പ്രാചീനാര്യന്മാർ ലൗകികജീവിതത്തിന്റെ സങ്കീർണ്ണതകളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി വനാന്തരങ്ങളിലെ ഗുഹകൾ തേടിനടന്ന യതിവര്യന്മാരായിരുന്നില്ല. പരബ്രഹ്മത്തെപ്പറ്റിയോ മരണാനന്തര ജീവിതത്തെപ്പറ്റിയോ അല്ല ഐഹികജീവിതം പരിഷ്കരിക്കേണ്ടതെങ്ങനെയെന്നതിനെപ്പറ്റിയാണ് അവരന്വേഷിച്ചത്. ലൗകികതയെ അവർ തിരസ്കരിച്ചില്ല. ജീവിതത്തെ അതിന്റെ പൂർണ്ണതയിലും വൈവിധ്യത്തിലും അവരംഗീകരിച്ചു. അവർ പരിഷ്കൃതരായിരുന്നു. എഴുത്തും വായനയുമില്ലാത്ത നിരക്ഷരരായിരുന്നു. എങ്കിലും അവർ ജീവിതത്തെ സ്നേഹിച്ചു. ജീവിതത്തോടുള്ള ആഭിമുഖ്യമാണ് അവർക്ക് ബുദ്ധിമുട്ടുകളെയും എതിർപ്പുകളെയും നേരിടാനുള്ള കരളുറപ്പു നൽകിയത്. എല്ലാത്തരം വിഘ്നങ്ങളെയും തട്ടിത്തകർത്തു മുന്നോട്ടു പോകാനുള്ള വ്യഗ്രതയും ഭാവിയിലുള്ള ശുഭാപ്തിവിശ്വാസവും ഋഗ്വേദസൂക്തങ്ങളിൽ ഉടനീളം കാണാം.
ജീവിതസമരത്തിൽ വിജയം നേടാനുള്ള അടങ്ങാത്ത ആഗ്രഹം, കൂട്ടായ ജീവിതത്തിൽ നിന്നു ലഭിച്ച ആത്മവിശ്വാസം, ആയുധങ്ങളോടുള്ള മതിപ്പ് — ഇവയായിരുന്നു അവരുടെ കൈമുതൽ. അവരുടെ അമ്പും വില്ലും അനാര്യന്മാരുടേതിനേക്കാൾ മെച്ചപ്പെട്ടതായിരുന്നു. പോരെങ്കിൽ, അവർക്ക് തേരുകളും കുതിരകളുമുണ്ടായിരുന്നു. അമ്പും വില്ലുമായി കുതിരപ്പുറത്തുകയറി അവർ ദസ്യുക്കളെ ആക്രമിച്ചു. അവരുടെ കോട്ടകൾ തകർത്തു. കന്നുകാലികളെ അപഹരിച്ചു. പക്ഷേ, സാംസ്കാരികമായി താരതമ്യേന കൂടുതലുയർന്ന നിലവാരത്തിലെത്തിയ അനാര്യകുലങ്ങളെ കീഴടക്കുക എളുപ്പമായിരുന്നില്ല. നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കും യുദ്ധങ്ങൾക്കും ശേഷമാണ് ആര്യന്മാർ സിന്ധുഗംഗാതടങ്ങളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.
ആര്യന്മാർക്ക് അനാര്യന്മാരായ ആദിമനിവാസികളെ മാത്രമല്ല, പ്രകൃതിശക്തികളെയും നേരിടേണ്ടിവന്നിരുന്നു. സാമൂഹ്യപുരോഗതിയുടെ പ്രേരകശക്തികൾ മാത്രമല്ല, പ്രകൃതിനിയമങ്ങളും അവർക്ക് അജ്ഞാതങ്ങളായിരുന്നു. സൂര്യനും ചന്ദ്രനും വെളിച്ചവും ഇരുട്ടും കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഇടിയും മിന്നലും ജീവിതവും മരണവും — എല്ലാം അവരിൽ അത്ഭുതവും അമ്പരപ്പുമുളവാക്കി. പ്രകൃതിയുടെ ദുർഗ്രഹങ്ങളും ദുരൂഹങ്ങളുമായ ഇത്തരം പ്രതിഭാസങ്ങൾക്ക് അവർ ദിവ്യമായ ഒരർത്ഥം കല്പിച്ചുകൊടുത്തു. തങ്ങളുടെ ദൈനംദിന ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഐഹികങ്ങളായ ബാഹ്യപ്രതിഭാസങ്ങളെല്ലാം അവരുടെ കണ്ണിൽ അഭൗമശക്തികളായിത്തീർന്നു. തങ്ങളുടെ ആന്തരികശക്തികളെയും ഉൽകൃഷ്ടതകളെയും ഉൽക്കർഷേച്ചകളെയും ധർമ്മബോധത്തെയുമെല്ലാം അവർ ഭാവനയിലൂടെ പെരുപ്പിച്ച് ബാഹ്യപ്രകൃതിയിൽ പ്രതിഷ്ഠിച്ചു. പ്രകൃതിയുടെ പ്രതിഭാസങ്ങൾക്ക് ചിന്ത, വികാരം, ബോധം, പ്രജ്ഞ തുടങ്ങിയ ഗുണവിശേഷങ്ങളുണ്ടെന്നും മനുഷ്യന്റെ കഴിവുകളുടെ പരിമിതി നികത്താൻ അവയ്ക്കു സാധിക്കുമെന്നും അവർ വിശ്വസിച്ചു. മറ്റൊരുവിധം പറഞ്ഞാൽ, അവർ പ്രകൃതിശക്തികളെ മാനവീകരിക്കാനും സ്വന്തം ആന്തരികശക്തികളുടെ അന്യവൽക്കരിക്കപ്പെട്ട മൂർത്തീകരണങ്ങളായി അവയെ നോക്കിക്കാണാനും തുടങ്ങി. ഋഗ്വേദത്തിലെ ഇന്ദ്രൻ, വരുണൻ, അഗ്നി, സൂര്യൻ, ദ്യോവ്, മിത്രൻ, പർജന്യൻ, മരുത്തുക്കൾ, വായു തുടങ്ങിയ ദേവന്മാരും പൃഥ്വി, സരസ്വതി, ഭാരതി, അദിതി തുടങ്ങിയ ദേവികളും ഈ മാനവീകരണപ്രക്രിയയുടെ ഫലങ്ങളാണ്.
മനുഷ്യർക്കെന്നപോലെ തന്നെ ദേവന്മാർക്കും രക്തബന്ധങ്ങളുണ്ട്. ഭൂമിയും സ്വർഗ്ഗവും ഇന്ദ്രന്റെ മാതാപിതാക്കളാണ്. രുദ്രൻ മരുത്തുക്കളുടെ പിതാവാണ്. അദിതി ആദിത്യന്മാരുടെ മാതാവാണ്. മനുഷ്യരെപ്പോലെതന്നെ ദേവന്മാരും പരസ്പരം ആശ്രയിച്ചുകൊണ്ടാണ് ജീവിക്കുന്നത്. വരുണനും മിത്രനും അഗ്നിയെ ജ്വലിപ്പിക്കുകയും അഗ്നിയിലൂടെ സ്വയം പ്രകാശിക്കുകയും ചെയ്യുന്നു. വായുവിന്റെ സമ്പർക്കംകൊണ്ട് അഗ്നി കൂടുതൽ പ്രകാശിക്കുന്നു. മനുഷ്യർക്കെന്നപോലെ ദേവന്മാർക്കും ഭക്ഷണം വേണം. പാലും മാംസവും ലഹരി പിടിപ്പിക്കുന്ന സോമരസവും അവരിഷ്ടപ്പെടുന്നു. അവർക്ക് സ്നേഹവും വെറുപ്പുമുണ്ട്. തങ്ങളെ പ്രീതിപ്പെടുത്തുന്ന മനുഷ്യരോട് അവർ ദയകാണിക്കുന്നു. മനുഷ്യരുടെ സ്വഭാവഗുണങ്ങളെല്ലാം ദേവന്മാർക്കുമുണ്ട്. ഒരു വ്യത്യാസമേയുള്ളൂ: ദേവന്മാരുടെ ശക്തി മനുഷ്യരുടേതിനേക്കാൾ എത്രയോ വലുതാണ്. മനുഷ്യർക്ക് ചെയ്യാൻ കഴിയാത്തത് ചെയ്യാനും നിയന്ത്രിക്കാൻ കഴിയാത്തതു നിയന്ത്രിക്കാനും അവർക്ക് സാധിക്കും. മനുഷ്യരുടെ ഭാഗധേയങ്ങളെ നിർണ്ണയിക്കാനും മനുഷ്യർക്കാവശ്യമായ സംരക്ഷണം നൽകാനും അവർക്ക് കഴിവുണ്ട്. പ്രാർത്ഥനകൾ കൊണ്ടും വഴിപാടുകൾ കൊണ്ടും പൂജാദി കർമ്മങ്ങൾകൊണ്ടും അവരെ പ്രസാദിപ്പിച്ചാൽ മനുഷ്യർക്ക് തങ്ങളുടെ പരിമിതികളെയും അപൂർണ്ണതകളെയും തരണം ചെയ്യാം.
അങ്ങനെ ജീവനില്ലാത്ത വസ്തുക്കൾ ജീവനുള്ള വസ്തുക്കളായി സങ്കൽപ്പിക്കപ്പെട്ടു. മലയും പുഴയും കാറ്റും വെള്ളവും തീയും സൂര്യനും ആകാശവും ഭൂമിയും എല്ലാം മാനവീകരിക്കപ്പെട്ടു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഒരുതരം മാനുഷികബന്ധമായിത്തീർന്നു. ഈ മാനവീകരണപ്രക്രിയയിൽ നിന്നാണ് ദൈവവിശ്വാസം ആവിർഭവിച്ചത്.
അപരിഷ്കൃതങ്ങളായ ഉൽപ്പാദനോപകരണങ്ങളുമായി ജീവിതായോധനത്തിനിറങ്ങിയ പ്രാചീനാര്യന്മാർക്ക് ദൈവങ്ങൾ ആവശ്യമായിരുന്നു. ശത്രുക്കളെ എതിർത്തു തോൽപ്പിക്കാൻ അവർ ദേവന്മാരുടെയും ദേവികളുടെയും സഹായം തേടി. ഭൗതികജീവിതത്തിലെ സുഖങ്ങൾക്ക് വേണ്ടി അവർ പ്രാർത്ഥിക്കുകയും യജ്ഞങ്ങൾ നടത്തുകയും ചെയ്തു. ഋഗ്വേദം നിറയെ ഇത്തരം പ്രാർത്ഥനകളാണ്. ഒരു പ്രാർത്ഥന കേൾക്കുക:
ഇന്ദ്രനോടുള്ള മറ്റൊരു പ്രാർത്ഥന:
ശത്രുക്കളെ തോൽപ്പിക്കാനും നശിപ്പിക്കാനും സഹായിക്കുന്ന ഇന്ദ്രൻ വീരപരാക്രമികളുടെ മാതൃകാദൈവമാണ്, ശത്രുക്കളുടെ മുമ്പിൽ മുട്ടു മടക്കാത്തവനാണ്, പർവതങ്ങളെ പിളർക്കുന്നവനാണ്, ദസ്യുക്കളെ പിഴുതെറിയുന്നവനാണ്, സർവശക്തനാണ്, രഥവീരന്മാരിൽ അഗ്രഗണ്യനാണ് (രഥിതമ), ജേത്രിയാണ്. “ഇന്ദ്രന്റെ മുമ്പിൽ ഭൂമിയും സ്വർഗ്ഗവും നമസ്കരിക്കുന്നു, അവന്റെ ശക്തിപർവതങ്ങളെ വിറകൊള്ളിക്കുന്നു”. [5] അതേ സമയത്തുതന്നെ ഇന്ദ്രൻ ദയാശീലനാണ്, പിതാക്കന്മാരിൽവെച്ച് പിതാവാണ്, (പിതൃതമ പിതൃണാം) നന്മ ചെയ്യുന്നവനാണ്, സംരക്ഷകനാണ്, “അല്ലയോ ഇന്ദ്ര! നിന്നാൽ സംരക്ഷിക്കപ്പെടുന്ന അശ്വങ്ങളുടെ സഹായത്തോടുകൂടി ഞങ്ങൾ ശത്രുക്കളെ ആട്ടിയോടിക്കട്ടെ!” എന്നും “ഇന്ദ്ര! നിന്റെ സംരക്ഷണംകൊണ്ട് ഉത്സാഹഭരിതരായിട്ട് ഞങ്ങൾ മൂർച്ചയുള്ള വജ്രങ്ങൾ ധരിച്ച് ശത്രുക്കളുടെ മേൽ വിജയം വരിക്കട്ടെ” [6] എന്നും “ഇന്ദ്രൻ ഭയങ്കരങ്ങളായ എല്ലാ ആസന്നവിപത്തുക്കളെയും തടഞ്ഞുനിർത്തട്ടെ!” അവൻ അജയ്യനും സർവജ്ഞനുമാണല്ലോ” [7] എന്നും “സർവശക്തനും എല്ലാ ശത്രുക്കളെയും നശിപ്പിക്കുന്നവനുമായ ഇന്ദ്രൻ ഏതിടത്തുനിന്നും വരുന്ന ആപത്തുകളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കട്ടെ!” [8] എന്നും മറ്റുമുള്ള പ്രാർത്ഥനകൾ ഋഗ്വേദത്തിൽ സുലഭമാണ്.
ശത്രുക്കളെ പരാജയപ്പെടുത്താൻ വേണ്ടി മാത്രമല്ല, പ്രാചീനാര്യന്മാർ ഇന്ദ്രന്റെ സഹായം തേടിയത്. ലൗകികജീവിതത്തെ കൂടുതൽ കൂടുതൽ സമ്പന്നമാക്കാനാവശ്യമായ വിഭവങ്ങൾക്കുവേണ്ടിയും അവർ പ്രാർത്ഥനകൾ നടത്തി. ഉദാഹരണത്തിന്,
ആര്യന്മാരുടെ മറ്റൊരു ദൈവമാണ് വരുണൻ. വരുണൻ പ്രാപ്തനും ശക്തനുമാണ്. ഭൂമിയെയും സ്വർഗ്ഗത്തെയും വേർതിരിക്കാൻ വേണ്ടി ആകാശത്തെ ഉയർത്തിക്കൊണ്ടുവന്നത് വരുണനാണ്. നദികൾ സമുദ്രത്തിലേക്കൊഴുകുന്നു; പക്ഷേ, സമുദ്രം കരകവിഞ്ഞൊഴുകുന്നില്ല. ഇത് വരുണന്റെ ശക്തിയെ കുറിക്കുന്നു. വരുണൻ ലോകത്തിന്റെ വിധി നിർണ്ണയിക്കുന്നു; ജനങ്ങൾക്ക് സുഖവും ക്ഷേമവും നൽകുന്നു.
മറ്റൊരു പ്രധാന ദൈവമാണ് അഗ്നി; തിയ്യിന്റെ ദൈവം. “അഗ്നിയെ ഞാനെന്റെ പിതാവായും ബന്ധുവായും ഭ്രാതാവായും ചിരന്തന സുഹൃത്തായും കരുതുന്നു” [11] എന്നാണ് ഒരു കവി പാടുന്നത്. അഗ്നിയോടുള്ള ഒരു പ്രാർത്ഥന ഇങ്ങനെയാണ്:
അഗ്നി വെളിച്ചത്തിന്റെ വെളിച്ചമാണ്; ശക്തനാണ്; ഏതു ശത്രുവിനെയും നേരിടാൻ കെല്പുള്ളവനാണ്; പിതാവും സഹോദരനും സുഹൃത്തും അതിഥിയും എല്ലാമാണ്. വിലപിടിച്ച നിധികൾ മാത്രമല്ല, ബുദ്ധിയും ദീർഘായുസ്സും ജീവൻ തന്നെയും നൽകാൻ അഗ്നിക്കു കഴിവുണ്ട്. ഋഗ്വേദത്തിൽ ഇന്ദ്രനെ കഴിച്ചാൽ പിന്നെ ഏറ്റവുമധികം സ്തോത്രങ്ങൾ അഗ്നിയെപ്പറ്റിയുള്ളവയാണ്. തങ്ങളുടെ ശരീരങ്ങൾക്കു പോഷണം നൽകണമെന്നും തങ്ങളുടെ സന്താനങ്ങളെയും കന്നുകാലികളെയും കാത്തുരക്ഷിക്കണമെന്നും തങ്ങൾക്ക് ധനവും സന്താനവും ഭക്ഷണവുംകൊണ്ട് സുഖസമ്പന്നമായ ദീർഘായുസ്സ് നൽകണമെന്നും ആര്യന്മാർ അഗ്നിയോടഭ്യർത്ഥിക്കുന്നു. [13]
സൂര്യനോടുള്ള പ്രാർത്ഥനകളിൽ ഒന്ന് ഇങ്ങനെയാണ്:
ഇന്ദ്രനും അഗ്നിയും വരുണനും സൂര്യനും മാത്രമല്ല, പർവതം, നദി, പർജന്യൻ, ഉച്ചൈശ്രവസ്സ്, ധേനു, സോമം, ഋതു, രുദ്രൻ, പൃഥ്വി, ഉഷസ്സ് എന്നിങ്ങനെ ആകാശത്തിലും ഭൂമിയിലും ആധിപത്യം വഹിക്കുന്ന ഒട്ടനവധി മറ്റു ദൈവങ്ങളുമുണ്ടായിരുന്നു. സമ്പത്ത്, ദീർഘായുസ്സ്, ഭക്ഷണം, ആരോഗ്യം എന്നിവ ലഭിക്കാനും മഴ, കന്നുകാലികൾ, സന്താനങ്ങൾ തുടങ്ങിയവ ഉണ്ടാകാനും പ്രാചീനാര്യന്മാർ ആ ദൈവങ്ങളോടു മാറിമാറി പ്രാർത്ഥിച്ചു.
“അല്ലയോ ദേവാ! ഞങ്ങൾക്കു ശരീരശേഷി നൽകൂ; ഞങ്ങളുടെ വളർത്തുമൃഗങ്ങൾക്കു ശക്തി നൽകൂ; ഞങ്ങളുടെ സന്താനങ്ങൾക്കും അനന്തരാവകാശികൾക്കും ജീവശക്തിയേകൂ. അവരെല്ലാം ജീവിക്കട്ടെ. അങ്ങു ഞങ്ങൾക്കു ശക്തി നൽകുന്നവനാണ്”. [15]
ചിലപ്പോൾ ഒരേസമയത്ത് ഒന്നിലധികം ദേവന്മാരോടും അവർ കൂട്ടായി പ്രാർത്ഥിച്ചു:
അകൃത്രിമത്വവും നിഷ്കളങ്കതയും തുളുമ്പുന്ന ഇത്തരം പ്രാർത്ഥനകൾ യഥാർത്ഥജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ല. മറിച്ച്, അവ പ്രാചീനാര്യന്മാരെ കൂടുതൽ കർമ്മോന്മുഖരാക്കുകയാണ് ചെയ്തത്. ജീവിതസമരങ്ങളിൽ വിജയം നേടണമെങ്കിൽ പ്രാർത്ഥനകളും പൂജകളും മാത്രം പോരാ, കഠിനമായ അദ്ധ്വാനവും വേണം എന്നവർക്കറിയാമായിരുന്നു. എന്തെന്നാൽ, മടിയന്മാരെയും കർമ്മവിമുഖരെയും ദേവന്മാർക്കിഷ്ടമല്ല. [17]
പ്രാചീനാര്യന്മാർ സമ്പത്തിനും സന്തതിക്കും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി വെമ്പൽ കൊള്ളുന്നവർ മാത്രമായിരുന്നില്ല; ശക്തിക്കും വീര്യത്തിനും പുരുഷത്വത്തിനും ഓജസ്സിനും വേണ്ടി പ്രാർത്ഥനകൾ നടത്തുന്നവർ മാത്രവുമായിരുന്നില്ല. സമഗ്രമായ ജീവിതത്തിന്റെ പൂർണ്ണതയായിരുന്നു അവരുടെ ലക്ഷ്യം. പ്രകൃതിയുടെ നിഗൂഢതകളിൽ അവർ സത്യത്തെ അന്വേഷിച്ചു. അവർ സൗന്ദര്യത്തെ ആരാധിച്ചു. പരാക്രമത്തിന്റെ പടഹധ്വനിയും വജ്രായുധത്തിന്റെ കാഠിന്യവും കുതിരകളുടെ കുളമ്പടിശബ്ദവുമെന്നപോലെ തന്നെ നിശബ്ദതയുടെ മാധുര്യവും “കല്യാണികളും സ്മയമാനസകളുമായ യോഷക”ളുടെ കടാക്ഷവും യുവതിയുടെ സൗന്ദര്യത്തെ വെല്ലുവിളിക്കുന്ന ഉഷസ്സിന്റെ മനോഹാരിതയും സ്ത്രീപുരുഷ പ്രേമത്തിന്റെ വിശുദ്ധിയും മുലപ്പാൽ കുടിക്കുന്ന ശിശുവിന്റെ പുഞ്ചിരിയും എല്ലാം ഋഗ്വേദകവിതകളിൽ ഓളം വെട്ടുന്നതു കാണാം.
ഋഗ്വേദം ഒരു മതഗ്രന്ഥമോ തത്വശാസ്ത്രഗ്രന്ഥമോ അല്ല, കവിതകളുടെ സമാഹാരമാണ്. പക്ഷേ, അവ പ്രാചീനാര്യന്മാരുടെ സാമൂഹ്യസാഹചര്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും സാംസ്കാരിക നിലവാരത്തെയും പ്രതിഫലിപ്പിക്കുന്നുണ്ട്. അവരുടെ ജീവിതരീതി എന്തായിരുന്നു എന്നു മാത്രമല്ല, അവരുടെ മതവിശ്വാസങ്ങളും ചിന്തകളും ആഗ്രഹാഭിലാഷങ്ങളും ഏതു തരത്തിലുള്ളവയായിരുന്നു എന്നും ഋഗ്വേദത്തിൽ നിന്ന് ഏറെക്കുറെ മനസ്സിലാക്കാം.
പ്രാചീനാര്യന്മാർക്ക് ഗ്രന്ഥങ്ങളുണ്ടായിരുന്നില്ല. അവർ എഴുത്തും വായനയും പഠിച്ചുകഴിഞ്ഞിരുന്നില്ല. കവിതാമയങ്ങളായ സൂക്തങ്ങളും പ്രാർത്ഥനകളും ഉരുവിട്ടു കാണാപ്പാഠം പഠിച്ചുറപ്പിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. നമ്മൾ വേദങ്ങളെന്നു വിളിക്കുന്നത്, ഇങ്ങനെ തലമുറ തലമുറയായി വാക്കാൽ പ്രചരിപ്പിക്കപ്പെട്ടുപോന്ന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും സമാഹാരങ്ങളെയാണ്. ആ സൂക്തങ്ങളും മന്ത്രങ്ങളുമെല്ലാം ഒരേ കവിയാൽ, അല്ലെങ്കിൽ ഒരേ കാലത്ത്, രചിക്കപ്പെട്ടവയല്ല. പലരും പല കാലഘട്ടങ്ങളിലായി രചിച്ച സൂക്തങ്ങൾ പിന്നീട് സമാഹരിക്കപ്പെടുകയാണുണ്ടായത്. വിന്റർനിറ്റ്സ് അഭിപ്രായപ്പെട്ടതുപോലെ ഋഗ്വേദസൂക്തങ്ങൾ രചിക്കപ്പെട്ട കാലത്തിനും പിന്നീടവ ഋഗ്വേദസംഹിത എന്നപേരിൽ സമാഹരിക്കപ്പെട്ട കാലത്തിനുമിടയിൽ ശതാബ്ദങ്ങൾ പലതും കടന്നുപോയിരിക്കണം.
ഇങ്ങനെ വേദങ്ങൾ രണ്ടു ഘട്ടങ്ങളായിട്ടാണ് തഴച്ചുവളർന്നത്. ഋഷികളോ പുരോഹിതന്മാരോ ആയി കരുതപ്പെട്ട വ്യത്യസ്തകവികൾ സ്തോത്രങ്ങൾ രചിച്ചുപാടാൻ തുടങ്ങിയ ഘട്ടമാണ് ആദ്യത്തേത്. പലരും പലപ്പോഴായി രചിച്ചവയും തലമുറ തലമുറയായി വാക്കാൽ പ്രചരിച്ചുകൊണ്ടിരുന്നവയുമായ ആയിരക്കണക്കിലുള്ള ആ സ്തോത്രങ്ങളെ ഋഗ്വേദം, സാമവേദം, യജുർവേദം, അഥർവവേദം എന്നിങ്ങനെ നാലു സംഹിതകളായി സമാഹരിച്ചതാണ് രണ്ടാം ഘട്ടം. രണ്ടാം ഘട്ടത്തിനു തന്നെ നൂറ്റാണ്ടുകളുടെ ദൂരമുണ്ട്.
പത്തു മണ്ഡലങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള ഋഗ്വേദസംഹിതയിൽ ഒട്ടാകെ 10,600 പാദങ്ങളടങ്ങിയ 1017 സൂക്തങ്ങളുണ്ട്. അനേകം സൂക്തങ്ങൾ സമാഹരിക്കപ്പെടാൻ കഴിയാതെ വിസ്മൃതിയിൽ ലയിച്ചുപോയിട്ടുണ്ടെന്ന് പണ്ഡിതന്മാർ കരുതുന്നു. സമാഹരിക്കപ്പെട്ട സ്തോത്രങ്ങൾ തന്നെ ഒരു നൂറു കൊല്ലംകൊണ്ടു രചിക്കപ്പെട്ടവയാവാനാണിടയുള്ളതെന്ന് മാക്ക് ഡൊണെൽ പറയുന്നു. ഋഗ്വേദത്തിലെ ആദ്യകാലഗീതങ്ങൾ ക്രി. മു. 1200-നും 1000-ത്തിനുമിടയ്ക്കും ബാക്കിയുള്ളവ ക്രി. മു. 1000ത്തിനും 800നുമിടക്കും രചിക്കപ്പെട്ടവയാണെന്ന് മാക്സ് മുള്ളർ കരുതുന്നു. ഋഗ്വേദത്തിലെ ഏറ്റവും പഴയ ഗീതങ്ങൾ ക്രിസ്തുവിന് 1200 കൊല്ലങ്ങൾക്കെങ്കിലും മുമ്പ് രചിക്കപ്പെട്ടവയായിരിക്കണം എന്നാണ് റാപ്സന്റെ അഭിപ്രായം. [18] ബാലഗംഗാതര തിലകനാകട്ടെ, ക്രി. മു. 4500-നു മുമ്പുതന്നെ ഋഗ്വേദസൂക്തങ്ങൾ നിലനിന്നിരുന്നു എന്നു വാദിക്കുന്നു. രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ ഋഗ്വേദസൂക്തങ്ങളുടെ കാലം ഏറെക്കുറെ ക്രി. മു. പതിനഞ്ചാം നൂറ്റാണ്ടാണ്. [19] ഭാഷാപരവും ചരിത്രപരവുമായ തെളിവുകളും സാമൂഹ്യമായ ഉള്ളടക്കവും പരിശോധിച്ചാൽ രാധാകൃഷ്ണന്റെ അഭിപ്രായത്തിനാണ് കൂടുതൽ പ്രസക്തി എന്നു സമ്മതിക്കേണ്ടിവരും. ആര്യന്മാർ ഇന്ത്യയിലെത്തുന്നതിന് മുൻപ് തന്നെ കുറെ സ്തോത്രങ്ങളെങ്കിലും രചിച്ചുകഴിഞ്ഞിട്ടുണ്ടാവാം. പക്ഷേ, ഭൂരിഭാഗം സ്തോത്രങ്ങളും സിന്ധുതീരപ്രദേശങ്ങളിൽ കുടിയേറിപ്പാർത്തതിനു ശേഷമുണ്ടായവയാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്തെന്നാൽ, മലയും മരുഭൂമിയും താണ്ടി ഭക്ഷണവും മേച്ചിൽസ്ഥലങ്ങളുമന്വേഷിച്ച് ഇന്ത്യയിലെത്തിയ പ്രാചീനാര്യന്മാർ നൂറ്റാണ്ടുകളുടെ കഠിനശ്രമത്തിലൂടെ തങ്ങളുടെ ഉൽപ്പാദനോപകരണങ്ങളെയും ജീവിതരീതിയെയും അഭിവൃദ്ധിപ്പെടുത്തിയതെങ്ങനെയെന്നും ഈ നീണ്ട കാലഘട്ടത്തിനിടയിൽ അവരുടെ ആശയങ്ങളിലും വിശ്വാസങ്ങളിലും വീക്ഷണഗതികളിലും സാമൂഹ്യസ്ഥാപനങ്ങളിലും എന്തെല്ലാം മാറ്റങ്ങളാണുണ്ടായത് എന്നും അവ വെളിപ്പെടുത്തുന്നു.
സിന്ധുഗംഗാ തീരപ്രദേശങ്ങളിൽ സ്ഥിരവാസമുറപ്പിക്കാൻ തുടങ്ങിയ കാലത്ത് ആര്യന്മാർ രക്തബന്ധത്തിന്റെ അടിസ്ഥാനത്തിൽ കുലങ്ങളും ഗോത്രങ്ങളും ഗണങ്ങളുമായിട്ടാണ് സംഘടിച്ചിരുന്നത്. അവർ കൂട്ടായി അദ്ധ്വാനിക്കുകയും കൂട്ടായി ജീവിക്കുകയും ചെയ്തു. ഗോത്രത്തിലെ എല്ലാ അംഗങ്ങളും സമന്മാരായിരുന്നു. ധനികദരിദ്രഭേദമോ മേലാളർ കീഴാളർ വ്യത്യാസമോ ഉണ്ടായിരുന്നില്ല. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനുമുണ്ടായിരുന്നില്ല. മഹാഭാരതത്തിലെ ഭീഷ്മർ ഈ പ്രാചീനസാമൂഹ്യവ്യവസ്ഥയെ ഇങ്ങനെ അനുസ്മരിക്കുന്നു:
എന്നാൽ മാർക്സും എംഗൽസും പ്രാകൃത കമ്യൂണിസം എന്നു വിളിക്കുന്ന ഈ പ്രാചീനഗോത്ര വ്യവസ്ഥയ്ക്കുള്ളിൽ ക്രമേണ പല മാറ്റങ്ങളുമുണ്ടായി. ഉൽപ്പാദനശക്തികളുടെ വളർച്ചയുടെ ഫലമായി സമുദായത്തിൽ ഒരുതരം പ്രവൃത്തി വിഭജനം ആവശ്യമായിത്തീർന്നു. ചിലർ പശുക്കളെ മേച്ചുനടക്കുന്ന ഗോപാലന്മാർ, ചിലർ കൃഷിപ്പണിക്കാർ, ചിലർ കൈവേലക്കാർ, ചിലർ പുരോഹിതന്മാർ, ചിലർ കവികൾ — ഇങ്ങനെ ഒരേ ഗോത്രത്തിലെ അംഗങ്ങൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലേർപ്പെടാൻ തുടങ്ങി. ഋഗ്വേദത്തിലെ ഒരു സൂക്തത്തിൽ പറയുന്നതു നോക്കുക:
എല്ലാവരും പരസ്പരം സഹായിച്ചുകൊണ്ടും സഹകരിച്ചുകൊണ്ടുമാണ് ജീവിച്ചത്. കഴിവുള്ളവർ കഴിവില്ലാത്തവരെയും കൂടുതൽ വിഭവങ്ങൾ നേടാൻ കഴിഞ്ഞവർ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവരെയും സഹായിച്ചു. സ്വാർത്ഥവും ദുരയും മൃഗീയതകളായിട്ടാണ് കരുതപ്പെട്ടത്. ഋഗ്വേദത്തിലെ ഈ സൂക്തം ശ്രദ്ധേയമാണ്:
പ്രവൃത്തിവിഭജനം സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയെ ത്വരിതപ്പെടുത്തി. പക്ഷേ, അതോടൊപ്പം തന്നെ രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഗോത്രവ്യവസ്ഥയ്ക്കുള്ളിൽ വൈരുദ്ധ്യങ്ങൾ തലപൊക്കാൻ തുടങ്ങി. ഉൽപ്പാദനശക്തികളുടെ വളർച്ചയും പ്രവൃത്തിവിഭജനവും ജനങ്ങളുടെ കൂട്ടായ ജീവിതത്തെ ശിഥിലീകരിക്കാനും സമൂഹത്തിന്റെ ഐക്യബോധത്തെ ഛിന്നഭിന്നമാക്കാനും തുടങ്ങി. സഭ, സമിതി തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങൾക്ക് ജനങ്ങളെ യോജിപ്പിച്ചുനിർത്താൻ കഴിയാതായി. ഐക്യം നിലനിർത്താൻ വേണ്ടിയുള്ള ആഹ്വാനങ്ങൾ ഋഗ്വേദസംഹിതയിലെ അവസാന ഭാഗങ്ങളിലും പിന്നീടുണ്ടായ സംഹിതകളിലും ഇടയ്ക്കിടയ്ക്ക് പല രൂപത്തിലും ആവർത്തിക്കപ്പെടുന്നതുകാണാം. ഉദാഹരണത്തിന്, ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലുള്ള ഈ ആഹ്വാനം നോക്കുക:
അവനെവിടെ?
പക്ഷേ, ഇത്തരം ആഹ്വാനങ്ങൾക്ക് സമൂഹത്തിലെ വൈരുദ്ധ്യങ്ങളെ നീക്കം ചെയ്യാൻ കഴിഞ്ഞില്ല. നേരെമറിച്ച്, കൃഷിയും കൈത്തൊഴിലുകളും അഭിവൃദ്ധിപ്പെട്ടപ്പോൾ വൈരുദ്ധ്യങ്ങൾ മൂർച്ഛിക്കുകയാണ് ചെയ്തത്.
സാമൂഹ്യജീവിതത്തിലും സാമൂഹ്യ ഘടനയിലുമുണ്ടായ മാറ്റങ്ങൾ മനുഷ്യന്റെ ബോധമണ്ഡലത്തിലും മാറ്റമുണ്ടാക്കി. പഴയ മതവിശ്വാസങ്ങൾക്ക് ഇളക്കം തട്ടി. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഉറവിടങ്ങളായി കണക്കാക്കപ്പെട്ടിരുന്ന എണ്ണമറ്റ പ്രകൃതിദൈവങ്ങളുടെ സ്വാധീനം കുറഞ്ഞു. ദൈവങ്ങളുണ്ടോയെന്ന കാര്യം തന്നെ സംശയിക്കപ്പെടാൻ തുടങ്ങി. ഏറ്റവും പ്രതാപശാലിയായ ഇന്ദ്രന്റെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെട്ടു. “പലരും പറയുന്നു, ഇന്ദ്രനില്ലെന്ന്. ആരാണ് ഇന്ദ്രനെ കണ്ടിട്ടുള്ളത്?” എന്ന് ഒരു ഋഗ്വേദകവി ചോദിക്കുന്നു.
“ആരാണിന്ദ്രൻ? ആരെങ്കിലും അവനെ കണ്ടിട്ടുണ്ടോ?,
ഒരാൾ മറ്റൊരാളോടു പറയുന്നു: ഇന്ദ്രനില്ല.
പിന്നെ നമ്മൾ ഏതു ദേവനാണ് ഹവിസ്സർപ്പിക്കേണ്ടത്?” [24]
വിശ്വാസം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെട്ടു. അതിനാൽ എങ്ങനെയെങ്കിലും വിശ്വാസം നിലനിർത്തുകയാണാവശ്യം. വിശ്വാസമില്ലാത്തവരെ വിശ്വാസമുള്ളവരാക്കി മാറ്റാനുള്ള ശ്രമങ്ങളും ഋഗ്വേദത്തിൽ കാണാം. ഒരു സൂക്തത്തിൽ ഇങ്ങനെ പറയുന്നു:
പഴയ വിശ്വാസങ്ങൾക്ക് ഇളക്കം തട്ടിയ ഒരു കാലത്താണ് ഇത്തരം ഋഗ്വേദസൂക്തങ്ങൾ രചിക്കപ്പെട്ടത് എന്ന് രാധാകൃഷ്ണൻ പറയുന്നു:
എല്ലാമായ ഒന്ന്
സന്ദേഹവാദത്തിൽ നിന്ന് കേവലമായ അവിശ്വാസമല്ല, പുതിയ തരത്തിലുള്ള വിശ്വാസങ്ങളാണ് ആവിർഭവിച്ചത്. അപ്പപ്പോൾ ആരാധിക്കപ്പെടുന്ന ഏതെങ്കിലും ഒരു ദൈവത്തിന് മറ്റെല്ലാ ദൈവങ്ങളുടെയും കൂട്ടായ ശക്തിയുണ്ടെന്നും ആ ശക്തിയാണ് എല്ലാ ദൈവങ്ങളിലും പ്രത്യക്ഷപ്പെടുന്നത് എന്നും അതുകൊണ്ട് എല്ലാ ദൈവങ്ങളും ഒന്നാണെന്നും വിശ്വസിക്കപ്പെടാൻ തുടങ്ങി. ഋഗ്വേദത്തിലെ ചില സൂക്തങ്ങളിൽ ഈ മാറിയ സങ്കല്പങ്ങളുടെ പ്രതിഫലനങ്ങൾ കാണാം. ഉദാഹരണത്തിന്, താഴെ കൊടുത്ത സൂക്തം നോക്കുക:
അഗ്നിയും സൂര്യനും വരുണനും എല്ലാം യഥാർത്ഥത്തിൽ ഒന്നാണ്; ഒരേ ശക്തിയുടെ വിവിധ രൂപങ്ങളാണ്. “അവർ അതിനെ ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി എന്നൊക്കെ വിളിക്കുന്നു. അത് ദിവ്യങ്ങളായ ചിറകുകളോടുകൂടിയ സൂര്യനാണ്. കവികൾ ആ ഒന്നിന് പല പേരുകൾ നൽകിക്കൊണ്ട് അതിനെ അഗ്നി, യമൻ, മാതരിശ്വൻ എന്നെല്ലാം വിളിക്കുന്നു. [28]
എല്ലാമായ ആ ഒന്ന് (തദേകം) എന്താണ്? “അറിവുള്ള ഋഷികളോട് അറിവില്ലാത്ത ഞാൻ അറിയാൻവേണ്ടി ചോദിക്കുന്നു: അജാതമായ ആ ഒന്ന് എന്താണ്? [29]
പ്രകൃതിയുടെ നിഗൂഢതകളെപ്പറ്റിയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും മനസ്സിലാക്കാൻ വേണ്ടി പ്രാചീനാര്യന്മാർ നടത്തിയ നിരന്തരമായ പരിശ്രമങ്ങൾക്ക് ഋഗ്വേദം സാക്ഷ്യം വഹിക്കുന്നു. ജീവിതത്തെ പൂർണ്ണവും ആനന്ദമയവുമാക്കാൻ വേണ്ടി അവർ എല്ലാറ്റിനെപ്പറ്റിയും അന്വേഷിച്ചു. എല്ലാറ്റിന്റെയും മൂലകാരണമാരാഞ്ഞു. ജീവിതത്തിന്റെയും പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും രഹസ്യങ്ങളറിയാൻ വെമ്പൽ കൊണ്ടു. ജ്ഞാനതൃഷ്ണ അവരെ അസ്വസ്ഥരാക്കി. ഒരു ഋഗ്വേദകവി തന്റെ അസംതൃപ്തിയെ ഇങ്ങനെ പ്രകടിപ്പിക്കുന്നു:
മനുഷ്യൻ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ലോകത്തിൽ ഒന്നുംതന്നെ ശാശ്വതമല്ല. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന്നപ്പുറത്ത് മാറ്റമില്ലാത്ത, ശാശ്വതമായ എന്തെങ്കിലുമുണ്ടോ? പ്രപഞ്ചത്തിന്റെ പിന്നിലുള്ള ശക്തിയേതാണ്? എങ്ങനെയാണ് പ്രപഞ്ചമുണ്ടായത്?
ഋഗ്വേദത്തിന്റെ അവസാനത്തെ മണ്ഡലത്തിൽ പ്രപഞ്ചോൽപ്പത്തി യെക്കുറിച്ചുള്ള ചില ധീരമായ സങ്കല്പങ്ങൾ അടങ്ങിയിരിക്കുന്നു. ഒരിടത്ത് ഹിരണ്യഗർഭനിൽ നിന്നാണ് പ്രപഞ്ചമുണ്ടായത് എന്നുപറയുന്നു. ഹിരണ്യഗർഭൻ തന്നെ പ്രജാപതിയായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ആരംഭത്തിൽ ഹിരണ്യഗർഭൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹിരണ്യഗർഭൻ ഭൂമിയെയും സ്വർഗ്ഗത്തെയും അതാതു സ്ഥാനങ്ങളിൽ സ്ഥാപിച്ചു. ഹിരണ്യഗർഭനിൽ നിന്നാണ് സർവചരാചരങ്ങളും ഉണ്ടായത്. ലോകം മുഴുവൻ ഹിരണ്യഗർഭനെ മാനിക്കുന്നു. എല്ലാ ദൈവങ്ങളും ഹിരണ്യഗർഭന്റെ കല്പനകളനുസരിക്കുന്നു. അതുകൊണ്ട് ഹിരണ്യഗർഭനു മാത്രം ഹവിസ്സർപ്പിക്കുക. [30]
ഹിരണ്യഗർഭനെപ്പോലെയുള്ള മറ്റൊരു പരമദൈവമാണ് വിശ്വകർമാവ്. വിശ്വകർമാവാണ് പ്രപഞ്ചങ്ങളെയും ദൈവങ്ങളെയും സൃഷ്ടിച്ചത്. സ്വർഗ്ഗവും ഭൂമിയും ഉണ്ടായത് വിശ്വകർമാവിൽ നിന്നാണ്. വിശ്വകർമാവ് സർവവ്യാപിയാണ്; എല്ലാ സുഖങ്ങളുടെയും ഉറവിടമാണ്. അതുകൊണ്ട് വിശ്വകർമാവിനെ വന്ദിക്കുക. [31]
മറ്റൊരിടത്ത് എല്ലാറ്റിന്റെയും മൂലകാരണം വൈവിധ്യപൂർണ്ണമായ പ്രപഞ്ചത്തിന്റെ സമഗ്രതയുടെയും മനുഷ്യന്റെ കർമ്മോന്മുഖതയുടെയും പ്രതീകമായ ഒരു പരമശക്തിയായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. അതാണ് വിരാട് പുരുഷൻ. സാധാരണ മനുഷ്യന് രണ്ടു കാലുകളും രണ്ടു കണ്ണുകളും ഒരു തലയും മാത്രമേയുള്ളൂ. പക്ഷേ, വിരാട്പുരുഷന് ആയിരം തലകളും ആയിരം കണ്ണുകളും ആയിരം കാലുകളുമുണ്ട്. സഹസ്രശീർഷനും സഹസ്രാക്ഷനും സഹസ്രപാദനുമായ ആ കേവല മനുഷ്യൻ പ്രപഞ്ചത്തേക്കാൾ വലുതാണ്. ലോകം അവന്റെ നാലിലൊരു ഭാഗം മാത്രമാണ്. ബാക്കിയുള്ള മുക്കാൽ ഭാഗം സ്വർഗ്ഗത്തിലാണ്. നിലനിൽക്കുന്നതെല്ലാം ആ വിരാട്പുരുഷൻ മാത്രമാണ്. ഈ പ്രപഞ്ചം മുഴുവൻ എന്തായിരുന്നുവോ എന്താകാൻ പോകുന്നുവോ എല്ലാം വിരാട്പുരുഷനല്ലാതെ മറ്റൊന്നുമല്ല. അന്നംകൊണ്ട് അവൻ വളർന്നുവളർന്ന് അമൃതത്വം പ്രാപിക്കുന്നു. [32]
ദേവന്മാർ ആ വിരാട്പുരുഷനെ യജ്ഞകർമ്മത്തിന്റെ ഉപാധിയാക്കി. അതിന്റെ ഫലമായിട്ടാണ് പ്രകൃതിയും പ്രപഞ്ചവും സർവചരാചരങ്ങളും മനുഷ്യസമുദായത്തിലെ വ്യത്യസ്തജനവിഭാഗങ്ങളും എല്ലാം പരിണമിച്ചുണ്ടായത്. വിരാട്പുരുഷന്റെ കണ്ണുകളിൽ നിന്ന് സൂര്യനുണ്ടായി. മനസ്സിൽ നിന്ന് ചന്ദ്രൻ; വായിൽ നിന്ന് ഇന്ദ്രനും അഗ്നിയും; പ്രാണനിൽ നിന്ന് വായു; നാഭിയിൽ നിന്ന് അന്തരീക്ഷം; പാദങ്ങളിൽ നിന്ന് ഭൂമി; ചെവിയിൽ നിന്ന് ദിക്കുകൾ — ഇങ്ങനെ എല്ലാം സൃഷ്ടിക്കപ്പെട്ടു.
മനുഷ്യസമുദായത്തിലെ വർണ്ണവ്യത്യാസങ്ങളുടെ മൂലകാരണവും വിരാട്പുരുഷനിൽ അർപ്പിക്കപ്പെട്ടിരിക്കുന്നു. വിരാട്പുരുഷന്റെ വായിൽ നിന്ന് ബ്രാഹ്മണനും ബാഹുക്കളിൽ നിന്ന് ക്ഷത്രിയനും തുടകളിൽ നിന്ന് വൈശ്യനും പാദങ്ങളിൽ നിന്ന് ശൂദ്രനും ആവിർഭവിച്ചു. [33]
പ്രപഞ്ചത്തിന്റെ പരിണാമപ്രക്രിയയെപ്പറ്റിയുള്ള ഈ മനോഹരമായ സങ്കല്പത്തിൽ ഒരു പന്തികേടുണ്ട്. വിരാട്പുരുഷനിൽ നിന്നാണ് എല്ലാം ഉണ്ടായത് എന്നും ആരംഭത്തിൽ വിരാട്പുരുഷനല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല എന്നുംപറയുന്നു. പക്ഷേ, അതേ സമയത്തുതന്നെ, ദേവന്മാർ ആ വിരാട്പുരുഷനെ ഉപാധിയാക്കി യജ്ഞം ചെയ്തപ്പോളാണ് സൃഷ്ടിപരിണാമങ്ങളുണ്ടായത് എന്നുംപറയുന്നു. ആരംഭത്തിൽ വിരാട്പുരുഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ദേവന്മാർ എവിടെനിന്നു വന്നു?
ദേവന്മാരുടെ ഇടപെടൽ കൂടാതെതന്നെ ഭൂമി, വെള്ളം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ നീണ്ടകാലത്തെ പരിണാമക്രമത്തിലൂടെയാണ് വൈവിധ്യപൂർണ്ണമായ പ്രപഞ്ചം ആവിർഭവിച്ചത് എന്നു വ്യക്തമാക്കുന്ന സൂക്തങ്ങളും ഋഗ്വേദത്തിൽ തന്നെയുണ്ട്. പഞ്ചഭൂതങ്ങൾ ആരാലും സൃഷ്ടിക്കപ്പെട്ടവയല്ല, അനാദിയായി നിലനിൽക്കുന്നവയാണ്. അവയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. രാധാകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നതുപോലെ, “മാറിക്കൊണ്ടിരിക്കുന്ന സമസ്തവസ്തുക്കളുടെയും മൂലകാരണം കണ്ടുപിടിക്കാനുള്ള പരിശ്രമത്തിൽ അവർ (പ്രാചീനാര്യന്മാർ) പുരാതനഗ്രീക്കുകാരെപ്പോലെ, വെള്ളം, വായു തുടങ്ങിയ മൂലധാതുക്കളിൽ നിന്നാണ് വൈവിധ്യപൂർണ്ണമായ ലോകം ആവിർഭവിച്ചത് എന്നു സങ്കല്പിച്ചു”. [34]
ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലുള്ള സുപ്രസിദ്ധമായ സൃഷ്ടിഗീതം പ്രാചീനാര്യന്മാരുടെ ധീരവും അദമ്യവുമായ സത്യാന്വേഷണതൃഷ്ണയുടെ മകുടോദാഹരണമാണ്. ആരംഭത്തിൽ അപാരവും അപരിമേയവും അനന്തവും അവ്യക്തവുമായ ഒരു സ്ഥിതിവിശേഷം മാത്രമാണുണ്ടായിരുന്നത്. ഇല്ലായ്മയുടെ അടിസ്ഥാനത്തിൽ മാത്രമേ ഉണ്മയെ സങ്കല്പിക്കാൻ കഴിയൂ. അതുപോലെ ഇല്ലായ്മയെപ്പറ്റി പ്രതിപാദിക്കണമെങ്കിൽ ഉണ്മ വേണം. സത്തില്ലെങ്കിൽ അസത്തുമില്ല ആദിയും അന്തവുമില്ല. സ്ഥലകാലങ്ങളില്ല. രാവും പകലുമില്ല. അനശ്വരമായ ആ ഒന്നുമാത്രം. ‘തദേകം’, ആ ഒന്ന് മറ്റൊന്നിന്റെയും സഹായമില്ലാതെ സ്വന്തം ശക്തികൊണ്ട് സ്ഥിതിചെയ്തു. ശ്വാസോച്ഛ ്വാസം കൂടാതെ ശ്വസിച്ചു. അതല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ട് അത്, ഇത് എന്ന വ്യത്യാസമില്ല. ആ ഒന്ന് അനേകമായി പരിണമിച്ചത് പുറമെ നിന്നുള്ള ഏതെങ്കിലും ശക്തിയുടെ പ്രവർത്തനത്തിന്റെ ഫലമായിട്ടല്ല. ഒന്ന് അനേകമാവുകയെന്നത് ആ ഒന്നിന്റെ സഹജമായ സ്വഭാവമാണ്. ചലനവും മാറ്റവും അപാരമായ ആ സ്ഥിതിവിശേഷത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. സൃഷ്ടിയും സൃഷ്ടികർത്താവുമില്ല. ദൈവങ്ങളുടെ യാതൊരാവശ്യവുമില്ല. ആരംഭത്തിൽ യാതൊരു ദൈവവുമുണ്ടായിരുന്നില്ല. നാമരൂപങ്ങളോടും വൈവിധ്യങ്ങളോടും കൂടിയ പ്രപഞ്ചം ആവിർഭവിച്ചതിനു ശേഷമാണ് ദൈവങ്ങളുണ്ടായത്. അപ്പോൾ ഭൂമിയും സ്ഥാവരജംഗമരൂപങ്ങളിലുള്ള സർവചരാചരങ്ങളും പരിണമിച്ചുണ്ടായത് ഏതുവിധത്തിലാണ്? ആർക്കറിയാം?
ഭാരതീയതത്വചിന്തയുടെ വളർച്ചയിലെ ഒരു സുപ്രധാനഘട്ടത്തെക്കുറിക്കുന്ന സൂക്തമാണിത്:
അതല്ലാതെ അതിനപ്പുറത്ത് യാതൊന്നുമുണ്ടായിരുന്നില്ല; അന്ധകാരത്താൽ ആവൃതമായ അന്ധകാരം. വേർതിരിക്കാനുള്ള അടയാളങ്ങളൊന്നുമില്ലാത്ത അത് ജലമയമായിരുന്നു; അതിന്റെ ഉപപത്തി അമൂർത്തമായ ശൂന്യതയാൽ ആവൃതമായിരുന്നു; സ്വന്തം മഹിമകൊണ്ടും തപം കൊണ്ടും സത്തായിത്തീർന്നു. ആ ഏകത്തിൽ ആദ്യം കാമം പ്രവേശിച്ചു; പിന്നെ മനസ്സിൽ നിന്ന് സർവപ്രഥമമായി ബീജം ഉൽപ്പന്നമായി.
ഋഷികൾ ഹൃദയപരിശോധനയിലൂടെ ബുദ്ധിപൂർവം ആലോചിച്ച് അസത്തിൽ സത്ത് കണ്ടെത്തി.
അവരുടെ രശ്മികൾ അന്ധകാരത്തെ ഭേദിച്ചുകൊണ്ട് വെളിച്ചം പരത്തി. പക്ഷേ, ഏകമായ അത് മുകളിലായിരുന്നുവോ അതോ താഴെയോ? അവിടെ സർഗ്ഗശക്തിയായിരുന്നുവോ? ബീജധാരിയായിരുന്നുവോ? അതിനു മഹിമകളുണ്ടായിരുന്നുവോ? അതു പിന്നിലായിരുന്നുവോ? അതോ മുമ്പിലോ?
ആരാണ് അസന്ദിഗ്ധമായി അറിയുന്നവൻ?
മൂലകാരണമെന്തെന്നും സൃഷ്ടിയുടെ ഉറവിടമേതെന്നും ആർ പ്രഖ്യാപിക്കും? ദേവഗണങ്ങൾ സൃഷ്ടിക്കുശേഷമുണ്ടായവയാണ്.
അപ്പോൾ അത് എങ്ങനെ ആവിർഭവിച്ചു എന്ന് ആർക്കറിയാം?
അതിനെ ആർ സൃഷ്ടിച്ചു? അല്ലെങ്കിൽ ആർ സൃഷ്ടിച്ചില്ല? ആകാശത്തിൽ സ്ഥിതിചെയ്യുന്ന അതിനു മാത്രമറിയാം. ഒരുപക്ഷേ, അതിനുമറിയില്ല. [35]
മനോഹരമായ ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് ഡോക്ടർ കുഞ്ഞൻ രാജ എഴുതുകയാണ്:
പ്രവൃത്തി വിഭജനവും വർണ്ണവ്യത്യാസങ്ങളും
ഋഗ്വേദസംഹിതക്ക് ശേഷമാണ് മറ്റു സംഹിതകളുണ്ടായത്. യാഗാദികർമ്മങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ ഋഗ്വേദമന്ത്രങ്ങൾ തിരഞ്ഞെടുത്തു സമാഹരിച്ചതാണ് സാമവേദസംഹിത. അതുപോലെ യജുർവേദസംഹിത യാഗച്ചടങ്ങുകൾക്കിടയിലുള്ള കൂട്ടപ്രാർത്ഥനകൾക്കു വേണ്ടിയുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്. ഉപാസനാ സ്തോത്രങ്ങൾക്കു പുറമെ ആഭിചാരമന്ത്രങ്ങൾ, വശീകരണ മന്ത്രങ്ങൾ മുതലായവയും മന്ത്രവാദച്ചടങ്ങുകളെപ്പറ്റിയുള്ള വിവരണങ്ങളും മറ്റുമടങ്ങിയ അഥർവവേദം ഏറ്റവും ഒടുവിലത്തെ സംഹിതയാണ്. ഇത് ക്രിസ്തുവിന് മുമ്പ് രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തിലോ ഒന്നാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിലോ രചിക്കപ്പെട്ടതാവാനാണിടയുള്ളത് എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
മന്ത്രവാദത്തിന്റെ സ്വാധീനം അഥർവവേദത്തിൽ പ്രകടമാണ്. ശത്രുക്കളെ നശിപ്പിക്കാൻ, കൃഷി നന്നാക്കാൻ, വന്ധ്യത്വം മാറ്റാൻ, എന്തിന്, തലമുടി വർദ്ധിപ്പിക്കാൻ പോലും പറ്റിയ മന്ത്രങ്ങളും മന്ത്രവാദച്ചടങ്ങുകളുടെ വിശദാംശങ്ങളും അതിൽ കാണാം. അനാര്യന്മാരായ ആദിവാസികളുടെ പ്രാകൃതങ്ങളായ ആചാരവിശ്വാസങ്ങളും പ്രാചീനാര്യന്മാരുടെ വൈദികപാരമ്പര്യങ്ങളും കൂടിച്ചേർന്നുണ്ടായ ഒരു സവിശേഷസമ്പ്രദായം സാമൂഹ്യജീവിതത്തിൽ സ്ഥാനം പിടിച്ചതിന്റെ ഫലമാണിതെന്ന് പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, കീത്തിന്റെ അഭിപ്രായത്തിൽ അഥർവവേദത്തിലെ യജ്ഞകാണ്ഡം പഴയ മന്ത്രവാദത്തിന്റെ ഒരു പുതിയ രൂപം മാത്രമാണ്.
സംഹിതകൾക്കു ശേഷം രചിക്കപ്പെട്ട ബ്രാഹ്മണങ്ങൾ വൈദികസാഹിത്യത്തിന്റെ വളർച്ചയുടെ രണ്ടാം ഘട്ടത്തെ കുറിക്കുന്നു. യജ്ഞകർമ്മങ്ങളുടെ വിശദാംശത്തെപ്പറ്റിയും ജനങ്ങളനുഷ്ഠിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെ പറ്റിയും യജ്ഞങ്ങളുടെ ആന്തരാർത്ഥത്തെപ്പറ്റിയും എല്ലാം അവ വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. മന്ത്രവാദച്ചടങ്ങുകൾക്കും യജ്ഞങ്ങൾക്കും വിപുലമായ പ്രചാരം ലഭിച്ചത് ബ്രാഹ്മണങ്ങളുടെ കാലത്താണ്. മന്ത്രവാദച്ചടങ്ങുകളും യജ്ഞങ്ങളും വഴിയായി ലൗകിക ജീവിതത്തെയാകെ നിയന്ത്രിക്കാനും അങ്ങനെ ദൈവങ്ങളുടെ ഇടപെടൽ കൂടാതെ തന്നെ ആശിച്ച കാര്യങ്ങൾ നേടാനും കഴിയുമെന്ന വിശ്വാസം പരന്നുപിടിച്ച ഒരു കാലമായിരുന്നു അത്. പുരോഹിതന്മാരുടെ പ്രാബല്യം മുമ്പെന്നത്തേക്കാളുമധികം വർദ്ധിച്ചതും അക്കാലത്താണ്.
വർണ്ണവ്യവസ്ഥ ഋഗ്വേദത്തിന്റെ കാലം മുതൽക്കു തന്നെ നിലനിന്നു പോന്നിട്ടുണ്ടെന്നും അതുകൊണ്ട് അത് സനാതനവും ശാശ്വതവുമാണെന്നും മറ്റും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, വ്യത്യസ്തജാതികൾ ഒരേ വിരാട്പുരുഷന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉത്ഭവിച്ചവയാണെന്നും അതുകൊണ്ട് സമുദായത്തിലെ മേലാളർ–കീഴാളർ ബന്ധങ്ങളും സ്ഥാനത്തിലും പദവിയിലുമുള്ള വ്യത്യാസങ്ങളും അയിത്തം തുടങ്ങിയ ആചാരങ്ങളും ഒഴിച്ചുകൂടാൻ വയ്യാത്തവയാണെന്നും സ്വാമി ഭാരതീകൃഷ്ണതീർത്ഥൻ ഋഗ്വേദത്തിലെ പുരുഷസൂക്തത്തെ ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കാൻ ശ്രമിക്കുന്നു. [37] പക്ഷേ, നമ്മൾ കണ്ടുകഴിഞ്ഞപോലെ, പുരുഷസൂക്തത്തിൽ വർണ്ണവ്യവസ്ഥയെപ്പറ്റിയല്ല പ്രതിപാദിക്കുന്നത്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെയുള്ള വിഭാഗങ്ങൾ വർണ്ണവ്യവസ്ഥയെയല്ല, പ്രവൃത്തിവിഭജനത്തിന്റെ പ്രാരംഭത്തെയാണ് കാണിക്കുന്നത്. പ്രപഞ്ചത്തിന്റെ സമഗ്രമായ ചിത്രീകരണത്തിന്റെ ഭാഗമെന്ന നിലക്കാണ് സമുദായത്തിലെ പ്രവൃത്തിവിഭജനങ്ങളുടെ ആവിർഭാവത്തെപ്പറ്റി പറയുന്നത്. വിരാട്പുരുഷന്റെ വായിൽ നിന്ന് ബ്രാഹ്മണനും പാദങ്ങളിൽ നിന്ന് ശൂദ്രനും ആവിർഭവിച്ചു എന്നു പറയുന്നതിന്റെ അർത്ഥം ശൂദ്രന്മാർ ഒരു മർദ്ദിതവർഗ്ഗമായി രൂപം പ്രാപിച്ചുകഴിഞ്ഞു എന്നല്ല. വിരാട്പുരുഷന്റെ വായിൽ നിന്ന് അഗ്നിയും പാദങ്ങളിൽ നിന്ന് ഭൂമിയും ഉണ്ടായി എന്ന് അതേ സൂക്തത്തിൽ പറയുന്നുണ്ടല്ലോ. ഭൂമി അഗ്നിയുടെ അടിമയാണെന്നും ഭൂമിയെ എങ്ങാനും തൊട്ടുപോയാൽ അഗ്നി ശുദ്ധംമാറുമെന്നുമാണോ ഇതിന്റെ അർത്ഥം?
ഋഗ്വേദത്തിന്റെ കാലത്ത് പ്രവൃത്തിവിഭജനം ആവിർഭവിച്ചു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു. ഒരേ കുടുംബത്തിലെ അംഗങ്ങൾക്കിടയിൽത്തന്നെ വ്യത്യസ്തങ്ങളായ പ്രവൃത്തികളിലേർപ്പെട്ടവരുണ്ടായിരുന്നു. പക്ഷേ, അവർ തമ്മിലുള്ള ബന്ധങ്ങൾ മേലാളർ–കീഴാളർ ബന്ധങ്ങളായിരുന്നില്ല. എന്തെന്നാൽ, സമുദായം വർഗ്ഗങ്ങളായി ചേരിതിരിഞ്ഞു കഴിഞ്ഞിരുന്നില്ല.
പ്രവൃത്തിവിഭജനം എന്നെന്നും പ്രവൃത്തിവിഭജനം മാത്രമായി നിലനിന്നു എന്നല്ല ഇതിന്റെ അർത്ഥം. ഉൽപ്പാദനശക്തികൾ വളരുകയും ഉൽപ്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടാൻ തുടങ്ങുകയും ചെയ്തപ്പോൾ ആര്യന്മാരുടെ ഗോത്രവ്യവസ്ഥയുടെ അടിത്തറ തകർന്നു. സ്വത്തുക്കളുടെ വിതരണത്തിൽ മാറ്റം വന്നതാണ് മുഖ്യമായ കാരണം. ചിലർ കൂടുതൽ സ്വത്തുള്ളവർ, ചിലർ സ്വത്തില്ലാത്തവർ. സ്വത്തില്ലാത്തവർക്ക് സ്വത്തുള്ളവരെ ആശ്രയിച്ചു ജീവിക്കുകയേ നിവൃത്തിയുള്ളൂ എന്നുവന്നു. സ്വത്തുള്ളവർക്ക് സ്വത്തില്ലാത്തവരുടെ അദ്ധ്വാനഫലമനുഭവിച്ചുകൊണ്ട് പൗരോഹിത്യവൃത്തിയിലോ ബൗദ്ധികപ്രവർത്തനങ്ങളിലോ ഏർപ്പെടാൻ സൗകര്യം ലഭിച്ചു. പ്രവൃത്തിവിഭജനത്തിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ നാലു വർണ്ണങ്ങൾക്കിടയിൽ അസമത്വങ്ങൾ പരന്നുപിടിക്കുകയും അങ്ങനെ വർണ്ണവ്യവസ്ഥ അടിയുറക്കുകയും ചെയ്തത് ഈ സാഹചര്യത്തിലാണ്.
പുരോഹിത വൃത്തിയിലേർപ്പെട്ട ബ്രാഹ്മണർ മതചടങ്ങുകളുടെ മേൽനോട്ടം വഹിച്ചു. മന്ത്രകർമ്മാദികളിൽ അവർ വിദഗ്ധരായിരുന്നു. വേദമന്ത്രങ്ങൾ ശരിയായി ഉച്ചരിക്കാനും അവർക്കറിയാമായിരുന്നു. വേദമന്ത്രങ്ങളുടെ അർത്ഥം വിവരിക്കാനുള്ള അവകാശം അവരുടെ കുത്തകയായിരുന്നു. അതുകൊണ്ട് അവർക്ക് സമുദായത്തിൽ ഏറ്റവും ഉന്നതമായ സ്ഥാനം ലഭിച്ചു. അവരുടെ സ്വാധീനശക്തി വർദ്ധിച്ചു. ഭരണകാര്യങ്ങളിലേർപ്പെട്ട ക്ഷത്രിയർക്കുപോലും പുരോഹിതന്മാരെ ആശ്രയിക്കേണ്ടിവന്നു. ബ്രാഹ്മണപുരോഹിതന്മാരുടെ അനുഗ്രഹവും പിന്തുണയും ഭരണത്തിന്റെ പാവനത്വത്തിനും സുസ്ഥിരതയ്ക്കും ആവശ്യമായിരുന്നു.
പ്രാചീനാര്യന്മാരുടെ പ്രകൃത്യാരാധന വളരെ ലളിതമായിരുന്നു. പ്രാർത്ഥനകളുടെയും യാഗാദികർമ്മങ്ങളുടെയും ആദ്യകാലത്തെ ലക്ഷ്യം മോക്ഷമായിരുന്നില്ല; ഐഹികജീവിതത്തിലെ സുഖവും ക്ഷേമവുമായിരുന്നു; സന്താനങ്ങളുടെയും കന്നുകാലികളുടെയും മറ്റു സ്വത്തുക്കളുടെയും അഭിവൃദ്ധിയും ശത്രുക്കളെ എതിർത്തു തോൽപ്പിക്കാനുള്ള ശക്തി സംഭരിക്കലുമായിരുന്നു. പുരോഹിതന്മാർ എന്ന ഒരു പ്രത്യേക വിഭാഗം ആവിർഭവിച്ചു കഴിഞ്ഞിരുന്നില്ല. സമ്പത്തിനും ആയുരാരോഗ്യസമൃദ്ധിക്കും വേണ്ടി ജനങ്ങൾ കൂട്ടായിരുന്നു പ്രാർത്ഥിക്കുകയും കൂട്ടായി യാഗകർമ്മങ്ങൾ നടത്തുകയുമായിരുന്നു പതിവ്. പ്രകൃതിപൂജക്കും പ്രകൃതിദൈവങ്ങളെ വാഴ്ത്തുന്ന ഗീതങ്ങൾക്കുമായിരുന്നു പ്രാധാന്യം. ക്രമത്തിൽ യജ്ഞങ്ങളുടെ പങ്കുവർദ്ധിച്ചു. കാലാവസ്ഥ പ്രവചിക്കൽ, നഷ്ടം പറയൽ, അതിവൃഷ്ടിയിൽ നിന്നും അനാവൃഷ്ടിയിൽ നിന്നും രക്ഷപെടാനുള്ള പ്രാർത്ഥനകളും ചടങ്ങുകളും, വിളവർദ്ധനവിനു വേണ്ടിയുള്ള ബലികർമ്മങ്ങൾ, യുദ്ധങ്ങളിൽ വിജയം നേടാൻ വേണ്ടിയുള്ള യാഗങ്ങൾ — ഇവയെല്ലാം മതത്തിന്റെ അവിഭാജ്യഘടകങ്ങളായിത്തീർന്നു. നിശ്ചിതങ്ങളായ ചിട്ടകളും മുറകളുമനുസരിച്ച് തെറ്റാത്ത മന്ത്രോച്ചാരണങ്ങളോടുകൂടി യജ്ഞം നടത്തിയാൽ ഇഷ്ടഫലസിദ്ധിയുണ്ടാവുമെന്ന വിശ്വാസം പരന്നുപിടിച്ചു. യജ്ഞങ്ങളുടെ മേൽനോട്ടം നടത്തുകയും മന്ത്രങ്ങൾ കൃത്യമായും ശരിയായും ഉച്ചരിക്കുന്നതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുപോന്ന ബ്രാഹ്മണപുരോഹിതന്മാർ കൂടുതൽ കൂടുതൽ പ്രബലന്മാരായിത്തീർന്നു. യജ്ഞങ്ങളുടെ മേൽനോട്ടം വഹിക്കുന്ന പുരോഹിതന്മാർക്ക് ദാനങ്ങളുടെയും ദക്ഷിണകളുടെയും വഴിപാടുകളുടെയും രൂപത്തിൽ ധാരാളം സ്വത്തു സമ്പാദിച്ചു കൂട്ടാൻ കഴിഞ്ഞു. അങ്ങനെ ആത്മീയമായി മാത്രമല്ല, സാമ്പത്തികമായും രാഷ്ട്രീയമായും അവർ സമുദായത്തിന്റെ മേൽ ആധിപത്യം നേടി. ചുരുക്കത്തിൽ, ബ്രാഹ്മണപുരോഹിതന്മാർ ഇഹലോകത്തിലെ കാണപ്പെടുന്ന ദൈവങ്ങളായി മാറി. ശതപഥ ബ്രാഹ്മണത്തിൽ പായുന്നതു നോക്കുക:
ബ്രാഹ്മണങ്ങളുടെ കാലത്തെ മതവിശ്വാസങ്ങൾക്ക് മുമ്പില്ലാതിരുന്ന ഒരു സാമൂഹ്യപ്രാധാന്യം കൂടിയുണ്ടായി. സാമൂഹ്യശക്തികളുടെ പ്രവർത്തനങ്ങളുടെയും വർണ്ണവ്യത്യാസങ്ങളുടെ ആവിർഭാവത്തിന്റെയും അടിസ്ഥാനകാരണമെന്തെന്നു മനസ്സിലാക്കാൻ കഴിയാത്ത ഭൂരിപക്ഷക്കാരായ സാധാരണ ജനങ്ങളെ അനുസരണശീലരാക്കി നിലനിർത്താൻ അവ സഹായിച്ചു. എന്തെന്നാൽ, പൗരോഹിത്യത്തിലുള്ള വിശ്വാസം വർണ്ണവ്യത്യാസങ്ങളുടെയും മേലാളർ–കീഴാളർ ബന്ധങ്ങളുടെയും അംഗീകരണമായിരുന്നു.
വിധിപ്രകാരമുള്ള യജ്ഞങ്ങൾക്ക് ധാരാളം പണച്ചെലവ് വേണ്ടിവന്നിരുന്നതുകൊണ്ട് അവ നടത്താൻ രാജാക്കന്മാർക്കും സമുദായത്തിലെ മേൽത്തട്ടിലുള്ള മറ്റു സമ്പന്നന്മാർക്കും മാത്രമേ സാധിച്ചിരുന്നുള്ളു. സാധാരണക്കാരായ ബഹുജനങ്ങളാകട്ടെ, പണച്ചെലവു കുറഞ്ഞ പൂജാവിധികളും മന്ത്രവാദച്ചടങ്ങുകളും കൊണ്ടു തൃപ്തിപ്പെട്ടു. എങ്കിലും പൗരോഹിത്യത്തിലുള്ള വിശ്വാസം ജനങ്ങളുടെ പൊതുവിശ്വാസമായിരുന്നു.
പ്രാചീനാര്യന്മാരുടെ പ്രകൃതിപൂജയും ലളിതങ്ങളായ യാഗച്ചടങ്ങുകളും ഗോത്രവ്യവസ്ഥയുടെ ഐക്യത്തെ നിലനിർത്താനാണ് സഹായിച്ചത്. പൗരോഹിത്യത്തിന്റെ ആധിപത്യത്തിലുള്ള പുതിയ വിശ്വാസങ്ങളും യജ്ഞകർമ്മാദികളുമാകട്ടെ, വർണ്ണവ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതിയ സാമൂഹ്യഘടനയുടെ ഐക്യം നിലനിർത്താനുള്ള ഉപാധികളായിത്തീർന്നു. ഇങ്ങനെയാണ് ക്രി. മു. ഒന്നാം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ പ്രാചീനാര്യന്മാരുടെ ലളിതമായ വൈദികമതത്തിന്റെ സ്ഥാനത്ത് വർഗ്ഗവ്യത്യാസങ്ങൾക്കു ദിവ്യത്വം കല്പിച്ചുകൊടുത്ത സങ്കീർണ്ണമായ ബ്രാഹ്മണമതം ഉയർന്നുവന്നത്. വർണ്ണവ്യവസ്ഥയുടെ ആത്മീയാടിത്തറയായിരുന്നു അത്. വർണ്ണവ്യവസ്ഥ ശക്തിപ്പെടുന്തോറും ബ്രാഹ്മണമതവും ശക്തിപ്പെട്ടു.
വർണ്ണവ്യവസ്ഥയിൽ ബ്രഹ്മണർ മാത്രമല്ല ക്ഷത്രിയരും ശക്തിപ്പെട്ടു. രക്തബന്ധാടിസ്ഥാനത്തിലുള്ള പഴയ ഗോത്രവ്യവസ്ഥയുടെ അവശിഷ്ടങ്ങളിൽ നിന്ന് വ്യത്യസ്തരാജാക്കന്മാരുടെ കീഴിൽ വർണ്ണവ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുള്ള മഗധ, കോസലം തുടങ്ങിയ ഒട്ടനവധി ചെറിയ ചെറിയ രാജ്യങ്ങൾ രൂപം പ്രാപിച്ചത് ഈ കാലഘട്ടത്തിലാണ്. രാജാക്കന്മാർക്ക് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ പൗരോഹിത്യത്തിന്റെ സഹായം ആവശ്യമായിരുന്നു.
കൃഷിയും കൈത്തൊഴിലുകളും കൈവേലകളും മറ്റും അഭിവൃദ്ധിപ്പെട്ടതും ഈ കാലഘട്ടത്തിലാണ്. ഉൽപ്പന്നങ്ങളുടെ കൈമാറ്റം ഒഴിച്ചുകൂടാൻ വയ്യാത്ത ഒരാവശ്യമായിത്തീർന്നു. രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾ തമ്മിൽത്തമ്മിലുമുള്ള കച്ചവടം അഭിവൃദ്ധിപ്പെടാൻ തുടങ്ങി. അതോടെ വൈശ്യന്മാരുടെ പ്രാധാന്യവും വർദ്ധിച്ചു. ശൂദ്രരാകട്ടെ, ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ മൂന്നു വർണ്ണക്കാരുടെ ദാസന്മാരായിട്ടാണ് ജീവിതം നയിച്ചത്.
ഈ വർണ്ണവിഭജനം ആരംഭത്തിൽ സാമൂഹ്യപുരോഗതിയെ ത്വരിതപ്പെടുത്തുകയാണ് ചെയ്തത്. കൃഷിയും കച്ചവടവും അഭിവൃദ്ധിപ്പെട്ടു. കലയും സാഹിത്യവും തത്വചിന്തയും ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും ജനങ്ങളുടെ മാനസിക നിലവാരത്തെ ഉയർത്തി.
ഈ കാലഘട്ടത്തിൽ തന്നെയാണ് വേദങ്ങളുടെ അവസാനഭാഗങ്ങളെന്നു കരുതപ്പെടുന്ന ആരണ്യകങ്ങളും ഉപനിഷത്തുകളും രചിക്കപ്പെട്ടത്. ബ്രാഹ്മണങ്ങളുടെ അനുബന്ധങ്ങളാണ് ആരണ്യകങ്ങൾ. വൈദികവിധികളുടെയും വൈദികാചാരങ്ങളുടെയും യജ്ഞങ്ങളുടെയും ഗൂഢാർത്ഥങ്ങളെ പുതിയ കാലഘട്ടത്തിനു യോജിച്ച വിധത്തിൽ അവ വിശദീകരിക്കുന്നു.
വേദങ്ങളുടെ അവസാനഭാഗങ്ങൾ എന്ന അർത്ഥത്തിൽ ഉപനിഷത്തുകളെ വേദാന്തം എന്നും വിളിക്കാറുണ്ട്. അവ ഭാരതീയതത്വചിന്തയുടെ വളർച്ചയിലെ ഒരു പുതിയ ഘട്ടത്തെ കുറിക്കുന്നു.
1 ഋഗ്വേദം x: 53.8
2 ടി: x: 103.13.
3
അകർമാ ദസ്യൂരഭി നീ അമന്തുരനയവ്രതോ അമാനഷഃ
ത്വം തസ്യാമിത്രഹന്വ ധർ ദാസസ്യ ദംഭയ (ഋഗ്വേദം 22.8.)
4
പ്രേഹ്യഭീഹി ധൃഷ്ണുഹിന തേ വജ്രോ നിയംസതേ,
ഇന്ദ്ര നൃമ്ണം ഹി തേ ശവോ ഹവോ വൃത്രം ജയാ അപോ
അർച്ചന്നനു സ്വരാജ്യം …
നഹി നു യാ ദധീമസീന്ദ്രം കോ വീര്യാപരഃ
തസ്മിന്നൃണമുതക്രതും ദേവാ ഓജാംസി സം ദധുരച്ചന്നനു സ്വരാജ്യം
(ഋഗ്വേദം 1, 89, 3–15)
5 ഋഗ്വേദം II 12–13.
6
ഇന്ദ്രത്വോതാസ ആവയം
വജ്രം ഘനാ ദദീമഹി
ജയമേ സംയുധീ സ്പൃധഃ. (ഋഗ്വേദം, 1,8,3).
7
ഇന്ദ്രോ അങ്ഗ മഹദ്ഭയമഭീഷദപ ചുച്യവത്
സഹിസ്ഥിരോ വിചർഷിണിഃ (ഋഗ്വേദം II 41, 10).
8
ഇന്ദ്ര ആശ്യാഭ്യസ്പരി സർവ്വാഭ്യോ അഭയം കരത
ജോതാ ശത്രൂനിചർഷണിഃ. ഋഗ്വേദം II 41, 12).
9
ഇന്ദ്ര ശ്രേഷ്ഠാനി ദ്രവിണാനി ധേഹി
ചിത്തം ദക്ഷസ്യ സുഭഗത്വമസ്മേ
പോഷം രയീണാമരിഷ്ടിം തനൂനൂം
സ്വാദ്മാനം വാചഃ സുദിനത്വമഹ്നാം (ഋഗ്വേദം II 21, 6).
10
വനേഷു വ്യന്തരീക്ഷം തതാന
വാജമർവതസുപയ ഉസ്രിയാസു
ഹൃത്സുക്രതും വരുണോ അപ്സ്വഗ്നം
ദിവി സൂര്യമദധാത്സോമമദ്രൗ (ഋഗ്വേദം V. 85, 2).
11 ഋഗ്വേദം VII. 7, 3.
12 ഋഗ്വേദം X. 150, 5.
13 ഋഗ്വേദം I. 3, 12; I. 15, 96.
14
യേന സൂര്യ ജ്യോതിഷാ ബാധസേ തമോ
ജഗച്ച വിശ്വമുദിയർഷി ഭാനുനാ
തേനാസ്മദ്വിശ്വാമ നിരാമനാഹുതിം
അപാമീവാമപ ദുഃഷ്വപ്ന്യം സുവ ഋഗ്വേദം X. 150, 5.
15 ഋഗ്വേദം III. 53, 28.
16
തം നോ ദ്യാവാപൃഥിവീ തന്ന ആപ ഇന്ദ്രഃ
ശൃണന്തു മരതോ ഹവം വചഃ
മാ ശുനേ ഭൂമ സൂര്യസ്യ സന്ദൃശി
ഭദ്രം ജീവന്തോ ജരണാമശീമഹി ഋഗ്വേദം X. 37, 6.
17 നഋതേ ശ്രാന്തസ്യ സഖ്യായ ദേവാഃ (ഋഗ്വേദം IV. 33, 11.).
18 E. G. Rapson: Ancient, India, P. 5.
19 S. Radhakrishnan, Indian Philosophy, Vol. P. 37.
20
ന വൈ രാജ്യം ന രാജാസീ?
ന്ന ച ദണ്ഡോ ന ദണ്ഡിതഃ
ധർമേണൈവ പ്രജാഃ സർവാ
രക്ഷന്തി സ്മ പരസ്പരം.
— മഹാഭാരതം, ശാന്തിപർവം
21 ഋഗ്വേദം 1. 113.
22
മോഘമന്നം വീന്ദതേ അപ്രചേതോഃ
സത്യം ബ്രവീമി വധ ഇത്സ തസ്യ
നാര്യമണം പുഷ്യതി നോ സഖായം
കേവലാഘോ ഭവതി കേവലാദീ
— ഋഗ്വേദം ത 117 6.
23
സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം
ദേവാ ഭാഗം യഥാ പൂർവേ സംജാനാനാ ഉപാസതേ.
സമാനോ മന്ത്രഃ സമിതിഃ സമാനീ സമാനം മനഃ സഹ ചിസ്ഥം ഏഷാം
സമാനം മന്ത്രം അഭിമന്ത്രയേ വഃ സമാനേന വോ ഹവിഷാ ജൂഹോമി
സമാനീ വ ആകൃതിഃ സമാനാ ഹൃദയാനി വഃ
സമാനം അസ്തു വോ മനോ യഥാ വഃ സുസഹാസതി.
— (ഋഗ്വേദം X. 19, 2, 4.).
24
കസ്മൈ ദേവായ ഹവിഷാ വിധേമ.
— (ഋഗ്വേദം, II. 12, 5.; VIII. 103, 3, X. 121).
25
യം സ്മാ പൃച്ഛന്തി കുഹ സേതി ഘോരമുതേമാഹുർ നൈഷോ അസ്തീത്യേനം
സോ അര്യഃ പുഷ്ടീർവിജ ഇവാ മിനാതി ശ്രദസ്മൈ ധത്ത സ ജനാസ ഇന്ദ്രഃ
(ഋഗ്വേദം II. 12.)
26 S. Radhakrishnan and Moore: A Source Book in Indian Philosophy, P. 34.
27
ഏക ഏവാഗ്നിർ ബഹുധാ സമിദ്ധ ഏകഃ സൂര്യോ വിശ്വമനുപ്രഭൂതഃ
ഏകൈവോഷാഃ സർവമിദം വിഭാത്യേകം വാ ഇദം വിബഭൂവ സർവ്വം. (ഋഗ്വേദം, VII. 58, 2.)
28
ഇന്ദ്രം മിത്രം വരുണമഗ്നിമാഹൂരഥോ ദിവ്യഃ സ സുപർണോ ഗരുത്മാൻ
ഏകം സദ്വിപ്രാ ബഹുധാ വദന്ത്യഗ്നിം യമം മാതരിശ്വാനമാഹുഃ
— (ഋഗ്വേദം I. 164, 64).
29 ഋഗ്വേദം I. 164, 6.
30 ഋഗ്വേദം X. 121, 110.
31 ടി X. 81, 82.
32
പുരുഷ ഏവേദം സർവം യദ്ഭൂതം യച്ച ഭവ്യം
ഉതാമൃതത്വസ്യേശാനോ യദന്നേനാതിരോഹതി.
— (ഋഗ്വേദം X. 90, 2)
33
ബ്രാഹ്മണോസ്യ മുഖമാസീദ് ബാഹു രാജന്യഃ കൃതഃ
ഊരു തദസ്യ യദ്വൈശ്യഃ പദ്ഭ്യാം ശൂദ്രോ അജായത.
— (ഋഗ്വേദം, X. 90, 2.)
34 S. Radhakrishnan: Indian Philosophy, Vol. I.
35
നാസദാസീന്നോ സദാസീത്തദാനീംനാസീദ്രജോ നോ വ്യോമാ പരോ യത്
കീമാവരീവഃ കുഹ കസ്യ ശർമ്മന്നംഭഃകിമാസീദ്ഗഹനം ഗഭീരം
ന മൃത്യുരാസീദമൃതം ന തർഹിന രാത്ര്യാഅഹ്ന ആസിത് പ്രകേതഃ
അനീദവാതം സ്വധയാ തദേകംതസ്മാദ്ധാന്യന്ന പരഃ കിം ചനാസ
തമ ആസീത്തമസാ ഗുള്ഹമഗ്രേഽപ്രകേതംസലിലം സർവമാ ഇദം
തുച്ഛയേനാ ഭ്വപിഹിതംയദാസീത്തപസസ്തട ഹിനാജായതൈകം
കാമസ്തദഗ്രേ സമവർതതാധി മനസോരേതഃ പ്രഥമം യദാസീത്
സതോ ബന്ധുമസതി നിരവിന്ദൻഹൃദി പ്രതീഷ്യാ കവയോ മനീഷാ
തിരശ്ചീനോ വിതതോ രശ്മിരേഷാമധഃസ്വിദാസീദുപരി സ്വിദാസീത്.
രേതോധാ ആസന്മഹിമാന ആസൻത്സ്വധാഅവസ്താത് പ്രയതിഃ പരസ്താത്
കോ അദ്ധാ വേദ ക ഇഹ പ്രവോചത്കുതആജാതാ കുത ഇയം വിസൃഷ്ടിഃ
അർവാഗ്ദേവാ അസ്യ വിസർജനേനാഥാകോ വേദ യത ആബഭുവ
ഇയം വിസൃഷ്ടിർയത ആബഭുവ യദിവാ ദധേ യദി വാ ന
യോ അസ്യാധ്യക്ഷഃ പരമേ വ്യോമൻ ത്സോഅംഗ വേദ യദി വാ ന വേദ
— (ഋഗ്വേദം 10, 129)
36 C. Kunhan Raja: Post Philosophers of the Rigveda P. 230.
37 Swami Bharathi Krishna Thirtha: Sanatana Dharma.