വെളിച്ചത്തിലേയ്ക്കു നടത്തുന്നവർ
ദീപ്തസംഭാഷണങ്ങൾ

മനോജ് കെ. പുതിയവിളയുടെ ‘വെളിച്ചത്തിലേയ്ക്കു നടത്തുന്നവർ—ദീപ്തസംഭാഷണങ്ങൾ’ എന്ന പുസ്തകത്തിന്റെ എച്റ്റിഎംഎൽ, പിഡിഎഫുകൾ എന്നീ പതിപ്പുകൾ പ്രസിദ്ധീകരിക്കുകയാണു്.

പത്രപ്രവർത്തകൻ എന്ന നിലയിൽ ചെയ്ത ധാരാളം അഭിമുഖങ്ങളിൽ ഇനിയുമേറെപ്പേർ വായിക്കണം എന്ന് അഭിമുഖകാരനുതന്നെ തോന്നിയിരുന്ന ആറു ദീർഘാഭിമുഖങ്ങൾ സമാഹരിച്ചതാണു പുസ്തകം. നാലു മലയാളികളും രണ്ടു വൈദേശികരും.

ഏതെങ്കിലും തരത്തിൽ കൗതുകം വളർത്തുന്നവയാണ് ഓരോന്നും. സവിശേഷമേഖലകളിൽ സവിശേഷപ്രവർത്തനങ്ങൾ നടത്തുന്ന, നാം അറിഞ്ഞിരിക്കേണ്ട, നമ്മെ വിസ്മയിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന ചിലരുടെ ജീവിതവും പ്രവർത്തനവും അനുഭവങ്ങളും ചിന്തകളും. നാം അറിയുന്ന ചിലരുടെതന്നെ നമുക്കറിയാത്തതും അറിയാൻ താത്പര്യം തോന്നുന്നതുമായ വ്യക്തിജീവിതവും ഇതിലുണ്ട്. വെല്ലുവിളികൾ അതിജീവിച്ചു വിസ്മയം സൃഷ്ടിച്ചതിന്റെ കഥകളുണ്ട്. അത്ഭുതപ്പെടുത്തുന്ന അറിവുകളും.

ധാരാളം ചിത്രങ്ങൾ ഉള്ളതിനാൽ പിഡിഎഫുകളുടെ വലിപ്പം കൂടുതലാണു്. അതുകൊണ്ടു് ഓരോ അദ്ധ്യായങ്ങളായി വിഭജിച്ച ചെറു പിഡിഎഫുകളായും ലഭ്യമാണു്.

മനോജ് കെ. പുതിയവിള

ആലപ്പുഴ ജില്ലയിൽ കായംകുളത്തിനു സമീപം കണ്ടല്ലൂർ ഗ്രാമത്തിലെ പുതിയവിളയിൽ 1964 മേയ് 31-നു ജനിച്ചു. 1989 മുതൽ പത്രപ്രവർത്തകൻ. ബാലരമ ദ്വൈവാരിക, യുറേക്ക മാസിക, ദേശാഭിമാനി ദിനപ്പത്രം, സദ്വാർത്ത ദിനപ്പത്രം, സമകാലികമലയാളം വാരിക, വീക്ഷണം ദിനപ്പത്രം, കൈരളി റ്റിവി എന്നിവയിൽ ജോലിചെയ്തു. വ്യവസായകേരളം, സ്ത്രീശക്തി മാസികകളുടെ എഡിറ്ററായിരുന്നു. വിവിധ ചാനലുകളിൽ ഡോക്യുമെന്ററികളും ഫീച്ചറുകളും സംപ്രേഷണം ചെയ്തിട്ടുണ്ടു്. പ്രമുഖപ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളും റിപ്പോർട്ടുകളും ഫീച്ചറുകളും അഭിമുഖങ്ങളും എഴുതിവരുന്നു. 1999-ൽ മികച്ച വികസനോന്മുഖറിപ്പോർട്ടർക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടിയിട്ടുണ്ട്.

2006–11 കാലത്തു സംസ്ഥാനത്തുവന്ന മാറ്റങ്ങൾ വിലയിരുത്തി രചിച്ച ‘കേരളത്തിൽ സംഭവിക്കുന്നതു്’, തോമസ് ഐസക്കും പുത്തലത്തു ദിനേശനുമായി ചേർന്നു രചിച്ച ‘99 ശതമാനം വാൾ സ്ട്രീറ്റ് കയ്യടക്കുമ്പോൾ’, ‘കാലത്തിന്റെ മുഴക്കോൽ’, ‘കാലൻഡർ’, ‘വിശ്വാസം ശിക്ഷിച്ചു’ എന്നിവയാണു മറ്റു പുസ്തകങ്ങൾ. സംസ്ഥാനസർക്കാരിന്റെ പുസ്തകങ്ങളായ ‘നവകേരളത്തിനായുള്ള നവോത്ഥാനം’, ‘ശബരിമല: സ്ത്രീകളുടെ ആരാധനാവകാശം’, ‘ഭരണഘടനയിലേക്കൊരു കിളിവാതിൽ’, ‘സർക്കാർ ധനസഹായപദ്ധതികൾ’, ‘സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടുകൾ’ (2017, 18, 19, 20 വാള ്യങ്ങൾ), ‘ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും’, ‘ജനകീയതയുടെ പൊൻകണി’, ‘സ്ത്രീസംരക്ഷണനിയമങ്ങൾ’ തുടങ്ങി ധാരാളം പുസ്തകങ്ങളുടെ എഡിറ്ററായിരുന്നു.

ശാസ്ത്രസാഹിത്യപരിഷത്തിൽ സംസ്ഥാനതലത്തിൽവരെ പലനിലകളിൽ പ്രവർത്തിച്ചിട്ടുണ്ടു്. കേരള സമ്പൂർണ്ണസാക്ഷരതാപ്രസ്ഥാനത്തിൽ കീ റിസോഴ്സ് പേഴ്സൺ, ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ആസ്ഥാനത്തു് മീഡിയ കോർഡിനേറ്റർ, കേരളസർക്കാരിൽ ഇൻഫർമേഷൻ ഓഫീസർ, ധനമന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ടു്. നിലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫീസറാണ്.

ജീവിതപങ്കാളി:

ഡോ: പി. ആർ. സബിത.

മകൻ:

അമൻ എം. എസ്.

ചിത്രങ്ങൾ:

മനോജ് കെ. പുതിയവിള

ഇമെയിൽ:

<puthiyavilamanoj(at)gmail.com>

ഫോൺ:

+91 9847 94 8765

ഫേസ്ബുൿ:

https://www.facebook.com/ManojK.Puthiavila