അദ്ധ്യായം 22
ഫ്രഞ്ചു വിപ്ലവം

I

എത്രതന്നെ ബുദ്ധിമാനാണെങ്കിലും സ്വേച്ഛാചാരിയും, നിരുത്തരവാദിയുമായ ഒരു ചക്രവർത്തിയുടെ ഭരണത്തെക്കാൾ ജനങ്ങൾ തിരഞ്ഞെടുത്തയക്കുന്ന പ്രതിനിധികളുടെ ഭരണമാണധികം നല്ലത്. ഭരണതന്ത്രത്തിന്റെ ഭാവിയെ അപ്പടി മാറ്റിമറിച്ച് ഈ പുതിയ വിചാരഗതി ആദ്യമായി ഫ്രഞ്ച് വിപ്ലവകാലത്താണ് ഏറ്റവും ശക്തിയോടുകൂടി പ്രചരിക്കുകയുണ്ടായത്.

1789 മുതൽ 1815 വരെയുള്ള കാൽനൂറ്റാണ്ട് യൂറോപ്പിന്റെ ചരിത്രത്തിൽ ഏറ്റവും വിപ്ലവകരമായ ഒരു കാലഘട്ടമാണ്. ഈ കാലഘട്ടത്തെയാണ് ചരിത്രകാരന്മാർ സുപ്രസിദ്ധമായ ഫ്രഞ്ചുവിപ്ലവക്കാലമെന്നു വിളിക്കുന്നത്. രാഷ്ട്രീയമായും, സാമുദായികമായും, സാമ്പത്തികമായും, സാംസ്കാരികമായും ഇത്ര വമ്പിച്ച പരിവർത്തനങ്ങളുണ്ടായിട്ടുള്ള ഒരു കാലം മുമ്പൊരിക്കലുമുണ്ടായിട്ടില്ല. രാജാവ് പ്രജകളുടെ ഗുണത്തിന്നുവേണ്ടിയാണു ഭരണം നടത്തുന്നതെന്നും, അതുകൊണ്ട് ജനങ്ങൾക്കു ഭരണകാര്യങ്ങളിൽ തലയിടേണ്ട യാതൊരാവശ്യവുമില്ലെന്നും, ഉള്ള 18-ാം നൂറ്റാണ്ടിന്റെ അപമാനകരമായ ചിന്താഗതിക്കു സാരമായ ഉടവുതട്ടിയതു അക്കാലത്താണ്. എത്രതന്നെ ബുദ്ധിമാനാണെങ്കിലും സ്വേച്ഛാചാരിയും, നിരുത്തരവാദിയുമായ ഒരു ചക്രവർത്തിയുടെ ഭരണത്തേക്കാൾ ജനങ്ങൾ തിരഞ്ഞെടുത്തയക്കുന്ന പ്രതിനിധികളുടെ ഭരണമാണധികം നല്ലത്. ഭരണതന്ത്രത്തിന്റെ ഭാവിയെ അപ്പടി മാറ്റിമറിച്ച് ഈ പുതിയ വിചാരഗതി ആദ്യമായി ഫ്രഞ്ചുവിപ്ലവകാലത്താണു ഏറ്റവും ശക്തിയോടുകൂടി പ്രചരിക്കുകയുണ്ടായത്. എന്നാൽ ഫ്രാൻസിലെ ലൂയി 16-ാമൻ, റഷ്യയിലെ കേദറൈൻ ചക്രവർത്തിനി, സ്വീഡനിലെ ഗുസ്തവസ്സ് മൂന്നാമൻ, സ്പെയിനിലെ ചാറൽസ് മൂന്നാമൻ, ടസ്കാനിയയിലെ ആർച്ച്ഡ്യൂക്ക് ലിയോപോൾഡ്, പ്രഷ്യയിലെ മഹാനായ ഫ്രഡറിക്ക്, അസ്ത്രിയയിലെ ജോസഫ് രണ്ടാമൻ-എല്ലാ ഭരണാധികാരികളും പ്രജകളുടെ ക്ഷേമത്തിന്നുവേണ്ടിയാണു തങ്ങൾ ചെങ്കോൽ ധരിച്ചിരിക്കുന്നതെന്നും, ഈശ്വരദത്തമായ രാജാധികാരത്തിന്റെ മുമ്പിൽ എല്ലാ ജനങ്ങളും തലകുനിച്ചുകൊള്ളണമെന്നും, ഔദ്ധത്യത്തോടുകൂടി പ്രഖ്യാപിച്ചുകൊണ്ടു അഭിവൃദ്ധ്യന്മുഖമായ ഈ പുതിയ വിചാരഗതിയെ സർവ്വശക്തികളും പ്രയോഗിച്ചു അമർത്തുവാൻ ശ്രമിച്ചു. പക്ഷേ, വാസ്തവത്തിൽ, സ്വേച്ഛാചാരികളായ അവരുടെ എല്ലാ വാദങ്ങളും അടിസ്ഥാനരഹിതങ്ങളാണെന്നു 18-ാം നൂറ്റാണ്ടിന്റെ കഷ്ടപ്പാടുകൾ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. യൂറോപ്പിലെ കൃഷിക്കാർ മുഴുവനും അക്കാലത്ത് തനിഅടിമകളായിട്ടാണു കഴിച്ചുകൂട്ടിയിരുന്നത്. പ്രഷ്യയിലെ പ്രഭുവർഗ്ഗത്തിന്റെ എസ്റ്റേറ്റുകളിൽ കുടിയേറിപ്പാർത്തവരുടെ സ്ഥിതി അമേരിക്കയിലേയും വെസ്റ്റ്ഇൻഡീസിലേയും നീഗ്രോക്കാരുടെ സ്ഥിതിയേക്കാൾ ഒട്ടും ഭേദമായിരുന്നില്ല. പ്രഭുക്കന്മാരുടെ സമ്മതംകൂടാതെ ഗ്രാമത്തിൽനിന്നു പുറത്തു പോകുവാനാകട്ടെ, വിവാഹം കഴിക്കുവാൻപോലുമാകട്ടെ ആ പാവങ്ങൾക്കു അധികാരമുണ്ടായിരുന്നില്ല. അവരുടെ കുട്ടികൾ പള്ളിക്കൂടങ്ങളിൽ ചേർന്നു വിദ്യയഭ്യസിക്കുന്നതിന്നു പകരം പ്രഭുക്കന്മാരുടെ കുടുംബങ്ങളിൽ ഏറ്റവും ചുരുങ്ങിയ കൂലിക്കു കഠിനമായി പണിയെടുക്കേണ്ടിവന്നു. ഈ ദയനീയമായ അടിമത്തം മദ്ധ്യയൂറോപ്പിലും, കിഴക്കൻയൂറോപ്പിലും, ജർമ്മനിയിലെ മിക്ക ഭാഗങ്ങളിലും, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളിലും സുലഭമായിരുന്നു. ഈ സ്ഥിതി നിലവിലുള്ള സ്ഥലങ്ങളിൽ പ്രഭുക്കന്മാരുടെ സമ്മതംകൂടാതെ വ്യാപാരകാര്യങ്ങൾ പഠിക്കുവാൻപോലും ആർക്കും അധികാരമുണ്ടായിരുന്നില്ല. ഒളിച്ചോടിപ്പോയ അടിമയ്ക്കു ട്രേഡ്ഗിൽഡുകളിൽ ഒരു വിധത്തിലും പ്രവേശനമുണ്ടായിരുന്നില്ല.

ഗവൺമെന്റിന്നു നികുതി, പ്രഭുവിന്നു പാട്ടം, പള്ളിക്ക് നിർബ്ബന്ധപൂർവ്വമായ വഴിപാട് ഇതെല്ലാം കൊടുത്തുകഴിഞ്ഞാൽപിന്നെ കൃഷിക്കാർക്ക് പട്ടിണിമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അതിന്റെ ഫലമായി രാജ്യം മുഴുവനും പൈശാചികമായ ക്ഷാമം പിടിപെട്ടു. നിരത്തുകൾ ഭിക്ഷക്കാരെക്കൊണ്ടു നിറഞ്ഞു. 1777-ൽ ഫ്രാൻസിൽ ആകെ 11 ലക്ഷം ഭിക്ഷക്കാരുണ്ടായിരുന്നുവെന്നു ഔദ്യോഗികറിപ്പോർട്ടുകൾ സമ്മതിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ ദുസ്സഹമായ അഭാവം കവർച്ചകളേയും കൊള്ളകളേയും സുലഭങ്ങളാക്കിത്തീർത്തു. ‘ദാരിദ്ര്യത്തിന്റെ ശുണ്ഠിയെടുത്ത രൂപ’മായ പിടിച്ചുപറി രാജ്യമൊട്ടുക്കും നടമാടാൻ തുടങ്ങി.

ദരിദ്രവർഗ്ഗക്കാരുടെയിടയിലെപ്പോലെത്തന്നെ ഇടത്തരക്കാരുടെ ഇടയിലും കലശലായ അസംതൃപ്തിയുണ്ടായിരുന്നു. എന്തെന്നാൽ, മുതലാളിത്തത്തിന്റെ അനിവാര്യമായ വികാസത്തിന്നു ചക്രവർത്തിയും പ്രഭുവർഗ്ഗവും തടസ്സമായിരുന്നു. ഫ്രഞ്ചുഗവൺമെന്റിന്റെ സാമ്പത്തികനയം കൃഷി, കച്ചവടം, വ്യവസായം എന്നിവയുടെ വളർച്ചയെ ഒരുവിധത്തിലും സഹായിക്കുകയുണ്ടായില്ല. ഫ്യൂഡൽവർഗ്ഗക്കാർ ഫ്രാൻസിന്റെ വ്യവസായീകരണത്തിന്റെ ശത്രുക്കളായിരുന്നു എന്നുതന്നെ പറയാം. ഫ്യൂഡൽസമ്പ്രദായത്തിന്റെ അധിനായകത്വം-പ്രഭുത്വത്തിന്റേയും പള്ളിയുടേയും ഭരണം-എല്ലാത്തരത്തിലുള്ള പ്രതിബന്ധങ്ങൾ വലിച്ചിട്ടിട്ടും മുതലാളിത്തം വളർന്നുവരികതന്നെ ചെയ്തു. എണ്ണംകൊണ്ടുമാത്രം നോക്കിയാൽ പ്രഭുവർഗ്ഗത്തിന്നു ശക്തിയില്ലെന്നു തോന്നിയേക്കാം. ആകെയുള്ള രണ്ടുകോടി അറുപതുലക്ഷം ജനങ്ങളിൽ പ്രഭുക്കന്മാർ ഒന്നരലക്ഷത്തിൽ കുറവായിരുന്നു. എന്നിട്ടും രാജ്യത്തിൽ ആകെയുള്ള വരവിന്റെ അഞ്ചിലൊരു ഭാഗം അവരുടെ മടിശ്ശീലക്കുള്ളിലേക്കാണു പോയ്ക്കൊണ്ടിരുന്നത്. ആകെയുള്ള നിലത്തിന്റെ മുക്കാൽഭാഗവും അവരുടെ ഉടമസ്ഥതയിലായിരുന്നു. അതിനാൽ രാജ്യത്തിൽ നെടുനീളെ സ്വേച്ഛാധിപത്യം നടത്തുവാൻ അവർക്കു ധാരാളം സൗകര്യമുണ്ടായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ.

മുതലാളിത്തത്തിന്റെ വികാസം ഫ്രാൻസിലെ ഒന്നരകോടി കൃഷിക്കാരുടെയിടയിൽ പല വ്യത്യസ്തതകളും ഉണ്ടാക്കിത്തീർത്തു. ധനികന്മാരായ കൃഷിക്കാർ, ഇടത്തരക്കാരായ കൃഷിക്കാർ (ഈ ഇനത്തിലുള്ള കൃഷിക്കാരുടെ എണ്ണമായിരുന്നു ഏറ്റവും വലുത്), ദരിദ്രന്മാരായ ചെറിയ കൃഷിക്കാർ ഇങ്ങിനെ അവരുടെ ഇടയിൽ പല വിഭാഗങ്ങളുമുണ്ടായിത്തീർന്നു. ദുസ്സഹമായ നികുതിഭാരത്തിന്റേയും, മോശമായ വിളവിന്റേയും ഫലമായി കൃഷിക്കാരുടെ ഒരു വമ്പിച്ച വിഭാഗം തങ്ങളുടെ നിലങ്ങൾ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പട്ടണങ്ങളിലേക്കു ഓടിപ്പോവാൻ തുടങ്ങി. ഇങ്ങിനെ ഓടിപ്പോയവരിൽ പലരും ഭിക്ഷയാചിച്ചും, അലഞ്ഞു തിരിഞ്ഞും വളരെ വളരെ കഷ്ടപ്പെടേണ്ടിവന്നു.

കൃഷിക്കാരുടേയും മറ്റു മർദ്ദിതവർഗ്ഗക്കാരുടേയും അസംതൃപ്തി അവിടെയിരിക്കട്ടെ. ക്രമത്തിൽ ക്രമത്തിൽ വികസിച്ചുവന്നിരുന്ന മുതലാളികൾതന്നെയും രാജകീയഭരണത്തിൽ അസംതൃപ്തിയുള്ളവരായിരുന്നു. എന്തുകൊണ്ടെന്നാൽ ഫ്രാൻസിലെ ഭരണയന്ത്രം അവരുടെ വ്യവസായത്തിന്റെ വളർച്ചക്കു വലിയൊരു പ്രതിബന്ധമായിട്ടാണ് കിടന്നിരുന്നത്. 1780-ന്നു മുമ്പായിട്ടുതന്നെ യന്ത്രീകരണത്തിന്നുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നിട്ടും രാജാവും പ്രഭുക്കന്മാരും നടുക്കുനിന്നുകൊണ്ടു മുതലാളിത്തത്തിന്റെ വളർച്ചയെ ആവുന്നതും തടയുകയാണ് ചെയ്തത്. അതിനാൽ മുതലാളികൾ സ്വാഭാവികമായി പ്രഭുത്വത്തിന്റേയും പള്ളിയുടേയും ഭരണത്തെ വെറുക്കുവാൻ തുടങ്ങി. ഫ്യൂഡൽനിയമങ്ങളെ നശിപ്പിക്കണമെന്നാശിച്ചിരുന്ന കൃഷിക്കാരും, പട്ടണങ്ങളിലെ ചെറിയചെറിയ കച്ചവടക്കാരും, കൂലി കൂട്ടിക്കിട്ടണമെന്നാഗ്രഹിച്ചിരുന്ന വേലക്കാരും എല്ലാം തങ്ങൾക്കു പിൻബലമായുണ്ടെന്നു കണ്ടപ്പോൾ അവർ തങ്ങളുടെ ശക്തിയിൽ മതിമറന്നവരായിത്തീർന്നു.

കൃഷിക്കാരുടേയും, തൊഴിലാളികളുടേയും, ഇടത്തരക്കാരുടേയും സർവ്യാപകമായ ഈ കഷ്ടപ്പാടിന്റേയും അസംതൃപ്തിയുടേയും ഒത്ത നടുക്കു പ്രഭുക്കന്മാരുടെ മണിമാളികകൾ ലജ്ജയില്ലാതെ തലയുയർത്തിപ്പിടിച്ചുകൊണ്ടു സുഖഭോഗങ്ങളിൽ ആഹ്ലാദംകൊള്ളുകയായിരുന്നു. അനിയന്ത്രിതമായ വിലാസലഹരിയിൽ അവർ പണം വെള്ളംപോലെ കോരിച്ചൊരിഞ്ഞിരുന്നു. ഫ്രഞ്ചുഭരണാധികാരികൾ ആദ്യകാലംമുതൽക്കുതന്നെ മഹത്വാകാംക്ഷക്കും, സാമ്രാജ്യപ്രമത്തതക്കും കുപ്രസിദ്ധി നേടിയവരാണ്. ബൂർബൺ രാജവംശം എല്ലാവരേയും കവച്ചുവെച്ചു. ദുരഹങ്കാരം മൂർത്തീകരിച്ച ഒരു ചക്രവർത്തി ഒരിക്കൽ ഇങ്ങിനെ പറയുകയുണ്ടായി: France? I am France. State? I am the State. (ഫ്രാൻസോ? ഞാനാണ് ഫ്രാൻസ്. ഭരണയന്ത്രമോ? ഞാനാണ് ഭരണയന്ത്രം.) അനാവശ്യമായി പണം ചിലവിടുന്ന കാര്യത്തിൽ ലൂയി പതിനഞ്ചാമൻ (1715–1774) ലൂയി പതിനാലാമനെക്കാൾ ഒട്ടും കുറഞ്ഞിരുന്നില്ല. ദുർബ്ബലനും മൂഢനുമായ ലൂയി പതിനാറാമൻ (1774–1792) നല്ലൊരു സുന്ദരിയും തന്റെ പത്നിയുമായ ആന്ത്വാനറ്റിന്റെ വിരലിന്മേൽ നൃത്തംവെക്കുന്നവനായിരുന്നു. ഭാര്യയുടെ ഒരു പുഞ്ചിരിക്കുവേണ്ടി രാജ്യത്തിന്റെ ക്ഷേമത്തെ മുഴുവൻ ബലികഴിക്കുവാൻ അദ്ദേഹത്തിന്നു യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല.

II

സാമ്പത്തികവിതരണവും രാഷ്ട്രീയാധികാരവും തമ്മിലുള്ള ബന്ധത്തിലാണല്ലൊ എല്ലാ വിപ്ലവങ്ങളും കേന്ദ്രീകരിച്ചിട്ടുള്ളത്. ഫ്രഞ്ച്വിപ്ലവത്തെ സംബന്ധിച്ചേടത്തോളവും ഇത് വാസ്തവമാണ്. ഫ്രാൻസിലെ അന്നത്തെ സാമ്പത്തികവിതരണരീതി സമുദായത്തിന്റെ വികാസത്തിന്റെ മുമ്പിൽ വിലങ്ങടിച്ചു നിൽക്കുകയായിരുന്നു. ഉൽപ്പാദനരീതിയും വിതരണരീതിയും തമ്മിലുള്ള ഈ സംഘട്ടനം 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച്സാമുദായികചിന്തകളുടെ ചരിത്രം പരിശോധിച്ചുനോക്കിയാൽ വ്യക്തമാകും. സ്വത്തുടമയെ സംബന്ധിച്ചും, സാമുദായികബന്ധങ്ങളെസ്സംബന്ധിച്ചും ജനങ്ങൾക്കുണ്ടായിരുന്ന അഭിപ്രായഗതികളിൽ അക്കാലത്തു അഭിനന്ദനാർഹമായ ഒരു പരിവർത്തനം സംഭവിച്ചിട്ടുണ്ടെന്നു കാണാം. ഈ പരിവർത്തനം വലിയ വലിയ ചിന്തകന്മാരുടെ വിചാരങ്ങളിൽ മാത്രമല്ല സാധാരണക്കാരായ നോവലെഴുത്തുകാരുടെ കൃതികളിൽപ്പോലും പ്രതിഫലിച്ചിട്ടുണ്ട്.

പുരോഗതിയെ പ്രതിനിധീകരിച്ചിരുന്ന റൂസ്സോ, വോൾട്ടയർ, ദിദറോ, മോണ്ടസ്ക്യൂ തുടങ്ങിയ മഹാന്മാരായ ജീവൽസാഹിത്യകാരന്മാരുടെ വിചാരഗതികൾക്കും, ഫ്രഞ്ചുവിപ്ലവത്തിന്നും തമ്മിൽ അവിച്ഛിന്നമായ ഒരു ബന്ധമുണ്ടെന്നു സമ്മതിക്കുകതന്നെവേണം. വോൾട്ടയർ 18-ാം നൂറ്റാണ്ടിന്റെ സമുദായത്തിന്റെ കറുത്തഭാഗങ്ങളെ കഠിനമായി ആക്ഷേപിക്കുകയും മുതലാളിത്തത്തിന്റെ വികാസത്തിന്നാവശ്യമായ പരിഷ്കരണങ്ങൾക്കുവേണ്ടി ശക്തിയോടുകൂടി വാദിക്കുകയും ചെയ്തു. സ്വേച്ഛാധിപത്യത്തിൽനിന്നു ജനങ്ങളെ രക്ഷിക്കുവാൻവേണ്ടി ഭരണാധികാരത്തെ സ്വതന്ത്രമായ നിലയോടുകൂടിയ നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം (Legislative, Executive, Judicial) ഇങ്ങിനെ മൂന്നുവിഭാഗങ്ങളായി തരംതിരിക്കണമെന്നു മോൺടസ്ക്യൂ അഭിപ്രായപ്പെട്ടു. ജനസാമാന്യങ്ങളോടു ഏറ്റവും അധികം അടുത്ത ചിന്തകൻ റൂസ്സോ ആയിരുന്നു. പ്രജായത്തവാഴ്ചയുടെ തത്വജ്ഞാനിയായിട്ടാണ് ജനങ്ങൾ അദ്ദേഹത്തെ അറിഞ്ഞു വരുന്നത്. റുസ്സോവിന്റെ അഭിപ്രായം രാഷ്ട്രീയഭരണം ഭൂരിപക്ഷത്തിന്റെ അധികാരത്തിന്നുള്ളിലായിരിക്കണമെന്നായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളാണ് വിപ്ലവത്തെ ഏറ്റവുമധികം സഹായിച്ചത്.

റൂസ്സോ താഴ്ന്ന ഇടത്തരക്കാരുടെ പ്രതിനിധിയായിരുന്നുവെങ്കിൽ ഒരൊന്നാതരം കമ്യൂണിസ്റ്റും തികഞ്ഞ വിപ്ലവകാരിയുമായ മെസ്ലിയർ (1664–1729) ഏറ്റവും ചുവട്ടിലുള്ള മർദ്ദിതജനതയുടെ പ്രതിനിധിയായിരുന്നു. മതത്തിന്റേയും അസമത്വങ്ങളുടേയും പരിപൂർണ്ണ ശത്രുവായിരുന്ന അദ്ദേഹം സാമുദായികഘടനയുടെ അടിസ്ഥാനം തൊഴിലാളികളായിരിക്കണമെന്നു വാദിച്ചു. അദ്ദേഹത്തിന്നുപുറമെ മോറലി, മാബ്ളി തുടങ്ങിയ വേറേയും ചില കമ്യൂണിസ്റ്റുകൾ തങ്ങളുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, 18-ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിചാരഗതിയേയും ബുർഷ്വാവിചാരഗതിയേയും ഒന്നു താരതമ്യപ്പെടുത്തിനോക്കിയാൽ മർദ്ദിതജനതയുടെ പ്രതിനിധികളുടെ ആശയങ്ങൾക്കു വേണ്ടത്ര സ്പഷ്ടതയും ശാസ്ത്രീയതയും ഉണ്ടായിരുന്നില്ലെന്നു വ്യക്തമാവുന്നതാണ്. മുതലാളികൾക്കു തൊഴിലാളികളുടെ മേലുള്ള തങ്ങളുടെ മേധാവിത്വത്തിൽ പരിപൂർണ്ണമായ വിശ്വാസവും തങ്ങളുടെ ചിന്താഗതികൾ അനശ്വരങ്ങളാണെന്നു ഒരു ബോധവുമുണ്ടായിരുന്നു. തൊഴിലാളികൾക്കാവട്ടെ, പ്രാബല്യത്തിലുള്ള ആശയങ്ങൾ പ്രാബല്യത്തിലുള്ള വർഗ്ഗത്തിന്റെ ആശയങ്ങളാണ് എന്ന മാർക്സിന്റെ വാചകം മനസ്സിലാക്കാനുള്ള ശാസ്ത്രീയജ്ഞാനമോ ഒരു വർഗ്ഗമെന്ന നിലക്കു തങ്ങളുടെ ശക്തിയെപ്പറ്റിയുള്ള ബോധംപോലുമോ ഉണ്ടായിരുന്നില്ല. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളോടുകൂടി ആരംഭിച്ച ഫ്രഞ്ച് വിപ്ലവം മുതലാളികൾക്കു തൊഴിലാളികളെ ഇഷ്ടംപോലെ ചൂഷണം ചെയ്വാനുള്ള സ്വാതന്ത്ര്യത്തിൽ ചെന്നവസാനിക്കുവാൻ ഇതും ഒരു പ്രധാനകാരണമാണ്.

ഭരണാധികാരിവർഗ്ഗത്തിന്നു ഭരണം നിലനിർത്തിക്കൊണ്ടു പോകുവാൻ സാധിക്കാതാവുകയും, അതിനെ എതിർത്തുകൊണ്ടു പൊന്തിവരുന്ന പുതിയ വർഗ്ഗത്തിന്നു ഭരണം ഏറ്റെടുത്തു നടത്താനുള്ള ശക്തി കിട്ടുകയും ചെയ്യുമ്പോഴാണല്ലൊ വിപ്ലവമുണ്ടാകുന്നത്. അങ്ങിനെയുള്ള ഘട്ടങ്ങളിൽ ഉണ്ടായേ കഴിയൂ എന്നതു ഉണ്ടാവാതെ കഴിയുകയില്ല. അതുകൊണ്ട് സമുദായഘടനയെ അപ്പടി മാറ്റിമറിച്ച ഫ്രഞ്ച് വിപ്ലവം ചരിത്രത്തിൽ ഒരനിവാര്യമായ സംഭവം മാത്രമാണ്.

III

ഇങ്ങനെയാണതുണ്ടായത്. രാജ്യമൊട്ടാകെ പരന്നുപിടിച്ച ഭയങ്കരമായ ദാരിദ്ര്യം ചക്രവർത്തിയുടെ ഖജാനയ്ക്കു ഇളക്കം തട്ടിച്ചു. ധനകാര്യമന്ത്രിമാർ ഒരാൾക്കുശേഷം മറ്റൊരാളായി മാറിമാറി അത്യദ്ധ്വാനം ചെയ്തുനോക്കിയെങ്കിലും ഭരണച്ചിലവിന്നു പോരാതെ വന്ന സംഖ്യയെ നികത്തുവാൻ കഴിഞ്ഞില്ല. 1781-ൽ അന്നത്തെ ധനകാര്യമന്ത്രിയായ നെക്കർചക്രവർത്തി ഭരണത്തിന്റെ ബഡ്ജറ്റ് ആദ്യമായി പ്രസിദ്ധം ചെയ്തപ്പോൾ രാജാധികാരം ദീപാളി കുളിയ്ക്കാൻ തുടങ്ങിയെന്നു ജനങ്ങൾക്കു ബോധ്യപ്പെട്ടു. ഒരൊറ്റ ദശാബ്ദംകൊണ്ട് നാലുകോടി ലിവർ കൂടുതൽ നികുതി ചുമത്തുകയുണ്ടായി. ഇനിയും അതു വർദ്ധിപ്പിക്കുവാൻ എത്ര തലചൊറിഞ്ഞിട്ടും നെക്കർക്കു യാതൊരുപായവും തോന്നിയിരുന്നില്ല. അദ്ദേഹത്തിന്നുശേഷം വന്ന ധനകാര്യമന്ത്രി കേലോൺ മൂന്നു എസ്റ്റേറ്റുകളുടേയും പ്രതിനിധികളുടെ ഒരു സംയുക്തസമ്മേളനം വിളിച്ചുകൂട്ടിയാൽ നന്നായിരിക്കുമെന്നഭിപ്രായപ്പെട്ടു. 1787-ൽ കൂടിയ ഈ സമ്മേളനത്തിന്നും ഭരണച്ചിലവിന്നാവശ്യമായ ഫണ്ടുകളുണ്ടാക്കുവാൻ യാതൊരു വഴിയും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മറ്റു യാതൊരു നിവൃത്തിയുമില്ലാതെ 1614-ന്നുശേഷം ഒരിക്കലും സമ്മേളിച്ചിട്ടില്ലാത്ത സ്റ്റേറ്റ് ജനറലിന്റെ ഒരു സമ്മേളനം വിളിച്ചു കൂട്ടുവാൻ തീരുമാനിക്കേണ്ടി വന്നു. സ്റ്റേറ്റ് ജനറൽ എന്നതു മൂന്നു എസ്റ്റേറ്റുകളുടെ-പുരോഹിതന്മാർ, പ്രഭുക്കന്മാർ, ഇടത്തരക്കാരായ കച്ചവടക്കാർ—എന്നിവരുടെ—ആകെ 1165 പ്രതിനിധികളടങ്ങിയ ഒരു നിയമസഭയാണ്. ഈ അസംബ്ളിയിൽ 3-ാം എസ്റ്റേറ്റിന്നു (ഇടത്തരക്കാർ, കച്ചവടക്കാർ മുതലായവർക്കു) മറ്റു എസ്റ്റേറ്റുകൾക്കു ലഭിക്കുന്നതിന്റെ ഇരട്ടി പ്രാതിനിദ്ധ്യം കിട്ടണമെന്നും, വോട്ടു ചെയ്യുന്നതു വ്യക്തികളായിരിക്കണമെന്നും ഉള്ള ഒരു പൊതുജനാഭിപ്രായം ശക്തിപ്പെട്ടു വന്നു. ലൂയി പതിനാറാമനും നെക്കറും ഇതിനെതിരായിരുന്നു. പക്ഷേ, പൊതുജനാഭിപ്രായത്തെ ചെറുത്തുനില്ക്കുവാൻ രണ്ടുപേർക്കും ശക്തിയുണ്ടായിരുന്നില്ല. അതിനാൽ ഒടുവിൽ മൂന്നാം എസ്റ്റേറ്റിനു ഇരട്ടപ്രാതിനിദ്ധ്യം, അതായത് പ്രഭുത്വത്തിന്നും പള്ളിക്കുംകൂടി കിട്ടിയിട്ടുള്ളത്ര പ്രാതിനിദ്ധ്യം, അനുവദിക്കുവാൻ അവർ നിർബ്ബന്ധിതരാവുകതന്നെ ചെയ്തു. സ്റ്റേറ്റ് ജനറൽ വേർസേയിൽവെച്ചു 1789 മേയ്മാസം 5-ാംനു സമ്മേളിച്ചു. അതോടുകൂടിയാണ് ഫ്രഞ്ച് വിപ്ലവം ആരംഭിക്കുന്നത്. ജനങ്ങളിൽനിന്നു കൂടുതൽ പണം പിരിച്ചെടുക്കുന്നതിലല്ല, നേരേമറിച്ച് സ്വകാര്യതാല്പര്യക്കാരായ ഫ്യൂഡലിസ്റ്റ് മേധാവികളുടെ ഭരണം തന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാനുള്ള മാർഗ്ഗങ്ങളിലാണ് സ്റ്റേറ്റ്-ജനറലിന്റെ ശ്രദ്ധ പതിഞ്ഞത്. ഗവൺമെന്റിന്റേയും, സ്വകാര്യതാല്പര്യക്കാരുടെ എസ്റ്റേറ്റുകളുടേയും എതിർപ്പിനെ കൂട്ടാക്കാതെ മൂന്നാം എസ്റ്റേറ്റ് ആദ്യമായി സ്റ്റേറ്റ്സ് ജനറലിനെ ഒരു നേഷനൽ അസംബ്ളിയാക്കി, അതായത് മൂന്നു എസ്റ്റേറ്റുകളും ഒരുമിച്ചു ഭരണകാര്യങ്ങളെപ്പറ്റി വാദപ്രതിവാദം നടത്തുകയും വ്യക്തികളായി വോട്ടു ചെയ്യുകയും ചെയ്യുന്ന ഒരു രാഷ്ട്രീയസമ്മേളനമാക്കി മാറ്റുവാൻ പ്രയത്നിച്ചു. 1789 ജൂൺ 17-ാം നു മൂന്നാം എസ്റ്റേറ്റിന്റെ പ്രതിനിധികൾ പാസ്സാക്കിയ പ്രമേയത്തിൽ ഇങ്ങിനെ പ്രസ്താവിച്ചിട്ടുണ്ടായിരുന്നു:—“ഇന്നത്തെ ഈ വിഷമഘട്ടത്തിൽ ഒരു നേഷനൽ അസംബ്ളി ഒഴിച്ചുകൂടാൻ വയ്യാത്തതാണ്. അതിന്നു വേണ്ടി ഇവിടെ വന്നുചേർന്നിട്ടുള്ള പ്രതിനിധികൾ ജനങ്ങളെ യഥാർത്ഥമായി പ്രതിനിധീകരിക്കുന്നവരാണ്. മുഴുവൻ രാഷ്ട്രമാണ് അവരെ ഇങ്ങോട്ടു പറഞ്ഞയച്ചിട്ടുള്ളത്”.

IV

നേഷനൽ അസംബ്ളി കൂടുവാൻ ആദ്യം രാജാവ് സമ്മതിച്ചില്ല. സാധാരണയോഗം കൂടുന്ന സ്ഥലം ഗവൺമെന്റ് അവർക്കനുവദിച്ചുകൊടുത്തില്ല. ഉടനെ അവരെല്ലാവരുംകൂടി യോഗം കൂടുവാനായി അടുത്തുള്ള ഒരു ടെന്നിസ് കോർട്ടിൽ വന്നുചേർന്നു. ഫ്രാൻസിന്നു ഒരു ശരിയായ ഭരണഘടന നൽകുന്നതുവരെ തങ്ങളാരും അടങ്ങിയിരിക്കുകയില്ലെന്നു അവിടെവെച്ചു അവർ പ്രതിജ്ഞ ചെയ്തു.

പിന്നീടു ചക്രവർത്തി സ്റ്റേറ്റ് ജനറലിന്റെ യോഗം വിളിച്ചുകൂട്ടിയപ്പോൾ അവരെല്ലാവരും ദൃഢനിശ്ചയത്തോടുകൂടിയാണ് വന്നുചേർന്നത്. ചക്രവർത്തിയുടെ പ്രസംഗം അവർ നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു. എന്നാൽ അവർക്കു പ്രത്യേകമായുള്ള സ്ഥലത്തേക്കു മാറിയിരിക്കുവാൻ പറഞ്ഞപ്പോൾ അവർ കൂട്ടാക്കിയില്ല. ഒന്നുരണ്ടു ദിവസത്തേക്കു വല്ലാത്തൊരു കുഴപ്പമാണവിടെയുണ്ടായത്. ഒടുവിൽ പൌരോഹിത്യപ്രതിനിധികൾക്കുതന്നേയും ഇളക്കം തട്ടിയെന്നും, അവർ മൂന്നാം എസ്റ്റേറ്റുകാരോടു ചേരാൻ തുടങ്ങിയെന്നും, കണ്ടപ്പോൾ ചക്രവർത്തി കഷ്ടിച്ചു കീഴടങ്ങി. രാജ്ഞിയുടെ ഉപദേശപ്രകാരം ചക്രവർത്തി ഒരു സൂത്രം ചെയ്തു. തന്റെ ശക്തി വർദ്ധിപ്പിക്കുവാൻവേണ്ടി ബ്രോഗ്ലി എന്ന മാർഷലിനെ ഒരു വലിയ സൈന്യത്തോടുകൂടി പാരീസ്സിലേക്കു ക്ഷണിച്ചു വരുത്തുവാനദ്ദേഹം തീർച്ചപ്പെടുത്തി. അസംബ്ളി ബലഹീനമായിക്കിടക്കുകയായിരുന്നു. തന്റെ ശക്തി വർദ്ധിച്ചുവെന്നു മനസ്സിലാക്കിയ ചക്രവർത്തി പൊടുന്നനവേ പൊതുജനങ്ങളുടെ അനുകൂലിയാണെന്നു സംശയിക്കപ്പെട്ടതിന്നു കുറേപ്പേരെ ഉദ്യോഗത്തിൽനിന്നു പിരിച്ചുവിട്ടു, ഇങ്ങനെ ജനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിതി ഏറ്റവും പരുങ്ങലിലായിത്തീർന്ന ആ ഘട്ടത്തിൽ പോലും ചക്രവർത്തി അവരെ കൂടുതൽ ഉപദ്രവിക്കുവാനൊരുങ്ങുകയാണ് ചെയ്തതു. പക്ഷേ, എല്ലാറ്റിന്നും ഒരതിർത്തിയുണ്ട്. ജൂലായി 14-ാംനു പാരീസ്സിലെ ഒരു വലിയ ജനക്കൂട്ടം ചിലർ ആയുധധാരികളായും ചിലർ ആയുധമൊന്നുമില്ലാതേയും പൊടുന്നനവേ ബാസ്ടൈൽ-പാരീസിന്റെ ഹൃദയത്തിലുള്ള ആ അതിപ്രാചീനമായ കാരാഗൃഹകെട്ടിടത്തെ-ചെന്നു വളഞ്ഞു. ദുർഭരമായ മർദ്ദനത്തിന്നു കീഴടങ്ങിക്കൊണ്ടിരിക്കുവാൻ ജനങ്ങൾ ഇനിയൊട്ടും തയ്യാറില്ലെന്നും ‘ഭരണാധികാരം കുറേശ്ശക്കുറേശ്ശയായി ചക്രവർത്തിയിൽനിന്നു അസംബ്ളിയിലേക്കു കടക്കാൻ തുടങ്ങിയെന്നും ഉള്ളതിന്റെ ഒരടയാളമായിരുന്നു അത്. പക്ഷേ, വാസ്തവാവസ്ഥകളെ ശരിക്കു നോക്കിക്കാണുവാൻ ഭരണാധികാരത്തിന്നു പലപ്പോഴും സാധിക്കാറില്ല, ഏതായാലും, ബാസ്റ്റൈൽ ആക്രമിക്കപ്പെട്ടുവെന്നു കേട്ടപ്പോൾ ലൂയി ചക്രവർത്തിക്കു എന്തെന്നില്ലാത്ത ഒരമ്പരപ്പുണ്ടായി. “അപ്പോൾ ഇതൊരു ലഹളതന്നെയാണ്!” എന്നദ്ദേഹം ആശ്ചര്യപ്പെട്ടു പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു മന്ത്രിസഭാംഗം ഉടനെ ഇങ്ങിനെ തിരുത്തിക്കൊടുത്തു:—“ലഹളയല്ല, സേർ, ഇതൊരു വിപ്ലവമാണ്!”

അതെ, അതൊരു മഹത്തായ വിപ്ലവത്തിന്റെ ആരംഭമായിരുന്നു. ജനങ്ങൾ സംഘടിതരായിച്ചെയ്ത ആ ഒരൊറ്റ പ്രവൃത്തി 1793-ന്റെ ഒരു മുന്നറിയിപ്പായിരുന്നു. അത്രമാത്രമോ? അല്ല, പട്ടണത്തിലെ ജനങ്ങളോടൊപ്പം കൃഷിക്കാർ തുടങ്ങിയ ഉൾനാട്ടിലെ മർദ്ദിതവർഗ്ഗക്കാരും ഉടനടി സംഘടിച്ചു പ്രക്ഷോഭം കൂട്ടാൻ തുടങ്ങണമെന്നുള്ള ഒരു താക്കീതുംകൂടിയായിരുന്നു അത്.

ഉൾനാടുകളിലെ കൃഷിക്കാർ ഇതൊക്കെ നല്ല സന്ദർഭമാണെന്നു മനസ്സിലാക്കാതിരുന്നില്ല. അവർ കൂട്ടംകൂട്ടമായി ഭൂമിയുടമസ്ഥന്മാരുടെ നേരെ ലഹളക്കുചെന്നു. നാടുവാഴിപ്രഭുത്വത്തിന്റെ പിടിച്ചുപറിയെ അവർ ആക്ഷേപിച്ചു. പത്തായപ്പുരകൾ കയ്യേറി; ആധാരങ്ങൾ തീവെച്ചു നശിപ്പിച്ചു. നിയമത്തിന്റെ വെടിയുണ്ടയെ മാത്രം ആശ്രയിച്ചു നിലനിന്നിരുന്ന അന്യായമായ പാട്ടം ഇനിയൊരിക്കലും അടച്ചുതീർക്കില്ലെന്നു അവർ വിളിച്ചുപറഞ്ഞു. അങ്ങിനെ അവർ ദൃഢനിശ്ചയത്തോടുകൂടി സ്വാതന്ത്ര്യത്തിന്റെ നേർക്കു പാഞ്ഞുചെല്ലാൻ തുടങ്ങി.

രാജ്യം മുഴുവനും പരന്നുപിടിച്ച ഈ വിപ്ലവപ്രസ്ഥാനത്തിന്റെ അല നേഷനൽ അസംബ്ളിയിലും ചെന്നടിക്കാതിരുന്നില്ല. മർദ്ദിത ജനവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളെ തുടർന്നു പോകാൻ വിടുന്നതു ആപൽക്കരമാണെന്നു അസംബ്ളിക്കു മനസ്സിലായി. അതിനാൽ ഈ കുഴപ്പത്തിൽനിന്നു ഏതുവിധമെങ്കിലും രക്ഷനേടണമെന്ന ഉദ്ദേശത്തോടുകൂടി 1789 ആഗസ്ത് 4-ാംനു പ്രഭുവർഗ്ഗക്കാരുടെ അന്യായങ്ങളായ സ്വകാര്യതാല്പര്യങ്ങളേയും അവർ ജനങ്ങളുടെ മേൽ ചുമത്തിയിരുന്ന ദുസ്സഹങ്ങളായ മറ്റു ചുമടുകളേയും തീരെ നശിപ്പിച്ചിരിക്കുന്നുവെന്നു അസംബ്ളി പ്രഖ്യാപനം ചെയ്യുകയുണ്ടായി. മാത്രമല്ല, പ്രഭുക്കന്മാരും പള്ളിയുടമസ്ഥന്മാരും സൗഹാർദ്ദം നടിച്ചുംകൊണ്ടു തങ്ങളുടെ ന്യായരഹിതങ്ങളായ അവകാശങ്ങളെയെല്ലാം സ്വന്തം ഇഷ്ടത്തോടുകൂടി ഉപേക്ഷിക്കുവാൻ തെയ്യാറാവുകയും, ഫ്രഞ്ച് പൌരന്മാരുടെ ആ മഹാസമ്മേളനത്തിൽ സമാനമായ ഒരു സ്ഥാനം മാത്രം തങ്ങൾക്കും അനുവദിച്ചുതരേണമെന്നപേക്ഷിക്കുകയും ചെയ്തു. ഇങ്ങിനെ ആഗസ്ത് 4-ാം നു ഫ്രഞ്ച് വിപ്ലവചരിത്രത്തിൽ ഒരു പ്രധാനപ്പെട്ട ദിവസമാണ്.

എന്നാൽ, ആഗസ്ത് 4-ാം തീയതിയിലെ ഈ പ്രഖ്യാപനത്തിന്റെ പിന്നിൽ ഫ്യൂഡലിസത്തിന്റേതായ ഒരു ഗൂഢാലോചനയുണ്ടായിരുന്നു. കൃഷിക്കാരുടെ കഷ്ടപ്പാടുകളെ എന്നെന്നേക്കുമായി നശിപ്പിക്കുവാൻ പ്രഖ്യാപനം പര്യാപ്തമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ, ഫ്യൂഡലിസത്തിന്റെ മർദ്ദനങ്ങളിൽനിന്നുള്ള മോചനം പ്രഖ്യാപനത്തിൽ അടങ്ങിയിരുന്നുവെങ്കിലും അങ്ങിനെ മോചിപ്പിക്കപ്പെടുന്നതിന്നു പ്രതിഫലമായി കൃഷിക്കാർ പ്രഭുക്കന്മാർക്ക് വലിയവലിയ സംഖ്യകളടക്കേണ്ടതാണെന്നുള്ള ഒരു വ്യവസ്ഥയും അതിലുണ്ടായിരുന്നു. അതായതു, പ്രഖ്യാപനം നടപ്പിൽ വരികയാണെങ്കിൽ, പഴയ ഫ്യൂഡൽപ്രഭു പുതിയ മുതലാളിയായ ഭൂമിയുടമസ്ഥനായി വേഷം മാറും. പ്രഭുക്കന്മാരുടേയും, മുതലാളികളുടേയും പ്രതിനിധികൾക്കു പ്രാബല്യമുണ്ടായിരുന്ന നേഷനൽ അസംബ്ളി കാർഷികപ്രശ്നത്തിന്നു വിപ്ലവപരമായ ഒരു പോംവഴി കണ്ടുപിടിക്കുവാൻ ഒട്ടുംതന്നെ ഇഷ്ടപ്പെട്ടില്ലെന്നു ഇതിൽനിന്നു വ്യക്തമാകുന്നുണ്ട്. പക്ഷേ, ഏതായാലും പ്രഖ്യാപനത്തിന്റെ ഈ ഒടുവിലത്തെ ഭാഗം ജനങ്ങൾ അത്ര വകവെക്കുകയുണ്ടായില്ല. അങ്ങിനെ ഫ്യൂഡലിസ്റ്റ് മേധാവിത്വം പൊട്ടിത്തകർന്നു നിലംപതിക്കാൻ തുടങ്ങി.

V

ഒന്നിന്നുമേലൊന്നായി വിജയം നേടിക്കൊണ്ടു നേഷനൽ അസംബ്ളിയുടെ കാര്യപരിപാടി പിന്നേയും മുന്നോട്ടുപോകാൻ തുടങ്ങി. ബാസ്ടൈൽ പിടിച്ചടക്കിയശേഷം എല്ലായ്പോഴും മുതലാളികളുടെ സ്വകാര്യതാല്പര്യങ്ങളെ രക്ഷിച്ചുപോന്ന അസംബ്ളി സുപ്രസിദ്ധമായ മനുഷ്യാവകാശപ്രഖ്യാപനം (Declaration of The Rights of Man) സർവ്വസമ്മതമായി പ്രസിദ്ധം ചെയ്തു. ആ പ്രഖ്യാപനം ഒരേസമയത്തുതന്നെ പുതിയ ഭരണഘടനയുടെ അടിസ്ഥാനവും ഫ്രഞ്ച്വിപ്ലവത്തിന്റെ സിദ്ധാന്തങ്ങളുടെ വിവരണവുമായിരുന്നു. “മനുഷ്യർ സ്വതന്ത്രരും സമന്മാരുമായിട്ടാണ് ജനിക്കുന്നത്. അതുകൊണ്ടു നിയമത്തിന്നുള്ളിലും അവർ സ്വതന്ത്രരും സമന്മാരുമായിരിക്കണം. സാമുദായികമായ വ്യത്യസ്തകൾ സമുദായത്തിൽ പൊതുവിലുള്ള നന്മക്കുവേണ്ടി മാത്രമേ സ്ഥാപിക്കപ്പെടുവാൻ പാടുള്ളു…..രാഷ്ട്രീയസ്ഥാപനങ്ങളുടെ ഉദ്ദേശം പ്രകൃതിസഹജവും ഒഴിക്കാൻ പാടില്ലാത്തവയുമായ മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ്. സ്വാതന്ത്ര്യം, സ്വത്തുരക്ഷ, എല്ലാത്തരത്തിലുള്ള മർദ്ദനങ്ങളോടുമെതിരിടൽ എന്നിവയാണ് ഈ അവകാശങ്ങൾ”. “ജനങ്ങളുടെ പൊതുവിലുള്ള ഇഷ്ടത്തിന്റെ ബഹിഃപ്രകടനമാണ് നിയമം. അതിനാൽ അതിന്റെ നിർമ്മാണത്തിൽ തന്നെത്താനോ അതിന്റെ പ്രതിനിധിവഴിയായൊ പങ്കുകൊള്ളുവാൻ ഓരോ പൗരന്നും അവകാശമുണ്ട്. നിയമം എല്ലാവർക്കും ഒരുപോലെയാണ്…നിയമത്തിന്റെ വിധിക്കനുസരിച്ചല്ലാതെ യാതൊരാളേയും കുറ്റപ്പെടുത്തുവാനോ, അറസ്റ്റ് ചെയ്യുവാനോ, തടവിലിടുവാനോ പാടുള്ളതല്ല”. മതസ്വാതന്ത്ര്യം പ്രസംഗസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവയും പ്രഖ്യാപനത്തിൽ അടങ്ങിയിരുന്നു.

വിപ്ലവം പൊടുന്നനവെ നിന്നുപോയിരുന്നുവെങ്കിൽ 1789-ലെ ഈ പ്രഖ്യാപനത്തിന്നു 19-ാം നൂറ്റാണ്ടിന്മേൽ പറയത്തക്ക യാതൊരു പ്രഭാവവും ഉണ്ടാകുമായിരുന്നില്ല. പക്ഷേ, ഭാഗ്യവശാൽ വിപ്ലവം തുടർന്നുകൊണ്ടുതന്നെപോന്നു. അതോടൊപ്പം നേഷനൽ അസംബ്ളി പലപല പരിവർത്തനങ്ങളും വരുത്തി. പൗരോഹിത്യത്തിന്നും പള്ളിക്കും എതിരായ വോൾട്ടയറുടെ മൂർച്ചകൂടിയ ലേഖനങ്ങൾ അസംബ്ളിയിലെ അധികഭാഗം അംഗങ്ങളേയും ആവേശം കൊള്ളിച്ചിരുന്നു. അതിന്റെ ഫലമായി പള്ളിക്കെതിരായ പല നിയമങ്ങളും പാസ്സാക്കപ്പെട്ടു. പള്ളിവക നിലങ്ങൾ പിടിച്ചടക്കി. സന്യാസിമഠങ്ങളുടെ സങ്കുചിതശക്തിയെ ഛിന്നഭിന്നമാക്കി. ബിഷപ്പുമാരുടേയും പുരോഹിതന്മാരുടേയും എണ്ണം കുറച്ചു. പോരെങ്കിൽ ഈ പുരോഹിതവർഗ്ഗക്കാർ പൊതുജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടണമെന്നും, രാഷ്ട്രമാണ് അവർക്ക് ശമ്പളം കൊടുക്കേണ്ടതെന്നുമുള്ള നിയമങ്ങൾ പാസ്സായി.

ഇതിന്നെല്ലാം പുറമെ 1791 സപ്തമ്പർമാസത്തിൽ ഒരു പുതിയ ഭരണഘടനയും നടപ്പിൽവന്നു. ഈ ഭരണഘടന നിർജ്ജീവമായ ഫ്യൂഡൽവ്യവസ്ഥയെ കുറെക്കൂടി ഛിന്നഭിന്നമാക്കി. പക്ഷേ, അതോടൊപ്പം തൊഴിലാളികൾ തുടങ്ങിയ ദരിദ്രവർഗ്ഗക്കാർക്കു ഭരണകാര്യങ്ങളിൽ ഏർപ്പെടുവാനുള്ള സൗകര്യം ഏറ്റവും പരിമിതമായിത്തീരുകയും ചെയ്തു. എന്തെന്നാൽ പുതിയ നിയമപ്രകാരം നിലം മുതലായ എന്തെങ്കിലും സ്ഥാവരസ്വത്തുക്കൾ കൈവശമുള്ളവരും, ഗവൺമെന്റിലേക്കു ശരിയായി നികുതിയടക്കുന്നവരുമായ ധനികന്മാർക്ക് മാത്രമേ വോട്ടവകാശം ലഭിച്ചുള്ളു.

VI

നേഷനൽ അസംബ്ലിയുടെ ഈ കുഴിയാനനയം ദിവസംചെല്ലുന്തോറും അധികമധികം വ്യക്തമായിക്കൊണ്ടുവന്നു. സാമാന്യജനങ്ങളും ധനികന്മാരായ മുതലാളികളും തമ്മിലുള്ള അനിവാര്യമായ വർഗ്ഗയുദ്ധത്തിന്റെ ഒരു പ്രത്യക്ഷമായ ഉദാഹരണം മാത്രമായിരുന്നു അത്. രാജാവിനെ നീക്കംചെയ്ത് ഫ്രാൻസിൽ ഒരു റിപ്പബ്ളിക്കുഭരണം സ്ഥാപിക്കുക എന്നതായിരുന്നു ജനങ്ങളുടെ ആവശ്യം. 1791 ജൂലായി 17-ാം നു അവരെല്ലാവരും മാർസാമൈതാനത്തിൽ ചേർന്നു തങ്ങളുടെ ഉദ്ദേശം നിർവ്വഹിച്ചു കിട്ടുവാനുള്ള വഴികളാലോചിച്ചു. എന്നാൽ ഭരണാധികാരം ജനങ്ങളുടെ ഒഴിച്ചുകൂടാൻ വയ്യാത്ത എല്ലാ ആവശ്യങ്ങളുടേയും ശത്രുവായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. പ്രക്ഷുബ്ധമായ ജനക്കൂട്ടത്തെ സമാധാനിപ്പിക്കുന്നതിന്നു പകരം അവരെ നിർദ്ദയം വെടിവെച്ചു നശിപ്പിക്കുവാനുള്ള കല്പന കൊടുക്കുകയാണ്. പാരീസ്സിലെ മുനിസിപ്പാൽ ഭരണാധികൃതന്മാർ ചെയ്തത്. ഇങ്ങിനെ എല്ലാവരും സമന്മാരാണെന്നു പറയുന്ന നിയമത്തിന്റെ അർത്ഥം സമാന്യജനങ്ങളെസ്സംബന്ധിച്ചേടത്തോളം രക്തപ്രളയം മാത്രമാണെന്നു വിപ്ലവം അവസാനിക്കുന്നതിന്നുമുമ്പുതന്നെ വ്യക്തമായി. തങ്ങളുടെ അഭിവൃദ്ധിയെ തടസ്സപ്പെടുത്തുന്ന ഭരണാധികാരത്തിന്റെ ശക്തി കുറക്കുകയും, ദരിദ്രവർഗ്ഗത്തെ ചൂഷണംചെയ്യുവാൻ കൂടുതൽ സൗകര്യമുണ്ടാക്കുകയും, ചെയ്യണമെന്നു മാത്രമേ മുതലാളികളും വിപ്ലവംകൊണ്ടു ഉദ്ദേശിച്ചിട്ടുണ്ടായിരുന്നുള്ളൂ.

ജൂലായി 17-ാം നു കൂട്ടക്കൊലയെ ഭയങ്കരമായ ഒരു പോലീസ്സുമർദ്ദനം അനുഗമിച്ചു. ജനസമ്മതരായ വിപ്ലവകാരികൾക്കു യാതൊരു രക്ഷയുമില്ലെന്നായി. ദാന്തൻ ഒളിച്ചോടി പോയി. മാറാ ഒളിച്ചുനടക്കേണ്ടിവന്നു. വിപ്ലവത്തിന്റെ അടുത്ത പടി നിലവിലുള്ള സാമുദായികഘടനയോടു മാത്രമല്ല. വളർന്നുവരുന്ന മുതലാളിത്തത്തോടും യുദ്ധംവെട്ടുക എന്നതാണെന്നു ഗ്രാമങ്ങളിലുള്ള സാമാന്യജനങ്ങൾക്കു അപ്പോഴെ മനസ്സിലായുള്ളു. ഈ ഉദ്ദേശ്യം നിർവിഘ്നം സാധിക്കണമെങ്കിൽ ഉറച്ച സംഘടനയോടുകൂടിയ ഒരു പുതിയ രീതിയിലുള്ള വിപ്ലവം ആവശ്യമാണെന്നും അവർക്കു മനസ്സിലായി. “നേഷനൽ അസംബ്ളിയുടെ പ്രവർത്തനങ്ങളെ പരിശോധിച്ചുനോക്കിയാൽ നിങ്ങൾക്കു മനസ്സിലാകും,” മാറാ സാമാന്യ ജനങ്ങൾക്കു ഇങ്ങിനെ പറഞ്ഞു കൊടുക്കുകയുണ്ടായി; “ജനങ്ങളുടെ വിപ്ലവകരമായ പ്രവർത്തനങ്ങൾക്കുശേഷം ആദ്യം അവർ ചില നല്ല നിയമങ്ങൾ പാസാക്കും. പക്ഷേ, സമാധാനം പുനഃസ്ഥാപിച്ചുവെന്നു കണ്ട ഉടനെ അവർ വീണ്ടും പഴയ നിയമങ്ങൾതന്നെ നടപ്പിൽവരുത്താതിരിക്കുകയില്ല”.

ഇങ്ങിനെ 1791-ലെ ഭരണഘടനയോടുകൂടി വിപ്ലവം അവസാനിക്കുകയല്ലാ, നേരെമറിച്ചു, ആരംഭിക്കുകയാണ് ചെയ്തത്. ധനിക വർഗ്ഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏതു ഭരണപരിവർത്തനവും ഒടുവിൽ ദരിദ്രവർഗ്ഗക്കാർക്കു ഹാനികരമായിട്ടേ കലാശിക്കുകയുള്ളുവെന്നു വിപ്ലവത്തിന്റെ ആരംഭകാലംതന്നെ വ്യക്തമാക്കി. കൃഷിക്കാരുടെ കഷ്ടപ്പാടുകൾക്കു പ്രതീക്ഷിച്ച യാതൊരു ശമനവുമുണ്ടായില്ല. മുതലാളി വലിയ ധനികനായിത്തീർന്നതു തൊഴിലാളി വലിയ ദരിദ്രനായിത്തീരാൻവേണ്ടി മാത്രം, ഈ അസമത്വങ്ങൾ ഫ്രാൻസിൽ വർഗ്ഗയുദ്ധത്തിന്നു പുതിയൊരുണർവുണ്ടാക്കിത്തീർത്തു. ധനികവർഗ്ഗത്തിന്റെ കൈയിൽ നിന്നു എല്ലാ അധികാരങ്ങളും പിടിച്ചെടുക്കുന്നതുവരെ മർദ്ദിതവർഗ്ഗക്കാർക്കു യാതൊരു രക്ഷയുമില്ലെന്നു കൂടുതൽ മുന്നോട്ടുവന്ന തൊഴിലാളികൾ കുറേശ്ശകുറേശ്ശയായി മനസ്സിലാക്കുവാൻ തുടങ്ങി. അവരുടെ വർഗ്ഗയുദ്ധം കൂടുതൽ പ്രത്യക്ഷമായിക്കണ്ടത് ധനികവർഗ്ഗക്കാർക്കു ഭൂരിപക്ഷമുള്ള അസംബ്ളിമുറികൾക്കുള്ളിലല്ല. പുറത്തു തുറന്ന ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ്.

ഇതിനിടയിൽ രസകരമായ ഒരു സംഭവമുണ്ടായി. 1791 ജൂൺമാസത്തിൽ രാജാവ് പാരീസ്സുവിട്ടു എങ്ങോട്ടോ ഒളിച്ചോടിപ്പോയി. മറ്റു വല്ല രാജ്യങ്ങളിലും ചെന്നു ചില രാജകീയസൈന്യങ്ങളുടെ സഹായത്തോടുകൂടി മടങ്ങിവരണമെന്നും, അതിനുശേഷം എളുപ്പത്തിൽ ഈ തെമ്മാടികളായ വിപ്ലവകാരികളെയെല്ലാം തുരത്തിക്കളയണമെന്നുമാണ്, അദ്ദേഹം ആലോചിച്ചിരുന്നത്! ഈ വിവരം കേട്ടപ്പോൾ അസംബ്ളി വല്ലാതെ പരിഭ്രമിച്ചു വശായി. ഏതായാലും രാജാവിന്റെ ഗൂഢാലോചന അപമാനകരമായ പരാജയത്തിലവസാനിക്കുകയാണ് ചെയ്തത്. വെറേൻ (Varennes) എന്ന സ്ഥലത്തുവെച്ചു രാജാവിനേയും അയാളുടെ കുടുംബക്കാരേയും അവരുടെ യാത്ര അവസാനിക്കുന്നതിന്റെ അല്പം മണിക്കൂറുകൾക്കു മുമ്പു ജനക്കൂട്ടം കണ്ടുപിടിക്കുകയും അവരെ എല്ലാവരേയും ആർപ്പുവിളികളോടുകൂടി പാരീസ്സിലേക്കു മടക്കിക്കൊണ്ടുവരികയും ചെയ്തു.

VII

ഈ സംഭവം റിപ്പബ്ളിക്കുകാരെ നല്ല പാഠം പഠിപ്പിച്ചു. 1791 ഒക്ടോബർ 1-ാം തീയതി തിരഞ്ഞെടുപ്പിന്നു ശേഷം അസംബ്ളിയിൽ രണ്ടു പാർട്ടികൾ പ്രത്യക്ഷമായി കാണപ്പെട്ടു. ഭൂരിപക്ഷക്കാരായ ഗിരോണ്ടിൻകാർക്ക് (Girondin) അപ്രായോഗികമായ ഒരാദർശമല്ലാതെ വ്യക്തമായ ഒരു കാര്യപരിപാടിയുണ്ടായിരുന്നില്ല. തങ്ങളുടെ സാമ്പത്തികാവശ്യങ്ങളെപ്പറ്റിയുള്ള യാതൊരു ചിന്തയും അവർക്കുണ്ടായിരുന്നില്ല. എതിർകക്ഷിക്കാരായ ജാക്കോബിൻ (Jacobins) കാരുടെ വിചാരഗതി കൂടുതൽ വിപ്ലവകരമായിരുന്നു. ഫ്യൂഡൽവ്യവസ്ഥയേയും, ഫ്യൂഡൽ നികുതികളേയും എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുക. പ്രഭുക്കന്മാരുടെ കൈയിൽനിന്നു തിരിച്ചെടുത്ത തങ്ങളുടെ നിലങ്ങളെ ഉപയോഗിക്കുവാൻ ഗ്രാമീണർക്കു പരിപൂർണ്ണമായ അധികാരം നൽകുക, പട്ടണങ്ങളിൽ ഭക്ഷണസാധനങ്ങൾക്കു ഏറ്റവും കവിഞ്ഞ വില നിജപ്പെടുത്തുക ഈ ആവശ്യങ്ങളെയെല്ലാം ജാക്കോബിൻകാരാണ് മുന്നോട്ടുകൊണ്ടുവന്നത്.

ആദ്യംതന്നെ ഗിരോണ്ടിൻകാർ ഒരു അപായകരമായ വങ്കത്തമാണു പ്രവൃത്തിച്ചത്. ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ റിപ്പബ്ളിക്കു സ്ഥാപിക്കുവാൻ എളുപ്പമായിരിക്കുമെന്നു അവർ തീർച്ചപ്പെടുത്തി. 1792 ഏപ്രിൽമാസത്തിൽ ജാക്കോബിൻകാരുടെ പ്രതിഷേധത്തെ വകവെക്കാതെ അവർ ആസ്ത്രിയൻ ചക്രവർത്തിയെ യുദ്ധത്തിന്നു പ്രേരിപ്പിച്ചു.

ഫ്രാൻസിന്നു യുദ്ധംചെയ്വാൻ തീരെ ശക്തിയുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു കോട്ടക്കു ശേഷം മറ്റൊരു കോട്ടയായി എളുപ്പത്തിൽ നിലംപതിക്കാൻതുടങ്ങി. ഫ്രഞ്ചുസൈന്യങ്ങൾ ഒന്നിന്നുമേലൊന്നായി അപമാനകരമാംവിധം പരാജയപ്പെടാൻ തുടങ്ങി. ഇതുതന്നെ അവസരമെന്നു കരുതി ലൂയിരാജാവ് ജൂൺ 13-ാം നു ഗിരോണ്ടിൻ മന്ത്രിസഭയെ പിരിച്ചുവിട്ടു. രാജസൈന്യങ്ങൾ മറ്റെല്ലാവരേയും തകർത്തുകൊണ്ടു മുന്നോട്ടു വരാൻതുടങ്ങി. ഫ്രാൻസിൽ ഒരു രാജകീയവിപ്ലവമാരംഭിച്ചതുപോലെ കാണപ്പെട്ടു. ഉടനെ ഈ അപായഘട്ടത്തെ തരണംചെയ്യുവാൻവേണ്ടി ദാന്തൻ, മാറ തുടങ്ങിയ ജാക്കോബിൻ നേതാക്കന്മാർ കമ്യൂൺ എന്ന ഒരു പുതിയ സ്ഥാപനം നിർമ്മിക്കുകയും, ആഗസ്ത് 10-ാംനു തൂലറീയിലുള്ള രാജകൊട്ടാരം ആക്രമിച്ചു കീഴടക്കുകയും ചെയ്തു. ആവേശഭരിതനായ മാറാ തന്റെ അനുയായികളോടുകൂടെ കാരാഗൃഹങ്ങളിൽ പ്രവേശിക്കുകയും, അവിടെയുള്ള രാജകീയ വിശ്വാസഘാതകന്മാരെയെല്ലാം വധിക്കുകയും ചെയ്തു. അസംബ്ളി ഒട്ടും താമസിയാതെ ലൂയിയെ സ്ഥാനഭ്രഷ്ടനാക്കുകയും, പ്രഭുക്കന്മാരുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയും ചെയ്തു. ഫ്യൂഡൽഭാരങ്ങളെ നശിപ്പിക്കുക, എല്ലാവർക്കും വോട്ടവകാശം നൽകുക തുടങ്ങിയ ചില അത്യാവശ്യങ്ങളായ പരിഷ്കാരങ്ങൾ ജനങ്ങൾക്കു കാണുവാൻ സാധിച്ചു. സപ്തമ്പർ 20-ാംനു അസംബ്ളിയുടെ കൺവെൻഷൻ എന്ന ഒരു പുതിയ യോഗം ചേരുകയും, ഫ്രാൻസ് ഒരു റിപ്പബ്ളിക്കായി തീർന്നിരിക്കുന്നുവെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴേക്കും യുദ്ധത്തിന്നുവന്ന ജർമ്മൻകാർ തൽക്കാലം തിരിച്ചുപോയിരുന്നു.

ദിവസം ചെല്ലുംതോറും വലത്തുകക്ഷിക്കാരായ ഗിരോണ്ടിൻകാരും, ഇടത്തുകക്ഷിക്കാരായ ജാക്കോബിൻകാരും തമ്മിലുള്ള അകൽച്ച അധികമധികം വലുതായിക്കൊണ്ടുവന്നു. കൺവെൻഷനെ യാഥാസ്ഥിതിക നേതാക്കന്മാരിൽനിന്നു രക്ഷിക്കുവാൻ തങ്ങൾ എല്ലാവിധത്തിലും പ്രയത്നിക്കുമെന്നു ജാക്കോബിൻകാർ പ്രതിജ്ഞ ചെയ്തു. മാർച്ച് 18-ാം തീയതി ഒരു പ്രധാനപ്പെട്ട ഗിരോണ്ടിൻജനറൽ വലത്തുകക്ഷിക്കാരെ ഉപേക്ഷിച്ചു. ക്രൂദ്ധന്മാരായിതീർന്ന ഗിരോണ്ടിൻകാർ ചില വിപ്ലവകാരികളെ അറസ്റ്റ് ചെയ്തു. നാടൊട്ടുക്കുമുള്ള പ്രക്ഷോഭപ്രദർശനങ്ങൾക്കൊണ്ട് ജാക്കോബിൻകാർ അതിന്നു മറുപടിപറഞ്ഞു. ഗിരോണ്ടിൻകാരുടെ സ്വാധീനശക്തി വളരെയധികം കുറഞ്ഞുപോയി. അവർ ഭരണകാര്യങ്ങളിൽനിന്നു നീക്കംചെയ്യപ്പെട്ടു. ജാക്കോബിൻകാർ നേതൃത്വത്തിൽവന്നു.

വിപ്ലവകാരികളെ നശിപ്പിക്കുവാൻവേണ്ടി ഗിറോണ്ടിൻകാരും റോയലിസ്റ്റ്കാരും വിദേശീയാക്രമികളും ഒരു ഐക്യ അണിയായി ഒന്നിച്ചുചേർന്നു. മാറാ നിർദ്ദയമാംവിധം കൊലചെയ്യപ്പെട്ടു. അതോടുകൂടി അന്തരീക്ഷം പൂർവ്വാധികം അപായകരമായിതീർന്നു. മാർസേ, ലെയോൺ, തൂലോങ്ങ്,-എല്ലാ സ്ഥലത്തും വിദ്രോഹം പരന്നുപിടിച്ചു. യാഥാസ്ഥിതികത്വമാകട്ടെ എല്ലാ കടുംകൈയുകളും പ്രവർത്തിച്ചുകൊണ്ടു വിദ്രോഹത്തെ അടിച്ചമർത്തുവാൻതന്നെ തീർച്ചപ്പെടുത്തി. ഇടത്തുകക്ഷിക്കാരായ അനവധി നേതാക്കന്മാർ തൂക്കുമരത്തിന്നിരയായിത്തീർന്നു. ഗിരോണ്ടിൻകാരുടെ ശക്തി വീണ്ടും തല പൊന്തിച്ചുപിടിച്ചു.

VIII

വിപ്ലവത്തിന്റെ ഒടുവിലത്തെ രംഗം റോബർസ്പിയറുടെ നേതൃത്വത്തിലാണ് അഭിനയിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്വാധീനശക്തി അത്രയധികം വർദ്ധിച്ചിട്ടുണ്ടായിരുന്നു. ഫ്യൂഡൽ വ്യവസ്ഥ ഫ്രാൻസിൽനിന്നു എന്നെന്നേക്കുമായി അസ്തമിച്ചുകഴിഞ്ഞു. പ്രജായത്തസിദ്ധാന്തങ്ങളടങ്ങിയ ഒരു പുതിയ ഭരണഘടന പാസ്സാക്കപ്പെട്ടു. വലത്തുനിന്നും ഇടത്തുനിന്നും റോബർസ്പിയറുടെ ഗവൺമെന്റിനു പല എതിർപ്പുകളും ഏല്ക്കേണ്ടിവന്നു. അദ്ദേഹം വല്ലാതെ വിപ്ലവകാരിയായി തീരുന്നുവെന്ന് ദാന്തന്റെ നേതൃത്വത്തിലുള്ള വലത്തുകക്ഷിക്കാർ ആക്ഷേപിച്ചു. റോബർസ്പിയർ ഒരു ഈശ്വരവിശ്വാസിയും, വേണ്ടത്ര മുന്നോട്ടുവരാൻ തെയ്യാറില്ലാത്ത ഒരു യാഥാസ്ഥിതികനുമാണെന്നു ഹേബർട്ടിന്റെ നേതൃത്വത്തിലുള്ള ഇടത്തുകക്ഷിക്കാരും ആക്ഷേപിച്ചു. ഗവൺമെന്റാകട്ടെ രണ്ടുകൂട്ടരേയും തൂക്കിക്കൊന്നു.

അതോടുകൂടി റോബർസ്പിയറുടെ പതനവുമാരംഭിച്ചു. ജനങ്ങൾക്കു അദ്ദേഹത്തിലുണ്ടായിരുന്ന തൃപ്തി മുഴുവൻനശിച്ചു. റോബർസ്പിയറെ നീക്കംചെയ്യുന്ന കാര്യത്തിൽ പ്രധാനപ്പെട്ട എല്ലാ നേതാക്കന്മാരും യോജിച്ചു. ഒരുറച്ച നിലയെടുക്കാതെ അപായഘട്ടങ്ങളിൽ ഇളകിക്കൊണ്ടിരിക്കുന്ന സ്വഭാവം റോബർസ്പിയറുടെ അധഃപതനത്തിനുള്ള വഴി തെളിയിച്ചു. ഗിരോണ്ടിൻ കക്ഷിക്കാരായ വലിയ മുതലാളികൾ വീണ്ടും അധികാരത്തിൽവന്നു. ജാക്കോബിൻകാർ റോബർസ്പിയറുടെ അനുയായികൾ മുതലായ എല്ലാ എതിരാളികളുടേയും ശക്തിയെ മുതലാളി ഗവൺമെന്റ് ഛിന്നഭിന്നമാക്കാൻ ഒരുങ്ങി. 1796-ൽ ഗവൺമെന്റിനെ തകിടംമറിക്കുവാൻ ബേബഫിന്റെ നേതൃത്വത്തിൽ ഒരു സോഷ്യലിസ്റ്റ് ഗൂഢാലോചന നടക്കുകയുണ്ടായി. എങ്കിലും, അതു പരാജയപ്പെടുകയാണുണ്ടായത്.

1799-ൽ നെപ്പോളിയൻ ബോണോപ്പാട്ട് അധികാരത്തിൽ വരികയും, ജാക്കോബിൻകാർ മുതലായ എല്ലാ എതിരാളികളേയും നശിപ്പിക്കുവാനാവശ്യമായ കഠിനങ്ങളായ മാർഗ്ഗങ്ങളെ അദ്ദേഹം അവലംബിക്കുകയും ചെയ്തു. അതുമുതൽക്കു ഫ്രാൻസിൽ മുതലാളിത്തത്തിന്റെ വിജയക്കൊടി അധികമധികം ഉയരത്തിൽ പറന്നുകളിക്കുവാൻ തുടങ്ങി.

മാതൃഭൂമി ആഴ്ചപ്പതിപ്പ് 1937 സെപ്തംബർ 27