എന്നു മുതൽക്കാണ് കേരളത്തിൽ രാജാക്കന്മാരുണ്ടാവാൻ തുടങ്ങിയത്? ആരായിരുന്നു ആദ്യത്തെ രാജാവ്? ആധുനിക ചരിത്രകാരന്മാരിൽ പലരും ഈ ചോദ്യങ്ങൾക്കു മറുപടി പറയാൻ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ചേരമാൻ പെരുഞ്ചോറ്റു ഉതിയൻ ചേരലാതൻ എന്ന രാജാവാണ് ചേരവംശത്തിന്റെ സ്ഥാപകൻ എന്ന് കെ.ജി.ശേഷയ്യർ അഭിപ്രായപ്പെടുന്നു. [1] ‘ഇപ്പോൾ അറിയാൻ കഴിഞ്ഞിടത്തോളം കേരളത്തിലെ ആദ്യത്തെ രാജാവ് ചേരവംശ പ്രതിഷ്ഠാപകനായ ആതനാണ്. അദ്ദേഹത്തെ സംഘകാലത്തെ പല കവികളും സ്മരിച്ചിട്ടുണ്ട്. ചേരലാതൻ, പെരുഞ്ചേരലാതൻ, ഉതിയൻചേരൻ, പെരുഞ്ചോറ്റുതിയൻ എന്നെല്ലാം ഈ രാജാവിനെ നിർദ്ദേശിക്കും’. എന്നാണ് ഇളംകുളം കുഞ്ഞൻപിള്ള പറയുന്നത്. [2] എന്നാൽ ഇത്തരം പ്രസ്താവനകൾക്ക് തെളിവൊന്നുമില്ല. ഉതിയൻ ചേരലാതനാണ് സംഘംകൃതികളിൽ വാഴ്ത്തപ്പെട്ടിട്ടുള്ള ആദ്യത്തെ ചേരരാജാവ് എന്നു തെളിഞ്ഞാൽതന്നെ, അദ്ദേഹമായിരുന്നു കേരളത്തിലെ ഒന്നാമത്തെ രാജാവ് എന്നു വരുന്നില്ല. എന്തുകൊണ്ടെന്നാൽ, ചുരുങ്ങിയത് രണ്ടായിരത്തി ഇരുനൂറുകൊല്ലങ്ങൾക്കുമുമ്പുതന്നെ കേരളക്കരയിൽ ചേരവംശത്തിന്റെ ഭരണം നിലനിന്നിരുന്നുവെന്ന് അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ അസന്നിഗ്ദ്ധമായി തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. സംഘംകൃതികൾക്കാകട്ടെ, ഏറിയാൽ രണ്ടായിരംകൊല്ലത്തെ പഴക്കമേയുള്ളു. അതുതന്നേയും ഇളംകുളം അംഗീകരിക്കുന്നില്ല. ക്രി.പി.അഞ്ചാം നൂറ്റാണ്ടിൽ മാത്രമാണ് ആദ്യത്തെ ചേരരാജാവ് ആവിർഭവിച്ചത് എന്നാണദ്ദേഹം വാദിക്കുന്നത്. ഈ വാദം, എന്തായാലും സ്വീകാര്യമല്ല.
സംഘം കൃതികളനുസരിച്ച് ചേരമണ്ഡലത്തിൽ കുട്ടം, കുടം, കക്കാ, പൂഴി, മലാട്, കൊങ്ങ് എന്നിങ്ങനെയുള്ള നാടുകൾ ഉൾപ്പെട്ടിരുന്നു. കുട്ടുവർ, കടവർ, പൂഴിയർ, മലയർ, കൊങ്ങർ മുതലായ ഗോത്രങ്ങളുടെ വാസസ്ഥാനങ്ങളായതുകൊണ്ടായിരിക്കാം അവയ്ക്ക് ഈ പേരുകൾ ലഭിച്ചത്. ചേരർ അല്ലെങ്കിൽ ചേരലർ എന്നതുതന്നെ ആദ്യകാലത്ത് ഒരു ഗോത്രത്തിന്റെ പേരായിരുന്നു എന്നു വിചാരിക്കുന്നതിൽ തെറ്റില്ല. ഇത്തരത്തിലുള്ള ഏതാനും ഗോത്രങ്ങളുടെ സംയോജനത്തിൽനിന്നായിരിക്കാം ചേരരാജ്യം ഉടലെടുത്തത്. ചേരവേന്തർ, ചേരമാൻ, ചേരലർ, വേന്തൻ, കുട്ടുവൻ, കുടവർ, പൊറയൻ, ഇരുമ്പൊറൈ, പൂഴിയർകോ, കൊങ്കർകോ എന്നിങ്ങനെയുള്ള പല പേരുകളാലും ചേരരാജാക്കൻമാർ അറിയപ്പെട്ടിരുന്നു എന്നതു പ്രസ്താവ്യമാണ്. ആഭ്യന്തര വൈരുദ്ധ്യങ്ങളുടെ ഫലമായി പ്രാകൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥ തകരാൻ തുടങ്ങിയപ്പോൾ ഏതോ ഒരു ഗോത്രത്തിന്റെ തലവൻ-ചേരർ എന്ന ഗോത്രത്തിന്റെ തലവനായിരിക്കാം-മറ്റുചില ഗോത്രങ്ങളെ കൂട്ടിച്ചേർത്ത് ചേരരാജ്യത്തിന്റെ അടിസ്ഥാനമിട്ടു എന്നു വിശ്വസിക്കാനാണ് ന്യായം കാണുന്നത്. ഗോത്രസമുദായ വ്യവസ്ഥയിൽ നിന്ന് രാജ്യഭരണവ്യവസ്ഥയിലേയ്ക്കുള്ള ഈ പരിവർത്തനം സംഘകാലത്തിനുമുമ്പുതന്നെ, അതായത് ക്രിസ്തുവിന് ഏതാനും നൂറ്റാണ്ടുകൾക്കുമുമ്പ്, സംഭവിച്ചിട്ടുണ്ടാവണം. മറ്റൊരുവിധം പറഞ്ഞാൽ, സംഘംകൃതികളുടെ കാലത്തിനു മുമ്പുതന്നെ ചേരരാജാക്കൻമാർ ആവിർഭവിച്ചിട്ടുണ്ടാവണം.
സംഘംകൃതികളിൽ പതിറ്റുപ്പത്താണ് ചേരരാജാക്കൻമാരെപ്പറ്റി ഏറ്റവുമധികം വിവരങ്ങൾ നൽകുന്നത്. പുറനാനൂറിലെ പല പാട്ടുകളും ചേരരാജാക്കൻമാരുടെ അപദാനങ്ങളെ പ്രകീർത്തിക്കുന്നവയാണ്. അകനാനൂറ്, നറ്റിണൈ എന്നീ കൃതികളിലും ചേരനേതാക്കൻമാരെപ്പറ്റിയുള്ള ചില സൂചനകൾ കാണാം. ഈ കൃതികളെല്ലാം, മുമ്പു ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ക്രിസ്ത്വബ്ദം ആദ്യശതകങ്ങളിൽ രചിക്കപ്പെട്ടവയാണ്. അതിനുമുമ്പു ജീവിച്ചിരുന്ന രാജാക്കൻമാരെപ്പറ്റിയോ കുലത്തലവൻമാരെപ്പറ്റിയോ പഠിക്കാൻ ഇവ പറയത്തക്ക സഹായമൊന്നും നൽകുന്നില്ല.
പത്തു രാജാക്കൻമാരുടെ അപദാനങ്ങളാണ് പതിറ്റുപ്പത്തിൽ കീർത്തിക്കപ്പെട്ടിട്ടുള്ളത്. ഓരോ രാജാവിനെപ്പറ്റിയും പത്തുപാട്ടുകളുണ്ട്. എന്നാൽ ആദ്യത്തേയും അവസാനത്തേയും പത്തുകൾ നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇടയ്ക്കുളള എട്ടു പത്തുകളിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള രാജാക്കൻമാർ താഴെ പറയുന്നവരാണ്.
രണ്ടാം പത്ത്: ഇമയവരമ്പൻ നെടുംചേരൻ ആതൻ
മൂന്നാം പത്ത്: പൽയാനൈ ചെൽകെഴുകുട്ടുവൻ
നാലാം പത്ത്: കളങ്കായ് കണ്ണിനാൽമുടി ചേരൽ.
അഞ്ചാം പത്ത്: ചേരൻ ചെങ്കുട്ടുവൻ
ആറാം പത്ത്: ആടുകോട് പാട്ടുചേരൽ ആതൻ.
ഏഴാം പത്ത്: ചെൽവ കടുംകോ ആഴിയാതൻ.
എട്ടാം പത്ത്: തകടൂർ എറിന്തപെരുംചേരൽ ഇരുമ്പൊറൈ.
ഒമ്പതാം പത്ത്: കുടക്കോഇളംചേരൽ ഇരുമ്പൊറൈ.
നഷ്ടപ്പെട്ടുപോയ ഒന്നാംപത്തിലെ രാജാവ് പെരുംചോറ്റ് ഇതിയൻ ചേരൽ ആതനും പത്താംപത്തിലെ രാജാവ് യാനൈകാൽ ചേയ്മാന്തരം ചേരൽ ഇരുമ്പൊറൈയുമാണെന്ന് പുറനാനൂറിലെ ചില പാട്ടുകളെ അടിസ്ഥാനമാക്കി ചിലർ അഭിപ്രായപ്പെട്ടു.
ഇവർക്കുപുറമേ ഇരുപതോളം ചേരരാജാക്കൻമാരെപ്പറ്റി അകനാനൂറ് തുടങ്ങിയ മറ്റു കൃതികളിൽ വർണ്ണിക്കപ്പെടുന്നുണ്ട്. അന്തുരൻചേരൽ ഇരുമ്പൊറൈ, കണൈക്കാൽ ഇരുമ്പൊറൈ, കരുവൂർ ഏറിയ ഒൾവാട്കോ പെരുഞ്ചേരൽ ഇരുമ്പൊറൈ, കരുവൂർചാത്തൻ, കുട്ടുവൻകോതൈ, കോക്കോതൈ മാർപൻ, കോട്ടമ്പലത്തു തുഞ്ചിയമാക്കോതൈ, ചെൽവക്കടുങ്കോ വാഴിയാതൻ, നമ്പികുട്ടുവനാർ, പാലൈപാടിയ പെരുങ്കടുങ്കോ, മരുതംപാടിയ ഇളങ്കടുങ്കോ, മാന്തരം പൊറൈയൻ കുടുങ്കോ, മാരിവെൺകോ, മുടങ്കിക്കിടന്ത നെടുഞ്ചേരലാതൻ, വഞ്ചൻ മുതലായവരാണ് അവരിൽ പ്രധാനികൾ.
രാജാക്കൻമാരെപ്പറ്റിയുള്ള സ്തുതിഗീതങ്ങൾ പാടിയവരിൽ അരിചിൻകീഴാർ, ഇളങ്കീരിനാൽ, ഇളങ്കോവടികൾ, ഒളവൈയാർ, കപിലർ, കല്ലാടനാർ, കാക്കൈപാടിനിയാർ, നച്ചെളൈയാർ, കാപ്പിയാറ്റുക്കാപ്പിയനാർ, കുമട്ടൂർ കണ്ണനാർ, കുറുങ്കോഴിയൂർ കിഴാർ, കൂടലൂർ കിഴാർ, നക്കീരൻ, പരണർ, പൊരുന്തില ഇളങ്കീരനാർ, മാമൂലനാർ മുതലായവരുൾപ്പെടുന്നു. രാജാക്കന്മാരിൽതന്നെ ചിലർ കവികളായിരുന്നു. ഇളങ്കുട്ടുവൻ, കണൈക്കാൽ ഇരുമ്പൊറൈ, കരുവൂർച്ചാത്തൻ, കോട്ടമ്പലത്തു തുഞ്ചിയമാക്കോതൈ, നമ്പിക്കുട്ടുവനാർ, മുടങ്കിക്കിടന്ത പെരുഞ്ചേരലാതൻ, പാലൈപാടിയ പെരുങ്കടുങ്കോ, മരുതംപാടിയ ഇളങ്കടുങ്കോ മുതലായ രാജാക്കൻമാർ പാടിയ പാട്ടുകൾ എട്ടുത്തൊകൈ, പത്തുപ്പാട്ടു മുതലായ പ്രാചീന കൃതികളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പാട്ടുകളിൽനിന്നു ഈ വ്യത്യസ്ത രാജാക്കൻമാരുടെ മാതാപിതാക്കൻമാരെപ്പറ്റിയോ ബന്ധുക്കളെപ്പറ്റിയോ അവർ ഭരണം നടത്തിയ കാലത്തെപ്പറ്റിയോ മനസ്സിലാക്കാൻ കഴിയില്ല. ഓരോ കവിതയും ഏതുകൊല്ലത്തിലാണ് രചിക്കപ്പെട്ടത് എന്ന പ്രശ്നം പോകട്ടെ, ഓരോ കവിയും ഏതു കാലത്താണ് ജീവിച്ചിരുന്നത് എന്നുപോലും അറിയാൻ കഴിയില്ല. പതിറ്റുപ്പത്തിലെ പതികങ്ങളിൽ നിന്നും മറ്റും ചില വിവരങ്ങളൊക്കെ ശേഖരിക്കാൻ കഴിയുമെന്നുള്ളതു ശരിയാണ്. പക്ഷേ, കവിതകൾ രചിക്കപ്പെട്ട കാലത്തല്ല, ഏതാനും നൂറ്റാണ്ടുകൾക്കുശേഷം ഫ്യൂഡലിസവും ബ്രാഹ്മണമേധാവിത്വവും ആവിർഭവിച്ചതിൽപ്പിന്നീടാണ്, പതികങ്ങൾ എഴുതിച്ചേർക്കപ്പെട്ടത് എന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൂടാ. പാട്ടുകളുടേതിൽനിന്നും തീരെ വ്യത്യസ്തമായ ഒരു കാലഘട്ടത്തിന്റെ സ്വാധീനശക്തി അവയിൽ കാണാൻ കഴിയുന്നതാണ്. ഒരുദാഹരണം കാണിക്കാൻവേണ്ടി പതിറ്റുപ്പത്തിലെ രണ്ടാംപത്തിന്റെ കൂടെ എഴുതിച്ചേർക്കപ്പെട്ടിട്ടുള്ള പതികത്തിന്റെ പരിഭാഷ ഇവിടെ ഉദ്ധരിക്കട്ടെ:
പതികം രണ്ട്: ‘അനശ്വരമായ കീർത്തിയും, നിർമ്മലമായ ചരിത്രപാരമ്പര്യം, ജയനാദം മുഴക്കുന്ന മുരശും ആർന്ന ഉതിയൻ ചേരലിന് വെളിയൻ പെൺമാൾ നല്ലിനിയിൽ ജനിച്ചവനും അരുവികൾ നിറഞ്ഞ ഹിമവാനിൽ അടയാളമായി വിൽനാട്ടി വിശ്രുതരായ ആര്യൻമാരുടെ ആരാധനയ്ക്കു പാത്രമായവനും, ആഴിയതിരായുള്ള തമിഴകം മുഴുവൻ ഐശ്വര്യം വളരുമാറ് ഭരിച്ചവനും യവനരെ യുദ്ധത്തിൽ പരാജിതരാക്കി, തലയിൽ നെയ്വീഴ്ത്തി, കൈകൾ പിറകിൽ ചേർത്തുകെട്ടി അവരുടെവക ആഭരണങ്ങളും രത്നങ്ങളും കരസ്ഥമാക്കി രാജധാനിയിൽ കൊണ്ടുവന്ന് പലർക്കും ദാനം ചെയ്തവനും ശത്രുക്കളെ നിർദ്ദയം നശിപ്പിക്കുന്നവനും, മഹാബലവാനും ആയ ഇമയവരമ്പൻ നെടുംചേരലാതനെപ്പറ്റി കുമട്ടൂർ കണ്ണനാർ പാടിയ പത്തുപാട്ട്, പാടിയതിനു ലഭിച്ച പാരിതോഷികം: ഉമ്പർകാട്ടിലെ അഞ്ഞൂറുപറ നിലം ബ്രഹ്മദായവും തെക്കൻദിക്കിലെ മുപ്പത്തെട്ടാണ്ടത്തെ വരവിൽ ഒരു ഭാഗവും ചേരലാതൻ നൽകി. ഇമയവരമ്പൻ നെടുഞ്ചേരലാതൻ അൻപത്തെട്ടുവർഷം നാടുവാണു’. [3]
അതിശയോക്തികളും വൈരുധ്യങ്ങളും നിറഞ്ഞ ഇത്തരം പതികങ്ങളെ ചരിത്രരേഖകളായി കണക്കാക്കുന്നത് വളരെ സൂക്ഷിച്ചുവേണമെന്ന് പറയേണ്ടതില്ലല്ലോ. എന്നിരിക്കിലും ഇവയെ ആസ്പദമാക്കിക്കൊണ്ട് ചേരരാജാക്കൻമാരിലോരോരുത്തനും ഏതുകൊല്ലം മുതൽ ഏതുകൊല്ലം വരെയാണ് ഭരണം നടത്തിയത് എന്നു കണ്ടുപിടിക്കാൻ കെ. ജി. ശേഷയ്യർ, കെ. എൻ. ശിവരാജപിള്ള തുടങ്ങിയ ചില തമിഴു ചരിത്ര പണ്ഡിതൻമാർ പരിശ്രമിക്കുകയുണ്ടായി. ശേഷയ്യരുടെ യുക്തിവിചാരം ഏതാണ്ടിങ്ങനെയാണ്:
ചെങ്കുട്ടുവനും സിലോണിലെ ഗജബാഹുവും സമകാലീനരാണ്. ഗജബാഹുവിന്റെ ഭരണകാലം ക്രി.പി. 173 മുതൽ 195വരെയാണ്. ചെങ്കുട്ടുവൻ പത്തിനീദേവിയെ പ്രതിഷ്ഠിച്ചത് ക്രി.പി. 176-ൽ ആണെന്നൂഹിക്കാം. ചെങ്കുട്ടുവൻ ഭരിക്കാൻ തുടങ്ങിയിട്ട് 50 കൊല്ലം കഴിഞ്ഞതിനുശേഷമാണാസംഭവമുണ്ടായത്. അതുകൊണ്ട് ചെങ്കുട്ടുവന്റെ സിംഹാസനാരോഹണം ക്രി.പി 125-ൽ ആയിരിക്കണം. പതിറ്റുപ്പത്തിലെ പതികങ്ങളനുസരിച്ച് ഇമയവരമ്പൻ നെടുഞ്ചേരലാതൻ, പാൽയാനൈ ചെൽകെഴു കുട്ടുവൻ, കളങ്കായ്ക്കണ്ണിനാർമുടിച്ചേരൻ എന്നീ മൂന്നു രാജാക്കൻമാർ ക്രമപ്രകാരം 58-ഉം 25-ഉം 25-ഉം വർഷങ്ങൾവീതം ഭരണം നടത്തിയിട്ടുണ്ട്. ഈ കണക്കുകളിൽ നിന്ന് ഇമയവരമ്പൻ നെടുഞ്ചേരലാതന്റെ ഭരണം ക്രി.പി. 17-ൽ ആരംഭിച്ചുവെന്നു കാണാം. ഇമയവരമ്പന്റെ മുൻഗാമി ഉതിയൻ ചേരലാതൻ എത്രകൊല്ലം ഭരിച്ചുവെന്ന് പതികങ്ങളിൽനിന്നു മനസിലാക്കാനാവില്ല. എങ്കിലും അദ്ദേഹം 25 കൊല്ലം ഭരിച്ചിട്ടുണ്ടാവണമെന്ന് ശേഷയ്യർ ഊഹിക്കുന്നു. അങ്ങനെയാണെങ്കിൽ ഉതിയൻ ചേരലാതന്റെ ഭരണം ക്രി.മു. 8-ൽ ആരംഭിച്ചു എന്നു കണക്കാക്കാം. പക്ഷേ, ഈ കണക്കുകൾ സ്വീകരിച്ചാൽ ചില ചോദ്യങ്ങൾക്കു മറുപടി പറയേണ്ടിവരുമെന്ന് ശേഷയ്യർക്കറിയാം. ഉദാഹരണത്തിന്, ഇമയവരമ്പൻ 58 വർഷം ഭരിച്ചുവെങ്കിൽ അദ്ദേഹത്തിന്റെ സഹോദരൻ പൽയാനൈ ചെൽകെഴുകുട്ടുവൻ തന്റെ 60-ാമത്തെ വയസിനുശേഷമേ രാജാവായുള്ളു എന്നു കരുതേണ്ടിവരില്ലേ? അതു സാരമില്ല. വാർദ്ധക്യകാലത്ത് സിംഹാസത്തിലേറിയ പല രാജാക്കൻമാരേയും ചരിത്രത്തിൽ കാണാം. പക്ഷേ, മറ്റൊരു ചോദ്യം കൂടുതൽ വിഷമം പിടിച്ചതാണ്. ചെങ്കുട്ടുവൻ ഇമയവരമ്പന്റെ പുത്രനാണെങ്കിൽ അദ്ദേഹം രാജാവായത് 50 വയസു കഴിഞ്ഞതിനുശേഷമാവണം. 55 വർഷം ഭരിക്കുകയും ചെയ്തു. ഇതിന്റെ അർത്ഥം ചെങ്കുട്ടുവരാജാവ് ചുരുങ്ങിയത് 105 വയസുവരെ ജീവിച്ചിരുന്നുവെന്നാണ്. ഈ വിഷമം തീർക്കാൻ ശേഷയ്യർ ഒരു യുക്തി കണ്ടുപിടിക്കുന്നു. ചെങ്കുട്ടുവൻ ഇമയവരമ്പന്റെ മകനല്ല. മകന്റെ മകനാണ്! എന്നാൽ ഇതുകൊണ്ടും കുഴപ്പം തീരുന്നില്ല. അഞ്ചു രാജാക്കൻമാർ ചെങ്കുട്ടുവനുശേഷവും വഞ്ചി തലസ്ഥാനമാക്കി വാണിട്ടുണ്ട്. അവർ എത്ര വർഷംവീതം ഭരിച്ചുവെന്നു കണക്കാക്കാൻ പതികങ്ങൾപോലും സഹായിക്കുന്നില്ല. ആ അഞ്ചു രാജാക്കന്മാർ അഞ്ചു തലമുറയിൽ പെട്ടവരായിരിക്കണമെന്നനുമാനിച്ചുകൊണ്ട് ശേഷയ്യർ പ്രശ്നം പരിഹരിക്കുന്നു. വഞ്ചി തലസ്ഥാനമാക്കി വാണ ചേരരാജാക്കൻമാരുടെ വാഴ്ച ക്രി.മു. 8-ൽ ആരംഭിക്കുകയും ക്രി.പി. 3-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു.
മറ്റു രാജാക്കൻമാരുടെ സ്ഥിതിയോ? ഒട്ടാകെ ഇരുപത്തഞ്ചോളം ചേരരാജാക്കൻമാരെപ്പറ്റി സംഘം കൃതികളിൽ പരാമർശിക്കുന്നുണ്ട്. അവരിൽ പലരുടേയും തലസ്ഥാനം വഞ്ചിയായിരുന്നില്ല. ചില രാജാക്കൻമാർ തൊണ്ടിയിലും മറ്റുചില രാജാക്കൻമാർ കരുവൂരിലുമാണ് വാണിരുന്നത് എന്ന് സംഘംപാട്ടുകൾ വെളിപ്പെടുത്തുന്നു. ഇതും ചരിത്രത്തിന്റെ മുമ്പിൽ ഒരു പ്രശ്നമായിത്തീർന്നിരിക്കുകയാണ്. ചേരൻമാർ രണ്ടു ശാഖകളായിട്ടാണ് ഭരണം നടത്തിയിരുന്നത് എന്നു ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു. ഒരു ശാഖയിൽ ഉതിയൻ ചേരലാതന്റെ പിൻഗാമികളും മറ്റേ ശാഖയിൽ കരുവൂർ ഏറിയ ഒളവാൽകോ പെരുഞ്ചേരൽ ഇരുമ്പൊറൈയുടെ വംശക്കാരുമാണത്രേ ഉൾപ്പെടുന്നത്. ആദ്യത്തെശാഖയുടെ തലസ്ഥാനം വഞ്ചിയാണ്. രണ്ടാമത്തെ ശാഖയുടെ തലസ്ഥാനം തൊണ്ടിയായിരുന്നു എന്നു ചിലരും കരുവൂരായിരുന്നു എന്ന് മറ്റുചിലരും ഊഹിക്കുന്നു. അന്തുവഞ്ചേരൽ ഇരുമ്പൊറൈ, ആടുകോട്പാട്ടു ചേരലാതൻ, ചെൽവക്കടുങ്കോവാഴിയതെൻ, ചെരുമ്മേരൽ ഇരുമ്പൊറൈ, ഇളഞ്ചേരൽ ഇരുമ്പൊറൈ, ആതൻ അവിനി യാനൈക്കൺ ചെയ്മാന്തരം ചേരൽ ഇരുമ്പൊറൈ, കോക്കോടൈ മാർപ്പൻ, കണൈക്കാൽ ഇരുമ്പൊറൈ മുതലായവരാണ് ഇരുമ്പൊറൈ വംശത്തിൽപ്പെട്ട രാജാക്കൻമാർ എന്നു കരുതപ്പെടുന്നു. ശേഷയ്യർ ഈ രാജാക്കൻമാരുടെ ഭരണകാലങ്ങളേയും കണക്കുകൂട്ടി തിട്ടപ്പെടുത്തിയിട്ടുണ്ട്. കരുവൂർ ഏറിയ പെരുഞ്ചേരൽ ഇരുമ്പൊറൈ ക്രി.പി. 90 മുതൽ 100വരേയും അവസാനത്തെ രാജാവായ കണൈക്കാൽ ഇരുമ്പൊറൈ ക്രി.പി. 286മുതൽ 306വരേയും ഭരണംനടത്തി എന്നാണദ്ദേഹം പറയുന്നത്. [4]
ആദിചേരരാജാക്കൻമാരുടെ ഒരു വംശാവലി തയ്യാറാക്കുവാൻ ഇളംകുളം കുഞ്ഞൻപിള്ളയും പരിശ്രമിച്ചിട്ടുണ്ട്. [5] അദ്ദേഹവും തന്റെ ഗവേഷണങ്ങൾക്ക് പ്രധാനമായും പതികങ്ങളെത്തന്നെയാണ് ആശ്രയിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സംഘകൃതികൾ രചിക്കപ്പെട്ടത് ക്രിസ്തുവിനു ശേഷം അഞ്ചും ആറും നൂറ്റാണ്ടുകളാണ്. ഒന്നാമത്തെ ചേരരാജാവായ ഉതിയൻ ചേരലാതൻ അഞ്ചാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് എന്നും അദ്ദേഹം വാദിക്കുന്നുണ്ട്. ഈ അടിസ്ഥാനത്തിൽ നോക്കിയാൽ രണ്ടു ശാഖകളിലും കൂടിയുള്ള മുപ്പതോളും രാജാക്കൻമാരുടെ ഭരണം അവസാനിച്ചത് എന്തായാലും ക്രി.പി. 8-ാം നൂറ്റാണ്ടിനു മുമ്പാവാൻ നിവർത്തിയില്ലല്ലോ. എന്നാൽ ആദ്യകാല സംഘകൃതികൾ ഏഴാം നൂറ്റാണ്ടിനുശേഷമുണ്ടായവയാണെന്ന് ഇളംകുളത്തിനുതന്നെയും അഭിപ്രായമില്ല. മാത്രമല്ല, ആദിചേരൻമാർ ക്രി.പി. എട്ടാം നൂറ്റാണ്ടുവരെയോ ഒൻപതാം നൂറ്റാണ്ടുവരെയോ രാജ്യം ഭരിച്ചു എങ്കിൽ കുലശേഖര ആഴ്വാരുടേയും മറ്റും വാഴ്ചക്കാലം ഒമ്പതാംനൂറ്റാണ്ടിനുശേഷമാണ് എന്നു സമ്മതിക്കേണ്ടിവരും. ഇത്തരത്തിലുള്ള വൈഷമ്യങ്ങൾ നേരിട്ടതുകൊണ്ടായിരിക്കുമോ എന്നറിഞ്ഞുകൂടാ, ചേരരാജാക്കൻമാരുടെ വംശപ്പട്ടിക തയ്യാറാക്കാനല്ലാതെ അവരിൽ ഓരോ രാജാവും ഏതു കൊല്ലം മുതൽ ഏതുകൊല്ലം വരെ ഭരണം നടത്തിയെന്നു പരിശോധിക്കാൻ അദ്ദേഹം ഒരുങ്ങുന്നില്ല. സംഘംകൃതികളുടെ കാലം നിർണ്ണയിക്കുന്നതിൽ പറ്റിയ തെറ്റിന്റെ ഫലമാണിതെന്ന് എനിക്ക് തോന്നുന്നു.
ചേരരാജാക്കൻമാർ ശാഖകളായിപ്പിരിഞ്ഞ് വ്യത്യസ്ത സ്ഥലങ്ങളിലിരുന്നു ഭരണംനടത്തിയതെന്തിന് എന്നതിനെസംബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ശേഷയ്യരുടെ അഭിപ്രായത്തെ ഏതാണ്ടിങ്ങനെ സംഗ്രഹിക്കാം: ഒന്നാമത്തെ രാജാവായ ഉതിയൻ ചേരലാതന്റെ കാലത്ത് ആവിർഭവിച്ചു വികസിക്കാൻ തുടങ്ങിയ ചേരരാജ്യം അദ്ദേഹത്തിന്റെ പുത്രന്മാരായ ഇമയവരമ്പന്റെയും പൽയാനൈ ചെൽകെഴുകുട്ടുവന്റേയും കാലത്ത് കൂടുതൽ വിസ്തൃതമായിത്തീർന്നു. ചെൽകെഴുകുട്ടുവന്റെ കാലത്താണ് നന്നൻമാരുടെ കീഴിലായിരുന്ന പൂഴിനാട് അല്ലെങ്കിൽ കൊങ്കാനം എന്ന പ്രദേശവും കൊങ്ങുനാടും ചേരനാടിനോടു കൂട്ടിച്ചേർക്കപ്പെട്ടത്. കൊങ്ങുനാടിന്റെ ചുറ്റുപാടും യുദ്ധപ്രിയരായ അനേകം ഗോത്രത്തലവൻമാരുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തന്റെ സ്ഥാനമുറപ്പിക്കുന്നതിനുവേണ്ടി വടക്കൻ പ്രദേശങ്ങളിൽ ഒരു വൈസറോയിയെ നിയമിക്കുന്നതാവശ്യമാണെന്ന് ബുദ്ധിമാനായ ചെൽകെഴുകുട്ടുവൻ മനസിലാക്കി. അങ്ങനെ അദ്ദേഹം വടക്കൻ പ്രദേശങ്ങളുടെ ഒന്നാമത്തെ വൈസ്രോയിയായി ചേരമാൻ കരുവൂർ ഏറിയ ഒൾവാൾകോ പെരുഞ്ചേരൽ ഇരുമ്പൊറൈ എന്നൊരാളെ നിയമിച്ചു. ഈ പെരുഞ്ചേരൽ ഇരുമ്പൊറൈ ആണ് പതിറ്റുപ്പത്തിലെ 7-ാംപത്തിന്റെ പതികത്തിൽ പരാമർശിക്കപ്പെടുന്ന ചേരമാൻ അന്തുവൻ ചേരൽ ഇരുമ്പൊറൈ. [6]
ഇതിൽനിന്നും വ്യത്യസ്തമായ ഒരഭിപ്രായമാണ് ‘നീലകണ്ഠശാസ്ത്രിക്കുള്ളത്: ചേരസാമ്രാജ്യം ഒരു തരം കൂട്ടുകുടുംബ സ്വത്തായിരുന്നിരിക്കണം-കൗടില്യൻ കുലസംഘം എന്നാണതിനു പേരിട്ടിട്ടുള്ളത്. കുടുംബത്തിലെ പ്രായപൂർത്തിയെത്തിയ എല്ലാ പുരുഷൻമാർക്കും അവകാശങ്ങളും താത്പര്യങ്ങളുമുണ്ടായിരുന്ന പൊതുസ്വത്തായിരുന്നിരിക്കണം അത്. ഇത്തരത്തിലുള്ള ഗോത്രഭരണം ഈ കാലഘട്ടത്തിലെ ചോഴപാണ്ഡ്യരാജ്യങ്ങളിലും നിലനിന്നിട്ടുണ്ടായിരിക്കണം. [7]
ചേരരാജാക്കൻമാർ ശാഖകളായി പിരിഞ്ഞ് ഭരണംനടത്തിയത് ‘കൂറ്റുവാഴ്ചസമ്പ്രദായം’ അനുസരിച്ചായിരുന്നു എന്നാണ് ഇളംകുളത്തിന്റെ അഭിപ്രായം: ‘കൂറ്റുവാഴ്ചസമ്പ്രദായം ചേരചോളപാണ്ഡ്യൻമാരുടെ ഇടയിൽ സാധാരണമായിരുന്നു. രജേന്ദ്രൻ തന്റെ വിസ്തൃതമായ സാമ്രാജ്യത്തിൽ അവിടവിടെ പുത്രൻമാരെ വാഴിച്ചിരുന്നല്ലോ. എന്നാൽ ചേരൻമാരുടെയിടയിലാണ് കൂറ്റുവാഴ്ച സർവസാധാരണമായിരുന്നത്. കൂറ്റുവാഴ്ക്കൈ എന്ന പദത്തിന് പ്രചാരവും ഇവിടെയായിരുന്നു… ഈ കൂറ്റുവാഴ്ക്കൈ സമ്പ്രദായം ഗ്രഹിക്കാഞ്ഞതാണ് തൊണ്ടിയിലും വഞ്ചിയിലും കരുവൂരും മറ്റും വാണിരുന്നവർ പ്രത്യേക ശാഖകളിൽപ്പെട്ട സ്വതന്ത്രരാജാക്കൻമാരെന്ന് ചില ചരിത്രകാരൻമാരെ ഭ്രമിപ്പിച്ചത്. വാനവരമ്പൻമാരും പൊറൈയൻമാരും രണ്ടു ശാഖകളായിരുന്നു എന്നതു വാസ്തവംതന്നെ. എന്നാൽ, എല്ലാ ശാഖകളിലും വെച്ചു പ്രായം കൂടിയ ആളാണ് മൂപ്പേറ്റിരുന്നത്. അതിനു മുതുകൂർവാഴ്കൈ എന്നു പറയും. മറ്റുള്ളവർ ഇളംകൂറുകാരായി അവിടവിടെ വാണിരുന്നു. നാർമുടിച്ചേരലിനെയും വേൽകെഴുക്കുട്ടുവനേയും മറ്റും ചെൽവക്കടുംകോവിനും പെരുഞ്ചേരലിനും തുല്യം ഇളംചേരലിന്റെ പൂർവികൻമാരാക്കി പെരുങ്കുന്റൂർകിഴാർ പരാമർശിച്ചിട്ടുള്ളത് കൂറ്റുവാഴ്ചപ്രകാരമാണ്’. [8]
എന്നാൽ, വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്ക്കരിക്കപ്പെട്ട ഇത്തരം സിദ്ധാന്തങ്ങൾക്ക് ചരിത്രത്തിന്റേതായ തെളിവുകളൊന്നുമില്ലെന്നു പറയേണ്ടിയിരിക്കുന്നു. ചെൽകെഴുകുട്ടുവൻ പെരുഞ്ചേരൻ ഇരുമ്പൊറൈയെ തന്റെ വൈസ്രോയിയായി നിയമിച്ചുവെന്നോ വാനവരമ്പൻമാരും ഇരുമ്പൊറൈയൻമാരും കൂറ്റുവാഴ്ചക്കാരായിരുന്നുവെന്നോ സംഘംകൃതികളിലെവിടേയും പ്രസ്താവിക്കുന്നില്ല. ശേഷയ്യർതന്നെ സമ്മതിക്കുന്നതുപോലെ, ഒൾവാൾകോ പെരുഞ്ചേരൽ ഇരുമ്പൊറൈയെപ്പറ്റിയുള്ള ഒരൊറ്റ പാട്ടുമാത്രമേ കണ്ടുകിട്ടിയുള്ളു. പുറനാനൂറിലുള്ള ആ പാട്ടിലാകട്ടെ, കാട്ടുപ്രദേശങ്ങളിലെ യുദ്ധങ്ങൾ മതിയാക്കി, സ്നേഹമോ ദയയോ ഇല്ലാത്തവരിൽനിന്ന് പിന്തിരിഞ്ഞ്, മാതാപിതാക്കൻമാർ, കുട്ടികളെ പോറ്റുന്നതുപോലെ സ്വന്തം രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കണമെന്ന ഒരഭ്യർത്ഥനമാത്രമേ അടങ്ങിയിട്ടുള്ളുതാനും [9] പുറംപാട്ടിലെ പതികത്തിലല്ലാതെ മറ്റെവിടെയും ഈ രാജാവിനെപ്പറ്റിയുള്ള യാതൊരു സൂചനയുമില്ല. ഈ സ്ഥിതിയിൽ അദ്ദേഹം കരൂരിലെ ചേരവൈസ്രോയിയായിരുന്നു എന്ന് ഉറപ്പിച്ചുപറയുന്നതെങ്ങനെയാണ്? മറ്റൊരുചോദ്യംകൂടി ഉയർന്നുവരുന്നുണ്ട്, കരൂരിൽ വാണ രാജാക്കൻമാർക്ക് പ്രത്യേകം പിന്തുടർച്ചാവകാശങ്ങളുണ്ടായിരുന്നവെന്നാണല്ലോ പറയുന്നത്. വൈസ്രോയിമാർ എവിടെയെങ്കിലും അവരുടെ പിന്തുടർച്ചാവകാശമനുസരിച്ച് നിയമിക്കപ്പെടാറുണ്ടോ? തൊണ്ടിയിലും കരുവൂരിലും വഞ്ചിയിലും മറ്റും വാണിരുന്നവർ സ്വതന്ത്ര രാജാക്കന്മാരായിരുന്നില്ലെന്നും എല്ലാ ശാഖകളിലും വെച്ച് പ്രായം കൂടിയ ആളാണ് മൂപ്പേറ്റിരുന്നത് എന്നും മറ്റുള്ളവർ ഇളംകൂറുകാരായി വാണു എന്നും മറ്റുമുള്ള ഇളംകുളത്തിന്റെ അഭിപ്രായങ്ങൾക്കും പറയത്തക്ക തെളിവൊന്നുമില്ല. ചേരരാജാക്കൻമാരെ മുതുകൂറുവാണവരെന്നും ഇളംകൂറുവാണവരെന്നും രണ്ടായി തരംതിരിയ്ക്കണമെങ്കിൽ ചേരകുടുംബത്തിന്റെ ഓരോ തലമുറയിലേയും ഏറ്റവും പ്രായംകൂടിയ ആൾ ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവും പുത്രൻമാരും, അല്ലെങ്കിൽ അമ്മാമനും അനുജൻമാരും മരുമക്കളും, ആരെല്ലാമായിരുന്നുവെന്നും സ്ഥാപിക്കാൻ കഴിയണം. പക്ഷേ, കിട്ടിയേടത്തോളമുള്ള പാട്ടുകളുടേയോ അവയുടെ പതികങ്ങളുടേയോ സഹായത്തോടുകൂടി എല്ലാ രാജാക്കൻമാരുടേയുമില്ലെങ്കിൽ ഭൂരിപക്ഷം രാജാക്കൻമാരുടെയെങ്കിലും കുടുംബബന്ധങ്ങളെ കൃത്യമായി നിർണ്ണയിക്കുക സാധ്യമല്ല.
മാത്രമല്ല, സംഘംകൃതികളിലെ ഒരൊറ്റ ചേരരാജാവുപോലും വൈസ്രോയി എന്ന നിലയ്ക്കോ ഇളംകൂറുകാരൻ എന്ന നിലയ്ക്കോ വാഴ്ത്തപ്പെടുന്നില്ല. എല്ലാവരേയും സ്വതന്ത്രരാജാക്കൻമാരായിട്ടാണ് കവികൾ വർണ്ണിക്കുന്നത്. ഉദാഹരണത്തിന്, പൂറനാനൂറിലെ ഒരു പാട്ടിൽ ചെൽവക്കടുങ്കോ വർണ്ണിക്കപ്പെട്ടിട്ടുള്ളത് സ്വതന്ത്രനും സുശക്തനുമായ ഒരു പരമാധികാരിയും രാജാക്കൻമാർക്കിടയിൽ അനുപമനുമായ ഒരു ഭരണാധികാരിയെന്ന നിലയ്ക്കാണ്. [10] പൽയാനൈച്ചെൽകെഴുകുട്ടുവനെ ഇളംകൂറുവാണവരിലൊരാളായിട്ടാണ് ഇളംകുളം കണക്കാക്കുന്നത്. [11] പക്ഷേ, പാലൈ ഗൗതമനാർ എന്ന കവി പ്രസ്തുത രാജാവിനെ അഭിസംബോധന ചെയ്യുന്നത്. ‘പൂഴിനാട്ടിനുനാഥനായുള്ളോനേ!’, ‘മഴവർക്കു കവചമായുള്ളോനേ!’, ‘അയിരമലയ്ക്കു നാഥാ!’, ‘വീരമറവർക്കു നാഥനായ ചേരനാഥാ!’, ‘കൊങ്ങുനാടു കീഴടക്കി സ്വന്തം രാജ്യത്തോടു കൂട്ടിചേർത്തവനെ!’ [12] എന്നും മറ്റുമാണ്. ഒരിളംകൂറുകാരനെന്ന നിലയ്ക്ക് സംഘംകൃതികളിൽ വിവരിക്കപ്പെട്ടിട്ടുള്ള ചില സംഭവങ്ങൾ പരിശോധിച്ചാലും രാജാവു-വൈസ്രോയി ബന്ധമോ, മുതുകൂറ്-ഇളംകൂറ് ബന്ധമോ നിലവിലുണ്ടായിരുന്നില്ലെന്നു സമ്മതിക്കേണ്ടിവരും. ഒരുദാഹരണമെടുക്കാം. ശേഷയ്യരുടെ അഭിപ്രായമനുസരിച്ച് വാനവരമ്പൻ ശാഖയിലെ വഞ്ചനും ഇരുമ്പൊറൈശാഖയിലെ കണൈക്കാൽ ഇരുമ്പൊറൈയും സമകാലീനരായിരുന്നു. വഞ്ചൻ ക്രി.പി. 280 മുതൽ 305 വരേയും ഇരുമ്പൊറൈ ക്രി.പി. 286 മുതൽ 306 വരേയും ഭരണം നടത്തി. നാടുവാഴുന്നതിന്നിടയിൽ കണൈക്കാൽ ഇരുമ്പൊറൈയ്ക്ക് ഒരപകടം നേരിട്ടു. കഴുമലം എന്ന സ്ഥലത്തിനടുത്തുവച്ച് ചോഴരാജാവായ ചെങ്കണാന്നെതിരായി നടത്തിയ ഒരു യുദ്ധത്തിൽ അദ്ദേഹം തോൽപ്പിക്കപ്പെടുകയും കുടവായിൽക്കോട്ടയിലെ തടവിലടയ്ക്കപ്പെടുകയും ചെയ്തു. കാരാഗ്രഹത്തിൽ കഴിച്ചുകൂട്ടിയിരുന്ന കാലത്ത് ഒരു ദിവസം ദാഹമുണ്ടായി എന്നും ചോദിച്ച ഉടനെ വെള്ളം കിട്ടിയില്ലെന്നും അതിൽ പ്രതിഷേധിച്ച് നിരാഹാരസമരം തുടങ്ങിയെന്നും പറയപ്പെടുന്നു. ഇത്രയൊക്കെയായിട്ടും വാനവരമ്പൻശാഖയിലെ വഞ്ചന് ഒരു കുലുക്കവുമുണ്ടായതായി കാണുന്നില്ല. പൊയ്കൈയാർ എന്ന കവി ഇടപെട്ടിട്ടാണത്രേ അദ്ദേഹത്തെ മോചിപ്പിച്ചത്! ഇതിൽ അസ്വഭാവികമായിട്ടൊന്നുമില്ലതാനും. ഒന്നാമത് വഞ്ചനും ഇരുമ്പൊറൈയും സമകാലീനരായിരുന്നുവെന്നതിന് തെളിവുകളില്ല. അവർ സമകാലീനരായിരുന്നുവെന്ന് തെളിഞ്ഞാൽതന്നെ വഞ്ചൻ ഇരുമ്പൊറൈയുടെ വൈസ്രോയിയോ മുതുകൂറുകാരനോ ആയിരുന്നുവെന്നു വരുന്നില്ല. വിസ്തൃതമായ ഒരു ചേരസാമ്രാജ്യത്തിന്റെ അധിപനായിട്ടല്ല, വയനാട്, നീലഗിരി മലം പ്രദേശങ്ങളിൽ വാണിരുന്ന ഒരു ചെറിയ രാജാവായിട്ടാണ് വഞ്ചൻ വർണ്ണിക്കപ്പെടുന്നത്. ഇതിന്റെ അർത്ഥം മറ്റു പ്രദേശങ്ങളിൽ വേറെ ഏതെങ്കിലും രാജാക്കൻമാർ ഉണ്ടായിരുന്നിരിക്കണമെന്നാണ്.
ചുരുക്കിപ്പറഞ്ഞാൽ, ആദിചേരരാജാക്കന്മാർ, രാജാക്കൻമാരും വൈസ്രോയിമാരും എന്ന നിലയ്ക്കോ മുതുകൂറുകാരും ഇളംകൂറുകാരും എന്ന നിലയ്ക്കോ ഒരേ കൂട്ടുകുടുംബസ്വത്തിന്റെ തുല്യാവകാശികളെന്ന നിലയ്ക്കോ ആണ് നാടുവാണിരുന്നത് എന്നതിന് പതിറ്റുപ്പത്ത്, പുറനാനൂറ് മുതലായ സംഘംകൃതികളിൽ യാതൊരു സൂചനയുമില്ല. നേരെമറിച്ച്, അവർ സ്വതന്ത്രരാജാക്കൻമാരായിട്ടാണ് ഭരണം നടത്തിപ്പോന്നത് എന്നതിനു ധാരാളം തെളിവുകളുണ്ടുതാനും. ഒരു പക്ഷേ, അവരെല്ലാവരും ഒരേ ചേരകുലത്തിലെ വ്യത്യസ്ത ഗോത്രത്തലവൻമാരായിരിക്കാം. ആദ്യകാലത്ത് വ്യത്യസ്തഗോത്രത്തലവൻമാർ വ്യത്യസ്ത പ്രദേശങ്ങൾ കീഴടക്കി രാജാക്കൻമാരായി ഭരണം നടത്തിയിട്ടുണ്ടാവാം. ചേരസാമ്രാജ്യത്തിന്റെ ശക്തിയും വ്യാപ്തിയും വർദ്ധിച്ചകാലത്ത് അവരുടെ കീഴിലുള്ള പ്രദേശങ്ങളെല്ലാം ഒന്നിച്ചു കൂട്ടിച്ചേർക്കപ്പെടുകയും ചേരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കാൻ തുടങ്ങിയപ്പോൾ അവർ വീണ്ടും സ്വതന്ത്രരായിത്തീരുകയും ചെയ്തിട്ടുണ്ടാവാം. ഏതായാലും ഈ പ്രശ്നത്തെ സംബന്ധിച്ച് ഖണ്ഡിതമായ ഒരഭിപ്രായം പറയണമെങ്കിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.
സംഘം കൃതികളിലെ ചില രാജാക്കൻമാർ വിസ്തൃതമായ ഭൂപ്രദേശങ്ങളുടെ അധിപരും അന്യനാടുകളെ യുദ്ധം ചെയ്തു കീഴടക്കി സ്വന്തം രാജ്യത്തോടു കൂട്ടിച്ചേർത്ത പ്രതാപശാലികളുമാണ്. നേരെമറിച്ച്, മറ്റുചില രാജാക്കൻമാർ താരതമ്യേന ചെറിയ പ്രദേശങ്ങളിൽ ഒതുങ്ങിവാണിരുന്നതായി കാണുന്നു. ഉദാഹരണത്തിന്, ഉതിയൻ ചേരലാതൻ പൂർവപശ്ചിമ സമുദ്രങ്ങൾക്കിടയിലുള്ള മുഴുവൻ പ്രദേശങ്ങളും അടക്കിവാണിരുന്നതായി പ്രസ്താവിക്കപ്പെടുന്നു. അതേസമയത്ത്, ചെൽവക്കടുങ്കോ ചെറിയൊരു രാജ്യത്തിന്റെ അധിപതിമാത്രമായിരുന്നു. ഉതിയൻ ചേരലാതൻ, ഇമയവരമ്പൻ നെടുഞ്ചേരലാതൻ, പൽയാനൈ ചെൽകെഴുകുട്ടുവൻ, നാർമുടിച്ചേരൽ, ചെങ്കുട്ടുവൻ മുതലായ രാജാക്കൻമാരുടെ കാലത്താണ് ചേരസാമ്രാജ്യം കൂടുതൽ വിശാലവും സുശക്തവുമായിത്തീർന്നത് എന്നു സംഘംപാട്ടുകളിൽനിന്നു മനസ്സിലാക്കാം. ഉദാഹരണത്തിന്, കുമട്ടൂർ കണ്ണനാർ എന്ന കവി ഇമയവരമ്പൻ നെടുംചേരലാതനെ സ്തുതിച്ചുകൊണ്ടെഴുതിയ ഒരു പാട്ടിൽ, ‘ചമരിമൃഗങ്ങളുടേയും ആര്യവർഗക്കാരുടേയും ആവാസസ്ഥാനമായ ഹിമവൽപർവ്വതത്തിനും ദക്ഷിണദിക്കിന്റെ കണ്ണായ കന്യാകുമാരിക്കും ഇടയ്ക്കു കിടക്കുന്ന നാടുകൾ വാണരുളുന്ന എല്ലാ രാജാക്കൻമാരേയും തോൽപ്പിച്ച് അവരുടെ നാടുകൾ സ്വാധീനപ്പെടുത്തി അങ്ങ് മാറിൽ വിജയമാലയണിഞ്ഞ്, നെറ്റിപ്പട്ടം കെട്ടിയ കൊമ്പനാനപ്പുറത്തുള്ള കനകാസനത്തിൽ കയറിയിരുന്നു സകലജനങ്ങളും പുകഴുമാറ് എഴുന്നരുളുന്ന കാഴ്ചകണ്ട് ഞങ്ങൾ ആനന്ദത്തിലാണ്ടുപോയി’ [13] എന്നു പറയുന്നു. മറ്റൊരു പാട്ടിൽ, ‘വിസ്താരമേറിയ കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപിൽ പ്രവേശിച്ച്, അവിടെ വസിക്കുന്ന ശത്രുക്കളെ യുദ്ധത്തിൽ ജയിച്ചു കീഴടക്കി, അവരുടെ കടമ്പുമരങ്ങളെ വെട്ടിമുറിച്ചിട്ട കോപമൂർത്തിയും ബലിഷ്ഠനുമായ നെടുഞ്ചേരലാതൻതന്നെയാണ് ഞങ്ങളുടെ രാജാവ് [14] എന്നു പറയുന്നു. കുമട്ടൂർ കണ്ണനാർക്കു പുറമേ പാണർ, മാമൂലനാർ എന്നീ കവികളും ഈ രാജാവിനെപ്പറ്റിയുള്ള സ്തുതിഗീതങ്ങളെഴുതിയിട്ടുണ്ട്. സ്വാഭാവികമായും അവയിൽ ധാരാളം അതിശയോക്തികൾ കാണാം. എങ്കിലും നെടുഞ്ചേരലാതന്റെ കാലത്ത് ഏറെക്കുറെ വിസ്തൃതമായ ഒരു ചേരസാമ്രാജ്യമാണ് നിലനിന്നിരുന്നത് എന്നും കരയിലെന്നപോലെ കടലിലും അദ്ദേഹത്തിന്റെ സ്വാധീനശക്തി വ്യാപിച്ചിരുന്നുവെന്നും കരുതാവുന്നതാണ്. ഗൗതമനാർ രചിച്ച പാട്ടുകളിൽ പൂഴിയർ, മഴവർ, കൊങ്ങർ, മറവർ മുതലായവരുടെ നാഥനായ പൽയാനെ ചെൽകെഴുകുട്ടുവനെ വാഴ്ത്തിയിരിക്കുന്നു. [15] പൂഴിയരെ കീഴടക്കിവെച്ചിരുന്ന നന്നന്നെതിരായി നടത്തിയ യുദ്ധത്തിൽ വിജയംവരിച്ച നാർമുടിച്ചേരലാതന്റെ അപദാനങ്ങളെ കാപ്പിയാറ്റുകാപ്പിയനാർ എന്ന കവി കീർത്തിക്കുന്നു. ‘പോരിനടുത്ത രാജാക്കളോടും അവരുടെ പടയോടും ഏറ്റുമുട്ടി, ചീറുന്ന കോപത്തോടെ വളരെനേരംനിന്നു പൊരുതുകയും ഒടുവിൽ അവരെ നിശേഷം തോൽപ്പിച്ച് പോർക്കളത്തിൽ നിന്ന് ആട്ടിപ്പായിക്കുകയും’, ‘നന്നൻ എന്ന പകമന്നന്റെ കാവൽമരമായ പൊൽപ്പൂവാകയെ ചുവടോടെ വെട്ടിമുറിച്ചിടുകയും’ ചെയ്ത ‘നാർമുടിച്ചേരലാതന്റെ വീര്യപരാക്രമങ്ങൾ വർണ്ണിച്ചാൽ അവസാനിക്കുന്നതല്ല’ എന്നാണ് കാപ്പിയനാർ പറയുന്നത്. [16]
എട്ടാംപത്തിന്റെ കവിയായ അരിചിൽ കിഴാർ പെരുഞ്ചേരൽ ഇരുമ്പൊറൈ എന്ന രാജാവിനെ, ‘പുകാർ എന്ന പുരിക്ക് അരച, പൂഴിനാടുകൾക്ക് കവചമായി നിലകൊണ്ടു രക്ഷയരുളുന്നവനേ, കൊല്ലിമലയ്ക്കു നാഥാ!’ എന്നെല്ലാം അഭിസംബോധനചെയ്യുന്നുണ്ട്. തകടൂർ ആക്രമിച്ചു കീഴടക്കിയതുകൊണ്ട് ഈ രാജാവ് ‘തകടൂർ എറിന്ത പേരുംചേരൽ ഇരുമ്പൊറൈ എന്ന പേരിലറിയപ്പെടുന്നു. എന്നാൽ, ഏറ്റവുമധികം പ്രശസ്തിയാർജ്ജിച്ച രാജാവ് ചേരൻ ചെങ്കുട്ടുവനാണ്. പതിറ്റുപ്പത്തിലെ അഞ്ചാംപാട്ടിൽ പരണർ എന്ന കവി അദ്ദേഹത്തിന്റെ ഗുണഗണങ്ങളെ വാഴ്ത്തിപ്പാടിയിരിക്കുന്നു. ചിലപ്പതികാരകാവ്യത്തിലെ കഥാനായകനും അദ്ദേഹമാണ്. പരണരുടെ അതിശയോക്തി നിറഞ്ഞ ഒരു പാട്ടിൽ, ‘അത്ര വളരെ പിടിയാനകൾ കുടികൊള്ളുന്നതും ദേവതകളും മുനിമാരും വസിക്കുന്ന ഉയർന്ന പാറക്കൂട്ടങ്ങളോടുകൂടിയതും നെടുനീളത്തിൽക്കിടന്നു വിളങ്ങുന്നതുമായ ഹിമവാൻ വടക്കും കന്യാകുമാരി തെക്കും അതിരായിട്ടുള്ള വിശാലമായ നാടുകളിലെ അരചൻമാർ മുരശുമുഴക്കി പൊരുതുന്ന പോർക്കളത്തിൽ പാഞ്ഞുകയറി പടയാളികളെ തോൽപ്പിച്ചശേഷം നീണാളായി നിലനിന്നുപോന്ന അവരുടെ നാടുകളുടെ അഴകിനെ അഴിച്ച് അലംകോലമാക്കിയ രണോൽസുകരായ പടയാളികളുടെ നാഥനും സ്വർണ്ണമാലയണിഞ്ഞു ശോഭിക്കുന്നവനുമായ കുട്ടു’വന്റെ വീരപരാക്രമങ്ങളേയും അനുപമമായ ദാനശീലത്തേയും വർണ്ണിച്ചിരിയ്ക്കുന്നു. [17] പല യുദ്ധങ്ങളിലും അദ്ദേഹം വിജയം നേടുകയുണ്ടായി. മോകൂർമന്നനായ പഴയനേയും ചോഴ പാണ്ട്യൻമാരുടെ പിന്തുണയുണ്ടായിരുന്ന നന്നനേയും അദ്ദേഹം തോൽപിച്ചു. ചെങ്കുട്ടുവന്റെ കാലത്ത് ചോഴരാജ്യത്തിൽ ഒരു പിന്തുടർച്ചാവകാശത്തർക്കമുണ്ടായതായും സിംഹാസത്തിനുവേണ്ടി പത്തുപേർ തമ്മിലുണ്ടായ തർക്കം ഒരു ലഹളയിലവസാനിച്ചതായും ചെങ്കുട്ടുവൻ ഇടപെട്ട് ഒമ്പതുപേരെ കൊന്ന് സിംഹാസനം ശരിയായ അവകാശിയ്ക്കേൽപ്പിച്ചു കൊണ്ടു ലഹള അവസാനിപ്പിച്ചതായും സംഘംപാട്ടുകൾ വെളിപ്പെടുത്തുന്നു. ചെങ്കുട്ടുവന്റെ കടൽ വിജയങ്ങളെപ്പറ്റിയും പതിറ്റുപ്പത്ത് വർണ്ണിക്കുന്നുണ്ട്. ‘തിരകൾ ഇളകിമറിയുന്ന കടലിലെ കൊള്ളക്കാരായ ശത്രുക്കളെ’യെല്ലാം അദ്ദേഹം നശിപ്പിക്കുകയും അങ്ങനെ വിഘ്നം കൂടാതെ കടൽവ്യാപാരം നടത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ചെങ്കുട്ടുവന്റെ കാലത്ത് ആഭ്യന്തരവ്യാപാരമെന്നപോലെ വിദേശവ്യാപാരവും പുഷ്ടിപ്പെട്ടു. പൊതുവിൽ പറഞ്ഞാൽ, അഭിവൃദ്ധിയുടെ ഒരു കാലഘട്ടമായിരുന്നു അത്.
ചേരൻചെങ്കുട്ടുവന്റെ മരണത്തിനുശേഷവും രണ്ടു നൂറ്റാണ്ടുകളോളം കാലം ചേരരാജാക്കൻമാരുടെ ഭരണം തുടരുകയുണ്ടായി. പക്ഷേ, ക്രമത്തിൽ അധ:പതനവാസനകൾ പലതും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ചിലപ്പതികാരത്തിൽ ക്ഷയോൻമുഖമായ ഒരു സാമൂഹ്യസാമ്പത്തികവ്യവസ്ഥയുടെ പല പ്രതിഫലനങ്ങളും കാണാം.
1 K. G. Sesha Aiyar: Cera Kings of the Sangam Period P. 9.
2 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, പേ. 57.
3 ജി. വൈദ്യനാഥയ്യരുടെ തർജ്ജമ: പതിറ്റുപ്പത്തു്, പേ. 37.
4 K. G. Sesha Aiyar: Cera Kings of the Sangam Period P. 129.
5 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, പേ. 69.
6 K. G. Sesha Aiyar: Cera Kings of the Sangam Period P. 33–35.
7 K. A. Nilakanta Sastri: A History of South. India, P. 115.
8 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, പേ. 68–69.
9 പുറം, 5.
10 പുറം, 8.
11 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: അന്നത്തെ കേരളം, പേ. 69.
12 പതിറ്റുപ്പത്തു് III 1, 2, 4.
13 പതിറ്റുപ്പത്തു് II 1.
14 പതിറ്റുപ്പത്തു് II 10.
15 പതിറ്റുപ്പത്തു് III 1, 2, 3.
16 പതിറ്റുപ്പത്തു് IV 10.
17 പതിറ്റുപ്പത്തു് V 3.