വേദാന്തം എന്ന വാക്കിന് വേദങ്ങളുടെ അന്തം അല്ലെങ്കിൽ അവസാനഭാഗം എന്നാണർത്ഥം. ഉപനിഷത്തുക്കളാണ് വേദങ്ങളുടെ അന്ത്യഭാഗങ്ങൾ എന്നു കരുതപ്പെടുന്നു. ഉപനിഷത്തുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ദർശനമായതുകൊണ്ടായിരിക്കാം ഇതിനു വേദാന്തം എന്നപേർ വന്നത്. പക്ഷേ, വിവിധ ഘട്ടങ്ങളിലായി പലരാലും രചിക്കപ്പെട്ട ഉപനിഷത്തുകൾ ഒരേ മട്ടിലുള്ള ഒരൊറ്റ തത്വശാസ്ത്രസരണിയെയല്ല പ്രതിഫലിപ്പിക്കുന്നത് എന്ന് നമ്മൾ കണ്ടു കഴിഞ്ഞു. അവയിൽ ഭൗതികവാദവുമുണ്ട്, ആത്മീയവാദവുമുണ്ട്. പലേടത്തും പരസ്പരവിരുദ്ധങ്ങളായ ആശയങ്ങൾ കൂടിക്കുഴഞ്ഞു കിടക്കുന്നതുകാണാം.
ഈ വിഷമം പരിഹരിക്കാൻ ബാദരായണൻ ഒരു വഴി കണ്ടുപിടിച്ചു. ബാദരായണനാണ് വേദാന്തത്തിന്റെ ഉപജ്ഞാതാവ് എന്നും ക്രി. മു. നാലാം നൂറ്റാണ്ടിനും എ.ഡി. രണ്ടാം നൂറ്റാണ്ടിനും ഇടയിലേതോ കാലത്ത് ജീവിച്ചിരുന്ന അദ്ദേഹമാണ് ബ്രഹ്മസൂത്രങ്ങൾ എന്നു കൂടി പേരുള്ള വേദാന്തസൂത്രങ്ങൾ രചിച്ചത് എന്നുമാണ് കരുതപ്പെടുന്നത്. എന്നാൽ, വേദങ്ങളെയും മഹാഭാരതത്തെയുമെല്ലാം ഇന്നു നാം കാണുന്ന രൂപത്തിൽ ശരിപ്പെടുത്തിയെടുത്ത വ്യാസൻ എന്ന ഒരു പൗരാണിക മഹർഷിയുണ്ടായിരുന്നു എന്നും അദ്ദേഹം തന്നെയാണ് വേദാന്തത്തിന്റെയും ഉപജ്ഞാതാവ് എന്നും വിശ്വസിക്കുന്നവരുമുണ്ട്. വ്യാസൻ എന്ന വാക്കിന് ഒരു ക്രമമനുസരിച്ച് ഒരുക്കി ശരിപ്പെടുത്തി സമ്പാദനം ചെയ്യുന്ന ആൾ എന്നാണർത്ഥമെന്നും വേദങ്ങളുടെ സമ്പാദകൻ എന്ന അർത്ഥത്തിലാണ് വേദവ്യാസൻ എന്ന പേരുണ്ടായതെന്നും അദ്ദേഹത്തിന്റെ ശരിക്കുള്ള പേർ അതായിരുന്നില്ലെന്നും വാദിക്കുന്ന പണ്ഡിതന്മാരുമുണ്ട്. ഒരുപക്ഷേ, ബാദരായണന്റെ മറ്റൊരു പേർ മാത്രമായിരിക്കാം വേദവ്യാസൻ എന്നു കരുതുന്നവരെയും കാണാം. പണ്ഡിതന്മാരുടെ തർക്കങ്ങൾ എന്തുതന്നെയായാലും, ഉപനിഷത്തുക്കളിലെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ചിന്താഗതികളുടെ നൂലാമാലകൾക്കിടയിൽ നിന്ന് ഏറെക്കുറെ പൊരുത്തവും ചിട്ടയുമുള്ള ഒരു ആത്മീയവാദചിന്താസരണി വാറ്റിയെടുക്കുകയും സൂത്രങ്ങളുടെ രൂപത്തിൽ അതിനെ ക്രോഡീകരിച്ച് കെട്ടുറപ്പുള്ള ഒരു ദർശനമാക്കി മാറ്റുകയും ചെയ്തത് ബാദരായണൻ എന്ന ഒരാളാണെന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നത്.
മനുഷ്യനും പ്രപഞ്ചവും തമ്മിൽ, വ്യക്തിയും സമൂഹവും തമ്മിൽ, ആത്മാവും ബ്രഹ്മവും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയാണ് ഉപനിഷത്തുകളിലെ മഹർഷിമാർ മുഖ്യമായും ചർച്ച ചെയ്തത്. ഈ ചർച്ചകളിൽ നിന്ന് വ്യത്യസ്തങ്ങളായ നിഗമനങ്ങൾ പൊന്തിവന്നതെങ്ങനെയെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. മനുഷ്യനും പ്രകൃതിയും പ്രപഞ്ചവുമെല്ലാം എങ്ങനെ ആവിർഭവിച്ചു എന്ന ചോദ്യത്തിന് പലരും പലതരത്തിലുള്ള മറുപടികൾ കണ്ടെത്തിയതെങ്ങനെയെന്നതിനെപ്പറ്റിയും നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞു. ഈ ചർച്ചകളിൽ നിന്നാണ് ബ്രഹ്മത്തെപ്പറ്റിയുള്ള വ്യത്യസ്ത സങ്കൽപ്പങ്ങൾ ഉയർന്നുവന്നത്. പ്രപഞ്ചമാകെ ബ്രഹ്മമാണെന്നും മനുഷ്യനും പ്രപഞ്ചത്തിനുമപ്പുറത്ത് കേവലമായ ഒരു ബ്രഹ്മമില്ലെന്നും ചിലർ വാദിച്ചപ്പോൾ പ്രകൃതിയും പ്രപഞ്ചവും മനുഷ്യനുമെല്ലാം ബ്രഹ്മമെന്ന കേവല ചൈതന്യത്തിൽ നിന്നുണ്ടായവയാണെന്ന് എന്നു മറ്റുചിലർ വാദിച്ചു. ഈ രണ്ടാമത്തെ വാദത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് വേദാന്തികൾ തങ്ങളുടെ ആത്മീയവാദപരമായ സിദ്ധാന്തങ്ങൾ കെട്ടിപ്പടുത്തത്.
ഒരു തത്വചിന്തയെന്ന നിലയ്ക്ക് വേദാന്തം ക്രി. മു. ഏഴാം നൂറ്റാണ്ടു മുതൽക്കുതന്നെ നിലനിന്നു പോന്നിരുന്നു എന്ന് ബൗദ്ധ–ജൈനഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാം. ആ പ്രാചീനവേദാന്തമനുസരിച്ച് എല്ലാറ്റിന്റെയും മൂലകാരണം പ്രപഞ്ചാതീതമായ ബ്രഹ്മമെന്ന ഒരു കേവലചൈതന്യമാണ്. എല്ലാം അവസാനം ബ്രഹ്മത്തിൽ തന്നെ ചെന്നു ലയിക്കുകയും ചെയ്യുന്നു. ഈ ചിന്താഗതിയെ ഒരു ഭാഗത്തുനിന്ന് ഭൗതികവാദികളും മറുഭാഗത്ത് നിന്ന് ബൗദ്ധ–ജൈനസിദ്ധാന്തക്കാരും കഠിനമായി എതിർക്കുകയുണ്ടായി. ഈ എതിർപ്പുകളെ നേരിട്ടുകൊണ്ടാണ് വേദാന്തദർശനം രൂപംകൊണ്ടത്. വേദാന്തസൂത്രങ്ങൾ അല്ലെങ്കിൽ ബ്രഹ്മസൂത്രങ്ങൾ എന്ന പേരിൽ അതു ക്രോഡീകരിക്കപ്പെട്ടത് ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാകണം. ആ സൂത്രങ്ങളുടെ കർത്താവായിട്ടാണ് ബാദരായണൻ ആദരിക്കപ്പെടുന്നത്. ഒട്ടാകെ 560 സൂത്രങ്ങളുണ്ട്. അവ പാദങ്ങളായും പാദങ്ങൾ അദ്ധ്യായങ്ങളായും ചിട്ടപ്പെടുത്തപ്പെട്ടിരിക്കുന്നു. ആകെ നാല് അദ്ധ്യായങ്ങളായിട്ടാണ് ബ്രഹ്മസൂത്രങ്ങൾ വിഭജിക്കപ്പെട്ടിട്ടുള്ളത്. ഒന്നാമത്തെ അദ്ധ്യായത്തിന് സമന്വയം എന്ന പേർ നൽകിയിട്ടുള്ളത് അർത്ഥഗർഭമാണ്. എന്തെന്നാൽ, ഈ അദ്ധ്യായത്തിൽ ഉപനിഷത്തുകളിലെ വൈവിധ്യം നിറഞ്ഞവയും പരസ്പരവിരുദ്ധങ്ങളുമായ ചിന്താഗതികളെയെല്ലാം സമന്വയിച്ച് കെട്ടുറപ്പുള്ള ഒരു ആത്മീയവാദദർശനമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തപ്പെട്ടിട്ടുളളത്. മൂലകാരണമായ നിത്യബ്രഹ്മം ബാഹ്യലോകവുമായും മനുഷ്യനുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് യുക്തിയുടെ സഹായത്തോടുകൂടി വ്യക്തമാക്കാനുള്ള ഒരു പരിശ്രമമാണത്. വേദോപനിഷത്തുകളും അവയിലടങ്ങിയ തത്വങ്ങളെക്കുറിച്ച് പൂർവികരായ ഋഷിവര്യന്മാർ നടത്തിയ പ്രഖ്യാപനങ്ങളുമാണ് വേദാന്തത്തിന്റെ അടിസ്ഥാനം എന്നും മറ്റും വ്യാഖ്യാനങ്ങളെല്ലാം തെറ്റാണെന്നും തെളിയിക്കുകയാണ് രണ്ടാമദ്ധ്യായത്തിന്റെ ഉദ്ദേശ്യം. ബ്രഹ്മസാക്ഷാൽക്കാരത്തിന്റെ ഉപാധികളെക്കുറിച്ചാണ് മൂന്നാമദ്ധ്യായം പ്രതിപാദിക്കുന്നത്. നാലാമത്തെ അദ്ധ്യായം ബ്രഹ്മജ്ഞാനത്തിന്റെ ആവശ്യകതയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമുള്ള ഉൽബോധനമാണ്.
ബ്രഹ്മസൂത്രങ്ങളിൽ ഉന്നയിക്കപ്പെടുന്ന ഒരു പ്രധാന പ്രശ്നം ഇതാണ്: ചലനാത്മകങ്ങളായ പ്രാപഞ്ചികപ്രതിഭാസങ്ങളുടെ മൂലകാരണമെന്താണ്? ചലനത്തിന്റെ, അല്ലെങ്കിൽ പരിണാമപ്രക്രിയകളുടെ പ്രചോദനശക്തിയെന്താണ്? ഉത്തരം വളരെ ലളിതമാണ്: പരമതത്വമായ ബ്രഹ്മം! ബ്രഹ്മമെന്ന ഈ പരമതത്വത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിശദമായ ഒരു പഠനത്തിനാണ് ബാദരായണൻ ഒരുങ്ങിയത്. അദ്ദേഹത്തിന്റെ അന്വേഷണപദ്ധതിയുടെ മുഴുവൻ ഉദ്ദേശ്യവും ഒന്നാമത്തെ സൂത്രത്തിൽ നിന്നു തന്നെ വ്യക്തമാകുന്നുണ്ട്: ബ്രഹ്മത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹം. [1]
നിശ്ചലമായ വസ്തു ചലനാത്മകമാകുന്നത് ഒരു ചൈതന്യവിശേഷത്തിന്റെ നിർദ്ദേശാത്മകമായ പ്രചോദനമുണ്ടാകുമ്പോൾ മാത്രമാണ് എന്ന് ബാദരായണൻ ഊന്നിപ്പറയുന്നു. അതുകൊണ്ട് ആദികാരണം കേവലമായ ചൈതന്യം അല്ലെങ്കിൽ ബ്രഹ്മം അല്ലാതെ മറ്റൊന്നുമാകാൻ വയ്യ. പക്ഷേ, എന്താണ് ബ്രഹ്മമെന്നു വെച്ചാൽ? “ഇതിന്റെ (ഈ പ്രപഞ്ചത്തിന്റെ) ഉൽപത്തി തുടങ്ങിയവ എവിടെയോ അതാണ് ബ്രഹ്മം…” [2] ഈ സൂത്രത്തിനാധാരമായ മൂലം തൈത്തിരീയോപനിഷത്തിൽ ഇങ്ങനെ പറയുന്ന ഭാഗമാണ്: “ഈ ജീവജാലങ്ങളെല്ലാം എന്തിൽ നിന്ന് ഉത്ഭവിക്കുന്നുവോ, ഉത്ഭവിച്ചു കഴിഞ്ഞാൽ എന്തിനെ ആശ്രയിച്ചു ജീവിക്കുന്നുവോ, അവസാനം എന്തിൽ ചെന്നു ലയിക്കുന്നുവോ അതെന്തെന്നറിയുക. അതാണ് ബ്രഹ്മം”. തൈത്തിരീയോപനിഷത്തിലെ ഈ ഉദ്ധരണിക്കു തൊട്ടു മുമ്പിൽതന്നെ, “ഭൗതികപദാർത്ഥമായ അന്നം, പ്രാണൻ, ചക്ഷുസ്സ്, ശ്രോത്രം, മനസ്സ്, വാക്ക് — എല്ലാം ബ്രഹ്മമാണ്” എന്നൊരു വാക്യമുണ്ട്. ഛാന്ദോഗ്യോപനിഷത്തിൽ “ഈ പ്രപഞ്ചമാകെ ബ്രഹ്മമാണ്” എന്നൊരിടത്തു പറയുന്നുണ്ട്. മനുഷ്യൻ തന്നെയാണ് ബ്രഹ്മമെന്നും മനുഷ്യനിൽ കവിഞ്ഞ മറ്റൊരു ബ്രഹ്മമില്ലെന്നും മുണ്ഡകോപനിഷത്തിൽ പറയുന്നുണ്ട്. “താൻ വേറെയും ബ്രഹ്മം വേറെയുമാണെന്നു കരുതി തന്റെ ആത്മാവിനെയല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരാധിക്കുന്നവൻ വിവരമില്ലാത്തവനാണ്” എന്ന് ബൃഹദാരണ്യകോപനിഷത്തിലൊരിടത്തു പറയുന്നുണ്ട്. പക്ഷേ, ഇതൊന്നും ബാദരായണനു ബാധകമല്ല. ഒരു മുൻവിധിയോടുകൂടിയാണ് അദ്ദേഹം ഉപനിഷത്തുകളെ സമീപിക്കുന്നത് എന്നു തോന്നിപ്പോകുന്നു. പ്രപഞ്ചാതീതമായ, സ്വതന്ത്രവും കേവലവുമായ ചൈതന്യം എന്ന അർത്ഥത്തിൽ മാത്രമാണ് അദ്ദേഹം ബ്രഹ്മത്തെ നിർവചിക്കുന്നത്. എന്നിട്ട്, ഈ നിർവചനത്തിനൊപ്പിച്ച് ഉപനിഷത്തുകളിലെ മറ്റെല്ലാ ആശയങ്ങളെയും ‘സമന്വയിച്ച്’ ആത്മീയവാദമാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു.
തന്റെ ഈ ആത്മീയവാദപരമായ നിർവചനത്തോടു യോജിക്കാത്ത ബൗദ്ധജൈനദർശനങ്ങൾ, ലോകായതം, സാംഖ്യം, വൈശേഷികം തുടങ്ങിയ മറ്റു ദർശനങ്ങളെയെല്ലാം ഖണ്ഡിക്കാൻ വേണ്ടിയാണ് ബാദരായണൻ ബ്രഹ്മസൂത്രങ്ങളുടെ ഗണ്യമായ ഒരു ഭാഗം വിനിയോഗിക്കുന്നത്. ഉദാഹരണത്തിന്, പ്രകൃതിയാണ് എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും മൂലകാരണമെന്നും മൂലപ്രകൃതിയിൽ നിന്നാണ് പ്രപഞ്ചവും മനുഷ്യനും മനുഷ്യന്റെ ബുദ്ധി, മനസ്സ് മുതലായവയും ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളുമെല്ലാം പരിണമിച്ചുണ്ടായത് എന്നും പ്രഖ്യാപിക്കുന്ന സാംഖ്യദർശനത്തെ അദ്ദേഹം എതിർക്കുന്നതു നോക്കുക: പ്രകൃതി അചേതനമാണ്. അചേതനമായ പ്രകൃതി സചേതനമായിത്തീരണമെങ്കിൽ പ്രകൃതിയിൽ നിന്നു ഭിന്നമായ ഒരു ചൈതന്യത്തിന്റെ പ്രവർത്തനം ആവശ്യമാണ്. അതുകൊണ്ട് ബ്രഹ്മമാണ് മൂലകാരണം. സചേതനമായ മഹത്തത്വമാണത്. എല്ലാ ജീവജാലങ്ങളുടെയും ഉത്ഭവത്തിന്റെയും നിലനിൽപ്പിന്റെയും നാശത്തിന്റെയും പിന്നിൽ ആ മഹത്തത്വമാണ് സ്ഥിതിചെയ്യുന്നത്. അതു പ്രപഞ്ചത്തെയാകെ വലയം ചെയ്യുകയും ചിട്ടയോടെ നയിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളിലും പ്രകടമായി കാണുന്ന അനശ്വരമായ ചൈതന്യമാണത്. ആത്മാവ് തന്നെയാണ് ബ്രഹ്മം. ഓരോ ജീവാത്മാവും പരമാത്മാവുമായ ബ്രഹ്മത്തിന്റെ ഭാഗമാണ്. തീപ്പൊരി തീയിന്റെ ഭാഗമാകുന്നതുപോലെ, പരമാത്മാവു തന്നെയാണ് ബ്രഹ്മം. അത് സർവാന്തര്യാമിയാണ്, സർവശക്തമാണ്, ആനന്ദമയമാണ്, ജ്ഞാനമയമാണ്, അതാണ് പ്രകാശം, വെളിച്ചത്തിന്റെ വെളിച്ചം, പ്രാണന്റെ പ്രാണൻ, അതാണ് സ്രഷ്ടാവ്, അത് സത്താണ്, ചിത്താണ്, ആനന്ദമാണ്, ആദ്യന്തരഹിതമാണ്, ഏകമാണ്, അംശങ്ങളില്ലാത്തതാണ്, അരൂപിയാണ്, നിർഗുണമാണ്, നിത്യമാണ്, അനശ്വരമാണ്. അതാണ് ബ്രഹ്മം!
ബ്രഹ്മസൂത്രങ്ങൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു മോണിയർ വില്യംസ് പറയുകയാണ്: “മിക്കവാറും ശുദ്ധമായ ആത്മാവ് ശുദ്ധമായ ശൂന്യതയാണ് എന്നു പറയുന്നത് പോലെയാണിത്. ഇങ്ങനെ ബൗദ്ധന്മാരുടെ ശൂന്യവാദവും വേദാന്തികളുടെ സർവബ്രഹ്മവാദവും അവസാനം ഒന്നിച്ചു ചേരുന്നതായി തോന്നിപ്പോകുന്നു”. [3]
ബ്രഹ്മമാണ് പ്രപഞ്ചത്തിന്റെ ഉപാദാനകാരണവും നിമിത്തകാരണവും. ഇതാണ് ബ്രഹ്മസൂത്രങ്ങളിലെ മുഖ്യമായ ഒരാശയം. പ്രപഞ്ചമാകെ ബ്രഹ്മത്തിന്റെ സൃഷ്ടിയാണെന്നും നിലവിലുള്ള ജ്ഞാനം തന്നെ ബ്രഹ്മത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം പ്രകടമാക്കുന്നുണ്ടെന്നും ബാദരായണൻ പ്രഖ്യാപിക്കുന്നു. ബ്രഹ്മം സ്വയമേവ, സ്വതന്ത്രമായി, സ്വന്തം ഇച്ഛയനുസരിച്ച് പ്രവർത്തിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ കാര്യകാരണബന്ധങ്ങളും ആ ഇച്ഛാശക്തിയുടെ പ്രകടനങ്ങളാണ്. ലോകത്തിൽ കാണപ്പെടുന്ന ദുഃഖങ്ങളും ക്ലേശങ്ങളുമൊന്നും ബ്രഹ്മത്തിന്റെ ആനന്ദമയമായ സ്വരൂപത്തെ നിഷേധിക്കുന്നില്ല. ദുഃഖമല്ല, ആനന്ദമാണ് സൃഷ്ടിയുടെ സത്ത്. എല്ലാവരുടെയും ഹൃദയങ്ങളിൽ ചലനങ്ങളുണ്ടാക്കുന്ന ജാജ്വല്യമാനമായ തേജസ്സ്, പരമമായ ബ്രഹ്മം.
രാധാകൃഷ്ണൻ എഴുതുന്നു: “പ്രാരംഭകാലത്തെ ഗദ്യോപനിഷത്തുകളിൽ ആത്മാവ് വൈയക്തികമായ ചൈതന്യതത്വത്തെയും ബ്രഹ്മം എല്ലാ വ്യക്തികൾക്കുമുപരിയായി പ്രപഞ്ചത്തിന്റെയാകെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ശക്തിയെയുമാണ് കുറിച്ചിരുന്നത്. ഏറെക്കഴിയുന്നതിന് മുമ്പ് ഈ വ്യത്യാസം ഇല്ലാതാകുകയും രണ്ടും ഒന്നാണെന്ന ധാരണയുളവാകുകയും ചെയ്തു. ദൈവമെന്നത് അനുഭവാതീതവും അന്യവുമായ ഒരു ദിവ്യശക്തി മാത്രമല്ല, മുഴുവൻ ബ്രഹ്മാണ്ഡത്തിന്റെയും ആത്മാവു കൂടിയാണത്. മനുഷ്യന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനവും അവന് ഇടവിടാതെ നവംനവമായ ഓജസ്സ് നൽകുന്നതുമായ ഒരു ശക്തിയാണത്. അങ്ങനെ ബ്രഹ്മാണ്ഡത്തിന്റെ പ്രഥമതത്വമായ ബ്രഹ്മത്തെ ആത്മാവിലൂടെ അതായത് മനുഷ്യന്റെ അന്തസ്സത്തയിലൂടെ, മനസ്സിലാക്കാൻ കഴിയുന്നു”. [4]
ആത്മാവും ബ്രഹ്മവും ഒന്നു തന്നെയാണെന്നും ബ്രഹ്മത്തിൽ നിന്നാണ് പ്രപഞ്ചമുത്ഭവിച്ചത് എന്നുമുള്ള ഉപനിഷത്തുക്കളിലെ അഭിപ്രായത്തെ ബാദരായണൻ ശക്തിയായി പിന്താങ്ങി. അതുകൊണ്ടു തന്നെയാണ് ബ്രഹ്മം പ്രപഞ്ചത്തിന്റെ ഉപാദാനകാരണവും നിമിത്തകാരണവുമാണെന്ന് പ്രഖ്യാപിച്ചത്. എട്ടുകാലി തന്നിൽ തന്നെ അന്തർലയിച്ചു കിടക്കുന്ന ഒരു വസ്തുവിൽ നിന്ന് വല കെട്ടിയുണ്ടാക്കുന്നതുപോലെ ബ്രഹ്മം സ്വയം തന്നിൽ നിന്നു തന്നെ പ്രപഞ്ചത്തെ സൃഷ്ടിച്ചു. ബാദരായണന്റെ അഭിപ്രായത്തിൽ സൃഷ്ടിയും സൃഷ്ടികർത്താവും ഒന്നുതന്നെയാണ്. ‘ബ്രഹ്മം തന്നെയാണ് പ്രകൃതിയും’ [5] എന്നദ്ദേഹം ഊന്നിപ്പറയുന്നു. തന്നിൽ തന്നെ അന്തർലയിച്ചു കിടക്കുന്ന ക്രിയാശക്തികൊണ്ട് അത് തന്റെ രൂപം മാറ്റി പ്രപഞ്ചമായിത്തീർന്നു. ഇങ്ങനെ ബ്രഹ്മം ഭൗതികപദാർത്ഥങ്ങളായി രൂപാന്തരപ്പെടുന്നതിനെക്കുറിച്ച് ഉപനിഷത്തുകൾ തന്നെ പ്രസ്താവിക്കുന്നുണ്ട്. “അത് തത്വമായി മാറി; വായു, ആകാശം തുടങ്ങിയ സൂക്ഷ്മതത്വങ്ങളായി മാറി” എന്നും മറ്റുമുള്ള പ്രസ്താവനകൾ നോക്കുക. ശ്വേതാശ്വതരോപനിഷത്തു പറയുന്നു: ഒരേയൊരു ബ്രഹ്മം എല്ലാ ജീവജാലങ്ങളിലും ഒളിഞ്ഞിരിക്കുന്നു. അത് സർവവ്യാപിയാണ്, സർവാന്തര്യാമിയാണ്, എല്ലാ കർമ്മങ്ങളെയും നിയന്ത്രിക്കുകയും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുകയും ചെയ്യുന്ന ശക്തിയാണ്. അത് സർവസാക്ഷിയാണ്, ചൈതന്യമാണ്, അദ്വൈതവും നിർഗുണവുമാണ്”. [6]
എന്നാൽ, ബ്രഹ്മം പ്രകൃതി തന്നെയാണെങ്കിൽ, അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ സത്താണെങ്കിൽ, വസ്തുനിഷ്ഠമായ പ്രപഞ്ചവും പരമതത്വമായ ബ്രഹ്മവും ഒന്നാണെങ്കിൽ, പിന്നെ പ്രപഞ്ചത്തിനുപരിയായും അതിന്നതീതമായും സർവതന്ത്ര സ്വതന്ത്രമായും നിലകൊള്ളുന്ന ഒരു കേവലചൈതന്യത്തെ സങ്കൽപ്പിക്കുന്നതിന്റെ അർത്ഥമെന്താണ്? ഭൗതികസത്തയും ചേതനയും — പ്രകൃതിയും ബ്രഹ്മവും — രണ്ടും ഒന്നുതന്നെയാണ് എന്നു പറയുമ്പോൾ ബാദരായണൻ വാസ്തവത്തിൽ, പ്രപഞ്ചം ഒരു യാഥാർത്ഥ്യമാണെന്നംഗീകരിക്കുകയാണ് ചെയ്യുന്നത്. മിഥ്യമായ തുടങ്ങിയ സിദ്ധാന്തങ്ങളുന്നയിച്ച ചില പിൽക്കാലവേദാന്തികളെപ്പോലെ (അവരെപ്പറ്റി നമുക്ക് പിന്നീടൊരദ്ധ്യായത്തിൽ പ്രതിപാദിക്കാം) അദ്ദേഹം പ്രപഞ്ചത്തിന്റെ പാരമാർത്ഥിക സ്വഭാവത്തെ നിഷേധിക്കുകയുണ്ടായില്ല. ചുരുക്കത്തിൽ, ബ്രഹ്മസൂത്രങ്ങളിലടങ്ങിയ ആദ്യകാലവേദാന്തം പ്രപഞ്ചമെന്ന പാരമാർത്ഥികസത്യത്തെ നിഷേധിച്ച പിൽക്കാലചിന്തകന്മാരുടെ വേദാന്തങ്ങളിൽ നിന്നു വ്യത്യസ്തമാണ്. കോൾ ബ്രൂക്ക് ചൂണ്ടിക്കാണിക്കുന്നതുപോലെ “വൈചിത്ര്യമയമായ ഈ ജഗത്ത് കേവലം ഒരു മായയാണെന്നും ഉണർന്നിരിക്കുന്ന ഒരു വ്യക്തി തന്റെ ചുറ്റുപാടും കാണുന്നതെല്ലാം സാങ്കൽപ്പികങ്ങളായ വെറും ഭ്രമങ്ങൾ മാത്രമാണെന്നും ഇന്ദ്രിയാനുഭവങ്ങൾക്കു വിധേയമാകുന്ന വസ്തു അയഥാർത്ഥമാണെന്നും എല്ലാം ഒരു ദൃഷ്ടിഭ്രമം മാത്രമാണെന്നും മറ്റുമുള്ള ധാരണകൾ വേദാന്തത്തിന്റെ മൗലികസിദ്ധാന്തങ്ങളാണെന്നു തോന്നുന്നില്ല”.
കണാദൻ, കപിലൻ, ചാർവാകന്മാർ തുടങ്ങിയ ഭൗതികവാദചിന്തകരുടെയും ബുദ്ധൻ, മഹാവീരൻ തുടങ്ങിയ ആത്മീയവാദികളായ യുക്തിവാദികളുടെയും ആശയങ്ങളെ എതിർക്കാൻ വേണ്ടിത്തന്നെയായിരിക്കണം ബ്രഹ്മസൂത്രങ്ങൾ രചിക്കപ്പെട്ടത്. എങ്കിലും യുക്തിവാദചിന്തകളോ ഭൗതികവാദചിന്തകളോ ജനങ്ങൾക്കിടയിൽ പരന്നുപിടിക്കുന്നതിനെ തടയാൻ ആദ്യകാലത്തെ ആത്മീയവാദികളായ വേദാന്തികൾക്കു കഴിഞ്ഞില്ലെന്നത് ഒരു ചരിത്രസത്യം മാത്രമാണ്. സാംഖ്യം, ന്യായം, വൈശേഷികം, ലോകായതം തുടങ്ങിയ ദർശനങ്ങൾക്കനുസരിച്ച് ഭൗതികസത്തയാണ് പ്രാഥമികമായ യാഥാർത്ഥ്യം. ബോധം, ചൈതന്യം, ജ്ഞാനം മുതലായവ പിന്നീടുണ്ടായവയാണ്. പ്രകൃതിയും പ്രപഞ്ചവും മാനുഷികചൈതന്യത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളാണ്. സാംഖ്യദർശനമനുസരിച്ച് പ്രധാനത്തിന്റെ അല്ലെങ്കിൽ അവ്യക്തമായ മൂലപ്രകൃതിയുടെ പരിണാമഫലമാണ് വ്യക്തപ്രപഞ്ചം. “പ്രധാനത്തെ കർമ്മത്തിലേക്കു നിർബന്ധിച്ചു നയിക്കാനോ കർമ്മത്തിൽ നിന്ന് അതിനെ തടഞ്ഞുനിർത്താനോ കെൽപ്പുള്ള യാതൊരു ബാഹ്യശക്തിയുമില്ല”. ഭൗതികവസ്തുവിന്റെ ഏറ്റവും ചെറിയ അംശങ്ങളുടെ, അതായത് അവിഭാജ്യങ്ങളായ പരമാണുക്കളുടെ, സംയോഗം കൊണ്ടാണ് പ്രപഞ്ചമുണ്ടായത് എന്നാണ് വൈശേഷികന്മാർ അഭിപ്രായപ്പെട്ടത്. ഇത്തരം സിദ്ധാന്തങ്ങൾക്കെതിരായി ചൈതന്യമാണ് മൂലകാരണമെന്നും ബ്രഹ്മത്തിൽ നിന്നാണ് പ്രപഞ്ചമുത്ഭവിച്ചത് എന്നും മറ്റും ആദ്യകാല വേദാന്തികൾ വാശിയോടെ വാദിച്ചുനോക്കി. പരമാണുക്കളുടെ സംയോഗത്തിന്റെ ഫലമായിട്ടാണ് ലോകമുത്ഭവിച്ചത് എന്നു വാദിച്ച വൈശേഷികന്മാരെയും സത്വരജസ്തമോഗുണങ്ങളടങ്ങിയ മൂലപ്രകൃതിയുടെ പരിണാമഫലമാണ് പ്രപഞ്ചം എന്നു വാദിച്ച സാംഖ്യന്മാരെയും എതിർക്കാനാണ് അവർ കൂടുതൽ സൂത്രങ്ങൾ രചിച്ചത് എന്നു തോന്നുന്നു. സചേതനമായ ഒരു ബാഹ്യശക്തിയുടെ സഹായം കൂടാതെ യാതൊന്നും ചലിക്കുകയില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. പരിണാമങ്ങൾക്കും മാറ്റങ്ങൾക്കും പ്രചോദനം നൽകിക്കൊണ്ട് പ്രപഞ്ചത്തെ നയിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ആ സചേതനശക്തിക്കാണ് അവർ ബ്രഹ്മം എന്ന പേരിട്ടത്.
മനുഷ്യന് പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അനുഭവജ്ഞാനങ്ങൾക്കപ്പുറത്തുള്ള നിഗൂഢമായ രഹസ്യം കണ്ടെത്താനുള്ള ആത്മീയവാദപരമായ ഒരന്വേഷണമായിരുന്നു വേദാന്തം. കൺമുന്നിൽ കാണപ്പെടുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങൾക്കടിയിൽ മഹത്തായ ഒരു പരമതത്വമുണ്ടെന്നും ആ പരമതത്വത്തെക്കുറിച്ചുള്ള ജ്ഞാനമാണ് യഥാർത്ഥമായ ജ്ഞാനം എന്നും അത്തരമൊരു ജ്ഞാനത്തിലൂടെ മാത്രമേ മോക്ഷം നേടാൻ കഴിയൂ എന്നും അവർ വിശ്വസിച്ചു. “ബ്രഹ്മസാക്ഷാൽക്കാരം നേടുന്നവർ സ്വയം പ്രകാശിക്കുന്ന സത്യംപോലെയായിത്തീരും” എന്നും “ഏതു രൂപത്തിൽ ബ്രഹ്മത്തെ ധ്യാനിച്ചാലും അവർ സ്വയം ബ്രഹ്മമായിത്തീരും” എന്നും അവർ പ്രഖ്യാപിച്ചു.
ബ്രഹ്മസൂത്രങ്ങളിലെയും ഉപനിഷത്തുകളിലെയും ചിന്തകൾ ഐകരൂപ്യമുള്ളവയാണെന്ന് ആത്മീയവാദികളായ പല പണ്ഡിതന്മാരും അവകാശപ്പെടുന്നുണ്ട്. പക്ഷേ, ഈ അവകാശവാദത്തിൽ വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല. മുമ്പുതന്നെ ചൂണ്ടിക്കാണിച്ചതുപോലെ ഉപനിഷത്തുകളിൽ ഭൗതികവാദപരവും ആത്മീയവാദപരവും പൂർവാപരവിരുദ്ധങ്ങളുമായ ഒട്ടനവധി ആശയങ്ങളടങ്ങിയിരിക്കുന്നു. പരസ്പരവിരുദ്ധങ്ങളായ ഈ ആശയങ്ങളെയെല്ലാം സമന്വയിക്കുകയല്ല യഥാർത്ഥത്തിൽ ബാദരായണൻ ചെയ്തത്. പിന്നെയോ, ഉപനിഷത്തുകളിൽ അവിടവിടെയായി ചിന്നിച്ചിതറിക്കിടക്കുന്ന ആത്മീയവാദപരമായ ആശയങ്ങളെല്ലാം ഒന്നിച്ചുചേർത്ത് കൂട്ടിയിണക്കി പരസ്പരബന്ധമുള്ള ഒരു ദർശനമാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. ആൽബർട്ട് ഷ്വൈറ്റ്സർ ചൂണ്ടിക്കാണിച്ചതുപോലെ, ബാദരായണന്റെ ബ്രഹ്മസൂത്രങ്ങൾ ബ്രാഹ്മണ്യപാണ്ഡിത്യത്തിന്റെ പ്രാരംഭബിന്ദു മാത്രമായിരുന്നു. ഈ പാണ്ഡിത്യം വളർന്നു പുഷ്ടിപ്പെട്ടത് ശങ്കരാചാര്യർ, രാമാനുജൻ, മാധ്വൻ, നിംബാർക്കൻ തുടങ്ങിയ പിൽക്കാലദാർശനികരുടെ കാലത്താണ്.
പക്ഷേ, ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കിയാൽ ഒരു കാര്യം സമ്മതിക്കേണ്ടിവരും: ആദ്യകാലത്ത് ചിന്താശീലരായ ജനങ്ങളെ കൂടുതൽ ആകർഷിക്കാനും സ്വാധീനിക്കാനും കഴിഞ്ഞത് ബാദരായണന്റെ വേദാന്തസൂത്രങ്ങൾക്കല്ല, ബുദ്ധൻ, മഹാവീരൻ മുതലായവരുടെ ആശയങ്ങൾക്കും സാംഖ്യം, വൈശേഷികം തുടങ്ങിയ മറ്റു ദർശനങ്ങൾക്കുമാണ്.