെ കാണുന്നില്ല. യയാതിചരിതം, തപതീചരിതം, ദുഷ്ഷന്തചരിതം, ശന്തനുചരിതം, അംബാചരിതം മുതലായ രസകരങ്ങളായ കഥകൾ കവി വളരെ വിസ്തരിച്ചാണു് പ്രതിപാദിച്ചിരിക്കുന്നതു്. കവിതയുടെ രീതി താഴെ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങളിൽനിന്നു സ്പഷ്ടമാകുന്നതാണു്.
“… ആശാവശാദാശാവലയാദാഗത്യഭൂതേഷു സകലഭൂതേഷു, ഗവ്യതോ ജനാൻ ഗവ്യയാ, ഗ്രാമീയതോ ഗ്രാമതയാ, കേദാരീയതഃ കൈദാരികേണ, ഭിക്ഷീയതോ ഭൈക്ഷേയേണ ച യഥാമനോരഥം സർവദാ സംപ്രദാനീകുർവൻ, പുരുഹൂത ഇവ ഭൂഭൃൽകുലാധിനേതാ, വൈശ്വാനര ഇവാശ്രിതാശാപൂരണമനാഃ, കൃതാന്ത ഇവ ക്രൂരദണ്ഡധാരണദത്ത ചിത്തഃ, നിരൃതിരിവ പുണ്യജനപരിശോഭിതപാർശ്വഭാഗഃ, വരുണ ഇവ ഭൃശമഹിതപാശോദ്ധർത്താ, സമീരണ ഇവ സദാഗമലോലഃ, കുബേര ഇവ ഗുഹ്യകാര്യഃ, വൃഷാകപിരിവ വൃഷാഭിരക്ഷീ, വൃഷാകപായീവ ഹാരോജ്ജ്വലാംഗകാന്തിഃ, മൂർത്തിത്രയീവ സത്യാലീനമനാഃ, ഇന്ദ്രാവരുണാവിവ വിതതഗോരാജീവിനതവിമതനൃപതിവിതതിവികടമകുടഘടിതമണി ഘടാമരീചിവീചീവിരാജിതപദപല്ലവഃ, സതതസന്തന്യമാനദാനബംഭജ്യമാനദിവ്യപാദപോയമദേദീവ്യത.”
“… രാഹൗ ദ്വിജവരോപപ്ലവരുചിഃ, വാരിപ്രഭാവേ സേതുഭംഗഃ, പദ്മായാം പരപുരുഷസംഗഃ, ദന്ദശൂകേ ദ്വിജിഹ്വതാ, പയോനിധൗ പോതസംസ്ഥിതിഃ, വനിതാവിലഗ്നേ ക്ഷീണതാ, ഗ്രഹേഷു വക്രഗതിഃ, ഔഷധീശേ ദോഷോപസങ്ഗഃ, വൃഷഭധ്വജേ വിഷാദിതാ, വൃദ്ധജനേഷു ദണ്ഡധാരണം, രതൗ വൈപരീത്യം, വാരണവിഗ്രഹേഷ്വവഗ്രഹഃ, കാമിനീകുചകലശയോരുദ്വൃത്തതാ ച കേവലമാസീൽ.”
മഹാവിഷ്ണുവിന്റെ വിവിധാപദാനങ്ങളെ അനുകീർത്തനം ചെയ്യുന്ന ദശമസ്തബകമാണു് പൂർവഭാരതമാലയുടെ നായകമണിയെന്നു നിസ്സംശയമായി സ്ഥാപിക്കുവാൻ കഴിയുന്നതാണു്. ‘ഹോതൃവാഹനൻ’ എന്ന രാജാവു് അംബയുടെ സങ്കടപരിഹാരത്തിനു് ആ കുമാരി പരശുരാമനോടു് അഭ്യർത്ഥിക്കണമെന്നു് ഉപദേശിക്കുന്നതാണു് കഥാഘട്ടം.
എന്നിങ്ങനെയുള്ള പീഠികയോടുകൂടിയാണു് ആ ഭഗവന്മഹിമാനുവർണ്ണനം ആരംഭിക്കുന്നതു്.
എന്ന പദ്യങ്ങളോടുകൂടി ഇതിവൃത്തം സമാപിക്കുന്നു.
കൃഷ്ണഗീതിയിൽ തമ്പുരാന്റെ കവനകലാകുശലതയ്ക്കും ശ്രീകൃഷ്ണനിലുള്ള അവ്യഭിചാരിയായ രതിഭാവത്തിനും പുറമേ സംഗീതശാസ്ത്രത്തിലുള്ള പാടവത്തിനും തെളിവുണ്ടു്. പ്രസ്തുതകൃതിയുടെ രചനയെപ്പറ്റി ഒരൈതിഹ്യം കേട്ടിട്ടുണ്ടു്. ശ്രീകൃഷ്ണന്റെ പ്രത്യക്ഷദർശനം സിദ്ധിച്ച ഒരു വില്വമങ്ഗലത്തു സ്വാമിയാർ മാനവേദന്റെ കാലത്തും ജീവിച്ചിരുന്നു. ആ സിദ്ധനോടു രാജാവു ഭക്തിപൂർവം പ്രാർത്ഥിച്ചതിനാൽ, അദ്ദേഹം ഒരിക്കൽ ഉണ്ണിക്കൃഷ്ണനെ കാണിച്ചുകൊടുത്തു എന്നും രാജാവു് ദേവനെ വാരിയെടുക്കുവാൻ ഭാവിച്ചു എന്നും അപ്പോൾ ‘അതു വില്വമങ്ഗലം പറഞ്ഞിട്ടില്ല’ എന്നരുളിച്ചെയ്തു ഭഗവാൻ അന്തർദ്ധാനം ചെയ്തു എന്നും രാജാവു ഭഗവാനെ കടന്നുപിടിച്ചപ്പോൾ രണ്ടു കണ്ണുള്ള ഒരൊറ്റ മയിൽപ്പീലിമാത്രം അദ്ദേഹത്തിനു കിട്ടി എന്നുമാണു് ആ കിംവദന്തി. പിന്നീടു സ്വാമിയാരുടെ ഉപദേശമനുസരിച്ചു കൃഷ്ണഗീതി രചിക്കുകയും ശ്രീകൃഷ്ണന്റെ വേഷം കെട്ടുന്ന നടൻ ധരിക്കേണ്ട മുടിയിൽ ആ മയിൽപ്പീലികൂടി ചേർത്തുവയ്ക്കുകയും ആ മുടി ആരു കൃഷ്ണവേഷം ധരിച്ചു അവർക്കെല്ലാം ഒന്നുപോലെ പാകമായിരിക്കുകയും ചെയ്തുവത്രേ. രാജാവു സാമൂതിരിപ്പാടന്മാരുടെ ഒരു ക്ഷേത്രത്തിൽ ദർശനത്തിന്നായി ചെന്ന അവസരത്തിൽ ഒരു കൊന്നമരത്തിന്റെ ചുവട്ടിൽ പുഷ്പങ്ങൾ ശേഖരിച്ചു കളിച്ചുകൊണ്ടിരുന്ന രൂപത്തിലാണു് വില്വമംഗ്ലം അദ്ദേഹത്തിനു ബാലകൃഷ്ണനെ പ്രത്യക്ഷീഭവിപ്പിച്ചതു് എന്നു ചിലരും, അതല്ല ഭക്തനായ കവിതന്നെ ഗോപാലമന്ത്രം ജപിച്ചു സിദ്ധിവരുത്തി ബാലകൃഷ്ണനെ ഒരു ഇരഞ്ഞിമരത്തിന്റെ ചുവട്ടിൽ നേരിൽ കണ്ടതാണെന്നു മറ്റു ചിലരും പറയുന്നു. ശില്പവിദ്യയിലും വിദഗ്ദ്ധനായിരുന്ന തമ്പുരാൻ ഉടൻ ആ ഇലഞ്ഞിമരത്തിന്റെ കൊമ്പുകൊണ്ടു് ഒരു വേണുഗോപാലവിഗ്രഹം ഉണ്ടാക്കി. അതു തന്റെ കാലത്തു സാമൂതിരിക്കോവിലകത്തു ഉണ്ടായിരുന്നതായി കടത്തനാട്ടു ഉദവർമ്മ ഇളയതമ്പുരാൻ കവികലാപത്തിൽ രേഖപ്പെടുത്തീട്ടുണ്ടു്. ശ്രീകൃഷ്ണന്റെ വേഷംകെട്ടി അഭിനയിക്കുന്നതിനു് ഉണ്ടാക്കിയ മുടിയിൽ താൻ പിടിച്ചെടുത്ത മയിൽപ്പീലിയും തിരുകിയത്രെ. ആ മുടിവെച്ചാൽ നടനു ഭാവപ്പകർച്ചയുണ്ടാകുക പതിവായിരുന്നു. ഒരിക്കൽ കൃഷ്ണനാട്ടക്കാർ തൃപ്പൂണിത്തുറയിൽ ചെന്നപ്പോൾ അന്നത്തെ കൊച്ചി വലിയ തമ്പുരാൻ അതിലെ കംസവധം കഥ അഭിനയിക്കണമെന്നു ആജ്ഞാപിച്ചു് ഒരു കൊമ്പനാനയെ അരങ്ങത്തു നിറുത്തിയെന്നും കൃഷ്ണവേഷം കെട്ടിയ നടൻ ആനയെ കൊമ്പിൽ പിടിച്ചു മലർത്തിക്കിടത്തി കൊന്നതിന്റെ ശേഷം തമ്പുരാന്റെ നേർക്കു പായുകയും അദ്ദേഹം ഓടി എവിടെയോ രക്ഷപ്പെടുകയുംചെയ്തു എന്നും അതിൽപ്പിന്നീടു കൃഷ്ണനാട്ടക്കാർ തെക്കോട്ടു പോയിട്ടില്ലെന്നും ഒരു ഉപകഥയുമുണ്ടു്. അത്രമാത്രം മഹിമയ്ക്കു നിദാനീഭൂതമായ ആ തിരുമുടി സാമൂതിരി ഒരിക്കൽ കൊടുങ്ങല്ലൂർ കോട്ടയിൽ താമസിച്ചിരുന്ന സമയം ഡച്ചുക്കാരുടെ ആക്രമത്തിൽ ദഹിച്ചുപോയി എന്നും, അങ്ങനെയല്ല അതു സാമൂതിരിക്കോവിലകം ഉദ്ദേശം 100 കൊല്ലങ്ങൾക്കുമുൻപു് അഗ്നിക്കിരയായപ്പോൾ നശിച്ചതാണെന്നും പഴമക്കാർ ഓരോ വിധത്തിൽ പറയുന്നു. ഏതായാലും മാനവേദൻരാജാവു ശ്രീകൃഷ്ണനെ അനുസന്ധാനദ്വാരാ പരോക്ഷമായിട്ടെങ്കിലും ദർശിച്ചിരുന്നിരിക്കണമെന്നുള്ളതിനു സംശയമില്ല. കൃഷ്ണനാട്ടത്തിനു് അനിർവചനീയമായ ഒരു ദിവ്യത്വം അതിന്റെ ആവിർഭാവകാലംമുതൽ ആസ്തികന്മാർ ആരോപിച്ചിരുന്നു എന്നുള്ളതും നിസ്തർക്കമാണു്. ഗുരുവായൂരമ്പലത്തിൽ ഭഗവത്സന്നിധാനത്തിൽ പൂർവോക്തമായ ദാരുവിഗ്രഹത്തെ മുന്നിൽവെച്ചുകൊണ്ടാണത്രേ കവി കൃഷ്ണഗീതി രചിച്ചതു്.
ക്രി. പി. 12-ാം ശതകത്തിൽ വങ്ഗദേശത്തെ അലങ്കരിച്ചിരുന്ന മഹാകവി ജയദേവന്റെ ഗീതഗോവിന്ദത്തിനു് ഒരുകാലത്തു കേരളത്തിൽ സർവതോമുഖമായ പ്രചാരമുണ്ടായിരുന്നു. ഇന്നും പല ക്ഷേത്രങ്ങളിലും കൊട്ടിപ്പാടിസ്സേവയ്ക്കു് ഉപയോഗിക്കുന്നതു മധുരകോമളകാന്തപദാവലിയായ ആ ‘ജയദേവസരസ്വതി’യെത്തന്നെയാണല്ലോ. അഷ്ടപദിയിലെ വിഷയം ഗോപികാഗീതിയാകുന്നു. അതിൽ ശ്ലോകങ്ങളും ഗീതങ്ങളുമുണ്ടു്. സംഭാഷണം മുഴുവൻ ഗീതത്തിലാണു്. പ്രസ്തുതകൃതിക്കു് അഷ്ടപദി എന്നു പേർ സിദ്ധിച്ചതു് ഓരോ ഗീതത്തിലും പ്രായേണ എട്ടെട്ടു ചരണങ്ങൾ അടങ്ങീട്ടുള്ളതുകൊണ്ടാകുന്നു. ഗീതഗോവിന്ദം കവി പന്ത്രണ്ടു സർഗ്ഗങ്ങളിലാണു് രചിച്ചിട്ടുള്ളതു്. ഒരു സർഗ്ഗത്തിൽ ഒന്നോ അതിലധികമോ ഗീതങ്ങൾ ഉണ്ടായിരിക്കും. ഒന്നാം സർഗ്ഗത്തിലും നാലാംസർഗ്ഗത്തിലും നാലു അഷ്ടപദികൾ (ഗീതങ്ങൾ) വീതമുണ്ടു്. ആകെയുള്ള അഷ്ടപദികളുടെ സംഖ്യ 24 ആണു്. കൃഷ്ണഗീതിയിലെ വിഷയം ശ്രീമദ്ഭാഗവതം ദശമസ്കന്ധത്തിലെ കഥാസമുച്ചയമാകുന്നു. നാരായണീയത്തിൽ മേല്പത്തൂർ നാരായണഭട്ടതിരിയെന്നപോലെ മഹാവിഷ്ണുവിനെ അഭിസംബോധനം ചെയ്തുകൊണ്ടാണു് കവി ശ്ലോകങ്ങൾ രചിച്ചിട്ടുള്ളതു്. ഓരോ ഗീതത്തിലും എട്ടു ചരണങ്ങൾ വേണമെന്നു നിർബ്ബന്ധമില്ല. ആവശ്യവും ഔചിത്യവും അനുസരിച്ചു് അവ കുറഞ്ഞും കൂടിയും ഇരിക്കും.
എന്ന ശ്ലോകത്തിൽ ഭൂദേവിയുടെ ബ്രഹ്മോപസർപ്പണത്തോടുകൂടി ആരംഭിക്കുന്ന കഥ,
എന്ന ശ്ലോകത്തിൽ ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തോടുകൂടി അവസാനിക്കുന്നു. കൃഷ്ണഗീതിക്കു് അവതാരം തുടങ്ങി എട്ടു വിഭാഗങ്ങളുണ്ടെന്നു മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവയുടെ പേരുകൾ എളുപ്പത്തിൽ ഓർമ്മിക്കുന്നതിനുവേണ്ടി ഓരോ പേരിന്റേയും പ്രഥമാക്ഷരംമാത്രമെടുത്തു് “അകാരാകസ്വബാവിസ്വ” എന്നു സൂത്രരൂപത്തിൽ ഒരുവാചകം പ്രചരിക്കുന്നുണ്ടു്. ഒരു ദിവസത്തെ കഥ ഏതു് ഇതിവൃത്തംകൊണ്ടു തുടങ്ങുന്നുവോ അതിനു് ആ സംജ്ഞ നല്കിയിരിക്കുന്നുവെന്നല്ലാതെ ആ ഇതിവൃത്തംമാത്രമല്ല അതിലെ വിഷയം. ഉദാഹരണമായി വിവിദവധംതന്നെ പരിശോധിക്കാം. അതിൽ വിവിദവധത്തിനുപുറമേ സാംബോദ്വാഹം, സമന്തപഞ്ചകസ്നാനം, ജരാസന്ധവധം, യുധിഷ്ഠിരരാജസൂയം, ശിശുപാലവധം, സാല്വവധം, ദ്രൗപദീപരിത്രാണം, ദൂതകൃത്യം, ഗീതോപദേശം, ഭാരതയുദ്ധം, കുചേലവൃത്തം എന്നീ കഥകളും അടങ്ങിയിരിക്കുന്നു. കൃഷ്ണനാട്ടം എട്ടു ദിവസംകൊണ്ടുമാത്രം അഭിനയിച്ചു സ്വർഗ്ഗാരോഹണത്തോടുകൂടി അവസാനിപ്പിക്കരുതെന്നും ഒൻപതാംദിവസം അവതാരകഥ ഒന്നുകൂടി കളിച്ചുവേണം കലാശിപ്പിക്കുവാൻ എന്നും നിയമമുണ്ടു്. അവതാരത്തിലെ പൂച്ചുറ്റലും കാളിയമർദ്ദനത്തിലെ നർത്തനവും രാസക്രീഡയിലെ ശൃംഗാരലീലയും കംസവധത്തിലെ മല്ലൻമറിച്ചിലും സ്വയംവരത്തിലെ ജാംബവാന്റെ ഭക്തിപ്രകടനവും ബാണയുദ്ധത്തിലെ ശ്രീപരമേശ്വരന്റെ പുറപ്പാടും വിവിദവധത്തിലെ ബലഭദ്രന്റെ മദ്യപാനവും സ്വർഗ്ഗാരോഹണത്തിലെ അനന്തശയനവും കാണേണ്ട കാഴ്ചകളെന്നാണു് അഭിജ്ഞന്മാരുടെ മതം.
അത്യന്തം മനോഹരമായ ഒരു കാവ്യം തന്നെയാണു് കൃഷ്ണഗീതി. ശ്ലോകങ്ങളും പദങ്ങളും ഒന്നുപോലെ സമാസ്വാദ്യങ്ങളാകുന്നു. കവി മേല്പുത്തൂരിന്റെ നാരായണീയത്തെ അല്പമൊന്നുമല്ല അനുകരിച്ചിട്ടുള്ളതു്. ആ സ്തോത്രത്തിലെന്നപോലെ കാളിയമർദ്ദനത്തിൽ തോടകവൃത്തവും, രാസക്രീഡാഘട്ടത്തിൽ കുസുമമഞ്ജരീവൃത്തവുംകൂടി പ്രയോഗിക്കുന്നുണ്ടു്.
എന്നുമുള്ള ഗീതിപദ്യങ്ങൾ നോക്കുക. മൂന്നു ശ്ലോകങ്ങളും ഒരു ഗീതത്തിലെ ഏതാനും അംശവും ചുവടേ പകർത്തുന്നു.
മണിപ്രവാളചമ്പുക്കളിൽ കാണുന്ന മാതിരിയിൽ ഇടയ്ക്കു രണ്ടു ദണ്ഡകങ്ങളും മഹാകവി ഘടിപ്പിച്ചിട്ടുണ്ടു്. അവയിൽ ആദ്യത്തേതിൽനിന്നു് ഒരു ഭാഗംകൂടി ഉദ്ധരിക്കാം.
ഇത്രയുംകൊണ്ടു മാനവേദൻരാജാവു കേരളീയസംസ്കൃതകവികളുടെ ഇടയിൽ എത്രമാത്രം സംപൂജനീയമായ ഒരു സ്ഥാനത്തിലാണു് ഉപവിഷ്ടനായിരിക്കുന്നതു് എന്നു വിദ്വാന്മാരായ വിമർശകന്മാർക്കു നിരീക്ഷിക്കുവാൻ കഴിയുന്നതാണു്. അദ്ദേഹത്തിന്റെ പൂർവ്വഭാരതചമ്പു ഇനിയും സമഗ്രമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നുള്ളതിൽ നാം അത്യധികമായി ലജ്ജിക്കേണ്ടതുണ്ടു്. [1]
മാനവേദചമ്പുവിനും കൃഷ്ണഗീതിക്കും ഓരോ വ്യാഖ്യാനം നമുക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ ആദ്യത്തേതു കൃഷ്ണീയമെന്ന ടിപ്പണവും രണ്ടാമത്തേതു ഹ്ലാദിനിയുമാണു്. കൃഷ്ണീയം കവിയുടെ ഗുരുവായ കൃഷ്ണപ്പിഷാരടിതന്നെ രചിച്ചതാണെന്നു് ഐതിഹ്യമുണ്ടു്. ‘ധ്യായം ധ്യായമിഭാനനം ഹൃദി മുദാ ശ്രീമാനവേദാഭിധക്ഷോണീഭൃൽകൃതചമ്പുഭാരത…കൃഷ്ണീയം ഖലു ടിപ്പണാഖ്യമിതി തദ്വാഖ്യാനമാലോക്യ ഹി’ എന്നാണു് അതിലെ പ്രഥമശ്ലോകം. താഴെക്കാണുന്ന മങ്ഗളശ്ലോകങ്ങളും സ്മർത്തവ്യങ്ങളാണു്.
അശോകനിലയം തിരുവേഗപ്പുറയാണു്. തിരുവേഗപ്പുറയിലാണല്ലോ ആനായത്തു പിഷാരം. കൃഷ്ണപ്പിഷാരടിയുടെ ഗുരുരാമനെന്നൊരു പണ്ഡിതനാണെന്നും ടിപ്പണം രചിക്കുമ്പോൾ ഒരു മാനവിക്രമനാണു് സാമൂതിരിയായിരുന്നതു് എന്നും കൂടി മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു ഗ്രഹിക്കുവാൻ കഴിയും. ടിപ്പണം ചെറുതാണെങ്കിലും ദുർവിജ്ഞേയങ്ങളായ നിരവധി വ്യാകരണപ്രയോഗങ്ങളെപ്പറ്റി അതിൽ പ്രതിപാദിക്കുന്നുണ്ടു്. ഹ്ലാദിനി വിസ്തൃതമായ ഒരു വ്യാഖ്യാനമാണു്. അതിന്റെ കർത്താവു് അനന്തനാരായണസംജ്ഞനായ ഒരു ശാസ്ത്രിയും കാരയിതാവു് കൊല്ലം 991-1000വരെ സാമൂതിരിപ്പാടായിരുന്ന പടിഞ്ഞാറേക്കോവിലകത്തു മാനവിക്രമൻ തമ്പുരാനുമാകുന്നു. അദ്ദേഹം ബ്രഹ്മചര്യാനുഷ്ഠാനം നിമിത്തം ബ്രഹ്മചാരി എന്ന ബിരുദനാമത്താൽ ഇന്നും അറിയപ്പെടുന്നു. ഹ്ലാദിനിയിൽ നിന്നാണു് താഴെക്കാണുന്ന ഭാഗങ്ങൾ ഉദ്ധരിക്കുന്നതു്.
അഥഖലു സ ശ്രീമാൻ സകലകേരളക്ഷിതിപാലകോടീരകോടി ഘടിതമഹാർഹമാണിക്യനികരനിര്യൽപ്രഭാ മണ്ഡലീനീരാജി തഹേമപാദുകായുഗളസ്സമസ്തവിദ്വജ്ജനമൗലിലാള ്യമാന പ്രജ്ഞാവിശേഷോ മഹാപുരുഷലക്ഷണോ മാനവേദോ നാമ മഹാരാജഃ പരമേശ്വരപ്രസാദാസാദിതകവനസൗരഭാമോദിതദിഗന്തഃ ശ്രീമദ്ഗുരുപവനപുരീകൃതസന്നിധാനശ്രീകൃഷ്ണചരണനളിനനിഷേവാരസനിമഗ്നാന്തഃകരണഃ ശ്രീകൃഷ്ണചരിതഗാനനടന പ്രയോഗേണ പൃഥഗ്ജനാനാമപി ഭഗവദ്ഭക്തിപ്രവണതാം സമ്പാദയിതുകാമസ്തദനുഗുണം ഭക്തിരസവ്യഞ്ജകശബ്ദാർത്ഥചിത്രപ്രചുരം പദപദ്യാത്മകം ശ്രീകൃഷ്ണലീലാശ്രയം കാവ്യം പ്രാരിപ്സുഃ”
ഹ്ലാദിനിയിലെ ഈ പ്രസ്താവനയിൽനിന്നു മാനവേദനു മറ്റു മേന്മകൾക്കു പുറമേ ശരീരസൗഭാഗ്യവുമുണ്ടായിരുന്നു എന്നും ശ്രീപരമേശ്വരന്റെ വരപ്രസാദംനിമിത്തമാണു് അദ്ദേഹത്തിനു മഹാകവിത്വം സിദ്ധിച്ചതെന്നും ഊഹിക്കാം. അതിൽ എത്ര പരമാർത്ഥമുണ്ടെന്നു നിർണ്ണയമില്ല. എന്നാൽ ചമ്പുവിലും ഗീതിയിലും നിന്നു വിഷ്ണുവിലെന്നപോലെ ശിവനിലും അദ്ദേഹത്തിനു് അചഞ്ചലമായ ഭക്തിഭാവം ഉണ്ടായിരുന്നതായി വെളിവാകുന്നുണ്ടു്.
മാനവേദചമ്പുവിലെ ഓരോ സ്തബകത്തേയും ഓരോ സർഗ്ഗമാക്കി പന്ത്രണ്ടു സർഗ്ഗങ്ങളിൽ രചിച്ചിട്ടുള്ള ഒരു കാവ്യമാണു് ചമ്പൂസംക്ഷേപം. പ്രണേതാവു് ആരെന്നറിയുന്നില്ല. ഗ്രന്ഥകാരന്റെ സമകാലികനും അദ്ദേഹത്തിന്റെ ആശ്രിതനുമായ ഒരു കവിയായിരിക്കാം. പ്രതിപാദനം സരളമാണു്. സംക്ഷേപത്തിലെ പ്രഥമശ്ലോകം താഴെ ഉദ്ധരിക്കുന്നു.
അടിയിൽക്കാണുന്നതു് അഞ്ചാംസർഗ്ഗത്തിന്റെ അവസാനത്തിലുള്ള ശ്ലോകങ്ങളാണു്.
രഘുവംശത്തിനു പദാർത്ഥദീപികയെന്നും കുമാരസംഭത്തിനു വിവരണമെന്നുമുള്ള പേരുകളിൽ രണ്ടു സർവസ്പർശികളും സന്ദേഹച്ഛേദികളുമായ സംസ്കൃതവ്യാഖ്യാനങ്ങൾ നിർമ്മിച്ച നാരായണൻ നമ്പൂരി മല്ലീനാഥകല്പനായ ഒരു മഹാപണ്ഡിതനാകുന്നു. അദ്ദേഹം സ്വകൃതികളിൽ തന്നെപ്പറ്റി ചില വിവരങ്ങൾ പ്രസ്താവിച്ചിട്ടുണ്ടു്. രഘുവംശവ്യാഖ്യയുടെ ഒരു മാതൃകാഗ്രന്ഥത്തിൽ താഴെച്ചേർക്കുന്ന ശ്ലോകം കാണുന്നു.
ഈ ജാതകശ്ലോകത്തിൽനിന്നു നമ്പൂരിയുടെ ജനനം കൊല്ലം 761-ാമാണ്ടു തുലാമാസത്തിലാണെന്നു വെളിപ്പെടുന്നു. പദാർത്ഥ ദീപികയിലും വിവരണത്തിലും,
എന്നു പ്രാരംഭത്തിൽ വിനായകവന്ദനപരമായ ഒരുശ്ലോകമുണ്ടു്. അതു കഴിഞ്ഞു ദീപികയിൽ
എന്നും, വിവരണത്തിൽ
എന്നും ‘പുരശ്രേണിവിപിന’ത്തിലെ നരസിംഹമൂർത്തിയെ വന്ദിക്കുന്ന ഓരോ ശ്ലോകവുമുണ്ടു്. അതിനുമുമ്പു വിവരണത്തിൽ
എന്നു ശ്രീരാമപരമായും ഓരോ വന്ദനശ്ലോകം കാണുന്നു. നരസിംഹസ്മരണത്തിനുമേൽ കവി ബ്രഹ്മകളത്തെ ശിവനെ സ്തുതിക്കുന്നു.
പിന്നീടു ചെറുമന്നത്തു ശിവനെപ്പറ്റി വിവരണത്തിൽമാത്രം ഒരു ശ്ലോകമുണ്ടു്.
ചെറുമന്നത്തുക്ഷേത്രം കിള്ളിക്കുറിശ്ശിമങ്ഗലത്തുനിന്നു രണ്ടുനാഴിക വടക്കുമാറി സ്ഥിതിചെയ്യുന്നു. രണ്ടു വ്യാഖ്യാനങ്ങളിലും ഒന്നുപോലെ ബ്രഹ്മകളത്തെ സ്മരിക്കുന്നതുകൊണ്ടു മലബാറിൽ പൊന്നാനിത്താലൂക്കിൽപ്പെട്ട ആ സ്ഥലമാണു് പ്രസ്തുതപണ്ഡിതന്റെ ജന്മഭൂമി എന്നു ചിലർ ഊഹിക്കുന്നു. അനന്തരം നാരായണൻ തന്റെ സാഹിത്യദേശികനായ ആനായത്തു കൃഷ്ണപ്പിഷാരടിയെ രണ്ടു വ്യാഖ്യകളിലും ചുവടേ ചേർക്കുന്ന പദ്യത്തിൽ വന്ദിക്കുന്നു.
ഓരോ സർഗ്ഗാന്തത്തിലും ‘ശ്രീകൃഷ്ണപ്രിയശിഷ്യസ്യ നാരായണ സ്യ കൃതൗ’ എന്നൊരു കുറിപ്പും കാണ്മാനുണ്ടു്.
വിവരണം കാളിദാസകൃതമായ കുമാരസംഭവത്തിലെ ആദ്യത്തെ എട്ടു സർഗ്ഗങ്ങൾക്കുമാത്രമേ രചിച്ചിട്ടുള്ളു. ‘സർഗ്ഗോയം ചരമോ ഗുണൈരചരമഃ’ എന്നു നാരായണൻ തന്നെ ആ വസ്തുത പ്രഖ്യാപനം ചെയ്തിട്ടുണ്ടു്. ആ വ്യാഖ്യാനത്തിൽ ഒടുവിൽ കാണുന്ന അധോലിഖിതങ്ങളായ ശ്ലോകങ്ങൾ അനുവാചകന്മാരുടെ ശ്രദ്ധയെ സവിശേഷം ആകർഷിക്കുന്നവയാണു്.
മാനമേയോദയം എന്ന മീംമാസാഗ്രന്ഥത്തിലെ മേയപരിച്ഛേദത്തിന്റെ രചയിതാവും പ്രസ്തുത പണ്ഡിതൻതന്നെ. അതിന്റെ അവസാനത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു.
പിന്നീടു ‘കൃഷ്ണോ വിബുധാധിപതിഃ’ എന്ന ശ്ലോകമാണു് കാണുന്നതു്. അതു കഴിഞ്ഞു താഴെച്ചേർക്കുന്ന ശ്ലോകങ്ങൾ ഘടിപ്പിച്ചിരിക്കുന്നു.
ഈ ശ്ലോകങ്ങളിൽനിന്നു നാരായണന്റെ പിതാവു നീലകണ്ഠനും മാതാവു കാളിയും ആയിരുന്നുവെന്നും കാളിയുടെ അച്ഛൻവെള്ളുർക്കാട്ടു (ശ്വേതഗ്രാമവനം) പുരുഷോത്തമൻ നമ്പൂരി പ്രജ്ഞകൊണ്ടും കവിത്വംകൊണ്ടും പ്രഖ്യാതനായിരുന്നു എന്നും അദ്ദേഹത്തിന്റെ പുത്രനായ സുബ്രഹ്മണ്യൻ നമ്പൂരി ഭാട്ടമീമാംസയിൽ പ്രാവീണ്യം സമ്പാദിച്ചിരുന്നു എന്നും അദ്ദേഹത്തിൽനിന്നു കാശികയും തർക്കമാർഗ്ഗങ്ങളും മീമാംസയും അഭ്യസിച്ചു എന്നും തദുപരി രാമൻ എന്ന മറ്റൊരു ഗുരുനാഥന്റെ അന്തേവാസിത്വംകൂടി മീമാംസാവിഷയത്തിൽ സ്വീകരിച്ചു എന്നും സഹൃദയധുരീണനായ കൃഷ്ണപ്പിഷാരടി പഠിപ്പിച്ചതു സാഹിത്യവിദ്യയാണെന്നും വെളിപ്പെടുന്നു. ഈ കാശിക കുമാരിലഭട്ടന്റെ ശ്ലോകവാർത്തികത്തിന്നു സുചരിതമിശ്രൻ രചിച്ച വ്യാഖ്യയാകുന്നു. നാരായണനു ശ്രീകുമാരൻനമ്പൂരി എന്നൊരു സഹോദരനുമുണ്ടായിരുന്നു. മാനവേദരാജാവിന്റെ ആസ്ഥാന പണ്ഡിതന്മാരിൽ അന്യതമനായിരുന്നു അദ്ദേഹം എന്നതിനു പുറമേ മേയപരിച്ഛേദം രചിച്ചതു് ആ രാജാവിന്റെ ആജ്ഞ നിമിത്തമായിരുന്നു എന്നും കാണുന്നു. തന്റെ സ്വാമിക്കു നാടകം, കാവ്യം, തർക്കശാസ്ത്രം, യോഗശാസ്ത്രം ഇവയിലുണ്ടായിരുന്ന നൈപുണ്യത്തേയും ശ്രീകൃഷ്ണഭക്തിയേയും പറ്റി അദ്ദേഹം ‘യൽകീർത്തിർന്നഹി മാതി’ എന്ന ശ്ലോകത്തിൽ പ്രകടമായി പ്രസ്താവിക്കുന്നു. മാനവേദനു മുൻപു് അദ്ദേഹം സ്വർഗ്ഗതനായിരിക്കണം.
മൂന്നു കൃതികളെപ്പറ്റി സൂചിപ്പിച്ചു കഴിഞ്ഞു. ഇവ കൂടാതെ വിവരണത്തിൽ കാണുന്ന (1) ഗോവിന്ദാങ്ഗ ഗുണൗഘവർണ്ണനവിധൗ ദക്ഷസ്യ (2) ശ്രീമാസോത്സവചമ്പു കാവ്യരചനാദക്ഷസ്യ (3) ആശ്ലേഷാശതകാദി പദ്യരചനാദക്ഷസ്യ (4) ശ്രീമദ്ഭാഗവതപ്രബന്ധരചനാദക്ഷസ്യ (5) ഊഢാഭോഗനൃസിംഹചമ്പുരചനാദക്ഷസ്യ (6) വൈദേഹീനവസങ്ഗചമ്പുരചനാദക്ഷസ്യ (7) ശർവാണീചരിതസ്തുതിപ്രണയനേ ദക്ഷസ്യ എന്നീ പ്രസ്താവനകളിൽനിന്നു നാരായണൻ കുറഞ്ഞ പക്ഷം ഗോവിന്ദാങ്ഗവർണ്ണനം, മാസോത്സവചമ്പു, ആശ്ലേഷാശതകം, ഭാഗവതചമ്പു, നൃസിംഹചമ്പു, വൈദേഹീനവ സങ്ഗചമ്പു, ശർവാണീചരിതസ്തുതി എന്നീ കൃതികൾ കൂടിയെങ്കിലും നിർമ്മിച്ചിട്ടുണ്ടെന്നു കാണാം. ഇവയിൽ ആശ്ലേഷാ ശതകം മാത്രമേ കിട്ടിയിട്ടുള്ളു.
ഈ വ്യാഖ്യാതാവിനു വേദവേദാങ്ഗങ്ങളിലും സ്മൃതികളിലും ഇതിഹാസപുരാണങ്ങളിലും വ്യാകരണം, അലങ്കാരം മുതലായ ശാസ്ത്രങ്ങളിലും കോശങ്ങളിലും കാവ്യാനാടകാദിവിവിധവാങ്മയങ്ങളിലുമുള്ള വിസ്മയനീയമായ അവഗാഹം ദീപികയിലും വിവരണത്തിലും ഒന്നുപോലെ സന്ദർശിക്കാവുന്നതാണെങ്കിലും വിവരണമാണു് ഒന്നുകൂടി സഹൃദയശ്ലാഘയെ അർഹിക്കുന്നതു്. ദീപികയിൽ താഴെ ഉദ്ധരിക്കുന്ന സൂചന കാണുന്നു.
ഈ സൂചനയിൽനിന്നു് ആ വ്യാഖ്യാനത്തിന്റെ ഉദ്ദേശം പരിമിതമാണെന്നു സിദ്ധിക്കുന്നു. വിവരണത്തിന്റെ സ്ഥിതി അതല്ല.
എന്നും മറ്റും പ്രാരംഭത്തിൽ ഔദ്ധത്യപരിഹാരത്തിനായി ചിലതെല്ലാം ഉപന്യസിക്കുന്നുണ്ടെങ്കിലും, ‘കുമാരസംഭവപദാർത്ഥാലോചനപ്രക്രിയാനിഷ്ണാത’മാണു തന്റെ വ്യാഖ്യാനമെന്നു് അദ്ദേഹം പ്രതിസർഗ്ഗം പ്രഖ്യാപിക്കുന്നുണ്ടു്. അതു് അയ അയഥാർത്ഥവുമല്ല. വിവരണത്തിനുമേലാണു് ദീപിക രചിച്ചതു് എന്നു വ്യാഖ്യാതാവു രഘുവംശം ഏകാദശസർഗ്ഗത്തിലെ ‘യാവദാദിശതി പാർത്ഥിവസ്തയോഃ’ എന്ന ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ ‘അസ്യോപപത്തിരസ്മാഭിരേവ യാവദ് ഗിരഃ ഖേ മരുതാം ചരന്തീത്യത്ര’ എന്ന പംക്തിയിൽ കാണിച്ചുതരുന്നുണ്ടു്. വിവരണത്തിൽ എല്ലാ സർഗ്ഗങ്ങളുടേയും അവസാനത്തിൽ ആ സർഗ്ഗത്തിൽ പ്രതിപാദിതമായ കഥകൂടി സംക്ഷേപിച്ചു് ഓരോ ശ്ലോകത്തിൽ ഘടിപ്പിച്ചിരിക്കുന്ന,
എന്നും മറ്റുമുള്ള പ്രസ്താവനകൾ പരിശോധിക്കുക. അണ്ണാമലയുടെ വ്യാഖ്യാനം അനുസരിച്ചാണു് താൻ വിവരണം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നതു് എന്നു നാരായണൻ പ്രസ്താവിച്ചിട്ടുള്ളതിനു തെളിവായി ‘വ്യാഖ്യാന്തരേഷു ദൃഷ്ടേഷു’ എന്ന ശ്ലോകം മറ്റൊരു ഘട്ടത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. കാളിദാസനെപ്പറ്റി അദ്ദേഹത്തിനുള്ള ബഹുമാനം അന്യാദൃശമായിരുന്നു. താഴെക്കാണുന്ന ശ്ലോകം ദീപികയുടെ ഒടുവിൽ ഉള്ളതാണു്.
മേയ (പ്രമേയ)പരിച്ഛേദത്തിന്റെ കർത്താവു താനാണെന്നു നാരായണൻ വിവരണത്തിൽ ‘മീമാംസോചിതമാനമേയഘടനാദക്ഷസ്യ’ എന്ന പദദ്വാരാ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ടു്. കുമാരിലമതാനുഗനായ അദ്ദേഹം ദ്രവ്യം, ജാതി, ഗുണം, ക്രിയ, അഭാവം എന്നിങ്ങനെ അഞ്ചു പ്രമേയങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളു.
എന്നാണു് അദ്ദേഹത്തിന്റെ പ്രതിജ്ഞ. തനിക്കു പല കാര്യങ്ങളിലും മാർഗ്ഗദർശകനായിരുന്ന മേല്പുത്തൂർ ഭട്ടതിരിയുടെ ഒരു ശാസ്ത്രഗ്രന്ഥം നാരായണൻ ഈ വിധത്തിൽ അത്യന്തം പ്രാഗല്ഭ്യത്തോടുകൂടി പൂരിപ്പിച്ചു. ഭട്ടതിരിക്കും മാനവേദനും ഇഷ്ടദേവതയായ മഹാവിഷ്ണുവിനെ അദ്ദേഹം വർണ്ണിക്കുന്ന രണ്ടു ശ്ലോകങ്ങൾ ഒടുവിൽ കാണുന്നു. അവയിൽ ഒന്നു താഴെച്ചേർക്കുന്നു:
നാരായണൻനമ്പൂരി തന്റെ പ്രേമഭാജനമായ ആശ്ലേഷയുടെ ചരമത്തെ അധികരിച്ചു രചിച്ച മനോഹരമായ ഒരു വിലാപകാവ്യമാണു് ആശ്ലേഷാശതകം. സംസ്കൃതസാഹിത്യത്തിൽ വിലാപകൃതികൾ വിരളങ്ങളാകയാൽ ആശ്ലേഷാശതകത്തിനു ഗണ്യമായ ഒരു സ്ഥാനം നല്കേണ്ടതുണ്ടു്. നായികയ്ക്കു് ആശ്ലേഷ എന്നു പേർ വന്നതു് ആയില്യം നക്ഷത്രത്തിൽ ജനിക്കുകകനിമിത്തമാണു്. ആ സ്ത്രീരത്നം സാമൂതിരിക്കോവിലകത്തെ ഒരു രാജ്ഞിയെന്നാണു് ഐതിഹ്യം. യഥാർത്ഥമായ നാമധേയം ‘ഗംഗാ’ എന്നായിരുന്നു എന്നു “ഗംഗേതി പ്രഥിതാ കരോഷി സതതം സന്താപമത്യദ്ഭുതം” എന്നും “ഗംഗാം സംപ്രാപ്യ കാന്താം” എന്നുമുള്ള വചനങ്ങളിൽനിന്നു വെളിപ്പെടുന്നു. പ്രസ്തുതകൃതിയിൽനിന്നു മാതൃക കാണിക്കുവാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം.
അടിയിൽ ചേർക്കുന്നതു പ്രസ്തുതകാവ്യത്തെപ്പറ്റിയുള്ള പ്രശസ്തിയാണു്.
ഒരു മഹാനായ പണ്ഡിതൻ, സർവതന്ത്രസ്വതന്ത്രനായ വ്യാഖ്യാതാവു്, വാസനാപൂർണ്ണനായ കവി എന്നിങ്ങനെ പല നിലകളിൽ നാരായണൻ നമ്പൂരി നമ്മുടെ സമഗ്രമായ ബഹുമാനത്തിനു പാത്രീഭവിക്കുന്നു.
കോഴിക്കോട്ടെ ഏതോ ഒരു മാനവേദൻരാജാവിന്റെ മറ്റൊരു ആസ്ഥാനപണ്ഡിതനായിരുന്നു ചോളദേശീയനായ ദിവാകരകവി. കൊല്ലം ഏഴാം ശതകത്തിൽ ശക്തൻമാനവിക്രമൻതമ്പുരാനു് ഉദ്ദണ്ഡശാസ്ത്രികൾ എങ്ങനെയോ അതുപോലെ ആ മാനവേദന്റെ പ്രീതിക്കു പാത്രീഭൂതനായിരുന്നു പ്രസ്തുതകവി. താഴെക്കാണുന്ന പ്രസ്താവനകൾ രണ്ടും അദ്ദേഹത്തിന്റെ കൃതിയായ ലക്ഷ്മീമാനവേദം നാടകത്തിലുള്ളതും അവയിൽ ആദ്യത്തേതു തന്നെയും രണ്ടാമത്തേതു തന്റെ സ്വാമിയേയും പരാമർശിക്കുന്നതുമാകുന്നു.
“അസ്തി ഖലു മന്ദമാരുതാന്ദോളിതപൂഗപാളീമധൂളീബഹുളപരിമളഭ്രാന്ത ഭ്രമരകുലഝങ്കാരവാചാലിതദിൿ ചക്രവാളേഷു ചോളേഷു രാജ്ഞാ ശ്രീവല്ലഭേന സ്ഥാപിതോ മഹാനഗ്രഹാരഃ, തത്ര വസതാം സോമപാം പക്ഷീലശങ്കരശബരപതഞ്ജലിര ചിതഭാഷ്യൈദമ്പര്യപര്യാലോചനാവിശിഷുശേമുഷീവിശേഷാണാം ബ്രാഹ്മണാനാമതിശയേന പ്രശസ്യസ്യ ഉദ്ബാഹുസുന്ദരസ്യാങ്ഗഭൂത ആമുഷ്യായണോ വിശ്വവിഖ്യാതകീർത്തിർമ്മഹാവ്രതമുഖഭാവിതസകലസുമനസ്തോമഃ സുഗൃഹീതനാമാ വിജയതേ ദിവാകരോ നാമ, തേന ച ധീരോദാത്തസ്യ മാനവേദസ്യ മഹീപതേശ്ചരിതമുപാദായ
ഇതിൽനിന്നു കവി ചോളദേശത്തിലെ ശ്രീവല്ലഭാഗ്രഹാരത്തിൽ ഉദ്ബാഹുസുന്ദരൻ എന്ന ബ്രാഹ്മണശ്രേഷ്ഠന്റെ പുത്രനായി ജനിച്ചു എന്നും ലക്ഷ്മീമാനവേദമെന്ന നാടകം രചിക്കുന്ന കാലത്തിനുമുമ്പുതന്നെ ധാരാളമായി യശസ്സു സമ്പാദിച്ചുകഴിഞ്ഞിരുന്നു എന്നും വിശദമാകുന്നു. അടുത്ത ഗദ്യത്തിൽനിന്നു് ദിവാകരന്റെ ഗദ്യരചനാപാടവവും ഗ്രഹിക്കാവുന്നതാണു്.
“ആദിഷ്ടോസ്മി സകലരാജന്യകോടീരമാണിക്യമയൂഖ മഞ്ജരീനീരാജിതചരണയുഗളസ്യ അദ്വന്ദ്വനിജഭുജാപദാനഗ്രീഷ്മോഷ്മാതിരേകശോഷിതവിമതനരപതികുലമഹാനദീസഹസ്ര കൂലങ്കഷാവലേപപ്രവാഹസ്യ, അശേഷദിഗ്ദന്തികടതടാസ്ഫാലനപ്രതിസ്ഖലനോജ്ജൃംഭമാണോദ്വേലവിലയശഃക്ഷീരപാരാവാരപൂരലഹരീപരമ്പരാപൂരിതബ്രഹ്മാണ്ഡോദരകുഹരസ്യ, ജലധരജലനിധിമിഹിരസുതസുരഭിസുരതരുചിന്താമണിപ്രമുഖവിതരണധൗരേയപ്രഭാവപരീഭാവപണ്ഡിതപാണിപങ്കേരുഹസ്യ, ഷോഡശമഹാദാനസവനദീക്ഷാദീക്ഷിതസ്യ, അപരിമേയഗാംഭീര്യാവധൂതപാഥഃ പരിവൃഢസ്യ, അമന്ദതരധൈര്യാടോപാധരിതമഹാമേരോഃ, വിശ്വോത്തീർണ്ണപരാക്രമപ്രക്രിയാ പരാചീനസവ്യസാചിദോർവൈഭവസ്യ, ദാശരഥികർമ്മകഥന നിഖിലഭുവനവിഖ്യാത ധീരോദാത്തഗുണഗണചമൽകൃതനികൃതികൃതവൈമുഖ്യസ്യ, ചണ്ഡകരതേജഃപ്രാചണ്ഡ്യഖണ്ഡനവൈഭവസ്യ, സുധാകരകാന്തികന്ദളപരിണതിപാടച്ചരവദനസൗഭാഗ്യസ്യ, ആജ്ഞാവജ്ഞാതസുഗ്രീവസ്യ, പ്രതിജ്ഞാനുകൃതപരശുരാമസ്യ, നിരന്തരവിഹരമാണകമലാകരകമലകിഞ്ജല്ക്ക പുഞ്ജരഞ്ജിതദോരന്തരസ്യ, മനുമാന്ധാതൃരഘുനന്ദനനളനഹുഷനാഭാഗഭരതഭഗീരഥദിലീപദശരഥശിബിജീമൂതവാഹനഹരിശ്ചന്ദ്രപ്രമുഖപൂർവതനരാജന്യമണ്ഡലപ്രവർത്തിതാധ്വാധ്വനീനസ്യ, വീതിഹോത്രഗോത്രവാരാകരപാരിജാതസ്യ, ഹനുമദഭിമുദ്രിതകേതോഃ, ആത്മശരാസനാങ്കിതശങ്കരശരാസനസ്യ, ശൈലാർണ്ണവചക്രവർത്തിനശ്ചരണായുധക്രോഡപുരീപുരന്ദരസ്യ, കേരളേശ്വരസ്യ മഹാരാജസ്യ, മാനവേദസ്യ ചരണസരോരുഹോപജീവിനാ മന്ത്രിമണ്ഡലേന യഥാ
സന്ദോഹനിർണ്ണിക്തചരണാരവിന്ദസ്യ. സ്ഥലീശ്വരാഭിധാനസ്യ, ഭഗവതശ്ചന്ദ്രശേഖരസ്യ സന്നിധൗ.”
ഈ മാനവേദൻ തളിയിൽ ക്ഷേത്രം നവീകരണം ചെയ്തതായി ദിവാകരൻ പറയുന്നു. തന്റെ സ്വാമിയുടെ വീര്യവിജയങ്ങളേയും പരാക്രമപ്രഭാവങ്ങളേയും മറ്റും പറ്റി വാവദൂകത പ്രദർശിപ്പിക്കുന്ന കവി അദ്ദേഹത്തിന്റെ കവിത്വത്തേയും പാണ്ഡിത്യത്തേയും കൃഷ്ണഭക്തിയേയും പറ്റി മൗനം ഭജിക്കുന്നതുകൊണ്ടു കൃഷ്ണഗീതികാരനാണോ അദ്ദേഹം ആശ്രയിച്ച മാനവേദൻ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഏഴാം ശതകത്തിന്റെ പൂർവാർദ്ധത്തിനുമേൽ ഒൻപതാം ശതകത്തിന്റെ ഉത്തരാദ്ധത്തിനുമുൻപുള്ള ഒരു കാലഘട്ടത്തിലാണു് അദ്ദേഹത്തിന്റെ ജീവിതമെന്നുമാത്രം സ്ഥൂലമായി പറയാം. അത്രമാത്രം പഴയ ആദർശഗ്രന്ഥങ്ങൾ കിട്ടീട്ടുണ്ടു്. ഒരാദർശഗ്രന്ഥത്തിൽ “മാനവിക്രമസ്യാനുജന്മനോ നീലാപഗാപുരീമഹാരാജസ്യ മാനവേദസ്യ” എന്നു കാണുന്നു. ആ പാഠം അബദ്ധമാണെന്നു തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ പ്രസ്തുത മാനവേദൻ മാനവിക്രമനാമധേയനായ ഒരു സാമൂതിരിപ്പാടിന്റെ അനുജനും കരിമ്പുഴക്കോയിക്കൽ താമസിച്ചിരുന്ന ഏറാൾപ്പാടുമാണെന്നു വന്നുകൂടുന്നു.
ലക്ഷ്മീമാനവേദം അഞ്ചങ്കത്തിലുള്ള ഒരു വിശിഷ്ടനാടകമാകുന്നു. സമുദ്രരാജാവിന്റെ പുത്രിയായ രാജ്യലക്ഷ്മിയെ മാനവേദമഹാരാജാവു ഭാർഗ്ഗവരാമന്റെ പൗരോഹിത്യത്തിൽ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിവൃത്തം. വിവാഹമണ്ഡപത്തിൽ സമുദ്രരാജാവും നിളാനദീദേവി (ഭാരതപ്പുഴ)യും പ്രവേശിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം പരശുരാമന്റെ വർണ്ണനമാകുന്നു.
മറ്റു ചില ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം
നാന്ദി:
കാവ്യം:
കവി തന്നെപ്പറ്റി:
കവി തന്റെ നാടകത്തെപ്പറ്റി:
സൂര്യവന്ദനം:
വനം:
വൃക്ഷവിവാഹം:
ഭരതവാക്യം:
ദേശമംഗലത്തു് ഉഴുത്തിരവാരിയർ (രുദ്രദാസൻ) ‘ചന്ദ്രലേഖാ’ അഥവാ ‘മാനവേദചരിതം’ എന്ന പേരിൽ ഒരു സട്ടകം നിർമ്മിച്ചിട്ടുണ്ടു്. സട്ടകം എന്നതു പതിനെട്ടുമാതിരിയിലുള്ള ഉപരൂപകങ്ങളിലൊന്നും പ്രാകൃതഭാഷയിൽ നാലു യവനികകളോടുകൂടി രചിക്കപ്പെടുന്നതുമാണു്. നാടകത്തിലെ അങ്കത്തിന്റെ സ്ഥാനം സട്ടകത്തിലെ യവനിക കൈക്കൊള്ളുന്നു. പ്രവേശകവും വിഷ്കംഭവും പാടില്ല. കവിപ്രസ്താവനയിൽ തന്നേയും തന്റെ പുരസ്കർത്താവിനേയും പറ്റി ചിലതെല്ലാം ഉപന്യസിക്കുന്നുണ്ടു്. ആ ഭാഗം ചുവടേചേർക്കുന്നു.
“സൂത്രധാരഃ— [2] കസ്യ നർത്തനമാരഭ്യതേ യുഷ്മാഭിഃ?
പാരിപാർശ്വികഃ - സട്ടകോ നർത്തിതവ്യഃ.
സൂത്രധാരഃ— (സഹർഷം) അയമവസരോസ്മാകം പ്രയോഗ വിജ്ഞാനം ദർശയിതും; നികഷഃ ഖലു സട്ടകോ നർത്തകാനാം കവീനാം ച വിദഗ്ദ്ധതായാഃ. (വിചിന്ത്യ)
സ സട്ടകഃ സഹചരഃ കില നാടികായാ-
സ്തസ്യാശ്ചതുർജ്ജവനികാന്തരബന്ധുരാങ്ഗഃ
ചിത്രാർത്ഥസൂത്രിതരസഃ പരമേകഭാഷോ
വിഷ്കംഭകാദിരഹിതഃ കഥിതോ ബുധൈഃ
കസ്യ പുനസ്സരസ്വതീനിഷ്യന്ദസട്ടകോ നർത്തിതവ്യഃ?
പാരിപാർശ്വികഃ— കിമപ്യാശ്ചര്യം ശൃണോതു ഭാവഃ. വായസവദനാൽ പഞ്ചമരാഗ ഉദഞ്ചതി, നിംബവിടപാൽ മോചമുൽപദ്യതേ, കാരസ്കരഫലാൽ പീയൂഷരസഃ പ്രസരതി, യദ്ദേവമന്ദിരബാഹ്യാളിന്ദസമ്മാർജ്ജനാദിവ്യാപാരമാത്രപരായണാൽ പാരശവപശോഃ സന്ധ്യാസമയസംഫുല്ലമല്ലികാമധുരമകരന്ദനിഷ്യന്ദഗർഭഃ സന്ദർഭഃ പ്രവഹതി.
സൂത്രധാരഃ—
പാരി:— തസ്യ രുദ്രസ്യ ശ്രീകണ്ഠസ്യ ച ശിഷ്യോ രുദ്രദാസാഭിധേയഃ കില തസ്യ കവിഃ.
സൂ:ധാ:— തദുപപദ്യതേ. തരണികിരണജാലനിരസ്തതന്ദ്രാദേവാരവിന്ദാന്മധുകരാനന്ദകന്ദഃ പ്രസരതി മകരന്ദനിഷ്യന്ദഃ
പാരി:— കിം താദൃശസ്തയോഃ രുദ്രശ്രീകണ്ഠയോശ്ശിക്ഷാവിശേഷഃ?
സൂ:ധാ:— കിം ഭണ്യതേ?
വടതലഗതോപി രൂദ്രോ വ്യാഖ്യാനം തയോഃ ശ്രുത്വാ ശിരഃകമ്പം മന്ദാന്ദോളിതചന്ദ്രം സ്പന്ദമാനഫണീന്ദ്രകുണ്ഡലം ദധാതി.
പാരി:— നമോ മഹാത്മഭ്യാം. തേനാവർജ്ജിതാസ്സജ്ജനാഃ
സൂ:ധാ:— കഥം?
പാരി:—
സൂ:ധാ:— കിമന്യൽ? പ്രാകൃതബന്ധ ഏവ രസികാനാമാനന്ദം കന്ദളയതി. യതഃ
യഥാ ഭവത്യപരമാലാ മാലതീമാലാ ച മധുപാനാം
യഥാ ഭവത്യന്യഭാഷാ പ്രാകൃതഭാഷാ ച രസികാനാം.
പാരി:— നനു തേനൈവ ഭണിതം.
ഭാഷാ ഖലു പ്രാകൃതമയീ വിഷയഃശ്രീമാനവേദചരിതശ്രീഃ
രസഗർഭഃസന്ദർഭഃ സജ്ജനപ്രീതീനാം യൗവനമേതൽ.
സൂ:ധാ:— കേന നിയുക്താഃ പുനഃ പ്രവർത്തധ്വേ സട്ടകനർത്തനേ?
പാരി:— തസ്യൈവ നിരന്തരാവനമച്ശ്രീമത്സാമന്തകുലമുകുടാന്ത നിപതന്മാണിക്യമണിസമൂഹമയൂഖലേഖാപല്ലവിതപാദപീഠസ്യ, ഖണ്ഡപരശുശിഖണ്ഡശശിഖണ്ഡപാണ്ഡുരസർവതഃപ്രസരന്മഹിതയശഃപൂരകർപ്പൂര നികരപർവതായമാനഭുവനാന്തരാളസ്യ, അതിധവളഹൃദയസ്ഫടികപ്രതിഫലിതപരമേശ്വര പദപല്ലവസ്യ, സമര മുഖ ബലാൽകാരഗൃഹീതജയലക്ഷ്മീധമ്മില്ല പര്യസ്തമല്ലികാമാല്യബഹുളപരിമളാസംഗഭൃംഗശ്രേണീസം ശയിതലോലോദ്ദണ്ഡമണ്ഡലാഗ്രമണ്ഡിതപ്രചണ്ഡഭുജദണ്ഡസ്യ, രിപുബലശലഭലേഹി ചടുലജ്വാലാജാലജാജ്വല്യമാന പ്രതാപപാവകപ്രാകാരപരിരക്ഷിതസകലഭുവനതലസ്യ, അച്ഛിന്നദത്തസുവർണ്ണരത്നസമൃദ്ധിസമൃദ്ധ മണി മന്ദിരവളഭീജാലാക്രീഡൽ സകലദരിദ്രലോകസ്യ, സർവഭൂതാനുകമ്പിനസ്സാംപ്രതം കൃതകരണീയതയാ യൗവനസുഖമനുഭവതോ രാജാധിരാജപരമേശ്വ രസ്യ ശ്രീമാനവേദസ്യ ആസ്ഥാനമണ്ഡപമണ്ഡനേന പണ്ഡിതമണ്ഡലേന. കിഞ്ച
അസ്മിൻ ഖലു സട്ടകവരേ നിജഭർത്തൃകസ്വ
ചക്രേശ്വരത്വകരാണാം ഗുണാനാം സ്ഥാനം
ചാരും സമുദ്വഹതി താം കില ചന്ദ്രലേഖാ
മംഗേശ്വരസ്യ തനയാം ശ്രീമാനവേദഃ.”
സട്ടകകാരൻ രുദ്രന്റെയും ശ്രീകണ്ഠന്റെയും ശിഷ്യനായ ഒരു വാരിയരായിരുന്നു എന്നും അദ്ദേഹത്തിന്റെ പുരസ്കർത്താവു മാനവേദനാമധേയനായ കോഴിക്കോട്ടെ ഒരു തമ്പുരാനായിരുന്നു എന്നും ഇത്രയുംകൊണ്ടു മനസ്സിലാക്കാം. മാഘകാവ്യത്തിന്നു ബാലബോധിക എന്ന വ്യാഖ്യാനം രചിച്ച ദേശമംഗലത്തെ ഉഴുത്തിരവാരിയർ തന്റെ കുടുംബത്തിൽ സാഹിത്യവിദ്യാപാരീണന്മാരായി ഒരു രുദ്രനും രണ്ടു ശ്രീകണ്ഠന്മാരും ജീവിച്ചിരുന്നു എന്നും അവരിൽ രണ്ടാമത്തെ ശ്രീകണ്ഠന്റെ പുത്രനാണു് താനെന്നും പറയുന്നു. ആ രുദ്രനും പ്രഥമ ശ്രീകണ്ഠനും സംസ്കൃത ഗ്രന്ഥങ്ങളുടെ വ്യാഖ്യാതാക്കന്മാരായിരുന്നു എന്നും അദ്ദേഹം നമ്മെ വ്യംഗ്യമായി ധരിപ്പിക്കുന്നുണ്ടു്. അവർ രണ്ടുപേരും ദേശമംഗലത്തു വാരിയന്മാർ തന്നെയായിരിക്കണം. അങ്ങനെയാണെങ്കിൽ സട്ടകകാരൻ സ്മരിക്കുന്ന ശ്രീകണ്ഠൻ അഭിരാമനാണെന്നു കരുതാവുന്നതാണു്. സട്ടകത്തിന്റെ പ്രസ്താവനയിൽ കവി പ്രദർശിപ്പിക്കുന്ന ശാലീനത വാരിയന്മാർ അതിനു മുമ്പു ദൃശ്യകാവ്യങ്ങൾ നിർമ്മിക്കാത്തതുനിമിത്തമാണെന്നു ഞാൻ അനുമാനിക്കുന്നു. പ്രാകൃതഭാഷയെപ്പറ്റി അദ്ദേഹത്തിന്നു വലിയ മതിപ്പാണുണ്ടായിരുന്നതെന്നു കാണാവുന്നതാണല്ലോ. പ്രാകൃതത്തിൽ കവനം ചെയ്യുന്നതിന്നു അദ്ദേഹത്തിന്നുള്ള സാമർത്ഥ്യവും അദ്വിതീയമാണു്. അതിനുമുമ്പു കേരളത്തിൽ ആ ഭാഷയിൽ അത്ഭുതാവഹമായ ശൗരിചരിതം എന്ന യമകകാവ്യം നിർമ്മിച്ചതും ശ്രീകണ്ഠനെന്ന മറ്റൊരുവാരിയരായിരുന്നുവല്ലോ. ദിവാകരകവിയും സട്ടകകാരനും ആശ്രയിച്ചതു് ഒരേ രാജാവിനെത്തന്നെയായിരുന്നു.
രുദ്രദാസന്റെ കവിതാരീതി പ്രസ്താവനയിൽനിന്നു മുമ്പു് ഉദ്ധരിച്ച പദ്യഗദ്യങ്ങൾ മുഖേന തന്നെ സുഗ്രഹമാണു്. എങ്കിലും ചില ഉദാഹരണങ്ങൾകൂടി കാണിക്കാം.
വസന്തം:
മന്ദവായു:
ഭരതവാക്യം:
കോഴിക്കോട്ടു മാനവിക്രമരാജാവിന്റെ നിർദ്ദേശമനുസരിച്ചു ഭോജചമ്പുവിനു് ഒരു വ്യാഖ്യാനം രചിച്ച പണ്ഡിതനാകുന്നു കരുണാകരപ്പിഷാരടി. അദ്ദേഹം തനിക്കു് അച്യുതനെന്നും കൃഷ്ണനെന്നും പേരുകളിൽ രണ്ടു ഗുരുക്കന്മാരുണ്ടായിരുന്നതായി പറയുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ അനുവാചകന്മാർ ധരിച്ചിരിക്കേണ്ടതുണ്ടു്.
ഈ ശ്ലോകങ്ങളിൽനിന്നു് അച്യുതൻ സങ്ഗമശാസ്ത്രസാരകാരനും ഭാഗവതനുമാണെന്നും ഹരിഹരഗിരിയിലെ ശിവന്റെ ഭക്തനാണെന്നും ഗ്രഹിക്കാം. സങ്ഗമശാസ്ത്രം ജ്യോതിശ്ശാസ്ത്രമാണെങ്കിൽ കരുണാകരൻ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ ശിഷ്യനാണെന്നു വരുന്നു. ഹരിഹരഗിരി ഏതെന്നു മനസ്സിലാകുന്നില്ല. കൃഷ്ണനും കരുണാകരനും ആ ക്ഷേത്രത്തിലെ ശിവനെ ഭജിച്ചിരുന്നതായി വെളിപ്പെടുന്നു. മാനവിക്രമരാജാവു തന്റെ ശിഷ്യനാണെന്നു് അദ്ദേഹം പറയുന്നു. “ഇഹഖലു രാജാധിരാജപരമേശ്വരഃ ശ്രീഭോജഃ കവിവീരശേഖരേണ ശ്രീകാളിദാസേന സഹ ചരമകാലാവശ്യചിന്തനീയം പരമ പുരുഷാർത്ഥപ്രധാനമേകവിംശതിവാരാവർത്തനസമുത്ഥിതൈക വിംശതിരൂപാഭിപ്രായസുഭഗം ശ്രീമദ്രാമായണം ലോകോപകാരാർത്ഥം സംക്ഷിപ്യ സകലവ്യാകരണസമുദ്ധൃതസാരാംശസുന്ദരസ്വനിർമ്മിതസരസ്വതീകണ്ഠാഭരണനിർണ്ണീതസാധുശബ്ദോദാഹരണതയാ ഗദ്യപദ്യാത്മകചമ്പൂരൂപേണ കമപി പ്രബന്ധം ചികീർഷുഃ” എന്ന പംക്തിയിൽനിന്നു ഭോജരാജാവു തന്റെ ആസ്ഥാനപണ്ഡിതനായ (ഒരു) കാളിദാസനോടുകൂടി രാമായണം ഇരുപത്തൊന്നാവൃത്തി വായിച്ചു് ഇരുപത്തൊന്നുവിധത്തിൽ അർത്ഥഗ്രഹണംചെയ്തു് ലോകോപകാരാർത്ഥം അതു രാമായണചമ്പുവായി സംക്ഷേപിച്ചു എന്നും ആ ഗ്രന്ഥനിർമ്മിതിയുടെ ഒരു ഉദ്ദേശം സരസ്വതീകണ്ഠാഭരണത്തിൽ അദ്ദേഹം നിർണ്ണയിച്ചിട്ടുള്ള ചില സുശബ്ദങ്ങളെ ഉദാഹരിക്കുക എന്നുള്ളതാണെന്നും വ്യാഖ്യാതാവു വിശ്വസിച്ചിരുന്നതായി കാണാം. സരസ്വതീകണ്ഠാഭരണത്തിനു കേരളത്തിൽ പുനഃപ്രതിഷ്ഠാപനം സിദ്ധിച്ചതു മേൽപ്പുത്തൂരിന്റെ പ്രക്രിയാസർവസ്വരചനയോടുകൂടിയാകുന്നു. അതിനാൽ വേറെ തെളിവു കിട്ടുന്നതുവരെ കരുണാകരൻ കൃഷ്ണഗീതാപ്രണേതാവിന്റെ പൂർവഗന്മാരായ രണ്ടു മാനവിക്രമന്മാരിൽ ഒരാളുടെ ആജ്ഞാനുവർത്തിയായിരുന്നതായി സങ്കല്പിക്കാം. കവിചിന്താമണികാരനായ കരുണാകരപ്പിഷാരടിയും ശക്തൻമാനവിക്രമ രാജാവിന്റെ ഗുരുനാഥനായിരുന്നുവെങ്കിലും അദ്ദേഹം ആ ഗ്രന്ഥത്തിൽ തന്റെ ആചാര്യന്മാരെപ്പറ്റി ഒന്നും പ്രസ്താവിച്ചിട്ടില്ലാത്തതിനാലും മറ്റും രണ്ടു കരുണാകരന്മാരും അഭിന്നന്മാരാണെന്നു പറയുവാൻ എനിക്കു ധൈര്യം തോന്നുന്നില്ല. ചമ്പൂരാമായണവ്യാഖ്യ സമ്പൂർണ്ണമായി ലഭിച്ചിട്ടില്ല. മാനവേദരാജാവു ഭോജചമ്പുവിനു് ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നതു പ്രമാദജന്യമാണു്,
കൊല്ലം 859 മുതൽ 893 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ച കാർത്തികതിരുനാൾ രവിവർമ്മമഹാരാജാവു് ഒരു കവിയും പണ്ഡിതപക്ഷപാതിയും ദാനശൗണ്ഡനും വേദാന്ത ശാസ്ത്രജ്ഞനുമായിരുന്നു. അശ്വതിതിരുനാൾ ഉമയമ്മറാണിയുടെ പുത്രനാണു് അദ്ദേഹം. ആദിത്യവർമ്മമഹാരാജാവു് 852-ൽ നാടുനീങ്ങിയപ്പോൾ രവിവർമ്മാവിനു ബാല്യമായിരുന്നതിനാൽ ഉമയമ്മറാണി അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ 860 വരെ രാജ്യരക്ഷചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം സിംഹാസനാരൂഢനായി. വടക്കുനിന്നു പെണ്കൊടയ്ക്കു് അർത്ഥാർത്ഥിയായിവന്ന ഒരു നമ്പൂരി അദ്ദേഹത്തെ കണ്ടു തനിക്കു പത്തു കുമാരിമാർ അവിവാഹിതകളായി ഉണ്ടെന്നും അവരിൽ ഒരു പെണ്‍കിടാവിനെ വേളികഴിച്ചുകൊടുക്കുവാൻ 1000 ഉറുപ്പിക കിട്ടണമെന്നും അപേക്ഷിക്കവേ അദ്ദേഹം പത്തു കിടാങ്ങളുടേയും വിവാഹത്തിനായി 10,000 ഉറുപ്പിക ആ സാധുവിനു സമ്മാനിച്ചു എന്നൊരൈതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ ബാല്യകാലത്തിൽ പ്രസിദ്ധയോദ്ധാവായ കോട്ടയത്തു കേരളവർമ്മത്തമ്പുരാനെ ഉമയമ്മറാണി തിരുവിതാംകൂർ ഇളയരാജാവായി ദത്തെടുക്കുകയും 872-ൽ അദ്ദേഹം മരിക്കുന്നതുവരെ രവിവർമ്മമഹാരാജാവിനു് ആ വിശിഷ്ടസാഹിത്യകാരനുമായി സഹവാസം ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുകയും ചെയ്തു. രവിവർമ്മമഹാരാജാവു ദേശിങ്ങനാട്ടു ശാഖയുടേയും മൂപ്പനായിരുന്നു,
രാമായണസംഗ്രഹം എന്നു പുരാണച്ഛായയിൽ ഒരു കാവ്യം രവിവർമ്മമഹാരാജാവു രചിച്ചിട്ടുണ്ടു്. അതിൽനിന്നാണു് താഴെക്കാണുന്ന ശ്ലോകങ്ങൾ ഉദ്ധരിക്കുന്നതു്.
ശ്രീപത്മനാഭപദഭക്തനാണു് ഗ്രന്ഥകാരനായ രവിവർമ്മാവെന്നു് ഈ ശ്ലോകങ്ങളിൽനിന്നു വെളിവാകുന്നു. പിന്നീടു കഥയുടെ ആരംഭമായി.
ഇങ്ങിനെ സൂതശൗനകസംവാദരൂപത്തിലാണു് ഗ്രന്ഥത്തിന്റെ രചന. ആകെ 51 സർഗ്ഗങ്ങളുണ്ടു്. ആദ്യത്തെ രണ്ടു സർഗ്ഗം ബാലകാണ്ഡത്തിനും, അതില്പിന്നീടുള്ള ഇരുപത്തിനാലു സർഗ്ഗം അയോധ്യാകാണ്ഡത്തിനുമായി വിനിയോഗിക്കുന്നു. ഒടുവിലത്തെ ഭാഗത്തിനു് അധ്യാത്മപ്രകരണമെന്നു പേർ കൊടുത്തിരിക്കുന്നു. അതിൽ ശ്രീരാമൻ ഹനൂമാനു വിസ്തരിച്ചു ജ്ഞാനോപദേശം ചെയ്യുന്നു. ശ്രീകൃഷ്ണവിലാസം മുതലായ ഇതരകാവ്യങ്ങളിൽനിന്നു കവി ‘ഏലാപരിഷ്വങ്ഗലസത്തമാലം’ തുടങ്ങിയ പല ശ്ലോകങ്ങൾ യഥാവസരം എടുത്തുചേർത്തിട്ടുണ്ടു്. ചുവടേ പകർത്തുന്നതു് ഇരുപത്താറാം സർഗ്ഗത്തിന്റെ അവസാനത്തിലുള്ള ശ്ലോകമാണു്.
ഒടുവിൽ
എന്നീ ശ്ലോകങ്ങൾ കാണുന്നു. ഭാഷാവാല്മീകിരാമായണവും വൈരാഗ്യചന്ദ്രോദയവും രചിച്ച കോട്ടയത്തു കേരളവർമ്മത്തമ്പുരാനുമായുള്ള സാഹചര്യം രവിവർമ്മാവിനെ പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മിതിക്കു പ്രേരിപ്പിച്ചിരിക്കണമെന്നു ന്യായമായി ഊഹിക്കാവുന്നതാണു്.
രാജശേഖരമഹാകവിയുടെ കർപ്പൂരമഞ്ജരീസട്ടകത്തിന്നു സമുദ്രബന്ധയജ്വാവിന്റെ പുത്രനായ സിംഹരാജന്റെ ഒരു വ്യാഖ്യാനമുള്ളതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനും പുറമേ മറ്റൊരു കേരളീയവ്യാഖ്യാനവും നമുക്കു ലഭിച്ചിട്ടുണ്ടു്. അതു വടക്കൻകോട്ടയത്തു രാജകുടുംബത്തിന്റെ ആശ്രിതനായിരുന്ന അനന്തദാസൻ എന്ന പണ്ഡിതന്റെ പദാർത്ഥദീപികയാകുന്നു. പ്രസ്തുത സട്ടകത്തിലെ നാലു ജവനികാന്തരങ്ങളും ആ വ്യാഖ്യാനത്തിൽ ഉൾപ്പെടുന്നു. അനന്തദാസന്റെ ഗുരുവായ കൃഷ്ണശങ്കരനെപ്പറ്റി ഒരറിവുമില്ല. കൃഷ്ണന്റെ പുത്രനായ ശങ്കരനെന്നും ആ ശബ്ദത്തിന്നു അർത്ഥം കല്പിക്കാം. കാലം ഒൻപതാം ശതകമാണെന്നു തോന്നുന്നു. താഴെക്കാണുന്ന ശ്ലോകങ്ങൾ പദാർത്ഥദീപികയുടെ ആരംഭത്തിലുള്ളവയാണു്.
ദേവദേവേശാനുഭൂതി എന്നാണു് ഈശാനുഭൂതിയതിയുടെ പൂർണ്ണമായ നാമധേയം. തൃശ്ശൂരിൽ ഏതോ ഒരു മഠത്തിലെ സ്വാമിയാരാണെന്നു തോന്നുന്നു. ബ്രഹ്മാനുഭൂതി എന്നാണു് അദ്ദേഹത്തിന്റെ ഗുരുവിന്റെ പേരു്. ആ ഗുരുവിനു ബ്രഹ്മേന്ദ്രതീർത്ഥനെന്നും പേർ കാണുന്നു. ഈശാനുഭൂതിയുടെ കൃതികളായി (1) രാമായണാമൃതം (2) രാമശതകം (3) കൃഷ്ണശതകം (4) വാസുദേവശതകം (5) പദ്മനാഭസ്തുതി (6) ഭാരതസംക്ഷേപം (7, 8) കൃഷ്ണസ്തുതികൾ ഇങ്ങിനെ പലഗ്രന്ഥങ്ങളുണ്ടു്. പദ്മനാഭസ്തുതി വായിച്ചാൽ ഗുരുവും ശിഷ്യനും തിരുവനന്തപുരത്തു മതിലകത്തെ പുഷ്പാഞ്ജലിസ്വാമിയാരന്മാരായിരുന്നുവോ എന്നും സംശയം തോന്നാവുന്നതാണ്.
താഴെക്കാണുന്ന ശ്ലോകം രാമായണാമൃതത്തിന്റെ ആരംഭത്തിലുള്ളതാണു്.
പിന്നീടു കവി ശ്രീകൃഷ്ണൻ, ശിവൻ, സരസ്വതി, ഗണപതി ഇവരെ വന്ദിക്കുന്നു. തദനന്തരം,
എന്നീ ശ്ലോകങ്ങൾ കാണുന്നു. വ്യാസനെപ്പറ്റി കവിക്കു വലിയ ബഹുമാനമുണ്ടായിരുന്നതായി മറ്റു ഗ്രന്ഥങ്ങളും വെളിപ്പെടുത്തുന്നു. ശങ്കരഭഗവൽപാദരെ തദനുയായിയായ രാമായണാമൃതകാരനു പ്രത്യേകമായി വന്ദിക്കേണ്ട കടമയുണ്ടല്ലോ. രാമായണകഥ പ്രസ്തുത കാവ്യത്തിൽ ലളിതമായി സംഗ്രഹിച്ചിരിക്കുന്നു. അടിയിൽ ചേർക്കുന്നതു് ഒടുവിലത്തെ ശ്ലോകമാണു്.
“തസ്മൈ ഭൂയോപി നമോ” എന്ന ശ്ലോകം ഇതിലും കാണുന്നുണ്ടു്.
‘ആര്യാ യഃ പഠതീമാഃ’ എന്ന ശ്ലോകം ‘സ കൃഷ്ണോഹം’ എന്നു ദ്വിതീയപാദത്തിലും ചതുർത്ഥപാദത്തിലും അല്പം ഭേദത്തോടുകൂടി ഇതിലും ചേർത്തിട്ടുണ്ടു്. രാമായണകഥാപ്രതിപാദകമായ രാമശതകത്തിനു രാമാഹംഭാവനയെന്നും ഭാഗവതകഥാപ്രതിപാദകമായ കൃഷ്ണശതകത്തിന്നു കൃഷ്ണാഹംഭാവന എന്നുംകൂടി പേരുണ്ടു്. ആദ്യത്തേതിൽ ‘സ രാമോഹം’ എന്നും രണ്ടാമത്തേതിൽ ‘സ കൃഷ്ണോഹം’ എന്നും അവസാനിക്കുന്നതിനാലാണു് അവയ്ക്കു് ഈ സംജ്ഞകൾ യഥാക്രമം ലഭിച്ചതു്.
ഇതിനുമുൻപു നിർദ്ദിഷ്ടങ്ങളായ കൃതികളിലെന്നപോലെ ഗീതിയിലല്ല മാലിനീവൃത്തത്തിലാണു് ഈ ശതകത്തിലെ ശ്ലോകങ്ങൾ രചിച്ചിരിക്കുന്നതു്. മഹാഭാരതത്തിന്റെ സാരസംക്ഷേപമാണു് വിഷയം. ‘വാസുദേവോസ്മി സോഹം’ എന്നു ഓരോ ശ്ലോകവും അവസാനിക്കുന്നു.
ഇതും മാലിനീവൃത്തത്തിൽ ഗ്രഥിതമായ ഒരു സ്തോത്രമാണു്. ‘സ്മരത മരതകാഭം സദ്ഗുരും പദ്മനാഭം’ എന്നു് ഓരോ ശ്ലോകവും അവസാനിക്കുന്നു.
ഇതു മഹാഭാരതകഥയുടെ സംഗ്രഹം തന്നെ. ‘മരകതമുകുര’ മുതലായ ചില ശ്ലോകങ്ങൾ ഇതിലും കാണുന്നു.
ഈശാനുഭൂതിയുടെ സകലകൃതികളിലും അദ്വൈതവേദാന്ത പരിമളം പ്രസരിക്കുന്നുണ്ടു്.
ശാസ്ത്രസംഗ്രഹകർത്താവായ കൃഷ്ണാനുഭൂതിയതിയുടെ കാലമേതെന്നു വ്യക്തമാകുന്നില്ല. അദ്ദേഹവും തൃശ്ശൂരിലെ ഏതോ ഒരു മഠത്തിലെ സ്വാമിയാരായിരുന്നു. വിബുധേന്ദ്രതീർത്ഥൻ എന്നൊരു നാമാന്തരം അദ്ദേഹത്തിന്നുണ്ടായിരുന്നതായി കാണുന്നു.
എന്നു ഗ്രന്ഥാന്തരത്തിലുള്ള ഒരു ശ്ലോകത്തിൽനിന്നു് അന്നത്തെ കൊച്ചി ഇളയതമ്പുരാന്റെ പേർ രവിവർമ്മാവെന്നായിരുന്നു എന്നു മാത്രം അറിയുവാൻ കഴിയുന്നു. ‘രാജരാജൻ’ എന്നതു നാടുവാഴുന്ന കൊച്ചിമഹാരാജാക്കന്മാർക്കു പൊതുവേയുള്ള ബിരുദനാമമെന്നാണു് എനിക്കു തോന്നുന്നതു്. ആ പേർ അവർക്കു നാമകരണമുഹൂർത്തത്തിൽ നല്കാറില്ല. ശാസ്ത്രസംഗ്രഹത്തിനു ശാരീരകമീമാംസാസംഗ്രഹമെന്നും പേരുണ്ടു്. ആനന്ദാനുഭൂതിയാണു് അദ്ദേഹത്തിന്റെ ഗുരു. ശങ്കരഭഗവൽപാദരുടെ ശാരീരകമീമാംസാസൂത്രഭാഷ്യത്തെ സ്വാമിയാർ പ്രസ്തുതഗ്രന്ഥത്തിൽ പദ്യഗദ്യരൂപേണ സംഗ്രഹിച്ചിരിക്കുന്നു. ഗീർവാണേന്ദ്രസരസ്വതിയുടെ ശിഷ്യനായ ഒരു ശ്രീധരന്റെ ആവശ്യമനുസരിച്ചാണു് അദ്ദേഹം ഈ കൃതി നിർമ്മിച്ചതെന്നും സൂചനയുണ്ടു്. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ പ്രകൃതോപയോഗികളാണു്.
കൃഷ്ണാനുഭൂതി സ്മരിക്കുന്ന ഗീർവാണേന്ദ്രസരസ്വതി പ്രപഞ്ചസാരസംഗ്രഹം എന്നൊരു ഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. ഒരു ഗീർവാണേന്ദ്രയതിയുടെ ശിഷ്യനായി അമരേന്ദ്രസരസ്വതി എന്നൊരു സ്വാമിയാരുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ ശിഷ്യനായ വിശ്വേശ്വരസരസ്വതിയുടെ പ്രിയശിഷ്യനാണു് താനെന്നും അദ്ദേഹം ഈ ഗ്രന്ഥത്തിൽ പ്രഖ്യാപിക്കുന്നു,
ഗോവിന്ദാമൃതപൂജ്യപാദൻ കേരളീയനും തൃശ്ശൂരിലെ സ്വാമിയാരന്മാരിൽ അന്യതമനുമാണെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. ഗോവിന്ദാമൃതന്റെ വകയായി രണ്ടു കൃതികൾ ലഭിച്ചിരിക്കുന്നു. ഒന്നു ശബരസ്വാമിയുടെ മീമാംസാസൂത്രഭാഷ്യത്തിന്നു കൗമാരിലമതമനുസരിച്ചു രചിക്കപ്പെട്ടിട്ടുള്ള ധർമ്മമീമാംസാഭാഷ്യവിവരണവ്യാഖ്യാനമാണു്. അതിൽ വ്യാഖ്യാതാവു തനിക്കു ദേവേന്ദ്രസരസ്വതിയെന്നുകൂടി പേരുണ്ടെന്നും തന്റെ ഗുരു നാരായണപൂജ്യപാദനാണെന്നും പറയുന്നു. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ഈ ഗ്രന്ഥത്തിലുള്ളവയാണു്.
മറ്റൊരു കൃതി കൃഷ്ണമിശ്രമഹാകവിയുടെ പ്രബോധചന്ദ്രോദയമെന്ന രൂപകത്തിനു് അദ്ദേഹം നിർമ്മിച്ചിട്ടുള്ള സർവങ്കഷവും വിശിഷ്യ അദ്വൈതരഹസ്യപ്രകാശകവുമായ നാടകാഭരണം എന്ന വ്യാഖ്യാനമാകുന്നു. ഈ ഗ്രന്ഥത്തിൽ “ശ്രീമൽ പരമഹംസപരിവ്രാജക ശ്രീമൽപ്രകാശതീർത്ഥഭഗവൽപൂജ്യപാദശിഷ്യേണ ഗോവിന്ദാമൃതഭഗവതാ” എന്നൊരു കുറിപ്പാണു് കാണുന്നതു്. ധർമ്മമീമാംസാഭാഷ്യവിവരണത്തിൽ തന്നെ മുനിയെന്നും നാടകാഭരണത്തിൽ ഭഗവാനെന്നുമാണു് ഗ്രന്ഥകാരൻ വ്യപദേശിക്കുന്നതു്. അദ്ദേഹത്തിനു പക്ഷെ പ്രകാശതീർത്ഥഭഗവാൻ പിന്നീടു സംപ്രദായഗുരുവായിത്തീർന്നിരിക്കാം. നാടകാഭരണം ഇങ്ങനെ ആരംഭിക്കുന്നു.
ക്രി. പി. പതിനൊന്നാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന കൃഷ്ണമിശ്രനെപ്പറ്റി ഗോവിന്ദാമൃതന്നുള്ള ബഹുമാനം നിസ്സീമമായിരുന്നു.
എന്നാണു് അദ്ദേഹം പറയുന്നതു്. നാടകാഭരണം കൊല്ലം പത്താംശതകത്തിന്റെ പൂർവാർദ്ധത്തിൽ പകർത്തിയെഴുതീട്ടുള്ളതിനു രേഖയുണ്ടു്.
ശൃങ്ഗാരസുന്ദരമെന്ന ഭാണത്തിന്റെ പ്രണേതാവാണു് ഈശ്വരകവി. അദ്ദേഹത്തിന്റെ ജാതിയെന്തെന്നു വെളിവാകുന്നില്ല. ബ്രാഹ്മണനായിരിക്കാം. മീനച്ചലാറ്റിന്റെ തീരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗൃഹം. താൻ ‘ബിംബലീദേശവാസ്തവ്യ’നാണെന്നു് അദ്ദേഹം തന്നെ പ്രസ്താവിക്കുന്നുണ്ടു്. വടക്കുംകൂറായിരിക്കണം അദ്ദേഹം നിർദ്ദേശിക്കുന്ന ബിംബലി. അന്നത്തെ കൊച്ചിമഹാരാജാവിന്റെ ആശ്രിതനായിരുന്നു ആ കവിയെന്നു പ്രസ്തുത കൃതിയിൽനിന്നു അനുമാനിക്കുവാൻ മാർഗ്ഗം കാണുന്നു. വൈക്കത്തു് ഒരു നമ്പൂരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു.
താഴെക്കാണുന്ന ഭാഗങ്ങൾ വായനക്കാർ ധരിച്ചിരിക്കേണ്ടതാണു്.
ഗ്രന്ഥകാരൻ തന്നെപ്പറ്റി:
അഭിരാമനെന്നാണു് വിടന്റെ പേർ.
കൊച്ചിവർണ്ണനം: “അതിരമണീയലക്ഷ്മീവിലാസോത്തരാ ഗോശ്രീർന്നാമ കേരളരാജാനാം രാജധാനീ. അസ്യാം ഹി,
അപിച
കിഞ്ച
അവിടത്തെ കനകാകരം എന്ന അങ്ങാടിയിൽ രത്നങ്ങൾ നെന്മണികൾപോലെ കിടന്നിരുന്നുവത്രേ.
ചില സരസോക്തികൾ-മനുഷ്യപശൂ:
മനുഷ്യഗർദ്ദഭം:
കവണാറ്റിൻകരയിലെ കരിമ്പിൻതോട്ടങ്ങൾ:
മാടരാജപ്രശസ്തി:
ഒരു യുവതി വെള്ളം കോരുന്നതു്:
ഒരു യുവതിയുടെ നെല്ലുകുത്തു്:
ഈ ഭാണത്തിന്റെ ആദ്യവസാന ഭാഗങ്ങൾ കണ്ടുകിട്ടീട്ടില്ലാത്തതിനാൽ ഇതിന്റെ പേരെന്തെന്നോ കവി ആരെന്നോ അദ്ദേഹത്തിന്റെ കാലമേതെന്നോ അറിയുവാൻ നിവൃത്തിയില്ല. തൃശ്ശൂരിനു സമീപമാണു് ജന്മഭൂമിയെന്നു മാത്രം ഊഹിക്കാം. താഴെ ഉദ്ധരിക്കുന്നശ്ലോകം നോക്കുക.
കവിതയ്ക്കു സാരള ്യവും മാധുര്യവുമുണ്ടു്. രണ്ടു ശ്ലോകങ്ങൾ കൂടി പകർത്തുന്നു.
മഹത്ത്വം:
സൂര്യോദയം:
മാഘകാവ്യത്തിനു ബാലബോധിക എന്ന വ്യാഖ്യാനം രചിച്ച ദേശമങ്ഗലത്തു ശ്രീകണ്ഠവാരിയരെപ്പറ്റി പ്രാസംഗികമായി അന്യത്ര പ്രതിപാദിച്ചിട്ടുണ്ടു്. ‘പാരേദക്ഷിണഗങ്ഗാം’ ഇത്യാദ്യുപക്രമപദ്യങ്ങളിൽ അദ്ദേഹം തന്റെ പൂർവന്മാരായ ഒരു രുദ്രനേയും രണ്ടു ശ്രീകണ്ഠന്മാരേയുംപറ്റി പ്രസ്താവിക്കുന്നുണ്ടല്ലോ. അവരിൽ ആദ്യത്തെ ശ്രീകണ്ഠനെയാണു് മാനവേദ സട്ടകകാരൻസ്മരിക്കുന്നതെങ്കിൽ രണ്ടാമത്തെ ശ്രീകണ്ഠന്റെ പുത്രനായ മാഘവ്യാഖ്യാതാവു ക്രി. പി. ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കാം. ബാലബോധിക വിശിഷ്ടമായ ഒരു വ്യാഖ്യാനംതന്നെ. അതു പൂർത്തിയായിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. താഴെക്കാണുന്നതു വന്ദനശ്ലോകമാണു്.
മാഘനെപ്പറ്റി തനിക്കുള്ള ബഹുമാനം ശ്രീകണ്ഠൻ “പ്രാഗ്ജനിസഹസ്രസതതസമുപാസിതസകലവിദ്യാതത്ത്വവിഭൂതിഃ സ്വയംപ്രഭൂതസമീചീനവാസനാവൈഭവ വൈദുഷീവിശേഷ വിഭൂഷിതശേമുഷീസമുന്മേഷഃ പരമഭാഗവതഃ കവികുലപരമേശ്വരഃ പരമേശ്വരചരിതചാതുരീവിലസിതകലാസർവസ്വനിലയഭൂതം ശിശുപാലവധാഭിധാനം കമപി പ്രബന്ധം നിബന്ധും പ്രക്രമമാണഃ” എന്ന പങ്ക്തികളിൽ പ്രദർശിപ്പിക്കുന്നു. ചില മാതൃകകളിൽ ‘ശ്രീകണ്ഠാചാര്യശിഷ്യേണ’ എന്നു കാണുന്നതിൽനിന്നു് അച്ഛൻതന്നെയായിരുന്നു ഗുരുനാഥൻ എന്നു് ഊഹിക്കാം. “മനുസ്കരാംബുജസ്ഥാസ്നുഗുരുഭൂതനിയോഗതഃ” എന്ന ഭാഗത്തിൽ മറ്റൊരു ഗുരുവിനേയും അദ്ദേഹം പരാമർശിക്കുന്നു. അതാരെന്നറിയുന്നില്ല. “ചതുഷ്ടയാദിഗ്രന്ഥാനാം വ്യാഖ്യാ ബഹ്വ്യഃ കൃതാ മയാ” എന്നുള്ള പ്രസ്താവനയിൽ നിന്നു് അദ്ദേഹം ചതുഷ്ടയം മുതലായ പല ഗ്രന്ഥങ്ങൾ അതിനു മുമ്പുതന്നെ വ്യാഖ്യാനിച്ചുകഴിഞ്ഞിരുന്നു എന്നും വെളിപ്പെടുന്നു. അതു് ഏതു ചതുഷ്ടയമെന്നു വ്യക്തമാകുന്നില്ല.
സീതാരാമകവി ചോളദേശീയനാണു്. അദ്ദേഹം കേരളത്തിൽ വന്നു വടക്കുംകൂർ രാജധാനിയിലെ ആസ്ഥാനപണ്ഡിതനായിത്തീർന്നു. ജാനകീ പരിണയാദിവിവിധകൃതികളുടെ പ്രണേതാവും കവികുലമൂർദ്ധന്യനുമായ രാമഭദ്രദീക്ഷിതരുടെ ശിഷ്യനാണു് താനെന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിരിക്കുന്ന സ്ഥിതിക്കു് അദ്ദേഹത്തിന്റെ കാലം ഉദ്ദേശം ഒൻപതാം ശതകത്തിന്റെ ഒടുവിലാണെന്നു നിർണ്ണയിക്കാം. തഞ്ചാവൂരിലെ ശാഹജിമഹാരാജാവു രാമഭദ്രദീക്ഷിതർക്കു ഭൂമിദാനം ചെയ്തതു കൊല്ലം 868-ലാണല്ലോ. ബാലരാമവിജയം എന്ന പേരിൽ രണ്ടു സ്തബകങ്ങളടങ്ങിയ ഒരു ചമ്പൂകാവ്യംമാത്രമേ സീതാരാമന്റെ കൃതിയായി നമുക്കു ലഭിച്ചിട്ടുള്ളു. ആ ചമ്പുവിനെ സ്പർശിക്കുന്നതിനുമുമ്പു് അതിൽത്തന്നെയുള്ളതും കവിയുടെ ചരിത്രത്തെ പരാമർശിക്കുന്നതുമായ താഴെക്കാണുന്ന ശ്ലോകങ്ങൾ അനുവാചകന്മാരുടെ ദൃഷ്ടിക്കു വിഷയീഭവിക്കേണ്ടതുണ്ടു്.
“പാതഞ്ജലോക്ത്യാ പരിപൂതകീർത്തിഃ” എന്നു രാമഭദ്രദീക്ഷിതരെ കവി വർണ്ണിക്കുന്നതു് അദ്ദേഹം പരിഭാഷാവൃത്തിയുടെ കർത്താവായതുകൊണ്ടാണു്. ദീക്ഷിതരുടെ ശിഷ്യന്മാരിൽ അന്യതമനായ ശ്രീനിവാസയജ്വാവു് സ്വരസിദ്ധാന്തചന്ദ്രികയിൽ
എന്നും മറ്റും അദ്ദേഹത്തിന്റെ ശബ്ദശാസ്ത്രനിഷ്ണാതതയെ പ്രശംസിക്കുന്നുണ്ടു്. സീതാരാമന്റെ പിതാവു വൈദ്യനാഥദീക്ഷിതരും പിതൃവ്യൻ നാരായണനുമായിരുന്നു എന്നും ആ നാരായണനായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യദേശികനെന്നും മുൻപു് ഉദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു നാം ധരിക്കുന്നു.
ബാലരാമവിജയം മലയപർവതത്തിന്റെ വർണ്ണനംകൊണ്ടു് ആരംഭിക്കുന്നു. അനന്തരം
എന്നു് ഒരു നദിയെ പ്രശംസിക്കുന്നു. ആ നദി മൂവാറ്റുപുഴയാറും വല്ക്കലേശൻ വൈക്കത്തപ്പനുമാണെന്നു ഞാൻ ഊഹിക്കുന്നു. അതിനെത്തുടർന്നു വടക്കുംകൂർ രാജ്യത്തെപ്പറ്റി കവി ഇങ്ങനെ പ്രസ്താവിക്കുന്നു.
“തതസ്തന്മാതൃകഃ, നിഖിലമനുജകുലപരിപോഷകഃ, കുടിലഖലജാലവിദ്രാവകഃ വികസിതാരവിന്ദപരട ശോഭിതകനകദീഘികഃ, പരഭടഹൃദയകവാടവിദലനപടുവിഹാരാവപരിമണ്ഡിത നിജബിരുദാക്രാന്തമഹീമണ്ഡലമണ്ഡനായമാനനാനാഭരണഭൂഷിതശോഷിതരിപുബലനിജസേനാലങ്കരണ മദകരടിസ്കന്ധാധിരൂഢസാമന്തരാജന്യകുലപരിബൃംഹിതഃ വരഗജവാജിവിക്രേതൃമൃഗമദ പ്രമുഖസുരഭിവസ്തുനവരത്നവാണിജ്യനിപുണവണിഗ്വരപരിപൂരിതപണ്യവീഥികാസമൃദ്ധിപരിഹസിതാളകാപുരീ വിഭവഃ, തുംബുരുനാരദഗീയമാനനിജാപദാനോ ബിംബലോ നാമ ദേശഃ പ്രാദുരസ്തി.”
അതിനുമേൽ വടക്കുംകൂർ രാജാക്കന്മാരുടെ അക്കാലത്തെ രാജധാനിയായ ഏറ്റുമാനൂരിനെ സ്തുതിക്കുന്നു.
“ക്വചിൽ സവ്യാപസവ്യഭ്രമണരണരണദയഃഫലകാനിശഘട്ടനക്ഷുണ്ണ ഹരിന്മണിമയാട്ട സമുത്ഥിതധൂളീ ശ്യാമായമാനാശാവകാശാ ജാത്യശ്വസംഭൃതമന്ദുരാ സമലംകൃതാ” എന്നു തുടങ്ങുന്ന ഒരു ദീർഘഗദ്യവും ആ പ്രകരണത്തിലുണ്ടു്. പിന്നീടു്
എന്നു് അവിടത്തെ പൂർവന്മാരായ രാജാക്കന്മാരെപ്പറ്റി ഉപന്യസിച്ചതിനുമേൽ അന്നത്തെ രാജാവായ രാമവർമ്മാവിനേയും അദ്ദേഹത്തിന്റെ സഹോദരിയായ മംഗലാംബികയേയും സ്മരിക്കുന്നു. മംഗലാംബികയെ വർണ്ണിക്കുന്നതാണു് ചുവടെ ഉദ്ധരിക്കുന്ന ഗദ്യം.
“നളിന്യാ ഇവ പ്രാഭാതികാ ഭാനുമാലാ, കുമുദിന്യാ ഇവനവ്യസുധാമയൂഖരേഖാ, ദീഘികായാ ഇവ മരാളീ, ഉദന്യായാ ഇവ അനഭ്രാസുധാവൃഷ്ടിഃ, നിർദ്ധനസ്യേവാക്ഷയനിധിഃ, നിദാഘനിഷ്ടപത്സ്യേവശീതളപ്രപാപ്രാപ്തിഃ, സകലലോകാനന്ദകരവൃത്തിഃ … പരിചിതജഗദംബികാമൂകാംബികാചരണയുഗളഭുക്തിഃ …ശ്രീനീലകണ്ഠാനുകമ്പാ സംപ്രാപ്ത സകല പുരുഷാർത്ഥസിദ്ധിഃ … ബിംബലകുലമങ്ഗലദീപികാ സമഭൂന്മ്ങഗലാംബികാ”. മൂകാംബിക വടക്കുംകൂർ രാജവംശത്തിന്റെ ഇഷ്ടദേവതയാണെന്നുള്ളതു പ്രസിദ്ധമാണല്ലോ. ആ രാജ്ഞിക്കു് ഇളങ്കാവിൽ ഭഗവതിയുടെ കാരുണ്യംനിമിത്തം ബാലരാമവർമ്മ എന്നൊരു കുമാരൻ അവതരിച്ചു.
ആ ബാലരാമനു് അത്ഭുതപാർവതി എന്നൊരു സഹോദരിയും ആ രാജകുമാരിക്കു് ആദിത്യവർമ്മ എന്നൊരു പുത്രനും ജനിച്ചു! ഒന്നരലക്ഷം ഭടന്മാർക്കു അധിപനായ ദക്ഷിണദേശത്തെ രാജാവിനെ മണികണ്ഠൻ എന്ന തന്റെ ജ്യേഷ്ഠനോടും വിക്രമാദിത്യ സന്നിഭനായ, മുമ്പു നിർദ്ദേശിച്ച ആദിത്യവർമ്മകുമാരനോടും കൂടി യുദ്ധത്തിൽ ജയിക്കണമെന്നു ബാലരാമനോടു രാമവർമ്മ രാജാവു് ആജ്ഞാപിച്ചു. മണികണ്ഠൻ അന്നത്തെ തെക്കുംകൂർ രാജാവായിരിക്കണം. ബാലരാമൻ ആ ആജ്ഞയെ ശിരസാവഹിച്ചു. സാമന്തപ്രഭുക്കന്മാർ അറിവാൻ താഴെ ഉദ്ധരിക്കുന്ന വിളംബരം പ്രസിദ്ധപ്പെടുത്തി.
“ഭോ ഭോ വീരയൂഥപാലാഃ താഡ്യന്താം സമന്തതോ വിജയഭേര്യഃ ആഹന്യന്താം പടഹാഃ, ആധ്മായന്താം ധവളശംഖാഃ, ആഘോഷ്യന്താം കാഹള ്യഃ, ആരുഹ്യന്താം തുരങ്ഗമഃ സമാമുച്യന്താം വർമ്മാണി വക്ഷഃസ്ഥലേ, അവമുച്യന്താമാളാനികാൽ കരവിധൃതായസശൃംഖലാഃ കരിവരാഃ, ഉന്മാദ്യന്താം പരവാടികാപ്രാകാരതോരണഭേദനപടവഃ കരിടിനഃ, സന്നഹ്യന്താമയശ്ശകടോപരി കഠോരവഹ്നിയന്ത്രാഃ, ആപൂര്യന്താമൗഷധൈർന്നളികാഃ, ആരോപ്യന്താം കാർമ്മുകേഷു ജ്യാഗുണാഃ, സന്ധീയന്താം ശരാശ്ശരാസനേഷു, സമവസ്ഥാപ്യന്താം സൈനികാസ്തത്ര തത്ര, ആലോക്യന്താം രിപുമർമ്മാണി, സംരക്ഷ്യന്താം സ്വകാവീരലോകാഃ സത്വരം നിർഗ്ഗമ്യന്താം ദക്ഷിണദേശഭൂപാലൈരഭിയോക്തും.”
അദ്ദേഹത്തിന്റെ സേനാസന്നിവേശം അടിയിൽ വിവരിക്കുന്ന വിധത്തിലായിരുന്നു. “അഗ്രേ നളികധരാഃ, തദനുബദ്ധതൂണീരാരോപിതശരശരാസനാ ധന്വിനഃ, തദനു നിശിതകുന്തായുധാഃ, തദനു തുരങ്ഗസാദിനഃ, തദനു കരധൃതായസശൃംഖലാ മദദന്താവളാഃ, തദനു പരിതശ്ശകടോപരിപരികല്പിത കഠോരവഹ്നിയന്ത്രകാഃ, അന്തരാന്തരാ രഥിനഃ.”
യുദ്ധത്തിൽ ദക്ഷിണേശൻ, തന്റെ പുത്രൻ മരിക്കുകയാൽ ഹതാശനായി, ബാലരാമനെത്തന്നെ യുവരാജാവായി അംഗീകരിക്കുകയും വടക്കുംകൂറിലെ ഗോദവർമ്മാദിരാജാക്കന്മാർ ആ ജേതാവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. അതിനപ്പുറം പാർവ്വതി എന്ന ആ നാട്ടിലെ ഒരു യുവതിയെ അദ്ദേഹം വിവാഹം ചെയ്യുകയും ചെയ്യുന്നു.
എന്നും മറ്റുമാണു് ആ സുന്ദരിയെ കവി വർണ്ണിക്കുന്നതു്. “ശ്രീമാൻ ബാലരാമഃ സുഖേന സർവാമപി മേദിനീം, സർവാനപിവിബുധാൻ, സർവാനപി ബന്ധൂൻ, സർവാനപി കവീന്ദ്രാൻ രഞ്ജയിത്വാ രാജതേ വിജയതേ ച” എന്നു് ഒടുവിൽ അദ്ദേഹം തന്റെ സ്വാമിയുടെ അപദാനങ്ങളെ അനുകീർത്തനം ചെയ്യുന്നു. ദക്ഷിണേശൻ ആരെന്നു വ്യക്തമാകുന്നില്ല; അക്കാലത്തെ യുദ്ധരീതിയെപ്പറ്റി പല വിവരങ്ങളും നമുക്കു് ഈ ചമ്പുവിൽ നിന്നു സ്പഷ്ടമായി ഗ്രഹിക്കാമെന്നുള്ളതാണു് ഇതിന്റെ വിശേഷം. കവിതയും ചേതസ്സമാകർഷകം തന്നെ.
ഗോദവർമ്മയശോഭൂഷണം എന്ന അലങ്കാരഗ്രന്ഥത്തിന്റെ പ്രണേതാവാണു് അരുണഗിരികവി. അദ്ദേഹവും സീതാരാമകവിയെപ്പോലെ ഒരു ദ്രാവിഡബ്രാഹ്മണനായിരുന്നു. ഗോദവർമ്മാ വടക്കുംകൂറിലെ ഒരു രാജാവാണെന്നുമാത്രം അറിയാം. പ്രസ്തുത നാമധേയത്തിൽ പല രാജാക്കന്മാരേയും നാം ആ വംശത്തെ അലങ്കരിച്ചവരുടെ കൂട്ടത്തിൽ കാണുതിനാൽ അവരിൽ ഏതു ഗോദവർമ്മാവാണു് അരുണ ഗിരിയുടെ പുരസ്കർത്താവു് എന്നു നിർണ്ണയിക്കുവാൻ പ്രയാസമുണ്ടു്. ഏകാവലി, പ്രതാപരുദ്രീയം തുടങ്ങിയ കൃതികളെപ്പോലെ രാജപ്രശസ്തിപരങ്ങളായ പദ്യങ്ങൾമാത്രമാണു് കവി ഉദാഹരണരൂപത്തിൽ രചിച്ചിരിക്കുന്നതു്. അർത്ഥാലങ്കാര പ്രകരണത്തെമാത്രമേ അദ്ദേഹം പരാമർശിക്കുന്നുള്ളു. ഉപമയിൽ ആരംഭിച്ചു് ഉദാത്തത്തിൽ ആ അലങ്കാരങ്ങൾ അവസാനിക്കുന്നു. വിശ്വനാഥകവിരാജന്റെ സുപ്രസിദ്ധമായ സാഹിത്യദർപ്പണത്തിലും ആ പരിപാടി തന്നെയാണല്ലോ അങ്ഗീകരിച്ചിരിക്കുന്നതു്. അരുണഗിരി ഗ്രന്ഥമധ്യത്തിൽ താൻ ഗൗരീശതകം എന്നൊരു കാവ്യംകൂടി നിർമ്മിച്ചിട്ടുള്ളതായി പ്രസ്താവിക്കുകയും അതിൽനിന്നു താഴെക്കാണുന്ന ശ്ലോകം ഉദ്ധരിക്കുകയും ചെയ്യുന്നു.
ബിന്ദ്വലങ്കാരം എന്നൊരു പൂർവനിബന്ധത്തേയും കവി സ്മരിക്കുന്നു. അജ്ഞാതകർത്തൃകമായ ആ ഗ്രന്ഥം 14-ആം ശതകത്തിൽ ഏകാവലീകാരനായ വിദ്യാധരനാലും സ്മരിക്കപ്പെട്ടുകാണുന്നു. ഗ്രന്ഥാരംഭത്തിലുള്ളതാണു് അധോലിഖിതമായ ശ്ലോകം.
ഗ്രന്ഥത്തിന്റെ അവസാനത്തിൽ “ഇതി ശ്രീമതോ വേങ്കടാദ്രിഗുരുകൃപാവാപ്തവിദ്യസ്യ, കൗണ്ഡിന്യകുലസാഗരോദിതസ്യ, ശേഷാദ്രിസൂനോരരുണഗിരികവേഃ കൃതിഃ” എന്നൊരു കുറിപ്പുമുണ്ടു്. ഈ കുറിപ്പിൽനിന്നു് അരുണഗിരി കൗണ്ഡിന്യഗോത്രജനും, ശേഷാദ്രിയുടെ പുത്രനും, വേങ്കിടാദ്രിയുടെ ശിഷ്യനുമാണെന്നു തെളിയുന്നു. അരുണഗിരിഭിഷക്‍ എന്ന കവിയുടെ ശൃംഗാരസപ്തശതി എന്നൊരു കൃതി കാണ്‍മാനുണ്ടു്. അതു് കൊല്ലം 802-ാമാണ്ടിന്നു മുമ്പു് രചിച്ചതാണു്. കേരളവുമായി അതിന്നു ബന്ധമുണ്ടെന്നു തോന്നുന്നില്ലാത്തതിനാൽ ആ അരുണഗിരി അന്യനായിരിക്കുവാനേ തരമുള്ളു.
ഗുണഭൂയിഷ്ഠമായ ഒരു ഗ്രന്ഥം തന്നെയാണു് ഗോദവർമ്മയശോഭൂഷണം. അതിലെ കാരികകളും അരുണഗിരിതന്നെ രചിച്ചിരിക്കുന്നു.
എന്നാകുന്നു ഉപമയെപ്പറ്റിയുള്ള നിർവചനം. ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
മനോഹരങ്ങളായ ഉത്തരചമ്പു, നയനിദർശനം എന്നീ രണ്ടു കാവ്യങ്ങളുടേയും പ്രണേതാവു് ഏതോ ഒരു ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതവർഗ്ഗത്തിൽപ്പെട്ട കുമാരനല്ലൂർക്കാരനായ ഒരു നമ്പൂരിയാണു്. ആ രാജാവു് ആരെന്നു നയനിദർശനത്തിൽനിന്നു് അവധാരണം ചെയ്വാൻ സൌകര്യമുണ്ടു്. ക്യാപ്റ്റൻ ന്യൂഹോഫ് എന്ന ലന്തക്കാരനായ ഒരു സേനാനി ക്രി. പി. 1662-ൽ (കൊല്ലം 837) കുടമാളൂർ സന്ദർശിച്ച അവസരത്തിൽ അന്നത്തെ ചെമ്പകശ്ശേരി രാജാവു് അപ്പോൾ അവിടെയാണു് സന്നിധാനം ചെയ്തിരുന്നതെന്നും രാജകുടുംബത്തിന്റെ മൂലസ്ഥാനമായ കുടമാളൂർക്കോവിലകത്തിന്റെ നവീകരണം ആരംഭിച്ചു് അന്നേയ്ക്കു് ഇരുപതുകൊല്ലം കഴിഞ്ഞിരുന്നുവെന്നും ആ പുതിയ കോവിലകം അത്യന്തം രമണീയമായിരുന്നു എന്നും രേഖപ്പെടുത്തീട്ടുണ്ടു്. അന്നു ആ രാജാവിന്നു മുപ്പതു വയസ്സു പ്രായമായിരുന്നതായും ആ ഗ്രന്ഥകാരൻ പറയുന്നു. നയനിദർശനത്തിൽ ഈ കോവിലകം പണിയുടെ ആരംഭത്തെപ്പറ്റി വിശദമായ പ്രസ്താവനയുണ്ടു്. അതുകൊണ്ടു് ന്യൂഹോഫ് സന്ദർശിച്ച രാജാവിന്റെ കാലത്തല്ല അതാരംഭിച്ചതെന്നും അദ്ദേഹത്തിന്റെ പൂർവ്വന്റെ കാലത്താണെന്നും അനുമാനിക്കാം. മേല്പ്പുത്തൂരിന്റെ പുരസ്കർത്താവായ പൂരാടംതിരുനാൾ തമ്പുരാൻ മരിച്ചതു് 798-ാമാണ്ടാണെന്നു മുമ്പു നിർദ്ദേശിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തെ പിൻതുടർന്നു നാടുവാണ രാജാവിന്റെ ആശ്രിതനായിരുന്നു നമ്പൂരി എന്നു് ഏകദേശം തീർച്ചപ്പെടുത്താം. ആ രാജാവിന്റെ അനന്തരഗാമിയെയായിരിക്കണം ന്യൂഹോഫ് സന്ദർശിച്ചതു്. ഉത്തരചമ്പുവിനു ശേഷമാണു് നയനിദർശനം കവി രചിച്ചതു് എന്നു രണ്ടാമത്തെ കൃതിയിൽ അദ്ദേഹം തന്നെ അനുവാചകന്മാരോടു വിജ്ഞാപനം ചെയ്യുന്നുണ്ടു്. എവം ചകൊല്ലം ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധമാണു് അദ്ദേഹത്തിന്റെ ജീവിതകാലമെന്നു് ഒരുവിധം തീർച്ചപ്പെടുത്തുവാൻ കഴിയുന്നതാണു്.
ഉത്തരചമ്പുവിന്റെ ആരംഭത്തിൽ ചുവടേ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു.
പുരോഭാഗികളുടെ വിക്രിയകൾ കവിയുടെ കഠിനമായ വിമർശനത്തിനു പാത്രീഭവിക്കുന്നുണ്ടു്.
എന്നും മറ്റുമാണു് ആ ഉപാലംഭം. അതിനപ്പുറം വീണ്ടും പദ്യങ്ങൾ ദേവനാരായണപ്രശസ്തിപരങ്ങളായിക്കാണുന്നു.
ഉത്തരചമ്പു എന്നാണ് കാവ്യത്തിന്റെ പേരെങ്കിലും ചുരുക്കത്തിൽ സുന്ദരകാണ്ഡത്തിലെ കഥകൂടി കവി പീഠികാരൂപത്തിൽ സ്പർശിക്കുന്നുണ്ടു്. അഗ്നിപ്രവേശവും മറ്റും വിസ്തരിച്ചു പ്രതിപാദിക്കുന്നു; താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ശ്രീരാമന്റെ വിലാപഘട്ടത്തിലുള്ളവയാണു്.
കവിയുടെ കലാകൗശലം ഈ ശ്ലോകങ്ങളിൽ സ്പഷ്ടമാകുന്നു. ഗദ്യങ്ങൾ പദ്യങ്ങളെക്കാൾ ആകർഷകങ്ങളാണെന്നു പറയേണ്ടിയിരിക്കുന്നു. വിസ്തരഭീതികൊണ്ടു് അവയുടെ മാതൃക കാണിക്കുന്നില്ല.
ശ്രീരാമന്റെ സ്വർഗ്ഗാരോഹണത്തോടുകൂടി കാവ്യം സമാപ്തമാകുന്നു. ചുവടേ കുറിക്കുന്നതു് ഒടുവിലത്തെ ശ്ലോകമാണു്.
വലിയ കൊട്ടാരം ഗ്രന്ഥപ്പുരയിലുള്ള പ്രസ്തുത കാവ്യത്തിന്റെ മാതൃകയുടെയും നയനിദർശനത്തിന്റെയും പടികളിൽ ‘ദേവനാരായണ’ എന്നു പേർ കൊത്തിയിട്ടുണ്ടു്. അത്തരത്തിലുള്ള പല ഗ്രന്ഥങ്ങളും ചെമ്പകശ്ശേരിരാജ്യം തിരുവിതാംകൂർ കീഴടക്കിയപ്പോൾ അന്നു് ഇളയരാജാവായിരുന്ന കാർത്തികതിരുനാൾ തമ്പുരാൻ അവിടത്തെ കോവിലകത്തുനിന്നു സമ്പാദിച്ചു തിരുവനന്തപുരത്തു കൊണ്ടുവരികയുണ്ടായി എന്നു മേൽ പ്രസ്താവിക്കും.
ഈ നമ്പൂരിയുടെ കൃതിതന്നെയാണു നയനിദർശനവും. അതിൽനിന്നു് അടിയിൽ ചേർക്കുന്ന ശ്ലോകങ്ങൾ ഇവിടെ ഉദ്ധർത്തവ്യങ്ങളാണു്.
രണ്ടാമത്തെ പദ്യത്തിൽ താൻ ഉത്തരചമ്പുവിന്റെ കർത്താവാണെന്നു കവി പ്രകടമായി പ്രസ്താവിക്കുന്നു. നയനിദർശനത്തിൽ അദ്ദേഹം ഉദ്ദേശിക്കുന്നതു് വിദുരോപദേശത്തിലെ ശ്ലോകങ്ങൾ വ്യാഖ്യാനിച്ചു് ആ ശ്ലോകങ്ങളിൽ വ്യാസഭഗവാൻ വിവരിച്ചിട്ടുള്ള രജഗുണങ്ങളെല്ലാം തന്റെ പുരസ്കർത്താവായ ചെമ്പകശ്ശേരിത്തമ്പുരാനിൽ പ്രകാശിക്കുന്നു എന്നു കാണിക്കുവാനാണു്. ആ ഉദ്ദേശം അദ്ദേഹം സമർത്ഥമായ രീതിയിൽ നിർവഹിച്ചുമിരിക്കുന്നു. കഥാവസ്തു ആരംഭിക്കുന്നതു താഴെ കാണുന്ന വിധത്തിലാണു്.
“അസ്തി ഖലു സുകൃതിജനഭാഗ്യൈകഭോഗ്യേഷു കേരളേഷു ഗൗണാസരിദുത്തരതീരവീരുൽകുസുമമാധ്വീരസ (ജ്ഞ) മത്തഭൃംഗീസംഗീതസരസമന്ദമാരുതാനന്ദിത കാമിനീകാന്തവൃന്ദ വിഹരണ മധുര സൗധ പരമ്പരാച്ഛാദിത നക്ഷത്രമാർഗ്ഗാ ശ്രീകുമാരീപുര സന്നിധാനേ ധൃതാതപത്രാഭിധാനാ രാജനഗരീ.
‘ആതപത്രാഭിധാനാ’ എന്നതു കുടമാളൂരും ‘ഗഗനസരിൽ’ എന്നതു് അമ്പലപ്പുഴയുമാണെന്നു പറയേണ്ടതില്ലല്ലോ. അനന്തരം കവി തന്റെ പരിപോഷ്ടാവിനെപ്പറ്റി പ്രശംസിക്കുന്നു. ആ രാജാവു് ഒരിയ്ക്കൽ കുടമാളൂർ ‘നീലോപലമയി’യാക്കുവാൻ നിശ്ചയിച്ചു.
അദ്ദേഹത്തിന്റെ സേവകനും തച്ചുശാസ്ത്രത്തിൽ വിദഗ്ദ്ധനുമായ തയ്ക്കാട്ടു നമ്പൂരിയോടു് ആലോചിച്ചു കൽത്തച്ചനെ വരുത്തി. ആ ശില്പി ഒരു പാണ്ടിത്തച്ചനായിരുന്നു. അയാളോടു് ഒരു ഉത്തങ്ഗമായ രാജസൌധം പണിയുന്നതിനുവേണ്ട ശില അന്വേഷിക്കുവാൻ (അത്യുന്നതക്ഷിതിപപത്തനകല്പനാർത്ഥമ ന്വിഷ്യതാമിഹ ശിലേതി സമാദിദേശ) തമ്പുരാൻ അരുളിച്ചെയ്തു. ചാത്തനൂർ പാറയിൽ അതിനു പറ്റിയ ശിലയുണ്ടെന്നു് ആ തച്ചൻ അറിയിച്ചപ്പോൾ അവിടുന്നു് അതു് ആനയിക്കുവാൻ കല്പിക്കുകയും അപ്പോൾ അദ്ദേഹത്തിന്റെ ആജ്ഞാകരനായ നമ്പൂരി ജ്വരബാധിതനായിത്തീരുകയും ചെയ്തു. രണ്ടുമൂന്നു ദിവസം കഴിഞ്ഞു് ഒരു ദിവസം ആ നമ്പൂരി ഉറങ്ങുന്ന അവസരത്തിൽ ഒരു ഗന്ധർവൻ പ്രത്യക്ഷീഭവിച്ചു് താൻ ചാത്തനൂർ പാറയ്ക്കു് അടിയിൽ സന്നിധാനം ചെയ്യുന്ന ഗന്ധർവനാണെന്നും ആ പാറയുടെ പുറം ഒരു കാലത്തു ഭിന്നമാകുമെങ്കിലും തന്റെ വസതിക്കു് അതുകൊണ്ടു് ഉപദ്രവംഉണ്ടാകുകയില്ലെന്നു തന്നോടു മഹാവിഷ്ണു അരുളിച്ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ ഉൽബോധിപ്പിച്ചു. അങ്ങനെ പാറ പിളർക്കാൻപോകുന്നതാരാണെന്നു ഭഗവാനോടു ചോദിച്ചപ്പോൾ
എന്നും ആ ചെമ്പകശ്ശേരി രാജാവാണു് അതിനുദ്യമിക്കുന്നതെന്നും അവിടുന്നു് അരുളിച്ചെയ്തു. വീണ്ടും ഗന്ധർവന്റെ ഒരു പ്രശ്നത്തിനു് ഉത്തരമായി ഭഗവാൻ അദ്ദേഹത്തിന്റെ ഗുണഗണങ്ങളെ വർണ്ണിക്കുന്നു. തമ്പുരാനെ തന്റെ കിങ്കിണീനാദം പലപ്പോഴും കേൾപ്പിക്കുമെന്നും, അദ്ദേഹത്തിന്റെ സേവകനായ ഇടനാട്ടുനമ്പൂരിക്കു മണ്ഡപത്തിൽവെച്ചു തന്റെ ബാലവിഗ്രഹം പ്രദർശിപ്പിച്ചു് തമ്പുരാനു സന്താനാദി സകലസൗഭാഗ്യങ്ങളും സിദ്ധിക്കുമെന്നു് അവിടെ ഒരു തപസ്വിയെക്കൊണ്ടു പറയിക്കുമെന്നും പുന്നശ്ശേരി നമ്പൂരി തമ്പുരാനോടു കുമാരനല്ലൂർ ഭഗവതിയെ സേവിച്ചാലുള്ള ഫലമെന്തെന്നു ചോദിക്കുമ്പോൾ താൻ തന്റെ ബാലപാദങ്ങൾ പ്രത്യക്ഷീകരിച്ചു് ആ ഫലം പരമപദപ്രാപ്തിയാണെന്നു വ്യക്തമായി ഉദീരണം ചെയ്യുമെന്നും സ്വപ്നത്തിൽ ആ ഭഗവതിയുടെ രൂപത്തിൽ തമ്പുരാന്റെ മുന്നിൽ ആവിർഭവിച്ചു്, സന്താനലാഭമുണ്ടാകുമോ എന്നു വീണ്ടും ശങ്കിക്കുന്ന അദ്ദേഹത്തോടു് ഉണ്ടാകും എന്നു പ്രവചിക്കുമെന്നും ഇതെല്ലാം ശിലാഭേദനത്തിനുമുമ്പു് സംഭവിക്കുന്നതാണെന്നും പിന്നീടും തനിക്കു് അദ്ദേഹത്തെ പല ആശ്ചര്യങ്ങളും പ്രദർശിപ്പിക്കേണ്ടതായുണ്ടെന്നും വീണ്ടും അരുളപ്പാടുണ്ടാകുന്നു.
ഉദ്യോഗപർവത്തിലെ പ്രജാഗരപർവത്തിലുള്ള വിദുരവാക്യത്തെ കവി തമ്പുരാനിൽ യോജിപ്പിക്കുന്നതു മഹാവിഷ്ണുവിനാൽ കഥിതമായ കഥ ഗന്ധർവൻ ഇടനാട്ടുനമ്പൂരിയോടു സ്വപ്നത്തിൽ പറയുന്ന മാതിരിയിലാണു്. ഒടുവിൽ കാണുന്നവയാണു് ചുവടേ പകർത്തുന്ന പദ്യങ്ങൾ.
ഇടയ്ക്കിടയ്ക്കു തമ്പുരാന്റെ കാലത്തു് നടന്ന പല കഥകളെപ്പറ്റിയും കവി പ്രസ്താവിക്കുന്നുണ്ടെന്നുള്ളതു് ഈ കാവ്യത്തിന്റെ ഒരു വിശേഷമാകുന്നു.
വാസവീശാന്തനവം എന്നൊരു നാടകം ഗോദവർമ്മനാമധേയനായ ഒരു രാജാവു രചിച്ചിട്ടുണ്ടു്. ഇതിവൃത്തം ശന്തനു സത്യവതിയെ പാണിഗ്രഹണം ചെയ്യുന്നതാകുന്നു. കേരളത്തിലെ നാടകരചനാപരിപാടിയനുസരിച്ചു് ഈ നാടകവും “നന്ദ്യന്തേ തതഃ പ്രവിശതി സൂത്രധാരഃ” എന്നിങ്ങനെ സൂത്രധാരകൃതാരംഭമായിക്കാണുന്നു. പ്രസ്താവനയ്ക്കുള്ള സംജ്ഞയും സ്ഥാപനയെന്നുതന്നെ. വാസവീശാന്തനവം ആറങ്കത്തിൽ നിബന്ധിച്ചിരിക്കുന്നു. കവി തന്നെപ്പറ്റി “അജ്ഞാപിതോസ്മി സഭ്യൈര്യഥാ ശ്രീരാമരാജേന്ദ്രകുലശേഖരഗുരുകരുണാപരിപൂരിതവിദ്യേന ജയതുങ്ഗഭൂഭുജാ ശതഭിഷഗുൽപന്നേന ഗോദവർമ്മണാ വിരചിതം വാസവീശാന്തനവം നാമ നൂതനം നാടകം കേരളാശ്രയപുരാധീശസ്യ ഭഗവാതോ ദേവയാത്രാകുതൂഹലേസ്മിന്നഭിനയൈരലംകുവിതി” എന്ന പംക്തിയിൽ പ്രസ്താവിക്കുന്നു. ഈ വാക്യത്തിൽനിന്നു കുലശേഖര ബിരുദാലംകൃതനായ രാമവർമ്മരാജാവിന്റെ വലുതായ കാരുണ്യംനിമിത്തം പരിപൂരിതവിദ്യനായ ഗോദവർമ്മാവാണു് പ്രസ്തുത നാടകത്തിന്റെ പ്രണേതാവെന്നും അദ്ദേഹം ചതയം നാളിൽ ജനിച്ച ദേശിങ്ങനാട്ടു രാജവംശത്തിലെ ഒരു അംഗമാണെന്നും വിശദമാകുന്നു. ‘രാമവർമ്മാ’ എന്ന പേരിൽ പല കുലശേഖരന്മാരും കൊല്ലത്തും വേണാട്ടിലും ജീവിച്ചിരുന്നതിനാൽ അവരിൽ ആരാണു് കവിയുടെ പുരസ്കർത്താവെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ല. കേരളാശ്രയപുരം കേരളാതിച്ചപുരമായിരിക്കാം. അതു തിരുവനന്തപുരത്തിനു സമീപമുള്ള ഒരു ക്ഷേത്രമാണു്.
എന്നു കഥാവതാരകമായ ഒരു ശ്ലോകം സ്ഥാപനയിലുണ്ടു്. കേരളരാജാവു് ഏതു യുവതിയെയാണു് ബന്ദീകരിച്ചതെന്നും അറിയുന്നില്ല.
കവിതയിൽ യതിഭംഗാദിദോഷങ്ങളുണ്ടെങ്കിലും ആസ്വാദ്യതയ്ക്കു കുറവില്ല. വിദൂഷകാദിപാത്രങ്ങൾ സംസ്കൃതത്തിൽ സംഭാഷണം ചെയ്യുന്നു എന്നുള്ളതു് ഈ നാടകത്തിന്റെ വിശേഷങ്ങളിൽ ഒന്നാണു്. മൂന്നു ശ്ലോകങ്ങൾ ചുവടേ പകർത്തുന്നു.
വനചരൻ:
വിരഹതാപം:
മദ്ധ്യാഹ്നം:
ഗ്രന്ഥാവസാനത്തിലുള്ളാണു് താഴെക്കാണുന്ന ശ്ലോകം.
കൂടല്ലൂർ ബ്രഹ്മദത്തൻനമ്പൂരിപ്പാട്ടിലെ പുത്രൻ നീലകണ്ഠൻനമ്പൂരിപ്പാടു് ശ്രീവിഷ്ണുസഹസ്രനാമത്തിനു് ലഘുവിവരണമെന്നപേരിൽ വിപുലവും വിശിഷ്ടവുമായ ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. മേല്പുത്തൂർഭട്ടതിരിയുടെ പ്രക്രിയാസർവസ്വത്തെ വ്യാഖ്യാതാവു സ്മരിക്കുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം ഒൻപതാം ശതകത്തിനു മുൻപല്ലെന്നു തെളിയുന്നു. അടിയിൽ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിൽ ഉള്ളവയാണു്.
യജ്ഞേശ്വരനെന്ന പേരിൽ അവതരിച്ച മേഴത്തോൾ അഗ്നിഹോത്രിയുടെ കുടുംബമാണു് കൂടല്ലൂർമന എന്നും അതു നാഗശ്രേണി (നാറേരി) എന്ന ദേശത്തിലാണു് സ്ഥിതിചെയ്യുന്നതെന്നും ആ കുടുംബത്തിൽ നാരായണപണ്ഡിതന്റെ പൗത്രനും ബ്രഹ്മദത്തന്റെ പുത്രനുമായി താൻ ജനിച്ചു എന്നും അനവധി വ്യാഖ്യാനങ്ങൾ പരിശോധിച്ചതിനുമേലാണു് താൻ ലഘുവിവരണം നിർമ്മിച്ചതെന്നും ഉണാദിസൂത്രങ്ങളനുസരിച്ചു പാഠഭേദങ്ങൾക്കു ടിപ്പണി എഴുതേണ്ടിവരുമ്പോൾ താൻ പ്രക്രിയാ സർവസ്വത്തെയാണു് അവലംബിക്കുന്നതെന്നും നീലകണ്ഠൻ നമ്പൂരിപ്പാടു് ഈ ശ്ലോകങ്ങളിൽ ഉൽബോധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വ്യാകരണപാരീണത ഈ വ്യാഖ്യാനത്തിൽ എങ്ങും പ്രകാശിക്കുന്നുണ്ടു്.
കമലീനീകളഹംസം ആറങ്കത്തിലുള്ള ഒരു നാടകമാണു്. അതിന്റെ പ്രണേതാവു കൂടല്ലൂർ നീലകണ്ഠൻ നമ്പൂരിപ്പാട്ടിലെ തൃതീയപുത്രനായ നീലകണ്ഠൻ നമ്പൂരിപ്പാടാകുന്നു. അദ്ദേഹത്തിന്റെ പിതാവാണോ സഹസ്രനാമഭാഷ്യകാരൻ എന്നു നിശ്ചയമില്ല. ചന്ദ്രവർമ്മരാജാവിന്റെ പുത്രിയായ കമലിനിയെ കളഹംസൻ എന്ന രാജകുമാരൻ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിവൃത്തം. ഈ നാടകം രാജചൂഡാമണിദീക്ഷിതരുടെ കമലിനീകളഹംസത്തിൽനിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ. പ്രസ്താവനയിൽ നിന്നു താഴെക്കാണുന്ന ഭാഗങ്ങൾ ഉദ്ധരിക്കാം.
സൂത്രധാരൻ:
(പരിക്രമ്യാവലോക്യ) അയേ, അന്തസ്സംഭൃതമഹൽ കരുണാം കുരായമാണ കടാക്ഷവീക്ഷണക്ഷപിത സകലജനാംഹസഃ, നിഖിലഭക്തലോകസുഖസേവനായാർച്ചോപാധിമധിഷ്ഠിതസ്യ, അനന്താസനവരമലംകുർവാണസ്യ ഭഗവതോ ലക്ഷ്മീപതേര്യാത്രാപ്രസംഗേന സമാസാദിതസർവശാസ്ത്രപവിത്രീകൃതാന്തഃകരണാഃ, അനിർവ്യൂഢദുർവഹഗർവലേശാഃ, സർവദിഗന്തേഭ്യശ്ചോർവീദേ വാസ്സമാപതിതാഃ.”
പ്രസ്തുതനാടകം ആദ്യമായി അഭിനയിച്ചതു് അനന്താസനാധിഷ്ഠിതമായ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽവെച്ചാണെന്നു് ഇതിൽ നിന്നു വെളിപ്പെടുന്നു. താഴെക്കാണുന്നതു ഭരതവാക്യമാണു്.
ഇടയിൽ നിന്നു് ഒരു ശ്ലോകംകൂടി പകർത്താം. നായകൻ നായികയോടു്:
സുബാലാവജ്രതുണ്ഡം അഞ്ചങ്കത്തിലുള്ള ഒരു ചെറിയ നാടകമാകുന്നു. ആ നാടകത്തിന്റെ പ്രണേതാവു പ്രസ്താവനയിൽ തന്നെപ്പറ്റി ‘ശ്രീരാമനാമ്നാ നൃപഭുവാ’ എന്നു പറയുന്നു. തന്നിമിത്തം അദ്ദേഹം ക്ഷത്രിയനോ രാജപുത്രനായ അന്യജാതീയനോആയിരിക്കാമെന്നേ ഊഹിക്കുവാൻ നിവൃത്തികാണുന്നുള്ളു. ഗ്രന്ഥകാരന്റെ കാലദേശങ്ങളെപ്പറ്റിയും യാതൊരറിവും ലഭിക്കുന്നില്ല. അദ്ദേഹത്തിന്റെ ഇഷ്ടദേവത ശ്രീപരമേശ്വരനാണെന്നു മാത്രം അറിയാം. ഇതിവൃത്തം വളരെ രസകരമാണു്. വജ്രതുണ്ഡൻ എന്ന മൂഷികൻ സുബാല എന്ന മൂഷികസ്ത്രീയെ കാമിക്കുന്നു. അവർക്കു് അന്യോന്യാനുരാഗം പ്രവൃദ്ധമാകുന്ന അവസരത്തിൽ രക്താംഗൻ എന്നൊരു പാമ്പു സുബാലയെ ആമിഷീകരിക്കുന്നതിനായി അപഹരിച്ചുകൊണ്ടുപോകുന്നു. അതറിഞ്ഞപ്പോൾ വജ്രതുണ്ഡൻ ഒരു വലിയ മൂഷികസേനയെ സജ്ജീകരിച്ചു് അതിന്റെ സാഹായ്യത്തോടുകൂടി തന്റെ പ്രിയതമയെ വിമുക്തയാക്കുന്നു. ഒടുവിൽ വിഘ്നേശ്വരന്റെ വാഹനമായ മഹാമൂഷികൻ പ്രത്യക്ഷീഭവിച്ചു ദമ്പതിമാരെ അനുഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഇതിവൃത്തഗുംഫനത്തിൽ പ്രണേതാവിനു് എന്തു് ഉദ്ദേശമാണുണ്ടായിരുന്നതെന്നു വിശദമാകുന്നില്ല. പൊതുവേ അദ്ദേഹത്തിന്റെ കാലത്തെ നാടകകർത്താക്കന്മാരെ അവഹേളനം ചെയ്യുന്നതായി സങ്കല്പിക്കാമെന്നു തോന്നുന്നു. കവിതയ്ക്കു ഗണനീയമായ ശബ്ദാർത്ഥചമൽകാരമുണ്ടു്. ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
സൂത്രധാരൻ:
‘ഗൃഹമൂഷികകുലാലങ്കാരഭൂത’യായ സുബാലയുടെ സൗന്ദര്യവർണ്ണനമാണു് ഇതു്.
സൂര്യോദയം:
വജ്രതുണ്ഡൻ മഹാമൂഷികനോടു്:
ഭരതവാക്യം:
ചിത്രഭാനുവിന്റെ പൗത്രനും ഗൗതമഗോത്രജനും ഹരിദാസാപരനാമധേയനുമായ ശങ്കരൻനമ്പൂരിയുടെ യദുവീരോദയം നാടകത്തെപ്പറ്റി മുൻപു പ്രാസംഗികമായി പ്രസ്താവിച്ചിട്ടുണ്ടു്. ഈ നാടകത്തിന്റെ ആരംഭവും അവസാനവും കണ്ടുകിട്ടീട്ടില്ലാത്തതിനാൽ ഇതു് എത്ര അങ്കത്തിൽ നിബന്ധിച്ചിട്ടുള്ളതാണെന്നു പറയുവാൻ നിവൃത്തിയില്ല. നാടകം സാമാന്യം വലുതാണു്. കംസവധം, രുക്‍മിണീസ്വയംവരം, സ്യമന്തകം, ബാണയുദ്ധം മുതലായ കഥകൾ അടങ്ങീട്ടുള്ള ഭാഗങ്ങൾ ലഭിച്ചിട്ടുണ്ടു്. കവിത വിശിഷ്ടമാണു്. കവി പ്രസ്താവനയിൽ “മഹർഷിണാ പാരാശര്യേണ പര്യാപ്തഭാഗ്യേന ഭഗവതാ മഹാത്മനാ മഹാ ഭാരതപ്രബന്ധാദർശതലദർശിതനിഖിലനിഗമാർത്ഥസാരശരീരേണ ഭക്തിയോഗപ്രാധാന്യേന ചിത്തപ്രസക്തം ഭൂയോപിഭാഗവതം നാമ ശ്രീമൽപുരാണരത്നം നിരമായി” എന്നു ഭാഗവതപുരാണത്തേയും
എന്നും മറ്റും വേദവ്യാസനേയും പ്രശംസിക്കുന്നു. തന്റെ നിബന്ധത്തെപ്പറ്റി കവിക്കുള്ള ആശംസയാണു് അധോലിഖിതമായ ശ്ലോകത്തിൽ സ്ഫുരിക്കുന്നതു്.
ഒന്നുരണ്ടു ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം. അക്രൂരൻ നന്ദനെപ്പറ്റി:
ക്രോധാവിഷ്ടനായ രുക്‍മി:
മേല്പുത്തൂർ ഭട്ടതിരിയെ അനുകരിച്ചു പല ചമ്പൂപ്രബന്ധങ്ങളും ചാക്യാന്മാരുടേയും പാഠകന്മാരുടേയും ഉപയോഗത്തിനായി പില്ക്കാലത്തുള്ള കവികൾ രചിച്ചിട്ടുണ്ടു്. അവരിൽ അനേകം പേർ അജ്ഞാതനാമാക്കളാണു്. ആ കൂട്ടത്തിൽപ്പെട്ട ചിലരുടെ ചമ്പുക്കളെപ്പറ്റി കുറഞ്ഞൊന്നു് ഇവിടെ പ്രസ്താവിക്കാം.
ഇതു കുമാരസംഭവം ഒന്നുമുതൽ മൂന്നു വരെ സർഗ്ഗങ്ങളിലുള്ള ഇതിവൃത്തത്തെ വിഷയീകരിച്ചും ആ കാവ്യത്തെ ആമൂലാഗ്രം അനേകവിധത്തിൽ ഉപജീവിച്ചും രചിച്ചിട്ടുള്ള ഒരു പ്രബന്ധമാകുന്നു. കവിത ഗുണഭൂയിഷ്ഠമാണു്. ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
ശിവന്റെ തപസ്സു്:
“തത്ര ച സകലധരണീധരസാധാരണേതരസുരധോരണീധാരണമഹിമഗർവിതസ്യ ഹിമപർവതസ്യ, ബഹുവിധതരുനികരശിഖരപരിഗളിതസുരഭിപരിമണ്ഡലസ്യ …കസ്യചന മഹീയസോ ദേവദാരുമഹീരുഹസ്യ സുഭഗഭിത്തി ഭാഗാം അക്ഷതരുചിതരക്ഷുചർമ്മപരിഷ്കൃതാം വിതർദ്ദികാം പ്രസാധയന്തം, ദൃഢഘടിതപര്യങ്കബന്ധബന്ധുരസാവഷ്ടം ഭസമവസ്ഥാനസുസ്ഥിരീകൃതാപവക്ത്രപൂർവകായം… അന്തശ്ചരമരുദുപരോധനിശ്ചലനിഷ്പന്ദം, നിവാതനിഹിതമിവ ദീപാംകുരം, അനുത്തരംഗമിവ തരംഗമാലിനം, അമരുദാടോപമിവ ശരദം ബുവാഹമവനതജനക്ഷേമകരമഹിതജനഭയങ്കരമംഗീകൃതതപോദീക്ഷം വിരൂപാക്ഷമദ്രാക്ഷീൽ.”
കാളിദാസന്റെ പല ആശയങ്ങളും അനുസ്യൂതമായി അപഹരിച്ചിരിക്കുന്ന ഈ പ്രബന്ധത്തിന്റെ പ്രണേതാവു മേല്പുത്തൂരല്ലെന്നു ഖണ്ഡിതമായിത്തന്നെ പറയാവുന്നതാണു്.
ഇതും ഏതോ കേരളീയൻ രചിച്ച ഒരു ചമ്പുവാണെന്നു പറയാമെന്നല്ലാതെ മറ്റൊന്നും നിർണ്ണയിക്കുവാൻ സാധിക്കുന്നില്ല. കവിത കാമദേവദഹനത്തെക്കാൾ ഉൽകൃഷ്ടമാണു്. മാതൃക കാണിക്കുവാൻ കുറേ ഭാഗങ്ങൾ ചുവടേ ചേർക്കാം.
“സ ച സകലദനുജകുലകലശജലധിശിശിരകരഃ, പരതരവരവിതരണചതുരപുരമഥനചരണകമലപരിചരണതൽപരഃ, സുരനരമുഖനിഖിലജനനിഷേവ്യമാണപ്രശസ്തതരപ്രദോഷതാണ്ഡവകുണ്ഡലിഗണമണ്ഡിത ഖണ്ഡപരശുപരിസരപരിലസിതവര മൃദങ്ഗസന്താഡന ജനിതഘനനിനദസന്താനനിഗമനതോതൂഷ്യമാണ സുരാസുരസിദ്ധവിദ്യാധരഗന്ധർവഭൂതമാതൃമുഖ നിഖിലപുരരിപു പാർഷദാനനഗളിതവചന ലാളിത യതനനികരഃ വരപ്രതിഗ്രഹപ്രചോദനകരപുരരിപുകാരി തനിജപുരഗോപുരപരിപാലനാനഭ്യാശീകൃതാതിബലരിപുനികരദരഃ, സന്തതഗണ്ഡതലവാന്തമദജലാസിക്തധരാന്തരാളദിഗന്തദന്താവള ദന്തകുന്തപരീക്ഷിതബലനിരതിശയശയപ്രകരഃ,
ഹരവരപ്രാപ്തിപ്രവൃദ്ധദുർവാരഗർവഃ, വിമാനചാരിണോ വിമാനയൻ, പുരന്ദരസ്യാപി പുരം ദാരയൻ, യമമപിനിയമയൻ, പ്രചേതസമപി വിചേതസംകുർവൻ, സമീരണസ്യാപി ദുരീരണതാമാരചയൻ, മനുഷ്യധർമ്മാണമനുജ്ഝിതസ്വനാമാർത്ഥം സമർത്ഥയൻ, പുരമഥനമപി പുരപാലമാകലയൻ, സഹസ്രകരമപിസ്വകരസഹസ്രൈർന്നിരസ്താസ്ത്രനികരം വിരചയൻ, അതിപ്രവൃദ്ധപ്രബലതരഭുജമണ്ഡലകണ്ഡൂയനാസഹതയാ ഗിരിവരാനപി കരനിഹതിഭിസ്സംചൂർണ്ണയൻ, കദാചനകുമതിതതിശേഖരഃ കുടിലശശികലാശേഖരം നിടിലനയനദഹനനിർദ്ദഗ്ദ്ധപുരത്രിതയം ത്രിലോചനമാസാദ്യ … … …”
അനിരുദ്ധൻ:
ഇതു കുമാരസംഭവം അഞ്ചു മുതൽ ഏഴുവരെ സർഗ്ഗങ്ങളിൽ അടങ്ങീട്ടുള്ള കഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഒരു ചമ്പുവാകുന്നു. ഇതിലും കാമദേവദഹനം ചമ്പുവിലെന്നപോലെ കാളിദാസന്റെ ആശയങ്ങൾ പലതും പകർന്നിട്ടുണ്ടു്. രണ്ടും ഒരു കവിയുടെ കൃതികളായിരിക്കാം.
എന്ന ശ്ലോകംതന്നെ അത്തരത്തിലുള്ള സാഹിത്യോപജീവിത്വത്തിനു മകുടോദാഹരണമാണു്.
എന്ന ശ്ലോകത്തിൽ ഭാഷാനൈഷധചമ്പുവിലെ “ലോഹിതദ്യുതി കലർന്നുമേവിന കുടന്നകൊണ്ടു ദമയന്തിയാൽ” എന്ന ശ്ലോകത്തിന്റെ പ്രത്യക്ഷമായ അനുകരണം കാണുന്നു. ഇങ്ങനെയുള്ള ചില ഭാഗങ്ങൾ തട്ടിക്കഴിച്ചുനോക്കിയാൽ കവിത ആസ്വാദ്യമാണെന്നുതന്നെ പറയണം. നോക്കുക.
വടുരൂപിയായശിവൻ തപസ്വിനിയായ പാർവതീദേവിയോടു്:
ഗദ്യം: “ക്രമേണ ച സമായാതി മുഹൂർത്തദിവസേ, സമാഗച്ഛദപരശിഖരിനികരനിവേദ്യമാനനിജനിജസാനുസുലഭപദാർത്ഥജാതപരിപൂര്യമാണഭവനോദരഃ, സതതവിധീയമാനഗതാ ഗതജനകദംബസംബാധപിഷ്ടകടകപടുനികരപരിഗളിതകന കധൂളീധൂസരീക്രിയമാണചതുർദ്ദ്വാരഭൂമിഃ, ചിത്തനിഹിതവസ്തുജാതസമധികാപ്തിമുദിത ഹൃദയവസുധാദേവജാലജോഘുഷ്യമാണവിവിധാശീർവചനഃ, സമാഹിതപുരോഹിതസമാരബ്ധശാന്തികപൗഷ്ടികഃ, മാഗധകുലഗീയമാനമംഗലസ്തോത്രപഞ്ചികാപ്രപഞ്ചഃ, കഠിനാനകകോണദൃഢസമാഹന്യമാനപടുപടഹമുരവഢക്കാദിവിവിധവാദ്യനിധ്വാനനിർവിവരീകൃതഹരിദന്തരാളഃ, പുരന്ദരപുരസുന്ദരീവൃന്ദനിവർത്ത്യമാനമംഗലനൃത്തഃ, ജോഗീയമാനകിന്നര:, മോമുദ്യമാനവിദ്യാധരഃ, പാപച്യമാനപരമാന്നഃ, ബോഭുജ്യമാനാതിഥിഃ, പോപുഷ്യമാണകോലാഹലഃ, സർവമങ്ഗലാവിവാഹോത്സവസമാരംഭസംഭ്രമോ ജരീജൃംഭതി സ്മ.”
ഗൗരീപ്രസാധനം:
വിവാഹവേഷധരനായ ശിവൻ:
എന്ന ശ്ലോകംകൊണ്ടു് ആരംഭിക്കുന്ന ഒരു ഭാരതചമ്പുവിന്റെ ആദ്യത്തെ ഏതാനും ഭാഗങ്ങൾ കോച്ചാമ്പിള്ളിമഠത്തിൽ രാമൻ നമ്പിയാർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു കഥാപ്രവചനത്തിനു വേണ്ടി മേല്പുത്തൂർ ഭട്ടതിരി രചിച്ചതെന്നാണു് ഐതിഹ്യം. അതു കൂടാതെ പശ്ചാൽകാലികനായ ഏതോ ഒരു കവി തന്റേയും ഇതരകവികളുടേയും പദ്യഗദ്യങ്ങളെ സങ്കലനം ചെയ്തു നിർമ്മിച്ച മറ്റൊരു ഭാരതചമ്പുകൂടി കാണുന്നുണ്ടു്. ആ ചമ്പുവിലെ ആദ്യത്തെ രണ്ടു ശ്ലോകങ്ങളാണു് അടിയിൽ പ്രദർശിപ്പിക്കുന്നതു്:
രണ്ടു ചമ്പുക്കളും ചന്ദ്രവംശോൽപത്തി മുതൽക്കാണു് ആരംഭിക്കുന്നതു് എന്നു മേലുദ്ധരിച്ച ശ്ലോകങ്ങളിൽനിന്നു വിശദമാകുന്നുണ്ടല്ലോ. ദൂതവാക്യം മുതലായ ഘട്ടങ്ങളിൽ ഭട്ടതിരിയുടെ വാങ്മയംമാത്രമേ ഉദ്ധരിച്ചു കാണുന്നുള്ളു എങ്കിലും മറ്റും ചില ഘട്ടങ്ങളിൽ വേറെ ശ്ലോകങ്ങളാണു് രചിച്ചുചേർത്തിരിക്കുന്നതു്. “ഭോ ഭോ ഭൂപാലവീരാശ്ശൃണുത മമ ഗിരം കാമമേതേ ഭവന്തഃ” എന്ന ഭട്ടതിരിയുടെ പാഞ്ചാലീസ്വയംവരത്തിലെ ധൃഷ്ടദ്യുമ്നവാക്യരൂപമായ ശ്ലോകത്തിന്നു പകരം
എന്ന ശ്ലോകം ഘടിപ്പിച്ചിരിക്കുന്നു.
അജ്ഞാതനാമാവായ ഏതോ ഒരു കവിയുടെ കൃതിയാണു് വൃകാസുരവധം ചമ്പു. മറ്റു് അനേകം ചമ്പുക്കൾപോലെ ഇതും മധുരമായിട്ടുണ്ടു്.
നാരദൻ വൃകനോടു്:
വൃകന്റെ ശിവസ്തുതി:
“ഹര ഹരാഹരഹരാഗതം രാഗതന്തുസന്തതം സന്തതം മമത്വം മമ ത്വങ്ഗദുത്തുങ്ഗകോടീര കോടീരഭസവിസരദമരഗങ്ഗാതരങ്ഗാളിസംക്ഷാളിതാമൃതകരബാലക! കരവാളകളായകജ്ജളകാളകണ്ഠ! കാളകണ്ഠസമുദഞ്ചിതപഞ്ചമസ്വരസുമധുരസ്വരസമധുരനുതിവചന മുഖരമുഖര ചിതാഞ്ജലിബന്ധന” ഇത്യാദി. ഇതൊരു വിശിഷ്ടമായ ശൃംഖലാഗദ്യമാണു്.
വടുരൂപിയായ വിഷ്ണു വൃകനോടു്:
നാരദമോഹനം ചമ്പുവിന്റെ പ്രണേതാവും ആരെന്നറിഞ്ഞുകൂടാ. പതിനാറായിരത്തെട്ടു സുന്ദരിമാരുടെ ഭർത്താവായ ഭഗവാൻ ശ്രീകൃഷ്ണൻ എങ്ങനെ ദ്വാരകയിൽ കഴിഞ്ഞുകൂടുന്നു എന്നു പരീക്ഷിക്കുവാൻ ചെന്ന നാരദമഹർഷിയെ സ്നാനം ചെയ്യുമ്പോൾ ഒരു കന്യകയാക്കി സിന്ധുരാജാവിനെക്കൊണ്ടു വിവാഹം ചെയ്യിച്ചു് ആ ദാമ്പത്യത്തിന്റെ ഫലമായി പല സന്താനങ്ങൾക്കും മാതാവാക്കി ഒടുവിൽ ഒരു വനചരനെക്കൊണ്ടു് ആ രാജാവിനെ വധിപ്പിച്ചു വൈധവ്യം വന്ന ആ യുവതിയെ ജേതാവിനെക്കൊണ്ടു് പാണിഗ്രഹണം ചെയ്യിക്കുമെന്നുള്ള ഘട്ടംവരെ എത്തിച്ചു തന്റെ മായയെ അതിന്റെ സമഗ്രമായ രൂപത്തിൽ പ്രദർശിപ്പിക്കുന്നതാണു് നാരദമോഹനത്തിലെ കഥ. ഭട്ടതിരിയുടെ പ്രബന്ധങ്ങളിൽ അവഗാഹമുള്ള ഒരു കവിയാണു് ഈ കൃതി രചിച്ചതെന്നു മാത്രം പറയാം. ഭട്ടതിരിയുടേതാണെന്നു പറയത്തക്കവണ്ണമുള്ള ഗുണം കവിതയ്ക്കില്ല. പ്രസ്തുത ചമ്പു ഇങ്ങിനെ ആരംഭിക്കുന്നു.
മൂന്നു ശ്ലോകങ്ങളും ഒരു ഗദ്യവും കൂടി ഉദ്ധരിക്കാം.
ബ്രഹ്മാവു നാരദനോടു്:
ജ്ഞാതജ്ഞേയനായ നാരദൻ:
ഗദ്യം: “തതശ്ച തൽപരിക്ഷാകാംക്ഷീ സ ഖലു പാരികാംക്ഷീവിവിധമണികൃതവിശ്വോൽ കൃഷ്ടരാമണീയകം വിശ്വകർമ്മനിരതിശയകരചാതുരീനികഷോപലരീതിമൂരീകർവാണം രുക്‍മിണീഭവനം പ്രവിശ്യ, തത്ര ച മൗലീകൃതകാളമേഘപാളീലാളിത്യാഭിമാനകാന്തി സന്ദോഹനികുരുംബിതദിശാകദംബകം, ഭാസ്വരതര പരാർദ്ധ്യമണി ഗണഘടിത മകുടകടകകടിസൂത്രാദി മണ്ഡനപ്രകാണ്ഡ മണ്ഡനായമാന സമസ്താവയവം, കുന്ദധവളിമമന്ദത്വാവഹലളിതഹസിതകന്ദളീമിളിതൈഃ പുരുദയാമൃതോക്ഷി തൈരീക്ഷിതൈഃ ശിശിരീകൃതഭക്തലോകഹൃദയം, പ്രദ്യുമ്നാദിഭിരാത്മനോ ഽനുചരമാണൈരാത്മജൈസ്സഹ വിഹരമാണമനിതരസാധാരണനിഖില ഗുണ ഗണധാമാനം ദാമോദരമാമോദ ഭരാകുലമതിരാലോകയതി സ്മ.”
ഈ പ്രബന്ധം ചിലഭാഷാ ചമ്പുക്കൾപോലെ കവി വയസ്യനെ ആഹ്വാനം ചെയ്തുകൊണ്ടു ആരംഭിക്കുന്ന ഒന്നാണു്.
എന്ന ശ്ലോകം നോക്കുക. രണ്ടു ശ്ലോകങ്ങൾമാത്രം ചുവടെ ചേർക്കുന്നു.
ഭാഷാചമ്പുക്കളെ അനുസരിച്ചു “തദനന്തരമിഹ കുരുപുരവീരാഃ കുന്ദപ്രതിഭടമന്ദസ്മിതരുചിസുന്ദരഹലധര വദനസരോരുഹ നിസ്സരദുരുതര കരുണാ സാഗര കല്ലോലായി തവാണീമേനാം” എന്നിങ്ങനെ ആരംഭിക്കുന്ന ഒരു ഗദ്യവും കവി പ്രസ്തുതകൃതിയിൽ ഘടിപ്പിച്ചിട്ടുണ്ടു്.
ശ്രീകൃഷ്ണൻ സുദർശനത്തെ പ്രേക്ഷിപ്പിച്ചു സർപ്പഗ്രസ്തനായ നന്ദഗോപനെ മോചിപ്പിക്കുന്നതാണു് ഈ ചമ്പുവിലെ വിഷയം. ഇതിലും അംബരീഷചരിതത്തിലും തൃണാവർത്തവധത്തിലും ലക്ഷണാസ്വയംവരത്തിലെന്നപോലെ ഭാഷയിലെ തരങ്ഗിണീച്ഛന്ദസ്സിലുള്ള ഗദ്യം കാണ്മാനുണ്ടു്.
എന്ന ഒരു ശ്ലോകംമാത്രം ഇതിൽനിന്നുദ്ധരിക്കുന്നു.
അംബരീഷ ചരിതത്തിന്റെ മാതൃകയും കാണേണ്ടതാണല്ലോ.
ഈ രണ്ടു ശ്ലോകങ്ങളും ആ ചമ്പുവിൽ ഉൾപ്പെട്ടവയാണു്.
സാമാന്യം നല്ല ഒരു ചമ്പുവാണു് തൃണാവർത്തവധം. ഇതിൽ “അനന്തരം ച കംസവചനശ്രവണമുദിതസ്വാന്തഃ സ്വാന്തായ തായമാനരോഷാവേശകലുഷിതേക്ഷണഃ ക്ഷണാദാദൃതഘോരതരചക്രവാതാകൃതിഃ കൃതസകല സൽപഥവിനാശനായാശനായകലിതനിഹതമനുജകുലഃ” എന്നിങ്ങനെ ശൃംഖലാരൂപത്തിൽ ആരംഭിക്കുന്ന ഒരു മനോഹരമായ ഗദ്യമുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങളും ഈ ചമ്പുവിൽ ഉള്ളവതന്നെ.
അത്യന്തം ചമൽക്കാരപൂർണ്ണമായ ഒരു ചമ്പുമാണു് കൂർമ്മാവതാരം. ഈ ചമ്പു മേല്പുത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങളുടെ കൂട്ടത്തിൽ ആരും ഉൾപ്പെടുത്തിക്കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കൃതിയാണോ എന്നു സഹൃദയന്മാർ സംശയിക്കാവുന്ന വിധത്തിലുള്ള കവനകലാകൗശലവും വ്യാകരണപാണ്ഡിത്യപ്രകർഷവും ഇതിൽ ആപാദചൂഡം അനുസ്യൂതമായി കളിയാടുന്നു. ചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.
ഗദ്യം: “തസ്മിന്നവസരേ സുരാസുരാണാം പരസ്പരപ്രഹരണസംഘട്ടിതസ്ഫുടിതകരാളകരവാളജാതജാതവേദഃ സ്ഫുലിങ്ഗപൂരതാരകിതവിയദന്തരേഷു, ദന്തകന്തപ്രോതപ്രഭൂതദനുജഭടാന്ത്ര ദാമസന്ദർശിതകൃതാന്തനഗരതോരണമാലാവിലാസവലമാനവലമാഥിമാതംഗേഷു, തുങ്ഗതരധരണിധരശൃങ്ഗനിസ്സംഗനിരിത്വരധാതുരസധോരണീസാധാരണീകരണധുരന്ധര കബന്ധ ഗളരന്ധ്ര നിരന്തര പരിഗളിത ശോണിതവേണീശോണീകൃത സുരതരങ്ഗിണീ പ്രവാഹേഷു, ഹാടക മഹീധര കന്ദര പ്രസ്തര നിരുപദ്രവ നിദ്രായമാണ ഹരിണാരി ഗണനിദ്രാവിദ്രാവണ വിദ്യാപടുതമ പടഹപടല പടപടായിത പാടിത ബ്രഹ്മാണ്ഡ ഭാണ്ഡോദരേഷു, പ്രതിദിനം പ്രതായമാനേഷു പ്രധാനേഷു … ദിവസകരമിവ കമലാകരമർദ്ദന പ്രബുദ്ധം, സുകവി പ്രബന്ധമിവ രസോപലാളിതപദം, വ്യാകരണ പ്രകരണ മിവാഗമവചന പ്രത്യയകാരക പ്രകൃതി മഹിത രൂപാവതാരം, മധുദ്വേഷിണമപി സേവിത പ്രസന്നം ഭുജഗേശയാനമപി പതഗേശയാനം, ദീനശരണമപി നദീനശരണം, ചരണ നളിന നതജനതാ പരിതാപഹരണൈക പരായണം നാരായണം ശരണമയാസീൽ.”
ഈ ചമ്പുവിലെ വിഷയം സോമവാരവ്രതമാഹാത്മ്യമാണു്. കുഞ്ചൻനമ്പിയാരുടെ ശിവപുരാണത്തിനു പ്രചാരം സിദ്ധിച്ചതിനുമേലായിരിക്കുമോ ഇതിന്റെ നിർമ്മിതി എന്നു സംശയിക്കുന്നു. അങ്ങനെയാണെങ്കിൽ ഇതു കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ആവിർഭവിച്ചതായി സങ്കല്പിക്കാം. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.
മറ്റൊരു ശ്ലോകംകൂടി ചേർക്കാം.
കവിതയ്ക്കു പറയത്തക്ക ചമൽക്കാരമില്ല.
മേല്പുത്തൂർ ഭട്ടതിരിയുടെ സ്യമന്തകപ്രബന്ധം പ്രസിദ്ധമാണല്ലോ. കൊല്ലം പത്താം ശതകത്തിൽ മറ്റൊരു ചെറിയ ചമ്പുകൂടി അതേ വിഷയത്തെ അധികരിച്ചു് ആരോ രചിച്ചതായിക്കാണുന്നു. അതിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
സന്താനഗോപാലകഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള കേരളീയസംസ്കൃതചമ്പുക്കളിൽ അശ്വതി തിരുനാൾ ഇളയതമ്പുരാന്റെ പ്രബന്ധത്തിനാണു് അഭ്യർഹിതത്വം എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. എന്നാൽ അതു കൂടാതെ അതേ പേരിൽ മറ്റൊരു ചെറിയ പ്രബന്ധവും കാണ്മാനുണ്ടു്. അതാണു് കഥാപ്രവചനത്തിനു ചാക്കിയാന്മാരും മറ്റും ഉപയോഗിക്കുന്നതു്. ഭാഷാചമ്പുക്കളുടെ രീതിയിൽ ഒരു ലോകോക്തിയും അതിന്റെ സമർത്ഥനവും കൊണ്ടാകുന്നു ഗ്രന്ഥത്തിന്റെ ഉപക്രമം.
ഏഴു ശ്ലോകങ്ങൾ മാത്രമേ ഈ പ്രബന്ധത്തിലുള്ളു. ഗദ്യമില്ല. ഒരു ശ്ലോകംകൂടി പകർത്താം.
കവിത, സംഗ്രഹണം നിമിത്തമായിരിക്കാം, ആകർഷകമായി കാണുന്നില്ല.
ഹനൂമദപദാനം എന്ന പേരിൽ സാമാന്യം ദീഘമായ ഒരു ചമ്പുവുണ്ടു്. ഒരു കേരളീയനായിരിക്കാം അതിന്റെ കർത്താവെന്നു് ഊഹിക്കുവാനല്ലാതെ ഉറപ്പിച്ചു പറയുവാൻ വേണ്ട തെളിവില്ല. ഹനൂമാന്റെ ജനനം മുതല്ക്കുള്ള സകല സംഭവങ്ങളും പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. കൗമാരവിലസിതം, നയവിലസിതം, സീതാന്വേഷാദിവിലസിതം എന്നിങ്ങിനെ മൂന്നു വിലസിതങ്ങളായി ഗ്രന്ഥം വിഭക്തമായിരിക്കുന്നു. കവിതയ്ക്കു നല്ല ഓജസ്സും പ്രസാദവുമുണ്ടു്.
എന്ന ശ്ലോകം ആരംഭത്തിലുള്ളതാണു്. ഒരു ഗദ്യത്തിൽ ചില പങ്ക്തികളും രണ്ടു ശ്ലോകങ്ങളും ഉദ്ധരിക്കാം.
രാവണൻ:
“പ്രാദുർഭുത ഏവ തസ്മിൻ ജഗദവിതരി സവിതരീവിപരേ പ്രതിഹതിരഹിതപ്രതാപപ്രസരണസരണിനിരസ്തനിഖിലഭുവനവിമതസന്തമസേ വിംശദ്ഭുജാവലേപദലാതേന കുലിശേന തദ്ഭുജസമസമാഘാതസമുചിതാഭംഗുരസ്ഥാനസംസ്ഥാപിതാനാമിവനിജാംഗാനാം രുചിരകരചരണാന്തഖർവേതരാണാം ഖരാണാം നഖരാണാം മയൂഖജാലേന അദരിദ്രവദ്രുമച്ഛേദസച്ഛായലളിതലപനവിലസദതിരുചിരമരീചിമാല യാക്ഷേമാംകരവീരപ്രരോഹപരിതുഷ്ടസുരനരവർഗ്ഗവി തീർണ്ണയോർന്നിജകബളാംശയോർജ്ജൈവാതൃകശകലയോരിവ …”
വായു:
രാക്ഷസയുവതികൾ:
ഹനൂമാനെപ്പറ്റി ജനങ്ങൾ:
സുപ്രസിദ്ധമായ ഉദയനചരിതത്തെ വിഷയീകരിച്ചു വത്സരാജപ്രബന്ധം എന്നൊരു ചമ്പുവും വായിച്ചിട്ടുണ്ടു്. അങ്കം എന്ന പേരിൽ അതു പല ഖണ്ഡങ്ങളായി വിഭക്തമായിരിക്കുന്നു. എട്ടാമങ്കത്തിന്റെ ആരംഭംവരെ കണ്ടിട്ടുണ്ടു്. കേരളീയമാണു് കൃതിയെന്നു തോന്നുന്നു. പ്രണേതാവിനെപ്പറ്റി യാതൊന്നും അറിയുന്നില്ല. മൂന്നു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
അശ്വതി തിരുനാൾ ഇളയതമ്പുരാന്റെ കാർത്തവീര്യവിജയത്തിനു പുറമേ മറ്റൊരു കാർത്തവീര്യവിജയം ചമ്പുകൂടി കണ്ടിട്ടുണ്ടു്. അതും കേരളീയമാണെന്നു തോന്നുന്നു. പ്രണേതാവിനെപ്പറ്റി ഒന്നും അറിവില്ല. പ്രസ്തുതകൃതി ഇങ്ങനെ ആരംഭിക്കുന്നു.
രാവണന്റെ വീരവാദം:
വളരെ വിശിഷ്ടമാണു് ഈ കവിത.
ഇതു് അതേ വിഷയത്തെത്തന്നെ അധികരിച്ചുള്ള മറ്റൊരു ചമ്പുവാണു്. ഈ ചമ്പുവും കേരളീയമാണെന്നു സങ്കല്പിക്കാം. ഇതും വിശിഷ്ടമായ ഒരു പ്രബന്ധംതന്നെ. മൂന്നു സ്തബകങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
ഗാജേന്ദ്രമോക്ഷം ഒരു ചെറിയ ചമ്പുവാണു്.
എന്നിങ്ങനെയാണു് ആ പ്രബന്ധം ആരംഭിക്കുന്നതു്. ത്രികൂടവർണ്ണനപരമായ ഒരു പദ്യംകൂടെ ചുവടേ ചേർക്കുന്നു.
അത്യന്തം മനോഹരമായ ഈ സ്തോത്രം ആരു് ഏതു കാലത്തുണ്ടാക്കിയതാണെന്നു് അറിയുന്നില്ല. ഭട്ടതിരിയെ അപേക്ഷിച്ചു് അർവാചീനനാണു് കവി എന്നു തോന്നുന്നു.
വിശ്വാമിത്രഗോത്രജനായ തെക്കേപ്പാട്ടു ജാതവേദൻ നമ്പൂരിപ്പാടു് പ്രബോധചന്ദ്രോദയത്തിന്റെ വഴിപിടിച്ചു പൂർണ്ണപുരുഷാർത്ഥ ചന്ദ്രോദയം എന്നൊരു നാടകം നിർമ്മിച്ചിട്ടുണ്ടു്. ദശാശ്വൻ എന്ന രാജാവു് ആനന്ദപക്വവല്ലിയെ വിവാഹം ചെയ്യുന്നതാണു് വിഷയം. ദശാശ്വൻ എന്നാൽ ‘ജീവാത്മാവു്’ എന്നർത്ഥം. കവിയുടെ ജീവിതകാലമേതെന്നു് അറിയുന്നില്ല. ‘ശ്രീമദ്വേന്നനാടഗ്രാമബിസിനീസംഭവേഷു പ്രഥിതാഷ്ടഗൃഹാബ്ജേഷു’ എന്നും മറ്റും അദ്ദേഹം സ്വകുലത്തെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. അഷ്ടഗൃഹത്തിൽ ആഢ്യന്മാരുടെ കുടുംബങ്ങളിൽ ഒന്നാണു് തെക്കേപ്പാട്ടുമന. അതു തിരുവേഗപ്പുറയിലാണ് സ്ഥിതിചെയ്തിരുന്നതു്.
എന്നുകൂടി തന്നെപ്പറ്റിയും അദ്ദേഹം ചില വിവരങ്ങൾ നമുക്കു നല്കുന്നുണ്ടു്. കവി ചോമാതിരിയായിരുന്നു എന്നും പാർവതി എന്നായിരുന്നു അദ്ദേഹത്തിന്റെ പത്നിയുടെ പേരെന്നും പരമേശ്വരൻ എന്നു് അദ്ദേഹത്തിന്നു് ഒരു ജ്യേഷ്ഠൻ ഉണ്ടായിരുന്നു എന്നും ജാതവേദൻ ഒടുവിൽ സന്യാസാശ്രമം സ്വീകരിച്ചു എന്നും നാം തദ്ദ്വാരാ ധരിക്കുന്നു.
വാസുദേവചരിതം എന്ന പേരിൽ കേരളീയകൃതമായ ഒരു മഹാകാവ്യത്തിന്റെ ദശമസർഗ്ഗാന്തം വരെയുള്ള ഭാഗം കണ്ടുകിട്ടീട്ടുണ്ട്. കവിയുടെ കാലവും പേരും അറിയുന്നില്ല.
എന്ന വന്ദനശ്ലോകത്തിൽനിന്നു് അദ്ദേഹം കുമാരനല്ലൂർക്കാരനായ ഒരു നമ്പൂരിയാണെന്നുമാത്രം ഊഹിക്കാം. ഭൂമിദേവി ബ്രഹ്മാവിനോടു തന്റെ സങ്കടം നിവേദനം ചെയ്യുന്നതുമുതൽ രുക്‍മിവധം വരെയുള്ള കഥ ഭാഗവതം ദശമസ്കന്ധത്തെ അനുസരിച്ചു വർണ്ണിച്ചിരിക്കുന്നു. കാവ്യം ഏറ്റവും മനോഹരമാണു്. പ്രഥമസർഗ്ഗത്തിൽ ലബ്ധമായ ഭാഗത്തിൽനിന്നു ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം.
കൃഷ്ണാവതാരഘട്ടത്തിലെ കേശാദിപാദവർണ്ണനമാണിതു്. പൂതനാമോക്ഷസന്ദർഭത്തിലുള്ള ഒരു ശ്ലോകം പ്രദർശിപ്പിക്കാം.
സപ്തമസർഗ്ഗത്തിലെ ദ്വാരകാവർണ്ണനത്തിൽ നിന്നുകൂടി രണ്ടു ശ്ലോകങ്ങൾ പകർത്താം.
നാരായണീയത്തെ അനുകരിച്ചു് ഗുരുവായൂരപ്പനെ അഭിസംബോധനം ചെയ്തുകൊണ്ടു് ഏതോ ഒരു കവി നാനൂറ്റിൽചില്വാനം ശ്ലോകങ്ങളിൽ, സ്രഗ്ദ്ധരാവൃത്തത്തിൽ രചിച്ചിട്ടുള്ള ഒരു ഭാഗവതസംങ്ഗ്രഹസ്തോത്രമാണു് കൃഷ്ണീയം. ഒടുവിൽ വസന്തതിലകത്തിൽ ഭക്തിമാർഗ്ഗത്തിന്റെ പാരമ്യത്തെ സ്ഥാപിക്കുന്നതിനായി കുറെ ശ്ലോകങ്ങൾ ചേർത്തിട്ടുണ്ടു്. കൃഷ്ണീയമെന്നുള്ള പേർ ഗ്രന്ഥത്തിനു നല്കാനുള്ള കാരണം അദ്ദേഹം തന്നെ.
എന്ന ശ്ലോകത്തിൽ വിശദീകരിക്കുന്നു.
എന്നതാണ് ആദ്യത്തെ പദ്യം. അതിനും നാരായണീയത്തിലെ “സാന്ദ്രാനന്ദാവബോധാത്മകം” എന്ന പദ്യത്തിനും തമ്മിലുള്ള ജന്യജനകഭാവം പ്രത്യക്ഷമാണല്ലോ. ആ പരമാർത്ഥം അദ്ദേഹം,
എന്ന പദ്യത്തിൽ സമ്മതിച്ചിട്ടുണ്ടു്. ഇടയ്ക്കുനിന്നു് ഒരു ശ്ലോകം കൂടി പ്രദർശിപ്പിക്കാം.
കവിതയ്ക്കു വലിയ മെച്ചമൊന്നുമില്ല.
ഈ കാവ്യം രണ്ടു സർഗ്ഗത്തോളമേ കിട്ടീട്ടുള്ളു. പ്രാണേതാവിനെയോ പ്രാദുർഭാവകാലത്തേയോ പറ്റി യാതൊന്നും അറിഞ്ഞുകൂടാ. കവിതയ്ക്കു സ്വാരസ്യമുണ്ടു്.
ഇതു ഹർഷദേവന്റെ പ്രസിദ്ധമായ രത്നാവലീനാടികയിലെ ഇതിവൃത്തം സംക്ഷേപിച്ചു ബ്രഹ്മദത്തൻ എന്ന നമ്പൂരി രചിച്ചിട്ടുള്ള ഒരു കാവ്യമാണു്. കവിയെയോ അദ്ദേഹത്തിന്റെ കാലത്തെയൊ പറ്റി യാതൊരറിവുമില്ല.
വളരെ നല്ല ഒരു കാവ്യമാണു്. മുഴുവൻ കിട്ടീട്ടില്ല.
പ്രവരസേനന്റെസുപ്രസിദ്ധമായസേതുബന്ധം അഥവാ രാവണവധം എന്ന പ്രാകൃതകാവ്യത്തിനു ദീപം എന്ന പേരിൽ കേരളീയമായ ഒരു വ്യാഖ്യാനമുണ്ടു്. അതു സുബ്രഹ്മണ്യൻ എന്നു കൂടി പേരുള്ള ദേവരാതൻ എന്ന ഒരു നമ്പൂരിയുടെ കൃതിയാണു്. അദ്ദേഹം ഏതോ ഒരു കൊച്ചി മഹാരാജാവിന്റെ ആശ്രിതനായിരുന്നു എന്നു് ഊഹിക്കുവാൻ വഴിയുണ്ടു്. എന്തെന്നാൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽ രവിപുരഗ്രാമത്തിന്റെ നാഥനും അനന്താസനനായ തൃപ്പൂണിത്തുറയപ്പന്റെ ദാസനുമായ ഒരു മഹാനുഭാവനാണു് അദ്ദേഹത്തെക്കൊണ്ടു് ആ വ്യാഖ്യാനം രചിപ്പിച്ചതെന്നു പറയുന്നു.
വ്യാഖ്യാനം സർവങ്കഷവും വ്യാഖ്യാതാവിനു പ്രാകൃതഭാഷയിലുള്ള പാണ്ഡിത്യത്തിനു മകുടോദാഹരണവുമായി പ്രകാശിക്കുന്നു. മുദ്രിതമായ സേതുബന്ധത്തോടു ചേർത്തു പ്രസിദ്ധീകരിച്ചിട്ടുള്ളതു ജയപുരദേശീയനായ രാമദാസഭൂപതിയുടെ പ്രദീപമെന്ന വ്യാഖ്യാനമാണു്. ഇതു കൂടാതെ മാധവയജ്വാവിന്റെ താൽപര്യദീപിക, ശ്രീകൃഷ്ണന്റെ വിവരണം മുതലായി വേറെയും അനേകം വിദേശീയ വ്യാഖ്യകൾ പ്രസ്തുത കാവ്യത്തിനു ലഭിച്ചിട്ടുണ്ടു്. മുദ്രിതപുസ്തകത്തിൽ പതിനഞ്ചു ആശ്വാസങ്ങളേ അടങ്ങീട്ടുള്ളു എങ്കിലും കാവ്യത്തിൽ പതിനാറാശ്വാസങ്ങൾ അടങ്ങീട്ടുണ്ടെന്നാണു് ദക്ഷിണാപഥത്തിലെ ഐതിഹ്യം. ഔത്തരാഹപാഠമനുസരിച്ചുള്ള പതിമ്മൂന്നാമത്തെ ആശ്വാസത്തിൽ പതിമൂന്നും പതിന്നാലും ആശ്വാസങ്ങൾ അന്തർഭവിച്ചിരിക്കുന്നു എന്നുള്ളതാണു് ഈ ഗണനാഭേദത്തിനു കാരണം. സേതുദീപത്തിൽ പതിനാറധ്യായങ്ങൾക്കും വ്യാഖ്യാനം കാണുന്നു
ശ്രീരാമകർണ്ണാമൃതം എന്നൊരു സ്തോത്രം സംസ്കൃതത്തിൽ നൂറ്റിൽച്ചില്വാനം ശ്ലോകങ്ങളിൽ അവിജ്ഞാതനാമാവായ ഒരു കേരളീയകവി നിർമ്മിച്ചിട്ടുണ്ടു്. കവിത മോശമാണെന്നു മാത്രമല്ല ‘ഏതൗ തൗ ദശകണ്ഠകണ്ഠ’ എന്ന മഹാനാടകശ്ലോകവും മറ്റും സ്വകീയമെന്നതുപോലെ അങ്ങിങ്ങു ഘടിപ്പിച്ചിട്ടുമുണ്ടു്. വില്വമങ്ഗലത്തിന്റെ വിശ്വോത്തരമായ ശ്രീകൃഷ്ണകർണ്ണാമൃതം വായിച്ചു ശരിക്കു ആസ്വദിക്കുവാൻ കഴിവുള്ള ഒരു സഹൃദയൻ ആ ധാർഷ്ട്യത്തിന്നു ഒരിക്കലും ഒരുമ്പെടുന്നതല്ല. ഈ സൂരിമ്മന്യന്റെ കാലദേശങ്ങളെക്കുറിച്ചു യാതൊരറിവും സിദ്ധിക്കുന്നില്ലല്ലോ എന്നു് ആരും പരിതപിക്കുമെന്നു തോന്നുന്നില്ല. സാമാന്യം ഭേദപ്പെട്ട ഒന്നു രണ്ടു ശ്ലോകങ്ങൾ വളരെ ക്ലേശിച്ചു തിരഞ്ഞെടുത്തതാണു് ഞാൻ പ്രകൃതത്തിൽ പകർത്തുന്നതു്.
സമീപകാലംവരെ കേരളത്തിൽ ബാലന്മാരെ സംസ്കൃതഭാഷ അഭ്യസിപ്പിക്കുന്നതിനു് ഉപയോഗപ്പെടുത്തിവന്ന അത്യന്തം ലഘുവായ ഒരു കാവ്യമാണു് ശ്രീരാമോദന്തം.
എന്നു തുടങ്ങി
എന്നവസാനിക്കുന്നതും ആകെ 153 അനുഷ്ടുപ്ശ്ലോകങ്ങൾ അടങ്ങീട്ടുള്ളതുമായ ഈ കാവ്യത്തിൽ വാല്മീകിരാമായണത്തിലെ സപ്തകാണ്ഡങ്ങളിലും ഉൾക്കൊള്ളുന്ന കഥ സമർത്ഥമായി സങ്ഗ്രഹിച്ചിട്ടുണ്ടു്. പിപഠിഷുക്കൾക്കു സുബന്തങ്ങളും തിങന്തങ്ങളുമായ കുറേ പദങ്ങളുമായി പരിചയം സിദ്ധിക്കണം എന്നുള്ളതിൽ കവിഞ്ഞു ഗ്രന്ഥകാരനു് ഉദ്ദേശമൊന്നുമില്ല. ആ ഉദ്ദേശം ഒരുവിധം സഫലമായിട്ടുമുണ്ടു്. അത്തരത്തിലുള്ള ഒരു കൃതിയിൽ കാവ്യത്വമുണ്ടോ എന്നു പരിശോധിക്കുന്നതു് അസംഗതമാണല്ലോ. കുറേ പഴക്കം ഈ കാവ്യത്തിനുണ്ടു്. എത്രയാണെന്നു പരിച്ഛേദിക്കുവാൻ നിവൃത്തിയില്ല. ഇതിനെ അനുകരിച്ചു ശ്രീകൃഷ്ണചരിതം എന്നൊരു കാവ്യം കൊല്ലം 1025-ൽ ആവിർഭവിച്ചിട്ടുണ്ടു്.
കേരളത്തിൽ പ്രചലിക്കുന്ന ധർമ്മങ്ങളുടെ പ്രാമാണികതയെപ്പറ്റി നിഷ്കൃഷ്ടമായി നിരൂപണം ചെയ്തു് അവ സ്മൃതിവിരുദ്ധങ്ങളല്ലെന്നു സ്ഥാപിക്കുവാനാണു് ഈ ഗ്രന്ഥത്തിൽ ഉദ്യമിച്ചിട്ടുള്ളതു്. ഗ്രന്ഥകാരൻ വിശ്വാമിത്രഗോത്രജനും നാരായണപണ്ഡിതന്റെയും ശ്രീദേവിയുടെയും പുത്രനുമാണെന്നുമാത്രം അറിയാം.
“അഥ ഖലു ശ്രീദേവീഗർഭസംഭവേന വിശ്വാമിത്രകുലോദ്ഭവേന മഹീസുരേണ കേരളീയാചാരേഷു പ്രമാണമുച്യതേ” എന്നീ വാക്യങ്ങൾ നോക്കുക. അദ്ദേഹത്തിന്റെ കാലത്തെപ്പറ്റി ഒരറിവുമില്ല. വാല്മീകിരാമായണവ്യാഖ്യാതാവായ ഗോവിന്ദരാജനെ ഉദ്ധരിക്കുന്നുണ്ടു്. സ്മൃതികളിലും മഹാഭാരത്തിലും മാർക്കണ്ഡേയാദിപുരാണങ്ങളിലും അത്ഭുതാവഹമായ അവഗാഹം കാണുന്നുണ്ടു്. ധർമ്മാധർമ്മവിചാരഖണ്ഡം തുടങ്ങി പല ഖണ്ഡങ്ങളായി പ്രസ്തുത നിബന്ധം വിഭജിക്കപ്പെട്ടിരിക്കുന്നു. “രജസ്വലാപ്രദാനകസ്യ തൽപരിണേതുശ്ച നകോപിദോഷഃ” എന്നും മറ്റും കേരളത്തിലെ അനാചാരങ്ങളിൽ പലതിന്റേയും ശാസ്ത്രാനുസാരിത്വത്തെ സമഞ്ജസമായി സമർത്ഥിച്ചിട്ടുണ്ടു്.
മാഠരഗോത്രജനും സാമഗനുമായ ഭവത്രാതൻനമ്പൂതിരിപ്പാടു് ജൈമിനീയസൂത്രവൃത്തിയെന്നൊരു മഹനീയമായ പൂർവ്വമീമാംസാഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അച്ഛൻ മാതൃദത്തനും മാതാമഹൻ ബ്രഹ്മദത്തനുമായിരുന്നു. ബ്രഹ്മത്തൻനമ്പൂരിപ്പാടു വിശ്വാമിത്രഗോത്രജനായിരുന്നു എന്നു ഗ്രന്ഥകാരൻ പറയുന്നു. അദ്ദേഹമായിരുന്നു ഭവത്രാതന്റെ ഗുരു എന്നും ഗുരുവിന്റെ ഉപദേശത്തിനു വിധേയനായാണു് അദ്ദേഹം ഗ്രന്ഥനിർമ്മാണം ചെയ്തതെന്നും കാണുന്നുണ്ടു്. ഗ്രന്ഥം മുഴുമിക്കാതെ ഭവത്രാതൻ മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ ശിഷ്യനും ജാമാതാവും ഭാഗിനേയനുമായ ജയന്തൻ നമ്പൂരിപ്പാടു് അതു പൂരിപ്പിച്ചു. ജയന്തന്റെ ഗോത്രം ഭാരദ്വാജമാണു്. ഭവത്രാതന്റെ കാലവും ജന്മഗൃഹവും ഏതാണെന്നു് അറിവില്ല. അടിയിൽ കാണുന്ന ശ്ലോകങ്ങൾ ആ ഗ്രന്ഥത്തിൽ ഉള്ളവയാണു്. ആ ശാസ്ത്രകാരൻ നല്ല ഒരു കവിയുമായിരുന്നു എന്നു പ്രസ്തുത ശ്ലോകങ്ങളിൽനിന്നു കാണാവുന്നതാകുന്നു.
ജയന്തൻ ഒടുവിൽ തനിക്കു പ്രസ്തുതഗ്രന്ഥനിർമ്മിതിയിലുള്ള ഭാഗഭാഗിത്വത്തെക്കുറിച്ചു് ഇങ്ങനെ പറയുന്നു.
പിലാന്തോൾ ആര്യൻമൂസ്സതു് (ആര്യശർമ്മ) സദാചാരവൃത്തിവർത്തനം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടു്. അതിൽ പതിനേഴധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ആത്മസ്വരൂപകഥനം, അനാത്മനിരസനം, നാനാത്മഭാവപ്രതിഷേധവും ഏകാത്മയോഗകഥനവും, പ്രത്യക്ഷാത്മപ്രബോധകഥനം, അസന്നിരസനം, ജീവപ്രബോധകഥനം മുതലായ വേദാന്തവിഷയങ്ങളോടുകൂടി അഷ്ടാംഗഹൃദയനാമനിർവചനം, വൈദ്യസ്വരൂപപ്രശംസ എന്നിങ്ങനെ ചില വൈദ്യവിഷയങ്ങളേയും യോജിപ്പിച്ചാണു് പ്രബന്ധത്തിന്റെ ഗതി. ഗ്രന്ഥകാരൻ തന്നെപ്പറ്റി ഇങ്ങനെ പറയുന്നു.
പിലാന്തോൾ ആര്യശർമ്മാവിന്റെ പുത്രനായ നാരായണന്റെ സീമന്തപുത്രനാണു് താനെന്നും മറ്റൊരു നാരായണന്റെ മകനായ തന്റെ അമ്മാവനോടാണു് വൈദ്യശാസ്ത്രം അഭ്യസിച്ചതെന്നും ബ്രഹ്മചര്യമാണു് ഗ്രന്ഥരചനാകാലത്തും തന്റെ ആശ്രയമെന്നും കവി ഈ ശ്ലോകത്തിൽ പ്രസ്താവിക്കുന്നു.
എന്നു പറയുന്നതിൽനിന്നു സകല ശാസ്ത്രങ്ങളും നോക്കീട്ടാണു് അദ്ദേഹം സദാചാരവൃത്തിവർത്തനം നിർമ്മിച്ചതെന്നും നാം ഗ്രഹിക്കുന്നു. സദാചാരപരനായ വൈദ്യന്റെ നിലയെപ്പറ്റി അദ്ദേഹത്തിനു വലിയ ബഹുമാനമാണുള്ളതു്.
എന്നീ പദ്യങ്ങൾ നോക്കുക.
സാമുദ്രികാശാസ്ത്രമാകുന്നു ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. സാമൂതിരിപ്പാട്ടിലെ ആശ്രിതനായ മൂക്കോലെ ശങ്കരൻനമ്പൂരി എന്ന ഒരു ദൈവജ്ഞനാണു് പ്രണേതാവു്. അദ്ദേഹം താൻ നാരായണൻ എന്നൊരു പണ്ഡിതന്റെ ശിഷ്യനാണെന്നു പറയുന്നു.
എന്നീ ശ്ലോകങ്ങൾ പരിശോധിക്കുക. നാരായണനാമാവായ അദ്ദേഹത്തിന്റെ ഗുരു ആരെന്നറിയുന്നില്ല.
കൊല്ലം ഒൻപതാം ശതകത്തിൽ പ്രശ്നമാർഗ്ഗം എന്ന പേരിൽ മഹനീയമായ ഒരു ജ്യോതിശ്ശാസ്ത്രഗ്രന്ഥം പനക്കാട്ടു നമ്പൂരി രചിച്ചു. വടക്കേ മലയാളത്തിൽ ഇടക്കാട്ടു തീവണ്ടിസ്റ്റേഷനു് ഒരു നാഴിക വടക്കായി ഒരു വിഷ്ണുക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിന്റെ അഗ്നികോണത്തിലായി മൂന്നുനാലു ഫർലോംഗ് അകലെ പനക്കാടു് എന്നു സുപ്രസിദ്ധമായ ഒരു നമ്പൂരിയില്ലം കുറേക്കാലം മുൻപുവരെ ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ നഷ്ടശിഷ്ടങ്ങളേ കാണ്മാനുള്ളു. ആ ഇല്ലം അന്യം നിന്നപ്പോൾ മേല്പടി വിഷ്ണുക്ഷേത്രത്തിന്റെ സമീപത്തുള്ള മുല്ലപ്പള്ളിയില്ലത്തിൽ ലയിച്ചു. പനക്കാട്ടു നമ്പൂരിയെ ദേശനാമത്തെ പുരസ്കരിച്ചു് ഇടക്കാട്ടു നമ്പൂരി എന്നും പറയാറുണ്ടു്. പ്രസ്തുതക്ഷേത്രത്തിൽ പനക്കാടിന്നുണ്ടായിരുന്ന ഊരാണ്മസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവകാശി മുല്ലപ്പള്ളി നമ്പൂരിയാണു്. ആ ഇല്ലത്തേക്കു് അതുകൂടാതെ അവിടെ സ്വന്തം നിലയിലും ഒരു ഊരാണ്മസ്ഥാനമുണ്ടു്. പ്രശ്നമാർഗ്ഗത്തിൽ കാണുന്ന ഉപക്രമത്തിൽ,
എന്നീ ശ്ലോകങ്ങളിൽനിന്നു് ഇടക്കാട്ടു് അമ്പലത്തിലെ മഹാവിഷ്ണു ഗ്രന്ഥകാരന്റെ കുലദൈവമാണെന്നും അദ്ദേഹത്തിന്റെ ജ്യോതിശ്ശാസ്ത്രഗുരു മങ്ഗലശ്ശേരി നമ്പൂരിയായിരുന്നു എന്നും പെരുഞ്ചെല്ലൂർഗ്രാമത്തിൽപ്പെട്ട ഒരു ഗൃഹമായിരുന്നു പനക്കാടു് എന്നും സിദ്ധിക്കുന്നു. ആചാര്യന്റെ പേരെന്തെന്നു് അറിവില്ലെങ്കിലും,
എന്ന ശ്ലോകത്തിൽനിന്നു് അദ്ദേഹത്തിന്റെ മാതാവു ശ്രീയും പിതാവു മഹാദേവനുമായിരുന്നു എന്നു നാം ധരിക്കുന്നു.
പ്രശ്നമാർഗ്ഗത്തിൽ ജ്യോതിശ്ശാസ്ത്രത്തിലെ
“ജാതകഗോളനിമിത്തപ്രശ്നമുഹൂർത്താഖ്യഗണിതനാമാനി”,
അതായതു ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നീ ഷഡംഗങ്ങളിൽ നാലാമത്തേയായ പ്രശ്നത്തെപ്പറ്റി മാത്രമേ പരാമർശിക്കുന്നുള്ളു എങ്കിലും അതു സമഗ്രവും സർവ്വങ്കഷവുമായ രീതിയിലാകുന്നു. ഈ ഗ്രന്ഥം പൂർവാർദ്ധമെന്നും ഉത്തരാർദ്ധമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ അർദ്ധത്തിലും പതിനാറധ്യായങ്ങൾ വീതം അടങ്ങിയിരിക്കുന്നു. വരാഹമിഹിരന്റെ ബൃഹജ്ജാതകം, അതിനു ഭട്ടോല്പലന്റെ വിവൃതി മുതലായ വ്യാഖ്യാനങ്ങൾ, തലക്കുളത്തു ഭട്ടതിരിയുടെ ദശാധ്യായി, കൃഷ്ണീയം എന്നീ പൂർവസൂരികളുടെ വാങ്മയങ്ങളിൽ തനിക്കുള്ള വിശേഷാദരത്തെ പനക്കാട്ടു നമ്പൂരി സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ടു്. രണദീപിക, മാധവീയം വിദ്വജ്ജനവല്ലഭ, ആര്യാസപ്തതി, ഷട്പഞ്ചാശികപരാശരഹോര, മുഹൂർത്തരത്നം, പ്രശ്നസങ്ഗ്രഹം തുടങ്ങിയ ഇതരഗ്രന്ഥങ്ങളേയും അദ്ദേഹം അങ്ങിങ്ങു സ്മരിക്കുന്നു. കോലത്തുനാട്ടിലെ കളരിയങ്കത്തെപ്പറ്റിയും ഇരുപത്തിനാലാമധ്യായത്തിൽ “കോലക്ഷ്മാപതി രാഷ്ട്രേസ്തി സംപ്രഹാരോങ്കസംജ്ഞിതഃ” എന്ന ശ്ലോകത്തിൽ പ്രസ്താവിക്കുന്നു.
എന്നു് ഒരു ശ്ലോകം പ്രശ്നമാർഗ്ഗത്തിൽ കാണുന്നു. അതിൽനിന്നു കൊല്ലം 825-ആണ്ടിടയ്ക്കാണു് ഈ ഗ്രന്ഥത്തിന്റെ രചനയെന്നു് അനുമാനിക്കാം. പ്രശ്നമാർഗ്ഗം നിർമ്മിക്കുമ്പോൾ കവി അനതീതയൗവനനായിരുന്നു എന്നു് ഐതിഹ്യം ഘോഷിക്കുന്നു. അദ്ദേഹത്തിന്റെ കൃതിയായി ഒരു ഗണിതഗ്രന്ഥം കൂടിയുണ്ടെന്നും അതിലെ “മധ്യാരണ്യപ്രഭവമയനേ സോമജായാസമാനേ” എന്ന പദ്യത്തിൽനിന്നു് അതിന്റെ നിർമ്മിതി 851-ലാണെന്നു കാണാമെന്നും ചില പുരാവിത്തുകൾ പറയുന്നു. ആ ഗ്രന്ഥം ഞാൻ കണ്ടിട്ടില്ല. ആകെക്കൂടി പനക്കാട്ടു നമ്പൂരി കൊല്ലം 800-നും 870-നും ഇടയ്ക്കു ജീവിച്ചിരുന്നതായി വിചാരിക്കാവുന്നതാണു്. പ്രശ്നമാർഗത്തിന്റെ പൂർവ്വാർദ്ധം ചോളദേശീയനായ ഈശ്വരദീക്ഷിതർ എന്നൊരു പ്രാശ്നികൻ വായിച്ചപ്പോൾ അതിൽ ചില ദോഷങ്ങൾ ഉത്ഭാവനം ചെയ്യുകയുണ്ടായി. അതിനെപ്പറ്റി നമ്പൂരി ഉത്തരഭാഗത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
ഈശ്വരജ്യോത്സ്യരുടെ പക്ഷത്തെ അവലംബിച്ചുകൊണ്ടു് ആരും തന്റെ ഗ്രന്ഥത്തെ സമീപിക്കാതെയിരിക്കട്ടെ എന്നും ഗ്രന്ഥാന്തരങ്ങളിൽനിന്നു താൻ ഗ്രഹിച്ചിരിക്കുന്ന അർത്ഥമല്ലാതെ സ്വകല്പിതമായി യാതൊന്നും അതിൽ കൂട്ടിച്ചേർക്കുവാൻ ഉദ്യമിച്ചിട്ടില്ലെന്നുമാണു് അദ്ദേഹത്തിന്റെ ഉൽബോധനം, പ്രശ്ന മാർഗ്ഗത്തിൽനിന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ദൈവജ്ഞലക്ഷണം:
പ്രശ്നമാർഗ്ഗത്തെപ്പോലെ പ്രശ്നവിഷയത്തെസ്സംബന്ധിച്ചിടത്തോളം ജ്യൗതിഷികന്മാരുടെ ഇടയിൽ പ്രമാണീഭൂതമായി കേരളത്തിൽ ഇക്കാലത്തും മറ്റൊരു ഗ്രന്ഥവുമില്ലെന്നുള്ളതുതന്നെ അതിന്റെ അഭ്യർഹിതത്വത്തിനു വിനിഗമകമാണു്.
പ്രശ്നമാർഗ്ഗത്തിനു് അതിന്റെ പ്രണേതാവുതന്നെ ദുർഗ്ഗമാർത്ഥപ്രകാശിനി എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതു് അച്ചടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രിയശിഷ്യനാണു് കൊല്ലം പത്താം ശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ മച്ചാട്ടു നാരായണനിളയതു്. ഇളയതിന്റെ ശിഷ്യൻ ഏഴിക്കര നാരായണൻമൂസ്സതു് ഒരു ഗരിഷ്ഠനായ സംസ്കൃതപണ്ഡിതനും ജ്യൗതിഷികനുമായിരുന്നു. അദ്ദേഹത്തിന്റെ ഭാഗിനേയനും, ശിഷ്യനായ കേരളവർമ്മനുണിത്തിരിയുടെ അന്തേവാസിയുമായ മഹാവിദ്വാൻ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മാ പ്രശ്നമാർഗ്ഗത്തിനു് “ഉപരത്നശിഖാ” എന്നൊരു വിശിഷ്ടമായ ഭാഷാവ്യാഖ്യാനം രചിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പൂർവ്വാർദ്ധത്തിന്നു ‘രത്നശിഖാ’ എന്ന പേരിൽ സർവതന്ത്ര സ്വതന്ത്രനായിരുന്ന കൈക്കുളങ്ങര രാമവാരിയരുടെ ഒരു ഭാഷാവ്യാഖ്യാനവും പ്രകാശിതമായിട്ടുണ്ടു്.
വടശ്ശേരി പരമേശ്വരൻ നമ്പൂരിയുടെ ജാതകപദ്ധതിക്കു “ബാലബോധിനി” എന്നൊരു വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. വ്യാഖ്യാതാവു കൈലാസപുരത്തു ഗോവിന്ദവാരിയരുടെ ശിഷ്യനും വൈക്കത്തു പെരുംതൃക്കോവിലപ്പന്റെ ഭക്തനുമായ ഒരു പണ്ഡിതനാണു്. കാലമേതെന്നു നിർണ്ണയിക്കുവാൻ മാർഗ്ഗമില്ല. വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ കാണുന്നു.
ഇവിടെ ശ്ലേഷഘടനയാൽ സൂചിതനായ ഭാർഗ്ഗവാചാര്യൻ ഭാർഗ്ഗവഗോത്രജനായ മൂലഗ്രന്ഥകാരനാകുന്നു.
സന്തതിഭാവത്തെപ്പറ്റി നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാകുന്നു സന്താനദീപിക. പ്രണേതാവിന്റെ ഗുരു വാസുദേവൻ എന്നൊരു പണ്ഡിതനായിരുന്നു എന്നല്ലാതെ മറ്റൊന്നും അദ്ദേഹത്തെപ്പറ്റി അറിഞ്ഞു കൂടാ. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ ആരംഭത്തിൽകാണുന്നു.
ആകെ നൂറ്റിരുപത്തൊന്നു പദ്യങ്ങൾ അടങ്ങിയിരിക്കുന്നു.
മഴമങ്ഗലത്തു പരമേശ്വരൻ നമ്പൂരിയുടെ ആശൗചദീപകത്തിന്റെ സാരസങ്ഗ്രഹമാണു് ആശൗചചിന്താമണി. പ്രണേതാവു് ആരെന്നറിയുന്നില്ല. ഒരു നമ്പൂരിയാണെന്നുള്ളതു നിസ്സംശയമാണു്.
എന്നതു മറ്റൊരു ശ്ലോകമാണു്. പ്രസ്തുത ഗ്രന്ഥത്തിനു വിസ്തൃതമായ ഒരു ഭാഷാവ്യാഖ്യാനവും കാണ്മാനുണ്ടു്. വ്യാഖ്യാതാവു് ‘നിലയക്രോഡ’ത്തിലെ ശിവനേയും കൊടിക്കുന്നത്തു ഭഗവതിയേയും വന്ദിക്കുന്നു.
എന്ന ശ്ലോകം നോക്കുക. വ്യാഖ്യാനം പത്താം ശതകത്തിലെ കൃതിയാണെന്നു തോന്നുന്നു.
സാളഗ്രാമങ്ങളുടെ വർണ്ണം ഗുണം, പൂജ, ഫലം ഗ്രാഹ്യാഗ്രാഹ്യത, തദന്തർഗ്ഗതങ്ങളായ മൂർത്തിഭേദങ്ങളുടെ ലക്ഷണം മുതലായവയെപ്പറ്റി നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് സാളഗ്രാമലക്ഷണം. തിരുവിതാംകൂറിൽപ്പെട്ട ചെങ്കോട്ടത്താലൂക്കിൽ ജീവിച്ചിരുന്ന പത്മനാഭശാസ്ത്രി എന്നൊരു പണ്ഡിതനാണു് ഇതിന്റെ പ്രണേതാവു്.
എന്നു ഗ്രന്ഥാരംഭത്തിൽ കാണുന്ന പ്രസ്താവനയിൽനിന്നു സാളഗ്രാമലക്ഷണം വ്യാസോക്തങ്ങളായ ബ്രഹ്മാദിപുരാണങ്ങളിൽ നിന്നു ഏകത്ര സമാവേശിപ്പിക്കുന്നതാണു് ഇതിലെ പ്രതിപാദ്യമെന്നും ആചാര്യൻ ഋഗ്വേദികളുടെ ഉപാധ്യായനായിരുന്നു എന്നും ധരിക്കാവുന്നതാണു്. കാലത്തെപ്പറ്റി ഒരറിവുമില്ല.
എന്നിങ്ങനെ മഹാവിഷ്ണു സാളഗ്രാമം വിളയുന്ന ദേശമേതെന്നു ഗുരുഡന്നും ബ്രഹ്മാവിന്നും നാരദന്നും ഉപദേശിക്കുന്നതായി പത്മനാഭശാസ്ത്രി വർണ്ണിക്കുന്നു.