മാർക്സിയൻ വീക്ഷണമെന്നുവെച്ചാൽ അടിത്തറയും ഉപരിഘടനയും തമ്മിലുള്ള ബന്ധം പരിശോധിക്കലാണെന്ന് മാർക്സിസ്റ്റുകാരായ ചില സാഹിത്യനിരൂപകൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉൽപ്പാദനശക്തികൾ വളരുമ്പോൾ ഉൽപ്പാദനബന്ധങ്ങളിലും മാറ്റമുണ്ടാകുമെന്നും ഈ മാറ്റം ഉൽപാദനശക്തികളെ കൂടുതൽ വളർത്താൻ സഹായിക്കുമെന്നും മാർക്സ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഉൽപ്പാദനബന്ധങ്ങളുടെ ആകെത്തുകയ്ക്ക് സാമ്പത്തികഘടനയുടെ അടിത്തറയിലുയർന്നുവരുന്ന രാഷ്ട്രീയ സാമ്പത്തിക സാംസ്കാരികാശയങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉപരിഘടന അല്ലെങ്കിൽ മേൽക്കൂര എന്നും പറയുന്നു. മേൽക്കൂര അടിത്തറയിൽ സ്വാധീനം ചെലുത്തുമെന്ന കാര്യം നിഷേധിയ്ക്കപ്പെടുന്നില്ല. പക്ഷേ, അടിത്തറയുമായി പൊരുത്തപ്പെടാത്ത മേൽക്കൂരക്ക് നിലനിൽക്കാനാവില്ല. അതുകൊണ്ട് അടിത്തറമാറുമ്പോൾ മേൽക്കൂരയും മാറുന്നു. മനുഷ്യരുടെ ആശയങ്ങളും വികാരവിചാരങ്ങളും സാമൂഹ്യജീവിതത്തെ നിർണ്ണയിക്കുകയല്ല, മറിച്ച് സാമൂഹ്യജീവിതം ആശയങ്ങളേയും വികാരവിചാരങ്ങളേയും നിർണ്ണയിക്കുകയാണ് ചെയ്യുന്നത്.
അടിത്തറ മാറുമ്പോൾ ഉപരിഘടനയിലും മാറ്റമുണ്ടാകുമെന്ന് പറയുന്നതിന്റെ അർത്ഥം അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നീ സാമൂഹ്യവ്യവസ്ഥകൾക്ക് പ്രത്യേകം പ്രത്യേകം സാഹിത്യങ്ങളുണ്ടായിരിക്കണമെന്നാണോ? അങ്ങനെയാണെങ്കിൽ മുതലാളിത്തമാവിർഭവിക്കുന്നതിനു മുമ്പുണ്ടായിരുന്ന സാഹിത്യകൃതികൾ മുതലാളിത്ത സമുദായത്തിലും മുതലാളിത്ത കാലഘട്ടത്തിലെ കൃതികൾ സോഷ്യലിസ്റ്റ് സമുദായത്തിലും പ്രചരിക്കുന്നതെന്തുകൊണ്ടാണ്? മറ്റൊരു വിധം ചോദിച്ചാൽ കാളിദാസനും ഷേക്സ്പിയറും ഇന്നും ആദരിക്കപ്പെടുന്നതെന്തുകൊണ്ടാണ്? ഒക്ടോബർ വിപ്ലവത്തിനു മുമ്പ് ജീവിച്ചിരുന്ന പുഷ്കിന്റേയും ചെകോവിന്റെയും ഗോഗോളിന്റെയും ടോൾസ്റ്റായിയുടേയും കൃതികൾ സോവിയറ്റ് യൂണിയനിലെ ജനങ്ങൾ ഇന്നും വായിച്ചു രസിക്കുന്നതെന്തുകൊണ്ടാണ്?
മാർക്സിയൻ വീക്ഷണമെന്നുവച്ചാൽ വർഗ്ഗവീക്ഷണമെന്നർത്ഥമാണെന്നും എല്ലാ സാഹിത്യങ്ങളും വർഗ്ഗസാഹിത്യങ്ങളാണെന്നും, അതുകൊണ്ട് ഏതെങ്കിലുമൊരു സാഹിത്യകൃതി ഏതു സാമൂഹ്യവ്യവസ്ഥയിലാവിർഭവിച്ചു എന്നതല്ല. ഏതു വർഗ്ഗത്തിനുവേണ്ടി രചിക്കപ്പെട്ടു എന്നതാണ് പരിശോധിക്കേണ്ടത് എന്നും മർദ്ദിതവർഗ്ഗക്കാരുടെ സാഹിത്യകൃതികൾ പുരോഗമന സാഹിത്യകൃതികളെന്ന നിലയ്ക്ക് എന്നും നിലനിൽക്കുമെന്നും അതിനാൽ തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങിയ ജനവിഭാഗങ്ങൾ തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ആവശ്യങ്ങൾ നേടാൻ വേണ്ടി നടത്തുന്ന വർഗ്ഗസമരങ്ങൾക്ക് പ്രചോദനം നൽകുന്ന സാഹിത്യകൃതികൾ ബോധപൂർവ്വം എഴുതിയുണ്ടാക്കുകയാണ് മാർക്സിയൻ വീക്ഷണമുള്ള സാഹിത്യകാരൻമാർ ചെയ്യേണ്ടത് എന്നും മറ്റും വാദിക്കപ്പെടുന്നുണ്ട്.
പക്ഷേ, ആദ്യം ചോദിച്ച ചോദ്യത്തിനു മറുപടി പറയുകയല്ല, പുതിയൊരു ചോദ്യം ഉയർത്തിക്കൊണ്ടുവരികയാണ് ഈ വർഗ്ഗീയ വീക്ഷണവാദം ചെയ്യുന്നത്; കാളിദാസനും ഷേക്സ്പിയറും പുഷ്കിനും മറ്റും ഏതു വർഗ്ഗത്തിന്റെ പ്രതിനിധികളായിരുന്നു? എഴുതപ്പെട്ട സാഹിത്യങ്ങളുടെ ഉത്ഭവം തന്നെ ചൂഷകവർഗ്ഗങ്ങളിൽ ജനിച്ച പ്രതിഭാശാലികളിൽ നിന്നാണ്. മനുഷ്യസമുദായം വർഗ്ഗങ്ങളായി പിരിയുന്നതിന് മുമ്പ് എഴുത്തും വായനയുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ പ്രാചീന വർണ്ണവ്യവസ്ഥയിൽ സാഹിത്യകൃതികൾ രചിച്ചത് ബ്രാഹ്മണരും ക്ഷത്രിയരുമാണ്. ചൂഷിതരായ ശൂദ്രൻമാർക്ക് മേലാളർക്കുവേണ്ടി പണിയെടുക്കാനല്ലാതെ എഴുത്തും വായനവും പഠിച്ച് സാഹിത്യകാരൻമാരായിത്തീരാൻ സൗകര്യമോ അവകാശമോ ഉണ്ടായിരുന്നില്ല.
വിപ്ലവകാരികളെന്നു കരുതപ്പെടുന്ന ചില മറുകണ്ടംചാടികൾ കണ്ടുപിടിച്ച ഒരു മറുപടിയുണ്ട്. പ്രാചീന ബ്രാഹ്മണരെഴുതിയ സാഹിത്യങ്ങൾ ഇന്നും ചിലരാസ്വദിക്കുന്നത് അവരിൽ പഴയ വർണ്ണാശ്രമവ്യവസ്ഥയുടെ സ്വാധീനം നിലനിൽക്കുന്നതുകൊണ്ടാണ്. ഫ്യൂഡൽ ബൂർഷ്വാ കാലങ്ങളിലെ സാഹിത്യകൃതികൾ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ആസ്വദിക്കപ്പെടുന്നുണ്ടെങ്കിൽ അത് പഴഞ്ചൻ ആശയങ്ങളുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ്; അല്ലെങ്കിൽ റിവിഷനിസം കൊണ്ടാണ്; പഴയ സാഹിത്യകൃതികളുടെയും മുതലാളിത്ത രാജ്യങ്ങളിൽ നിന്നുവരുന്ന ബൂർഷ്വാ സാഹിത്യങ്ങളുടേയും പ്രചാരത്തെ തടയുക മാത്രമാണ് പോംവഴി. ഇവിടെ മറ്റൊരു ചോദ്യം പൊന്തിവരുന്നു: മാർക്സ് പതിവായി ഏസ്കിലസ്സും, ഹോമറും ഷേക്സ്പിയറും മറ്റും വായിച്ചാസ്വദിച്ചിരുന്നതെന്തുകൊണ്ടാണ്? അദ്ദേഹത്തിന് വർഗ്ഗവീക്ഷണം ഇല്ലാതിരുന്നതുകൊണ്ടാണോ? അദ്ദേഹം റിവിഷനിസ്റ്റ് ആയതുകൊണ്ടാണോ?
യൂറോപ്യൻ വിപ്ലവങ്ങളുടെ അടിയൊഴുക്കുകളെ വിശകലനം ചെയ്തുകൊണ്ട് വർഗ്ഗങ്ങൾ തമ്മിലുള്ള സമരമാണ് സമുദായത്തിന്റെ വളർച്ചയുടെ മുഖ്യമായ പ്രേരകശക്തി എന്ന് മാർക്സ് ചൂണ്ടിക്കാണിക്കുകയുണ്ടായി. അടിമയും ഉടമയും തമ്മിലും അടിയാളനും നാടുവാഴിയും തമ്മിലും തൊഴിലാളിയും മുതലാളിയും തമ്മിലും ചിലപ്പോൾ ഒളിഞ്ഞും മറ്റു ചിലപ്പോൾ തെളിഞ്ഞും നീണ്ട സമരങ്ങൾ നടന്നിട്ടുണ്ട്. സ്ഥാപിതതാൽപ്പര്യക്കാർ തങ്ങളുടെ നിലവിലുള്ള അവകാശാധികാരങ്ങളെ കാത്തുരക്ഷിക്കാൻ ശ്രമിക്കുന്നു. മർദ്ദിത വർഗ്ഗക്കാരാകട്ടെ തങ്ങളുടെ സ്വന്തം താൽപര്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് സ്ഥാപിതതാൽപ്പര്യങ്ങൾക്കെതിരായി പോരാടുന്നു. ഇന്ത്യയിലിന്ന് തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങിയ മർദ്ദിതവർഗ്ഗക്കാർ കൂലിക്കും ബോണസിനും തൊഴിലിനും നിലത്തിനും വേണ്ടി നടത്തുന്ന ഉശിരൻ സമരങ്ങളെപ്പറ്റിയും പ്രിവിപേർസ് നിർത്തലാക്കൽ, ബാങ്ക് ദേശസാൽക്കരണം, കുത്തകകൾക്ക് കടിഞ്ഞാണിടൽ എന്നിങ്ങനെയുള്ള മറ്റടിയന്തിരാവശ്യങ്ങൾക്കുവേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളെപ്പറ്റിയും തെരഞ്ഞെടുപ്പ് സമരങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ട് തങ്ങൾക്കിഷ്ടമില്ലാത്ത പാർട്ടികളെ പരാജയപ്പെടുത്തുവാനും ഇഷ്ടമുള്ള പാർട്ടികളെ വിജയിപ്പിക്കുവാനും വേണ്ടി നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും ഇവിടെ എടുത്തുപറയേണ്ടതുണ്ടല്ലോ.
എന്നാൽ, വർഗ്ഗങ്ങളെപ്പറ്റിയും വർഗ്ഗസമരങ്ങളെപ്പറ്റിയുമുള്ള ഈ സിദ്ധാന്തം മാർക്സിന്റെ കണ്ടുപിടുത്തമല്ല. മാർക്സിനു മുമ്പുതന്നെ ഒന്നിലധികം ചരിത്രകാരൻമാർ സമുദായത്തിലെ വർഗ്ഗസമരങ്ങളുടെ അനിവാര്യതയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. വർഗ്ഗസമരങ്ങളിൽ നിന്നു മനുഷ്യനെ മോചിപ്പിക്കേണ്ടതെങ്ങിനെ എന്നതിനെപ്പറ്റിയും മർദ്ദനവും ചൂഷണവുമില്ലാത്ത ഒരു പുതിയ സാമൂഹ്യവ്യവസ്ഥിതിയിൽ മനുഷ്യന്റെ വ്യക്തിത്വത്തെ മേൽക്കുമേൽ എങ്ങനെ വളർത്താൻ കഴിയുമെന്നതിനെപ്പറ്റിയുമാണ് മാർക്സ് പരിശോധിച്ചത്. വർഗ്ഗങ്ങളും വർഗ്ഗസമരങ്ങളും മനുഷ്യചരിത്രത്തിലെ ഒരിടക്കാലഘട്ടത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന താൽക്കാലിക പ്രതിഭാസങ്ങൾ മാത്രമാണ്. ചരിത്രത്തിലെ, ഉൽപ്പാദനവ്യവസ്ഥയുടെ വളർച്ചയിലെ ഒരു സവിശേഷഘട്ടത്തിൽ, സവിശേഷങ്ങളായ ചില സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിൽ മാത്രമാണ് മനുഷ്യൻ മുതലാളിയോ തൊഴിലാളിയോ ആയിരുന്നത്. ആ സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങളെ നീക്കം ചെയ്താൽ തന്നെ മുതലാളിയും തൊഴിലാളിയുമില്ല; വെറും മനുഷ്യനേയുള്ളു. വർഗ്ഗങ്ങളുടെ താൽക്കാലിക പ്രതിഭാസങ്ങൾക്കിടയിൽ യഥാർത്ഥ മാനുഷിക പ്രതിഭാസങ്ങൾ ഒളിഞ്ഞുകിടക്കുന്നു. മനുഷ്യന് യഥാർത്ഥത്തിൽ എങ്ങിനെയായിത്തീരാൻ കഴിയുമെന്നു വെളിപ്പെടുത്താൻ വേണ്ടിയാണ് മാർക്സ് വാസ്തവിക ലോകത്തിലെ വർഗ്ഗബന്ധങ്ങളേയും വർഗ്ഗസമരങ്ങളേയും വിശകലനം ചെയ്തത്. വാസ്തവിക ലോകത്തിലെ ബീഭൽസതകളോടും വൈകൃതങ്ങളോടും കപടനാട്യങ്ങളോടുമുള്ള കഠിനമായ പ്രതിഷേധം, മൃഗീയതകളുടെ പിടിയിൽനിന്നു മനുഷ്യത്വത്തെ മോചിപ്പിക്കാനുള്ള ക്രിയാത്മകമായ അഭിവാഞ്ഛ—ഇതാണ് മാർക്സിയൻ വീക്ഷണത്തിന്റെ മുഖ്യമായ പ്രേരകശക്തി. മുതലാളിത്ത വ്യവസ്ഥയിലെ വർഗ്ഗബന്ധങ്ങളും സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളും സ്ഥാപനങ്ങളും മനുഷ്യനിലെ മനുഷ്യത്വത്തെ—മനുഷ്യന്റെ കഴിവുകളേയും സാദ്ധ്യതകളേയും ധാർമ്മികബോധത്തേയും പ്രതിഭയേയും ഉൽകൃഷ്ടതയേയുമെല്ലാം—വീർപ്പുമുട്ടിക്കുന്നതെങ്ങിനെയെന്ന് മാർക്സ് നോക്കിക്കണ്ടു. മനുഷ്യന്റെ സമഗ്രമായ വ്യക്തിത്വത്തിന് വളരാൻ കഴിയണമെങ്കിൽ നിലവിലുള്ള വർഗ്ഗബന്ധങ്ങളേയും സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളേയും സ്ഥാപനങ്ങളെയും മാറ്റിമറിച്ച് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റേയും അടിസ്ഥാനത്തിലുള്ള പുതിയ മാനുഷിക ബന്ധങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്നും അതിനുവേണ്ടി മുന്നിട്ടുനിന്ന് പ്രവർത്തിക്കുകയാണ് തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്രപരമായ കടമയെന്നും അദ്ദേഹം വ്യക്തമാക്കി. കൂലിക്കും ബോണസ്സിനും മറ്റടിയന്തിരാവശ്യങ്ങൾക്കും വേണ്ടി പോരാടുന്ന തൊഴിലാളികൾക്ക് തങ്ങളുടെ ഈ ചരിത്രപരമായ കടമയെപ്പറ്റി ബോധമുണ്ടാക്കിക്കൊടുക്കാൻ അദ്ദേഹം ഇടവിടാതെ പരിശ്രമിച്ചു.
ചൂഷണാധിഷ്ഠിതമായ മുതലാളിത്തം ഒരു യാഥാർത്ഥ്യമാണ്. സംശയമില്ല. മുതലാളിത്തം മനുഷ്യത്വത്തിന്റെ പുരോഗതിയെ തടഞ്ഞുനിർത്തുകയും മൃഗീയതകൾക്ക് പരന്നു പിടിക്കാൻ പറ്റിയ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇതും നമ്മുടെ കൺമുന്നിൽ കാണുന്ന യാഥാർത്ഥ്യമാണ്. പക്ഷേ, ഇതിനേക്കാൾ കരുത്തുള്ള മറ്റൊരു യാഥാർത്ഥ്യമുണ്ട്; ചൂഷണത്തിന്റെയും മൃഗീയതയുടേയും പിടിയിൽ നിന്നും മോചനം നേടാനും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റേയും മേഖലകളിലേക്ക് കടന്നുചെല്ലാനുമുള്ള മനുഷ്യന്റെ അദമ്യമായ ഇച്ഛാശക്തി. അപൂർണ്ണതയിൽ നിന്ന് പൂർണ്ണതയിലേക്കും പാരതന്ത്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുമുള്ള മനുഷ്യന്റെ നീണ്ട പ്രയാണത്തിനിടയിൽ പ്രത്യക്ഷപ്പെടുന്ന പ്രതിബന്ധങ്ങളെ തട്ടിത്തകർക്കാനുള്ള കർമ്മശക്തി. നിലവിലുള്ള യാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ട് നിലവിൽ വന്നുകഴിഞ്ഞിട്ടില്ലാത്ത യാഥാർത്ഥ്യങ്ങളെ നോക്കിക്കാണാനുള്ള ഭാവനാശക്തി.
ഇവിടെയാണ് സാഹിത്യത്തിന്റെ പ്രയോജനം. മൃഗീയതയിൽ നിന്ന് മനുഷ്യത്വത്തിലേക്കും അസ്വാതന്ത്ര്യത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കുമുള്ള മനുഷ്യന്റെ പ്രയാണത്തെ അത് സഹായിക്കുന്നു. സാമൂഹ്യയാഥാർത്ഥ്യങ്ങളുടെ ബീഭത്സതകൾക്കും ക്രൂരതകൾക്കുമെതിരായി മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കാനുള്ള സാഹിത്യങ്ങൾ വിമോചനപരമായ ഒരു പങ്കുവഹിക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രാചീനകാലം തൊട്ടുള്ള വിവിധ സാമൂഹ്യവ്യവസ്ഥകളിൽ ജീവിച്ചിരുന്ന സാഹിത്യകാരൻമാർ പുരോഗതിക്കുവേണ്ടി നൽകിയ എല്ലാ വിലപിടിച്ച സംഭാവനകളേയും മാർക്സ് സ്വാഗതം ചെയ്തത്.
സാഹിത്യം ജീവിതയാഥാർത്ഥ്യങ്ങളുടെ പ്രതിഫലനമോ ചിത്രീകരണമോ അല്ല. എന്തെന്നാൽ, നിലവിൽവന്നു കഴിഞ്ഞിട്ടില്ലാത്ത സാമൂഹ്യമനസാക്ഷിയെ ഭാവനയിൽ കാണാനും അതിനെ സ്വാഭാവികതയുടെ വെളിച്ചത്തിൽ കലാപമായി ആവിഷ്ക്കരിക്കാനുമാണ് സാഹിത്യകാരൻ തന്റെ പ്രതിഭയെ ഉപയോഗിക്കുന്നത്. സാമൂഹ്യ ജീവിതത്തിനും സാമൂഹ്യമായ വികാരവിചാരങ്ങൾക്കും കീഴ്പ്പെട്ടുകൊണ്ടല്ല, അവയ്ക്കെതിരായിട്ടാണ് അയാൾ സാഹിത്യസൃഷ്ടി നടത്തുന്നത്.
ഒരർത്ഥത്തിൽ മൃഗങ്ങളും നിർമ്മാണം നടത്താറുണ്ട്. തേനീച്ച, ഉറുമ്പ് തുടങ്ങിയ പ്രാണികൾ പോലും തങ്ങളുടെ കുഞ്ഞുകുട്ടികൾക്കുവേണ്ടി കൂടുണ്ടാക്കാറുണ്ട്. പക്ഷേ, ഭാവനയുപയോഗിച്ച് സൗന്ദര്യബോധത്തോടുകൂടി സാർവ്വത്രികമായ മാനുഷികാവശ്യങ്ങൾക്കുവേണ്ടി നിർമ്മാണം നടത്താൻ മനുഷ്യനു മാത്രമേ കഴിയൂ. സാഹിത്യനിർമ്മാണത്തിലെ ഏറ്റവും മുഖ്യമായ ഘടകമാണ് സൗന്ദര്യം. ഏതു കാലഘട്ടത്തിൽ രചിക്കപ്പെട്ടതായാലും വായനക്കാരുടെ ഹൃദയങ്ങളിലേക്ക് സൗന്ദര്യം പകർന്നുകൊടുക്കാൻ കഴിവുള്ള കൃതികളെല്ലാം കാലദേശങ്ങളെ അതിജീവിച്ചുകൊണ്ട് നിലനിൽക്കുന്നു.