അദ്ധ്യായം 12
അടിമത്തവും ക്രിസ്ത്യാനികളും

ക്രിസ്തുവിന് 14 കൊല്ലങ്ങൾക്ക് മുമ്പ് റോമാസാമ്രാജ്യത്തിൽ അഭൂതപൂർവ്വമായ ഒരു സംഭവമുണ്ടായി. തെക്കുപടിഞ്ഞാറൻ സിസിലിയിലെ ഒരു ഗ്രാമത്തിൽ 30 അടിമകൾ ഒന്നിച്ചുചേർന്ന് തങ്ങളുടെ യജമാനനായ ഒരു ധനാഢ്യനെ കൊന്നുകളഞ്ഞു.

അടിമ ഉടമയെ കൊല്ലുക! അത്തരമൊരു സംഭവം മുമ്പുണ്ടായിട്ടില്ല.

അതിനുമുമ്പ് അടിമകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഉടമകളുടെ അപ്രീതിയ്ക്കിരയായ അനേകമനേകം അടിമകൾ കുരിശിന്മേൽ തറയ്ക്കപ്പെട്ടിട്ടുണ്ട്. എല്ലാം നിശബ്ദമായി സഹിക്കാനേ അടിമകൾക്കു കഴിഞ്ഞിരുന്നുള്ളു. കന്നുകാലികൾ, വീട്ടുസാമഗ്രികൾ മുതലായവയെപ്പോലെതന്നെ അടിമകളും ധനികൻമാരുടെ സ്വകാര്യസ്വത്തുക്കളായിരുന്നു. അടിമകളെ അടിക്കാം, ചവിട്ടാം, ചങ്ങലയ്ക്കിട്ടു വലിക്കാം, വിൽക്കാം, കൊല്ലാം എന്തുവേണമെങ്കിലും ചെയ്യാം. റോമൻ നിയമങ്ങളൊന്നും അടിമകൾക്കു ബാധകമായിരുന്നില്ല. ഉടമകൾക്കുവേണ്ടി എല്ലുമുറിയെ പണിയെടുക്കുക, ഉടമകളുടെ കൽപനകളനുസരിക്കുക ഇതുമാത്രമായിരുന്നു അടിമകളുടെ കടമ. അടിമകളെക്കൊണ്ടു പണിയെടുപ്പിച്ചിട്ടാണ് റോമൻ പ്രമാണിമാർ സുഖഭോഗങ്ങളിലാറാടുകയും രാഷ്ട്രീയകാര്യങ്ങളിലും സാഹിത്യം, സംസ്കാരം തുടങ്ങിയ മറ്റുതുറകളിലും മേധാവിത്വം പുലർത്തുകയും ചെയ്തുപോന്നത്. അടിമവേലയായിരുന്നു റോമൻ സാമ്രാജ്യത്വത്തിന്റെ അസ്ഥിവാരം.

അടിമകൾ മാത്രമല്ല, കൈവേലക്കാർ, മീൻപിടുത്തക്കാർ, സ്വതന്ത്രൻമാരായ ഇടത്തരക്കാർ മുതലായ മറ്റു ജനവിഭാഗങ്ങളും ചൂഷണം ചെയ്യപ്പെട്ടിരുന്നു. പണമിടപാടുകാർ പലിശയ്ക്കു കടംകൊടുത്ത് സാധുക്കളെ ഞെക്കിപ്പിഴിയുകയും കൃത്യസമയത്തു പണം മടക്കിക്കൊടുക്കാത്തവരെ അടിമകളാക്കി മാറ്റുകയും ചെയ്തിരുന്നു.

മർദ്ദനം അസംതൃപ്തിയെ ക്ഷണിച്ചുവരുത്തി. അസംതൃപ്തി ചിലപ്പോൾ ലഹളകളായി രൂപാന്തരപ്പെട്ടു. അത്തരമൊരു ലഹളയാണ് ക്രിസ്തുവിന് 101 കൊല്ലങ്ങൾക്കു മുമ്പ് സിസിലിയയിൽ പൊട്ടിപ്പുറപ്പെട്ടത്.

ധനികവർഗ്ഗമാകെ ക്രോധംകൊണ്ടു തുള്ളി. ഇത്തരമൊരുസംഭവം ഇന്നിയുമുണ്ടാകാൻ പാടില്ലെന്നവർ തീരുമാനിച്ചു. അവർ പക വീട്ടാനൊരുങ്ങി.

ധനാഢ്യനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ 30 അടിമകൾ പ്രാണരക്ഷയ്ക്കുവേണ്ടി പർവ്വതദേശങ്ങളിലേക്ക് ഓടിപ്പോയി. ഉടമകളുടെ സൈന്യങ്ങൾ അവരെ പിന്തുടർന്നു.

അപ്പോളാണ് ചരിത്രത്തെ വെല്ലുവിളിച്ച മറ്റൊരു സംഭവമുണ്ടായത്. ഉടമകളുടെ ക്രോധാഗ്നിക്കിരയായ ആ 30 അടിമകളുടെ ഭാഗത്ത് റോമാ സാമ്രാജ്യത്തിലെ മുഴുവൻ അടിമകളും അണിനിരന്നു. സാൽവി എന്നു പേരായ ഒരടിമയുടെ നേതൃത്വത്തിൽ ആറായിരത്തിലധികം അടിമകൾ കയ്യിൽ കിട്ടിയ ആയുധങ്ങളുമെടുത്ത് ഭരണാധികാരികൾക്കെതിരായ ലഹളയാരംഭിച്ചു.

ലഹള മൃഗീയമായി അടിച്ചമർക്കപ്പെട്ടു. ആയിരക്കണക്കിന് അടിമകൾ കൊല്ലപ്പെട്ടു. ഉടമകൾ തൽക്കാലം രക്ഷപ്പെട്ടു. പക്ഷേ, റോമാ സാമ്രാജ്യമാകെ കൂടുതൽ വേഗത്തിൽ നാശത്തിലേക്ക് നീങ്ങി.

വീണ്ടും വീണ്ടും അടിമകൾ ലഹളയ്ക്കൊരുങ്ങി. വീണ്ടും വീണ്ടും അവർ അടിച്ചമർക്കപ്പെട്ടു.

മുപ്പതുകൊല്ലങ്ങൾക്കു ശേഷം, അതായത് ക്രിസ്തുവിന് മുമ്പ് 74-ൽ സ്പാർട്ടേക്കസ് എന്ന അടിമത്തലവന്റെ നേതൃത്വത്തിൽ മൂന്നുകൊല്ലത്തോളം നീണ്ടുനിന്നതും സാമ്രാജ്യത്തെയാകെ ഇളക്കിമറിച്ചതുമായ ഒരു വലിയ കലാപമുണ്ടായി. ഒടുവിൽ അതും പൈശാചികമായി മർദ്ദിച്ചമർക്കപ്പെടുകയാണുണ്ടായത്. ലഹളക്കാരോടും പകരംവീട്ടാൻ വേണ്ടി കാപ്പി മുതൽ റോം വരെയുള്ള നിരത്തിന്റെ ഇരുവശങ്ങളിലുമായി കുരിശിൻമേൽ തറച്ചുകൊല്ലപ്പെട്ട ആറായിരം അടിമകളുടെ ശവശരീരങ്ങൾ വരിവരിയായി കുത്തിനിർത്തപ്പെട്ടു. സാമ്രാജ്യത്തിലങ്ങോളമിങ്ങോളം നിരങ്കുശമായ സൈനിക സ്വേച്ഛാധിപത്യം നടമാടി.

കലാപം നടത്തിയ പരാജയമടഞ്ഞ ജനങ്ങൾക്കിടയിൽ നിരാശയും നിസ്സഹായതാബോധവും പരന്നുപിടിച്ചു. ഇനിയെന്തുചെയ്യും? മർദ്ദനങ്ങളിൽ നിന്നും കഷ്ടപാടുകളിൽ നിന്നും പുറത്തുകടക്കാൻ അവർ യാതൊരു വഴിയും കണ്ടില്ല.

യാതൊരുവഴിയും കണ്ടില്ലെന്നു പറഞ്ഞുകൂട. ഒരു വഴിയുണ്ട്; ദൈവം രക്ഷിക്കണം. തങ്ങളുടെ കഷ്ടപ്പാടുകൾ പരിഹരിക്കാൻ വേണ്ടി ഒരു ദൈവദൂതൻ, അല്ലെങ്കിൽ ദൈവപുത്രൻ, ഭൂമിയിലവതരിയ്ക്കണം. മർദ്ദകവർഗ്ഗക്കാരോടെതിരിട്ടു വിജയിക്കാൻ തങ്ങൾക്ക് ശക്തിയില്ലെന്നുള്ളത് ശരിയാണ്. പക്ഷേ, ദൈവദൂതൻവന്ന് തങ്ങളെ മോചിപ്പിക്കാതിരിക്കില്ല. അങ്ങിനെ, ഭൗതികമായ മർദ്ദനങ്ങളുടെ വേദനയിൽ നിന്ന് മതപരമായ പുതിയ ആശയങ്ങളും പുതിയ വിശ്വാസങ്ങളും തലപൊക്കി.

മനുഷ്യസ്നേഹികളായ പ്രവാചകൻമാരും പ്രചാരകൻമാരും നാടുനീളെ ചുറ്റിസഞ്ചരിച്ചുകൊണ്ട് മർദ്ദിതരെ സമാശ്വസിപ്പിക്കുകയും ആവേശംകൊള്ളിക്കുകയും ചെയ്തു. കഷ്ടപ്പെടുന്നവർ ഇനി ദുഃഖിക്കേണ്ടതില്ല. അവരുടെ കണ്ണീർ തുടയ്ക്കാൻ ദൈവദൂതൻ വരും. ദൈവദൂതനെ സ്വാഗതം ചെയ്ത് സ്വീകരിക്കുവാൻ എല്ലാവരും തയ്യാറായിരിക്കണം. മർദ്ദകൻമാർക്കു തക്കതായ ശിക്ഷ ലഭിക്കും. ‘ധനികനു സ്വർഗ്ഗത്തിലേക്ക് പോകാൻ കഴിയുന്നതിനേക്കാൾ എളുപ്പം ഒരു ഒട്ടകത്തിന് സൂചിത്തുളയിലൂടെ കടക്കാനാണ്.’

ക്രിസ്തുമതം ആരംഭിച്ചു കഴിഞ്ഞു.

അടിമകൾ, ഭാരംചുമക്കുന്നവർ, മീൻപിടുത്തക്കാർ, കൈവേലക്കാർ ചുരുക്കത്തിൽ മർദ്ദനങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്നവരെല്ലാം ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിച്ചു. ക്രിസ്തുവിനെപ്പറ്റിയുള്ള കഥകൾ റോമാസാമ്രാജ്യത്തിന്റെ നാനാഭാഗങ്ങളിലും പ്രചരിച്ചു. മർദ്ദകൻമാരുടെ ഭരണമവസാനിപ്പിക്കാനും ദൈവരാജ്യം സ്ഥാപിക്കാനും വേണ്ടി ദൈവദൂതൻ വരുമെന്ന വിശ്വാസം പരന്നുപിടിച്ചു.

യേശുക്രിസ്തു എന്നൊരാൾ യഥാർത്ഥത്തിൽ ജീവിച്ചിരുന്നുവോ എന്നതിനെപ്പറ്റി പണ്ഡിതൻമാർക്കിടയിൽ വലിയ തർക്കങ്ങളുണ്ടായിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും ജീവിച്ചിരുന്ന റോമൻ ചരിത്രകാരൻമാരാരും തന്നെ അങ്ങനെയൊരാളെപ്പറ്റി പ്രസ്താവിക്കുന്നില്ലെന്ന് ചിലർ ഉറപ്പിച്ച് പറയുന്നു. ജറുസലേം പിടിച്ചടക്കി ദൈവരാജ്യം സ്ഥാപിക്കുവാൻ വേണ്ടി ഹബ്റൂക്കളെ അണിനിരത്തിക്കൊണ്ട് ഒരു കലാപം നടത്തുകയും അതു പരാജയപ്പെട്ടപ്പോൾ പതിവുപോലെ റോമൻ ഗവർണ്ണരുടെ കൽപ്പനയനുസരിച്ച് കൊലചെയ്യപ്പെടുകയും ചെയ്ത ജോഷ്വ എന്ന ഒരു നേതാവിനെപ്പറ്റി ചരിത്രം പ്രതിപാദിക്കുന്നുണ്ടെന്നും ജോഷ്വയാണ് ജീസസ് (യേശു) ആയിത്തീർന്നതെന്നും അദ്ദേഹത്തെപ്പറ്റിയുള്ള സ്മരണകളും അദ്ദേഹം വീണ്ടും വരുമെന്ന വിശ്വാസവും അദ്ദേഹത്തിന്റെ അനുയായികൾക്കിടയിൽ നിലനിന്നുപോന്നുവെന്നും യേശുക്രിസ്തുവിനെപ്പറ്റിയുള്ള കഥകളുടെ ചരിത്രപരമായ അടിസ്ഥാനം ഇതായിരിക്കാനാണിടയുള്ളതെന്നും ആർച്ച് ബാൾഡ് റോബർട്ട്സൻ തന്റെ ‘ക്രിസ്തുമതത്തിന്റെ ഉത്ഭവം’ എന്ന ഗ്രന്ഥത്തിൽ അഭിപ്രായപ്പെടുന്നു.

ക്രിസ്തു ഒരു ചരിത്രപുരുഷനായിരുന്നുവോ എന്ന വാദപ്രതിവാദത്തിലേക്ക് ഇവിടെ പ്രവേശിക്കേണ്ടതില്ല. പക്ഷേ, ഒരു കാര്യം നിസ്സംശയമാണ്. ക്രിസ്തുവിന്റെ സ്വാധീനശക്തി ഒന്നാം നൂറ്റാണ്ടിൽതന്നെ പതിനായിരക്കണക്കിലുള്ള മർദ്ദിതജനങ്ങളെ ആവേശം കൊള്ളിക്കുകയും മർദ്ദനങ്ങൾക്ക് എതിരായി അണിനിരത്തുകയും ചെയ്ത ഒരു വിപ്ലവ പ്രസ്ഥാനമായി കഴിഞ്ഞിരുന്നു.

ക്രിസ്തുവിൽ വിശ്വസിക്കുന്നവർ — അതായത് ക്രിസ്ത്യാനികൾ — റോമാ സാമ്രാജ്യത്തിലെ പട്ടണപ്രദേശങ്ങളിൽ ചെറിയ ചെറിയ സംഘങ്ങൾ സ്ഥാപിച്ചു പ്രാർത്ഥിക്കാനും ഉപദേശപ്രസംഗങ്ങൾ നടത്താനും വേണ്ടി അവർ ഒന്നിച്ചുചേരും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കും, ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ജോലികൾ കണ്ടെത്താനും പരസ്പരം സഹായിക്കും. അടിമകളും കൈവേലക്കാരും മീൻപിടുത്തക്കാരും ഭാരംചുമക്കുന്നവരും മറ്റു ദരിദ്രപ്പരിഷകളും സംഘങ്ങളിൽ അംഗങ്ങളായി ചേർന്നു. ഒരു പട്ടണത്തിലെ സംഘത്തിന് മറ്റു പട്ടണങ്ങളിലെ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ദൈവരാജ്യം സ്ഥാപിക്കാൻ വേണ്ടി യേശുക്രിസ്തു വരുമെന്നവർ ദൃഢമായി വിശ്വസിച്ചു. ഉടമകളുടെയും പണമിടപാടുകാരുടെയും മർദ്ദനങ്ങളിൽ നിന്നു മോചനം നേടുക, നിലം എല്ലാവർക്കും കിട്ടത്തക്കവണ്ണം നീതിപൂർവ്വമായി വിഭജിക്കുക, സാധാരണക്കാരുടെ ദൈവത്തെ സ്നേഹശീലനും കരുണാനിധിയുമായ യഹോവയെ — വാഴ്ത്തുക എന്നിവയായിരുന്നു ദൈവരാജ്യത്തിന്റെ പരിപാടി എന്ന് ആർച്ചി ബാജൾഡ് റോബർട്ട്സൺ വ്യക്തമാക്കുന്നു. രണ്ടാം നൂറ്റാണ്ടാകുമ്പോഴേക്കും ദൈവരാജ്യത്തിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികളുടെ സംഘടനകൾ രാജ്യത്തിലെങ്ങും ഉയർന്നുവന്നു.

ക്രിസ്തുമതം വെറുമൊരു വിശ്വാസമായിരുന്നില്ല. അതൊരു ബഹുജനപ്രസ്ഥാനമായിരുന്നു. മർദ്ദകവർഗ്ഗക്കാർക്കെതിരായ ഒരു ജനകീയ പ്രക്ഷോഭമായിരുന്നു.

ധനികവർഗ്ഗക്കാരും അവരുടെ ഭരണത്തലവൻമാരും ക്രിസ്തുമതത്തിന്റെ പ്രചരണം തടയാൻ വേണ്ടി ആവുന്നതും പരിശ്രമിച്ചു നോക്കി. നെറികെട്ട മർദ്ദനങ്ങൾ നടത്തിനോക്കി. ക്രിസ്ത്യാനികൾ മതത്തിന്റെ ശത്രുക്കളാണെന്നും സ്ത്രീകളെ പൊതുസ്വത്താക്കുന്നവരാണെന്നും മറ്റുമുള്ള അപവാദങ്ങൾ പ്രചരിപ്പിച്ചുനോക്കി. പക്ഷേ, എന്തായിട്ടും ക്രിസ്ത്യാനികളുടെ പ്രക്ഷോഭം ദിവസം ചെല്ലുന്തോറും അധികമധികം പരന്നു പിടിക്കുകയാണ് ചെയ്തത്.

‘ഫ്രാൻസിലെ വർഗ്ഗസമരങ്ങൾ’ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ ഫ്രെഡറിക് ഏംഗൽസ് എഴുതുന്നു:

“ശരിക്കു പതിനാറു നൂറ്റാണ്ടുകൾക്കു മുമ്പ് അപകടം പിടിച്ച ഒരു ലഹളപ്പാർട്ടി റോമൻ സാമ്രാജ്യത്തിൽ വലിയ ഒരിളക്കമുണ്ടാക്കി. മതത്തേയും ഭരണയന്ത്രത്തിന്റെ അടിത്തറകളെയും അത് തുരങ്കം വച്ചു. സീസറുടെ ഇച്ഛയാണ് പരമമായ നിയമം എന്ന വാദത്തെ അത് പരിപൂർണ്ണമായും നിഷേധിച്ചു. അതിന് സ്വതന്ത്രമായ ഒരു മാതൃഭൂമി ഉണ്ടായിരുന്നില്ല. അത് സാർവ്വദേശീയമായിരുന്നു. സാമ്രാജ്യത്തിലെ എല്ലാ രാജ്യങ്ങളിലും ഗാൾ മുതൽ ഏഷ്യവരെയും സാമ്രാജ്യാതിർത്തികൾക്ക് അപ്പുറത്തേയ്ക്കും, അതു വ്യാപിച്ചു. വളരെക്കാലത്തോളം രഹസ്യമായിട്ടാണ്, അണ്ടർഗ്രൗണ്ടിൽ കഴിച്ചുകൂട്ടിക്കൊണ്ടാണ് അത് പ്രക്ഷോഭം നടത്തിയത്. ഒടുവിൽ പരസ്യമായി പ്രവർത്തിക്കത്തക്കവണ്ണം ശക്തിനേടിക്കൊണ്ട് അതു പുറത്തുവന്നു പ്രവർത്തിച്ചു. ഈ ലഹളപ്പാർട്ടി ക്രിസ്ത്യാനികളെന്ന പേരിലാണറിയപ്പെടുന്നത്.”

ക്രിസ്തുവിന് മുമ്പ് 61-ൽ നാടുവാണിരുന്ന നീറോ ചക്രവർത്തി ക്രിസ്ത്യാനികളെ നശിപ്പിയ്ക്കാൻവേണ്ടി ഒരു നീചമായ ശ്രമം നടത്തുകയുണ്ടായി. അദ്ദേഹം രഹസ്യമായി തന്റെ കിങ്കരൻമാരെ കൊണ്ട് റോം പട്ടണത്തെ അഗ്നിക്കിരയാക്കി; എന്നിട്ടും ക്രിസ്ത്യാനികളാണ് തീവച്ചതെന്ന് പറഞ്ഞുപരത്തുകയും ചെയ്തു. കുറ്റക്കാരെ ശിക്ഷിക്കണമെന്നു പറഞ്ഞ് ആയിരക്കണക്കിലുള്ള ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും ചെയ്തു. സാമ്രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചുകൊണ്ട് ക്രിസ്ത്യാനികളുടെ സംഘടനകൾ കെട്ടിപ്പടുത്ത സെൻറ് പാൾ, സെൻറ് പീറ്റർ എന്നീ സുപ്രസിദ്ധരായ ക്രിസ്തു ശിഷ്യൻമാർ നീറോവിന്റെ മർദ്ദനങ്ങളെ അഭിമുഖീകരിച്ചാണ് മരണം വരിച്ചത്. പക്ഷേ, നീറോ ചക്രവർത്തിക്കു ക്രിസ്ത്യാനികളുടെ ചോരയൊഴുക്കാനേ കഴിഞ്ഞുള്ളു, ക്രിസ്തുമതത്തെ നശിപ്പിക്കാൻ കഴിഞ്ഞില്ല. നേരെമറിച്ച് പ്രസ്തുത പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുകയാണുണ്ടായത്.

മുപ്പത്തിരണ്ടു കൊല്ലങ്ങൾക്കു ശേഷം ക്രി.മു. 96-ൽ ഡൊമീഷ്യൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ മറ്റൊരു കൂട്ടക്കൊല നടക്കുകയുണ്ടായി. അതും പരാജയപ്പെട്ടു. ക്രിസ്തുമതം പൂർവ്വാധികം ശക്തിപ്പെട്ടു.

ആരംഭത്തിൽ മർദ്ദിതരായ ദരിദ്രൻമാർ മാത്രമാണ് ക്രിസ്തുമത പ്രക്ഷോഭങ്ങളിൽ പങ്കുകൊണ്ടിരുന്നത്. എന്നാൽ ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും പ്രക്ഷോഭം സാർവ്വത്രികവും സാർവ്വദേശീയവുമായി ശക്തപ്പെടാൻ തുടങ്ങിയപ്പോൾ ധനികവർഗ്ഗക്കാർക്കിടയിൽനിന്നു പോലും അനേകം വ്യക്തികൾ അതിലേയ്ക്കാകർഷിക്കപ്പെട്ടു. ധനികൻമാർ തങ്ങളുടെ സ്വത്തുക്കളോടുകൂടിയാണ് ക്രിസ്ത്യൻ സംഘടനകളിലേയ്ക്കുവന്നത്. അതിന്റെ ഫലമായി ക്രിസ്ത്യൻ സഭകളുടെ സ്വത്തുക്കൾ മെല്ലെ മെല്ലെ വർദ്ധിയ്ക്കാൻ തുടങ്ങി. സ്വത്തുക്കളുടെയും പ്രാർത്ഥനകളുടെയും മേൽനോട്ടം നടത്താൻ വേണ്ടി ബിഷപ്പുമാർ എന്ന പേരിലറിയപ്പെടുന്ന നേതാക്കൻമാർ തെരഞ്ഞെടുക്കപ്പെട്ടു. ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള സഭകൾ ഒന്നിച്ചുകൂടിയിട്ടാണ് ക്രിസ്ത്യൻ പള്ളി രൂപവൽക്കരിക്കപ്പെട്ടത്. മൂന്നാം നൂറ്റാണ്ടായപ്പോഴേയ്ക്കും പള്ളി അവഗണിയ്ക്കപ്പെടാനാവാത്ത ഒരു ശക്തിയായി തീർന്നു.

പള്ളിയും ഭരണകൂടവും തമ്മിൽ ഗൗരവമേറിയ മത്സരങ്ങളാവിർഭവിച്ചു. ഭരണാധികാരികൾക്ക് പണത്തിന് വലിയ വിഷമം നേരിട്ട ഒരു ഘട്ടമായിരുന്നു അത്. കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി ക്രിസ്ത്യാനികളുടെ സ്വത്തുക്കൾ പിടിച്ചെടുക്കലാണെന്ന് അവർ വിചാരിച്ചു. അങ്ങിനെ മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ക്രിസ്തുമതത്തിന്റെ നേർക്കുള്ള മർദ്ദനപരിപാടികൾക്ക് ഊക്കുകൂടി. ക്രിസ്ത്യാനികൾ രാജ്യത്തിൽ അസംതൃപ്തിയും അസ്സമാധാനവും ആളിക്കത്തിക്കുന്ന രാജ്യദ്രോഹികളാണെന്നും പ്രഖ്യാപിക്കപ്പെട്ടു. ക്രിസ്ത്യൻ സഭകൾ നിരോധിക്കപ്പെട്ടു. സഭകളിലേക്കു വഴിപാടുകളും ദാനങ്ങളും തടയപ്പെട്ടു. സഭകളുടെ സ്വത്തുക്കൽ പിടിച്ചെടുക്കപ്പെട്ടു. ആയിരക്കണക്കിലുള്ള ക്രിസ്തുമതവിശ്വാസികൾ വധിക്കപ്പെട്ടു.

പക്ഷേ, ഇതുകൊണ്ടൊന്നും ആശിച്ച ഫലമുണ്ടായില്ല. മർദ്ദനങ്ങളെ വകവയ്ക്കാതെ ക്രിസ്ത്യാനികൾ തങ്ങളുടെ ആദർശങ്ങളുടെയും വിശ്വാസങ്ങളുടെയും പിന്നിൽ ഉറച്ചുനിന്നു. അതിന്റെ ഫലമായി അവരുടെ അന്തസ്സും സ്വാധീനശക്തിയും അതിവേഗം വർദ്ധിച്ചു. പട്ടാളക്കാർക്കിടയിൽപോലും ക്രിസ്തുമതവിശ്വാസം പരന്നുപിടിച്ചു. ഉയർന്ന ഉദ്യോഗസ്ഥൻമാർക്കിടയിലും, എന്തിന് രാജകൊട്ടാരങ്ങൾക്കകത്തുപോലും ക്രിസ്ത്യാനികളാവിർഭവിച്ചു.

ഈ സംഭവവികാസങ്ങളുടെ ഫലമായി മറ്റൊന്നുമുണ്ടായി. പള്ളിയുടെ സ്വത്തുക്കൾ വർദ്ധിച്ചതോടെ ക്രിസ്തുമത പ്രക്ഷോഭണത്തിന്റെ സ്വഭാവത്തിൽ ഒരു മാറ്റം പ്രത്യക്ഷപ്പെട്ടു. ധനികൻമാർ നുഴഞ്ഞുകയറിയതിന്റെ ഫലമായി ക്രമേണ ക്രിസ്തുമതത്തിന്റെ വിപ്ലവകരമായ ഉള്ളടക്കത്തിനുടവുതട്ടി. ഭരണാധികാരികളെ വണങ്ങണമെന്നും അവർക്കു കീഴടങ്ങണമെന്നും പള്ളിയുടെ തലവൻമാർ ബഹുജനങ്ങളെ ഉപദേശിക്കാൻ തുടങ്ങി. അങ്ങനെ നാലാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേയ്ക്കും വർഗസമരത്തിന്റെ സ്ഥാനത്ത് വർഗസഹകരണം തലപൊക്കാൻ തുടങ്ങി. ‘അടിമകളായ നിങ്ങൾ നിങ്ങളുടെ യജമാനനെ ദൈവത്തിന്റെ പ്രതിബിംബങ്ങളായി കണക്കാക്കണം.’ എന്നും മറ്റുമുള്ള ഉപദേശങ്ങൾ പ്രചരിപ്പിയ്ക്കാൻ തുടങ്ങി. ക്രി. 305-ൽ ഡയോക്ലീഷ്യൻ ചക്രവർത്തി അനാരോഗ്യം കാരണം സ്ഥാനത്യാഗം ചെയ്തതിന് ഭരണാധികാരികളുടെ നയത്തിലും ഒരു വമ്പിച്ച മാറ്റം കാണപ്പെട്ടു. ചക്രവർത്തിയുടെ അനന്തരാവകാശികളായ കോൺസ്റ്റാൻറീനും ലീസിനിയനും തമ്മിൽ സിംഹാസനത്തിനുവേണ്ടി നടത്തിയ വഴക്കുകളെ ക്രിസ്ത്യൻ സഭകൾ സമർത്ഥമായി ഉപയോഗിച്ചു. വഴക്കുകൾ നീണ്ടുനിൽക്കുംതോറും ക്രിസ്ത്യാനികളുടെ ശക്തി വർദ്ധിച്ചു. ഒടുവിൽ ക്രി. 313-ൽ മിലാനിൽവച്ച് കോൺസ്റ്റാൻറീനും ലിസീനിയനും തമ്മിൽ സന്ധിയായി. സാമ്രാജ്യത്തിലെ പടിഞ്ഞാറൻ ഭാഗങ്ങൾ കോൺസ്റ്റാൻറീനും കിഴക്കൻ ഭാഗങ്ങൾ ലിസിനിയനും പങ്കിട്ടെടുത്തു. അതോടൊപ്പം തന്നെ രണ്ടുപേരും ഒപ്പിട്ട ഒരുകൽപ്പനയും പുറത്തുവന്നു. ‘എഡിക്റ്റ് ഓഫ് മിലാൻ’ എന്ന പേരിൽ അറിയപ്പെടുന്ന ആ കൽപ്പന അനുസരിച്ച് ക്രിസ്തുമതത്തിന് മറ്റ് മതങ്ങളോട് തുല്യമായ പദവി നൽകപ്പെട്ടു.

(ജനയുഗം 1955 സെപ്തംബർ 9)