ഇന്ത്യയെ വടക്കെ ഇന്ത്യ എന്നും തെക്കെ ഇന്ത്യ എന്നും മൊത്തത്തിൽ രണ്ടായി തരംതിരിക്കുന്നത്, ശാസ്ത്രീയമായി നോക്കുമ്പോൾ, അത്ര ശരിയാണെന്നു തോന്നുന്നില്ല. എന്തെന്നാൽ, വടക്കെ ഇന്ത്യയിൽ തന്നെ സാമൂഹ്യപരിണാമത്തിന്റെ വിവിധഘട്ടങ്ങളിലുള്ള വ്യത്യസ്തജനവിഭാഗങ്ങളാണ് ജീവിച്ചുപോന്നിട്ടുള്ളത്. തെക്കേ ഇന്ത്യയിലെ സ്ഥിതിയും ഇതിൽനിന്നു വ്യത്യസ്തമല്ല. അസമമായ വളർച്ചയുടെ നിയമമാണ് എല്ലായിടത്തും പ്രവർത്തിക്കുന്നത്. തൽഫലമായി ജീവിതരീതികളിലും വിശ്വാസങ്ങളിലും സംസ്കാരങ്ങളിലും പലതരത്തിലുള്ള വ്യത്യാസങ്ങൾ കാണാം. ഓരോ ജനവിഭാഗത്തിനും നൂറ്റാണ്ടുകളുടെ — സഹസ്രാബ്ദങ്ങളുടെ എന്നുതന്നെ പറയാം — പഴക്കമുള്ള സാംസ്കാരിക പാരമ്പര്യമുണ്ട്. ജനങ്ങൾ തമ്മിൽ കൂടിക്കലർന്നതിന്റെയും സാമ്പത്തികവും സാംസ്കാരികവുമായ പരസ്പരബന്ധങ്ങളുടെയും ഫലമായി ഒരുതരം ഐക്യം വളർന്നുവന്നിട്ടുണ്ടെന്നുള്ളത് ശരിയാണ്. എങ്കിലും അത് കേവലമായ ഒരൈക്യമല്ല; വൈവിധ്യത്തിലെ ഐക്യമാണ്. ഈ വൈവിധ്യം വ്യക്തമാക്കാൻ വേണ്ടി ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലെയും തെക്കൻ പ്രദേശങ്ങളിലെയും സവിശേഷതകളെ പ്രത്യേകമെടുത്തു പരിശോധിക്കുന്നതിൽ തെറ്റൊന്നുമില്ല.
സിന്ധുഗംഗാതീരങ്ങളിൽ സ്ഥിരവാസമുറപ്പിച്ച ആര്യന്മാരുടെ ജീവിതരീതികളെയും വിശ്വാസങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഋഗ്വേദത്തിന് ചുരുങ്ങിയത് മൂവായിരത്തഞ്ഞൂറു കൊല്ലത്തെയെങ്കിലും പഴക്കമുണ്ട്. ഇത്രയധികം പഴക്കമുള്ള ഒരു സാഹിത്യകൃതി ലോകത്തിൽ മറ്റെവിടെയും കാണാൻ കഴിയില്ല. ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ജീവിതരീതികളെയും ആഗ്രഹാഭിലാഷങ്ങളെയും മതവിശ്വാസങ്ങളെയും മറ്റും പ്രതിഫലിപ്പിക്കുന്ന ആദ്യത്തെ സാഹിത്യകൃതികൾ സംഘസാഹിത്യം എന്ന പേരിലാണറിയപ്പെടുന്നത്. അവയ്ക്ക് രണ്ടു സഹസ്രാബ്ദങ്ങളുടെ പഴക്കമേയുള്ളൂ. ക്രിസ്ത്വബ്ദത്തിന്റെ തൊട്ടുമുമ്പും പിമ്പുമായി നാനൂറോ അഞ്ഞൂറോ കൊല്ലങ്ങൾക്കിടയിൽ രചിക്കപ്പെട്ട കൃതികൾക്ക് ആദ്യകാലസംഘം കൃതികൾ എന്നും അതിനു ശേഷമുണ്ടായവയ്ക്ക് പിൽക്കാല സംഘം കൃതികൾ എന്നും പറയാം. എട്ടുത്തൊകൈ, പത്തുപ്പാട്ട് എന്നിവയാണ് ഏറ്റവും പ്രാചീനങ്ങളായ കൃതികൾ എന്നു കരുതപ്പെടുന്നു. നറ്റിണൈ, കുറുന്തൊകൈ, ഐങ്കുറുനൂറ്, പതിറ്റുപത്ത്, പരിപാടൽ, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ് എന്നിങ്ങനെ ഒട്ടാകെ രണ്ടായിരത്തിൽ പരം ചെറിയ പാട്ടുകളടങ്ങിയ എട്ടു സമാഹാരങ്ങൾക്കാണ് എട്ടുതൊകൈ എന്നുപറയുന്നത്. പത്തുപ്പാട്ടുകളിൽ തിരുമുരുകാറ്റുപ്പടൈ, ചിറുപാണാറ്റുപ്പടൈ, മുല്ലൈപ്പാട്ട്, മധുരൈക്കാഞ്ചി തുടങ്ങി പത്തു നീണ്ട പാട്ടുകളടങ്ങിയിരിക്കുന്നു.
ചില പാട്ടുകൾ രാജാക്കന്മാരുടെയോ ഗോത്രത്തലവന്മാരുടെയോ വീരപരാക്രമങ്ങളെക്കുറിച്ചുള്ള പ്രകീർത്തനങ്ങളാണ്. മറ്റുചിലത് പ്രേമഗാനങ്ങളാണ്. യുദ്ധം, വീര്യം, പ്രേമം എന്നിവയാണ് മുഖ്യമായ പ്രതിപാദ്യവിഷയങ്ങൾ. തമിഴ്വ്യാകരണഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും പഴക്കമുള്ളതെന്നു കരുതപ്പെടുന്നതും ക്രിസ്ത്വബ്ദം നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ രചിക്കപ്പെട്ടതുമായ തൊൽക്കാപ്പിയത്തിൽ ജനങ്ങൾ നിവസിക്കുന്ന ഭൂപ്രദേശങ്ങളെയാകെ കുറിഞ്ചി (പർവതപ്രദേശം), മുല്ലൈ (കാട്ടുപ്രദേശം), പാലൈ (മണൽപ്രദേശം), മരുതം (കൃഷിയോഗ്യമായ ചതുപ്പുപ്രദേശം), നെയ്തൽ (കടൽത്തീരപ്രദേശം) എന്നിങ്ങനെ അഞ്ചു തിണകളായി തരംതിരിച്ചിരിക്കുന്നു. പാട്ടുകളുടെ പശ്ചാത്തലം വ്യക്തമാക്കാൻ പറ്റിയ വിഭജനമാണിത്. “ഇതിലേതെങ്കിലുമൊരു ഭൂപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുപേർ സുഖവും ക്ഷേമവും നന്മയും ലക്ഷ്യമാക്കിക്കൊണ്ട് പരസ്പരം സ്നേഹിക്കുമ്പോളുണ്ടാകുന്ന പ്രതിഭാസത്തിനാണ് പ്രേമബന്ധം എന്നുപറയുന്നത്” എന്ന് തൊൽക്കാപ്പിയം നിർവചിക്കുന്നു. എന്നാൽ, ഈ പാട്ടുകളിൽ സ്ത്രീപുരുഷന്മാരുടെ പ്രേമങ്ങളും രാജാക്കന്മാരെക്കുറിച്ചുള്ള സ്തുതിഗീതങ്ങളും മാത്രമല്ല ഉള്ളത്. വ്യത്യസ്തജനവിഭാഗങ്ങളുടെ ജീവിതരീതികളെക്കുറിച്ചും സാമൂഹ്യബന്ധങ്ങളെക്കുറിച്ചും അവ പ്രതിപാദിക്കുന്നുണ്ട്. “തുടിയൻ (തുടി കൊട്ടുന്നവൻ), പാണൻ (പാട്ടുകാരൻ), പറയൻ (ചെണ്ടക്കാരൻ), കടമ്പൻ (കടമ്പു കൊട്ടുന്നവൻ) എന്നിവരല്ലാതെ മറ്റൊരു ഗോത്രവുമില്ല” [1] എന്നർത്ഥം വരുന്ന പുറനാനൂറിലെ ഒരു പാട്ട് അക്കാലത്ത് സംഗീതത്തിനു കൽപ്പിക്കപ്പെട്ടിരുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ, പൂഴിയർ, മറവർ, കുറവർ, വേട്ടുവർ, ആയർ, ഇടയർ, എയിനർ, ഉഴവർ, കടൈയർ, മലൈയർ എന്നിങ്ങനെയുള്ള മറ്റ് അനവധി ഗോത്രങ്ങളെപ്പറ്റിയും പരാമർശങ്ങളുണ്ട്. വ്യത്യസ്ത ജീവിതരീതികളാണ് അവർക്കുണ്ടായിരുന്നത്. സാമൂഹ്യജീവിതത്തിൽ പ്രവൃത്തിവിഭജനവും തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള തരം തിരിവുകളും ആരംഭിച്ചു കഴിഞ്ഞിരുന്നു. പ്രാകൃതകുലഗോത്രവ്യവസ്ഥയിൽ നിന്ന് രാജകീയഭരണത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ സാമൂഹ്യജീവിതത്തിലേക്കുള്ള പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്ന പല പാട്ടുകളുമുണ്ട്. ധനികനും ദരിദ്രനും തമ്മിലും മേലോർവിഭാഗങ്ങളും കീഴോർവിഭാഗങ്ങളും തമ്മിലുമുള്ള വ്യത്യാസങ്ങൾ വളരാൻ തുടങ്ങിയതിന്റെ പല സൂചനകളും അവയിൽ പക്ഷേ, ഉത്തരേന്ത്യയിൽ, പ്രത്യേകിച്ചും സിന്ധുഗംഗാതീരപ്രദേശങ്ങളിൽ, പ്രത്യക്ഷപ്പെട്ടതുപോലെയുള്ള ബ്രാഹ്മണമേധാവിത്വത്തിന്റെയോ വർണ്ണവ്യവസ്ഥയുടെയോ കണികപോലും പ്രാചീനസംഘം കൃതികളിൽ ഒരിടത്തും കാണാൻ കഴിയുന്നില്ല.
മതവിശ്വാസങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം കാണാം. പ്രാചീനാര്യന്മാർ ഇന്ദ്രൻ, വരുണൻ, സൂര്യൻ, അഗ്നി, ഉഷസ്സ് തുടങ്ങിയ പ്രകൃതിദൈവങ്ങളെയാണല്ലോ ആരാധിച്ചിരുന്നത്. ഋഗ്വേദകാലത്തിന്റെ അവസാനത്തിലാണ് ദൈവങ്ങളുടെ ദൈവമായ ഒരു ഏകദൈവം — ഹിരണ്യഗർഭൻ അല്ലെങ്കിൽ വിശ്വകർമാവ് — രൂപം കൊണ്ടത്. ഉപനിഷത്തുകളുടെ കാലമായപ്പോഴേക്കും ആത്മാവിനെപ്പറ്റിയും ബ്രഹ്മത്തെപ്പറ്റിയും സങ്കീർണ്ണങ്ങളായ ദാർശനിക ചർച്ചകളും അവയെത്തുടർന്നുകൊണ്ട് വ്യത്യസ്തങ്ങളായ തത്വചിന്തകളും ഉയർന്നുവന്നു.
ദക്ഷിണേന്ത്യയിലെ പ്രാചീനനിവാസികളും ആരംഭത്തിൽ ബഹുദൈവവിശ്വാസികളായിരുന്നു. പക്ഷേ, അവരുടെ ദൈവങ്ങളിൽ ഇന്ദ്രൻ, വായു, അഗ്നി മുതലായവരുൾപ്പെടുന്നില്ല. ആദ്യകാല സംഘം കൃതികൾക്കു ശേഷമുണ്ടായ തൊൽകാപ്പിയമനുസരിച്ച് ഓരോ തിണയ്ക്കും പ്രത്യേകം പ്രത്യേകം ദൈവമുണ്ടായിരുന്നു. ഉദാഹരണത്തിന് മുല്ലൈനിലത്ത് മായോൻ, കുറിഞ്ചിപ്രദേശങ്ങളിൽ ചേയോൻ, മരുതത്തിൽ, വേന്തൻ, നെയ്തൽപ്രദേശങ്ങളിൽ വരുണൻ. [2] എന്നാൽ, ആദ്യകാലത്ത് അമരി, കുമരി, കവുരി, ചമരി, ചൂലി, നീലി, ചങ്കരി, കാളി എന്നിങ്ങനെ പല പേരുകളിലുമറിയപ്പെടുന്ന കൊറ്റവൈ എന്ന സ്ത്രീദൈവത്തിനായിരുന്നു ഏറ്റവുമധികം പ്രാധാന്യം എന്നു തോന്നുന്നു. ഇന്നും നാമാവശേഷമായിട്ടില്ലാത്ത പ്രാചീനകുല ഗോത്രസമുദായങ്ങളിൽ ചാത്തൻ, കാപ്പിരി, തീക്കുട്ടി, കരിങ്കുട്ടി, പറക്കുട്ടി, കണ്ടാകരണൻ, കള്ളാടിമുത്തൻ, മലവാഴി, മലങ്കുറത്തി മുതലായ പഴയ ദൈവങ്ങൾക്കാണ് പ്രാമുഖ്യം. ആരാധനാ സമ്പ്രദായങ്ങളിലും വ്യത്യാസമുണ്ട്. പ്രാചീനാര്യന്മാർക്കിടയിലുണ്ടായിരുന്നതുപോലെയുള്ള വൈദികപുരോഹിതന്മാർക്കോ അവരുടെ നേതൃത്വത്തിലുള്ള യാഗയജ്ഞാദികർമ്മങ്ങൾക്കോ സ്ഥാനമുണ്ടായിരുന്നില്ല. ആരാധനാമുറകൾ കൂടുതൽ ലളിതങ്ങളായിരുന്നു. കള്ളും ഇറച്ചിയും ദൈവങ്ങൾക്ക് വലിയ ഇഷ്ടമായിരുന്നു. ആരാധകന്മാർക്കും. അതുകൊണ്ടാണ്, പൂജാവിധികളിൽ പുഷ്പങ്ങളോടൊപ്പം അവയ്ക്കും സ്ഥാനമുണ്ടായിരുന്നു. വർണ്ണവ്യവസ്ഥയിൽ കർമ്മനിയമത്തിനും പുനർജന്മവിശ്വാസത്തിനും വലിയ സ്ഥാനമാണുണ്ടായിരുന്നത്. അതുപോലെയുള്ള വിശ്വാസങ്ങൾക്ക് പ്രാചീനദ്രാവിഡരുടെയിടയിൽ അത്ര വലിയ സ്ഥാനമുണ്ടായിരുന്നില്ല. അവരും മരണത്തെപ്പറ്റി ആലോചിച്ചിരുന്നു എന്നു തീർച്ചയാണ്. കാരണവന്മാരുടെ ‘ചാവു’കളെ ആരാധിക്കുക പതിവായിരുന്നു. പുനർജന്മത്തിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരുമുണ്ടായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇഹലോകത്തിൽ നല്ലവരായി ജീവിക്കണം എന്നതിലായിരുന്നു നിഷ്ക്കർഷ. “മരണത്തിനു ശേഷം വീണ്ടും ജനിക്കുമെന്നു വിശ്വസിക്കുന്നവരായാലും ശരി, പുനർജന്മത്തിൽ വിശ്വസിക്കാത്തവരായാലും ശരി, ഇഹലോകത്തിൽ സൽപ്രവൃത്തികൾ ചെയ്യുകയാണാവശ്യം; ഹിമാലയത്തിന്റെ കൊടുമുടി പോലെയുള്ള പ്രശസ്തി ലോകത്തിൽ നിലനിർത്തിക്കൊണ്ട് കുറ്റമറ്റ ജീവിതം നയിച്ചു മരിക്കുക എന്നതാണ് ശ്രേഷ്ഠമായ കാര്യം” [3] എന്ന് പുറനാനൂറിലെ ഒരു പാട്ട് ഉൽബോധിപ്പിക്കുന്നു.
ശുഭാപ്തിവിശ്വാസം ഓളംവെട്ടുന്ന ഈ പ്രാചീനകൃതികളിൽ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമില്ല, മരണാനന്തരജീവിതത്തെപ്പറ്റിയുള്ള ആശങ്കയില്ല, ആത്മാവിന്റെ നിത്യതയെക്കുറിച്ചും ബ്രഹ്മത്തിന്റെ സർവവ്യാപ്ത്വത്തെക്കുറിച്ചുമുള്ള പരാമർശങ്ങളില്ല. അരചന്മാർ തമ്മിലുള്ള സംഘട്ടനങ്ങളും യുദ്ധങ്ങളും ധാരാളമുണ്ട്. രാജാക്കന്മാരെ പ്രീതിപ്പെടുത്താനും അവരിൽ നിന്ന് സമ്മാനങ്ങൾ നേടാനും വേണ്ടി എഴുതപ്പെട്ട കവിതകൾ കുറച്ചൊന്നുമല്ല. ലോകത്തെ മുഴുവൻ കീഴടക്കുകയും ഹിമാലയത്തിന്റെ ശിഖരങ്ങളിൽ കൊടി പറപ്പിക്കുകയും ചെയ്ത ധീരപരാക്രമികളായ രാജാക്കന്മാരെക്കുറിച്ചുള്ള സ്തുതികൾ പല കവിതകളിലും കാണാം. പക്ഷേ, അവയോടൊപ്പം തന്നെ ജനങ്ങളുടെ സൗഹാർദ്ദബന്ധങ്ങളെയും ഉന്നതങ്ങളായ ജീവിതാദർശങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഗാനങ്ങളും സുലഭമാണ്. ഉദാഹരണത്തിന്, പുറനാനൂറിലെ കണയൻ എന്ന കവിയുടെ ഒരു പാട്ടിൽ അടങ്ങിയ വിശാലവീക്ഷണവും മഹാമനസ്കതയും നോക്കുക:
പ്രാചീനകാലം മുതൽക്കു തന്നെ തെക്കെ ഇന്ത്യയിലെയും വടക്കെ ഇന്ത്യയിലെയും ജനങ്ങൾക്കിടയിൽ പലതരത്തിലുള്ള സമ്പർക്കങ്ങളുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്. ക്രിസ്ത്വബ്ദത്തിന്റെ ആദ്യശതകങ്ങളിൽ ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുകയും ചെയ്തു. പക്ഷേ, രണ്ടു പ്രദേശങ്ങളിലെയും സാമൂഹ്യവ്യവസ്ഥകളും സാമൂഹ്യജീവിതരീതികളും സാമൂഹ്യാശയങ്ങളും വ്യത്യസ്തങ്ങളായിരുന്നു. ആയിരം കൊല്ലങ്ങൾക്കു മുമ്പുതന്നെ തെക്കേ ഇന്ത്യയിൽ ആര്യവൽക്കരണം ആരംഭിച്ചുകഴിഞ്ഞിരുന്നു എന്നും അശോകന്റെ കാലമായപ്പോഴേക്കും അത് പൂർത്തിയായിക്കഴിഞ്ഞു എന്നും മറ്റുമുള്ള ദാണ്ഡേക്കറുടെ അഭിപ്രായങ്ങൾക്ക് [4] ചരിത്രപരമായ തെളിവൊന്നുമില്ല. ആര്യവൽക്കരണം ഹിന്ദുവൽക്കരണത്തിന്റെ രൂപത്തിലായിരുന്നു [5] എന്ന അദ്ദേഹത്തിന്റെ വാദവും ശരിയല്ല. എന്തെന്നാൽ, നമ്മൾ കണ്ടുകഴിഞ്ഞപോലെ അശോകന്റെ കാലത്ത് വടക്കെ ഇന്ത്യയിൽ പോലും ഹിന്ദുമതം ആവിർഭവിച്ചു കഴിഞ്ഞിരുന്നില്ല. ആദ്യം ബ്രാഹ്മണമതവും അതിനെത്തുടർന്നു ബൗദ്ധ–ജൈനമതങ്ങളുമാണുണ്ടായിരുന്നത്. ബ്രാഹ്മണമതത്തിനും വർണ്ണവ്യവസ്ഥയ്ക്കും തെക്കേ ഇന്ത്യയിൽ വേരൂന്നാൻ സാധിച്ചതുമില്ല.
നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനുമിടയിൽ രചിക്കപ്പെട്ട തിരുക്കുറൾ, ചിലപ്പതികാരം, മണിമേഖല തുടങ്ങിയ പിൽക്കാല സംഘം കൃതികളിൽ ബൗദ്ധ–ജൈനചിന്തകളുടെ മാത്രമല്ല, സംസ്കൃതഗ്രന്ഥങ്ങളിലടങ്ങിയ ചില വൈദികചിന്തകളുടെയും സ്വാധീനം കാണാം. എന്നാൽ, ഈ കാലഘട്ടത്തിലും ബ്രാഹ്മണമേധാവിത്വത്തിനോ വർണ്ണവ്യവസ്ഥയ്ക്കോ തെന്നിന്ത്യയിൽ സ്വാധീനം നേടാൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെയായിരിക്കണം ഉത്തരേന്ത്യയിൽ മിക്കവാറും പരാജയപ്പെട്ടു കഴിഞ്ഞ ബൗദ്ധ–ജൈനമതങ്ങൾക്ക് തെക്കേ ഇന്ത്യയിൽ കുറെയൊക്കെ മുന്നേറാൻ കഴിഞ്ഞത്. നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനുമിടയിൽ തെക്കേ ഇന്ത്യയിൽ പലേടത്തും ജൈന–ബൗദ്ധവിഹാരങ്ങൾ ഉയർന്നുവരികയും അവ സാധാരണക്കാരായ ജനങ്ങളെ വളരെയേറെ ആകർഷിക്കുകയും ചെയ്തു എന്നത് ചരിത്രപരമായ ഒരു വസ്തുതയാണ്. തൊൽക്കാപ്പിയം ഒരു ജൈനപണ്ഡിതന്റെ കൃതിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരുക്കുറൾ ജൈനകൃതിയാണെന്ന് ജൈനന്മാരും ബൗദ്ധകൃതിയാണെന്ന് ബൗദ്ധന്മാരും അവകാശപ്പെടുന്നു. മണിമേഖല ഒരു ബൗദ്ധകൃതിയും ചിലപ്പതികാരം ഒരു ജൈനകൃതിയുമാണെന്നു കരുതപ്പെടുന്നു. ഇത്രതന്നെ പ്രസിദ്ധങ്ങളല്ലാത്ത മറ്റു പല കൃതികളും അവർ രചിച്ചിട്ടുണ്ട്.
ഒരു കാര്യം ഇവിടെ എടുത്തുപറയുന്നത് രസകരമായിരിക്കും. വടക്കേ ഇന്ത്യയിൽ പ്രചരിച്ചിരുന്ന തങ്ങളുടെ മതവിശ്വാസങ്ങളെയും ദാർശനികചിന്തകളെയും അതേപടി തെക്കേ ഇന്ത്യയിലും യാന്ത്രികമായി പ്രചരിപ്പിക്കാൻ ബൗദ്ധ–ജൈന പണ്ഡിതന്മാർ മുതിരുകയുണ്ടായില്ല. ചരിത്രപരമായ പാരമ്പര്യങ്ങളിലും സാമൂഹ്യസാഹചര്യങ്ങളിലുമുള്ള വ്യത്യാസങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് അവർ തങ്ങളുടെ വിശ്വാസങ്ങളും ആശയങ്ങളും ജനങ്ങളുടെയിടയിൽ പ്രചരിപ്പിച്ചത്. ഉദാഹരണത്തിന്, തിരുക്കുറൾ പോലെയുള്ള ഒരു സാഹിത്യകൃതി വടക്കെ ഇന്ത്യയിലെ ജൈന–ബൗദ്ധഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ കാണാൻ കഴിയില്ല.
ഗൃഹസ്ഥന്മാർ, സന്യാസികൾ, രാജാക്കന്മാർ, മന്ത്രിമാർ, കാമിനീകാമുകന്മാർ, ഭാര്യാഭർത്താക്കന്മാർ എന്നിങ്ങനെ വിവിധ ജീവിതങ്ങളിലേർപ്പെട്ട ജനങ്ങൾ എങ്ങനെ പെരുമാറണമെന്നും ഏതെല്ലാം തരത്തിലുള്ള സാന്മാർഗിക നിയമങ്ങൾ പാലിക്കണമെന്നും മറ്റുമാണ് തിരുക്കുറലിൽ സവിസ്തരം പ്രതിപാദിക്കുന്നത്. ലൗകിക ജീവിതമുപേക്ഷിച്ച് സന്യാസം സ്വീകരിക്കണമെന്നല്ല, ഐഹികജീവിതത്തിലെ മാനുഷികബന്ധങ്ങൾ കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് നല്ലവരായി ജീവിക്കണമെന്നാണ് അത് മുഖ്യമായും ഉൽബോധിപ്പിക്കുന്നത്. ബൗദ്ധഭിക്ഷുക്കൾ ചെയ്തതുപോലെ പണക്കാരിൽ നിന്ന് ദാനമായി കിട്ടിയ സ്വത്തുക്കൾ കൊണ്ട് വലിയ വലിയ വിഹാരങ്ങൾ പണിയുകയും അവയ്ക്കുള്ളിലിരുന്ന് സുഖമായി ഭക്ഷണം കഴിച്ച് “സംഘം ശരണം ഗച്ഛാമി” എന്നു ധ്യാനിക്കുകയും അല്ല സന്യാസിമാരുടെ കടമ; നേരെമറിച്ച് കൈയിലുള്ളത് മറ്റുള്ളവർക്കു ദാനം ചെയ്യുകയാണ്. “സ്വകാര്യസ്വത്ത് ദയയാണ്. അതാണ് സ്വത്തുക്കളുടെ സ്വത്ത്”. [6] സ്വത്തില്ലാത്തവർക്ക് ഭാവിയിൽ സ്വത്തുണ്ടായെന്നു വരാം. പക്ഷേ, ദയയില്ലാത്തവർ എല്ലാം കളഞ്ഞു കുളിച്ചവരാണ്, എന്നെന്നേക്കുമായി നശിച്ചവരാണ്; അവർക്ക് ഭാവിയില്ല. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന കാമക്രോധലോഭമോഹാദികളിൽ നിന്നു മോചനം നേടുകയാണ് ശരിയായ സന്യാസജീവിതം. ത്യാഗമെന്നാൽ ‘ഞാൻ’, ‘നീ’ എന്ന വ്യത്യാസം അവസാനിപ്പിക്കലാണ്. ഇതു ചെയ്യാൻ സാധിക്കുന്ന ആൾ ദൈവങ്ങളുടേതിനേക്കാൾ ഉന്നതമായ സ്ഥാനത്തെത്തിച്ചേരും. [7]
സന്യാസത്തെക്കാളധികം സ്നേഹനിർഭരമായ ഗാർഹസ്ഥ്യജീവിതത്തിനാണ് തിരുക്കുറൾ പ്രാധാന്യം നൽകുന്നത്. സ്നേഹിക്കാൻ കഴിവുള്ള വിശ്വസ്തയായ ഭാര്യയും നല്ല കുട്ടികളും ഉള്ള മനുഷ്യന് സ്വർഗ്ഗത്തിൽ കിട്ടുന്നതിലുമധികം സുഖം ലഭിക്കുന്നു. ഗാർഹസ്ഥ്യജീവിതത്തിൽ, സ്നേഹിക്കാൻ കഴിയാത്ത പുരുഷന്റെ സ്ഥിതി മരുഭൂമിയിൽ വാടിക്കരിഞ്ഞ മരംപോലെയാണ്, സ്നേഹമില്ലാത്തവർ കിട്ടുന്നതൊക്കെ സ്വന്തമാക്കുന്നു. സ്നേഹമുള്ളവരാകട്ടെ, സ്വന്തം എല്ലുകൾ പോലും മറ്റുള്ളവരുടേതാണെന്നു കരുതുന്നു. [8] കുട്ടികൾ ഒരനുഗ്രഹമാണ്. അവർ തങ്ങളുടെ കുഞ്ഞിക്കൈകൾ കൊണ്ടു വാരി വൃത്തികേടാക്കിയ ഭക്ഷണം അമൃതിനേക്കാൾ സ്വാദുള്ളതാണ്. ഓടക്കുഴലിന്റെ നാദം മധുരമാണെന്നു പറയുന്നവർ കുഞ്ഞുങ്ങളുടെ ചുണ്ടിൽ നിന്നു പുറപ്പെടുന്ന കിളിക്കൊഞ്ചൽ കേൾക്കാത്തവരാണ്.
അച്ഛനും അമ്മയും കുട്ടികളുമടങ്ങിയ കുടുംബം സമുദായത്തിന്റെ ഭാഗമാണ്. അതുകൊണ്ട്, ദയ, ബുദ്ധിമുട്ടുള്ളവരെ സഹായിക്കൽ, അതിഥിസൽക്കാരം, നീതിബോധം, ആത്മസംയമനം, ക്ഷമ, ദാനശീലം മുതലായ ഗുണങ്ങൾ ഗൃഹസ്ഥനാവശ്യമാണെന്ന് തിരുക്കുറൾ ഉൽബോധിപ്പിക്കുന്നു. ജനങ്ങളുടെയാകെ ജീവിതം മെച്ചപ്പെടുത്താനും സമുദായത്തെ അഭിവൃദ്ധിപ്പെടുത്താനും വേണ്ടി ഭരണാധികാരികൾ കൈക്കൊള്ളേണ്ട നീതിമാർഗ്ഗങ്ങളെപ്പറ്റിയും അതു വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ദൈവത്തിന്റെയോ പുരോഹിതന്മാരുടെയോ സഹായം കൂടാതെ തന്നെ മനുഷ്യന് സാന്മാർഗികജീവിതം നയിക്കാനും സാമൂഹ്യജീവിതത്തെ കൂടുതൽ കാമ്യമാക്കാനും കഴിയുമെന്നാണ് തിരുക്കുറൾ വ്യക്തമാക്കുന്നത്.
മണിമേഖല തുടങ്ങിയ പിൽക്കാല സംഘംകൃതികളിൽ ബുദ്ധമതത്തിന്റെ സ്വാധീനം കൂടുതൽ പ്രകടമാണ്. പത്തിനീദേവി മണിമേഖലയ്ക്കു നൽകുന്ന ഉപദേശങ്ങളിൽ ബൗദ്ധവിഹാരങ്ങൾ സന്ദർശിച്ച് പുണ്യം നേടാനും ബൗദ്ധധർമ്മത്തിൽ വിശ്വസിക്കാനും ആവശ്യപ്പെടുന്ന ഭാഗം ഒരുദാഹരണം മാത്രമാണ്. “കുഞ്ഞേ! നീ ഈ അതിപ്രാചീനമായ വഞ്ചിനഗരത്തിൽ ചുറ്റി സഞ്ചരിച്ച് മറ്റെല്ലാ മതതത്വങ്ങളും പഠിച്ചു മനസ്സിലാക്കി, അവയിലൊന്നും, സത്യമില്ലെന്നു കണ്ട് ഒടുവിൽ ബുദ്ധദേവന്റെ പിടകധർമ്മങ്ങളെ അനുസരിക്കും” എന്നാണ് പത്തിനീദേവി പറയുന്നത്. ബൗദ്ധദർശനമാണ് ഏറ്റവും മെച്ചപ്പെട്ടത് എന്നു വ്യക്തമാക്കാൻ വേണ്ടി മണിമേഖലയിൽ ബ്രാഹ്മണമതം, ശൈവം, വൈഷ്ണവം, ആജീവകവാദം, ജൈനമതം, സാംഖ്യം, വൈശേഷികം, ലോകായതം മുതലായവയെപ്പറ്റിയെല്ലാം വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്.
ബൗദ്ധ–ജൈനപണ്ഡിതന്മാർ ദക്ഷിണേന്ത്യയിലെ മതം, സാഹിത്യം, ദർശനം മുതലായവയിൽ മാത്രമല്ല, രാഷ്ട്രീയജീവിതത്തിലും കൂടുതൽ കൂടുതൽ സ്വാധീനം നേടാൻ തുടങ്ങി. പല രാജാക്കന്മാരും ബൗദ്ധ–ജൈനമതങ്ങളുടെ അനുയായികളായി മാറി. പലരും വിഹാരങ്ങളുടെ രക്ഷാധികാരികളായിത്തീർന്നു. ഈ കാലത്താണ് ബൗദ്ധ–ജൈനമതങ്ങൾക്ക് തെക്കേ ഇന്ത്യയിൽ ഏറ്റവും വലിയ സ്വാധീനം ലഭിച്ചത്. പക്ഷേ, ഈ സ്വാധീനം വളരെക്കാലം നീണ്ടുനിന്നില്ല. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനുമിടയിൽ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ എല്ലാ മേഖലകളിലും അഭൂതപൂർവമായ പരിവർത്തനങ്ങളുണ്ടായി. പുതിയ പല രാജാക്കന്മാരും രംഗപ്രവേശം ചെയ്തു. ചാലൂക്യർ, പല്ലവർ, പാണ്ഡ്യർ മുതലായ രാജവംശങ്ങൾ പരമാധികാരത്തിനു വേണ്ടി മത്സരിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. ഈ ഘട്ടത്തിൽ തന്നെയാണ് ശൈവന്മാരും വൈഷ്ണവന്മാരും ബൗദ്ധ–ജൈനമതങ്ങൾക്കെതിരായി തങ്ങളുടെ സ്വന്തം മതവിശ്വാസങ്ങളുമായി മുന്നോട്ടുവന്നത്. നമ്മൾ കണ്ടു കഴിഞ്ഞതുപോലെ, ഈ കാലഘട്ടത്തിൽ തന്നെയാണ് ദാർശനികരംഗത്തിലെ ആത്മീയവാദികൾ യാഥാർത്ഥ്യവാദികൾക്കെതിരായി കടുത്ത പ്രഹരങ്ങൾ തൊടുത്തുവിട്ടത്. വടക്കേ ഇന്ത്യയിൽ ബൗദ്ധ–ജൈനമതങ്ങൾ മിക്കവാറും ക്ഷയിച്ചു കഴിഞ്ഞിരുന്നു. വൈശേഷികന്മാർ„ നൈയായികന്മാർ, സാംഖ്യന്മാർ, മീമാംസകന്മാർ, വേദാന്തികൾ മുതലായവരെ അനുകരിച്ചുകൊണ്ട് ഈ കാലത്തെ ബൗദ്ധ–ജൈനപണ്ഡിതന്മാരും തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കാൻ സംസ്കൃതഭാഷയാണ് ഉപയോഗിച്ചത്. അതുകൊണ്ട് അവരുടെ ചിന്തകൾ മേലേക്കിടയിലുള്ള ഒരുപിടി വിദ്യാസമ്പന്നന്മാർക്കിടയിൽ മാത്രമേ പ്രചരിച്ചിരുന്നുള്ളൂ. സംസ്കൃതമറിയാത്ത സാധാരണജനങ്ങളിൽ നിന്ന് അവർ അധികമധികം ഒറ്റപ്പെട്ടു. ചുറ്റുപാടും നടന്നു കൊണ്ടിരുന്ന യുദ്ധങ്ങളിലോ സാമൂഹ്യപ്രക്ഷോഭങ്ങളിലോ യാതൊരു താൽപ്പര്യവും കാണിക്കാതെ അവർ കേവലങ്ങളും സങ്കീർണ്ണങ്ങളുമായ തർക്കവിതർക്കങ്ങളിൽ മുഴുകി. നേരെമറിച്ച് ശൈവ–വൈഷ്ണവമതങ്ങളുടെ നേതാക്കന്മാർ തമിഴിൽ ഭക്തിഗാനങ്ങൾ പാടിക്കൊണ്ട് ജനങ്ങളെ ആകർഷിച്ചു. അവരുടെ സ്വാധീനശക്തി അതിവേഗം പരന്നുപിടിച്ചു.
ശൈവ–വൈഷ്ണവമതങ്ങളുടെ ഉത്ഭവത്തെക്കുറിച്ചും വികാസപരിണാമങ്ങളെക്കുറിച്ചും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഹരപ്പയുടെയും മോഹൻജദാരോവിന്റെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്നു കണ്ടുകിട്ടിയിട്ടുള്ള ചില പ്രതിമകൾ ശിവന്റെ പ്രാഗ്രൂപത്തെയാണ് കുറിക്കുന്നത് എന്നും ആര്യന്മാരുടെ ആഗമനത്തിനു മുമ്പു മുതൽക്കു തന്നെ നിലനിന്നുപോന്ന ലിംഗപൂജയിൽ നിന്നാണ് പിൽക്കാലത്തെ ശൈവമതം പരിണമിച്ചുണ്ടായത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. കാർഷികോൽപ്പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ട മാതൃമേധാവിത്വസമ്പ്രദായമാണ് ശൈവമതത്തിന്റെ ഉത്ഭവത്തിനു പ്രചോദനം നൽകിയതെന്ന് പറഞ്ഞാൽ, “ശൈവമതത്തിന് അമ്മ ദൈവങ്ങളുമായി മാത്രമല്ല, മാതൃമേധാവിത്വവുമായും അതിന്റെ അവശിഷ്ടങ്ങളുമായും ഉറച്ച ബന്ധങ്ങളുണ്ട്”. [9] ബ്രാഹ്മണരും ക്ഷത്രിയരും തമ്മിലുണ്ടായ കിടമത്സരങ്ങളുടെ ഫലമായിട്ടാണ് ശിവന്റെയും വിഷ്ണുവിന്റെയും പേരിലുള്ള പ്രത്യേകമതവിശ്വാസങ്ങൾ ഉത്ഭവിച്ചത് എന്ന് മറ്റുചിലർക്ക് അഭിപ്രായമുണ്ട്. വിഷ്ണു ബ്രാഹ്മണരുടെയും ശിവൻ ക്ഷത്രിയരുടെയും പ്രധാനദൈവമായിരുന്നുവത്രേ. ശിവൻ താണജാതിക്കാരുടെ ദൈവവും വിഷ്ണു ഉയർന്ന ജാതിക്കാരുടെ ദൈവവും ആണെന്നു കരുതുന്നവരുമുണ്ട്. മഹാഭാരതത്തിൽ ശൈവമതവും വൈഷ്ണമതവും “ബഹുജനങ്ങളുടെ ആനുകൂല്യത്തെ പങ്കിട്ടെടുക്കുന്നതായി കാണുന്നു” എന്നും യാഥാസ്ഥിതികബ്രാഹ്മണർ പൊതുവിൽ ശിവപൂജയ്ക്കെതിരായിരുന്നുവെന്നു സൂചിപ്പിക്കുന്ന ചില ഭാഗങ്ങൾ അതിലടങ്ങിയിട്ടുണ്ടെന്നും മഹാദേവൻ പറയുന്നു. [10] ഉപനിഷത്തുക്കളുടെ കാലത്ത് മുഖ്യമായും രുദ്രശിവനാണ് ആരാധിക്കപ്പെട്ടിരുന്നത് എന്നും പിന്നീട് ഭഗവദ്ഗീതയുടെ കാലം മുതൽക്കാണ് വാസുദേവകൃഷ്ണന് പ്രധാന്യം ലഭിച്ചത് എന്നുമാണ് ഭണ്ഡർക്കരുടെ അഭിപ്രായം. [11] ക്രിസ്ത്വബ്ദത്തിന്റെ ആരംഭശതകങ്ങളിൽ കുശവംശരാജാക്കന്മാരിൽ ചിലർ ശിവഭക്തന്മാരായിരുന്നുവത്രേ. അവർ “തങ്ങളുടെ നാണയങ്ങളിൽ ശിവന്റെയും അദ്ദേഹത്തിന്റെ ത്രിശൂലത്തിന്റെയും കാളയുടെയും മറ്റും രൂപങ്ങൾ കൊത്തുകകൂടി ചെയ്തിരുന്നു”. [12] എന്നാൽ, മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലുമായി ബ്രാഹ്മണമതം പുതിയ വേഷത്തിൽ തലയുയർത്തിയപ്പോൾ വൈഷ്ണവമതവും അഭിവൃദ്ധിപ്പെട്ടതായി കാണാം. ഗുപ്തരാജാക്കന്മാരിൽ പലരും വലിയ വിഷ്ണുഭക്തന്മാരായിട്ടാണ് കരുതപ്പെടുന്നത്.
ഇങ്ങനെ ശൈവ–വൈഷ്ണവമതങ്ങളുടെ ഉത്ഭവത്തെപ്പറ്റിയും വികാസപരിണാമങ്ങളെപ്പറ്റിയും എന്തൊക്കെത്തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ശരി, ദക്ഷിണേന്ത്യയിൽ ബൗദ്ധ–ജൈനമതങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഉയർന്നുവന്ന ശൈവ–വൈഷ്ണവസിദ്ധാന്തങ്ങൾക്ക് ചില സവിശേഷതകളുണ്ടായിരുന്നുവെന്നും അവ പഴയതിന്റെ വെറും തുടർച്ച മാത്രമായിരുന്നില്ലെന്നും തീർച്ചയാണ്. ആറാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനുമിടയിൽ നായനാർമാർ എന്ന പേരിലറിയപ്പെടുന്ന അറുപത്തിമൂന്നു സിദ്ധന്മാരാണ് പുതിയ ശൈവമതത്തിന് അടിത്തറയിട്ടത്. അപ്പർ, ജ്ഞാനസംബന്ധർ; സുന്ദരർ, മാണിക്യവാചകർ എന്നിവരായിരുന്നു അവരിൽ പ്രമുഖന്മാർ. ഈ ശൈവന്മാരുടെ കാലത്തുതന്നെയാണ് വൈഷ്ണവഭക്തന്മാരും മുന്നോട്ടുവന്നത്. ആൾവാർമാർ എന്ന പേരിലറിയപ്പെടുന്ന പന്ത്രണ്ടു വൈഷ്ണവസിദ്ധന്മാരുണ്ടായിരുന്നുവത്രേ. തിരുമങ്കൈ ആൾവാർ, കുലശേഖര ആൾവാർ, തിരുപാന ആൾവാർ, പെരിയാൾവാർ, നമ്മാൾവാർ എന്നിവരാണ് അവരിൽ പ്രധാനികൾ. ശൈവരുടെ ദൈവം ശിവനായിരുന്നു. വൈഷ്ണവരുടേതു വിഷ്ണുവും. രണ്ടു കൂട്ടരും തന്ത്രകർമ്മങ്ങൾക്കോ മറ്റു മതചടങ്ങുകൾക്കോ അല്ല, ഭക്തിക്കാണ് കൂടുതൽ പ്രാധാന്യം കൽപ്പിച്ചത്. ഭക്തിയുടെ സഹായത്തോടുകൂടി ലൗകികങ്ങളായ എല്ലാത്തരം ദുഃഖങ്ങളെയും ആപത്തുകളെയും തരണം ചെയ്യാനും ദൈവത്തെ മുഖത്തോടുമുഖം കാണാനും ദൈവത്തിൽ ലയിക്കാനും കഴിയുമെന്ന് അവർ പ്രഖ്യാപിച്ചു. ശിഷ്യഗണങ്ങളുടെ അകമ്പടിയോടുകൂടി സ്തോത്രങ്ങളും കീർത്തനങ്ങളും പാടിക്കൊണ്ട് അവർ ഗ്രാമങ്ങൾ തോറും പട്ടണങ്ങൾ തോറും ചുറ്റിസഞ്ചരിച്ചു. ബൗദ്ധ–ജൈനമതങ്ങൾക്കെതിരായ ഒരു ജനകീയമുന്നേറ്റമായിരുന്നു അത്. സാധാരണക്കാരായ ജനങ്ങൾ കൂട്ടം കൂട്ടമായി സിദ്ധന്മാരുടെ പിന്നിൽ അണിനിരക്കുകയും അവരുടെ അത്ഭുതകരങ്ങളായ സിദ്ധികളെക്കുറിച്ചുള്ള അതിശയോക്തി നിറഞ്ഞ കഥകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഭക്തജനങ്ങളുടെ അഭൂതപൂർവമായ ഈ മുന്നേറ്റം കണ്ടപ്പോൾ രാജാക്കന്മാരും കൂറു മാറാൻ തുടങ്ങി. അവർ ക്ഷയോന്മുഖമായിക്കഴിഞ്ഞ ബൗദ്ധ–ജൈനധർമ്മങ്ങൾ ഉപേക്ഷിച്ച് വൈഷ്ണവമതത്തിന്റെയോ ശൈവമതത്തിന്റെയോ അനുയായികളായി മാറി. ധനികന്മാരെന്നോ ദരിദ്രന്മാരെന്നോ രാജാക്കന്മാരെന്നോ പ്രജകളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ ദൈവത്തെ സമീപിക്കാൻ കഴിയുമെന്ന സിദ്ധന്മാരുടെ ഉപദേശം അവർക്ക് സ്വീകാര്യമായിത്തോന്നി.
ശൈവ–വൈഷ്ണവസ്തോത്രങ്ങളിൽ ദുർഗ്രഹങ്ങളും സങ്കീർണ്ണങ്ങളുമായ ദാർശനികചിന്തകൾ വിരളമാണ്. സാമൂഹ്യജീവിതത്തിലെ ഐക്യത്തിനും സ്നേഹം, ദയ തുടങ്ങിയ മൂല്യങ്ങൾക്കും ദൈവഭക്തിക്കും ഉള്ള പ്രാധാന്യത്തെയാണ് അവ വീണ്ടും വീണ്ടും ഉൽഘോഷിക്കുന്നത്. ഉദാഹരണത്തിന്, പല്ലവരാജാവായ മഹേന്ദ്രവർമ്മനെ ശൈവമതാനുയായിയാക്കി മാനസാന്തരപ്പെടുത്തിയ ആൾ എന്നു വിശ്വസിക്കപ്പെടുന്ന അപ്പർ ഒരു കീർത്തനത്തിൽ ഇങ്ങനെ പറയുന്നു:
പാണ്ഡ്യരാജാവായ ഗുണപാണ്ഡ്യനെ ശൈവമതത്തിലേക്ക് മാനസാന്തരപ്പെടുത്തിയ ജ്ഞാനസംബന്ധർ തന്റെ ഒരു കീർത്തനത്തിൽ പറയുകയാണ്:
സുന്ദരരുടെ ഒരു ശിവകീർത്തനത്തിന്റെ സാരമിങ്ങനെയാണ്:
വൈഷ്ണവസിദ്ധന്മാരായ ആൾവാർമാർ വിഷ്ണുഭക്തികൊണ്ടു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ എന്നു വിശ്വസിച്ചു. പൂജകളോ യാഗാദികർമ്മങ്ങളോ അല്ല, നിസ്വാർത്ഥമായ വിഷ്ണുഭക്തിയാണ് ഐഹികദുഃഖങ്ങളിൽ നിന്നു മോചനം നേടാനുള്ള വഴി. എല്ലാവരും ഫലേച്ഛ കൂടാതെ താന്താങ്ങളുടെ കർത്തവ്യം നിറവേറ്റണം. ഭക്തിയുണ്ടെങ്കിൽ ജാതിമതഭേദമന്യേ എല്ലാവർക്കും ഒരുപോലെ ദൈവസാക്ഷാൽക്കാരം നേടാൻ കഴിയുമെന്ന് ആൾവാർമാർ ഉറപ്പിച്ചു പറഞ്ഞു. അവർ തങ്ങളുടെ പല കീർത്തനങ്ങളിലും വിഷ്ണുവിനെ ഒരു കാമുകനായും ഭക്തനെ കാമുകപ്രാപ്തിക്കു വേണ്ടി ഉൽക്കണ്ഠയോടെ കാത്തിരിക്കുന്ന ഒരു കാമിനിയായും ചിത്രീകരിച്ചു. നമ്മാൾമാരുടെ ഒരു പാട്ടിൽ ഇങ്ങനെ പറയുന്നു: “അങ്ങനെ നരസിംഹാ എന്നു വിളിച്ച് സർവത്ര തിരഞ്ഞു നോക്കിക്കൊണ്ട് വീണ്ടും വീണ്ടും പാട്ടുപാടി കണ്ണീരൊലിപ്പിച്ച് ഉരുകുന്ന മനസ്സോടുകൂടി അസ്വസ്ഥമായി ഇടറി കാത്തിരുന്നു തളരുകയാണ് സുന്ദരിയായ ഈ കന്യക”.
അടിയുറച്ച ഭക്തിയുടെയും ഇടവിടാത്ത പ്രാർത്ഥനകളുടെയും സഹായത്തോടുകൂടി മനുഷ്യശരീരത്തിന് പരമതത്വമായ വിഷ്ണുവിന്റെ ആവാസസ്ഥാനമായിത്തീരാൻ കഴിയുമെന്ന് വൈഷ്ണവസിദ്ധന്മാർ വിശ്വസിച്ചു. പെരിയാൾ വാർ തന്റെ ഒരു കീർത്തനത്തിൽ പറയുന്നതു നോക്കുക: “വളരെക്കാലമായി ദുഃഖങ്ങൾ എന്നെ മഥിച്ചുകൊണ്ടിരുന്നു. പ്രഭോ ഞാൻ പറയുന്നതുകേൾക്കുക. എന്റെ ഈ ശരീരം പ്രഭുവായ ഗോപാലകൃഷ്ണന്റെ പുണ്യക്ഷേത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതു മനസ്സിലാക്കിക്കൊണ്ട് ഇവിടെ നിൽക്കുക. ഇതു മനസ്സിലാക്കിയതിനുശേഷം പോവുക. ഇതു പഴയ പട്ടണമല്ല. ഒരു സുരക്ഷിതസ്ഥാനമായി ഇത് വീണ്ടെടുക്കപ്പെട്ടിരിക്കുന്നു”.
ഇന്ദ്രിയങ്ങളുടെയോ ബുദ്ധിയുടെയോ സഹായത്തോടുകൂടി ഈശ്വരനെ പ്രാപിക്കാൻ കഴിയില്ല; ഭക്തിയും ധ്യാനവുമാണാവശ്യം എന്ന് നമ്മാൾവാർ ഒരു കീർത്തനത്തിൽ വ്യക്തമാക്കുന്നു:
ഭക്തിയുടെ ഈ പുതിയ ചലനങ്ങൾ കൊണ്ടു മാറി മറിഞ്ഞുണ്ടായ പുതിയ സാഹചര്യങ്ങളിൽ രാജാക്കന്മാർ ശൈവ–വൈഷ്ണവമതങ്ങളുടെ രക്ഷാധികാരികളായി മാറി. ബൗദ്ധ–ജൈനമതങ്ങളുടെ പാരമ്പര്യങ്ങളെ അനുകരിച്ചുകൊണ്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ശിവന്റെയോ വിഷ്ണുവിന്റെയോ പ്രതിഷ്ഠകളോടുകൂടിയ ഹിന്ദുമതക്ഷേത്രങ്ങളും മഠങ്ങളും മതപഠനത്തിനുള്ള പാഠശാലകളും സ്ഥാപിക്കപ്പെട്ടു. രാജാക്കന്മാരുടെയും നാടുവാഴിപ്രഭുക്കളുടെയും ഉദാരമായ സംഭാവനകളോടുകൂടി തെക്കേ ഇന്ത്യയിൽ ഗംഭീരങ്ങളും മനോഹരങ്ങളുമായ ഹിന്ദുക്ഷേത്രങ്ങൾ ഉയർന്നുവന്നത് ഈ കാലത്താണ്. പലേടത്തും ബൗദ്ധ–ജൈനവിഹാരങ്ങൾ ബലാൽക്കാരമായി ഹിന്ദു ക്ഷേത്രങ്ങളാക്കി മാറ്റപ്പെട്ടു. അവശേഷിച്ച ബുദ്ധമതക്കാർക്കും ജൈനമതക്കാർക്കും ശൈവ–വൈഷ്ണവമതക്കാരിൽ നിന്ന് ക്രൂരങ്ങളായ പലതരം മർദ്ദനങ്ങളും ഏൽക്കേണ്ടിവന്നു എന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. “വഴങ്ങാൻ കൂട്ടാക്കാത്ത നൂറുകണക്കിലുള്ള, പോരാ, ആയിരക്കണക്കിലുള്ള ജൈനന്മാർ നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പലരും ശൈവമതമംഗീകരിച്ചു”. [13]
ബൗദ്ധ–ജൈനവിഹാരങ്ങളുടെ സ്ഥാനത്തു നിർമ്മിക്കപ്പെട്ട ശിവക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും പൂജാരികളായി നിയമിക്കപ്പെട്ടത് മന്ത്രങ്ങൾ പഠിച്ച ബ്രാഹ്മണരാണ്. അതോടെ ദക്ഷിണേന്ത്യയിലും ബ്രാഹ്മണർക്ക് പുതിയൊരു പ്രാധാന്യവും അന്തസ്സും ലഭിച്ചു. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ച സ്വത്തുക്കളും അവരുടെ മേൽനോട്ടത്തിലായി.
അളവറ്റ ദൈവഭക്തിയും ആത്മാർപ്പണമനോഭാവവും ഉയർത്തിപ്പിടിച്ചുകൊണ്ട് ശൈവ–വൈഷ്ണവസിദ്ധന്മാർ ബൗദ്ധ–ജൈനമതക്കാർക്കെതിരായി നടത്തിയ പോരാട്ടങ്ങളിലൂടെയാണ് തെക്കേ ഇന്ത്യയിൽ ഹിന്ദുമതം ശക്തിയാർജിച്ചത്. ക്രമത്തിൽ ഹിന്ദുമതമായിത്തീർന്നു ഏറ്റവും മുഖ്യമായ മതം. ശിവനും വിഷ്ണുവും മാത്രമല്ല മറ്റു ദൈവങ്ങളും ആരാധിക്കപ്പെടാൻ തുടങ്ങി. ശൈവ–വൈഷ്ണവസിദ്ധന്മാർ പോലും ദൈവങ്ങളായി ആരാധിക്കപ്പെട്ടു. പക്ഷേ, അതോടൊപ്പം അവരുടെ സാന്മാർഗികോപദേശങ്ങളും ആദർശങ്ങളും വിസ്മരിക്കപ്പെട്ടു. അവരുടെ ലളിതങ്ങളായ ഭക്തിഗാനങ്ങളിലടങ്ങിയ വികാരോഷ്മളതയുടെയും സൗന്ദര്യബോധത്തിന്റെയും സ്ഥാനത്ത് ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും കയറിക്കൂടി. ശൈവമതവും വൈഷ്ണവമതവും ഹിന്ദുമതത്തിനുള്ളിലെ പ്രത്യേകവിഭാഗങ്ങൾ മാത്രമായി മാറി. എന്നല്ല, പൊതുശത്രുക്കളായി കരുതപ്പെട്ടിരുന്ന ബൗദ്ധന്മാരും ജൈനന്മാരും നിഷ്കാസനം ചെയ്യപ്പെട്ടതോടുകൂടി ശൈവന്മാരും വൈഷ്ണവന്മാരും തമ്മിലുള്ള മത്സരങ്ങൾ മൂർഛിക്കാൻ തുടങ്ങുകയും ചെയ്തു.
നായനാർമാരും ആൾവാർമാരും ഗാനങ്ങൾ രചിച്ച് പാടുകയല്ലാതെ സ്വന്തമായ ഗ്രന്ഥങ്ങളൊന്നും തന്നെ എഴുതിവെക്കുകയുണ്ടായില്ല. അവരുടെ ജീവചരിത്രങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അവരുടെ കൃതികളുടെ സമാഹാരങ്ങളും തയ്യാറാക്കപ്പെട്ടത് വളരെ കഴിഞ്ഞിട്ടാണ്. രാജരാജചോളന്റെ കാലത്താണ് (984–1013) അപ്പർ, സംബന്ധർ, സുന്ദരർ എന്നിവരുടെ കൃതികൾ തിരുമുറൈകൾ എന്ന പേരിൽ ആദ്യമായി സമാഹരിക്കപ്പെട്ടത് എന്നുപറയപ്പെടുന്നു. നമ്മാൾവാരുടെ കൃതികൾ തിരുവായ്മൊഴി എന്ന പേരിൽ സമാഹരിക്കപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടും പന്ത്രണ്ടാം നൂറ്റാണ്ടും ഇത്തരത്തിലുള്ള സമാഹാരങ്ങളുടെ കാലമായിരുന്നു. അവയോടൊപ്പം സിദ്ധന്മാരുടെ അത്ഭുതവിദ്യകളെക്കുറിച്ചുള്ള പല കഥകളും പ്രചരിക്കപ്പെട്ടു. ശൈവ–വൈഷ്ണവ പുരാണങ്ങളുടെയും പ്രബന്ധങ്ങളുടെയും കാലമായിരുന്നു അത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ശേക്കിഴാർ എന്ന കവി നായനാർമാരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ എന്ന പേരിൽ പെരിയപുരാണമെന്ന ഒരു ഗ്രന്ഥം രചിച്ചു. എന്നാൽ, പതിമൂന്നാം നൂറ്റാണ്ടിൽ മേയ്ക്കണ്ടരാണ് ശൈവസിദ്ധാന്തത്തെ ഒരു മൗലികദർശനമാക്കി വളർത്തിയത്. ഒരർത്ഥത്തിൽ അത് മൗലികം തന്നെയായിരുന്നു. എന്തെന്നാൽ, സിദ്ധന്മാരായി ആരാധിക്കപ്പെട്ട നായനാർമാരുടെ ആശയങ്ങളുമായി അതിന് പറയത്തക്ക ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നല്ല, പതിമൂന്നാം നൂറ്റാണ്ടിനു മുമ്പ് ജീവിച്ച ശങ്കരൻ, രാമാനുജൻ തുടങ്ങിയ മഹാരഥന്മാരായ ദാർശനികന്മാരുടെ ചിന്തകൾ അതിൽ വളരെയധികം സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് ആദ്യം നമുക്ക് ആ മഹാരഥന്മാരുടെ ദർശനങ്ങൾ പരിശോധിക്കാം.
1
തുടിയൻ പാണൻ പറയൻ കടമ്പൻ
ഇന്നാങ്കലതു കുടിയും ഇല്ലൈ.
— പുറനാനൂറ്, 335.
2
മായേൻ മേയ കാടുറൈ ഉലകമും
ചേയോൻ മേയ മൈവരൈ ഉലകമും
വേന്തൽ മേയ തീംപുനൽ ഉലകമും
വരുണൻ മേയ പെരുമണൽ ഉലകമും
മുല്ലൈ കുറിഞ്ചി മരുതം നെയ്തൽ എന
ച്ചൊല്ലിയ മുറൈയാൻ ചൊല്ലവും പടുമേ.
— (തൊൽകാപ്പിയം, അകത്തിണൈ, 5.)
3 മാറിപ്പിറവർ ആയിനും, ഇമയത്തുക്കോടു ഉയർന്തന്നതം ഇചൈ നടുത്തീതു ഇൽയാക്കൈയൊടുമായ് തൽതവത്തലൈയേ. പുറനാനൂറ്, 214.
4 R. N. Dandekar: Contribution of the South to the Heritage of India, P. 18.
5 Ibid
6 അരുട് ചെൽവം ചെൽവത്തുൾ ചെൽവം പൊരുട് ചെൽവം പൂര;യാർ കണ്ണള്ള. തിരുക്കുറൾ III. 25. 241.
7 യാൻ എന്നതു എന്നും ചെരുക്കു അറുപ്പാൻ വാനോർക്കു ഉയർന്ത ഉലകം പൂകും. തിരുക്കുറൾ III. 35. 346.
8 അമ്പിലാർ എല്ലാം തമക്കുരിയർ അമ്പുട്രൈയാർ എൻപും ഉരിയർ പിറക്കു തിരുക്കുറൾ I. 8. 72.
9 Ehrenfels: Mother Right.
10 T. M. P. Mahadevan: The Age of Imperial Unity, P. 457.
11 R. G. Bhandarkar: Vaishnavism, Saivism and Minor Religious Systems.
12 T. M. P. Mahadevan in The Age of the Imperial Unity, P. 456.
13 Ayyangar and Seshagiri Rao: Studies in South Indian Jainism, P. 86.