അദ്ധ്യായം 3
കമ്യൂണിസം എന്ത്, എന്തിന്, എങ്ങിനെ?
കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനമാരംഭിച്ചത് 1937ലാണ്. 1939ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും കൂടി ആകെ 200ൽ താഴെ കമ്യൂണിസ്റ്റുകാരെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 12,000ത്തിലധികമുണ്ട്. 1934ൽ ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടി നിയമവിരുദ്ധമാക്കപ്പെട്ട സമയത്ത് ഇന്ത്യയിലാകെ 2000ത്തോളം കമ്യൂണിസ്റ്റുകാരേ ഉണ്ടായിരുന്നുള്ളൂ. 8 കൊല്ലം നീണ്ടുനിന്ന മർദ്ദനങ്ങൾക്കു ശേഷം പാർട്ടിക്കു വീണ്ടും നിയമ വിധേയത്വം ലഭിച്ചു. 1943 ആയപ്പോഴേക്കും പാർട്ടി മെമ്പർമാരുടെ എണ്ണം 16000മായി. ഇന്ന് മുക്കാൽ ലക്ഷത്തോളമുണ്ട്. ഇന്ത്യയിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലും കമ്യൂണിസ്റ്റ്പാർട്ടികളുണ്ട്. ചില രാജ്യങ്ങളിൽ നിയമവിരുദ്ധം; മറ്റുചില രാജ്യങ്ങളിൽ നിയമവിധേയം; വേറെ ചില രാജ്യങ്ങളിൽ ഭരണം നടത്തുന്നു. സോവിയറ്റ് യൂണിയൻ, ജനകീയ ചൈന, പോളണ്ട്, ബൾഗേറിയ, ചെക്കോസ്ലോവാക്യ, ഹംഗറി, റുമേനിയ, ആൽബേനിയ, കിഴക്കൻ ജർമനി, വടക്കൻ കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങളാണുള്ളത്. ഈ രാജ്യങ്ങളിലാണ് ലോകത്തിലാകെയുള്ള ജനങ്ങളുടെ മൂന്നിലൊരുഭാഗം. മറ്റു രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടികൾ ക്രമത്തിൽ വളർന്നുവരികയാണ്. കൂടുതൽ കൂടുതൽ ജനങ്ങൾ പാർട്ടിയുടെ പിന്നിലണിനിരക്കുന്നു. മർദ്ദനങ്ങളേയും അപവാദങ്ങളേയും വകവയ്ക്കാതെ ഇത്രയധികം ജനങ്ങൾ പാർട്ടിയുടെ പിന്നിലണിനിരക്കുന്നത് എന്തുകൊണ്ടാണ്? ഹിറ്റ്ലറുടെ കൊലയാളികളാൽ വെടിവെച്ചു കൊല്ലപ്പെടാനടുത്ത സമയത്തുപോലും ഗബ്രിയേൽ പെറി എന്ന ഫ്രഞ്ച് കമ്യൂണിസ്റ്റ്നേതാവ് തനിക്കിനിയൊരു ജന്മം കിട്ടിയാൽ താൻ പ്രവൃത്തിച്ചപോലെതന്നെ വീണ്ടും പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചതെന്തുകൊണ്ട്? കയ്യൂർ സഖാക്കൾ തൂക്കുമരത്തിൽവെച്ചും ’കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്’ വിളിച്ചതെന്തുകൊണ്ടാണ്? പതിനായിരക്കണക്കിലുള്ള ജനങ്ങൾ അടിയും വെടിയുമേറ്റിട്ടും ഇടികൊണ്ടു ക്ഷയം പിടിച്ചിട്ടും പതറാതെ കമ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിക്കീഴിൽ ഉറച്ചുനിൽക്കുന്നതെന്തുകൊണ്ടാണ്? നിങ്ങളുടെ സ്ഥിതിതന്നെ പരിശോധിക്കുക: എന്തെല്ലാം വൈഷമ്യങ്ങളേയും തടസ്സങ്ങളേയും എതിർപ്പുകളേയും നേരിട്ടുകൊണ്ടാണ് നിങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്നത്? കാരണമിതാണ്: നിങ്ങളൊരു ലക്ഷ്യത്തിൽ വിശ്വസിക്കുന്നു. ആ ലക്ഷ്യം വിജയിക്കുമെന്നു നിങ്ങൾ വിശ്വസിക്കുന്നു. ആ ലക്ഷ്യമാണ് കമ്യൂണിസം. ആ ലക്ഷ്യത്തെപ്പറ്റിയും അതു നേടാനുള്ള മാർഗ്ഗത്തെപ്പറ്റിയും കൂടുതൽ വ്യക്തതയുണ്ടാക്കാൻ വേണ്ടിയാണ് ഈ ക്ലാസ്സുകൾ. കമ്യൂണിസത്തിന്റെ ശത്രുക്കൾ പല നുണകളും പ്രചരിപ്പിച്ചിട്ടുണ്ട്, ഇപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. കമ്യൂണിസമെന്നുവെച്ചാൽ സ്വേച്ഛാധിപത്യമാണ്, സ്ത്രീകളെ പൊതുസ്വത്താക്കലാണ്, അമ്പലവും പളളിയും തച്ചുപൊളിക്കലാണ് എന്നും മറ്റുമാണവർ പ്രചാരവേല ചെയ്യുന്നത്. കമ്യൂണിസത്തിലേക്ക് കൂടുതൽ കൂടുതൽ ജനങ്ങൾ ആകർഷിക്കപ്പെടുന്നത് കാണുമ്പോൾ അവർക്ക് സഹിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് അവർ നാണംകെട്ട നുണകൾ പറഞ്ഞുകൊണ്ട് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നു. പക്ഷേ, പിന്തിരിപ്പൻ സ്ഥാപിത താൽപ്പര്യക്കാരുടെ വൃത്തികെട്ട നുണകളെ വകവയ്ക്കാതെ കമ്യൂണിസം മുന്നേറുകയാണ്.
3.1എന്താണ് കമ്യൂണിസം?

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും വെറുക്കുകയും ചെയ്യുന്നതിനുപകരം എല്ലാവരും പരസ്പരം സ്നേഹിച്ചുകൊണ്ടും സഹകരിച്ചുകൊണ്ടും ഏറ്റവും ഉയർന്ന സംസ്കാരത്തോടും സുഖസമൃദ്ധിയോടുംകൂടി കൂട്ടായി ജീവിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥക്കാണ് കമ്യൂണിസം എന്നുപറയുന്നത്. ചൂഷകനും ചൂഷിതനുമില്ല; മർദ്ദകനും മർദ്ദിതനുമില്ല; സാമ്പത്തിക വർഷങ്ങളില്ല. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനുമില്ല. ജയിലും കോടതിയും തൂക്കുമരവുമില്ല. ആര് ആരേയും അടിച്ചമർത്തുന്നില്ല. പട്ടിണിയും തൊഴിലില്ലായ്മയുമില്ല. സാധനങ്ങൾ വാങ്ങുവാനാളില്ലാതെ കെട്ടിക്കിടക്കുന്നില്ല. എല്ലാ സ്വത്തുക്കളും എല്ലാവരുടെയും കൂടിയാണ്. ഉൽപാദനവ്യവസ്ഥയിൽ അരാജകത്വവും കുഴപ്പവുമില്ല. ജനങ്ങളെല്ലാവരും സഹകരിച്ചുകൊണ്ട് പ്ലാനോടുകൂടി സമ്പത്തും വിഭവങ്ങളും മേൽക്കുമേൽ വർദ്ധിപ്പിക്കുന്നു. എല്ലാ വ്യക്തികളുടെയും മേൽക്കുമേൽ വർദ്ധിച്ചുവരുന്ന ഭൗതികവും സാംസ്കാരികവുമായ എല്ലാ ആവശ്യങ്ങളേയും തൃപ്തിപ്പെടുത്താൻ കഴിയത്തക്കവിധം സ്വത്തുക്കളും വിഭവങ്ങളും വർദ്ധിക്കുന്നു. ഓരോരുത്തനും കഴിവനുസരിച്ച് പ്രവർത്തിക്കുക, ഓരോരുത്തനും ആവശ്യമുള്ളതെടുത്ത് അനുഭവിക്കുക എന്ന തത്വമനുസരിച്ച് എല്ലാവരും കൂട്ടായി പ്രവർത്തിക്കുകയും പ്രകൃതിയെ അധികമധികം കീഴടക്കിക്കൊണ്ട് മനുഷ്യത്വത്തെ അങ്ങേയറ്റം വളർത്തുകയും ചെയ്യുന്നു. ഇങ്ങനെ ഏറ്റവും ഉന്നതവും ഉൽകൃഷ്ടവുമായ ഒരു സമുദായമാണ് കമ്യൂണിസം. ഇത്തരത്തിലുള്ള ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം.

3.2സോഷ്യലിസം കമ്യൂണിസത്തിന്റെ ആദ്യഘട്ടം

കമ്യൂണിസത്തിന്റെ ആദ്യഘട്ടത്തിനാണ് സോഷ്യലിസം എന്നുപറയുന്നത്. കമ്യൂണിസത്തിലെന്നപോലെ സോഷ്യലിസ്റ്റ് സമുദായത്തിലും സ്വത്തുക്കളുടെ ഉല്പാദനവിതരണങ്ങളെല്ലാം പൊതു ഉടമയിലാണ്. ഫാക്ടറികളും ബാങ്കുകളും റെയിൽവേകളും കപ്പലുകളും—ചുരുക്കത്തിൽ എല്ലാ ഉല്പാദനോപകരണങ്ങളും ജനങ്ങളുടെ പൊതുസ്വത്താണ്.

താനും സോഷ്യലിസത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നും പഞ്ചവത്സരപദ്ധതി വഴിയായി ഇന്ത്യയിൽ സോഷ്യലിസം കെട്ടിപ്പടുക്കാനാണ് തന്റെ ഗവണ്മെൻറ് ശ്രമിക്കുന്നത് എന്നും പണ്ഡിറ്റ് നെഹ്റു ഈയിടെ പ്രസ്താവിക്കുകയുണ്ടായി. പക്ഷേ, രാജാക്കന്മാരുടെയും നാടുവാഴികളുടെയും വിദേശമുതലാളികളുടെയും സ്വത്തുക്കൾ പിടിച്ചെടുക്കാൻ പാടില്ലെന്ന് അദ്ദേഹത്തിന് നിർബന്ധവുമുണ്ട്. ഉൽപാദനോപകരണങ്ങൾ സ്വകാര്യസ്വത്തുക്കളാക്കിവെച്ചു നാട്ടുകാരെ കൊള്ളയടിക്കാൻ നാടുവാഴികൾക്കും മുതലാളികൾക്കും സ്വാതന്ത്ര്യം നൽകുന്ന സോഷ്യലിസമാണ് നെഹ്റുവിന്റെ സോഷ്യലിസം. അതല്ല സോഷ്യലിസം.

സോഷ്യലിസം എന്നുവെച്ചാൽ ഉല്പാദനോപകരണങ്ങളുടെ പൊതുവുടമയാണ്. ജന്മിയും മുതലാളിയുമില്ല. തൊഴിലാളികളും കൃഷിക്കാരും അദ്ധ്വാനിക്കുന്ന ജീവികളും മാത്രമേയുള്ളു. ഉല്പാദനം നടത്തുന്നത് ഏതാനും വ്യക്തികളുടെ ലാഭത്തിനു വേണ്ടിയല്ല; സമുദായത്തിന്റെ ഉപയോഗത്തിനു വേണ്ടിയാണ്. ഓരോ വ്യക്തിക്കും തൊഴിലെടുത്തു ജീവിക്കാനും വിദ്യാഭ്യാസവും സംസ്കാരവും നേടാനും അങ്ങനെ തന്റെ കഴിവുകൾ അങ്ങേയറ്റം വികസിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഭരണാധികാരം ഒരുപിടി മർദ്ദകന്മാരുടെ കയ്യിലല്ല, ജനങ്ങളുടെ കയ്യിലാണ്. പഴയ മർദ്ദനവ്യവസ്ഥയുടെ അവശിഷ്ടങ്ങളെ തുടച്ചുനീക്കിക്കൊണ്ടും പ്ലാനോടുകൂടി ഉല്പാദനവ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടും വിദ്യാഭ്യാസവും സംസ്കാരവും വളർത്തിക്കൊണ്ടും വ്യക്തമായ കാഴ്ചപ്പാടോടുകൂടി ജനങ്ങളെയാകെ മുന്നോട്ടു നയിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിലാണ് ഭരണം നടക്കുന്നത്.

3.3സോഷ്യലിസവും കമ്യൂണിസവും തമ്മിലുള്ള വ്യത്യാസം

അപ്പോൾ സോഷ്യലിസവും കമ്യൂണിസവും തമ്മിലുള്ള വ്യത്യാസമെന്താണ്? സോഷ്യലിസവും കമ്യൂണിസവും ഒരേ സാമൂഹ്യവ്യവസ്ഥ തന്നെയാണ്; പക്ഷേ, രണ്ടു ഘട്ടങ്ങളാണ്. കമ്യൂണിസ്റ്റ് സാമൂഹ്യവ്യവസ്ഥയുടെ ആദ്യത്തെ ഘട്ടമാണ് സോഷ്യലിസം. പഴയ സാമൂഹ്യവ്യവസ്ഥയുടെ ഒസ്യത്തായ പലതരം അസമത്വങ്ങളും സോഷ്യലിസത്തിൽ നിലനിൽക്കും. ഒറ്റയടിക്ക് എല്ലാം മാറുകയില്ല. ഉദാഹരണത്തിന്, വ്യവസായങ്ങളും കാർഷികവ്യവസ്ഥയും തമ്മിൽ, പട്ടണപ്രദേശങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മിൽ, ബുദ്ധിപരമായ അദ്ധ്വാനവും ശാരീരികമായ അദ്ധ്വാനവും തമ്മിൽ, വ്യക്തികളുടെ സങ്കേതികമായ കഴിവുകൾ തമ്മിൽ ഇങ്ങനെ പല വ്യത്യാസങ്ങളും സോഷ്യലിസത്തിലുണ്ടാവും. മാത്രമല്ല, സ്ഥാപിതതാൽപ്പര്യങ്ങളും ഭരണാധികാരവും നഷ്ടപ്പെട്ട പഴയ ചൂഷകവർഗ്ഗക്കാരുടെ അവശിഷ്ടങ്ങൾ, തങ്ങളുടെ പൊയ്പ്പോയ അധികാരങ്ങൾ വീണ്ടും സ്ഥാപിക്കാൻ വേണ്ടി ഗൂഢാലോചനകൾ നടത്തും. അതു തടയേണ്ടതുണ്ട്. അതു തടയാനാണ് തൊഴിലാളിവർഗ്ഗത്തിന്റെ ഭരണാധികാരം. അധികാരത്തിൽ നിന്നു നീക്കം ചെയ്യപ്പെട്ട പഴയ സ്വകാര്യസ്വത്തുടമയുടെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുനീക്കിക്കൊണ്ടും കൃഷിയും വ്യവസായവും വിദ്യാഭ്യാസവും മേൽക്കുമേൽ അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടും അങ്ങനെ സാമൂഹ്യജീവിതത്തിലാകെ മാറ്റങ്ങളുണ്ടാക്കിക്കൊണ്ടും ജനങ്ങളെ കമ്യൂണിസത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ബോധപൂർവ്വം നയിക്കുകയാണ് തൊഴിലാളിവർഗ്ഗം ചെയ്യുന്നത്. വർഗ്ഗവ്യത്യാസങ്ങളുടെ എല്ലാ അവശിഷ്ടങ്ങളും നാമാവശേഷമായാൽപ്പിന്നെ ഭരണാധികാരത്തിന്റെ യാതൊരാവശ്യവുമുണ്ടാവില്ല. വർഗ്ഗരഹിതമായ സമുദായം ഭരണകൂടമില്ലാത്ത സമുദായമായിരിക്കും. എന്നാലും ആളുകൾ പരസ്പരം കടിച്ചുകീറുകയോ കത്തിക്കുത്തു നടത്തുകയോ ചെയ്യില്ല. കാരണം സ്വകാര്യസ്വത്തുടമയുടെ അവശിഷ്ടങ്ങളില്ലാതാകുമ്പോൾ അതിന്റെ ചിന്താഗതികളും ക്രമത്തിൽ അന്തർദ്ധാനം ചെയ്യും. സ്വാർത്ഥവും വഞ്ചനയും കൊള്ളയും ചൂഷണവും നടമാടിയിരുന്ന സ്ഥാനത്തു സ്നേഹവും സഹകരണവും സൗഹാർദ്ദവും വാഴാൻ തുടങ്ങും.

ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥന്മാരായിരുന്ന മുതലാളികളുടെയും ജന്മികളുടെയും സ്ഥാപിതതാൽപ്പര്യങ്ങളും അധികാരാവകാശങ്ങളുമവസാനിപ്പിച്ച് സോഷ്യലിസം കെട്ടിപ്പടുക്കാൻ വേണ്ടിയുള്ള ഒരു വിപ്ലവമാണ് റഷ്യയിൽ 1917 നവംബറിൽ നടന്നത്. ഇന്ന് സോവിയറ്റ് യൂണിയനിൽ കമ്യൂണിസത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. ചൈന, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ പത്തോളം രാജ്യങ്ങളിൽ സോഷ്യലിസം കെട്ടിപ്പടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലും സോഷ്യലിസം സ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്.

3.4എന്തിനാണ് സോഷ്യലിസം?

മറ്റെല്ലാ രാജ്യങ്ങളിലുമെന്നപോലെ നമ്മുടെ രാജ്യത്തിലും സോഷ്യലിസം സ്ഥാപിച്ചേ മതിയാവൂ. എന്തുകൊണ്ടെന്നാൽ, ഇന്നു നമ്മുടെ നാട്ടിനെ നേരിട്ടിട്ടുള്ള വിവിധ പ്രശ്നങ്ങൾക്കെല്ലാം സോഷ്യലിസം കൊണ്ടേ ശാശ്വതമായ പരിഹാരമുണ്ടാവുകയുള്ളൂ. മുതലാളിത്തംകൊണ്ട് ഒരതിർത്തിവരെ സാമ്പത്തികാഭിവൃദ്ധിയുണ്ടായിട്ടുണ്ടെന്നുള്ളത് നേരാണ്. പക്ഷേ, അത് പൊതുജനങ്ങളുടെയാകെ താൽപ്പര്യത്തിനു വേണ്ടിയല്ല, വ്യക്തികളുടെ സ്വകാര്യലാഭത്തിനാണ് പ്രയോജനപ്പെട്ടത്. ഒരുഭാഗത്ത് സ്വത്തുക്കളുടെയും സുഖഭോഗങ്ങളുടെയും കൂമ്പാരം, മറുഭാഗത്ത് കൂടിക്കൂടി വരുന്ന ദാരിദ്ര്യവും നരകവും. ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥന്മാരായ ടാറ്റയും ബിർലയും മറ്റും കോടിക്കണക്കിൽ പണം സമ്പാദിക്കുമ്പോൾ ഉല്പാദനോപകരണങ്ങളൊന്നുമില്ലാത്ത ഭൂരിപക്ഷക്കാരായ ജനങ്ങൾ പട്ടിണിയിലോ അരപ്പട്ടിണിയിലോ കഴിച്ചുകൂട്ടുന്നു. പണിയൊന്നുമെടുക്കാത്ത സാമൂതിരിരാജാവും പൂമള്ളിനമ്പൂതിരിയും നിലത്തിന്മേലുള്ള സ്വകാര്യ ഉടമാവകാശത്തിന്റെ പേരിൽ ഏഴുലക്ഷം പറയും അഞ്ചുലക്ഷം പറയും പാട്ടം വാങ്ങുമ്പോൾ പണിയെടുക്കുന്ന പതിനായിരക്കണക്കിലുള്ള കൃഷിക്കാർ വയറുനിറയെ ഭക്ഷണം കഴിക്കാൻ കിട്ടാതെ, ഉടുക്കാനില്ലാതെ, വിദ്യാഭ്യാസമില്ലാതെ, കുട്ടികളെ പോറ്റാൻ നിവൃത്തിയില്ലാതെ വിഷമിക്കുന്നു. ഉല്പാദനോപകരണങ്ങൾ സ്വകാര്യസ്വത്തായതുകൊണ്ട് സാധനങ്ങൾ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നു. ഉല്പാദന വ്യവസ്ഥയിലാകെ അരാജകത്വവും സാമ്പത്തിക കുഴപ്പവും നടമാടുന്നു. ഈ വൈരുദ്ധ്യങ്ങളവസാനിപ്പിച്ച് മനുഷ്യന്റെ എല്ലാ ഉൽകൃഷ്ടതകളെയും വികസിപ്പിക്കാനാണ് സോഷ്യലിസം.

3.5സോഷ്യലിസം പ്രായോഗികമാണ്

ഈ വൈരുദ്ധ്യങ്ങളൊന്നും അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഉൽപാദനോപകരണങ്ങൾ പൊതുസ്വത്താക്കാൻ കഴിയില്ലെന്നും മനുഷ്യർക്കിടയിലുള്ള അസമത്വങ്ങൾ എന്നെന്നും നിലനിൽക്കുമെന്നും പറയുന്നവർ നുണ പറയുകയാണ് ചെയ്യുന്നത്. സോവിയറ്റ് യൂണിയനെപ്പറ്റി തെറിപ്പാട്ടുകൾ പാടുന്നവർക്കുപോലും അവിയെ ജന്മിയോ, മുതലാളിയോ ഉണ്ടെന്ന് പറയാനാവില്ല. 1929 മുതൽ 33 വരെ ലോകത്തിലൊട്ടുക്കും സാമ്പത്തികക്കുഴപ്പം കൊടുമ്പിരിക്കൊണ്ടപ്പോൾ സോവിയറ്റ് യൂണിയനിൽ മാത്രം യാതൊരു കുഴപ്പവുമുണ്ടായില്ലെന്നുള്ള പരമാർത്ഥം മുതലാളികൾ പോലും സമ്മതിച്ചിട്ടുള്ളതാണ്. സോഷ്യലിസം പ്രായോഗികമാണെന്ന് ലോകത്തിലെ മൂന്നിലൊരു ഭാഗം ജനങ്ങൾ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ ജനങ്ങൾ തെളിയിക്കാൻപോവുകയാണ്.

നമ്മുടെ രാജ്യത്തിലും പട്ടിണിയും കഷ്ടപ്പാടും ഇല്ലാതാക്കാൻ കഴിയും. വർഗ്ഗവൈരുദ്ധ്യങ്ങളും ചൂഷണങ്ങളും വിദ്വേഷങ്ങളും അവസാനിപ്പിക്കാൻ കഴിയും. സ്വാതന്ത്ര്യത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും പുരോഗതിയുടെയും വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും നാടാക്കി നമ്മുടെ രാജ്യത്തെയും ഉയർത്താൻ കഴിയും. സർവതോന്മുഖമായ ഈ അഭിവൃദ്ധിയുടെ നേട്ടങ്ങൾ നമ്മുടെ രാജ്യത്തിലെ ഓരോ വ്യക്തിക്കും അനുഭവിക്കാനും കഴിയും. അതുകൊണ്ടാണ് നമ്മുടെ രാജ്യത്തിലും സോഷ്യലിസം സ്ഥാപിക്കണമെന്ന് പറയുന്നത്.

സോഷ്യലിസം ഇറക്കുമതിച്ചരക്കല്ല.

നമ്മൾ സോവിയറ്റ് യൂണിയന്റെ ഏജൻറുമാരാണെന്നും മറ്റും പുലഭ്യം പറയുന്നവരുണ്ട്. വിദേശമുതലാളികളുമായി കൂട്ടുകൂടുകയും വിദേശഭരണാധികാരികളുമായി സന്ധി ചെയ്യുകയും ചെയ്തുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങളെ വിദേശികൾക്കു് ഒറ്റികൊടുത്തവരും ഇപ്പോഴും ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്നവരും പ്രചരിപ്പിക്കുന്ന ഒരു നുണയാണിത്. കമ്യൂണിസത്തിന്റെ സ്വാധീനശക്തി അധികമധികം പടർന്നുപിടിക്കുന്നതു കാണുമ്പോൾ അവർക്ക് ബേജാറാവുന്നു. ആ ബേജാറിൽ നിന്നാണ് നുണകളും അപവാദങ്ങളും പുറപ്പെടുന്നത്.

മുതലാളിത്തമെന്നപോലെ തന്നെ കമ്യൂണിസവും ഒരു സാർവദേശീയ പ്രസ്ഥാനമാണ്. ലോകത്തിലുള്ള എല്ലാ രാജ്യങ്ങളിലും സോഷ്യലിസവും കമ്യൂണിസവും വിജയിക്കണമെന്നാണ് നമ്മളാഗ്രഹിക്കുന്നത്. ഒരു രാജ്യത്തിൽ സോഷ്യലിസം വിജയിച്ചാൽ അതു മറ്റു രാജ്യങ്ങളേയും ബാധിക്കുമെന്ന കാര്യത്തിലും സംശയമില്ല. 1917ൽ റഷ്യയിൽ പൊട്ടിപ്പുറപ്പെട്ട സോഷ്യലിസ്റ്റ് വിപ്ലവം മറ്റെല്ലാ രാജ്യങ്ങളിലെയും തൊഴിലാളി പ്രസ്ഥാനങ്ങൾക്കു വമ്പിച്ച പ്രചോദനം നൽകുകയുണ്ടായി.

സോഷ്യലിസം കെട്ടിപ്പടുത്തുകഴിഞ്ഞ സോവിയറ്റ് യൂണിയനെ നമ്മൾ ബഹുമാനിക്കുന്നു. സോഷ്യലിസം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ജനകീയ ചൈനയേയും യൂറോപ്പിലെ ജനകീയ ജനാധിപത്യ രാജ്യങ്ങളെയും നമ്മൾ അഭിവാദ്യം ചെയ്യുന്നു. കൂലിവേലക്കാരന് ഭരണാധികാരിയാവാൻ കഴിയുമെന്നും ജന്മി പോയാലും നെൽച്ചെടികൾ കായ്ക്കുമെന്നും തെളിയിച്ചുകാട്ടിയവരെ നമ്മളെങ്ങനെ ആദരിക്കാതിരിക്കും. ഹിംസയുടെയും ചൂഷണത്തിന്റെയും പിടിയിൽനിന്ന് മനുഷ്യത്വത്തെ മോചിപ്പിച്ച ആ മഹത്തായ രാജ്യങ്ങളിലെ ജനങ്ങൾ നടത്തിയ പ്രവർത്തനങ്ങളിൽ നിന്നും അവർ നേടിയ വിജയങ്ങളിൽ നിന്നും നമ്മൾ തീർച്ചയായും വിലയേറിയ പാഠങ്ങൾ പഠിക്കും. പക്ഷേ, സോവിയറ്റ് യൂണിയനിൽ നിന്നോ മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ നിന്നോ നമ്മുടെ രാജ്യത്തിലേക്ക് സോഷ്യലിസം ഇറക്കുമതി ചെയ്യാനാവില്ല. നമ്മുടെ നാട്ടിൽ സോഷ്യലിസം സ്ഥാപിക്കാൻ ഈ നാട്ടിലെ ജനങ്ങളുടെ ശക്തിയെത്തന്നെ ആശ്രയിക്കണം.

3.6സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ മാർഗം

മറ്റു രാജ്യങ്ങൾ സോഷ്യലിസം സ്ഥാപിക്കാനെടുത്ത അതേ നടപടികളും പരിപാടികളുമല്ല നമ്മൾ നടപ്പിൽ വരുത്താൻ പോകുന്നത്. ഇന്ത്യയുടെ ചരിത്രപരമായ പാരമ്പര്യങ്ങൾക്കും ഇന്ത്യയുടെ ഭൗതിക സാമൂഹ്യപരിതഃസ്ഥിതികൾക്കും ഇന്ത്യയുടെ സവിശേഷമായ ആവശ്യങ്ങൾക്കുമനുസരിച്ചുള്ള, ഇന്ത്യയുടേതായ, ഒരു പരിപാടിയാണ് നമ്മൾ സ്വീകരിച്ചിട്ടുള്ളത്.

ഏതു രാജ്യത്തിലും എല്ലാ ഉല്പാദനോപകരണങ്ങളും പൊതുസ്വത്താക്കിക്കൊണ്ടുള്ള സോഷ്യലിസം സ്ഥാപിക്കണമെങ്കിൽ അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളുണ്ടാവണം. വ്യാവസായികവും കാർഷികവുമായ പിന്നോക്കനില അവസാനിപ്പിക്കുകയും അതിനുള്ള പരിശ്രമങ്ങളിലൂടെ ജനങ്ങളുടെ ബോധവും ശക്തിയും വളർത്തുകയും ചെയ്യാതെ സോഷ്യലിസം സ്ഥാപിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഈ ഘട്ടത്തിൽ ഇന്ത്യയുടെ അടിയന്തിരപ്രശ്നം സോഷ്യലിസമല്ല.

ഇന്ത്യയുടെ ഭൗതികപരിതഃസ്ഥിതി എന്താണ്? 1947 ആഗസ്റ്റിൽ ഇന്ത്യയിലെ ദേശീയ ബൂർഷ്വാ നേതാക്കന്മാരും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിലുണ്ടായ സന്ധിയുടെ ഫലമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും ബ്രിട്ടീഷ് പട്ടാളത്തിന്റെയും ഭരണമവസാനിച്ചു. ഇന്ത്യാക്കാരനായ പ്രസിഡൻറിന്റെയും ഇന്ത്യാക്കാരായ മന്ത്രിമാരുടെയും ഇന്ത്യൻ പാർലമെൻറിന്റെയും ഭരണം സ്ഥാപിക്കപ്പെട്ടു. എങ്കിലും ഇന്ത്യക്ക് ബ്രിട്ടീഷ് പിടിയിൽ നിന്ന് പരിപൂർണമായ മോചനമുണ്ടായില്ല. നാടുവാഴികളുടെയും ജന്മികളുടെയും ചൂഷണമവസാനിച്ചില്ല. ഇന്ത്യയുടെ വ്യാവസായികവും കാർഷികവുമായ പിന്നോക്ക നിലയുടെയും ഇന്ത്യൻ ജനതയുടെ മൂർച്ഛിച്ചുവരുന്ന നാനാതരം ദുരിതങ്ങളുടെയും അടിസ്ഥാനകാരണമിതാണ്.

അതുകൊണ്ട് ഇന്നത്തെ ഘട്ടത്തിൽ സാമ്രാജ്യവാദികളുടെയും നാടുവാഴികളുടെയും പിടിയിൽനിന്ന് നമ്മുടെ രാജ്യത്തെ മോചിപ്പിച്ച് അഭിവൃദ്ധിപ്പെടുത്താനുള്ള ജനകീയ ജനാധിപത്യത്തിന്റെ പരിപാടിയാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ബ്രിട്ടീഷ് മുതലാളികളുടെ നിയന്ത്രണത്തിലുള്ള കമ്പനികളും തോട്ടങ്ങളും ബാങ്കുകളും മറ്റു മൂലധന നിക്ഷേപങ്ങളും പിടിച്ചെടുത്ത് ദേശസാൽക്കരിക്കുക; പ്രതിഫലം നൽകാതെ നാടുവാഴി വ്യവസ്ഥയവസാനിപ്പിച്ച് നിലമെല്ലാം കൃഷിക്കാർക്ക് സൗജന്യമായി കൊടുക്കുക, നാടുവാഴികളുടെയും ബ്രിട്ടീഷ് സാമ്രാജ്യവാദികളുമായി കൂട്ടുകെട്ടുള്ള ഇന്ത്യൻ വൻകിട മുതലാളികളുടെയും നിയന്ത്രണത്തിലുള്ള ഭരണമവസാനിപ്പിച്ച് ജനാധിപത്യ രീതിയിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കുക, ആംഗ്ലോ-അമേരിക്കൻ സാമ്രാജ്യവാദികളുടെ യുദ്ധസംരംഭങ്ങളെ എതിർക്കുകയും സമാധാനമുറപ്പിക്കുകയും ചെയ്യുക, സിലോൺ, പാകിസ്ഥാൻ മുതലായ അയൽരാജ്യങ്ങളിലെ ജനങ്ങളുമായി സൗഹാർദ്ദബന്ധം വളർത്തുക, ഈ കടമകളെല്ലാം നിർവ്വഹിക്കാൻ വേണ്ടി, തൊഴിലാളികൾ, കൃഷിക്കാർ, അദ്ധ്വാനിക്കുന്ന ബുദ്ധിജീവികൾ, ദേശീയ ബൂർഷ്വാസി എന്നിങ്ങനെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും മോചനവും പുരോഗതിയുമാഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളേയും അണിനിരത്തിക്കൊണ്ടുള്ള ഒരു ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക—ഇതാണ് ജനകീയ ജനാധിപത്യ പരിപാടിയുടെ സംക്ഷിപ്തമായ ഉള്ളടക്കം. ഈ പരിപാടി മലയാളത്തിൽ ഒരു ലഘുലേഖയായി പ്രസിദ്ധം ചെയ്തിട്ടുണ്ട്. നിങ്ങളെല്ലാവരും അതു വായിക്കണം. മറ്റൊരു ക്ലാസിൽ അതിന്റെ നാനാവശങ്ങളേപ്പറ്റിയും വിസ്തരിച്ചു പരിശോധിക്കാം.

ഒരു പരിപാടി എത്രതന്നെ ശരിയാണെങ്കിലും അതു തന്നെത്താൻ നടപ്പിൽ വരികയില്ല. അതു നടപ്പിൽ വരുത്താൻ കെൽപ്പുള്ള ഒരു പാർട്ടിയുണ്ടായിരിക്കണം. വ്യക്തമായ കാഴ്ചപ്പാടോടുകൂടി, വ്യക്തമായ ഒരു ലക്ഷ്യത്തെ ഉന്നം വെച്ചുകൊണ്ട്, സാമ്രാജ്യവാദികളുടെയും നാടുവാഴികളുടെയും ചൂഷണമവസാനിപ്പിച്ച് ജനകീയ ജനാധിപത്യം സ്ഥാപിച്ചു മുന്നേറാൻ തൊഴിലാളി വർഗത്തേയും മറ്റു ജനവിഭാഗങ്ങളേയും നയിക്കാൻ കഴിവുള്ള ഒരു വിപ്ലവപാർട്ടിയുണ്ടായിരിക്കണം; ആ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി.

3.7മുതലാളി പാർട്ടികളും തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിയും

നമ്മുടെ നാട്ടിൽ പല പാർട്ടികളുമുണ്ട്. ഓരോ പാർട്ടിയും ഏതെങ്കിലുമൊരു പ്രത്യേക വർഗ്ഗത്തിന്റെ പാർട്ടിയാണെന്നു കാണാം. മറ്റു വർഗ്ഗങ്ങൾക്കെതിരായി ആ പ്രത്യേക വർഗ്ഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു സംഘടനയാണത്. പാർട്ടികൾ തമ്മിലുള്ള സമരത്തിന്റെ പിന്നിൽ അധികാരത്തിനു് വേണ്ടിയുള്ള വർഗ്ഗങ്ങളുടെ സമരമാണ് ഒളിഞ്ഞുകിടക്കുന്നത്. വിഭിന്ന വർഗ്ഗങ്ങളുള്ളേടത്തോളം വിഭിന്ന പാർട്ടികളുമുണ്ടാവും.

മുതലാളിവർഗ്ഗത്തിനുള്ളിൽ തന്നെ പല വിഭാഗങ്ങളുമുണ്ട്. അതുകൊണ്ട് ഓരോ വിഭാഗത്തിന്റെയും താൽപ്പര്യം രക്ഷിക്കാൻ പ്രത്യേകം പ്രത്യേകം പാർട്ടികളുണ്ടാവും. അവ തമ്മിൽ മത്സരങ്ങളുമുണ്ടാവും. പക്ഷേ, തൊഴിലാളിവർഗ്ഗത്തിന്റെ താൽപ്പര്യങ്ങൾക്കെതിരായി മുതലാളിത്ത വ്യവസ്ഥയെ നിലനിർത്താൻ വേണ്ടി അവയെല്ലാം യോജിക്കുമെന്നു് കാണാം.

തൊഴിലാളിവർഗ്ഗത്തിനും ഒരു പാർട്ടിയുണ്ട്. അതാണ് കമ്യൂണിസ്റ്റ് പാർട്ടി.

ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയിലൊരു സമൂല പരിവർത്തനം വരുത്താനുള്ള സമരം മുതലാളി വർഗ്ഗത്തിന്റെയോ പെറ്റി ബൂർഷ്വാ വിഭാഗങ്ങളുടെയോ പാർട്ടികളുടെ നേതൃത്വത്തിൽ നടത്താൻ കഴിയില്ല. ആ വർഗ്ഗങ്ങൾക്കു തങ്ങളുടെ സഹജമായ വർഗ്ഗസ്വഭാവങ്ങളും സ്വത്തുടമബന്ധങ്ങളും കാരണം വിപ്ലവപരമായ നേതൃത്വം നൽകാൻ കഴിയില്ല. വിപ്ലവകാരിയായ ഒരു വർഗ്ഗത്തിനു മാത്രമേ വിപ്ലവപരമായ നേതൃത്വം നൽകാൻ കഴിയൂ. ഇന്നത്തെ സമുദായത്തിൽ ഏറ്റവും ശക്തിയുള്ളതും ഏറ്റവും വിപ്ലവകാരിയുമായ വർഗ്ഗം തൊഴിലാളിവർഗ്ഗമാണ്. ഏറ്റവുമധികം വളർച്ച പ്രാപിച്ചിട്ടുള്ള ആധുനിക മുതലാളിത്തോല്പാദനത്തിന്റെ മർമ്മസ്ഥാനത്തിരിക്കുന്നവരും, ഉല്പാദനോപകരണങ്ങളിൽ നിന്ന് തികച്ചും അകറ്റപ്പെട്ടവരുമാകയാൽ നഷ്ടപ്പെടാൻ സ്വന്തം അടിമത്തച്ചങ്ങലയല്ലാതെ മറ്റൊന്നുമില്ലാത്തവരും, പ്രവൃത്തിയുടെയും ജീവിതത്തിന്റെയും സമ്പ്രദായം കാരണം വളരെ വേഗത്തിൽ സംഘടിക്കാൻ കഴിയുന്നവരും, കൊല്ലംതോറും എണ്ണത്തിലും രാഷ്ട്രീയബോധത്തിലും സംഘടനാബോധത്തിലും വളർന്നുവരുന്നവരുമായ ഒരു വർഗ്ഗമാണ് തൊഴിലാളിവർഗ്ഗം. അതുകൊണ്ടു തൊഴിലാളിവർഗ്ഗത്തിന്റെ വീക്ഷണഗതിയും തൊഴിലാളിവർഗ്ഗത്തിന്റെ സമരരീതികളുമാണ് നാമടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത്. തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭണങ്ങളും സമരങ്ങളും നടത്തുന്നത്. എന്തുകൊണ്ടെന്നാൽ തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിൽ ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ട് പ്രക്ഷോഭണങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നതിലൂടെ മാത്രമേ ജനകീയ ജനാധിപത്യവും സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.

ഒരു പട്ടാളത്തിന് യുദ്ധത്തിൽ തോൽവി പറ്റാതിരിക്കണമെങ്കിൽ ആ പട്ടാളത്തെ നയിക്കാൻ കഴിവുള്ള ഒരു പട്ടാളകമാൻറ് ഉണ്ടാവണം. തൊഴിലാളിവർഗ്ഗത്തിനും അതിന്റെ ശത്രുക്കളെ തോല്പിച്ച് മുന്നേറണമെങ്കിൽ ഒരു സുശക്തമായ പട്ടാളകമാൻറ് ഉണ്ടാവണം. അത്തരമൊരു പട്ടാളകമാൻറാണ് കമ്യൂണിസ്റ്റ് പാർട്ടി. സഖാവ് സ്റ്റാലിൻ പറയുന്നതുപോലെ ഒരു വിപ്ലവപ്പാർട്ടിയില്ലാത്ത തൊഴിലാളിവർഗ്ഗം നാഥനില്ലാത്ത പടപോലെയാണ്.

തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പടയാണ് കമ്യൂണിസ്റ്റ് പാർട്ടി. തൊഴിലാളിവർഗ്ഗത്തിന്റെ ഏറ്റവും ബോധമുള്ള, ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള വർഗ്ഗബോധത്തോടുകൂടിയ, ഒരു വിഭാഗമാണത്. തൊഴിലാളിവർഗ്ഗത്തിന്റെയും മറ്റു മർദ്ദിതജനവിഭാഗങ്ങളുടെയും ഇടയിൽനിന്നു വരുന്ന ഏറ്റവുമധികം രാഷ്ട്രീയബോധവും കർമ്മകുശലതയും ത്യാഗസന്നദ്ധതയുള്ള ആളുകളാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർമാരായിത്തീരുന്നത്. പ്രസ്ഥാനം ശക്തിപ്പെടുമ്പോൾ കൃഷിക്കാർ, ഇടത്തരക്കാർ മുതലായ ജനവിഭാഗങ്ങളിൽ നിന്നു വരുന്നവരും ചിലപ്പോൾ, ഒറ്റയ്ക്കും തെറ്റയ്ക്കുമായി, മർദ്ദകവർഗ്ഗക്കാർക്കിടയിൽനിന്നു വരുന്ന വ്യക്തികൾപോലും കമ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർമാരായിച്ചേരും. പക്ഷേ, തങ്ങൾ ജനിച്ചുവളർന്ന വർഗ്ഗത്തിന്റെ നിലപാടുകളുപേക്ഷിച്ച് തൊഴിലാളിവർഗ്ഗത്തിന്റെ വീക്ഷണഗതിയും സമരരീതികളും സ്വീകരിക്കണം. നമ്മുടെ രാജ്യത്തെ അധഃപതനത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ശത്രുവർഗ്ഗങ്ങളെ തോൽപ്പിച്ചു ആദ്യം ജനകീയജനാധിപത്യവും അതിനുശേഷം സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കാൻവേണ്ടി സ്വയം ഉഴിഞ്ഞുവെച്ചിട്ടുള്ള യോദ്ധാക്കളായിത്തീരണം. അത്തരം യോദ്ധാക്കളുടെ ഒരു സൈന്യമാണ് കമ്യൂണിസ്റ്റ് പാർട്ടി.

തൊഴിലാളിവർഗ്ഗത്തിന്റെ ഒരു സംഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടി. തൊഴിലാളിവർഗ്ഗത്തിനും മറ്റദ്ധ്വാനിക്കുന്ന ബഹുജനങ്ങൾക്കും വേറെയും പല സംഘടനകളുമുണ്ട്. ട്രേഡ് യൂണിയൻ, കിസാൻസഭ, യുവജനസംഘം, കലാസമിതി, സാഹിത്യസംഘടനകൾ, സ്പോർട്ട്സ് ക്ലബ്ബുകൾ എന്നിങ്ങനെ വിവിധോദ്ദേശ്യങ്ങളോടുകൂടിയ സംഘടനകളെല്ലാം ഒഴിച്ചുകൂടാൻ വയ്യാത്തവയാണ്. എന്നാൽ ഈ വിധ സംഘടനകളെയെല്ലാം വിപ്ലവകരമായ ഒരേ നേതൃത്വത്തിൽ കൊണ്ടുവരികയും അവയുടെ വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങളെ പൊതു പരിപാടിയുടെയും പൊതുനയത്തിന്റെയും അടിസ്ഥാനത്തിൽ കൂട്ടിയിണക്കിക്കൊണ്ട് അവയെല്ലാം ഒരേ ഉദ്ദിഷ്ടലക്ഷ്യത്തിലേക്കു നയിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ കടമ നിറവേറ്റാനുള്ള സംഘടനയാണ് കമ്യൂണിസ്റ്റ് പാർട്ടി. സഖാവ് സ്റ്റാലിൻ പറയുന്നു:

’തൊഴിലാളിവർഗ്ഗത്തിലെ ഏറ്റവും നല്ല അംഗങ്ങൾ ഉൾക്കൊള്ളുന്ന, ഉന്നതമായൊരു സിദ്ധാന്തം സ്വായത്തമാക്കിയ, വർഗ്ഗസമരത്തിന്റെ നിയമങ്ങൾ അറിയുന്ന, വിപ്ലവപ്രസ്ഥാനത്തിന്റെ അനുഭവജ്ഞാനമുള്ള, സംഘടനയുടെ ഏറ്റവും ഉയർന്ന രൂപമെന്ന നിലക്ക് പാർട്ടിക്ക് തൊഴിലാളിവർഗ്ഗത്തിന്റെ മറ്റെല്ലാ സംഘടനകളേയും നയിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. അങ്ങിനെ നയിക്കാൻ അതു കടപ്പെട്ടതുമാണ്’.

3.8ജനാധിപത്യകേന്ദ്രീകരണം

ലക്ഷക്കണക്കിലുള്ള ജനങ്ങളുടെ സമരങ്ങളിൽ അച്ചടക്ക ബോധവും സംഘടനാബോധവും സ്ഥൈര്യവും വളർത്തിക്കൊണ്ട് അവരെ പതറാതെ മുന്നോട്ടുനയിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. അതുകൊണ്ട് പാർട്ടിതന്നെ സുസംഘടിതമായ ഒരു ശക്തിയായിരിക്കണം.

ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വമാണ് പാർട്ടിയുടെ അടിസ്ഥാനപരമായ സംഘടനാനിയമം. ഒരുഭാഗത്ത് എല്ലാ പാർട്ടിപ്രവർത്തനവും ഒരു കേന്ദ്രത്തിൽനിന്ന് നിയന്ത്രിക്കപ്പെടുന്നു. കേന്ദ്രീകൃതമായ ഒരു സംഘടനയാണ് പാർട്ടി. കേന്ദ്രകമ്മിറ്റി, സംസ്ഥാന കമ്മിറ്റികൾ, ജില്ലാ കമ്മിറ്റികൾ, താലൂക്ക് കമ്മിറ്റികൾ, ഫർക്കാ കമ്മിറ്റികൾ, വില്ലേജ് കമ്മിറ്റികൾ, സെല്ലുകൾ ഇങ്ങനെ മുകളിൽനിന്ന് കീഴോട്ടു കെട്ടിപ്പടുക്കപ്പെടുന്ന സുശക്തമായ ഒരു സംഘടനാരൂപമാണ് പാർട്ടിക്കുള്ളത്. സെല്ലാണ് അടിസ്ഥാനഘടകം, മുടി മുതൽ അടിവരെയുള്ള എല്ലാ മെമ്പർമാർക്കും ഒരേ അച്ചടക്കവും ഒരേ നിയമവുമാണുള്ളത്. കേന്ദ്ര കമ്മിറ്റിയാണ് കീഴ്ഘടകങ്ങളുടെയെല്ലാം പ്രവർത്തനങ്ങളെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ പാർട്ടിഘടകങ്ങളും ഒരു സുശക്തമായ സംഘടനയായി ഏകീകരിക്കപ്പെടുന്നു. മേൽ കമ്മിറ്റികളുടെ തീരുമാനങ്ങൾ കീഴ് കമ്മിറ്റികൾ അനുസരിക്കണം. കണിശമായ അച്ചടക്കം പാലിക്കണം. ഓരോ കീഴ് കമ്മിറ്റിയും മേൽ കമ്മിറ്റിക്ക് റിപ്പോർട്ടയക്കണം. അതേ സമയത്തുതന്നെ പാർട്ടിക്കുള്ളിൽ പരിപൂർണമായ ജനാധിപത്യമുണ്ടായിരിക്കണം. പാർട്ടിയുടെ നേതൃത്വം വഹിക്കുന്ന എല്ലാ കമ്മിറ്റികളും, അടി മുതൽ മുടിവരെ, തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കണം. ഓരോ മെമ്പർക്കും തന്റെ ഘടകത്തിൽവെച്ചു എല്ലാ പ്രശ്നങ്ങളെപ്പറ്റിയും ചർച്ച ചെയ്യാനും അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. എന്നാൽ, ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴ്വഴങ്ങേണ്ടതും തീരുമാനം തനിക്ക് ബോദ്ധ്യമായിട്ടില്ലെങ്കിൽക്കൂടി നടപ്പിൽ വരുത്തേണ്ടതുമാണ്. കൂട്ടായ തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ അതു നടപ്പിൽ വരുത്തുന്ന കാര്യത്തിൽ വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടായിരിക്കണം. പാർട്ടിക്കുള്ളിൽ ഓരോ മെമ്പറും തന്റെ സ്വന്തം തെറ്റുകളെപ്പറ്റിയും മറ്റുള്ളവരുടെ വീഴ്ചകളെപ്പറ്റിയും നിർഭയം വിമർശിക്കണം. വിമർശനവും സ്വയം വിമർശനവും കൂട്ടായ നേതൃത്വവും പാർട്ടി സംഘടനയുടെ പ്രധാന തത്വങ്ങളാണ്.

ഓരോ മെമ്പറും അതാതു സമയത്ത് പാർട്ടി നിർദ്ദേശിക്കുന്ന പ്രക്ഷോഭണ പരിപാടികളിൽ സജീവമായി പങ്കെടുത്താൽ മാത്രം പോരാ, ഒരു ഘടകത്തിലെ അംഗമെന്ന നിലക്ക് പ്രവർത്തിക്കുകയും തന്റെ വരിസംഖ്യയും ലെവിയും കൃത്യമായി അടക്കുകയും വേണം. വരിസംഖ്യയും ലെവിയുമടക്കുന്നതിനുള്ള കൃത്യബോധം അയാളുടെ അച്ചടക്കബോധത്തിന്റെയും പാർട്ടി സംഘടനയുമായുള്ള അയാളുടെ ബന്ധത്തിന്റെയും സൂചനയാണ്. അതോടൊപ്പം തന്നെ അതു പാർട്ടി ഫണ്ടിനുള്ള ഒരു മാർഗ്ഗവുമാണ്. അതുകൊണ്ട് ഈ കടമയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

ഈ തത്വങ്ങളെല്ലാമനുസരിക്കുന്നതുകൊണ്ടാണ് എല്ലാ പാർട്ടി മെമ്പർമാരെയും ഒരേ പരിപാടി, ഒരേ നയം, ഒരേ അച്ചടക്കം എന്നീ അടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി നിർത്തിക്കൊണ്ട് എല്ലാ പ്രവർത്തനങ്ങളേയും ഒരൊറ്റ ലക്ഷ്യത്തിലേക്ക് നയിക്കാൻ കഴിയുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയത്തിന്റെ അടിസ്ഥാനം അതിന്റെ സംഘടനയും അച്ചടക്കവും ഐക്യവുമാണ്. ഇത്തരത്തിലുള്ള ഒരു പാർട്ടിസംഘടനയ്ക്കു മാത്രമേ ജനങ്ങൾക്കു ശരിയായ നേതൃത്വം നൽകാനും അവരുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കാനും കഴിയൂ.

ജനങ്ങളുമായുള്ള ഇടവിടാത്ത ബന്ധമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിയുടെ അടിസ്ഥാനം. ജനങ്ങളെ പഠിപ്പിച്ചാൽ മാത്രം പോരാ, ജനങ്ങളിൽ നിന്നു പഠിക്കുകയും വേണം എന്ന് ലെനിനും സ്റ്റാലിനും ഊന്നിപ്പറയുന്നു. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടാൽ പാർട്ടി നശിക്കും. ജനങ്ങളുമായി ഉറച്ച ബന്ധമുണ്ടെങ്കിലേ പാർട്ടി അജയ്യമാവുകയും ചെയ്യും.

തങ്ങളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കാനും തങ്ങളെ ശരിയായ മാർഗ്ഗത്തിലൂടെ മുന്നോട്ടു നയിക്കാനും പാർട്ടിക്ക് കഴിയുമെന്ന്—പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന്—സ്വന്തം അനുഭവങ്ങളിലൂടെ മനസ്സിലാക്കിക്കൊണ്ടാണ് കൂടുതൽ കൂടുതൽ ജനങ്ങൾ പാർട്ടിയുടെ പിന്നിലണിനിരക്കുന്നത്.

3.9എന്താണ് മാർക്സിസം

പക്ഷേ, ജനങ്ങളെ ശരിയായ മാർഗ്ഗത്തിലൂടെ മുന്നോട്ടു നയിക്കുന്നതെങ്ങിനെയാണ്? ജനങ്ങളെ എങ്ങിനെ എങ്ങോട്ടു നയിക്കണമെന്നതിനെ സംബന്ധിച്ച് വ്യക്തമായ ബോധമുണ്ടായിരിക്കണം. എങ്ങനെയെങ്കിലും പ്രവർത്തിച്ചാൽ നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ മാറ്റിമറിക്കാനോ ജനകീയ ജനാധിപത്യവും സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കാനോ കഴിയുകയില്ല. സമുദായം മാറുന്നതും വളരുന്നതും ചില പ്രത്യേകനിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രകൃതി നിയമങ്ങളുള്ളതുപോലെ സാമൂഹ്യ നിയമങ്ങളുമുണ്ട്. ആ നിയമങ്ങൾ മനസ്സിലാക്കിക്കൊണ്ടും അവയെ ഉപയോഗിച്ചുകൊണ്ടുമാണ് കമ്യൂണിസ്റ്റുകാർ നിലവിലുള്ള സാമൂഹ്യവ്യവസ്ഥകളെ മാറ്റാനും പുതിയ സാമൂഹ്യഘടന കെട്ടിപ്പടുത്തുകൊണ്ട് മനുഷ്യജീവിതത്തെ അഭിവൃദ്ധിപ്പെടുത്താനും ശ്രമിക്കുന്നത്. ആ നിയമങ്ങളുടെ ശാസ്ത്രത്തിനാണ് മാർക്സിസം എന്നുപറയുന്നത്. സ്റ്റാലിന്റെ വാക്കുകളിൽ പറഞ്ഞാൽ ’മാർക്സിസം പ്രകൃതിയുടെയും സമുദായത്തിന്റെയും വികാസനനിയമങ്ങളുടെ ശാസ്ത്രമാണ്. മർദ്ദിതരും, ചൂഷിതരുമായവരുടെ വിപ്ലവത്തിന്റെ, എല്ലാ രാജ്യങ്ങളിലും സോഷ്യലിസം വിജയിക്കുന്നതിന്റെ, കമ്യൂണിസ്റ്റ് സമുദായം പടുത്തുയർത്തുന്നതിന്റെ ശാസ്ത്രമാണ്’.

കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്വികാടിസ്ഥാനമാണ് മാർക്സിസം. സമുദായം എങ്ങനെ വളരുന്നു, സമുദായത്തിലെ വിവിധ വർഗ്ഗങ്ങൾ തമ്മിലുള്ള സമരങ്ങൾ എങ്ങനെ ശക്തിപ്പെടുന്നു, ഓരോ ഘട്ടത്തിലും തൊഴിലാളിവർഗ്ഗത്തെ നേരിടുന്ന കടമകളെന്തൊക്കെയാണ്, ആ കടമകൾ നിറവേറ്റാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെന്തൊക്കെയാണ് എന്നെല്ലാം മനസ്സിലാക്കുന്നതു, മാർക്സിസത്തിന്റെ സഹായത്തോടുകൂടിയാണ്. മാർക്സിസത്തിന്റെ സഹായത്തോടുകൂടിയാണ് കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളിവർഗ്ഗത്തേയും അദ്ധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളേയും വിജയത്തിലേക്ക് നയിക്കുന്നത്.

3.10മാർക്സിസം പഠിക്കുക.

അതുകൊണ്ട് ചിട്ടയോടും നിഷ്കർഷയോടുംകൂടി മാർക്സിസം പഠിക്കാൻ നിങ്ങളിലോരോരുത്തരും തയ്യാറാവണം. ഇതിനായി ഓരോ വില്ലേജിലും മാർക്സിസ്റ്റ് സ്റ്റഡി ഗ്രൂപ്പ് സംഘടിപ്പിക്കുകയും അതിൽവെച്ചു മാർക്സിസത്തെപ്പറ്റിയുള്ള ക്ലാസ്സുകളും പ്രസംഗങ്ങളും ചർച്ചകളും നടത്തുകയും ചെയ്യുന്നത് നന്നായിരിക്കും. മലബാറിൽ പലേടത്തും ഇപ്പോൾതന്നെ മാർക്സിസ്റ്റ് സ്റ്റഡി ഗ്രൂപ്പുകൾ സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ, ഇന്നത്തെ സ്ഥിതിയിൽ ക്ലാസ്സുകൾ കൊണ്ടു മാത്രം മാർക്സിസ്റ്റ് വിദ്യാഭ്യാസം നേടാൻ കഴിയുമെന്ന് കരുതരുത്. ഓരോ പ്രവർത്തകനും സ്വന്തമായി വായിച്ചു പഠിക്കുക കൂടിവേണം. മാർക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ പഠിക്കാൻ പറ്റിയ പല പുസ്തകങ്ങളും മലയാളത്തിൽ തന്നെയുണ്ട്. അവയെല്ലാം ശരിക്ക് ഉപയോഗിക്കുക. ആദ്യമായി മാർക്സും എംഗൽസും കൂടിയെഴുതിയ സുപ്രസിദ്ധമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എടുക്കാം. ലെനിൻ ദിനത്തിനു മുമ്പായി അത് നിങ്ങൾ വായിച്ചുതീർക്കുക. വ്യക്തമാവാത്തവയോ മനസ്സിലാവാത്തവയോ ആയ ഭാഗങ്ങളെപ്പറ്റി എഴുതിച്ചോദിക്കുക. ’നവയുഗം’ വഴിയായി ആവശ്യമായ സഹായം നൽകുന്നതാണ്.

അതോടൊപ്പംതന്നെ ഇന്നത്തെ സാർവ്വദേശീയവും ദേശീയവുമായ സംഭവവികാസങ്ങൾ മനസ്സിലാക്കാൻ വേണ്ടി ”ദേശാഭിമാനി’, ’നവയുഗം’ എന്നിവയും ഇംഗ്ലീഷറിയുന്നവർ ’ന്യൂ ഏജ്’ കൂടിയും പതിവായി വായിക്കേണ്ടതാവശ്യമാണ്. അവ നിങ്ങളുടെ രാഷ്ട്രീയവും ആശയപരവുമായ കഴിവുകളെ വർദ്ധിപ്പിക്കും.

പക്ഷേ, ഒരുകാര്യം പ്രത്യേകം ഓർമ്മിക്കണം. കുറെ പുസ്തകങ്ങളും പത്രങ്ങളും വായിച്ചുവെന്നതുകൊണ്ട് മാത്രം മാർക്സിസം പഠിച്ചുവെന്ന് പറയാൻവയ്യ. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ക്യാപിറ്റൽ തുടങ്ങിയ മാർക്സിസ്റ്റ് ഗ്രന്ഥങ്ങളെല്ലാം കാണാപാഠം പഠിച്ചാൽകൂടി മാർക്സിസം പഠിച്ചുവെന്നു പറയാൻ സാധ്യമല്ല. എന്തുകൊണ്ടെന്നാൽ തത്വവും പ്രവർത്തനവും തമ്മിലുള്ള ഐക്യമാണ് മാർക്സിസത്തിന്റെ കാതൽ. ബഹുജനങ്ങൾക്കിടയിലുള്ള പ്രവർത്തനങ്ങളും മാർക്സിസ്റ്റ് തത്വങ്ങളും തമ്മിൽ കൂട്ടിയിണക്കുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ വിജയത്തിലെത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടി നടപ്പിൽ വരുത്താനുള്ള പ്രവർത്തനങ്ങളെ മാർക്സിസംകൊണ്ട് രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ഫലപ്രദമാക്കുകയുമാണ് നമ്മളിവിടെ ചെയ്യേണ്ടിയിരിക്കുന്നത്. പുസ്തകപാരായണവും പത്രവായനയും അതിനു സഹായകമാവണം. പാർട്ടിപരിപാടി നടപ്പിൽ വരുത്തിക്കൊണ്ട് സാമൂഹ്യ വ്യവസ്ഥയിലാകെ മാറ്റം വരുത്താൻ വേണ്ടി ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഒരായുധമെന്ന നിലയ്ക്കാണ് മാർക്സിസം പഠിക്കേണ്ടത് എന്നു സാരം.

3.11ബഹുജനപ്രസ്ഥാനങ്ങൾ വളർത്തുക

കമ്യൂണിസ്റ്റ് പാർട്ടി മെമ്പർമാർ മാത്രം പ്രവർത്തിച്ചാൽ പരിപാടി നടപ്പിലാക്കാൻ സാധിക്കില്ല. ജനങ്ങളാകെ പ്രവർത്തിക്കണം. ജനങ്ങളുടെ ശക്തിയെ ആശ്രയിച്ചാണ് പരിപാടിയുടെ വിജയം കിടക്കുന്നത്. ഇവിടെയാണ് തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളുടെ അടിയന്തരാവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെയും അതിനു വേണ്ടിയുള്ള ബഹുജന സംഘടനകളുടെയും പ്രാധാന്യം കിടക്കുന്നത്. അടിയന്തരാവശ്യങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും ശക്തിയേറിയ ബഹുജനപ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും കെട്ടിപ്പടുക്കണം. കമ്പനി പൂട്ടലിനും തൊഴിലില്ലായ്മക്കും എതിരായും തരിശിനു വേണ്ടിയും സാമ്രാജ്യവാദികളുടെ യുദ്ധസംരംഭങ്ങൾക്കെതിരായി സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയും മറ്റുമുള്ള അടിയന്തിര പ്രശ്നങ്ങളുടെ പിന്നിൽ ജനങ്ങളെയാകെ അണിനിരത്തണം. ഇതാണ് ഇന്ന് അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നത്.

ഇതിനായി ട്രേഡ് യൂണിയനുകൾ, കിസാൻസഭകൾ, മുതലായ ബഹുജന സംഘടനകളെ പതിന്മടങ്ങ് ശക്തിപ്പെടുത്തേണ്ടതുണ്ട്. യുവജന സംഘടനകൾ, വിദ്യാർത്ഥി യൂണിയനുകൾ, കലാസമിതികൾ, പുരോഗമന സാഹിത്യ സംഘടനകൾ, സ്പോർട്സ് ക്ലബ്ബുകൾ, വായനശാലകൾ മുതലായവയും സംഘടിപ്പിക്കണം. ഇങ്ങനെ നാനാതരം പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ അണിനിരത്തുകയും അവരുടെ സംഘടിതശക്തി വളർത്തുകയും ചെയ്യണം.

3.12ബഹുജനപ്രസ്ഥാനത്തിൽ പാർട്ടിയുടെ പങ്ക്

ജനങ്ങളുടെ അടിയന്തിരാവശ്യങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളെയും സമരങ്ങളെയും നയിക്കുമ്പോൾ എങ്ങോട്ടാണ് നയിക്കുന്നത് എന്നതിനെ സംബന്ധിച്ച വ്യക്തതയുണ്ടാവണം. ഇന്നത്തെ വ്യവസ്ഥയ്ക്കുള്ളിൽത്തന്നെ നേടാവുന്നിടത്തോളം അടിയന്തിരാവശ്യങ്ങൾ നേടിയെടുക്കേണ്ടതാവശ്യം തന്നെ. പക്ഷേ, അത്രമാത്രം പോരാ. അടിയന്തിരാവശ്യങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ രാഷ്ട്രീയാധികാരത്തിന്റെ പ്രശ്നവുമായി കൂട്ടിയിണക്കേണ്ടതുണ്ട്. അടിയന്തിരാവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും ജനങ്ങളുടെ ബോധവും ശക്തിയും സംഘടനയും വളർത്തിക്കൊണ്ട് കോൺഗ്രസ് ഭരണമവസാനിപ്പിക്കാനും പുതിയൊരു ജനാധിപത്യഭരണം സ്ഥാപിക്കാനും വേണ്ടിയുള്ള സമരത്തിന് അവരെ തയ്യാറാക്കേണ്ടതുണ്ട്. ബഹുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും തൊഴിലാളികളുടെയും മറ്റു മർദ്ദിതജനവിഭാഗങ്ങൾക്കുമിടയിൽ, ലക്ഷ്യത്തിലേക്കുള്ള കാഴ്ചപ്പാടും അതിനെ സംബന്ധിച്ച ആശയ വ്യക്തതയുമുണ്ടാക്കണം. ബൂർഷ്വാസി പ്രചരിപ്പിക്കുന്ന നുണകൾക്കും പിന്തിരിപ്പൻ ആശയഗതികൾക്കുമെതിരായി ഇടവിടാതെ സമരം ചെയ്തുകൊണ്ട് ജനങ്ങളുടെ രാഷ്ട്രീയബോധത്തിന്റെ നിലവാരമുയർത്തണം. കോൺഗ്രസ് നേതാക്കന്മാരും വിരുദ്ധമുന്നണിക്കാരും മറ്റു പിന്തിരിപ്പന്മാരും പറഞ്ഞുപരത്തുന്ന നുണകൾക്ക് അപ്പപ്പോൾ മറുപടി പറയാൻ നിങ്ങളിലോരോരുത്തർക്കും സാധിക്കണം. അതിനായി നിങ്ങളുടെതന്നെ രാഷ്ട്രീയബോധം കൂടുതൽ കൂടുതൽ വർദ്ധിപ്പിക്കണം. എന്നാലല്ലേ ജനങ്ങളുടെ ബോധമുയർത്താൻ കഴിയൂ. ഈ കടമയുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കണം ബഹുജനപ്രസ്ഥാനങ്ങളെ നയിക്കുകയും, ബഹുജനസംഘടനകളെ ശക്തിപ്പെടുത്തുകയും ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുകയും ചെയ്യേണ്ടത്. ഈ സർവ്വപ്രധാനമായ കടമ നിർവ്വഹിക്കണമെങ്കിൽ സുശക്തവും മാർക്സിസത്തിലടിയുറച്ചതുമായ ഒരു കമ്യൂണിസ്റ്റ്പാർട്ടി കെട്ടിപ്പടുക്കണമെന്നത് ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു കടമയാണ്. ഇതിന് നിങ്ങളിലോരോരുത്തരുടെയും സഹായസഹകരണങ്ങളും ത്യാഗപൂർണമായ പ്രവർത്തനങ്ങളും ആവശ്യമാണ് എന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തുക; പാർട്ടിയുടെ താത്വികാടിസ്ഥാനമായ മാർക്സിസം പഠിക്കുക.

3.13നമ്മൾ വിജയിക്കും

സാർവ്വദേശീയവും ദേശീയവുമായ സംഭവവികാസങ്ങൾ നമുക്കനുകൂലമാണ്. സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ശക്തികൾ കൂടുതൽ കൂടുതൽ വളർന്നുവരികയാണ്. ഒരുഭാഗത്ത് മുതലാളിത്ത വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങൾ പരിഹരിക്കാനാവാത്തവിധം മൂർച്ഛിച്ചുവരുമ്പോൾ, ലോകത്തിന്റെ മൂന്നിലൊരു ഭാഗത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന പുതിയ സാമൂഹ്യവ്യവസ്ഥ അനുദിനം ശക്തിപ്പെടുന്നു. കോളനികൾ സാമ്രാജ്യവാദികൾക്കെതിരായ പ്രക്ഷോഭങ്ങൾ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ശക്തിപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിലെ ജനങ്ങൾ തന്നെ കൂടുതൽ രാഷ്ട്രീയബോധത്തോടെ മുന്നേറാൻ തുടങ്ങിയിരിക്കയാണ്.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ജനങ്ങൾക്ക് സുഖസംപൂർണവും സംസ്കാര സമ്പന്നവുമായ ഒരു ഭാവിയുണ്ടാക്കാൻ വേണ്ടി പോരാടുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സാധ്യതകൾ മുമ്പെന്നത്തേക്കാളുമധികം വർദ്ധിച്ചിരിക്കുന്നു. അതോടൊപ്പം നമ്മുടെ ഉത്തരവാദിത്വങ്ങളും വർദ്ധിച്ചിട്ടുണ്ടെന്ന് മറക്കരുത്. ഈ ഉത്തരവാദിത്വം അഭിമാനാർഹമാംവിധം നിറവേറ്റാൻ നമുക്കു സാധിക്കണം. അതിനാവശ്യമായ കഴിവും ശക്തിയും വർദ്ധിപ്പിക്കുകയാണ് നമ്മുടെ കടമ.