‘എങ്കിലോ പണ്ടു കൃത ത്രേതാ ദ്വാപര കലി എന്നിങ്ങനെ നാലു യുഗത്തിങ്കലുമനേകമനേകം രാജാക്കൻമാർ ഭൂമി വഴിപോലെ വാണു രക്ഷിച്ചതിന്റെ അനന്തരം ക്ഷത്രിയകുലത്തിങ്കൽ ദുഷ്ട രാജാക്കൻമാരുണ്ടായവരെ മുടിച്ചുകളവാനായിക്കൊണ്ടു ശ്രീനാരായണൻ ശ്രീപരശുരാമാനായവതരിച്ചു. എങ്കിലോ പണ്ടു ശ്രീപരശുരാമൻ ഇരുപത്തൊന്നുവട്ടം മുടിയ ക്ഷത്രിയൻമാരെക്കൊന്ന വീരഹത്യാദി ദോഷം പോക്കേണമെന്നു കൽപ്പിച്ചു. കർമ്മം ചെയ്വാൻ തക്കവണ്ണം ഗോകർണ്ണം പുക്കു കൽമല മേലിരുന്നു തപസുചെയ്തു വരണനെ സേവിച്ചു വാരാന്നിധിയെ നീക്കം ചെയ്തു ഭൂമിദേവിയെ വന്ദിച്ചു നൂറ്ററുപതുകാതം ഭൂമിയുണ്ടാക്കി, മലയാളം ഭൂമിക്കു രക്ഷവേണമെന്നു കൽപ്പിച്ചു നൂറ്റെട്ട് ഈശ്വരപ്രതിഷ്ഠ ചെയ്തു. എന്നിട്ടും ഭൂമിക്ക് ഇളക്കം മാറിയില്ലെന്നു കണ്ടതിന്റെശേഷം അനന്തരം ശ്രീപരശുരാമൻ കേരളത്തിൽ ബ്രാഹ്മണരെയുണ്ടാക്കി പല ദിക്കീന്നും ബ്രാഹ്മണരെ കൊണ്ടുവന്നു വച്ചതിന്റെശേഷം അവരാരുമുറച്ചിരുന്നില്ല. അവരൊക്കെ തന്റെ ദിക്കിൽതന്നെ പൊയ്ക്കളഞ്ഞു. അതിന്റെ ഹേതു കേരളത്തിങ്കൽ സർപ്പങ്ങൾ വന്നു നീങ്ങാതെയായിപ്പോയി. അവരുടെ പീഡകൊണ്ടാർക്കും ഉറച്ചു നിൽപ്പാൻ വശമില്ലാഞ്ഞു അവരൊക്കെ താന്താന്റെ ദിക്കിൽതന്നെ പോയിക്കളഞ്ഞതിന്റെശേഷം കുറേക്കാലം നാഗത്താൻമാർ തന്നെ കേരളം രക്ഷിച്ചു. തന്റെ പ്രയത്നം നിഷ്ഫലമായി വരരുതെന്ന് കൽപ്പിച്ചു ശ്രീപരശുരാമൻ ഉത്തരഭൂമിയിങ്കൽ ചെന്ന് ആര്യപുരത്തിങ്കേന്ന് ആര്യബ്രാഹ്മണരെകൊണ്ടു പോന്നു’. [1]
ഏതാണ്ടു മുന്നൂറു കൊല്ലങ്ങൾക്കുമുമ്പു രചിക്കപ്പെട്ട ഒരു പ്രാചീന മലയാള പുസ്തകത്തിൽ നിന്നാണ് മുകളിൽ കൊടുത്ത ഭാഗം ഉദ്ധരിച്ചിട്ടുള്ളത്. കേരളപ്പഴമ, കേരളമാഹാത്മ്യം തുടങ്ങിയ പ്രാചീന കൃതികളിലും ഇത്തരത്തിലുള്ള കഥകൾ കാണാം. കൊല്ലവർഷം 984-ൽ രചിക്കപ്പെട്ടതും ചേലനാട്ട് അച്യുതമേനോൻ പ്രസാധനം ചെയ്തതുമായ ‘കേരളോൽപ്പത്തി’ എന്ന പുസ്തകത്തിൽ പറയുന്നു:
ഇരുപത്തൊന്നുപ്രാവശ്യം ക്ഷത്രിയവംശങ്ങളെ വെട്ടിയൊതുക്കിയ പരശുരാമൻ വീരഹത്യാദോഷത്തിന് പ്രായശ്ചിത്തം ചെയ്യുവാൻ വേണ്ടി സമുദ്രരാജാവായ വരുണനിൽനിന്ന് കുറേ ഭൂമി വീണ്ടെടുത്ത് ബ്രാഹ്മണർക്ക് ദാനം ചെയ്തുവെന്നും, അങ്ങനെ കടലിൽ നിന്നും പൊങ്ങിവന്ന ഭൂവിഭാഗത്തിന് ശ്രീപരശുരാമൻ കേരളമെന്ന് പേരിട്ടുവെന്നും, ബ്രാഹ്മണരെ രക്ഷിക്കാൻവേണ്ടി പരശുരാമൻ 64 ഗ്രാമങ്ങളുണ്ടാക്കിയെന്നും ഓരോ ഗ്രാമത്തിലും ശ്രീനാരായണനേയും ഭഗവതിയേയും മറ്റും പ്രതിഷ്ഠിച്ചുവെന്നുമാണ് കഥ. എന്നിട്ടും ബ്രാഹ്മണഭക്തനായ പരശുരാമമഹർഷിക്ക് തൃപ്തിയായില്ല. ‘അവിടെനിന്നും പരശുരാമൻ പരദേശത്തു ചെന്നാറെ ഒരു ക്ഷത്രിയനെക്കണ്ടു കോപിച്ചു കൊല്ലുവാനായിട്ട് വെൺമഴുവും കൈയിലെടുത്തു. അതിന്റെശേഷം കണ്ടു ഭയപ്പെട്ടുചെന്നു പറയുന്ന വചനം’. പരശുരാമമഹാരാജാവേ, അങ്ങ് ഏറിയൊരു ക്ഷത്രിയൻമാരെ കൊന്നതുപോലെ എന്നേയും കൊല്ലരുത്. എന്റെ സ്ത്രീയ്ക്ക് ഗർഭമായിരിക്കുന്നു. അങ്ങു പറയുന്നതിനെ കേട്ടു ഇരുന്നുകൊള്ളാമെന്നും പറഞ്ഞു കാൽക്കൽ നമസ്ക്കരിച്ചതിന്റെ ശേഷം ‘പറയുന്നതിനെ കേട്ടിരിക്കാമെങ്കിൽ ദയവ് വിചാരിച്ച് നിനക്കു ഒരു ജീവിതമുണ്ടാക്കിത്തരാ’മെന്നും പറഞ്ഞു ഔഷധങ്ങളൊക്കെയും പറിച്ചു ധാന്യങ്ങളുടെ വിത്തുകളും പശു, കാള, എരുമ, പക്ഷിമൃഗാദി പലവിധത്തിലുള്ള വാഴ മുതലായ കറിസാധനങ്ങളുടെ വിത്തുകളും, മാവു മുതലായ വൃക്ഷങ്ങളും പരദേശത്തു നിന്നും തോണിയിൽ കൊണ്ടുവന്നുവച്ചു ഇരുപത്തെട്ടുപ്രാവശ്യം ക്ഷത്രിയൻമാരേയും കൊണ്ടുവന്നു ഏറിയൊരു ശൂദ്രൻമാരേയും ചണ്ഡാളൻമാരേയും ആശാരി, കൊല്ലൻ, തട്ടാൻ ചെമ്പുപണിക്കാരൻ, പാണ്ഡിയൻ, ദാസികൾ ദാസൻമാരും, ക്ഷൌരവൻ, കുശവൻ ഇങ്ങനെയുള്ള ആളുകളേയും, സസ്യാദികളേയും, നവധാന്യങ്ങളെയും തോണിയിൽ കൊണ്ടുവന്നുവച്ചു. പരശുരാമൻ പരദേശത്തുനിന്നും തോണിവഴിക്കു കേരളത്തിൽ വന്നു. ആളുകളെ ഒക്കെയും ഓരോ ദിക്കിലിരുത്തി നവധാന്യങ്ങൾ ഒക്കെയും ഓരോസ്ഥലത്തു സ്ഥാപിക്കുകയും ചെയ്തു. [3]
പ്രത്യക്ഷത്തിൽത്തന്നെ അശാസ്ത്രീയവും അന്ധവിശ്വാസ ജടിലവുമായ ഇത്തരം ഐതിഹ്യങ്ങളുടെ കരിയിലകൾ ഇരുപതാം നൂറ്റാണ്ടിന്റെ നട്ടുച്ചയ്ക്കുപോലും വാടിക്കൊഴിയാതെ നിലനിൽക്കുകയും അവ ഒട്ടനവധി പണ്ഡിതൻമാരിൽ വമ്പിച്ച സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നത് അത്ഭുതകരമായി തോന്നുന്നു. നഗ്നങ്ങളും പ്രാകൃതങ്ങളുമായ അന്ധവിശ്വാസങ്ങളെ അതേപടി ആവർത്തിക്കാനിഷ്ടപ്പെടാത്തവർപോലും പരശുരാമ കഥയ്ക്കു പിന്നിൽ ചരിത്രത്തിന്റെ ചില അംശങ്ങളെങ്കിലുമുണ്ടായിരിക്കണമെന്ന് അനുമാനിക്കുന്നു. ഉദാഹരണത്തിന്, ‘ഒരാദിപരശുരാമനുണ്ടായിരിക്കണമെന്നും അദ്ദേഹത്തിന്റെ വംശത്തിലോ നേതൃത്വത്തിലോ പെട്ടവരാണ് കേരളത്തിൽ പിന്നീട് കുടിയേറിപ്പാർത്തവരെന്നും ഇപ്പോൾ ചില പണ്ഡിതൻമാരുടെ ഇടയ്ക്കുള്ള വിശ്വാസം സമാദരണീയമാണെന്ന് തോന്നുന്നു’ എന്ന് ഡോക്ടർ എസ്.കെ. നായർ വാദിക്കുന്നു. [4] ‘കേരളത്തിൽ ബ്രാഹ്മണപ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നുള്ള സംഗതിയിൽ ഈ വക ഐതിഹ്യങ്ങൾ തെളിവായിരിക്കുന്നുണ്ട്’ എന്നും ‘ഏതായാലും ഈ പരശുരാമനുമായുള്ള ബന്ധം വഴിക്കാണ് കേരളത്തിന് ഭാർഗവക്ഷേത്രം എന്ന പേരു ലഭിച്ചതെന്നുള്ളതിനെപ്പറ്റി യാതൊരു സംശയവുമില്ല’ എന്നും എം.ആർ. ബാലകൃഷ്ണവാര്യർ അഭിപ്രായപ്പെടുന്നു. [5] ശൂരനാട് കുഞ്ഞൻപിള്ള പറയുന്നതിങ്ങനെയാണ്: ‘മഴുവെറിഞ്ഞു സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തതാണ് കേരളമെന്നും അവിടെയാണ് ഭാർഗവൻ ബ്രാഹ്മണരെക്കൊണ്ടുവന്ന് താമസിപ്പിച്ചതെന്നുമുള്ളതിന്, കേരളം ഒരു കാലത്ത് സമുദ്രത്തിൽ മുങ്ങിക്കിടന്നിരുന്നുവെന്നും, പിന്നീട് ഭൂകമ്പം കൊണ്ടോ മറ്റോ ഉയർന്നുവന്നെന്നും അങ്ങനെയുള്ള ഈ നാട്ടിൽ പരശുരാമൻ ബ്രാഹ്മണരെകൊണ്ടുവന്നു താമസിപ്പിച്ചു എന്നും മാത്രമേ അർത്ഥമുള്ളു. ബ്രാഹ്മണരും ക്ഷത്രിയരുമായുള്ള വർഗ്ഗീയമൽസരത്തെയാണ് രാമന്റെ ക്ഷത്രിയവധ കഥ സൂചിപ്പിക്കുന്നത്. ഇരുപത്തൊന്നുവട്ടം ക്ഷത്രിയരെ കൊന്നെന്നും മറ്റുമുള്ള അതിശയോക്തികൾ, അലങ്കാരപ്രിയൻമാരും, സ്വമാഹാത്മ്യസ്ഥാപനത്തിന് നൃഗനെ ഓന്താക്കി കിണറ്റിൽ തള്ളാൻപോലും മടിക്കാത്തവരുമായ ബ്രാഹ്മണ കവികളുടെ സ്വന്തമാണെന്നേ പറയാൻ നിവൃത്തിയുള്ളു. ആയുധവിദ്യാനിപുണനായ പരശുരാമൻ ക്ഷത്രിയരോടുള്ള മൽസരത്തിൽ ക്ഷത്രിയമേധാവിത്വം സഹിക്കവയ്യാതെ കൂട്ടാളികളുമൊത്ത് ഉത്തരഭാരതത്തിൽ നിന്ന് കേരളത്തിൽ വന്നു കുടിയേറിപ്പാർത്തെന്നുള്ളതായിരിക്കാം വാസ്തവം… അന്ന് കേരളത്തിൽ നിവസിച്ചിരുന്ന ജനതയിൽ മേധാവികൾ നായൻമാരായിരുന്നുവെന്നതിനുവേണ്ട ലക്ഷ്യങ്ങളുണ്ട്’. [6] പരശുരാമകഥ വെറും ബാലിശമാണെന്ന് കരുതാൻ പാടില്ലെന്നും, സത്യത്തിന്റെ ഒരംശം അതിലടങ്ങിയിട്ടുണ്ടെന്നും, നൂറ്റാണ്ടുകൾക്കു മുമ്പ് ഭൂഗർഭശക്തികളുടെ പ്രവർത്തനം കാരണം കടലിന്നടിയിൽനിന്ന് പൊങ്ങിവന്ന ഒരു ഭൂപ്രദേശമാണ് മലയാളക്കര എന്ന വസ്തുതയെക്കുറിച്ചുള്ള ഒരു കവിസങ്കൽപ്പം മാത്രമാണതെന്നും കെ.പി. പത്മനാഭമേനോൻ പോലും വാദിക്കുന്നു. [7]
‘കേരളം പരശുരാമന്റെ ആവിർഭാവത്തിനു വളരെക്കാലംമുമ്പ് പ്രകൃതിക്ഷോഭം നിമിത്തം കടൽനീങ്ങി കരയായ ഒരു ദേശമാണെന്നുള്ള ഭൂഗർഭശാസ്ത്രജ്ഞൻമാരുടെ മതം സർവ്വതാ അംഗീകാര്യമാകുന്നു. [8] എന്ന് ഉറപ്പിച്ചു പറയുന്ന മഹാകവി ഉള്ളൂരാകട്ടെ, പരശുരാമകഥയുടെ കാതലായ ഭാഗത്തേ ഒരു ചരിത്രവസ്തുതയായിട്ടാണ് കണക്കാക്കുന്നത്: ‘ആര്യാവർത്തത്തിൽനിന്ന് ദക്ഷിണാപഥത്തിൽ ആദ്യമായി വന്നുചേർന്ന ബ്രഹ്മർഷിമാരിൽ എല്ലാം കൊണ്ടും പ്രഥമഗണനീയനാണ് ശ്രീപരശുരാമൻ. അദ്ദേഹത്തിന്റെ അനുചരൻമാരായിരുന്നു നമ്പൂരിമാരുടെ പൂർവികൻമാർ. പരശുരാമൻ ആര്യാവർത്തം വിട്ടു തന്റെ അനുയായികളോടുകൂടി ഉദ്ദേശം ക്രി. മുമ്പ് 12-ാം ശതകത്തിൽ വിന്ധ്യാപർവ്വതത്തിനു തെക്കു കടന്നതായി വിചാരിക്കാവുന്നതാണ്. പ്രാചീന ഭാരതചരിത്രത്തിൽ പല രാജ്യങ്ങളിലും ബ്രാഹ്മണരെ ആദ്യമായി അധിനിവേശം ചെയ്യിച്ചത് പരശുരാമനാണെന്നു കാണുന്നു. അതിന്റെയെല്ലാം വസ്തുസ്ഥിതി എങ്ങനെയായിരുന്നാലും കേരളത്തിൽ അവരെ കൊണ്ടുവന്നത് ഒരു പരശുരാമനാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. [9]
ശാസ്ത്രീയമായ ചരിത്ര നിർമ്മാണത്തിന് ഇത്തരം വാദഗതികൾ ഉതകുമെന്ന് തോന്നുന്നില്ല. ചരിത്രത്തിനു പിടികിട്ടാത്ത വിദൂരമായ ഒരു കാലഘട്ടത്തിൽ—എന്നുവച്ചാൽ, ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂകമ്പംകൊണ്ടോ, കടൽക്ഷോഭംകൊണ്ടോ ഭൂഗർഭശാസ്ത്രപരമായ മറ്റേതെങ്കിലും കാരണംകൊണ്ടോ കടലിന്നടിയിൽ നിന്ന് പൊങ്ങിവന്നുണ്ടായ ഒരു ഭൂപ്രദേശമായിരിക്കാം ഇന്നത്തെ ഈ കേരളക്കര എന്ന് സമ്മതിച്ചാൽപോലും അതിനെ പരശുരാമകഥയുമായി ബന്ധപ്പെടുത്തുന്നതെങ്ങനെയാണ്? വാസ്തവത്തിൽ, ഈ പരശുരാമകഥയുടെ പിന്നിൽ ബന്ധപ്പെട്ടുനിൽക്കുന്ന വടക്കെ ഇന്ത്യയിലെ ബ്രാഹ്മണമതം ഉരുപ്പിടിക്കുന്നതിന്നെത്രയോമുമ്പ് തന്നെ കേരളം നിലനിന്നിരുന്നു എന്നതിനു അനിഷേധ്യമായ തെളിവുകളുണ്ട്.
ആര്യൻമാരുടെ വരവിനു മുമ്പുതന്നെ ഏറെക്കുറെ ഉയർന്ന നിലവാരത്തിലെത്തിയ ഒരു പ്രാചീന സംസ്ക്കാരം ഇന്ത്യയിലുണ്ടായിരുന്നുവെന്ന് മോഹൻജദാരോ, ഹാരപ്പ തുടങ്ങിയ പല സ്ഥലങ്ങളിൽനിന്നും ലഭിച്ച ചരിത്രാവശിഷ്ടങ്ങൾ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ക്രി.മു. 1500-മാണ്ടോടുകൂടിയാണ് ആര്യൻമാർ ഇന്ത്യയിലെത്തിയത്. സിന്ധൂനദീതട സംസ്ക്കാരമാകട്ടെ, ക്രി. മു. 3000 മുതൽ 1500 വരെ നിലനിന്നുപോന്നു. ഈ പ്രാചീന സംസ്ക്കാരത്തോട് മല്ലിട്ടുകൊണ്ടാണ് ആര്യൻമാരുടെ അപരിഷ്കൃത ഗണങ്ങൾ ആദ്യം സിന്ധൂനദീതടത്തിലും പിന്നീട് ഗംഗാനദീതടങ്ങളിലും സ്ഥിരവാസമുറപ്പിച്ചത്. ആദ്യകാലത്ത് അവരുടെ ഇടയിൽ വർഗ്ഗവ്യത്യാസങ്ങളോ വർണ്ണവ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ല. ഏതാനും നൂറ്റാണ്ടുകൾക്കുശേഷമാണ്, അതായത് ക്രി. മു. 10-ാം നൂറ്റാണ്ടിനും 7-ാം നൂറ്റായണ്ടിനുമിടയിലാണ് ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ വിഭജനങ്ങളോടുകൂടിയ വർണ്ണാശ്രമ വ്യവസ്ഥ രൂപം കൊണ്ടത്. അവർ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ചെറിയ ചെറിയ രാജ്യങ്ങൾ സ്ഥാപിക്കുകയും അങ്ങനെ തങ്ങളുടെ ആധിപത്യമുറപ്പിക്കുകയും ചെയ്തത്, ഏതാണ്ടീകാലത്താണ്.
പക്ഷേ, പിന്നേയും, വളരെക്കാലത്തേക്ക് വിന്ധ്യാപർവതനിരകൾക്കിപ്പുറം കടക്കാൻ അവർക്കു സാധിച്ചിരുന്നില്ലെന്നും ആര്യാവർത്തം ഉത്തരേന്ത്യയിൽ മാത്രമാണ് ഒതുങ്ങിക്കിടന്നിരുന്നതെന്നും ചരിത്രകാരൻമാർ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. അതിനാൽ പരശുരാമൻ എന്ന ഒരു മഹർഷി തന്റെ അനുചരൻമാരായ ബ്രാഹ്മണരോടുകൂടി ക്രി. മു. 12-ാം നൂറ്റാണ്ടിൽ വിന്ധ്യാപർവ്വതം കടന്ന് കേരളത്തിൽ കുടിയേറിപ്പാർത്തുവെന്ന മഹാകവി ഉള്ളൂരിന്റെ സിദ്ധാന്തത്തിന് യഥാർത്ഥ കേരളചരിത്രവുമായി വിദൂരബന്ധം പോലുമുണ്ടെന്ന് കരുതാൻ വയ്യ.
എങ്കിലും, ക്രിസ്തുവർഷം ആരംഭിക്കുന്നതിനു ഏതാനും നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ വടക്കേ ഇന്ത്യയിലെ ആര്യൻമാർ ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നുവെന്ന് പ്രാചീന സംസ്കൃത കൃതികളിൽനിന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന്, ക്രി. മു. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാത്യായനും ക്രി. മു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പതഞ്ജലിയും കേരളത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. പതഞ്ജലിയുടെ മഹാഭാഷ്യമനുസരിച്ച് തെക്കേ ഇന്ത്യയിൽ പാണ്ഡ്യം, ചോളം കേദാരം, കേരലം എന്നിങ്ങനെ നാലു ജനപതങ്ങളുണ്ടായിരുന്നു. മഹാഭാരതത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ കേരളത്തെപ്പറ്റിയുള്ള പരാമർശങ്ങളുണ്ട്. [10] രാമായണം കിഷ്കിന്ധകാണ്ഡത്തിൽ, സുഗ്രീവൻ, സീതാന്വേഷണത്തിനു പുറപ്പെട്ട വാനരസൈന്യങ്ങൾക്ക് ആര്യാവർത്തത്തിന്റെ തെക്കുഭാഗത്ത് ജീവിച്ചിരുന്ന കേരളീയർ, ചോളർ, പാണ്ഡ്യർ, ആന്ധ്രക്കാർ തുടങ്ങിയ ജനസമൂഹങ്ങളെപ്പറ്റി പറഞ്ഞു കൊടുക്കുന്നുണ്ട്. [11] വായുപുരാണം, മൽസ്യപുരാണം, മാർക്കണ്ഡേയ പുരാണം മുതലായ പുരാണങ്ങളിലും കേരളത്തെപ്പറ്റിയുള്ള പ്രസ്താവങ്ങൾ കാണാം.
പക്ഷേ, ഇവപോലും ചരിത്ര ഗ്രന്ഥങ്ങളല്ല. രാമായണമഹാഭാരതാദികൾ രചിക്കപ്പെട്ട കാലത്ത് ചേര ചോള പാണ്ഡ്യദേശങ്ങളുണ്ടായിരുന്നു എന്നേ മനസ്സിലാക്കേണ്ടതുള്ളു. ഉത്തരേന്ത്യക്കാർ കേരളത്തിലോ മറ്റേതെങ്കിലും ദക്ഷിണേന്ത്യൻ രാജ്യത്തിലോ കുടിയേറിപ്പാർക്കാൻ തുടങ്ങി എന്നോ, ആര്യസംസ്ക്കാരം തെക്കോട്ട് വ്യാപിച്ചുകഴിഞ്ഞുവെന്നോ അവ സൂചിപ്പിക്കുന്നില്ല. ദക്ഷിണേന്ത്യൻ രാജ്യങ്ങളേയും സിംഹളരാജ്യത്തേയും ആക്രമിച്ചു കീഴടക്കിയ ആര്യരാജാക്കൻമാരുടെ വീരപരാക്രമങ്ങളെയാണ് രാമായണം ചിത്രീകരിക്കുന്നത് എന്നും മറ്റുമുള്ള അഭിപ്രായങ്ങൾക്ക് ചരിത്രയാഥാർത്ഥ്യങ്ങളുമായി ബന്ധമൊന്നുമില്ല.
പ്രാചീന സംസ്കൃത ഗ്രന്ഥങ്ങളിലെവിടെയെങ്കിലും ഇങ്ങനെ ദക്ഷിണേന്ത്യൻ രാജ്യങ്ങളെപ്പറ്റി എന്തെങ്കിലും പ്രസ്താവം കണ്ടാൽ ഉടനെതന്നെ ആര്യൻമാർ തെക്കേ ഇന്ത്യയിൽ കുടിയേറിപ്പാർത്തുവെന്നതിന്റെ സൂചനയാണതെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു വാസന ചില ചരിത്രകാരൻമാർക്കിടയിലുണ്ട്. ഉദാഹരണത്തിന്, കെ.കെ. പിള്ള എഴുതുന്നതു നോക്കുക.
ഇവരെല്ലാം താമസിച്ച പ്രദേശങ്ങളിലേക്ക് ആര്യൻമാർ കുടിയേറിപാർത്തതിനെ അവ്യക്തമായി പരാമർശിക്കുകയാണോ ഈ പ്രസ്താവമെന്ന് തീർത്തുപറഞ്ഞുകൂടാ. ഉത്തരേന്ത്യയുടെ ഭൂമിശാസ്ത്രം വിശദമായി ഗ്രഹിച്ചിരുന്ന പാണിനി (ക്രി. മു. 600) നർമ്മദയ്ക്കു തെക്ക് കലിംഗത്തെ മാത്രമേ നിർദ്ദേശിക്കുന്നുള്ളുവെന്ന ശ്രദ്ധേയമായ വസ്തുത ആര്യൻമാർ തെക്കോട്ടുനീങ്ങിയത് പില്ക്കാലത്താണെന്നതിനെ സൂചിപ്പിക്കുന്നു. നേരെമറിച്ച്, ക്രി. മു. 4-ാം നൂറ്റാണ്ടിലെ വൈയാകരണനായ കാത്യായനനാകട്ടെ കൂറെക്കൂടി തെക്കുള്ള രാജ്യങ്ങളെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ടുതാനും. ക്രി. മു. 6-ാം നൂറ്റാണ്ടിനപ്പുറത്താകണം തെക്കേ ഇന്ത്യയിലേക്കുള്ള ആര്യൻമാരുടെ അധിനിവേശം ആരംഭിച്ചത്”. [12]
എന്നാൽ മൗര്യവംശത്തിന്റെ ആവിർഭാവത്തിനുമുമ്പ് ആര്യൻമാർ തെക്കേ ഇന്ത്യയിൽ കുടിയേറിപ്പാർത്തിരുന്നുവെന്നതിനു ചരിത്രപരമായ യാതൊരു തെളിവുമില്ല. വടക്കേ ഇന്ത്യയിൽതന്നെ മേച്ചിൽസ്ഥലങ്ങളും ഫലപുഷ്ടിയുള്ള കൃഷിസ്ഥലങ്ങളും ധാരാളമുണ്ടായിരുന്നതുകൊണ്ട് ഉപജീവനമാർഗ്ഗമന്വേഷിച്ച് ദക്ഷിണേന്ത്യയിലേക്കിറങ്ങിവരേണ്ട യാതൊരാവശ്യവും അവർക്കുണ്ടായിരുന്നില്ലതാനും.
ക്രി.മു. ഏഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും വടക്കേ ഇന്ത്യയിൽ അംഗ, മഗധ, കാശി, കോസല, ചേതി, കുരു, പാഞ്ചാല, അവന്ധി, ഗാന്ധാര എന്നിങ്ങനെ ഒട്ടനവധി ചെറിയ ചെറിയ രാജ്യങ്ങൾ ആവിർഭവിച്ചു കഴിഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് ഉത്തരേന്ത്യയിൽ ബ്രാഹ്മണമേധാവിത്വവും ചാതുർവർണ്യമെന്ന പേരിലറിയപ്പെടുന്ന അടിമത്ത വ്യവസ്ഥയും ശക്തിപ്പെടാൻ തുടങ്ങിയത്.
സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് ചാതുർവ്വർണ്യം ആവശ്യമായിരുന്നു. ചാതുർവ്വർണ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാചീന ഭാരതത്തിൽ ഉല്പാദനശക്തികൾ വളരാനും കൃഷിയും കൈത്തൊഴിലും മറ്റും അഭിവൃദ്ധിപ്പെടാനും തുടങ്ങിയത്. എന്നാൽ, അതോടൊപ്പം തന്നെ പുരോഹിതവൃത്തിയിലേർപ്പെട്ട് ആത്മീയവും മതപരവുമായ നേതൃത്വം നല്കിക്കൊണ്ടും യാഗങ്ങൾ മുതലായ ചടങ്ങുകൾ വഴിയായി പിടിപ്പതു സ്വത്തുക്കൾ സമ്പാദിച്ചുകൊണ്ടും ചാതുർവ്വർണ്യത്തിന്റെ തലപ്പത്തിരുന്നു ആ കാലഘട്ടത്തിലെ ഏറ്റവും വലിയ സ്ഥാപിത താല്പര്യങ്ങളായി മാറി.
എന്നാൽ, ക്രമേണ ചെറിയ ചെറിയ രാജ്യങ്ങളുടെ ഒറ്റതിരിഞ്ഞുള്ള നിലനിൽപ്പ് കൃഷിയുടെയും കൈവേലകളുടെയും കച്ചവടത്തിന്റെയും മറ്റും അഭിവൃദ്ധിക്ക് തടസമായിത്തീർന്നു. ഈ അഭിവൃദ്ധിയാകട്ടെ ബ്രാഹ്മണപൗരോഹിത്യത്തിന്റെ തൽപ്പര്യങ്ങൾക്കെതിരുമായിരുന്നു. അതുകൊണ്ട് ബ്രാഹ്മണമേധാവിത്വത്തിനെതിരായ സമരങ്ങൾ ചരിത്രത്തിന്റെ ഒരാവശ്യമായി മാറി. ആശയപരമായി ബ്രാഹ്മണമതത്തെ എതിർത്തുകൊണ്ടുയർന്നുവന്ന ജൈന ബുദ്ധമതങ്ങളും, രാഷ്ട്രീയമായി, ചെറിയ ചെറിയ രാജ്യങ്ങളെയെല്ലാം വെട്ടിപ്പിടിച്ച് വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത മൗര്യ ചക്രവർത്തിമാരുമാണ് വടക്കേ ഇന്ത്യയിൽ അക്കാലത്ത് ചരിത്രത്തിന്റെ ഈ ആവശ്യം നിർവ്വഹിച്ചത്.
ക്രി. മു. നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ചന്ദ്രഗുപ്തന്റെ നേതൃത്വത്തിൽ മൗര്യവംശത്തിന്റെ ഭരണമാരംഭിച്ചത്. ചന്ദ്രഗുപ്തന്റെ പുത്രനായ അശോകന്റെ കാലത്ത് (ക്രി.മു. 273–232) മൗര്യഭരണം പടിഞ്ഞാറ് കത്തിയാവാർവരേയും കിഴക്ക് കലിംഗവരേയും വ്യാപിച്ചു. വടക്കേ ഇന്ത്യ, മുഴുവനും മാത്രമല്ല, ആന്ധ്രയും ഇന്നത്തെ മൈസൂറിന്റെ വടക്കൻ ഭാഗങ്ങളുമുൾപ്പെടെ തെക്കെ ഇൻഡ്യയിലെ വിപുലമായ പല പ്രദേശങ്ങളും മൗര്യസാമ്രാജ്യത്തിന്റെ അധീനത്തിലായിത്തീർന്നു. പക്ഷേ, തെക്കെ അറ്റത്തു കിടക്കുന്ന കേരള ചോളപാണ്ഡ്യരാജ്യങ്ങൾ മൗര്യസാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നില്ല. അവ മൗര്യസാമ്രാജ്യത്തിന്റെ അയൽരാജ്യങ്ങൾ മാത്രമായിരുന്നു. അശോകചക്രവർത്തിയുടേതന്നെ ശിലാശാസനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, ഗിർനാറിലെ ഒരു ശിലാശാസനത്തിൽ പറയുന്നത് നോക്കുക.
കേരളീയരും, ചോഴൻമാർ, പാണ്ഡ്യൻമാർ മുതലായ മറ്റു ദ്രാവിഡ ജനവിഭാഗങ്ങളും അശോകചക്രവർത്തിയുടെ ഭരണത്തിൻകീഴിലായിരുന്നില്ലെന്നാണല്ലോ ഇതു കാണിക്കുന്നത്. അതേസമയത്തു തന്നെ ഈ ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്ക് മൗര്യസാമ്രാജ്യവുമായി ഉറ്റ സമ്പർക്കങ്ങളും സൗഹാർദ്ദബന്ധങ്ങളുമുണ്ടായിരുന്നു. മതം പ്രചരിപ്പിക്കാനും വ്യാപാരങ്ങൾ പുഷ്ടിപ്പെടുത്താനും, വിദ്യാഭ്യാസം, ആരോഗ്യം മുതലായ കാര്യങ്ങളിൽ നാട്ടുകാരെ സഹായിക്കാനും വേണ്ടി അശോകചക്രവർത്തിയുടെ മിഷനറിമാർ കേരളത്തിൽ വരികയുണ്ടായി. ഈ കാലത്തായിരിക്കണം (അതായത് ക്രി.മു. 3-ാം നൂറ്റാണ്ടിൽ) ആര്യൻമാർ ആദ്യമായി കേരളക്കരയിൽ വന്നു പാർക്കാൻ തുടങ്ങിയത്. പക്ഷേ, ആ ആര്യൻമാർ ഭൂരിപക്ഷവും ബ്രാഹ്മണൻമാരായിരുന്നില്ല. ബൗദ്ധരും ജൈനരുമായിരുന്നു.
ക്രി.മു. 3-ാം നൂറ്റാണ്ടോടുകൂടി തെക്കേ ഇന്ത്യയിൽ ആര്യ ബ്രാഹ്മണരുടെ സംഘടിതമായ അധിനിവേശം ഉണ്ടായി എന്നും അവർ ഭരണാധികാരികളായ രാജാക്കൻമാരുടെ പിന്തുണ നേടിക്കൊണ്ട് ഉയർന്ന പുരോഹിതൻമാരും രാജാക്കൻമാരുടെ ആചാര്യൻമാരും രാജസദസ്സുകളിലെ അഗ്രഗണ്യൻമാരുമായിത്തീർന്നുവെന്നും കെ.പി.പിള്ള പ്രസ്താവിക്കുന്നു. [14] എന്നാൽ ബുദ്ധമതത്തിന് പ്രാബല്യമുണ്ടായിരുന്ന ഒരു ഘട്ടത്തിൽ അതിന്റെ ശത്രുക്കളായ ബ്രാഹ്മണർക്ക് ഇത്ര വലിയ സ്ഥാനങ്ങൾ നേടാൻ കഴിഞ്ഞതെങ്ങനെ എന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. ഏതായാലും ചരിത്രപരമായ തെളിവുകൾ അദ്ദേഹത്തിന്റെ അഭിപ്രായത്തെ ന്യായീകരിക്കുന്നില്ല. ഉത്തരേന്ത്യയിലെ ബ്രാഹ്മണ പുരോഹിതൻമാർ പ്രാചീന ചേരചോഴപാണ്ഡ്യ രാജാക്കൻമാരുടെ ആചാര്യൻമാരും രാജസദസ്സുകളിലെ അഗ്രഗണ്യന്മാരുമായിത്തീർന്നുവെന്നതിന്റെ സൂചനകൾ സംഘം കൃതികളിലോ മറ്റു പ്രാചീന രേഖകളിലോ കണ്ടെത്താൻ കഴിയില്ല. നേരെമറിച്ച്, പ്രാചീന കേരളീയർ ഉത്തരേന്ത്യയിലെ ആര്യൻമാരുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമൂഹ്യജീവിതമാണ് നയിച്ചിരുന്നത് എന്നാണ് അവ വ്യക്തമാക്കുന്നത്. സംഘംകൃതികളിൽ പ്രത്യേകിച്ചും ആദ്യകാല സംഘം കൃതികളിൽ ആര്യസമ്പർക്കത്തിന്റെ സൂചനകൾ വളരെ വിരളമാണ്. പക്ഷേ, ബുദ്ധമതത്തിന്റെ സ്വാധീനശക്തിയിൽ നിന്ന് ഏറെക്കാലം ഒഴിഞ്ഞുമാറി നിൽക്കുക ദക്ഷിണേന്ത്യാക്കാർക്ക് സാദ്ധ്യമായിരുന്നില്ല. ചിലപ്പതികാരം, മണിമേഖല തുടങ്ങിയ പ്രാചീന തമിഴ് കാവ്യങ്ങളിൽ ബുദ്ധജൈനമതങ്ങളുടെ സ്വാധീനം കാണാം. ഈ സ്വാധീനം ക്രിസ്ത്വാബ്ദം അഞ്ചാംനൂറ്റാണ്ടുവരെയോ ആറാം നൂറ്റാണ്ടുവരെയോ വളരെ പ്രബലമായും നിർബാധമായും നിലനിന്നുപോന്നിട്ടുണ്ടെന്ന് കരുതാൻ ന്യായമുണ്ട്. ആര്യബ്രാഹ്മണരും കുറേപേർ വന്നിട്ടുണ്ടാവാം. പക്ഷേ, ബുദ്ധജൈനമതങ്ങൾ ക്ഷയിക്കാൻ തുടങ്ങുന്നതുവരെ അവർക്ക് കേരളക്കരയിൽ പറയത്തക്ക സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തിവിഭജനമോ ജാതിവിഭജനമോ അല്ല കേരളത്തിലുണ്ടായിരുന്നത്. ‘നമ്പൂതിരി’, ‘നായർ’ എന്നീ പദങ്ങൾപോലും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നില്ല. ക്രിസ്ത്വാബ്ദം 8-ാം നൂറ്റാണ്ടിനുശേഷം മാത്രമാണ് നമ്പൂതിരിമാർ കേരളത്തിൽ കുറേശേക്കുറേശയായി ആധിപത്യം നേടാൻ തുടങ്ങിയത്. അതേപ്പറ്റി നമുക്ക് പിന്നീട് പരിശോധിക്കാം. പ്രാചീനകാലം മുതൽക്കുതന്നെ കേരളത്തിൽ ആര്യബ്രാഹ്മണർക്കും ഹിന്ദുമതത്തിനും സ്ഥാനമുണ്ടായിരുന്നു എന്നും മറ്റുമുള്ള വാദങ്ങൾ ശരിയായിരിക്കാനിടയില്ലെന്നും, വടക്കേ ഇന്ത്യയിലെ ആര്യൻമാരുടേതിൽ നിന്നും വിഭിന്നമായ ഒരു സംസ്ക്കാരവും ജീവിതരീതിയും രാഷ്ട്രീയ ഭരണക്രമവുമാണ് തെക്കെ ഇന്ത്യയിൽ തഴച്ചുവളർന്നത് എന്നും കാണിക്കാനാണ് ഇവിടെ ഇത്രയും പറഞ്ഞുവച്ചത്.
പക്ഷേ, ഇതിന്റെ അർത്ഥം കേരളവും മറ്റു ദക്ഷിണേന്ത്യൻ രാജ്യങ്ങളും അന്യനാടുകളുമായി യാതൊരുബന്ധവുമില്ലാതെ ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു എന്നല്ല. അതിപ്രാചീനകാലം മുതൽക്കുതന്നെ ഇന്ത്യയിലെ മറ്റുരാജ്യങ്ങളുമായും പാശ്ചാത്യരാജ്യങ്ങളുമായും കേരളത്തിന് വ്യാപാരബന്ധങ്ങളുമുണ്ടായിരുന്നുവെന്നും സഹസ്രാബ്ദങ്ങൾക്കുമുമ്പുതന്നെ കേരളീയ നാവികകലയിൽ പ്രശസ്തമായ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞിരുന്നുവെന്നും അനുമാനിക്കാൻ ന്യായമുണ്ട്. ക്രി.മു. 10-ാം നൂറ്റാണ്ടിൽ ഭരണം നടത്തിയിരുന്ന സോളമൻ ചക്രവർത്തിയുടെ കാലത്ത് കേരളവും പാലസ്തീനും തമ്മിൽ വാണിജ്യബന്ധങ്ങളുണ്ടായിരുന്നുവെന്നും, അതിനുമെത്രയോ മുമ്പ് പ്രാചീന ജൂതൻമാരുടെ മതച്ചടങ്ങുകളിൽ വലിയൊരു പങ്കുവഹിച്ചിരുന്ന ലവങ്ഗവും കറുവപ്പട്ടയും മറ്റും കേരളത്തിൽ നിന്ന് കയറ്റി അയയ്ക്കപ്പെട്ടവയായിരുന്നെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. [15] ക്രി.മു. 3000ത്തിനും 1500 നുമിടയ്ക്ക് കേരളത്തിൽ നിന്ന് ഈജിപ്തിലേക്ക് കരിന്താളിത്തടികളും ധാന്യങ്ങളും ആനക്കൊമ്പുകൊണ്ടുള്ള പലതരം സാമഗ്രികളും കയറ്റി അയച്ചിരുന്നുവെന്ന് പി.ടി. ശ്രീനിവാസയ്യങ്കർ പ്രസ്താവിക്കുന്നു. [16] ക്രിസ്ത്വാബ്ദത്തിന് മൂവായിരം കൊല്ലങ്ങൾക്ക് മുമ്പ്, ഐക്യബാബിലോണിയയിൽ ഉർബഗാസ് എന്ന രാജാവ് ഭരണം നടത്തിക്കൊണ്ടിരുന്ന കാലത്ത് ഇന്ത്യയും ബാബിലോണിയയും തമ്മിൽ കച്ചവടബന്ധങ്ങളുണ്ടായിരുന്നുവെന്നും ഔർനഗരത്തിന്റെ പ്രാചീനാവശിഷ്ടങ്ങളുടെ കൂടെ തേക്കിൻതടികൊണ്ട് നിർമ്മിക്കപ്പെടുന്ന ചില വസ്തുക്കൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളത് ഇതിന് തെളിവാണെന്നുംപ്രൊഫസർ സെയ്സ് ചൂണ്ടിക്കാട്ടുന്നു. [17] തേക്കിൻതടികൾ മലബാർ തീരത്തുനിന്ന് കയറ്റി അയയ്ക്കപ്പെട്ടവയായിരിക്കാനെ ഇടയുള്ളു എന്ന് ഹെവിറ്റ് വാദിക്കുന്നു. മോഹൻജദാരോവിൽ നിന്നും ഹരപ്പയിൽ നിന്നും കണ്ടുകിട്ടിയിട്ടുള്ള ചില തെളിവുകളെ ആധാരമാക്കിക്കൊണ്ട് ക്രിസ്ത്വാബ്ദത്തിന് മൂവായിരം കൊല്ലങ്ങൾക്കു മുമ്പുതന്നെ വടക്കേ ഇന്ത്യയിലെ സിന്ധുതടനിവാസികളും തെക്കേ ഇന്ത്യയിലെ ജനങ്ങൾ തമ്മിൽ വ്യാപാരമുണ്ടായിരുന്നുവെന്ന് ഗോർഡൻചൈൽഡ് പ്രസ്താവിക്കുന്നു. [18]
പ്രഗത്ഭരായ ഈ ഗവേഷകൻമാർ ഹാജരാക്കുന്ന തെളിവുകൾ നിസ്സാരങ്ങളല്ല. എന്നിരിക്കിലും അവരുടെ നിഗമനങ്ങളെല്ലാം ചരിത്രപരമായി തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നവയാണെന്ന് പറയാൻവയ്യ. അവയിൽ അനുമാനത്തിന്റെയും അഭ്യൂഹത്തിന്റെയും അംശങ്ങൾ കൂടിക്കലർന്നു കിടക്കുന്നുണ്ടെന്നു കാണാം. ഉദാഹരണത്തിന്, ഏതെങ്കിലും ഒരു വിദേശരാജ്യത്തിലെ പുരാവസ്തു ഗവേഷണത്തിനിടയിൽ കണ്ടെടുക്കപ്പെട്ട തേക്കിൻതടികളോ ആനക്കൊമ്പുകളോ കേരളക്കരയിൽ നിന്ന് കയറ്റി അയയ്ക്കപ്പെട്ടവയാണെന്ന് ഉറപ്പിച്ചുപറയുന്നതെങ്ങനെയാണ്? സിന്ധുനദീതട നിവാസികൾക്ക് മെസപ്പെട്ടോമിയയുമായും ദക്ഷിണേന്ത്യയുമായും വ്യാപാരബന്ധങ്ങളുണ്ടായിരുന്നുവെന്ന് മിക്കവാറും തെളിഞ്ഞുകഴിഞ്ഞിട്ടുണ്ടെന്നുള്ളത് ശരിതന്നെ. പക്ഷെ, കേരളവും മോഹൻജദാരോവും തമ്മിൽ കൊള്ളകൊടുക്കുകളുണ്ടായിരുന്നു എന്ന് അനിഷേധ്യമാംവിധം തെളിഞ്ഞുകഴിഞ്ഞിട്ടില്ല.
എന്നാൽ ക്രിസ്തുവിന് അഞ്ചോ ആറോ നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളം മറ്റു ദേശങ്ങളുമായി വ്യാപാരബന്ധം പുലർത്തിയിരുന്നുവെന്ന് നിസംശയമാംവിധം തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള പ്രാചീന നാണയങ്ങൾ ഇരുളടഞ്ഞു കിടക്കുന്ന ആ പ്രാചീനചരിത്രത്തിലേക്ക് ധാരാളം വെളിച്ചം വീശുന്നവയാണ്. തൃശ്ശൂർ ജില്ലയിലെ ഇയ്യാൽ എന്ന സ്ഥലത്തുനിന്ന് കിട്ടിയ 33 പ്രാചീനനാണ്യങ്ങളിൽ, മൗര്യകാലത്തിനുമുമ്പുണ്ടായിരുന്ന 10 നാണ്യങ്ങളും, മൗര്യകാലത്തെ 14 നാണ്യങ്ങളും ഉൾപ്പെടുന്നു. [19] കോട്ടയം മുതലായ മറ്റു ചില സ്ഥലങ്ങളിൽ നിന്നും ഇത്തരം നാണ്യങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. കേരളവും ഉത്തരേന്ത്യൻ രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന പ്രാചീനബന്ധങ്ങളുടെ മായാത്ത കണ്ണികളാണിവ.
എന്നാൽ ഉത്തരേന്ത്യൻ രാജ്യങ്ങളുമായി മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളുമായും കേരളത്തിനു വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. കോഴിക്കോട്, കണ്ണൂർ, കോട്ടയം തുടങ്ങിയ, പല സ്ഥലങ്ങളിൽ നിന്നും ഒട്ടധികം പഴയ റോമൻനാണ്യങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കൂടുതലായി ലഭിച്ചിട്ടുള്ളത് ക്രി.മു. 27 മുതൽ ക്രി.പി. 117 വരെയുള്ള കാലത്തെ നാണ്യങ്ങളാണ്. തിരുവനന്തപുരത്ത് മഹാരാജാവിന്റെ കൊട്ടാരത്തിൽ സൂക്ഷിച്ചുവെയ്ക്കപ്പെട്ട റോമൻനാണ്യങ്ങളിൽ അഗസ്തസിന്റെ 9 നാണ്യങ്ങളും ടിബൈരീയസിന്റെ 28 നാണ്യങ്ങളും ക്ലോസിയസിന്റെ 16 നാണ്യങ്ങളും നീരോലിന്റെ 16 നാണ്യങ്ങളും ഉൾപ്പെടുന്നുവെന്ന് നാഗമയ്യ ചൂണ്ടിക്കാട്ടുന്നു. [20] മലബാർ കരയിൽ നിന്നു ലഭിച്ച മുപ്പതുതരം റോമൻ നാണ്യങ്ങളിൽ ഏറ്റവും പഴക്കം ചെന്നവ അഗസ്തസ് ചക്രവർത്തിയുടെ നാണ്യങ്ങളാണെന്ന് ബിഷപ്പ് കാൾഡ് വെൽ വെളിപ്പെടുത്തുകയുണ്ടായി. [21]
നാണ്യങ്ങൾക്കു പുറമെ ഇറ്റലിയിൽ നിർമ്മിക്കപ്പെട്ട ചില പഴയ പാത്രങ്ങളും കൂജകളും പിഞ്ഞാണങ്ങളും മറ്റും കണ്ടുകിട്ടിയിട്ടുണ്ട്. മദിരാശിയിലേയും തിരുവനന്തപുരത്തേയും കാഴ്ചബംഗ്ലാവുകളിൽ സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടുള്ള ഈ പുരാതനവസ്തുക്കൾ, ചുരുങ്ങിയത് രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പുമുതൽക്കെങ്കിലും കേരളത്തിന് റോമാസാമ്രാജ്യവുമായി വാണ്യജ്യബന്ധങ്ങളുണ്ടായിരുന്നു എന്നതിന്റെ തെളിവുകളാണ്. പ്ലീനി, ടോളമി, തുടങ്ങിയ പാശ്ചാത്യലേഖകൻമാരുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഗ്രന്ഥങ്ങളും സംഘംകൃതികളിലെ പഴയ പാട്ടുകളും മറ്റും ഈ തെളിവുകളെ ശരിവയ്ക്കുകയും ചെയ്യുന്നു. പ്രാചീനകേരളീയരുടെ ആ സുദൃഢമായ വൈദേശികബന്ധത്തിന്റെ വിവിധവശങ്ങളെപ്പറ്റി മറ്റൊരദ്ധ്യായത്തിൽ നമുക്ക് പരിശോധിക്കാം. ക്രിസ്തുവിനുമുമ്പും ക്രിസ്തുവിനുശേഷമുള്ള ആദ്യനൂറ്റാണ്ടുകളിൽത്തന്നെ കേരളത്തിന്റെ സംസ്കാരം എത്രമാത്രം വളർന്നുകഴിഞ്ഞുവെന്നും കേരളത്തിലെ കാർഷികവിളകളും മറ്റുൽപ്പന്നങ്ങളും വിദൂരങ്ങളായ വിദേശങ്ങളിൽപ്പോലും എത്രമാത്രം പ്രശസ്തിയാർജ്ജിച്ചിരുന്നുവെന്നും അപ്പോൾ നമുക്കു മനസ്സിലാവും.
അന്യനാടുകളുമായുള്ള വാണിജ്യബന്ധങ്ങൾ പരിഷ്കൃതമായ ഒരു നാഗരിക ജീവിത്തെയാണല്ലോ പ്രതിഫലിപ്പിക്കുന്നത്. എന്നാൽ, ഈ പരിഷ്കൃതജീവിതം പെട്ടെന്നൊരു ദിവസം കൊണ്ട് പൊന്തിവന്നതാവാനിടയില്ല. വ്യാപാരബന്ധങ്ങളാവിർഭവിക്കണമെങ്കിൽ അതിനു മുമ്പായി കൃഷിയും കൊത്തൊഴിലുകളും സാമൂഹ്യജീവിതവും ഒരു നിശ്ചിതാതിർത്തിവരെ വളർന്നിട്ടുണ്ടായിരിക്കണം. കൃഷിയും കൈത്തൊഴിലുകളുമാകട്ടെ, സഹസ്രാബ്ദങ്ങളായുള്ള മനുഷ്യസമുദായത്തിന്റെ വളർച്ചയുടെ ഫലവുമാണ്.
അപ്പോൾ കേരളത്തിലെ ജനങ്ങളുടെ ചരിത്രമാരംഭിക്കുന്നത് വെറും രണ്ടായിരമോ രണ്ടായിരത്തഞ്ഞൂറോ കൊല്ലങ്ങൾക്കു മുമ്പല്ല; അതിനുമെത്രയോ സഹസ്രാബ്ദങ്ങൾക്ക് മുമ്പാണ്. നമ്മുടെ അതി പ്രാചീനരായ പൂർവ്വികൻമാർ ഏതുതരത്തിലുള്ള ജീവിതമാണ് നയിച്ചിരുന്നത് എന്നു മനസ്സിലാക്കാൻ എന്താണ് മാർഗ്ഗം? സാഹിത്യഗ്രന്ഥങ്ങളോ ശിലാശാസനങ്ങളോ സാഹസികരായ വിദേശികളുടെ യാത്രാവിവരണങ്ങളോ ഒന്നുമില്ല നമ്മെ സഹായിക്കാൻ. എന്തെന്നാൽ, എഴുത്തും വായനയും മറ്റുമാരംഭിക്കുന്നതിനു മുമ്പുള്ള ഒരു കാലഘട്ടമാണത്. പിന്നെയെന്താണ് വഴി? ഇരുളടഞ്ഞുകിടക്കുന്ന ആ ചരിത്രാതീതകാലത്തേയ്ക്കെത്തി നോക്കണമെങ്കിൽ ഒരൊറ്റവഴിയേയുള്ളു; ഭൂഗർഭശാസ്ത്രജ്ഞൻമാരുടേയും പുരാതന വസ്തുഗവേഷകൻമാരുടേയും നരവംശശാസ്ത്രജ്ഞൻമാരുടേയും സഹായം തേടുക. കേരളീയ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തെപ്പറ്റി പഠിക്കാൻ മറ്റു വഴിയൊന്നുമില്ല.
1 കേരളചരിത്രം: കെ. മഹാദേവശാസ്ത്രി പരിശോധിച്ച് തിരുവിതാംകൂർ (കേരള) യൂനിവേഴ്സിറ്റി പ്രസിദ്ധം ചെയ്തത്, പേജ് 1.
2 കേരളോൽപ്പത്തി: ചേലനാട്ട് അച്യുതമേനോൻ പരിശോധിച്ച് മദ്രാസ് യൂനിവർസിറ്റി പ്രസിദ്ധം ചെയ്തത്, പേജ് 9.
3 കേരളോൽപ്പത്തി: പേജ് 16–17.
4 കേരളോൽപ്പത്തി, അവതാരിക, പേജ് XVIII
5 എം. ആർ. ബാലകൃഷ്ണവാര്യർ: പ്രാചീനകേരളം, പേജ് 26–28
6 ശൂരനാട് കുഞ്ഞൻപിള്ള: പ്രാചീന കേരളം, പേജ് 2, 3.
7 K. P. Padmanabha Menon: History of Kerala Vol: 1 P. 22.
8 ഉള്ളൂർ: കേരള സാഹിത്യചരിത്രം, ഒന്നാംവാള ്യം, പേജ് 34
9 ഉള്ളൂർ: കേരളസാഹിത്യചരിത്രം, ഒന്നാംവാള ്യം, പേജ് 36.
10
തതസ്സമുദ്രതീരേണ വംഗാൻ പുൺഡ്രാൻ സകേരളാൻ
തത്ര തത്ര ച ഭൂരീണി മ്ലേച് ഛസൈന്യാന്യനേകശഃ
— (അശ്വമേധപർവ്വം, അധ്യായം 83)
പാണ്ഡവായ ദദൌ പാണ്ഡ്യശ്ശംഖാംസ്താവത ഏവച
ചന്ദനാഗൂരുചാനന്തം മുക്താ വൈഡൂര്യചിത്രിതാഃ
ചോളശ്ചകേരളശ്ചോഭൌ ദദതുഃ പാണ്ഡവായവൈ.
— (സഭാപർവ്വം, അധ്യായം 78)
11
നദീ ഗോദാവരിചൈവ സർവ്വമേവാനുപശ്ചത,
തഥൈവാന്ധ്രാശ്ച പുൺഡ്രാംശ്ച
ചോലാൻ പാണ്ഡ്യാശ്ച കേരളാൻ.
— (സർഗ്ഗം 41, ശ്ലോകം 12)
12 കെ. കെ. പിള്ള: ദക്ഷിണ ഇന്ത്യാചരിത്രം, പേജ് 48–49.
13 Dr. D. C. Sirkar: Inscriptions of Asoka P. 40.
14 കെ. പി. പിള്ള ദക്ഷിണ ഇന്ത്യാ ചരിത്രം, പേജ് 51, 52.
15 William Logon: Malabar Vo1. I. P. 245
16 P. T. Sreenivas Iyengar, History of the Tamils.
17 Sayee: Hilbert Lectures. 1887, PP. 137–38.
18 Childe: New Light on the most Ancient, East, PP. 176–77.
19 P. Anujan Achan: Administration Report of the Archeological Department, Cochin state 123 ME (1947–48).
20 V. Nagam Aiya: The Travancore State manual (1906), P. 231.
21 Ibid P. 231.