മലബാർ ജില്ലയിൽ പണ്ടത്തെ വെട്ടത്തുനാട്ടിന്റെ മധ്യഭാഗമായ പൊന്നാനിത്താലൂക്കു തൃക്കണ്ടിയൂരംശത്തിൽ കീർത്തിപ്പെട്ട തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനു് അല്പം പടിഞ്ഞാറു മാറി തിരൂർ തീവണ്ടിസ്റ്റേഷനിൽനിന്നു് ഏകദേശം ഒരു മൈൽ തെക്കുപടിഞ്ഞാറായി പൊന്നാനിപ്പുഴയുടെ തീരത്തിൽ ‘തുഞ്ചൻപറമ്പു്’ എന്ന പാവനനാമത്താൽ സുവിദിതമായ ഒരു സ്ഥലം ഇന്നും കാണ്‍മാനുണ്ടു്. ആ പറമ്പിലാണു് ഭാഷാസാഹിത്യത്തിന്റെ പലതരത്തിലുള്ള അഭ്യുദയങ്ങൾക്കു ഹേതുഭൂതനായ തുഞ്ചത്തു ഗുരുനാഥൻ ജനിച്ചതു്. വളരെക്കാലത്തേക്കു് അവിടെ ഒരു പുരത്തറയേ ഉണ്ടായിരുന്നുള്ളു. അതിൽ ക്രമേണ ഒരു ഓലപ്പുര ഭക്തന്മാർ ഉണ്ടാക്കുകയും നവരാത്രികാലത്തും മറ്റും അവിടെ വിളക്കുവെച്ചു് ആരാധന നടത്തുകയും ചെയ്തുവന്നിരുന്നു. ഈയിടയ്ക്കു് അതു് ഒരു ഓടുമേഞ്ഞ ചെറിയ ഗുരുമഠമായി വികസിച്ചിട്ടുണ്ടു്. പറമ്പിനു കിഴക്കുപടിഞ്ഞാറു് പതിന്നാലു ദണ്ഡു ദൈർഘ്യവും തെക്കുവടക്കു് ഏഴു ദണ്ഡു വിസ്താരവും ഉണ്ടു്. ഗുരുമഠത്തിനു സമീപമായി ഒരു കുളവും കിണറുമുള്ളതിൽ കിണറ്റിലെ വെള്ളം ഒരിക്കലും വറ്റാറില്ല. കുളത്തിനു സമീപമായി നില്ക്കുന്ന കാഞ്ഞിരത്തിന്റെ ചുവട്ടിലിരുന്നു എഴുത്തച്ഛൻ നാമജപം ചെയ്യാറുണ്ടായിരുന്നു എന്നാണു് ഐതിഹ്യം. ഏതായാലും ആ സ്ഥാനത്തു ഇപ്പോൾ വിളക്കുവയ്ക്കാറുണ്ടു്. തുഞ്ചൻപറമ്പിലെ മണ്ണു് സ്വല്പം ചുവന്ന നിറത്തിലുള്ളതാണു്. ഇന്നും സമീപസ്ഥന്മാർ കുട്ടികളെ എഴത്തിനിരുത്തുമ്പോൾ ആ മണ്ണുകൊണ്ടുപോയി ആദ്യമായി എഴുതിക്കുന്ന പതിവുണ്ടു്. വിജയദശമിക്കു പരിസരവാസികൾ അവിടെ വന്നു വിദ്യാരംഭം നടത്താറുണ്ടു്. ഇതിൽനിന്നെല്ലാം ആ സ്ഥലത്തിനു് അഭംഗുരുമായ ഏതോ ഒരു വൈശിഷ്ട്യമുണ്ടെന്നു സിദ്ധിക്കുന്നു. അതു മഹാത്മാവായ എഴുത്തച്ഛന്റെ അവതാരം ഒന്നുകൊണ്ടുമാത്രം അതിനു സിദ്ധിച്ചിട്ടുള്ളതാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. പറമ്പിന്റെ പേരും ആ വസ്തുത പ്രഖ്യാപനം ചെയ്യുന്നുണ്ടല്ലോ.
എഴുത്തച്ഛൻ നായർസമുദായത്തിലാണു് ജനിച്ചതു്. അധ്യാത്മരാമായണത്തിന്റെ ആരംഭത്തിൽ “പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മപാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാൻ” എന്നു് അദ്ദേഹംതന്നെ ആ പരമാർത്ഥം തന്റെ വിനീതമായ ശൈലിയിൽ പ്രസ്താവിക്കുന്നുണ്ടു്. ഗുരുനാഥൻ ചക്കാലനായർവർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നു എന്നാണു് ഐതിഹ്യം. ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി അമ്പലപ്പുഴയിൽ താമസിച്ചു് അദ്ദേഹത്തിന്റെ പ്രീതിക്കു പാത്രമായി എഴുത്തച്ഛൻ ആ തമ്പുരാന്റെ സാഹായ്യത്തോടുകൂടി ചെമ്പകശ്ശേരി മുതൽ വടക്കോട്ടുള്ള ചക്കുകൾ പറിപ്പിച്ചുകളഞ്ഞു എന്നു ചിലർ പറയുന്ന കഥ എനിക്കു് ഏറ്റവും അവിശ്വസനീയമായി തോന്നുന്നു. അക്കാലത്തു ജാതികളുടെ ഉച്ചനീചത്വത്തെപ്പറ്റി ആർക്കും പരിഗണനയുണ്ടായിരുന്നില്ല എന്നും തന്റെ ജാതിക്കാരുടെ തൊഴിൽ നശിപ്പിക്കുവാൻ അദ്ദേഹം ഒരുമ്പെട്ടു എന്നു് പറയുന്നതിൽ അനുപപത്തിയുണ്ടെന്നും നാം ഇവിടെ ഓർക്കേണ്ടതാണു്. ‘തുഞ്ചന്റെ ചക്കിൽ എന്തെല്ലാം ആടും’ എന്നു ചില നമ്പൂരിമാർ പരിഹാസശൈലിയിൽ ചോദിക്കുകയും നാലുമാറും (നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും) ആടുമെന്നു് അദ്ദേഹം അതേ ശൈലിയിൽ മറുപടി പറയുകയും ചെയ്തിരിക്കാമെന്നുവന്നാൽപ്പോലും അതു ശാന്താത്മാവായ അദ്ദേഹത്തിൽ ജാത്യപകർഷബോധവും തന്നിമിത്തമുള്ള ഹൃദയക്ഷോഭവും അങ്കുരിപ്പിക്കുന്നതിനു് ഒരിക്കലും പര്യാപ്തമാകുന്നതല്ല. ക്ഷേത്രപ്രവേശമുള്ള വട്ടയ്ക്കാട്ടുനായർവർഗ്ഗത്തിൽപ്പെട്ട ഒരാളായിരുന്നു അദ്ദേഹമെന്നു് അനുമാനിക്കുന്നതിൽ അപാകമില്ല. എഴുത്തച്ഛൻ ക്ഷേത്രങ്ങളിൽ ചെന്നു ദേവാരാധനം നടത്തിയിരുന്നു. മൂന്നാമത്തെയോ മറ്റോ വയസ്സിൽത്തന്നെ അമ്പലങ്ങളിൽ നമ്പൂരിമാർ വേദം പിഴച്ചുചൊല്ലുന്നതു കേട്ടു് അദ്ദേഹം ‘കാടു്, കാടു്’ എന്നു് ആ പ്രമാദത്തെ അവഹേളനംചെയ്തു എന്നുള്ള ഐതിഹ്യാംശവും അസംബന്ധം തന്നെ. ‘എഴുത്തച്ഛൻ’ എന്നുള്ള പദത്തിൽ അദ്ദേഹത്തിന്റെ ജാതിയെപ്പറ്റി യാതൊരു സൂചനയുമില്ലെന്നു പറയേണ്ടതില്ലല്ലോ. ‘നാട്ടാശാൻ’ എന്നേ അതിനു് അർത്ഥമുള്ളൂ. അതിനെ ഒരു സ്ഥാനപ്പേരായി മാത്രം കരുതിയാൽ മതിയാകുന്നതാണു്.
എഴുത്തച്ഛന്റെ പിതാവു് ഒരു മലയാള ബ്രാഹ്മണനോ പരദേശബ്രാഹ്മണനോ ആയിരിക്കണമെന്നു ചിലർ പറയുന്നതിലും പാരമാർത്ഥ്യമുണ്ടെന്നു തോന്നുന്നില്ല. കേരളത്തിൽ ഉത്തമകവികളായി ആരെങ്കിലും ജനിച്ചാൽ അവരുടെ പിതൃത്വം ബ്രാഹ്മണരിൽ ആരോപിക്കുന്നതും അല്ലെങ്കിൽ അവരുടെ വശ്യവചസ്ത്വത്തിനു കാരണം ദേവതാഭജനമാണെന്നു തീർച്ചപ്പെടുത്തുന്നതും അന്ധവിശ്വാസത്തിന്റെ ലക്ഷണമാണു്. എഴുത്തച്ഛന്റെ ജനനത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ടു്. വടക്കേമലയാളത്തുകാരനായ ഒരു നമ്പൂരി തിരുവനന്തപുരത്തുനിന്നു മുറജപം കഴിഞ്ഞു വഞ്ചിവഴി മടങ്ങിപ്പോകുന്ന അവസരത്തിൽ തൃക്കണ്ടിയൂരെത്തിയെന്നും അപ്പോൾ യാത്രയ്ക്കു് അസമയമാകയാൽ അവിടെയുള്ള ഒരു ചക്കാലനായർവീട്ടിൽ കയറിക്കിടന്നു എന്നും അന്നു രാത്രി ആ വീട്ടിലെ ഒരു യുവതി അദ്ദേഹത്തിൽനിന്നു ഗർഭം ധരിക്കുവാനിടയായി എന്നും അങ്ങനെയാണു് എഴുത്തച്ഛന്റെ ജനനമെന്നും ഒരു കൂട്ടർ പറയുന്നു. അന്നു മുറജപമില്ലായിരുന്നു എന്നു മാത്രമല്ല വഞ്ചിവഴിക്കു തിരുവനന്തപുരത്തുനിന്നു തൃക്കണ്ടിയൂരെത്തുവാൻ മാർഗ്ഗവുമില്ലായിരുന്നു എന്നുള്ളതുകൊണ്ടു് ആ ഐതിഹ്യം മേൽ പ്രതിപാദിച്ചവിധത്തിലാണെങ്കിൽ അസംഭാവ്യമാണെന്നുള്ളതു സിദ്ധമാണു്. മുറജപത്തേയും വഞ്ചിയേയുംപറ്റിയുള്ള പ്രസ്താവന പരിത്യജിച്ചാലും വിശേഷമൊന്നുമില്ല. തൃക്കണ്ടിയൂർ, ആലത്തൂർഗ്രാമത്തിലെ ബ്രാഹ്മണരെക്കൊണ്ടു നിബിഡമായിരുന്ന ഒരു കാലമാണതു്. ആഗന്തുകനായ ഒരു നമ്പൂരിക്കു് ആതിഥ്യം നല്കുവാൻ അവരിൽ ആരും ഉണ്ടായിരുന്നില്ല എന്നു പറഞ്ഞാൽ അതു യുക്തിക്കു നിരക്കുന്നതല്ല. എഴുത്തച്ഛൻ തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ വെച്ചു നമ്പൂരിമാരുടെ വേദോച്ചാരണം ‘കാടുകാടെ’ന്നധിക്ഷേപിച്ചപ്പോൾ അവർ കുപിതരായി ആ ശിശുവിനു മലരും പഴവും ജപിച്ചുകൊടുത്തു മൂകത്വവും ബുദ്ധിമാന്ദ്യവും വരുത്തുകയും അതു കേട്ടു പിതാവായ നമ്പൂരി അവയുടെ പരിഹാരത്തിനായി മദ്യം ഭേഷജരൂപത്തിൽ സേവിപ്പിക്കുകയും ചെയ്തതായി പറയുന്നതു് അതിലും വിചിത്രമായിരിക്കുന്നു. തന്റെ പുത്രനെ മദ്യപാനം ചെയ്യിക്കത്തക്ക ഹൃദയദൗഷ്ട്യം യാതൊരു പിതാവിനും ഉണ്ടാകുന്നതല്ല. വാസ്തവത്തിൽ എഴുത്തച്ഛൻ മദ്യപനല്ലായിരുന്നു. മദ്യപാനത്തെപ്പറ്റി ആ സൽഗുരു പല അവസരങ്ങളിലും ഉപാലംഭനം ചെയ്തിട്ടുണ്ടു്:
എന്നും മറ്റുമുള്ള മഹാഭാരതത്തിലെ പ്രസ്താവനകൾ നോക്കുക. മദ്യപനായ ഒരാൾക്കു് അദ്ദേഹത്തിനു് അന്യഥാ എന്തെല്ലാം സിദ്ധികൾ ഉണ്ടെങ്കിലും, തന്റെ ജീവിതത്തിൽ അന്നത്തെ കാലാവസ്ഥയ്ക്കു് എഴുത്തച്ഛനു ലഭിച്ച സർവ്വാരാധ്യമായ സ്ഥാനം കരഗതമാകുമായിരുന്നില്ല. ഭാരതം കർണ്ണപർവത്തിന്റെ ആരംഭത്തിൽ അദ്ദേഹം പ്രയോഗിച്ചിട്ടുള്ള ‘സുഖപാനമോദലഹരി’ എന്ന പദത്തിന്റെ അർത്ഥം ശരിക്കു മനസ്സിലാക്കുവാൻ ശക്തിയില്ലാത്ത അനന്തരകാലികന്മാരായ ഏതോ ചില പാമരന്മാരുടെ കുസൃഷ്ടിയാണു് ഈ ഐതിഹ്യശകലം എന്നു സധൈര്യം സമർത്ഥിക്കാവുന്നതാണു്. അദ്ദേഹത്തിനു ലഹരിയുണ്ടായിരുന്നു; എന്നാൽ അതു മഹർഷിമാർക്കുപോലും അസുലഭമായ ഹരിഭക്തിലഹരിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. എഴുത്തച്ഛന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു ഐതിഹ്യം മുമ്പു സൂചിപ്പിച്ചതിന്റെ പ്രകാരാന്തരമാണു്. അതിനു വെട്ടത്തുനാട്ടിൽ സാമാന്യം പ്രസിദ്ധിയുള്ളതായി 1082-ലെ ‘രാമാനുജൻ’ മാസികയിൽ രേഖപ്പെടുത്തിയിരിക്കുന്നു! ആകസ്മികമായി ഒരു സായാഹ്നത്തിൽ പാന്ഥനായ ഒരു നമ്പൂരി തൃക്കണ്ടിയൂരിൽ ചെന്നുചേർന്നു തട്ടാരമ്പറത്തു് എന്ന മൂസ്സതിന്റെ ഭവനത്തിൽ കിടന്നു. നല്ല ഒരു ജ്യൗതിഷികനായ ആ നമ്പൂരി ഒരു വിശിഷ്ടമായ സന്താനോൽപാദനമുഹൂർത്തം സന്നിഹിതമായതായിക്കണ്ടു് ശയ്യയിൽനിന്നെഴുന്നേറ്റു കൂടെക്കൂടെ ജ്യോതിർഗ്ഗോളങ്ങളെ നിരീക്ഷിക്കുകയും വീണ്ടും സ്വസ്ഥാനത്തേയ്ക്കു തിരിച്ചു പോരികയും ചെയ്യുന്നതു് ആ ഭവനത്തിലെ ദാസിയായ തുഞ്ചത്തെ ഒരു നായർയുവതി കണ്ടു് അതിന്റെ കാരണം ചോദിക്കുകയും വസ്തുത ഗ്രഹിച്ചപ്പോൾ സന്താനലാഭംകൊണ്ടു തന്നെ അനുഗ്രഹിക്കണമെന്നു് അപേക്ഷിക്കുകയും നമ്പൂരി അതിനു് അനുവദിക്കുകയും തൽഫലമായി എഴുത്തച്ഛൻ ജനിക്കുകയും ചെയ്തുവത്രെ. പ്രസ്തുത കഥയിലും യുക്തിഭംഗമുണ്ടു്. ആ നമ്പൂരി വാസ്തവത്തിൽ ജ്യൌതിഷികനായിരുന്നു എങ്കിൽ തന്റെ ഇല്ലം വിട്ടു് അത്ര വിശിഷ്ടമായ ഒരു ശുഭമുഹൂർത്തം പാഴാകത്തക്കവണ്ണം സഞ്ചാരത്തിനു് ഒരുങ്ങുന്നതല്ലായിരുന്നു. മൂസ്സതിന്റെ അനുവാദം കൂടാതെ അവിടത്തെ ദാസിയോടു് അതിഥിയായ അദ്ദേഹം അത്തരത്തിലെല്ലാം കാട്ടിക്കൂട്ടിയിരിക്കും എന്നു വിചാരിക്കുന്നതും ക്ഷോദക്ഷമമല്ല. അതുകൊണ്ടു് ആ പുരാവൃത്തവും പരിത്യാജ്യമാകുന്നു. എഴുത്തച്ഛന്റെ ജന്മദാതൃത്വത്തെ ഒരു പരദേശബ്രാഹ്മണനുമായി ഘടിപ്പിച്ചും ചില ഗ്രന്ഥങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്. ആ കഥയും തിരസ്കരണത്തെയല്ലാതെ അർഹിക്കുന്നില്ല.
വഴിയേ പോകുന്നവരെ സന്താനാർത്ഥം വിളിച്ചുകയറ്റത്തക്കവണ്ണം എഴുത്തച്ഛന്റെ തറവാടു നികൃഷ്ടമല്ലായിരുന്നു എന്നുള്ളതിനു പ്രകൃഷ്ടമായ സാക്ഷ്യമുണ്ടു്:
എന്നു് അധ്യാത്മരാമായണത്തിൽ ഗുരുനാഥൻതന്നെ തനിക്കു രാമൻ എന്നു പേരോടുകൂടി ഒരു ജ്യേഷ്ഠനുണ്ടായിരുന്നതായും അദ്ദേഹത്തിനു് അനേകം ശിഷ്യന്മാരുണ്ടായിരുന്നതായും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അത്തരത്തിൽ വൈദുഷ്യത്തിനു കീർത്തിപ്പെട്ടിരുന്ന ഒരു കുടുംബത്തിൽ ഇങ്ങനെ ഒരു സംഭവത്തിനു് അശേഷം പ്രസക്തി കാണുന്നില്ല.
നീലകണ്ഠനാമധേയനായ ഒരു നമ്പൂരിയായിരുന്നു എഴുത്തച്ഛന്റെ പിതാവു്. എന്നൊരു ഐതിഹ്യാങ്കുരം ഈയിടയ്ക്കു് ഉത്ഭിന്നമായിട്ടുണ്ടു്. “അൻപേണമെൻ മനസി ശ്രീനീലകണ്ഠഗുരു” എന്നൊരു പ്രസ്താവന ഹരിനാമകീർത്തനത്തിലുണ്ടു്. “ഹരിനാമകീർത്തനം എഴുത്തച്ഛന്റെ കൃതിയാണു്; ‘ഗുരു’ എന്ന പദത്തിനു് അച്ഛനെന്നും അർത്ഥം കല്പിക്കാം; തൃക്കണ്ടിയൂർ നീലകണ്ഠസോമയാജിയായിരുന്നു എഴുത്തച്ഛന്റെ പിതാവു് എന്നു് ഈ തെളിവുകൾ വച്ചുകൊണ്ടു് അനുമാനിക്കരുതോ?” എന്നു ചിലർ ചോദിക്കുന്നു. നീലകണ്ഠസോമയാജി കൊല്ലം ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു എന്നും അദ്ദേഹം ഒരു സുപ്രസിദ്ധനായ കാർത്താന്തികൻ എന്നുള്ളതിനുപുറമെ ചതുശ്ശാസ്ത്രപണ്ഡിതനും, കർമ്മഠനും, ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ഗുരുഭൂതനുമായിരുന്നു എന്നും നാം ധരിച്ചിട്ടുണ്ടല്ലോ. അദ്ദേഹം സ്വദേശത്തു് ഒരു ചക്കാലനായർസ്ത്രീയെ പരിഗ്രഹിക്കുക എന്നുള്ളതു് അത്യന്തം അസംഭാവ്യമാകുന്നു. എഴുത്തച്ഛൻ അദ്ദേഹത്തിന്റെ സമകാലികനായിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം അദ്ദേഹത്തിനു് എഴുത്തച്ഛന്റെ ജന്മദത്വം സിദ്ധിക്കുന്നതല്ലല്ലോ. 1011-ൽ കരുണാകരൻ എഴുത്തച്ഛന്റേതു് എന്നു പറഞ്ഞുകൊണ്ടു ശിവരാത്രിമാഹാത്മ്യം എന്നൊരു കിളിപ്പാട്ടു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിൽ,
എന്നീ വരികളുണ്ടെന്നുള്ള വിവരം ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ ആ പുസ്തകത്തിന്റേയും സർവഥാ കുപ്രസിദ്ധമായ കല്യാണസുന്ദരരേഖയുടേയും ഉത്ഭവസ്ഥാനം ഒന്നാകയാൽ പ്രസ്തുത ഗ്രന്ഥം ഞാൻ പരിശോധിക്കുന്നതുവരെ എനിക്കു് ആ പ്രസ്താവനയുടെ വസ്തുസ്ഥിതിയെപ്പറ്റി യാതൊന്നും ഉപന്യസിക്കുവാൻ തോന്നുന്നില്ല.
ചുരുക്കത്തിൽ എഴുത്തച്ഛൻ വൈദുഷ്യധന്യമായ ഒരു വട്ടയ്ക്കാട്ടു നായർകുടുംബത്തിൽ ജനിച്ചു എന്നു മാത്രമല്ലാതെ ഒരു ബ്രാഹ്മണന്റെ പുത്രനായിരുന്നു അദ്ദേഹം എന്നു പറയുന്നതിനു നിഷ്പക്ഷപാതിയായ ഒരു ഗവേഷകനെ അധികാരപ്പെടുത്തുന്നതായി യാതൊരു ലക്ഷ്യവും ഇല്ലെന്നാണു് എന്റെ അഭിപ്രായം.
എഴുത്തച്ഛൻ ഒരു ഗന്ധർവന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കുന്നവരും അങ്ങിങ്ങു് ഇല്ലാതെയില്ല. അതിനു് അവർ ഉന്നയിക്കുന്ന കാരണങ്ങൾ കേൾക്കാൻ രസമുണ്ടു്. അധ്യാത്മരാമായണം രചിച്ച ഒരു സാധുബ്രാഹ്മണൻ അതിനു് പ്രചാരം വർദ്ധിക്കുന്നതിനുള്ള മാർഗ്ഗം ഉപദേശിക്കണമെന്നു് ഒരു ഗന്ധർവനോടപേക്ഷിച്ചു. അപ്പോൾ അവിടെ വേദവ്യാസമഹർഷി ബ്രാഹ്മണരൂപത്തിൽ വേഷച്ഛന്നനായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം വ്യാസഭഗവാനാണെന്നും അദ്ദേഹത്തോടു് പ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധിയുണ്ടാകുമെന്നും ഗന്ധർവൻ ഉപദേശിച്ചു. തന്റെ യാഥാർത്ഥ്യം അന്യനെ ധരിപ്പിച്ചതിൽ വച്ചു കുപിതനായ മഹർഷി ആ വ്യോമചാരി ഭൂമിയിൽ മനുഷ്യനായി ജനിക്കട്ടെ എന്നു ശപിക്കുകയും ആ ശാപത്തിനു വിധേയനായി അദ്ദേഹം എഴുത്തച്ഛനായി അവതരിക്കുകയും ചെയ്തു. ഈ കാലില്ലാക്കഥയ്ക്കു് തെളിവെന്തെന്നു ചോദിച്ചാൽ അവർ ഉദ്ധരിച്ചു കാണിക്കുന്നതു മഹാഭാരതം ദ്രോണപർവത്തിലെ
എന്ന വരികളാണു്. പ്രസ്തുതഗന്ധർവ്വൻ അർജ്ജുനനും ഭഗദത്തനും തമ്മിൽ നടന്ന യുദ്ധത്തിനു ദൃക്‍സാക്ഷിയായിരുന്നു എന്നും അല്ലെങ്കിൽ ആ യുദ്ധം അത്തരത്തിൽ എഴുത്തച്ഛനു വർണ്ണിച്ചു ഫലിപ്പിക്കുവാൻ സാധിക്കുന്നതല്ലായിരുന്നു എന്നുമാണു് അവരുടെ വാദം. മഹാകവികൾ ക്രാന്തദർശികളാണെന്നും ഗന്ധർവന്മാർക്കുപോലും അദൃശ്യങ്ങളായ വസ്തുക്കൾ അവർക്കു കാണാൻ കഴിവുള്ളതാണെന്നും ഇവിടെ പറയേണ്ടതില്ലല്ലോ. താൻ ഗന്ധർവന്റെ അവതാരമാണെന്നു് എഴുത്തച്ഛൻതന്നെ പറഞ്ഞിട്ടുണ്ടെന്നാണു് അവർ ഉന്നയിക്കുന്ന മറ്റൊരു വാദമുഖം. അതിനു് അവർ ഗന്ധർവ്വചരിതം എന്ന ഒരു പഴയ ഭാഷാചമ്പുവിലുള്ള
എന്ന ശ്ലോകം പ്രമാണമായി പ്രദർശിപ്പിക്കുന്നു. അതിലെ മറ്റൊരു ശ്ലോകം
എന്നതാണു്. ഇതു ഹാസ്യപ്രധാനമായ ഒരു ചെറിയ ചമ്പുവാകുന്നു. ഇതിൽ ഗന്ധർവനെ ശപിക്കുന്നതു വ്യാസനല്ല, ദേവേന്ദ്രനാണു്. ഈ ഗ്രന്ഥം കാണാത്തതുകൊണ്ടു മാത്രമാണു് ചിലർ ആദ്യം ഉദ്ധരിച്ച ശ്ലോകം ഗുരുനാഥകൃതമാണെന്നു സങ്കല്പിക്കുന്നതു്. അതിലെ തക്കിടിയും വിഡ്ഢിത്തവും എഴുത്തച്ഛന്റെ രസനയിൽനിന്നു് ഒരിക്കലും പുറപ്പെടാവുന്നതല്ലല്ലോ. ശ്രവണാനന്ദപ്രദമായ ശുകഗാനപ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകനെന്നല്ലാതെ എഴുത്തച്ഛൻ ഗന്ധർവ്വാംശസംഭവൻ എന്നു പറയുമ്പോൾ അതിനു മറ്റൊരർത്ഥവുമില്ല; ഉണ്ടാകാനൊട്ടു തരവുമില്ല; ഉണ്ടാകേണ്ട ആവശ്യവുമില്ല.
എഴുത്തച്ഛന്റെ പേർ (1) ശങ്കരൻ, (2) സൂര്യനാരായണൻ, (3) രാമാനുജൻ, (4) രാമൻ എന്നിങ്ങനെ നാലു രൂപങ്ങളിൽ പ്രചരിക്കുന്നുണ്ടു്. ഇവയെപ്പറ്റി പ്രാപ്താവസരമാകയാൽ ഇവിടെ ചർച്ചചെയ്യാം. ശങ്കരൻ എന്നായിരുന്നു പേരെന്നുള്ളതിനു തെളിവോ യുക്തിയോ യാതൊന്നുമില്ല. “ഭവതു വദനബിംബം ശാങ്കരം പ്രീതയേ വഃ” എന്നു കോലത്തുനാട്ടു ശങ്കരകവിയെ പരാമർശിക്കുന്ന ഒരു ശ്ലോകം ചന്ദ്രോത്സവത്തിലുണ്ടല്ലോ. എഴുത്തച്ഛനെപ്പറ്റി അന്യഥാ യാതൊരു സൂചനയും ആ ഗ്രന്ഥത്തിൽ കാണാത്തതുകൊണ്ടു പ്രസ്തുതനായ ശങ്കരൻ എഴുത്തച്ഛനായിരിക്കണമെന്നു കേരളത്തിലെ സാഹിത്യഗവേഷണചരിത്രത്തിന്റെ ആരംഭത്തിൽ ആരോ ഊഹിച്ചു എന്നേയുള്ളു. അതു നിർമ്മൂലമാണെന്നു് ഇപ്പോൾ തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. എഴുത്തച്ഛന്റെ കാലത്തിനു വളരെ മുൻപുതന്നെ വിരചിതമായ ഒരു കൃതിയാണല്ലോ ചന്ദ്രോത്സവം. രാമാനുജൻ എന്ന സംജ്ഞയ്ക്കു കുറേ പ്രാചീനതയുണ്ടെന്നു സമ്മതിക്കാം. 1018-ാമാണ്ടു മംഗലാപുരത്തുനിന്നു ബേസൽമിഷണ്‍ അച്ചുക്കൂടക്കാർ കല്ലച്ചിൽ മുദ്രണം ചെയ്തു പ്രസിദ്ധീകരിച്ച കേരളോൽപത്തിയിൽ “ഇവയൊക്കെയും കലിയുഗത്തിൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷർക്കു വഴിപോലെ ഗ്രഹിപ്പാൻ തക്കവണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു. സാരന്മാർ അറിഞ്ഞുകൊൾകയും ചെയ്ക” എന്നീ പങ്ക്തികൾ കാണുന്നതിൽ നിന്നു പ്രസ്തുത നാമധേയത്തിനു് ഒരു ശതകത്തോളം പഴക്കമുണ്ടെന്നു വിശദമാകുന്നു. ആ പേർ എങ്ങനെ വന്നു എന്നാണു് ഇനി പര്യാലോചിക്കേണ്ടതു്. രാമന്റെ അനുജനാകയാൽ എഴുത്തച്ഛനെ രാമാനുജൻ എന്നു വിളിച്ചുവന്നു എന്നു് ഒരു കൂട്ടരും വിശിഷ്ടാദ്വൈതമതസ്ഥാപകനായ രാമാനുജാചാര്യരുടെ ശിഷ്യനായി വിദേശങ്ങളിൽ താമസിച്ചകാലത്തു് അദ്ദേഹം സ്വഗുരുവിന്റെ നാമധേയം സ്വീകരിച്ചു എന്നു മറ്റൊരു കൂട്ടരും പ്രസ്താവിക്കുന്നു. ഈ രണ്ടു മതങ്ങൾക്കും ഉപപത്തിയില്ല. രാമന്റെ അനുജൻ എന്നു വിളിക്കത്തക്കവണ്ണമുള്ള വ്യക്തിമാഹാത്മ്യമല്ലല്ലോ അദ്ദേഹത്തിനുണ്ടായിരുന്നതു്. ശൈശവത്തിൽ അദ്ദേഹത്തിനു കുടുംബാംഗങ്ങൾ ഏതെങ്കിലും ഒരു പേർ നല്കിയിരിക്കണമെന്നും, അതു രാമാനുജൻ എന്നായിരിക്കുവാൻ ഇടയില്ലെന്നുമുള്ള വസ്തുത അല്പമൊന്നാലോചിച്ചാൽ ആർക്കും ബോദ്ധ്യമാകുന്നതാണു്. ‘രാമാനുജൻ’ എന്നു പണ്ടും ഇന്നും കേരളീയർക്കു പേരില്ല. എഴുത്തച്ഛൻ രാമാനുജാചാര്യരുടെ ശിഷ്യനായിരുന്നു എന്നു പറയുന്നവർക്കു സാഹിത്യചരിത്രത്തെപ്പറ്റി സ്ഥൂലമായ ജ്ഞാനം പോലുമില്ലെന്നു പറയേണ്ടിവരും. രാമാനുജാചാര്യരുടെ ജീവിതകാലം ക്രി. പി. പതിനൊന്നാം ശതകത്തിലാണു്. സ്വഗുരുവിന്റെ നാമധേയം ഉച്ചരിക്കുവാൻപോലും പാടില്ലെന്നു സ്മൃതികൾ വിധിച്ചിരിക്കവേ, ആസ്തികനായ എഴുത്തച്ഛൻ അദ്ദേഹത്തിന്റെ പേർ സ്വായത്തമാക്കി എന്നു പറയുന്നതും അസംബന്ധമായിരിക്കുന്നു. എന്നാൽ ഇനി ഏതോ ഒരു ശ്രീവൈഷ്ണവൻ ആചാര്യനാകുകനിമിത്തം എഴുത്തച്ഛൻ തന്റെ പേർ രാമാനുജനെന്നു മാറ്റി എന്നു സങ്കല്പിക്കുന്നതായാൽ അതിനും യുക്തി ഭംഗമുണ്ടു്. എഴുത്തച്ഛന്റെ മതം വൈഷ്ണവമല്ല അദ്വൈതമാണു്. അദ്ദേഹത്തിനു വിഷ്ണുവിന്റെ നേർക്കായിരുന്നു അധികം ഭക്തി എന്നു സമ്മതിക്കാമെങ്കിലും സാധാരണ വൈഷ്ണവമതാനുയായികളെപ്പോലെ അദ്ദേഹം ശിവനിന്ദകനായിരുന്നില്ല എന്നുള്ളതിനു ധാരാളം തെളിവു് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ നല്കുന്നുണ്ടു്. പിന്നെ എങ്ങനെയാണു് ആ പേർ കടന്നുകൂടിയതെന്നാണെങ്കിൽ അതിനു് ഒരു ഉപപത്തി പറയാം.
എഴുത്തച്ഛന്റെ മഹാസമാധി കൊച്ചിയിൽ ചിറ്റൂർ എന്ന സ്ഥലത്താണെന്നുള്ളതിനെപ്പറ്റി വലിയ പക്ഷാന്തരങ്ങൾക്കൊന്നും വഴിയുണ്ടെന്നു തോന്നുന്നില്ല. എഴുത്തച്ഛൻ തന്റെ പ്രഥമശിഷ്യനായ കരുണാകരനോടും മറ്റൊരു ശിഷ്യനായ സൂര്യനാരായണനോടും കൂടി ഒരു സഞ്ചാരി എന്ന നിലയിൽ ഭാരതപ്പുഴയുടെ ഒരു പോഷകനദിയും ശോകനാശിനി എന്നു പേരുള്ളതുമായ നദിയുടെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ചിറ്റൂർദേശം സന്ദർശിക്കുകയും ആ ദേശത്തിൽ പ്രകൃതിയുടെ പ്രശാന്തരമണീയതയാൽ ആകൃഷ്ടനായി അവിടം തന്റെ വാസസ്ഥാനമാക്കുവാൻ തീർച്ചപ്പെടുത്തുകയും അക്കാലത്തു കേവലം കാനനനിർവിശേഷമായിരുന്ന ആ സ്ഥലം നാലായിരം പണത്തിനു ചമ്പത്തിൽ മന്നാടിയാരോടു തീറുവാങ്ങി നദീതീരത്തു് ഒരു ശ്രീരാമക്ഷേത്രവും ഒരു ശിവക്ഷേത്രവും പണികഴിപ്പിക്കുകയും ശ്രീരാമക്ഷേത്രത്തിനു മുൻവശത്തു രണ്ടു വരിയായി പന്ത്രണ്ടു ഗൃഹങ്ങൾ നിർമ്മിച്ചു്, ആ ഗൃഹങ്ങളിൽ പന്ത്രണ്ടു തമിഴ്ബ്രാഹ്മണഗൃഹക്കാരെ കുടിയിരുത്തുകയും ചെയ്തു. ആചാര്യൻ പന്തീരായിരം പണം സാമൂതിരിപ്പാട്ടിലെ പക്കൽ നിലനിറുത്തിയിരുന്നു എന്നും യുവാവും, ആധ്യാത്മികവിഷയങ്ങളിലെന്നപോലെ ലൌകികകാര്യങ്ങളിലും വിദഗ്ദ്ധനുമായിരുന്ന സൂര്യനാരായണനെ അങ്ങോട്ടയച്ചു് ആ പണം കൂടി വരുത്തി ചെലവുചെയ്താണു് ഈ പണികളെല്ലാം നടത്തിച്ചതെന്നും പഴമക്കാർ പറയുന്നു. പണി തീരുന്നതുവരെ എഴുവത്തു ഗോപാലമേനോന്റെ അതിഥികളായാണു് എഴുത്തച്ഛനും ശിഷ്യന്മാരും താമസിച്ചതു്. ആ ഗോപാലമേനോൻ അനന്തരം കോപ്പസ്വാമികൾ എന്ന പേരിൽ എഴുത്തച്ഛന്റെ അന്തേവാസിയായിത്തീർന്നു. പിന്നീടു പതിമ്മൂന്നാമത്തെ ഗൃഹമായി തെക്കേ വരിയിൽ കിഴക്കേ അറ്റത്തു തനിക്കു് ഈശ്വരഭജനം, യോഗാഭ്യാസം മുതലായവ ചെയ്യുന്നതിനായി ഒരു മഠം പണിയിക്കുകയും ആ ഗ്രാമത്തിനു രാമാനന്ദാഗ്രഹാരം എന്നു പേർ നല്കുകയും ആ അഗ്രഹാരവും, അതിൽപ്പെട്ട ക്ഷേത്രങ്ങളും ബ്രാഹ്മണാലയങ്ങളും തന്റെ മഠവുംകൂടി ഗ്രാമജനങ്ങൾക്കു ദാനംചെയ്യുകയും ചെയ്തു. മേലും കുറേക്കാലം അവിടെ താമസിച്ചു ലോകോപകാരംചെയ്തുകൊണ്ടു വിജയിക്കവേ ആ മഹാത്മാവു് ഒരു ധനുമാസം ഉത്രം നക്ഷത്രത്തിൽ സമാധിയെ പ്രാപിച്ചു. എഴുത്തച്ഛൻ താമസിച്ചുവന്ന രാമാനന്ദാഗ്രഹാരത്തിലെ ആ മഠത്തെയാണു് ചിറ്റൂർ മഠം എന്നു പറയുന്നതു്. എഴുത്തച്ഛൻ ദാനംചെയ്ത അഗ്രഹാരം ഇന്നു് ആറ്റിൻകര ഗ്രാമമെന്നും പുഴയ്ക്കൽ ഗ്രാമമെന്നും ചിറ്റൂർ തെക്കേ ഗ്രാമമെന്നുമുള്ള പേരുകളിൽ അറിയപ്പെടുന്നു. എഴുത്തച്ഛനാൽ സുമുഹൂർത്തത്തിൽ ദത്തമായ ആ ഗ്രാമം ഉത്തരോത്തരം ശ്രേയസ്സോടുകൂടി പരിലസിക്കുന്നു. ആദ്യത്തെ പന്ത്രണ്ടു മഠങ്ങൾ ഇപ്പോൾ മുന്നൂറ്റിൽപ്പരമായി വർദ്ധിച്ചിട്ടുണ്ടു്. കൊല്ലം 1094-ൽ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്കു മൂവായിരപ്പറയ്ക്കുമേൽ കൊല്ലത്തിൽ ആദായമുള്ള വസ്തുക്കൾ ഉണ്ടായിരുന്നു. എഴുത്തച്ഛൻ ജീവിച്ചിരിക്കവേതന്നെ അദ്ദേഹത്തിന്റെ സൽപ്രവൃത്തികൾ കണ്ടു സന്തുഷ്ടനായ ചമ്പത്തിൽ മന്നാടിയാർ താൻ വാങ്ങിച്ച നാലായിരം പണവും ശ്രീരാമസ്വാമിസന്നിധിയിൽ കെട്ടിവയ്ക്കുകയും എഴുത്തച്ഛൻ അതിൽ 1000 പണം വീതം ചമ്പത്തു്, വടശ്ശേരി, എഴുവത്തു് ഈ മൂന്നു വീട്ടുകാരുടേയും പക്കലും, ബാക്കിയുള്ള ആയിരം പണം കൊച്ചി സർക്കാരിലും ഓരോരുത്തരും ക്ഷേത്രത്തിലേക്കു തൊണ്ണൂറു പറ നെല്ലു വീതം പലിശ കൊടുക്കണമെന്നുള്ള വ്യവസ്ഥയിൽ ഏല്പിക്കുകയും ചെയ്തു. എഴുവത്തുവീട്ടുകാർ തങ്ങൾ വാങ്ങിയ സംഖ്യ ദേവസ്വത്തിൽ തിരിയെ ഏല്പിച്ചു; വടശ്ശേരി മന്നാടിയാരുടെ കുടുംബത്തിൽനിന്നു് ഇന്നും നെല്ലളക്കുന്നുണ്ടു്. കൊച്ചിസർക്കാർ കൊല്ലംതോറും ഏതാനും ഉറുപ്പിക വിലത്തരമായി കൊടുക്കുന്നുമുണ്ടു്. ശ്രീരാമസ്വാമിക്ഷേത്രത്തിൽ കൊല്ലംതോറും മീനമാസത്തിൽ ശ്രീരാമനവമിക്കു രഥോത്സവവും കന്നിമാസത്തിൽ നവരാത്രി പ്രമാണിച്ചു് ഒൻപതു ദിവസം വിളക്കും മറ്റു വിശേഷാൽ അടിയന്തിരങ്ങളും ആഘോഷിക്കാറുണ്ടു്. ആദ്യത്തെ ദിവസത്തെ വിളക്കിനു് ‘എഴുത്തച്ഛൻവിളക്കു്’ എന്നാണു് പേർ പറയാറുള്ളതു്. ആ വിളക്കടിയന്തിരം സ്ഥലത്തെ നായന്മാരോടു വരിപിരിച്ചു ഗുരുമഠത്തിൽനിന്നു മുടക്കംകൂടാതെ നടത്തിവരുന്നു. കഴിഞ്ഞ കണ്ടെഴുത്തുവരേയും പ്രസ്തുതവസ്തുവിന്റെ പട്ടയം എഴുത്തച്ഛന്റെ പേരിലായിരുന്നു എന്നുമറിയുന്നു. അവിടെ പുഴയുടെ മധ്യത്തിൽ ഉന്നതമായ ഒരു പാറ കാണുന്നുണ്ടു്. അതിനെ എഴുത്തച്ഛൻ പാറ എന്നാണു് പറഞ്ഞുവരുന്നതു്.
ഗ്രാമപ്രതിഷ്ഠയ്ക്കും മറ്റും ആസ്പദമായി നാലു സംസ്കൃതശ്ലോകങ്ങളുണ്ടു്. അവ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ഏതോ ഒരു കവി നിർമ്മിച്ചതും ഗുരുമഠത്തിലെ രേഖകളിൽനിന്നു പകർത്തി ദ്രവിച്ച ഭാഗങ്ങൾ മറ്റൊരു വിദ്വാൻ പൂരിപ്പിച്ചിട്ടുള്ളതുമാണു്. അവ ഇവിടെ ഉദ്ധരിക്കേണ്ട ആവശ്യമുണ്ടു്. ഭിത്തിവലയിതങ്ങളായ ഭാഗങ്ങൾ പിന്നീടു പൂരിപ്പിച്ചിട്ടുള്ളവയാണു്:
ഈ ശ്ലോകങ്ങളുടെ കർത്താവിന്റെയാകട്ടെ പൂരയിതാവിന്റെയാകട്ടെ വൈദുഷ്യത്തെ പ്രശംസിക്കുവാൻ മാർഗ്ഗം കാണുന്നില്ല; പക്ഷേ അതിനു വേണ്ടിയല്ലല്ലോ അവയെ ഇവിടെ ഉദ്ധരിച്ചതു്. കിഴക്കു പുളിങ്കോൽതോടും പടിഞ്ഞാറു പട്ടഞ്ചീരിപ്പാതയും തെക്കു പുഴയുടെ വടക്കേക്കരയും വടക്കു കൊല്ലങ്കോട്ടു പാടവുമാണു് എഴുത്തച്ഛൻ ചമ്പത്തിൽ കുടുംബത്തിൽനിന്നു വിലയ്ക്കുവാങ്ങിയ സ്ഥലത്തിന്റെ അതിർത്തി എന്നു രണ്ടാംശ്ലോകത്തിൽ നിന്നു കാണാവുന്നതാണു്.
എഴുത്തച്ഛന്റെ സമാധി ഒരു ശ്ലക്ഷ്ണശിലകൊണ്ടു മൂടീട്ടുള്ളതും അദ്ദേഹം നിത്യമായി ഉപയോഗിച്ചിരുന്ന മുറിയിൽ വടക്കേ അറ്റത്തു ദക്ഷിണമുഖമായി പ്രതിഷ്ഠിച്ചിട്ടുള്ളതുമാകുന്നു. എഴുത്തച്ഛന്റേതെന്നു ജനങ്ങൾ വിശ്വസിക്കുന്ന യോഗദണ്ഡും മെതിയടികളും സമാധിക്കു കിഴക്കുവശം ഒരു പീഠത്തിൽ നിവിഷ്ടമായിരിക്കുന്നു. എല്ലാ ധനുമാസത്തിലും ഉത്രത്തിൻ നാൾ ഗുരുമഠത്തിൽവെച്ചു് എഴുത്തച്ഛന്റെ ശ്രാദ്ധം ആഘോഷിക്കുകയും അതിന്റെ ചടങ്ങായി ബ്രാഹ്മണസദ്യയും മറ്റും നടത്തുകയും ചെയ്യാറുണ്ടു്. ഇതിനു “ഗുരുമഠത്തിൽ ആരാധന” എന്നു പേർ പറയുന്നു. ഇതു് എഴുത്തച്ഛന്റെ സമാധികാലം മുതൽ ഇന്നുവരെയും അവിച്ഛിന്നമായി നടന്നുവരുന്നുണ്ടു്. 1043-ൽ ഗ്രാമത്തിൽ ഒരഗ്നിബാധയുണ്ടായി. ഏതാനും ഗൃഹങ്ങളും ഗുരുമഠവും അനേകം താളിയോലഗ്രന്ഥങ്ങളും നശിച്ചുപോയി. എങ്കിലും യോഗദണ്ഡിനും പാദുകങ്ങൾക്കും ഹാനി പറ്റിയില്ല എന്നു് 1904-ൽ പ്രസിദ്ധീകൃതമായ ഗുരുമഠംവക വിജ്ഞാപനത്തിൽ കാണുന്നുണ്ടെങ്കിലും അതിൽ ഗ്രന്ഥങ്ങളെസ്സംബന്ധിച്ചുള്ള പ്രസ്താവന അത്ര ശരിയാണെന്നു തോന്നുന്നില്ല. എന്തെന്നാൽ പ്രസിദ്ധ സംസ്കൃതപണ്ഡിതനായ ഡോ. ഏ. സി. ബർണ്ണൽ 1041-ാമാണ്ടിടക്കു താൻ ഗുരുമഠം സന്ദർശിച്ചു എന്നും അപ്പോൾ അവിടെ പഴയതു് എന്നു പറയുവാൻ ഭാഗവതം കിളിപ്പാട്ടിന്റെ ഒരു മാതൃക മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബാക്കിയുള്ള ഗ്രന്ഥങ്ങൾ 1011-ാമാണ്ടിടയ്ക്കുണ്ടായ ഒരു അഗ്നിബാധയിൽ നശിച്ചുപോയെന്നു സ്ഥലവാസികൾ തന്നെ ധരിപ്പിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. 1043 മുതൽ 1068 വരെ ഇരുപത്തഞ്ചുകൊല്ലം മഠത്തിന്റെ സ്ഥിതി അനാഥപ്രായമായിരുന്നു. 1068-ൽ ചിറ്റൂർ ബീമത്തു ഗുരുദാസൻ കോപ്പുമേനോന്റെ ഉത്സാഹത്താൽ അതു ജീർണ്ണോദ്ധാരണം ചെയ്യപ്പെട്ടു. ഇതാണു് ഗുരുമഠത്തിന്റെ പശ്ചാൽകാലചരിത്രം.
മേല്പടി ശ്ലോകങ്ങൾ വായിച്ചാൽ തുഞ്ചന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനാണു് ചിറ്റൂർ പുഴ കണ്ടു സന്തുഷ്ടമായി അവിടെ ഗുരുമഠവും മറ്റും പ്രതിഷ്ഠിച്ചതെന്നു തോന്നുന്നതു സ്വാഭാവികമാണു്. ആചാര്യപദത്തിനു് എഴുത്തച്ഛനെന്നു് അർത്ഥം കല്പിച്ചാൽ മതിയാകുന്നതും അതു ഗുരുവിനും ശിഷ്യനും ഒന്നുപോലെ യോജിപ്പിക്കാവുന്നതുമാകുന്നു. എന്നാൽ ഇവിടെ ഒന്നു് ആലോചിക്കേണ്ടതുണ്ടു്. തുഞ്ചന്റെ ഭക്തനായ അന്തേവാസി എന്നുള്ളതിൽക്കവിഞ്ഞു് ഒരു വൈശിഷ്ട്യം സൂര്യനാരായണനു് ഉണ്ടായിരുന്നതായി അറിയുന്നില്ല. ‘ചൂരി’ എന്ന സംകുചിതാഭിധാനത്താൽ വിദിതനായ അദ്ദേഹം ജാതിയിൽ തരകൻ(മക്കവഴി വെള്ളാളൻ) ആയിരുന്നു. അദ്ദേഹത്തിനുവേണ്ടി ചിറ്റൂരിലെ നായന്മാർ ധനുമാസം ഉത്രത്തിൽ ശ്രാദ്ധം ആഘോഷിക്കത്തക്ക ഒരു മാഹാത്മ്യം അദ്ദേഹത്തിൽ ഐതിഹ്യം ആരോപിക്കുന്നില്ല. പ്രത്യുത തുഞ്ചത്തെഴുത്തച്ഛന്റെ സമാധിസ്ഥലമാണതു് എന്നത്രേ ചിറ്റൂരിലെ സകല ജനങ്ങളുടേയും പരമ്പരാഗതമായ വിശ്വാസം; അങ്ങനെയാണെങ്കിൽ മാത്രമേ അത്തരത്തിലുള്ള ലോകാരാധനത്തിനു് ഉപപത്തിയുമുള്ളൂ. അതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നതു സാക്ഷാൽ എഴുത്തച്ഛൻതന്നെയായിരുന്നു അവിടത്തെ സ്ഥാപനങ്ങൾക്കെല്ലാം കാരണഭൂതൻ എന്നും താൻ വൃദ്ധനും സന്യാസിയുമായിരുന്നതിനാൽ ആ സൽക്കർമ്മങ്ങളെല്ലാം തന്റെ ശിഷ്യനായ സൂര്യനാരായണനെഴുത്തച്ഛനെക്കൊണ്ടു് അദ്ദേഹം നടത്തിച്ചു എന്നുമാണു്. സന്യാസാശ്രമത്തിൽ ഗുരുനാഥൻ ‘രാമാനന്ദൻ’ എന്ന നാമം സ്വീകരിച്ചിരുന്നിരിക്കണം. ആ നാമത്താൽ മുദ്രിതമാകുകയാലാണല്ലോ അദ്ദേഹം സ്ഥാപിച്ച ഗ്രാമത്തിനു രാമാനന്ദാഗ്രഹാരം എന്നു പേർ സിദ്ധിച്ചതു്. കുറേക്കാലം ഗുരുമഠത്തിൽ താമസിച്ചു് ആ യോഗിവര്യൻ അവിടെവെച്ചുതന്നെ മഹാസമാധിയെ പ്രാപിച്ചുമിരിക്കണം. അല്ലെങ്കിൽ ആ പ്രദേശത്തിനു് ഇന്നു നാം കാണുന്ന മാഹാത്മ്യം ഒരു പ്രകാരത്തിലും സിദ്ധിക്കുന്നതിനു ന്യായമില്ല. ബർണ്ണൽസായ്പിന്റെ അന്വേഷണകാലത്തു സാക്ഷാൽ എഴുത്തച്ഛൻതന്നെ അവിടെ താമസിച്ചിരുന്നതായാണു് ചിറ്റൂർക്കാർ അദ്ദേഹത്തെ ധരിപ്പിച്ചതു്. സൂര്യനാരായണനെന്നല്ല തുഞ്ചന്റെ പേരെന്നു് ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു വ്യക്തമാകുന്നുണ്ടല്ലോ. ഗുരുനാഥൻ തൃക്കണ്ടിയൂർ സ്വഗൃഹത്തിൽവെച്ചുതന്നെയാണു് അന്തരിച്ചതെന്നും അതിനുമുമ്പ് പതിനാറു വയസ്സുള്ള തന്റെ ശിഷ്യനായ ഒരു യോഗി അവിടെ വരുമെന്നും അദ്ദേഹത്തിന്റെ പക്കൽ തന്റെ ചൂരൽക്കോലം ഭസ്മസഞ്ചിയും മെതിയടികളും ഭാഗവതം മുതലായ ഗ്രന്ഥങ്ങളും കൊടുക്കണമെന്നു് അദ്ദേഹം തന്റെ മരുമകളോടു പറഞ്ഞിരുന്നുവെന്നും അതുപോലെ ആ യുവാവു് (അതാണത്രേ സൂര്യനാരായണൻ) ആ സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടുപോയെന്നും അവയെയാണു് ഗുരുമഠത്തിൽ പിന്നീടു പ്രതിഷ്ഠിച്ചതെന്നുമുള്ള ഐതിഹ്യത്തിൽ അസംഭവ്യതാംശങ്ങൾ പലതും കാണ്‍മാനുണ്ടു്. സൂര്യനാരായണൻ എഴുത്തച്ഛൻ സാമൂതിരിപ്പാട്ടിലെ ആചാര്യനായിരുന്നു എന്നു പറയുന്നതിനും അപ്രതിഷേധ്യമായ ലക്ഷ്യം വേണ്ടിയിരിക്കുന്നു. അതു ശരിയാണെങ്കിൽ സാമൂതിരിപ്പാട്ടിലെ അധീനതയിലും ഭാരതപ്പുഴയുടെ തീരത്തിലുമുള്ള ഏതെങ്കിലും മനോഹരമായ ഒരു സ്ഥലത്ത് അദ്ദേഹത്തിന്റെ ഗുരുമഠം പണിയിക്കുകയും അതിന്റെ നിലനില്പിനു പര്യാപ്തമായ സ്വത്തു് ആ രാജാവിനെക്കൊണ്ടുതന്നെ ദാനം ചെയ്യിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ അദ്ദേഹം ആ മഠം പ്രതിഷ്ഠിച്ചതു കൊച്ചിയിലും ആയിരം പണം പലിശയ്ക്ക് ഏല്പിച്ചതു കൊച്ചിസർക്കാരിലുമായിരുന്നല്ലോ. ആദ്യം തുഞ്ചനോടുകൂടിയും പിന്നീടു തനിച്ചും സൂര്യനാരായണനെഴുത്തച്ഛൻ ഗുരുമഠത്തിൽ താമസിച്ചിരുന്നിരിക്കും. ഞാൻ ഇത്രയും ഇവിടെ പ്രപഞ്ചനം ചെയ്തതു്. ‘രാമാനന്ദൻ’ എന്നതു് എഴുത്തച്ഛൻ സന്യാസാശ്രമംവരിച്ചപ്പോൾ സ്വീകരിച്ച പേരാണെന്നു തെളിയിക്കുവാനാണു്. അഥവാ സൂര്യനാരായണനാണു് ഗുരുമഠത്തിൽ ആദ്യമായി പാർപ്പു തുടങ്ങിയതെന്നു വന്നാൽപ്പോലും തന്റെ ഗുരുനാഥന്റെ നാമധേയമാണു് അദ്ദേഹം അഗ്രഹാരത്തിനു നല്കിയതെന്നുള്ള ഊഹത്തിനു് അതു പ്രതിബന്ധമാകുന്നില്ല. രാമാനന്ദൻ എന്നായിരുന്നു എഴുത്തച്ഛന്റെ അക്കാലത്തെ പേരെന്നു വരുമ്പോൾ ‘രാമാനന്ദൻ’ എന്ന പദം അനന്തരകാലങ്ങളിൽ ഉച്ചാരണവൈകല്യത്താൽ രൂപഭേദം പ്രാപിച്ചു ‘രാമാനുജൻ’ എന്നായി പരിണമിച്ചതിൽ ആശ്ചര്യപ്പെടുവാനുമില്ല. പ്രസ്തുതസംജ്ഞയ്ക്ക് അത്തരത്തിൽ സംഭവിച്ച ഒരു പരിണാമമാണു് ‘രാമാനുജൻ’ എന്ന ഞാൻ വിശ്വസിക്കുന്നു.
ഇനി സന്യാസത്തിനു മുമ്പുള്ള പേരെന്തെന്നു തിരഞ്ഞുപിടിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ 949-ാമാണ്ടു മുതൽ 1006-ാമാണ്ടുവരെ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരൻനമ്പിയുടെ ഭാഗവതം ഏകാദശം കിളിപ്പാട്ടിൽനിന്നു താഴെ ഉദ്ധരിക്കുന്ന വരികൾ മാർഗ്ഗദർശനം നൽകുന്നതുപോലെ തോന്നുന്നു:
രാമദാസൻ എന്ന സമസ്തപദത്തിൽ വർണ്ണദ്യോതകമായ ദാസഘടകം തള്ളിയാൽ അവശേഷിക്കുന്നതു രാമശബ്ദമാണല്ലോ. അപ്പോൾ ശ്രീധരൻനമ്പിയുടെ കാലത്തു് എഴുത്തച്ഛന്റെ പേർ രാമനാണെന്നു പണ്ഡിതന്മാർ വിശ്വസിച്ചിരുന്നതായി സങ്കല്പിക്കാം. എഴുത്തച്ഛനു രാമനെന്ന പേരിൽതന്നെ ഒരു ജ്യേഷ്ഠനുണ്ടായിരുന്നുവെന്നതു ഈ സങ്കല്പത്തിനു ബാധകമല്ല. എഴുത്തച്ഛൻ അധ്യാത്മരാമായണം രചിക്കുന്ന കാലത്തു് ആ ജ്യേഷ്ഠൻ വലിയ ശിഷ്യസമ്പത്തുള്ള ഒരു ആചാര്യനായിരുന്നുവല്ലോ. അവർ തമ്മിൽ പ്രായംകൊണ്ടു് അടുപ്പമുണ്ടായിരുന്നതായി ആ പ്രസ്താവന തോന്നിക്കുന്നില്ല. അദ്ദേഹം എഴുത്തച്ഛന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ പുത്രനായിരുന്നു എന്നും എഴുത്തച്ഛന്റെ യൌവ്വനത്തിൽ അദ്ദേഹത്തിനു വാർദ്ധക്യമായിരുന്നു എന്നും വരാവുന്നതാണു്. രാമൻ സന്യാസാശ്രമത്തിൽ രാമാനന്ദനാകുന്നതു സ്വാഭാവികവുമാണല്ലോ. അതുകൊണ്ടു് എഴുത്തച്ഛന്റെ ബാല്യകാലത്തിലെ നാമധേയം രാമനെന്നായിരുന്നു എന്നു് ഊഹിക്കുന്നതിൽ അനൌചിത്യമുണ്ടെന്നു തോന്നുന്നില്ല.
എഴുത്തച്ഛന്റെ ജീവിതത്തെ കൊല്ലം 600-ാമാണ്ടുമുതൽ 800-ാമാണ്ടുവരെ പല ഘട്ടങ്ങളിലേക്കും ഗവേഷകന്മാർ കൊണ്ടുപോകാറുണ്ടു്. 600-ാമാണ്ടിടയ്ക്കല്ലെന്നു് ഉറപ്പിച്ചുതന്നെ പറയാവുന്നതാണു്. അങ്ങനെയാണെങ്കിൽ കൃഷ്ണഗാഥാകാരനെക്കാൾ പ്രാക്തനനാണു് എഴുത്തച്ഛൻ എന്നു വരേണ്ടതും ഭാഷാരീതി നോക്കിയാൽ അതിനു യാതൊരു പഴുതുമില്ലാത്തതുമാകുന്നു. കണ്ണശ്ശനും എഴുത്തച്ഛനും സമകാലികന്മാരായിരുന്നു എന്നു പറയുന്നതും അസംബന്ധമാണു്. ആ രണ്ടു മഹാകവികളുടേയും സംഭാഷണമാണെന്നു ചിലർ കരുതാറുള്ള
എന്ന ശ്ലോകം വെണ്‍മണി അച്ഛൻനമ്പൂരിപ്പാട്ടിലെ അപ്ഫൻ വിഷ്ണുനമ്പൂരിപ്പാട്ടിലെ കൃതിയാണെന്നു് ഇപ്പോൾ അനിഷേധ്യമായി തെളിഞ്ഞിട്ടുണ്ടു്.
എഴുത്തച്ഛൻ തന്റെ കാലത്തു സാമാന്യജനങ്ങളുടെ ഇടയിൽ പ്രചരിച്ചിരുന്ന മലയാളഭാഷയിലാണു് കാവ്യങ്ങൾ നിർമ്മിച്ചതു്. എന്നാൽ അവയിലും ചില പഴയ പദങ്ങളും പ്രയോഗങ്ങളും അദ്ദേഹത്തിന്റെ ജീവിതം എപ്പോളെന്നു നിർണ്ണയിക്കുവാൻ അല്പാല്പം സഹായിക്കുന്നുണ്ടു്. (1) ചേൽക്കണ്ണി, (2) മയ്യൽ (മോഹം), (3) ഒക്കത്തക്ക, (4) വിരയേ, (5) അടയ (മുഴുവൻ), (6) മുനിവു (കോപം), (7) ഇകലിൽ (യുദ്ധത്തിൽ), (8) മറുകി (തിളച്ചു, (9) ഇടർ (ദുഃഖം), (10) തൂമ (സത്യം) മുതലായ പദങ്ങളും (1) എവിടത്തു പാർത്ഥൻ, (2) ജീവിക്കയിൽ, (3) സത്യമായ് വന്നുതാവൂ, (4) ശുശ്രൂഷ ചെയ്തു ഞായം, (5) സാദരം നല്കൂ പിതൃക്കൾക്കും, (6) ഭക്തന്മാർ വിഷയമായ്, (7) രാക്ഷസരാജാവായ രാവണഭഗിനി ഞാൻ, (8) കീകസാത്മജകുലനാശകാരിണിയായേ, (9) കാടിതു കണ്ടായോ നീ തുടങ്ങിയ പ്രയോഗങ്ങളും നോക്കുക. ഉപോത്തമമായ പ്രയോഗത്തിൽ കാണുന്ന ‘ഏ’ എന്ന പാദപൂരകമായ നിപാതം നിരണംകവികളുടെ കാലത്തു പ്രചുര പ്രചാരമായിരുന്നു; എഴുത്തച്ഛന്റെ കാലത്തും അതിനു് അങ്ങിങ്ങു പ്രവേശമുണ്ടായിരുന്നതായി കാണുന്നുണ്ടു്. ആകെക്കൂടി ഭാഷാഗതി നോക്കിയാൽ എഴുത്തച്ഛൻ കൊല്ലം എട്ടാം ശതകത്തിലാണു് ജീവിച്ചിരുന്നതെന്നു സ്പഷ്ടമാകുന്നു. ആ ശതകത്തിന്റെ പൂർവ്വാർദ്ധത്തിലോ ഉത്തരാർദ്ധത്തിലോ എന്നു മാത്രമേ പരിശോധിക്കേണ്ടതായുള്ളൂ.
മുൻപ് ഉദ്ധരിച്ച ഗുരുമഠശ്ലോകങ്ങളിൽ ‘നാകസ്യാനൂനസൗഖ്യം’ എന്നൊരു പാദാംശം കാണ്‍മാനുണ്ടു്. അതിനു് ഒരു കലിവാചകത്തിന്റെ സ്വരൂപമുണ്ടെന്നു തീർച്ചായി പറയാം. ധ്റുവമെന്നു് അതിനപ്പുറമുള്ള പദവും ആ വിഷയത്തിൽ ജ്ഞാപകമാണു്. അങ്ങനെയാണെങ്കിൽ ഗ്രാമദാനം 723-ാമാണ്ടു തുലാമാസം 11-ാംനുയാണെന്നു സിദ്ധിക്കുന്നു. ‘(ദ)ധ്നാ(പ്യ)ന്നം സസർപ്പിഃ’ എന്ന വാചകത്തിനു് ആ ലക്ഷണമില്ല. ഗ്രാമദാനം സംബന്ധിച്ചു് ഒരു ശാസനപത്രം ഗുരുമഠത്തിൽ ഉണ്ടായിരുന്നു എന്നും 1046 ഇടയ്ക്കു് അതു താൻ കണ്ടു എന്നും ബർണ്ണൽ പറയുന്നുണ്ടു്. പക്ഷേ അതിൽനിന്നു് അദ്ദേഹം അനുമാനിച്ചതു് എഴുത്തച്ഛൻ ക്രി. പി. പതിനേഴാം ശതകത്തിന്റെ അവസാനത്തിൽ, അതായതു കൊല്ലം 875-ാമാണ്ടിടയ്ക്കു, ജീവിച്ചിരുന്നു എന്നാണു്. എഴുത്തച്ഛന്റെ കൃതികളിലേ ഭാഷാരീതി ഈ അനുമാനത്തിനു കടകവിരുദ്ധമായി നിലകൊള്ളുന്നു. കാലഗണനയിൽ ഏതു കാരണവശാലോ ആ പണ്ഡിതനു് ഒരു കുഴപ്പം പറ്റിപ്പോയിട്ടുണ്ടെന്നതു നിർവിവാദമാണു്.
‘നാകസ്യാനൂനസൗഖ്യം’ എന്ന വാചകത്തിൽ കലിദിന സൂചനയില്ലെന്നു പറയുന്നവർ എഴുത്തച്ഛനും മേല്പുത്തൂർ ഭട്ടതിരിയും സമകാലികന്മാരായിരുന്നു എന്നും ഭട്ടതിരി മുഖാന്തിരമാണു് എഴുത്തച്ഛൻ ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായതെന്നും, അവിടെ വെച്ചാണു് അധ്യാത്മരാമായണം രചിച്ചതെന്നും, ആ ഗ്രന്ഥത്തിന്റെ മൂലം ആദ്യമായി കേരളത്തിൽ കൊണ്ടുവന്നതു ‘പവിത്രകരസ്സൂര്യഃ’ എന്ന കലിവാചകത്താൽ സൂചിതമായ കൊല്ലം 787-ാമാണ്ടു ചിങ്ങത്തിലായിരുന്നു എന്നും വാദിക്കുന്നു. ‘പവിത്രം പരം സൌഖ്യ’ എന്നൊരു ഭാഗം എഴുത്തച്ഛന്റെ അധ്യാത്മരാമായണം യുദ്ധകാണ്ഡത്തിന്റെ അവസാനത്തിൽ കാണുന്നുണ്ടെന്നും അതു കലിവാചകമാണെന്നും അതനുസരിച്ചു നോക്കുമ്പോൾ 787-ാമാണ്ടു ചിങ്ങമാസം 20-ാംനുയാണു് എഴുത്തച്ഛൻ ആ ഗ്രന്ഥരചന സമാപിച്ചതു് എന്നു സിദ്ധിക്കുമെന്നുംകൂടി അവർ പറയുന്നു. ഇവിടെ കലിയെസ്സംബന്ധിച്ചിടത്തോളം രണ്ടു വാക്യങ്ങളും ഒന്നുതന്നെയാണെന്നും അധ്യാത്മരാമായണം മൂലം പരദേശത്തിൽ നിന്നു വന്നുചേർന്ന ദിവസം തന്നെ അതിന്റെ ഭാഷാനുവാദവും അവസാനിച്ചു എന്നു പറയുന്നതു് അനുപപന്നമാകയാൽ ‘പവിത്രം പരം സൗഖ്യ’ തന്നെയാണു് പിന്നീടു ചരിത്രകാരന്മാരുടെ ദൃഷ്ടിയിൽ ‘പവിത്രകരസ്സുര്യഃ’ എന്നു് ആകൃതിഭേദം കൈക്കൊണ്ടതെന്നും സങ്കല്പിക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം ആകെക്കൂടി പ്രകൃതത്തിൽ ചർച്ച ചെയ്വാനുള്ളതു് എഴുത്തച്ഛൻ 729-ാമാണ്ടിടയ്ക്കോ 787-ാമാണ്ടിടയ്ക്കോ ജീവിച്ചിരുന്നതു് എന്നു മാത്രമാകുന്നു. ഭട്ടതിരിയുടെ ബാല്യകാലത്തു് എഴുത്തച്ഛനു മധ്യവയസ്സായിരുന്നു എന്നു പറയുന്നവരുമുണ്ടു്.
ഭട്ടതിരിയേയും എഴുത്തച്ഛനേയും സംഘടിപ്പിക്കുന്ന ഐതിഹ്യങ്ങൾക്കു വലിയ വിലയൊന്നും കല്പിക്കുവാൻ തോന്നുന്നില്ല. ഭട്ടതിരിയെ വാതരോഗം ബാധിച്ചപ്പോൾ അതിനു പ്രതിവിധിയെന്തെന്നു് അദ്ദേഹം ഒരു ദൂതൻമുഖാന്തരം എഴുത്തച്ഛനോടു ചോദിച്ചു എന്നും മത്സ്യം തൊട്ടുകൂട്ടണമെന്നു് എഴുത്തച്ഛൻ പറഞ്ഞയച്ചു എന്നും ഭട്ടതിരി ആ ഉപദേശത്തിന്റെ സാരം മനസ്സിലാക്കി മത്സ്യാദ്യവതാരവർണ്ണനാത്മകമായ നാരായണീയം രചിച്ചു എന്നും ചിലർ പറയുന്നതു വിശ്വസിക്കുവാൻ മാർഗ്ഗം കാണുന്നില്ല. ഭട്ടതിരിയുടെ നിലയിലുള്ള ഒരാളോടു ബ്രാഹ്മണരെപ്പറ്റി അളവറ്റ ഭക്തിയും ബഹുമാനവും ഉണ്ടായിരുന്ന എഴുത്തച്ഛൻ ഒരിക്കലും ആ ഭാഷയിൽ ഒരു ഉപദേശം നല്കിയിരിക്കാനിടയില്ല. രണ്ടാമതു നാരായണീയം ആരംഭിക്കുന്നതു തന്നെ മത്സ്യാവതാരകഥകൊണ്ടല്ല; മുപ്പത്തിരണ്ടാം ദശകത്തിൽ മാത്രമാണു് ശ്രീമൽഭാഗവതത്തെ അനുവർത്തിച്ചു് അദ്ദേഹം ആ കഥ പ്രതിപാദിക്കുന്നതു്. അതിനു മുൻപുതന്നെ വരാഹം, നരസിംഹം, വാമനം, കൂർമ്മം എന്നിങ്ങനെ നാലവതാരങ്ങളേയും പറ്റിയുള്ള പ്രതിപാദനം കഴിയുന്നുണ്ടു്. 762-ൽ ആണല്ലോ നാരായണീയരചന. അക്കാലത്തു ഭട്ടതിരി എഴുത്തച്ഛനോടു് ഉപദേശം ചോദിക്കണമെങ്കിൽ അന്നു് എഴുത്തച്ഛനു് അൻപതു വയസ്സോളമെങ്കിലും പ്രായമായിരിക്കണം. 787-ാമാണ്ടാണു് അധ്യാത്മരാമായണം തർജ്ജമ ചെയ്തതെങ്കിൽ അന്നു് 75 വയസ്സിനടുത്തു് എത്തിയുമിരിക്കണം. അധ്യാത്മരാമായണത്തിനുമേലാണു് ഭാരതത്തിന്റെ രചന എന്നുള്ളതിനെപ്പറ്റി ആർക്കും വിപ്രതിപത്തിയുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അങ്ങനെ വരുമ്പോൾ 75 വയസ്സിനു മേലാണു് എഴുത്തച്ഛൻ ഭാരതനിർമ്മിതിക്കു് ആരംഭിച്ചതെന്നു സങ്കല്പിക്കേണ്ടിയിരിക്കുന്നു. ആ സങ്കല്പം യുക്തിസഹമല്ല. അതുകൊണ്ടു ഭട്ടതിരിയും എഴുത്തച്ഛനും തമ്മിൽ യാതൊരു സൗഹാർദ്ദബന്ധത്തിനും മാർഗ്ഗമില്ലാത്ത നിലയിൽ കൊല്ലം എട്ടാംശതകത്തിന്റെ പൂർവ്വാർദ്ധത്തിലായിരുന്നു എഴുത്തച്ഛന്റെ ജീവിതം എന്നു നിർണ്ണയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ ‘നാകസ്യാനൂനസൗഖ്യം’ എന്നതു കലിവാചകമാണെന്നും 729-ാമാണ്ട് എഴുത്തച്ഛൻ ജീവിച്ചിരുന്നു എന്നും അനുമാനിക്കുന്നതിൽ അസാംഗത്യമില്ല. പിന്നെയും കുറേക്കാലംകൂടി അദ്ദേഹം ഗുരുമഠത്തിൽ താമസിച്ചു ലോകാനുഗ്രഹം ചെയ്തുകൊണ്ടിരുന്നിരിക്കാം. ഇടയ്ക്കു് ‘ഭാസ്വത്തുഞ്ചാഖ്യസന്മന്ദിര’ എന്നിങ്ങനെ ഒരു സംസ്കൃതശ്ലോകം പത്രപങ്ക്തികളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിൽ ‘ഹംസപ്രാപ്യം നു സൗമ്യം’ എന്നു് അദ്ദേഹത്തിന്റെ സ്വർഗ്ഗാരോഹണകാലത്തെ ദ്യോതിപ്പിക്കുന്ന ഒരു കലിവാക്യമുണ്ടെന്നും കാണുമാറായി. അതു യഥാർത്ഥമായ ഒരു രേഖയാണെന്നു് എനിക്കു വിശ്വാസം വന്നിട്ടില്ലാത്തതിനാൽ ആ വാക്യം സൂചിപ്പിക്കുന്നതുപോലെ 732 ധനു 24-ാംനുയാണു് എഴുത്തച്ഛന്റെ നിര്യാണം എന്നു ക്നുപ്തപ്പെടുത്തുവാൻ നിവൃത്തിയില്ല. ഏതായാലും 750-നു മേൽ എഴുത്തച്ഛൻ ജീവിച്ചിരുന്നിരിക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ടും ത്രികരണപരിശുദ്ധമായ ജീവിതചര്യയിൽനിന്നു് അദ്ദേഹം ദീർഘായുഷ്മാനായി 80 വയസ്സോളം ഐഹികയാത്ര ചെയ്തിരിക്കാമെന്നു് അനുമാനിക്കുന്നതിൽ അനുപപത്തിയില്ലാത്തതുകൊണ്ടും ആ മഹാത്മാവിന്റെ ജീവിതകാലം കൊല്ലം 671-നും 750-നും ഇടയ്ക്കായിരുന്നു എന്നു് അനുമാനിക്കാവുന്നതാകുന്നു.
കടിയംകുളം ശുപ്പുമേനോൻ തേനാറിമാഹാത്മ്യം എന്ന കിളിപ്പാട്ടിൽ
എന്നു പ്രസ്താവിയ്ക്കുന്നുണ്ടെന്നും അതിൽനിന്നു് എഴുത്തച്ഛന്റെ ശിഷ്യനായ സൂര്യനാരായണന്റെ പ്രശിഷ്യനാണു് ശുപ്പുമേനോൻ എന്നു സിദ്ധിക്കുന്നു എന്നും അതുകൊണ്ടു് എഴുത്തച്ഛൻ എട്ടാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്നു എന്നു പറയുന്നതു ശരിയല്ലെന്നും ചിലർ വാദിക്കുന്നു. ശുപ്പുമേനോൻ 940-ാമാണ്ടിടയ്ക്കു ജനിച്ചു എന്നും അദ്ദേഹം ‘രാഘവനായ ഗുരുനാഥൻ’ എന്നു തേനാറിമാഹാത്മ്യത്തിലും ‘ഗോവൃന്ദാരകന്മാരും രാഘവാചാര്യേന്ദ്രനും … … … തുണപ്പാൻവന്ദിക്കുന്നേൻ’ എന്നു കാവേരിമാഹാത്മ്യം കിളിപ്പാട്ടിലും താൻ സ്മരിക്കുന്ന കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ ശിഷ്യനായിരുന്നു എന്നും സൂക്ഷ്മമായി പറയാം. പിഷാരടി ടിപ്പുസുൽത്താന്റെ കാലത്തു ജീവിച്ചിരുന്നതായി തെളിയുന്നതിനാൽ അദ്ദേഹത്തിന്റെ ജീവിതവും പത്താം ശതകത്തിലായിരുന്നു എന്നു വന്നുകൂടുന്നു. ശുപ്പുമേനോന്റെ മറ്റൊരു ഗുരുവായ പേരുവും രാഘവനും സമവയസ്കന്മാരായിരുന്നിരിയ്ക്കുവാനാണു് ന്യായമുള്ളതു്. അങ്ങിനെ വരുമ്പോൾ സൂര്യനാരായണൻ 850-ാമാണ്ടിനുമുൻപു ജനിച്ചതായി സങ്കല്പിക്കുവാൻ നിവൃത്തിയില്ല. തുഞ്ചത്തെഴുത്തച്ഛൻ അന്തരിച്ചപ്പോൾ സൂര്യനാരായണനു 16 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ എന്നു സമ്മതിച്ചാൽപ്പോലും ആ കൂടസ്ഥനായ ആചാര്യൻ 866 വരെ ജീവിച്ചിരുന്നതായി അംഗീകരിക്കേണ്ടിവരുന്നു. അങ്ങനെയായാൽ 781-ൽ അദ്ദേഹം ചെമ്പകശ്ശേരി രാജധാനിയിൽ പോകത്തക്ക വയസ്സിൽ എത്തിയിരിക്കുവാൻ ഇടയില്ലല്ലോ. അതുകൊണ്ടു് ഈ വാദം എഴുത്തച്ഛനേയും മേല്പുത്തൂരിനേയും ചെമ്പകശ്ശേരി രാജാവിനേയും കൂട്ടി ഘടിപ്പിക്കുവാൻ ശ്രമിക്കുന്നവർക്കു് ഒരുവിധത്തിലും സഹായകമാകുന്നില്ല. ഒൻപതാം ശതകത്തിനു മുൻപുതന്നെ ശുകഗാന പ്രസ്ഥാനം ഭാഷയിൽ പ്രതിഷ്ഠയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നുള്ള പരമാർത്ഥത്തെ ആർക്കും അന്യഥാകരിക്കുവാൻ സാധിക്കുന്നതല്ല. അതിനാൽ ആ ശതകത്തിലേക്കു് എഴുത്തച്ഛനെ കടത്തിക്കൊണ്ടുപോകുന്നതു് അത്യന്തം യുക്തിഹീനമാകുന്നു. ശുപ്പുമേനോന്റെ ‘അന്തേവാസീന്ദ്രന്മാരിൽ’ എന്ന പദപ്രയോഗം സൂര്യനാരായണന്റെ ശിഷ്യപ്രശിഷ്യപരമ്പരയെ പൊതുവേ പരാമർശിച്ചു മാത്രമാണെന്നും പേരു ആ പരമ്പരയിൽപ്പെട്ട ഒരാളായിരുന്നു എന്നല്ലാതെ സൂര്യനാരായണന്റെ നേരേശിഷ്യനല്ലായിരുന്നു എന്നും അനുമാനിച്ചാലേ ആ പ്രയോഗം അർത്ഥവത്താകയുള്ളൂ; കരുണാകരനെഴുത്തച്ഛനെ അദ്ദേഹം ഒരു പ്രാക്കാലഗുരുവിന്റെ നിലയിൽ വന്ദിക്കുന്നതായും കരുതേണ്ടതാണു്.
‘അഗ്രജൻ മമസതാം’ എന്നു തുടങ്ങുന്ന അധ്യാത്മരാമായണത്തിലെ വരികളിൽ നിന്നു് എഴുത്തച്ഛനു രാമനാമധേയനായ ഒരു ഗുരുവുണ്ടായിരുന്നു എന്നും അതു് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ തന്നെയാണെന്നും അദ്ദേഹത്തിനു ധാരാളം ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നു വ്യക്തമാകുന്നതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അഗ്രജനെന്നും, വിദ്വച്ഛ്റേഷ്ഠനായ മറ്റൊരു ഗുരുവെന്നും, രാമനെന്ന മൂന്നാമതൊരു ഗുരുവെന്നും ഇവിടെ അർത്ഥകല്പന ചെയ്യുന്നതു് അസമഞ്ജസമാകുന്നു. അഗ്രജപദം ബ്രാഹ്മണപര്യായമായി പരിഗണിക്കണമെന്നു ചിലർ പറയുന്നതു് അബദ്ധമല്ലെങ്കിലും പ്രകൃതത്തിൽ ആ അർത്ഥത്തിനു പ്രസക്തിയില്ല. രാമൻ എന്ന ജ്യേഷ്ഠൻതന്നെയായിരുന്നു എഴുത്തച്ഛന്റെ പ്രധാന ഗുരു. അദ്ദേഹവും നാട്ടെഴുത്താശാന്റെ വൃത്തി സ്വീകരിച്ചിരുന്നതുകൊണ്ടായിരിക്കണം അദ്ദേഹത്തിനു് ‘അനേകാന്തേവാസികൾ’ ഉണ്ടായതു്. ആ അന്തേവാസികളോടുകൂടി ‘മമ ഉൾക്കുരുന്നിൽ വാഴ്ക’ എന്നു് എഴുത്തച്ഛൻ പറയുന്നതിൽ നിന്നു് അധ്യാത്മരാമായണം നിർമ്മിച്ച കാലത്തു രാമനെഴുത്തച്ഛൻ അധ്യാപകവൃത്തിയിൽ നൂതനനല്ലെന്നു് അനുമാനിക്കാവുന്നതാണു്. ‘മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുള്ളോരും’ എന്ന വരികളിൽ നിന്നു് എഴുത്തച്ഛനു വേറേയും ഗുരുക്കന്മാരുണ്ടായിരുന്നതായും വെളിപ്പെടുന്നു. പക്ഷേ അവരാരെല്ലാമെന്നു് അദ്ദേഹം നമ്മെ അറിയിക്കുന്നില്ല. കേളല്ലൂർ നീലകണ്ഠസോമയാജി അവരിൽ അന്യതമനായിരുന്നു എന്നുള്ള അഭിപ്രായം എനിക്കു സമ്മതമായി തോന്നുന്നില്ല. അതിനു തെളിവായി ഉദ്ധരിക്കുന്ന ‘അൻപേണമെൻ മനസി ശ്രീനീലകണ്ഠഗുരു’ എന്ന വരി കാണുന്ന ഹരിനാമകീർത്തനം എഴുത്തച്ഛന്റെ വരിയാണെങ്കിൽത്തന്നെയും അതു സോമയാജി ആണെന്നു സിദ്ധിക്കുന്നില്ല. സോമയാജി എഴുത്തച്ഛന്റെ വേദാന്തഗുരുവായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ പേർ വേണ്ടിയിരുന്നു അദ്ധ്യാത്മരാമായണത്തിൽ ആദ്യമായി സ്മരിക്കുവാൻ. നിശ്ചയമായും നീലകണ്ഠൻ രാമനെഴുത്തച്ഛനെക്കാൾ പതിന്മടങ്ങു വൈദുഷ്യവാനായിരുന്നു. വിശേഷിച്ചു രവിയിൽനിന്നു് ആത്തവേദാന്തശാസ്ത്രനുമായിരുന്നു. രാമഗീത, ലക്ഷ്മണോപദേശം മുതലായ വേദാന്തഘട്ടങ്ങൾ അടങ്ങിയ ഒരു കൃതിയുടെ ആരംഭത്തിൽ ആ പുണ്യശ്ലോകനെ എഴുത്തച്ഛൻ വന്ദിക്കാത്തതു് അദ്ദേഹം തന്റെ ഗുരുവല്ലാതിരുന്നതുകൊണ്ടാണെന്നേ എനിക്കു് ഊഹിക്കുവാൻ തോന്നുന്നുള്ളു. “രാമനാമാചാര്യനുമാവോളം തുണയ്ക്കണം” എന്നു ദേവീമാഹാത്മ്യം കിളിപ്പാട്ടിലും എഴുത്തച്ഛൻ തന്റെ ജ്യേഷ്ഠനെ വന്ദിച്ചിരിക്കുന്നു. “രാമഭക്താഢ്യനായ രാമശിഷ്യൻ” എന്നു ബ്രഹ്മാണ്ഡപുരാണത്തിലും കാണ്‍മാനുണ്ടു്. അതു് എഴുത്തച്ഛന്റെ കൃതിയാണോ എന്നു യഥാവസരം പരിശോധിക്കാം. എഴുത്തച്ഛനു വേദാന്തത്തിലൊഴികെ മറ്റു ശാസ്ത്രങ്ങളിൽ അവഗാഹമുണ്ടായിരുന്നതായി തെളിയുന്നില്ല. എന്നാൽ ഭാഷാകവിതയ്ക്കു വേണ്ട സംസ്കൃതവ്യുൽപത്തി അദ്ദേഹത്തിനു സിദ്ധിച്ചിരുന്നു എന്നു നിസ്സംശയമായി പറയാം. അങ്ങിങ്ങു കവിയുടെ അനവധാനതകൊണ്ടോ അവ്യുൽപന്നതകൊണ്ടോ അലംഭാവംകൊണ്ടോ അപൂർവ്വം ചില അപശബ്ദങ്ങൾ കാണ്‍മാനുണ്ടെങ്കിൽ അവയെപ്പറ്റി അത്രയൊന്നും അപലപിക്കേണ്ട ആവശ്യവും ഞാൻ കാണുന്നില്ല. ഭാഷാകൃതിയാകുമ്പോൾ അത്രയൊക്കെ മതിയെന്നേ അക്കാലത്തെ പണ്ഡിതകവികൾ പോലും കരുതിയിരുന്നുള്ളു.
മുൻപു പ്രസ്താവിച്ചിട്ടുള്ളതിനെക്കാൾ വളരെ അധികമൊന്നും എഴുത്തച്ഛന്റെ ജീവചരിത്രത്തെപ്പറ്റി വ്യക്തമായി അവശേഷിക്കുന്നില്ല. ബാല്യത്തിൽത്തന്നെ എഴുത്തച്ഛൻ ശമദമാദിഗുണങ്ങളാൽ അലംകൃതനും മുമുക്ഷുവുമായിത്തീർന്നിരിക്കണം. അദ്ദേഹം വിദേശങ്ങളിൽ സഞ്ചരിച്ചു തമിഴിൽ വേദാന്തഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കുന്നതിനുവേണ്ട പാണ്ഡിത്യം ആ ഭാഷയിൽ സമ്പാദിച്ചുമിരുന്നിരിക്കണം. സംസ്കൃതഭാഷയിലെ വേദാന്തഗ്രന്ഥങ്ങളും അദ്ദേഹം പരിശീലിച്ചിരുന്നു. അദ്ദേഹത്തിനു് ആന്ധ്രഭാഷ അറിയാമായിരുന്നു എന്നുള്ളതിനു തെളിവൊന്നുമില്ല. ഇദംപ്രഥമമായി കേരളത്തിൽ വന്നുചേർന്ന ആന്ധ്രലിപിലിഖിതമായിരുന്ന ഒരു അധ്യാത്മരാമായണഗ്രന്ഥം അദ്ദേഹം ചെമ്പകശ്ശേരി രാജാവിനുവേണ്ടി പകർത്തിയെന്നു പറയുന്നതു ശരിയല്ല. അതിനു വളരെ മുൻപുതന്നെ ആ ഗ്രന്ഥം കേരളീയവിദ്വാന്മാർ കാണത്തക്ക നിലയിലുള്ളതായിരുന്നു അവരും ആന്ധ്രചോളാദിദേശങ്ങളിലെ സംസ്കൃതപണ്ഡിതന്മാരും തമ്മിലുള്ള സൌഹാർദ്ദബന്ധം. എഴുത്തച്ഛൻ പ്രശസ്തനായതിനുമേലല്ല അധ്യാത്മരാമായണം ഭാഷയിൽ രചിച്ചതെന്നും പ്രത്യുത അധ്യാത്മരാമായണരചനയാണു് അദ്ദേഹത്തെ പ്രശസ്തനാക്കിയതെന്നും ഊഹിക്കുവാനാണു് ഔചിത്യം അധികമുള്ളതു്. വിദേശസഞ്ചാരം കഴിഞ്ഞു യൗവനത്തിൽത്തന്നെ അദ്ദേഹം തിരിച്ചു തൃക്കണ്ടിയൂരിലുള്ള സ്വഗൃഹത്തിൽ എത്തുകയും അവിടെ ഒരു പാഠശാല സ്ഥാപിച്ചു് അധ്യാപകവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. അവിടെവച്ചു് ആദ്യമായി അധ്യാത്മരാമായണവും പിന്നീടു ശ്രീമഹാഭാരതവും നിർമ്മിച്ചു. എഴുത്തച്ഛൻ വിവാഹംചെയ്തുവോ എന്നും അതിൽ സന്തതിയുണ്ടായിരുന്നുവോ എന്നുമുള്ള ചോദ്യങ്ങൾക്കു് ഉത്തരം പറയുന്നതു സുകരമല്ല. ബർണ്ണൽ, അദ്ദേഹത്തിനു് ഒരു മകൾ ഉണ്ടായിരുന്നു എന്നും ആ മകൾ പകർത്തിയ എഴുത്തച്ഛന്റെ കൃതികളാണു് ഗുരുമഠത്തിൽ സൂക്ഷിച്ചിരുന്നതെന്നും തദ്ദേശവാസികൾ പറഞ്ഞതായി രേഖപ്പെടുത്തിക്കാണുന്നു. കൂറ്റനാട്ടുള്ള ആമക്കാവു് എന്ന സ്ഥലത്തെ ഒരു കുടുംബത്തിൽനിന്നായിരുന്നു എഴുത്തച്ഛൻ ദാരസംഗ്രഹംചെയ്തതു് എന്നൊരു ഐതിഹ്യമുണ്ടു്. അതു വിശ്വസിക്കുവാൻ ന്യായമില്ല. ആ കുടുംബക്കാരും എഴുത്തച്ഛന്മാർ തന്നെ. തന്റെ പത്നിയുടെ മരണാനന്തരം എഴുത്തച്ഛൻ വീണ്ടും ഗാർഹസ്ഥ്യബദ്ധനാകാതെ സന്യാസാശ്രമം സ്വീകരിക്കുകയും, അദ്ദേഹത്തിന്റെ ഗുണകർമ്മവിശേഷങ്ങളാൽ ആകൃഷ്ടരായി ഭക്തന്മാരും വിരക്തന്മാരുമായ പലരും അദ്ദേഹത്തിന്റെ അന്തേവാസിത്വം അംഗീകരിക്കുകയും അവരോടൊന്നിച്ചു് അദ്ദേഹം പല പുണ്യസ്ഥലങ്ങളിലും പര്യടനം ചെയ്കയും യദൃച്ഛയാ കിഴക്കൻ ചിറ്റൂരിൽ ചെന്നുചേർന്നു് അവിടെ ശ്രീരാമക്ഷേത്രവും ഗുരുമഠവും സ്ഥാപിക്കുകയും അതിൽപ്പിന്നീടു് അവിടെത്തന്നെ ഭഗവദ്ധ്യാനാനുസന്ധാനങ്ങളിൽ തൽപരനായി ആയുരന്തംവരെ കാലയാപനം ചെയ്കയും ചെയ്തിരിക്കാം. കാലാന്തരത്തിൽ ഐതിഹ്യം അദ്ദേഹം അവിവാഹിതനാണെന്ന വിചാരത്തിൽ മകളെ മരുമകളാക്കിയതായിരിക്കണം. എഴുത്തച്ഛന്റെ വംശം അദ്ദേഹത്തോടുകൂടി അന്യം നിന്നുപോയതായാണു് കേൾവി.
(1) അധ്യാത്മരാമായണം, (2) ഉത്തരരാമായണം, (3) മഹാഭാരതം, (4) ദേവീമാഹാത്മ്യം, എന്നിവ എഴുത്തച്ഛന്റെ കൃതികളാണെന്നുള്ളതു നിർവിവാദംതന്നെ. (5) ബ്രഹ്മാണ്ഡപുരാണം, (6) ശതമുഖരാമായണം, (7) ശ്രീമദ്ഭാഗവതം, (8) ഹരിനാമകീർത്തനം, (9) ചിന്താരത്നം, (10) കൈവല്യനവനീതം, (11) രാമായണം ഇരുപത്തിനാലുവൃത്തം, (12) കേരളനാടകം ഇവയെപ്പറ്റി ചർച്ചചെയ്തു തീരുമാനിക്കേണ്ടിയിരിക്കുന്നു. അഷ്ടാംഗഹൃദയത്തിനു് എഴുത്തച്ഛൻ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടെന്നു ചിലർ പറയുന്നതിനു ആസ്പദമൊന്നുമില്ല. അദ്ദേഹം ശാക്തേയമതതത്വങ്ങളെ പരാമർശിച്ചു് ഒരു നിബന്ധം നിർമ്മിച്ചിട്ടുണ്ടെന്നുള്ള ഊഹവും ഭ്രമമൂലകമാകുന്നു. അദ്ദേഹം ശാക്തേയനായിരുന്നില്ല; അദ്ദേഹത്തിന്റെ ഗുരുവെന്നു ചിലർ വാദിക്കുന്ന നീലകണ്ഠസോമയാജിയുടെ തന്ത്രസംഗ്രഹം താന്ത്രികമതത്തെപ്പറ്റിയല്ല,ജ്യോതിശ്ശാസ്ത്രത്തെപ്പറ്റിയാണു് പ്രതിപാദിക്കുന്നതെന്നു് ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുമുണ്ടു്. ശിവപുരാണം കിളിപ്പാട്ടു കുഞ്ചൻനമ്പ്യാരുടേതാണെന്നു് ഇപ്പോൾ പരിപൂർണ്ണമായി തെളിഞ്ഞിട്ടുള്ളതിനാൽ അതിനെപ്പറ്റി യാതൊരു വിമർശവും ആവശ്യകമല്ല. പാതാളരാമായണം കോട്ടയത്തു കേരളവർമ്മരാജാവിന്റെ കൃതിയാണെന്നുള്ളതിനു് അതിൽത്തന്നെ തെളിവുണ്ടു്.
മലയാളഭാഷയിൽ കിളിയെക്കൊണ്ടു് കഥ പറയിക്കുക എന്ന കവിതാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് എഴുത്തച്ഛനെന്നുതന്നെയാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിന്റെ കാലത്തിനുമുമ്പു ഗുരുദക്ഷിണപ്പാട്ടു്, സേതുബന്ധനം പാട്ടു് എന്നിങ്ങനെ ചില ഭാഷാഗാനങ്ങൾ ആവിർഭവിച്ചുവെങ്കിലും അവയിൽ കിളിക്കു പ്രവേശം കാണുന്നില്ല. ആ പ്രസ്ഥാനത്തിന്റെ ഉൽപത്തിയെപ്പറ്റി പല പണ്ഡിതന്മാർ പലമാതിരി യുക്തികൾ ഉന്നയിക്കുന്നുണ്ടു്. കവിക്കു് അറം തട്ടാതെയിരിക്കുന്നതിനുവേണ്ടിയാണെന്നു് ഒരു കൂട്ടരം, പുരാണങ്ങൾ ശുകബ്രഹ്മർഷിയുടെ മുഖത്തുനിന്നു പുറപ്പെട്ടതിനാൽ ആ ആഗമത്തെ ആസ്പദീകരിച്ചാണെന്നു മറ്റു ചിലരും, എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ ജ്ഞാനോപദേശം ചെയ്തു എന്നു വേറെ ചിലരും, സരസ്വതീദേവിയുടെ തൃക്കയ്യിലുള്ള ശുകത്തെക്കൊണ്ടാണു് കഥ പറയിക്കുന്നതെന്നു് അന്യരും, തമിഴിലെ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ കൃതികളെ അനുകരിച്ചാണു് എഴുത്തച്ഛൻ കിളിപ്പാട്ടുകൾ രചിച്ചതെന്നു് അഞ്ചാമതൊരു കൂട്ടരും പറയുന്നു. ഈ ഊഹങ്ങൾക്കൊന്നിനും ഉപപത്തി കാണുന്നില്ല. ഭാഷാസാഹിത്യത്തിന്റെ ആരംഭകാലംമുതൽ യാതൊരു കവിയും ഭയപ്പെടാത്ത അറത്തിൽ എഴുത്തച്ഛൻ ഭീതനായി എന്നു വരാവുന്നതല്ല. അഷ്ടാദശപുരാണങ്ങളിൽ ശുകബ്രഹ്മർഷി ഉപദേശിച്ചതായി കാണുന്നതു ശ്രീമൽ ഭാഗവതം മാത്രമാകുന്നു. എഴുത്തച്ഛന്റെ കിളി, പെണ്ണാണു്, ആണല്ല, എന്നും ഇവിടെ ഓർമ്മിക്കേണ്ടതുണ്ടു്. എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ ജ്ഞാനോപദേശം ചെയ്തു എന്നുള്ളതു കേവലം കല്പനയാണു്. അവിടെയും ശുകിയുടെ പ്രസക്തി കാണുന്നില്ലല്ലോ. സരസ്വതീദേവിയുടെ കിളിയെക്കൊണ്ടാണു് താൻ പാടിക്കുന്നതെന്നു് എഴുത്തച്ഛൻ ഒരിടത്തും പ്രസ്താവിക്കുന്നില്ല; വാസ്തവം അങ്ങനെയായിരുന്നാൽ അതു് അദ്ദേഹം തെളിച്ചുതന്നെ പറയുമായിരുന്നു. അതു പ്രകൃത്യാ അസംഭവ്യവുമാണു്. പൈങ്കിളിക്കണ്ണിയെന്നും പരാപരക്കണ്ണിയെന്നും പറയുന്നതു തായ്മാനവസ്വാമികളുടെ രണ്ടു ഗാനങ്ങളാകുന്നു.
എന്നു പൈങ്കിളിക്കണ്ണിയും,
എന്നു പരാപരക്കണ്ണിയും ആരംഭിക്കുന്നു. പരാപരക്കണ്ണി പൈങ്കിളിക്കണ്ണിയെക്കാൾ ദീർഘമാണു്. കേരളകൗമുദിയിൽ കോവുണ്ണിനെടുങ്ങാടി, ‘അകമേവുണ്ണൽ’ എന്നും ‘ചീരാരുന്തെയ്വം’ എന്നുമുള്ള കണ്ണികൾ ഉദ്ധരിക്കുന്നു.
എന്നു് അദ്ദേഹം കാരികയെഴുതി അതിന്റെ വൃത്തിയിൽ പൈങ്കിളിക്കണ്ണിയും പരാപരക്കണ്ണിയും നോക്കിയാണു് തുഞ്ചത്തുഗുരുക്കൾ കിളിപ്പാട്ടുകൾ രചിച്ചതെന്നു പ്രസ്താവിച്ചപ്പോൾ അദ്ദേഹത്തിന്നു നിശ്ചയമായും ഒരു വസ്തുത അറിവില്ലാതിരുന്നിരിക്കണം. അതു് എഴുത്തച്ഛന്റെ കാലം കഴിഞ്ഞു പിന്നെയും ഒരു ശതകത്തിനുമേലാണു് തായ്മാനവർ ജീവിച്ചിരുന്നതെന്നും അദ്ദേഹം പാണ്ഡ്യരാജാവായ വിജയരംഗചൊക്കനാഥന്റെ കീഴിൽ തൃശ്ശിനാപ്പള്ളിയിൽ ഒരുദ്യോഗസ്ഥനായിരുന്നു എന്നും മരിച്ചതു് 917-ാമാണ്ടിടയ്ക്കാണു് എന്നുമാകുന്നു. പൈങ്കിളിക്കണ്ണിയിലും മറ്റും കാണുന്നതല്ല കിളിപ്പാട്ടിലെ യാതൊരു വൃത്തവും എന്നും പറയേണ്ടതില്ലല്ലോ. അതു നെടുങ്ങാടിതന്നെ സമ്മതിക്കുന്നുമുണ്ടു്. എഴുത്തച്ഛൻ ശാരികയെക്കൊണ്ടു പാടിക്കുന്നതു തന്റെ ഗാനം സംസ്കൃതകൃതിപോലെ പ്രൗഢമല്ലെങ്കിലും മധുരകോമളമാണെന്നും സാമാന്യജനങ്ങളെ ആകർഷിക്കുന്നതിനു് അത്തരത്തിലുള്ള ഗാനത്തിനു പാടവമുണ്ടായിരിക്കുമെന്നും വ്യഞ്ജിപ്പിക്കുന്നതിനാണെന്നു തോന്നുന്നു. ആ വ്യംഗ്യത്തിൽ കവിയുടെ ഔദ്ധത്യരഹിതതയും ആത്മപ്രത്യയവും യൗഗപദ്യേന അന്തർഭവിക്കുന്നു.
തമിഴിൽ കിളിയെക്കൊണ്ടു പാടിക്കുക എന്നൊരു കവിസമ്പ്രദായം പൂർവകാലങ്ങളിൽത്തന്നെ പ്രചരിച്ചിരുന്നതായി കാണുന്നു. പ്രസിദ്ധ ശൈവസമയാചാര്യനായ തിരുജ്ഞാന സംബന്ധമൂർത്തി നായനാർ തേവാരത്തിൽ ഈ സമ്പ്രദായത്തെ അനുകരിച്ചിട്ടുണ്ടു്.
എന്ന കണ്ണി നോക്കുക. സംബന്ധർ ജീവിച്ചിരുന്നതു ക്രി. പി. ഏഴാം ശതകത്തിലായിരുന്നു. ക്രി. പി. ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന മറ്റൊരു ശൈവസമയാചാര്യനായ മാണിക്യവാചകരും തിരുവാചകത്തിൽ
എന്നു പാടുന്നു. സംബന്ധരുടെ സമകാലികനും അദ്ദേഹത്തിനു സമസ്കന്ധനായ ഒരു ശൈവസമയാചാര്യനുമായ തിരുനാവുക്കരശു നായനാർ തേവാരത്തിൽ കുയിലിനെക്കൊണ്ടും പാടിക്കുന്നുണ്ടു്. ആദ്യത്തെ രണ്ടു കവികളായിരിക്കാം എഴുത്തച്ഛനു പ്രസ്തുതവിഷയത്തിൽ മാർഗ്ഗദർശികൾ.
(1) കേക, (2) കാകളി, (3) കളകാഞ്ചി, (4) അന്നനട എന്നീ നാലുമാണു് കിളിപ്പാട്ടിനു് ഉപയോഗിക്കുന്ന വൃത്തങ്ങളിൽ പ്രധാനമായുള്ളവ. മണികാഞ്ചി കളകാഞ്ചിയുടെ ഇടയ്ക്കു് അങ്ങിങ്ങു കടന്നുകൂടുന്നു എന്നല്ലാതെ അതിൽ മാത്രം എഴുത്തച്ഛൻ ഒരു കഥാംശവും ആമൂലാഗ്രം രചിച്ചതായി കാണുന്നില്ല. അന്നനട ആദ്യമായി പ്രവേശിക്കുന്നതു മഹാഭാരതം കർണ്ണപർവത്തിലും മൗസല പർവത്തിലുമാണു്. വൈചിത്ര്യത്തിനുവേണ്ടി ചില പർവങ്ങളുടെ ആരംഭത്തിൽ മണികാഞ്ചി, ഊനകാകളി എന്നീ വൃത്തങ്ങളും സ്വീകരിച്ചിട്ടുണ്ടു്. ദ്രുതകാകളിയെ കിളിപ്പാട്ടു വൃത്തങ്ങളുടെ സ്ഥാനത്തിൽ കയറ്റിയവരിൽ പ്രഥമഗണനീയൻ വാല്മീകിരാമായണകർത്താവായ കോട്ടയത്തു കേരളവർമ്മത്തമ്പുരാനാകുന്നു. എഴുത്തച്ഛനു ഹൃദ്യതമങ്ങളെന്നു തോന്നിയ നാലു വൃത്തങ്ങളിൽ കേകയും കാകളിയും കളകാഞ്ചിയും ഭാഷാസാഹിത്യത്തിൽ മുൻപുതന്നെ പ്രയുക്തങ്ങളായിരുന്നു എന്നു ഗുരുദക്ഷിണപ്പാട്ടിൽനിന്നും മറ്റും നാം അറിയുന്നു. മണികാഞ്ചിയിലുള്ള ഒരീരടി ലീലാതിലകത്തിൽത്തന്നെ ഉദ്ധൃതമായിരിക്കുന്നു. ആ വൃത്തംകൊണ്ടു് രാമചരിതകാരനും മറ്റും കൈകാര്യം ചെയ്തിട്ടുമുണ്ടു്. എന്നാൽ അന്നനടയുടെ ഉപജ്ഞാതാവു് എഴുത്തച്ഛനെന്നുതന്നെയാണു് എനിക്കു തോന്നുന്നതു്. കർണ്ണപർവത്തിനുമുൻപു് ആ വൃത്തം ഞാൻ ഭാഷയിൽ കണ്ടിട്ടില്ല. തമിഴ്സാഹിത്യത്തിലും അതുള്ളതായി അറിയുന്നില്ല. പൂർവസൂരികൾ പ്രയോഗിച്ച വൃത്തങ്ങളെ സമഞ്ജസമായ രീതിയിൽ വ്യവസ്ഥാപനം ചെയ്യുകയും അന്നനട ഇദംപ്രഥമമായി കൂട്ടിച്ചേർക്കുകയുമാണു് എഴുത്തച്ഛൻ ഭാഷാവൃത്തവിഷയത്തിൽ വരുത്തിയ പരിഷ്കാരമെന്നു സമഷ്ടിയായി പറയാം.
എഴുത്തച്ഛന്റെ വകയായി നമുക്കു് ഇപ്പോൾ ലഭിച്ചിട്ടുള്ള പ്രധാനകൃതികളിൽ അദ്ദേഹം ആദ്യമായി രചിച്ചതു് അധ്യാത്മരാമായണമാണെന്നു നിശ്ചയിക്കാവുന്നതാണു്. കവിക്കു ഭാരതനിർമ്മാണത്തിന്റെ കാലത്തു സിദ്ധിച്ചിരുന്ന കൃതഹസ്തത രാമായണം നിബന്ധിക്കുമ്പോൾ ഉണ്ടായിരുന്നില്ല. ആദ്യകാലത്തു സംസ്കൃതപ്രത്യയാന്തങ്ങളും അല്ലാത്തവയുമായ സംസ്കൃതപദങ്ങൾ പ്രയോഗിക്കുന്ന വിഷയത്തിൽ അദ്ദേഹം പ്രദർശിപ്പിച്ചിരുന്ന അതിരുകടന്ന ഔത്സുക്യം പിന്നീടാണു് അദ്ദേഹത്തെ വിട്ടുമാറിയതു്. “പപ്രച്ഛ നീയാരയച്ചുവന്നൂ കപേ,” “അദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാൻ,”
എന്നിങ്ങനെയുള്ള വരികൾ ഭാരതത്തിൽ ഉണ്ടോ എന്നു സംശയമാണു്. ഔദ്ധത്യപരിഹാരത്തിന്നുവേണ്ടി രാമായണത്തിൽ കവി അനേകം ഈരടികൾ പ്രയോഗിക്കുന്നു.
എന്നും മറ്റുമുള്ള ശാലീനതാപ്രകടനവും ക്ഷമായാചനവും ആ ഗ്രന്ഥത്തിലാണല്ലോ കാണുന്നതു്.
അധ്യാത്മരാമായണം അഷ്ടാദശമഹാപുരാണങ്ങളിൽ ഒന്നായ ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുന്നു എന്നാണു് പറയുന്നതു്. ഉത്തരഭാഗം അറുപത്തൊന്നാമധ്യായം മുതലാണത്രേ അതു് ആരംഭിക്കുന്നതു്.
എന്നു് ആ പുരാണത്തിൽത്തന്നെ കാണുന്ന വാക്യങ്ങളിൽനിന്നു പന്തീരായിരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ബ്രഹ്മാണ്ഡപുരാണത്തിൽ പ്രക്രിയ, അനുഷംഗം, ഉപോദ്ഘാതം, ഉപസംഹാരം എന്നിങ്ങനെ നാലു പാദങ്ങൾ അടങ്ങിയിരിക്കുന്നു എന്നും ആദ്യത്തെ രണ്ടു പാദങ്ങൾക്കു പൂർവഭാഗം എന്നും മൂന്നാമത്തേതിനു മധ്യമഭാഗമെന്നും നാലാമത്തേതിനു ഉത്തരഭാഗമെന്നും പേർ പറയുന്നു എന്നും കാണാം. പൂർവഭാഗത്തിൽ മുപ്പത്തെട്ടും മധ്യമഭാഗത്തിൽ എഴുപത്തിനാലും ഉത്തരഭാഗത്തിൽ നാലും അധ്യായങ്ങൾ അന്തർഭവിക്കുന്നു. ഉത്തരഭാഗത്തിലെ നാലധ്യായങ്ങൾ കഴിഞ്ഞു് ഒരനുബന്ധംപോലെ ലളിതോപാഖ്യാനം നാല്പതധ്യായങ്ങളിലായി ഘടിപ്പിച്ചിട്ടുമുണ്ടു്. അതുകൂടിച്ചേർന്നാലും ഉത്തരഭാഗത്തിൽ അറുപതു് അധ്യായങ്ങൾ പൂർണ്ണമാകുന്നില്ല. അതുകൊണ്ടു ബ്രഹ്മാണ്ഡപുരാണത്തിന്റെ ഒരു ഭാഗമാണു് അധ്യാത്മരാമായണമെന്നുള്ള ബോധം അബദ്ധമാണെന്നു സിദ്ധിക്കുന്നു. കേരളത്തിൽ ബ്രഹ്മാണ്ഡപുരാണം എണ്‍പത്തയ്യായിരം ഗ്രന്ഥം ഉൾക്കൊള്ളുന്നു എന്നൊരു ധാരണയുണ്ടായിരുന്നതായി കാണുന്നു. ഔത്തരാഹപാഠത്തിലുള്ള മദ്ധ്യമഭാഗത്തിലെ എഴുപത്തിനാലധ്യായങ്ങൾ ഇവിടെ തൊണ്ണൂറ്റൊൻപതായി വർദ്ധിക്കുന്നുമുണ്ടു്. അതിനെ അനുസരിച്ചാണു്.
എന്നു ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിന്റെ ഒടുവിൽ പ്രസ്താവിച്ചിരിക്കുന്നതു്. ഏതായാലും അതൊന്നും ഉത്തരഭാഗത്തെ സ്പർശിക്കുന്നതല്ലല്ലോ. അധ്യാത്മരാമായണത്തിനു സർവ്വതന്ത്ര സ്വതന്ത്രനായ നാഗേശഭട്ടന്റെ ശിഷ്യനും ശൃംഗിവേരപുരാധീശനുമായ രാമവർമ്മരാജാവിനാൻ വിരചിതമായ ‘സേതു’ എന്നൊരു വ്യാഖ്യാനമുണ്ടു്. ആ വ്യാഖ്യാനത്തിൽ വാല്മീകിമഹർഷി ശ്രീരാമാന്റെ മഹാവിഷ്ണുത്വത്തെ അങ്ങിങ്ങു ഗുപ്തമായി മാത്രമേ ആവിഷ്കരിച്ചിട്ടുള്ളൂ എന്നും ആ തത്വത്തെ സ്പഷ്ടീകരിക്കുന്നതിനുവേണ്ടി പരമദയാലുവായ വേദവ്യാസൻ വാല്മീകിയുടെ ഇതിവൃത്തത്തെത്തന്നെ അധികരിച്ചു നാരദ ബ്രഹ്മസംവാദരൂപത്തിൽ ഒരു നവീനസംഹിത നിർമ്മിച്ചു് അതു ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുത്തി എന്നും ആ സംഹിത നൈമിശാരണ്യത്തിൽവെച്ചു സൂതൻ മഹർഷിമാരെ ചൊല്ലിക്കേൾപ്പിച്ചു എന്നും പ്രസ്താവിച്ചിരിക്കുന്നു. പണ്ടു പാർവതീദേവിയെ ശ്രീപരമേശ്വരൻ ശ്രവിപ്പിച്ച പുരാണമാണു് അതെന്നു നാരദനോടു പറഞ്ഞുകൊണ്ടു് ഉമാമഹേശ്വരസംവാദരൂപത്തിൽ ബ്രഹ്മാവു നാരദനെ അതു ഗ്രഹിപ്പിച്ചതായും ആ ഘട്ടത്തിൽ ഉപന്യസിച്ചിട്ടുണ്ടു്. അതെല്ലാം ഗ്രന്ഥത്തിനു മഹിമാധിക്യം വരുത്തുന്നതിനായി കവി പ്രയോഗിച്ചിട്ടുള്ള വിദ്യയാണു്. അത്തരത്തിലുള്ള ഏതു നൂതനകൃതിക്കും ആർഷച്ഛായ കൊടുത്തു ബ്രഹ്മാണ്ഡപുരാണാന്തർഗ്ഗതമാണെന്നു പറയുന്നതു കവികളുടെ സമ്പ്രദായവുമാണു്. അധ്യാത്മരാമായണത്തിൽ മാഹാത്മ്യ സർഗ്ഗം കൂടാതെ അറുപത്തിനാലു സർഗ്ഗങ്ങളും അവയിൽ നാലായിരത്തിരുനൂറു ശ്ലോകങ്ങളും അടങ്ങുന്നു. കവിതയിൽ ജീവാത്മപരമാത്മസ്വരൂപം മുതലായ തത്വചിന്തകൾക്കാണു് ഗ്രന്ഥകാരൻ പ്രാധാന്യം നല്കീട്ടുള്ളതെങ്കിലും ഭാവനാസുന്ദരങ്ങളായ ഭാഗങ്ങളും ധാരാളമുണ്ടു്. വനവാസത്തിനു തന്നോടുകൂടി പുറപ്പെടുന്ന സീതാദേവിയോടു ‘മാ വിഘ്നം കുരു ഭാമിനി’ എന്നുംമറ്റും ശ്രീരാമനെക്കൊണ്ടു പറയിക്കുമ്പോൾ കവി തന്റെ നായകനെ മനുഷ്യനിർവിശേഷനായി മാത്രമേ കരുതുന്നുള്ളൂ. എന്നാൽ അത്തരത്തിലുള്ള വിസ്മൃതി അദ്ദേഹത്തിനു വളരെ വിരളമായേ പറ്റീട്ടുള്ളു എന്നും പറയേണ്ടതുണ്ടു്.
വാസ്തവത്തിൽ പിന്നീടു് ഏതോ ഒരു കവി അധ്യാത്മരാമായണത്തിനു പ്രാചീനത വരുത്തുവാൻവേണ്ടി അത്തരത്തിൽ ഒരു കൃത്രിമം ചെയ്തു എന്നുള്ളതിനു ധാരാളം തെളിവുണ്ടു്. ക്രി. പി. 1548 മുതൽ 1598 വരെ ജീവിച്ചിരുന്ന ഏകനാഥൻ എന്ന മഹാരാഷ്ട്രഭാഷാ കവി അധ്യാത്മരാമായണം അർവാചീനമാണെന്നു പറയുന്നു. യുദ്ധകാണ്ഡം പതിമ്മൂന്നാംസർഗ്ഗത്തിലെ ബ്രഹ്മസ്തുതിയിൽ “വൃന്ദാരണ്യേ വന്ദിതവൃന്ദാരകവൃന്ദം വന്ദേ രാമം ഭവമുഖവന്ദ്യം സുഖകന്ദം” എന്നും “വന്ദേ രാമം മരതകവർണ്ണം മധുരേശം” എന്നുമുള്ള ശ്ലോകപാദങ്ങൾ കാണുന്നുണ്ടു്. ശ്രീരാമനെ ശ്രീകൃഷ്ണരൂപത്തിൽ വന്ദിക്കുവാൻ തുടങ്ങിയതു് രാമഭക്തനും ഔത്തരാഹനുമായ രാമാനന്ദസ്വാമിയുടെകാലം മുതല്ക്കാകുന്നു. രാമാനന്ദന്റെ കാലം പതിന്നാലാം ശതകത്തിലുമാണു്. ഇതിൽനിന്നു് അധ്യാത്മരാമായണം എത്ര വളരെ പഴകിയതെന്നു നാം സങ്കുല്പിച്ചാലും ക്രി. പി. പതിന്നാലാംശതകത്തിലെങ്കിലും നിർമ്മിതമായ ഒരു കൃതിയെന്നു സമ്മതിക്കേണ്ടിവരുന്നു. വരരുചിയാണു് അധ്യാത്മരാമായണത്തിന്റെ കർത്താവു് എന്നുള്ളതിനു് യാതൊരടിസ്ഥാനവുമില്ല.
എഴുത്തച്ഛന്റെ അധ്യാത്മരാമായണം കേവലം ഭാഷാന്തരോന്നയനമാണെന്നുപറയുവാൻ ആരെങ്കിലും ഒരുമ്പെടുന്നു എങ്കിൽ അവർ സഹൃദയന്മാരോ തത്വവേദികളോ അല്ല. അനുപദവിവർത്തനത്തിനു വിധേയങ്ങളായിട്ടുള്ള ഭാഗങ്ങൾതന്നെയാണു് അധികം; എന്നാൽ പലതും മൂലത്തെ അതിശയിക്കുന്നവയാണു്. മൂലത്തിലെ ഗുണോത്തരങ്ങളായ ഭാഗങ്ങൾ പ്രായേണ വിട്ടുകളയാതേയും, ശുഷ്കങ്ങളായ അംശങ്ങൾ ഉപേക്ഷിച്ചും സങ്കോചമോ വികാസമോ ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളിൽ ആ കൃത്യം യഥായോഗ്യം അനുഷ്ഠിച്ചും, ചിലപ്പോൾ വാല്മീകിരാമായണം, രഘുവംശം, ഭോജചമ്പു, കണ്ണശ്ശരാമായണം മുതലായ പൂർവകവിനിബന്ധനങ്ങളെ ഉപജീവിച്ചും, ചിലപ്പോൾ സ്വമനോധർമ്മസാഗരത്തിൽനിന്നു തന്നെ കല്പനാരത്നങ്ങൾ സമുദ്ധരിച്ചും, ഭക്തിസംവർദ്ധനത്തിനു് എവിടെയും വ്യാഘാതരഹിതമായ മാർഗ്ഗം ഉൽഘാടനംചെയ്തും, വീരകരുണരസങ്ങളിൽ സന്ദർഭമനുസരിച്ചു നിപുണമായി ശ്രദ്ധിച്ചും, ശൃംഗാരഹാസ്യരസങ്ങൾകൊണ്ടു ഗംഭീരനായ ഒരു തത്ത്വോപദേശകന്റെ പീഠത്തിൽ ഉപവിഷ്ടനായി വ്യംഗമര്യാദയിൽ മാത്രം വ്യാപാരംചെയ്തും, ഒരു സ്വതന്ത്രകാവ്യമാണു് ആ മഹാത്മാവു രചിച്ചിരിക്കുന്നതു്. രസാനുഗുണമായ പദസാമഗ്രി അദ്ദേഹത്തിനു് ഏതവസരത്തിലും സ്വാധീനമാണു്; അദ്ദേഹത്തിന്റെ ഭാഷ യഥാവസരം ലളിതകോമളയായും പ്രൗഢോദാത്തയായും മാറിമാറി ഒരു വിദഗ്ദ്ധനർത്തകിയെപ്പോലെ സഹൃദയന്മാരുടെ ശ്രവണഹൃദയങ്ങളെ വശീകരിക്കുന്നു. അലങ്കാരപ്രയോഗത്തിൽ അദ്ദേഹം കൃഷ്ണഗാഥാകാരനെ അനുവർത്തിക്കുന്നില്ല; വ്യാസഭഗവാൻ തന്നെയാണു് അദ്ദേഹത്തിനു് ആ വിഷയത്തിൽ മാർഗ്ഗദർശി. തന്നിമിത്തം അദ്ദേഹത്തിന്റെ സൂക്തികൾക്കു് ഔചിത്യവും പ്രസാദവും ദ്വിഗുണീഭവിക്കുന്നതായാണു് ഭാവുകന്മാരുടെ അനുഭവം. ചുരുക്കത്തിൽ എഴുത്തച്ഛൻ സ്വൈരസഞ്ചാരം ചെയ്യുന്ന കാവ്യാധ്വാവു് അന്യകവികൾക്കു അനുഗമ്യമല്ല; അദ്ദേഹത്തിന്റെ ശൈലി അദ്ദേഹത്തിനുമാത്രം കൈവന്നിട്ടുള്ള ഒരു അപൂർവ്വസിദ്ധിയാണു്. ചില ഉദാഹരണങ്ങൾകൊണ്ടു് ഈ തത്ത്വങ്ങൾ വിശദീകരിക്കുവാൻ ഉദ്യമിക്കാം.
മൂലം:
പരിഭാഷ:
മൂലം:
പരിഭാഷ:
മൂലം:
പരിഭാഷ:
മൂലം:
പരിഭാഷ:
മൂലം:
പരിഭാഷ:
ഉദ്ധരിച്ച ഭാഗങ്ങളിൽ നിന്നു് എഴുത്തച്ഛന്റെ പ്രപഞ്ചനം, പ്രകാശനം, വിശദീകരണം, വികാരോദ്ദീപനം മുതലായ വിവിധകവിധർമ്മങ്ങളിലുള്ള പാടവം പ്രത്യക്ഷീഭവിക്കുന്നതാണു്. ശ്രീരാമനും പരശുരാമനും തമ്മിലുള്ള സംവാദം, ശ്രീരാമനും ഖരദൂഷണാദികളുമായുള്ള യുദ്ധം തുടങ്ങിയ ഘട്ടങ്ങൾ അദ്ദേഹം വളരെ വിസ്തരിച്ചിട്ടുണ്ടു്. ശ്രീരാമനെ സ്മരിക്കുന്ന ഏതവസരങ്ങളിലും ആ ഭക്തോത്തമൻ അല്പഭാഷിയല്ല. ‘വാരിധിതന്നിൽത്തിരമാലകളെന്നപോലെ’യാണു് അവിടെയെല്ലാം പദപരമ്പരകൾ തിങ്ങിവിങ്ങിത്തള്ളിത്തുള്ളിപ്പൊങ്ങുന്നതു്. ശ്രീരാമന്റെ കഥ വിസ്തരിച്ചു കേൾപ്പിക്കണമെന്നേ മൂലത്തിൽ പാർവതി പരമേശ്വരനോടു പ്രാർത്ഥിക്കുന്നുള്ളു. പരിഭാഷയിൽ ആ പ്രാർത്ഥനയ്ക്കു് ഉപോൽബലകമായി “കിംക്ഷണാനാം കുതോ വിദ്യാ” ഇത്യാദി സുപ്രസിദ്ധമായ സംസ്കൃതശ്ലോകം “കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ” എന്നും മറ്റും തർജ്ജമചെയ്തു ഘടിപ്പിക്കുന്നു. ദശരഥപത്നിമാരുടെ ഗർഭവർണ്ണനയും, മൂലത്തെ ആശ്രയിക്കാതെ,
എന്നു് അലങ്കാരപ്രയോഗംകൊണ്ടു് ഭാസുരത വർദ്ധിപ്പിക്കുന്നു. ശ്രീരാമജാതകത്തെ അന്യഗ്രന്ഥങ്ങളിൽനിന്നു് ആർജ്ജിച്ച ജ്ഞാനംകൊണ്ടു സമഗ്രരൂപത്തിൽ ആവിഷ്കരിക്കുന്നു.
എന്നിങ്ങനെയുള്ള രസനിഷ്യന്ദികളായ അനേകം സൂക്തികൾ മൂലാന്തർഗ്ഗതങ്ങളല്ല. കൗസല്യോപദേശത്തിൽ വാല്മീകിയുടെ സുപ്രസിദ്ധമായ ‘രാമം ദശരഥം വിദ്ധി’ എന്ന ശ്ലോകം കൂടി ഭാഷാന്തരപ്പെടുത്തിച്ചേർക്കുന്നു. ദേവേന്ദ്രന്റെ അഹല്യാ ധർഷണഘട്ടത്തിലും മറ്റും മൂലത്തിൽനിന്നു കഥയ്ക്കു വ്യതിയാനം വരുത്തുന്നു. ശൂർപ്പണഖയുടെ കർണ്ണനാസികാച്ഛേദം കൊണ്ടു തൃപ്തിപ്പെടാതെ “വാളുറയൂരി കാതും മുലയും മൂക്കുമെല്ലാം” മുറിപ്പിക്കുന്നു. പുനംപോലും രാമായണചമ്പുവിൽ ‘മുലയും മൂക്കു’ മെന്നേ പറയുന്നുള്ളു. വാല്മീകിയിൽനിന്നു ‘കാതും മൂക്കും’ പുനത്തിൽനിന്നു ‘മുലയും’ ഇവിടെ എഴുത്തച്ഛൻ എടുത്തിരിക്കുന്നു. ആരണ്യകാണ്ഡത്തിലേ
എന്ന പ്രസിദ്ധമായ രാമവാക്യം എഴുത്തച്ഛൻ
എന്നാണു് തർജ്ജമ ചെയ്തിരിക്കുന്നത്. അതിൽ എഴുത്തച്ഛനു നോട്ടക്കുറവു പറ്റീട്ടുണ്ടെന്നു ചിലർ പറയുന്നതു ക്ഷോദക്ഷമമല്ല. “ആത്മപരാത്മനോഃ” എന്ന പദത്തിൽ മൂലകാരൻ പ്രക്രമം തെറ്റിച്ചിട്ടുണ്ടു്; അതനുസരിച്ചു മഹാകവി ജീവാത്മസ്ഥാനീയനായ ലക്ഷ്മണനെ മുമ്പിൽ നടത്തുന്നു. “ആത്മപരാത്മനോർജ്ജീവേശയോർമ്മധ്യഗാ, ആശ്രയത്വവിഷയാത്തു ആഭ്യാം സംബദ്ധാ മായേവ” എന്നു് ഒരു ഭാഗം സേതുകാരൻ വ്യാഖ്യാനിക്കുന്നു. ജീവാത്മാവിന്റെ പ്രതിഭാസമാണു് ആദ്യം ദേഹികൾക്കുണ്ടാകുന്നതു് എന്നുള്ളതുകൊണ്ടു ഭാഷയിൽ സ്വീകൃതമായ ആനുപൂർവിയും അനുപപന്നമല്ല. ചാക്യാന്മാരും മറ്റും പ്രവചനത്തിനു് ഉപയോഗിക്കുന്ന കേരളീയമായ രാമായണ പ്രബന്ധത്തിൽ
എന്നൊരു ശ്ലോകമുണ്ടു്. ആ ശ്ലോകം എഴുത്തച്ഛൻ ധരിച്ചിരിക്കാവുന്നതും തന്നിമിത്തം അദ്ദേഹത്തിനു പ്രകൃതത്തിൽ താദൃശമായ ഒരു വ്യത്യാസം വരുത്തുന്നതു സമുചിതമാണെന്നു തോന്നിയിരിക്കാവുന്നതുമാണു്. ബാലകാണ്ഡത്തിൽ ശ്രീരാമനോടു ഗുഹൻ പറയുന്നു:
എന്നീ പദ്യങ്ങൾ എഴുത്തച്ഛൻ തർജ്ജമചെയ്യാതെ വിട്ടതിന്നുള്ള കാരണം വ്യക്തമാകുന്നില്ല. ഗുഹന്റെ അഹല്യാമോക്ഷസൂചകമായ ആ നർമ്മാലാപം ഭക്തിരസത്തിനു് അനനുകൂലമാണെന്നു് അദ്ദേഹം കരുതിയിരിക്കണം. ഇതുപോലെ ശ്രീരാമന്റെ ബാല്യലീലകളെ വർണ്ണിക്കുന്ന ‘അംഗണേ രിംഖമാണം തം’ ഇത്യാദി പദ്യങ്ങളും ഭാർഗ്ഗവസ്തുതിയിൽ ഉൾപ്പെടുന്ന ‘അവിദ്യാകൃതദേഹാദി’ ഇത്യാദി പദ്യങ്ങളും നിശാകരമഹർഷി സമ്പാതിക്കുപദേശിച്ച ‘ഗ്രീവാ ശിരശ്ച’ ഇത്യാദി പദ്യങ്ങളും രാക്ഷസികൾ സീതാദേവിയെ ഭയപ്പെടുത്തുന്ന ഘട്ടത്തിലുള്ള ‘രാക്ഷസ്യോ ജാനകീമേത്യ’ ഇത്യാദി പദ്യങ്ങളും വിഭീഷണൻ രാവണനോടുപദേശിക്കുന്ന ‘യാവന്ന രാമസ്യ ശിതാശ്ശിലീമുഖാഃ’ ഇത്യാദി പദ്യങ്ങളും രാമരാവണയുദ്ധത്തിന്നു മുമ്പു രാവണൻ മണ്ഡോദരിയോടു പറയുന്ന ‘ജാനാമി രാഘവം വിഷ്ണും’ ഇത്യാദി പദ്യങ്ങളും എഴുത്തച്ഛൻ തർജ്ജമയിൽ വിട്ടിരിക്കുന്നു. ഇത്തരത്തിൽ മനഃപൂർവമായോ അനവധാനത നിമിത്തമോ പരിത്യക്തങ്ങളായിട്ടുള്ള പ്രധാനമൂലശ്ലോകങ്ങൾ വേറേയുമുണ്ടു്. യുദ്ധകാണ്ഡത്തിൽ അതിനുമുമ്പുള്ള അഞ്ചു കാണ്ഡങ്ങളേയുമപേക്ഷിച്ചു വളരെ അധികമായി അദ്ദേഹം വാല്മീകിയെ ഉപജീവിക്കുന്നു. ചില ആശയങ്ങൾക്കെല്ലാം അദ്ദേഹത്തിനു പൂർവസൂരികളുടെ നേർക്കുള്ള കടപ്പാടും സുവ്യക്തമാണു്.
സൂക്ഷ്മേക്ഷികയിൽ അപൂർവമായി അങ്ങിങ്ങു ചില അഭംഗികൾ കാണുന്നില്ലെന്നു ശപഥം ചെയ്യുവാൻ വൈഷമ്യമുണ്ടു്. ഭക്തയായ പാർവതി പരമേശ്വരനെ ‘ഗംഗാകാമുക’ എന്നു സംബോധന ചെയ്യുന്നതു പന്തിയായില്ല. ശ്രീരാമൻ നായാട്ടിൽ ദുഷ്ടമൃഗങ്ങളെ വധിച്ചു എന്നേ മൂലത്തിൽ പ്രസ്താവിക്കുന്നുള്ളു. ഹരിണങ്ങളെക്കൂടി വധിച്ചതായി തർജ്ജമയിൽ പറയേണ്ടതില്ലായിരുന്നു. പരശുരാമനെക്കണ്ടപ്പോൾ ഭയത്രസ്തനായ ദശരഥൻ “അർഗ്ഘ്യാദിപൂജാം വിസ്മൃ്ത്യ ത്രാഹി ത്രാഹി” എന്നു പ്രാർത്ഥിച്ചതായി മൂലത്തിൽ പറയുന്നു. ‘ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ’ എന്നു് ആ ഭാഗം തർജ്ജമയിൽ സങ്കോചിപ്പിച്ചതു സമഞ്ജസമായെന്നു തോന്നുന്നില്ല. പക്ഷെ അത്തരത്തിലുള്ള ദോഷങ്ങളെ സർഷപപരിമാണങ്ങളായിമാത്രമേ നമുക്കു് എഴുത്തച്ഛന്റെ രാമായണത്തിൽ ഏതു ഭൂതക്കണ്ണാടിവച്ചു നോക്കിയാലും സമീക്ഷിക്കുവാൻ സാധിക്കുകയുള്ളു. ആധ്യാത്മികങ്ങളായ ചില ഘട്ടങ്ങളിൽ മൂലത്തിൽനിന്നു കവി ചില ഭേദഗതികൾ വരുത്തിയിട്ടുണ്ടു്. അവയിൽ ചിലതിനെല്ലാം സമാധാനം പറയാമെങ്കിലും മറ്റു ചില വ്യതിയാനങ്ങൾ അസമാധാനങ്ങളായിത്തന്നെ അവശേഷിക്കുന്നുമുണ്ടു്.
ഉത്തരരാമായണം കിളിപ്പാട്ടു് കുഞ്ചൻനമ്പ്യാരുടെ കൃതിയെന്നു ചിലർ പറയുന്നതിൽ അശേഷം യുക്തിയില്ല. കുഞ്ചന്റെ കാലത്തെ ഭാഷയും കുഞ്ചന്റെ ഗൗണപ്രയോഗധോരണിയും അതിൽ ഒരിടത്തും കാണുന്നില്ല. നേരേമറിച്ചു് എഴുത്തച്ഛന്റെ വാങ്മയമാണു് അതെന്നു പല ഭാഗങ്ങളും വിളിച്ചുപറയുകയും ചെയ്യുന്നു. ‘കാണ്‍കയിൽ’, ‘തപസ്സുചെയ്താൻ നിരാഹാരനായേ’, ‘ശൈലൂഷനാകിയ ഗന്ധർവപുത്രിയാം’, ‘പണ്ടു കേട്ടിട്ടില്ലയാത വിശേഷങ്ങൾ’, ‘കാണ്‍മാനുമാമല്ല’, ‘ഒല്ലാതകർമ്മങ്ങൾ’, ‘വിരയെപ്പോയ’, ‘കേട്ടായല്ലോ’, ‘യാഗം ചെയ്യിപ്പാനായേ’ ‘കോഴ (ദുഃഖം)പൂണ്ടു’ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും പരിശോധിക്കുക. അധ്യാത്മരാമായണത്തിലെ ചില വരികൾ യാതൊരു രൂപഭേദവും കൂടാതെ ഉത്തരരാമായണത്തിൽ പകർന്നു കാണ്‍മാനുണ്ടു്.
എന്നിങ്ങനെയുള്ള ഈരടികളിൽ എഴുത്തച്ഛന്റെ വ്യക്തിമുദ്ര സ്പഷ്ടമായി പതിഞ്ഞിട്ടുണ്ടു്. ഉത്തരരാമായാണത്തിന്റെ അവസാനത്തിൽ
എന്നൊരു കവിവാക്യം കാണുന്നു. ഉത്തരരാമായണകാരൻ അധ്യാത്മരാമായണകാരനിൽനിന്നു ഭിന്നനല്ലെങ്കിൽമാത്രമേ ‘ശ്രീരാമചരിതം’ എന്ന പദത്തിന്റെ പ്രയോഗം സാധുവാകയുള്ളു എന്നും അതും ആ രണ്ടു കൃതികളുടേയും ഏകകർത്തൃകത്വത്തിനു് ഒരു ലക്ഷ്യമായി പരിഗണിക്കാവുന്നതാണെന്നും, ഞാൻ കരുതുന്നു. ‘ഗത്വാ പിതാമഹം’ എന്നു തുടങ്ങിയ വരികളുടെ ശൈലി പരിശോധിച്ചാൽ അധ്യാത്മരാമായണം സമാപിപ്പിച്ചു് ഉടൻതന്നെ കവി ഉത്തരരാമായണരചനയിൽ ഏർപ്പെട്ടു എന്നും ഊഹിക്കത്തക്കതാണു്.
എഴുത്തച്ഛൻ ഉത്തരരാമായണരചനയ്ക്കു തിരഞ്ഞെടുത്തിരിക്കുന്ന മൂലഗ്രന്ഥം അധ്യാത്മരാമായണമല്ലെന്നും വാല്മീകിരാമായണമാണെന്നുമുള്ളതിനു സംശയമില്ല. ആധ്യാത്മികോക്തികളുള്ള ഭാഗങ്ങൾ അധ്യാത്മരാമായണത്തിന്റെ ഉത്തരകാണ്ഡത്തിൽ അത്യന്തം വിരളങ്ങളാണെന്നുള്ളതിനു പുറമെ അതിന്റെ അതിരുകടന്ന സംകുചിതതയും എഴുത്തച്ഛനെ വാല്മീകിയെ ആശ്രയിക്കുവാൻ പ്രേരിപ്പിച്ചിരിക്കണം. ആരംഭത്തിൽത്തന്നെ
എന്നു് ആ വസ്തുത അദ്ദേഹംതന്നെ പറഞ്ഞിട്ടുമുണ്ടു്. കാര്യങ്ങൾ വിടാതെ കഥകൾ സംക്ഷേപിക്കുന്നതിൽ എഴുത്തച്ഛൻ അദ്വിതീയനാകുന്നു; തന്നിമിത്തം വാല്മീകിയുടെ നൂറ്റിപ്പതിനൊന്നു സർഗ്ഗങ്ങളും അദ്ദേഹം അനതിദീർഗ്ഘങ്ങളായ മൂന്നധ്യായങ്ങളിൽ അനായാസേന അന്തർഭവിപ്പിച്ചിരിക്കുന്നു. ഏതേതു ദിക്കിൽനിന്നു് ഏതേതു മഹർഷിമാർ അഭിഷേകാനന്തരം ശ്രീരാമനെ സന്ദർശിക്കുവാൻ വന്നു എന്നു് അദ്ദേഹം പറയുന്നതു വാല്മീകിയെ അനുസരിച്ചാണു്. ആ വിവരങ്ങളൊന്നും അധ്യാത്മരാമായണത്തിലില്ല. ഇങ്ങനെ ഏതു ഭാഗം നോക്കിയാലും വാല്മീകിയാണു് എഴുത്തച്ഛനു പ്രസ്തുത കൃതിയിൽ പ്രഥമാവലംബനം എന്നു കാണാം. കണ്ണശ്ശന്റെ ഉത്തരരാമായണവും അദ്ദേഹത്തിനു പ്രസ്തുതഗ്രന്ഥരചനയിൽ അതിനൊപ്പംതന്നെയോ അതിൽക്കവിഞ്ഞുപോലുമോ മാർഗ്ഗദർശകമായിരുന്നു. ആ കൃതി വാല്മീകിയുടെ ഉത്തരരാമായണത്തിന്റെ ഒരു സരസമായ വിവർത്തനമാണല്ലോ.
കവിതാവിഷയത്തിൽ ഉത്തരരാമായണം അധ്യാത്മരാമായണത്തേക്കാൾ അപകൃഷ്ടമാണെന്നു പറവാൻ നിർവാഹമില്ല. ഹൃദയദ്രവീകരണചണങ്ങളായ ഭാഗങ്ങൾ അതിലും ധാരാളമുണ്ടു്. നോക്കുക, ലക്ഷ്മണനും സീതാദേവിയും തമ്മിലുള്ള സംവാദത്തിലെ ചില ഈരടികൾ:
വാല്മീകിരാമായണത്തിൽ
എന്നിങ്ങനെ ചില നിർദ്ദേശശകലങ്ങൾ മാത്രമേ ഇതിന്റെ സ്ഥാനത്തിൽ കാണ്‍മാനുള്ളു. അധ്യാത്മരാമായണകാരനാകട്ടെ കേവലം ഹൃദയശൂന്യനായ ഒരു സാധാരണ ലേഖകന്റെ മട്ടിൽ
ഇങ്ങനെ ഒന്നുരണ്ടു വചനങ്ങൾ വഴിപാടായി ഉച്ചരിച്ചു് അതുകൊണ്ടു കൃതകൃത്യനായതുപോലെ മുന്നോട്ടു പോകുന്നു. ഇവിടെ എഴുത്തച്ഛൻ കണ്ണശ്ശന്റെ കാലടിപ്പാടുകളെയാണു് പിൻതുടർന്നിരിക്കുന്നതെങ്കിലും അദ്ദേഹത്തിനുകൂടി അസൂയ തോന്നത്തക്ക നിലയിൽ ആ അനുകമ്പാജനകമായ സംഭവം വർണ്ണിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഇതുപോലെ വേറെയും വിശിഷ്ടങ്ങളായ പ്രപഞ്ചനങ്ങളുണ്ടു്.
അധ്യാത്മരാമായണം നിർമ്മിച്ച കാലത്തു വികസ്വരാവസ്ഥയിലിരുന്ന എഴുത്തച്ഛന്റെ എല്ലാ കവനകലാസിദ്ധികളും മഹാഭാരതരചനയ്ക്കു മുമ്പു പരിപൂർണ്ണമായ വികാസത്തെ പ്രാപിച്ചുകഴിഞ്ഞിരുന്നു. തന്നിമിത്തം ഭാരതത്തിനു പല അംശങ്ങളിലും—-പ്രത്യേകിച്ചു ശബ്ദവിഷയത്തിൽ—-രാമായണത്തെക്കാൾ പതിന്മടങ്ങു മെച്ചമേറും. കൃഷ്ണഗാഥയുടെ വിശ്വാകർഷകതയുടെ ബീജങ്ങൾ ഭാരതത്തിന്റെ ഹൃദയഹാരിതയുടെ കാരണങ്ങളിൽനിന്നു വിഭിന്നങ്ങളാണു്. എങ്കിലും രണ്ടു കൃതികളിലും ആമൂലാഗ്രം അഭൗമമായ ആനന്ദദാനസാമഗ്രി അനുസ്യൂതമായി വിഹരിക്കുന്നു. ശൃംഗാരം, വീരം, അത്ഭുതം, കരുണം, ഭയാനകം, രൗദ്രം, ശാന്തം എന്നീ രസങ്ങളെ കവി അവയുടെ അത്യുച്ചമായ കോടിയിൽ എത്തുന്നതുവരെ പരിപോഷിപ്പിച്ചു് അന്യാദൃശമായ വിജയം നേടീട്ടുണ്ടു്. അദ്ദേഹത്തിന്റെ ഇതിവൃത്തസംക്ഷേപണത്തിനുള്ള സാമർത്ഥ്യവും, ആവാപോദ്വാപവ്യാപാരത്തിലുള്ള ഔചിത്യദീക്ഷയും ഏതു ഘട്ടത്തിലും അമന്ദപ്രഭമായി പ്രകാശിക്കുന്നു. പരമഭാഗവതനായ ആ മഹാത്മാവു് അവസരം കിട്ടുമ്പോളെല്ലാം—കിട്ടാത്തപ്പോൾ ഉണ്ടാക്കിപ്പോലും—ശ്രീകൃഷ്ണനെ നാസ്തികന്മാർപോലും രോമാഞ്ചഭൂഷിതന്മാരാകത്തക്കവണ്ണം സ്തുതിക്കുന്നു. അത്തരത്തിൽ പരിപാവനവും കൂലംകഷവുമായ ഒരു ഭാഗീരഥീപ്രവാഹം ആ ഹിമവൽപർവതത്തിൽനിന്നല്ലാതെ ഭാഷാ സാഹിത്യഭൂമിയിൽ ഉണ്ടായിട്ടില്ല. ഏതു വീക്ഷണകോടിയിൽനിന്നു നോക്കിയാലും, ഏതു മാനദണ്ഡംകൊണ്ടു മാപനം ചെയ്താലും, ആ കൃതിയുടെ മാഹാത്മ്യം അനപലപനീയമായിത്തന്നെ പ്രശോഭിക്കുന്നു. ആ ഒരൊറ്റ കൃതികൊണ്ടു് എഴുത്തച്ഛൻ ഭാഷയ്ക്കു വരുത്തീട്ടുള്ള ഉൽഗതിയുടെ ഈദൃക്തയും ഇയത്തയും അവാങ്മനസഗോചരമാണെന്നു പറയുന്നതു ഭൂതാർത്ഥ കഥനം മാത്രമാകുന്നു.
എഴുത്തച്ഛൻ അധ്യാത്മരാമായണത്തിൽ രാമഗീത വിട്ടതുപോലെ ഭാരതത്തിൽ ഭഗവദ്ഗീത, സനൽസുജാതീയം, അനുഗീത മുതലായി ത്രയ്യന്തഗന്ധികളായുള്ള പല ഭാഗങ്ങളും തർജ്ജമ ചെയ്യാതെ വിട്ടിട്ടുണ്ടു്. ശാന്തി പർവ്വം വളരെ സംകുചിതമാക്കിയിരിക്കുന്നു. ആനുശാസനിക പർവ്വം ഏതാനും ചില ഈരടികളിൽ തൊട്ടു തൊട്ടില്ല എന്നു മാത്രം കാണിച്ചുകൊണ്ടു കടന്നുപോയിരിക്കുന്നു. ഇതിനെല്ലാം ഒരു കാരണമായി ചിലർ അദ്ദേഹത്തിനു നമ്പൂരിമാരെപ്പറ്റി ഭയമുണ്ടായിരുന്നു എന്നു് ഉൽഭാവനം ചെയ്യുന്നു. വാസ്തവത്തിൽ അങ്ങിനെയൊരു ഭയത്തിനു കേരളത്തിൽ ആസ്പദമുണ്ടായിരുന്നതായി എനിക്കു തോന്നുന്നില്ല. ബ്രാഹ്മണരെ എഴുത്തച്ഛൻ പല അവസരങ്ങളിലും മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. അവരിൽനിന്നു യാതൊരു പ്രാതികൂല്യവും അദ്ദേഹത്തിനുണ്ടായി എന്നു സങ്കല്പിക്കുവാൻ ചരിത്രം അനുവദിക്കുന്നില്ല. നിരണത്തു മാധവപ്പണിക്കർക്കു ഭഗവൽഗീത ഭാഷാന്തരീകരിക്കുന്ന വിഷയത്തിൽ തിരുവല്ലായിലെ ബ്രാഹ്മണർ ശത്രുക്കളായിരുന്നില്ലല്ലോ. തൃക്കണ്ടിയൂരിലെ ബ്രാഹ്മണരുടെ മനോഭാവം അവരുടേതിൽനിന്നു വ്യത്യസ്തമായിരുന്നു എന്നു പറയണമെങ്കിൽ അതിനു വിശ്വാസയോഗ്യമായ സാക്ഷ്യം വേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ എഴുത്തച്ഛൻ ആദിപർവ്വം പരിഭാഷപ്പെടുത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു ഗ്രന്ഥവിസ്തരശങ്ക സംഭവിച്ചിരിക്കണം; അതുകൊണ്ടാണു് ആ പർവ്വത്തിലെന്നതുപോലെ അന്യപർവങ്ങളിൽ അദ്ദേഹം പ്രസ്താരകുതുകിയായി പ്രത്യക്ഷപ്പെടാത്തതു്. വനപർവത്തിൽത്തന്നെ എത്ര ഉപാഖ്യാനങ്ങൾ അദ്ദേഹം സങ്കോചിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നു എന്നു പരിശോധിക്കുന്നതു രസാവഹമായിരിക്കും. തന്നിമിത്തം സംഭവപർവത്തിനുള്ള മെച്ചം അന്യപർവങ്ങളിൽ അതേനിലയിൽ കാണ്‍മാൻ പ്രയാസമാണെന്നും പറയേണ്ടിയിരിക്കുന്നു. ശാന്തിപർവത്തിലേയും ആനുശാസനികപർവത്തിലേയും പ്രധാനവിഷയമായ ഭീഷ്മോപദേശം കഥയുടെ പുരോഗതിക്കു് ഒരുവിധത്തിൽ നോക്കിയാൽ പ്രതിബന്ധകമാണെന്നും അദ്ദേഹത്തിന്നു തോന്നിയിരിക്കണം. സനൽസുജാതീയം, ഗീത മുതലായ ഭാഗങ്ങൾ ഭാഷപ്പെടുത്തുന്നതിൽ അക്കാലത്തെ മതവിശ്വാസങ്ങളിൽ നിന്നു് അണുമാത്രംപോലും വ്യതിചലിക്കാതെ ജീവിച്ചിരുന്ന അദ്ദേഹത്തിനു് അല്പം സംശയാലുത്വവും അംകുരിച്ചിരിക്കുവാനിടയുണ്ടു്. ഏതായാലും ഉത്തരരാമായണത്തിന്റെ അവസാനത്തിൽ “സജ്ജനമാനന്ദിച്ചു നല്കിടുമനുഗ്രഹം, ദുർജ്ജനദുർഭാഷണം ബഹുമാനിച്ചീടേണ്ട” എന്ന് ഉൽഘോഷണം ചെയ്ത ആ ദ്വേധാധീരനു തന്റെ അന്തഃകരണത്തെയല്ലാതെ മറ്റൊന്നിനെപ്പറ്റിയും ഭയമില്ലായിരുന്നു എന്നു നിസ്സന്ദേഹം സ്ഥാപിക്കാവുന്നതാണു്. മൂലത്തിലെ ആദിപർവത്തെ പൗലോമം ആസ്തികം സംഭവം എന്നിങ്ങിനെ മൂന്നായും സൗപ്തികപർവത്തെ സൗപ്തികമെന്നും ഐഷികമെന്നും രണ്ടായും വിഭജിച്ചു് ഇരുപത്തൊന്നു പർവങ്ങളാക്കിയാണു് എഴുത്തച്ഛൻ മഹാഭാരതം ഭാഷയിൽ സംഗ്രഹിച്ചിരിക്കുന്നതു്. ഈ ഭേദഗതിക്കുള്ള കാരണം വ്യക്തമാകുന്നില്ല.
ശൃംഗാരരസത്തിനു് പാണ്ഡുവിന്റെ വനവിഹാരം ഉത്തമമായ ഉദാഹരണമാകുന്നു.
കരുണത്തിനു സുപ്രസിദ്ധമായ ഗാന്ധാരീവിലാപം പരമനിദർശനമായി നിലകൊള്ളുന്നു. “കണ്ടീലയോ നീ മുകുന്ദ! ധരണിയിലുണ്ടായ മന്നരിൽ മുഖ്യൻ ഭഗദത്തൻ” എന്നു തുടങ്ങി.
എന്നും മറ്റുമുള്ള ഭാഗങ്ങളിൽ ഓരോ പടവുയർന്നുയർന്നു്,
എന്നവസാനിക്കുന്ന ആ പരിദേവനം ഹൃദയമുള്ളവർക്കു കണ്ണുനീർവാർക്കാതെയും തൊണ്ടയിടറാതെയും വായിക്കുവാൻ സാധ്യമല്ല. ഖാണ്ഡവദാഹഘട്ടത്തിൽ ജരിതയെന്ന ശാർങ് ഗപക്ഷിയും അതിന്റെ ശിശുക്കളും തമ്മിലുള്ള സംവാദവും അത്യന്തം കരുണമയമാണു്:
എഴുത്തച്ഛനല്ലാതെ മറ്റൊരു കവിക്കു് ഈ പ്രതിപാദനം സുകരമാണെന്നു തോന്നുന്നില്ല. പക്ഷികളുടെ സംഭാഷണം തന്നെയാണെന്നു് അനുവാചകന്മാർക്കു തോന്നത്തക്കവിധത്തിൽ ഭാഷ ഇവിടെ കവി അത്രമാത്രം കോമളമാക്കിയിരിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാണു്.
രൗദ്രരസത്തിനു ദുശ്ശാസനവധത്തെത്തന്നെ പ്രഥമോദാഹരണമായി സ്വീകരിക്കാം:
എന്ന ഭീമസേനചിത്രണം ഏറ്റവും ഭയങ്കരമായിട്ടുണ്ടു്. വർണ്ണനത്തിൽ എഴുത്തച്ഛനെപ്പോലെ വൈദഗ്ദ്ധ്യം മറ്റൊരു കവിയും പ്രദർശിപ്പിച്ചിട്ടില്ലെന്നുള്ളതു സർവസമ്മതമാണു്. വിസ്തരഭീതി നിമിത്തം ഇതരരസങ്ങൾക്കു് ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നില്ല. എങ്കിലും ആചാര്യന്റെ ഭക്തിപാരവശ്യത്തെപ്പറ്റി അല്പമൊന്നു പറയാതെ അപ്പുറത്തേയ്ക്കു കടന്നാൽ അതൊരു മഹാപാപമായിത്തീരുന്നതാണു്. അധ്യാത്മരാമായണത്തിൽ ശ്രീരാമൻ എങ്ങനെയോ അതുപോലെയോ അതിലധികമോ ഭാരതത്തിൽ ശ്രീകൃഷ്ണൻ അദ്ദേഹത്തിനു പ്രാണനിലും പ്രാണനാണു്. പൗലോമത്തിൽ ഭാരതകഥ സംഗ്രഹിക്കുന്ന അവസരത്തിൽപ്പോലും,
എന്നൊരു ദീർഗ്ഘമായ ശ്രീകൃഷ്ണവർണ്ണനം അദ്ദേഹം ഇടയ്ക്കിടയ്ക്കു ചേർക്കുന്നുണ്ടു്. കർണ്ണപർവത്തിലെ വിശ്വമോഹനമായ
എന്ന പ്രാർത്ഥന ആരെയാണു് കോൾമയിർക്കൊള്ളിക്കാത്തതു്? ഏതു ഭഗവൽസ്തുതിയിലും അദ്ദേഹം പ്രായേണ തന്നെപ്പറ്റി പരാമർശിക്കുന്നതു പതിവാകുന്നു. അധ്യാത്മരാമായണത്തിൽ മഹാവിഷ്ണുവിനെ സ്തുതിക്കുമ്പോൾ
എന്നു ബ്രഹ്മാവിനെക്കൊണ്ടു ചെയ്യിക്കുന്ന പ്രാർത്ഥന കവിയുടേതു തന്നെയാണെന്നു പറയേണ്ടതില്ലല്ലോ.
“രാമാനാമാചാര്യനുമാവോളം തുണയ്ക്കണം” എന്ന ഗുരുവന്ദനയുള്ള ഈ കൃതി എഴുത്തച്ഛന്റേതാണെന്നുള്ളതിനെപ്പറ്റി സംശയിക്കുവാനില്ല. ഭാഷയും ആ കാലത്തേതുതന്നെയാണെന്നു സ്പഷ്ടമായിക്കാണാവുന്നതാണു്. ‘സംഹാരം ചെയ്വാനായേ’ ‘വഴിയേ ചെയ്തേൻ’ ‘അല്ലൽപെടുത്തങ്ങു്’ ‘അർദ്ധനിഷ്ക്രാന്തനായേ’ ‘സന്ധ്യകൾ തേജസ്സിനാൽ’ (സന്ധ്യകളുടെ) മുതലായ പ്രയോഗങ്ങൾ നോക്കുക. ദേവീമാഹാത്മ്യം മാർക്കാണ്ഡേയപുരാണാന്തർഗ്ഗതമായ ഒരു ഉപാഖ്യാനമാണു്. അതിൽ ആ ഉപാഖ്യാനം പ്രക്ഷിപ്തമാണെന്നു് അനുമാനിക്കുവാൻ ന്യായമുണ്ടു്. ദേവീമാഹാത്മ്യത്തിൽ പതിനെട്ടധ്യായങ്ങളുണ്ടെന്നാണു് വയ്പെങ്കിലും ഒടുവിലത്തെ അഞ്ചധ്യായങ്ങൾ മുദ്രിതങ്ങളായ പുസ്തകങ്ങൾ ഒന്നിലും കാണുന്നില്ല. അച്ചടിപ്പിച്ചിട്ടുള്ള വംഗീയപാഠത്തിലും ദാക്ഷിണാത്യപാഠത്തിലും പതിമ്മൂന്നധ്യായങ്ങളേയുള്ളു. ‘ഏവം ദേവ്യാ വരം ലബ്ധ്വാ സുരഥഃ ക്ഷത്രിയർഷഭഃ സൂര്യാജ്ജന്മ സമാസാദ്യ സാവർണ്ണിർഭവിതാ മനുഃ’ എന്ന ശ്ലോകത്തോടു കൂടി പതിമ്മൂന്നാമധ്യായം അവസാനിക്കുന്നു. ആ പതിമ്മൂന്നധ്യായങ്ങൾതന്നേയാണു് എഴുത്തച്ഛനും ഭാഷാന്തരീകരിച്ചിരിക്കുന്നതു്. “ഇന്നുമഞ്ചധ്യായമുള്ളതു ചൊല്ലുവാനില്ലയെന്നു ചൊന്നാൾ കിളിപ്പൈതലും” എന്നൊരു വാക്യം ഒടുവിൽ കാണുന്നുണ്ടെങ്കിലും അതനുസരിച്ചു് ആ അധ്യായപഞ്ചകം അദ്ദേഹം കിളിയെക്കൊണ്ടു പറയിച്ചിട്ടില്ല. അതിലെ വിഷയം പൂജാകല്പമാണു്.
ദേവീമാഹാത്മ്യത്തിന്റെ പഴയ ഭാഷാഗദ്യവ്യാഖ്യയിലും പതിമ്മൂന്നധ്യായങ്ങളെ മാത്രമേ സ്പർശിച്ചിട്ടുള്ളു. എന്നാൽ അവയ്ക്കപ്പുറമുള്ള അഞ്ചധ്യായങ്ങൾക്കു മറ്റൊരു പണ്ഡിതൻ ഭാഷാഗദ്യത്തിൽ ഒരു വിവർത്തനം നിർമ്മിച്ചു കാണുന്നുണ്ടു്. അതിനും കുറെയെല്ലാം പഴക്കമുണ്ടു്. പ്രക്ഷിപ്തത്തിൽ പ്രക്ഷിപ്തമായ ആ ഭാഗത്തിൽനിന്നു ചില പങ്ക്തികൾ ഉദ്ധരിക്കാം: “പതിമ്മൂന്നധ്യായവും കേട്ടുകഴിഞ്ഞതിന്റെ ശേഷം സുരഥനാകുന്ന രാജാവു ചോദിക്കുന്നു. ഭഗവാനായുള്ളോവേ! നിന്തിരുവടി ചണ്ഡികാദേവിയുടെ അവതാരങ്ങളെല്ലാം അരുളിച്ചെയ്തുവല്ലോ. ഇനിയും അവതാരമൂർത്തികളുടെ പ്രകൃതിയേയും ഉള്ളവണ്ണം അരുളിച്ചെയ്യണം. ഇങ്ങനെ രാജാവിന്റെ ചോദ്യത്തെക്കേട്ടു സുമേധസ്സാകുന്ന മഹർഷി അതിത്തരമരുളിച്ചെയ്യുന്നു. ഇതു് എത്രയും പരമരഹസ്യമായി എത്രയും ഉൽകൃഷ്ടമായിരിപ്പോന്നു്, ഇതു് ആരോടും പറയേണ്ടൊരു വസ്തുവല്ല. നീയോ പിന്നെ എത്രയും ഭക്തനല്ലോ; നിന്നോടൊന്നും പറയരുതാതെയില്ലയല്ലോ; അതുകൊണ്ടു് നിനക്കുപദേശിക്കുന്നു. എങ്കിൽ ഇവയെല്ലാറ്റിനും ആദിഭൂതയായിരിക്കുന്ന മഹാലക്ഷ്മി ത്രിഗുണങ്ങളോടും ലക്ഷ്യാലക്ഷ്യസ്വരൂപയായി സകലപ്രപഞ്ചത്തിലും വ്യാപ്തയായ അവസ്ഥിതിയോടും കൂടിയിരുപ്പോരുത്തി.”
പ്രസക്താനുപ്രസക്തമായ ഈ പ്രസ്താവന നില്ക്കട്ടെ. ദേവീമാഹാത്മ്യം കിളിപ്പാട്ടിൽ സ്തോത്രങ്ങളുടെ ഭാഷാനുവാദം ശ്ലാഘ്യമാണെന്നു പറവാനില്ലെങ്കിലും മറ്റു ഭാഗങ്ങൾ അനവദ്യങ്ങളാണു്. ആകെക്കൂടി നോക്കുമ്പോൾ എഴുത്തച്ഛന്റെ ഒരു ബാലകൃതിയായിരിക്കാം ഈ വാങ്മയം എന്നു തോന്നുന്നു. ആദ്യത്തെ മൂന്നധ്യായങ്ങൾ കേകയിലും പിന്നീടുള്ള പത്തധ്യായങ്ങൾ കാകളിയിലും നിബന്ധിച്ചിരിക്കുന്നു. ഒരു ഭാഗം ഉദ്ധരിക്കാം:
ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു് തുഞ്ചത്താചാര്യന്റെ പ്രഥമ ശിഷ്യനായ കരുണാകരനെഴുത്തച്ഛന്റെ കൃതിയാണെന്നു ചിലർ പറയാറുണ്ടു്. അതിനെപ്പറ്റി ഗാഢമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അവസാനത്തിൽ കവി
എന്ന വരികളിൽ അതിന്റെ കാരയിതാവിനെപ്പറ്റി പ്രസ്താവിക്കുന്നുണ്ടല്ലോ. ‘നേത്രനാരായണൻ’ എന്നതു് ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ മാറാപ്പേരാകുന്നു. ‘സോമനാം കുണ്ഡപുരാധീശൻ’ എന്നതു തൃക്കണ്ടിയൂർക്ഷേത്രത്തിലെ ദേവനായ ശ്രീപരമേശ്വരനാണെന്നുള്ളതും നിസ്തർക്കമാണു്. ‘രാമഭക്താഢ്യനായ രാമശിഷ്യനാൽ’ എന്നുള്ളതിനു രാമഭക്തശ്രേഷ്ഠനായ രാമന്റെ ശിഷ്യൻ എന്നും, രാമഭക്തനും രാമന്റെ ശിഷ്യനുമായ ഗ്രന്ഥകാരൻ എന്നും അർത്ഥം ഗ്രഹിക്കാം. ആദ്യത്തേതാണു് അർത്ഥമെങ്കിൽ അധ്യാത്മരാമായണകർത്താവായ രാമനാണു് പ്രണേതാവിന്റെ ഗുരുവെന്നും തദനുരോധേന പ്രണേതാവു കരുണാകരനെഴുത്തച്ഛനാണെന്നും ഊഹിക്കാം. പ്രത്യുത രണ്ടാമത്തെ അർത്ഥമാണു് സ്വീകാര്യമെങ്കിൽ രാമന്റെ ശിഷ്യനും രാമഭക്താഢ്യനുമായ തുഞ്ചത്തെഴുത്തച്ഛൻതന്നെയാണു് ബ്രഹ്മാണ്ഡപുരാണത്തിന്റെയും രചയിതാവെന്നു വന്നു കൂടുന്നു. ബ്രഹ്മാണ്ഡപുരാണത്തിനു ശ്രീരാമകഥയുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല; എന്നിട്ടും കവി ആ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ
എന്നു് ഇഷ്ടദേവതാപ്രാർത്ഥന ചെയ്യുന്നു. ഇതിൽനിന്നു ബ്രഹ്മാണ്ഡപുരാണകാരൻതന്നെയാണു് രാമഭക്താഢ്യൻ എന്നു് അനുമാനിക്കുന്നതിൽ അപാകം കാണുന്നില്ല. അങ്ങനെ വരുമ്പോൾ തുഞ്ചത്തെഴുത്തച്ഛനെത്തന്നെയാണു് പ്രസ്തുത കൃതിയുടേയും കർത്താവായി കല്പിക്കേണ്ടതു്. വിമർശകാഗ്രണിയായ പി. കെ. നാരായണപിള്ളയുടെ അഭിപ്രായവും അതുതന്നെയാകുന്നു. “നിന്തിരുവടി തിരുവുള്ളത്തിലേറാതെകണ്ടെന്തൊരു വസ്തു ലോകത്തിലുള്ളതു പോറ്റി” മുതലായി ചില വരികൾ അദ്ധ്യാത്മരാമായണത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും ചിലപ്പോൾ ഏകരൂപമായും മറ്റു ചിലപ്പോൾ ഈഷദ്വ്യത്യാസത്തോടുകൂടിയും കാണുന്നുണ്ടു്. ഭാഷ എഴുത്തച്ഛന്റെ കാലത്തേതുതന്നെയാണു് എന്നുള്ളതിനു (1) ചേല്ക്കണ്ണാൾ, (2) മടിക്കുന്നില്ലേതും ഞാനോ, (3) മന്നവരനുഷ്ഠാനം, (4) മൂർച്ഛിതനായേ, (5) ഗുരുഭൂതന്മാരെ വന്ദിപ്പാനായേ, (6) എവിടത്തു, (7) ചൊല്ലവല്ലേൻ, (8) കാണായതാരായ്വരൂ, (9) അതിൽക്കാളും, (10) ദുർന്നിമിത്തങ്ങൾ പല, (11) ഊടേചിന്തിച്ചു, (12) ഞങ്ങളിരുന്നു ഞായം മുന്നം തുടങ്ങിയ പ്രയോഗങ്ങൾ സാക്ഷ്യം വഹിക്കുന്നു. പക്ഷേ ഈ തെളിവുകൊണ്ടു മാത്രം ഗുരുവിനെ വിട്ടു ശിഷ്യനിലോ മറിച്ചോ കർത്തൃത്വം ആരോപിക്കുവാൻ നിർവ്വാഹമില്ല. എന്നാൽ കവിതാരീതി നോക്കിയാൽ ബ്രഹ്മാണ്ഡപുരാണത്തിനു തുഞ്ചന്റെ കൃതിയാകുവാൻതക്ക സ്വരൂപയോഗ്യതയുണ്ടെന്നുതന്നെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. തൊണ്ണൂറ്റൊൻപതധ്യായങ്ങൾ സംഗ്രഹിക്കേണ്ടതുകൊണ്ടു വർണ്ണനത്തിനുള്ള സൗകര്യം കവിക്കു വളരെ വിരളമാണു്. എങ്കിലും പല ഘട്ടങ്ങളിലും അദ്ദേഹം താൻ ഒരു വശ്യവചസ്സാണെന്നു തന്റെ വിശിഷ്ടമായ വാഗ്ദ്ധോരണിയാൽ പ്രഖ്യാപനം ചെയ്യുന്നുണ്ടു്. “ജളത്വമുള്ള ജനം മഹത്ത്വമറികയില്ലളർക്കമറിയുമോ നരസിംഹത്തിൻ ബലം?” “കാല്ക്കൽ വീഴ്കയും കണ്ണിലശ്രുക്കൾ പൊഴികയും വീർക്കയും വിയർക്കയും കോൾമയിർകൊള്ളുകയും” “ദുസ്ത്യജയല്ലോനൂനം പ്രകൃതി വിദ്വാന്മാർക്കും” എന്നിങ്ങനെയുള്ള വരികളിൽ മാത്രമല്ല അദ്ദേഹത്തിന്റെ കവനകലാപാടവം പ്രത്യക്ഷീഭവിക്കുന്നതു്. ദത്താത്രേയൻ കാർത്തവീര്യാർജ്ജുനനു നല്കുന്ന ജ്ഞാനോപദേശം, ചന്ദ്രഗുപ്തന്റെ ജമദഗ്ന്യാശ്രമവർണ്ണനം മുതലായ ഘട്ടങ്ങളിൽ നാം കേൾക്കുന്നതു സാക്ഷാൽ ഗുരുനാഥന്റെ ശബ്ദംതന്നെയാണു്. ശ്രീപരശുരാമനും കാർത്തവീര്യന്റെ സേനയും തമ്മിലുള്ള യുദ്ധം കവി പ്രപഞ്ചനം ചെയ്യുന്നതിൽനിന്നു് ഒരു ഭാഗം ഇവിടെ പകർത്താം:
ഈ കവിതയ്ക്കു് അധ്യാത്മരാമായണത്തിന്റെ മെച്ചമുണ്ടെന്നു ഞാൻ പറയുന്നില്ല. എന്നാൽ ആ ന്യൂനതയ്ക്കുള്ള ഒരു കാരണം മുമ്പു സൂചിപ്പിച്ചതുപോലെ കവിക്കു് ഓരോ അധ്യായവും പ്രത്യേകമായി സംക്ഷേപിക്കുവാനുണ്ടായ ആഗ്രഹമാണു്: ആ പരിപാടിക്കു് ഉത്തരവാദി പക്ഷേ തമ്പ്രാക്കളാണെന്നും വരാൻ പാടില്ലായ്കയില്ല. കേരളത്തിന്റെ ജനയിതാവും കേരളബ്രാഹ്മണരുടെ കുലദൈവതവുമാണല്ലോ ശ്രീപരശുരാമൻ. ആ മഹാത്മാവിന്റെ അപദാനങ്ങളെ ഭാഷാഗാനരൂപേണ പ്രകീർത്തനം ചെയ്യിക്കുവാൻ പണ്ഡിതാഗ്രേസരനും നീലകണ്ഠസോമയാജിയുടെ സുഹൃത്തമനുമായ അക്കാലത്തെ ആഴ്വാഞ്ചേരിത്തമ്പ്രാക്കൾക്കു് ഔത്സുക്യം സ്വാഭാവികമായി അങ്കുരിച്ചിരിക്കാവുന്നതും തന്നിമിത്തം അദ്ദേഹം അധ്യാത്മരാമായണത്തിന്റെ ഭാഷാനുവാദംമൂലം ഭാഷാ കവികളിൽ പ്രഥമഗണനീയനെന്നു പേർ സമ്പാദിച്ചു തൃക്കണ്ടിയൂരിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്ന തുഞ്ചത്തെഴുത്തച്ഛനെ അതിലേക്കു നിയോഗിച്ചിരിക്കാവുന്നതുമാകുന്നു. ഉത്തരരാമായണത്തിന്നു പിൻപും മഹാഭാരതത്തിനു മുൻപും എഴുത്തച്ഛൻ പ്രസ്തുതഗാനം നിർമ്മിച്ചതായി പരിഗണിക്കാവുന്നതാണു്. ഗ്രന്ഥാവസാനത്തിൽ എഴുത്തച്ഛൻ കേരളത്തിന്റെ മഹാത്മ്യത്തെപ്പറ്റി ചില സൂചനകൾ നല്കുന്നുണ്ടെന്നുള്ളതു പ്രകൃതത്തിൽ സ്മരണീയമാകുന്നു.
ഈ വർണ്ണനമൊന്നും മൂലത്തിലില്ല. തൃക്കണ്ടിയൂരപ്പന്റെ അനുഗ്രഹത്തെപ്പറ്റി ഗ്രന്ഥാവസാനത്തിൽ പ്രസ്താവിച്ചതു ശ്രീപരമേശ്വരൻ പരശുരാമന്റെ ഗുരുനാഥനാകകൊണ്ടാണെന്നു തോന്നുന്നു. ഗ്രന്ഥത്തിൽതന്നെ ഒന്നു രണ്ടു ശിവസ്തോത്രങ്ങളും കാണ്‍മാനുണ്ടല്ലോ.
ബ്രഹ്മാണ്ഡപുരാണത്തിൽ ആദ്യത്തെ പതിനഞ്ചധ്യായങ്ങൾ കേകയിലും പിന്നീടുള്ള പതിനഞ്ചധ്യായങ്ങൾ കാകളിയിലും ബാക്കിയുള്ള അധ്യായങ്ങളെല്ലാം വീണ്ടും കേകയിലുമാണു് കവി തർജ്ജമചെയ്തിരിക്കുന്നതു്. ആകെക്കൂടി ദേവീമാഹാത്മ്യത്തിലെന്നപോലെ മൂന്നു വിഭാഗങ്ങളേ കാണുന്നുള്ളു. അതിനാൽ അവയെ പാദങ്ങൾ എന്നു പറയുന്നതു യുക്തമാണെന്നു തോന്നുന്നില്ല. എഴുത്തച്ഛൻ ഭദ്രദീപപ്രതിഷ്ഠാവിധി ഭാഷീകരിക്കുന്നില്ല.
എന്നു പറഞ്ഞുകൊണ്ടു് അപ്പുറത്തേയ്ക്കു കടക്കുന്നു. അതുപോലെ അസിതമഹർഷി ജനകമഹാരാജാവിനു നല്കുന്ന മറ്റുപദേശങ്ങൾ തർജ്ജമ ചെയ്യുന്നുണ്ടെങ്കിലും നാല്പത്തൊൻപതു മുതൽ അൻപത്തിമൂന്നുവരെയുള്ള അഞ്ചധ്യായങ്ങളിൽ ചെയ്യുന്ന അധ്യാത്മജ്ഞാനോപദേശം വിട്ടുകളയുന്നു. ‘ഇത്യാദ്യമഞ്ചധ്യായം കൊണ്ടുടൻ ജനകനോടധ്യാത്മജ്ഞാനമുപദേശിച്ചാ ന സിതനും’ എന്നു് ആ ഘട്ടത്തെ ദൂരെനിന്നു ഒന്നു കടാക്ഷിക്കുക മാത്രമേ അദ്ദേഹം ചെയ്യുന്നുള്ളു. കാർത്തവീര്യന്റെ ജലക്രീഡയെപ്പറ്റിയുള്ള പ്രസ്താവം വരുമ്പോൾ ഋഷികല്പനായ ആ ധർമ്മാത്മാവു് “അർജ്ജുനജലക്രീഡാധ്യായമൻപത്തെട്ടാമതിന്നിജ്ജനത്തിനു പറഞ്ഞീടുവാൻ പണിയത്രേ” എന്നു് അതിൽനിന്നൊഴിയുന്നു. അദ്ദേഹത്തിന്റെ ആചാരപ്രവണതയും ഔചിത്യബോധവുമാണു് ഈ വക കാര്യങ്ങളിൽ പ്രകടീഭവിക്കുന്നതു്.
സീതാവിജയം കിളിപ്പാട്ടിനു ശതമുഖരാമായണമെന്നും ശതമുഖരാവണവധമെന്നുംകൂടി പേരുകളുണ്ടു്. കിളിപ്പാട്ടിൽ സീതാവിജയം എന്ന സംജ്ഞതന്നെയാണു് സ്വീകരിച്ചിരിക്കുന്നതു്. “ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം നിങ്ങളോടൊട്ടു ചൊന്നേനെന്നാളേ കിളിമകൾ” എന്നുള്ള ഒടുവിലത്തെ വരികൾ നോക്കുക. “സന്തുഷ്ടാത്മനാ സീതാവിജയം മനോഹരം” എന്നു് ആരംഭത്തിലും പ്രസ്താവനയുണ്ടു്. മൂലം സ്കാന്ദ പുരാണാന്തർഗ്ഗതമായ വാസിഷ്ഠോത്തരരാമായണത്തിൽ പെട്ടതാണു്. ഏഴധ്യായങ്ങൾകൊണ്ടു പ്രസ്തുതോപാഖ്യാനം അതിൽ സംഗ്രഹിച്ചിരിക്കുന്നു. ദശമുഖരാവണനെക്കാൾ ബലശാലിയായ ശതമുഖരാവണനെ സീതാദേവി വധിച്ച കഥ വസിഷ്ഠ മഹർഷി ശതാനന്ദനെ പറഞ്ഞുകേൾപ്പിക്കുന്നു.
സീതാവിജയത്തിന്റെ കർത്താവു് തുഞ്ചത്തെഴുത്തച്ഛനാണെന്നു് ഐതിഹ്യമുണ്ടു്. ഭാഷാരീതി പരിശോധിച്ചാൽ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു നിർണ്ണയിക്കുവാൻ കഴിയും. ‘കേൾക്കയിൽ,’ ‘ഇടർ,’ ‘മേന്മതകും,’ ‘വാക്കുകൊണ്ടേ,’ ‘വരിഷിക്കുക’ എന്നീ പദങ്ങളും പ്രയോഗങ്ങളും നോക്കുക. ‘പൌലസ്ത്യനവനുടെ കാൽനഖത്തിനു പോരാ’, ‘ദധിജലധി ശതവദനപതനസമയേ ചെന്നു ദേവലോകത്തു വൃത്താന്തമറിയിച്ചു’ തുടങ്ങിയ ഭാഗങ്ങളിൽ അധ്യാത്മരാമായണത്തിലെ ചില വരികളുടെ പ്രതിധ്വനി കേൾക്കുന്നു. നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതിയിൽ ഒന്നും നാലും പാദങ്ങൾ കേകയിലും രണ്ടാം പാദം കാകളിയിലും മൂന്നാം പാദം കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കവിത ആപാദചൂഡം മനോഹരമായിരിക്കുന്നു. അതിലെ—പ്രത്യേകിച്ചു മൂന്നാം പാദത്തിലെ—പദഘടനാപാടവത്തെ എഴുത്തച്ഛനിലല്ലാതെ മറ്റൊരു കവിയിൽ വിനിവേശിപ്പിക്കുവാൻ മാർഗ്ഗം കാണുന്നില്ല. അതുകൊണ്ടു കർത്തൃത്വത്തെപ്പറ്റി ഗ്രന്ഥത്തിൽ പ്രകടമായ സൂചനയൊന്നുമില്ലെങ്കിലും ‘ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ, ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ’ എന്നു് അധ്യാത്മരാമായണത്തിൽ നിയുക്തയായ ആ മധുരസ്വരയായ ശാരികയോടുതന്നെയാണു് “ശ്രീരാമചരിതവും പാടിസ്സഞ്ചരിക്കുന്ന ശാരികപ്പൈതലേ നീ ചൊല്ലേണമെന്നോടിപ്പോൾ” എന്ന വരികളിൽ സീതാവിജയകാരനും അപേക്ഷിക്കുന്നതെന്നു് എനിക്കു തോന്നുന്നു. കവിതയുടെ മാതൃക കാണിക്കുവാൻ മൂന്നാം പാദത്തിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം:
സംസ്കൃതത്തിൽ വിഷ്ണുഭാഗവതമെന്നും ദേവീഭാഗവതമെന്നും രണ്ടു ഭാഗവതങ്ങളുണ്ടു്. അവയിൽ അഷ്ടാദശമഹാപുരാണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതു് ഏതിനെയാണെന്നുള്ള വാദം പണ്ടുപണ്ടേയുള്ളതും ഇന്നും അവസാനിച്ചിട്ടില്ലാത്തതുമാണു്. അഷ്ടാദശപുരാണങ്ങളും ആവിർഭവിച്ചതിനുമേൽ അവയുടെ മകുടസ്ഥാനത്തിൽ വിഷ്ണുഭക്തിസംവർദ്ധകമായി ദാക്ഷിണാത്യനായ ഏതോ സിദ്ധൻ രചിച്ചു് ഉപദേശിച്ച ഒരു വിശിഷ്ടഗ്രന്ഥമാണു് ഭാഗവതം എന്നു ഞാൻ വിശ്വസിക്കുന്നു. പ്രക്ഷിപ്തങ്ങൾ നുഴഞ്ഞുകേറാത്ത ഒരു പുരാണമാണു് ഭാഗവതമെന്നുള്ളതു് അതിന്റെ മഹിമോപാധികളിൽ ഒന്നാണെന്നും നാം ഓർമ്മിക്കേണ്ടതുണ്ടു്. കൊല്ലം എട്ടാം ശതകത്തിലെ കൃതിയായ ഭാഷാവിഷ്ണുഭാഗവതത്തെപ്പറ്റിയാണല്ലോ നമുക്കു് ഇവിടെ പര്യാലോചിക്കുവാനുള്ളതു്. ആ ഗ്രന്ഥം തുഞ്ചത്തെഴുത്തച്ഛന്റെ കൃതിയാണെന്നും അല്ലെന്നും പ്രബലമായ പക്ഷാന്തരമുണ്ടു്.
ചിറ്റൂർ ഗുരുമഠത്തിൽ ഭാഗവതം വച്ചുപൂജിച്ചിരുന്നതു് 1041-ൽ ബർണ്ണൽസായിപ്പു കണ്ടതായി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭാഗവതം എഴുത്തച്ഛന്റെ കൃതിയാണെന്നു രൂഢമൂലമായ ജനവിശ്വാസമുണ്ടു്. ഭാഗവതത്തിലെ ഭാഷ കൊല്ലം എട്ടാം ശതകത്തിന്റെ പൂർവാർദ്ധത്തിലേതാണു് എന്നുള്ളതിനു സംശയമില്ല. ‘സർവലോകേശനായ ഭഗവദ്യശസ്സോടു’, ‘ഭഗവദ്യശോയുതമല്ലായും പ്രബന്ധങ്ങൾ’, ‘ഉളനായ ചേല്ക്കണ്ണാൾ’, ‘തേൻപോരും’, ‘പോകയിൽ’, ചെല്ലത്തുടങ്ങിനാൾ’, ‘ചോരിവാവേരി’, ‘മകളർ’ ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഉദ്ധരിച്ചു് ഈ വസ്തുത തെളിയിക്കാവുന്നതാണു്. മനോഹരങ്ങളായ പല ഭാഗങ്ങൾ ഭാഗവതം കിളിപ്പാട്ടിലുമുണ്ടു്. ഇങ്ങനെ ചില കാരണങ്ങളെ ആസ്പദമാക്കി ഭാഗവതം എഴുത്തച്ഛന്റെ കൃതിതന്നെയെന്നു സ്ഥാപിക്കുവാൻ ചില പണ്ഡിതന്മാർ ഉദ്യമിക്കുന്നു. അവരിൽത്തന്നെയും ഏതു കാലത്താണു് എഴുത്തച്ഛൻ അതു രചിച്ചതെന്നുള്ളതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടു്. ചിലർ വാർദ്ധക്യാരംഭത്തിലാണെന്നും ചിലർ യൗവനത്തിലെന്നും പറയുന്നു. വാർദ്ധക്യാരംഭത്തിലാണെന്നു പറയുന്നവർ എഴുത്തച്ഛൻ ആ കവിത ചൊല്ലിക്കൊടുത്തു മകളെക്കൊണ്ടു് എഴുതിച്ചതാണെന്നും ആ ഗ്രന്ഥമാണു് ബർണ്ണൽസായിപ്പു് 1041-ൽ ഗുരുമഠത്തിൽ കണ്ടതെന്നും കൂടി പ്രസ്താവിക്കുന്നു. ഭാഗവതം കൊല്ലം എട്ടാം ശതകത്തിലെ കൃതിയാണെന്നു് എനിക്കും ഉറപ്പിച്ചു പറയുവാൻ തോന്നുന്നു.
ഏകകർത്തൃകമാണോ?—ഭാഗവതത്തിന്റെ ആദ്യന്തമുള്ള പ്രണേതൃത്വം ഒരു കവിയിൽ ആരോപിക്കുവാൻ അശേഷം നിർവാഹമില്ലാത്ത വിധത്തിലാണു് അതിലെ ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങളുടെ രചനാരീതി നിലകൊള്ളുന്നതു്. ഭാഗവതം ആകെക്കൂടിത്തന്നെ ആ വിഷയത്തിൽ ഭാരതത്തേയും അധ്യാത്മരാമായണത്തേയും അപേക്ഷിച്ചു തുലോം അവരമായ ഒരു സ്ഥാനത്തിലേ സ്ഥിതി ചെയ്യുന്നുള്ളു. അപശബ്ദപ്രയോഗവും മൂലത്തിൽ നിന്നു തർജ്ജമയിൽ കടന്നുകൂടീട്ടുള്ള അർത്ഥവ്യത്യാസവും ആ ഗ്രന്ഥത്തെ അധഃപതിപ്പിക്കുന്നതിനുള്ള കാരണങ്ങളിൽ ഒട്ടും അപ്രധാനങ്ങളല്ല. ചുരുക്കത്തിൽ ഭാഗവതത്തിന്റെ ഗതി കൃഷ്ണപക്ഷത്തിലെ ചന്ദ്രമണ്ഡലത്തിന്റേതുപോലെയാണെന്നു പറയാം. മുന്നോട്ടു പോകുന്തോറും കൂടിക്കൂടി വരുന്ന അനാസ്വാദ്യത ദശമസ്കന്ധത്തിൽ കാളിയമർദ്ദനാനന്തരം അതിന്റെ മൂർദ്ധന്യദശയിൽ എത്തുന്നു. അതിനു മുൻപുതന്നെ ‘ഭഗവത്സേവാരതിചെയ്തീടണം’ എന്നു ദ്വിതീയസ്കന്ധത്തിലും ‘പൂർഷോത്തമനെ സ്തുതിച്ചാരുടനുടൻ’ എന്നും ‘ഭവാനാലഹോ ഹനിച്ചീടിന’ എന്നു ‘മേളമുഖാംബുജം’ എന്നും ചതുർത്ഥസ്കന്ധത്തിലും ‘കാലപാശം പരിച്ഛേദിച്ചു’ എന്നു ഷഷ്ഠസ്കന്ധത്തിലും ‘അംബുജൻ’ എന്നു നവമസ്കന്ധത്തിലും മറ്റും പല ഉദ്വേഗജനകങ്ങളായ പ്രയോഗങ്ങൾ കാണുന്നുണ്ടു്. ‘സർവഭേദങ്ങളാം രാഗദ്വേഷാദിയാം’, ‘മന്ദരപർവതത്തെ പ്രവേശിച്ചു തപസ്സുതുടങ്ങിനാൻ’ എന്നും മറ്റുമുള്ള വൈരൂപ്യദുഷ്ടങ്ങളായ വരികളുമുണ്ടു്. ദശമസ്കന്ധത്തിൽ പ്രവേശിക്കുമ്പോൾ അത്തരത്തിലുള്ള കീടാനുവിദ്ധത ക്രമേണ പ്രവൃദ്ധമാകുന്നു. ‘മാധവസ്വഭൂഃ’ ‘ചത്വാരിപാദസംയുക്തൻ’ ‘സഖന്മാരുമായ്’ മുതലായ അനേകം അസഹ്യങ്ങളായ സ്ഖലിതങ്ങൾ അവിടെയാണു് സ്വച്ഛന്ദമായി തലപൊക്കുന്നതു്. എങ്കിലും ഗോവിന്ദദർശനം കണ്ടു’ ‘കുഴൽസ്വനൈർന്നിശ്ചലരായിതു’ ‘മന്നിടമായ ത്രൈലോക്യങ്ങൾ’ ‘ത്രാണനം ചെയ്കെങ്ങൾ പ്രാണനാഥാ കൃഷ്ണ’ ‘കയ്യതിൽ വസ്ത്രാഭരണമായും ചിലർ’ ‘മാർഗ്ഗമാക്കീടും കൃതാന്തസമീപത്തേക്കു്’ ‘ആകയാൽ നാമൊത്തു യുദ്ധം വഹിക്കിലോ ആകായെന്നാരും പറയാ ധരിക്ക നീ’ ‘യൗവനാത്മാക്കൾ’ ചന്ദ്രികാഹാസിതേ’ ‘പ്രദ്യുമ്നാനിരുദ്ധസംയുതാഭ്യാം’ (പ്രദ്യുമ്നനനിരുദ്ധസംയുതാഭ്യം എന്നു വേണമെങ്കിൽ വായിച്ചുകൊള്ളാം) ഇത്തരത്തിലുള്ള ഭീമങ്ങളായ അഭംഗികൾ കാളിയമർദ്ദനഘട്ടത്തിനുമേലേ ദശമസ്കന്ധത്തിൽത്തന്നെയും കാണുന്നുള്ളു. ശ്രുതിഗീതയിലും ഏകാദശസ്കന്ധത്തിലും നിരവധി ഭാഷാനുവാദവൈകല്യങ്ങളുണ്ടു്. ദശമസ്കന്ധത്തിൽ ശാരികയെ കവി അഭിസംബോധനംചെയ്യുന്നതു ‘ബാലേ കിളിയേ സുശീലേ’ എന്നിങ്ങനെയാണു്. മറ്റൊരു സ്ഥലത്തും എഴുത്തച്ഛൻ ‘കിളിയേ’ എന്നു പ്രയോഗിച്ചിട്ടില്ല.
കാളിയമർദ്ദനംവരെയുള്ള ഭാഗങ്ങളിൽ അങ്ങിങ്ങു് അപൂർവമായെങ്കിലും എഴുത്തച്ഛന്റേതായിരിക്കണമെന്നു പറയാവുന്ന ഈരടികൾ ഉണ്ടു്. ചില ഉദാഹരണങ്ങൾ ഉദ്ധരിക്കാം:
മൂലം:
തർജ്ജമ:
എന്തൊരു ഹൃദയമോഹനമായ വത്സസ്തേയകഥാവർണ്ണനമാണിതു്? ഈ ഭാഗം മൂലകാരനാലോ കവിക്കു പലപ്പോഴും ഉപജീവ്യനായിക്കാണുന്ന കൃഷ്ണഗാഥാകാരനാലോ അനുപ്രാണിതമല്ല. കണ്ണശ്ശഭാഗവതത്തിലും ഇതിൽ സ്വല്പമൊരംശത്തിന്റെ നേരിയ ഛായ മാത്രമേ കാണ്മാനുള്ളു. ഇവിടെ എഴുത്തച്ഛന്റെ മനോധർമ്മമല്ല പ്രതിഫലിച്ചിരിക്കുന്നതു് എന്നു് ആർക്കു വാദിക്കാം? ഭാരതത്തിലുള്ള ഏതു ഭാഗത്തോടും കിടനില്ക്കുവാൻ ഇതിനു സമഗ്രമായ യോഗ്യതയുണ്ടു്.
ഇനി ദ്വാദശസ്കന്ധത്തിൽനിന്നു ചില വരികൾകൂടി അനുവാചകന്മാരുടെ ശ്രദ്ധയ്ക്കു വിഷയീഭവിപ്പിക്കേണ്ടിയിരിക്കുന്നു.
മൂലത്തിലെ ‘ലജ്ജോത്തരോധരോ ലോഭോ’ എന്ന ഭാഗം വിട്ടു കളഞ്ഞിരിക്കുന്നതിനുപുറമേ “രോമാണി ഭൂരുഹാഃ” എന്നും ‘ബ്രഹ്മസൂത്രം ത്രിവിൽ സ്വരം’ എന്നുമുള്ള വാചകങ്ങൾ അതേമാതിരിയിൽത്തന്നെ പകർത്തിയുമിരിക്കുന്ന ദ്വാദശസ്കന്ധകാരൻ വത്സസ്തേയകാരനല്ല എന്നു് ഏതു സഹൃദയനും നിശ്ശങ്കം പ്രഖ്യാപനം ചെയ്യാവുന്നതാണു്. ചൂർണ്ണമെന്നാൽ എന്തെന്നു് അനുവാദകനേ അറിഞ്ഞുകൂടു. പ്രകൃതത്തിലെ മഹാപുരുഷവർണ്ണനം തുടർന്നു മൂലവുമായി തട്ടിച്ചുനോക്കുന്നവർക്കു് ഇനിയും പല അസ്വാരസ്യങ്ങളും സ്പഷ്ടീഭവിച്ചുകൊള്ളും.
എന്റെ ഗാഢമായ പര്യാലോചനയുടെ ഫലമായി താഴെക്കാണുന്ന അനുമാനത്തിലാണു് ഞാൻ എത്തിച്ചേർന്നിരിക്കുന്നതു്. എഴുത്തച്ഛന്റെ യൗവനകാലത്തിലെ കൃതിയാണു് വൂഭാഗവതമെന്നും അതിനുശേഷമാണു് അദ്ദേഹം രാമായണവും ഭാരതവും നിർമ്മിച്ചതെന്നും പറയുന്നതു് ഉപപന്നമല്ല. ദ്വാദശസ്കന്ധത്തിലും മറ്റും നിന്നു വെളിപ്പെടുന്നിടത്തോളമേ അദ്ദേഹത്തിനു് അക്കാലത്തുപോലും കവിതാവാസന ഉണ്ടായിരുന്നുള്ളു എന്നു് അനുമാനിക്കുവാൻ പ്രയാസമുണ്ടു്. അധ്യാത്മരാമായണത്തേയും ഭാരതത്തേയുംകാൾ ഭാഷാന്തരീകരണത്തിനു ക്ലേശാധിക്യമുള്ള ഭാഗവതമാണു് അദ്ദേഹത്തിനു് ആദ്യമായി തർജ്ജമചെയ്വാൻ തോന്നിയതെന്നും ഞാൻ വിചാരിക്കുന്നില്ല. പ്രത്യുത ഭാഗവതത്തിന്റെ ഭാഷാനുവാദത്തിനു് അദ്ദേഹം ആരംഭിച്ചതു വാർദ്ധക്യത്തിലായിരിക്കണം. ശരീരസാദംനിമിത്തം അതിൽ പല ഭാഗങ്ങളും പറഞ്ഞുകൊടുത്തു മകളെക്കൊണ്ടോ മറ്റോ എഴുതിച്ചിരിക്കണം. ഇടയ്ക്കിടയ്ക്കു ശിഷ്യന്മാരിൽ ചിലരും ആ കാവ്യനിർമ്മിതിയിൽ അദ്ദേഹത്തെ യഥാശക്തി സഹായിച്ചിരിക്കണം. ആ ഭാഗങ്ങൾ നിപുണമായി പരിശോധിച്ചു തെറ്റു തിരുത്തുവാനോ രചനയ്ക്കു സാർവത്രികമായ സൗഷ്ഠവം വരുത്തുവാനോ അദ്ദേഹത്തിനു സാധിക്കാതെയും വന്നിരിക്കണം. ‘സത്യജ്ഞാനാനന്താനന്ദാദ്വയാമൃതപൂർണ്ണം സച്ചിൽബ്രഹ്മാഖ്യം പരമാത്മാനമുപാസിച്ചേൻ’ എന്നു ബ്രഹ്മാണ്ഡപുരാണത്തിൽ എന്നപോലെ ഈഷദ്വ്യത്യാസത്തോടുകൂടി ഉപക്രമത്തിലും
എന്നു ഭാരതത്തിലെന്നപോലെ കാളിയമർദ്ദനഘട്ടത്തിലും തന്റെ വേദാന്താവഗാഹത്തേയും ഭക്തിപാരവശ്യത്തേയും യഥാക്രമം പ്രകടീകരിക്കുന്ന കവി ഒരാൾതന്നെയാണെന്നും അതു സാക്ഷാൽ തുഞ്ചനല്ലാതെ മറ്റാരുമല്ലെന്നും സങ്കല്പിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെന്നപോലെ കാകളീവൃത്തം കൊണ്ടാണു് ഒരു ഭാഗം ആരംഭിക്കേണ്ടതെങ്കിൽ അതിന്റെ പ്രാരംഭത്തിൽ ഏതാനും വരികൾ ഊനകാകളിയിൽ ഘടിപ്പിക്കുന്നതു് എഴുത്തച്ഛന്റെ ശൈലിയാകുന്നു. ആ ശൈലി ഷഷ്ഠസ്കന്ധത്തിന്റെ ഉപക്രമത്തിലും കാണാവുന്നതാണു്. “നാരായണ ജയ നാരായണ ജയ വരദ ഹരേ, നാരായണ പരിപാലയ മാം ബഹുഘോരമഹാപാതകനിവഹാൽ” തുടങ്ങിയ ഈരടികൾ നോക്കുക. എന്റെ ഊഹം ശരിയാണെങ്കിൽ “രാമദാസനാമെഴുത്തച്ഛൻ നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം ഭാഷയിലൊരു ഗീതമായുരചെയ്താൻ മുന്നം” എന്നു പുന്നശ്ശേരി ശ്രീധരൻനമ്പി ഉപന്യസിച്ചിട്ടുള്ളതു് അത്രത്തോളം പരമാർത്ഥമാണെന്നും ദശമസ്കന്ധത്തെപ്പറ്റി അദ്ദേഹം ഒന്നും പറയാത്തതു് അതു് അദ്ദേഹം മുഴുപ്പിക്കാത്തതുകൊണ്ടാണെന്നും വന്നുകൂടുന്നു. കാളിയമർദ്ദനത്തിനുമേൽ ഋതുവർണ്ണനം മുതല്ക്കുള്ള ഭാഗങ്ങളിൽ എഴുത്തച്ഛന്റെ കൈപ്പെരുമാറ്റം കാണുന്നില്ല. ഋതുവർണ്ണനം ആരംഭിക്കുന്നതുതന്നെ ‘ഗ്രീഷ്മകാലവും വന്നു വർദ്ധിച്ചിതങ്ങൂഷ്മങ്ങൾ കൊണ്ടു പൊറാഞ്ഞിതു മേദിനി’ എന്ന ഒരു അപശബ്ദഭൂഷിതമായ ഈരടിയോടുകൂടിയാണു്.
ഗ്രന്ഥം അത്രത്തോളം പുരോഗമനം ചെയ്തപ്പോൾ എഴുത്തച്ഛൻ പരഗതിയെ പ്രാപിച്ചിരിക്കണമെന്നു തോന്നുന്നു. കണ്ണശ്ശരാമായണത്തിനും കണ്ണശ്ശഭാഗവതത്തിനും തമ്മിലുള്ളതിൽ അധികം വ്യത്യാസം ഭാരതത്തിനും കാളിയമർദ്ദനംവരെയുള്ള ഭാഗവതത്തിനും ഉണ്ടെന്നു പറയാനില്ല. പക്ഷേ ആദ്യത്തെ രണ്ടു കൃതികളും രാമപ്പണിക്കർ തന്റേതാണെന്നു പ്രഖ്യാപനം ചെയ്തിരിക്കുന്നതുകൊണ്ടു നമുക്കു് അവയുടെ കർത്തൃത്വത്തെപ്പറ്റി സന്ദേഹമില്ല. പ്രത്യുത ഭാഗവതത്തിന്റെ കർത്തൃത്വം അനുമാനത്തെ മാത്രം ആസ്പദമാക്കി നിർണ്ണയിക്കേണ്ടിയിരിക്കുന്നു. എന്റെ അനുമാനം അബദ്ധമല്ലെങ്കിൽ ഗുരുമഠത്തിൽ ഭാഗവതത്തിനു വന്നുചേർന്ന അഭ്യർഹിതത്വം അസമാധേയമല്ല. എഴുത്തച്ഛന്റെ ശിഷ്യന്മാരിൽ അല്പമായ വാസനയും വ്യുൽപത്തിയുമുള്ള ആരെങ്കിലും കാളിയമർദ്ദനത്തിനു പിന്നീടുള്ള ഭാഗങ്ങൾ തർജ്ജമ ചെയ്തു് അതിനോട് കൂട്ടിച്ചേർത്തിരിക്കണം. രണ്ടു പേരുടേയും വർണ്ണമെന്തെന്നു് അവർതന്നെ സൂചിപ്പിച്ചിട്ടുണ്ടു്.
എന്നു പ്രഥമസ്കന്ധത്തിലും
എന്നു ദ്വാദശസ്കന്ധത്തിലും പ്രസ്താവനയുണ്ടു്. ‘കരുണാത്മകനായ മൽഗുരുവരൻ’ തുഞ്ചത്തെഴുത്തച്ഛൻ തന്നെയായിരിക്കണം. കരുണാകരനെഴുത്തച്ഛനായിരുന്നെങ്കിൽ ‘കരുണാകരാഖ്യനാം മൽഗുരുവരൻ’ എന്നു കവിക്കു് ആ വസ്തുത തെളിച്ചു പറയാമായിരുന്നു. ഭാഗവതം കിളിപ്പാട്ടിനു പല വൈകല്യങ്ങളുമുണ്ടെങ്കിലും അതിനും ഭാഷാസാഹിത്യത്തിൽ അന്ത്യമല്ലാത്ത ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്. ആ പുരാണരത്നം ആ രീതിയിൽ അന്യകവികളാരും മലയാളത്തിൽ വിവർത്തനം ചെയ്കയുണ്ടായില്ലല്ലോ.
എന്നും
എന്നും ആരംഭിക്കുന്ന കീർത്തനങ്ങൾ നോക്കുക. ഭക്തിസംവർദ്ധകങ്ങളായ ഭാഷാകീർത്തനങ്ങൾക്കു് ഒരു ഉദാഹരണം ചേർക്കാം:
ഇത്യാദി. രണ്ടാമത്തെത്തരത്തിലുള്ള ഒരു കീർത്തനമാണു് രാമായണസംഗ്രഹം. അതിന്റെ രീതി താഴെ ഉദ്ധരിക്കുന്ന ശീലുകളിൽനിന്നു കാണാവുന്നതാണു്.
എന്നിങ്ങനെയാണു് ആ കീർത്തനത്തിന്റെ അവസാനം. കഥ വിസ്തരിക്കേണ്ടിവരുമ്പോൾ കവികൾ ഇടയ്ക്കിടയ്ക്കു വൃത്തങ്ങൾ മാറ്റുന്നു. അതാണു് രാമായണം ഇരുപത്തിനാലു വൃത്തത്തിലേയും മറ്റും രചനാരീതി. അതിനു ഞാൻ ചില പഴയ താളിയോലഗ്രന്ഥങ്ങളിൽ ഇരുപത്തിനാലു കീർത്തനം എന്നു തന്നെ പേർ നൽകിക്കണ്ടിട്ടുണ്ടു്. ഇത്തരത്തിലുള്ളവയ്ക്കു സങ്കീർത്തനങ്ങൾ എന്നും ഹ്രസ്വങ്ങളായ ഇതര സ്തോത്രങ്ങൾക്കു കീർത്തനങ്ങൾ എന്നും നാമകരണംചെയ്യുന്നതു സൗകര്യപ്രദമായിരിക്കും. ചതുർത്ഥവിഭാഗത്തിൽപ്പെട്ട കൃതികൾ അധികമില്ല. അവയിൽ ഒന്നാണു് ഹരിനാമകീർത്തനം.
ഹരിനാമകീർത്തനവൃത്തത്തിൽ അതിനുമുൻപും അത്തരത്തിലുള്ള കൃതികൾ ഉണ്ടായിരുന്നു. അവയിൽ ഒരു കൃതിയിൽ ഒരു ശീലുദ്ധരിക്കാം:
ഹരിനാമകീർത്തനം എട്ടാം ശതകത്തിലെ ഒരു കൃതിയാണെന്നുള്ളതിനു സംശയമില്ല. ‘ഒരിക്കൽ’ ‘മറുകിച്ചാ’ തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളും അതിൽ കാണ്‍മാനുണ്ടു്. ‘ഹരിനാരായണനായ നമഃ’ എന്നോ ‘നാരായണായനമഃ’ എന്നോ അതിലെ പാട്ടുകൾ അവസാനിക്കുന്നതുകൊണ്ടാണു് ഹരിനാമകീർത്തനം എന്നു് അതിനു പേർ വന്നതു്. ശ്രീനീലകണ്ഠനാമാവായ ഒരു ഗുരുവിനെ കവി പ്രസ്തുത കീർത്തനത്തിൽ സ്മരിക്കുന്നുണ്ടെന്നുള്ളതു മുൻപു പ്രസ്താവിച്ചുവല്ലോ.
എന്ന പതിന്നാലാമത്തെ ശീലിലാണു് ആ പേർ കാണുന്നതു്. അതുമുതല്ക്കു് അകാരാദി ക്രമത്തിൽ സ്തോത്രം പുരോഗമനം ചെയ്യുന്നു. ഉപോത്തമമായ ശീലിൽ “കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ വിരവോടു പാർത്തു പിഴ വഴിപോലെ തീർത്തരുൾക” എന്നും പ്രാർത്ഥിച്ചുകാണുന്നു. ഈ നീലകണ്ഠൻ ആരാണെന്നു വെളിപ്പെടുന്നില്ല. പൂന്താനം തന്റെ ഗുരുനാഥനായ ഒരു നീലകണ്ഠനെ സ്വകൃതികളിൽ വന്ദിക്കുന്നുണ്ടെന്നു നാം മുൻപു കണ്ടുവല്ലോ. തന്നിമിത്തം ഹരിനാമകീർത്തനവും പൂന്താനത്തിന്റെ കൃതിയായിരിക്കാമെന്നു പ്രഥമദൃഷ്ടിയിൽ തോന്നുന്നുവെങ്കിലും പുനഃപര്യാലോചനയിൽ അതു ശരിയല്ലെന്നു കാണുവാൻ പ്രയാസമില്ല. അതിൽത്തന്നെ മറ്റൊരു ശീലിൽ “ഹരിനാമകീർത്തനമിതുരചെയ്വതിന്നു ഗുരുവരുളാലെ ദേവകളുമരുൾചെയ്ക ഭൂസുരരും” എന്നൊരു പ്രസ്താവനയുണ്ടു്. ബ്രാഹ്മണർ അരുൾ (കരുണ) ചെയ്യണമെന്നു പൂന്താനം പ്രാർത്ഥിച്ചിരിക്കുവാൻ ന്യായമില്ലല്ലോ. എന്നു മാത്രമല്ല പൂന്താനം കൃതികളുടെ ലാളിത്യം ഹരിനാമകീർത്തനത്തിൽ കാണുന്നുമില്ല. എന്നാൽ എഴുത്തച്ഛന്റെ കൃതിയാണെന്നു സമ്മതിക്കുന്നതിന്നും എനിക്കു് അധൈര്യം തോന്നുന്നുണ്ടു്. അവിടവിടെ ആശയ ഭംഗിയുള്ള ചില ശീലുകളില്ലെന്നു ഞാൻ പറയുന്നില്ലെങ്കിലും, രചനാഗുണം ആദ്യന്തം വിരളമായ ഒരു കൃതിയാണു് ഹരിനാമകീർത്തനം എന്നു പ്രസ്താവിക്കാതെ നിർവ്വാഹമില്ല. താഴെക്കാണുന്ന ശീലുകൾ എന്നെ ആകർഷിച്ചിട്ടുമുണ്ടു്.
‘പക്ഷീഗണം ഗരുഡനെക്കണ്ടു’ ‘ഇന്ദ്രാത്മജനെ ഹരി’ ഇത്യാദിഭാഗങ്ങളിൽ കവിക്കു പദഘടനയിലുള്ള അപാടവം പ്രകടമായി സ്ഫുരിക്കുന്നു.
എന്നിത്തരത്തിലുള്ള അലങ്കാരപ്രയോഗങ്ങൾ എഴുത്തച്ഛന്റേതല്ലെന്നു കല്പിക്കുവാൻ വൈഷമ്യമുണ്ടു്. കേരളത്തിൽ എവിടെയും പ്രചുരപ്രചാരമായ ഒരു ഗ്രന്ഥമാണു് ഹരിനാമകീർത്തനം. അതിന്റെ പ്രണേതൃത്വം അവിജ്ഞാതമാണെന്നു കരുതുന്നതാണു് ആശാസ്യമായിട്ടുള്ളതു്.
ഈ കീർത്തനത്തിന്റെ ഛായയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണനെപ്പറ്റി മറ്റൊരു കീർത്തനം ഏതോ ഒരു കവി രചിച്ചുകാണുന്നു. ആ കൃതിയിൽനിന്നു രണ്ടു ശീലുകൾ പകർത്താം.
വലിയ പഴക്കമൊന്നും പ്രസ്തുത കീർത്തനത്തിനു കല്പിക്കാവുന്നതല്ല.
ചിന്താരത്നം ആദ്യന്തം കേകാവൃത്തത്തിൽ വിരചിതമായ ഒരു ഭാഷാകൃതിയാകുന്നു. അതു കിളിപ്പാട്ടല്ല. ഒരു ഗുരു തന്റെ ശിഷ്യയായ ഒരു സ്ത്രീക്കു നൽകുന്ന അദ്വൈതജ്ഞാനോപദേശമാണു് അതിലെ പ്രതിപാദ്യം.
എന്നിങ്ങനെയാണു് ഗ്രന്ഥത്തിന്റെ ഉപക്രമം.
എന്നു് ആ ഘട്ടത്തിലും
എന്നു ഗ്രന്ഥാവസാനത്തിലും കവി പ്രസ്താവിക്കുന്നു. ചിന്താരത്നം ഏതെങ്കിലും ഒരു പ്രത്യേകഗ്രന്ഥത്തിന്റെ പരിഭാഷയല്ലെന്നും വേദാന്തവാക്യങ്ങൾ സ്മൃതികൾ ഭഗവദ്ഗീത മുതലായ പല വാങ്മയങ്ങളേയും ആസ്പദമാക്കിയാണു് കവി അതു നിബന്ധിച്ചിരിക്കുന്നതെന്നും ആ ഉദ്യമത്തിന്നു തന്നെ പ്രേരിപ്പിച്ചതു സ്ത്രീകൾക്കും അവരെപ്പോലെ താരതമ്യേന അവ്യുൽപന്നന്മാരായ പുരുഷന്മാർക്കും അദ്വൈതതത്ത്വങ്ങൾ സുഗ്രഹങ്ങളാക്കുന്നതിനുള്ള ആഗ്രഹമാണെന്നും ഉദ്ധൃതഭാഗങ്ങളിൽനിന്നു വെളിവാകുന്നു. ഗ്രന്ഥകാരൻ വന്ദിക്കുന്ന ആചാര്യൻ ആരെന്നു ഖണ്ഡിച്ചു പറവാൻ പ്രയാസമുണ്ടു്. എങ്കിലും ആരംഭത്തിൽ
എന്ന വരികളിൽ ശ്രീകൃഷ്ണഭഗവാനോടൊപ്പം തന്റെ ഗുരുനാഥനായ ശ്രീകൃഷ്ണാചാര്യൻ എന്നൊരു സന്യാസിശ്രേഷ്ഠനെക്കൂടി സ്മരിച്ചിട്ടുണ്ടെന്നു തോന്നിപ്പോകുന്നു. ചിന്താരത്നകാരനു് അദ്വൈതവേദാന്തത്തിൽ അന്യാദൃശമായ അവഗാഹമുണ്ടായിരുന്നു എന്നു് അതിന്റെ ഏതു ഭാഗം വായിച്ചാലും സ്പഷ്ടമാകുന്നതാണു്.
ചിന്താരത്നം എഴുത്തച്ഛൻ തന്റെ മകൾക്കോ മരുമകൾക്കോ വേദാന്തതത്വങ്ങൾ ഉപദേശിക്കുന്നതിനു വേണ്ടി രചിച്ച ഒരു കൃതിയാണെന്നു ചിലർ പറയാറുണ്ടു്. ഞാൻ ആ അഭിപ്രായത്തോടു യോജിക്കുന്നില്ല. ഒന്നാമതു് അതിലെ ഭാഷ അദ്ധ്യാത്മരാമായണം, ഭാരതം ഇവയെ അപേക്ഷിച്ചു് അർവാചീനവും ആ ദൃഷ്ടിയെ ആശ്രയിച്ചുനോക്കുകയാണെങ്കിൽ അതിന്റെ ആവിർഭാവം കൊല്ലം ഒൻപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിനു മുൻപാണെന്നു ഗണിക്കുവാൻ നിവൃത്തിയില്ലാത്തതുമാകുന്നു. രണ്ടാമതു് എഴുത്തച്ഛന്റെ സുവിദിതമായ ശൈലിക്കു വിപരീതമായി സദാശിവരൂപത്തിലുള്ള ധ്യാനത്തിനാണു് കവി പ്രസ്തുത കൃതിയിൽ പ്രാധാന്യം നല്കിക്കാണുന്നതു്. മൂന്നാമതു ‘മനോഹരേ’, ‘വരാനനേ’, ‘ആയതവിലോചനേ’ എന്നിങ്ങനെ ചില സംബോധനകൾ കവി പ്രയോഗിച്ചിരിക്കുന്നതിൽ അല്പം അനൗചിത്യപ്രസംഗമുള്ളതും എഴുത്തച്ഛനെ അതു്—പ്രത്യേകിച്ചും മകളുടേയോ മരുമകളുടേയോ വിഷയത്തിൽ—അശേഷം ബാധിക്കുവാൻ ഇടയില്ലാത്തതുമാകുന്നു. നാലാമതു “കാശിയും രാമേശ്വരം ശ്രീരംഗം, കുംഭകോണം, കാമാക്ഷി ഗയാ പുരുഷോത്തമം, ഗോകർണ്ണവും, കാളഹസ്തിയും കമലാലയം, ചിദംബരം, വ്യാളേന്ദ്രപുരം (തിരുവനന്തപുരം) ശിവപേരൂർ, തൃക്കാരിയൂരും” എന്നിങ്ങനെ ഭാരതഖണ്ഡത്തിലെ പുണ്യക്ഷേത്രങ്ങളെ പരിഗണനം ചെയ്യുന്നതു് എഴുത്തച്ഛനാണെങ്കിൽ കേരളത്തിൽ തിരുവനന്തപുരം, തൃശ്ശൂർ, തൃക്കാരിയൂർ എന്നീ സ്ഥലങ്ങളെ സ്മരിക്കവേ തൃക്കണ്ടിയൂർ വിട്ടുകളയുവാൻ മാർഗ്ഗമില്ല. ഏതാദൃശങ്ങളായ കാരണങ്ങൾകൊണ്ടു കൃഷ്ണശിഷ്യനായ ഏതോ ഒരു കവിയാണു് ചിന്താരത്നത്തിന്റെ പ്രണേതാവെന്നും അതു് എഴുത്തച്ഛനല്ലെന്നും വന്നുകൂടുന്നു.
എന്നുംമറ്റുമുള്ള ബ്രാഹ്മണോപാലംഭംകൊണ്ടു തൃപ്തനാകാതെ
ഇത്യാദി പ്രതീകോപാലംഭത്തിനുപോലും മുതിരുന്ന ചിന്താരത്നകാരനെ, ആ ഉപാലംഭമെല്ലാം അത്യന്തം പ്രാപ്താവസരമാണെങ്കിലും, ദേവബ്രാഹ്മണഭക്തനായ എഴുത്തച്ഛനിൽനിന്നു ഭിന്നനായല്ലാതെ കല്പിക്കുവാൻ മാർഗ്ഗമില്ല. “ന ബുദ്ധിഭേദം ജനയേദജ്ഞാനാം കർമ്മസംഗിനാം.” എന്ന ഗീതാവാക്യമനുസരിച്ചായിരുന്നുവല്ലോ എഴുത്തച്ഛന്റെ കാവ്യനിർമ്മിതി.
ചിന്താരത്നം ശാസ്ത്രനിഷ്ഠമാണെങ്കിലും സരസവും പ്രസന്നവുമായ ഒരു കാവ്യമാകുന്നു. കുറെ വരികൾ പകർത്തിക്കാണിക്കാം:
ഈ വരികളിൽ നാം പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ചില വരികളുടെ അനുനാദം വ്യക്തമായി കേൾക്കുന്നു. എഴുത്തച്ഛന്റെ മനോഗതി ഇത്തരത്തിലുള്ള വിചാരങ്ങളിലും അവയുടെ നഗ്നമായ വിശദീകരണത്തിലുംനിന്നു വിദൂരസ്ഥമാണു്.
‘കൈവല്യനവനീതം’ എന്ന അദ്വൈതവേദാന്തപ്രതിപാദകമായ കൃതി തഞ്ചാവൂർ ജില്ലയിൽ നന്നിലം എന്ന സ്ഥലത്തു ജീവിച്ചിരുന്ന താണ്ഡവരായസ്വാമികൾ (താണ്ഡവമൂർത്തിയെന്നു പറയും) എന്ന ബ്രാഹ്മണകവി തമിഴിൽ രചിച്ചതാണു്. ആ ദേശവാസിയായ നാരായണാചാര്യൻ എന്ന സിദ്ധന്റെ ശിഷ്യനായിരുന്നു താണ്ഡവമൂർത്തി. ഈ വിവരമെല്ലാം മൂലത്തിൽ വിശദമായി പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥം തത്ത്വവിളക്കമെന്നും സന്ദേഹത്തെളിതലെന്നും രണ്ടു പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മുദ്രിതപുസ്തകത്തിൽ ആദ്യത്തെ പടലത്തിൽ നൂറ്റെട്ടും രണ്ടാമത്തെ പടലത്തിൽ നൂറ്റെണ്‍പത്തഞ്ചും അങ്ങനെ ആകെ ഇരുനൂറ്റിത്തൊണ്ണൂറ്റിമൂന്നു പാട്ടുകൾ കാണുന്നു. താഴെക്കാണുന്ന പാട്ടുകൾ വായനക്കാർ അറിഞ്ഞിരിക്കേണ്ടതാണു്.
ഉദ്ധരിച്ച പാട്ടുകളിൽനിന്നു് ഗ്രന്ഥകാരന്റെ ജന്മഭൂമി, പേർ, ദേശികസംജ്ഞ ഇവ അറിയാൻ സാധിക്കുന്നു. തിരുപ്പതിയിലെ വെങ്കടേശ്വരമൂർത്തിയേയും കവി വന്ദിക്കുന്നു. നാരായണഗുരു സ്വപ്നത്തിൽ തനിക്കു് ഉപദേശിച്ചവിധത്തിലാണു് താൻ കൈവല്ല്യനവനീതം രചിക്കുന്നതെന്നും, തത്ത്വജ്ഞാന ലാഭംനിമിത്തമുണ്ടായ സന്തോഷാതിശയത്താൽ താൻ നൃത്തമാടുമെന്നു മുൻകൂട്ടിയറിഞ്ഞു തന്റെ മാതാപിതാക്കന്മാർ തനിക്കു താണ്ഡവൻ എന്നു നാമകരണം ചെയ്തുവെന്നും കൂടി അദ്ദേഹം പറയുന്നുണ്ടു്. വിദ്വന്മാണിക്യമായ നാരായണാചാര്യൻ കൈവല്യനവനീതം വിദ്യാനന്ദത്തോളം രചിച്ച അവസരത്തിൽ വിദേഹമുക്തിയെ പ്രാപിച്ചുവെന്നും അതിൽപ്പിന്നീടു് അദ്ദേഹം ‘നിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലേ’ ‘ശ്രീമാർത്താണ്ഡാചാര്യൻ’ ആ ഗ്രന്ഥം പൂരിപ്പിച്ചുവെന്നും പരിഭാഷകൻ പ്രസ്താവിച്ചിട്ടുള്ളതിനു മൂലത്തിലാകട്ടെ അതിന്റെ തമിഴുരകളിലാകട്ടെ യാതൊരു സൂചനയുമില്ല. ആ ഭാഗത്തിന്റെ അർത്ഥം നേരെ മനസ്സിലാകാതെ താണ്ഡവാചാര്യനെ അദ്ദേഹം മാർത്താണ്ഡാചാര്യനാക്കി എന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നതു്. പരിഭാഷകൻ അതിനുമുമ്പു് ‘തത്തുവഞാനംവന്ത’ എന്ന പാട്ടു്,
എന്നു തർജ്ജമചെയ്തുമിരിക്കുന്നു. വാസ്തവത്തിൽ നാരായണാചാര്യൻ താണ്ഡവമൂർത്തിയുടെ ഗുരുവായിരുന്നു എന്നും ആ ഗുരുപരമപദം പ്രാപിച്ചതിനുമേൽ ശിഷ്യൻ കൈവല്യനവനീതം രചിച്ചു എന്നുമാണു് മൂലത്തിൽനിന്നു വെളിപ്പെടുന്നതു്. കൈവല്യനവീനതം സംസ്കൃതത്തിലുള്ള ഏതെങ്കിലും ഒരു പ്രത്യേകഗ്രന്ഥത്തിന്റെ വിവർത്തനമല്ല.
മൂലം:
ഭാഷാന്തരം:
എന്നു കവിതന്നെ ആ വസ്തുത ഉൽഘോഷിക്കുന്നുണ്ടു്. ഗുരുശിഷ്യസംവാദരൂപത്തിലാണു ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നതു്. സാധനചതുഷ്ടയസമ്പന്നനായ ഒരു പുരുഷൻ താപത്രയാർത്തനായി തനിക്കു് അനുരൂപനായ ഒരു ഗുരുവിനെ ജ്ഞാനലബ്ധിക്കുവേണ്ടി ഉപസർപ്പണം ചെയ്യുന്നു. ആ ഗുരു ഒന്നാം പടലത്തിൽ തത്ത്വോപദേശം ചെയ്കയും രണ്ടാം പടലത്തിൽ സന്ദേഹങ്ങൾക്കു നിവൃത്തി വരുത്തുകയും ചെയ്യുന്നു. തത്ത്വവിളക്കത്തിനു തത്ത്വബോധകമെന്നും സന്ദേഹത്തെളിതൽപ്പടലത്തിനു സന്ദേഹനിവർത്തകമെന്നുമാണു് ഭാഷയിൽ സംജ്ഞകൾ കല്പിച്ചിരിക്കുന്നതു്.
കൈവല്യനവനീതം വേദാന്തമയമായ ഒരു ഗ്രന്ഥമാകയാൽ അതിന്റെ പ്രണേതൃത്വം ചിലർ എഴുത്തച്ഛനിൽ സംക്രമിപ്പിക്കുന്നു എന്നല്ലാതെ അതിനു മറ്റൊരാധാരവുമില്ല. താണ്ഡവമൂർത്തി എഴുത്തച്ഛനെ അപേക്ഷിച്ചു് അർവാചീനനായിരിക്കണം. ഭാഷാരീതി നോക്കിയാൽ അതു കൊല്ലം എട്ടാം ശതകത്തിലെ കൃതിയാകുവാൻ ന്യായവുമില്ല. കവിക്കു തമിഴിൽ സാമാന്യമായ പരിജ്ഞാനമുണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല.
എന്നാണല്ലോ കിളിയോടുള്ള പ്രാർത്ഥന. തർജ്ജമയിൽ പല സ്ഖലിതങ്ങളും പറ്റിപ്പോയിട്ടുണ്ടു്. സർവാധികാര്യക്കാർ ഗോവിന്ദപ്പിള്ള അതു കടിയംകുളം ശുപ്പുമേനോന്റെ കൃതിയെന്നു പറഞ്ഞിട്ടുള്ളതു വിശ്വസനീയമായിത്തോന്നുന്നു. ഒടുവിൽ തുഞ്ചത്തെഴുത്തച്ഛനെ വന്ദിയ്ക്കുന്ന ‘സാനന്ദരൂപം’ എന്ന ശ്ലോകം കാണുന്നതു കവികൃതമല്ല. അതവിടെ ചേർത്തിരിക്കുന്നതു ശുപ്പുമേനോൻ എഴുത്തച്ഛന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ഒരാളാകയാലാണെന്നു വിചാരിക്കാം. തേവു (ദേവൻ) എഴുത്തച്ഛനേയും കോപ്പു (ഗോപാലൻ) എഴുത്തച്ഛനേയും കടാക്ഷിക്കുന്നതായി കരുതാവുന്ന വേറേ രണ്ടു ശ്ലോകങ്ങളുംകൂടി അച്ചടിച്ച പുസ്തകത്തിലുണ്ടു്. ആധ്യാത്മികതത്ത്വങ്ങളെ ആപാദചൂഡം ശുഷ്കമായ രൂപത്തിലാണു് മൂലഗ്രന്ഥം പ്രതിപാദിക്കുന്നതു്. മൂലത്തെ അനുസരിക്കാതെ ഗത്യന്തരമില്ലായ്കയാൽ തർജ്ജമയും ഏറെക്കുറെ രസശൂന്യമായി പരിണമിച്ചിരിക്കുന്നു.
രാമായണം ഇരുപത്തിനാലുവൃത്തം സങ്കീർത്തനം എന്ന ഇനത്തിൽപ്പെടുന്ന ഒരു കൃതിയാണെന്നു് ഇതിനുമുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇത്തരത്തിലുള്ള പ്രബന്ധങ്ങൾ സ്ത്രീകൾ കൈകൊട്ടിക്കളിക്കു് ഉപയോഗിച്ചിരുന്നു എന്നൊരു ധാരണ ചിലക്കുണ്ടു്. അതു ശരിയല്ല. കുഞ്ചൻനമ്പ്യാരുടെ രുക്‍മിണീസ്വയംവരം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടാണെങ്കിലും ഭാഗവതം ഇരുപത്തിനാലുവൃത്തം ആ തരത്തിലുള്ളതല്ല. രാമായണം ഇരുപത്തിനാലുവൃത്തം ഭാഗവതം ഇരുപത്തിനാലുവൃത്തവും പത്തുവൃത്തംപോലെ സംഗീതാത്മകങ്ങളായ കൃതികളല്ലെങ്കിലും അവ സംഗീതഗന്ധികളാകയാൽ മുൻകാലത്തു കുടിപ്പള്ളിക്കൂടങ്ങളിൽ പെണ്‍കുട്ടികളെ പഠിപ്പിക്കുവാൻ ഉപയോഗിച്ചുവന്നിരുന്നു. നാമോച്ചാരണജന്യമായ ഭഗവൽഭക്തി, ശബ്ദവ്യുൽപത്തി, ഗാനവാസന എന്നിങ്ങനെ വിവിധഫലങ്ങൾ ഇത്തരത്തിലുള്ള കൃതികളുടെ അധ്യയനത്തിൽനിന്നുണ്ടാകുമെന്നു ജനങ്ങൾ വിശ്വസിച്ചിരുന്നു. രാമായണം ഇരുപത്തിനാലുവൃത്തമാണു് ആ പദ്ധതിയിലുള്ള ആദ്യത്തെ കൃതിയെന്നു് എനിക്കു് അഭിപ്രായമില്ല. പാണ്ഡവശങ്കരം അതിനെ അപേക്ഷിച്ചു പ്രാക്തനമാണെന്നു ഞാൻ ഊഹിക്കുന്നു. എന്നാൽ രാമായണത്തെപ്പോലെ പ്രചുരപ്രചാരമായ ഒരു കാവ്യം ആ വകുപ്പിലില്ലെന്നുള്ളതു സർവസമ്മതമാകുന്നു. പൗലിനസ് ബർത്തൊലോമിയോ എന്ന പാതിരിപോലും അദ്ദേഹത്തിന്റെ സഞ്ചാരഗ്രന്ഥത്തിൽ ഭാഷാസാഹിത്യത്തെപ്പറ്റി പ്രസ്താവിക്കുമ്പോൾ അതിൽ പ്രഥമവൃത്തത്തിലുള്ള “ഉത്തമപുരാണ,” “രാക്ഷസകുലാധിപതി,” “മാധവ ജയിക്ക” എന്നീ മൂന്നു ശീലുകൾ ഉദ്ധരിക്കുന്നുണ്ടു്. ആകെ ഇരുപത്തഞ്ചുവൃത്തം ഉണ്ടെങ്കിലും ഇരുപതാം വൃത്തം കഴിഞ്ഞുള്ളു “പ്രാപ്തരാജ്യേ ഹരൗ ശാസ്തരീന്ദ്രദിഷാം” എന്ന വൃത്തം പ്രക്ഷിപ്തമെന്നാണു് പല മാതൃകാ ഗ്രന്ഥങ്ങളുടേയും പരിശോധനയിൽനിന്നു വെളിപ്പെടുന്നതു്. ഈ ഇരുപത്തിനാലുവൃത്തങ്ങളും ദ്രാവിഡവൃത്തങ്ങൾതന്നെ. ആ രൂപത്തിൽ ചില വൃത്തങ്ങൾ സംസ്കൃതത്തിലും കാണുന്നുണ്ടെന്നുവെച്ചു് ആരും ഭ്രമിച്ചുപോകരുതു്. അവ ഒന്നുകിൽ ദ്രാവിഡത്തിൽനിന്നു സംസ്കൃതം കടം വാങ്ങിയതോ അല്ലെങ്കിൽ ആകസ്മികമായി രണ്ടു ഭാഷകളിലും ഒന്നുപോലെ ഉത്ഭവിച്ചതോ ആണു്. സംസ്കൃതത്തെപ്പോലുള്ള ബന്ധദാർഢ്യം ആ വൃത്തങ്ങൾക്കു ദ്രാവിഡത്തിലില്ലെന്നും ഓർമ്മിക്കേണ്ടതാകുന്നു.
ഇരുപത്തിനാലുവൃത്തം എട്ടാംനൂറ്റാണ്ടിലെ ഒരു കൃതിതന്നെയാണെന്നുള്ളതിൽ പക്ഷാന്തരത്തിന്നു പഴുതില്ല. അരിപ്പം, പതുപ്പു്, വാരാതെ, പകഴി, മതിയുണ്ടു് മമ്മാ, കതിർത്താർ, എണ്ണേറും, അൻപതുമറി, കുലചില, മണിപ്പൂണ്‍പു് എന്നിങ്ങനെ അക്കാലത്തെ ചമ്പൂകാരന്മാർ പ്രയോഗിച്ചുവന്ന പല പദങ്ങളും ശൈലികളും അതിൽ കടന്നുകൂടീട്ടുണ്ടു്. പ്രസ്തുത കൃതിയുടെ രചയിതാവിന്റെ കല്പനാ വൈഭവത്തേയോ പദഘടനാചാതുര്യത്തേയോ വളരെയൊന്നും ശ്ലാഘിക്കുവാൻ നിർവാഹമില്ല. ആശയങ്ങൾ നൂറ്റിനു തൊണ്ണൂറും അന്യകവികളിൽനിന്നു് അപഹരിച്ചവയാണു്. പുനത്തിന്റെ രാമായണചമ്പുവാണു് കവിയുടെ പ്രധാനാകരം. രഘുവംശം, ഭോജചമ്പു, ആശ്ചര്യചൂഡാമണി എന്നിങ്ങനെ പല ഇതരഗ്രന്ഥങ്ങളും അദ്ദേഹത്തിനു തരംപോലെയുള്ള മോഷണത്തിനു ധാരാളമായി വകനൽകീട്ടുണ്ടു്. പദഘടനയുടെ കാര്യത്തിൽ കവിയുടെ അപരാധം അക്ഷന്തവ്യമാണെന്നുതന്നെ പറയണം. ഭാഷാസംസ്കൃതപദങ്ങളെ അദ്ദേഹം പലപ്പോഴും യാതൊരന്തവും ചന്തവുമില്ലാതെ കൂട്ടിച്ചേർക്കുന്നു. ഗുരുലഘുക്കൾ കുറുക്കിയോ നീട്ടിയോ ശ്രോതാക്കൾ ആവശ്യംപോലെ ഉച്ചരിച്ചു മാത്ര ശരിപ്പെടുത്തിക്കൊള്ളണമെന്നാണു് അദ്ദേഹത്തിന്റെ വിധി. യതിഭംഗദുഷ്ടങ്ങളായ വരികൾ അവിടവിടെ മുഴച്ചുനിന്നു സഹൃദയന്മാരെ തുറിച്ചുനോക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ചില ശീലുകൾ നന്നായിട്ടുണ്ടെങ്കിലും പ്രായേണ അപ്രഗല്ഭനായി, അനംകുശനായി, കവിതാദേവിയെ തള്ളുമുന്തുംകൊണ്ടു് സന്തപ്തയാക്കുന്ന ഒരു സാധാരണനെയാണു് നാം ആ കാവ്യത്തിനു പുറകിൽ കണ്ടുമുട്ടുന്നതു്. ‘അയിരാവതഗജതോ’, ‘സൂരിയനുദിച്ച,’ ‘സീതേടെ’, ‘ചക്രപാണീടേ,’ ‘സവുഷ്ഠവം,’ “ദൈതേ,” ‘എമക്ഷയത്തിൽ,’ ‘സുവർണ്ണമാനു്,’ ‘ഉരസസ്തട്ടു്,’ ‘കടരുനിണം.’ ‘കലരിനൊരു,’ ‘സൗന്ദരിയം,’ ‘ജനകജത്തൊടൊല്ല,’ ‘പറുവതം,’ ‘കമ്പനുമകമ്പനും,’ ‘പതത്രിയാൾ പതിച്ചുടൻ’ തുടങ്ങിയ പ്രയോഗങ്ങളെ എങ്ങനെ അഭിനന്ദിക്കാം? സംസ്കൃതത്തിലും ചില ശീലുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ‘വീക്ഷ’ധാതു ആത്മനേപദിയാണെന്നറിയാതെ ‘വീക്ഷൻ’ എന്നു തട്ടിവിട്ടിരിക്കുന്നു. ‘പൊന്മണിക്കുംഭംപോലെ വിളങ്ങുന്ന നന്മുലയിണ ചാഞ്ഞു കൗസല്യേടെ’ എന്ന വരികളിൽ ‘കൗസല്യേടെ’ എന്ന പദം എത്രമാത്രം പുറംതള്ളപ്പെട്ടിരിക്കുന്നു. ‘അക്ഷരിപു ചെന്നു തിരഞ്ഞൌഷധിമത്താകും തൽക്ഷണമെടുത്തു മല കൊണ്ടുവരുന്നേരം’ എന്ന വരികളിൽ ദ്വിതീയാക്ഷരപ്രാസത്തിൽ പ്രായേണ യാതൊരു നിഷ്കർഷയുമില്ലാത്ത കവി ഒരു ‘ക്ഷ’യ്ക്കു വേണ്ടി പ്രാണത്യാഗംതന്നെ ചെയ്തിരിക്കുന്നു. “നേരേ കുശലവസുതന്മാർക്കു നല്കി നിജപേരാർന്ന രാജ്യം” എന്ന വരികളിൽ ‘കുശലവ’ എന്ന പദം ‘കുശാലവ’ എന്നുച്ചരിച്ചാലേ പാടി ഒപ്പിക്കാൻ സാധിക്കുകയുള്ളു. ഇനിയും ഈ അപഗ്രഥനം തുടരണമെന്നു വിചാരിക്കുന്നില്ല. ദ്വിതീയപാദത്തിൽ വിരാമമില്ലാത്ത ശീലുകൾ രാമായണത്തിൽ ധാരാളമുണ്ടെങ്കിലും അതിനു നാം ഗ്രന്ഥകാരനെ കുറ്റപ്പെടുത്തരുതു്. അതു് തമിഴ്രീതിയനുസരിച്ചുള്ള അന്നത്തെ ഭാഷാകാവ്യശൈലിയാണു്. രണ്ടു പാദങ്ങൾ ചേർന്നാൽ ഒരടിയും അങ്ങനെ രണ്ടടികൾ ചേർന്നാൽ ഒരു പാട്ടുമാകുമെന്നായിരുന്നു അന്നത്തെ നിയമം. ആ ശൈലി സംസ്കൃതരീതിയനുസരിച്ച കവികൾ അനന്തരകാലങ്ങളിൽ പരിത്യജിച്ചു. തന്നിമിത്തം ‘ജനകനൃപ-ദുഹിതൃകര,’ ‘നന്ദിഗ്രാമേ’, ‘ചലിത-മല്ലീ-ലതകൾ’ ‘കരയേറ്റീ-ടറിക രഘുനാഥാ’-‘ആമ്മാറെടു-ത്തടവിയിലുടൻ’ ഇത്യാദിപ്രയോഗങ്ങൾ അസാധുക്കളല്ല. അക്കാലത്തെ താദൃശങ്ങളായ കൃതികളിലെല്ലാം ആ രചനാരീതി കാണാവുന്നതുമാണു്.
പ്രസ്തുത കവിത എഴുത്തച്ഛന്റേതാവാൻ തരമില്ല എന്നുള്ളതിനു രണ്ടു തെളിവുകൾ മേൽനിർദ്ദേശിച്ച അഭംഗികളുടെ ബാഹുല്യവും അതിർകടന്ന അന്യാശയാപഹരണവുമാണു്. മൂന്നാമതായി അങ്ങിങ്ങു സ്ഫുരിക്കുന്ന ഗ്രാമ്യശൃംഗാരത്തെ ഗണിക്കാം. ‘സരസമണികൊങ്കയിൽചേർത്തനംഗോൽസവേ തരികയധരാമൃതം’, ‘തഴുകി മുലമൊട്ടിൽ മാരോത്സവസ്യാവധാവുരസി മമ നിദ്രകൊൾ’, ‘മെഴുത്ത മുഖപത്മം കുളുർത്ത മുലകളും തടുത്ത തുടയിണ നിനച്ചുടൻ’ എന്നും മറ്റും എഴുത്തച്ഛൻ എത്ര അപരിപക്വമായ യൗവനദശയിലും എഴുതിയിരിക്കുകയില്ല. നാലാമതായി അതുപോലെ തന്നെ വികൃതമായ പോരിനു വിളിയേയും കരുതാവുന്നതാണു്.
എന്നു രാവണനോടു പറയുന്നതു ലക്ഷ്മണനാണെങ്കിലും എഴുത്തച്ഛൻ അദ്ദേഹത്തെക്കൊണ്ടുപോലും ആ ദുർഭാഷണം ചെയ്യിക്കുന്നതല്ലായിരുന്നു. അഞ്ചാമതായി ഇരുപത്തിനാലു വൃത്തത്തിലെ ഹാസ്യരസപ്രയോഗത്തെപ്പറ്റിയാണു് പ്രസ്താവിക്കേണ്ടിയിരിക്കുന്നതു്. എഴുത്തച്ഛന്റെ ഫലിതം അന്തർഗുഢവും ഗൗരവയുക്തവുമാണെന്നു നാം കണ്ടുവല്ലോ. ആ ശൈലിക്കു് അല്പംപോലും അടുപ്പമില്ലാത്ത ഫലിതധോരണിയാണു് ഇരുപത്തിനാലു വൃത്തത്തിൽ കാണുന്നതു്.
എന്നിങ്ങനെ കുഞ്ചൻനമ്പ്യാരോടടുക്കുന്ന ഫലിതങ്ങൾ എഴുത്തച്ഛന്റെ മുഖത്തുനിന്നു് ഒരിക്കലും പുറപ്പെടുന്നതല്ല. ഏവഞ്ച ശൃംഗാരം, വീരം, ഹാസ്യം ഈ മൂന്നു രസങ്ങളുടെ പ്രപഞ്ചനത്തിലും ഈ രണ്ടു കവികളും ഏറ്റവും വിഭിന്നന്മാരായി വർത്തിക്കുന്നു.
ഇരുപത്തിനാലു വൃത്തത്തിന്റെ കർത്താവു പുനം നമ്പൂരിയാണെന്നു മറ്റു ചിലർ പറയുന്നു. പുനത്തിന്റെ ഹസ്തലാഘവം പ്രസ്തുത കൃതിയിൽ കണികാണ്മാനില്ലെന്നുള്ളതു പോകട്ടെ. തന്റെ കൃതിയിലേ ആശയങ്ങൾതന്നെ പകർത്തി വേണമോ ആ ഉല്ലേഖസമ്പന്നനു് ഇത്തരത്തിൽ ഒരു കാവ്യം നിർമ്മിക്കുവാൻ? ആ ജാജ്ജ്വല്യമാനമായ ജ്യോതിർഗ്ഗോളം ആകാശമാർഗ്ഗം വിട്ടു് ഒരു കൈത്തിരിയുടെ രൂപത്തിൽ ഭൂമിയിലിറങ്ങി എന്നു സങ്കല്പിക്കുവാൻ എന്നെ മനസ്സനുവദിക്കുന്നില്ല. എനിക്കു് ഈ വിഷയത്തിൽ അവസാനമായി ഉപന്യസിക്കുവാനുള്ളതു് ഇത്രമാത്രമാണു്. ഇരുപത്തിനാലുവൃത്തത്തിന്റെ പ്രണേതാവിനു കാവ്യനാടകവ്യുൽപത്തിയുണ്ടായിരുന്നുവെങ്കിലും വ്യാകരണ ജ്ഞാനമുണ്ടായിരുന്നില്ല. ജ്യോതിഷത്തിൽ കുറേ അറിവു സമ്പാദിച്ചിരുന്നു. അദ്ദേഹത്തിനു പുനത്തിന്റെ രാമായണ ചമ്പു അത്യന്തം പ്രിയമായിരുന്നു. പ്രസ്തുത ഗ്രന്ഥം നിർമ്മിക്കുമ്പോൾ കവനകലയിൽ പറയത്തക്ക പരിചയം സിദ്ധിച്ചുകഴിഞ്ഞിരുന്നില്ല. അതുകൊണ്ടു ‘ശുഷ്കം ക്വചിൽ പര്യുഷിതം ക്വചിച്ച കോഷ്ണം ക്വചിൽ’ എന്ന നിലയിൽ അദ്ദേഹത്തിന്റെ കൃതി ഉച്ചാവചമായി പരിണമിച്ചു. ചാക്യാർകൂത്തും മറ്റും കേട്ടു് ആ വഴിക്കു പല അറിവുകളും സമ്പാദിച്ചിരുന്ന അദ്ദേഹം ഒരു നമ്പൂരിയായിരുന്നിരിയ്ക്കാനാണു് അധികം ന്യായമുള്ളതു്. തൽക്കാലത്തേക്കു് അദ്ദേഹത്തെ അജ്ഞാതനാമാവായിത്തന്നെ കരുതേണ്ടതാണു്. ഗ്രന്ഥത്തിനുള്ള അന്യാദൃശമായ പ്രചാരത്തെപ്പറ്റി മുൻപു പറഞ്ഞുവല്ലോ. അതിനു മുഖ്യകാരണം സങ്കീർത്തനപ്രസ്ഥാനത്തിൽ അതിനുള്ള അഗ്രിമസ്ഥാനമാണു്. ഓരോ വൃത്തത്തിന്റേയും ഒടുവിൽ ഒന്നോ ഒന്നിലധികമോ പാട്ടു ശ്രീരാമസ്തുതിപരമായി ഘടിപ്പിക്കപ്പെട്ടിട്ടുള്ളതു് ഉചിതമായിരിക്കുന്നുണ്ടു്. അന്യകാവ്യങ്ങളിൽ നിന്നു പകർത്തിയവയാണു് അവയിലെ സമുജ്ജ്വലങ്ങളായ ആശയങ്ങൾ എന്നു സ്ത്രീകൾക്കും മറ്റും സാമാന്യേന അറിയാൻ സൗകര്യമില്ലല്ലോ.
വിവിധ ഗ്രന്ഥങ്ങളിലുള്ള വിശിഷ്ടാശയങ്ങൾ ‘ഏകത്ര സൗന്ദര്യദിദൃക്ഷു’ക്കളായ പണ്ഡിതന്മാരെ അല്പാല്പം സംതൃപ്തരാക്കിയുമിരിക്കണം. വളരെ താഴ്ചവീഴ്ചകളോടുകൂടിയാണെങ്കിലും ശ്രീരാമന്റെ പാവനമായ ചരിതം അത്തരത്തിൽ പ്രധാനാംശങ്ങൾ ഒന്നും വിടാതെ സംക്ഷേപിച്ചു്,
എന്ന ഫലശ്രുതിയോടുകൂടി കൈരളിക്കു സമർപ്പിച്ച കവിയെ ജനങ്ങൾ പൊതുവേ ആദരിച്ചതു് ആശ്ചര്യകരമല്ല.
നല്ല ശീലുകളുടെ ചില മാതൃകകളാണു് അടിയിൽ ചേർക്കുന്നതു്.
നമോ എന്നു കവി എഴുതി, നമ്മോ എന്നു് അതു ഗാനസൗകര്യത്തിനുവേണ്ടി ഉച്ചരിക്കപ്പെട്ടു. അതിനെ ഒന്നു പരിഷ്കരിച്ചു പശ്ചാൽകാലത്തു ജീവിച്ചിരുന്ന പണ്ഡിതമാനികൾ ‘നംബോ’ എന്നു രൂപാന്തരപ്പെടുത്തുകയും ചെയ്തു. ‘നമ്മോഃ’ എന്ന പാഠഭേദമുള്ള ചില താളിയോലഗ്രന്ഥങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്.
കേരളനാടകം എന്നു പറയുന്ന ഗ്രന്ഥം ഒരു ദൃശ്യകാവ്യമല്ലെന്നും അതു കേരളോൽപത്തിയുടെ ഒരു നാമാന്തരമാണെന്നും വായനക്കാർ ധരിച്ചിരിക്കുമല്ലോ. ‘കേരള നാടകത്തെ ഉപദേശമായി സംഗ്രഹിച്ചു്’ എന്ന വാചകം നിരർത്ഥകമാണെന്നു തോന്നുന്നു. അപൂർവം ചില വാസ്തവശകലങ്ങൾ അനവധി അനൃതരാശികളിൽ മൂടി എല്ലാംകൂടി കൂട്ടിക്കുഴച്ചു് ആർക്കും എവിടെയും ഒരെത്തുംപിടിയും കിട്ടുവാൻ നിവൃത്തിയില്ലാത്ത നിലയിൽ രചിച്ചിട്ടുള്ള ഒരു ഭാഷാഗദ്യഗ്രന്ഥമാണു് അതു്. “ആനകണ്ടി കൃഷ്ണരായർ മലയാളമടക്കുവാൻ സന്നാഹത്തോടുകൂടി പടയ്ക്കു വന്നിരിക്കുന്നു” എന്നു ചേരമാൻ പെരുമാൾ മാനിച്ചനെന്നും വിക്രമനെന്നും പേരുള്ള രണ്ടു് ഏറാടിമാരോടും ഉണ്ണിക്കുമാരനമ്പിയാരോടും പറയുന്ന ഒരു വാക്യം ആ ഗ്രന്ഥത്തിലുണ്ടു്. പെരുമാക്കന്മാരുടെ കാലം കഴിഞ്ഞു് ഏകദേശം 500 സംവത്സരങ്ങൾക്കുമേലാണു് (ആനഗുണ്ഡി) വിജയനഗരസമ്രാട്ടായ കൃഷ്ണദേവമഹാരായർ ജീവിച്ചിരുന്നതു്. അദ്ദേഹവും എഴുത്തച്ഛനും സമകാലികന്മാരായിരുന്നു. എഴുത്തച്ഛൻ പരദേശങ്ങളിൽ സഞ്ചരിച്ചപ്പോൾ ആ മഹാനുഭാവന്റെ അപദാനങ്ങളെപ്പറ്റി അറിഞ്ഞിരുന്നു എന്നും നമുക്കു ന്യായമായി ഊഹിക്കാവുന്നതാണു്. അങ്ങനെയുള്ള ഒരു ഗ്രന്ഥകാരനു് ഇത്തരത്തിൽ ഭീമമായ ഒരു അബദ്ധം ഒരിക്കലും പറ്റുവാൻ ഇടയില്ല. അതിനാൽ കേരളോൽപത്തി എഴുത്തച്ഛന്റെ കൃതിയല്ലെന്നും അതിനെ അദ്ദേഹത്തിന്റെ നാമധേയവുമായി ആരോ ഘടിപ്പിച്ചതു വേദവ്യാസൻ ശ്രീമഹാഭാഗവതം രചിച്ചു എന്നു പറയുന്നതുപോലെ അതിനു വൈശിഷ്ട്യം വർദ്ധിപ്പിക്കുവാൻ വേണ്ടി മാത്രമാണെന്നും നാം ഓർമ്മിക്കേണ്ടതാണു്. കേരളോൽപത്തിയെപ്പറ്റി വീണ്ടും അന്യത്ര ഉപന്യസിക്കും.
ഇത്രയും പ്രസ്താവിച്ചതിൽ നിന്നു് (1) അധ്യാത്മരാമായണം, (2) ഉത്തരരാമായണം, (3) ഭാരതം, (4) ദേവീമാഹാത്മ്യം എന്നീ നാലും എഴുത്തച്ഛന്റെ കൃതികളാണെന്നുള്ളതു നിസ്സംശയമാണെന്നും, (5) ബ്രഹ്മാണ്ഡപുരാണം, (6) ശതമുഖരാമായണം, (7) ശ്രീമൽഭാഗവതത്തിൽ കാളിയമർദ്ദനം വരെയുള്ള ഭാഗം ഇവയെയും അദ്ദേഹത്തിന്റെ വാങ്മയങ്ങളായി കരുതാമെന്നും (8) ഹരിനാമകീർത്തനം, (9) ചിന്താരത്നം, (10) കൈവല്യനവനീതം, (11) രാമായണം ഇരുപത്തിനാലുവൃത്തം, (12) കേരളനാടകം അഥവാ കേരളോൽപത്തി എന്നീ ഗ്രന്ഥങ്ങളുടെ കർത്തൃത്വം അദ്ദേഹത്തിൽ ആരോപിക്കാവുന്നതല്ലെന്നും സിദ്ധിക്കുന്നു. ഇന്നു നാം ഉപയോഗിക്കുന്ന മലയാളലിപിയുടെ ഉപജ്ഞാതാവു് എഴുത്തച്ഛനാണെന്നു പറയുന്നതു് പ്രമാദമാണു്. കൊല്ലം അഞ്ചാം ശതകം മുതൽക്കു തന്നെ തീയതിക്കുറിപ്പുകളോടു കൂടിയ ഭാഷാഗ്രന്ഥങ്ങൾ ഇക്കാലത്തു നമ്മുടെ ദൃഷ്ടിയിൽപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നാലാം ശതകത്തിലുള്ള ഭാഷാശിലാരേഖകളും നമുക്കു് ലഭിച്ചിട്ടുണ്ടു്. അതിനും മുൻപു്—പക്ഷേ കൊല്ലവർഷാരംഭത്തിൽത്തന്നെ—പ്രസ്തുത ലിപികൾ അങ്ങിങ്ങു് ഈഷദ്വ്യത്യാസത്തോടുകൂടി പ്രചരിച്ചിരുന്നിരിക്കണമെന്നുള്ളതു നിർവിവാദമാകുന്നു. തോലന്റെ മണിപ്രവാളശ്ലോകങ്ങൾ മറ്റൊരു ലിപിയിൽ ലിഖിതമായെന്നു പറയുവാൻ മാർഗ്ഗമില്ലല്ലോ.
തുഞ്ചത്തെഴുത്തച്ഛനെ ഭാഷാസാഹിത്യത്തിന്റെ പിതാവെന്നും കേരളീയരുടെ ഗുരുവെന്നും പറയുന്നതു് ഏറ്റവും അർത്ഥവത്താകുന്നു. അദ്ദേഹം കൈരളിയെ പല പ്രകാരത്തിൽ സമർത്ഥമായി, സഫലമായി, പരിപോഷിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. അധ്യാപനമായിരുന്നു അദ്ദേഹത്തിന്റെ യൗവനത്തിലെ ജീവിക; അനന്തരം അദ്ദേഹം തുരീയാശ്രമത്തിൽ പ്രവേശിക്കുകയും, അനുരൂപന്മാരായ ശിഷ്യന്മാരാൽ പരിവൃതനായി അവർക്കും മറ്റുള്ളവർക്കും അധ്യാത്മജ്ഞാനം ഉപദേശിച്ചുകൊണ്ടു് ആയുശ്ശേഷം നയിക്കുകയും ചെയ്തു. കർമ്മകുശലതയിലും വിജ്ഞാനസമ്പാദനത്തിലും സദാചാരനിഷ്ഠയിലും ഈശ്വരഭക്തിയിലും ആ മഹാശയൻ അദ്വിതീയനായിരുന്നു. സാത്ത്വികമായ ചര്യാവിശേഷത്താൽ അദ്ദേഹം സകല ജനങ്ങൾക്കും സമാരാധ്യനായിത്തീർന്നു. ഭാഷാകവിതയെ സമുദ്ധരിച്ചു് അതിനെ സംസ്കൃതകവിതയ്ക്കു സമസ്കന്ധമായ സ്ഥാനത്തിൽ ഉപവേശിപ്പിക്കുവാൻ അദ്ദേഹം യാവജ്ജീവം നിസ്തന്ദ്രമായി പ്രയത്നിച്ചു. പുനത്തിനെപ്പോലെ സംസ്കൃതപ്രധാനവും ചെറുശ്ശേരിയെപ്പോലെ ഭാഷാപ്രധാനവുമായല്ല അദ്ദേഹം തന്റെ കാവ്യങ്ങൾ നിർമ്മിച്ചതു്; രണ്ടു ഭാഷകളിലെ പ്രസിദ്ധപദങ്ങൾക്കും ആ ഔചിത്യവേദി സമപ്രാധാന്യം നല്കി, ഭാഷാപണ്ഡിതന്മാരേയും സാമാന്യജനങ്ങളേയും ഒന്നുപോലെ അവയിലേയ്ക്കു് ആകർഷിച്ചു. പ്രചാരലുപ്തങ്ങളായ പദങ്ങൾ അദ്ദേഹം പ്രായേണ വർജ്ജിച്ചു. ആ കവി ചക്രവർത്തിയുടെ പദഘടനാപാടവം ഭാരതത്തിലാണു് അതിന്റെ അത്യുച്ചപദവിയിൽ എത്തുന്നതു് എന്നു മുൻപുതന്നെ സൂചിപ്പിച്ചുവല്ലോ. മഹാകവി കുഞ്ഞിക്കുട്ടൻതമ്പുരാന്റെ
എന്നു പറഞ്ഞിട്ടുള്ളതു തികച്ചും പരമാർത്ഥമാണു്. അന്നു് എഴുത്തച്ഛൻ പ്രയോഗിച്ച പദങ്ങളെക്കൊണ്ടു തന്നെയാണു് നാനൂറു സംവത്സരങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഭാഷാകവികൾ കൈകാര്യം ചെയ്യുന്നതു്. ‘കിളിപ്പാട്ടു്’ എന്ന ഗാനഗന്ധിയായ കാവ്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവു് അദ്ദേഹമായിരുന്നു. തദ്ദ്വാരാ അദ്ദേഹം രാമപ്പണിക്കരും ചെറുശ്ശേരിയും സംസ്കൃതവൃത്തങ്ങളെക്കൊണ്ടെന്നപോലെ ഭാഷാവൃത്തങ്ങളെക്കൊണ്ടും ശ്രുതിമധുരങ്ങളായ മഹാകാവ്യങ്ങൾ നിർമ്മിക്കാമെന്നു് അതിൻമുൻപുതന്നെ തെളിയിച്ചിരുന്ന വസ്തുതയെ വീണ്ടും പ്രസ്പഷ്ടമാക്കി. ഇന്നും ആ പ്രസ്ഥാനത്തിന്റെ ആകർഷകശക്തി അംഭഗുരമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ കാലം വരെ സംസ്കൃതവൃത്തങ്ങളിൽ വിരചിതങ്ങളായ ഭാഷാകൃതികളിൽ സദാചാരപ്രേരണ മിക്കവാറും വിരളമായിരുന്നു. ‘സദ്യഃ പരനിർവൃതി’ അവയിൽനിന്നു വിഷയാസക്തന്മാർക്കു് ലഭിച്ചിരുന്നു എങ്കിലും ‘കാന്താസമ്മിതതയോപദേശ’ പ്രാപ്തിക്കു് അവ അനുകൂലങ്ങളായിരുന്നില്ല. എഴുത്തച്ഛൻ ആ ആപാതമാത്രമധുരമായ പദ്ധതിയിൽനിന്നു് ശ്രോതാക്കളെ വ്യാവർത്തിപ്പിച്ചു് അവർക്കും ഐഹികമായ അഭ്യുദയവും ആമുഷ്മികമായ നിഃശ്രേയസവും സിദ്ധിക്കത്തക്ക വിധത്തിലുള്ള വാങ്മയങ്ങൾ നിർമ്മിച്ചു. അവ ഏതു നിലയിൽ നിന്നു നോക്കിയാലും അത്യുത്തമങ്ങളായ കാവ്യരത്നങ്ങളാകുന്നു. വൈശികതന്ത്രത്തിൽ നിന്നു് അദ്ധ്യാത്മരാമായണത്തിലേക്കും ചന്ദ്രോത്സവത്തിൽ നിന്നു് ഭാരതത്തിലേയ്ക്കുമുള്ള പ്രയാണം രാത്രിയിൽ നിന്നു പകലിലേക്കെന്നപോലെ കേരളീയർക്കു് ഉണർച്ചയും ഉയർച്ചയും നല്കി. ആ സിദ്ധൻ രസഭാവങ്ങളെ അലങ്കാരങ്ങൾക്കു കീഴ്പെടുത്തിയില്ല; ശബ്ദശ്ലേഷംകൊണ്ടു ജാലവിദ്യ കാണിച്ചില്ല; വ്യാകരണപ്രയോഗങ്ങൾകൊണ്ടു സാധാരണന്മാരെ അമ്പരപ്പിച്ചില്ല; നഗ്നമായ ശൃംഗാരമോ വിവൃതമായ ഫലിതമോകൊണ്ടു ഭാവുകന്മാർക്കു് ഉദ്വേഗവും ജനിപ്പിച്ചില്ല; കഥാകഥനത്തിൽ തനിക്കുണ്ടായിരുന്ന അന്യാദൃശമായ പ്രാഗല്ഭ്യം മുഴുവൻ അദ്ദേഹം അനുവാചകന്മാരെ അന്തശ്ശുദ്ധന്മാരും ആത്മജ്ഞാനികളുമാക്കിത്തീർക്കുവാൻ വിനിയോഗിച്ചു. ചുരുക്കിപ്പറഞ്ഞാൽ ശാന്തവും സർവമനോരഞ്ജകവുമായ ഒരു വിപ്ലവം അദ്ദേഹം സാഹിത്യസാമ്രാജ്യത്തിൽ വരുത്തി. അത്തരത്തിലുള്ള ഒരു ആചാര്യന്റെ അവതാരംകൊണ്ടു കൈരളി സർവഥാ ധന്യയായി; സാധാരണന്മാരായ കേരളീയർ സാഹിത്യസമ്പന്നരുമായി. ഏതാദൃശങ്ങളായ ഫലസിദ്ധികളെ ആസ്പദമാക്കിയാണു് ആ മഹാപുരുഷൻ ഭാഷാകവികളുടെ മധ്യത്തിൽ പ്രഥമഗണനീയനായി പരിശോഭിക്കുന്നതു്. മലയാളത്തിൽ ഒന്നാമത്തെ കാവ്യം കൃഷ്ണഗാഥയാണെങ്കിൽ അങ്ങനെയിരുന്നു കൊള്ളട്ടെ. ഒന്നാമത്തെ കവി എഴുത്തച്ഛൻ തന്നെയാണെന്നു സഹൃദയന്മാർ ആരും സശിരഃകമ്പം സമ്മതിക്കുക തന്നെ ചെയ്യും.