അദ്ധ്യായം 9
തൊഴിലും ജാതിയും

ക്രിസ്തുവർഷാരംഭത്തിനുമുമ്പാകട്ടെ, കിസ്ത്വബ്ദത്തിന്റെ ആദ്യശതകങ്ങളിലാകട്ടെ, കേരളത്തിലെ ജനങ്ങൾ ജാതികളായി വിഭജിയ്ക്കപ്പെട്ടിരുന്നില്ല. സാമുദായികവാദവും ജാതിബോധവും അക്കാലത്ത് അജ്ഞാതങ്ങളായിരുന്നു. സംഘകൃതികൾ, പ്ലീനിയുടെയും ടോളമിയുടെയും ഗ്രന്ഥങ്ങൾ, പെരിപ്ലസ് മുതലായവയിലൊന്നും തന്നെ ജാതിവ്യത്യാസങ്ങളെപ്പറ്റിയോ സാമുദായിക സംഘട്ടനങ്ങളെപ്പറ്റിയോ സാമുദായിക പരാമർശിച്ചുകാണുന്നില്ല. തൊൽക്കാപ്പിയത്തിൽ ‘ജാതി’ എന്നൊരു പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതു ശരിയാണ്. ‘നീർവാഴ്ചാതിയുൾ നന്തും ഒന്റേ’ [1] പൊരുളതികാരത്തിൽ കാണാം. പക്ഷേ, ഇവിടെ ജാതി എന്ന പദം മനുഷ്യർക്കിടയിലുള്ള വിഭാഗങ്ങളെക്കുറിക്കാനല്ല. വെള്ളത്തിൽ ജീവിക്കുന്ന പ്രാണികളെ കുറിക്കാനാണ് പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.

അപ്പോൾ, കേരളീയ സമുദായത്തിൽ ജാതിഭേദങ്ങൾ എങ്ങനെയുണ്ടായി? എന്നുമുതൽക്കുണ്ടായി?

ആര്യന്മാരുടെ സംഭാവനയാണ് ജാതിവ്യവസ്ഥ എന്നും അവരുടെ ആഗമനത്തിനുമുമ്പ് ഇന്ത്യയിൽ ജാതികളുണ്ടായിരുന്നില്ലെന്നും ചിലർ വാദിക്കുന്നു. ആര്യന്മാർ വരുന്നതിനുമുമ്പുതന്നെ ഇന്ത്യയുടെ നാനാഭാഗങ്ങളിലും ജീവിച്ചിരുന്ന ദ്രാവിഡർക്കിടയിൽ ജാതിവ്യവസ്ഥയും വർണാശ്രമ വ്യവസ്ഥയും ഉണ്ടായിരുന്നുവെന്നും ദ്രാവിഡരുടെ ഈ സമ്പ്രദായങ്ങളെ പിന്നീട് ആര്യന്മാരും സ്വീകരിച്ചുവെന്നും യൂറോപ്യൻ നാടുകളിൽ കുടിയേറിപ്പാർത്ത ആര്യന്മാർക്കിടയിൽ ജാതിവ്യവസ്ഥയും വർണാശ്രമങ്ങളും ആവിർഭവിക്കുകയുണ്ടായില്ലെന്നുള്ളത് ഇതിനു തെളിവാണെന്നും മറ്റുചില പണ്ഡിതന്മാർ വാദിക്കുന്നു. [2] രണ്ടുകൂട്ടരുടെയും വാദഗിതൾ തെറ്റാണ്. കാരണം, വർഗങ്ങളെന്നപോലെത്തന്നെ ജാതികളും ഉൽപ്പാദനശക്തികളുടെ വളർച്ചയുടെ ഫലമായി സാമൂഹ്യ പരിണാമത്തിലെ ഒരു സവിശേഷ ഘട്ടത്തിൽ മാത്രം ആവിർഭവിച്ചവയാണ് എന്ന് യാഥാർഥ്യത്തെ രണ്ടുകൂട്ടരും അവഗണിക്കുന്നു.

ആടുമാടുകളെ മേച്ചു നടന്നിരുന്ന ആര്യന്മാരുടെ അപരിഷ്കൃത ഗോത്രങ്ങൾ ഇന്ത്യയിൽ കുടിയേറിപ്പാർക്കാൻ തുടങ്ങിയകാലത്ത് അവർക്കിടയിൽ ജാതിവ്യത്യാസങ്ങളോ വർഗവ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ല. പ്രാകൃത കമ്മ്യൂണിസ്റ്റ് സമുദായത്തിൽ ജീവിച്ചിരുന്ന കാലത്തെ ദ്രാവിഡരുടെ സ്ഥിതിയും അതുതന്നെയായിരുന്നു. ആദ്യകാലത്ത് ദ്രാവിഡർക്കിടയിലും ജാതിവ്യത്യാസങ്ങളോ വർഗവ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ല. മുമ്പൊരധ്യായത്തിൽ വ്യക്തമാക്കിയതുപോലെ, ഉൽപ്പാദന ശക്തികൾ വളരുകയും സ്വകാര്യ സ്വത്തുടമ തലപൊക്കുകയും അങ്ങനെ മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യാനുള്ള സാഹചര്യങ്ങളുയർന്നുവരികയും ചെയ്തപ്പോളാണ് അടിമകൾ, ഉടമകൾ എന്നിങ്ങനെ വ്യത്യസ്ത വർഗങ്ങളായി സമുദായം വിഭജിക്കപ്പെട്ടത്.

9.1ചേരനാട്ടിലെ അടിമത്തവ്യവസ്ഥ

പ്രാചീന കേരളത്തിൽ അടിമത്തവ്യവസ്ഥയുണ്ടായിരുന്നില്ലെന്നു വാദിക്കുന്നവരുണ്ട്. ചേര-ചോഴ-പാണ്ടിരാജ്യങ്ങളിൽ, തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ജാതിവിഭാഗങ്ങളെ ഉണ്ടായിരുന്നുള്ളു. അടിമകൾ എന്ന പ്രത്യേക വിഭാഗമുണ്ടായിരുന്നില്ലാ എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇതും ശരിയല്ല. സംഘംകൃതികളിൽത്തന്നെ അടിമത്തത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം. ഉദാഹരണത്തിന് തൊൽക്കാപ്പിയം ചൊല്ലതികാരത്തിൽ ‘അടിമൈ’, ‘കടിമൈ’ തുടങ്ങിയപദങ്ങൾ പ്രയോഗത്തിൽ തിര്യക്കുകളെക്കുറിക്കുന്ന പദങ്ങൾപോലെ വരും എന്നു വിധിക്കുന്നുണ്ട്. [3] തൊൽക്കാപ്പിയം പൊരുളധികാരത്തിൽ ‘അടിമകളേയും ജോലിക്കാരേയും അഞ്ചു തിണൈകളൊഴികെയുള്ള കൈക്കിളൈയിലും പെരുന്തിണൈയിലും നായികാനായകന്മാരാക്കി കവിതയുണ്ടാക്കുന്നതിൽ തെറ്റില്ല. [4] എന്നും ‘ജോലി എടുപ്പിക്കുന്നവരേയും കൈക്കിളൈ പെരുന്തിണൈകളിൽ നായികാ നായകന്മാരാക്കാവുന്നതാണ്.’ [5] എന്നും പ്രസ്താവിക്കുന്നു.

ചേര രാജാക്കന്മാർ യവനരെ ദാസ്യവൃത്തിക്കുവേണ്ടി ഉപയോഗിച്ചിരുന്നുവെന്നതിന് സംഘകൃതികളിൽ തെളിവുകളുണ്ട്. ശക്തന്മാരായ യവനർ രാജാക്കന്മാരുടെ അംഗരക്ഷകൻമാരായും കൊട്ടാരം കാവൽക്കാരായും നിയമിക്കപ്പെട്ടിരുന്നതായി മുല്ലൈപ്പാട്ടിൽ നിന്നും മനസ്സിലാക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്കിറക്കുമതി ചെയ്യപ്പെട്ടിരുന്ന ചരക്കുകളുടെ കൂട്ടത്തിൽ അടിമകളും ഉൾപ്പെട്ടിരുന്നുവെന്നും സുന്ദരികളായ അടിമസ്ത്രീകൾ രാജാക്കന്മാരുടെ വെപ്പാട്ടികളായും ദാസികളായും മറ്റും ഉപയോഗിക്കപ്പെട്ടിരുന്നുവെന്നും പെരിപ്ലസ് വെളിപ്പെടുത്തുന്നു. വാർമിങ്ങ്ടൺ ചൂണ്ടിക്കാണിക്കുന്നതുപോലെ, അടിമകളുടെ കയറ്റുമതി കുറവായിരുന്നു. ഇറക്കുമതിയായിരുന്നു കൂടുതൽ. [6] എന്നാൽ, സംഘകാലത്ത് വൻതോതിലുള്ള അടിമക്കച്ചവടം നടന്നിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളില്ല. ഇറക്കുമതിചെയ്യപ്പെട്ട അടിമകൾ മുഖ്യമായും രാജാക്കന്മാർക്കും മറ്റും സമ്മാനം നൽകാൻ വേണ്ടിയാണ് ഉപയോഗിക്കപ്പെട്ടിരുന്നതെന്നു തോന്നുന്നു. പക്ഷേ, നാട്ടുകാരായ അടിമകൾ കൂടുതൽ ഉണ്ടായിരിക്കാനിടയുണ്ട്. ജലസേചനപദ്ധതികളിലും അണക്കെട്ടുനിർമാണങ്ങളിലും മറ്റും അടിമകളുടെ അധ്വാനം ഉപയോഗിക്കപ്പെട്ടിരുന്നു എന്നു തീർച്ചയാണ്. ഇത്തരം ആവശ്യങ്ങൾക്കുവേണ്ടി അന്യനാടുകളിൽ നിന്ന് അടിമകളെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുവരികപോലും പതിവായിരുന്നു. ചോഴരാജാവ് കാവേരിപ്പൂം പട്ടണത്തിന്റെ നിർമാണത്തിനുവേണ്ടി സിലോണിൽ നിന്ന് 12,000 അടിമകളെ പിടിച്ചുകൊണ്ടുവന്നുവെന്ന് സിലോൺ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അടിമവേലയായിരുന്നു സംഘകാലത്തെ പുരോഗതിയുടെ മുഖ്യമായ ഒരടിസ്ഥാനമെന്നു ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നതാണ്.

എന്നിരിക്കിലും, പ്രാചീന കേരളത്തിലെ അടിമത്തവ്യവസ്ഥ ഗ്രീസ്, റോം തുടങ്ങിയ പ്രാചീന യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ അത്ര രൂക്ഷമോ സാർവത്രികമോ ആയിരുന്നില്ല. സമുദായം വർഗങ്ങളായി പിരിഞ്ഞതിനുശേഷവും പ്രാകൃത കമ്മ്യൂണിസത്തിന്റെ പ്രബലങ്ങളായ അവശിഷ്ടങ്ങൾ നിലനിന്നുപോന്നു എന്നതായിരിക്കാം ഈ വ്യത്യാസത്തിന്റെ പ്രധാനകാരണം.

9.2ചാതുർവർണ്യവും ബ്രാഹ്മണമേധാവിത്വവും

വടക്കെ ഇന്ത്യയിലെ ആര്യന്മാർക്കിടയിൽ അടിമത്തവ്യവസ്ഥ ഉയർന്നുവന്നത് ചാതുർവർണ്യത്തിന്റെ രൂപത്തിലാണ്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ നാലുവർണങ്ങളായിട്ടാണ് സമുദായം വിഭജിക്കപ്പെട്ടത്. ഈ വർണങ്ങളും പിന്നീടുണ്ടായ ജാതികളും ഒന്നല്ല. ജാതിവ്യത്യാസം ഫ്യൂഡലിസത്തിന്റെ സൃഷ്ടിയാണ്. ചാതുർവർണ്യമാകട്ടെ, അടിമത്ത വ്യവസ്ഥയിലെ വർഗവ്യത്യാസങ്ങളെയാണ് കുറിക്കുന്നത്. പ്രവൃത്തി വിഭജനത്തിന്റെ അടിസ്ഥാനത്തിലാവിർഭവിച്ച വ്യത്യാസങ്ങൾ ക്രമത്തിൽ വർണവ്യത്യാസങ്ങളായി രൂപാന്തരപ്പെടുകയാണുണ്ടായത്. പുരോഹിതവൃത്തിയിലേർപ്പെട്ട ബ്രാഹ്മണനായിരുന്നു ഏറ്റവും ഉയർന്ന വർണം. ആത്മീയകാര്യങ്ങളിലെന്നപോലെ തന്നെ ഭൗതികകാര്യങ്ങളിലും ബ്രാഹ്മണരുടെ ആധിപത്യമാണ് നിലനിന്നിരുന്നത്. ബ്രാഹ്മണ മേധാവിത്വം എന്നാൽ അടിമത്തം എന്നായിരുന്നു അർത്ഥം. ഏറ്റവും മുകളിൽ ബ്രാഹ്മണർ, ഏറ്റവും ചുവട്ടിൽ ശൂദ്രർ ഇതായിരുന്നു സ്ഥിതി. ശൂദ്രന്മാർ അനുഭവിച്ചുപോന്ന ക്രൂരമർദ്ദനങ്ങൾക്ക് മനുസ്മൃതി, നാരദസ്മൃതി തുടങ്ങിയ പ്രാചീന നിയമസംഹിതകൾ സാക്ഷ്യം വഹിക്കുന്നു.

എന്നാൽ ദക്ഷിണേന്ത്യയിൽ ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലല്ല പ്രവർത്തി വിഭജനവും വർഗവ്യത്യാസവും ആവിർഭവിച്ചത്. ബ്രാഹ്മണമേധാവിത്വം സംഘകാലത്തെ ജനങ്ങൾക്ക് അജ്ഞാതമായിരുന്നു. സംഘകൃതികളിൽ ഒരിടത്തും ശൂദ്രൻ എന്ന ഒരുവാക്കുപോലും കാണാൻ കഴിയില്ല.

ചേര-ചോഴ-പാണ്ടിരാജ്യങ്ങളിലെ ജനങ്ങൾ ഉത്തരേന്ത്യക്കാരിൽ നിന്നും തികച്ചും ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത് എന്ന് ഇതിനർത്ഥമില്ല. സിന്ധു നദീതട സംസ്ക്കാരത്തിന്റെ കാലംമുതൽക്കെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിൽ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് മുമ്പൊരദ്ധ്യായത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ക്രിസ്ത്വബ്ദത്തിന് മൂന്നോ നാലോ നൂറ്റാണ്ടുകൾക്കുമുമ്പ് ആര്യന്മാരുടെ സമ്പർക്കങ്ങളും ആരംഭിച്ചിട്ടുണ്ടാവണം. ബുദ്ധമതക്കാരുടെയും ജൈനമതക്കാരുടെയും ചെറിയ ചെറിയ സംഘങ്ങൾ ദക്ഷിണേന്ത്യയിൽ വന്ന് കുടിയേറി പാർത്തിട്ടുണ്ടാവണം. അപൂർവ്വംചില വൈദികമതക്കാരും വന്നിട്ടുണ്ടാവാം. അശോകന്റെ കാലം മുതൽക്ക് ദക്ഷിണേന്ത്യക്കാരും ഉത്തരേന്ത്യക്കാരും തമ്മിലുള്ള വാണിജ്യപരവും സാംസ്ക്കാരികവുമായ ബന്ധങ്ങൾ കൂടുതൽ പുഷ്ടിപ്പെട്ടു തുടങ്ങിയിട്ടുണ്ടാവണം. ഈ പരസ്പര ബന്ധങ്ങളുടെ ഫലമായി ഉത്തരേന്ത്യക്കാരുടെ ചില സംസ്കൃത പദങ്ങൾ തെക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യക്കാരുടെ ചില ദ്രാവിഡപദങ്ങൾ വടക്കെ ഇന്ത്യയിലും പ്രചരിക്കാൻ തുടങ്ങിയെങ്കിൽ അത്ഭുതപ്പെടാനില്ല. തൊൽക്കാപ്പിയം എന്ന തമിഴ് വ്യാകരണത്തിൽ അവിടേയും ഇവിടേയുമായി പാണിനീവ്യാകരണത്തിന്റെ സ്വാധീനം കാണാമെന്ന് ചില പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളിലെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ നൂറ്റാണ്ടുകളിലൂടെ പടിപടിയായി വളർന്നുവന്ന സാംസ്കാരിക ഐക്യത്തിന്റെ പ്രാരംഭഘട്ടമായിരുന്നു അത്. പക്ഷേ, ഇതിന്റെ അർത്ഥം സംഘകാലത്തെ കേരളീയർ ആര്യന്മാരുടെ മതം, വർണവ്യവസ്ഥ മുതലായവ സ്വീകരിച്ചുവെന്നല്ല. കച്ചവടച്ചരക്കുകൾ കൈമാറ്റം ചെയ്യപ്പെടുന്നതുപോലെ അത്ര എളുപ്പത്തിൽ മതങ്ങളും വർണങ്ങളും കൈമാറാൻ കഴിയില്ല. എന്നല്ല, ആ പ്രാചീനകാലത്ത് ദക്ഷിണേന്ത്യയിൽ വൈദികമതത്തിനും ബ്രാഹ്മണ മേധാവിത്വത്തിനും വേരുറച്ചുനിൽക്കാൻ പറ്റിയ ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ലതാനും. ഏതായാലും സംഘസാഹിത്യത്തിൽ പ്രതിഫലിപ്പിച്ചു കാണിക്കുന്ന മതസംസ്ക്കാരങ്ങളും ലൈംഗിക ബന്ധങ്ങളും സാമൂഹ്യബന്ധങ്ങളുമെല്ലാം ചാതുർവർണ്യത്തിന്റേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. വാസ്തവത്തിൽ, അകനാനൂറ്, പുറനാനൂറ്, പതിറ്റുപ്പത്ത് മുതലായ പ്രാചീന കൃതികളിലെ വലിയൊരു ഭാഗം പാട്ടുകൾ ആര്യന്മാരുടെ ആഗമനത്തിനുമുമ്പ് ദക്ഷിണേന്ത്യയിൽ രൂഢമൂലമായി നിലനിന്നിരുന്ന കുലഗോത്രസമുദായത്തിന്റെ സവിശേഷതകളെയാണ് വെളിപ്പെടുത്തുന്നത്. ഉൽപ്പാദനശക്തികൾ വളർന്നപ്പോൾ വർഗവ്യത്യാസങ്ങളും വർഗവിഭജനങ്ങളും ആവിർഭവിച്ചു എന്നത് ശരിയാണ്. പക്ഷേ, സംഘംകൃതികൾ വെളിപ്പെടുത്തുന്ന വർഗവിഭജനങ്ങൾ ഉത്തരേന്ത്യയിലുണ്ടായിരുന്നവയിൽനിന്നു വിഭിന്നമാണ്.

9.3കുലവും തൊഴിലും

ആദ്യകാലത്ത് കുലങ്ങളും ഗോത്രങ്ങളും മാത്രമാണുണ്ടായിരുന്നത്. വർഗങ്ങളും ജാതികളുമുണ്ടായിരുന്നില്ല. വ്യത്യസ്ത തിണകളിൽ വ്യത്യസ്ത ഗോത്രങ്ങളും അവരുടെ തലവന്മാരും ജീവിച്ചിരുന്നു. പൂഴിയാർ, മഴ്കവർ, മറവർ, കുറവർ, കാനവർ, വേട്ടുവർ, ആയർ, ഇടയർ, കോവലർ, പൊതുവർ, എയിനർ, നുളൈയർ, തിമിലർ, പരതവർ, ഉഴവർ, കടൈയർ, മലൈയർ എന്നിങ്ങനെയുള്ള ഒട്ടനവധി ഗോത്രങ്ങളെപ്പറ്റി പ്രാചീന സംഘകൃതികൾ പരാമർശിക്കുന്നുണ്ട്. തിണകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളനുസരിച്ച്, അവർക്ക് വ്യത്യസ്തങ്ങളായ തൊഴിലുണ്ടായിരുന്നു. ഉദാഹരണത്തിന്, കന്നുകാലികളെ മേയ്ക്കലായിരുന്നു ആയരുടെ ജോലി. ഉഴവരുടെ പ്രവൃത്തി കൃഷിയായിരുന്നു. മീൻപിടിക്കലും ഉപ്പുണ്ടാക്കലും മറ്റുമായിരുന്നു നുളൈയരുടെ തൊഴിൽ.

ഉൽപ്പാദനശക്തികൾ വളരുകയും കൃഷിയും കൈത്തൊഴിലും അഭിവൃദ്ധിപ്പെടുകയും ചെയ്തപ്പോൾ സമുദായത്തിൽ പുതിയ വിഭജനമുണ്ടായി. മരുതനിലത്തിലാണ് കൂടുതൽ അഭിവൃദ്ധിയുണ്ടായത്. കൃഷിയോടൊപ്പം പലതരം കൈത്തൊഴിലുകളും ആവിർഭവിച്ചു. കുയവൻ (കുശവൻ), തച്ചൻ, കൊല്ലൻ, തയ്യൽക്കാരൻ, നെയ്ത്തുകാരൻ, ചെമ്പുപണിക്കാരൻ, പൊൻപണിക്കാരൻ, കമ്മാളൻ, വലയൻ, പുലയൻ തുടങ്ങിയ വിവിധ കൈത്തൊഴിൽക്കാരെപ്പറ്റി സംഘകൃതികൾ പ്രതിപാദിക്കുന്നുണ്ട്. കൃഷിയും കൈത്തൊഴിലും അഭിവൃദ്ധിപ്പെട്ടപ്പോൾ കച്ചവടവും അഭിവൃദ്ധിപ്പെട്ടു. ഉഴവർക്കും വേളാർക്കും പുറമെ വണികർ അല്ലെങ്കിൽ വണിക്കുകൾ എന്ന ഒരു പ്രത്യേക ജനവിഭാഗവും ഉയർന്നുവന്നു. സാങ്കേതികജ്ഞാനത്തിന്റെ വളർച്ചയോടൊപ്പം കലയും സാഹിത്യവും അഭിവൃദ്ധിപ്പെട്ടു. അങ്ങനെ കവികൾ, അറിവർ, പാർപ്പാൻ എന്നിങ്ങനെയുള്ള ഒരു ബുദ്ധിജീവി വിഭാഗവും പാണർ, കൂത്തർ, പറയർ, വിറലികൾ, കടമ്പർ മുതലായ ജനവിഭാഗങ്ങളും ഉയർന്നുവന്നു. പുറനാനൂറിൽ മാങ്കുടികീഴാർ പാടിയ ഒരുപാട്ടിൽ, ‘തുടിയൻ (തുടികൊട്ടുന്നവൻ), പാണൻ (പാട്ടുകാരൻ), പറയൻ (ചെണ്ടക്കാരൻ), കടമ്പൻ (കടമ്പുകൊട്ടുന്നവൻ) എന്നിവരല്ലാതെ മറ്റൊരു ഗോത്രവുമില്ല എന്നുപറയുന്നു. [7] സംഗീതത്തിനു കൽപ്പിക്കപ്പെട്ടിരുന്ന പ്രാധാന്യം ഇതിൽനിന്നു മനസിലാക്കാം. അറിവർ എന്നുവച്ചാൽ അറിവുള്ളവർ അല്ലെങ്കിൽ ജ്ഞാനസംബന്ധിയായ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ. പാർപ്പാൻ എന്ന വാക്കിന് ദീർഘദൃഷ്ടിയോടെ നോക്കിക്കാണാൻ കഴിയുന്ന ബുദ്ധിമാൻ എന്നേ അർഥമുള്ളു. സമുദായത്തിൽ വല്ല പ്രധാന സംഭവങ്ങളോ ആഘോഷങ്ങളോ അല്ലെങ്കിൽ വിഷമം പിടിച്ച പരിതഃസ്ഥിതികളോ ഉണ്ടാകുമ്പോൾ ജനങ്ങൾ അറിവരുടേയും പാർപ്പാൻമാരുടേയും സഹായം തേടുക പതിവായിരുന്നു.

ഇവരാരും തന്നെ ജാതികളായിരുന്നില്ല. വ്യത്യസ്ത തൊഴിലുകളെടുത്തു ജീവിച്ചിരുന്ന ജനവിഭാഗങ്ങൾ മാത്രമായിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള ചൂണ്ടിക്കാണിക്കുന്നതുപോലെ ‘കുറവനോ വേടനോ മുല്ലനില്ലത്തുപോയി താമസിച്ച് ഇടയന്റെ തൊഴിൽ സ്വീകരിച്ചാൽ അവനും ഇടയൻ തന്നെ’ [8] ആദ്യകാലത്ത് തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിഭജനങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ സ്വത്തുൽപ്പാദനം വികസിക്കുകയും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും ചെയ്തപ്പോൾ വർഗവ്യത്യാസങ്ങൾ പ്രകടമായിത്തീർന്നു. അന്തണർ, അരചർ, വണികർ, വേളാർ എന്നീ നാലു വിഭാഗക്കാർ ഉയർന്ന വർഗ്ഗക്കാരായി കരുതപ്പെടാൻ തുടങ്ങി. വിദ്യാഭ്യാസം, രാജ്യരക്ഷ, വാണിജ്യം, കൃഷി എന്നിവ ഉയർന്ന തൊഴിലുകളായും കണക്കാക്കപ്പെട്ടു.

9.4സംഘകാലത്തെ മേലോർ വിഭാഗങ്ങൾ

അന്തണൻ, അരചർ, വേളാർ, വണികർ എന്നീ ‘മേലാർ വിഭാഗ’ങ്ങളെപ്പറ്റിയും അവരുടെ തൊഴിലുകളെപ്പറ്റിയും തൊൽകാപ്പിയം പ്രതിപാദിക്കുന്നുണ്ട്. തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ഈ ജനവിഭാഗങ്ങളെ ചില പിൽക്കാല കൃതികളിൽ വർണ്ണങ്ങളായി കണക്കാക്കാൻ തുടങ്ങി. ഏതാനും നൂറ്റാണ്ടുകൾക്കുശേഷം തൊൽകാപ്പിയത്തിന് വ്യാഖ്യാനമെഴുതിയ ഇളംപൂരണർ, നച്ചിനാർക്കിനിയർ മുതലായ വൈദ്യസാഹിത്യകാരൻമാരാകട്ടെ, ആ വർണ്ണങ്ങൾക്ക് വൈദികമായ അർത്ഥം നൽകാൻ ശ്രമിക്കുകയും ചെയ്തു. കാലക്രമത്തിൽ, ജൈനമത വിശ്വാസിയായിരുന്ന തൊൽകാപ്പിയർപോലും ചാതുർവർണ്യത്തിന്റെ പ്രചാരകനായി തെറ്റിദ്ധരിപ്പിക്കപ്പെടാൻ തുടങ്ങി!

ഈ തെറ്റായ ധാരണ ചില ആധുനിക പണ്ഡിതൻമാരെപ്പോലും പിടികൂടിയിട്ടുണ്ടെന്നു കാണാം. ഉദാഹരണത്തിന് ഇളംകുളം കുഞ്ഞൻപിള്ള എഴുതുന്നതു നോക്കുക:

‘ചാതുർവർണ്യം പ്രചരിപ്പിക്കാനുള്ള ദൃഢമായ യത്നം തൊൽകാപ്പിയത്തിൽ സർവ്വത്ര കാണാം. രാജാക്കൻമാരെല്ലാം ‘അരചർ’ ജാതിക്കാരാണെന്നും കച്ചവടക്കാരെല്ലാം ‘വണികർ’ ജാതിക്കാരാണെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവങ്ങൾ ചാതുർവർണ്യപ്രചാരത്തിന്റെ ആദ്യഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അരചരും അന്തണരും വണികരും ‘മേലോരാ’ ണെന്നും പിന്നെയുള്ളവർ ‘കീഴോരാ’ ണെന്നും വരെ പറയാമെന്നുള്ള ഒരു ഘട്ടത്തിലാണ് തൊൽകാപ്പിയർ ജീവിച്ചിരുന്നത്.’ [9]

രാജാക്കൻമാർ അരചർ ജാതിക്കാരും കച്ചവടക്കാർ വാണികർ ജാതിക്കാരുമാണെന്ന് തൊൽകാപ്പിയത്തിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്? ‘ജാതി’ എന്ന വാക്കുപോലും തൊൽകാപ്പിയർ ഉപയോഗിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. അതിരിക്കട്ടെ അന്തണർ, അരചർ, വാണികർ എന്നീ മൂന്നു വിഭാഗക്കാർ മാത്രം ‘മേലോ’രും നാലാമത്തെ വിഭാഗമായ വേളാളർ ‘കീഴാരു’മാണെന്ന് തൊൽകാപ്പിയർ പറയുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വേളാളരും ‘മേലോർ’ വിഭാഗത്തിൽപ്പെട്ടവരാണ്. ‘വില്ലും വേലും കുഴലും കണ്ണിയും, താരും ആരമും തേരും മാവും മൻപെറും മരപിൻ എനോർക്കുരിയ. അന്നരായിനും ഇഴിന്തോർക്കില്ലൈ’ (വില്ല് വേൽ കാലിലണിയുന്ന കുഴൽ കഴുത്തിലണിയുന്ന മാല, ഹാരം, തേര്, കുതിര ഇവ വണികർക്കും വേളാളർക്കും യോജിക്കും. താണവർക്കു അവ യോജിക്കുകയില്ല.) എന്നും മറ്റുമുള്ള തൊൽകാപ്പിയം സൂത്രങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. [10] ഉഴുതു ജീവിക്കുന്ന ഒരു ജനവിഭാഗമായിരുന്നു വേളാളർ എന്നതു ശരിതന്നെ. എങ്കിലും അവർ സ്വത്തുടമസ്ഥൻമാരായിരുന്നു. രാജ്യകാര്യങ്ങളിൽ പങ്കെടുക്കാൻപോലും അവർക്കധികാരമുണ്ടായിരുന്നു. ‘വേന്തുവീടു തൊഴിലിർ പടൈയുങ്കണ്ണിയും വായ്ന്തനർ എൻപ അവർ പെറും പൊരുളേ’ (രാജ്യകാര്യങ്ങൾക്കായി ചെല്ലുമ്പോൾ ആയുധവും മാലയും അവർക്ക് യോജിച്ചവയാണ്.) എന്ന് തൊൽക്കാപ്പിയർ ചൂണ്ടിക്കാണിക്കുന്നു. [11]

വാണിജ്യംകൊണ്ട് ഉപജീവനം കഴിക്കുന്നവരായിരുന്നു വണികർ. പക്ഷേ, അതേസമയത്തുതന്നെ സൈന്യവും ആയുധവും കൈവശംവെയ്ക്കാൻ അവർക്കധികാരമുണ്ടായിരുന്നുവെന്നും ‘എട്ടുവക ധാന്യങ്ങൾ കൃഷിചെയ്യുക എന്നതും അവർക്കു യോജിക്കും’ എന്നും തൊൽകാപ്പിയർ പറയുന്നു. അന്തണർ, അരചർ, വണികർ, വേളാളർ എന്നീ നാല് സ്വത്തുടമകളും ‘മേലോ’രായിരുന്നുവെന്നും അവർക്കിടയിലുള്ള അന്തരം നിസാരമായിരുന്നുവെന്നുമാണ് ഇതിൽനിന്നെല്ലാം മനസ്സിലാക്കേണ്ടത്.

9.5അന്തണനും ബ്രാഹ്മണനും

അന്തണൻ, പാർപ്പാൺ എന്നീ പദങ്ങൾക്ക് മിക്ക പണ്ഡിതൻമാരും ‘ബ്രാഹ്മണൻ’ എന്നാണ് തർജ്ജമചെയ്തുകാണുന്നത്. ഈ തർജ്ജമ അത്ര ശരിയാണെന്നു തോന്നുന്നില്ല. സമുദായത്തിലെ മേലേക്കിടയിൽനിന്ന് പഠിപ്പും പാണ്ഡിത്യവും വിവേകവും ദീർഘദൃഷ്ടിയുമുള്ള ഒരു വിഭാഗം ഉയർന്നുവന്നുവെന്നും അവരിൽ ചിലർ രാജാക്കൻമാരുടെ ഉപദേഷ്ടാക്കളും അധ്യാപകൻമാരുമായി. മറ്റു ചിലർ ജന്തുബലി (വേൾവി) തുടങ്ങിയ യാഗച്ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പുരോഹിതൻമാരായും തീർന്നുവെന്നും അവർ മറ്റു ജനവിഭാഗങ്ങളാൽ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തുവെന്നും സംഘംകൃതികൾ വ്യക്തമാക്കുന്നുണ്ടെന്നുള്ളതു ശരിയാണ്. പക്ഷേ, അവരാരും ആര്യബ്രാഹ്മണരായിരുന്നില്ല. ആര്യൻമാരുടെ ബ്രാഹ്മണനും, ദക്ഷിണേന്ത്യയിലെ അന്തണനും ഒന്നായിരുന്നില്ല. അന്തണൻ, പാർപ്പാൻ എന്നീ വാക്കുകൾ പോലും സംസ്കൃതപദങ്ങളല്ല, ദ്രാവിഡപദങ്ങളാണ്. [12] പൂജാദികർമ്മങ്ങളിലോ ബൗദ്ധികമായ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെട്ടുവെന്നതു കൊണ്ടുമാത്രം ഒരാൾ ആര്യബ്രാഹ്മണനാകുകയില്ലല്ലോ. പൂജാദികർമ്മങ്ങൾ തന്നെ തികച്ചും വൈദികരീതിയിലുള്ളവയായിരുന്നു എന്നു പറയാൻ വയ്യ. ആര്യൻമാർ ആരാധിച്ചിരുന്ന ദൈവങ്ങളും തെക്കെ ഇന്ത്യയിലെ ജനങ്ങൾ ആരാധിച്ചിരുന്ന ദൈവങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. യുദ്ധത്തിൽ വീരമൃത്യുവരിച്ച തലവന്റെ സ്മാരകമായി നാട്ടപ്പെട്ട കല്ലിനെ പൂജിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാങ്കുടികീഴാർ തുടങ്ങി പല കവികളും പാടിയിട്ടുണ്ട്. അത്തരമൊരു ആരാധനാ സമ്പ്രദായം ആര്യൻമാർക്കിടയിലുണ്ടായിരുന്നില്ല. ‘വേൾവി’ നടത്തിക്കാൻ എല്ലാവർക്കും അധികാരമുണ്ടായിരുന്നു. യാഗവും വേൾവിയും ഒന്നുതന്നെയായിരുന്നു എന്നു പറയാൻ പ്രയാസമുണ്ട്. ഗോത്രസമുദായക്കാർക്കിടയിൽതന്നെ ആവിർഭവിച്ച ഒരതരം ജന്തുബലിയായിരുന്നു ആദ്യകാലത്തെ വേൾവി എന്നു കരുതാൻ ന്യായമുണ്ട്. ചില വേൾവികൾ നടത്തുമ്പോൾ മാൻതോലുടുക്കണം. പൂജകഴിഞ്ഞ ഉടനെ കുലത്തലവൻ നൽകുന്ന കള്ളും ഇറച്ചിയും ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഒരു സദ്യയുണ്ണാം. അന്യഗോത്രക്കാരുടെ ഭക്ഷണം കഴിക്കുന്ന അന്തണന് യാതൊരു ഭ്രഷ്ടുമുണ്ടായിരുന്നില്ല. തൊട്ടുകൂടായ്കയും തീണ്ടിക്കൂടായ്കയും മറ്റും തികച്ചും അജ്ഞാതങ്ങളായിരുന്നു.

വിവാഹസമ്പ്രദായത്തിലും വ്യത്യാസം കാണാം.. ‘കർപുവിവാഹ’ത്തിനു മാത്രമല്ല വിവാഹത്തിനു മുമ്പുള്ള ‘കളവ്’ ബന്ധങ്ങളിലേർപ്പെടുന്നതിനും അന്തണനധികാരമുണ്ടായിരുന്നു. രഹസ്യമായ സ്ത്രീപുരുഷബന്ധങ്ങളും പരസ്ത്രീഗമനവും നിഷിദ്ധമായിരുന്നില്ല. രഹസ്യസമാഗമങ്ങളെക്കുറിച്ചുള്ള പാട്ടുകളിലെ നായികാനായകൻമാരിൽ ബ്രാഹ്മണരും ഉൾപ്പെട്ടിരുന്നുവെന്നു തൊൽക്കാപ്പിയം പൊരുളധികാരം വ്യക്തമാക്കുന്നു. പരത്ത (പരസ്ത്രീ, വേശ്യ)യുടെ വീട്ടിലേക്ക് ദൂതയയ്ക്കാനും മറ്റുള്ളവർക്കുവേണ്ടി നായികയുടെ വീട്ടിലേയ്ക്കു ദൂതുചെല്ലാനും ബ്രാഹ്മണനർഹതയുണ്ടായിരുന്നു. പാണർ, കുത്തർ, വിറലികൾ, തോഴികൾ മുതലായവരെപ്പോലെതന്നെ അന്തണരും ദൂതുചൊല്ലാനർഹതയുള്ള യോഗ്യരാണെന്ന് തൊൽകാപ്പിയർ പറയുന്നത്. [13] ഇത്തരം സമ്പ്രദായങ്ങളൊന്നും ആര്യബ്രാഹ്മണർക്കിടയിലുണ്ടായിരുന്നില്ല.

സംഘകാലത്ത് സ്വത്ത് സമ്പാദിക്കാനും വിദ്യയഭ്യസിക്കാനും എല്ലാവർക്കും അധികാരമുണ്ടായിരുന്നു. പഠിപ്പും പാണ്ഡിത്യവുമുള്ള ‘കീഴ്കുലത്താ’നെ ‘മേൽകുലത്താൻ’ ബഹുമാനിച്ചിരുന്നു. പണ്ഡിതരായ ‘കീഴ്കുലത്താരി’ൽ നിന്ന് ‘മേൽകുലത്താർ’ വിദ്യയഭ്യസിക്കുക പതിവായിരുന്നു. [14] മറ്റുവിധത്തിൽ പറഞ്ഞാൽ, അഭ്യസ്തവിദ്യനായ ഒരു വേളാളന്റെ ശിഷ്യത്വം സ്വീകരിക്കാൻ അന്തണന് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഈ സമ്പ്രദായവും വൈദികബ്രാഹ്മണർക്കിടയിൽ ഉണ്ടായിരുന്നില്ല.

9.6സംഘകാലത്തെ ‘കീഴോർ’ വിഭാഗങ്ങൾ

ആര്യൻമാരുടെ ചാതുർവർണ്യ വ്യവസ്ഥയിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ നാലു വർണ്ണങ്ങളാണല്ലോ ഉണ്ടായിരുന്നത്. ഏറ്റവും ഉയർന്ന വർണ്ണം ബ്രാഹ്മണനും ഏറ്റവും താഴെയുള്ള വർണ്ണം ശൂദ്രനുമായിരുന്നു. ഇത്തരമൊരു സാമൂഹ്യവിഭജനമല്ല തെക്കെ ഇന്ത്യയിലുണ്ടായത്. അന്തണൻ, അരചൻ, വണികൻ, വേളാളൻ എന്നീ നാലു വിഭാഗങ്ങളും ‘മേലോ’രായിരുന്നു. ശൂദ്രൻ എന്ന വാക്കുപോകട്ടെ, അതിന്റെ തൽസമമായ ഒരു പദംപോലും സംഘം കൃതികളിലൊരിടത്തും കാണാൻ കഴിയില്ല. പക്ഷേ, ഇതിന്റെ അർഥം ‘കീഴോർ’ അല്ലെങ്കിൽ ‘ഇഴിന്തോർ’ ഉണ്ടായിരുന്നില്ലെന്നല്ല. അടിമകളും കൂലിവേലക്കാരും മറ്റും തീർച്ചയായും കീഴോരായിരുന്നു. ക്രമത്തിൽ കുടിൽവ്യവസായങ്ങളിലേർപ്പെട്ട ചില വിഭാഗങ്ങളും അപരിഷ്കൃതത്വത്തിൽ നിന്നു മുന്നേറാൻ കഴിയാത്ത ചില ഗോത്രങ്ങളും ‘ഇഴിന്തോ’രായി കരുതപ്പെടാൻ തുടങ്ങി. പൊതുവായിപ്പറഞ്ഞാൽ, സ്വത്തില്ലാത്ത വിഭാഗങ്ങളാണ് കീഴോരും ഇഴന്തോരുമായിത്തീർന്നത്.

പുറനാനൂറ്, പതിറ്റുപ്പത്ത് തുടങ്ങിയ പ്രാചീനകൃതികളിലെ ചില പാട്ടുകൾ വർഗസമുദായത്തിന്റെ പ്രാരംഭകാലത്തെക്കുറിച്ചുള്ള പല സൂചനകളും നൽകുന്നുണ്ട്. വർഗസങ്കീർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങൾ അവയിൽ പ്രകടമായിക്കാണാം. ക്രമത്തിൽ അന്തണൻ, അരചൻ, വണികർ, വേളാളൻ തുടങ്ങിയ മേലേക്കിടയിലുള്ള ചില വിഭാഗങ്ങൾ സ്വത്തുടമകളും സമുദായത്തിലെ പ്രമാണിവർഗ്ഗങ്ങളുമായി വളർന്നു. അതേസമയത്ത് സ്വത്തില്ലാത്ത പാവങ്ങളും ധാരാളമുണ്ടായിരുന്നു. ദാരിദ്ര്യത്തെപ്പറ്റിയും പട്ടിണിയെപ്പറ്റിയും സംഘസാഹിത്യകൃതികളിൽ പലേടത്തും വിവരിക്കുന്നുണ്ട്. രാജാക്കൻമാരുടെയും കുറുനിലമന്നൻമാരുടെയും ദാനശീലം വാനോളം വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും സാധാരണക്കാരുടെ സ്ഥിതി അത്ര മെച്ചമൊന്നുമായിരുന്നില്ല. ധനികവർഗക്കാരെ ആഹ്ലാദിപ്പിക്കാൻവേണ്ടി ആടുകയും പാടുകയും ചെയ്തുകൊണ്ട് ചുറ്റിനടന്നിരുന്ന കൂത്തർ, വിറലികൾ, പാണർ, പാട്ടികൾ മുതലായവരുടെ സ്ഥിതി പൊതുവിൽ മോശമായിരുന്നു. നിത്യദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടിയിരുന്ന അവർ ചിലപ്പോൾ രാജാക്കൻമാരുടെ ദയയ്ക്ക് പാത്രമായെന്നുവരാം. നെടുഞ്ചേരലാതനെ സ്തുതിച്ചുകൊണ്ട് കുമ്മട്ടൂർ കണ്ണനാർ രചിച്ച ഒരു പാട്ടിൽ പറയുന്നത് നോക്കുക: ‘നാടിന്റെ നാനാഭാഗങ്ങളിൽ പാർക്കുന്ന കൂത്തർ, പാണർ തുടങ്ങിയ പ്രജകൾ അങ്ങയുടെ കീർത്തിയെപ്പറ്റി കേട്ടറിയുകയാൽ നേരിൽ കാണണമെന്ന മോഹത്തോടെ കുടുംബസഹിതം വന്നുചേരുമ്പോൾ അവർ നീണാർ സഹിച്ചുവന്ന വിശപ്പു നീങ്ങുമാറ് അരിവാളാൽ അറുത്തെടുത്ത നിണംകലർന്ന മാംസവും ആട്ടിറച്ചി ചേർത്തു പാകംചെയ്ത വെളുത്ത ചോറും കുളിർത്ത കള്ളും കൊടുത്ത് അങ്ങ് അവരെ സന്തോഷിപ്പിക്കും. മാത്രമല്ല, പൊടിപുരണ്ടവയും കീറിപ്പറിഞ്ഞവയുമായ പഴന്തുണികൾ മാറ്റിച്ചു നനഞ്ഞു മിനുത്ത പരുന്തിൻചിറകുപോലുള്ള പട്ടുവസ്ത്രങ്ങൾ ധരിപ്പിക്കും.’ [15]

കൂത്തരും, പാണരും സാധാരണ പരിതഃസ്ഥിതികളിൽ നീണാൾ വിശപ്പു സഹിക്കുന്നവരായിരുന്നുവെന്നും നഗ്നതമറയ്ക്കാൻ പൊടിപുരണ്ടവയും കീറിപ്പറിഞ്ഞവയുമായ പഴന്തുണികളെ അവർക്കുണ്ടായിരുന്നുള്ളു എന്നും ഇതിൽ നിന്നും വ്യക്തമാവുന്നു.

രാജാക്കൻമാർ തങ്ങളുടെ ഗുണഗണങ്ങൾ പാടിപ്പുകഴ്ത്തിയ കവികൾക്ക് വിലപിടിച്ച പലതരം സമ്മാനങ്ങളും നൽകിയിരുന്നതായി കാണുന്നുണ്ട്. എന്നിട്ടും, പല കവികളും ദാരിദ്ര്യത്തിലാണ് നാൾ കഴിച്ചിരുന്നത്. ഉദാഹരണത്തിന്, പെരുംകുണറൂർ കിഴാർ എന്ന ഒരു കവി തനിക്ക് സമ്മാനം നൽകാൻ കൂട്ടാക്കാത്ത ഒരു ചേരരാജാവിനെ ആക്ഷേപിക്കുകയും തന്റെ വിശന്നുവലയുന്ന ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും ദുരിതങ്ങളെ ഹൃദയസ്പൃക്കായി വർണ്ണിക്കുകയും ചെയ്യുന്നുണ്ട്. ‘കാന്താൾപൂവ് കോർത്തുകെട്ടിയ മാലയണിഞ്ഞവരും കൈയിൽ കൊലവില്ലു ധരിച്ചവരുമായ നായാടികൾ കൊണ്ടുവന്നുകൊടുക്കുന്ന ചുവന്ന കൊമ്പുകളുള്ള കാട്ടുപശുക്കളുടെ മാംസവും ബലമേറിയ കാട്ടാനകളുടെ ദന്തങ്ങളും വാങ്ങിക്കൊണ്ട് അവയ്ക്കുപകരം വാറ്റുകള്ളുകൊടുത്ത് ധനികരായിത്തീർന്നിട്ടുള്ളവരുടെ വസതികളെ’ സംഘംകൃതികൾ ചിത്രീകരിക്കുന്നുണ്ട്. [16] പക്ഷേ, അതേ സമയത്തുതന്നെ, പട്ടിണിയും പാടുമായി താളും തകരയും തിന്നു വിശപ്പടക്കുന്നവരുമുണ്ടായിരുന്നു. ‘ചിറുപാണാറ്റുപ്പാടൈ’ എന്ന പത്തുപാട്ടിൽ പട്ടിണിയുടെ വറുതികൊണ്ട് വാടിമെലിഞ്ഞ ഒരു സ്ത്രീയുടെ ജീവിതത്തെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു: ‘അവളുടെ വീട്ടിൽ ഭക്ഷണസാധനങ്ങൾ ഒന്നുമില്ല. കുപ്പിയിൽ മുളച്ചുനിന്നിരുന്ന കീര തന്റെ കൂർത്ത നഖങ്ങൾകൊണ്ട് അവൾ നുള്ളിയെടുത്തു. ഉപ്പിടാതെ അതു വേവിച്ചു. അറിയാത്തവർ വല്ലവരും കണ്ട് പരിഹസിച്ചാലോ എന്നോർത്ത് അവൾ ലജ്ജിച്ചു. അതിനാൽ വാതിലുകൾ അടച്ചുപൂട്ടി. എന്നിട്ട് അകത്തിരുന്ന് അത് ഭക്ഷിച്ചു.’ [17]

സംഘംകൃതികളിൽ നിന്നും ഇത്തരത്തിലുള്ള മറ്റു പല ഉദാഹരണങ്ങളും എടുത്തുകാണിക്കാൻ കഴിയും. ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാവുന്നു. പ്രാചീനകേരളത്തിൽ ഇന്നത്തെപ്പോലുള്ള ജാതിവ്യവസ്ഥയോ പ്രാചീനൻമാരുടേതുപോലുള്ള ചാതുർവർണ്യവ്യവസ്ഥയോ ഉണ്ടായിരുന്നില്ലെന്ന് പറയുന്നതിന്റെ അർത്ഥം ധനിക ദരിദ്രഭേദവും വർഗവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ലെന്നല്ല; വർഗവ്യത്യാസങ്ങൾ ആവിർഭവിച്ചത് ജാതികളുടെയോ വർണ്ണങ്ങളുടെയോ രൂപത്തിലായിരുന്നില്ല എന്നു മാത്രമാണ്. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ട് വ്യത്യസ്ത തൊഴിലെടുത്തുപജീവിക്കുന്ന ജനവിഭാഗങ്ങൾ, സാമൂഹ്യവളർച്ചയുടെ വിവിധ നിലവാരങ്ങളിലുള്ള ഗോത്രസമുദായങ്ങൾ, വ്യത്യസ്ത കൈതൊഴിലുകളിലേർപ്പെടുന്നവർ, കൃഷിക്കാർ, കച്ചവടക്കാർ, കൂലിവേലക്കാർ, അടിമകൾ എന്നിങ്ങനെയുള്ള സാമൂഹ്യവിഭജനങ്ങൾ പ്രാചീനകേരളത്തിലുമുണ്ടായിരുന്നു. ഒരു വശത്ത് ഗോത്രസമുദായവ്യവസ്ഥയുടെ പ്രബലമായ അവശിഷ്ടങ്ങൾ, മറ്റൊരുവശത്ത് തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിവിഭജനങ്ങൾ, വേറൊരുവശത്ത് സ്വത്തുടമയിലുള്ള അസമത്വങ്ങളിൽനിന്നുയർന്നുവന്ന മേലോർ—കീഴോർ വിഭാഗങ്ങൾ—ഇങ്ങനെ സങ്കീർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥയാണ് നിലനിന്നിരുന്നത്. സ്വത്തുടുമവർഗ്ഗക്കാരായിത്തീർന്ന അന്തണർ, അരചർ, വണികർ, വേളാളർ എന്നീ മേലാർ വിഭാഗങ്ങൾ അടിമകളേയും കൂലിവേലക്കാരെയും മാത്രമല്ല, അപരിഷ്കൃതരായ ഗോത്രസമുദായക്കാരെയും സ്വതന്ത്രരായ കൈത്തൊഴിൽകാരേയും ചൂഷണം ചെയ്തുപോന്നു.

9.7ചാതുർവർണ്യമല്ല ജാതിവ്യവസ്ഥ

പ്രാചീന ചേരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം മദ്ധ്യയുഗത്തിലെ ഫ്യൂഡൽ സാമൂഹ്യബന്ധങ്ങളാവിർഭവിച്ചപ്പോൾ പഴയ വർഗബന്ധങ്ങളിൽ മൗലികമായ ചില മാറ്റങ്ങളുണ്ടായി. പക്ഷേ, അപ്പോഴും ആര്യൻമാരുടേതുപോലുള്ള ഒരു ചാതുർവർണ്യവ്യവസ്ഥ കേരളക്കരയിൽ രൂപംകൊള്ളുകയുണ്ടായില്ല. അഞ്ചാം ശതകംമുതൽ ചാതുർവർണ്യം പ്രചരിപ്പിക്കാനായി വലിയ പണ്ഡിതൻമാരും തപോധനൻമാരുമായി ധാരാളം ബ്രാഹ്മണർ തെക്കെ ഇന്ത്യയിലെത്തി എന്നും അതിനെത്തുടർന്ന് കേരളം ചാതുർവർണ്യത്തിന്റെ പിടിയിലകപ്പെട്ടുവെന്നും മറ്റുമുള്ള ഇളംകുളത്തിന്റെ അഭിപ്രായങ്ങൾ ശരിയായിരിക്കാനിടയില്ല. [18] എന്തെന്നാൽ, അഞ്ചാം നൂറ്റാണ്ടായപ്പോഴേയ്ക്കും വടക്കേ ഇന്ത്യയിൽപ്പോലും ചാതുർവർണ്യവ്യവസ്ഥ മിക്കവാറും ക്ഷയിച്ചുകഴിഞ്ഞിരുന്നു. ഗൗതമബുദ്ധന്റെയും പുരോഗമനവാദികളായ മറ്റു പ്രചാരകൻമാരുടെയും ആക്രമണങ്ങൾക്കിരയായ പഴയ ചാതുർവർണ്യവ്യവസ്ഥയിലെ ബ്രാഹ്മണമേധാവിത്വവും പിന്നീടു ബുദ്ധജൈനമതങ്ങളോടെതിരിട്ടു വിജയം നേടിയ ബ്രാഹ്മണരുടെ മേധാവിത്വവും തമ്മിൽ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നു കാണാം. അതെന്തായാലും ബ്രാഹ്മണൻ, ക്ഷത്രിൻ, വൈശ്യൻ, ശൂദ്രൻ എന്നീ നാലു വർണ്ണങ്ങളായിട്ടില്ല, എണ്ണമറ്റ ജാതികളും ഉപജാതികളും അവാന്തരവിഭാഗങ്ങളുമടങ്ങിയ കെട്ടിപ്പിണഞ്ഞ ഒരു ജാതിവ്യവസ്ഥയായിട്ടാണ് മദ്ധ്യകാല കേരളീയ സമുദായം ഉരുത്തിരിഞ്ഞത് എന്ന കാര്യത്തിൽ സംശയമില്ല.

ചേരരാജാക്കൻമാരുടെ കാലത്ത് പ്രാമുഖ്യം വഹിച്ചിരുന്ന കുറവർ, പാണർ, പരവർ, പറയർ തുടങ്ങിയ ചില ജനവിഭാഗങ്ങളും മലയർ തുടങ്ങിയ ചില ഗോത്രസമുദായങ്ങളും പഴയ പേരുകളോടുകൂടിത്തന്നെ ഫ്യൂഡലിസത്തിലെ ജാതികളായി രൂപാന്തരപ്പെട്ടു. പക്ഷേ, അവരുടെ സാമൂഹ്യസാമ്പത്തിക ബന്ധങ്ങളിൽ വമ്പിച്ച മാറ്റങ്ങളുണ്ടായി. ചരിത്രത്തിന്റെ മുൻപന്തിയിലായിരുന്ന ചില ജനവിഭാഗങ്ങൾ പിൻപന്തിയിലേക്ക് തള്ളപ്പെട്ടു. അതേസമയത്ത്, ചേരഭരണത്തിൻകീഴിൽ യാതൊരു പ്രാമുഖ്യവും നേടാൻ കഴിയാതിരുന്നവരും ചരിത്രത്തിന്റെ ദൃഷ്ടിയിൽ പെടാതിരുന്നവരുമായ ചില ജനവിഭാഗങ്ങൾ സമുദായത്തിന്റെ ഉപരിതലത്തിലേക്കുയർന്നുവന്നു. എല്ലാവരും ജാതികളായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ‘ജാതിനിർണ്ണയം’ എന്ന ഒരു പഴയ ഗ്രന്ഥത്തിൽ 72 ജാതികളെപ്പറ്റി പരാമർശിക്കുന്നുണ്ട്. പക്ഷേ, യഥാർത്ഥത്തിൽ അതിലുമെത്രയോ അധികമുണ്ടായിരുന്നെന്നാണ് കാണുന്നത്. ഒരേ ജാതിക്കുള്ളിൽതന്നെ ഉയർന്നുവരും താഴ്ന്നവരുമായ അനേകം ജാതികളുണ്ടായിരുന്നു. ഉദാഹരണത്തിന്, 1901 ലെ കനേഷുമാരിക്കണക്കനുസരിച്ച് നായർ എന്ന ഒരു ജാതിയിൽ മാത്രം 116 ഉപജാതികളുണ്ടായിരുന്നു. ഇതുതന്നെയായിരുന്നു മറ്റു പല ജാതികളുടെയും സ്ഥിതി. നമ്പൂതിരിമാരായിരുന്നു ബ്രാഹ്മണജാതികളിൽവച്ച് മുന്തിയവർ. എന്നാൽ അവർക്കിടയിൽത്തന്നെ പല വിഭാഗങ്ങളുമുണ്ടായിരുന്നു. ഏറ്റവും അടിയിലുള്ള ജാതികൾ നീചരും പതിതരുമായിട്ടാണ് കണക്കാക്കപ്പെട്ടത്. ഏറ്റവും മുകളിൽ ബ്രാഹ്മണജാതികൾ, ഏറ്റവും താഴെ പതിതജാതികളും നീചജാതികളും കാട്ടുജാതികളും. ഇടയിൽ അന്തരാളർതൊട്ടുള്ള മറ്റനേകം ജാതികളുമുണ്ടായിരുന്നു. ഈ ജാതികൾക്കുപുറമേ ക്രിസ്തുമതക്കാരും ഇസ്ലാംമതക്കാരുമുണ്ടായിരുന്നു. കാലക്രമത്തിൽ അവർക്കിടയിലും ജാതികൾ പ്രത്യക്ഷപ്പെട്ടു. പൊതുവിൽപറഞ്ഞാൽ ബ്രാഹ്മണമേധാവിത്വത്തിന്റെയും തൊട്ടുകൂടായ്ക, തീണ്ടിക്കൂടായ്ക തുടങ്ങിയ ബീഭത്സതകളുടേയും അടിസ്ഥാനത്തിലുള്ള കെട്ടുപിണഞ്ഞ ഒരു ജാതിവ്യവസ്ഥയാണ് ജനങ്ങളുടെ സാമൂഹ്യബന്ധങ്ങളേയും ജീവിതരീതികളേയും നിയന്ത്രിച്ചുപോന്നത്.

അന്യജാതിയിൽ വിവാഹം കഴിക്കാൻ പാടില്ലെന്ന നിബന്ധന ഭക്ഷണസമ്പ്രദായത്തിലും വസ്ത്രധാരണരീതിയിലും ആചാരങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും മറ്റുമുള്ള വ്യത്യസ്തങ്ങളായ ‘അരുതു’കളും ‘പാടില്ല’കളും മരണം, ജനനം മുതലായവയുമായി ബന്ധപ്പെട്ട പുലയും പിണ്ഡംവയ്ക്കലും മറ്റാചാരങ്ങളും. ഓരോ ജാതിക്കും പ്രത്യേകമായ തൊഴിലും ജീവിതരീതിയും—ഇത്തരത്തിലുള്ള പല ഘടകങ്ങളും കൂടിയാണ് ജാതിവ്യവസ്ഥയെ വർണ്ണവ്യവസ്ഥയിൽ നിന്ന് തരംതിരിച്ചുനിർത്തുന്നത്.

9.8ജാതികളുടെ ഉത്ഭവം

ഇന്നു കാണപ്പെടുന്ന ജാതികളിൽ ചിലതിന്റെ ഉത്ഭവത്തെക്കുറിച്ച് നമ്മുടെ ചരിത്രകാരൻമാർ രണ്ടു തെറ്റായ സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. ഒന്നാമത്തെ സിദ്ധാന്തമനുസരിച്ച് ചെറുമർ, പുലയർ തുടങ്ങിയ അപൂർവ്വം ചില ‘ആദിവാസിക’ളൊഴികെയുള്ള എല്ലാ ജാതിക്കാരും പ്രത്യേകിച്ച് പരിഷ്കൃതജാതിക്കാർ മറ്റുരാജ്യങ്ങളിൽ നിന്നു വന്നു കുടിയേറിപ്പാർത്തവരാണ്. ഏതുജാതിയാണ് ആദ്യം വന്ന് കുടിയേറിപ്പാർത്തത് എന്ന കാര്യത്തെ സംബന്ധിച്ച് മാത്രമേ അഭിപ്രായവ്യത്യാസമുള്ളു!

‘മലയാളത്തിൽ അധിവസിച്ചുവരുന്ന ജനങ്ങളിൽ സ്വദേശീയരെ ആദിമനിവാസികളെന്നും വിദേശീയരെ വരവുകാർ എന്നും രണ്ടു ഭാഗമായി വിഭജിക്കാം. ആദിമനിവാസികൾ കൃഷിപ്രവൃത്തിക്ക് അടിമകളായ ചെറുമർ, പുലയർ മുതലായവരും കാടുകളിലും മലകളിലും വസിച്ചുവരുന്ന കാടർ, മലയർ, നായാടികൾ, കുറുമ്പർ, കുറിച്ചിയർ എന്നിവരും ആകുന്നു. വിദേശീയൻമാരുടെ കൂട്ടത്തിൽ നായൻമാർ, നമ്പൂതിരിമാർ, ഈഴവർ, ജൂതൻമാർ, സുറിയാനി ക്രിസ്ത്യാനികൾ, മുഹമ്മദീയർ, കൊങ്ങിണികൾ മുതലായവരെ കൂട്ടാം… നായൻമാർ മലയാളത്തിൽ കുടിയേറിപ്പാർപ്പു തുടങ്ങിയപ്പോൾ ആദിമനിവാസികളായിരുന്ന ചെറുമർ, കാടർ, മലയർ മുതലായവർ കാടുകളിലേയ്ക്കും മലകളിലേയ്ക്കും പിൻവാങ്ങിയതായ മലഅടിവാരങ്ങളിലും സമുദ്രതീരങ്ങളിലും ഉള്ള ഭൂമി നായൻമാരുടെ കൈവശത്തിലും അധീനതയിലും വന്നതായും വിചാരിക്കാം.’ [19] എന്ന് കെ.പി.പത്മനാഭമേനോൻ പ്രസ്താവിക്കുന്നു.

എന്നാൽ ചെറുമർ, പുലയർ മുതലായവർപോലും കുടിയേറിപ്പാർത്തവരാണ് എന്നാണ് നാരായണപ്പണിക്കരുടെ അഭിപ്രായം. അദ്ദേഹം എഴുതുന്നു:

‘കാണിക്കാർ, മലയർ, മുതുവർ, ഊരാളികൾ, കുറവർ, വേലൻമാർ, ചെറുമികൾ, പുലയർ, പറയർ ഇത്യാദിവർഗക്കാർ കേരളത്തിലെ ആദിമനിവാസികളായിരുന്നുവെന്നാണ് ചില ചരിത്രകാരൻമാരുടെ അഭിപ്രായം. എന്നാൽ, അവർ പിന്നീട് കേരളത്തിൽ വന്ന് കുടിയേറിപ്പാർത്തവരാണെന്ന് അവരുടെ ഭാഷ, ആചാരങ്ങൾ, ദായക്രമങ്ങൾ, ഐതിഹ്യങ്ങൾ മുതലായവ നോക്കിയാലറിയാം.’ [20]

ക്രിസ്ത്വാബ്ദം ആരംഭിക്കുന്നതിന് അനേകശതവർഷങ്ങൾക്കു മുമ്പ് കേരളൻ അഥവാ ചേരരാജാവിനാൽ ആനീതരായ നാകൻമാർ കേരളത്തിൽ സ്ഥിരവാസം തുടങ്ങിയെന്നും നായൻമാർ അമ്പലവാസികൾ മുതലായവർ ആദ്യം നായകൻമാരായിരുന്നുവെന്നും ക്രിസ്തുവർഷാരംഭത്തിനു മൂന്നുനാലു ശതകങ്ങൾക്ക് മുമ്പാണ് മലയാളബ്രാഹ്മണർ കേരളത്തിൽ പ്രവേശിച്ചത് എന്നും നെടുഞ്ചേരലാതന്റെ കാലത്ത് ലങ്കയിൽ നിന്നും ധർമ്മശാസന്റെ കൂടെ ബുദ്ധമതപ്രചരണാർത്ഥം വന്ന സിംഹളരുടെ സന്താനങ്ങളായിരിക്കാം ഇന്നത്തെ ഈഴവർ എന്നും മറ്റുമാണദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ. [21]

ഈഴവരും തിയ്യരും സിലോണിൽനിന്ന് കുടിയേറിപ്പാർത്ത ചാന്നാൻമാരുടെ പിൻഗാമികളാണെന്ന് കാർഡ്വെൽ ഉറപ്പിച്ചുപറയുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിന്റെ കർത്താവായ ടി.കെ. വേലുപിള്ളയും ഈ അഭിപ്രായത്തോട് യോജിക്കുന്നു. [22] ക്രിസ്ത്വാബ്ദം ആദ്യശതകങ്ങളിൽ സിലോണിൽ നിന്ന് ബുദ്ധമതമിഷ്യണറിമാർ വന്ന കാലത്താണ് ഈഴവരുടെ കുടിയേറിപ്പാർപ്പുണ്ടായത് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ഏതോ ചേരമാൻ പെരുമാളിന്റെ ആവശ്യപ്രകാരം സിലോണിൽ നിന്ന് തേങ്ങയുമായിവന്ന് കുടിയേറിപ്പാർത്തവരാണ് ഈഴവർ എന്നും അവർ വരുന്നതുവരെ കേരളത്തിൽ തെങ്ങുണ്ടായിരുന്നില്ലെന്നും ക്രിസ്ത്വാബ്ദം ആദിശതകങ്ങളിൽ കേരളത്തിൽനിന്ന് കയറ്റുമതി ചെയ്യപ്പെട്ടിരുന്ന ചരക്കുകളെപ്പറ്റി വിവരിക്കുന്ന പെരിപ്ലസ് എന്ന ഗ്രീക്ക് പുസ്തകത്തിൽ തേങ്ങയെപ്പറ്റി ഒന്നും പറയാത്തത് ഇതിന് തെളിവാണെന്നും മറ്റു ചിലർ വാദിക്കുന്നു. ഡോ. തർസ്റ്റൻ ഈ വാദത്തോടാണ് യോജിക്കുന്നത്. പക്ഷേ, പുറനാനൂറ്, പതിറ്റുപ്പത്ത് മുതലായ സംഘംകൃതികളിൽ തെങ്ങുകളെപ്പറ്റി പരാമർശങ്ങളുണ്ടെന്ന വസ്തുത ഈ വാദങ്ങളുടെ കഴമ്പില്ലായ്മയെ തുറന്നുകാണിക്കുന്നു.

ഈഴവർ സിലോണിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്ന അഭിപ്രായത്തോട് പലർക്കും യോജിപ്പുണ്ട്. എന്നാൽ നായൻമാരും നമ്പൂതിരിമാരും എവിടെനിന്നുവന്നു എന്നതിനെ സംബന്ധിച്ച് അഭിപ്രായ ഐക്യമില്ല. നായൻമാർക്ക് നായഡു, നായ്ക്കൻ എന്നിങ്ങനെയുള്ള മറ്റു ദക്ഷിണേന്ത്യൻ ജാതിക്കാരുമായുള്ള ബന്ധം ചിലർ ചൂണ്ടിക്കാണിക്കുമ്പോൾ ബങ്കാൾ, ആസാം മുതലായ ദൂരദേശങ്ങളിലെ നാഗൻമാർക്കിടയിൽ നിന്ന് വന്നവരെന്ന് മറ്റുചിലർ വാദിക്കുന്നു. നമ്പൂതിരിമാർ കൊങ്കിണികളായിരുന്നുവെന്നും തെലുങ്കരായിരുന്നുവെന്നും ഉത്തരേന്ത്യാക്കാരായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. അവർ സിന്ധിൽ നിന്ന് കപ്പൽവഴി എവിടെയും തങ്ങാതെ നേരിട്ട് ഗോകർണ്ണത്തുവന്നു കപ്പലിറങ്ങി എന്നും നമ്പൂതിരിമാർ സിന്ധിൽ നിന്നും വരുമ്പോൾ ദേഹരക്ഷയ്ക്കായും മറ്റും നാഗൻമാരെകൂടെ കൊണ്ടുവന്നുവെന്നും അവരാണ് പിന്നീട് നായൻമാരായിത്തീർന്നത് എന്നുമാണ് കാണിപ്പയ്യൂർ ശങ്കരൻനമ്പൂതിരിപ്പാട് പറയുന്നത്. [23]

ഈഴവരും നമ്പൂതിരിമാരും അന്യദേശങ്ങളിൽ നിന്ന് വന്നവരാണെന്ന് വാദിക്കുന്ന ചില പണ്ഡിതൻമാർതന്നെ കേരളത്തിലെ ആദിമവാസികൾ നായൻമാരായിരുന്നുവെന്നു വാദിക്കുന്നതു കാണാം. ഉദാഹരണത്തിന് ‘ഈ ഭൂമി (കേരളം) വാസ്തവത്തിൽ മലയാളി നായൻമാരുടെ വകയാണെന്നും നായൻമാർ ഉൽകൃഷ്ടകുലജാതൻമാരും നാടുവാഴികളുമായ ദ്രാവിഡൻമാരാണെന്നും അവർ തങ്ങളുടെ ആർജവശീലവും ധർമ്മതൽപ്പരതയുംകൊണ്ട് സ്വദേശ ബഹിഷ്കൃതൻമാരും പാഷാണ്ഡ മതഗാമികളുമായ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയിലകപ്പെട്ടു കാലാന്തരത്തിൽ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തും ആയി താഴ്മയിൽ കഴിഞ്ഞുപോരുകയാണെന്നും ആണ് കുഞ്ഞൻ പിള്ള ചട്ടമ്പിസ്വാമികളുടെ അഭിപ്രായം. ബ്രാഹ്മണരുടെ ആഗമനത്തിനു മുമ്പുതന്നെ ‘വളരെ ബലവാൻമാരും സാമർത്ഥ്യശാലികളും സദാചാരധർമ്മതൽപ്പരൻമാരും സൽഗുണസമ്പന്നരും ധൈര്യശാലികളും’ ആയ നായൻമാർ കേരളത്തിൽ ജീവിച്ചിരുന്നുവെന്നും ‘അപ്രകാരമാകുമ്പോൾ മലയാള ഭൂമിയും സകലവസ്തുക്കളും നായൻമാർക്കു മാത്രമുള്ളതായിട്ടേ ഇരിക്കാൻ പാടുള്ളു.’ എന്നും ‘പ്രാചീന മലയാളം’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഉറപ്പിച്ചുപറയുന്നു.’ [24] കേരളത്തിന്റെ ആദ്യത്തെ ഉടമസ്ഥൻമാർ നാകൻമാരായിരുന്നുവെന്നും നാകൻമാരും നായൻമാരും ഒന്നുതന്നെയാണെന്നും സമർത്ഥിക്കാനാണ് ജന്മികുടിയാൻ റിപ്പോർട്ടിൽ രാമൻതമ്പിയും ശ്രമിച്ചിട്ടുള്ളത്. നാകൻമാർതന്നെയാണ് നായൻമാരെന്ന് കെ.പി.പത്മനാഭമേനോനും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായമാണ് രണ്ടാമത്തെ സിദ്ധാന്തമുന്നയിക്കുന്നവർക്കുള്ളത്. നായന്മാർ, ഈഴവർ തുടങ്ങിയ ഇന്നത്തെ ജാതികൾ നായൻമാരോ സിംഹളയെരോ അല്ലെന്നും അവർ പ്രാചീന ചേരരാജക്കൻമാരുടെ കാലത്തുതന്നെ സമുദായത്തിന്റെ മേലേക്കിടയിൽ ജീവിച്ചിരുന്ന പരിഷ്കൃത ജനവിഭാഗങ്ങളായിരുന്നുവെന്നും ഇവർ വാദിക്കുന്നു. ഉദാഹരണത്തിന് ഇളംകുളം കുഞ്ഞൻ പിള്ള പറയുന്നു. ‘നാഗൻമാരാണ് നായൻമാരെന്ന് പത്മനാഭമേനോൻ അഭിപ്രായപ്പെട്ടത് സാലെറ്റോർ ഉൾപ്പെടെ തെക്കെ ഇന്ത്യൻ ചരിത്രകാരൻമാരിൽ ചിലരെയെല്ലാം വഴിതെറ്റിക്കുവാൻ ഇടയാക്കിയിട്ടുണ്ട്. ഏതായാലും കേരളത്തിൽ നാഗൻമാർ ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നാൽത്തന്നെയും ആ കാട്ടുജാതിക്കാരാണ് ജനസംഖ്യയിലേറ്റവും കൂടുതലുണ്ടായിരുന്ന ഒരു പരിഷ്കൃത സമുദായമായിത്തീർന്നതെന്നു പറയുന്നത് അസംഗതമാണെന്നും ഗ്രഹിക്കേണ്ടതാണ്.’ [25] മനുഷ്യന്റെ ഇച്ഛാശക്തിയിൽ നിന്ന് സ്വതന്ത്രമായി നിലകൊള്ളുന്ന സാമൂഹ്യസമ്പത്തിക പരിസ്ഥിതികളിലാണ് ജാതിവർഗവാദികളുടെ ഉറവിടത്തെ ആരായേണ്ടത് എന്ന ശാസ്ത്രീയ നിഗമനത്തെ ഇളംകുളം അംഗീകരിക്കുന്നില്ല. പുറമേനിന്നുവന്ന കുറെ ആര്യബ്രാഹ്മണർ കേരളത്തിലക്കാലത്തുണ്ടായിരുന്ന പരിഷ്കൃതവർഗക്കാരിൽനിന്ന് ആളുകളെ ചേർത്ത് ശൂദ്രൻമാർ എന്നൊരു ജാതിയെ സൃഷ്ടിച്ചു എന്നാണദ്ദേഹം വിശ്വസിക്കുന്നത്. അദ്ദേഹം എഴുതുന്നു:

‘ബ്രാഹ്ണണർ ശൂദ്രവർഗത്തെ സൃഷ്ടിച്ചത് കാടൻമാരായ നാഗവർഗക്കാരിൽ നിന്നുമാത്രം ആളുകളെ ചേർത്താണെന്നു കരുതാനും വിഷമമുണ്ട്. നാഗൻമാർക്കു നായൻമാരുമായി യാതൊരുബന്ധവുമില്ലെന്നാണ് എന്റെ അഭിപ്രായം. ബില്ലവർ, ഇടയർ, വെള്ളാളർ തുടങ്ങി ഇവിടെയുണ്ടായിരുന്ന പരിഷ്കൃത വർഗക്കാരിൽ നിന്ന് ആൾചേർത്താണ് നമ്പൂതിരിമാർ നായൻമാരേയും ക്ഷത്രിയരേയും സൃഷ്ടിച്ചതെന്ന് കരുതാനാണ് ന്യായം… എപ്പോഴും വില്ലുകൊണ്ട് നടക്കുക ‘ഭീൽ’ വർഗ്ഗക്കാരുടെ എന്ന പോലെ വില്ലവരുടേയും സ്വഭാവമായിരുന്നു. വില്ലവരുടെ കൊടിയടയാളവും വില്ലുതന്നെ. ചേരൻമാർ ഈ വർഗ്ഗത്തിൽപ്പെട്ടിരുന്നുവെന്നാണ് തോന്നുന്നത്. ക്ഷത്രിയരിലും നായൻമാരിലും വില്ലവരും ധാരാളമായി ലയിച്ചിട്ടുണ്ട്.’ [26]

ഇന്നത്തെ ഈഴുവർ സംഘകാലത്തെ വില്ലവരായിരുന്നുവെന്നും ഇളംകുളം അഭിപ്രായപ്പെടുന്നു. ‘ഇവിടുത്തെ മറ്റൊരു പ്രബലസമുദായം വില്ലവർ ആയിരുന്നു. ഈഴവരെന്നും തീയ്യരെന്നുമാണ് ഇപ്പോൾ സാധാരണ പറയാറുള്ളത്. പഴയകാലത്ത് വില്ലവൻ, ചേകോൻ ഈ പദങ്ങൾക്കായിരുന്നു പ്രചാരം.’ [27] ഈഴവചരിത്രത്തിന്റെ കർത്താവായ കെ.ദാമോദരനും ഏതാണ്ടിതുതന്നെ പറയുകയുണ്ടായി. ‘കേരളം ഭരിച്ചിരുന്ന ചേരരാജാക്കൻമാർക്ക് കുടകൻ, വില്ലവൻ എന്നൊക്കെ സ്ഥാനപ്പേരുകളുണ്ടായിരുന്നു. കുടകൻ കദംബനും വില്ലവൻ തുളുനാട്ടു തിയ്യനും ആകുന്നു.’ [28] ‘മദ്യഹാരാകവൃത്തിക്കാരായ ഈഴവരും ചാന്നാൻമാരും നെയ്താൽമക്കളുടെ ശൃംഖലയിൽപ്പെട്ടവ’രായിരുന്നുവെന്നും അവർ പരിഷ്ക്കാരവും പ്രാബല്യവുമുള്ള ഒരു ജനസമുദായമായിരുന്നുവെന്നും എന്നുമാണ് അദ്ദേഹം പറയുന്നത്. [29]

കേവലം അനുമാനങ്ങളുടെയും ഐതിഹ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ഈ രണ്ടുസിദ്ധാന്തങ്ങൾക്കും ചരിത്രപരമായ തെളിവുകളുടെ പിൻബലമൊന്നുമില്ല. ലോകത്തിന്റെ ഏതെങ്കിലുമൊരുഭാഗത്ത് ജീവിക്കുന്ന ഏറ്റവും പൗരാണികമായ ജനതകൾപോലും മറ്റേതെങ്കിലും ഭാഗത്തുനിന്നു വന്നവരായിരിക്കണമെന്ന അശാസ്ത്രീയ മായ ചിന്താഗതിയിൽ നിന്നാണ് ഒന്നാമത്തെ സിദ്ധാന്തം ഉടലെടുത്തത് എന്നുതോന്നുന്നു. ഏതായാലും, നമ്പൂതിരിമാർ, നായൻമാർ, ഈഴവർ എന്നീ മൂന്നു ജനവിഭാഗങ്ങൾ വിഭിന്നങ്ങളായ ഭാഷകളും വേഷഭൂഷാദികളും ആചാരസമ്പ്രദായങ്ങളുമുള്ള വ്യത്യസ്തരാജ്യങ്ങളിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്ന വാദം യുക്തിക്കുപോലും നിരക്കാത്തതാണ്. യഥാർത്ഥത്തിൽ കുടിയേറിപ്പാർത്ത ചില ജനവിഭാഗങ്ങളുണ്ട്. തമിഴർ, തെലുങ്കർ, കൊങ്കിണികൾ, കർണ്ണാടകക്കാർ മുതലായവരുടെ ചെറിയ ചെറിയ സംഘങ്ങൾ ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പുമുതൽക്കുതന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലുമായി ജീവിച്ചുപോരുന്നുണ്ട്. ഇത്രകാലമായിട്ടും അവരാരും തങ്ങളുടെ മാതൃഭാഷ ഉപേക്ഷിച്ചിട്ടില്ല. ബാഹ്യബന്ധങ്ങൾക്ക് അവർ മലയാളം ഉപയോഗിക്കുമെങ്കിലും വീട്ടിലെത്തിയാൽ അവരിപ്പോഴും തമിഴിലോ, തെലുങ്കിലോ, കൊങ്കിണിഭാഷയിലോ, കർണാടകത്തിലോ ആണ് സംസാരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നു കുടിയേറിപ്പാർത്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. അതിപ്രാചീനകാലം മുതൽക്ക്, എന്നുവച്ചാൽ റോമക്കാർ ജെറുസലം നശിപ്പിച്ചകാലം മുതൽക്ക്, കൊച്ചിയിൽ ജൂതൻമാരുടെ ഒരു ചെറിയ സംഘം ജീവിച്ചുപോരുന്നുണ്ട്. അവരിൽ ‘വെളുത്ത ജൂതൻമാർ’ എന്നുവിളിക്കപ്പെടുന്ന വിഭാഗം നേരിട്ടു പലസ്തീനിൽ വന്നു കുടിയേറിപ്പാർത്തവരാണെന്ന് ലിൻസ്മോട്ടെനും, സെഫാർദിം എന്ന പേരിലറിയപ്പെടുന്ന സ്പാനിഷ് ജൂതൻമാരായിരുന്നു അവരുടെ പൂർവ്വികൻമാർ എന്ന് ക്രൂക്കും ചൂണ്ടിക്കാണിക്കുന്നു. [30] ഈ ജൂതൻമാർ പരസ്പരം ആശയവിനിമയം ചെയ്യുന്നതിന് ഇന്നും തങ്ങളുടെ മാതൃഭാഷയായ സ്പാനിഷ് ആണുപയോഗിക്കുന്നത്.

നമ്പൂതിരിമാർ പുറമെനിന്നു വന്നവരാണെങ്കിൽ അവർക്കുമാത്രം മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലും സംസാരിക്കാൻ കഴിയാതെ പോയതെന്തുകൊണ്ടാണ്? കാരണം വ്യക്തമാണ്. ഇ.എം. ശങ്കരൻനമ്പൂതിരിപ്പാട് ചൂണ്ടിക്കാണിക്കുന്നതുപോലെ, ‘നമ്പൂതിരി പുറമെനിന്നു വന്നവനാണെന്ന ഒരു സിദ്ധാന്തം സ്വീകരിക്കാൻ വിഷമമാകത്തക്കവണ്ണം കേരളത്തിൽ നമ്പൂതിരിയുടെ ‘കുടുംബം, സ്വത്ത്, രാഷ്ട്രം’ എന്നിവയുടെ സംഘടന, നായൻമാരുടേതിനോട് അത്രമാത്രം സദൃശവും, ഉത്തരേന്ത്യൻ ബ്രാഹ്മണൻമാരുടേതിൽ നിന്ന് അത്രമാത്രം വ്യത്യസ്തവുമാണ്.’ [31]

കുടുംബം, സ്വത്ത്, രാഷ്ട്രം എന്നിവയുടെ കാര്യത്തിൽ മാത്രമല്ല, ആചാരാനുഷ്ഠാനങ്ങളിൽപോലും നമ്പൂതിരിമാരും നായൻമാരും തമ്മിൽ അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാം. ഉദാഹരണത്തിന്, നായർ സ്ത്രീകൾക്കെന്നപോലെതന്നെ നമ്പൂതിരി സ്ത്രീകൾക്കും തീണ്ടാരി, പേറ്റുപുല മുതലായവയുടെ അശുദ്ധി നീക്കാൻ മണ്ണാത്തിയുടെ മാറ്റ് വേണം. യഥാർത്ഥ കുടിയേറിപ്പാർപ്പുകാരായ തമിഴ് ബ്രാഹ്മണരുടെയും കൊങ്കിണിമാരുടേയും ഇടയിൽ ഈ ആചാരം കാണാൻ കഴിയില്ല. ഇതുപോലെ നായൻമാരുടെയും ഈഴവരുടേയും ആചാരങ്ങളിലും ധാരാളം സാദൃശ്യങ്ങൾ കാണാം. നിലവിലുള്ള ആചാരങ്ങളുടെ അടിയിലേക്ക് കടന്ന് ചരിത്രവസ്തുതകളെ സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങിയാൽ നായർ, ഈഴവൻ, നമ്പൂതിരി എന്നീ മൂന്നുജാതികളിലും മറ്റും ജാതികളിലെപ്പോലെത്തന്നെ കേരളത്തിന്റെ ഉൽപ്പാദനശക്തികളിലും സാമൂഹ്യയാഥാർത്ഥ്യങ്ങളിലുമുണ്ടായ മാറ്റങ്ങളിൽ നിന്ന് ഉയർന്ന് വന്നവരാണെന്നു വ്യക്തമാവും.

പക്ഷേ, ഇതിന്റെ അർത്ഥം നായർ, ഈഴവർ, നമ്പൂതിരി എന്നീ മൂന്നുജാതികൾ പ്രാചീന ചേരൻമാരുടെ കാലത്തുതന്നെ നിലനിന്നിരുന്നു എന്നല്ല. ഈ മൂന്നു പേരുകൾപോലും സംഘകാലത്തുണ്ടായിരുന്നില്ല എന്നാണ് വാസ്തവം. നാഗൻമാരെന്ന ഒരു കൂട്ടരെപ്പറ്റി സംഘംകൃതികളിൽ പ്രസ്താവിക്കുന്നുണ്ടെന്നതും ശരിയാണ്. നാഗൻമാരിൽ നിന്നാണ് നായൻമാരുണ്ടായത് എന്നു സമ്മതിച്ചാൽതന്നെ അവർ ഒരു പരിഷ്കൃത സമുദായമായിരുന്നുവെന്നു വരുന്നില്ല. അക്കാലത്തെ ഏറ്റവും പ്രാകൃതരായ ഒരു ജനവിഭാഗമായിരുന്നു അവർ. നാഗൻമാർ നായൻമാരായിരുന്നുവെന്നു വാദിക്കുക, അതേസമയത്തു തന്നെ അവർ രാജ്യഭരണത്തിലും വിദേശവ്യാപാരത്തിലും മറ്റും വൈദഗ്ധ്യം നേടിയ ഒരു പരിഷ്കൃതജനതയായിരുന്നുവെന്നും മേനി പറയുക! ഇതിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ടോ?

നായൻമാരും ഈഴവരും പണ്ടത്തെ വില്ലവൻമാരായിരുന്നുവെന്നും സംഘകാലത്തുതന്നെ അവർ പ്രമാണിമാരായിരുന്നുവെന്നുമുള്ള വാദവും വെറുമൊരു ഊഹം മാത്രമാണ്. പരിഷ്കൃത ജനതകളിൽ നിന്നല്ലാതെ പരിഷ്കൃതജാതികളുണ്ടാവുകയില്ല എന്ന തെറ്റായ ധാരണയിൽ നിന്നാണ് ഈ വാദം ആവിർഭവിച്ചതെന്നു തോന്നുന്നു. പക്ഷേ, ഇരുപതാംനൂറ്റാണ്ടിലെ ഒരു ഉയർന്ന ജാതി ക്രിസ്ത്വാബ്ദം ആദ്യശതകങ്ങളിലും ഉയർന്ന ജാതിതന്നെയായിരുന്നു എന്ന് കരുതേണ്ടതിന്റെ ആവശ്യമെന്താണ്? ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ പ്രബലമായിത്തീരുന്ന ചില സമുദായങ്ങൾ മറ്റൊരു ഘട്ടത്തിൽ തീരെ അപ്രത്യക്ഷമാവുകയും അതുപോലെതന്നെ ഒരുഘട്ടത്തിൽ അജ്ഞാതമായിക്കിടന്നിരുന്ന ഒരപരിഷ്കൃതവർഗ്ഗം മറ്റൊരുഘട്ടത്തിൽ പ്രാമണ്യത്തിലേക്കുയരുകയും ചെയ്യാറില്ലേ?

മനുഷ്യസമുദായത്തിന്റെ അസമമായ ഈ വളർച്ചയ്ക്കിടയിൽ ചിലപ്പോൾ ചരിത്രത്തിന്റെ പിൻപന്തിയിലുള്ള ചില ജനവിഭാഗങ്ങൾ പെട്ടെന്ന് മുൻപന്തിയിലേക്ക് സ്വയം തള്ളിക്കേറിവരികയും മറ്റു ചില ജനവിഭാഗങ്ങൾ പിൻപന്തിയിലേക്ക് പിടിച്ചുതള്ളപ്പെടുകയും ചെയ്യുക എന്നത് ഒട്ടുംതന്നെ അസംഭവ്യമല്ല. കേരളചരിത്രത്തിലുണ്ടായതും അതുതന്നെയാണ്. ക്രിസ്ത്വാബ്ദം ആറാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനുമിടയിൽ അതേവരെ അപരിഷ്കൃതങ്ങളായി കഴിഞ്ഞുകൂടിയിരുന്ന ചില ഗോത്രസമുദായങ്ങൾ ആഭ്യന്തരവൈരുദ്ധ്യങ്ങളുടെ വളർച്ചയുടേയും ബാഹ്യപരിതസ്ഥിതികളുടെ പ്രത്യേകതകളുടെയും ഫലമായി ചരിത്രത്തിന്റെ ഉപരിതലത്തിലേക്ക് പെട്ടെന്ന് തള്ളിക്കേറിവന്നു. അങ്ങനെയാണ് പുതിയ പല ഫ്യൂഡൽ രാജവംശങ്ങളും ഉത്ഭവിച്ചത്. അങ്ങനെത്തന്നെയാണ് നായർ, ഈഴവൻ തുടങ്ങിയ പുതിയ ജാതികൾ ഉയർന്നുവന്നതും.

ചുറ്റുപാടും ഫ്യൂഡലിസം ശക്തിയാർജ്ജിക്കുകയും വളരുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതിന്റെ ഫലമായി പ്രാകൃതകമ്മ്യൂണിസത്തിന്റെ അടിസ്ഥാനത്തിലുള്ള ചില ഗോത്രസമുദായങ്ങൾക്ക് അടിമത്ത വ്യവസ്ഥയിലൂടെ കടന്നുപോകാതെതന്നെ നേരിട്ടു ഫ്യൂഡൽ വ്യവസ്ഥയിലെത്തിച്ചേരാൻ കഴിഞ്ഞു.

ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല, പ്രാകൃതകമ്മ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നീ സാമൂഹ്യവ്യവസ്ഥിതികൾ പടിപടിയായി, ഒന്നിനുശേഷം മറ്റൊന്നായി മുറയനുസരിച്ച് മാത്രമേ വികസിക്കൂ എന്നു കരുതുന്നതു തെറ്റാണ്. ചരിത്രപരമായ ചില പ്രത്യേക പരിസ്ഥിതികളിൽ, ചില ‘എടുത്തുചാട്ടങ്ങൾ’ ഉണ്ടായെന്നുവരും. അടിമത്തത്തിൽനിന്ന് ഫ്യൂഡലിസത്തിലൂടെയല്ല അമേരിക്ക മുതലാളിത്തത്തിലെത്തിച്ചേർന്നത്. ഫ്യൂഡൽ വ്യവസ്ഥയിലാണ്ടുകിടന്നിരുന്ന മംഗോളിയ മുതലാളിത്ത വ്യവസ്ഥിതിയെ തൊടാതെ സോഷ്യലിസത്തിലേക്ക് നേരിട്ട് ചാടിക്കടക്കുകയാണ് ചെയ്തത്. ഏതാണ്ടിതുപോലുള്ള ഒരു ‘ചാടിക്കടക്ക’ലാണ് കേരളത്തിലുമുണ്ടായത്.

പക്ഷേ, ഫ്യൂഡലിസത്തിലെത്തിയതിനുശേഷവും ഗോത്രസമുദായവ്യവസ്ഥയുടെ പ്രബലങ്ങളായ പല അവശിഷ്ടങ്ങളും നിലനിന്നുപോന്നു. നായർ, ഈഴവർ തുടങ്ങിയ സമുദായങ്ങളുടെ ഘടന പരിശോധിച്ചാൽ, ഗോത്രസമുദായവ്യവസ്ഥയുടെ പല സവിശേഷതകളും കാണാം. അതുകൊണ്ടുതന്നെയാണ് ഈ സമുദായങ്ങളിൽ നാഗപൂജയും കാളീപൂജയും ഭൂതപ്രേതപിശാചാദികളിലുള്ള വിശ്വാസവും മറ്റും ഇന്നും നിലനിൽക്കുന്നത്. മാതൃമേധാവിത്വത്തിന്റെ അവശിഷ്ടങ്ങളും മരുമക്കത്തായവും നാമാവശേഷമാകാതെ നിലനിന്നുപോന്നതിനുള്ള കാരണവും മറ്റൊന്നുമല്ല.

ഗോത്രഘടന, ദായക്രമം, സാമൂഹ്യാചാര്യങ്ങൾ, മതവിശ്വാസങ്ങൾ മുതലായ കാര്യങ്ങളിൽ ഈഴവർക്കും നായൻമാർക്കും തമ്മിൽ പറയത്തക്ക വ്യത്യാസങ്ങളൊന്നും കാണാനില്ല. എന്നിട്ടും ഈഴവർ തീണ്ടലുള്ള അയിത്തജാതിക്കാരും നായൻമാർ പ്രമാണികളായ സവർണജാതിക്കാരും ആയിത്തീർന്നതെന്തുകൊണ്ടാണ്? ഫ്യൂഡൽ വ്യവസ്ഥയിൽ ഉൽപ്പാദനപരമായ കായികാധ്വാനം പൊതുവിൽ ഹീനമായിട്ടാണ് കരുതപ്പെട്ടിരുന്നു എന്നതാണ് ഇതിനു കാരണമെന്നു തോന്നുന്നു. ഒരേതരത്തിലുള്ള ഗോത്രസമുദായത്തിനുള്ളിൽ നിന്നുയർന്നുവന്ന ഈ രണ്ടു ജനവിഭാഗങ്ങൾക്കുമിടയിൽ ആദ്യകാലത്ത് യാതൊരകൽച്ചയും ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. പക്ഷേ, നായൻമാർ പടയാളികളും സ്വത്തുടമസ്ഥരായ സൈനിക നേതാക്കൻമാരും ആയിത്തീർന്നതുകൊണ്ട് അവർ ഉയർന്ന ജാതിക്കാരായി കരുതപ്പെടാൻ തുടങ്ങി. കായാകാധ്വാനത്തിലേർപ്പെട്ട ഈഴവരാകട്ടെ താണജാതിക്കാരുമായി!

ജാതിവിഭജനം വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയായിരുന്നു. സ്വത്തും സാമർത്ഥ്യവുമുള്ള താണജാതിക്കാരായ വ്യക്തികൾ ഉയർന്നജാതിക്കാരായി മാറ്റപ്പെടുക പതിവായിരുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും നടപ്പുണ്ടായിരുന്ന ഒരു സമ്പ്രദായമാണിത്. ഉദാഹരണത്തിന്, ഒറീസയിലെ താഴ്ന്നജാതിക്കാരായ ചാസൻമാർ ഉയർന്ന ജാതിക്കാരായ കാരൻമാരായി മാറിയതിനെപ്പറ്റിയും, വടക്കേ ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിലും ഉയർന്ന ജാതിക്കാരന് താണജാതിക്കാരിലുണ്ടായ മക്കൾ ഏതാനും തലമുറകൾക്കുശേഷം ഉയർന്ന ജാതിക്കാരായി പരിഗണിക്കപ്പെടാൻ തുടങ്ങിയതിനെപ്പറ്റിയും റോസ് വിവരിക്കുന്നുണ്ട്. [32] മധ്യകാലത്ത് മാധ്വാചാര്യരും ആധുനികകാലത്ത് ആര്യസമാജക്കാരും അധഃകൃതരെപ്പോലും ബ്രാഹ്മണരാക്കി മാറ്റിയിട്ടുണ്ട്.

ചില ഇന്ത്യൻ സ്റ്റേറ്റുകളിലെ രാജാക്കൻമാർക്ക് ജാതികൊടുക്കാനും അതെടുത്തുകളയാനുമുള്ള അധികാരമുണ്ടായിരുന്നുവെന്ന് ഹട്ടൺ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, മണിപ്പൂർ സ്റ്റേറ്റിലെ ലോയി എന്ന ജാതിക്കാരൻ മഹാരാജാവിന്റെ അംഗീകാരത്തോടുകൂടി പൂണുനൂൽ ധരിച്ച ക്ഷത്രിയന്റെ പദവിയിലുള്ള മണിപ്പൂരി ജാതിക്കാരനായി ഉയർത്തപ്പെട്ടിരുന്നു. [33] കേരളത്തിലും ഇതുതന്നെയാണുണ്ടായത്.

രാജാക്കൻമാരായിത്തീർന്ന നായർ കുലത്തലവൻമാരും അവരുടെ കുടുംബാംഗങ്ങളുമാണ് ക്ഷത്രിയൻമാരും സാമന്തൻമാരും മറ്റുമായിത്തീർന്നത്. അവരിൽ ചിലർക്ക് പൂണുനൂൽ നൽകപ്പെട്ടു. ചിലർ ബ്രാഹ്മണ്യത്തിലേക്കുയർത്തപ്പെട്ടു. ‘സാമന്തനായൻമാരുടെ കുടുംബങ്ങളിൽ മറ്റു നായൻമാർക്ക് ‘സംബന്ധം’ ചെയ്യൻ പാടില്ലെന്നായി. ഇതുപോലെത്തന്നെ ഈഴവൻമാർക്കിടയിൽനിന്ന് പലരും നായൻമാരായി ഉയർന്നു. താണജാതിക്കാരായ നായൻമാരിൽ ചിലർ ഉയർന്നജാതി നായൻമാരുമായി. ‘മുൻകാലങ്ങളിൽ കർമ്മാളർ, പുലയർ തുടങ്ങിയ സമുദായങ്ങളിൽനിന്നുപോലും നായർ കുടുംബങ്ങളുണ്ടായിട്ടുണ്ട്.’ എന്നാൽ കുറേക്കാലം കഴിഞ്ഞപ്പോൾ അവരുടെ വംശം നല്ല നായൻമാരായിത്തീരുന്നു.’ [34] എന്ന് കെ.പി.പത്മനാഭമേനോൻ രേഖപ്പെടുത്തുന്നു. ‘കരിപ്പുറം ദേശത്ത് അനേകം ഈഴവ പ്രഭുകുടുംബങ്ങളും നായർ പ്രഭുകുടുംബങ്ങളും അടുത്തകാലം വരെ പുല ആചരിച്ചിരുന്നതായി എനിക്കറിവുണ്ട്.’ [35] എന്ന് എൻ.ആർ.കൃഷ്ണൻ പ്രസ്താവിക്കുന്നു.

സ്വത്തും കയ്യൂക്കുമുള്ള സാമാന്യം ഭേദപ്പെട്ട കുടുംബങ്ങളായിരിക്കണം ആദ്യകാലങ്ങളിൽ ഉയർന്ന ജാതിക്കാരായി മാറിയത്. കാലക്രമത്തിൽ ഈ സ്ഥിതിക്കും മാറ്റം വന്നു. ഫ്യൂഡലിസം കൂടുതൽ ശക്തിപ്പെട്ടപ്പോൾ ഓരോ ജാതിയും മറ്റു ജാതികളിൽ നിന്ന് അധികമധികം അകലാനും ഒറ്റപ്പെടാനും തുടങ്ങി.

ഇങ്ങനെ നീണ്ടകാലത്തെ പരിവർത്തനങ്ങൾക്കുശേഷമാണ് തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടേയും അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥ ഉരുപ്പിടിച്ചത്.

കേരള ചരിത്രത്തിന്റെ ഫ്യൂഡൽ കാലഘട്ടം ഈ പുസ്തകത്തിലെ ഒന്നാം ഭാഗത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ട്, ഫ്യൂഡലിസത്തിന്റെ സംഭാവനയായ ജാതിവ്യവസ്ഥയുടെ വിശദാംശങ്ങളെപ്പറ്റിയുള്ള പഠനവും രണ്ടാംഭാഗത്തിലേക്ക് നീട്ടിവയ്ക്കേണ്ടിയിരിക്കുന്നു. പ്രാചീന കേരളത്തിൽ ജാതിവ്യവസ്ഥയുണ്ടായിരുന്നില്ലെന്നും അതു ഫ്യൂഡലിസത്തിന്റെ സൃഷ്ടിയാണെന്നും വ്യക്തമാക്കാൻ വേണ്ടി മാത്രമാണ് ഇവിടെ ഇത്രയും പ്രസ്താവിച്ചത്.

കുറിപ്പുകൾ

1 തൊൽക്കാപ്പിയം, പൊരുളതികാരം, 40, 60

2 ചാമി ചിതംബരനാർ, തൊൽകാപ്പിയത്തമിഴർ, പേ. 60–61.

3 തൊൽകാപ്പിയം പൊ. 56 എം. ഇളയപെരുമാൾ, പുലവർ എസ്.ജി. സുബ്രഹ്മണ്യപിള്ള എന്നിവരുടെ തർജ്ജമ, പേ. 112.

4 ‘അടിയോർ പാങ്കിനും വിനൈവലർ പാങ്കിനുങ്കടിവരെ ഇലപുറത്തു എൻമനാർ പുലവർ’. തൊ. പൊ. 25, പേ. 215.

5 ‘ഏവർ മരപിൻ എനോരും ഉരിയർ
ആകിയ നികെലമൈ അവരും അന്നർ’.
— തൊ. പൊ. 26, പേ. 215.

6 E. H. Warmington: The Commerce Between the Roman Empire and India, P. 146

7 ‘തുടിയൻ പാണൻ പറയൻ കടമ്പൻ
ഇന്നാങ്കലതു കുടിയും ഇല്ലൈ!’ പുറനാനൂറ്, 335

8 ഇളംകുളം കുഞ്ഞൻപിള്ള: കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, പേ 23.

9 ഇളംകുളം പി.എൻ.കുഞ്ഞൻപിള്ള: കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, പേ. 115.

10 തൊൽകാപ്പിയം, പൊരുളധികാരം, 628–629 എം. ഇളയപെരുമാൾ, എസ്.ജി. സുബ്രഹ്മണ്യംപിള്ള, എന്നിവരുടെ തർജ്ജമ, പേ. 365.

11 തൊൽകാപ്പിയം, പൊരുളധികാരം, 625–26, പേ. 364.

12 അന്തണൻ എന്ന പദം തമിഴാണോ എന്ന കാര്യത്തിൽ തനിക്കു സംശയമുണ്ടെന്നു് വൈയാപുരിപിള്ള പറയുന്നു. ബുദ്ധമതക്കാരിലൊരു വിഭാഗത്തിനു അന്തണൻ എന്നു പേരുണ്ടായിരുന്നുവെന്നു് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എസ്. വൈയാപുരിപിള്ള, തമിഴർ പൺപാട്. പേ. 41.

13 തൊൽക്കാപ്പിയം ചൊല്ലതികാരം, 194, പേ. 282.

14 ‘വേറ്ററുമൈ തെരിന്തനാർ പാലുള്ളം
കീഴ്പ്പാലൊരുവൻ കർപ്പിൻ
മേൽപ്പാലൊരു വന്ദരവൻ കട്പെടുമെ.’
പുറനാനൂറ്, 183, സ്വാമിനാഥയ്യർ പതിപ്പ്, പേജ്. 339.

15 പതിറ്റുപ്പത്ത്—കക, 2, പേ. 8.

16 പതിറ്റുപ്പത്ത്—കകക, 10, പേ. 70.

17 ചിറുപാണാറ്റുപ്പടൈ, 135–139.

18 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, പേ. 163, 164, 167.

19 കെ.പി. പത്മനാഭമേനോൻ: കൊച്ചി രാജ്യചരിത്രം, പേ. 5.

20 ആർ.നാരായണപ്പണിക്കർ: ഭാഷാ സാഹിത്യചരിത്രം1, പേ 37.

21 ടി.പേ. 30–36

22 T. K. Velu Pillai: Travancore State Manual. Vol. 1. P. 845.

23 കാണിപ്പയ്യൂർ ശങ്കരൻനമ്പൂതിരിപ്പാട് നായൻമാരുടെ പൂർവ്വചരിത്രം പേ. 32.

24 പറവൂർ കെ.ഗോപാലപിള്ള: ശ്രീ ചട്ടമ്പിസ്വാമികൾ, പേജ് 270, 276.

25 ഇളംകുളം പി.എൻ.കുഞ്ഞൻപിള്ള; കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ പേ. 214.

26 ഇളംകുളം പി.എൻ.കുഞ്ഞൻപിള്ള; അന്നത്തെ കേരളം, പേ 102–104.

27 ഇളംകുളം പി.എൻ.കുഞ്ഞൻപിള്ള; അന്നത്തെ കേരളം, പേ 103.

28 കെ.ദാമോദരൻ ബി.എ. മയ്യനാട്: ഈഴവചരിത്രം 1, പേജ് 52.

29 കെ.ദാമോദരൻ ബി.എ. മയ്യനാട്: ഈഴവചരിത്രം 1, പേജ് 54–56.

30 Quated by J. H. Hutton: Caste in India. P. 14.

31 ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്; കേരളത്തിലെ ദേശീയ പ്രശ്നം, പേജ് 38.

32 Rose: Tribes and Castes in Central India. P. 416.

33 J. H. Hutton: Caste in India. P. 49.

34 K. P. Padmanabhan Menon, History of Kerala.

35 എൻ. ആർ. കൃഷ്ണൻ, ഈഴവർ അന്നും ഇന്നും, പേ. 11.