അദ്ധ്യായം 1
മനുഷ്യൻ
1.1ഭൂമിയുടെ ഉൽപത്തി

പഴയ മതവിശ്വാസങ്ങൾ പ്രകാരം ദൈവത്താൽ സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തിന്റെ കേന്ദ്രമായിരുന്നു ഭൂമി,16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന നിക്കോളസ് കോപ്പർനിക്കസ് എന്ന പോളിഷ് ജ്യോതിശാസ്ത്രജ്ഞൻ ഈ വിശ്വാസത്തെ വെല്ലുവിളിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ‘സ്വർഗീയവിപ്ലവങ്ങൾ’ എന്ന ഗ്രന്ഥം ചിന്താലോകത്തിലാകെ വലിയൊരു കോളിളക്കമുണ്ടാക്കി. ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ ചുറ്റിക്കറങ്ങുകയും അതോടൊപ്പം സൂര്യന് ചുറ്റും ചുറ്റിത്തിരിയുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എംഗൽസ് ചൂണ്ടിക്കാണിച്ചതുപോലെ, കോപ്പർനിക്കസിന്റെ സിദ്ധാന്തം ‘പ്രകൃതിശാസ്ത്രത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ കഴിവുണ്ടാക്കിക്കൊടുത്ത ഒരു വിപ്ലവമാണ്. അതോടു കൂടിയാണ് പ്രകൃതിശാസ്ത്രം മതത്തിന്റെ പിടിയിൽ നിന്നു മോചനം നേടിയത്.... അതിനുശേഷം വലിയ കാൽവെപ്പുകളോടുകൂടിയാണ് സയൻസ് വികസിച്ചത്.’

പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗലീലിയോ എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ കോപ്പർ നിക്കസിന്റെ സിദ്ധാന്തത്തെ കൂടുതൽ വളർത്തുകയും അതിനു തെളിവുകൾ കണ്ടുപിടിക്കുകയും ചെയ്തു. താൻ തന്നെ കണ്ടുപിടിച്ച ദൂരദർശിനി കുഴലിന്റെ സഹായത്തോടുകൂടി ചന്ദ്രനിൽ പർവതങ്ങളും താഴ്വരകളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശുക്രൻ സൂര്യനു ചുറ്റും സഞ്ചരിക്കുന്നുണ്ടെന്ന് അദ്ദേഹം നോക്കിക്കണ്ടു. സൂര്യൻ സ്വന്തം അച്ചുതണ്ടിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം വാദിച്ചു. അതേവരെ നിലനിന്നുവന്ന പല അന്ധവിശ്വാസങ്ങളേയും അദ്ദേഹം ഊതിപ്പറപ്പിച്ചു. പക്ഷേ, അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങളേയും പള്ളിയുടെ വിശ്വാസങ്ങളെയും ചോദ്യം ചെയ്തുവന്നതിന് അദ്ദേഹം തന്റെ വയസുകാലത്ത് കഠിനമായ മർദ്ദനങ്ങൾക്കിരയാവേണ്ടിവന്നു.

കോപ്പർനിക്കസിന്റെ സിദ്ധാന്തങ്ങളെ ഉയർത്തിപ്പിടിക്കുകയും കൂടുതൽ വളർത്തുകയും ചെയ്ത മറ്റൊരു ശാസ്ത്രജ്ഞനാണ് ഗിയോർഡാനോ ബ്രൂണോ, പ്രപഞ്ചമെന്നത് നിരവധി ലോകങ്ങളുടെയും സൂര്യമണ്ഡലങ്ങളുടെയും ഗ്രഹസമൂഹങ്ങളുടെയും ഒരാകത്തുകയാണെന്നും അവയിലൊരു ഗ്രഹം മാത്രമാണ് നമ്മുടെ ഭൂമിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാത്രമല്ല, ലോകങ്ങൾക്കു വികാസമുണ്ടാകുന്നുണ്ടെന്നും നമ്മുടെ ലോകത്തിനു തന്നെ ഭൂഗർഭ ശാസ്ത്രസംബന്ധിയായ പല മാറ്റങ്ങളുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അംഗീകൃതചിന്താഗതികൾക്കെതിരായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ. അതുകൊണ്ട്, പള്ളിയുടെ വിശ്വാസങ്ങൾക്കെതിരായി പോരാടിയെന്നതിന്, എട്ടുകൊല്ലത്തെ കാരാഗൃഹവാസത്തിനുശേഷം അദ്ദേഹം, ജീവനോടെ ചുട്ടുകരിക്കപ്പെട്ടു.

പക്ഷേ, അന്ധവിശ്വാസങ്ങൾക്കും മർദ്ദനങ്ങൾക്കും സയൻസിനെ കീഴടക്കാൻ കഴിഞ്ഞില്ല. വെളിച്ചത്തിന് ഇരുട്ടിനെക്കാൾ ശക്തിയുണ്ടെന്ന് തെളിഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇമാനുവൽ കാൻറ് എന്ന തത്വശാസ്ത്രജ്ഞൻ വികാസത്തിന്റെ വീക്ഷണകോണിൽ നിന്നു പ്രകൃതിയെ നോക്കിക്കാണാൻ ശ്രമിച്ചു. പ്രപഞ്ചമാവിർഭവിച്ചത് വികാസത്തിന്റെ ഫലമായിട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലപ്ലാസ് എന്ന ഗണിത ശാസ്ത്രജ്ഞൻ കാൻറിന്റെ അഭിപ്രായങ്ങളെ കൂടുതൽ പുഷ്ടിപ്പെടുത്തിക്കൊണ്ട് പ്രപഞ്ചവ്യാപാരങ്ങളിൽ ദൈവികശക്തികൾക്ക് പങ്കുണ്ടെന്ന ധാരണയെ വെല്ലുവിളിക്കുകയും ഭൗതിക പദാർത്ഥങ്ങളുടെ ചലനത്തിന്റെ ഫലമായിട്ടാണ് ഭൂലോകമുണ്ടായതെന്ന് സ്ഥാപിക്കുകയും ചെയ്തു. അതിശക്തിയായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന ഒരു പ്രകാശ പടലമായിരുന്നു ആദ്യകാലത്തെ സൂര്യഗോളമെന്നും ചുറ്റലിന്റെ ഗതിവേഗത്താൽ ആ പ്രഭാപടലം ഉറച്ചു കട്ടിയാവാൻ തുടങ്ങിയെന്നും അങ്ങനെ ചുറ്റി ഉറച്ചുകൊണ്ടിരുന്ന സൂര്യനിൽ നിന്ന് തെറിച്ചുപോയ ശകലങ്ങളാണ് ഭൂമിയും മറ്റു ഗ്രഹങ്ങളുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദൈവത്തെപ്പറ്റി ഒന്നും പറയാത്തതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ അങ്ങനെയൊരു സങ്കല്പത്തിന്റെ ആവശ്യം എനിക്കുണ്ടായിരുന്നില്ല എന്നാണദ്ദേഹം മറുപടി പറഞ്ഞത്.

ലപ്ലാസിന്റെ സിദ്ധാന്തത്തെ കൂടുതൽ പരിഷ്കരിക്കാൻ പല ശാസ്ത്രജ്ഞന്മാരും പിന്നീട് പരിശ്രമിക്കുകയുണ്ടായി. അതിൻഫലമായി, ലോകം ശാശ്വതവും സ്ഥിരവും മാറ്റമില്ലാത്തതുമാണെന്ന യാന്ത്രിക ധാരണയും ഏതോ ദൈവീക ശക്തിയുടെ ലീലാവിലാസങ്ങളാണ് ഭൂമിയെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്തിട്ടുള്ളതെന്ന അന്ധവിശ്വാസവും തകർന്നുപോയിരിക്കുന്നു.

സൂര്യഗോളവും മറ്റേതോ നക്ഷത്രവും തമ്മിൽ കൂട്ടിമുട്ടിയതിനാലോ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന ഒരു നക്ഷത്രം സൂര്യന്റെ സമീപത്തെത്തിയപ്പോഴുണ്ടായ ആകർഷണത്തിന്റെ ഫലമായിട്ടോ ആണ് ഭൂമിയും മറ്റു ഗ്രഹങ്ങളും പൊട്ടിത്തെറിച്ചു വീണതെന്ന് ചില ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. സൂര്യനിൽ തന്നെയുള്ള ആഭ്യന്തര സംഘട്ടനങ്ങളുടെ ഫലമായിട്ടാണതു സംഭവിച്ചതെന്ന് മറ്റുചില ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നുണ്ട്. സൂര്യഗോളത്തിൽ ഒരദൃശമായ കേന്ദ്രത്തിനു ചുറ്റുമായി തിരിഞ്ഞുകൊണ്ടിരിക്കുന്ന വിവിധ ഘടകങ്ങളുടെ പരസ്പര സംഘട്ടനങ്ങളുടെ ഫലമായി ചില സവിശേഷ സന്ദർഭങ്ങളിൽ സൂര്യൻ പെട്ടെന്ന് വിങ്ങുകയും അതിന്റെ വലിപ്പം പെട്ടെന്നു ചുരുങ്ങുകയും ചെയ്യാറുണ്ടെന്നും അത്തരമൊരു സന്ദർഭത്തിലാണ് ഭൂമിയും മറ്റു ഗ്രഹങ്ങളും തെറിച്ചുവീണതെന്നുമാണ് രണ്ടാമത്തെ വിഭാഗക്കാർ വിശ്വസിക്കുന്നത്. ‘ഫോട്ടൺ’ എന്ന ശക്തിയേറിയ രശ്മിയുടെ ഗതിവേഗമാണ് സൂര്യനിൽ നിന്ന് ഗ്രഹങ്ങളെ ഉന്തിത്തെറിപ്പിച്ചതെന്ന് ജെ. ബി. എസ്. ഹാൾഡേൻ പറയുന്നു.

ഈ ശാസ്ത്രീയ സിദ്ധാന്തങ്ങൾക്ക് കൂടുതൽ തെളിവുകളും മിനുക്കുപണികളും ആവശ്യമായിരിക്കാം. പക്ഷേ, ഭൂമിക്ക് ശാശ്വതത്വമില്ലെന്നും ചുരുങ്ങിയത് 200 കോടി കൊല്ലങ്ങൾക്കു മുമ്പ് കത്തിജ്വലിക്കുന്ന സൂര്യനിൽ നിന്നു തെറിച്ചുവീണതാണെന്നുമുള്ള കാര്യത്തിൽ സംശയമില്ല.

1.2ജീവൻ വരുന്നു

ഭൂമിയുടെ ഉത്ഭവത്തോടൊപ്പം മനുഷ്യനും ഉത്ഭവിക്കുകയുണ്ടായോ? തീർച്ചയായുമില്ല. സൂര്യനിൽനിന്നു പൊട്ടിവീണകാലത്ത് കത്തിജ്വലിക്കുന്ന ഒരു ഗോളമായിരുന്നു ഭൂമി. തിളച്ച വെള്ളത്തിന്റെ 600 ഇരട്ടി ചൂടുള്ള ഒരഗ്നിഗോളം. അക്കാലത്ത് മനുഷ്യനെന്നല്ല, യാതൊരു ജീവിയും ഉണ്ടായിരിക്കാനിടയില്ല. ഭൂമി ക്രമത്തിൽ തണുത്തു തണുത്തുവരികയും അതിന്റെ പ്രഭാപടലങ്ങളിൽ നിന്ന് ചില രസായനവസ്തുക്കൾ ഉരുപ്പിടിക്കുകയും ചെയ്തു. കാർബൺ, നൈട്രജൻ, ഹൈഡ്രജൻ, ഓക്സിജൻ തുടങ്ങിയ മൂലപദാർത്ഥങ്ങളാവിർഭവിക്കുകയും അവ പരസ്പരം കൂടിച്ചേർന്ന് പലതരം ഭൗതിക വസ്തുക്കൾക്ക് രൂപം കൊടുക്കുകയും ചെയ്തു. ഭൂമി പിന്നെയും തണുത്തു തണുത്തുവന്നു. അങ്ങനെ അനേകം ശതാബ്ദങ്ങൾക്കു ശേഷം ഒരുതരം പാറകളുണ്ടാവാൻ തുടങ്ങി. ചൂടു പിന്നെയും കുറഞ്ഞപ്പോൾ അന്തരീക്ഷത്തിലെ ആവിമേഘങ്ങൾ തണുത്തു മഴയാവുകയും ഒലിച്ചൊലിച്ചുപോകുന്ന വെള്ളം പല തരത്തിലുള്ള ധാതുപദാർത്ഥങ്ങളുടെ സങ്കേതകങ്ങളുണ്ടാക്കിത്തീർക്കുകയും ചെയ്തു. ഒടുവിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ക്ലോറിൻ, മഗ്നീഷ്യം, അയഡിൻ, കാൽസിയം, ഇരുമ്പ്, മാംഗനീസ് മുതലായ വിവിധങ്ങളായ പദാർത്ഥങ്ങളുൾക്കൊണ്ട ജീവവസ്തുക്കളാവിർഭവിച്ചു. ഇങ്ങനെയുണ്ടായതാണ് എല്ലാ ജീവികളിലും കാണപ്പെടുന്ന പ്രോട്ടീൻ എന്ന സവിശേഷമായ രസായനപദാർത്ഥം. പ്രോട്ടീനും മറ്റു രസായനവസ്തുക്കളും കൂടിച്ചേർന്നാണ് ജീവനുള്ള പദാർത്ഥങ്ങളുണ്ടായിത്തീർന്നത്.

ജീവനുള്ള വസ്തുക്കൾ ആവിർഭവിച്ചതെങ്ങനെയെന്ന് ജെ. ബി. എസ്. ഹാൾഡൻ വിവരിക്കുന്നു.

‘അതിന്റെ (ഭൂമിയുടെ) ഉൽഭവത്തെത്തുടർന്ന് കുറെ ആയിരം കൊല്ലങ്ങൾക്കുള്ളിൽ കുറച്ചൊക്കെ സ്ഥിരതയും കടുപ്പവുമുള്ള ഒരു പുറന്തോടുണ്ടാവത്തക്കവണ്ണം അതു തണുത്തിട്ടുണ്ടാവണം. എങ്കിലും ഈ പുറന്തോടിന് പിന്നെയും വളരെക്കാലത്തേക്ക് തിളച്ച വെള്ളത്തേക്കാളേറെ ചൂടുണ്ടായിരുന്നിരിക്കണം. നന്നെ സാവധാനത്തിൽ മാത്രമാണ് അതു തണുത്തുറച്ചുവന്നത്. ആദ്യകാലത്തെ അന്തരീക്ഷത്തിൽ പറയത്തക്കവണ്ണം ജീവവായുവുണ്ടായിരുന്നില്ലെന്നുവേണം വിചാരിക്കുക. കാരണം, ഇന്നുള്ള ജീവവായു തന്നെ ഭൂമിയുടെ അടിയിലും ഉപരിതലത്തിലുള്ള എല്ലാ കൽക്കരിയേയും, പ്രാണികളുടെ അവശിഷ്ടങ്ങളെയും കഷ്ടിച്ചു കരിച്ചുകളയാൻ പറ്റുന്നത്രയേ ഉള്ളൂ. ചോക്കിലും, ചുണ്ണാമ്പുകല്ലിലും, ചുണ്ണാമ്പും മഗ്നീഷ്യവും ചേർന്ന സോളേറ്റ് പാറകളിലും ഇന്നു കലർന്നു കാണുന്ന ഏതാണ്ടു മുഴുവൻ അംഗാരവും (കാർബൺ) അംഗാരമ്ലമായിട്ടാണ് (കാർബൺഡയോക്സൈഡ്) അന്ന് അന്തരീക്ഷത്തിൽ കെട്ടിനിന്നിരുന്നത്. ഇപ്പോൾ ഭൂമിയിൽക്കാണുന്ന യവക്ഷാരവായു (നൈട്രജൻ)വിന്റെ ഗണ്യമായ ഭാഗം ഭൂമിയുടെ പുറന്തോടിലുള്ള ലോഹങ്ങളുമായിക്കലർന്ന് യവക്ഷാരവസ്തുക്കൾ (നൈട്രേറ്റ്) ആയിട്ടാണ് നിലനിന്നിരുന്നത്. ഈ യവക്ഷാര പദാർത്ഥങ്ങളിൽ വെള്ളം കൂടിച്ചേർന്നതിന്റെ ഫലമായി അമോണിയ എന്ന ഗ്യാസ് ഇടവിടാതെ ഉണ്ടായിക്കൊണ്ടിരുന്നു. സൂര്യൻ അക്കാലത്ത് ഇപ്പോഴത്തെക്കാളും അല്പം ഏറെ ചൂടുള്ളതായിരിക്കണം. അന്തരീക്ഷത്തിൽ ജീവവായുവില്ലാതിരുന്നതിനാൽ സൂര്യനിൽ നിന്നു വരുന്നവയും രാസപരിവർത്തനമുണ്ടാക്കുന്നവയുമായ അൾട്രാവൈലറ്റ് രശ്മികളെ ഇന്നത്തെപ്പോലെ അന്തരീക്ഷത്തിന്റെ മേൽഭാഗങ്ങളിൽവെച്ച് ഓക്സിജന്റെ ഒരു വകഭേദമായ ഓസോണോ അടിഭാഗങ്ങളിൽവെച്ച് ഓക്സിജൻ തന്നെയുമോ തടുത്തുനിർത്തിയിരുന്നില്ല. അവ ഭൂമിയുടെയും കടലിന്റെയും ഉപരിതലത്തിലേക്കോ അല്ലെങ്കിൽ മേഘങ്ങളിലേയ്ക്കെങ്കിലുമോ തുളച്ചുകടന്നിരുന്നു.

വെള്ളം, അംഗാരാമ്ലം, അമോണിയം എന്നിവ കൂട്ടിച്ചേർത്ത് അതിൽ അൾട്രാവൈലറ്റ് വെളിച്ചം തട്ടിച്ചാൽ ശർക്കര പദാർത്ഥങ്ങളും പ്രോട്ടീൻ പദാർത്ഥങ്ങളെയുൾക്കൊള്ളുന്ന ചില വസ്തുക്കളുമടക്കം പലതരത്തിൽ ജീവനുള്ള പദാർത്ഥങ്ങളുണ്ടാക്കാൻ കഴിയുമെന്ന് തീർച്ചയാണ്. ജീവനുള്ളതോ കുറെ ജീവനുള്ളതോ ആയ ആദ്യത്തെ വസ്തുക്കൾ ഇങ്ങനെ, സൂര്യപ്രകാശത്തിന്റെ സമഘാതഫലമായുണ്ടായ വലിയ അണുക്കൾ ആയിരിക്കണം. അവയാവിർഭവിച്ച അനുകൂല പരിതഃസ്ഥിതികളിൽ മാത്രമേ അവയ്ക്കു പുനരുൽപാദനം നടത്താൻ കഴിഞ്ഞിരുന്നുള്ളൂ.

ആദ്യത്തെ ജീവിക്കും ആധുനിക മനുഷ്യനുമിടയിൽ നൂറുകോടി കൊല്ലങ്ങളുടെ ദൂരമുണ്ട്. ഭൂമിയുടെ ഉൽഭവത്തിനും ആധുനിക മനുഷ്യനുമിടയിലാകട്ടെ, 200 കോടി കൊല്ലങ്ങൾ നീണ്ടുകിടക്കുന്നു. എന്നുവച്ചാൽ ഭൂമിയുണ്ടായിട്ട് 100 കോടി കൊല്ലങ്ങൾ കഴിയുന്നതുവരെ യാതൊരു ജീവരാശിയുമുണ്ടായിരുന്നില്ല.

ജീവജാലങ്ങളാവിർഭവിക്കുന്നതിനു മുമ്പുതന്നെ ഭൗതികവസ്തുക്കൾ നിലനിന്നിരുന്നുവെന്നും അചേതനങ്ങളായ ഭൗതികവസ്തുക്കളുടെ വികാസക്രമത്തിൽ നിന്നാണ് അചേതനവസ്തുക്കൾ ജന്മമെടുത്തത് എന്നും ഇതിൽനിന്ന് മനസ്സിലാക്കാം.

ഈ വികാസക്രമത്തിൽ ജീവനില്ലാത്ത പദാർത്ഥങ്ങളെയും ജീവനുള്ള പദാർത്ഥങ്ങളെയും വേർതിരിക്കേണ്ടതെവിടെയെന്ന് തിട്ടപ്പെടുത്തിപ്പറയുക വിഷമമാണ്. എങ്കിലും ഭൗതിക പദാർത്ഥങ്ങളുടെ വികാസഗതിയെ ഒരു പ്രത്യേക ദശാസന്ധിയിലാണ് ജീവികളാവിർഭവിച്ചതെന്നും ഭൗതികപദാർത്ഥങ്ങളുടെ നിലനിൽപ്പിന്റെ ഒരു പ്രത്യേകരൂപം മാത്രമാണ് ജീവനെന്നു തീർച്ചയാണ്. എംഗൽസ് പറയുന്നതുപോലെ ‘ആൽബുമിനിസം പദാർത്ഥങ്ങൾ നിലനിൽക്കുന്ന രീതിയാണ് ജീവൻ.’ കൊഴുപ്പു പദാർത്ഥങ്ങളും കോഴിമുട്ടയുടെ വെള്ള പോലുള്ള പദാർത്ഥങ്ങളുൾപ്പെടെയുള്ള പ്രോട്ടീൻ വസ്തുക്കളെയാണ് ആൽബുമിനസ് പദാർത്ഥങ്ങൾ എന്ന പദംകൊണ്ട് എംഗൽസ് ഉദ്ദേശിക്കുന്നത്. അദ്ദേഹം വിവരിക്കുന്നു.

‘ജീവനുള്ളേടങ്ങളിലെല്ലാം അത് ആൽബുമിനസ് പദാർത്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. നാശോൻമുഖമായ നിലയില്ലാത്ത ആൽബുമിനസ് പദാർത്ഥങ്ങളുള്ളേടങ്ങളിലെല്ലാം ജീവന്റെ പ്രത്യക്ഷസ്വരൂപം നീക്കുപോക്കില്ലാതെ കാണാൻ കഴിയും. ജീവനുള്ള പദാർത്ഥത്തിൽ ജീവന്റെ പ്രത്യക്ഷ സ്വരൂപങ്ങളുടെ സവിശേഷമായ വൈജാത്യങ്ങൾ ഉണ്ടാക്കാൻ മറ്റുചില രസസമ്മിശ്രങ്ങൾകൂടി ആവശ്യമാണെന്ന കാര്യം നിസംശയമാണ്. അവ ആഹാരമായി ഉപയോഗിക്കപ്പെടുകയും ആൽബുമിനായി രൂപാന്തരപ്പെടുകയും ചെയ്യുന്നുവെന്നതും ശരിയാണ്. എന്നാൽ, അവയൊക്കെ വെറും ജീവന്റെ നിലനിൽപിനു കൂടിയേ കഴിയൂ എന്നില്ല. നമ്മുടെ അറിവിൽപ്പെട്ട ഏറ്റവും താണ ജീവികൾ വാസ്തവത്തിൽ, ആൽബുമിന്റെ വെറും കട്ടകളല്ലാതെ മറ്റൊന്നുമല്ല. അവ ജീവന്റെ സവിശേഷമായ എല്ലാ പ്രത്യക്ഷസ്വരൂപങ്ങളും ശരിക്കു വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പ്രോട്ടീൻ വസ്തുക്കളിൽനിന്നാണ് ആദ്യത്തെ ജീവകോശങ്ങളുൽഭവിച്ചത് എന്നു പറയുന്നതിന്റെ അർത്ഥം ലാബറട്ടറികളിലെ ഗവേഷണങ്ങളിലൂടെ ഏതു ജീവിയെ വേണമെങ്കിലും ഇഷ്ടംപോലെ സൃഷ്ടിക്കാൻ കഴിയുമെന്നല്ല. സങ്കീർണങ്ങളും കൂടിക്കുഴഞ്ഞവയുമായ ഭൗതിക പദാർത്ഥങ്ങളുടെ ഏറ്റവും ഉയർന്ന രൂപത്തിലുള്ള ചലനത്തിനാണ് ജീവൻ എന്നു പറയുന്നത്. ജഡവസ്തുക്കളിൽ നിന്ന് ജീവരാശികളിലേക്കുള്ള പരിണാമ ക്രമത്തിന്റെ പിന്നിൽ സഹസ്രാബ്ദങ്ങളുടെ നീണ്ട ചരിത്രമുണ്ട്. എംഗൽസ് താക്കീത് ചെയ്തപോലെ, ‘അനേകായിരം വർഷങ്ങൾ കൊണ്ട് നിർവഹിച്ച ഒരു കാര്യം കുറച്ച് ചളിവെള്ളത്തിന്റെ സഹായത്തോടുകൂടി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചെയ്തുതീർക്കണമെന്ന് പ്രകൃതിയെ നിർബന്ധിക്കുന്നത് വിഡ്ഢിത്തം മാത്രമായിരിക്കും.’ സെല്ലുകൾ അല്ലെങ്കിൽ, ജീവകോശങ്ങൾ എന്ന പേരിലറിയപ്പെടുന്ന ജീവരാശിയുടെ ആദ്യഘടകങ്ങൾ ഭൗതിക പ്രപഞ്ചത്തിൽ നിന്ന് വികസിച്ചുണ്ടായതാണെന്നു മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ.

ഒരു ജീവി മറ്റൊരു ജീവിയിൽ നിന്നല്ലാതെ ഉൽഭവിക്കുകയില്ലെന്നും നാം ഇന്നു കാണുന്ന സകല ജീവികളും മുമ്പുണ്ടായിരുന്നവയുടെ സന്താന പരമ്പരകളാണെന്നും ലോകത്തിലാദ്യമുണ്ടായ ഒരു ജീവിയാണ് എല്ലാ ജീവജാലങ്ങളുടെയും മുൻഗാമിയെന്നുമാണ് ശാസ്ത്രജ്ഞന്മാർ അടുത്തകാലംവരെയും അഭിപ്രായപ്പെട്ടിരുന്നത്. ഭൂമിയുടെ ചരിത്രത്തിൽ ഒരിക്കൽമാത്രം ഒരു ജീവകോശമുണ്ടായെന്നും അത് മുറിഞ്ഞ് കൂടുതൽ ജീവകോശങ്ങളുണ്ടായെന്നും ക്രമത്തിൽ ഒന്നിലധികം ജീവകോശങ്ങളുള്ള പ്രാണികളുണ്ടാവാൻ തുടങ്ങിയെന്നും അങ്ങനെ അതിപുരാതനമായ ആദ്യത്തെ ജീവകോശത്തിൽ നിന്ന് തുടർന്ന് പടർന്ന് വികസിച്ചുണ്ടായവയാണ് ഇന്ന് കാണുന്ന എല്ലാ ജീവജാലങ്ങളുമെന്നുമാണ് വിശ്വസിക്കപ്പെട്ടിരുന്നത്.

ഒരു ജീവകോശത്തിൽ നിന്നല്ലാതെ മറ്റൊരു ജീവകോശമുണ്ടാവുകയില്ലെങ്കിൽ ആ ഒന്നാമത്തെ ജീവകോശം എങ്ങനെയുണ്ടായി? വളരെക്കാലം ഈ ചോദ്യത്തിനു മറുപടി പറയാൻ ആർക്കും കഴിഞ്ഞില്ല. ഓരോ ജീവകോശത്തിലും അനശ്വരവും പരമ്പരാഗതമായി പിൻഗാമികൾക്ക് പ്രദാനം ചെയ്യപ്പെടുന്നതുമായ ജെൻ എന്ന ഒരു സവിശേഷ വസ്തു അടങ്ങിയിട്ടുണ്ടെന്നും ആദ്യത്തെ ജീവകോശം മുതൽ ആധുനിക മനുഷ്യൻ വരെയുള്ള എല്ലാ ജീവികൾക്കും ആ ജെന്നിൽ നിന്നാണ് തലമുറ തലമുറയായി ജീവൻ ലഭിച്ചുപോന്നതെന്നും ചിലർ വാദിക്കുകയുണ്ടായി. ഇതിൽനിന്ന് ചില ശാസ്ത്രജ്ഞന്മാർ ഒരു പടികൂടി മുന്നോട്ടുകടന്ന് അജ്ഞാതമായ ഏതോ ദൈവിക ശക്തിയുടെ കൃപാകടാക്ഷത്തിലാണ് ഭൂമുഖത്താദ്യമായി ജീവൻ ആവിർഭവിച്ചത് എന്നുവരെ വാദിക്കാൻ മുതിർന്നു. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഉദ്ധതമായി തലപൊക്കിനിന്നിരുന്ന ശാസ്ത്രജ്ഞനും മെല്ലെ മെല്ലെ ആത്മീയ ജ്ഞാനത്തിലേക്ക് വഴുതിവീഴാൻ തുടങ്ങി.

ലെപീഷെൻസ്കായ എന്ന സോവിയറ്റ് ശാസ്ത്രജ്ഞനാണ് അന്ധവിശ്വാസത്തിലേക്കുള്ള ഈ വഴുതിപ്പോക്കിൽ നിന്ന് ശാസ്ത്രജ്ഞാനത്തെ രക്ഷിച്ചത്. ഒരു ജീവകോശത്തിൽ നിന്നു മാത്രമേ മറ്റൊരു ജീവകോശം ഉണ്ടായിക്കൂടു എന്നില്ലെന്നും ജീവകോശങ്ങളുടെ രൂപം കൈക്കൊള്ളാത്ത അത്രതന്നെ സംഘടിതമല്ലാത്ത, ആൽബുമിനസടങ്ങിയ ജീവപദാർത്ഥങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവയിൽ നിന്നാണ് ജീവകോശങ്ങളുണ്ടാകുന്നതെന്നും രണ്ടു ദശാബ്ദകാലത്തെ ഗവേഷണഫലങ്ങളുടെ തെളിവുകളോടുകൂടി അവർ ഉറപ്പിച്ചുപറഞ്ഞു.

ഒരു കോഴിമുട്ടയ്ക്കുള്ളിലെ ജീവബീജം അതിലെ സെല്ലുകളുടെ വിഭജനം വഴിയായിട്ടാണ് വളരുന്നതെന്നും ബീജത്തിന് ചുറ്റുമുള്ള വെള്ള നിർജീവവും നിഷ്ക്രിയവുമായ ഒരു പങ്കുമാത്രമേ വഹിക്കുന്നുള്ളുവെന്നും വളർന്നുവരുന്ന ജീവബീജത്തിന് ആഹാരമെന്നോണം വർത്തിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു പങ്കും അതിനില്ലെന്നുമാണ് അടുത്തകാലംവരെയും ശാസ്ത്രജ്ഞന്മാർ ധരിച്ചിരുന്നത്. ഈ ധാരണ ശരിയല്ലെന്ന് ലെപിഷെൻസ്കായ തീർത്തുപറഞ്ഞു. മുട്ടയിലെ വെള്ളയിൽ ആഹാരസാധനങ്ങൾ മാത്രമല്ല, ജീവനുള്ള പദാർത്ഥങ്ങളുമടങ്ങിയിട്ടുണ്ടെന്നും പുതിയ സെല്ലുകൾക്ക് രൂപം നൽകാൻ അവയ്ക്ക് കഴിവുണ്ടെന്നും അവർ തെളിയിച്ചു.

ഇങ്ങനെ, ഭൗതികപദാർത്ഥങ്ങളുടെ ഏറ്റവും ഉയർന്ന രൂപമെന്ന നിലയ്ക്കാവിർഭവിച്ച ജീവന്റെ ഗതിക്രമങ്ങളെ പറ്റിയും സ്വഭാവവിശേഷങ്ങളെപ്പറ്റിയും പഠിക്കാനുള്ള സാദ്ധ്യതകൾ പതിന്മടങ്ങു വർദ്ധിച്ചിരിക്കുന്നു.

പ്രോട്ടീൻ വസ്തുക്കളിൽനിന്ന് വൈറസ്, ബാക്ടീരിയ മുതലായ പേരുകളിലറിയപ്പെടുന്ന ജീവവസ്തുക്കളാണ് ആദ്യമായി ആവിർഭവിച്ചത്. അവയെത്തുടർന്നുകൊണ്ട് വ്യത്യസ്തങ്ങളായ പല ജീവജാലങ്ങളും മെല്ലെമെല്ലെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. താഴ്ന്ന നിലയിലുള്ള ജീവികൾ കൂടുതൽ ഉയർന്ന തരത്തിലുള്ള ജീവികൾക്ക് വഴി തെളിയിച്ചു. ഇപ്രകാരം വളരെക്കാലത്തെ വികാസത്തിന്റെ ഫലമായി നമ്മുടെ ലോകം നിരവധി സസ്യജാലങ്ങളുടെയും അതിലും ഉയർന്ന ജീവരാശികളുടേയും നിവാസസ്ഥാനമായിത്തീർന്നു.

1.3പരിണാമവാദം

ജീവൻ നിലനിൽക്കുക മാത്രമല്ല, വികസിക്കുക കൂടി ചെയ്യുന്നു. വികാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിവിധ രൂപത്തിലുള്ള ജീവികളുണ്ടായതെങ്ങനെയെന്നും ഓരോ പരിണാമഘട്ടത്തിലും ജീവികളുടെ ശരീരഘടനയും ജീവിതരീതിയും സ്വഭാവവിശേഷങ്ങളും ഉയർന്നുയർന്നു വന്നതെങ്ങനെയെന്നും പരിണാമത്തിന്റെ ഗതി ക്രമത്തിൽ ഇടയ്ക്കിടയ്ക്ക് ജാതിപരിവർത്തനങ്ങൾ (ഒരു ജാതി ജീവിയിൽനിന്നു മറ്റൊരു ജാതി ജീവിയുണ്ടാവൽ) ഉണ്ടായതെങ്ങനെയെന്നും, ഒടുവിൽ മത്സ്യം, ഇഴജന്തുക്കൾ, പക്ഷികൾ, സ്ഥലജലപ്രാണികൾ, കുരങ്ങുകൾ, വന മാനുഷൻ എന്നിങ്ങനെയുള്ള പല ഘട്ടങ്ങൾക്കുശേഷം മനുഷ്യപ്രാണി ഭൂമുഖത്താവിർഭവിച്ചതെങ്ങനെയെന്നും ചാൾസ് ഡാർവിൻ (1809-1882) എന്ന ആംഗലശാസ്ത്രജ്ഞനാണ് ആദ്യമായി വിശകലനം ചെയ്തു വിവരിച്ചത്.

പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്തുതന്നെ ഡാർവിൻ പ്രകൃതിശാസ്ത്ര സംബന്ധിയായ പുസ്തകങ്ങൾ വായിച്ചുപഠിക്കുന്നതിലും പ്രകൃതിയുടെ പ്രതിഭാസങ്ങളെ നോക്കി പരിശോധിക്കുന്നതിലും വലിയ താൽപര്യം കാണിച്ചിരുന്നു. പിതാവിന്റെ ആഗ്രഹമനുസരിച്ച് ഒരു ഡോക്ടറായിത്തീരാൻവേണ്ടി അദ്ദേഹം എഡിൻബറോ യൂണിവേഴ്സിറ്റിയിൽ ചേർന്നു. പക്ഷേ, വൈദ്യശാസ്ത്രപഠനം അദ്ദേഹത്തെ ആകർഷിച്ചില്ല. ‘ശരീരശാസ്ത്രത്തെ പറ്റിയുള്ള പ്രസംഗങ്ങൾ അത് പഠിപ്പിക്കുന്ന അദ്ധ്യാപകനെപ്പോലെതന്നെ മുഷിപ്പനായിരുന്നു’ എന്ന് അദ്ദേഹം പിന്നീടെഴുതുകയുണ്ടായി. വൈദ്യശാസ്ത്രത്തിൽ മകന് താൽപര്യമില്ലെന്നു കണ്ടപ്പോൾ വാത്സല്യനിധിയായ പിതാവ് അദ്ദേഹത്തെ ഒരു പുരോഹിതനാക്കാനാഗ്രഹിച്ചു. മതകാര്യങ്ങൾ പഠിക്കാൻവേണ്ടി ഡാർവിൻ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. പക്ഷേ, അതും അദ്ദേഹത്തിനു പിടിച്ചില്ല. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയല്ല, പ്രകൃതിയുടെ യൂണിവേഴ്സിറ്റിയാണ് അദ്ദേഹത്തിന്റെ ഹൃദയത്തെ ആകർഷിച്ചത്. കേംബ്രിഡ്ജ് വിദ്യാഭ്യാസമവസാനിപ്പിച്ചപ്പോഴേക്കും അദ്ദേഹം സ്വപ്രയത്നത്തിലൂടെ ഒരു പ്രകൃതിശാസ്ത്രജ്ഞനായി മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ മതവിശ്വാസങ്ങളുടെ അഗാധതയിലേക്ക് ഊളിയിടാൻപോയ ഡാർവിൻ വൈദികലോകത്തെയാകെ അമ്പരപ്പിച്ച പുതിയ ചിന്താഗതികളുമായിട്ടാണ് പുറത്തുകടന്നത്. അദ്ദേഹംതന്നെ പിന്നീടെഴുതുകയുണ്ടായി. ‘യാഥാസ്ഥിതികന്മാർ എത്ര കഠിനമായിട്ടാണ് എന്നെ എതിർത്തതെന്നാലോചിക്കുമ്പോൾ ഒരുകാലത്ത് ഞാനൊരു വൈദികനാവാൻ പുറപ്പെട്ടുവെന്നതുതന്നെ അപഹാസ്യമായിത്തോന്നുന്നു’.

1831-ൽ ബീഗിൾ എന്നൊരു ചെറുകപ്പൽ ലോകം ചുറ്റി സഞ്ചരിക്കാൻ പുറപ്പെടുകയുണ്ടായി. കപ്പൽ ഭാരവാഹികൾക്ക് ഒരു പ്രകൃതിശാസ്ത്രജ്ഞനെക്കൂടി കൂടെ കൊണ്ടുപോകണമെന്നുണ്ടായിരുന്നു. ഡാർവിനെയാണ് അവർ തിരഞ്ഞെടുത്തത്.

അഞ്ചുകൊല്ലം നീണ്ടുനിന്ന കപ്പൽയാത്ര ഡാർവിന് വിലപിടിച്ച ഒരു വിദ്യാഭ്യാസമായിരുന്നു. ജീവലോകത്തെപ്പറ്റിയുള്ള സിദ്ധാന്തങ്ങളുന്നയിക്കുന്നതിനുമുമ്പ് വിചിത്രങ്ങളായ അസംഖ്യം പ്രാണികളെയും അവയിലുണ്ടാകുന്ന മാറ്റങ്ങളെയും നോക്കിക്കാണാനും നാമാവശേഷങ്ങളായ പലതരം ജീവികൾ ഇട്ടുംവെച്ചുപോയ അസ്ഥികളെ പരിശോധിച്ചു പഠിക്കാനും അദ്ദേഹത്തിനു സൗകര്യം ലഭിച്ചു.

യാത്രകഴിഞ്ഞു മടങ്ങിവന്നതിനുശേഷം അദ്ദേഹം വീണ്ടും പ്രകൃതിശാസ്ത്ര ഗ്രന്ഥങ്ങളിൽ മുഴുകി. ഒടുവിൽ 1859ൽ ചിന്താലോകത്തിലാകെ വലിയൊരു കോളിളക്കമുണ്ടാക്കിയ പ്രകൃതി നിർദ്ധാരണത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവന്നു. പരിണാമവാദത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ശാസ്ത്രലോകത്തിന് പുതിയ മുതൽക്കൂട്ടുണ്ടാക്കിക്കൊടുത്തു.

വ്യത്യസ്തങ്ങളായ ചെടികളും ജീവികളുമാവിർഭവിച്ചത് യാദൃച്ഛികമായിട്ടാണെന്നും ദൈവത്തിന്റെ കല്പനയനുസരിച്ചാണെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങളെ ഡാർവിൻ ഇടിച്ചുതകർത്തു. ഒരു ജീവിയിൽനിന്ന് മറ്റൊരു ജീവിയിലേക്കും ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്കുമുള്ള പരിണാമത്തിന്റെ ഗതിക്രമത്തിലാണ് ജീവശാസ്ത്രസംബന്ധിയായ പരിവർത്തനങ്ങളുടെ കാരണമാരായേണ്ടതെന്ന് അനേകം ഉദാഹരണങ്ങളോടുകൂടി അദ്ദേഹം തെളിയിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു:

‘കൂടുതൽ സങ്കീർണ്ണങ്ങളായ പ്രാണികൾ പൂർണ്ണത പ്രാപിക്കുന്നത് മനുഷ്യയുക്തിക്കതീതമായ ഒരു ശക്തിയുടെ സഹായത്തോടെയല്ല, മറിച്ച് അസംഖ്യം ചെറിയ ചെറിയ മാറ്റങ്ങൾ കൂമ്പാരിച്ചു കൂട്ടുന്നതിന്റെ ഫലമായിട്ടാണ്’.

ചെടികളും ജീവികളും മാറുന്നതെങ്ങനെയെന്നും പരിണാമത്തിന്റെ ഗതിക്രമത്തിനിടയിൽ പുതിയ ചെടികളും പുതിയ പ്രാണികളും ആവിർഭവിക്കുന്നതെങ്ങനെയെന്നും ഡാർവിൻ വ്യക്തമാക്കി.

രണ്ടു ജീവികൾ ഒരിക്കലും ഒരുപോലെയിരിക്കുന്നില്ല അവയുടെ സ്വഭാവവിശേഷങ്ങൾ വ്യത്യസ്തങ്ങളാണ്. അവയുടെ ശരീരഘടനയിൽതന്നെ വ്യത്യാസം കാണാം. ചില ജീവികൾ വലുതും മറ്റു ചിലത് ചെറുതുമാണ്. ചിലതിനു കൂടുതൽ ശക്തിയുണ്ടെങ്കിൽ മറ്റു ചിലത് ദുർബലമാണ്. ചിലതിനു കൂടുതൽ തണുപ്പ് സഹിക്കാൻ കഴിയും. മറ്റു ചിലതിന് ഉഷ്ണം സഹിക്കാനാണു കഴിയുക. അപ്പോൾ ഒരേ പരിതഃസ്ഥിതിയെ എല്ലാ ജീവികൾക്കും ഒരുപോലെ നേരിടാൻ സാധിക്കില്ല. ശത്രുക്കളിൽ നിന്ന് ഓടിപ്പോകേണ്ട ഘട്ടങ്ങളിൽ ഓടാൻ കഴിവുള്ള ജീവികൾ രക്ഷപെടും. മറ്റുള്ളവ തുടച്ചുനീക്കപ്പെടും. കൂടുതൽ മൂർച്ചയുള്ള പല്ലുകളും നഖങ്ങളുമുള്ള ജീവികൾക്ക് ഇവയെ കൊന്നുതിന്നാൻ എളുപ്പം കൂടും. മറ്റുള്ളവ ജീവിതായോധനത്തിൽ തോറ്റുപോകുന്നു. എലികളെ നോക്കുക, ഒരെലിക്ക് മറ്റൊരെലിയേക്കാൾ വേഗത്തിൽ ഓടാൻ കഴിയും. അല്ലെങ്കിൽ ഒരെലിക്ക് മറ്റൊരെലിയുടേതിനേക്കാൾ മൂർച്ചയുള്ള പല്ലുകളുണ്ടായിരിക്കും. ഈ വ്യത്യാസങ്ങളിൽ ചിലതെങ്കിലും പരമ്പരാഗതമായി മുൻഗാമികളിൽനിന്ന് കിട്ടിയതാവാം, അല്ലെങ്കിൽ, പരിതഃസ്ഥിതികളിലുള്ള വ്യത്യാസങ്ങളുടെ ഫലമായിരിക്കും. എങ്ങനെയായാലും ജനിക്കുന്ന എല്ലാ എലികൾക്കും ലോകത്തിൽ ഇടമില്ലെന്ന് തീർച്ചയാണ്. അതുകൊണ്ട് ജീവിക്കാൻ ഏറ്റവുമധികം പ്രാപ്തിയും ഏറ്റവുമധികം സാമർത്ഥ്യവുമുള്ള എലികൾ മാത്രം ജീവിക്കുന്നു. മറ്റുള്ളവയൊക്കെ ജീവിതസമരത്തിൽ തോറ്റു നശിച്ചുപോകുന്നു.

ഏതാണ്ട് 30 കോടി കൊല്ലങ്ങൾക്കുമുമ്പ് അത്യുഷ്ണം കാരണം ഒരിക്കൽ ജലാശയങ്ങൾ വറ്റാൻ തുടങ്ങുകയുണ്ടായെന്ന് ഭൂഗർഭ ശാസ്ത്രജ്ഞന്മാർ പറയുന്നു. അതുമൂലം, വെള്ളത്തിൽ കഴിച്ചുകൂട്ടിയിരുന്ന മത്സ്യങ്ങൾ കുഴപ്പത്തിലായി. പക്ഷേ, ചില ജാതി മത്സ്യങ്ങളിൽ ശ്വാസകോശങ്ങൾ വികസിച്ചുണ്ടാവാൻ തുടങ്ങിയിരുന്നു. അവയ്ക്ക് അപകടം പറ്റിയില്ല. ജലാശയങ്ങൾ പിന്നെയും വറ്റിയപ്പോൾ കരയിൽ അരിച്ചരിച്ചുനടക്കാൻ കഴിയത്തക്കവണ്ണം കാലുകളുണ്ടായിത്തീർന്ന ജീവികൾക്കേ രക്ഷപ്പെടാൻ കഴഞ്ഞുള്ളൂ. ഈ ഘട്ടത്തിലാണ് വെള്ളത്തിലും കരയിലും ജീവിക്കാൻ കെല്പുള്ള സ്ഥലജലപ്രാണികൾ ആവിർഭവിച്ചത്.

പരിതഃസ്ഥിതികളോടു പോരാടാൻ ഏറ്റവുമധികം കഴിവുള്ള പ്രാണിവിശേഷങ്ങൾ മാത്രം വിജയിക്കുന്നു. മറ്റുള്ളവയെല്ലാം കർക്കശമായ ജീവിതമത്സരത്തിൽ അടിപ്പെട്ടു മൺമറയുന്നു. മറ്റൊരുവിധം പറഞ്ഞാൽ ഓരോ ഘട്ടത്തിലും പരിതഃസ്ഥിതികളോട് പോരാടി വിജയം നേടാൻ കെൽപുള്ള ജീവികളെ പ്രകൃതി തിരഞ്ഞെടുക്കലിനാണ് പ്രകൃതിനിർദ്ധാരണം (natural selection) എന്ന് പേരിടപ്പെട്ടിട്ടുള്ളത്.

തുടരെത്തുടരെയുള്ള നിർദ്ധാരണത്തിന്റെ ഫലമായി ചില ജീവിവിശേഷങ്ങൾക്ക് പരമ്പരാഗതമായിത്തന്നെ പരിതഃസ്ഥിതികളോടിണങ്ങി ജീവിക്കാൻ പറ്റിയ ശരീരഘടനയും അനുകൂലസ്വഭാവങ്ങളും ഉളവായിത്തീരുന്നു. ഇങ്ങനെയാണ് സസ്യങ്ങളിലും പ്രാണികളിലും പുതിയ വിശേഷങ്ങൾ (Species) ഉത്ഭവിക്കുന്നത് എന്ന് ഡാർവിൻ സിദ്ധാന്തിക്കുന്നു.

ഡാർവിന്റെ സിദ്ധാന്തം പരിണാമവാദത്തിന്റെ ശാസ്ത്രീയാടിസ്ഥാനമായിത്തീർന്നു. പിന്നീട് നടത്തപ്പെട്ട ഗവേഷണങ്ങൾ ആ അടിസ്ഥാനത്തെ കൂടുതൽ ഉറപ്പിക്കുകയും ചെയ്തു. ലെനിൻ ചൂണ്ടിക്കാണിച്ചതുപോലെ, ‘ഡാർവിനാണ് ജീവശാസ്ത്രത്തിന് ആദ്യമായി ശാസ്ത്രീയമായ ഒരടിത്തറയുണ്ടാക്കിയെടുത്തത്!’.

ഡാർവിന്റെ പരിണാമവാദസിദ്ധാന്തമനുസരിച്ച് മനുഷ്യൻ കുരങ്ങുകളുടെ ജാതിയിൽ നിന്നാണുത്ഭവിച്ചത്.

1.4മൃഗത്തിനും മനുഷ്യനുമിടയിൽ

കുരങ്ങുജാതിയുടെ വികാസത്തിൽ നിന്നാണ് മനുഷ്യനാവിർഭവിച്ചതെന്ന് ആദ്യമായി ഡാർവിൻ പ്രഖ്യാപിച്ചപ്പോൾ പലരും അദ്ദേഹത്തെ പരിഹസിക്കുകയും എതിർക്കുകയുമുണ്ടായി. കുരങ്ങിനും മനുഷ്യനും തമ്മിലുള്ള വ്യത്യാസങ്ങളെയാണവർ തങ്ങളുടെ വിമർശനങ്ങൾക്കാധാരമാക്കിയെടുത്തത്. ഡാർവിന്റെ ആവേശഭരിതരായ അനുയായികളാവട്ടെ, വികാസവാദം എത്രയും ശരിയാണെന്നുതന്നെ വാദിച്ചു. ഡാർവിന്റെ സിദ്ധാന്തങ്ങളെ തെളിയിക്കാനായി കുരങ്ങിനും മനുഷ്യനുമിടയിലുള്ള ‘കാണാത്ത കണ്ണികളെ’ തിരഞ്ഞുപിടിക്കാൻ അവർ അത്യദ്ധ്വാനം ചെയ്തു. നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി കുരങ്ങിനും മനുഷ്യനുമിടയിലുള്ള അഞ്ചാറു ജന്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടുപിടിക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹെക്കേൽ എന്ന ശാസ്ത്രജ്ഞൻ കുരങ്ങു മനുഷ്യന്റെ —അഥവാ വനമനുഷ്യന്റെ തെളിവുകൾ ദക്ഷിണേന്ത്യയിലും ശാന്തസമുദ്രത്തിലെ ചില ദ്വീപുകളിലും ഉണ്ടെന്ന് പ്രസ്താവിച്ചു. പക്ഷേ, ആളുകൾ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്.

അതിൽപിന്നെ ഏതാനും കൊല്ലങ്ങൾക്കുശേഷം ആംസ്റ്റാർഡാം വിശ്വവിദ്യാലയത്തിലെ ഒരു പ്രൊഫസറും ഡാർവിനിസത്തിന്റെ ഒരു തികഞ്ഞ ആരാധകനുമായ യുജൻദ്യൂബുവാ ഹെക്കലിന്റെ പ്രസ്താവനയ്ക്കടിസ്ഥാനമായ തെളിവുകൾ ശേഖരിക്കാൻ വേണ്ടി സുന്ദാ ദ്വീപുകളിലേക്ക് പുറപ്പെട്ടു. സുന്ദാദ്വീപുകളിലൊന്നായ സുമാത്രയിൽ ഒരു സംഘം ശിഷ്യന്മാരോടുകൂടി അദ്ദേഹം മണ്ണു കുഴിച്ചു നോക്കാൻ തുടങ്ങി. വളരെ മാസങ്ങളോളം പണിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, എന്തായിട്ടും ദ്യൂബുവാ നൈരാശ്യപ്പെട്ടില്ല. സുമാത്രയിലെ പരീക്ഷണങ്ങൾകൊണ്ട് ഫലമില്ലെന്നു കണ്ടപ്പോൾ അദ്ദേഹം ജാവാദ്വീപിൽ പോയി പരീക്ഷണം തുടർന്നു. അവിടെ അദ്ദേഹം വിജയശ്രീലാളിതനായി. കെൻഡങ്ങ് പർവതത്തിന്റെ അടിവാരത്തിൽ ബെഘ്വാൻ നദിയുടെ തീരങ്ങളിൽ രണ്ടു മൂന്നു പല്ലുകളും ഒരു തുടയെല്ലും വനമാനുഷന്റെ തലയോടിന്റെ ഒരു ഭാഗവും അദ്ദേഹം കണ്ടെത്തി. ഒരു മനുഷ്യന്റേതിനേക്കാളധികം ഒരു കുരങ്ങിന്റേതിനോടായിരുന്നു ആ തുടയ്ക്ക് സാമ്യമുണ്ടായിരുന്നത്. പക്ഷേ, മസ്തിഷ്ക്കത്തിന്റെ വലുപ്പവും മറ്റും സൂക്ഷിച്ചു പരിശോധിച്ചപ്പോൾ അത് ഒരു കുരങ്ങിന്റേതാവാൻ വഴിയില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. തുടയെല്ല് പരിശോധിച്ചപ്പോൾ വനമാനുഷ്യൻ ഇരുകാലിന്മേൽ നിൽക്കാൻ പഠിച്ചുകഴിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇത് തീർച്ചയായും മനുഷ്യനല്ല. പക്ഷേ, കുരങ്ങാണെന്നും പറഞ്ഞുകൂടാ. ദ്യൂബുവാ ഈ ജീവിക്ക് പിത്തക്കാന്ത്രോപ്പസ് ഇറക്റ്റസ് (Pithacanthropus Erectus) അതായത് നിവർന്നുനിൽക്കാൻ കഴിയുന്ന വനമാനുഷൻ, എന്ന പുതിയ പേരിട്ടു. ഈ പൂർവ മനുഷ്യൻ ഏതാണ്ട് പത്തുലക്ഷം കൊല്ലങ്ങൾക്കു മുമ്പാണ് ജീവിച്ചിരുന്നതെന്നും കണക്കാക്കപ്പെട്ടു.

മണ്ണു കുഴിച്ച് ചില എല്ലുകളെടുക്കുക എളുപ്പമാണ്. പക്ഷേ, അവയുടെ സത്യാവസ്ഥ തെളിയിക്കുക അത്ര എളുപ്പമല്ല.

ദ്യൂബുവായുടെ കണ്ടുപിടുത്തം ചോദ്യം ചെയ്യപ്പെട്ടു. നാലുഭാഗത്തുനിന്നും അദ്ദേഹത്തിന്റെമേൽ ശകാരവർഷങ്ങൾ വന്നുവീണു. ദ്യൂബുവാ കണ്ടുപിടിച്ച തലയോട് ‘ഗിബ്ബർ’ എന്ന ഒരുതരം ജീവിയുടേതാണെന്നും തുടയെല്ല് ആധുനിക മനുഷ്യന്റേതാണെന്നും ചിലർ വാദിച്ചു.

വിമർശനങ്ങളേയും ശകാരവർഷങ്ങളേയും പേടിക്കാതെ ദ്യൂബുവാ തന്റെ പരീക്ഷണം തുടർന്നു. ഒരു മുഴുവൻ അസ്ഥികൂടം കണ്ടുപിടിക്കാനദ്ദേഹം പരിശ്രമമാരംഭിച്ചു. അഞ്ചു കൊല്ലക്കാലത്തോളം അദ്ധ്വാനിച്ച് അനേകം എല്ലുകള് സമ്പാദിച്ചു. പക്ഷേ, ആയിരക്കണക്കിലുള്ള എല്ലുകൾക്കിടയിൽ വന്ന മനുഷ്യന്റെ തുടയെല്ലുകൾ മൂന്നെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ!

കൊല്ലങ്ങൾ പിന്നെയും വളരെക്കഴിഞ്ഞു. അതിന്നിടയിൽ മറ്റൊരു ശാസ്ത്രജ്ഞൻ മുന്നോട്ടുവന്നു. ഏതാണ്ട് അര നൂറ്റാണ്ടിനുമുമ്പ് ചൈനയിലെ പീപിങ്ങ് നഗരത്തിലെ ഒരു ഔഷധശാലയിൽ ഒരാൾ കുറച്ചു മരുന്നു വാങ്ങാൻപോയി. പല സാധനങ്ങൾക്കുമിടയിൽ ഒരു വിചിത്രമായ പല്ലു തൂക്കിയിട്ടിരിക്കുന്നത് അദ്ദേഹം കണ്ടെത്തി. അത് മനുഷ്യന്റെയോ മറ്റേതെങ്കിലും ജന്തുവിന്റേയോ എന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഏതായാലും, അദ്ദേഹം അതു വാങ്ങി ‘ചീനപ്പല്ല്’ എന്ന് പേരിട്ട് യൂറോപ്പിലേക്കയച്ചു. ശാസ്ത്രജ്ഞന്മാർക്ക് പുതിയൊരു ചിന്താവിഷയം കിട്ടി.

ഏതാണ്ടിരുപതു കൊല്ലങ്ങൾക്കുശേഷം 1937ൽ പ്രൊഫസർ ഡേവിഡ് സൺ ബ്ലേക്ക് എന്ന കാനഡക്കാരൻ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ പീപ്പിങ്ങിന്നടുത്തുള്ള ചെക്കോതിൽ എന്ന പ്രദേശത്ത് ചില ഗുഹകളിൽ ഖനന വേലകളാരംഭിച്ചു. അതിന്റെ ഫലമായി പിന്നെയും കുറെ ‘ചീനപ്പല്ലുകൾ’ കണ്ടുകിട്ടി. രണ്ടു മൂന്നു കൊല്ലങ്ങൾക്കുള്ളിൽ അവിടെനിന്ന് തന്നെ ആ പല്ലുകളുടെ ഉടമയായ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും ചില തലയോടുകളും കണ്ടെടുക്കപ്പെട്ടു. ഇപ്പോൾ നാമാവശേഷമായിക്കഴിഞ്ഞ ഒരു ജാതി മനുഷ്യരുടെ അവശിഷ്ടങ്ങളാണവയെന്ന് ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കി. ചൈനയിലെ ആ പൂർവികമനുഷ്യന് അവർ ചൈനീസ് വനമാനുഷൻ (Sianthropus) എന്നു പേരിട്ടു.

ചെക്കോതിൻ ഗുഹകളിൽ എല്ലുകൾ മാത്രമല്ല, കല്ലുകൊണ്ടുള്ള അനേകം ആയുധങ്ങളും പുകപിടിച്ച സ്ഥലങ്ങളും കാണപ്പെടുകയുണ്ടായി. ഇതിൽനിന്നൊക്കെ ചൈനീസ് വനമാനുഷൻ കല്ലുകൊണ്ടുള്ള ആയുധങ്ങളുപയോഗിച്ച് മാൻ മുതലായ മൃഗങ്ങളെ കൊന്നു തിന്നിരുന്നുവെന്നും തീയുപയോഗിക്കാൻ പഠിച്ചുകഴിഞ്ഞിരുന്നുവെന്നും അനുമാനിക്കാവുന്നതാണ്.

ജാവയിൽനിന്നും ചൈനയിൽനിന്നും കിട്ടിയ ഈ എല്ലുകൾ കുരങ്ങിനും മനുഷ്യനുമിടയിലുള്ള ഒരുതരം മനുഷ്യജീവിയുടെ അവശിഷ്ടങ്ങളാണെന്ന് ഇപ്പോൾ മിക്കവാറും സമ്മതിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മനുഷ്യൻ കുരങ്ങുജാതിയിൽനിന്നു വികസിച്ചുയർന്നുവന്നതാണെന്ന ഡാർവിനിസ്റ്റ് തത്വം തികച്ചും ശരിയാണെന്നും തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

എന്നാൽ, മനുഷ്യന്റെ ഈ പ്രാകൃതപൂർവ്വികർ ജാവയിലും ചൈനയിലും മാത്രമാണോ നിവസിച്ചിരുന്നത്? അല്ലെന്ന് ശാസ്ത്രജ്ഞന്മാർ ഉറപ്പിച്ചുപറയുന്നു. മേൽപ്പറഞ്ഞ രണ്ടുതരം വനമാനുഷന്മാരുടെ എല്ലുകൾ ഏഷ്യയിൽ നിന്നാണ് കണ്ടുകിട്ടിയതെങ്കിലും ഏഷ്യയിൽ മാത്രമേ ആദിമമനുഷ്യനുണ്ടായിരുന്നുള്ളുവെന്ന് പറയാൻ പാടില്ല, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ വൻകരകളിലെല്ലാം നമ്മുടെ പൂർവികന്മാരായ കുരങ്ങു മനുഷ്യൻ ജീവിച്ചിരുന്നുവെന്നതാണ് വാസ്തവം.

കുരങ്ങുമനുഷ്യനും മനുഷ്യനുമിടയിലുള്ള വേറെയും ചില ഉപമാനുഷന്മാരുടെ അവശിഷ്ടങ്ങൾ ഒന്നിലധികം സ്ഥലങ്ങളിൽനിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഹീഡൽ ബർഗിലെ മൺകുഴിയിൽനിന്ന് കിട്ടിയ താടിയെല്ലും മറ്റും ‘ഹീഡൽബർഗ് മനുഷ്യൻ’ എന്ന പേരിലറിയപ്പെടുന്ന ഒരുതരം മനുഷ്യസത്വത്തിന്റെ അവശേഷങ്ങളത്രേ. ‘നിയാണ്ടർത്താൽ’ എന്ന സ്ഥലത്തുനിന്നു കിട്ടിയ തലയോടുകളും എല്ലുകളും മറ്റും ‘നിയാണ്ടർത്താൽമനുഷ്യൻ’ എന്ന പേരിലറിയപ്പെടുന്ന ഉപമാനുഷന്റെ അവശേഷങ്ങളാണ്. ‘ക്രോമാഗ്നൻ’ എന്ന സ്ഥലത്തെ ഗുഹയിൽനിന്നു കണ്ടെടുത്ത നരകങ്കാളങ്ങൾ കൂടുതൽ ഉയർന്ന ഒരു നിലയെക്കുറിക്കുന്നവയാണ്. അവയ്ക്ക് മനുഷ്യന്റെ അസ്ഥികൂടവുമായി നല്ല സാദൃശ്യമുണ്ട്. ഇങ്ങനെ കുരങ്ങിനും മനുഷ്യനും മദ്ധ്യേ സുദീർഘകാലം നിലനിന്ന പരിവർത്തനദശാസന്ധിയിലെ ജീവികളെന്ന് തീർത്തുപറയാവുന്ന അഞ്ചോ ആറോ ജന്തുവിശേഷങ്ങളുടെ അവശിഷ്ടങ്ങൾ പലേടത്തുനിന്നുമായി കണ്ടുകിട്ടിയിട്ടുണ്ട്.

‘കാണാത്ത കണ്ണികളെ’ വെളിച്ചത്തു കൊണ്ടുവന്ന ഈ അവശിഷ്ടങ്ങളെപ്പറ്റി ജെ. ബി. എസ്. ഹാൾഡേൻ എഴുതുകയാണ്.

‘ഉദ്ദേശം അമ്പതു കൊല്ലങ്ങൾക്കുമുമ്പ് ആവേശഭരിതരായ ഡാർവിൻ പക്ഷക്കാരാണ് മനുഷ്യർ കുരങ്ങുകളുടെ പിന്തുടർച്ചക്കാരാണെന്ന വസ്തുത എല്ലാവർക്കും തെളിയിച്ചുകൊടുക്കാനുതകുന്ന ഒരു കണ്ണുള്ള രൂപത്തിന് ‘കാണാത്തകണ്ണികൾ’ എന്നുപേരിട്ടത്. അതിൽപിന്നെ വിവിധ ഗവേഷകന്മാർ ചുരുങ്ങിയത് ആറു വ്യത്യസ്ത രീതിയിലുള്ള തലയോടുകളും ചിലപ്പോൾ മുഴുവൻ അസ്ഥികൂടങ്ങൾ തന്നെയും കണ്ടെടുത്തിട്ടുണ്ട്. അവയ്ക്ക് ഇന്നു ജീവിച്ചിരിക്കുന്ന ഏത് മനുഷ്യരെക്കാളുമേറെ കുരങ്ങുകളോടാണ് സാമ്യം. ഈ എല്ലുകൾ കുരങ്ങുകളുടേയോ അല്ലെങ്കിൽ മനുഷ്യരുടേയോ എന്നുള്ള ചോദ്യം അവയുടെ ശരീരഘടനയെക്കാളധികം അവയുടെ സ്വഭാവവിശേഷങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ആഹാരസാധനങ്ങൾ ശേഖരിച്ചുതിന്നുന്നതിനുപകരം അവയുടെ ഉൽപാദനം ആരംഭിച്ചിരുന്നു അപ്പോൾ വളർന്നുവരുന്ന ഉല്പാദനരീതിയുടെ പരിഷ്ക്കരണങ്ങളിലൂടെ സംസ്ക്കാര കാലംവരെയെത്തുന്ന ഒരു ദശാഘട്ടമുണ്ടായിരുന്നുവെന്ന് തീർച്ചയാണ്. തീയുണ്ടാക്കുക എന്നത് തീർച്ചയായും ഒരുതരത്തിലുള്ള ഉല്പാദനരീതിയാണ്. ചൈനീസ് വനമാനുഷന്മാർ തീയുണ്ടാക്കിയിരുന്നുവെന്ന് നാം കണ്ടുവല്ലോ.

ഹാൾഡേൻ തുടരുന്നു.

‘ശരീരപ്രകൃതികൊണ്ട് നോക്കുമ്പോൾ കുരങ്ങുകളെന്ന് പറഞ്ഞുകൂടാത്ത മറ്റു ചില തരക്കാർ സ്വഭാവവിശേഷങ്ങളെക്കൊണ്ട് കുരങ്ങുകളായിരുന്നു. ഈ ആദിമ മനുഷ്യരുടെ ശാരീരിക ഘടനയെ സംബന്ധിക്കുന്ന സൂക്ഷ്മതകളിൽ ഞാൻ അത്രയൊന്നും അമ്പരക്കുന്നില്ല. അവരുടെ എല്ലുകളെക്കാളധികം പണിയായുധങ്ങൾ നോക്കിയാലാണ് അവരെപ്പറ്റി കൂടുതൽ പഠിക്കുവാൻ സാധിക്കുക.’
1.5മനുഷ്യന്റെ മുൻഗാമികൾ

ലക്ഷോപലക്ഷം സംവത്സരങ്ങൾക്കു മുമ്പുണ്ടായിരുന്ന കാടുകൾ ഇന്നു കാണുന്ന കാടുകളിൽനിന്നു തീരെ വ്യത്യാസപ്പെട്ടവയാണ്. അവയിലെ വൃക്ഷങ്ങൾ ഇന്നുള്ള വൃക്ഷങ്ങളെ പോലെയായിരുന്നില്ല. അവയിൽ വസിച്ചിരുന്ന ജീവികളും വ്യത്യസ്തങ്ങളായിരുന്നു.

ആ അതിപ്രാചീനകാലത്തു കുരങ്ങുമനുഷ്യൻ അല്ലെങ്കിൽ വനമാനുഷൻ എന്ന പേരിലറിയപ്പെടുന്ന സവിശേഷരീതിയിലുള്ള ഒരുതരം കുരങ്ങുകളുണ്ടായിരുന്നു. ഒരു മരത്തിൽനിന്നു മറ്റൊരു മരത്തിലേക്ക് ചാടിക്കൊണ്ടും കായ്കനികൾ പറിച്ചു തിന്നുകൊണ്ടും അവർ ജീവിച്ചു. പെൺകുരങ്ങുകൾ പഴങ്ങൾ ശേഖരിച്ചു തങ്ങളുടെ മാറോടു പറ്റിക്കിടക്കുന്ന കുട്ടികളെ തീറ്റും. മുതിർന്ന കുട്ടികൾ അമ്മയുടെ കാൽ പിടിച്ചുകൊണ്ടും തുള്ളിച്ചാടും. അവർ കൂട്ടംകൂട്ടമായിട്ടാണ് ജീവിച്ചത്. കൂട്ടത്തിന്റെ തലവൻ മുമ്പിൽ നടക്കും. മറ്റുള്ളവരെല്ലാം വഴിയാലെ, ഇത്തരം വനമാനുഷന്മാർ ഇന്നു ജീവിച്ചിരിക്കുന്നില്ല, എന്നാൽ ഈ വനമാനുഷന്മാരിൽനിന്നാണ് മനുഷ്യനും ചിമ്പാൻസി, ഗോറില്ല, ഒറാങ്ങ്ടാങ്ങ് മുതലായ വാനരവിശേഷങ്ങളും ഉത്ഭവിച്ചത് എന്നു ശാസ്ത്രജ്ഞന്മാർ തെളിയിച്ചിരിക്കുന്നു.

ചിമ്പാൻസികളും മനുഷ്യരും തമ്മിൽ ബന്ധമുണ്ടെന്നു ശാസ്ത്രജ്ഞന്മാർ തീർത്തുപറയുന്നു. പക്ഷേ, ഇതിനർത്ഥം ചിമ്പാൻസിയും മനുഷ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നല്ല, തീർച്ചയായും വ്യത്യാസങ്ങളുണ്ട്. ചിമ്പാൻസിയുടെ ശരീരഘടനയും മനുഷ്യന്റെ ശരീരഘടനയും ഒരുപോലെയല്ല. ചിമ്പാൻസിയെ സൂക്ഷിച്ചു നോക്കിയാൽ ഇതു മനസിലാവും. അതിന്റെ തല മനുഷ്യന്റേതിനേക്കാൾ ചെറുതാണ്. വായ്നിറച്ചും പല്ലുണ്ട്. നാവിളക്കാൻ വേണ്ടത്ര സ്ഥലമില്ലാത്തതുകൊണ്ട് എത്ര പഠിപ്പിച്ചാലും അതിനു സംസാരിക്കാനാവില്ല. ഇങ്ങനെ പല വ്യത്യാസങ്ങളും കാണാൻ കഴിയും. അപ്പോൾ പരിണാമവാദത്തിന്റെ അർത്ഥം എല്ലാ കുരങ്ങുകളിൽ നിന്നും മനുഷ്യൻ പെറ്റുവീഴുമെന്നല്ല. ഒരേ ജാതി കുരങ്ങുകളിൽ നിന്നാണ് ചിമ്പാൻസിയും മനുഷ്യനും ഉത്ഭവിച്ചത് എന്നു മാത്രമേ ശാസ്ത്രജ്ഞന്മാർ പറയുന്നുള്ളൂ.

നമ്മുടെ പൂർവികന്മാരായ ആ മനുഷ്യക്കുരങ്ങുകൾ തങ്ങളുടെ ശത്രുക്കളായ വ്യാഘ്രങ്ങളിൽനിന്നും മറ്റു ഹിംസ്രജന്തുക്കളിൽ നിന്നും രക്ഷനേടുന്നതിന് അധികസമയവും മരക്കൊമ്പുകളിലാണ് കഴിച്ചുകൂട്ടിയത്. കാടുകളായിരുന്നു അവരുടെ വീടുകൾ. മരങ്ങളിൽനിന്നു കിട്ടുന്ന കായും കനികളുമായിരുന്നു അവരുടെ ഭക്ഷണം. ഭൂമിയിലിറങ്ങി വരേണ്ട ആവശ്യംതന്നെ അവർക്കുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോൾ പ്രകൃതിക്കു തന്നെയും അതിപ്രധാനമായ പല മാറ്റങ്ങളും സംഭവിച്ചു. വടക്കുനിന്നു മഞ്ഞിൻ പർവതങ്ങൾ പൊട്ടിയുരുകി തെക്കോട്ടൊഴുകാൻ തുടങ്ങി, കാടുകളിൽ കഠിനമായ ശൈത്യം പരന്നുപിടിച്ചു. ഈ കൊടും തണുപ്പിനെ തടുത്തുനിൽക്കാൻ കഴിയാത്ത മരങ്ങളെല്ലാം നശിച്ചുപോയി. അതോടൊപ്പം കാട്ടിലെ നിവാസികളും നീങ്ങാൻ നിർബന്ധരായി. ആനയുടെ മുൻഗാമിയായ മാസ്ട്രോഡൻ എന്ന മൃഗം ഈ ഘട്ടത്തിലത്രേ നാമാവശേഷമായത്. വാളുപോലെയുള്ള മുഖത്തോടുകൂടിയ ഒരുതരം വ്യാഘ്രങ്ങളും ഭൂമുഖത്തുനിന്ന് അന്തർദ്ധാനംചെയ്തു. വനമാനുഷന്മാരുടെ കഥയോ? അവരിൽ പലരും ഓടി രക്ഷപ്പെട്ടു. അതോടുകൂടി മരക്കൊമ്പുകളിലുള്ള താമസം മിക്കവാറും അവസാനിച്ചു.

മരത്തിൽനിന്ന് താഴെയിറങ്ങി ജീവിക്കാൻ തുടങ്ങിയപ്പോൾ വനമാനുഷന്റെ ശരീരഘടനക്കു മാറ്റം നേരിട്ടു. മരം ചാടുന്നസമയത്ത് പാരച്യൂട്ടിന്റെ പങ്ക് വഹിച്ചിരുന്ന വാലിന്റെ ഉപയോഗം കുറഞ്ഞുപോയി. എന്നല്ല, ശത്രുക്കളുടെ ആക്രമണവേളകളിൽ വാൽ ഹാനികരമാകുകകൂടി ചെയ്തു. അങ്ങനെ ഉപയോഗശൂന്യമായിത്തീർന്ന് വാൽ ആയിരമായിരം കൊല്ലങ്ങൾക്കിടയിൽ മെല്ലെ അന്തർദ്ധാനം ചെയ്തു.

ജീവിതരീതി മാറിയതോടെ വനമാനുഷന്റെ ശരീരഘടന മാറി, മുഖാകൃതി മാറി, സ്വഭാവവിശേഷങ്ങൾ മാറി. ചുരുക്കത്തിൽ വനമാനുഷനിൽ നിന്ന് വ്യത്യസ്തനായ മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. അതോടൂകൂടിയാണ് ചരിത്രം ആരംഭിക്കുന്നത്.

ഒരർത്ഥത്തിൽ മൃഗങ്ങൾക്കും ചരിത്രമുണ്ട്. അവയുടെ ഉത്ഭവത്തിന്റെയും വികാസത്തിന്റെയും ചരിത്രം. പക്ഷേ, ആ ചരിത്രത്തിന്റെ നിർമാണത്തിൽ അവയ്ക്ക് ബോധപൂർവമായ യാതൊരു പങ്കുമില്ല. മനുഷ്യന്റെ സ്ഥിതി വ്യത്യസ്തമാണ്. മനുഷ്യൻ ആരംഭം മുതലേ ചരിത്രത്തെ തനിക്കനുകൂലമായി രൂപപ്പെടുത്താൻ ശ്രമിക്കുന്നു. മൃഗലോകത്തിൽ നിന്നകലുംതോറും മനുഷ്യന് ചരിത്രത്തിലുള്ള ബോധപൂർവമായ പങ്കു വർദ്ധിച്ചുകൊണ്ടുതന്നെ വരുന്നു.

വനമാനുഷന്മാർ പ്രധാനമായും പരിതഃസ്ഥിതികളിൽ നിന്നു കിട്ടുന്നവ മാത്രം ശേഖരിച്ചു ഭക്ഷിച്ചാണുപജീവനം കഴിച്ചിരുന്നത്. ഉപജീവനത്തിനുവേണ്ടിയുള്ള ഈ പരിശ്രമത്തിനിടയിലാണ് ഭക്ഷണസമ്പാദനത്തിനായി കൈകളെ നീക്കിവെക്കാനവർക്ക് കഴിഞ്ഞത്. മരക്കൊമ്പുകളിൽ പാർത്തിരുന്ന കാലത്തുതന്നെ അവർ പഴങ്ങൾ പറിക്കാനും മറ്റും കൈകൾ ഉപയോഗപ്പെടുത്തിയിരുന്നു. ഒരു പടികൂടി കടക്കട്ടെ കൈകൾക്കു സഹായകമായി മരക്കഷണങ്ങളോ ചുള്ളിക്കൊമ്പുകളോ കല്ലുകളോ ഉപയോഗിക്കാൻ തുടങ്ങുകയായി. അവർ കല്ലിൻ കഷണങ്ങൾകൊണ്ട് ബദാം മുതലായവ കുത്തിപ്പൊട്ടിച്ചു തിന്നാൻ പറിച്ചു. വടികഷണങ്ങൾകൊണ്ട് കുത്തിക്കുഴിച്ച് കിഴങ്ങുകളെടുത്തു ഭക്ഷിക്കാൻ ശീലിച്ചു. പുറ്റുകൾ തോണ്ടി പുഴുക്കളെയെടുത്തുതിന്നാനും ഇങ്ങനെ ആഹാരസാമഗ്രികൾ കൂടി കൊണ്ടുവന്നു. അതോടൊപ്പം കൈകൊണ്ടുള്ള ഉപയോഗവും വർദ്ധിച്ചു. ക്രമത്തിൽ പിൻകാലുകളിൽ നിൽക്കാനും കഷ്ടിച്ചുനടക്കാനും പഠിച്ചതോടുകൂടി മുമ്പിലുള്ള രണ്ടു കാലുകൾ അതായത് കൈകൾ തികച്ചും പ്രകൃതിയുമായുള്ള വ്യവഹാരങ്ങൾക്കായി നീക്കിവെയ്ക്കാമെന്നായി.

ആദ്യമൊക്കെ പ്രകൃതിദത്തമായ ഉപകരണങ്ങളെ യാതൊരു രൂപഭേദവും വരുത്താതെ കിട്ടിയപാടിൽ ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. പക്ഷേ, അധികം കഴിയുന്നതിനുമുമ്പ് അവയെ ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താമെന്നായി. അങ്ങനെ പ്രകൃതി നൽകുന്ന ആഹാരസാധനങ്ങൾ സംഭരിച്ച് ജീവിക്കുന്നതിനുപകരം അവർ ക്രമത്തിൽ ഉല്പാദനോപകരണങ്ങളുപയോഗിച്ച് പ്രകൃതിയുമായി പടവെട്ടി ആവശ്യമുള്ളതു നേടാൻ തുടങ്ങി. പ്രകൃതിക്ക് പരിപൂർണമായി കീഴടങ്ങിയിരുന്ന മൃഗം മെല്ലെ മെല്ലെ തന്റെ ഉപകരണങ്ങളെ പരിഷ്കരിച്ചു പരിഷ്ക്കരിച്ച് പ്രകൃതിയെ കുറേശെ കീഴടക്കാൻ തുടങ്ങുകയും അങ്ങനെ മനുഷ്യത്വത്തിലേക്ക് കാലെടുത്തുവെക്കുകയും ചെയ്തു. കൊല്ലാനും, രക്ഷിക്കാനും, ഭക്ഷണം സമ്പാദിക്കാനും പാർപ്പിടം നിർമിക്കാനും സഹായിക്കുന്ന ഈ പുതിയ ആയുധങ്ങളാണ് —പുതിയ ജീവിതോപകരണങ്ങളാണ് —വാസ്തവത്തിൽ മനുഷ്യനെ മൃഗത്തിൽനിന്ന് പരിപൂർണമായി വേർതിരിക്കുന്നത്. മാർക്സും എംഗൽസും കൂടിയെഴുതിയ ജർമൻ ആശയഗതി (German Ideology) എന്ന പുസ്തകത്തിൽ ഇങ്ങനെപറയുന്നു.

‘ജീവസന്ധാരണത്തിനുള്ള’ ഉപകരണങ്ങളെ ഉല്പാദിപ്പിക്കാൻ തുടങ്ങിയതുമുതൽക്കാണ് മനുഷ്യൻ മൃഗത്തിൽനിന്ന് വ്യത്യസ്തമായ പ്രാണിയാവാൻ തുടങ്ങിയത്. തന്റെ ശരീരഘടനയെ നിലനിർത്താൻ മനുഷ്യന് അവയാവശ്യമായിരുന്നു. യാതൊരളവിലാണോ മനുഷ്യൻ തന്റെ ജീവിതായോധനോപകരണങ്ങളെ ഉൽപാദിപ്പിക്കുന്നത് അപ്രത്യക്ഷഭാവത്തിൽ, ശരിക്കതേ അളവിലാണ് അവൻ തന്റെ യഥാർത്ഥ ജീവിതത്തെ രൂപവൽക്കരിക്കുകയും ഉയർത്തുകയും ചെയ്തത്. ജീവസന്ധാരണത്തിനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ, കുടിക്കാൻ വെള്ളം, പാർക്കാനിടം, ഉടുക്കാൻ തുണി മുതലായവയാണ്. അതിനാൽ ചരിത്രത്തിന്റെ ഒന്നാമത്തെ പ്രവൃത്തി ഈയാവശ്യങ്ങളെ നേടുവാനുള്ള ഉപകരണങ്ങളുണ്ടാക്കുകയാണ്. അതോടൊപ്പമാണ് മനുഷ്യന്റെ യഥാർത്ഥ ജീവിതമാരംഭിക്കുന്നത്. ഈ ചരിത്രസംഭവമാണ് മനുഷ്യചരിത്രത്തിന്റെ മുഴുവൻ മൗലികമായ പ്രേരണാശക്തി’.

മാർക്സ് മറ്റൊരിടത്ത് പറയുന്നു:

‘പ്രവൃത്തിക്കുള്ള ഉപകരണങ്ങളുണ്ടാക്കി ഉപയോഗിക്കുക എന്നത്, ചില വർഗത്തിൽപ്പെട്ട ജന്തുക്കളിൽ ബീജരൂപത്തിൽ കാണാമെങ്കിലും, മനുഷ്യന്റെ യന്ത്രങ്ങൾക്ക് വിശേഷാലുള്ള പ്രത്യേകതയാണത്. അതുകൊണ്ടത്രേ ഫ്രാങ്ക്ലിൻ മനുഷ്യനെ പണിയായുധങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്ന മൃഗം എന്ന് നിർവചിച്ചിരിക്കുന്നത്. നാമാവശേഷമായ ചിലതരം ജന്തുക്കളുടെ സ്വരൂപം നിർണയിക്കുന്നതിന് മണ്ണടിഞ്ഞ എല്ലിൻകഷ്ണം എത്രമാത്രം ഉപകരിക്കുമോ, അത്രതന്നെ പ്രാധാന്യമേറിയതാണ് നാമാവശേഷമായ സമുദായങ്ങളുടെ സാമ്പത്തിക സ്വരൂപം നിർണയിക്കുന്ന കാര്യത്തിൽ കഴിഞ്ഞുപോയ കാലത്തെ മനുഷ്യരുടെ പണിയായുധങ്ങൾ പരിശോധിക്കുക എന്നതും. ഏതെല്ലാം സാധനങ്ങളുണ്ടാക്കപ്പെടുന്നത് എന്നുള്ളതല്ല, അവയെ എങ്ങനെയുണ്ടാക്കുന്നു, ഏത് പണിയായുധങ്ങളുപയോഗിച്ചുണ്ടാക്കുന്നു എന്നുള്ളതാണ് വിവിധ സാമ്പത്തികദശകളെ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത്. മനുഷ്യപ്രയത്നം പ്രാപിച്ചിരിക്കുന്ന അഭിവൃദ്ധിയുടെ നിലവാരമളന്നു നോക്കാൻ പണിയായുധങ്ങൾ ഒരു മാനദണ്ഡമായിത്തീരുന്നു എന്നുമാത്രമല്ല, മനുഷ്യപ്രയത്നം നടത്തിയിട്ടുള്ളത് ഏതേതു സാമൂഹ്യ പരിതഃസ്ഥിതികളിലാണ് എന്നുകൂടി ഈ പണിയായുധങ്ങൾ ചൂണ്ടിക്കാട്ടിത്തരുന്നു.’

1.6മൃഗത്തിൽനിന്ന് മനുഷ്യനിലേക്ക്

പരിണാമത്തിന്റെ ഗതിക്രമത്തിനിടയിൽ ജീവികളുടെ ശരീരഘടനയ്ക്ക് മാത്രമല്ല മാറ്റമുണ്ടാകുന്നത്. അവയും ബാഹ്യപരിതഃസ്ഥിതികളും തമ്മിലുള്ള ബന്ധങ്ങളിലും പരിവർത്തനങ്ങളുണ്ടാകുന്നു. കുരങ്ങിൽനിന്നു മനുഷ്യനിലേക്കുള്ള പരിവർത്തനത്തോടൊപ്പം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലും മാറ്റമുളവായി. പ്രകൃതിക്ക് പരിപൂർണമായി കീഴടങ്ങിക്കഴിയുന്നതിനുപകരം മനുഷ്യൻ കുറേശെക്കുറേശെയായി പ്രകൃതിയെ തന്റെ ആവശ്യങ്ങൾക്കനുസരിച്ച് രൂപഭേദപ്പെടുത്താൻ തുടങ്ങി. ഈ പുതിയ ജീവിതരീതിയാണ് മനുഷ്യന്റെ ഞരമ്പുകളിലും തലച്ചോറിലും സ്വഭാവവിശേഷങ്ങളിലും പരിവർത്തനങ്ങളുണ്ടാക്കിയത്.

നാല് കാലിന്മേൽ നടന്നിരുന്ന മൃഗം രണ്ട് കാലിൻമേൽ നിവർന്നുനിൽക്കാനും മുൻകാലുകൾ കൈകളാക്കി ഉപയോഗിക്കാനും തുടങ്ങിയതോടുകൂടിയാണ് മനുഷ്യൻ രംഗപ്രവേശം ചെയ്തത്. ഈ പരിണാമത്തെ നിർണയിച്ചത് ജീവസന്ധാരണത്തിനുവേണ്ടിയുള്ള അദ്ധ്വാനമാണ്. അപ്പോൾ മനുഷ്യനെ സൃഷ്ടിച്ചത് എന്നുപറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

നിവർന്നു നിൽക്കാറായതോടുകൂടി സ്വതന്ത്രങ്ങളായിത്തീർന്ന കൈകൾ മറ്റു പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്നായി —കൈകൾകൊണ്ട് ആയുധങ്ങളും അദ്ധ്വാനോപകരണങ്ങളും നിർമ്മിക്കാമെന്നായി.

കുരങ്ങുകളും ചിലപ്പോഴൊക്കെ പിൻകാലുകളിൽ നിൽക്കാറുണ്ട്, പക്ഷേ, സ്ഥിരമായി പിൻകാലുകളുപയോഗിക്കുകയും കൈകൾ മറ്റു പ്രവർത്തനങ്ങൾക്കായി ഒഴിച്ചുനിർത്തുകയും ചെയ്യാൻ അവയ്ക്ക് കഴിയുന്നില്ല. എല്ലായ്പോഴും പിൻകാലുകൾ കൊണ്ടുമാത്രം നടക്കുകയും മുൻകാലുകൾ എന്നുവെച്ചാൽ, കൈകൾ സ്വതന്ത്രമായി മറ്റു പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്ത ഒന്നാമത്തെ ജീവി മനുഷ്യനാണ്.

നാലുകാലുള്ള മൃഗം പ്രകൃതിയിൽനിന്ന് കിട്ടുന്നതെടുത്ത് അനുഭവിച്ചുകൊണ്ട് ജീവിക്കുന്നു. മനുഷ്യനാകട്ടെ, തന്റെ കൈകളുപയോഗിച്ചുകൊണ്ട് ആവശ്യമായ സാമഗ്രികൾ സ്വയം നിർമിക്കുന്നു. മഴ പെയ്യുമ്പോൾ, അല്ലെങ്കിൽ കൊടുങ്കാറ്റുണ്ടാകുമ്പോൾ, മൃഗം ഗുഹകളെയോ കാടുകളെയോ അഭയം പ്രാപിക്കുകയാണ് ചെയ്യുന്നത്. മനുഷ്യനോ? സ്വന്തം കൈകൊണ്ട് വീടുകെട്ടിയുണ്ടാക്കി രക്ഷനേടുന്നു. മൃഗം തന്റെ ശത്രുക്കളിൽനിന്ന് രക്ഷപെടാൻ ഓടിയൊളിക്കുന്നു. അല്ലെങ്കിൽ സ്വന്തം നഖങ്ങളോ പല്ലുകളോ ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്നു. മനുഷ്യൻ സ്വന്തം കൈകൊണ്ട് ആയുധം നിർമിച്ച് ശത്രുക്കളോട് പൊരുതുന്നു.

അപ്പോൾ, മനുഷ്യന്റെ കൈകൾ വെറും അദ്ധ്വാനത്തിനുള്ള ഉപകരണങ്ങൾ മാത്രമല്ല, അദ്ധ്വാനോപകരണങ്ങൾ നിർമിക്കാനുള്ള ഉപകരണങ്ങൾ കൂടിയാണ്. അദ്ധ്വാനത്തിലൂടെ പുതിയ പുതിയ പ്രവർത്തനങ്ങളിലൂടെയും കൈകൾ മെല്ലെ മെല്ലെ വികസിക്കാൻ തുടങ്ങുന്നു. എല്ലുകളും മാംസപേശികളും ഉറയ്ക്കുന്നു. അങ്ങനെ ഓരോ തലമുറ കഴിയുംതോറും കൈകളുപയോഗിക്കാനുള്ള കരുത്തും വൈദഗ്ദ്ധ്യവും വളരുന്നു.

നിവർന്നുനിൽക്കാനും നടക്കാനും പഠിക്കുന്നതോടുകൂടി കൈകളിൽ മാത്രമല്ല, മറ്റവയവങ്ങളിലും മാറ്റങ്ങളുണ്ടാകുന്നു. കാലുകളുറയ്ക്കുന്നു. നട്ടെല്ല് നിവരുന്നു. നാഡികളും മാംസപേശികളും പുഷ്ടിക്കപ്പെടുന്നു. ബോധശക്തിയുടെ വളർച്ചക്കാവശ്യമായ ശരീരഘടനയും നാഡീബലവും ഉറച്ചുവരുന്നു. ശ്വാസകോശങ്ങളും ശബ്ദനാളങ്ങളും വികസിക്കുന്നു. വായ്ക്കുള്ളിൽ നാവിളക്കാൻ കൂടുതൽ ഇടമുണ്ടായിത്തീരുന്നു. നാവിനുതന്നെയും മാറ്റങ്ങളുണ്ടാകുന്നു. അങ്ങനെ, ഈ മാറ്റങ്ങളുടെയെല്ലാം ഫലമായി മനുഷ്യൻ മെല്ലെ മെല്ലെ സംസാരിക്കാനുള്ള കഴിവുനേടുന്നു.

ഭൗതിക ജീവിതത്തിന്റെ ആവശ്യങ്ങൾ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളേയും വർദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി മസ്തിഷ്കത്തിൽ ചില പുതിയ ജീവകോശങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ചിന്തിക്കാനുള്ള ശക്തി ക്രമത്തിലാണെങ്കിലും വർദ്ധിച്ചുകൊണ്ടുവരുന്നു. ജടിലവും സങ്കീർണവുമായ ജീവകോശങ്ങളുടെ പ്രവർത്തനങ്ങൾ ഏറിയേറി വരുന്നതിന്റെ തോതിൽ മസ്തിഷ്കത്തിന്റെ വലിപ്പവും വർദ്ധിക്കുന്നു. പിത്തക്കാന്ത്രപ്പസിന്റെ തലയേക്കാൾ നിയാണ്ടർത്താലിന്റെയും തലയും നിയാണ്ടർത്താലിന്റെ തലയേക്കാൾ മനുഷ്യന്റെ തലയും വലുതായിക്കാണുവാനുള്ള കാരണം മറ്റൊന്നുമല്ല.

അപ്പോൾ മനുഷ്യന്റെ പ്രവർത്തനങ്ങൾക്കെന്നപോലെ മനുഷ്യമനസിനും ഒരു ചരിത്രമുണ്ട്. ആദിമമനുഷ്യന്റെ മനസ് പ്രാകൃതവും പരിമിതവുമായിരുന്നു. പ്രകൃതിയുമായുള്ള സമ്പർക്കങ്ങളും സംഘട്ടനങ്ങളുമാണ് മനുഷ്യമനസിനെ ശക്തിപ്പെടുത്തിയതും തെളിയിച്ചതും. പ്രകൃതിയിൽനിന്ന് ബോധപൂർവം ജീവിതോപകരണങ്ങൾ സമ്പാദിക്കുന്നതിന്റെ തോതനുസരിച്ച് മനുഷ്യന്റെ മനസും പരിപുഷ്ടമായിക്കൊണ്ടുവരുന്നു. ജീവിതസമരം മുന്നോട്ട് പോകുന്തോറും പുതിയ പുതിയ ആശയങ്ങളും വികാരാവേശങ്ങളും ഉൽഭവിക്കുകയും വളരുകയും ചെയ്തുകൊണ്ടുപോകുന്നു.

അപ്പോൾ, മനുഷ്യമനസിന്റെ സവിശേഷതയായ ചിന്താശക്തി പ്രകൃതിയിൽനിന്നും രൊക്കം കിട്ടിയതല്ല, പ്രത്യുത സ്വന്തം പ്രവർത്തനങ്ങളിലൂടെ മനുഷ്യൻ നയിച്ചുനേടിയതാണ്. മറ്റേതൊരു ജീവിക്കുമില്ലാത്ത വിശേഷബുദ്ധിയും വിപാകതയും മനുഷ്യനു കൈവരാനുള്ള കാരണവും വേറെ യാതൊന്നുമല്ല.

മനുഷ്യേന്ദ്രിയങ്ങളേക്കാൾ മറ്റുചില ജീവികളുടെ ഇന്ദ്രിയങ്ങൾക്കു സൂക്ഷ്മത കൂടുമെന്നുള്ളതു വാസ്തവമാണ്. ഉദാഹരണത്തിന്, മനുഷ്യന്റെ കണ്ണിനേക്കാൾ ദൂരത്തുള്ള വസ്തുക്കളെ കണ്ടെത്താനുള്ള കഴിവ് കഴുകന്റെ കണ്ണിനുണ്ട്. പക്ഷേ, കാണപ്പെടുന്ന വസ്തുക്കളിലടങ്ങിയ കാര്യങ്ങളെ മനുഷ്യൻ മനസിലാക്കുന്നതുപോലെ മനസിലാക്കാൻ കഴുകന് ശക്തിയില്ല. നായക്ക് മണത്തറിയുവാനുള്ള ശക്തി മനുഷ്യനുള്ളതിനേക്കാൾ തീവ്രമാണ്. എന്നാൽ, അതിന് വസ്തുവെപ്പറ്റിയുള്ള ജ്ഞാനം മനുഷ്യനുള്ളത്ര വ്യാപകമല്ല. ഇതൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ വികാസത്തെയും അനുഭവവേദ്യമായ വളർച്ചയേയുമല്ലേ കാണിക്കുന്നത്?

1.7ഭാഷ

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾക്ക് ഭാഷയുടെ ആവശ്യമില്ല. മനുഷ്യനും മനുഷ്യനും തമ്മിൽ ബന്ധമുണ്ടെങ്കിലേ ആശയവിനിമയം ആവശ്യമായിത്തീരൂ. വന്യമൃഗങ്ങളേയും മറ്റു ശത്രുക്കളേയും നേരിടുന്നതിനും ഉൽപാദനം നടത്തുന്നതിനും കൂട്ടായ ജീവിതം ആവശ്യമായിരുന്നു. കൂട്ടായ ജീവിതത്തിന്റെ ഫലമായിട്ടാണ് പരസ്പരം സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടതാവശ്യമായിത്തീർന്നത്.

മാർക്സ് എഴുതുന്നു.

‘ഉൽപാദനം നടത്തുന്നതിനിടയ്ക്ക് മനുഷ്യൻ പ്രകൃതിയെ മാത്രമല്ല രൂപഭേദപ്പെടുത്തുന്നത്. അവൻ തന്നെത്തന്നെയും മാറ്റിമറിക്കുന്നു. ഒരു സവിശേഷരീതിയിൽ സഹകരിച്ചുനിന്നു. തങ്ങളുടെ അദ്ധ്വാനഫലങ്ങളെ പരസ്പരം കൈമാറിയും മാത്രമേ മനുഷ്യർക്ക് ഉൽപാദനം നടത്താൻ കഴിയുകയുള്ളൂ. ഉൽപാദനം നടത്തുവാനായി അവർ വ്യക്തമായ ചില പരസ്പരബന്ധങ്ങളിലേർപെടുന്നു. ഈ പരസ്പര ബന്ധങ്ങളുടെ പരിധിക്കകത്തു നിന്നുകൊണ്ടു മാത്രമേ അവർ പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നുള്ളു. ഉൽപാദിപ്പിക്കുന്നുള്ളൂ’.

അപ്പോൾ, ആദ്യം മുതൽക്കേ മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സമുദായത്തിലാണ് മനുഷ്യൻ ജനിക്കുന്നതും ജീവിക്കുന്നതും. ആദിമകാലത്തെ പ്രാകൃതങ്ങളും അപരിഷ്കൃതങ്ങളുമായ ഉപകരണങ്ങൾകൊണ്ട് ഹിംസ്രമൃഗങ്ങൾക്കിടയിൽ പ്രതികൂലമായ പ്രകൃതിയോടെതിരിട്ടുകൊണ്ട് ഒറ്റയ്ക്കൊറ്റക്ക് ജീവിക്കുക സാദ്ധ്യമായിരുന്നില്ല. മനുഷ്യന് പ്രകൃതിയോടെതിരിടാനുള്ള ശക്തി നൽകിയത് സാമൂഹ്യ ജീവിതമാണ്.

സാമൂഹ്യജീവിതം മനുഷ്യനിൽ അത്ഭുതകരമായ പല പരിവർത്തനങ്ങളുമുണ്ടാക്കി. കൂട്ടായ ഉല്പാദനവും കൂട്ടായ ജീവിതവും തുടരണമെങ്കിൽ സമുദായത്തിലെ വ്യക്തികൾ തമ്മിൽ തമ്മിലുള്ള ബന്ധം ഒഴിച്ചുകൂടാത്തതാണല്ലോ. ഈ സാമൂഹ്യബന്ധം മനുഷ്യന്റെ അവയവങ്ങളിലും മസ്തിഷ്കത്തിലും മാറ്റങ്ങളുളവാക്കി. സാമൂഹ്യാവശ്യങ്ങളെ നേരിടണമെങ്കിൽ നാവും ശബ്ദനാളങ്ങളും വികസിച്ചേ മതിയാവൂ എന്നായി, ക്രമത്തിൽ ഒന്നിനുശേഷം മറ്റൊന്നായി പലതരം അക്ഷരങ്ങളും പുറപ്പെടാൻ തുടങ്ങി. ഇങ്ങനെയാണ് ഭാഷയാവിർഭവിച്ചത്.

ആദിമമനുഷ്യൻ പുറപ്പെടുവിച്ച ശബ്ദങ്ങൾക്ക് ഭാഷയെന്നു പറയാൻ വയ്യ. ഉൽപാദനത്തിനുവേണ്ടി മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ വളരാൻ തുടങ്ങിയപ്പോൾ മാത്രമാണ് ആ ശബ്ദങ്ങൾ ആശയവിനിമയത്തിനുള്ള ഭാഷയായി രൂപാന്തരപ്പെട്ടത്.

മൃഗങ്ങളും ശബ്ദം പുറപ്പെടുവിക്കാറുണ്ട്. പക്ഷേ, അതുഭാഷയല്ല, മൃഗങ്ങളുടെ ശബ്ദവും മനുഷ്യന്റെ ഭാഷയും തമ്മിൽ അതിപ്രധാനമായ ഒരു വ്യത്യാസമുണ്ട്. മൃഗങ്ങളുടെ ശബ്ദം അവയുടെ ശരീരഘടനയേയും ജീവശാസ്ത്ര സംബന്ധിയായ ഗതിക്രമങ്ങളേയും മാത്രമാണാശ്രയിച്ചിരിക്കുന്നത്. നേരെമറിച്ച്, മനുഷ്യന്റെ ഭാഷ രൂപപ്പെടുന്നത് സാമൂഹ്യജീവിതത്തിന്റെ ഫലമായിട്ടാണ്. സാമൂഹ്യജീവിതമാണ് ഭാഷയുടെ ഉൽപത്തിയേയും വളർച്ചയേയും നിർണയിക്കുന്നത്. അതുകൊണ്ട്, മനുഷ്യന്റെ ഭാഷ മൃഗങ്ങളുടെ ശബ്ദത്തിൽ നിന്നു നേരിട്ടു വികസിച്ചുണ്ടായതാണെന്ന ചില ഭാഷാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം ശരിയല്ല. മനുഷ്യരുടെ കൂട്ടായ അദ്ധ്വാനവും പരസ്പരം ആശയവിനിമയം നടത്താനുള്ള ഒരുപകരണത്തിന്റെ ആവശ്യകതയുളവാക്കിയപ്പോൾ മാത്രമാണ് ഭാഷയാവിർഭവിച്ചത്.

ഭാഷയുടെ സഹായത്തോടുകൂടിയുള്ള ആശയവിനിമയം മനുഷ്യന്റെ എല്ലാ ജ്ഞാനേന്ദ്രിയങ്ങളെയും വികസിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരാൾ എന്തെങ്കിലും പറഞ്ഞാൽ മറ്റുള്ളവർക്ക് അത് കേട്ടു മനസിലാക്കാൻ സാധിക്കണം. പറയുന്നതുകേട്ടു മനസിലാക്കാൻ സാധിക്കത്തക്കവണ്ണം ശ്രവണേന്ദ്രിയത്തിന്റെ വികാസമാകട്ടെ, മസ്തിഷ്കത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പരസ്പരം സംസാരിക്കുകയും സംസാരിക്കുന്നതു കേൾക്കുകയും ചെയ്യുന്നതിന്റെ ഫലമായി മനുഷ്യന്റെ മസ്തിഷ്കം പുഷ്ടിപ്പെടുന്നു. ചിന്താശക്തി വളരുന്നു.

മനുഷ്യന്റെ തലച്ചോറിനകത്തു നടക്കുന്ന മാനസിക പ്രവർത്തനത്തിനാണ് നമ്മൾ ചിന്ത എന്നു പറയുന്നത്. ഭൗതികപദാർത്ഥത്തിന്റെ ഉയർന്നതും കെട്ടുപിണഞ്ഞതുമായ ഒരു രൂപമാണിത്. തലച്ചോറിന്റെയും നാഡീപടലങ്ങളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സാമൂഹ്യാനുഭവങ്ങളിലൂടെയാണ് ചിന്ത നിലകൊള്ളുകയും വികസിക്കുകയും ചെയ്യുന്നത്. അതുകൊണ്ട് മനുഷ്യന്റെ ചിന്താഗതി തലച്ചോർ എന്ന അവയവവിശേഷത്തെ മാത്രമല്ല, സാമൂഹ്യാനുഭവങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഭാഷയുടെ ഉപയോഗം ഈ സാമൂഹ്യാനുഭവങ്ങളെ മേൽക്കുമേൽ വളർത്താൻ സഹായിക്കുന്നു. ഭാഷയുടെ സഹായത്തോടുകൂടിയുള്ള സാമൂഹ്യജീവിതമാണ് മാനസിക പ്രവർത്തനങ്ങളെ രൂപപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. ഇങ്ങനെ മനുഷ്യന്റെ മാനസികവും ബുദ്ധിപരവുമായ വളർച്ചയെ സഹായിക്കുകയും അതുവഴി സാമൂഹ്യപ്രവർത്തനങ്ങളെ കൂടുതൽ സുഗമമാക്കുകയും ചെയ്യുന്ന ഒരുപാധിയാണ് ഭാഷ. മറ്റൊരുവിധം പറഞ്ഞാൽ സാമൂഹ്യപുരോഗതി ഭാഷയുടെ വളർച്ചയെ സഹായിക്കുന്നതുപോലെ, ഭാഷയുടെ വളർച്ച സാമൂഹ്യപുരോഗതിയേയും സഹായിക്കുന്നു.

മനുഷ്യസമുദായത്തിന്റെ ഉൽഭവത്തോടുകൂടിത്തന്നെ ഭാഷയുടെ പ്രാഥമികരൂപങ്ങളും ഉൽഭവിക്കുന്നു. സമുദായത്തിന്റെ വളർച്ചയോടൊപ്പം ഭാഷയും വളരുന്നു. മെല്ലെമെല്ലെ, ഭാഷയുടെ സങ്കീർണതകളും വൈചിത്ര്യങ്ങളും വർദ്ധിക്കുന്നു. പുതിയ പുതിയ വാക്കുകൾ പ്രയോഗത്തിൽ വരുന്നു. ശബ്ദകോശങ്ങളും വ്യാകരണനിയമങ്ങളും അലങ്കാര ശാസ്ത്രങ്ങളും മറ്റു സവിശേഷതകളും ആവിർഭവിക്കുന്നു. ഈ വളർച്ചയുടെയും മാറ്റങ്ങളുടെയുമെല്ലാം അടിസ്ഥാനം മനുഷ്യൻ തന്റെ സാമൂഹ്യ ജീവിതത്തിന്റെ ഒരുപകരണമെന്ന നിലയ്ക്ക് ഭാഷയെ ഉപയോഗിക്കാൻ തുടങ്ങുന്നുവെന്നതാണ്.

ബുദ്ധിശക്തിയുടെയും ഭാഷയുടെയും വികാസം മനുഷ്യജീവിതത്തിന്റെ കാഠിന്യത്തെ ലഘൂകരിച്ചു. കയ്യിന്റെ വളർച്ച, മനുഷ്യനെ പണിയായുധങ്ങളുണ്ടാക്കുന്ന ജീവിയാവാൻ സഹായിച്ചതുപോലെ, ഭാഷവഴിക്കുണ്ടായ മനോവികാസം മനുഷ്യനെ ആശയം നിർമിക്കുന്ന ജീവിയാവാൻ സഹായിച്ചു. ഇന്ദ്രീയോപകരണങ്ങളുടെ സഹായത്തോടുകൂടി ചുറ്റുപാടുകളോടുള്ള പോരാട്ടത്തിൽ, കൂടുതൽ കൂടുതൽ വിജയം നേടാൻ മനുഷ്യനു കഴിവുണ്ടായിത്തീർന്നു. ഇപ്രകാരമത്രേ ലക്ഷോപലക്ഷം കൊല്ലങ്ങളുടെ വികാസഫലമായി മനുഷ്യൻ ഭൗതികവും മാനസികവുമായ ഉപകരണങ്ങളുമായി ജീവിതയാത്രയാരംഭിച്ചത്.

1.8കല്ലുകളും ലോഹങ്ങളും

ഏറ്റവും പ്രാചീനങ്ങളായ ആയുധങ്ങൾ സാധാരണ കല്ലിൽ നിന്നും മരക്കഷണങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. അതിനാൽ അവയുടെ അവശിഷ്ടങ്ങൾ ഗവേഷകന്മാർക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിയാൻ കഴിയുന്ന ഏറ്റവും അപരിഷ്കൃതങ്ങളായ കല്ലുകൾ ആയുധങ്ങളായി ഉപയോഗിച്ചിരുന്ന കാലത്തിന് പ്രാകൃത ശിലായുഗം എന്നുപറയുന്നു. പിന്നീട് അത്തരം കല്ലായുധങ്ങൾ കൊത്തി ശരിപ്പെടുത്തുകയും മുന കൂർപ്പിക്കുകയും ചെയ്തു. മനുഷ്യന്റെ ജീവിതായോധന ശ്രമങ്ങൾ ഒരടികൂടി മുന്നോട്ടുവച്ചു. ഈ കാലത്തിനത്രേ പ്രാചീന ശിലായുഗമെന്ന് പറയുന്നത്. ഈ കാലഘട്ടത്തിന്റെ കലാശമാവുമ്പോഴേക്കും കല്ലുകൊണ്ടുള്ള കഠാരികളും കുന്തങ്ങളും ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, ഈ പരിവർത്തനപ്രവാഹം അവിടെയും നിന്നില്ല. ആയുധങ്ങൾ പിന്നെയും പരിഷ്കരിച്ചു. ഏറ്റവും പരിഷ്ക്കരിച്ച ഇത്തരം ആയുധങ്ങളുടെ കാലത്തിന് —ഒരു പതിനായിരം കൊല്ലങ്ങൾക്കുമുമ്പായിരിക്കണം അതാരംഭിച്ചത് —അഭിനവ ശിലായുഗം എന്നുപറയുന്നു. ആയുധങ്ങൾ പരിഷ്കരിക്കുന്ന പണി അവിടെവച്ചവസാനിച്ചുവോ? ഇല്ല, കുറെക്കൂടി കഴിഞ്ഞപ്പോൾ മനുഷ്യൻ ലോഹങ്ങളുപയോഗിക്കാൻ തുടങ്ങി. ചെമ്പ്, പിത്തള, ഓട് മുതലായ ലോഹങ്ങൾ കൊണ്ടുള്ള ആയുധങ്ങളും പലതരം വീട്ടുസാമാനങ്ങളും പ്രചാരത്തിൽവന്നു. പിന്നീട് ക്രമത്തിൽ ഇരുമ്പു കണ്ടുപിടിക്കപ്പെട്ടു.

ആയുധങ്ങൾ നിർമിക്കാനാവശ്യമായ കല്ലുകൾ ആദ്യമൊക്കെ ഭൂമിയിൽനിന്നു പെറുക്കിയെടുക്കുകയാണ് ചെയ്തിരുന്നത്. വേണ്ടത്ര കല്ലു കിട്ടാതായപ്പോൾ ഭൂമിയിൽനിന്നു കുഴിച്ചെടുക്കേണ്ടിവന്നു. എന്നിട്ടും ചിലപ്പോൾ ആവശ്യമുള്ളത്ര കല്ലുകൾ തഞ്ചത്തിനു കിട്ടിയില്ലെന്നുവരും. കല്ലിന്റെ ക്ഷാമം പരിഹരിക്കാൻ വേണ്ടിയോ അല്ലെങ്കിൽ കൂടുതൽ ഫലപ്രദമായ വല്ല ആയുധങ്ങളും സമ്പാദിക്കാൻ വേണ്ടിയോ പരിശ്രമിക്കുന്നതിനിടയ്ക്കായിരിക്കണം ചെമ്പു കണ്ടെത്തിയത്. പച്ചനിറത്തിലുള്ള ചെമ്പ് അടിച്ചുപരത്തി ആവശ്യമുള്ള ഉപകരണങ്ങൾ നിർമിക്കാമെന്നു മനുഷ്യൻ മനസിലാക്കി. പരീക്ഷണങ്ങൾക്കിടയിൽ യാദൃച്ഛികമായി ചെമ്പുരുക്കി നോക്കിയപ്പോൾ കിട്ടിയ ചുവന്നതും ഭംഗിയുള്ളതുമായ ലോഹം പ്രാകൃതമനുഷ്യനെ അത്ഭുതപരതന്ത്രനാക്കിയിട്ടുണ്ടാവണം. ലോഹംകൊണ്ട് പലതരത്തിലുള്ള ആയുധോപകരണങ്ങൾ ഉണ്ടാക്കാമെന്നവർ കണ്ടുപിടിച്ചു. ഉൽപാദനോപകരണങ്ങളിലുണ്ടായ ഈ പരിഷ്കരണം മനുഷ്യന്റെ ജീവിതരീതിയേയും പരിഷ്കരിച്ചു. ഒടുവിൽ ഇരുമ്പു കയ്യിൽ കിട്ടിയതോടെ മനുഷ്യൻ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ശക്തനായിത്തീർന്നു.

പ്രാചീനശിലായുഗം, അഭിനവശിലായുഗം, ലോഹയുഗം എന്നിങ്ങനെ മനുഷ്യചരിത്രത്തെ വിഭജിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, കൊല്ലങ്ങളുടെ മാറ്റങ്ങളെയല്ല, പ്രത്യുത അദ്ധ്വാനരീതിയിലുണ്ടാകുന്ന മാറ്റങ്ങളെയാണ് ഇവ കാണിക്കുന്നത് എന്നു മനസിലാക്കിവെയ്ക്കണം.

കല്ലുകൊണ്ടും മരം കൊണ്ടുമുള്ള കേവലം അപരിഷ്കൃതമായ ആയുധങ്ങളുടെ സഹായത്തോടുകൂടി ആദിമമനുഷ്യൻ കൂട്ടംകൂട്ടമായി ഇരതേടിനടന്നു. മരക്കൊമ്പുകളിൽ കഴിച്ചു കൂട്ടിയിരുന്ന പൂർവിക മനുഷ്യൻ കാട്ടിന്റെ നിയമങ്ങളെ ലംഘിച്ചുകൊണ്ടു പുറത്തുവരികയായി. കായ്കനികൾ മാത്രം തിന്നു കഴിഞ്ഞുകൂടിയിരുന്നവർക്കിപ്പോൾ മൃഗങ്ങളെ കൊന്നുതിന്നാനുള്ള കഴിവ് കൈവന്നു. പക്ഷേ, മൃഗങ്ങളെ പിടിക്കുക എളുപ്പമുള്ള പണിയായിരുന്നില്ല. ചിലപ്പോൾ ദിവസത്തിൽ 24 മണിക്കൂറും ഇരയന്വേഷിച്ച് അലഞ്ഞ് ഒടുവിൽ നിരാശരായി മടങ്ങിപ്പോകേണ്ടിവരും.

1.9പ്രകൃതിയോടുള്ള വെല്ലുവിളി

അങ്ങനെയിരിക്കുമ്പോൾ വീണ്ടുമൊരിക്കൽ മഞ്ഞുരുകി പ്രവഹിക്കാൻ തുടങ്ങി. ഉഗ്രമായ ആ ഹിമപ്രവാഹത്തിൽ പർവ്വതശിഖരങ്ങൾ ഇടിഞ്ഞുവീണു. ഭൂമിയുടെ ഹൃദയത്തിൽ വലിയ പിളർപ്പുകൾ പ്രത്യക്ഷപ്പെട്ടു. വടക്കുനിന്നു തെക്കോട്ടേയ്ക്കുള്ള ആ പ്രവാഹത്തിന്റെ തെളിവുകൾ യൂറോപ്പിൽ പലേടങ്ങളിലും ഇന്നും കാണാവുന്നതാണ്. അസഹനീയമായ ആ ഹൈമയുഗത്തിന്റെ സാക്ഷികളായ അസ്ഥികൂടങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. തണുപ്പിനോടെതിരിടാൻ വയ്യാത്ത ജന്തുവിശേഷങ്ങൾ —ചില സമുദ്രജീവികൾപോലും —നാമാവശേഷമായി. തണുപ്പിന്റെ ആഘാതമേൽക്കാൻ കെൽപില്ലാത്ത മരങ്ങളും മണ്ണടിഞ്ഞുപോയി. മനുഷ്യനോ? മനുഷ്യവംശം മുഴുവനും നശിക്കുകയില്ല പലരും വലിയ മരങ്ങളിൽ കയറിക്കൂടി രക്ഷപ്പെട്ടു. തണുത്തുവിറച്ചുകൊണ്ടും അവർ വൃക്ഷശാഖകളിൽ കഴിച്ചുകൂട്ടി.

തണുപ്പിന്റെ മുമ്പിൽ എന്നെന്നും തല കുനിക്കേണ്ട ആവശ്യമില്ലാത്തവിധം മനുഷ്യൻ അത്രയ്ക്ക് വളർന്നുകഴിഞ്ഞിരുന്നു. ഒരു കരടിയെങ്ങാനും കൊല്ലാൻ കഴിഞ്ഞാൽ മതി അതിന്റെ തോലെടുത്തു പുതയ്ക്കാം. വേണമെങ്കിൽ തീയുണ്ടാക്കാനും അവർ പഠിച്ചുകഴിഞ്ഞിരുന്നു.

സിനന്ത്രോപ്പസ് മനുഷ്യന്റെയും, നിയാണ്ടർത്താൽ മനുഷ്യന്റെയും കാലത്തുതന്നെ തീയിന്റെ ഉപയോഗം മനസിലാക്കിക്കഴിഞ്ഞിരുന്നു. അഗ്നിപർവ്വതങ്ങളുടെ പൊട്ടിത്തെറിക്കലിൽ നിന്നോ കാട്ടുമരങ്ങൾ തമ്മിൽ കൂട്ടിയുരുമ്മുമ്പോഴുണ്ടാകുന്ന കാട്ടുതീയിൽ നിന്നോ കല്ലുകൾ തമ്മിൽ കൂട്ടിമുട്ടിയാലുണ്ടാകുന്ന തീപ്പൊരിയിൽ നിന്നോ ആയിരിക്കണം ആദ്യമായി തീ കണ്ടെത്തിപ്പിടിച്ചത്. പിന്നീട് ആവശ്യമുള്ളപ്പോഴൊക്കെ തീയുണ്ടാക്കാൻ സാധിക്കുമെന്നായി. തണുപ്പുകാലത്ത് ഇതു വലിയൊരനുഗ്രഹമായിത്തീർന്നു.

ഏതായാലും ശൈത്യപ്രവാഹത്തിനു ശേഷം കാട്ടിൽ പാർക്കേണ്ട ആവശ്യമില്ലെന്നു മനുഷ്യൻ തീരുമാനിച്ചു. വേട്ടയാടി ജീവിക്കാനവൻ പഠിച്ചുകഴിഞ്ഞു. ക്രമത്തിൽ ഭക്ഷണസാധനങ്ങളുടെ കൂട്ടത്തിൽ മാംസത്തിന് ഏറ്റവും വലിയ സ്ഥാനം ലഭിച്ചു. ആയുധങ്ങൾ പരിഷ്കരിക്കുന്നതിന്റെ തോതനുസരിച്ച് വേട്ടയ്ക്കുള്ള സൗകര്യങ്ങളും വർദ്ധിച്ചു. കാട്ടിനു തൊട്ടടുത്തുള്ള സമതലപ്രദേശങ്ങളിൽ മേഞ്ഞുനടക്കുന്ന മാൻ, കാട്ടുപോത്ത് മുതലായ മൃഗങ്ങൾ ക്രമത്തിൽ മനുഷ്യന്റെ ഭക്ഷണസാമഗ്രിയായിത്തീർന്നു. മനുഷ്യർ കൂട്ടംകൂട്ടമായി മൃഗങ്ങളെയന്വേഷിച്ചും നടന്നു. ഒരു മൃഗത്തെയെങ്ങാനും കൊല്ലാൻ കിട്ടിയാൽ അതിന്റെ ഇറച്ചിയിൽ ഒരു പങ്കുകിട്ടിയേടത്തുവെച്ചു തന്നെ അവർ തിന്നും. ശേഷിച്ച ഇറച്ചിയും അരുമപ്പെട്ട എല്ലുകളുമെടുത്ത് അവർ വാസസ്ഥലത്തേക്ക് മടങ്ങിപ്പോകും. അവിടെ വെച്ചു ശേഷിച്ച ഇറച്ചിതിന്ന് എല്ലുകൾ തല്ലിപ്പൊളിച്ച് അതിനുള്ളിലെ മജ്ജ അവർ കടിച്ചീമ്പും.

തീയിന്റെ ഉപയോഗം കണ്ടുപിടിച്ചശേഷം മൃഗങ്ങളെ പച്ചയോടെ കടിച്ചുതിന്നുന്നതിനുപകരം വേവിച്ചു തിന്നുകയാണ് നല്ലതെന്ന് അവർ മനസിലാക്കി.

ചിലപ്പോൾ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, പേമഴ, തണുപ്പ് എന്നിവയെന്തെങ്കിലുമുണ്ടാവും. ഇത്തരം പ്രകൃതി കോലാഹലങ്ങളിൽ നിന്നു രക്ഷപ്പെടാൻവേണ്ടി മനുഷ്യർ ഗുഹകളിൽ പാർപ്പാക്കി. ഗുഹകൾക്കുള്ളിൽ അവർ തീയുപയോഗിക്കും. തണുപ്പുമാറ്റാനും ഇരുട്ടകറ്റാനും, പ്രാചീനമനുഷ്യന്റെ ജീവിതയാത്രയ്ക്ക് സാക്ഷ്യം വഹിക്കുന്ന ചില പ്രാകൃതശിലായുധങ്ങൾ ഗുഹകളിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഗുഹാവാസിയായ മനുഷ്യന്റെ പ്രധാനജീവിതമാർഗം വേട്ടയാടിയായിരുന്നുവെന്ന് ഈ ആയുധങ്ങൾ തെളിയിക്കുന്നു. പിന്നീട് ഗുഹയുപേക്ഷിക്കപ്പെട്ടുവെങ്കിലും കൽക്കരി, പുക, എല്ലുകൾ, ആയുധോപകരണങ്ങൾ മുതലായ അവശിഷ്ടങ്ങൾ തിന്നു മനുഷ്യൻ വളരെക്കാലം ഗുഹകളിൽ കഴിച്ചുകൂട്ടുകയുണ്ടായെന്നു ന്യായമായി അനുമാനിക്കാം. ശിക്കാരികളായ പ്രാചീനമനുഷ്യരുടെ വാസസ്ഥലങ്ങളിൽ നിന്ന് നാനാതരത്തിലുള്ള മൃഗങ്ങളുടെ എല്ലുകൾ കണ്ടുകിട്ടിയിട്ടുണ്ട്. അവയിലൊന്ന്, മാമ്മത്ത് (Mammoth) എന്ന ഭീകരമൃഗത്തിന്റെയാണ്. തോക്കുകളും മറ്റും അജ്ഞാതമായിരുന്ന ആ അതിപ്രാചീനകാലത്ത് കൂർത്ത കല്ലായുധങ്ങൾ മാത്രമുപയോഗിച്ചു മാമത്തിനെപ്പോലെയുള്ള കൂറ്റൻ ജീവികളെ കൊന്നുതിന്നാൻ മനുഷ്യനു സാധിച്ചതെങ്ങനെയാണ്? മനുഷ്യൻ ഒറ്റയ്ക്ക് ശ്രമിച്ചാൽ മാമത്തിനോടെതിരിടുക തീർച്ചയായും സാധ്യമായിരുന്നില്ല. പക്ഷേ, മനുഷ്യൻ ഒറ്റയ്ക്ക് ഒറ്റയ്ക്കല്ല കൂട്ടംകൂട്ടമായിട്ടാണ് വസിച്ചിരുന്നത്. കൂട്ടംകൂട്ടമായിട്ടാണ് പ്രകൃതിയുടെ പ്രതികൂലശക്തികൾക്കെതിരായി അവർ യുദ്ധംവെട്ടിയത്. കൂട്ടംകൂട്ടമായി ആയുധങ്ങളുണ്ടാക്കുക, കൂട്ടംകൂട്ടമായി കത്തിച്ചുപിടിച്ച ചൂട്ടുകളോടുകൂടി വേട്ടയ്ക്കു പോകുക, കൂട്ടംകൂട്ടമായി ഭക്ഷിക്കുകയും ജീവിക്കുകയും ചെയ്യുക, സംഘബലമായിരുന്നു മനുഷ്യന്റെ യഥാർത്ഥബലം.

മൈക്കൽ ഇലിൻ എഴുതുന്നു: ‘ഒരു മാമത്തിനെ കണ്ടാൽ ഉടനെ മനുഷ്യർ കൂട്ടംചേർന്ന് തീയുമെടുത്ത് അതിന്റെ പിന്നാലെ പായാൻ തുടങ്ങും. അവർ അതിന്റെ പിന്നാലെകൂടി അതിനെ ചളിയും വെള്ളവും നിറഞ്ഞ സ്ഥലങ്ങളിലേക്കെത്തിക്കും. മാമത്തിനെപ്പോലത്തെ ഒരു വലിയ ജന്തു ചളിയിൽ കുടുങ്ങിയാലത്തെ സ്ഥിതിയെന്തെന്നൂഹിക്കാമല്ലോ. ഒരു കാൽ ചളിയിൽ നിന്നു വലിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മറ്റേകാൽ കൂടുതൽ പൂഴ്ന്നുപോകും. ഈ സമയത്ത് മനുഷ്യർക്കതിനെ ഇഷ്ടംപോലെ കൊല്ലാൻ സാധിക്കും. പക്ഷേ, ഒരു ബുദ്ധിമുട്ടുണ്ട്. അതിനെ വലിച്ചുകൊണ്ടുവരുന്നതെങ്ങനെയാണ്? ആവശ്യമാണെങ്കിൽ അതിന്റെ കഷണങ്ങൾ വെട്ടിമുറിച്ചു ചളിയിൽനിന്നു കൊണ്ടുവരും. പത്തോ പതിനഞ്ചോ ആളുകൾ ഒന്നിച്ചുചേർന്ന് ആഹ്ലാദത്തോടെ ആർത്തുവിളിച്ചുകൊണ്ട് മാമത്തിന്റെ അവയവങ്ങൾ ഓരോന്നായി മുറിച്ചുകൊണ്ടുവരും. ആ സമയത്ത് അവരുടെ ആനന്ദം കാണേണ്ടതുതന്നെയാണ്’.

കല്ലുകളും മരംകൊണ്ടുള്ള ഗദകളും ഉൽപാദനോപകരണം വേവിച്ചതോ വേവിക്കാത്തതോ ആയ മത്സ്യമാംസാദികളും ഫലമൂലാദികളും ഭക്ഷണം. തണുപ്പിൽനിന്നു രക്ഷപെടാൻ മൃഗത്തോലുകളും ഗുഹകളും, സ്ത്രീപുരുഷന്മാർ ഇഷ്ടംപോലെ വികാരസംതൃപ്തിക്കായി മാത്രം നടത്തുന്ന ലൈംഗികബന്ധം; ചായയില്ല, കാപ്പിയില്ല, കൃഷിയില്ല, വളർത്തുമൃഗങ്ങളില്ല, മതമില്ല, ഈശ്വരനില്ല, സ്ക്കൂളുകളില്ല, പള്ളികളില്ല, സാഹിത്യമില്ല, സംസ്കാരമില്ല, ആയിരമായിരം സംവത്സരങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ആദിമമനുഷ്യരുടെ ജീവിതരീതിയെ വലിയ യന്ത്രങ്ങളുടെയും തീവണ്ടിയുടെയും ആകാശവിമാനങ്ങളുടെയും റേഡിയോവിന്റെയും സോഷ്യലിസ്റ്റ് ഭരണവ്യവസ്ഥകളുടെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും സാർവലൗകിക ബന്ധങ്ങളുടെയും ഈ അഭിനവയുഗത്തിൽ നിന്നുകൊണ്ടു നോക്കിക്കാണുന്നത് തീർച്ചയായും രസകരവും വിജ്ഞാനപ്രദവുമായ ഒരു വിനോദമാണ്. കല്ലിൻതുണ്ടുകളും മറ്റു പ്രാകൃതമായ ആയുധങ്ങളും ഉപയോഗിച്ചുകൊണ്ട് ജീവിതായോധനത്തിനിറങ്ങിയ ആദിമമനുഷ്യൻ കണക്കിലധികം വിഷമിച്ചിട്ടുണ്ടാവണം. മൃഗങ്ങളോ കായ്കനികളോ തഞ്ചത്തിനു കയ്യിൽ കിട്ടിയാൽ ഭക്ഷിക്കാം. ഇല്ലെങ്കിൽ പട്ടിണി. ആഹാരസമ്പാദനത്തിനുവേണ്ടി മാത്രം ചുറ്റിത്തിരിയുക എന്നല്ലാതെ മറ്റൊരു വിഷയത്തിലും ശ്രദ്ധചെലുത്താനുള്ള സാദ്ധ്യതയോ സൗകര്യമോ അവർക്കുണ്ടായിരുന്നില്ല. അജ്ഞാതവും അപ്രതിരോദ്ധ്യവുമായ പ്രകൃതി അനുനിമിഷം അവരെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

പക്ഷേ, എന്തായിട്ടും അവർ നൈരാശ്യപ്പെട്ടില്ല. പ്രകൃതി നിയമങ്ങൾക്കെതിരായി അവർ പോരാടി.

കാട്ടുപോത്ത്, മാമത്ത് മുതലായ മൃഗങ്ങളെ വേട്ടയാടിയിരുന്ന ആദിമനിവാസികളുടെ വാസസ്ഥലങ്ങളിൽ നിന്നു പ്രധാനമായി രണ്ടു തരത്തിലുള്ള ശിലായുധങ്ങളാണ് കണ്ടുകിട്ടിയിട്ടുള്ളത്. ഒന്ന് ചെറുതും മറ്റേത് വലുതും. വലുതു ത്രിഭുജാകൃതിയിലുള്ളതും ഇരുതലയും മൂർച്ചയുള്ളതുമാണ്. മറ്റേതു നേരിയതും ഒരു തലമാത്രം മൂർച്ചയുള്ളതുമത്രേ. ആസ്ട്രേലിയയിലെ ആദിമനിവാസികളുടെയിടയിൽ നടത്തിയ അന്വേഷണങ്ങളിൽ നിന്നു ഈ വ്യത്യസ്തരീതിയിലുള്ള ആയുധങ്ങളുടെ ഉപയോഗം ഏറെക്കുറെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. വലിയ ആയുധം മൃഗങ്ങളെ കൊല്ലാനും ചെറുതു മറ്റു ചില്ലറ പ്രവൃത്തികൾക്കുമാണ് ഉപയോഗിക്കപ്പെട്ടിരുന്നത്.

ക്രമത്തിൽ മനുഷ്യൻ കുന്തമുപയോഗിക്കാൻ പഠിച്ചു. അതിനുമുമ്പൊക്കെ വലിയ മൃഗങ്ങളെ കൊല്ലാൻ വല്ലാത്ത വിഷമമായിരുന്നു, ഒരു കരടിയെക്കണ്ടെത്തിയാൽ മിക്കപ്പോഴും മനുഷ്യൻ ഓടിക്കളയുകയായിരുന്നു പതിവ്. കാരണം കല്ലുളികൊണ്ട് കരടിയെ എതിർക്കുക എളുപ്പമല്ല. എന്നാൽ ഒരു തല മൂർച്ചയുള്ള കല്ലോടുകൂടിയ കുന്തം കയ്യിൽ കിട്ടിയപ്പോൾ മനുഷ്യന്റെ ശക്തി വർദ്ധിച്ചു. കരടിയെക്കണ്ടാൽ പേടിച്ച് പായാതെ അതിനെ നേരിടുമെന്നുള്ള മട്ടായി. രണ്ടു കാലിൽ നിന്നുകൊണ്ട് കരടി മനുഷ്യനെ എതിർക്കാൻ വട്ടംകൂട്ടുമ്പോഴേക്കും അതിന്റെമേൽ മൂർച്ചയേറിയ കുന്തം വന്നുവീഴും. പെട്ടെന്നു ചുറ്റുവട്ടത്തുനിന്നും മനുഷ്യൻ ചാടിവീണ് അതിന്റെ പണി കഴിക്കും.

കാട്ടുകുതിര, കരടി മുതലായ കൂറ്റൻ മൃഗങ്ങളെ വേട്ടയാടാൻ കൂടുതൽ ബുദ്ധിമുട്ടായിരുന്നു. കനമേറിയ കുന്തത്തിനുപകരം കനംകുറഞ്ഞ കുന്തമുണ്ടെങ്കിൽ മൃഗങ്ങളെ ദൂരത്തുനിന്നു എറിഞ്ഞു മുറിവേല്പിക്കാം. വടിയുടെ തലയ്ക്കൽ എല്ലുവെച്ചു പിടിപ്പിച്ചുണ്ടാക്കിയ കുന്തങ്ങൾ ഈ ആവശ്യത്തിനുപകരിച്ചു. ആയുധങ്ങൾ പരിഷ്കരിക്കുന്തോറും വേട്ടയാടൽ കൂടുതൽ കൂടുതൽ എളുപ്പമുള്ളതായിത്തീർന്നു. ഒടുവിൽ വില്ലുമമ്പും ഉപയോഗത്തിൽ വന്നതോടെ മനുഷ്യന്റെ ശക്തി മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത മട്ടിൽ വർദ്ധിച്ചു. അപ്പോഴേയ്ക്കും മനുഷ്യന്റെ ജീവിതയാത്ര അനേകലക്ഷം കൊല്ലങ്ങളെ പിന്നിട്ടുകഴിഞ്ഞിരുന്നു. കുന്തവും അമ്പും കാഴ്ചയിൽ സാദൃശ്യമുള്ളവയാണ്. അവയുടെ കണ്ടുപിടുത്തങ്ങൾക്കിടയിൽ ആയിരമായിരം സംവത്സരങ്ങളുടെ ദൂരം കിടപ്പുണ്ടെന്നു വിസ്മരിക്കരുത്.

ഉപകരണങ്ങൾ മാറിയതോടെ മനുഷ്യന്റെ വാസസ്ഥലവും മാറി. എല്ലാ സമയവും ഗുഹയിൽ കഴിച്ചുകൂട്ടുന്നതു എത്രത്തോളം അസുഖമാണെന്ന് അവർ അനുഭവിച്ചറിഞ്ഞു. ഗുഹക്കുള്ളിൽ ഒരുഭാഗത്ത് അടുപ്പുകൂട്ടി തീ കത്തിക്കുക, മറ്റൊരു ഭാഗത്തു കുട്ടികളെ കിടത്തിയുറക്കുക, എല്ലായ്പോഴും പുകയിലും അന്ധകാരത്തിലും കഴിച്ചുകൂട്ടുക —ഇതൊരു തൃപ്തികരമായ ജീവിതമായിരുന്നില്ല. അതിനാലവൻ പർവത പ്രദേശങ്ങളിൽ, തുറന്ന സ്ഥലത്ത് പ്രാകൃതമായ കുടിലുകൾ കെട്ടി പാർക്കാൻ തുടങ്ങി.

ഇതിനിടയ്ക്കു തന്നെ മനുഷ്യൻ തീ കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. ശരീരത്തിൽ ചൂടുപിടിപ്പിച്ച് തണുപ്പിൽനിന്നു രക്ഷനേടുക, ഹിംസ്രമൃഗങ്ങളെ ആട്ടിയോടിക്കുക, കാടുവെട്ടി ചുടുക, മാംസം ചുട്ടെടുക്കുക മുതലായവയെല്ലാമായിരുന്നു ആദ്യകാലത്തു തീയിന്റെ ഉപയോഗങ്ങൾ. കാലക്രമത്തിനു മനുഷ്യൻ തീയിന്റെ സഹായത്തോടെ പ്രകൃതി വസ്തുക്കളെ രൂപപ്പെടുത്തി ഉപയോഗിക്കാൻ പഠിച്ചു. അവൻ പാത്രങ്ങളുണ്ടാക്കി.

ആദ്യമൊക്കെ മരംകൊണ്ടുള്ള പാത്രങ്ങളത്രെ ഉപയോഗിച്ചിരുന്നത്. തീ തട്ടുമ്പോൾ കത്തിപ്പോകാതിരിക്കാൻ വേണ്ടി അവയുടെ പുറത്തു മണ്ണുപൂശും. ക്രമത്തിൽ മരത്തിന്റെ സഹായമില്ലാതെതന്നെ മണ്ണുകൊണ്ടുള്ള പാത്രങ്ങളുണ്ടാക്കി ഉപയോഗിക്കാമെന്ന് അവർ മനസ്സിലാക്കി.

ക്രമത്തിൽ ജീവിതസൗകര്യങ്ങൾക്കുതകുന്ന പലതരം വീട്ടുസാമാനങ്ങളും അവനുണ്ടാക്കാൻ പഠിച്ചു. അവൻ വസ്ത്രമുണ്ടാക്കിയുടുക്കാൻ ശീലിച്ചു. ആദിമമനുഷ്യൻ തണുപ്പിൽ നിന്നു തടി രക്ഷപെടുത്താൻ വേണ്ടി മൃഗത്തോൽ പുതയ്ക്കുകയത്രേ ചെയ്തിരുന്നത്. കാലക്രമത്തിലാണവൻ വസ്ത്രങ്ങളുണ്ടാക്കാൻ പഠിച്ചത്. അതുതന്നെ കൈത്തറികൊണ്ടല്ല. ഒരു നീണ്ട ചട്ടക്കൂടിനുള്ളിൽ നൂൽ നീട്ടികെട്ടി അതിനിടയിൽ വിലങ്ങനെ മേലും കീഴുമായി ചെറിയ ചെറിയ നൂൽ കെട്ടിപ്പിടിപ്പിച്ചിട്ടായിരുന്നു. കൈത്തറിനെയ്ത്തു പ്രചാരത്തിൽ വന്നതു പിന്നെയും വളരെക്കാലം കഴിഞ്ഞതിനുശേഷമാണ്.

അങ്ങനെ മനുഷ്യൻ പടിപടിയായി പുരോഗതിയിലൂടെ മുന്നേറാൻ തുടങ്ങി.

1.10പ്രാകൃത ചിന്ത

മനുഷ്യനെ കൂട്ടംകൂട്ടമായി ജീവിക്കാൻ പ്രേരിപ്പിച്ചതു നീതിബോധമോ മതമോ അല്ല നേരെമറിച്ച് ജീവിതോപകരണങ്ങൾക്കുള്ള ഉല്പാദനവ്യവസ്ഥയാണ്. ഉല്പാദനോപകരണങ്ങൾ കേവലം പ്രാകൃതമായിരുന്ന ആ കാലത്തു കൂട്ടായ ജീവിതമുണ്ടായിരുന്നില്ലെങ്കിൽ മനുഷ്യനു ജീവസന്ധാരണം തന്നെ അസാദ്ധ്യമാകുമായിരുന്നു.

ഈ പ്രാകൃതമായ ജീവിതമൽസരങ്ങൾ ആദിമമനുഷ്യനെ ഒരേയൂഥത്തിൽ കൂട്ടിയിണക്കി. കുട്ടികൾ അച്ഛനമ്മമാരുടെ കൂടെയിരിക്കും. മക്കളും മക്കളുടെമക്കളും സഹോദരീസഹോദരന്മാരുമെല്ലാം ഒന്നിച്ചു താമസിക്കും. ജീവിതായോധനത്തിൽ തഴക്കവും പഴക്കവും ചെന്ന കാരണവന്മാർ ചെറുപ്പക്കാർക്കു ആയുധങ്ങളുണ്ടാക്കേണ്ടതെങ്ങനെയെന്നും വേട്ടയാടേണ്ടതെങ്ങനെയെന്നും പഠിപ്പിച്ചുകൊടുക്കും. അതുകൊണ്ടു ജീവിക്കണമെങ്കിൽ കാരണവന്മാരുടെ, അല്ലെങ്കിൽ പൂർവികന്മാരുടെ, കല്പനകളനുസരിക്കണമെന്നൊരു വിശ്വാസം എല്ലാവരിലും ഊന്നിയുറച്ചു. കല്പന തെറ്റി നടക്കുന്നവർക്ക് ആപത്തുവരാനിടയുണ്ട്. അതിനാൽ പൂർവപുരുഷനെ ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്യുക എന്നത് ആദിമമനുഷ്യരുടെയിടയിൽ സർവസാധാരണമായ ഒരു നിയമമായിത്തീർന്നു.

മതചിന്തകളിലും തത്വശാസ്ത്രഗവേഷണങ്ങളിലും ഏർപ്പെടുവാൻ ആദിമമനുഷ്യർക്ക് സാദ്ധ്യമായിരുന്നില്ല. കക്ഷിപൂരണത്തിനുവേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്നവർക്ക് തത്വശാസ്ത്ര ചിന്തകളിലേർപ്പെടുവാൻ ഒഴിവും കഴിവുമെവിടെ? ഒഴിവുസമയമില്ലാത്തവർ എങ്ങനെ വിജ്ഞാന ഗവേഷണങ്ങളിലേർപ്പെടും? വാസ്തവത്തിൽ, മനുഷ്യന്റെ ജീവിതരീതിയാണ്, പരിതഃസ്ഥിതികളുടെ നശീകരണസ്വഭാവങ്ങളിൽ നിന്നു സ്വയം രക്ഷനേടാൻ വേണ്ടിയുള്ള സാമ്പത്തികജീവിത സമരങ്ങളാണ്, അവന്റെ ചിന്തകളുടെ സ്വഭാവത്തെ നിർണയിച്ചുപോന്നിട്ടുള്ളത്. പ്രാകൃതമനുഷ്യന്റെ ചിന്തകളിൽ ഈശ്വരനിടമുണ്ടായിരുന്നില്ല. സർവജ്ഞായ ദൈവത്തെപ്പറ്റിയല്ല, ഭക്ഷണത്തിനാവശ്യമായ മൃഗങ്ങളെപ്പറ്റിയാണ് അവർ എല്ലായ്പ്പോഴും ചിന്തിച്ചിരുന്നത്. പ്രകൃതിനിയമങ്ങളെപ്പറ്റി അവനൊന്നും അറിഞ്ഞുകൂടായിരുന്നു. തങ്ങൾക്കു വേട്ടയും മറ്റും പഠിപ്പിച്ചുതന്ന പൂർവപുരുഷന്മാരെ മാത്രമല്ല, മാമത്ത്, കാട്ടുപോത്ത് മുതലായ മൃഗങ്ങളെയും അവർ ആരാധിച്ചിരുന്നു. കാരണം, ആ മൃഗങ്ങളുടെ ദയകൊണ്ടാണ് തങ്ങൾക്ക് ഭക്ഷണം കിട്ടുന്നത് എന്നായിരുന്നു അവരുടെ വിശ്വാസം. അവർ തങ്ങളുടെ സ്വന്തം ഭാഷയിൽ മൃഗങ്ങളോടു സംസാരിക്കുകയും കൊല്ലുന്നതിനുമുമ്പ് അവയോട് മാപ്പുചോദിക്കുകയും പതിവായിരുന്നു. കരടിയോ പാമ്പോ മനുഷ്യനെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താൽ അവന്റെ കൂട്ടുകാരാരെങ്കിലും അതിനെ ഉപദ്രവിച്ചിട്ടുണ്ടാകുമെന്നും അതിനുപകരം വീട്ടുകയാണതു ചെയ്യുന്നതെന്നും അവൻ വിചാരിക്കും. തന്നെയും തന്റെ കൂട്ടുകാരെയും ഉപദ്രവിക്കാതെ എന്നു പാമ്പിനോടും കരടിയോടും അവൻ പ്രാർത്ഥിക്കും. അങ്ങനെ പ്രചാരത്തിൽവന്ന നാഗപൂജയും കരടിപൂജയും ഈ അടുത്തകാലംവരെ നിലനിന്നു പോന്നിട്ടുണ്ടെന്നു കാണാം. കൃഷി ചെയ്യാൻ ആരംഭിച്ചതോടെ അവൻ ഭൂമിയെയും വരുണനെയും സൂര്യനെയും പൂജിക്കാൻ തുടങ്ങി. ഏറ്റക്കുറച്ചിൽ കൂടാതെ വെയിലും മഴയും കിട്ടണമെങ്കിൽ ഈ ദൈവങ്ങളുടെ സഹായം കൂടിയേ കഴിയൂ. ദേവന്മാരുടെ ശക്തികൊണ്ട് മാത്രമാണ് തനിക്കും തന്റെ കൂട്ടുകാർക്കും ജീവിച്ചിരിക്കാൻ കഴിയുന്നതെന്നായിരുന്നു അവന്റെ ധാരണ. എന്നാൽ, ഉല്പാദനശക്തികളുടെ പരിഷ്കാരത്തോടൊപ്പം ഈ എണ്ണമറ്റ ദൈവങ്ങൾക്കും പരിഷ്കാരങ്ങളുണ്ടായി. ദൈവങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയും ഒടുവിൽ ആയിരക്കണക്കിനുള്ള കൊല്ലങ്ങൾക്കുശേഷം മനുഷ്യൻ ഏകദൈവവിശ്വാസത്തിലെത്തിച്ചേരുകയും ചെയ്തു.

നിയന്ത്രിക്കാനാവാത്ത പ്രകൃതി കോപങ്ങളും പഞ്ചഭൂതങ്ങളുടെ പ്രവർത്തനവും ആദിമമനുഷ്യനെ അമ്പരപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടാണവൻ പ്രകൃതിശക്തികളെ പൂജിക്കാനൊരുങ്ങിയത്. ചുറ്റുപാടുകളെപ്പറ്റി അവനൊന്നുമറിഞ്ഞുകൂടായിരുന്നു. സ്വന്തം ജീവിതം തന്നെയും അവനു ദുർഗ്രഹമായിരുന്നു. ജീവനുള്ള വസ്തുവും ജീവനില്ലാത്ത വസ്തുവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഉണർന്നിരിക്കലും, ഉറക്കവും, മയക്കവും, മരണവും ഇതിന്റെയൊക്കെ അർത്ഥമെന്താണ്? സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൂപങ്ങൾ, ചിലപ്പോൾ വലുതായും, ചിലപ്പോൾ ചെറുതായും കാണുന്ന നിഴലുകൾ, വെള്ളത്തിൽ നോക്കുമ്പോൾ കാണുന്ന പ്രതിബിംബം ഇതൊക്കെയെന്താണ്? ഈ ചോദ്യങ്ങൾക്കു ശാസ്ത്രീയമായ മറുപടി അക്കാലത്ത് അസാധ്യമായിരുന്നു. അതുകൊണ്ട് ഓരോ മനുഷ്യനും ഒരു ജീവനും ഒരു പ്രതിരൂപവും ഇങ്ങനെ രണ്ടു രൂപങ്ങളുണ്ടെന്ന് അവൻ വിശ്വസിക്കാൻ തുടങ്ങി. ചിന്തിക്കാനും വിശ്വസിക്കാനും കഴിവുണ്ടാക്കുന്ന ശക്തി ജീവൻ; അതിന്റെ പ്രതിരൂപം പ്രേതം. രണ്ടിനേയും ശരീരത്തിൽനിന്നു വേർതിരിക്കാം. ജീവൻ ശരീരമുപേക്ഷിച്ചു വല്ലേടത്തും പോയാൽപ്പിന്നെ ചിന്തിക്കാനും വിശ്വസിക്കാനും പ്രവർത്തിക്കാനും സാധ്യമല്ല. മനുഷ്യൻ മരിക്കുന്നു. എന്നാൽ അതിനുശേഷവും ശരീരത്തിൽ നിന്നു വ്യത്യസ്തമായി പ്രേതം നിലനിൽക്കുന്നു. പ്രേതത്തെ തൃപ്തിപ്പെടുത്തണം. ഇല്ലെങ്കിലതു ജീവിച്ചിരിക്കുന്നവരെ ഉപദ്രവിച്ചേക്കും. ഇത്തരം അന്ധവിശ്വാസങ്ങൾ ഇന്നും ചിലേടങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നു കാണാം. നമ്മുടെ നാട്ടിൻപുറങ്ങളിൽ നടപ്പുള്ള ബലിയും അതുപോലുള്ള മറ്റു ചടങ്ങുകളും ഈ അന്ധവിശ്വാസങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ്.

1.11കാട്ടിൽനിന്നു നാട്ടിലേയ്ക്ക്

സ്ത്രീകൾ പാർപ്പിടത്തിലിരുന്നുകൊണ്ട് സസ്യാദികൾ നട്ടുനനച്ചുണ്ടാക്കും. പുരുഷന്മാർ പകൽ മുഴുവനും വേട്ടയാടി മൃഗങ്ങളെ പിടിച്ചുകൊണ്ടുവരും. എന്നിട്ട് എല്ലാവരുംകൂടിയിരുന്ന് ആഹാരം കഴിക്കും.

വേട്ടയ്ക്കിടയിൽ ചിലപ്പോൾ മൃഗങ്ങളെ കൊല്ലാതെ പിടിക്കാൻ കഴിഞ്ഞുവെന്നുവരും. ജീവനുള്ള മൃഗങ്ങളെ ആട്ടിത്തെളിച്ചുകൊണ്ടുവരുമ്പോൾ അവരുടെ ആഹ്ലാദത്തിന്നതിരുണ്ടാവില്ല. കാരണം, അവയെ പെട്ടെന്നു തിന്നേണ്ടതില്ല. തീറ്റയും മറ്റും കൊടുത്ത് പോറ്റിവളർത്താം. പിന്നീട് വേട്ട പരാജയപ്പെടുന്ന ദിവസങ്ങളിൽ ഇഷ്ടംപോലെ അവയെ കൊന്നുതിന്നാവുന്നതുമാണ്. അപ്പോൾ, മൃഗങ്ങളെ പോറ്റിവളർത്തുകയെന്നു വെച്ചാൽ ഭാവിയിൽ കൂടുതൽ മാംസം സുരക്ഷിതമായി സമ്പാദിക്കാനുള്ള വഴികാണുക എന്നർത്ഥമാണ്. എന്നാൽ ആദ്യകാലത്തൊക്കെ, ഉപകരണങ്ങൾ കേവലം പ്രാകൃതമായിരുന്നതുകൊണ്ട് അപ്പപ്പോൾ വിശപ്പടക്കാനാവശ്യമായതിലധികം മൃഗങ്ങളെ കിട്ടുക വിഷമമായിരുന്നു. വില്ലും അമ്പും കണ്ടുപിടിച്ച് ഉപയോഗിച്ചു തുടങ്ങിയതോടെ ഈ സ്ഥിതിക്കൊരു മാറ്റംവന്നു.

ആ ചരിത്രാതീതകാലത്ത് വില്ലിന്റെയും അമ്പിന്റെയും കണ്ടുപിടുത്തം ആധുനിക യുഗത്തിലെ വ്യവസായ വിപ്ലവംപോലെ അത്ര പ്രാധാന്യമേറിയ ഒരു സംഭവമായിരുന്നു. നിലവിലുള്ള ഉല്പാദനരീതിയിൽ വില്ലും അമ്പും വമ്പിച്ച പുരോഗതിയുളവാക്കി. കൂടുതൽ വേഗത്തിലും എളുപ്പത്തിലും മൃഗങ്ങളെ വേട്ടയാടി പിടിക്കാമെന്നായി. അന്നന്നു കൊന്നുതിന്നു ജീവിക്കുന്നതിനുപകരം മൃഗങ്ങളെ കൊല്ലാതെ പിടിച്ചു പോറ്റി വളർത്താമെന്നായി. വല്ല കാരണവശാലും കാട്ടിൽനിന്നു മൃഗങ്ങളെ കിട്ടാനൊക്കാത്ത ദിവസങ്ങളിൽ വളർത്തു മൃഗങ്ങളെ കൊന്നു തിന്നാനുള്ള വഴിയായി. അതുകൊണ്ട് വളർത്തുമൃഗങ്ങളുടെ എണ്ണം എത്രകണ്ടു വർദ്ധിക്കുമോ അത്രയും നല്ലതാണ്. അത്രയും രക്ഷയാണ്.

ആദ്യം കൊന്നുതിന്നാൻവേണ്ടി മാത്രമാണ് മൃഗങ്ങളെ പോറ്റി വളർത്തിയിരുന്നത്. ക്രമേണ പാലിന്റെ ഉപയോഗം മനസിലായി. കൂട്ടത്തിൽ കൃഷിചെയ്യാനും ഭാരം ചുമക്കാനും വളർത്തുമൃഗങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും മനുഷ്യർ മനസിലാക്കി.

അങ്ങനെ ക്രമത്തിൽ മനുഷ്യന്റെ ജീവിതരീതിക്ക് മാറ്റം സംഭവിച്ചു. മൃഗങ്ങളെ വേട്ടയാടുന്നതിനുപകരം പോറ്റിവളർത്തുകയാണ് നല്ലതെന്നവന് ബോദ്ധ്യപ്പെട്ടു. ആട്, പശു മുതലായ മൃഗങ്ങളെ കൂട്ടംകൂട്ടമായി ഇണക്കി മേയ്ക്കുകയായിത്തീർന്നു അവന്റെ പ്രധാന ജീവിതമാർഗം. മൃഗങ്ങളെ മേയ്ക്കാൻ വേണ്ടി ചിലേടങ്ങളിൽ കാട് വെട്ടിത്തെളിയിച്ചു മേച്ചിൽ സ്ഥലങ്ങൾ ഉണ്ടാക്കി. നല്ല മേച്ചിൽ സ്ഥലങ്ങളന്വേഷിച്ചുകൊണ്ട് അവൻ ചിലപ്പോൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറിപ്പോകും. അങ്ങനെ അനേകായിരം കൊല്ലങ്ങളുടെ വളർച്ചയ്ക്കുശേഷം അവൻ മൃഗങ്ങളെ മേയ്ക്കാനും കൃഷിചെയ്യാനും പറ്റിയ നദീതീര പ്രദേശങ്ങളിൽ സ്ഥിരവാസമുറപ്പിച്ചു.

പ്രാകൃതകാലം മുതൽക്കുതന്നെ ഒരുതരം പ്രവൃത്തി വിഭജനമുണ്ടായിരുന്നു. പുരുഷന്മാർ കൂട്ടംകൂട്ടമായി വേട്ടയ്ക്കുപോകും; സ്ത്രീകൾ പാർപ്പിടങ്ങളിൽതന്നെ കഴിച്ചുകൂട്ടുകയും വീട് വെടിപ്പാക്കുക, ഫലമൂലങ്ങൾ ശേഖരിക്കുക, ഭക്ഷണമൊരുക്കുക മുതലായ പണികളിലേർപ്പെടുകയും ചെയ്യും.

പുരുഷന്മാർ മൃഗങ്ങളെത്തേടി കാടുകളിൽ അലഞ്ഞുതിരിയുമ്പോൾ സ്ത്രീകളും കുട്ടികളും കുട്ടയുമെടുത്ത് പാർപ്പിടത്തിൽനിന്നു പുറത്തുപോവുകയും കണ്ണിൽപെടുന്ന ഉപയോഗകരമായ സാധനങ്ങളെല്ലാം ശേഖരിച്ചുതിരിച്ചു പോരുകയും ചെയ്യും. കുറ്റിക്കാടുകളിൽ നിന്നു ഫലമൂലങ്ങളും നദീതീരങ്ങളിൽ നിന്നു ഞൌഞ്ഞു മുതലായവയും അവർ സമ്പാദിക്കും. ഇങ്ങനെ ചുറ്റിത്തിരിയുന്നതിനിടയിൽ ഒരിക്കൽ അവർ തേൻ കണ്ടുപിടിച്ചു. മധുപാനം പ്രാകൃത നിവാസികളെ ഉത്സാഹഭരിതരാക്കി. ചീത്തക്കാലങ്ങളിലെടുത്തു ഭുജിക്കാൻവേണ്ടി തേൻ സംഭരിച്ചുവെയ്ക്കാനും അവർ പഠിച്ചു.

സ്ത്രീകൾ പാർപ്പിടത്തിൽ നിന്നു പുറത്തുപോയി ശേഖരിച്ചുകൊണ്ടുവന്ന വസ്തുക്കളുടെ കൂട്ടത്തിൽ ചില ചെടികളുടെ വിത്തുമടങ്ങിയിരുന്നു. വിത്തുകൾ മണ്ണിൽ വീണു മുളച്ചതുകണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടു. വിത്തുപാകി ചെടികൾ വളർത്താമെന്ന് അവർ കണ്ടുപിടിച്ചു. പിന്നീട്, മൃഗങ്ങളെ പോറ്റിവളർത്താൻ തുടങ്ങിയതിനുശേഷമാണ് പുരുഷൻ കൃഷിയിലേർപ്പെട്ടത്. പക്ഷേ, അപ്പോഴും ഏതോ ദിവ്യശക്തിയുടെ അനുഗ്രഹഫലമായിട്ടാണ് ചെടിയുണ്ടായി കായ്ക്കുന്നത് എന്നായിരുന്നു അവരുടെ വിശ്വാസം. ചെടി കായ്ക്കുമ്പോൾ അവർ സന്തോഷാതിരേകത്തിൽ നൃത്തമാടുകയും തങ്ങളെ മേലിലും അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുകയും ചെയ്യുക പതിവായിരുന്നു. ഈ പ്രാചീന ജീവിതത്തിന്റെ അവശിഷ്ടങ്ങളത്രേ കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ‘നിറപൊലി’യും ‘പുത്തരി’യും.

മനുഷ്യർ നദീതീരങ്ങളിൽ സ്ഥിരവാസമുറപ്പിച്ചതിനുശേഷമാണ് കൃഷിചെയ്യാനാരംഭിച്ചതെന്ന് ചില ഗ്രന്ഥകാരന്മാർ വിശ്വസിക്കുന്നുണ്ട്. ഈ വിശ്വാസം ശരിയല്ലെന്നാണ് ഹാൾഡേൻ പറയുന്നത്. അദ്ദേഹം എഴുതുന്നു: ‘മനുഷ്യൻ ചെറിയ സംഘങ്ങളായി മലംപ്രദേശങ്ങളിൽ പാർത്തിരുന്ന കാലത്താണ് ചെടികൾ നട്ടുവളർത്താൻ ആദ്യം തുടങ്ങിയത്. അതിൽ പിന്നീടാണ് അവരുടെ പിന്തുടർച്ചക്കാർ നൈൽ, യൂഫ്രട്ടീസ്, സിന്ധു എന്നീ മഹാനദികളുടെ തീരങ്ങളിലേക്കിറങ്ങിവന്നത്.’

അക്കാലത്തെ കൃഷി മോശമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. കല്ലിൻകഷണങ്ങളും മരക്കൊമ്പുകളും കൊണ്ട് കൃഷി നടത്തിയാൽ വിളവു നന്നാകുന്നതെങ്ങനെയാണ്? പോരെങ്കിൽ ഉള്ളതുതന്നെ പ്രധാനമായും തോട്ടകൃഷിയായിരുന്നു. ലോഹങ്ങളുടെ കണ്ടുപിടുത്തമാണ് ഈ നിലയ്ക്കൊരു മാറ്റം വരുത്തിയത്.

1.12കാടന്മാരും അപരിഷ്കൃതരും

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഭൂഗർഭശാസ്ത്രജ്ഞന്മാർ വിവിധ രംഗങ്ങളിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ആദിമനിവാസികളുടെ ജീവിതരീതിയെപ്പറ്റി നമുക്ക് ഏറെക്കുറെ പഠിക്കാൻ സാധിച്ചിട്ടുണ്ട്. മാക്ക്ലെന്നൻ, ബാച്ചോഫൻ, മോർഗൻ, കോവലാൻസ്ക്കി, ലൂബോക്ക് തുടങ്ങിയ പല ഗവേഷകന്മാരും എഴുതപ്പെടാതെ കിടക്കുന്ന മനുഷ്യ ചരിത്രത്തിന്റെ ഇരുൾപ്പരപ്പിലേക്ക് വെളിച്ചം കാണിച്ചുതന്നവരാണ്. ഇവരിൽ ലൂയി എച്ച്. മോർഗൻ എന്ന അമേരിക്കൻ ശാസ്ത്രജ്ഞന്റെ ഗവേഷണങ്ങൾക്കാണ് സമുന്നതമായ സ്ഥാനം നൽകപ്പെട്ടിട്ടുള്ളത്. എംഗൽസ് പറയുന്നു: ‘തന്റെ വിദഗ്ധവിജ്ഞാനംമൂലം മനുഷ്യസമുദായത്തിന്റെ ചരിത്രാതീതകാലത്തിൽ സുനിശ്ചിതമായ ഒരു വ്യവസ്ഥ ഏർപ്പെടുത്താൻ ശ്രമിച്ച ആദ്യത്തെ ആൾ മോർഗനാണ്.’

അമേരിക്കയിലെ റെഡ് ഇന്ത്യൻ മുതലായ ആദിമനിവാസികളുടെയിടയിൽ വളരെക്കാലം ജീവിക്കുകയും അവരുടെ ജീവിതരീതികളും സ്വഭാവവിശേഷങ്ങളും മറ്റും നേരിട്ടു കണ്ടുപിടിക്കുകയും ചെയ്തതിനുശേഷം മോർഗൻ പ്രസിദ്ധപ്പെടുത്തിയ ‘പ്രാചീനസമുദായം’ എന്ന പുസ്തകം പ്രാചീന മനുഷ്യചരിത്രത്തിലെ ഏറ്റവും വിജ്ഞാനപ്രദമായ ഒരദ്ധ്യായമാണ്.

മോർഗൻ മനുഷ്യചരിത്രത്ത മൂന്നു ഘട്ടങ്ങളായി തരംതിരിക്കുന്നു. 1. കാടന്മാരുടെ കാലം (Savagery), 2. അപരിഷ്കൃതരുടെ കാലം (Barbarism), 3. സംസ്കാര കാലം (Civilization).

കാടന്മാരുടെ കാലം മനുഷ്യസമുദായത്തിന്റെ ശൈശവദശയാണ്. ഇക്കാലത്ത് മനുഷ്യന്റെ ഭക്ഷണം പ്രധാനമായും പ്രകൃതിയിൽനിന്നു കിട്ടുന്ന വിഭവങ്ങളാണ്. കല്ലുകൊണ്ടുള്ള ഉപകരണങ്ങളും തീയുപയോഗിച്ചു വേട്ടയാടാൻ പഠിക്കുന്നതിക്കാലത്തത്രേ. കാടന്മാരുടെ യുഗത്തിന്റെ അവസാനത്തിൽ വില്ലും അമ്പും കണ്ടുപിടിച്ചതോടുകൂടി ഉൽപ്പാദനശക്തി പൂർവാധികം വർദ്ധിക്കുന്നു. അതോടുകൂടി മനുഷ്യൻ അപരിഷ്കൃത യുഗത്തിലേക്കു പ്രവേശിക്കുകയായി. അപരിഷ്കൃതയുഗത്തിലെ മുഖ്യമായ ഉപജീവനമാർഗം മൃഗങ്ങളെ പോറ്റിവളർത്തലും കൃഷിയുമാണ്. ഈ യുഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പാത്രങ്ങളുപയോഗിക്കാൻ പഠിക്കുന്നു. പാലും മാംസവും മനുഷ്യരുടെ കായികശക്തിയേയും ബുദ്ധിശക്തിയേയും വികസിപ്പിക്കുന്നു. പലതരത്തിലുള്ള ലോഹങ്ങളുപയോഗിക്കാൻ അവർ പഠിച്ചത് ഇക്കാലത്താണ്. അപരിഷ്കൃത കാലത്തിന്റെ അവസാനഘട്ടത്തിൽ ഇരുമ്പുരുക്കി പണിയായുധങ്ങളുണ്ടാക്കാൻ തുടങ്ങുന്നു. മൃഗങ്ങളാൽ വലിക്കപ്പെടുന്ന ഇരുമ്പു കലപ്പ കൃഷിയിൽനിന്നുള്ള വിഭവങ്ങളെ സുലഭവും സമൃദ്ധവുമാക്കിത്തീർക്കുന്നു. പ്രകൃതിവിഭവങ്ങളെ കൂടുതൽ പരിഷ്കരിച്ച രീതിയിൽ ഉപയോഗിക്കുവാനും, ജീവിതത്തിലെ വിഷമതകളെ കുറയ്ക്കാൻ കഴിയത്തക്കവണ്ണം പലതരത്തിലുള്ള വണ്ടികൾ, രഥങ്ങൾ, എണ്ണ, ലോഹപാത്രങ്ങൾ മുതലായവയുണ്ടാക്കാനും മനുഷ്യർ പഠിക്കുകയുണ്ടായി. ഈ ഘട്ടത്തിന്റെ അവസാനത്തിൽ അക്ഷരമാല ഉപയോഗിക്കാൻ തുടങ്ങിയതോടുകൂടി മനുഷ്യർ സംസ്കാരയുഗത്തിലേക്ക് പ്രവേശിക്കുന്നു.

അതിനുശേഷം ഇന്നുവരെയുള്ള കാലം സംസ്കാരത്തിന്റെ യുഗമാണ്. ഉല്പാദനോപകരണങ്ങളുടെ പരിഷ്കരണഫലമായുണ്ടായ ഈ മൂന്നു കാലഘട്ടങ്ങളിലും വ്യത്യസ്ത രീതിയിലുള്ള സാമൂഹ്യ ജീവിതമാണ് മനുഷ്യൻ നയിച്ചുപോന്നതെന്ന് സംശയത്തിനിടയില്ലാത്തവിധം മോർഗൻ വ്യക്തമാക്കുന്നു.

1.13കുടുംബം

മോർഗന്റെ ഗവേഷണങ്ങളുടെ ഏറ്റവും പ്രധാനമായ ഭാഗം കുടുംബത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളാണ്. കുടുംബമെന്നത് പരിവർത്തനമില്ലാത്ത, ശാശ്വതമായ ഒരു സ്ഥാപനമല്ലെന്നും മറ്റെല്ലാത്തിനുമെന്നപോലെ അതിനും ഒരു ചരിത്രമുണ്ടെന്നും കുടുംബം സമുദായത്തിന്റെ അടിക്കല്ലല്ല, നേരെമറിച്ച്, സമുദായത്തിന്റെ വികാസത്തിലെ ഒരു സവിശേഷഘട്ടത്തിലാവിർഭവിച്ച സ്ഥാപനം മാത്രമാണെന്നും സമുദായത്തിന്റെ വികാസത്തിലെ ഓരോ ഘട്ടവും കുടുംബ വ്യവസ്ഥയിലും മാറ്റങ്ങളുണ്ടാക്കീട്ടുണ്ടെന്നും അനേകം ഉദാഹരണങ്ങളെടുത്തുദ്ധരിച്ചുകൊണ്ടു മോർഗൻ തെളിയിക്കുന്നു. ചരിത്രത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ മാത്രം ആരംഭിച്ച കുടുംബവ്യവസ്ഥയ്ക്ക് മനുഷ്യന്റെ പുരോഗതിക്കിടയിൽ, ഇനിയും പരിവർത്തനങ്ങളുണ്ടാകുമെന്ന് ഉറപ്പിക്കാൻ നമ്മൾ നിർബന്ധരായിത്തീർന്നു.

മനുഷ്യജീവിതത്തിന്റെ ആരംഭദശയിൽ, അതായത് മനുഷ്യൻ മൃഗങ്ങളിൽനിന്നു വളരെയൊന്നും വളർന്നുകഴിഞ്ഞിട്ടില്ലാത്ത ആ അതിപ്രാചീനകാലത്ത്, അനിയന്ത്രിതമായ ലൈംഗിക ജീവിതമാണ് നയിക്കപ്പെട്ടത്. ഓരോ സ്ത്രീയും ഓരോ പുരുഷനും ഇഷ്ടംപോലെ ഇഷ്ടമുള്ളവരുമായി ലൈംഗിക സംയോഗം നടത്തിയിരുന്നു. സഹോദരീസഹോദരന്മാരെന്നോ മാതാപിതാക്കന്മാരെന്നോ ഉള്ള വ്യത്യാസം മനസിലാക്കത്തക്കവണ്ണം അവർക്ക് സംസ്കാരം സിദ്ധിച്ചിരുന്നില്ല. മനുഷ്യരുടെ വികാരപ്രകടനങ്ങളെ തടഞ്ഞു നിർത്താനുതകുന്ന ധാർമിക ചിന്തകളില്ല, സദാചാരശാസനകളില്ല, രക്തബന്ധത്തെക്കുറിച്ചുള്ള ഭയപ്പാടില്ല; എന്നാൽ മനുഷ്യസമുദായത്തിന്റെ വികാസത്തോടൊപ്പം ലൈംഗിക ജീവിതത്തിലും മാറ്റങ്ങളുണ്ടായിവന്നു. കാടത്തത്തിന്റെ ആദ്യഘട്ടം കഴിയുമ്പോഴേക്കും കൂട്ടുവിവാഹം അല്ലെങ്കിൽ യൂഥവിവാഹം (Group Marriage) എന്ന പേരിലറിയപ്പെടുന്ന ഒരുതരം ലൈംഗികബന്ധം നടപ്പിൽവന്നു. ആദ്യം മാതാപിതാക്കന്മാരും മക്കളും തമ്മിലും പിന്നീട് സഹോദരീസഹോദരന്മാർ തമ്മിലുള്ള ലൈംഗികബന്ധം നിഷിദ്ധമായിത്തീർന്നു. അതിൽ പിന്നീടാണ് യൂഥവിവാഹവ്യവസ്ഥ അതിന്റെ എല്ലാ ധാടിയോടുംകൂടി വികസിക്കാൻ തുടങ്ങിയത്. ഈ സമ്പ്രദാത്തിൻകീഴിൽ സ്ത്രീപുരുഷന്മാർക്ക് പൊതുവിലുള്ള ഭർത്താക്കന്മാരും പൊതുവിലുള്ള ഭാര്യമാരുമാണ് ഉണ്ടായിരുന്നത്. ഒരു യൂഥത്തിലുള്ള എല്ലാ പുരുഷന്മാർക്കും മറ്റൊരു യൂഥത്തിലുള്ള എല്ലാ സ്ത്രീകളുമായും ലൈംഗികബന്ധം പുലർത്താം. പക്ഷേ, യൂഥത്തിനുള്ളിൽ പരസ്പരമുള്ള ലൈംഗികബന്ധം നിഷിദ്ധമാണ്. ഒരമ്മയ്ക്ക് പത്തു പെൺമക്കളുണ്ടെങ്കിൽ ആ പത്തുപേർക്കും പൊതുവിലുള്ള ഭർത്താക്കന്മാരാണുണ്ടായിരിക്കുക. അതുകൊണ്ട് ഇത്തരം വിവാഹജീവിതത്തിൽ നിന്നുണ്ടാകുന്ന കുട്ടികളെ പൊതുവിലുള്ള സന്താനങ്ങളായിട്ടേ കണക്കാക്കാൻ കഴിയൂ. ഒരു കുട്ടിക്ക് തന്റെ അച്ഛനാരെന്ന് വേർതിരിച്ചു പറയാനാവില്ല. അതുകൊണ്ട് അവൻ എല്ലാ പുരുഷന്മാരെയും ‘അച്ഛാ’ എന്നു വിളിക്കുന്നു. അച്ഛനാരെന്ന് പറയാൻ കഴിയില്ലെങ്കിലും അമ്മയാരെന്നറിയാനെളുപ്പമാണ്. അതിനാൽ, യൂഥവിവാഹസമ്പ്രദായത്തിൽ പിന്തുടർച്ച കണക്കാക്കുന്നത് ഏത് സ്ത്രീയുടെ മകനാണെന്ന് നോക്കീട്ടാണ്. സ്ത്രീവഴിക്കുള്ള പിന്തുടർച്ചാവകാശവും തറവാട്ടിൽ മാതാവിനുള്ള മേധാവിത്വവും ക്രമത്തിൽ ആവിർഭവിക്കാൻ ഇതു കാരണമാക്കി.

കാലക്രമത്തിൽ യൂഥവിവാഹസമ്പ്രദായത്തിലും മാറ്റങ്ങളുണ്ടായി. ഒരു യൂഥത്തിലുള്ള എല്ലാ സ്ത്രീകളും പൊതുവിലുള്ള ഭാര്യമാരാണെങ്കിൽക്കൂടി ഏതെങ്കിലുമൊരു സ്ത്രീ ചിലപ്പോൾ ഒരു പുരുഷന്റെ പ്രധാന ഭാര്യയായിത്തീർന്നെന്നുവരും. അല്ലെങ്കിൽ കുറെക്കാലത്തേക്ക് ഒരേ സ്ത്രീയെത്തന്നെ സമീപിക്കുക എന്ന സമ്പ്രദായം സ്വീകരിക്കപ്പെട്ടുവെന്നും വരാം. ഇപ്രകാരമായിരിക്കാം കുടുംബങ്ങൾ ആദ്യമായി ആവിർഭവിച്ചത്. എന്നാൽ, യൂഥവിവാഹവ്യവസ്ഥയിലേർപ്പെട്ട ഈ ഏകപത്നീത്വം വളരെ ശിഥിലമാണ്. കാരണം, ഇടയ്ക്കിടയ്ക്ക് ഇഷ്ടംപോലെ ഭർത്താവിനെ മാറ്റാൻ സ്ത്രീക്ക് അധികാരമുണ്ടായിരിക്കും. ഇത്തരം വിവാഹങ്ങൾക്ക് മിഥുനവിവാഹം (Pairing Family) എന്നുപറയുന്നു.

മഹാഭാരതം ആദിപർവം 25-ാം അദ്ധ്യായത്തിലുള്ള ശ്വേതകേതുവിന്റെ കഥ ഇതിനുദാഹരണമാണ്. ശ്വേതകേതുവിന്റെ അമ്മയെ ഒരു മഹർഷി സംയോഗാർത്ഥം കൂട്ടിക്കൊണ്ടുപോകാൻ വന്നു. ശ്വേതകേതു പ്രതിഷേധിച്ചപ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ സമാധാനിപ്പിച്ചു. അതു നീതിധർമ്മങ്ങൾക്കെതിരല്ലെന്ന്. ശ്വേതകേതുവിന് ഈ മറുപടി തൃപ്തിയായില്ലെന്നും ഈ സമ്പ്രദായത്തെ മാറ്റുമെന്നദ്ദേഹം പ്രതിജ്ഞ ചെയ്തുവെന്നുമാണ് കഥ. ഇത്തരം ഉദാഹരണങ്ങൾ വേറെയുമുണ്ട്. ഇതൊക്കെ ഇന്ത്യയിലും യൂഥവിവാഹവ്യവസ്ഥ നിലനിന്നിരുന്നുവെന്നു കാണിക്കുന്നു. കേരളത്തിലാകട്ടെ, അതിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.

യൂഥവിവാഹം കാടത്തത്തിന്റെ പ്രത്യേകതയാണെങ്കിൽ മിഥുനവിവാഹം അപരിഷ്കൃതത്തിന്റെ പ്രത്യേകതയാണ്. ഈ രണ്ടു കാലഘട്ടങ്ങളിലും സ്ത്രീ സ്വതന്ത്രയായിരുന്നു. കാടത്തത്തിലെ കൂട്ടുവിവാഹവ്യവസ്ഥയിൽ നിന്നാണ് അപരിഷ്കൃതകാലത്തിലെ ‘ജനം’ (Gen) അല്ലെങ്കിൽ ഗോത്രം എന്ന അദ്ഭുതാവഹമായ സാമൂഹ്യഘടനയാവിർഭവിച്ചത്. ജനത്തിന്റെ കേന്ദ്രം സ്ത്രീയാണ്. സ്ത്രീയുടെ മക്കളും പെൺമക്കളുടെ മക്കളും സഹോദരീസഹോദരന്മാരും സഹോദരിയുടെ മക്കളും —ചുരുക്കത്തിൽ സ്ത്രീവഴിക്കുള്ള എല്ലാ പിന്തുടർച്ചാവകാശികളും —ജനത്തിലെ അംഗങ്ങളാണ്. പക്ഷെ, സഹോദരന്മാരുടെ മക്കൾക്കും ആൺമക്കളുടെ മക്കൾക്കും അതിൽ സ്ഥാനമില്ല. കാരണം, അവർ മറ്റേതെങ്കിലുമൊരു ജനത്തിലാണ് വിവാഹം കഴിക്കുക. അതുകൊണ്ട് അവരുടെ മക്കൾ മറ്റേതെങ്കിലുമൊരു ജനത്തിലെ അംഗങ്ങളായിരിക്കും. സ്വജനവിവാഹം അല്ലെങ്കിൽ സ്വഗോത്ര വിവാഹം അപ്പോഴേക്കും നിഷിദ്ധമായിക്കഴിഞ്ഞിരുന്നു.

അപരിഷ്കൃതയുഗത്തിലെ കുടുംബവ്യവസ്ഥയിൽ പുരുഷനേക്കാളധികം സ്ത്രീകൾക്കാണ് പ്രാധാന്യമുള്ളത്. പുരുഷന്മാർ മിക്കപ്പോഴും വേട്ടയാടാനും മത്സ്യം പിടിക്കാനും വേണ്ടി ദൂരദേശങ്ങളിലേക്ക് പോയിരുന്നതുകൊണ്ടു കുടുംബത്തിന്റെ മേധാവിത്വവും മേൽനോട്ടവും സ്ത്രീയുടെ കയ്യിലായിരുന്നു. അച്ഛനേക്കാളധികം അമ്മയ്ക്ക് പ്രാധാന്യമുണ്ടായിരുന്നതുകൊണ്ടും പിന്തുടർച്ചാവകാശം സ്ത്രീവഴിക്കായിരുന്നതുകൊണ്ടും ഈ കുടുംബഘടനയെ മാതൃമേധാവിത്വവ്യവസ്ഥ (Matriarchal Family) എന്നുപറയുന്നു.

കാടത്തത്തിന്റെയും അപരിഷ്കൃതത്വത്തിന്റെയും സവിശേഷതയായ ഈ സ്ത്രീസ്വാതന്ത്ര്യത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും കേരളത്തിൽ കാണാവുന്നതാണ്. എന്നാൽ, ഇതു കേരളത്തിന്റെ പ്രത്യേകതയല്ല. അപരിഷ്കൃതയുഗത്തിന്റെ വികാസഗതിയിലെ ഒരു പ്രത്യേക ഘട്ടത്തിൽ മാതൃമേധാവിത്വം നിലനിന്നിരുന്നുവെന്നു കാണാം.

ഭാര്യാഭർത്താക്കന്മാർ വിവാഹമോചനം നടത്തുമ്പോൾ ഓരോരുരത്തരും താന്താങ്ങളുടെ സ്വത്തുക്കളെടുക്കുക പതിവായിരുന്നു. വീട്ടുസാമാനങ്ങൾ സ്ത്രീയുടെ സ്വത്താണ്. തന്റെ പണിയായുധങ്ങളും മറ്റുപകരണങ്ങളും പുരുഷൻ കൊണ്ടുപോകും.

ഉൽപ്പാദനവ്യവസ്ഥ പരിഷ്ക്കരിക്കുകയും വേട്ടയാടലിനുപകരം കന്നുകാലികളെ പോറ്റലും കൃഷിനടത്തലും പ്രധാന ഉപജീവനമാർഗമായിത്തീരുകയും ചെയ്തപ്പോൾ നിലവിലുള്ള കുടുംബ വ്യവസ്ഥയിലും മാറ്റങ്ങളുണ്ടായി. കന്നുകാലികളും കാർഷികോപകരണങ്ങളും പുരുഷന്റെ സ്വത്തുക്കളായിരുന്നു. കാരണം, പുരുഷനാണ് കന്നുകാലികളെ മേച്ചുവളർത്തിയിരുന്നതും കൃഷിയിൽ മുഖ്യമായ പങ്കുവഹിച്ചിരുന്നതും. സ്വത്തുവർദ്ധിക്കുന്തോറും, സ്വാഭാവികമായി പുരുഷന്റെ പ്രാബല്യവും കൂടിക്കൂടിവന്നു. പക്ഷേ, പുരുഷന്റെ മക്കൾക്ക് അയാളുടെ സ്വത്തുക്കളുടെമേൽ യാതൊരവകാശവുമില്ല. പുരുഷൻ മരിച്ചാൽ അവ ജന (ഗോത്ര)ത്തിന്റെ സ്വത്തുക്കളായിത്തീരും. പിന്തുടർച്ചാവകാശം സ്ത്രീവഴിക്കായിരുന്നതുകൊണ്ട് പുരുഷൻ ആഗ്രഹിച്ചാൽത്തന്നെ തന്റെ സ്വത്തുക്കൾ മക്കൾക്കു കൊടുക്കാൻ സാദ്ധ്യമായിരുന്നില്ല. സ്വകാര്യസ്വത്തിന്റെ പ്രാബല്യം വർദ്ധിക്കുന്തോറും ഈ വൈരുദ്ധ്യവും വർദ്ധിച്ചുകൊണ്ടുവന്നു. ഇത് മിഥുനവിവാഹ വ്യവസ്ഥയിലെ പിന്തുടർച്ചാവകാശത്തെ സാരമായി ബാധിക്കാതിരുന്നില്ല. ഉൽപാദനത്തിൽ പുരുഷന്റെ മേധാവിത്വവും ഉൽപന്നങ്ങളിൽ സ്ത്രീയുടെ മേധാവിത്വവും ഒരേസമയത്ത് ഏറെക്കാലം എങ്ങനെ നിലനിൽക്കാനാണ്? കുടുംബവ്യവസ്ഥയിൽ പുരുഷന്റെ മേധാവിത്വവും മക്കൾക്കുള്ള പിന്തുടർച്ചാവകാശവും അനിവാര്യമായിത്തീർന്നു. അങ്ങനെ ഒടുവിൽ അപരിഷ്കൃതയുഗത്തിന്റെ അവസാന ഘട്ടത്തോടു കൂടി മാതൃമേധാവിത്വം വ്യവസ്ഥ തട്ടിത്തകർക്കപ്പെടുകയും അതിന്റെ സ്ഥാനത്ത് പിതൃമേധാവിത്വം (Patriarchal Family) ആവിർഭവിക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി സ്ത്രീ അബലയും അടിമയുമായിത്തീർന്നു. ഏംഗൽസ് എഴുതുകയുണ്ടായി:

‘മാതൃമേധാവിത്വം മറിച്ചിടപ്പെട്ടതു സ്ത്രീവിഭാഗത്തിനുപറ്റിയ ചരിത്രപരവും ലോകവ്യാപകവുമായ പരാജയമായിരുന്നു. വീട്ടിൽക്കൂടിയും പുരുഷൻ മേധാവിത്വം കയ്യേറ്റു. സ്ത്രീ അധഃപതിപ്പിക്കപ്പെട്ടു. അടിമയുടെ നിലയിലേക്കു താഴ്ത്തപ്പെട്ടു. അവൾ അവന്റെ മൃഗീയവികാരങ്ങൾക്കടിമയായിത്തീർന്നു; സന്താനോല്പാദനത്തിനുള്ള ഒരുപകരണം മാത്രമായിത്തീർന്നു’.

ഇങ്ങനെയാണ് അപരിഷ്കൃതയുഗത്തിന്റെ അവസാനഘട്ടത്തിൽ മിഥുനവിവാഹവ്യവസ്ഥയിൽനിന്ന് ഏകപത്നീവ്യവസ്ഥ (Monogamous Family) പ്രത്യക്ഷപ്പെട്ടത്. സംസ്കാരയുഗം പുലരാറായിയെന്നതിന്റെ ഒരു മുന്നറിയിപ്പായിരുന്നു അത്.

ഏംഗൽസ് തുടരുന്നു: ‘അത് (ഏകപത്നീവ്യവസ്ഥ) പുരുഷന്റെ മേധാവിത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അച്ഛനാരെന്നു സംശയം വരാതിരിക്കത്തക്കവണ്ണമുള്ള സന്താനോൽപാദനമാണ് അതിന്റെ വ്യക്തമായ ഉദ്ദേശ്യം. കാലാന്തരത്തിൽ കുട്ടികൾക്കു തങ്ങളുടെ പിതാവിന്റെ പിന്തുടർച്ചാവകാശക്കാരെന്ന നിലയ്ക്ക് അച്ഛന്റെ സ്വത്തു കിട്ടാനിടവരണമെന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു വ്യവസ്ഥയുണ്ടാവാനിടയായത്. ഇരുകക്ഷികൾക്കും സമ്മതമാണെങ്കിൽക്കൂടി വേർപെടുത്താനാവതല്ലാത്ത വിവാഹബന്ധത്തിന്റെ പ്രബലതമൂലം അതു യൂഥവിവാഹവ്യവസ്ഥയിൽനിന്നും തികച്ചും വ്യത്യസ്തമാണ്. എന്നാൽ ഇപ്പോൾ പുരുഷൻമാത്രം വിവാഹബന്ധമറുക്കുകയും തന്റെ ഭാര്യയെ കൈവെടിയുകയും പതിവാണ്.’

ഈ വ്യവസ്ഥയിൽ പുരുഷന് ഒരു ഭാര്യയും സ്ത്രീക്ക് ഒരു ഭർത്താവും മാത്രമാണുള്ളത് എന്നാണ് വെപ്പ്, പക്ഷേ, പുരുഷന് താരതമ്യേന അധികം പ്രാബല്യമുള്ളതുകൊണ്ട് സ്ത്രീയുടെ പാതിവ്രത്യത്തിനാണ് കൂടുതൽ പരിശുദ്ധത കൽപ്പിക്കപ്പെട്ടിട്ടുള്ളത്, പുരുഷന് അത്യാവശ്യം വ്യഭിചരിക്കുകയോ ഒന്നുരണ്ട് വെപ്പാട്ടിമാരെ വെയ്ക്കുകയോ ചെയ്യുന്നതുകൊണ്ട് പാതിവ്രത്യമോ തരക്കേടോ ഒന്നും വരികയില്ല. പക്ഷേ, സ്ത്രീയങ്ങനെയൊന്നും ചെയ്യാൻപാടില്ല. അവൾ പുരുഷന്റെ ഭോഗസാധനം മാത്രമായിരുന്നുകൊള്ളണം. പുരുഷന് സ്ത്രീയുടെ പേരിൽ സ്നേഹം തോന്നുന്നുണ്ടെങ്കിൽ അത് അവൾ സമുദായത്തിലെ അംഗമാണെന്നുള്ളതുകൊണ്ടല്ല, നേരെമറിച്ച്, അവൾ ഒരു സുഖഭോഗസാമഗ്രിയാണ് എന്നുള്ളതുകൊണ്ടാണ്. ഉപനിഷത്തുകൾ പറയുംപോലെ ‘ഭാര്യയോടുള്ള സ്നേഹംകൊണ്ടല്ല ഭാര്യ പ്രിയയാവുന്നത്. നേരെമറിച്ച് തന്നോടുതന്നെയുള്ള സ്നേഹംകൊണ്ടാണ് അവൾ പ്രിയയാവുന്നത്’. (ന വൈ ഭാര്യാ യാഃ കാമായ ഭാര്യാ പ്രിയഭവതി ആത്മനസ്തു കാമായ ഭാര്യാ പ്രിയ ഭവതി) സാമ്പത്തിക വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമായി സ്ത്രീ അബലയും അടിമയും അന്യോപജീവിയുമായിത്തീർന്നപ്പോൾ സമുദായം പുതിയൊരു നീതിവാക്യം സൃഷ്ടിച്ചു.

‘പിതാ രക്ഷതി കൗമാരേ, ഭർത്താരക്ഷതി യൗവ്വനേ;
പുത്രോരക്ഷതി വാർദ്ധക്യേ, നസ്ത്രീ സ്വാതന്ത്ര്യമർഹതി’.

ഇങ്ങനെ മനുഷ്യന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വിവിധങ്ങളായ വിവാഹസമ്പ്രദായങ്ങളും കുടുംബവ്യവസ്ഥകളുമാണ് നിലനിന്നുപോന്നിട്ടുള്ളത്. കാടത്തത്തിന്റെ കാലത്ത്, യൂഥവിവാഹം, അപരിഷ്കൃതയുഗത്തിൽ മിഥുനവിവാഹം സംസ്കാരത്തിന്റെ കാലത്ത് ഏകപത്നീവ്യവസ്ഥയും വ്യഭിചാരവും.

1.14പ്രാകൃത കമ്യൂണിസം

കാടത്തത്തിന്റെ ആരംഭം മുതൽക്ക് അപരിഷ്കൃത യുഗത്തിന്റെ അവസാനഘട്ടം വരെയും പ്രാകൃത കമ്യൂണിസമെന്ന പേരിലറിയപ്പെടുന്ന സാമൂഹ്യഘടനയിലാണ് മനുഷ്യൻ ജീവിച്ചുപോന്നത്. പ്രകൃതകമ്യൂണിസമെന്തെന്നു സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ (സി. പി. എസ്. യു.)വിന്റെ ചരിത്രം എന്ന പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു:

‘ഉല്പാദനോപകരണങ്ങളുടെ ഉടമ സമൂഹമാണെന്നുള്ളതാണ് പ്രകൃത കമ്യൂണിസത്തിന്റെ ഉൽപാദനബന്ധങ്ങൾക്കടിസ്ഥാനം. ഇത് അക്കാലത്തെ ഉൽപാദനശക്തികളുടെ സ്വഭാവത്തിന് യോജിച്ച നിലയാണ്. പ്രകൃതിയുടെ ശക്തികളോടും ഹിംസ്രജന്തുക്കളോടും ഒറ്റയ്ക്കുനിന്നു പൊരുതി കഴിച്ചുകൂട്ടുവാൻ മനുഷ്യർക്കു വെറും കല്ലുകൊണ്ടുള്ള ആയുധങ്ങളോ വില്ലും അമ്പുമോ ഉണ്ടായിരുന്നതുകൊണ്ടു മതിയായിരുന്നില്ല. കാട്ടിൽനിന്നു കായ്കനികൾ ശേഖരിക്കുമ്പോഴും മീൻ പിടിക്കുമ്പോഴും ആളുകൾ പട്ടിണികിടന്നു ചത്തുപോകാതിരിക്കണമെങ്കിൽ അവർക്കു കൂട്ടം കൂട്ടമായി നിന്നു പണിയെടുക്കേണ്ടതുണ്ടായിരുന്നു. കൂട്ടുകൂടിയുള്ള അദ്ധ്വാനം, അദ്ധ്വാനഫലങ്ങളുടെ മേൽ കൂട്ടായ ഉടമയ്ക്ക് വഴി വെട്ടിത്തെളിയിച്ചു. ഉൽപാദനോപകരണങ്ങളുടെ സ്വകാര്യസ്വത്തുടമയെപ്പറ്റിയുള്ള ബോധംതന്നെ ഈ ഘട്ടത്തിൽ ഉണ്ടായിക്കഴിഞ്ഞിരുന്നില്ല. ഉല്പാദനത്തിനുവേണ്ട ഏതാനും ചില ആയുധങ്ങളെ സംബന്ധിച്ചിടത്തോളം മാത്രം വ്യക്തിപരമായ ഉടമാവകാശമുണ്ടായിരുന്നു. ഈ ആയുധങ്ങൾ ഹിംസ്രജന്തുക്കളിൽ നിന്നു ആത്മസംരക്ഷണത്തിനുള്ള ഉപകരണങ്ങൾ കൂടിയായിരുന്നുതാനും. ഈ ഘട്ടത്തിൽ ചൂഷണമുണ്ടായിരുന്നില്ല വർഗങ്ങളുമുണ്ടായിരുന്നില്ല’.

ഉൽപാദനശക്തികളുടെ അപരിപക്വതയും അപരിഷ്കൃതത്വവുമാണ് ഈ കൂട്ടായ ജീവിതം —ഉല്പാദനോപകരണങ്ങളിലും ഉൽപാദനങ്ങളിലുമുള്ള പൊതുവുടമാവകാശം —ഒഴിച്ചുകൂടാൻ വയ്യാത്ത ഒരാവശ്യമാക്കിത്തീർന്നത്. അതുകൊണ്ട് ഈ വ്യവസ്ഥ അമേരിക്കയിലെ ഇറോക്കുവാ, റെഡ്ഇന്ത്യൻ മുതലായ പ്രാകൃതനിവാസികളുടെ സവിശേഷതയാണ്. ഉൽപാദനശക്തികൾ തീരെ അശക്തമായിരുന്നതുകൊണ്ട്, ആദിമനിവാസികളുടെയിടയിൽ സ്വത്തു സംബന്ധിയായ അസമത്വങ്ങൾക്കിടയുണ്ടായിരുന്നില്ല. അടിമയും ഉടമയും, ജന്മിയും കുടിയാനും, മുതലാളിയും തൊഴിലാളിയും —ചുരുക്കത്തിൽ മർദകവർഗവും മർദിതവർഗവും —അക്കാലത്തുണ്ടായിരുന്നില്ല. സമുദായത്തിലൊരുവിഭാഗം എല്ലുമുറിയെ പണിയെടുക്കണമെന്നും മറ്റേ വിഭാഗം പ്രയത്നം ചെയ്യാതെ പണിയെടുക്കുന്ന വർഗത്തിന്റെ പ്രയത്നഫലമനുഭവിക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ സമുദായം നശിച്ചു പോകുമെന്നുമുള്ള ധാരണകൾ അക്കാലത്ത് അജ്ഞാതങ്ങളായിരുന്നു. ‘നിയമവും സമാധാനവും പാലിക്കുന്ന’ ഒരു ഗവണ്മെൻറിന്റെ ആവശ്യംപോലും അക്കാലത്തുണ്ടായിരുന്നില്ല. എന്നിട്ടും മനുഷ്യന്റെ കൂട്ടായ ‘ജന’ജീവിതം (ഗോത്രജീവിതം) ആയിരമായിരം സംവത്സരങ്ങൾ നിലനിന്നുപോന്നു. അപരിഷ്കൃത സമുദായത്തിന്റെ നട്ടെല്ലായ ഈ സാമൂഹ്യ സംഘടനയുടെ വൈചിത്ര്യത്തെ എംഗൽസ് ഇങ്ങനെ സംഗ്രഹിക്കുന്നു:

‘ഈ ഗോത്രഭരണഘടന അതിന്റെ ബാലസദൃശമായ ലാളിത്യംകൊണ്ട് ആശ്ചര്യകരമായ ഒരു ഭരണഘടനയാണ്. പട്ടാളമില്ല, പൊലീസില്ല, പ്രഭുക്കളില്ല, രാജാക്കന്മാരില്ല, റീജൻറുമാരില്ല, കോടതികളില്ല, ജഡ്ജിമാരില്ല, ജയിലുകളില്ല, കേസുകളില്ല —എന്നിട്ടും എല്ലാ കാര്യങ്ങളും ക്രമത്തിലങ്ങനെ നടന്നുപോകുന്നു. കശപിശകളും വാദങ്ങളും തീർക്കുന്നത് ‘ജന’ങ്ങളോ ട്രൈബുകളോ അല്ലെങ്കിൽ ‘ജന’ങ്ങൾ തമ്മിൽതമ്മിലോ ആണ്. എന്നുവെച്ചാൽ കശപിശയിൽ ബന്ധപ്പെട്ട ജനസമുദായം മുഴുവനും കൂടിയാണ്. അവസാനത്തേതും അപൂർവവുമായ നടപടി എന്ന നിലയ്ക്ക് രക്തപ്രതികാര ഭീഷണിയും ഉണ്ട്. ഇന്നത്തെ മരണശിക്ഷ, സംസ്കാരയുഗത്തിന്റെ മറ്റെല്ലാ മെച്ചങ്ങളും പോരായ്മകളുമടങ്ങിയ പരിഷ്കൃതമായ പ്രതികാരമല്ലാതെ മറ്റൊന്നുമല്ല. ഇന്നത്തെ കാലത്തെ അപേക്ഷിച്ച് എത്രയോ കാര്യങ്ങൾ കൂട്ടായി തീരുമാനിക്കേണ്ടതുണ്ടായിരുന്നു. ഒട്ടധികം കുടുംബങ്ങൾ ഒന്നിച്ചുചേർന്നു പൊതുവെയാണ് തറവാട് പുലർത്തുന്നത്. അതുതന്നെ കമ്യൂണിസ്റ്റ് രീതിയിലും, ട്രൈബുകൾ മുഴുവനും കൂടിയാണ് നിലത്തിന്റെ ഉടമ വഹിക്കുന്നത്. ചെറിയ കുടിയിരിപ്പുകൾ മാത്രം തറവാടുകൾക്ക് താൽക്കാലികമായി തിരിച്ചുവെയ്ക്കും. ഇങ്ങനെയൊക്കെയായാലും, ശാഖോപശാഖകളോടുകൂടിയതും നൂലാമാലപിടിച്ചതുമായ നമ്മുടെ ഭരണഘടനാസാമഗ്രികളുടെ കണികപോലും ആവശ്യമില്ല. പ്രശ്നങ്ങൾക്ക് തീരുമാനം കണ്ടെത്തുന്നത് അവയിൽ ബന്ധപ്പെട്ടവർതന്നെയാണ്. മിക്ക സന്ദർഭങ്ങളിലും നൂറ്റാണ്ടുകളിലെ ആചാരമര്യാദയനുസരിച്ച് തീരുമാനമുണ്ടാവുക പതിവാണ്. ദരിദ്രന്മാരും ആവശ്യക്കാരുമുണ്ടാവാനിടമേയില്ല —കൂട്ടുടമയിലുള്ള തറവാടുകൾക്കും ‘ജന’ങ്ങൾക്കും പ്രായം ചെന്നവരോടും രോഗികളോടും പടയിൽ അംഗഭംഗം വന്നവരോടുമുള്ള കടമകളെന്തെന്നറിയാം. സ്ത്രീകളടക്കം എല്ലാവരും സമൻമാരാണ്, സ്വതന്ത്രരാണ്’.

പ്രാചീന മനുഷ്യരുടെ വിസ്മയാവഹമായ ഈ സാമൂഹ്യവ്യവസ്ഥയും സോഷ്യലിസവും ഒരുപോലെയാണെന്ന് തെറ്റിദ്ധരിക്കരുത്. സോഷ്യലിസം മനുഷ്യന്റെ സർവ്വതോന്മുഖമായ സാമൂഹ്യവളർച്ചയുടെ ഫലമാണ്. പ്രാകൃതകമ്യൂണിസമാകട്ടെ, നേരെമറിച്ച്, മനുഷ്യന്റെ ബലഹീനതയുടെ സന്താനമാണ്. ഉൽപാദനശക്തിയുടെ വളർച്ചയല്ല അവയുടെ അപരിപക്വതയും അപരിഷ്കൃതത്വവുമാണ് കൂട്ടായ ജീവിതവും കൂട്ടുടമാവകാശങ്ങളും ആവശ്യമാക്കിത്തീർത്തത്. അതുകൊണ്ട് ഉൽപാദനശക്തികൾ കൂടുതൽ വികസിക്കാൻ തുടങ്ങിയപ്പോൾ ഈ സമത്വസുന്ദരമായ സാമൂഹ്യഘടന തകർന്നു മണ്ണടിഞ്ഞുവെങ്കിൽ അതിലത്ഭുതപ്പെടാനില്ല.

1.15ഉള്ളവനും ഇല്ലാത്തവനും

മനുഷ്യചരിത്രത്തിന്റെ ശൈശവദശയിൽ സ്വകാര്യസ്വത്തുടമാവകാശം തീരെ ഉണ്ടായിരുന്നില്ലെന്നും യാതൊരു സ്വകാര്യ സ്വത്തും കൂടാതെയാണ് നമ്മുടെ ആദിമപൂർവ്വികന്മാർ മൃഗലോകത്തിൽ നിന്നു മനുഷ്യലോകത്തിലേക്ക് പ്രവേശിച്ചതെന്നും നമുക്കുകണ്ടറിയാൻ കഴിഞ്ഞിരിക്കുന്നു. ഉൽപാദനത്തെ വർദ്ധിപ്പിക്കാനുതകുന്ന പരിഷ്കരിച്ച ആയുധങ്ങളും ഉപകരണങ്ങളും ആ പ്രാചീനകാലത്തുണ്ടായിരുന്നില്ല. ഉള്ളതൊക്കെ പൊതുസ്വത്തായിരുന്നുതാനും. പൊതുവിലുള്ള വേട്ടയും, പൊതുവിലുള്ള ഭക്ഷണസംരക്ഷണവും, പൊതുവിലുള്ള ഉപയോഗവുമാണ് അക്കാലത്തുണ്ടായിരുന്നത്. ‘ഇത് എന്റേതാണ് നിന്റേതല്ല’ എന്നും പറയുവാൻ യാതൊരാളുമുണ്ടായിരുന്നില്ല. എല്ലാം എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു.

പക്ഷേ, ഉൽപാദനോപകരണങ്ങൾ പരിഷ്കരിക്കുകയും സ്വത്തു വർദ്ധിക്കുകയും ചെയ്തപ്പോൾ ഈ സ്ഥിതിക്ക് ഇളക്കം തട്ടി. ഉൽപാദനോപകരണങ്ങൾ പരിഷ്കരിക്കുന്ന തോതനുസരിച്ച് സ്വകാര്യസ്വത്തുക്കളുടെ അടിസ്ഥാനം വിപുലമാകുവാൻ തുടങ്ങി.

വില്ലും അമ്പും ഉൽപാദനവ്യവസ്ഥകളിൽ ഒരു വമ്പിച്ച വിപ്ലവമുണ്ടാക്കി. കൂട്ടംകൂട്ടമായി കന്നുകാലികളെ വളർത്താൻ കഴിയുമെന്നായി. സ്വത്തുക്കളുടെ ഈ വർദ്ധനവും വൈവിദ്ധ്യവും കൈമാറ്റവ്യവസ്ഥയുടെ വളർച്ചയ്ക്കു വഴിവെച്ചുകൊടുത്തു. ചരക്കുകളുടെ കൊള്ളക്കൊടുക്കകൾക്കു സാമൂഹ്യജീവിതത്തിൽ സ്ഥാനം ലഭിച്ചു. ഈ അഭിവൃദ്ധി സമുദായത്തിന്റെ ഐക്യത്തിൽ വിടവുണ്ടാക്കാൻ തുടങ്ങി. ചില കുടുംബങ്ങളുടെ കയ്യിൽ കുറച്ചും, മറ്റു ചില കുടുംബങ്ങളുടെ കയ്യിൽ അധികവും സ്വത്തുക്കൾ കേന്ദ്രീകരിക്കാൻ തുടങ്ങി. സ്വകാര്യസ്വത്തുടമയുടെ ഈ വിജയം പ്രാകൃതകമ്യൂണിസ്റ്റ് വ്യവസ്ഥയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്തുവെന്നു പറയേണ്ടതില്ലല്ലോ.

എംഗൽസ് എഴുതുന്നു: ‘തറവാടുകളിലെ കുടുംബത്തലവന്മാർക്കിടയിൽ സംഭവിച്ച സ്വത്തു സംബന്ധിയായ അസമത്വങ്ങൾ ശേഷിച്ച പഴയ കുടുംബത്തറവാടുകളെയെല്ലാം തകർത്തുകളഞ്ഞു. അതോടൊപ്പം എല്ലാവരും ചേർന്ന് എല്ലാവർക്കും വേണ്ടി നടത്തിയിരുന്ന കൂട്ടുകൃഷിയും നിലച്ചുപോയി’.

മൃഗങ്ങളെ പോറ്റിവളർത്തലും കൃഷിയും വർദ്ധിപ്പിക്കുക മാത്രമല്ല ഉൽപാദനബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാക്കുകകൂടി ചെയ്തു. കന്നുകാലികളും മറ്റു സ്വത്തുക്കളും വളരെ വർദ്ധിക്കുകയും അവ പിതൃബന്ധ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പിൻഗാമികളുടെ കൈവശം വന്നുചേരാൻ തുടങ്ങുകയും ചെയ്തതിന്റെ ഫലമായി വർഗരഹിതമായ പ്രാകൃത കമ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് ഉടവുതട്ടാൻ തുടങ്ങി. ബൈബിളിലെ രാജാക്കന്മാരിൽ (Kings) വിവരിക്കപ്പെട്ടിട്ടുള്ള ഹിബ്രൂ രാജാക്കന്മാരുടെ കഥകൾ വായിച്ചാൽ അക്കാലത്തുതന്നെ സമുദായം ധനികവർഗം, ദരിദ്രവർഗം എന്നിങ്ങനെ രണ്ടായി പിരിയാൻ ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്ന് വ്യക്തമാവും. ‘പ്രവാചക’ന്മാരുടെ ആത്മീയ പ്രക്ഷോഭങ്ങളിൽ സാമ്പത്തിക ഘടനയിലുണ്ടായ ഈ പരിവർത്തനങ്ങളാണ് പ്രതിഫലിച്ചു കാണുന്നത്. അസമത്വം കലർന്ന പുതിയ സാമൂഹ്യ ഘടനയുടെ ആഗമനത്തെ അവർ ശപിച്ചു. വർഗവിഭജനമില്ലാത്ത പഴയ സാമൂഹ്യഘടനയിലേക്കുതന്നെ പോകാൻ അവൻ ആഗ്രഹിച്ചു. വരാൻപോകുന്ന സാമൂഹ്യഘടനയിലെ കഷ്ടപ്പാടുകളേയും മർദ്ധനങ്ങളേയും അവർ ഭയപ്പാടോടെ വീക്ഷിച്ചു. പക്ഷേ, സാമൂഹ്യഘടനയിലെ വികാസത്തിന്റെ കാരണങ്ങളെ മനസിലാക്കാൻ സാധിച്ചില്ല. പക്ഷേ, ചരിത്രത്തിന്റെ ഗതിയെ പിന്നോട്ടുപിടിച്ചുതിരിക്കുക സാദ്ധ്യമായിരുന്നില്ല. ലോകത്തിൽ വളർന്നുവരുന്ന അനീതികളെ ദൂരീകരിക്കാൻ ഒരു ദൈവദൂതൻ വരുമെന്നു ആശിക്കാൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളൂ. വരാൻപോകുന്ന ആ ദൈവദൂതൻ ദുഷ്ടന്മാരെ നിഗ്രഹിച്ചു ദരിദ്രന്മാരെ നീതിപൂർവ്വം സംരക്ഷിക്കുമെന്നും അങ്ങനെ ‘ചെന്നായും ആട്ടിൻകുട്ടിയും ഒരുമിച്ചു താമസിക്കുകയും’ സിംഹം കാളയെപ്പോലെ വയ്ക്കോൽ തിന്നുകയും ചെയ്യുന്ന ഒരു കാലം വീണ്ടു കരഗതമാകുമെന്നും പ്രതീക്ഷിച്ചു തൃപ്തിപ്പെടുകയാണവർ ചെയ്തത്.

ഇപ്രകാരം പ്രവാചകന്മാരുടെ മുന്നറിയിപ്പുകളേയും ശാപങ്ങളേയും വകവെയ്ക്കാത്ത സാമൂഹ്യനിയമങ്ങളുടെ പ്രവർത്തനത്തിന്റെ ഫലമായി സാമ്പത്തികാസമത്വങ്ങൾ വളർന്നുവന്നു. നദീതീരങ്ങളിൽ വാസമുറപ്പിച്ചും വിസ്തൃതവും ഫലപുഷ്ടിനിറഞ്ഞതുമായ ഭൂമിയിൽ കൃഷിചെയ്യാൻ തുടങ്ങിയതിനുശേഷം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഈ അകൽച്ച മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം വർദ്ധിച്ചു. വർഗരഹിതമായ പ്രാകൃതകമ്യൂണിസത്തിന്റെ സ്ഥാനത്ത് അടിമകളും ഉടമകളും തമ്മിൽ മത്സരിക്കുന്ന ഒരു പുതിയ സാമൂഹ്യഘടന പൊന്തിവന്നു. ഈ പുതിയ സാമൂഹ്യഘടനയെ സി. പി. എസ്. യു. വിന്റെ ചരിത്രം ഇങ്ങനെ വിവരിക്കുന്നു:

‘അടിമത്തസമ്പ്രദായത്തിലെ ഉല്പാദന ബന്ധങ്ങളുടെ അടിസ്ഥാനം അടിമയുടമസ്ഥനാണ് ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥനെന്നുള്ളതാണ്. എന്നല്ല, ഉൽപാദനം നടത്തുന്ന പ്രവൃത്തിക്കാരന്റെ മേലും അയാൾ ഉടമാവകാശം വഹിക്കുന്നു. ഇയാളെ അയാൾക്കു വിൽക്കാം, വാങ്ങാം, ഒരു മൃഗത്തെ കൊല്ലുന്നപോലെ കൊല്ലാം. ഇത്തരം ഉൽപാദനബന്ധങ്ങൾ അക്കാലത്തെ ഉൽപാദന ബന്ധങ്ങളുടെ നിലയ്ക്ക് യോജിച്ചതായിരുന്നു. കല്ലുകൊണ്ടുള്ള ആയുധങ്ങൾക്കുപകരം ആളുകൾക്കിപ്പോൾ ലോഹായുധങ്ങൾ കൈവശമുണ്ട്. മൃഗങ്ങളെ തീറ്റിപ്പോറ്റാനോ നിലം ഉഴുവാനോ അറിഞ്ഞുകൂടായിരുന്ന വെറും വേടന്മാരുടെ കഷ്ടപ്പാടുകൊണ്ടുള്ള പ്രാകൃതപ്രവൃത്തികളുടെ സ്ഥാനത്ത് ഇപ്പോളിതാ കന്നുകാലികളെ മേയ്ക്കലും കൃഷിപ്പണിയും കൈത്തൊഴിലുകളും ഇങ്ങനെ പലതരം ഉല്പാദനങ്ങൾ നടത്തുവാനുള്ള പ്രവൃത്തിവിഭജനം ആവിർഭവിക്കുകയും വ്യക്തികൾക്കും സമുദായങ്ങൾക്കും തമ്മിൽ ഉൽപന്നങ്ങൾ കൈമാറാമെന്നാവുന്നു. ധനം ചുരുക്കം ചിലരുടെ കൈയ്യിൽചെന്നു കുന്നുകൂടാമെന്നാവുന്നു, ഉൽപാദനോപകരണങ്ങൾ ചുരുക്കം ചിലരുടെ കയ്യിൽ ചെന്നു കുന്നുകൂടുകയും ചെയ്യുന്നു. ന്യൂനപക്ഷത്തിനു ഭൂരിപക്ഷത്തെ കീഴൊതുക്കിനിർത്തുന്നതിനുള്ള സാദ്ധ്യതയുണ്ടാവുന്നു. ഈ ഭൂരിപക്ഷത്തെ അടിമകളാക്കിവെയ്ക്കാമെന്ന നിലയും വരുന്നു. ഉൽപാദന സംരംഭത്തിൽ എല്ലാ സമുദായങ്ങളും സ്വാതന്ത്ര്യത്തോടുകൂടി ഒത്തുചേർന്നുനിന്നു വേല ചെയ്യുന്ന കാഴ്ച നാമിപ്പോൾ കാണുന്നില്ല. അടിമകളെക്കൊണ്ട് നിർബന്ധിച്ചു വേലയെടുപ്പിക്കലാണിപ്പോഴുള്ളത്. യാതൊരു വേലയുമെടുക്കാതെ അടിമയുടമസ്ഥന്മാർ ഇവരെ ചൂഷണം ചെയ്യുന്നു. അതുകൊണ്ട് ഈ ഘട്ടത്തിൽ ഉൽപാദനോപകരണങ്ങളുടെയോ അദ്ധ്വാനഫലത്തിന്റെയോ കൂട്ടുടമയില്ല. അതിന്റെ സ്ഥാനത്ത് സ്വകാര്യ സ്വത്തുടമയാണുള്ളത്. സ്വകാര്യ സ്വത്തുടമസ്ഥനെന്ന പദത്തിന്റെ പരിപൂർണമായ അർത്ഥത്തിൽ അടിമയുടമസ്ഥൻ ഇവിടെ അഗ്രഗണനീയനായി ആവിർഭവിക്കുന്നു.

‘സമ്പന്നന്മാർ, സാധുക്കൾ; ചൂഷണം ചെയ്യുന്നവർ, ചൂഷണം ചെയ്യപ്പെടുന്നവർ; സർവാധികാരങ്ങളും കൈവശമുള്ളവർ, യാതൊരധികാരവുമില്ലാത്തവർ ഇരുചേരികളും തമ്മിൽ തീക്ഷ്ണമായ സമരം —ഇത്തരത്തിലാണ് അടിമസമുദായത്തിന്റെ ചരിത്രം’.

ഉൽപാദനവ്യവസ്ഥയിൽ അടിമകളെ ഉപയോഗപ്പെടുത്താൻ കഴിയണമെങ്കിൽ രണ്ടു സംഗതികളാവശ്യമാണ്. ഒന്നാമത്, അടിമയുടെ ജീവിതത്തിനാവശ്യമായ ഭക്ഷണം തുടങ്ങിയ സാമഗ്രികളും പ്രയത്നത്തിനാവശ്യമായ ഉപകരണങ്ങളും ഉണ്ടാവണം. രണ്ടാമത്, ഉൽപാദന ശക്തികൾ ഒരതിർത്തിവരെ വളരുകയും സ്വത്തുക്കളുടെ വിഭജനത്തിൽ ഏറെക്കുറെ അസമത്വങ്ങൾ ഉത്ഭവിക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ടാകണം. അടിമയ്ക്ക് തന്റെ സ്വന്തം ജീവിതത്തെ നിലനിർത്താനാവശ്യമായതിലും അധികം ഉൽപാദിപ്പിക്കാൻ കഴിയണം. എന്നെങ്കിലല്ലേ മിച്ചമുള്ളത് അവന്റെ യജമാനന് ചൂഷണം ചെയ്യാൻ സാധിക്കൂ? സ്വന്തം ജീവസന്ധാരണത്തിനാവശ്യമയത് മാത്രമേ അടിമയ്ക്കുണ്ടാക്കാൻ കഴിയൂ. എങ്കിൽ പിന്നെ അടിമയെ ആർക്കുവേണം? യജമാനനെങ്ങനെ ലാഭംകിട്ടും? അതുകൊണ്ടാണ് ഉല്പാദനോപകരണങ്ങൾ പ്രാകൃതങ്ങളായിരുന്ന കാലത്ത് അടിമത്തവ്യവസ്ഥയ്ക്കും ചൂഷണത്തിനും സമുദായത്തിൽ യാതൊരു സ്ഥാനവുമുണ്ടാകാതിരുന്നത്.

ധനികരായ പ്രമാണികൾക്ക് അടിമകളെ ധാരാളമായി കിട്ടിയത് പ്രധാനമായും യുദ്ധത്തിൽ നിന്നായിരുന്നു. അതിനുമുമ്പും യുദ്ധങ്ങളുണ്ടായി,ട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും കീഴടക്കപ്പെട്ടവരെ എന്തു ചെയ്യണമെന്നറിയാതെ കൊന്നുകളയുകയായിരുന്നു പതിവ്. ആദ്യകാലത്ത് അവരെ കൊന്നുതിന്നിരുന്നുവെന്നും ചില ഗവേഷകന്മാർ പറയുന്നുണ്ട്. ഇപ്പോഴാകട്ടെ, അവരെ കൊല്ലാതെ തടവുകാരാക്കി പിടിച്ച് അവരുടെ പ്രയത്നശക്തിയെ ഉപയോഗിക്കാമെന്നായി. അടിമകളെക്കൊണ്ട് പണിയെടുപ്പിച്ച് ജീവിതത്തെ നിലനിർത്താനാവശ്യമായ ഭക്ഷണംമാത്രം അവർക്കു കൊടുത്ത് മുഴുവനും യജമാനൻ ചൂഷണം ചെയ്യാൻ തുടങ്ങി. ക്രമേണ അടിമകളുടെ പ്രയത്നം ഉൽപാദനത്തിന്റെ ഏറ്റവും പ്രധാനമായ ഒരുപാധിയായിത്തീർന്നു.

അടിമത്തത്തിന്റെ ആവിർഭാവം യജമാനവർഗത്തിന്റെ പ്രയത്നത്തെ ലഘൂകരിച്ചു. യജമാനവർഗത്തിന്റെ ഭക്ഷണസാമഗ്രികളും മറ്റും അടിമകളാണുൽപ്പാദിപ്പിച്ചിരുന്നത്. അടിമകൾക്ക് കൂടുതൽ പ്രയത്നം, യജമാനന്മാർക്ക് ധാരാളം ഒഴിവുസമയം. ഈ ഒഴിവുസമയത്തെ കല, സാഹിത്യം, വിദ്യാഭ്യാസം മുതലായവയ്ക്കും വ്യാവസായികാഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാമെന്നായി. അതുകൊണ്ട് സമുദായത്തിൽ ഒരു വിഭാഗത്തിന് ഒഴിവ് സമയമുണ്ടായത് സാമൂഹ്യപുരോഗതിക്കു ആവശ്യമായിരുന്നുവെന്ന് സമ്മതിച്ചേതീരൂ. സാഹിത്യത്തിന്റെയും കലയുടെയും അഭിവൃദ്ധിക്ക് ഈ പുതിയ പ്രവൃത്തിവിഭജനം അനിവാര്യമായിരുന്നു. ഭൂരിപക്ഷക്കാരായ മർദിത ജനങ്ങൾ ദേഹാദ്ധ്വാനം ചെയ്യുക, അവരുടെ പ്രവർത്തിയെ മേൽനോട്ടം ചെയ്തുകൊണ്ട് ന്യൂനപക്ഷക്കാരായ യജമാനവർഗക്കാർ കച്ചവടം, സയൻസ്, കല, തത്വശാസ്ത്രം മുതലായവയിലേർപ്പെടുക —ഇങ്ങനെയല്ലാതെ സാംസ്കാരികാഭിവൃദ്ധി സാദ്ധ്യമായിരുന്നില്ല. എംഗെൽസ് പറയുന്നു: ‘ഒരു കാര്യം നമ്മൾ മറക്കാൻ പാടില്ല. അടിമത്തവ്യവസ്ഥയുടെ പരിതഃസ്ഥിതികളെ നിദാനമാക്കിക്കൊണ്ടാണ് നമ്മുടെ സാമ്പത്തികവും രാഷ്ട്രീയവും ബുദ്ധിപരവുമായ സകല വളർച്ചയുമുണ്ടായിട്ടുള്ളത്. ആ പരിതഃസ്ഥിതികളിൽ അടിമത്തം എത്രകണ്ടു സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവോ അത്രകണ്ട് അത്യാവശ്യമായിരുന്നു. ഈ അർത്ഥത്തിൽ നമുക്കു പറയാം: പ്രാചീനകാലത്തെ അടിമത്തവ്യവസ്ഥയുണ്ടായിരുന്നില്ലെങ്കിൽ നവീന സോഷ്യലിസവുമില്ല.

1.16ഭരണകൂടം

വർഗങ്ങളുടെ ആവിർഭാവത്തോടുകൂടി പ്രാചീന സമുദായത്തിലെ സമത്വവും സൗഭ്രാത്രവും തിരോധാനം ചെയ്തു. ചരിത്രത്തിലാദ്യമായി മനുഷ്യൻ മനുഷ്യന്റെ അടിമയായിത്തീർന്നു. മുമ്പൊക്കെ മനുഷ്യനു തന്റെ സ്വന്തം ഉൽപന്നങ്ങളെടുത്തനുഭവിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ, അടിമയുൽപാദിപ്പിക്കുന്ന വസ്തുക്കളത്രയും യജമാനന്റെ സ്വത്തുക്കളാണ്. അടിമതന്നെയും യജമാനന്റെ വെറുമൊരു യന്ത്രമാണ്. മുമ്പൊക്കെ മനുഷ്യനും മനുഷ്യനും സമന്മാരായിരുന്നു. ഇപ്പോഴാകട്ടെ, ഒരു വിഭാഗത്തിന്റെ ദാസന്മാരായിത്തീർന്നു.

പ്രാകൃതകമ്യൂണിസം അവസാനിച്ചനാൾതൊട്ട് ഇരുപതാം നൂറ്റാണ്ടുവരെയുള്ള മനുഷ്യചരിത്രം മുഴുവനും വർഗങ്ങളുടെ ചരിത്രമാണ്. വർഗവും വർഗവും തമ്മിലുള്ള കൂട്ടിമുട്ടലിന്റെ ചരിത്രമാണ്.

ഒരു വർഗം ഉൽപ്പാദിപ്പിക്കാൻ, മറ്റേ വർഗം ഫലമനുഭവിക്കാൻ; ഒരു വർഗം കഷ്ടപ്പെടാൻ, മറ്റേ വർഗം സുഖമനുഭവിക്കാൻ —ഈ വർഗവിഭജനം സമുദായത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത മാത്സര്യങ്ങളും വൈരുദ്ധ്യങ്ങളുമുളവാക്കി. മർദിതവർഗക്കാർ മർദകവർഗക്കാർക്കെതിരായി പോരാടി. ഈ വർഗസമരത്തിൽ നിന്നാണ് ഭരണയന്ത്രം ആവിർഭവിച്ചത്. എംഗൽസ് വിവരിക്കുന്നു:

‘ആഭ്യന്തര വൈരുദ്ധ്യങ്ങൾ എന്തെന്നറിയാതെ ഒരു സാമൂഹ്യ വ്യവസ്ഥയിൽ നിന്നാണ് ഗോത്രഭരണഘടന വളർന്നുവന്നത്. ഈ ഭരണഘടന അത്തരത്തിലുള്ള ഒരു സാമൂഹ്യവ്യവസ്ഥയ്ക്കു മാത്രമേ ചേരുകയുള്ളൂ. പൊതുജനാഭിപ്രായമൊഴികെ നിർബന്ധം ചെലുത്താനുള്ള മറ്റു യാതൊരുപകരണവും ഈ ഭരണഘടനയ്ക്കുണ്ടായിരുന്നില്ല. എന്നാൽ മനുഷ്യജീവിതത്തിലെ സാമ്പത്തികസ്ഥിതിഗതികൾ മൂലം സ്വതന്ത്രരെന്നും അടിമകളെന്നും മർദകരായ ധനികനെന്നും മർദിതരായ ദരിദ്രരെന്നും ചേരിതിരിയാൻ ആ സാമൂഹ്യവ്യവസ്ഥ നിർബന്ധമായിത്തീർന്നു. മേല്പറഞ്ഞ വൈരുദ്ധ്യങ്ങളെ വീണ്ടുമൊരിക്കലും യോജിപ്പിക്കാൻ അതിനു കഴിഞ്ഞില്ല. മാത്രമല്ല, അവയ്ക്ക് മൂർച്ചകൂട്ടാൻ അത് നിർബന്ധമാവുകകൂടി ചെയ്തു. ഇത്തരമൊരു സാമൂഹ്യഘടന ഒന്നുകിൽ ഇടവിടാതെ അന്യോന്യം പോരടിക്കുന്ന വർഗങ്ങളുടെ തുറന്നസമരത്തിൻ കീഴിലോ അല്ലെങ്കിൽ പോരടിക്കുന്ന വർഗ്ഗങ്ങളുടെ തുറന്ന സമരങ്ങളെ അടിച്ചമർത്തുകയും കാഴ്ചയിൽ അവയ്ക്കുപരിയായി നിലയുറപ്പിക്കുകയും വർഗസമരത്തെ ഏറിയാൽ സാമ്പത്തികരംഗത്തുവെച്ചു നിയമവിധേയമെന്നു പറയപ്പെടുന്ന രീതിയിൽ തുടരാനനുവദിക്കുകയും ചെയ്യുന്ന മൂന്നാമതൊരു ശക്തിയുടെ ഭരണത്തിൻകീഴിലോ മാത്രമേ നിലനിൽക്കുകയുള്ളൂ. അങ്ങനെ ഗോത്രഭരണഘടന അവസാനിച്ചു. പ്രവൃത്തിവിഭജനവും തൽഫലമായി സമുദായത്തിൽ ഉണ്ടായ വർഗവിഭജനവും അതിനെ ഛിന്നഭിന്നമാക്കി. അതിന്റെ സ്ഥാനത്തു ഭരണകൂടം ഉയർന്നുവന്നു.’

ഭരണകൂടമെന്നാലെന്തെന്നു ലെനിൻ ഒരൊറ്റ വാചകത്തിൽ വ്യക്തമാക്കുന്നു: ‘ബല പ്രയോഗത്തിന്റെ ഒരു വിശേഷരീതിയിലുള്ള സംഘടനയാണ് ഭരണകൂടം: ഏതെങ്കിലുമൊരു വർഗത്തെ അടിച്ചമർത്താൻ വേണ്ടിയുള്ള അക്രമത്തിന്റെ സംഘടിതരൂപമാണത്’.

വർഗവിഭജനത്തെ ആധാരമാക്കിയ പുതു സാമൂഹ്യവ്യവസ്ഥയിൽ ആളുകളുടെ മനോഭാവത്തിലും നീതിബോധത്തിലും മാറ്റം കാണപ്പെട്ടു. മനുഷ്യൻ മനുഷ്യനെ അടിമയാക്കുകയെന്ന നയം ന്യായീകരിക്കപ്പെട്ടു. അടിമകളെ അടിക്കുകയും ചങ്ങലക്കിടുകയും, വേണമെങ്കിൽ കൊല്ലുകയും ചെയ്യുകയെന്നത് ഉടമകളുടെ നീതിപൂർവകമായ അവകാശമായിത്തീർന്നു. സ്വകാര്യ സ്വത്തുടമ വിപുലവും അലംഘ്യവുമാണെന്ന വിശ്വാസം പൊന്തിവന്നു.

എന്നാൽ, ഈ പുതിയ ചിന്താഗതിയും നീതിനിയമങ്ങളും ഭൂരിപക്ഷക്കാരായ മർദിതരുടെയിടയിൽ പ്രചരിപ്പിച്ചുറപ്പിക്കുകയെന്നത് എളുപ്പമായിരുന്നില്ല. അതിനുകെൽപ്പും കോപ്പുമുള്ള ഒരു സ്ഥാപനം ആവശ്യമായിത്തീർന്നു. എംഗൽസ് തുടരുന്നു:

‘ഒരു കാര്യം മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു, ഗോത്രവ്യവസ്ഥയുടെ കൂട്ടുടമ പാരമ്പര്യങ്ങൾക്കെതിരായി വ്യക്തികൾക്കു പുതുതായി ലഭിച്ച സ്വത്തുക്കളെ സംരക്ഷിക്കുകയും മുമ്പൊക്കെ തീരെ ഗണിക്കാതിരുന്ന സ്വകാര്യസ്വത്തിനെ പവിത്രതരമാക്കുകയും, ഈ പവിത്രതയാണ് സകല സമുദായത്തിന്റെയും സർവോൽകൃഷ്ടമായ ഉദ്ദേശ്യമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനം: സ്വത്തുസമ്പാദിക്കാനുള്ള ഓരോ പുതിയ മാർഗത്തിന്മേലും സാമൂഹ്യാംഗീകരണത്തിന്റെ മുദ്രകുത്തുകയും അങ്ങനെ ഇടവിടാതെ ഏറിക്കൊണ്ടുവരുന്ന വേഗതയിൽ സ്വത്തുക്കൾ ഒരുക്കൂട്ടുകയും ചെയ്യുന്ന ഒരു സ്ഥാപനം; വർഗങ്ങളായി പിരിഞ്ഞ ഈ സമുദായത്തിലെ വളർന്നുവരുന്ന പിളർപ്പിനെ മാത്രമല്ല, സ്വത്തില്ലാത്ത വർഗത്തെ ചൂഷണം ചെയ്യാൻ സ്വത്തുള്ള വർഗത്തിനു കൈവന്ന അവകാശത്തേയും ഇല്ലാത്തവരുടെമേൽ ഉള്ളവർ നടത്തുന്ന ഭരണത്തെയും നിലനിർത്തുന്ന ഒരു സ്ഥാപനം’.

‘ഈ സ്ഥാപനം ആവിർഭവിക്കുകയും ചെയ്തു; ഭരണകൂടം കണ്ടുപിടിക്കപ്പെട്ടു’.

നികുതിപിരിക്കുക, പട്ടാളം, പൊലീസ് മുതലായ മർദനോപകരണങ്ങളെ വെച്ചുപുലർത്തുക, ‘നിയമവും സമാധാനവും’ പാലിക്കുക, വർഗതാൽപര്യങ്ങളെ സംരക്ഷിക്കുക, മർദിതവർഗക്കാരുടെ വിദ്രോഹാഗ്നിയിൽ നിന്നു സ്വകാര്യസ്വത്തുടമയെ കാത്തുരക്ഷിക്കുക—ഇവയൊക്കെയാണ് ഭരണകൂടത്തിന്റെ ചുമതലകൾ.

1.17കൊള്ളക്കൊടുക്കകൾ

പ്രാകൃത കമ്മ്യൂണിസത്തിനുള്ളിൽ സ്വകാര്യസ്വത്ത് തലപൊക്കാൻ തുടങ്ങിയതോടുകൂടിയാണ് ചരക്കുകളുടെ കൊള്ളക്കൊടുക്കുകൾ ആരംഭിച്ചത്. ആദ്യകാലത്തു ട്രൈബുകൾ തമ്മിൽ മാത്രമേ വിനിമയബന്ധമുണ്ടായിരുന്നുള്ളൂ. അതുതന്നെയും പേരിനുമാത്രം. എന്നാൽ, സ്വത്തുക്കൾ വർദ്ധിക്കുന്തോറും വിനിമയവ്യവസ്ഥ വിപുലമായിക്കൊണ്ടുവന്നു. മൃഗങ്ങളെ പോറ്റിവളർത്താൻ തുടങ്ങിയപ്പോൾ പാൽ, വെണ്ണ, തോൽ മുതലായ വസ്തുക്കൾ വർദ്ധിച്ചു. സ്വന്തം ആവശ്യത്തിൽ കവിഞ്ഞുണ്ടാകുന്നത്, വിനിമയത്തിനുപയോഗിക്കാമെന്നായി. വിവിധ ട്രൈബുകളുടെ അസമമായ വളർച്ചയും സാമ്പത്തികാസമത്വങ്ങളും വിനിമയവ്യവസ്ഥയെ സുപ്രതിഷ്ഠിതമാക്കി. കൊള്ളക്കൊടുക്കകൾക്കുപയോഗിച്ചിരുന്ന പ്രധാനമായ വസ്തു കന്നുകാലികളായിരുന്നു. ക്രമത്തിൽ മറ്റെല്ലാ വസ്തുക്കളുടെയും വില കന്നുകാലികളുടെ വിലയുടെ അടിസ്ഥാനത്തിൽ കണക്കുകൂട്ടാൻ തുടങ്ങി. വിനിമയത്തിന്റെ മദ്ധ്യവർത്തിയെന്ന നിലയ്ക്കു കന്നുകാലികൾ പണത്തിന്റെ സ്ഥാനമാണ് വഹിച്ചത്.

കൃഷിയോടൊപ്പം കുടിൽവ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടു. കൈത്തറികൊണ്ടു നെയ്ത്തും ചെമ്പ്, ഓട്, ടിൻ, സ്വർണം, വെള്ളി മുതലായ ലോഹങ്ങൾ കൊണ്ടുള്ള പണിത്തരങ്ങളും സമുദായത്തിന്റെ ആവശ്യങ്ങളായിത്തീർന്നു. സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിൽ സ്വത്തുക്കൾ അതിവേഗം വർദ്ധിച്ചുവന്നു. ഒടുവിൽ അപരിഷ്കൃതയുഗത്തിന്റെ അവസാനത്തിൽ ഇരുമ്പ് ഉപയോഗത്തിൽ വന്നതോടുകൂടി കൃഷിയും ശിൽപവേലകളും പണ്ടെങ്ങുമുണ്ടായിട്ടില്ലാത്തവിധം പരിഷ്കരിച്ചു. ഒരേ വ്യക്തിയുടെ കീഴിൽ കൃഷിയും കൈത്തൊഴിലുകളും ഒന്നിച്ചുകൊണ്ടു നടത്തുക സാധ്യമല്ലാതായിത്തീർന്നു. ക്രമേണ ഈ രണ്ടു ഉല്പാദനവിഭാഗങ്ങളും വേർപിരിഞ്ഞു. ചിലർ കൃഷിയിലേർപ്പെട്ടു; മറ്റു ചിലർ കൈത്തൊഴിലുകളിലും. ഈ പ്രവൃത്തി വിഭജനം സ്വത്തുക്കളെ പിന്നെയും വർദ്ധിപ്പിച്ചു. കൈമാറ്റവ്യവസ്ഥ സമുദായത്തിലെ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരാവശ്യമായിത്തീർന്നു. വിപുലവും സാർവത്രികവുമായിത്തീർന്ന ഈ കൊള്ളക്കൊടുക്കകൾക്ക് കന്നുകാലികളെക്കാൾ സൗകര്യമേറിയ മറ്റെന്തെങ്കിലും പണമായി ഉപയോഗിച്ചേ കഴിയൂ എന്നുവന്നു. ഈ അവസരത്തിലാണ് സ്വർണവും വെള്ളിയും പണമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഉൽപാദന-വിതരണവ്യവസ്ഥയിലെ ഇടത്തട്ടുകാരായ കച്ചവടക്കാർ പണത്തിന്റെ സഹായത്തോടുകൂടി ചരക്കുകളുടെ കൊള്ളക്കൊടുകളെ പൂർവാധികം അഭവൃദ്ധിപ്പെടുത്തി. എംഗൽസ് എഴുതുന്നു: ‘അപരിഷ്കൃതയുഗത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും കൃഷിയും കൈവേലകളും തമ്മിലുള്ള പ്രവൃത്തിവിഭജനം പിന്നെയും വർദ്ധിക്കുന്നു —അതുകാരണം, അദ്ധ്വാനഫലങ്ങളുടെ തുടർച്ചയായേറിക്കൊണ്ടുവരുന്ന ഒരു ഭാഗം കൈമാറ്റം ചെയ്യാനുള്ള ഉൽപന്നങ്ങളായിത്തീരുന്നു. തൽഫലമായി ഉൽപാദകന്മാർ തമ്മിലുള്ള കൈമാറ്റം സജീവമായ ഒരു സാമൂഹ്യപ്രവർത്തനത്തിന്റെ രൂപം കൈക്കൊള്ളുന്നു. പട്ടണവും ഉൾനാടും തമ്മിലുള്ള വ്യത്യാസങ്ങളെ വർദ്ധിപ്പിച്ചുകൊണ്ടു സംസ്കാരയുഗം നിലവിലുള്ള പ്രവൃത്തിവിഭജനത്തിന്റെ നിലയുറപ്പിക്കുകയും അതിന് ഊക്ക് കൂട്ടുകയും ചെയ്യുന്നു. സംസ്കാരയുഗത്തിന്റേതായ സവിശേഷതയോടുകൂടിയതും എണ്ണപ്പെട്ട പ്രാധാന്യമുള്ളതുമായ മൂന്നാമതൊരു പ്രവൃത്തിവിഭജനം കൂടെകൂടുന്നു. ഉൽപാദനവുമായി യാതൊരു സംബന്ധവുമില്ലാതെ ഉൽപന്നങ്ങളുടെ കൊള്ളക്കൊടുക്കയിൽ മാത്രം സംബന്ധമുള്ള ഒരു വർഗത്തെ-കച്ചവടവർഗത്തെ-അതുണ്ടാക്കിവിടുന്നു’.

നേരിട്ട് ഉൽപാദനം നടത്താത്ത ഈ കച്ചവടക്കാർ ഉൽപാദന വ്യവസ്ഥയിലെ ഇടത്തട്ടുകാരായി നിന്നുകൊണ്ടു സ്വത്തു സമ്പാദിക്കുന്നു. ഉൽപാദനം നേരിട്ടു നടത്തുന്നവരെ സാമ്പത്തികമായി കീഴടക്കിവെയ്ക്കാൻ അവർക്കു കഴിയുന്നു. പണം കൊടുത്തു ചരക്കുകൾ വാങ്ങി അവയെ മറ്റുള്ളവർക്കു വിറ്റു കൂടുതൽ പണം സമ്പാദിക്കുകയാണ് അവരുടെ ജീവിതരീതി. ചരക്കുകൾ പണത്തിനുവേണ്ടി വിൽക്കുക എന്ന സമ്പ്രദായത്തോടുകൂടി സ്വാഭാവികമായിത്തന്നെ കടമെടുപ്പുകളും പ്രത്യക്ഷപ്പെടുന്നു. പലിശയ്ക്കു പണം കടം കൊടുക്കുക, കടക്കാരുടെ പരിമിതമായ സ്വത്തുക്കൾകൂടിയും തട്ടിയെടുക്കുക, കടംവീട്ടാൻ നിവൃത്തിയില്ലാത്തവരെ അടിമകളാക്കി വിൽക്കുക മുതലായ ചൂഷണങ്ങൾ സർവസാധാരണമായിത്തീരുന്നു. ന്യൂനപക്ഷത്തിന്റെ കയ്യിൽ കച്ചവടം, പണം കടം കൊടുക്കൽ, നിലയുടമ, സ്വകാര്യസ്വത്ത്, വിദ്യാഭ്യാസം മുതലായ അഭിവൃദ്ധികൾ, ഭൂരിപക്ഷക്കാർക്കിടയിൽ ദാരിദ്ര്യവും കഷ്ടപ്പാടും ബുദ്ധിമുട്ടുകളും —ഇങ്ങനെയാണ് ലോകസംസ്കാരം ആരംഭിച്ചത്.

1.18മന്ത്രവാദിയും പുരോഹിതനും

നിയന്ത്രിക്കാനാവാത്ത പ്രകൃതികോപങ്ങളും പഞ്ചഭൂതങ്ങളുടെ പ്രവർത്തനങ്ങളും ആദിമമനുഷ്യനെ അമ്പരപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രകൃതിതത്വങ്ങൾ അവനു ദുർഗ്രഹമായിരുന്നു. എങ്കിലും തന്റെ പ്രാകൃതമായ പ്രായോഗികജീവിതത്തിന്റെ അടിസ്ഥാനത്തിൽ പ്രകൃതിനിയമങ്ങളെ വ്യാഖ്യാനിക്കാൻ അവൻ പരിശ്രമിച്ചുനോക്കി. അതിന്റെ ഫലമായിട്ടാണ് മഴ, ഇടി, വെളിച്ചം മുതലായവ ഏതോ അജ്ഞാത ദൈവങ്ങളുടെ പ്രവർത്തനമാണെന്ന വിശ്വാസമുളവായത്. തനിക്കു ദോഷം വരുത്തുന്ന പ്രകൃതിശക്തികളെല്ലാം ചീത്തദൈവങ്ങളാണ്. ചീത്തദൈവങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നു രക്ഷനേടാൻ വെറും ഭൗതികശക്തികളെയവലംബിച്ചതുകൊണ്ടാവില്ല. അതിനാൽ, അത്തരം ദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങളും ബലികളും മറ്റു ചടങ്ങുകളും വേണം. ചില പ്രത്യേക തരത്തിലുള്ള ചടങ്ങുകളും ചില പ്രത്യേക മന്ത്രങ്ങളും പ്രകൃതിശക്തികളെ പ്രീണിപ്പിക്കാൻ പ്രയോജനപ്പെടുമെന്നു മനുഷ്യൻ വിശ്വസിക്കാൻ തുടങ്ങി. ഈ അന്ധവിശ്വാസമത്രേ മന്ത്രവാദിയെ സൃഷ്ടിച്ചുവിട്ടത്.

കൃഷി ചെയ്യാനാരംഭിച്ചതോടുകൂടി മനുഷ്യനു സുനിശ്ചിതമായ ചില പുതിയ ആവശ്യങ്ങളുണ്ടായി. വിളവുനന്നാവണം, വെള്ളപ്പൊക്കം, മഴയില്ലായ്മ മുതലായവയിൽനിന്നു രക്ഷനേടണം. ഈ ആവശ്യങ്ങളിൽനിന്നാണ് പുരോഹിതൻ പൊന്തിവന്നത്.

മന്ത്രവാദിയുടെയെന്നപോലെ പുരോഹിതന്റെയും പ്രാമാണ്യത്തിനടിസ്ഥാനം ജനങ്ങളുടെ ഉൽപാദനാവശ്യങ്ങളല്ലാതെ മറ്റൊന്നുമായിരുന്നില്ല. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുടെ ഗതിക്രമങ്ങൾ മറ്റാരെക്കാളുമധികം മനസിലാക്കിയിരുന്നതുകൊണ്ടാണ് പുരോഹിതൻ ആദരിക്കപ്പെട്ടത്. പുരോഹിതൻ വിളിക്കുമ്പോഴൊക്കെ ദൈവങ്ങൾ പ്രത്യക്ഷപ്പെടും. അയാൾ നക്ഷത്രങ്ങളെ നോക്കി കാലനിർണയം ചെയ്യും. മഴ പെയ്യുമോ ഇല്ലയോ എന്ന് മുൻകൂട്ടി പറയും. യുദ്ധത്തിൽ ജയമോ പരാജയമോ ഉണ്ടാവുക എന്നു പ്രവചിക്കും. നമ്മുടെ രാജ്യത്തിൽ ബ്രാഹ്മണരുടെ നേതൃത്വത്തിന്റെ ആരംഭം (ആരംഭം മാത്രമാണേ) ഉണ്ടായതിങ്ങനെയാണ്. മതത്തിന്റെ പേരിലാണ് അവർ ആധിപത്യം നടത്തിയതെങ്കിലും അതിന്നടിയിൽ ഭൗതികജീവിതത്തിന്റെ ആവശ്യങ്ങളാണുണ്ടായിരുന്നത്. വെള്ളവും വെയിലുമില്ലാതെ കൃഷിനടത്തുക സാധ്യമല്ലല്ലോ. കൃഷിക്കു ഹാനിതട്ടിക്കുന്ന അതിവർഷം, വെള്ളപ്പൊക്കം മുതലായവയിൽ നിന്നു രക്ഷനേടാനുതകുന്ന ശാസ്ത്രീയ മാർഗങ്ങളൊന്നും അക്കാലത്തുണ്ടായിരുന്നില്ല. ഈയൊരു സ്ഥിതിയിൽ നിന്നാണ് സൂര്യഭഗവാൻ, ഇന്ദ്രൻ, വരുണൻ തൊട്ട ദൈവങ്ങളുണ്ടായത്. ഈ ദൈവങ്ങളെ തൃപ്തിപ്പെടുത്തി മനുഷ്യനു ശുഭം വരുത്താനുതകുന്ന രഹസ്യമന്ത്രങ്ങളും കൊണ്ടാണ് ബ്രാഹ്മണർ ചരിത്രത്തിൽ പ്രവേശിച്ചത്. ദൈവങ്ങളെ തൃപ്തിപ്പെടുത്താനുള്ള രഹസ്യമറിയുന്നതുകൊണ്ട് അവർ ആരാധിക്കപ്പെട്ടു. രോഗങ്ങളിൽ നിന്നും ജരാനരകളിൽ നിന്നും അതിവൃഷ്ടി, അനാവൃഷ്ടി തുടങ്ങിയ ഈതിബാധകളിൽ നിന്നും മോചനം കിട്ടാൻവേണ്ടി ബ്രാഹ്മണരുടെ നേതൃത്വത്തിൽ യാഗങ്ങൾ നടത്തപ്പെട്ടു. യാഗങ്ങൾ വഴിയായി ബ്രാഹ്മണർക്കു ജനങ്ങളുടെ പക്കൽനിന്നും ധാരാളം സ്വത്തുക്കൾ തട്ടിയെടുക്കാൻ തരപ്പെട്ടു. ജനങ്ങളുടെ അജ്ഞതയും അന്ധവിശ്വാസവുമായിരുന്നു അവരുടെ മൂലധനം. സമുദായം വർഗങ്ങളായി പിരിഞ്ഞതോടുകൂടി ധനികവർഗത്തിന്റെ ചേരിയിൽനിന്നുകൊണ്ട് അവർ തങ്ങളുടെ അധികാരാവകാശങ്ങളെ ഉറപ്പിച്ചു. മതം ദരിദ്രവർഗക്കാരെ അടക്കിനിർത്താനും ചൂഷണം ചെയ്യാനുമുള്ള ഒരുപകരണമായിത്തീർന്നു. ഉച്ചനീചത്വങ്ങൾ സമുദായത്തിൽ അംഗീകരിക്കപ്പെട്ടു. സ്വത്തുക്കൾ ദൈവാനുഗ്രഹ ഫലമായിട്ടാണുണ്ടായത്; ചിലർ ധനികവർഗത്തിലും മറ്റു ചിലർ ദരിദ്രവർഗത്തിലും ജനിക്കുന്നത് വിധിയും തലയിലെഴുത്തുമാണ്. ധനവും അഭിവൃദ്ധിയുമെല്ലാം പൂർവജൻമാർജിത സുകൃതഫലമാണ്. മതത്തിന്റെ സഹായത്തോടുകൂടി ഇത്തരം അന്ധവിശ്വാസങ്ങളെ പുലർത്തിപ്പോരുന്നത് മർദകവർഗത്തിന്റെ നിലനിൽപ്പിന് ആവശ്യമായിരുന്നു. ലെനിൻ എഴുതുകയുണ്ടായി ‘പ്രകൃതിക്കെതിരായുള്ള തന്റെ സമരത്തിൽ കാട്ടുമനുഷ്യനുണ്ടായ നിസഹായതാബോധം ദൈവങ്ങൾ, ചെകുത്താന്മാർ, അതിശയങ്ങൾ മുതലായവയിൽ വിശ്വാസമുളവാക്കി വിട്ടപോലെ തന്നെ ചൂഷകവർഗക്കാർക്കെതിരായി ചൂഷിതവർഗക്കാർ നടത്തുന്ന സമരത്തിൽ അവരുടെ നിസഹായതാ ബോധത്തെ മരണാനന്തരം ഒരു മെച്ചപ്പെട്ട ജീവിതമുണ്ടാകുമെന്ന വിശ്വാസത്തെ ജനിപ്പിക്കുന്നു.

‘തങ്ങളുടെ ജീവിതകാലം മുഴുവൻ പട്ടിണികിടന്ന് അദ്ധ്വാനിക്കുന്നവരോട് ഇഹലോകത്തിൽ ക്ഷമയോടുകൂടിയും കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ടുമിരിക്കാൻ മതം ഉപദേശിക്കുന്നു; സ്വർഗത്തിൽ ഇതിന്റെ പ്രതിഫലം കിട്ടുമെന്ന ആശയുളവാക്കിക്കൊണ്ട് അവരെ സമാധാനിപ്പിക്കുന്നു. മറ്റുള്ളവരുടെ അദ്ധ്വാനത്തിന്മേൽ തിന്നുകൂട്ടുന്നവരെ സംബന്ധിച്ചിടത്തോളം ‘ദാനശീല’രാവാൻ മതം അവരോടുപദേശിക്കുന്നു. അങ്ങനെ മതം ചൂഷണത്തിനൊരു ന്യായീകരണം നൽകുന്നു. കൂട്ടത്തിൽ സ്വർഗത്തിലേക്കു പോകാൻ ആദായകരമായ ഒരു ടിക്കറ്റും അവർ നൽകുന്നു.’

മർദകവർഗക്കാർ ദരിദ്രരെ ചൂഷണം ചെയ്യാനും വഞ്ചിക്കാനും വേണ്ടി കല്പിച്ചുകൂട്ടി കെട്ടിച്ചമച്ചുണ്ടാക്കിയ ചതിപ്രയോഗങ്ങളാണ് എല്ലാ മതങ്ങളുമെന്ന് ഇപ്പറഞ്ഞതിനർത്ഥമാക്കരുത്. മതങ്ങളുടെ ഉൽഭവം പലപ്പോഴും സാമൂഹ്യാവശ്യങ്ങളിൽനിന്നായിരിക്കും. എന്നല്ല, ചിലപ്പോൾ, മർദിതവർഗത്തിന്റെ സമരങ്ങളും മതത്തിന്റെ രൂപത്തിൽ പൊട്ടിപ്പുറപ്പെടാറുണ്ട്. ഉദാഹരണത്തിന് ക്രിസ്തുമതമെടുക്കുക. ജറുസലമിലും റോമിലും മറ്റു പ്രദേശങ്ങളിലും മർദനങ്ങൾക്കടിപ്പെട്ടുകൊണ്ട് വിഷമിച്ചും നരകിച്ചും കഴിഞ്ഞു കൂടിയിരുന്ന അടിമവർഗത്തിന്റെയും മറ്റു ദരിദ്ര ജനവിഭാഗങ്ങളുടെയും നേതാവായിട്ടാണ് യേശുക്രിസ്തു ഉയർന്നുവന്നത്. ധനികരോട് കഠിനമായ വെറുപ്പ്, ദരിദ്രരോട് അഗാധമായ അനുകമ്പ —ഇതായിരുന്നു ക്രിസ്തുമതത്തിന്റെ ഉള്ളടക്കം. പക്ഷേ, ഒരു മൂന്നു നൂറ്റാണ്ടുകൾക്കുള്ളിൽ ക്രിസ്തുമതത്തെ തങ്ങൾക്കനുകൂലമായ വിധത്തിൽ ദരിദ്രരെ അടിച്ചമർത്താനുള്ള ഒരു ഉപകരണമെന്ന നിലയ്ക്ക് ഉപയോഗിക്കാൻ ധനികവർഗക്കാർക്ക് കഴിവുണ്ടായി എന്നത് ചരിത്രപരമായ ഒരു പരമാർത്ഥം മാത്രമാണ്.

1.19നാടുവാഴി പ്രഭുത്വം

റോമിലെയും ഗ്രീസിലെയും പ്രാചീനചരിത്രങ്ങളിലാണ് അടിമത്തസമ്പ്രദായത്തെ അതിന്റെ മൂർദ്ധന്യദശയിൽ കാണാൻ കഴിയുന്നത്. എന്നാൽ ഇന്ത്യ, ചൈന, ഈജിപ്ത്, ഇറാക്ക് മുതലായ രാജ്യങ്ങളിലും അടിമത്തവ്യവസ്ഥ നിലനിന്നിരുന്നുവെന്നു തീർച്ചയാണ്. നദീതീരങ്ങളിൽ തഴച്ചുവന്ന ഈ പ്രാചീന സംസ്കാരങ്ങൾക്കു വളരാൻ പറ്റിയവിധത്തിൽ ഫലപുഷ്ടിയുള്ള മണ്ണും ജലസേചനസൗകര്യങ്ങളും ധാരാളമുണ്ടായിരുന്നു. അതുകൊണ്ടു കൃഷിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമൂഹ്യഘടനയ്ക്കു വളരെ വേഗത്തിൽ അടിയുറയ്ക്കാൻ കഴിഞ്ഞു.

മനുഷ്യൻ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ കാർഷികനിലങ്ങളുടെ ഉടമാവകാശം വ്യക്തികൾക്കല്ല സമുദായത്തിനായിരുന്നു. കൃഷിപ്പണിയിൽ എല്ലാവരും പങ്കുകൊള്ളും. വിളവുകൾ എല്ലാവരും കൂടി എടുത്തനുഭവിക്കും. പക്ഷേ, കൃഷി വിപുലമാവുകയും സ്വകാര്യസ്വത്തു തലപൊക്കുകയും അടിമകളുടെ പ്രയത്നത്തെ ഉപയോഗിക്കാൻ പറ്റിയ പരിതഃസ്ഥിതികൾ ഉളവാക്കുകയും അങ്ങനെ സാമൂഹ്യഘടന ജടിലമായിത്തീരുകയും ചെയ്തപ്പോൾ കൂട്ടുകൃഷി അപ്രായോഗികമായിത്തീർന്നു. കൃഷി ചെയ്യാനുള്ള നിലം ചെറിയ ചെറിയ ഭാഗങ്ങളാക്കി കുടുംബങ്ങൾക്ക് ഏല്പിച്ചുകൊടുക്കപ്പെട്ടു. എന്നാൽ, ഈ വിഭജനം ആദ്യകാലത്തു തൽക്കാലത്തേക്കു മാത്രമുള്ളവയായിരുന്നു. നിലം പെട്ടെന്ന് കുടുംബങ്ങളുടെ സ്വകാര്യസ്വത്തായി മാറുകയുണ്ടായില്ല. ഒരിക്കൽ കൃഷി ചെയ്തുകഴിഞ്ഞാൽ എല്ലാ നിലവും വീണ്ടും സമുദായത്തിന്റെ പൊതുവിലുള്ള മേച്ചിൽ സ്ഥലങ്ങളായി ഉപയോഗിക്കപ്പെടും. കൊല്ലംതോറും കൃഷിഭൂമികൾ കുടുംബങ്ങൾക്കു ഭാഗിച്ചുകൊടുക്കുകയായിരുന്നു പതിവ്.

എന്നാൽ, ഉല്പാദനത്തിന്റെ സൗകര്യത്തിനുവേണ്ടിയുള്ള ഈ ഭൂവിഭജനം ഒടുവിൽ പൊതുടമയുടെ നാശത്തിലാണ് കലാശിച്ചത്. താൽക്കാലികമായിട്ടെങ്കിലും ഒരു നിലം ഒരിക്കൽ ഒരു കുടംബത്തിന്റെ കയ്യിൽപെട്ടാൽ പിന്നെ അതു സ്വകാര്യസ്വത്തായി മാറ്റാൻ വലിയ താമസം വേണ്ടിവരില്ലെന്ന് തീർച്ചയാണ്. എന്തുകൊണ്ടെന്നാൽ, പണിയായുധങ്ങൾ, കന്നുകാലികൾ, അടിമകൾ എന്നിവയെല്ലാം സ്വകാര്യസ്വത്തുക്കളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ഒരു കാലമായിരുന്നു അത്. പിന്നെ, എല്ലാ കുടുംബങ്ങൾക്കും സമമായ സ്വത്തുക്കളല്ല ഉണ്ടായിരുന്നത്. ചിലരുടെ പക്കൽ ലോഹംകൊണ്ടുള്ള പരിഷ്കരിച്ച പണിയായുധങ്ങളുണ്ടാവും. അല്ലെങ്കിൽ കൂടുതൽ കന്നുകാലികളോ അടിമകളോ ഉണ്ടാവും. ഈ പരിതഃസ്ഥിതിയിൽ ദരിദ്രരായ കൃഷിക്കാർ പലപ്പോഴും ധനികവർഗക്കാരെ ആശ്രയിക്കാൻ നിർബന്ധിതരായിത്തീർന്നു. വലിയവർക്കു ചെറിയവരെ ദ്രോഹിക്കാനും അവരുടെ നിലങ്ങൾ തട്ടിയെടുക്കാനും തരം കിട്ടി എന്നല്ല, സമുദായത്തിന്റെമേൽ പൊതുവിൽ സ്വാധീനശക്തി ചെലുത്താനും അവർക്കു സാധിച്ചു. ഈ സ്വാധീനശക്തി ഉപയോഗിച്ചുകൊണ്ട് ആദ്യമായി നിലത്തിന് മേലുള്ള അവകാശം ഒരു കൊല്ലത്തിലധികം കാലത്തേക്ക് നീട്ടികിട്ടാൻ അവർ പരിശ്രമിച്ചു. ക്രമേണ നിലങ്ങൾ സ്ഥിരമായ സ്വകാര്യസ്വത്തുക്കളായി മാറി.

ഈ ഗതിക്രമത്തെ ത്വരിതപ്പെടുത്താൻ വേറെയും ചില കാരണങ്ങളുണ്ടായി.

ആദ്യകാലത്ത്, വില്ലുമമ്പുമെടുത്തു മൃഗങ്ങളെ വേട്ടയാടിയിരുന്ന കാലത്ത്, ഭക്ഷണസമ്പാദനവും ആത്മസംരക്ഷണവും ഒരേ പ്രവൃത്തിയുടെ രണ്ടു ഭാഗങ്ങൾ മാത്രമായിരുന്നു. പക്ഷേ, കൃഷിയും കൈത്തൊഴിലും സർവപ്രധാനമായിത്തീർന്നപ്പോൾ പഴയ മട്ടിലുള്ള ആത്മരക്ഷയ്ക്കും യുദ്ധസംരംഭങ്ങൾക്കും അസൗകര്യം നേരിട്ടു. സഞ്ചാരികളായ അപരിഷ്കൃത ജാതിക്കാർ കൂട്ടംകൂട്ടമായി വന്നു കാർഷികോൽപന്നങ്ങളെ കൊള്ള ചെയ്തേക്കുമോ എന്ന ഭയം എല്ലായിപ്പോഴും ഉണ്ടായിരുന്നു. യൂറോപ്പിലെ വിവിധരാജ്യങ്ങളിലെന്നപോലെ പ്രാചീനഭാരതത്തിലും ഇത്തരം ആക്രമണങ്ങൾ ഇടയ്ക്കിടയ്ക്കുണ്ടായിക്കൊണ്ടിരുന്നു. അപ്പപ്പോഴായി ശാകന്മാർ, ഹൂണന്മാർ മുതലായ ജാതിക്കാർ പുറമെ നിന്നുവന്ന് ഇന്ത്യയുടെ സ്വത്തുക്കൾ കൊള്ളയടിക്കയുണ്ടായിട്ടുണ്ട്. അപരിഷ്കൃതക്കൂട്ടങ്ങളുടെ ആക്രമണങ്ങളെ ചെറുക്കുക എന്നത് അക്കാലത്തെ സംസ്കൃത ജാതിക്കാരുടെ സർവപ്രധാനമായ പ്രവൃത്തിയായിത്തീർന്നു. ഒരു തലവന്റെ നേതൃത്വത്തിൽ സൈന്യസജ്ജീകരണം നടത്താതെ ഉൽപാദനത്തെയും സ്വത്തുക്കളെയും സംരക്ഷിക്കുക സാദ്ധ്യമായിരുന്നില്ല. സ്വാഭാവികമായി സമുദായത്തിലെ നീതിന്യായ പരിപാലനം തുടങ്ങിയ മറ്റു ചുമതലകളും തലവന്റെ നേതൃത്വത്തിൽ തന്നെ വന്നുചേർന്നു. ഈ തലവനാണ് ക്രമത്തിൽ രാജാവായി മാറിയത്. ആക്രമണമുണ്ടാകുമ്പോഴെല്ലാം സായുധരായ സേനാ നായകന്മാരുടെ സഹായത്തോടുകൂടി രാജാവു യുദ്ധത്തിനുപോകും. ആക്രമണങ്ങളിൽനിന്നു സമുദായത്തെ രക്ഷിക്കേണ്ടഭാരം രാജാവിലാണർപ്പിക്കപ്പെട്ടിരുന്നത്. അതിനാൽ, തങ്ങളുടെ ഉൽപന്നങ്ങളിലൊരു ഭാഗം രാജാവിനു നികുതിയായി കൊടുക്കാൻ ആളുകൾ മടിച്ചിരുന്നില്ല.

ആദ്യകാലത്തു തലവന്മാരെ തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. പക്ഷേ, സ്വാഭാവികമായി കയ്യൂക്കും പ്രാപ്തിയുമുള്ള സ്വത്തുടമസ്ഥർക്കേ ആ മാന്യസ്ഥാനം ലഭിച്ചിരുന്നുള്ളൂ. ക്രമേണ തിരഞ്ഞെടുപ്പ് പോയി പിന്തുടർച്ചാവകാശം വന്നു. സമുദായത്തിലെ സ്വത്തുക്കളത്രയും രാജാവിന്റെ പരമാധികാരത്തിൻകീഴിലായി. കേരളത്തിലും ഏതാണ്ടിങ്ങനെയൊക്കെത്തന്നെയാണ് രാജാക്കന്മാർ ഉത്ഭവിച്ചത്. ഒരുകാലത്തു പ്രാകൃത കമ്യൂണിസത്തിന്റെ സമത്വവും സൗഭ്രാത്രവും കേരളത്തിലും വിളയാടിയിരുന്നു. ക്രമത്തിൽ സ്വകാര്യസ്വത്തുക്കളും അസമത്വങ്ങളും തലപൊക്കി. ഒരുതരം ഗ്രാമഭരണമാണ് അക്കാലത്തുണ്ടായിരുന്നത്. ഗ്രാമങ്ങളുടെ പ്രതിനിധികൾ പൊതുകാര്യങ്ങളെപ്പറ്റിയാലോചിക്കാൻ വേണ്ടി ഇടയ്ക്കിടക്കു യോഗംചേരുക പതിവായിരുന്നു. എന്നാൽ സ്വകാര്യ സ്വത്തുക്കളും അതു സംബന്ധിച്ച മത്സരങ്ങളും വർദ്ധിച്ചപ്പോൾ ഗ്രാമഭരണം അപ്രായോഗികവും അപര്യാപ്തവുമായിത്തീരുകയും അങ്ങനെ ആദ്യത്തെ പെരുമാളായ കേയപ്പെരുമാൾ അധികാരത്തിൽ വരികയും ചെയ്തു. പെരുമാക്കന്മാർ പന്ത്രണ്ടുകൊല്ലം കൂടുമ്പോളൊരിക്കൽ തിരഞ്ഞെടുക്കപ്പെടുകയാണ് ചെയ്തിരുന്നത്. പക്ഷേ, സ്വത്തുടമസ്ഥരായ നാടുവാഴികളുടെ കുസൃതികളും പരസ്പര മത്സരങ്ങളും ഒരു ഭാഗത്തും സാധാരണക്കാരായ കൃഷിക്കാരുടയും മറ്റു ദരിദ്രവിഭാഗങ്ങളുടെയും കഷ്ടപ്പാടുകൾ മറുഭാഗത്തും വർദ്ധിച്ചുകൊണ്ടേവന്നു. ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ട പെരുമാക്കന്മാർ പോയി അവരുടെ സ്ഥാനത്തു ധനികരായ നിലമുടമസ്ഥന്മാർ രാജാക്കന്മാരായി ഭരണാധികാരം കൈക്കലാക്കി. ഇങ്ങനെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങൾ വിവിധ രാജാക്കന്മാരുടെ കീഴിലായിത്തീർന്നത്. രാജാക്കന്മാർ തങ്ങളുടെ സ്വത്തും പ്രതാപപും വർദ്ധിപ്പിക്കാൻ വേണ്ടി പരസ്പരം മത്സരിക്കുകയും തഞ്ചം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരുടെ സ്വത്തുക്കൾ തട്ടിയെടുക്കുകയും പതിവായിരുന്നു. നിലമുടമസ്ഥന്മാരുടെ, അല്ലെങ്കിൽ ഇടപ്രഭുക്കളുടെ, പ്രതിനിധിയും നേതാവുമെന്ന നിലയ്ക്കു സാധാരണക്കാരായ ജനങ്ങളെ നിയമാനുസൃതമായിത്തന്നെ കൊള്ളയടിക്കുകയും മർദ്ദിക്കുകയും ചെയ്തുകൊണ്ടാണ് രാജാക്കന്മാർ തങ്ങളുടെ താന്തോന്നിത്തം നിലനിർത്തിപ്പോന്നത്.

ഏറെക്കുറെ മേൽവിവരിച്ച പ്രകാരമാണ്, ഈജിപ്തിലെ നൈൽനദിയും, ഇറാക്കിലെ ടൈഗ്രീസും യൂഫ്രട്ടീസും, ചൈനയിലെ ഹൊയാങ്ഹോവും യാങ്സിക്കിയാങ്ങും, ഇന്ത്യയിലെ സിന്ധുവും ഗംഗയും —ഈ നദികളുടെ തീരങ്ങളിൽ പ്രാചീന നാടുവാഴി വ്യവസ്ഥകൾ പൊന്തിവന്നത്. ഈ പ്രാചീന സംസ്കാരങ്ങൾക്ക് ഏഷ്യാറ്റിക് സാമന്തവ്യവസ്ഥകൾ എന്നും പറയാറുണ്ട്. ഈജിപ്ത്, സുമേറിയ, ചൈന മുതലായ രാജ്യങ്ങളെ കൂട്ടിയിണക്കുന്ന കരവഴികൾ, വിവിധ തരത്തിലുള്ള ചരക്കുകളെയുൾക്കൊള്ളുന്ന കച്ചവടങ്ങൾ, ഈജിപ്തിലെ പിരമിഡുകൾ, ചൈനയിലെ ‘വലിയ ചുമർ’ ബാബിലോണിയയിലെ ജ്യോതിശാസ്ത്രം, ആര്യന്മാരുടെ ഗണിതശാസ്ത്രം മനുഷ്യന്റെ വളർച്ചയ്ക്കത്യാവശ്യമായ ഭൗതികവിജ്ഞാനങ്ങൾ, പ്രാചീന സാഹിത്യങ്ങളും കലകളും —ഇവയെല്ലാം ആ നദീതീരസംസ്കാരങ്ങളുടെ ആദ്യകാലത്തെ നേട്ടങ്ങളാണ്. പക്ഷേ, ക്രമത്തിൽ അവ നാശോന്മുഖമായിത്തീരുകയും നാടുവാഴികളുടെയും രാജാക്കന്മാരുടെയും ഭരണം ചിരപ്രതിഷ്ഠിതമായിത്തീരുകയും ചെയ്തു. സംസ്കാരത്തിന്റെ വളർച്ചയെ തടഞ്ഞുകൊണ്ടും ലക്ഷക്കണക്കിലുള്ള സാധുകൃഷിക്കാരെ ചവിട്ടിമെതിച്ചുകൊണ്ടും അവരുടെ വിദ്രോഹങ്ങളെ അടിച്ചമർത്താൻ വേണ്ടി നിന്ദ്യമായ മർദ്ദന സംവിധാനങ്ങളെയവലംബിച്ചുകൊണ്ടും നിലനിന്നുപോന്ന ഈ നാടുവാഴി ഭരണങ്ങൾ ചരിത്രത്തിന്റെ മുന്നോട്ടുള്ള ഓരോ കാൽവെപ്പിനെയും തടഞ്ഞുനിർത്താൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്.

ഇറ്റലിയിൽ അടിമത്തവ്യവസ്ഥയുടെ പാപ്പരത്തത്തിൽ നിന്നാണ് ഫ്യൂഡലിസം വളർന്നുവന്നത്. ‘ലാറ്റിഫുണ്ടിയ’ എന്ന പേരിലറിയപ്പെടുന്ന വലിയ വലിയ കൃഷിസ്ഥലങ്ങളിൽ അടിമകളെക്കൊണ്ടു പണിയെടുപ്പിച്ചു റോമൻ പ്രമാണികൾ പിടിപ്പതു സ്വത്തു സമ്പാദിച്ചിരുന്നു. ഈ വലിയ തോതിലുള്ള കൃഷി നടത്താൻ സാധിച്ചതു യുദ്ധങ്ങൾ വഴിക്കും മറ്റും ധാരാളം അടിമകളെ കിട്ടിയിരുന്നതുകൊണ്ടുമാത്രമാണ്. റോമൻ ധനതന്ത്രം മുഴുവനും അടിമത്തത്തിന്റെ അടിത്തറയിന്മേലാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. മർദ്ദനം വർദ്ധിക്കുന്തോറും അടിമകളുടെ എണ്ണവും പ്രയത്നകുശലതയും കുറഞ്ഞുകുറഞ്ഞുവന്നു. അടിമകളുടെ കുറവ് കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഒരുപോലെ ബാധിച്ചു. കൂടുതൽ പ്രദേശങ്ങളെ ആക്രമിച്ചു കീഴടക്കുവാനുള്ള സൈനികമായ സാധ്യതകൾ ചുരുങ്ങി കൊണ്ടുവന്നു. നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടുവന്ന സാമ്പത്തികാസമത്വങ്ങൾ അടിമത്ത വ്യവസ്ഥയുടെ അടിയിൽ തുരങ്കംവച്ചു. പ്രഭുക്കളുടെ സ്വത്തുക്കളും ക്രൂരതയും വർദ്ധിപ്പിക്കാൻ മാത്രമുതകുന്ന തങ്ങളുടെ ദേഹാദ്ധ്വാനത്തിൽ അടിമകൾ വൈമുഖ്യം കാണിക്കാൻ തുടങ്ങി. അവിടെയും ഇവിടെയുമായി അടിമകളുടെ വിദ്രോഹങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ലാറ്റിഫുണ്ടിയയിൽ അടിമകളെക്കൊണ്ടു പണിയെടുപ്പിക്കുന്നതു തീരെ ആദായകരമല്ലെന്നു ബോദ്ധ്യപ്പെട്ടപ്പോൾ നിലമുടമസ്ഥന്മാരായ പ്രഭുക്കൾ തങ്ങളുടെ നിലങ്ങളെ ചെറിയ ചെറിയ ഭാഗങ്ങളായി മുറിച്ചു കൃഷിക്കാരെ ഭാരമേല്പിക്കാനും അവരിൽ നിന്നു കിട്ടുന്ന പ്രതിഫലങ്ങൾകൊണ്ടു പത്തായം നിറയ്ക്കാനും തീരുമാനിച്ചു.

പട്ടണങ്ങളുടെ സ്ഥിതിയും മോശമായിക്കൊണ്ടുവന്നു. അടിമത്തത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായങ്ങളെ ഒരതിർത്തിയിലധികം പോഷിപ്പിക്കുക സാദ്ധ്യമായിരുന്നില്ല. അതിനാൽ വ്യവസായങ്ങൾ കൂടുതൽ വിപുലമാവുന്നതിനു പകരം കച്ചവടക്കാരുടെയും പണമിടപാടുകാരുടെയും കയ്യിൽ സ്വത്തുക്കൾ അധികമധികം കേന്ദ്രീകരിക്കുകമാത്രമാണ് ചെയ്തത്. അങ്ങനെ, പട്ടണത്തിലെ ഭൂരിപക്ഷക്കാരായ സാധാരണ ജനങ്ങൾക്കു നിശ്ചിതവും സ്ഥിരവുമായ ഉപജീവനമാർഗം ഇല്ലാതായിക്കൊണ്ടുവന്നു. പട്ടിണിയും കഷ്ടപ്പാടും നാടൊട്ടുക്കും നടമാടാൻ തുടങ്ങി.

ഇപ്രകാരം ക്രിസ്ത്വാബ്ദം അഞ്ചാം നൂറ്റാണ്ടാകുമ്പോഴേക്കും റോമൻ സാമ്രാജ്യത്തിലെ അടിമത്തവ്യവസ്ഥ തികച്ചും ക്ഷയോന്മുഖമായിത്തീർന്നു. റോമൻ സാമ്രാജ്യത്തിന്റെ രാഷ്ട്രീയഘടന സൈനികസ്വേച്ഛാധിപത്യമായി മാറുകയും വിഭിന്ന സംസ്ഥാനങ്ങളിലെ സേനാനായകന്മാർ സാമ്രാജ്യച്ചെങ്കോലിനുവേണ്ടി പരസ്പരം മത്സരിക്കാൻ തുടങ്ങുകയും ചെയ്തു. ഈ അധഃപതനഘട്ടത്തിലാണ് അപരിഷ്കൃതരായ ജർമൻ ട്രൈബുകൾ റോമൻ സാമ്രാജ്യത്തെ ആക്രമിച്ചത്. ഈ ആക്രമണവും അതിനെ തുടർന്നുകൊണ്ടുണ്ടായ അരാജകത്വവും നാടുവാഴി വ്യവസ്ഥയുടെ വളർച്ചയെ ത്വരിതപ്പെടുത്തി. അങ്ങനെ ക്രമത്തിൽ അടിമത്തത്തിന്റെ സ്ഥാനത്തു നാടുവാഴി പ്രഭുത്വം സ്ഥാപിതമായി.

ഇനി നമുക്ക് ബ്രിട്ടനിലേക്കൊന്നു കണ്ണോടിക്കുക:

പാശ്ചാത്യ സംസ്കാരമെന്നുവെച്ചാൽ മുതലാളിത്വ സംസ്കാരവും, ഭാരതീയ സംസ്കാരമെന്നുവെച്ചാൽ കാർഷിക സംസ്കാരവുമാണെന്നു പലരും പറയുന്നതു കേൾക്കാം. എന്നാൽ ബ്രിട്ടന്റെ പ്രാചീനചരിത്രത്തിൽ മറ്റു രാജ്യങ്ങളിലുണ്ടായപോലെ തന്നെ ഗോത്രാധിപത്യവും കൂട്ടുജീവിതവും നിലത്തിന്മേലുള്ള പൊതുവുടമാവകാശവും ഉണ്ടായിരുന്നുവെന്നു മനസിലാക്കാൻ പ്രയാസമില്ല. ബ്രിട്ടീഷുദ്വീപുകൾ റോമൻ ഭരണത്തിന്റെ കീഴിലായിരുന്ന കാലത്ത് അവിടെ മുതലാളിത്തമെന്നല്ല, നാടുവാഴി പ്രഭുത്വംപോലുമുണ്ടായിരുന്നില്ല. പ്രാചീന ബ്രിട്ടനിലെ കെൽട്ടുകാരുടെ ഗോത്രസംഘടന കേരളത്തിലെ പഴയ ഗ്രാമഭരണത്തേക്കാൾ വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല. ഗോത്ര വ്യവസ്ഥയുടെ അവസാന കാലമായപ്പോഴേക്കും നിലങ്ങൾ കുടുംബാംഗങ്ങൾക്കു ഭാഗിച്ചുകൊടുക്കുക എന്ന സമ്പ്രദായം ബ്രിട്ടനിലും നിലവിൽവന്നു. ഓരോ കുടുംബത്തിന്റെയും കൈവശമുള്ള നിലത്തിനു ഹൈഡ് (Hide) എന്നാണ് പറഞ്ഞിരുന്നത്. ‘ഒരു ഹൈഡ് എന്നുവെച്ചാൽ യഥാർത്ഥത്തിൽ ഒരു ഏരിന് (എട്ടുകാളകളെ പൂട്ടുന്ന ഏര്) പ്രവർത്തിക്കാൻ കഴിവുള്ളത്ര നിലത്തിന്റെ കൈവശാവകാശവും പൊതു മേച്ചിൽ സ്ഥലങ്ങളിന്മേലും ടൗൺഷിപ്പിലെ തരിശു നിലങ്ങളിന്മേലുമുള്ള ചില സുനിശ്ചിതാവകാശങ്ങളുമടങ്ങുന്നതാണ്.’ എന്ന് മോർട്ടൻ പ്രസ്താവിക്കുന്നു. (‘ടൗൺഷിപ്പ് എന്നത് അനേകം ഹൈഡുകളടങ്ങിയ വലിയ ഗ്രാമമാണ്’.) ഹൈഡുകൾ സ്വകാര്യ സ്വത്തുക്കളായിരുന്നില്ല. പക്ഷേ, സ്വകാര്യസ്വത്തുടമയുടെ ബീജങ്ങൾ അവയിലടങ്ങിയിരുന്നു. അതിനാൽ, ഹൈഡുകളുടെ ഉല്പാദന വ്യവസ്ഥ ക്ഷയോന്മുഖമായിത്തീർന്നപ്പോൾ നിലമുടമസ്ഥന്മാരായ നാടുവാഴികൾക്ക് ഉയർന്നുവരാൻ വലിയ വിഷമമുണ്ടായില്ല. പഴയ സാമൂഹ്യഘടനയുടെ പാപ്പരത്തത്തിന്റെ സവിശേഷതകളായ ഉച്ചനീചത്വങ്ങളും സാമ്പത്തികാസമത്വങ്ങളും നാടുവാഴികളുടെ അധികാരപ്രമത്തതയെ സ്ഥിരപ്രതിഷ്ഠിതമാക്കി. യുദ്ധനായകൻ എന്ന സ്ഥാനം വഹിച്ചിരുന്ന ഏറ്റവും വലിയ നാടുവാഴി രാജാവായി. ഈ മാറ്റങ്ങൾ, സമുദായത്തിന്റെ സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയവും മതപരവുമായ എല്ലാ രംഗങ്ങളിലും പ്രതിഫലിച്ചു. സ്വന്തം നിലമില്ലാത്ത യാതൊരാളും സ്വതന്ത്രൻ (Freeman) എന്ന പേരിനർഹനല്ലാതായി. സൈനികസേവനങ്ങളോ അഭിമാനകരമെന്നു കരുതപ്പെട്ടിരുന്ന മറ്റു സേവനങ്ങളോ അല്ലെങ്കിൽ പാട്ടമെന്ന പേരിൽ കൊല്ലംതോറും ഒരു നിശ്ചിതമായ തുകയോ, പ്രഭുവിനു നൽകാമെന്ന കരാറിന്മേൽ നിലം കൈവശം വച്ചിരുന്നവരെയാണ് ‘സ്വതന്ത്രർ’ എന്നു വിളിച്ചിരുന്നത്. പ്രഭുവിന്റെ നിലത്തിൽ പ്രതിഫലം കൂടാതെ പണിയെടുത്തുകൊടുക്കാമെന്ന വ്യവസ്ഥയിന്മേൽ അഹോവൃത്തിക്കുവേണ്ടി സ്വന്തമായി ഒരു കഷണം നിലം വെച്ചിരുന്നവരെ അടിയാളർ അല്ലെങ്കിൽ സർഫകൾ (Serfs) എന്നു വിളിച്ചിരുന്നു. നിലം വിട്ടുപോകാനോ നിലം മറ്റാരെയെങ്കിലും ഏൽപിക്കാനോ സ്വതന്ത്രാധികാരമുണ്ടായിരുന്നു. പക്ഷെ, സർഫ് എന്നെന്നും നിലത്തോടു ബന്ധപ്പെട്ടിരിക്കും. നിലം വിട്ടുപോവാനവനു സ്വാതന്ത്ര്യമില്ല. മർദ്ദനം സഹിക്കവയ്യാതെ എങ്ങാനും ഓടിപ്പോയാൽ അവൻ കഠിനശിക്ഷയ്ക്കു പാത്രമാവും. കന്നുകാലികളെപ്പോലെ അടിമകളെക്കൊണ്ടു വേലയെടുപ്പിച്ച് സ്വത്തുണ്ടാക്കിയിരുന്ന നിലപോയി. കന്നുകാലികളെപ്പോലെ അടിമകൾക്കു തീറ്റ കൊടുത്തിരുന്ന സമ്പ്രദായവും പോയി. തനിക്കു തിന്നാനുള്ള വക ഇപ്പോൾ സർഫ് തന്നെ സമ്പാദിച്ചുണ്ടാക്കാൻ ബാദ്ധ്യസ്ഥനായി. ഈയൊരു വ്യത്യാസമൊഴിച്ചാൽ, അടിമയും അടിയാനും തമ്മിൽ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.

അടിയാളർ മാത്രമല്ല ‘സ്വതന്ത്ര’രും പ്രഭുക്കളുടെ മർദ്ദനത്തിന്നിരയായിരുന്നു. ശരിക്കു പറയുകയാണെങ്കിൽ, ആദ്യം മുതൽക്കേ അവർ ക്ഷയോന്മുഖമായ ഒരു വർഗമായിരുന്നു. ചില്ലറ നിലങ്ങൾ സ്വന്തമായുണ്ടായിരുന്ന മിക്ക കൃഷിക്കാരും ക്രമത്തിൽ അടിയാളന്മാരായി രൂപാന്തരപ്പെടുകയാണുണ്ടായത്.

ഇങ്ങനെ പത്താം നൂറ്റാണ്ടായപ്പോഴേക്കും ബ്രിട്ടനിൽ ഫ്യൂഡൽ വ്യവസ്ഥ അടിയുറച്ചുകഴിഞ്ഞു.

ഫ്യൂഡൽ വ്യവസ്ഥയിൽ പ്രധാനമായി രണ്ടു വർഗങ്ങളാണുള്ളത്. നിലമുടമസ്ഥനായ പ്രഭുവും, പണിയെടുക്കുന്ന അടിയാളനും. അടിയാളൻ അടിമയല്ല നിയമപ്രകാരം അയാൾ പ്രഭുവിന്റെ സ്വകാര്യസ്വത്തുക്കളിൽ ഉൾപ്പെടുകയില്ല. എന്നാൽ സ്വന്തമായി അല്പം ഭൂമിയിൽ കൃഷി ചെയ്യാനും അയാൾക്കവകാശമുണ്ട്. ഈ നിലം കൃഷി ചെയ്തിട്ടാണ് അയാളും അയാളുടെ കുടുംബവും ഉപജീവനം കഴിക്കുന്നത്. പക്ഷേ, ഇഷ്ടംപോലെ ആ ഭൂമി വിട്ടുപോകാൻ അയാൾക്കു സ്വാതന്ത്ര്യമില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പ്രഭുവിന്റെ നിലത്തിൽ പണിയെടുക്കണം. പ്രതിഫലം കൂടാതെ പ്രഭുവിന്റെ നിലം കൃഷി ചെയ്യണം. പ്രഭുവിന്റെ മറ്റു പ്രവർത്തികൾ നിർവഹിക്കണം. സ്വന്തം കൃഷിയിൽ നിന്നൊരു ഭാഗവും പ്രഭുവിനു കൊടുക്കണം; പ്രഭുവിന്റെ കുടുംബത്തിലെ വിവാഹാഘോഷങ്ങൾക്കും പിറന്നാൾ മുതൽ പിണ്ഡംവരെയുള്ള എല്ലാ അടിയന്തിരങ്ങൾക്കും തിരുമുൽക്കാഴ്ച വെക്കണം. അടിയാളൻ പെണ്ണു കെട്ടുമ്പോൾ ‘ആദ്യത്തെ രാത്രി പ്രഭുവിന്’ എന്ന ആചാരവും ചിലേടങ്ങളിലുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ, രാജാവിനു നികുതിയും പുരോഹിതനു നിർബന്ധവഴിപാടുകളും വേറെയുമുണ്ട്. എല്ലാം കഴിച്ചാൽ പിന്നെ കഷ്ടിച്ചു ജീവിക്കാൻ മാത്രമുള്ളതു ശേഷിക്കും. ജീവിതം നിലനിർത്താനത്യാവശ്യമായ പ്രയത്നംമാത്രം അടിയാളന്റെ സ്വന്തം താല്പര്യമാണ്. മിച്ചമായ പ്രയത്നത്തിന്റെ ഫലം മുഴുവനും ധനികവർഗക്കാർ തട്ടിയെടുക്കുന്നു.

പ്രഭുവിന്റെ അധികാരം അതിരുകടന്നതാണ്. ന്യായവിചാരണയ്ക്കുള്ള കോടതികൾ നിലമുടമസ്ഥന്റെ നിയന്ത്രണത്തിലായിരിക്കും. അപരാധികൾ വലിയ വലിയ പിഴകളടയ്ക്കണം. പിഴ നിലമുടമസ്ഥന്റെ നല്ലൊരു ധനാഗമമാർഗമാണ്. ഇങ്ങനെ ദരിദ്രന്മാരിൽ നിന്നു പിടിച്ചുപറിച്ച ധനംകൊണ്ടു സുഖഭോഗങ്ങളിലാറാടുവാൻ പ്രഭുവിനു സാധിക്കുന്നു. നേരെമറിച്ചാണ് അടിയാളന്റെ സ്ഥിതി. സാമ്പത്തികമായ ചൂഷണം മാത്രമല്ല ശാരീരികവും ആത്മീയവുമായ മറ്റു മർദ്ദനങ്ങളും അയാളനുഭവിക്കണം. ഈ പരിതഃസ്ഥിതിയിൽ നിന്നാണ് നാടുവാഴിയും അടിയാളനും തമ്മിലുള്ള അനിവാര്യമായ വർഗസമരം പൊട്ടിപ്പുറപ്പെടുന്നത്.

ഫ്യൂഡലിസ്റ്റ് വ്യവസ്ഥയിൽ രാജാവ് നിലമുടമകളുടെ പ്രധാനിയും നേതാവുമാണ്. ചെറിയ നിലമുടമസ്ഥന്മാർക്കുമീതെ വലിയ നിലമുടമസ്ഥന്മാർ, അവർക്കു മീതെ ഏറ്റവും വലിയ നില ഉടമസ്ഥന്മാർ, എല്ലാവർക്കും മീതെ രാജാവ്, ഇടപ്രഭുക്കന്മാർ, നാടുവാഴികൾ, രാജാവ് —ഈ അവാന്തരവിഭാഗം ഫ്യൂഡലിസത്തിന്റെ സവിശേഷതയാണ്. ഗ്രാമത്തിലെ കൃഷിക്കാർ ചെറിയ നിലമുടമസ്ഥന്റെ കയ്യിൽനിന്നും നിലംവാങ്ങും. ചെറിയ നിലമുടമസ്ഥൻ വലിയ നാടുവാഴിയുടെ ആശ്രിതനാണ്. നാടുവാഴിയാകട്ടെ, രാജാവിന്റെ കീഴിൽ പെട്ടവനും. രാജാവ് ഭരണം നടത്തുന്നതു നാടുവാഴികളുടെ സഹായത്തോടുകൂടിയാണ്. യുദ്ധകാലത്ത് രാജാവിന്റെ കീഴിലുള്ള സൈന്യങ്ങളെ സംഘടിപ്പിക്കുന്നത് നാടുവാഴികളാണ്. അതുകൊണ്ട് രാജ്യത്തിന്റെ പരമാധികാരിയാണെങ്കിൽക്കൂടി വാസ്തവത്തിൽ രാജാവിന്റെ അധികാരം പരിമിതമാണ്. നാടുവാഴികളുടെ സഹായസഹകരണങ്ങൾ കൂടാതെ അയാൾക്കു തന്റെ അധികാരപ്രമത്തത നിലനിർത്താനാവില്ല. എന്തുകൊണ്ടെന്നാൽ, രാജാവും പ്രജകളും തമ്മിൽ നേരിട്ടുള്ള ബന്ധം വളരെ കുറവായിരിക്കും. അപ്പോൾ ഫ്യൂഡലിസത്തിലെ യഥാർത്ഥ ഭരണാധികാരികൾ നിലമുടമകളായ നാടുവാഴികളാണ്. നാടുവാഴികൾ താന്താങ്ങളുടെ അധികാരാതിർത്തിക്കുള്ളിലുള്ള കുട്ടി രാജാക്കന്മാരാണ്. ഫ്യൂഡലിസമെന്നാലെന്തെന്നു സി. പി. എസ്. യു. വിന്റെ ചരിത്രം വിവരിക്കുന്നതിങ്ങനെയാണ്:

‘നാടുവാഴി പ്രഭുത്വത്തിനു കീഴിൽ ഉല്പാദനങ്ങളുടെ അടിസ്ഥാനം നാടുവാഴി പ്രഭുവാണ് ഉൽപാദനോപകരണങ്ങളുടെ ഉടമസ്ഥനെന്നുള്ളതാണ്. എന്നാൽ, ഉൽപാദനം നടത്തുന്ന പ്രവൃത്തിക്കാരന്റെമേൽ അയാൾ പൂർണമായ ഉടമാവകാശം വഹിക്കുന്നില്ല. അടിയാളനെ വിൽക്കുകയോ വാങ്ങുകയോ ചെയ്യാൻ നാടുവാഴി പ്രഭുവിനധികാരമുണ്ട്. പക്ഷേ, കൊല്ലാൻ പാടില്ല. നാടുവാഴിപ്രഭുവിന്റെ സ്വത്തുടമയോടൊപ്പം തന്നെ കൃഷിക്കാരന്റെയും കൈത്തൊഴിൽ വ്യവസായിയുടെയും വ്യക്തിപരമായ ഉടമയും നിലവിൽ വരുന്നു. പക്ഷേ, ഇവരുടെ വ്യക്തിപരമായ ഉടമ തങ്ങളുടെ പണിയായുധങ്ങളിന്മേലും സ്വന്തം അദ്ധ്വാനത്തിന്മേലടിയുറച്ച സംരംഭങ്ങളിന്മേലും മാത്രമാണ്. ഇത്തരത്തിലുള്ള ഉൽപാദനബന്ധങ്ങൾ അക്കാലത്തെ ഉൽപാദന ശക്തികളുടെ നിലക്ക് പൊതുവിൽ യോജിച്ചതാണ്. ഇരുമ്പു ശുദ്ധിചെയ്യലും ഇരുമ്പു സാമാനങ്ങൾ ഉണ്ടാക്കലും കൂടുതൽ പരിഷ്കൃതമായിരിക്കുന്നു. ഇരുമ്പുകൊണ്ടുള്ള കലപ്പയും കൈത്തറിയും പ്രചാരത്തിൽ വരുന്നു. സാധാരണ കൃഷി, മുന്തിരി കൃഷി, പൂന്തോട്ടകൃഷി, പാൽ, വെണ്ണ മുതലായവയുടെ ഉൽപാദനം —ഇതെല്ലാം പൂർവാധികം വളർന്നുവരുന്നു. ചെറുകൈത്തൊഴിലിനുള്ള പണിസ്ഥലങ്ങളുടെ അപ്പുറത്തു പരിഷ്കൃതമായ കൈത്തൊഴിൽ വ്യവസായശാലകളും ആവിർഭവിക്കുന്നു. ഇതെല്ലാമാണ് ഇക്കാലത്തെ ഉല്പാദന ശക്തികളുടെ നിലയെ കുറിക്കുന്ന സ്വാഭാവികമായ സവിശേഷതകൾ.

ഉൽപാദനശക്തികളുടെ വളർച്ച പ്രവൃത്തിക്കാരനിൽ നിന്നു സ്വപ്രത്യയം ആവശ്യപ്പെടുന്നു. പ്രവൃത്തിയെടുക്കാൻ അയാൾക്കും സ്വയമേ ഇഷ്ടമുണ്ടായാലേ പറ്റൂ എന്നാവുന്നു. പ്രവൃത്തിയിൽ അയാൾക്കും ഒരു താൽപര്യം വേണമെന്നുവരുന്നു. വെറും അടിമകൾ പ്രവൃത്തിയെടുക്കുന്നതിൽ സ്വയം താൽപര്യമോ രസമോ ഇല്ലാത്തവരാണ്. അതുകൊണ്ട് നാടുവാഴി പ്രഭു അടിമകളെ വേണ്ടെന്നുവയ്ക്കുന്നു; അടിയാളരാണ് അതിലും ഭേദമെന്നു കരുതുന്നു; അടിയളനാണെങ്കിൽ, സ്വന്തം പണിയായുധങ്ങളുണ്ട്; പ്രവൃത്തിയെടുക്കുന്നതിൽ ഒരു പ്രത്യേക താൽപര്യവുമുണ്ട്. നിലം കൃഷിചെയ്യാനും കൊയ്തു കിട്ടിയതിലൊരുഭാഗം നാടുവാഴി പ്രഭുവിനു കൊടുക്കാനും അയാൾക്കു കഴിവുണ്ടാവണമെങ്കിൽ ഈ പ്രത്യേക താൽപര്യം കൂടിയേ കഴിയൂ എന്നായി.

നാടുവാഴി പ്രഭുത്വത്തിൻകീഴിൽ സ്വകാര്യസ്വത്തുടമ പൂർവാധികം വളരുന്നു. അടിമത്തത്തിൻ കീഴിലുണ്ടായിരുന്നത്ര തന്നെ നിഷ്ഠൂരമായ ചൂഷണം മിക്കവാറും ഇപ്പോഴുമുണ്ട്. വളരെക്കുറച്ചു മാത്രമേ അതിനു പതം വരുത്തിയിട്ടുള്ളൂ. ചൂഷകരും ചൂഷിതരും തമ്മിലുള്ള വർഗസമരമാണ് ‘നാടുവാഴി പ്രഭുത്വത്തിന്റെ’ മുഖ്യമായ സവിശേഷത.

1.20പട്ടണങ്ങൾ

നാടുവാഴി വ്യവസ്ഥയിൽ കൃഷിയോടൊപ്പം കൈത്തൊഴിലുകൾക്കും സ്ഥാനമുണ്ടായിരുന്നു. ചരക്കുകൾ വിൽക്കുന്ന ചന്തസ്ഥലങ്ങളിൽ ചുറ്റുവട്ടത്തിലുള്ള ഗ്രാമങ്ങളിൽ നിന്നു ജനങ്ങൾ വന്നുചേരും. സ്വന്തം ഭക്ഷണത്തിനുള്ളതും നാടുവാഴിക്കും മറ്റും കൊടുക്കാനുള്ളതും കഴിച്ചു മിച്ചം വല്ലതുമുള്ള കൃഷിക്കാർ അതുംകൊണ്ട് ചന്തസ്ഥലങ്ങളിൽ എത്തും. കൃഷിക്കാർ കൈവേലക്കാരുടെ ചരക്കുകളും കൈവേലക്കാർ കൃഷിക്കാരുടെ ധാന്യം മുതലായവയും വാങ്ങും. കൂടാതെ ഇടയ്ക്കിടയ്ക്ക് ഉത്സവങ്ങളുണ്ടാവും. ദൂരദേശങ്ങളിൽ നിന്നുപോലും ഉത്സവത്തിന് ആളുകൾ കൂട്ടംകൂട്ടമായി വന്നുകൂടും. ഉത്സവങ്ങൾ ഒരേസമയത്തു മതപരവും സാമ്പത്തികവുമായ കാര്യങ്ങളാണ് നിർവഹിച്ചിരുന്നത്.

കൊള്ളക്കൊടുക്കുകൾ വർദ്ധിക്കുന്തോറും കൈത്തൊഴിലിനു പ്രോത്സാഹനം ലഭിച്ചു. പ്രത്യേകിച്ചും നാടുവാഴികളുടെ സുഖഭോഗസാമഗ്രികളുടെ നിർമാണം ലാഭകരമായ ഒരേർപ്പാടായിരുന്നു.

ചരക്കുകളുടെ കൊള്ളക്കൊടുക്കുകളിലേർപ്പെട്ട കച്ചവടക്കാരും കൈവേലക്കാരും ചെറുപട്ടണങ്ങളിൽ സംഘടിച്ചുകൂടി. ഗ്രാമങ്ങളെന്നപോലെതന്നെ പട്ടണങ്ങളും നാടുവാഴി പ്രഭുത്വത്തിന്റെ അധികാരാതിർത്തിക്കുള്ളിലായിരുന്നു. ഗ്രാമക്കാരെയെന്നപോലെ പട്ടണത്തിലുള്ളവരേയും ഫ്യൂഡൽനിയമങ്ങൾ വരിഞ്ഞുകെട്ടിയിരുന്നു. നാടുവാഴി മർദ്ധനത്തിൽനിന്നു മോചനം നേടാൻവേണ്ടി കച്ചവടക്കാരും കൈവേലക്കാരും തങ്ങളുടെ പട്ടണങ്ങളിൽ സ്വയംഭരണത്തിനുവേണ്ടി പ്രക്ഷോഭം കൂട്ടി. ആദ്യകാലത്തു കൈവേലക്കാരെ പ്രോത്സാഹിപ്പിച്ച അതേ നാടുവാഴികൾ ഇപ്പോൾ അവരുടെ എതിരാളികളായിത്തീർന്നു.

പട്ടണത്തിലെ കച്ചവടക്കാരും കൈവേലക്കാരും ‘ഗിൽഡു’കളായി സംഘടിച്ചുകൊണ്ടാണ് തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയത്. വസ്ത്രം, ചെരുപ്പ്, ലോഹപ്രവൃത്തികൾ തുടങ്ങിയ ഓരോ വ്യാവസായത്തിലുമേർപ്പെട്ടവർക്ക് പ്രത്യേകം പ്രത്യേകം ഗിൽഡുകളുണ്ടായിരുന്നു. ഓരോ ഗിൽഡിനും പ്രത്യേകമായ നിയമങ്ങളുണ്ടായിരിക്കും. വില, തരങ്ങൾ, പ്രവൃത്തിസമയം മുതലായവയെ നിയന്ത്രിക്കുന്ന അത്തരം നിയമങ്ങളെ ഗിൽഡിലെ എല്ലാ അംഗങ്ങളും അനുസരിക്കണം. ഓരോ കൈവേലവകുപ്പിലും ഒരു മൂപ്പനും (Master) അയാളുടെ കീഴിൽ പരിശീലനത്തിനുവേണ്ടി പണിയെടുക്കുന്ന ഏതാനും പ്രവൃത്തിക്കാരും (Apprentice) അതിനുപുറമേ കൂലിക്കു പണിയെടുക്കുന്ന വേലക്കാരും ഉണ്ടാവും. പരിശീലനം കഴിഞ്ഞവരും പക്ഷെ, മൂപ്പന്മാരാവാൻ കഴിയാത്തതിനാൽ കൂലിവേലയെടുക്കുന്നവരുമായ വേലക്കാരെ ഇംഗ്ലണ്ടിൽ ജർണിമെൻ (Journey men) എന്നാണ് വിളിച്ചിരുന്നത്. പ്രവൃത്തിയിൽ വൈദഗ്ദ്ധ്യം നേടാൻ കഴിഞ്ഞാൽ തങ്ങൾക്കും മൂപ്പന്മാരാവാൻ കഴിയുമെന്ന് ആദ്യകാലത്ത് അവർ ആഗ്രഹിച്ചിരുന്നു. പക്ഷേ, നാടുവാഴി മർദ്ധനത്തിൽ നിന്നു രക്ഷപെടാൻ വേണ്ടി നാടുവിട്ടോടിപ്പോന്ന അടിയാളരുടെ എണ്ണം വർദ്ധിക്കുന്തോറും കൂലിവേലക്കാരുടെ എണ്ണം അധികമായിത്തീരുകയും അങ്ങനെ ജർണിമെന്മാരുടെ ആശ ക്രമത്തിൽ വിഫലമായിക്കൊണ്ടുവരികയും ചെയ്തു. എങ്കിലും, അവർ തങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടി ഗിൽഡു നിയമങ്ങൾക്കുള്ളിൽ രക്ഷപ്രാപിച്ച മൂപ്പന്മാർക്കെതിരായി പലപ്പോഴും പോരടിച്ചുകൊണ്ടിരുന്നു.

ഗിൽഡുകളുടെ ഉത്ഭവത്തെപ്പറ്റി മാർക്സും എംഗെൽസും എഴുതുന്നു: ‘തട്ടിപ്പറിക്കാരും സംഘടിതരുമായ പ്രഭുക്കൾക്കെതിരായി സംഘടിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വ്യവസായി തന്നെ കച്ചവടക്കാരനുമായ ഒരു കാലഘട്ടത്തിൽ ജനങ്ങൾക്കാകെ ഉപയോഗപ്പെടുന്ന മാർക്കറ്റുകളുടെ ആവശ്യകത, വളർന്നുവരുന്ന പട്ടണങ്ങളിലേക്ക് അടിച്ചുകയറുന്നവരും നാടുവാഴികളുടെ പിടിയിൽനിന്നു രക്ഷപെട്ടോടിവരുന്നവരുമായ അടിയാളരുടെ വർദ്ധിച്ചുവരുന്ന കിടമത്സരം നാടിന്റെ നാടുവാഴി പ്രഭുത്വപരമായ ഘടന ഇവയുടെയെല്ലാം ഫലമായിട്ടാണ് ഗിൽഡുകളുണ്ടായത്. കൂട്ടത്തിൽ ജനങ്ങളുടെ സംഖ്യ വർദ്ധിച്ചുകൊണ്ടു വരുമ്പോൾ കൈവേലക്കാരുടെ എണ്ണം മാറ്റമില്ലാതെ അതേപടി നിലനിൽക്കുകയും അവരുടെയിടയിലുള്ള കുറെ വ്യക്തികളുടെ കയ്യിൽ മൂലധനം ക്രമത്തിൽ ഈട്ടം കൂടുകയും ചെയ്തതിന്റെ ഫലമായി ജർണിമെന്മാരും അപ്രൻറീസുമാരും തമ്മിൽ ഒരു പുതിയ ബന്ധമുളവായി. അങ്ങനെ, നാട്ടിൻപുറങ്ങളിലെന്നപോലെ പട്ടണങ്ങളിലും മേൽക്കീഴ്മയെ അടിസ്ഥാനപ്പെടുത്തിയ വിഭജനങ്ങൾ നിലവിൽവന്നു.’ മൂപ്പന്മാരും ജർണിമെന്മാരും തമ്മിലുള്ള മത്സരങ്ങൾ പട്ടണ ജീവിതത്തിന്റെ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു ഭാഗമായിരുന്നു. വലിയ പ്രവേശന ഫീസും നിറവേറ്റാൻ വിഷമമുള്ള മറ്റു വ്യവസ്ഥകളും ഉണ്ടായിരുന്നതുകൊണ്ട് ഗിൽഡുകളിൽ പ്രവേശനം സമ്പാദിക്കാൻ ജർണിമെൻമാർക്ക് എളുപ്പമായിരുന്നില്ല. അതുകൊണ്ട് അവർ ഒരു പ്രത്യേക വർഗമെന്ന നിലക്ക് സംഘടിപ്പിക്കാൻ തുടങ്ങി. ഇംഗ്ലണ്ടിൽ ജർണിമെന്മാർക്കു യോമൻ ഗിൽഡ് (Yeomen guilds) എന്ന പേരിലറിയപ്പെടുന്ന പ്രത്യേക സംഘടനകൾ ഉണ്ടായിരുന്നു. ഈ സംഘടനകളെ കച്ചവടക്കാരും മൂപ്പന്മാരും എതിർത്തിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അവയ്ക്ക് മിക്കപ്പോഴും രഹസ്യമായിട്ടേ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

ഒരുഭാഗത്ത് അടിയാളരുടെ പ്രയത്നത്തെ ചൂഷണം ചെയ്യുന്ന ഗ്രാമമേധാവികൾ, മറുഭാഗത്ത് ചെറിയ തോതിൽ മൂലധനമിറക്കി വേലക്കാരുടെ പ്രയ്തനത്തെ ചൂഷണം ചെയ്യുന്ന പട്ടണമേധാവികൾ —ഇതായിരുന്നു നാടുവാഴി പ്രഭുത്വത്തിന്റെ കീഴിലുള്ള സ്വത്തുടമയുടെ സ്വഭാവം. രണ്ടുതരത്തിലുള്ള ഉൽപാദനങ്ങളും ചെറുകിടയിലുള്ളതായിരുന്നു. കൃഷിയിലാവട്ടെ, വ്യവസായത്തിലാവട്ടെ ഇന്നത്തെപ്പോലെ യന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നില്ല. എംഗൽസ് വിവരിക്കുന്നു:

‘മുതലാളിത്തപരമായ ഉൽപാദനത്തിനു മുമ്പ് എന്നുവെച്ചാൽ മദ്ധ്യകാലങ്ങളിലെന്നർഥം. തങ്ങളുടെ ഉൽപാദനോപകരണങ്ങളുടെ മേൽ വേലക്കാർക്കു സ്വകാര്യഉടമാവകാശമുണ്ട് എന്നുള്ളതിനെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ചെറുകിട ഉൽപാദനങ്ങളാണ് —സ്വതന്ത്രനോ അടിയാളനോ ആയ ചെറുകിട കൃഷിക്കാരന്റെ കാർഷിക വ്യവസായം, പട്ടണങ്ങളിലെ കൈവേല വ്യവസായം എന്നിവയാണ് പൊതുവിലുണ്ടായിരുന്നത്. നിലം, കാർഷികോപകരണങ്ങൾ, തൊഴിൽശാല, പണിയായുധങ്ങൾ എന്നീ അദ്ധ്വാനോപകരണങ്ങൾ വ്യക്തികളുടെ സ്വന്തം അദ്ധ്വാനോപകരണങ്ങളായിരുന്നു. ഒറ്റയ്ക്കൊറ്റയ്ക്ക് ഉപയോഗിക്കാനുദ്ദേശിച്ചു കൊണ്ടുള്ളവയായിരുന്നു. അതുകൊണ്ട് അവ ആവശ്യം ചെറിയതും എളിയതും പരിമിതവുമായിരുന്നു. എന്നാൽ, ഇക്കാരണം കൊണ്ടുതന്നെ നിയമേന അവ ഉൽപാദകന്റെ സ്വന്തം വകയായിരുന്നു. ചിന്നിച്ചിതറിക്കിടന്നിരുന്ന ഈ സങ്കുചിതങ്ങളായ ഉൽപാദനോപകരണങ്ങളെ കേന്ദ്രീകരിക്കുകയും വിപുലമാക്കുകയും ചെയ്യുക. അവയെ ഇന്നത്തെ ഉൽപാദനത്തിന്റെ ഊക്കുകൂടിയ വീണ്ടികളായി രൂപാന്തരപ്പെടുത്തുക —ഇതെല്ലാമായിരുന്നു. ശരിക്കു പറഞ്ഞാൽ, മുതലാളിത്തരീതിയിലുള്ള ഉൽപാദനവും അതിന്റെ പ്രതിനിധിയായ മുതലാളിവർഗവും നിർവഹിച്ച ചരിത്രപരമായ പങ്ക്’.

നാടുവാഴി പ്രഭുത്വത്തിൻ കീഴിൽ പതുക്കെപ്പതുക്കെ കച്ചവടം അഭിവൃദ്ധിപ്പെടാൻ തുടങ്ങി. നാട്ടിന്റെ വിവിധ ഭാഗങ്ങളിലായി പുതിയ പുതിയ പട്ടണങ്ങൾ ഉയർന്നുവന്നു. നെയ്ത്തിനുപുറമെ സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടുമുള്ള പണിത്തരങ്ങൾ, പലതരത്തിലുള്ള കൊത്തുപണികൾ, പ്രതിമാനിർമ്മാണം എന്നിങ്ങനെ പ്രഭുക്കളുടെയും പള്ളി മേധാവികളുടെയും സുഖഭോഗങ്ങൾക്കാവശ്യമായ വസ്തുക്കളും കലാവിഭവങ്ങളും നാൾക്കുനാൾ അഭിവൃദ്ധിപ്പെട്ടുകൊണ്ടുവന്നു. ഏറ്റവും വലിയ ഉപഭോക്താക്കൾ നിലമുടമകളും പള്ളിമേധാവികളുമായിരുന്നു. കൃഷിക്കാരെ ചൂഷണം ചെയ്തുണ്ടാക്കുന്ന സ്വത്തിന്റെ ഒരുഭാഗം അവർ വിനിമയത്തിനുവേണ്ടി നീക്കിവെച്ചു. മറുഭാഗത്തു കൃഷിക്കാരുടെ ദയനീയ ജീവിതം കൂടുതൽ കൂടുതൽ ദുസഹമായിക്കൊണ്ടുവന്നു. പലേടങ്ങളിലും പരസ്യമായ കർഷക ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ഒരു ഭാഗത്ത് ഐശ്വര്യസമ്പന്നരും അധികാര പ്രമത്തരുമായ നാടുവാഴികൾ. മറുഭാഗത്ത് ക്ലേശപരികീർണവും മർദ്ധനപൂർണവുമായ ജീവിതം നയിക്കുന്ന അടിയാളർ —എങ്ങനെ കർഷക ലഹളകൾ പൊട്ടിപ്പുറപ്പെടാതിരിക്കും.

വിനിമയത്തിന്റെയും പണത്തിന്റെയും ഏറിയേറിവരുന്ന പ്രാധാന്യം ഉൾനാടുകളിലെ ഉല്പാദന സമ്പ്രദായത്തിന്റെ അടി തുരക്കാൻ തുടങ്ങി. ജംഗമ സ്വത്തുക്കളെപ്പോലെതന്നെ നിലങ്ങളും കൊള്ളക്കൊടുക്കുകൾക്കു വിധേയമായിത്തീർന്നു. പ്രത്യേകിച്ചും ചെറിയ നിലമുടമസ്ഥന്മാർ മറ്റു വഴിയൊന്നും കാണാതെ തങ്ങളുടെ നിലങ്ങൾ വിറ്റഴിക്കാൻ നിർബന്ധരായി. നിലങ്ങളുടെ കൈമാറ്റം നാടുവാഴി വ്യവസ്ഥയ്ക്കു കിട്ടിയ വമ്പിച്ച ഒരടിയായിരുന്നു. നാടുവാഴി പ്രഭുത്വത്തിന്റെ മരണരോദനങ്ങൾ അന്തരീക്ഷത്തിലുയരാൻ തുടങ്ങി.

പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കുതന്നെ നിലമുടമ വ്യവസ്ഥയിൽ സാരമായ ചില മാറ്റങ്ങൾ കാണപ്പെട്ടു. നാടുവാഴികൾക്കു പണത്തിന്റെ ആവശ്യം വർദ്ധിച്ചപ്പോൾ അടിയാളരുമായുള്ള ബന്ധത്തിൽ ഒരു മാറ്റം വരുത്താൻ അവർ നിർബന്ധരായി. അടിയാളർ പ്രഭുവിന്റെ നിലത്തിൽ ദേഹാദ്ധ്വാനം ചെയ്യണമെന്ന വ്യവസ്ഥയ്ക്കുപകരം അവർ പ്രഭുവിന് ഒരു നിശ്ചിതതോതിൽ പണം കൊടുത്താൽ മതിയെന്നു തീരുമാനിക്കപ്പെട്ടു. നികൃഷ്ടമായ ദേഹാദ്ധ്വാന വ്യവസ്ഥയിൽ നിന്നു മോചനം ലഭിക്കുന്നതുകൊണ്ട് അടിയാളർക്ക് ഇതു തൃപ്തികരമായി തോന്നി. വിദ്രോഹികളായ അടിയാളരെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്നതിനേക്കാൾ കൂലിക്കു വേലക്കാരെ ഏർപ്പെടുത്തുന്നതാണ് കൂടുതൽ ആദായകരമെന്നു പ്രഭുക്കളും മനസിലാക്കി.

ഇങ്ങനെ ഒരുവശത്ത് ദേഹാദ്ധ്വാന വ്യവസ്ഥയ്ക്ക് പകരം പാട്ടത്തിനു നിലം ഏറ്റുവാങ്ങി കൃഷിചെയ്യുന്ന കൃഷിക്കാരും മറുവശത്തു ധനിക കൃഷിക്കാരുടെയും ജന്മികളുടെയും നിലങ്ങളിൽ കൂലിപ്പണിയെടുത്തുപജീവനം കഴിക്കുന്ന കർഷകത്തൊഴിലാളികളുമാവിർഭവിച്ചു.

നമ്മൾ കണ്ടുകഴിഞ്ഞപോലെ കച്ചവടത്തിന്റെയും പണത്തിന്റെയും പ്രാധാന്യം പണ്ടെങ്ങുമുണ്ടായിട്ടില്ലാത്ത മട്ടിൽ വർദ്ധിച്ചുവന്ന കാലഘട്ടമായിരുന്നു അത്. പണത്തിന്റെ പ്രഭാവം നാടുവാഴികളുടെ ജീവിത രീതിയെപ്പോലും ഇളക്കിമറിച്ചു. തങ്ങളുടെ നിലങ്ങളിൽ ധാന്യങ്ങൾ കൃഷി ചെയ്യുന്നതിനേക്കാൾ ആദായകരം കച്ചവടച്ചരക്കുകൾ ഉണ്ടാക്കുകയാണെന്ന് അവർ കണ്ടറിഞ്ഞു. ഇംഗ്ലണ്ടിൽ രോമത്തുണിച്ചരക്കുകളുടെ പ്രചാരവും വില വർദ്ധനവുമാണ് അവരെ കൂടുതലാകർഷിച്ചത്. നാടുവാഴികളിലൊരു വിഭാഗം പ്രത്യേകിച്ചും ചെറുനിലമുടമസ്ഥന്മാർ തങ്ങളുടെ നിലകളിൽ കൃഷി ചെയ്യുന്നതിനുപകരം ചെമ്മരിയാടുകളെ മേച്ചുവളർത്താൻ നിശ്ചയിച്ചു. പക്ഷേ, കൃഷിസ്ഥലങ്ങളെ മേച്ചിൽ സ്ഥലങ്ങളാക്കി മാറ്റണമെങ്കിൽ നിരവധി കർഷക കുടുംബങ്ങളെ കുടിയിറക്കിപ്പറഞ്ഞയച്ചേ മതിയാവൂ എന്ന നിലവന്നു. പണത്തിന്റെ പിടിയിൽ പെട്ടുപോയ നാടുവാഴികൾ അതിനും മടിച്ചില്ല. കൃഷിക്കാരെ അവർ ബലാൽക്കാരമായി ആട്ടിപ്പുറത്താക്കി. അങ്ങനെ ഒട്ടുവളരെ കാർഷികനിലങ്ങൾ മേച്ചിൽ സ്ഥലങ്ങളായി മാറി. അതുവരെയും അവിടങ്ങളിൽ കൃഷിപ്പണിയെടുത്ത് ഉപജീവനം കഴിച്ചിരുന്ന ജനങ്ങൾ നിസഹായരും തെരുവുതെണ്ടികളുമായി മാറി.

1.21പള്ളിയും പാതിരിയും

ക്രിസ്തുമതം സ്ഥിരവും മാറ്റമില്ലാത്തതുമായ ഒരു മതമല്ലെന്നും സാമൂഹ്യഘടനയുടെ മാറ്റത്തോടൊപ്പം മറ്റെല്ലാറ്റിനുമെന്നപോലെ അതിനും പരിവർത്തനങ്ങളുണ്ടായിട്ടുണ്ടെന്നും ചരിത്രം പരിശോധിച്ചു നോക്കിയാൽ കാണാൻ കഴിയും. വാസ്തവത്തിൽ എല്ലാ മതങ്ങളുടെയും സാമൂഹ്യാടിസ്ഥാനം അതാതു കാലത്തെ ഉൽപാദനവ്യവസ്ഥകളാണ്.

അടിമകളുടെയും മറ്റു മർദ്ധിതജനവിഭാഗങ്ങളുടെയും വിപ്ലവപ്രസ്ഥാനമെന്ന നിലയ്ക്കാണ് ക്രിസ്തുമതം ആരംഭിച്ചത്. അതുകൊണ്ട് ആദ്യകാലത്തെ ക്രിസ്തുമത വിശ്വാസികൾ, ഏതാണ്ടിന്നത്തെ കമ്മ്യൂണിസ്റ്റുകാരെപ്പോലെ, ധനികവർഗക്കാരാൽ മർദ്ധിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഒരു മൂന്നു നൂറ്റാണ്ടു കഴിഞ്ഞപ്പോഴേയ്ക്കും ക്രിസ്തുമതം സ്റ്റേറ്റിന്റെ മതമായി അംഗീകരിക്കപ്പെട്ടു. അപ്പോഴേയ്ക്കും അതിന് അന്നത്തെ ഉൽപാദനവ്യവസ്ഥയ്ക്ക് യോജിച്ച രീതിയിൽ പല രൂപഭേദങ്ങളും വന്നുകഴിഞ്ഞിട്ടുണ്ടായിരുന്നു. പിന്നീട് നാടുവാഴി പ്രഭുത്വം വളർന്നുവന്നപ്പോൾ ആ പുതിയ സാമൂഹ്യഘടനയ്ക്കനുയോജ്യമായ വിധത്തിൽ ക്രിസ്തുമതത്തിനു വീണ്ടും ചില മാറ്റങ്ങളുണ്ടായി. പള്ളിയും പാതിരിയച്ചനും പ്രാമാണ്യം നേടിയതിക്കാലത്താണ്. ‘ഒരൊട്ടകത്തിന് സൂചിയുടെ തുളയിലൂടെ കടന്നുപോവാൻ എത്രകണ്ട് ബുദ്ധിമുട്ടുണ്ടോ അതിലുമധികം ബുദ്ധിമുട്ടുണ്ട് ഒരു ധനികനു സ്വർഗത്തിലേക്കു കടക്കാൻ’ എന്നു പ്രഖ്യാപിച്ച യേശുക്രിസ്തുവിന്റെ പിന്തുടർച്ചാവകാശികൾ യൂറോപ്പിലെ ഏറ്റവും വലിയ സ്വത്തുടമസ്ഥന്മാരായി മാറി.

നാടുവാഴി വ്യവസ്ഥയ്ക്കു യോജിച്ചമട്ടിലുള്ള വിഭജനങ്ങൾ പള്ളിമേധാവികൾക്കിടയിലുമുണ്ടായിരുന്നു. പള്ളിയുടെ ഏറ്റവും ഉയർന്ന ഭരണാധികാരി പോപ്പ്, അയാളുടെ താഴെ നാടുവാഴികളെപ്പോലെയുള്ള ബിഷപ്പുമാർ. ഏറ്റവും താഴെ സാധാരണക്കാരായ പാതിരിമാർ, പാതിരിമാരുടെ സ്ഥിതി താരതമ്യേന മോശമാണ്. എങ്കിലും അവർ വഴിക്കാണ് കൃഷിക്കാർ ചൂഷണം ചെയ്യപ്പെട്ടത്. കൃഷിക്കാരിൽ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളായിരുന്നുവെന്നതു ശരിതന്നെ. പക്ഷേ, അതുകൊണ്ടെന്ത്? ക്രിസ്ത്യന്മാരായ നിലമുടമകളുടെയും പള്ളി മേധാവികളുടെയും മർദ്ധനത്തിൽനിന്ന് അവർക്ക് യാതൊരു രക്ഷയുമുണ്ടായില്ല. എന്നല്ല, യാതൊരു പിറുപിറുപ്പും കൂടാതെ നിലവിലുള്ള മർദ്ധനങ്ങൾക്കു വഴങ്ങുകയാണ് ക്രിസ്തുമതവിശ്വാസികളായ കൃഷിക്കാരുടെ കടമയെന്ന പ്രചാരവേലകളും അഴിച്ചുവിടപ്പെട്ടു. ഇഹലോകത്തിന്റെ കാര്യം പോകട്ടെ, സ്വർഗത്തിലേക്കൊരു ടിക്കറ്റു വേണമെങ്കിൽ അതിനും പള്ളിയുടെ സഹായം കൂടിയേ കഴിയൂ!

ഇങ്ങനെ നാടുവാഴി വാൾകൊണ്ടും പുരോഹിതൻ കുരിശുകൊണ്ടും ജനങ്ങളെ മർദ്ദിച്ചു. ഒരാൾ മനുഷ്യന്റെ ശരീരത്തെയും മറ്റേ ആൾ അവന്റെ ആത്മാവിനെയും അടിമപ്പെടുത്തി. വാളും കുരിശും തമ്മിൽ ഇടയ്ക്കിടയ്ക്ക് സൗന്ദര്യപിണക്കങ്ങളും അവകാശത്തർക്കങ്ങളും ഉണ്ടായിരുന്നുവെന്നതു നേരാണ്. എന്നാൽ, ഭൂരിപക്ഷക്കാരായ പാവങ്ങളെ ചവിട്ടിമെതിക്കുന്ന കാര്യത്തിൽ അവ രണ്ടും ഉറ്റ ചങ്ങാതികളായിരുന്നു.

പള്ളിയായിരുന്നു വാസ്തവത്തിൽ നാടുവാഴി വ്യവസ്ഥയുടെ കേന്ദ്രം. നാടുവാഴി വ്യവസ്ഥയുടെ ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും നേതാക്കന്മാർ എന്ന നിലയ്ക്കാണ് പള്ളിമേധാവികൾ തങ്ങളുടെ അധികാരശക്തിയുറപ്പിച്ചത്. പള്ളിയുടെ പ്രധാന പ്രവൃത്തി നാടുവാഴികളുടെയും പള്ളിമേധാവികളുടെയും സ്വത്തുടമാധികാരത്തെ സ്ഥിരവും ശാശ്വതവുമാക്കി വ്യാഖ്യാനിക്കുകയായിരുന്നു. സുഖവും ദുഃഖവും ദാരിദ്ര്യവുമെല്ലാം ദൈവകല്പിതമാണ്. ദൈവകല്പനയെ ചോദ്യം ചെയ്യാൻ പാടില്ല; പള്ളിയുടമസ്ഥന്മാർക്ക് അടക്കേണ്ടതായ നിർബന്ധ വഴിപാടുകൾ അടയ്ക്കാതിരിക്കലാണ് ഏറ്റവും വലിയ പാപം. മേലാളരെ മാനിച്ച്, എല്ലാം സഹിച്ച്, ഒക്കെ ക്ഷമിച്ചു.

കഷ്ടപ്പാടിന് പരിഹാരമുണ്ടാവാൻ ദൈവത്തെ പ്രാർത്ഥിക്കുകയും പള്ളിക്ക് പണം കൊടുക്കുകയും ചെയ്താൽ മരിച്ചതിനുശേഷം സ്വർഗ്ഗത്തിലെത്താം! സ്വത്തുടമാവകാശത്തെ ചോദ്യം ചെയ്യുന്നവർ പരലോകത്തിൽ നരകവും ഇഹലോകത്തിൽ സമുദായഭ്രഷ്ടും ക്രൂരമർദ്ദനങ്ങളും അനുഭവിക്കേണ്ടിവരും. എംഗെൽസ് എഴുതുകയുണ്ടായി: ‘തങ്ങളുടെ കീഴിലുള്ള ജനങ്ങളുടെ പക്കൽനിന്ന് അവസാനത്തെ കാശുകൂടി പിഴിഞ്ഞെടുക്കുകയോ പള്ളിവക എസ്റ്റേറ്റുകൾ വർദ്ധിപ്പിക്കുകയോ ചെയ്യാൻവേണ്ടി അവർ മൃഗീയമായ ബലാൽക്കാരം മാത്രമല്ല, മതപരമായ എല്ലാ ചതിപ്പണികളും ഉപയോഗിച്ച്; ദേഹപീഡയ്ക്കുള്ള മർദ്ദനോപകരണങ്ങളുടെ ഭീകരതകൾ മാത്രമല്ല, സമുദായഭ്രഷ്ടിന്റെയും പാപപരിഹാരനിഷേധത്തിന്റെയും ഭീകരതകൂടിയും അവർ പ്രയോഗിച്ചു: കുറ്റസമ്മതമുറിയിലെ എല്ലാത്തരം സൂത്രപ്പണികളും അവരവലംബിച്ചു.’

വഴിപാടുകൾ വഴിക്കും തിരുമുൽക്കാഴ്ചകൾ വഴിക്കും പള്ളിയുടെ സ്വകാര്യസ്വത്തുക്കൾ വർദ്ധിച്ചുകൊണ്ടുവന്നു. നാടുവാഴി പ്രഭുത്വം വികസിക്കാൻ തുടങ്ങിയപ്പോൾ കൃഷിസ്ഥലങ്ങളുടെ ഗണ്യമായൊരു ഭാഗം പള്ളിയുടെ അധീനത്തിലായിത്തീർന്നു. മോർട്ടൻ എഴുതുന്നു: ‘നിലം സമ്പാദിക്കാൻ വേണ്ടി പള്ളികൾ നരകഭീഷണി മുതൽ തനി കള്ളരേഖയുണ്ടാക്കൽവരെയുള്ള എല്ലാത്തരം സൂത്രപ്പണികളും പ്രയോഗിച്ചു. അങ്ങനെ ഭരണവ്യവസ്ഥയ്ക്കു ഒരു യഥാർത്ഥ ദൗർബല്യമായി തീരുമാറ് പള്ളിവക നിലങ്ങൾ അത്രയ്ക്കു വിപുലമായിത്തീർന്നു. മറ്റുള്ള ജനവിഭാഗങ്ങൾക്കും ഇതുകാരണം വലിയ വിഷമമുണ്ടായി. പള്ളിവക നിലങ്ങൾക്ക് നികുതിയും സൈനിക സേവനത്തിനുള്ള ബാദ്ധ്യതയും കുറവായിരുന്നു. ഇതുകൊണ്ടുളവാകുന്ന കമ്മി നികത്താൻ കൃഷിക്കാർ കൂടുതൽ ഭാരം ചുമക്കേണ്ടിവന്നു. പള്ളികളുടെ സ്ഥാപിത താൽപര്യങ്ങളോടൊപ്പം കൃഷിക്കാരുടെ മേലുള്ള മർദ്ദനങ്ങളും വർദ്ധിച്ചുകൊണ്ടുവന്നു.

എന്നാൽ, ഫ്യൂഡലിസം ക്ഷയോന്മുഖമായപ്പോൾ പള്ളിയുടെ പ്രമാണിത്തവും ക്ഷയിക്കാൻ തുടങ്ങി. സുഖഭോഗത്തിലാറാടുന്നവരും തങ്ങളുടെ സ്വകാര്യസ്വത്ത് എത്ര വർദ്ധിച്ചാലും തൃപ്തിയടയാത്തവരുമായ വലിയ പള്ളിമേധാവികൾ ക്രിസ്ത്യന്മാരായ സാധാരണ ജനങ്ങളുടെ മാത്രമല്ല, ദരിദ്രന്മാരായ പുരോഹിതന്മാരുടെപോലും എതിർപ്പിനു പാത്രമായിത്തീർന്നു. സമുദായത്തിലെ വളർന്നുവരുന്ന വർഗസമരങ്ങൾ പള്ളിയുടെ ആശയങ്ങളിലും പ്രതിഫലിക്കാൻ തുടങ്ങി. പുരോഹിതന്മാർ ഡൊമിനിക്കൻസ് (Dominicans) ഫ്രാൻസീസ്കൻസ് (Franciscans) എന്നും രണ്ടു തരക്കാരായി പിരിഞ്ഞത് ഈ ഘട്ടത്തിലാണ്. ഒരു കൂട്ടർ സ്വകാര്യസ്വത്തുടമയേയും വർഗവിഭജനത്തേയും ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ മറ്റേ കൂട്ടർ സ്വകാര്യസ്വത്തുടമയും സുഖഭോഗങ്ങളും ക്രിസ്തുവിന്റെ ഉപദേശങ്ങൾക്കെതിരാണെന്നു വാദിച്ചു. അസിസിയിലെ സെയിൻറ് ഫ്രാൻസിസ് ബൈബിളിലെ പല പ്രമാണങ്ങളും ഉദ്ധരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്ത്യന്മാർ സുഖഭോഗങ്ങളിലാറാടാൻ പാടില്ലെന്നും അവർ സ്വയം ദാരിദ്ര്യം വരിക്കണമെന്നും പ്രഖ്യാപിച്ചു. ഇത്തരം ആശയങ്ങൾ സാധാരണക്കാരായ മർദ്ദിതജനങ്ങളെ കണക്കിലധികം ആകർഷിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. ഫ്യൂഡലിസം ക്ഷയിക്കുന്തോറും ദരിദ്രന്മാരെ പ്രതിനിധീകരിക്കുന്ന പുതിയ പുതിയ പുരോഹിതന്മാർ ഉയർന്നുവന്നു. പതിനാലാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ ലാങ്ലണ്ടിന്റെ മതപരമായ പ്രബന്ധങ്ങളും വൈക്ലിഫിന്റെ പ്രസംഗങ്ങളും മറ്റും മർദ്ദിത കൃഷിക്കാരുടെ പ്രക്ഷോഭങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു. പള്ളിവക നിലങ്ങൾ ബലാൽക്കാരമായി പിടിച്ചെടുത്തു കൃഷിക്കാർക്ക് കൊടുക്കേണ്ടതാണെന്നുപോലും വൈക്ലിഫ് പ്രസ്താവിക്കുകയുണ്ടായി. ‘ദൈവദത്ത’മായ അധികാരങ്ങളും ശക്തികളും പോപ്പിനു മാത്രമായിട്ടുള്ളതല്ലെന്നും അവ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം വാദിച്ചു. വൈക്ലിഫിന്റെ അനുയായിയായ ജോൺബോൾ എന്ന പുരോഹിതൻ ഇങ്ങനെ പ്രസംഗിച്ചു:

എന്റെ നല്ലവരായ ജനങ്ങളെ, എല്ലാ വസ്തുക്കളും പൊതുസ്വത്താക്കുന്നതുവരെ, അടിയാളരെന്നോ പ്രമാണികളെന്നോ വ്യത്യാസം ഇല്ലാതാകുന്നതുവരെ ഇംഗ്ലണ്ടിൽ കാര്യങ്ങളൊന്നും നേരെയാവുക സാദ്ധ്യമല്ല; ഒരിക്കലുമൊട്ടു നേരെയാവുകയുമില്ല. നാമെല്ലാം പ്രഭുക്കളെന്നു വിളിക്കുന്നവർക്ക് എന്തുകാരണം കൊണ്ടാണ് നമ്മളേക്കാൾ മേന്മ ലഭിക്കുന്നത്? അവരെങ്ങനെയാണതിനർഹരാവുന്നത്? നമ്മളെ അവരെന്തിനാണ് അടിമകളാക്കിവെയ്ക്കുന്നത്? നമ്മളൊക്കെ ഒരേ പിതാവിനും മാതാവിനും- ആദാമിനും ഈവിനും പിറന്നവരാണെങ്കിൽ അവർക്കെങ്ങനെ നമ്മളെക്കാളേറെ യജമാനന്മാരെന്നവകാശപ്പെടാൻ കഴിയും? അവരതെങ്ങനെ തെളിയിക്കും? നമ്മളെക്കൊണ്ട് അവർ പണിയെടുപ്പിക്കുകയും അവർക്കു ചിലവിടാൻ വേണ്ടി നമ്മൾ ഉല്പാദിപ്പിക്കുകയും ചെയ്യുന്നതൊഴിച്ചാൽ വേറെയെന്താണവർക്കൊരു മേന്മയുള്ളത്? അവർ വെൽവെറ്റു തുണികളും രോമങ്ങൾകൊണ്ടും പട്ടുരോമങ്ങൾ കൊണ്ടും അലംകൃതമായ കോട്ടുകളുമണിയുന്നു. നമ്മളോ, പരുപരുത്ത പരുത്തിത്തുണികളുടുക്കുന്നു. അവർക്ക് വീഞ്ഞുണ്ട്, വാസനദ്രവ്യങ്ങളുണ്ട്, നല്ല അപ്പമുണ്ട്. നമ്മൾക്കോ മുത്താറി റൊട്ടിയും മറ്റുള്ളവരുടെ എച്ചിലുകളും പുല്ലും വെള്ളവും. അവർക്കു പാർപ്പിടങ്ങളുണ്ട്, മോടി കൂടിയ അരമനകളുണ്ട്. നമുക്കോ പ്രാരാബ്ധങ്ങളും പണിയും പിന്നെ, നമ്മൾ വയലുകളിലെ കാറ്റിനോടും മഴയോടും എതിർത്തുനിൽക്കുകയും വേണം. നമ്മിൽ നിന്നും നമ്മുടെ അദ്ധ്വാനത്തിൽ നിന്നുമാണ് അവരുടെ ധാടി നിലനിർത്തുവാനുള്ള വക അവർക്ക് കിട്ടുന്നത്, എന്നിട്ടും അവർ നമ്മളെ അടിയാളരെന്നു വിളിക്കുന്നു. അവരുടെ കൽപനയനുസരിക്കാനമാന്തം കാണിച്ചാൽ അവർ നമ്മളെ പിടിച്ചുതല്ലുന്നു!

വിപ്ലവകാരികളായ പുരോഹിതന്മാരുടെ ഇത്തരം ആശയങ്ങൾ കർഷകവിപ്ലവങ്ങൾക്കു ശക്തിയും പ്രോൽസാഹനവും നൽകിയെങ്കിൽ അതിലത്ഭുതപ്പെടാനൊന്നുമില്ല.

വാസ്തവത്തിൽ, പള്ളിയുടെ പേരിലുള്ള ഭക്തിക്കല്ലാതെ മറ്റൊരു വികാരത്തിനും, തലപൊക്കാനധികാരമില്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്. എന്നിട്ടും പോപ്പിന്റെ അദൃശ്യ ശക്തിക്കുമുമ്പിൽ പതറാതെ പ്രശസ്തമായ ധീരതയോടും അത്ഭുതാവഹമായ ആദർശ പ്രതിപത്തിയോടുംകൂടി പുരോഹിത വിദ്രോഹികൾ മുന്നോട്ടുവന്നു.

പള്ളിയംഗങ്ങൾ ബൈബിളിൽ പറഞ്ഞ യഥാർത്ഥമായ ക്രിസ്തുമതം സ്വീകരിക്കണമെന്നും ഭൗതികാധികാരങ്ങളും സ്വത്തുക്കളും അവർ ഉപേക്ഷിക്കണമെന്നും വാദിച്ച പല ചിന്തകന്മാർക്കും പോപ്പുതിരുമേനി ഭ്രഷ്ട് കല്പിച്ചു. അസത്യത്തെ സിംഹാസനത്തിലിരുത്താൻ വേണ്ടി സത്യം തൂക്കിലിടപ്പെട്ടു. പലരും ക്രൂരവും കുത്സിതവുമായ യാതനകളനുഭവിച്ചു. ചിലർ ജീവനോടെ ചുട്ടുകരിക്കപ്പെടുകപോലുമുണ്ടായി. പക്ഷേ, എന്തായിട്ടും പള്ളി മേധാവിത്വത്തിനെതിരായ മതപരിഷ്കരണ ശ്രമങ്ങൾ കുറയുകയല്ല കൂടുകയാണ് ചെയ്തത്.

ഉപയോഗകരമായ ഒരു സ്ഥാപനമെന്ന നിലയ്ക്കാണ് പള്ളി ചരിത്രത്തിൽ കാലെടുത്തുവെച്ചത്. ഫ്യൂഡലിസത്തിന്റെ ആരംഭദശയിൽ അതിനു പുരോഗമനപരമായ ചില വശങ്ങളുണ്ടായിരുന്നു. കുഴപ്പം പിടിച്ച താറുമാറായ റോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് റോമിലെ അടിമസംസ്കാരത്തേക്കാൾ പുരോഗമനപരമായ പുതിയൊരു സാമൂഹ്യഘടനയെ കെട്ടിപ്പടുക്കുക എന്ന മഹത്തായ പ്രവൃത്തിയിൽ പള്ളി വഹിച്ച പങ്ക് പ്രശസ്തമാണ്. റോമൻ സാമ്രാജ്യത്തിന്റെ വീഴ്ചയെ തുടർന്നുണ്ടായ ഏതാനും നൂറ്റാണ്ടുകളിൽ പള്ളിയായിരുന്നു വിദ്യാഭ്യാസത്തിന്റെയും പാണ്ഡിത്യത്തിന്റെയും പ്രാചീന സംസ്കാരത്തിന്റെയും സംരക്ഷണകേന്ദ്രം. പള്ളിയിലെ അംഗങ്ങൾ എഴുത്തും വായനയും തങ്ങളുടെ നിയന്ത്രണത്തിൽ നിലനിർത്തുകയും അങ്ങനെ ആ ‘കറുത്തയുഗ’ത്തിൽ ജ്ഞാനത്തിന്റെ പ്രകാശം —അതെത്രത്തന്നെ മങ്ങിയാലും ശരി-പരത്താൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ, ഫ്യൂഡലിസം അധഃപതനോന്മുഖമാവുകയും കൂടുതൽ പുരോഗമനപരമായ മറ്റൊരു സാമൂഹ്യഘടന തലയുയർത്താൻ തുടങ്ങുകയും ചെയ്തപ്പോൾ പള്ളിയുടെ ചരിത്രപരമായ ആവശ്യം അവസാനിച്ചു. ഇതിനിടയിൽ അച്ചടിവിദ്യയുടെ പ്രചാരവും വളർന്നുവന്ന വ്യാപാര സംബന്ധിയായ ആവശ്യങ്ങളും എഴുത്ത്, വായന, വിദ്യാഭ്യാസപ്രചരണം മുതലായവയിൽ പള്ളിക്കുണ്ടായിരുന്ന കുത്തകാവകാശത്തെ നശിപ്പിച്ചു കളഞ്ഞു. പള്ളിയുടമകൾ ഉപയോഗശൂന്യരും മടിയന്മാരും മർദ്ദകന്മാരുമായ ഒരു വർഗമായി അധഃപതിച്ചു. തങ്ങളുടെ സ്വാർത്ഥപൂർണവും സങ്കുചിതവുമായ സ്ഥാപിതതാൽപര്യങ്ങളെ കാത്തുരക്ഷിക്കാൻ വേണ്ടി അവർ എല്ലാതരം പുരോഗതിയേയും എതിർക്കുന്ന പിന്തിരിപ്പൻ ശക്തിയായിത്തീർന്നു. ചരിത്രം പള്ളിമേധാവിത്വത്തിനു മരണശിക്ഷ വിധിക്കുകയും ചെയ്തു.

അധഃപതനോന്മുഖമായ നാടുവാഴി വ്യവസ്ഥയുടെയും പള്ളിമേധാവിത്വത്തിന്റെയും സാമൂഹ്യഘടനയ്ക്കുള്ളിൽ തന്നെ മുതലാളിത്തരീതിയിലുള്ള പുതിയ ഉല്പാദനശക്തികൾ പതുക്കെ പതുക്കെ വികസിച്ചുവരുന്നുണ്ടായിരുന്നു. ഈ പുതു സാമ്പത്തികശക്തികൾ വളരുംതോറും ഫ്യൂഡലിസത്തിന്റെ കേന്ദ്രമായ പള്ളിമേധാവിത്വം അധികമധികം ആക്ഷേപിക്കപ്പെട്ടു. മതമയമായ ഒരന്തരീക്ഷത്തിൽ മതത്തിന്റെ തന്നെ കുപ്പായമിട്ടുകൊണ്ടാണ് പുതിയ സാമ്പത്തികശക്തികൾ പുറത്തുവന്നതെങ്കിൽ അതിലത്ഭുതപ്പെടാനൊന്നുമില്ല. വിപ്ലവകാരികളായ പുരോഹിതന്മാരുടെയും ചിന്തകന്മാരുടെയും മതപരിഷ്കരണ പ്രക്ഷോഭങ്ങൾ രാജ്യാതിർത്തികളെ ഭേദിച്ചുകൊണ്ട് പരന്നുപിടിച്ചതിനുള്ള പ്രധാന കാരണം അക്കാലത്തെ ജനങ്ങളുടെ സാമ്പത്തികസ്ഥിതിയിലാണാരായേണ്ടത്. ജർമനിയിൽ ലൂതറുടെയും ഫ്രാൻസിൽ കാൽവിന്റെയും നേതൃത്വത്തിലാരംഭിച്ചു പരിഷ്കരണ പ്രസ്ഥാനത്തിന്റെ (Reformation) സാർവത്രികമായ സ്വാധീനശക്തിയുടെ അടിസ്ഥാനവും ഇതുതന്നെയാണ്. മുതലാളിത്തശക്തിയുടെ അരങ്ങേറ്റം അപ്രതിരോധവും അനുപേക്ഷണീയവുമായിത്തീർന്നിരിക്കുന്നുവെന്നു പ്രഖ്യാപിക്കുകയാണ് ഈ മതപരിഷ്കരണ പ്രക്ഷോഭണങ്ങൾ ചെയ്തത്.

1.22സയൻസും തത്വശാസ്ത്രവും

സയൻസാണ് മുതലാളിത്തത്തിന്റെ ഉൽപാദനാഭിവൃദ്ധിയുടെയും മുതലാളിത്ത സംസ്കാരത്തിന്റെയും അടിസ്ഥാനം. മനുഷ്യന്റെ ജീവിതയാത്രയെ കൂടുതൽ സുഗമമാക്കാനുതകുന്ന പുതിയ സാങ്കേതിക വൈദഗ്ദ്ധ്യങ്ങളും പുതിയ യന്ത്രോപകരണങ്ങളും കൂടുതലുയർന്ന ജീവിതരീതികളും സയൻസിന്റെ അനുഗ്രഹങ്ങളാണ്.

മനുഷ്യന്റെ ബുദ്ധിശക്തിയിൽനിന്നാണ് മുതലാളിത്ത സംസ്കാരത്തിനാവശ്യമായ വിജ്ഞാനങ്ങളും കണ്ടുപിടുത്തങ്ങളും ഉണ്ടായത് എന്നത് ശരിതന്നെ. പക്ഷേ, ബുദ്ധിശക്തിയുടെ അത്ഭുതാവഹമായ ഈ പ്രവർത്തനങ്ങളത്രയും സാമൂഹ്യ വളർച്ചയുടെ ഒരു സവിശേഷഘട്ടത്തിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് എന്ന കാര്യം മറക്കരുത്. വേട്ടയാടിക്കഴിയുന്ന ഒരപരിഷ്കൃത മനുഷ്യനു ആവിയന്ത്രത്തെപ്പറ്റി സ്വപ്നത്തിൽപ്പോലും വിചാരിക്കാനാവില്ല. സമുദായത്തിന്റെ വികാസത്തോടൊപ്പം മാത്രമാണ് സമുദായത്തിലെ അംഗമായ മനുഷ്യന്റെ ബുദ്ധിശക്തി വളർന്നിട്ടുള്ളതും വളരുന്നതും. മുമ്പൊരദ്ധ്യായത്തിൽ പ്രസ്താവിച്ചതുപോലെ സാമൂഹ്യപ്രവർത്തനങ്ങളാണ് ബുദ്ധിശക്തിയുടെ അടിസ്ഥാനം. അപ്പോൾ മുതലാളിത്തത്തിന്റെ ആരംഭത്തിൽ ബുദ്ധിശക്തിയുടെ സാർവത്രികമായ പ്രകടനങ്ങൾക്കു പ്രേരണയും പ്രോത്സാഹനവും നൽകിയത് ആ കാലഘട്ടത്തിലെ സാമൂഹ്യജീവിതമാണെന്ന് കാണാൻ കഴിയും. കമ്പോളങ്ങളന്വേഷിച്ചുനടക്കുന്ന കച്ചവട മുതലാളികൾക്ക് സമുദ്രത്തെപ്പറ്റിയും ഭൂമിയെപ്പറ്റിയും ഉള്ള വിജ്ഞാനങ്ങൾ ആവശ്യമായിവന്നപ്പോഴാണ് ദിഗ്ദർശനയന്ത്രങ്ങളും ജ്യോതിർവിജ്ഞാനവും ഭൂമിശാസ്ത്രസംബന്ധിയായ കണ്ടുപിടുത്തങ്ങളും ആവിർഭവിച്ചത്. അങ്ങനെ മനുഷ്യന്റെ സാമ്പത്തികവും സാമൂഹ്യവുമായ ജീവിതാവശ്യങ്ങളിൽനിന്ന് സയൻസ് ജന്മമെടുത്തു. സയൻസിന്റെ അഭിവൃദ്ധിയാകട്ടെ, മനുഷ്യന്റെ ജീവിതരീതിയെ കൂടുതലുയർത്താൻ സഹായിച്ചു. വീണ്ടും പുതിയ ആവശ്യങ്ങൾ, വീണ്ടും പുതിയ കണ്ടുപിടുത്തങ്ങൾക്കുള്ള പ്രേരണയും പ്രോത്സാഹനവും, വീണ്ടും സയൻസിന്റെ അഭിവൃദ്ധി ഇങ്ങനെ മനുഷ്യൻ പടിപടിയായി പുരോഗതി നേടി.

ഫ്യൂഡലിസത്തിൽനിന്ന് മുതലാളിത്തത്തിലേക്കുള്ള പരിവർത്തനഘട്ടത്തിൽ സയൻസ് വഹിച്ച പങ്ക് അതിപ്രധാനമാണ്. യന്ത്രങ്ങൾക്കടിസ്ഥാനമിട്ട യന്ത്രവിജ്ഞാനം (Mechanics) അളവുകൾക്കാവശ്യമായ ഗണിതശാസ്ത്രവും രേഖാഗണിതവും (Geometry) ദ്രവപദാർത്ഥം, ബാഷ്പപദാർത്ഥം, വെളിച്ചം മുതലായവയെ അപഗ്രഥനം ചെയ്യാനാവശ്യമായ പദാർത്ഥഗുണശാസ്ത്രവും രസായനശാസ്ത്രവും (Physics and Chemistry) പ്രകൃതിയുടെ നിഗൂഢതയിലേക്ക് കടന്നുചെല്ലാൻ സഹായിക്കുന്ന സൂക്ഷ്മദർശിനിയന്ത്രവും (1590) ദൂരദർശിനിയന്ത്രവും (1609) ഭൂമി സ്ഥിരമായി നിൽക്കുകയില്ലെന്നും നേരേമറിച്ച് മറ്റു ഗ്രഹങ്ങളെപ്പോലെ സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുകയാണെന്നും തെളിയിക്കുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ കണ്ടുപിടുത്തങ്ങളും മുകളിൽ നിന്ന് കീഴോട്ടുവീഴുന്ന വസ്തുക്കളുടെയും ചലിക്കുന്ന ഗ്രഹങ്ങളുടെയും നിയമങ്ങളും, ന്യൂട്ടന്റെ ആകർഷണ സിദ്ധാന്തവും —ഇവയെല്ലാം പെട്ടെന്നുണ്ടായ യാദൃച്ഛിക സംഭവങ്ങളായിരുന്നില്ല. നേരേമറിച്ച് വളർന്നുവന്ന മുതലാളിത്ത ശക്തികളുടെ ഒഴിച്ചുകൂടാൻ വയ്യാത്ത ആവശ്യങ്ങളായിരുന്നു.

മുതലാളിത്തത്തിനു മുന്നോട്ടു നീങ്ങണമെങ്കിൽ വർക്കുഷാപ്പുകൾക്കു പകരം വലിയ യന്ത്രങ്ങളും വൻകിട വ്യവസായങ്ങളും സ്ഥാപിക്കണം. ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തണം. ഉൽപാദനത്തെ ഉപര്യുപരി വർദ്ധിപ്പിക്കണം; സർവ്വോപരി മുതലാളിത്തത്തിന്റെ സ്ഥാപിതതാൽപ്പര്യങ്ങളെ കാത്തുരക്ഷിക്കാനുതകുന്ന ഭരണാധികാരവും വേണം. എന്നാൽ വളർന്നുവരുന്ന ഈ പുതിയ ഉൽപാദനശക്തികളുടെ മുമ്പിൽ നാടുവാഴി പ്രഭുത്വത്തിന്റേതായ ഉൽപാദനബന്ധങ്ങൾ വിലങ്ങടിച്ചുനിന്നു. പിന്തിരിപ്പന്മാരായ നാടുവാഴികളുടെ സ്ഥാപിതതാൽപര്യങ്ങൾ മർദ്ധിതരായ കൃഷിക്കാർക്ക് വ്യാവസായികോൽപന്നങ്ങൾ വാങ്ങാനുള്ള കഴിവില്ലായ്മ പൈതൃകങ്ങളായ പാരമ്പര്യങ്ങൾ, വ്യക്തിപരമായ ബന്ധങ്ങൾ സങ്കുചിതാശയങ്ങൾ, നാടുവാഴിച്ചുങ്കങ്ങൾ, ഗിൽഡൂനിയമങ്ങൾ, സർവ്വോപരി നാടുവാഴി പ്രഭുത്വത്തിന്റെ ഭരണകൂടം എല്ലാം നശിപ്പിച്ചേ കഴിയൂ എന്നായി. വളർന്നുവരുന്ന മുതലാളിവർഗവും നാശോന്മുഖമായിക്കഴിഞ്ഞ നാടുവാഴി വർഗവും തമ്മിലുള്ള സമരം മൂർദ്ധന്യദശയിലെത്തി. ഈ സമരത്തിൽ പുരോഗതിയുടെ ചേരിയിൽ നിന്നുകൊണ്ട് തത്വശാസ്ത്രജ്ഞന്മാരും ധനശാസ്ത്രജ്ഞന്മാരും ചിന്തകന്മാരും പഴമയ്ക്കെതിരായി പടപൊരുതി. റൂസ്സോവും വോൾട്ടയറും തൂവലെടുത്തു. കുരിശിനെ കൂട്ടാക്കാതെ ചെങ്കോലിനെ കൂസാതെ, തത്വശാസ്ത്രജ്ഞന്മാരും ചിന്തകന്മാരും ഉല്ഘോഷിച്ചു. നാടുവാഴിയുടെ അധികാരങ്ങൾ ദൈവദത്തങ്ങളാണെന്ന് പറയുന്നവർ കളവുപറയുന്നു. മനുഷ്യനും മനുഷ്യനും സമന്മാരല്ലെന്ന് പറയുന്നവർ നേരല്ല പറയുന്നത്. സുഖമനുഭവിക്കാൻ എല്ലാവർക്കും അർഹതയുണ്ട്. പക്ഷേ, സ്വാർത്ഥികളായ നാടുവാഴികൾ അതിനു തടസം നിൽക്കുന്നു. അതുകൊണ്ട് എല്ലാവർക്കും സുഖം വരണമെങ്കിൽ നിലവിലുള്ള സാമൂഹ്യഘടനയെ തകർത്ത് പുതിയൊരു സാമൂഹ്യഘടന സ്ഥാപിക്കണം. മറ്റും മറ്റും ഇത്തരം ആശയങ്ങൾ പുരോഗമനകാംക്ഷികളായ എല്ലാവരെയും ആവേശഭരിതരാക്കുകയും അനിവാര്യമായ സാമൂഹ്യവിപ്ലവത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു. അസംതൃപ്തരായ മുതലാളികളും മറ്റു പട്ടണവാസികളും നാടുവാഴി മർദ്ദനത്തിൽക്കിടന്നു ഞരങ്ങുന്ന കൃഷിക്കാരും കർഷകത്തൊഴിലാളികളും എല്ലാം ഒത്തൊരുമിച്ച് നാടുവാഴി പ്രഭുത്വത്തെയും പള്ളി മേധാവിത്വത്തേയും വെല്ലുവിളിച്ചു. മുന്നോട്ടിരമ്പിയാർത്തു കുതിക്കുന്ന മുതലാളിത്തത്തെ തടഞ്ഞുനിർത്താൻ യാതൊരു ശക്തിക്കും സാദ്ധ്യമല്ലെന്നായി. ഫ്യൂഡലിസം തകർന്നു നിലംപതിച്ചേ കഴിയൂ എന്നായി. ഫ്യൂഡലിസം നിലംപൊത്തി തൽസ്ഥാനത്ത് പുതിയ മുതലാളിത്തഘടന വാഴ്ചയുറപ്പിച്ചു.

1.23ജീവിതരീതിയും ചിന്താഗതികളും

ഫ്യൂഡലിസത്തിന്റെ ഒരു സവിശേഷത അദ്ധ്വാനിക്കുന്നവരോടുള്ള അവജ്ഞയാണ്. അന്യരുടെ അദ്ധ്വാനഫലത്തിന്മേൽ പറ്റിത്തിന്നുകൂടുന്ന നാടുവാഴി ജന്മികളുടെ ദൃഷ്ടിയിൽ നേരിട്ടുല്പാദനം നടത്തുന്നവർ താഴ്ന്നവരും അധഃപതിച്ചവരും ആണ്. യാതൊരു പ്രവൃത്തിയും എടുക്കാതെ പ്രവൃത്തി സ്വസ്ഥമായി കഴിയുന്നവർ മാന്യരും അഭിജാതരുമാണ്. നേരെ മറിച്ച് സമുദായത്തിനാവശ്യമായ പ്രവൃത്തികളിലേർപ്പെട്ടവർ പതിതരും ഹീനജാതിക്കാരുമാണ്. അവർ അയിത്തക്കാരാണ്. അവരെ തൊട്ടുകൂടാ, തീണ്ടിക്കൂടാ, സ്വയം പൂർണങ്ങളായ ഗ്രാമങ്ങളിൽ പ്രവൃത്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള പടിപടിയായ ജാതിവിഭജനങ്ങൾ, അയിത്തം മുതലായ അനാചാരങ്ങൾ, സങ്കുചിതമായ വീക്ഷണഗതി, വിശാലാശയങ്ങളോടുള്ള വെറുപ്പ്, മേലാളരോടുള്ള ‘കടമ’ നിർവഹിക്കാത്തവർക്കു വിധിക്കപ്പെടുന്ന ശാരീരികമർദ്ദനങ്ങളും സമുദായഭ്രഷ്ടും, കഷ്ടപ്പെടുന്നവരും മർദ്ദിതരുമായ ഭൂരിപക്ഷക്കാർ അദ്ധ്വാനിച്ചുണ്ടാക്കുന്ന വിഭവങ്ങൾ തിന്നുമുടിക്കുന്ന ഒരുപിടി മേലാളരുടെ ധാടിയും സുഖഭോഗങ്ങളും —ഇതാണ് ചുരുക്കത്തിൽ ഫ്യൂഡലിസത്തിന്റെ ഉള്ളടക്കം.

നാടുവാഴി വ്യവസ്ഥയിൽ അവജ്ഞയോടുകൂടി വീക്ഷിക്കപ്പെടാത്ത ഒരേയൊരു പ്രവൃത്തി സൈനിക പരിശീലനമാണ്. തങ്ങളുടെ സ്വത്തുക്കളും സുഖഭോഗങ്ങളും നിലനിർത്താൻ വാളിന്റെ സഹായം ഒഴിച്ചുകൂടാൻ വയ്യാത്തതാണെന്നു മനസിലാക്കിയ നാടുവാഴി പ്രഭുക്കൾ യുദ്ധങ്ങൾക്കു മാന്യമായ ഒരു സ്ഥാനമാണ് കൽപിച്ചുകൊടുത്തത്. പ്രഭുവിന്റെ പ്രമാണത്തം കാത്തുരക്ഷിക്കാൻ വേണ്ടി യുദ്ധം വെട്ടുന്ന പടയാളിക്കു ജയിച്ചാൽ വീരശൃംഖല മരിച്ചാൽ വീരസ്വർഗം! യുദ്ധങ്ങൾക്കു പരിശീലനം നൽകുവാനും വീരപരാക്രമികളെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന വ്യായാമകേന്ദ്രങ്ങൾ നാടുവാഴികളുടെ ആഭിമുഖ്യത്തിൽ പലേടങ്ങളിലും സ്ഥാപിക്കപ്പെട്ടു. കേരളത്തിലെ കളരിപ്പയറ്റ് ഇതിനൊരുദാഹരണമാണ്.

വീരപരാക്രമങ്ങളുടെ ഒരു ഭാഗമെന്ന നിലക്കു പ്രഭുക്കന്മാരുടെ അനുരാഗപ്രകടനങ്ങളും പ്രോത്സാഹിക്കപ്പെട്ടു. സുന്ദരികളായ തരുണീമണികൾക്കുവേണ്ടിയുള്ള ദ്വന്ദ്വയുദ്ധങ്ങൾ 12-14-ാം നൂറ്റാണ്ടുകളിലെ ഫ്രാൻസിന്റെ ചരിത്രത്തിൽ പ്രധാനമായൊരു പങ്കാണ് വഹിച്ചിരുന്നത്. ഇന്ത്യാചരിത്രത്തിലെ രാജപുത്ര കാലഘട്ടത്തിലും (സുമാർ 8-ാം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടുവരെ) ഇത്തരം വീരപരാക്രമങ്ങൾ ധാരാളം കാണാവുന്നതാണ്. മറ്റുള്ളവരുടെ പത്നിമാരെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുവന്നു സ്വന്തം രാജ്ഞിമാരാക്കി വെയ്ക്കുന്ന വീരപരാക്രമികളായ രാജാക്കന്മാർക്ക് മാന്യമായ ഒരു സ്ഥാനമാണ് കൽപിക്കപ്പെട്ടിട്ടുള്ളത്. പരാക്രമവീര്യ പ്രകടനങ്ങളെ പ്രദർശിപ്പിക്കാനവസരം നൽകുന്ന സ്വയംവരങ്ങളും പലേടത്തും നടത്തപ്പെട്ടിരുന്നു.

എന്നാൽ, അനുരാഗപ്രകടനങ്ങളും മറ്റും നടത്താൻ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല. അവളുടെ അച്ഛനോ മറ്റു രക്ഷിതാക്കന്മാരോ ആണ് വാസ്തവത്തിൽ സ്വയംവരങ്ങൾക്ക് ഏർപ്പാടു ചെയ്തിരുന്നത്. സ്ത്രീ പുരുഷന്റെ ഭോഗസാധനം മാത്രമായിരുന്നു. പുരുഷനെ സംബന്ധിച്ചിടത്തോളം മറ്റൊരുവന്റെ ഭാര്യയെ പിടിച്ച് പറിക്കുന്നത് ഒരു ‘മേനി’യായിക്കരുതിയ അതേ സമുദായം സ്ത്രീയെ ഇരുട്ടിലിട്ടടയ്ക്കുകയാണ് ചെയ്തത്. അവളെ സംബന്ധിച്ചിടത്തോളം അന്യപുരുഷന്റെ മുഖത്തേക്കൊന്നു നോക്കിപ്പോയാൽ അതു പാപമായി, പാതിവ്രത്യ ലംഘനമായി! തന്റെ ഭോഗസാമഗ്രിയെ പർദ്ദയ്ക്കുള്ളിൽ പൊതിഞ്ഞുവയ്ക്കുന്നത് ഒരു ധർമ്മമാണെന്നത്രേ പുരുഷൻ കരുതിയിരുന്നത്.

ഇത്തരം അസ്വാതന്ത്ര്യങ്ങൾ-അയിത്തം, ജാതിഭേദങ്ങൾ, സങ്കുചിതത്വം, പർദ്ദ മുതലായവയെല്ലാം —ഫ്യൂഡലിസത്തിന്റെ ഉൽപാദനവ്യവസ്ഥയ്ക്കു യോജിച്ചതായിരുന്നു. എന്നാൽ ഫ്യൂഡലിസത്തിനുള്ളിൽ മുതലാളിത്ത ശക്തികൾ വളരാൻ തുടങ്ങിയപ്പോൾ ഈ സ്ഥിതിഗതികൾക്കൊരു മാറ്റം നേരിട്ടു. കച്ചവടവും മുതലാളിത്ത രീതിയിലുള്ള ഉൽപാദനവും വളരണമെങ്കിൽ ഗ്രാമങ്ങളുടെ സ്വയം സമ്പൂർണതയും നാടുവാഴിച്ചുങ്കങ്ങളും മറ്റു സങ്കുചിതവ്യവസ്ഥകളും നശിച്ചേ കഴിയൂ. നാടുവാഴിത്തപരമായ സങ്കുചിതപരിധികളെ തട്ടിത്തകർത്ത് വിപുലമായ തോതിൽ ദേശീയാതിർത്തികളെ സംഘടിപ്പിക്കേണ്ടതാവശ്യമായിത്തീർന്നു. വ്യാപാരച്ചരക്കുകളുടെ ഉല്പാദനവും വളർന്നുവരുന്ന പണവ്യവസ്ഥയും ഗ്രാമസ്വയം സമ്പൂർണതയുടെ അടിയിൽ തുരങ്കംവെയ്ക്കാൻ തുടങ്ങി. തൊഴിൽശാലകളുടെ അഭിവൃദ്ധിക്ക് അയിത്തവും ജാതിവിഭജനങ്ങളും തടസമായിരുന്നു. പട്ടണമദ്ധ്യത്തിൽ പടുകൂറ്റൻ കമ്പിനികളിൽ പോയി പണിയെടുക്കുന്ന പ്രവൃത്തിക്ക് അയിത്തമാചരിക്കാൻ കഴിയുന്നതെങ്ങനെ? അഹോവൃത്തിക്കുവേണ്ടി തൊഴിൽശാലകളെ അഭയം പ്രാപിക്കുന്ന സാധുസ്ത്രീകൾക്കും ഉദ്യോഗമന്വേഷിച്ചലഞ്ഞുതിരിയുന്ന ഇടത്തരക്കാരികളായ സ്ത്രീകൾക്കും പർദ്ദയെ വലിച്ചു ചീന്താതെയിരിക്കാൻ നിവൃത്തിയുണ്ടോ?

ഇപ്രകാരം മുതലാളിത്തശക്തികളുടെ വളർച്ചയോടൊപ്പം ഫ്യൂഡൽ ചിന്താഗതികൾക്കെതിരായ പുതിയ ദേശീയാശയങ്ങളും ദേശീയപ്രസ്ഥാനങ്ങളും ജനങ്ങളുടെയിടയിൽ പരന്നുപിടിക്കാൻ തുടങ്ങി. ദേശീയപ്രസ്ഥാനം മുന്നോട്ടുനീങ്ങുന്ന തോതനുസരിച്ച് അയിത്തത്തിനും പർദ്ദയ്ക്കുമെതിരായ പ്രക്ഷോഭണങ്ങൾക്കും ഉത്തേജനം ലഭിച്ചു. ഫ്യൂഡൽ തുർക്കി കമാലിന്റെ തുർക്കിയായി രൂപാന്തരപ്പെട്ടപ്പോൾ ഉണ്ടായ പരിഷ്കരണ സംരംഭങ്ങളും ഇന്ത്യയിൽ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പരന്നുപിടിച്ച ദേശീയപ്രസ്ഥാനങ്ങളും ഇതിനുദാഹരണമാണ്. കേരളത്തിൽ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സമുദായ പരിഷ്കരണ പ്രക്ഷോഭങ്ങളും ദേശീയപ്രസ്ഥാനത്തെ തുടർന്നുണ്ടായ അയിത്തോച്ചാടന പരിശ്രമങ്ങളും അന്തർജ്ജനങ്ങളുടെ ഘോഷാബഹിഷ്കരണ സംരംഭങ്ങളും മറ്റും ഫ്യൂഡൽ ജീവിതരീതിക്കെതിരായ പുതിയ ആശയങ്ങളുടെ വിജയത്തെയാണ് കാണിക്കുന്നത്.

1.24കലയും സാഹിത്യവും

അമ്പലവും പള്ളിയും കൊട്ടാരവുമായിരുന്നു ഫ്യൂഡൽ കലയുടെ കേന്ദ്രങ്ങൾ. അന്തഃപുരസ്ത്രീകളെപ്പോലെ കൊട്ടാരക്കെട്ടിനുള്ളിൽ ജനതാമദ്ധ്യത്തിലേക്കിറങ്ങിവരാതെ അന്തസിൽ കഴിഞ്ഞുകൂടുന്ന കലയും സാഹിത്യവുമാണ് അക്കാലത്തുണ്ടായിരുന്നത്. ജനകീയസാഹിത്യമെന്നൊന്നുണ്ടായിരുന്നതേയില്ല. സംസ്കൃതവ്യുൽപ്പത്തിയായിരുന്നു പാണ്ഡിത്യത്തിന്റെ അളവുകോൽ (യൂറോപ്പിലാണെങ്കിൽ ലാറ്റിൻവ്യുൽപ്പത്തിയും). അക്ഷരാഭ്യാസവും കണക്കുകൂട്ടലും പഠിപ്പിച്ചുകൊടുക്കാൻ ഗ്രാമസ്വയം പൂർണതയ്ക്കുള്ളിലൊതുങ്ങിയ എഴുത്തുപള്ളികളുണ്ടായിരുന്നുവെന്നതു ശരിതന്നെ. പക്ഷേ, അവ ജനങ്ങളുടെ ചെറിയൊരു ശതമാനത്തെ മാത്രമേ അനുഗ്രഹിച്ചിരുന്നുള്ളൂ.

തങ്ങളുടെ അന്തസും ധാടിയും പ്രദർശിപ്പിക്കാനുതകുന്ന മനോഹരങ്ങളായ കെട്ടിടങ്ങളുടെ നിർമാണത്തിൽ പ്രഭുക്കന്മാർക്കു വലിയ അഭിരുചിയുണ്ടായിരുന്നു. ഫ്രാൻസ് മുതലായ പാശ്ചാത്യരാജ്യങ്ങളിലെ ഗോഥിക്ക് കെട്ടിടങ്ങളും തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ ഹിന്ദുക്ഷേത്രങ്ങളും മുഗൾ ചക്രവർത്തിമാരുടെ രമ്യഹർമ്മ്യങ്ങളും അവയ്ക്കു മകുടം ചാർത്തുന്ന ഹൃദയാകർഷകമായ താജ്മഹലും നാടുവാഴി പ്രഭുത്വത്തിന്റെ കലാനൈപുണിക്കു സാക്ഷ്യം വഹിക്കുന്നവയത്രേ. കലാപൂർണങ്ങളായ ഈ കെട്ടിടങ്ങൾ നാടുവാഴി വ്യവസ്ഥയിലെ മർദ്ദനങ്ങളേയും കഷ്ടപ്പാടുകളെയും ഒട്ടൊന്നു മറച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ളതു വാസ്തവമാണ്. പാരീസ് നഗരത്തിലെ പവിത്രസുന്ദരമായ നോത്രദാം പള്ളിയുടെ നേർക്കു നോക്കിക്കൊണ്ടു സെയിൻറ് ബെർനാർഡ് വിലപിക്കുകയുണ്ടായി: ‘പള്ളി അതിന്റെ ചുമരുകളെ സംബന്ധിച്ചിടത്തോളം വിഭവ സമ്പൂർണമാണ്. ദരിദ്രന്മാരെ സംബന്ധിച്ചിടത്തോളമാകട്ടെ, അത് ഒരിരപ്പാളിയാണ്. തന്റെ കല്ലുകളെ അതു പൊന്നുടുപ്പിക്കുന്നു. തന്റെ മക്കളെയാകട്ടെ, അത് നഗ്നരാക്കി വിടുന്നു!’.

എന്നാൽ, മർദ്ദനത്തിന്റെ ചോര പുരണ്ടതെങ്കിലും ഈ മനോഹരഹർമ്മ്യങ്ങൾ മനുഷ്യന്റെ വളർച്ചയുടെ ഒരു സവിശേഷഘട്ടത്തിലെ കലാസമ്പത്തുക്കളാണെന്ന കാര്യം വിസ്മരിക്കരുത്. ശാസ്ത്രവിജ്ഞാനങ്ങളും എഞ്ചിനീയറിങ്ങും അജ്ഞാതങ്ങളായിരുന്ന ആ കാലത്തു മനുഷ്യന്റെ കൈവിരുതുകൾ എത്ര കലാപൂർണങ്ങളായിരുന്നുവെന്ന് അവ തെളിയിക്കുന്നു. മനുഷ്യപ്രയത്നത്തിന്റെ മഹത്തരമായ സാദ്ധ്യതകൾക്കു സാക്ഷ്യം വഹിച്ചുകൊണ്ട് അവയിന്നും പരിലസിക്കുന്നു.

ഏതായാലും, 14-ാം 15-ാം നൂറ്റാണ്ടുകളിൽ മുതലാളിത്തശക്തികൾ വളരാൻ തുടങ്ങിയപ്പോൾ പുതിയ കലാസംരംഭങ്ങളും സാഹിത്യപരിശ്രമങ്ങളും ജനതാമദ്ധ്യത്തിൽ ഉയർന്നുവരാൻ തുടങ്ങി. ദാന്തേയെപ്പോലുള്ള മഹാകവികളും ലിയോണാർദ്ദോവിൻസിയെപ്പോലുള്ള കലാകാരന്മാരും ഈ നവോത്ഥാനത്തെ തികച്ചും പ്രതിഫലിപ്പിക്കുന്നവരാണ്. മുതലാളിത്തത്തിന്റെ വരവിനെക്കുറിക്കുന്ന ഭൗതികവാദം, ബുദ്ധിവാദം, വ്യക്തിവാദം മുതലായവ സമുദായമദ്ധ്യത്തിൽ എങ്ങനെ പരന്നുപിടിക്കാൻ തുടങ്ങിയെന്നതിന് അവരുടെ കലകൾ നല്ലൊരു തെളിവാണ്.

ഏതാണ്ടിവരുടെ കാലത്തുതന്നെയാണ് ഫ്യൂഡലിസ്റ്റാശയഗതികളെ എതിർക്കുന്ന ഒരു സാഹിത്യ പുനരുദ്ധാനവും ഉണ്ടായത്. ഗ്രീക്ക്-റോമൻ സാഹിത്യങ്ങൾ ഒരു പുതിയ ചൈതന്യത്തോടെ ഉയിർത്തെഴുന്നേറ്റു. ഏതാണ്ടിതേകാലത്തുതന്നെ ഇന്ത്യയിലും ഒരു നവോത്ഥാനത്തിന്റെ അല വീശാൻ തുടങ്ങുകയുണ്ടായി. 14-ാം നൂറ്റാണ്ടിലെ, ജാതിക്കെതിരായി രാമാനന്ദൻ നടത്തിയ പ്രക്ഷോഭങ്ങളും അതിനെത്തുടർന്നുകൊണ്ട് കബീർ പാടിയ പാട്ടുകളും പഴമയുടെ പിടുത്തത്തിൽ നിന്ന് മോചനം നേടാനുള്ള പരിശ്രമങ്ങളുടെ പ്രാരംഭങ്ങളാണ്. അക്ബറുടെ കാലമായപ്പോഴേക്കും പുതിയ സാമ്പത്തികാവശ്യങ്ങളെ പ്രതിഫലിപ്പിക്കത്തക്കവണ്ണം പ്രാദേശിക ഭാഷകൾ പലേടത്തും വളരാൻ തുടങ്ങി. നാട്ടുകാരിൽ നല്ലൊരു വിഭാഗത്തെ ആകർഷിക്കുന്ന കവികളും കവിതകളും ഉയർന്നുവന്നു. ഹിന്ദിയിൽ തുളസിദാസരാമായണവും മലയാളത്തിൽ തുഞ്ചത്തെഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടും ഈ കാലഘട്ടത്തെയാണ് കുറിക്കുന്നത്. ചുരുക്കത്തിൽ, സാമൂഹ്യവളർച്ചയുടെ നിയമങ്ങളനുസരിച്ച് ഇന്ത്യയിലും ക്ഷയോന്മുഖമായ നാടുവാഴി വ്യവസ്ഥയ്ക്കുള്ളിൽ മുതലാളിത്ത ശക്തികൾ വളർന്നുവരുന്നുണ്ടായിരുന്നു. പക്ഷേ, വിദേശമുതലാളികളുടെ ആക്രമണത്തിന്റെ ഫലമായി ഇന്ത്യയിൽ മുതലാളിത്തത്തിലേക്കുള്ള സ്വതന്ത്രമായ വളർച്ച തടയപ്പെട്ടു. പിന്നീടു 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ദേശീയമുതലാളിത്തത്തിനു വിദേശീയ മുതലാളിത്തത്തെ എതിർക്കാനാവശ്യമായ കെല്പുണ്ടായിത്തീരുകയും അങ്ങനെ ദേശീയബോധവും ദേശീയ പ്രസ്ഥാനങ്ങളും പടർന്നുപിടിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ മാത്രമാണ് ഇന്ത്യയിലെ വിവിധ ദേശീയ ജനവിഭാഗങ്ങൾക്കിടയിൽ പുതിയ കലകളും സാഹിത്യങ്ങളും അഭിവൃദ്ധിപ്പെട്ടു തുടങ്ങിയത്.

1.25മുതലാളിത്തം

ആദ്യം പണക്കാർ കച്ചവടത്തിൽ മാത്രമാണ് കൂടുതൽ ശ്രദ്ധിച്ചിരുന്നത്. എന്നാൽ, കച്ചവടം വർദ്ധിച്ചപ്പോൾ ഉൽപാദനം വർദ്ധിക്കേണ്ടതാവശ്യമായിവന്നു. ഒറ്റയ്ക്കൊറ്റയ്ക്കു സ്വന്തമായ പണിയായുധങ്ങളുപയോഗിച്ച് ഉൾനാട്ടുകാരുണ്ടാക്കുന്ന ചരക്കുകളും കൈവേലക്കാരന്റെ നേതൃത്വത്തിൽ നലോ അഞ്ചോ ജർണിമെൻമാരുടെ സഹായത്തോടുകൂടിയുണ്ടാക്കുന്ന ചരക്കുകളും മതിയാവാതെ വന്നു. ഈ സാമൂഹ്യാവശ്യമാണ് മുതലാളിത്തരീതിയിലുള്ള ഉൽപാദനത്തെ സൃഷ്ടിച്ചത്. ഒറ്റയ്ക്കൊറ്റയ്ക്കു പണിയെടുക്കുന്നവരെ ഒരേ വർക്ഷോപ്പിൽ കൊണ്ടുവന്നു പണിയെടുപ്പിക്കുക എന്നതാണ് ആദ്യമുണ്ടായ മാറ്റം. ഓരോരുത്തരും ഓരോ സാധനം മുഴുവനും നിർമിക്കുന്നതിനുപകരം ഓരോ ഭാഗം മാത്രം പണിയുകയും അങ്ങനെ പ്രവൃത്തി വിഭജനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാം എല്ലാവരും കൂടി ഉണ്ടാക്കുകയും ചെയ്യുക എന്ന ഈ പുതിയ ഉൽപാദനരീതിക്ക് മാനുഫാക്ചർ (Manufacture) എന്നുപറയുന്നു. പക്ഷേ, ഇപ്രകാരം ആളുകളെ കൂട്ടംകൂട്ടമായി പണിയെടുപ്പിക്കുക എളുപ്പമായിരുന്നില്ല. മാർക്സ് എഴുതുന്നു: ‘നേരിട്ടുൽപാദനം നടത്തുന്നവന് അതായത് തൊഴിലാളിക്ക് തന്നെത്താൻ വിൽക്കാൻ കഴിയണമെങ്കിൽ ആദ്യമായി നിലത്തോടുള്ള തന്റെ ബന്ധം വിടർത്തിക്കിട്ടുകയും താൻ മറ്റൊരാളുടെ അടിമയോ അടിയാളനോ ദാസനോ അല്ലാതായിത്തീരുകയും ചെയ്യേണ്ടതാവശ്യമാണ്. കൂടാതെ, അവൻ ഗിൽഡുകളുടെ ഭരണത്തിൽനിന്നും ഗിൽഡുകളിലെ അപ്രൻറീസുമാർക്കും ജർണിമെൻമാർക്കും ഉള്ള ചട്ടങ്ങളിൽ നിന്നും ഗിൽഡുകളുടെ തൊഴിൽ നിയമങ്ങളാകുന്ന തടസങ്ങളിൽ നിന്നും രക്ഷനേടിക്കഴിഞ്ഞിരിക്കണം. എന്നാൽ മാത്രമേ ഒരു മാർക്കറ്റു കണ്ടെത്തുന്നിടത്തേക്കു തന്റെ ചരക്കും കൊണ്ടുപോകുന്ന ഒരു സ്വതന്ത്രനായ അദ്ധ്വാനശക്തി വിൽപനക്കാരനാവാൻ അവനു കഴിയുകയുള്ളൂ. അതുകൊണ്ട്, ഉൽപാദകന്മാരെ കൂലിവേലക്കാരാക്കി മാറ്റുന്ന ചരിത്രപരമായ പ്രസ്ഥാനം ഒരുവശത്ത്, അടിയാള വ്യവസ്ഥയിൽ നിന്നും ഗിൽഡുകളുടെ ചങ്ങലക്കെട്ടിൽ നിന്നും ഉള്ള അവരുടെ മോചനമായി പ്രത്യക്ഷപ്പെടുന്നു. ഈയൊരു വശം മാത്രമേ നമ്മുടെ മുതലാളി ചരിത്രകാരന്മാർ കാണുന്നുള്ളൂ. എന്നാൽ മറുവശത്ത് തങ്ങളുടെ സ്വന്തമായ ഉല്പാദനോപകരണങ്ങളും പഴയ ഫ്യൂഡൽ ഏർപ്പാടുകൾ നൽകിയവയും ജീവിതം നിലനിർത്താനുപയോഗപ്പെടുന്നവയുമായ എല്ലാ ഉറപ്പുകളും തട്ടിപ്പറിക്കപ്പെട്ടശേഷമാണ് പുതുതായി സ്വാതന്ത്ര്യം കിട്ടിയ ഈ മനുഷ്യർ തങ്ങളെത്തന്നെ വിൽക്കുന്നവരായിത്തീർന്നത്. ഇതിന്റെ ചരിത്രം അവരെ തട്ടിപ്പറിച്ച കഥ മനുഷ്യചരിത്രത്തിന്റെ ഏടുകളിൽ തീയ് കൊണ്ടും ചോര കൊണ്ടുമുള്ള അക്ഷരങ്ങളിലാണെഴുതപ്പെട്ടിട്ടുള്ളത്.

പഴയ സാമൂഹ്യഘടനയിൽ നിന്നു പുതിയ മുതലാളിത്തപരമായ സാമൂഹ്യഘടനയിലേക്കുള്ള ഈ പരിവർത്തനം ചരിത്രത്തിലെ ഏറ്റവും ക്രൂരവും നിഷ്ഠൂരവും നികൃഷ്ടവുമായ ഒരദ്ധ്യായമാണ്. മാർക്സ് പറയുന്നപോലെ ‘വ്യക്തിപരവും ചിന്നിക്കിടക്കുന്നതുമായ ഉൽപാദനോപകരണങ്ങളെ രൂപാന്തരപ്പെടുത്തിയത്, ഒരുപിടി ആളുടെ ചെറുസ്വത്തുക്കളെ ഒരു പിടി ആളുടെ കൂറ്റൻ സ്വത്തുക്കളായി രൂപാന്തരപ്പെടുത്തിയത്, ബഹുഭൂരിപക്ഷക്കാരായ ജനാവലിയുടെ പക്കൽനിന്നു നിലവും ജീവനസാമഗ്രികളും അദ്ധ്വാനോപകരണങ്ങളും തട്ടിപ്പറിച്ചെടുത്തത്. ഈ ഭയാനകവും വ്യസനകരവുമായ തട്ടിപ്പറിയാണ് മൂലധനചരിത്രത്തിന്റെ മുഖവുര’.

14-ഉം 15-ഉം നൂറ്റാണ്ടിൽത്തന്നെ മധ്യധരണ്യാഴി പ്രദേശങ്ങളിലെ ചില പട്ടണങ്ങളിൽ മുതലാളിത്തരീതിയിലുള്ള ഉൽപാദനത്തിന്റെ ആരംഭങ്ങൾ കാണാൻ കഴിയുമെങ്കിലും മുതലാളിത്ത കാലഘട്ടം ശരിക്കു തുടങ്ങുന്നത് 16-ാം നൂറ്റാണ്ടു മുതൽക്കാണ്. അപ്പോഴേയ്ക്കും മുതലാളികളുടെ വർക്ഷാപ്പുകൾ ഏറെക്കുറെ പ്രാബല്യം സിദ്ധിച്ചുകഴിഞ്ഞിരുന്നു.

പ്രസ്തുതകാലത്തു വലിയ വലിയ യന്ത്രങ്ങൾ ആവിർഭവിച്ചു കഴിഞ്ഞിരുന്നില്ല. വർക്ഷോപ്പുകളിലെ ഉൽപാദനം പ്രവൃത്തിവിഭജനത്തെ അടിസ്ഥാനപ്പെടുത്തിയ മാനുഫാക്ച്ചർ ആയിരുന്നു എങ്കിൽക്കൂടി ഈ പുതിയ ഉൽപാദനവ്യവസ്ഥയുടെ കീഴിൽ കച്ചവടത്തിനു കാര്യമായ പുരോഗതി ലഭിച്ചു. പുതിയ പുതിയ മാർക്കറ്റുകൾ ആവശ്യമായിരുന്നു. അമേരിക്കയുടെ ആവിഷ്കരണം നാണ്യനിർമാണത്തിനാവശ്യമായ സ്വർണവും വെള്ളിയും ധാരാളമായി കണ്ടുകിട്ടാൻ ഇന്ത്യ, ചൈന മുതലായ പൗരസ്ത്യ രാജ്യങ്ങളുമായുള്ള പുതിയ സമ്പർക്കം ഈ രാജ്യങ്ങളുമായുള്ള കച്ചവടം, വ്യാപാരസംബന്ധിയായ യുദ്ധങ്ങൾ —ഇവയെല്ലാം ഉൽപാദനത്തെ കൂടുതൽ വിപുലമാക്കാനുള്ള പരിതഃസ്ഥിതികൾ സൃഷ്ടിച്ചു.

കച്ചവടം വളർന്നപ്പോൾ കമ്പോളങ്ങൾക്കു പറ്റിയ പുതിയ രാജ്യങ്ങളുടെ കണ്ടുപിടുത്തം ആവശ്യമായിത്തീർന്നു. അങ്ങനെ പുതിയ രാജ്യങ്ങൾ കണ്ടുകിട്ടിയപ്പോൾ കച്ചവടത്തിനു പ്രോത്സാഹനം ലഭിച്ചു. പുതുതായിക്കിട്ടിയ ലോകമാർക്കറ്റുകളെ തൃപ്തിപ്പെടുത്താൻ കഴിയത്തക്കവണ്ണം കച്ചവടച്ചരക്കുകൾ കൂടുതൽ വേഗത്തിലും ധാരാളമായും നിർമിക്കാനാവശ്യമായ ഉൽപാദന പരിഷ്കാരങ്ങൾ അത്യാവശ്യമായിത്തീർന്നു. ചുരുക്കത്തിൽ നാടുവാഴി വ്യവസ്ഥയെ തകർത്ത് മുതലാളിത്തത്വത്തിന്റെ വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുക എന്നത് ചരിത്രത്തിന്റെ കടമയായിത്തീർന്നു. സയൻസിന്റെ സഹായത്തോടുകൂടിയാണ് ഈ കടമ നിർവഹിക്കപ്പെട്ടത്.

സയൻസ് സമുദായത്തിലെ ഉല്പാദനവ്യവസ്ഥയിലാകെ വിപ്ലവകരമായ ഒരു മാറ്റമുളവാക്കി. ഒരു കണ്ടുപിടുത്തം മറ്റൊരു കണ്ടുപിടുത്തത്തിനു വഴിതെളിച്ചു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാരംഭിച്ച ഈ പരിവർത്തനങ്ങൾക്കു വ്യവസായവിപ്ലവമെന്നാണ് ചരിത്രകാരന്മാർ പേരിട്ടിട്ടുള്ളത്. ആദ്യമായി കേയ് (Kay) എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച പുതിയ ഓടം (Shuttle) മൃഗങ്ങളുടെ ഉല്പാദനക്ഷമതയെ വർദ്ധിപ്പിച്ചു. നെയ്ത്തിലുണ്ടായ ഈ പുരോഗതി, നൂൽനൂൽപ്പിന്റെ വേഗത്തെ വർദ്ധിപ്പിക്കാനുതകുന്ന ഒരു യന്ത്രത്തിന്റെ ആവശ്യകതയുളവാക്കി. ഹാർഗ്രേവിന്റെ നൂലുനൂല്പുയന്ത്രം (Spinning Jenny) ഈ ആവശ്യത്തെ നിർവഹിച്ചു. നൂൽനൂല്പിലുണ്ടായ ഈ പരിഷ്കരണം നെയ്ത്തുസമ്പ്രദായത്തെ വീണ്ടും പിന്നണിയിലാക്കി. കാർട്ട്റൈറ്റിന്റെ മഗം എന്ന പുതിയ നെയ്ത്തുയന്ത്രം ഈ കുറവു പരിഹരിച്ചു. ഇങ്ങനെ ഒന്നിനെത്തുടർന്നുകൊണ്ടു മറ്റൊന്നായി പല യന്ത്രങ്ങളും പ്രത്യക്ഷപ്പെട്ടു. അപ്പോഴേയ്ക്കും യന്ത്രങ്ങളെ നിർമ്മിക്കാനുള്ള വലിയ യന്ത്രങ്ങളുടെ ആവശ്യമുണ്ടായിത്തീർന്നു. യന്ത്രങ്ങളെ നടത്താൻ ആവിശക്തിയുപയോഗിക്കാമെന്നു ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചു. ജെയിംസ് വാട്ടിന്റെ സ്റ്റീം എഞ്ചിൻ ഇവിടെ പ്രസ്താവശ്യമാണ്. ഇങ്ങനെ യന്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഉൽപാദനക്രമം അഭൂതപൂർവമാംവണ്ണം വികസിച്ചപ്പോൾ പിന്നണിയിൽ കിടന്നിരുന്ന ഗതാഗതമാർഗങ്ങളും കടത്തേർ പാടുകളും പരിഷ്കരിച്ചേ കഴിയൂ എന്നായി. തീവണ്ടിയും ആവിക്കപ്പലുകളും നിലവിൽവന്നു. ഈ പുരോഗതികളുടെയെല്ലാമടിസ്ഥാനമെന്ന നിലയ്ക്കു കൽക്കരി വ്യവസായവും ഇരുമ്പു വ്യവസായവും അഭിവൃദ്ധിപ്പെട്ടു.

മുതലാളിത്തത്തിന്റെ അത്ഭുതാവഹമായ യന്ത്രപരിഷ്കാരങ്ങളെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇങ്ങനെ സംഗ്രഹിക്കുന്നു: ‘കഷ്ടിച്ചൊരു നൂറുകൊല്ലത്തെ ഭരണകാലത്തിനുള്ളിൽ മുതലാളിവർഗം കഴിഞ്ഞുപോയ എല്ലാ തലമുറകളും കൂടി നിർമിച്ചവയേക്കാൾ വലിയവയും ഗംഭീരങ്ങളുമായ ഉൽപാദനശക്തികളെയാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രകൃതിശക്തികളെ മനുഷ്യനു കീഴ്പ്പെടുത്തൽ, യന്ത്രോപകരണങ്ങൾ, വ്യവസായത്തിനും കൃഷിക്കും രസായനശാസ്ത്രത്തെ ഉപയോഗപ്പെടുത്തൽ, ആവിക്കപ്പലുകൾ, തീവണ്ടികൾ, കമ്പിത്തപാൽ, കൃഷിചെയ്യാൻ വേണ്ടി വലിയ ഭൂപ്രദേശങ്ങളെ ഒന്നായി വെട്ടിത്തെളിയിക്കൽ, ജാലവിദ്യകൊണ്ടെന്നപോലെ വലിയ വലിയ ജനസമുദായങ്ങളെ പെട്ടെന്നു ഭൂമുഖത്തുയർത്തിക്കൊണ്ടു വരൽ —സാമൂഹ്യാദ്ധ്വാനത്തിന്റെ മടിത്തട്ടിൽ ഇത്തരം ഉല്പാദനശക്തികൾ ഉറങ്ങിക്കിടപ്പുണ്ടെന്നു മുമ്പേതൊരു നൂറ്റാണ്ടിനാണ് ഊഹിക്കാൻ പോലും കഴിഞ്ഞിട്ടുള്ളത്?’.

മുതലാളിത്തമെന്നാലെന്തെന്നു സി. പി. എസ്. യു. വിന്റെ ചരിത്രം വിവരിക്കുന്നു:

‘മുതലാളിത്ത വ്യവസ്ഥയിൽ ഉല്പാദനബന്ധങ്ങൾക്കുള്ള അടിസ്ഥാനം മുതലാളിയാണ്. ഉൽപാദനോപകരണങ്ങളുടെ ഉടമസ്ഥൻ എന്നുള്ളതാണ്. പക്ഷേ, ഉല്പാദനം നടത്തുന്ന പ്രവൃത്തിക്കാരുടെ മേൽ —കൂലി വാങ്ങുന്ന തൊഴിലാളികളുടെ മേൽ —അയാൾക്ക് ഉടമസ്ഥാവകാശമില്ല. മുതലാളിക്ക് അവരെ വിൽക്കാനും വയ്യ, കൊല്ലാനും വയ്യ. കാരണം വ്യക്തികളെന്ന നിലയ്ക്ക് അവർ സ്വതന്ത്രരാണ്. എന്നാൽ, ഉല്പാദനോപകരണങ്ങളെല്ലാം അവരുടെ പക്കൽ നിന്നു പിടിച്ചെടുത്തിരിക്കുന്നതുകൊണ്ട് വിശപ്പുമൂലം മരിച്ചുപോകാതിരിക്കണമെങ്കിൽ അവർ തങ്ങളുടെ അദ്ധ്വാനശക്തിയെ മുതലാളിക്കു വിൽക്കണമെന്നുവരുന്നു. ചൂഷണത്തിന്റെ ഭാരം അവർ പേറണമെന്നു വരുന്നു.

സ്വന്തമായ പണിയായുധങ്ങളോ, ഉൽപാദനം നടത്താനുള്ള ഉപാധികളോ ഇല്ലാത്ത തൊഴിലാളിക്കു ജീവിക്കണമെങ്കിൽ തന്റെ അദ്ധ്വാനശക്തിക്കു മുതലാളിക്കു വിറ്റു കൂലി വാങ്ങുകയല്ലാതെ മറ്റു വഴിയൊന്നുമില്ല. മുതലാളിയാകട്ടെ, തന്റെ ലാഭം വർദ്ധിപ്പിക്കാൻ വേണ്ടി തൊഴിലാളിയുടെ അദ്ധ്വാനശക്തിയെ അങ്ങേയറ്റം വരെ ഉപയോഗപ്പെടുത്തുന്നു. തൊഴിലാളിയെക്കൊണ്ട് കഴിയുന്നിടത്തോളമധികം പണിയെടുപ്പിക്കുകയും ആ അദ്ധ്വാനഫലത്തിൽ നിന്നു തൊഴിലാളിക്കു ജീവിക്കാനാവശ്യമായതു മാത്രം കൊടുത്തു മിച്ചമുള്ളതു മുഴുവൻ അപഹരിച്ചെടുക്കുകയും ചെയ്യുന്നു. തൊഴിലാളിയെ എത്രത്തോളമധികം ചൂഷണം ചെയ്യുന്നുവോ അത്രത്തോളമധികം മുതലാളിക്ക് ലാഭമാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ മുതലാളിയുടെ അഭിവൃദ്ധി തൊഴിലാളിയുടെ അധഃപതനമാണ്. ലാഭം സമ്പാദിക്കാൻവേണ്ടി മുതലാളിയും തന്റെ ജീവിതാവശ്യങ്ങൾ നേടാൻവേണ്ടി തൊഴിലാളിയും പരസ്പരം പോരടിക്കുന്നു. ഈ പരിതഃസ്ഥിതിയാണ് മുതലാളിത്ത സമുദായത്തിലെ അനിവാര്യമായ വർഗസമരത്തിനു മൂർച്ച കൂട്ടിയത്.

നമ്മൾ കണ്ടുകഴിഞ്ഞപോലെ മുതലാളിത്ത സമുദായത്തിൽ ആളുകളുടെ ഉപയോഗമല്ല മുതലാളിയുടെ ലാഭമാണ് ഉൽപാദനത്തിന്റെ പ്രേരകശക്തി. കൂടുതൽ ലാഭമുണ്ടാക്കാൻ പറ്റുന്നതെന്തോ അതു മാത്രമാണ് ഉൽപാദിപ്പിക്കപ്പെടുക. അതിലേയ്ക്കാണ് മൂലധനം ആകർഷിക്കപ്പെടുക. കൽക്കരി കുഴിച്ചെടുക്കുന്നതിനേക്കാൾ ലാഭകരം മറ്റൊന്നാണെങ്കിൽ കൽക്കരി ഭൂമിയിൽതന്നെ കിടക്കും. മനുഷ്യർക്കു നഗ്നത മറയ്ക്കാൻ തുണിവേണം. പക്ഷേ, തുണിയുടെ ഉൽപാദനം ആദായകരമല്ലെങ്കിൽ യന്ത്രങ്ങൾ ചലിക്കുകയില്ല. ജനങ്ങൾക്കാവശ്യമുണ്ട്. അസംസ്കൃത സാധനങ്ങളുണ്ട്, പണിയെടുക്കാൻ തയ്യാറുള്ളവർക്ക് യന്ത്രങ്ങളെടുത്തുപയോഗിച്ചുകൂടെ? പാടില്ല. യന്ത്രങ്ങൾ മുതലാളിയുടെ ‘സ്വകാര്യ സ്വത്താ’ണ്. സ്വകാര്യസ്വത്തുടമയുടെ സ്ഥാപിത താൽപര്യങ്ങളെ കാത്തുരക്ഷിക്കാൻ കഴിയത്തക്ക വിധത്തിലാണ് വിദ്യാഭ്യാസവും സംസ്കാരവും കലകളും സാഹിത്യങ്ങളും പത്രങ്ങളും സിനിമയും റേഡിയോവും ചിന്താഗതികളുമെല്ലാം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ പിന്നിൽ മുതലാളിത്തത്തിന്റെ സർവശക്തമായ ഭരണയന്ത്രവുമുണ്ട്. ഈ ഭരണയന്ത്രം വിപുലാധികാരങ്ങളോടുകൂടിയ ഉദ്യോഗസ്ഥമേധാവികളുടെയും ശക്തിയേറിയ പട്ടാളങ്ങളുടേയും സഹായത്തോടുകൂടി തന്റെ കരാളമായ കൈനഖങ്ങളെ ജനതാമദ്ധ്യത്തിലാഴ്ത്തിക്കൊണ്ടു നിലകൊള്ളുന്നു. ഇപ്രകാരം ഉല്പാദനോപകരണങ്ങളുടെ ഉടമകളായ മുതലാളികൾ സമുദായത്തിന്റെ ജീവിതത്തിലാകെ നിയന്ത്രണം ചെലുത്തുകയും സ്വകാര്യസ്വത്തിന്റെ ‘പരിശുദ്ധനിയമങ്ങളെ’ ചോദ്യം ചെയ്യാൻ മുതിരുന്നവരെയെല്ലാം ബലാൽക്കാരമായി അമർത്തിവെയ്ക്കുകയും ചെയ്യുന്നു.

മുതലാളിയുടെ നിയമസംഹിതയിൽ മുതലാളിയും തൊഴിലാളിയും ഒരുപോലെ സ്വതന്ത്രനാണ്, ഉള്ളവനും ഇല്ലാത്തവനും നിയമദൃഷ്ട്യാ സമന്മാരാണ്. അനത്തോലെ ഫ്രാൻസിന്റെ ഭാഷയിൽ ‘നിയമം അതിന്റെ അന്തസുകൂടിയ സമത്വബോധത്തോടെ കമാനങ്ങളുടെ ചുവട്ടിൽ കിടന്നുറങ്ങുന്നതിൽ നിന്നും അപ്പം മോഷ്ടിക്കുന്നതിൽ നിന്നും തെരുവുകളിൽ പിച്ചതെണ്ടുന്നതിൽ നിന്നും ധനികനേയും ദരിദ്രനേയും ഒരുപോലെ വിലക്കി നിർത്തുന്നു!’.

മുതലാളിത്ത സമുദായത്തിൽ മുതലാളിക്കും തൊഴിലാളിക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട് —മുതലാളിക്കു തൊഴിലാളിയെ ചൂഷണം ചെയ്യാനും ലാഭമടിക്കുവാനുമുള്ള സ്വാതന്ത്ര്യം തൊഴിലാളിക്കു മുതലാളിയുടെ കമ്പനിയിൽ, മുതലാളിയുടെ യന്ത്രങ്ങളിന്മേൽ, മുതലാളിയുടെ ലാഭത്തിനുവേണ്ടി പണിയെടുക്കാനുള്ള സ്വാതന്ത്ര്യം! മുതലാളിയുടെ നിബന്ധനകളനുസരിക്കാനിഷ്ടമില്ലാത്ത തൊഴിലാളിക്ക് അപമാനം വിഴുങ്ങാനും പട്ടിണികിടന്നു ചാവാനുള്ള സ്വാതന്ത്ര്യം ഒരുപിടി മർദ്ദകന്മാർക്ക് കല, സാഹിത്യം മുതലായവയെ താലോലിച്ചുകൊണ്ട് അഭിവൃദ്ധിയുടെ മണിമാളികകളിൽ അന്തസു പുലർത്താനുള്ള സ്വാതന്ത്ര്യം. ബഹുഭൂരിപക്ഷക്കാരായ മർദ്ദിതന്മാർക്ക് കഷ്ടപ്പാടിലും കണ്ണീരിലും മുഴുകിക്കൊണ്ട് അജ്ഞതയുടെയും അന്ധകാരത്തിന്റെയും ചളിക്കുണ്ടിൽ കിടന്നുഴലാനുള്ള സ്വാതന്ത്ര്യം! അഹോ, എന്തൊരാരാദ്ധ്യമായ സ്വാതന്ത്ര്യം!

അപ്പോൾ മുതലാളിത്തത്തിന്റെ ജനനകാലത്തുയർന്നുവന്ന മഹനീയാദർശങ്ങൾ —സമത്വവും സ്വാതന്ത്ര്യവും സൗഭ്രാത്രവും —ഒരു വർഗത്തിന്റെ നന്മയ്ക്കുമാത്രമേ ഉപകരിക്കയുണ്ടായുള്ളൂ. മുതലാളിത്തം തുറന്നുവിട്ട വിസ്മയാവഹമായ സാങ്കേതികാഭിവൃദ്ധി ഭൂരിപക്ഷക്കാരായ മർദ്ദിതജനങ്ങളെ അനുഗ്രഹിക്കുകയുണ്ടായില്ല. സാംസ്കാരിക യുഗത്തിന്റെ ആരംഭം മുതൽക്ക് ഇടവിടാതെ വിവിധ രൂപത്തിൽ തുടർന്നുവരുന്ന വർഗമർദ്ദനം അവസാനിക്കുകയുണ്ടായില്ല. ഒരു മർദ്ദകവർഗത്തിന്റെ സ്ഥാനത്തു മറ്റൊരു മർദ്ദകവർഗം കയറിക്കൂടിയെന്നു മാത്രം.

1.26സാമ്രാജ്യാധിപത്യം

ലാഭം വർദ്ധിപ്പിക്കാനും തങ്ങളുടെ ചരക്കുകൾ മറ്റുള്ളവരുടേതിനേക്കാൾ വേഗത്തിൽ വിറ്റഴിക്കാനും വേണ്ടി മുതലാളികൾ താന്താങ്ങളുടെ യന്ത്രങ്ങളെ അധികമധികം പരിഷ്കരിക്കുന്നു. അസംസ്കൃത സാധനങ്ങൾക്കുവേണ്ടിയും കമ്പോളങ്ങൾക്കുവേണ്ടിയും അവർ പരസ്പരം മത്സരിക്കുന്നു. ഈ ‘സ്വതന്ത്രമായ മത്സര’ത്തിൽ ചെറിയ മുതലാളി വലിയ മുതലാളിയുടെയും വലിയ മുതലാളി ഏറ്റവും വലിയ മുതലാളിയുടെയും ഇരയായിത്തീരുന്നു. മത്സരത്തിൽ തോറ്റമ്പുന്ന മുതലാളികൾ പാപ്പരത്തത്തിലേയ്ക്കു വഴുതിവീഴുന്നു. ഇങ്ങനെ, ഉല്പാദനോപകരണങ്ങൾ കുറച്ചുപേരുടെ കയ്യിൽ കേന്ദ്രീകരിക്കാൻ തുടങ്ങുന്നു. യന്ത്രങ്ങൾ വീണ്ടും പരിഷ്കരിക്കപ്പെടുന്നു. മുതലാളികൾ ഒറ്റയ്ക്കൊറ്റയ്ക്ക് വർക്ഷോപ്പുകൾ നടത്തിയിരുന്നേടത്ത് അനേകം മുതലാളികൾ ഒന്നിച്ചു ചേർന്നുകൊണ്ടുള്ള കമ്പനികൾ പ്രത്യക്ഷപ്പെടുന്നു. കമ്പനികൾ തമ്മിലും മത്സരം തുടങ്ങുന്നു. മത്സരത്തിൽ നിലകിട്ടാത്ത കമ്പനികൾ ദീപാളി കുളിക്കുന്നു. മൂലധനം പിന്നെയും കേന്ദ്രീകരിക്കുന്നു. ബാങ്കും പണമിടപാടുകളും ഈ കേന്ദ്രീകരണത്തെ ത്വരിതപ്പെടുത്തുന്നു. അനേകം മുതലാളികൾ പരസ്പരം മത്സരിച്ചിരുന്നേടത്ത് ഇപ്പോൾ ബാങ്കുകളുടെ പിൻബലത്തോടുകൂടിയ ഏതാനും കൂറ്റൻ കമ്പനികൾ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഒടുവിൽ മത്സരം ലാഭത്തിന്റെ അടിസ്ഥാനത്തെ തകർക്കുമെന്ന ഘട്ടമെത്തുമ്പോൾ കൂറ്റൻ കമ്പനികൾ കുത്തകകളായി സംഘടിക്കുന്നു. പിന്നീടു കുത്തകകൾ തമ്മിലുള്ള മത്സരമായി. ബാങ്കുകളും വ്യവസായക്കമ്പനികളും കൂടിച്ചേർന്നുകൊണ്ടുണ്ടായ ഈ പടുകൂറ്റൻ കുത്തകകൾ സമുദായ ജീവിതത്തിന്റെ എല്ലാ തുറകളിലും നിയന്ത്രണം ചെലുത്തുന്നു.

മുതലാളിത്തത്തിന്റെ ഈ വികാസക്രമം ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഒരുപോലെയല്ല സംഭവിച്ചിട്ടുള്ളതെന്നതു ശരിയാണ്. ഉത്പാദന ശക്തികൾ അസമമായ തോതിലാണ് വളർന്നു വരാറുള്ളത്. ചില രാജ്യങ്ങൾ മുതലാളിത്തത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ മറ്റുചില രാജ്യങ്ങൾ നാടുവാഴി പ്രഭുത്വത്തിൽത്തന്നെ കിടക്കുന്നതു കാണാം. ഇംഗ്ലണ്ടിൽ ആദ്യമായി മുതലാളിത്തരീതിയിലുള്ള ഉല്പാദനവ്യവസ്ഥ സ്ഥാപിതമായ കാലത്തു യൂറോപ്പിലെ മറ്റു മിക്ക രാജ്യങ്ങളിലും ഫ്യൂഡലിസമാണ് നടമാടിയിരുന്നത്. എന്നാൽ ക്രമത്തിൽ പല രാജ്യങ്ങളും മുതലാളിത്തഘട്ടത്തിൽ പ്രവേശിക്കുകതന്നെ ചെയ്തു. ഇംഗ്ലണ്ടിലെന്നപോലെതന്നെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും മൂലധനം ഏതാനും കൂറ്റൻ മുതലാളികളുടെ കയ്യിൽ കേന്ദ്രീകരിക്കാൻ തുടങ്ങി. വിവിധ രാജ്യങ്ങളിലെ കുത്തകക്കമ്പനികൾ സാർവലൗകികമായ കൂട്ടുകെട്ടുകളിലേർപ്പെട്ടുകൊണ്ടു ഭൂഗോളത്തെ പങ്കുവെയ്ക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങളിലേർപ്പെട്ടു. അങ്ങനെ ക്രമത്തിൽ ലോകം മുഴുവനും ഏതാനും മുതലാളി കുത്തകകളുടെ കോളനികളായി മാറി.

അസംസ്കൃതസാധനങ്ങൾ കൊണ്ടുവരാനും വ്യാവസായികോൽപന്നങ്ങൾ വിറ്റഴിക്കാനും മൂലധനം കയറ്റുമതി ചെയ്തു മിച്ചലാഭമടിക്കാനും പറ്റിയ രാജ്യങ്ങൾ ബാക്കിയില്ലെന്നാകുമ്പോൾ കോളനികളെ ബലാൽക്കാരമായി മാറ്റി പങ്കിടാനുള്ള ശ്രമങ്ങൾ നടക്കുകയായി. സർവശക്തങ്ങളായ കൂറ്റൻ കുത്തകകളുടെ നിയന്ത്രണത്തിലുള്ള വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ചേരിതിരിഞ്ഞ് സാർവലൗകികമായ സംഘട്ടനങ്ങൾക്കൊരുങ്ങുകയായി. ഈ കാലഘട്ടത്തിനാണ് സാമ്രാജ്യാധിപത്യത്തിന്റെ കാലഘട്ടമെന്നു പറയുന്നത്.

ഇരുപതാം നൂറ്റാണ്ടോടുകൂടി ആരംഭിച്ച ഈ സാമ്രാജ്യാധിപത്യഘട്ടത്തിൽ സാർവലൗകിക സംഘട്ടനങ്ങളും സാമ്രാജ്യയുദ്ധങ്ങളും അനിവാര്യമായിത്തീരുന്നതെങ്ങനെ എന്നു സി. പി. എസ്. യു. വിന്റെ ചരിത്രം വിവരിക്കുന്നു.

‘പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മുതലാളിത്തം അതിന്റെ ഏറ്റവും ഉന്നതമായ അവസാന ഘട്ടത്തിലേക്ക് —സാമ്രാജ്യാധിപത്യഘട്ടത്തിലേക്ക് —പ്രവേശിക്കുന്നതോടുകൂടി യുദ്ധങ്ങൾ വിശേഷിച്ചും ഉണ്ടാകാതിരിക്കാൻ വയ്യെന്നായിത്തീർന്നു. സാമ്രാജ്യാധിപത്യത്തിൻ കീഴിൽ അതിപ്രബലങ്ങളായ മുതലാളിത്ത കുത്തകക്കമ്പനികളും ബാങ്കുകളും മുതലാളിക്കോയ്മകളുടെ ജീവിതത്തിൽ പരമാധികാരം ചെലുത്താൻ തുടങ്ങി. വ്യവസായ മൂലധനത്തോടു ചേർന്ന ബാങ്കുമൂലധനം മുതലാളി രാജ്യങ്ങളുടെ യജമാനനായിത്തീർന്നു. ഈ പുതിയരൂപം കൈക്കൊണ്ട ബാങ്കുമൂലധനത്തിനാകട്ടെ പുതിയ കമ്പോളങ്ങൾ ആവശ്യമായി. പുതിയ കോളനികൾ ആവശ്യമായി. മൂലധനം കയറ്റി അയച്ചു നിക്ഷേപിക്കാനുള്ള പുതിയ രാജ്യങ്ങളും അസംസ്കൃത പദാർത്ഥങ്ങൾ കുറഞ്ഞവിലയ്ക്കു കിട്ടാനുള്ള പുതിയ സ്ഥലങ്ങളും ആവശ്യമായി.

‘പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ടവസാനിച്ചപ്പോഴേയ്ക്കും മുതലാളിത്ത രാജ്യങ്ങൾ തമ്മിൽ ഭൂഗോളമാകെ പങ്കുവെച്ചുകഴിഞ്ഞിരുന്നു. എങ്കിലും സാമ്രാജ്യത്വകാലഘട്ടത്തിൽ മുതലാളിത്തം തീരെ അന്ധമായ നിലയിലും എടുത്തുചാട്ടങ്ങളിലൂടെയുമാണ് വളരുന്നത്. അതായത്, ഇതുവരെ ഒന്നാംകിട സ്ഥാനത്തു നിന്നിരുന്ന രാജ്യങ്ങളിലെ വ്യവസായങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ സാവധാനത്തിൽ മാത്രം വളരാൻ തുടങ്ങുന്നു. അതുപോലെതന്നെ ഇതുവരെ പിന്നണിയിലായിരുന്ന ചില രാജ്യങ്ങൾ അതിവേഗത്തിൽ എടുത്തുചാടി മറ്റുള്ളവയോടൊപ്പമെത്തി അവയെ കടന്നു മുന്നോട്ടു പോകുന്നു. ഇതിന്റെ ഫലമായി സൈന്യശക്തിയിലും സാമ്പത്തിക ശക്തിയിലും മുതലാളിത്തരാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തിൽ മാറ്റം വരുന്നു. അതോടുകൂടി ലോകത്തെ വീണ്ടും പങ്കുവെക്കുന്നതിനുള്ള ശ്രമം തുടങ്ങുകയായി. ഈ വീണ്ടുവിഭജനത്തിനുള്ള സമരം സാമ്രാജ്യയുദ്ധങ്ങളെ അനിവാര്യമാക്കിത്തീർത്തു.’

ഇതിനിടയിൽ മുതലാളിത്തത്തിന്റെ സഹജമായ വൈരുദ്ധ്യങ്ങൾക്കു മൂർച്ച കൂടിക്കൊണ്ടുവന്നു. ഒറ്റയ്ക്കൊറ്റയ്ക്കു ചിന്നിച്ചിതറിക്കൊണ്ടു വൈയക്തികമായ ഉൽപാദനം നടത്തിയിരുന്ന ആയിരമായിരം ചെറുല്പാദകന്മാരെ നശിപ്പിച്ചുകൊണ്ടാണല്ലോ മുതലാളിത്തം രംഗത്തു പ്രവേശിച്ചത്. അനേകായിരം പ്രവർത്തിക്കാരെ ഫാക്ടറികളിൽ കേന്ദ്രീകരിച്ചു വിപുലമായ തോതിൽ ചരക്കുകൾ ഉൽപാദിപ്പിക്കാനൊരുങ്ങിയ മുതലാളിത്തം ഉൽപാദനമെന്ന പ്രവർത്തിക്കു തന്നെ ഒരു സാമൂഹ്യസ്വഭാവം നൽകുകയാണ് ചെയ്തത്. പക്ഷേ, ഈ സാമൂഹ്യോൽപ്പാദനം സ്വകാര്യ സ്വത്തുടമയുടെയും വ്യക്തികളുടെ അവകാശത്തേയും അടിസ്ഥാനപ്പെടുത്തിയ ഉൽപാദനബന്ധങ്ങൾക്കുള്ളിലാണ് വികസിക്കുന്നത്. സമുദായത്തിന്റെ ഉൽപാദനത്തെ മുഴുവൻ ഏതാനും സ്വകാര്യവ്യക്തികൾക്കു കയ്യടക്കിവെക്കാൻ കഴിയുന്ന ഈ വ്യവസ്ഥയിൽ ഭൂരിപക്ഷക്കാരായ ബഹുജനങ്ങൾക്ക് ഇഷ്ടംപോലെ ചരക്കുകൾ വാങ്ങാനാവില്ലെന്ന് തീർച്ചയാണ്. ഉൽപ്പാദനത്തിലേർപ്പെട്ട തൊഴിലാളികൾക്കു കഷ്ടിച്ചു ജീവിതം പുലർത്താനാവശ്യമായതിലധികം കൂലി കൊടുക്കാതിരിക്കുന്ന മുതലാളിത്തത്തിന് അതിന്റെ ചരക്കുകൾ വിറ്റഴിക്കാൻ വയ്യാതാകുന്നു. ഒരുവശത്തു നാൾക്കുനാൾ വളർന്നുവരുന്ന ഉല്പാദനശക്തികൾ മറുവശത്തു ചരക്കുകൾ വാങ്ങാൻ കഴിയാതെ പട്ടിണിയിലും കഷ്ടപ്പാടിലും കിടന്നു ഞരങ്ങുന്ന തൊഴിലാളികളും മറ്റു ദരിദ്രജനവിഭാഗങ്ങളും. ഈ പൊരുത്തക്കേട് അമിതോൽപാദനമെന്ന് അറിയപ്പെടുന്ന സാമ്പത്തികക്കുഴപ്പങ്ങളിലൂടെയും സാർവത്രികമായ ക്ഷാമങ്ങളിലൂടെയും പൊട്ടിത്തെറിക്കുന്നു. ചരക്കുകൾ വിറ്റഴിക്കാൻ കഴിയാതെവരുന്ന ഇത്തരം ഘട്ടങ്ങളിൽ ഉൽപാദനത്തെ ബലാൽക്കാരമായി നിയന്ത്രിക്കാനും ഉൽപന്നങ്ങളെ കൽപിച്ചുകൂട്ടി നശിപ്പിക്കുവാനും മുതലാളികൾ നിർബന്ധിതരായിത്തീരുന്നു. സാമ്രാജ്യാധിപത്യ കാലഘട്ടത്തിലാകട്ടെ, മുതലാളിത്തത്തിന്റെ ഈ അധഃപതനം മൂർദ്ധന്യദശയിലെത്തുന്നു.

ഇങ്ങനെ ഒരുകാലത്ത് അഭിവൃദ്ധിയെ അഴിച്ചുവിട്ട മുതലാളിത്തം അഭിവൃദ്ധിയുടെ ശത്രുവായി മാറുന്നു. ഒരുകാലത്തു കൊഴുത്തുപുളച്ച പുരോഗതിയിലേക്കു കുതിച്ചിരുന്ന മുതലാളിത്തം ഇപ്പോൾ മൂത്തു മുരടിച്ച പിന്തിരിപ്പൻ ശക്തിയായി മാറുന്നു. ഉൽപാദനശക്തികൾക്ക് ഇനി മുന്നോട്ടുപോകണമെങ്കിൽ നിലവിലുള്ള ഉല്പാദനബന്ധങ്ങളെ നശിപ്പിച്ചേ മതിയാവൂ എന്നാകുന്നു. ജനസാമാന്യത്തിന് ഇനി അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ തങ്ങളെ കെട്ടിയിട്ട ചങ്ങല വലിച്ചുപൊട്ടിച്ചേ കഴിയൂ എന്നാകുന്നു. മുതലാളിത്തത്തെ തട്ടിത്തകർത്തു സോഷ്യലിസം സ്ഥാപിക്കാനുള്ള സമയം ആസന്നമായിത്തീരുന്നു. അതുകൊണ്ടത്രേ സാമ്രാജ്യാധിപത്യം തൊഴിലാളി വിപ്ലവങ്ങളുടെ കാലഘട്ടമാണെന്നു ലെനിൻ ഉൽഘോഷിച്ചത്.

സ്റ്റാലിൻ പ്രഖ്യാപിക്കുന്നു: ‘ഒന്നുകിൽ മൂലധനത്തിന്റെ ചൊൽപ്പടിക്ക് അടിപണിയുക. മുമ്പത്തെപ്പോലെതന്നെ കഷ്ടപ്പാടിൽ കിടന്നു ഞരങ്ങുക. അധികമധികം അധഃപതിക്കുക; അല്ലെങ്കിൽ, ഒരു പുതിയ ആയുധം സ്വീകരിക്കുക. ഇതാണ് സാമ്രാജ്യാധിപത്യം ബഹുഭൂരിപക്ഷക്കാരായ തൊഴിലാളികളുടെ മുമ്പിൽവയ്ക്കുന്ന രണ്ടു മാർഗങ്ങൾ. സാമ്രാജ്യാധിപത്യം തൊഴിലാളികളെ വിപ്ലവത്തിലേക്കെത്തിക്കുന്നു’.

എന്നാൽ, സാമ്രാജ്യാധിപത്യകാലഘട്ടം തൊഴിലാളികളെ മാത്രമല്ല, കോളനിയിലെ ജനങ്ങളെയും ഇളക്കിവിടുന്നു. മുതലാളിത്തശക്തികളും കോളനികളും തമ്മിലുള്ള വൈരുദ്ധ്യം വർദ്ധിച്ചതെങ്ങനെ എന്നതിന് ഇന്ത്യയുടെ ചരിത്രം നല്ലൊരുദാഹരണമാണ്. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ മുതലാളികൾ ഇന്ത്യയുമായി കച്ചവടം ചെയ്യാൻ തുടങ്ങിയ കാലത്ത് ഇന്ത്യൻ നാടുവാഴി പ്രഭുത്വം ക്ഷയോന്മുഖമായിക്കഴിഞ്ഞിരുന്നു. അതിനാൽ ഇവിടെ നിലനിൽക്കുവാനും കച്ചവടത്തിന്റെ പേരിൽ ധാരാളം സ്വത്തു കൊള്ളയടിച്ചുണ്ടാക്കുവാനും അവർക്കു വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഇങ്ങനെ കൊള്ളയടിച്ചു കിട്ടിയ സ്വത്തുക്കളാണ് ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തിന് പ്രോത്സാഹനം നൽകിയ പ്രധാനഘടകങ്ങളിലൊന്നെന്ന വസ്തുത ചരിത്രകാരന്മാർ സമ്മതിച്ചു കഴിഞ്ഞിട്ടുള്ളതാണ്. വ്യവസായ വിപ്ലവം ഇംഗ്ലണ്ടിനെ ഏറ്റവും വലിയ മുതലാളിത്തരാജ്യമാക്കിമാറ്റി. വ്യവസായ മുതലാളികൾക്കു തങ്ങളുടെ ഉൽപാദനത്തെ കൂടുതൽ വളർത്തുവാൻ കോളനികളുടെ സഹായം അത്യാവശ്യമായിത്തീർന്നു. ഈ അവസരത്തിലാണ് ഇംഗ്ലീഷു മുതലാളികൾ ഇന്ത്യയിലെ നാശോന്മുഖമായ നാടുവാഴിഭരണത്തെ തകർത്തു തങ്ങളുടെ അധികാരശക്തി ഉറപ്പിക്കാൻ മുതിർന്നത്. ഫ്യൂഡലിസത്തിന്റെ സവിശേഷതയായ കുടിൽവ്യവസായങ്ങളേയും കൈവേലകളെയും ബലംപ്രയോഗിച്ചു നശിപ്പിച്ചു തങ്ങളുടെ വ്യവസായച്ചരക്കുകൾ ഇന്ത്യയിലേക്കു ധാരാളമായി ഇറക്കുമതി ചെയ്യാനവർക്കു സാധിച്ചു. പക്ഷേ, ഇത്ര വിദൂരമായ ഒരു രാജ്യത്തിൽ ആയുധശക്തി കൊണ്ടുമാത്രം നാട്ടുമുതലാളിത്തത്തിന്റെ വളർച്ചയെ തടഞ്ഞുനിർത്താനും പൊതുജനങ്ങളുടെ പ്രക്ഷോഭണങ്ങളെ അടക്കി അമർത്താനും അവർക്ക് സാധ്യമായിരുന്നില്ല. അതുകൊണ്ടത്രേ തോൽപ്പിക്കപ്പെട്ടുകഴിഞ്ഞ നാടുവാഴികളുടെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഒരു ഭരണസമ്പ്രദായം നടപ്പിൽ വരുത്തുവാൻ അവർ തയ്യാറായത്. എങ്കിലും വ്യവസായ മുതലാളിത്തത്തെത്തുടർന്നുകൊണ്ടുള്ള കുത്തകമുതലാളിത്ത കാലഘട്ടത്തിൽ ഇവിടെ മൂലധനം നിക്ഷേപിച്ചു തങ്ങളുടെ ലാഭം വർദ്ധിപ്പിക്കാൻ ബ്രിട്ടീഷ് മുതലാളികൾ ഒരുങ്ങിയപ്പോൾ നാട്ടുമുതലാളിത്തം മെല്ലെമെല്ലെ തലയുയർത്താൻ തുടങ്ങി. ബ്രിട്ടീഷു മുതലാളിത്തത്തിന്റെ മത്സരങ്ങളോടെതിരിട്ടുകൊണ്ടും നാട്ടുവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ശക്തിപ്പെടുത്താനും വേണ്ടിയുള്ള ദേശീയസ്ഥാപനങ്ങളും സ്വാതന്ത്ര്യസമരങ്ങളും വളർന്നുവരുവാൻ തുടങ്ങി.

മുതലാളിത്തശക്തികളും കോളനികളും തമ്മിലുള്ള വൈരുദ്ധ്യം വിപ്ലവത്തെ ത്വരിതപ്പെടുത്തുന്നതെങ്ങനെ എന്നു സ്റ്റാലിൻ വിവരിക്കുന്നു:

‘വിസ്തൃതമായ കോളനികളിലും അടിമരാജ്യങ്ങളിലും നിവസിക്കുന്നവരായ കോടിക്കണക്കിലുള്ള ജനങ്ങളുടെ മേൽ നടത്തപ്പെടുന്ന ഏറ്റവും നഗ്നമായ ചൂഷണവും ഏറ്റവും മൃഗീയമായ മർദ്ദനവുമാണ് സാമ്രാജ്യാധിപത്യം. ഈ ചൂഷണത്തിന്റെയും ഈ മർദ്ദനത്തിന്റെയും ഉദ്ദേശ്യം മിച്ചലാഭം പിഴിഞ്ഞെടുക്കുക എന്നതാണ്. എന്നാൽ, രാജ്യങ്ങളെ ഈ ചൂഷണം ചെയ്യുന്നതിനിടയിൽ ഇവിടെങ്ങളിൽ റെയിൽവേകളും ഫാക്ടറികളും മില്ലുകളും നിർമ്മിക്കുവാൻ വ്യാവസായികവും വ്യാപാരപരവുമായ കേന്ദ്രങ്ങൾ സൃഷ്ടിക്കുവാൻ, സാമ്രാജ്യാധിപത്യം നിർബന്ധമായിത്തീരുന്നു. ഒരു തൊഴിലാളിവർഗത്തിന്റെ ആവിർഭാവം, ഒരു നാടൻ ബുദ്ധിജീവി വിഭാഗത്തിന്റെ ഉൽഭവം, ദേശീയബോധത്തിന്റെ ഉദയം, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വളർച്ച —ഇവയൊക്കെയാണ് ഈ ‘നയ’ത്തിന്റെ അനിവാര്യഫലങ്ങൾ. ഒന്നൊഴിയാതെ, എല്ലാ കോളനികളിലും അടിമരാജ്യങ്ങളിലും ഉള്ള വിപ്ലവപ്രസ്ഥാനത്തിന്റെ വളർച്ച, ഈ യാഥാർത്ഥ്യത്തെ വ്യക്തമാംവണ്ണം തെളിയിക്കുന്നു. ഈയൊരു പരിതഃസ്ഥിതി തൊഴിലാളിവർഗത്തിന് പ്രാധാന്യമുള്ളതാണ്. എന്തുകൊണ്ടെന്നാൽ ഈ കോളനികളേയും അടിമരാജ്യങ്ങളേയും സാമ്രാജ്യാധിപത്യത്തിന്റെ കരുതൽ ധനം എന്ന നിലയിൽനിന്ന് തൊഴിലാളിവിപ്ലവത്തിന്റെ കരുതൽ ധനമാക്കി മാറ്റുകയും അങ്ങനെ മുതലാളിത്തത്തിന്റെ അടിത്തറയ്ക്ക് ഒരു കാര്യമായ തുരങ്കം വയ്ക്കുകയും ചെയ്യുന്നു’.

മുതലാളിവർഗം അവരുടെ ആരംഭകാലത്ത് പുരോഗമനപരമായ ഒരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സമുദായഘടനയുടെ മൗലികഘടകമായ സാമ്പത്തികരംഗത്തിൽ അവർ നാടുവാഴി പ്രഭുത്വത്തെ ഉടച്ചുതകർക്കുകയും വ്യക്തിപരമായ സ്വകാര്യസ്വത്തിന്റെ ഉടമാവകാശത്തിന്മേൽ അടിയുറച്ച മുതലാളിത്ത സമ്പ്രദായമേർപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയരംഗത്തിൽ അവർ രാജത്വത്തെ നശിപ്പിച്ചുകളയുകയും വ്യക്തിപരമായ അഭിപ്രായസ്വാതന്ത്ര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജനാധിപത്യമെന്നു പറയപ്പെടുന്ന പാർലമെൻറു ഭരണം സ്ഥാപിക്കുകയും ചെയ്തു. മതവിഷയത്തിൽ, ജന്മിത്വത്തിന്മേലും രാജത്വത്തിന്മേലും പറ്റിപ്പിടിച്ചു ജീവിച്ചിരുന്ന പൗരോഹിത്യത്തെ അവർ തുരത്തിക്കളയുകയും മുതലാളിത്തപരമായ സ്വകാര്യസ്വത്തിന്റെ നിലനിൽപിനു പറ്റിയ ഒരു പുതിയതരം പൗരോഹിത്യത്തെ അനുവദിക്കുകയും ചെയ്തു. വാണിജ്യവിഷയത്തിൽ സ്വകാര്യസ്വത്തിന്റെ വർദ്ധനവിന്മേൽ അടിയുറച്ച കച്ചവടത്തെ അവർ ലോകത്തിലാസകലം വ്യാപിപ്പിച്ചു. വ്യവസായരംഗത്തിൽ അവർ കുടിൽവ്യവസായങ്ങളെ ത്യാജ്യകോടിയിൽ തള്ളിക്കളയുകയും വമ്പിച്ച യാന്ത്രിക വ്യവസായ പദ്ധതികൾ നടപ്പിൽ വരുത്തുകയും ചെയ്തു. കൃഷിയിലും അവർ യാന്ത്രികപരിഷ്കാരത്തെ ഉപയോഗിക്കുകയും അങ്ങനെ ഭൂമിയുടെ വിളവിനെ പതിന്മടങ്ങു വർദ്ധിപ്പിക്കുകയും ചെയ്തു. ജന്മിത്വത്തിന്റെ മർദ്ദനമേറ്റു നരകിച്ചിരുന്ന കൃഷിക്കാരെ ഒന്നുകിൽ അവർ തങ്ങളുടെ വ്യവസായശാലകളിൽ ജോലിക്കാരായ തൊഴിലാളികളാക്കി മാറ്റി. അല്ലെങ്കിൽ അവരെ സ്വതന്ത്രന്മാരായ കൃഷിക്കാരാകാൻ അനുവദിച്ചു. ചിന്താവിഷയത്തിൽ അവർ ചിന്തയുടെ സ്വാതന്ത്ര്യത്തെ പൊക്കിപ്പിടിക്കുകയും മനുഷ്യന്റെ ശാസ്ത്രീയവിജ്ഞാനത്തിന്റെ പരിധിയെ വികസിപ്പിക്കുകയും ചെയ്തു. സാംസ്കാരികരംഗത്തിൽ അവർ ക്ലാസ്സിസത്തെ പമ്പകടത്തി, റൊമാൻറിസിസത്തെ നിർമ്മിച്ചു. ഇതൊക്കെയാണ് മുതലാളിത്തം പൊതുവിൽ ലോകത്തിനു നൽകിയ സംഭാവനകൾ.

എന്നാൽ, സാമ്രാജ്യത്വകാലഘട്ടമാകുമ്പോഴേയ്ക്കും മുതലാളിത്ത സമ്പ്രദായത്തിന്റെ ആന്തരമായ ഘടന ആകമാനം ചിതലുകയറി പൊളിഞ്ഞുതുടങ്ങുന്നു. പൊളിഞ്ഞുതുടങ്ങിയ മുതലാളിത്തം കാട്ടിക്കൂട്ടുന്ന മരണ വികൃതികളാണ് സാമ്രാജ്യത്വം എന്നുപറയാം. അത് ആദ്യം സൃഷ്ടിച്ച നന്മകളെ അതുതന്നെ നശിപ്പിക്കാൻ തുടങ്ങുന്നു. ചരിത്രം മുന്നോട്ടുവെച്ച ഓരോ അടിയും അതിപ്പോൾ പിന്നോട്ടുവെയ്ക്കണമെന്നാണ് സാമ്രാജ്യത്വത്തിന്റെ ശാഠ്യം. ജനപ്രതിനിധി സഭകളേയും പാർലമെൻറുകളേയും അതു പല്ലിളിച്ചുകാണിക്കുന്നു. ജനാധിപത്യഭരണമെന്ന തത്വം തന്നെ അസംബന്ധമാണെന്നും അപ്രായോഗികമാണെന്നും അതു പറയാൻ തുടങ്ങുന്നു. ബഹുജനങ്ങൾക്കു ബുദ്ധിയില്ലെന്ന് അതു വാദിക്കുന്നു. (മുതലാളിത്തം പുരോഗമനപരമായിരുന്ന കാലത്ത് നേരെമറിച്ചായിരുന്നു അതിന്റെ വാദം.) സ്ത്രീകൾക്ക് കുട്ടികളെ പ്രസവിക്കലും അടുക്കളപ്പണിയും മാത്രമാണ് പറ്റിയ പണികളെന്ന് അതുപറയുന്നു. ബഹുജനങ്ങളെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ അത് ജന്മിത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും എല്ലാത്തരം അന്ധവിശ്വാസങ്ങളുടെയും ബുദ്ധിമാന്ദ്യങ്ങളുടെയും സൗഹാർദ്ദം സമ്പാദിക്കുന്നു. സാമ്രാജ്യത്വം കാലഹരണം വന്ന എല്ലാത്തരം പുരാതനമനോഭാവങ്ങളുടെയും എല്ലാത്തരം സംസ്കാരശൂന്യങ്ങളായ പദ്ധതികളുടെയും ഉറ്റബന്ധുവാണ്. അത് ആധുനികശാസ്ത്രത്തെ, ആധുനികപരിഷ്കാരത്തെ, മനുഷ്യന്റെ ബുദ്ധിശക്തിയുടെ വളർച്ചയെ നിഷേധിക്കുന്നു.

മുതലാളിത്തത്തിന്റെ അവസാനത്തെ കുറിക്കുന്ന ഈ കാലഘട്ടത്തിൽ വർഗസംഘട്ടനങ്ങൾകൊണ്ടും സർവവ്യാപകമായ ദാരിദ്ര്യംകൊണ്ടും സമുദായജീവിതമാകെ മലീമസമായിത്തീരുന്നു. സാംസ്കാരിക മൂല്യങ്ങൾ കെട്ടഴിയാൻ തുടങ്ങുന്നു. വഞ്ചനയും കളവും പിടിച്ചുപറിയും പട്ടിണിയും വ്യഭിചാരവും നാടെങ്ങും പരന്നുപിടിക്കുന്നു.

ഇതെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു. മനുഷ്യന് ഇനി പുരോഗതി വേണമെങ്കിൽ നേടിക്കഴിഞ്ഞ വിഭവങ്ങളെ ശരിക്കുപയോഗപ്പെടുത്താനും നേടാനിരിക്കുന്ന സാദ്ധ്യതകളെ പ്രായോഗികമായി നടപ്പിൽ വരുത്താനും സാധിക്കണമെങ്കിൽ ഉൽപാദനശക്തികളുടെ വളർച്ചയെ തടഞ്ഞുനിർത്തുന്ന ഉൽപാദനബന്ധങ്ങളെ നശിപ്പിക്കണം. മുതലാളിത്തത്തെ തട്ടിത്തകർത്തു പുരോഗതിയെ സഹായിക്കുന്ന പുതിയൊരു സാമൂഹ്യഘടന സ്ഥാപിക്കണം. എന്നാൽ ചരിത്രത്തോടു നന്ദിപറയുക, ഫ്യൂഡലിസത്തെ നശിപ്പിക്കാനുള്ള ശക്തികൾ ഫ്യൂഡലിസ്റ്റ് വ്യവസ്ഥയ്ക്കുള്ളിൽ നിന്നുതന്നെ വളർന്നു വന്നതുപോലെ, മുതലാളിത്തത്തെ നശിപ്പിക്കാൻ കരുത്തുള്ള ശക്തികൾ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽത്തന്നെ വളർന്നുവരാൻ തുടങ്ങി.

1.27തൊഴിലാളിവർഗം ഒരു സാമൂഹ്യശക്തി

മുതലാളിത്ത സാമൂഹ്യഘടനയുടെ അഭേദ്യഭാഗങ്ങളാണ് മുതലാളിയും തൊഴിലാളിയും. മുതലാളിയോടൊപ്പം തൊഴിലാളിയും രംഗപ്രവേശം ചെയ്യുന്നു. മുതലാളിത്തത്തിന്റെ വളർച്ചയോടൊപ്പം തൊഴിലാളിവർഗവും വളരുന്നു.

റൂസോവും വോൾട്ടയറും തോമസ്പെയിനും കാർലൈലും മറ്റു പുരോഗമനവാദികളും സ്വാതന്ത്ര്യത്തിന്റെ ശംഖനാദം മുഴക്കിയപ്പോൾ ഫ്യൂഡലിസത്തിനെതിരായി സ്വാതന്ത്ര്യസമരം നടത്തിക്കൊണ്ടിരുന്ന മുതലാളി മാത്രമല്ല, ആവേശഭരിതനായിത്തീർന്നത്, മുതലാളികളുടെ കാൽച്ചുവട്ടിൽക്കിടന്നു മർദ്ദനമനുഭവിക്കുന്ന തൊഴിലാളികൾക്കും തങ്ങളുടെ സ്വന്തം മോചനത്തിനുവേണ്ടിയുള്ള സമരത്തിൽ ആവേശം ലഭിച്ചു. പൊതുശത്രുവായ ഫ്യൂഡലിസത്തിനെതിരായി പോരാടുന്നതോടൊപ്പം തന്നെ തൊഴിലാളികൾ തങ്ങളുടെ വർഗ്ഗതാൽപര്യങ്ങളെ സംരക്ഷിക്കാൻ മുതലാളിക്കെതിരായും സമരം നടത്തി, കൂലി, ജീവിതസൗകര്യങ്ങൾ മുതലായവയ്ക്കുവേണ്ടിയും രാഷ്ട്രീയാധികാരത്തിനു വേണ്ടിയും അവർ യുദ്ധംവെട്ടി. മുതലാളിത്തത്തിന്റെ ചരിത്രം വാസ്തവത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗസമരത്തിന്റെ ചരിത്രമാണ്. ഫ്യൂഡലിസത്തിനെതിരായ മുതലാളികളുടെ സമരത്തോടൊപ്പം സ്വതന്ത്രമായ തൊഴിലാളി പ്രക്ഷോഭങ്ങളും വളർന്നുവന്നിട്ടുള്ളതെങ്ങനെയെന്ന് എംഗൽസ് വിവരിക്കുന്നു.

‘ആരംഭം മുതൽക്കുതന്നെ മുതലാളിവർഗം അതിന്റെ എതിർശക്തിയുമായി കൂടിച്ചേർന്നുകൊണ്ടാണ് മുന്നോട്ടുവന്നിട്ടുള്ളത്. മുതലാളികൾക്കു കൂലിവേലക്കാരായ തൊഴിലാളികളെ കൂടാതെ നിലനിൽക്കാനാവില്ല; മദ്ധ്യകാലത്തെ ഗിൽഡിലെ കൈത്തൊഴിലുടമസ്ഥൻ നവീന മുതലാളിയായി വളർന്നുവന്നു. അതേ തോതിൽതന്നെ, ഗിൽഡിലെ ജർണിമെന്മാരും ഗിൽഡുകൾക്കു പുറത്തുള്ള കൂലിവേലക്കാരും തൊഴിലാളി വർഗവുമായി വളർന്നുവന്നു. ആകെക്കൂടി നോക്കുമ്പോൾ, പ്രഭുവർഗത്തിനെതിരായ തങ്ങളുടെ സമരത്തിൽ മുതലാളിവർഗത്തിന് അക്കാലത്തെ വിവിധ തൊഴിലാളി വിഭാഗങ്ങളുടെ താൽപര്യങ്ങളുടെ പ്രാതിനിദ്ധ്യവും കൂട്ടത്തിൽ അവകാശപ്പെടാൻ കഴിഞ്ഞിരുന്നുവെന്നതു ശരിയാണ്. എങ്കിലും മഹത്തായ ഓരോ മുതലാളി പ്രസ്ഥാനത്തിലും ആധുനിക തൊഴിലാളിവർഗത്തിന്റെ ഏറെക്കുറെ വളർച്ചയെത്തിയ മുൻഗാമികളുടെ സ്വതന്ത്രപ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്. പുനരുത്ഥാനത്തിന്റെയും (Reformation) കർഷകയുദ്ധത്തി (Peasant War)ന്റെയും കാലത്തു ജർമിനിയിലുണ്ടായ തോമസ് മുൻസറുടെ പ്രസ്ഥാനഗതിയും മഹത്തായ ഇംഗ്ലീഷുവിപ്ലവത്തിന്റെ നിരപ്പു പ്രസ്ഥാനക്കാരും (Levellers) ഫ്രഞ്ചുവിപ്ലവത്തിലെ ബേബുവും ഇപ്പറഞ്ഞതിനുദാഹരണങ്ങളാണ്’.

ഒറ്റയ്ക്കൊറ്റയ്ക്കു നിൽക്കുമ്പോൾ തൊഴിലാളികൾ കേവലം അശക്തരാണ്. നിസഹായരാണ്. എന്നാൽ ഒരു വർഗമെന്ന നിലയ്ക്കു സംഘടിച്ചു പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ അവർക്ക് അഭൂതപൂർവ്വവും നിസ്തുലവുമായ ശക്തി ലഭിക്കുന്നു. തങ്ങളുടെ സ്വന്തം അനുഭവങ്ങളുടെയും തങ്ങളുടെ പൂർവ്വികന്മാരുടെ ഇടവിടാതെയുള്ള സമരാനുഭവങ്ങളുടെയും ജ്ഞാനത്തോടുകൂടി ബോധപൂർവം പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാകട്ടെ, അവരുടെ ശക്തി അജയ്യമായിത്തീരുന്നു.

ആദ്യകാലത്തെ തൊഴിലാളിസമരങ്ങൾ നീചവും നിഷ്ഠൂരവുമായ വിധത്തിൽ അടിച്ചമർത്തപ്പെടുകയാണുണ്ടായത്. ലുഡെറ്റ് പ്രക്ഷോഭവും ഡോർക്കസ്റ്റർ തൊഴിലാളികളുടെ പ്രക്ഷോഭവും ചാർട്ടിസ്റ്റ് പ്രസ്ഥാനവും ലിയാൻസിലെ ലഹളയും പാരീസിലെ തൊഴിലാളിവിദ്രോഹവും എല്ലാം പരാജയപ്പെടുകയാണു ഉണ്ടായത്. പക്ഷേ, ഈ പരാജയങ്ങളുടെ അനുഭവങ്ങളിൽ നിന്നു കൂടുതൽ സംഘടിതമായി പ്രവർത്തിക്കാനും പരിതഃസ്ഥിതികൾക്കനുസരിച്ചു സമരത്തിന്റെ അടവുകൾ നിർണയിക്കാനും സർവോപരി തൊഴിലാളി വർഗത്തിന്റെ മോചനസിദ്ധാന്തങ്ങളെപ്പറ്റിയും ശാസ്ത്രീയ പ്രവർത്തനമാർഗ്ഗങ്ങളെപ്പറ്റിയും പഠിക്കുവാനും അവർക്കു സാധിച്ചു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആദ്യകാലത്തെ പരാജയങ്ങളിലൂടെ തൊഴിലാളി വർഗത്തിന്റെ സമരങ്ങൾക്കു പരിപക്വതയും ശാസ്ത്രീയാടിസ്ഥാനവും ലഭിച്ചു.

തൊഴിലാളികളുടെ സമരങ്ങളോടൊപ്പം അവരുടെ ആശയങ്ങളും പരിപക്വമായിക്കൊണ്ടുവന്നു. 18ാം നൂറ്റാണ്ടിലെയും 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെയും യൂറോപ്യൻ ചിന്തകന്മാർ തൊഴിലാളി സമരങ്ങളുടെ വളർച്ചയെത്താത്ത കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ അവരുടെ സോഷ്യലിസ്റ്റാശയങ്ങൾ അപക്വങ്ങളും അശാസ്ത്രീയങ്ങളുമായിരുന്നു. നിലവിലുള്ള ഭൗതികപരിതഃസ്ഥിതികളല്ല, കൂടുതൽ കാര്യമായ ജീവിതം വേണമെന്ന ആശയമായിരുന്നു അവരുടെ സോഷ്യലിസത്തിന്റെ അടിസ്ഥാനം. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോഴേയ്ക്കും തൊഴിലാളികൾ ഒരു വർഗമെന്ന നിലയ്ക്കു ശക്തിപ്പെടുകയും അവരുടെ ആശയങ്ങൾ പരിപുഷ്ടമായിത്തീരുകയും ചെയ്തു. ഈ ഘട്ടത്തിലത്രേ ശാസ്ത്രീയ സോഷ്യലിസം അഥവാ മാർക്സിസം ആവിർഭവിച്ചത്. യൂറോപ്യൻ ചിന്തകന്മാരുടെ ആവേശങ്ങളും പക്ഷേ, അപക്വങ്ങളുമായ സങ്കൽപസ്വപ്നങ്ങളെ തെളിഞ്ഞ വർഗസമരത്തിന്റെ തീച്ചൂളയിൽവെച്ചു രൂപപ്പെടുത്തുകയും അങ്ങനെ അവയെ ശാസ്ത്രീയസോഷ്യലിസമാക്കി വളർത്തുകയും ചെയ്ത മാർക്സും എംഗെൽസും ചരിത്രത്തിന്റെ മുമ്പിൽ ഒരു പുതിയ പരിപാടി സമർപ്പിച്ചു. സാമൂഹ്യവളർച്ചയുടെ ഭൗതികപരിതഃസ്ഥിതികളിൽ നിന്നാണ് സോഷ്യലിസത്തിന്റെ ഉപാധികൾ ഉത്ഭവിക്കുന്നതെന്നും ചരിത്രപരമായ ഈ വികാസക്രമത്തെ സുഗമമാക്കുകയും സഹായിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് സോഷ്യലിസ്റ്റാശയഗതികൾക്കുള്ള സ്ഥാനമെന്നും അവർ തുറന്നു പറഞ്ഞു. മുതലാളിത്ത സമുദായത്തിൽ ഉല്പാദനശക്തികളും ഉൽപാദനബന്ധങ്ങളും തമ്മിലുള്ള അനിവാര്യമായ വൈരുദ്ധ്യത്തെ അവസാനിപ്പിക്കണമെങ്കിൽ ഉല്പാദനോപകരണങ്ങളെ സമുദായത്തിന്റെ പൊതു സ്വത്താക്കി മാറ്റുകയല്ലാതെ ഗത്യന്തരമില്ലെന്നും തങ്ങളുടെ വിപ്ലവപ്രവർത്തനങ്ങളിലൂടെ ഈ മഹത്തായ പ്രവൃത്തി നിർവ്വഹിക്കുകയാണ് തൊഴിലാളിവർഗത്തിന്റെ ചരിത്രപരമായ കടമയെന്നും അവർ ഉത്ഘോഷിച്ചു. മനുഷ്യന്റെ ചിന്താഗതികൾ കൊണ്ടും ആശയങ്ങൾകൊണ്ടും മാത്രം ചരിത്രത്തെ മാറ്റി മറിക്കാനാവില്ല. ചരിത്രശക്തികളെ വിശകലനം ചെയ്തു മനസിലാക്കുകയും ഓരോ ഘട്ടത്തിലും ആ ചരിത്രശക്തികളുടെ ബലാബലങ്ങൾക്കനുയോജ്യമായ വിധത്തിൽ, സാമൂഹ്യവളർച്ചയെ ത്വരിതപ്പെടുത്താനുതകുന്ന പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമായ പങ്കു വഹിക്കുകയും വേണം. മാർക്സിന്റേയും ഏംഗൽസിന്റേയും ഈ ശാസ്ത്രീയ സോഷ്യലിസ്റ്റാശയങ്ങൾ തൊഴിലാളിവർഗത്തിന്റെ സമരത്തിൽ ആവേശകരമായ പുതിയൊരദ്ധ്യായം വെട്ടിത്തുറന്നു. തൊഴിലാളി വർഗത്തിന്റെ മുന്നണിഭാഗമായ മാർക്സിസ്റ്റ് പാർട്ടികൾ തൊഴിലാളിവർഗത്തെയും മറ്റു ദരിദ്രജനവിഭാഗങ്ങളേയും സംഘടിപ്പിച്ചണിനിരത്തിക്കൊണ്ട് മുതലാളിത്തത്തെ തകർത്തു. സോഷ്യലിസം സ്ഥാപിക്കുവാൻ വേണ്ടിയുള്ള വിപ്ലവ പരിശ്രമങ്ങളാരംഭിച്ചു. മുതലാളിത്തത്തിന്റെ അധഃപതനഘട്ടമായ സാമ്രാജ്യാധിപത്യം തലയുയർത്തിയപ്പോഴേയ്ക്കും തൊഴിലാളിവർഗത്തിന്റെ വിജയത്തിനു പറ്റിയ എല്ലാ പരിതഃസ്ഥിതികളും നിലവിൽവന്നു. തൊഴിലാളി വിപ്ലവങ്ങളുടെ കാലഘട്ടം ആവിർഭവിച്ചു.

19-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തുതന്നെ മാർക്സ് തന്റെ സുപ്രസിദ്ധമായ ‘മൂലധനം’ എന്ന ഗ്രന്ഥത്തിൽ മുതലാളിത്തത്തിന്റെ അനിവാര്യമായ ഗതിക്രമത്തെപ്പറ്റി ഇങ്ങനെ എഴുതുകയുണ്ടായി. മുതലാളിത്തമേധാവികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുകൊണ്ടുവരുന്നതോടൊപ്പം...... കഷ്ടപ്പാട്, മർദനം, അടിമത്തം, അധഃപതനം, ചൂഷണം മുതലായവ വർദ്ധിച്ചുകൊണ്ടുവരുന്നു. എന്നാൽ, ഇതോടൊപ്പം എണ്ണത്തിൽ എല്ലായിപ്പോഴും പെരുകിക്കൊണ്ടുവരുന്നവരും അച്ചടക്കമുള്ളവരും ഒന്നിച്ചു നിൽക്കുന്നവരും മുതലാളിത്തോല്പാദനത്തിന്റെ ഗതിക്രമത്താൽത്തന്നെ സംഘടിതരായിത്തീരുന്നവരും ആയ ഒരു വർഗത്തിന്റെ വിദ്രോഹങ്ങളും വർദ്ധിച്ചുകൊണ്ടുവരുന്നു. മുതലാളിത്തത്തോടൊപ്പം ഉൽഭവിച്ചു മുതലാളിത്തത്തിൻകീഴിൽ പരിപുഷ്ടമായിക്കൊണ്ടുവന്ന ഉല്പാദനരീതിയുടെ മേൽ മൂലധനക്കുത്തക ഒരു വിലങ്ങായിത്തീരുന്നു. ഉല്പാദനോപകരണങ്ങളുടെ കേന്ദ്രീകരണവും അദ്ധ്വാനത്തിന്റെ സാമൂഹ്യസ്വഭാവവും ഒടുവിൽ മുതലാളിത്തപരമായ പുറന്തോടിനുള്ളിൽ ഒതുങ്ങി നില്പാൻ കഴിയാത്ത അത്തരമൊരു ഘട്ടത്തിലെത്തിച്ചേരുന്നു. ഈ പുറന്തോടു പൊട്ടിത്തെറിക്കപ്പെടുന്നു. മുതലാളിത്തപരമായ സ്വകാര്യ സ്വത്തുടമയുടെ മരണമണിയടിക്കുന്നു. തട്ടിപ്പറിക്കാർ തട്ടിപ്പറിക്കപ്പെടുന്നു.

മാർക്സിന്റെ ഈ പ്രവചനം യാഥാർത്ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നുവെന്ന് 20-ാം നൂറ്റാണ്ടു തെളിയിച്ചു. 1917 നവംബറിൽ, മരണമടുത്ത സാമ്രാജ്യശക്തികൾ സാർവ്വലൗകികമായ ഒരു മഹായുദ്ധത്തിൽ ഏർപ്പെട്ടിരുന്ന സന്ദർഭത്തിൽ ലോകത്തിന്റെ ആറിലൊരുഭാഗം വരുന്ന റഷ്യ മുതലാളിത്തത്തിന്റെ പിടിയിൽ നിന്നു മോചനം നേടി. ലെനിന്റെയും സ്റ്റാലിന്റെയും നേതൃത്വത്തിൽ റഷ്യയിലോ ബോൾഷെവിക്കു പാർട്ടി തൊഴിലാളിവർഗ്ഗത്തേയും കൃഷിക്കാർ, ഇടത്തരക്കാർ തുടങ്ങിയ മറ്റു മർദ്ദിതജനവിഭാഗങ്ങളെയും സംഘടിപ്പിച്ചുകൊണ്ടു നടത്തിയ മഹത്തായ വിപ്ലവം വിജയിച്ചു. മുതലാളികളുടെയും ജന്മിമാരുടെയും ഭരണം ശാശ്വതമല്ലെന്നു തെളിയിച്ചുകൊണ്ടു മർദ്ദിതരായ തൊഴിലാളിവർഗം ഭരണാധികാരിവർഗമായി മാറി. ഉല്പാദനോപകരണങ്ങളിന്മേലുള്ള മുതലാളിത്തപരമായ ഉടമാവകാശം ഇല്ലാതായാൽ ഉൽപാദനം മുമ്പേ നിലച്ചുപോകുമെന്ന മുതലാളി ധനശാസ്ത്രജ്ഞന്മാരുടെ കള്ളപ്രചാരവേലകളെ വെല്ലുവിളിച്ചുകൊണ്ടു 17 കോടി ജനങ്ങൾ പുതിയൊരു യുഗത്തിലേക്ക് —സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയിലേക്ക് കാലെടുത്തുവച്ചു. ലെനിൻ പ്രഖ്യാപിച്ചു: ധനികന്മാരിൽ നിന്നു ദരിദ്രന്മാർക്കുവേണ്ടി, ചൂഷകന്മാരിൽ നിന്ന് അദ്ധ്വാനിക്കുന്നവർക്കുവേണ്ടി, റഷ്യയെ നമ്മൾ നേടിക്കഴിഞ്ഞിരിക്കുന്നുവെന്നു ബോൾഷെവിക്കു പാർട്ടിക്കാരായ നമ്മൾ റഷ്യാക്കാർക്കു ബോദ്ധ്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു.

1.28സോഷ്യലിസത്തിലൂടെ കമ്മ്യൂണിസത്തിലേക്ക്

ഒരുകാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. മുതലാളിത്തഭരണത്തെ തട്ടിത്തകർത്ത നിമിഷത്തിൽത്തന്നെ വർഗരഹിതമായ കമ്യൂണിസ്റ്റ് സമുദായം ആവിർഭവിക്കുകയുണ്ടായില്ല; അത് സാദ്ധ്യവുമല്ല. പഴയ സമുദായ ഘടന ഇട്ടേച്ചുപോയ ഭൗതികവും ആശയപരവുമായ അവശിഷ്ടങ്ങളെ പാടേ തുടച്ചുനീക്കിയാൽ മാത്രമേ പുതിയ സമുദായഘടന വിജയിക്കുകയുള്ളൂ. അതുകൊണ്ടത്രേ മുതലാളിത്തത്തിനും കമ്യൂണിസത്തിനുമിടയിൽ തൊഴിലാളി സർവാധിപത്യമെന്ന ഒരിടക്കാലഘട്ടം അനിവാര്യമാണെന്ന് മാർക്സിസ്റ്റ് നേതാക്കന്മാർ ഊന്നിപറഞ്ഞത്. മുതലാളിത്തത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ എല്ലാ പിന്തിരിപ്പൻ ശക്തികളേയും ബലം പ്രയോഗിച്ചമർത്തുക; ഭൂരിപക്ഷക്കാരായ സാധുകൃഷിക്കാരുമായി സൗഹാർദ്ദബന്ധത്തിലേർപ്പെട്ടുകൊണ്ട് പട്ടണങ്ങളിൽ നിന്നും ഉൾനാടുകളിൽനിന്നും മുതലാളിത്തത്തിന്റെ അവശിഷ്ടങ്ങളെ പരിപൂർണ്ണമായി നശിപ്പിക്കുക; നിലം, ഫാക്ടറി, റയിൽവെ, ബാങ്ക് മുതലായ ഉല്പാദനോപകരണങ്ങളെ ലാഭക്കൊതിയന്മാരായ മുതലാളികളുടെ കയ്യിൽനിന്ന് പിടിച്ചെടുത്ത് പൊതുവുടമയിൻ കീഴിലാക്കുക; യന്ത്രോപകരണങ്ങളുടെ സഹായത്തോടുകൂടി വലിയനിലയിൽ കൂട്ടുകൃഷിയേർപ്പെടുത്തുക; ജനങ്ങളുടെ ജീവിതത്തോതുയർത്താനുതകുന്ന വിധത്തിൽ ഉൽപാദനങ്ങളെ മേൽക്കുമേൽ വർദ്ധിപ്പിക്കുക; പുതിയ സാമൂഹ്യഘടനയ്ക്കൊത്തമട്ടിൽ ജനങ്ങൾക്കു വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പരിശീലനങ്ങൾ നൽകുക; ചുരുക്കത്തിൽ കമ്യൂണിസ്റ്റ് സാമൂഹ്യവ്യവസ്ഥയ്ക്കുള്ള പൂർവോപാധികൾ സൃഷ്ടിക്കുക —ഇവയൊക്കെയാണ് തൊഴിലാളി സർവാധിപത്യം നിർവഹിക്കുന്ന പ്രവൃത്തികൾ.

തൊഴിലാളി സർവാധിപത്യമെന്നത് കമ്യൂണിസ്റ്റ് വിരോധികളാക്ഷേപിക്കാറുള്ളതുപോലെ, ഒരു ചെറിയ ‘ക്ലിക്കി’ന്റെയോ സ്വേച്ഛാധികാര പ്രമത്തരായ ഒരുപിടി കമ്യൂണിസ്റ്റുകാരുടെയോ ഭരണമല്ല. ഏറ്റവും വിപുലമായ തോതിൽ ഏറ്റവുമധികം ജനങ്ങൾക്കു സജീവമായി പങ്കെടുക്കാൻ കഴിയുന്നതും ഏറ്റവുമധികം ജനങ്ങളുടെ പരിപൂർണവിശ്വാസമർഹിക്കുന്നതുമായ ഒരു ഭരണവ്യവസ്ഥയാണത്. ‘ഓരോ വെപ്പുകാരി പെണ്ണും ഭരണയന്ത്രം തിരിക്കാൻ പഠിക്കണ’മെന്ന് ലെനിൻ പ്രഖ്യാപിച്ചത് വെറുതേയല്ല. പക്ഷേ, ഒരു കാര്യം ശരിയാണ്; അദ്ധ്വാനിക്കുന്നവരുടേതായ ആ ഭരണവ്യവസ്ഥയിൽ ചൂഷകവർഗക്കാരായ ജന്മി മുതലാളികൾക്ക് സ്ഥാനമില്ല. അവർ അടിച്ചമർത്തപ്പെടുന്നു; അവരുടെ അവശേഷങ്ങൾ നിർദ്ദയം തുടച്ചുനീക്കപ്പെടുന്നു. ന്യൂനപക്ഷക്കാർ ഭൂരിപക്ഷക്കാരുടെ മേൽ നടത്തുന്ന സ്വേച്ഛാധിപത്യത്തിന്റെ സ്ഥാനത്ത് ബഹുഭൂരിപക്ഷക്കാർ ഒരു ചെറുന്യൂനപക്ഷത്തിന്റെ മേൽ നടത്തുന്ന സർവ്വാധിപത്യം ഇങ്ങനെയാണ് റഷ്യയിൽ സ്ഥാപിതമായത്.

1917-ലെ വിപ്ലവത്തെത്തുടർന്നുകൊണ്ട് റഷ്യയിൽ ഒരു സുസംഘടിതമായ തൊഴിലാളി സർവാധിപത്യം സ്ഥാപിതമായിരുന്നില്ലെങ്കിൽ, രാജ്യത്തിലെ മുഴുവൻ ജനങ്ങളുടേയും സർവതോമുഖമായ സ്വാതന്ത്ര്യങ്ങളെ കാത്തുരക്ഷിക്കുന്നതും ലോകത്തിലെ മറ്റേത് ഭരണവ്യവസ്ഥയേക്കാളുമേറെ ജനാധിപത്യപരവുമായ സ്റ്റാലിൻ ഭരണഘടന (1936ലെ പുതിയ ഭരണഘടന) നിലവിൽ വരുമായിരുന്നില്ല. മർദ്ദകവർഗക്കാരുടെ സ്വാതന്ത്ര്യങ്ങളെ തകർത്ത് നശിപ്പിക്കാനുതകുന്ന ഒരു ഉറച്ചനയം കൈക്കൊണ്ടിരുന്നെങ്കിൽ മർദ്ദകനും മർദ്ദിതനുമില്ലാത്ത സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുവാൻ സോവിയറ്റ് ജനതയ്ക്ക് സാധ്യമാകുമായിരുന്നില്ല; സോവിയറ്റ് ജനത വർഗരഹിതമായ കമ്യൂണിസ്റ്റ് സമുദായത്തിലേക്ക് പ്രവേശിക്കുവാൻ തുടങ്ങുകയായി എന്ന് 1939ൽ പ്രഖ്യാപിക്കുവാൻ സഖാവ് മോളട്ടോവിന് സാധിക്കുമായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആഘാതങ്ങളേറ്റ് ലോകത്തിലെ മുതലാളിരാഷ്ട്രങ്ങൾ ഒന്നിനുമേലൊന്നായി തകർന്നു തവിടുപൊടിയായിക്കൊണ്ടിരുന്നപ്പോൾ യാതൊരു പതറിച്ചയും കൂടാതെ സ്വതന്ത്രങ്ങളായ വ്യത്യസ്ത ദേശീയ ജനവിഭാഗങ്ങളെ ഒരഭികാമ്യമായ സൗഹാർദ്ദബന്ധത്തിലിണക്കിച്ചേർത്തുകൊണ്ട് അധികമധികം ശക്തിപ്പെടുവാനും ഭൂലോകത്തെ മുഴുവൻ ചുടലക്കളമാക്കി മാറ്റാനൊരുമ്പെട്ട ഫാസിസ്റ്റ് പിശാചുക്കളോടു പടവെട്ടി വിജയിക്കുവാനും സോവിയറ്റ് യൂണിയന് കഴിയുമായിരുന്നില്ല.

സ്വന്തം സുഖസൗകര്യങ്ങൾക്കുവേണ്ടി സ്വത്ത് സമ്പാദിക്കാനും വിദ്യാഭ്യാസവും സംസ്കാരവും നേടാനും മേൽക്കുമേൽ അഭിവൃദ്ധിപ്പെടാനും സോവിയറ്റ് യൂണിയനിലെ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. ഒരു സ്വാതന്ത്ര്യം മാത്രമില്ല —ഉൽപാദനോപകരണങ്ങളെ സ്വകാര്യസ്വത്താക്കി വെച്ചുകൊണ്ട് മറ്റുള്ളവരുടെ അദ്ധ്വാനഫലത്തെ ചൂഷണം ചെയ്തു ലാഭമടിക്കാനുള്ള സ്വാതന്ത്ര്യം. മടിയന്മാരുടെയും തട്ടിപ്പറിക്കാരുടെയും സ്വാതന്ത്ര്യമല്ല അദ്ധ്വാനിക്കുന്നവരുടേയും മര്യാദക്കാരുടെയും സ്വാതന്ത്ര്യമാണ് സോവിയറ്റ് യൂണിയനിലുള്ളത്. ആയിരമായിരം കൊല്ലങ്ങളായി ചരിത്രത്തിന്റെ ഏടുകളിൽ ഇടവിടാതെ ചോര പുരട്ടിക്കൊണ്ടുവന്ന വർഗസംഘടനകളെ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുകയും വർഗരഹിതമായ ഒരു പുതിയ സമുദായത്തിലേക്കു പ്രവേശിക്കാൻ ജനങ്ങൾക്കു സൗകര്യമുണ്ടാക്കിക്കൊടുക്കുകയുമാണ് സോവിയറ്റ് യൂണിയൻ ചെയ്തത്. യജമാനനും, അടിമയും, നാടുവാഴിയും, അടിയാളനും, മുതലാളിയും, തൊഴിലാളിയും, ചുരുക്കത്തിൽ, മർദ്ദിതനും, മർദ്ദിതനുമില്ലാത്ത ഈ പുതിയ സമുദായത്തിൽ എല്ലാർക്കും സമത്വമുണ്ട്, സൗഭ്രാത്രമുണ്ട്. പരസ്പരം സഹകരിച്ചുകൊണ്ടും സ്നേഹിച്ചുകൊണ്ടും ഉൽപാദനത്തേയും സംസ്കാരത്തേയും കൂടുതൽ വികസിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്. അതുകൊണ്ടത്രേ വിശ്വമഹാകവി രവീന്ദ്രനാഥടാഗോർ 1938ൽ മോസ്കോവിൽവെച്ചു ചെയ്ത ഒരു പ്രസംഗത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചത്:

‘ആധുനിക സംസ്കാരത്തിൻകീഴിൽ മനുഷ്യന്റെ വ്യക്തിത്വം സമുദായത്തിൽ നിന്നും വേറിട്ടുകൊണ്ട് ഒരുതരം കൂട്ടിനുള്ളിൽ കഴിച്ചുകൂട്ടുന്നതുപോലെ കാണപ്പെടുന്നു. ഈ ദുസ്ഥിതിയെ നിങ്ങളുടെ രാജ്യത്തിൽനിന്നു നിങ്ങൾ നീക്കം ചെയ്തു കഴിഞ്ഞിരിക്കുന്നു. വ്യക്തിക്ക് ഒരു പൂർണമായ ജീവിതവും തികഞ്ഞ വിദ്യാഭ്യാസവും ഉണ്ടാവണമെന്നുള്ള എന്റെ സ്വന്തം സ്വപ്നവും നിങ്ങളുടെ ആശയങ്ങളും മിക്കവാറും ഒരുപോലെയുള്ളവയാണ്. നിങ്ങളുടെ നാട്ടിൽ വ്യക്തിക്ക് ശാസ്ത്രീയവിദ്യാഭ്യാസം നൽകുക മാത്രമല്ല നിങ്ങൾ ചെയ്യുന്നുള്ളൂ; നിങ്ങളവനെ ക്രിയാത്മകത്വം നിറഞ്ഞ ഒരു വ്യക്തിയാക്കിത്തീർക്കുകകൂടി ചെയ്യുന്നു. ഇപ്രകാരം മനുഷ്യസമുദായത്തിന്റെ ഏറ്റവും മഹത്തായ, ഏറ്റവും സമുന്നതമായ, സ്വപ്നത്തെ നിങ്ങൾ അനുഭവത്തിൽക്കൊണ്ടു വരികയാണ്’.

സാമൂഹ്യമായ ഉൽപാദനവും വ്യക്തിപരമായ ഉടമസ്ഥാവകാശവും തമ്മിലുള്ള വൈരുദ്ധ്യത്തേയും ഈ വൈരുദ്ധ്യത്തിന്റെ ഫലമായുണ്ടാവുന്ന മറ്റു കുഴപ്പങ്ങളേയും പരിഹരിക്കുക എന്നതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ചരിത്രപരമായ പങ്ക്. നിലം, ഖനികൾ, റെയിൽവെ, ഫാക്ടറി മുതലായ ഉൽപാദനോപകരണങ്ങളെ സ്വകാര്യ ഉടമാവകാശികളിൽ നിന്നു പിടിച്ചെടുത്തു പൊതുവുടമയിൻകീഴിൽ പുനഃസംഘടിപ്പിച്ചാൽമാത്രമേ ഉൽപാദന വിതരണങ്ങളിലുള്ള കിടമത്സരങ്ങളേയും അരാജകത്വങ്ങളേയും അവസാനിപ്പിക്കാൻ കഴിയുകയുള്ളൂ. ഉൽപാദനോപകരണങ്ങൾ സമുദായത്തിന്റെ പൊതുസ്വത്തായിത്തീർന്നാൽ മാത്രമേ ഉൽപാദനത്തിൽ സാമൂഹ്യമായ നിയന്ത്രണം ചെലുത്താനും ദേശവ്യാപകമായ തോതിൽ നിശ്ചിതപ്ലാനുകളനുസരിച്ച് ഉൽപാദനശക്തികളെ അനിയന്ത്രിതമാംവണ്ണം വളർത്തുവാനും സാധിക്കുകയുള്ളൂ. ഈ തത്വം തികച്ചും അംഗീകരിച്ചതുകൊണ്ടാണ് സാമ്പത്തികമായും സാംസ്കാരികമായും അധഃപതിച്ചുകിടന്നിരുന്ന റഷ്യ ഒരു കാൽനൂറ്റാണ്ടുകാലം കൊണ്ട് ലോകത്തിലെ ഏറ്റവും മുന്നണിയിലുള്ള വ്യവസായ രാജ്യങ്ങളോടുപോലും കിടനിൽക്കുന്ന ഇന്നത്തെ സോവിയറ്റു യൂണിയനായി മാറിയത്.

ഏതാണ്ട് ഇന്നത്തെ ഇന്ത്യയെപ്പോലെ ഏറ്റവും പിന്നണിയിൽ കിടന്നിരുന്ന ഒരു രാജ്യമായിരുന്നു സാറിസ്റ്റ് റഷ്യ. 1913ൽ ലെനിൻ എഴുതുകയുണ്ടായി: ‘ദാരിദ്ര്യവിവശരും അപരിഷ്കൃതവുമായ റഷ്യ ഇപ്പോഴും അവിശ്വസനീയവും എങ്ങും കേട്ടിട്ടില്ലാത്തതുമായ അത്ര പിന്നണിയിലുള്ള ഒരു രാജ്യമാണ്. ഇന്നു റഷ്യയിലുള്ള നവീനോല്പാദനോപകരണങ്ങൾ ഇംഗ്ലണ്ടിലുള്ളതിന്റെ നാലിലൊന്നും ജർമനിയിലുള്ളതിന്റെ അഞ്ചിലൊന്നും അമേരിക്കയിലുള്ളതിന്റെ പത്തിലൊന്നും മാത്രമാണ്.’ ഈ ദയനീയ നില വ്യക്തമാക്കിയതിനുശേഷം അദ്ദേഹം തന്റെ വിരൽ ജന്മി മുതലാളിവർഗക്കാരുടെ നേർക്കു ചൂണ്ടി. ‘അവർ തങ്ങളുടെ മർദ്ദനം വഴി ആകെയുള്ള ജനങ്ങളുടെ ആറിൽ അഞ്ചുഭാഗത്തേയും ദാരിദ്ര്യത്തിന്നിരയാക്കുന്നു; രാജ്യത്തെ മുഴുവനും വളർച്ചമുട്ടിയ ഒരവസ്ഥയിലേക്കും അധഃപതനത്തിലേക്കും പിടിച്ചുതളളുന്നു’. ഒന്നാംലോക മഹായുദ്ധവും അതിനെത്തുടർന്നുണ്ടായ ആഭ്യന്തരകലഹവും സാമ്രാജ്യശക്തികളുടെ ഇടങ്കോലിടൽ യുദ്ധവും റഷ്യയുടെ ഈ അധഃപതിച്ച സാമ്പത്തികക്രമത്തെ കൂടുതൽ താറുമാറാക്കിത്തീർത്തു. രാജ്യത്തിലങ്ങോളമിങ്ങോളം പട്ടിണിയും പകർച്ചവ്യാധികളും ക്ഷാമങ്ങളും നടമാടാൻ തുടങ്ങി. സാറിസ്റ്റ് താന്തോന്നിത്ത ഭരണത്തിന്റെ പൈതൃകമായ ഈയൊരു പരിതഃസ്ഥിതിയിലാണ് ലെനിന്റെയും സ്റ്റാലിന്റെയും നേതൃത്വത്തിലുള്ള ബോൾഷെവിക്കു പാർട്ടി 17 കോടി ജനങ്ങളെ സോഷ്യലിസത്തിലേക്കു നയിക്കാൻ മുതിർന്നത്.

സോഷ്യലിസ്റ്റ് ഘടന ഫലപ്രദമായി കെട്ടിപ്പടുക്കണമെങ്കിൽ ജനകീയ നിയന്ത്രണത്തിലായിക്കഴിഞ്ഞ ഉൽപാദന വ്യവസ്ഥയെ മേൽക്കുമേൽ അഭിവൃദ്ധിപ്പെടുത്തിയേ മതിയാവൂ എന്നു സോവിയറ്റു നേതാക്കന്മാർ മനസിലാക്കി. വൻകിട യന്ത്രങ്ങളുപയോഗിച്ച് വ്യവസായവും കൃഷിയും പൂർവ്വാധികം വളർത്താൻ വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും അവർ ചെയ്യാൻ തുടങ്ങി. വൻകിട വ്യവസായങ്ങളുടെ അടിസ്ഥാനമെന്ന നിലയ്ക്ക് ആദ്യമായി വിദ്യുച്ഛക്തി നിർമാണം പ്രോത്സാഹിപ്പിക്കപ്പെട്ടു. അങ്ങനെ 1928 ആകുമ്പോഴേക്കും ഒന്നാം പഞ്ചവത്സരപദ്ധതി നടപ്പിൽ വരുത്താനുള്ള പരിതഃസ്ഥിതിയുളവായി. പഞ്ചവത്സരപദ്ധതിയെന്നതു ജനങ്ങളുടെ തലയിൽ ബലാൽക്കാരമായി ഗവണ്മെൻറ് വെച്ചുകെട്ടുന്ന ഒരു ഏർപ്പാടല്ല. നേരെമറിച്ച് മുഴുവൻ ജനങ്ങളും രാജ്യത്തിന്റെ പൊതുവിലുള്ള പുരോഗതിക്കുവേണ്ടി, എന്നുവെച്ചാൽ സോഷ്യലിസം കെട്ടിപ്പടുക്കാൻ വേണ്ടി, സ്വേച്ഛയാ ഒന്നിച്ചുചേർന്നു രൂപവൽക്കരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്ന ഒരു പദ്ധതിയാണിത്. 1929ൽ ‘പ്രവദ’ രേഖപ്പെടുത്തി: ‘തൊഴിലാളിവർഗം മുതലാളി വർഗത്തിനെതിരായി നടത്തുന്ന ആക്രമണത്തിന്റെ ഒരു പ്രധാനഭാഗമാണ് പഞ്ചവത്സരപദ്ധതി. മുതലാളിത്തത്തിന്റെ സ്ഥിരീകരണപരിശ്രമങ്ങളുടെ അടി തുരക്കാൻ മുതിരുന്ന പദ്ധതിയാണിത്.’ അതേ കൊല്ലത്തിൽ തന്നെയാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത് —നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന റഷ്യയുടെ പിന്നോക്കം നിൽക്കലിനെ പിന്നിട്ടുകൊണ്ട് നമ്മൾ തികഞ്ഞ ഊക്കോടുകൂടി, വ്യവസായവൽക്കരണത്തിലൂടെ സോഷ്യലിസത്തിലേക്ക് പോവുകയാണ്. നമ്മുടെ നാടു ലോഹങ്ങളുടെയും മോട്ടർ വണ്ടികളുടെയും ട്രാക്ടർ യന്ത്രങ്ങളുടെയും ഒരു നാടായിത്തീരുകയാണ്. സോവിയറ്റ് യൂണിയനെ ഒരു മോട്ടോർ കാറിലും മുഷിക്കിനെ (റഷ്യൻ കൃഷിക്കാരൻ) ഒരു ട്രാക്ടർ യന്ത്രത്തിലും നമ്മൾ കയറ്റിയിരുത്തുമ്പോൾ, തങ്ങളുടെ സംസ്കാരം വളരെ മെച്ചപ്പെട്ടതാണെന്ന് മേനിപൂണ്ടിരിക്കുന്ന അഭിവന്ദ്യരായ മുതലാളികൾ നമ്മുടെ ഒപ്പമെത്താനൊന്നു ശ്രമിച്ചുനോക്കട്ടെ. ഏതു രാജ്യത്തെ പിന്നണിയിലുള്ളതായി കണക്കാക്കണമെന്നും നമുക്കു കാണാനിരിക്കുന്നു.

സഖാവ് സ്റ്റാലിന്റെ ഈ ആത്മവിശ്വാസം യാഥാർത്ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നുവെന്ന് സോവിയറ്റ് വ്യവസ്ഥയുടെ സർവതോമുഖമായ പുരോഗതി അസന്ദിഗ്ദ്ധമാംവണ്ണം തെളിയിച്ചിരിക്കുന്നു.

ഒന്നാം പഞ്ചവത്സരപദ്ധതിക്കു ശേഷം രണ്ടാം പഞ്ചവത്സരപദ്ധതിയും അതിനെത്തുടർന്നു മൂന്നാം പഞ്ചവത്സര പദ്ധതിയും അവതരിപ്പിക്കപ്പെട്ടു. ഈ കാലത്തിനിടയ്ക്ക് സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വ്യവസായങ്ങളും കൂട്ടുകൃഷി വ്യവസ്ഥയും മുതലാളി ലോകത്തെ അമ്പരപ്പിക്കത്തക്കവണ്ണം അത്രയേറെ അഭിവൃദ്ധിപ്പെട്ടു. 1939 ആയപ്പോഴേക്കും സോവിയറ്റ് യൂണിയന്റെ ഉല്പാദവ്യവസ്ഥ മറ്റു രാജ്യങ്ങളുടേതിനെ അപേക്ഷിച്ച് എത്ര മേന്മ കൂടിയതായിത്തീർന്നുവെന്നു സഖാവ് സ്റ്റാലിൻ ഉദ്ധരിക്കുന്ന ഈ കണക്കുകൾ വ്യക്തമാക്കുന്നു.

വിവിധ രാജ്യങ്ങളുടെ വ്യാവസായികോൽപാദനം (1929ൽ 100 ആണെങ്കിൽ).
1934 1935 1936 1937 1938
അമേരിക്ക 66.4 75.6 88.1 92.2 72.0
ബ്രിട്ടൻ 98.8 105.8 115.9 123.7 12.0
ഫ്രാൻസ് 71.0 67.4 79.3 82.8 70.0
ഇറ്റലി 80.0 93.8 87.5 99.6 796.0
ജർമനി 79.8 94.0 106.3 117.2 125.0
ജപ്പാൻ 128.7 141.8 151.1 170.8 165.0
സോവിയറ്റ് യൂണിയൻ 238.3 293.4 382.3 424.0 477.2

മേലുദ്ധരിച്ച കണക്കുകൾ വിളിച്ചു പറയുന്നതുപോലെ മുതലാളി രാജ്യങ്ങളിൽ ക്ഷയോന്മുഖമായ ഒരു ഉൽപാദന വ്യവസ്ഥയും നേരെമറിച്ച് സോവിയറ്റ് യൂണിയനിൽ ക്രമപ്രവൃദ്ധമായി വികസിച്ചുവരുന്ന ഒരു ഉൽപാദനവ്യവസ്ഥയുമാണുള്ളത്. മുതലാളി രാജ്യങ്ങളിലെങ്ങും പട്ടിണിയും തൊഴിലില്ലായ്മയും സാമ്പത്തികക്കുഴപ്പങ്ങളും പരന്നു പിടിക്കുകയും ജർമനി, ജപ്പാൻ തുടങ്ങിയ ചില മുതലാളി രാഷ്ട്രങ്ങൾ മുതലാളിത്തത്തെ നിലനിർത്താൻ മറ്റു മാർഗങ്ങളൊന്നും കാണാതെ പൈശാചികമായ ഫാസിസ്റ്റ് രൂപം കൈക്കൊണ്ടു ബഹുഭൂരിപക്ഷക്കാരുടെ മേലുള്ള മർദ്ദനങ്ങളെ മൂർദ്ധന്യദശയിലെത്തിക്കയും ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് സോവിയറ്റ് യൂണിയൻ മാത്രം ഇങ്ങനെ മേൽക്കുമേൽ അഭിവൃദ്ധിപ്പെട്ടുവന്നത് എന്നു കൂടി ആലോചിച്ചു നോക്കുമ്പോൾ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മേന്മ തികച്ചും വെളിപ്പെടുന്നതാണ്.

ഇങ്ങനെ സോവിയറ്റു ജനത തങ്ങളുടെ ജീവിതത്തിന്റെ നാനാതുറകളിലും അത്ഭുതാവഹമായ അഭിവൃദ്ധി നേടിക്കൊണ്ടിരുന്ന ഒരു ഘട്ടത്തിലാണ് 1941 ജൂൺ മാസത്തിൽ പുരോഗതിയുടെ ശത്രുക്കളായ ഫാസിസ്റ്റ് ചെന്നായ്ക്കൾ അവരെ പെട്ടെന്ന് കടന്നാക്രമിച്ചത്. ഒരു ഭാഗത്തു ലോകത്തെ മുഴുവൻ അടിമത്തത്തിലേക്കും അന്ധകാരത്തിലേക്കും പിടിച്ചുതള്ളുവാനൊരുമ്പെട്ട പിന്തിരിപ്പൻ ശക്തികളും, മറുഭാഗത്ത് ലോകസ്വാതന്ത്ര്യത്തേയും ലോകജനാധിപത്യത്തേയും കാത്തുരക്ഷിക്കാനുറച്ചിറങ്ങിയ പുരോഗമനശക്തികളും തമ്മിൽ നടത്തിയ ഭൗഗോളികമായ ജീവന്മരണ യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ വഹിച്ച ആവേശജനകമായ പങ്ക് എല്ലാ പുരോഗമനകാംക്ഷികളുടെയും ശ്രദ്ധയെ ആകർഷിച്ചുകഴിഞ്ഞിട്ടുണ്ട്. ഫാസിസ്റ്റുകാരേയും പിന്തിരിപ്പന്മാരായ മറ്റു സാമ്രാജ്യവാദികളേയും എതിർത്തു തോൽപ്പിച്ചുകൊണ്ട് ഒരു അജയ്യ ശക്തിയായി വിളങ്ങുന്ന സോവിയറ്റ് യൂണിയൻ ലോകത്തിലെങ്ങുമുള്ള അടിമകൾക്കും മർദ്ദിതർക്കും സ്വാതന്ത്ര്യത്തിലേക്കു വഴി കാണിച്ചുകൊടുക്കുന്നതെങ്ങനെയെന്ന് അധികമധികം ആളുകൾക്ക് മനസിലാകാൻ തുടങ്ങിയിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ വിജയം സോഷ്യലിസത്തിന്റെ വിജയമാണെന്നും സോഷ്യലിസ്റ്റ് സാമൂഹ്യഘടന മറ്റേതു സാമൂഹ്യഘടനയേക്കാളും മേന്മകൂടിയതാണെന്നും ഗ്രഹിച്ചുകഴിഞ്ഞ ജനങ്ങൾ സോവിയറ്റിന്റെ ശക്തിയുടെ അടിസ്ഥാനകാരണങ്ങളെന്തെന്ന് ആരായുവാനും സോവിയറ്റു ജനതയെ മുന്നോട്ടു നയിക്കുന്ന കമ്യൂണിസത്തിന്റെ തത്വങ്ങളെപ്പറ്റി പഠിക്കുവാനും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

യുദ്ധമവസാനിച്ചശേഷം മുതലാളിത്തവ്യവസ്ഥ കൂടുതൽ തകരുകയാണ് ചെയ്തത്. നേരെമറിച്ച് സോവിയറ്റ് യൂണിയന്റെ പുരോഗതി വീണ്ടും തുടർന്നു. ഉല്പാദനം വീണ്ടും അഭിവൃദ്ധിപ്പെട്ടു. 1952 ആയപ്പോഴേക്കും വ്യവസായത്തിന്റെ ഉൽപാദനസൗകര്യങ്ങൾ 1940നെ അപേക്ഷിച്ച് 77 ശതമാനം വർദ്ധിച്ചു. 1955 ആകുമ്പോഴേക്കും വ്യാവസായികോൽപാദനം 1940ലേതിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

വിപ്ലവം കഴിഞ്ഞ് 35 കൊല്ലങ്ങൾക്കിടയിൽ സോവിയറ്റ് യൂണിയനിലെ വ്യാവസായികോൽപാദനം 39 ശതമാനം കണ്ടുവർദ്ധിച്ചു. ഇത്രത്തോളം അഭിവൃദ്ധിയുണ്ടാവാൻ ബ്രിട്ടന് 162 കൊല്ലങ്ങൾ (1790 മുതൽ 1951 വരെ) വേണ്ടിവന്നു. ഫ്രാൻസിന്റെ വ്യാവസായികോൽപാദനം കഴിഞ്ഞ 90 കൊല്ലങ്ങൾക്കിടയിൽ അഞ്ചര ഇരട്ടി മാത്രമേ വർദ്ധിച്ചിട്ടുള്ളൂ. കഴിഞ്ഞ 35 കൊല്ലങ്ങൾക്കിടയിൽ അമേരിക്കയുടെ വ്യാവസായികോൽപാദനം രണ്ടര ഇരട്ടി മാത്രമാണ് വർദ്ധിച്ചത്.

വ്യവസായം മാത്രമല്ല, കൃഷിയും അഭിവൃദ്ധിപ്പെട്ടു. 1952ൽ ആകെയുള്ള വിളഭൂമി യുദ്ധത്തിനു മുമ്പിലുണ്ടായിരുന്നതിനേക്കാൾ 53,00,000 ഹെക്ടർ കൂടുതലാണ്. സോവിയറ്റ് യൂണിയനിലെ 19-ാം പാർട്ടി കോൺഗ്രസിൽ വെച്ച് സഖാവ് ജി. എം. മാലെങ്കോവ് പ്രഖ്യാപിച്ചു. ‘ഇക്കൊല്ലം 1952ൽ മൊത്ത ധാന്യവിളവ് 800 കോടി പൂഡാണ്. ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യധാന്യമായ ഗോതമ്പിന്റെ മൊത്തവിളവ് 1940നേക്കാൾ 48 ശതമാനം കൂടുതലാണ്’.

മുതലാളിത്തരാജ്യങ്ങളിൽ ഉല്പാദനം വർദ്ധിപ്പിച്ചാൽ മുതലാളികൾക്കു മാത്രമാണ് മെച്ചം. മർദ്ദിതരായ തൊഴിലാളികളുടെയും മറ്റു ബഹുജനങ്ങളുടെയും ദയനീയ ജീവിതം കൂടുതൽ ക്ലേശപരികീർണമായിത്തീരുകയാണ് ചെയ്യുന്നത്. എന്നാൽ, സോവിയറ്റ് യൂണിയനിലോ? അവിടെ ഉൽപന്നങ്ങളത്രയും ജനങ്ങളുടെ സ്വത്താണ്; മർദ്ദകവർഗക്കാർ നിശേഷം നശിച്ചു കഴിഞ്ഞിരിക്കുന്നു:

സോവിയറ്റ് യൂണിയനിൽ ഒരുപിടി മുതലാളികളുടെ ലാഭത്തെ അടിസ്ഥാനപ്പെടുത്തിയല്ല, എല്ലാം ദേശീയജനവിഭാഗങ്ങളിലുംപെട്ട മുഴുവൻ ജനങ്ങൾക്കും —കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും —മേൽക്കുമേൽ സുഖവും സംതൃപ്തിയുമുണ്ടാകത്തക്കവിധത്തിലാണ് ഉല്പാദനവിതരണങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഉൽപാദനോപകരണങ്ങൾ പൊതു സ്വത്തായതുകൊണ്ട് ഉൽപാദനത്തെ ജനങ്ങളുടെ നന്മയ്ക്കുതകുന്ന മട്ടിൽ ബോധപൂർവം സംഘടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള സാദ്ധ്യതകൾ ഉളവായിരിക്കുന്നു. സാമൂഹ്യമായ ഉൽപാദനവും വ്യക്തിപരമായ ഉടമാവകാശവും തമ്മിലുള്ള വൈരുദ്ധ്യം അവസാനിച്ചതുകൊണ്ട്, ലാഭത്തിനുവേണ്ടിയുള്ള മർദ്ദനങ്ങളും മാർക്കറ്റിനുവേണ്ടിയുള്ള മത്സരങ്ങളും സാമൂഹ്യഘടനയെ താറുമാറാക്കുന്ന സാമ്പത്തിക കുഴപ്പങ്ങളും കടങ്കഥകളായി പരിണമിച്ചിരിക്കുന്നു. തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ആഘാതങ്ങളേൽക്കാതെ, ഓരോ വ്യക്തിക്കും വളരാനും വികസിക്കാനുമുള്ള പരിതഃസ്ഥിതികൾ കരഗതമായിക്കഴിഞ്ഞിരിക്കുന്നു. പണിയെടുക്കാനുള്ള അവകാശം വയസുകാലത്തും രോഗബാധിതരാകുമ്പോഴും പെൻഷനും മറ്റു സംരക്ഷണങ്ങളും ലഭിക്കാനുള്ള അവകാശം —ഈ അവകാശങ്ങളും ഇവയെ കാത്തുരക്ഷിക്കാനുതകുന്ന ഉപാധികളും ഓരോ സോവിയറ്റു പൗരനേയും അനുഗ്രഹിക്കുന്നു.

വയറിന്റെ വിശപ്പുമാത്രം തീർന്നാൽ പോരാ, മനസിന്റെ വിശപ്പും തീരണമെന്നു ചില കാരണവന്മാർ ഉപദേശിക്കാറുണ്ട്. ശരിയാണ്, രണ്ടും തീരണം. പക്ഷേ, അതു തീർക്കാനുള്ള സൗകര്യങ്ങൾ മറ്റേതൊരു സമുദായത്തേക്കാളുമധികം സോഷ്യലിസ്റ്റു സമുദായത്തിലാണുള്ളതെന്നു കണ്ണുള്ളവർക്കൊക്കെ കാണാൻ കഴിയും. മാക്സിം ഗോർക്കി എഴുതുകയുണ്ടായി: ‘യഥാർത്ഥ സംസ്കാരത്തിലെ ഉദ്ദേശ്യവും പ്രാധാന്യവും, ബുദ്ധിയുടെ വികാസവും ഈട്ടം കൂടുതലുമാണെന്ന വെറും യാഥാർത്ഥ്യത്തിലെത്തിച്ചേരാൻ മുതലാളിത്തത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല; ഇനിയൊട്ടും കഴിയുകയുമില്ല. ഈ ബുദ്ധിശക്തി നിർബാധം വികസിക്കുകയും അങ്ങനെ പ്രകൃതി ശക്തികളേയും പ്രകൃതിയുടെ സമ്മാനങ്ങളേയും കൂടുതൽ വേഗത്തിൽ ഉപയോഗപ്പെടുത്താൻ മനുഷ്യസമുദായത്തെ സഹായിക്കുകയും ചെയ്യണമെങ്കിൽ മുതലാളികളുടെയും കൊള്ളക്കാരുടെയും അദ്ധ്വാനിക്കുന്ന മനുഷ്യസമുദായത്തിന്റെ മേൽ പറ്റിക്കൂടുന്ന ഇത്തിക്കണ്ണികളുടെയും ദുരപിടിച്ച താൽപര്യങ്ങളെ ദാസ്യവേല ചെയ്യുന്ന ബുദ്ധിശൂന്യവും അരാജകത്വപൂർണവുമായ മുഷിപ്പത്തങ്ങളിൽ നിന്ന് ‘ശാരീരികശക്തിയെ അങ്ങേയറ്റം മോചിപ്പിക്കേണ്ടതാവശ്യമാണ്’.

അപ്പോൾ, മനുഷ്യന്റെ സാംസ്കാരികാഭിവൃദ്ധിക്ക് ഭൗതികാഭിവൃദ്ധി കൂടിയേ കഴിയൂ. ഈ യാഥാർത്ഥ്യം വേണ്ടപോലെ മനസിലാക്കിയതുകൊണ്ടാണ് സോഷ്യലിസ്റ്റു നിർമാണത്തിൽ ഉൽപാദനാഭിവൃദ്ധിയോടൊപ്പം സാംസ്കാരികാഭിവൃദ്ധിയും കൈവരുത്തുവാൻ സോവിയറ്റു ജനതയ്ക്കു സാദ്ധ്യമായിത്തീർന്നത്.

വെറും മുപ്പത്തഞ്ചു കൊല്ലത്തിനുള്ളിൽ സോവിയറ്റ് യൂണിയൻ നേടിക്കഴിഞ്ഞ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതി ഏതു മനുഷ്യസ്നേഹിയേയും ആകർഷിക്കാതിരിക്കില്ല. കാടന്മാരും അപരിഷ്കൃതരും അന്ധവിശ്വാസികളുമായി കഴിഞ്ഞുകൂടിയിരുന്ന മദ്ധ്യേഷ്യൻ നിവാസികളുടെ ഇടയിൽ നിന്നു വിശ്വസാഹിത്യകാരന്മാരും വിഖ്യാതശാസ്ത്രജ്ഞന്മാരും ലോകത്തിലെങ്ങുമുള്ള മർദ്ദിത ജനങ്ങളെ, പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ അയൽനാട്ടുകാരായ ഭാരതീയരെ ആവേശം കൊള്ളിക്കാതിരിക്കയില്ല. വിദ്യാഭ്യാസത്തിന്റെയും സാംസ്കാരികാഭിവൃദ്ധിയുടെയും കാര്യത്തിൽ ഇന്നു സോവിയറ്റു യൂണിയനെ കവച്ചുനിൽക്കാൻ കഴിയുന്ന യാതൊരു രാജ്യവുമില്ലെന്ന വാസ്തവം മുതലാളി നിരീക്ഷകന്മാർപോലും തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. മുതലാളി ലോകത്തിന്റെ ആത്മാവിനെ കരണ്ടുതിന്നുകൊണ്ടിരിക്കുന്ന ധാർമികാധഃപതനവും സാംസ്കാരികാരക്ഷതിയും കണ്ടു നെടുവീർപ്പിടുന്നവർ സോവിയറ്റു യൂണിയന്റെ നേർക്കൊന്നു കൺതുറന്നു നോക്കട്ടെ, സോഷ്യലിസം മനുഷ്യനെ നവ്യവും അഭികാമ്യവുമായ ഒരു സംസ്കാരസോപാനത്തിലേക്ക് ഉയർത്തുന്നതെങ്ങനെയെന്ന് അവർക്ക് മനസിലാവും.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഒരു ഭാഗത്ത് മുതലാളിത്തം കൂടുതൽ തകരുകയും ദ്രവിക്കുകയും ചെയ്തു. മറുഭാഗത്ത് സോഷ്യലിസത്തിന്റെ ശക്തികൾ കൂടുതൽ വളരുകയും പുരോഗമിക്കുകയും ചെയ്തു. ചെക്കോസ്ലോവാക്കിയ, പോളണ്ട്, അൽബേനിയ, ചൈന തുടങ്ങിയ ഒരു ഡസനോളം രാജ്യങ്ങൾ മർദ്ദകവർഗ്ഗക്കാരുടെ ഇരുമ്പു പിടുത്തത്തിൽ നിന്നു മോചനം നേടി സോഷ്യലിസത്തിന്റെ പാതയിലൂടെ മുന്നേറാൻ തുടങ്ങി. സോവിയറ്റു യൂണിയനാകട്ടെ, സോഷ്യലിസത്തിൽ നിന്നു കമ്യൂണിസത്തിലേക്ക് കാലെടുത്തുവെച്ചു.

ഒരേ സാമൂഹ്യ വ്യവസ്ഥയുടെ രണ്ടു ഘട്ടങ്ങളാണ് സോഷ്യലിസവും കമ്യൂണിസവും. ലെനിൻ ചൂണ്ടിക്കാണിക്കുന്നതുപോലെ, ‘ഒന്നാമത്തെ ഘട്ടത്തിൽ കമ്യൂണിസം സാമ്പത്തികമായും തികച്ചും വളർന്നു കഴിഞ്ഞിട്ടുണ്ടാവില്ല. മുതലാളിത്തത്തിന്റെ പാരമ്പര്യങ്ങളിൽ നിന്നോ അവശിഷ്ടങ്ങളിൽ നിന്നോ അതു പരിപൂർണമായ മോചനം നേടിക്കഴിഞ്ഞിട്ടുണ്ടാവില്ല’. കമ്യൂണിസത്തിലാകട്ടെ, മുതലാളിത്തത്തിന്റെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുനീക്കപ്പെടുകയും എല്ലാത്തരം വർഗവ്യത്യാസങ്ങളും നാമാവശേഷമാവുകയും ചെയ്തുകഴിഞ്ഞിട്ടുണ്ടാവും.

സോഷ്യലിസത്തിൽ അദ്ധ്വാനത്തിന്റെ തോതനുസരിച്ചാണ് പ്രതിഫലം ലഭിക്കുന്നതെങ്കിൽ കമ്യൂണിസത്തിൽ ‘ഓരോരുത്തനിൽ നിന്നും അവന്റെ കഴിവനുസരിച്ചു, ഓരോരുത്തനും അവന്റെ ആവശ്യമനുസരിച്ച്’ എന്ന തത്വമാണ് പ്രവർത്തിക്കുക. ഇതു പ്രായോഗികമാവണമെങ്കിൽ ഓരോ ആൾക്കും എന്തു വേണമെങ്കിലും ഇഷ്ടംപോലെ എടുത്തനുഭവിക്കാൻ കഴിയത്തക്കവണ്ണം ഉൽപാദനശക്തികൾ വളരേണ്ടതുണ്ട്. ശാസ്ത്രവും സംസ്കാരവും പൂർവാധികം അഭിവൃദ്ധിപ്പെടേണ്ടതുണ്ട്. സോഷ്യലിസത്തിൽ തന്നെ വ്യവസായവും കൃഷിയും സംസ്കാരവും അഭൂതപൂർവമായ തോതിൽ വളർന്നുകഴിഞ്ഞിട്ടുണ്ടെന്നുള്ളതു ശരിയാണ്. എങ്കിലും, ജനങ്ങളുടെ വിവിധങ്ങളും കൂടിക്കൂടി വരുന്നവയുമായ എല്ലാതരം ആവശ്യങ്ങളെയും അങ്ങേയറ്റം തൃപ്തിപ്പെടുത്താൻ കഴിയത്തക്കവണ്ണം ഉല്പാദനശക്തികൾ ഇനിയും വളരേണ്ടതുണ്ട്. കമ്യൂണിസത്തിൽ മേൽക്കുമേൽ പരിഷ്കരിക്കപ്പെടുന്ന സാങ്കേതികരീതികളുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ സമൃദ്ധി സുരക്ഷിതമായിത്തീരും. സർവതോമുഖമായ ആ സമൃദ്ധിയിലൂടെ മനുഷ്യനു തികച്ചും സ്വതന്ത്രനായിത്തീരാനുള്ള പരിതഃസ്ഥിതികൾ സൃഷ്ടിക്കപ്പെടും. പ്രകൃതിയുടെ മേൽ പരിപൂർണവിജയം നേടുന്ന മനുഷ്യത്വത്തിന്റെ മഹനീയതകൾ വിളംബരം ചെയ്യപ്പെടും.

സോഷ്യലിസം കെട്ടിപ്പടുക്കുന്ന കാര്യത്തിൽ പരിപൂർണമായി വിജയിച്ചുകഴിഞ്ഞ സോവിയറ്റു യൂണിയൻ വോൾഗാഡോൺ കനാൽ മുതലായ പദ്ധതികൾ വഴിയായി പ്രകൃതിയെയാകെ രൂപാന്തരപ്പെടുത്തിക്കൊണ്ടും വമ്പിച്ച ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളുപയോഗിച്ച് കൃഷിയും വ്യവസായവും മേൽക്കുമേൽ വികസിപ്പിച്ചുകൊണ്ടു ദേശീയ സാമ്പത്തിക വ്യവസ്ഥയിലെ എല്ലാ ശാഖകളേയും പരമാവധി വളർത്തിക്കൊണ്ടും രണ്ടാമത്തെ ഘട്ടത്തിലേക്ക്, കമ്യൂണിസത്തിലേക്ക് ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്.

വർഗങ്ങളും വർഗസംഘട്ടനങ്ങളുമില്ലാത്ത, മനുഷ്യൻ മനുഷ്യനെ മർദ്ദിക്കുകയെന്ന മൃഗീയതയ്ക്കു സ്ഥാനമില്ലാത്ത, കമ്യൂണിസ്റ്റ് സമുദായത്തിൽ സങ്കുചിതത്വങ്ങൾക്കും സ്വാർത്ഥതാൽപര്യങ്ങൾക്കും നീചതകൾക്കും വൃത്തികേടുകൾക്കും സ്ഥാനമില്ല. ജനങ്ങൾ അന്യോന്യം സ്നേഹിച്ചുകൊണ്ടും സഹായിച്ചുകൊണ്ടും ഉൽപാദനവിതരണങ്ങളെ സംഘടിപ്പിക്കുകയും പ്രകൃതിയെ കൂടുതൽ കൂടുതൽ കീഴടക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിക്കും പരിപൂർണമായി വളരാനും അങ്ങേയറ്റം വികസിക്കാനും അങ്ങനെ സുഖസമൃദ്ധവും സംസ്കാര സമ്പന്നവുമായ ഒരു ജീവിതം നയിക്കാനും സൗകര്യം ലഭിക്കുന്നു. ചരിത്രത്തിലാദ്യമായി മനുഷ്യൻ യാതൊരലട്ടും കൂടാതെ യഥാർത്ഥമായ സ്വാതന്ത്ര്യത്തോടെ, തന്റെ ഭാവി നിർണയിക്കാൻ തുടങ്ങുന്നു. സൗന്ദര്യപൂർണമായ മനുഷ്യത്വം അതിന്റെ എല്ലാ ഉൽകൃഷ്ടതകളോടും കൂടി പരിപൂർണതയിലേക്ക് വികസിച്ചുയരുവാൻ തുടങ്ങുന്നു.