1920-ൽ മഹാത്മാഗാന്ധി കാൺഗ്രസിന്റെ നേതൃത്വമേറ്റെടുത്തതോടുകൂടി രാജ്യത്തിലെങ്ങും വലിയൊരുണർവുണ്ടായി. 1920 ഡിസംബർ മാസത്തിൽ നാഗപ്പൂരിൽവച്ചുകൂടിയ കാൺഗ്രസ്സ് സമ്മേളനത്തിൽവച്ച് സ്വരാജ്യം നേടുകയാണ് കാൺഗ്രസ്സിന്റെ ലക്ഷ്യമെന്നും അക്രമരഹിതമായ നിസ്സഹകരണമാണ് അത് നേടാനുള്ള മാർഗ്ഗമെന്നും പ്രഖ്യാപിക്കപ്പെട്ടു. അതിനെതുടർന്ന് അനേകം വക്കീൽമാർ പ്രാക്റ്റീസ് നിറുത്തി. വിദ്യാർത്ഥികൾ വിദ്യാലയങ്ങൾ ഉപേക്ഷിച്ചു പുറത്തുവന്നു. സ്വരാജ്യം നേടിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെ യുവാക്കന്മാർ സമരാങ്കണത്തിലിറങ്ങി. കാൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും യോജിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും കൈകോർത്തുപിടിച്ചുകൊണ്ട് സമരത്തിനിറങ്ങി. ആവേശകരമായ ത്യാഗസന്നദ്ധത എല്ലായിടത്തും പ്രത്യക്ഷപ്പെട്ടു.
നാഗപ്പൂർസമ്മേളനത്തിൽ വച്ചുതന്നെയാണ് കാൺഗ്രസ്സ് സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുവാനും നാട്ടുരാജ്യങ്ങളെക്കൂടി സംസ്ഥാനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുവാനും തീരുമാനിക്കപ്പെട്ടത്. അതേവരെ കേരളത്തിൽ മലബാർപ്രദേശത്തുമാത്രമേ കാര്യമായ കാൺഗ്രസ്സു പ്രവർത്തനങ്ങൾ നടന്നിരുന്നുള്ളു. നാഗപ്പൂർ തീരുമാനമനുസരിച്ച് കേരളം ഒരു സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. കാൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും വ്യാപിക്കാൻ തുടങ്ങി. രണ്ടു സ്ഥലത്തും ഓരോ ഡിസ്ട്രിക്റ്റ് കാൺഗ്രസ്സ് കമ്മിറ്റി സ്ഥാപിക്കപ്പെട്ടു. മലബാറിലെ മിക്ക താലൂക്കുകളിലും താലൂക്ക് കമ്മിറ്റികളും ഖിലാഫത്ത് കമ്മിറ്റികളും രൂപീകരിക്കപ്പെട്ടു. പ്രാക്ടീസ് നിറുത്തിയ ചില വക്കീൽമാരും വിദ്യാലയം വിട്ടു പുറത്തു വന്ന ചില വിദ്യാർത്ഥികളും മറ്റു പ്രവർത്തകന്മാരും കോൺഗ്രസ്സ് ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ സന്ദേശത്തെ ഉൾനാടുകളിൽപ്പോലും എത്തിക്കാൻ തുടങ്ങി.
ഈ സന്ദർഭത്തിലാണ് ഫെബ്രുവരി 15-ാം നു മദിരാശിയിൽ നിന്ന് യാക്കൂബ് ഹസ്സൻ കോഴിക്കോട് സന്ദർശിച്ചത്. ഒരു പൊതുയോഗത്തിൽ പ്രസംഗിക്കാമെന്ന് അദ്ദേഹം ഏറ്റിരുന്നു. പക്ഷേ, കോഴിക്കോട്ട് എത്തിയ ഉടനേ അദ്ദേഹത്തിന് ക്രിമിനൽ നടപടിനിയമം 144-ാം വകുപ്പ് അനുസരിച്ചുള്ള ഒരു നിരോധനാജ്ഞ കിട്ടി. ശ്രീ. കെ. മാധവൻനായർ, ശ്രീ. യൂ. ഗോപാലമേനോൻ, ശ്രീ. പി. മൊയ്തീൻകോയ എന്നീ നേതാക്കന്മാർക്കും നിരോധനാജ്ഞകൾ ലഭിച്ചു. എന്നാൽ, നാലുപേരും നിരോധനാജ്ഞ ലംഘിച്ച് പൊതുയോഗത്തിൽ പ്രസംഗിക്കാൻ തന്നെ തീരുമാനിച്ചു. അതുകാരണം അവർ അറസ്റ്റു ചെയ്യപ്പെടുകയും ആറുമാസത്തെ വെറുംതടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ സംഭവം ജനങ്ങളെ അരിശംകൊള്ളിച്ചു. നാട്ടിലെങ്ങും പ്രതിഷേധയോഗങ്ങൾ ഇരമ്പിക്കയറി.
ഇങ്ങിനെ കലങ്ങിമറിഞ്ഞ ഒരന്തരീക്ഷത്തിലാണ് 1921 ഏപ്രിൽ മാസത്തിൽ ഒറ്റപ്പാലത്തുവച്ച് ശ്രീ. ടി. പ്രകാശത്തിന്റെ അദ്ധ്യക്ഷതയിൽ ഒന്നാമത്തെ അഖിലകേരള കോൺഗ്രസ്സ് സമ്മേളനം കൂടിയത്. മലബാറിലേയും കൊച്ചിയിലേയും തിരുവിതാംകൂറിലേയും പ്രതിനിധികൾ കേരളീയരെന്ന നിലയ്ക്കു ഒന്നിച്ചുകൂടുകയും കേരളത്തിന്റെ പൊതുപ്രശ്നങ്ങളെപ്പറ്റി ചർച്ച നടത്തുകയും ചെയ്ത ഒന്നാമത്തെ രാഷ്ട്രീയസമ്മേളനമായിരുന്നു അത്. നിസ്സഹകരണ പ്രസ്ഥാനമാരംഭിക്കുവാനുള്ള നാഗപ്പൂർ കോൺഗ്രസ്സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടും ഗവൺമെന്റ് വിദ്യാലയങ്ങളിലോ ഗവൺമെന്റിൽനിന്ന് ഗ്രാന്റ് വാങ്ങുന്ന വിദ്യാലയങ്ങളിലോ കുട്ടികളെ ചേർക്കരുതെന്ന് രക്ഷിതാക്കന്മാരോടും പ്രാക്ടീസ് നിറുത്തി ദേശീയസമരത്തിൽ പങ്കുകൊള്ളണമെന്ന് വക്കീൽമാരോടും അപേക്ഷിച്ചുകൊണ്ടും വിദേശവസ്തുങ്ങളുപേക്ഷിച്ച് സ്വദേശിമാത്രം ധരിക്കണമെന്ന് എല്ലാ നാട്ടുകാരോടും അഭ്യർത്ഥിച്ചുകൊണ്ടുമുള്ള പ്രമേയങ്ങൾ സമ്മേളനത്തിൽ പാസ്സാക്കപ്പെട്ടു.
പോലീസുകാർ പ്രകോപനപരമായ പല നടപടികളും കൈയ്ക്കൊണ്ടു. വഴിയിൽക്കാണുന്ന കോൺഗ്രസ്സുകാരെ അടിക്കുക, കോൺഗ്രസ്സു കമ്മിറ്റി ആഫീസുകളിൽ കയറി കൊടി വലിച്ചു താഴ്ത്തിടുക തുടങ്ങിയവയായിരുന്നു അവരുടെ പരിപാടികൾ.
1921 ആഗസ്റ്റ് 17-ാം നു ആറുമാസത്തെ ശിക്ഷയനുഭവിച്ചതിനുശേഷം യാക്കൂബ് ഹസ്സനും മറ്റു മൂന്നു നേതാക്കന്മാരും ജയിലിൽനിന്ന് വിട്ടയക്കപ്പെട്ടു. അവരെ സ്വാഗതം ചെയ്യാൻ പലേടത്തും ഒരുക്കങ്ങൾ നടന്നു. അധികൃതന്മാർ ബേജാറായി.
ഈ ഘട്ടത്തിലാണ്, ഒരു സംഘം പോലീസുകാർ പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി വടക്കേവീട്ടിൽ മഹുമ്മദിനെ അറസ്റ്റു ചെയ്യാനും അദ്ദേഹത്തിന്റെ വീട്ടിൽ കയറി പരിശോധന നടത്താനും ഒരുമ്പെട്ടത്. നിലമ്പൂർ രാജാവിന്റെ ഒരു തോക്ക് കളവുപോയതിനെ സംബന്ധിച്ചുള്ള നടപടിയാണിതെന്ന് അവർ പറഞ്ഞു നോക്കി. പക്ഷേ, നാട്ടുകാരത് വിശ്വസിച്ചില്ല. തോക്ക് കളവുപോയി എന്നുപറയുന്നത് നുണയാണെന്നും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിക്കാൻ വേണ്ടിയാണ് മുഹമ്മദിനെ തിരയുന്നതെന്നും അവർ ഊഹിച്ചു. പെട്ടെന്ന് വലിയൊരു ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടു. എന്തുതന്നെയായാലും മുഹമ്മദിനെ വിട്ടുകൊടുക്കുകയില്ല എന്ന് അവർ പ്രഖ്യാപിച്ചു. പോലീസുകാർ നിരാശരായി മടങ്ങിപോയി.
പക്ഷേ, അതുകൊണ്ടവസാനിച്ചില്ല. ആഗസ്റ്റ് 20-ാം നു വീണ്ടും ഹിച്കോക്ക് സായ്പിന്റേയും പോലീസ് സൂപ്രണ്ട് ആമുസാഹബിന്റേയും നേതൃത്വത്തിൽ വലിയൊരു പോലീസ് സൈന്യം മുഹമ്മദിനെ തിരയാൻ എന്നും പറഞ്ഞ് തിരൂരങ്ങാടിയിലെ മുസ്ലീം പള്ളി വളയുകയും പള്ളിയിൽ കയറി പരിശോധന നടത്തുകയും ചെയ്തു. പോലീസിന്റെ പലതരം അക്രമങ്ങൾകൊണ്ടും ജന്മികളുടെ മർദ്ദനങ്ങൾകൊണ്ടും മുമ്പു തന്നെ അസംതൃപ്തരായി കഴിഞ്ഞിരുന്ന മുസ്ലീമിങ്ങളുടെ മതവികാരത്തോടുള്ള ഒരു വെല്ലുവിളിയായിത്തീർന്നു ഈ സംഭവം. മുസ്ലീമിങ്ങൾ വെല്ലുവിളി സ്വീകരിച്ചു.
കലാപകാരികൾ പോലീസ് സ്റ്റേഷനുകൾ കയ്യേറി ആയുധങ്ങൾ എടുത്തു. ഖജനാകൾ കൊള്ളയടിച്ചു. കോടതികളെ ആക്രമിച്ചു. ചില മാപ്പിളയുവാക്കന്മാർ ന്യായാസനത്തിന്മേൽ കയറിയിരുന്ന് ബ്രിട്ടീഷുഭരണം അവസാനിച്ചു കഴിഞ്ഞുവെന്നും ഖിലാഫത്ത് ഭരണം അവസാനിച്ചു കഴിഞ്ഞുവെന്നും പ്രഖ്യാപിച്ചു. രജിസ്ട്രാരാഫീസുകൾ കയ്യേറി ആധാരങ്ങൾ എടുത്ത് ചുട്ടുകരിച്ചു.
ലഹള പരന്നുപിടിക്കുവാൻ തുടങ്ങി. ഏറനാട്, വള്ളുവനാട്, പൊന്നാനി എന്നീ താലൂക്കുകളിലായി ഇരുന്നൂറ്റി ഇരുപതിൽപ്പരം അംശങ്ങൾ കലാപകാരികളുടെ നിയന്ത്രണത്തിലായി. തിരൂരങ്ങാടി, പൂക്കോട്ടൂർ, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പാണ്ടിക്കാട്, കരുവാർകുണ്ട്, തിരൂർ മുതലായ സ്ഥലങ്ങളായിരുന്നു കലാപത്തിന്റെ മുഖ്യ കേന്ദ്രങ്ങൾ. പ്രധാന നേതാവ് ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്നും തന്റെ പ്രത്യേക അനുമതി കൂടാതെ യാതൊരാളെയും വധിക്കരുതെന്നും അദ്ദേഹം തന്റെ അനുയായികളോട് കൽപ്പിച്ചു. ബ്രിട്ടീഷ് ഗവൺമെന്റിനും ക്രൂരന്മാരായ ജന്മികൾക്കും അവരുടെ സിൽബന്ധികൾക്കും എതിരായ കലാപത്തിൽ സജീവമായി പങ്കെടുക്കാൻ എല്ലാ നാട്ടുകാരോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഒരാഴ്ചക്കാലം കലാപകാരികൾ നിർബാധം ഭരണം നടത്തി. പതിനായിരക്കണക്കിനുള്ള ജനങ്ങൾ അവരുടെ പിന്നിൽ അണിനിരന്നു. ചില ജന്മികളും പോലീസ് ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരാൾ ചേക്കുട്ടി സാഹേബ് എന്ന കുപ്രസിദ്ധനായ ഒരു മുസ്ലീം പോലീസ് ഇൻസ്പെക്ടറായിരുന്നു.
ഹിച്ച്കോക്ക് സായ്പും ആമൂസാഹേബും കോഴിക്കോട്ടേയ്ക്ക് ഓടി രക്ഷപ്പെട്ടു. അവരുടെ നേതൃത്വത്തിലുള്ള പോലീസ് സൈന്യം മരവിച്ച് നിശ്ചലമായി അന്തംവിട്ടു നിന്നു.
ആഗസ്റ്റു മാസത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് പട്ടാളങ്ങളും ഗൂർഖാ പട്ടാളങ്ങളും എത്തിച്ചേർന്നശേഷം സ്ഥിതി മാറാൻ തുടങ്ങി. എന്നിട്ടും കലാപത്തെ അടിച്ചമർത്തുക അത്രയെളുപ്പമൊന്നുമായിരുന്നില്ല. ബ്രിട്ടീഷ് പട്ടാളവും കലാപകാരികളും തമ്മിൽ പലേടത്തും ഏറ്റുമുട്ടലുകൾ ഉണ്ടായി. ആഗസ്റ്റ് അവസാനത്തിൽ പൂക്കോട്ടൂരിൽവച്ച് പരിഷ്ക്കരിച്ച ആയുധങ്ങളോടുകൂടിയ ബ്രിട്ടീഷ് പട്ടാളം ഒരുവശത്തും എന്തു ത്യാഗത്തിനും തയ്യാറായ കലാപകാരികൾ മറുവശത്തും നിന്നുകൊണ്ടു നടത്തിയ യുദ്ധം എടുത്തു പറയത്തക്കതാണ്. “പൂക്കോട്ടൂർ യുദ്ധം” എന്ന പേരിലറിയപ്പെടുന്ന ഈ സംഘട്ടനത്തിൽ ബ്രിട്ടീഷുകാർ തോറ്റ് പിന്മാറുകയാണുണ്ടായത്. മറ്റൊരു സംഘട്ടനത്തെപ്പറ്റി ശ്രീ. കെ.പി. കേശവമേനോൻ തന്റെ “കഴിഞ്ഞകാലം” എന്ന പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു.
മറ്റു ചില സ്ഥലങ്ങളിലും ഇതുപോലുള്ള പല സംഘട്ടനങ്ങളും നടന്നു.
ചരിത്രപ്രധാനമായ ഈ മലബാർ ലഹളയെ ഇൻഡ്യയുടെ സർവ്വസൈന്യാധിപൻ തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ ഇങ്ങിനെ വിവരിയ്ക്കുകയുണ്ടായി.
ബ്രിട്ടീഷ് പട്ടാളങ്ങളും ഗൂർഖാപട്ടാളങ്ങളും തങ്ങളുടെ ആവനാഴിയിലുള്ള എല്ലാത്തരം ഭീകരതകളേയും എടുത്തുപയോഗിച്ചു. ഹിന്ദുജന്മികളേയും ചില മുസ്ലീം പ്രമാണിമാരേയും പാട്ടിൽ പിടിച്ചുകൊണ്ട് അധികൃതന്മാർ തങ്ങൾക്ക് എതിരായ കലാപത്തെ ഒരു ഹിന്ദു മുസ്ലീം ലഹളയാക്കി മാറ്റാൻ പാടുപെട്ടു. അവസാനമവസാനമായപ്പോഴേയ്ക്കും അതിൽ അവർ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
കേരളക്കരയിൽ ബ്രിട്ടീഷ് ഭരണത്തെ പിടിച്ചുകുലുക്കിയ ഈ കലാപം ആറുമാസക്കാലം നീണ്ടുനിന്നു. ഒടുവിൽ 1922 ഫെബ്രുവരി ആയപ്പോഴേയ്ക്കും അത് പരിപൂർണ്ണമായി അടിച്ചമർത്തപ്പെട്ടു.
ലഹളക്കാരെ വിചാരണചെയ്യാൻ ഒരു പ്രത്യേക കോടതി സ്ഥാപിക്കപ്പെട്ടു. അനേകം പേരെ തൂക്കിക്കൊന്നു. എത്രയോ പേരെ ആൻഡമാൻ ദ്വീപിലേയ്ക്ക് നാടുകടത്തി. വളരെയധികം പേരെ നീണ്ടകാലത്തേയ്ക്ക് ശിക്ഷിച്ചു.
ലഹളയിൽ നേരിട്ട് പങ്കെടുത്തവർ മാത്രമല്ലാ അക്രമരാഹിത്യത്തിൽ, വിശ്വസിച്ചുകൊണ്ട് ലഹളയെ കഴിയുന്നതും ശാന്തമാക്കാൻ ശ്രമിച്ച ചില കോൺഗ്രസ്സ് നേതാക്കന്മാരും അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. സർവ്വശ്രീ. എം.പി. നാരായണമേനോൻ, കെ. കേളപ്പൻ, മൊയ്തു മൗലവി, മുഹമ്മദ് അബ്ദൽ റഹിമാൻ സാഹിബ്, ഹസ്സൻകോയ, മൊല്ല മുതലായവർ ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ലഹള ഒതുക്കിയതിനുശേഷം ബ്രിട്ടീഷ് ഭരണാധികാരികൾ കാണിച്ച മൃഗീയതകളെപ്പറ്റി അക്കാലത്തെ കേരള കോൺഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ. കേശവമേനോൻ വിവരിക്കുന്നുണ്ട്:
ഇങ്ങിനെയാണ് ബ്രിട്ടീഷ് ഭരണം വീണ്ടും വിജയക്കൊടി നാട്ടിയത്.
ബ്രിട്ടീഷ് വിരോധം മാത്രമല്ല, നീറിപ്പിടിച്ച ജന്മിവിരോധവും മലബാർലഹളയുടെ മൗലികകാരണങ്ങളിൽ ഒന്നായിരുന്നുവെന്ന് ചില കോൺഗ്രസ്സ് നേതാക്കന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, “മലബാറിൽ ഉണ്ടായിട്ടുള്ള മിക്ക മാപ്പിള ലഹളകൾക്കും മേച്ചാർത്ത് മുതലായി ജന്മികളിൽനിന്നു കുടിയാന്മാർക്ക് നേരിടുന്ന ഉപദ്രവങ്ങൾ കാരണമായിട്ടുണ്ട്, എന്നത് കുപ്രസിദ്ധമാണ്” എന്നും, “പൂക്കോട്ടൂർകാരായ മാപ്പിളകുടിയാന്മാർക്ക് അവിടത്തെ ഒരു പ്രധാന ജന്മിയുടെ ഉപദ്രവം ഉണ്ടായിരുന്നുവെന്ന് ഇപ്പോഴത്തെ നിലമ്പൂർ വലിയ രാജാ അവർകൾ തന്നെ മദ്രാസ് മെയിൽപത്രത്തിന്റെ ഒരു പ്രതിനിധിയോട് ലഹളയുടെ ആരംഭകാലത്ത് സമ്മതിച്ചിട്ടുണ്ട്”. എന്നും ശ്രീ. കെ. മാധവൻനായർ 1923 ഏപ്രിൽ 3-ാം തീയതിയിലെ മാതൃഭൂമിയിലെഴുതിയ ഒരു ലേഖനത്തിൽ പ്രസ്താവിക്കുകയുണ്ടായി.
പാലക്കാട്ടുവച്ച് 1923 മേയ്മാസത്തിൽ ശ്രീമതി സരോജിനി നായിഡുവിന്റെ അദ്ധ്യക്ഷതയിൽക്കൂടിയ മൂന്നാം സമ്മേളനത്തിന്റെ സ്വാഗതസംഘാദ്ധ്യക്ഷൻ ശ്രീ. കെ. പി. ഗായത്രി വല്ലഭയ്യരും ജന്മികുടിയാൻ വഴക്കാണ് മലബാർ ലഹളയുടെ അടിസ്ഥാനകാരണമെന്ന് വ്യക്തമാക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ.
മലബാർ ലഹള നിർദ്ദയം അടിച്ചമർത്തപ്പെട്ടുവെങ്കിലും അത് ജനങ്ങളുടെ ഹൃദയങ്ങളിൽ നീണ്ടുനിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉളവാക്കി. അതിനുശേഷമാണ് മലബാറിൽ കുടിയാൻ പ്രശ്നം ഒരു സജീവപ്രശ്നമായിത്തീർന്നത്.