അന്ധയായ സെബ്രിയെ ടെൻബേർക്കെൻ ജർമ്മനിയിൽനിന്നു തിരുവനന്തപുരത്തു വന്നു താമസിക്കുന്നത് ലോകമാകെയുള്ള ഒരുപാടു ജീവിതങ്ങൾക്കു വെളിച്ചം പകരാനാണ്. അന്ധതയാണു തന്റെ മികവെന്നു വിശ്വസിക്കുന്ന ഈ ചൈതന്യസ്രോതസ്സ്, സമൂഹം കുറവുകൾ ഉയർത്തിക്കാട്ടി തന്നെപ്പോലെ പര്യമ്പുറങ്ങളിലേക്കു തള്ളുന്നവരെ കണ്ടെത്തി സംരംഭകരാക്കി വളർത്തുന്നു; അവരിലൂടെ അങ്ങനെയുള്ള വേറെയും നൂറുകണക്കിനുപേർക്കു ജീവിതം സമ്മാനിക്കുന്നു. ജന്മസാഫല്യത്തിനുള്ള ഈ ദൗത്യത്തിന് ആരൂഢമായി അവർ കേരളത്തെ തെരഞ്ഞെടുത്തതുപോലെതന്നെ ഇവിടെ സ്ഥാപിച്ച കേന്ദ്രവും അവിടെ നടക്കുന്ന പ്രവർത്തനങ്ങളും അവിടേക്കു പഠിതാക്കളെ തെരഞ്ഞെടുക്കുന്ന രീതിയും മാനദണ്ഡങ്ങളും അവരുടെ ജീവിതംതന്നെയും കൗതുകകരമാണ്. ആ രാജ്യാന്തരസ്ഥാപനത്തിന് അവർ കൊടുത്ത പേരുതന്നെ നോക്കൂ: ‘കാന്താരി’! നൊബേൽ സമ്മാനത്തിനു ശുപാർശ ചെയ്യപ്പെട്ട, നൈറ്റ് പദവി നല്കി ഡച്ച് റാണി ആദരിച്ച, ചൈനാഭരണകൂടം 30 വർഷത്തിനിടെ ഏറ്റവും സ്വാധീനിച്ച 15 പേരിൽ ഒരാളായി പ്രഖ്യാപിച്ച സെബ്രിയെയെയും അവരുടെ കാഴ്ചപ്പാടുകളെയും മഹാദൗത്യത്തെയും പറ്റിയുള്ള അറിവ് ഏറെ പ്രചോദകമാണ്. അവർക്കൊപ്പം, സവിശേഷകാഴ്ചപ്പാടും പ്രവർത്തനങ്ങളുമുള്ള ഡച്ചുകാരനായ കൂട്ടുകാരൻ പോൾ ക്രോനൻബെർഗുമുണ്ട്. സെബ്രിയെയും പോളുമായി നടത്തിയ സംഭാഷണം ആധാരമാക്കി എഴുതിയ രണ്ട് അഭിമുഖങ്ങൾ സമന്വയിപ്പിച്ച് പുതിയ വിവരങ്ങൾകൂടി ചേർത്ത് ആനുകാലികമാക്കി അവതരിപ്പിക്കുകയാണിവിടെ. ‘കാന്താരി’യിലെ കാഴ്ചകളും മറ്റും ചേർക്കേണ്ടതിനാൽ ഫീച്ചർ സ്വഭാവംകൂടി വരുത്തിയാണ് ഇത് എഴുതിയിട്ടുള്ളത്.
“നിറമുള്ള സ്വപ്നങ്ങൾ കാണൂ, വലിയ സ്വപ്നങ്ങൾ കാണൂ.” സെബ്രിയെ ടെൻബേർക്കെൻ പറയുന്നു, അന്ധത ഇരുട്ടാണെന്നു കരുതുന്ന സമൂഹത്തിന്റെ മനസിലെ ഇരുട്ടിനെ ഇച്ഛാശക്തിയുടെ കണ്ണാൽ നോക്കി പുഞ്ചിരിച്ചുകൊണ്ട്. ഇതാണ് ഇവരുടെ സന്ദേശം. തിരുവനന്തപുരം നഗരപ്രാന്തത്തിലുള്ള വെള്ളായണിക്കായലിന്റെ കരയിൽ പ്രകൃതിയുടെ തണുപ്പും മിനുപ്പും തനിമയുമുള്ള സാമഗ്രികൾകൊണ്ടു പടുത്തുയർത്തിയ, മനസും ശരീരവും കുളുർപ്പിക്കുന്ന, ഹൃദ്യസൗധത്തിലിരുന്നു വലിയ സ്വപ്നങ്ങൾക്ക് അവർ നിറവും മിഴിവും മൂർത്തതയും പകരുന്നു. അതു നിരവധി രാജ്യങ്ങളിലെ അരക്ഷിതർക്ക് അത്താണിയാകുന്നു.
ഇത് സാമൂഹികസംരംഭകത്വത്തിനായുള്ള രാജ്യാന്തരസ്ഥാപനം. ഇപ്പോൾ പേര് ‘കാന്താരി’ (https://www.kanthari.org/). ആദ്യത്തെ പേര് ‘ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഓന്റ്രപ്രെണർഷിപ്’ (IISE).
ഇവിടെ സംരംഭകത്വത്തിന് ഒട്ടേറെ പുതിയ മാനങ്ങൾ; രൂപങ്ങൾ; ഭാവങ്ങൾ. ലാഭമുണ്ടാക്കാനുള്ള ഏർപ്പാടല്ല ഇവിടെ സംരംഭകത്വം. വലിയ സാമൂഹികധർമ്മങ്ങളാണ് ഇവർ ഈ വാക്കിൽ സന്നിവേശിപ്പിക്കുന്നത്. മാറ്റത്തിന്റെ മന്ത്രമാണത്.
നാട്ടുകാർ ബ്ലൈൻഡ് സ്കൂൾ എന്നു വിളിക്കുന്ന കാന്താരിയിൽ അന്ധർ മാത്രമല്ല പരിശീലിക്കുന്നത്. പലതരം ഭിന്നശേഷിക്കാർ, പല കാരണങ്ങളാൽ സമൂഹം മാറ്റിനിർത്തുന്നവർ, യുദ്ധങ്ങളുടെ ഇരകൾ, എഛ്.ഐ.വി. ഇരകൾ, ജാതിയുടെയും വർണ്ണവിവേചനത്തിന്റെയും ഇരകൾ, പഠിത്തം ഉപേക്ഷിച്ചവർ, തടവുകാരുടെ മക്കൾ ഒക്കെയുണ്ട്.
ഇവിടെ ചേരാൻ വിദ്യാഭ്യാസം വേണമെന്നേ ഇല്ല. വേണ്ടത് സമൂഹത്തിനു വേണ്ടി നല്ലതു ചെയ്യാനുള്ള ആഗ്രഹം; പുതിയ ആശയങ്ങൾ രൂപപ്പെടുത്താനുള്ള സ്വപ്നത്വം; പിന്നെ, ഇംഗ്ലിഷ് എഴുതാനും പറയാനുമുള്ള കഴിവും അത്യാവശ്യം ആശയവിനിമയത്തിനുവേണ്ട കമ്പ്യൂട്ടർച്ചങ്ങാത്തവും.
കഴിവുകളെപ്പറ്റിയുള്ള ഇവരുടെ കാഴ്ചപ്പാടുകൾതന്നെ സവിശേഷമാണ്. “പഠിത്തത്തിൽ കൊഴിഞ്ഞുപോകുന്നവർ വാസ്തവത്തിൽ കഴിവു കുറഞ്ഞവരോ മണ്ടരോ അല്ല”, സെബ്രിയെ പറയുന്നു. “അവർ സാമ്പ്രദായികക്ലാസുമുറികളുടെ ചട്ടക്കൂടിൽ ഒതുങ്ങാൻ കഴിയാത്ത വിശേഷവ്യക്തിത്വം ഉള്ളവരാകും. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെതന്നെയും സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പ്രാപ്തിയുള്ളവർ. അവർക്കാണു പാരമ്പര്യവഴി വിട്ട, നൂതനമായ, ആശയങ്ങൾ വികസിപ്പിക്കാനാവുക; കാര്യങ്ങൾ ചെയ്യാനാവുക, സമൂഹത്തെ മാറ്റാനാവുക. അതുകൊണ്ട്, പിഎച്ഛ്.ഡി.ക്കാരെക്കാൾ പിഎച്ഛ്.ഡി. പാതിവഴിയിൽ ഇട്ടുപോന്നവരെയാണു ഞങ്ങൾ പരിഗണിക്കുക.”
അങ്ങനെയുള്ളവരെ കണ്ടെത്തി മികച്ച സാമൂഹികസംരംഭകർ ആക്കുകയാണു സെബ്രിയെയും കൂട്ടുകാരനായ ഡച്ചുകാരൻ പോൾ ക്രോനൻബെർഗും. അരാജകത്വത്തിൽ അടങ്ങിയിരിക്കുന്ന സൃഷ്ട്യുന്മുഖതയുടെ സംരംഭാത്മകമായ പുതിയ ആവിഷ്കാരം.
ഇവരുടെ കഥ അറിഞ്ഞാലേ ഇത്തരമൊരു വിശേഷാൽ കാഴ്ചപ്പാടിന്റെ പൊരുൾ മനസിലാകൂ.
പന്ത്രണ്ടാം വയസിലാണു സെബ്രിയെയ്ക്കു കാഴ്ച നഷ്ടപ്പെടുന്നത്. ഇതു സത്യത്തിൽ തന്റെ ലോകം കൂടുതൽ വർണ്ണാഭമാക്കുകയാണു ചെയ്തതെന്ന് ഇവർ പറയുന്നു. “നോവൽ വായിച്ചിട്ട് അതിന്റെ സിനിമ കാണുന്നതുപോലെയാണത്. വായിക്കുമ്പോൾ നമുക്കു യഥേഷ്ടം അതെല്ലാം ഭാവനയിൽ കാണാം. അതു സിനിമയാക്കി കാണുമ്പോൾ സംവിധായകന്റെയും സാങ്കേതികവിദ്യയുടെയും ഒക്കെ പരിമിതി അതിനു വരും. യഥാർത്ഥലോകത്തിന്റെപോലും പരിമിതികൾ എന്റെ ലോകത്തിനില്ല.” ആ ആശയം എന്റെ കണ്ണിൽ തിളങ്ങുന്നതു ഭാവനയിൽ കണ്ട് അവർ മധുരമായി ചിരിക്കുന്നു.
അന്ധയായതോടെ കൂട്ടുകാർ ഉപേക്ഷിച്ചു; അദ്ധ്യാപകർ അവഗണിച്ചു. അങ്ങനെ പ്രത്യേകസ്കൂളിലെത്തി. അവിടെ കയാക്കിങ് (തുഴയൽ), സ്കീയിങ്, കുതിരസവാരി ഒക്കെ പഠിച്ചു! കാഴ്ചയുള്ളവരെക്കാൾ മിടുക്കിയായി. ആത്മവിശ്വാസമായി. ലോകം ചുറ്റാനും ഭാഷകൾ പഠിക്കാനും ഒക്കെ മോഹമായി. അല്പം സാഹസികമായിത്തന്നെ ആകട്ടെ എന്നു കരുതി ആദ്യയാത്ര തിബറ്റിലേക്കാക്കി. അതിനു മുന്നോടിയായി അവിടുത്തെ ഭാഷ പഠിച്ചു. അപ്പോഴാണ് അറിയുന്നത് അന്ധർക്കുള്ള ലിപിയായ ബ്രെയിൽ ആ ഭാഷയ്ക്ക് ഇല്ലെന്ന്. ആദ്യംതന്നെ അതു വികസിപ്പിച്ചു. അങ്ങനെയായിരുന്നുതുടക്കം.
സെബ്രിയെ 1997-ൽ തിബറ്റിലെത്തി. തിബറ്റ് ഓർമ്മയിൽ ഉണർന്നപ്പോൾ അവരുടെ മുഖത്തു സമ്മിശ്രഭാവങ്ങൾ പടർന്നു: “അന്ധത കൂടുതലുള്ള തിബറ്റിൽ അന്ധതയെ പാപത്തിന്റെ ശിക്ഷയായാണു കണ്ടിരുന്നത്. കണ്ണുള്ളവരുടെ മനസിന്റെ ആന്ധ്യം! അവിടെ അന്ധരെ പിറവി മുതൽ ആജീവനാന്തം വീട്ടിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കുകയും കട്ടിലിൽ കെട്ടിയിടുകയും ഒക്കെയായിരുന്നു പതിവ്. കൊല്ലുന്നതിലും വലിയ ക്രൂരത!”
ഈ ദുരവസ്ഥ കണ്ടു മനം നൊന്തു ജർമ്മനിയിലേക്കു മടങ്ങിയ സെബ്രിയെ സുമനസുകളിൽനിന്നു കുറെ പണം സ്വരൂപിച്ചു. പങ്കാളിയായി പോൾ ക്രോനൻബെർഗിനെയും കിട്ടി. ഇരുവരും ചേർന്നു ‘ബ്രെയിൽ വിത്തൗട്ട് ബോർഡേഴ്സ്’ എന്ന സന്നദ്ധസംഘടനയ്ക്കു രൂപം നല്കി.
അതിലൂടെ തിബറ്റിൽ വലിയ മാറ്റം സെബ്രിയെ ഉണ്ടാക്കി. “നാട്ടുകാരെ ബോധവത്ക്കരിച്ചു; കുട്ടികളെ ബ്രെയിൽ പഠിപ്പിച്ചു; അതിനായി സ്കൂൾ തുടങ്ങി; അവരെ സ്വയംപര്യാപ്തരാക്കി; കണ്ണുള്ളവരെക്കൂടി പോറ്റാൻ അവരെ പ്രാപ്തരാക്കി; അന്ധത കുറവല്ല, കരുത്താണെന്നു മനസിലാക്കിക്കൊടുത്തു. അവരെയൊക്കെ നാടിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന സംരംഭകരാക്കി. ഒരു അന്ധയുവാവിനോട് ഒരിക്കൽ ചോദിച്ചു എന്താണ് ആഗ്രഹമെന്ന്. ടാക്സി ഡ്രൈവർ ആകണമെന്നായിരുന്നു മറുപടി. ഒരു ടാക്സിയുടെ ഡ്രൈവർ ആകുന്നതിനുപകരം കുറേ ടാക്സികളുടെ ഉടമയാക്കാം എന്നു ഞാൻ പറഞ്ഞു. അയാൾക്കു സമ്മതമായി. അയാളെ ടാക്സിക്കമ്പനിയുടമയാക്കി. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ!”
“അന്ധർക്ക് ഇരുട്ടിൽപ്പോലും എഴുതാം, വായിക്കാം. കണ്ണുള്ളവർക്കോ?” സെബ്രിയെ ചോദിക്കുന്നു.
അന്ധരെ അതിജീവനസജ്ജരാക്കാൻ സ്കൂൾ തുടങ്ങുകയും എഴുപതോളംപേർക്കു തൊഴിൽ ഉണ്ടാക്കുകയും ചെയ്ത അന്ധയായ സെബ്രിയെ തിബറ്റുകാരുടെ പ്രിയങ്കരിയായി. ചൈനാഭരണകൂടം 30 വർഷത്തിനിടെ ഏറ്റവും സ്വാധീനിച്ച 15 പേരിൽ ഒരാളായി ഇവരെ പ്രഖ്യാപിച്ചു. അന്നിവർക്കു നാല്പതു വയസുപോലും ആയിട്ടില്ല. സെബ്രിയെ-പോൾ ദമ്പതിമാരെ ഡച്ച് റാണി 2003-ൽ നൈറ്റ് പദവി (പ്രഭുത്വം) നല്കി ആദരിച്ചു. 2005-ൽ സെബ്രിയെ നൊബെയ്ൽ സമ്മാനത്തിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ഉണ്ടായി.
“ഞാൻ ഈ സംരംഭവുമായി നിന്നാൽ ഈ ഒരു ജനതയ്ക്കു സഹായം ചെയ്യാനാകും. പക്ഷെ, ഇങ്ങനെ പരിത്യക്തരായ എത്രയോ സമൂഹങ്ങളുണ്ടു ലോകത്ത്! ഒരു നൂറു സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ…” അതായി പിന്നെ സെബ്രിയെയുടെ ചിന്ത.
“ഇതേ ലക്ഷ്യവുമായി പ്രവർത്തിക്കാൻ കഴിയുന്ന നൂറ് അംബാസഡർമാരെ നിയോഗിക്കാനായാൽ… നൂറു സമൂഹങ്ങളിൽ മാറ്റം സൃഷ്ടിക്കാം. വർഷം ഇരുപതോ മുപ്പതോ അംബാസഡർമാരെവീതം വാർത്തെടുത്താൽ പത്തിരുപതുവർഷം കഴിയുമ്പോഴേക്ക് അഞ്ഞൂറോ അറുനൂറോ സാമൂഹികസംരംഭങ്ങൾ! അതാണു പരിഹാരം.”
അങ്ങനെ ഒരു പദ്ധതിക്കു സെബ്രിയെയും പോളും രൂപം കൊടുത്തു. ലോകമെങ്ങും നല്ല സാമൂഹികസംരംഭങ്ങൾ തുടങ്ങാൻ കഴിയുന്ന ആളുകളെ കണ്ടെത്തി പരിശീലിപ്പിച്ച് പ്രോത്സാഹനവും സഹായങ്ങളും നല്കി ദൗത്യവാഹകരായി അയയ്ക്കുക. അതിനായി ഒരു സ്ഥാപനം തുടങ്ങണം. സെബ്രിയെയുടെ ഭാഷയിൽ ‘സ്വപ്നങ്ങൾ ഉത്പ്പാദിപ്പിക്കുന്ന ഡ്രീം ഫാക്ടറി’.
“അതിനു പറ്റിയ സ്ഥലം കണ്ടെത്താനായി പിന്നെ ശ്രമം. ഓസ്റ്റ്രേലിയയിൽവച്ച് ഇതേപ്പറ്റി നടന്ന ഒരു സംഭാഷണത്തിൽ ഒരു സുഹൃത്താണു കേരളം നിർദ്ദേശിച്ചത്. അങ്ങനെയാണു ഞങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയത്.” അങ്ങനെ 2009-ൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഓന്റ്രപ്രെണർഷിപ് വെള്ളായണിയിൽ ഉയർന്നു.
“നല്ല പ്രകൃതി, കാലാവസ്ഥ, മനുഷ്യർ, സർവ്വോപരി ശാന്തത, അടുത്തു വിമാനത്താവളം, റയിൽ-റോഡ് സൗകര്യം, വാർത്താവിനിമയബന്ധം,… എല്ലാംകൊണ്ടും യോഗ്യം.” പോൾ പറയുന്നു, നിറഞ്ഞ ആവേശത്തോടെ.
അവിടുത്തേതന്നെ മണ്ണും ചെളിയും എല്ലാം ഉപയോഗിച്ചു പ്രകൃതിയുമായി സമരസപ്പെടുന്ന മൂന്നു കെട്ടിടങ്ങൾ ബേക്കർ സായ്പിന്റെ ശൈലിയിൽ നിർമ്മിച്ചു. സെബ്രിയെയുടെ അകക്കണ്ണും പോളിന്റെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യവും കോസ്റ്റ്ഫോർഡിലെ സാജന്റെ വാസ്തുശില്പമികവും സമന്വയിച്ച ഈ കെട്ടിടങ്ങളിൽ ഫാനേ വേണ്ട. പകൽ ലൈറ്റും വേണ്ട.
ഏതാണ്ടു പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇവിടുത്തെ പ്രധാന കെട്ടിടത്തിൽ വൈദ്യുതിബോർഡിന്റെ ലൈനിലെ വൈദ്യുതി വേണ്ടിവരുന്നതു വെയിൽ കുറഞ്ഞ അപൂർവ്വദിവസങ്ങളിൽ മാത്രം. ലൈറ്റെല്ലാം 2009-ൽത്തന്നെ എൽ.ഇ.ഡി. ആണ്. ആളിറങ്ങിയാൽ തനിയെ കെടും. ഹരിതോർജ്ജത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശ്യാംകുമാർ എന്ന യുവമലയാളീശാസ്ത്രജ്ഞനെ ഇവിടെ കെട്ടഴിച്ചു വിട്ടിരിക്കുകയായിരുന്നു. അദ്ദേഹം കണ്ടുപിടിത്തങ്ങളുടെ പെരുമഴ പെയ്യിച്ച് ഇവിടം പരിസ്ഥിതിമിത്രസാങ്കേതികവിദ്യകളുടെ വസന്തോദ്യാനമാക്കി! എവിടെയും മലിനീകരണമില്ല, യന്ത്രങ്ങളുടെ ഒച്ചയും അനക്കവുമില്ല.
എ.സി.ക്കുപകരം കായലിന്റെ അടിത്തട്ടിലെ തണുപ്പു കുഴൽവഴി ആവഹിച്ചു മുറികൾ തണുപ്പിക്കുക, കാറ്റാടി വച്ചു വൈദ്യുതി ഉണ്ടാക്കുക, പമ്പു പ്രവർത്തിപ്പിക്കുക, ക്യാപ്പില്ലറി റൈസ് വഴി തെങ്ങിൻമുകളിൽ വെള്ളം കയറ്റി ഗുരുത്വാകർഷണം വഴി കരയിലെ ടാങ്കിൽ എത്തിക്കുക, വ്യായാമം ചെയ്യാനുള്ള സൈക്കിൾ വഴി ആ വെള്ളം കെട്ടിടത്തിനുമുകളിലെ ടാങ്കിൽ കയറ്റുകയും അന്നന്നത്തേക്കുവേണ്ട അരി അരയ്ക്കുകയുമൊക്കെ ചെയ്യുക, പ്ലാസ്റ്റിക് കാലിക്കുപ്പികൾകൊണ്ടുള്ള ബോട്ട് ജെട്ടി, ചങ്ങാടം, സൗരോർജ്ജം കൊണ്ടുള്ള ബോട്ട്, വിനോദത്തിനായുള്ള രാജ്യത്തെ ആദ്യത്തെ ബൊംബാർഡിങ് ബോട്ടുകൾ, ഒറ്റ യൂണിറ്റ് ആയുള്ള സൗരതെരുവുവിളക്ക്,… ഈ അഭിനവഎഡിസന്റെ ശാസ്ത്രകുതൂഹലങ്ങൾക്കും സെബ്രിയെയുടെ അകക്കാഴ്ചതന്നെ ആയിരുന്നു കരുത്ത്.
ജർമ്മനിയിൽനിന്നു കൊണ്ടുവന്ന ഇക്കോസാൻ കക്കൂസുകൾ ഖര-ദ്രവമാലിന്യങ്ങൾ വേർതിരിക്കുന്നു. ഖരമാലിന്യം പൂർണ്ണമായും പാചകവാതകമാക്കി മാറ്റും. ശരാശരി 50 പേർ വീതം മൂന്നുനേരവും ആഹാരം കഴിക്കുന്ന ഇവിടെ ഇതിനുപുറമെ വേണ്ടിവരുന്നത് ആഴ്ചയിൽ ഒറ്റക്കുറ്റി ഗ്യാസുമാത്രം!
വേർതിരിക്കപ്പെടുന്ന വെള്ളമാകട്ടെ, പലതരം അരിപ്പകളുള്ള സംസ്കരണസംവിധാനത്തിലൂടെ ചെടി നനയ്ക്കാൻ പോകുന്നു. ഇതുപയോഗിച്ച് പച്ചക്കറിത്തോട്ടവും വളർത്തുന്നു.
കൂടാതെ, മഴക്കൊയ്ത്തിനുമുണ്ട് വലിയ സന്നാഹം. വർഷം മുഴുവൻ ഉപയോഗിക്കാനുള്ള വെള്ളം സംഭരിക്കാൻ ദശലക്ഷക്കണക്കിനു ലീറ്റർ ശേഷിയുള്ള ഭൂഗർഭട്ടാങ്കുണ്ട്. ഈ ടാങ്ക് പണിതതുമായി ബന്ധപ്പെട്ട ഒരു ‘കേരളീയ മോറൽ പൊലീസ് തമാശ’കൂടി കേട്ടു.
മണ്ണിനടിയിൽ ടാങ്കു പണിയുന്നതിന് ഒറ്റ ആവശ്യമല്ലേ നമ്മൾക്കറിയൂ—വ്യാജമദ്യം സംഭരിക്കൽ. ഇവിടെയും ടാങ്കുപണി തുടങ്ങിയതോടെ ചിലർക്കു സംശയമായി, ഇതു ‘മറ്റേതി’നാണോ? ആളുകൾ സംഘടിച്ചു, പണി തടഞ്ഞു. “ഒടുവിൽ പൊലീസ് വന്നു പരിശോധിച്ച് അനുമതി നല്കിയശേഷമാണു മഴവെള്ളസംഭരണി പണിയാനായത്!” ശ്യാം ഓർക്കുന്നു.
വലിയ സാമൂഹികപ്രസക്തിയുള്ള അൻപതോ അറുപതോ ചെറുകണ്ടുപിടിത്തങ്ങൾ മനസിലുണ്ടെന്നു പറഞ്ഞ ശ്യാമിന്റെ വാക്കുകളിലെ ആവേശം ആ അന്തരീക്ഷത്തിലാകെയുള്ള ആവേശത്തിന്റെ അനുരണനമായിരുന്നു. ഇവയിൽ ചിലതെല്ലാം കാന്താരിയിൽത്തന്നെ സാക്ഷാത്ക്കരിച്ചശേഷം അവിടെനിന്നു പിരിഞ്ഞ ശ്യാം ഇപ്പോൾ തന്റെ പുതുപുതുസ്വപ്നങ്ങൾക്കു ചിറകേകാനും കേരളത്തിലെ സ്വപ്നം കാണാൻ ശേഷിയുള്ളവരെ പ്രചോദിപ്പിച്ചു നവീനാശയങ്ങളുടെ പൂക്കാലം തീർക്കാനുമുള്ള പദ്ധതി തയ്യാറാക്കുകയാണ്. കാന്താരിയുടെ പ്രചോദനമാകാം ഇതിന്റെയും ഊർജ്ജം.
ഇങ്ങനെയെല്ലാം ഒരുങ്ങിയ ഐ.ഐ.എസ്.ഇ. 2009-ൽ 20 പേരുള്ള ആദ്യബാച്ചിനെ വരവേറ്റു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ. എല്ലാവരും പതിനൊന്നു മാസത്തെ പരിശീലനം പൂർത്തിയാക്കി അതതു നാടുകളിലേക്കു മടങ്ങി സാമൂഹികസംരംഭങ്ങൾ വിജയകരമായി തുടങ്ങി. തുടർന്നുള്ള ഓരോ വർഷവും പുതിയ ബാച്ചുകൾ വന്നുപോകുന്നു.
കൂടുതൽപേരെ പരിശീലിപ്പിക്കാനും അടുത്തടുത്ത ബാച്ചുകളിലുള്ളവർക്ക് ഇടപഴകാൻ അവസരം നല്കാനും ഉദ്ദേശിച്ചു 2012 മുതൽ ഭാഗികമായി സമാന്തരമായ രണ്ടു ബാച്ചുകൾ വർഷത്തിന്റെ രണ്ടു ഘട്ടങ്ങളിലായി തുടങ്ങി; ജനുവരിയിലും ജൂലൈയിലും.
അന്ധരും ശാരീരികവൈകല്യങ്ങൾ ഉള്ളവരും വിവിധ സാമൂഹികതിന്മകളുടെയും ദുരന്തങ്ങളുടെയും ഇരകളും ഒക്കെയായ ഇവരുടെ പ്രവർത്തനങ്ങൾ അതീവകൗതുകകരമായ കാഴ്ചയാണ്. കായലിറമ്പിലെ രണ്ടു തെങ്ങുകളിൽ രണ്ടാൾപ്പൊക്കത്തിൽ വലിച്ചുകെട്ടിയ കമ്പിയിലൂടെ, അതിൽ പിടിപ്പിച്ച കപ്പിയിൽ തൂങ്ങി, റോപ്പ് വേ സഞ്ചാരം ആയിരുന്നു എന്റെ സന്ദർശനദിവസത്തെ അവരുടെ അപരാഹ്നപരിപാടി. എല്ലാ പരിമിതികളും മറന്ന്, ലവലേശം പേടിയില്ലാതെ ഓരോരുത്തരും ഫാന്റത്തെപ്പോലെ സാഹസികമായി പറന്നിറങ്ങുന്നു. ചിലർ പാതിവഴിക്കു കൈവിട്ടു ചാടുന്നു. ചിലർ വീഴുന്നു. എല്ലാവരുംചേർന്നു പിടിച്ചെഴുന്നേല്പിക്കുന്നു. കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു. പരിസരം മറന്നു കൂക്കിവിളിക്കുന്നു. സർവ്വത്ര പൊടിപൂരം!
ഒളിപ്പിച്ചുവച്ച കാണാപ്പൊന്ന് പലയിടങ്ങളിലായി ഒളിപ്പിച്ചുവച്ച പലപല സൂചനകളിലൂടെ തേടിപ്പിടിക്കുന്ന കളി ആയിരുന്നത്രേ തലേന്ന്. അകക്കണ്ണിന്റെ തെളിച്ചത്തിൽ അവർ ആ നിധിവേട്ട വിജയപൂർവ്വം പൂർത്തീകരിച്ചത് സെബ്രിയെ വിവരിച്ചത് വിസ്മയത്തോടെ കേട്ടു.
… എല്ലാവരും എല്ലാം കാണുന്നു! കേൾക്കുന്നു! കൂട്ടായി എല്ലാം ചെയ്യുന്നു! കുറവുകൾ ഇല്ലാത്തവർ എന്നു കരുതുന്നവരുടെ ലോകത്തെക്കാൾ എല്ലാം സമ്പൂർണ്ണം!
“എല്ലാം പക്കാ ആയിരുന്നാൽ നമുക്കു പ്രശ്നങ്ങളില്ല. പരിഹാരങ്ങൾ വേണ്ടാ. തലച്ചോർ ഓഫ് ചെയ്തു വയ്ക്കാം. എന്നാൽ പക്കാ അല്ലെങ്കിലോ?” അന്ധയെന്നുതന്നെ തന്നെ വിശേഷിപ്പിക്കണം എന്നു നിഷ്ക്കർഷിക്കുന്ന സെബ്രിയെ ടെൻബേർക്കെൻ തന്റെ വേറിട്ട തത്വശാസ്ത്രം അവതരിപ്പിക്കുകയാണ്.
“നിങ്ങൾ ഇംപെർഫെക്റ്റ് ആണെങ്കിൽ പരിഹാരങ്ങൾ അനിവാര്യമാക്കും. അതു പുതിയ ശേഷികൾ വികസിപ്പിക്കും. കയ്യില്ലാത്തയാളുടെ ശരീരത്തിന് ആ പരിമിതി മറികടക്കാനുള്ള ശേഷികൾ വളർത്തേണ്ടിവരുമല്ലോ, അതുപോലെ.”
“ഞാൻ അന്ധയാണ്; പക്ഷെ, കാഴ്ചാവൈകല്യം ഉള്ളവൾ (visually impaired) അല്ല.”—അങ്ങനെ തന്നെപ്പറ്റി പറയുന്നവരോടായി സെബ്രിയെ പറയും. ഉള്ളിലുള്ള വെളിച്ചം മറ്റുള്ളവർക്കുകൂടി കാണിച്ചുകൊടുക്കുന്ന ഈ മഹതിയ്ക്കോ കാഴ്ചാവൈകല്യം!
“കാണുന്നില്ല എന്നതൊഴിച്ചാൽ എനിക്ക് എന്താണു തകരാറ് ?”
“അന്ധത വൈകല്യമാണ്, കുറവാണ്, ഇരുട്ടാണ്, ദുരിതമാണ്, അതുള്ളവർ മറ്റുള്ളവരെക്കൾ താണവരാണ്, സഹതാപം വേണ്ടവരാണ്,… അവർ എന്തെങ്കിലും കഴിവു പ്രകടിപ്പിച്ചാൽ അത് അത്ഭുതമാണ്. അന്ധ പാടുന്നു! അന്ധ ബുദ്ധിമതിയാണ്! അവൾ അതു ചെയ്യുന്നു! ഇതു ചെയ്യുന്നു! … എന്തേ? അന്ധർക്ക് ഇതൊന്നും ആയിക്കൂടെ?
“അന്ധത തുറക്കുന്ന മഹത്തായ സാദ്ധ്യതകൾ അറിയാത്തതുകൊണ്ടാണത്. ഹോളീവുഡിനും കോളീവുഡിനുമൊന്നും ഞങ്ങളെ തളച്ചിടാനും നശിപ്പിക്കാനും ആകില്ല എന്നതുതന്നെ വലിയ സാദ്ധ്യതയല്ലേ? കണ്ണുണ്ടായിപ്പോയവരുടെ ഒരു ആനുകാലികദുരന്തം!” സെബ്രിയെയുടെ ചിരിക്കും ഒരു ദാർശനികഭാവം.
“കാഴ്ചയുള്ളവരുടെ, പോരടിക്കുന്നവരുടെ, ഈ ലോകത്ത് നിമിഷംപ്രതി കുറവുകളെ അതിജീവിക്കുന്ന ഞങ്ങൾക്കു പ്രശ്നപരിഹാരത്തിനുള്ള മഹത്തായ സിദ്ധികളില്ലേ, ശേഷികളില്ലേ? ആശയവിനിമയത്തിനുള്ള വ്യത്യസ്തമികവുകളില്ലേ? ഈ ലോകത്തെയാകെ സങ്കല്പത്തിൽ കാണാനുള്ള അപാരസാദ്ധ്യത ഞങ്ങൾക്കില്ലേ? സങ്കല്പവും ദർശനവും യാഥാസ്ഥിതികത്വത്തിനെതിരെ നീങ്ങാൻ പ്രാപ്തി നല്കുന്നു. എന്തെന്തു സാദ്ധ്യതകളാണ് ഇവയെല്ലാം അന്ധർക്കു പകരുന്നത്!”
തിളയ്ക്കുന്ന ആവേശം അവരെ വാചാലയാക്കുന്നു. “ഇത്തരം ശേഷിക്കുറവുകൾ മറികടക്കാനുള്ള പുതിയ വഴികൾ—പൊരുത്തപ്പെടാനുള്ള മികവ്—വികസിപ്പിക്കാനുള്ള കഴിവു ശരീരത്തിനുണ്ട്. ഇല്ലായ്മകൾക്കിടയിൽനിന്നു പ്രവർത്തിച്ചു നേട്ടമുണ്ടാക്കാനുള്ള കഴിവാണു മികച്ച സംഘാടകർക്കു വേണ്ടത്. അതാണു നേതൃഗുണം.” ഇങ്ങനെയെല്ലാം ഉള്ളവർക്കാണു പ്രസാദാത്മകമായി ചിന്തിക്കാനും സ്വപ്നം കാണാനും കഴിയുക എന്ന് ഇവർ പറയുന്നു.
“അങ്ങനെയുള്ളവരെയാണു ഞങ്ങൾക്കു വേണ്ടത്.” സെബ്രിയെ കൂട്ടിച്ചേർക്കുന്നു. “വലിയ സ്വപ്നങ്ങൾ, നിറപ്പൊലിമയാർന്ന സ്വപ്നങ്ങൾ, കാണാൻ കഴിയുന്ന ആർക്കും സ്വാഗതം!”
അങ്ങനെയുള്ളവരെയാണു ‘കാന്താരി’ തെരഞ്ഞെടുക്കുന്നത്. അതിനു കൃത്യമായ മാർഗ്ഗങ്ങളും മാനദണ്ഡങ്ങളുമുണ്ട്.
“അവർ എന്തിന്റെ ഇരയാണ്? എത്ര വലിയതാണ് അവരുടെ ദുരന്തം? അതിനെ എങ്ങനെ അതിജീവിച്ചു? അവരുടെ ശേഷികൾ എന്തൊക്കെ? കൂട്ടത്തിലുള്ളവരുമായി അവർ എങ്ങനെ സംവദിക്കുന്നു? ഇടപാടുകൾ നടത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവ് എങ്ങനെ? നൂതനാശയങ്ങൾക്കു രൂപം കൊടുക്കാനുള്ള മിടുക്ക്? മാറ്റത്തിനുള്ള അഭിവാഞ്ഛ?… ഇങ്ങനെയുള്ള ഒരുപിടി കാര്യങ്ങൾ വിലയിരുത്തിയാണു തെരെഞ്ഞെടുക്കൽ.
“ഔപചാരികവിദ്യാഭ്യാസയോഗ്യത മാനദണ്ഡമേ അല്ല. വായിക്കാനും എഴുതാനും അറിയണം. അടിസ്ഥാനഗണിതവും അറിയണം. ഇംഗ്ലിഷിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഇ-മെയിൽ അയയ്ക്കാനുള്ള ആശയവിനിമയശേഷി ഉണ്ടായിരിക്കണം. അത്രമാത്രം.” സെബ്രിയെ വിശദീകരിക്കുന്നു.
“പരിശീലനം കഴിഞ്ഞാൽ എന്താണു നിങ്ങൾ നേടാൻ ഉദ്ദേശിക്കുന്ന ഏറ്റവും വലിയ ലക്ഷ്യം?—അതാണു ചോദ്യം. അതാണ് അടിസ്ഥാനമാനദണ്ഡം. കാരണം, പ്രചോദിതയായ ഒരാളെ പഠിപ്പിച്ചെടുക്കാൻ എളുപ്പമാണ്. മറിച്ച്, വിദ്യാഭ്യാസം നേടിയ ഒരാളെ പ്രചോദിപ്പിക്കുക എളുപ്പമല്ല.” സെബ്രിയെ അതിന്റെ യുക്തി വ്യക്തമാക്കി.
എന്നുവച്ചാൽ, തനി കാന്താരികളെയാണു വേണ്ടത്. ഒന്നാന്തരം എരിവൻ കാന്താരികളെ. കാന്താരിക്ക് ആ പേരുവന്നത് അതു മുളകിന്റെ വന്യസ്വഭാവം പുലർത്തുന്നതുകൊണ്ടാകാം. കാന്താരം എന്നാൽ വനം ആണല്ലോ. കാന്താരി വനത്തിലുള്ളവളും. മുളകിന്റെ കാടൻവർഗ്ഗം. നാഗരികസംസ്കാരത്തിന്റെ അയവുകളും വിട്ടുവീഴ്ചകളും മയപ്പെടലുകളും നാട്യങ്ങളും ജാടകളും കാപട്യങ്ങളും പ്രകടനപരതയും ഒന്നുമില്ലാത്ത തനി കാടൻതനിമ. അവർക്കാണു മാറ്റങ്ങൾക്കുള്ള വീറുണ്ടാവുക.
ഇത്തരക്കാരെ കിട്ടാനുള്ള തെരഞ്ഞെടുക്കലിന്റെ രീതിയും സെബ്രിയെ പറഞ്ഞുതന്നു: “ഞങ്ങൾ അവർക്കുമുന്നിൽ ചില ചോദ്യങ്ങൾ വയ്ക്കും. ഇപ്പോൾ നിങ്ങൾ എന്തുകൊണ്ടു വരുന്നു? എന്താണു നിങ്ങളുടെ പദ്ധതി? ആ പദ്ധതിക്കു സുസ്ഥിരവളർച്ച എങ്ങനെ സാദ്ധ്യമാക്കും? പണം എങ്ങനെ കണ്ടെത്തും?
“ഇതിനൊപ്പം ഒരു കേസ് സ്റ്റഡി കൂടിയുണ്ട്, ഒരു പ്രശ്നം എങ്ങനെ നേരിടും എന്നതിന്. വിമാനട്ടിക്കറ്റിനുള്ള പണം സ്വയം കണ്ടെത്തുക എന്നതാണത്. കണ്ടെത്തൽശേഷി ഇതിലൂടെ അറിയാം. ഒപ്പം, എത്ര അഭിനിവേശം ഉണ്ട് എന്നതും. അവർ എത്തിയാലുടൻ ഈ പണം മടക്കിനല്കും എന്നതു വേറെ കാര്യം.
“ഇവിടുത്തെ പരിശീലനവും പലതരത്തിൽ വ്യത്യസ്തമാണ്. എല്ലാം എല്ലാവരും സ്വയം പഠിക്കുന്നു. ഒക്കെ പരീക്ഷിച്ചുനോക്കി പിശകുകൾ തിരുത്താനും ആത്മവിശ്വാസം നേടാനുമെല്ലാം അവസരം നല്കുന്നതാണ് ഈ പരിശീലനം. പഠിപ്പിക്കാൻ പക്ഷെ, ഇവിടെ അദ്ധ്യാപകരില്ല; വിദ്യാർത്ഥികളും. പങ്കാളികളും ഉൽപ്രേരകരും (catalysts) മാത്രം. സിലബസെന്നും മറ്റുമുള്ള സാങ്കേതികപദാവലികൾപോലും പടിക്കു പുറത്ത്.” ഇവിടുത്തെ സമ്പ്രദായങ്ങൾ ഇങ്ങനെയൊക്കെ ആയതിനു കാരണം ഇതു നടത്തുന്നയാളിന്റെ പ്രത്യേകതതന്നെ.
സംരംഭകത്വം എന്നാൽ പണമുണ്ടാക്കാനുള്ള ഏർപ്പാട് എന്നാണു പലരുടെയും ധാരണ. സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവ നിറവേറ്റാനുള്ള സാധനങ്ങളോ സേവനങ്ങളോ ആവിഷ്ക്കരിച്ച് ആവശ്യക്കാർക്കു സ്വീകാര്യമായ വിലയ്ക്കു ലഭ്യമാക്കുക എന്നതാണു സാധാരണസംരംഭകത്വം. എന്തെങ്കിലുമൊക്കെ കണ്ടുപിടിച്ച് അതിന് ആവശ്യം കൃത്രിമമായി സൃഷ്ടിച്ചു മനുഷ്യരെ അതിൽ വീഴ്ത്തി കച്ചവടമടിക്കുന്നത് കോർപ്പറേറ്റ് സംരംഭകത്വവും. എന്നാൽ ഇവിടെ അതും മാറുന്നു. ഇവരുടെ കാഴ്ചപ്പാടിൽ അതിനപ്പുറം വലിയൊരു സാമൂഹികധർമ്മം അതിനുണ്ട്. അത്തരമൊരു സവിശേഷധർമ്മം നിർവ്വഹിക്കുന്ന സാമൂഹികസംരംഭകത്വം (Social Entrepreneurship) എന്ന ആശയം നമ്മെ പഠിപ്പിക്കുകയാണ് സെബ്രിയെ ടെൻബേർക്കെനും പോൾ ക്രോനൻബെർഗും കാന്താരിയും.
“അന്ധർ ഊന്നിനടക്കുന്ന പ്രത്യേകതരം വടിക്ക് 120 യൂറോയാണ് (അഭിമുഖം നടത്തിയ 2011-ൽ) യൂറോപ്പിൽ വില. അത് ഇറക്കുമതിചെയ്ത് ഉപയോഗിക്കാൻ എത്ര അന്ധർക്ക് ആകും? ഒരുലക്ഷം രൂപ കൊടുത്ത് അന്ധർക്കുള്ള വീൽചെയർ വാങ്ങാൻ എത്രപേർക്കു കഴിയും? ഇവയൊക്കെ കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ കഴിഞ്ഞാലോ? നിരവധിപ്പേർക്ക് അനുഗ്രഹമാകും. വൻതോതിൽ വില്പനസാദ്ധ്യതയും ഉണ്ട്. ഇവിടെ സംരംഭകത്വം സാമൂഹികമാനം കൈവരിക്കുന്നു.”
സംരംഭകരംഗത്തെ വേറിട്ട വഴിയാണു പോൾ തുറന്നുകാട്ടുന്നത്. മേല്പറഞ്ഞ ഉപകരണങ്ങൾ തുച്ഛമായവിലയ്ക്കു ലഭ്യമാക്കാവുന്ന നിർമ്മാണവിദ്യയും രൂപകല്പനയും നിർവ്വഹിച്ചിട്ടുണ്ട് പോൾ. വൈകല്യങ്ങൾ ഉള്ളവർക്കുവേണ്ടി മാത്രമല്ല, ഒറ്റപ്പെട്ടവർ, ദുരിതം അനുഭവിക്കുന്നവർ, ദുരന്തങ്ങളുടെയും മഹാരോഗങ്ങളുടെയും ഇരകൾ എന്നിവർക്കൊക്കെ വേണ്ടിയും മറ്റു വിവിധ സാമൂഹികപ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളായും സാമൂഹികസംരംഭങ്ങൾ വികസിപ്പിക്കാനാകും. ആ മഹാലക്ഷ്യമാണു കാന്താരിയുടെ ജീവധാര.
“ഈ കൊടി കണ്ടിട്ടുണ്ടോ? ഏതു രാജ്യത്തിന്റെ ആണെന്ന് അറിയാമോ?” ചുവരിൽ ഒട്ടിച്ച ഒരു പതാക കാട്ടി പോൾ ചോദിച്ചു.
ഉത്തരം പറയാനാകാതെ ഞാൻ കുഴങ്ങുമ്പോൾ പോൾതന്നെ പറഞ്ഞുതന്നു: “നെബുലായ്.”
അങ്ങനെ ഒരു രാജ്യം കേട്ടിട്ടില്ലാത്തതിനാൽ അല്പമൊരു ജാള ്യത്തോടെ തല കുലുക്കി. വിഷമം മനസിലാക്കി പോൾ ചിരിച്ചു. എന്നിട്ടു പറഞ്ഞു: “വിഷമിക്കേണ്ടാ. അങ്ങനെയൊരു രാജ്യം ഭൂമിയിലില്ല. ഇത് ഒരു സാങ്കല്പികരാജ്യമാണ്. ഈ രാജ്യത്തെ സാങ്കല്പികപ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണു ഞങ്ങൾ സാമൂഹികസംരംഭകത്വത്തിനു തുടക്കം കുറിക്കുന്നത്.
അതിന്റെ കഥ സെബ്രിയെ വിവരിച്ചു: “ഈ പേരും കൊടിയുമൊക്കെ പുതിയ ബാച്ചുകാർ നിശ്ചയിച്ചതാണ്. റ്റാൻസലേഷ്യ എന്നായിരുന്നു 2009-ലെ ബാച്ചുകാരുടെ സങ്കല്പരാജ്യത്തിന്റെ പേര്. ആ പ്രവർത്തനം കഴിഞ്ഞ് ആ ബാച്ചുകാരെ 2010-ൽ മലൈക്കാദ്വീപിൽ കൊണ്ടുപോയി. സാങ്കല്പികദ്വീപിന്റെ തനിപ്പകർപ്പ്! അവർ പരിഹരിച്ച അതേതരം പ്രശ്നങ്ങൾ!
“ഓരോ ബാച്ചും ഇങ്ങനെ ഓരോ രാജ്യം ഉണ്ടാക്കും. അതിന്റെ സ്ഥാനം, ഭൂപ്രകൃതി, പരിസ്ഥിതി, ജനവിഭാഗങ്ങൾ, വിഭവങ്ങൾ, പരിമിതികൾ, പ്രശ്നങ്ങൾ, അനുകൂലഘടകങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ ഒക്കെ അവർ നിശ്ചയിക്കും. അതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ വിശദമായി പഠിച്ചു പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നു.
“ഓരോ ടീമും 10 ആഴ്ചത്തെ കേസ് സ്റ്റഡി നടത്തിയാണു പ്രൊജക്റ്റ് ഉണ്ടാക്കുന്നത്. പ്രൊജക്റ്റ് എന്നാൽ സമ്പൂർണ്ണപ്രൊജക്റ്റ്. പദ്ധതിയുടെ സാമ്പത്തികവശം, അതിനുള്ള സ്രോതസുകൾ, മറ്റു സഹായങ്ങൾ ലഭിക്കാവുന്ന സ്ഥാപനങ്ങളും സംഘടനകളും, നടത്തിപ്പുസംവിധാനം, പ്രവർത്തനരീതി, ലക്ഷ്യവും സാക്ഷാത്ക്കാരവും എല്ലാമുള്ള എഴുതിത്തയാറാക്കിയ സമഗ്രമായ പ്രോജക്റ്റ്. ഇതാണ് ഇവിടുത്തെ പരിശീലനനാടകത്തിന്റെ ഒന്നാമങ്കം.”
സെബ്രിയെ വീണ്ടും ആ വർഷത്തെ ബാച്ചിന്റെ കാര്യത്തിലേക്കു വന്നു: “നെബുലായിൽ നാലു ജില്ലകൾ. നിശബ്ദസുന്ദരമായ പ്രകൃതി. ധാരാളം വിനോദസഞ്ചാരികൾ വരും. പക്ഷെ അതുകൊണ്ടുതന്നെ രണ്ടു ഗുരുതരപ്രശ്നങ്ങൾ നെബുലായെ ബാധിച്ചിരിക്കുന്നു. എച്ഛ്.ഐ.വി.യും ബാലലൈംഗികപീഡനവും. പെറുവിൽനിന്നുവന്ന ബിയാട്രീസ് ഏറ്റെടുത്തത് കുട്ടികളുടെ കാര്യമാണ്. ‘ബാലപീഡനം വേണ്ടാ’ (SAY NO TO CHILD ABUSE) എന്ന പേരിൽ ഒരു പ്രൊജക്റ്റ് അവളുടെ സംഘം തയാറാക്കി. ‘അവരെ ബാല്യം ആസ്വദിക്കാൻ വിടൂ’ എന്നതാണു സന്ദേശം.
“സിംബാവേകാരൻ റ്റാവൻഡാ തെരുവുകുട്ടികൾക്കായി മറ്റൊരു പ്രൊജക്റ്റ് ഉണ്ടാക്കി. എയിഡ്സ് ബാധിച്ചവരുടെ അനാഥരും എച്ഛ്.ഐ.വി. ബാധിതരുമായ കുട്ടികൾക്കായി മറ്റൊന്ന്. ഇനിയൊന്ന് ലൈംഗികത്തൊഴിലിലേക്ക് ആളുകൾ പോകുന്നതു തടയാനും ഉപജീവനവും സ്വയംപര്യാപ്തിയും പ്രദാനം ചെയ്യാനുമുള്ള ജൈവകൃഷിപ്പരിപാടി. ഇതിനൊക്കെ പുറമെ, നെബുലായിലെ ‘ലോർഡ് ബബൂ’ തടാകക്കരയിൽ ആ രാജ്യത്തിന്റെ ആണ്ടുതോറുമുള്ള സാംസ്കാരികോത്സവവും ഇവർ സംഘടിപ്പിച്ചു! വെള്ളായണിക്കായൽ ഇവർക്കു ബബൂ തടാകമായി! അതിരുകളില്ലാത്ത സങ്കല്പം!!
“ഇതൊക്കെ വളരെ ഗൗരവത്തോടെയാണു നടത്തുന്നത്. പ്രശ്നങ്ങൾ സംബന്ധിച്ച പഠനം നടത്തുന്നതൊക്കെ കേരളത്തിലും തമിഴ് നാട്ടിലുമാണ്. എല്ലാത്തിനും നിരന്തരപരിശോധനയും തിരുത്തലും ഒക്കെയുണ്ട്. സർക്കാരിലെ പ്രമുഖരും സാമൂഹികസംരംഭകരും പ്രാദേശികകമ്പനികളുടെ സി.ഇ.ഒ.മാരും വ്യവസായികളും ഒക്കെയുള്ള ജൂറിയാണു പ്രൊജക്റ്റ് വിലയിരുത്തുന്നത്.
“എല്ലാം കഴിയുമ്പോഴേക്കും ഓരോരുത്തരും ഒന്നാന്തരം പ്രൊജക്റ്റെഴുത്തുകാർ ആയിട്ടുണ്ടാകും. പിന്നെ അടുത്ത അങ്കമാണ്; യാഥാർത്ഥ്യത്തിന്റെ സാക്ഷാൽ അങ്കത്തട്ടിൽ.”
“നമ്മുടെ വിപണിയിൽ നിറച്ചും വെളുക്കാനുള്ള ക്രീമുകളാണ്.” സെബ്രിയെ പറയാൻ പോകുന്നത് എന്താണെന്നു മനസിലാകുമ്മുമ്പ് എന്റെ മനസിലൂടെ ഇങ്ങനെയൊരു ചിന്ത കടന്നുപോയി. വേണ്ടത്ര സൂര്യവെളിച്ചം ഏൽക്കാത്തവരാണു വെളുത്തിരിക്കുന്നത്. ഭൂമദ്ധ്യരേഖാപ്രദേശത്തുള്ളവർ കറുത്തിരിക്കും. ഇതു പ്രകൃതിയുടെ സവിശേഷതയാണ്. വെയിലിന്റെ കുറവു നികത്താൻ സൺ ബാത്ത് എന്ന പേരിൽ വെയിൽ കൊള്ളുന്നവരാണു വെളുത്തവർഗ്ഗക്കാർ. അപ്പോഴാണു മിതോഷ്ണമേഖലയ്ക്കിണങ്ങുന്ന നിറമുള്ള ഇന്ത്യക്കാർ വെളുക്കാൻ തേക്കുന്നത്!
സെബ്രിയെ പറയാൻ ഉദ്ദേശിച്ചതും ഇതുതന്നെ. “ഓരോ സമൂഹത്തിനും ഓരോ സൗന്ദര്യസങ്കല്പമുണ്ട്, അതതുസംസ്കാരവുമായി ബന്ധപ്പെട്ടത്. അതിന്റെ നിഷേധമാണു നിറംകൂട്ടൽഭ്രമം. സ്വന്തം വംശത്തെപ്പറ്റിയുള്ള ഒരുതരം അധമബോധം.” കറുപ്പിനേഴഴകാണെന്ന പഴമൊഴി ഓർത്തു.
ഇതായിരുന്നത്രേ കാന്താരിയിലെ ഒരു ബാച്ചിലെ ഒരു ടീമിനെ ചിന്തിപ്പിച്ച വിഷയം. “അവർ ഒരു ക്രീം വികസിപ്പിച്ചു. പേര് ‘ഫെയർ ഇനഫ്’. ഈ ഉത്പന്നം കേവലം ഒരു വില്പനവസ്തുവല്ല; ഒരു സംസ്ക്കാരം, ഒരു ആശയം, പ്രചരിപ്പിക്കാനുള്ള ഉപാധിയണ്. സൗന്ദര്യത്തിന്റെ പേരിൽ നടക്കുന്ന ഒരു വലിയ ചൂഷണത്തിന് എതിരായ പ്രവർത്തനമാണ്. ‘ഫെയർ ഇനഫ്’ വിപണിയിൽ ഇറക്കി. വേണ്ടത്ര ആവശ്യക്കാരും ഉണ്ടായി.” പരിശീലനത്തിന്റെ ഉത്പന്നങ്ങളിൽ ഒന്നിന്റെ കഥയാണിത്.
പരിശീലനത്തിലൂടെ ആർജ്ജിച്ച വൈഭവങ്ങളും സമ്പ്രദായങ്ങളും പ്രയോഗിച്ചു തിരുവനന്തപുരം ജില്ലയിൽ ഓരോ പ്രൊജക്റ്റ് ഇവർ ആവിഷ്ക്കരിച്ചു നടപ്പിലാക്കും. അവയുടെ സ്വഭാവവും സെബ്രിയെ പറഞ്ഞുതന്നു: “അന്ധർക്കായുള്ള ഒരു സ്കൂൾ, ഭിന്നശേഷികളുള്ളവരുടെ സഹായത്തിനുള്ള ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും കുറഞ്ഞ ചെലവിലും ഉയർന്ന ഗുണനിലവാരത്തിലും വികസിപ്പിക്കാനും നിർമ്മിക്കാനുമുള്ള സെന്റർ ഓഫ് സോഷ്യൽ ഇന്നവേഷൻ എന്ന സ്ഥാപനം, വെളളായണിയിലും ചുറ്റുപാടും ഉള്ളവരുടെ ആവശ്യങ്ങളായ, സംസാരത്തിനുള്ള ഇംഗ്ലിഷും കായികവിനോദങ്ങളും കുട്ടികളെ പരിശീലിപ്പിക്കൽ, പാഴ്വസ്തുപരിപാലനത്തിലും പാരിസ്ഥിതികപരിരക്ഷയിലും ശേഷി വളർത്തൽ എന്നിവ ഇത്തരത്തിൽ നടപ്പാക്കിയ പദ്ധതികളാണ്.
“ഈ കർമ്മപരിപാടികളും പുറത്തുനിന്നുളള ഒരു ജൂറി വിലയിരുത്തും. പുറത്തുള്ള ഒരു കേന്ദ്രത്തിൽ ഇവർ ഇതു സംബന്ധിച്ച അവതരണവും നടത്തണം. മറ്റുള്ളവർക്കുമുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനും ഉള്ള ശേഷിയും ഇതിലൂടെ ഇവർ കൈവരിക്കുന്നു.”
“ഇന്ത്യയിലെയോ നേപ്പാളിലെയോ പ്രമുഖ സർക്കാരിതരസംഘടനകളിലോ കോർപ്പറേറ്റ് സ്ഥാപനത്തിലോ ആണു നാലാമങ്കം. ഇയാൾക്കു രണ്ടുമാസംകൊണ്ട് നടപ്പാക്കാൻ കഴിയുന്ന ഒരു പ്രൊജക്റ്റ് ആ സ്ഥാപനം നിർദ്ദേശിക്കണം. അത് ബോധവത്ക്കരണപരിപാടിയോ ഒരു പരിപാടിയും കരിക്കുലവും വികസിപ്പിക്കലോ ആവശ്യങ്ങൾ കണ്ടെത്താനുള്ള പഠനമോ ധനം കണ്ടെത്തലോ അടക്കം സംരംഭനടത്തിപ്പുമായി ബന്ധപ്പെട്ട എന്തുമാകാം.”
“അപരിചിതമായ ചുറ്റുപാടിൽ സ്വന്തം സ്ഥാനം കണ്ടെത്തുക, സ്വന്തം കരുത്തും പരിമിതികളും മെച്ചപ്പെടേണ്ട മേഖലകളും തിരിച്ചറിയുക, ഒരു പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം പരിചയിക്കുക എന്നിവയാണ് ഈ അങ്കത്തിന്റെ ഉദ്ദേശ്യങ്ങൾ.”
വെള്ളത്തിൽ കിടന്നുതന്നെ നീന്തൽ പഠിച്ച ഇവരെ ഇനി ഏതു കടലിലും കൊണ്ടിടാം. നീന്തി കരപിടിച്ചോളും. സ്വന്തം സ്വപ്നപദ്ധതിക്ക് ഇനി അന്തിമരൂപം കൊടുക്കാം. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതി ആവിഷ്ക്കരിക്കാം. അതിനുള്ള ഘട്ടമാണ് അടുത്തത്. കഴിയുമെങ്കിൽ സ്ഥാപനം രജിസ്റ്റർ ചെയ്യുകയുമാകാം. സാമ്പത്തികമായോ നിയമപരമായോ തങ്ങളെ സഹായിക്കാൻ കഴിയുന്നവരെയും ഈ ഘട്ടത്തിൽ കണ്ടെത്തണം. ഒപ്പം ഒരു നല്ല ടീമിനെയും.
“ഇവർക്കെല്ലാം കേന്ദ്രീകൃതമായി ധനസഹായം ലഭ്യമാക്കാനുള്ള സംവിധാനവും ഞങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. കെ.പി.എം.ജി.യും ലോയ്ഡ്സും പോലുള്ള അന്താരാഷ്ട്രയേജൻസികൾ ഇവരുടെ പ്രൊജക്ടുകൾ പരിശോധിച്ച് അംഗീകാരം നല്കുകയും അതനുസരിച്ചു വിവിധ ധനകാര്യയേജൻസികളും സാമൂഹികോത്തരവാദിത്വപരിപാടികൾ (CSR) നടപ്പാക്കുന്ന കോർപ്പറേറ്റുകളും ഇവരുടെ പദ്ധതികൾക്കു ധനസഹായം നല്കുകയും ചെയ്യും.”
“നിങ്ങൾ നൈജീരിയയിലാണെങ്കിൽ ഞങ്ങളുടെയോ ഈ സ്ഥാപനങ്ങളുടെയോ പ്രതിനിധി നിങ്ങളെ വന്നുകാണും.” സെബ്രിയെ വിശദീകരിച്ചു. “തുടക്കത്തിൽ മുടക്കാനുള്ള പണത്തിനാണല്ലോ എല്ലാവരും ബുദ്ധിമുട്ടുന്നത്. ആ പ്രശ്നം ഞങ്ങൾ പരിഹരിക്കുന്നു. ഓരോരുത്തരെയും ഓരോ സ്ഥാപനവുമായി ബന്ധിപ്പിച്ചുകൊടുക്കും. അല്ലെങ്കിൽ സംബാവെ പോലെ ആളുകൾ പട്ടിണികൊണ്ടു മരിക്കുന്ന രാജ്യങ്ങളിലൊന്നും സംരംഭം തുടങ്ങാനാവില്ല. അവിടെ സംരംഭകരുടെ താത്പര്യവും വിശ്വാസ്യതയും മാത്രമേ നോക്കാറുള്ളൂ.
“ഇവയുടെ ഓഡിറ്റിനും സംവിധാനമുണ്ട്. എല്ലാം തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ മാത്രം. മൂന്നു മാസം കഴിയുമ്പോൾ സമ്പൂർണ്ണ ഓഡിറ്റിങ് നടത്തും, തികച്ചും പ്രൊഫഷണലായി. കുറവുകൾ പരിഹരിച്ചു മെച്ചപ്പെടുത്താനാണിത്. അല്ലാതെ കുറ്റം കണ്ടുപിടിച്ചു ശിക്ഷിക്കാനല്ല.” എല്ലാം നമുക്കു മാതൃകയാക്കാവുന്ന പാഠങ്ങൾ.
അങ്ങനെ സുവ്യക്തമായ കാഴ്ചപ്പാടും ശാസ്ത്രീയമായ പരിശീലനവും ഫലപ്രദമായ തുടർപ്രവർത്തനവും എല്ലാമായി കാന്താരി വാർത്തെടുക്കുന്ന വ്യത്യസ്തരായ സാമൂഹികസംരംഭകർ ലോകമാകെ പുതിയൊരു സംരംഭമാതൃകയുടെ ശൃംഖല തീർത്തുകൊണ്ടിരിക്കുന്നു. മാറ്റത്തിന്റെ ശൃംഖലാപ്രതിപ്രവർത്തനത്തിന്റെ തുടക്കമായി ഇങ്ങു കേരളത്തിൽ ഒരു മാതൃകാസ്ഥാപനം നാളെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ വെമ്പൽകൊള്ളുന്നു. മലയാളിയുടെ സംരംഭകത്വത്തിനും ഇവിടെനിന്ന് ഒരുപാട് ഊർജ്ജം നേടാനുണ്ട്.
ഇതിനെല്ലാം തയ്യാറായി സ്വയംപ്രചോദിതരായി വന്ന അന്നത്തെ കൂട്ടരെയും (2011 ബാച്ച്) പരിചയപ്പെട്ടു. എല്ലുകൾക്കു സാരമായ രോഗം ബാധിച്ച ചൈനക്കാരി ഡ്രോൾമ ലാസോൺ, സെബ്രിയെയുടെ രാജ്യക്കാരിയും അന്ധയുമായ ആൻജപവാൻ സെല്ലർ, ഭാഗികാന്ധത ബാധിച്ച സാംബിയ സ്വദേശി അലായ് ജയിത്ത്, കണ്ണിനു വൈകല്യമുള്ള ലിത്വാനിയക്കാരൻ റുക്സ്റ്റാർ, തളർവാതം ബാധിച്ച തമിഴ് യുവാവ് രാജ,… 13 രാജ്യക്കാരായ 17 പേർ.
അന്ധരെ ഫാഷൻ ഡിസൈനിങ് പരിശീലിപ്പിക്കാനാണ് ഫലസ്തീൻകാരിയായ അന്ധയുവതി തഹീർ അൽ ബത്രാൻ ഒരുങ്ങുന്നത്! ഇതിനുള്ള പരിശീലനകേന്ദ്രം ജന്മനാട്ടിൽ തുടങ്ങണം. ലിബിയയിൽ മടങ്ങിയെത്തിയാൽ സാമൂഹികലക്ഷ്യത്തോടെ ഒരു റേഡിയോ നിലയം തുടങ്ങുകയാണു നെൽസൺ കാർഡോവിന്റെ ലക്ഷ്യം. പെറു സ്വദേശി ബിയാട്രിക് ക്വിസ്പ് കരാൻസയുടെ സ്വപ്നമാകട്ടെ, സഞ്ചരിക്കുന്ന അന്ധവിദ്യാലയമാണ്. ഘാനയിലെ തടവുകാരെ വിവിധ വൈദഗ്ദ്ധ്യങ്ങളുള്ളവാരാക്കി മികവിന്റെ അംബാസഡർമാർ ആക്കുന്നതടക്കം അങ്ങനെയങ്ങനെ വൈവിദ്ധ്യമാർന്ന സംരംഭാശയങ്ങൾ.
സെബ്രിയെ അഭിമാനപൂർവ്വം പറയുന്നു: “പരിശീലനം കഴിഞ്ഞു പോകുന്നവരൊക്കെ ഇങ്ങനെയുള്ള സംരംഭങ്ങൾ ലോകത്തിന്റെ ഓരോ കോണിലും സംഘടിപ്പിക്കുകയാണ്. വൈകല്യങ്ങളുള്ള കുട്ടികൾക്കും വൃദ്ധർക്കുംവേണ്ടി മേഘാലയത്തിൽ ഒരു സ്ഥാപനം ഒരുക്കുകയാണു പിൻഹോ. തൊലിപ്പുറം വെളുക്കുന്ന അൽബിനോ എന്ന രോഗം ബാധിച്ചവർ മാന്ത്രികശക്തിയുള്ളവരാണെന്നും ഇങ്ങനെ ജനിക്കുന്നവർ ദുരന്തം കൊണ്ടുവരുന്നവരാണെന്നും വിശ്വസിച്ച് അത്തരക്കാരെ കൊന്നൊടുക്കുന്ന കെനിയയിലും ടാൻസാനിയയിലും കിഴക്കനാഫ്രിക്കയിലും അതിനെതിരായ പദ്ധതി നടപ്പാക്കുകയാണു കെനിയക്കാരൻ ജാനെ. സിയറാ ലിയോണിൽ വിമതപോരാളികൾ പിടിച്ചു പടയാളികളാക്കുന്ന കുട്ടികളെ മോചിപ്പിച്ചു ബന്ധുക്കളെ ഏല്പിക്കുന്ന ദൗത്യത്തിലാണു സഹ്ർ. ധാരാളം പേരെ ഈ പ്രസ്ഥാനം ഇതിനകം കുടുംബങ്ങളിൽ എത്തിച്ചുകഴിഞ്ഞു.”
… ഇങ്ങനെ എത്രയെത്ര കഥ പറയാനുണ്ട് സെബ്രിയെയ്ക്കും പോളിനും!
കാന്താരിയിൽനിന്ന് 2020 മേയ് വരെ 11 ബാച്ച് വിരിഞ്ഞിറങ്ങി 48 രാജ്യങ്ങളിലേക്കു പറന്നുകഴിഞ്ഞു. ആകെ 226 പേർ. ഇവരുടെ 135-ൽപ്പരം സാമൂഹികസംരംഭങ്ങൾ ആ രാജ്യങ്ങളിൽ ജനതയ്ക്കു താങ്ങും തണലുമായി വളരുന്നു. 50,000-ലേറെപ്പേർ ഇതിനകം ഇവയുടെ ഗുണഭോക്താക്കൾ ആയിട്ടുണ്ട്. സെബ്രിയെയ്ക്കും പോളിനും അഭിമാനം പകരുന്ന ആ കൗതുകക്കഥകളിൽ ചിലത് ഈ കോവിഡ് അടച്ചിടൽക്കാലത്ത് അവർ തുടങ്ങിയ ‘കൊറോണ ബ്ലോഗി’ൽ (https://www.kanthari.org/coronablog/) കുറിച്ചിട്ടുണ്ട്. അങ്ങനെ അടച്ചിടൽക്കാലവും ലോകത്തേക്കുള്ള തുറപ്പാക്കിമാറ്റീ അവർ. ലോകമാകെയുള്ള മാനസസന്തതികളുടെ കോവിഡ്ക്കാലത്തെ അവസ്ഥ ഓരോരുത്തരെയും വിളിച്ച് അന്വേഷിച്ചാണ് ഹൃദ്യമായ കുറിപ്പുകൾ എഴുതിയിരിക്കുന്നത്. ഓരോന്നിലുമുണ്ട് പ്രത്യാശയുടെ കഥകൾ.
നാൾ കഴിയുന്തോറും കഥകൾ സരിത്തും സാഗരവുമായി വളരും. ലോകമൊട്ടുക്കും സാമൂഹികസംരംഭങ്ങളുടെ ശ്രേണി. മാറ്റത്തിന്റെ മുറിയാച്ചങ്ങല. ഒരു പുതിയ സംരംഭസംസ്കാരം. ഗുണഭോക്താക്കളായി അവശതയും ദുരിതവും പീഡനവും അനുഭവിക്കുന്ന ആയിരങ്ങൾ… എല്ലാറ്റിന്റെയും ഇങ്ങേത്തലയ്ക്കൽ മനക്കണ്ണിൽ എല്ലാം കണ്ടു കൃതാർത്ഥയായി ദിവ്യമായ കാഴ്ചയും കഴ്ചപ്പാടുമായി സെബ്രിയെ ടെൻബേർക്കെൻ. സഹായിയായി പോൾ ക്രോനൻബർഗ്ഗും. എല്ലാത്തിനും ഈറ്റില്ലമാകാൻ കഴിഞ്ഞ കേരളവും മനോഹരമായ വെള്ളായണിക്കായലോരവും.
കാന്താരി, വിവേകാനന്ദ നഗർ, മുകളൂർമൂല, വെള്ളായണി, നേമം പി.ഒ., തിരുവനന്തപുരം 695020
+91-471-2395677, +91-471-2391977
‘ഇരുട്ടിനെന്തൊരു വെളിച്ചം’, സമകാലികമലയാളം വാരിക, 2011 ഡിസംബർ 30.
‘സംരംഭകത്വത്തിന്റെ സാമൂഹികമുഖം’, വ്യവസായകേരളം മാസിക, 2011 നവംബർ 2.