ഭരണകൂടഭീകരതയുടെ ആവിഷ്കാരം നോവലിൽ സ്പാനിഷ്–മലയാളം നോവൽ താരതമ്യപഠനം
ആർ. ചന്ദ്രബോസ്
മലയാളവിഭാഗം, കേരള കേന്ദ്രസർവകലാശാല, പെരിയ, കാസർഗോഡ്
സാരാംശം

സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ കുഴമറിച്ചിലുകൾ കഴിഞ്ഞ നാലുദശകങ്ങളായി താരതമ്യസാഹിത്യത്തിൽ നിരവധി പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. ദേശീയതയോടുള്ള വൈകാരിക സമീപനവും പാർശ്വവത്കൃതസമൂഹങ്ങളുടെ ഉയിർത്തെഴുന്നേല്പും സംസ്കാരപഠനമെന്ന ജ്ഞാനവ്യവഹാരത്തിനു ലഭിച്ച പരിഗണനകളുമെല്ലാം പ്രതിസന്ധിയ്ക്കിടയാക്കിയ കാരണങ്ങളാണ്. താരതമ്യ പഠനപദ്ധതിയുടെ വിശാലപരിപേക്ഷ്യങ്ങൾ അപ്രസക്തമായതായി ഉത്തരാധുനിക വിമർശകർ പ്രഖ്യാപിച്ചു. സൂസൻ ബാസ്നറ്റ്, താരതമ്യസാഹിത്യം അന്തരിച്ചു എന്ന് പറഞ്ഞപ്പോൾ ഗായത്രി ചക്രവർത്തി സ്പിവാക് Death of a Descipline എന്ന ഗ്രന്ഥത്തിലൂടെ ഈ പഠനമേഖലയ്ക്ക് അന്തിമോപചാരമർപ്പിച്ചു. രാഷ്ട്രീയ പ്രത്യയശാസ്ത്ര അവബോധം രൂപീകരിക്കുന്നതിൽ ഈ പഠനമേഖല നിർവഹിച്ച പങ്ക് അവഗണിക്കാനാവില്ല. സാഹിത്യപഠനസമീപനങ്ങളുടെ മാറിയ പരിതോവസ്ഥയിൽ താരതമ്യപഠനത്തിലെ നവവിചാരമാതൃകകൾ സ്വീകരിച്ചുകൊണ്ട് സ്പാനിഷ്, മലയാളം നോവലുകളെ ഭരണകൂടഭീകരത എന്ന പ്രമേയത്തിന്റെ ആവിഷ്കാരം മുൻനിർത്തി വ്യത്യയാത്മക താരതമ്യത്തിനു വിധേയമാക്കുകയാണ് ഈ പ്രബന്ധത്തിൽ. പെറുവിലെ നോവലിസ്റ്റും നോബൽസമ്മാനജേതാവുമായ മരിയോ വർഗാസ് യോസയുടെ ആടിന്റെ വിരുന്ന് (The feast of goat) എന്ന നോവലും ഇ. സന്തോഷ് കുമാറിന്റെ ‘അന്ധകാരനഴി’യുമാണ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

1നവവിചാരമാതൃകകൾ

സാഹിത്യപഠനസമീപനങ്ങളുടെ മാറിയ പരിതോവസ്ഥയിൽ താരതമ്യ സാഹിത്യത്തിൽ നിരവധി നവവിചാരമാതൃകകൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ താരതമ്യചിന്തകർ ആവിഷ്കരിക്കുകയുണ്ടായി. Comparative Literature in the Age of Multiculturalism, Berheimer (1993); Comparative Literature in the Age of Globalization, Haun Sanssy (2006) എന്നീ കൃതികൾ ഇതിന് തെളിവാണ്. രീതിശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ പ്രഹരങ്ങൾ താരതമ്യസാഹിത്യ പഠനപദ്ധതിക്ക് ഏല്ക്കുന്നതിന് പതിറ്റാണ്ടുകൾക്കു മുമ്പു തന്നെ ജോനാഥൻ കുള്ളർ Comparative Literature (1979) [2] എന്ന ഗ്രന്ഥത്തിൽ ഈ സാഹിത്യപഠനപദ്ധതി അവലംബിക്കേണ്ട നവവിചാരമാതൃകകൾ അവതരിപ്പിച്ചിരുന്നു. സാഹിത്യസിദ്ധാന്തവും താരതമ്യസാഹിത്യവുമായുള്ള ബന്ധം അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. സാഹിത്യപഠനം ഉയർത്തിപ്പിടിക്കുന്ന സാഹിതീയത എന്ന കേന്ദ്രഭാവചിന്തയെ പ്രതിരോധിക്കണമെന്നും താരതമ്യഗവേഷണം ‘can focus on theoretical questions about possible approaches to world literature their dangers and virtues (Comparative Literature, p. 246) എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശ്വസാഹിത്യം എന്ന ആശയത്തെ സാക്ഷാത്കരിക്കാനുള്ള സൈദ്ധാന്തിക അന്വേഷണങ്ങളും അതിന്റെ അപകടങ്ങളും നന്മകളുമായിരിക്കണം താരതമ്യപഠിതാവ് ലക്ഷ്യമാക്കേണ്ടത് എന്നത്രേ കുള്ളർ പറയുന്നത്. Comparative Literature in the Age of Globalization എന്ന സമാഹൃതഗ്രന്ഥത്തിൽ Huan Sanssy അവതരിപ്പിക്കുന്ന ചിന്തകൾ കുള്ളറുടെ നിരീക്ഷണങ്ങൾ സാധൂകരിക്കുന്നു. റൊമേനിയൻ പണ്ഡിതൻ ആൻഡ്രിയാൻ മാരിനോ (Comparatisme, 1992) താരതമ്യസാഹിത്യത്തിലെ നവവിചാരമാതൃകയെക്കുറിച്ച് ചർച്ചചെയ്യുന്നുണ്ട്. സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചയിൽ സാർവലൗകികത അന്തർഭവിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രാന്തരമാനങ്ങൾ അതിനു എതിർനിൽക്കുന്നു. സാഹിത്യത്തിന്റെ ആഗോളപരിപ്രേക്ഷ്യത്തിലൂടെയേ വിശ്വസാഹിത്യം എന്ന സങ്കല്പനം യാഥാർത്ഥ്യമാക്കാൻ കഴിയൂ. സുദൃഢമായ ഒരു കാവ്യശാസ്ത്രവും സാഹിത്യനിർമ്മിതിയുടെ മൗലികതത്ത്വങ്ങളിലെ ഏകതയും തിരിച്ചറിയുമ്പോൾ, പുതിയ സാഹിത്യാവബോധവും ജീവിതാവബോധവും ആർജ്ജിക്കാൻ കഴിയുമെന്നും മാരിനോ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ മാറിയ ലോകപരിതസ്ഥിതിയിൽ മനുഷ്യരാശിയുടെ ആന്തരികമാനങ്ങളിലെ ഏകതയെ തിരിച്ചറിഞ്ഞ് എല്ലാവിധ കാലുഷ്യങ്ങളിൽ നിന്നും ശൈഥില്യങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുകയും സംസ്ക്കരിക്കുകയും ചെയ്യുന്ന ചിന്താപദ്ധതിയായി താരതമ്യസാഹിത്യം മാറണം എന്നത്രേ ചിന്തകർ പറയുന്നത്.

2വ്യത്യയാത്മകബന്ധം

താരതമ്യസാഹിത്യപഠനങ്ങളെ പ്രധാനമായി രണ്ടുവിഭാഗങ്ങളായി തിരിക്കാം.

  1. നേരിട്ടുള്ള സ്വാധീനത:
    ഒരു രാജ്യത്തിലെ എഴുത്തുകാരുടെ പ്രമേയങ്ങളും ആശയങ്ങളും (Themes and Ideas) മറ്റൊരു രാജ്യത്തിലെ എഴുത്തുകാരിൽ ചെലുത്തുന്ന സ്വാധീനം.

  2. യാതൊരു സ്വാധീനവുമില്ലാതെ സ്വതന്ത്രമായി വിഭിന്നരാജ്യങ്ങളിലെ എഴുത്തുകാർ സ്വീകരിക്കുന്ന സമാനപ്രമേയങ്ങൾ. സമാനപ്രമേയങ്ങൾ പഠനവിധേയമാക്കുമ്പോൾ രണ്ടു രാജ്യങ്ങളിലെ സാമൂഹിക സാമ്പത്തിക പരിതോവസ്ഥകൾ പരിഗണിക്കേണ്ടതാണ്. ‘In countries with identical themes arising indipendently of each other the researcher has once again to bear in mind not just the point of contact but also the dissimilarities that arise as a result of socio-economic, cultural peculiarities and different historical context of the writer and countries involved (similarities and diversities in literary influences, Kalpana Sahni, Studies in Comparative Literature, 1985, p. 171).’

നോവൽ പഠനങ്ങളിൽ വ്യത്യയാത്മക പഠനത്തിനാണ് (Contrastive study) കൂടുതൽ സാധ്യത. പരസ്പരം അറിയപ്പെടാത്ത നാടുകളിൽ സമാനമായ ചരിത്രസാമൂഹിക സന്ദർഭങ്ങളോടുള്ള പ്രതികരണം അവതരിപ്പിക്കുന്ന നോവലുകളെ കേവലസ്വാധീനതയിൽ മാത്രം ഒതുക്കിനിർത്തരുത്. സാഹിത്യരൂപം, പ്രമേയം, മോട്ടിഫ്, പ്രസ്ഥാനം, ദർശനം എന്നീ തലങ്ങളിൽ മലയാളനോവലുകൾക്ക് ഇതരപ്രാദേശിക സാഹിത്യങ്ങളിലെ നോവലുകളുമായോ വിദേശനോവലുകളുമായോ ഉള്ള ബന്ധം വ്യത്യയാത്മകയായി കണ്ടെത്താവുന്നതാണ്. ലാറ്റിനമേരിക്കൻ എഴുത്തുകാരനായ മരിയോവർഗാസ് യോസയുടെ ആടിന്റെ വിരുന്ന് (The feast of goat) എന്ന നോവലും മലയാളത്തിലെ ഉത്തരാധുനിക നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. സന്തോഷ് കുമാറിന്റെ അന്ധകാരനഴിയും കൈകാര്യം ചെയ്യുന്ന പ്രമേയം ഭരണകൂടഭീകരതയുടേതാണ്. ഇവ തമ്മിലുള്ള വ്യത്യയാത്മക താരതമ്യപഠനത്തിനു പ്രസക്തിയുണ്ട്.

3ഭരണകൂടഭീകരത (Ruling Horribility)

അധികാരവർഗ്ഗവും ജനതയുമായുള്ള സംഘർഷങ്ങളിൽ ചരിത്രത്തിലും വർത്തമാനത്തിലും ഏറെ പ്രചാരമുള്ള വാക്കാണ് ഭരണകൂടഭീകരത. അധിനിവേശ ഭരണകൂടങ്ങളുടെ വിധ്വംസകപ്രവർത്തനങ്ങളുമായിട്ടും സ്വേച്ഛാധിപതികളുടെ അധികാരപ്രയോഗവുമായിട്ടുമാണ് ഈ വാക്കിനു ബന്ധം. അധികാരശക്തികൾ വിമതശബ്ദങ്ങളെ നിഷ്കരുണം അടിച്ചമർത്തുകയും ഭരണകൂട ഉപകരണങ്ങൾ മർദ്ദനോപകരണമായി മാറ്റുകയും ചെയ്യുന്നത് നാം നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നു. കോൺസൺട്രേഷൻ ക്യാമ്പുകളിൽ ലക്ഷകണക്കിന് ജൂതരെ വംശീയ ഉന്മൂലനം നടത്തിയ ഹിറ്റ്ലറും വിമതരെയും വിമർശകരെയും അടിച്ചമർത്തിയ സ്റ്റാലിനും ജനാധിപത്യത്തിനുവേണ്ടിശബ്ദിച്ച വിദ്യാർത്ഥികളെ ബുൾഡോസർ കയറ്റിക്കൊന്ന ചൈനീസ് ഭരണകൂടവുമൊക്കെ ഭരണകൂടഭീകരതയുടെ ഇരുപതാം നൂറ്റാണ്ടിലെ ഭീതിദമായ ഉദാഹരണങ്ങളത്രേ. വർത്തമാന ചരിത്രത്തിലും ഇത്തരം ഒറ്റപ്പെട്ടതും അല്ലാത്തതുമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങളായ പോലീസ്, പട്ടാളം, ജയിൽ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അധികാരശക്തികൾ ജനതയെ മർദ്ദിച്ചൊതുക്കലും കൊലകളും നടത്തുന്നത്. ഇതൊരു വർത്തമാനരാഷ്ട്രീയസമസ്യയാണ്. ലോകമെങ്ങും നടക്കുന്ന മനുഷ്യാവകാശ പോരാട്ടങ്ങളും സ്വാതന്ത്ര്യപോരാട്ടങ്ങളും ഭരണകൂടങ്ങളുടെ മർദ്ദനസമ്പ്രദായത്തിനെതിരായ ചെറുത്തുനില്പുകളാണ്. ഇത്തരം പ്രമേയങ്ങൾ എല്ലാ സാഹിത്യങ്ങളിലും വിവിധ രൂപങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്.

രാജ്യങ്ങളുടെയും ദേശീയതകളുടെയും ചരിത്രവും ഭരണകൂടം ജനങ്ങളുടെമേൽ നടത്തുന്ന ആധിപത്യശ്രമങ്ങളും ഭരണവർഗ്ഗത്തിനെതിരായ പോരാട്ടങ്ങളും സാഹിത്യകൃതികളിലും കലാസൃഷ്ടികളിലും ഫലപ്രദമായി ആവിഷ്കാരം നേടുന്നുണ്ട്. സമകാലസാഹിത്യത്തിൽ നിന്ന് നിരവധി ഉദാഹരണങ്ങൾ എടുത്തുകാണിക്കാൻ കഴിയും. 2015-ലെ നോബൽ സമ്മാന ജേത്രിയായ റഷ്യൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സ്വെറ്റ്ലാന അലക്സിയോവിച്ചിന്റെ രചനകളാണ് ഏറ്റവും മികച്ച സമകാലദൃഷ്ടാന്തം. വസ്തുതാപരമായ നോവൽ (Factual Novel) എന്നു വിളിക്കാവുന്ന രചനകളാണവരുടേത്. രാഷ്ട്രീയ ദുരന്തങ്ങളെക്കുറിച്ച് ശേഖരിച്ച വസ്തുതാപരമായ വിവരണങ്ങൾ. ഒരു പ്രാദേശിക പത്രത്തിനുവേണ്ടി എഴുതിയതാണവ. രണ്ടാംലോകമഹായുദ്ധത്തിൽ പങ്കെടുത്ത സ്ത്രീപോരാളികളെക്കുറിച്ചെഴുതിയ ‘യുദ്ധമുഖത്തെ പോരാളികൾ’ അഭിമുഖസംഭാഷണവും റിപ്പോർട്ടുകളുമാണ്. ചെർണോബിൽ ആണവദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളുമായി നടത്തിയ അഭിമുഖങ്ങളും അവരുടെ പ്രഖ്യാത രചനകളാണ്. അൽബേനിയൻ എഴുത്തുകാരനായ ഇസ്മയിൽ കാദരേയുടെയും ടർക്കിഷ് എഴുത്തുകാരനായ ഓർഹാൻ പാമുഖിന്റെയും നോവലുകൾ മനുഷ്യസ്വാതന്ത്ര്യത്തെ ഭരണകൂടം ചങ്ങലയ്ക്കിടുന്നതിന്റെ പ്രതീകാത്മകമായ ആഖ്യാനങ്ങളാണ്. മൂന്നാംലോക രാജ്യങ്ങളിലെ നോവൽ സാഹിത്യം ഭരണകൂടഭീകരതയ്ക്ക് സവിശേഷ ഊന്നൽ കൊടുക്കുന്നുണ്ട്. മനുഷ്യാവകാശലംഘനങ്ങളെ ലോകശ്രദ്ധയിലേക്കു കൊണ്ടുവരാൻ ഇതിലൂടെ കഴിയുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, അൽബേനിയ, ശ്രീലങ്ക, തുർക്കി, ഇറാക്ക്, ഇസ്രായേൽ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ നോവലുകൾ ഈ സാഹിത്യരൂപത്തെ ‘പൊരുതുന്ന ജനതയുടെ ഇതിഹാസം’ എന്ന വിശേഷണത്തിനർഹമാക്കുന്നു.

4യോസയുടെ ‘ആടിന്റെ വിരുന്ന്’

സവിശേഷ ആഖ്യാനങ്ങൾ കൊണ്ട് ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ തിളങ്ങി നിൽക്കുന്ന എഴുത്തുകാരനാണ് മരിയോ വർഗാസ് യോസ. അധിനിവേശം, സ്വേച്ഛാധിപത്യം, ചരിത്രത്തിന്റെ പുനർവായനകൾ, രാഷ്ട്രീയമായ ശരികളെക്കുറിച്ചുള്ള അന്വേഷണം, ഇതൊക്കെയാണ് ഈ പെറൂവിയൻ സ്പാനിഷ് എഴുത്തുകാരന്റെ നോവലുകളിലെ ഊന്നലുകൾ. ഭരണകൂടവും വ്യക്തിയും തമ്മിലുള്ള സംഘർഷമാണ് ഒരു വിഭാഗം നോവലുകളുടെ വിഷയം. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ രാഷ്ട്രീയചരിത്രത്തിലെ 1930 മുതൽ 1961 വരെയുള്ള കാലമാണ് ആടിന്റെ വിരുന്ന് എന്ന നോവലിലെ ഇതിവൃത്തം. ഈ കാലയളവിൽ ഡൊമിനിക്കൻ റിപ്പബ്ലിക് അടക്കിവാണിരുന്ന സ്വേച്ഛാധിപതിയായിരുന്നു റാഫേൽ ലിയോനിഡാസ് ട്രൂജിലോ. അദ്ദേഹത്തിന്റെ ഭരണകാലമാണ് നോവലിന്റെ ചരിത്രപശ്ചാത്തലം. ഡൊമിനിക്കൻ ജനതയുടെ ചരിത്രത്തിൽ നിന്നും സംഭരിച്ച ജീവരേഖകൾ നോവലിൽ ഭദ്രമായി വിളക്കിച്ചേർത്തിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരെയും കത്തോലിക്കാസഭയെയും അടിച്ചമർത്തിയ ട്രൂജിലോയുടെ (നോവലിൽ ട്രൂഹിലോ) കിരാതഭരണത്തിനെതിരെ അമേരിക്കയുടെ ഒത്താശയോടെ നടന്ന വിമോചനസമരം ഒടുവിൽ ആ സ്വേച്ഛാധിപതിയുടെ വധത്തിൽ കലാശിച്ചു. തുടർന്നുണ്ടായ അധികാരവടംവലികളും രാഷ്ട്രീയഉപജാപങ്ങളും ഉൾക്കിടിലമുളവാക്കുമാറ് ആഖ്യാനം ചെയ്തിരിക്കുന്നു യോസ.

കാലങ്ങളെ ക്രമരഹിതമായി വിന്യസിക്കുന്ന ഈ നോവലിൽ മൂന്ന് ആഖ്യാന അടരുകളാണുള്ളത്. ട്രൂഹിയോയുടെ കാമപ്പേക്കൂത്തിനിരയായി നാടുവിടേണ്ടി വന്ന യുറാനിയ കബ്രാൾ എന്ന യുവതി മുപ്പത്തിയഞ്ചു വർഷത്തിനു ശേഷം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ യാദൃച്ഛികമായി എത്തുന്നതാണ് നോവലിന്റെ വർത്തമാനം. ട്രൂഹിയോ കന്യകാത്വം കവർന്നെടുക്കുമ്പോൾ അവൾ പതിനാലുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. അതിന്റെ നടുക്കുന്ന ഓർമ്മകളിൽ പുരുഷ വർഗ്ഗത്തെ ആകമാനം വെറുത്ത് അവിവാഹിതയായി ജീവിക്കുന്ന യുറാനിയ കബ്രാൾ ഇന്ന് ലോക ബാങ്ക് ഉദ്യോഗസ്ഥായാണ്. തന്റെ അമ്മായിയോടും അവരുടെ മകളോടും ട്രൂഹിയോയിൽ നിന്ന് തനിക്ക് ഏല്ക്കേണ്ടിവന്ന പീഡനത്തിന്റെ കഥ വിവരിക്കുന്നതാണ് ഒരാഖ്യാനതലം. വധം നടക്കുന്ന ദിവസം ട്രൂഹിയോയുടെ വ്യക്തിജീവിതത്തിലെയും ഔദ്യോഗികജീവിതത്തിലെയും സംഭവങ്ങളാണ് മറ്റൊന്ന്. ട്രൂഹിയോ കാമലീലയ്ക്കെത്തുന്ന മഹാഗണി ഹൗസിലേക്കുള്ള ഹൈവേയിൽ അയാളെ വധിക്കാൻ സജ്ജരായി നില്ക്കുന്ന വധദൗത്യസംഘത്തെയും വധത്തെത്തുടർന്ന് അറസ്റ്റിലായവർ നേരിടുന്ന ക്രൂരമായ പീഡനങ്ങളും വിവരിക്കുന്നതാണ് മൂന്നാമത്തെ ആഖ്യാനതലം. പാവ പ്രസിഡണ്ടിനെ പ്രതിഷ്ഠിച്ച് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ കുത്തകാധികാരം നിലനിർത്തുന്നു ട്രൂഹിയോയെങ്കിൽ പണക്കൊതിയന്മാരായ അയാളുടെ ബന്ധുക്കൾ സൈന്യത്തിന്റെയും ഭരണകേന്ദ്രങ്ങളുടെയും അധികാരസ്ഥാനങ്ങളിലിരുന്നുകൊണ്ട് പൊതുമുതൽ കൊള്ളയടിച്ച് വിദേശ ബാങ്കുകളിൽ സ്വകാര്യനിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു. ഏകാകിയും ധീരനുമായ ട്രൂഹിയോ, രാജ്യം സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുമ്പോൾ തനിക്കെതിരെ ശബ്ദമുയർത്തിയവരെ നിഷ്കരുണം കൊന്നൊടുക്കി. ഇതിനെല്ലാം ഊർജ്ജം നുകരുന്നത് ലൈംഗികപീഡനത്തിലൂടെയായിരുന്നു. കന്യകമാർ മുതൽ തന്റെ കീഴിലെ വിനീതരായ ഉദ്യോഗസ്ഥരുടെ ഭാര്യമാരെ വരെ കീഴ്പെടുത്തി കാമദാഹം തീർത്ത് മദോന്മത്തനായിക്കഴിഞ്ഞ ട്രൂഹിയോ മുപ്പതു വർഷം നാടിനെ ചെൽപ്പിടിയിലൊതുക്കി. പക്ഷേ, എഴുപതിലെത്തിയ ട്രൂഹിയോയ്ക്ക് തന്റെ ഇച്ഛകൾ നിറവേറ്റാൻ ശരീരം വഴങ്ങിക്കൊടുക്കുന്നില്ല. ട്രൂഹിയോയുടെ ലൈംഗികശക്തിക്ഷയം രാഷ്ട്രത്തിന്റെ ഭരണപ്രതിസന്ധിയായി മാറുന്നിടത്താണ് അധികാരത്തെയും ലൈംഗികശക്തിയേയും തമ്മിൽ നോവലിസ്റ്റ് ബന്ധിപ്പിക്കുന്നത്. പ്രോസ്ട്രേറ്റ് വീക്കം വന്ന് ഉദ്ധാരണശക്തി ക്ഷയിച്ച് ഇടയ്ക്കിടെ അറിയാതെ മുള്ളിപ്പോകുന്ന ഈ സ്വേച്ഛാധിപതി തന്റെ ലൈംഗികശക്തി ക്ഷയിച്ചുവെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു. ലൈംഗികശക്തിക്ഷയം താൻ പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ പതനത്തിന് നാന്ദിയായിത്തീരുന്നുവെന്ന് അയാളറിഞ്ഞില്ല. ‘മഹാഗണി ഹൗസ്’ എന്ന കാമസൗധത്തിൽ വെച്ച് കാമശമനത്തിനായി കൊണ്ടുവന്ന പെൺകുട്ടിയെ അനുഭവിക്കാൻ ശ്രമിച്ചപ്പോൾ ഉദ്ധാരണമുണ്ടാകാത്തതിന്റെ നിരാശ അയാളിൽ കോപവും സ്ത്രീവർഗ്ഗത്തിനെതിരായ പകയുമായി ആളിക്കത്തുകയായിരുന്നു. ആയിടയ്ക്കാണ് കത്തോലിക്കാ സഭയുമായി ട്രൂഹിയോ ഭരണകൂടം ഇടഞ്ഞത് അപ്പോഴേക്കും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഡൊമിനിക്കയിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നിഴൽ വീഴ്ത്തിയിരുന്നു.

ട്രൂഹിയോയെ വധിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന വിപ്ലവകാരികളുടെ കഥയാണ് നോവലിലെ മറ്റൊരു സംഭ്രമജനകമായ ആഖ്യാനതലം. ട്രൂഹിയോ ചെയ്തുകൂട്ടിയ നിഷ്കരുണമായ കൂട്ടക്കൊലകൾക്കും അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും ഇരകളായിത്തീർന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ നുരഞ്ഞുപൊന്തിയ പ്രതികാരത്തിന്റെ പരിണിതഫലമായിരുന്നു വധദൗത്യസംഘത്തിന്റെ രൂപപ്പെടലിനിടയാക്കിയത്. ജൂൺ 14-ന്റെ വിപ്ലവമുന്നേറ്റത്തെ അടിച്ചമർത്തുകയും വിപ്ലവകാരികളെ കൊടുംഹത്യക്കിരയാക്കുകയും ചെയ്തിരുന്നു ട്രൂഹിയോ. അതേല്പിച്ച മുറിവുകൾ വധദൗത്യസംഘത്തിന്റെ രൂപപ്പെടലിന് കരുത്തേകി. ട്രൂഹിയോയുടെ ബന്ധുവും സൈന്യത്തിലെ ജനറലുമായിരുന്നയാളുടെ മൗനസമ്മതവും അമേരിക്കയുടെ സഹായവും കത്തോലിക്കാസഭയുടെ പിന്തുണയും വിപ്ലവസംഘത്തിന് പിൻബലമായി. ട്രൂഹിയോയെ വധിക്കാൻ കഴിഞ്ഞുവെങ്കിലും പ്രതീക്ഷിച്ചതുപോലെ അധികാര അട്ടിമറി സാധ്യമായില്ല. ട്രൂഹിയോ വധത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം പ്രസിഡന്റ് ബലാഗ്വേർ മുതലെടുക്കുകയാണുണ്ടായത്. അധികാരം ട്രൂഹിയോയുടെ മകൻ റാംഫിസിൽ കേന്ദ്രീകരിക്കുന്നു. തന്റെ പിതാവിനെ വധിച്ചവരെ സമൂലം നശിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. പിടിയിലായ വിപ്ലവകാരികൾക്ക് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾ, അവസാനിക്കാത്ത ഭേദ്യമുറകൾ ഇവയുടെ ചിത്രീകരണം സംഭ്രമജനകമാംവിധം നോവലിൽ അവതരിപ്പിക്കുന്നു. ട്രൂഹിയോയുടെ വിധവയുൾപ്പെടെയുള്ളവർ വിദേശത്തേക്ക് ഒളിച്ച് കടക്കുന്നു. ട്രൂഹിയോയുടെ ഘാതകരെ രാജ്യാന്തര നീതിപീഠം അനുശാസിക്കുന്ന രീതിയിൽ വിചാരണചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം പൊട്ടിപുറപ്പെടുന്നു. ജനവികാരം മാനിച്ച് പ്രസിഡന്റ് ബലാഗ്വേർ ട്രൂഹിയോ ഘാതകർക്ക് മാപ്പ് നല്കുന്നു. ഒളിവിൽക്കഴിഞ്ഞിരുന്ന ട്രൂഹിയോ വധസംഘത്തിൽപ്പെട്ട രണ്ടുപേർ വീരനായകന്മാരായി. വിപ്ലവകാരികൾക്ക് വീരപദവി സ്വേച്ഛാധിപത്യത്തിന് പുതിയമുഖം ഇങ്ങനെ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ രാഷ്ട്രീയ ചരിത്രം നോവൽ പാഠത്തിലേക്ക് കൊണ്ടുവരുന്ന യോസ അധികാരപ്പേക്കൂത്തുകളും രാഷ്ട്രീയ ഉപജാപങ്ങളും ദുരന്തവും കണ്ണീരും നിഷ്കളങ്ക മനുഷ്യരുടെ ചെറുത്തുനില്പുമാണ് മാനവചരിത്രമെന്ന് ഓർമ്മപ്പെടുത്തുന്നു.

5അന്ധകാരനഴി

1970-കളിലെ കേരളത്തിന്റെ രാഷ്ട്രീയചരിത്ര പശ്ചാത്തലത്തിലെഴുതിയ നോവലാണ് ‘അന്ധകാരനഴി’. നക്സൽ പ്രസ്ഥാനം, അടിയന്തരാവസ്ഥ എന്നിവയാണ് നോവലിന്റെ അസംസ്കൃതവിഭവമായിത്തീർന്നിട്ടുള്ളത്. പാർട്ടി നിർദ്ദേശപ്രകാരം സുരക്ഷിതമായ ഷെൽട്ടർ തേടി വിപ്ലവകാരിയായ ശിവൻ ഒരു ഉൾനാടൻ പ്രദേശത്തേക്ക് പോകുന്നു. വിപ്ലവപ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിനും പ്രചാരണത്തിനുമായി ശിവനും സഖാവ് ശേഖരനും പി.കെ.പി.യും അടങ്ങുന്ന യുവസംഘം തീവ്രമായ പ്രവർത്തനത്തിലാണ്. ഭരണകൂടത്തിനെതിരെ അവർ നടത്തിയ വിധ്വംസക പ്രവർത്തനങ്ങളിലൊന്നായിരുന്നു ‘തേലക്കരസംഭവം’ എന്ന പേരിൽ അറിയപ്പെട്ട തേലക്കര പോലീസ്സ്റ്റേഷൻ ആക്രമണം, മുക്തിപഥം എന്ന പ്രസിദ്ധീകരണം, ചാത്തരമേനോൻ എന്ന ജന്മിയുടെ തലയറുത്ത സംഭവം എന്നിവ. ഉന്മൂലനസിദ്ധാന്തവും വിധ്വംസകപ്രവർത്തനവും നടത്തുമ്പോഴും പ്രസ്ഥാനത്തിനുള്ളിൽ ആന്തരവൈരുധ്യങ്ങൾ നിലനിന്നിരുന്നു. അർത്ഥശൂന്യമായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. ചാത്തരമേനോൻ എന്ന ജന്മിയുടെ തലയറുത്തതിലൂടെ ഉന്മൂലനസിദ്ധാന്തം നടപ്പിൽവരുത്തിയെങ്കിലും ജന്മിയായിരുന്ന കോമപ്പമേനോനെ വധിക്കാൻ പോയവർക്ക് ആളുമാറിപ്പോയിരുന്നു. വധിക്കപ്പെട്ടത് ജന്മിയുടെ ജ്യേഷ്ഠനും മനോരോഗിയുമായ ചാത്തരമേനോൻ ആയിരുന്നു. കങ്ങഴ ആക്ഷനെതുടർന്ന് തീവ്രവിപ്ലവകാരിയായ ശിവൻ ഒളിവിൽപോകുന്നു. ശിവന്റെ ഒളിവുജീവിതത്തിന് സുഹൃത്തുക്കളും അനുഭാവികളും സഹായം ചെയ്തുകൊടുക്കുന്നു. എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ശിവൻ അവിടെ നിന്ന് ശ്രീനിവാസൻ എന്ന കവിയുടെ അടുത്തേക്കാണ് പോകുന്നത്. ശിവനു അഭയം നല്കിയവരെ പോലീസ് പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഹൃദയഭേദകമായത് ശ്രീനിവാസൻ എന്ന നിർദ്ദോഷിയായ കവിക്ക് ഏല്ക്കേണ്ടിവരുന്ന പീഡനവും അയാളുടെ ദുരൂഹമായ തിരോധാനവുമാണ് അയാളെ അന്വേഷിച്ച് ഭാര്യ ശകുന്തള അധികാരസ്ഥാനങ്ങളിൽ കയറിയിറങ്ങുന്നു. ശിവൻ ഒരിക്കലും പോലീസുകാരുടെ കൈയിൽപ്പെടുന്നില്ല. അയാളുടെ അവസാനത്തെ ഒളിത്താവളം ‘കരടിയച്ചാച്ചൻ’ എന്നു വിളിപ്പേരുള്ളയാളുടെ അധീനതയിലുള്ള ഒരു തുരുത്താണ്. പ്രതീകാത്മകമായ ഒരു ഒളിയിടമത്രേ കരടിയച്ചാച്ചന്റെ തുരുത്ത്. ഈ തുരുത്തിൽ അകപ്പെടുന്ന വിപ്ലവകാരിയുടെ രൂപാന്തരത്തിന്റെ കഥയാണ് ‘അന്ധകാരനഴി’ പറയുന്നത്. തീവ്രവിപ്ലവകാരിയായ ശിവന്റെ കൺമുന്നിൽ പല അക്രമങ്ങളും അനീതികളും അപ്രതിരോധ്യമായ അധികാരത്തിന്റെ അന്ധനീതികളും അരങ്ങേറുന്നു. എങ്കിലും അയാൾക്ക് ഒന്നും ചെയ്യാനാവുന്നില്ല. അവിടത്തെ അടിസ്ഥാനവർഗ്ഗജനതയെ അയാൾ അവജ്ഞയോടെ കാണുന്നു. സ്ത്രീകളെ ശരീരം മാത്രമായി കണ്ട് അയാൾ ഉപയോഗിച്ച് ഉപേക്ഷിച്ചുകളയുന്നു. തേച്ചപ്പന്റെ ഭാര്യയായ മേരിപ്പെണ്ണും തുരുത്തിലെത്തിച്ചേരുന്ന രമണിയും അയാൾക്ക് ഭോഗോപകരണങ്ങൾ മാത്രം. അയ്യക്കുരുവിനോട് അയാൾക്കുള്ളത് ഒരു കീഴാളനെ സവർണ്ണൻ കാണുമ്പോലെയത്രേ. രമണിയുടെ മരണത്തിന് അയാൾ കാരണമാകുന്നു. തേച്ചപ്പന്റെ കുരങ്ങ്, അയ്യപ്പനെയും പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം കൈപ്പത്തി നഷ്ടപ്പെടുത്തിയ അച്ചുവിനെയും അയാൾ അപായപ്പെടുത്തുന്നത് ഒരേ മനോഭാവത്തോടെയാണ്. ഭയപ്പെടുത്തുന്ന അധികാരരൂപമായ കരടിയച്ചാച്ചന്റെ തുരുത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയാലോചിച്ചുകൊണ്ടിരുന്ന ശിവൻ സ്വയം കരടിയച്ചാച്ചൻ എന്ന അധികാരസ്വരൂപമായി മാറുന്നിടത്താണ് നോവൽ അവസാനിക്കുന്നത്. അധികാരത്തെ വെല്ലുവിളിച്ച് ഭരണകൂടത്തെ അട്ടിമറിച്ച് സാമൂഹ്യവൈരുധ്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ച വിപ്ലവപ്രസ്ഥാനത്തിനും വിപ്ലവകാരികൾക്കും സംഭവിച്ച രൂപാന്തരമാണ് ശിവനിലൂടെ അവതരിപ്പിക്കുന്നത്. പ്രസ്ഥാനത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവർക്കാണ് ദുരനുഭവങ്ങൾ നേരിടേണ്ടിവരുന്നത്. അധികാരത്തെ വെല്ലുവിളിച്ചവർ ഒടുവിൽ ഫാസിസ്റ്റുകളായി മാറുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുന്ന നോവൽ, ‘അധികാരത്തിന്റെ അന്ധകാരനഴി’ എന്ന ഫാസിസ്റ്റ് ഭീതി സൃഷ്ടിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. എഴുപതുകളിലെ രാഷ്ട്രീയചരിത്രത്തെ പ്രത്യയശാസ്ത്രവൈകല്യങ്ങളുടെയും ഭരണകൂടഭീകരതയുടെയും ഇരകളായിത്തീർന്ന പാവം മനുഷ്യരുടെ ദുരിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അടയാളപ്പെടുത്തുകയും അധികാരത്തെ എതിർത്തവർ സ്വയം അധികാരത്തിന്റെ അന്ധകാരനഴികളിൽ തളയ്ക്കപ്പെടുകയും ചെയ്യുന്നതിന്റെ ദുരന്തം വരച്ചുകാട്ടുകയും ചെയ്യുന്നു ഇ. സന്തോഷ് കുമാറിന്റെ നോവൽ.

6ആടിന്റെ വിരുന്നും അന്ധകാരനഴിയും വ്യത്യയതാരതമ്യം

ഈ രണ്ടു നോവലുകളെയും താരതമ്യം ചെയ്യുമ്പോൾ ഇതിൽ കടന്നുവരുന്ന രാഷ്ട്രീയ ചരിത്രമാണ് പ്രധാനമാകുന്നത്. രണ്ടു നോവലുകളിലും ഭരണകൂടഭീകരത മുഖ്യ പ്രമേയമായി വരുന്നു. കാല്പനികമായ ആദർശവത്കരണങ്ങളില്ലാത്ത എഴുത്തുകാരനാണ് യോസ. വിശ്വസാഹിത്യത്തിലെ സമുന്നതനായ രാഷ്ട്രീയ നോവലിസ്റ്റാണ് അദ്ദേഹം. ‘വ്യവസ്ഥിതിയുടെ നേരിനും നെറിക്കുമിടയിൽ സാധാരണമനുഷ്യൻ സ്വന്തം ജീവിതം കൊണ്ടെഴുതിയ കഥകളാണ് യോസയുടെ രചനക’ളെന്ന് എൻ. ശശിധരൻ (ഭാഷാപോഷിണി, നവം. 2010) നിരീക്ഷിക്കുന്നു. നൈതികമായ തത്ത്വസംഹിതകളിൽ പടുത്തുയർത്തിയ, ജനക്ഷേമത്തിനും മാനവികതയ്ക്കും ഊന്നൽ നല്കുന്ന ഭരണകൂട സംവിധാനങ്ങൾ, അഴിമതിയിലും സ്വജനപക്ഷപാതത്തിലും ആഡംബരത്തിലും മുഴുകുമ്പോൾ വികലമാകുന്നത് ജനകീയ മുന്നേറ്റങ്ങളുടെ ചരിത്രം കൂടിയാണ്. സ്വേച്ഛാധിപത്യം, ഭരണകൂടഭീകരത, വിപ്ലവമുന്നേറ്റം എന്നീ പ്രമേയതലങ്ങളിലൂടെ ഒരു നാടിന്റെ വിക്ഷുബ്ധമായ രാഷ്ട്രീയചരിത്രം ആഖ്യാനം ചെയ്യുന്നു യോസ. വിപ്ലവമുന്നേറ്റത്തിന്റെയും അതിന്റെ വിപര്യയത്തിന്റെയും കഥയാണ് ‘അന്ധകാരനഴി’യിൽ പറയുന്നത്. യോസയുടെ നോവൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ യഥാർത്ഥചരിത്രത്തെ അവലംബിക്കുമ്പോൾ അന്ധകാരനഴി ചരിത്രത്തിന്റെ പുനർവായനയും വിപ്ലവകാരികൾക്കു സംഭവിക്കുന്ന ഫാസിസ്റ്റ് രൂപപരിണാമവും പ്രശ്നവത്കരിക്കുന്നു.

സമാനപ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന കൃതികളെ അതാതു കൃതികൾ അസംസ്കൃത വിഭവമാക്കിയിരിക്കുന്ന ചരിത്ര-രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ നിർത്തി അതു തമ്മിലുള്ള വ്യത്യയാത്മകബന്ധമായിരിക്കണം കണ്ടെത്തേണ്ടത്. ഒരേ പ്രമേയം കൈകാര്യം ചെയ്യുന്ന കൃതികളെ അടുത്തു നിർത്തി പരിശോധിക്കുന്നതിലൂടെ കണ്ടെത്താൻ കഴിയുന്ന സമാനതകളും സാദൃശ്യങ്ങളും സാമൂഹികബോധവുമെല്ലാം വ്യത്യയബന്ധപഠനത്തിന്റെ പരിധിയിൽ വരും. ഈ രണ്ടു നോവലുകളെയും വ്യത്യയാത്മക താരതമ്യത്തിനു വിധേയമാക്കുമ്പോൾ കണ്ടെത്താൻ കഴിയുന്ന വസ്തുതകൾ താഴെ പറയുന്നു.

  1. രണ്ടു നോവലുകളും ഉപജീവിക്കുന്നത് രാഷ്ട്രീയ ചരിത്രമാണ്. സ്വേച്ഛാധിപത്യത്തിനെതിരായ വിപ്ലവസംഘങ്ങളുടെ പ്രവർത്തനമാണ് ആടിന്റെ വിരുന്ന് പ്രമേയമാക്കുന്നത്. ഇതിലെ സമീപനം യഥാതഥമാണ്. ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തിനു പിന്നിലെ കാരണങ്ങൾ നോവലിൽ സ്പഷ്ടവുമാണ്.

  2. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ തീവ്രവിപ്ലവ രാഷ്ട്രീയസംഘടനകളുടെ ഉദയവും കേരളത്തിൽ ചില സ്ഥലങ്ങളിലുണ്ടായ ഉന്മൂലനസിദ്ധാന്തപ്രയോഗവും എന്ന സ്ഥൂലചരിത്രം അന്ധകാരനഴിയിൽ കടന്നുവരുന്നുവെങ്കിലും അതിന്റെ വിശദാംശങ്ങൾ സ്പഷ്ടമല്ല. വിപ്ലവപ്രസ്ഥാനത്തിലുണ്ടായ വൈരുദ്ധ്യങ്ങളും പ്രത്യയശാസ്ത്രപാളിച്ചകളും നിഷ്കളങ്കരായ മനുഷ്യർക്ക് ഏല്ക്കേണ്ടിവന്ന ക്രൂരവിധിയുമാണ് അന്ധകാരനഴി പ്രശ്നവത്കരിക്കുന്നത്. ഒരു ജനതയുടെ രാഷ്ട്രീയ ചരിത്രത്തിലെ വിക്ഷുബ്ധകാലങ്ങൾ നോവലിൽ ഉപയോഗിക്കുമ്പോൾ എഴുത്തുകാരുടെ സമീപനരീതിയുടെ വ്യത്യസ്തതകൾക്കുദാഹരണമാണ് ഈ നോവലുകൾ.

  3. യോസയുടെ ചരിത്രത്തോടുള്ള സമീപനം യഥാതഥവും ജനപക്ഷചരിത്രത്തിൽ ഊന്നുന്നതുമാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തെ ഇരകളുടെ പക്ഷത്തുനിന്നു വീക്ഷിക്കുന്നു, ഇ. സന്തോഷ് കുമാർ. നവചരിത്രവാദത്തിന്റെയും സമാന്തരചരിത്ര രചനയുടെയും സമീപനങ്ങൾ നോവലിസ്റ്റിനെ സ്വാധീനിച്ചിട്ടുള്ളതായി കാണാം.

  4. സ്വേച്ഛാധിപത്യത്തിന്റെ ആൾരൂപമായ ഭരണാധികാരിയുടെ ജീവിതവും പ്രവർത്തനങ്ങളും യോസ നേരിട്ടു പറയുന്നുവെങ്കിൽ അന്ധകാരനഴിയിൽ ഭരണകൂടത്തലവൻ നേരിട്ടു പ്രത്യക്ഷപ്പെടുന്നില്ല. ഭരണകൂടത്തിന്റെ മർദ്ദനഉപകരണങ്ങളായ പോലീസ്, കോടതി, ജയിൽ എന്നിവയാണ് ഭരണകൂടഭീകരതയുടെ മാരകപ്രതിനിധാനങ്ങളായി പ്രത്യക്ഷപ്പെടുന്നത്.

  5. അധികാരവും ലൈംഗികതയുമായി ബന്ധിപ്പിച്ചുള്ള അവതരണം ‘ആടിന്റെ വിരുന്നിൽ’ കാണാം. അധികാരത്തോടുള്ള തുറന്ന ഏറ്റുമുട്ടലും അതിന്റെ ദൗരന്തികപരിണാമവും ജനകീയമുന്നേറ്റത്തിന്റെ വിജയവും യോസയുടെ നോവൽ പറയുന്നു. ജനകീയമുന്നേറ്റത്തിലൂടെ ഏതു സ്വേച്ഛാധിപതിയെയും ഇല്ലാതാക്കാം എന്ന വിപ്ലവ സന്ദേശം ഈ നോവൽ മുന്നോട്ടു വയ്ക്കുന്നു. വിപ്ലവപ്രസ്ഥാനങ്ങളുടെ ഭാവിയിൽ പ്രതീക്ഷയർപ്പിക്കുന്ന എഴുത്തുകാരനാണ് മരിയോ വർഗാസ് യോസ.

  6. വിപ്ലവകാരികൾചെന്നകപ്പെടുന്ന പ്രത്യയശാസ്ത്രപ്രതിസന്ധികളുടെ ദുരന്തമാണ് അന്ധകാരനഴിയിൽ പറയുന്നത്. ഇന്ത്യയിൽ വിപ്ലവപ്രസ്ഥാനങ്ങൾക്ക് സംഭവിച്ച മുതലാളിത്ത, സ്വേച്ഛാധിപത്യ, ഫാസിസ്റ്റ് പരിണാമത്തെ രൂപകാത്മകമായി അവതരിപ്പിക്കുന്നു അന്ധകാരനഴി.

ചുരുക്കത്തിൽ കാലംകൊണ്ടും സ്ഥലംകൊണ്ടും ഭാഷകൊണ്ടും അറിയപ്പെടാത്ത തുരുത്തുകളിൽ കഴിയുന്ന ജനത വ്യവസ്ഥിതിയോടുകലഹിക്കുന്നതിന്റെ വിവിധ അവസ്ഥകളെ അവതരിപ്പിക്കുന്ന ഈ നോവലുകൾ അധികാരവും ജനതയും തമ്മിലുള്ള പോരാട്ടത്തിന്റെ വീര്യം അവതരിപ്പിക്കുന്നതിലും ഇരകളുടെ ദൈന്യം ചിത്രീകരിക്കുന്നതിലും വ്യത്യയബന്ധം പുലർത്തുന്നു.

7ആധാരഗ്രന്ഥങ്ങൾ

  1. Bassnett, Susan, Comparative Literature: A critical Introduction, Oxford: Blackwell, 1993.

  2. Culler, Jonathan, Comparative Literature and Literary theory, Michigan Germanic Studies, 1979.

  3. Damrosh, David (Ed), The Princeton Sourcebook of Comparative Literature, Princeton University Press, 2009.

  4. സന്തോഷ് കുമാർ, ഇ., അന്ധകാരനഴി, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011.

  5. ആശാലത (വിവ.), ആടിന്റെ വിരുന്ന്, ഡി. സി. ബുക്സ്, 2010.

  6. Cesar, Dominguez; Sanssy, Huan and Villanueva, Dario, Introducing Comparative Literature, Routledge, New York, 2015.