അദ്ധ്യായം 4
പുരോഗമന സാഹിത്യം എന്ത്? എന്തിന്?
1929–33ലെ ലോകസാമ്പത്തിക കുഴപ്പത്തിനുശേഷം — കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ, എല്ലാ സാംസ്കാരിക മൂല്യങ്ങൾക്കുമെതിരായ ഫാസിസ്റ്റ്, സ്വേച്ഛാധിപത്യത്തിന്റെ പടപ്പുറപ്പാടിനുശേഷം — വിശ്വസാഹിത്യത്തിലാവിർഭവിച്ച ഒരു പുതിയ പ്രസ്ഥാനമാണ് പുരോഗമന സാഹിത്യം. 1934-ൽ റോമിളോത്ത്, ഹെൻറി ബാർബൂസ്സേ, ലൂയി ആരഗൻ തുടങ്ങിയ വിശ്വസാഹിത്യകാരൻമാരുടെ നേതൃത്വത്തിൽ പാരീസ്സിൽ വച്ചു നടന്ന സാഹിത്യസമ്മേളനമാണ് ഈ പുതിയ പ്രസ്ഥാനത്തിനടിത്തറയിട്ടത്. ആ സമ്മേളനത്തിൽ പങ്കെടുത്ത സജ്ജാദ്സഹീറിന്റെയും സാമ്രാജ്യവിരോധികളായ മറ്റു ചില ഇന്ത്യൻ സാഹിത്യകാരൻമാരുടെയും പരിശ്രമഫലമായി 1935-ൽ ലക്നൗയിൽ വച്ചു ഹിന്ദി സാഹിത്യസാമ്രാട്ടായിരുന്ന ശ്രീ. പ്രേംചന്ദിന്റെ അദ്ധ്യക്ഷതയിൽ ഒരു അഖിലേന്ത്യാ പുരോഗമന സാഹിത്യസമ്മേളനം ചേർന്നു. ആ സമ്മേളനത്തിൽ നിന്നുടലെടുത്ത അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെ കേരളശാഖ 1937-ൽ ജീവൽസാഹിത്യസംഘമെന്ന പേരിൽ ജന്മമെടുത്തു. 1942 നുശേഷം അത് പുരോഗമന സാഹിത്യ സംഘമെന്ന പേരിലാണറിയപ്പെടുന്നത്.
4.1ആധുനിക കാലഘട്ടത്തിലെ പുതിയ സാഹിത്യ പ്രസ്ഥാനം

വ്യക്തമായ ചില സാമൂഹ്യാവശ്യങ്ങളെ നിർവഹിയ്ക്കാൻ വേണ്ടിയാണ് പുരോഗമന സാഹിത്യപ്രസ്ഥാനം ആവിർഭവിച്ചത്. സാമൂഹ്യപുരോഗതിയ്ക്കുവേണ്ടി ബോധപൂർവ്വം സാഹിത്യരചന നടത്തുന്നവരുടെ പ്രസ്ഥാനമാണത്.

1929–33 ലെ സാമ്പത്തികക്കുഴപ്പവും അതിനെ തുടർന്ന് സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലുണ്ടായ സംഭവിവകാസങ്ങളും മനുഷ്യന്റെ ഭൗതികജീവിതത്തിലെന്നപോലെ മാനസിക മണ്ഡലത്തിലും ചില വമ്പിച്ച പരിവർത്തനങ്ങളുണ്ടാക്കി. സാമൂഹ്യജീവിതത്തിലെ സംഘട്ടനങ്ങൾ മാനസികമണ്ഡലത്തിലും പ്രതിഫലിച്ചു. ഒരു ഭാഗത്ത്, കാലഹരണം വന്ന സാമ്രാജ്യത്വശക്തികളുടെ ചൂഷണത്തേയും യുദ്ധപരിശ്രമങ്ങളേയും ന്യായീകരിക്കാനും നിലനിർത്താനും വേണ്ടിയുള്ള അധഃപതനോന്മുഖമായ സാഹിത്യസാംസ്കാരികപ്രവർത്തനങ്ങൾ; മറുഭാഗത്ത്, ജനങ്ങളുടെ ഭാഗത്തുറച്ചുനിന്നുകൊണ്ടു സാംസ്കാരിക മൂല്യങ്ങൾക്കു നേർക്കുള്ള ആക്രമണങ്ങളെ തടയുവാനും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ശക്തികളെ വളർത്താനും വേണ്ടിയുള്ള പുതിയ സാഹിത്യ സാംസ്കാരിക പ്രയത്നങ്ങൾ, രണ്ടാമത്തേതിന്റെ പ്രതിനിധികളായിട്ടാണ് പുരോഗമന സാഹിത്യകാരൻമാർ തൂവലെടുത്തത്.

ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയെ അടിമയാക്കിവച്ചുകൊണ്ടിരുന്ന അക്കാലത്ത് സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ ഭാരതീയ സമുദായത്തിന്റെ വികാസത്തിനും വളർച്ചയ്ക്കും നാനാപ്രകാരേണയും തടസ്സമായി നിന്നു. ഈ ചങ്ങലക്കെട്ടുകൾക്ക് ഉന്മൂലനം വരുത്താൻ ജനസാമാന്യത്തിന് പ്രചോദനം നൽകുന്ന സാഹിത്യസൃഷ്ടികൾ നടത്തുന്നതിന് അന്ന് പുരോഗമന സാഹിത്യപ്രസ്ഥാനം ആഹ്വാനം ചെയ്തു. ഒന്നാം പുരോഗമന സാഹിത്യ സമ്മേളനം പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രഖ്യാപനമെന്ന നിലയിൽ ഒരു ചെറിയ വിജ്ഞാപനം അംഗീകരിച്ചിരുന്നു. പുരോഗമന സാഹിത്യകാരൻമാർ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ സമരത്തെ സഹായിക്കത്തക്കവണ്ണം സാഹിത്യരചന നടത്തണമെന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. കേരളത്തിലെ ജീവൽസാഹിത്യപ്രസ്ഥാനവും ഇതേ ലക്ഷ്യം തന്നെ സ്വീകരിച്ചു.

ചുരുക്കിപ്പറഞ്ഞാൽ ചരിത്രപരമായ ചില സാമൂഹ്യാവശ്യങ്ങൾ നിർവ്വഹിയ്ക്കാൻ വേണ്ടിയാണ്, സാംസ്കാരികമായ ചില പുതിയ കടമകൾ ചെയ്തുതീർക്കാൻ വേണ്ടിയാണ്, പുരോഗമന സാഹിത്യ പ്രസ്ഥാനം ജന്മമെടുത്തത്.

4.2വിശ്വസാഹിത്യത്തിൽ പ്രസ്ഥാനങ്ങളുടെ പങ്ക്

പ്രസ്ഥാനങ്ങളുടെ ഫലമായിട്ടല്ല ഉത്തമസാഹിത്യകൃതികൾ രചിയ്ക്കപ്പെടുന്നതെന്നും അതുകൊണ്ട് ഇത്തരമൊരു പ്രസ്ഥാനത്തിന്റെ ആവശ്യമില്ലെന്നും ആശയക്കുഴപ്പമുണ്ടാക്കാൻ മാത്രമേ അതു സഹായിക്കുകയുള്ളുവെന്നും ചിലർ വാദിയ്ക്കുന്നുണ്ട്. ചരിത്രത്തിന്റെ നേർക്ക് കണ്ണടയ്ക്കുകയാണവർ ചെയ്യുന്നത്. എന്തെന്നാൽ, ചരിത്രത്തിന്റെ വിവിധഘട്ടങ്ങളിലായി സാമൂഹ്യജീവിതത്തിലുണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് പല പ്രസ്ഥാനങ്ങളും സാഹിത്യത്തിലുണ്ടായിട്ടുണ്ട്. സാമൂഹ്യജീവിതമെന്ന പോലെതന്നെ സാഹിത്യവും സംഘടനയിലൂടെയാണ് വളർന്നിട്ടുള്ളത്. പുതിയ സാമൂഹികശക്തികൾക്ക് പ്രചോദനം നൽകുന്ന ഓരോ പുതിയ പ്രസ്ഥാനമുണ്ടായപ്പോഴും പഴമയുടെ വൈതാളികൻമാർ വിറളിയെടുത്ത് പ്രതിഷേധങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 14–16 നൂറ്റാണ്ടുകളിൽ ഫാക്ടറികളും വ്യവസായങ്ങളും മുതലാളിത്തപരമായ സാമൂഹ്യബന്ധങ്ങളും ആവിർഭവിച്ച കാലത്ത് നിലവിലുണ്ടായിരുന്ന സ്കോളാസ്ട്ടിക്ക് സാഹിത്യത്തിനെതിരായി ഹ്യൂമനിസ്റ്റ് സാഹിത്യം എന്ന പേരിലറിയപ്പെടുന്ന മനുഷ്യസ്നേഹപരമായ ഒരു സാഹിത്യപ്രസ്ഥാനമാവിർഭവിക്കുകയുണ്ടായി. പെട്രേർക്ക്, ബൊക്കാഷിയോ മുതലായ സാഹിത്യകാരൻമാരാണതിനു നേതൃത്വം നൽകിയത്. 17-ാം നൂറ്റാണ്ടിൽ പ്രാമാണിത്യത്തിലിരുന്ന ക്ലാസിക് സാഹിത്യവും 18-ാം നൂറ്റാണ്ടിലാവിർഭവിച്ച റൊമാന്റിക് സാഹിത്യവും അതാതു കാലത്തെ പുതിയ പ്രസ്ഥാനങ്ങളാണ്.

18-ാം നൂറ്റാണ്ടിൽ ഫ്രാൻസിലെ സാമൂഹ്യ–രാഷ്ട്രീയ വിപ്ലവപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് പള്ളിയുടെയും നാടുവാഴിയുടേയും മേധാവിത്വത്തിനെതിരായ പുതിയ സാഹിത്യപ്രസ്ഥാനങ്ങളുയർന്നുവന്നത്. നിലവിലുള്ള ആത്മീയതത്വചിന്തകളെ വെല്ലുവിളിച്ചുകൊണ്ട് വോൾട്ടയർ, ദിദറോ മുതലായ സാഹിത്യനേതാക്കൻമാർ ജനങ്ങളുടെ മുന്നേറ്റത്തെ സാംസ്കാരികരംഗത്തിൽ പ്രതിഫലിപ്പിക്കാൻ തുടങ്ങി. വിക്ടർ യൂഗോ, ഷെല്ലി, ഹെയിൻ തുടങ്ങിയ സാഹിത്യമഹാരഥൻമാരുടെ നേതൃത്വത്തിലുയർന്നുവന്ന റൊമാന്റിക് പ്രസ്ഥാനം പഴയ ക്ലാസ്സിസിസത്തിന്റെ നിയമങ്ങളിൽ നിന്ന്, സ്വതന്ത്രമായ രൂപങ്ങൾക്കു വേണ്ടിയും രാജകീയമേധാവിത്വത്തിനെതിരായ ജനങ്ങളുടെ മുന്നേറ്റത്തെ പ്രതിഫലിപ്പിയ്ക്കുന്ന ഉള്ളടക്കത്തിനുവേണ്ടിയും പോരാടി.

19-ാം നൂറ്റാണ്ടിൽ ജീവിതത്തിന്റെ നല്ല വശങ്ങളെയെന്നപോലെ ചീത്തവശങ്ങളെയും സത്യസന്ധമായും യഥാതഥമായും ചിത്രീകരിക്കണമെന്നാവശ്യപ്പെടുന്ന റിയലിസ്റ്റ് പ്രസ്ഥാനമാവിർഭവിച്ചു. അത് പിന്നീട് നാച്ച ്വറലിസമായി വ്യാഖ്യാനിയ്ക്കപ്പെടാൻ തുടങ്ങി. ചുറ്റുപാടും കണ്ടതിനെ അതേപടി ഫോട്ടോഗ്രാഫിയിലെന്നോണം ചിത്രീകരിയ്ക്കുന്നതിനാണ് നാച്ചുറലിസം എന്നു പറയുന്നത്. അതിനെതിരായിട്ടാണ് ജീവിതയാഥാർത്ഥ്യങ്ങളെ വിമർശനപരമായി വീക്ഷിയ്ക്കണമെന്നാവശ്യപ്പെടുന്ന ക്രിട്ടിക്കൽ റിയലിസം ആവിർഭവിച്ചത്. ജീവിതയാഥാർത്ഥ്യങ്ങളെ ശരിക്കും നോക്കിപ്പഠിച്ചുകൊണ്ട് നിലവിലുള്ള മുതലാളിത്തവ്യവസ്ഥയുടെ കൊള്ളരുതായ്മകളെ സത്യസന്ധമായി തുറന്നുകാണിക്കുന്ന ഒരു സാഹിത്യപ്രസ്ഥാനമാണ് ക്രിട്ടിക്കൽ റിയലിസം. സ്റ്റൻഡൽ, ബാൽസാക്ക്, ഡിക്കെൻസ്, താക്കറെ മുതലായ സാഹിത്യനായകൻമാരായിരുന്നു അതിന്റെ നേതാക്കൻമാർ.

നിലവിലുള്ള സാമൂഹ്യജീവിതത്തിന്റെ വൈകൃതങ്ങളേയും വൈരൂപ്യങ്ങളേയും സത്യസന്ധമായി ചിത്രീകരിക്കാൻ ക്രിട്ടിക്കൽ റിയലിസ്റ്റ് സാഹിത്യകാരൻമാർക്ക് സാധിച്ചു. പക്ഷേ, ആ സാമൂഹ്യവ്യവസ്ഥയെ അതിന്റെ അനിവാര്യമായ നാശത്തിലേക്ക് പിടിച്ചുതള്ളുന്ന നിർണ്ണായക ശക്തികളെപ്പറ്റി അവർക്കു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. തൊഴിലാളി വർഗ്ഗത്തിനു തങ്ങളുടെ സ്വന്തം ശക്തിയെപ്പറ്റി ബോധമുണ്ടായിക്കഴിഞ്ഞിട്ടില്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്.

ഈ ന്യൂനത പരിഹരിച്ചുകൊണ്ടാണ് 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എന്നുവെച്ചാൽ മുതലാളിത്ത വ്യവസ്ഥ നാശോന്മുഖമാവുകയും തൊഴിലാളി വിപ്ലവത്തിന്റെ കാലഘട്ടമാരംഭിക്കുകയും ചെയ്തപ്പോൾ, മാക്സിം ഗോർക്കിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് റിയലിസം എന്ന പുതിയ പ്രസ്ഥാനമാവിർഭവിച്ചത്. സാമൂഹ്യജീവിതം എങ്ങിനെയിരിക്കുന്നു എന്നു മാത്രമല്ല, അതെങ്ങോട്ടു നീങ്ങിക്കൊണ്ടിരിയ്ക്കുന്നു എന്നും ജനങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായി യാഥാർത്ഥ്യങ്ങൾ മാറുന്നതെങ്ങനെയെന്നും പരിശോധിച്ചുകൊണ്ട് ജീവിതത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണത്.

വിശ്വസാഹിത്യത്തിലുണ്ടായ ഈ പ്രസ്ഥാനവിശേഷങ്ങളെല്ലാം മലയാള സാഹിത്യത്തിലും അലയടിച്ചിട്ടുണ്ടെന്നു കാണാം. മലയാളസാഹിത്യം ജനിച്ചതുതന്നെ സംസ്കൃതത്തിന്റെയും തമിഴിന്റെയും പിടിയിൽ നിന്നും മോചനം നേടാനും സ്വന്തം ഭാഷയിൽ സാഹിത്യം നിർമ്മിയ്ക്കാനുള്ള അവകാശം സമ്പാദിക്കാനും വേണ്ടിയുള്ള ഒരു പ്രസ്ഥാനത്തോടുകൂടിയാണ്. മലയാളസാഹിത്യത്തിലുമുണ്ടായിട്ടുണ്ട് റൊമാന്റിക് പ്രസ്ഥാനവും റിയലിസ്റ്റിക് പ്രസ്ഥാനവും. സംസ്കൃതവൃത്തങ്ങൾക്കു പകരം നാടൻ വൃത്തങ്ങളുപയോഗിക്കാനുള്ള പ്രസ്ഥാനമെന്നപോലെ, ദേവീദേവൻമാരുടെയും പ്രകൃതിയുടെയും വർണ്ണനകൾക്കു പകരം സാമൂഹ്യമായ ഉള്ളടക്കങ്ങൾ സ്വീകരിക്കാൻ വേണ്ടിയുള്ള സമരവും മലയാളസാഹിത്യത്തിലുണ്ടായിട്ടുണ്ട്. തൊഴിലാളി-കർഷക പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതോടുകൂടി സാധാരണക്കാരായ തൊഴിലാളികളെയും കൃഷിക്കാരേയും ഹരിജനങ്ങളെയും തോട്ടികളെയും കഥാനായകൻമാരാക്കാനും നിലവിലുള്ള മർദ്ദകവർഗ്ഗക്കാരെ, നശിക്കുന്ന വർഗ്ഗക്കാരായി ചിത്രീകരിക്കാനുമുള്ള പ്രസ്ഥാനവും മലയാളത്തിലുണ്ടായിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, പഴയതും പുതിയതും തമ്മിലുള്ള സംഘട്ടനങ്ങളിലൂടെയാണ്, വിവിധ കാലഘട്ടങ്ങളിലെ സാമൂഹ്യവളർച്ചയെ പ്രതിഫലിപ്പിയ്ക്കുന്ന പലതരം പ്രസ്ഥാനങ്ങളിലൂടെയാണ്, സാഹിത്യം വളർന്നുവന്നിട്ടുള്ളത്. ഉത്തമസാഹിത്യം ഒരിയ്ക്കലും നിഷ്പക്ഷമായിട്ടില്ല; പഴമയും പുതുമയും തമ്മിൽ, തകരുന്ന സാമൂഹ്യശക്തികളും വളരുന്ന സാമൂഹ്യശക്തികളും തമ്മിൽ, നടന്ന സംഘട്ടനങ്ങളിൽ അതെല്ലായ്പ്പോഴും പുതുമയുടെ ഭാഗത്താണ് നിന്നിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് അത് ഉത്തമസാഹിത്യമായി കണക്കാക്കപ്പെടുന്നതും.

4.3ആരെല്ലാമാണ് പുരോഗമന സാഹിത്യകാരൻമാർ

സാമ്രാജ്യത്വശക്തികളെ പ്രതിനിധീകരിയ്ക്കുന്ന പിന്തിരിപ്പൻ സാഹിത്യവുമായി മല്ലിട്ടുകൊണ്ടാണ് പുരോഗമന സാഹിത്യം വളരാൻ തുടങ്ങിയത്. ആത്മനിഷ്ഠമായ ആത്മീയവാദമാണ് ആ പിന്തിരിപ്പൻ സാഹിത്യത്തിന്റെ താത്വികാടിസ്ഥാനം. യാഥാർത്ഥ്യവാദത്തിനെതിരായി, റിയലിസത്തിനും ക്രിട്ടിക്കൽ റിയലിസത്തിനുമെതിരായി, ഫ്യൂച്ചറിസം, സർറിയലിസം, എക്സിസ്റ്റെൻഷിയലിസം, കോസ്മോ പോളിട്ടാനിസം എന്നിങ്ങനെ പല പേരുകളും ധരിച്ചുകൊണ്ട് പിന്തിരിപ്പൻ സാഹിത്യം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനും അവരുടെ മുന്നേറ്റം തടഞ്ഞുനിർത്തുവാനും ശ്രമിക്കുന്നു. നിരാശവാദം, മിസ്റ്റിസിസം, മനുഷ്യൻ നിസ്സഹായനാണെന്നും സ്വന്തം ഭാവി കെട്ടിപ്പടുക്കാൻ കഴിവില്ലാത്തവനാണെന്നുമുള്ള ചിന്താഗതികൾ, അധഃപതനോന്മുഖത, ലൈംഗികാരജകത്വം, യുദ്ധത്തോടും കൂട്ടക്കൊലകളോടുമുള്ള ആദരവ്, സാംസ്കാരികമൂല്യങ്ങളോടുള്ള പുച്ഛം, മനുഷ്യന്റെ നന്മയിലേക്കുള്ള അവിശ്വാസവും തിന്മയിലേക്കുള്ള വിശ്വാസവും, ആദർശങ്ങളോടുള്ള വെറുപ്പ് — ഇതൊക്കെയാണ് പിന്തിരിപ്പൻ സാഹിത്യത്തിന്റെ പ്രധാനമായ പ്രവണതകൾ. കലയ്ക്ക് കലയാവുക എന്നതിൽ കവിഞ്ഞ യാതൊരുദ്ദേശവുമില്ലെന്നും മറ്റുമുള്ള വാദങ്ങളുടെ മറപിടിച്ചുകൊണ്ടാണ് ഇത്തരം പിന്തിരിപ്പൻ പ്രവണതകൾ പ്രചരിപ്പിക്കപ്പെടുന്നത്. ഭൂരിപക്ഷക്കാരായ ജനങ്ങളെ അജ്ഞതയിലും അന്ധവിശ്വാസത്തിലും ആശയക്കുഴപ്പത്തിലും കർമ്മവിമുഖതയിലും ആഴ്ത്തിയിട്ടുകൊണ്ടു നിലവിലുള്ള സ്ഥാപിതതാൽപര്യങ്ങളെ സംരക്ഷിക്കുകയാണവരുടെ ഉദ്ദേശം. ഇത്തരം പിന്തിരിപ്പൻ പ്രവണതകൾക്കെതിരായി, കല കലയ്ക്കുവേണ്ടിയാണെന്നും മറ്റുമുള്ള വാദങ്ങളെ എതിർത്തുകൊണ്ടും സാഹിത്യനിർമ്മാണത്തിനു ബോധപൂർവ്വമായ ഒരുന്നം വേണമെന്നു വാദിച്ചുകൊണ്ടുമാണ് ജീവൽസാഹിത്യ പ്രസ്ഥാനം ജനിക്കുകയും വളരുകയും ചെയ്തിട്ടുള്ളത്.

കേരളത്തിൽ തൊഴിലാളി പ്രസ്ഥാനവും കർഷകപ്രസ്ഥാനവും വളരാൻ തുടങ്ങിയതോടുകൂടി സാർവ്വദേശീയ സോഷ്യലിസത്തിന്റെ സ്വാധീനശക്തിയും മെല്ലെ മെല്ലെ പരന്നുപിടിക്കാൻ തുടങ്ങി. ആ ഘട്ടത്തിലാണ്, സാമ്രാജ്യവിരോധികളും വളർന്നുവരുന്ന ബഹുജനപ്രസ്ഥാനങ്ങളുടെ നേതാക്കൻമാരുമായ ചില ചെറുപ്പക്കാരെ എഴുത്തുകാർ സോഷ്യലിസമെന്ന ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് തൊഴിലാളി–കർഷക പ്രക്ഷോഭങ്ങൾക്ക് പ്രചോദനം നൽകാൻ പറ്റിയ കവിതകളും കഥകളും നാടകങ്ങളുമായി മുന്നോട്ടു വന്നത്. കലാപരമായ വൈദഗ്ദ്യവും പരിപക്വതയും നേടിക്കഴിഞ്ഞവരായിരുന്നില്ല അവരിൽ പലരും. എങ്കിലും അവരുടെ കൃതികളിൽ സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ചില അംശങ്ങൾ അടങ്ങിയിരുന്നു. അവരുടെ നേതൃത്വത്തിലാണ് 1937-ൽ ജീവൽ സാഹിത്യപ്രസ്ഥാനമാരംഭിച്ചത്.

അതേസമയത്തുതന്നെ സോഷ്യലിസവും മാർക്സിസവും സ്വീകരിച്ചില്ലെങ്കിൽക്കൂടി, നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയുടെ ദോഷങ്ങളും വൈകൃതങ്ങളും തുറന്നു കാണിക്കുന്ന എഴുത്തുകാരുടെ എണ്ണവും കൂടിക്കൂടിവന്നു. അയിത്തം, ജാതിമേധാവിത്വം മുതലായവയ്ക്കെതിരായി സാമൂഹ്യ സമത്വത്തിനുവേണ്ടി തൂവലെടുത്ത മറ്റു ചില എഴുത്തുകാരുമുണ്ടായിരുന്നു. അവരുടെ കൃതികൾ പലതിലും ക്രിട്ടിക്കൽ റിയലിസമാണ് അടങ്ങിയിരുന്നത്. ഇതെല്ലാം കൂടിയാണ് പുരോഗമന സാഹിത്യപ്രസ്ഥാനമായി വളർന്നത്.

അപ്പോൾ പുരോഗമന സാഹിത്യം സോഷ്യലിസ്റ്റ് റിയലിസത്തെക്കാൾ വളരെ വിശാലമാണ്, വിപുലമാണ്. സോഷ്യലിസ്റ്റ് റിയലിസം മാത്രമല്ല, ക്രിട്ടിക്കൽ റിയലിസവും അതിലുൾപ്പെടുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മാർക്സിസത്തിൽ വിശ്വസിക്കുന്നവരും, തൊഴിലാളി കർഷകസമരങ്ങളെ വളർത്തി, എല്ലാ മർദ്ദിതജനവിഭാഗങ്ങളേയും തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിലണിനിരത്തി, നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ മാറ്റിമറിച്ച് സോഷ്യലിസം കെട്ടിപ്പടുക്കാൻ വേണ്ടി ബോധപൂർവ്വം പ്രവർത്തിക്കുന്നവരുമായ എഴുത്തുകാർ മാത്രമല്ല പുരോഗമന സാഹിത്യകാരൻമാർ സാമൂഹ്യവളർച്ചയുടെ നിയമങ്ങൾ വ്യക്തമായും യുക്തിയുക്തമായും പ്രതിപാദിച്ചുകൊണ്ടു സാമൂഹ്യശക്തികളുടെ പ്രവർത്തനത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ശാസ്ത്രമാണല്ലോ മാർക്സിസം. മാർക്സിസം പഠിയ്ക്കുന്നവർക്ക് സമുദായം എങ്ങിനെയിരിക്കുന്നു എന്നു മാത്രമല്ല, അതെങ്ങിനെ എങ്ങോട്ടു മുന്നേറുന്നു എന്നുകൂടി നോക്കിക്കാണാനും മാറ്റങ്ങളുടെ പിന്നിലുള്ള നിയമങ്ങൾ മനസ്സിലാക്കിക്കൊണ്ട് സാമൂഹ്യപരിവർത്തനത്തെ ത്വരിതപ്പെടുത്താനും കഴിയുമെന്നതു ശരിയാണ്. പക്ഷേ, മാർക്സിസത്തിൽ വിശ്വസിച്ചാലേ പുരോഗമനസാഹിത്യകാരനാവൂ എന്ന വാദം തെറ്റാണ്. മാർക്സിസത്തിൽ വിശ്വസിക്കുകയോ പരിവർത്തനമാർഗ്ഗങ്ങളും പോംവഴികളും നിർദ്ദേശിക്കുകയോ ചെയ്യുന്നില്ലെങ്കിൽകൂടി, ജനങ്ങളുടെ ഭാഗത്തുനിന്നു കൊണ്ട് നിലവിലുള്ള കാലഹരണം വന്ന സാമൂഹ്യവ്യവസ്ഥയുടെ വൈകൃതങ്ങൾ തുറന്നുകാട്ടുകയും സാമൂഹ്യവളർച്ചയെ ഏതെങ്കിലും തരത്തിൽ സഹായിക്കുകയും ചെയ്യുന്ന എല്ലാ സാഹിത്യകാരൻമാരും പുരോഗമനസാഹിത്യകാരന്മാരാണ്.

പുരോഗമന സാഹിത്യകാരൻ സാഹിത്യകാരനുമാണ്, അതേസമയത്തുതന്നെ പുരോഗമനവാദിയാണ്. പക്ഷേ, ആരാണ് സാഹിത്യകാരൻ, എന്താണ് സാഹിത്യം, എന്താണ് പുരോഗമനമെന്നുവച്ചാൽ, എന്താണ് സാമൂഹ്യപുരോഗതി? ഇതിനെപ്പറ്റിയെല്ലാം വ്യക്തമായ ധാരണകളുണ്ടാകേണ്ടതാവശ്യമാണ്.

4.4എഴുതപ്പെട്ടതെല്ലാം സാഹിത്യമാണോ

സാഹിത്യം, അതിന്റെ വിപുലമായ അർത്ഥത്തിൽ, എല്ലാത്തരം എഴുത്തുകാരുടേയും കൃതികളെ ഉൾക്കൊള്ളുന്നു. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് കലാപരം, രാഷ്ട്രീയം, ശാസ്ത്രീയം, സാങ്കേതികം എന്നൊക്കെ അതിനെ തരംതിരിക്കാം. വിപുലമായ അർത്ഥത്തിൽ എഴുതപ്പെട്ടതെല്ലാം സാഹിത്യമാണ്. എല്ലാ എഴുത്തുകാരും സാഹിത്യകാരൻമാരുമാണ്. കഥയും കവിതയുമെഴുതുന്നവരെപ്പോലെത്തന്നെ ശാസ്ത്രഗ്രന്ഥങ്ങളും രാഷ്ട്രീയഗ്രന്ഥങ്ങളും മറ്റുമെഴുതുന്നവരും സാഹിത്യകാരൻമാരായി കണക്കാക്കപ്പെടുന്നു.

സാധാരണയായി സാഹിത്യം എന്ന പദം വിപുലമായ അർത്ഥത്തിലല്ല ഉപയോഗിക്കപ്പെടാറുള്ളത്. കലാപരമായ സാഹിത്യകൃതികൾ മാത്രമേ — എന്നുവച്ചാൽ കവിത, കഥ, നോവൽ, നാടകം മുതലായവ മാത്രമേ — സാഹിത്യമായി കണക്കാക്കപ്പെടാറുള്ളു. രാഷ്ട്രീയകാര്യങ്ങൾ പ്രതിപാദിയ്ക്കുന്നവയ്ക്ക് രാഷ്ട്രീയ സാഹിത്യമെന്നും ശാസ്ത്രസംബന്ധിയായവയ്ക്ക് ശാസ്ത്രസാഹിത്യമെന്നും പറയാവുന്നതാണ്. എന്നാൽ സാധാരണയായി ഉപയോഗിക്കുന്ന അർത്ഥത്തിൽ അത്തരം കൃതികളെഴുതുന്നവർ സാഹിത്യകാരൻമാരല്ല.

എന്നാൽ ഈ അതിർത്തിവരമ്പ് വളരെ നേരിയതാണ്. പലപ്പോഴും തരംതിരിക്കാൻ വിഷമം കാണും. നിലവിലുള്ള ഭരണസമ്പ്രദായത്തെ നിലനിർത്താനോ മാറ്റാനോ ആഹ്വാനം ചെയ്യുന്ന എത്രയോ ലഘുലേഖകളും പുസ്തകങ്ങളുമുണ്ട്. അവയെല്ലാം സാഹിത്യത്തിന്റെ വിപുലമായ അർത്ഥത്തിൽ മാത്രമേ സാഹിത്യമാകുന്നുള്ളു. പക്ഷേ, മയക്കോവിസ്കിയുടെ കവിതകളും ഫ്യൂച്ചിക്കിന്റെ കൊലമരത്തിൽ നിന്നുള്ള കുറിപ്പുകളും കലാപരമായ സാഹിത്യത്തിൽതന്നെ ഉൾപ്പെടുന്നു.

രാഷ്ട്രീയവും ശാസ്ത്രസംബന്ധിയുമായ ചില ഗ്രന്ഥങ്ങൾ അല്ലെങ്കിൽ അവയുടെ ചില ഭാഗങ്ങളെല്ലാം — കലാപരമായി പ്രതിപാദിയ്ക്കപ്പെട്ടവയാണെന്നുവരാം. എങ്കിലും അവ രാഷ്ട്രീയമോ ശാസ്ത്രസംബന്ധിയോ ആയ ഗ്രന്ഥങ്ങളാണ്; അവ സാധാരണ അർത്ഥത്തിലുള്ള, എന്നുവെച്ചാൽ, കലാപരമായ സാഹിത്യമല്ല.

4.5എന്താണ് സാഹിത്യം?

മറ്റുള്ളവരെപ്പോലെതന്നെ സാഹിത്യകാരനും ഒരു സാമൂഹ്യജീവിയാണ്. സാമൂഹ്യശക്തികളുടെ പ്രവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടാണ് അയാൾ സാഹിത്യം നിർമ്മിക്കുന്നത്. സാമൂഹ്യവളർച്ചയുടെ ഫലമായുണ്ടാകുന്ന സാമൂഹ്യബോധത്തെയാണയാൾ പ്രകടിപ്പിക്കുന്നത്. സാഹിത്യം സാമൂഹ്യബോധത്തിന്റെ ഒരു രൂപമാണ്.

പക്ഷേ, സാമൂഹ്യജീവിതത്തെ പ്രതിഫലിപ്പിയ്ക്കുന്ന സാഹിത്യകാരൻ നിർജ്ജീവമായ ഒരു യന്ത്രമല്ല, ജീവനുള്ള മനുഷ്യനാണ്. അതുകൊണ്ട് സാഹിത്യത്തിലൂടെ തന്റെ സ്വന്തം വീക്ഷണഗതിയും അയാൾ പ്രചരിപ്പിക്കുന്നു. ആ വീക്ഷണഗതി പിന്തിരിപ്പനാണോ അതോ പുരോഗമനപരമാണോ എന്നു നോക്കിയിട്ടാണ് അയാൾ പിന്തിരിപ്പനോ പുരോഗമനവാദിയോ എന്നു നിർണ്ണയിക്കപ്പെടുന്നത്.

സാഹിത്യകാരൻമാർ ഒരു പ്രത്യേകവർഗ്ഗമോ ഒരു പ്രത്യേക വിഭാഗമോ അല്ല. പല വർഗ്ഗത്തിൽ നിന്നും പല ജനവിഭാഗങ്ങളിൽ നിന്നും ഉയർന്നുവന്നവരാണവർ. അതുകൊണ്ട് വ്യത്യസ്തങ്ങളായ വർഗ്ഗങ്ങളേയും വ്യത്യസ്തങ്ങളായ സ്ഥാപിതതാൽപര്യങ്ങളേയും പ്രതിനിധീകരിക്കുന്ന സാഹിത്യകാരൻമാരുണ്ടാവാം. തൊഴിലാളിയായ സാഹിത്യകാരനും മുതലാളിയായ സാഹിത്യകാരനും ജന്മിയായ സാഹിത്യകാരനുമുണ്ടാവാം. സാമൂഹ്യജീവിതത്തെപ്പറ്റിയുള്ള വീക്ഷണഗതി എല്ലാവരുടേതും ഒരുപോലെയാണെന്നു വരില്ല. സാമൂഹ്യജീവിതത്തിൽ നിന്നും വർഗ്ഗബന്ധങ്ങളിൽ നിന്നും ഉയർന്നുനിന്നുകൊണ്ടുള്ള വീക്ഷണഗതിയുണ്ടാവുക എളുപ്പമല്ല. സാഹിത്യകാരൻ ജനിച്ചുവളർന്ന പരിതഃസ്ഥിതികളും അയാളുടെ സാമൂഹ്യബന്ധങ്ങളും അയാൾ വായിച്ച പുസ്തകങ്ങളും നേടിയ പരിചയങ്ങളും മറ്റും മറ്റുമാണ് അയാളുടെ വീക്ഷണഗതിയെ രൂപപ്പെടുത്തുന്നത്. അതുകൊണ്ട് സാഹിത്യകാരന്റെ വീക്ഷണഗതി പിന്തിരിപ്പനോ പുരോഗമനപരമോ ആവാം. പുരോഗമനപരമായ വീക്ഷണഗതിയോടുകൂടി നിർമ്മിയ്ക്കപ്പെടുന്ന സാഹിത്യമാണ് പുരോഗമനസാഹിത്യം.

4.6പുരോഗമനമെന്നാൽ

പക്ഷേ, എന്താണ് പുരോഗമനമെന്നുവച്ചാൽ;

ഓരോരുത്തനും ആത്മനിഷ്ഠമായി പരിശോധിയ്ക്കുന്നതും വിശ്വസിക്കുന്നതുമെല്ലാം പുരോഗമനപരമായിക്കൊള്ളണമെന്നില്ല എന്നുവെച്ചാൽ പുരോഗമനമെന്നാലെന്താണെന്ന് ഓരോരുത്തരും തന്റെ സ്വന്തം ഇഷ്ടമനുസരിച്ച് തീരുമാനിച്ചാൽ പോരാ. എന്തുകൊണ്ടെന്നാൽ, സാഹിത്യത്തിൽ പ്രതിഫലിയ്ക്കപ്പെടുന്ന സാമൂഹ്യയാഥാർത്ഥ്യങ്ങൾ, സാമൂഹ്യജീവിതത്തിലെ സംഘട്ടനങ്ങളും സമരങ്ങളും സാഹിത്യകാരന്റെ ആത്മനിഷ്ഠമായ ആഗ്രഹാഭിലാഷങ്ങളിൽനിന്ന് സ്വതന്ത്രമായിട്ടാണ് നടക്കുന്നത്. ഇന്ന വഴിയ്ക്കേ സമുദായം വളരാൻ പാടുള്ളു എന്നു സാഹിത്യകാരൻ തീരുമാനിച്ചതുകൊണ്ടായില്ല. സമുദായത്തിന്റെ വളർച്ചയുടെ പിന്നിൽ സാഹിത്യകാരന്റെ ധാരണകളിൽ നിന്നു സ്വതന്ത്രമായ ചില സവിശേഷനിയമങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആ നിയമങ്ങളനുസരിച്ചേ സമുദായത്തിനു മുന്നേറാൻ കഴിയൂ.

ഉദാഹരണത്തിന് അയിത്തവും ജാതിമേധാവിത്വവും പഴയ വർണ്ണാശ്രമധർമ്മങ്ങളും പുനഃസ്ഥാപിയ്ക്കലാണ് പുരോഗമനപരം എന്ന് ഒരു സാഹിത്യകാരൻ വിചാരിയ്ക്കുന്നുവെന്നിരിക്കട്ടെ. പക്ഷേ, ആ വിചാരത്തിന് സാമൂഹ്യയാഥാർത്ഥ്യവുമായി പൊരുത്തമില്ല. അയിത്തവും ജാതിമേധാവിത്വവും നശിയ്ക്കുന്ന സമ്പ്രദായങ്ങളാണ്, വളരുന്ന സമ്പ്രദായങ്ങളല്ല.

അല്ലെങ്കിൽ, യന്ത്രികൃതവ്യവസായങ്ങൾക്കുപകരം കുടിൽവ്യവസായങ്ങൾ മാത്രമുള്ള ഒരു സമുദായം സ്ഥാപിയ്ക്കലാണ് പുരോഗമനപരം എന്ന് ഒരാൾ വിശ്വസിയ്ക്കുന്നുണ്ടെന്നിരിക്കട്ടെ. ആ വിശ്വാസത്തിന് സാമൂഹ്യയാഥാർത്ഥ്യവുമായി ബന്ധമില്ല. എന്തെന്നാൽ സാഹിത്യകാരന്റെ വിശ്വാസങ്ങളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചില സാമ്പത്തികനയങ്ങളുടെ പ്രവർത്തനത്തിന്റെ ഫലമായി വ്യവസായങ്ങൾ വളർന്നുവരികയെന്നത് അനിവാര്യമാണ്.

അല്ലെങ്കിൽ രാജകീയഭരണമാണ് പുരോഗമനപരം എന്നൊരാൾ തീരുമാനിയ്ക്കുന്നുവെന്നിരിയ്ക്കട്ടെ. പക്ഷേ, ആ തീരുമാനത്തിനു സാമൂഹ്യയാഥാർത്ഥ്യവുമായി പൊരുത്തമില്ല. രാജകീയഭരണം താൽക്കാലികമായി എത്രതന്നെ ശക്തിയുള്ളതാണെങ്കിലും നശിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയാണ്.

സാഹിത്യകാരന്റെ ഉദ്ദേശ്യമോ ആഗ്രഹമോ എന്തുതന്നെയായാലും അതു വസ്തുനിഷ്ഠമായ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടിരിയ്ക്കണം. അതായത്, സമുദായത്തിലെ വളരുന്ന ശക്തികളെ വളരുന്ന ശക്തികളായും തകരുന്ന ശക്തികളെ തകരുന്ന ശക്തികളായും കണ്ടു ചിത്രീകരിയ്ക്കാൻ സാഹിത്യകാരനു സാധിയ്ക്കണം. അങ്ങനെ ചിത്രീകരിയ്ക്കുന്ന സാഹിത്യകാരനാണ് പുരോഗമനസാഹിത്യകാരൻ. എന്തെന്നാൽ അയാളാണ്, സാമൂഹ്യപുരോഗതിയെ പ്രതിഫലിപ്പിക്കുന്നത്. അയാളാണ് സാമൂഹ്യവളർച്ചയ്ക്ക് പ്രചോദനം നൽകുന്ന സാഹിത്യം നിർമ്മിയ്ക്കുന്നത്.

4.7സാഹിത്യകാരന്റെ സ്വാതന്ത്ര്യം

സാഹിത്യകാരൻ സാഹിത്യകാരനായിരുന്നാൽ മതിയെന്നും പുരോഗമനപരമായ വീക്ഷണഗതിയോടെ സാഹിത്യനിർമ്മാണം നടത്തണമെന്നാവശ്യപ്പെടുന്നത് സാഹിത്യകാരന്റെ, നിർമ്മാണസ്വാതന്ത്ര്യത്തിൻമേൽ അനാവശ്യവും അപായകരവുമായ അതിർത്തിവരമ്പുകളിലാണെന്നും വാദിയ്ക്കുന്നവരുണ്ട്. കാലികങ്ങളായ സാമൂഹിക–രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്നും ദേശകാലാതിർത്തികളുടെ പരിമിതികളിൽ നിന്നും സ്വതന്ത്രനാണ് സാഹിത്യകാരൻ എന്നുവരെ ചിലർ വാദിയ്ക്കാറുണ്ട്. ഇത് ശരിയാണോ?

ഇത് ശരിയല്ല. മറ്റു ജോലികളിലേർപ്പെട്ടവരെപ്പോലെത്തന്നെ സാഹിത്യകാരനും നിലവിലുള്ള സാമൂഹ്യബന്ധങ്ങളുടെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ടാണ് പ്രവർത്തിക്കുന്നത്. എത്രതന്നെ വ്യക്തിവൈഭവമുള്ള സാഹിത്യകാരനും ഒരു സാമൂഹ്യജീവിയാണ്. സമുദായത്തിലെ മറ്റുവ്യക്തികളുമായി ബന്ധപ്പെട്ടുകൊണ്ടു മാത്രമേ അയാൾക്ക് തന്റെ സ്വാതന്ത്ര്യമനുഭവിക്കാൻ കഴിയൂ. ‘വ്യാമോഹവും യാഥാർത്ഥ്യവും’ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ക്രിസ്റ്റോഫർ കോഡ്വെൽ ഒരു ഉദാഹരണം കൊണ്ടു ഇതു വ്യക്തമാക്കുന്നത്. നോക്കുക:

“ബെർടാൻഡ് റസ്സലിനെ പ്രസവിച്ച് ഒമ്പതു മാസമായ സമയത്ത് ആ ബാലനെ ഒരു വിജനപ്രദേശത്തു കൊണ്ടാക്കി, പാൽക്കൊടുക്കുന്ന ഒരാടുമാത്രമല്ലാതെ മറ്റൊരു വളർത്തമ്മപോലുമില്ലാതെ, വളരാനിടയാകുകയെന്ന വ്യസനകരമായ പരീക്ഷണം ഒരാൾ നടത്തുകയാണെന്നു കരുതുക. അങ്ങിനെ വളർന്നുവന്ന ആ ബാലൻ 40 വയസ്സുള്ള ഒരു മനുഷ്യനായിത്തീർന്ന സമയത്താണ് അദ്ദേഹത്തെ ഒന്നാമതായി മനുഷ്യർ കാണുന്നതെന്നു കണക്കാക്കുക. അവർ ആ മനുഷ്യന്റെ കൈയിൽ ‘മനസിനെക്കുറിച്ചുള്ള പരിശോധന’, ‘പദാർത്ഥത്തെക്കുറിച്ചുള്ള പരിശോധന’ എന്നിവയുടെ കയ്യെഴുത്തുകോപ്പികൾ കാണുമോ? എന്തിന് എണ്ണം (നമ്പർ) നിർവ്വഹിക്കേണ്ടതിനെ എന്നെങ്കിലും അദ്ദേഹത്തിനറിയാമോ? ഇല്ല. തന്റെ ഇന്നത്തെ സ്ഥിതിക്കെല്ലാം വിപരീതമായി അസംബന്ധവും മര്യാദക്കെട്ടതുമായ ഒരു രീതിയിലാണ് റസ്സൽ പെരുമാറുക.

അതുകൊണ്ട് നാമിന്നറിയുകയും വിലമതിയ്ക്കുകയും ചെയ്യുന്ന റസ്സൽ ഒരു സാമൂഹ്യസൃഷ്ടിയാണെന്ന് വ്യക്തമാകുന്നു. റസ്സൽ ഒരു മൃഗമാകുന്നതിനു പകരം തത്വചിന്തകനായി വളരുന്നതിനുള്ള കാരണം, സാമൂഹ്യമര്യാദയും ഭാഷയും പഠിയ്ക്കാനും എത്രയോ കാലമായി വളർന്നുവന്ന ഒരു സാമൂഹ്യവിജ്ഞാനം സ്വായത്തമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്നതാണ്. ഭാഷയാണ് അദ്ദേഹത്തിന് ആശയങ്ങൾ കൊടുത്തത്. എന്തൊക്കെ നോക്കിപ്പഠിയ്ക്കണമെന്ന് അതാണ് അദ്ദേഹത്തെ പഠിപ്പിച്ചത്. മറ്റുള്ളവർ ശേഖരിച്ചുവച്ച വിജ്ഞാനം മുഴുവൻ അദ്ദേഹത്തിനു മുമ്പിൽ തുറന്നുവച്ചതും ഭാഷതന്നെയാണ്. സദാചാരം, നീതി, സ്വാതന്ത്ര്യം എന്നീ പ്രാഥമിക സാമൂഹ്യധർമ്മങ്ങളെക്കുറിച്ചുള്ള ബോധം അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്തതും ഭാഷതന്നെ. അപ്പോൾ ഉപകാരപ്രദമായ മറ്റെല്ലാവസ്തുക്കളെപ്പോലെ റസ്സലിന്റെ വിജ്ഞാനവും ഒരു സാമൂഹ്യസൃഷ്ടിയാണ്”.

ചുരുക്കിപ്പറഞ്ഞാൽ, സാമൂഹ്യസാഹചര്യങ്ങളാണ്. സാഹിത്യകാരന്റെ ആശയങ്ങളും ബോധങ്ങളും രൂപപ്പെടുത്തുന്നത്. സാമൂഹ്യബന്ധങ്ങൾക്കു പുറത്തുനിന്നുകൊണ്ട് അയാൾക്കൊരു സാഹിത്യകാരനാവാൻ കഴിയില്ല. ഒരു മനുഷ്യനാവാൻ കഴിയില്ല.

അപ്പോൾ സാമൂഹ്യസാഹചര്യങ്ങളുമായി പെരുത്തപ്പെട്ടുകൊണ്ടു മാത്രമേ സാമൂഹ്യപുരോഗതിയുമായി ബന്ധപ്പെട്ടുകൊണ്ടു മാത്രമേ സാഹിത്യകാരൻ സ്വതന്ത്രനാവുന്നുള്ളു.

സാമൂഹ്യമായ മർദ്ദനങ്ങളും ചൂഷണങ്ങളും നിലനിൽക്കുന്ന ഒരു സമുദായത്തിൽ സാഹിത്യകാരൻ പലതരം നിർബന്ധങ്ങളിലും, വ്യക്തിസ്വാതന്ത്ര്യത്തെ ചവിട്ടിമെതിയ്ക്കുന്ന പലതരം നിയമങ്ങളാലും വരിഞ്ഞുകെട്ടപ്പെടുന്നുണ്ട്. സാമൂഹ്യപുരോഗതിയ്ക്കു വേണ്ടിയുള്ള ബോധപൂർവ്വമായ പരിശ്രമങ്ങളിലൂടെ മാത്രമേ ആ കെട്ടുകൾ പൊട്ടിച്ചെറിയാൻ കഴിയൂ.

4.8സാഹിത്യകാരനും രാഷ്ട്രീയപാർട്ടികളും

ഇതിന്റെ അർത്ഥം സാഹിത്യകാരൻ കേവലം ഒരടിമയാണെന്നല്ല. സാഹിത്യനിർമ്മാണത്തിനുള്ള സാഹചര്യം സാഹിത്യകാരന്റെ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരവകാശമാണ്.

രാഷ്ട്രീയപാർട്ടികളുടെ പട്ടാളച്ചിട്ടയിൽ നിന്നുകൊണ്ട്, രാഷ്ട്രീയനേതാക്കൻമാരുടെ നിർദ്ദേശങ്ങൾക്കും മാറിമാറിവരുന്ന നയപരിപാടികൾക്കനുസരിച്ച് സാഹിത്യം നിർത്തിവയ്ക്കുന്നവരാണ് പുരോഗമന സാഹിത്യകാരൻമാർ എന്നു ചിലർ പറഞ്ഞുനടക്കാറുണ്ട്. ഇത് തനി അസംബന്ധമാണ്. പാർട്ടി സെക്രട്ടറിയുടെ സർക്കുലറനുസരിച്ച് സാഹിത്യം നിർമ്മിയ്ക്കാൻ യാതൊരു സാഹിത്യകാരനും സാധിക്കുകയില്ല. അത്രയ്ക്കു വ്യക്തിത്വമില്ലാത്ത ഒരു മരപ്പാവയല്ല സാഹിത്യകാരൻ.

മറ്റെല്ലാവരേയും പോലത്തന്നെ സാഹിത്യകാരനും തനിക്കിഷ്ടമുള്ള പാർട്ടിയിൽ ചേരാൻ സ്വാതന്ത്ര്യമുണ്ട്. ഒരു പാർട്ടിയിലും ചേരാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ മെമ്പറായിത്തീരുന്ന സാഹിത്യകാരൻ മറ്റുമെമ്പർമാരെപ്പോലെത്തന്നെ തന്റെ പാർട്ടിയുടെ നിയമപരിപാടികൾ നടപ്പിൽ വരുത്താൻ ശ്രമിക്കുമെന്നത് സ്വാഭാവികമാണ്. പക്ഷേ, പാർട്ടിയുടെ കൽപ്പനയനുസരിച്ച് തന്നെ വികാരഭരിതനാക്കാത്ത എന്തിനെയെങ്കിലും കുറിച്ച് സാഹിത്യം നിർമ്മിക്കാൻ അയാൾക്ക് സാധിക്കുകയില്ല. അങ്ങിനെയെന്തെങ്കിലുമെഴുതിയാൽ ആ സാഹിത്യകൃതി വായനക്കാരുടെ വൈകാരികമണ്ഡലത്തിൽ യാതൊരു സ്വാധീനവും ചെലുത്തില്ല; എന്നുവെച്ചാൽ അതു സാഹിത്യമാവുകയില്ല.

4.9ഏതു വിഷയമെടുത്താലാണ് പുരോഗമനപരമാവുക?

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ വളർച്ചയോടൊപ്പം സാഹിത്യകൃതികളിൽ രാഷ്ട്രീയ–സാമൂഹ്യ പ്രശ്നങ്ങൾക്ക് നല്ലൊരു സ്ഥാനം ലഭിക്കുകയുണ്ടായി. അതോടൊപ്പംതന്നെ അത്തരം പ്രശ്നങ്ങൾ കടന്നുവന്നാൽ സാഹിത്യം അയിത്തമാവുമെന്ന ഒരു പിന്തിരിപ്പൻ ആശയഗതിയും പ്രചരിയ്ക്കുകയുണ്ടായി. സാഹിത്യത്തിൽ അതാതു കാലത്തെ സാമൂഹ്യരാഷ്ട്രീയകാര്യങ്ങൾ പ്രതിപാദിയ്ക്കാൻ പാടില്ലെന്നും “ശാശ്വതമായ” കാര്യങ്ങളെപ്പറ്റി മാത്രമേ പ്രതിപാദിക്കാൻ പാടുള്ളു എന്നുമുള്ള ഒരു മുറവിളിയും മുഴങ്ങുകയുണ്ടായി.

വാസ്തവത്തിൽ നമ്മുടെ സാമൂഹ്യജീവിതത്തിൽ സാമ്പത്തിക–സാമൂഹ്യ–രാഷ്ട്രീയ പ്രശ്നങ്ങൾക്കുള്ള പ്രാധാന്യം വർദ്ധിച്ചുവരികയാണ്. അതുകൊണ്ട് സാമൂഹ്യജീവിതത്തെ പ്രതിഫലിപ്പിക്കുന്ന സാഹിത്യത്തിൽ അവയ്ക്കു സ്ഥാനമുണ്ടാവണം, തീർച്ച.

പക്ഷേ, രാഷ്ട്രീയമോ സാമ്പത്തികമോ ആയ കാര്യങ്ങൾ മാത്രമല്ല സമുദായത്തിലുള്ളത്. അതുകൊണ്ട് രാഷ്ട്രീയ–സാമ്പത്തികകാര്യങ്ങൾ മാത്രമേ പുരോഗമന സാഹിത്യകാരൻ കൈകാര്യം ചെയ്യാൻ പാടുള്ളു എന്നു വാദിയ്ക്കുന്നത് അസംബന്ധമാവും. വാസ്തവത്തിൽ, മനുഷ്യന്റെ സമഗ്രവും സർവ്വോന്മുഖവുമായ ജീവിതമാണ് സാഹിത്യത്തിലെ പ്രതിപാദ്യവിഷയം. സാമ്പത്തികകാര്യങ്ങൾ മാത്രമല്ല പ്രേമം, കുടുംബബന്ധങ്ങൾ തുടങ്ങിയ മറ്റെല്ലാ പ്രശ്നങ്ങളും പുരോഗമന സാഹിത്യകാരന്റെ പ്രതിപാദ്യവിഷയങ്ങളാണ്. ഏതു വിഷയം വേണമെങ്കിലുമെടുക്കാം. പക്ഷേ, സാഹിത്യം നിർമ്മിയ്ക്കുന്നത് പുരോഗമനപരമായ ഒരു വീക്ഷണഗതിയോടുകൂടിയായിരിക്കണം. അത്രേയുള്ളു.

4.10പുരോഗമന സാഹിത്യവും നാച്ച ്വറലിസവും

നാച്ച ്വറലിസമെന്നാൽ ചുറ്റുപാടും കാണുന്നതിനെ അതേപടി സാഹിത്യത്തിലും പകർത്തുന്ന ഒരു പ്രസ്ഥാനമാണ്. ഉദാഹരണമായി ഇന്നത്തെ സമുദായത്തിൽ കാണുന്ന ലൈംഗികമായ അരാജകത്വത്തെയും വൈകൃതത്തെയും ചിത്രീകരിയ്ക്കുന്ന ഒരു കൃതി. അത് പുരോഗമന സാഹിത്യമാണോ? സമുദായത്തിലെ ഏതെങ്കിലും ചില സംഭവവികാസങ്ങളെയോ അനുഭവങ്ങളെയോ അതേപടി ഫോട്ടോഗ്രാഫിക്ക് രീതിയിൽ ചിത്രീകരിച്ചാൽ അതു പുരോഗമനസാഹിത്യമാവില്ല. ലൈംഗികവൈകൃതങ്ങളുടെ ഉദാഹരണം തന്നെയെടുത്താൽ, അവ ഇന്നത്തെ സാമൂഹ്യഘടനയുടെ ന്യൂനതകളെ അനാച്ഛാദനം ചെയ്തുകൊണ്ട് സമുദായത്തിന്റെ പുനഃസംഘടനയ്ക്ക് സഹായകരമായ രീതിയിൽ വായനക്കാരന്റെ മനസ്സിനെ മാറാനുപയുക്തമായ ഒരു വീക്ഷണഗതിയോടുകൂടി ചിത്രീകരിച്ചാലേ പുരോഗമനസാഹിത്യമാവൂ.

എന്നുവെച്ചാൽ, ഒരു കഥാകൃത്തോ നാടകകൃത്തോ സമുദായഘടനയുടെ ദൂഷ്യങ്ങളെയും അവയെ നിർമ്മാർജ്ജനം ചെയ്യുന്ന ശക്തികളെയും പറ്റി ഒരു പ്രസംഗമോ രാഷ്ട്രീയവിവരണമോ എഴുതിച്ചേർക്കണമെന്നല്ല പറയുന്നത്. ലൈംഗികവൈകൃതവ്യാപാരങ്ങളിൽ ഏർപ്പെടുന്ന ഒരു കഥാപാത്രത്തെ ഒരു നോവലിലോ ചെറുകഥയിലോ ചിത്രീകരിക്കുന്നതോടുകൂടി അതിന്റെ ചുവട്ടിൽ “ഇത്തരമൊരു മനുഷ്യനുണ്ടായത് ഇന്നത്തെ സമുദായഘടനയുടെ ദൗർബല്യമാണ്” എന്ന് രചയിതാവിന്റെ വക ഒരു കുറിപ്പോ ഗുണപാഠമോ എഴുതിച്ചേർത്തതുകൊണ്ടായില്ലെന്നർത്ഥം. അല്ലെങ്കിൽ ഒരു നാടകത്തിൽ ഇത്തരമൊരു കഥാപാത്രത്തെപ്പറ്റി “നീ ഇന്നത്തെ ദുഷിച്ച സാമൂഹ്യഘടനയുടെ സന്തതിയാണ്” എന്നു മറ്റൊരു കഥാപാത്രത്തെകൊണ്ടു പ്രസംഗിപ്പിക്കുന്നതും പ്രയോജനശൂന്യമായിരിക്കും. കഥാപാത്രങ്ങൾ, കഥാവസ്തു, അതിലെ സൂക്ഷ്മമായ സംഭവങ്ങൾ എന്നിവയുടെ കലാപരമായ ചിത്രീകരണം വഴി ഈ ആശയം ആസ്വാദകൻമാർക്ക് പകർന്നുകൊടുത്താൽ മാത്രമേ അതൊരു പുരോഗമനസാഹിത്യകൃതിയായി എന്നു പറഞ്ഞുകൂടു.

‘നാച്ച ്വറലിസ’വും പുരോഗമനസാഹിത്യപ്രസ്ഥാനവും തമ്മിൽ അകൽച്ചയുണ്ടെന്നും ഒന്നു മറ്റൊന്നിന്റെ ഭാഗമല്ലെന്നും ഇതിൽനിന്നും വ്യക്തമാണ്. ഈ പ്രശ്നം 1948 മുതല്ക്കാണ് കേരള പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽ ഒരു സജീവ വിഷയമായിത്തീർന്നത്. ഇതിനെപ്പറ്റി വ്യക്തമായ ധാരണകൾ പുരോഗമന സാഹിത്യകാരൻമാർക്കിടയിൽ ഉണ്ടാവേണ്ടിയിരിക്കുന്നു. “നാച്ച ്വറലിസം” അധപതനോന്മുഖമാണ്.

‘നാച്ച ്വറലിസ’ത്തോടു യാഥാസ്ഥിതികൻമാർ സ്വീകരിക്കുന്ന മനോഭാവവും നമ്മുടേതും തമ്മിൽ വ്യത്യാസമുണ്ടെന്നു ഈ സന്ദർഭത്തിൽ വിസ്മരിച്ചുകൂടാ. ലൈംഗികവൈകൃതങ്ങളുടെ ചിത്രീകരണം തന്നെ ഉദാഹരണമായി എടുക്കുക. യാഥാസ്ഥിതികൻമാർ ഇതിനെ എതിർക്കുന്നത് ലൈംഗികവൈകൃതങ്ങളെപ്പറ്റി സാഹിത്യകൃതികളിൽ പ്രതിപാദിക്കാനേ വയ്യ എന്ന നിലയിലാണ്. ഇത് നിഷിദ്ധമായ ഒരു പ്രതിപാദ്യവസ്തുവായി അവർ കരുതുന്നു. ചുറ്റുപാടും മാലിന്യങ്ങൾ ഉണ്ടെന്നു തന്നെ സമ്മതിക്കുന്നതിനുള്ള വൈമുഖ്യമാണ് യാഥാസ്ഥിതികൻമാരുടെ ഈ നയത്തിനു കാരണം. എന്നാൽ പുരോഗമന സാഹിത്യകാരൻ ഈ നിലപാടു സ്വീകരിക്കുന്നില്ല. ലൈംഗികവൈകൃതങ്ങളോ മറ്റേതു വസ്തുതയോ സാഹിത്യരചനക്കടിസ്ഥാനമാകുന്നതിനെ പുരോഗമന സാഹിത്യകാരൻ എതിർക്കുന്നില്ല. അവ ഒരു സാമൂഹ്യപരിവർത്തനത്തിനു പ്രേരണ നൽകാൻ പര്യാപ്തമായ തരത്തിലാണോ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്നു മാത്രമാണ് പുരോഗമന സാഹിത്യകാരന്റെ മുന്നിലുള്ള ചോദ്യം. ആണെങ്കിൽ അതൊരു പുരോഗമന സാഹിത്യകൃതിയാവും.

ലൈംഗികവൈകൃതങ്ങളെ നഗ്നമായി ചിത്രീകരിക്കുന്ന ഒരുപാട് കൃതികൾ അടുത്തകാലത്തായി സാമ്രാജ്യത്വവാദികളുടെ ഏജന്റുമാരായ ചില അമേരിക്കൻ സാഹിത്യകാരൻമാർ എഴുതിത്തള്ളുന്നുണ്ട്. ‘പോർണോഗ്രാഫിക് സാഹിത്യം’ എന്ന പേരിലറിയപ്പെടുന്ന അത്തരം ചവറുകൾ നമ്മുടെ റെയിൽവേസ്റ്റേഷനുകളിലും ചില ബുക്ക് സ്റ്റാളുകളിലും വിൽപ്പനയ്ക്കു വച്ചിരിക്കുന്നത് കാണാം. വായനക്കാരുടെ സാംസ്കാരികജീവിതത്തെ അധഃപതിപ്പിയ്ക്കുകയും അവരുടെ മനസ്സിൽ മാലിന്യങ്ങൾ കുത്തിനിറയ്ക്കുകയും ചെയ്തുകൊണ്ട്, സാമൂഹ്യപുരോഗതിയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ് അവയുടെ ഉദ്ദേശം. ഇത്തരം പോർണോഗ്രാഫിക് ചവറുകളെ പുരോഗമനസാഹിത്യകാരൻമാർ എതിർത്തേ മതിയാവൂ.

4.11രൂപവും ഭാവവും

രൂപവും ശിൽപവും സുന്ദരമായാൽ ഏതു സാഹിത്യകൃതിയും പുരോഗമനപരവുമെന്നും ഒരു ധാരണയുണ്ട്. പുരോഗമനസാഹിത്യകാരൻ അതിനോട് യോജിക്കുന്നില്ല. കലാപരവും രൂപസംബന്ധിയുമായ മേൻമ അധഃപതനോന്മുഖമായ ചിന്താഗതികളുടെ പ്രചരണത്തിനുവേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നതെങ്കിൽ അത് പുരോഗമന സാഹിത്യമാവില്ല. ഏതെങ്കിലുമൊരു സാഹിത്യകൃതിയുടെ രൂപമെന്നപോലത്തന്നെ അതിന്റെ ഉള്ളടക്കവും സുന്ദരമാവണം. എന്നാലേ അതൊരു പുരോഗമനസാഹിത്യകൃതിയാവുകയുള്ളു.

കേരള സംസ്കാരത്തിന്റെ ചരിത്രത്തിൽ ഓരോ കാലത്തുമുണ്ടായിട്ടുള്ള ഏത് കലാരൂപത്തേയും പുരോഗമന സാഹിത്യകാരൻ അന്ധമായി തിരസ്കരിക്കുന്നില്ല. ഇതിലേതു കലാരൂപത്തേയും അതേപടിയോ വ്യത്യാസങ്ങൾ വരുത്തിക്കൊണ്ടോ പുരോഗമന സാഹിത്യകാരന് ഉപയോഗിക്കാവുന്നതാണ്. ഓട്ടംതുള്ളലോ കഥകളിയോ ചാക്യാർകൂത്തോ, തെയ്യംതുള്ളലോ മുതൽ നോവലോ ചെറുകഥയോ നിഴൽനാടകമോ വരെ ഏത് കലാരൂപത്തെയും പുരോഗമനസാഹിത്യകാരന് മാറ്റങ്ങളോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കാം. ഇതൊന്നുമല്ലാത്ത ഏറ്റവും പുത്തനായ ഏതെങ്കിലും കലാരൂപമുണ്ടോ, അതുമാവാം. കലയുടെ രൂപംകൊണ്ട് യാതൊന്നാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ആ ഉദ്ദേശം സഫലമാകണമെന്നുമാത്രമേയുള്ളു. ഭാവപ്രകാശനമാണ് പുരോഗമന സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം രൂപത്തിന്റെ ധർമ്മം. ഭാവത്തെ ഏറ്റവും ഭംഗിയായും ലളിതമായും പ്രകാശിപ്പിക്കാൻ ഒരു പ്രത്യേക രൂപത്തിന് സാധിക്കുന്നുണ്ടെങ്കിൽ അത് വിജയിച്ചതായി പറയാം. ഏതെങ്കിലും പുരോഗമനോന്മുഖമായ ഒരു കലാസൃഷ്ടിയിലെ ഭാവം സാമാന്യക്കാരനായ ആസ്വാദകൻമാരുടെ ഹൃദയാന്തർഭാഗത്തിലേക്ക് എത്രത്തോളം ഫലവത്താക്കാൻ കഴിയുന്നുണ്ടോ അത്രത്തോളം ഭംഗിയും ലാളിത്യവും ആ കലാരൂപത്തിനുണ്ട് എന്നനുമാനിക്കാം. സാമൂഹ്യപരിവർത്തനത്തെ ഉന്തിനീക്കുന്ന ശക്തി ജനങ്ങളായതുകൊണ്ട്, ഒരു കലാസൃഷ്ടിയ്ക്ക് ജനങ്ങളെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുന്നുണ്ടോ അത്രത്തോളം ആ കലാസൃഷ്ടി സാമൂഹ്യപരിവർത്തന പ്രസ്ഥാനം നയിച്ചിട്ടുണ്ട് എന്നർത്ഥം.

പുരോഗമനോന്മുഖമായ സുന്ദരകല ജനസാമാന്യത്തിനാസ്വാദ്യമായിരിക്കണമെന്നു പറയുമ്പോൾ, ജനസാമാന്യത്തിനു പരക്കെ ആസ്വദിക്കാൻ കഴിയുന്നതൊന്നും കലയല്ലെന്ന് പുരോഗമന സാഹിത്യകാരൻമാർ വാദിക്കുന്നതെന്നു ചിലർ ദുർവ്യാഖ്യാനിക്കാറുണ്ട്. അതു ശരിയല്ല. ചിലപ്പോൾ പുരോഗമനോന്മുഖമായ ഒരു കലാസൃഷ്ടി വിദ്യാഭ്യാസം സിദ്ധിച്ച ബുദ്ധിജീവികൾക്കു മാത്രമേ ആസ്വദിക്കാൻ കഴിഞ്ഞുള്ളുവെന്നു വന്നേക്കാം, അതുകൊണ്ട് അതു കലയേ അല്ലെന്നു വരില്ല. അത്രത്തോളം പരിമിതമായ സ്വാധീനശക്തിയേ പ്രസ്തുത കലാസൃഷ്ടി സാമൂഹ്യപരിവർത്തനത്തിൽ ചെലുത്തുന്നുള്ളു എന്നു മാത്രം അതിനേപ്പറ്റി പറയാം.

നമ്മുടെ നാട്ടിലെ സമുദായത്തെ സംബന്ധിച്ച് ഇന്നൊരു യാഥാർത്ഥ്യമുണ്ട്? ആളുകൾ വർഗ്ഗങ്ങളായി വേർതിരിഞ്ഞു നിൽക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ വളർന്ന ഉപരിവർഗ്ഗങ്ങൾക്കു ആസ്വാദ്യമായിതോന്നുന്ന രൂപങ്ങൾ സാമാന്യജനതയ്ക്കു ആസ്വാദ്യമായി തോന്നിയില്ലെന്നു വന്നേക്കാം. സമുദായത്തിലെ വർഗ്ഗങ്ങൾ തമ്മിൽ ഇന്നുള്ള വിടവ് നികത്തപ്പെടുന്നതോടുകൂടി മാത്രമേ ഈ പ്രശ്നത്തിനു പരിഹാരമാവുകയുള്ളു.

ഉള്ളടക്കമെന്താണെന്നു നോക്കാതെ വാക്കുകളും വ്യാകരണത്തെറ്റുകളും വാചകങ്ങളുടെ അന്വയപ്പിഴകളും അലങ്കാരങ്ങളുടെ പൊരുത്തക്കേടുകളും മാത്രം നുള്ളിപ്പെറുക്കിയെടുത്തുകൊണ്ട് സാഹിത്യകൃതികളെ വിലയിരുത്തുന്ന പഴയ നിരൂപണ സമ്പ്രദായം അടുത്തകാലത്തായി വീണ്ടും തലപൊക്കാൻ തുടങ്ങിയിട്ടുണ്ട്. ഉള്ളടക്കം പുരോഗമനപരമോ പിന്തിരിപ്പാനോ, അതു ജനങ്ങളുടെ അഭിവൃദ്ധിയേയോ അധഃപതനത്തേയോ ഏതിനെയാണ് സഹായിയ്ക്കുന്നത്. ഈ പ്രധാനപ്രശ്നത്തിന്റെ നേർക്കു കണ്ണടച്ചുകൊണ്ട് രൂപത്തെമാത്രം പൊക്കിപ്പിടിയ്ക്കാനുള്ള വാസനയും കാണപ്പെടുന്നുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ തിരുവനന്തപുരം സാഹിത്യപരിഷത്തിലുണ്ടായ സിംബോളിസത്തെപ്പറ്റിയുള്ള തർക്കം. സിംബോളിസം ഒരു കലാരൂപമാണ്. അത് പുരോഗമനപരമാണോ പിന്തിരിപ്പനാണോ എന്നു വാദിയ്ക്കുന്നത്, കേക പുരോഗമനപരമാണോ പിന്തിരിപ്പനാണോ എന്നു വാദിയ്ക്കുന്നതുപോലെയാണ്. എന്നുവെച്ചാൽ, അത് പുരോഗമനപരമാകാം പിന്തിരിപ്പനാവാം. ഉള്ളടക്കമെന്താണെന്നു നോക്കിയാലേ ഒരു സിംബോളിക് കവിത പുരോഗമനപരമാണോ നല്ലതാണോ അല്ലയോ എന്നു പറയാൻ കഴിയൂ.

പക്ഷേ, പുരോഗമന സാഹിത്യകാരൻമാർ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ കലാസൃഷ്ടികൾ ജനങ്ങളുടെ പുരോഗതിയെ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ്. അതുകൊണ്ട് ഏറ്റവുമധികം ജനങ്ങളെ ആകർഷിയ്ക്കാൻ കഴിയുന്ന തരത്തിലുള്ള കലാരൂപങ്ങളുപയോഗിക്കാനും പുതിയ കലാരൂപങ്ങൾ കണ്ടുപിടിക്കാനും രചനാശിൽപത്തിൽ കൂടുതൽ കൂടുതൽ പാടവം നേടാനും പരിശ്രമിയ്ക്കേണ്ടതാവശ്യമാണ്.

4.12ശാശ്വത മൂല്യം

ഉൽകൃഷ്ട സാഹിത്യം സമകാലികപ്രശ്നങ്ങളെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിൽ കാലഭേദത്തോടുകൂടി പ്രസ്തുത പ്രശ്നങ്ങളുടെ പ്രസക്തി നശിച്ചാൽ അവയെ പ്രതിഫലിപ്പിച്ച കലാസൃഷ്ടികളും നശിക്കേണ്ടതില്ലേ? പക്ഷേ, ഉൽകൃഷ്ട കലാസൃഷ്ടികൾക്ക് ഒരു തരം ശാശ്വത സ്വഭാവം കാണുന്നുണ്ടല്ലോ — ഇതാണ് പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മുമ്പിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള മറ്റൊരു പ്രശ്നം.

ഈ അനുഭവവിശേഷത്തിന് രണ്ട് വ്യാഖ്യാനങ്ങൾ നൽകപ്പെടുന്നുണ്ട്. ഉൽകൃഷ്ടകൃതികളിൽ സമകാലികപ്രശ്നങ്ങൾ പ്രതിപാദിക്കുന്നുണ്ടാകാമെങ്കിലും അവയുടെ മേൻമയ്ക്കും തദ്വാര കൈവരുന്ന ശാശ്വതസ്വഭാവത്തിനും കാരണം അവയിൽ ശാശ്വതമായ ചില സാമൂഹ്യമൂല്യങ്ങൾ ചർച്ചചെയ്യപ്പെടുന്നുണ്ട് എന്നതാണ് — ഇതത്രേ ഒന്നാമത്തെ ചിന്താഗതി. സത്യം, അഹിംസ, ആത്മസംയമനം മുതലായവയാണ് ശാശ്വതസ്വഭാവമുള്ള സാമൂഹ്യമൂല്യങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് ശരിയല്ല. ശാശ്വതമായ സാമൂഹ്യമൂല്യങ്ങൾ ഇല്ലെന്ന് ചരിത്രം തെളിയിക്കുന്നു. സാമൂഹ്യസത്യങ്ങൾക്ക് ഓരോ കാലത്തും മാറ്റം സംഭവിച്ചിട്ടുണ്ട്. അതുപോലെ ആത്മസംയമനത്തിന്റെ ലാഞ്ഛനപോലുമില്ലാത്ത കൃതികൾക്ക് (ഉദാഹരണം: ഒമർഖയാം) ശാശ്വതത്വം കാണുന്നുണ്ട്.

ഒരു ഉൽകൃഷ്ടകൃതിയുടെ ഭാവമല്ല, രൂപമാണ് അതിനു ശാശ്വതസ്വഭാവമേകുന്നത് എന്നതാണ് രണ്ടാമത്തെ വാദം. ഇതും സ്വീകരിപ്പാൻ നിർവ്വാഹമില്ല. എന്തുകൊണ്ടെന്നാൽ ശാശ്വതമൂല്യമുള്ള പല കൃതികളുടേയും രൂപങ്ങൾക്ക് കാലാന്തരത്തിൽ പ്രചാരം നഷ്ടപ്പെടുന്നതായി കാണാൻ സാധിക്കും: ഉദാഹരണമായി; ‘ശാകുന്തളം’ ഇന്നും ആസ്വദിക്കപ്പെടുന്ന ഒരു കൃതിയാണെങ്കിലും അതിന്റെ രൂപവിശേഷം ഇന്നു പ്രചാരത്തിലില്ല — സൂത്രധാരനും ഗദ്യപദ്യസമ്മിശ്രമായ സംഭാഷണവും മറ്റു മടങ്ങിയ ആ രൂപത്തിനൊരുതരം കാലഹരണം വന്നിരിക്കുകയാണ്. ആരും ഇന്ന് ആ രൂപത്തിൽ നാടകങ്ങൾ ആവിഷ്ക്കരിക്കാറില്ല. ഷേക്ക്സ്പിയറുടെ കൃതികൾ ഇന്നും ആസ്വദിക്കപ്പെടുന്നുണ്ട്, ഇംഗ്ലണ്ടിലും മറ്റു രാജ്യങ്ങളിലും. പക്ഷേ, ഷേക്സ്പിയറുടെ നാടകങ്ങളുടെ രൂപവും കാളിദാസന്റേതുപോലെ ഇന്ന് പ്രചാരത്തിലില്ലാതായിരിക്കുന്നു. പദ്യത്തിലുള്ള സംഭാഷണരീതി ഇന്നത്തെ ഇംഗ്ലീഷ്നാടകങ്ങളിലില്ല. അതിനാൽ രൂപത്തിന്റെ മേൻമ മാത്രമാണ് ശാശ്വതസ്വഭാവത്തിന് കാരണമെന്ന് വിചാരിക്കുന്നത് ശരിയല്ല.

വാസ്തവത്തിൽ പുരോഗമനപരമായ ഭാവവും അതിനെ ഭംഗിയോടും ലാളിത്യത്തോടുംകൂടി പ്രകാശിപ്പിക്കുന്ന രൂപവും രണ്ടും ഒരു കലാസൃഷ്ടിക്കാവശ്യമാണ്. ഓരോ കാലഘട്ടത്തിലും സാമൂഹ്യയാഥാർത്ഥ്യങ്ങളെ സത്യസന്ധമായി ചിത്രീകരിച്ചുകൊണ്ട് സാമൂഹ്യവളർച്ചയ്ക്കു പ്രചോദനം നൽകാൻ കഴിയത്തക്കവിധം വായനക്കാരന്റെ സാമൂഹ്യബോധത്തെ ഉയർത്തുന്ന സാഹിത്യകൃതികൾക്കാണ് വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ളതെന്നു കാണാം. പ്രതിപാദ്യവിഷയം സാമയികമായിരിക്കാം. എങ്കിലും യാഥാർത്ഥ്യബോധത്തോടുകൂടിയുള്ള സുന്ദരമായ ചിത്രീകരണം ആ സാഹിത്യകൃതിയ്ക്കു ശാശ്വതത്വം നൽകുന്നു.

4.13ഇന്നത്തെ കാഴ്ച്ചപ്പാടുകൾ

പുരോഗമന സാഹിത്യകാരൻ സാമൂഹ്യപുരോഗതിക്ക് വേണ്ടിയാണ് സാഹിത്യരചന നടത്തുന്നത് എന്ന പൊതുതത്വം അംഗീകരിക്കുമ്പോൾ എന്താണ് സാമൂഹ്യപുരോഗതി എന്നത് കുറച്ചുകൂടി വ്യക്തമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭാരതീയ സമുദായത്തിന്റെ ഇന്നത്തെ സ്ഥിതി പരിഗണിച്ചുനോക്കുമ്പോൾ താഴെപ്പറയുന്ന ഒരു കാഴ്ച്ചപ്പാട് പുരോഗമനസാഹിത്യകാരനുണ്ടായിരിക്കേണ്ടതാണ്.

  1. പുരോഗമന സാഹിത്യകാരൻ ഒരു ശാസ്ത്രീയവീക്ഷണഗതി സ്വീകരിക്കണം. ഇന്ന് നമ്മുടെ ചുറ്റുപാടും ധാരാളമായി പ്രചരിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും നശിപ്പിക്കാൻ പുരോഗമന സാഹിത്യകാരൻമാർ യത്നിക്കണം.

  2. സ്ത്രീസ്വാതന്ത്ര്യം, എഴുതാനും പ്രസംഗിക്കാനുമുള്ള സ്വാതന്ത്ര്യം മുതലായ മൗലികമായ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടി പുരോഗമന സാഹിത്യകാരൻ പ്രവർത്തിക്കണം.

  3. ഇന്ത്യയുടെ വ്യവസായവൽക്കരണം പുരോഗമനസാഹിത്യകാരന്റെ ലക്ഷ്യമായിരിക്കണം; വ്യവസായവൽക്കരിക്കപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥിതിയ്ക്ക് മാത്രമേ ഇന്ത്യയെ സമ്പൽസമൃദ്ധമാക്കാൻ കഴിയൂ.

  4. സാമുദായിക മനോഭാവത്തേയും സാമുദായിക മനോഭാവം ജനിപ്പിക്കുന്ന പ്രസ്ഥാനങ്ങളേയും പുരോഗമന സാഹിത്യകാരൻ എതിർക്കണം. സാമുദായികമായ സൗഹാർദ്ദവും ഐക്യവും പുലർത്തിക്കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് നീങ്ങാൻ കഴിയൂ.

  5. ഇന്നത്തെ സാമ്പത്തികമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള ഒരു സാമ്പത്തിക നീതി.

  6. പുരോഗമന സാഹിത്യകാരൻ ഐക്യകേരളത്തിനുവേണ്ടി യത്നിക്കണം. ഒരു ഐക്യകേരളത്തിൽ മാത്രമേ കേരളീയ സംസ്കാരം വികസിക്കുകയുള്ളു.

  7. ഭരണനടത്തിപ്പ്, വിദ്യാഭ്യാസം മുതലായ സംഗതികൾ മാതൃഭാഷയിൽ കൈകാര്യം ചെയ്യാൻ കഴിയണം.

  8. പുരോഗമന സാഹിത്യകാരൻ ലോകസമാധാനത്തിനുവേണ്ടി പരിശ്രമിക്കണം. സമാധാനപരമായ അന്തരീക്ഷത്തിൽ മാത്രമേ സംസ്കാരം നിലനിൽക്കുകയും വളരുകയും ചെയ്യുകയുള്ളു.

  9. പുരോഗമന സാഹിത്യകാരൻ ഒറ്റതിരിഞ്ഞ് ജീവിക്കുകയും കലാസൃഷ്ടി നടത്തുകയും ചെയ്താൽ മാത്രം പോരാ; ചുറ്റുപാടുമുള്ള സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണം.

പുരോഗമന സാഹിത്യകാരന് ഇത്തരമൊരു കാഴ്ചപ്പാട് ഉണ്ടായാൽ മാത്രമേ പതറാതെ അചഞ്ചലമായി നിന്നുകൊണ്ട് സാമൂഹ്യപരിവർത്തനത്തെ സഹായിക്കുന്ന കലാസൃഷ്ടി നടത്താൻ കഴിയൂ.

(മെയ് 6-ാം തീയതി മുതൽ 8-ാം തീയതി വരെ നെല്ലായിയിൽ വച്ചു നടന്ന മലബാർ പുരോഗമന സാഹിത്യ സമ്മേളനത്തിലെ ചർച്ചകൾക്കുവേണ്ടി അവതരിപ്പിക്കുന്ന പ്രബന്ധത്തിന്റെ പ്രധാനഭാഗങ്ങൾ)