അദ്ധ്യായം 3
ഉറുപ്പിക
3.1ഇന്ത്യയിലെ പ്രാചീന നാണ്യങ്ങൾ

മറ്റുരാജ്യങ്ങളിലെന്നപോലെതന്നെ ഇന്ത്യയിലും നാണയമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. പ്രാചീനനിവാസികളുടെ ഇടയിൽ ‘ബാർട്ടർ’ എന്ന പേരിലറിയപ്പെടുന്ന നേരിട്ടുള്ള കൈമാറ്റ (ചരക്കുകൊടുത്തു പകരം ചരക്കുവാങ്ങുക)മാണ് നടപ്പുണ്ടായിരുന്നത്. പിന്നീട് കൊള്ളക്കൊടുക്കകളുടെ വളർച്ചയോടൊപ്പം പശുവും ചില ലോഹങ്ങളും കൈമാറ്റത്തിൽ മദ്ധ്യവർത്തികളായിത്തീർന്നു. പഴയ സംസ്കൃതഗ്രന്ഥങ്ങളിൽ പലതിലും സ്വർണ്ണത്തെപ്പറ്റി പറയുന്നുണ്ട്. ആ പ്രാചീന കാലത്തുതന്നെ സ്വർണ്ണവും വെള്ളിയും പണമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. എങ്കിലും ആദ്യകാലത്തു നാണ്യങ്ങളുണ്ടായിരുന്നില്ല. പണം തൂക്കിക്കൊടുക്കുകയാണ് ചെയ്തിരുന്നത്. ഋഗ്വേദകാലങ്ങളിൽ മുദ്രണം ചെയ്യപ്പെടാത്ത സ്വർണക്കട്ടികളും വെള്ളിവാളങ്ങളുമാണ് കറൻസിയായി ഉപയോഗിക്കപ്പെട്ടിരുന്നത്.

518 ബി.സി.ക്കുശേഷം വടക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങൾ പേർഷ്യൻ ചക്രവർത്തിയുടെ കീഴിലായിരുന്ന കാലത്ത് ഇന്ത്യയിൽ നിന്നു കൊല്ലംതോറും 360 ടാലന്റ് (ഒരു ടാലന്റ് സുമാർ 57 റാത്തൽ) സ്വർണപ്പൊടി മഹാനായ ചക്രവർത്തിക്കു കപ്പമായി കൊടുത്തിരുന്നുവെന്നു ഹെറഡോട്ടസ് എന്ന ചരിത്രകാരൻ പ്രസ്താവിക്കുന്നുണ്ട്. നാണ്യക്കണക്കിലല്ല തൂക്കത്തെ അടിസ്ഥാനപ്പെടുത്തിയാണ് അക്കാലത്ത് ‘പണം’ ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് ഇതിൽനിന്നു തീരുമാനിക്കാം.

3.1.1നാണ്യനിർമ്മാണം

മറ്റുരാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും, ക്രമത്തിൽ നിശ്ചിതമായ തൂക്കവും മാറ്റുമുള്ള ലോഹത്തുണ്ടുകൾ കൈമാറ്റത്തിനുപയോഗിച്ചുതുടങ്ങി. അങ്ങനെ മെല്ലെ മെല്ലെ വ്യക്തമായ രൂപങ്ങളും പേരുകളുമുള്ള പല നാണ്യങ്ങളും ആവിർഭവിച്ചു.

കാശിയിൽ നിന്നും പുറപ്പെടുന്ന ‘നാഗരീപ്രചാരിണി’ പത്രികയുടെ ഒരു പഴയ ലക്കത്തിൽ (1997 വൈശാഖ്) പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിൽ ഇന്ത്യയുടെ പ്രാചീന നാണയങ്ങളെപ്പറ്റിയുള്ള ചില രസകരമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. ബുദ്ധന്റെ കാലത്തിനുമുമ്പു പ്രചരിച്ചിരുന്ന ചില പ്രാചീന നാണ്യങ്ങൾ താൻ നേരിട്ടു കാണുകയുണ്ടായിട്ടുണ്ടെന്ന് ലേഖകൻ (ശ്രീ ദുർഗ്ഗാപ്രസാദ്) അവകാശപ്പെടുന്നു. പണം, കാർഷാപണം മുതലായ പേരുകളിൽ പ്രചരിച്ചിരുന്ന വെള്ളിനാണ്യങ്ങളെപ്പറ്റിയും നിഷ്കം, പാദം മുതലായ ചിലസ്വർണ്ണനാണയങ്ങളെപ്പറ്റിയും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. കൗടില്യന്റെ അർത്ഥശാസ്ത്രം രണ്ടാമധികരണം പന്ത്രണ്ടാമധ്യായത്തിൽ അക്കാലത്തെ നാണ്യനിർമ്മാണത്തെപ്പറ്റി ഇങ്ങനെ പറയുന്നു:

‘ലക്ഷണാധ്യക്ഷൻ (കമ്മട്ടത്തിന്റെ അധ്യക്ഷൻ) നാലിലൊരു ഭാഗം (നാലുമാഷം) ചെമ്പ് ഒരു മാഷം ഉരുക്കോ വെള്ളീയമോ ഈയമോ അഞ്ജനമോ ചേർത്ത് രൂപ്യ (രൂപാ വെള്ളിനാണ്യ)മായിരിക്കുന്ന പണത്തെയും അതിൽ പകുതി വീതം ചേർത്ത് അർദ്ധപണത്തെയും അതിൽ പകുതിവീതം ചേർത്ത് പാദ (കാൽപണ)ത്തെയും അതിൽ പകുതി വീതം ചേർത്ത് അഷ്ടഭാഗ (അരകാൽപണ)ത്തെയും നിർമ്മിപ്പിക്കണം. നാലിലൊരുഭാഗം വെള്ളിച്ചേർത്തു താമ്രരൂപമായ മാഷകം, അർദ്ധമാഷകം, കാകണി, അർദ്ധകാകണി എന്നിവയും നിർമ്മിപ്പിക്കണം.’

രൂപദർശകൻ (നാണ്യപരിശോധകൻ) നാട്ടിൽ വ്യവഹാരത്തിനു വേണ്ടതും കോശത്തിൽ വയ്ക്കേണ്ടതുമായ പണത്തിന്റെ മാത്രമായ വ്യവസ്ഥപ്പെടുത്തണം. [1]

ഒരു പണത്തിനു പതിനാറുമാഷത്തൂക്കം അതിൽ നാലുമാഷം ചെമ്പ്, പതിനൊന്നുമാഷം വെള്ളി, ഒരു മാഷം ഉരുക്ക് വെള്ളീയം മുതലായ മറ്റുപലതും — ഇങ്ങനെ എല്ലാ നാണ്യങ്ങളും തൂക്കത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നാലു മാഷം വെള്ളിയും പതിനൊന്നു മാഷം ചെമ്പും ഒരു മാഷം ഉരുക്കും മുതലായവയിലൊന്നും അടങ്ങിയതായിരുന്നു മാഷകം [2]

3.1.2നാണ്യങ്ങളിലെ കൊത്തുപണികൾ

ആദ്യകാലത്തു നാണ്യങ്ങളിന്മേൽ രാജാവിന്റെ ചിത്രമോ മറ്റുതരത്തിലുള്ള എഴുത്തുകളോ ഉണ്ടായിരുന്നില്ല. നാണ്യത്തിലടങ്ങിയ ലോഹത്തിന്റെ തൂക്കവും മറ്റും മാത്രമാണ് ആളുകൾ നോക്കിയിരുന്നത്. എന്നാൽ ക്രമത്തിൽ ജനങ്ങളുടെ കലാബോധം മറ്റു സ്ഥലങ്ങളിലെന്നപോലെതന്നെ നാണ്യങ്ങളുടെ മേലും പ്രതിഫലിക്കാൻ തുടങ്ങി. ചില പ്രാചീനനാണ്യങ്ങളിന്മേൽ ആന, നായ, മരം മുതലായവയുടെ ചിത്രങ്ങൾ കൊത്തിയുണ്ടാക്കിയിരുന്നുവെന്നും പറയപ്പെടുന്നു.

വൃത്താകാരത്തിലുള്ള മൂന്നു പുള്ളികളോടുകൂടിയ ചെറിയ വെള്ളിക്കഷണങ്ങളായിരുന്നു ആദ്യകാലത്തെ നാണ്യങ്ങളെന്നു സി.ജെ. ബ്രൗൺ എന്ന ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു. [3]

പിന്നീട് പ്രചാരത്തിൽ വന്നത് വളഞ്ഞതും ഒരു ഭാഗത്തു ചിത്രപ്പണികൾ കൊത്തിയുണ്ടാക്കിയതുമായ വെള്ളിവാളമായിരുന്നു. ഇത്തരം വിചിത്രനാണ്യങ്ങൾ ക്രിസ്താബ്ദം പതിനാലാം നൂറ്റാണ്ടുവരെയും തെക്കെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും പ്രചരിച്ചിരുന്നുവെന്നു മിസ്റ്റർ ബ്രൗൺ പ്രസ്താവിക്കുന്നു. നേരെ മറിച്ച്, വിദേശീയാക്രമങ്ങളുടെ ഫലമായി വടക്കെ ഇന്ത്യയിലെ നാണ്യങ്ങൾ കൂടുതൽ വേഗത്തിലാണ് പരിഷ്ക്കരിക്കാൻ തുടങ്ങിയത്. വടക്കേ ഇന്ത്യയുടെ പ്രാചീന നാണ്യങ്ങളിൽ ഗ്രീക്കുകാരുടെയും റോമൻകാരുടെയും മറ്റും നാണ്യങ്ങളുടെ അനുകരണങ്ങൾ ധാരാളം കാണാവുന്നതാണ്. ഗുപ്തൻമാരുടെയും പിന്നീടു രജപുത്രൻമാരുടെയും കാലത്തെ നാണ്യങ്ങൾ താരതമ്യേന ഭംഗികൂടിയവയായിരുന്നുവെന്നറിയുന്നു.

മുഹമ്മദ് ഗോറിയുടെ ആക്രമണത്തിനുശേഷമുണ്ടായ അതിപ്രധാനമായ ഒരു മാറ്റം നാണ്യങ്ങളിന്മേൽ ബിംബങ്ങളും മറ്റും കൊത്തിയുണ്ടാക്കാൻ പാടില്ലെന്നു തീരുമാനിച്ചതാണ്. അക്കാലത്ത് മദ്ധേഷ്യയുമായുള്ള വ്യാപാരം വളരെ വർദ്ധിക്കുകയുണ്ടായി. എന്നാൽ ആ തോതനുസരിച്ച് സ്വർണത്തിന്റെ ഉൽപാദനം വർദ്ധിച്ചില്ല. അതുകൊണ്ടായിരിക്കണം സ്വർണനാണ്യങ്ങളെക്കാളധികം വെള്ളിനാണ്യങ്ങൾക്കു പ്രചാരവും പ്രാബല്യവും ലഭിക്കാൻ തുടങ്ങിയത്.

3.1.3ഉറുപ്പികയുടെ വരവ്:

മുഗൾ ചക്രവർത്തിമാരിൽ ബാബറുടെയും ഹുമയൂണിന്റെയും ഭരണകാലങ്ങളിൽ ‘ശഹദുഖീ’ ‘ദീർഹം’ എന്നീ പുതിയ വെള്ളിനാണ്യങ്ങൾ അടിച്ചിറക്കുകയുണ്ടായി. എങ്കിലും അവയ്ക്കു താൽക്കാലിക പ്രചാരം മാത്രമേ ഉണ്ടായുള്ളു. പിന്നീട് അധികാരത്തിൽവന്ന ഷേർഷായുടെ കാലത്താണ് യഥാർത്ഥത്തിൽ സ്ഥായിയായി പല പരിഷ്ക്കാരങ്ങളും വന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് വെള്ളിയുറുപ്പിക ആദ്യമായി നിർമ്മിക്കാൻ തുടങ്ങിയത് എന്ന കാര്യത്തിൽ ഗവേഷകൻമാർ തികച്ചും യോജിക്കുന്നുണ്ട്. വെള്ളിയുറുപ്പികയിൽ 172.5 ഗ്രെയിൻ വെള്ളിയാണടങ്ങിയിരുന്നത്. ഉറുപ്പികയ്ക്കു പുറമെ ‘ദം’ എന്നൊരു ചെമ്പുനാണ്യവുമുണ്ടായിരുന്നു. ഔറംഗസീബിന്റെ കാലംവരേയും ഈ ദം നാണ്യങ്ങൾ സ്റ്റേറ്റിന്റെ വരവുചിലവുകൾക്കുപയോഗിക്കപ്പെട്ടുപോന്നിരുന്നു. ഒരു ദമ്മിൽ 328.5 ഗ്രെയിൻ ചെമ്പാണടങ്ങിയിരുന്നത്. ചെറിയ കൊള്ളക്കൊടുക്കകൾക്ക് ദമ്മിന്റെ എട്ടിലൊരു ഭാഗം വിലവരുന്ന ‘ദമ്മിടി’ എന്ന ഒരു തരം ചെറുനാണ്യവും പ്രചരിച്ചിരുന്നു. 1616 വരെ ഒരു ഉറുപ്പിക 40 ദമ്മിനു സമമായിരുന്നു. 1627 മുതൽക്ക് 30 ദമ്മിനു സമമായി.

കൂഫിയിലും ഹിന്ദിയിലുമുള്ള ചില അക്ഷരങ്ങളാണ് ഷെർഷയുടെ നാണ്യങ്ങളെ അലങ്കരിച്ചിരുന്നത്. അക്ബറും ജഹാംഗീറും നാണ്യനിർമ്മാണത്തിൽ കലാപരമായ ചില പരിഷ്ക്കാരങ്ങൾ വരുത്തുകയും ചില പുതിയ നാണ്യങ്ങൾ അടിച്ചിറക്കുകയും ചെയ്തു. അവരുടെ കാലത്തു പ്രചരിച്ചിരുന്ന പ്രധാന സ്വർണനാണ്യം 170 മുതൽ 175 ഗ്രെയിൻ വരെ തൂക്കമുള്ള മുഹർ (മോഹർ എന്നും പറയും) ആയിരുന്നു. മോഹറിനു പുറമെ അര മോഹർ കാൽമോഹർ മുതലായ നാണ്യങ്ങളുണ്ടായിരുന്നു. ഷേർഷയുടെ കാലംമുതൽക്കുതന്നെ പ്രചരിച്ചുവന്നിരുന്ന വെള്ളിയുറുപ്പികയ്ക്ക് 178 ഗ്രെയിൻ തൂക്കമാണുണ്ടായിരുന്നത്. അര ഉറുപ്പിക, കാലുറുപ്പിക അരയ്ക്കാലുറുപ്പിക മാഹാണി ഉറുപ്പിക മുതലായവയും പ്രചരിച്ചിരുന്നു. ഇതിനെല്ലാം പുറമെ ചില സവിശേഷാവശ്യങ്ങൾക്കുവേണ്ടി ചിലപ്പോൾ ചില പ്രത്യേക നാണ്യങ്ങളും അടിച്ചിറക്കുക പതിവായിരുന്നു. സമ്മാനങ്ങളുടെ ആവശ്യത്തിനുവേണ്ടിയുള്ള ‘സിസർ’ നാണ്യങ്ങളും ജഹാംഗീർ പുറപ്പെടുവിച്ച ‘നൂർ അഫ്ഷൻ’ (വെളിച്ചം പരക്കുന്നു) എന്ന നാണ്യവും ഇത്തരത്തിൽപ്പെട്ടവയാണ്. മുഗൾ ചക്രവർത്തിമാർ കലാവിദ്യയിൽ ശ്രുതിപ്പെട്ടവരായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. ജഹാംഗീർ അടിച്ചിറക്കിയ ചില നാണ്യങ്ങളിന്മേൽ കയ്യിൽ ഒരു വീഞ്ഞുകോപ്പയുമായി അദ്ദേഹം ചമ്മണംപടിഞ്ഞിരിക്കുന്ന ചിത്രം കൊത്തിയിരുന്നു. തന്റെ അന്തഃപുരത്തിലെ സുന്ദരികൾക്കു സമ്മാനം കൊടുക്കാൻവേണ്ടിയുണ്ടാക്കിയ നാണ്യങ്ങളായിരുന്നു അവ.

ഹൈദരാലിയുടെ കാലത്ത് ബഹാദൂരിപഗോഡ എന്ന പേരിലറിയപ്പെടുന്ന ചില നാണ്യങ്ങൾ പ്രചരിച്ചിരുന്നു. ഈ നാണ്യങ്ങളുടെ ഒരു ഭാഗത്ത് ഹൈദറുടെ പേരിന്റെ ആദ്യത്തെ ഉറുദു അക്ഷരവും മറുഭാഗത്ത് പാർവ്വതീ പരമേശ്വരൻമാർ അടുത്തടുത്തിരിക്കുന്ന ചിത്രവുമാണുണ്ടായിരുന്നത്. 1763-ൽ ഹൈദർ കീഴടക്കിയ ഇക്കേരിരാജാക്കൻമാരുടെ നാണ്യങ്ങളിന്മേലും ഈ ചിത്രമുണ്ടായിരുന്നുവെന്നും അത് മാറ്റാതിരിക്കുക മാത്രമാണ് ഹൈദർ ചെയ്തതെന്നും ചില ഗ്രന്ഥകാരൻമാർ അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും മുസ്ലീം ചക്രവർത്തികൾക്കു ഹിന്ദുമതത്തോടുള്ള സഹിഷ്ണുത ഇതിൽനിന്നു വ്യക്തമാകുന്നുണ്ടെന്നു തീർച്ചയാണ്.

3.1.4നാണ്യങ്ങളുടെ വൈവിധ്യം

മുഗൾ സാമ്രാജ്യത്തിന്റെ നാശത്തോടൊപ്പം നിലവിലുണ്ടായിരുന്ന കറൻസി വ്യവസ്ഥയും ഛിന്നഭിന്നമായിത്തീർന്നു. സ്വതന്ത്രരായ വിവിധരാജാക്കൻമാർ സ്വന്തം നാണ്യങ്ങളടിച്ചിറക്കാൻ തുടങ്ങി. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന ആ രാജാക്കൻമാർ താന്താങ്ങളുടെ രാജ്യസീമകൾക്കുള്ളിൽ താന്താങ്ങളുടെ നാണ്യങ്ങൾ മാത്രമാണ് പ്രചരിപ്പിച്ചിരുന്നത്. ചെമ്പ്, വെള്ളി, സ്വർണ്ണം എന്നീ ലോഹങ്ങൾകൊണ്ടുള്ള വിഭിന്നനാണ്യങ്ങൾ ഒരേസമയത്ത് നിശ്ചിതമായ ബന്ധമൊന്നുമില്ലാതെതന്നെ പ്രചരിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുപോലും 994 വിവിധ നാണ്യങ്ങൾ പ്രചരിച്ചിരുന്നുവത്രേ (Maclees Indian Currency Page 13) ഉറുപ്പിക നാണ്യങ്ങൾ തന്നെയും പലേടത്തും പലതരത്തിലായിരുന്നു. ബങ്കാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 27-ൽ കുറയാത്ത തരത്തിലുള്ള ഉറുപ്പിക നാണ്യങ്ങൾ പ്രചരിച്ചിരുന്നുവത്രേ!

ഈ കുഴപ്പം പിടിച്ച പരിതസ്ഥിതിയിലാണ് ഈസ്റ്റിന്ത്യാകമ്പനിക്കാർ മെല്ലെമെല്ലെ തങ്ങളുടെ ഭരണാധികാരമുറപ്പിക്കാൻ മുതിർന്നത്. തങ്ങളുടെ കച്ചവടത്തിന്റെ വളർച്ചയ്ക്ക് സ്വന്തമായ നാണ്യങ്ങൾ അടിച്ചിറക്കേണ്ടതാവശ്യമാണെന്നവർ മനസ്സിലാക്കി. 1742-ൽ മുഹമ്മദ്ഷായുടെ കയ്യിൽനിന്നും ‘ആർക്കാട് ഉറുപ്പികകൾ’ അടിക്കാനുള്ള അവകാശം കമ്പനിക്കാർ സമ്പാദിച്ചു. ഇങ്ങനെ ക്രമത്തിൽ ക്രമത്തിൽ കീഴടക്കപ്പെട്ട രാജ്യങ്ങളുടെ വിസ്താരത്തോടൊപ്പം നാണ്യമടിക്കാനുള്ള അവകാശധികാരങ്ങളും അവർ നേടിക്കൊണ്ടിരുന്നു.

വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത നാണ്യങ്ങളാണ് പ്രചരിച്ചിരുന്നത്. നാണ്യങ്ങളുടെ ഈ വൈവിധ്യവും ആധിക്യവും കച്ചവടത്തിന്റെ പുരോഗതിക്ക് തടസ്സമായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങൾ തമ്മിൽ വ്യാപാരബന്ധം വളരാൻ തുടങ്ങിയപ്പോൾ ഈ കുഴപ്പം കൂടുതൽ ദുസ്സഹമായിത്തീർന്നു. ബങ്കാൾ മുതലായ ചില സ്ഥലങ്ങളിലെ സ്ഥിതി ഏറ്റവും വിഷമം പിടിച്ചതായിരുന്നു. ഒരു ജില്ലയിൽ പ്രചരിച്ചിരുന്ന നാണ്യങ്ങൾക്കു മറ്റു ജില്ലകളിൽ പ്രവേശനമുണ്ടായിരുന്നില്ല. ചിലപ്പോൾ ഒരേ ജില്ലയ്ക്കുള്ളിൽത്തന്നെ വിവിധ നാണ്യങ്ങൾ നടപ്പിലുണ്ടായിരുന്നു!

ഈസ്റ്റിന്ത്യാ കമ്പനിക്കാർക്കു തങ്ങളുടെ സ്വന്തമായ വെള്ളിനാണ്യങ്ങളും സ്വർണ്ണനാണ്യങ്ങളും ഉണ്ടായിരുന്നു. വെള്ളിനാണ്യവും സ്വർണ്ണനാണ്യവും തമ്മിൽ നിശ്ചിതമായ ഒരു ബന്ധം ആദ്യംമുതൽക്കേ നിലനിർത്തിപ്പോന്നുവെന്നുള്ളതു വാസ്തവമാണ്. വെള്ളിനാണ്യങ്ങളുടെയും സ്വർണ്ണനാണ്യങ്ങളുടെയും വിലകൾ അവയുടെ ലോഹവിലകളെ ആശ്രയിച്ചിരിക്കണമെന്നു നിശ്ചയിക്കപ്പെട്ടിരുന്നു. പക്ഷേ, ഇതത്ര എളുപ്പമായിരുന്നില്ല. സ്വർണ്ണനാണ്യങ്ങളും വെള്ളിനാണ്യങ്ങളും തമ്മിൽ നിശ്ചിതമായ ബന്ധം നിലനിർത്തണമെങ്കിൽ വെള്ളിയുടെയും സ്വർണ്ണത്തിന്റെയും വിലകൾക്കു നിശ്ചിതവും മാറ്റമില്ലാത്തതുമായ ഒരു ബന്ധമുണ്ടായിരിക്കേണ്ടിവരും. എന്നാൽ ഇത് സാദ്ധ്യമായിരുന്നില്ല. കാരണം സ്വർണ്ണത്തിന്റെ വില വർദ്ധിക്കുമ്പോൾ സ്വർണ്ണനാണ്യങ്ങളും, വെള്ളിയുടെ വില വർദ്ധിക്കുമ്പോൾ വെള്ളിനാണ്യങ്ങളും പ്രചാരത്തിൽ നിന്നു പിൻവലിയുകയും വില കുറഞ്ഞ നാണ്യങ്ങൾ പ്രചാരത്തിൽ വരികയും ചെയ്യുമെന്നതുതന്നെ.

3.1.5പരിഷ്ക്കരിച്ച ഉറുപ്പിക

ഈ ബുദ്ധിമുട്ടുകളെല്ലാം പരിഹരിക്കാൻ നാണ്യനയത്തിൽ ചില പരിഷ്ക്കാരങ്ങൾ കൂടിയേതീരൂ എന്നായി. വാസ്തവത്തിൽ ഇന്ത്യയിലെ പ്രധാനവിഭാഗങ്ങളെല്ലാം ഒരേ ഭരണാധികാരത്തിലായിക്കഴിഞ്ഞ സ്ഥിതിക്കു നാണ്യനയസംബന്ധിയായ പരിഷ്ക്കാരങ്ങളേർപ്പെടുത്തുവാനും ഒരേ തരത്തിലുള്ള നാണ്യങ്ങൾക്കു പ്രചുരമായ പ്രചാരം നൽകാനും വളരെ പ്രയാസമുണ്ടായിരുന്നില്ല. [4]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തുതന്നെ ഈസ്റ്റിന്ത്യാകമ്പനിക്കാരുടെ കീഴിലുള്ള വിഭിന്ന സംസ്ഥാനങ്ങൾ ഒരേതരത്തിലുള്ള നാണ്യങ്ങൾ പ്രചാരത്തിൽ വരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികഴിഞ്ഞിരുന്നു. 1818-ൽ മദ്രാസുസംസ്ഥാനത്തിലെ അടിസ്ഥാന നാണ്യമായ സ്വർണ്ണപഗോഡയുടെ സ്ഥാനത്ത് 180 തൂക്കവും 12-ൽ 11 ഭാഗം ലോഹശുദ്ധിയുമുള്ള വെള്ളിയുറുപ്പിക അടിച്ചിറക്കുവാൻ തുടങ്ങി. 1823-ൽ ബോംബെയിൽ പ്രചരിച്ചിരുന്ന ഉറുപ്പിക മദ്രാസിലെ പുതിയ ഉറുപ്പികയ്ക്ക് സമാനമാക്കിത്തീർത്തു. ഒടുവിൽ 1835-ൽ ഈ പരിഷ്ക്കരണങ്ങൾക്കെല്ലാം മകുടംവെയ്ക്കുന്ന ഒരു പുതിയ മുദ്രണനിയമത്തെയും നടപ്പിൽവരുത്തി.

3.2വെള്ളിമാനം

1835-ലെ മുദ്രണനിയമം ഇന്ത്യയുടെ നാണ്യനയത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. ഈ നിയമപ്രകാരമാണ് ഇന്ത്യയിൽ ആദ്യമായി വെള്ളിമാനവ്യവസ്ഥ (Silver standard) സ്ഥാപിതമായത്. കൊള്ളക്കൊടുക്കക്കൾക്ക് വെള്ളിയുറുപ്പികയുപയോഗിക്കാൻ ആളുകൾ നിർബന്ധിതരായിത്തീർന്നു. വെളളിയുറുപ്പിക ഇന്ത്യയുടെ അടിസ്ഥാനനാണ്യമായി അംഗീകരിക്കപ്പെട്ടു. ആക്ടിലെ പ്രധാന വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്.

  1. ഈസ്റ്റിന്ത്യാകമ്പനിയുടെ ഭരണസീമയ്ക്ക് എല്ലായിടത്തും വെള്ളിയുറുപ്പിക അടിസ്ഥാനനാണ്യമായി സ്വീകരിക്കപ്പെടുന്നതാണ്. ഈ പുതിയ ഉറുപ്പികയുടെ തൂക്കം 180 ഗ്രേൻ ആയിരിക്കും. അതിൽ 11/12 ഭാഗം (അതായത് 165 ഗ്രേൻ) തനി വെള്ളിയും ബാക്കി 15 ഗ്രേൻ കൂട്ടും അടങ്ങിയിരിക്കുന്നു. ഇതേ തോതിൽതന്നെ വെള്ളികൊണ്ടുള്ള അരയുറുപ്പിക നാണ്യങ്ങളും കാലുറുപ്പിക നാണ്യങ്ങളും അരയ്ക്കാലുറുപ്പിക നാണ്യങ്ങളും അടിച്ചിറക്കപ്പെടുന്നതാണ്.

  2. കമ്പനിയുടെ ഭരണസീമയ്ക്കുള്ളിൽ എവിടേയും സ്വർണനാണ്യങ്ങൾ ‘ലീഗൽടെൻഡറാ’യി സ്വീകരിക്കപ്പെടുകയില്ല. അതായതു കമ്പനിയുടെ കീഴിലുള്ള യാതൊരാളും സ്വർണ്ണനാണ്യങ്ങൾ വാങ്ങുവാനോ കൊടുക്കുവാനോ നിയമപ്രകാരം ചുമതലപ്പെടുകയില്ല. എങ്കിലും ചില പ്രത്യേകതരത്തിലുള്ള സ്വർണ്ണങ്ങളുടെ മുദ്രണത്തെ നിയമം തടയുകയില്ല. വെള്ളിയുറുപ്പികയ്ക്കുള്ളത്ര തന്നെ തൂക്കവും (180 ഗ്രേൻ = 3/8 ഔൺസ്) ലോഹശുദ്ധിയുമുള്ള സ്വർണ്ണമോഹറുകൾ അടിച്ചിറക്കാവുന്നതാണ്. ഈ സ്വർണ്ണനാണ്യങ്ങൾ മോഹറിനു 15ക. എന്ന തോതിൽ ഉപയോഗിക്കപ്പെടുകയും ചെയ്യാം. പക്ഷേ, എന്തായാലും, അടിസ്ഥാനനാണ്യം വെള്ളിയുറപ്പികതന്നെയായിരിക്കും.

3.2.1സ്വർണ്ണനാണ്യവും വെള്ളിനാണ്യവും

ആദ്യകാലത്തു സ്വർണ്ണം, വെള്ളി എന്നീ രണ്ടു ലോഹങ്ങൾക്കൊണ്ടുള്ള നാണ്യങ്ങൾ ഇന്ത്യയിൽ മാത്രമല്ല മിക്ക പരിഷ്കൃതരാജ്യങ്ങളിലും പ്രചരിച്ചിരുന്നു. ലോഹങ്ങളുടെ വിലയിൽ കയറ്റിറക്കങ്ങൾ നേരിട്ടിരുന്നത് കൊണ്ട് ഈ ദ്വിലോഹനാണ്യവ്യവസ്ഥ (Bimetalism) വ്യാപാരത്തിന്റെ വളർച്ചയ്ക്കു ഹാനികരമായിത്തീർന്നു. ഏതെങ്കിലുമൊരു ലോഹത്തെ അടിസ്ഥാനനാണ്യമായുപയോഗിക്കേണ്ടതിന്റെ ആവശ്യകത പരിഷ്കൃതരാജ്യങ്ങൾക്കു ബോധ്യപ്പെടുവാൻ തുടങ്ങി. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലമായപ്പോഴേക്കും യൂറോപ്പിലെ പല രാജ്യങ്ങളും സ്വർണ്ണനാണ്യങ്ങളെ അടിസ്ഥാനനാണ്യങ്ങളായി സ്വീകരിച്ചു. വിഭിന്നരാജ്യങ്ങളിലെ സ്വർണ്ണനാണ്യങ്ങളുടെ പേരുകൾ വ്യത്യസ്തങ്ങളായിരുന്നു. നാണ്യങ്ങളുടെ തൂക്കവും ഒരുപോലെയായിരുന്നില്ല. എങ്കിലും ഓരോ നാണ്യത്തിനും നിശ്ചിതമായ തൂക്കവും മാറ്റുമുണ്ടായിരുന്നതുകൊണ്ടും അതിന്റെ ലോഹവിലയും മുഖവിലയും തമ്മിൽ പൊരുത്തക്കേടില്ലാതിരുന്നതുകൊണ്ടും രാജ്യങ്ങൾ തമ്മിലുള്ള കൊള്ളക്കൊടുക്കകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാരണം, ഒരു രാജ്യത്തിന്റെ സ്വർണ്ണനാണ്യവും മറ്റൊരു രാജ്യത്തിന്റെ സ്വർണ്ണനാണ്യവും തമ്മിലുള്ള ബന്ധം എളുപ്പത്തിൽ കണക്കാക്കാൻ കഴിഞ്ഞിരുന്നു.

മറ്റെല്ലാ പരിഷ്കൃത രാജ്യങ്ങളും അടിസ്ഥാനനാണ്യങ്ങൾക്കു സ്വർണ്ണമുപയോഗിക്കാൻ തുടങ്ങിയ അതേകാലത്ത് ഇന്ത്യയിൽമാത്രം വെള്ളിയുറുപ്പികയോടു കൂടുതൽ മമത കാണിക്കാനുള്ള കാരണമെന്താണ്? ഇക്കാര്യത്തിൽ ധനശാസ്ത്രജ്ഞൻമാരുടെയിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇന്ത്യയെപ്പോലുള്ള ഒരു വിശാലരാജ്യത്തിൽ സ്വർണ്ണമാനം നടപ്പിൽവരുത്തിയാൽ സ്വർണ്ണത്തിന്റെ ആവശ്യവും വിലയും പതിൻമടങ്ങു വർദ്ധിക്കുമെന്നും അതിന്റെ ഫലമായി പാശ്ചാത്യരാജ്യങ്ങളിലെ നാണ്യവ്യവസ്ഥകൾ തകർന്നുപോകാനിടയുണ്ടെന്നും ചില ധനശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെടുകയുണ്ടായി. ഏതായാലും ഒന്നു തീർച്ചയാണ്. ഈസ്റ്റിന്ത്യാകമ്പനിയുടെ കാലംമുതൽക്ക് ഇന്ത്യയുടെ കറൻസിനയത്തിന്റെ പിന്നിൽ കോടിക്കണക്കിന് ഇന്ത്യാക്കാരുടെ താൽപര്യമല്ല, വിദേശീയവ്യാപാരികളുടെ താൽപര്യമാണ് സംരക്ഷിക്കപ്പെട്ടു പോന്നിട്ടുള്ളത്. ഈ യാഥാർത്ഥ്യത്തെ ഉറുപ്പികയുടെ ചരിത്രം ഓരോ പതനത്തിലും തെളിയിക്കുന്നുണ്ട്.

1835-ലെ നിയമമനുസരിച്ച് നടപ്പിൽ വന്ന വെള്ളിമാന വ്യവസ്ഥയുടെ കീഴിൽ, എന്തായാലും ഉറുപ്പികയുടെ വില ഇന്നത്തെപ്പോലെ കൃത്രിമമായിരുന്നില്ല. നാണ്യനിർമ്മാണം സ്വതന്ത്രമായിരുന്നു; അതായത്, ലോഹം മുദ്രണശാലയിൽ കൊണ്ടുപോയി നാണ്യങ്ങളാക്കി മാറ്റുവാൻ നാട്ടുകാർക്കധികാരമുണ്ടായിരുന്നു. ലോഹത്തിന്റെ ആയിരത്തിലൊരു ഭാഗം ഉരുക്കുവാനുള്ള ചെലവായും നൂറിൽ രണ്ടു ഭാഗം രാജഭോഗമായും വസൂലാക്കപ്പെട്ടിരുന്നുവെന്നുമാത്രം. ഇങ്ങനെ ലോഹം നാണ്യങ്ങളാക്കി മാറ്റാൻ കഴിഞ്ഞിരുന്നതുപോലെതന്നെ നാണ്യങ്ങളുരുക്കി ലോഹമാക്കി മാറ്റാനും ജനങ്ങൾക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. നാണ്യത്തിന്റെ മുഖവിലയും അതിലടങ്ങിയ ലോഹത്തിന്റെ വിലയും സമമായിരുന്നതുകൊണ്ടു നാണ്യം ലോഹമാക്കിയാലും ലോഹം നാണ്യമാക്കിയാലും യാതൊരു തരക്കേടുമുണ്ടായിരുന്നില്ല.

സ്വർണ്ണനാണ്യങ്ങൾ ‘ലീഗൽ ടെൻഡർ’ അല്ലാതായിത്തീർന്നുവെങ്കിലും ജനങ്ങളുടെ സ്വർണ്ണനാണ്യപ്രതിപത്തി പിന്നേയും നിലനിന്നു. നാട്ടുകാരുടെ കൊള്ളക്കൊടുക്കകളിൽ നിന്നു സ്വർണ്ണനാണ്യങ്ങളെ തീരെ നീക്കം ചെയ്യുക എന്ന കാര്യം എളുപ്പമുള്ളതായിരുന്നില്ല. അതുകൊണ്ട് സ്വർണ്ണനാണ്യങ്ങളെ സംബന്ധിച്ചുള്ള തീരുമാനത്തിൽ മാറ്റംവരുത്തുവാൻ അധികൃതൻമാർ നിർബന്ധിതരായി. 1841-ലെ പ്രഖ്യാപനപ്രകാരം ഗവൺമെൻറിലേയ്ക്കടയ്ക്കാനുള്ള സംഖ്യകൾ സ്വർണ്ണനാണ്യങ്ങളായി അടച്ചുതീർക്കുവാൻ ജനങ്ങൾക്കു സൗകര്യം നൽകുന്നതാണെന്നും 15 ക.യ്ക്ക് ഒരു മോഹർ എന്ന തോതിൽ സ്വർണ്ണനാണ്യങ്ങൾ ഖജനാകളിൽ സ്വീകരിക്കപ്പെടുന്നതാണെന്നും തീരുമാനിക്കപ്പെട്ടു. പക്ഷേ, ഇതിന്റെ അർത്ഥം സ്വർണ്ണനാണ്യങ്ങൾ വീണ്ടും ‘ലീഗൽ ടെൻഡററായിത്തീർന്നുവെന്നല്ല. കാരണം, സ്വർണ്ണനാണ്യങ്ങൾക്കു പകരം ഉറുപ്പിക ആവശ്യപ്പെടുവാനോ, സ്വർണ്ണനാണ്യങ്ങൾ സ്വീകരിച്ചേ കഴിയൂ എന്നു ശഠിക്കുവാനോ ജനങ്ങൾക്കധികാരമുണ്ടായിരുന്നില്ല.

സ്വർണ്ണനാണ്യങ്ങളും വെള്ളിനാണ്യങ്ങളും തമ്മിലുള്ള തോതു തിട്ടപ്പെടുത്തിയിരുന്നുവെന്നതു ശരിതന്നെ. അക്കാലത്തു സ്വർണ്ണത്തിനു വെള്ളിയുടേതിനേക്കാൾ 15 ഇരട്ടി വിലയുണ്ടായിരുന്നതുകൊണ്ട് ഒരു സ്വർണ്ണമോഹർ 15 വെള്ളിയുറുപ്പികയ്ക്കു സമമായിരുന്നുവെന്നു തീർച്ചയാണ്. എന്നാൽ ഒരേസമയത്ത് രണ്ടുതരത്തിലുള്ള നാണ്യങ്ങൾ അടിസ്ഥാന നാണ്യമായി പ്രചരിക്കുകയെന്നത് ധനശാസ്ത്രസിദ്ധാന്തങ്ങൾക്കെതിരാണ്. അതുകൊണ്ട് അധികം കഴിയുന്നതിനുമുമ്പ് ഈ ഏർപ്പാടു പൊളിഞ്ഞുപോയതിൽ അത്ഭുതമില്ല. 1848-നും 1857-നും ഇടയിൽ ആസ്ട്രേലിയയിലും കാലിഫോർണിയയിലും പുതിയ സ്വർണ്ണഖനികൾ തുറക്കുന്നതിന്റെ ഫലമായി സ്വർണ്ണത്തിന്റെ ഉത്പാദനം വർദ്ധിക്കുകയും അങ്ങനെ അതിന്റെ വെള്ളിക്കണക്കിലുള്ള ആപേക്ഷികവില താണുപോവുകയും ചെയ്തു. സ്വർണ്ണത്തിന്റെ വിലയിടിഞ്ഞപ്പോൾ ഒരു സ്വർണ്ണമോഹറിനു മാർക്കറ്റിൽ 15 ക. കിട്ടുകയില്ലെന്നായി. എങ്കിലും ഒരു സ്വർണ്ണമോഹർ 15 ക.യ്ക്കു സമമാണെന്നുള്ള (1841 ലെ) സർക്കാർ പ്രഖ്യാപനം നിലവിലുണ്ടായിരുന്നു. അതുകൊണ്ട് ജനങ്ങൾ ഗവൺമെൻറിലേക്കുള്ള അടവുകൾക്കു സ്വർണ്ണനാണ്യങ്ങൾ മാത്രം ഉപയോഗിക്കാൻ തുടങ്ങി. വെള്ളിനാണ്യങ്ങൾ മെല്ലെ മെല്ലെ പ്രചാരത്തിൽ നിന്നു പിൻവലിയാനും തുടങ്ങി. മാർക്കറ്റ് നിലവാരത്തേക്കാൾ ഉയർന്ന നിരക്കിൽ സ്വർണ്ണനാണ്യങ്ങൾ സ്വീകരിക്കേണ്ടിവന്നതുകൊണ്ടു ഗവൺമെൻറിനു വമ്പിച്ച നഷ്ടം പിണഞ്ഞുകൊണ്ടിരുന്നു. ഒരുദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. ഗവൺമെൻറിലേക്കു നികുതിവകയായോ മറ്റോ 30 ക. അടയ്ക്കാൻ ചുമതലപ്പെട്ട ഒരാൾ രണ്ടുസ്വർണ്ണമോഹറാണടച്ചിരുന്നത്. സ്വർണ്ണത്തിന്റെ വിലയിടിഞ്ഞപ്പോൾ രണ്ടു സ്വർണ്ണമോഹറിലുള്ള സ്വർണ്ണത്തിന്റെ വില സുമാർ 28 ക. മാത്രമായിത്തീർന്നു. ഈ സ്ഥിതിക്കു 30 ക. യ്ക്കു പകരം രണ്ടു സ്വർണ്ണമോഹർ കൊടുക്കുന്ന ഒരാൾക്ക് രണ്ടുറുപ്പിക ലാഭമാണ്. ഗവൺമെൻറിനത്രയ്ക്കു നഷ്ടവും. ഈ വിഷമഘട്ടത്തിൽ വെള്ളിനാണ്യത്തിന്റെ സ്ഥാനത്തു സ്വർണ്ണനാണ്യത്തെ പ്രതിഷ്ഠിക്കാൻ അധികൃതന്മാർക്ക് സാധിക്കുമായിരുന്നു. എങ്കിലും അവരതു ചെയ്തില്ല. നേരെമറിച്ച് 1841 ലെ പ്രഖ്യാപനം പിൻവലിക്കുകയാണവർ ചെയ്തത്. അങ്ങനെ 1853 ജനുവരി ഒന്നാം തീയതി മുതൽക്കു സ്വർണ്ണമോഹറുകൾ നാണ്യങ്ങളെന്ന നിലയ്ക്കു സ്വീകരിക്കപ്പെട്ടുതുടങ്ങി.

3.2.2സ്വർണ്ണത്തിനുവേണ്ടി പ്രക്ഷോഭം

അതിനുശേഷം സ്വർണ്ണനാണ്യങ്ങൾക്കു വേണ്ടിയുള്ള നാട്ടുകാരുടെ പ്രക്ഷോഭം തുടർന്നുകൊണ്ടിരുന്നു. ബങ്കാൾ, ബോംബെ, മദ്രാസ് എന്നീ സ്ഥലങ്ങളിലെ വ്യാപാരിസംഘങ്ങൾ ഇന്ത്യാഗവൺമെന്റിനു മെമ്മോറിയലുകൾ സമർപ്പിച്ചു. വെള്ളിയുടെ ഉൽപാദനം സ്വർണ്ണത്തെ അപേക്ഷിച്ചു വല്ലാതെ കുറഞ്ഞിട്ടുണ്ടെന്നും അതിന്റെ ഫലമായി വെള്ളിയുടെ വില വർദ്ധിച്ചിട്ടുണ്ടെന്നും ഇതു ചരക്കുകളുടെ വിലകളെക്കൂടി ബാധിക്കുന്നതുകൊണ്ട് വ്യാപാരത്തിനു ഹാനിതട്ടാൻ തുടങ്ങിയിട്ടുണ്ടെന്നും അതിനാൽ അടിസ്ഥാനനാണ്യമായി സ്വർണ്ണം നടപ്പിൽവരുത്തേണ്ടതാവശ്യമാണെന്നും അവർ വാദിച്ചു. ഇന്ത്യയുടെ ഈ നാണ്യമായ ആവശ്യത്തെ സംബന്ധിച്ച് പല വാദപ്രതിവാദങ്ങളുമുണ്ടായി. ഇന്ത്യയുടെ കറൻസി പ്രശ്നങ്ങളെപ്പറ്റി അന്വേഷണം നടത്താൻ വേണ്ടി 1866-ൽ സർ വില്യം മാൻസ്ഫീൽഡിന്റെ അധ്യക്ഷതയിൽ നിയമിക്കപ്പെട്ട കമ്മീഷൻപോലും സ്വർണ്ണനാണ്യനയത്തെ അനുകൂലിക്കുകയാണുണ്ടായത്. പക്ഷേ, എന്തായിട്ടും അധികൃതൻമാർ ഇളകിയില്ല. 1874 മെയ് 7നു ഗവൺമെൻറു വിളംബരം ചെയ്തു: ‘സ്വർണ്ണനാണ്യം പ്രചാരത്തിൽ വരുത്തുന്നതിന്റെ അഭിലഷണീയതയെപ്പറ്റിയാലോചിച്ചതിനുശേഷം തൽക്കാലം സ്വർണ്ണത്തെ വിലയുടെ മാനദണ്ഡമാക്കാനുള്ള യാതൊരു നടപടിയും ആവശ്യമില്ലെന്ന തീരുമാനത്തിലാണ് ഗവൺമെന്റ് എത്തിയിട്ടുള്ളത്.’

അങ്ങനെ, ഇന്ത്യയുടെ അടിസ്ഥാന നാണ്യമെന്ന നിലയിൽ വെള്ളിതന്നെ വാഴാൻ തുടങ്ങി.

3.2.3വെള്ളിയുടെ വിലയിടിവ്

ഇവിടത്തെ കറൻസിയുടെ നിലയേയും വിലയേയും ചോദ്യംചെയ്തുകൊണ്ട് വെള്ളിയുടെ വില പെട്ടെന്നു താഴാൻ തുടങ്ങി. 1872-നു ശേഷമുള്ള രണ്ടു ദശാബ്ദങ്ങളിൽ സ്വർണ്ണത്തിന്റെ വില അതേ തൂക്കത്തിലുള്ള വെള്ളിയുടെ വിലയേക്കാൾ ഏതാണ്ട് 15.5 ഇരട്ടിയായിരുന്നു. 1827-നു ശേഷമുള്ള 2 ദശാബ്ദങ്ങളിലാവട്ടെ, സ്വർണ്ണവില വെള്ളിവിലയുടെ 27 ഇരട്ടിയായി വർദ്ധിച്ചു. വെള്ളിയുടെ വിലയിടിവ് എത്ര ഭയങ്കരമായിരുന്നുവെന്നു താഴെക്കാണുന്ന കണക്കുകളിൽ നിന്നു വ്യക്തമാവും.

1927-ൽ വെള്ളിയുടെ വില 60 പെൻസ്
1873-ൽ ടി 57 7/8 പെൻസ്
1876–80-ൽ ടി 52 3/4 പെൻസ്
1881–85-ൽ ടി 50 5/8 പെൻസ്
1885–90-ൽ ടി 55 5/8 പെൻസ്

ഇങ്ങനെ കുറഞ്ഞു കുറഞ്ഞ് 1893 ആകുമ്പോഴേക്കും വെള്ളിയുടെ വില 37 11/16 പെൻസായിത്തീർന്നു. ഒട്ടാകെ 1873-നും 1893നുമിടയിൽ വെള്ളിക്കുണ്ടായ വിലയിടിവ് ഏതാണ്ട് 40 ശതമാനമാണ്.

3.2.4വിലയിടിവിന്റെ കാരണങ്ങൾ

1871-ലെ ഫ്രാങ്കോ-പ്രഷ്യ യുദ്ധത്തിലെ വിജയത്തിനു ശേഷം ജർമ്മനി തന്റെ അടിസ്ഥാനനാണ്യമായിരുന്ന വെള്ളിയുപേക്ഷിച്ച്, പകരം സ്വർണ്ണം സ്വീകരിച്ചു. ഡെൻമാർക്ക്, സ്വീഡൻ, നോർവെ, ഹോളണ്ട് മുതലായ രാജ്യങ്ങളും വെള്ളിമാനമുപേക്ഷിച്ച് സ്വർണ്ണമാനം നടപ്പിൽവരുത്തി. വെള്ളിയുടെ നാണ്യപരമായ ഉപയോഗം കുറഞ്ഞതിനാൽ അതിന്റെ ആവശ്യത്തിനും കുറവായി. മാർക്കറ്റിൽ വെള്ളിയുടെ ‘സപ്ലൈ’ ‘ഡിമാന്റി’നെ (വരവ്, ചെലവിനെ) അപേക്ഷിച്ച് കൂടുതലായിത്തീർന്നപ്പോൾ അതിന്റെ വിലയിടിയാൻതുടങ്ങി. ഇതേ സമയത്തു മറ്റൊന്നും കൂടിയുണ്ടായി. വെള്ളിയുടെ ഉൽപാദനം വർദ്ധിക്കുകയും പരിഷ്ക്കരിച്ച ഖനനയന്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതിന്റെ ഫലമായി ഉൽപാദനചെലവ് കുറയുകയും ചെയ്തു. നേരെമറിച്ചു സ്വർണ്ണത്തിന്റെ ഉൽപാദനം കുറയുകയാണ് ചെയ്തത്. ഒരു ഭാഗത്ത് വെള്ളിയുടെ ‘സപ്ലൈ’ വർദ്ധിക്കുകയും ‘ഡിമാന്റ്’ ചുരുങ്ങുകയും ചെയ്തു. മറുഭാഗത്ത് സ്വർണ്ണത്തിന്റെ ‘സപ്ലൈ’ ചുരുങ്ങുകയും ഡിമാന്റ് വർദ്ധിക്കുകയും ചെയ്തു. ഇതായിരുന്നു വെള്ളിയുടെ വിലയിടിവിന്റെ പ്രധാന കാരണം.

3.2.5ഫലങ്ങൾ

ഉറുപ്പികയിൽ 165 ഗ്രേൻ തനി വെള്ളിയാണടങ്ങിയിരുന്നത് എന്ന് പറഞ്ഞുവല്ലോ. വെള്ളിയുടെ വില 60 പെൻസായിരുന്നപ്പോൾ ഒരുറുപ്പിക ഏതാണ്ട് രണ്ടു ഷില്ലിംഗിനു സമമായിരുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഉറുപ്പികയുടെ വിനിമയനിരക്ക് അന്നു രണ്ട് ഷില്ലിംഗായിരുന്നു. വെള്ളിയുടെ വിലയിടിയുംതോറും ഉറുപ്പികയുടെ വിനിമയനിരക്കും കുറഞ്ഞുകുറഞ്ഞുവന്നു. 1891-93 ആയപ്പോഴേക്കും വിനിമയ നിരക്ക് 1 ഷി 8 പെൻസായിത്തീർന്നു.

താഴെ കൊടുക്കുന്ന പട്ടിക നോക്കുക:

കൊല്ലം വെള്ളിയുടെ വില വിനിമയനിരക്ക്
ഔൺസിന് എത്ര ക.യ്ക്ക് എത്ര
പെൻസ് എന്ന് പെൻസ് എന്ന്
1872–72 59 1/8 പെൻസ് 22.351
1874–75 58 5/16 പെൻസ് 22.221
1875–76 56 7/8 പെൻസ് 21.645
1876–77 52 3/4 പെൻസ് 20.491
1891 മാർച്ച് 31 ന് 47 പെൻസ് 18.091
1893 മാർച്ച് 31 ന് 39 പെൻസ് 14.984

ഉറുപ്പികയുടെ വിനിമയനിരക്ക് ഇപ്രകാരം താഴുന്നതുകൊണ്ടുള്ള ഫലമെന്തെന്നു നോക്കാം. വിനിമയനിരക്കു രണ്ടു ഷില്ലിങ്ങായിരുന്നപ്പോൾ ഒരു പൗണ്ടു പത്തുറുപ്പികയ്ക്ക് സമമായിരുന്നു. അതായത് ഇംഗ്ലണ്ടിൽ ഒരു പൗണ്ടോ ഒരു പൗണ്ട് വിലപിടിച്ച സാധനങ്ങളോ കിട്ടണമെങ്കിൽ ഇവിടെ പത്തുറുപ്പിക കൊടുക്കണം. വിനിമയനിരക്ക് താണുതാണ് ഒരു റുപ്പിക 16 പെൻസിനു സമമാകുമ്പോൾ ഒരു പൗണ്ട് 15 ക.യ്ക്ക് സമമായിത്തീരും. അപ്പോൾ ഇംഗ്ലണ്ടിൽ ഒരു പൗണ്ടാവശ്യമുള്ളവർ ഇവിടെ പത്തുറുപ്പികയല്ല പതിനഞ്ചുറുപ്പിക കൊടുക്കേണ്ടിവരും.

ഉറുപ്പികയുടെ വിനിമയവില ഇടിയുന്നതുകണ്ടപ്പോൾ ഇന്ത്യയിൽനിന്ന് ഇംഗ്ലണ്ടിലേക്ക് ഉറുപ്പികയയയ്ക്കുന്നവർ പരിഭ്രമിച്ചു വശായി. വലിയ വലിയ ഉദ്യോഗസ്ഥൻമാർ, ഇന്ത്യയിൽ കച്ചവടം നടത്തി ലാഭം ഇംഗ്ലണ്ടിലേയ്ക്കു കയറ്റുന്ന വ്യാപാരികൾ മുതലായവരാണീക്കൂട്ടർ. ഓരോ പൗണ്ടിനും മുമ്പത്തേക്കാളധികം ഉറുപ്പികയയയ്ക്കണമെന്നു വരുന്നത് അവർക്കിഷ്ടമാവുകയില്ലല്ലോ. ഇക്കൂട്ടരെ പിന്താങ്ങിക്കൊണ്ട് ഇംഗ്ലണ്ടിൽനിന്നും ചരക്കുകൾ ഇറക്കുമതി ചെയ്യുന്ന കച്ചവടക്കാരും ബഹളംകൂട്ടി. കാരണം, ഓരോപൗണ്ടു വിലയുള്ള ചരക്കിനും ഉറുപ്പിക കണക്കിലുള്ള വില കൂടുതലായിത്തീരുന്നതു വിൽപ്പനയ്ക്കു കൂടുതൽ വിഷമം നേരിട്ടു.

വിനിമയനിരക്ക് ഇന്ത്യാ ഗവൺമെന്റിന്റെ ബഡ്ജറ്റിനെയും ബാധിക്കാതിരുന്നില്ല. ഹോം ചാർജ്ജുകൾ [5] വകയിൽ ഇന്ത്യാ ഗവൺമെന്റ് അടയ്ക്കേണ്ട സംഖ്യ വർദ്ധിച്ചു. 1892–93-ൽ ഹോംചാർജ്ജുകൾ വകയിൽ ഇന്ത്യാ ഗവൺമെന്റടച്ച സംഖ്യ 1 കോടി 65 ലക്ഷം പൗണ്ടായിരുന്നു. അക്കൊല്ലത്തെ വിനിമയ നിരക്കു പ്രകാരം (1 ഷി. 2.985 പെൻസ്). ഈ സംഖ്യ 26, 47, 84, 150 ക.യ്ക്ക് സമമാണ്. 1873–74 ലെ നിരക്കുപ്രകാരമാണ്. (അതായത് 1 ഷി. 10.351 പെൻസ്) അടച്ചിരുന്നെങ്കിൽ 17, 75, 19, 200 ക മാത്രം മതിയാകുമായിരുന്നു. ഇങ്ങനെ വിനിമയനിരക്കിലുള്ള മാറ്റം കാരണമായി ഇന്ത്യയ്ക്ക് 8, 72, 64, 150 ക. കൂടുതൽ നഷ്ടമനുഭവിക്കേണ്ടിവന്നു. [6]

എന്നാൽ ഇന്ത്യയിലെ ഒരു ഗണ്യമായ ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം വിനിമയനിരക്കിന്റെ താഴ്ച ഹാനികരമായിരുന്നില്ല. ജനങ്ങൾ വിലകുറഞ്ഞ വെള്ളി വാങ്ങി അത് മുദ്രണശാലയിൽ കൊടുത്ത് ഉറുപ്പികനാണ്യങ്ങളാക്കി മാറ്റാൻ തുടങ്ങി. പ്രചാരത്തിലുള്ള ഉറുപ്പികയുടെ എണ്ണം വർദ്ധിച്ചു. അതോടൊപ്പം ചരക്കുകളുടെ വിലയിലും വർദ്ധന കാണപ്പെട്ടു. അന്യനാടുകളിൽ നിന്നുള്ള ഇറക്കുമതി ചുരുങ്ങി. (കാരണം വില കൂടുതലുള്ള ഇന്ത്യൻ മാർക്കറ്റിൽ ചരക്കുകൾ വിറ്റു കിട്ടുന്ന പണം സ്വന്തം കറൻസിയിലേക്കു മാറ്റുമ്പോൾ ഇതു മുമ്പത്തേക്കാൾ കുറവായിരിക്കും) ഇതു വാസ്തവത്തിൽ ഇന്ത്യയുടെ വ്യവസായങ്ങൾക്കും കച്ചവടങ്ങൾക്കും പ്രോൽസാഹനം നൽകുകയാണ് ചെയ്തത്. വിദേശമേധാവികൾക്കു ശുണ്ഠി പിടിക്കാൻ മറ്റെന്തുവേണം?

ഈ കുഴപ്പത്തിൽനിന്നു പുറത്തുകടക്കാൻ ഫലപ്രദമായ യാതൊരു പരിപാടിയും അധികൃതൻമാർക്കുണ്ടായിരുന്നില്ല. വിവിധ രാജ്യങ്ങളുടെ കറൻസി നയത്തെപ്പറ്റിയും വിനിമയ നിരക്കുകളെപ്പറ്റിയും ആലോചിക്കാൻ കൂടിയ സാർവ്വലൗകിക സമ്മേളനങ്ങൾ ഉപയോഗകരമായ വല്ല തീരുമാനത്തിലും എത്തിച്ചേരുമെന്ന് അവർ ആശിച്ചു. 1867-നും 1892-നും ഇടയിൽ നാല് സാർവ്വലൗകിക സമ്മേളനങ്ങൾ നടന്നു. ഒടുവിലത്തേത് 1892-ലെ ബ്രസൽസ് സമ്മേളനം — യാതൊരു തീരുമാനവുമെടുക്കാതെ തെറ്റിപ്പിരിയുകയാണ് ചെയ്തത്.

ഇതിനിടയിൽ ഇന്ത്യാ ഗവൺമെന്റ് ഇന്ത്യാസെക്രട്ടറിക്കയച്ച ഒരു പ്രസ്താവനയിൽ ഉറുപ്പികയുടെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടുവരുകയാണെന്നു ചൂണ്ടിക്കാണിക്കുകയും വെള്ളിനാണ്യങ്ങളടിക്കുന്ന മുദ്രണശാലകൾ പൂട്ടുക, ഇംഗ്ലണ്ടിലെ കറൻസി ഇന്ത്യയിലും പ്രചരിപ്പിക്കുക തുടങ്ങിയ ചില അടിയന്തിരനടപടികളെടുക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

ഈ അഭിപ്രായങ്ങൾക്കെതിരായി നാടൊട്ടുക്കും വമ്പിച്ച ആക്ഷേപങ്ങൾ വന്നു. സ്വർണ്ണത്തിന്റെ മറവിൽ നിന്നുകൊണ്ടു വെള്ളിയെ നാണ്യവ്യവസ്ഥയിൽ നിന്നു നിഷ്കാസനം ചെയ്യാനുള്ള ഒരു പ്ലാനാണ് നടപ്പിൽവരാൻ പോകുന്നതെന്ന് ജനങ്ങൾ ഭയപ്പെട്ടു. കൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ ഗവൺമെൻറിന്റെ നാണ്യനയത്തെ വിമർശിച്ചുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു:

‘ഇന്ത്യാ ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി നന്നാക്കാനുള്ള ശരിയായ മാർഗ്ഗം സൈന്യചെലവു ചുരുക്കുകയും ഇംഗ്ലണ്ടിൽ ചെയ്യേണ്ടിവരുന്ന ചെലവുകൾ കുറയ്ക്കുകയും ബ്രിട്ടീഷുദ്യോഗസ്ഥൻമാരുടെ എണ്ണം ചുരുക്കി അവരുടെ സ്ഥാനത്ത് ഇന്ത്യക്കാരെ നിയമിക്കുകയുമാണ്. ആവശ്യമാണെങ്കിൽ ഇന്ത്യയിലെ വ്യവസായങ്ങളുടെ അഭിവൃദ്ധിക്കോ നാട്ടുകാരുടെ ആവശ്യങ്ങൾക്കോ ഉതകാത്ത വിദേശസാമഗ്രികളുടെ മേൽ അൽപം നികുതി ചുമത്തുകയും ചെയ്യാവുന്നതാണ്.’

പക്ഷേ, നാട്ടുകാരുടെ ആക്ഷേപങ്ങളെല്ലാം വനരോദനങ്ങളായി കലാശിക്കുകയാണ് ചെയ്തത്. മാത്രമല്ല, വിനിമയ നിരക്കു താണതുകൊണ്ടുള്ള ‘നഷ്ടം’ പരിഹരിക്കാൻ വേണ്ടി വലിയ വലിയ ബ്രിട്ടീഷുദ്യോഗസ്ഥൻമാർക്കു ബത്തകൾ കൊടുക്കാൻ ഗവൺമെൻറ് തയ്യാറാവുകയും ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുതലായ സംഘടനകളുടെ കഠിനമായ ആക്ഷേപങ്ങളെ അവഗണിച്ചുകൊണ്ട് കൊല്ലംതോറും ഒരു കോടിയിലധികം ഉറുപ്പിക ഈ ബത്തകൾവകയ്ക്കു ഗവൺമെന്റു ചിലവിട്ടുകൊണ്ടിരുന്നു.

3.3കൃത്രിമമായ വിനിമയനിരക്ക്

1890-നു ശേഷം ഇന്ത്യയുടെ നാണ്യവ്യവസ്ഥ താറുമാറാകാൻ തുടങ്ങി. ഉറുപ്പികയുടെ നിലയുറപ്പിക്കുവാൻവേണ്ടി വെള്ളിനാണ്യങ്ങളടിക്കുന്ന മുദ്രണശാലകൾ പൂട്ടുക, ഇംഗ്ലണ്ടിലെ കറൻസി ഇന്ത്യയിലും പ്രചരിപ്പിക്കുക തുടങ്ങിയ ചില അടിയന്തിര നടപടികളെടുക്കണമെന്ന് ഇന്ത്യാ ഗവൺമെന്റ് അഭിപ്രായപ്പെട്ടു. ഗവൺമെന്റിന്റെ ഈ അഭിപ്രായത്തിന്റെ പ്രായോഗികതയെപ്പറ്റിയാലോചിക്കാൻ 1892 സെപ്തംബർ 1ന് ലോർഡ് ഹെർഷലിന്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി നിയമിക്കപ്പെട്ടു. ലണ്ടനിലിരുന്നുകൊണ്ടുതന്നെ ഹെർഷൽകമ്മിറ്റി തെളിവുകളെടുക്കാൻ തുടങ്ങി. തെളിവു നൽകിയ ഒരേ ഒരു ഇന്ത്യക്കാരൻ ദാദാഭായി നവറോജിയായിരുന്നു. അദ്ദേഹം ഇന്ത്യാ ഗവൺമെന്റിന്റെ അഭിപ്രായങ്ങളെ കലശലായി എതിർക്കുകയാണ് ചെയ്തത്. നവറോജിയുടെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് ഏതാനും ചില ഇംഗ്ലീഷുകാരും ഇന്ത്യാ ഗവൺമെന്റിന്റെ നയത്തിൽ ആക്ഷേപം പ്രകടിപ്പിക്കുകയുണ്ടായി.

കമ്മിറ്റിയുടെ റിപ്പോർട്ട് 1893-ൽ പുറത്തുവന്നു. സ്വതന്ത്ര മുദ്രണശാല പൂട്ടണമെന്നും 7.53344 ഗ്രേൻ ശുദ്ധസ്വർണ്ണത്തിന് (1 ഷി. 4 പെൻസിന്) ഒരുറുപ്പികയെന്ന തോതിൽ സ്വർണ്ണം വാങ്ങി ഉറുപ്പികയടിച്ചു കൊടുക്കുവാൻ ഗവൺമെൻറ് തയ്യാറാവണമെന്നും ഉറുപ്പികയ്ക്ക് 1 ഷി 4. പെൻസ് എന്ന നിരക്കിൽ സ്വർണ്ണനാണ്യങ്ങൾ ഗവൺമെന്റ് ഖജനാകളിൽ സ്വീകരിക്കപ്പെടണമെന്നും ഉറുപ്പിക മേലിലും ‘ലീഗൽ ടെൻഡറാ’യി പ്രചരിപ്പിക്കണമെന്നുമായിരുന്നു കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ. അടിസ്ഥാന നാണ്യമെന്ന നിലയ്ക്കു വെള്ളിക്കു സ്ഥാനം എടുത്തുകളയണമെന്നു ശുപാർശ ചെയ്ത കമ്മിറ്റി ഇന്ത്യയിൽ സ്വർണ്ണമാന വ്യവസ്ഥയേർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായില്ല. സ്വർണ്ണമാനത്തിന്റെ കാര്യം ഭാവിക്കു വിട്ടുകൊടുക്കുകയും തൽക്കാലം ഉറുപ്പികയുടെ വിനിമയനിരക്ക് 16 പെൻസായിരിക്കണമെന്ന് അഭിപ്രായപ്പെടുകയുമാണ് അവർ ചെയ്തത്. ഈ അഭിപ്രായം ഇന്ത്യയുടെ വ്യവസായിക താൽപ്പര്യങ്ങൾക്കെതിരായിരുന്നുവെന്നു മനസ്സിലാക്കാൻ വിഷമമില്ല. കമ്മിറ്റിയുടെ റിപ്പോർട്ട് പ്രസിദ്ധം ചെയ്ത ദിവസം വിനിമയനിരക്ക് 14.625 പെൻസായിരുന്നു. കമ്മിറ്റിയുടെ ശുപാർശകളനുസരിച്ച് 7.53344 ഗ്രേൻ സ്വർണ്ണത്തിന് (അതായത് 16 പെൻസിന്) 1 ക.എന്ന തോതിൽ ഉറുപ്പിക കൊടുക്കുവാൻ ഗവൺമെന്റു തയ്യാറാവേണ്ടിവന്നു. വിനിമയനിരക്ക് ഇപ്രകാരം ഉയർത്തിയതിൽ ഇന്ത്യയുടെ വ്യവസായത്തിന് ഉടവുതട്ടുമെന്ന് ഇന്ത്യൻ വ്യവസായനേതാക്കൾ താക്കീതു നൽകുകയുണ്ടായി. പക്ഷേ, ഫലമൊന്നുമുണ്ടായില്ല.

3.3.11893-ലെ മുദ്രണനിയമം

ഹെർഷൽകമ്മിറ്റിയുടെ ശുപാർശകളെ പറയത്തക്ക മാറ്റമൊന്നും കൂടാതെതന്നെ ഗവൺമെന്റ് സ്വീകരിച്ചുകൊണ്ട് ‘1893-ലെ എട്ടാം ആക്ട്’ എന്ന പേരിലറിയപ്പെടുന്ന ഒരു നിയമം പാസാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ താഴെകൊടുത്ത വ്യവസ്ഥകൾ നടപ്പിൽവരുത്തുകയും ചെയ്തു.

  1. ഉറുപ്പികയ്ക്കു 7.53344 ഗ്രേൻ ശുദ്ധ സ്വർണ്ണം (1 ഷി. 4 പൈ) എന്ന നിരക്കിൽ സ്വർണ്ണനാണയങ്ങൾക്കും സ്വർണ്ണലോഹക്കട്ടികൾക്കും പകരമായി ഉറുപ്പിക നൽകുവാൻ മുദ്രണശാലകൾ തയ്യാറായിരിക്കും.

  2. ഗവൺമെന്റിലേക്കുള്ള അടവുകൾക്കു പവനും (സോവറിൻ) അരപ്പവനും ഉപയോഗിക്കാവുന്നതാണ്. പവനു 15 ക. (അരപ്പവന് 7.5ക) എന്ന തോതിൽ ഗവൺമെന്റ് അവയെ സ്വീകരിക്കുന്നതാണ്.

ഇതേ നിരക്കിൽ സ്വർണ്ണത്തിനു പകരമായി കറൻസിനോട്ടുകളും അടിച്ചിറക്കുന്നതായിരിക്കും.

ഇങ്ങനെ 1835 മുതൽക്കു നിലനിന്നുപോന്ന വെള്ളിമാനവ്യവസ്ഥ ഉപേക്ഷിക്കപ്പെട്ടു. മുദ്രണശാലികളിൽ വെള്ളികൊടുത്ത് ഉറുപ്പികയടിച്ചുവാങ്ങാൻ നാട്ടുകാർക്കധികാരമില്ലാതായി. 1893-നു ശേഷം ഉറുപ്പിക നാണ്യങ്ങൾ വെള്ളികൊണ്ടുള്ളവയല്ലാതായിയെന്ന് ഇതിനർത്ഥമില്ല. മുമ്പത്തെപ്പോലെതന്നെ ആക്ടിനുശേഷവും ഉറുപ്പികനാണ്യത്തിൽ 180 ഗ്രേൻ സ്റ്റാൻഡേർഡ് വെള്ളി (11/12 ഭാഗം ശുദ്ധമായത്) അടങ്ങിയിരുന്നു. പക്ഷേ, ആക്ടിനു മുമ്പ് ഉറുപ്പികയുടെ വില അതിലടങ്ങിയ വെള്ളിയുടെ വിലയായിരുന്നു. ഇപ്പോൾ അങ്ങനെയല്ലാതായി. ഉറുപ്പികനാണ്യം അതിലടങ്ങിയ വെള്ളിയുടേതിനേക്കാൾ കൂടുതൽ വിലയെ പ്രതിനിധീകരിക്കാൻ തുടങ്ങി. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഉറുപ്പിക വെറുമൊരു ടോക്കൺ (പ്രതീക)നാണ്യമായി മാറി. വെള്ളിയുടെ വില എത്രതന്നെ കുറഞ്ഞാലും ഒരുറുപ്പിക പതിനാറു പെൻസിനു അതായത് 7.53344 ഗ്രേൻ സ്വർണ്ണത്തിനു സമമാണെന്നു വിധിക്കപ്പെട്ടു. ഇതുവരെയും സ്വതന്ത്രനാണ്യമായിരുന്ന വെള്ളിയുറുപ്പിക ബ്രിട്ടീഷു കറൻസിയുടെ അടിമയായി മാറി.

ഒരു കാര്യം ഇവിടെ എടുത്തുപറയേണ്ടതുണ്ട്. വിനിമയനിരക്ക് ഉറുപ്പികയ്ക്കു 16 പെൻസായി നിജപ്പെടുത്തുക എന്നുവച്ചാൽ സ്വർണ്ണമാനം നടപ്പിൽവരുത്തുക എന്നർത്ഥമില്ല. ഉറുപ്പികയ്ക്കു 16 പെൻസ് എന്ന തോതിൽ സ്വർണ്ണത്തിനു പകരം ഉറുപ്പിക കൊടുക്കാൻ ഗവൺമെന്റു തയ്യാറായി എന്നതു ശരിതന്നെ. പക്ഷേ, അതേ സമയത്ത്, നിശ്ചിതമായ നിരക്കനുസരിച്ച് ഉറുപ്പികയ്ക്കു പകരം സ്വർണ്ണം കൊടുക്കാൻ അവർ തയ്യാറുണ്ടായിരുന്നില്ല! അതിനാൽ 1893-ലെ ആക്ട് പ്രകാരം നടപ്പിൽ വന്ന വ്യവസ്ഥ സ്വർണ്ണമാനമാണെന്നു പറഞ്ഞുകൂടാ. നോട്ടുകൾക്കും ഉറുപ്പികനാണ്യങ്ങൾക്കും പകരം സ്വർണ്ണം കൊടുക്കാൻ ഗവൺമെന്റ് തയ്യാറാണെങ്കിൽ മാത്രമേ അത് സ്വർണ്ണമാനവ്യവസ്ഥയാവുകയുള്ളു.

3.3.2ആക്ടിന്റെ ഉദ്ദേശ്യം

ഉറുപ്പികയുടെ വിനിമയനിരക്കു താഴുന്നതുകൊണ്ടു ഗവൺമെന്റിന്റെ ധനകാര്യനയത്തിൽ കുഴപ്പമുണ്ടാവുമെന്നു ഹോം ചാർജ്ജുകൾ, സിവിൽ ഉദ്യോഗസ്ഥൻമാരുടെ ശമ്പളം മുതലായ ഇനങ്ങളിൽ കൂടുതൽ പണം ചിലവഴിക്കേണ്ടിവരുമെന്നും അതുകൊണ്ട് ഉറുപ്പികയെ പതിനാറുപെൻസുമായി കൂട്ടിയുറപ്പിക്കുന്നതു നല്ലതാണെന്നും മറ്റുമാണ് ഹെർഷൽകമ്മിറ്റിയുടെ തീരുമാനങ്ങളെ ശരിവച്ചവർ വാദിച്ചത്. ഈ വാദങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കാണാൻ വിഷമമില്ല. ഗവൺമെന്റിന്റെ ധനകാര്യനയത്തിൽ കുഴപ്പം നേരിട്ടുവെങ്കിൽ അതിനു വെള്ളിയെ കുറ്റംപറഞ്ഞിട്ടുകാര്യമില്ല. ചെലവു വരവിനേക്കാൾ വർദ്ധിപ്പിക്കുകയും അനാവശ്യമായ പല യുദ്ധങ്ങളിലേക്കും വാരിക്കോരിച്ചെലവഴിച്ച പണമെല്ലാം ഇന്ത്യയുടെ തലയിൽ വച്ചുകെട്ടുകയും ചെയ്യുന്ന ഒരു ഗവൺമെന്റിന്റെ സാമ്പത്തിക വിഷമതകൾ ഇല്ലാതാവുക എങ്ങനെയാണ്? ഇരിക്കട്ടെ, സാമ്പത്തിക വിഷമതകൾ പരിഹരിക്കാൻ പണം ആവശ്യമാണെന്നുതന്നെ വിചാരിക്കുക. ഗവൺമെന്റിനു സാമ്പത്തികവിഷമതകളുണ്ടെങ്കിൽ ഇന്ത്യയുടെ പൊതുതാൽപര്യങ്ങൾക്കു ഹാനികരമല്ലാത്തവിധത്തിൽ പുതിയ നികുതികൾ ചുമത്താൻ ഒരുങ്ങാമായിരുന്നില്ലേ? വിദേശസാമാനങ്ങളുടെ മേൽ ഇറക്കുമതിച്ചുങ്കം ചുമത്തണമെന്ന് ഇന്ത്യാക്കാർ എത്രയോതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. 1875-ൽ ഡ്യൂട്ടി 5 ശതമാനം മാത്രമായിരുന്നു. വസ്ത്രങ്ങളുടെ ഇറക്കുമതിക്ക് അനാശാസ്യമായ ആനുകൂല്യങ്ങളാണ് അനുവദിക്കപ്പെട്ടിരുന്നത്. 1882-ൽ ഉപ്പ്, മദ്യം എന്നിവയൊഴിച്ച് മറ്റെല്ലാ ചരക്കുകളിൽ നിന്നും ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞു. അതിനുശേഷം കുറേക്കാലത്തേയ്ക്ക് പറയത്തക്ക യാതൊരു നികുതിഭാരവും കൂടാതെയാണ് വിദേശസാമാനങ്ങൾ ഇന്ത്യയിൽ വന്നുകൊണ്ടിരുന്നത്. വിദേശസാമഗ്രികളുമായി വിജയകരമാംവിധം മത്സരിക്കാനാവാത്തതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികപുരോഗതിക്കു വിഘ്നം നേരിട്ടു. മുദ്രണനിയമത്തിന്റെ സഹായത്തോടുകൂടി ഉറുപ്പികയുടെ പ്രചാരത്തിൽ കൃത്രിമമായ കുറവു വരുത്തുകയെന്ന നയം തീർച്ചയായും വ്യവസായത്തിന്റെ പോഷണത്തിനനുകൂലമാവുകയില്ല. പക്ഷേ, ഇന്ത്യയെ ഒരു വ്യവസായികരാജ്യവുമായി ഉയർത്താനല്ല, എന്നെന്നും ഒരു കർഷകരാജ്യമാക്കിവച്ചു ചൂഷണം ചെയ്യാനാണ് ബ്രിട്ടീഷു മുതലാളികൾ ആഗ്രഹിച്ചത്.

ഉറുപ്പികയുടെ വിലയിടിവു കാരണമായി ഇന്ത്യയുടെ ബഡ്ജറ്റിലുണ്ടായ അധികച്ചെലവു നികത്താൻ ഗവൺമെന്റ് കൈക്കൊണ്ട നയം മറുനാടൻ ചരക്കുകളുടെ മേൽ ചുങ്കം ചുമത്തുകയെന്നതല്ല, നാട്ടുകാരുടെ നികുതിഭാരം വർദ്ധിപ്പിക്കുകയെന്നതാണ്. ഉറുപ്പികയുടെ വിലയിടിഞ്ഞതുകൊണ്ട് കാർഷികോൽപ്പന്നങ്ങളുടെ വില വർദ്ധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് നികുതി വർദ്ധിപ്പിക്കുന്നതു ന്യായം മാത്രമാണെന്നും ഗവൺമെന്റുപക്ഷക്കാർ വാദിച്ചു. ആർ.സി. ദത്ത് എഴുതുന്നു:

“അരിയുടെയും ഗോതമ്പിന്റെയും ഉറുപ്പികക്കണക്കിലുള്ള വില വർദ്ധിക്കുന്നതു കണ്ടപ്പോൾ സെറ്റിൽമെന്റ് ഓഫീസർ നിലനികുതി വർദ്ധിപ്പിക്കാനൊരുങ്ങി. നിലത്തിൻമേലുള്ള പാട്ടവും നികുതിയും സെസ്സ് മുതലായ പ്രാദേശിക നികുതികൾപോലും വർദ്ധിപ്പിക്കപ്പെട്ടു. കച്ചവടക്കാർക്കു ഉറുപ്പികക്കണക്കിൽ കൂടുതൽ ആദായമുണ്ടാവാൻ തുടങ്ങിയപ്പോൾ ആദായനികുതി കണക്കാക്കുന്ന ഉദ്യോഗസ്ഥൻ തന്റെ ഡിപ്പാർട്ടുമെന്റിന്റെ പിരിവുകളും വർദ്ധിപ്പിച്ചു.” [7]

ഇന്ത്യയുടെ ഒട്ടാകെയുള്ള നികുതി 1870–71-ൽ20,62,28,320 ക. യായിരുന്നത് 1890–91 ആകുമ്പോഴേക്കും 24,04,52,090 ക.യായി വർദ്ധിച്ചു. [8] ആദായനികുതി 1886–87-ൽ, 1,35,47,000 ക. യായിരുന്നത് 1896–97-ൽ 1,87,28,000 ക.യായിത്തീർന്നു. 1882–85 കൊല്ലങ്ങളിലെ നികുതിയുടെ തോതിനെ അടിസ്ഥാനപ്പെടുത്തി നോക്കുകയാണെങ്കിൽ 1885 മുതൽ 1898 വരെയുള്ള 14 കൊല്ലങ്ങളിൽ ഗവൺമെന്റ് ജനങ്ങളിൽ നിന്നു 120 കോടിയുറുപ്പിക കൂടുതൽ ഈടാക്കിയെന്നും അതിൽ 80 കോടിയും സൈന്യച്ചെലവുകൾക്കു വേണ്ടിയാണ് വിനിയോഗിച്ചതെന്നും വിദ്യാഭ്യാസത്തിന് ഒരു കോടി ഉറുപ്പികമാത്രമേ ചെലവഴിച്ചുള്ളുവെന്നും ഗോപാലകൃഷ്ണഗോഖലെ തന്റെ ഒരു പ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.

ഇങ്ങനെ ഉറുപ്പികയുടെ സ്വർണ്ണവിലയിടിഞ്ഞതിന്റെ ഫലമായി ഹോംചാർജ്ജുകളും മറ്റു ചിലവുകളും ചുരുക്കാൻ ശ്രമിക്കുകയല്ല, അവ നികത്താൻ വേണ്ടി നാട്ടുകാരിൽ നിന്നും കൂടുതൽ നികുതി പിരിച്ചെടുക്കുകയാണ് ഗവൺമെന്റു ചെയ്തത്. ഒടുവിൽ ഉദ്യോഗസ്ഥൻമാരുടെ ബത്തകൾ, വിലയിടിവിനുള്ള പ്രതിഫലങ്ങൾ മുതലായവയുടെ പേരിൽ പണം വാരിക്കോരി ചെലവുചെയ്യപ്പെട്ടു. ഗവൺമെന്റിന്റെ അധികചെലവുകളും നാട്ടുകാരുടെ നികുതിഭാരവും ചുരുക്കണമെന്നു നാട്ടിൽ പലേടത്തും പ്രക്ഷോഭമുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ ഗവൺമെന്റ് തങ്ങളുടെ ആപൽക്കരമായ ധനകാര്യനയം തുടർന്നുപോവുകയാണ് ചെയ്തത്. ചുരുക്കിപ്പറഞ്ഞാൽ വെള്ളിയുടെ വിലയിടിവാണ് ഇന്ത്യയിലെ കൃത്രിമമായ കറൻസിവ്യവസ്ഥയുടെ സ്ഥാപനത്തിനു കാരണമെന്ന് വാദിക്കുന്നത് അസംബന്ധമാണ്. വാസ്തവത്തിൽ സാമ്പത്തിക വിഷമതകളെ പരിഹരിക്കാനാണെന്നപേരിൽ ശൈശവാവസ്ഥയിലുള്ള ഇന്ത്യൻ വ്യവസായങ്ങളുടെ വളർച്ചയെ തടഞ്ഞുനിർത്തുകയും അങ്ങിനെ ബ്രിട്ടീഷുസ്ഥാപിത താൽപര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യാനാണ് കറൻസി പരിഷ്ക്കരണം കൊണ്ട് അധികൃതൻമാർ ഉദ്ദേശിച്ചത്.

വെള്ളിയുടെ വിലയിടിവിനെ തുടർന്നുകൊണ്ട് ഇന്ത്യയുടെ വ്യവസായങ്ങൾ, വിശേഷിച്ചും വസ്ത്രവ്യവസായം അഭിവൃദ്ധിപ്പെടാൻ തുടങ്ങിയിരുന്നു. 1876–77-ൽ 47 പരുത്തിമില്ലുകൾ മാത്രമാണുണ്ടായിരുന്നത്. 1891–92ലാകട്ടെ മില്ലുകളുടെ എണ്ണം 127 ആയിത്തീർന്നു. ഈ കാലത്തിനുള്ളിൽ സ്പിൻഡിലുകൾ 11,00,112-ൽ നിന്നും 32,72,988 ആയും ലൂമുകൾ 9139-ൽ നിന്നും 24670 ആയും വർദ്ധിച്ചു. [9] ഇന്ത്യയിലെ പരുത്തിമില്ലുകൾ ചീന മുതലായ വിദേശമാർക്കറ്റുകളിൽ പോലും മാഞ്ചസ്റ്റർമില്ലുകളോട് മത്സരിക്കാൻ തുടങ്ങി. മാഞ്ചസ്റ്ററിലെ മുതലാളികൾ ഇതെങ്ങനെ പൊറുക്കും? ഉറുപ്പികയുടെ വിനിമയനിരക്ക് ഉയർത്തണമെന്നും അതിനായി വെള്ളിയുടെ സ്വതന്ത്രമുദ്രണം ഇന്ത്യയിൽ നിയമവിരുദ്ധമാക്കണമെന്നും അവർ പ്രക്ഷോഭം കൂട്ടാൻ തുടങ്ങി. ശൈശവാവവസ്ഥയിലുള്ള ഇന്ത്യൻ വ്യവസായങ്ങളുടെ കഴുത്തറുക്കണമെന്നു വാശിപിടിച്ച മാഞ്ചസ്റ്ററിന്റെയും ലങ്കാഷയറിന്റേയും ആഗ്രഹവും വാശിയുമാണ് 1893ലെ നാണ്യപരിഷ്ക്കാരത്തിൽ നിഴലിച്ചുകാണുന്നത്.

നാട്ടുകാരുടെ സംഘടനകളും നേതാക്കൻമാരും ഗവൺമെന്റിന്റെ നാണ്യനയത്തെ ശക്തിയായെതിർത്തുനോക്കി. 1893 ഡിസംബറിൽ ലാഹോറിൽവച്ചു കൂടിയ കോൺഗ്രസ് സമ്മേളനം പാസാക്കിയ ഒരു പ്രമേയം ഇങ്ങനെ പറയുന്നു: “ഗവൺമെന്റ് നിയമം മൂലം വെള്ളിയുടെ സ്വതന്ത്രമുദ്രണം നിർത്തിയിരിക്കുന്നുവെന്നതിൽ ഈ കോൺഗ്രസ് വ്യസനം രേഖപ്പെടുത്തുന്നു. കാരണം ഉറുപ്പികയുടെ വില കൃത്രിമമായി ഉയർത്തുകയെന്നത് നാട്ടുകാരുടെ മേൽ പരോക്ഷമായി നികുതി ചുമത്തലാണ്. ഈ നയംകൊണ്ട് നമ്മുടെ വ്യാപാരത്തിനും വ്യവസായങ്ങൾക്കും – പ്രത്യേകിച്ച് വസ്ത്രമില്ലുകൾക്കും – വലിയ ഹാനിതട്ടിയിരിക്കുന്നു.”

പക്ഷേ, നാട്ടുകാരുടെ ഇത്തരം ആക്ഷേപങ്ങളൊന്നും അധികൃതൻമാർ ചെവികൊള്ളുകയുണ്ടായില്ല.

3.3.3ആക്ടിന്റെ പ്രവർത്തനം

ആക്ട് നടപ്പിൽവന്നതിനുശേഷവും ആദ്യത്തെ ഏതാനും കൊല്ലങ്ങളിൽ വിനിമയനിരക്ക് 16 പെൻസിനേക്കാൾ എത്രയോ കുറഞ്ഞുപോയിരുന്നു. 1894-ൽ വിനിമയനിരക്ക് 1 ഷി. 1 പെൻസുമാത്രമായിരുന്നു. 16 പെൻസുവീതം കൊടുത്ത് ഉറുപ്പിക വാങ്ങാൻ ആളുകൾ തയ്യാറാവുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഉറുപ്പികയുടെ വില ഇടിഞ്ഞുകൊണ്ടേയിരുന്നതിനാൽ അവരുടെ പ്രതീക്ഷകൾ ഫലിക്കുകയുണ്ടായില്ല. ഗവൺമെന്റിന്റെ നിയമങ്ങൾക്കു ധനശാസ്ത്രതത്വങ്ങളോട് പൊരുതിജയിക്കാൻ കഴിഞ്ഞില്ല. മുദ്രണശാലകൾ പൂട്ടിയതിനുശേഷവും സ്വർണ്ണം കൊടുത്താൽ പകരം ഉറുപ്പിക നൽകുവാൻ ഗവൺമെന്റു ഖജനാകൾ തയ്യാറായിരുന്നുവെന്നത് വാസ്തവമാണ്. എന്നാൽ സ്വർണ്ണത്തിനു ഗവൺമെന്റു കൊടുക്കുന്നതിനേക്കാളധികം വില മാർക്കറ്റിൽ കിട്ടുമ്പോൾ ഗവൺമെന്റു ഖജനാകളിലേക്ക് ആരാണ് പോവുക? 7.53344 ഗ്രേൻ സ്വർണ്ണത്തിന് ഒരു ഉറുപ്പികയാണ് ഗവൺമെന്റ് കൊടുത്തിരുന്നത്. പക്ഷേ, ഇത്രയും സ്വർണ്ണത്തിന് മാർക്കറ്റിൽ ഒരു റുപ്പികയേക്കാളധികം വിലയുണ്ടായിരുന്നു. മാർക്കറ്റു നിലവാരം റുപ്പികയ്ക്ക് 15 പെൻസാണെന്നിരിക്കട്ടെ. 15 പെൻസിനു കിട്ടുന്ന ഒരു റുപ്പിക 16 പെൻസു കൊടുത്ത് ഗവൺമെന്റിന്റെ കയ്യിൽ നിന്നും വാങ്ങാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ? അപ്പോൾ ഗവൺമെന്റിന്റെ നാണ്യനയത്തിന് വിജയമുണ്ടായില്ലെങ്കിൽ അതിലൽഭുതപ്പെടാനൊന്നുമില്ല. തങ്ങളുടെ പുതിയ നയത്തിന് വേണ്ടത്ര വിജയമുണ്ടാവില്ലെന്നു കണ്ടപ്പോൾ ഗവൺമെന്റ് ഒരു സൂത്രം പ്രയോഗിച്ചു. ഉറുപ്പികയുടെ പ്രചാരത്തെ ബലാൽക്കാരമായി കുറച്ചുവെങ്കിൽ, ഡിമാന്റിനു യോജിച്ച സപ്ലൈ ഇല്ലാതാക്കിയാൽ ഉറുപ്പികയ്ക്കു കൂടുതൽ വിലയുണ്ടാകുമെന്നവർ തീർച്ചയാക്കി. സ്വതന്ത്രമുദ്രണശാല പൂട്ടിക്കഴിഞ്ഞതുകൊണ്ടു നാണ്യമടിക്കാനുള്ള അധികാരം ഗവൺമെന്റിനു മാത്രമായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു പുതിയ നാണ്യങ്ങൾ അടിച്ചിറക്കാതിരിക്കുക എന്നൊരു വിചിത്രനയം ഗവൺമെന്റിനു കൈക്കൊള്ളുവാൻ കഴിഞ്ഞു. മാത്രമല്ല, പ്രചാരത്തിലുള്ള ഉറുപ്പികനാണ്യങ്ങളുടെ ഒരുഭാഗം പിൻവലിച്ച് ഉരുക്കുവെള്ളിയാക്കി മാറ്റാൻപോലും അവർ മുതിർന്നു. ഈ കൃത്രിമമായ നാണ്യനയത്തിന്റെ ഫലമായി 1898 ആകുമ്പോഴേയ്ക്കും വിനിമയനിരക്ക് 16 പെൻസിനടുത്തുത്തെത്തുകതന്നെ ചെയ്തു. മുദ്രണശാലകൾ പൂട്ടിയതിനുശേഷം വെള്ളിയുടെ വിലയിലും വിനിമയനിരക്കിലും ഉണ്ടായ മാറ്റങ്ങൾ താഴെക്കൊടുക്കുന്നു.

കൊല്ലം വെള്ളിയുടെ വില വിനിമയനിരക്ക്
1894-95 28 15/16 പെൻസ് 13.101 പെൻസ്
1895-96 29 7/8 ടി 13.638 ടി
1896-97 30 3/4 ടി 14.451 ടി
1897-98 27 9/16 ടി 15.354 ടി
1898-99 26 15/16 ടി 15.978 ടി
മറ്റൊരു രാജ്യത്തിനും കാണാൻ സാധിക്കാത്ത ഈ വിചിത്രമായ കറൻസിനയത്തിന്റെ ഫലം കഠിനമായിരുന്നു. ഇന്ത്യയുടെ വ്യവസായങ്ങൾക്കും വ്യാപാരങ്ങൾക്കും ആവശ്യമായത്ര നാണ്യങ്ങൾ നാട്ടിലില്ലെന്നായി. ഡിമാന്റിനനുസരിച്ച് ഉറുപ്പിക കിട്ടാനില്ലെന്നായപ്പോൾ കച്ചവടക്കാർക്കും വ്യവസായികൾക്കും വലിയ വിഷമം നേരിട്ടു. ബാങ്കിലെ പലിശനിരക്ക് 13 ശതമാനമായി ഉയർന്നു. എന്നിട്ടും 24 ശതമാനം പലിശ കൊടുത്താൽക്കൂടി ഉറുപ്പിക കടം കിട്ടില്ലെന്നായി. വ്യവസായത്തിനു ഹാനി തട്ടത്തക്കവിധത്തിൽ ചരക്കുകളുടെ വിലയിടിയാൻ തുടങ്ങി. 1898 ആഗസ്റ്റ് 6-ന്റെ ‘ടൈംസ് ഓഫ് ഇന്ത്യ’ ഇങ്ങനെ എഴുതുകയുണ്ടായി: ‘സ്ഥിതിഗതികൾ നന്നാവുന്നതിനു പകരം അധികമധികം ചീത്തയായിക്കൊണ്ടുവരികയാണ്. മുമ്പൊരിക്കലും കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്തത്ര മോശമായ കാലമാണ് ഇത്. മിക്ക മില്ലുകളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ചില മില്ലുകൾ ചെലവുചെയ്ത സംഖ്യമാത്രം കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്നു. ലാഭമുണ്ടാക്കുന്ന മില്ലുകൾ വളരെ കുറവാണ്. ഈ ദുഷ്കാലം എപ്പോളാണവസാനിക്കുക എന്നറിഞ്ഞുകൂടാ.’ [10]

ഈ മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിവ്യാപാരത്തേയും ബാധിക്കാതിരുന്നില്ല. താഴെക്കാണുന്ന കണക്കുകൾ നോക്കുക:

3.3.4മിച്ച കയറ്റുമതി

കൊല്ലം ഇറക്കുമതിയേക്കാൾ കയറ്റു വിനിമയ നിരക്ക്
മതി എത്ര അധികമാണ്.
1893-94 15 കോടി ക. 14.54 പെൻസ്
1894-95 34 ടി 13.10 ടി
1895-96 32 ടി 13.64 ടി
1896-97 20 ടി 14.45 ടി
1897-98 11 ടി 15.40 ടി

ക്ഷാമം, ഭൂകമ്പം, പകർച്ചവ്യാധികൾ, അതിർത്തിയുദ്ധം എന്നിവയെല്ലാം കയറ്റുമതി കുറയാനുള്ള കാരണങ്ങളാണെന്നു പറയപ്പെടാറുണ്ട്. പക്ഷേ, ഗവൺമെന്റിന്റെ നാണ്യനയവും അതിന് ഏറെക്കുറെ ഉത്തരവാദിയാണെന്ന വാസ്തവം മറച്ചുവയ്ക്കാവതല്ല.

ഉറുപ്പികയുടെ വില കൃത്രിമമായി വർദ്ധിപ്പിച്ചാൽ മാത്രമേ വിനിമയനിരക്ക് 16 പെൻസാക്കി നിർത്തുവാൻ കഴിയു എന്നു വരുന്നത് തീർച്ചയായും ഗവൺമെന്റ് തുടരുന്ന നാണ്യനയത്തിന്റെ കൊള്ളരുതായ്മയെയാണ് കാണിക്കുന്നത്. പക്ഷേ, എന്തായിട്ടും ഇന്ത്യയുടെ കച്ചവടങ്ങൾക്കും വ്യവസായങ്ങൾക്കും ഹാനി തട്ടുന്നുണ്ടോ എന്നല്ല വിനിമയത്തോത് വിഘ്നംകൂടാതെ വാഴുന്നുണ്ടോ എന്നുമാത്രമാണ് ശ്രദ്ധിച്ചത്.

3.3.5സ്വർണ്ണവിനിമയമാറ്റം

ഉറുപ്പികയുടെ വിനിമയനിരക്കു പതിനാറു പെൻസാക്കി നിലനിർത്തണമെങ്കിൽ ഉറുപ്പികനാണ്യങ്ങൾ ഇനിയും പ്രചാരത്തിൽനിന്ന് പിൻവലിച്ച് ഉരുക്കി വിൽക്കേണ്ടതാണെന്നു ഗവൺമെൻറ് അഭിപ്രായപ്പെട്ടു. ഉറുപ്പികയ്ക്കു പിൻബലമായി ഒരു സ്വർണ്ണനിധിയേർപ്പെടുത്തണമെന്നും സാധിക്കുമെങ്കിൽ സ്വർണ്ണമാനത്തെ അടിസ്ഥാനപ്പെടുത്തിയ വല്ല കറൻസിയും നടപ്പിൽവരുത്തണമെന്നും അവർക്കഭിപ്രായമുണ്ടായിരുന്നു. ഈ അഭിപ്രായങ്ങളെപ്പറ്റി പ്രത്യേകമായും ഇന്ത്യയുടെ നാണ്യനയത്തെപ്പറ്റി പൊതുവിലും അന്വേഷണം നടത്താൻവേണ്ടി 1898 സർ ഹെൻറി ഫൗളറുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി നിയമിക്കപ്പെട്ടു. ഇന്ത്യയുടെ പരിതസ്ഥിതികൾക്കനുയോജ്യമായ ഒരു കറൻസി വ്യവസ്ഥ കണ്ടുപിടിക്കുകയെന്നതായിരുന്നു കമ്മിറ്റിയുടെ പ്രധാനമായ പ്രവൃത്തി. കമ്മിറ്റിയുടെ മുമ്പാകെ തെളിവു കൊടുത്തവരിൽ ഇന്ത്യാക്കാരായി രണ്ടുപേർ — പ്രസിദ്ധ സാമ്പത്തികശാസ്ത്രജ്ഞനായ രമേശ് ചന്ദ്രദത്തും (പിന്നീട് കോൺഗ്രസ് പ്രസിഡൻറ്) മേർവാൻജി റംസ്റ്റംജി എന്ന ഒരു പാഴ്സി വ്യാപാരിയും — മാത്രമാണുണ്ടായിരുന്നത്. രണ്ടുപേരും ഗവൺമെന്റിന്റെ നാണ്യനയത്തെ കഠിനമായി വിമർശിക്കുകയുണ്ടായി. രമേശ് ചന്ദ്രദത്ത് പറഞ്ഞു: ‘മുദ്രണശാലകൾ പൂട്ടിയതിനെതുടർന്ന് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും-പഞ്ചാബ്, ഐക്യസംസ്ഥാനം, ബംഗാൾ, ബോംബെ, മദ്രാസ്, ആസാം, മധ്യസംസ്ഥാനം എന്നീ സംസ്ഥാനങ്ങളിലെല്ലാം — ധാന്യങ്ങളുടെ വിലയിടിയാൻ തുടങ്ങി… മുദ്രണശാലകൾ പൂട്ടിയതിനു ശേഷം ഉറുപ്പിക കൂടുതൽ വിലപിടിച്ചതായിത്തീർന്നതാണ് ഇതിനുകാരണം എന്നു ഞാൻ വിചാരിക്കുന്നു. 1892, 1894, 1895 എന്നീ വർഷങ്ങളിൽ ഞാൻ ബങ്കാളിലുണ്ടായിരുന്നു. (1893-ൽ ഞാൻ രാജ്യത്തുണ്ടായിരുന്നില്ല.) സ്വന്തം അനുഭവത്തിൽ എനിക്കു പറയാൻ കഴിയും. 1894-95 ലെ വിലയിടിവിനു മറ്റൊരു യാതൊരു കാരണവുമുണ്ടാവാൻ തരമില്ലെന്ന്. ആ സമയത്ത് ഐക്യസംസ്ഥാനത്തിൽ ക്ഷാമം പിടിപെട്ടിട്ടുണ്ടായിരുന്നു. അതിനാൽ ധാന്യങ്ങളുടെ വില വർദ്ധിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, എല്ലായിടത്തും വില ഇടിയുകയാണുണ്ടായതെന്ന് നിങ്ങൾക്കു കാണാൻ സാധിക്കും.’

1898-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം കറൻസിപ്രശ്നത്തെ സംബന്ധിച്ചു പാസാക്കിയ ഒരു പ്രമേയത്തിൽ ഇങ്ങനെ പറയുന്നു: ‘വിനിമയ നിരക്കു താണുപോകുന്നതുകൊണ്ടുണ്ടാകുന്ന ഹാനിയുടെ അടിസ്ഥാനകാരണം ഇന്ത്യാ ഗവൺമെന്റ് ഇംഗ്ലണ്ടിൽ ചെയ്തുകൊണ്ടിരിക്കുന്ന വർദ്ധിച്ച ചെലവുകളാണ്. ഈ നഷ്ടം പരിഹരിക്കാൻ വേണ്ടി കൃത്രിമമാർഗ്ഗങ്ങളവലംബിച്ച് എക്സ്ചേഞ്ച് ഉയർത്തുകയോ കറൻസിയുടെ പ്രചാരത്തെ കുറയ്ക്കുകയോ ചെയ്താൽ ഇന്ത്യയുടെ സാമ്പത്തികവിഷമതകൾ വർദ്ധിക്കുകയും ഇന്ത്യയുടെ വ്യാപാരത്തിനു നാശം തട്ടുകയും ചെയ്യുമെന്നതിനു യാതൊരു സംശയവുമില്ല.’

നാട്ടുകാരുടെ ഇത്തരത്തിലുള്ള ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നു. ഉറുപ്പികയോടൊപ്പം ബ്രിട്ടീഷ് കറൻസിയായ സോവറിനും ഇന്ത്യയിൽ ലീഗൽടെൻഡറാക്കണമെന്നും (അതായതു വരവു ചെലവുകൾക്കും കൊള്ള കൊടുക്കകൾക്കും നികുതി മുതലായവ അടയ്ക്കുന്നതിനും എത്ര സോവറിൻ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണെന്നും) ഉറുപ്പികയുടെ വിനിമയനിരക്ക് 16 പെൻസാക്കി സ്ഥിരപ്പെടുത്തണമെന്നും സ്വർണ്ണത്തിനു പകരം ഉറുപ്പിക കൊടുക്കുന്ന സമ്പ്രദായം തുടരണമെന്നും പക്ഷേ, സ്വർണ്ണനാണ്യങ്ങൾ തൃപ്തികരമായ തോതിൽ പ്രചരിക്കാൻ തുടങ്ങുന്നതുവരെ പുതുതായി ഉറുപ്പിക അടിച്ചിറക്കരുതെന്നും ഉറുപ്പിക അടിക്കുന്നതിൽ നിന്നുള്ള ലാഭം ഗവൺമെന്റ് ഖജനായിൽ കൂട്ടിച്ചേർക്കാതെ പ്രത്യേകമായ ഒരു സ്വർണ്ണറിസേർവിൽ നിക്ഷേപിക്കണമെന്നും ഈ റിസേർവിന്റെ സഹായത്തോടുകൂടി ക്രമത്തിൽ ക്രമത്തിൽ ഉറുപ്പിക നാണ്യങ്ങൾ പിൻവലിച്ചു സ്വർണ്ണമാനം നടപ്പിൽവരുത്താൻ ശ്രമിക്കണമെന്നും മറ്റുമായിരുന്നു റിപ്പോർട്ടിലടങ്ങിയ പ്രധാനശുപാർശകൾ. കൊള്ളക്കൊടുക്കകൾക്കു സോവറിൻ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്നും ആസ്ട്രേലിയയിൽ ചെയ്യുന്നതുപോലെ ഇന്ത്യയിലും ചില പ്രത്യേക നിബന്ധനകളിന്മേൽ സോവറിൻ നാണ്യങ്ങൾ അടിച്ചിറക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. പക്ഷേ, ഇതൊന്നും നടപ്പിൽവരികയുണ്ടായില്ല. വാസ്തവത്തിൽ ഫൗളവർ കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനപ്പെടുത്തിയ നിയമനിർമ്മാണമല്ല ഗവൺമെന്റ് അപ്പപ്പോൾ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനുകളും ഓർഡിനൻസുകളുമാണ് ഇന്ത്യയിൽ നാണ്യനയത്തെ രൂപവൽക്കരിച്ചത്.

3.4സ്വർണ്ണവിനിമയമാനം

1898 മുതൽ 1913 വരെ ഇന്ത്യയുടെ കറൻസിയിലുണ്ടായ മാറ്റങ്ങളെ ചുവടെ കാണിച്ചവിധം സംക്ഷേപിക്കാവുന്നതാണ്

1898:

ഫൗളർ കമ്മിറ്റിയുടെ നിയമനം. ഉറുപ്പികയുടെ വിനിമയനിരക്ക് 16 പെൻസിനടുത്തെത്തി.

1899:

1899 ലെ ഇന്ത്യാ ആക്ട് നമ്പർ XXII ആക്ട് പ്രകാരം ബ്രിട്ടീഷ് സോവറിൻ ഇന്ത്യയിൽ ലീഗൽ ടെൻഡറായിത്തീർന്നു. വിനിമയനിരക്ക് 16 പെൻസിന് ഒരു റുപ്പിക എന്നു നിജപ്പെടുത്തി.

1900:

നാണ്യമുദ്രണത്തിൽനിന്നുള്ള ലാഭം കൊണ്ടു ലണ്ടനിൽ ഒരു സ്വർണ്ണനിധി (ഗോൾഡ് റിസർവ്) സ്ഥാപിച്ചു.

1903:

ഇന്ത്യയിൽ സോവറിൻ നാണ്യങ്ങളടിക്കുന്നതിനെ സംബന്ധിച്ച് 1899 മുതൽക്കു തുടർന്നുവന്ന ആലോചനകൾ അവസാനമായി തള്ളിക്കളഞ്ഞു. ഇന്ത്യയിൽ സോവറിൻ അടിക്കേണ്ടതില്ലെന്നു തീരുമാനിച്ചു.

1904:

ഉറുപ്പികയ്ക്ക് ഒരു ഷി. 4 1/8 പെൻസ് എന്ന തോതിൽ ഇന്ത്യയുടെ പേരിൽ കൗൺസിൽ ബില്ലുകൾ എത്രവേണമെങ്കിലും കൊടുക്കാൻ തയ്യാറാണെന്ന് ഇന്ത്യാ സെക്രട്ടറി പ്രസ്താവിച്ചു. (കൗൺസിൽബിൽ എന്താണെന്ന് ചുവടെ വിശദീകരിക്കുന്നതാണ്.) കറൻസിനോട്ടുകളുടെ ഉറപ്പിനുവേണ്ടിയുള്ള കറൻസി റിസർവിൽ ഒരു ഭാഗം സ്വർണ്ണമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിക്ഷേപിക്കണമെന്ന നിയമം പാസായി. കറൻസി റിസർവ്വിന്റെ ഒരുഭാഗം സ്റ്റെർലിംഗ് സെക്യൂരിറ്റികളായിരിക്കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.

1906:

സ്വർണ്ണത്തിനു പകരം ഉറുപ്പിക കൊടുക്കുമെന്ന ഗവൺമെന്റ് പ്രഖ്യാപനം പിൻവലിക്കപ്പെട്ടു. സ്വർണ്ണം കൊണ്ടുള്ള ബ്രിട്ടീഷ് നാണ്യങ്ങൾക്ക് പകരമായി മാത്രമേ ഉറുപ്പിക കൊടുക്കുകയുള്ളു എന്നു തീരുമാനിക്കപ്പെട്ടു.

1907:

ഗോൾഡ് സ്റ്റാൻഡേർഡ് റിസർവിന്റെ (സ്വർണ്ണമാനനിധിയുടെ) ഒരു ശാഖ ഇന്ത്യയിൽ തുറക്കുകയും അതിൽ ഉറുപ്പികകൾ നിക്ഷേപിക്കണമെന്ന വ്യവസ്ഥയേർപ്പെടുത്തുകയും ചെയ്തു.

1908:

ഉറുപ്പികയ്ക്ക് ഒരു ഷി. 3 29/32 പെൻസ് എന്ന നിരക്കിൽ സ്റ്റർലിംഗ് ഡ്രാഫ്റ്റുകൾ വിൽക്കുകയും അത് ലണ്ടനിലെ ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വിൽ നിന്നു കാഷു ചെയ്തുകൊടുക്കുകയും ചെയ്യണമെന്ന തീരുമാനം നടപ്പിൽവന്നു.

1910–11:

പത്തുറുപ്പികയുടെയും അമ്പതു റുപ്പികയുടെയും കറൻസിനോട്ടുകൾ സാർവ്വത്രികമായ ലീഗൽ ടെൻഡറാക്കുവാനുള്ള നിയമം പാസായി. ഈ നിയമമനുസരിച്ച് 1911-ൽ നൂറുറുപ്പികനോട്ടുകളും ലീഗൽ ടെൻഡറാക്കിക്കൊണ്ടുള്ള ഒരു നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു.

1913:

ഇന്ത്യയുടെ കറൻസിവ്യവസ്ഥയുടെ നാനാവശങ്ങളേയും പരിശോധിച്ചു റിപ്പോർട്ട് ചെയ്യാൻവേണ്ടി പുതിയൊരു റോയൽ കമ്മീഷൻ നിയമിക്കപ്പെട്ടു.

ഇങ്ങനെ അപ്പപ്പോൾ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനുകളും പ്രഖ്യാപനങ്ങളും വഴിയായി അസ്ഥിരങ്ങളായ അനേകം ഘട്ടങ്ങളെ തരണംചെയ്തുകൊണ്ട് ഇന്ത്യയിൽ രൂപവൽക്കരിക്കപ്പെട്ട കറൻസിവ്യവസ്ഥയാണ് സ്വർണ്ണവിനിമയമാനം (ഗോൾഡ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡ്) എന്നപേരിൽ അറിയപ്പെടുന്നത്. 1913 ലെ കറൻസി കമ്മിഷനിലെ ഒരംഗമായിരുന്ന ജെ എം (പിന്നീട് ലോർഡ്) കെയിൻസ് വിനിമയമാനത്തിന്റെ സ്വഭാവത്തെ ഇങ്ങനെ നിർവ്വചിക്കുന്നു.

‘ഏതെങ്കിലും ഒരു രാജ്യത്തിൽ ഗണ്യമായ തോതിൽ സ്വർണ്ണനാണ്യങ്ങൾ പ്രചരിക്കാതിരിക്കുക, പ്രചരണത്തിലുള്ള നാണ്യങ്ങൾക്കു പകരം സ്വർണ്ണം കൊടുത്തേ കഴിയൂ എന്ന നിർബന്ധമില്ലാതിരിക്കുക, അതേസമയത്തു വിദേശങ്ങളിലുള്ള അടവുകൾക്ക് ഒരു നിശ്ചിതമായ തോതിൽ സ്വർണ്ണം കൊടുക്കാൻ ഗവൺമെന്റോ സെൻട്രൽ ബാങ്കോ ഏർപ്പാടു ചെയ്തിരിക്കുക, ഈ അടവുകൾക്കാവശ്യമായ സ്വർണ്ണത്തിന്റെ ഒരു ഗണ്യമായ ഭാഗം വിദേശങ്ങളിൽ നിക്ഷേപിക്കുക — ഇത്രയെല്ലാമായാൽ ആ രാജ്യത്തിൽ സ്വർണ്ണവിനിമയമാനമാണ് നിലവിലുള്ളതെന്ന് പറയാം.’*

ഈ നിർവ്വചനമനുസരിച്ച് ഗോൾഡ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡിന്റെ സവിശേഷതകൾ താഴെപ്പറയുന്നവയാണെന്നു മനസ്സിലാക്കാം.

  1. ഇന്ത്യയ്ക്കു സ്വതന്ത്രമായ ഒരു നാണ്യവ്യവസ്ഥ — വെള്ളിമാനമായാലും ശരി, സ്വർണ്ണമാനമായാലും ശരി — ഉണ്ടായിരിക്കുകയില്ല. ഉറുപ്പികയിലും അരയുറുപ്പികയിലും എല്ലാ ലീഗൽ ടെൻഡറാണെങ്കിലും വെറും ടോക്കൺ നാണ്യങ്ങൾ മാത്രമായിരിക്കും.

  2. ഉറുപ്പികയ്ക്കു പകരം ആഭ്യന്തര ആവശ്യങ്ങൾക്കും വേണ്ടിവരുന്ന സ്വർണ്ണം കൊടുക്കുവാൻ ഗവൺമെന്റിനു ബാദ്ധ്യതയില്ല. വിദേശങ്ങളിലെ അടവുകൾക്കു മാത്രമേ ഉറുപ്പികയ്ക്കുപകരം നിശ്ചിതമായ തോതിൽ (ഉറുപ്പികയ്ക്കു 1 ഷി 4 പെൻസെന്ന തോതിൽ) സ്വർണ്ണം കൊടുക്കേണ്ടതുള്ളു.

  3. വിദേശങ്ങളിലെ അടവുകൾക്കു വിഘ്നമുണ്ടാക്കാതിരിക്കാൻ വിദേശത്ത് (എന്നുവച്ചാൽ ലണ്ടനിൽ) സ്വർണ്ണവും ഫണ്ടുകളും നിക്ഷേപിക്കണം. ഇന്ത്യ ലണ്ടനിൽ നിക്ഷേപിക്കുന്ന ഈ ഫണ്ടുകൾക്ക് സ്വർണമാനനിധി (ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വ്) എന്നുപറയുന്നു.

3.4.1ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വ്

ഈ റിസർവ്വിനാവശ്യമായ തുകകൾ പ്രധാനമായും ഉറുപ്പികയടിക്കുന്നതിൽ നിന്നു ലഭിച്ച ലാഭം കൊണ്ടാണ് രൂപവൽക്കരിക്കപ്പെട്ടത്. ഉറുപ്പികയുടെ വിനിമയവില 16 പെൻസാക്കി നിജപ്പെടുത്തുകയുണ്ടായല്ലോ. എന്നാൽ അതിന്റെ വെള്ളി വില (180 ഗ്രേൻസ്റ്റാൻഡേർഡു വെള്ളി: 11/12 ഭാഗം അല്ലെങ്കിൽ 165 ഗ്രേൻ പരിശുദ്ധവെള്ളിയടങ്ങിയത്) പതിനാറു പെൻസിനേക്കാൾ എത്രയോ കുറവായിരുന്നു. വെള്ളിയുടെ വില ലണ്ടൻമാർക്കറ്റിൽ 24 പെൻസായിരുന്നപ്പോൾ ഒരുറുപ്പികയടിക്കാൻ ഒട്ടാകെയാവശ്യമായിരുന്ന ചെലവ് 9.181 പെൻസ് മാത്രമായിരുന്നു. വെള്ളിയുടെ വില 332 പെൻസായപ്പോൾ ഉറുപ്പികയിലടങ്ങിയ വെള്ളിയുടെ വില 12.241 പെൻസായി. ഉറുപ്പികയുടെ നാണ്യവിലയും വെള്ളിവിലയും തമ്മിലുള്ള ഈ വ്യത്യാസം ഗവൺമെന്റിന്റെ ലാഭമാണ്. ഉറുപ്പികയടിയ്ക്കുന്നതിൽ നിന്നുള്ള ലാഭം ഗവൺമെന്റിന്റെ സാധാരണ ഖജനായിൽ കൂട്ടിച്ചേർക്കരുതെന്നും അതുപയോഗിച്ച് ഇന്ത്യയിൽ ഒരു സ്വർണ്ണനിധി സ്ഥാപിക്കണമെന്നും ഈ സ്വർണ്ണനിധി പേപ്പർ കറൻസി റിസർവ്വിൽ നിന്നും വ്യത്യസ്തമായിരിക്കണമെന്നും ഫൗളർകമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇത്തരമൊരു സ്വർണ്ണനിധിക്രമത്തിൽ സ്വർണ്ണമാന വ്യവസ്ഥ നടപ്പിൽവരുത്താൻ സഹായിക്കുമെന്നാണ് കമ്മിറ്റി ആശിച്ചിരുന്നത്. പക്ഷേ, ഇന്ത്യയുടെ ഭരണാധികാരികളുടെ ആവശ്യം മറ്റൊന്നായിരുന്നു. ഇന്ത്യയുടെ താൽപര്യങ്ങളേക്കാളധികം സാമ്രാജ്യാധിപത്യത്തിന്റെ താൽപര്യങ്ങളെയാണവർ പ്രതിനിധീകരിച്ചിരുന്നത്. അതുകൊണ്ട് സ്വർണ്ണനിധി ലണ്ടനിലാണ് സ്ഥാപിക്കപ്പെട്ടത്. സ്വർണ്ണത്തിനു പുറമെ സ്റ്റർലിംഗ്സെക്യൂരിറ്റികൾ കൂടി അതിലുൾപ്പെടുത്തുകയും ചെയ്തു. ബ്രിട്ടീഷ് മുതലാളികളുടെ വ്യാവസായികവും വിനിമയപരവുമായ അന്തസ് വർദ്ധിപ്പിക്കാൻ ഈ സ്വർണ്ണനിധി പ്രയോജനപ്പെട്ടു.

1907-ൽ സ്വർണ്ണറിസർവ്വിന്റെ ഒരു ശാഖ ഇന്ത്യയിലും സ്ഥാപിക്കുകയുണ്ടായി. നിശ്ചിതനിരക്കിൽ 16 പെൻസിന് ഒരുറുപ്പികയെന്ന തോതിൽ സ്വർണ്ണത്തിനു പകരം ഉറുപ്പിക കൊടുക്കാൻ സൗകര്യമുണ്ടാക്കുകയെന്നതായിരുന്നു ഈ ശാഖയുടെ ഉദ്ദേശ്യം. 1908–1909-ൽ സ്വർണ്ണമാന റിസർവ്വിന്റെ ഘടന താഴെക്കൊടുത്തപ്രകാരമായിരുന്നു.

സ്റ്റർലിംഗ് സെക്യൂരിറ്റികളുടെ വില £ 1,31,86,521
സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ബാലൻസുകൾ
(ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിക്ഷേപിച്ചത് £ 11,31,223
ട്രഷറി ബാലൻസിൽ നിന്നും കൊടുത്ത കടങ്ങൾ £ 310
ഇന്ത്യയിൽ നിക്ഷേപിച്ച ഉറുപ്പിക
(6 കോടി ക. 16 പെൻസ് നിരക്കിൽ) £ 40,00,000
ആകെ £ 1,83,18,054

1913 മാർച്ച് 31 ആകുമ്പോഴേയ്ക്കു ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വ് താഴെ കൊടുത്ത പ്രകാരമായി വർദ്ധിച്ചു.

സ്റ്റർലിംഗ് സെക്യൂരിറ്റികളുടെ വില £ 1,59,45,669
ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിക്ഷേപിച്ച സ്വർണ്ണം £ 16,20,000
അൽപകാലത്തേക്ക് കടം കൊടുത്ത സംഖ്യ £ 10,05,664
ഇന്ത്യയിൽ 6 കോടി ക. 16 പെൻസ് നിരക്കിൽ £ 40,00,000
ആകെ £ 2,25,71,333

പ്രതിവർഷം വർദ്ധിച്ചുകൊണ്ടുവന്ന ഈ തുകയുടെ ഉദ്ദേശ്യം ഉറുപ്പികയുടെ ഉറപ്പുനിലനിർത്തലാണെന്നു പറയപ്പെട്ടു. പക്ഷേ, വാസ്തവത്തിൽ ഇന്ത്യയുടെ സാമ്പത്തികവും വ്യവസായികവുമായ താൽപര്യങ്ങളെ രക്ഷിക്കാനുതകുന്ന ഒരു സ്വതന്ത്രമായ കറൻസി വ്യവസ്ഥയില്ലാതാക്കുകയും ഇന്ത്യയുടെ വിഭവങ്ങളെ ചൂഷണം ചെയ്യാൻ ബ്രിട്ടീഷ് മുതലാളിമാർക്ക് സൗകര്യമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുകയായിരുന്നു, അധികൃതൻമാരുടെ യഥാർത്ഥമായ ഉദ്ദേശ്യം. ഈ ഉദ്ദേശ്യം പാലിക്കാനുള്ള ഒരു ഉപകരണമെന്ന നിലയ്ക്കാണ് ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വ് ഉപയോഗിക്കപ്പെട്ടത്. ഇതു വ്യക്തമായി മനസിലാവണമെങ്കിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി, സാമ്രാജ്യാധിപത്യത്തിന്റെ കാലഘട്ടം ആവിർഭവിച്ചുവെന്നോർമ്മിക്കേണ്ടതാവശ്യമാണ്. സാമ്രാജ്യാധിപത്യത്തിന്റെ സവിശേഷസ്വഭാവങ്ങളിലൊന്നു മറുനാട്ടിൽ മൂലധനം നിക്ഷേപിക്കുകയെന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടിയാണ് ഇന്ത്യയിൽ ബ്രിട്ടീഷ് മൂലധനം ഗണ്യമായ തോതിൽ വർദ്ധിക്കാൻ തുടങ്ങിയതെന്നു പറയേണ്ടതില്ലല്ലോ. ബ്രിട്ടീഷ് മൂലധന നിക്ഷേപത്തെ സഹായിക്കുക എന്നതായിരുന്നു ഇന്ത്യയുടെ കറൻസി വ്യവസ്ഥയുടെയും അതിന്റെ സവിശേഷഘടകമായ സ്വർണ്ണമാനനിധിയുടെയും പ്രധാനോദ്ദേശ്യങ്ങളിലൊന്ന്. 1907-ൽ ഗോൾഡ് റിസർവ്വിൽ നിന്ന് 1.5 കോടി ഉറുപ്പിക റെയിൽവേയിൽ നിക്ഷേപിക്കുകയുണ്ടായി. റിസർവ്വിൽ നിന്നു കൊല്ലംതോറും ഗണ്യമായൊരു സംഖ്യ റെയിൽവേയിലിറക്കുന്നതാണെന്നു തീരുമാനിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ കറൻസി ബ്രിട്ടീഷ് കുത്തകമുതലാളികളുടെ ഒരുപകരണം മാത്രമായി മാറി. ഗോൾഡ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡിന്റെ പ്രവർത്തനക്രമത്തെ പരിശോധിച്ചുനോക്കിയാൽ ഈ പരമാർത്ഥം കൂടുതൽ വ്യക്തമാവുന്നതാണ്.

3.4.2കൗൺസിൽ ബില്ലും റിവേർസ് കൗൺസിൽ ബില്ലും

സ്വർണ്ണവിനിമയമാനത്തിന്റെ പ്രായോഗികപ്രവർത്തനത്തിനാവശ്യമായ രണ്ടു പ്രധാനോപകരണങ്ങളാണ് കൗൺസിൽ ബില്ലുകളും റിവേർസ് കൗൺസിൽ ബില്ലുകളും. ഇന്ത്യാ സെക്രട്ടറി ഇന്ത്യാ ഗവൺമെന്റിന്റെ പേരിൽ പുറപ്പെടുവിക്കുന്ന ഹുണ്ടിക്കാണ് (ഒരു തരം പേ ഓർഡറിനാണ്) കൗൺസിൽ ഡ്രാഫ്റ്റ് എന്നു പറയുന്നത്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇൻ കൗൺസിൽ — ചുരുക്കത്തിൽ ഇന്ത്യാ കൗൺസിൽ പുറപ്പെടുവിക്കുന്ന ബില്ലായതുകൊണ്ടത്രെ ഇതിനു കൗൺസിൽ ബിൽ എന്ന പേര് ലഭിച്ചത്.

പലിശ, പെൻഷൻ, യുദ്ധഓഫീസിലേക്കും ഗവൺമെന്റ്സ്റ്റോറിലേക്കും സ്റ്റേറ്റിലേക്കുമുള്ള അടവുകൾ ഇങ്ങനെ പലവകയായും ഇന്ത്യാ ഗവൺമെന്റ് ഇംഗ്ലണ്ടിലേയ്ക്കു കൊല്ലംതോറും പണമടയ്ക്കേണ്ടതുണ്ട്. ഈ അടവുകൾക്ക് ‘ഹോം ചാർജുകൾ’ എന്നു പറയുന്നു. 1893 വരെയും ഹോം ചാർജുകൾക്കാവശ്യമായത്ര കൗൺസിൽ ബില്ലുകളാണ് വിൽക്കപ്പെട്ടിരുന്നത്. ഇന്ത്യൻ ചരക്കുകൾ വാങ്ങുന്ന ബ്രിട്ടീഷിറക്കുമതിക്കാർ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നും ഹോംചാർജുകൾ വകയ്ക്ക് ഇംഗ്ലണ്ടിലേക്കും സ്വർണം കയറ്റി അയയ്ക്കുകയാണെങ്കിൽ അത് തീരെ സൗകര്യമില്ലാത്ത ഒരേർപ്പാടായിരിക്കും. അതുകൊണ്ട് ഇംഗ്ലീഷ് ഇറക്കുമതിക്കാർ ഇന്ത്യാ സെക്രട്ടറിക്കു സോവറിൻ നൽകുകയും അത്രയും സംഖ്യയ്ക്കുള്ള ഉറുപ്പിക ഇന്ത്യൻ കയറ്റുമതിക്കാർക്ക് നൽകുകയുമാണ് ചെയ്തിരുന്നത്. ഇതെളുപ്പമായിരുന്നു. കയറ്റുമതി ഇറക്കുമതിയേക്കാളധികമായതുകൊണ്ട് വിദേശങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് പണം കിട്ടേണ്ടതുണ്ട്. പണമടയ്ക്കാൻ കടപ്പെട്ട വിദേശിയർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വിൽക്കുന്ന ബില്ലുകൾ വാങ്ങുന്നു. ആ ബില്ലുകൾ ഇന്ത്യയിലേയ്ക്കയച്ച് ഇന്ത്യാ ഗവൺമെന്റിന്റെ ട്രഷറിയിൽ നിന്ന് അവയെ പണമാക്കി മാറ്റാവുന്നതാണ്. ഇംഗ്ലണ്ടിൽ ബില്ലുകൾ വിറ്റുകിട്ടുന്ന ബ്രിട്ടീഷു കറൻസികൾ ഹോംചാർജുകളുടെ അടവിനുവേണ്ടി വിനിയോഗിക്കുകയും ചെയ്യാം. 1893 നു ശേഷം കൗൺസിൽ ഡ്രാഫ്റ്റുകളുടെ വിൽപന സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ആവശ്യങ്ങൾക്കു മാത്രമായിരിക്കണമെന്ന നിബന്ധന നീക്കംചെയ്യപ്പെട്ടു. ഒടുവിൽ 1904-ൽ അതിർത്തിയൊന്നും വയ്ക്കാതെ, എത്ര വേണമെങ്കിലും ഉറുപ്പികയ്ക്ക് 1 ഷി. 4 1/8 പെൻസ് എന്നതോതിൽ കൗൺസിൽ ഡ്രാഫ്റ്റുകൾ വിൽക്കാൻ താൻ തയ്യാറാണെന്ന് ഇന്ത്യാ സെക്രട്ടറി പ്രഖ്യാപിച്ചു. ഇങ്ങനെ ഹോം ചാർജ്ജുകൾ വസൂലാക്കുന്നതിനുവേണ്ടി മാത്രമല്ല, ഉറുപ്പിക ആവശ്യമുള്ള എല്ലാ ബ്രിട്ടീഷ് മുതലാളികളുടെയും സൗകര്യത്തിനുവേണ്ടിയും കൗൺസിൽ ബില്ലുകൾ വിൽക്കപ്പെടാൻ തുടങ്ങി. ഇന്ത്യയിൽ മൂലധനമിറക്കാനാഗ്രഹിക്കുന്ന ബ്രിട്ടീഷ് മുതലാളിമാർക്ക് ഉറുപ്പിക വിനിമയം അത്യാവശ്യമായിത്തീർന്ന ഒരു കാലമായിരുന്നു അത്. ഇന്ത്യയിലേക്കു സ്വർണ്ണം കൊണ്ടുവരാതെതന്നെ ഇവിടെ മൂലധനം നിക്ഷേപിക്കാൻ അവർക്കു സാധിക്കുമെന്നായി. ഉറുപ്പികയാവശ്യമുള്ളവർ ഇംഗ്ലണ്ടിൽ ഇന്ത്യാ സെക്രട്ടറിയുടെ പക്കൽ സ്വർണ്ണമോ സ്റ്റർലിംങ്ങോ അടച്ചു പകരം ഇന്ത്യാ ഗവൺമെന്റിന്റെ പേരിൽ ഹുണ്ടികൾ വാങ്ങുകയും ആ ഹുണ്ടികൾ മാറ്റി ഉറുപ്പികയാക്കുകയുമാണ് ചെയ്തുവന്നത്.

എത്ര സംഖ്യയ്ക്കുള്ള ബില്ലുകളാണ് വിൽപനയ്ക്കുള്ളതെന്ന് കാണിച്ചുകൊണ്ട് ഇന്ത്യാ സെക്രട്ടറി ആദ്യമായി ഒരറിയിപ്പു പ്രസിദ്ധം ചെയ്യുന്നു. ഉറുപ്പിക വിനിമയം ആവശ്യമുണ്ടെന്ന് നിശ്ചിത ദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ടെൻഡർ കൊടുക്കണമെന്നാണ് വ്യവസ്ഥ. അതായത്, ഏതുതോതിൽ എത്ര ഉറുപ്പിക വാങ്ങാൻ തയ്യാറുണ്ടെന്ന് അവരിലോരോരുത്തരും സെക്രട്ടറിയെ അറിയിക്കണം. പിന്നീട് ആരുടെ ടെൻഡറാണ് സ്വീകരിച്ചതെന്നും ആർക്ക് ഏത് നിരക്കിൽ ഹുണ്ടി കൊടുക്കുമെന്നും ഇന്ത്യാ സെക്രട്ടറി പ്രഖ്യാപിക്കും.

സാധാരണ പരിതസ്ഥിതിയിൽ ബില്ലുകൾ ഇന്ത്യാ സെക്രട്ടറിയിൽ നിന്നും വാങ്ങിയതിനുശേഷം അവയെ ഉറുപ്പികയാക്കി മാറ്റാൻ സമയംപിടിക്കും. ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് തപാലെത്താൻ രണ്ടാഴ്ച വേണ്ടിവരുമെന്ന് വിചാരിക്കുക. എന്നാൽ ഇത്രയും കാലത്തേയ്ക്കുള്ള പലിശ നഷ്ടമാവും. അതുകൊണ്ട് കമ്പിവഴിക്കുള്ള ഹുണ്ടി വാങ്ങി അത് ഉടനടി കൽക്കത്തയിൽ ഉറുപ്പികയാക്കി മാറ്റാനാണ് ആളുകൾ പലപ്പോഴും ഇഷ്ടപ്പെടാറുള്ളത്. ഇതിന് കമ്പി ഹുണ്ടികൾ അല്ലെങ്കിൽ ടെലിഗ്രാഫിക്ക് ട്രാൻസ്ഫർ (Telegraphic Transfer) എന്നുപറയുന്നു. ടെലിഗ്രാഫിക് ട്രാൻസ്ഫറിന് സാധാരണനിരക്കിനേക്കാൾ കുറച്ചധികം കിട്ടണമെന്ന് ഇന്ത്യാ സെക്രട്ടറി ആവശ്യപ്പെടുമെന്നു തീർച്ചയാണ്. (ഉദാഹരണത്തിന് ഉറുപ്പികയ്ക്ക് സാധാരണ നിരക്കിനേക്കാൾ 1/32 പെൻസ് അധികം കൊടുക്കേണ്ടി വരും).

ഇന്ത്യയിൽ ഉറുപ്പികയാവശ്യമുള്ള ബ്രിട്ടീഷുകാരുടെ മുമ്പിൽ രണ്ടു മാർഗ്ഗങ്ങളാണുള്ളത്. ഒന്നുകിൽ ഇന്ത്യയിലേക്കു സ്വർണ്ണം കയറ്റി അയച്ച് അത് നിലവിലുള്ള നിരക്കിൽ ഉറുപ്പികയാക്കി മാറ്റാം; അല്ലെങ്കിൽ ഇന്ത്യാ സെക്രട്ടറിയിൽ നിന്ന് കൗൺസിൽ ബിൽ വാങ്ങി ഉറുപ്പികയാക്കാം. കൗൺസിൽ ബിൽ വാങ്ങുകയാണ് കൂടുതൽ ആദായകരമെന്ന് കണ്ടാൽ ഇന്ത്യയിലേക്ക് സ്വർണ്ണം കയറ്റി അയയ്ക്കാൻ ആരും മിനക്കെടുകയില്ലെന്നു പറയേണ്ടതില്ലല്ലോ.

ഇംഗ്ലണ്ടിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിലേക്കു സ്വർണ്ണം കൊണ്ടുവരാൻ ചെലവു വേണ്ടിവരുമെന്നു തീർച്ചയാണ്. സാധാരണ കാലങ്ങളിൽ 16 പെൻസ് (അത്ര സ്വർണ്ണം) കൊണ്ടുവരാൻ 1/8 പെനി ചെലവുവരും. അപ്പോൾ ഉറുപ്പികയ്ക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നവനെ സംബന്ധിച്ചിടത്തോളം ഒരുറുപ്പികയുടെ വില 16 1/8 പെൻസ് ആവും. ഈ സ്ഥിതിയിൽ ഉറുപ്പികയ്ക്ക് 16 1/8 പെൻസിനേക്കാൾ കവിഞ്ഞനിരക്കിൽ കൗൺസിൽ ബിൽ വാങ്ങാൻ ആളുകൾ തയ്യാറാവുകയില്ല. എന്നാൽ നേരെമറിച്ച് ഒരുറുപ്പികയുടെ ബിൽ 16 1/8 പെൻസിനേക്കാൾ താണനിരക്ക് (ഉദാഹരണത്തിന് 16 1/16 പെൻസിനു) കിട്ടുകയാണെങ്കിൽ അയാളൊരിക്കലും സ്വർണ്ണം വാങ്ങാനോ കൊണ്ടുവരാനോ ഇഷ്ടപ്പെടുകയില്ല. ഇന്ത്യയിലേക്ക് കഴിയുന്നതും സ്വർണ്ണം വരാതാക്കാനുള്ള ഒരു നയമാണ് ഇന്ത്യാ സെക്രട്ടറി കൈക്കൊണ്ടത്. സ്വർണ്ണമയയ്ക്കുന്നതിനു പകരം കൗൺസിൽ ബിൽ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കത്തക്കവണ്ണം അത്ര കുറഞ്ഞ നിരക്കിലാണ് എല്ലായ്പോഴും ബില്ലുകൾ വിൽക്കപ്പെടുന്നത്.

അപൂർവ്വം ചില സന്ദർഭങ്ങളിൽ കയറ്റുമതിയേക്കാൾ ഇറക്കുമതി കൂടുതലായതിനാലോ അതുപോലെയുള്ള മറ്റു കാരണങ്ങളാലോ ഇംഗ്ലണ്ടിലേയ്ക്കടയ്ക്കേണ്ട സ്റ്റർലിങ്ങിന്റെ തുക ഉറുപ്പികയുടെ ഡിമാൻറിനേക്കാൾ വർദ്ധിച്ചുവെന്നുവരാം. അപ്പോൾ ഉറുപ്പികയ്ക്കു പകരം സ്റ്റർലിങ്ങു കൊടുക്കേണ്ടിവരും. അതിനായി ഇന്ത്യാ ഗവൺമെന്റ് ഇന്ത്യാ സെക്രട്ടറിയുടെ പേരിൽ റിവേർസ് കൗൺസിൽ ഡ്രാഫ്ടുകൾ പുറപ്പെടുവിക്കുന്നു. ഉറുപ്പികയ്ക്കു പകരം സ്റ്റർലിങ്ങു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് ഇന്ത്യാ സെക്രട്ടറിയുടെ പേരിൽ പുറപ്പെടുവിക്കുന്ന ഓർഡറുകൾക്കാണ് ‘റിവേർസ് കൗൺസിൽ ഡ്രാഫ്ടുകൾ’ അല്ലെങ്കിൽ സ്റ്റർലിംഗ് ഡ്രാഫ്ടുകൾ എന്നു പറയുന്നത്. സ്റ്റർലിങ്ങാവശ്യമുള്ളവർ ഇന്ത്യാ ഗവൺമെന്റിന്റെ പക്കൽ ഉറുപ്പികയടയ്ക്കുകയും അതിനു പകരമായി ലണ്ടനിൽ സ്റ്റർലിങ്ങ് കൊടുക്കുകയും ചെയ്യുന്നു. സാധാരണയായി റിവേർസുകൗൺസിലുകൾ ഉറുപ്പികയ്ക്കു 1 ഷി 3 29/32 പെൻസ് എന്ന തോതിനേക്കാൾ കുറച്ചു വിൽക്കുവാൻ ഇന്ത്യാ സെക്രട്ടറി തയ്യാറാവുകയില്ല.

ഇങ്ങനെ കൗൺസിലുകളുടേയും റിവേർസ് കൗൺസിലുകളുടെയും വിൽപ്പനവഴിക്കാണ് ഉറുപ്പികയുടെ വിനിമയ നിരക്ക് 16 പെൻസാക്കി നിലനിർത്താൻ സാധിച്ചത്. ഉറുപ്പികയുടെ വില നിർദ്ദിഷ്ടനിരക്കിനേക്കാൾ കുറയാൻ തുടങ്ങുമ്പോൾ റിവേർസു കൗൺസിലുകളുടെ വിൽപ്പനവഴിക്കു മാർക്കറ്റിൽ നിന്ന് ഉറുപ്പിക പിൻവലിക്കുകയും അങ്ങനെ നാണ്യ സങ്കോചനത്തിലൂടെ (Contraction of Currency = നിലവിലുള്ള നാണ്യങ്ങളുടെ അളവു ചുരുക്കൽ) ഉറുപ്പികയുടെ വിനിമയനിരക്കു വർദ്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്. നേരെമറിച്ച് ഉറുപ്പികയുടെ നിരക്കു വർദ്ധിക്കുകയാണ് ചെയ്യുന്നതെങ്കിൽ ഇന്ത്യാ സെക്രട്ടറി കൗൺസിൽ ബില്ലുകൾ വിൽക്കാൻ തുടങ്ങുകയും അങ്ങനെ ഇന്ത്യൻ ട്രഷറിയിൽ നിന്ന് ഉറുപ്പിക പുറപ്പെടുവിച്ചു വിലവർദ്ധന തടയുകയും ചെയ്യുന്നതാണ്. (നാണ്യ വർദ്ധനവിലൂടെ = Expansion of Currency) ഇത്തരം കൃത്രിമോപായങ്ങളുടെ സഹായത്തോടുകൂടിയാണ് വിനിമയനിരക്കു സംരക്ഷിക്കപ്പെട്ടുപോന്നത്. ഉറുപ്പികയുടെ നിരക്ക് 1 ഷി. 3 29/32 പെൻസിന്റെയും 1 ഷി 4 1/8 പെൻസിൻറേയും അതിർത്തിക്കുള്ളിൽത്തന്നെ നിൽക്കാനാവശ്യമായ തരത്തിൽ കൗൺസിൽ ബില്ലുകളുടേയും റിവേർസുകൗൺസിൽ ബില്ലുകളുടെയും വിൽപനകൾ ക്രമീകരിക്കപ്പെട്ടുപോന്നു.

ഇന്ത്യാ സെക്രട്ടറിയുടെ ബാലൻസുകൾ ലണ്ടനിൽ സ്വർണ്ണമായി നിക്ഷേപിച്ചിട്ടുള്ള പേപ്പർ കറൻസി റിസർവ്വ് (ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെടുന്ന കറൻസി നോട്ടുകളുടെ ഉറപ്പിനുവേണ്ടിയുള്ള ഈ റിസർവിന്റെ ഒരുഭാഗം ഇന്ത്യയിലും മറ്റേഭാഗം ഇംഗ്ലണ്ടിലുമാണ്.) ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വ് എന്നീ നിധികളിലാണ് കൗൺസിൽബില്ലുകൾ വിറ്റുകിട്ടുന്ന പണം വരവ് ചേർക്കുന്നത്. അത്രയും സംഖ്യയ്ക്കുള്ള ഉറുപ്പിക വിനിമയം ഇന്ത്യാ ഗവൺമെന്റിന്റെ ബാലൻസുകളിൽ നിന്നോ പേപ്പർ കറൻസി റിസർവ്വിന്റെ ഇന്ത്യാ വിഭാഗത്തിൽ നിന്നോ ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വിന്റെ ഉറുപ്പികാ ശാഖയിൽ നിന്നോ അടച്ചുതീർക്കുകയും ചെയ്യുന്നു. നേരെമറിച്ച് റിവേർസ് കൗൺസിൽ വിറ്റുകിട്ടുന്ന തുകകൾ ഇന്ത്യാ ഗവൺമെന്റു വരവു പിടിക്കുകയും അത്രയും സംഖ്യയ്ക്കുള്ള സ്റ്റർലിങ്ങ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് അടച്ചുതീർക്കുകയും ചെയ്യുന്നു. ബില്ലുകൾ വിൽക്കുന്ന സമ്പ്രദായം എളുപ്പത്തിൽ മനസ്സിലാക്കാൻ ഡി കെ മൽഹോത്ര തന്റെ History of Problems of Indian Currencyഎന്ന പുസ്തകത്തിൽ കൊടുത്ത പട്ടിക സഹായിക്കും. (പട്ടിക 1)

3.5കറൻസി നോട്ടുകൾ

ഈ അദ്ധ്യായം അവസാനിക്കുന്നതിനു മുമ്പായി ഇന്ത്യയിലെ കറൻസി നോട്ടുകളെപ്പറ്റിയും അല്പമൊന്നു മനസ്സിലാക്കി വെയ്ക്കുന്നതു നന്നായിരിക്കും. ഏതൊരു രാജ്യത്തും വ്യാവസായികവും വ്യാപാരപരവുമായ അഭിവൃദ്ധിയോടൊപ്പം നോട്ടുകളുടെ ആവശ്യവും പ്രചാരവും വർദ്ധിക്കുന്നുണ്ടെന്നു കാണാം. താത്വികമായി നോക്കുമ്പോൾ സ്വർണ്ണനാണ്യങ്ങളെ നിർണ്ണയിക്കുന്ന നിയമങ്ങൾതന്നെയാണ് കറൻസിനോട്ടുകളെയും നിർണ്ണയിക്കുന്നത്. കാരണം, ടോക്കൺ നാണ്യങ്ങളെപ്പോലെത്തന്നെ കറൻസി നോട്ടുകളും സ്വർണ്ണനാണ്യങ്ങളെ പ്രതിനിധീകരിക്കുകമാത്രമാണ് ചെയ്യുന്നത്. ജെ.എം. കെയിൻസ് എഴുതുന്നു:

“ഇന്നത്തെ പരിതസ്ഥിതിയിൽ ഒരു ടോക്കൺ നാണ്യമായ ഉറുപ്പിക വെള്ളിലോഹത്തിൻമേലടിച്ച ഒരു നോട്ടുമാത്രമാണ്. ചെറിയ തുകകളുടെ കൊള്ളക്കൊടുക്കകൾക്ക് ഉപകരിക്കുന്നതുകൊണ്ട് അത് പ്രചരിക്കുന്നു. ജനങ്ങൾക്ക് അതുപയോഗിക്കാൻ വലിയ സൗകര്യവുമുണ്ട്. പക്ഷേ, അതുപയോഗിക്കാൻ വലിയ ചെലവ് നേരിടുന്നതാണ്. ഉറുപ്പികൾ അടിച്ചിറക്കുമ്പോൾ അവയുടെ മുഖവില മുഴുവനും റിസർവ്വായി സൂക്ഷിക്കുവാൻ ഗവൺമെന്റിനു സാധ്യമല്ല. നാണ്യങ്ങളുടെ മുഖവിലയും വെള്ളിവിലയും തമ്മിലുള്ള വ്യത്യാസം മാത്രമേ സൂക്ഷിക്കാൻ കഴിയൂ. അതുകൊണ്ട് വലിയ തുകകളുടെ കൊള്ളക്കൊടുക്കകൾക്കു നോട്ടുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കേണ്ടതാവശ്യമാണ്.” [11]

1861 നു മുമ്പ് ചില സ്വകാര്യബാങ്കുകൾ മാത്രമാണ് നോട്ടുകൾ പുറപ്പെടുവിച്ചിരുന്നത്. 1839-നും 1843 നും ഇടയിൽ പാസാക്കിയ നിയമങ്ങളനുസരിച്ച് ബംഗാൾ, ബോംബെ, മദ്രാസ് എന്നീ നഗരങ്ങളിലെ പ്രസിഡൻസി ബാങ്കുകൾക്ക് നോട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ലഭിച്ചു. ഓരോ ബാങ്കിനും കവിഞ്ഞത് എത്ര നോട്ടടിപ്പാനധികാരമുണ്ടെന്നും (ഉദാഹരണത്തിന് ബാങ്ക് ഓഫ് ബംഗാളിന് 2 കോടി ഉറുപ്പികയുടെ നോട്ടു പുറപ്പെടുവിക്കാം.) ഓരോ ബാങ്കും നോട്ടിന്റെ മുഖവിലയുടെ ഏതൊരു ഭാഗമാണ് സ്വർണ്ണമായി റിസർവ്വിൽ വെയ്ക്കേണ്ടതെന്നും (ഉ: 25 ശതമാനം) വ്യവസ്ഥ ചെയ്തിരുന്നു. ഈ നോട്ടുകൾ ലീഗൽ ടെൻഡറായിരുന്നില്ല. മാത്രമല്ല അവയുടെ പ്രചാരം പരിമിതമായിരുന്നു. ബംഗാൾ, ബോംബെ, മദ്രാസ് എന്നീ നഗരങ്ങളിൽ മാത്രമാണ് പ്രധാനമായും നോട്ടുകൾ പ്രചരിച്ചിരുന്നത്.

1861-ൽ നോട്ടടിക്കാനുള്ള അവകാശം ഗവൺമെന്റു തന്നെ ഏറ്റെടുത്തു. അക്കൊല്ലത്തെ XIX-ാം നമ്പർ ആക്ട് പ്രകാരം പ്രസിഡൻസി ബാങ്കുകളുടെ അവകാശം റദ്ദാക്കുകയും ഗവൺമെന്റിന്റെ പരിപൂർണ്ണ നിയന്ത്രണത്തിൽ പലതരത്തിലുള്ള നോട്ടുകൾ പുറപ്പെടുവിക്കാൻ തീരുമാനിക്കുകയും അതിനായി ‘പേപ്പർ കറൻസി ഡിപ്പാർട്ട്മെന്റ്’ എന്ന ഒരു പ്രത്യേക ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കുകയും ചെയ്തു.

എന്നാൽ അപ്പോഴും ഇന്ത്യയിലെല്ലായിടത്തും ഒരു പോലെ പ്രചരിപ്പിക്കാവുന്ന നോട്ടുകളല്ല വിതരണം ചെയ്യപ്പെട്ടത്. രാജ്യത്തെ മുഴുവൻ കൽക്കത്ത, ബോംബെ, മദ്രാസ് എന്നിങ്ങനെ ചില സർക്കിളുകളായി വിഭജിക്കുകയും ഓരോ സർക്കിളിലും അച്ചടിച്ചിറക്കുന്ന നോട്ടുകൾ അവിടെ മാത്രമേ പ്രചരിക്കുകയുള്ളു എന്നു വ്യവസ്ഥയേർപ്പെടുത്തുകയും ചെയ്തിരുന്നു. നോട്ടുകൾക്ക് കൂടുതൽ വിപുലമായ പ്രചാരം ആവശ്യമായിത്തീർന്നപ്പോൾ മാത്രമാണ് ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുകയും അങ്ങനെ ഇന്ത്യയിലൊട്ടുക്കും പ്രചരിക്കുന്ന നോട്ടുകൾ അടിച്ചിറക്കപ്പെടുകയും ചെയ്തത്.

ആദ്യ 10 ക, 20 ക, 50 ക, 100 ക, 500 ക, 1000 ക, 10,000 ക എന്നിവയുടെ നോട്ടുകളാണ് പുറപ്പെടുവിക്കപ്പെട്ടത്. 20 ക യുടെ നോട്ടിനു വേണ്ടത്ര പ്രചാരമില്ലാതിരുന്നതുകൊണ്ട് പിന്നീട് (1910-ൽ) അതു പിൻവലിക്കപ്പെട്ടു. 1891 — ൽ ചെറിയ അടവുകൾക്കുപകരിക്കാൻ വേണ്ടി 5 ക.നോട്ടും പ്രചരിക്കപ്പെടാൻ തുടങ്ങി.

1861-ലെ ആക്ടിൽ നോട്ടിന്റെ ഉറപ്പിനുവേണ്ടി ഒരു നിശ്ചിതസംഖ്യ റിസർവ്വായി വെയ്ക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. നാലുകോടി ഉറുപ്പിക വരെ വിലയുള്ള നോട്ടുകൾക്ക് പിൻബലമായി സെക്യൂരിറ്റികൾ (പ്രധാനമായി ഇന്ത്യാ ഗവൺമെന്റിന്റെ ഉറുപ്പിക സെക്യൂരിറ്റികൾ) ഉണ്ടായാൽ മതി. നാലുകോടിയിലധികമായാൽ അധികമുള്ള നോട്ടിന്റെ മുഴുവൻ വിലയും വെള്ളിനാണ്യമായോ ലോഹമായോ റിസർവ്വിൽ വെയ്ക്കണം. കൂടുതൽ നോട്ടടിക്കാതിരിക്കാനുള്ള ഒരു മുൻകരുതലെന്ന നിലയ്ക്ക് ഇതു പ്രയോജനപ്പെട്ടേയ്ക്കാം. എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങൾക്കൊത്ത തരത്തിൽ നോട്ടുകൾ വിതരണം ചെയ്യാൻ ഈ വ്യവസ്ഥയ്ക്കു സാധ്യമല്ല. ചബലാനി എന്ന ധനശാസ്ത്രജ്ഞൻ ചൂണ്ടിക്കാണിക്കുന്നതുപോലെ ‘നോട്ടുകളടിക്കുന്നതുകൊണ്ട് ഗവൺമെന്റിന് യാതൊരു ലാഭവുമുണ്ടായില്ല; കാരണം, നോട്ടുകളുടെ വിലയ്ക്കു തുല്യമായ നാണ്യങ്ങളോ ലോഹമോ റിസർവിൽ വയ്ക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടു നോട്ടടിക്കൽ ഉറുപ്പിക അടിച്ചിറക്കലിനേക്കാൾ ഒട്ടുംതന്നെ ചെലവുകുറഞ്ഞതായിരുന്നില്ല.’ [12]

1893-ൽ മുദ്രണശാലകൾ പൂട്ടിയതോടുകൂടി ഈ സ്ഥിതിക്കു കുറച്ചൊരു മാറ്റമുണ്ടായി. ഉറുപ്പിക പൂർണ്ണവിലയില്ലാത്ത ടോക്കൺ നാണ്യമായി മാറിയതുകൊണ്ട് നോട്ടിന്റെ പിൻബലമായ റിസർവ്വിൽ മുമ്പത്തേക്കാൾ കുറഞ്ഞ വെള്ളിവെച്ചാൽ മതിയെന്നായി. വേറെയും ചില മാറ്റങ്ങൾ വരുത്തപ്പെട്ടു. ഫിഡ്യൂഷ്യറിവിഭാഗം — അതായതു വെള്ളിയുടെ പിൻബലമില്ലാതെ അടയ്ക്കാവുന്ന നോട്ടുകളുടെ തുക — 1861-ൽ 4 കോടി ക. ആയിരുന്നത് 1913 ആകുമ്പോഴേയ്ക്കും 14 കോടി ക.യായി വർദ്ധിച്ചു. ഇതിന്റെ അർത്ഥം നോട്ടുകളുടെ തുക 14 കോടി ക. യിൽ കവിഞ്ഞാൽ മാത്രമേ കൂടുതലായ നോട്ടുകളുടെ മുഴുവൻ വിലയും വെള്ളിയായി വെയ്ക്കേണ്ടതുള്ളുവെന്നാണ്. ഈ 14 കോടി ക.യിൽ (£93,33,000) 4 കോടി ക (£26,66,000) ഇംഗ്ലീഷ് സെക്യൂരിറ്റികളായി വെയ്ക്കാവുന്നതാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ തുകകളിൽ നിന്നു കിട്ടുന്ന പലിശയിൽ പേപ്പർ കറൻസി ഡിപ്പാർട്ട്മെന്റിന്റെ ചെലവുകിഴിച്ചു ബാക്കിയുള്ളതു ‘നോട്ടു പ്രചരണ ലാഭം’ എന്ന പേരോടുകൂടി ഗവൺമെന്റിന്റെ പൊതുവരുമാനങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ടുവന്നു.

1898 വരെയും ഫിഡ്യൂഷ്യറി വിഭാഗം കഴിച്ച് ബാക്കിയുള്ളതു മുഴുവൻ ‘പേപ്പർ കറൻസി റിസർവ്വ്’ എന്ന പേരിൽ വെള്ളിനാണ്യങ്ങളാക്കി ഇന്ത്യയിൽത്തന്നെയാണ് വെച്ചിരുന്നത്. 1898-ലെ ഗോൾഡ് ആക്ട് പ്രകാരം ഈ പേപ്പർ കറൻസി റിസർവ്വിന്റെ ഒരു ഭാഗം സ്വർണ്ണമായി വെയ്ക്കാവുന്നതാണെന്നു തീരുമാനിക്കപ്പെട്ടു. ഇന്ത്യയിൽ പ്രചരിക്കുന്ന നോട്ടുകളുടെ ഉറപ്പിനു വേണ്ടിയുള്ള ഈ സ്വർണ്ണം ലണ്ടനിൽ നിക്ഷേപിച്ചാൽ മതിയെന്നും നിശ്ചയിക്കപ്പെട്ടു! റിസർവ്വിലെ ലോഹങ്ങൾ എത്രകണ്ടു സ്വർണ്ണമായും എത്രകണ്ടു വെള്ളിയായും വയ്ക്കണമെന്നും അതിലെത്രകണ്ടു ലണ്ടനിൽ വയ്ക്കണമെന്നും തീരുമാനിക്കുവാൻ 1905-ലെ ആക്ട് ഗവൺമെന്റിനധികാരം നൽകി. ഉറുപ്പികനാണ്യങ്ങൾ എന്തായാലും ഇന്ത്യയിൽ വെയ്ക്കണമെന്നു മാത്രമേ നിർബന്ധമുണ്ടായിരുന്നുള്ളു.

നോട്ടുകൾ നാണ്യങ്ങളാക്കി മാറ്റാൻ ബുദ്ധിമുട്ടുണ്ടാകാതിരിക്കത്തക്കവണ്ണം കറൻസിവ്യവസ്ഥയ്ക്കു പിൻബലം നൽകുവാൻ വേണ്ടിയാണ് പേപ്പർ കറൻസി സ്ഥാപിക്കപ്പെട്ടത്. എന്നാൽ 1905 മുതൽക്കു ലണ്ടനിൽ നിക്ഷേപിച്ച സ്വർണവും സ്റ്റർലിങ്ങു സെക്യൂരിറ്റികളും വിനിമയവ്യവസ്ഥയുടെ പിൻബലമായും ഉപയോഗിക്കുവാൻ തുടങ്ങി. അതായത് ഇന്ത്യയിൽ ഇഷ്യൂ ചെയ്യുന്ന റിവേർസു കൗൺസിൽ ബില്ലുകൾ വകയ്ക്കു ലണ്ടനിലയ്ക്കേണ്ട സംഖ്യകൾ ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വിൽ നിന്നു മാത്രമല്ല, പേപ്പർ കറൻസി റിസർവ്വിൽ നിന്നും അടച്ചു തീർക്കാൻ തുടങ്ങി.

ഇത്രയും വിവരിച്ചതിൽ നിന്ന് 1899 മുതൽ 1914 വരെ നിലനിന്നുപോന്ന കറൻസി വ്യവസ്ഥയുടെ – സ്വർണ്ണവിനിമയമാനത്തിന്റെ – പ്രധാനസ്വഭാവങ്ങളെ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:

  1. കറൻസി വ്യവസ്ഥയിൽ രണ്ടുതരത്തിലുള്ള നാണ്യങ്ങളുണ്ട്: ഉറുപ്പികയും — സോവറിനും. സോവറിൻ (പൗണ്ട് സ്റ്റർലിങ്ങ്) സാധാരണയായി മറുനാടുകളിലെ അടവുകൾക്ക് ഉപയോഗിക്കപ്പെടുന്നു.

  2. സോവറിന്റെ വില 15 ക.യായിരിക്കും. അതായത് 1 ഷി 4 പെ = 1 ഉറുപ്പിക. 1 ഷി 4 പെൻസിന്റെ പ്രതിനിധിമാത്രമായ ഉറുപ്പിക വെറുമൊരു ടോക്കൺ നാണ്യമായിരിക്കും.

  3. സോവറിനുപകരം നിശ്ചിതനിരക്കനുസരിച്ച് എത്ര ഉറുപ്പികവേണമെങ്കിലും ഗവൺമെന്റിൽനിന്നാവശ്യപ്പെടാവുന്നതാണ്.

  4. നേരെമറിച്ച് ഉറുപ്പികയ്ക്കു പകരം സ്വർണ്ണനാണ്യം കിട്ടണമെന്നാവശ്യപ്പെടാൻ ജനങ്ങൾക്ക് നിവൃത്തിയില്ല. എങ്കിലും സാധാരണയായി മറുനാട്ടിലെ ഉപയോഗങ്ങൾക്കും മറ്റു വിനിമയാവശ്യങ്ങൾക്കും സോവറിൻ നൽകപ്പെടുന്നതാണ്.

  5. കൗൺസിൽ ബില്ലുകളുടെയും റിവേർസ് കൗൺസിൽ ബില്ലുകളുടെയും സഹായത്തോടുകൂടി ഉറുപ്പികയുടെ വിനിമയനിരക്ക് 1 ഷി 4 പെൻസാക്കി നിലനിർത്തുന്നതാണ്.

  6. ഈയാവശ്യത്തിനുവേണ്ടി ലണ്ടനിലും ഇന്ത്യയിലും ഓരോ റിസർവ്വുണ്ടായിരിക്കും.

3.6ഉറുപ്പികയും ഒന്നാം ലോകമഹായുദ്ധവും

സ്വർണ്ണവിനിമയമാന്യം കൃത്രിമവും അസ്വാഭാവികവുമായ ഒരു കറൻസിവ്യവസ്ഥയാണ്. കാരണം, ഈ വ്യവസ്ഥയിൽ വിനിമയനിരക്കു വെള്ളിനാണ്യത്തിലടങ്ങിയ ലോഹത്തിന്റെ വിലയെ ആശ്രയിച്ചിരിക്കുകയില്ല. വെള്ളിയുറുപ്പിക വെറുമൊരു ടോക്കൻ നാണ്യമാണ്. 1893ന് മുമ്പ്, വെള്ളിയുറുപ്പിക പൂർണവിലയുള്ള നാണ്യമായിരുന്ന കാലത്ത്, വെള്ളിയുടെ വിലയിടിവ് ഏതുവിധമാണ് ഉറുപ്പികയുടെ വിനിമയനിരക്കിനെ ബാധിച്ചതെന്നു നമ്മൾ കാണുകയുണ്ടായി. എന്നാൽ 1899 മുതൽ ലോകമഹായുദ്ധം വരെയും (ശരിക്കു പറയുകയാണെങ്കിൽ 1899 മുതൽ 1916 വരെ) വെള്ളിയുടെ വിലയിലുണ്ടായ കയറ്റിറക്കങ്ങൾ ഉറുപ്പികയുടെ വിനിമയനിരക്കിനെ ബാധിക്കുകയുണ്ടായില്ല. വിനിമയനിരക്കു ലോഹവിലയല്ല വിദേശബില്ലുകളുടെ സപ്ലൈയേയും ഡിമാന്റിനേയുമാണാശ്രയിച്ചിരുന്നത്. അതുകൊണ്ട് കൗൺസിൽ ബില്ലുകളുടേയും റിവേർസു കൗൺസിൽ ബില്ലുകളുടെയും വിൽപനവഴിക്കു വിനിമയനിരക്ക് 16 പെൻസാക്കി നിലനിർത്താൻ അധികൃതൻമാർക്കു സാധിച്ചു.

മറ്റു പരിഷ്കൃതരാജ്യങ്ങളിലെങ്ങും കാണാൻ കഴിയാത്ത ഈ വിചിത്രമായ കറൻസി വ്യവസ്ഥ ഇന്ത്യയുടെ പരിതഃസ്ഥിതികൾക്കു ഏറ്റവും പറ്റിയതാണെന്നു പറഞ്ഞുകൊണ്ട് ധനശാസ്ത്രഞ്ജൻമാർ നീണ്ടനീണ്ടലേഖനങ്ങളും പുസ്തകങ്ങളും എഴുതിവിടുകയുണ്ടായി. പക്ഷേ, ലോകമഹായുദ്ധം അവരുടെ വ്യാമോഹങ്ങളെയെല്ലാം തകർത്തുകളഞ്ഞു. ബ്രിട്ടീഷു മുതലാളിയുടെ നിയമങ്ങളെക്കാളധികം ധനശാസ്ത്രതത്വങ്ങൾക്കാണ് ശക്തികൂടുകയെന്നു ലോകത്തിനു ബോധ്യപ്പെടാൻ തുടങ്ങി.

ഇന്ത്യയിൽ പ്രചരിക്കുന്ന ഉറുപ്പിക പൂർണമല്ലാത്ത ടോക്കൻ നാണ്യമായിരിക്കുക; പക്ഷേ, അതേസമയത്ത് നിശ്ചിതനിരക്കിൽ 16 പെൻസിന് 1 ക. എന്ന തോതിൽ ഉറുപ്പിക കൊടുത്താൽ വിദേശവിനിമയം കിട്ടാനുള്ള ഏർപ്പാടുണ്ടായിരിക്കുക; ഇതാണല്ലോ വിനിമയമാനവ്യവസ്ഥയുടെ പ്രധാനമായ സ്വഭാവം. വെള്ളിയുടെ വിലവർദ്ധനവിന്റെ ഫലമായ ഉറുപ്പിക ടോക്കൻ നാണ്യമല്ലാതായിത്തീർന്നാൽ, അതായത് ഉറുപ്പികയുടെ വെള്ളിവില അതിന്റെ മുഖവിലയേക്കാൾ വർദ്ധിച്ചാൽ സ്വർണ്ണവിനിമയമാനം തനിയെ തകർന്നുപോകും. ഇതാണ് ലോകമഹായുദ്ധകാലത്തു സംഭവിച്ചത്.

1914 ജൂലൈ മാസത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടനെ മറ്റു പലതിലുമെന്നപോലെ നാണയകാര്യത്തിലും ബുദ്ധിമുട്ടുകൾ നേരിട്ടു. ആദ്യത്തെ ചില മാസങ്ങളിൽ നാട്ടിലൊട്ടുക്കും അമ്പരപ്പും അസ്ഥിരതയും കാണപ്പെട്ടു. ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം ആളുകൾ തിരിച്ചുവാങ്ങാൻ തുടങ്ങി. സേവിംഗ്സ് ബാങ്കിലും കറൻസി നോട്ടിലുമുള്ള വിശ്വാസം കുറഞ്ഞു. ഈ താൽക്കാലികക്കുഴപ്പങ്ങളിൽ നിന്നു രക്ഷനേടുവാൻ ഗവൺമെന്റിനു വലിയ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ക്രമത്തിൽ സ്ഥിതിഗതികൾ മോശമായിക്കൊണ്ടുവന്നു. യുദ്ധത്തിന്റെ ആഘാതങ്ങൾ കറൻസി വ്യവസ്ഥയെ താറുമാറാക്കാൻ തുടങ്ങി. അതിലിടയ്ക്കാണ് ഇംഗ്ലണ്ട് സ്വർണ്ണമാനം ഉപേക്ഷിച്ചത്. ഇത് ഇംഗ്ലീഷ് കറൻസിയുമായി ബന്ധിക്കപ്പെട്ട ഉറുപ്പികയേയും ബാധിച്ചുവെന്നു പറയേണ്ടതില്ലല്ലോ. ഇന്ത്യയുടെ പേരിൽ ഇംഗ്ലണ്ടിൽ നിക്ഷേപിക്കപ്പെട്ട പണമെല്ലാം അതുവരേയും സ്വർണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സ്വർണ്ണമാനം തകർന്നതോടെ ഒരു ഞൊടിയിടകൊണ്ട് നമ്മുടെ സ്വർണ്ണനിക്ഷേപങ്ങളെല്ലാം സ്റ്റർലിങ്ങു കടലാസുകളായി മാറി!

1916 ആകുമ്പോഴേക്കും യുദ്ധത്തിന്റെ ആഘാതങ്ങൾ ഇന്ത്യയുടെ കറൻസിവ്യവസ്ഥയിൽ തികച്ചും പ്രതിഫലിക്കാൻ തുടങ്ങി. നമ്മുടെ ആനുകൂലവാണിജ്യം (മിച്ചക്കയറ്റുമതി) മുമ്പത്തെക്കാൾ എത്രയോ അധികമായിത്തീർന്നു. 1914–15-ൽ കയറ്റുമതി ഇറക്കുമതിയേക്കാൾ 2,91,08,500 പൗണ്ടായിരുന്നു. 1916–17-ൽ മിച്ചക്കയറ്റുമതി 6,04,83,200 പൗണ്ടും 1917–18-ൽ 6,14,20,000 പൗണ്ടും 1918-19-ൽ 5,65,40,000 പൗണ്ടുമായിരുന്നു. അസംസ്കൃതസാധനങ്ങൾ, ഭക്ഷണസാമഗ്രികൾ, യുദ്ധാവശ്യത്തിനുതകുന്ന മറ്റു ചരക്കുകൾ മുതലായവയുടെ കയറ്റുമതി വർദ്ധിക്കുകയും അതേ സമയത്ത് പ്രധാനപ്പെട്ട പലചരക്കുകളുടെയും കയറ്റുമതി കുറയുകയും ചെയ്തതാണ് ഇതിനു കാരണം. അനുകൂലവാണിജ്യം ഉറുപ്പികയുടെ ഡിമാൻഡു വർദ്ധിപ്പിക്കുകയും വിനിമയനിരക്കു മെല്ലെമെല്ലെ ഉയർത്താൻ തുടങ്ങുകയും ചെയ്തു.

ഉറുപ്പികയുടെ ഡിമാൻറ് വർദ്ധിപ്പിക്കാൻ മറ്റു കാരണങ്ങളുമുണ്ടായി. ഇറാക്ക്, ഇറാൻ, കിഴക്കൻ ആഫ്രിക്ക മുതലായ രാജ്യങ്ങളിലെ യുദ്ധച്ചെലവുകൾക്കു ഉറുപ്പികയാവശ്യമായിവന്നു. ഇന്ത്യയിൽത്തന്നെ പട്ടാളക്കാരുടെ ശമ്പളത്തിനും യുദ്ധസാമഗ്രികൾ ശേഖരിക്കുന്നതിനും മറ്റു യുദ്ധച്ചെലവുകൾക്കും ഉറുപ്പിക ധാരാളമായി ചെലവിടേണ്ടിവന്നു. ഈ ചെലവുകൾക്കു പകരമായി ഇന്ത്യയുടെ പേരിൽ സ്റ്റർലിങ്ങ് വരവും പിടിച്ചിരുന്നുവെന്നതു വാസ്തവം തന്നെ. പക്ഷേ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ കണക്കുപുസ്തകങ്ങളിലെ ചില വരികൾക്ക് ഇന്ത്യയിലെ നാണ്യക്കുഴപ്പം പരിഹരിക്കാൻ കഴിയില്ല. 1914 മുതൽ 1919 വരെയുള്ള യുദ്ധവർഷങ്ങളിൽ ഈ ചെലവുകൾ ആകെ 24,00,00,000 (ഇരുപത്തിനാലുകോടി) പൗണ്ട് സ്റ്റെർലിങ് (360 കോടി ഉറുപ്പിക) ആയിരുന്നു. പോരെങ്കിൽ അമേരിക്കയും ബ്രിട്ടനും ഇന്ത്യൻ കമ്പോളത്തിൽ നിന്നു വാങ്ങിയിരുന്ന മറ്റു ചരക്കുകളുടെ വിലകളും സ്റ്റർലിങ്ങ് കണക്കിൽ വരവുപിടിക്കുക മാത്രമാണ് ചെയ്തിരുന്നത്. അന്നത്തെ ധനകാര്യമെമ്പറായ സർ വില്യം മേയർ സമ്മതിക്കുകയുണ്ടായി: ‘യുദ്ധചെലവുകൾ വഹിക്കുന്ന കാര്യത്തിൽ സാമ്രാജ്യത്തിന് ഇന്ത്യ ചെയ്തിട്ടുള്ള സഹായം ഗണ്യമായതാണ്.’ ചരക്കുകൾക്കു പകരമായി സ്വർണ്ണമോ വെള്ളിയോ ഇന്ത്യയിലേക്കിറക്കുമതി ചെയ്യുന്നതിനെ നിയമം വിലക്കിയിരുന്നു. ഒരു ഭാഗത്ത് ഉറുപ്പികയുടെ ഡിമാൻറ് വർദ്ധിച്ചുകൊണ്ടുവരിക, മറുഭാഗത്ത് വെള്ളിയുടെ സപ്ലൈ കുറഞ്ഞുകൊണ്ടുവരിക — ഇതായിരുന്നു സ്ഥിതി. യുദ്ധത്തിനു മുമ്പുള്ള അഞ്ചുകൊല്ലങ്ങളിൽ ആകെ 54 കോടി ക.യ്ക്കുള്ള സ്വർണ്ണവും വെള്ളിയും മാത്രമാണ് വന്നത്. നമ്മൾ അടിമകളായതുകൊണ്ട് ചരക്കുകൾക്കു പകരം ചരക്കോ ലോഹമോ കിട്ടണമെന്നാവശ്യപ്പെടാൻ നമുക്കധികാരമില്ല. ഈ സ്ഥിതിയുടെ ഫലമായി ഇന്ത്യയ്ക്കു നേരിട്ട വിഷമതകൾക്കു ‘യുദ്ധസംബന്ധമായ ത്യാഗം’ എന്നാണ് അന്നത്തെ ധനകാര്യമെമ്പർ പേരിട്ടത്.

ഈ കാരണങ്ങളുടെയെല്ലാം ഫലമായി ഇന്ത്യയിൽ കറൻസിയുടെ ഡിമാന്റ് വർദ്ധിച്ചുകൊണ്ടേയിരുന്നു. 1904 — നും 1909 നും ഇടയിൽ (കറൻസിക്ക് നല്ല ഡിമാന്റുണ്ടായിരുന്ന കാലമായിരുന്നു അത്) ആകെ 18,00,00,000 സ്റ്റാൻഡേർഡ് ഔൺസ് വെള്ളിയാണ് ഉറുപ്പികയടിക്കാനുപയോഗിച്ചിരുന്നത്. എന്നാൽ 1916 ഏപ്രിലിനും 1919 മാർച്ചിനുമിടയിൽ ആകെ 50,00,00,000 സ്റ്റാൻഡേർഡ് വെള്ളി ഉറുപ്പികയാക്കപ്പെട്ടു. നോട്ടിന്റെ വർദ്ധനവ് ഇതിലുമധികം ഗൗരവാവഹമാണ്. 1914 മാർച്ചിൽ സുമാർ 65 കോടി ക.യുടെ നോട്ടാണ് പ്രചാരത്തിലുണ്ടായിരുന്നത്. 1919 ഡിസംബറിൽ ഈ സംഖ്യ 183 കോടി ക.യായിരുന്നു. നോട്ടിന്റെ ഉറപ്പിനുവേണ്ടിവെയ്ക്കുന്ന റിസർവ്വിന്റെ തോതും കുറയ്ക്കപ്പെട്ടു. യുദ്ധാരംഭത്തിൽ ‘എഡ്യൂസറി ഇസ്യൂ’ അതായത് ലോഹത്തിന്റെ ഉറപ്പുകൂടാതെ പുറപ്പെടുവിക്കുന്ന നോട്ടുകളുടെ അതിർത്തി, 14 കോടി ക.യായിരുന്നു. എന്നാൽ 1919 ന്റെ അവസാനമായപ്പോഴേയ്ക്കും ഇതു 120 കോടി ക.യായി വർദ്ധിച്ചു. സർ വില്യം മേയർ ചൂണ്ടിക്കാണിച്ചു: ‘ഈ പ്രവർത്തനങ്ങൾകൊണ്ടു നമുക്ക് ഗവൺമെന്റിനെ എത്രത്തോളം സഹായിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അധികം പേർക്കും മനസ്സിലായിട്ടില്ല.

ഈ പരിതസ്ഥിതിയിൽ വെള്ളിയുടെ നിലയെന്തായിരുന്നു? മിക്ക രാജ്യങ്ങളിലും വെള്ളിയുടെ ഡിമാൻറ് പൂർവ്വാധികം വർദ്ധിച്ചുകൊണ്ടാണ് വന്നത്. ഡിമാന്റിനനുസരിച്ച് സപ്ലൈ വർദ്ധിക്കുകയുണ്ടായില്ല. എന്നല്ലാ, ഉൽപാദനം കുറഞ്ഞതിനാലും വെള്ളി ധാരാളമായി ഉൽപാദിപ്പിച്ചിരുന്ന മെക്സിക്കൊ മുതലായ രാജ്യങ്ങളിൽ രാഷ്ട്രീയാസ്വസ്ഥ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനാലും നിയമസംബന്ധിയായ ചില പ്രതിബന്ധങ്ങളാലും അതുപോലെയുള്ള മറ്റു കാരണങ്ങളാലും വെള്ളിയുടെ സപ്ലൈ ക്രമത്തിൽ കുറയാൻ തുടങ്ങുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി വെള്ളിയുടെ വില കയറാൻ തുടങ്ങി. 1915-ൽ വെള്ളിയുടെ വില ഔൺസിന് 27 1/4 പെൻസ് മാത്രമായിരുന്നു. 1918 അത് 35 1/8 പെൻസായും 1916 ഡിസംബറിൽ 37 പെൻസായും 1917 ആഗസ്റ്റിൽ 43 പെൻസായും വർദ്ധിച്ചു.

വെള്ളിക്ക് 24 പെൻസ് വിലയുണ്ടായിരുന്ന കാലത്ത് ഒരുറുപ്പികയിലടങ്ങിയ അതേ വെള്ളിയുടെ വില സുമാർ 9 പെൻസായിരുന്നു. വെള്ളിവില 43 പെൻസായപ്പോൾ ഉറുപ്പികയിലടങ്ങിയ അതേ വെള്ളിയുടെ വില 16 പെൻസായി ഉയർന്നു. ഉറുപ്പികയുടെ മുഖവിലയും വെള്ളിവിലയും ഒന്നായിത്തീർന്നുവെന്നർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ 1917 ആഗസ്റ്റായപ്പോഴേക്കും ഉറുപ്പിക ടോക്കൺ നാണ്യമല്ലാതായിത്തീർന്നു.

വെള്ളിയുടെ വില 43 പെൻസായി ഉറച്ചുനിൽക്കാതെ പിന്നെയും വർദ്ധിക്കുകയാണെങ്കിലോ? നിലവിലുള്ള വിനിമയ നിരക്ക് 16 പെൻസായിരിക്കെ, ഉറുപ്പികയിലടങ്ങിയ വെള്ളിയുടെ വില 16 പെൻസിൽ കവിഞ്ഞാൽ ഉറുപ്പികയുരുക്കി വിൽക്കുന്നത് കൂടുതൽ ആദായകരമായിരിക്കും. കാരണം ഉറുപ്പികവില 16 പെൻസായിരിക്കണമെന്ന് നിയമം. എത്ര ശാസിച്ചാലും ശരി അതിലടങ്ങിയ വെള്ളി ഉരുക്കി വിറ്റാൽ 16 പെൻസിലധികം കിട്ടും. ഈ പരിതഃസ്ഥിതിയിൽ വിനിമയ നിരക്ക് 16 പെൻസാക്കി നിലനിർത്താൻ എത്ര വലിയ സാമ്രാജ്യശക്തിക്കും സാധിക്കുകയില്ല. ധനശാസ്ത്രതത്വങ്ങൾ എല്ലായ്പോഴും സാമ്രാജ്യാധിപത്യങ്ങളേക്കാൾ ശക്തി കൂടിയവയത്രെ.

ഇതാണ് സംഭവിച്ചത്: വെള്ളിയുടെ വില പിന്നേയും വർദ്ധിച്ചുകൊണ്ടേ വന്നു. താഴെ കൊടുത്ത പട്ടിക നോക്കുക:

കൊല്ലം ഒരു സ്റ്റാൻഡേർഡ് ഔൺസ്
വെള്ളിയുടെ വില
1915 27 1/4 പെൻസ്
1916 ഏപ്രിൽ 35 1/8 ടി
1917 ആഗസ്റ്റ് 43 ടി
1918 സെപ്തംബർ 55 ടി
1919 മേയ് 58 ടി
1919 ഡിസംബർ 78 ടി

ഇങ്ങനെ വർദ്ധിച്ച് വർദ്ധിച്ച് 1920-ൽ വെള്ളിയുടെ വില 89 പെൻസായിത്തീർന്നു.

വെള്ളിയുടെ സ്വകാര്യ ഇറക്കുമതി നിരോധിക്കുക, അമേരിക്കയിൽ നിന്ന് നാണയാവശ്യങ്ങൾക്ക് വെള്ളിവാങ്ങുക (1918-ൽ ഇങ്ങനെ അമേരിക്കയിൽ നിന്ന് 20 കോടി ഔൺസ് വെള്ളി വാങ്ങുകയുണ്ടായി. ഔൺസിന് 80 പെൻസെന്ന നിരക്കിൽ വാങ്ങിയ ഈ വെള്ളിയാണ് പിന്നീട് സാമ്പത്തിക്കുഴപ്പക്കാലത്ത് ഔൺസിന് 20 പെൻസെന്ന നിരക്കിൽ വിറ്റഴിച്ചത്!) വിനിമയം (കൗൺസിൽ ബില്ലുകളുടെ വിൽപന) നിയന്ത്രിക്കുക മുതലായ പല മാർഗ്ഗങ്ങളും അധികൃതൻമാർ അവലംബിച്ചുനോക്കി. എങ്കിലും പറയത്തക്ക ഫലമൊന്നുമുണ്ടായില്ല. ഒടുവിൽ ഈ നാണ്യക്കുഴപ്പത്തിൽ നിന്നു രക്ഷ നേടുവാൻ വേണ്ടി, ഗവൺമെന്റ് ഉറുപ്പികയുടെ വിനിമയനിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി. 1917 ആഗസ്റ്റ് 28 ന് ടി ടി (ടെലിഗ്രാഫിക് ട്രാൻസറിന്റെ)യുടെ വില 16 1/8 പെൻസിൽ നിന്ന് 17 പെൻസാക്കി ഉയർത്തി. ഉറുപ്പികയുടെ വിനിമയനിരക്ക് മേലിൽ വെള്ളിയുടെ വിലയെ അടിസ്ഥാനപ്പെടുത്തി നിജപ്പെടുത്തുന്നതായിരിക്കുമെന്നു വിളംബരപ്പെടുത്തുകയും ചെയ്തു. അങ്ങനെ കൗൺസിൽ ഡ്രാഫ്റ്റുകളുടെ വിൽപന ആശ്രയിച്ചുപോന്നതും സാമ്രാജ്യാധിപത്യത്തിന്റെ എച്ചിൽനക്കികളായ അനേകം ധനശാസ്ത്രജ്ഞൻമാരുടെ പ്രശംസയ്ക്കു പാത്രമായിത്തീർന്നതുമായ സ്വർണ്ണവിനിമയമാനം തകർന്നു പാളീസായി.

വെള്ളിവില വർദ്ധിച്ചതിന്റെ ഫലമായി, ഉറുപ്പികയുടെ വിനിമയനിരക്ക് കൂടിക്കൂടി വന്നതെങ്ങനെയെന്നു നോക്കുക:

തീയതി ഉറുപ്പികയുടെ ടെലിഗ്രാഫിക് ട്രാൻസ്ഫർ നിരക്ക്
1917 ജനുവരി 3 ന് 1 ഷി. 4.25 പൈ.
1917 ആഗസ്റ്റ് 28 ന് 1 ഷി. 5 പൈ.
1918 ഏപ്രിൽ 12 ന് 1 ഷി. 6 പൈ.
1919 മേയ് 13 ന് 1 ഷി. 8 പൈ.
1919 ആഗസ്റ്റ് 12 ന് 1 ഷി. 10 പൈ.
1919 സെപ്തംബർ 18 ന് 2 ഷി. 0 പൈ.
1919 നവംബർ 22 ന് 2 ഷി. 2 പൈ.
1919 ഡിസംബർ 12 ന് 2 ഷി. 4 പൈ.
3.7ബേബിങ്ങ്ടൺ സ്മിത്ത് കമ്മിറ്റി

1919 മെയ് മാസത്തിൽ, ഇന്ത്യയുടെ കറൻസിപ്രശ്നത്തെപ്പറ്റിയാലോചിക്കാൻ വേണ്ടി സർ ഹെൻറി ബേബിങ്ങ്ടൺ സ്മിത്തിന്റെ അധ്യക്ഷതയിൽ ഒരു കറൻസി കമ്മിറ്റി നിയമിക്കപ്പെട്ടു. (വിനിമയനിരക്ക് ആ സമയത്ത് 20 പെൻസായിരുന്നു). യുദ്ധത്തിന്റെ ഫലമായി ഇന്ത്യയുടെ കറൻസി വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളെന്തെല്ലാമെന്നു പരിശോധിക്കുകയും സ്വർണ്ണവിനിമയമാനം സ്ഥിരമാക്കി നിർത്താനാവശ്യമായ നടപടികളെന്തൊക്കെയായിരിക്കണമെന്ന് ശുപാർശ ചെയ്യുകയുമായിരുന്നു കമ്മിറ്റിയുടെ പ്രവൃത്തി. എന്നാൽ എക്സ്ചേഞ്ച് സ്റ്റാൻഡേർഡിനു പകരം ഇന്ത്യയുടെ അഭിവൃദ്ധിക്കുതകുന്ന മറ്റൊരു സ്റ്റാൻഡേർഡ് ശുപാർശ ചെയ്യുവാൻ കമ്മിറ്റിക്കധികാരമുണ്ടായിരുന്നില്ല.

കമ്മിറ്റിയുടെ ശുപാർശകളിൽ ഏറ്റവും പ്രധാനമായത് പത്തുറുപ്പികയ്ക്ക് 1 സോവറിൻ (ഒരു റുപ്പികയ്ക്ക് 2 ഷില്ലിങ്ങ്) എന്ന നിരക്കിൽ നടപ്പിൽ വരുത്തണമെന്നായിരുന്നു. (ഈ നിരക്കു പ്രകാരം ഒരു റുപ്പിക 11,30,016 ഗ്രേൻ പരിശുദ്ധ സ്വർണ്ണത്തിനു സമമായിരിക്കും.) ഉറുപ്പികയെ എന്നെന്നും ഒരു നാണ്യമാക്കിവെക്കാൻ ഇത്ര ഉയർന്ന വിനിമയനിരക്കാവശ്യമാണെന്നു കമ്മിറ്റി വിചാരിച്ചു. ഇന്ത്യയിൽ വിദേശസാമഗ്രികളുടെ ഇറക്കുമതി വർദ്ധിപ്പിക്കാനും ഉയർന്ന നിരക്ക് ആവശ്യമാണെന്നു കമ്മിറ്റി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് കൗൺസിൽ ബിൽ റിവേഴ്സ് കൗൺസിൽ ബിൽ മുതലായ പഴയ മാർഗ്ഗങ്ങളുടെ സഹായത്തോടുകൂടി ഉറുപ്പികയെ 2 ഷില്ലിങ്ങിനു സമമാക്കി നിർത്തണമെന്നു കമ്മിറ്റി അഭിപ്രായപ്പെട്ടത്. കമ്മിറ്റിയുടെ അഭിപ്രായത്തിൽ ഉയർന്ന വിനിമയനിരക്ക് ഇന്ത്യയ്ക്ക് പറ്റിയതാണ്. അവർ പറയുന്നു:

‘ഉയർന്ന വിനിമയനിരക്ക്, അത് ഇന്ത്യയിലെ വിലക്കയറ്റത്തെ തടയുകയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം, രാജ്യത്തിനു പൊതുവിൽ ഗുണപ്രദമാണ്. വിനിമയനിരക്കിനെ ഒരുയർന്ന തോതിൽ ഉറപ്പിക്കുന്നതുകൊണ്ട് ഇന്ത്യൻ വ്യാപാരത്തിനു സ്ഥിരമായ യാതൊരു കോട്ടവും തട്ടാനില്ല.’

ഈ അഭിപ്രായം വാസ്തവത്തിൽ നിന്ന് എത്രയോ അകലെയാണെന്ന കാര്യത്തിൽ സംശയമില്ല.

വിനിമയനിരക്ക് 2 ഷി. ആണെങ്കിൽ (10 ക= 1 സോവറിൻ) ഒരു സോവറിൻ വിലയുള്ള ഇറക്കുമതിച്ചരക്കിന് 10 ക. കൊടുത്താൽ മതി. വിനിമയനിരക്ക് അതിലും കുറവാണെങ്കിൽ – ഉദാഹരണത്തിന് 1 ഷി. 4 പൈ ആണെങ്കിൽ – അതേ ചരക്കിനു കൂടുതൽ വില കൊടുക്കേണ്ടിവരും. വസ്ത്രം മുതലായ ഉപഭോഗസാമഗ്രികൾ കുറഞ്ഞവിലയ്ക്ക് ഇറക്കുമതി ചെയ്കയാണെങ്കിൽ അവയോട് മത്സരിച്ചുകൊണ്ട് ഇന്ത്യൻ വ്യവസായങ്ങൾക്ക് വളരാൻ കഴിയുകയുമില്ല. മി. എയിൻസ്കഫ് ഇക്കാര്യം തുറന്നുസമ്മതിക്കുന്നുണ്ട്:

‘ഉയർന്ന വിനിമയനിരക്ക് ബ്രിട്ടീഷ് ഉൽപാദകന് അയാളുടെ ഇന്ത്യൻ എതിരാളിയെ അപേക്ഷിച്ച് കൂടുതൽ അനുകൂലമാണ്. അതുകൊണ്ട്, പൊതുവിൽ അതാതു പരിതഃസ്ഥിതിക്കനുസരിച്ച് വിനിമയനിരക്കിനെ കഴിയുന്നത്ര ഉയർന്നതോതിൽ ഉറപ്പിക്കുന്നത് അയാളുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് ഏറ്റവും യോജിച്ചതായി തോന്നും’. (ഇന്ത്യയിലെ യുദ്ധാനന്തരമുള്ള ബ്രിട്ടീഷ് വ്യാപാരത്തിന്റെ സ്ഥിതിയേയും ഭാവിയേയും പറ്റി മി: എയിൻസ്കഫിന്റെ റിപ്പോർട്ട് — ബ്രിജ്നാരായണന്റെ ‘Indian Economic Problems, Part 1’ എന്ന പുസ്തകത്തിൽ ഉദ്ധരിച്ചത്.)

ബ്രിട്ടീഷ് മുതലാളികളും അവരുടെ പത്രങ്ങളും വലിയ ഉത്സാഹത്തോടുകൂടിയാണ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ സ്വാഗതം ചെയ്തത്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിൽവരികയാണെങ്കിൽ തങ്ങളുടെ വ്യവസായങ്ങൾക്കു നല്ല രക്ഷകിട്ടുമെന്ന് അവർക്ക് അറിയാമായിരുന്നു. 1920 ഫെബ്രുവരി 7 ന്റെ ടൈംസ് ട്രെയിഡ് സപ്ലിമെൻറ് പ്രസിദ്ധീകരിച്ചിരുന്ന ‘Trade and New Rupee Basis’ എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു.

“സാർവ്വദേശീയ നടപടിയുടെ സാദ്ധ്യതകൾക്കു പുറമെ സ്റ്റർലിങ്ങിന്റെ ഇടിവിനെ തടയാനുള്ള കഴിവു യുനൈറ്റഡ്ക്കിങ്ഡമിലെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനേയും തൽഫലമായുണ്ടാകുന്ന വിദേശങ്ങളിലേയ്ക്കുള്ള അധികമായ കയറ്റുമതിയേയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ഒരു ഹുണ്ടികരാജ്യമെന്ന നമ്മുടെ മുൻസ്ഥിതി അവസാനമായി വീണ്ടെടുക്കാം. ഉറുപ്പിക വിനിമയത്തിന്റെ പുതിയ സ്റ്റർലിങ് നിരക്കിന്റെ അടിയന്തിരഫലം ഇന്ത്യയിലേക്കുള്ള നമ്മുടെ കയറ്റുമതിയെ ഉത്തേജിപ്പിക്കലും അവിടെനിന്നുള്ള ഇറക്കുമതിയെ നിയന്ത്രിക്കലുമായിരിക്കണം. കമ്മിറ്റിയുടെ റിപ്പോർട്ട് സ്വാഭാവികമായി ഈ കാര്യത്തിനു വലിയ പ്രാധാന്യം കൽപ്പിക്കാതെ കഴിച്ചിട്ടുണ്ട്. പക്ഷേ, വ്യവസായാഭിവൃദ്ധിയുള്ള വടക്കൻ രാജ്യങ്ങളിൽ ഇതിലുള്ള ശുപാർശകൾക്ക് കിട്ടിയ സ്വാഗതത്തിൽ നിന്ന്, ഇത് നമ്മുടെ ഉൽപാദകന്മാരെ സാരമായി സ്പർശിക്കുന്നതാണെന്നതു വ്യക്തമാണ്.” [13]

റിപ്പോർട്ടിന്റെ പ്രസിദ്ധീകരണകാലത്തു വിനിമയനിരക്ക് 2 ഷി. 4 പൈ. സ്റ്റെർലിങ്ങ് ആയിരുന്നു. പക്ഷേ, ഉറുപ്പിക 2 ഷി. സ്വർണ്ണത്തിനു തുല്യമാക്കണമെന്ന റിപ്പോർട്ടിലെ ശുപാർശ കാരണമായി വിനിമയനിരക്ക് 2 ഷി. 10 പെ. സ്റ്റർലിങ് വരെ കയറി. ഇത് 2 ഷി. സ്വർണ്ണത്തിനു സമമായിരുന്നു. ജി.ഡി. ബിർള പറഞ്ഞപോലെ, ‘വെള്ളിയിൽ നിന്നു സ്വർണ്ണത്തിലേക്കും, സ്വർണ്ണത്തിൽ നിന്ന് സ്വർണ്ണവിനിമയത്തിലേയും സ്വർണ്ണവിനിമയത്തിൽ നിന്നു വീണ്ടും വെള്ളിയിലേക്കും, വെള്ളിയിൽ നിന്നു വീണ്ടും സ്വർണ്ണത്തിലേക്കും ഇങ്ങനെ, വിദേശങ്ങളുമായുള്ള നമ്മുടെ ഇടപാടുകൾ വൈറ്റ് ഹാളിന്റെ ആഗ്രഹങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചായിരുന്നു. ഇതു രാജ്യത്തിന്റെ താൽപര്യങ്ങൾക്കു കാര്യമായ ഉടവു തട്ടിച്ചിട്ടുണ്ട്.’

കമ്മിറ്റിയിലെ ഒരംഗമായ (ഏക ഇന്ത്യൻ മെമ്പറായ) ഡി.എം. ദലാൽ ഉയർന്ന വിനിമയനിരക്കിനെ എതിർക്കുകയും ഉറുപ്പിക 1 ഷി. 4 പെൻസിനു സമമായിരിക്കണമെന്നഭിപ്രായപ്പെടുകയും ചെയ്തുകൊണ്ട് ഒരു മൈനോറിറ്റി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. “ഇന്ത്യയിലിന്നു നിലവിലുള്ള സ്വർണ്ണവിനിമയമാനം ഒരു കറൻസി വ്യവസ്ഥയെന്ന നിലയ്ക്ക് ഇന്ത്യയുടെ സ്ഥിതിഗതികൾക്കു തീരെ ഉതകാത്തതാണ്.” എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സ്റ്റർലിങ്ങ് റിസർവ്വിനും നോട്ടീസിന്റെ ഉറപ്പിനുവേണ്ടി നിക്ഷേപിച്ച സ്വർണ്ണ റിസർവ്വിനും പുതിയ വിനിമയനിരക്കുപ്രകാരം വിലകണക്കാക്കിയാൽ ഇന്ത്യയ്ക്കു വമ്പിച്ച നഷ്ടം പിണയുമെന്ന് മി.ദലാൽ താക്കീതു നൽകുകയും ചെയ്തു. മി. ദലാൽ പറഞ്ഞു: ഉറുപ്പികയുടെ ഉയർന്ന സ്റ്റർലിങ്ങ് വിലയോടുകൂടി, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള കച്ചവടാവശ്യം കുറഞ്ഞുപോകുവാനും, അതോടൊപ്പം ഇന്ത്യയിൽ നിന്ന് ഉറുപ്പികയായിട്ടുള്ള അടവുകൾ ആദായകരമായതുകൊണ്ട്, ഇറക്കുമതികൾക്കു പ്രോത്സാഹനം ലഭിക്കുവാനും വഴിയുണ്ട്. ഈ സംഭവ്യതകൾ ഫലപ്പെടുകയാണെങ്കിൽ, ഇന്ത്യയുടെ ട്രെയ്ഡ് ബാലൻസുകൾകൊണ്ട് ഇന്ത്യയ്ക്കുള്ള ആനുകൂല്യം കുറയും. അല്ലെങ്കിൽ അവ ഇന്ത്യയ്ക്കു പ്രതികൂലമായി എന്നു കൂടി വരാം.

പക്ഷേ, ഈ അഭിപ്രായങ്ങളൊന്നും ചെവികൊള്ളാതെ ഗവൺമെന്റ് മെജോറിറ്റി റിപ്പോർട്ട് സ്വീകരിക്കുകയും അതിലടങ്ങിയ ശുപാർശകൾ നടപ്പിൽവരുത്താനൊരുങ്ങുകയുമാണ് ചെയ്തത്.

കമ്മിറ്റിയുടെ മറ്റു ശുപാർശകളിൽ പ്രധാനമായവയാണ്: 1. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തടയാതിരിക്കുക. 2. വിനിമയത്തിന് ക്ഷീണം ബാധിക്കുമ്പോൾ റിവേർസ് കൗൺസിലുകൾ തുറക്കുക. 3. ബോംബെയിൽ റോയൽ മിൻറ് വീണ്ടും തുറക്കുകയും സോവറിൻ അടിക്കാനുള്ള ഏർപ്പാടുണ്ടാക്കുകയും ചെയ്യുക. ഉറുപ്പികയ്ക്ക് 11.30016 ഗ്രേൻ സ്വർണ്ണം എന്ന തോതിൽ സോവറിൻ കൊടുക്കാൻ തയ്യാറാവുക. 4. കയറ്റുമതിക്കുള്ള പ്രതിബന്ധങ്ങൾ കുറച്ചുകാലത്തേക്കു കൂടി നിലനിർത്തുക. 5. പ്രചാരത്തിലുള്ള നോട്ടുകളുടെ 40 ശതമാനം വിലയ്ക്കുള്ള ലോഹങ്ങൾ പേപ്പർ കറൻസി റിസർവിൽ വയ്ക്കണമെന്ന് തീരുമാനിക്കുക. 6. പേപ്പർ കറൻസി റിസർവിലുള്ള സ്വർണ്ണവും വെള്ളിയും ഇന്ത്യയിൽ തന്നെ നിക്ഷേപിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുക. 7. നോട്ടുകൾക്കു പകരം ആവശ്യക്കാർക്ക് സ്വർണ്ണമോ വെള്ളിയോ കൊടുക്കുന്നതാണെന്നു പ്രഖ്യാപിക്കുക. 8. കറൻസി റിസർവ്വിലുള്ള സ്വർണ്ണത്തിനും സ്റ്റർലിങ്ങിനും (രണ്ടും വ്യത്യാസമില്ലാത്തവയാണെന്ന് കമ്മിറ്റി വിചാരിച്ചു) പുതിയ നിരക്കുപ്രകാരം വില കണക്കാക്കുക. അതിന്റെ ഫലമായി റിസർവിലുണ്ടാകുന്ന 38.4 കോടിയുടെ കുറവു കഴിയുന്ന വേഗത്തിൽ നിരക്കാൻ ശ്രമിക്കുക. 9. ഗോൾഡ് സ്റ്റാൻഡേർഡ് റിസർവിലെ സ്വർണ്ണത്തിന്റെ ഒരു ഗണ്യമായ ഭാഗം ഇന്ത്യയിൽതന്നെ വയ്ക്കുക. പക്ഷേ, ഈ സ്വർണ്ണം പുറംരാജ്യങ്ങളിലേയ്ക്കുള്ള അടവുകളുടെ ആവശ്യത്തിനുവേണ്ടി മാത്രമേ കൊടുക്കുകയുള്ളുവെന്നു തീരുമാനിക്കുക.

കമ്മിറ്റിയുടെ പ്രധാന ശുപാർശകളെ ഇന്ത്യാ സെക്രട്ടറി സ്വീകരിക്കുകയും 1920-ലെ ഇന്ത്യൻ കോയ്നേജ് (അമെന്റ്മെന്റ്) ആക്ട് പ്രകാരം സോവറിൻ പത്തുറുപ്പിക നിരക്കിനു ലീഗൽടെൻഡറാക്കുകയും ചെയ്തു.

പത്തുറുപ്പികയ്ക്ക് ഒരു സോവറിൻ – അതായത് ഒരു റുപ്പികയ്ക്ക് രണ്ടു ഷില്ലിംഗ് – എന്ന നിരക്ക് നടപ്പിൽ വന്നതിന്റെ ഫലമായി ഇന്ത്യയ്ക്ക് വമ്പിച്ച നഷ്ടങ്ങളും സഹിക്കേണ്ടിവന്നു. ഉറുപ്പികയുടെ നിരക്ക് 16 പെൻസിൽ നിന്ന് 24 പെൻസാക്കി ഉയർത്തുക എന്നുവച്ചാൽ ഇംഗ്ലണ്ടിലടയ്ക്കേണ്ട ഓരോ ഉറുപ്പികയ്ക്കും കൂടുതൽ സ്വർണ്ണം കൊടുക്കേണ്ടി വരിക എന്നർത്ഥമാണ്. 16 പെൻസ് നിരക്കിൽ ഉറുപ്പിക 7.53344 ഗ്രേൻ പരിശുദ്ധ സ്വർണ്ണത്തിനു സമമായിരുന്നു. 24 പെൻസു നിരക്കനുസരിച്ചാകട്ടെ ഒരുറുപ്പിക 11.30016 ഗ്രേൻ പരിശുദ്ധ സ്വർണ്ണത്തിനു സമമായിരിക്കും.

ഇന്ത്യയിൽ വിറ്റഴിച്ചിരുന്ന റിവേഴ്സ് കൗൺസിലുകൾ അടച്ചു തീർത്തിരുന്നതു ലണ്ടനിലെ ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വിൽ നിന്നും പേപ്പർ കറൻസി റിസർവിൽ നിന്നുമാണെന്നു മുമ്പു പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. ഈ റിസർവിലെ സ്വർണ്ണം കമ്പനി കടലാസുകളിലും ട്രഷറി ബില്ലുകളിലും മറ്റു സെക്യൂരിറ്റികളിലും ഇറക്കിയിരുന്നു. ഉറുപ്പികയുടെ നിരക്കു വർദ്ധിക്കുന്നതിനു മുമ്പാണ് ഈ സെക്യൂരിറ്റികളത്രയും വാങ്ങിയത്. ഇപ്പോഴാകട്ടെ, റിവേർസ് കൗൺസിലുകൾ 2 ഷെല്ലിംഗിനു വിൽക്കാൻ തുടങ്ങിയപ്പോൾ ഇന്ത്യാ സെക്രട്ടറി ഓരോ റുപ്പികയ്ക്കും അര ഷില്ലിംഗ് കണ്ടുകൂടുതൽ കൊടുക്കാൻ തയ്യാറാവേണ്ടി വന്നു. പൗണ്ടിനു 15 ക. എന്ന തോതിൽ വാങ്ങിയ സെക്യൂരിറ്റികളും ട്രഷറി ബില്ലുകളും പൗണ്ടിനു 10 ക. എന്ന തോതിൽ വിറ്റഴിക്കേണ്ടിവന്നു. ഇങ്ങനെ വിനിമയനിരക്കിലുണ്ടായ മാറ്റം കാരണമായി നാൽപതുകോടിയോളം ഉറുപ്പിക ഇന്ത്യയ്ക്കു നഷ്ടം നേരിട്ടു!

ഉറുപ്പികയുടെ വില താരതമ്യേന വർദ്ധിക്കുകയും സ്റ്റർലിങ്ങിൻറേതു കുറയുകയും ചെയ്തതിനാൽ സ്റ്റർലിങ്ങിന്റെ ഡിമാൻറു വർദ്ധിക്കാൻ തുടങ്ങി. ഉറുപ്പികയ്ക്കു കൂടുതൽ ഷില്ലിങ്ങു കിട്ടുമെന്നു കണ്ടപ്പോൾ നാനാഭാഗത്തുനിന്നും ഇംഗ്ലണ്ടിലേക്കു പണമയയ്ക്കാനുള്ള ഉത്സാഹം പെട്ടെന്നു വർദ്ധിച്ചു. വിനിമയനിരക്കു വർദ്ധിച്ചു. വിനിമയനിരക്കു കൂട്ടിയതുകൊണ്ട് ബ്രിട്ടീഷ് ചരക്കുകൾ കുറഞ്ഞവിലയ്ക്ക് ഇന്ത്യയിൽ വിറ്റഴിയ്ക്കാൻ കഴിഞ്ഞു. നേരെമറിച്ചു നമ്മുടെ ചരക്കുകൾക്കാകട്ടെ വിദേശക്കമ്പോളങ്ങളിൽ വില വർദ്ധിക്കുകയും ചെയ്തു. ഈ സ്ഥിതിയിൽ കയറ്റുമതിയേക്കാൾ ഇറക്കുമതി വർദ്ധിക്കുകയെന്നത് അനിവാര്യമായിരുന്നു. കയറ്റുമതിയേക്കാൾ ഇറക്കുമതി വർദ്ധിച്ചതുകൊണ്ട് പുറംരാജ്യങ്ങളിൽ പണമയയ്ക്കേണ്ടിവന്നു. ഇന്ത്യയിൽ മുതലിറക്കി ലാഭമുണ്ടാക്കുന്ന ബ്രിട്ടീഷ് മുതലാളികൾ യുദ്ധകാലത്തുണ്ടായ തങ്ങളുടെ കുന്നുകൂടിയ ലാഭം ലണ്ടനിലേയ്ക്കു കയറ്റാൻ ഇതുതന്നെയാണവസരം എന്നു മനസ്സിലാക്കി. കാരണം പുതിയ നിരക്കനുസരിച്ച് ഓരോ ഉറുപ്പികയ്ക്കും 2 ഷില്ലിങ്ങുവീതം കിട്ടുമെന്നവർക്കുറപ്പുണ്ടായിരുന്നു. കൃത്രിമമായി ഉയർത്തപ്പെട്ട ഈ വിനിമയനിരക്കിന്റെ സഹായത്തോടുകൂടി പിടിപ്പതു ലാഭമടിക്കാനുള്ള സന്ദർഭം വെറുതെ കളഞ്ഞുകൂടെന്നു ഭാഗ്യാന്വേഷികളായ സ്പെക്യുലേറ്റർമാരും തീർച്ചപ്പെടുത്തി. പിന്നീട് നിരക്കുതാഴുമ്പോൾ വീണ്ടും ഉറുപ്പികയാക്കി മാറ്റാമെന്ന ഉദ്ദേശത്തോടെ അവർ ധാരാളം റിവേർസു കൗൺസിലുകൾ വാങ്ങാൻ തുടങ്ങി. ചുരുക്കത്തിൽ ഉറുപ്പികയുടെ കമ്പോളം ചൂതാട്ടക്കാരുടെ കേളീരംഗമായി മാറി! സ്റ്റർലിങ്ങ് മാത്രമല്ല സ്വർണ്ണംപോലും മാർക്കറ്റുനിലവാരത്തേക്കാൾ കുറഞ്ഞവിലയ്ക്ക് വിൽക്കാൻ അധികൃതൻമാർ മുതിരുകയുണ്ടായി. ഇങ്ങനെ ഇന്ത്യയുടെ സ്റ്റർലിങ്ങും സ്വർണ്ണവും ധാരാളമായി കൊള്ളയടിക്കപ്പെട്ടു. ‘ഈ കൊള്ളയ്ക്കുത്തരവാദിയാരാണ്? വൈറ്റുഹോളോ ഡൽഹിയോ?’ എന്ന ചോദ്യത്തിനുത്തരമായി അപ്പോഴത്തെ ധനകാര്യമെമ്പറായ സർ മാൽകം ഹെയ്ലി പറഞ്ഞു: ‘ഇത്തരം ചോദ്യങ്ങൾക്കു സമാധാനം പറയാൻ ഗവൺമെന്റിനു സാദ്ധ്യമല്ലെന്നു പറയേണ്ടിവന്നതിനാൽ ഞാൻ വ്യസനിക്കുന്നു.’

ബ്രിട്ടീഷ് കറൻസിയായ സ്റ്റർലിങ്ങിന്റെ വില അതിവേഗം ഇടിഞ്ഞുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. യുദ്ധകാലത്ത് ഇംഗ്ലണ്ട് സ്വർണ്ണമാനം ഉപേക്ഷിച്ചുവെന്നു മുമ്പൊരിടത്ത് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അമേരിക്കൻ കറൻസിയായ ഡോളർ മാത്രമാണ് സ്വർണ്ണമാനത്തിലുണ്ടായിരുന്നത്. സ്റ്റർലിങ്ങിന്റെ വിലയിടിയുമ്പോൾ ഓരോ ഡോളറിനും കൂടുതൽ സ്റ്റർലിങ്ങു കൊടുക്കേണ്ടിവരും. അപ്പോൾ ഇതേ തോതനുസരിച്ചുതന്നെ ഉറുപ്പികയുടെ സ്റ്റർലിങ്ങ് വിലയും വർദ്ധിക്കുമെന്നു തീർച്ചയാണ്. ബേബിങ്ങ്ടൺ സ്മിത്ത് കമ്മിറ്റിയുടെ ശുപാർകളനുസരിച്ചുള്ള നിയമപ്രകാരം ഒരു റുപ്പിക 2 ഷില്ലിങ്ങിലടങ്ങിയ സ്വർണ്ണത്തിനു സമമാണ്. പൗണ്ട് സ്റ്റർലിങ്ങിന്റെ വിലയിടിയുകയാണെങ്കിൽ ഉറുപ്പികയുടെ സ്റ്റർലിങ്ങു നിരക്ക് 2 ഷില്ലിങ്ങിനേക്കാൾ അധികമാവും. ഒരുദാഹരണം കൊണ്ട് ഇതു വ്യക്തമാക്കാൻ ശ്രമിക്കാം.

ഒരു നിശ്ചിത അളവിലുള്ള സ്വർണ്ണം = 4.8 ഡോളർ = ഒരു പൗണ്ട് സ്റ്റർലിങ്ങ് സോവറിൻ = 10 ഉറുപ്പിക.

സ്റ്റർലിങ്ങിന്റെ വില 50 ശതമാനം ഇടിഞ്ഞുവെന്നു വിചാരിക്കുക. അപ്പോൾ അതേ അളവിലുള്ള സ്വർണ്ണം = 4.8 ഡോളർ = 1.5 പൗണ്ട് സ്റ്റർലിങ്ങ് = സോവറിൻ = 10 ക.

സ്റ്റർലിങ്ങിന്റെ വിലയിടിയുമ്പോൾ ഓരോ ഉറുപ്പികയ്ക്കും നിശ്ചിതമായ (2 ഷി സ്വർണ്ണം എന്ന) നിരക്കനുസരിച്ചുതന്നെ കൂടുതൽ സ്റ്റർലിങ്ങു കൊടുക്കേണ്ടിവരുമെന്നാണ് മുകളിൽ ചേർത്ത ഉദാഹരണം കാണിക്കുന്നത്. ആദ്യം പത്തുറുപ്പിക ഒരു പൗണ്ട് സ്റ്റർലിങ്ങായിരുന്നു. ഇപ്പോളത് ഒന്നരപൗണ്ട് സ്റ്റർലിങ്ങായി വർദ്ധിച്ചു. 2 ഷി. സ്വർണ്ണം എന്നു വച്ചാൽ സ്റ്റർലിങ് രൂപത്തിൽ നിലവിലുള്ള കറൻസി 2 ഷി. 10 പെൻസിലധികമായിരിക്കും. ഇങ്ങനെ സ്റ്റെർലിങ്ങിന്റെ വിലയിടിവിനനുസരിച്ച് റിവേർസു കൗൺസിലിന്റെ ഉടമസ്ഥൻമാർക്ക് കൂടുതൽ പണം കിട്ടും. അതുകൊണ്ടത്രെ ലാഭക്കൊതിയൻമാരായ ബ്രിട്ടീഷുമുതലാളികളും ചൂതാട്ടക്കാരായ സ്പെക്യൂലേറ്റർമാരും തങ്ങളുടെ ഉറുപ്പിക സ്റ്റർലിങ്ങാക്കി മാറ്റാൻ വെമ്പൽ കൊണ്ടത്.

റിവേർസ് കൗൺസിലിന്റെ വിൽപ്പന വഴിക്ക് ഇന്ത്യ കൊള്ളയടിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യയിലെ ധനശാസ്ത്രജ്ഞന്മാരും പൊതുപ്രവർത്തകൻമാരും ആക്ഷേപിക്കുകയുണ്ടായി. ഇതിലത്ഭുതപ്പെടാനില്ല. ലണ്ടനിലുള്ള ഇന്ത്യയുടെ പണം 16 പെൻസ് നിരക്കിലാണ് നിക്ഷേപിച്ചിരുന്നത്. അതായത് ലണ്ടനിൽ ഒരു പൗണ്ട് സ്റ്റർലിങ് നിക്ഷേപിക്കാൻ നമ്മൾ 15 ക വിലയ്ക്കുള്ള ചരക്കുകളാണ് വിൽക്കേണ്ടിവന്നിരുന്നത്. എന്നാൽ വിനിമയനിരക്ക് 24 പെൻസ് (സ്വർണ്ണം) ആവുകയും ആ നിരക്കു സ്ഥിരമാക്കി നിർത്താൻ വേണ്ടി റിവേർസ് കൗൺസിൽ ബില്ലുകൾ വിൽക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ഒരു പൗണ്ട് സ്റ്റർലിങ്ങ് സുമാർ 7 ക.യ്ക്ക് കിട്ടാൻ തുടങ്ങി. 15 ക. നിരക്കിൽ ലണ്ടനിൽ ശേഖരിച്ചുവച്ച സ്വത്തുക്കൾ 7 ക. നിരക്കിൽ വിൽക്കുന്നത് കൊള്ളയല്ലെങ്കിൽ പിന്നെ മറ്റെന്താണ്?

ഇന്ത്യയ്ക്ക് ഇതുമൂലമുണ്ടാകുന്ന വമ്പിച്ച നഷ്ടങ്ങൾ പരിഹരിക്കാൻ ഇന്ത്യാ ഗവൺമെന്റ് വല്ല നടപടിയുമെടുത്തുവോ? ഇല്ല. നേരെ മറിച്ച് റിവേർസ് കൗൺസിലുകളുടെ വിൽപന വഴിക്കു വിനിമയനിരക്കിനെ ശാശ്വതമാക്കാനാണവർ ശ്രമിച്ചത്. സ്റ്റെർലിങ്ങ് സെക്യൂരിറ്റി പേപ്പർ കറൻസി റിസർവ്വിലെ ട്രഷറി ബില്ലുകളും മറ്റും വില കുറച്ചു വിറ്റിട്ടെങ്കിലും കൃത്രിമമായ ഒരു വിനിമയനിരക്കിന്റെ മാനം കാക്കണമെന്നായിരുന്നു അവർ ആഗ്രഹിച്ചത്. 1920-ന്റെ ആരംഭം മുതൽ സെപ്തംബർ മാസം അവസാനമാകുമ്പോഴേയ്ക്കും പേപ്പർ കറൻസി റിസർവ്വിൽ നിന്ന് £554 മില്യൺസ് ഇങ്ങനെ കൊടുത്തുകഴിഞ്ഞു. പകരമായി കിട്ടിയ ഉറുപ്പികയുടെ സ്റ്റർലിങ്ങു വിലയാകട്ടെ £25 മില്യൺ മാത്രമായിരുന്നു. പക്ഷേ എന്തായിട്ടും, ഉറുപ്പികയുടെ വിനിമയനിരക്കു സ്ഥിരമാക്കി നിർത്തുകയെന്ന കാര്യം അത്ര എളുപ്പമുള്ളതായിരുന്നില്ല. പത്തുറുപ്പികയ്ക്ക് ഒരു സോവറിൻ എന്ന തോതിൽ സോവറിൻ വാങ്ങാൻ ഗവൺമെന്റു തയ്യാറായെന്നത് ശരിതന്നെ. എന്നാൽ അതേ നിരക്കിൽ ഉറുപ്പികയ്ക്കു പകരം സ്റ്റർലിങ്ങുകൊടുക്കാൻ ഗവൺമെന്റിനിഷ്ടമുണ്ടായിരുന്നില്ല. കാരണം, സോവറിന്റെ മാർക്കറ്റുവില 10 കായേക്കാളധികമായിരുന്നു. ഉദാഹരണത്തിന്, 1921 ആഗസ്റ്റ് 1നു ഉറുപ്പികയുടെ വിനിമയനിരക്ക് സ്റ്റർലിങ്ങ് കണക്കിൽ 15 13/22 പെൻസും (ഔദ്യോഗികനിരക്കല്ല, മാർക്കറ്റ് നിരക്ക് — നിയമപ്രകാരം 24 പെൻസുതന്നെ) അതേസമയത്ത് സ്വർണ്ണക്കണക്കിൽ 11 1/23 പെൻസുമായിരുന്നു. പുതിയ നിരക്കനുസരിച്ചു സ്വർണ്ണത്തിന്റെ വില തോലയ്ക്കു 15 ക. 14 ണ. 0 പ. ആകേണ്ടതായിരുന്നു. പക്ഷേ, അതുണ്ടായില്ല. മാർക്കറ്റിൽ 22.25 കയായിരുന്നു സ്വർണ്ണത്തിന്റെ വില. ഈ സ്ഥിതിയിൽ ഉറുപ്പികയ്ക്ക് 2 ഷില്ലിങ്ങ് സ്വർണ്ണം എന്ന നിരക്ക് നിലനിൽക്കുകയെന്നുവച്ചാൽ മാർക്കറ്റു നിലവാരത്തേക്കാൾ കുറഞ്ഞവിലയ്ക്കു സ്വർണ്ണം കൊടുക്കുവാൻ ഗവൺമെന്റ് തയ്യാറാകേണ്ടിവരിക എന്നർത്ഥമാണ്.

ഒരു സോവറിനു മാർക്കറ്റിൽ പത്തുറുപ്പിയേക്കാളധികം വിലയുള്ളിടത്തോളം കാലം ഉറുപ്പികയുടെ വിനിമയനിരക്ക് 2 ഷില്ലിങ്ങായി അധികകാലം നിലനിൽക്കുകയില്ലെന്ന് ഗവൺമെന്റ് മനസ്സിലാക്കി. എന്നാൽ വിനിമയനിരക്ക് താഴ്ത്തുവാൻ അവർ തയ്യാറായോ? ഇല്ല. നേരെമറിച്ച് ഉറുപ്പികയുടെ പ്രചാരം കൃത്രിമമായി കുറയ്ക്കുവാനും അങ്ങനെ അതിന്റെ വില വർദ്ധിപ്പിക്കാനും ശ്രമിക്കുകയാണവർ ചെയ്തത്. പുതിയ കറൻസിയുടെ നിർമ്മാണം മിക്കവാറും നിർത്തൽ ചെയ്യപ്പെട്ടു. നിലവിലുള്ള പണം തന്നെയും പിൻവലിപ്പിക്കാൻ തുടങ്ങി. സാധാരണയായി പ്രചാരത്തിലുള്ള ഉറുപ്പിക വർദ്ധിക്കുമ്പോൾ പണപ്പെരുപ്പവും പ്രചാരത്തിൽനിന്ന് ഉറുപ്പിക പിൻവലിയുമ്പോൾ പണസങ്കോചനവും ഉണ്ടാകുമെന്ന് പറയാം. മുമ്പൊരദ്ധ്യായത്തിൽ വിവരിച്ചപോലെ ഇന്ത്യാസെക്രട്ടറി ഗവൺമെന്റിന്റെ പേരിൽ ഹുണ്ടിവിൽക്കുകയും ആ ഹുണ്ടി മാറ്റാൻ വേണ്ടി ഇന്ത്യാ ഗവൺമെന്റ് ഉറുപ്പിക കൊടുക്കുകയും ചെയ്യുമ്പോൾ കറൻസിക്കു പെരുപ്പമുണ്ടാകുന്നു. നേരെമറിച്ച്, ഇന്ത്യാഗവൺമെന്റ് ജനങ്ങളിൽ നിന്ന് ഉറുപ്പിക വാങ്ങി റിവേർസു കൗൺസിൽ വിൽക്കുമ്പോൾ പണത്തിന് സങ്കോചനമുണ്ടാകുന്നു. അതുകൊണ്ടത്രേ റിവേർസ് കൗൺസിലുകൾ ധാരാളമായി വിൽക്കാൻ ഗവൺമെന്റ് തയ്യാറായത്. 1920 ജനുവരി 1 മുതൽ 1924 ആഗസ്റ്റ് വരെ ഇപ്രകാരം 45.75 കോടി ഉറുപ്പിക പ്രചാരത്തിൽ നിന്ന് പിൻവലിക്കുകയുണ്ടായി. മാർക്കറ്റിൽ ഉറുപ്പികയ്ക്കുള്ള ക്ഷാമം വർദ്ധിച്ചു. ബാങ്ക്റൈറ്റ് 5 ശതമാനമായിരുന്നത് 1923-ൽ 9 ശതമാനമായി വർദ്ധിച്ചു. ഈ സ്ഥിതി വ്യവസായങ്ങളുടെ വളർച്ചയെ കുറച്ചൊന്നുമല്ല തടസ്സപ്പെടുത്തിയത്. ബങ്കാൻ ചേംബറിന്റെ കമ്മിറ്റി 1924-ൽ ഗവൺമെൻറിനു സമർപ്പിച്ച ഒരു മെമ്മോറാണ്ടത്തിൽ ഇങ്ങനെ പറയുന്നു:

‘അഭിവൃദ്ധിയുള്ള ഏതുരാജ്യത്തിനും കൊല്ലംതോറും കറൻസിയുടെ വർദ്ധനവാവശ്യമാണ്. ഇന്ത്യയിലെ ഇന്നത്തെ പരിതഃസ്ഥിതിയിൽ കറൻസിയുടെ വർദ്ധനവ് സാദ്ധ്യമല്ല. അതുകൊണ്ടാണ് ഉറുപ്പികയ്ക്കു ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നത്. വിനിമയനിരക്ക് 24 പെൻസായതുകൊണ്ട് ഗവൺമെന്റിന്റെ പക്കൽ സോവറിൻ കൊടുത്ത പകരം നോട്ടുവാങ്ങാൻ ആരും ഇഷ്ടപ്പെടുകയില്ല. ഇന്ത്യാ സെക്രട്ടറി കൗൺസിൽ ബിൽ വിൽക്കുന്നതുകൊണ്ടുണ്ടാകാറുള്ള കറൻസി വർദ്ധനവും അടുത്തകാലത്തായി നിന്നുപോയിരിക്കുന്നു. ഈ ഹുണ്ടികൾ മാറ്റി ഉറുപ്പികയാക്കുന്നതു കറൻസിറിസർവ്വിൽ നിന്നാണെങ്കിൽ കറൻസി വർദ്ധിക്കുമായിരുന്നു. പക്ഷേ, ഇമ്പീരിയൽ ബാങ്കിൽ ഒരു കണക്കുബുക്കിൽ വരവുപിടിക്കുകയും മറ്റൊരു കണക്കുബുക്കിൽ ചേർക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. ഒരു തരത്തിലും കറൻസിയുടെ തുക വർദ്ധിക്കുന്നില്ല.’

എന്നാൽ ഈ ആക്ഷേപങ്ങളൊന്നും അധികൃതൻമാർ ചെവികൊള്ളുകയുണ്ടായില്ല. ഗവൺമെന്റിന്റെ ഈ ആപൽക്കരമായ നയത്തെപ്പറ്റി സർ. സ്റ്റാൻലിറീഡ് ഇങ്ങനെ എഴുതുകയുണ്ടായി:

‘വിനിമയ വ്യവസ്ഥ ഉറപ്പിക്കുവാൻ വേണ്ടി രൂപവൽക്കരിച്ച ഈ നയം വാസ്തവത്തിൽ വിനിമയനിരക്കുകളെ താറുമാറാക്കുകയാണ് ചെയ്തത്. ഈ നയത്തിന്റെ ഫലമായി ഗവൺമെന്റിനു വമ്പിച്ച നഷ്ടം നേരിട്ടു. കച്ചവടത്തിൽ കുഴപ്പമുണ്ടായി. നൂറ്റുക്കണക്കിനുള്ള വലിയ വ്യാപാരികൾ പാപ്പരത്തത്തിന്റെ വക്കത്തെത്തി.’

റിവേർസ് കൗൺസിലുകളുടെ വിൽപന തുടങ്ങിയത് 1920 ഫെബ്രുവരിയിലാണ്. ആ സമയത്ത് വെള്ളിയുടെ വില 82 പെൻസും 89മ്മ പെൻസിനുമിടയിലായിരുന്നു. എന്നാൽ ഫെബ്രുവരിക്കുശേഷം വെള്ളിയുടെ വില ക്രമത്തിൽ കുറയാൻ തുടങ്ങി. ചൈന മുതലായ രാജ്യങ്ങളിൽ വെള്ളിക്കുള്ള ഡിമാൻറ് കുറഞ്ഞതും യൂറോപ്യൻ മിൻറുകൾ വെള്ളിവാങ്ങുന്നത് നിർത്തിയതും ഫ്രാൻസു തുടങ്ങിയ ചില രാജ്യങ്ങൾ തങ്ങളുടെ വെള്ളി കറൻസി മുഴുവൻ ഉരുക്കി വിറ്റതും ലോകമൊട്ടുക്കു പടർന്നു പിടിച്ച പൊതുവിലയിടിവും മറ്റും മറ്റും വെള്ളിയുടെ വിലയിടിവിനു കാരണങ്ങളത്രേ. വെള്ളിയുടെ വിലയോടൊപ്പം ഉറുപ്പികയുടെ വിലയും ഇടിയാൻ തുടങ്ങി.

എന്തായിട്ടും റിവേർസ് കൗൺസിലുകൾക്കാകട്ടെ മറ്റു സൂത്രപ്പണികൾക്കാകട്ടെ വിനിമയനിരക്കിന്റെ സ്ഥിതിയെ കാത്തുരക്ഷിക്കാൻ കഴിഞ്ഞില്ല. ഉറുപ്പികയ്ക്ക് 2 ഷി. സ്വർണ്ണം എന്ന വിനിമയനിരക്ക് നിലനിർത്താൻ സാധിക്കില്ലെന്നു തീർച്ചപ്പെട്ടപ്പോൾ ഗവൺമെന്റ് ഉറുപ്പികയ്ക്ക് 2 ഷി. സ്റ്റർലിങ്ങ് എന്ന തോതു നിലനിർത്താൻ ശ്രമിച്ചു. അതുകൊണ്ടും ഫലമുണ്ടായില്ല. ധനശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രവർത്തനത്തെ റിവേർസ് കൗൺസിലുകളുടെ വിൽപനകൊണ്ട് തടയാൻ ഗവൺമെന്റിനു സാധ്യമായില്ല. ഉറുപ്പികയുടെ വെള്ളിവില ഇടിഞ്ഞുകൊണ്ടേവന്നു. ഒടുവിൽ വമ്പിച്ച നഷ്ടങ്ങൾ സഹിച്ചതിനുശേഷം 1920 സെപ്തംബർ അവസാനത്തിൽ റിവേർസ് കൗൺസിലുകളുടെ വിൽപന തൽക്കാലം നിർത്തിവെക്കുക തന്നെ ചെയ്യേണ്ടിവന്നു. ഉറുപ്പികയുടെ കൃത്രിമമായ നിരക്കു നിലനിർത്താനുള്ള ഉദ്യമത്തിൽനിന്ന് അവർ തൽക്കാലം വിരമിച്ചു. അതിനുശേഷം 1926 വരേയും വിനിമയനിരക്കിനെ പരിപൂർണമായും മാർക്കറ്റുശക്തികളുടെ പ്രവർത്തനത്തിനു വിട്ടുകൊടുക്കുകയാണ് ഗവൺമെന്റ് ചെയ്തത്. ഉറുപ്പികയുടെ സ്റ്റർലിങ്ങ് നിലവാരവും സ്വർണനിലവാരവും ഏതു തരത്തിലാണു മാറ്റിക്കൊണ്ടുവന്നതെന്നു നോക്കുക.

സ്റ്റർലിങ്ങ് സ്വർണ്ണം
1921 ജനുവരി 1 17 1/4 പെൻസ് 12 15/32 പെ.
1922 ടി 15 15/16ടി 13 25/32 ടി
1923 ടി 16 1/32ടി 15 3/32 ടി
1924 ടി 17 5/32ടി 15 1/32 ടി
1925 ടി 18 1/16ടി 17 21/32 ടി

ഇങ്ങനെ 1925 ഏപ്രിൽ ആകുമ്പോഴേയ്ക്കും 18 പെൻസ് സ്റ്റർലിങ്ങും 18 പെൻസ് സ്വർണ്ണവും സമമായിത്തീർന്നു. ഈയവസരത്തിലാണ് ഇംഗ്ലണ്ട് സ്വർണ്ണമാനവ്യവസ്ഥയിലേക്കു മടങ്ങിയത്.

ഇന്ത്യയിലും ഉറുപ്പികയുടെ വിനിമയനിരക്ക് 8 പെൻസാക്കി നിലനിർത്തുവാൻ ഗവൺമെന്റ് പരിശ്രമിച്ചു. വിനിമയനിരക്കു കൂടുതൽ ഉയരുന്നതിനെ തടയാൻവേണ്ടി ഇന്ത്യയിൽ സ്റ്റർലിങ്ങു വാങ്ങുക എന്നൊരു നയം അവർ സ്വീകരിച്ചു. ഇന്ത്യയിൽ സ്റ്റർലിങ്ങു വാങ്ങലും ലണ്ടനിൽ കൗൺസിൽ ഡ്രാഫ്ടുകൾ വിൽക്കലും ഒരേ ഫലമാണുളവാക്കുക. സ്റ്റർലിങ്ങ് വാങ്ങുകയെന്ന നയം എക്സ്ചേഞ്ച് മാർക്കറ്റിലെ കയറ്റിറക്കങ്ങൾ നിയന്ത്രിക്കാൻ ഗവൺമെന്റിനെ സഹായിച്ചു. 1924 മുതൽക്കു കൗൺസിൽ ഡ്രാഫ്ടുകൾ വില്ക്കുക എന്ന സമ്പ്രദായം ക്രമത്തിൽ നാമാവശേഷമാവുകയും അതിന്റെ സ്ഥാനത്ത് സ്റ്റർലിങ്ങു വാങ്ങൽ വഴി വിനിമയമാർക്കറ്റു നിയന്ത്രിക്കുന്ന നയം നടപ്പിൽവരികയും ചെയ്തു.

3.8ഹിൽട്ടൺയങ്ങ് കമ്മീഷൻ

1921-ന്റെ അവസാനമാകുമ്പോഴേയ്ക്കും ഉറുപ്പികയുടെ വിനിമയനിരക്ക് 1 ഷി. 4 പെ. ആയിക്കഴിഞ്ഞിരുന്നു. നിരക്ക് 1 ഷി 4 പെൻസാക്കി സ്ഥിരപ്പെടുത്തണമെന്ന് ഈയവസരത്തിൽ ഇന്ത്യൻ വർത്തകതാൽപര്യങ്ങൾ ആവശ്യപ്പെടുകയുണ്ടായി. പക്ഷേ, എന്തായിട്ടും അധികൃതന്മാർ കുലുങ്ങിയില്ല. സങ്കോചനപദ്ധതികൾ വഴിക്ക് ഉറുപ്പികയുടെ നിരക്ക് വർദ്ധിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. 1925 ആകുമ്പോഴേയ്ക്കും നിരക്ക് 1 ഷി. 6 പെൻസിനടുത്തെത്തി. ഉറുപ്പികയുടെ നിരക്ക് ഇനിയുമധികം വർദ്ധിക്കുന്നത് ആപൽക്കരമാണെന്ന് ഇന്ത്യാ ഗവൺമെന്റിനുപോലും ബോധ്യപ്പെട്ടു. 1924 ഒക്ടോബർ എട്ടിന് ഇന്ത്യാ ഗവൺമെന്റ് ഇന്ത്യാസെക്രട്ടറിക്കയച്ച ഒരു കേബിളിൽ ഇങ്ങനെ പറയുന്നു:

‘ഉറുപ്പികയുടെ നിരക്ക് 18 പെൻസിനേക്കാളധികമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തടയേണ്ടതാണെന്ന് ഞങ്ങൾക്ക് ബോധ്യം വന്നിരിക്കുന്നു. കറൻസിക്ക് സങ്കോചനമുണ്ടാക്കാൻ ഗവൺമെന്റെടുത്ത നയമാണ് മാർക്കറ്റിലെ ക്ഷാമത്തിന് കാരണം. ഈ നയത്തിനെതിരായ പ്രക്ഷോഭം വർധിച്ചു കൊണ്ടുവരികയാണ്.’

പക്ഷേ, ഈ താക്കീതുകളൊന്നും ഇന്ത്യാ സെക്രട്ടറിയുടെ ചെവിയിൽ പെട്ടെന്നു കടക്കുകയുണ്ടായില്ല. ഇന്ത്യാഗവൺമെന്റ് വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ മാത്രമാണ് പുതിയൊരു കമ്മീഷനെ നിയമിക്കാൻ അദ്ദേഹം ഒരുങ്ങിയത്.

1925 ആഗസ്റ്റിൽ എഡ്വേർഡ് ഹിൽട്ടൺയങ്ങിന്റെ അധ്യക്ഷതയിൽ നിയമിക്കപ്പെട്ട ഈ പുതിയ കമ്മീഷന്റെ റിപ്പോർട്ട് 1926-ൽ പുറത്തുവന്നു. റിപ്പോർട്ടിൽ താഴെ കൊടുത്ത ശുപാർശകളാണ് അടങ്ങിയിരുന്നത്.

1. സോവറിനുള്ള ലീഗൽ ടെൻഡർ പദവി എടുത്തുകളയണം. ഇന്ത്യയിലെ ആവശ്യങ്ങൾക്കു സ്വർണ്ണനാണ്യങ്ങളല്ല കറൻസി നോട്ടുകളും വെള്ളിയുറുപ്പികയുമാണ് ഉപയോഗിക്കേണ്ടത്. പക്ഷേ, നിശ്ചിതനിരക്കിൽ ഉറുപ്പികയ്ക്കു പകരം സ്വർണ്ണവാളങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ കറൻസി അധികൃതർ ഏർപ്പാട് ചെയ്യണം. 2. കറൻസിയുടെ നിയന്ത്രണവും ക്രമീകരണവും നടത്തുവാനുതകുന്ന ഒരു സെൻട്രൽബാങ്ക് സ്ഥാപിക്കണം. 3. ഉറുപ്പികയുടെ വിനിമയനിരക്ക് 1 ഷി. 6 പെൻസാക്കി ഉറപ്പിക്കണം. 4. ഒറ്റയുറുപ്പിക നോട്ടുകൾ വീണ്ടും അടിച്ചിറക്കുകയും അവയെ ലീഗൽ ടെണ്ടറാക്കുകയും വേണം. 5. പേപ്പർ കറൻസി റിസർവ്വും ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വും കൂട്ടിച്ചേർക്കണം. ഒട്ടാകെയുള്ള റിസർവ്വിന്റെ 40 ശതമാനമെങ്കിലും സ്വർണ്ണമോ സ്വർണ്ണനിക്ഷേപങ്ങളോ ആയിരിക്കണം.

3.8.1ഗോൾഡ് ബുള്ളിയൻ സ്റ്റാൻഡേർഡ്

കമ്മീഷന്റെ അഭിപ്രായത്തിൽ ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് ഏറ്റവും പറ്റിയത് സ്വർണ്ണമാനമല്ല, ഗോൾഡ് ബുള്ളിയൻ സ്റ്റാൻഡേർഡ് എന്ന ഒരു വിചിത്രമായ വ്യവസ്ഥയാണ്. റിപ്പോർട്ടിലെ 54-ാം പാരയിൽ തങ്ങളുടെ ഈ വ്യവസ്ഥയെ അവർ വിവരിക്കുന്നു:

‘ഞങ്ങളുടെ നിർദ്ദേശത്തിന്റെ സ്വത്ത് ഇതാണ്: കറൻസിനോട്ടുകളും വെള്ളിയുറുപ്പികയും ഇന്നത്തെപ്പോലെതന്നെ ഇന്ത്യയിലെ വിനിമയമാർഗ്ഗമായി പ്രചരിക്കണം. ആവശ്യമാകുമ്പോൾ കറൻസിയെ നേരിട്ടു സ്വർണ്ണമായി മാറ്റത്തക്ക നിലയിൽ നിർത്തുകയും അങ്ങനെ സ്വർണ്ണത്തെ ആസ്പദിച്ചുള്ള കറൻസിവ്യവസ്ഥയുടെ സ്ഥിരത പാലിക്കപ്പെടുകയും വേണം. എന്നാൽ സ്വർണ്ണം നാണയമായി പ്രചരിക്കാൻ പാടില്ല. അത് ആദ്യം പ്രചരിക്കാനും പാടില്ല; എന്നും പ്രചരിക്കേണ്ട ആവശ്യമില്ല.’

കറൻസി സ്വർണ്ണമാക്കി മാറ്റാൻ നാട്ടുകാർക്കവകാശമുണ്ടെന്ന് കമ്മിറ്റി പറയുന്നു. പക്ഷേ, ഇന്ത്യയിലെ ആവശ്യങ്ങൾക്കു വേണ്ടി സ്വർണ്ണം ചോദിക്കാൻ പാടില്ല. വിദേശങ്ങളിലെ അടവുകൾക്ക് വേണമെങ്കിൽ കിട്ടുന്നതാണ്. അതുതന്നെയും 400 ഔൺസ് പരിശുദ്ധ സ്വർണ്ണത്തിൽ കുറഞ്ഞു യാതൊരു സംഖ്യയും മാറ്റുന്നതല്ല! 400 ഔൺസ് എന്നുവച്ചാൽ 1066 2/3 തോല. തോലയ്ക്ക് 21.75 ക പ്രകാരം കണക്കാക്കുകയാണെങ്കിൽ 23,200 ക. സ്വർണ്ണമാക്കി മാറ്റാവുന്നതാണ്! ഇത്ര വലിയ സംഖ്യ സ്വർണ്ണമാക്കി മാറ്റാൻ വല്ല ധനികനോ കച്ചവടക്കാരനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽത്തന്നെ സ്വർണ്ണത്തിനു പകരം സ്വർണ്ണവിനിമയം (സ്റ്റർലിങ്ങ്) കൊടുക്കാൻ കറൻസി അധികൃതർക്ക് അധികാരമുണ്ടായിരിക്കും! ഇതാണ് സ്വർണ്ണവാളവ്യവസ്ഥ.

3.8.2വിനിമയനിരക്ക്

കമ്മിഷനിലെ ഒരംഗമായ സർ. പുരുഷോത്തംദാസ് തക്കൂർദാസ് ഭൂരിപക്ഷത്തിനെതിരായി ഒരു ‘ഭിന്നാഭിപ്രായക്കുറിപ്പ്’ സമർപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആക്ഷേപം വിനിമയനിരക്കിനെപ്പറ്റിയായിരുന്നു. ഭൂരിപക്ഷക്കാർ അഭിപ്രായപ്പെട്ടത് ഉറുപ്പികയുടെ വിനിമയനിരക്ക് 18 പെൻസാക്കണമെന്നാണ്. (ഈ നിരക്കനുസരിച്ച് ഒരുറുപ്പിക 8.47 ഗ്രേൻ പരിശുദ്ധ സ്വർണ്ണത്തിനു സമമായിരിക്കും.) ഇത്ര ഉയർന്ന നിരക്ക് ഇന്ത്യയിലെ ഉൽപാദകന്മാർക്ക് ഹാനികരമാണെന്നും ഇന്ത്യയിലെ ബ്രിട്ടീഷുദ്യോഗസ്ഥൻമാർക്കു മാത്രമേ അതുകൊണ്ട് ലാഭമുണ്ടാവുകയുള്ളുവെന്നും അതുകൊണ്ട് ഉറുപ്പികയുടെ നിരക്ക് 16 പെൻസായിരിക്കണമെന്നും സർ പുരുഷോത്തംദാസ് വാദിച്ചു.

1927 മാർച്ച് 27 ഉം 28 ഉം തീയതികളിൽ അസംബ്ലിയിൽ വച്ച് കറൻസിനയത്തെപ്പറ്റിയുള്ള ഒരു വലിയ വാദപ്രതിവാദം നടന്നു. ഉറുപ്പികയുടെ നിരക്ക് 18 പെൻസാക്കി സ്ഥിരപ്പെടുത്തണമെന്ന് ഒരു ബില്ലവതരിപ്പിക്കപ്പെട്ടു. 16 പെൻസാവുകയാണെങ്കിൽ ചരക്കുകളുടെ വില വല്ലാതെ വർദ്ധിക്കുമെന്നും അതുകൊണ്ട് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നും മറ്റും ധനകാര്യമെമ്പർ സർ. ബേസിൻ ബ്ലാക്കറ്റ് മുതലകണ്ണുനീരൊഴുക്കി.

അസംബ്ലിയിൽ ആ സമയത്ത് നാട്ടുകാരെ പ്രതിനിധീകരിക്കുന്ന മൂന്നു പാർട്ടികളാണുണ്ടായിരുന്നത്. — പണ്ഡിത് മോട്ടിലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സ്വരാജ്യപാർട്ടിയും പണ്ഡിത് മദനമോഹനമാളവ്യയുടെ നേതൃത്വത്തിലുള്ള നേഷണലിസ്റ്റ് പാർട്ടിയും ജിന്നയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര പാർട്ടിയും. 18 പെൻസു നിരക്കിനെ എല്ലാ കക്ഷിക്കാരും എതിർത്തുവെന്നതു പ്രസ്താവ്യമാണ്. ധനകാര്യമെമ്പറുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് പണ്ഡിത് മാളവ്യ പറഞ്ഞു:

‘ധനകാര്യമെമ്പർ പറയുന്നു ഈ നിരക്ക് രണ്ടുകൊല്ലമായി നിലനിന്നുവരുന്ന ഒന്നാണെന്ന്. ദൈവത്തെ വിചാരിച്ച് ഇനിയിതിൽ മാറ്റമൊന്നും വരുത്തരുതേ എന്നാണദ്ദേഹം പറയുന്നത്! 1924-ൽ ത്തന്നെ വിനിമയനിരക്ക് ഉറപ്പിക്കാൻ ഞങ്ങളാവശ്യപ്പെടുകയുണ്ടായി, എന്ന വാസ്തവം അദ്ദേഹം മറന്നുപോയപോലെ നടിക്കുന്നു. വിനിമയ നിരക്ക് 16 പെൻസാക്കണമെന്ന് ഞങ്ങളപ്പോൾ അഭിപ്രായപ്പെട്ടു. അതെന്തുകൊണ്ടു സ്വീകരിച്ചില്ല? ഈ വിഷയത്തെപ്പറ്റിയാലോചിക്കാൻ ഒരു റോയൻകമ്മിഷനെ നിയമിക്കണമെന്ന അഭിപ്രായംപോലും അദ്ദേഹത്തിനു സ്വീകാര്യമായിരുന്നില്ല. പിന്നീട് ഈ അഭിപ്രായം സ്വീകരിച്ചു. പക്ഷേ, പൊതുജനാഭിപ്രായത്തെ അവഹേളിച്ചുകൊണ്ട് കമ്മീഷനിലെ അംഗങ്ങളുടെ പേരുകൾ പ്രസിദ്ധംചെയ്തപ്പോൾതന്നെ ഞങ്ങൾക്കു മനസ്സിലായി, ഗവൺമെന്റിനനുകൂലമായ ശുപാർശകൾ മാത്രമേ പുറത്തുവരികയുള്ളുവെന്ന്. വിനിമയനിരക്ക് 18 ഔൺസാക്കുവാനാണഭിപ്രായപ്പെടുക, എന്നു ഞങ്ങൾക്ക് അപ്പോൾതന്നെ ബോധ്യമായി.’

നാട്ടുകാരുടെ പ്രതിനിധികളെല്ലാംതന്നെ 18 പെൻസു നിരക്കിനെ എതിർത്തു. എന്നിട്ടും ഗവൺമെന്റിന്റെ തീരുമാനം 3 വോട്ടുകൊണ്ട് പാസ്സായി. (അനുകൂലമായി 68-ഉം എതിരായി 65-ഉം വോട്ടുകൾ) അസംബ്ലിയുടെ ഘടന പരിശോധിച്ചാൽ ഇതിലത്ഭുതമില്ലെന്നു കാണാം. എന്തെന്നാൽ ഗവൺമെന്റിനു വോട്ടുകൊടുത്തവരിൽ മിക്കവരും നോമിനേറ്റഡ് മെമ്പർമാരായിരുന്നു.

ഇന്ത്യയിലെ വ്യവസായനേതാക്കൻമാരും ദേശീയബോധമുള്ള ധനശാസ്ത്രജ്ഞൻമാരുമെല്ലാം 18 പെൻസ് നിരക്കിനെ കഠിനമായെതിർത്തു. അവരുടെ അഭിപ്രായങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

ഉയർന്ന വിനിമയനിരക്ക് ഒരു രാജ്യത്തിലെ അനുകൂല പരിതസ്ഥിതിയെ പ്രതികൂലമാക്കി മാറ്റുകയും സ്വർണ്ണമോ സെക്യൂരിറ്റികളോ അഥവാ അവ രണ്ടുമോ പുറംരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാനിടവരുത്തുകയും ചെയ്യും. ഇന്ത്യയുടെ വ്യവസായാഭിവൃദ്ധിക്കു കറൻസിയുടെ മൂല്യാപചയനം ആവശ്യമാണ്. കറൻസിയുടെ മൂല്യാപചയനം ഇറക്കുമതികളെ കുറയ്ക്കുകയും കയറ്റുമതികൾക്കു പ്രചോദനം നൽകുകയും ചെയ്യും. സ്വന്തം ചരക്കുകളെ താരതമ്യേന കുറഞ്ഞവിലയ്ക്കു വിറ്റു വിദേശമാർക്കറ്റിലെ മത്സരത്തിൽ വിജയം നേടാൻ അതുസഹായിക്കും. അതുകൊണ്ട് ഉറുപ്പികയുടെ വിനിമയനിരക്കു 16 പെൻസാക്കേണ്ടതാവശ്യമാണ്.

ഇന്ത്യൻ വ്യവസായികളുടേയും ധനശാസ്ത്രപണ്ഡിതൻമാരുടെയും ഈ അഭിപ്രായങ്ങൾ ഏറ്റവും മിതമായിരുന്നു. ഉയർന്ന വിനിമയനിരിക്ക് ഇന്ത്യൻ വ്യവസായങ്ങൾക്ക് ഹാനികരമാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, വിനിമയനിരക്ക് 18 പെൻസോ അതോ 16 പെൻസോ എന്നതല്ല, ഇന്ത്യയുടെ കറൻസിനയം രൂപവൽക്കരിക്കാനും നിയന്ത്രിക്കാനും ഇന്ത്യയ്ക്കു പരിപൂർണ്ണാധികാരമുണ്ടായിരിക്കണോ വേണ്ടയോ എന്നതാണ് രാജ്യത്തിന്റെ മുന്നിലുള്ള പ്രധാന പ്രശ്നം. ഇന്ത്യയെ എന്നെന്നും ഒരു കോളനിയാക്കിവയ്ക്കാനാഗ്രഹിക്കുന്ന ബ്രിട്ടീഷുകുത്തക മുതലാളികൾ ഇന്ത്യയുടെ കറൻസിയെ നിയന്ത്രിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്കഭിവൃദ്ധിയുണ്ടാവുകയില്ലെന്ന വാസ്തവം മനസ്സിലാക്കുന്നതിനുപകരം വിനിമയനിരക്കിൽ ചില്ലറ മാറ്റങ്ങൾ വരുത്തണമെന്നു വാദിച്ചു തൃപ്തിപ്പെടാനാണ് അവരൊരുങ്ങിയത്. ഉറുപ്പികയെ ‘പൗണ്ട് സ്റ്റെർലിങ്ങിന്റെ’ കൂട്ടുകെട്ടിൽ നിന്നു മോചിപ്പിച്ച് ഒരു സ്വതന്ത്രകറൻസിയാക്കണമെന്നു വാദിക്കാൻപോലും അവർ തയ്യാറായില്ല.

എന്നാൽ, അധികൃതന്മാരുടെ നിലയെന്തായിരുന്നു? ഇന്ത്യൻ നേതാക്കൻമാരുടെ ഏറ്റവും മിതമായ അഭിപ്രായങ്ങളെപ്പോലും അവഗണിച്ചുകൊണ്ട് ഹിൽട്ടൺയങ്ങ് കമ്മിഷന്റെ ശുപാർശകളെ ബലാൽക്കാരമായി നടപ്പിൽ വരുത്താനാണവർ ഒരുങ്ങിയത്. 1927 ലെ കറൻസി ആക്ട് പ്രകാരം ഉറുപ്പികയുടെ വിനിമയനിരക്കു 18 പെൻസാക്കി ഉറപ്പിക്കപ്പെട്ടു. ഈ നിരക്ക് നിലനിർത്താൻ വേണ്ടി തോലയ്ക്കു 21 ക. 3 ണ. പ്രകാരം സ്വർണ്ണം വാങ്ങാനും ലണ്ടനിലെ അടവുകൾക്കു 1065 തോല (400 ഔൺസ്)യിൽ കുറയാത്ത തുകയ്ക്കുള്ള സ്വർണ്ണമോ സ്റ്റർലിങ്ങോ വിൽക്കുവാനും ഗവൺമെന്റു തയ്യാറായി. പക്ഷേ, വിൽപനയുടെ കാര്യത്തിൽ സ്വർണ്ണമോ സ്റ്റർലിങ്ങോ ഏതാണാവശ്യമെന്നു തീരുമാനിക്കാൻ കറൻസിയുടെ കൺട്രോളർക്കു പൂർണാധികാരമുണ്ടായിരുന്നു. ക്രമത്തിൽ ഉറുപ്പികയ്ക്കുപകരം സ്റ്റർലിങ്ങേ കിട്ടുകയുള്ളുവെന്നായി. ഇങ്ങനെ പുതിയ രൂപത്തിൽ സ്റ്റർലിങ്ങ് എക്സ്ചേഞ്ച് സ്റ്റാൻഡേർഡ് വീണ്ടും നടപ്പിൽവന്നു.

3.8.3സ്ഥിരീകരണ മാർഗ്ഗങ്ങൾ

നിയമം പാസാക്കാൻ എളുപ്പത്തിൽകഴിഞ്ഞു. പക്ഷേ, ആ നിയമപ്രകാരം ഉറുപ്പികയുടെ വിനിമയനിരക്ക് 18 പെൻസാക്കി നിർത്തുക എന്നത് അത്ര എളുപ്പമായിരുന്നില്ല. കാരണം, നിയമപ്രകാരം ഉറുപ്പികയുടെ വില 18 പെൻസായിരിക്കെ അതിലടങ്ങിയ വെള്ളിയുടെ വില മാർക്കറ്റിൽ ഏതാണ്ട് 16 പെൻസ് മാത്രമായിരുന്നു. ഉറുപ്പികയുടെ നിരക്ക് 18 പെൻസാക്കി നിർത്താൻ അധികൃതന്മാർ അവലംബിച്ച കൃത്രിമമാർഗ്ഗങ്ങൾ ഇവയാണ്.

1. അടിയന്തിരാവശ്യങ്ങൾക്ക് ഇമ്പീരിയൽ ബാങ്കിനു കടംകൊടുക്കുന്ന തുകയുടെ പലിശനിരക്ക് വർദ്ധിപ്പിക്കുക. 2. ട്രഷറി ബില്ലുകൾ ധാരാളമായി വിറ്റു പണത്തിനു സങ്കോചനമുണ്ടാക്കുക. 3. സ്റ്റർലിംങ്ങ് ബില്ലുകൾ വിൽക്കുകയും അതിനാവശ്യമായ ട്രാൻസ്ഫറുകൾക്ക് ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വിനേയും പേപ്പർ കറൻസിറിസർവിനേയും ആശ്രയിക്കുകയും ചെയ്യുക.

ഈ കൃത്രിമമായ കറൻസിനയത്തിന്റെ ഫലങ്ങൾ ഭയങ്കരങ്ങളായിരുന്നു. നാട്ടിലെ വ്യവസായങ്ങൾക്കും കച്ചവടത്തിനും (?) നേരിട്ടു വിദേശവ്യാപാരത്തിൽ വമ്പിച്ച നഷ്ടങ്ങളുണ്ടായി. നമ്മുടെ നിക്ഷേപങ്ങളെല്ലാം ഒഴുകിപ്പോകാൻ തുടങ്ങി. ഇന്ത്യയുടെ തലയിൽ വെച്ചുകെട്ടപ്പെട്ട കടഭാരം വർദ്ധിച്ചു. കോടിക്കണക്കിനുള്ള കൃഷിക്കാരുടെ നില ദയനീയമായിത്തീർന്നു. ഈയവസരത്തിലാണ് ലോകമൊട്ടുക്കും (സോവിയറ്റു യൂണിയനൊഴിച്ച്) അതിഭയങ്കരമായ സാമ്പത്തികക്കുഴപ്പം പരന്നുപിടിച്ചത്.

3.9സാമ്പത്തികക്കുഴപ്പം

സാമ്പത്തികക്കുഴപ്പം എല്ലാ മുതലാളിത്തരാജ്യങ്ങളേയും ബാധിച്ചു. എന്നാൽ സ്വന്തം കറൻസിയേയും വിദേശവ്യാപാരത്തേയും നിയന്ത്രിക്കാനധികാരമില്ലാത്ത ഇന്ത്യയെപ്പോലുള്ള അടിമരാജ്യങ്ങൾ കൂടുതൽ കഷ്ടപ്പാടനുഭവിക്കേണ്ടിവന്നു. സാമ്പത്തികക്കുഴപ്പംകൊണ്ടുള്ള വിലയിടിവ് ഇന്ത്യയിൽ അന്ത്യന്തം ഭയങ്കരമായിത്തീരാനുള്ള പ്രധാനകാരണം കറൻസിയുടെ കൃത്രിമമായ സങ്കോചമാണെന്നു തീർത്തുപറയാവുന്നതാണ്. 1926-ലെ ഹിൽടൺയങ്ങ് കമ്മിഷന്റെ ന്യൂനപക്ഷ റിപ്പോർട്ടിൽ സർ. പുരുഷോത്തംദാസ് ഇങ്ങനെയൊരു താക്കീത് നൽകിയിരുന്നു:

‘സ്വർണ്ണത്തിന്റെ വിലയിടിയുകയാണെങ്കിൽ – ഇന്ത്യൻ വിലകളും അതിനെ തുടർന്ന് ഇടിയുമല്ലോ – അതിലും വലിയതോതിലുള്ള ഒരിടിവിനെ, അതായത്, 1 ഷി. 6 പെ. എന്ന നിരക്കിന്റെ പ്രവർത്തനഫലത്തിന്റെയും, ലോകത്തിലാകെ വരുന്ന ഇടിവിന്റെയും ഇരട്ടഫലത്തെ ഇന്ത്യയ്ക്കു നേരിടേണ്ടിവരും.’

താഴെക്കൊടുത്ത കണക്കുകളിൽ നിന്ന് ഇന്ത്യയിലെയും ഇംഗ്ലണ്ടിലേയും വിലയിടിവുകൾ തമ്മിലുള്ള വ്യത്യാസം വ്യക്തമാകും.

കൽക്കത്ത ഇംഗ്ലണ്ട്
(1914 ജൂലൈ = 100) (1913 = 100)
1929 സെപ്തംബർ — 143 135.8
1930 ടി — 111 115.5
1931 ടി — 91 99.2
1932 ടി — 91 102.1
1933 ടി — 88 103.0

1931 നുശേഷം ഇംഗ്ലണ്ടിലെ വിലയിടിവു നിലയ്ക്കുകയും വിലകൾ മെല്ലെ മെല്ലെ ഉയരാൻ തുടങ്ങുകയും ചെയ്തു. എന്നാൽ നേരെമറിച്ച്, ഇന്ത്യയിൽ വിലയിടിവ് പൂർവ്വാധികം ദുസ്സഹമായിത്തീരുകയാണുണ്ടായത്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതി ഇറക്കുമതിച്ചരക്കുകളുടെ വിലയേക്കാളധികം കയറ്റുമതിച്ചരക്കുകളുടെ വില ഇടിഞ്ഞുകൊണ്ടിരുന്നുവെന്നതാണ്. നോക്കുക:

കൽക്കത്ത (1914=100)

കയറ്റുമതി ചരക്കുകളുടെ വില ഇറക്കുമതിചരക്കുകളുടെ വില
1929 സെപ്തംബർ 133 150
1931 ഡിസംബർ 81 124
1932 ടി 69 115
1933 ടി 73 112

ഇന്ത്യയിൽ നിർമ്മിക്കുന്ന ചരക്കുകളുടെ വിലയാണ് കൂടുതൽ ഇടിഞ്ഞതെന്ന് ഈ കണക്കുകൾ വിളിച്ചുപറയുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് മാത്രമായില്ല. ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ ചരക്കുകളുടേയും വിലകൾ ഒരുപോലെയല്ല ഇടിഞ്ഞത് എന്നുകൂടി മനസ്സിലാക്കണം. സംഘടിതമായി പ്രവർത്തിക്കുന്നവയും വിദേശീയ മുതലാളികളുടെ നിയന്ത്രണത്തിലുള്ളവയുമായ വ്യസായങ്ങൾക്ക് താരതമ്യേന കുറച്ചേ ഹാനി നേരിട്ടുള്ളു. ഉദാഹരണത്തിന് ചായയെടുക്കുക. (കോടിക്കണക്കിലുള്ള ഉറുപ്പിക വിലപിടിച്ച ചായ കൊല്ലംതോറും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്.) ഇന്ത്യയുടെ ചായ വ്യവസായത്തിന്റെ ഗണ്യമായ ഭാഗം വിദേശീയ മുതലാളികളുടെ കീഴിലാണ്. കുഴപ്പക്കാലത്ത് അവർ ഇന്ത്യാ ഗവൺമെന്റിന്റെ സഹകരണത്തോടുകൂടി ചായയുടെ ഉൽപാദനം കുറയ്ക്കുകയും വിലയിടിവിൽ നിന്നു രക്ഷനേടാനുതകുന്ന മറ്റുവഴികൾ ആരായുകയും ചെയ്തു. 1914-ൽ 100 എന്ന സൂചകസംഖ്യയെ അടിസ്ഥാനമാക്കി നോക്കിയാൽ ചായയുടെ വില 1929 സെപ്തംബറിൽ 129-ഉം 1933 മേയിൽ 74 ഉം 1934 മേയിൽ 147 ഉം ആയിരുന്നുവെന്ന് കാണാം. നേരെ മറിച്ചായിരുന്നു നാട്ടുകാരുൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെ സ്ഥിതി. അരി, ഗോതമ്പ്, പരുത്തി എന്നിവയുടെ വിലയിടിവ് എത്ര ദയനീയമായിരുന്നുവെന്ന് താഴെചേർത്ത സൂചകസംഖ്യകളിൽ നിന്നു മനസ്സിലാക്കാം.

1914 ജൂലൈ = 100

1929 സെപ്തംബർ 1933 മെയ് 1934 മെയ്
അരി 124 60 65
ഗോതമ്പ് 135 89 72
പരുത്തി 146 84 71

ചരക്കുകളുടെ വിലയിടിഞ്ഞുവെങ്കിലും നികുതി, പാട്ടം മുതലായവയിൽ പറയത്തക്ക ഇളവുകളൊന്നുമുണ്ടായില്ല. കൃഷിക്കാരുടെ കടഭാരം 1928-29-ൽ 900 കോടി ക.യായിരുന്നത് 1933 ആകുമ്പോഴേയ്ക്കും 1200 കോടിയായി വർദ്ധിച്ചു. പട്ടണങ്ങളിലാണെങ്കിൽ, മുതലാളികൾ വിലയിടിവിന്റെ ആഘാതങ്ങളിൽ നിന്നു രക്ഷപ്പെടാൻവേണ്ടി തൊഴിലാളികളുടെ കൂലി വെട്ടിക്കുറയ്ക്കാനും അനേകം പേരെ ജോലിയിൽനിന്നു പിരിക്കുവാനും സങ്കോചപ്പെടുകയുണ്ടായില്ല. ചുരുക്കത്തിൽ ഈ വിഷമംപിടിച്ച വിലയിടിവു കോടിക്കണക്കിനുള്ള കൃഷിക്കാരേയും തൊഴിലാളികളെയും നരകത്തിലാഴ്ത്തുകയും ലക്ഷക്കണക്കിലുള്ള ഇടത്തരക്കാരെ പാപ്പരാക്കി മാറ്റുകയും ചെയ്തു. 1934-ൽ സ്റ്റാലിൻ പറഞ്ഞ ഈ വാക്കുകൾ എത്ര ശരിയാണെന്നു നോക്കൂ:

“വ്യവസായത്തിന്റെ നില ഉയർത്തുന്നതിൽ മുതലാളിത്തം കുറേയൊക്കെ വിജയിച്ചിട്ടുണ്ട്. ഒന്നാമത്, തൊഴിലാളികളെ തോൽപ്പിച്ച് ഉല്പാദനത്തെ ത്വരിതപ്പെടുത്തിയിട്ടും, ചൂഷണത്തിന് ശക്തികൂട്ടിയിട്ടും; രണ്ടാമത്, കൃഷിക്കാരെ തോൽപ്പിച്ച്, അവരുടെ അധ്വാനഫലമായുണ്ടാകുന്ന ഉല്പന്നങ്ങൾക്ക് – ഭക്ഷണസാധനങ്ങൾക്കും കുറെയെല്ലാം അസംസ്കൃതപദാർത്ഥങ്ങൾക്കും – ഏറ്റവും താണവില കൊടുക്കുന്ന നയംകൊണ്ട്; മൂന്നാമത്. കോളനികളിലെയും സാമ്പത്തികമായി പിന്നണിയിൽ നിൽക്കുന്ന രാജ്യങ്ങളിലെയും കൃഷിക്കാരെ തോൽപ്പിച്ച്, അവരുടെ ഉല്പന്നങ്ങൾക്ക് – പ്രധാനമായി അസംസ്കൃതപദാർത്ഥങ്ങൾക്കും കുറെയെല്ലാം ഭക്ഷണസാധനങ്ങൾക്കും – നിർബന്ധമായും കൂടുതൽ വില കുറച്ചിട്ട്.”

3.10വീണ്ടും സ്റ്റർലിങ്ങ് വിനിമയം

സാമ്പത്തികക്കുഴപ്പത്തിനിടയിലാണ് 1931 സെപ്തംബറിൽ ഇംഗ്ലണ്ട് സ്വർണ്ണമാനവ്യവസ്ഥയുപേക്ഷിച്ചത്. അതോടുകൂടി ബ്രി. കറൻസിയുടെ അടിമയായ ഇന്ത്യൻ കറൻസിയിലും മാറ്റങ്ങളാവശ്യമായിത്തീർന്നു.

1927-ലെ ആക്ട് പ്രകാരം 18 പെൻസ് നിരക്കിൽ സ്വർണ്ണത്തിനുപകരം ഉറുപ്പികയ്ക്കും ഉറുപ്പികയ്ക്കുപകരം സ്റ്റർലിങ്ങും കൊടുക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. സ്റ്റർലിങ്ങ് നോട്ടുകൾ നിശ്ചിതതോതിലുള്ള സ്വർണ്ണത്തെ പ്രതിനിധീകരിച്ചിരുന്നതുകൊണ്ട് ഉറുപ്പികയ്ക്കു പകരമായി കിട്ടുന്ന സ്റ്റർലിങ്ങുകൾ സ്വർണ്ണാവശ്യങ്ങൾക്കും ഉപയോഗിക്കാമായിരുന്നു. ഇംഗ്ലണ്ടു സ്വർണ്ണമാനമുപേക്ഷിച്ചപ്പോൾ ഈ സ്ഥിതി മാറി. സ്റ്റർലിങ്ങിനുപകരം സ്വർണ്ണം നൽകുന്നതല്ലെന്ന് പ്രഖ്യാപിക്കപ്പെട്ടു. സ്റ്റർലിങ്ങിന്റെ വില അതിന്റെ സപ്ലൈയെയും ഡിമാൻറിനെയുമാണ് ആശ്രയിച്ചിരിക്കുക എന്നു വന്നു.

ഉറുപ്പികയുടെ സ്ഥിതിയോ? ഉറുപ്പികയെ ബ്രിട്ടീഷ് കറൻസിയുടെ പിടുത്തത്തിൽ നിന്നും മോചിപ്പിച്ചു സ്വതന്ത്രമാക്കുവാനോ ഉറുപ്പികയുടെ വിനിമയനിരക്കു സ്വർണ്ണത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കാനോ അധികൃതൻമാർ ഇഷ്ടപ്പെട്ടില്ല. ഉറുപ്പികയെ സ്റ്റർലിങ്ങുമായി കൂട്ടികെട്ടുകയാണവർ ചെയ്തത്. ഉറുപ്പിക വിനിമയത്തിന് (അതായത് ഇന്ത്യയിലെ ചരക്കുകൾക്കു വിദേശങ്ങളിൽ) എത്രതന്നെ ഡിമാൻറ് ഉണ്ടായാലും ഉറുപ്പികയുടെ വില 18 പെൻസായിരിക്കുമെന്ന് വിധിക്കപ്പെട്ടു. ഇതിന്റെ ഫലമായി സ്റ്റർലിങ്ങിന്റെ വിലയിടിവുകൾ ഉറുപ്പികയേയും ബാധിക്കുമെന്നായി. ചുരുക്കിപ്പറഞ്ഞാൽ ഉറുപ്പിക സ്റ്റർലിങ്ങിന്റെ പ്രതീകനാണ്യ (Token coin)മായി മാറി. ഈ സ്ഥിതിയിൽ നിന്ന് ഇന്നേവരെയും ഉറുപ്പികയ്ക്കു മോചനം കിട്ടിയിട്ടില്ല.

3.11സ്വർണ്ണ കയറ്റുമതി

ഈ അപായകരമായ നാണ്യനയവും സാമ്പത്തിക്കുഴപ്പവും കൂടി ഇന്ത്യയുടെ വിദേശവ്യാപാരത്തെ താറുമാറാക്കാൻ തുടങ്ങി. കയറ്റുമതി 1927–28-ൽ 319.15 കോടി ക.യായിരുന്നത് 1932–33-ൽ 132.27 കോടി ക.യായിത്തീർന്നു. സാമ്പത്തികക്കുഴപ്പത്തിന്റെ ഭയങ്കരത ഒട്ടൊക്കെ ശമിച്ചതിനു ശേഷവും കയറ്റുമതിവ്യാപാരം പൂർവ്വസ്ഥിതിയിലെത്തുകയുണ്ടായില്ല. 1936–37-ൽ കയറ്റുമതി 196.13 കോടി ക. മാത്രമായിരുന്നു. കയറ്റി അയയ്ക്കുന്ന ചരക്കുകളുടെ തുക അത്രയ്ക്കു കുറഞ്ഞുപോയതുകൊണ്ടാണ് ഈ സ്ഥിതി നേരിട്ടതെന്ന് തെറ്റിദ്ധരിക്കരുത്. ചരക്കുകളുടെ തുകയിലും കുറച്ചൊക്കെ കുറവുവന്നുവെന്നത് ശരിയാണെങ്കിലും പ്രധാനമായ കാരണം വിലയിടിവാണെന്നു തീർച്ചയത്രെ.

വിദേശവ്യാപാരം പ്രതികൂലമായിക്കൊണ്ടുവന്ന ഈ പരിതഃസ്ഥിതിയിൽ വിനിമയനിരക്കിനെ 18 പെൻസിൽ ഉറപ്പിച്ചുനിർത്തുക എളുപ്പമായിരുന്നില്ല. എന്നാൽ ഉറുപ്പികയെ സ്വതന്ത്രനാണ്യമാക്കുവാൻ അധികൃതൻമാർ തയ്യാറായോ? തീർച്ചയായുമില്ല. ഹോം ചാർജ്ജുകൾ, കടബാധ്യതകൾ മുതലായവ അടച്ചുതീർക്കുവാനും ഉറുപ്പികയും സ്റ്റർലിങ്ങും തമ്മിലുള്ള ബന്ധത്തെ നിലനിർത്തുവാനും അങ്ങനെ ബ്രിട്ടീഷുമുതലാളികളുടെ താൽപര്യങ്ങളെ രക്ഷിക്കുവാനും വേണ്ടി ഇന്ത്യയിൽ നിന്നും പുറംരാജ്യങ്ങളിലേയ്ക്കു ധാരാളമായി സ്വർണ്ണം കയറ്റി അയയ്ക്കുകയാണവർ ചെയ്തത്.

ഇംഗ്ലണ്ട് സ്വർണ്ണമാനത്തിലുണ്ടായിരുന്ന കാലത്ത് ഒരൗൺസ് സ്വർണ്ണത്തിന്റെ വില സുമാർ 85 ഷില്ലിംഗായിരുന്നു. സ്വർണ്ണമാനം ഉപേക്ഷിക്കപ്പെടുകയും സ്റ്റർലിങ്ങിന്റെ വിലയിടിയുകയും ചെയ്തപ്പോൾ സ്വർണ്ണത്തിന്റെ വിലവർദ്ധിക്കാൻ തുടങ്ങി. കുറച്ചുകാലത്തേയ്ക്ക് സ്വർണ്ണവില 140 ഷില്ലിങ്ങിനടുത്തായിരുന്നു.

സ്റ്റർലിങ്ങിന്റെ വിലയിടിഞ്ഞപ്പോൾ അതിന്റെ വാലിൽതൂങ്ങിയായ ഉറുപ്പികയുടെ വിലയും ഇടിഞ്ഞു. എന്നുവെച്ചാൽ, സ്വർണ്ണത്തിന്റെ ഉറുപ്പികവില വർദ്ധിച്ചു. 1931-ന്റെ അവസാനത്തിൽ സ്വർണ്ണത്തിന്റെ വില 21 ക. 13 ണ. യായിരുന്നു. അതിനുശേഷം സ്വർണ്ണവില എങ്ങനെ വർദ്ധിച്ചുവെന്നു നോക്കുക.

ക.ണ.പ.
1933 ഏപ്രിൽ തോലയ്ക്ക് 30 0 0
1934 ടി ടി 36 0 0
1938 ടി ടി 35 0 0
1939 ടി ടി 37 1 3

സ്വർണ്ണത്തിനു നല്ലവില കിട്ടുന്നുവെന്നു കണ്ടപ്പോൾ നാട്ടുകാർ തങ്ങളുടെ സ്വർണ്ണാഭരണങ്ങളും മറ്റും വിൽക്കാൻ തുടങ്ങി. ഇന്ത്യയിൽ നിന്ന് സ്വർണ്ണം ധാരാളമായി കയറ്റി അയയ്ക്കപ്പെടാൻ തുടങ്ങി. എത്ര വിലപിടിച്ച സ്വർണ്ണമാണ് ഇങ്ങനെ പോയതെന്ന് നോക്കുക:

കൊല്ലം ലക്ഷം ക.
1931–32 5,797
1932–33 6,552
1933–34 5,705
1934–35 5,254
1935–36 3,735
1936–37 2,784
1937–38 1,633
1938–39 2,326
1939–40 4,464
ആകെ 38,250 ലക്ഷം ക.

ഇത്രയധികം സ്വർണ്ണം നാദിർഷാ, തിമൂർലാങ്ങ് മുതലായവരുടെ ആക്രമണകാലത്തുപോലും ഇന്ത്യയിൽ നിന്നു കടത്തിക്കൊണ്ടുപോയിട്ടില്ലെന്നു പറയപ്പെടുന്നു. വിലപിടിച്ച സ്വർണ്ണത്തിനു പകരമായി ഇന്ത്യാ ഗവൺമെൻറിന്റെ കണക്കിൽ വിലയിടിഞ്ഞുകൊണ്ടിരുന്ന സ്റ്റർലിങ്ങ് വരവുപിടിക്കുകയാണുണ്ടായത്. സ്വർണ്ണം വിറ്റു നാട്ടുകാർക്ക് വിലയിടിവു നേരിട്ടുകൊണ്ടിരുന്ന ഉറുപ്പികയും കിട്ടി. വിലപിടിച്ച സ്വർണ്ണം വിലയിടിയുന്ന കറൻസിക്കു വേണ്ടി കൈമാറിയതുകൊണ്ട് ഇന്ത്യയ്ക്ക് വമ്പിച്ച നഷ്ടമാണുണ്ടായത്.

സ്വർണ്ണത്തിനു പുറമെ, അത്രതന്നെ ഭയങ്കരമായ തോതിലെങ്കിലും, ധാരാളം വെള്ളിയും ഇന്ത്യയിൽനിന്നു കടത്തപ്പെടുകയുണ്ടായി.

സ്വർണ്ണവും വെള്ളിയും വിറ്റു നല്ല ലാഭമുണ്ടാക്കുകയാണ് നാട്ടുകാർ ചെയ്യുന്നതെന്നും അതു തടയേണ്ട ആവശ്യമൊന്നുമില്ലെന്നുമായിരുന്നു ഗവൺമെൻറിന്റെ മുടന്തൻന്യായം. ഈ വാദം ശരിയല്ല. കാരണം 1933-ലെ അസംബ്ലിയോഗത്തിൽ പല മെമ്പർമാരും ചൂണ്ടിക്കാണിച്ചതുപോലെ, സാമ്പത്തികക്കുഴപ്പത്തിന്റെ ആഘാതങ്ങളിൽ നിന്നും കുറച്ചെങ്കിലും രക്ഷനേടാനും അരി, ഗോതമ്പ്, ഉപ്പ്, വസ്ത്രം മുതലായ നിത്യോപയോഗ സാമഗ്രികൾ വാങ്ങാനും വേണ്ടിയാണ് നാട്ടുകാർ തങ്ങളുടെ സ്വർണ്ണം കൈവിടാനൊരുങ്ങിയത്. സ്വർണ്ണത്തിന്റെ വിലവർദ്ധനവ് സ്പെക്യുലേറ്റർമാരെയും ആകർഷിച്ചുവെന്നും അവരീയവസരത്തെ തങ്ങളുടെ മടിശീല തടിപ്പിക്കാൻവേണ്ടിയുപയോഗിച്ചുവെന്നും ഉള്ളതു വാസ്തവമാണ് പക്ഷേ, സ്വർണ്ണവില്പനക്കാരിൽ നിന്നു ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം, ലാഭക്കൊതിക്കൊണ്ടാണ് സ്വർണ്ണം വിറ്റതെന്നു വാദിക്കുന്നത് ശരിയാവുകയില്ല. ദരിദ്രൻമാരും ഇടത്തരക്കാരും വാസ്തവത്തിൽ തങ്ങളുടെ ശോചനീയമായ സാമ്പത്തികസ്ഥിതിയിൽ നിന്ന് അല്പമെങ്കിലും രക്ഷനേടാൻ വേണ്ടി മാത്രമാണ് സ്വർണ്ണപണ്ടങ്ങളും മറ്റും കൈവിട്ടത്. നാട്ടുകാർ വിൽക്കുന്ന സ്വർണ്ണമെല്ലാം തൽക്കാലം ഗവൺമെൻറ് തന്നെ വാങ്ങണമെന്നും സ്വർണ്ണം രാജ്യത്തിൽനിന്നു പുറത്തേയ്ക്കു പോകുന്നതിനെ തടയണമെന്നും വ്യവസായനേതാക്കൻമാരും പൊതുജനനേതാക്കൻമാരും ധനശാസ്ത്രജ്ഞൻമാരും അടിക്കടി പ്രക്ഷോഭം നടത്തിക്കൊണ്ടിരുന്നു. 1931 സെപ്തംബർ 26 നു മിസ്റ്റർ (ഇപ്പോൾ സർ) ഷൺമുഖം അസംബ്ലിയിൽ താഴെക്കൊടുത്ത പ്രമേയമവതരിപ്പിച്ചു:

‘ഇന്നത്തെ പരിതസ്ഥിതിയിൽ ഉറുപ്പികയെ സ്റ്റർലിങ്ങുമായി ബന്ധിപ്പിക്കുന്നത് ഇന്ത്യയ്ക്ക് ഹാനികരമാണെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നതിനാലും, വിനിമയനിരക്ക് 18 പെൻസാക്കി വച്ചതിന്റെ ഫലമായി രാജ്യത്തിലെ കൃഷിക്കും വ്യവസായങ്ങൾക്കും വലിയ ദോഷം തട്ടുകയും കറൻസി റിസർവ്വിലുള്ള സ്വർണ്ണവും സ്വർണ്ണത്തിനു സമമായ സെക്യൂരിറ്റികളും മിക്കവാറും നാമാവശേഷമായിത്തീരുകയും ചെയ്തതിനാലും, ഉറുപ്പികയും സ്റ്റർലിങ്ങും തമ്മിലുള്ള ബന്ധത്തെ നിലനിർത്താനുള്ള ഉത്തരവാദിത്വം ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്തതുകൊണ്ട് ഇനിയും എത്രയോ സ്വർണ്ണവും മറ്റു ധാന്യങ്ങളും നശിക്കാനും അങ്ങനെ രാജ്യത്തിനു സാമ്പത്തികമായി വളരെയധികം നാശമുണ്ടാക്കാനും ഇടയുള്ളതിനാലും, ഇന്ത്യാ ഗവൺമെന്റ് നമ്മുടെ കറൻസി റിസർവ്വിലും ഗോൾഡ് സ്റ്റാഡേർഡു റിസർവ്വിലും ഉള്ള സ്വർണ്ണമോ സ്റ്റർലിങ്ങോ ഇനിയും കുറഞ്ഞുപോകാതിരിക്കാനാവശ്യമായ നടപടികൾ ഉടനടി എടുക്കേണ്ടതാണെന്നും ഈ അസംബ്ലി അഭിപ്രായപ്പെടുന്നു. നാടിന്റെ നന്മയോർത്ത് ഉറുപ്പികയ്ക്കു പകരം സ്വർണ്ണമോ സ്റ്റർലിങ്ങോ കൊടുക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റ് ഏറ്റെടുക്കാതിരിക്കണമെന്നും ഇതിനു നിലവിലുള്ള നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താവുന്നതാണെന്നും അസംബ്ലിക്കഭിപ്രായമുണ്ട്. ഈ അഭിപ്രായം സ്വീകാര്യമല്ലെങ്കിൽ ബ്രിട്ടീഷുഗവൺമെൻറിൽ നിന്നു നീണ്ടകാലത്തേയ്ക്കു നിശ്ചിതോപാധികളിന്മേൽ ധാരാളം സംഖ്യ കടമായി കിട്ടുന്നതുവരെയും ഗവൺമെന്റ് ആ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കണം. കൂടുതൽ നികുതി ചുമത്താനുള്ള ഒരു ബിൽ അവതരിപ്പിക്കുമെന്നു ധനകാര്യമെമ്പർ കുറച്ചുദിവസത്തിനു മുമ്പു സൂചിപ്പിക്കുകയുണ്ടായി. മെമ്പർമാർക്കു മുൻകൂർ നോട്ടീസ് കൊടുക്കാതെ നികുതിപിരിവിനെ സംബന്ധിച്ച പ്രമേയങ്ങളൊന്നും കൊണ്ടുവരരുതെന്നും എന്തുതന്നെയായാലും ഈ സമ്മേളനത്തിൽ അത് കൊണ്ടുവരരുതെന്നുമാണ് അസംബ്ലിയുടെ അഭിപ്രായം.’

ഈ പ്രമേയം സർ ഷൺമുഖത്തെപ്പോലുള്ള മിതവാദികൾക്ക് യോജിച്ചതായിരിക്കാം. എന്നാൽ രാജ്യത്തിന്റെ മുമ്പിലുള്ള യഥാർത്ഥപ്രശ്നങ്ങളെ കുറെയൊക്കെ മറച്ചുവയ്ക്കുകയാണ് പ്രമേയം ചെയ്തതെന്നു പറയാതിരിക്കാൻ നിവൃത്തിയില്ല. നമ്മുടെ കറൻസിനയം രൂപവൽക്കരിക്കാൻ നമുക്കധികാരമുണ്ടായിരിക്കണോ വേണ്ടയോ എന്ന മൗലികപ്രശ്നത്തെ തൊടുവാൻപോലും മിതവാദിനേതാക്കൻമാർ ആഗ്രഹിക്കാറില്ല. സ്വന്തം കറൻസിനയം നടപ്പിൽവരുത്താൻ ഇന്ത്യയിലെ ജനങ്ങൾക്കധികാരമുണ്ടായിരിക്കണമെന്നു വാദിക്കുന്നതിനുപകരം ബ്രിട്ടീഷ് ഗവൺമെന്റിന്റെ സന്മനസോടെ കറൻസിനയത്തിൽ ചില്ലറ പരിഷ്ക്കാരങ്ങൾ വരുത്തണമെന്നു കെഞ്ചുകമാത്രമാണവർ ചെയ്യാറുള്ളത്.

പ്രമേയം പാസായി. അനുകൂലമായി 64 ഉം എതിരായി 40 ഉം വോട്ടുകൾ കിട്ടി. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. നാട്ടുകാരുടെ ഈ മിതമായ അഭിപ്രായത്തെപ്പോലും ധിക്കരിക്കുവാനാണ് അധികൃതൻമാർ മുതിർന്നത്. 25 കോടി ഉറുപ്പികയുടെ പുതിയ നികുതികൾ ചുമത്താനുള്ള ഒരു ബിൽ അതേ അസംബ്ലിയോഗത്തിൽതന്നെ അവതരിപ്പിക്കാനായിരുന്നു ഗവൺമെന്റിന്റെ മറുപടി.

അതിനുശേഷം വിനിമയനിരക്ക് താഴ്ത്തണമെന്ന ആവശ്യം ഇന്ത്യയിലെ വ്യവസായനേതാക്കൻമാരും പൊതുപ്രവർത്തകരും ഇടവിടാതെ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഇംഗ്ലണ്ട്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ഈജിപ്ത്, ജപ്പാൻ, അമേരിക്ക, ഫ്രാൻസ്, ഹോളണ്ട്, ഇറ്റലി, ചെക്കോസ്ളോവോക്യ ഇങ്ങനെ മിക്ക രാജ്യങ്ങളും ഒന്നിനുശേഷം മറ്റൊന്നായി തങ്ങളുടെ കറൻസിക്കു മൂല്യാപചയം വരുത്തിക്കൊണ്ടിരുന്ന (കറൻസിയുടെ വില താഴ്ത്തിക്കൊണ്ടിരുന്ന) ഒരു കാലമായിരുന്നു അത്. വിദേശിയാധിപത്യത്തിലുള്ള ഇന്ത്യയിൽ മാത്രം ഒരുയർന്ന കറൻസി നിലനിർത്തപ്പെട്ടുപോന്നു. ഇത് അക്രമവും അനീതിയുമാണെന്ന് നാട്ടുകാർ മുറവിളികൂട്ടി. 1936-ൽ ഫ്രാങ്കിന്റെയും ഗോൾഡ്സ് ബ്ലോക്കിൽപ്പെട്ട മറ്റു കറൻസികളുടെയും മൂല്യാപചയത്തിനു ശേഷം ഇന്ത്യൻ വ്യവസായികളുടെ പരിഭ്രമവും അമ്പരപ്പും വർദ്ധിച്ചു. യൂറോപ്യൻകറൻസികളുടെ മൂല്യാപചയനം ആ രാജ്യത്തിൽനിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് പ്രചോദനം നൽകുമെന്നും അങ്ങനെ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിന് ഇടിവുനേരിടുമെന്നും അവർ ഭയപ്പെട്ടു. വിനിമയനിരക്കിൽ യാതൊരു മാറ്റവും വരുത്താനിഷ്ടപ്പെടാത്ത ഇന്ത്യാ ഗവൺമെന്റിന്റെ കറൻസിനയം 1936 ഒക്ടോബറിലെ അസംബ്ലിയോഗത്തിൽ കഠിനമായ വിമർശനങ്ങൾക്കുപാത്രമായിത്തീർന്നു. 1938 മെയ് മാസത്തിൽ കോൺഗ്രസ് മന്ത്രിസഭകൾ നിലവിലുള്ള സംസ്ഥാനങ്ങളിലെ പ്രധാനമന്ത്രിമാർ ഉറുപ്പികയുടെ വില കുറയ്ക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടണമെന്നും ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുടെ സഹകരണം നേടണമെന്നും തീരുമാനിക്കുകയുണ്ടായി. 1938 ഡിസംബറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകക്കമ്മിറ്റി താഴെ കൊടുത്ത പ്രമേയം പാസാക്കി:

“വിനിമയനിരക്ക് ഉറുപ്പികയ്ക്ക് 18 പെൻസാക്കി നിജപ്പെടുത്തിയതിനുശേഷം ഇന്ത്യയിലെ എല്ലാ കച്ചവടതാൽപര്യങ്ങളും പൊതുസ്ഥാപനങ്ങളും അത് ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കെതിരാണെന്നു പ്രതിഷേധിക്കുകയും അതു മാറ്റുവാൻ തുടരെതുടരെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റ് ഈ ഉദ്യമങ്ങളെയെല്ലാം ഇതേവരെ നിരസിക്കയും അവസാനമായി ഈ തോതിൽ യാതൊരുമാറ്റവും വരുത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് 1938 ജൂൺ 6 നു ഒരു കമ്യൂണിക്കെ പുറപ്പെടുവിക്കുകയാണുണ്ടായത്. മാത്രമല്ല, ഇതിനെ ന്യായീകരിക്കുവാൻ വേണ്ടി, പുനഃക്രമീകരണഘട്ടത്തിൽ വന്നേയ്ക്കാവുന്ന വ്യവസ്ഥയില്ലായ്മയേയും അസ്ഥിരതയേയും പൊക്കിപ്പിടിക്കുകയാണ് ചെയ്തത്. അവരുടെ അഭിപ്രായത്തിൽ ഈ തോത് കുറച്ചാലുള്ള നേട്ടത്തേക്കാൾ കൂടുതൽ നഷ്ടമായിരിക്കും ഈ പുനഃക്രമീകരണം കൊണ്ട് ഇന്ത്യൻതാൽപര്യങ്ങൾക്കുണ്ടാവുക. കഴിഞ്ഞ ജൂൺമാസത്തിനുശേഷം കച്ചവടത്തിന്റെ തുലാസ് അധികമധികം ഇന്ത്യയ്ക്കെതിരായി തൂങ്ങുവാൻ തുടങ്ങി. ഈ 1 ഷി. 6 പെ. എന്ന തോത് ഈ രാജ്യത്തിൽ കാർഷികോൽപന്നങ്ങളുടെ വില ഇടിച്ച്, കൃഷിക്കാരനെ സാരമായി ബാധിക്കുകയും, ഈ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിക്ക് അനർഹവും അന്യായവുമായ ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു എന്നാണ് ഈ കമ്മിറ്റിയുടെ അഭിപ്രായം. ധാരാളം സ്വർണ്ണം കയറ്റുമതിചെയ്താൽ പോലും – ഇതുതന്നെ രാജ്യത്തിനു വളരെ അപായകരമാണ് – ഈ തോതു മേലിൽ ഒരിക്കലും നിലനിർത്താൻ കഴിയുകയില്ലെന്നു വർക്കിംഗ് കമ്മിറ്റിക്കു വിശ്വാസമുണ്ട്. കറൻസിയും ക്രഡിറ്റും സങ്കോചിപ്പിക്കുന്ന നയം കൊണ്ടും, ഇന്ത്യയുടെ സ്വർണ്ണവും സ്റ്റർലിങ്ങ് സൂക്ഷിപ്പും പ്രത്യേകിച്ച് പേപ്പർ കറൻസി റിസർവ്വും എടുത്തു തീർത്തുകൊണ്ടും മാത്രമേ ഈ തോത് നിലനിർത്തിക്കൊണ്ടുപോകാനാകു എന്ന ഒരു ഘട്ടം ഇന്നെത്തിയിട്ടുണ്ട്. ഈ സ്റ്റർലിങ്ങു സൂക്ഷിപ്പ് ഇപ്പോൾതന്നെ ഭയാനകമാംവണ്ണം ഉപയോഗിച്ചുകഴിഞ്ഞിരിക്കുന്നു. ഈ തോത് നിലനിർത്താനുള്ള ശ്രമം ഇന്നിയും ഇന്ത്യാഗവൺമെൻറ് തുടരുകയാണെങ്കിൽ സ്റ്റർലിങ്ങ് സൂക്ഷിപ്പുകൾ കൂടുതൽ ഒഴിയുക എന്ന അപായനിലയിലാണെത്താൻ പോകുന്നത്. വർക്കിംഗ് കമ്മിറ്റി ഈ വരാൻ പോകുന്ന സംഭവഗതിയെ ഏറ്റവും ഗൗരവത്തോടും ഉൽകണ്ഠയോടും കൂടിയാണ് വീക്ഷിക്കുന്നത്. അതുകൊണ്ട് ഇന്നത്തെ വിനിമയനിരക്ക് നിലനിർത്താനുള്ള ഉദ്യമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നാണ് രാജ്യത്തിന്റെ ഉത്തമ താൽപര്യങ്ങൾ ആവശ്യപ്പെടുന്നതെന്നു വർക്കിംഗ് കമ്മിറ്റി തീരുമാനിക്കുകയും ഈ നിരക്ക് 1 ഷി. 4 പെ. ആക്കി താഴ്ത്തുവാൻ അടിയന്തിര നടപടികളെടുക്കുന്നതിനു ഗവർണർ ജനറൽ-ഇൻ-കൗൺസിലിനെ നിർബന്ധിക്കുകയും ചെയ്യുന്നു.

പ്രവർത്തകകമ്മിറ്റിയുടെ പ്രമേയത്തിനു മറുപടിയെന്നോണം ഇന്ത്യാ ഗവൺമെന്റ് ഒരു കമ്മ്യൂണിക്കൈ പുറപ്പെടുവിച്ചു. പ്രവർത്തകകമ്മിറ്റിക്കു പറ്റിയ ചില ചില്ലറ പിശകുകളെ എടുത്തുപൊക്കിപിടിച്ചുകൊണ്ട് യഥാർത്ഥ പ്രശ്നത്തെ മറച്ചുവെയ്ക്കുകയായിരുന്നു കമ്മ്യൂണിക്കൈയുടെ ഉദ്ദേശ്യം. ഉദാഹരണത്തിനു പേപ്പർ കറൻസി റിസർവ്വിലെ സ്റ്റർലിങ്ങു സ്വത്തുക്കളെപ്പറ്റി ഗവൺമെന്റ് പറഞ്ഞു: ‘യഥാർത്ഥത്തിൽ പേപ്പർ കറൻസി റിസർവിലുള്ള മുതലുകൾ 1935 ഏപ്രിൽമാസത്തിൽതന്നെ റിസർവ് ബാങ്കിലെ മുതലുകളിൽ ചേർന്നുപോയിരിക്കുന്നു.’

1938 ജൂൺ മുതൽക്ക് ഇന്ത്യയുടെ വാണിജ്യം അനുകൂലമാവാൻ തുടങ്ങിയിട്ടുണ്ടെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കൈ ചൂണ്ടിക്കാണിച്ചു. പക്ഷേ, അതുവരെയുണ്ടായ പ്രതികൂല വാണിജ്യത്തെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. ഇങ്ങനെ വാക്കുകൾകൊണ്ടുള്ള ചില കളികളോടൊപ്പം ഗവൺമെന്റ് അസന്നിഗ്ദ്ധമായ ഭാഷയിൽ പ്രഖ്യാപിച്ചു: ‘ഉറുപ്പികയുടെ ഇന്നുള്ള വിനിമയവില താഴ്ത്താൻ ഉദ്ദേശമില്ലെന്നു വ്യക്തമാക്കാൻ ഇന്ത്യാ ഗവൺമെന്റ് ആഗ്രഹിക്കുന്നു. നേരെമറിച്ച്, തങ്ങൾക്കു കഴിവുള്ള എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് അതു നിലനിർത്താനാണുദ്ദേശിക്കുന്നത്. അത് നിൽക്കുവാനുള്ള തങ്ങളുടെ തികഞ്ഞ പ്രാപ്തിയിൽ ഗവൺമെന്റിനു വിശ്വാസവുമുണ്ട്.’

വിനിമയനിരക്ക് മാറ്റാതിരിക്കാൻ ഗവൺമെന്റുകൊണ്ടുവന്ന ന്യായങ്ങളിലൊന്ന് ഉപഭോക്താക്കളുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നതാണ്. മറ്റുരാജ്യങ്ങളിൽ നിന്നു കുറഞ്ഞവിലയ്ക്കു ചരക്കുകൾ വരുന്നതിനെ തടയുകയാണ് കുറഞ്ഞ വിനിമയനിരക്ക് ചെയ്യുക എന്ന് ഗവൺമെന്റ് വാദിച്ചു. ഗവൺമെന്റിന്റെ കമ്മ്യൂണിക്കൈയിൽ ഒരിടത്തു പറയുന്നത് നോക്കുക:

“വാസ്തവത്തിൽ വിനിമയതോത് താഴ്ത്തുന്നത് കൊണ്ട് പണക്കാർക്കും ലാഭമടിക്കാൻ തക്കംനോക്കിയിരിക്കുന്നവർക്കും അല്ലാതെ മറ്റാർക്കും ഗുണമുണ്ടാവില്ല. കമ്പോളത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളിൽ നിന്നും അനിശ്ചിതാവസ്ഥയിൽ നിന്നും മുതലെടുക്കുന്നവരാണ് ഇക്കൂട്ടർ; മാത്രമല്ല, ഉപഭോക്താക്കളെ തോൽപ്പിച്ചുകൊണ്ട് തങ്ങൾക്ക് കിട്ടിയിട്ടുള്ള സംരക്ഷണത്തിൽ 12.5 ശതമാനം കൂടുതൽ കാണാലാഭമായി ഇതുവഴി ഇവർക്കുതട്ടിയെടുക്കുവാനും കഴിയും.”

ഇന്ത്യയിലെ ഉപഭോക്താക്കൾക്കുവേണ്ടി ഗവൺമെന്റ് മുതലക്കണ്ണീർപൊഴിക്കുന്നത് ഇതാദ്യമായിട്ടല്ല. വിദേശച്ചരക്കുകളുടെമേൽ സംരക്ഷണച്ചുങ്കം ചുമത്തുകയോ അവയുടെ വിലകളെ ബാധിക്കത്തക്കവണ്ണം കറൻസിവ്യവസ്ഥയെ രൂപപ്പെടുത്തുകയോ ചെയ്താൽ ഇന്ത്യൻ മുതലാളികൾക്ക് അതുകൊണ്ട് വമ്പിച്ച ലാഭമുണ്ടാകുമെന്നും സ്വന്തം മാർക്കറ്റിൽ വിദേശീയ മുതലാളികളോടു മത്സരിക്കാൻ അവർക്കു കൂടുതൽ സൗകര്യമുണ്ടാകുമെന്നും അങ്ങനെ വിദേശീയ മുതലാളികൾക്കു തങ്ങളുടെ ചരക്കുകൾ താണവിലയ്ക്കു വിറ്റഴിക്കാൻ കഴിയാതെ വരുമെന്നുമാണ് ഗവൺമെന്റിന്റെ വാദങ്ങളുടെ ചുരുക്കം. എന്നാൽ, ഇന്ത്യയിലെ ഉപഭോക്താക്കൾക്കു വേണ്ടി ചൊരിയുന്ന ഈ വാദങ്ങൾക്കിടയിൽ കൂടി ബ്രിട്ടീഷു മുതലാളികളുടെ താൽപര്യങ്ങളാണ് ഒളിഞ്ഞുകിടക്കുന്നത് എന്നു കാണാൻ വിഷമമില്ല.

ഇന്ത്യൻ മുതലാളികൾക്കു വിദേശീയമുതലാളികളുമായി വിജയപൂർവ്വം മത്സരിക്കാൻ കഴിഞ്ഞാൽ അവർ തങ്ങളുടെ ചരക്കുകൾ ഉയർന്ന വിലയ്ക്കു വിറ്റു ലാഭമടിക്കാൻ ശ്രമിക്കുമെന്നും അതുകൊണ്ട് ഉപഭോക്താക്കൾ വിഷമിക്കാനിടയുണ്ടെന്നും വാദിക്കുന്നതിൽ കുറെയൊക്കെ സത്യമുണ്ടെന്നു സമ്മതിക്കണം. ചരക്കുകളുടെ വില കുറയേണ്ടത് ഭൂരിപക്ഷക്കാരായ നാട്ടുകാർക്ക് ആവശ്യമാണ്. ലാഭക്കൊതിയൻമാരുടെയും പൂഴ്ത്തിവയ്പ്പുകാരുടെയും പിടിയിൽ നിന്നു രക്ഷ കിട്ടേണ്ടതും ആവശ്യമാണ്. പക്ഷേ, ഇതിനുള്ള വഴി വിദേശീയമുതലാളികളുടെ ചരക്കുകൾ കുറഞ്ഞവിലയ്ക്കു വിൽക്കുവാൻ സമ്മതിക്കുകയും അങ്ങനെ നാടൻവ്യവസായങ്ങളെ ഞെക്കിക്കൊല്ലാൻ സഹായിക്കുകയുമല്ല. ഇന്ത്യൻ വ്യവസായങ്ങളുടെ സർവ്വോത്മുഖമായ വളർച്ച മുതലാളികളുടെ മാത്രമല്ല, നാട്ടുകാരുടെ മുഴുവൻ ആവശ്യമാണ്. ഇന്ത്യ അസംസ്കൃത സാമഗ്രികൾ കയറ്റി അയയ്ക്കുന്ന ഒരു രാജ്യമെന്ന നിലയിൽ നിന്നു ശക്തിയേറിയ ഒരു വ്യവസായരാജ്യമായി ഉയരണമെന്ന ആവശ്യത്തെ വിദേശീയ മുതലാളികളും അവരുടെ എച്ചിൽനക്കികളും മാത്രമേ എതിർക്കുകയുള്ളു. വാസ്തവത്തിൽ നമ്മുടെ രാജ്യത്തെ എന്നെന്നും ഒരു കോളനിയാക്കി വയ്ക്കാനുള്ള ഒരായുധമായിട്ടാണ് അധികൃതൻമാർ ഇന്ത്യയുടെ കറൻസിനയത്തെ നിയന്ത്രിച്ചുപോന്നിട്ടുള്ളത്. 1935 മുതൽക്കു കറൻസിയുടെ നിയന്ത്രണം റിസർവ്വുബാങ്കിന്റെ കീഴിലായി. എന്നാൽ റിസർവ്വ് ബാങ്ക് തന്നെയും ബ്രിട്ടീഷ് കുത്തകമുതലാളികളുടെ ഒരുപകരണമെന്ന നിലയ്ക്കാണ് പ്രവർത്തിക്കുവാൻ തുടങ്ങിയത്.

3.12റിസർവ് ബാങ്കും കറൻസിയും

1913-ലെ ചേമ്പർലേൻ കമ്മീഷൻ ഒരു സെൻട്രൽ ബാങ്കിന്റെ ആവശ്യകതയംഗീകരിച്ചുവെങ്കിലും ഇതു സ്ഥാപിക്കുന്ന കാര്യത്തിൽ ഒരുറച്ച നയം കൈക്കൊള്ളുകയുണ്ടായില്ല. 1926-ലെ ഹിൽടൺയങ്ങ് കമ്മീഷനാണ് ഈ കുറവ് പരിഹരിച്ചത്. കറൻസിയും കടവും (ക്രെഡിറ്റു നിയന്ത്രിക്കാനുതകുന്ന ഒരു കേന്ദ്രബാങ്ക് അത്യാവശ്യമാണെന്നു കമ്മീഷൻ അഭിപ്രായപ്പെടുകയുണ്ടായി. 1927-ൽ സെൻട്രൽ അസംബ്ലിയിൽ നടന്ന വാദപ്രതിവാദത്തിൽ ബാങ്കിന്റെ ഘടനയെപ്പറ്റിയും അതിൽ നാട്ടുകാരുടെ പ്രതിനിധികൾക്കുള്ള പങ്കിനെപ്പറ്റിയും വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉളവായി. അതിന്റെ ഫലമായി ബാങ്കിന്റെ സ്ഥാപനം നീട്ടിവയ്ക്കപ്പെട്ടു. പിന്നീട് 1931 ലെ ബാങ്കിംഗ് അന്വേഷണകമ്മിറ്റിയുടെ റിപ്പോർട്ട് ഒരു റിസർവ്വ് ബാങ്ക് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. എന്നാൽ 1935-ൽ മാത്രമാണ് ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യ’ സ്ഥാപിതമായത്.

ഇന്ത്യയുടെ സെൻട്രൽബാങ്ക് എന്ന പേരിലാണറിയപ്പെടുന്നതെങ്കിലും റിസർവ് ബാങ്ക് വാസ്തവത്തിൽ ഇന്ത്യയുടേതിനെക്കാളും ബ്രിട്ടീഷ് കുത്തക മുതലാളിയുടെ താൽപര്യങ്ങളെയാണ് രക്ഷിക്കുന്നത്. ബാങ്ക് ഓഹരിക്കാരുടെ ബാങ്കാണ്. ബാങ്കിന്റെ ഭരണം നടത്തുന്ന ഡയറക്ടർമാരുടെ സെൻട്രൽ ബോർഡിൽ 16 അംഗങ്ങളാണുള്ളത്. അതിൽ ഗവർണർ രണ്ട് ഡെപ്യൂട്ടി ഗവർണർമാർ എന്നിവരേയും നാല് ഡയറക്ടർമാരെയും നോമിനേറ്റ് ചെയ്യുകയാണ് പതിവ്. ബാക്കിയുള്ള ഡയറക്ടർമാർ മാത്രമാണ് ഓഹരിക്കാരാൽ തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ഷെയറുകളുടെ ഘടന പരിശോധിച്ചാൽ വിദേശീയ മൂലധനത്തിനാണ് കൂടുതൽ പ്രാധാന്യമെന്നു കാണാം. ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിനിധിയായി ഒരുദ്യോഗസ്ഥനും ബോർഡിലുണ്ടായിരിക്കും. സെൻട്രൽബോർഡിൽ നാട്ടുകാരുടെ പ്രതിനിധികൾക്ക് സ്ഥാനമുണ്ടായിരിക്കണമെന്ന ജനകീയാവശ്യം ചവിട്ടിമെതിക്കപ്പെടുകയാണുണ്ടായത്. അസംബ്ലിയിൽ ജനകീയ കക്ഷികൾക്കു വമ്പിച്ച ഭൂരിപക്ഷം കിട്ടുകയാണെങ്കിൽകൂടി ബാങ്കിന്റെ ഘടനയിലാകട്ടെ, യാതൊരു മാറ്റവും വരുത്താൻ സാധിക്കാതിരിക്കത്തക്കവിധം ആവശ്യമായ എല്ലാ മുൻകരുതലുകളും ബാങ്കുനിയമത്തിലുൾക്കൊണ്ടിട്ടുണ്ട്. ഈ സ്ഥിതിയിൽ ഇന്ത്യയുടെ വ്യവസായങ്ങളെ വളർത്തുവാനോ അതിനുവേണ്ടി ധനസാഹയം നൽകുന്ന ബാങ്കുകളെ സഹായിക്കാനോ റിസർവ്വുബാങ്ക് തയ്യാറില്ലെങ്കിൽ അതിലത്ഭുതപ്പെടാനില്ലല്ലോ.

1861 മുതൽക്ക് 1935 വരെ കറൻസി ഡിപ്പാർട്ട്മെന്റ് ഇന്ത്യാഗവൺമെന്റിന്റെ നേരിട്ടു കീഴിലായിരുന്നു. റിസർവ്വു ബാങ്ക് സ്ഥാപിക്കപ്പെട്ടതോടുകൂടി പ്രധാനമായ ചില മാറ്റങ്ങളുണ്ടായി. കറൻസിയുടെയും ക്രെഡിറ്റിന്റെയും നിയന്ത്രണം റിസർവ്വുബാങ്കിന്റെ ചുമതലയായിത്തീർന്നു.

ബാങ്കിന്റെ നോട്ടുകൾ ലീഗൽ ടെൻഡറായിരിക്കുമെന്നും അവയ്ക്കു ഗവൺമെന്റിന്റെ ഗാരന്റി ഉണ്ടായിരിക്കുമെന്നും തീരുമാനിക്കപ്പെട്ടു. നോട്ടുകൾ അടിക്കാനുള്ള ബാദ്ധ്യതകൾക്കു പകരമായി ഗോൾഡ് സ്റ്റാൻഡേർഡ് റിസർവ്വിലും പേപ്പർ കറൻസി റിസർവ്വിലുമുള്ള സ്വർണ്ണനാണ്യങ്ങളും ലോഹങ്ങളും ബാങ്ക് ഏറ്റെടുത്തു.

ബാങ്കിന് ഒരു ‘ഇഷ്യു’ ഡിപ്പാർട്ട്മെൻറും ഒരു ‘ബാങ്കിംഗ്’ ഡിപ്പാർട്ട്മെൻറുമുണ്ട്. ഇഷ്യു ഡിപ്പാർട്ട്മെന്റിലെ ബാദ്ധ്യതകൾ (Liabilities) നോട്ടുകൾ പുറപ്പെടുവിക്കുന്നതിനാലുണ്ടാകുന്നവയാണ്. ഡിപ്പാർട്ട്മെന്റിന്റെ മുതലുകളിൽ (Assets) സ്വർണ്ണനാണ്യങ്ങൾ, സ്വർണ്ണവാളങ്ങൾ, സ്റ്റർലിങ്ങ് നിക്ഷേപങ്ങൾ, ഉറുപ്പികനാണ്യങ്ങൾ, ഉറുപ്പിക നിക്ഷേപങ്ങൾ, എക്സ്ചേഞ്ച് ബില്ലുകൾ, പ്രോമിസറിനോട്ടുകൾ എന്നിവയെല്ലാമടങ്ങിയിരിക്കും. ഒട്ടാകെയുള്ള മുതലിൽ 40 ശതമാനമെങ്കിലും സ്വർണ്ണമോ, സ്റ്റർലിങ്ങ് നിക്ഷേപങ്ങളോ ആയിരിക്കണമെന്നും സ്വർണ്ണത്തിന്റെ വില 40 കോടി ക.യിൽ കുറയരുതെന്നും വ്യവസ്ഥയുണ്ട്. ഇഷ്യൂ ഡിപ്പാർട്ട്മെൻറിന്റെ മുതലും ബാദ്ധ്യതകളും ആഴ്ചതോറും പ്രസിദ്ധം ചെയ്യാറുണ്ട്.

1939 സപ്തംബറിൽ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ബാങ്കിനു പുതിയൊരു ഡിപ്പാർട്ടുമെന്റുകൂടിയുണ്ടായി — എക്സ്ചേഞ്ച് കൺട്രോൾ ഡിപ്പാർട്ട്മെന്റ്. വിദേശവിനിമയങ്ങളെ സംബന്ധിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിൽവരുത്തുകയാണ് ഈ ഡിപ്പാർട്ട്മെന്റിന്റെ പ്രധാനമായ പ്രവൃത്തി. ഒരു ഭാഗത്ത് Empire Exchange Control-മായും മറുഭാഗത്ത് വിദേശവിനിമയങ്ങൾ കൊണ്ടു കൈകാര്യം നടത്തുന്ന ബാങ്കുകളുമായും അടുത്ത ബന്ധം പുലർത്തിക്കൊണ്ടാണ് പ്രസ്തുത ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്.

റിസർവ്വ് ബാങ്കിന്റെ ഒരു പ്രധാനപ്പെട്ട ജോലി ഉറുപ്പികയുടെ വിനിമയനിരക്ക് സ്ഥിരമാക്കി നിർത്തുകയാണ്. ഉറുപ്പികയ്ക്ക് 18 പെൻസ് എന്ന ബന്ധം നിലനിർത്താൻ വേണ്ടി ഒരുറുപ്പികയ്ക്ക് 1 ഷി 6 /16 പെൻസിൽ കവിയാത്ത നിരക്കിനു സ്റ്റർലിങ്ങ് വാങ്ങാനും ഉറുപ്പികയ്ക്ക് 1 ഷി 5 ന്ത 49/64 പെൻസിൽ കുറയാത്ത നിരക്കിനു ലണ്ടൻ സ്റ്റർലിങ്ങ് വിൽക്കുവാനും ബാങ്ക് തയ്യാറായിരിക്കും. ഈ നയത്തിന്റെ ഫലമായി ഇന്ത്യക്ക് എത്ര വലിയ ഹാനിയാണ് നേരിട്ടതെന്നു മനസിലാവണമെങ്കിൽ രണ്ടാംലോകമഹായുദ്ധകാലത്തുണ്ടായ അനുഭവങ്ങളിലേക്ക് കണ്ണോടിച്ചാൽ മതി.

3.13യുദ്ധവും കറൻസിയും

യുദ്ധമാരംഭിച്ചതോടുകൂടി വിനിമയനിയന്ത്രണത്തിനാവശ്യമായ ചില പുതിയ നയപടികളെടുക്കാൻ ഗവൺമെന്റ് തയ്യാറായി. രാജ്യരക്ഷാ ഓർഡിനൻസിന്റെ നാലാം ഭാഗത്തിൽ ധനകാര്യത്തെ സംബന്ധിച്ചുള്ള നിബന്ധനകളിൽ താഴെകൊടുത്ത പരിപാടികൾ ഉൾപ്പെടുത്തപ്പെട്ടു: 1. വിദേശവിനിമയം വാങ്ങുന്നത് സംബന്ധിച്ച നിബന്ധനകൾ. 2. എല്ലാ വിദേശവിനിമയവും ഗവൺമെന്റ് ഏറ്റെടുക്കൽ. 3. സെക്യൂരിറ്റികൾ വാങ്ങുകയോ കയറ്റി അയയ്ക്കുകയോ ചെയ്യുന്നതു സംബന്ധിച്ചുള്ള നിബന്ധനകൾ. 4. വിദേശ സെക്യൂരിറ്റികൾ ഗവൺമെന്റ് ഏറ്റെടുക്കൽ.

ഈ കാര്യങ്ങൾ നടപ്പിൽവരുത്താനാവശ്യമായ അധികാരങ്ങളെല്ലാം റിസർവ്വു ബാങ്കിനു നൽകപ്പെടുകയും അതിനായി 1939 ഒക്ടോബറിൽ എക്സ്ചേഞ്ച് കൺട്രോൾ ഡിപ്പാർട്ട്മെന്റ് എന്ന ഒരു പുതിയ ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തുകയും ചെയ്തു. റിസർവ് ബാങ്കിന്റെ ഗവർണറുടെ നേരിട്ടു കീഴിലുള്ള ഈ ഡിപ്പാർട്ട്മെന്റാണ് വിനിമയനിയന്ത്രണത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ നടപ്പിൽവരുത്തുന്നത്. സാധാരണകാലത്തു പറയത്തക്ക നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. എക്സ്ചേഞ്ച് ബില്ലുകളുടെ കൊള്ളക്കൊടുക്കകൾ വഴിക്കാണ് വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾ നടന്നിരുന്നത്. ഇന്ത്യയിൽ നിന്നു കയറ്റി അയയ്ക്കുന്ന ചരക്കുകൾക്കു പകരമായി കിട്ടുന്ന വിദേശകറൻസികൾ എക്സ്ചേഞ്ച് ബാങ്കിലടച്ച് ഉറുപ്പിക വാങ്ങാൻ സൗകര്യമുണ്ടായിരുന്നു. അതു പോലെ തന്നെ വിദേശമാർക്കറ്റിൽ നിന്നു സാധനങ്ങൾ വാങ്ങണമെങ്കിൽ ഉറുപ്പികയടച്ചു പകരം ആവശ്യമായ കറൻസി (ഡോളറോ, ഫ്രാങ്കോ, മാർക്കോ എന്താണെങ്കിലത് വാങ്ങാനും സാധിച്ചിരുന്നു. വിനിമയങ്ങളുടെ ഈ അനിയന്ത്രിതമായ കൊള്ളക്കൊടുക്കുകൾ, യുദ്ധകാലത്ത് ആശ്വാസമല്ലെന്നു കണ്ടതിനാലാണ് നിയന്ത്രണങ്ങളേർപ്പെടുത്താൻ അധികൃതൻമാർ മുതിർന്നത്.

വിനിമയനിയന്ത്രണങ്ങളിലടങ്ങിയ പ്രധാനകാര്യങ്ങൾ ഇവയാണ്: റിസർവ് ബാങ്ക് അധികാരപ്പെടുത്തിയ സ്ഥാപനങ്ങൾ വഴിയായി മാത്രമേ വിദേശവിനിമയങ്ങളിലേക്കുള്ള ഏതിടപാടും നടത്താൻ പാടുള്ളു. വിദേശരാജ്യങ്ങളിലേക്കു ചരക്കുകൾ കയറ്റി അയയ്ക്കുന്നതിനു പകരമായി കിട്ടുന്ന വിദേശകറൻസികൾ റിസർവ് ബാങ്കിന്റെ അനുമതി കൂടാതെ ഉപയോഗിക്കാൻ പാടില്ല. ബ്രിട്ടീഷു സാമ്രാജ്യത്തിനുള്ളിലുള്ള രാജ്യങ്ങളുമായി കൊള്ളക്കൊടുക്കകൾ നടത്താൻ വലിയ തടസ്സമുണ്ടാവില്ല. എന്നാൽ ഡോളർ മുതലായ വിദേശകറൻസികൾ ഒഴിച്ചുകൂടാത്ത ആവശ്യങ്ങൾക്കു മാത്രമേ കിട്ടുകയുള്ളു. ഇത്തരം കറൻസികൾ വിദേശങ്ങളിൽ നിക്ഷേപിക്കുന്നതിനെ കർശനമായി തടയുന്നതാണ്. അമേരിക്കയിൽ നിക്ഷേപിക്കപ്പെട്ട ഡോളർ ധനമെല്ലാം 1940 ഡിസംബറിൽ റിസർവ്വു ബാങ്കിന് ഏറ്റെടുക്കുകയും അതിന്റെ ഉടമസ്ഥൻമാർക്ക് 100 ഡോളറിന് 330 ക. എന്ന തോതിൽ ഉറുപ്പികധനം നൽകുകയുണ്ടായി. 1941 മാർച്ചിൽ ഗവൺമെന്റ് ഒരടികൂടി മുന്നോട്ടുവച്ചു. അമേരിക്കയിൽ സെക്യൂരിറ്റികൾ വാങ്ങിവെച്ചവരെല്ലാം അവയെ ഗവൺമെന്റിനേൽപ്പിച്ചുകൊടുത്തു. പകരം നിശ്ചിതനിരക്കിൽ ഉറുപ്പിക വാങ്ങിക്കൊള്ളേണ്ടതാണെന്നു തീരുമാനിക്കപ്പെട്ടു. വിനിമയനിയന്ത്രണങ്ങൾ പ്രായോഗികമാക്കുവാനായി വിദേശവ്യാപാരത്തെ സംബന്ധിച്ച ചില നിയന്ത്രണങ്ങളും നടപ്പിൽവന്നു. ഒരു കാര്യം ഇവിടെ എടുത്തു പറയത്തക്കതുണ്ട്. കയറ്റുമതിയേക്കാളധികം ഇറക്കുമതിയാണ് നിയന്ത്രിക്കപ്പെട്ടത്. അമേരിക്ക മുതലായ രാജ്യങ്ങളിൽനിന്നു ചരക്കുകൾ വരുത്തണമെങ്കിൽ ഡോളർധനം വേണം. പക്ഷേ, ഡോളറും മറ്റു വിദേശകറൻസികളും ഇഷ്ടംപോലെ കിട്ടുകയില്ല. ലൈസൻസു ലഭിച്ച ചില പ്രത്യേകചരക്കുകൾ വാങ്ങാനും ഒഴിച്ചുകൂടാൻ വയ്യാത്ത ചില സ്വകാര്യാവശ്യങ്ങൾ നിർവ്വഹിക്കാനും മാത്രമേ അവ കിട്ടുകയുള്ളു. ഒരു പെർമിറ്റു കൂടാതെ യാതൊരു സാധനവും ഇറക്കുമതി ചെയ്യാനോ കയറ്റി അയയ്ക്കാനോ പാടുള്ളതല്ല. ഏത് ചരക്ക് ഇറക്കുമതി ചെയ്യണമെന്നും എത്ര ഇറക്കുമതി ചെയ്യണമെന്നും തീരുമാനിക്കാൻ നാട്ടുകാർക്കോ കച്ചവടക്കാർക്കോ അവകാശമില്ലെന്നായി. അതൊക്കെ ബ്രിട്ടീഷുകുത്തകമുതലാളികളുടെ ഇഷ്ടത്തിനൊത്തു തുള്ളുന്ന ധനകാര്യാധികൃതൻമാരുടെ പ്രത്യേകാവകാശങ്ങളായിത്തീർന്നു.

യുദ്ധം മുതലായ അസാധാരണകാലങ്ങളിൽ പ്രത്യേകിച്ചും വിനിമയങ്ങളിലുള്ള കൊള്ളക്കൊടുക്കകളെ നിയന്ത്രിക്കേണ്ടത് ഏതു രാജ്യത്തിനും ആവശ്യമാണ്. ഒന്നുമാത്രം: നിയന്ത്രണം രാജ്യത്തിന്റെ അഭിവൃദ്ധിക്കുതകുന്ന തരത്തിലായിരിക്കണം; രാജ്യത്തിന്റെ ഉൽപ്പാദനങ്ങളെ വർദ്ധിപ്പിക്കുകയും ആയോധനശക്തിയെ വിപുലമാക്കുകയും ചെയ്യുന്നതരത്തിലായിരിക്കണം. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കറൻസി നിയന്ത്രണം ഇന്ത്യയുടെ സാമ്പത്തികവും സൈനികവുമായ പുരോഗതിക്കുവേണ്ടിയല്ല, നേരെമറിച്ച് ബ്രിട്ടന്റെ ആവശ്യങ്ങളെ നിറവേറ്റാൻ വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്. ഗവൺമെന്റിനെ വിമർശിക്കുന്ന കാര്യത്തിൽ വലിയ ഇഷ്ടമില്ലാത്ത ധനശാസ്ത്രജ്ഞൻമാർ പോലും ഗവൺമെൻറിന്റെ നെറികെട്ട നിയന്ത്രണനയത്തെ ആക്ഷേപിച്ചിട്ടുണ്ട്. ഉദാഹരണത്തിന് വി.കെ.ആർ.വി. റാസ് എഴുതുന്നതു നോക്കുക:

“ഇന്ത്യയുടെ നിലയിൽ നിന്നു നോക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു വിദേശവിനിമയനിയന്ത്രണം ആവശ്യമില്ല. കാരണം വിനിമയങ്ങളിലുള്ള കൊള്ളക്കൊടുക്കകളിൽ ഇന്ത്യയ്ക്ക് അനുകൂലമായ ഒരു നിലയായിരുന്നു. വാസ്തവത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു നിയന്ത്രണം സ്റ്റർലിങ്ങുകടത്തിലും തുടർന്നു നാണയപ്പെരുപ്പത്തിലും ചെന്നെത്തുവാനുള്ളതായിരുന്നു. പക്ഷേ, ഇന്ത്യൻ റിസർവ്വ് ബാങ്ക് ഒരു സ്വതന്ത്ര മാർഗം സ്വീകരിക്കുന്നതിനു പകരം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വാലിൽ തൂങ്ങുകയാണുണ്ടായത്. സ്വകാര്യകയറ്റുമതി വർദ്ധിപ്പിക്കുകയും സ്വകാര്യഇറക്കുമതി നിയന്ത്രിക്കുകയും ചെയ്യുന്നത് ബ്രിട്ടന്റെ താൽപര്യമാണ്; കാരണം അതുവഴി കഴിയുന്നത്ര വിദേശവിനിമയം കൈക്കലാക്കിക്കൊണ്ട് അന്യരാജ്യങ്ങളിൽനിന്നു യുദ്ധോപകരണങ്ങൾ വാങ്ങാൻ ബ്രിട്ടനു കഴിവുണ്ടാവും. ഇന്ത്യയുടെ നില തീരെ വ്യത്യസ്തമാണ്. നമ്മുടെ കയറ്റുമതി വർദ്ധിച്ചു: ഇറക്കുമതി ചുരുങ്ങി; വിദേശരാജ്യങ്ങളിലേയ്ക്ക് ഒട്ടേറെ സാധനങ്ങൾ നാം കൊടുക്കാൻ തുടങ്ങി — ഇതിന്റെയെല്ലാം ഫലമായി ഇന്ത്യയിൽ വമ്പിച്ച ആദായവും നാണയപ്പെരുപ്പവും അനുഭവപ്പെടാനും തുടങ്ങി.” (‘വാർ ആൻറ് ഇന്ത്യൻ എക്കോണമി’ പേജ് 111)

ഈ നയത്തിന്റെ ഫലമായി ഇന്ത്യയുടെ കയറ്റുമതി ക്രമാതീതമായി വർദ്ധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്തു. വാണിജ്യാവശിഷ്ടം വർദ്ധിച്ചുകൊണ്ടുവന്നു. എന്നാലീ വാണിജ്യാവശിഷ്ടം – കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം – ചരക്കുകളായോ സ്വർണ്ണമായോ ഇന്ത്യയ്ക്കു കിട്ടുകയുണ്ടായില്ല. അതെല്ലാം ലണ്ടനിലെ സ്റ്റർലിങ്ങുനിധിയിൽ കണക്കുപിടിക്കുകയും ഇന്ത്യയിലെ അടവുകൾക്കാവശ്യമായ നോട്ടുകളടിച്ചുവിടുകയുമാണുണ്ടായത്. ചരക്കുകൾക്കു പുറമെ സ്വർണ്ണം, വെള്ളി എന്നീ അപൂർവ്വലോഹങ്ങളും ഇന്ത്യയിൽ നിന്നു കയറ്റി അയയ്ക്കപ്പെട്ടു. അതും സ്റ്റർലിങ്ങു കണക്കുബുക്കിൽ വരവുപിടിച്ചു. ധനകാര്യത്തീർപ്പനുസരിച്ചു ബ്രിട്ടൻ ഇന്ത്യയ്ക്ക് നൽകുവാൻ ചുമതലപ്പെട്ട സംഖ്യകൾപോലും സ്റ്റർലിങ്ങു ഫണ്ടിൽ കണക്കുപിടിക്കുകമാത്രമാണ് ചെയ്തത്. സാങ്കേതികപദങ്ങളെ ആശ്രയിക്കാതെ പറയുകയാണെങ്കിൽ, ഇതിന്റെ അർത്ഥം ബ്രിട്ടീഷ് മുതലാളികൾ ഇന്ത്യയിൽ നിന്നു യാതൊരു പ്രതിഫലവും കൂടാതെ ധാരാളം സ്വത്തുക്കൾ പറ്റിച്ചെടുത്തുവെന്നത്രെ. ഇത്ര നഗ്നമായ തട്ടിപ്പറി നാസിജർമ്മനി പിടിച്ചടക്കിയ രാജ്യങ്ങളിലല്ലാതെ മറ്റെവിടെയും കാണുമെന്നു തോന്നുന്നില്ല. ‘ശാസ്ത്രീയമായ കൊള്ള’ എന്ന തലക്കെട്ടിൽ ലണ്ടനിലെ ‘എക്കോണമിസ്റ്റ്’ എഴുതുന്നതു നോക്കുക.

“നാസികൾ കീഴടക്കിയ രാജ്യങ്ങളിൽ കൊള്ളക്കൊടുക്കകൾ അടച്ചുതീർക്കുന്ന സമ്പ്രദായം താഴെപറയും പ്രകാരമാണ്: 1. റീഷ് മാർക്കു (ജർമ്മൻ കറൻസി) നോട്ടായുള്ള അടവ്. 2. റീഷ്ക്രഡിറ്റ് കാസെൻഷൻ ആയിട്ടുള്ള അടവ്. 3. ജർമ്മൻ ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളുടെ പേരിലിറക്കിയിട്ടുള്ള ബില്ലുകൾ സ്വീകരിക്കൽ. 4. കീഴടക്കിയ ശക്തികൾ അടിച്ചിറക്കുന്ന ബാങ്കുനോട്ടുകൾ. 5. വിനിമയം വഴിയായ കണക്കുതീർക്കൽ. 6. സെൻട്രൽ ബാങ്കുകളിൽ നിന്നു മുൻകൂർ വാങ്ങിയുള്ള അടവ്. ഈ ഓരോ തരത്തിലുള്ള ഇടപാടുകളുടെയും ആകെയുള്ള ഫലം ജർമ്മനിക്ക് ഒന്നും കൊടുക്കാതെ ചിലതു കിട്ടുക എന്നതായിരുന്നു. വാങ്ങുന്ന സാധനങ്ങളുടെ വിലയെല്ലാം ഇങ്ങനെ കണക്കുതീർക്കുന്നതിന്റെ ഫലമായി പിടിച്ചെടുക്കപ്പെട്ട രാജ്യങ്ങളിലെല്ലാം നാണയപ്പെരുപ്പവും കടവർദ്ധനവുമാണുണ്ടാവുന്നത്. ജർമ്മൻ നാണ്യങ്ങളിൽതന്നെ അടച്ചുതീർത്താൽപോലും അവ കിട്ടുന്നവർക്കു ജർമ്മൻ സാമാനങ്ങൾ വാങ്ങാൻ കഴിയുമെന്നർത്ഥമില്ല; കാരണം ജർമ്മനിയിൽനിന്നുള്ള ഇറക്കുമതി കണിശമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.

ഇങ്ങനെ തന്റെ ആക്രമണത്തിനിരയായ രാജ്യങ്ങളിൽ നാണയപ്പെരുപ്പം ഉണ്ടാക്കുന്നതുകൊണ്ട് ഒരു വെടിക്കു രണ്ടുപക്ഷിയെ കൊല്ലാമെന്നാണ് ജർമ്മനി കണക്കാക്കുന്നത്. അതിന് ഈ രാജ്യങ്ങളെ ആവാവുന്നേടത്തോളം ചൂഷണം ചെയ്യാൻ കഴിയുന്നുണ്ട്; അതേസമയം തന്നെ ഈ ചൂഷണമാവട്ടെ, അവിടങ്ങളിലെ ജനങ്ങളെ നന്നേ മുഷിപ്പിക്കാതെകണ്ടാണുതാനും. ഇതിനു പകരം നാസികൾ നഗ്നമായ കൊള്ളയ്ക്കാണ് മുതിർന്നിരുന്നതെങ്കിൽ, ജനങ്ങളുടെ വെറുപ്പുമൂക്കുകയും അങ്ങിനെ അവരെ അടക്കിവാഴാൻ പ്രയാസമായിത്തീരുകയും ചെയ്തിരുന്നേനെ. തങ്ങൾ ജർമ്മനിക്കു കൊടുക്കുന്ന സാധനങ്ങൾക്ക് ഉദാരമായ പ്രതിഫലം കിട്ടുന്നുണ്ടെന്നാണ് കീഴടക്കപ്പെട്ട രാജ്യങ്ങളുടെ വലിയൊരു വിഭാഗത്തിന്റെ ധാരണ.” (എക്കണോമിസ്റ്റ്, 24-8-40).

‘എക്കണോമിസ്റ്റ്’ ബ്രിട്ടീഷ് മുതലാളികളുടെ മുഖപത്രമാണ്. അതുകൊണ്ട് നാസി ജർമ്മനിയുടെ കറൻസിനയത്തെ ന്യായമായും ആക്ഷേപിക്കുന്ന ആ പത്രം ഇന്ത്യയെപ്പറ്റിപ്പറയുമ്പോൾ ഇങ്ങനെയാണ് വീമ്പിളക്കുന്നത്. ‘ബർമ്മായുദ്ധത്തിൽ ഇന്ത്യൻ പട്ടാളക്കാർ ഉപയോഗിക്കുന്നതും ഇന്ത്യയിലുണ്ടാക്കിയതും ആയ ഓരോ ഉണ്ടയ്ക്കും അപ്പപ്പോൾ സ്റ്റർലിങ്ങിൽ വിലകൊടുക്കുന്നുണ്ട്… ഇതിൽ സാമ്രാജ്യചൂഷണമെന്നത് തീരെ ഇല്ലെന്നത് എല്ലാവരും ധരിക്കേണ്ടതാണ്.’

എന്നാൽ ബ്രിട്ടീഷ് മുതലാളികളും അവരുടെ പത്രങ്ങളും എന്തുതന്നെ പുലമ്പിയാലും ഇന്ത്യയുടെ കറൻസിനയം പാവപ്പെട്ട നാട്ടുകാരെ സംബന്ധിച്ചിടത്തോളം പൊറുക്കാനാവാത്ത ഒരു ഭയങ്കരസ്ഥിതിയാണ് ഉളവാക്കിയത് എന്ന വാസ്തവത്തെ മറച്ചുവയ്ക്കാൻ കഴിയില്ല. ലക്ഷക്കണക്കിനുള്ള ജനങ്ങൾ പട്ടിണിയിലും കഷ്ടപ്പാടിലും കിടന്ന് നരകിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് കണക്കറ്റ ഉപഭോഗസാമഗ്രികൾ പുറംരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കപ്പെട്ടു. കൽക്കത്തയിലെ നിരത്തുകൾ ശവങ്ങളെ കൊണ്ടുനിറഞ്ഞാലും ശരി, കേരളക്കരയിൽ വസൂരിയും കോളറയും പടർന്നുപിടിച്ചാലും ശരി, നാടൊട്ടുക്കു ക്ഷാമം കൊണ്ടു കുട്ടിച്ചോറായാലും ശരി കയറ്റുമതികൾ നിർവിഘ്നം തുടർന്നുപോകണമെന്നും അതിൽ നിന്നു കിട്ടുന്ന കറൻസികൾ പിടിച്ചെടുക്കണമെന്നുമാണ് അധികൃതൻമാർ തീരുമാനിച്ചത്. സ്റ്റർലിങ്ങ് നിക്ഷേപങ്ങളുടെ ഉറപ്പിൻമേൽ ഉറുപ്പികയടച്ചിറക്കുവാനുള്ള ഏർപ്പാടുകൾ റിസർവ്വുബാങ്കിനുണ്ടായിരുന്നതുകൊണ്ട് ഇന്ത്യയിലെ കയറ്റുമതിക്കാർക്ക് ഉറുപ്പികധനം കിട്ടിക്കൊണ്ടിരുന്നു. പിടുപ്പതിലധികം ലാഭമടിക്കാൻ തഞ്ചം കിട്ടിയ മദോന്മത്തരായ നാടൻമുതലാളികൾ പട്ടിണിപ്പാവങ്ങളുടെ കഷ്ടപ്പാടുകളെ അശ്രദ്ധയോടെയാണ് വീക്ഷിച്ചത് എന്നു പറയാതിരിപ്പാൻ തരമില്ല. കരിഞ്ചന്തയുടെ നേതാക്കൻമാരായ ഈ ലാഭക്കൊതിയൻമാർ തങ്ങളുടെ മടിശ്ശീല തടിപ്പിക്കാൻവേണ്ടി ആയിരമായിരം നിരപരാധികളെ മരണത്തിന്റെ വായിലേക്കു നിർദ്ദയം പിടിച്ചുതള്ളി.

ഉല്പാദനത്തെ വർദ്ധിപ്പിക്കാനോ കരിഞ്ചന്തയെ തടയുവാനോ കാര്യക്ഷമമായ യാതൊരു നടപടിയും അധികൃതൻമാർ കൈക്കൊണ്ടില്ല. അതിന്നവർക്കു സാദ്ധ്യവുമല്ല. കാരണം, ജനകീയകക്ഷികളുടെ സഹകരണം കൂടാതെ കരിഞ്ചന്തയുടെ പ്രാബല്യത്തെ തടയുവാനാവില്ല. വെറും ഓർഡിനൻസുകൾകൊണ്ട് ഉല്പാദനത്തെ വർദ്ധിപ്പിക്കാനാവില്ല.

പക്ഷേ, ജനകീയപാർട്ടികളെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഒരുദ്യോഗസ്ഥ മേധാവിത്വമാണ് നമുക്കിന്നുള്ളത്.

3.13.1ഉറുപ്പികയുടെ ഭാവി

ഉറുപ്പികയും സ്റ്റർലിങ്ങും തമ്മിലുള്ള ബന്ധം വെറും സാമ്പത്തികമായ ബന്ധമല്ല രാഷ്ട്രീയബന്ധമാണ്. ബ്രിട്ടീഷ് കുത്തകമുതലാളികൾ ഇന്ത്യയെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന ഒരു മാർഗ്ഗം മാത്രമാണത്. വിദേശമുതലാളികളുടെ താൽപര്യങ്ങളാണ് ഉറുപ്പികയും സ്റ്റർലിങ്ങും തമ്മിലുള്ള ബന്ധത്തെ നിർണ്ണയിച്ചുപോന്നിട്ടുള്ളത്. ഈ യാഥാർത്ഥ്യം മനസ്സിലാക്കാതെ ഇന്ത്യയുടെ കറൻസി പ്രശ്നത്തെ പരിഹരിക്കാനാവില്ല.

ഉറുപ്പികയുടെ പ്രവർത്തനം ഇന്ത്യയ്ക്കനുകൂലമായിത്തീരണമെങ്കിൽ ഉറുപ്പികയും സ്റ്റർലിങ്ങ്, ഡോളർ തുടങ്ങിയ വിദേശകറൻസികളും തമ്മിലുള്ള തോത് നിശ്ചയിക്കാൻ ഇന്ത്യാക്കാർക്കധികാരം ലഭിക്കണം. ഇന്നത്തെ നിലയ്ക്കതു സാധ്യമല്ല. ഇന്ന് ഇന്ത്യൻ കറൻസിയുടെ വിനിമയബന്ധത്തെ നിയന്ത്രിക്കാനുള്ള അവകാശം ലെജിസ്ലേറ്റീവ് അസംബ്ലിയുടേതല്ല, ഗവർണർ ജനറലുടേതാണ്. ബ്രിട്ടീഷ് താൽപര്യങ്ങൾക്കു ഹാനിതട്ടാതിരിക്കത്തക്കവിധത്തിൽ ഇന്ത്യയുടെ വിനിമയബന്ധത്തെ നിലനിർത്താൻ ആവശ്യമായ എല്ലാ അധികാരങ്ങളും ഗവർണർ ജനറൽക്കു ലഭിച്ചിട്ടുണ്ട്. ഇതിനൊരു മാറ്റം വരുത്തണമെങ്കിൽ ഇന്നത്തെ ഭരണസമ്പ്രദായം മാറിയേ കഴിയൂ. നിലവിലുള്ള ഭരണസമ്പ്രദായം നിലനിൽക്കുന്നിടത്തോളം കറൻസി പ്രശ്നത്തെ ഒറ്റയ്ക്കെടുത്തു പരിഹരിക്കാൻ ശ്രമിക്കുന്നതു വ്യാമോഹം മാത്രമാണ്. ഈ പ്രശ്നത്തിനു ഫലപ്രദമായ ഒരു പരിഹാരം കാണണമെങ്കിൽ കറൻസിയുടെ പരിഷ്ക്കരണത്തിനു വേണ്ടിയുള്ള സമരം സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് വ്യക്തമായി മനസ്സിലാക്കണം.

(മംഗളോദയം, തൃശൂർ 1947)
കുറിപ്പുകൾ

1 കൗടില്യന്റെ അർത്ഥശാസ്ത്രം കെ. വാസുദേവൻ മൂസതിന്റെ മലയാള തർജ്ജമ, പേജ്

2 തൂക്കത്തിന്റെ സമ്പ്രദായം പ്രാകൃതവും പക്ഷേ, എളുപ്പമേറിയതുമായിരുന്നു. നോക്കുക: പൗതവാദ്ധ്യക്ഷൻ (അളവും തൂക്കവും നോക്കുന്ന അദ്ധ്യക്ഷൻ) പൗതവകർമ്മാന്തങ്ങൾ (അളവും തൂക്കവും നോക്കാനുള്ള ഉപകരണങ്ങൾ ഉണ്ടാക്കിക്കണം. പത്തു ധാന്യമാഷം (ഉഴുന്നുമണി) അല്ലെങ്കിൽ അഞ്ചു ഗഞ്ജ (കുന്നി) ഒരു സുവർണ്ണമാഷം, ഒരു സുവർണ്ണം അഥവാ കർഷം, നാലുകർഷം ഒരു പലം, എൺപത്തെട്ടു ഗൗരസർഷപം (ചെറുകടുകു്) ഒരു രൂപ്യമാഷം, പതിനാറു രൂപ്യമാഷം അല്ലെങ്കിൽ 20 ശൈംബ്യം (മഞ്ചാടി) ഒരു ധരണം. കൗടുല്യന്റെ അർത്ഥ ശാസ്ത്രം, മലയാള തർജ്ജമ 178-ാം പേജ്.

3 C. J. Brown: The Coins of India Page 14

4 1831-ലാണു് ബങ്കാളിലെ ഗവർണർ ജനറൽ ഇന്ത്യയുടെ മുഴുവൻ ഗവർണർ ജനറലായിത്തീർന്നതു്. ഈ കാലമാവുമ്പോഴേക്കും ഇന്ത്യയുടെ ഭരണം മിക്കവാറും കേന്ദ്രീകൃതമായിക്കഴിഞ്ഞിരുന്നു.

5 ഇന്ത്യാ ഗവൺമെന്റ് ഇംഗ്ലണ്ടിൽ ചെയ്യുന്ന ചെലവുകൾക്കാണു് ഹോം ചാർജുകൾ എന്നു പറയുന്നതു്. ഇന്ത്യാ ഓഫീസ് സംബന്ധിച്ച ചെലവുകൾ, പലിശ, പെൻഷൻ മുതലായവയെല്ലാം ഇതിലുൾപ്പെടും

6 Kale യുടെ ‘Gokhale and Economic Reforms’പേജു് 28 നോക്കുക

7 R. C. Dutt — Economic History of India

8 K. T. Shah, Sixty years of Indian Finance P. 224

9 ജി.ഡി. ബിർലാ ‘രൂപയെ കി കഹാനി’

10 J. M. Kains: Indian Currency and Finance പേജ്: 30–31

11 J. M. Kains: Indian Currency and Finance പേജ്: 37-38.

12 Chamlani: Indian Currency, Banking and Exchange. പേജ് 21

13 ബ്രിജ് നാരായണന്റെ “Indian Economic Problems, Part 1’ എന്ന പുസ്തകത്തിൽ ഉദ്ധരിച്ചതു്.