അതേസമയത്ത്, അദ്ദേഹം ജനങ്ങളുടെ വീഴ്ചകളെയും ദൗർബല്യങ്ങളെയും തൊട്ടുകൂടായ്മ, ജാതിമേധാവിത്വം, പുരോഹിതവൃത്തി, മതമർദ്ദനം എന്നിവയേയും ശക്തിയായി വിമർശിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു: “നിങ്ങളെ അന്ധവിശ്വാസികളായ വിഡ്ഢികളായി കാണുന്നതിനേക്കാൾ ഉറച്ച നിരീശ്വരവാദികളായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം, നിരീശ്വരവാദി ജീവിക്കുന്നു. അവനെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായേക്കാം. എന്നാൽ, അന്ധവിശ്വാസം നിലനിൽക്കുമ്പോൾ മസ്തിഷ്ക്കം മരിക്കുന്നു; മനസ്സ് മരവിക്കുന്നു; ജീവിതമാകെ അധഃപതിക്കുന്നു”. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: “ആരുടെയെങ്കിലും വാക്കുകേട്ട് ഇരുപതുകോടി ദൈവങ്ങളിൽ അന്ധമായ വിശ്വാസമർപ്പിക്കുന്നതിനേക്കാൾ നല്ലത് യുക്തിയെ ആശ്രയിച്ചുകൊണ്ട് നിരീശ്വരവാദികളാവുകയാണ്”. [6] ഇന്ത്യയിലെ ജനങ്ങൾ ധൈര്യവും ആത്മവിശ്വാസവും ആർജിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. “ശക്തനായിരിക്കുക! ദുർബലനാകാതിരിക്കുക! ധീരനാവുക! ഭീരുവാകാതിരിക്കുക” — ഇതായിരുന്നു ഇന്ത്യയിലെ യുവാക്കളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. അദ്ദേഹം ഉൽബോധിപ്പിച്ചത് ശക്തിയുടെയും പൗരുഷത്തിന്റെയും സുവിശേഷമാണ്: “യാതൊന്നിനും തടഞ്ഞുനിർത്താൻ കഴിയാത്ത, ലക്ഷ്യം നേടാനുള്ള ശ്രമത്തിൽ ആവശ്യമാണെന്നു തോന്നിയാൽ സമുദ്രത്തിന്റെ അഗാധതകളിൽ മരണത്തെ നേരിടാൻ കഴിവുള്ള, ദൃഢചിത്തതയും ഉരുക്കുപോലുള്ള മാംസപേശികളും ഉറപ്പുള്ള ഞരമ്പുകളുമാണ് ഇന്ന് നമ്മുടെ രാജ്യത്തിനാവശ്യം”. ഇത്തരം ഉൽബോധനങ്ങൾ ഇന്ത്യയുടെ ദേശീയജീവിതത്തിന്റെ നാഡികളിൽ ഒരു പുതിയ ചൈതന്യം കുത്തിവെയ്ക്കുകയും രാജ്യസ്നേഹത്തെ ഉന്നതമായ ഒരു ആദ്ധ്യാത്മിക തലത്തിലേക്ക് ഉയർത്തുകയും ചെയ്തു.
വളർച്ചയുടെ ആദ്യത്തെ ഉപാധി സ്വാതന്ത്ര്യമാണെന്ന് വിവേകാനന്ദൻ ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യമെന്നു വെച്ചാൽ സാമൂഹ്യമർദ്ദനത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും രാഷ്ട്രീയാടിമത്തത്തിന്റെയും അഭാവം എന്നു മാത്രമല്ല അർത്ഥം. പിന്നെയോ? സ്വാതന്ത്ര്യം എന്നുവെച്ചാൽ “മറ്റുള്ളവർക്ക് ദ്രോഹമേൽപ്പിക്കാതെ നമ്മുടെ ഇച്ഛക്കനുസരിച്ച് നമ്മുടെ ശരീരവും ബുദ്ധിയും സമ്പത്തും ഉപയോഗിക്കുന്നതിനുള്ള നമ്മുടെ പ്രകൃതിദത്തമായ അവകാശമാണ്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ സമ്പത്തോ വിദ്യാഭ്യാസമോ അറിവോ നേടാനുള്ള അവസരമുണ്ടായിരിക്കണം”. [7] പുരോഗമനപരങ്ങളായ ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നതോടൊപ്പം തന്നെ അദ്ദേഹം ഗൂഢാർത്ഥവാദം, മന്ത്രവാദം തുടങ്ങിയ സിദ്ധാന്തങ്ങളെ എതിർക്കുകയും ചെയ്തു. “മന്ത്രവാദത്തിലും ഗൂഢാർത്ഥവാദത്തിലും മഹത്തായ സത്യങ്ങളുണ്ടായിരിക്കാം. എന്നാൽ, അവ നമ്മെ മിക്കവാറും നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. നാം വളരെയേറെ വിലപിച്ചുകഴിഞ്ഞു. ഇപ്പോൾ നമുക്കാവശ്യം മനുഷ്യനെ സൃഷ്ടിക്കുന്ന ഒരു മതമാണ്. നിങ്ങളെ ദുർബലരാക്കി തീർക്കുന്നതെന്തായാലും അതിനെ വിഷംപോലെ വർജിക്കുക. സത്യം ശക്തിദായകമാണ്. നിങ്ങളെ ദുർബലരാക്കുന്ന ഈ ഗൂഢാർത്ഥവാദങ്ങളെ ഉപേക്ഷിക്കുക”. മതത്തിൽ അഗാധമായ വിശ്വാസമാണ് വിവേകാനന്ദനുണ്ടായിരുന്നത്. എങ്കിലും, യുക്തിയെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. അന്ധവിശ്വാസം, ദൈവികമായ വെളിപാട്, ദിവ്യപ്രചോദനം കൊണ്ടുണ്ടാകുന്ന ജ്ഞാനം മുതലായവയെയെല്ലാം അദ്ദേഹം എതിർത്തു. “യഥാർത്ഥമായ പ്രചോദനം യുക്തിക്കു നിരക്കുന്നതായിരിക്കും. യുക്തിക്കു നിരക്കാത്തത് പ്രചോദനമല്ല”.
1897-ൽ തന്റെ ഗുരുവിന്റെ സന്ദേശം കൂടുതൽ വിപുലമായും കൂടുതൽ സംഘടിതമായും പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ ഉൽബുദ്ധരാക്കുന്നതിനുവേണ്ടി വിവേകാനന്ദൻ രാമകൃഷ്ണമിഷൻ എന്ന ഒരു സംഘടന രൂപവൽക്കരിച്ചു. ഈ സ്ഥാപനത്തിന്റെ കൊടിക്കീഴിൽ ശ്രീരാമകൃഷ്ണന്റെ ശിഷ്യന്മാർ മതപരവും ആത്മീയവും സാമൂഹ്യവുമായ രംഗങ്ങളിൽ ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങി.
രാമകൃഷ്ണമിഷൻ ഒരു മതസംഘടനയായിരുന്നില്ല. ശ്രീരാമകൃഷ്ണൻ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഉൽബോധിപ്പിക്കുകയും സ്വന്തം ജീവിതത്തിൽ നടപ്പിൽ വരുത്തുകയും ചെയ്ത സത്യങ്ങളെ കൂടുതൽ വപുലമായ രീതിയിൽ പ്രചരിപ്പിക്കുകയും അങ്ങനെ ജനങ്ങളുടെ ഭൗതികവും മാനസികവും ആത്മീയവുമായ പുരോഗതിയെ സഹായിക്കുകയും ചെയ്യുക എന്നതായിരുന്നു സംഘടനയുടെ ഉദ്ദേശ്യം. വിഭാഗീയതകൾ തീണ്ടാത്ത ഒരു സംഘടനയെയാണ് വിവേകാനന്ദൻ വിഭാവനം ചെയ്തത്. അതുകൊണ്ടാണ്, “എല്ലാ മതങ്ങളും നിത്യവും ശാശ്വതവുമായ ഒരേ മതത്തിന്റെ വിവിധ രൂപങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കിക്കൊണ്ട് വ്യത്യസ്തമതങ്ങളുടെ അനുയായികൾക്കിടയിൽ സൗഹാർദ്ദം കെട്ടിപ്പടുക്കുക” എന്നത് മിഷന്റെ ഒരു മുഖ്യകടമയാണ് എന്ന് നിഷ്കർഷിക്കപ്പെട്ടത്.
വിവേകാനന്ദനെ സംബന്ധിച്ചിടത്തോളം, മതം നിർജീവമോ അമൂർത്തമോ ആയിരുന്നില്ല. മറിച്ച്, അതൊരു പ്രായോഗിക കാര്യമായിരുന്നു. ഭൂരിപക്ഷക്കാരുടെ നന്മക്കും സന്തോഷത്തിനും വേണ്ടിയുള്ള, ജനങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും മതത്തിന്റെ സാമ്പത്തികവുമായ പുരോഗതിക്കുവേണ്ടിയുള്ള, പ്രായോഗിക പ്രവർത്തനമായിരുന്നു മതത്തിന്റെ ഉള്ളടക്കം. ആത്മശുദ്ധീകരണത്തിലൂടെയും ജനസേവനത്തിലൂടെയും ബ്രഹ്മവുമായി സാത്മ്യം പ്രാപിക്കുകയെന്നതാണ് മനുഷ്യന്റെ പരമമായ ലക്ഷ്യം. മനുഷ്യനാണ് വിവേകാനന്ദന്റെ മതപരമായ കാഴ്ചപ്പാടിന്റെ കേന്ദ്രം. ദൈവത്തെ അന്വേഷിച്ചുകൊണ്ട് സന്യാസം വരിച്ച അദ്ദേഹം അവസാനം മനുഷ്യനെയാണ് തന്റെ ലോകത്തിന്റെ കേന്ദ്രമായി അംഗീകരിച്ചത്. മനുഷ്യനിൽ ദൈവത്തെ കണ്ടെത്താൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ദൈവമെന്ന സങ്കല്പം പ്രകൃതിക്കും പ്രപഞ്ചത്തിനും മനുഷ്യനും അപ്പുറത്തുള്ള ഒരു ശക്തിവിശേഷത്തെയല്ല സൂചിപ്പിച്ചത്. “മുഴുവൻ പ്രപഞ്ചത്തിന്റെയും ആകെത്തുകയാണ് ദൈവം. പഞ്ചേന്ദ്രിയങ്ങളാൽ ഗ്രഹിക്കപ്പെടുന്ന ദൈവമാണ് ഭൗതികസത്ത; ബുദ്ധിയാൽ ഗ്രഹിക്കപ്പെടുന്ന ദൈവമാണ് മനസ്സ്; ചൈതന്യം നോക്കിക്കാണുമ്പോൾ അവൻ ചൈതന്യമായി കാണപ്പെടുന്നു. അവൻ ഭൗതികസത്തയല്ല; പക്ഷേ, ഭൗതികസത്തയിൽ യഥാർത്ഥമായി എന്തുണ്ടോ അതാണവൻ”. [8]
അപ്പോൾ പിന്നെ ദൈവമെന്ന ഒരു പ്രത്യേകസങ്കൽപ്പത്തിന്റെ ആവശ്യമെന്താണ്? ഈ ചോദ്യത്തിനുള്ള വിവേകാനന്ദന്റെ മറുപടിയിതാണ്: “എന്നോട് പലരും ചോദിച്ചിട്ടുണ്ട്, എന്താണ് താങ്കൾ ദൈവം എന്ന പഴയ വാക്ക് ഉപയോഗിക്കുന്നത് എന്ന്. കാരണമിതാണ്: നമ്മുടെ ആവശ്യത്തിനു പറ്റിയ ഏറ്റവും നല്ല വാക്കാണത്. മനുഷ്യരാശിയുടെ മുഴുവൻ പ്രതീക്ഷകളും അഭിലാഷങ്ങളും സുഖങ്ങളും ആ ഒരു വാക്കിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ അതു മാറ്റാൻ സാധിക്കില്ല. മഹത്തും പരിപാവനവുമായതെല്ലാം അതുമായി ബന്ധപ്പെട്ടു കിടക്കുന്നു”.
വിവേകാനന്ദന്റെ അഭിപ്രായത്തിൽ അനാദിയായി നിലനിൽക്കുന്ന പ്രപഞ്ചം ആരാലും സൃഷ്ടിക്കപ്പെട്ടതല്ല. അതു സ്വയംഭൂവാണ്. ഏതോ ഒരു പ്രത്യേക ദൈവമാണ് ലോകത്തെ സൃഷ്ടിച്ചത് എന്ന വാദത്തെ അദ്ദേഹം പുച്ഛിച്ചു തള്ളി. “വ്യക്തിയുടെ രൂപത്തിലുള്ള ഒരു ദൈവമാണ് ലോകം സൃഷ്ടിച്ചത് എന്ന ആ ആശയം തെളിയിക്കാൻ സാദ്ധ്യമല്ലെന്ന് നാം ആദ്യം തന്നെ കണ്ടുകഴിഞ്ഞു. ഇക്കാലത്ത് ഏതെങ്കിലും ഒരു കുട്ടിക്ക് ഇത് വിശ്വസിക്കാൻ കഴിയുമോ? ഒരു കുംഭകാരൻ ഘടം സൃഷ്ടിക്കുന്നതുകൊണ്ട്, ഒരു ദൈവം ലോകത്തെ സൃഷ്ടിക്കുന്നു! ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ കുംഭകാരനും ദൈവമാണ്. തലയും കൈകളുമില്ലാതെയാണ് അവൻ പ്രവർത്തിക്കുന്നതെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അയാളെ ഭ്രാന്താലയത്തിലേക്കയക്കും”. [9] മനുഷ്യനും പ്രപഞ്ചത്തിനും അതീതമായ ഒരു ദൈവമില്ലെന്നും പ്രപഞ്ചം തന്നെയാണ് ദൈവം എന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. “ഈ പ്രപഞ്ചം പ്രപഞ്ചത്തിനതീതമായ ഒരു ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതല്ല. ഇത് ബാഹ്യമായ ഒരു അമാനുഷികശക്തിയുടെ പ്രവർത്തനഫലമല്ല. അത് സ്വയം സൃഷ്ടിക്കുന്നു, സ്വയം ഇല്ലാതാവുന്നു, സ്വയം പ്രകാശിക്കുന്നു. ഏകവും അപ്രമേയവുമായ സത്ത — അതായത് ബ്രഹ്മം — മാത്രമേയുള്ളൂ. തത്വമസി ശ്വേതകേതോ! അതു നീയാണ് ശ്വേതകേതോ. ഇത്, ഇതു മാത്രമാണ്, മറ്റൊന്നുമല്ല ശാസ്ത്രീയമതം എന്നു മനസ്സിലാക്കുക”. [10]
തന്റെ മതപരമായ വീക്ഷണത്തിന് ആവശ്യമായ ഒരു അടിസ്ഥാനം കണ്ടെത്തുന്നതിനുവേണ്ടി വേദങ്ങളിലേക്കും ഉപനിഷത്തുകളിലേക്കും തിരിച്ചുപോയപ്പോഴും വിവേകാനന്ദൻ ആധുനികസംസ്കാരത്തിന്റെ മൂല്യങ്ങൾ അംഗീകരിച്ചു. തന്റെ മതവിശ്വാസത്തെ ശാസ്ത്രവുമായി ഇണക്കിക്കൊണ്ടു പോകുവാൻ അദ്ദേഹം പരിശ്രമിച്ചു. “ശാസ്ത്രവും മതവും തമ്മിൽ എല്ലായിടത്തും നടക്കുന്ന പോരാട്ടം എന്താണ്? ബാഹ്യശക്തികളെക്കുറിച്ചുള്ള എണ്ണമറ്റ വിശദീകരണങ്ങൾകൊണ്ട് മതങ്ങൾക്ക് പൊറുതിമുട്ടിയിരിക്കുന്നു. ഒരു മാലാഖ സൂര്യന്റെ ചുമതല വഹിക്കുന്നു. മറ്റൊന്നു ചന്ദ്രന്റെ. അങ്ങനെ പോകുന്നു അത്. ഓരോ മാറ്റത്തിന്റെയും കാരണം ഒരു ആത്മീയചൈതന്യമാണ്. ഈ ചൈതന്യം വസ്തുവിന് പുറത്താണ് സ്ഥിതിചെയ്യുന്നത് എന്ന കാര്യത്തിൽ എല്ലാവർക്കും യോജിപ്പാണുള്ളത്. പക്ഷേ, ഒരു വസ്തുവിന്റെ കാരണമറിയാൻ ആ വസ്തുവിന്റെ തന്നെ സ്വഭാവം പരിശോധിക്കണമെന്നാണ് ശാസ്ത്രം പറയുന്നത്. ശാസ്ത്രം പടിപടിയായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അത് പ്രകൃതിയുടെ പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിശദീകരണത്തെ ദേവതകളുടെയും മാലാഖമാരുടെയും കൈകളിൽ നിന്ന് സ്വയം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു”. [11]
താൻ ഒരു വേദാന്തിയാണെന്ന് സ്വാമി വിവേകാനന്ദൻ സ്വയം പരിചയപ്പെടുത്തുകയുണ്ടായി. സോങ്കഹം, തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ ഔപനിഷദ് വാക്യങ്ങളാണ് അദ്ദേഹത്തിന്റെ തത്വചിന്തയുടെ ഉറവിടങ്ങൾ. ശങ്കരന്റെ അദ്വൈതവേദാന്തമാണ് അദ്ദേഹത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയത്. ശങ്കരനെപ്പോല അദ്ദേഹവും സച്ചിദാനന്ദമെന്ന് നിർവചിക്കപ്പെടുന്ന ബ്രഹ്മം മാത്രമാണ് സത്യമെന്നും ആ പാരമാർത്ഥിക സത്യത്തിന്റെ ഭാഗത്തുനിന്നു നോക്കുമ്പോൾ വ്യാവഹാരികലോകം മിഥ്യയാണെന്നും വാദിച്ചു. ഏകമായ ആ ബ്രഹ്മമാണ് വ്യാവഹാരിക ജീവിതത്തിലെ വൈവിധ്യം നിറഞ്ഞ നാമരൂപങ്ങളായി പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, ഈ വ്യത്യാസം അവിദ്യയുടെ ഫലമാണ്. അവിദ്യയവസാനിച്ചാൽ പിന്നെ ഏകവും അദ്വിതീയവുമായ ബ്രഹ്മം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ:
അവിദ്യയവസാനിപ്പിക്കുക എന്നുവെച്ചാൽ എല്ലാം ബ്രഹ്മമാണെന്നും ബ്രഹ്മമല്ലാതെ മറ്റൊന്നും ഇല്ലെന്നും മനസ്സിലാക്കുകയാണ്. ഇതിന്റെ അർത്ഥം, ലൗകികങ്ങളായ ആസക്തികളിൽ നിന്നും സ്വാർത്ഥത, ദുര, അഹങ്കാരം തുടങ്ങിയ നിസ്സാരതകളിൽ നിന്നും സ്വയം മോചനം നേടുകയും എല്ലാ മനുഷ്യരെയും സമഭാവനയോടെ കണ്ടുകൊണ്ട് അവരെ ഭൗതികവും ആത്മീയവുമായ എല്ലാത്തരം ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി അവിശ്രമം പ്രവർത്തിക്കുകയും ചെയ്യുക എന്നാണ്. ഇതാണ് ആത്മസാക്ഷാൽക്കാരത്തിനുള്ള വഴി. “വ്യക്തിയുടെ സ്വാതന്ത്ര്യം സമൂഹത്തിന്റെ സുഖത്തിലാണ് സ്ഥിതിചെയ്യുന്നത്. സമൂഹത്തിൽ നിന്ന് വേറിട്ട് വ്യക്തിയുടെ നിലനിൽപ്പു സങ്കൽപ്പിക്കുക സാദ്ധ്യമല്ല. ഇത് ഒരു ശാശ്വതസത്യമാണ്. ഈ അടിത്തറയിന്മേലാണ് പ്രപഞ്ചം കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്. അനന്തമായ സംപൂർണ്ണതയിലേക്ക് അതുമായി ഇടവിടാത്ത സഹഭാവവും താദാത്മ്യവും നേടിക്കൊണ്ടും അതിന്റെ സുഖത്തിൽ സുഖിക്കുകയും ദുഃഖത്തിൽ ദുഃഖിക്കുകയും ചെയ്തുകൊണ്ടും പടിപടിയായി നീങ്ങുക — ഇതാണ് വ്യക്തിയുടെ ഒരേയൊരു കർത്തവ്യം”. [13]
സ്വാമി വിവേകാനന്ദന് ശങ്കരാചാര്യരോട് അളവറ്റ ആദരവുണ്ടായിരുന്നു. എങ്കിലും, ശങ്കരന്റെ അദ്വൈതം അദ്ദേഹത്തിന്റെ കൈയിൽ വിപ്ലവകരമായ ചില മാറ്റങ്ങൾക്കു വിധേയമായിത്തീർന്നു. ശങ്കരന്റെ അദ്വൈതത്തിൽ അമൂർത്തവും അപ്രമേയവും കേവലവുമായ പാരമാർത്ഥിക സത്യം മാത്രമല്ല, വ്യാവഹാരിക ജീവിതവും ഏറെക്കുറെ നിശ്ചലമായിരുന്നു. വിവേകാനന്ദനെ സംബന്ധിച്ചിടത്തോളമാകട്ടെ, അദ്വൈതം ചലനാത്മകവും സജീവവുമായിരുന്നു. “ചലനം അല്ലെങ്കിൽ മാറ്റം ജീവിതത്തിന്റെ ഗാനമാണ്” എന്നദ്ദേഹം പ്രഖ്യാപിച്ചു. ഒരു തത്വചിന്തകനെന്ന നിലക്ക് ബുദ്ധനെ തള്ളിപ്പറയുകയാണ് ശങ്കരൻ ചെയ്തത്. എന്നാൽ, വിവേകാനന്ദൻ ബുദ്ധനെ നോക്കിക്കണ്ടത് ആരാധനാ ഭാവത്തോടെയാണ്. ശങ്കരൻ തന്റെ തത്വചിന്തയെയാകെ അദ്വൈതത്തിന്റെ അതിർത്തിവരമ്പുകൾക്കുള്ളിൽ ഒതുക്കിനിർത്തി; മറ്റു തത്വചിന്താസരണികളെയെല്ലാം വിട്ടുവീഴ്ചയില്ലാതെ എതിർത്തു. വിവേകാനന്ദനാകട്ടെ, ഭാരതീയചിന്തയുടെ വ്യത്യസ്തസരണികളെ കഴിയുന്നത്ര സംയോജിപ്പിക്കാനാണ് ശ്രമിച്ചത്. ശങ്കരന്റെ വേദാന്തം ആത്മീയമായ അന്തസ്സത്തയുടെ ഉള്ളിലേക്ക് വലിയുന്നതായിരുന്നു. വിവേകാനന്ദന്റെ അദ്വൈതം ബാഹ്യലോകത്തെ മുഴുവൻ ഉൾക്കൊള്ളാൻ വെമ്പൽകൊള്ളുന്നതായിരുന്നു: “ദൈവവിശ്വാസിയെയോ ദൈവം എല്ലാറ്റിലും എല്ലാം ദൈവത്തിലുമുണ്ടെന്നു വിശ്വസിക്കുന്നവനെയോ ഏകതത്വവാദിയെയോ ബഹുദൈവവിശ്വാസിയെയോ നിരീശ്വരവാദിയെയോ ആരെയും അത് തള്ളിക്കളയുന്നില്ല. ഏറ്റവും വിശാലവും അതേസമയത്തുതന്നെ ഏറ്റവും തീക്ഷ്ണവുമായ സ്വഭാവഗുണങ്ങളെ രൂപപ്പെടുത്തി ഉൾക്കൊള്ളുകയെന്നതാണ് ഒരു സാധകനാവാനുള്ള ഉപാധി”. [14] വിവേകാനന്ദൻ യാതൊരർത്ഥത്തിലും ഒരു വിഭാഗീയചിന്താഗതിക്കാരനായിരുന്നില്ല. മറ്റു ചിന്താഗതികളെ അദ്ദേഹം ഭയപ്പെടുകയോ അവയോട് അസഹിഷ്ണുത കാണിക്കുകയോ ചെയ്തില്ല. “വ്യത്യസ്ത ചിന്താവിഭാഗങ്ങൾ പെരുകട്ടെ!” എന്നദ്ദേഹം ആശംസിച്ചു. “കുതിച്ചോടുന്ന സജീവമായ അരുവിയിലേ ചുഴികളും ചുഴലികളും ഉണ്ടാവൂ. ചിന്താസംഘട്ടനമാണ് ചിന്തയെ ഉദ്ദീപിപ്പിക്കുന്നത്”. പ്രാചീനങ്ങളും അർവാചീനങ്ങളുമായ മതചിന്തകളുടെയും തത്വചിന്തകളുടെയും വ്യത്യസ്തധാരകളെ പ്രബലമായ ഒരു പ്രവാഹമാക്കി കൂട്ടിയിണക്കിക്കൊണ്ട് ഭൂതകാലത്തിന്റെ മാലിന്യങ്ങളെയും വർത്തമാനകാലത്തിന്റെ ദൗർബല്യങ്ങളെയും കഴുകിക്കളയാനും അങ്ങനെ മികവുറ്റ ഒരു ഭാവിയുടെ അടിത്തറ പണിയാനുമുള്ള യത്നമായിരുന്നു വിവേകാനന്ദന്റേത്. മനുഷ്യനെ ദിവ്യതയുടെ പ്രകടരൂപമായി കാണണമെന്ന് ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ വേദാന്തം. അന്ധകാരത്തിൽ ആണ്ടുകിടക്കുന്ന ഭൂരിപക്ഷക്കാരായ ജനങ്ങൾക്ക് ജ്ഞാനത്തിന്റെ വെളിച്ചം എത്തിച്ചുകൊടുക്കുകയും കൂടുതൽ മെച്ചപ്പെട്ട ഭാവിക്കു വേണ്ടിയുള്ള സമരത്തിൽ പാവപ്പെട്ടവരെയും ദുർബലരെയും സഹായിക്കുകയും ചെയ്യുക എന്നതാണ് മതത്തിന്റെ കടമയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹാർവാർഡ് സർവകലാശാലയിൽ ചെയ്ത ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: “കേവലമായ അദ്വൈതം നമ്മുടെ ദൈനംദിന ജീവിതത്തിൽ സജീവവും കാവ്യാത്മകവുമായിത്തീരണം. നിരാശാജനകമായ വിധം കെട്ടുപിണഞ്ഞു കിടക്കുന്ന പഴമ്പുരാണങ്ങളിൽ നിന്ന് സമൂർത്തങ്ങളായ ധാർമ്മികരൂപങ്ങൾ പൊന്തിവരണം. അമ്പരപ്പുളവാക്കുന്ന യോഗദർശനത്തിൽ നിന്ന് ഏറ്റവും ശാസ്ത്രീയവും പ്രായോഗികവുമായ മനഃശാസ്ത്രം ഉയർന്നുവരണം”.
മറ്റൊരിക്കൽ അദ്ദേഹം ഇങ്ങനെ എഴുതി: “സ്വർഗ്ഗമോ നരകമോ ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്? ആർക്കാണതിൽ താൽപര്യം? ആത്മാവുണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്? മാറ്റമില്ലാത്ത എന്തെങ്കിലുമൊന്നുണ്ടോ ഇല്ലയോ എന്നതിൽ ആർക്കാണ് താൽപര്യം? ഇവിടെ ഇതാ ലോകം. ദുരിതമയമായ ലോകം. ബുദ്ധൻ ചെയ്തതുപോലെ ലോകത്തിലേക്കിറങ്ങി ചെല്ലുക. ദുരിതങ്ങൾ കുറയ്ക്കാൻ പാടുപെടൂ; അല്ലെങ്കിൽ ആ പരിശ്രമത്തിൽ മരണം വരിക്കൂ. നിങ്ങൾ നിങ്ങളെത്തന്നെ മറക്കുക — ഇതാണ് ആദ്യമായി പഠിക്കേണ്ട പാഠം. നിങ്ങൾ ദൈവവിശ്വാസിയായാലും ശരി, നിരീശ്വരവാദിയായാലും ശരി, ആജ്ഞേയവാദിയായാലും കൊള്ളാം, വേദാന്തിയായാലും കൊള്ളാം, ക്രിസ്ത്യനോ മുസൽമാനോ ആരായാലും ശരി, എല്ലാവർക്കും പ്രസക്തമായ ഒരു പാഠം സങ്കുചിതമായ ആത്മബോധം നശിപ്പിച്ച് യഥാർത്ഥമായ ആത്മബോധം കെട്ടിപ്പടുക്കുക എന്നതാണ്”. [15]
വർണ്ണാശ്രമവ്യവസ്ഥ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ആദ്യമായി ബാദരായണൻ തന്റെ വേദാന്തസൂത്രം രചിച്ചത്. നാടുവാഴിവ്യവസ്ഥ പരന്നുപിടിക്കാൻ തുടങ്ങിയ കാലത്താണ് ശങ്കരാചാര്യർ തന്റെ പാണ്ഡിത്യം നിറഞ്ഞ ഭാഷ്യങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും സഹായത്തോടുകൂടി അതിനെ ഗഹനമായ ഒരു തത്വശാസ്ത്രമാക്കി വളർത്തിയത്. ആധുനിക ശാസ്ത്രത്തെപ്പറ്റി കേട്ടുകേൾവി പോലുമില്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പിന്നെയും ഒരായിരം വർഷങ്ങൾ കഴിഞ്ഞിട്ടാണ് വിവേകാനന്ദൻ വന്നത്. അപ്പോഴേക്കും ഉൽപ്പാദനരീതിയാകെ മാറിക്കഴിഞ്ഞിരുന്നു. നാടുവാഴിത്തം തകർച്ചയിലെത്തുകയും മുതലാളിത്തത്തിന്റെ ഘടകങ്ങൾ ശക്തിപ്പെടാൻ തുടങ്ങുകയും ചെയ്തു കഴിഞ്ഞിരുന്നു. മതവിശ്വാസങ്ങൾക്ക് അപ്പോഴും സ്ഥാനമുണ്ടായിരുന്നു. എങ്കിലും, ആധുനികശാസ്ത്രങ്ങളും ദേശീയ–സാമൂഹ്യ–സാംസ്കാരിക — നവോത്ഥാന പ്രസ്ഥാനങ്ങളും ജനങ്ങളുടെ മനസ്സിൽ പുതിയ ചലനങ്ങളുണ്ടാക്കികഴിഞ്ഞിരുന്നു. ഈ പുതിയ കാലഘട്ടത്തിലാണ് ജനങ്ങളെ മുന്നോട്ടുനയിക്കാൻ പറ്റിയ തരത്തിലുള്ള തന്റെ വേദാന്തചിന്തകളുമായി സ്വാമി വിവേകാനന്ദൻ മുന്നോട്ടുവന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുതലാളിത്തത്തിന്റെ യഥാർത്ഥഫലങ്ങൾ — അതിന്റെ നേട്ടങ്ങൾ മാത്രമല്ല, നിഷേധാത്മകവശങ്ങളും — പ്രകടമാവാൻ തുടങ്ങിയിരുന്നു. അവ സ്വാമി വിവേകാനന്ദന്റെ മനസ്സിനെയും സ്വാധീനിച്ചു. 1893-ൽ അദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായി ലോകമത സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി അമേരിക്ക സന്ദർശിച്ചു. അമേരിക്കയുടെ ആധുനികതയും ശാസ്ത്രീയബോധവും ചലനാത്മകതയും അദ്ദേഹത്തെ ആകർഷിച്ചു. അമേരിക്കയെ അദ്ദേഹം “സ്വാതന്ത്ര്യത്തിന്റെ ജനനസ്ഥലം” എന്നു വാഴ്ത്തി. അമേരിക്കയുടെ ഭൗതികസംസ്കാരവും ഇന്ത്യയുടെ ആത്മീയസംസ്കാരവും തമ്മിൽ കൂട്ടിയോജിപ്പിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, തന്റെ രണ്ടാമത്തെ സന്ദർശനമാവുമ്പോഴേക്കും അമേരിക്ക അപ്പാടെ മാറിക്കഴിഞ്ഞിരുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും ധാർഷ്ട്യം മൂർഛിക്കാൻ തുടങ്ങിയിരുന്നു. ഈ മാറ്റം വിവേകാനന്ദനെ ക്ഷോഭിപ്പിച്ചു. ഭൗതികപുരോഗതിയെ അഭിനന്ദിച്ചുകൊണ്ടു തന്നെ അവിടെ നിലനിന്ന “മകുടംവെച്ച അജ്ഞത”ക്കെതിരായി അദ്ദേഹം തട്ടിക്കയറി. രാഷ്ട്രീയാടിമത്തത്തിൽ കഴിയുന്ന ജനതകൾക്ക് അമേരിക്കയുടെ സഹായത്തോടെ മോചനം നേടാൻ കഴിയുമെന്ന തന്റെ ആദ്യത്തെ പ്രതീക്ഷ വെറും വ്യാമോഹമായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു.
സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ സ്വാർത്ഥതയും ദുരാഗ്രഹങ്ങളും വിവേകാനന്ദനെ അത്യന്തം വേദനിപ്പിച്ചു. യുദ്ധത്തിന്റെ പുക പരക്കാൻ തുടങ്ങിയിരിക്കുന്നു എന്നും യൂറോപ്പ് ഒരു പോർക്കളമായി മാറാൻ പോകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യൂറോപ്പിൽ വളർന്നു കഴിഞ്ഞ മുതലാളിത്തത്തിന്റെ ഉച്ഛൃംഗലമായ നിഷ്ഠൂരതകൾ അദ്ദേഹത്തിന്റെ മനം മടുപ്പിച്ചു. പുതുതായി രൂപംകൊള്ളാൻ തുടങ്ങിയ വിപ്ലവകരങ്ങളായ ആശയങ്ങളിലേക്ക് അദ്ദേഹം ചുഴിഞ്ഞുനോക്കി. യൂറോപ്യൻ പര്യടനത്തിനിടയിൽ അദ്ദേഹം റഷ്യൻ അരാജതകത്വവാദിയായ പ്രിൻസ് ക്രോപോട്കിനെ സന്ദർശിച്ച് ചർച്ച നടത്തുകയുണ്ടായി. സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പ് തോന്നി. ഒരു യഥാർത്ഥ വേദാന്തിക്ക് സോഷ്യലിസ്റ്റ് ആശയങ്ങൾ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു സോഷ്യലിസ്റ്റാണ്. അത് പരിപൂർണ്ണമായ ഒരു വ്യവസ്ഥയായതുകൊണ്ടല്ല, മറിച്ച്, അപ്പം തീരെ ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലത് പകുതി അപ്പമാണല്ലോ എന്നു വിചാരിച്ചാണ്” തൊഴിലാളിവർഗ്ഗത്തിന്റെ സഹജമായ ശക്തിയെ അദ്ദേഹം കാണാതിരുന്നില്ല. “തൊഴിലാളികൾ ജോലി ചെയ്യുന്നത് നിർത്തുകയാണെങ്കിൽ നിങ്ങൾക്ക് ഭക്ഷണവും വസ്ത്രവും കിട്ടാതെയാവും. എന്നിട്ടും നിങ്ങളവരെ താണ വിഭാഗക്കാരായി കരുതുന്നു. നിങ്ങളുടെ സ്വന്തം സംസ്കാരത്തെപ്പറ്റി ഭോഷ്കു പറയുകയും ചെയ്യുന്നു. നിലനിൽപ്പിന് വേണ്ടിയുള്ള സമരത്തിൽപ്പെട്ടതുകൊണ്ട് അവർക്ക് അറിവു നേടാൻ അവസരം ലഭിക്കുന്നില്ല. മനുഷ്യ ബുദ്ധിയാൽ നയിക്കപ്പെട്ടുകൊണ്ട് അവർ വളരെക്കാലമായി യന്ത്രങ്ങളെപ്പോലെ ഒരേ മട്ടിൽ അദ്ധ്വാനിച്ചു. എന്നിട്ട് സമർത്ഥരും അഭ്യസ്തവിദ്യരുമായ ആളുകളാണ് അവരുടെ അദ്ധ്വാനത്തിന്റെ ഗണ്യമായ ഭാഗം അനുഭവിക്കുന്നത്. എല്ലാ രാജ്യങ്ങളിലും ഇതാണ് സ്ഥിതി. എന്നാൽ, കാലം മാറിയിരിക്കുന്നു. താഴ്ന്ന വർഗ്ഗങ്ങൾ പൊതുവിൽ ഈ വസ്തുതയെപ്പറ്റി ബോധമുള്ളവരാവാൻ തുടങ്ങിയിരിക്കുന്നു. അവർ ഇതിനെതിരായി, തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ഐക്യമുന്നണിയുണ്ടാക്കി വരികയാണ്. ഉയർന്ന വർഗ്ഗത്തിന് ഇനി എത്ര തന്നെ ശ്രമിച്ചാലും താഴ്ന്ന വർഗ്ഗത്തെ അടിച്ചമർത്താൻ കഴിയില്ല. ഉയർന്ന വർഗ്ഗങ്ങളുടെ ക്ഷേമം ഇന്ന് സ്ഥിതിചെയ്യുന്നത് ന്യായമായ അവകാശം നേടിയെടുക്കാൻ ശ്രമിക്കുന്ന താഴ്ന്ന വർഗ്ഗക്കാരെ സഹായിക്കുന്നതിലാണ്”.
വീണ്ടും അദ്ദേഹം ഇപ്രകാരം എഴുതി: “മനുഷ്യസമൂഹത്തെ പുരോഹിതന്മാർ, പട്ടാളക്കാർ, വ്യാപാരികൾ, തൊഴിലാളികൾ എന്നിങ്ങനെ വഴിക്കുവഴിയായി നാലു ജാതികളാണ് ഭരിക്കുന്നത്. അവസാനമായി വരുന്നത് തൊഴിലാളികളുടെ (ശൂദ്രരുടെ) ഭരണമാണ്… ആദ്യത്തെ മൂന്നു കൂട്ടരും ഭരണം നടത്തിക്കഴിഞ്ഞു. ഇനി അവസാനത്തെ കൂട്ടരുടെ ഊഴമാണ്. ഇനി അവർ ഭരിക്കണം. ആർക്കും അവരെ തടയാൻ വയ്യ”.
വിദേശയാത്രകൾ കഴിച്ച് ഇന്ത്യയിലേക്കു തിരിച്ചുവന്നപ്പോൾ സാധാരണ ജനങ്ങളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അളവില്ലാത്തവിധം വർദ്ധിച്ചു. ഭൂരിപക്ഷക്കാരായ സാധാരണജനങ്ങളിലാണ് ഇന്ത്യയുടെ ആശ സ്ഥിതിചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന വർഗ്ഗങ്ങൾ ശാരീരികമായും ധാർമ്മികമായും തകർന്നിരിക്കുന്നു എന്നാണദ്ദേഹം ഇതിനു കാരണമായി പറഞ്ഞത്. “സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും സമ്പത്തോ വിദ്യാഭ്യാസമോ അറിവോ ലഭിക്കുന്നതിനുള്ള അവസരമുണ്ടാവണം” എന്നദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം സാധിക്കണമെങ്കിൽ സാമൂഹ്യവ്യവസ്ഥയിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ കൂടിയേ കഴിയൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ സ്വാതന്ത്ര്യം കൈവരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാ സാമൂഹ്യനിയമങ്ങളും ദ്രോഹകരങ്ങളാണ്. അവയെ അതിവേഗം നശിപ്പിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണം. സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗത്തിലൂടെ മുന്നേറാൻ കഴിയുന്നതിന് മനുഷ്യർക്ക് സൗകര്യം നൽകുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം”. [16]
വിവേകാനന്ദൻ 1902-ൽ 39-ാമത്തെ വയസ്സിൽ മരിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇന്ത്യയിൽ തൊഴിലാളിപ്രസ്ഥാനമോ ട്രേഡ്യൂണിയനുകളോ ആവിർഭവിച്ചു കഴിഞ്ഞിരുന്നില്ല. തൊഴിലാളിവർഗ്ഗം തന്നെ വളർച്ചയുടെ പ്രാഥമികദശയിലായിരുന്നു. എന്നിട്ടും ഒരു വലിയ വിപ്ലവകാരിയുടെ തീവ്രമായ വികാരാവേശത്തോടുകൂടി അദ്ദേഹം തൊഴിലാളിവർഗ്ഗത്തിന്റെ ഭാവിയിൽ വിശ്വാസം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യത്തിൽ മാത്രമല്ല, സോഷ്യലിസത്തിലും തന്റെ മാതൃഭൂമി വിജയം കൈവരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ലവമുണ്ടാവുന്നതിന് രണ്ട് ദശകങ്ങൾക്കു മുമ്പുതന്നെ ഈ മഹാനായ മനുഷ്യൻ ഇന്ത്യയിൽ സോഷ്യലിസത്തിന്റെ മുദ്രാവാക്യം മുഴക്കിയെന്നത് എടുത്തുപറയത്തക്കതാണ്. യുവതലമുറയ്ക്ക് അദ്ദേഹം പ്രചോദനത്തിന്റെ ഒരു വലിയ ഉറവിടമായിത്തീർന്നതിൽ അത്ഭുതമില്ല.
1 Max Muller: Ramakrishna—His life and sayings, P. 162.
2 Romain Rolland: The life of Ramakrishna P. 191.
3 Swami Nikhilananda (Tr.): Gospel of Sri. Ramakrishna P. 480.
4 Swami Sharadananda: Sri. Ramakrishna—The Great Master P. XI.
5 Selections from Swami Vivekananda, P. 862.
6 Swami Vivekananda: Complete Works, Vol. III. P. 334.
7 Selections from Swami Vivekananda. PP. 561–94.
8 The Complete Works of Swami Vivekananda. Vol. I, P. 374.
9 Swami Vivekananda: The Speech at Lahore in 1897.
10 Selections from Swami Vivekananda, P. 279.
11 Ibid, PP. 278–79.
12 The Complete Works of Swami Vivekananda, Vol. VII. P. 161.
13 Swami Vivekananda: Modern India, P. 45.
14 Letters of Swami Vivekananda, P. 83.
15 Swami Vivekananda: Practical Vedanta.
16 Swami Vivekananda: Works, Vol. V., P. 110.