ആദ്യം ബ്രഹ്മഗിരിയിലും പിന്നീട് തെക്കേ ഇന്ത്യയിലെ മറ്റു ചില സ്ഥലങ്ങളിലും നടത്തപ്പെട്ട പുരാതന വസ്തുഗവേഷണങ്ങളുടെ ഫലമായി നവീനശിലായുഗാവശിഷ്ടങ്ങളുടെ മുകൾത്തട്ടിൽ മഹാശിലാസംസ്കാരമെന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു സംസ്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടുമുട്ടുകയുണ്ടായി. ക്രി.മു. ഒന്നാം സഹസ്രാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ ഈ സംസ്കാരം തെക്കെ ഇന്ത്യയിലൊട്ടുക്കും വ്യാപിച്ചുകിടന്നതായി കാണുന്നു.
മഹാശിലാ സംസ്കാരത്തിന് ശ്മശാനശിലാ സംസ്കാരമെന്നും പറയാം. എന്തെന്നാൽ, മരിച്ചുപോയ കാരണവൻമാരുടെയോ, കുലത്തലവൻമാരുടെയോ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്ത ശവകുടീരങ്ങളെയാണ് അവ പ്രതിനിധീകരിക്കുന്നത്. പ്രാചീനകാലത്ത് മരിച്ചുപോയവരുടെ അസ്ഥിക്കഷണങ്ങളോടൊപ്പം ഭക്ഷണധാന്യങ്ങൾ, പാത്രങ്ങൾ, ആഭരണങ്ങൾ, ആയുധസാമഗ്രികൾ എന്നിവ അടക്കം ചെയ്ത ചെപ്പുകളോ, മൺകുടങ്ങളോ ശവക്കുഴികളിൽ നിക്ഷേപിക്കാറുണ്ടായിരുന്നു. മനുഷ്യൻ മരിച്ചുകഴിഞ്ഞാലും അവന്റെ ആത്മാവ് നിലനിൽക്കുമെന്ന വിശ്വാസത്തിൽ നിന്നാവാം ഇത്തരം ആചാരങ്ങൾ ഉടലെടുത്തത്.
കേരളത്തിന്റെ നാനാഭാഗങ്ങളിലായി ഇങ്ങനെ നാലോ അഞ്ചോ തരത്തിലുള്ള ഒട്ടനവധി പ്രാചീന ശവകുടീരങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. മരിച്ചവരുടെ ഓർമ്മയ്ക്കായി കുത്തിനിർത്തിയ നീണ്ടുപരുക്കനായ നടുക്കല്ലുകൾ അല്ലെങ്കിൽ ഏകശിലാസ്തംഭങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. ദേവികുളത്തിനടുത്ത് ഒരു ഏകശിലാസ്തംഭത്തിനടുത്തുനിന്ന് മൂന്ന് ഉടഞ്ഞ മൺപാത്രങ്ങളും ഒരു ചട്ടിയും ഒരു ഇരുമ്പുകോടാലിയും കിട്ടുകയുണ്ടായി. അതേ പ്രദേശത്തുതന്നെ ഏതാണ്ട് അതേമാതിരിയുള്ള മറ്റു കണ്ടുപിടുത്തങ്ങളും ഉണ്ടായിട്ടുണ്ട്. ഡോ. അനന്തകൃഷ്ണയ്യർ, തൃശ്ശൂർ താലൂക്കിൽ നിന്നുമാത്രം മൂന്ന് സ്തംഭങ്ങൾ കണ്ടുപിടിക്കുകയുണ്ടായി. തൃശ്ശൂരിനടുത്തുള്ള ആനപ്പാറയിലെ കരിങ്കല്ലുകൊണ്ടുള്ള പ്രാചീനസ്തംഭത്തിന് 12 അടി പൊക്കമുണ്ട്. പാലക്കാട് കല്ലടിക്കോട് മലയിൽ ഒന്നോ രണ്ടോ വാര ഇടവിട്ട് വൃത്താകാരത്തിൽ കെട്ടിപ്പൊക്കിയ ഏതാനും ഏകശിലാസ്തംഭങ്ങളും അവയ്ക്കിടയിൽ മൺപാത്രങ്ങളുൾപ്പെടെ ഏതാനും പ്രാകൃത സാമഗ്രികളും കണ്ടുകിട്ടുകയുണ്ടായെന്ന് ലോഗൻ പ്രസ്താവിക്കുന്നു. ഇങ്ങനെ കുത്തനെ കല്ലുകൾ ആഴ്ത്തി വൃത്താകാരത്തിൽ നിർമ്മിക്കപ്പെട്ട സ്മാരകശിലകൾ ‘കുത്തുകൽമണ്ഡപം’ എന്ന് മണ്ഡപം പറയുന്നു.
മൂന്നോ നാലോ കൽപ്പലകകൾ കുത്തനെ നാട്ടി അവയുടെ മീതെ ഒരു തൊപ്പിക്കല്ലും വച്ച് അറകളുടെ രൂപത്തിൽ നിർമ്മിക്കപ്പെട്ട മറ്റൊരു തരം സ്മാരകങ്ങളുണ്ട്. അവയ്ക്ക് ‘കല്ലുമേശകൾ’ എന്നു പറയുന്നു. ഇത്തരം കല്ലറകളിൽ ചിലതിന് 20 അടി മുതൽ 140 അടി വരെ വ്യാസമുണ്ട്. ചില പ്രദേശങ്ങളിൽ കൽപലകകൾ കൊണ്ട് വലയംചെയ്യപ്പെട്ട ഒരു വൃത്തത്തിനുള്ളിൽതന്നെ ഒന്നിലധികം ശവക്കല്ലറകൾ കാണാം. ചില കല്ലറകൾ ചതുരാകാരത്തിലാണ്. കുഴിച്ചുനോക്കപ്പെട്ട പല ശവക്കല്ലറകളിൽ നിന്നും മൺപാത്രങ്ങളും ആയുധോപകരണങ്ങളും മറ്റും ലഭിക്കുകയുണ്ടായി.
ഭൂമിക്കടിയിൽ കല്ലുകൊണ്ടുള്ള ശവപ്പെട്ടികൾ വച്ച് മണ്ണുമൂടി അതിനുമുകളിൽ നടുക്കല്ലുകളോകൽമേശകളോ നാട്ടിവെച്ചുണ്ടാക്കിയ മറ്റൊരുതരം സ്മാരകവും ഉണ്ട്. വയനാട്ടിൽ കാണപ്പെട്ട ഇത്തരമൊരു സ്മാരകത്തിന്റെ മുകൾഭാഗത്തുള്ള കൽവലയത്തിന് 32 അടിയും, പാലക്കാട്ട് പല്ലാവൂരിൽ കണ്ടെത്തിയ മറ്റൊരു കൽവലയത്തിന് 33 അടിയും വ്യാസമുണ്ട്.
കണ്ണൂരിലെ നടുവിൽ അംശത്തിലും, അടൂർ താലൂക്കിലെ പൂതംകരയിലും പട്ടംകോളണിയിലെ കല്ലാറിലും തൊടുപുഴയിലെ ഉടുമ്പന്നൂരിലും മഹാശിലാസംസ്കാരത്തിന്റെ ഇത്തരം അവശിഷ്ടങ്ങൾ കാണപ്പെട്ടിട്ടുണ്ട്. വണ്ടിപ്പെരിയാറിൽ കാണപ്പെട്ട ശവക്കല്ലറകൾക്ക് ഒൻപതരയടി നീളവും ഏഴടിയോളം വീതിയും ഉണ്ട്. അവയ്ക്കിടയിൽ നിന്ന് ചില പഴയ മൺപാത്രങ്ങൾ കണ്ടുകിട്ടിയിട്ടുമുണ്ട്. ഗുരുവായൂരിൽ നിന്നും ഏകദേശം മൂന്നുനാഴിക കിഴക്ക് അരിയന്നൂർ എന്ന സ്ഥലത്തുള്ള ചില കുടക്കല്ലുകളെ ഞാൻ തന്നെ പരിശോധിക്കുകയുണ്ടായി. അടുത്തടുത്തായി യാതൊരു കേടുപാടുമില്ലാത്ത അഞ്ചു കുടക്കല്ലുകളുണ്ടവിടെ. എങ്ങനെയോ പൊട്ടിത്തകർന്ന രണ്ടുമൂന്നെണ്ണത്തിന്റെ അവശിഷ്ടങ്ങളും കാണാം. അടിഭാഗം വീതികൂടി, മുകൾ ഭാഗം കൂർത്തുചെത്തി മിനുസപ്പെടുത്തിയ നാലു കല്ലുകൾ വീതം വൃത്താകൃതിയിൽ അടുക്കിവച്ച് അതിനുമുകളിൽ ഉൾഭാഗം വലിയൊരു കൂമ്പാരക്കല്ല് കമഴ്ത്തിവച്ചിരിക്കുകയാണ്. ഈ കുടക്കല്ലുകളെല്ലാം ഒരേ വലിപ്പത്തിലുള്ളവയല്ല. പക്ഷേ, ആകൃതിക്കു വ്യത്യാസമില്ല. ഏറ്റവും വലിയതിന്റെ മുൻഭാഗത്തുള്ള കൂമ്പാരക്കല്ലിന് ഏകദേശം പത്തുവാര ചുറ്റളവുണ്ട്. മറ്റുള്ളവയുടെ ചുറ്റളവ് അൽപം കുറവാണ്. കുന്നിൻ പ്രദേശത്ത് കുറ്റിക്കാടുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ കൂടക്കല്ലുകൾക്കടുത്തെത്തിയാൽ ആദ്യം തന്നെ ഒരു ശ്മശാനത്തിന്റെ പ്രതീതിയാണുണ്ടാവുക. ഇതുപോലെ കുടക്കല്ല്, തൊപ്പിക്കല്ല്, മുതുമക്കച്ചാടി, പാണ്ഡവക്കുഴി, കൽമേശ, നന്നങ്ങാടികൾ എന്നിങ്ങനെ പലതരത്തിലുള്ളവയും പല പേരുകളിലറിയപ്പെടുന്നവയുമായ പ്രാകൃത ശവക്കല്ലറകൾ കേരളക്കരയുടെ നാനാഭാഗത്തും സുലഭമായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
ഈ പ്രാചീന ശവക്കല്ലറകളിൽ പലതിലും ഭക്ഷണധാന്യങ്ങൾ, അസ്ഥികൾ, ചാരം, ജപമണികൾ, അമ്പ്, കുന്തം, ഇരുമ്പുകൊണ്ടുള്ള മറ്റ് ചില ആയുധോപകരണങ്ങൾ മുതലായവ കാണപ്പെടുകയുണ്ടായി. കോയമ്പത്തൂർ ജില്ലയിലെ സുലൂർ എന്ന സ്ഥലത്ത് കണ്ടെത്തിയ ഒരു പ്രാചീന ശവകുടീരത്തിൽ ക്രി.മു. മൂന്നാം നൂറ്റാണ്ടിലെ ഒരു നാണ്യമുണ്ടായിരുന്നു. [1] കേരളത്തിലെ ശവകുടീരങ്ങളിൽ നിന്ന് നാണ്യങ്ങൾ കിട്ടിയതായി അറിവില്ല.
ഈ ശ്മശാന ശിലാ സംസ്കാരം നവീനശിലായുഗത്തിലേതാണെന്ന് ചില ഗവേഷകൻമാർ പ്രസ്താവിക്കുന്നു. [2] പക്ഷേ, ഒരു വിഷമമുണ്ട്. ചില മുതുമക്കച്ചാടികളിൽ ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങളടങ്ങിയിരിക്കുന്നു. ഇരുമ്പുപകരണങ്ങളാകട്ടെ, ക്രി.മു. 5-ാം നൂറ്റാണ്ടോടുകൂടി മാത്രമാണ് പ്രചാരത്തിൽ വന്നത്. അതുകൊണ്ട് പ്രസ്തുത ഉപകരണങ്ങൾ ക്രി.മു. 5-ാം നൂറ്റാണ്ടിനു ശേഷം ഒരു പക്ഷെ ക്രി.മു. 3-ാം നൂറ്റാണ്ടിനും എ.ഡി. 1-ാം നൂറ്റാണ്ടിനുമിടയ്ക്ക് നിർമ്മിക്കപ്പെട്ടവയാണെന്ന് മറ്റു ചില ഗവേഷകൻമാർ അഭിപ്രായപ്പെടുന്നുണ്ട്.
തിരുവിതാംകൂർ പ്രദേശത്ത് ആദ്യമായി ഉൽഖനനം നടത്തിയ വാർഡും കോണറും മഹാശിലാസംസ്കാരാവശിഷ്ടങ്ങളെ മൂന്നായി തരംതിരിക്കുന്നു. [3]
ശിലായുഗത്തിലെ ശവക്കല്ലറകൾ: ഇവയാണ് ഏറ്റവും പുരാതനമായവ. ദഹിപ്പിക്കാത്ത ശവങ്ങളുടെ അവശിഷ്ടങ്ങളും, കല്ലുകൊണ്ടും മരംകൊണ്ടുമുള്ള പദാർത്ഥങ്ങളും മാത്രം അടക്കം ചെയ്തത്.
പിത്തളയുഗത്തിലെ ശവക്കല്ലറകൾ: ദഹിപ്പിക്കപ്പെട്ട ശവങ്ങളുടെ അവശിഷ്ടങ്ങൾ, മൺപാത്രങ്ങൾ, മറ്റുപകരണങ്ങൾ, ആഭരണങ്ങൾ എന്നിവ അടക്കം ചെയ്തത്.
ഇരുമ്പുയുഗത്തിലെ ശവക്കല്ലറകൾ: ഏറ്റവും പഴക്കം കുറഞ്ഞ ഈ ശവക്കല്ലറകളിൽ ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങൾ, കുന്തങ്ങൾ, വാളുകൾ, നല്ലപോലെ തേച്ചുമിനുക്കിയ പാത്രങ്ങൾ മുതലായവയെല്ലാമടങ്ങുന്നു.
ഇവയിൽ ഒന്നാമത്തെ തരത്തിൽപ്പെട്ട, ശിലായുഗത്തെ പ്രതിനിധീകരിക്കുന്നതും ഉപകരണങ്ങളൊന്നുമില്ലാത്തതുമായ ഒരു ശവക്കല്ലറ തിരുവിതാംകൂറിലെ ചൊക്കനാട്ടിൽ വാർഡ് കണ്ടെത്തുകയുണ്ടായി. കൊച്ചിയിൽ കണ്ടതിലധികവും മൂന്നാമിനത്തിൽപ്പെട്ടവയാണ്.
ഏതായാലും കേരളക്കരയിൽ ശിലായുഗമനുഷ്യർ ഉണ്ടായിരുന്നുവെന്നും, ഇരുമ്പുപകരണങ്ങളോടുകൂടിയ മഹാശിലാസംസ്കാരം ശിലായുഗത്തിന്റെ അവസാനഘട്ടത്തിലാണ് ആവിർഭവിച്ചതെന്നും കരുതുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.
മുതുമക്കച്ചാടികൾക്കു പുറമെ പാറ കൊത്തിയുണ്ടാക്കിയ ഒട്ടനവധി പ്രാചീന ഗുഹകളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് ഒന്നര നൂറ്റാണ്ടിനു മുമ്പ് 1819-ൽ ബാബിങ്ടൻ ബോംബെയിലെ ലിറ്റററി സൊസൈറ്റിയിൽ വായിച്ച ഒരു പ്രബന്ധത്തിൽ കണ്ണൂരിനടുത്തുള്ള രണ്ടു ഗുഹകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. [4] അതിനെ തുടർന്ന് മറ്റു പല ഗവേഷകൻമാരും അതുപോലുള്ള മറ്റു ഗുഹകൾ കണ്ടെത്തി. മലബാറിൽ മാത്രം 160 ഓളം ഗുഹകൾ ഉള്ളതായി സെവൽ പ്രസ്താവിക്കുന്നു. [5] ചില ഗുഹകളിൽ ഇരുഭാഗങ്ങളിലും പാറകൊത്തിയുണ്ടാക്കിയവയും 6 ഇഞ്ച് മുതൽ 2 അടി വരെ ഉയരവുമുള്ളവയുമായ ഈ രണ്ടു ബഞ്ചുകളുണ്ട്. മറ്റു ചില ഗുഹകളിൽ ഒരു ബഞ്ചേയുള്ളു. മരിച്ചുപോയവരുടെ അവശിഷ്ടങ്ങൾ വെയ്ക്കുവാൻ വേണ്ടി ഉയർത്തിയുണ്ടാക്കപ്പെട്ടവയാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ബെഞ്ചില്ലാത്ത ഗുഹകളും കണ്ടെത്തിയിട്ടുണ്ട്. ഇയ്യാൽ, കാട്ടുകമ്പാല എന്നീ സ്ഥലങ്ങളിൽ നിന്നും കണ്ടുകിട്ടിയ പാറക്കൽ ഗുഹകളിൽ ചതുരാകൃതിയിലുള്ള ഒന്നിലധികം അറകൾ കാണാം.
മുകളിൽ പ്രസ്താവിക്കപ്പെട്ട അരിയന്നൂരിലെ കടക്കല്ലുപറമ്പിൽ നിന്ന് ഒന്നുരണ്ടു ഫർലോങ്ങ് ദൂരെ, മാറ്റം-കണ്ടാണിശ്ശേരി റോഡിനരികിലായി സ്ഥിതിചെയ്യുന്നതും നാട്ടുകാർ മുനിമട എന്നുവിളിക്കുന്നതുമായ ഒരു പ്രാചീനഗുഹ ഞാൻ പരിശോധിക്കുകയുണ്ടായി. ശരിക്കുപറഞ്ഞാൽ, അതൊരിരട്ട ഗുഹയാണ്. എന്നുവെച്ചാൽ, പ്രധാന ഗുഹയിലേക്ക് കടക്കണമെങ്കിൽ, ആദ്യമായി ഏകദേശം 6 അടി ആഴവും 6 അടി നീളവും 4 അടി വീതിയുമുള്ള ഒരു കുഴിയിലേക്കിറങ്ങണം. ഇറങ്ങാൻ കൽപ്പടികളുണ്ട്. ഈ പാർശ്വഗുഹയിൽ നിന്ന് പ്രധാന ഗുഹയിലേക്ക് കടക്കാൻ ഏതാണ്ട് രണ്ടടി സമചതുരത്തിലുള്ള ഒരു പ്രവേശനദ്വാരമുണ്ട്. അതിലൂടെ അൽപ്പം ഞെരുങ്ങിയാണെങ്കിലും അകത്തു കടക്കാം. പാരക്കൽ കൊത്തിയുണ്ടാക്കിയ പ്രധാനഗുഹയ്ക്ക് ഏതാണ്ട് പത്തടി വ്യാസവും ഏഴടിയോളം ആഴവുമുണ്ട്. താഴെ നിലത്ത്, വിട്ട് വിട്ട് മൂന്ന് കൽത്തിണ്ണകൾ കാണാം. കഷ്ടിച്ച് ഒരടിയോളമേ അവയ്ക്കുയരമുള്ളു. പക്ഷേ, മൂന്നടി വീതിയും ആറടിയോളം നീളവുമുണ്ട്. ഗുഹയുടെ ഒത്ത മുകളിലായി വൃത്താകൃതിയിൽ മൂന്നടിയിൽ താഴെ വ്യാസമുള്ള ഒരു ദ്വാരമുണ്ട്. ഒരു കല്ലടപ്പുകൊണ്ടു അതടച്ചു പൂട്ടിയിടാം.
അരിയന്നൂരിൽ നിന്ന് ഏതാണ്ട് ഒരു നാഴിക വടക്കുമാറ്റി കൂനംമൂച്ചിക്കടുത്തുള്ള പയ്യൂർ എന്ന സ്ഥലത്തും ഏതാണ്ടിതേ മാതിരിയുള്ള രണ്ടു ഗുഹകൾ കാണാം. അടുത്തകാലത്ത് നാട്ടുകാർ കല്ലുവെട്ടുന്നതിനിടയിൽ കണ്ടുപിടിച്ച ഈ ഗുഹകളിൽ നിന്ന് പലതരത്തിലുള്ള മുപ്പതിൽപ്പരം മൺപാത്രങ്ങളും ഇരുമ്പുകൊണ്ടുള്ള ഏതാനും ഉപകരണങ്ങളും ലഭിക്കുകയുണ്ടായി. അവയെല്ലാം അധികൃതർ എടുത്തുകൊണ്ടുപോയി എന്നല്ലാതെ കൂടുതൽ ഗവേഷണങ്ങളൊന്നും അവിടെ നടന്നതായറിയില്ല. അരിയന്നൂർ ഗുഹയ്ക്കെന്നപോലെ പയ്യൂർ ഗുഹയ്ക്കും ഏതാണ്ട് രണ്ടടി സമചതുരമുള്ള ഒരു പ്രവേശനദ്വാരമുണ്ട്. പക്ഷേ, അതിപ്പോൾ കൽപ്പലക കൊണ്ട് അടച്ച നിലയിലാണ് കാണുന്നത്. മുകളിലെ ദ്വാരവും മൂടിക്കിടക്കുകയാണ്. രണ്ടു ഗുഹകൾ തൊട്ടുതൊട്ടാണ് കിടക്കുന്നത്. ഏതാനും ദൂരത്തായി മറ്റൊരു ഗുഹ കൂടിയുണ്ട്. അതു തുറന്നുനോക്കിയപ്പോൾ അകത്ത് ചതുരാകൃതിയിലുള്ള നാലറകൾ കണ്ടതായി നാട്ടുകാർ പറയുന്നു. ഏതായാലും ഇപ്പോളതും മണ്ണുമൂടി കിടക്കുകയാണ്. എങ്കിലും പുറത്തുനിന്നു നോക്കിയാൽ തന്നെ ചാണേപ്പൊറ എന്ന ഉറപ്പുകുറഞ്ഞ ഒരു തരം കരിങ്കൽപ്പലകകൾകൊണ്ടു നിർമ്മിക്കപ്പെട്ട ആ അറകളുടെ ചില സൂചനകൾ കാണാം. ഈ മൊട്ടപ്പറമ്പിൽതന്നെ ഗുഹകളുടെ സമീപത്തായി നാട്ടുകാർ കുഴുതാളി എന്നുവിളിക്കുന്ന സിമന്റുതൊട്ടിയുടെ ആകൃതിയിലുള്ള ധാരാളം നന്നങ്ങാടികളും അവിടവിടെയായി കാണാനുണ്ട്. മാളേർകാവ് എന്നപേരിലറിയപ്പെടുന്ന ഒരു പ്രാചീന ഭഗവതിക്ഷേത്രത്തിന്റെ സമീപത്താണിതെല്ലാം.
ഇങ്ങനെ കേരളത്തിന്റെ പല ഭാഗങ്ങളിലുമായി പലതരത്തിലുമുള്ള ഒട്ടനവധി ഗുഹകൾ ഇതിനകം തന്നെ കണ്ടുകിട്ടിയിട്ടുണ്ട്. അവയിൽ പലതും പുരാവസ്തു ഗവേഷകൻമാരുടെ പരിശോധനയ്ക്ക് ഇനിയും വിധേയമായിട്ടില്ല.
വൈ.ഡി. ശർമ്മ കേരളത്തിലെ ഗുഹകളെ മൊത്തത്തിൽ നാലായി തരംതിരിച്ചിരിക്കുന്നു:
— നടുക്കു തൂണുകളോടുകൂടിയ ഗുഹകൾ
— തൂണില്ലാത്ത ഗുഹകൾ
— മുകളിൽ അടപ്പുള്ളവ
— ഒന്നിലധികം അറകളുള്ളവ
ഈ പ്രാചീനഗുഹകളെപ്പറ്റി പലരും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ബുദ്ധജൈനമതങ്ങൾ പ്രചാരത്തിലുണ്ടായിരുന്ന കാലത്തെ സന്യാസിമാരുടെ വാസസ്ഥലങ്ങളായിരുന്നു അവയെന്ന് അനുജൻ അച്ഛൻ അഭിപ്രായപ്പെടുന്നു. [6] എ. അയ്യപ്പൻ, എൽ.എം. കൃഷ്ണയ്യർ മുതലായവരും ഈ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാൽ അവ ബൗദ്ധഗുഹകളോ, ജൈനഗുഹകളോ അല്ലെന്നാണ് ശർമ്മയുടെ വാദം. [7] ബൗദ്ധരുടെ ഏറ്റവും പഴക്കമുള്ള സുദാമ ഗുഹകൾക്കുപോലും അവയുടെ ഘടനയിലും നിർമ്മാണരീതിയിലും കേരളത്തിലെ ഗുഹകളേക്കാൾ പരിഷ്ക്കരിച്ചവയാണെന്നും ബുദ്ധമതം കൂടുതൽ വളർന്നതിനുശേഷം പ്രാകൃതരീതിയിലുള്ള ഗുഹകൾ നിർമ്മിക്കുക അസ്വാഭാവികമാണെന്നുമാണ് അദ്ദേഹം പറയുന്നത്. ശർമ്മയുടെ അഭിപ്രായമാണ് കൂടുതൽ ശരിയെന്ന് തോന്നുന്നു. വി.നാരായണപിള്ള ചൂണ്ടിക്കാണിക്കുന്നതുപോലെ, ബുദ്ധമതം കേരളത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ പ്രചാരത്തിലുണ്ടായിരുന്നുള്ളു; ഗുഹകൾക്കാകട്ടെ ഒരു സാർവ്വത്രിക സ്വഭാവമാണുള്ളത്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുള്ള പ്രാചീന ഗുഹകൾക്ക് ഘടനയിലും ഉള്ളടക്കത്തിലും മഹാശിലാ സ്മാരകങ്ങളുമായി വളരെയധികം സാമ്യമുണ്ട്. അതുകൊണ്ട് അവ പ്രാചീനകാലത്തെ ശവകുടീരങ്ങളായിരിക്കാനാണിടയുള്ളത്. പിന്നീട് ഒരുപക്ഷേ സന്യാസിമാർ അവയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാമെന്ന് ശർമ്മ പറയുന്നുണ്ട്. എന്നാൽ അരിയന്നൂർ, പയ്യൂർ മുതലായ സ്ഥലങ്ങളിൽ കണ്ടെത്തപ്പെട്ട ഗുഹകൾ തപസിനോ, പ്രാർത്ഥനക്കോ പറ്റിയവയല്ല, തീർച്ച. ചുമർഭിത്തിയിലെ പ്രവേശനദ്വാരവും മുകൾഭാഗത്തെ ദ്വാരവും കൽപ്പലകകൾ കൊണ്ടു മൂടിയാൽ പിന്നെ അകത്തിരിക്കുന്ന ആൾക്ക് ശ്വാസം കഴിക്കാൻ സാധിക്കില്ല. ഈ ഗുഹകൾ, ഒറ്റനോട്ടത്തിൽതന്നെ ശവസംസ്കാരത്തിനുവേണ്ടി നിർമ്മിക്കപ്പെട്ടവയാണെന്നേ തോന്നൂ.
മഹാശിലാസംസ്കാരത്തിലെ ചില ശവക്കല്ലറകൾക്ക് മുകളിൽ വൃത്താകാരത്തിൽ നാട്ടിയ കൽപ്പലകകൾ കാണാമെന്ന് പറഞ്ഞുവല്ലോ. ബാബിങ്ടൻ കണ്ടുപിടിച്ച ഒരു ഗുഹയ്ക്കു മുകളിലും അതുപോലുള്ള കൽപ്പലകകളുണ്ട്. പോർക്കുളത്ത് രണ്ടേക്കറോളം വിസ്താരത്തിൽ നിരവധി കുടക്കല്ലുകളുണ്ട്. കൽവലയങ്ങളോടുകൂടിയ ശവകുടീരങ്ങളുടെ സമീപത്തുതന്നെ പാറക്കൽ ഗുഹകളും കണ്ടെത്തിയിട്ടുണ്ട്. രണ്ടും ഏതാണ്ടൊരേകാലത്തു നിർമ്മിക്കപ്പെട്ടവയും ഒരേ സംസ്ക്കാരത്തെ പ്രതിനിധാനം ചെയ്യുന്നവയുമാണെന്നാണ് ശർമ്മ പറയുന്നത്. കേരളത്തിലെ നാനാഭാഗങ്ങളിലും കണ്ടെത്തിയ ഗുഹകളിലും മഹാശിലാസംസ്ക്കാരങ്ങളിലും അടക്കംചെയ്യപ്പെട്ട മൺപാത്രങ്ങളുടെയും മറ്റും സ്വഭാവം പരിശോധിച്ചാലും ഈ രണ്ട് സംസ്കാരങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. [8]
എല്ലാ വാദഗതികളേയും വസ്തുനിഷ്ഠമായി പരിശോധിച്ചാൽ കേരളത്തിലെ മഹാശിലാസംസ്കാരവും പ്രാചീന ഗുഹാസംസ്കാരവും രണ്ടും ബുദ്ധമതത്തിന്റെ ആധിപത്യത്തിനുമുമ്പാണ് നിലനിന്നിരുന്നത് എന്നു കരുതേണ്ടിവരും.
ബ്രാഹ്മഗിരിയിലെ കണ്ടുപിടുത്തങ്ങളെ വിലയിരുത്തിക്കൊണ്ട് ക്രി.മു. 200 നും ക്രി.പി. 50 നുമിടയ്ക്ക് മഹാശിലാസംസ്കാരവും അതിനു മുമ്പു നവീനശിലായുഗവുമാണ് മൈസൂരിൽ നിലനിന്നിരുന്നത് എന്നു വീലർ അഭിപ്രായപ്പെടുന്നു. ബ്രഹ്മഗിരിയിൽ കണ്ടുകിട്ടിയ മഹാശിലാസംസ്കാരാവശിഷ്ടങ്ങൾ ക്രി.മു. രണ്ടാം നൂറ്റാണ്ടിലേതാണെങ്കിലും ആ സംസ്കാരം അതിനും ഏതാണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചിട്ടുണ്ടാവണമെന്നാണ് ടി.എൻ. രാമചന്ദ്രൻ പറയുന്നത്. [9]
മഹാശിലാസംസ്കാരം നിലനിന്നിരുന്നത് ക്രി.മു. 300 മുതൽ ക്രി.പി. 200 വരെയാണെന്ന് മറ്റു ചില പുരാതനവസ്തു ഗവേഷകൻമാരും അഭിപ്രായപ്പെടുന്നു. പക്ഷേ, ബ്രഹ്മഗിരിക്കു സമീപം അശോകന്റെ ചില ശിലാശാസനങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. ലോഹങ്ങളുടെ ഉപയോഗം മനസ്സിലാകാത്ത അപരിഷ്കൃതരായ ശിലായുഗ മനുഷ്യർക്കുവേണ്ടിയാണ് അശോകൻ തന്റെ ശാസനങ്ങൾ കൊത്തിച്ചത് എന്നു കരുതാൻ വിഷമമുണ്ട്. അതുകൊണ്ട് അശോകന്റെ കാലത്തിനുമുമ്പുതന്നെ ഇരുമ്പിന്റെ ഉപയോഗവും മഹാശിലാസംസ്കാരവും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടാവണം. ക്രി.മു. 700 നും 400 നുമിടയ്ക്കുതന്നെ ദക്ഷിണേന്ത്യാക്കാർ ഇരുമ്പ് ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നാണ് ഗോർഡൻ പ്രസ്താവിക്കുന്നത്. ഏതായാലും ക്രി.മു. 500 ഓടുകൂടി ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങൾ ധാരാളം പ്രചരിക്കാൻ തുടങ്ങിയെന്നു കണക്കാക്കാവുന്നതാണ്. മഹാശിലാസംസ്കാരത്തിന്റെ കാലം അതിനുശേഷമല്ലാതെ, മുമ്പായിരിക്കാനിടയില്ല.
ഒരുപക്ഷേ, അശോകന്റെ ശിലാശാസനങ്ങളിലും പ്രാചീന സംഘംകൃതികളിലും പ്രതിപാദിക്കപ്പെടുന്ന ചേരചോഴ പാണ്ഡ്യരാജ്യങ്ങളിലെ ജനങ്ങളായിരിക്കാം മഹാശിലാസംസ്ക്കാരത്തിന്റെ നിർമാതാക്കൾ. ഗവേഷകൻമാർ കണ്ടെടുത്തിട്ടുള്ള മഹാശിലാസംസ്കാരാവശിഷ്ടങ്ങളും സംഘംകൃതികളിൽ വർണ്ണിക്കപ്പെടുന്ന ശവസംസ്കാരരീതികളും തമ്മിൽ വളരെയേറെ സാമ്യമുണ്ട് എന്ന വസ്തുത ഈ അനുമാനത്തിനു ശക്തികൂട്ടുന്നു. ഉദാഹരണത്തിന് സംഘംകൃതികളിലെ കിള്ളവ ഇവൻ എന്ന ചോഴരാജാവ് മരിച്ചപ്പോൾ ഐയർമുടവനാർ എന്ന കവി പാടിയ ‘കലം ചെയ്കോവേ, കലം ചെയ്കോവെ’ എന്ന മനോഹരഗാനം ഒന്നു പരിശോധിച്ചു നോക്കുക. അത്രയും മഹാനായ ഒരു രാജാവിന്റെ ശവമടക്കംചെയ്യാൻ പറ്റിയ കലശം എങ്ങനെ നിർമ്മിക്കാൻ കഴിയുമെന്ന് കവി ഒരു കുംഭാരനോടു ചോദിക്കുകയാണ്.
‘ഇത്രയും ഉൽകൃഷ്ടനായ ഒരു ചക്രവർത്തിയുടെ ശവസംസ്കാരത്തിന് വളരെ വിസ്താരമുള്ള വായോടുകൂടിയ ഒരു കലശമാണാവശ്യം. വിശാലമായ ഭൂമിയെ ചക്രമായും ഉത്തുംഗമായ പർവ്വതത്തെ കളിമണ്ണായും ഉപയോഗിക്കുക എന്നതിൽ കുറഞ്ഞ ഏന്തെങ്കിലും നിനക്ക് ചെയ്യാനാവുമോ?’ സംഘം കൃതികളിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള കലശങ്ങൾ പല്ലവരം തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നും കുഴിച്ചെടുക്കപ്പെട്ട മഹാശിലാകാലത്തെ കലശങ്ങളോട് സാമ്യമുള്ളവയാണ് എന്നും കലശങ്ങളിൽ കാണുന്ന പുരാതനവസ്തുക്കളുടെ അവശിഷ്ടങ്ങൾക്ക് സംഘകാലത്തെ ആചാരങ്ങളുമായി ബന്ധമുണ്ടെന്നും മദിരാശി ഗവൺമെന്റിന്റെ പുരാതന വസ്തു ഗവേഷണ ഡിപ്പാർട്ട്മെന്റിന്റെ റിക്കാർഡുകൾ വ്യക്തമാക്കുന്നു. [10]
ഇവിടെയാണ് പുരാതന വാസ്തുഗവേഷണവും പ്രാചീന സാഹിത്യവും തമ്മിലുള്ള ബന്ധം കിടക്കുന്നത്. ഒന്നു മറ്റേതിന്റെ പൂരകമായിത്തീരുന്നു. മ്യൂസിയങ്ങളിൽ സൂക്ഷിച്ചുവെയ്ക്കപ്പെട്ടിട്ടുള്ള മഹാശിലാസംസ്കാരാവശിഷ്ടങ്ങളുടെ ഉടമസ്ഥൻമാർ ഏതുതരത്തിലാണ് ജീവിച്ചിരുന്നത് എന്നും അവരുടെ ആശയാഭിലാഷങ്ങൾ എന്തൊക്കെയായിരുന്നുവെന്നും മനസ്സിലാക്കാൻ സംഘംകൃതികൾ നമ്മെ സഹായിക്കുന്നു. അതുപോലെത്തന്നെ സംഘം കൃതികളുടെ കാലത്ത് കേരളീയർ ഏതുതരത്തിലുള്ള ആയുധോപകരണങ്ങളും പാത്രങ്ങളും മറ്റുമാണുപയോഗിച്ചിരുന്നത് എന്നു മനസ്സിലാക്കാൻ മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും പ്രയോജനപ്പെടുന്നു.
പ്രാചീന സാഹിത്യകൃതികളിൽ മാത്രമല്ല, മൺമറഞ്ഞുപോയിട്ടില്ലാത്ത പ്രാകൃതരായ ചില ഗിരിവർഗ്ഗക്കാർക്കിടയിലും മഹാശിലാ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ഉദാഹരണത്തിന്, മലയരയൻമാർ, കുറുമ്പൻമാർ മുതലായ ചില ഗോത്രസമുദായങ്ങളിൽ മഹാശിലാസംസ്കാരം, ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ, ഇന്നും നിലനിന്നുവരുന്നുണ്ട്. [11] രണ്ടായിരത്തിലധികം കൊല്ലങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന കേരളീയരുടെ ആചാരസമ്പ്രദായങ്ങൾ കുറേയൊക്കെ മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു.
1 Mass. XXX. No. 10, P. 172 (October 1930)
2 L. A. Krishna Iyer, Kerala, Past and Present.
3 L. A. Krishna Iyer, The TranvancoreTribes and castes, Vol. 111. P. 59.
4 J. Babington: Pre-historic Antiquieties.
5 R. Sewell: Pre-historic Antiquarian Remains in the Presidency of Madras (Madras 1882) P. 240.
6 Administration Report of the Archeological Department, Cochin State, 1102, ME, 1926, 27
7 Y. D. Sarma: Ancient India, No, 12, 1956.
8 Ibid.
9 T. N. Ramachandran: Presidential Address, Indian History Congress, Agra, 1956
10 G. M. Soma Sundaran Pillai: Two Thousand Years of Tamil Literature, P. 45.
11 L. A. Krishna Iyer and L. K. Bala Ratnam: Anthrapology in India. P. 77.