അദ്ധ്യായം 16
ഭാഷാകൃതികൾ – പദ്യം
(ക്രി. പി. പതിന്നാലാം ശതകം)

16.1നിരണം കവികൾ — കണ്ണശ്ശൻ പറമ്പു്

രാമചരിതകാരനാൽ ക്ഷുണ്ണമായ പാട്ടെന്ന സാഹിത്യപ്രസ്ഥാനത്തിൽ സ്വച്ഛന്ദമായി സഞ്ചരിച്ചു വിസ്മയാവഹമായ വിജയം നേടി കൈരളീദേവിയെ അനർഘങ്ങളായ ആഭരണങ്ങളണിയിച്ചു ധന്യയാക്കിയ മഹാനുഭാവന്മാരാണു് നിരണം കവികൾ. ഈ പേരിൽ മൂന്നു കവികളുണ്ടു്. അവരിൽ ഒന്നാമൻ ഭഗവദ്ഗീതാകാരനായ മാധവപ്പണിക്കരും, രണ്ടാമൻ ഭാരതമാലാകാരനായ ശങ്കരപ്പണിക്കരും മൂന്നാമൻ രാമായണാദി വിവിധപ്രബന്ധ പ്രണേതാവായ രാമപ്പണിക്കരുമാണെന്നു് ഉദ്ദേശിക്കാം. തിരുവല്ലാത്താലൂക്കിൽ നിരണം എന്ന സ്ഥലത്തു തൃക്കപാലീശ്വരം എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ സ്ഥലത്തിനും ക്ഷേത്രത്തിനും മുൻകാലത്തു് ഇന്നത്തേക്കാൾ അധികം പ്രസിദ്ധിയുണ്ടായിരുന്നു. നിരണവും അതിനു ചുറ്റുപാടുമുള്ള പ്രദേശവും കൊടുങ്ങല്ലൂർപോലെ മഹോദയപട്ടണം എന്ന പേരിനാൽ അറിയപ്പെട്ടിരുന്നു. തൃക്കപാലീശ്വരംക്ഷേത്രം പെട്ടിക്കയ്മൾ എന്ന ഒരു മാടമ്പിയുടെ വകയാണു്. ഈ ക്ഷേത്രത്തിനുതൊട്ടു വടക്കുപടിഞ്ഞാറായി കണ്ണശ്ശൻപറമ്പു് എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന ഒരു പറമ്പുണ്ടു്. അവിടെയായിരുന്നു നിരണം കവികളുടെ ജനനം. “ചെമ്പൊടിരുമ്പുമുരുക്കുശരക്കോലൻപത്തീരടി മുൻപുവലത്തു്” എന്നൊരു പഴയ പദ്യഖണ്ഡം ഈ പറമ്പിന്റെ സ്ഥാനത്തെ നിർദ്ദേശിക്കുന്നു എന്നു പഴമക്കാർ പറയാറുള്ളതു ശരിയല്ല. കിഴക്കോട്ടുതിരിഞ്ഞാണു് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അതിനു പടിഞ്ഞാറുഭാഗത്തു കൊല്ലന്റേയും ആശാരിയുടേയും വീടുകൾ ഉണ്ടു്. അവയ്ക്കു ‘മുൻവലത്താ’യി ‘അൻപത്തീരടി’ എന്ന പേരിൽ ഒരു കളരിയും കാണ്മാനുണ്ടു്. അതുകൊണ്ടു് പ്രസ്തുതപദ്യഖണ്ഡം, കണ്ണശ്ശൻപറമ്പിനെയല്ല ‘അൻപത്തീരടി’ എന്ന കളരിയെയാണു് പരാമർശിക്കുന്നതെന്നു വേണം ഊഹിക്കുവാൻ.

16.2ചരിത്രം

നിരണംകവികളുടെ ചരിത്രത്തെപ്പറ്റി എന്തെങ്കിലും ഉപന്യസിക്കുന്നതിനുമുൻപായി അവർ തങ്ങളെപ്പറ്റി ചെയ്തിട്ടുള്ള പ്രസ്താവനകൾ ഉദ്ധരിക്കേണ്ടതു് ആവശ്യമാകുന്നു. ഭഗവദ്ഗീതയുടെ അവസാനത്തിലുള്ള രണ്ടു ശീലുകളാണു ചുവടെ ചേർക്കുന്നതു്.

 “ഇതു നീ ദിവ്യദൃശാ കാൺകെൻറ്റി
വീടിയ വേദവ്യാസനിയോഗാൽ
 ചതിയേ കണ്ണല്ലാൽക്കണ്ണില്ലാൻ
താരണിപതിധൃതരാഷ്ട്രനു കേൾപ്പാൻ
 മതിമാനാകിയ സഞ്ജയനേവം
മരുവിയുരത്താനിതു മതിയില്ലാ
 അതിബാലൻ മാധവനാമം ചേ
രഹമിത സംക്ഷേപിച്ചുരചെയ്തേൻ.
 ഉരചേർന്നമരാവതിസമമായേ-
യുറ്റന ചെല്വമെഴും മലയിൻകീഴ്
 തിരുമാതിൻ വല്ലഭനരുളാലേ
തെളിവൊടു മാധവനഹമിടർ കളവാൻ
 പരമാദരവൊടു ചൊല്ലിയ ഞാന
പ്പനുവൽ മുകുന്ദപദാംബുജമൻപൊടു
 മരനാഴിക മറവാതുരചെയ്തവ
രത്ഭുതമുക്തിപദം പ്രാപിക്കും.”

താഴെക്കാണുന്ന പാട്ടു ഭാരതമാലയുടെ അവസാനത്തിലുള്ളതാകുന്നു.

 “തന്നുണർവേ സംസാരച്ഛേദ
സമസ്തവുമായേ കാലവുമെങ്ങും
 ഉന്നി നിറന്തഖിലത്തിനുമൊത്തു
തുരീയാതീതവുമായുണർവായേ
 തന്നുണർവായുണർവേ വടിവാകി മ
ഹാഭാരതകഥ ശങ്കരനമ്പൊടു
 ചൊന്നതുരയ്പവരെയ്തുവരെന്റും
ശോകമൊഴിന്തവനന്ത സുഖത്തെ”

ഇനി ഉദ്ധരിക്കുവാൻ പോകുന്ന ഭാഗങ്ങൾ രാമപ്പണിക്കരുടെ കൃതികളിൽനിന്നാണു്.

 “അവനിയിൽ നന്മചേർ നിരണം
തനിക്കൊരു ദീപമായു് വ
 ന്നവതരണംചെയ്താൻ കരുണേശ
നാകിയ ദേശികൻ മ
 റ്റവ്വണ്ണം പിറന്നുള്ള പുത്രരാ
മവർകൾക്കെല്ലാമൻ
 പമർ മരുകൻ കനിന്തൊരു
രാമദാസനതീവ ബാലൻ,
 അവനിയിൽ മുമ്പു മാമുനി താ
നിയറ്റിയ ചാരു രാമാ
 യണമതുകണ്ടതീവ ചുരുക്കമാ
യിവണ്ണം മൊഴിന്താൻ.
 അവനിവനെന്നെല്ലാമില്ല
സൽക്കഥാമുരചെയ്വതിന്നി
 ന്നതിസുഖമെയ്തുമങ്ങിതു കേൾക്കിൽ
മറ്റിതു ചൊല്ലിനാലും.”

രാമായണം യുദ്ധകാണ്ഡത്തിന്റെ അവസാനത്തിലുള്ള ഈ പ്രസ്താവനയെ ഉത്തരകാണ്ഡത്തിന്റെ ഉപസംഹാരത്തിൽ കവി സ്വല്പംകൂടി വിസ്തരിക്കുന്നു.

 “വാനുലകിനു സമമാകിയ നിരണ
മഹാദേശേ താൻ വന്നുളനായാ
 നൂനമിലാത മഹാഗുരുവരനാ
യുഭയകവീശ്വരനായ മഹാത്മാ,
 മാനിതനാകിയ കരുണേശൻ പര
മാത്മാവേ താനെന്നറിവുറ്റേ
 ദീനത വാരാതേ മറ്റോരോ
ദേഹികളെപ്പോൽ വാണ്ണാൻ പല നാൾ.
 ആനവനിരുവർ തനൂജന്മാരുള
രായാരവരുടെ സോദരിമാരായ്
 മാനിനിമാരൊരു മൂവർ പിറന്നാർ;
മറ്റതുകാലമവൻ തിരുവടിയും
 താനുടനേ തന്നുടലൊടു വേറായു്
ത്തനിയേ പരമാത്മാവേയായാൻ
 ആനവനോടെതിരായു് വിദ്യാധിപ
രായാർ പുനരവനുടെ തനയന്മാർ.
 തനയന്മാരാമവരിരുവർക്കു
സഹോദരിമാർ മൂവർക്കും മകനാ
 യനുപമരായവർ മൂവരിലിളയവ
ളാകിയ മാനിനി പെറ്റുളനായാൻ,
 ഇനിയ മഹാദേവാജ്ഞയിനാലേ
യിതമൊടു പാലകനാകിയ രാമൻ;
 പുനരവനും നിജപാപം കളവാൻ
പുരുഷോത്തമകഥ ചൊല്ക തുനിഞ്ഞാൻ.”

ഭാഗവതംപാട്ടിന്റെ ഒടുവിൽ താഴെക്കാണുന്ന ശീലുകൾ കാണുന്നു.

 “ദേവകിമകനായേയവതാരം
ദേവകൾ വിധിയാലേ ചെയ്തീടിയ
 പൂവിൽ മടന്ത മണാളൻ തന്നുടെ
പുണ്യമതായീടും കഥ ചെമ്മേ
 ആവിയിലുളവായീടും ദുരിത
മറും പടി രാമനുരത്തീടിയ കവി
 യേവരുരത്തീടിൻറ്വരേവരു
മെയ്തീടും പരമാമറിവോടേ.”

ചുവടേ പകർത്തുന്നതു ശിവരാത്രിമാഹാത്മ്യംപാട്ടിന്റെ അവസാനത്തിൽ നിന്നാണു്.

 “ഇതു നിരണത്തു കപാലീശ്വരമാർ
ന്നീടിന പശുപതിതന്നരുളാലേ
 യിതമൊടവൻ തിരുവടിയുടെ ചരിത
മിയമ്പുമതിന്നു ഇനിഞ്ഞിതു മുറ്റും;
 ബത! ഗുരുനാഥന്മാരറിവീടിയ
വേദവ്യാസാദികളുമെനിക്കി
 ങ്ങതിസുഖമായ് നല്കീടുക വരമി
ങ്ങണയാ മമ പാതകമിതു ചൊന്നാൽ.
 ആരണരാദിസമസ്തപ്രാണിക
ളാമവർകൾക്കും പാപം കളവാൻ
 കാരണമാകിയ ശിവരാത്രൗ വ്രത
കഥയിതു തന്നാലായ പ്രകാരം
 സാരതയില്ലാതകുതിയിരാമൻ
താൻ നിരണത്തു കപാലീശ്വരമേ
 ചേരുമുമാപതി തന്നരുളാലേ
ചെയ്താനേവം ഭാഷയിനാലേ.”

ഭാരതംപാട്ടിൽനിന്നാണു് അടിയിൽ കാണുന്ന ശീൽ എടുത്തു ചേർക്കുന്നതു്.

 “കളവാൻ പാപം മുന്നേ രാമ
കഥാമൊട്ടായപ്രകാരം ചൊന്നേ
 നിളയാതേ ശ്രീകൃഷ്ണകഥാമിനി
യെളുതായൊരു പടി ചൊൽക നിനൈന്തേൻ;
 എളിയോനകുതിയിവൻ പുനരെൻറോർ
ത്തെന്നെയിതിന്നികഴാരറിവുടയോർ;
 ജളരാമവരപരാധം ചൊന്നാൽ
ച്ചേതവുമില്ല നുറുങ്ങു നമുക്കോ.”

മേൽ ഉദ്ധരിച്ച പാട്ടുകളിൽനിന്നു താഴെക്കാണുന്ന വസ്തുതകൾ വെളിപ്പെടുന്നു. നിരണമെന്ന ‘മഹാദേശ’ത്തിൽ ഒരു മഹാനുഭാവൻ അവതരിച്ചു. കരുണേശൻ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയം. അദ്ദേഹം ഒരു വിശിഷ്ടപണ്ഡിതനും പരമയോഗിയും ‘ഉഭയകവീശ്വര’നും അതായതു സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനം ചെയ്യുന്നതിൽ സമർത്ഥനുമായിരുന്നു. ദീർഘായുഷ്മാനായ അദ്ദേഹത്തിനു രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. അവരിൽ ഒടുവിലത്തെ പുത്രിയുടെ മകനായിരുന്നു രാമപ്പണിക്കർ. അദ്ദേഹത്തിന്റെ അമ്മാവന്മാർ രണ്ടുപേരും അവരുടെ പിതാവിനെപ്പോലെതന്നെ ‘വിദ്യാധിപ’ന്മാരായിരുന്നു. ഇത്രയും വിവരങ്ങൾ സ്പഷ്ടമാണു്. മറ്റുചില വിവരങ്ങൾക്കു് ഐതിഹ്യത്തേയും അനുമാനത്തേയും ആശ്രയിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി ഞാൻ ഊഹിക്കുന്നതു് ‘ഉഭയകവീശ്വര’ന്റെ പേർ കണ്ണശ്ശൻ എന്നായിരുന്നു എന്നാണു്. കണ്ണൻ എന്ന പേർ അദ്ദേഹം മഹാഗുരുവരനായപ്പോൾ കണ്ണശ്ശനെന്നു രൂപാന്തരപ്പെട്ടു. കണ്ണശ്ശൻ സംസ്കൃതീകൃതമായപ്പോൾ കരുണേശനായി പരിണമിക്കുകയും ചെയ്തു. ഇവിടെ ഒരു പൂർവ്വപക്ഷമുള്ളതു കരുണേശൻ എന്ന പദം മഹാവിഷ്ണുപര്യായമായി കവി പല അവസരങ്ങളിലും പ്രയോഗിച്ചിട്ടുണ്ടെന്നും അതുകൊണ്ടു പ്രകൃതത്തിലും ആ അർത്ഥം സ്വീകരിക്കുന്നതാണു് സമീചീനമെന്നുമാകുന്നു. കരുണേശപദം ഞാൻ മുകളിൽ ചേർത്തിട്ടുള്ള രണ്ടു പാട്ടുകളിൽ കാണുന്നുണ്ടു്. ‘മാനിതനാകിയ കരുണേശൻ പരമാത്മാവേ താനെന്നറിവുറ്റേ’ എന്ന വരിയിൽ ‘കരുണേശ’നെ കഷ്ടിച്ചു ‘പരമാത്മാ’വിന്റെ വിശേഷണമായി കരുതാമെന്നിരിക്കട്ടെ; അതിനുതന്നെയും ‘മാനിത’പദപ്രയോഗംകൊണ്ടു് അനൗചിത്യം സംഭവിക്കുന്നു എന്നുള്ളതു തൽകാലത്തേക്കു വിസ്മരിക്കാം. ‘അവതരണം ചെയ്താൻ കരുണേശനാകിയ ദേശികൻ’ എന്ന വരിയിൽ മഹാ വിഷ്ണുവുമായി കരുണേശപദത്തെ എങ്ങനെ ഘടിപ്പിക്കുവാൻ കഴിയും? ‘കരുണേശനാകിയ’ എന്നതിനു കരുണേശതുല്യനായ എന്നു് അർത്ഥയോജന ചെയ്യുന്നതു ശരിയായിരിക്കുമോ? അതു കൊണ്ടു് എന്റെ ഇപ്പോഴത്തെ സ്ഥിരമായ അഭിപ്രായം രാമപ്പണിക്കരുടെ മാതാമഹന്റെ പേർ കണ്ണശ്ശനെന്നായിരുന്നു എന്നു തന്നെയാണു്. എന്നാൽ രാമപ്പണിക്കരേയും കണ്ണശ്ശനെന്നു വിളിച്ചിരുന്നു എന്നും പക്ഷേ അനുമാനിക്കാം. അദ്ദേഹത്തിന്റെ രാമായണത്തിനു കണ്ണശ്ശരാമായണമെന്നു പേർവന്നതു് ഇന്നോ ഇന്നലെയോ അല്ല.

 “പരൻകഥയൈക്കമ്പർ പന്തീരായിരത്താൽ
 പകർന്ത കഥൈ കണ്ണശ്ശനിൽപ്പാതിയാം.”

എന്നതു് ഒരു പഴയ പാട്ടാണു് എന്നു നാം കണ്ടുവല്ലോ. കണ്ണശ്ശപ്പണിക്കർ സാഹിത്യത്തിലെന്നതുപോലെ വിനോദവ്യവഹാരത്തിലും വിദഗ്ദ്ധനായിരുന്നു എന്നൊരൈതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പല നേരമ്പോക്കുകളിൽ ഒന്നുമാത്രം ഇവിടെ പ്രസ്താവിക്കാം. അദ്ദേഹം സ്വഗൃഹത്തിൽ ഏതോ ഒരടിയന്തിരത്തിനു് അയൽവീടുകളിൽനിന്നു് ഓരോ ഉരുളി ഇരവലായി വാങ്ങുകയും അവ തിരിയെ ഏല്പിച്ചപ്പോൾ ഓരോ കൊച്ചുരുളികൂടി കൊടുക്കുകയും ചെയ്തു. അതിനെപ്പറ്റി ചോദിച്ചവരോടു് അദ്ദേഹത്തിന്റെ സമാധാനം വലിയ ഉരുളികൾ കൊച്ചുരുളികളെ പ്രസവിച്ചു എന്നായിരുന്നു. ഉടമസ്ഥന്മാർ രണ്ടുരുളികളും സന്തോഷത്തോടുകൂടി സ്വീകരിച്ചു. മറ്റൊരടിയന്തിരത്തിനു വീണ്ടും ഓരോ ഉരുളി ആവശ്യപ്പെട്ടപ്പോൾ ഒട്ടുവളരെപ്പേർ അതു കൊടുക്കുവാൻ മുന്നോട്ടുവന്നു. പണിക്കർ ആ ഉരുളികൾ ഒന്നും തിരിയെ ഏല്പിച്ചതേയില്ല. കാരണം ചോദിച്ചപ്പോൾ അവയെല്ലാം ചത്തുപോയെന്നു പറയുകമാത്രമാണുണ്ടായതു്. പെറ്റുണ്ടാകുന്നതു ചാകുകയും ചെയ്യുമല്ലോ, എന്നായിരുന്നു അദ്ദേഹത്തിന്റെ യുക്തി. ഒടുവിൽ അമിതമായ ആശകൊണ്ടുണ്ടാകുന്ന ആപത്തു് ആ ദിഗ്വാസികളെ മനസ്സിലാക്കിയതിനുമേൽ ഉരുളികളെല്ലാം മടക്കിക്കൊടുക്കുകയും ചെയ്തുവത്രേ. ഇത്തരത്തിലുള്ള അടവുകൾ യോഗിവര്യനായ സാക്ഷാൽ കണ്ണശ്ശൻ കാണിച്ചിരിക്കുമോ എന്നു സംശയമാണു്. അതുകൊണ്ടു് ആ വഴിക്കും രാമപ്പണിക്കർക്കു കണ്ണശ്ശനെന്നുകൂടി (മാതാമഹന്റെ നാമധേയം) പേരുണ്ടായിരുന്നിരിക്കാമെന്നു് അനുമാനിക്കുന്നതിൽ വലിയ പ്രമാദത്തിനു വകയുണ്ടെന്നു തോന്നുന്നില്ല. എന്നാൽ എന്റെ ഊഹം ആ ഐതിഹ്യത്തിലല്ല അധിഷ്ഠിതമായിരിക്കുന്നതു് എന്നു് ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഒരാൾക്കു നാമകരണമുഹൂർത്തത്തിൽ ഒരു പേരും അനന്തരം വാത്സല്യദ്യോതകമായി മറ്റൊരു പേരും നല്കുന്നതു് അഭൂതപൂർവമല്ല; രണ്ടിനും തമ്മിൽ ആർത്ഥികമായി വല്ല ബന്ധവുമുണ്ടായിരിക്കണമെന്നു് നിയമവുമില്ല. ‘കരുണേശനാകിയ ദേശികൻ’ എന്ന പ്രസ്താവനയിൽനിന്നു് ഒന്നിലധികം ‘ഗുരുനാഥന്മാർ’ ഉണ്ടായിരുന്നിരിക്കാവുന്ന രാമപ്പണിക്കരുടെ ഒരു ഗുരു “പലനാൾ വാണ്ണ” തന്റെ മാതാമഹൻ തന്നെയാണെന്നും വരാവുന്നതാണു്.

16.3മൂന്നു കവികൾക്കും തമ്മിലുള്ള സംബന്ധം

ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മദൃഷ്ട്യാ വായിക്കുന്ന ഒരാൾക്കു് അവയെല്ലാം ഏകദേശം ഒരേ കാലത്തു് വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാൻ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകൾക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തിൽനിന്നു വ്യാവർത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തിൽ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്. എന്നാൽ മലയാളത്തിനു സംസ്കൃതസമ്പർക്കംകൊണ്ടുള്ള കാലാനുസൃതമായ വികാസം അവയിൽ എവിടേയും പ്രസ്പഷ്ടവുമാണു്. ‘ഏഷ കഷായപടാവൃത കടിതടശോഭിതനായ്വാമാംസേ’ എന്നും ‘പുഷ്കരപത്രമനോഹരനേത്രേ പൂർണ്ണശശാങ്കനിഭാനനരമ്യേ’ എന്നും ‘അവ്യക്തം പരിപൂർണ്ണമഹം പുനരഖില ചരാചരഭൂതം’ എന്നും മറ്റും പ്രയോഗിക്കുവാൻ അവർക്കു യാതൊരു കൂസലും തോന്നിയില്ല. രാമപ്പണിക്കർ താൻ നിരണത്തുകാരനും തൃക്കപാലീശ്വരത്തു ശിവന്റെ ഉപാസകനുമാണെന്നു തുറന്നു പറയുന്നുണ്ടു്. ശങ്കരൻ ആ വിഷയത്തിൽ മൂകനാണു്. അദ്ദേഹത്തെ ഒരു പ്രതീകത്തിൽ ‘ഇതി വെള്ളാങ്ങല്ലൂർ ശങ്കരവിരചിതായാം ഭാരതമാലായാം’ എന്നു രേഖപ്പെടുത്തീട്ടുള്ളതായി അറിയുന്നു. ആ കുറിപ്പിൽനിന്നുമാത്രം മാധവൻ കൊച്ചിയിലെ വെള്ളാങ്ങല്ലൂർക്കാരനാണെന്നു് അനുമാനിക്കേണ്ടതില്ല. മാധവപ്പണിക്കർ താൻ മലയിൻകീഴു് ശ്രീകൃഷ്ണന്റെ ഭക്തനാണെന്നു് പ്രസ്താവിച്ചിരിക്കുന്നു. മലയിൻകീഴ്കാരനെ എങ്ങനെ നിരണവുമായി ഘടിപ്പിയ്ക്കാമെന്നു ചിലർ ചോദിക്കാറുണ്ടു്. അതിനു സംശയം നീങ്ങത്തക്ക വിധത്തിൽ ഉത്തരം പറവാൻ കഴിയും. മലയിൻകീഴിൽ തിരുവല്ലാ വിഷ്ണുക്ഷേത്രംവക വസ്തുക്കൾ ഉണ്ടായിരുന്നു എന്നു തിരുവനന്തപുരം കാഴ്ചബങ്കളാവിൽ സൂക്ഷിച്ചിട്ടുള്ളതും ക്രി. പി. പതിനൊന്നാം ശതകത്തോടടുപ്പിച്ചു് ഉത്ഭവിച്ചതെന്നു് ഊഹിക്കാവുന്നതുമായ ഒരു താമ്രശാസനത്തിൽനിന്നറിയുന്നു. കൊല്ലം 921 കന്നി 2-ാംനുയിലെ ഒരു രേഖയിൽ ‘തിരുവല്ലാക്ഷേത്രത്തിലേയും പെരിങ്ങര തൃക്കോവിലിലേയും മലയിൻകീഴിടപ്പെട്ട ക്ഷേത്രങ്ങളിലേയും’ എന്ന വാചകമുള്ള ഒരു ‘സാക്ഷിയോലക്കാര്യം’ കാണ്മാനുണ്ടു്. മലയിൻകീഴു്തേവരെതിരുവല്ലാത്തേവരെപ്പോലെതന്നെ ‘തിരുവല്ലഭൻ’ എന്നു ഒരു സ്തോത്രത്തിൽ പ്രസ്തുതകവികളിൽ ഒരാൾ വന്ദിച്ചുകാണുന്നു. ‘ചൊല്ലാർന്നന മലയിൻകീഴ്ത്തിരുവല്ലഭനേ’ എന്നാണു് അദ്ദേഹം ആ ദേവനെ അഭിസംബോധനം ചെയ്യുന്നതു്. ഇവയിൽനിന്നു് മലയിൻകീഴു് ക്ഷേത്രം തിരുവല്ലാ ക്ഷേത്രത്തിന്റെ കീഴീടായിരുന്നു എന്നൂഹിക്കാം. ഈ ക്ഷേത്രങ്ങൾ തിരുവല്ലാദേശികളും പ്രതാപശാലികളുമായ പത്തില്ലത്തിൽ പോറ്റിമാരുടെ വകയായിരുന്നു. നിരണം, തിരുവല്ലാ ക്ഷേത്രസങ്കേതത്തിനു തെക്കാണെങ്കിലും ആ ഗ്രാമത്തിന്റെ ഒരു ഭാഗമായിരുന്നു. ആ വഴിക്കു പത്തില്ലത്തിൽ പോറ്റിമാരുടെ കാര്യസ്ഥനെന്ന നിലയിൽ കണ്ണശ്ശപ്പണിക്കർക്കും അദ്ദേഹത്തിന്റെ കുടുംബക്കാർക്കും മലയിൻകീഴിൽ താമസിക്കേണ്ട ആവശ്യം നേരിട്ടിരുന്നിരിക്കാവുന്നതാണു്. അദ്ദേഹം മലയിൻകീഴു് നിന്നു സ്വദേശത്തേക്കു മടങ്ങിപ്പോകുമ്പോൾ ഏതോ ഒരു മലയ്ക്കുമുകളിൽവെച്ചു പരഗതിയെ പ്രാപിച്ചതായി ഐതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പുത്രന്മാരായ രണ്ടു ‘വിദ്യാധിപന്മാ’രിൽ ഒരാൾ മാധവപ്പണിക്കരും മറ്റൊരാൾ ശങ്കരപ്പണിക്കരുമായിരിക്കാം. അവരെല്ലാവരും സംസ്കൃതത്തിൽ അസാധാരണമായ വൈദുഷ്യം സമ്പാദിച്ചിരുന്നു. ഇതരജാതിക്കാരുടെ വിദ്യാഭിവൃദ്ധിക്കു മലയാളബ്രാഹ്മണർ വിരോധികളായിരുന്നു എന്നുള്ള അപവാദത്തെ ഈ വസ്തുത ഏറെക്കുറെ മാർജ്ജനം ചെയ്യുന്നു.

16.4കാലം

പ്രസ്തുതകവികൾ ജീവിച്ചിരുന്ന കാലം ഏതെന്നാണു് അടുത്തതായി വിചാരണ ചെയ്യേണ്ടിയിരിക്കുന്നതു്. ഭാരതമാലയുടെ ഒരു പ്രതി കൊല്ലം 612-ൽ എഴുതിവച്ചിരുന്നതു 614-ൽ പകർത്തിയതിനും മറ്റൊരു പ്രതി 689-ൽ പകർത്തിയതിനും പര്യാപ്തമായ ലക്ഷ്യമുണ്ടു്. 614-ലെ ഗ്രന്ഥം ഗോവിന്ദപിള്ള സർവാധികാര്യക്കാരും ഞാനും കണ്ടിട്ടുണ്ടു്. തിരുവല്ലത്തിനു സമീപമുള്ള അമ്പലത്തുറ ആശാന്റെ വകയായിരുന്നു ആ ഗ്രന്ഥം; അതിപ്പോൾ എവിടെയാണെന്നു രൂപമില്ല. 614-ൽ ഗ്രന്ഥം പകർത്തിയതു നിർമ്മാതാവിന്റെ അനുവാദത്തോടുകൂടിയായിരുന്നു എന്നു ഗോവിന്ദപ്പിള്ള പറയുന്നതിനു് ആധാരമൊന്നും കാണുന്നില്ല. 689-ലെ ഗ്രന്ഥത്തിൽ അതു 12-ലെ ഗ്രന്ഥം പകർത്തിയതാണെന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഈ തെളിവുകൾ വച്ചുകൊണ്ടും ഭാഷയുടെ ഗതിയെ ആസ്പദമാക്കിയും ഉദ്ദേശം കൊല്ലം 525നു മേൽ 625നു് അകം ഈ കവികൾ ജീവിച്ചിരുന്നു എന്നു ഞാൻ അനുമാനിക്കുന്നു.

16.5ഭഗവദ്ഗീത

സകലോപനിഷത്സാരസർവസ്വവും ഭാരതീയരുടെ ആത്മാഭിമാനത്തിനു സർവഥാ നിദാനവുമായ ഭഗവദ്ഗീത സംസ്കൃതത്തിൽനിന്നു മലയാളത്തിൽ വിവർത്തനം ചെയ്തു കേരളീയർക്കു പരമോപകർത്താവായിത്തീർന്ന മാധവപ്പണിക്കരുടെ സദ്വ്യവസായത്തെ എത്രതന്നെ ശ്ലാഘിച്ചാലും മതിയാകുന്നതല്ല. ഗീതയ്ക്കു് ഇന്നു ഭാഷയിൽ പദ്യരൂപത്തിലും ഗദ്യരൂപത്തിലും പല തർജ്ജമകളുമുണ്ടു്. എങ്കിലും അറുന്നൂറോളം കൊല്ലങ്ങൾക്കുമുമ്പു് അന്യഭാഷകളിൽ പ്രസ്തുത ഗ്രന്ഥം സംക്രാന്തമാകാതെയിരുന്ന ഒരു കാലത്തു് അതിന്റെ മനോഹരമായ ഒരു വിവർത്തനംകൊണ്ടു സ്വഭാഷയെ പോഷിപ്പിച്ച പ്രസ്തുത കവിയോടു കേരളീയർ എന്നെന്നേക്കും കൃതജ്ഞന്മാരായിരിക്കുന്നതാണു്. ചോളദേശത്തിൽ ശീയാഴി (ശിർകാഴി) ക്കു സമീപം ജീവിച്ചിരുന്ന പട്ടനാർ എന്നൊരു കവി ഗീത തമിഴിൽ തർജ്ജമ ചെയ്തിട്ടുണ്ടു്. ആ തർജ്ജമയ്ക്കും പണിക്കരുടെ തർജ്ജമയ്ക്കും തമ്മിൽ അത്യത്ഭുതമായ ഐകരൂപ്യം കാണുന്നു എന്നു് ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. “ഉറ്റവരിൽപ്പെരുകീടിന കൃപയാമൊരു തിമിരം വന്നെന്നുടെ ഹൃദയേയുറ്ററിവാം കണ്ണേറെ മറഞ്ഞിട്ടൊരു നെറിയും കാണാതിടരുറ്റേൻ” എന്ന പണിക്കരുടേയും “ആതലായറിവായ വഴിയിനൈ മറ്റാങ്കവർ പാർ കാതലാമിരുൺമറൈപ്പു നെറിയെങ്കുംകാണേ നാൻ” എന്ന പട്ടനാരുടേയും വരികൾ നോക്കുക. ഇതുപോലെ അനവധി ഭാഗങ്ങളിൽ പ്രകടമായ സാദൃശ്യമുണ്ടു്.

 “ചേയമാമതുരൈ നിൻറു ചേമമാന കരം തേടി
 യായനാർ പട്ടനാരായവതരിത്തരുളിനാലേ
 പോയനാൺ മൊഴിന്ത കീതൈ പുലപ്പെടുത്തുവതു മൻറി
 ത്തൂയമാതവർക്കു മിന്തച്ചുരുതി നൂറ്റൊടങ്കിനാരേ”

എന്നൊരു പഴയ പാട്ടുമുള്ളതായി അറിയുന്നു. എന്നാൽ പട്ടനാരുടെ കാലം ഇന്നും അജ്ഞാതമാണു്. അദ്ദേഹത്തിനു ദ്രാവിഡകവികളുടെ ഇടയിൽ ഗണനീയമായ ഒരു സ്ഥാനവുമില്ലതാനും. അതുകൊണ്ടു് രണ്ടു കൃതികൾക്കും തമ്മിലുള്ള ജന്യജനകഭാവം തീർച്ചപ്പെടുത്തുവാൻ തരമില്ലാതെയാണിരിക്കുന്നതു്. അന്നു തമിഴ്നാട്ടിനും കേരളത്തിനും തമ്മിൽ ഇന്നത്തേക്കാൾ കൂടുതൽ സംസ്കാരസമ്പർക്കമുണ്ടായിരുന്നതിനാൽ തമിഴ്ക്കൃതി നോക്കിത്തന്നെ മലയാളകൃതി രചിച്ചിരിക്കണമെന്നു തീരുമാനിക്കുവാൻ എനിക്കു ധൈര്യം തോന്നുന്നില്ല. ഏതായാലും മാധവപ്പണിക്കർക്കു തമിഴ്ക്കൃതിയുടെ സഹായം ആവശ്യമില്ലായിരുന്നു എന്നു പറയത്തക്കവിധത്തിലുള്ള സംസ്കൃതജ്ഞാനം സിദ്ധിച്ചിരുന്നു എന്നു ഭാഷാഭഗവദ്ഗീതയിൽ സ്പഷ്ടമായി കാണുന്നുണ്ടു്. അദ്ദേഹം ശങ്കരഭഗവൽപാദരുടെ ഗീതാഭാഷ്യം വായിച്ചിരുന്നു എന്നുള്ളതിനും അതിൽ തെളിവുണ്ടു്. എഴുനൂറു ശ്ലോകങ്ങളടങ്ങിയ ഗീത നമ്മുടെ കവി 328 ശീലുകളായി തർജ്ജമ ചെയ്തിരിക്കുന്നു. “ഭക്തിയിനാൽ ഭഗവദ്ഗീതാർത്ഥം പരിചൊടു ചൊൽവാനായു് നിനവുറ്റേൻ” എന്നും “അഹമിതു സംക്ഷേപിച്ചുരചെയ്തേൻ” എന്നും പറഞ്ഞിട്ടുള്ളതിൽനിന്നു് അദ്ദേഹത്തിനു ഗീതാർത്ഥം സംക്ഷിപ്തമായി ഭാഷയിൽ പ്രദർശിപ്പിക്കണമെന്നു മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളു എന്നു കാണാവുന്നതാണു്. കവി അത്യന്തം അനുദ്ധതനാണെന്നു താഴെക്കാണുന്ന പാട്ടുകൾ തെളിയിക്കുന്നു.

 “ഒരു പടിയോഗത്താലുള്ളിൽക്ക
ണ്ടുത്തമനാകിയ വേദവ്യാസൻ
 തിരുവടി ചൊല്ലിയ പുണ്യപുരാണം
തികയെച്ചൊല്ലുവനെന്നു നിനച്ചതു
 പെരുമതകും ശ്രീപാൽക്കടൽ കണ്ടു
പിപീലി കുടിപ്പാൻ കരുതിയതൊക്കും;
 ഗുരുജനമായ മഹാജനമിതിനൊരു
കുറപറയായ്കെന്നടിമലർ തൊഴുതേൻ.
 മലരയനൊടു നേർ വേദവ്യാസൻ
മറ്റും സംസ്കൃതപദ്യങ്ങളിനാൽ
 നലനല നാനാർത്ഥങ്ങളുരത്തതു
ഞാനും ഭാഷാകവിയിലുരപ്പൻ;
 വിലയറിവാനരുതാകിയ രത്നം
വേറൊരു പൊന്നിൻചെപ്പിലതല്ലാ
 ലലവലയാകിയ തുകിലിൽപ്പൊതികിലു
മതിനുടെ മഹിമവിരോധം വരുമോ?”
 “പാരാശര്യമഹാമുനിതിലകൻ
പതിനെട്ടദ്ധ്യായത്തിലുരത്തതു
 നാരായണനരുളാലൊരു നരകൃമി
ഞാനുമിതൊരു പടി ചൊല്ക തുനിഞ്ഞേൻ.”

എന്നും അദ്ദേഹം വിജ്ഞാപനം ചെയ്യുന്നുണ്ടു്. ഇവയിൽ ആദ്യത്തെ ശീലിലേ ഉപമ കവി കമ്പരാമായണത്തിൽനിന്നു സ്വീകരിച്ചിട്ടുള്ളതാണു്. മേലുദ്ധരിച്ച ഭാഗങ്ങളിൽനിന്നു് കവിതയുടെ സ്വരൂപം മനസ്സിലാക്കാമെങ്കിലും രണ്ടു ശീലുകൾ കൂടി ഉദ്ധരിക്കാം.

 “അഴുതളവേ കണ്ണീർ മെയു് മാർവി-
ലതീവ പൊഴിഞ്ഞുടനർജ്ജുനഹൃദയേ
 മുഴുതുമെഴും ശോകാഗ്നി ശമിക്ക
മുകുന്ദാഞ്ജനമേഘം തന്നിടയേ
 അഴകിയ മന്ദസ്മിതമിന്നോടു
മനന്തരമേ ചൊൽ ധാരകളോടും
 വഴിയേയുണ്മ ജ്ഞാനമൃതമഴ
വർഷിപ്പാൻ വടിവൊടു നിനവുറ്റാൻ (2 – 6)
 നാടുകിൽ നല്ക്കുസുമങ്ങളിലുണ്ടാം
നന്മണമതിനെ വഹിച്ച സമീരണ
 നോടുമതിന്നു സമം വിഷയാദിക
ളൊക്കയുമേ തന്നിൽക്കൊണ്ടങ്ങനെ
 ഈടിയ ദേഹമൊടകലുംപോതിലു
മിടരൊടു വന്നു പിറപ്പതിനായേ
 കൂടൊരുകൂടെയ്തും പോതിലുമിവ
കൂടെക്കൊണ്ടു നടക്കും പ്രാണൻ.” (15 – 7)
16.6ഭാരതമാല

ഭാരതമാലയിൽ ആദ്യം ഭാഗവതം ദശമസ്കന്ധത്തിലേ കഥ സങ്ഗ്രഹിക്കുന്നു. പിന്നീടാണു് മഹാഭാരതകഥ ആരംഭിക്കുന്നതു്. ദശമകഥാസങ്ഗ്രഹത്തിനുമാത്രം ഭാരതമാലയെന്നും ബാക്കിയുള്ളതിനു മഹാഭാരതസംക്ഷേപമെന്നും ഒരാദർശഗ്രന്ഥത്തിൽ പ്രത്യേകം രണ്ടു പേരുകൾ ഞാൻ കണ്ടിട്ടുണ്ടെങ്കിലും ആദ്യത്തേതിനുമാത്രം ഭാരതമാലയെന്നു പേർ യോജിക്കാത്തതിനാൽ മുഴുവൻ കൃതിക്കും അതുതന്നെയാണു് നാമധേയമെന്നു് ഊഹിക്കുന്നു. കവി ആരംഭത്തിൽ ഇങ്ങനെ പറയുന്നു.

 “ഞാനം മിക്ക ജനം തുണചെയ്തൊരു
ഞാനമെനിക്കുണ്ടാവാനായേ;
 വാനം തന്നിലുദിക്കും ചന്ദ്രനു
വന്തിയലും മിന്മിനി, യുർവശിമുൻ
 കാനം തന്നിൽ വസിക്കും പേ പല
കാണവളോടിയലുംപോലേയും
 ഞാനറിവറിവാനായവനരുളാൽ
നാരായണചരിതം ചൊല്ലുന്നിതു.
 നാരായണചരിതം വ്യാസോക്തം
നാനാവേദപുരാണാഗാരം
 ചീരായിതു പണിയറിവാനെളിയൊരു
ശ്രീകഥ ഭാരതമാലയിതെന്നും
 പേരാൽ നിഷ്കളനാദി പുരാണൻ
പേരായിരമുള്ളച്യുതനമലൻ
 നാരായണനരുളാലേ ചൊല്ലി
നശിച്ചിതു പാപമെനിക്കിനിയെല്ലാം.”

കഥാസങ്ഗ്രഹത്തിൽ കവിക്കുള്ള പാടവം അന്യാദൃശമാകുന്നു. 1363 ശീലുകൾകൊണ്ടു് ദശമസ്കന്ധവും മഹാഭാരതവും സംക്ഷേപിക്കുക എന്നതു് അത്യത്ഭുതമായ ഒരു കവികർമ്മമല്ലെന്നു് ആർക്കു പറയാം? ചുരുക്കേണ്ട ഘട്ടങ്ങളിൽ ചുരുക്കിയും പരത്തേണ്ട ഘട്ടങ്ങളിൽ പരത്തിയുമാണു് ശങ്കരപ്പണിക്കർ അദ്ദേഹത്തിന്റെ കൃത്യം നിർവഹിച്ചിരിക്കുന്നതു്. സംഭവപർവത്തിൽ 54 ശീലുകളേ ഉള്ളു എങ്കിലും ഭാരതകഥയുടെ യഥാർത്ഥബീജമാകുന്ന ദ്രൌപദീവസ്ത്രാക്ഷേപം അന്തർഭവിക്കുന്ന സഭാപർവത്തിനു കവി 135 ശീലുകൾ വിനിയോഗിച്ചിരിക്കുന്നതു് അദ്ദേഹത്തിന്റെ ഔചിത്യബോധത്തിനു മകുടോദാഹരണമാകുന്നു. സംഭവപർവത്തിൽ ശന്തനുവിന്റെ ജനനത്തിനു മുമ്പുള്ള കഥകളൊന്നും സ്പർശിച്ചിട്ടില്ല. മാതൃക കാണിക്കാൻ ചില ശീലുകൾ ചുവടേ ചേർക്കുന്നു.

(1) പാഞ്ചാലീസ്വയംവരം
 “അരുതെൻറാശങ്കിച്ചാർ വിപ്രരു
മാകിൽച്ചെല്കെൻറാരതിലേ ചില
 രൊരുനൊടിയിൽക്കൊണ്ടവർകളെ വാസവി
യൊക്കവലംചെയ്തരചർകൾ നടുവേ
 പൊരു ചിലതന്നെ നമസ്കൃതി ചെയ്തഥ
പൊടിയുമൊഴിഞ്ഞു തൊടുത്താൻ വാണം
 കരുതിയ ലക്ഷവുമെയ്തു മുറിച്ചു
കരുത്തൊടു വന്നവൾ മാലയുമിട്ടാൾ
 ഇട്ടാരമരർകൾ പൂ വിജയന്മേ
ലിതു ദൈന്യം താനെൻറാരരചർകൾ;
 കഷ്ടാവസ്ഥയിതെൻറാർ മറയവർ;
കടുകെതിർ പൊരുതു തുലഞ്ഞാർ കൗരവർ;
 കെട്ടാർ ദുര്യോധനകർണ്ണാദികൾ;
ഖേദിതരായേ പോയാർ തോറ്റേ;
 വിട്ടാർ തേർ പാണ്ഡവർകളുമുടനേ
വിരയപ്പോയ് മാതാവിനു ചൊന്നാർ.”

(2) പാണ്ഡവന്മാരുടെ ധർമ്മനിഷ്ഠ
 “ആലേപനഭോജനവസ്ത്രാദിക
ളാലേ സന്തോഷിച്ചിതു മറയവർ;
 കാലേറിയ കുടയോടു ചെരിപ്പു
ഗജാശ്വാദികൾ ദാസീദാസരെയും
 പാലേറിയ പശുവോടു കടാവു
പലർക്കു കൊടുത്തദ്ധർമ്മസുതാദികൾ;
 നൂലേറിയ മാർവുടയ തപോധനർ
നുണ്ണറിവുടയോർ കൊണ്ടിതുവന്നേ.”

(3) പാഞ്ചാലിയുടെ വിലാപം
 “അച്യുത ശരണമനന്താ ശരണ
മനത്തുയിരാകിയവമലാ ശരണം;
 പിച്ചയിരന്നു മഹാബലിയസുരനു
പീഡ വരുത്തിയ വാമന, ശരണം;
 നച്ചരവിൽ [1] ത്തുയിൽ കൊണ്ടാ ശരണം
നാരായണ രക്ഷിച്ചരുളെന്റേ
 യച്ചമൊടവൾ ചൊന്നതിനുത്തരമാ
യാരുമുരത്തില്ലവരവരഴുതേ.”

(4) കർണ്ണവധം
 “ഇല്ലയിതിന്നു സമം മറ്റൊരു ശര
മിതുകൊണ്ടേ ഞാൻ കൊൽവൻ കർണ്ണനെ
 നല്ല ഗുരുക്കളനുഗ്രഹമോടേ
നല്കുക ഹോമാദികൾ ഫലമെന്റേ
 എല്ലയിലാ വെലമൊടു ഗാണ്ഡീവ
മെടുത്തു വലിച്ചൊരു മഴുവമ്പാലെ
 ചൊല്ലി മുറിച്ചാൻ കർണ്ണനുടേ തല
ചോരയൊടവനിയിൽവീണ്ണതുകാലം.” (കർണ്ണപർവം)
16.7രാമപ്പണിക്കരുടെ കൃതികൾ

രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്. ഒരമ്മാനപ്പാട്ടും ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പാത്മപുരാണം എന്നീ ഗ്രന്ഥങ്ങൾകൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സർവാധികാര്യക്കാർ പറയുന്നു. പാത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു്. ബ്രഹ്മാണ്ഡപുരാണത്തെപ്പറ്റി അന്യത്ര പ്രസ്താവിക്കും.

16.8രാമായണം

നിരണം കവികളുടെ കൃതികളിൽ രാമായണംപോലെ വിശിഷ്ടവും വിശ്വാകർഷകവുമായ ഒരു പ്രബന്ധമില്ലെന്നുള്ളതു സർവ്വസമ്മതമാണു്. ആ ഗ്രന്ഥം ആദ്യന്തം അമൃതമയമാണു്; അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദസുഖവും അർത്ഥചമൽകാരവും ഏതു സഹൃദയനേയും ആനന്ദപരവശനാക്കുകതന്നെ ചെയ്യും. രാമായണം മുഴുവൻ അദ്ദേഹത്തിന്റെ കൃതിയാണെന്നുള്ളതിനെപ്പറ്റി ആരുംതന്നെ സംശയിക്കേണ്ടതില്ല. യുദ്ധകാണ്ഡത്തിന്റെ അവസാനത്തിൽ രാമദാസനെന്നും ഉത്തരകാണ്ഡത്തിന്റെ ഒടുവിൽ രാമനെന്നും കവിയുടെ മുദ്രകൾ പ്രകാശിക്കുമ്പോൾ “മന്ദപ്രജ്ഞന്മാർക്കറിവാനായ് മനുകുലതിലകനുടേ വൃത്താന്തമിതന്ധൻ ഞാൻ കേവലമെങ്കിലും ഒട്ടായ പ്രകാരം ചൊല്ക തുനിഞ്ഞേൻ” എന്ന ബാലകാണ്ഡത്തിലെ പ്രസ്താവനയെ ആശ്രയിച്ചു് ‘ഒട്ടു്’ അതായതു രാമായണത്തിൽ ഒരംശം മാത്രമേ അദ്ദേഹം രചിച്ചുള്ളു എന്നു വാദിക്കുന്നതു് അശേഷം യുക്തിയുക്തമല്ല. ‘ഒട്ടു് ആയപ്രകാരം’ എന്നതിനു് ‘ഒരുവിധം ശക്തിക്കുതക്കവണ്ണം’ എന്നാണു് അർത്ഥം കല്പിക്കേണ്ടതു്. ഭാരതത്തിലും കവി ‘രാമകഥാമൊട്ടായപ്രകാരം ചൊന്നേൻ’ എന്നല്ലാതെ ‘രാമകഥായാമൊട്ടായ പ്രകാരം ചൊന്നേൻ’ എന്നു പറഞ്ഞിട്ടില്ലല്ലോ. വാല്മീകിരാമായണത്തെത്തന്നെയാണു് കവി അനുസരിക്കുന്നതെങ്കിലും പരിഭാഷയിൽ അഭിനന്ദനീയങ്ങളായ പല സ്വാതന്ത്ര്യങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടു്. മൂലത്തിലേ ആശയങ്ങൾ രസപുഷ്ടിക്കുവേണ്ടി സങ്കോചിപ്പിക്കണമെങ്കിൽ സങ്കോചിപ്പിക്കുകയും വികസിപ്പിക്കണമെങ്കിൽ വികസിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണു് അദ്ദേഹത്തിന്റെ നിയമം. പണിക്കർ തികഞ്ഞ ഒരു സംസ്കൃതപണ്ഡിതനായിരുന്നു എന്നും രാജശേഖരന്റെ ബാലരാമായണ നാടകം മുതലായ കൃതികളിൽനിന്നു് അദ്ദേഹം സന്ദർഭോചിതമായി ശ്ലോകങ്ങൾ തർജ്ജമ ചെയ്തു രാമായണത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇവിടെ പ്രസ്താവിക്കാനുള്ളതിനു പുറമേ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനുപോലും ആ മഹാകവി മാർഗ്ഗദർശിയായിരുന്നു എന്നുള്ളതിനും ലക്ഷ്യങ്ങൾ കാണ്മാനുണ്ടു്. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലെ

 “ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
 നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
 മൈഥിലി മയിൽപ്പേടപോലെ സന്തോഷം പൂണ്ടാൾ”

എന്ന വരികൾ കണ്ണശ്ശരാമായണം ബാലകാണ്ഡത്തിലെ

 “നരപാലകർ ചിലരതിനു വിറച്ചാർ,
 നലമുടെ ജാനകി സന്തോഷിച്ചാൾ
 അരവാദികൾ ഭയമീടുമിടിധ്വനി
 യാൽ മയിലാനന്ദിപ്പതുപോലെ”

എന്ന വരികളെ ഉപജീവിച്ചു് എഴുതിയതാണെന്നുള്ളതു വ്യക്തമാകുന്നു. പ്രസ്തുതഗ്രന്ഥത്തിന്റെ മഹിമ വാചാമഗോചരമാണെന്നു തെളിയിക്കുവാൻ ചില ശീലുകൾ താഴെ പ്രദർശിപ്പിക്കാം.

(1) സൂര്യോദയം
 “ആരണമയനമരാസുരസേവ്യ-
നനത്തുയിരാകിയ നാഥൻ തിരുവടി
 പൂരണനൊരു മരതകനിറമാമെഴു
പുരവികൾ പൂണ്ട രഥത്തിന്മേലേ
 സാരഥിയാമരുണനൊടാദിത്യൻ
താനുദയം ചെയ്തരുളിയ കാലം
 നീരിയലും നിയമങ്ങൾ മുടിച്ചാൻ
നൃപസുതരോടേ വിശ്വാമിത്രൻ.”
(ബാലകാണ്ഡം)

(2) പരശുരാമന്റെ വരവു്
 “കണ്ടാകുലമോടേ കാലാഗ്നി
കരുത്തൊടെരിഞ്ഞുവരുന്നതിതെന്നേ
 കൊണ്ടാർ ചിലർ; ആദിത്യന്മാർ പലർ
കൂടിവരുന്നതിതെന്നാർ ചിലരോ;
 കണ്ടാലറിയരുതെന്നാർ ചിലർ; ഇതു
കണ്ണാലെതിർനോക്കരുതെന്നാർ ചിലർ;
 ഉണ്ടാകിയ ഭയപരവശരായൊ
ന്നുരിയാടാതേ നിന്നാർ പലരും.”
(ബാലകാണ്ഡം)

(3) ദശരഥൻ കൈകേയിയോടു്
 “ഏതൊരു ജാതിയുടുപ്പോൻ വല്ക്കല
മെന്നുടെ പുത്രൻ ബാലനിരാമൻ
 മേദിനി മേലെല്ലാരുമുടുപ്പതിൽ
മേത്തരമെന്നിയുടുത്തറിയാതോൻ?
 ആദരവോടു സുഖോചിതനായുള
നായവനിന്നു വനത്തിനു പോയാ
 ലേതമിയന്നു നിലത്തു കിടപ്പാ
നെന്തവനിന്നു പിഴച്ചതു പാപേ?” (4) സുമന്ത്രർ കണ്ട ശ്രീരാമൻ
 “കണ്ടവർകൾക്കു മനോഹരമായേ
കാർമുകിൽപോൽ വടിവീടിയ മെയ്മേ
 ലെണ്ടിശയും കലരുന്ന സുഗന്ധ
മിണങ്ങിന കുങ്കുമപങ്കമണിഞ്ഞേ
 കൊണ്ടലിടയ്ക്കുലവും മിന്നൽക്കെതിർ
കൊണ്ട മഹാരത്നാഭരണം പൂ
 ണ്ടണ്ടർപതിക്കെതിരാകെയിരുന്ന നൃ
പാത്മജനെക്കണ്ടവനടി തൊഴുതാൻ.”
(അയോദ്ധ്യാകാണ്ഡം)

(5) മുനിവേഷത്തിൽ വന്ന രാവണൻ സീതയോടു്
 “പൂജിതനായവനവളെയതീവ
പുകണ്ണനുരാഗവശേന പറഞ്ഞാൻ:
 മേചകകാന്തി കലർന്നുലവീടും
വേരിമലർക്കുഴൽമെന്നടയാളേ!
 താർചരവീരനു ജീവിതമായേ
താവിയ രൂപഗുണം തവ കണ്ടാ
 ലാർ ചപലാശയരായു് മുടിയാതവ
രാക്കമതീവ കുറഞ്ഞിതെനിക്കോ.”
(ആരണ്യകാണ്ഡം)

(6) വസന്തവർണ്ണനം
 “കാണാ കോമളവല്ലികളാകിയ
കന്യകമാരെ നടം ചെയ്യിച്ചേ
 വീണാനാദമെനും നവഭൃംഗ
വിനോദമനോഹരഗീതത്തോടേ
 പൂണാരണിമുലമാരൊടുകൂടിയ
പുരുഷാണാമതി സുഖകരമായേ
 നീണാളും വനരങ്ഗേ മേവിന
നിരുപമമാരുതനർത്തകലീലാം.”
(കിഷ്കിന്ധാകാണ്ഡം)

(7) വർഷാവർണ്ണനം
 “ഇടിയാകിന്ന മിഴാവൊലിയാലുട
നേവർക്കും പരിതാപം കളവാൻ
 ചുടരേറും മിന്നൽപ്പുണരാകിയ
തൂയവിളക്കു കൊളുത്തി വിശേഷാൽ
 വടിവേലും വരിവണ്ടുകൾ പാട
മയൂരാദികൾ മകിഴ്വെയ്തും വണ്ണം
 നടനാകിയ കാർകാലം വന്നൊരു
നാടകമാടും പൊലിവിതു പാരാ.”
(കിഷ്കിന്ധാകാണ്ഡം) (8) ക്രുദ്ധനായ ലക്ഷ്മണൻ താരയോടു്
 “താനൊരു നല്ലതുതീയതുടൻ കരു
താതവനേ, താരേ! നിൻഭർത്താ;
 വേനൽ പുറന്നാലാരായ്വൻ ഞാൻ
വീറൊടു ദേവിയെയെന്നു പറഞ്ഞാൻ;
 ആനതുകേട്ടു പൊറുത്തോം വർഷ
മനന്തരമവനിവയൊക്കെ മറന്നേ
 പാനമദാന്ധതയോടുമിരുന്നാൻ
പകലേതിരവേതെന്നറിയാതേ.”
(കിഷ്കിന്ധാകാണ്ഡം) (9) ഹനൂമാൻ സീതയോടു രാമനെപ്പറ്റി
 “അവനതിസുന്ദരനിന്ദുസമാനന
നായതഭുജനരുണാംബുജനയനൻ
 കുവലയകാന്തി കലർന്ന നരേന്ദ്ര
കുമാരനിടന്തടവുംതിരുമാർവൻ
 തവമിയലും മുനിവേഷധരൻ കുശ
ധരസൗമ്യൻ കടിതടപരിശോഭിത
 നുവവിമികും ജംഘായുഗളൻ വടി
വുടയ പദാംബുജനംബുജനാഭൻ.”
(സുന്ദരകാണ്ഡം) (10) ഹനൂമാൻ കണ്ട രാവണൻ
 “ഏറ മനോഹരമാം കാർമുകിൽനിറ
മീടിയിടന്തടവും മാർവതിലേ
 കൂറരുതാതളമുത്തിൻമാലകൾ
കൂടനിലാവെഴുമെകിറുകളോടും
 വേറൊരു ചെന്താമരമലർമാല
വിളങ്ങിനപോലേ നേത്രാവലിയോടു,
 മാറില്ലയാമണികുണ്ഡലമണ്ഡന
മാർന്നു നിറന്ന മുഖാവലിയോടും,

(11)ഉമ്പർപുരാൻ മുതലാമമരന്മാ
 രുടനുടനേ വിട്ടസ്ത്രങ്ങളെയും
 വമ്പുട ദിഗ്ഗജദന്തങ്ങളെയും
മാർവതിലേറ്റ തഴമ്പുകളോടും
 തുമ്പമനത്തുലകത്തിനു നല്കി
ത്തുലവിയലാവടിവോടേ ദശമുഖ
 നിമ്പമിയന്നമരുന്നതു മാരുതി
യീടിയ ബഹുമാനത്തൊടു കണ്ടാൻ.”
(സുന്ദരകാണ്ഡം) (12) സമുദ്രത്തിൽ ശ്രീരാമന്റെ ബാണപ്രയോഗം
 “ലോകത്രയനാഥൻ പങ്കേരുഹ
ലോചനനനുപമദേഹമരീചികൾ
 പാകിപ്പലപാടും പകലവരൊരു
പതിനായിരമൊരുമിച്ചതുപോലേ
 മാഴ്കിത്തുലവിയലാതൊളിവോടു
മറുത്തെതിർ നോക്കരുതായു് നിൻറവിടേ
 വേഗത്തൊടു പല വാളികളെയ്താൻ
വീരതരൻ മകരാകരമതിലേ”
(യുദ്ധകാണ്ഡം)

(13) ആദിത്യഹൃദയം
 “ദേവവിരോധിനാശന! വിശ്വസാക്ഷിയുമായെന്നാളും
 നീതി മികുത്ത കാഞ്ചനകാന്തിയുള്ളവനേ! നമസ്തേ;
 ആവികുളുർക്കുമാറു നിനച്ചവർക്കരുൾചെയ്യും മാർത്താ
 ണ്ഡായ സമസ്തലോകവിലോചനായ നമോ നമസ്തേ;
 കേവലമ്മിക്ക ഭൂതങ്ങളെപ്പടച്ചുമഴിച്ചും നീയേ
 കേടുവരുത്തിയൊക്ക വരട്ടി വർഷമിയറ്റുവോന്മ
 റ്റാവി നശിച്ചപോലുറങ്ങിന്നവർക്കുണർവെക്കൊടുപ്പോ
 രാദിപുരാണനേ! കരുണാകരായ നമോ നമസ്തേ”
(യുദ്ധകാണ്ഡം)

(14) ശ്രീരാമസ്തോത്രം
 “ജയജയ മന്ദരശൈലമുയർപ്പാൻ
ചെമ്മേ കൂർമ്മവുമായവനേ! ജയ;
 ഭയമിയലാതവനിയെ മീൾവാനായ്
പന്നിയുടേ വടിവാനവനേ ജയ;
 തുയർകെട നരസിംഹാകൃതിയായ
സുരേശ! ഹിരണ്യാന്തകനേ ജയ ജയ;
 നയമൊടു വാമനനായു് മാബലിയൊടു
നാടു പറിച്ച നരോത്തമനേ ജയ;
 ജയ ജയ ഭാർഗ്ഗവരാമാകൃതിയായു്
ച്ചെമ്മേ മൂവെഴുതുട മുടിമന്നരെ
 നയമിയലാതേ കൊന്നുദകക്രിയ
നലമൊടുചെയ്ത മഹാത്മാവേ! ജയ;
 ഭയകരനായ ദശാനനെക്കൊല
പരിചൊടു ചെയ്തെങ്ങൾക്കിടർ തീർപ്പാ
 നുയർ പുകഴോടിതു കാലം ഭാനുകു
ലോത്ഭവനായുളവായവനേ ജയ.”
(ഉത്തരകാണ്ഡം)

എന്തൊരവിച്ഛിന്നധാരമായ ശബ്ദപ്രവാഹം! എന്തൊരനന്യസുലഭമായ കവനകലാപാടവം!!

16.9ഭാഗവതം

കണ്ണശ്ശഭാഗവതവും ഒരു മഹാപ്രബന്ധമാണു്. ദശമസ്കന്ധത്തിലെ ഓരോ അദ്ധ്യായവും കവി പ്രത്യേകമായി തർജ്ജമ ചെയ്തിരിക്കുന്നു. മൂലത്തിലെ തൊണ്ണൂറദ്ധ്യായങ്ങൾക്കു പകരം ഭാഷയിൽ ശ്രുതിഗീതാദ്ധ്യായം വിട്ടും ഏകാദശസ്കന്ധസംക്ഷേപത്തിനു രണ്ടദ്ധ്യായങ്ങൾ വിനിയോഗിച്ചും ഭാഷയിൽ തൊണ്ണൂറ്റൊന്നധ്യായങ്ങളാക്കിയാണു് ആ കൃതി രചിച്ചിട്ടുള്ളതു്. രാമായണത്തിലെന്നപോലെ മനോഹരമായ ഒരു ഭഗവൽസ്തുതി ഈ ഗ്രന്ഥത്തിന്റേയും ഒടുവിലുണ്ടു്. “ശ്രീകൃഷ്ണമഹാകഥ നിതരാം സംക്ഷേപിപ്പാനായേ” എന്നു് ആരംഭത്തിൽ കവി തന്റെ ഉദ്ദേശം വെളിവാക്കുന്നുണ്ടെങ്കിലും ആ കഥ അത്ര വളരെയൊന്നും സംക്ഷേപിച്ചിട്ടില്ല. “ഉല്ലാസത്തൊടു വിനതാതനയനുയർന്നു പറന്നാകാശേ മറ്റൊരു പൊല്ലാമക്ഷിക തന്നാലാവതു പൊങ്ങുവതിന്നാരേ മുനിയുന്നോർ?” എന്നു രാമായണത്തിൽ ചോദിക്കുന്ന കവി “ആദരവോടൊരു ബാലകനിതമായാകാശേ മരുവീടിയ ചന്ദ്രനെ നീതിയിനോടു പിടിപ്പതിനായേ നിതരാം ക്ലേശിക്കുന്നതുപോലെ” യാണു് തന്റെ ഉദ്യമമെന്നു ഭാഗവതത്തിലും “വാനിലെഴും നിറമാമതിതന്നെ മകിഴ്ന്തൊരു ബാലകനിങ്ങുപിടിപ്പാൻ താനൊരു കൈ നീട്ടിൻറതിനോടു സമാനമിതു്” എന്നു് ആ ആശയത്തെത്തന്നെ ഭങ്ഗ്യന്തരേണ പരാവർത്തനം ചെയ്തു ഭാരതത്തിലും പ്രകടീകരിച്ചു തന്റെ ശാലീനതയെ ഗ്രന്ഥംതോറും വെളിപ്പെടുത്തുന്നു. ശബ്ദനിഷ്കർഷ താരതമ്യേന വളരെ കുറവുള്ള ഒരു ഗ്രന്ഥമാണു് ഭാഗവതം; രാമായണത്തിന്റെ ഗുണം അതിനില്ല; അതു പണിക്കർ എപ്പോൾ രചിച്ചു എന്നു പറവാൻ നിർവാഹമില്ല. ഒന്നുരണ്ടു് ഉദാഹരണങ്ങൾ ചേർക്കുന്നു.

(1) കുവലയാപീഡം‌
“നാരായണനിടിയൊലിപോലുള്ളൊരു
 നാദത്തോടിതു ചൊല്ലിയ വചനം
 നേരേ കേട്ടെരിയും കോപത്തൊടു
നിതരാം പ്രേരിച്ചാനതു കാലം;
 താരാർമകൾമണവാളനെ നോക്കി
ത്തരസാ കാലാന്തകയമനോടെതിർ
 നേരാകിയ ഗജവരനതുനേരം
നേരേ ചെന്നു പിടിച്ചാനല്ലോ.” (2) പ്രഭാതത്തിൽ ഗോപസ്ത്രീകൾ
 “പാടക കങ്കണ മണി ചേർന്നീടിന
പാണികളാലേ രജ്വാകർഷണ
 മാടിന കുണ്ഡലകുന്തളകുങ്കമ
മതിനാൽ മണ്ഡിതമാം മുഖകമലം
 കൂടതു നേരത്തിളകിന മുലകൾ
ഗുരുത്വമിയൻറീടും കടിതടമൊടു
 കൂടിന ഗോപാങ്ഗനമാരേറ്റം
കുരുകുലതിലകാ! ശോഭിതരായാർ.”
16.10ശിവരാത്രി മാഹാത്മ്യം

എല്ലാ കൃതികളും വിഷ്ണുപരമായിരിക്കേണ്ട എന്നു വിചാരിച്ചാണു് തൃക്കപാലീശ്വരത്തിലേ ശിവന്റെ ഭക്തനും കൂടിയായ രാമപ്പണിക്കർ പ്രസ്തുത പ്രബന്ധം രചിച്ചതു് എന്നു തോന്നും. ആകെ നൂറ്റമ്പതു ശീലുകൾ ഈ ‘ഭാഷാസംക്ഷേപ’ത്തിലുണ്ടു്. സുകുമാരൻ എന്ന ബ്രാഹ്മണൻ അനവധി പാപങ്ങൾ ചെയ്തു് ഒരു ചണ്ഡാലിയുമായി വളരെക്കാലം രമിക്കുകയും അതിനിടയിൽ ഒരു ശിവരാത്രി തന്റെ പ്രിയതമയ്ക്കുവേണ്ടി പുഷ്പാന്വേഷണത്തിനു പോയപ്പോൾ ശിവനെ മറ്റുള്ളവരുടെ കൂട്ടത്തിൽ ദൂരെനിന്നു് ആകസ്മികമായി തൊഴുകയും ചെയ്തു. അയാൾക്കു മരണാനന്തരം ശിവലോകം പ്രാപിക്കുവാൻ സങ്ഗതി വന്നതാണു് വിഷയം. വിസ്മയനീയമായ ചാതുര്യത്തോടുകൂടി കവി ഈ കഥ പ്രതിപാദിച്ചിരിക്കുന്നു. രചന കൊണ്ടു മിക്കവാറും കണ്ണശ്ശരാമായണത്തോടു കിടനില്ക്കുന്ന ഒരു കൃതിതന്നെയാണു് ശിവരാത്രിമാഹാത്മ്യം. രണ്ടു ശീലുകൾ ഉദ്ധരിക്കാം.

(1) ശിവദൂതന്മാർ
 “കന്തശരാസനബാണനിശാത
കഠാരായുധരായു് നിർമ്മലരായേ
 സുന്ദരരായഥ ബാഹുചതുഷ്ടയ
ശോഭിതരായതിമുഷ്കരരായേ
 ചന്തമമർന്ന ജടാഭാരത്തൊടു
ചർമ്മാംബരരായു് ഭസ്മാകൃതിയൊടു
 മിന്ദുകലാപമണിഞ്ഞഖിലാങ്ഗവു
മീശ്വരദൂതരിതത്തൊടു നിന്നാർ.” (2) ശിവഗണേശ്വരന്മാർ
 “ആയതബാഹുചതുഷ്ടയശോഭിത
രായതിനിർമ്മല ഭസ്മോദ്ധൂളിത
 കായരുമായേ ചർമ്മാംബരരായു്
ക്കാലാന്തകസമവിക്രമരായേ,
 മായയെ നീക്കും ബ്രഹ്മശിരാവലി
മാലാധരരായു് ദുഷ്കരരായേ
 തൂയഗണേശ്വരരെക്കണ്ടകമേ
സുഖമായിതു വൈവസ്വതനവിടേ.”

‘ഭാഷാമിശ്രമിതെൻറികഴാതേ’ തന്റെ കൃതി പരായണം ചെയ്യുന്നവർ ശങ്കരലോകം പ്രാപിക്കുമെന്നും കവി ഒടുവിൽ ഫലശ്രുതിരൂപത്തിൽ പ്രസ്താവിക്കുന്നു. അത്തരത്തിലുള്ള കൃതികളുടെ നേർക്കു് അന്നത്തേ സംസ്കൃതപക്ഷപാതികൾ നെറ്റി ചുളിച്ചിരുന്നു എന്നു് ഊഹിക്കുവാൻ ഈ പ്രസ്താവന വഴിനല്കുന്നു.

16.11ഭാരതം

മഹാഭാരതകഥ സാമാന്യേന വിസ്തരിച്ചു പ്രതിപാദിക്കുന്ന ഒരു ദീർഘമായ പ്രബന്ധമാണു കണ്ണശ്ശഭാരതം. ഭാരതമാലയിലെന്നപോലെ ആദ്യമായി ഒരു ദശമസ്കന്ധ സംക്ഷേപം ഇതിലുമുണ്ടു്. പിന്നീടു മുറയ്ക്കു പൗലോമം മുതല്ക്കുള്ള കഥ പ്രപഞ്ചനം ചെയ്യുന്നു. രാമപ്പണിക്കർ ഈ ഗ്രന്ഥം അവസാനിപ്പിച്ചുവോ എന്നു സംശയമാണു്. ദ്രോണപർവത്തിനുമേലുള്ള ഭാഗങ്ങൾ ഞാൻ കണ്ടിട്ടില്ല.

 “വല്ലവവാലകനാകിയ കൃഷ്ണൻ
വസുധാഭാരം തീർത്തപ്രകാരം
 ചൊല്ലുകിലാമതിനൊടു ചേർന്നോ ചില
ശുഭകഥകളുമിടർ കളവാനായേ.”

എന്ന വരികളിൽ ആദ്യം തന്നെ തന്റെ അഭിസന്ധി കൃഷ്ണകഥാനുകീർത്തനമാണെന്നും അതിനു് ഒരു സൗകര്യം ഭാരതം നല്കുന്നതുകൊണ്ടാണു് അതിനെ താൻ ഭാഷപ്പെടുത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ടു്. കവിതയ്ക്കു പ്രായേണ ശിവരാത്രിമാഹാത്മ്യത്തിന്റെ ഗുണമുണ്ടു്. ഒരു ശീൽ ചുവടേ ചേർക്കാം.

 “കോമളപുഷ്പലതാപരിവേഷ്ടിത
കോടരവൃക്ഷമനോഹരനൈമിശ
 മാമടവിയിൽ മുനി ശൗനകനീരാ
റാണ്ടൊരു യാഗം ചെയ്വതുകാലം
 തീമയിലാനുഗ്രശ്രവസാഖ്യൻ
ധീരൻ സൂതസുതൻ പൗരാണിക-
 നാമിനി മുനികളെയടിതൊഴുവാനെ
ന്റാശ്രമമതിലേ ചെൻറാനൊരുനാൾ.”

ആങ്ഗലേയസാഹിത്യത്തിൽ ‘സ്പെൻസർ’ എന്ന കവിസാർവഭൗമന്റെ സ്ഥാനമാണു് കേരളസാഹിത്യത്തിൽ രാമപ്പണിക്കർക്കു നല്കേണ്ടതു്.

16.12ഗുരുഗീത

ഇതു മുൻപറഞ്ഞ നിരണം കവികളിൽ ഒരാളുടെ കൃതിയാണെന്നു വിചാരിക്കുവാൻ യാതൊരു മാർഗ്ഗവുമില്ല. ഭാഷയ്ക്കു് അത്രവളരെ പഴക്കമില്ല; കവിത തീരെ പൊട്ടയാണു്; വൃത്തത്തിന്റെ കഥയും ഒരുമാതിരി പരുങ്ങൽ തന്നെ. എതുകമോനകളും അന്താദിപ്രാസവുമില്ല. ചില ആശയങ്ങളില്ലെന്നില്ലെങ്കിലും അപശബ്ദങ്ങൾ സുലഭങ്ങളാണു്. ഗുരുവിന്റെ മാഹാത്മ്യത്തെ ശ്രീപരമേശ്വരൻ പാർവതീദേവിയോടു പറഞ്ഞുകേൾപ്പിക്കുന്നതാണു് കഥാവസ്തു. ആകെ 72 ശീലുകളുണ്ടു്. ഒരു ശീലുദ്ധരിക്കാം.

 “കൈലയിലമരും ഭക്താനുഗ്രഹ
തൽപരനാകിയ ശ്രീശങ്കരനെ
 ഭക്തിയൊടേ വന്ദിച്ചഥ പാർവ്വതി
ദേവിയുമൊരുനാൾ ഗുരുതത്വവിശേഷം
 കേൾപ്പാനിച്ഛിച്ചവനൊടു ചോദ്യം
ചെയ്കയിലേറ്റം പരമാനന്ദം
 പൂണ്ടതിനുടെ വിവരം കേൾക്കെ (ന്ന)
ന്നരുളിച്ചെയ്തു പറഞ്ഞുതുടങ്ങി”

ഒടുവിൽ മലയിൻകീഴു് കൃഷ്ണനെ വന്ദിച്ചിട്ടുണ്ടു്. അതുകൊണ്ടു കണ്ണശ്ശന്റെ കുടുംബത്തിൽ ജനിച്ച പശ്ചാൽകാലികനായ ഒരു കവിയാണു് അദ്ദേഹം എന്നു മാത്രം സങ്കല്പിക്കാം. ആകെക്കൂടി നോക്കുമ്പോൾ ഈ ക്ഷുദ്രകവിതയ്ക്കു ഭാഷാസാഹിത്യവേദിയിൽ പ്രവേശമനുവദിക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു.

16.13സീതാസ്വയംവരം അമ്മാനപ്പാട്ടു്

രാമായണത്തെ വിഷയീകരിച്ചു് ഒരു ചെറിയ അമ്മാനപ്പാട്ടുണ്ടു്. കവിമുദ്രയില്ലെങ്കിലും ഭാഷാരീതികൊണ്ടും കണ്ണശ്ശരാമായണഗ്രന്ഥത്തിന്റെ ഒടുവിൽ ചേർത്തുകാണുന്നതു കൊണ്ടും അതു രാമപ്പണിക്കരുടെ കൃതിയാണെന്നു് ഊഹിക്കാം. കേരളത്തിൽ പല ജാതിക്കാരുടെ ഇടയിലും ഏതാനും കൊല്ലം മുമ്പുവരെ പ്രചുരപ്രചാരമായിരുന്ന ഒരു വിനോദകലയാണു് അമ്മാനാട്ടം; അതിനു് ഉപയോഗപ്പെടത്തക്കവിധത്തിൽ നിർമ്മിച്ചിട്ടുള്ള ഗാനങ്ങളാണു് അമ്മാനപ്പാട്ടുകൾ. തലയിൽ നിറകിണ്ടി വച്ചു് അതിൽനിന്നു താളത്തിനു വെള്ളത്തുള്ളികൾ വീഴുമാറു് അമ്മാനമാടുവാൻ വശമുള്ള ‘ഈഴവാത്തി’ സ്ത്രീകൾ അടുത്തകാലംവരെയുണ്ടായിരുന്നു എന്നും കിണ്ടിയിലെ വെള്ളത്തുള്ളികൾ നിലത്തും ആടുന്ന കായ്കൾ കൈകളിലും വീഴത്തക്കവണ്ണം അവർ ആ കലയിൽ അത്യത്ഭുതമായ ‘സാധകം’ സമ്പാദിച്ചിരുന്നു എന്നും അഭിജ്ഞന്മാർ പ്രസ്താവിക്കുന്നു. ദക്ഷിണകേരളത്തിലേയും മദ്ധ്യകേരളത്തിലേയും അമ്മാനപ്പാട്ടുകൾക്കു വൃത്തസംബന്ധമായും മറ്റും വ്യത്യാസമുണ്ടു്. സീതാസ്വയംവരത്തിൽ ആകെ പത്തൊൻപതു ശീലുകളേയുള്ളു. അന്താദിപ്രാസത്തിനുപകരം കവി പ്രസ്തുതകൃതിയിൽ അകാരാദിക്രമമാണു് സ്വീകരിച്ചിരിക്കുന്നതു്. ആദ്യത്തെ ശീൽ അടിയിലുദ്ധരിക്കുന്നു.

 “അച്യുതൻ കരുണാകരൻ തരുണാരുണാംബുജലോചനൻ
 അഖിലജനമനകമലനിരുപമനിലയനരി പുരുഷോത്തമൻ,
 പച്ചമാൻ നാരായണൻ പാലാഴിയിൽത്തുയിൽകൊണ്ടവൻ,
 പരമഗുരുമുരവൈരിമധുരിപു സകലഗുണപരിപാവനൻ,
 ഇച്ചയായതിനിർമ്മലൻ പീതാംബരൻ ദൈത്യാന്തകൻ,
 ഇനിയ രവികുലമഹിതദശരഥനൃപതിതനയനതായവൻ,
 ഇഷ്ടമായ് മുനിപുങ്ഗവൻ നൃപനോടിരന്നതുമൂലമാ
 യിതമൊടനുജനൊടുഴറി നടന്നിതെന്നാടുകമ്മാനേ.”
16.14തൃക്കപാലീശ്വരസ്തോത്രം

നിരണത്തു കൃഷ്ണപ്പണിക്കരുടെ തൃക്കപാലീശ്വരസ്തോത്രം എന്നൊരു കൃതിയുണ്ടു്. ആകെ പതിനെട്ടു പാട്ടുകളാണു് അതിലടങ്ങിയിരിക്കുന്നതു്. “നിരണകപാലീശ്വരമമരും ഗിരിതനയാരമണ തൊഴുന്നേൻ” എന്നാണു് എല്ലാ പാട്ടുകളും അവസാനിക്കുന്നതു്. ഒരു പാട്ടു ചുവടേ ചേർക്കുന്നു.

 “കങ്കുമകളഭങ്ങളതണിയും മങ്കയിൽമണിയാകിയ പാർവ്വതി
 വഞ്ചനചെയ്തഞ്ചിക്കൊഞ്ചിക്കൊങ്കയിൽ വച്ചമ്പൊടു പുണരും
 പങ്കജമലരമ്പനെ വെന്നൊരു ശങ്കരനുടനെങ്കൽ വിളങ്ങുന്ന
 നിരണകപാലീശ്വര …”

കവിതയ്ക്കു ഭഗവദ്ഗീതയേയും രാമായണത്തേയും മറ്റുംപോലെയുള്ള പഴക്കം തോന്നുന്നില്ല; അവയുടെ അടുത്തെങ്ങും ആസ്വാദ്യതാവിഷയത്തിൽ സമീപിക്കുവാനുള്ള യോഗ്യതയും കാണുന്നില്ല. ‘കണ്ണശ്ശ’ന്റെ തറവാട്ടിൽ പിൻകാലത്തു ജനിച്ച ഒരു കവിയായിരിക്കാം ഈ കൃഷ്ണപ്പണിക്കർ.

16.15ശ്രീവല്ലഭകീർത്തനം

നിരണംകവികളിൽ ഏതോ ഒരാളുടെ കൃതിയാണു് അഞ്ചു ശീലുകൾമാത്രം അടങ്ങീട്ടുള്ള ശ്രീവല്ലഭകീർത്തനം. മലയിൻകീഴു് മഹാവിഷ്ണുവിനെയാണു് ഈ കൃതിയിൽ വന്ദിച്ചിരിക്കുന്നതെങ്കിലും ‘നമശ്ശിവായ’ എന്ന ശൈവമന്ത്രത്തിലേ അഞ്ചക്ഷരങ്ങൾകൊണ്ടാണു് ഇതിലേ ശീലുകൾ യഥാക്രമം ആരംഭിക്കുന്നതു്. ഇതിനു കാരണം തിരുവല്ലയിലെത്തേവരായി മലയിൻകീഴിൽ പ്രതിഷ്ഠിതനായ വിഷ്ണുവിനെയാണു് കവി സ്തുതിക്കുന്നതെങ്കിലും, അദ്ദേഹത്തിന്റെ ജന്മഭൂമിയായ നിരണത്തു തൃക്കപാലീശ്വരത്തു ക്ഷേത്രത്തിലെ ശ്രീപരമേശ്വരനെക്കൂടി ഘടിപ്പിക്കണമെന്നു് അദ്ദേഹത്തിനുള്ള താൽപര്യമാണെന്നുള്ളതു സ്പഷ്ടമാകുന്നു. രണ്ടു ശീലുകൾ മാത്രം ചുവടേ കുറിക്കുന്നു.

 “നല്ലോരരവണമേലാഴിയിൽ
മെല്ലെത്തുയിലാകിയ മാധവ
 നല്ലോ നരജാതികളിടതീർ
ത്തുല്ലാസം രക്ഷിച്ചരുളും
 ചൊല്ലാർന്നന മലയിൻകീഴ്ത്തിരു
വല്ലഭനേ! നിൻപദപങ്കജ
 മെല്ലാനാളും തൊഴുതേൻ ശ്രീ
മാധവ പാഹി തൊഴുന്നേൻ.
 മണ്ണെയളന്നീരടിയാക്കിയ
കണ്ണാ കരുണാകര മരതക
 വർണ്ണാ നിൻപദമിരുപൊഴുതും
വിണ്ണോർ തൊഴുതീടുമവർക്കും
 എണ്ണിയ വൻവിന തീർത്തീടും
വെണ്ണകൾ കളവാണ്ടുണ്ടവനേ കേൾ
 എന്നേയും രക്ഷിക്കനുദിനവും
ശ്രീമാധവ പാഹി തൊഴുന്നേൻ.”
16.16നിരണവൃത്തങ്ങൾ

നിരണം കവികളുടെ കൃതികളിലേ ഭാഷയെ മുത്തമിഴു് (തികഞ്ഞമിഴ്) എന്നു ചിലർ വ്യവഹരിക്കുന്നതു് അതിലെ പഴയ മലയാന്തമിഴിലുള്ള പല പദങ്ങളേയും പ്രയോഗങ്ങളേയും കണ്ടിട്ടായിരിക്കണം; തമിഴ്, മലയാളം, സംസ്കൃതം ഈ മൂന്നു ഭാഷകളുടേയും സമ്മേളനം അവയിൽ സ്ഫുരിക്കുന്നതുകൊണ്ടാണെന്നു തോന്നുന്നില്ല. ഏതായാലും അത്തരത്തിലുള്ള സമ്മേളനത്തിനു് ഒരു ആകർഷകമായ സൗന്ദര്യവും സൗരഭ്യവുമുണ്ടെന്നു ഹൃദയാലുക്കൾ സമ്മതിക്കുകതന്നെ ചെയ്യും. നിരണംകവികൾ പ്രയോഗിച്ചിട്ടുള്ള വൃത്തങ്ങളിൽ അതിപ്രധാനമായിട്ടുള്ളതു് 16 മാത്രകൾ വീതമുള്ള ഈരണ്ടു ഖണ്ഡങ്ങളടങ്ങിയ നാലു് ഈരടികൾ ഉൾക്കൊള്ളുന്ന ഒന്നാണു്. അതിനേയും തരങ്ഗിണിയെന്നു പറയാം; എന്നാൽ തുള്ളൽപ്പാട്ടിലെ തരങ്ഗിണിക്കു ശീലുകളുടെ മാതിരി വിരാമമില്ലാത്തതും അതു് ഈരടികൾ കൊണ്ടുമാത്രം നിബന്ധിച്ചിട്ടുള്ളതുമാണെന്നു് ഒരു വ്യത്യാസമുണ്ടു്. ‘ആനന്ദാമൃതസാരമരൂപമശേഷജഗൽപരിപൂർണ്ണവുമായേ’ എന്നതു രാമായണം ആദ്യത്തെ ശീലിലെ നാലീരടികളിൽ ആദ്യത്തേതാണു്. ഇതുകൂടാതെ വേറേയും ചില വൃത്തങ്ങൾ നിരണംകവികൾ ഇടയ്ക്കിടയ്ക്കു സ്വീകരിച്ചിട്ടുണ്ടു്.

(1)“ആയിതനുരാഗമതുകാലമഥ കൗസ
ല്യാതനയനാകിയ കുമാരനിലെവർക്കും.” (2)“രാജാധിദേവിമകൾ രാജീവലോചനാ
രാജേന്ദ്രനച്യുതനിൽ രാഗം മുഴുത്തുപോയു്” (3)“മേദിനീയിലേവനിങ്ങു വേദമൂർത്തിയായെങ്ങും
ബോധരൂപനാം നിനക്കു പൂജചെയ്തിടുന്നതും” (4)“മറ്റൊരുത്തനെ സ്തുതിച്ചു മത്സ്യരാജനും വെകുണ്ടു
നെറ്റിമേലെറിന്ത ചൂതുനേർചൊരിന്ത ശോണിതത്തെ” (5)“തിറമൊടിലകുന്ന കാർകൂന്തലും കാന്തിചേർ
തിരുനുതലുമായതാതാമ്രനേത്രങ്ങളും.” (6)“ചൊല്ലിയിവണ്ണമാചമനാദി ചെയ്തണിമേനിതന്മേൽ
ശോഭിതമായ ചട്ടയുമിട്ടെടുത്തു ശരങ്ങൾ ചാപം.”

ഇവ അവയിൽ ചില വൃത്തങ്ങളിലെ ഈരടികളാണു്. അതാതുവൃത്തത്തിനൊപ്പിച്ചു് അക്ഷരങ്ങൾ ചിലപ്പോൾ തമിഴിലെ വികാരവിധികളനുസരിച്ചു് നീട്ടിയും കുറുക്കിയും തുറന്നും അടച്ചും ഉച്ചരിക്കേണ്ടതുണ്ടു്. ‘മേദിനീയിൽ’ എന്ന പ്രയോഗം നോക്കുക.

16.17രാമായണസംക്ഷേപം

അക്കാലത്തുതന്നെ രാമായണകഥ സംക്ഷേപിച്ചു ഭാരതമാലയ്ക്കു സദൃശമായി ഒരു കൃതി അന്താദിപ്രാസവും മറ്റുമൊപ്പിച്ചു് ആരോ രചിച്ചിട്ടുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനം കണ്ടുകിട്ടീട്ടില്ലാത്തതിനാൽ പ്രണേതാവാരെന്നു നിർണ്ണയിക്കുവാൻ നിർവ്വാഹമില്ല. അതിൽനിന്നു രണ്ടു ശീലുകൾ ചുവടേ ചേർക്കാം.

(1) പ്രാരംഭം
 “അരചൻ ദശരഥനാത്മജനായ് വ
ന്നവതാരംചെയ്തിതു കൗസല്യയിൽ
 അരവിന്ദാക്ഷനനന്തജഗൽഗുരു
വനുജന്മാർ കൈകേയി സുമിത്രയിൽ
 ഒരു വഴിയേയുളവായിതു പുത്രരു
മുടനേ ചെയ്തിതു ജാതകകർമ്മം
 വരമിയൽ നാമാദികളും ചെയ്തു
വളർന്നിതു വളതളതാലിയണിന്തേ.”
(2) സീതാവർണ്ണനം
 “കണ്ടിതിരുണ്ടിളകും മലിശോഭ
കവിഞ്ഞുയരെത്തിരുകീടിന കാർകുഴൽ
 അണ്ട [2] രരണ്ടു തൊഴും നുതൽ ചില്ലിവി
ല്ലംബുജലോചനയുഗളം നാസിക
 ചണ്ഡരുഗാകൃതി കുണ്ഡലകാന്തി
ചലിച്ച കപോലതലങ്ങളുമേറ്റം
 തണ്ടലർവാണഭയം കെടുവാൻ മധു
തണ്ടിന വായ്പവഴം മുഖകമലം.”
16.18ശ്രീരാമസ്തോത്രം

ഇതും അത്യന്തം ഹൃദ്യമായ ഒരു കൃതിയാകുന്നു. രാമായണകഥ മുഴുവൻ പ്രതിപാദിച്ചിട്ടുണ്ടു്. കവിത അക്കാലത്തേതുതന്നെ. അഞ്ചു ശീലുകളേ ഉള്ളൂ. മാതൃക താഴെക്കാണിക്കുന്നു.

(1)“മുതിർന്നലതന്നിലമർന്നണ്ണലേ ജയ;
മുകിലൊളിനിറമുടയമൃതേ ജയ ജയ;
 കുതിരവർകുലമമർന്നമലാ ജയ ജയ;
കനവിയ ദശരഥതനയാ ജയ ജയ;
 ഇതവിയ മുനി തുണ നടന്നാ ജയ ജയ;
ഇടർചെയ്യുമവളുയിർ കളഞ്ഞാ ജയ ജയ
 അതിശയമസുരർമെയ്പിളർന്നാ ജയ ജയ
അരുമറയവരിടയമർന്നാ ജയ ജയ.”

(2)“വകവക മുനികൾ മെയ്തൊഴുതാ ജയ ജയ;
വന്ന നിശിചരി മുലയരിഞ്ഞാ ജയ ജയ;
 പുകഴൊടു കരനുയിർ കളഞ്ഞാ ജയ ജയ;
പുനരൊരു മൃഗമെയ്തു തിരിഞ്ഞാ ജയ ജയ;
 അലർമകൾ പിരിഞ്ഞഴിഞ്ഞഴുതാ ജയ ജയ;
അതിനൊരു കവി തുണനടന്നാ ജയ ജയ;
 തിചയറികവനെൻറിതുരച്ചാ ജയ ജയ;
തിചയറിഞ്ഞവരൊടു നടന്നാ ജയ ജയ.”
16.19തിരുക്കണ്ണിയാലണ്ണൽസ്തുതി

ഇതു് ഒരു ശിവസ്തോത്രമാണു്. ‘തിരുക്കണ്ണിയാൽ’ എവിടമെന്നറിയുന്നില്ല. അതിൽനിന്നു് ഒരു ശീൽ ഉദ്ധരിക്കുന്നു.

 “ഞാലമീരേഴുമുണ്ടായർകോനു മുകം
നാലുളോനും പിന്നെപ്പൻറിയും പുള്ളുമായു്;
 മൂലവും മേൽമുടിന്തേടവും തേടിനാർ
മൂവരായ്നിൻറു കണ്ടീലല്ലോ പിന്നെയും;
 വേലയാലാലമുണ്ടയ്യനേ! നൽപ്പൊന്നേ!
വേലതൻ കൂട്ടുടൻ കൂടിനിന്നാടുവാൻ
 കാലകാലാ പിരാനേ! കൊതിക്കുന്നുതെൻ
കാലു രണ്ടും തിരുക്കണ്ണിയാലണ്ണലേ!”
16.20പാശുപതാസ്ത്രലാഭം പാട്ടു്

നിരണം കവികളുടെ കാലത്തു വിരചിതമായ മറ്റൊരു കൃതിയാണു് പാശുപതാസ്ത്രലാഭം പാട്ടു്. കവി അവരിലൊരാൾതന്നെയോ എന്നറിവില്ല. എന്നാൽ ഭാഷാരീതികൊണ്ടും അന്താദിപ്രാസഘടനകൊണ്ടും മറ്റും അതിന്റെ കാലം അനായാസേന നിർണ്ണയിക്കാവുന്നതാണു്. താഴെക്കാണുന്ന ശീലുകൾ നോക്കുക.

 “ആനനമാനയുടേ വടിവാനവ
നാതിവിനായകനംബികതനയൻ
***
 വാനവർ കൗന്തേയൻ വിജയന്നു മ
ഹേശ്വരനസ്ത്രം നല്കിയതിപ്പോൾ
 ഞാനുരചെയ്യാംവണ്ണമിതിന്നൊരു
ഞാനം തരികയെനിക്കു വിരഞ്ഞേ,
 വിരഞ്ഞരുൾചെയ്വിതുവായ്മകൾ താനും
ബ്രഹ്മൻതിരുവടിയും തിരുമാലും
 പരന്ദരനൊടു പുരമെരിചെയ്തരനും
പൂമാതും വാനോരുമനത്തും
 പരൻ പുരുഷൻ മലമങ്കമണാളൻ
പാണ്ഡൂതനൂജനു പാശുപതാസ്ത്രം
 വരം പെറുകെന്റേ നല്കിനതിപ്പോൾ
വാഴ്ത്തുമതിന്നുടനെങ്ങൾക്കിന്റേ.”
 “അർച്ചന ചെയ്യിന്റേടത്തേറ്റമ
ടുത്തേചെൻറ പിനാകിക്കപ്പോൾ
 അശ്ശിവപൂജവിതാനം കണ്ടി
ട്ടാനന്ദവുമാശ്ചരിയവുമായിതു;
 അർച്ചന വിരവിൽ മുടിച്ച കിരീടിയു
മഴകൊടു ഗാണ്ഡീവം പൂട്ടേറ്റി
 കൈച്ചരടും കവചാദികൾ പൂണ്ടിതു
കടുകച്ചെറുഞാണൊലിയും ചെയ്താൻ
 ചെറുഞാണൊലി ചെയ്തതു കേട്ടപ്പോൾ
ചെറുവേടന്മാരോടിപ്പോയിതു:
 അറയാതേ പെരുവേടൻ ചെൻറി
ട്ടവനോടണയച്ചെൻറുരചെയ്താൻ
 തിറമേറിൻറമരേന്ദ്രതനൂജാ
ചെന്താമരനയനൻ ഗോവിന്ദ
 ന്നുടമപെറും വിജയാ നീയെങ്ങൾ
ക്കൂടനേ വെൻറിയെ നല്കുകയെൻറാൻ.”
16.21നളചരിതം പാട്ടു്

പാശുപതാസ്ത്രലാഭം പോലെയുള്ള ഒരു കൃതിയാണു് നളചരിതം പാട്ടു്. അതിലും വൃത്തം, എതുകമോനകൾ, അന്താദിപ്രാസം, ഭാഷ, ഇവയെല്ലാം നിരണം കൃതികളിലേതു പോലെതന്നെ ഇരിക്കുന്നു. ഒരു ശീൽ ചുവടേ ചേർക്കാം.

 “നളനുടെ ചരിതമുരയ്പാനിപ്പോൾ
നാന്മുഖനും നാരായണനരനും
 തെളിവൊടു ചന്ദ്രാദിത്യന്മാരും
ദേവേന്ദ്രാദ്യമരേന്ദ്രരുമെല്ലാം
 വളർമയിൽതന്മുതുകിൽപ്പൊലിവോനും
മഹിഷാന്തകിയും മാരനുമാര്യനു
 മളവില്ലാതളവെങ്കലനുഗ്രഹ
മവരവരേ തന്നീടുക ശരണം.”

നിരണത്തു പണിക്കരന്മാരുടെ കൃതികളോടു വളരെ സാദൃശ്യമുള്ള മറ്റൊരു രാമായണംപാട്ടു കണ്ടുകിട്ടീട്ടുണ്ടു്. അവസാനത്തിലേ ഓലകൾ അലബ്ധങ്ങളാകയാൽ കഥ ഏതുവരെ പോകുന്നു എന്നു ഖണ്ഡിച്ചുപറവാൻ നിവൃത്തിയില്ലെങ്കിലും “ജനകസുതമെയു് പുണരും തമ്പുരാനസുരർകുലമറുതി തരുണിവിഷയം തമ്പിയോടു വനചരരോടല കടന്നു ചെന്നു വന്നിമ്പമാന നിജനഗരിതന്നിലിരുന്ന പരൻ” എന്നു ഗ്രന്ഥാരംഭത്തിൽ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടു പട്ടാഭിഷേകപര്യന്തമുള്ള ഇതിവൃത്തം ഇതിൽ പ്രതിപാദിതമാണെന്നു് ഊഹിക്കാവുന്നതാണു്. അത്യന്തം സംക്ഷിപ്തമായ രീതിയിലാണു് കവി കഥ പറഞ്ഞുകൊണ്ടു പോകുന്നതു്. അന്താദിപ്രാസമുണ്ടു്. കവിതയുടെ മാതൃക കാണിക്കുവാൻ ചില പാട്ടുകൾ ചുവടേ ഉദ്ധരിക്കുന്നു.

 “എങ്കൽ വന്നു കവിമഴപൊഴിയുമതിനു മലരെ
 ള്ളിക്ഷുപായസമൊടും നല്ലട ചുട്ടകിഴങ്ങുംതേൻ
 ഭങ്ഗിമിക്ക കനി പല……മവൽ പയറൊടിളന്നീർ
 പഞ്ചതാര വെല്ലമുഴുന്നു ദധി നറുനെയ് വെണ്ണ പാൽ
 മുൻകരം കൊടുമെല്ലമുതുക്കു……മുതുമുതിർന്നെൻ
 മുന്തിവന്തു ഗണപതി തുണചെയ്തരുളുകഭയം.
 മങ്ഗലം പെരിയ ദശരഥനുതനയ… നെന്നിൽ
 വന്തുനില്പതിനരുളെന കവിമകൾ തരികവേ”
(1)

രാമചരിതകാരനെപ്പോലെ കവി മഹിഷനാശിനിയേയും വന്ദിക്കുന്നുണ്ടു്.

 മുനിയരുളേറിയ രാമൻ പിന്നെ
മുടിക്ഷത്രിയ മിഥിലാപുരിയിൽപ്പോയ്
 നിനദം കേട്ടിതു സുഖമേയെന്തു
നിമിത്തമുരച്ചരുളീടുകയെൻറാൻ.
 മനുവരനോടു തപോധനനരുളീ
മന്നവ! കേളൊരു കന്യാരത്നം
 ജനകനുഭൂമിയിൽനിന്നുണ്ടായിതു
 ചെയ്തിതതിന്നുചിതക്രിയ വീരൻ.
(2)

 എൻറ പോതുള്ളിലാർന്ന വേദനയോടു മാനുഷപുങ്ഗവൻ
 ഹേ വിധേ വിധിയോയെനിക്കിതു ഹാ ഹതോസ്മി മനോഹരേ,
 ഒൻറല്ലാതസുരൻ ചതിച്ചതുമൊണ്മയോ മമ വല്ലഭേ,
 ഒൻറുമോയിനി നമ്മിലേയൊരു കാലമായതലോചനേ,
 കുന്റെന്നും മുലയോ മറപ്പതു കോമളത്തിരുമേനിയോ?
 കുറ്റമറ്റ മുഖാബ്ജമോ കുടിലാക്ഷി നിൻകുയിൽനൽച്ചൊല്ലോ?
 നൻറല്ലേയിഹലോകസൗഖ്യമെനക്കു നീ പിരിഞ്ഞെന്റെല്ലാം
 നണ്ണിനണ്ണിയൊരോൻറു ചൊല്ലി മയങ്കിവീണ്ണിതു ഭൂതലേ.
(3)
16.22മറ്റൊരു രാമായണം പാട്ടു്

 “അരുൾചെയ്തോരു നിജനാഥനെ വണങ്ങി നടന്നാ
നഹമവന്നു തുണയെൻറുരചെയ്താഞ്ജനേയനും
 വരവു കണ്ടിവനെനിക്കു സഖിയെൻറു തഴുവി
വളകൈക്കൊണ്ടു…കവി വായുതനയൻ
 പരമസൌഖ്യമൊടിരുന്നിതവരും പലദിനം
പവനസൂനു ദരിശിച്ചിതു രഘുപ്രവരൻ മെ
 യ്യരചരെൻറുമറിഞ്ഞാനവനിലക്ഷണവനാ
ല…പ്രദർ സഖേ അവർകളെൻറു ചൊല്ലിനാൻ.”
(4)

ക്രി. പി. 14-ാം ശതകത്തിൽ പാട്ടിന്റെ രീതി ഇന്നവിധത്തിലായിരുന്നു എന്നറിവാൻ ഇതിലധികം നിരൂപണമാവശ്യമില്ല. ഇവയെല്ലാം അർവാചീനപ്രായങ്ങളായ മിശ്രഭാഷാകൃതികളാണെന്നു പറയുന്നവർ അവരുടെ അഭിപ്രായത്തെപ്പറ്റി നല്ലതുപോലെ പുനരാലോചന ചെയ്യേണ്ടിയിരിക്കുന്നു. ഇനിയും മുമ്മുനിയൂർ ശങ്കരവാരിയരുടെ പരശുരാമചരിതം തുടങ്ങി വേറേയും ഈ ജാതിയിലും ഇതേ കാലത്തിലുമുള്ള ചില കൃതികൾ കണ്ടുകിട്ടീട്ടുണ്ടു്.

16.23പയ്യന്നൂർ പാട്ടു്

പയ്യന്നൂർപാട്ടു് എന്നൊരു കൃതിയെപ്പറ്റി ഡോക്ടർ ഗുണ്ടർട്ടു് ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ യാതൊരു പ്രതിയും മറ്റുള്ളവർക്കു കിട്ടീട്ടില്ല; ഗുണ്ടർട്ടിനു തന്നെയും ആദ്യത്തെ നൂറ്റിനാലു് ഈരടികളേ ലഭിച്ചിരുന്നുള്ളു. ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്ന ഏട്ടിന്റെ പോക്കിനെപ്പറ്റിയും യാതൊരറിവുമില്ല. തമിഴിലെ നീലകേശി എന്ന കാവ്യത്തിനും ഇതിനും തമ്മിൽ യാതൊരു സംബന്ധവുമില്ല.

16.23.1വിഷയം

സുന്ദരിമാർക്കു കേൾവിപ്പെട്ട ശിവപേരൂരിൽ (തൃശൂരിൽ) ഒരു മാന്യകുടുംബത്തിൽ ജനിച്ച നീലകേശി എന്ന സ്ത്രീ അപുത്രയായിരുന്നതിനാൽ ഭിക്ഷുകിയായി തീർത്ഥാടനം ചെയ്യുവാൻ തീർച്ചപ്പെടുത്തി. അങ്ങനെ സഞ്ചരിക്കവേ ഒരിക്കൽ ഉത്തരകേരളത്തിൽ ഏഴിമലയ്ക്കു സമീപമുള്ള കച്ചിൽപട്ടണത്തു ചെന്നുചേരുകയും അവിടത്തെ പ്രധാന വണിക്കായ നമ്പുചെട്ടി (ചോമ്പുചെട്ടിയെന്നും പറയും) അവളെ ചില വ്രതങ്ങളും മറ്റും അനുഷ്ഠിപ്പിച്ചു തന്റെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. അവർക്കു നമ്പുശാരിഅരൻ എന്നൊരു പുത്രൻ ജനിച്ചു. ആ സംഭവത്തിന്റെ ആഘോഷരൂപമായി നാല്പത്തൊന്നാം ദിവസം പയ്യന്നൂർ മൈതാനത്തുവെച്ചു നമ്പുചെട്ടി ഒരു സദ്യ നടത്തി. ആ സമയത്തു നീലകേശിയുടെ സഹോദരന്മാർ അവിടെ കപ്പൽ വഴിക്കു ചെന്നുചേർന്നു. അവർ ഒരു ക്ഷേത്രത്തിന്റെ മതിലിൽ കയറിനിന്നുകൊണ്ടു മൈതാനത്തിൽ നടന്ന ആഘോഷം കണ്ടുകൊണ്ടിരിക്കവേ ചിലർ അവരെ തടസ്സപ്പെടുത്തി. തങ്ങൾ കൂലവാണികന്മാർ (ധാന്യവിക്രയികൾ) ആണെന്നും നാട്ടുനടപ്പറിഞ്ഞുകൂടാതെയാണു് അങ്ങനെ ചെയ്തതെന്നും നമ്പുചെട്ടിയോടു സമാധാനം പറഞ്ഞു. ചെട്ടിയാകട്ടെ അവരിൽ ഒരു സഹോദരന്റെ തലയിൽ വടികൊണ്ടടിക്കുകയും തദനന്തരമുണ്ടായ ലഹളയിൽ എല്ലാ സഹോദരന്മാരും കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ആ ദാരുണമായ വൃത്താന്തം കേട്ട നീലകേശി ഭർത്താവിനേയും പുത്രനേയും ഉപേക്ഷിച്ചു വീണ്ടും ഭിക്ഷുകിയായി സഞ്ചരിച്ചു. പുത്രനെ പിതാവു യഥാകാലം കച്ചവടവും കൽപ്പണിയും പഠിപ്പിച്ചു. നമ്പുശാരിഅരൻ സ്വന്തമായി ഒരു കപ്പൽ പണിയിച്ചു് അതു കച്ചിൽപട്ടണത്തുനിന്നു കച്ചവടത്തിനായി കടലിലിറക്കി. പാണ്ഡ്യർ, ജോനകർ, ചേഴിയർ മുതലായവരും ഒരു യവനനും (ഗ്രീക്കുകാരൻ) അതിൽ വേലക്കാരായി ഉണ്ടായിരുന്നു. അവർ ഏഴിമല ചുറ്റി പൂമ്പട്ടണത്തേക്കുചെന്നു് അവിടെനിന്നു മാലദ്വീപുകൾ, താമ്രവർണ്ണീനദി, പൂവൻകാപ്പട്ടണം, കാവേരിനദി ഇവ കടന്നു മറ്റൊരു സമുദ്രത്തിൽ സഞ്ചരിച്ചു പൊന്മല എന്ന സ്ഥലത്തെത്തി തങ്ങളുടെ സാമാനങ്ങൾ വിറ്റഴിച്ചു സ്വർണ്ണവുമായി തിരിയെ കച്ചിൽ പട്ടണത്തെത്തി. സാംയാത്രികന്മാർ യോഗ്യതാനുസാരം സമ്മാനങ്ങൾ വാങ്ങി. ഒരവസരത്തിൽ അച്ഛനും മകനുംകൂടി ചതുരങ്ഗം വച്ചുകൊണ്ടിരിക്കവേ ഒരു ഭിക്ഷുകി വന്നു തനിക്കു ഭിക്ഷകിട്ടിയാൽ പോരെന്നും യുവാവായ വർത്തകനെ കാണണമെന്നും നിർബന്ധിച്ചു. പിന്നീടു് ആ സ്ത്രീയും അരനും തമ്മിൽ ദീർഘവും രഹസ്യവുമായ ഒരു സംഭാഷണം നടന്നു. ഒടുവിൽ അന്നുരാത്രി പയ്യന്നൂരിൽ സ്ത്രീകൾ ഒരു സദ്യ നടത്തുന്നുണ്ടെന്നും ആ അവസരത്തിൽ അരൻ അവിടെ സന്നിഹിതനാകണമെന്നും അവർ അപേക്ഷിച്ചു പിരിഞ്ഞു. അച്ഛൻ അതിലെന്തോ കൃത്രിമമുണ്ടെന്നു ശങ്കിച്ചു മകനോടു പോകരുതെന്നു് ഉപദേശിച്ചു എങ്കിലും മകൻ വാഗ്ദാനം ചെയ്തു കഴിഞ്ഞിരുന്നതിനാൽ പോകുമെന്നു ശഠിച്ചു.

 “നില്ലാതെ വീണു നമസ്കരിച്ചാൻ; –
 നിന്നാണെ തമ്മപ്പാ പോകുന്നേനേ”

അപ്പോൾ അച്ഛൻ പറയുന്നു:–

 “പോകാൻ വിലക്കിനേനെത്തിരയും;
 പോക്കൊഴിപ്പാനരുതാഞ്ഞൂതിപ്പോൾ.
 ചാവാളരെപ്പോൽ നീയകലെപ്പോവൂ;
 ചങ്ങാതം വേണം പെരികെയിപ്പോൾ.
 കോവാതലച്ചെട്ടിയഞ്ചുവണ്ണം
 കൂടും മണിക്കിരാമത്താർ മക്കൾ
 നമ്മളാൽ നാലു നകരത്തിലും
 നാലരെക്കൊൾക കുടിക്കു ചേർന്നോർ.”
 നാലർ കുടിക്കു ചേർന്നൊരെക്കൊണ്ടാർ
 നാട്ടിലെപ്പട്ടിണസ്വാമിമക്കൾ;
 തോഴർ പതിനാലു വൻകിരിയം
 തോല്പിപ്പാനില്ലായീ നാട്ടിലാരും.
 കാലേപ്പിടിച്ചങ്ങിഴയ്ക്കിലും ഞാൻ
 കച്ചിൽപ്പട്ടിൽ വന്നെന്നിക്കണ്ണുറങ്ങേൻ.”

അപ്പോൾ അച്ഛൻ കപ്പലിൽ വില്പനയ്ക്കു കുറേ സാമാനങ്ങൾകൂടി കൊണ്ടുപോകുവാൻ ആജ്ഞാപിച്ചു. അതിനു മേലുള്ള കഥാവസ്തു എന്തെന്നറിയുവാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നതു്.

16.24പയ്യന്നൂർ പാട്ടിന്റെ പ്രാധാന്യം

ഈ പാട്ടിന്റെ കാലം ക്രി. പി. പതിമ്മൂന്നോ പതിന്നാലോ ശതകമായിരിക്കാമെന്നു തോന്നുന്നു. വടക്കൻപാട്ടുകളിൽ സർവസാധാരണമായി ഉപയോഗിക്കുന്നതാണു് ഇതിലെ വൃത്തമെന്നു പറയേണ്ടതില്ലല്ലോ. ഗുണ്ടർട്ടു് ഉദ്ധരിച്ചിട്ടുള്ള വരികൾ മുഴുവൻ ഞാനും പകർത്തീട്ടുണ്ടു്; ചില തെറ്റുകൾ തിരുത്തുവാനും ശ്രമിച്ചിട്ടുണ്ടു്. അന്നു് ഉത്തരകേരളത്തിലും കൊടുങ്ങല്ലൂരിലെന്നപോലെ അഞ്ചു വണ്ണവും മണിഗ്രാമവുമുണ്ടായിരുന്നു എന്നും, കച്ചിൽ പട്ടണത്തിൽ ധാരാളമായി കപ്പൽപ്പണിയും കപ്പൽക്കച്ചവടവും നടന്നുകൊണ്ടിരുന്നു എന്നും, പാണ്ഡ്യർ, ചോളർ, ജോനകർ ഇവർക്കു പുറമേ അപൂർവം ചില ഗ്രീക്കുകാരും അവിടെ മാലുമികളായി താമസിച്ചിരുന്നു എന്നും മറ്റുമുള്ള വസ്തുതകൾ നാം ഈ ഗ്രന്ഥത്തിൽ നിന്നറിയുന്നു. കപ്പൽപ്പണിയേയും കപ്പൽച്ചരക്കുകളേയുംപറ്റി വിശദമായ വിവരങ്ങൾ ഇതിലുണ്ടെന്നും ആ ഭാഗങ്ങളിൽ പ്രയോഗിച്ചിരുന്ന പ്രചാരലുപ്തങ്ങളായ പല ശബ്ദങ്ങളുടേയും അർത്ഥം ഇപ്പോൾ അറിവാൻ നിർവാഹമില്ലെന്നും ഗുണ്ടർട്ടു പ്രസ്താവിക്കുന്നു. പുരാതനകാലത്തെ കേരളീയവാണിജ്യത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു തരുവാൻ പര്യാപ്തമായ പ്രസ്തുതഗ്രന്ഥം നഷ്ടപ്രായമായിത്തീർന്നിരിക്കുന്നതു് ഏറ്റവും ശോചനീയമാകുന്നു.

16.25ഗദ്യം
16.25.1ദൂതവാക്യം

ആട്ടപ്രകാരങ്ങളിലെ ഗദ്യരീതി പതിമ്മൂന്നാമധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. ആ വക ഗ്രന്ഥങ്ങൾക്കുപുറമേ സ്വല്പകാലംകൂടി കഴിഞ്ഞപ്പോൾ കൂടിയാട്ടത്തിനു് ഉപയോഗിക്കുന്ന രൂപങ്ങൾക്കു ഗദ്യത്തിൽ ആദ്യന്തം വിസ്തൃതമായ രീതിയിൽ ഭാഷാനുവാദങ്ങളും വിരചിതങ്ങളായി. ആ ഇനത്തിൽപ്പെട്ടതാണു് ദൂതവാക്യം. മറ്റു ചില രൂപങ്ങൾക്കും വിദ്വാന്മാർ വിവർത്തനം എഴുതിയിരിക്കണം. അവ ഇക്കാലത്തു് അലഭ്യങ്ങളായിത്തീർന്നിരിക്കുന്നു.

16.25.1.1കാലം

ചാക്കിയാന്മാർക്കു് അഭിനയിക്കുവാനുള്ള രൂപകങ്ങളിൽ ഒന്നാണല്ലോ ദൂതവാക്യം എന്ന വ്യായോഗം. അതിലെ ഇതിവൃത്തം മഹാഭാരതം ഉദ്യോഗപർവത്തിൽ അന്തർഭൂതമായ ഭഗവദ്ദൂതുതന്നെയാണു്. അതിന്റെ ഒരുജ്ജ്വലമായ ഗദ്യ വിവർത്തനമാകുന്നു ദൂതവാക്യം ഭാഷ. പ്രസ്തുത പ്രബന്ധത്തിന്റെ പ്രണേതാവു് ആരെന്നറിവാൻ മാർഗ്ഗമില്ലെങ്കിലും കൊല്ലം 564-ാമാണ്ടു ‘മിഥുനഞായിറുപോകിൻറ നാളിൽ പരുവക്കൽ ഗൃഹത്തിൽ ഇരുന്ന ചെറിയനാട്ടു് ഉണ്ണിരാമൻ’ പകർത്തിയ അതിന്റെ ഒരു പ്രതി എനിയ്ക്കു കാണുവാൻ ഇടവരികയും, അതു ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടു്. എഴുതിയ കാലം കുറിച്ചിട്ടുള്ള ഏടുകളിൽ എന്റെ അറിവിൽ പെട്ടിടത്തോളം കേരളത്തിൽ ഈ താളിയോലഗ്രന്ഥത്തിന്നാണു് പഴക്കം അധികമായി കാണുന്നതു്. ഇതിന്റെ ഒടുവിൽ സംസ്കൃതത്തിൽ അഭിജ്ഞനായ ലേഖകൻ ‘ആദിത്യവർമ്മായ നമഃ’ എന്നൊരു കുറിപ്പും ചേർത്തിട്ടുണ്ടു്. ‘ആദിത്യവർമ്മ’ എന്നതു് അക്കാലത്തു് നാടു വാണിരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ നാമധേയമാണു്. കൊല്ലം 564-ാമാണ്ടിനു മുമ്പാണു് ഗ്രന്ഥത്തിന്റെ രചനയെന്നുള്ളതിനു് ഇതിലധികം തെളിവു് ആവശ്യമില്ലല്ലോ. ഭാഷാരീതികൊണ്ടും ഇതു ക്രി. പി. പതിന്നാലാം ശതകത്തിലെ ഒരു കൃതിയാണെന്നു് അനുമാനിയ്ക്കുവാൻ കഴിയുന്നതാണു്.

16.25.1.2ഗ്രന്ഥത്തിന്റെ സ്വരൂപം

ഭാഷാ വിവർത്തനം എന്നു പറയുമ്പോൾ മൂലത്തിലെ ഗദ്യപദ്യങ്ങളുടെ അർത്ഥം അന്യൂനാനതിരിക്തമായ ഭാഷയിൽ സംക്രമിപ്പിച്ചിട്ടുള്ള ഒരു കൃതിയാണു് ഇതെന്നു് അനുവാചകന്മാർ തെറ്റിദ്ധരിയ്ക്കരുതു്. മൂലത്തിലെ വാക്യങ്ങളുടേയും ശ്ലോകങ്ങളുടേയും അർത്ഥം അതേമാതിരിയിൽ തർജ്ജമ ചെയ്തിട്ടുള്ള ഭാഗങ്ങൾ ഇതിൽ ദുർല്ലഭമാണു്. ഗദ്യപദ്യങ്ങളുടെ ഭാഷാനുവാദത്തിനു പുറമേ നടന്മാർക്കു രങ്ഗപ്രയോഗത്തിന്നു വേണ്ട ഉപദേശങ്ങളുംകൂടി ഗ്രന്ഥകാരൻ സന്ദർഭോചിതമായി നല്കുന്നുണ്ടു്. ഉദാഹരണമായി ഇതിലെ സ്ഥാപന തന്നെ പരിശോധിക്കാം. മൂലത്തിൽ നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിച്ചു പൂർവ്വരങ്ഗത്തിലെ പ്രധാനാങ്ഗമായ മങ്ഗളശ്ലോകപാഠം ചെയ്തതിന്നുശേഷം “ഏവമാര്യമിശ്രാൻ വിജ്ഞാപയാമി. അയേ, കിന്നു ഖലു മയി വിജ്ഞാപനവ്യഗ്രേ ശബ്ദ ഇവ ശ്രൂയതേ? അങ്ഗ, പശ്യാമി” എന്ന വാക്യങ്ങൾ ചൊല്ലുന്നു. ഭാഷയിലാകട്ടെ ഈ വാക്യങ്ങളുടെ വിവർത്തനത്തിനുമുമ്പു് “എൻറു പ്രസ്താവംകൊണ്ടു വിസ്തൃതകഥാശേഷ സൂചകപ്രവീണവാണീവിലാസമുടയനാകിന സൂത്രധാരൻ …പാരിപാർശ്വികന്മാരോടുകൂടി പുറപ്പെട്ടു രങ്ഗത്തിങ്കൽ പഞ്ചപദം ചെൻറു രങ്ഗഭൂമിങ്കൽ സഭാപതിയോടുകൂടി വസിച്ചരുളുൻറ പണ്ഡിതമഹാസഭ നോക്കി ആശീർവാദം പണ്ണി തിരിഞ്ഞു നൈപഥ്യശാല നോക്കി ചെല്ലിൻറവൻ; കൂത്താടുവാനാക്കിയ കൊണ്ടു കുറവുകെടൂ എന്റൊള്ളെടം അറിയിപ്പൂ എൻറു ചൊല്ലി ചെല്ലിൻറവൻ” എന്നു കഥാവസ്ത്വംശവിജ്ഞാപനത്തിനു മുമ്പു സൂത്രധാരൻ അനുഷ്ഠിക്കേണ്ട കർത്തവ്യത്തെ വിവരിക്കുന്നു. ഇതുപോലെ ഓരോ പാത്രത്തിന്റെയും പ്രവേശത്തിൽ ആ പാത്രത്തിന്റെ അന്തർഗ്ഗതവും രങ്ഗപ്രവേശപരിപാടിയും ഗ്രന്ഥകാരൻ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. മൂലഗ്രന്ഥം അഭിനയിക്കുന്ന ചാക്കിയാന്മാർക്കു് ആട്ടച്ചടങ്ങു പിഴയ്ക്കാതിരിയ്ക്കുന്നതിനും അതാതുപാത്രങ്ങൾക്കു തന്മയീഭാവബോധം ജനിക്കുന്നതിനും വേണ്ടി നിർമ്മിതമായ ഒരു ഗ്രന്ഥമാണു് ഇതെന്നു ചുരുക്കത്തിൽ പറയാം.

16.25.1.3മാതൃക

സംസ്കൃതപ്രധാനമാണു് പ്രസ്തുത ഗ്രന്ഥത്തിലെ ശൈലി; വാക്യങ്ങൾക്കു പ്രായേണ ദൈർഘ്യവും കൂടും. ഭാഷയിൽ ഒരു നവീനമായ ഗദ്യശൈലിയുടെ ആവിർഭാവത്തെയാണു് ഇത്തരത്തിലുള്ള ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നതു്. രണ്ടുദാഹരണങ്ങൾ ഉദ്ധരിക്കാം.

  1. മഹാബലിയും വാമനമൂർത്തിയും:“അനന്തരം മഹാബലി ദുർന്നിമിത്തഗ്രഹഗൃഹീതനായി പിതാമഹമുഖവിഗളിതമാകിന പരമ്പുരുഷപരാക്രമത്തെ നിന്ദിക്കനിമിത്തമായു് കോപിക്കൻറ ശ്രീപ്രഹ്ലാദനിയോഗത്താൽ അശ്വമേധം ദീക്ഷിച്ചു പാത്രികളെ സംഗ്രഹിച്ചു് ഋത്വിക്കുകളെ വരിച്ചുകൊണ്ടു കുതിര പെരുമാറ്റി ചടങ്ങു പിഴയാതെ യാഗഞ്ചെയ്തു മുടിച്ചു പ്രാർത്ഥിതപ്രദാനപരായണനായി വസിക്കിൻറ കാലത്തു് അദിതിദേവിയുടെ തിരുവുദരാധാരത്തിങ്കൽനിൻറു ദിവ്യം വർഷസഹസ്രം കൂടിജ്ജനിച്ചു ചുവന്നു ചെറുതാകിന തിരുവുടമ്പിനെ ഉടയനായു് ദേവമന്ത്രി ബൃഹസ്പതിയെ ഉപാദ്ധ്യായനായി കല്പിച്ചു് ആയിരം, ശാഖകളോടുകൂടി ഇരിക്കിൻറ സാമവേദത്തിൽ വാമദേവ്യമാകിൻറ ശാഖ അളന്നു പാടി മഹാബലിയുടെ യജ്ഞവാടം പ്രാപിച്ച കാലത്തു, മധുരമധുരമാകിന സാമഗാനം കേട്ടു് സന്തോഷിതഹൃദയനാകിന മഹാബലി ശ്രീവടുവാമന മൂർത്തിയെ നോക്കി “നൽവരവാവൂതാക; എന്തിനെ ഇച്ഛിക്കിൻറൂ? അഭിപ്രേതമായിരുന്ന വരത്തെ വരിക്ക” എൻറിങ്ങനെ മഹാബലപരാക്രമനാകിന മഹാബലി ചൊല്ലിൻറതു കേട്ടു് അരുളിച്ചെയ്തു ശ്രീവടുവാമനമൂർത്തി:– “എടോ ദൈത്യേന്ദ്ര! രാജ്യത്തിങ്കൽ ശ്രദ്ധയില്ലാ എനക്കു്; അപ്പടിയേ ധനത്തിലും രത്നങ്ങളിലും സ്ത്രീകളിലും ശ്രദ്ധയില്ലാ. നിനക്കു ധർമ്മസ്ഥിതി ഒണ്ടാകിൻറുതാകിൽ നിന്നെ പ്രാർത്ഥിക്കിന്റേൻ ഗുർവർത്ഥമായി യജ്ഞശാല നാട്ടുവാൻ എന്നുടെ അടിയാൽ മൂവടി പ്രമാണം ഭൂമി തരവേണ്ടും’ എൻറു പ്രാർത്ഥിക്കിൻറ അവസ്ഥയിൽ “എടോ! ബ്രാഹ്മണശ്രേഷ്ഠാ! മൂൻറു പദങ്ങളെക്കൊണ്ടെന്തു നിന്തിരുവടിക്കു പ്രയോജനം? നൂറുതാൻ നൂറായിരംതാൻ അടിപ്രമാണം ഭൂമി അളന്നുകൊൾക.” എൻറ മഹാബലിയുടെ വചനം കേട്ടു പ്രഹ്ലാദനാകിൻറ അമാത്യൻ ചെൻറു ചെറുത്താൻ.”

  2. ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട ദുര്യോധനൻ:“വിശ്വരൂപിയാകിന വിഷ്ണുഭഗവാനെ പിടിച്ചുകെട്ടാമെൻറു നിനച്ചു ചെൻറണിയിൻറവൻ കാണാതൊഴിഞ്ഞു് ‘ഏനെപേടിച്ചു നഷ്ടനായോൻ, തിരോഭവിച്ചാൻ’ എൻറു ചൊല്ലറ്റരുളിച്ചെയ്തു നില്ക്കിൻറവന്നു് അരികെ കാണായീ അംബുജേക്ഷണൻ തിരുവടിയെ. ‘ഏനേ, ഇവനല്ലോ കേശവൻ എൻറു ചൊല്ലി ചെൻറണയിൻറവൻ, ‘ഏനേ, ആശ്ചര്യമേ കേശവനുടെ ഹ്രസ്വത്വം. അണുരൂപനാകിലും അണഞ്ഞു വർദ്ധിപ്പൂ. എൻറു കല്പിച്ചു് ആന്ധ്യനിമിത്തമായി അണയിൻറ കാലത്തു് ഉടനേ കാണായീല്ല. ‘ഏനേ, കഷ്ടമേ! നഷ്ടനായാൻ കേശവൻ” എൻറരുളിച്ചെയ്തു നിശ്ചേഷ്ടനായു് നില്ക്കിൻറവന്നു് അരികേ കാണായീ അഖിലജനവന്ദ്യൻ തിരുവടിയെ. ‘ഏനേ ഇവനല്ലോ കേശവൻ’ എൻറരുളിച്ചെയ്തു ബന്ധിപ്പാൻ തുടങ്ങിൻറ കാലത്തു ഭൂമിയോടാകാശത്തോടൊക്ക ഉയർന്നു കാണാകിൻറ, വിഷയേന്ദ്രിയഗോചരമെൻറിയേ മൂരിനിമിർന്നരുളുൻറ, മധുസൂദനൻ തിരുവടിയുടെ തിരുവുടമ്പിനെ കണ്ടു കുതൂഹലചിത്തനായു് ‘ഏനേ, ആശ്ചര്യമേ! കേശിസൂദനനാകിന കേശവനുടെ ദീർഘത്വം നെടുപ്പമിരിക്കിൻറവാറു്;’ ഉടനെ തിരോഭവിച്ചരുളുൻറ ത്രിഭുവനേശ്വരൻ തിരുവടിയെ കാണാതൊഴിഞ്ഞു ‘ഏനേ മറഞ്ഞുതോ, മറഞ്ഞുതോ കേശവൻ?; എൻറു ചൊല്ലി മറുപാടുനോക്കിന്റവൻ ആവിർഭവിക്കിന്റ അനന്തനുടെ ആകാരത്തെക്കണ്ടു് ‘ഇവനോ കേശവൻ’? എൻറു ചൊല്ലിച്ചുഴൻറു നോക്കിൻറവൻ വിശ്വരൂപനാകിയ വിഷ്ണുമൂർത്തിയെ കണ്ടു വിഷാദചിത്തനായു് ‘മന്ത്രശാലയിങ്കൽ ഒരിടമൊഴിയാതെ കേശവന്മാരാകിൻറു. ഇവിടെ ഞാൻ എന്തു ചെയ്യുമതു? കണ്ടേനുപായം. എടോ രാജാക്കന്മാരേ, ഒരോരുത്തൻ ഓരോ കേശവന്മാരെ പിടിച്ചുകെട്ടുക. എന്തു്? രാജാക്കന്മാർ എല്ലാരും തങ്ങൾ തങ്ങളുടെ പാശംകൊണ്ടു തങ്ങളെ തങ്ങളെ പിടിച്ചുകെട്ടി അവരവരേ അവനീതലത്തിങ്കൽ വീഴിൻറുതോ? അഴകുതു! എടോ മഹാപ്രഭാവമുടയോയേ, അഴകുതു! ആർക്കുമൊരുത്തർക്കു പിടിച്ചുകെട്ടുവാൻ അസാദ്ധ്യമായിരിക്കുൻറൂ മായാവൈഭവംകൊണ്ടു് എൻറാൽ മദീയകോദണ്ഡോദരവിനിസ്സൃതങ്ങളാകിന വാണഗണങ്ങളാൽ പിളർക്കപ്പെട്ട പുൺവായിൽനിൻറു സാന്ദ്രതരമായി ചുവക്കപ്പെട്ടിരിക്കിൻറ രുധിരവെള്ളത്താൽ ഊട്ടപ്പെട്ടിരിക്കിൻറ സർവ അവയവങ്ങളെ ഉടയനായു് തങ്ങളുടെ ഭവനത്തെ പ്രാപിച്ചിരിക്കിൻറ നിന്നെ അപ്പാണ്ഡുപുത്രന്മാർ ദുഃഖാഭിസന്തപ്തരായി ദീർഘശ്വാസം പണ്ണി ഇടതറാതെ ഒഴുകിൻറ കണ്ണുനീരാൽ മറയ്ക്കപ്പെട്ടിരിക്കിൻറ നയനങ്ങളെ ഉടയരായി കണ്ടു മുടിക’ എൻറരുളിച്ചെയ്തു ധനുർവരത്തെ എടുത്തുകൊണ്ടുപോരുവാൻ ധനുശ്ശാല നോക്കിച്ചെല്ലത്തുടങ്ങിനാൻ കൗരവേന്ദ്രൻ ദുര്യോധനൻ തിരുവടി.”

16.25.1.4ദൂതവാക്യത്തിലെ ഭാഷാശൈലി

മലയാളഗദ്യസാഹിത്യത്തിന്റെ അതിപ്രാചീനമായ ഒരു മാതൃകയാകുന്നു നാം ദൂതവാക്യത്തിൽ കാണുന്നതു്. പിൻകാലത്തു പ്രചാരലുപ്തങ്ങളായിത്തീർന്നിട്ടുള്ള പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും ദൂതവാക്യത്തിലുണ്ടു്. അലങ്ങുക (അലയുക), തറാതെ (തെറ്റാതെ), എഴുനിറ്റു (എഴുന്നേറ്റു), പാടുക (പെടുക), പണ്ണി (ചെയ്തു), ഞാങ്ങൾ (ഞങ്ങൾ), നൽവരവു് (സ്വാഗതം), വീണ്ണ (വീണ), ആനത്തലവങ്ങൾ (ആനത്തലവന്മാർ), അമർഷ (അമർഷം), സൂക്ഷ്മിച്ചു (സൂക്ഷിച്ചു), മുതലായവ അത്തരത്തിലുള്ള പദങ്ങളാണു്. ‘പോയ്ക്ക്ക്കെടു’ തുടങ്ങിയ ശൈലികളും പ്രാക്തനങ്ങൾതന്നെ. ‘പുറപ്പടത്തുടങ്ങീതു’ ‘പ്രവർത്തിക്കത്തുടങ്ങി’ ഇത്യാദി പൂർണ്ണക്രിയകളിൽ ചേർന്നുകാണുന്ന നടുവിനയെച്ചത്തിനു പകരം അനന്തരകാലങ്ങളിൽ പിൻവിനയെച്ചം കടന്നുകൂടി, പുറപ്പെടാൻ തുടങ്ങി എന്നുംമറ്റുമുള്ള പ്രയോഗങ്ങൾ ഉണ്ടായതു ഭാഷാപണ്ഡിതന്മാർക്കു് അശ്രുതപൂർവമല്ലല്ലോ.

16.25.2ബ്രഹ്മാണ്ഡപുരാണം

ചാക്കിയാന്മാരുടെ ആവശ്യത്തിനുവേണ്ടിയല്ലാതേയും ചില ഗദ്യകൃതികൾ ക്രി. പി. പതിന്നാലാംശതകത്തിൽ ആവിർഭവിക്കുകയുണ്ടായി. പൗരാണികകഥകളുടെ സങ്ഗ്രഹരൂപത്തിലുള്ളവയാണു് അത്തരത്തിലുള്ള പ്രബന്ധങ്ങൾ. ആ കൂട്ടത്തിൽ ബ്രഹ്മാണ്ഡപുരാണം ഗദ്യം അഗ്രിമപദവിയെ അർഹിക്കുന്നു.

16.25.2.1ഗ്രന്ഥകാരനും കാലവും വിഷയവും

പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പ്രതിയിൽ 648-ാമാണ്ടു ധനുമാസം 20-ാംനു ഞായറാഴ്ച മകവും പഞ്ചമിയും അൻറു് എഴുതിക്കൂടിയതു് എന്നൊരു കുറിപ്പു് കാണുന്നുണ്ടു്. ഇതു കണ്ണശ്ശപ്പണിക്കർ രചിച്ചതെന്നാണു് ഐതിഹ്യം. നിരണം കവികളിൽ ആരാണെന്നുപ്തപ്പെടുത്തിപ്പറവാൻ കൢ പ്രയാസമുണ്ടെങ്കിലും അവരിലൊരാളാണു് പ്രണേതാവു് എന്നൂഹിക്കുന്നതിൽ വൈഷമ്യമില്ല; ഭാഷാരീതികൊണ്ടു് ഈ കൃതിക്കും ദൂതവാക്യത്തിനും തമ്മിൽ വളരെ സാജാത്യം കാണുന്നുണ്ടു്. ബ്രഹ്മാണ്ഡപുരാണത്തിൽ കാർത്തവീര്യാർജ്ജുനന്റെ ഭദ്രദീപപ്രതിഷ്ഠയേയും കേരളോദ്ധാരകനായ ശ്രീപരശുരാമന്റെ അപദാനങ്ങളേയും വിവരിക്കുന്നതും തൊണ്ണൂറ്റൊമ്പതു് അധ്യായങ്ങൾ അടങ്ങീട്ടുള്ളതുമായ മധ്യമഭാഗമാണു് ഇതിലെ പ്രതിപാദ്യം. തുഞ്ചത്തെഴുത്തച്ഛന്റെ ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിലെ കഥാവസ്തുവും ഇതുതന്നെയാണല്ലോ. “ശ്രീവേദവ്യാസമഹർഷി അരുളിച്ചെയ്ത ബ്രഹ്മാണ്ഡപുരാണത്തിൽ മധ്യമഭാഗത്തെ ഇതാ ഞാൻ തമിഴായിക്കൊണ്ടറിയിക്കിന്നേൻ” എന്നു പ്രസ്തുത കൃതിയിലും

 “ബ്രഹ്മാണ്ഡമെൺപത്തയ്യായിരം ഗ്രന്ഥത്തിലതി
 നിർമ്മലമായിട്ടുള്ള മധ്യമഭാഗമിതു
 ചൊല്ലിയേൻ തൊണ്ണൂറ്റൊൻപതദ്ധ്യായമതു കേട്ടാൽ
 ക്കല്യാണം വരും കൈവല്യത്തേയും സാധിച്ചീടാം.”

എന്നു കിളിപ്പാട്ടിലുമുള്ള പ്രസ്താവനകൾ നോക്കുക. എഴുത്തച്ഛൻ പല പ്രകാരത്തിൽ നിരണം കവികളോടു കടപ്പെട്ടിരുന്നു എന്നുള്ളതിനു് ഇതും ഒരു തെളിവാകുന്നു.

16.25.2.2ഉദാഹരണങ്ങൾ

ദൂതവാക്യത്തേക്കാൾ ബ്രഹ്മാണ്ഡപുരാണത്തിൽ സംസ്കൃതപദങ്ങൾക്കു കുറവുണ്ടെന്നുള്ളതു പ്രത്യേകം അവധാരണീയമാകുന്നു. അതുകൊണ്ടു കൈരളീപിപഠിഷുക്കൾക്കു് ഈ കൃതി ഒന്നുകൂടി പ്രയോജനകരമായിരിക്കുന്നു. ഗ്രന്ഥകാരന്റെ ശൈലി എത്രമാത്രം സഹൃദയാനന്ദനമാണെന്നു കാണിക്കുവാൻ രണ്ടുദാഹരണങ്ങൾ ചുവടേ ചേർക്കാം.

  1. സപത്നീകനായ ദത്താത്രേയമഹർഷി:“കാഷായം കൊണ്ടുടുത്തു് ഇടത്തുകൈയിൽ ദണ്ഡും പിടിച്ചു, ഗോപികൊണ്ടു ഒറ്റത്തിരുനാമമിട്ടു, കരുങ്കുവളപ്പൂവുകൊണ്ടു ചെവിപ്പൂവിട്ടു, പൊന്നിൻ പൂണുനൂലും പൂണ്ടു, വലത്തുകൈയിൽ കപാലം നിറയ ഉണ്ടായിരിക്കിൻറ മദ്യംകൊണ്ടനുഭവിച്ചു് അതിനാൽ മദം കിളരുകയാൽ ചുവന്നുമറിഞ്ഞുവരിൻറ കണ്ണിണയോടും കൂട ത്രൈലോക്യസുന്ദരിയായിരിപ്പിതൊരു സ്ത്രീയാൽ തഴവപ്പട്ടു. അവൾ എങ്ങനെ ഇരുന്നാളെങ്കിൽ ഇരുണ്ടു നീണ്ടു് അഗ്രം ചുരുണ്ടു് ഇരിക്കിൻറ തലമുടിയിൽ നിൻറു് അഴിഞ്ഞുപൊഴിഞ്ഞു വീഴിൻറ കുസുമങ്ങളെ ഉടയളായ് അഷ്ടമിചന്ദ്രനെക്കണക്കേ ഇരിക്കിൻറ നെറ്റിത്തടത്തെ ഉടയളായ്, കുങ്കുമംകൊണ്ടു നെറ്റിയിൽ കുറിയിട്ടു കാമൻ വിൽക്കൊടി കണക്കെ ഞെറിഞ്ഞ പുരികക്കൊടി ഉടയളായ്, ചെന്താമരപ്പൂവിനുടെ അന്തർദ്ദളം കണക്കേ ചെവ്വരി ചിതറി ചെവിയോളം നീണ്ടു് അഴകിയവായിരുന്ന കണ്ണിണകളെ ഉടയളായ്, മാണിക്കം കൊണ്ടു കടൈന്ത കുണ്ഡലങ്ങളാൽ ശോഭിക്കിൻറ കർണ്ണങ്ങളെ ഉടയളായ്, ഉന്നതമായിരുന്ന നാസിക ഉടയളായ്, കണ്ണാടി കടഞ്ഞ കപോലങ്ങളിരണ്ടും, പവഴം കണക്കേയും തൊണ്ടിപ്പഴം കണക്കേയും ഇരുന്ന അധരോഷ്ഠമുടയളായ്, പുഞ്ചിരിക്കൊരാധാരമായ് പൂർണ്ണചന്ദ്രനെക്കണക്കേ കാന്തികൊണ്ടഴിച്ചു പത്രം [3] കണക്കേ പ്രസന്നമായിരുന്ന മുഖപത്മത്തെ ഉടയവൾ, കടഞ്ഞ ശംഖുപോലെയിരുന്നിതു കണ്ഠനാളം. അനേകം രത്നംകൊണ്ടു് ഇടയിടെ കോർക്കപ്പെട്ടിരിക്കിൻറ കണ്ഠാഭരണങ്ങളെ ഉടയവൾ: അനേകം മാണിക്കങ്ങളെ തറച്ചു തോൾവള ഉടയവൾ; കടകങ്ങൾകൊണ്ടലങ്കരിച്ചു കളഭങ്ങൾ കൊഴച്ചു് അഴകിയവായിരുന്ന കയ്യിണകളെ ഉടയവൾ; കസ്തൂരി കർപ്പൂരമെൻറിവറ്റിനുടെ സുഗന്ധങ്ങളെ ഉടയവൾ; കുങ്കുമക്കുഴമ്പു കൊണ്ടു മാർവത്തു തേച്ചു പൊന്നിൻകുടം കണക്കേ അഴകിയ വായിരുന്നു പരസ്പരം അഴകുപട്ടിരുന്ന മുലയിണകളെ ഉടയവൾ; ഒരു മുട്ടികൊണ്ടു പിടിച്ചാൽ അതിലടക്കപ്പെടും നടുവാകിൻറതു്. അരയാലിലപോലെ ഉദരം; ത്രിവലികളും രോമരാജികളും കണ്ടാൽ മനോഹരം... നാനാവർണ്ണത്തോടുംകൂടി ഇരിക്കിൻറ തിരുവുടയാടകൊണ്ടു ചാർത്തി അനേകം രത്നങ്ങൾ ഒൻറിനോടൊൻറു തട്ടി ഒച്ച പുറപ്പെടുൻറ ഉടഞാണിനെ ഉടയവൾ; ആനത്തുമ്പിക്കൈ കണക്കേ ഉരുണ്ടു് അഴകിയ തുടയിണകളേ ഉടയവൾ; മനോഹാരികൾ ജാനുക്കൾ ഇരണ്ടും; ഉരുണ്ടു് അഴകിയ കണക്കാലുടയവൾ; രത്നങ്ങൾകൊണ്ടു് ഇളകിവരിൻറ ചിലമ്പിണകളെ ഉടയവൾ; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിൻറ വിരൽകളെ ഉടയവൾ; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിൻറ ഉള്ളങ്കാലോടുകൂടി മഹർഷിയെ ആശ്ലേഷിച്ചു പകുത്തു മധുപാനം ചെയ്യിൻറ സ്ത്രീയോടും കൂടി മഹർഷിയെ കാണായിതു.”

  2. രേണുകയും ശ്രീപരശുരാമനും:പിതാവു് അരുളിച്ചെയ്യക്കേട്ടു് ഇരാമനെഴുനിൻറു നമസ്കരിച്ചാൻ:– “പിതാവേ! എനക്കു നിന്തിരുവടി വരം തന്നരുളുക. എന്നുടെ മാതാവു് ഉറങ്ങി ഉണർന്നപോലെ പുണ്ണിനോടു വേറുപെട്ടു നോവുമിളച്ചു ഞാൻ കൊൻറതുമറിയാതെ എഴുനില്പോളാക. ഇന്നുമൊരുവരം തന്നരുളുക, എന്നുടെ ജ്യേഷ്ഠഭ്രാതാക്കൾ നാല്വരും നിന്തിരുവടിയുടെ തിരുവുള്ളക്കേടുകൊണ്ടു ചണ്ഡാലരായവർകൾ ശുദ്ധരായ്മുന്നേക്കണക്കേ വിദ്യയോടുംകൂടി ഗുരുഭക്തിയോടുംകൂടി വരുവോരാക” …രാമനുമപ്പൊഴുതു മാതാവിനെക്കണ്ടു ഭൂതലത്തിൽ വീണ്ണു നമസ്കരിച്ചു. “നിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തൻ. സ്ത്രീയാകയുമുണ്ടു്; പതിവ്രതയാകയുമുണ്ടു്; ഇവ ഓരൊന്റെ നിരൂപിച്ചാൽ കൊൽവാൻ യോഗ്യമില്ല. എപ്പൊഴുതും വന്ദിപ്പാനും പൂജിപ്പാനും യോഗ്യമേ ഉള്ളിതു. അങ്ങനെ ഇരിക്കിന്റെടത്തു് അവയൊൻറും നോക്കാതെ നിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തൻ ഞാൻ; എന്നെ കാണുൻറവർക്കു മഹാപാതകദോഷമുണ്ടു്. കണ്ടവർ കണ്ടവർ ‘കഷ്ടേ!’ എൻറുചൊല്ലി കണ്ണുമടച്ചു വഴിതിരിഞ്ഞു പോവർ; അങ്ങനെ മഹാപാപിയായിരിക്കിൻറ എന്നെ എങ്ങേനും പോയു് കെടുവതിനായ്കൊണ്ടു് അനുജ്ഞ തന്നരുളുക” എൻറു മുറയിടുന്റ രാമനെ തഴുവി, കൈമേലിട്ടുപിടിച്ചു് എടുത്തു മടിയിൽ വൈച്ചുകൊണ്ടു ചൊന്നാൾ രേണുക. “പുത്രാ, നിന്നെക്കണക്കേ ഇരിപ്പൊരു പുരുഷരില്ല ത്രൈലോക്യത്തിൽ; എങ്ങനെ എങ്കിൽ നിന്റെ പിതാവിനേയും എന്നേയും ഭ്രാതാക്കൾ നാല്വരേയും ഭൃഗുവംശത്തേയുംകൂടെ രക്ഷിച്ചൊരുത്തൻ നീ. എങ്ങനെ എൻറു നിനയ്ക്കിൽ എന്നുടെ ദോഷമറിഞ്ഞു പരിഹരിക്കയെൻറു പിതാവു ചൊന്നതു കേളാഞ്ഞുതാകിൽ, ഞാൻ മനോദുഷ്ടയായ് ഭർത്താവിന്റെ കോപംകൊണ്ടു വെന്തുമരിച്ചു നരകത്തിൽ വീണ്ണുപോയേനേയും. നീയതിനെ പരിഹരിക്കയാൽ ഭർത്താവിനോടും ബന്ധുവർഗ്ഗത്തിനോടും കൂടി സുഖിച്ചിരിക്കിന്റേൻ. ആകയാൽ മാതാവിനെ രക്ഷിച്ചൊരുത്തൻ നീ. പിതാവു ചൊന്നതു കേളാഞ്ഞുതാകിൽ ഗുരുവചനം കടക്കയാൽ ഗുരുകോപംകൊണ്ടു ചണ്ഡാലത്വം വന്നു മരിച്ചു നരകത്തിൽ വീണ്ണു മുടിഞ്ഞോയേയും. ആകയാൽ നിന്നെയും നീ രക്ഷിച്ചാ. അത്തനയുമല്ല ഗുരുകോപംകൊണ്ടു ചണ്ഡാലരായു് മൗഢ്യംകൊണ്ടു പാപങ്ങളെ ചെയ്തു നരകത്തിൽ വീഴുൻറ ഭ്രാതാക്കളേയും ശുദ്ധരാക്കിക്കൊണ്ടു രക്ഷിച്ചാ. നിന്നുടെ പിതാവു കോപമാകിൻറ മഹാദോഷംകൊണ്ടു് എന്നെ കൊൻറും പുത്രരെ ശപിച്ചും സന്താനം കെടുത്തുള്ള മഹാപാപം കൊണ്ടു നരകത്തിൽ വീഴുവാൻ തുടങ്ങിൻറ പിതാവിനേയും നീ രക്ഷിച്ചാ. ഈവണ്ണം രക്ഷിച്ചൊരുത്തൻ നീയുമെൻറാൽ നിനക്കു വേണ്ടുവോളംനാൾ സുഖിച്ചു ജീവിച്ചിരിപ്പോയാക. അസ്ത്രശസ്ത്രങ്ങൾ വീര്യശൗര്യാദി ഗുണങ്ങളുള്ളരിൽ പ്രധാനനായിട്ടും ഇരിക്ക നീ.” എൻറു ചൊല്ലി തഴുവി സംഭാവിച്ചാൾ മാതാവു്.

16.25.3ഹോരാഫലരത്നാവലി

“ഹോരാഫലരത്നാവലി” എന്നൊരു ജ്യോതിഷഗ്രന്ഥം കണ്ണശ്ശപ്പണിക്കരുടേതാണെന്നു പറഞ്ഞുകൊണ്ടു പ്രസിദ്ധീകരിച്ചുകാണുന്നു. അതിനൊരു തെളിവെന്നതുപോലെ

 “കണ്ണശ്ശനെന്നുള്ള പണിക്കരച്ഛൻ
 ഖണ്ഡിച്ചു മറ്റുള്ള മതങ്ങളെല്ലാം
 നിർണ്ണീതഹോരാഫലരത്നസാരം
 വർണ്ണിച്ചു ചൊല്ലുന്നിഹ ശിഷ്യനോടായു്”

എന്നൊരു ശ്ലോകവും അതിന്റെ ആരംഭത്തിൽ ചേർത്തിട്ടുണ്ടു്. അതു ബൃഹജ്ജാതകത്തിന്റെ ഭാഷാവ്യാഖ്യാനമാകുന്നു. ഗുരുശിഷ്യസംവാദരൂപത്തിലാണു് ഈ വ്യാഖ്യാനം രചിയ്ക്കപ്പെട്ടിരിയ്ക്കുന്നതു്. ആകെ എട്ടദ്ധ്യായങ്ങളുണ്ടു്. വ്യാഖ്യാതാവു ജ്യോതിഷത്തിലെന്നപോലെ വ്യാകരണത്തിലും സാഹിത്യത്തിലും നിപുണനാണു്. പക്ഷെ അദ്ദേഹം ജീവിച്ചിരുന്നതു് ഈയിടയ്ക്കു മാത്രമാണെന്നും ഗ്രന്ഥത്തിന്റെ കർത്തൃത്വം കണ്ണശ്ശനിൽ ആരോപിയ്ക്കുന്നതു് അത്യന്തം അസങ്ഗതമാണെന്നും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ചില പങ്ക്തികൾ കൊണ്ടു് ഈ വസ്തുത തെളിയിക്കാം. ശിഷ്യൻ: അഥവാ മങ്ഗളം വേണമെന്നിരിക്കട്ടെ. എന്നാലും അനേകഗ്രന്ഥങ്ങളിൽ വിഷ്ണു, ശിവൻ, ഗണപതി, ഭഗവതി ഈ ദേവതകളെക്കുറിച്ചേ മങ്ഗളം കാണുന്നുള്ളൂ. ആദിത്യനെക്കുറിച്ചു മങ്ഗളസ്തുതി അപ്രസിദ്ധമാകുന്നു. ഗുരു: മങ്ഗളം എന്നു പറയുന്നതു് ഇഷ്ടദേവതാസ്തുതിയാകുന്നു. വരാഹമിഹിരാചാര്യൻ ആദിത്യഭക്തനായിരുന്നതുകൊണ്ടാണു് അവിടെ ആ ദേവതാസ്തുതി നിബന്ധിക്കാനിടവന്നതു്. ശിഷ്യൻ: ആദിത്യൻ ഇഷ്ടദേവതയാകുന്നുവെങ്കിൽ ‘നത്വാഭക്തിയുതസ്സഹസ്രകിരണം’ എന്നിങ്ങനെ ആരംഭിച്ചാൽ മതിയാകുമെന്നിരിക്കേ ആദ്യത്തെ ശ്ലോകം മുഴുവൻ വന്ദനത്തിനുപയോഗിച്ചതു് എന്തിനാണെന്നറിയുന്നില്ല. ഗുരു: ജ്യോതിശ്ശാസ്ത്രത്തിൽ പ്രത്യേകിച്ചും ആദിത്യപ്രസാദത്താൽ എല്ലാ ഗ്രഹങ്ങളും ഇഷ്ടഫലത്തെ കൊടുക്കുമെന്നും ആദിത്യൻ ഗ്രഹങ്ങളിൽവെച്ചു പ്രധാനിയാകുന്നുവെന്നും തോന്നിപ്പിക്കുന്നതിനാകുന്നു.”

ഇതാണോ കൊല്ലം ആറാംശതകത്തിലേ ഗദ്യരീതി? ബ്രഹ്മാണ്ഡപുരാണത്തിലെ ശൈലി? കഷ്ടം, വിദ്വാന്മാർ എന്തിനാണിങ്ങനെ പരവഞ്ചനത്തിനു് ഒരുങ്ങുന്നതു്?

16.26മറ്റു ചില ഗദ്യകൃതികൾ
16.26.1അംബരീഷചരിതം

ഇതും ബ്രഹ്മാണ്ഡപുരാണം പോലെയുള്ള ഒരു ഗദ്യകൃതിയാണു്. ഭാഷാഗതികൊണ്ടു് ഇതിന്റെ കാലം പതിന്നാലാം ശതകമെന്നു നിർണ്ണയിക്കാം. പ്രണേതാവു് ആരെന്നറിവില്ല. ചില പങ്ക്തികൾ താഴെ ചേർക്കുന്നു.

“ഇതിൽ ദ്വാദശി കഴിയിൻറുതായിരിക്കിൻറതു. ഏകാദശീവ്രതവുമിതറുതിയാകിൻറിതെന്റു നിനച്ചുണർത്തിനാനതികാരി: “ഇതുകാണാ രാജാവു, പാൽ കൊണ്ടു പാരണ പണ്ണികോലകത്തു് ഒരുത്തരെ ഊട്ടിക്കൊണ്ടെൻറിയേ ഉൺകയോ കൃത്യമല്ല. അതിലും വിശേഷമൊണ്ടു്. മഹർഷിയെ ക്ഷണിച്ചായല്ലോ നിന്തിരുവടി; എൻറാൽ മഹർഷികളായുള്ളവർ ശപിക്കയും വിരോധമേ രാജാവേ” എൻറതികാരി ഉണർത്തക്കേട്ടപ്പൊഴുതേ രാജാവും പാൽകൊണ്ടു പാരണം പണ്ണി മഹർഷിയുടെ വരവും നോക്കി കാൽകഴുകുവാൻ നീരും ചന്ദനവും ചമച്ചുകൊണ്ടു നിൻറ കാലത്തു മഹർഷിയും നീരാട്ടുപള്ളി പുക്കു ശ്രമപ്പെട്ടെഴുന്നള്ളിൻറ കാലത്തു ഉടയാട പകർന്നിട്ടു കുണ്ഡികയിൽ നീരും ചന്ദനവും എടുത്തുകൊണ്ടു പാദശൗചം പണ്ണി ‘ഭഗവാനേ ദ്വാദശി കഴിയിൻറുതായിരിക്കിൻറിതു. വിരയയകത്തെഴുനരുളുക’ എൻറുണർത്തിൻറംബരീഷനെ നോക്കിയരുളിച്ചെയ്താൻ ദുർവാസാമഹർഷി.”
16.26.2രാമായണം തമിഴ്

നമ്പിയാന്മാരുടെ ‘തമിഴി’നെ ലീലാതിലകത്തിൽ സ്മരിച്ചിട്ടുണ്ടു്. മാർദ്ദങ്ഗികന്മാർ കൂത്തിനോടനുബന്ധിച്ചും അല്ലാതേയും ചില കഥകൾ പറയാറുണ്ടെന്നും അവയിൽ ഭാഷാസംസ്കൃതയോഗവും ദോഷരാഹിത്യവും ശ്ലേഷാനുപ്രാസാദിഗുണാലങ്കാരങ്ങളുമുണ്ടെങ്കിലും സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്തതുകൊണ്ടു് അവയ്ക്കു ‘തമിഴെ’ന്നല്ലാതെ മണിപ്രവാളമെന്നു സംജ്ഞയില്ലെന്നുമാണു് അദ്ദേഹം പ്രസ്താവിയ്ക്കുന്നതു്. അത്തരത്തിൽ ഗദ്യപദ്യ സമ്മിളിതങ്ങളായ പ്രബന്ധങ്ങൾക്കു പുറമേ തനിഗ്ഗദ്യത്തിലും പല പ്രബന്ധങ്ങൾ പണ്ടുണ്ടായിരുന്നിരിക്കണം. ‘നമ്പ്യാരുടെ തമിഴു’കളിൽ പ്രായേണ ഇന്നു നാം കാണുന്നവയ്ക്കു് അത്ര വളരെ പ്രാചീനത കാണുന്നില്ല. അവയിൽ അത്യന്തം വിസ്തൃതമായ “രാമായണം തമിഴു്” പതിന്നാലാംശതകത്തിൽ ഉണ്ടായതാണെന്നു് ഊഹിക്കാം. രാവണോത്പത്തി മുതലാണു് അതിൽ കഥ ആരംഭിക്കുന്നതു്. രാവണൻ ഗണപതിയുമായി യുദ്ധത്തിനു നേരിട്ടപ്പോൾ ആ ദേവനു് അപ്പവും വാഴപ്പഴവും മറ്റും നല്കി സന്തോഷിപ്പിച്ചു് അവിടത്തെ പിന്തിരിപ്പിച്ചു എന്നും സുബ്രഹ്മണ്യനെ തോല്പിച്ചു എന്നും അതു കണ്ടു ക്രുദ്ധനായി ശ്രീപരമേശ്വരൻ എതിർത്തപ്പോൾ നൃത്തംകൊണ്ടു് അവിടത്തെ പ്രസാദിപ്പിച്ചു എന്നും മറ്റും പല നൂതനങ്ങളായ മനോധർമ്മങ്ങളും പ്രയോഗിച്ചുകാണുന്നു.

16.26.2.1ദശരഥന്റെ മരണം

“സുമന്ത്രനെ വിളിച്ചരുളിച്ചെയ്താൻ ദശരഥരാജാവു്. ‘ഇതു കേളാ സുമന്ത്രാ, ഞാൻ പണ്ടു ബാല്യകാലത്തിൽ വനപ്രദേശത്തിങ്കൽ നിൻറു മൃഗങ്ങൾ തണ്ണീർ കുടിപ്പാൻ തടാകത്തിലിറങ്ങിൻറ കാലത്തിൽ തടാകത്തിൽ തർപ്പിച്ചിരിക്കിന്റോൻ ഒരു മഹർഷികുമാരൻ. അപ്പോൾ ഞാൻ മൃഗങ്ങളെയെയ്ത ശരം ഋഷികുമാരന്മേലേറ്റുമരിച്ച കാലത്തിൽ ഋഷികുമാരനുടെ മാതാപിതാക്കൾക്കു പുത്രവിയോഗം വൻറ ഹേതുവായി എന്നെയും പുത്രവിയോഗം കൊണ്ടു മരിപ്പൂതെൻറു ശപിച്ചരുളിനാൻ മഹർഷി. അതു വിഷയമായി ഞാനും പുത്രവിയോഗത്തിനാൽ മരിപ്പേൻ എൻറാൻ. നീ ശ്രീരാമനാമം ജപിക്ക എനിക്കു മോക്ഷം വരുവാ” നെൻറു സുമന്ത്രനോടരുളിച്ചെയ്തു ദശരഥരാജാവു താനുംകൂടി ശ്രീരാമനാമം ജപിച്ചു. രാമലക്ഷ്മണന്മാർ വനത്തിന്നു പോയി ഏഴാം ദിവസത്തിൻനാൾ ദശരഥരാജാവു സ്വർഗ്ഗത്തിന്നെഴുൻറരുളി …നീയും വന്നീവണ്ണമുണർത്തിനായെല്ലോയെൻറു ചൊല്ലി ദുഃഖത്തോടുകൂടി പ്രലാപിച്ചു കേകയരാജധാനിയിൽ നിന്നു പുറപ്പെട്ടു വേഗത്തിൽ പോയി തിരുവയോദ്ധ്യയെ പ്രാപിച്ചു പ്രതിമാഗൃഹംപുക്കു പുരോഹിതവർഗ്ഗത്തോടും കൂടകേട്ടു ദേവകലികനാൽപ്പടത്തിൽ കാട്ടി [4] ഭരതശത്രുഘ്നന്മാർ വസിഷ്ഠവാമദേവാദികളുടെ നിയോഗത്തിനാൽ നീരാട്ടുപള്ളിപുക്കു ദശരഥരാജാവിനെ എടുത്തുകൊണ്ടു ചെൻറു ചിത ചമച്ചു് അതിന്മേലാമ്മാറു രാജാവിനെ നിധാനം ചെയ്തു സംസ്കാരകർമ്മമനുഷ്ഠിച്ചു സംസ്കാരം ചെയ്തു. താരയുടെ അനുരഞ്ജനം

“ഇതു കേളാ ഹനൂമാനേ, നമ്മുടെ സ്വാമി ശ്രീരാഘവൻ തിരുവടി എന്നുടെ ജ്യേഷ്ഠഭ്രാതാവിനെ കൊൻറു എനിക്കു രാജ്യാഭിഷേകം ചെയ്തു് എന്നെ രക്ഷിച്ചിരിക്കിൻറ സ്വാമി എന്നെ നിഗ്രഹിപ്പാനോ ഹനൂമാനെ എൻറു സുഗ്രീവൻ ചൊന്നതു കേട്ടു ചൊന്നാൻ ശ്രീഹനൂമാൻ. “ഇതു കേളാ സുഗ്രീവാ, നിന്നുടെ താരയെ യാത്രയാക്കിപ്പിന്നെ ശ്രീലക്ഷ്മണൻ തിരുവടിയുടെ കോപമടക്കുക. ശ്രീലക്ഷ്മണൻ തിരുവടി സ്ത്രീവധം ചെയ്കയില്ലെൻറു ശ്രീഹനൂമാൻ ചൊന്നതു കേട്ടു സുഗ്രീവനും പെരുകിന സന്തോഷമുടയോനായി താരയെ വിളിച്ചണയത്തുകൊണ്ടു ചൊന്നാൻ സുഗ്രീവൻ. “ഇതു കേളാ താരേ, നമ്മുടെ ഗോപുരദ്വാരം പ്രാപിച്ച ശ്രീലക്ഷ്മണൻ തിരുവടിയെക്കണ്ടു അവൻ തിരുവടിയുടെ കോപമടക്കി വരിക താരേ” യെന്റു സുഗ്രീവൻ ചൊന്നതു കേട്ടു താരയും വിവേകിച്ചു വേഗത്തിൽ പോയിസ്നാനം ചെയ്തു് ആടയാഭരണങ്ങൾകൊണ്ടലങ്കരിച്ചു ദിവ്യങ്ങളായിരിക്കിന്റ പുഷ്പങ്ങൾ പറിച്ചുകൊണ്ടു വേഗത്തിൽ അടക്കത്തോടും കൂടി ശ്രീലക്ഷ്മണസമീപത്തെ പ്രാപിച്ചു ശ്രീലക്ഷ്മണൻ തിരുവടിയേക്കണ്ടു പ്രദക്ഷിണം ചെയ്തു ദിവ്യങ്ങളായിരിക്കിന്റ പുഷ്പങ്ങളാരാധിച്ചു തൊഴുതു നമസ്കരിച്ചുണർത്തിനാൾ താര. “ഇതു കേളാ സ്വാമി, എന്നുടെ ഭർത്താവു വാനരേശ്വരൻ ബാലി ദേവകളാലും ഋഷികളാലും സംഭാവിക്കപ്പെട്ടു് ഉദയപർവതത്തിന്മേൽനിന്നു് അസ്തമയപർവതത്തിന്മേൽ പാഞ്ഞു ശ്രീമഹാദേവൻ തിരുവടിയേയും ശ്രീപാർവതീദേവിയേയും കൂടെക്കണ്ടു പ്രദക്ഷിണം ചെയ്തു തൊഴുതു നമസ്കരിച്ചു വിടയുംകൊണ്ടു വേഗത്തിൽ പോയി ശ്രീപാൽക്കടലെ പ്രാപിച്ചു ഭഗവാനേയും ശ്രീഭഗവതിയേയും കണ്ടു നമസ്കരിച്ചു സത്യം വഴുതാതെ നാലു സമുദ്രത്തിങ്കലും ചെൻറുപ്പിച്ചു് ഇങ്ങനെ നിത്യകർമ്മം പിഴയാതെയിരുന്ന എന്നുടെ ഭർത്താവിനെ നിഗ്രഹിച്ചു. നിർഭാഗ്യയായിരിക്കിൻറ അടിയന്റെ പുത്രൻ അങ്ഗദനോ ഏതുമറിവോനല്ല. അത്രേയുമല്ല സ്വാമി, ആദിത്യപുത്രൻ സുഗ്രീവൻ സീതാവൃത്താന്തം നിരൂപിച്ചു കായും കനിയുമുപയോഗിക്കാതെ പെരുകിന വേദനയുടയോനായി പത്തുദിക്കിലും പെരുമ്പടയേകി അടുത്തനാളുദയകാലം പമ്പാതീരത്തിങ്കൽ ഇരുപത്തൊന്നു വെള്ളം വാനരവീരന്മാരോടുകൂടി വിടകൊൾവാൻ നിനച്ചിരുൻറ കാലത്തിങ്കൽ നിന്തിരുവടിയെഴുൻറരുളി. അങ്ങനെയിരിക്കിൻറ സുഗ്രീവനെ നിന്തിരുവടി നിഗ്രഹിക്കിൻറുതാകിൽ അടിയനെ മുന്നിൽ നിഗ്രഹിക്കണം” എൻറിങ്ങനെ ചൊല്ലിൻറ താരയുടെ വചനം കേട്ടു ശ്രീലക്ഷ്മണൻ തിരുവടി സന്തോഷമുടയോനായി താരയെ നോക്കിയരുളിച്ചെയ്താൻ. അവസാനം

“പിന്നെ കൊമ്പു, കാളം, മദ്ദളം, ശംഖു, പെരുമ്പറ, നിഷാണം, തകിൽ, മൃദുവാദ്യങ്ങൾ, ആണാർ, മണിവീണ, കുഴൽ, സുരമണ്ഡലം, നന്തുണി എന്നിവറ്റിനുടെയൊച്ചയും ഗീതാവാദ്യങ്ങളും ജലഗന്ധപുഷ്പധൂപദീപങ്ങളും എൻറിവറ്റാൽകൊണ്ടും വസിഷ്ഠവാമദേവാദികളാൽ പൊന്നുങ്കുടത്തിലും വെള്ളിക്കുടത്തിലും മഹരിഷികളാൽ പൂജിച്ചു ജപിയ്ക്കപ്പെട്ട കലശങ്ങളാൽകൊണ്ടും, രാമാഭിഷേകോത്സവം രാജ്യത്തിലുള്ള ജനത്തോടും കൂടെ കണ്ടു സന്തോഷമുടയോരായി രാമലക്ഷ്മണന്മാരും ഭരതശത്രുഘ്നന്മാരും ജനകരാജനന്ദിനി സീതാദേവിയും കൌസല്യാദേവിയും കൈകേയീദേവിയും സുമിത്രാദേവിയും വസിഷ്ഠവാമദേവാദികളും രാജ്യത്തിലുള്ള ജനത്തോടും കൂട സുഖിച്ചുവസിച്ചാർ. ദശരഥപുത്രൻ ശ്രീ രാഘവൻ തിരുവടി കൃത്യം പിഴയാതെ ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ടരെ പരിപാലിച്ചു ഭ്രാതാക്കൾ മൂവരോടും ജനകരാജ നന്ദിനി സീതാദേവിയോടും കൂട സുഖിച്ചുവസിച്ചാൻ. ശ്രീ രാഘവൻ തിരുവടിയെൻറിങ്ങനെയിരിക്കിൻറ ശ്രീരാമായണം കഥ കേട്ടവർക്കും കേൾപ്പിച്ചവർക്കും കറ്റവർക്കും കർപ്പിച്ചവർക്കും എഴുതിയവർക്കും ആചാരിയനും കൊടുത്തുവായിച്ചവർക്കും ജന്മജന്മാന്തരങ്ങളിൽ ചെയ്യപ്പെട്ട പാപം കെട്ടു സ്വർഗ്ഗം പ്രാപിക്കാമെൻററിക.”

16.26.3ഉത്തരരാമായണസങ്ഗ്രഹം ഗദ്യം

ഇതും ആരുടെ കൃതിയെന്നറിയുന്നില്ല. രാമായണം തമിഴിലേ ഉത്തരരാമായണകഥയുടെ സംക്ഷേപമാണു്. ചില വാക്യങ്ങൾ ഉദ്ധരിക്കാം:

“ശിവം മുഴുകീതു. അതു കണ്ടു കോപിക്ക ദശഗ്രീവൻ പാശവുമാക രാജാവിനെ പിടിച്ചുകെട്ടിക്കൊൾവിതെൻറധ്യ വസിക്കിൻറതു കണ്ടു രാജാവു രാവണനോടു കൂട യുദ്ധം പണ്ണി ഇരുപതു കയ്യുമൊക്ക പാശത്താൽ ബന്ധിച്ചു കാരാഗൃഹത്തിലിടുവിച്ചു. ചിലനാൾ കഴിഞ്ഞവാറേ അതു കേട്ടു പുലസ്ത്യൻതിരുവടി അവിടത്തിങ്കലെഴുന്നരുളി സാമംകൊണ്ടു പ്രാർത്ഥിച്ചു രാവണനെ കഴിച്ചുവിടിയിച്ചെഴുന്നരുളിനാൻ. അവിടെനിന്നു പോകിന്റ ദശഗ്രീവൻ കിഴക്കിൻ സമുദ്രത്തെ പ്രാപിച്ചു. അതിൽ തർപ്പിച്ചിരുന്ന വാനരേശ്വരൻ ബാലിയെക്കണ്ടു പിടിച്ചുകെട്ടിക്കൊൾവിതെന്റധ്യവസിച്ചു ചെല്ലിന്റ ദശഗ്രീവനെ പിടിച്ചു തന്നുടെ വാലുടെ പുച്ഛത്തിൽ കെട്ടിക്കൊണ്ടു നാലു സമുദ്രത്തിലും പാഞ്ഞു തർപ്പിച്ചു.”

16.26.4പുരാണസംഹിത

ഈ ഗദ്യം മുഴുവൻ കിട്ടീട്ടില്ല. നിർമ്മാതാവാരെന്നു് അറിവാനും നിവൃത്തിയില്ല. മാതൃകയായി ഒരു ഭാഗം ഉദ്ധരിക്കാം.

“മുൻപിൽ അവന്നു സുനീതിയും സുരുചിയും ഇരുവർ ഭാര്യമാർ. അതിൽ സുനിതീപുത്രൻ ധ്രുവൻ! സുരുചിപുത്രൻ ഉത്തമൻ. അവർ ഇഷ്ടരാകിന്റതു രാജാവിന്നു്. അങ്ങനെ ഇരിക്കിന്റേടത്തൊരുനാൾ ഉത്തമനെ മടിയിൽവച്ചു ലാളിപ്പൂതും ചെയ്തു രാജാവിരിക്കിന്റെടത്തു ധ്രുവൻ ചെന്റു മടിയിൽ കരേറുവാൻ തുടങ്ങിന്റപ്പോഴു് അധിക്ഷേപിച്ചാൾ സുരുചി …പിന്നെച്ചൊല്ലുവൂതും ചെയ്താൾ ഇമ്മനോരഥത്തിൽ ഉണ്ടു് നിനക്കു് അപേക്ഷയെന്മൂ എങ്കിൽ തപസ്സുകൊണ്ടു് ഭഗവാനെ പരിതോഷിപ്പിച്ചു് എങ്കൽ പോന്നുളനാകയാമെന്റിങ്ങനെ. അതെല്ലാം കേട്ടു സുനീതി ഉള്ളെടത്തു ചെന്നു് അവളുടെ നിയോഗത്താൽ ഭഗവാനെ തപസ്സുചെയ്തു പരിതോഷിപ്പിച്ചു് ഒരുത്തരാലുമനധ്യാസിതമായിരിപ്പൊരു പദമുണ്ടു ധ്രുവപദം. അതിനെ ലഭിച്ചു ഹരിയെ പ്രാപിച്ചു പെരികനാളേതു രാജ്യവും രക്ഷിച്ചു് ഒടുക്കത്തു ധ്രുവപദത്തെ പ്രാപിപ്പൂതും ചെയ്താൻ.”

16.26.5വ്യാഖ്യാനങ്ങൾ

സംസ്കൃതത്തിൽനിന്നും തമിഴിൽ നിന്നും അക്കാലത്തു പല ഗ്രന്ഥങ്ങൾ പണ്ഡിതന്മാർ മലയാളത്തിൽ വ്യാഖ്യാനിച്ചുതുടങ്ങി. തമിഴ്ക്കൃതികൾ പ്രായേണ വേദാന്തപരങ്ങളാണു്. പ്രണേതാക്കളെപ്പറ്റി യാതൊരറിവുമില്ലാത്തതും നിർമ്മാണകാലംതന്നെ കണ്ടുപിടിക്കുവാൻ പ്രയാസമുള്ളതുമാണു് ആ കൂട്ടത്തിൽപെട്ട ഗ്രന്ഥങ്ങൾ. അവയിൽ ഒന്നായ പരമഞാനവിളക്കത്തിൽനിന്നു് ഒരു വാക്യം ഉദ്ധരിക്കാം. “പ്രായം പെറാത്തവർക്കുമെളുതായു് പടിച്ചറിയുമാറു ചുരുക്കിച്ചൊന്ന ശാസ്ത്രത്തിൻവിരിപ്പു പറവാനാകിലോ മഹാ അരുമയെൻററിഞ്ഞൂ പിന്നെയും ഇവർക്കു പ്രകാശിപ്പതിനിതു നല്ലൂ എൻറു നിശ്ചയിത്തരുളിച്ചെയ്തമയ്ക്കു പട്ടാങ്ങുടൻ പാടുവോരാവരാകിൽ വഴിവൻറ ജനങ്ങളെൻറവാറു അറിയാവരുമെൻറവാറും” തമിഴ്നാട്ടിൽനിന്നു കേരളത്തിൽ കുടിയേറിപ്പാർത്ത ദ്രാവിഡബ്രാഹ്മണർ വേദാന്തഗ്രന്ഥങ്ങളും മന്ത്രശാസ്ത്രഗ്രന്ഥങ്ങളും മറ്റും സാമാന്യജനങ്ങളെ പഠിപ്പിക്കുകയും അവർക്കു സുഗ്രഹമാകുമാറു് അവയ്ക്കു ഭാഷാവ്യാഖ്യാനങ്ങൾ രചിക്കുകയും ചിലപ്പോൾ സുഗമമായ തമിഴിൽത്തന്നെ മൂലഗ്രന്ഥങ്ങൾ സങ്ഗ്രഹിക്കുകയും ചെയ്തു എന്നുള്ളതു് ഒരു അനിഷേധ്യമായ പരമാർത്ഥമാണു്.

ഈ ഉദാഹരണങ്ങളിൽനിന്നു മലയാളഗദ്യത്തിന്റെ ജനനം ക്രി. പി. പത്തൊൻപതാം ശതകത്തിൽ മാത്രമാണെന്നു പറയുന്നതു് അസങ്ഗതമാണെന്നും പതിന്നാലാംശതകത്തിൽത്തന്നെ പല വിശിഷ്ടങ്ങളായ ഗദ്യകൃതികൾ ഭാഷയിൽ ആവിർഭവിച്ചിരുന്നു എന്നും കാണാവുന്നതാണു്.

കുറിപ്പുകൾ

1 ഈ പ്രസ്താവന പ്രതിമാനാടകത്തിലുള്ളതാണു്.