ആര്യൻമാർ ഇന്ത്യയിൽ കുടിയേറിപ്പാർക്കാൻ തുടങ്ങിയകാലത്ത് തെക്കേ ഇന്ത്യയിൽ പ്രാകൃതരായ കാടൻമാർ മാത്രമാണ് നിവസിച്ചിരുന്നത് എന്നും ആര്യസംസ്കാരത്തിന്റെ കൈപിടിച്ചതുകൊണ്ടാണ് അവർ പരിഷ്ക്കാരത്തിന്റെ പടിവാതിൽക്കലേയ്ക്ക് കാലെടുത്തുവെച്ചത് എന്നും പണ്ഡിതൻമാരായ ചരിത്രകാരൻമാർ പോലും വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ക്രിസ്ത്വാബ്ദം 9-ാം നൂറ്റാണ്ടിനു മുമ്പ് ദക്ഷിണേന്ത്യയിൽ യാതൊരുതരം സാഹിത്യകൃതികളുമുണ്ടായിരുന്നില്ലെന്ന് ചില യൂറോപ്യൻ പണ്ഡിതൻമാർ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാൽ അടുത്തകാലത്ത് പുരാവസ്തു ഗവേഷകൻമാർ നടത്തിയ പുരാതന വസ്തു ഗവേഷണങ്ങൾ ഇത്തരം വിശ്വാസങ്ങളുടെ അടിത്തറ തകർത്തു കളഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ശിലായുഗത്തെപ്പറ്റിയും ലോഹയുഗത്തെപ്പറ്റിയും കഴിഞ്ഞ അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടല്ലോ. അവയേക്കാൾ ഒട്ടും അപ്രധാനമല്ലാത്ത മറ്റു ചില കണ്ടുപിടുത്തങ്ങളുമുണ്ടായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡോക്ടർ സ്വാമിനാഥയ്യർ, ദാമോദരൻപിള്ള തുടങ്ങിയ തമിഴ് പണ്ഡിതൻമാരുടെ പരിശ്രമഫലമായി കണ്ടുകിട്ടിയ അതിപ്രാചീനങ്ങളായ ചെന്തമിഴ് സാഹിത്യകൃതികളെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആര്യൻമാരുടേതിൽ നിന്ന് ഭിന്നവും സ്വതന്ത്രവുമായി തഴച്ചുവളരാൻ തുടങ്ങിയിരുന്ന ഒരു പ്രാചീന ദ്രാവിഡസംസ്കാരത്തിന്റെ സങ്കീർണ്ണമായ വിശദാംശങ്ങളെ ഈ കൃതികൾ നമുക്കു വെളിപ്പെടുത്തിത്തരുന്നു. ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഇരുളടഞ്ഞുകിടന്നിരുന്ന ഒരുജ്ജ്വലഘട്ടത്തെപ്പറ്റി ഒട്ടൊക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന ഈ പ്രാചീനഗ്രന്ഥങ്ങൾ പൊതുവിൽ സംഘംകൃതികൾ അല്ലെങ്കിൽ സംഘസാഹിത്യം എന്നപേരിലാണറിയപ്പെടുന്നത്.
സഹസ്രാബ്ദങ്ങൾക്കുമുമ്പ് സാഹിത്യകൃതികളെ വിലയിരുത്താനും സാഹിത്യകാരൻമാരെ പ്രോത്സാഹിപ്പിക്കാനും വേണ്ടി മധുരയെ കേന്ദ്രമാക്കിക്കൊണ്ട് പാണ്ഡിരാജാക്കൻമാരുടെ രക്ഷാധികാരിത്വത്തിൽ ഇടവിട്ടിടവിട്ട്, ഒന്നിനുശേഷം മറ്റൊന്നായി, മൂന്നു സംഘങ്ങൾ അല്ലെങ്കിൽ സാഹിത്യഅക്കാദമികൾ നിലനിന്നിരുന്നുവത്രേ. അവയെപ്പറ്റിയുള്ള ആദ്യത്തെ വിവരണം ക്രി.പി. 8-ാം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ട ‘ഇറയിനർ അകപ്പൊരുൾ’ എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിലാണ് കാണപ്പെടുന്നത്. [1a] മൂന്നു സംഘങ്ങളും കൂടി ആകെ 9950 കൊല്ലങ്ങളോളം നിലനിൽക്കുകയുണ്ടായിയെന്നും. ഈ നീണ്ട കാലത്തിനിടയിൽ 8598 കവികൾ അമൂല്യങ്ങളായ ഒട്ടനവധി ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായെന്നും ആ കവികളിൽ ചിലർ ശിവൻ, സുബ്രഹ്മണ്യൻ തുടങ്ങിയ ദൈവങ്ങളായിരുന്നുവെന്നും മറ്റുമാണൈതിഹ്യം. ഈ വിവരണമനുസരിച്ച് ക്രിസ്ത്വാബ്ദത്തിനു ചുരുങ്ങിയത് പതിനായിരം വർഷങ്ങൾക്കു മുമ്പുതന്നെ ദൈവങ്ങളും മനുഷ്യരും കൂടി സാഹിത്യഗ്രന്ഥങ്ങൾ രചിക്കാൻ തുടങ്ങിയിട്ടുണ്ടാവണം!
പ്രത്യക്ഷത്തിൽതന്നെ അവിശ്വസനീയമാർന്ന ഈ ഐതിഹ്യം ചരിത്രയാഥാർത്ഥമാവാനിടയില്ലെന്നു തീർച്ചയാണ്. ക്രിസ്ത്വാബ്ദത്തിന് 10,000 കൊല്ലങ്ങൾക്കു മുമ്പ്, ഇന്ത്യയിലെന്നല്ല, ലോകത്തിലെവിടെയും യാതൊരു സാഹിത്യവുമുണ്ടായിരുന്നില്ല. ക്രിസ്ത്വാബ്ദം 5-ാം നൂറ്റാണ്ടിന് മുമ്പ് ഇന്ത്യയിലൊരിടത്തും പുസ്തകങ്ങളെഴുതിവയ്ക്കുന്ന സമ്പ്രദായമുണ്ടായിരുന്നില്ലെന്നാണ് വിന്റർ നിറ്റ്സ് പറയുന്നത്. [2a] പ്രാചീന മധുരയിൽ ‘സംഘം’ എന്നു വിളിക്കപ്പെടുന്ന ഒരു സാഹിത്യസംഘടനയുണ്ടായിരുന്നോ എന്ന കാര്യത്തിൽപ്പോലും പണ്ഡിതൻമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ക്രി. പി. 470-ൽ വജ്രനന്ദി എന്ന ജൈനനേതാവ് ഒരു സംഘം സ്ഥാപിച്ച് തന്റെ മതം പ്രചരിപ്പിക്കുവാൻ വേണ്ടി ഏതാനും ഗ്രന്ഥങ്ങൾ പ്രസിദ്ധം ചെയ്തതിന് ചരിത്രപരമായ തെളിവുകളുണ്ട്. അതിനുമുമ്പ് യാതൊരു സംഘവുമുണ്ടായിരുന്നില്ലെന്ന് ചില ഗവേഷകൻമാർ അഭിപ്രായപ്പെടുന്നു. പക്ഷേ, ഇതിന്റെ അർത്ഥം ക്രി.പി. 5-ാം നൂറ്റാണ്ടിന് മുമ്പ് തെക്കെ ഇന്ത്യയിൽ സാഹിത്യകൃതികളൊന്നുമുണ്ടായിരുന്നില്ലെന്നാണോ? സംഘം കൃതികളെന്ന പേരിലറിയപ്പെടുന്ന പ്രാചീനഗ്രന്ഥങ്ങളത്രയും വെറും കെട്ടുകഥകളാണെന്നാണോ? തീർച്ചയായുമല്ല. സംഘം കൃതികളെപ്പറ്റിയുള്ള ഐതിഹ്യങ്ങളിൽ കെട്ടുകഥകളും യാഥാർത്ഥ്യവും കൂടിക്കലർന്നിരിക്കുന്നു എന്നു പറയുന്നതാവും ശരി. ഏതായാലും, പ്രാചീനകാലത്തുതന്നെ ദക്ഷിണേന്ത്യയിൽ സുപ്രസിദ്ധരായ അനേകം കവികളുണ്ടായിരുന്നുവെന്നും അവർ വിശിഷ്ടങ്ങളായ പല സാഹിത്യകൃതികളും രചിക്കുകയുണ്ടായി എന്നുമുള്ള കാര്യത്തിൽ സംശയമില്ല. ഭാഷാശാസ്ത്രജ്ഞൻമാരുടെയും ചരിത്രപണ്ഡിതൻമാരുടെയും പരിശ്രമഫലമായി കണ്ടുകിട്ടിയ പ്രാചീനസാഹിത്യകൃതികൾ അതാണ് വിളിച്ചുപറയുന്നത്.
എടുത്തൊകൈ, പത്തുപ്പാട്, പതിനെൺകീഴ്കണക്ക്, ചിലപ്പതികാരം, മണിമേഖല, തൊൽകാപ്പിയം മുതലായവയാണ് സംഘം കൃതികളിൽ പ്രാധാന്യമർഹിക്കുന്നവ എന്നു കരുതപ്പെടുന്നു.
ഇവയിൽ തൊൽക്കാപ്പിയം തമിഴ്ഭാഷയിലെ ഏറ്റവും പഴയ വ്യാകരണഗ്രന്ഥമാണ്. അതിന്റെ കർത്താവായ തൊൽക്കാപ്പിയർ ഒരു ജൈനമതക്കാരനായിരുന്നുവെന്നും, തെക്കൻതിരുവിതാംകൂറിലാണ് അദ്ദേഹം ജനിച്ചത് എന്നും, വിളവങ്കോട് താലൂക്കിലെ ‘അതകങ്കോട്’ എന്ന തന്റെ ഗ്രാമത്തിൽ വച്ചാണ് അദ്ദേഹം തന്റെ ഗ്രന്ഥം രചിച്ചത് എന്നും വൈയാപുരിപിള്ള അനുമാനിക്കുന്നു. [3a] സുപ്രസിദ്ധമായ ഈ വ്യാകരണഗ്രന്ഥത്തിൽ എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നിങ്ങനെ മൂന്നുഭാഗങ്ങളിലായി ആകെ 1603 സൂത്രങ്ങൾ അടങ്ങിയിരിക്കുന്നു. എഴുത്തതികാരത്തിൽ അക്ഷരങ്ങളെപ്പറ്റിയും ചൊല്ലതികാരത്തിൽ പദങ്ങളെപ്പറ്റിയും പൊരുളതികാരത്തിൽ കവിതാവിഷയങ്ങൾ, വൃത്തങ്ങൾ, രസാലങ്കാരങ്ങൾ മുതലായവയെപ്പറ്റിയുമാണ് പ്രതിപാദിക്കുന്നത്. പക്ഷേ, ഭാഷയുടേയും സാഹിത്യത്തിന്റെയും ലക്ഷണങ്ങളെപ്പറ്റിയോ രചനാനിയമങ്ങളെപ്പറ്റിയോ മാത്രം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമല്ല തൊൽകാപ്പിയം. വ്യാകരണനിയമങ്ങളോടൊപ്പം രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളെയും സാമ്പത്തിക സാമൂഹ്യ പരിസ്ഥിതികളേയും വ്യത്യസ്തജനവിഭാഗങ്ങളുടെ ജീവിതരീതികളെയും അത് വിശദീകരിക്കുന്നു. അതുകൊണ്ട് ദക്ഷിണേന്ത്യയിലെ പ്രാചീനജനങ്ങളുടെ ചരിത്രം പഠിക്കാൻ അതു പ്രയോജനപ്പെടുന്നു.
വ്യാകരണമുണ്ടാകുന്നതിനുമുമ്പുതന്നെ ഭാഷയും സാഹിത്യവും ഒരതിർത്തിവരെയെങ്കിലും വളർന്നിട്ടുണ്ടാവുമെന്നു തീർച്ചയാണല്ലോ. നമുക്കു കിട്ടിയിടത്തോളമുള്ള പ്രാചീനകൃതികളിൽ ചിലതെങ്കിലും തൊൽക്കാപ്പിയത്തിനു ശേഷം രചിക്കപ്പെട്ടവയാണെന്ന കാര്യത്തിൽ സംശയമില്ല. ഉദാഹരണത്തിന്, ചിലപ്പതികാരം, മണിമേഖല തുടങ്ങിയ കാവ്യങ്ങൾ പിൽക്കാലകൃതികളാണെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മണിമേഖല ഒരു ബൗദ്ധികകൃതിയും ചിലപ്പതികാരം ഒരു ജൈനകൃതിയുമാണ്. ചിന്താമണി, കുണ്ഡലകേശി, വളയാപതി എന്നിങ്ങനെ മറ്റു ചില മഹാകാവ്യങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. ഉള്ളടക്കവും രചനാരീതിയും ഭാഷാശൈലിയും മറ്റും നോക്കിയാൽ അവയെ സംഘം കൃതികളിലുൾപ്പെടുത്തുന്നതുതന്നെ ശരിയല്ലെന്നും സംഘകാലത്തിനുശേഷമുണ്ടായ കാവ്യകാലത്തിലെ കൃതികളാണവയെന്നു കണക്കാക്കുകയാണ് നല്ലത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ചിലപ്പതികാരം, മണിമേഖല തുടങ്ങിയവയേക്കാൾ ഏതാനും നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൃതികളാണ് എടുത്തൊകൈയും പത്തുപ്പാട്ടും. ഈ രണ്ടു സമാഹാരങ്ങളാണ് ഏറ്റവും അധികം പഴക്കമുള്ള സംഘസാഹിത്യകൃതികളെന്ന് വൈയാപുരിപിള്ള അഭിപ്രായപ്പെടുന്നു. [4a] ഇവയിൽ പല പാട്ടുകളും തൊൽകാപ്പിയത്തിനു മുമ്പു രചിക്കപ്പെട്ടവയാണ്. എടുത്തൊകൈയിലെ ചില പാട്ടുകൾക്കടിസ്ഥാനമായ വ്യാകരണനിയമങ്ങൾ തൊൽക്കാപ്പിയത്തിന്റേതിൽ നിന്നു വ്യത്യസ്തമാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ഒരു പക്ഷേ, തൊൽക്കാപ്പിയത്തിനു മുമ്പുതന്നെ ചില വ്യാകരണഗ്രന്ഥങ്ങളുണ്ടായിരുന്നു എന്ന ഐതിഹ്യം ശരിയായിരിക്കാം. ഏതായാലും, അത്തരം പഴയ ഗ്രന്ഥങ്ങളൊന്നും ഇതേവരെ കണ്ടുകിട്ടിയിട്ടില്ല. കൂടുതൽ പഴക്കമുള്ള കൃതികൾ പലതും എന്നെന്നേക്കുമായി നശിച്ചുപോയിട്ടുണ്ടാവാം.
നറ്റിണൈ, കുറുന്തൊകൈ, ഐങ്കുറുനൂറു, പതിറ്റുപ്പത്തു, പരിപാടൽ, കലിത്തൊകൈ, അകനാനൂറു, പുറനാനൂറു എന്നീ എട്ടു സമാഹാരങ്ങൾക്കാണ് എടുത്തൊകൈ എന്നു പറയുന്നത്. പല കാലങ്ങളിലും പല സ്ഥലങ്ങളിലുമായി ജീവിച്ചിരുന്ന നാനൂറോളം കവികളുടെ കൃതികൾ അവയിലടങ്ങിയിരിക്കുന്നു. കവിതകൾ രചിക്കപ്പെട്ട കാലവും അവ തൊകകളായി സംയോജിപ്പിക്കപ്പെട്ട കാലവും തമ്മിൽ ഏതാനും നൂറ്റാണ്ടുകളുടെ ദൂരമുണ്ടായിരിക്കണം. പുറനാനൂറും പതിറ്റുപ്പത്തും ‘പുറംകൃതി’കളാണ്. അതായത്, സാമൂഹ്യവും രാഷ്ട്രീയവും മറ്റുമായ ബാഹ്യവിഷയങ്ങളാണ് അവയിൽ പ്രതിപാദിക്കപ്പെടുന്നത്. നറ്റിണൈ, കുറുന്തോകൈ, ഐങ്കുറുനൂറ്, കലിത്തൊകൈ, അകനാനൂറ് എന്നീ അഞ്ചു സമാഹാരങ്ങൾ ‘അകം കൃതി’കളത്രേ. അതായത്, പ്രേമം കുടുംബജീവിതം മുതലായ ആന്തരികവിഷയങ്ങളാണവയിൽ ചിത്രീകരിക്കപ്പെടുന്നത്. ‘പരിപാട’ലിൽ അകവും പുറവും രണ്ടും കലർന്നിരിക്കുന്നു. പുറംകൃതികളിൽ രാജാക്കൻമാരുടെയും ‘കുറുനിലമന്നൻമാ’രുടേയും മറ്റും വീരപരാക്രമങ്ങളെപ്പറ്റിയുള്ള അപദാനങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ ചരിത്രഗവേഷകൻമാർക്കു അവ വളരെ ഉപയോഗപ്രദങ്ങളാണ്. എന്നാൽ, കേരളീയരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഗ്രന്ഥം പതിറ്റുപ്പത്താണ്. പത്തുചേരരാജാക്കൻമാരുടെ അപദാനങ്ങളാണതിൽ പ്രകീർത്തിക്കപ്പെട്ടിട്ടുള്ളത്. ഓരോ രാജാവിനെപ്പറ്റിയും പത്തു പാട്ടുകളുണ്ട്. അങ്ങനെ പത്തുപത്തുകളായി അതു വിഭജിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ഒന്നാമത്തേയും പത്താമത്തേയും പത്തുകൾ ഇതേവരെ കണ്ടുകിട്ടിയിട്ടില്ല.
ഓരോ പാട്ടിന്റെയും കൂടെ പാടിയ കവിയുടെ പേരും വാഴ്ത്തപ്പെട്ട രാജാവിന്റെ പേരും, കവിക്കു കിട്ടിയ സമ്മാനത്തിന്റെ വിവരവും മറ്റും നൽകുന്ന ഓരോ പതികം അല്ലെങ്കിൽ മുഖവുര എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. കവിതകൾ ശേഖരിച്ചു പ്രസാധനം ചെയ്ത പിൽക്കാല സമ്പാദകരുടെ കുറിപ്പുകളാണവ. ചരിത്രവിദ്യാർത്ഥികൾക്ക് അവ കുറെയൊക്കെ പ്രയോജനകരങ്ങളാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, അവ ഐതിഹ്യങ്ങളെയും ഊഹോപോഹങ്ങളെയും അടിസ്ഥാനപ്പെടുത്തി എഴുതിച്ചേർക്കപ്പെട്ടവയാണെന്നും അവയ്ക്കും അവ പരാമർശിക്കുന്ന കവിതകൾക്കും തമ്മിൽ നൂറ്റാണ്ടുകളുടെ അകൽച്ചയുണ്ടെന്നും ഓർക്കേണ്ടതുണ്ട്. അവയിലടങ്ങിയ അതിശയോക്തികളെയും അർദ്ധസത്യങ്ങളെയും ഒഴിച്ചുനിർത്തി ചരിത്രാംശങ്ങൾ ചികഞ്ഞെടുക്കുക അത്ര എളുപ്പമൊന്നുമല്ല.
എട്ടുത്തൊകൈയിൽ ഒട്ടാകെ 2421 ചെറിയ പാട്ടുകളാണുള്ളത്. പത്തുപ്പാട്ടിലുള്ളത്, നേരെമറിച്ച്, നീണ്ട പാട്ടുകളാണ്. തിരുമുരുകാറ്റുപ്പടൈ, പൊരുനാർ ആറ്റുപ്പടൈ, ചിറുപാണാറ്റുപ്പടൈ, പെരുമ്പാണാറ്റുപ്പാടൈ, മുല്ലൈപ്പാട്ട്, മധുരൈക്കൊഞ്ചി, നെടുനൽവാടൈ, കുറിഞ്ചിപ്പാട്ട്, പടിനിപ്പാലൈ, മലൈപടുകടാം എന്നിങ്ങനെ പത്തു ദീർഘകവിതകളുടെ സമാഹാരമാണത്.
ഈ പ്രാചീനകൃതികളുടെ അകം, പുറം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അകം ശൃംഗാരരസപ്രധാനങ്ങളും പുറം വീരരസപ്രധാനങ്ങളുമാണ്. പ്രേമവും യുദ്ധവുമായിരുന്നു രാജാക്കൻമാരുടെയും കുലത്തലവൻമാരുടെയും മുഖ്യമായ ജീവിതവൃത്തികൾ. ഈ ജീവിതവൃത്തികളാണ് കവിതകൾക്ക് പ്രചോദനം നൽകിയത്. രാജാക്കൻമാരുടെ വീരപരാക്രമങ്ങളും ഗുണഗണങ്ങളും പ്രേമങ്ങളുമാണ് പല കവിതകളിലും വർണ്ണിക്കപ്പെട്ടിട്ടുള്ളത്. രാജാക്കൻമാർ മാത്രമേ കഥാനായകൻമാരായി ചിത്രീകരിക്കപ്പെട്ടിരുന്നുള്ളു എന്ന് ഇതിന്നർത്ഥമില്ല. വ്യത്യസ്ത ജനവിഭാഗങ്ങളുടെ അനുരാഗത്തിന്റെ ആനന്ദവും വേർപാടിന്റെ വേദനയും വർണ്ണിക്കപ്പെട്ടിട്ടുണ്ട്. പല കവിതകളിലും മനോഹരങ്ങളായ പ്രകൃതിവർണ്ണനകളുണ്ട്. മലകളും കാടുകളും അരുവികളും ആറുകളും വയലുകളും ചോലകളും കൊന്നയും പാലയും മയിലും കിളിയും ആനയും പുലിയും ഇടകലർന്ന പ്രകൃതിയുടെ അകൃത്രിമസൗന്ദര്യം അവയിൽ ഓളംവെട്ടുന്നതു കാണാം. പക്ഷേ, ഒരിടത്തും പ്രകൃതി വർണ്ണനയ്ക്കു വേണ്ടിയുള്ള പ്രകൃതിവർണ്ണനകളില്ല. മനുഷ്യനാണ് സാഹിത്യത്തിന്റെ കേന്ദ്രം. ജനങ്ങളുടെ സുഖദുഃഖങ്ങൾ, അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമുള്ള ആകാംക്ഷകൾ, യുദ്ധവും സമാധാനവും, സ്നേഹവും പ്രേമവും—ഇവയെപ്പറ്റിയെല്ലാം അവ പ്രതിപാദിക്കുന്നു. ആപത്തിന്റെ മുമ്പിൽ അന്തംവിട്ടു പകച്ചുനിൽക്കലില്ല; ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമില്ല. നമ്മുടെ പ്രാചീന പൂർവ്വികൻമാർ എത്ര വിഷമംപിടിച്ച പരിതഃസ്ഥിതികളേയും ധീരതയോടും ശുഭാപ്തിവിശ്വാസത്തോടും കൂടിയാണ് നേരിട്ടിരുന്നത് എന്ന് സംഘംകൃതികൾ വ്യക്തമാക്കുന്നു.
പതിനെൺകീഴ് കണക്കും സംഘംസാഹിത്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, അതിലെ പ്രതിപാദ്യവിഷയങ്ങൾ പ്രേമവും യുദ്ധവുമല്ല, നീതിശാസ്ത്രവും സാൻമാർഗിക നിയമങ്ങളും മറ്റുമാണ്. തിരുക്കുറൾ, നാലടിയാർ, കളവഴി നീർപ്പതു, കൈനിലൈ, ഇനിയവൈനിർപ്പതു, ഇന്നിനിപ്പതു നിൻമണിക്കടികൈ, കർനീർപ്പതു, ഐന്തിണൈ ഐമ്പതു, നിനൈമൊഴി ഐമ്പതു, ഐന്തിണൈ എഴുപതു, നിണൈമലൈ നൂറ്റയ്മ്പത്, തിരുകടുകം ഏലാതി, ആചാരക്കോവൈ, പഴമൊഴിനാന്നൂറ്, ചിറുപഞ്ചമൂലം, മുതുമൊഴി കൊഞ്ചി എന്നിങ്ങനെ ആകെ പതിനെട്ടു കവിതകളുടെ സമാഹാരമാണ് പതിനൊൺകീഴ്കണക്കിലടങ്ങിയിട്ടുള്ളത്.
സംഘംകൃതികളുടെ സഹായത്തോടുകൂടി ദക്ഷിണേന്ത്യയുടെ പ്രാചീന ചരിത്രത്തെപ്പറ്റിയും പ്രാചീന സാമൂഹ്യജീവിതത്തെപ്പറ്റിയും പഠിക്കാനുള്ള ചില പരിശ്രമങ്ങൾ അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ട്. ഇതു തീർച്ചയായും സ്വാഗതാർഹമാണ്. പക്ഷേ, സംഘംകൃതികളെ കൈകാര്യം ചെയ്യുന്നത് വളരെ സൂക്ഷിച്ചുവേണം. എന്തെന്നാൽ, അവ ചരിത്രഗ്രന്ഥങ്ങളല്ല, സാഹിത്യകൃതികൾ മാത്രമാണ്. കലാപരമായ അതിശയോക്തികളും അവിശ്വസനീയങ്ങളായ ഐതിഹ്യങ്ങളും ശാസ്ത്രീമായ ചരിത്രാന്വേഷണത്തിനു നിരക്കാത്ത പ്രസ്താവനകളും അവയിലടങ്ങിയിട്ടുണ്ടെന്നും കാണാം. ഉദാഹരണത്തിന്, ചെങ്കുട്ടുവൻ എന്ന ചേരരാജാവ് തെക്ക് കന്യാകുമാരി മുതൽ വടക്ക് ഹിമാലയം വരെ കീഴടക്കുകയുണ്ടായെന്നും, ഉതിയൻ ചേരലാതൻ എന്ന മറ്റൊരു ചേരരാജാവ് മഹാഭാരതയുദ്ധത്തിലേർപ്പെട്ട പാണ്ഡവൻമാർക്കും കൗരവൻമാർക്കും ഒരേപോലെ ഭക്ഷണസാമഗ്രികളയച്ചുകൊടുക്കുകയുണ്ടായെന്നും മറ്റും ഇവയിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഇത്തരം കഥകൾക്കൊന്നും ചരിത്രപരമായ യാതൊരു പിൻബലവുമില്ലെന്നു പറയേണ്ടതില്ലല്ലോ.
എന്നാൽ, അതിശയോക്തികളേയും ഐതിഹ്യങ്ങളേയും ഒഴിച്ചുനിർത്തിക്കൊണ്ട് പരിശോധിച്ചാൽ പ്രാചീനകാലത്തെ സാമൂഹ്യജീവിതത്തെപ്പറ്റിയും ഭരണസമ്പ്രദായത്തെപ്പറ്റിയുമുള്ള പല വിലപിടിച്ച വിവരങ്ങളും സംഘംകൃതികളിൽ നിന്നു നമുക്കു ലഭിക്കുന്നതാണ്. പ്രത്യേകിച്ചും പതിറ്റുപത്ത്, പുറനാനൂറ്, അകനാനൂറ്, ചിലപ്പതികാരം മുതലായ ചില കൃതികൾ ആദിചേരരാജാക്കൻമാരെപ്പറ്റിയും അവരുടെ കാലത്തെ സാമൂഹ്യജീവിതത്തെപ്പറ്റിയും പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാൻ വയ്യാത്തവയാണ്. കേരളത്തിലെ പ്രാചീനജനങ്ങളുടെ ജീവിതരീതി, തൊഴിൽ, വ്യാപാരം, ഭക്ഷണരീതി, വസ്ത്രധാരണം, രാജ്യഭരണം, യുദ്ധരീതി, കല, മതം, സംസ്കാരം മുതലായവയെപ്പറ്റിയുള്ള പല കാര്യങ്ങളും അവയിൽ നിന്നു നമുക്ക് മനസ്സിലാക്കാം.
സംഘംകൃതികൾ ഏതുകാലത്താണ് രചിക്കപ്പെട്ടത് എന്നതിനെ സംബന്ധിച്ച് പണ്ഡിതൻമാർക്കിടയിൽ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ക്രി.മു. ഏഴാം നൂറ്റാണ്ടിനു മുമ്പ് രചിക്കപ്പെട്ടവയാണെന്നു ചിലർ വാദിക്കുമ്പോൾ, മറ്റുചിലർ ക്രി.പി. ഒമ്പതാം നൂറ്റാണ്ടിലേയ്ക്ക് വിരൽചൂണ്ടുന്നു. തൊൽക്കാപ്പിയം രചിക്കപ്പെട്ടത് ക്രി.മു. നാലാം നൂറ്റാണ്ടിലാണെന്ന് മാക്ക്ഡോണെല്ലും [1] ക്രി.മു. മൂന്നാം നൂറ്റാണ്ടിലാണെന്ന് കോൾബ്രൂക്കും [2] അഭിപ്രായപ്പെടുമ്പോൾ മറ്റു പല പണ്ഡിതൻമാരും അത് ക്രി.പി. അഞ്ചാം നൂറ്റാണ്ടിലെ കൃതിയാണെന്ന് ഉറപ്പിച്ചുപറയുന്നു. ചില പാട്ടുകൾക്കെങ്കിലും 2500 കൊല്ലത്തെ പഴക്കമുണ്ടെന്നാണ് ഡോക്ടർ വരദരാജൻ വിശ്വസിക്കുന്നത്. അദ്ദേഹം എഴുതുന്നു.
എന്നാൽ ക്രിസ്തുവിന് അഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് തമിഴ് സാഹിത്യം അത്രയ്ക്കൊന്നും പുഷ്ടിപ്പെട്ടുകഴിഞ്ഞിരുന്നില്ലെന്നും ക്രിസ്ത്വാബ്ദം രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് അതു വളരാൻ തുടങ്ങിയത് എന്നുമാണ് വൈയാപുരിപിള്ള പറയുന്നത്. അദ്ദേഹം എഴുതുന്നു.
വൈയാപുരിപിള്ള സംഘംകൃതികളെ അദികാല സംഘസാഹിത്യമെന്നും പിൽക്കാലസംഘ സാഹിത്യമെന്നും രണ്ടായി തരംതിരിക്കുന്നു. ഇവയിൽ ആദികാല സംഘസാഹിത്യങ്ങൾ:—നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുന്നൂറു, പതിറ്റുപ്പത്തു, അകനാനൂറു, പുറനാനൂറു എന്നീ സമാഹാരങ്ങളിലെ പാട്ടുകളും പത്തുപ്പാട്ടിലെ മുരുകാറ്റുപ്പടയൊഴിച്ചുള്ള മറ്റു പാട്ടുകളും: പിൽക്കാലസാഹിത്യം: കലിത്തൊകൈപാട്ടുകൾ, മുരുകാറ്റുപ്പടൈ, പരിപാടൽ പാട്ടുകൾ എന്നിവ. [5] ഇവയിൽ ആദ്യകാലസംഘംകൃതികൾ ക്രി.പി. 100 മുതൽ 300 വരെയുള്ള കാലത്തും തൊൽകാപ്പിയം ക്രി.പി. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും കാവ്യങ്ങളുൾപ്പെടെയുള്ള പിൽക്കാല സംഘകൃതികൾ അതിനുശേഷവും രചിക്കപ്പെട്ടവയാണ് എന്നാണദ്ദേഹത്തിന്റെ അഭിപ്രായം. [6]
‘സംഘകാലത്തിലെ ചേരരാജാക്കൻമാർ’ എന്ന പുസ്തകത്തിൽ കെ. ജി. ശേഷയ്യരും ‘കോംപ്രഹെൻസീവ് ഹിസ്റ്ററി ഓഫ് ഇൻഡ്യ’യിൽ കെ. എ. നീലകണ്ഠശാസ്ത്രിയും ‘ഏൻഷ്യൻഡ് ഇന്ത്യ’യിൽ ഡോക്ടർ കൃഷ്ണസ്വാമി അയ്യങ്കാരും ക്രിസ്തുവിനു ശേഷമുള്ള ആദ്യത്തെ മൂന്നു നൂറ്റാണ്ടുകൾക്കാണ് സംഘസാഹിത്യകാലം എന്നു പൊതുവിൽ പറയുന്നത്. കൃഷ്ണസ്വാമി അയ്യങ്കാർ തന്റെ ഗവേഷണഫലങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു:
ഐതിഹ്യമനുസരിച്ചുള്ള സംഘംപോലത്തെ ഒരു സംഘടന യഥാർത്ഥ്യത്തിലുണ്ടായിരുന്നു എന്നു തെളിയിക്കാൻ കഴിയുമാറ് തമിഴിൽ മഹത്തായ സാഹിത്യപ്രവർത്തനങ്ങളുടെ ഒരു ഘട്ടമുണ്ടായിട്ടുണ്ട്.
രാഷ്ട്രീയചരിത്രത്തിൽ ചേരൻചെങ്കുട്ടുവന് പ്രാമുഖ്യമുണ്ടായിരുന്ന കാലമാണ് ഏറ്റവും മഹത്തായ സംഘപ്രവർത്തനങ്ങളുടെ കാലം.
ചെങ്കുട്ടുവന്റെ കാലം ക്രിസ്ത്വാബ്ദം രണ്ടാം നൂറ്റാണ്ടാണ്.
തെക്കെ ഇന്ത്യയുടെ ചരിത്രത്തെപ്പറ്റി പിന്നീടറിവായിട്ടുള്ള കാര്യങ്ങൾ ഈ നിഗമനത്തോട് യോജിക്കുന്നവയാണ്. [7]
എം. ശ്രീനിവാസയ്യങ്കാരുടെ അഭിപ്രായത്തിൽ സംഘകാലം ക്രി.മു. 600 മുതൽ ക്രി.പി. 150 വരെയാണ്. പഴയ പാട്ടുകൾ മാത്രമല്ല, തൊൽക്കാപ്പിയം, തിരുക്കുറൽ തുടങ്ങിയ മറ്റു കൃതികളും ഈ കാലത്താണ് രചിക്കപ്പെട്ടത്. [8]
എന്നാൽ നിലവിലുള്ള സംഘം കൃതികളിലൊന്നുംതന്നെ ക്രി.പി. നാലാം നൂറ്റാണ്ടിനുമുമ്പല്ല രചിക്കപ്പെട്ടത് എന്നാണ് ഇളംകുളം പി.എൻ.കുഞ്ഞൻപിള്ളയുടെ അഭിപ്രായം. ക്രിസ്തുവിനു ശേഷം നാലും അഞ്ചും നൂറ്റാണ്ടുകൾക്കിടയിൽ കേരളം വാണിരുന്ന ചില രാജാക്കൻമാരെപ്പറ്റിയാണ് പതിറ്റുപ്പത്തിൽ വർണ്ണിക്കുന്നത്. [9] എന്നും ‘എട്ടുത്തൊകൈയിലും പത്തുപ്പാട്ടിലും പെട്ട പഴയ കൃതികളുടെ കാലം നാലും അഞ്ചും നൂറ്റാണ്ടുകളാണ്’ [10] എന്നും അദ്ദേഹം വാദിക്കുന്നു.
ആദ്യകാല സംഘംകൃതികളുടെ കാലത്തെപ്പറ്റി മാത്രമല്ല, പിൽക്കാലകൃതികളുടെ കാലത്തെപ്പറ്റിയും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, ക്രി.പി. അഞ്ചാംനൂറ്റാണ്ടിലാണ് ചേരൻ ചെങ്കുട്ടുവനും ചിലപ്പതികാരത്തിന്റെ കർത്താവായ ഇളങ്കോവടികളും ജീവിച്ചിരുന്നതെന്ന് രാഘവയ്യങ്കാർ തന്റെ ചേരചെങ്കുട്ടുവൻ എന്ന പുസ്തകത്തിൽ വാദിക്കുമ്പോൾ ചിലപ്പതികാരം ചേരൻചെങ്കുട്ടുവന്റെ കാലത്തെ കൃതിയല്ലെന്ന് കെ.വി.സുബ്രഹ്മണ്യയ്യർ ഉറപ്പിച്ചുപറയുന്നു. [11] കൃഷ്ണസ്വാമി അയ്യങ്കാർ, കനകസഭൈ [12] മുതലായവരുടെ അഭിപ്രായത്തിൽ ചിലപ്പതികാരം ക്രി.പി. രണ്ടാം നൂറ്റാണ്ടിലെ കൃതിയാണ്. ‘ചിലപ്പതികാരത്തെ ക്രി.പി. ഒന്നാം ശതകം മുതൽ ക്രി.പി. പതിമൂന്നാം ശതകം വരെ പലകാലങ്ങളുമായി പണ്ഡിതൻമാർ ഘടിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ മതങ്ങളിൽ യുക്തിയുക്തവും ഭൂരിപക്ഷത്തിന്റെ അംഗീകാരം സിദ്ധിച്ചിട്ടുള്ളതുമായ കാലം ക്രി.പി. രണ്ടാംശതകമാണ്’ [13] എന്ന് മഹാകവി ഉള്ളൂർ പ്രസ്താവിക്കുന്നു. എന്നാൽ സ്വാമി കണ്ണുപിള്ളയുടെ അഭിപ്രായത്തിൽ ചിലപ്പതികാരം രചിക്കപ്പെട്ടത് എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. കലിത്തൊകൈ, പരിപാടൽ തുടങ്ങിയ പിൽക്കാല സാഹിത്യകൃതികളുടെ കാലം ക്രി.പി. 600 മുതൽ 750 വരെയും തിരുക്കുറൾ തുടങ്ങിയ കീഴ്കണക്കു കൃതികളുടെ കാലം ക്രി.പി. 600 മുതൽ 850 വരെയും ചിലപ്പതികാരം, മണിമേഖല തുടങ്ങിയ പഞ്ചകാവ്യങ്ങളുടെ കാലം ക്രി.പി. 750 മുതൽ 1000 വരെയുമാണെന്നാണ് വൈയാപുരിപിള്ളയുടെ വാദം. [14]
ഇളംകുളം പി.കുഞ്ഞൻപിള്ള എഴുതുന്നതിങ്ങനെയാണ്:
ചരിത്രവിദ്യാർത്ഥികളെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലേക്കു പിടിച്ചുതള്ളുകയും ചെയ്യുന്ന വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ ഈ അഭിപ്രായങ്ങളിൽ നിന്ന് സത്യം കണ്ടുപിടിക്കുക അത്ര എളുപ്പമൊന്നുമല്ല. എങ്കിലും സംഘസാഹിത്യങ്ങളുടെ ശാസ്ത്രീയമായ കാലനിർണയത്തിന് താഴെക്കൊടുക്കുന്ന വസ്തുതകളെ കണക്കിലെടുക്കേണ്ടതാവശ്യമാണെന്ന് എനിക്കു തോന്നുന്നു.
ക്രി.പി. 6-ാം നൂറ്റാണ്ടിനും 9-ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്താണ് തെക്കേ ഇന്ത്യയിൽ ബൗദ്ധ ജൈനമതങ്ങളുടെ സ്വാധീനശക്തി ക്ഷയിക്കുകയും ശൈവവൈഷ്ണവമതങ്ങൾ ഉയർന്നുവരികയും ചെയ്തത്. മണിമേഖലയിലും ചിലപ്പതികാരത്തിലും ശൈവവൈഷ്ണ മതങ്ങളുടെ സ്വാധീനശക്തിയല്ല, ബൗദ്ധജൈനമതങ്ങളുടെ സ്വാധീനശക്തിയാണ് കാണുന്നത്. ശൈവവൈഷ്ണവ മതങ്ങൾ പ്രാബല്യത്തിലേക്കുയരുകയും ബൗദ്ധൻമാരും ജൈനൻമാരും രാഷ്ട്രീയ—സാമൂഹ്യ—സാംസ്കാരിക രംഗങ്ങളിൽ നിന്ന് നിഷ്കാസിതരാവുകയും ചെയ്ത ഒരു കാലഘട്ടത്തിൽ ചിലപ്പതികാരം പോലെയും മണിമേഖലപോലെയുമുള്ള കൃതികൾ രചിക്കപ്പെടുക അസ്വാഭാവികമാണ്. മാത്രമല്ല, 7-ാം നൂറ്റാണ്ടിലെ പല്ലവനരസിംഹവർമ്മൻ ഒന്നാമന്റെ കാലത്ത് ജീവിച്ചിരുന്ന അപ്പർ, സംബന്ധർ തുടങ്ങിയ ശൈവകവികളുടെ ലളിതമായ ഭക്തിഗാനങ്ങളുടെ ഭാവരൂപങ്ങളും ഭാഷാശൈലിയും ചിലപ്പതികാരംപോലുള്ള കാവ്യങ്ങളുടെ ഭാഷാശൈലിയിൽ നിന്നും ഭാവരൂപങ്ങളിൽ നിന്നും വിഭിന്നമാണ്. അതിനാൽ, വൈയാപുരിപിള്ള, സ്വാമികണ്ണുപിള്ള, ഇളംകുളം കുഞ്ഞൻപിള്ള മുതലായവരുടെ അനുമാനങ്ങൾ ശരിയാവാനിടയില്ല. ചിലപ്പതികാരം, മണിമേഖല തുടങ്ങിയ മഹാകാവ്യങ്ങളുൾപ്പെടെയുള്ള എല്ലാ സംഘംകൃതികളും ശൈവവൈഷ്ണവ മതങ്ങളുടെ മുന്നേറ്റത്തിനുമുമ്പു രചിക്കപ്പെട്ടവയാണെന്നു കരുതാനേ നിവൃത്തിയുള്ളു.
ക്രി.പി. 6-ാം നൂറ്റാണ്ടാകുമ്പോഴേയ്ക്കും ആദിപാണ്ടി ചേരരാജാക്കൻമാരുടെ പ്രാബല്യവും പ്രമാണിത്തവും മിക്കവാറും അവസാനിച്ചുകഴിഞ്ഞിരുന്നു. 5-ാം നൂറ്റാണ്ടുമുതൽ 9-ാം നൂറ്റാണ്ടുവരെ ചേരചോളഭരണങ്ങൾ അപ്രത്യക്ഷങ്ങളായിരുന്നുവെന്ന് ഇളംകുളംതന്നെ സമ്മതിക്കുന്നുണ്ട്. അഞ്ചാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ അച്ചുതകളഭ്രൻ വാഴ്ചയാരംഭിക്കുന്നതോടുകൂടി മൂവരശരുടെ നല്ലകാലം അവസാനിച്ചിരിക്കാനും ഇടയുണ്ട്. പാണ്ഡ്യർ പിന്നും ആറാംശതകത്തിന്റെ അന്ത്യത്തിൽ പ്രത്യക്ഷമാകും. എന്നാൽ ചേരൻമാർ 800 അടുത്തുവരേയും ചോളൻമാർ 850 അടുത്തുവരെയും ഭൂഗർഭത്തിൽ മറയുന്നു. [16] മൂവരശരരുടെ ‘നല്ലകാലം’ അവസാനിക്കുകയും ചേരഭരണം ഭൂഗർഭത്തിൽ മറയുകയും ചെയ്ത ഒരു കാലഘട്ടത്തിൽ ചിലപ്പതികാരം പോലുള്ള ഒരു മഹാകാവ്യമോ പതിറ്റുപ്പത്തു പോലുള്ള ഒരു ഗാനസമാഹാരമോ ഉണ്ടാവുക അസാധാരണമല്ലേ? പല്ലവൻമാർ പ്രാബല്യത്തിലേയ്ക്കുയർന്നുകഴിഞ്ഞ ഒരു കാലമായിരുന്നു അത്. എന്നിട്ടും സംഘംകൃതികൾ പല്ലവൻമാരെപ്പറ്റി ഒന്നും തന്നെ പരാമർശിക്കുന്നില്ല. തെക്കെ ഇന്ത്യയിലെ മിക്ക രാജാക്കൻമാരും പല്ലവൻമാർക്ക് കീഴടങ്ങാൻ തുടങ്ങിയ ആ കാലത്ത്, ക്ഷയിച്ചുകഴിഞ്ഞ ചേരചോളപാണ്ടി രാജാക്കൻമാരുടെ ശൗര്യപരാക്രമങ്ങളെ പാടിപ്പുകഴ്ത്തുന്ന കൃതികളുണ്ടാവുക സാധ്യമല്ല. അതുകൊണ്ട്, സംഘംകൃതികൾ പല്ലവൻമാരുടെ ആധിപത്യത്തിനു മുമ്പു രചിക്കപ്പെട്ടവയാവണം.
ക്രി.പി. 5-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന മഹാനാമൻ പാലിഭാഷയിലെഴുതിയ മഹാവംശത്തിൽ ക്രി.മു. 543 മുതൽ ക്രി.പി. 301 വരെയുള്ള സിംഹളചരിത്രം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അതിൽ തെന്നിന്ത്യൻ സംഭവങ്ങളെപ്പറ്റി പരാമർശങ്ങളടങ്ങിയിരിക്കുന്നു. ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ ഗജബാഹു ഒന്നാമൻ എന്ന രാജാവ് സിലോണിൽ നാടുവാണിരുന്നു എന്നും ചേരരാജാവായ ചെങ്കുട്ടുവൻ തന്റെ തലസ്ഥാന നഗരിയായ വഞ്ചിയിൽ പത്തിനിദേവിയെ പ്രതിഷ്ഠിക്കാൻ വേണ്ടി നടത്തിയ ആഘോഷങ്ങളിൽ ഗജബാഹുരാജാവ് പങ്കെടുക്കുകയുണ്ടായി എന്നും അതിൽ പ്രസ്താവിച്ചിട്ടുണ്ട്. [17] അതുകൊണ്ട് ചേരൻചെങ്കുട്ടുവൻ ഗജബാഹുവിന്റെ സമകാലികനായിരുന്നുവെന്നു കരുതുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ചേരൻചെങ്കുട്ടുവനും ഗജബാഹുവും സമകാലികരായിരുന്നുവെന്നതു ശരിയാണെങ്കിൽപ്പോലും, ചിലപ്പതികാരം ക്രി.പി. രണ്ടാം നൂറ്റാണ്ടിലെ കൃതിയായിക്കൊള്ളണമെന്നില്ല. ഭാഷയും ശൈലിയും ഉള്ളടക്കവും മറ്റും പരിശോധിച്ചാൽ അതൊരു പിൽക്കാല കൃതിയാണെന്നും അതിന്റെ കർത്താവ് പലരും വിശ്വസിക്കുന്നതുപോലെ, ചെങ്കുട്ടവന്റെ സഹോദരൻ ഇളങ്കോവടികളായിരിക്കാനിടയില്ലെന്നും സമ്മതിക്കേണ്ടിവരും. പക്ഷേ, അതേസമയത്ത് വളരെ നൂറ്റാണ്ടുകളപ്പുറത്തേയ്ക്കു നോക്കാനും നിവൃത്തിയില്ല. എന്തെന്നാൽ, ചേരചോള പാണ്ഡ്യൻമാരുടെ പ്രതാപം ക്ഷയിക്കാൻ തുടങ്ങുകയും, ജൈനമതത്തിന്റെ സ്വാധീനം വളരുകയും ചെയ്ത ഒരു കാലഘട്ടത്തെയാണതു പ്രതിഫലിപ്പിക്കുന്നത്. അതിനാൽ, ക്രി.പി. 3-ാം നൂറ്റാണ്ടിനും 5-ാം നൂറ്റാണ്ടിനുമിടയിലാണ് അത് രചിക്കപ്പെട്ടത് എന്നു കരുതുന്നതിൽ വലിയ തെറ്റുണ്ടാകുമെന്നു തോന്നുന്നില്ല.
വിദേശവാണിജ്യബന്ധങ്ങളെപ്പറ്റിയുള്ള ആദ്യകാല സംഘകൃതികളിലെ പരാമർശങ്ങളും പ്ളീനി, ടോളമി തുടങ്ങിയ പാശ്ചാത്യഗ്രന്ഥകാരൻമാർ നൽകുന്ന വിവരണങ്ങളും ഏറെക്കുറെ ഒത്തിരിക്കുന്നുണ്ട്. ക്രിസ്തുവിനുശേഷമുള്ള ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിലെ സംഭവഗതികളെയാണ് അവ വെളിപ്പെടുത്തുന്നത്. കേരളത്തിൽ നിന്നും ദക്ഷിണേന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും ധാരാളമായി ലഭിച്ചിട്ടുള്ള റോമൻ നാണ്യങ്ങളും റോമൻ പാത്രങ്ങളും മറ്റും ഈ കാലഘട്ടത്തിലേതാണ്. സാമ്പത്തികവും വാണിജ്യപരവുമായ പുരോഗതിയോടൊപ്പം സാഹിത്യവും സാംസ്കാരികവുമായ മുന്നേറ്റം കൂടിയാവുക സ്വാഭാവികം മാത്രമാണല്ലോ. അതുകൊണ്ട്, പതിറ്റുപ്പത്ത്, പുറനാനൂറ് തുടങ്ങിയ പ്രധാനപ്പെട്ട സംഘം കൃതികളെല്ലാം ക്രിസ്ത്വാബ്ദം മൂന്നാം നൂറ്റാണ്ടിനു മുമ്പ് രചിക്കപ്പെട്ടവയാവണം. ‘മുസിരി’ (കൊടുങ്ങല്ലൂർ)യെക്കുറിച്ചുള്ള സാഹിത്യപരമായ പരാമർശങ്ങൾ ഈ പ്രാചീന തുറമുഖത്തെപ്പറ്റിയുള്ള ‘പെരിപ്ലസിന്റെ’ പ്രസ്താവനകളുമായി തികച്ചും യോജിച്ചിരിക്കുന്നു എന്ന വസ്തുത പരിഗണിക്കുമ്പോൾ പ്രസ്തുത പരാമർശങ്ങൾ നടത്തിയ കവികൾ ക്രിസ്ത്വാബ്ദം 100 നും 250 നും ഇടയിലാണ് ജീവിച്ചിരുന്നത് എന്ന നിഗമനത്തിലെത്തിച്ചേരാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു’. [18] എന്ന വൈയാപുരിപിള്ളയുടെ അഭിപ്രായം സമാദരണീയമാണ്. എന്നാൽ ഇളംകുളം കുഞ്ഞൻപിള്ള ഈ അഭിപ്രായത്തോടു യോജിക്കുന്നില്ല. അദ്ദേഹം എഴുതുന്നു: “ഒന്നും രണ്ടും ശതകങ്ങളിൽ കേരളവും പാണ്ഡിനാടും റോമൻ സാമ്രാജ്യവുമായി ഉറ്റസമ്പർക്കം പുലർത്തിയിരുന്നുവെന്നതു ശരിതന്നെ. അന്നു മറ്റു കാലഘട്ടങ്ങളിലേക്കാൾ കൂടുതലായി, റോമാക്കാർ ഇവിടെ വരികയും, വാണിജ്യബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കണം. എന്നാൽ, സംഘം കൃതികളിലെ മേൽപ്പറഞ്ഞ പരാമർശങ്ങൾ ആ സമൃദ്ധമായ വാണിജ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നു തെളിയുന്നുണ്ടോ?… റോമാസാമ്രാജ്യം 476-ൽ നശിച്ചതുകൊണ്ട് റോമൻ കച്ചവടം നിലച്ചുപോയതായി ധരിക്കരുത്. അലക്സാൻഡ്രിയിൽ ഇന്ത്യൻ കച്ചവടസംഘം സ്ഥിരമായി താമസിച്ച് കച്ചവടം നടത്തിയിരുന്നു. ക്രി.പി. 470-ൽ കുറേ ബ്രാഹ്മണർ അവിടം സന്ദർശിക്കുകയും ചെയ്തു. ആറാം ശതകത്തിലും കേരളത്തിലെ കച്ചവടത്തിനു വലിയ കുറവൊന്നും സംഭവിച്ചിരുന്നില്ലെന്ന് കാഡ്മസിന്റെ വിവരണത്തിൽനിന്നും ഗ്രഹിക്കാം. കുരുമുളക് കയറ്റി അയച്ചിരുന്ന പടിഞ്ഞാറെ തീരത്തുള്ള അഞ്ചുതുറമുഖങ്ങളെപ്പറ്റി കാഡ്മസ് പറയുന്നു. അതുകൊണ്ട് യവനരെന്നു സംഘംകൃതികളിൽ പരാമർശിക്കുന്നത് റോമാക്കാരെയാണെങ്കിൽതന്നെയും ആറാശതകം വരെ ആയതു യോജിക്കും”. [19] പക്ഷേ, ആറാം ശതകംവരെ റോമാക്കാരും കേരളീയരും തമ്മിൽ നേരിട്ടുള്ള വാണിജ്യബന്ധങ്ങളുണ്ടായിരുന്നുവെന്നോ, പതിറ്റുപ്പത്തിലും മറ്റും പ്രസ്താവിക്കുന്നതുപോലെ റോമാക്കാരുടെയോ ഗ്രീക്കുകാരുടേയോ കപ്പലുകൾ കൊടുങ്ങല്ലൂരിൽ (മുസിരി) വന്നുകൊണ്ടിരുന്നു എന്നോ ഇതുകൊണ്ടൊന്നും തെളിയുന്നില്ല. ക്രി.പി. 3-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും റോമാസാമ്രാജ്യം യഥാർത്ഥത്തിൽ ക്ഷയിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഏതാനും വർഷങ്ങളോളം നീണ്ടുനിന്ന കുഴപ്പങ്ങൾക്കും ആഭ്യന്തരസമരങ്ങൾക്കും ശേഷം ക്രി.പി. 324-ൽ കോൺസ്റ്റാന്റൈൻ ചക്രവർത്തി രാജ്യഭരണമേറ്റെടുത്തതിനെത്തുടർന്ന് കോൺസ്റ്റാന്റിനോപ്പിൾ ഒരു വാണിജ്യകേന്ദ്രമായിത്തീർന്നുവെന്നും അതിനുശേഷം ക്രി.പി. നാലും അഞ്ചും നൂറ്റാണ്ടുകളിൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം തുടർന്നുവെന്നതും ശരിയാണ്. പക്ഷേ, ഈ ബന്ധങ്ങളെ റോമാക്കാരല്ല, അക്സ്മൈറ്റുകാർ, ഹിമിയറൈറ്റ്കാർ തുടങ്ങിയ ഇടത്തട്ടുക്കാരാണ് നിയന്ത്രിച്ചിരുന്നത് എന്നും, ഏതെങ്കിലും ‘റോമക്കാർ’ അക്കാലത്ത് ഇന്ത്യയിലേക്കു വന്നിട്ടുണ്ടെങ്കിൽ അത് അക്സ്മൈറ്റുകാരുടെ കപ്പലിലായിരുന്നു എന്നും വാർമിങ്ടൺ ചൂണ്ടിക്കാണിക്കുന്നു. [20] അങ്ങനെ ക്രി.പി. 476-ൽ റോമാസാമ്രാജ്യം നശിച്ചതിനുശേഷമുള്ള വ്യാപാരത്തിന്റെ കേന്ദ്രം പൂർണ്ണമായും കിഴക്കോട്ടു നീങ്ങി. റോമിനെ കുഴപ്പത്തിലേയ്ക്കും നാശത്തിലേയ്ക്കും തള്ളിവിട്ട അപരിഷ്കൃത വർഗക്കാർതന്നെ കുരുമുളകിഷ്ടപ്പെടുന്നുവെങ്കിലും അതവർ സമ്പാദിച്ചത് ഇടത്തട്ടുക്കാർവഴിക്കാണ്. അക്കാലത്ത് റോമാക്കാർ റോമൻകപ്പലുകൾ വഴി കേരളത്തിൽവന്ന് കുരുമുളക് നേരിട്ടു വാങ്ങിക്കൊണ്ടുപോയിരുന്നുവെന്നതിന് തെളിവൊന്നുമില്ല. ചൂവോസ്റ്റോവ്, വാർമിങ്ടൺ മുതലായ ഗ്രന്ഥകർത്താക്കൾ ചൂണ്ടിക്കാണിക്കുന്നതുപോലെ, ക്രി.പി. 5-ാം നൂറ്റാണ്ടിനുശേഷം ഇന്ത്യയിൽ അപൂർവ്വമായി കണ്ടെത്തപ്പെട്ട ചില റോമൻ നാണ്യങ്ങൾ മധ്യവർത്തികൾ വഴിക്കുവന്നതാകാം. [21] എന്തിന് റോമാക്കാരുടെ നാശത്തെപ്പറ്റി പറയുന്നു? ആദിചേരൻമാർതന്നെയും അക്കാലത്ത് ക്ഷയിച്ചുകഴിഞ്ഞിരുന്നില്ലേ? ക്രി.പി. 6-ാം നൂറ്റാണ്ടിൽ സംഘംകൃതികളിൽ സൂചിപ്പിക്കുന്ന മാതിരി റോമാക്കാരുമായി കച്ചവടം നടത്താൻ കഴിയത്തക്കവണ്ണം അഭിവൃദ്ധ്യന്മുഖമായ ഒരു ചേരഭരണം നിലനിന്നിരുന്നില്ലെന്നു വ്യക്തമാണ്. അതുകൊണ്ട് ഇളംകുളത്തിന്റെ നിഗമനം ശരിയായിരിക്കാനിടയില്ല. കേരളവും റോമും ഒരുപോലെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്—അതായത്, ക്രിസ്ത്വാബ്ദം ആദ്യശതകങ്ങളിലാണ്—ചേരരാജാക്കൻമാരുടെ വിദേശവാണിജ്യബന്ധങ്ങൾ ശക്തിപ്പെട്ടത് എന്നും, പതിറ്റുപ്പത്ത് തുടങ്ങിയ സാഹിത്യകൃതികൾ ആ കാലത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും കരുതുന്നതാണ് കൂടുതൽ ന്യായം കാണുന്നത്.
പുരാതന വസ്തുഗവേഷകൻമാർ കണ്ടെടുത്തിട്ടുള്ള മഹാശിലാസംസ്കാരവശിഷ്ടങ്ങളും സംഘംകൃതികളിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള ശവസംസ്കാരരീതികളും തമ്മിൽ വളരെയേറെ സാമ്യമുണ്ട്. സംഘംകൃതികളിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള കലശങ്ങൾ പല്ലവരം തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും കുഴിച്ചെടുക്കപ്പെട്ട മഹാശിലാകാലത്തെ കലശങ്ങളോട് സാമ്യമുള്ളവയാണെന്നും, ആ കലശങ്ങളിൽ കാണപ്പെട്ട പുരാവസ്തുക്കളുടെ അവശിഷ്ടങ്ങൾക്ക് സംഘകാലത്തെ ആചാരങ്ങളുമായി ബന്ധമുണ്ടെന്നും മൂന്നാമധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. തെക്കെ ഇന്ത്യയിൽ സുലഭമായി കാണപ്പെടുന്ന കൊടക്കല്ലുകളും കൽമേശകളും മുതുമക്കച്ചാടികളും മറ്റും ആര്യൻമാർ വരുന്നതിനുമുമ്പു പ്രചരിച്ചിരുന്ന ഒരു ദ്രാവിഡാചാരത്തെ കുറിക്കുന്നത്. [22] എന്നും ഭൂമിക്കടിയിൽ കല്ലുകൾകൊണ്ട് അറയുണ്ടാക്കി അതിൽ മൃതദേഹം മറവുചെയ്യുന്നവരെപ്പറ്റിയും താഴികുഴിച്ചുവച്ച് ശവം അതിനുള്ളിലാക്കി മൂടുന്നവരെപ്പറ്റിയും സംഘംകൃതികളിൽ പരാമർശിച്ചിട്ടുണ്ടെന്നും [23] ഇളംകുളംതന്നെ സമ്മതിക്കുന്നുണ്ട്. ഇതു ശരിയാണെങ്കിൽ സംഘംകൃതികളും കാലം ക്രി.പി. 4-ാം നൂറ്റാണ്ടിനുശേഷമാകുന്നതെങ്ങനെയാണ്? മഹാശിലാസംസ്കാരം ക്രി.മു. 3-ാം നൂറ്റാണ്ടിനും ക്രി.പി. 2-ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്താണ് നിലനിന്നിരുന്നതെന്ന് പുരാതന വാസ്തുഗവേഷകൻമാർ തെളിയിച്ചുകഴിഞ്ഞിട്ടുള്ള സ്ഥിതിക്ക് ആദ്യകാല സംഘംകൃതികൾ ക്രി.പി. രണ്ടാം നൂറ്റാണ്ടിന് വളരെ പിന്നീടാവാനിടയില്ല.
നൂറുകണക്കിനുള്ള സംഘംപാട്ടുകളിൽ നിന്ന് ഏതെങ്കിലുമൊരു വാക്കോ വാചകമോ ഒറ്റപ്പെടുത്തിയെടുത്ത് വ്യാഖ്യാനിച്ച്, സംഘസാഹിത്യത്തിന്റെയാകെ കാലനിർണ്ണയം ചെയ്യാനുള്ള ഒരു വാസന ചില ചരിത്രകാരൻമാർക്കിടയിൽ കാണാറുണ്ട്. വമ്പമോരിയർ, പൊതിയിൽ, കടമ്പർ, പാണ്ഡിയർ എന്നിങ്ങനെയുള്ള ചില വാക്കുകൾ പേരിൽ നടത്തുന്ന വാദപ്രതിവാദങ്ങൾ ചില്ലറയൊന്നുമല്ല. ചിലപ്പതികാരത്തിലെ ‘കുടകകൊങ്കരുമാളുവവേന്തരും’ എന്ന പ്രയോഗത്തെപ്പറ്റിയുള്ള രാഘവയ്യങ്കാരുടെ വ്യാഖ്യാനം ശരിയല്ലെന്നും ഗജബാഹുവിന്റെ കാലത്തല്ല, ആറാംനൂറ്റാണ്ടിന്റെ അന്ത്യം മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ പ്രാബല്യത്തിൽ വർത്തിച്ചിരുന്ന ആളുവരാജവംശത്തിന്റെ കാലത്താണ്, ചിലപ്പതികാരം രചിക്കപ്പെട്ടതെന്നതിനുള്ള ചരിത്രപരമായ ഒരു ലക്ഷ്യമാണാപ്രയോഗമെന്നും ഇളംകുളം കുഞ്ഞൻപിള്ള വാദിക്കുന്നു. [24]
പദങ്ങൾക്കും വാക്യങ്ങൾക്കുമുള്ള പ്രാധാന്യം കുറച്ചുകാണാൻ പാടില്ലെന്നുള്ളത് ശരിയാണ്. പക്ഷേ, ഒരേ വാക്കിന് പ്രാമാണികൻമാരായ രണ്ടു പണ്ഡിതൻമാർ രണ്ടുതരം വ്യാഖ്യാനങ്ങൾ നൽകി തർക്കിക്കാൻ മുതിർന്നാൽ എന്താണ് ചെയ്യുക? ഏതെങ്കിലും വാക്കോ വാചകമോ ഒറ്റപ്പെടുത്തിയെടുത്തു തർക്കിച്ച് വ്യാഖ്യാനിക്കുക എന്നതിനേക്കാളും നിർദ്ദിഷ്ട സാഹിത്യകൃതിയുടെ മുഖ്യമായ ഉള്ളടക്കം പരിശോധിക്കുക എന്നതാണ് ചരിത്രപരമായ കാലനിർണ്ണയത്തിന് കൂടുതൽ സഹായകമാകുക. മറ്റൊരുവിധം പറഞ്ഞാൽ, സംഘസാഹിത്യകൃതികളിൽ പ്രതിഫലിച്ചുകാണുന്ന സാമൂഹ്യജീവിതം, രാഷ്ട്രീയ ഭരണവ്യവസ്ഥകൾ, ആചാരസമ്പ്രദായങ്ങൾ, കല, മതം, സംസ്കാരം മുതലായവ പരിശോധിക്കാതെ അവയുടെ കാലനിർണ്ണയത്തിനൊരുങ്ങുന്നതു ശരിയായിരിക്കുകയില്ല.
ഇങ്ങനെ, വസ്തുനിഷ്ഠമായി പരിശോധിച്ചു നോക്കിയാൽ, കിട്ടിയടത്തോളമുള്ള ആദ്യകാല സംഘംകൃതികളിൽ ഗണ്യമായി ഒരു വിഭാഗം ക്രി.പി. ഒന്നും മൂന്നും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടവയാണെന്ന് സമ്മതിക്കേണ്ടിവരും. ചിലപ്പതികാരം പോലുള്ള കാവ്യങ്ങളും, പതിനെൺകീഴ് കണക്കും മറ്റും മുമ്പു പ്രസ്താവിച്ചതുപോലെ, തീർച്ചയായും പിൽക്കാലകൃതികളാണ്. ക്രി.പി. മൂന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയിൽ രചിക്കപ്പെട്ട കൃതികളായിരിക്കാമവ. ഏതായാലും, ശൈവവൈഷ്ണവമതങ്ങളുടെ ആധിപത്യത്തിനുശേഷമാവാനിടയില്ല. അതുപോലെത്തന്നെ ചില കൃതികൾ ക്രിസ്ത്വാബ്ദത്തിനു തൊട്ടുമുമ്പുള്ള കാലത്ത് രചിക്കപ്പെട്ടവയായിക്കൂടെന്നില്ല. പല പാട്ടുകളിലും ബുദ്ധമതത്തിന്റെ പ്രചരണത്തിനു മുമ്പു നിലനിന്നിരുന്ന ആചാരങ്ങളും വിശ്വാസങ്ങളും കാണാം. അത്തരം പാട്ടുകൾ ബുദ്ധമതം പരന്നുപിടിക്കുന്നതിനു മുമ്പുണ്ടായവയായിരിക്കണം.
സംഘംകൃതികൾ സൂക്ഷിച്ചുവായിക്കുന്ന ഒരാൾക്ക് കീഴാർമാരുടെ, അല്ലെങ്കിൽ കുലത്തലവൻമാരുടെ, നേതൃത്വത്തിലുള്ള പ്രാചീന ഗോത്രഭരണവ്യവസ്ഥയിൽ നിന്ന് പരിഷ്കൃതമായ രാജകീയ ഭരണവ്യവസ്ഥയിലേയ്ക്കുള്ള പരിവർത്തനത്തിന്റെ പല പ്രതിഫലനങ്ങളും കണ്ടെത്താൻ കഴിയും. ഏറ്റവും പഴയ പാട്ടുകൾ ഈ പരിവർത്തനകാലഘട്ടത്തിൽ രചിക്കപ്പെട്ടവയായിരിക്കാം. മറ്റു ചില പാട്ടുകൾ, നേരെമറിച്ച്, മൂവരശരുടെ ഭരണമുറയ്ക്കുകയും ധനികദരിദ്രവ്യത്യാസങ്ങൾ വളരുകയും ചെയ്തതിനുശേഷമുള്ള ഒരു ഘട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അങ്ങനെ പലരും പല കാലങ്ങളിലായി എഴുതിയ പല പാട്ടുകളും ശേഖരിച്ചു സമാഹാരങ്ങളായി പ്രസിദ്ധീകരിക്കാൻ ഏതാനും നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച സാഹിതീപ്രണയികൾ മുതിർന്നിട്ടുണ്ടാവാം. അതുകൊണ്ടായിരിക്കണം ഒരേ സമാഹാരത്തിൽതന്നെ വ്യത്യസ്ത കവികൾ വ്യത്യസ്ത കാലഘട്ടത്തിലെഴുതിയ പാട്ടുകൾ ഒന്നിച്ചുകൂടിയത്.
1 ഈ ഗ്രന്ഥത്തിന്റെ കാലത്തെപ്പറ്റി പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടു്. ക്രി.പി. 8-ാം നൂറ്റാണ്ടാണെന്നു ചിലരും 9-ാം നൂറ്റാണ്ടിലെന്നു മറ്റു ചിലരും പറയുന്നു. എന്നാൽ ക്രി.പി. 12-ാം നൂറ്റാണ്ടിനോടടുത്തു് രചിക്കപ്പെട്ട ഒരു കൃതിയാണെന്നു് വൈയാപുരിപിള്ള പറയുന്നു. A Comprehensive History of India. P. 672.
2 Winternitz: History of Indian Literature, Vol 1. PP. 33–35.
3 എസ്. വൈയാപുരിപിള്ള, കാവിയകാലം, പേ. 56.
4 S. Vaiyyapuri Pillai; History of Tamil Language and Literature, P. 23.
5 Mac Donnel: History of Sanskrit Literature, P. 11.
6 Colebrooke: Miscellaneous Essays, Vol. 11, P. 27.
7 കലൈകളഞ്ചിയം (തമിഴ് എൻസൈക്ലോപീഡിയ) വാള ്യം 5, പേജ് 480.
8 Vaiyyapuri Pillai—History of Tamil Language and Literature P. 22
9 എസ്. വൈയാപുരിപിള്ള: തമിഴർ പൺപാടു. പേ. 5.
10 Vaiyyapuri Pillai: History of Tamil Language and Literature, PP. 38, 65.
11 S. Krishnaswami Aiyyankar: Ancient India and South Indian History and Culture. PP. 595–96.
12 Sreenivasa Aiyyangar, Tamil Studies, P. 214.
13 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: അന്നത്തെ കേരളം, പേ. 16.
14 ടി. പേ. 30.
15 K. V. Subrahmania Iyer: Historical Sketches of Ancient Deccan, PP. 98–99.
16 Kanaka Sabhai: The Tamils Eighteen Hundred Years ago.
17 ഉള്ളൂർ: കേരളസാഹിത്യചരിത്രം, വാള ്യം 1, പേ. 54.
18 എസ്. വൈയാപുരിപിള്ള, കാവിയകാലം, പേ. 35–36.
19 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: അന്നത്തെ കേരളം. പേജ് 28.
20 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: അന്നത്തെ കേരളം. പേ. 30.
21 S. Natesan in the History of Ceylon, Vol. I, Part I. P. 270.
22 S. Vaiyapuri pillai in the Comprehensive History of India. P. 674.
23 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: അന്നത്തെ കേരളം, പേ. 41–43.
24 E. H. Warmington: The Commerce between the Roman Empire And India. P. 139.
25 Ibid, P. 140.
26 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള; അന്നത്തെ കേരളം, പേജ് 118.
27 പി. പേ. 112–113.
28 ഇളം കുളം പി.എൻ.കുഞ്ഞൻപിള്ള; അന്നത്തെ കേരളം, പേജ് 27–28.