അദ്ധ്യായം 2
കേരളത്തിലെ ശിലായുഗ മനുഷ്യർ

ഒരു ലക്ഷമോ അതിലധികമോ കൊല്ലങ്ങൾക്കു മുമ്പുതന്നെ ഇന്ത്യയിൽ മനുഷ്യരുണ്ടായിരുന്നെന്ന് ഭൂഗർഭശാസ്ത്രജ്ഞൻമാർ ഉറപ്പിച്ചുപറയുന്നുണ്ട്. പക്ഷേ, ആ അതിപുരാതന മനുഷ്യരുടെ അശ്മാകവശിഷ്ടങ്ങളോ അവരുടെ ജീവിതത്തെപ്പറ്റി പഠിക്കാൻ സഹായിക്കുന്ന മറ്റെന്തെങ്കിലും രേഖകളോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും, അവർ വിട്ടുംവച്ചുപോയ പ്രാകൃതങ്ങളായ ശിലായുധങ്ങളുടെ സഹായത്തോടുകൂടി ഇന്ത്യാചരിത്രത്തിന്റെ പ്രാരംഭഘട്ടത്തെപ്പറ്റി നമുക്ക് കുറെയൊക്കെ ഊഹിച്ചു മനസ്സിലാക്കാൻ സാധിക്കും. ഭക്ഷണം, പാർപ്പിടം മുതലായവ ഉത്പാദിപ്പിക്കുവാൻ സഹായിച്ച ഇത്തരം ആയുധങ്ങളും ഉപകരണങ്ങളുമാണ് മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലേയും ആദിമമനുഷ്യരുടെ ജീവിതരീതിയേയും സാമൂഹ്യസമ്പ്രദായങ്ങളെയും നിർണ്ണയിച്ചത്. കഴിക്കാൻ ഭക്ഷണം, കുടിക്കാൻ വെള്ളം, പാർക്കാനിടം, ഉടുക്കാൻ തുണി, മുതലായവയാണല്ലോ ജീവസന്ധാരണത്തിനാവശ്യമായ പ്രാഥമികോപാധികൾ. അതിനാൽ മനുഷ്യചരിത്രത്തിന്റെ ഒന്നാമത്തെ പ്രവൃത്തി ഈ ഭൗതികാവശ്യങ്ങളെ നേടാൻ പറ്റിയ ഉപകരണങ്ങൾ നിർമ്മിക്കുകയാണ്. മറ്റൊരുവിധം പറഞ്ഞാൽ, മനുഷ്യന്റെ യഥാർത്ഥജീവിതത്തെ രൂപവൽക്കരിക്കുന്ന ഉപകരണങ്ങളുടെ ഉൽപ്പാദനത്തോട് കൂടിയാണ് മനുഷ്യചരിത്രം തന്നെ ആരംഭിക്കുന്നത്. മാർക്സ് എഴുതുകയുണ്ടായി:

‘പ്രവൃത്തിക്കുള്ള ഉപകരണങ്ങളുണ്ടാക്കി ഉപയോഗിക്കുന്ന ഏർപ്പാട് പലതരം ജന്തുക്കൾക്കിടയിൽ ബീജരൂപത്തിൽ കാണാമെങ്കിലും, മനുഷ്യപ്രയത്നത്തിന്റെ സവിശേഷമായ ഒരു പ്രത്യേകയാണത്. അതുകൊണ്ടാണ് ഫ്രാങ്ലിൻ മനുഷ്യനെ പണിയായുധങ്ങളുണ്ടാക്കുന്ന മൃഗം എന്ന് നിർവ്വഹിച്ചത്. നാമാവശേഷമായിത്തീർന്ന ചിലതരം ജന്തുക്കളുടെ സ്വരൂപം നിർണ്ണയിക്കാൻ മണ്ണടിഞ്ഞ എല്ലിൻകഷണങ്ങൾ എത്രമാത്രം ഉപകരിക്കുമോ അത്രതന്നെ പ്രാധാന്യമേറിയതാണ് നാമവിശേഷമായിത്തീർന്ന സമുദായങ്ങളുടെ സാമ്പത്തിക സ്വരൂപം നിർണ്ണയിക്കുന്ന കാര്യത്തിൽ കഴിഞ്ഞുപോയ കാലത്തെ മനുഷ്യരുടെ പണിയായുധങ്ങൾ പരിശോധിക്കുക എന്നത്. ഏതെല്ലാം സാധനങ്ങളുണ്ടാക്കപ്പെടുന്നത് എന്നുള്ളതല്ല, അവയെ എങ്ങനെ, ഏതു പണിയായുധങ്ങളുപയോഗിച്ചുണ്ടാക്കുന്നു എന്നുള്ളതാണ് വിവിധ സാമ്പത്തികദശകളെ വേർതിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത്. മനുഷ്യപ്രയത്നത്തിനു നേടാൻ കഴിഞ്ഞിട്ടുള്ള അഭിവൃദ്ധിയുടെ നിലവാരം അളന്നുനോക്കാൻ പണിയായുധങ്ങൾ ഒരു മാനദണ്ഡമായിത്തീരുന്നു. മാത്രമല്ല, ഏതേതു സാമൂഹ്യപരിസ്ഥിതികളിലാണ് മനുഷ്യപ്രയത്നം നടത്തപ്പെട്ടിട്ടുള്ളത് എന്നുകൂടി ഈ പണിയായുധങ്ങൾ ചൂണ്ടിക്കാട്ടിത്തരുന്നു. [1]
2.1മൂന്നു ശിലായുഗങ്ങൾ

ഭൂഗർഭശാസ്ത്രജ്ഞൻമാരുടെയും പുരാതനവസ്തുഗവേഷകന്മാരുടേയും അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി കല്ലുകൾകൊണ്ടും ലോഹങ്ങൾകൊണ്ടും നിർമ്മിക്കപ്പെട്ട പ്രാകൃതങ്ങളായ പലതരം ഉപകരണങ്ങളും ആയുധങ്ങളും ഭൂമിക്കടിയിൽ നിന്നും കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യം കാട്ടുപ്രദേശങ്ങളിലും ഗുഹകളിലും മലയോരങ്ങളിലും, പിന്നീട് ഫലപുഷ്ടിയുള്ള സമതലപ്രദേശങ്ങളിലും മെരുങ്ങാൻ കൂട്ടാക്കാത്ത ദുർഗ്രഹങ്ങളായ പ്രകൃതി ശക്തികളോടു മല്ലിട്ടു ജീവിച്ചിരുന്ന പ്രാചീന മനുഷ്യരുടെ ഉപകരണങ്ങളും ആയുധങ്ങളുമാണവ. അവയുടെ ആകൃതി, സ്വഭാവം, പഴക്കം മുതലായവ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ശാസ്ത്രജ്ഞൻമാർ ചരിത്രാതീതകാലത്തിന് ശിലായുഗം, ചെമ്പുയുഗം, പിത്തളയുഗം എന്നൊക്കെ പേരിട്ടിരിക്കുന്നു. ആരംഭത്തിൽ മരംകൊണ്ടും കല്ലുകൊണ്ടുമുള്ള ഉപകരണങ്ങൾ മാത്രമാണുണ്ടായിരുന്നത്. ലോഹങ്ങൾ കണ്ടുപിടിക്കപ്പെട്ടത് വളരെ വളരെ സഹസ്രാബ്ദങ്ങൾക്കുശേഷമാണ്. ലോഹയുഗമാരംഭിക്കുന്നതിന് മുമ്പ് ശിലായുഗത്തിലാണ് മനുഷ്യർ ജീവിച്ചിരുന്നത്. ശിലായുഗം തന്നെ പ്രാചീന ശിലായുഗം, മധ്യശിലായുഗം, നവീനശിലായുഗം എന്നിങ്ങനെ മൂന്നുഘട്ടങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു.

ഏറ്റവും അപരിഷ്കൃതവും ചെത്തിമിനുക്കാത്തവയുമായ പരുപരുത്ത കല്ലിൻകഷണങ്ങളും വടിക്കഷണങ്ങളുമായി പ്രാകൃതമനുഷ്യൻ കാട്ടുമൃഗങ്ങളേയും പ്രകൃതിശക്തികളേയും എതിർത്തുകൊണ്ട് ജീവിച്ചിരുന്ന അതിപ്രാചീന കാലമാണ് പ്രാചീനശിലായുഗം. കുടിക്കാൻ വെള്ളവും ആയുധങ്ങൾക്കുപറ്റിയ കല്ലുകളും ധാരാളം കിട്ടുന്ന നദീതീരങ്ങളിൽ നിന്ന് വളരെ ദൂരെയല്ലാത്ത ഗുഹകളിലോ പർവ്വതപ്രദേശങ്ങളിലോ കാട്ടുമൃഗങ്ങൾക്ക് പിടിയെത്താത്തമറ്റു സുരക്ഷിത സ്ഥാനങ്ങളിലോ ആണ് അന്ന് മനുഷ്യർ ജീവിച്ചിരുന്നത്. കാട്ടുവൃക്ഷങ്ങളിൽ നിന്നു കിട്ടുന്ന കായ്കനികളും എറിഞ്ഞുകൊല്ലപ്പെടുന്ന പക്ഷിമൃഗാദികളുടെ മാംസവും ആയിരുന്നു അവരുടെ പ്രധാനഭക്ഷണം. മൃഗങ്ങളെ പോറ്റിവളർത്താനോ ധാന്യങ്ങളും മറ്റും കൃഷിചെയ്യാനോ അന്നവർക്ക് കഴിഞ്ഞിരുന്നില്ല. ലോഹങ്ങളുടെ ഉപയോഗംതന്നെ അജ്ഞാതമായിരുന്നു. കൂർത്ത കല്ലിൻ കഷണങ്ങൾ, വടികൾ ഇവയല്ലാതെ മറ്റായുധങ്ങളൊന്നുമില്ല. ഇതാണ് പ്രാചീനശിലായുഗം. പ്രാചീനശിലായുഗത്തിലെ പ്രാകൃതമനുഷ്യർ തങ്ങളുടെ നീണ്ടകാലത്തെ അനുഭവങ്ങളിലൂടെ കല്ലുകൾ കൊത്തിത്തേച്ചുകൂർപ്പിക്കാനും അവകൊണ്ട് മഴു, വാൾ, ചുറ്റിക, ഉളി എന്നിങ്ങനെയുള്ള പലതരം ആയുധസാമഗ്രികളുണ്ടാക്കാനും പഠിച്ചു. കൂടുതലെളുപ്പത്തിൽ മൃഗങ്ങളെ വേട്ടയാടാൻ ഇതവരെ സഹായിച്ചു. ഈ ഘട്ടമാണ് നവീനശിലായുഗം. പ്രാചീനശിലായുഗത്തിനും നവീനശിലായുഗത്തിനും ഇടയിലുള്ള കാലഘട്ടത്തെ മദ്ധ്യശിലായുഗമെന്നു വിളിക്കുന്നു.

പ്രാചീനശിലായുഗത്തിന്റെ അവസാനഘട്ടം ക്രി.മു 50,000 മുതൽ 10,000 വരെയും നവീനശിലായുഗം ക്രി.മു. 10,000 മുതൽ 5,000 വരെയുമാണ് നിലനിന്നിരുന്നതെന്നും അതിനുശേഷമുള്ള കാലഘട്ടത്തെ ലോഹയുഗമെന്ന് വിളിക്കാമെന്നും ചില ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. യാതൊരു നീക്കുപോക്കുമില്ലാത്ത ഒരു കാലനിർണ്ണയമാണിതെന്ന് കരുതേണ്ടതില്ല. ഓരോ യുഗവും ശരിക്കു ഏതുകൊല്ലം മുതൽ ഏതുകൊല്ലം വരെയാണ് നിലനിന്നിരുന്നതെന്ന് കൃത്യമായി കണക്കുകൂട്ടി പറയുക സാധ്യമല്ല.

ക്രി. 1863—ൽ റോബർട്ട് ബ്രൂസ്ഫൂട്ടെ എന്ന ഭൂഗർഭശാസ്ത്രജ്ഞനാണ് തമിഴ്നാട്ടിലെ പല്ലാവാരത്തുനിന്ന് ആദ്യമായി ചില പ്രാചീന ശിലായുധങ്ങൾ കണ്ടുപിടിച്ചത്. അതിനെ തുടർന്ന് ഫൂട്ടോയുടെതന്നെയും മറ്റു ഗവേഷകരുടെയും ഇടവിടാത്ത പരിശ്രമങ്ങളുടെ ഫലമായി ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും ശിലായുഗമനുഷ്യരുപയോഗിച്ചിരുന്ന പലതരം ഉപകരണങ്ങൾ കണ്ടുകിട്ടുകയുണ്ടായി. പ്രാചീന ശിലായുഗത്തിലെ ഇരുപത്തഞ്ചുതരം പരുക്കൻ ആയുധോപകരണങ്ങളുടേയും, നവീനശിലായുഗത്തിലെ തേച്ചുമിനുക്കിയ നാൽപതുതരം ആയുധോപകരണങ്ങളുടെയും സവിസ്തരമായ പട്ടികകൾ ഫൂട്ടോതന്നെ പ്രസിദ്ധം ചെയ്തിട്ടുണ്ട്. [2] കല്ലുകൊണ്ടുള്ള കൈക്കോടാലി, കൺമഴു, വെട്ടുകത്തി, ചുരണ്ടി, തോലുളി, കൊത്തുളി എന്നിങ്ങനെയുള്ള വിവിധോപകരണങ്ങൾ അവയിലുൾപ്പെടുന്നു.

ഇന്ത്യയിൽ നിന്നുകിട്ടിയ പ്രാചീന ശിലായുധങ്ങളെ സാമാന്യേനെ ‘സോഹൻ വ്യവസായങ്ങൾ’, ‘മദിരാശി വ്യവസായങ്ങൾ’ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഒന്നാം വിഭാഗത്തിൽപെട്ടവ പ്രധാനമായും സിന്ധുവിന്റെ ഒരു പോഷകനദിയായ സോഹൻനദിയുടെ തീരങ്ങളിൽ നിന്നാണ് കിട്ടിയിട്ടുള്ളത്. കല്ലിന്റെ ഒരു ഭാഗം മാത്രം ചെത്തി വായ്ത്തലയാക്കിയ ഈ പ്രാകൃതോപകരണങ്ങൾ ഏകമുഖായുധങ്ങളെന്ന പേരിലാണറിയപ്പെടുന്നത്. മദിരാശിക്കടുത്തുനിന്ന് കിട്ടിയ ഇറച്ചിക്കത്തി, കൈമഴു മുതലായ ഉപകരണങ്ങൾ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നു. ഇരുതലയും ചെത്തിയ ഈ ഉപകരണങ്ങളെ ദ്വിമുഖായുധങ്ങൾ എന്നാണ് പറയുന്നത്. [3] പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യേന്ത്യ, ദക്ഷിണേന്ത്യ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ രണ്ടുവിഭാഗത്തിലും പെട്ട ഒട്ടനവധി ആയുധശേഖരങ്ങൾ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. മദ്ധ്യേന്ത്യയിലും ദക്ഷിണേന്ത്യയിലും നദീതീരങ്ങളിൽ ധാരാളമായി കാണപ്പെടുന്ന കൈമഴു, ഇറച്ചിക്കത്തി തുടങ്ങിയ പ്രാചീനശിലായുധങ്ങൾ മിക്കവയും ദീർഘവൃത്താകൃതിയിലുള്ളവയാണ്. അതായത്, ‘മദിരാശി വ്യവസായ’ത്തിൽപ്പെട്ട ദ്വിമുഖായുധങ്ങളാണ്. നീണ്ട സഹസ്രാബ്ദങ്ങളോളം നമ്മുടെ പൂർവ്വികൻമാർ ഇത്തരം ആയുധങ്ങളാണുപയോഗിച്ചിരുന്നത്.

തെക്കെ ഇന്ത്യയിലെ കടപ്പ, ഗോദാവരി, ചിങ്കൽപേട്ട, വടക്കനാർക്കാട്, നെല്ലൂർ, കണ്ണല്ലൂർ, ബ്രഹ്മഗിരി, ഹൈദരാബാദ്, തെക്കൻകർണ്ണാടകം മുതലായ സ്ഥലങ്ങളിൽ നിന്നാണ് ശിലായുധങ്ങൾ ധാരാളമായി കണ്ടുകിട്ടിയിട്ടുള്ളത്. അവയിലധികവും കൂഴാംകല്ല് അല്ലെങ്കിൽ വെള്ളാരംകല്ലുകൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. ഈ പ്രദേശങ്ങളിലെല്ലാം പ്രാചീനശിലായുഗം മുതൽക്കുതന്നെ ജനങ്ങൾ ജീവിച്ചിരുന്നു എന്നു വിളിച്ചുപറയുന്നു.

നവീന ശിലായുഗമാരംഭിക്കുന്നതിനു മുമ്പ് മദ്ധേന്ത്യയിലും ദക്ഷിണേന്ത്യയിലും ചെറുശിലായുധങ്ങളെന്ന പേരിലറിയപ്പെടുന്ന പുതിയൊരുതരം ഉപകരണങ്ങൾ പ്രചാരത്തിലുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഉദാഹരണത്തിന്, നർമ്മദാനദിയുടെ തീരത്തുള്ള മഹേശ്വർ, ഗോദാവരിയുടെ ഒരുപനദിയായ പ്രവരയുടെ തീരത്തുള്ള നെവാസ എന്നിവിടങ്ങളിൽ നിന്ന് ചെറുതും കൂടുതൽ ഭംഗിയുള്ളതുമുള്ള ചുരണ്ടികൾ, കൊത്തുളികൾ മുതലായവ കണ്ടുകിട്ടുകയുണ്ടായി. ഇവ ദീർഘാകൃതിയിലുള്ള ദ്വിമുഖായുധങ്ങളേക്കാൾ വളരെക്കാലത്തിനുശേഷം മാത്രമുണ്ടായവയാണെന്ന് പാറയട്ടി ക്രമത്തിലുള്ള തെളിവുകൾ കാണിക്കുന്നു. [4] പ്രാചീനശിലാകാലത്തിനും നവീനശിലാകാലത്തിനുമിടയിലുള്ള ഒരു മധ്യശിലാഘട്ടത്തെയാണ് ഇവിടെ കുറിക്കുന്നത്. എന്നാൽ, നവീനശിലായുഗത്തേയും ചെറുശിലായുഗത്തേയും വേർതിരിക്കുക എളുപ്പമല്ല. രണ്ടും ഇടകലർന്നാണ് പലപ്പോഴും കാണപ്പെടുന്നത്.

2.2പ്രാകൃത മനുഷ്യന്റെ പുരോഗതി

നവീന ശിലായുഗത്തിനു മുമ്പുതന്നെ പ്രാകൃത മനുഷ്യൻ ചക്കിക്കല്ല് (തീപിടിപ്പിക്കാനുപയോഗിക്കുന്ന കല്ല്) ഉരച്ച് തീയുണ്ടാക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു. തീയുടെ ഉപയോഗം മനുഷ്യന്റെ വികാസക്രമത്തിലെ അതിപ്രധാനമായ ഒരു ഘട്ടത്തെയാണ് കുറിക്കുന്നത്. കൊന്നുകിട്ടുന്ന മത്സ്യമൃഗാദികളെ വേവിച്ചുതിന്നാനും, ആയുധോപകരണങ്ങളെ കൂടുതൽ പരിഷ്ക്കരിക്കാനും അതികഠിനമായ ശൈത്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനും, ചുട്ടെടുത്ത മൺപാത്രങ്ങളും ഇഷ്ടികകളും മറ്റും നിർമ്മിച്ച് ജീവിതകാഠിന്യം ലഘൂകരിക്കാനും അതു സഹായിച്ചു. നവീനശിലായുഗത്തിലെ മുഖ്യമായ ഒരു കണ്ടുപിടിത്തുമാണ് മൺപാത്രം. നവീനശിലായുഗങ്ങളുടെകൂടെ കറുപ്പുനിറത്തിലോ ചാരനിറത്തിലോ ഉള്ള പലതരം പരുക്കൻ മൺപാത്രങ്ങൾ കുഴിച്ചെടുക്കപ്പെട്ടിട്ടുണ്ട്. ശിലായുഗമനുഷ്യർ ഭക്ഷണം പാകംചെയ്യാനോ വെള്ളം കുടിക്കാനോ വീട്ടുസാമഗ്രികൾ സൂക്ഷിച്ചുവയ്ക്കാനോ വേണ്ടി ഉപയോഗിച്ച പാത്രങ്ങളാണിവ. ഇന്ത്യയിൽ ചൂളയ്ക്കുവച്ച മൺപാത്രങ്ങളാവിർഭവിച്ചതും ക്രി.മു. 3000ത്തിന് മുമ്പാവാനിടയില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. [5]

നവീനശിലായുഗ മനുഷ്യർ കല്ലുകൊണ്ടുള്ള ആയുധങ്ങളെയോ മൺപാത്രങ്ങൾ തുടങ്ങിയ മറ്റു സാമഗ്രികളെയോ മാത്രമല്ല ആശ്രയിച്ചിരുന്നത്. മുളക്കൊമ്പോ കാട്ടുചൂരലോ വളച്ചുപിടിച്ച് രണ്ടുതലയ്ക്കലും ഉറപ്പുള്ള ഏതെങ്കിലും വള്ളിയുടെ അറ്റങ്ങൾ കെട്ടിപ്പിടിപ്പിച്ച് വില്ലുണ്ടാക്കാനും കരിവേല മരത്തിന്റെയോ മറ്റോ മുള്ളുകൾ അസ്ത്രങ്ങളായി ഉപയോഗിക്കാനും അവർ പഠിച്ചുകഴിഞ്ഞിരുന്നു. കടുപ്പമുള്ള അമ്പിൻമുനകൾ അറബികടൽത്തീരത്തിലെ മീൻപിടുത്തക്കാരായ നവീനശിലായുഗമനുഷ്യർ ധാരാളം ഉപയോഗിച്ചിരുന്നു എന്ന് ഫൂട്ടേ ചൂണ്ടിക്കാണിക്കുന്നു. [6]

പി.ടി. ശ്രീനിവാസയ്യങ്കാർ എഴുതുന്നു:

‘തെക്കേ ഇന്ത്യയിലെ കുറിഞ്ചിപ്രദേശങ്ങളിൽ അതായത് പർവ്വതപ്രദേശങ്ങളിൽ മുളകൾ ധാരാളമായി വളരുന്നു. ആ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന കുറവർ തുടങ്ങിയ ആദിവാസികൾ മുളകഷണങ്ങളെ എളുപ്പത്തിൽ വളയ്ക്കാൻ കഴിയുമെന്ന് ബുദ്ധിപൂർവ്വം കണ്ടുപിടിച്ചു. അവർ അവയെ വളച്ചുപിടിച്ച് രണ്ടുതലയ്ക്കലും ഉണങ്ങിയ നീണ്ടവള്ളിയുടെ അറ്റങ്ങൾ കെട്ടിപ്പിടിപ്പിക്കുകയും അതിൻമേൽ നീണ്ടമുള്ളുകൾ വച്ച് എയ്യുകയും ചെയ്തു. ഇതാണ് വില്ലിന്റെ ഉത്ഭവം’ [7]

ആദ്യകാലത്ത് കല്ലുകൊണ്ടുള്ള അപരിഷ്കൃതോപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് വന്യമൃഗങ്ങളെ വേട്ടയാടിയിരുന്നത്. എന്നാൽ അമ്പുംവില്ലും ഉപയോഗിക്കാൻ പഠിച്ചതോടുകൂടി കാട്ടുമൃഗങ്ങളെ കൂടുതലെളുപ്പത്തിൽ വേട്ടയാടിപ്പിടിക്കാമെന്നായി. പ്രാകൃതസമൂഹത്തിലാകെ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തിയ ഒരു കണ്ടുപിടുത്തമായിരുന്നു ഇത്. എന്നാൽ പക്ഷിമൃഗാദികളെ ദൂരത്തുനിന്നും എയ്തുകൊല്ലാനും കൊല്ലാതെതന്നെ പിടിച്ചുകൊണ്ടുവരാനും ഇത് സഹായകമായിത്തീർന്നു. അങ്ങനെ പിടികിട്ടുന്ന മൃഗങ്ങളെ അന്നന്ന് കൊന്നുതിന്നാതെ ഭാവിയിലേയ്ക്കുള്ള കരുതലായി പോറ്റിവളർത്താമെന്നായി. വേട്ടയാടുന്ന മനുഷ്യർ, മൃഗങ്ങളെ പോറ്റിവളർത്തുന്ന മനുഷ്യരായി മാറി. മൃഗങ്ങളെ മെരുക്കി വളർത്താൻ തുടങ്ങിയപ്പോൾ കൂടുതൽ സ്ഥിരമായി മാംസം ലഭിക്കുന്നതിനുള്ള ഒരു മാർഗം തുറന്നുകിട്ടി. മാംസാഹാരം മനുഷ്യന്റെ ശാരീരികശക്തിയെ മാത്രമല്ല, മാനസികശക്തിയേയും ഗണ്യമായ തോതിൽ വർദ്ധിപ്പിച്ചു. ഏംഗെൽസ് ചൂണ്ടിക്കാണിക്കുന്നതുപോലെ, മാംസാഹാരത്തിന്റെ ഏറ്റവും സത്തായ ഫലമുണ്ടായത് മസ്തിഷ്കത്തിനാണ്. അതിന്റെ പോഷണത്തിനും വളർച്ചയ്ക്കും ആവശ്യമായ സാധനങ്ങൾ മുമ്പത്തെക്കാളും ധാരാളം ലഭിക്കുവാൻ തുടങ്ങി. അങ്ങനെ ഓരോ തലമുറ കഴിയുന്തോറും മസ്തിഷ്കത്തിന് കൂടുതൽ വേഗത്തിലും കൂടുതൽ പൂർണ്ണമായും വികസിക്കാൻ സാധിച്ചു. [8]

കന്നുകാലികളെ പോറ്റിവളർത്താൻ പറ്റിയ മേച്ചിൽ സ്ഥലങ്ങളന്വേഷിച്ചുകൊണ്ട് നമ്മുടെ പൂർവ്വികൻമാർ മെല്ലെമെല്ലെ കാട്ടുപ്രദേശങ്ങളിൽ നിന്നും സമതലപ്രദേശങ്ങളിലേയ്ക്കിറങ്ങിവന്നു. ഈ ഘട്ടത്തിലാണ് അവർ തങ്ങളുടെ ആയുധോപകരണങ്ങളെ കൂടുതൽ പരിഷ്ക്കരിച്ച്, ഫലപുഷ്ടിയുള്ള ഭൂപ്രദേശങ്ങളിൽ സ്ഥിരവാസമാരംഭിച്ച്, ധാന്യങ്ങളും പഴങ്ങളും മറ്റും കൃഷിചെയ്യാൻ തുടങ്ങിയത്. കൃഷിചെയ്യാൻ പറ്റിയ സ്ഥലങ്ങൾ പരിമിതമായിരുന്നു. കാട്ടുപ്രദേശങ്ങളായിരുന്നു കൂടുതൽ. അതുകൊണ്ട് നമ്മുടെ മുൻഗാമികളായ നവീന ശിലായുഗമനുഷ്യർ കൂട്ടംകൂട്ടമായി കൻമഴുവെടുത്ത് കാടുവെട്ടിത്തെളിക്കാൻ മുതിർന്നു. ഇവിടെയും തീ വലിയൊരു പങ്കാണ് വഹിച്ചത്. തീയുടെ സഹായത്തോടുകൂടിയാണ് പ്രാചീനമനുഷ്യർ ഒട്ടനവധി കാട്ടുപ്രദേശങ്ങളെ കൃഷിസ്ഥലങ്ങളാക്കി മാറ്റിയത്.

കൃഷിയും നായാട്ടും സാമൂഹ്യജീവിതത്തിൽ പല പരിഷ്ക്കാരങ്ങളുമുണ്ടാക്കി. പാൽ, വെണ്ണ, ഇറച്ചി, പഴം, ധാന്യങ്ങൾ മുതലായവയുടെ ഉൽപ്പാദനം വർദ്ധിച്ചു. ആടുമാടുകൾ, വിലപിടിച്ച സ്വത്തുക്കളായിത്തീർന്നു. വിവിധങ്ങളായ വീട്ടുസാമഗ്രികൾ പ്രചാരത്തിൽ വന്നു. പരുത്തികൊണ്ടും ആട്ടിൻരോമങ്ങൾ കൊണ്ടും മറ്റുമുള്ള വസ്ത്രങ്ങൾ നെയ്യാൻ തുടങ്ങിയതും ഈ ഘട്ടത്തിലാണ്. എന്നാൽ, നവീനശിലായുഗത്തിന്റെ അവസാനത്തിലാണ് ലോഹപൂർവ്വവും ത്വരിതവുമായ പുരോഗതി കൈവന്നത്. ഒന്നിനുശേഷം മറ്റൊന്നായി, ചെമ്പ്, പിത്തള, ഓട്, സ്വർണ്ണം, ഇരുമ്പ് എന്നീ ലോഹങ്ങൾ കൊണ്ടുള്ള പലതരം ഉപകരണങ്ങളും പ്രചാരത്തിൽ വന്നു. അങ്ങനെ പ്രാചീന മനുഷ്യർ അഭിവൃദ്ധിയുടെ പുതിയൊരു ഘട്ടത്തിലേക്ക് കാലെടുത്തുവച്ചു.

2.3ലോഹയുഗം

ക്രി.മു. ഒന്നാം സഹസ്രാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിൽ തെക്കെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നവീനശിലായുഗ മനുഷ്യരാണ് ജീവിച്ചിരുന്നത് എന്ന് ചില പുരാവസ്തുഗവേഷകൻമാർ പ്രസ്താവിക്കുന്നുണ്ട്. സാരാംശത്തിൽ നവീനശിലായുഗത്തിന്റേതായ ഒരു സംസ്കാരം ക്രി.മു. ഒന്നാംസഹസ്രാബ്ദത്തിന്റെ മധ്യകാലംവരെയും നിലനിന്നുപോന്നുവെന്നും, അതിനുശേഷം മദ്ധ്യപ്രദേശിയെ നാഗപ്പൂർ മുതൽ കന്യാകുമാരി വരെ തെക്കെ ഇന്ത്യയിലൊട്ടുക്കും ഇരുമ്പ് ധാരാളമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി എന്നുമാണ് ഗോർഡൻ പ്രസ്താവിക്കുന്നത്. [9]

എന്നാൽ നർമ്മദ, തുംഗഭദ്ര, ഗോദാവരി തുടങ്ങിയ നദികളുടെ താഴ്വരകളിൽ നിന്ന് നവീനശിലായുധങ്ങൾ, ചെറുശിലായുധങ്ങൾ, ചാരനിറത്തിലും കറുത്ത ചായപ്പണിയോടുകൂടി ചുവപ്പുനിറത്തിലുമുള്ള മൺപാത്രങ്ങൾ, വെൺകല്ലുകൾ, ചെമ്പുകൊണ്ടുള്ള പലതരം സാമഗ്രികൾ എന്നിവയെല്ലാമടങ്ങിയ ഒരു താമ്രശിലാസംസ്കാരത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചെമ്പുകൊണ്ടുള്ള ഉപകരണങ്ങൾ വളരെക്കുറച്ചേ കണ്ടുകിട്ടിയിട്ടുള്ളു. അധികവും വിവിധതരത്തിലുള്ള ശിലായുധങ്ങളാണ്. എങ്കിലും വളരെ നീണ്ടകാലത്തോളം നിലനിന്നുപോന്ന ചെറുശിലാസംസ്കാരത്തിനു ശേഷം ചുരുങ്ങിയ കാലമെങ്കിലും സങ്കീർണ്ണമായ ഒരു താമ്രയുഗം നിലനിന്നിട്ടുണ്ടാവും. പക്ഷേ, ചെമ്പുകൊണ്ടുള്ള ഉപകരണങ്ങളും ശിലോപകരണങ്ങളും കൂട്ടിക്കലർന്നാണ് എല്ലായിടത്തും കാണപ്പെട്ടിട്ടുള്ളത്. കെട്ടിപ്പിണഞ്ഞ ഈ താമ്രശിലാസംസ്കാരം ക്രി.മു. രണ്ടാംസഹസ്രാബ്ദത്തിന്റെ ഉത്തരാർദ്ധത്തിലും ഒന്നാം സഹസ്രാബ്ദത്തിന്റെ പൂർവ്വാർദ്ധത്തിലുമാണ് നിലനിന്നിരുന്നത് എന്നു കണക്കാക്കപ്പെടുന്നു. [10] അതിനുമുമ്പായിരിക്കാം ശുദ്ധമായ ശിലായുഗം നിലനിന്നത്.

ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങൾ പ്രചാരത്തിൽ വന്നതോടെ ശിലായുഗത്തിലെ ഉപകരണങ്ങൾ അന്തർദ്ധാനം ചെയ്യുകയുണ്ടായി. ലോഹം കൊണ്ടുള്ള ഉപകരണങ്ങളോടൊപ്പം കൻമഴു തുടങ്ങിയ ശിലായുധങ്ങളും മൺപാത്രങ്ങളും മരംകൊണ്ടുള്ള ഗദ, ഉരൽ മുതലായവയും നിലനിന്നുപോന്നു. ഭൂഗർഭശാസ്ത്രജ്ഞൻമാർ ഉൽഖനനം ചെയ്ത പല പ്രദേശങ്ങളിലും കല്ലുകൊണ്ടും ലോഹംകൊണ്ടുമുള്ള ഉപകരണങ്ങൾ ഇടകലർന്ന് ഒന്നിച്ചു കിടക്കുന്നതായി കാണപ്പെട്ടിരിക്കുന്നു.

ഇരുമ്പ് കണ്ടുപിടിക്കപ്പെട്ടതോടെ അതിന്റെ ഉപയോഗം സാർവത്രികമായിത്തീർന്നു എന്നു ധരിക്കരുത്. ചില പ്രദേശങ്ങളിൽ ഇരുമ്പുകൊണ്ടുള്ള ഉപകരണങ്ങൾക്ക് പ്രാധാന്യം ലഭിച്ചപ്പോൾ മറ്റു ചില പ്രദേശങ്ങളിലെ ജനങ്ങൾ നവീനശിലായുഗത്തിൽ തന്നെ ജീവിക്കുന്നുണ്ടായിരുന്നു. സാമൂഹ്യവളർച്ച അസമമായിട്ടായിരുന്നു. ഇരുമ്പിന്റെ ഉപയോഗം പരന്നുപിടിച്ചതിനുശേഷവും തെക്കെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശിലോപകരണങ്ങൾ മാത്രമുപയോഗിച്ചു ജീവിച്ചിരുന്ന ജനങ്ങളുണ്ടായിരുന്നു. ആധുനികകാലത്തുപോലും നമ്മുടെ ഗിരിവർഗ്ഗക്കാർക്കിടയിൽ അത്തരം അപരിഷ്കൃത ജനങ്ങളെ കണ്ടെത്താൻ കഴിയും.

2.4കേരളവും ശിലായുഗവും

കേരളക്കരയിൽ നിന്ന് പറയത്തക്ക പ്രാചീനശിലായുധങ്ങളൊന്നും ഇതുവരെ കണ്ടുകിട്ടിയിട്ടേയില്ല. നവീനശിലായുധങ്ങളും കുറവാണ്. കേരളത്തിലെ ജനങ്ങൾ ശിലായുഗത്തിൽ ജീവിച്ചിരുന്നില്ല എന്നാണോ ഇതിൽ നിന്ന് അനുമാനിക്കേണ്ടത്? തെക്കേ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ ശിലായുഗമനുഷ്യർക്ക് തങ്ങളുടെ പ്രാകൃതോപകരണങ്ങൾ കൊണ്ട് കേരളക്കരയിൽ തിങ്ങിനിറഞ്ഞുനിന്നിരുന്ന കാടുകൾ വെട്ടിത്തെളിക്കാൻ സാധിച്ചില്ലെന്നും അതുകൊണ്ട് അവർ സഹ്യാദ്രിക്കപ്പുറത്തുതന്നെ കഴിച്ചുകൂട്ടി എന്നുമാണ് ചിലർ പറയുന്നത്. പ്രാകൃതശിലോപകരണങ്ങൾക്കു പറ്റിയ കൂഴാംകല്ലോ, നവീനശിലായുധങ്ങൾക്കുപറ്റിയ അടുക്കുപാറകളോ കേരളത്തിലില്ലെന്നാണ് മറ്റുചിലരുടെ വാദം. കിഴക്കൻ ജില്ലകളിൽ ‘കാർഷികവിപ്ലവ’ത്തിനുശേഷം വർദ്ധിച്ച ജനസംഖ്യയുടെ സമ്മർദ്ദം നിമിത്തം കൃഷിചെയ്യാൻ പറ്റിയ പുതിയ നിലങ്ങളന്വേഷിച്ചുകൊണ്ട് ജനങ്ങൾ പശ്ചിമഘട്ടം കടന്ന് കേരളത്തിലെ താഴ്വാരങ്ങളിലും കടൽത്തീരങ്ങളിലും വന്നുചേർന്നതാനാവാനാണിടയുള്ളതെന്ന് എ.അയ്യപ്പൻ അഭിപ്രായപ്പെടുന്നു. [11] ഏതാണ്ടിതേ അഭിപ്രായമാണ് ഫൂട്ടോയ്ക്കുമുള്ളത്. കേരളക്കരയിൽ തിങ്ങിനിറഞ്ഞ കാടുകൾ വെട്ടിത്തെളിച്ച് വൻതോതിൽ കൃഷിപ്പണിയാരംഭിച്ചത്, ഇരുമ്പ് കണ്ടുപിടിച്ചതിനുശേഷമാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. [12]

പക്ഷേ, ഈ അഭിപ്രായങ്ങൾ അതേപടി ശരിയായിക്കൊള്ളണമെന്നില്ല. ഒന്നാമതായി കേരളക്കരയിൽ നിന്ന് ശിലായുഗജീവിതത്തിന്റെ യാതൊരു തെളിവും ഇതേവരെ കണ്ടുകിട്ടിയിട്ടില്ലെന്നു പറഞ്ഞുകൂടാ. കോഴിക്കോട്ടിനപ്പുറത്തുനിന്നു കണ്ടുകിട്ടിയ കൂഴാംകല്ലുകൊണ്ടുള്ള ചില ചെറുശിലായുധങ്ങൾ നവീനശിലായുഗത്തിലേതായിരിക്കുമെന്ന് അയ്യപ്പൻതന്നെ സമ്മതിക്കുന്നുണ്ട്. [13] ഫിലിപ്പിലേക്ക് പാലക്കാട് ചുരം സർവ്വേ ചെയ്യുന്നതിനിടയ്ക്ക് കണ്ടെടുത്ത ഒരു നവീനശിലോപകരണത്തിന്റെ ചിത്രം ഫോട്ടോയുടെ ശേഖരത്തിൽ മൂന്നാംപ്ലേറ്റ് 89-ാം നമ്പറായി പ്രസിദ്ധം ചെയ്തിട്ടുണ്ട്. അപ്പോൾ കേരളത്തിൽ പ്രാചീനശിലായുഗ മനുഷ്യരുണ്ടായിരുന്നില്ലെങ്കിൽപ്പോലും നവീനശിലായുഗമനുഷ്യരുണ്ടായിരുന്നെന്ന് അനുമാനിച്ചുകൂടേ?

രണ്ടാമത് പ്രാചീനശിലായുഗ മനുഷ്യരുടെ മുഖ്യമായ ജീവിത മാർഗം കൃഷിയല്ല, മൃഗവേട്ടയാണ്. ഇതിന് കാടുകൾ തടസ്സമാവുന്നതെങ്ങനെയാണ്?

മൂന്നാമത്, ഇരുമ്പുയുഗത്തിലല്ല, ഇരുമ്പുമഴു വരുന്നതിനുമുമ്പുള്ള നവീനശിലായുഗത്തിലാണ്, കൃഷി ആരംഭിച്ചത് എന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. മുകളിൽ വ്യക്തമാക്കിയതുപോലെ കന്മഴുവിന്റെയും തീയിന്റെയും സഹായത്തോടുകൂടിയാണ് പ്രാചീന മനുഷ്യർ കാടുവെട്ടിത്തെളിയിച്ച് കൃഷിസ്ഥലങ്ങളാക്കി മാറ്റിയത്. അതുകൊണ്ട് സഹ്യാദ്രിക്കപ്പുറത്ത് ‘കാർഷികവിപ്ലവം’ നടന്നതിനുശേഷമാണ് ജനങ്ങൾ കേരളത്തിൽ കുടിയേറിപ്പാർത്തത് എന്ന വാദം ശരിയാവാനിടയില്ല.

നാലാമത്, പശ്ചിമഘട്ട പ്രദേശങ്ങളിൽ തിങ്ങിനിറഞ്ഞ കാടുകളുണ്ടായിരുന്നുവെങ്കിലും മറ്റു വഴികളിലൂടെ കേരളത്തിലേയ്ക്കു പ്രവേശിക്കുക അസാധ്യമായിരുന്നില്ല. ഉദാഹരണത്തിന്, പാലക്കാട് ചുരം അന്നുമവിടെയുണ്ടായിരുന്നു. മാത്രമല്ല പ്രാകൃതരായ കാടൻമാർ കാടുകളെ പേടിച്ച് ഒഴിഞ്ഞുമാറുകയായിരുന്നില്ല താനും.

അഞ്ചാമത്, കേരളത്തിലെ കടലോരപ്രദേശങ്ങളിലെങ്കിലും കാടുകളില്ലാത്ത സമതലപ്രദേശങ്ങൾ കുറെ ചതുരശ്രനാഴികയെങ്കിലുമുണ്ട്.

ആറാമത്, തെക്കൻ കർണ്ണാടകത്തിലെ കടലോരപ്രദേശങ്ങളിൽ പ്രാചീനശിലായുഗമനുഷ്യർ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. [14] തെക്കൻ കർണ്ണാടകത്തിലെ കടലോരപ്രദേശങ്ങളിൽ നിന്നും കേരളം അത്രയധികം ഒറ്റപ്പെട്ടാണ് കിടന്നിരുന്നത് എന്ന് കരുതാൻ വയ്യ.

അപ്പോൾ പറയത്തക്ക പ്രാചീന ശിലായുഗാവശിഷ്ടങ്ങളൊന്നും കേരളക്കരയിൽ നിന്ന് കണ്ടുകിട്ടാതിരുന്നതിനുള്ള കാരണം ഖനനഗവേഷണങ്ങളുടെ അഭാവമോ അപര്യാപ്തതയോ ആയിക്കൂടെ? അങ്ങനെയാവാനാണ് ഇടയുള്ളത് എന്നാണ് വി.വി. കൃഷ്ണസ്വാമിയുടെ അഭിപ്രായം. പടിഞ്ഞാറൻകരയിൽ രത്നഗിരി മുതൽ മലബാർ വരെ ചതുർത്ഥഹിമയുഗത്തിന്റേതായ പ്രാചീനശിലകൾ കാണപ്പെട്ടിട്ടുണ്ടെന്നും മലബാർകരയിൽ പ്രാചീനശിലായുഗത്തിലെ ഉപകരണങ്ങൾ ഇനിയും കണ്ടുകിട്ടാത്തതു ഗവേഷണത്തിന്റെ കുറവുകൊണ്ടുമാത്രമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം തീർത്തുപറയുന്നു. [15]

ഏതായാലും ഒരു കാര്യം പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ക്രി.മു. ഒന്നാം സഹസ്രാബ്ദത്തിന്റെ പൂർവ്വാർദ്ധം മുതൽക്ക് കൃഷിചെയ്തും അന്യനാടുകളുമായി വ്യാപാരബന്ധങ്ങൾ പുലർത്തിയും ഏറെക്കുറെ പരിഷ്കൃതരായി കഴിഞ്ഞുകൂടിയിരുന്ന ഒരു ജനസമുദായം കേരളത്തിലുണ്ടായിരുന്നു. ഈ വസ്തുതയെ ആരും നിഷേധിക്കുന്നില്ല. പക്ഷേ, ഒരു ഞൊടിയിടകൊണ്ട് ഇരുമ്പുമഴുവെടുത്ത് കാടുവെട്ടിത്തെളിച്ച് മറ്റുരാജ്യങ്ങളുമായി വ്യാപാരം സ്ഥാപിക്കാൻ സാധിക്കുമോ? കാടത്തത്തിൽ നിന്ന് പരിഷ്ക്കാരത്തിന്റെ യുഗത്തിലേക്ക് അത്ര പെട്ടെന്ന് ചാടിക്കടക്കാൻ കഴിയുമോ? ഇല്ല. തീർച്ചയായും അത് നീണ്ടകാലത്തെ പുരോഗതിയുടെ ഫലമാകാനേ തരമുള്ളു. അതുകൊണ്ട്, ഇരുമ്പുയുഗമാരംഭിക്കുന്നതിനു മുമ്പുതന്നെ ശിലായുധങ്ങളുമായി പ്രകൃതിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ടുകൊണ്ട് അപരിഷ്കൃത ജീവിതം നയിച്ച ഒരു ജനസമുദായം കേരളത്തിലുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിന്റെ നാനാഭാഗത്തുനിന്നും കണ്ടുകിട്ടിയിട്ടുള്ള മഹാശിലാസംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളും നരവംശശാസ്ത്രജ്ഞൻമാരുടെ ഗവേഷണഫലമായി ലഭിച്ചിട്ടുള്ള അനിഷേധ്യമായ തെളിവുകളും ഈ വിശ്വാസത്തെ ദൃഢീകരിക്കുകയാണ് ചെയ്യുന്നത്.

ആദ്യമായി കേരളത്തിലെ പൂർവ്വികൻമാരുടെ ജീവിതത്തെക്കുറിച്ച് നരവംശശാസ്ത്രജ്ഞൻമാർ തരുന്ന തെളിവുകളെ, നമുക്കൊന്നു പരിശോധിക്കാം.

2.5കേരളത്തിലെ ഗിരിവർഗ്ഗക്കാർ

കേരളത്തിലെ പർവ്വതപ്രദേശങ്ങളിൽ ജീവിക്കുന്ന ഗോത്രവർഗ്ഗക്കാരുടെ സ്വഭാവവിശേഷങ്ങളും ഭക്ഷ്യോത്പാദനരീതികളും ജീവിതസമ്പ്രദായങ്ങളും വിവാഹസമ്പ്രദായങ്ങളും ശവം മറവുചെയ്യുന്ന രീതിയും മറ്റു ആചാരസമ്പ്രദായങ്ങളും ചരിത്രത്തിന്റെ ഇരുളടഞ്ഞുകിടക്കുന്ന ഭൂതകാലപ്രശ്നങ്ങളിലേയ്ക്ക് വെളിച്ചംവീശുന്നവയാണത്രെ. ഉദാഹരണത്തിന്, കേരളക്കരയിൽ ഇപ്പോഴും നാമാവശേഷമായിക്കഴിഞ്ഞിട്ടില്ലാത്ത മലപണ്ഡാരങ്ങൾ, കാണിക്കാർ, മലപ്പുലയൻമാർ, അരനാടൻമാർ തുടങ്ങിയ ഗിരിവർഗ്ഗക്കാർ വേട്ടയാടിക്കഴിഞ്ഞിരുന്ന പ്രാകൃതമനുഷ്യരുടെ പല സ്വഭാവസവിശേഷങ്ങളും നിലനിർത്തിപ്പോരുന്നുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടിക്കൊണ്ടും കാട്ടിൽനിന്നു കിട്ടുന്ന ഫലമൂലങ്ങൾ ശേഖരിച്ചുകൊണ്ടുമാണ് അടുത്തകാലം വരെയും അവർ ഉപജീവനം കഴിച്ചുപോന്നത്.

പറമ്പിക്കുളത്തും പരിസരങ്ങളിലുമുള്ള പ്രാകൃതജനങ്ങൾക്ക് സ്ഥിരവാസമാരംഭിച്ച് കൃഷിചെയ്യാനറിഞ്ഞുകൂടെന്നും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഫലമൂലങ്ങൾ ശേഖരിച്ചും കഴിച്ചുകൂട്ടിയിരുന്ന പ്രാകൃതാവസ്ഥയിൽ നിന്നാണ് അവർ കാട്ടിലെ കൂലിക്കാരായി മാറ്റപ്പെട്ടത് എന്നും ഡോ. എ.അയ്യപ്പൻ പറയുന്നു. മലയർ, ഇരുളർ, കാണിക്കാർ, മലപ്പുലയൻ തുടങ്ങിയ ഗിരിവർഗ്ഗക്കാരിലും കാട്ടുവേടൻമാരുടെ ജീവിതരീതിയും സ്വഭാവവിശേഷങ്ങളുമാണ് മുന്തിനിൽക്കുന്നത്. നിലമ്പൂരിന്റെ പരിസരപ്രദേശങ്ങളിലുള്ള അരനാടൻമാർ അല്ലെങ്കിൽ ഏർനാടൻമാർ അടുത്തകാലം വരെയും കുരങ്ങുകളെ കൊല്ലാൻ അമ്പും വില്ലും ഉപയോഗിച്ചിരുന്നുവെന്നും കുരങ്ങിന്റെ ഇറച്ചിയാണ് അവർക്കേറ്റവും പ്രിയപ്പെട്ടതെന്നും അയ്യപ്പൻ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം എഴുതുന്നു: എനിക്കറിയാവുന്ന ഇന്ത്യയിലെ പ്രാകൃതവിഭാഗങ്ങളിൽ ഏറ്റവും കുറഞ്ഞ പുരോഗതിയുള്ളവർ അരനാടൻമാരാണെന്നു തോന്നുന്നു. സിലോണിലെ ദൈവദൂതൻമാരെപ്പോലെ അവരും കഴിഞ്ഞ നൂറ്റാണ്ടിലോ അതിനുതൊട്ടുമുമ്പോ മാത്രമാണ് തങ്ങളുടെ പഴയ പാറക്കൽ ഗുഹകളുപേക്ഷിച്ച് വീടുകളിൽ പാർക്കാൻ തുടങ്ങിയത്. ഭക്ഷ്യോൽപാദനത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലും അവർക്കറിഞ്ഞുകൂടാ. അവർ ഭക്ഷണത്തിനു പ്രധാനമായും കാടുകളെയാണ് ആശ്രയിക്കുന്നത്. ഭാഗ്യത്തിന്, ഈ പ്രദേശത്തെ കാടുകളിൽ ഭക്ഷിക്കാൻ പറ്റിയ കായ്കനികളും ചെറുമൃഗങ്ങളും ധാരാളമുണ്ട്. സ്ത്രീകളും പുരുഷൻമാരും പകൽ മുഴുവനും കാടുകളിൽ ചുറ്റിത്തിരിഞ്ഞ് ഫലമൂലാദികൾ ശേഖരിയ്ക്കുകയും വേട്ടമൃഗങ്ങളെ കെണിവെച്ചു പിടിക്കുകയും ചെയ്യുന്നു. കിട്ടുന്നതിന്റെ ഒരു ഭാഗം അവിടെവച്ചുതന്നെ പാകംചെയ്തു ഭക്ഷിക്കുന്നു. ബാക്കിയുള്ളത് സമതലപ്രദേശങ്ങളിലെ കൃഷിക്കാരുടെയും കച്ചവടക്കാരുടെയും കീഴിൽ പണിയെടുക്കാൻ പോകുന്ന മറ്റുള്ളവർക്കുവേണ്ടി വീടുകളിലേയ്ക്കുകൊണ്ടുപോകുന്നു. [16]

വയനാട് മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടനിരകളിലാണ് ഇന്ത്യയിലിന്നവശേഷിച്ചിട്ടുള്ളവരിൽ ഏറ്റവും പ്രാകൃതരായ ആദിവാസികളുള്ളത് എന്ന് ബി.എസ്. ഗുഹ ചൂണ്ടിക്കാണിക്കുന്നു. [17] ഹൈമൻ ഡോർഫിന്റെ അഭിപ്രായത്തിൽ ഇന്നത്തെ ഗിരിവർഗ്ഗക്കാർ നവീനശിലായുഗത്തെ മാത്രമല്ല പ്രാചീനശിലായുഗത്തേയും പ്രതിനിധാനം ചെയ്യുന്നവരാണ്. വയനാട്ടിലെ ഇരുളർ, പണിയർ, കറുമ്പർ മുതലായവരുടെയും കൊച്ചി, തിരുവിതാംകൂർ, മലകളിലെ കാടർ, കാണിക്കാർ, മലപ്പണ്ടാരം മുതലായവരുടെയും ജീവിതരീതികൾ പരിശോധിച്ചാൽ ബോധ്യമാവും. അവർ ശിലായുഗജീവിതത്തിൽ നിന്ന് ഇനിയും പൂർണ്ണമായി വേറിട്ടുകഴിഞ്ഞിട്ടില്ല. പ്രകൃതിയിൽ നിന്ന് കിട്ടുന്ന ഫലമൂലാദികളും കെണിവെച്ചു പിടിക്കപ്പെടുന്ന കാട്ടുമൃഗങ്ങളുമായിരുന്നു അടുത്തകാലംവരെ അവരുടെ മുഖ്യമായ ഭക്ഷ്യസാമഗ്രികൾ.

കാടരെപ്പറ്റി എഹരൻഫെൽസ് ഇങ്ങനെ എഴുതുന്നു:

‘പഴയകാലത്ത് കാട്ടിലെ ഉൽപ്പന്നങ്ങൾ ശേഖരിച്ചും വേട്ടയാടിയുമാണ് കാടർ തങ്ങളുടെ ഉപജീവനം നേടിയിരുന്നത്. ഇപ്പോഴും അവരുടെ പ്രധാനസമ്പാദ്യം ഇതുതന്നെയാണ്. കാടരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും കാട്ടിലെ ഉൽപ്പന്നങ്ങൾ ശേഖരിച്ചുകൊണ്ടാണ് ജീവിക്കുന്നത്. അതുമുഴുവൻ തങ്ങളുടെ മാത്രം ആവശ്യത്തിനായി വിരളമായേ സൂക്ഷിച്ചുവയ്ക്കുന്നുള്ളു. തങ്ങൾ ശേഖരിച്ച വിഭവങ്ങളുടെ ഒരു ഭാഗം കൺട്രാക്ടറുടെ കടയിൽ നിന്ന് വാങ്ങുന്ന അരി, മുളക്, കറുപ്പ്, ചാരായം, തുണി, തുന്നിപ്പെടുത്തിയ ഉടുപ്പുകൾ എന്നിവയ്ക്ക് പകരമായി കൈമാറ്റംചെയ്യപ്പെടുന്നു’. [18]

ഗിരിവർഗ്ഗക്കാരിൽ നിന്ന് ലഭിക്കുന്ന തെളിവുകൾ കൊണ്ടുമാത്രം ശിലായുഗജീവിത സമ്പ്രദായങ്ങളെപ്പറ്റി പഠിക്കുക എളുപ്പമല്ലെന്നാണിതു കാണിക്കുന്നത്. എന്തെന്നാൽ, 19-ാം നൂറ്റാണ്ടിൽ യൂറോപ്യൻമാർ റബ്ബർ-കാപ്പി-തേയിലതോട്ടങ്ങൾ സ്ഥാപിച്ചതിനുശേഷം കാട്ടുജാതിക്കാരുടെ ജീവിതക്രമങ്ങളിൽ വളരെയധികം മാറ്റങ്ങൾ വന്നുചേർന്നിട്ടുണ്ട്. മലപ്പണ്ടാരങ്ങൾ, പണിയർ, മുതലായ പല ജനവിഭാഗങ്ങളും തോട്ടമുടമകളും പിന്നീട് കുടിയേറി ഭൂമി തട്ടിയെടുത്ത ജന്മികളുടെയും കൂലിവേലക്കാരായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചുറ്റിലുമുള്ള പരിഷ്കൃതജീവിതത്തിന്റെ സ്വാധീനശക്തിക്ക് ഒട്ടുംതന്നെ വിധേയരാവാതെ പഴയപടി ജീവിതം തുടരുക അവർക്ക് സാദ്ധ്യമല്ലാതായി.

ജീവിതരീതിയിൽ മാത്രമല്ല, ഉൽപ്പാദനോപകരണങ്ങളിൽത്തന്നെയും മാറ്റങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും പഴയ ഉപകരണങ്ങൾ അപ്പടി ഉപേക്ഷിക്കപ്പെട്ടിട്ടില്ല. മലപ്പണ്ടാരങ്ങൾ, മലവേടൻമാർ മുതലായവർ കിഴങ്ങുകൾ കുഴിച്ചെടുക്കാൻ ഇപ്പോഴും പാരക്കോലുപയോഗിക്കാറുണ്ട് എന്നും കാണിക്കാർ, മുത്തുവൻ, ഉരളി, ഉള്ളാടൻ മുതലായ ജനവിഭാഗങ്ങൾ ഇന്നും മൃഗങ്ങളെ കൊല്ലാൻ വില്ലും അമ്പുമാണ് ഉപയോഗിക്കുന്നത് എന്നും നായാട്ട് വളരെയധികം ഇഷ്ടപ്പെടുന്ന കുറിച്ചിയരും ഏർനാടരും അമ്പെയ്യുന്നതിൽ വിദഗ്ധൻമാരാണെന്നും കൃഷ്ണയ്യർ ചൂണ്ടിക്കാണിക്കുന്നു. [19] കനിക്കിഴങ്ങ്, നറുക്കിഴങ്ങ്, ചന്ദനക്കിഴങ്ങ്, വെറ്റിലക്കിഴങ്ങ് മുതലായ കിഴങ്ങുകൾ കുഴിച്ചെടുക്കാൻ വേണ്ടി കാടർ ഉപയോഗിക്കുന്ന ആയുധത്തെപ്പറ്റിയുള്ള എഹരൻഫൈൽസിന്റെ വിവരണം ശ്രദ്ധേയമാണ്. [20] നിലം കുത്തിക്കുഴിക്കുന്നതിന് ഉപയോഗിക്കത്തവിധം ഒരറ്റത്ത് ചെത്തിക്കൂർപ്പിച്ച കരിങ്കൽക്കഷണത്തിന്റെ സ്ഥാനത്ത് അവർ മൂർച്ചയുള്ള ഇരുമ്പുകഷണം വെച്ചുപിടിപ്പിക്കുന്നു. എങ്കിലും തങ്ങളുടെ പഴയ ഉപകരണങ്ങളെപ്പറ്റി കാടർ ഇപ്പോഴും ഓർമ്മിക്കുന്നുണ്ട്. വില്ലും അമ്പും ഒരുകാലത്ത് സാർവ്വത്രികമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നും വനം ഡിപ്പാർട്ട്മെന്റുകാർ നായാട്ട് നിരോധിച്ചതിന്റെ ഫലമായി അത് അപ്രത്യക്ഷമായതാണെന്നും, എങ്കിലും കാടരുടെ കുട്ടികൾ ഇപ്പോഴും ചെറുതരം വില്ലും അമ്പുമുപയോഗിച്ച് പക്ഷികളെ പിടിക്കാറുണ്ടെന്നും എഹരൻ ഫെൽസ് ചൂണ്ടിക്കാണിക്കുന്നു. [21] വിവിധ നാമങ്ങളിലറിയപ്പെടുന്ന ഈ ആദിവാസികളെല്ലാം മറ്റെവിടെയോ നിന്ന് ലോഹായുഗാരംഭത്തിനുശേഷം മാത്രം നമ്മുടെ കാടുകളിലും മലകളിലും വന്നു കുടിയേറിപ്പാർത്തവരാവാൻ തരമില്ല. നേരെ മറിച്ച്, അവർ സഹസ്രാബ്ദങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന പ്രാചീനശിലായുഗ മനുഷ്യരുടെ പിൻഗാമികളായിരിക്കണം. നരവംശശാസ്ത്രജ്ഞരുടെ ഗവേഷണങ്ങൾ ഇക്കാര്യം സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ശിലായുഗം മുതൽക്കുതന്നെ കേരളക്കരയിൽ ജനങ്ങൾ ജീവിക്കാൻ തുടങ്ങിയിരുന്നു എന്നതിന് പല സ്ഥലങ്ങളിൽ നിന്നും കണ്ടുകിട്ടിയിട്ടുള്ള മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും സാക്ഷ്യം പറയുന്നുണ്ട്.

കുറിപ്പുകൾ

1 Marx Capital: Vol. 1

2 R. Bruce Foote: The Indian Pre-historic and Protohistoric Antiquities.

3 V. D. Krishna Swami: Stone Age in India.

4 അമലാനന്ദഘോഷ്: ഇന്ത്യൻ പുരാതനവസ്തുവിജ്ഞാനം, പേജ് 16.

5 Sir. Mortimal Wheeler: Early India And Pakisthan. P. 72

6 R. Bruce Foote: The Indian Pre-historic and Protohistoric Antiqutes. P. 22

7 T. Sreenivas Iyenkar: History of the Tamils.

8 ഏംഗൽസ്, മനുഷ്ന്റെ വളർച്ചയും അദ്ധ്വാനവും, പേജ് 17.

9 D. H. Gorden: The Pre-historic Background of Indian Culture, PP. 170–71

10 അമലാനന്ദഘോഷ്: ഇന്ത്യൻ പുരാതനവസ്തുവിജ്ഞാനം, പേജ് 20.

11 A. Ayappan: Pre-historic and Proto historic Kerala in Kerala Desam. P. 50.

12 Footes Collections P. 48.

13 A. Ayyappan: Kerala Darsaen P. 50

14 Ancient India. No. 3: P. 35.

15 V. D. Krishnaswamy, Ancient India, 3. December 1947.

16 A. Ayappan. Kerala Darsan. P. 154.

17 B. S. Guha. Adivasis. P. 15.

18 U. R. Eheranels: Kadar of Cochin. PP. 24–26.

19 L. A. Krishna Iyer. Kerala and Her People. PP. 73–74.

20 U. R. Eherenpels, Kadar of Cochin, PP. 26–27.

21 Ibid.