അദ്ധ്യായം 14
മലയാള ഭാഷയുടെ ഉത്ഭവം

സാമൂഹ്യജീവിതത്തിലെ അതിപ്രധാനമായ ഒരു ഘടകമാണ് ഭാഷ. ജനങ്ങൾ അന്യോന്യം കൂടിക്കഴിയാനും ആശയവിനിമയം നടത്താനും പരസ്പരം മനസ്സിലാക്കാനും ഉപയോഗിക്കുന്ന ഒരു മധ്യവർത്തിയാണിത്. പല പണ്ഡിതൻമാരും ഭാഷയ്ക്കൊരു നിർവചനം നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ‘അറിയപ്പെട്ടിടത്തോളമുള്ള എല്ലാ സമുദായങ്ങൾക്കുമിടയിൽ ആശയപ്രകടനത്തിനും ആശയവിനിമയത്തിനുമുള്ള, സാരാംശത്തിൽ പൂർണ്ണമായ, ഒരുപാധിയാണ് ഭാഷ’ എന്ന് എഡോക്ഡ് സാപ്പിർ നിർവ്വചിക്കുന്നു. [1] ‘സാരാംശത്തിൽ പൂർണ്ണമായ ഒരുപാധി’ എന്നു പറയുമ്പോൾ എന്താണദ്ദേഹമുദ്ദേശിക്കുന്നത് എന്ന് ഈ നിർവചനം കൊണ്ട് വ്യക്തമാകുന്നില്ല. കൂടുതൽ ഭേദപ്പെട്ടതാണ് മഹാകവി ഉള്ളൂർ നൽകുന്ന നിർവചനം: ‘ഒരുവൻ തന്റെ അന്തർഗതം ഏതെങ്കിലും ഒരു ജനസമുദായത്തിലെ സങ്കേതമനുസരിച്ച് അന്യനു ഗ്രഹിക്കാൻ പര്യാപ്തമായ വർണ്ണാത്മകശബ്ദങ്ങളുടെ സമൂഹമാകുന്നു ഭാഷ.’ [2] എന്നാൽ വർണ്ണാത്മകശബ്ദങ്ങൾ തന്നെ സങ്കേതങ്ങളാണ്. സങ്കേതമനുസരിച്ചുള്ള സങ്കേതമെന്ന് പറയുന്നതിലുള്ള പൊരുത്തക്കേട് വ്യക്തമാണല്ലോ. അതിനാൽ ഈ നിർവ്വചനവും ദുർബലമാണ്. ഒരു പക്ഷേ എല്ലാ നിർവ്വചനങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള ന്യൂനതയുണ്ടാകാം. അതുകൊണ്ട് ഭാഷയെ നിർവചിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് അതിന്റെ സവിശേഷസ്വഭാവങ്ങളെന്തൊക്കെയാണെന്ന് ആരായുകയാണ്.

14.1ധ്വനി സങ്കേതങ്ങളുടെ പ്രാധാന്യം

ഒരു നിശ്ചിതരീതിയിൽ സംവിധാനം ചെയ്യപ്പെട്ട വാങ്മയവും ശ്രോത്രഗ്രാഹ്യവുമായ സങ്കേതങ്ങൾ, അതായത് ധ്വനിസങ്കേതങ്ങൾ, ഭാഷയുടെ ഒരു പ്രധാനഘടകമാണെന്ന കാര്യത്തിൽ സംശയമില്ല. ധ്വനിസങ്കേതങ്ങളുടെ സഹായത്തോടുകൂടിയാണ് മനുഷ്യർ പരസ്പരം ആശയവിനിമയം നടത്തുന്നത്. പക്ഷിമൃഗാദികളിലും ധ്വനിസങ്കേതങ്ങളുപയോഗിക്കാറുണ്ട്. എങ്കിലും, പക്ഷികളും മൃഗങ്ങളും പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ഭാഷയെന്ന് പറയാറില്ല. അവ മനുഷ്യരുടേതുപോലുള്ള ധ്വനിസങ്കേതങ്ങളല്ലതാനും. നായയ്ക്ക് ശ്രവണശക്തിയുണ്ട്. നിത്യപരിചയത്തിലൂടെ യജമാനന്റെ ധ്വനിസങ്കേതങ്ങളുടെ ഉദ്ദേശ്യം മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അതിനു സാധിക്കും. പക്ഷേ, ആ ധ്വനി സങ്കേതങ്ങളെ സ്വയം ഉപയോഗിക്കാൻ അതിന് കഴിയില്ല. അതിന്റെ അവയവഘടന മനുഷ്യന്റേതിനേപോലെ വികസിച്ചിട്ടില്ലെന്നുള്ളതാണിതിനു കാരണം. തത്തക്ക് മനുഷ്യന്റെ ധ്വനിസങ്കേതങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ കഴിവില്ല. അർത്ഥം മനസ്സിലാക്കിക്കൊണ്ട് വർണ്ണാത്മകമായ ശബ്ദങ്ങളെ ബോധപൂർവ്വം ആശയവിനിമയത്തിനുവേണ്ടി ഉപയോഗിക്കാൻ മനുഷ്യനു മാത്രമേ കഴിയൂ. മനുഷ്യന്റെ കണ്ഠനാളവും നാഡീപടലവും മസ്തിഷ്കവും അത്രമേൽ വികസിച്ചിട്ടുണ്ടെന്നുള്ളതാണതിനു കാരണം.

ശരിക്കാലോചിച്ചാൽ, മനുഷ്യന്റെ ഈ വികസനത്തിനു തന്നെ ഭാഷയാണ് ഒരു പ്രധാനകാരണമെന്നു കാണാം. നിവർന്നു നിൽക്കാനും മൃഗങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ കൈകളുപയോഗിച്ച് അദ്ധ്വാനിക്കാനും തുടങ്ങിയതോടുകൂടിത്തന്നെ പ്രാകൃതമനുഷ്യരുടെ ശരീരഘടനയിൽ പുതിയ പല മാറ്റങ്ങളുണ്ടാവാൻ തുടങ്ങിയെന്നത് ശരിയാണ്. പക്ഷേ, ആദ്യംമുതൽക്കേ ജീവിതാവശ്യങ്ങളുടെ നിർവഹണത്തിനുവേണ്ടി അവർക്ക് പരസ്പരം സഹായിച്ചുകൊണ്ട് കൂട്ടായി അദ്ധ്വാനിക്കേണ്ടിവന്നു. പരസ്പരസഹായത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടായ അദ്ധ്വാനത്തിന്റെ പുരോഗതിക്ക് കൂടുതൽ സുനിശ്ചിതവും കൂടുതൽ വ്യക്തവും കൂടുതൽ സമൂർത്തവുമായ ധ്വനിസങ്കേതങ്ങൾ ആവശ്യമായിത്തീർന്നു. ഈ ആവശ്യകതയിൽനിന്നാണ് മെല്ലെമെല്ലെ, നീണ്ടകാലത്തെ അദ്ധ്വാനത്തിലൂടെ, ക്രമീകൃതങ്ങളും ഉയർന്ന രൂപത്തിലുള്ളവയുമായ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയത്തക്കവിധം മനുഷ്യന്റെ കണ്ഠനാളം വികസിക്കുകയും വായിലെ വിവിധങ്ങളായ അവയവങ്ങൾ സ്ഫുടമായ അക്ഷരങ്ങളുച്ചരിക്കാൻ കഴിയത്തക്കവിധം രൂപപ്പെടുകയും ചെയ്തത്.

ഭാഷ സമൂർത്തമായ ഏതെങ്കിലും വസ്തുവിന്റെ അല്ലെങ്കിൽ പ്രവൃത്തിയുടെ സങ്കേതമാണ്. വാക്കുകളുടെ സഹായത്തോടുകൂടിയാണ് ഏതെങ്കിലും വസ്തുവെക്കുറിച്ചോ അല്ലെങ്കിൽ പ്രവൃത്തിയെക്കുറിച്ചോ ഉള്ള ആശയം രൂപവൽക്കരിക്കപ്പെടുന്നത്. പുസ്തകം എന്ന വാക്ക് സ്വയം ഒരു വസ്തുവല്ല. വസ്തുവിന്റെ ഒരു സങ്കേതം മാത്രമാണ്. എങ്കിലും ആ സങ്കേതം പുസ്തകത്തെക്കുറിച്ചുള്ള ബോധം നമ്മിലുണ്ടാക്കുന്നു. ഇതാണ് വാക്കും അർത്ഥവും തമ്മിലുള്ള ബന്ധം. ഉൽപ്പാദനോപകരണങ്ങൾ പരിഷ്ക്കരിക്കപ്പെടുകയും പുതിയ ഭൗതികവസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ പുതിയ സങ്കേതങ്ങൾ ആവശ്യമായിത്തീരുകയും അങ്ങനെ മനുഷ്യന്റെ സാമൂഹ്യബോധം കൂടുതൽ വികസിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ഭാഷ മസ്തിഷ്ക്കത്തിന്റെയും അതിന്റെ പ്രവർത്തനോപാധിയായ ഇന്ദ്രിയങ്ങളുടെയും വളർച്ചയെ ത്വരിതപ്പെടുത്തുകയും മനുഷ്യന്റെ ബുദ്ധിശക്തിയെ കൂടുതൽ കൂടുതൽ വികസിപ്പിക്കുകയും ചെയ്യുന്നു.

അപ്പോൾ, ഭാഷ വെറുമൊരു സങ്കേതം മാത്രമല്ല. അത് മാനുഷികബന്ധങ്ങളുടെ ഒരുപകരണവും സാമൂഹ്യവളർച്ചയുടെ ഒരുപാധിയുമാണ്. അത് മനുഷ്യസമുദായത്തിന്റെ നേട്ടങ്ങളെ പദസമൂഹങ്ങളിൽ രേഖപ്പെടുത്തിവയ്ക്കുകയും നിലനിർത്തിപ്പോരുകയും ചെയ്യുന്നു. മറ്റൊരുവിധം പറഞ്ഞാൽ, അത് നമ്മെ നമ്മുടെ ചുറ്റുപാടുകളുമായും നമ്മുടെ ബന്ധുമിത്രാദികളുമായും പൂർവികൻമാരുമായും നമ്മുടെ രാജ്യത്തിന്റെ ചരിത്രവുമായും ബന്ധപ്പെടുത്തുന്നു. സാമൂഹ്യവളർച്ചയോടൊപ്പം ഭാഷയും വികസിക്കുന്നു. അങ്ങനെ അത് നമ്മുടെ ജീവിതത്തിൽ അതിപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു.

14.2ഭാഷയുടെ ഘടകങ്ങൾ

ഇത്രയും പ്രാധാന്യമർഹിക്കുന്ന ഭാഷ ധ്വനിസങ്കേതങ്ങളുടെ, അല്ലെങ്കിൽ വർണ്ണാത്മകശബ്ദങ്ങളുടെ വെറുമൊരു സമൂഹം മാത്രമല്ല. കുറെ ശബ്ദങ്ങളെ ഒന്നിച്ചുചേർത്താൽ അത് ഭാഷയാവില്ല. വാക്കുകൾക്കുതന്നെ ശബ്ദങ്ങളുടെ സവിശേഷമായ ഒരു ക്രമീകരണമാവശ്യമാണ്. സ്വരവ്യഞ്ജനങ്ങളെ ഒരു പ്രത്യേകരീതിയിൽ ഉപയോഗിക്കുന്നതിന് പദരചന എന്നുപറയുന്നു. എന്നാൽ ഭാഷയിൽ പദങ്ങൾ മാത്രമല്ല ഉള്ളത്. വാക്കുകളുടെ അവ്യവസ്ഥിതമായ ഒരു സമൂഹത്തിന് ഭാഷയെന്നു പറയില്ല. പദരചന എന്നു പറയുന്നു. കർത്താവ്, കർമ്മം, ക്രിയ, വിശേഷണം, സർവനാമം, ലിംഗഭേദം, വചനഭേദം മുതലായവയെ സംബന്ധിക്കുന്ന പ്രത്യേക നിയമങ്ങളുടെ, അതായത് വ്യാകരണനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്യങ്ങൾ രചിക്കപ്പെടുന്നത്.

അപ്പോൾ, ഭാഷയ്ക്ക് പദസമൂഹം, വ്യാകരണം എന്നിങ്ങനെ രണ്ടു പ്രധാന ഘടകങ്ങളുണ്ടായിരിക്കണം. ഭാഷ വികസിക്കുന്തോറും പദസമൂഹം കൂടുതൽ വിശാലമായിത്തീരുകയും വ്യാകരണനിയമങ്ങൾ കൂടുതൽ സമ്പുഷ്ടമായിത്തീരുകയും ചെയ്യും. എങ്കിലും, ഏതു ഭാഷയ്ക്കും അടിസ്ഥാനപരമായ ഒരു പദസമൂഹവും അടിസ്ഥാനപരമായ ചില വ്യാകരണവിധികളുമുണ്ടായിരിക്കും. ഈ രണ്ടു ഘടകങ്ങളിലെ സവിശേഷതകളാണ് ഒരു ഭാഷയെ മറ്റൊരു ഭാഷയിൽ നിന്ന് വേർതിരിക്കുന്നത്.

ഭാഷാശാസ്ത്രജ്ഞൻമാർ ലോകത്തിലെ വിവിധ ഭാഷകളെ, അവയുടെ സവിശേഷതകളുടേയും സാധർമ്മ്യവൈധർമ്മ്യങ്ങളുടെയും അടിസ്ഥാനത്തിൽ വ്യത്യസ്ത ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു. ഇന്ത്യയിൽ മാത്രം ഇൻഡോയൂറോപ്യൻ, ദ്രാവിഡം, ടിബറ്റോചൈനീസ്, മുണ്ഡ എന്നിങ്ങനെ മുഖ്യമായി നാലുഗോത്രഭാഷകളിലുൾപ്പെട്ട ഇരുന്നൂറിലധികം വ്യത്യസ്ത ഭാഷകളുണ്ട്. വ്യത്യസ്തങ്ങളായ വ്യാകരണക്രമങ്ങളും പദസമൂഹങ്ങളുമുള്ള ഈ വിഭിന്നഭാഷകളിൽ ഭൂരിഭാഗവും സാമൂഹ്യവും ചരിത്രപരവുമായ കാരണങ്ങളാൽ ഇന്നും അപരിഷ്കൃതാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്. ജനാധിപത്യ പ്രസ്ഥാനത്തിന്റെ വളർച്ചയോടൊപ്പം അവയിൽ ചിലതെങ്കിലും ദേശീയഭാഷകളായി വളർച്ച പ്രാപിച്ചേക്കുമെന്ന് വിശ്വസിക്കാവുന്നതാണ്. എന്നാൽ, ഇന്ന് പതിമൂന്നോ പതിനാലോ ഭാഷകൾ മാത്രമേ ദേശീയഭാഷകളെന്ന നിലയ്ക്ക് അഭിവൃദ്ധിപ്പെട്ടുകഴിഞ്ഞിട്ടുള്ളു. ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, ഒറിയ, ആസാമിസ്, പഞ്ചാബി മുതലായ ഇൻഡോ യൂറോപ്യൻ ഗോത്രത്തിൽപ്പെട്ട ഭാഷകളാണ്. ദ്രാവിഡ ഗോത്രത്തിൽ ഒട്ടാകെ പതിനൊന്നു കോടിയിലധികം ജനങ്ങൾ സംസാരിക്കുന്ന 16 ഭാഷകളുണ്ട്. എന്നാൽ, ജനസംഖ്യയുടെ 95 ശതമാനവും അതായത് പത്തുകോടിയോളം ജനങ്ങൾ മലയാളം, തമിഴ്, കർണ്ണാടകം, തെലുങ്ക് എന്നീ നാലു പ്രധാനഭാഷകളാണ് ഉപയോഗിക്കുന്നത്.

മലയാളികൾ ഉപയോഗിക്കുന്ന ഭാഷയ്ക്കാണ് മലയാളം എന്നു പറയുന്നത്. അതുപോലെ കന്നഡ കർണ്ണാടക്കാരുടെയും തമിഴ് തമിഴരുടെയും തെലുങ്ക് ആന്ധ്രാക്കാരുടെയും ഭാഷയാണ്. ഈ വ്യത്യസ്ത ഭാഷകൾ ഉത്ഭവിച്ചതെങ്ങനെയെന്ന് മനസിലാവണമെങ്കിൽ മലയാളികൾ, തമിഴർ തുടങ്ങിയ വ്യത്യസ്ത ജനവിഭാഗങ്ങളാവിർഭവിച്ചതെങ്ങനെയെന്ന് മനസ്സിലാക്കണം. മലയാളഭാഷയുടെ ഉൽപ്പത്തിയെപ്പറ്റി പഠിക്കണമെങ്കിൽ കേരളീയർ ഒരു ജനവിഭാഗമായിത്തീർന്നതെങ്ങനെയെന്ന് പരിശോധിക്കണം. എന്തെന്നാൽ, ഭാഷയുടെ വളർച്ച ജനങ്ങളുടെ വളർച്ചയുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഏതെങ്കിലുമൊരു ഭാഷയുടെ ഉൽഭവത്തെപ്പറ്റിയോ വികാസത്തെപ്പറ്റിയോ പഠിക്കണമെങ്കിൽ ആ ഭാഷയുപയോഗിക്കുന്ന ജനവിഭാഗത്തിന്റെ ചരിത്രം പരിശോധിക്കണം. സാമൂഹ്യജീവിതത്തിൽ നിന്ന് വേറിട്ടുനിർത്തിക്കൊണ്ട് ഭാഷയുടെ ഉത്ഭവത്തെപ്പറ്റിയാകട്ടെ, വളർച്ചയെപ്പറ്റിയാകട്ടെ പഠിക്കാൻ കഴിയില്ല.

ഈ തത്വത്തെ അവഗണിച്ചുകൊണ്ടാണ് കേരളത്തിലെ പല പണ്ഡിതൻമാരും മലയാളഭാഷയുടെ ഉത്ഭവത്തെപ്പറ്റിയും വികാസപരിണാമങ്ങളെപ്പറ്റിയുമുള്ള പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളത്. അതുകൊണ്ട്തന്നെയാണ് മലയാളം സംസ്കൃതത്തിന്റെ പുത്രിയാണെന്നും കൊടുന്തമിഴിന്റെ പുത്രിയാണെന്നും, ചെന്തമിഴിന്റെ പുത്രിയാണെന്നും മറ്റും മറ്റുമുള്ള നിരർത്ഥകങ്ങളായ വാദപ്രതിവാദങ്ങൾ ഇന്നും നടത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.

മലയാളഭാഷയുടെ ഉൽപ്പത്തിയെ സംബന്ധിച്ച് മുഖ്യമായി നാലു സിദ്ധാന്തങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

1. മലയാളം സംസ്കൃതത്തിൽ നിന്നുണ്ടായതാണ്.

2. തമിഴും സംസ്കൃതവും കൂടിച്ചേർന്നുണ്ടായ ഭാഷയാണ് മലയാളം.

3. മലയാളം തമിഴിൽ നിന്നുണ്ടായതാണ്.

4. തമിഴെന്നപോലത്തന്നെ മലയാളവും ഒരു ദ്രാവിഡമൂലഭാഷയിൽ നിന്ന് പൊട്ടിത്തിരിഞ്ഞുണ്ടായതാണ്.

ഈ നാലു സിദ്ധാന്തങ്ങളെയും നമുക്കൊന്നു പരിശോധിച്ചു നോക്കാം.

14.3സംസ്കൃതഹിമഗിരിഗളിതാ?

ഇന്ത്യയിൽ ആദ്യത്തെ ഭാഷ സംസ്കൃതമായിരുന്നുവെന്നും ഇന്നത്തെ എല്ലാ ഭാരതീയ ഭാഷകളും, അല്ലെങ്കിൽ അവയിൽ മിക്കവയുമെങ്കിലും, സംസ്കൃതത്തിൽ നിന്നാണുത്ഭവിച്ചത് എന്നും, സംസ്കൃതത്തിന്റെ തണലിലാണ് അവയെല്ലാം തന്നെ വളരുകയും വികസിക്കുകയും ചെയ്തതെന്നും മറ്റുമുള്ള വാദങ്ങൾക്ക് പണ്ഡിതൻമാർക്കിടയിൽ ഒരുകാലത്ത് വലിയ പ്രചാരമുണ്ടായിരുന്നു. കേരളീയ പണ്ഡിതൻമാരിൽ ചിലരും ഇത്തരം അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ‘പണ്ട് സംസ്കൃതം ഭാരതത്തിലെ ഒരു പൊതുഭാഷയായിരുന്നു; എല്ലാ ദേശക്കാരും അതിനെയാശ്രയിച്ച് വ്യവഹാരം നിർവ്വഹിച്ചുപോന്നു’ എന്നും ‘എല്ലാ ദേശങ്ങളിലും ആബാലവൃദ്ധം ജനങ്ങൾ പഠിച്ച് അതിൽ വൈദഗ്ധ്യം നേടിയിരുന്നു’ എന്നും ഏതാനും വർഷങ്ങൾക്ക് മുമ്പ് വടക്കുംകൂർ രാജരാജവർമ്മ പ്രസ്താവിക്കുകയുണ്ടായി. എന്നാൽ, ആര്യൻമാരുടെ ആഗമനത്തിനും സംസ്കൃതത്തിന്റെ ആവിർഭാവത്തിനും എത്രയോ മുമ്പുതന്നെ ഇന്ത്യയിൽ ഭാഷകളുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പുരാതന വാസ്തുഗവേഷകൻമാർ സിന്ധുനദീതീര പ്രദേശങ്ങളിൽ നടത്തിയ ഖനനവേലകളുടെ ഫലമായി ക്രിസ്തുവിന് മുമ്പ് മൂന്നാംനൂറ്റാണ്ടിലുപയോഗിക്കപ്പെട്ടിരുന്ന ഭാഷകളുടെ തെളിവുകൾ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ആ പ്രാചീനഭാഷകളുടെ അർത്ഥവും വ്യാപ്തിയും ഇപ്പോഴും നമ്മുടെ ഗവേഷകൻമാരെ അമ്പരപ്പിച്ചുകൊണ്ട് പിടികൊടുക്കാതെ നിൽക്കുകയാണ്. എങ്കിലും ഒരു കാര്യം തീർച്ച. ഇന്ത്യയിൽ ആര്യൻമാർക്കുമുമ്പുണ്ടായിരുന്ന ആദിമനിവാസികൾ സംസാരിക്കാൻ മാത്രമല്ല, എഴുതാനും പഠിച്ചുകഴിഞ്ഞിരുന്നു. ഹാരപ്പയുടെ ലിപിയിൽ നാനൂറോളം അക്ഷരങ്ങളുണ്ടായിരുന്നുവെന്നും ഒരു തരം ചിത്രലിപിയായിരുന്നു അതെന്നും സ്റ്റൂവർട്ട് പിഗോട്ട് അഭിപ്രായപ്പെടുന്നു. [3] ആ പ്രാചീനഭാഷ പഠിക്കാൻ വേണ്ടി ഡോക്ടർ ബെഡറിച്ച് ഹ്രോസ്നി തുടങ്ങിയ ഗവേഷകൻമാർ നടത്തിയ പരിശ്രമങ്ങൾ വിജയിച്ചുകഴിഞ്ഞിട്ടുണ്ടെന്നു പറയാൻ വയ്യ. എങ്കിലും, അയ്യായിരം വർഷങ്ങൾക്കു മുമ്പുതന്നെ ഇന്ത്യയിലെ പ്രാചീന ഭാഷകൾ ലിപികളുപയോഗിച്ച് ആശയവിനിമയം നടത്താൻ സാധിക്കത്തക്കവണ്ണം വികസിച്ചുകഴിഞ്ഞിരുന്നു എന്ന കാര്യം അവിതർക്കിതമാണ്.

എന്നിട്ടും, ഈ കണ്ടുപിടുത്തങ്ങൾക്കുശേഷവും, സംസ്കൃതഭാഷയുടെ മുത്തശ്ശിസ്ഥാനത്തെക്കുറിച്ചുള്ള വാദകോലാഹലങ്ങൾ ഉത്തരേന്ത്യയിലെ പണ്ഡിതൻമാർക്കിടയിൽ നിലനിന്നുപോന്നിട്ടുണ്ട്. ‘പ്രകൃതി സംസ്കൃതം; തത്രഭാവം തത് ആഗതം വാപ്രകൃതം’ എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് സംസ്കൃതത്തിൽ നിന്ന് മാഗധി, ശൗരസേനി, മഹാരാഷ്ട്രി തുടങ്ങിയ പ്രാകൃതഭാഷകളും ആ ഭാഷകളിൽ നിന്ന് അപഭ്രംശഭാഷകളും അപഭ്രംശഭാഷകളിൽ നിന്ന് ഹിന്ദി, ബംഗാളി തുടങ്ങിയ ആധുനിക ഭാഷകളും ജന്മമെടുത്തു എന്ന് ചില പണ്ഡിതൻമാർ വാദിച്ചു. ആര്യൻമാരുടെ സംസ്കൃതവും ആര്യൻമാർക്ക് മുമ്പുണ്ടായിരുന്ന ദ്രാവിഡർ, നിഷാദർ മുതലായവരുടെ ഭാഷകളും കൂടിച്ചേർന്നിട്ടാണ് ആധുനിക ഭാഷകളുണ്ടായത് എന്നാണ് മറ്റൊരു വാദം. ഇത്തരം വാദങ്ങൾക്കൊന്നും ഇപ്പോൾ വലിയ സ്ഥാനമില്ലാതായിട്ടുണ്ട്. ഹിന്ദി, ബംഗാളി മുതലായ ഉത്തരേന്ത്യൻ ഭാഷകളുടെ ഉൽപ്പത്തിയെപ്പറ്റി ശാസ്ത്രീയമായി പഠിക്കാൻ സഹായിക്കുന്ന ഒട്ടനവധി മികച്ച ഗ്രന്ഥങ്ങൾ അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്. [4]

മലയാളം സംസ്കൃതത്തിൽ നിന്നാണുൽഭവിച്ചത് എന്ന അഭിപ്രായം ആദ്യമായി ഉന്നയിച്ചത് കോവുണ്ണി നെടുങ്ങാടിയാണെന്നു തോന്നുന്നു. 1875-ൽ പ്രസിദ്ധം ചെയ്ത ‘കേരള കൗമുദി’ എന്ന തന്റെ വ്യാകരണത്തിന്റെ പ്രാരംഭത്തിൽ അദ്ദേഹം ഇങ്ങനെയൊരു ശ്ലോകം ചേർത്തിട്ടുണ്ട്.

‘സംസ്കൃത ഹിമഗിരികളിതാ
ദ്രാവിഡ വാണി കളിന്ദജാമിളിതാ
കേരള ഭാഷാ ഗംഗാ
വിഹരതു മെ ഹൃൽസരസ്വദാസംഗാ’

അതിനു മുമ്പുതന്നെ ദ്രാവിഡഭാഷകളെ വിശകലനം ചെയ്തു കൊണ്ടും മലയാളത്തിന് തമിഴുമായുള്ള ബന്ധത്തെ ഊന്നിക്കൊണ്ടും റോബർട്ട് കാർഡ്വെൽ തന്റെ സുപ്രസിദ്ധമായ വ്യാകരണ ഗ്രന്ഥം (A Comparative Grammar of Dravidian Languages) പ്രസിദ്ധം ചെയ്തു കഴിഞ്ഞിരുന്നു. അതോടുകൂടിയാണ് നമ്മുടെ പണ്ഡിതൻമാർക്കിടയിൽ ശാസ്ത്രീയമായ ഭാഷാഗവേഷണത്തിനുള്ള ഉത്സാഹവും അഭിരുചിയും വർദ്ധിച്ചത്. അതിന്റെ ഫലമായി കേരള ഭാഷാഗംഗ സംസ്കൃതഹിമഗിരിഗളിതയാണെന്ന വാദം മിക്കവാറും ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

14.4മിശ്രഭാഷ

എന്നാൽ സംസ്കൃതത്തിന്റെയും തമിഴിന്റെയും സമ്മിശ്രണത്തിന്റെ ഫലമായിട്ടാണ് മലയാളഭാഷയാവിർഭവിച്ചത് എന്ന തെറ്റായ സിദ്ധാന്തത്തിന് ഇന്നും പ്രചാരമുണ്ട്. കോവുണ്ണി നെടുങ്ങാടി തന്നെ ഇത്തരമൊരഭിപ്രായം ഉന്നയിക്കുകയുണ്ടായി: ‘ആദിദ്രാവിഡ വാഗ്ജാതാ കേരളീയോക്തികന്യക’ തന്റെ അഭിപ്രായത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു. ‘നമ്പൂതിരിമാർ ആര്യവർത്തത്തിലെ ആര്യബ്രാഹ്മണരും ശൂദ്രാദികൾ അയൽപ്രദേശങ്ങളിലെ തമിഴരുമാകുന്നു. ആര്യൻമാരുടെ പൂർവ്വഭാഷ സംസ്കൃതവും മറ്റവരുടേത് തമിഴും ആയിരുന്നു. മേൽപ്പറഞ്ഞ ഇരുകൂട്ടക്കാരുടെയും ഭാഷകൾ തമ്മിൽ കലർന്ന് നമ്മുടെ മണിപ്രവാളം ഉണ്ടായി.’

ഏതാണ്ടിതേ വീക്ഷണഗതിയാണ് ഇളംകുളം കുഞ്ഞൻപിള്ളയ്ക്കുമുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ‘എ.ഡി. 800 അടുത്തുവരെ നാം തനിത്തമിഴായിരുന്നു. കേരളത്തിലും പാണ്ടിയിലും സംസാരിക്കുന്ന തമിഴ് ഭാഷയ്ക്ക് പറയത്തക്ക വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.’ [5] ആര്യൻമാരുടെ വരവോടെയാണ് ഈ സ്ഥിതിക്കൊരു മാറ്റമുണ്ടായത്: ‘ഇങ്ങനെ 800-ാമാണ്ടടുത്താകുമ്പോൾ കേരളത്തിൽ ആര്യൻമാരുടെ സംഖ്യ വർദ്ധിക്കും. ഒരു പക്ഷേ സ്വദേശികളായിരുന്ന തമിഴരുടെ പകുതിയോളം ഉണ്ടായിരുന്നു ആര്യൻമാരെന്നു വരാം… ആര്യൻമാരുടെ സംഭാഷണഭാഷ അക്കാലത്ത് പ്രാകൃതമായിരുന്നു… അവർ ആര്യഭാഷയോട് തമിഴ് കലർത്തി സംസാരിക്കാൻ നിർബന്ധിതരായിത്തീർന്നു. തെലുങ്ക് കന്നഡ പ്രദേശങ്ങളിൽ നിന്നു വന്നവരായതുകൊണ്ട് പഴയ കന്നഡപദങ്ങളും അവരുടെ സംസാരത്തിൽ കലർന്നിരുന്നു… ബ്രാഹ്മണരുടെ ഈ മിശ്രഭാഷയുടെ പ്രേരണകൊണ്ട് കേരളത്തിലെ തമിഴ് ഒമ്പതാംശതകം മുതൽ ക്രമേണ പാണ്ടി തമിഴിൽ നിന്ന് അകലാൻ തുടങ്ങി. പ്രാകൃതത്തിന്റെയും കന്നഡത്തിന്റേയും പ്രേരണ ആ ശതകത്തിലെ മലനാട്ടു തമിഴിൽ അൽപമായി കാണാൻ കഴിയും.’ [6] മറ്റൊരിടത്ത് അദ്ദേഹം എഴുതുന്നു:

‘8-ാം ശതകം മുതൽ തുളു കേരള പ്രദേശങ്ങളിൽ ആര്യൻമാരും ദ്രാവിഡരുമായി രണ്ടു ഭിന്നവർഗക്കാർ ഇടകലർന്നു കഴിഞ്ഞുകൂടുവാൻ ഇടയായത് തുളുനാട്ടിലെ കന്നഡം തുളുവായും കേരളത്തിലെ തമിഴ് മലയാല്മയായും കാലാന്തരത്തിൽ രൂപപ്പെടുന്നതിന് കാരണം. അതായത് 8-ാം ശതകം മുതൽ തുളുനാട്ടിലും കേരളത്തിലും രണ്ടു ഭാഷാഭേദങ്ങൾ നിലവിലിരുന്നു. ബ്രാഹ്മണരുടെ കന്നഡവും തുളുനാട്ടിലും കേരളത്തിലും ബ്രാഹ്മണരുടെ മിശ്രഭാഷയും മറ്റുള്ളവർ സംസാരിച്ചിരുന്ന തമിഴും.’ [7]

ഒടുവിൽ അദ്ദേഹമെത്തിച്ചേരുന്ന നിഗമനമിതാണ്.

‘ബ്രാഹ്മണരുടെ മിശ്രഭാഷയും സാമാന്യജനങ്ങൾ സംസാരിച്ചിരുന്ന മലനാട്ടുതമിഴും അനേകം ശതവർഷത്തേക്കു ഭിന്നമായിരുന്നു. എന്നാൽ, നമ്പൂതിരിമാർക്ക് രാഷ്ട്രീയമായും സാമ്പത്തികമായും സിദ്ധിച്ച പ്രാബല്യം കൊണ്ട് അതിവേഗം മിശ്രഭാഷയ്ക്ക് സാമാന്യ വ്യവഹാരഭാഷയിൽ പ്രേരണ ചെലുത്തുവാൻ കഴിഞ്ഞു. സാമാന്യ ജനങ്ങളുടെ ഭാഷയുടെ പ്രേരണയാൽ നമ്പൂതിരിമാരുടെ മിശ്രഭാഷയും നാൾതോറും മാറിക്കൊണ്ടിരുന്നു. അതായത് ഇരുഭാഷകളും പരസ്പരം പ്രേരണ ചെലുത്തിക്കൊണ്ടിരുന്നു… എഴുത്തച്ഛന്റെ കാലഘട്ടത്തോടുകൂടി മിക്കവാറും ഈ രണ്ടു ഭാഷകളും ഒന്നായിത്തീർന്നു.’ [8]

എട്ടാം നൂറ്റാണ്ടു വരെ നമ്പൂതിരിമാരുടെ ഭാഷ പ്രാകൃതമായിരുന്നുവെന്നും എട്ടാം നൂറ്റാണ്ട് മുതൽക്ക് അവർ രണ്ടു വ്യത്യസ്തഭാഷകളും കൂടിച്ചേർന്നുണ്ടായ ഒരു മിശ്രഭാഷ സംസാരിക്കാൻ തുടങ്ങിയെന്നും കാലക്രമത്തിൽ ആ മിശ്രഭാഷയും തമിഴും കൂടിച്ചേർന്നാണ് മലയാളം എന്ന മറ്റൊരു മിശ്രഭാഷയുണ്ടായി എന്നുമാണല്ലോ ഇതിന്റെ ചുരുക്കം. പക്ഷേ, പ്രൊഫസർ ശങ്കരൻനമ്പ്യാർ നാലു ദശാബ്ദങ്ങൾക്കു മുമ്പുതന്നെ ചൂണ്ടിക്കാണിച്ചതുപോലെ, സ്ഥായിയായ ഒരു ഭാഷയെ മറ്റു പല ഭാഷകളും പോഷിപ്പിക്കുക എന്നുള്ളത് സംഭവ്യമാണെങ്കിലും, രണ്ടു ഭാഷകളുടെ സമ്മേളനം കൊണ്ടുമാത്രം ഒരു പുതിയ ഭാഷ സൃഷ്ടിക്കപ്പെടുക എന്നത് ചരിത്രദൃഷ്ട്യാ യുക്തിയുക്തമായി തോന്നുന്നില്ല.’ [9] ചരിത്രദൃഷ്ട്യാ മാത്രമല്ല, ആധുനികഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാലും ഇത്തരം മിശ്രഭാഷകളുണ്ടായിത്തീരുക സ്വാഭാവികമല്ല. രണ്ടു ഭാഷകൾ തമ്മിൽ സമ്പർക്കമുണ്ടായാൽ വാക്കുകൾ പരസ്പരം കൈമാറിയെന്നു വരും. എന്നാൽ ഒരു ഭാഷ അന്യഭാഷകളിൽ നിന്ന് എത്രതന്നെ പദങ്ങൾ കടംവാങ്ങിയാലും അത് മറ്റൊരു ഭാഷയായി രൂപാന്തരപ്പെടുകയില്ല. മലയാളം മാത്രമല്ല, മറ്റെല്ലാ ഭാഷകളും ഇങ്ങനെ അന്യഭാഷകളിൽ നിന്ന് വാക്കുകൾ കടംവാങ്ങി സ്വന്തമാക്കിയിട്ടുണ്ടെന്നു കാണാം. ഉദാഹരണത്തിന് ഇംഗ്ലീഷ് ഭാഷയിലെ ഭൂരിഭാഗം പദങ്ങളും മറ്റു ഭാഷകളിൽ നിന്ന് സ്വീകരിച്ചവയാണ്. പക്ഷേ, അതുകൊണ്ട് ഇംഗ്ലീഷ് ഇംഗ്ലീഷല്ലാതായിട്ടുണ്ടോ? മലയാളത്തിലെന്നപോലെതന്നെ ഹിന്ദി, ബംഗാളി മുതലായ ഉത്തരേന്ത്യൻ ഭാഷകളിലും ധാരാളം സംസ്കൃത വാക്കുകളുണ്ട്. അതുകൊണ്ട് അവ സംസ്കൃതവും മറ്റേതോ ഭാഷകളും കൂടിച്ചേർന്നുണ്ടായ മിശ്രഭാഷകളാണെന്നു പറയാൻ കഴിയുമോ? തീർച്ചയായുമില്ല. എന്തെന്നാൽ, പദങ്ങൾ കടംവാങ്ങിയുപയോഗിക്കാനുള്ള കഴിവ് ഭാഷയെ പുഷ്ടിപ്പെടുത്തകയല്ലാതെ അതിന്റെ വ്യക്തിത്വത്തെ നശിപ്പിക്കുകയോ സ്വതന്ത്രമായ വ്യാകരണനിയമങ്ങളെയും ഭാഷാഘടനയേയും മാറ്റിമറിക്കുകയോ ചെയ്യുന്നില്ല.

നമ്പൂതിരിമാർക്ക് ഒരു പ്രത്യേക ഭാഷയുണ്ടായിരുന്നുവെന്നും 800-ാമാണ്ടോടടുത്ത് കേരളത്തിൽ വന്ന ഉടനെ അവർ തങ്ങളുടെ സ്വന്തം ഭാഷയുപേക്ഷിച്ച് ഒരു മിശ്രഭാഷ സ്വീകരിച്ചുവെന്നും മറ്റുമുള്ള വാദങ്ങൾക്ക് ചരിത്രപരമായ ന്യായീകരണമൊന്നുമില്ല. നമ്പൂതിരിമാർ അന്യദേശങ്ങളിൽനിന്നു കുടിയേറിപ്പാർത്ത ആര്യൻമാരായിരുന്നു എന്ന സങ്കൽപ്പമാണ് അവർക്കു പ്രത്യേകമായ ഒരു ഭാഷയുണ്ടായിരുന്നു എന്ന തെറ്റായ വിശ്വാസത്തിന് വഴിതെളിച്ചത് എന്നു തോന്നുന്നു.

8-ാം ശതകത്തിൽ കൊൽഹാപൂർ, വനവാസം മുതലായ സ്ഥലങ്ങളിൽനിന്ന് വലിയ ആര്യബ്രാഹ്മണസംഘങ്ങൾ കേരളത്തിലേക്കു പ്രവഹിക്കുകയുണ്ടായി എന്നാണ് ഇളംകുളം പറയുന്നത്. [10] പക്ഷേ, കൊൽഹാപൂരിലേയും വനവാസത്തിലേയും വ്യവഹാരഭാഷ പ്രാകൃതമായിരുന്നുവോ? ശൗരസേനി, മാഗന്ധി, മഹാരാഷ്ട്ര, പൈശാചി മുതലായവായണല്ലോ പ്രാകൃതഭാഷകളെന്നു പറയുന്നത്. ഈ ഭാഷകളൊന്നുംതന്നെ മലയാളത്തിൽ എടുത്തുപറയത്തക്ക സ്വാധീനമൊന്നും ചെലുത്തിയിട്ടില്ല. പ്രാകൃതം, പാലി എന്നീ ഭാഷകളിൽ നിന്ന് മലയാളത്തിൽ കടന്നുകൂടിയ അത്താണി, അരക്കൻ, കത്തിരി, കുപ്പായം, ഞായം, തവി, പക്കം, പന്തയം എന്നിങ്ങനെ 25 വാക്കുകളുടെ ഒരു പട്ടിക ഗോദവർമ്മ ‘കേരള ഭാഷാവിജ്ഞാനീയ’ത്തിൽ ഉദ്ധരിച്ചുചേർത്തിട്ടുണ്ട്. [11] പക്ഷേ, അവ ക്രി.പി. 8-ാം നൂറ്റാണ്ടിനു ശേഷം വന്നുചേർന്നവയാണെന്നതിന് എന്തു തെളിവാണുള്ളത്? ബുദ്ധജൈനമതങ്ങൾക്കു പ്രാബല്യമുണ്ടായിരുന്ന കാലത്ത് വന്നുചേർന്നവയാണ് അവ എന്നു കരുതുകയല്ലേ കൂടുതൽ യുക്തിസഹം? പ്രാകൃതം, പാലി എന്നിവ ‘മധ്യമേൻഡോ ആര്യൻ’ ഭാഷകളിൽ നിന്നു വന്ന വാക്കുകൾ മാത്രമല്ല, ഹിന്ദി, മറാത്തി തുടങ്ങിയ ‘നവീനേൻഡോ ആര്യൻ’ ഭാഷകളിൽ നിന്നും അറബിക്, പേർഷ്യൻ, പോർട്ടുഗീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നിന്നും വന്നുകൂടിയ വാക്കുകളുടെ പട്ടികകളും ഗോദവർമ്മ ഉദ്ധരിച്ചിട്ടുണ്ട്. പാലി-പ്രാകൃത ഭാഷകളിൽ നിന്നുവന്നത്രതന്നെ വാക്കുകൾ അറബിഭാഷയിൽ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ടെന്നു കാണാം. പക്ഷേ, അതുകൊണ്ടുമാത്രം അറബിഭാഷയും തമിഴും കൂടിച്ചേർന്നുണ്ടായ ഒരു മിശ്രഭാഷയാണ് മലയാളം എന്ന് സങ്കൽപ്പിക്കാൻ കഴിയുമോ?

അതിരിക്കട്ടെ; സംസ്കൃതപദങ്ങളുടെ സ്ഥിതിയെന്താണ്? ആര്യൻമാരും ദ്രാവിഡരും തമ്മിലുള്ള സമ്പർക്കങ്ങളുടെ ഫലമായി ക്രിസ്ത്വാബ്ദത്തിന് ഏതാനും നൂറ്റാണ്ടുകൾ മുമ്പുമുതൽക്കുതന്നെ ആര്യൻമാരുടെ ഭാഷയും ദ്രാവിഡരുടെ ഭാഷയും പരസ്പരം സ്വാധീനം ചെലുത്താൻ തുടങ്ങിയിരുന്നു. ദ്രാവിഡഭാഷകളിൽ സംസ്കൃതപദങ്ങൾ കടന്നുകൂടിയതുപോലെതന്നെ സംസ്കൃതഭാഷയിൽ ദ്രാവിഡഭാഷകളും കടന്നുകൂടി. പക്ഷേ, ഇത് രണ്ടു ഭാഷകളുടെ സമ്പർക്കത്തെ മാത്രമാണ് കുറിക്കുന്നത്. സമ്മിശ്രണത്തെയല്ല. അടവി, ആണി, ആളി, കടുക (കടു), കുടി, കൂനി, കൂലം, നാനാ, കോട്ട, നീരം, പട്ടണം, പള്ളി, മീനം, ശവം എന്നിങ്ങനെ ദ്രാവിഡത്തിൽ നിന്നു സംസ്കൃതത്തിലേക്കു സംക്രമിച്ച 30 ഓളം പദങ്ങളുടെ ഒരു പട്ടിക ഡോക്ടർ കാൾഡ്വെൽ തന്റെ സുപ്രസിദ്ധമായ വ്യാകരണഗ്രന്ഥത്തിൽ ഉദ്ധരിച്ചുചേർത്തിട്ടുണ്ട്. [12] ഇംഗ്ലീഷ് ഭാഷയിൽ എത്ര ആംഗ്ലോ-സാക്സൺ പദങ്ങളാണോ ഉള്ളത് അത്രതന്നെ ദ്രാവിഡപദങ്ങൾ സംസ്കൃതഭാഷയിലുമുണ്ട്.’ എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ദ്രാവിഡത്തിൽ നിന്നും കടംവാങ്ങപ്പെട്ട ഒട്ടനവധി സംസ്കൃതപദങ്ങളെപ്പറ്റി ഗുണ്ടർട്ടും തന്റെ മലയാള നിഘണ്ടുവിൽ പ്രതിപാദിച്ചിട്ടുണ്ട്. ബറോവ് എന്ന മറ്റൊരു പണ്ഡിതന്റെ അഭിപ്രായമനുസരിച്ച് ഋഗ്വേദത്തിൽത്തന്നെ ഇരുപതോളം ദ്രാവിഡപദങ്ങൾ കലർന്നിട്ടുണ്ട്. അവയിൽ കേതക-കേതകി, എല, പല്ലി, പുത്തിക, നളൻ എന്നീ അഞ്ചുപദങ്ങളുടെ ഒരു താരതമ്യപഠനം പ്രൊഫ. വി.ഐ.സുബ്രഹ്മണ്യന്റെ ഒരു ലേഖനത്തിൽ കാണാം. [13]

ഇതുപോലെ, മലയാളം, തമിഴ് തുടങ്ങിയ ദ്രാവിഡഭാഷകളിൽ ധാരാളം സംസ്കൃതപദങ്ങളും കൂടിച്ചേർന്നിട്ടുണ്ട്. എട്ടാം നൂറ്റാണ്ടിനുശേഷമുള്ള കൃതികളിൽ മാത്രമല്ല, ക്രിസ്ത്വാബ്ദം ആദ്യശതകത്തിലെ സംഘംകൃതികളിൽ പോലും സംസ്കൃതഭാഷയുടെ സ്വാധീനശക്തി കാണാം. ചില പണ്ഡിതൻമാരുടെ അഭിപ്രായത്തിൽ സംഘംകൃതികളിലെ പത്തുശതമാനത്തോളം പദങ്ങൾ സംസ്കൃതജന്യങ്ങളാണ്. ആര്യദ്രാവിഡസമ്പർക്കത്തിന്റെ ഫലമാണിത്. പക്ഷേ, ഇതിന്റെ അർത്ഥം സംസ്കൃതവും ദ്രാവിഡഭാഷയും കൂടിച്ചേർന്ന് ഒരു മിശ്രഭാഷയുണ്ടായിത്തീർന്നു എന്നു മാത്രമല്ല, ഫിനീഷ്യക്കാർ, അറബികൾ, റോമാക്കാർ, തുടങ്ങിയവരുമായുള്ള വാണിജ്യബന്ധങ്ങൾ വളർന്നപ്പോൾ ചില വിദേശീയപദങ്ങളും വന്നുചേർന്നു. ബുദ്ധജൈനമതങ്ങളുടെ പ്രചാരം കൂടുതൽ സംസ്കൃതപദങ്ങളെ ക്ഷണിച്ചുവരുത്തി. പിന്നീട് ഫ്യൂഡലിസത്തിൽ ബ്രാഹ്മണമേധാവിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഹിന്ദുമതം ശക്തിപ്പെട്ടപ്പോൾ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത അത്രയധികം സംസ്കൃതപദങ്ങൾ സ്വീകരിക്കപ്പെട്ടു. 8-ാം നൂറ്റാണ്ടിനുശേഷം സംസ്കൃതഭാഷയുടെ സ്വാധീനം വർദ്ധിക്കാനുള്ള കാരണമതാണ്. അക്കാലത്ത് സംസ്കൃതമായിരുന്നു പണ്ഡിതൻമാരുടെ ഭാഷ. സംസ്കൃതജ്ഞാനമായിരുന്നു അറിവിന്റെയും വ്യുൽപ്പത്തിയുടെയും മാനദണ്ഡം. അദ്ധ്വാനിക്കുന്നവരോടു മാത്രമല്ല, അദ്ധ്വാനിക്കുന്നവരുടെ ഭാഷകളോടും ഫ്യൂഡൽ പ്രമാണികൾക്ക് പുച്ഛമായിരുന്നു. പക്ഷേ, സാധാരണക്കാരായ ജനങ്ങൾ അപ്പോഴും തങ്ങളുടെ സ്വന്തം ഭാഷകളിൽത്തന്നെ സംസാരിച്ചു. തങ്ങളുടെ സ്വന്തം ഭാഷകളിൽത്തന്നെ പാട്ടുകൾ രചിച്ചു. സംസ്കൃതമേധാവിത്വത്തിന് മലയാളത്തെയോ തമിഴിനെയോ നശിപ്പിക്കാൻ കഴിഞ്ഞില്ല. എന്നല്ല, മുതലാളിത്തഘടകങ്ങൾ ആവിർഭവിക്കുകയും ഫ്യൂഡലിസത്തിനെതിരായ സമരങ്ങൾ ശക്തിപ്പെടുകയും ചെയ്തപ്പോൾ ഈ പ്രാദേശിക ഭാഷകൾ സംസ്കൃതഭാഷാ സമ്പർക്കത്തിൽ നിന്ന് ലഭിച്ച പുതിയൊരോജസോടുകൂടി വീണ്ടും തലപൊക്കുകയും ചെയ്തു. ഇതാണ് ചുരുക്കത്തിൽ സംസ്കൃതവും മലയാളവും തമ്മിലുള്ള ബന്ധം.

14.5മലയാളം തമിഴിൽനിന്നുണ്ടായതാണോ?

മലയാളഭാഷ തമിഴിൽനിന്നുണ്ടായതാണ് എന്ന വാദം ആദ്യമായി ഉന്നയിച്ചത് ഡോക്ടർ കാൾഡ് വെൽ ആണെന്നു തോന്നുന്നു. അദ്ദേഹം എഴുതുന്നു: ‘മലയാളവും തമിഴും തമ്മിൽ ആദ്യമുണ്ടായിരുന്ന വ്യത്യാസം അൽപ്പം മാത്രമായിരുന്നുവെങ്കിലും, അതു ക്രമേണ വർദ്ധിച്ചുവന്നതിനാൽ, ഇന്ന് അതിനെ വെറും ഒരു ഭാഷാഭേദമായിട്ടല്ല, ഒരു സഹോദരീഭാഷയായിത്തന്നെ ഗണിക്കേണ്ടതാണ് എന്ന അഭിപ്രായത്തെ ചോദ്യംചെയ്യാൻ നിവൃത്തിയില്ല. എന്നാൽ, ആരംഭത്തിൽ ഒരു സഹോദരിയായിട്ടല്ല, പുത്രിയായിത്തന്നെ ഗണിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം’ [14] ഈ അഭിപ്രായത്തെ ആവർത്തിക്കുക മാത്രമാണ് ഗോവിന്ദപ്പിള്ള ചെയ്തത്: ‘മലയാളഭാഷയുടെ മാതൃസ്ഥാനം വഹിച്ചിരുന്നത് തമിഴുതന്നെ. അതു നിസംശയമാകുന്നു. എന്നാൽ മലയാളം അന്യസംസർഗം കൊണ്ടും മറ്റും പ്രാപ്തിയായി യൗവ്വനം വന്ന സമയം അതിനും തമിഴിനും തമ്മിലുള്ള ബന്ധം സഹോദരിത്വമായിത്തീർന്നിരിക്കുന്നു.’ [15]

മലയാളത്തിന്റെ ആദിരൂപം തമിഴാണ് എന്ന അഭിപ്രായത്തോട് രാജരാജവർമ്മയും യോജിക്കുന്നു: ‘മലൈനാടായ മലയാളത്തിലെ ആദിമനിവാസികൾ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാൽ എല്ലാ കാലത്തും ഗ്രന്ഥഭാഷ അല്ലെങ്കിൽ വരമൊഴി, നാടോടിഭാഷ അല്ലെങ്കിൽ വായ്മൊഴി എന്ന് ഒരു വ്യത്യാസം എല്ലാ ജീവൽ ഭാഷകളിലും ഉള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥഭാഷയ്ക്ക് ‘ചെന്തമിഴ്’ എന്നും നാടോടിക്ക് ‘കൊടുന്തമിഴ്’ എന്നുമാണ് തമിഴ്ഗ്രന്ഥകാരൻമാർ പേരിട്ടിരിക്കുന്നത്. പലവക കൊടുന്തമിഴുകൾ ഉണ്ടായിരുന്നതിൽ ഒന്നാണ് നമ്മുടെ മലയാളമായിത്തീർന്നത്’ [16] എന്നും ‘അനുനാസികാതിപ്രസരം, തവർഗോപമർദ്ദം, അല്ലെങ്കിൽ താലവ്യാദേശം, സ്വസംവരണം, പുരുഷഭേദനിരാസം ഖിലോപസംഗ്രഹം, അംഗഭംഗം എന്നീ ആറ് നയങ്ങളനുസരിച്ചു കാലക്രമത്തിൽ മലയാളം തമിഴിൽ നിന്ന് വേർതിരിഞ്ഞു’ [17] എന്നും, ‘കൊല്ലവർഷാരംഭമായ ക്രിസ്ത്വബ്ദം 885 ഓടുകൂടിയാണ് ഈ വേർതിരിയലുണ്ടായത്’ എന്നും അതിനുമുമ്പുള്ള കാലത്തെ ‘മാതാവായ തമിഴിന്റെ’ (അല്ലെങ്കിൽ മൂലദ്രാവിഡഭാഷയുടെ) ഗർഭത്തിൽ വസിച്ചിരുന്ന കാലമായി ഗണിച്ചാൽ മതിയാകും’ [18] എന്നും ഇപ്പോഴത്തെ നിലയിൽ സംസ്കൃതത്തിന്റെ മണിയം പലതും മലയാളഭാഷയിൽ കേറിഫലിച്ചിട്ടുണ്ടെങ്കിലും അസ്ഥിവാരവും മേൽപ്പുരയും ഇന്നും തമിഴു പ്രതിഷ്ഠിച്ചിട്ടുള്ളതു തന്നെയാണ്’ [19] എന്നുമാണദ്ദേഹം എഴുതുന്നത്.

എട്ടാം നൂറ്റാണ്ടുവരെ കേരളക്കരയിൽ മലയാളികളല്ല തമിഴർ മാത്രമാണുണ്ടായിരുന്നത് എന്ന തെറ്റായ സങ്കൽപ്പത്തിൽ നിന്നാണ് കേരളത്തിലെ ഭാഷ തമിഴായിരുന്നു എന്ന തെറ്റായ സിദ്ധാന്തം പൊന്തി വന്നിട്ടുള്ളത്. പക്ഷേ, ഇത് ചരിത്രത്തിനു നിരക്കാത്ത വാദമാണ്. എന്തെന്നാൽ, ക്രിസ്ത്വബ്ദത്തിന് ഏതാനും നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ കേരളീയർ ഒരു പ്രത്യേക ജനവിഭാഗമായിക്കഴിഞ്ഞിരുന്നുവെന്ന് പ്രാചീന സംസ്കൃതകൃതികളിൽനിന്നും അശോകന്റെ ശിലാശാസനങ്ങളിൽനിന്നും മറ്റും മനസ്സിലാക്കാം. ക്രിസ്ത്വബ്ദം ആദ്യശതകങ്ങളിൽ തെക്കെ ഇന്ത്യയിൽ ചേരൻമാർ, പാണ്ഡിതയൻമാർ, ചോഴൻമാർ തുടങ്ങിയ വ്യത്യസ്ത ജനസമുദായങ്ങളുണ്ടായിരുന്നുവെന്ന് സംഘംകൃതികളും പാശ്ചാത്യ ഗ്രന്ഥകാരൻമാരുടെ പുസ്തകങ്ങളും വ്യക്തമാക്കുന്നു. യഥാർത്ഥത്തിൽ, ഈ മൂന്നു വിഭാഗക്കാർക്കു പുറമെ ഗോത്രസമുദായ വ്യവസ്ഥയുടെ അതിർത്തികൾക്കുപുറത്തു കടക്കാത്ത ഒട്ടനവധി ജനവിഭാഗങ്ങൾ വേറെയുമുണ്ടായിരുന്നു. ഏതായാലും, ഈ അതിപ്രാചീനകാലം മുതൽക്കുതന്നെ മലയാളികൾ ആ വാക്കു പിന്നീടുണ്ടായതാണെങ്കിൽകൂടി ഒരു പ്രത്യേക ജനസമുദായമായി ഉരുത്തിരിയാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. അവർക്ക് പ്രത്യേകമായ ഒരു ഭാഷയുണ്ടായിരുന്നില്ല എന്നു കരുതാൻ വിഷമമുണ്ട്.

മലയാളം തമിഴിൽനിന്നുണ്ടായതാണ് എന്ന അഭിപ്രായത്തോട് മഹാകവി ഉള്ളൂരും പ്രായേണ യോജിക്കുന്നുണ്ട്. പക്ഷേ, ചെന്തമിഴ് എന്ന സാഹിത്യഭാഷ വ്യവസ്ഥാനം ചെയ്യപ്പെടുന്നതിനുമുമ്പുതന്നെ അതു രണ്ടായി പിരിഞ്ഞുകഴിഞ്ഞിരുന്നു എന്നാണദ്ദേഹം കരുതുന്നത്. ‘പശ്ചിമപർവത പങ്ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിൽ ഒരേഭാഷ ദക്ഷിണദ്രാവിഡം തന്നെയായിരുന്നു സംഭാഷണത്തിന് ഉപയോഗിച്ചുവന്നതെങ്കിലും അതിന് രണ്ടുസ്ഥലങ്ങളിലും സ്വൽപ്പ വ്യത്യാസങ്ങളുണ്ടായിരുന്നു’ എന്നും കേരളത്തിലെ കൊടുന്തമിഴുഭാഷ ‘അനന്തര കാലങ്ങളിൽ ചെന്തമിഴ് നാട്ടിലെ വ്യവഹാര ഭാഷയിൽനിന്ന് അധികമധികം അകന്ന് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചു’ എന്നും അദ്ദേഹം അഭ്യൂഹിക്കുന്നു. [20] അദ്ദേഹം തന്റെ വാദങ്ങളെ ഇങ്ങനെയാണു പ്രസംഹരിക്കുന്നത്.

‘ചെന്തമിഴിന്റെ ആവിർഭാവകാലത്തിനുമുമ്പു തന്നെ ഭൂസ്ഥിതിയും കാലാവസ്ഥയും നിമിത്തം ചില വ്യത്യാസങ്ങളെല്ലാം സ്വാഭാവികമായുണ്ടായിരുന്നു. എങ്കിലും പശ്ചിമപർവതങ്ങൾക്കു കിഴക്കും പടിഞ്ഞാറുമുള്ള തമിഴകത്തിൽ സംസാരിച്ചുവന്ന ഭാഷ പ്രായേണ ഒന്നുതന്നെയായിരുന്നു എന്ന് ഞാൻ മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ചെന്തമിഴിന്റെ അതിപ്രസരം നിമിത്തം കാലാന്തരത്തിൽ മലമണ്ഡലമൊഴിച്ചുള്ള കൊടുന്തമിഴുനാടുകളിലെ നാടോടിഭാഷ അതുമായി അധികമധികം അടുത്തു. എന്നാൽ, മലമണ്ഡലത്തിലാകട്ടെ മുമ്പുതന്നെയുണ്ടായിരുന്ന വ്യത്യാസങ്ങൾ ക്രമേണ വർധിച്ച് വ്യവഹാരഭാഷ സംസ്കൃതത്തിന്റെ ആധിപത്യത്തിന് വഴങ്ങി പാണ്ഡ്യ ചോളദേശങ്ങളിലെ വ്യവഹാരഭാഷയിൽ നിന്നകന്നകന്ന് ഒരു വ്യക്തിത്വവിശിഷ്ടമായ സ്വതന്ത്രഭാഷയായി പരിണമിച്ചു. മലയാളത്തിനും തമിഴിനും തമ്മിലുള്ള ചേർച്ച സൂക്ഷ്മമായി പരിശോധിച്ചാൽ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ കനിഷ്ഠസഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കൽപ്പിക്കുകയാണെങ്കിൽ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് വേണ്ടതെന്നാണ് ഈ ചർച്ചയിൽനിന്ന് വിശദമാകുന്നത്.’ [21]
14.6മൂലദ്രാവിഡഭാഷ

കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ കാൾഡ്വെല്ലിന്റെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട്, ‘ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരേ അംഗത്തിന്റെ രണ്ടുപശാഖകളാണ് തമിഴും മലയാളവും’ എന്ന് മലയാള നിഘണ്ടുവിന്റെ കർത്താവായ ഡോക്ടർ ഗുണ്ടർട്ട് വാദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മലയാളം തമിഴിൽനിന്നല്ല, ഒരു മൂലദ്രാവിഡഭാഷയിൽനിന്നാണ് ജനിച്ചത്. ആറ്റൂർ കൃഷ്ണപിഷാരടി, ഡോക്ടർ ഗോദവർമ്മ, കെ.എം. ജോർജ്ജ് മുതലായ പണ്ഡിതൻമാരും ഏറെക്കുറെ ഈ അഭിപ്രായക്കാരാണ്. ‘മൂലദ്രാവിഡഭാഷയുടെ ഒരു സ്വതന്ത്രശാഖയാണ് മലയാളമെന്നും അതിനാൽ അതിന്റെ ആദിരൂപം മൂലദ്രാവിഡഭാഷതന്നെയാണെന്നും’ ആറ്റൂർ ഉറപ്പിച്ചു പറയുന്നു. [22] കേരളത്തിലെ വ്യവഹാരഭാഷയായിരുന്ന കൊടുന്തമിഴാണ് പിന്നീട് മലയാളമായിത്തീർന്നത് എന്ന കേരളപാണിനീയ കർത്താവിന്റെ അഭിപ്രായത്തെ വിമർശിച്ചുകൊണ്ടും മലയാളം ദ്രാവിഡഗോത്രത്തിൽനിന്നും പിരിഞ്ഞ് മലനാട്ടിൽ പ്രത്യേകങ്ങളായ പരിതസ്ഥിതികളിൽ വളർന്നിട്ടുള്ളതാണ് എന്ന ആറ്റൂരിന്റെ സിദ്ധാന്തത്തെ അനുകൂലിച്ചുകൊണ്ടും ഡോക്ടർ ഗോദവർമ്മ ഇങ്ങനെ എഴുതുന്നു:

‘അതിപ്രാചീനമായ കാലത്തിൽപോലും കേരളത്തിലെ ഭാഷ മലയാളമായിരുന്നു എന്നല്ലാതെ തമിഴോ തമിഴിന്റെ ഒരുപശാഖയോ ആയിരുന്നുവെന്നു വിചാരിക്കുന്നത് അസംഗതമാണ്. എത്രതന്നെ പ്രാചീനമായ മലയാളശാഖയിലും മലയാളത്തിന് തമിഴ് മുതലായ മറ്റു ദ്രാവിഡഭാഷകളിൽ നിന്നും പ്രത്യേകമായ ഒരു വ്യക്തിത്വം തെളിഞ്ഞുകാണുക തന്നെ ചെയ്യുന്നു.’ [23]

മലയാളവും തമിഴും തമ്മിലുള്ള വർണ്ണവിഷയകവും പദസംബന്ധിയും മറ്റുമായ പല വ്യത്യാസങ്ങളെപ്പറ്റിയും വിസ്തരിച്ചു ചർച്ചചെയ്തുകൊണ്ട് മലയാളത്തിന്റെ പ്രത്യേകമായ വ്യക്തിത്വത്തെ തെളിയിച്ചു കാണിക്കാൻ അദ്ദേഹം നന്നേ പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ, ‘തമിഴും മലയാളവും ദ്രാവിഡഭാഷയുടെ ഒരു പൂർവദശയിൽ നിന്ന് രണ്ടായിപിരിഞ്ഞ് ഭിന്നങ്ങളായ സ്ഥലങ്ങളിൽ സ്വതന്ത്രമായി വളർന്നു’വന്നവയാണ് എന്നും [24] ‘മലയാളം മറ്റു ദ്രാവിഡഭാഷകളേക്കാൾ തമിഴിനോട് കൂടുതൽ ചേർച്ച പ്രദർശിപ്പിക്കുന്നതിനുള്ള കാരണം മലയാളത്തിലും തമിഴിനും സമാനമായ ഒരു പൂർവദശ ഉണ്ടായിരുന്നതിന്റെ ഫലമത്രെ’ [25] എന്നും ‘പിൽക്കാലത്ത് രണ്ടുഭാഷകളായി പിരിഞ്ഞതിനുശേഷമാണ് വർണ്ണവികാര വിഷയകമായി തമിഴിലും മലയാളത്തിലും ചില വിഭിന്ന സ്വഭാവങ്ങൾ പ്രതിഷ്ഠനേടി’ [26] യത് എന്നും മറ്റുമുള്ള സിദ്ധാന്തങ്ങളിൽനിന്നു പുറത്തുകടക്കുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.

ഡോക്ടർ കെ.എം. ജോർജും ഏറെക്കുറെ ഈ അഭിപ്രായത്തോടാണ് യോജിക്കുന്നത്. ‘ദ്രാവിഡഗോത്രത്തിൽ നിന്നും പിരിഞ്ഞ് കേരളത്തിലെ പ്രത്യേക പരിതഃസ്ഥിതികളിൽ രൂപംകൊണ്ടു വളർന്നതും തമിഴ്, തെലുങ്ക്, കന്നടം എന്നീ ഭാഷകളെപ്പോലെ വ്യക്തിത്വവും അതിൽക്കുറയാത്ത പ്രാചീനതയും അവകാശപ്പെടാവുന്നതുമായ ഒരു ഭാഷയാണ് മലയാളം’ [27] എന്നദ്ദേഹം എഴുതുന്നു. മലയാളഭാഷയുടെ ഈ വ്യക്തിത്വത്തിന്റെയും പ്രാചീനതയുടെയും അടിസ്ഥാനകാരണമെന്താണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്: ‘അനേകം നൂറ്റാണ്ടുകൾ സ്വതന്ത്രമായി കഴിഞ്ഞുകൂടിയ ഒരു സമുദായമാണ് കേരളീയർ എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്. മലയാളിയുടെ വസ്ത്രധാരണവും, ദായക്രമവും, ആചാരങ്ങളും കലാപ്രകടനങ്ങളും, പയറ്റുമുറകളും, ചികിൽസാരീതികളും മറ്റു പല കാര്യങ്ങളും, വ്യക്തിത്വമുള്ള ഒരു സംസ്കാരത്തിന്റെ ചില പ്രതിഫലനങ്ങൾ മാത്രമാണ്. അങ്ങനെ സ്വതന്ത്രമായി വളർന്നുവന്ന ഒരു ജനതയ്ക്ക് സ്വന്തമായി ഒരു ഭാഷയില്ലാതിരിക്കുന്നതെങ്ങനെ? ഈ ജനത മുപ്പതോ അതിലധികമോ ശതവർഷങ്ങളിലായി ക്രമേണ വളർത്തിക്കൊണ്ടുവന്ന ഒരു വ്യവഹാരഭാഷയാണ് മലയാളം.’ [28]

ഡോക്ടർ ജോർജിന്റെ ഈ അഭിപ്രായം തികച്ചും ശരിയാണ്. പക്ഷേ, സ്വന്തമായ ഒരു വ്യക്തിത്വത്തോടുകൂടി സ്വതന്ത്രമായി വളർന്നുവന്ന കേരളീയ ജനത ഏതുവിധത്തിലാണ് ഉൽഭവിക്കുകയും രൂപം കൊള്ളുകയും ചെയ്തത് എന്നു പരിശോധിക്കുവാൻ അദ്ദേഹം മുതിരുന്നില്ല. അതുകൊണ്ടാണ് ആദ്യം ഒരു മൂലദ്രാവിഡഭാഷയുണ്ടായിരുന്നു എന്നും ആ മൂലഭാഷയിൽനിന്നാണ് തമിഴെന്നപോലെത്തന്നെ മലയാളവും ഉൽഭവിച്ചത് എന്നുമുള്ള നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ: തമിഴ്, തെലുങ്ക്, കർണ്ണാടകം, മലയാളം എന്നീ ഭാഷകളെല്ലാം ഒരേ മൂലഭാഷയിൽനിന്നും ഉൽഭവിച്ചിട്ടുള്ളതാണ്. അതിന് മൂലദ്രാവിഡഭാഷ എന്നു പേർ പറയാം. ആ മൂലഭാഷയേയാണ് ‘ദ്രമിളം’ എന്ന തമിഴ് എന്ന പ്രയോഗം കൊണ്ട് ഗുണ്ടർട്ട് സൂചിപ്പിക്കുന്നത്. [29]

പക്ഷേ, ആദ്യം ഒരു മൂലഭാഷയുണ്ടായിരുന്നുവെങ്കിൽ ആ മൂലഭാഷ സംസാരിച്ചിരുന്ന ഒരു മൂലജനസമുദായവും ഉണ്ടായിരുന്നു എന്നു സമ്മതിക്കേണ്ടിവരില്ലേ? അങ്ങനെയൊരു മൂലസമുദായമുണ്ടായിരുന്നു എന്നാണ് ജോർജിന്റെ വിശ്വാസം. ആദ്യം മൂലദ്രാവിഡഭാഷ എന്ന ഒരു പ്രത്യേക ഭാഷ സംസാരിച്ചിരുന്ന ദ്രാവിഡർ എന്ന ഒരു മൂലസമുദായമുണ്ടായിരുന്നു എന്നു ആ മൂല സമുദായം വ്യത്യസ്ത പ്രദേശങ്ങളിൽ പാർക്കാൻ തുടങ്ങിയപ്പോൾ ആ മൂലഭാഷയും മലയാളം, തമിഴ് എന്നിങ്ങനെയുള്ള വ്യത്യസ്ത ഭാഷകളായി പിരിഞ്ഞു പോയി എന്നുമാണ് അദ്ദേഹം വാദിക്കുന്നത്. നോക്കുക: ‘കൊല്ലവർഷാരംഭത്തിനു വളരെ മുമ്പുതന്നെ ബ്രാഹ്മണർ കേരളത്തിൽ കുടിയേറിപ്പാർത്തിരുന്നു എന്നതു ശരിതന്നെ. പക്ഷേ, ക്രിസ്തുവർഷാരംഭത്തിനു വളരെ ശതകങ്ങൾ മുമ്പുതന്നെ ദ്രാവിഡർ കേരളത്തിൽ കുടിയേറിപ്പാർത്തുവെന്നുള്ളതും ഓർക്കേണ്ടതാണ്. ഭൂമിശാസ്ത്രപരമായ പരിതഃസ്ഥിതികൾകൊണ്ട് ഒരു ജനത വേറിട്ടു വസിക്കേണ്ടിവരുമ്പോഴാണ് ഭാഷാഭേദങ്ങൾ വർദ്ധിച്ചുവരുന്നത്. അങ്ങനെ പൂർവദ്രാവിഡ കുടുംബത്തിൽനിന്നും അനേകം വർഷങ്ങൾ മാറിത്താമസിച്ചതിന്റെ ഫലമായി പുതിയരൂപം പൂണ്ട ഭാഷയാണ് മലയാളം’ [29a] ‘ഭൂമിശാസ്ത്രപരമായ പരിതഃസ്ഥിതികളാണ് ഒരു പുതിയ ഭാഷയുടെ ജൻമത്തിനു വാസ്തവത്തിലുള്ള ഹേതുക്കൾ’ എന്നാണദ്ദേഹം ഉറപ്പിച്ചുപറയുന്നത്. [30]

ഭൂമിശാസ്ത്രപരമായ പരിതഃസ്ഥിതികൾ കൊണ്ടുമാത്രം ഒരു ജനത തങ്ങളുടെ സ്വന്തം ഭാഷയുപേക്ഷിച്ച് പുതിയൊരു ഭാഷ സ്വീകരിക്കാൻ തുടങ്ങുമെന്ന ഈ വാദം ജോർജുതന്നെ മറ്റൊരിടത്തംഗീകരിച്ചുകഴിഞ്ഞിട്ടുള്ള സിദ്ധാന്തത്തിനെതിരാണ്. ‘സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു.

‘വീട്ടിൽ തമിഴും വെളിയിൽ മലയാളവും സംസാരിക്കുന്ന അനേകം തമിഴ് കുടുംബങ്ങൾ കേരളത്തിന്റെ നാനാഭാഗങ്ങളിലും ഉണ്ട്.’ ഇവരിൽ ചിലരുടെ പൂർവൻമാർ പത്തു ശതകങ്ങൾക്കു മുമ്പാണ് കേരളത്തിൽ വന്നു കുടിയേറിപ്പാർത്തത് എന്നതിനു ലക്ഷ്യങ്ങളുണ്ട്… മേൽപ്പറഞ്ഞ കൂട്ടരെല്ലാം മലയാളം അറിയുന്നവരാണെങ്കിലും അവരുടെ ഗൃഹഭാഷ തമിഴുതന്നെ. അവരുടെ പൂർവൻമാർ കുടിയേറിപ്പാർത്തകാലത്ത് കേരളത്തിലെ ഭാഷയും അവരുടെ ഭാഷയും ഒന്നുതന്നെ (തമിഴ്) ആയിരുന്നെങ്കിൽ, രണ്ടുതരത്തിലുള്ള പരിണാമങ്ങൾ ഉണ്ടാകുവാൻ നിവൃത്തിയില്ല. വാസ്തവത്തിൽ രണ്ടുതരത്തിലുള്ള ആരംഭവും പരിണാമവും ഉണ്ടായതിന്റെ ഫലമായിട്ടാണ് ഇന്നും അവ രണ്ടുഭാഷകളായി നിലകൊള്ളുന്നത്.’ [31]

പശ്ചിമഘട്ടനിരകൾക്കിപ്പുറത്തുള്ള കേരളക്കരയിൽ തമിഴർവന്നു കുടിയേറിപ്പാർത്താൽ അവരുടെ ഭാഷ എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മാറുകയില്ല എന്നും അതേ സ്ഥലത്ത്, ദ്രാവിഡർ വന്നു കുടിയേറിപ്പാർത്താൽ അവരുടെ ഭാഷ ഉടൻതന്നെ മാറാൻ തുടങ്ങുകയും കാലക്രമത്തിൽ അതൊരു പുതിയ ഭാഷയായി രൂപാന്തരപ്പെടുകയും ചെയ്യുമെന്നും ഒരേസമയത്തു വാദിക്കുന്നതിലുള്ള ഔചിത്യക്കുറവ് സ്വയം വ്യക്തമല്ലേ? അതുകൊണ്ട്, മലയാളഭാഷയുടെ ഉൽഭവത്തിന്റെയും വികാസപരിണാമങ്ങളുടേയും കാരണങ്ങൾ ഭൂമിശാസ്ത്രപരങ്ങളാണ് എന്ന വാദം ശരിയാണെന്നു തോന്നുന്നില്ല. ഒരേ ഭൂമിശാസ്ത്ര പരിതഃസ്ഥിതികളിൽ ജീവിക്കുന്ന ജനസമുദായങ്ങൾ തന്നെ പലേടത്തും വ്യത്യസ്തഭാഷകൾ സംസാരിക്കുന്നതു കാണാം. ഉദാഹരണത്തിന്, ബീഹാരികളേയും ബെങ്കാളികളേയും പരസ്പരം വേർതിരിച്ചുനിർത്തുന്ന പർവതനിരകളോ സമുദ്രങ്ങളോ ഇല്ല. എന്നിട്ടും, അവർ വ്യത്യസ്തഭാഷകളാണ് സംസാരിക്കുന്നത്. കേരളത്തിനും തമിഴ്നാട്ടിനുമിടയിൽ പശ്ചിമപർവതനിരകൾ തലയുയർത്തി നിൽക്കുന്നുണ്ടെന്നതുള്ളതു ശരിയാണ്. പക്ഷേ, രണ്ടു പ്രദേശങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കങ്ങൾക്ക് അതിപ്രാചീനകാലത്തുപോലും അതൊരു തടസ്സമായിരുന്നില്ല. വാദത്തിന് തടസമായിരുന്നു എന്നു തന്നെ വിചാരിക്കുക. എന്നാൽ മലയാളികൾക്കും കർണ്ണാടകക്കാർക്കുമിടയിൽ അത്തരം പർവതങ്ങളൊന്നുമില്ലല്ലോ. എന്നിട്ടും അവരുടെ ഭാഷകൾ വ്യത്യസ്തങ്ങളായതെന്തുകൊണ്ടാണ്?

വാസ്തവത്തിൽ ദ്രാവിഡ ഗോത്രത്തിൽനിന്നു പിരിഞ്ഞുണ്ടായ ഒരു പുതിയ ഭാഷയാണ് മലയാളം എന്ന ധാരണതന്നെ ശരിയല്ല. എന്തെന്നാൽ, തമിഴ്, കന്നഡ എന്നീ ഭാഷകളെപ്പോലെതന്നെ മലയാളവും ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരു ഭാഷയായിട്ടാണ് ഇന്നും പരിഗണിക്കപ്പെടുന്നത്. ഒരേഗോത്രത്തിൽപ്പെട്ടവയാണ് എന്നതുകൊണ്ടുമാത്രം ഈ ഭാഷകളെല്ലാം ഒന്നായിക്കൊള്ളണമെന്നില്ലല്ലോ. ഒരേ ഭാഷാഗോത്രത്തിലുൾപ്പെട്ട വ്യത്യസ്ത ഭാഷകളാണവ. മറ്റൊരു ഭാഷയുടേതുമല്ലാത്ത ഒരു മൂലപദഭണ്ഡാരവും പ്രാചീന വ്യാകരണരൂപവും മലയാളത്തിന് ആരംഭകാലം മുതൽക്കേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അതൊരു പ്രത്യേക ഭാഷയായി രൂപംകൊണ്ടത്. എന്നാൽ, മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളുടെ മൂലപദങ്ങളിലും വ്യാകരണരൂപങ്ങളിലും വ്യത്യാസങ്ങൾ മാത്രമല്ല, ധാരാളം സാദൃശ്യങ്ങളുമുണ്ട്. ഈ സാദൃശ്യങ്ങൾ അവ രണ്ടും ഒരേ മൂലഭാഷയിൽനിന്നു പൊട്ടിപ്പിരിഞ്ഞുണ്ടായവയാണെന്നു കാണിക്കുന്നില്ല; രണ്ടും ഒരേ ഭാഷാഗോത്രത്തിൽ പെട്ടവയാണെന്നു മാത്രമേ കാണിക്കുന്നുള്ളു. അവ തമ്മിലുള്ള വ്യത്യാസങ്ങളും വൈധർമ്മ്യങ്ങളുമാകട്ടെ അവയുടെ സ്വതന്ത്രമായ നിലനിൽപ്പിനെയാണ് കുറിക്കുന്നത്.

രണ്ടു ഭാഷകൾ തമ്മിലുള്ള സാദൃശ്യങ്ങൾക്കും സാധർമ്മ്യങ്ങൾക്കും പല കാരണങ്ങളുമുണ്ടാവാം. വ്യത്യസ്തങ്ങളായ പ്രാകൃതഗോത്രസമുദായങ്ങൾ പരസ്പരം ബന്ധപ്പെടുകയും സമ്പർക്കങ്ങൾ പുലർത്തുകയും ചിലപ്പോൾ ഒന്നിച്ചു സംഘടിപ്പിക്കുകയും ചെയ്തിരുന്നുവെന്നതാണ് ഏറ്റവും മുഖ്യമായ കാരണം.

14.7മൊഴികളിൽ നിന്ന് ഭാഷയിലേയ്ക്ക്

പ്രാചീന ദക്ഷിണപഥത്തിലെ എല്ലാ ജനതകളും ഒരു കാലത്ത് ഒരേ ഭാഷ സംസാരിക്കുന്ന ഒരൊറ്റ ഗോത്രസമുദായമായിട്ടാണ് ജീവിച്ചിരുന്നത് എന്നു കരുതാൻ യാതൊരു ന്യായവുമില്ല. ആരംഭത്തിൽ വ്യത്യസ്തങ്ങളായ കുലങ്ങളും ഗോത്രങ്ങളുമായിട്ടാണ് അവർ ജീവിച്ചിരുന്നത് എന്നതിനു പ്രാചീന സംഘം കൃതികൾപോലും സാക്ഷ്യം വഹിക്കുന്നുണ്ട്.

അനേകം സഹസ്രാബ്ദങ്ങൾക്കുമുമ്പ് കല്ലിൻകഷണങ്ങൾകൊണ്ടുള്ള പ്രാകൃതോപകരണങ്ങളുമായി തെക്കെ ഇന്ത്യയിലെ മലയോരങ്ങളിലും കാട്ടുപ്രദേശങ്ങളിലും വേട്ടയാടി ജീവിച്ചിരുന്ന പ്രാകൃതമനുഷ്യരിൽനിന്നാണ് നൂറ്റാണ്ടുകളുടെ വികാസക്രമത്തിലൂടെ മലയാളികളും തമിഴരും കർണ്ണാടകക്കാരും തെലുങ്കരും വേർതിരിഞ്ഞ് പ്രത്യേക ജനവിഭാഗങ്ങളായിത്തീർന്നത് എന്നു പറയുന്നത് ശരിയാണ്. പ്രാകൃതരായ ആദിമദ്രാവിഡർ പ്രത്യേക ജനവിഭാഗങ്ങളായി വേർതിരിഞ്ഞു വികസിക്കാൻ തുടങ്ങിയതിനു ശേഷമാണ് അവരുടെ പ്രാകൃതമൊഴികളിൽനിന്ന് മലയാളം, തമിഴ് തുടങ്ങിയ ഭാഷകൾ ആവിർഭവിച്ചത് എന്ന കാര്യത്തിലും സംശയമില്ല. എന്നാൽ ഇങ്ങനെ പ്രത്യേക ജനവിഭാഗങ്ങളായി ഉരുത്തിരിയുന്നതിനുമുമ്പുതന്നെ മലംപ്രദേശങ്ങളിലെ കാടൻമാരായ പ്രാകൃതനിവാസികൾ ഒരുതരം സാമൂഹ്യജീവിതം നയിച്ചിരുന്നു. ആദ്യംമുതൽക്കേ അവർ കൂട്ടം കൂട്ടമായിട്ടാണ്, അതായത് കുലങ്ങളും ഗോത്രസമുദായങ്ങളുമായിട്ടാണ് ജീവിച്ചു പോന്നത്. ഓരോ കുലത്തിനും പ്രത്യേകം പ്രത്യേകം മൊഴി അല്ലെങ്കിൽ ഭാഷാഭേദം ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ ‘ഡയലക്ട്’ എന്ന് പറയുന്നതിനാണ് ഇവിടെ മൊഴി അല്ലെങ്കിൽ ഭാഷാഭേദം എന്നു പറയുന്നത്. ആശയവിനിമയത്തിനുള്ള ഒരു മൊഴിയുടെ സഹായം കൂടാതെ കൂട്ടായി ജീവിക്കുവാനോ ഉൽപ്പാദനപ്രവർത്തനങ്ങൾ നടത്തുവാനോ സാധ്യമായിരുന്നില്ല. ഭാഷയുടെ പൂർവദശയായ മൊഴികളുടെ സഹായത്തോടുകൂടിയാണ് പ്രാകൃതമനുഷ്യർ കൂട്ടായി ജീവിക്കുകയും ഭക്ഷണം തുടങ്ങിയ ജീവിതോപാധികളെ ഉൽപ്പാദിപ്പിക്കുകയും ചെയ്തുപോന്നത്. ഓരോ കുലത്തിലേയും ജനങ്ങൾ തങ്ങളുടെ സ്വന്തം മൊഴിയിൽ ആശയവിനിമയം നടത്തുകയും പാട്ടുകൾ പാടി ആഹ്ലാദിക്കുകയും ചെയ്തുപോന്നു.

കുലങ്ങൾ, ഗോത്രസമുദായങ്ങൾ എന്നിങ്ങനെ കൂട്ടം കൂട്ടമായി ജീവിച്ചിരുന്ന പ്രാകൃതജനങ്ങൾ ആദ്യകാലത്ത് ഒരിടത്തും സ്ഥിരവാസമുറപ്പിച്ചിരുന്നില്ല. ജീവിതാവശ്യങ്ങൾ നേടാൻവേണ്ടി അവർ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. ചില ഗോത്രസമുദായങ്ങൾ നിശ്ചിതസ്ഥലങ്ങളിൽ സ്ഥിരവാസമുറപ്പിച്ചതിനുശേഷവും മറ്റു ചില ഗോത്രസമുദായങ്ങൾ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിൻഫലമായി വ്യത്യസ്ത ഗോത്രസമുദായങ്ങളിലെ ജനങ്ങൾക്ക് പരസ്പര സമ്പർക്കങ്ങളുണ്ടാവുകയും അവരുടെ വ്യത്യസ്ത മൊഴികൾ പരസ്പരം സ്വാധീനം ചെലുത്തുകയും ചെയ്തു.

ഏതെങ്കിലുമൊരു ഗോത്രസമുദായത്തിലെ ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചാൽ അത് നാലോ അഞ്ചോ ഗോത്രസമുദായങ്ങളായി വിഭജിക്കപ്പെട്ടുവെന്നുവരും. ഇങ്ങനെ വിഭജിക്കപ്പെട്ട് വ്യത്യസ്ത പ്രദേശങ്ങളിൽ സ്ഥിരവാസമുറപ്പിക്കുന്നതോടുകൂടി അവരുടെ മൊഴി നാലോ അഞ്ചോ വ്യത്യസ്തമൊഴികളായി പൊട്ടിത്തിരയുകയില്ല. ആദ്യം ഉപയോഗിച്ചിരുന്ന മൊഴി തന്നെ ദേശ്യഭേദങ്ങളോടുകൂടി നിലനിൽക്കുകയാണ് ചെയ്യുക. ഒരു മൂലഭാഷ ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ നാലോ അഞ്ചോ വ്യത്യസ്തഭാഷകളായി തരം തിരിയുമെന്നും അതോടെ ആ മൂലഭാഷ അന്തർദ്ധാനം ചെയ്യുമെന്നുമുള്ള അഭ്യൂഹം ചരിത്രദൃഷ്ട്യാ സാധൂകരിക്കത്തക്കതല്ല.

യുദ്ധം, ആത്മരക്ഷ മുതലായവയ്ക്കുവേണ്ടി ചിലപ്പോൾ ഏതാനും വ്യത്യസ്തഗോത്രസമുദായങ്ങൾ ഒന്നിച്ചു സംഘടിച്ചുവെന്നുവരും. ഇപ്രകാരം വ്യത്യസ്തമൊഴികൾ സംസാരിക്കുന്ന രണ്ടു വിഭിന്നഗോത്രസമുദായങ്ങൾ കൂടിചേർന്നുണ്ടാകുന്ന പുതിയ ഗോത്രസമുദായത്തിൽ ഒരേസമയത്തു തന്നെ രണ്ടു മൊഴികൾ പരസ്പരം സ്വാധീനം ചെലുത്തിക്കൊണ്ട് നിലനിന്നുവെന്നുവരും. കാലക്രമത്തിൽ അവയിലേതെങ്കിലും ഒരു മൊഴി പുതിയ ഗോത്രസമുദായത്തിന്റെ പൊതുമൊഴിയായി അംഗീകരിക്കപ്പെട്ടേക്കാം. എങ്കിലും അത്തരം സന്ദർഭങ്ങളിൽപ്പോലും രണ്ടു വ്യത്യസ്തമൊഴികൾ കൂടിച്ചേർന്ന ഒരു പുതിയ ‘മിശ്രമൊഴി’ ഉൽഭവിക്കുന്നതല്ല.

അമേരിക്കയിൽ വ്യത്യസ്ത മൊഴികൾ സംസാരിച്ചിരുന്ന അഞ്ചു പ്രാകൃത ഗോത്രസമുദായങ്ങൾ തുല്യാധികാരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പുതിയ ഗോത്രസമുദായഘടന കെട്ടിപ്പടുത്തതെങ്ങനെയെന്ന് ഏംഗൽസ് വിവരിക്കുന്നുണ്ട്. ഭാഷയുടെ സഹായത്തോടുകൂടിയാണ് ഈ പുതിയ സംഘടനയിലെ ജനങ്ങൾ ആശയവിനിമയം നടത്തിയിരുന്നത് എന്നു പറയേണ്ടതില്ലല്ലൊ. ഒരു ‘മൂലമൊഴി’ ഉണ്ടായിരുന്നുവെങ്കിൽപ്പോലും അതിനു നിലവിലുള്ള അഞ്ചുമൊഴികളിലേതെങ്കിലും ഒന്നിന്റെ രൂപത്തിലല്ലാതെ നിലനിൽക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ ആ അഞ്ചുമൊഴികളിൽ ഒന്ന് പൊതുമൊഴിയായി വളരുകയാണുണ്ടായത്.

നമ്മുടെ നാട്ടിലും ഇത്തരം പല ഗോത്രസംഘടനകളും രൂപമെടുക്കുകയുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് മഹാഭാരതകാലത്ത് കുരുകുലവും, പാഞ്ചാലൻമാരുടെ കുലവും ഒന്നിച്ചുചേർന്ന് ഒരു സംയുക്തകുലമായിത്തീരുകയുണ്ടായി. ബൌദ്ധകാലത്ത് വിദേഹികളും ലിഛാവികളും ഒന്നിച്ചു ചേർന്ന് ഒരു വജ്ജിസംഘം ഉണ്ടാക്കി. ഇങ്ങനെ പല ഉദാഹരണങ്ങളും കാണാം. ചേരൻമാർ, പാണ്ടിയന്മാർ മുതലായ ജനവിഭാഗങ്ങൾതന്നെ വ്യത്യസ്ത ഗോത്രസമുദായങ്ങൾ ഒന്നിച്ചുചേർന്നുണ്ടായവയാണ്.

ഇങ്ങനെ സംഘടിക്കുമ്പോൾ നിലവിലുള്ള വ്യത്യസ്തങ്ങളായ മൊഴികളിലേതെങ്കിലും ഒന്ന് സാമാന്യമൊഴിയായിത്തീരുക സ്വാഭാവികമാണ്. സംഘടനയിലെ താരതമ്യേന കൂടുതൽ പ്രബലമായ ഗോത്രസമുദായത്തിന്റെ മൊഴിക്കാണ് സാമാന്യമൊഴിയായി അംഗീകാരം സിദ്ധിക്കാനെളുപ്പം. എന്നാൽ, ഇപ്രകാരം ഒരു സാമാന്യഭാഷ രൂപമെടുക്കുമ്പോൾ അതിൽ മറ്റു മൊഴികളെല്ലാം സ്വാധീനം ചെലുത്തുകയും അവിടെ ചില ഘടകങ്ങൾ അതിൽ കൂടിച്ചേരുകയും ചെയ്യും. എങ്കിലും അതൊരിക്കലും ഒരു മിശ്രഭാഷയാവുകയില്ല.

ഇന്നത്തെ രാജസ്ഥാനിൽ മാർവാടി, മേവാഡി, മാളവി, ബാഗഡി, ഢുംഢാഡീ, ഹഡൌതി എന്നിങ്ങനെ പല മൊഴികളുമുണ്ടെന്നും വളരെയധികം വ്യത്യസ്തങ്ങളല്ലാത്തതുകൊണ്ട് രാജസ്ഥാനിലെ വിവിധ ജനവിഭാഗങ്ങൾക്ക് അവയെയെല്ലാം ഏറെക്കുറെ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും അവയിലേതെങ്കിലുമൊരുമൊഴി ക്രമത്തിൽ ഒരു സാമാന്യഭാഷയായി വളർന്നേയ്ക്കാനിടയുണ്ടെന്നും രാംബിലാസ്ശർമ്മ ചൂണ്ടിക്കാണിക്കുന്നു. [32] എന്നാൽ, ഇങ്ങനെ സാമാന്യഭാഷയായിത്തീരുന്ന മൊഴി ആദ്യം തന്നെ ഒരു മൂലഭാഷയായിത്തീരുന്നുവെന്നും മറ്റു മൊഴികളെല്ലാം അതിൽനിന്ന് പൊട്ടിത്തിരിഞ്ഞുണ്ടായവയാണെന്നും ആരെങ്കിലും പറഞ്ഞാൽ അത് ശരിയാവുമോ? തീർച്ചയായുമില്ല. നേരെമറിച്ച് നിലവിലുള്ള അനേകം മൊഴികളിലൊന്ന് ക്രമത്തിൽ സാമാന്യ ഭാഷയായി വളരുന്നുവെന്നു പറയുന്നതാണ് ശരി.

മലയാളം, തമിഴ് തുടങ്ങിയ ഭാഷകളുടേയും ഉൽപ്പത്തി ഏതാണ്ടിതുപോലെത്തന്നെയായിരിക്കാനെ വഴിയുള്ളു. മുകളിൽ പ്രസ്താവിച്ചുകഴിഞ്ഞതുപോലെ ദാക്ഷിണേന്ത്യയിൽ വിഭിന്നമൊഴികൾ സംസാരിക്കുന്ന നിരവധി ഗോത്രസമുദായങ്ങളുണ്ടായിരുന്നു. യഥാർഥത്തിൽ, വ്യത്യസ്തങ്ങളായ നിരവധി മൊഴികളുടെ ഒരു വലിയ സമൂഹത്തിനാണ് ദ്രാവിഡഭാഷാ ഗോത്രമെന്നു പറയുന്നത്. വ്യത്യസ്തമൊഴികൾ സംസാരിക്കുന്നവയും വളർച്ചയുടെ വിവിധനിലവാരങ്ങളിലെത്തിയവയുമായ നിരവധി ഗോത്രസമുദായങ്ങൾ താരതമ്യേന കൂടുതൽ പ്രബലൻമാരായ തലവൻമാരുടെ നേതൃത്വത്തിൽ ഒന്നിച്ചുചേർന്നു സംഘടിച്ചതിന്റെ ഫലമായിട്ടാണ് ചേരം, ചോഴം, പാണ്ടി എന്നീ പ്രാചീനസാമ്രാജ്യങ്ങളിലോരൊന്നും രൂപംകൊണ്ടത്. ചില മൊഴികൾ കാലക്രമത്തിൽ നാമാവശേഷമായി. മറ്റു ചില മൊഴികൾ മെല്ലെ മെല്ലെ സാമാന്യമൊഴികളായും പിന്നീട് സാമാന്യഭാഷകളായും വളർന്നുവന്നു. ഇങ്ങനെയാണ് മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ആധുനികഭാഷകളുടെ പ്രാഥമിക രൂപങ്ങൾ ആവിർഭവിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, ഈ ഭാഷകളെല്ലാം ഉൽഭവിച്ചത് ഒരു മൂലഗോത്രസമുദായം ഭിന്നിച്ചു വേർതിരിഞ്ഞുപോയതിന്റെ ഫലമായിട്ടല്ല, നേരെമറിച്ച് വ്യത്യസ്ത ഗോത്രസമുദായങ്ങൾ ഒന്നിച്ചുചേർന്നതിന്റെ ഫലമായിട്ടാണ്.

ഭാഷ ഒരിക്കലും മാറാതെ ഒരേരൂപത്തിൽ സ്ഥിരമായി നിൽക്കുന്നില്ല. അത് വളരുകയും വികസിക്കുകയും ചെയ്യുന്നു. ഉൽപ്പാദനശക്തികളുടെ വളർച്ചയോടൊപ്പം പുതിയ പുതിയ വാക്കുകൾ കണ്ടുപിടിച്ചു പ്രയോഗിച്ചും അന്യഭാഷകളിൽനിന്നു ആവശ്യമായ പദങ്ങൾ കടംവാങ്ങിയും വ്യാകരണ രൂപങ്ങളെ ക്രമീകരിച്ചും അതു കൂടുതൽ കൂടുതൽ പുഷ്ടിപ്പെടുന്നു. ചെറിയ ഗോത്രസമുദായത്തിന്റെ ഭാഷ വലിയ കുലത്തിന്റെ ഭാഷയായും ദേശീയ ജനവിഭാഗത്തിന്റെ ഭാഷ ആധുനിക ദേശീയഭാഷയായും വളർന്നുവരുന്നു. ഈ വളർച്ചയിൽ സ്ഥലകാല വ്യത്യാസങ്ങളും ഭൂമിശാസ്ത്രപരമായ ഘടകങ്ങളും യാതൊരു സ്വാധീനവും ചെലുത്തുന്നില്ലെന്നു പറഞ്ഞുകൂടാ. എന്നാൽ, ഭൂമിശാസ്ത്രപരമായ ഘടകങ്ങളേക്കാളധികം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ചരിത്രപരവുമായ ഘടകങ്ങൾക്കാണ് പ്രാധാന്യം.

14.8വ്യവഹാരഭാഷയും സാഹിത്യഭാഷയും

ആദ്യകാലത്ത് ജനങ്ങൾ സംസാരിക്കാനും തങ്ങളുടെ ആശയങ്ങൾ പരസ്പരം പറഞ്ഞു മനസ്സിലാക്കാനും വേണ്ടി മാത്രമാണ് ഭാഷയെ കൈകാര്യം ചെയ്തിരുന്നത്. എന്നുവെച്ചാൽ, വ്യവഹാര ഭാഷ മാത്രമേ ഉണ്ടായിരുന്നുള്ളു, സാഹിത്യഭാഷയുണ്ടായിരുന്നില്ല. സാമൂഹ്യവളർച്ചയുടെ ഒരു സവിശേഷ ഘട്ടത്തിൽ മാത്രമാണ് വ്യവഹാരഭാഷയിൽ നിന്ന് സാഹിത്യഭാഷ ഉയർന്നുവന്നത്. എല്ലാ വ്യവഹാരഭാഷകളിൽനിന്നും ഒരേ സമയത്തുതന്നെ സാഹിത്യഭാഷകൾ വളർന്നു വരികയുണ്ടായില്ല. ദ്രാവിഡഗോത്രത്തെ സംബന്ധിച്ചിടത്തോളം, ആദ്യം ആവിർഭവിച്ചത് സംഘം കൃതികളാണ്. ആധുനിക തമിഴുമായുള്ള വ്യത്യാസം കാണിക്കാൻവേണ്ടി അവയെ പൊതുവിൽ ചെന്തമിൾസാഹിത്യം എന്നാണ് പറഞ്ഞുവരുന്നത്: ‘സംഘം സ്ഥാപിച്ചത് പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാൽ പാണ്ഡ്യദേശത്തിലെ തമിഴിന് ചെന്തമിഴെന്നും തമിഴകത്തിന്റെ ഇതരഭാഗങ്ങളിലെ തമിഴിന് കൊടുന്തമിഴെന്നും പേർ വന്നു’ [33] എന്ന് മഹാകവി ഉള്ളൂർ പ്രസ്താവിക്കുന്നു. ക്രി. പി. 12-ാം നൂറ്റാണ്ടുവരെ ചേരനാട്ടിലും പാണ്ടിനാട്ടിലും ഒരേവ്യവഹാര ഭാഷയാണ് പ്രചരിച്ചിരുന്നത് എന്നും അതു കൊടുന്തമിഴായിരുന്നില്ല, ചെന്തമിൾ തന്നെയായിരുന്നു എന്നും വിശ്വസിക്കുന്ന ഇളംകുളമാകട്ടെ ഇങ്ങനെയാണ് പറയുന്നത്: ‘ചെന്തമിഴ് എന്ന പദം സംഘകാലാരംഭം മുതൽ സാധാരണയായി കാണാം. എന്നാൽ കൊടുന്തമിഴ് എന്നൊരു പദം 11-ാം ശതകം വരെ ഉണ്ടായിരുന്നതായി തെളിവില്ല.’ [34] നേരെമറിച്ച്, തമിഴുഭാഷയുടെ ചരിത്രത്തിലാദ്യമായി ഈ പദം (ചെന്തമിൾ) തൊൽകാപ്പിയരാണുപയോഗിച്ചത് എന്നും സംഘം കൃതികളുടെ സമാഹാരത്തിലെവിടേയും അതു കാണുന്നില്ല [35] എന്നും വൈയ്യാപുരിപിള്ള ഉറപ്പിച്ചു പറയുന്നു. ഇതിലേതാണ് ശരി എന്നു തീർപ്പുകൽപ്പിക്കാനാവശ്യമായ തമിൾഭാഷാജ്ഞാനം എനിക്കില്ല. എന്നാൽ യഥാർത്ഥമായ പ്രശ്നം ചരിത്രത്തിലേതു കാലം മുതൽ ചെന്തമിൾ, കൊടുന്തമിൾ എന്നീ രണ്ടു വാക്കുകൾ പ്രചരിക്കാൻ തുടങ്ങി എന്നതല്ല; വ്യവഹാരഭാഷയിൽ നിന്ന് വ്യത്യസ്തമായ ഒരു സാഹിത്യഭാഷ ഏതു കാലംമുതൽ വളർന്നു വന്നു എന്നതാണ്. വർഷാരംഭത്തിനു തൊട്ടുമുമ്പും പിമ്പും രചിക്കപ്പെട്ട സംഘസാഹിത്യകൃതികൾ അത്തരമൊരു സാഹിത്യഭാഷയുടെ ഉദയത്തെയാണ് ഉൽഘോഷിക്കുന്നത്. ഇതു ശരിയാണെങ്കിൽ മധുരയെ കേന്ദ്രമാക്കിക്കൊണ്ട് വികസിക്കാൻ തുടങ്ങിയ ആ സാഹിത്യഭാഷ ചെന്തമിൾഭാഷ എന്നു വിളിക്കപ്പെട്ടുപോന്നു എന്നും വ്യവഹാരഭാഷയെ സാഹിത്യഭാഷയിൽ നിന്ന് വേർതിരിച്ചു കാണിക്കാൻ വേണ്ടി കൊടുന്തമിൾ എന്ന പദം ഉപയോഗിക്കപ്പെടാൻ തുടങ്ങി എന്നും അനുമാനിക്കുന്നതിൽ വലിയ തെറ്റുണ്ടെന്നു തോന്നുന്നില്ല.

സംഘസാഹിത്യകൃതികൾ മുഴുവനും മധുരയിലേയോ പാണ്ടിനാടിലെ മറ്റു പ്രദേശങ്ങളിലേയോ പണ്ഡിതൻമാരാൽ രചിക്കപ്പെട്ടവയല്ല ചേരനാട്ടിലെ പണ്ഡിതൻമാരുടെ കൃതികളും അവയിലുൾപ്പെടുന്നു. പതിറ്റുപത്ത്, ചിലപ്പതികാരം മുതലായ ചില കൃതികൾ കേരളീയ കവികളാൽ രചിക്കപ്പെട്ടവയാണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. വ്യത്യസ്ത പ്രദേശങ്ങളിൽ വെച്ചെഴുതപ്പെട്ട ഈ സാഹിത്യകൃതികളിൽ ദേശഭേദങ്ങളുണ്ടാവുക സ്വാഭാവികമായിരുന്നു. ചില ദേശഭേദങ്ങളെപ്പറ്റി തൊൽകാപ്പിയർതന്നെ പ്രതിപാദിക്കുകയുണ്ടായി. ചൊല്ലതികാരത്തിലെ ‘ഇയർചൊൽ, തിരിചൊൽ, തിചൈച്ചൊൽ, വടചൊൽ എൻറു അനൈത്തേചെയ്യുൾ ഈടച്ചൊല്ലേ’ എന്ന സൂത്രത്തിൽ ഇയർചൊൽ, തിരിചൊൽ, തിചൈച്ചൊൽ, വടചൊൽ എന്നിങ്ങനെ നാലുതരം ചൊല്ലുകൾ (പദങ്ങൾ) പദ്യത്തിൽ പ്രയോഗിക്കാൻ പറ്റിയവയാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. [36] ഇവയിൽ ഇയർചൊൽ എന്നു പറയപ്പെടുന്നവ അർത്ഥവ്യത്യാസം കൂടാതെ എല്ലാ പ്രദേശങ്ങളിലും ഉപയോഗിക്കപ്പെടുന്ന പൊതുപദങ്ങളാണ്. പല പദങ്ങൾ ഒരേ അർത്ഥത്തിൽവരുന്നവ, ഒരു പദം പല അർത്ഥങ്ങളിൽ വരുന്നവ എന്നിങ്ങനെ തിരിചൊൽ രണ്ടുവിധത്തിലാണ്. സംസ്കൃതാക്ഷരങ്ങളില്ലാതെ തമിഴിലുള്ള അക്ഷരങ്ങൾമാത്രം ചേർന്നുണ്ടാകുന്ന ആര്യഭാഷാപദങ്ങൾക്കാണ് വടചൊൽ എന്നു പറയുന്നത്. തിചൈചൊല്ലാകട്ടെ, സ്ഥല വ്യത്യാസമനുസരിച്ച് ഓരോ ദേശത്തിലും പ്രത്യേകമായി പ്രചരിക്കുന്ന പദങ്ങളാണ്. ചേരനാട്ടിൽ പ്രചരിപ്പിച്ചിരുന്ന ദേശ്യപദങ്ങളുടെ ചില ഉദാഹരണങ്ങൾ തൊൽകാപ്പിയത്തിന്റെ വ്യാഖ്യാതാക്കൾ എടുത്തുകാണിക്കുന്നുണ്ട്.

എന്നാൽ, വ്യവഹാരഭാഷയിലെ ദേശ്യഭേദങ്ങളെപ്പറ്റിയല്ല, സാഹിത്യഭാഷയിലെ ദേശ്യഭേദങ്ങളെപ്പറ്റിയാണ് തൊൽകാപ്പിയർ പ്രതിപാദിക്കുന്നത്. വ്യവഹാരഭാഷയേയും സാഹിത്യഭാഷയേയും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ പാടില്ല. സാഹിത്യകൃതികളുണ്ടാവുന്നതിനുമുമ്പു തന്നെ ജനങ്ങൾ തങ്ങളുടെ വ്യവഹാരഭാഷയുപയോഗിച്ചുകൊണ്ട് ആശയവിനിമയം നടത്തിയിരുന്നു. സാഹിത്യഭാഷകളായി ഇനിയും വളർന്നുകഴിഞ്ഞിട്ടില്ലാത്ത ചില ഭാഷകൾ ദ്രാവിഡഗോത്രത്തിൽത്തന്നെയുണ്ട്. തുളുഭാഷ, കൂർഗിലെ കൂർഗ്ഭാഷ, നീലഗിരി പ്രദേശങ്ങളിലെ തോഡരുടെ തോഡഭാഷ മുതലായവയെല്ലാം അത്തരത്തിലുള്ള വ്യവഹാരഭാഷകളാണ്. സാഹിത്യഭാഷകളായി വളർന്നുകഴിഞ്ഞിട്ടില്ല എന്നതുകൊണ്ടുമാത്രം ഈ ഭാഷകളൊന്നും നിലനിൽക്കുന്നില്ല എന്നുവാദിക്കുന്നതു ശരിയാവുമോ? തീർച്ചയായുമില്ല. മലയാളത്തിന് സ്വതന്ത്രമായ ഒരു സാഹിത്യഭാഷയുണ്ടായത് ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ്. എന്നാൽ, സംഘസാഹിത്യം പുഷ്ടിപ്പെടുകയും കേരളീയരായ പണ്ഡിതൻമാർ ചെന്തമിഴിൽ സാഹിത്യകൃതികൾ രചിക്കുകയും ചെയ്ത കാലത്തുതന്നെ കേരളത്തിലെ ഭൂരിപക്ഷക്കാരായ സാധാരണ ജനങ്ങൾ ആശയവിനിമയത്തിനും പരസ്പരബന്ധങ്ങൾക്കും പ്രത്യേകമായ ഒരു വ്യവഹാരഭാഷ ഉപയോഗിച്ചു വന്നിരുന്നു. തമിഴിന്റേയും സംസ്കൃതത്തിന്റേയും സ്വാധീനത്തിലുള്ള സാഹിത്യകൃതികൾ നിർമ്മിക്കപ്പെട്ട കാലത്തുതന്നെ നാട്ടുകാർക്കിടയിൽ അവരുടെ സ്വന്തം വ്യവഹാരഭാഷയിലുള്ള പാട്ടുകളും പഴഞ്ചൊല്ലുകളും സംഭാഷണശൈലികളും മറ്റും ധാരാളമായി പ്രചരിച്ചിരുന്നു. ഈ വ്യവഹാരഭാഷയാണ് വാസ്തവത്തിൽ മലയാളസാഹിത്യഭാഷയുടെ അടിത്തറ. ഡോക്ടർ ഗോദവർമ്മ തന്റെ ‘ഭാഷാവിജ്ഞാ’നീയത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

‘ഒരു ജീവദ്ഭാഷയുടെ പൂർവരൂപം നിർണയിക്കുന്നതിന് ഗ്രന്ഥഭാഷയേക്കാൾ വ്യവഹാരഭാഷയേയാണ് നാം ആധാരമാക്കേണ്ടത്. ഇന്നത്തെ വ്യവഹാരഭാഷ പൂർവദശകങ്ങളിലെ വ്യവഹാരഭാഷയുടെ പരിണതരൂപമായിത്തീരുവാൻ സാംഗത്യം ഉള്ളിടത്തോളം മാത്രമേ നാം പ്രാചീന രൂപങ്ങളെ സങ്കൽപനം ചെയ്യുവാൻ പാടുള്ളു. വിദ്യാഭ്യാസ ഭാഷയുടെ ഭേദംകൊണ്ട് സാഹിത്യഗ്രന്ഥങ്ങളിലും രാജ്യഭരണസംബന്ധമായ സ്ഥിതി വിശേഷങ്ങൾക്ക് വിധേയമായി പ്രചാരാധിക്യമുള്ള ഭാഷയിൽ വിന്യസ്തങ്ങളായിട്ടുള്ള ശിലാശാസനങ്ങളിലും ഗ്രന്ഥവരികളിലും മറ്റും യഥാർഥമായ ദേശഭാഷയിൽ കാണാത്ത പല വ്യതിയാനങ്ങളും സംഭവ്യങ്ങളാകയാൽ അവയെ ആസ്പദമാക്കി ഭാഷയുടെ പൂർവരൂപം വിധിനിർണ്ണയം ചെയ്യുന്നത് മിക്കവാറും അസാധ്യമാണ്. അതിപ്രാചീനമായ കാലത്തിൽപോലും കേരളത്തിലെ ഭാഷ മലയാളമായിരുന്നു എന്നല്ലാതെ തമിഴോ തമിഴിന്റെ ഉപശാഖയോ ആയിരുന്നുവെന്ന് വിചാരിക്കുന്നത് അസംഗതമാണ്. എത്ര തന്നെ പ്രാചീനമായ മലയാളരേഖയിലും മലയാളത്തിന് തമിഴ് മുതലായ മറ്റു ദ്രാവിഡഭാഷകളിൽ നിന്നും പ്രത്യേകമായ ഒരു വ്യക്തിത്വം തെളിഞ്ഞുകാണുകതന്നെ ചെയ്യുന്നു. വ്യവഹാര ഭാഷയുടെ പ്രാചീനദശകളെ മിക്കവാറും പരിരക്ഷിച്ചുപോരുന്ന ശൈലികൾ, പഴഞ്ചൊല്ലുകൾ, കടംകഥകൾ മുതലായവ മലനാട്ടുഭാഷയുടെ പ്രത്യേകതകളെ ഉദാഹരിക്കുവാൻ മറ്റേതിനേക്കാളും കൂടുതൽ പ്രഗൽഭങ്ങളാണ്. തമിഴ്നാട്ടിനോടടുത്ത് കിടക്കുന്ന ദേശങ്ങളിൽ ഉണ്ടായിട്ടുള്ള കൃതികൾ മലയാളത്തിലായാൽത്തന്നെയും ദേശ്യപ്രയോഗങ്ങളെ ബാഹുല്യേന ഉൾക്കൊള്ളുവാൻ ഇടയുള്ളതുകൊണ്ട് അത്തരം കൃതികളുടെ പ്രാചീനതയോ അവയിലെ ഭാഷാരീതിയോ സാമാന്യഭാഷയുടെ സ്വരൂപം നിർണ്ണയിക്കുന്നതിന് അവലംബമാക്കാവുന്നതല്ല. [37]

മലയാളികളുടെ സാഹിത്യപരിശ്രമങ്ങൾ ക്രി.പി. 7-ാം നൂറ്റാണ്ടുമുതൽക്കുതന്നെ തുടങ്ങിയിട്ടുണ്ടെന്നു കാണാം. 7-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനുമിടയിൽ സംസ്കൃതത്തിലോ തമിഴിലോ രചിക്കപ്പെട്ട ചില കേരളീയ സാഹിത്യകൃതികൾ കണ്ടുകിട്ടിയിട്ടുണ്ട്. അവയിലെ സാഹിത്യഭാഷകൾ അക്കാലത്തെ ജനങ്ങളുടെ വ്യവഹാരഭാഷയായിരുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. വാസ്തവത്തിൽ പ്രസ്തുത സാഹിത്യകൃതികളെല്ലാം മുകൾത്തട്ടിലുള്ള ഒരു ചെറിയ വിഭാഗത്തെ മാത്രമേ ആകർഷിച്ചിരുന്നുള്ളു. ഭൂരിപക്ഷക്കാരായ സാധാരണ ജനങ്ങൾക്കിടയിൽ അവ പറയത്തക്ക യാതൊരു സ്വാധീനശക്തിയും ചെലുത്തിയിരുന്നില്ല. ജനങ്ങൾക്ക് അവരുടെ സ്വന്തമായ മലയാളഭാഷയിൽ അവരുടെ സ്വന്തമായ പാട്ടുകളും പഴഞ്ചൊല്ലുകളും ശൈലികളും നാടോടിക്കഥകളും മറ്റുമുണ്ടായിരുന്നു. ഉപരിതലത്തിലുണ്ടായ മാറ്റങ്ങളെയൊന്നും വകവെക്കാതെ അവർ തങ്ങളുടെ ഭദ്രകാളിപ്പാട്ടും, തീയാട്ടുപാട്ടും, പുള്ളുവൻപാട്ടും, മാർഗംകളിപ്പാട്ടും, പൂരക്കളിപ്പാട്ടും, വടക്കൻപാട്ടും, തെക്കൻപാട്ടും, മാപ്പിളപ്പാട്ടും മറ്റും മറ്റും പാടിയാഹ്ലാദിക്കുക പതിവായിരുന്നു. മേലാളരുടെ ദൃഷ്ടിയിൽ ഇവയൊന്നും സാഹിത്യമായിരുന്നില്ല. പക്ഷേ, യഥാർത്ഥത്തിൽ ഇവയാണ് മലയാളസാഹിത്യത്തിന്റെ വളർച്ചക്ക് അടിത്തറയിട്ടത്.

ആദ്യകാലത്ത് ഭാഷക്ക് ലിപികളുണ്ടായിരുന്നില്ല; എന്നുവെച്ചാൽ, എഴുത്തും വായനയുമുണ്ടായിരുന്നില്ലെന്നർത്ഥം. ആശയവിനിമയം വരമൊഴികൾ വഴിക്കായിരുന്നില്ല. വാമൊഴിവഴിക്കു മാത്രമായിരുന്നു. നാടൻകഥകളും നാടോടിപ്പാട്ടുകളും പഴഞ്ചൊല്ലുകളും മറ്റും തലമുറയിൽനിന്ന് തലമുറയിലേക്ക് വാമൊഴിയായി സംക്രമിക്കുകയായിരുന്നു പതിവ്. എന്നാൽ ഉൽപ്പാദന വ്യവസ്ഥ വളരുകയും വ്യാപാരം അഭിവൃദ്ധിപ്പെടുകയും സമുദായം പരിഷ്കരിക്കുകയും ചെയ്തപ്പോൾ ഈ സമ്പ്രദായം അപര്യാപ്തമായിത്തീർന്നു. എല്ലാ കാര്യങ്ങളും ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ടു നടക്കുക എളുപ്പമല്ലാതായി. ഓർമ്മിക്കണമെങ്കിൽ വരമൊഴിയെ ആശ്രയിക്കണമെന്നായി. ഭരണകാര്യങ്ങൾക്കും കൊള്ളക്കൊടുക്കകൾക്കും സംഘടിതമായ എഴുത്തുകുത്തുകൾ വേണമെന്നായി.

വട്ടെഴുത്തായിരുന്നു കേരളത്തിലെ ആദ്യകാലത്തെ ലിപി. വട്ടെഴുത്ത്, കോലെഴുത്ത്, തുളുമലയാളം അല്ലെങ്കിൽ ആര്യഎഴുത്ത് എന്നീ വ്യത്യസ്തഘട്ടങ്ങളിലൂടെയാണ് ആധുനിക മലയാള ലിപികൾ രൂപംകൊണ്ടത്.

ക്രി.പി. പതിമൂന്നാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടം മലയാളഭാഷയിലും മലയാളസാഹിത്യത്തിലും വമ്പിച്ച പരിവർത്തനങ്ങൾ വരുത്തിയ ഒരു കാലഘട്ടമാണ്. നാടുവാഴി വ്യവസ്ഥയുടെ അനൈക്യത്തിന്റേയും സങ്കുചിതത്വത്തിന്റേയും സ്ഥാനത്ത് മുതലാളിത്തോൽപ്പാദന രീതിയുടെ പ്രാരംഭഘടകങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ദേശീയൈക്യബോധവും വളരാൻ തുടങ്ങിയ ഒരു കാലഘട്ടമായിരുന്നു അത്. ഈ കാലഘട്ടത്തിലാണ് കേരളത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ ഒരു ദേശമെന്ന നിലവാരത്തിലേക്ക് ഉയരാൻ തുടങ്ങിയത്. ഈ കാലഘട്ടത്തിൽ തന്നെയാണ് മലയാളഭാഷ തികച്ചും ഒരു സാഹിത്യഭാഷയായി വളർന്നത്. അടുത്ത വാള ്യത്തിൽ ഇതിനെപ്പറ്റി കൂടുതൽ സവിസ്തരമായി ചർച്ചചെയ്യപ്പെടുന്നതായിരിക്കും.

കുറിപ്പുകൾ

1 Edward Sapir: Language Encyclopaedia of the Social Sciences, PP. 9.155, 169.

2 ഉള്ളൂർ: കേരളസാഹിത്യചരിത്രം.

3 Stuart Piggot: Pre-historic India.

4 ഉദാഹരണത്തിന് ഡോ. രാംവിലാസ് ശർമ്മയുടെ ‘ഭാഷാ ഓർ സമാജ്’ പ്രത്യേകിച്ചും 7, 8, 9 എന്നീ അധ്യായങ്ങൾ. പേജ് 141–231.

5 ഇളംകുളം കുഞ്ഞൻപിള്ള: സാഹിത്യചരിത്ര സംഗ്രഹം. പേജ് 9. 6. ടി.പേ. 11–13.

6 ടി. പേജ് 11–13.

7 ഇളംകുളം പി.എൻ.കുഞ്ഞൻപിള്ള: ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ. പേ. 21.

8 ടി. പേജ് 23–24.

9 പി. ശങ്കരൻനമ്പ്യാർ മലയാള സാഹിത്യ ചരിത്രസംഗ്രഹം. പേ. 18.

10 ഇളംകുളം കുഞ്ഞൻപിള്ള: ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ, പേജ് 15

11 കെ. ഗോദവർമ്മ: കേരള ഭാഷാ വിജ്ഞാനീയം, പേജ് 206.

12 Robert Caldwell: A Comparative Grammer of the Dravidian Languages, PP. 567–75.

13 V. I. Subramonium: Dravidian Words in Sanskrit, Tamil Culture Vol IX. No. 3.

14 Robert Caldwell: A Comparative Grammer of the Dravidian Languages, P. 24

15 പി.ഗോവിന്ദപ്പിള്ള, മലയാളഭാഷാ ചരിത്രം, പേജ് 9

16 എ.ആർ. രാജരാജവർമ്മ: കേരളപാണിനീയം പേ. 5

17 ടി. പേജ് 23

18 ടി. പേജ് 54

19 എ.ആർ. രാജാരാജവർമ്മ: കേരള പാണിനീയം, പേ. 5

20 ഉള്ളൂർ: കേരളസാഹിത്യചരിത്രം, വാല്യം 1. പേ. 27.

21 ഉള്ളൂർ: കേരള സാഹിത്യചരിത്രം, വാല്യം 1. പേജ് 32, 33.

22 ആറ്റൂർ കൃഷ്ണപിഷാരടി: മലയാളഭാഷയും സാഹിത്യവും. പേ. 53.

23 കെ. ഗോദവർമ്മ: കേരളഭാഷാ വിജ്ഞാനീയം, പേ. 136.

24 കെ. ഗോദവർമ്മ: കേരള ഭാഷാവിജ്ഞാനീയം, പേ. 198.

25 ടി. പേ. 196.

26 ടി.ടി.

27 കെ.എം. ജോർജ്: സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ പേ. 58

28 ടി. പേ. 57–58

29 കെ.എം. ജോർജ്: വളരുന്ന കൈരളി, പേ. 33

30 കെ.എം. ജോർജ്: വളരുന്ന കൈരളി, പേ. 168.

31 ടി. പേ. 71

32 ഡോ. കെ.എം. ജോർജ്: സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ പേ. 51–52.

33 രാംബിലാസ് ശർമ്മ: ഭാഷാ ഔർ സമാജ്, പേ. 362.

34 ഉള്ളൂർ: കേരള സാഹിത്യചരിത്രം, വാല്യം 1, പേ. 2012

35 ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള: ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ, പേ. 39

36 S. Vaiyapuri Pillai: History of Tamils Language and Culture. P. 73

37 തൊൽകാപ്പിയം പേ. 192

38 ഡോ. കെ. ഗോദവർമ്മ: കേരള ഭാഷാവിജ്ഞാനീയം, പേ. 137