യുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളോടനുവർത്തിക്കേണ്ട നയത്തെ സംബന്ധിച്ചിടത്തോളം ഗാന്ധിയും തിലകനും ഒരേ അഭിപ്രായക്കാരായിരുന്നില്ല. ബ്രിട്ടീഷുകാർ മനുഷ്യന്റെ അന്തസ്സിനെയും സംസ്ക്കാരത്തെയും കാത്തുരക്ഷിക്കാനാണ് യുദ്ധം ചെയ്യുന്നത് എന്നും സ്വയംഭരണത്തിനുവേണ്ടി നിലകൊള്ളുന്ന ഇന്ത്യക്കാരുടെ ഭാവി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിലനിൽപ്പിനെ ആശ്രയിക്കുന്നു എന്നും അതുകൊണ്ട് ബ്രിട്ടനെ നിരുപാധികമായി സഹായിക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും ഗാന്ധി വാദിച്ചു. തിലകനാകട്ടെ, ഇന്ത്യക്ക് സ്വയംഭരണമനുവദിക്കാത്ത ബ്രിട്ടനെ സഹായിക്കുന്നത് ശരിയല്ല എന്നാണഭിപ്രായപ്പെട്ടത്.
1920 ജനുവരിയിൽ തിലകനും ഗാന്ധിയും തമ്മിലുണ്ടായ ഒരു വാദപ്രതിവാദം അവരുടെ വീക്ഷണഗതികളിലുള്ള വ്യത്യാസം കൂടുതൽ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയകാര്യങ്ങളിൽ ഏതു മാർഗ്ഗമുപയോഗിച്ചാലും തെറ്റില്ലെന്നാണ് തിലകന്റെ അഭിപ്രായം എന്ന് ഗാന്ധി ‘യങ്ങ് ഇന്ത്യ’ എന്ന തന്റെ പത്രത്തിൽ എഴുതുകയുണ്ടായി. ഈ വിമർശനത്തിനു മറുപടിയായി ‘അക്കോധേന ജിനേ ക്രോധം’ എന്ന ബുദ്ധന്റെ തത്വത്തെക്കാളധികം ‘യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം’ എന്ന ശ്രീകൃഷ്ണന്റെ തത്വത്തെയാണ് താനിഷ്ടപ്പെടുന്നത് എന്ന് തിലകൻ പ്രസ്താവിച്ചു. ബുദ്ധന്റെയും ശ്രീകൃഷ്ണന്റെയും തത്വങ്ങളിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്നും ക്രോധത്തെ അക്രോധം കൊണ്ടു ജയിക്കണമെന്നാണ് ഭഗവദ്ഗീതയും ഉൽബോധിപ്പിക്കുന്നത് എന്നുമായിരുന്നു ഗാന്ധിയുടെ അഭിപ്രായം. ‘ശഠം പ്രതി ശാഠ്യം’ എന്ന തിലകന്റെ മുദ്രാവാക്യം ആപൽക്കരമാണെന്നും അതിന്റെ സ്ഥാനത്ത് ‘ശഠം പ്രത്യപി സത്യം’ എന്ന നിയമമാണ് അനുസരിക്കേണ്ടത് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
എന്നാൽ, 1920 ആഗസ്റ്റ് 1-ന് തിലകൻ മരണം പ്രാപിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ശിഷ്യനെന്ന നിലയ്ക്കാണ് ഗാന്ധി സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. അദ്ദേഹം എഴുതി: “നിലവിലുള്ള ഭരണക്രമത്തിന്റെ ദോഷം തിലകനെക്കാളധികം മനസ്സിലാക്കിയ മറ്റൊരാളുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഏറ്റവും നല്ല ശിഷ്യനെപ്പോലെ, അത്രയും സത്യസന്ധമായി, അദ്ദേഹത്തിന്റെ സന്ദേശം ജനങ്ങൾക്കു നൽകുമെന്ന് ഞാൻ സവിനയം പ്രതിജ്ഞ ചെയ്യുന്നു. എന്നാൽ, എന്റെ മാർഗ്ഗം തിലകന്റെ മാർഗ്ഗമല്ല എന്നെനിക്ക് ബോധമുണ്ട്… എന്റെ പരിമിതികളെപ്പറ്റി ഞാൻ മനസ്സിലാക്കാതിരിക്കുന്നില്ല. പാണ്ഡിത്യം എനിക്കവകാശപ്പെടാൻ വയ്യ. എനിക്ക് അദ്ദേഹത്തിന്റെ സംഘടനാശക്തികളില്ല. എനിക്ക് നയിക്കാൻ സുസംഘടിതവും അച്ചടക്കമുള്ളതുമായ ഒരു പാർട്ടിയില്ല. ഇരുപത്തിമൂന്നു കൊല്ലം അന്യരാജ്യങ്ങളിൽ കഴിച്ചുകൂട്ടിയ എനിക്ക് ഇന്ത്യയെപ്പറ്റി ലോകമാന്യനുണ്ടായിരുന്ന അനുഭവങ്ങളില്ല. ഞങ്ങൾക്ക് പൊതുവായി രണ്ട് കാര്യങ്ങൾ മാത്രമാണ് പൂർണ്ണമായ തോതിലുള്ളത്—രാജ്യസ്നേഹവും സ്വരാജിനു വേണ്ടിയുള്ള ഇടവിടാത്ത പ്രയത്നവും”.
രാജ്യത്തിലെങ്ങും സാമ്രാജ്യത്വവിരുദ്ധ മനോഭാവവും സമരോത്സുകതയും കൊടുമ്പിരിക്കൊണ്ടിരുന്ന ഒരു ഘട്ടമായിരുന്നു അത്. ജനങ്ങളുടെ മാനസികാവസ്ഥ ശരിക്കും മനസ്സിലാക്കിയ മഹാത്മാഗാന്ധി—രവീന്ദ്രനാഥ ടാഗോർ നൽകിയ ഈ പേരിലാണ് അദ്ദേഹം പ്രസിദ്ധനായിത്തീർന്നത്—മുതലാളികൾ, തൊഴിലാളികൾ, പണക്കാർ, ദരിദ്രന്മാർ, കൃഷിക്കാർ, സ്ത്രീകൾ, വിദ്യാർത്ഥികൾ, അഭിഭാഷകർ എന്നിങ്ങനെയുള്ള വ്യത്യസ്തജനവിഭാഗങ്ങളെ യോജിപ്പിച്ചണിനിരത്താൻ ഒരു ദേശീയകർമ്മപദ്ധതിയാവിഷ്ക്കരിച്ചു. സാധാരണക്കാരായ ജനങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ശക്തികളെപ്പറ്റിയും അവരുടെ ദൗർബല്യങ്ങളെപ്പറ്റിയും ചരിത്രനിർമ്മാണത്തിൽ അവർക്കുള്ള പങ്കിനെപ്പറ്റിയും മറ്റേതൊരു ദേശീയനേതാവിനെക്കാളുമധികം ബോധവാനായിരുന്നു അദ്ദേഹം. ജനങ്ങളുമായുള്ള നിരന്തരസമ്പർക്കം കൊണ്ട് അവരുടെ നാഡിമിടിപ്പുകളറിയാനും അവരുടെ വികാരങ്ങളെ മനസ്സിലാക്കാനുമുള്ള അത്ഭുതാവഹമായ കഴിവ് അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. തെക്കെ ആഫ്രിക്കയിൽ വെച്ചുണ്ടായ അനുഭവങ്ങളും സത്യാഗ്രഹസമരങ്ങളും തന്റെ വ്യക്തിവൈശിഷ്ട്യം വികസിപ്പിക്കാൻ മാത്രമല്ല, ജനങ്ങളെ ഉൽബുദ്ധരും കർമ്മോന്മുഖരുമാക്കാനും പറ്റിയ ഉപാധികളാണെന്ന് അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ജനങ്ങളുടെ സാമ്പത്തികമായ പിന്നോക്കനില, രാഷ്ട്രീയമായ അപക്വത, മതപരമായ വീക്ഷണഗതികൾ, അന്ധവിശ്വാസങ്ങൾ, സാമൂഹ്യാചാരങ്ങൾ മുതലായവ അദ്ദേഹത്തിന് സുപരിചിതങ്ങളായിരുന്നു. തന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവിരുദ്ധസമരത്തിൽ പങ്കുചേരാൻ പ്രേരിതരായ ആളുകളിൽ ഭൂരിഭാഗത്തെ, പ്രത്യേകിച്ചും പിന്നോക്കജനവിഭാഗങ്ങളെ, സ്വാധീനിക്കാൻ പറ്റിയ തരത്തിലാണ് അദ്ദേഹം തന്റെ കർമ്മപരിപാടി ആവിഷ്ക്കരിച്ചത്.
നിസ്സഹകരണം, ബഹിഷ്ക്കരണം, നിയമലംഘനം, നികുതിനിഷേധം മുതലായവയടങ്ങിയ ഈ കർമ്മപരിപാടി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തിലകനും അരവിന്ദഘോഷും ആവിഷ്ക്കരിച്ച പരിപാടിയിൽ നിന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല. എങ്കിലും, ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ പുതിയ സാഹചര്യങ്ങളിൽ അതിന് കൂടുതൽ വ്യാപകമായ പിന്തുണ ലഭിച്ചു. ഗാന്ധിയുടെ ഊർജസ്വലമായ നേതൃത്വത്തിൽ അത് സ്വാതന്ത്ര്യസമരത്തെ ഒരു യഥാർത്ഥ ബഹുജനസമരമാക്കി മാറ്റാനുള്ള ഉപാധിയായിത്തീർന്നു. സ്കൂളുകളും കോളേജുകളും ബഹിഷ്ക്കരിച്ച് നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉൽബോധിപ്പിച്ചു. കോടതികൾ ബഹിഷ്ക്കരിക്കാനും അങ്ങനെ ബ്രിട്ടീഷ് നീതിന്യായയന്ത്രത്തെ മരവിപ്പിക്കാനും അഭിഭാഷകരോടാവശ്യപ്പെട്ടു. അക്രമത്തിലും അനീതിയിലും അധിഷ്ഠിതമായ ഗവണ്മെന്റിന് നികുതി കൊടുക്കാൻ പാടില്ലെന്ന് കർഷകരെ ഉപദേശിച്ചു. നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഉപ്പു കുറുക്കാനും വിദേശവസ്ത്രഷോപ്പുകളും മദ്യഷാപ്പുകളും പിക്കറ്റു ചെയ്യാനും ജനങ്ങളോടാവശ്യപ്പെട്ടു. “രാക്ഷസീയഭരണകൂടം അടിച്ചേൽപ്പിക്കുന്ന നിയമരഹിതനിയമങ്ങളെ” വെല്ലുവിളിച്ചുകൊണ്ട് പതിനായിരക്കണക്കിലുള്ള സ്ത്രീപുരുഷന്മാർ ആവേശപൂർവ്വം സമരാങ്കണത്തിലിറങ്ങി. ഭരണാധികാരികൾ ജനങ്ങളുടെ ആവേശത്തള്ളൽ തടയാൻ ലാത്തിയും വെടിയുണ്ടകളും പ്രയോഗിച്ചു. ആയിരക്കണക്കിന് ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളെ പിന്താങ്ങിയ യാഥാസ്ഥിതികരായ സ്ഥാപിതതാൽപ്പര്യക്കാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും സഹായത്തോടുകൂടി ജനങ്ങളുടെ സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ മൃഗീയങ്ങളായ പല നടപടികളും കൈക്കൊണ്ടു. ഈ സംഭവവികാസങ്ങൾ മിതവാദികളായ രാഷ്ട്രീയ നേതാക്കന്മാരെ അമ്പരപ്പിക്കുകയും ഭയചകിതരാക്കുകയും ചെയ്തു. പലരും കോൺഗ്രസ്സിൽ നിന്നു രാജിവെച്ച് മറുചേരിയിൽ ചേരുകയോ വെറും കാഴ്ചക്കാരായി മാറുകയോ ചെയ്തു. പക്ഷേ, ജനങ്ങൾ, പ്രത്യേകിച്ചും യുവാക്കന്മാർ, കൂടുതൽ ആവേശത്തോടും കൂടുതൽ അർപ്പണമനോഭാവത്തോടും കൂടി സമരത്തിൽ പങ്കെടുക്കുകയാണ് ചെയ്തത്. അങ്ങനെ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലാരംഭിച്ച നിയമലംഘനപ്രസ്ഥാനം “ബ്രിട്ടീഷ് ഭരണത്തിനെതിരായ സംഘടിതസമരത്തിന്റെ അനിഷേധ്യസ്വഭാവമാർജ്ജിച്ചു”. [1]
എന്നാൽ, രാഷ്ട്രീയസമരത്തിന്റെ മുന്നേറ്റത്തെ വിലയിരുത്തുന്ന കാര്യത്തിൽ മഹാത്മാഗാന്ധിക്ക് സ്വന്തമായ ചില മാനദണ്ഡങ്ങളുണ്ടായിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും വിമർശനങ്ങളെയും അവഗണിച്ചുകൊണ്ട് സ്വന്തം വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ശത്രുവിനു വേദന തട്ടാത്ത വിധത്തിൽ അഹിംസാത്മകമായ സമരം നടത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ നിർദ്ദേശം പ്രായോഗികമാക്കുക എളുപ്പമായിരുന്നില്ല. സമരത്തിനിടയിൽ ഐക്യസംസ്ഥാനത്തിലെ ചൗരീചര എന്ന ഒരു ചെറിയ ഗ്രാമത്തിലെ ജനങ്ങൾ ഭരണാധികാരികളുടെ മർദ്ദനം സഹിക്കാൻ കഴിയാതെ രോഷാകുലരായി ഒരു ചെറിയ പൊലീസ് സ്റ്റേഷന് തീ വെയ്ക്കുകയും ഏതാനും പൊലീസുകാരുടെ മരണത്തിനിടവരുത്തുകയും ചെയ്തു. ഗാന്ധി പെട്ടെന്ന് ഇന്ത്യയിലൊട്ടുക്കുമുള്ള സമരം പിൻവലിച്ചു. ജനങ്ങൾ അക്രമരഹിതമായ സമരം നടത്തുന്നതിൽ പരാജയപ്പെട്ടു എന്നതായിരുന്നു ഇതിന് അദ്ദേഹം നൽകിയ ന്യായീകരണം. 1922 ഫെബ്രുവരിയിൽ ബാർദോളിയിൽവെച്ചു കൂടിയ കോൺഗ്രസിന്റെ പ്രവർത്തക കമ്മിറ്റിയോഗം “ജനക്കൂട്ടത്തിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെ” ആക്ഷേപിക്കുകയും ഗാന്ധിയുടെ നടപടി ശരിവെക്കുകയും ചെയ്തു. ഗാന്ധിയൻ സമീപനത്തിന്റെ ഒരു പരിണിതഫലമായിരുന്നു ഇത്. പക്ഷേ, ഈ നടപടി വിപ്ലവകാരികളായ യുവകോൺഗ്രസ് പ്രവർത്തകന്മാരെ ഒട്ടുംതന്നെ തൃപ്തിപ്പെടുത്തിയില്ല. സുഭാഷ് ചന്ദ്രബോസ് പിന്നീടെഴുതിയതുപോലെ, “ജനങ്ങളുടെ ആവേശം തിളച്ചുമറിയാൻ തുടങ്ങിയപ്പോൾ പിന്മാറ്റത്തിന്റെ ആജ്ഞ പുറപ്പെടുവിക്കപ്പെട്ടത് ഒരു ദേശീയദുരന്തത്തിൽ കുറഞ്ഞ ഒന്നുമായിരുന്നില്ല”.
ഗാന്ധിയുടെ സമീപനം ആത്മനിഷ്ഠമായിരുന്നു എങ്കിലും അതു വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾക്കു തികച്ചും എതിരായിരുന്നു എന്നു കരുതുന്നതു ശരിയായിരിക്കുകയില്ല. അദ്ദേഹത്തിന്റെ ആദർശങ്ങൾ, അവയിൽ എന്തൊക്കെത്തന്നെ ദൗർബല്യങ്ങളുണ്ടായിരുന്നാലും, ഒരുഭാഗത്ത് മതവിശ്വാസങ്ങളെ മുറുക്കിപ്പിടിക്കുകയും മറുഭാഗത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനികലോകവുമായി ഇണങ്ങിച്ചേരാൻ ആഗ്രഹിക്കുകയും ചെയ്ത ഒരു ജനതയുടെ നിലവാരത്തിനു യോജിച്ചവയായിരുന്നു.
സമരത്തിന്റെ മുന്നേറ്റം തടയപ്പെടുന്ന ഘട്ടങ്ങളിൽ നിരാശതയും കർമ്മരാഹിത്യവും ജനങ്ങളെ പിടികൂടുക സാധാരണമാണ്. 1905-ലെ ബംഗാൾ വിഭജനകാലത്തെ സമരങ്ങൾ അടിച്ചമർത്തപ്പെട്ടപ്പോൾ അതാണുണ്ടായത്. എന്നാൽ, മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം, സ്വാതന്ത്ര്യസമരത്തിൽ നിരാശതയ്ക്കോ കർമ്മരാഹിത്യത്തിനോ സ്ഥാനമുണ്ടായിരുന്നില്ല. അത് ഒരനുസ്യൂതമായ സമരമായിരുന്നു. സ്വാതന്ത്ര്യസമരമെന്നാൽ നിയമലംഘനപ്രസ്ഥാനം മാത്രമയിരുന്നില്ല. ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള നിർമ്മാണപരിപാടികൾ ഗാന്ധിയൻ പ്രസ്ഥാനത്തിന്റെ ഒരു പ്രധാനഭാഗമായിരുന്നു. ഖാദിപ്രചരണം, ഹിന്ദു–മുസ്ലീം മൈത്രി, ഹരിജനോദ്ധാരണം, മദ്യനിരോധനം, ദേശീയവിദ്യാഭ്യാസം, ഹിന്ദിപ്രചരണം, ഗ്രാമശുചീകരണം മുതലായവയായിരുന്നു നിർമ്മാണപരിപാടികളിലെ മുഖ്യഇനങ്ങൾ. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരെല്ലാം ഇത്തരം നിർമ്മാണപരിപാടികളിലേർപ്പെടണമെന്ന് അദ്ദേഹം നിഷ്ക്കർഷിച്ചു. “സായുധസമരത്തിന് ആയുധപരിശീലനം ആവശ്യമായിരിക്കുന്നതുപോലെ തന്നെ ആയുധരഹിതമായ സമരത്തിന് നിർമ്മാണപ്രവർത്തനങ്ങളിലുള്ള പരിശീലനവും ആവശ്യമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുടിൽവ്യവസായങ്ങൾ പുനരുദ്ധരിക്കൽ, ചർക്ക ഉപയോഗിക്കൽ, ഖാദി പ്രചരിപ്പിക്കൽ എന്നിവയിലടങ്ങിയ അദ്ദേഹത്തിന്റെ സാമ്പത്തികപരിപാടി അപരിഷ്ക്കൃതോൽപ്പാദനരീതികളിലും അദ്ധ്വാനത്തിന്റെ താഴ്ന്ന നിലവാരത്തിലുളള ഉൽപ്പാദനക്ഷമതയിലും അധിഷ്ഠിതമായിരുന്നു. എന്നാൽ, അത് സാമ്രാജ്യത്വചൂഷണത്തിന്റെ ഫലമായി വൻതോതിൽ വർദ്ധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയുടെ കാഠിന്യം കുറയ്ക്കാനുള്ള ഒരുപാധി കൂടിയായിരുന്നു. 1921-ൽ ഗാന്ധിപറഞ്ഞു: “ഭക്ഷണം നൽകാൻ കഴിവുളള തൊഴിലുകൾ നിഷേധിക്കപ്പെട്ടിരിക്കയാൽ ഇന്ത്യ വിശപ്പുകൊണ്ടു മരിച്ചുകൊണ്ടിരിക്കുകയാണ്… മരിച്ചുകൊണ്ടിരിക്കുന്ന ജനലക്ഷങ്ങൾക്ക് ചർക്ക ഒരു ജീവിതോപാധിയാണ്. വിശപ്പ് ഇന്ത്യയെ ചർക്കയുടെ അടുത്തേക്ക് തള്ളിനീക്കിക്കൊണ്ടിരിക്കുകയാണ്”. ഖാദി പ്രചരണത്തോടൊപ്പം തന്നെ നാടൻ തുണിമില്ലുകൾ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന തുണിത്തരങ്ങളും മറ്റ് ഉപഭോഗസാമഗ്രികളും ബഹിഷ്ക്കരിക്കാനും ‘സ്വദേശീവ്രതം’ കൈക്കൊള്ളാനുമുള്ള ആഹ്വാനങ്ങൾ ഫലത്തിൽ ഇന്ത്യൻ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് പ്രചോദനം നൽകുന്നവയായിരുന്നു. ജനങ്ങളുടെ ദേശാഭിമാനം ദേശീയ മുതലാളിത്തത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്താനാണ് സഹായിച്ചത്. ഹിന്ദു–മുസ്ലീം മൈത്രി, ഹിന്ദിപ്രചരണം തുടങ്ങിയ പരിപാടികൾ ഇന്ത്യയുടെ ദേശീയൈക്യം കെട്ടിപ്പടുക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു. ഇത്തരം നിർമ്മാണപരിപാടികൾ നടപ്പിൽ വരുത്തുന്നതോടൊപ്പം തന്നെ സത്യസന്ധത, ധീരത, അപരിഗ്രഹം, അനാസക്തി മുതലായ വ്യക്തിപരമായ ഗുണങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവശുദ്ധീകരണത്തിൽ ശ്രദ്ധിക്കണമെന്നും മഹാത്മാഗാന്ധി ഉൽബോധിപ്പിച്ചു.
ഗാന്ധി ചെറുപ്പം മുതൽക്കേ ഒരു മതവിശ്വാസിയായിരുന്നു. ജൈനമതസിദ്ധാന്തങ്ങൾക്കു പ്രാബല്യമുണ്ടായിരുന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം വളർന്നത്. പതിമൂന്നാമത്തെ വയസ്സിൽ രാമായണം അദ്ദേഹത്തെ ആകർഷിച്ചു. ലണ്ടനിൽ വിദ്യാർത്ഥിയായിരുന്ന കാലത്താണ് അദ്ദേഹം ഭഗവൽഗീത ആദ്യമായി വായിച്ചത്. ഗീത തന്റെ ശബ്ദകോശമാണെന്ന് അദ്ദേഹം അവകാശപ്പെടുകയുണ്ടായി. ജൈനസിദ്ധാന്തങ്ങളെന്നപോലെ തന്നെ രാമായണം, മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയ പ്രാചീനഗ്രന്ഥങ്ങളും അഹിംസയുടെ പ്രാധാന്യത്തെയാണ് ഉൽഘോഷിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു. തോറോ, ടോൾസ്റ്റോയ് തുടങ്ങിയ പാശ്ചാത്യചിന്തകന്മാരുടെ ഗ്രന്ഥങ്ങൾ വായിച്ചപ്പോൾ ഈ വിശ്വാസം കൂടുതൽ ഉറയ്ക്കുകയാണ് ചെയ്തത്. അഹിംസയിൽ ഊന്നി നിന്നുകൊണ്ട് ചുറ്റുപാടുമുള്ള അനീതികളെ എതിർക്കുകയാണ് മതവിശ്വാസികളുടെ കടമ എന്ന് അദ്ദേഹം കരുതാൻ തുടങ്ങി. ബൈബിളും അദ്ദേഹത്തിൽ സ്വാധീനം ചെലുത്തുകയുണ്ടായി. എങ്കിലും, അദ്ദേഹത്തിന്റെ മൗലികമായ വീക്ഷണഗതി ഹിന്ദുമതത്തിന്റേതായിരുന്നു. താനൊരു സനാതന ഹിന്ദുവാണെന്നുപോലും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. തന്റെ അവകാശപ്രമാണങ്ങളെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:
“അധഃകൃതജാതിക്കാർ ജാതിവ്യവസ്ഥയുടെ ഒരു ഉപോൽപ്പന്നമാണ്; ജാതിവ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം അധഃകൃതജാതിക്കാരും നിലനിൽക്കും” എന്നും “അധഃകൃതരുടെ മോചനത്തിന് ജാതിവ്യവസ്ഥയെ നശിപ്പിക്കുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല” എന്നും 1933-ൽ ഡോക്ടർ അംബേദ്ക്കർ പ്രസ്താവിക്കുകയുണ്ടായി. ഈ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് ഗാന്ധി എഴുതി: “ശരീരത്തിൽ ഒരു വൃത്തികെട്ട മുഴയുണ്ടായതുകൊണ്ട് ശരീരം തന്നെ നശിപ്പിക്കണമെന്നു പറയുന്നതുപോലെ, അല്ലെങ്കിൽ കളകളുള്ളതുകൊണ്ട് വിളയാകെ നശിപ്പിക്കണമെന്നു പറയുന്നതുപോലെ, തെറ്റാണ് അധഃകൃതരുള്ളതുകൊണ്ട് ജാതിവ്യവസ്ഥയെ നശിപ്പിക്കണമെന്നു പറയുന്നതും. അതിനാൽ, നമ്മൾ മനസ്സിലാക്കുന്ന അർത്ഥത്തിലുള്ള അധഃകൃതത്വം പൂർണ്ണമായി നശിപ്പിക്കേണ്ടതാവശ്യമാണ്. അതു നീക്കം ചെയ്യപ്പെടേണ്ട ഒരധികപ്പറ്റാണ്. അതു നീക്കം ചെയ്തില്ലെങ്കിൽ നിലവിലുള്ള വ്യവസ്ഥയാകെ നശിച്ചുപോകും. അപ്പോൾ, അയിത്തം ജാതിവ്യവസ്ഥയുടെ ഫലമല്ല, ഹിന്ദുമതത്തിൽ അടിഞ്ഞുകൂടി അതിനെ ദ്രവിപ്പിച്ചു കൊണ്ടിരിക്കുന്ന മേലാളർ–കീഴാളർ വ്യത്യാസത്തിന്റെ ഫലമാണ്. അയിത്തത്തിനെതിരായ സമരം, അങ്ങനെ, ഈ മേലാളർ–കീഴാളർ വ്യത്യാസത്തിനെതിരായ സമരമാണ്”.
ജാതിവ്യവസ്ഥയെ നിലനിർത്തിക്കൊണ്ടുതന്നെ ഉയർന്നവനെന്നും താണവനെന്നുമുള്ള വ്യത്യാസം നശിപ്പിക്കണമെന്നാണ് ഗാന്ധി ആഗ്രഹിച്ചത്. ഈ വ്യത്യാസം നശിപ്പിക്കാൻ വേണ്ടി തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയിത്തമെന്ന മാലിന്യം തുടച്ചുനീക്കിക്കൊണ്ട് ഹിന്ദുമതത്തെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ വ്യത്യസ്തമതക്കാർ തമ്മിലുള്ള മിശ്രവിവാഹത്തെയോ മിശ്രഭോജനത്തെയോ അദ്ദേഹം അനുകൂലിച്ചില്ല. അദ്ദേഹം തുറന്നു സമ്മതിച്ചു: “മുഴുവൻ ലോകത്തോടും സൗഹാർദ്ദം പുലർത്തിക്കൊണ്ടാണ് ഞാൻ ജീവിക്കുന്നതെന്ന് ഞാനവകാശപ്പെടുന്നു. ഞാനൊരിക്കലും ഒരൊറ്റ മുഹമ്മദീയനോടോ ക്രിസ്ത്യാനിയോടോ ശണ്ഠകൂടിയിട്ടില്ല. പക്ഷേ, വർഷങ്ങളായി ഞാൻ മുഹമ്മദീയരുടെയോ ക്രിസ്ത്യാനികളുടെയോ വീടുകളിൽ നിന്ന് പഴങ്ങളല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല”. [3] ഈ വിചിത്രമായ പെരുമാറ്റത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം എഴുതിയതിങ്ങനെയാണ്: “എന്റെ അഭിപ്രായത്തിൽ, ദേശീയപുരോഗതിക്ക് മിശ്രഭോജനവും മിശ്രവിവാഹവും ആവശ്യമാണെന്ന ആശയം പാശ്ചാത്യരാജ്യങ്ങളിൽ നിന്നു കടംവാങ്ങിയ ഒരു അന്ധവിശ്വാസമാണ്. ആരോഗ്യസംരക്ഷണത്തിനുള്ള മറ്റു ജീവിതാവശ്യങ്ങളെപ്പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കഴിക്കുകയെന്ന പ്രക്രിയയും. മനുഷ്യൻ തന്റെ ഭക്ഷണപ്രക്രിയയെ, തനിക്കു തന്നെ ഹാനികരമായ വിധത്തിൽ, ഒരു ആചാരവും സുഖഭോഗവുമാക്കി മാറ്റിയിരുന്നില്ലെങ്കിൽ സ്വകാര്യജീവിതത്തിലെ മറ്റു പ്രവർത്തനങ്ങളെപ്പോലെ തന്നെ അതും സ്വീകാര്യമായി നിർവഹിക്കുമായിരുന്നു. വാസ്തവം പറഞ്ഞാൽ, ഹിന്ദുമതത്തിലെ ഏറ്റവും ഉന്നതമായ സംസ്ക്കാരം അങ്ങനെയാണ് ഭക്ഷണപ്രക്രിയയെ കണക്കാക്കിയിരുന്നത്. മറ്റാരുടെയും സാന്നിധ്യത്തിൽ ഭക്ഷണം കഴിക്കാത്ത ആയിരക്കണക്കിലുള്ള ഹിന്ദുക്കൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്”. [4]
വിശ്വാസപ്രമാണങ്ങളെക്കുറിച്ചുള്ള ഇത്തരം പ്രഖ്യാപനങ്ങൾ ഗാന്ധിയുടെ വീക്ഷണഗതിയെ ഭാഗികമായി സ്വാധീനിച്ചിരുന്ന പരമ്പരാഗതവും മധ്യകാലോചിതവുമായ ഹൈന്ദവജീവിതരീതിയെയാണ് വെളിപ്പെടുത്തുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ വീക്ഷണഗതി തികച്ചും വിഭാഗീയമായിരുന്നു എന്നു കരുതുന്നതു ശരിയായിരിക്കുകയില്ല. ഹിന്ദുമതവിശ്വാസിയായിരുന്നുവെങ്കിലും മറ്റു മതക്കാരുടെ വിശ്വാസപ്രമാണങ്ങളെ അദ്ദേഹം എതിർക്കുകയുണ്ടായില്ല. എന്നല്ല, തന്റെ പ്രാർത്ഥനായോഗങ്ങളിലും പ്രസംഗങ്ങളിലും അന്യമതഗ്രന്ഥങ്ങളായ ഖുർ-ആന്റെയും ബൈബിളിന്റെയും പ്രാധാന്യത്തെ അംഗീകരിക്കുകയും ചെയ്തു. ജനങ്ങൾ താന്താങ്ങളുടെ മതപ്രമാണങ്ങൾക്കനുസരിച്ച് പരിശുദ്ധമായ ജീവിതം നയിക്കുകയും അതേസമയത്തു തന്നെ മറ്റു മതക്കാരുമായി സൗഹാർദ്ദത്തിലും മൈത്രിയിലും കഴിഞ്ഞുകൂടുകയും ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഹിന്ദുമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നാടുവാഴി പ്രഭുത്വത്തെയും ബ്രിട്ടീഷ് ഭരണത്തെയും അനുകൂലിച്ച യാഥാസ്ഥിതിക ഹിന്ദുക്കളുടേതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദുമതവിശ്വാസം നിശ്ചലമോ പിന്തിരിപ്പനോ ആയിരുന്നില്ല, ചലനാത്മകവും മുതലാളിത്തോല്പാദന ബന്ധങ്ങളുടെ സൃഷ്ടിയായ പുതിയ സാമൂഹ്യവ്യവസ്ഥയ്ക്ക് യോജിച്ചതുമായിരുന്നു. പ്രാചീനമതഗ്രന്ഥങ്ങൾക്ക് അനശ്വരവും സനാതനവുമായ പരിപാവനത്വം കല്പിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ: “വേദങ്ങളും ഉപനിഷത്തുകളും സ്മൃതികളും പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം ഒരേസമയത്ത് ഉത്ഭവിച്ചവയല്ല. വ്യത്യസ്തകാലഘട്ടങ്ങളുടെ ആവശ്യങ്ങളിൽ നിന്നാണ് അവ ഉയർന്നുവന്നത്. അതുകൊണ്ട് അവ പരസ്പരവിരുദ്ധങ്ങളായി കാണപ്പെടുന്നു. ഈ ഗ്രന്ഥങ്ങൾ ശാശ്വതസത്യങ്ങളെ പുതുതായി നിർവചിക്കുകയല്ല, അവ രചിക്കപ്പെട്ട കാലങ്ങളിൽ ശാശ്വതസത്യങ്ങൾ പ്രയോഗിക്കപ്പെട്ടതെങ്ങനെയെന്നു വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക കാലഘട്ടത്തിൽ വളരെ നല്ലതായിരുന്ന ഒരു നടപടിക്രമം മറ്റൊരു ഘട്ടത്തിൽ അന്ധമായി ആവർത്തിക്കപ്പെട്ടാൽ അത് ജനങ്ങളെ നൈരാശ്യത്തിന്റെ ചളിക്കുണ്ടിൽ ആഴ്ത്തുകയേയുള്ളൂ”. ഈ നിലപാടിൽ നിന്നുകൊണ്ട് അദ്ദേഹം മതപരമായ അസഹിഷ്ണുതയെയും വിട്ടുവീഴ്ചയില്ലായ്മയെയും കാലഹരണപ്പെട്ട നടപടിക്രമങ്ങളെയും വിമർശിച്ചു. മതവിദ്വേഷത്തെയും പഴഞ്ചൻ വിശ്വാസങ്ങളെയും ന്യായീകരിക്കാൻ ശ്രമിച്ച യാഥാസ്ഥിതിക പണ്ഡിതന്മാരുടെയും ഹിന്ദുമതസംരക്ഷകരായി രംഗപ്രവേശം ചെയ്ത രാഷ്ട്രീയ നേതാക്കന്മാരുടെയും വാദങ്ങളുടെ ആധികാരികതയെ അദ്ദേഹം വെല്ലുവിളിച്ചു. ഒരു യഥാർത്ഥഹിന്ദുവിന് നിലവിലുള്ള സാമൂഹ്യ—രാഷ്ട്രീയ ഘടകങ്ങളെ ന്യായീകരിക്കുക സാദ്ധ്യമല്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
ഇംഗ്ലണ്ടിൽ സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യസ്നേഹം മുതലായ മുദ്രാവാക്യങ്ങളുയർത്തിപ്പിടിച്ചുകൊണ്ട് സാമൂഹ്യ–രാഷ്ട്രീയപരിവർത്തനങ്ങൾക്കു നേതൃത്വം നൽകിയ അതേ ബ്രിട്ടീഷുകാരുടെ പിൻഗാമികൾ ഇന്ത്യയിൽ സാമൂഹ്യവും രാഷ്ട്രീയവുമായ അടിമത്തം നിലനിർത്താനാണ് പണിപ്പെട്ടത്. സാമ്രാജ്യാധിപത്യത്തിന്റെ പിടിയുറപ്പിക്കുന്നതിനുവേണ്ടി അവർ എല്ലാത്തരം പിന്തിരിപ്പൻ ആശയങ്ങളേയും സാമൂഹ്യാനാചാരങ്ങളെയും പ്രോത്സാഹിപ്പിച്ചു. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ അവർ നിലവിലുള്ള മതവിദ്വേഷങ്ങളെയും ജാതിവ്യവസ്ഥയെയും സമർത്ഥമായി ചൂഷണം ചെയ്യുകയും യാഥാസ്ഥിതിക നാടുവാഴി വിഭാഗങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു. അവർക്കെതിരായി ജനങ്ങളെ അണിനിരത്താനാണ് ഗാന്ധിയുടെ മതപരമായ ആശയങ്ങളും സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളും പഴഞ്ചൻ നടപടിക്രമങ്ങൾക്കെതിരായ സമരങ്ങളും സഹായിച്ചത്. ആത്മനിഷ്ഠമായി, ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളവസാനിപ്പിച്ചുകൊണ്ട് ഹിന്ദുമതത്തെ ശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനുമാണ് അദ്ദേഹം ആഗ്രഹിച്ചത് എന്നത് ശരിയാണ്. അദ്ദേഹം എഴുതുകയുണ്ടായി: “തൊട്ടുകൂടായ്മ അവസാനിക്കുന്ന അതേ നിമിഷത്തിൽ ജാതിവ്യവസ്ഥ ശുദ്ധീകരിക്കപ്പെടും. അതായത്, ഞാൻ വിഭാവനം ചെയ്യുന്നതുപോലെ, അത് യഥാർത്ഥവർണ്ണാശ്രമമായി, ഉയർന്നതോ താണതോ അല്ലാത്തതും ഓരോന്നും മറ്റുള്ളവയെപ്പോലെ തന്നെ ഹിന്ദുമതത്തിന്റെ സമ്പൂർണ്ണശരീരത്തിന് ആവശ്യമായതുമായ നാലു വിഭാഗങ്ങളായി, സ്വയം രൂപാന്തരപ്പെടും”. [5] എന്നാൽ, വസ്തുനിഷ്ഠമായി നോക്കിയാൽ അദ്ദേഹം തുടങ്ങിവെച്ച അയിത്തോച്ചാടനസമരങ്ങളും ഹരിജനപ്രസ്ഥാനവും ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്താനല്ല, നാടുവാഴിത്തത്തിന്റെ അടിത്തറയിളക്കാനാണ് സഹായിച്ചത്. അദ്ദേഹത്തിന്റെ സന്ദേശം രാജ്യത്തിന്റെ മുക്കിലും മൂലയിലും അതിവേഗം പരന്നുപിടിക്കുകയും അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്നിരുന്ന ജനലക്ഷങ്ങൾക്ക് ഒരു പുതിയ ആത്മവിശ്വാസം നൽകുകയും ചെയ്തു. അത് ജനങ്ങളുടെ ദേശാഭിമാനത്തെ തട്ടിയുണർത്തുകയും അനീതിക്കും മർദ്ദനത്തിനുമെതിരായി പോരാടാൻ അവരെ ആവേശം കൊള്ളിക്കുകയും ചെയ്തു.
ദാർശനികരംഗത്തിൽ മഹാത്മാഗാന്ധി ഒരാത്മീയവാദിയായിരുന്നു. ഭൗതികവാദ–നിരീശ്വരവാദചിന്താഗതികളെ അദ്ദേഹം കഠിനമായി എതിർത്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ലോകം വസ്തുനിഷ്ഠവും മനുഷ്യന്റെ ചേതനയിൽ നിന്ന് സ്വതന്ത്രമായി നിലനിൽക്കുന്നതുമായ ഒരു യാഥാർത്ഥ്യമാണ്. പക്ഷേ, അതാവിർഭവിച്ചത് മൗലികമായ ഒരാത്മീയസത്തയിൽ നിന്നാണ്. ആ ആത്മീയസത്തയെ ആശ്രയിച്ചുകൊണ്ടാണ് പ്രാപഞ്ചികങ്ങളായ എല്ലാ പ്രതിഭാസങ്ങളും നിലകൊള്ളുന്നത്. ഇന്ദ്രിയാതീതവും സർവവ്യാപിയും അനിർവചനീയവുമായ ആ സത്തയിൽ അദ്ദേഹത്തിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: “എന്റെ ചുറ്റുമുള്ളതെല്ലാം അനവരതം മാറി മറഞ്ഞുകൊണ്ടിരിക്കുന്നത് ഞാൻ കാണുന്നു. ഈ മാറ്റങ്ങൾക്കെല്ലാമടിയിൽ മാറ്റമില്ലാത്ത, ജീവനുള്ള, ഒരു ശക്തിയെ, എല്ലാറ്റിനെയും കൂട്ടിയിണക്കി നിലനിർത്തുകയും സൃഷ്ടിക്കുകയും സംഹരിക്കുകയും വീണ്ടും സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ശക്തിയെ, അസ്പഷ്ടമായിട്ടാണെങ്കിലും ഞാൻ ദർശിക്കുന്നു”. സചേതനാചേതനങ്ങളായ സർവചരാചരങ്ങളിലും നിലനിൽക്കുന്ന ആ ശക്തിയാണ് ദൈവം.
നിരീശ്വരവാദിയുടെ ജീവിതത്തിന് ധാർമ്മികമായ അടിത്തറയോ ഉള്ളടക്കമോ ഉണ്ടാവുകയില്ലെന്നായിരുന്നു ഗാന്ധിയുടെ അഭിപ്രായം. പക്ഷേ, യുദ്ധത്തിന്റെ പേരിൽ നടത്തപ്പെടുന്ന കൊലപാതകങ്ങളും ക്ഷാമം, മഹാമാരി മുതലായവ കൊണ്ടുണ്ടാകുന്ന കഷ്ടപ്പാടുകളും മൃഗീയങ്ങളായ മർദ്ദനങ്ങളും നിറഞ്ഞ ഒരു സാഹചര്യത്തിൽ എല്ലാറ്റിനെയും നിയന്ത്രിക്കുകയും എല്ലാ മനുഷ്യരിലും സ്ഥിതിചെയ്യുകയും ചെയ്യുന്ന ഒരു ദൈവികശക്തിയിൽ എങ്ങനെ വിശ്വസിക്കാൻ കഴിയും? ഈ ചോദ്യത്തിനുള്ള ഗാന്ധിയുടെ മറുപടി വളരെ ലളിതമായിരുന്നു.
മറ്റൊരുവിധം പറഞ്ഞാൽ, ദൈവമെന്നു വിളിക്കപ്പെടുന്ന അചഞ്ചലവും അനിർവചനീയവും അപരിമേയവുമായ ആ ശക്തിയാണ് ജീവിതത്തെയാകെ നിയന്ത്രിക്കുകയും പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിതസ്വഭാവത്തെ നിർണ്ണയിക്കുകയും ചെയ്യുന്നത്. പ്രപഞ്ചം ദൈവമയമാണ് എന്നു പ്രഖ്യാപിക്കുന്ന “ഈശാവാസ്യമിദം സർവം യത്കിഞ്ച ജഗത്യാം ജഗത്” എന്ന ഉപനിഷദ്വാക്യം ഗാന്ധിയെ വളരെയധികം ആകർഷിക്കുകയുണ്ടായി. സാമൂഹ്യയാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന ഒരു ദൈവമായിരുന്നില്ല അദ്ദേഹത്തിന്റേത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഈശ്വരനെ സാക്ഷാൽക്കരിക്കുക എന്നുവെച്ചാൽ മനുഷ്യരാശിയുമായി താദാത്മ്യം പ്രാപിക്കുക എന്നർത്ഥമായിരുന്നു. മനുഷ്യസമൂഹത്തിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒരു ദൈവമില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. “ഈശ്വരനെ കാണാനുള്ള ഒരേയൊരു വഴി അവനെ അവന്റെ സൃഷ്ടിയിൽ കാണുകയും ആ സൃഷ്ടിയുമായി സാത്മ്യം പ്രാപിക്കുകയുമാണ്”. [6]
ജീവിതത്തിന്റെ ലക്ഷ്യം മോക്ഷമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ, അതിനുള്ള വഴി ലോകത്തെ നിരാകരിക്കലല്ല. സുഖഭോഗങ്ങളിലാസക്തരാവുകയോ തിന്മക്ക് കീഴടങ്ങുകയോ ചെയ്യാതെ ഐഹികജീവിതം നയിക്കലാണ് സന്യാസത്തിന്റെ ഏറ്റവും ഉന്നതമായ രൂപം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം എഴുതുകയുണ്ടായി: “എന്റെ ജനങ്ങൾക്കുവേണ്ടി ഞാൻ ചെയ്യുന്ന സേവനം മാംസത്തിന്റെ ബന്ധനത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാൻവേണ്ടി ഞാനനുഷ്ഠിക്കുന്ന ചിട്ടയുടെ ഒരു ഭാഗമാണ്. എന്നെ സംബന്ധിച്ചിടത്തോളം മോക്ഷത്തിലേക്കുള്ള മാർഗ്ഗം കിടക്കുന്നത് മനുഷ്യസ്നേഹത്തിലാണ്. ജീവിക്കുന്ന എല്ലാറ്റിനോടും താദാത്മ്യം പ്രാപിക്കാൻ ഞാനാഗ്രഹിക്കുന്നു”. [7] ഈ വീക്ഷണഗതിയാണ് ദൈവമെന്ന സങ്കൽപ്പത്തെ വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധങ്ങളെ നിർണ്ണയിക്കുന്ന ധാർമ്മികമൂല്യങ്ങളാക്കി മാറ്റാൻ അദ്ദേഹത്തെ സഹായിച്ചത്. അദ്ദേഹം പറഞ്ഞു: “എന്റെ ദൃഷ്ടിയിൽ ദൈവം സത്യവും സ്നേഹവുമാണ്; നീതിയും ധർമ്മവുമാണ്. ദൈവം ഭയരാഹിത്യമാണ്, പ്രകാശത്തിന്റെയും ജീവിതത്തിന്റെയും ഉറവിടമാണ്. എന്നാൽ, അതേ സമയത്തുതന്നെ അവൻ ഇവയെക്കാളെല്ലാം ഉന്നതനും ഇവയ്ക്കെല്ലാം അതീതനുമാണ്. ദൈവം നിരീശ്വരവാദികളുടെ നിരീശ്വരത്വം പോലുമാണ്”. [8]
ദൈവം സത്യമാണ് എന്ന സങ്കൽപ്പം ക്രമത്തിൽ സത്യം ദൈവമാണെന്ന സങ്കൽപ്പത്തിനു വഴിമാറിക്കൊടുത്തു. അദ്ദേഹം പറഞ്ഞു: “ഐക്യരൂപമുള്ള അനുഭവങ്ങളിൽ നിന്ന് സത്യമല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു”. എന്നാൽ, സത്യത്തെപ്പറ്റിയുള്ള ഈ നിഗമനം വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തിൽ അധിഷ്ഠിതമായിരുന്നില്ല. ആത്മനിഷ്ഠവും അമൂർത്തവും യുക്തിരഹിതവുമായിരുന്നു അത്. ഗാന്ധിയുടെ അഭിപ്രായത്തിൽ “ഒരു പരിശുദ്ധമായ ഹൃദയത്തിന് ഒരു പ്രത്യേകസമയത്ത് തോന്നുന്നതെന്തോ അതാണ് സത്യം. അതിൽ ഉറച്ചുനിന്നാൽ വെള്ളം ചേർക്കാത്ത സത്യത്തിലെത്തിച്ചേരാൻ കഴിയും”. ആത്മനിഷ്ഠമായ ഈ നിലപാടിൽ നിന്നുകൊണ്ടാണ് അദ്ദേഹം സത്യത്തെ സ്നേഹമായും സ്നേഹത്തെ അഹിംസയായും വ്യാഖ്യാനിച്ചത്. മനുഷ്യനോടുള്ള സ്നേഹമാണ് സത്യം കണ്ടെത്താനുള്ള ഒരേയൊരു മാർഗ്ഗം എന്നദ്ദേഹം പ്രസ്താവിച്ചു. “സത്യത്തെ ദൈവമായി കാണാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ അനിവാര്യമായ ഒരേയൊരു മാർഗ്ഗം സ്നേഹമാണ്. അതായത്, അഹിംസയാണ്. ആത്യന്തികമായി, മാർഗ്ഗവും ലക്ഷ്യവും പരസ്പരം മാറ്റിവെയ്ക്കാവുന്ന പദങ്ങളാണ്. അതുകൊണ്ട് സ്നേഹം ദൈവമാണെന്നു പറയാൻ ഞാൻ മടിക്കുന്നില്ല”. [9]
അഹിംസ അല്ലെങ്കിൽ അക്രമരാഹിത്യം സാന്മാർഗിക നിയമത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്തെന്നാൽ, “അഹിംസ പൂർണ്ണരൂപത്തിൽ നടപ്പിൽ വരുത്താൻ കഴിഞ്ഞാൽ മാത്രമേ സത്യം പൂർണ്ണമായി കണ്ടെത്താൻ സാധിക്കൂ”. അദ്ദേഹം എഴുതി: “എന്നെ സംബന്ധിച്ചിടത്തോളം, സ്വരാജിനേക്കാൾ പ്രധാനമാണ് അഹിംസ… അഹിംസയെ അംഗീകരിക്കുമ്പോൾ അതിനെ മറ്റെല്ലാറ്റിന്റെയും മുമ്പിൽ വെയ്ക്കണം. എന്നാൽ മാത്രമേ അത് അപ്രതിരോധ്യമായിത്തീരുകയുള്ളൂ”.
അഹിംസ നിഷേധാത്മകമായ ഒരു തത്വമല്ല. തിന്മയെ അക്രമരഹിതരായി എതിർക്കുക എന്നാണതിന്റെ അർത്ഥം. അതിനാൽ ഭീരുത്വത്തിൽ നിന്നോ കർമ്മരാഹിത്യത്തിൽ നിന്നോ അതുണ്ടാവുകയില്ല. ധീരമായി പ്രവർത്തനരംഗത്തിലിറങ്ങാൻ കഴിയുന്നവർക്കു മാത്രമേ അഹിംസയനുഷ്ഠിക്കാൻ കഴിയൂ. “മരിക്കാൻ പേടിയുള്ളവനും എതിർക്കാൻ ശക്തിയില്ലാത്തവനുമായ ഒരാൾക്ക് അഹിംസ പഠിപ്പിച്ചു കൊടുക്കാൻ കഴിയില്ല. അഹിംസയെന്തെന്നു മനസ്സിലാക്കിക്കൊടുക്കുന്നതിന് മുമ്പ് അവനെ സ്വന്തം കാലിൽ ഉറച്ചുനിൽക്കാനും ആക്രമിച്ചു കീഴടക്കാൻ ഒരുങ്ങിപ്പുറപ്പെട്ടു വരുന്നവനെ ചെറുക്കാൻ വേണ്ടി ജീവൻപോലും ബലി കഴിക്കാനും പഠിപ്പിക്കണം. അങ്ങനെ ചെയ്യാതിരിക്കുക എന്നുവെച്ചാൽ അവന്റെ ഭീരുത്വത്തെ സ്ഥിരീകരിക്കുകയും അഹിംസയിൽ നിന്ന് അവനെ കൂടുതൽ അകറ്റുകയും ചെയ്യുക എന്നാണർത്ഥം. തിരിച്ചടിക്കാൻ ഞാൻ ആരെയും സഹായിക്കുകയില്ലായിരിക്കാം. പക്ഷേ, ഒരു ഭീരുവിനെ കപടമായ അഹിംസയുടെ പിന്നിൽ അഭയം പ്രാപിക്കാൻ ഞാനൊരിക്കലും അനുവദിക്കുകയില്ല”. [10] അദ്ദേഹം തുടർന്നു: “അഹിംസ എന്നുവെച്ചാൽ ദുഷ്ടന്റെ ഇച്ഛാശക്തിക്കു മുമ്പിൽ സവിനയം കീഴടങ്ങുക എന്നല്ല അർത്ഥം. മർദ്ദകന്റെ ഇച്ഛാശക്തിക്കെതിരായി മുഴുവൻ കഴിവും ഉപയോഗിക്കുക എന്നാണതിന്റെ അർത്ഥം. നമ്മുടെ സത്തയുടെ ഈ നിയമമനുസരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് അനീതിനിറഞ്ഞ ഒരു സാമ്രാജ്യത്തിന്റെ മുഴുവൻ ശക്തിയെയും നേരിടാൻ കഴിയും”.
തിന്മയെ അക്രമരഹിതമായി എതിർക്കാനുള്ള ഉപകരണമാണ് സത്യാഗ്രഹം. “സത്യാഗ്രഹി നേരിടാൻ ശ്രമിക്കുന്ന മർദ്ദകന് അവന്റെ ശരീരത്തിന്മേലും ഭൗതികസമ്പത്തിന്മേലും അധികാരം നേടാൻ കഴിയും; പക്ഷേ, അവന്റെ ആത്മാവിന്റെ മേൽ അധികാരം നേടാൻ ഒരിക്കലും കഴിയുകയില്ല. ഇതാണ് സത്യാഗ്രഹത്തിന്റെ അടിസ്ഥാനസിദ്ധാന്തം. ശരീരത്തെ തടവിലിട്ടാലും ആത്മാവ് കീഴടക്കപ്പെടാതെ അജയ്യമായി സ്ഥിതിചെയ്യുന്നു. ഈ മൗലികസത്യത്തെക്കുറിച്ചുള്ള അറിവിൽ നിന്നാണ് സത്യാഗ്രഹത്തിന്റെ ശാസ്ത്രം മുഴുവനും ഉത്ഭവിച്ചത്”. [11]
പീഡകൾ സഹിക്കുകയെന്നത് തിന്മക്കെതിരായ ചെറുത്തുനിൽപ്പിന്റെ അവിഭാജ്യഘടകമാണ്. കഷ്ടങ്ങൾ സഹിക്കാനുള്ള കഴിവിന് ഗാന്ധി ധാർമ്മികവും മതപരവുമായ ഒരു പ്രാധാന്യം നൽകി: “ഒരു ജനതക്ക് മൗലിക പ്രാധാന്യമുള്ള കാര്യങ്ങൾ യുക്തികൊണ്ടു മാത്രം നേടാനാവില്ല; കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ടേ അവയെ നേടാൻ കഴിയൂ”.
ഗാന്ധിയുടെ വിശകലനത്തിൽ സത്യവും അഹിംസയും സ്നേഹവും സാന്മാർഗിക നിയമങ്ങളുമായി ബന്ധപ്പെട്ട മതതത്വങ്ങളാണ്. ആത്മശുദ്ധിയും ധാർമ്മികമായ പരിപൂർണ്ണതയും നേടാനുള്ള ഉപാധികളാണവ. ആത്മശുദ്ധിയും ധാർമ്മികമായ പരിപൂർണ്ണതയും നേടാൻ വേണ്ടി ഇടവിടാതെ പരിശ്രമിക്കുകയെന്നത് ഓരോ സത്യാഗ്രഹിയുടെയും കടമയാണെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു. സത്യം, അഹിംസ, ത്യാഗം, അസ്തേയം, അപരിഗ്രഹം, ലഘുജീവിതം, ഈശ്വരവിശ്വാസം മുതലായവയാണ് അദ്ദേഹത്തിന്റെ ധാർമ്മികാനുശാസനങ്ങൾ. സാമൂഹ്യയാഥാർത്ഥ്യത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങളെയോ സാമൂഹ്യപരിവർത്തനത്തിന്റെ നിയമങ്ങളെയോ ശാസ്ത്രീയമായി അപഗ്രഥിക്കാനൊന്നും അദ്ദേഹം തയ്യാറായിരുന്നില്ല. ഉല്പാദനബന്ധങ്ങളിലും വർഗ്ഗചൂഷണവ്യവസ്ഥയിലും മൗലികങ്ങളായ മാറ്റങ്ങളുണ്ടാക്കാതെ തന്നെ വൈയക്തികമായ സ്വഭാവശുദ്ധിയിലൂടെയും ആദ്ധ്യാത്മികമായ ഉൽക്കർഷത്തിലൂടെയും മനുഷ്യനെ ഉദ്ധരിക്കാൻ കഴിയുമെന്നും വ്യക്തിയുടെ ധാർമ്മികനിലവാരമുയർത്തിക്കൊണ്ടു മാത്രമേ സാമൂഹ്യജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയൂ എന്നും അദ്ദേഹം വിശ്വസിച്ചു. രാഷ്ട്രീയകാര്യങ്ങളിൽ പോലും മതപരമായ ഒരു സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. സാമാന്യജനങ്ങളുടെ യഥാർത്ഥ താല്പര്യങ്ങളെ സംരക്ഷിക്കാൻ കഴിവുള്ള ഒരു ശക്തിയാണ് മതം എന്ന് അദ്ദേഹം പറയുകയുണ്ടായി. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധമില്ലാത്ത മതം, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, അർത്ഥശൂന്യമാണ്. അതുപോലെതന്നെ മതത്തെ ഒഴിവാക്കിക്കൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനവും അർത്ഥശൂന്യമാണ്. അതുകൊണ്ടത്രേ രാഷ്ട്രീയമായ പ്രവർത്തനത്തിന്റെ പരിധിയിൽ മതത്തെക്കൂടി ഉൾപ്പെടുത്താൻ അദ്ദേഹം പരിശ്രമിച്ചത്. “മതത്തിന് രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധമില്ലെന്നു പറയുന്നവർ മതത്തിന്റെ അർത്ഥമെന്തെന്നു മനസ്സിലാക്കാത്തവരാണ്” എന്നും “മതത്തിന്റെ സത്തയെ രാഷ്ട്രീയപ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കുന്നതിനുള്ള ഒരു യത്ന”മായിട്ടാണ് താൻ സത്യാഗ്രഹത്തിന്റെയും അഹിംസയുടെയും സിദ്ധാന്തങ്ങൾ പ്രയോഗിച്ചത് എന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. മതപരവും ധാർമ്മികവുമായ ഒരു കടമയെന്ന നിലയ്ക്കാണ് അദ്ദേഹം സാമൂഹ്യ–രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്തത്.
വ്യക്തിയുടെ സ്വഭാവശുദ്ധീകരണത്തെയും ആത്മീയോന്നമനത്തെയും ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ ധാർമ്മികവും മതപരവുമായ ആദർശങ്ങൾ എല്ലാ കാലഘട്ടങ്ങൾക്കും എല്ലാ സാമൂഹ്യസാഹചര്യങ്ങൾക്കും പറ്റിയവയാണെന്ന് ഗാന്ധി വിശ്വസിച്ചു. പക്ഷേ, യഥാർത്ഥത്തിൽ, ഇന്ത്യയുടെ നിലവിലുള്ള സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങളിൽ അടിയന്തരമായ ചലനങ്ങളുണ്ടാക്കാൻ വേണ്ടിയാണ് അവ ഉയർത്തിപ്പിടിക്കപ്പെട്ടത്. ചരിത്രത്തിന്റെ ചില നിർണ്ണായകഘട്ടങ്ങൾ പ്രത്യയശാസ്ത്രങ്ങളുടെ ആവിർഭാവത്തെ സഹായിക്കുന്നതെങ്ങനെയെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഏംഗൽസ് എഴുതുകയുണ്ടായി: “നമ്മുടെ പ്രത്യയശാസ്ത്രക്കാരൻ തനിക്കിഷ്ടമുള്ളതുപോലെ കാര്യങ്ങൾ വളയ്ക്കുകയും ഒടിക്കുകയും ചെയ്തു എന്നുവരാം. പക്ഷേ, അയാൾ വാതിൽക്കലൂടെ വലിച്ചെറിയുന്ന ചരിത്രയാഥാർത്ഥ്യം ജനവാതിലിലൂടെ വീണ്ടും അകത്തുകയറി വരുന്നു. എല്ലാ കാലത്തേക്കും എല്ലാ ലോകങ്ങൾക്കും പറ്റിയ തത്വങ്ങളും നിയമങ്ങളുമാണ് താൻ രൂപപ്പെടുത്തുന്നത് എന്ന് അയാൾ വിചാരിക്കുന്നു. പക്ഷേ, വാസ്തവത്തിൽ, തന്റെ കാലത്തെ യാഥാസ്ഥിതികമോ വിപ്ലവപരമോ ആയ പ്രവണതകളുടെ പ്രതിച്ഛായയെ രൂപപ്പെടുത്തുക മാത്രമാണ് അയാൾ ചെയ്യുന്നത്”. [12]
ഏംഗൽസിന്റെ ഈ നിഗമനം ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചും ശരിയാണ്. അദ്ദേഹത്തിന്റെ മതപരവും സാന്മാർഗികവുമായ സിദ്ധാന്തങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനും സാമൂഹ്യപരിഷ്ക്കരണ സംരംഭങ്ങൾക്കും ഉത്തേജനം നൽകി. അവ ആയിരക്കണക്കിലുള്ള യുവതികളെയും യുവാക്കന്മാരെയും ആത്മത്യാഗത്തിന്റെ പന്ഥാവിലേക്ക് തള്ളിവിട്ടു. ലളിതവും നിർമ്മലവും സോദ്ദേശ്യവുമായ വൈയക്തിക ജീവിതത്തിന്റെ സൗന്ദര്യത്തിൽ അവരെ ഉൽസുകരാക്കുകയും സാർവത്രികമായ ഒരച്ചടക്കബോധം വളർത്താൻ സഹായിക്കുകയും ചെയ്തു. അക്രമരാഹിത്യം ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരത്തിൽ സുശക്തമായ ഒരായുധമായിത്തീർന്നു. ഈ ആയുധമണിഞ്ഞുകൊണ്ടാണ് ആയിരക്കണക്കിലുള്ള സ്ത്രീപുരഷന്മാർ അറസ്റ്റു വരിക്കുകയും ലാത്തിച്ചാർജ്ജുകളെ നേരിടുകയും വെടിയുണ്ടകളേറ്റുവാങ്ങുകയും ചെയ്തത്.
എന്നാൽ, അക്രമരാഹിത്യം സമരത്തിന്റെ ആയുധം മാത്രമായിരുന്നില്ല. എതിരാളികളോടും നിലവിലുള്ള സാമൂഹ്യബന്ധങ്ങളോടും സന്ധിചെയ്യാനുള്ള സന്നദ്ധതയും അതിലടങ്ങിയിരുന്നു. വിപ്ലവപരങ്ങളായ എല്ലാ മാറ്റങ്ങൾക്കും അദ്ദേഹം എതിരായിരുന്നു. പരസ്പരധാരണയുടെ അടിസ്ഥാനത്തിലുള്ള പരിപാടിയായ പരിഷ്ക്കരണങ്ങളെ മാത്രമേ അദ്ദേഹം അംഗീകരിച്ചിരുന്നുള്ളൂ. കോൺഗ്രസ്സിന്റെ ദേശീയ ബൂർഷ്വാ നേതൃത്വത്തിന് തികച്ചും സ്വീകാര്യമായ ഒരു നിലപാടായിരുന്നു ഇത്. ജനകീയസമരത്തിന്റെ സമ്മർദ്ദങ്ങളുപയോഗിച്ച് ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്ന് ആനുകൂല്യങ്ങൾ നേടാനും അതേ സമയത്തുതന്നെ ബഹുജനപ്രസ്ഥാനത്തെ തങ്ങളുടെ പിടിയിലൊതുക്കി നിയന്ത്രിക്കാനും ഇതുവരെ സഹായിച്ചു.
രാഷ്ട്രീയരംഗത്തിൽ മാത്രമല്ല, സാമൂഹ്യസാമ്പത്തിക രംഗങ്ങളിലും വ്യത്യസ്ത താല്പര്യങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പുകളിലൂടെ ജനങ്ങളെ പുരോഗതിയിലേക്കു നയിക്കാൻ കഴിയുമെന്നാണ് ഗാന്ധി കരുതിയത്. തിന്മയ്ക്കെതിരായ സമരത്തിൽ അക്രമത്തിന്റെയും ബലപ്രയോഗത്തിന്റെയും മാർഗ്ഗം സ്വീകരിക്കരുതെന്ന് അദ്ദേഹം നിഷ്ക്കർഷിച്ചു. പക്ഷേ, ഇത് മാർഗ്ഗത്തിന്റെ മാത്രം പ്രശ്നമായിരുന്നില്ല. ലക്ഷ്യത്തിന്റെ പ്രശ്നവും ഇതിലടങ്ങിയിരുന്നു എന്നുകാണാം. ഉദാഹരണത്തിന്, അക്രമത്തെയും ബലപ്രയോഗത്തെയും ഒഴിവാക്കിക്കൊണ്ടുതന്നെ, അക്രമരഹിതമാർഗ്ഗങ്ങളിലൂടെ, നാടുവാഴിത്ത–മുതലാളിത്ത ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടില്ല. മുതലാളിയും തൊഴിലാളിയും തമ്മിലും ഭൂവുടമയും കൃഷിക്കാരനും തമ്മിലുമുള്ള സമഞ്ജസമായ സഹകരണമാണ് താനാഗ്രഹിക്കുന്നതെന്ന് അദ്ദേഹം തുറന്നു പറയുകയുണ്ടായി. മുതലാളിയും തൊഴിലാളിയും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെപ്പറ്റി 1925-ൽ അദ്ദേഹം എഴുതിയതിങ്ങനെയാണ്; “മൂലധനവും തൊഴിലും ഒന്നു മറ്റേതിനെ പൂരിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമെന്നതാണ് എന്റെ ആദർശമെന്ന് ഞാനെല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. അവർ പരസ്പരം ഐക്യത്തിലും സഹകരണത്തിലും കഴിഞ്ഞുകൂടുന്ന ഒരു വലിയ കുടുംബമായിത്തീരണം. മുതലാളികൾ തൊഴിലാളികളുടെ ഭൗതികമായ ക്ഷേമത്തിൽ മാത്രമല്ല, ധാർമ്മികമായ ക്ഷേമത്തിലും ശ്രദ്ധിക്കണം. മുതലാളികൾ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ട്രസ്റ്റികളാണ്”. [13]
മുതലാളികളും തൊഴിലാളികളും തമ്മിലെന്നപോലെ തന്നെ ജന്മികളും കുടിയാന്മാരും തമ്മിലും സൗഹാർദ്ദ ബന്ധങ്ങൾ സ്ഥാപിക്കണമെന്ന് ഗാന്ധി ആഗ്രഹിച്ചു. ഇതിന് ജന്മികളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും സാരമായ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. “കൃഷിക്കാർക്ക് ഭൂമിയിൽ സ്ഥിരാവകാശം നൽകുക, അവരുടെ ക്ഷേമത്തിൽ സജീവമായ താല്പര്യം കാണിക്കുക, അവരുടെ കുട്ടികൾക്ക് നല്ല നിലയിൽ നടത്തപ്പെടുന്ന വിദ്യാലയങ്ങളുണ്ടാക്കിക്കൊടുക്കുക, രോഗികൾക്ക് ആശുപത്രികളും ശുശ്രൂഷാകേന്ദ്രങ്ങളുമുണ്ടാക്കിക്കൊടുക്കുക, ഗ്രാമശുചീകരണത്തിൽ ശ്രദ്ധിക്കുക—ഇങ്ങനെ പലതരത്തിലും ജമീന്ദാർമാർ തങ്ങളുടെ വിവിധ സേവനങ്ങൾക്ക് ഒരു നിശ്ചിത കമ്മീഷൻ മാത്രം പ്രതിഫലമായെടുക്കുന്ന അവരുടെ യഥാർത്ഥസുഹൃത്തുക്കളാണെന്ന് അവരെ ബോധ്യപ്പെടുത്തുക” [14] —ഇതെല്ലാം ചെയ്യാൻ അദ്ദേഹം ജമീന്ദാർമാരോടാവശ്യപ്പെട്ടു. അതേസമയത്തുതന്നെ അദ്ദേഹം കൃഷിക്കാരുടെ കടമകളെപ്പറ്റിയും പറഞ്ഞു: “കൃഷിക്കാർ ജമീന്ദാർമാരോടുള്ള തങ്ങളുടെ കടമകളെപ്പറ്റിയും പറഞ്ഞു: “കൃഷിക്കാർ ജമീന്ദാർമാരോടുള്ള തങ്ങളുടെ കടമകൾ നിഷ്കൃഷ്ടമായി നിറവേറ്റണമെന്ന കാര്യത്തിൽ കോൺഗ്രസുകാരും ശ്രദ്ധിക്കണം. നിയമപരമായി ആവശ്യമായ കടപ്പാടുകളെപ്പറ്റിയല്ല, ന്യായമെന്നു കൃഷിക്കാർ തന്നെ സമ്മതിക്കുന്ന കടപ്പാടുകളെപ്പറ്റിയാണ് ഞാൻ പറയുന്നത്. തങ്ങളുടെ കൈവശവസ്തുക്കളിൽ ജമീന്ദാർമാർക്ക് യാതൊരവകാശവുമില്ലെന്നും അവ തങ്ങളുടെ സ്വന്തം വസ്തുക്കളാണെന്നുമുള്ള സിദ്ധാന്തം അവർ തിരസ്ക്കരിക്കണം. കൈയേറ്റങ്ങളിൽ നിന്ന് തങ്ങളുടെ അവകാശങ്ങളെ കാത്തുരക്ഷിച്ചുകൊണ്ട് അവർ ജമീന്ദാർമാരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങളായിരിക്കുന്നു; അല്ലെങ്കിൽ അങ്ങനെയായിത്തീരണം”. [15]
1934-ൽ ജമീന്ദാർമാരുടെ ഒരു പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ചക്കിടയിൽ ഗാന്ധിപറഞ്ഞു: “ന്യായമായ കാരണം കൂടാതെ സ്വത്തുടമവർഗ്ഗങ്ങളുടെ സമ്പത്തു പിടിച്ചെടുക്കുന്നതിനെ ഞാനനുകൂലിക്കുകയില്ലെന്ന് നിങ്ങൾക്ക് ഉറപ്പു നൽകുന്നു. നിങ്ങളുടെ ഹൃദയത്തെ സമീപിക്കുകയും കുടിയാന്മാർക്കുവേണ്ടിയുള്ള ട്രസ്റ്റികൾ എന്ന നിലയിൽ സ്വത്ത് കൈവശം വെയ്ക്കാനും പ്രാഥമികമായും അവരുടെ ക്ഷേമത്തിനുവേണ്ടി അതുപയോഗിക്കാനും തോന്നത്തക്കവിധത്തിൽ നിങ്ങളെ മനഃപരിവർത്തനം ചെയ്യുകയുമാണ് എന്റെ ഉദ്ദേശ്യം… വർഗ്ഗസമരം ഇന്ത്യയുടെ മൗലികമായ അന്തഃസത്തയ്ക്കെതിരാണ്. എല്ലാവർക്കും തുല്യനീതിയെന്ന മൗലികാവശ്യത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്യൂണിസമായി രൂപാന്തരപ്പെടാൻ ആ അന്തഃസത്തയ്ക്കു കഴിവുണ്ട്. എന്റെ സ്വപ്നത്തിലുള്ള രാമരാജ്യം രാജകുമാരന്റെയും പിച്ചക്കാരന്റെയും അവകാശങ്ങൾക്ക് ഒരുപോലെ സംരക്ഷണം നൽകുന്നു. വർഗ്ഗസമരം തടയാൻ വേണ്ടി ഞാനെന്റെ സ്വാധീനശക്തി മുഴുവൻ ഉപയോഗിക്കുമെന്ന് നിങ്ങൾക്കുറപ്പിക്കാം. അന്യായമായി നിങ്ങളെ നിങ്ങളുടെ സ്വത്തിൽ നിന്ന് അകറ്റാനുള്ള ഒരു ശ്രമമുണ്ടാകുന്നപക്ഷം ഞാൻ നിങ്ങളുടെ ഭാഗത്തുനിന്ന് സമരം ചെയ്യുന്നത് നിങ്ങൾക്ക് കാണാം”. [16]
ഒരേസമയത്തുതന്നെ രാജാവിന്റെയും പിച്ചക്കാരന്റെയും അവകാശങ്ങളെ കാത്തുരക്ഷിക്കാനുള്ള ഈ വ്യഗ്രതയെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയും ക്ഷേമത്തിനുവേണ്ടി ഉൽപ്പാദനോപകരണങ്ങൾ സ്വന്തമാക്കി വെയ്ക്കാൻ മുതലാളികളെയും ജന്മികളെയും അനുവദിക്കുന്ന ‘ട്രസ്റ്റീഷിപ്പ് സിദ്ധാന്ത’ത്തെയും സ്ഥാപിതതാല്പര്യക്കാർ സമർത്ഥമായി ഉപയോഗിച്ചു. ഗാന്ധിയുടെ അക്രമരാഹിത്യം തൊഴിലാളി–കർഷകപ്രസ്ഥാനങ്ങളെയും അക്രമത്തിലും ചൂഷണത്തിലും അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയിൽ മൗലികമായ മാറ്റങ്ങൾ വരുത്താൻവേണ്ടിയുള്ള പ്രക്ഷോഭങ്ങളെയും എതിർക്കുന്ന ഒരു സിദ്ധാന്തമാണെന്ന ധാരണ പ്രചരിപ്പിക്കാൻ അവർ പരിശ്രമിച്ചു. ഈ സ്ഥിതിവിശേഷം മർദ്ദനങ്ങൾക്കെതിരായി പോരാടിക്കൊണ്ടിരുന്ന ചൂഷിതജനവിഭാഗങ്ങളെ മാത്രമല്ല, ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ ഇടതുപക്ഷ വിഭാഗങ്ങളെയും അസംതൃപ്തരാക്കി. സുഭാഷ്ചന്ദ്രബോസിനെയും ജവഹർലാൽ നെഹ്റുവിനെയും പോലുള്ള കോൺഗ്രസ് നേതാക്കന്മാർ “ഗാന്ധിയൻ” സിദ്ധാന്തങ്ങളിലടങ്ങിയ വൈരുദ്ധ്യങ്ങളെ” പരസ്യമായി തുറന്നുകാണിക്കാൻ തുടങ്ങി. നെഹ്റു എഴുതി: “വർഷങ്ങളായി ഈ ചോദ്യം എന്നെ അമ്പരപ്പിക്കുന്നു: കഷ്ടപ്പെടുന്ന മർദ്ദിതജനങ്ങളുടെ സ്ഥിതിയിൽ ഇത്രയധികം ഉൽക്കണ്ഠയും അവരോട് ഇത്രയധികം സ്നേഹവുമുള്ള അദ്ദേഹം അവരെ അനിവാര്യമായി സൃഷ്ടിച്ചുവിടുകയും ഇടിച്ചമർത്തുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥയെ പിന്താങ്ങുന്നതെന്തിനാണ്? അക്രമരാഹിത്യത്തിൽ ഇത്രയധികം ആവേശം കാണിക്കുന്ന അദ്ദേഹം പൂർണ്ണമായും അക്രമത്തിന്റെയും മർദ്ദനത്തിന്റെയും അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ–സാമൂഹ്യഘടനയെ അനുകൂലിക്കുന്നതെന്തിനാണ്? അദ്ദേഹം ഇത്തരമൊരു സാമൂഹ്യഘടനയ്ക്കനുകൂലമാണെന്നു പറയുന്നത്, ഒരുപക്ഷേ, ശരിയായിരിക്കുകയില്ല. ഏറെക്കുറെ ഒരു ദാർശനികാരാജകവാദിയാണദ്ദേഹം. പക്ഷേ, ആദർശത്തിലുള്ള അരാജകമായ ഭരണവ്യവസ്ഥ ഇന്നും അതിവിദൂരത്തിലായതുകൊണ്ടും അത് എളുപ്പത്തിൽ സങ്കൽപ്പിക്കാൻ കഴിയാത്തതുകൊണ്ടും അദ്ദേഹം നിലവിലുള്ള സാമൂഹ്യക്രമത്തെ അംഗീകരിക്കുന്നു”. [17]
തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങിയ മർദ്ദിതജനവിഭാഗങ്ങളുടെ വർഗ്ഗബോധവും രാഷ്ട്രീയബോധവും വളർന്നു കഴിഞ്ഞിട്ടില്ലാതിരുന്ന ഒരു സാഹചര്യത്തിലാണ് വർഗ്ഗസഹകരണത്തിന്റെയും ട്രസ്റ്റീഷിപ്പിന്റെയും സിദ്ധാന്തങ്ങൾക്കു പ്രചാരം നേടാൻ കഴിഞ്ഞത്. എന്നാൽ, ദേശീയപ്രസ്ഥാനം കൂടുതലുയർന്ന ഒരു ഘട്ടത്തിലേക്ക് വളരുകയും തൊഴിലാളികളുടെയും കൃഷിക്കാരുടെയും സംഘടിതശക്തി വർദ്ധിക്കുകയും ചെയ്തപ്പോൾ ഈ സിദ്ധാന്തങ്ങൾ ദുർബലങ്ങളായിത്തീർന്നു. ഗാന്ധിയുടെ അഭിപ്രായങ്ങളും സമരമാർഗ്ഗങ്ങളും അധികമധികം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. ഗാന്ധിയുടെ ആശയങ്ങളാൽ ഉൽബുദ്ധരാക്കപ്പെട്ടവരും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമരങ്ങളിൽ ആവേശപൂർവം പങ്കെടുക്കുകയും ചെയ്ത യുവാക്കന്മാരിൽ തന്നെ പലരും പുതിയ സമരമാർഗ്ഗങ്ങളന്വേഷിക്കാൻ തുടങ്ങി. സോഷ്യലിസം, കമ്യൂണിസം, മാർക്സിസം തുടങ്ങിയ ആധുനികാശയങ്ങൾ അവരെ ആകർഷിച്ചു. മർദ്ദനവും ചൂഷണവുമില്ലാത്ത, വർഗ്ഗരഹിതവും സമത്വസുന്ദരവുമായ ഒരു പുതിയ സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുള്ള ആശയങ്ങൾ പരന്നുപിടിക്കാൻ തുടങ്ങി. ഗാന്ധിയുടെ പല സിദ്ധാന്തങ്ങളും സമരമാർഗ്ഗങ്ങളും രൂക്ഷമായ വിമർശനങ്ങൾക്കു വിധേയങ്ങളായി. ഏറ്റവുമധികം എതിർക്കപ്പെട്ടത് വർഗ്ഗസഹകരണത്തിന്റെ അടിസ്ഥാനത്തിലുള്ള ട്രസ്റ്റീഷിപ്പ് സിദ്ധാന്തമാണ്. ഉല്പാദനോപകരണങ്ങൾ കൈയടക്കി വെയ്ക്കുന്ന സ്ഥാപിതതാല്പര്യക്കാർക്ക് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ രക്ഷാകർത്താക്കളാകാൻ എങ്ങനെ സാധിക്കും എന്നവർ ചോദിച്ചു. നീതിയുടെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിലുള്ള പുതിയൊരു സാമൂഹ്യജീവിതം കെട്ടിപ്പടുക്കണമെങ്കിൽ മുതലാളിത്തവും നാടുവാഴിത്തവുമവസാനിപ്പിച്ച് ഉൽപ്പാദനോപകരണങ്ങളെ പൊതുസ്വത്താക്കി മാറ്റണമെന്ന് അവർ വാദിച്ചു. ട്രസ്റ്റീഷിപ്പ് സിദ്ധാന്തം ജനങ്ങളുടെ വിപ്ലവബോധത്തെയും സമരങ്ങളെയും മന്ദീഭവിപ്പിക്കാനും അങ്ങനെ ഹിംസയിലും ചൂഷണത്തിലും അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയെ നിലനിർത്താനും സഹായിക്കുന്ന ഒരു പിന്തിരിപ്പൻ സിദ്ധാന്തമാണെന്ന് അവർ പ്രഖ്യാപിച്ചു.
രാജ്യത്തിലെ സാമ്പത്തികബന്ധങ്ങളിലും രാഷ്ട്രീയ ചിന്താഗതികളിലുമുണ്ടായ ഈ മാറ്റങ്ങൾ ഗാന്ധിയുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാതിരുന്നില്ല. സാമ്പത്തികസമത്വത്തെപ്പറ്റിയും പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വിടവു നികത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം അധികമധികം ഊന്നിപ്പറയാൻ തുടങ്ങി. അദ്ദേഹം എഴുതി: “സാമ്പത്തികസമത്വത്തിനു വേണ്ടി പരിശ്രമിക്കുക എന്നുവെച്ചാൽ മൂലധനവും തൊഴിലും തമ്മിലുള്ള ശാശ്വതമായ വൈരുദ്ധ്യം അവസാനിപ്പിക്കുക എന്നർത്ഥമാണ്. ഒരുവശത്ത് രാഷ്ട്രത്തിന്റെ സമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കി വെച്ചിട്ടുള്ള ഒരുപിടി പണക്കാരെ കീഴോട്ടു താഴ്ത്തുകയും മറുവശത്ത് അരപ്പട്ടിണിക്കാരും നഗ്നരുമായ ജനലക്ഷങ്ങളെ മോല്പോട്ടുയർത്തുകയും ചെയ്തുകൊണ്ട് സമനില കൈവരുത്തുക എന്നാണതിന്റെ അർത്ഥം. ധനികന്മാർക്കും പട്ടിണി കിടക്കുന്ന ജനലക്ഷങ്ങൾക്കുമിടയിൽ വിസ്തൃതമായ വിടവ് നിലനിൽക്കുന്നേടത്തോളം കാലം അക്രമരഹിതമായ ഒരു ഭരണസമ്പ്രദായം വ്യക്തമായും അസാദ്ധ്യമാണ്”. [18] കമ്യൂണിസമെന്ന ആദർശത്തിനുവേണ്ടി ജീവിക്കുകയാണ് തന്റെ ഉദ്ദേശ്യം എന്നുപോലും അദ്ദേഹം ഉൽഘോഷിക്കുകയുണ്ടായി. വർഗ്ഗരഹിതമായ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കണം. അത് ഹിംസയും അക്രമങ്ങളും ഉപയോഗിച്ചുകൊണ്ടാവരുത് എന്നേയുള്ളൂ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ: “കമ്യൂണിസം എന്നുവെച്ചാൽ എന്താണർത്ഥം? അന്തിമ വിശകലനത്തിൽ അതിന്റെ അർത്ഥം വർഗ്ഗരഹിതമായ സമുദായം എന്നാണ്. നടപ്പിൽ വരുത്താൻ ശ്രമിക്കേണ്ട ഒരാദർശമാണത്. അത് നടപ്പിൽ വരുത്താൻവേണ്ടി അക്രമമുപയോഗിക്കുമ്പോൾ മാത്രം അതുമായുള്ള ബന്ധം ഞാനുപേക്ഷിക്കും. നമ്മളെല്ലാവരും സമന്മാരായിട്ടാണ് ജനിച്ചത്. എന്നാൽ, നൂറ്റാണ്ടുകളായി നമ്മൾ ഈശ്വരന്റെ ഇച്ഛാശക്തിയെ ചെറുത്തുനിൽക്കുകയാണ് ചെയ്തിട്ടുള്ളത്. ഉയർന്നവനും താണവനും തമ്മിലുള്ള അസമത്വം എന്ന ആശയം ഒരു പാപമാണ്. പക്ഷേ, തോക്കു ചൂണ്ടിക്കാട്ടിക്കൊണ്ട് മനുഷ്യഹൃദയത്തിലെ പാപം പരിഹരിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ആ മാർഗ്ഗത്തിന് മനുഷ്യഹൃദയം വഴിപ്പെടുകയില്ല”. [19]
ട്രസ്റ്റീഷിപ്പിന്റെ മേന്മയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ലെന്നതു ശരിയാണ്. പക്ഷേ, ധനികന്മാർ തങ്ങളുടെ സ്വത്തുക്കളും അധികാരശക്തികളുമെല്ലാം സ്വന്തം ഇഷ്ടത്തോടുകൂടി ഉപേക്ഷിക്കാൻ തയ്യാറാവണമെന്നും ഇല്ലെങ്കിൽ രക്തപങ്കിലമായ ഒരു സായുധവിപ്ലവം ഒരുനാൾ അനിവാര്യമായിത്തീരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. [20] ട്രസ്റ്റികളെന്ന നിലയ്ക്ക് തങ്ങൾക്കത്യാവശ്യമായതു മാത്രമെടുത്ത് ബാക്കിയുള്ളതെല്ലാം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കുക എന്നതാണ് ധനികന്മാരുടെ കടമ. ഈ കടമ നിർവഹിക്കാൻ തയ്യാറില്ലാത്തവർക്കെതിരായി അക്രമരാഹിത്യത്തിന്റെ സമരമാർഗ്ഗം ഉപയോഗിക്കണം എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്: “അങ്ങേയറ്റത്തെ പരിശ്രമങ്ങൾക്കുശേഷവും ധനികന്മാർ, ശരിയായ അർത്ഥത്തിൽ, ദരിദ്രന്മാരുടെ സംരക്ഷകന്മാരായിത്തീരാതിരിക്കുകയും ദരിദ്രന്മാർ കൂടുതൽ കൂടുതൽ ഇടിച്ചമർത്തപ്പെടുകയും പട്ടിണികിടന്നു മരിക്കുകയും ചെയ്യുകയാണെങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടത്? ഈ വിഷമപ്രശ്നത്തിനു പരിഹാരം കാണാനുള്ള ശ്രമത്തിൽ അക്രമരഹിതമായ നിസ്സഹകരണവും സിവിൽ നിയമലംഘനവുമാണ് ശരിയും ഒരിക്കലും പരാജയപ്പെടാത്തതുമായ മാർഗ്ഗം എന്ന നിഗമനത്തിലാണ് ഞാനെത്തിച്ചേർന്നത്. സ്വത്ത് കുന്നുകൂട്ടാൻ സാധിക്കില്ല. ഈ ജ്ഞാനം ദരിദ്രന്മാർക്കിടയിൽ കടന്നുകൂടി പ്രചരിക്കുകയാണെങ്കിൽ അവർ ശക്തന്മാരായിത്തീരുകയും തങ്ങളെ പട്ടിണിയുടെ വക്കത്തെത്തിച്ചു ഞെക്കിഞെരിക്കുന്ന അസമത്വങ്ങളിൽ നിന്ന് അക്രമരാഹിത്യത്തിന്റെ സഹായത്തോടുകൂടി മോചനം നേടേണ്ടതെങ്ങനെ എന്നു പഠിക്കുകയും ചെയ്യും”. [21]
അക്രമരഹിതമായ സമരമാർഗ്ഗം തന്നെ അനുഭവങ്ങളിലൂടെ കൂടുതൽ സുശക്തവും കൂടുതൽ ഫലപ്രദവുമായിത്തീർന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെന്റിനെ സഹായിച്ചു. ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ അതാവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്, നേരെമറിച്ച്, ഇന്ത്യയുടെ രാഷ്ട്രീയാവശ്യങ്ങളനുവദിക്കാത്തിടത്തോളം കാലം ബ്രിട്ടനെ സഹായിക്കാൻ പാടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. 1922-ൽ ജനങ്ങളുടെ ഭാഗത്തുനിന്ന് നിസ്സാരങ്ങളായ ചില അക്രമങ്ങളുണ്ടായി എന്ന കാരണത്താൽ അദ്ദേഹം സ്വാതന്ത്ര്യസമരം പിൻവലിച്ചു. മുപ്പതുകൊല്ലങ്ങൾക്കുശേഷം, 1942 ആഗസ്റ്റിൽ, ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം കൂടുതൽ വിപുലമായ ഒരു ബഹുജനസമരം അഴിച്ചുവിട്ടു. ഇക്കുറി ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അക്രമങ്ങളെയല്ല, ബ്രിട്ടീഷ് ഭരണാധികാരികളുടെ അക്രമങ്ങളെയാണ് അദ്ദേഹം നിശിതമായി ആക്ഷേപിച്ചത്.
അദ്ദേഹത്തിന്റെ മതപരമായ വീക്ഷണവും കൂടുതൽ ഓജസ്സുറ്റതായിത്തീർന്നു. ഹിന്ദുമതത്തിലുള്ള വിശ്വാസം അദ്ദേഹം ഒരിക്കലും ഉപേക്ഷിക്കുകയുണ്ടായില്ല. പക്ഷേ, ഈ വിശ്വാസം ഒട്ടും തന്നെ ഇടുങ്ങിയതായിരുന്നില്ല. അയിത്തം, ജാതിവ്യത്യാസം തുടങ്ങിയ അനാചാരങ്ങൾക്കെതിരായ അദ്ദേഹത്തിന്റെ സമരങ്ങൾ കൂടുതൽ കൂടുതൽ ശക്തി പ്രാപിച്ചു. മതസ്പർധകളും വർഗ്ഗീയലഹളകളും അദ്ദേഹത്തെ വേദനിപ്പിച്ചു. വിവിധ മതക്കാർ തമ്മിൽ ഐക്യവും സൗഹാർദ്ദവുമുളവാക്കുക എന്ന ഏകോദ്ദേശ്യത്തിനുവേണ്ടിയാണ് അദ്ദേഹം തന്റെ അവസാനദിവസങ്ങൾ ചെലവഴിച്ചത്. അദ്ദേഹം എഴുതി: “ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും സഹകരിച്ചു ജീവിക്കാൻ കഴിയില്ലെന്നും മുസ്ലീങ്ങൾ ഒന്നുകിൽ ഇന്ത്യയ്ക്ക് പുറത്തുപോവുകയോ അല്ലെങ്കിൽ ഹിന്ദുക്കളുടെ അടിമകളായി കഴിഞ്ഞുകൂടുകയോ ചെയ്യണമെന്നും കരുതുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തിലുണ്ട്. അതുപോലെ പാക്കിസ്ഥാനിൽ മുസ്ലീങ്ങൾ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളു എന്നും കരുതപ്പെടുന്നു. വിഷംനിറഞ്ഞ ഒരു സിദ്ധാന്തമാണിത്. പാക്കിസ്താന്റെ വേരു കിടക്കുന്നത് ഈ സിദ്ധാന്തത്തിലാണ്”. അദ്ദേഹം ഇങ്ങനെ തുടർന്നു: “ഈ സിദ്ധാന്തത്തെയും ഈ പ്രത്യയശാസ്ത്രത്തെയും ചെറുക്കാനും അതിനുള്ള ശ്രമത്തിൽ മുന്നേറുകയോ മരിക്കുകയോ ചെയ്യാനും ഞാൻ പ്രതിജ്ഞ എടുത്തിരിക്കുന്നു”.
ഈ പ്രതിജ്ഞ അദ്ദേഹം നിറവേറ്റി. ഹിന്ദു–മുസ്ലീം മൈത്രിക്കുവേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിന്നിടയിൽ 1948 ജനുവരി 30-ന് ഒരു ഹിന്ദുവർഗ്ഗീയ ഭ്രാന്തനാൽ അദ്ദേഹം വധിക്കപ്പെട്ടു.
മഹാത്മാഗാന്ധിയുടെ തത്വശാസ്ത്രത്തിന്റെ പരിമിതികളും ദൗർബല്യങ്ങളും എന്തൊക്കെത്തന്നെയായാലും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം വഹിച്ച മഹത്തായ പങ്ക് ഒരിക്കലും നിഷേധിക്കാനോ കുറച്ചുകാണാനോ സാധിക്കുകയില്ല. ജനങ്ങൾക്ക് തങ്ങളുടെ അവകാശങ്ങളെപ്പറ്റിയും ശക്തിയെപ്പറ്റിയും ക്രിയാത്മകമായ ജീവിതത്തിന്റെ അർത്ഥത്തെപ്പറ്റിയും ബോധമുണ്ടാക്കിക്കൊടുക്കാൻ അദ്ദേഹം ഇടവിടാതെ പരിശ്രമിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ ത്യാഗസന്നദ്ധത, സത്യത്തിലുള്ള അചഞ്ചലമായ വിശ്വാസം, സമുദായത്തിലെ ഉച്ചനീചത്വങ്ങൾക്കും മതസ്പർധകൾക്കും എതിരായി സൗഹാർദ്ദം കെട്ടിപ്പടുക്കാനുള്ള നിരന്തരമായ പ്രവർത്തനങ്ങൾ, എല്ലാറ്റിലുമുപരി, അദ്ദേഹത്തിന്റെ വൈയക്തികമായ സ്വഭാവശുദ്ധി—ഇവയെല്ലാം ചേർന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രത്യേകഘട്ടത്തെ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിന്റെ അവസാനത്തേതും നിർണ്ണായകവുമായ ഒരു കാലഘട്ടത്തെ, പ്രകാശമാനമാക്കി. മഹാകവി രവീന്ദ്രനാഥ ടാഗോർ അദ്ദേഹത്തെപ്പറ്റി എഴുതിയതിങ്ങനെയാണ്:
1 Chirol: Indian Crisis.
2 M. K. Gandhi: Young India, October 8, 1921.
3 M. K. Gandhi: Communal Unity, P. 7.
4 Ibid, P. 6.
5 M. K. Gandhi: Varnashrama Dharma, P. 40.
6 M. K. Gandhi: Harijan, August 29, 1936.
7 Young India, April 4, 1920.
8 Young India.
9 Tendulkar: The Mahatma, Vol. 2, P. 312.
10 Young india, August, 11, 1920.
11 Young India, May 21, 1931.
12 F. Engels: Anti Duhring, P. 135.
13 Young India, August 20, 1925.
14 Young India, May 28, 1931.
15 Ibid.
16 M. K. Gandhi: Socialism of My Conception, PP. 245–46.
17 Jawaharlal Nehru: An Autobiography, P. 515.
18 M. K. Gandhi: Constructive Programme, 1945 Edition.
19 Harijan, March 13, 1937.
20 Ibid.
21 Harijan, August 25, 1940.