അദ്ധ്യായം 6
പാട്ടും മണിപ്രവാളവും
6.1പാട്ടിന്റെ ഉത്ഭവം

ഉത്തമമായ ഭാവന ഉത്തമമായ ഭാഷയിൽ പ്രകാശിതമാകുമ്പോൾ അതു സഹൃദയസമ്മതമായ സാഹിത്യമായി പരിണമിക്കുന്നു. കേരളത്തിൽ ആദ്യകാലത്തു പ്രചരിച്ചിരുന്ന കൊടുന്തമിഴ് സംവ്യവഹാരഭാഷ മാത്രമായിരുന്നതിനാൽ അതിൽ അന്നു സാഹിത്യോൽപത്തിക്കു മാർഗ്ഗമുണ്ടായിരുന്നില്ല. എങ്കിലും സാഹിത്യത്തിന്റെ ചില അതിലഘുക്കളായ അങ്കുരങ്ങൾ അക്കാലത്തും ഉത്ഭിന്നങ്ങളായിരുന്നിരിക്കുവാൻ ഇടയുണ്ടു്. മനുഷ്യർക്കു വിചാരത്തിനു മുമ്പാണല്ലോ വികാരം ഉണ്ടാകുന്നതു്. തന്നിമിത്തം ഏതു ഭാഷയിലും ഗദ്യത്തിനു മുമ്പു പദ്യം ഉത്ഭവിക്കുക എന്നുള്ളതു് ഒരു സാധാരണനിയമമാണു്. വിനോദപരങ്ങളും വീരാപദാന പ്രതിപാദകങ്ങളും ദേവാരാധനോപയുക്തങ്ങളും ആയ ചില പാട്ടുകൾ അവിടവിടെ അവ്യക്തകോമളമായ രീതിയിൽ ഉദയം ചെയ്തിരിക്കാം; അവയ്ക്കു് അല്പാല്പം സങ്ഗീതാത്മകത്വവുമുണ്ടായിരുന്നിരിക്കാം. അവയുടെ പ്രണേതാക്കൾ പ്രായേണ അശിക്ഷിതന്മാരും അവ്യുല്പന്നന്മാരുമായിരുന്നതിനാൽ അവർക്കു തങ്ങളുടെ അന്തർഗ്ഗതങ്ങളെ കലാകുശലതയോടുകൂടി ധ്വനി പ്രധാനവും അലങ്കാരസുഭഗവും ഛന്ദോനിബദ്ധവും ആയ ഭാഷയിൽ ആവിഷ്കരിക്കുന്നതിനു സാധിച്ചിരുന്നിരിക്കുകയില്ല. സംഘകാലം കഴിഞ്ഞു ശൈവസമയാചാര്യന്മാരുടെ പ്രാദുർഭാവത്തോടുകൂടി ചെന്തമിഴ് അതിന്റെ അധൃഷ്യമായ സൗധശൃങ്ഗത്തിൽനിന്നിറങ്ങി സാമാന്യജനങ്ങൾക്കു് അഭിഗമ്യമായ ഒരു നിമ്നതലത്തെ പ്രാപിച്ചു എന്നു മുൻപു പറഞ്ഞുവല്ലോ. അപ്പോൾ കേരളീയർക്കും തങ്ങൾ സംസാരിക്കുന്നതിനു് ഉപയോഗിച്ചുവന്ന ഭാഷയിൽ സാഹിത്യം നിർമ്മിക്കുന്നതിനുള്ള സാധ്യത ബോധ്യമായി. ആ ബോധത്തിന്റെ ഫലമായി അഭ്യസ്തവിദ്യരായ ചിലരും പാട്ടുകൾ രചിച്ചുതുടങ്ങി. ആ പാട്ടുകൾ മിക്കവാറും ഇന്നു നഷ്ടങ്ങളായിരിക്കുന്നു. ശേഷിച്ചവ പശ്ചാൽകാലികന്മാരുടെ നവീകരണത്തിനു വശംവദങ്ങളായിത്തീരുകയാൽ അവയുടെ പൂർവരൂപമെന്തെന്നു നിർണ്ണയിക്കുവാൻ വിഷമമായിരിക്കുന്നു.

6.2മണിപ്രവാളത്തിന്റെ ഉത്ഭവം

നമ്പൂരിമാർക്കു ചെന്തമിഴിനോടു തീരെ ആഭിമുഖ്യമില്ലായിരുന്നു എന്നു പൂർവാധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവർ സംസ്കൃതഭാഷ പഠിക്കുകയും അതിൽ ചില ഗ്രന്ഥങ്ങൾ നിർമ്മിക്കുകയും ചെയ്തു. പക്ഷേ കാലക്രമത്തിൽ പൊതുജനങ്ങളെ സ്പർശിക്കാത്ത അത്തരത്തിലുള്ള സാഹിത്യവ്യവസായം കൊണ്ടുമാത്രം തങ്ങൾക്കു് ചരിതാർത്ഥരാകുവാൻ അവകാശമില്ലെന്നു് അവർക്കു തോന്നിത്തുടങ്ങി. തൽഫലമായി അവർ കൊടുന്തമിഴും സംസ്കൃതവും കൂട്ടിച്ചേർത്തു് ഒരു പുതിയ ഭാഷയുണ്ടാക്കി അതിൽ ഗ്രന്ഥനിർമ്മാണം ചെയ്തു. തദ്വാരാ ത്രൈവർണ്ണികന്മാരെന്നു ലീലാതിലകകാരൻ നിർദ്ദേശിക്കുന്ന അന്തരാളന്മാരേയും നായന്മാരേയും തങ്ങളുടെ സ്ത്രീകളേയും ബാലന്മാരേയും സാഹിത്യരസം ആസ്വദിപ്പിക്കുവാൻ സന്നദ്ധരായി. അങ്ങനെയാണു് കേരളത്തിൽ മണിപ്രവാളമെന്ന കാവ്യപ്രസ്ഥാനം ആവിർഭവിച്ചതു്. ഉദ്ദേശം ക്രി. പി. അഞ്ചാം ശതകം മുതൽ പാട്ടും എട്ടാംശതകം മുതൽ മണിപ്രവാളവും ഉണ്ടായതായി സങ്കല്പിക്കാം.

6.3പാട്ടിന്റെ ലക്ഷണം
പാട്ടിനും മണിപ്രവാളത്തിനും ലക്ഷണങ്ങൾ എന്തെന്നു ലീലാതിലകത്തിൽ നിഷ്കർഷിച്ചു പ്രതിപാദിച്ചിട്ടുണ്ടു്. “ദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകാമോനവൃത്തവിശേഷയുക്തം പാട്ടു്” എന്നാണു് പാട്ടിനെപ്പറ്റിയുള്ള നിർവചനം. അതായതു്, ഒരു പാട്ടായാൽ അതു് (1) തമിഴക്ഷരമാലയിലെ അക്ഷരങ്ങൾകൊണ്ടുമാത്രം നിബദ്ധവും, (2) എല്ലാ പാദങ്ങളിലും ദ്വിതീയാക്ഷരങ്ങൾക്കു സാമ്യമുള്ളതും (ഇതിനെ എതുകയെന്നും പാദാനുപ്രാസമെന്നും പറയുന്നു), (3) ഓരോ പാദത്തിന്റേയും പ്രഥമഭാഗത്തിലും ദ്വിതീയ ഭാഗത്തിലുമുള്ള ആദ്യാക്ഷരങ്ങൾക്കു് സാജാത്യമുള്ളതും (ഇതിനെ മോന എന്നു പറയുന്നു), (4) വസന്തതിലകം മുതലായ സംസ്കൃതവൃത്തങ്ങളിൽനിന്നു ഭിന്നമായ ഏതെങ്കിലും വൃത്തത്തിൽ (ഇതിനെ വൃത്തവിശേഷമെന്നു പറയുന്നു) ഗ്രഥിതവുമായിരിക്കണം. ഈ നാലുപാധികളും ചെന്തമിഴിലെ പദ്യസാഹിത്യത്തിനുമുണ്ടു്. ഇത്തരം കൃതികൾക്കു് ഉദാഹരണമായി ആചാര്യൻ താഴെച്ചേർക്കുന്ന പാട്ടു് ഉദ്ധരിക്കുന്നു.

“തരതലന്താനളന്താ, പിളന്താ പൊന്നൻ
തനകചെന്താർ, വരുന്താമൽ വാണൻ തന്നെ
ക്കരമരിന്താ, പൊരുന്താനവന്മാരുടേ
കരളെരിന്താ, പുരാനേ! മൂരാരീ! കണാ!
ഒരു വരന്താ പരന്താമമേ നീ കനി
ന്തുരകചായീ പിണിപ്പൗവം നീന്താവണ്ണം;
ചിരതരം താൾ പണിന്തേനയ്യോ! താങ്കെന്നെ
ത്തിരുവനന്താപുരം തങ്കമാനന്തനേ!” [1]

ചെന്തമിഴക്ഷരമാലയിൽ അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ ഔ എന്നിങ്ങനെ പന്ത്രണ്ടു സ്വരങ്ങളും ക, ച, ട, ത, പ, ങ, ഞ, ണ, ന, മ, യ, ര, ല, വ, ള, ഴ, റ, ന എന്നിങ്ങനെ പതിനെട്ടു വ്യഞ്ജനങ്ങളുമേ ഉള്ളുവല്ലോ. അതുകൊണ്ടു പാട്ടിലും ആ അക്ഷരങ്ങളെ മാത്രമേ ഘടിപ്പിക്കാവു. സംസ്കൃതപദങ്ങൾ ഈ അക്ഷരങ്ങൾകൊണ്ടുതന്നെ ഉച്ചരിക്കാവുന്നവയാണെങ്കിൽ അവ തത്സമങ്ങളായി ചേർക്കുവാൻ വിരോധമില്ല. ഉദ്ധൃതമായ പാട്ടിൽ മുരാരി, ചിരതരം എന്നീ പദങ്ങൾ നോക്കുക. അങ്ങനെ ഉച്ചരിക്കാവുന്നവയല്ലെങ്കിൽ അവയെ തത്ഭവങ്ങളാക്കിയേ പ്രയോഗിക്കുവാൻ പാടുള്ളു. വാണൻ, താനവൻ, താമം, ആനന്തൻ മുതലായ പദങ്ങൾ പരിശോധിക്കുക. ഈ നിയമമനുസരിച്ചു പാട്ടിൽ സൂര്യൻ ചൂരിയനും ചന്ദ്രൻ ചന്തിരനുമായിപ്പോകും. ഇവയെ ആര്യച്ചുതവു (കേടു) തട്ടിയ പദങ്ങളെന്നു ചെന്തമിഴ് വ്യാകരണങ്ങളിൽ പറയുന്നു. നാലു പാദങ്ങളിലും ഈ പാട്ടിൽ രണ്ടാമത്തെ അക്ഷരം രേഫമാണു്. സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം പുരാതനകാലത്തു ദീക്ഷിച്ചിരുന്നില്ല. മോനയുടെ വിഷയത്തിൽ ഓഷ്ഠ്യങ്ങളായ ഒകാരം ഉകാരം ഇവ കൊണ്ടും ഭിന്നരൂപങ്ങളെങ്കിലും അനുഭവസാക്ഷികമായി സാമ്യംതോന്നിക്കുന്ന ‘തി’ ‘ചി’ ഈ അക്ഷരങ്ങൾ കൊണ്ടും കവി ചരിതാർത്ഥനാകുന്നു എന്നു കാണാവുന്നതാണു്. ‘തരാ’ എന്നതിൽ ‘തര’ എന്നും ‘തിരുവനന്ത’ എന്നതിൽ ‘തിരുവനന്താ’ എന്നും ദീർഘഹ്രസ്വങ്ങൾ മാറിമറിഞ്ഞിരിക്കുന്നതു ചെന്തമിഴിലെ ചെയ്യുൾ (പദ്യം) വികാരങ്ങൾക്കു പാട്ടു വിധേയമാകുന്നതു കൊണ്ടാണു്. ഈ വികാരങ്ങൾ വലിത്തൽ, മെലിത്തൽ, നീട്ടൽ, കുറുക്കൽ, വിരിത്തൽ, തൊകുത്തൽ, മുതൽക്കുറൈ, ഇടൈക്കുറൈ, കടൈക്കുറൈ എന്നിങ്ങനെ ഒൻപതു വിധത്തിൽ വരാമെന്നു തമിഴു് വൈയാകരണന്മാർ വിധിക്കുന്നു. ‘തര’ എന്നതു കുറുക്കലിനും ‘തിരുവനന്താ’ എന്നതു നീട്ടലിനും ഉദാഹരണമാണു്. ചെന്തമിഴിൽ സംസ്കൃതത്തോടു യാതൊരു സംബന്ധവുമില്ലാത്തതായ അനവധി വൃത്തങ്ങളുണ്ടു്; അവയെയാണു് വൃത്തവിശേഷങ്ങൾ എന്നു് ആചാര്യൻ നിർദ്ദേശിച്ചിട്ടുള്ളതു്. “നല്ല ചിലോകം പദ്യം ചില ചില വൃത്തവിശേഷം കുഹചന ഭാഗേ” എന്നു ബാണയുദ്ധം ചമ്പുവിൽ കാണുന്നു. ഇവയിൽ ചില വൃത്തങ്ങൾ സംസ്കൃതത്തിൽ പശ്ചാൽകാലികന്മാർ സ്വീകരിച്ചിട്ടുണ്ടു്. ഇന്ദുവദന, പഞ്ചചാമര, കുസുമമഞ്ജരി തുടങ്ങിയവ അത്തരത്തിലുള്ള വൃത്തങ്ങളാകുന്നു. അവയ്ക്കു ‘വൃത്തഭേദം’ എന്നൊരു പേർ കൊല്ലം എട്ടാംശതകത്തിൽപോലും ഉണ്ടായിരുന്നു. പാട്ടു് ഇത്തരത്തിൽ അതിനെ ബന്ധിച്ചിരുന്ന പല നിയമശൃംഖലകളേയും ഭേദിച്ചു കാലാന്തരത്തിൽ മണിപ്രവാളത്തെ അധികമധികമായി സമീപിച്ചു തുടങ്ങി എന്നു വഴിയേ വെളിപ്പെടുന്നതാണു്.

6.4തമിഴിലെ ചില ഛന്ദോനിയമങ്ങൾ

തമിഴിലെ ചില ഛന്ദോനിയമങ്ങളെപ്പറ്റി ഇവിടെ പ്രസ്താവിക്കുന്നതു സങ്ഗതമായിരിക്കും. തമിഴിൽ വെൺപാ, വഞ്ചിപ്പാ, കലിപ്പാ, ആചിരിയപ്പാ എന്നിങ്ങനെ നാലു വക പാക്കളും, തുറൈ, താഴിശൈ, വിരുത്തം എന്നിങ്ങനെ മൂന്നു വക പാവിനങ്ങളും കാണ്മാനുണ്ടു്. പാവെന്നാൽ പാട്ടെന്നും പാവിനമെന്നാൽ പാട്ടിന്റെ പ്രഭേദമെന്നുമാണു് അർത്ഥം. അവയ്ക്കു് പൊതുവേ എഴുത്തു്, അശൈ, ശീർ, തളൈ, അടി, തൊടൈ എന്നിങ്ങനെ ആറംശങ്ങളുണ്ടു്. എഴുത്തു് അശയുടേയും അശ ശീരിന്റേയും ശീർ അടിയുടേയും വിഭാഗമാണു്. എഴുത്തു് എന്നാൽ അക്ഷരംതന്നെ. അശ നേരശയെന്നും നിരൈയശ എന്നും രണ്ടു മാതിരിയുണ്ടു്. ഒരു ഹ്രസ്വമോ ദീർഘമോ ആയ അക്ഷരം തനിച്ചോ അതിനു പിമ്പു് ഒരു വ്യഞ്ജനത്തോടു കൂടിയോ നിന്നാൽ നേരശയും രണ്ടു ഹ്രസ്വാക്ഷരങ്ങളോ ഒന്നു ഹ്രസ്വവും ഒന്നു ദീർഘവുമായുള്ള രണ്ടക്ഷരങ്ങളോ തനിച്ചോ അവയ്ക്കു പിന്നീടു് ഒരു വ്യഞ്ജനത്തോടുകൂടിയോ നിന്നാൽ നിരൈയശയുമാകുന്നു. ‘ആഴിവെല്വേൾ’ എന്ന ഉദാഹരണത്തിൽ ആ, ഴി, വെലു്, വേൾ എന്ന നാലു നേരശകളും ‘അണിവിരാവലങ്കലാൾ’ എന്ന ഉദാഹരണത്തിൽ അണി, വിരാ, വലങ്, കലാൾ എന്ന നാലു നിരൈയശകളും കാണാവുന്നതാണു്. ശീർ അശൈച്ചീർ, ഇയർച്ചീർ, ഉരിച്ചീർ, പൊതുച്ചീർ ഇങ്ങനെ നാലു പ്രകാരത്തിലുണ്ടു്. ഇവയെ യഥാക്രമം ഓരശൈച്ചീർ, ഈരശൈച്ചീർ, മൂവശൈച്ചീർ, നാലശൈച്ചീർ എന്നും പറയാറുണ്ടു്. ഒരു നേരശയോ ഒരു നിരൈയശയോ മാത്രമേ ഉള്ളു എങ്കിൽ അശൈച്ചീർ. രണ്ടു നേരശയോ, രണ്ടു നിരൈയശയോ, ഒരു നേരശയും അതിനെത്തുടർന്നു് ഒരു നിരൈയശയുമോ, ഒരു നിരൈയശയും അതിനെത്തുടർന്നു് ഒരു നേരശയുമോ, ചേർന്നുവന്നാൽ ഇയർച്ചീർ; ഇതിനു് ആചിരിയ ഉരിച്ചീർ എന്നും പേരുണ്ടു്. തേമാ, കരുവിളം, കൂവിളം, പുളിമാ എന്നിവ ഈ നാലു മാതിരിയിലുള്ള ഇയർചീരുകൾക്കും യഥാക്രമം ഉദാഹരണങ്ങളാകുന്നു. ഉരിച്ചീരിൽ മൂന്നു് അശകൾ അടങ്ങിയിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. അതിനു വെൺപാ ഉരിച്ചീരെന്നും വഞ്ചി ഉരിച്ചീരെന്നും രണ്ടു വകഭേദമുണ്ടു്. നാലു വക ഇയർച്ചീരുകളുടേയും ഒടുവിൽ ഒരു നേരശ ചേർന്നാൽ വെൺപാ ഉരിച്ചീരും ഒരു നിരൈയശ ചേർന്നാൽ വഞ്ചി ഉരിച്ചീരുമാകുന്നു. തേമാങ്കായ്, കരുവിളങ്കായ്, കൂവിളങ്കായ്, പുളിമാങ്കായ് ഇവ ആദ്യത്തേതിനും, തേമാങ്കനി, കരുവിളങ്കനി, കൂവിളങ്കനി, പുളിമാങ്കനി ഇവ രണ്ടാമത്തേതിനും ഉദാഹരണങ്ങളാണു്. ഈ ഉദാഹരണങ്ങളെ ആസ്പദമാക്കി വെൺപാ ഉരിച്ചീരിനെ കായ്ച്ചീരെന്നും വഞ്ചി ഉരിച്ചീരിനെ കനിച്ചീരെന്നും പറയുന്നു. നാലു് അശകളുള്ള പൊതുച്ചീരിൽ ഉരിച്ചീരിനു നേരശയോ നിരൈയശയോ പരമാകുന്നു. തേമാന്തൺപൂ, പുളിമാന്തൺപൂ, തേമാനറുംപൂ, പുളിമാനറുംപൂ, തേമാന്തണ്ണിഴൽ, പുളിമാന്തണ്ണിഴൽ, തേമാനറുനിഴൽ, പുളിമാനറുനിഴൽ മുതലായി ഈ ശീർ പതിനാറു മാതിരി വരാവുന്നതാണു്. ശീരുകളുടെ (പൊരുത്തം) യോഗത്തെയാണു തളൈ എന്നു പറയുന്നതു്. ആങ്ഗലേയഭാഷയിലെ സിലബൾ (Syllable) അശയും ഫുട്ടു് (Foot) ശീരുമാണെന്നു പറഞ്ഞാൽ ചില വായനക്കാർക്കു മനസ്സിലാകുവാൻ കൂടുതൽ സൗകര്യമുണ്ടാകാം. ഒരു ശീരിലെ ഒടുവിലത്തെ അശയ്ക്കും അടുത്ത ശീരിലെ ആദ്യത്തെ അശയ്ക്കും തമ്മിലുള്ള ബന്ധമാണു് തള. അതു് ആചിരിയത്തളൈ, വെണ്ടളൈ, കലിത്തളൈ, വഞ്ചിത്തളൈ എന്നു നാലു പ്രകാരത്തിലുണ്ടു്. വിസ്താരഭയത്താൽ അവയെ വിവരിക്കുന്നില്ല. കുറൾ, ചിന്തു, അളവു, നെടിൽ, കഴിനെടിൽ എന്നിങ്ങനെ അടി അഞ്ചു വിധത്തിലുണ്ടു്. രണ്ടു ശീരുള്ള പാദം കുറളടി; ‘കണ്ണൻ/കുഴലിണൈ’ എന്നുദാഹരണം. മൂന്നുശീരുള്ളതു ചിന്തടി; ‘പകവൻ/മുതറ്റേ/യുലകു’ എന്നുദാഹരണം. നാലു ശീരുള്ളതു അളവടി; ‘ഉലകെ/ലാമുണർന്/തോതർ/കരിയവൻ’ എന്നുദാഹരണം. അഞ്ചു ശീരുള്ളു നെടിലടി; ‘തന്നൂർച്/ചനകൈയിർ/ചൻമതി/മാമുനി/തന്തമൈന്തൻ’ എന്നുദാഹരണം. ആറോ അതിൽ കൂടുതലോ ശീരുള്ളതു കഴിനെടിലടി; ‘വണ്ടു/പാടുന്/തണ്ടു/ഴായൻ/വതരി/വണങ്കുതുമേ’ എന്നുദാഹരണം. എട്ടുവരെ ശീരുകളുള്ളതിനു ചിറപ്പുക്കഴി നെടിലടിയെന്നും, ഒൻപതോ പത്തോ ഉള്ളതിനു ഇടൈക്കഴി നെടിലടിയെന്നും പത്തിനുമേലുള്ളതിനു കടൈക്കഴിനെടിലടിയെന്നും പറയുന്നു. എത്ര ചുരുങ്ങിയാലും വെൺപാവിനു രണ്ടടിയും വഞ്ചിപ്പാവിനും ആചിരിയപ്പാവിനും മൂന്നടിയും കലിപ്പാവിനു നാലടിയും ഉണ്ടായിരിക്കേണ്ടതാണു്. ഓരോ പാവിനും തുറൈ, താഴിശൈ, വിരുത്തം എന്നിങ്ങനെ മൂന്നു തരം പാവിനങ്ങളുണ്ടു്. എന്നാൽ കലിത്തുറൈ, വഞ്ചിത്തുറൈ ഇവയ്ക്കും, ആചിരിയവിരുത്തം, കലിവിരുത്തം, വഞ്ചിവിരുത്തം ഇവയ്ക്കും മാത്രമേ ഇക്കാലത്തു പ്രചാരമുള്ളു. അഞ്ചു ശീർവീതമുള്ള നാലടികളോടുകൂടിയതാണു് കലിത്തുറൈ; രണ്ടു ശീർവീതമുള്ള നാലടികളോടുകൂടിയതാണു് വഞ്ചിത്തുറൈ; നാലു കഴിനെടിലടികൾ ചേരുന്നതാണു് ആചിരിയവിരുത്തം, നാലു് അളവടികൾ ചേരുന്നതാണു് കലിവിരുത്തം. നാലു ചിന്തടികൾ ചേരുന്നതു വഞ്ചിവിരുത്തവും. പാക്കളുടെ ലക്ഷണങ്ങളും മറ്റും പ്രപഞ്ചനം ചെയ്യുവാൻ സ്ഥലമനുവദിക്കുന്നില്ല. തൊടൈ എന്നതിൽ മോനൈ, എതുകൈ, മുരൺ, ഇയൈപൂ, അളപെടൈ ഈ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്നു. മോനയേയും എതുകയേയും പറ്റി അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. വിരുദ്ധപ്രതീതിയുണ്ടാക്കുന്ന ശബ്ദങ്ങളുടെ പ്രയോഗമാണു് മുരൺ. ഇയൈപു അന്ത്യാനുപ്രാസമാകുന്നു. അളപടൈക്കുപ്ലുതോച്ചാരണം ഉദാഹരണമായി സ്വീകരിക്കാം. ‘ഏ’, എന്നതിനു് ‘ഏഎ’ എന്നും ‘മ’ എന്നതിനു ‘മാഅ’ എന്നും പ്രയോഗിക്കുന്ന ഘട്ടങ്ങളിൽ അതിന്റെ പ്രവേശമുണ്ടു്. ഇത്രയുമുള്ള പ്രസ്താവനയിൽനിന്നു സംസ്കൃതവും തമിഴും ഛന്ദോനിയമങ്ങൾ സംബന്ധിച്ചു് എത്രദൂരം ഭിന്നങ്ങളായ പദ്ധതികളെയാണു് അനുസരിക്കുന്നതെന്നു വ്യക്തമാകുന്നതാണല്ലോ.

6.5മണിപ്രവാളത്തിന്റെ ലക്ഷണം

മണിപ്രവാളത്തിനു ലീലാതിലകകാരൻ നല്കുന്ന നിർവ്വചനം ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം’ എന്നാണു്. ഇവിടെ ഭാഷയെന്നാൽ കേരളഭാഷയെന്നും യോഗമെന്നാൽ സഹൃദയന്മാർക്കു രുചിക്കത്തക്ക വിധത്തിലുള്ള ചേർച്ചയെന്നുമർത്ഥം. നിയമേന ദോഷമില്ലാതേയും ഗുണമുണ്ടായും അനിയതമായി അലങ്കാരത്തോടു കൂടിയുമിരുന്നാലാണു് അത്തരത്തിലുള്ള ചേർച്ചയുണ്ടാകുന്നതു്. പദ്യത്തിൽ പാദങ്ങൾ തമ്മിൽ ബന്ധമുണ്ടായിരിക്കുകയും വേണം. നമ്പ്യാന്മാർ കൂത്തിനും മറ്റും ഉപയോഗിക്കുന്നതും തമിഴെന്നു പറയുന്നതുമായ കഥാപ്രബന്ധങ്ങളിൽ ഭാഷാസംസ്കൃത യോഗവും ദോഷരാഹിത്യവും ഗുണാലങ്കാരങ്ങളുടെ സമ്മേളനവുമുണ്ടെങ്കിലും അവയിൽ പ്രാതിപദികം മാത്രം സംസ്കൃതമായിട്ടുള്ള സംസ്കൃതപദങ്ങളല്ലാതെ സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്തതിനാൽ അവയ്ക്കു മണിപ്രവാളമെന്ന പേരിനു് അർഹതയില്ല. വിഭക്തി ഭാഷയായിട്ടുള്ള സംസ്കൃതപദങ്ങളെ ഭാഷയായിട്ടല്ലാതെ ഗണിക്കുവാൻ പാടില്ല. അതുകൊണ്ടുതന്നെയാണു് അഭിമന്യുവധം മുതലായ നമ്പ്യാർത്തമിഴ്ക്കൃതികളെ ഭാഷാപ്രബന്ധങ്ങളെന്നു വ്യവഹരിക്കുന്നതു്. നേരേമറിച്ചു് ഒരു കൃതിയിൽ സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുണ്ടെങ്കിൽ രസാലങ്കാരസ്പർശമില്ലെങ്കിലും അതു മണിപ്രവാളംതന്നെ. എന്തുകൊണ്ടെന്നാൽ രസാലങ്കാരങ്ങൽ നിയമേന വേണമെന്നില്ല. തന്നിമിത്തം വൈദ്യഗ്രന്ഥമായ ആലത്തൂർമണിപ്രവാളം മണിപ്രവാള കൃതിതന്നെയാണു്. മണിപ്രവാളപദത്തിൽ മണി അല്ലെങ്കിൽ മാണിക്യമെന്നു ഭാഷയേയും പ്രവാളമല്ലെങ്കിൽ പവിഴമെന്നു സംസ്കൃതത്തേയും അധ്യവസാനം ചെയ്തിരിക്കുന്നു. മണിപ്രവാളത്തിലെ ഓരോ സംസ്കൃതപദവും ഭാഷപോലെതന്നെ അതിപ്രസിദ്ധവും സുകുമാരാക്ഷരവുമായിരിക്കണം; ഭാഷാപദവും പ്രായേണ പാമരന്മാരുടെ ഇടയിൽപ്പോലും സാധാരണമായിരിക്കണം. മാണിക്യവും പവിഴവും ഒരു ചരടിൽ ഇടകലർത്തിക്കോർത്താൽ രണ്ടിനും ഒരേ നിറമാകകൊണ്ടു് എങ്ങനെ അവയെ വേർതിരിച്ചറിവാൻ സാധിക്കുകയില്ലയോ അതുപോലെയായിരിക്കണം മണിപ്രവാളകൃതിയിൽ ഭാഷാസംസ്കൃതപദങ്ങളുടെ സമാവേശനം. അങ്ങനെയുള്ള പദങ്ങൾ ചേർത്തു നിർമ്മിക്കുന്ന കൃതി സംസ്കൃതഗ്രന്ഥമായിട്ടല്ല, ഭാഷാഗ്രന്ഥമായിട്ടാണു് സഹൃദയന്മാർക്കു് അനുഭവപ്പെടുന്നതും യുക്തിക്കു ചേരുന്നതും. മാണിക്യവും മുത്തുമോ, പവിഴവും നീലവുമോ അത്തരത്തിൽ ഇടകലർത്തിയാൽ അങ്ങനെയൊരനുഭവം ഉണ്ടാകുന്നതല്ലല്ലോ. ഭാഷയ്ക്കും രസത്തിനും പ്രാധാന്യമുള്ള മണിപ്രവാളമാണു് ഉത്തമം. ഭാഷയ്ക്കുള്ള പ്രാധാന്യം സംസ്കൃതാപേക്ഷവും അതു പദങ്ങളുടെ സംഖ്യകൊണ്ടു് ഉണ്ടാകേണ്ടതുമാണു്. രസത്തിനുള്ള പ്രാധാന്യം വാച്യാർത്ഥാപേക്ഷമാകുന്നു. ഭാഷയ്ക്കു പ്രാധാന്യമുണ്ടെങ്കിലും, രസത്തിനു പ്രാധാന്യമുണ്ടെങ്കിലും സംസ്കൃതവും ഭാഷയും സമമായാലും ആ മണിപ്രവാളം ഉത്തമകല്പമായിത്തീരുന്നു. ഉത്തമകല്പമെന്നാൽ ഏകദേശമുത്തമമെന്നർത്ഥം. രസവും വാച്യാർത്ഥവും അതുപോലെ സംസ്കൃതവും ഭാഷയും സമമായുള്ള മണിപ്രവാളം മധ്യമമാണു്. ഭാഷ സമവും രസം വാച്യാർത്ഥത്തെക്കാൾ ന്യൂനവുമായാലും രസം സമവും ഭാഷ സംസ്കൃതത്തെക്കാൾ ന്യൂനവുമായാലും ഭാഷ പ്രധാനവും രസം ന്യൂനവുമായാലും രസം പ്രധാനവും ഭാഷ ന്യൂനവുമായാലും മധ്യമകല്പമണിപ്രവാളമാകുന്നു. ഭാഷ സംസ്കൃതത്തെ അപേക്ഷിച്ചും രസം വാച്യാർത്ഥത്തെ അപേക്ഷിച്ചും ന്യൂനമായുള്ള മണിപ്രവാളം അധമംതന്നെ. ഇങ്ങനെ ലീലാതിലകകാരൻ മണിപ്രവാളത്തെ ഒൻപതു വിധമായി തരംതിരിക്കുന്നു. ഈ വിവരണത്തിൽ നിന്നു നാം പ്രത്യേകിച്ചു മനസ്സിലാക്കേണ്ടതു സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്ത ഒരു വാക്യം മണിപ്രവാളമാകുകയില്ലെന്നും, മണിപ്രവാളം എന്ന സംജ്ഞയ്ക്കു പദ്യം മാത്രമേ അർഹമാകൂ എന്നു നിർബ്ബന്ധമില്ലെന്നും, സംസ്കൃതപദങ്ങളേക്കാൾ ഭാഷാപദങ്ങൾ സംഖ്യയിൽ കൂടിയിരുന്നാലേ രസപ്രധാനമായ വാക്യവും ഉത്തമമണിപ്രവാളമായിത്തീരൂ എന്നും. ഏതു മാതിരി സംസ്കൃതപദങ്ങൾ ചേർന്നാലും കേൾക്കുമ്പോൾ ഭാഷപോലെ തോന്നത്തക്കവണ്ണം അവ അത്രമാത്രം പ്രസിദ്ധങ്ങളും സുകുമാരങ്ങളുമായിരിക്കണമെന്നുമാകുന്നു. ആചാര്യൻ തന്നെ മറ്റൊരു ഘട്ടത്തിൽ ഭാഷയിൽ ചേരുന്ന സംസ്കൃതം അനിഷ്ഠുരവും ലളിതവും അഗംഭീരവും പ്രസന്നവുമായിരിക്കണമെന്നു് ഉപദേശിക്കുന്നു. ഭാഷാപദങ്ങളിൽ സംസ്കൃതപദങ്ങൾ ചേർത്തു കൊങ്കയാ, കേഴന്തീ, ഊണുറക്കൗ, പോക്കാഞ്ചക്രേ ഈ മാതിരിയിലും മണിപ്രവാളത്തിൽ പ്രയോഗിക്കാം. [2] മണിപ്രവാളപദ്യങ്ങൾക്കു ദ്വിതീയാക്ഷരപ്രാസം ആദികാലങ്ങളിൽ അപരിത്യാജ്യമായിരുന്നില്ലെന്നുള്ളതു് ആ ഉപാധിയെ ആചാര്യൻ ലക്ഷണകോടിയിൽ ഉൾപ്പെടുത്താത്തതിൽനിന്നു വെളിവാകുന്നുണ്ടു്. ലീലാതിലകത്തിൽ ഉദ്ധൃതങ്ങളായ പല പദ്യങ്ങളിലും ആ ശബ്ദാലങ്കാരം കാണുന്നില്ല.

6.6ചെന്തമിഴും മണിപ്രവാളവും

ലീലാതിലകകാരൻ മണിപ്രവാളം എന്ന സംജ്ഞയ്ക്കു കേരള ഭാഷാസംസ്കൃതയോഗത്തിൽ നിരൂഢലക്ഷണയാണുള്ളതെന്നും ചോളകർണ്ണാടക പ്രബന്ധങ്ങൾക്കു് ആ സംജ്ഞ വരുന്നതല്ലെന്നും പ്രസ്താവിച്ചിട്ടുള്ളതു മുഴുവൻ ശരിയല്ല. ചെന്തമിഴിലെ സംഘഗ്രന്ഥങ്ങളിൽ ഒന്നായ അകനാനൂറിലെ മധ്യഭാഗത്തിനു പേർ ‘മണിമിടൈ പവളം’ എന്നാണു്. ആ പദത്തിന്റെ അർത്ഥം [3] മണിയോടു്, അതായതു് ഇന്ദ്രനീലത്തോടു ചേർത്തു (മിടയപ്പെട്ടിട്ടുള്ള) കോർക്കപ്പെട്ടിട്ടുള്ള പവിഴമെന്നാണെന്നും ആ പേർ അതിനു സിദ്ധിച്ചതു് “ചെയ്യുളും പൊരുളും ഒവ്വാ മൈയാൽ” അതായതു പ്രതിപാദനരീതിക്കും പ്രതിപാദ്യവസ്തുവിനും തമ്മിൽ യോജിപ്പില്ലായ്കയാലാണെന്നും വ്യാഖ്യാതാക്കന്മാർ പറയുന്നു. ക്രി. പി. പതിനൊന്നാം ശതകത്തിൽ പ്രണീതമായ വീരചോഴിയം എന്ന ചെന്തമിഴ് വ്യാകരണത്തിലെ–

“ഇടൈയേ വടവെഴുത്തെയ്തിലു് വിരവിയലീണ്ടെതുകൈ
നടൈയേതുമില്ലാ മണിപ്പിരവാള നറൈവച്ചൊല്ലിൻ
ഇടൈയേ മുടിയും പതമുടൈത്താ, ങ്കിളവിക്കവിയി
ൻറുടൈയേതുറൈനർ പിറളികൈയാതിതുണിന്തറിയേ”

എന്ന പാട്ടിൽനിന്നു് അക്കാലത്തു ചെന്തമിഴ് സംസ്കൃതയോഗത്തിനു മണിപ്രവാളമെന്നു സംജ്ഞയുണ്ടായിരുന്നുവെന്നും അത്തരത്തിലുള്ള പദ്യങ്ങൾക്കു ദ്വിതീയാക്ഷരപ്രാസം ഇല്ലായിരുന്നു എന്നും വ്യക്തമാകുന്നു.

6.7ചെന്തമിഴും ജൈനരും വൈഷ്ണവരും

ചെന്തമിഴിൽ തത്സമരൂപത്തിൽ വളരെ സംസ്കൃതപദങ്ങൾ ഇദംപ്രഥമമായി വ്യാപരിപ്പിച്ചതു ജൈനരാകുന്നു. സംസ്കൃതഭാഷയിലുള്ള ശാസ്ത്രങ്ങളും പുരാണങ്ങളും ചെന്തമിഴിൽ തർജ്ജമ ചെയ്യുമ്പോൾ അവർക്കു മൂലഗ്രന്ഥങ്ങളിലെ പ്രൗഢിയും ഗാംഭീര്യവും ചോർന്നു പോകാതെയിരിക്കുന്നതിനു് അത്തരത്തിലുള്ള ഒരു ശൈലിയുടെ സ്വീകരണം അത്യന്താപേക്ഷിതമായി തോന്നി. തന്നിമിത്തം അവർ ദ്രാവിഡമര്യാദയെ ഉല്ലംഘിച്ചും ചെന്തമിഴു് വ്യാകരണനിയമങ്ങളെപ്പോലും ധിക്കരിച്ചും സംസ്കൃതത്തെ ആശ്രയിക്കുവാൻ ആരംഭിച്ചു. താഴെ ഉദ്ധരിക്കുന്നതു ക്രി.പി. എട്ടാംശതകത്തിൽ നിർമ്മിച്ചതായി പറയുന്ന ശ്രീപുരാണം എന്ന ജൈനഗദ്യഗ്രന്ഥത്തിലെ ഒരു ഭാഗമാണു്.

“തൽക്ഷണത്തിലേ ജിനപവനമാകിയതൊരു ചമ്പക വിരുക്ഷം പുഷ്പിത്തതു. ഉത്യാനത്തിൽ സകല കോകിലങ്കളും കൂവിന, നകരസമീപമാകിയ മനോകരമെന്നും ഉത്യാനത്തു സഹസ്രകൂടമെന്നും തടാകമും സലിലപരിപൂർണ്ണമായിറ്റു. തൽഗത സകല കുവലയാതി പുഷ്പങ്കളും മലർന്തന. പ്രമര നിരകളും പരിപ്രമിത്തന. ജിനപവന കോപുരകവാടങ്കൾ താമേ നീങ്കിന. അവ്വതിശയങ്കളൈക്കണ്ടു വിസ്മിതനാകിത്തവിചത്തൈയടൈന്തു സ്നാനപുരസ്സരമാക പുഷ്പങ്കളൈക്കൈക്കൊണ്ടു ജിനപതി സമീപമണൈന്തു അർച്ചനാപുരസ്സരമാക സ്തുതിത്തിരുന്താൻ.”

ഈ രീതിയിൽ ജൈനർ നീലകേശി, സമയദിവാകരം, ഗദ്യചിന്താമണി, ജയകുമാരൻകഥൈ, പാരിഷേണകുമാരൻ കഥൈ, സത്യഘോഷൻകഥൈ മുതലായി പല ഗ്രന്ഥങ്ങളും നിർമ്മിച്ചിട്ടുണ്ടു്. ക്രി. പി. ഒൻപതാംശതകത്തിൽ പ്രണീതമായ പെരുന്തേവനാരുടെ ഭാരതവെൺപാവിലും ഈ ശൈലിതന്നെ പടർന്നു കാണുന്നു. താഴെച്ചേർക്കുന്ന ഖണ്ഡിക നോക്കുക:

“ആതിവേതമും മകാലോകവും അണ്ടരണ്ടമും അവനിതലമും വേതവിയാകരണമുള്ളിട്ട നാലു കലൈകളും നാന്മുകനോടും തൻതിരുനാപി കമലത്തേ പിറപ്പിത്ത പതുമനാപൻ, പവിത്തിരമൂർത്തി, പക്തവർച്ചലൻ, ആതിമൂർത്തി, അനന്തചയനൻ, വിക്കിരമമായൻ, ചക്കിരപാണി, തേവതേവൻ, നാരായണചുവാമി ശ്രീപാതങ്കളൈ നമസ്കരിത്തോമെൻറവാറു”

ക്രി. പി. പതിമ്മൂന്നാംശതകത്തിൽ പെരിയതിരുവാച്ചാൻപിള്ള നിർമ്മിച്ച തിരുവായ്മൊഴിയുരയിലും ഈ രീതിതന്നെ അങ്ഗീകരിച്ചിരിക്കുന്നു. അടിയിൽ കാണുന്ന വിധത്തിലാണു് അതിന്റെ ഉപക്രമം.

“ശ്രിയഃപതിയാനവെൻപെരുമാൻ പരമകാരുണികതൈയാലേ ആഴ്വാർകളൈ അവതരിപ്പിത്തു അമ്മുകത്താലേ ദ്രാവിഡസംസ്കൃതപ്രാകൃതരൂപഗ്രന്ഥങ്കളൈച്ചെയ്തു സകലവേദാന്തസാരഭൂതമാനരഹസ്യത്രയസമ്പ്രദായത്തൈ അരുൾതരും ഞാലത്തിലാഴങ്കാൽ പട്ടിരുക്കിറ ചേതനർകൾ സുലഭമാകപ്പേർത്തു ഉജ്ജീവിക്കുംപടിക്കും അന്ത സമ്പ്രദായം കാലതത്വമുള്ള തനൈയും അവ്യാഹതമായിരിക്കുംപടിക്കും പണ്ണിവൈത്തു ചേതനർകൾക്കു മഹോപകാരകനാനാൻ.”

എന്നാൽ സംസ്കൃതാസഹിഷ്ണുക്കളായ തമിഴർ ഈ മണിപ്രവാളശൈലിയെ തെല്ലും ആദരിച്ചില്ല. കോയമ്പത്തൂർക്കാരനായ കളമൂർ വിശ്വനാഥകവിയുടെ കീചകവധം മണിപ്രവാളം ഒരർവാചീനകൃതിയാകുന്നു.

“മുത്തുക്കളാലുമിഹ നൽപ്പവഴങ്കളാലു
മൊത്തുക്കലർന്തു തമിഴാലപി സംസ്കൃതേന
എത്തിക്കിലും ഭവതു ഹാരലതേവ ബദ്ധാ
പുത്തിക്കു മൽക്കൃതിരിയം സുദൃശാം വിഭ്രഷാ.”

എന്നു വർണ്ണിക്കുന്നതിൽനിന്നു മണിപ്രവാളത്തിൽ തമിഴിനെ മുത്തും സംസ്കൃതത്തെ പവിഴവുമായി അദ്ദേഹം സങ്കല്പിക്കുന്നതായി കാണാവുന്നതാണു്.

6.8ചെന്തമിഴിലും മലയാളത്തിലും മണിപ്രവാളത്തിനുള്ള വ്യത്യാസം

ചെന്തമിഴിലും മലയാളത്തിലും മണിപ്രവാളത്തെ സംബന്ധിച്ചുള്ള നിർവചനത്തിൽ പ്രകടമായ ഒരു വ്യത്യാസമുണ്ടായിരുന്നു എന്നുള്ള വസ്തുത നാം മറക്കരുതു്. തത്ഭവരൂപത്തിൽപോലും സംസ്കൃതപദങ്ങൾ സ്വീകരിക്കുവാൻ വൈമനസ്യം പ്രദർശിപ്പിച്ച തമിഴർക്കു് ആ ഭാഷയിലെ പദങ്ങൾ കലർന്ന ഗ്രന്ഥങ്ങൽ മണിപ്രവാളമായി; തത്സമരൂപത്തിൽപോലും സംസ്കൃതപദങ്ങൾ ധാരാളമായി സ്വീകരിക്കുന്നതിൽ ഔത്സുക്യം പ്രകാശിപ്പിച്ച മലയാളികൾക്കു സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളുടെ സമ്മേളനമാണു് മണിപ്രവാളത്തിനു വ്യവച്ഛേദകോപാധിയായിത്തീർന്നതു്. ലീലാതിലകത്തിനുമുമ്പു് കേരളീയകവികളും മണിക്കു മുത്തെന്നു് അർത്ഥം കല്പിച്ചിരുന്നു എന്നു് ആ ഗ്രന്ഥത്തിൽ ഉദ്ധൃതമായിട്ടുള്ള

“സംസ്കൃതമായിന ചെങ്ങഴിനീരും
നറ്റമിഴായിന പിച്ചകമലരും
ഏകകലർന്നു കലമ്പകമാലാം
വൃത്തമനോജ്ഞാം ഗ്രഥയിഷ്യേതഃ”

എന്ന പദ്യത്തിൽനിന്നു് ഊഹിക്കാവുന്നതാണു്. ചെങ്ങഴി നീർപൂവിനു ചുവപ്പും പിച്ചകപ്പൂവിനു വെള്ളയുമാണല്ലോ നിറം. കല്ഹാരവും പിച്ചകവുമോ, മുത്തും പവിഴവുമോ ഇടകലർത്തി കോർത്ത ഒരു മാല അതിന്റെ വർണ്ണശബളത നിമിത്തം നയനോദ്വേഗം ജനിപ്പിക്കുന്നതിനാണു് കാരണമായിത്തീരുന്നതു്. അതുപോലെ സഹൃദയഹൃദയോദ്വേഗം ജനിപ്പിക്കുക എന്നുള്ളതല്ലല്ലോ കാവ്യത്തിന്റെ പ്രയോജനം. അതിനാൽ ഈ വിഷയത്തിൽ പൂർവമതങ്ങളെ ഖണ്ഡിച്ചു മണിയെന്നാൽ പത്മരാഗമെന്നു് അർത്ഥകല്പനചെയ്തു സംസ്കൃത വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങൾ ഭാഷാപദങ്ങളാണെന്നു തോന്നത്തക്ക രീതിയിൽ അവയെ സാക്ഷാൽ ഭാഷാപദങ്ങളുമായി സംഘടിപ്പിച്ചു രചിക്കുന്ന വാങ്മയമാണു് മണിപ്രവാളസാഹിത്യം എന്നും ഉപപാദിച്ചിരിക്കുന്നതു് ഏറ്റവും സമീചീനമാകുന്നു. ഈ വിശിഷ്ടരീതിയിലുള്ള മണിപ്രവാളം കൈരളിയുടെ പ്രത്യേകസ്വത്താണെന്നുള്ളതിനു സംശയവുമില്ല. കാലാന്തരത്തിൽ മണിപ്രവാളരചനസംബന്ധിച്ചുള്ള ഈ വക നിയമങ്ങൾ കവികൾ മറന്നു. മൊത്തത്തിൽ സംസ്കൃതവൃത്തത്തിൽ നിബന്ധിക്കുന്ന ഏതു പദ്യവും ആ സംജ്ഞയ്ക്കു അർഹമാകുമെന്നു അവർ വിചാരിച്ചു. അവയെ സാദൃശ്യമൂലകലക്ഷണകൊണ്ടേ മണിപ്രവാളമെന്നു് വ്യവഹരിക്കാവൂ എന്നാണു് ലീലാതിലകകാരന്റെ അഭിപ്രായം ചുരുക്കത്തിൽ കേരളീയരുടെ മണിപ്രവാളം അതിനു് അഭിമതമെന്നു തോന്നിയ പന്ഥാവിലൂടെ സ്വതന്ത്രമായി മുന്നോട്ടു പോയി. പണ്ഡിത ശ്രേഷ്ഠന്മാർ സംസ്കൃതമായും സാമാന്യപണ്ഡിതന്മാർ മണിപ്രവാളമായും തദിതരന്മാർ പാട്ടായും ഗ്രന്ഥങ്ങൾ നിർമ്മിച്ചു. അപൂർവം ചില മഹാന്മാർ കുഞ്ചൻനമ്പ്യാർ പഞ്ചേന്ദ്രോപാഖ്യാനത്തിൽ പറയുന്നതുപോലെ

“സജ്ജനത്തിനു സംസ്കൃതക്കവി കേൾക്ക കൗതുകമെങ്കിലും
ദുർജ്ജനത്തിനതിങ്കലൊരു രസമേശുകില്ലതു കാരണം,
ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ.
കടുപടെപ്പടു കഠിനസംസ്കൃത വികടകടു കവികേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല; തിരിക്കുമൊക്കയുമേറ്റുടൻ.
ഭാഷയേറിവരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല; വിശേഷഭ്രഷണമായ് വരും” [4]

എന്ന തത്വം മനസ്സിലാക്കി അവർ എത്രമേൽ സംസ്കൃതജ്ഞന്മാരായിരുന്നാലും ലളിതങ്ങളായ ഭാഷാഗാനങ്ങൾ രചിച്ചു കൈരളിയെ ആരാധിച്ചില്ലെന്നുമില്ല.

6.9ഭാഷാസാഹിത്യത്തിന്റെ കാലഘട്ടങ്ങൾ

ഭാഷാസാഹിത്യത്തിന്റെ കാലഘട്ടങ്ങൾപ്തപ്പെടുത്തുവാൻ കൢ വളരെ പ്രയാസമുണ്ടു്. കൊല്ലവർഷാരംഭംവരെ പ്രാചീനകാലം, കൊല്ലം 600-ാമാണ്ടുവരെ മധ്യകാലം, അതിനുമേൽ നവീനകാലം ഇങ്ങനെയാണു് പി. ഗോവിന്ദപ്പിള്ളയുടെ വിഭജനം. കൊല്ലം അഞ്ചാംശതകംവരെ പ്രാചീനകാലവും അതിനുമേൽ തുഞ്ചത്തെഴുത്തച്ഛന്റെ കാലംവരെ മധ്യകാലവും അതിനും മേൽ വലിയ കോയിത്തമ്പുരാന്റെ കാലംവരെ ആധുനികകാലവുമാണെന്നത്രെ പി. ശങ്കരൻനമ്പ്യാരുടെ പക്ഷം. ആറ്റൂർ കൃഷ്ണപ്പിഷാരടി ഭാഷാസ്വരൂപസ്ഥിതി അനുസരിച്ചു നോക്കുമ്പോൾ ഭാഷാസാഹിത്യത്തെ പ്രാചീനമലയാളമെന്നും നവീനമലയാളമെന്നും രണ്ടായി തരംതിരിച്ചാൽ മതിയാകുന്നതാണെന്നും കൊല്ലവർഷം ആറാംശതകംവരേയ്ക്കും പ്രാചീന മലയാളകാലമായി ഗണിക്കാവുന്നതാണെന്നും ഗ്രന്ഥങ്ങളുടെ രൂപഭേദം അടിസ്ഥാനപ്പെടുത്തിനോക്കുമ്പോൾ ആദിസാഹിത്യകാലം, മണിപ്രവാളകാലം, ശുദ്ധഭാഷാകാലം എന്നിങ്ങനെ മൂന്നായി വിഭജിച്ചു കൊല്ലവർഷാരംഭത്തിനു് അല്പം മുമ്പുവരെ ആദിസാഹിത്യകാലമായും അതിനുശേഷം കൊല്ലവർഷം 600-വരെ മണിപ്രവാളകാലമായും അതിനുമേൽ ശുദ്ധഭാഷാകാലമായും കണക്കാക്കാവുന്നതാണെന്നും പ്രസ്താവിക്കുന്നു. എല്ലാ സംഗതികളെയും പര്യാലോചിച്ചു ഞാൻ കൊല്ലവർഷം 700 വരെ പ്രാചീനസാഹിത്യകാലമെന്നും അതിനുമേൽ നവീനസാഹിത്യകാലമെന്നും അതിൽത്തന്നെ 1050 മുതൽ അദ്യതന സാഹിത്യകാലമെന്നും അഭിപ്രായപ്പെടുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകാലഘട്ടത്തിനുമുൻപുവരെ പ്രാചീനസാഹിത്യകാലവും അതുമുതൽ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ മദ്ധ്യവയസ്കതയ്ക്കു മുമ്പുവരെ നവീനസാഹിത്യകാലവും അതിനുമേൽ അദ്യതന സാഹിത്യകാലവുമാണു് എന്നത്രേ എന്റെ വിവക്ഷ. ഇത്തരത്തിൽ ഒരു കാലവിഭാഗത്തെ മുൻനിറുത്തിക്കൊണ്ടാണു് ഞാൻ ഈ പുസ്തകം രചിക്കുവാൻ ഉദ്ദേശിക്കുന്നതു്. ഏതു വിഭജനോദ്യമവും സൂക്ഷ്മദൃഷ്ട്യാ പരിശോധിച്ചാൽ വൈകല്യരഹിതമായി പരിണമിക്കുവാൻ വൈഷമ്യമുണ്ടെന്നുള്ള വസ്തുത ഞാൻ വിസ്മരിക്കുന്നുമില്ല.

കുറിപ്പുകൾ

1 ‘സന്ദർഭേ സംസ്കതീകൃതാ ച.’ ലീലാതിലകം രണ്ടാം ശില്പം.

2 ‘മണി’ എന്ന പദത്തിനു ചെന്തമിഴിൽ മാണിക്യമെന്നും ഇന്ദ്രനീലമെന്നും അർത്ഥമുണ്ടു്; സംസ്കൃതത്തിൽ അതു രത്നപര്യായം മാത്രമാണു്.