സുഗതകുമാരിക്കവിതയിലെ സ്ത്രീ ഇടങ്ങൾ
അഞ്ജലി, എ.
ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാല, കാലടി
കാല്പനികവും സാമൂഹികവുമായ തലങ്ങൾ പ്രമേയമാകുന്ന കവിതകളാണ് സുഗതകുമാരി എഴുതുന്നത്. ആ കവിതകളിൽ ഭൂരിപക്ഷവും സ്ത്രീ ഇടത്തെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്. പുരുഷാധിപത്യത്തിന് കീഴിൽ എരിഞ്ഞമരുന്ന സ്ത്രീജീവിതം സ്ത്രീയുടെ ഇടം നിർവചിക്കുന്ന പുരുഷൻ എന്നീ പ്രശ്നങ്ങളെ ദുഃഖസാന്ദ്രമായ വരികളിലൂടെ കവിതയിൽ അവതരിപ്പിക്കുന്നു. സുഗതകുമാരി പുരുഷാധികാരത്തിനെതിരെ പ്രതിരോധിച്ചുകൊണ്ട് സ്ത്രീകളുടെ ഇടത്തിനുവേണ്ടി കവിതയിലൂടെയും പ്രവർത്തനങ്ങളിലൂടെയും പൊരുതുന്നുണ്ട്. സ്ത്രീ ഇടത്തെ കവിതയിൽ എങ്ങനെ സുഗതകുമാരി ആവിഷ്കരിക്കുന്നു എന്ന് അന്വേഷിക്കുവാനാണ് പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്. -2pt
1സുഗതകുമാരിയും കവിതയിലെ ഇടപെടലുകളും

മലയാളത്തിൽ കാല്പനിക ഭാവമുള്ളതും സാമൂഹിക പ്രമേയം ഉള്ളടങ്ങുന്നതുമായ കവിതകളെഴുതുന്ന എഴുത്തുകാരിയാണ് സുഗതകുമാരി. കവിതകളിലൂടെയല്ലാതെ സാമൂഹിക വിമർശനരംഗത്ത് ഇവർ സജീവമായി ഇടപെടുന്നു. ആദ്യകാലത്തെ സുഗതകുമാരിയുടെ കവിതകൾ കൂടുതലും സ്വകാര്യാനുഭവങ്ങളും ഭാവതീവ്രവുമായ ആവിഷ്ക്കാരങ്ങളായിരുന്നു. അവരുടെ പില്ക്കാലകവിതകൾ സമകാലിക സാമൂഹിക രാഷ്ട്രീയസംഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്നു. തുലാവർഷപ്പച്ച, ആന, രാത്രിമഴ, മുത്തുച്ചിപ്പി, പാവം മാനവഹൃദയം, മരങ്ങൾ എന്നിവയാണ് ആദ്യകാല കാല്പനിക കവിതകളായി അറിയപ്പെടുന്നത്. സ്ത്രീ, പരിസ്ഥിതി എന്നീ വിഭാഗങ്ങൾ നേരിടുന്ന ചൂഷണങ്ങൾ പില്ക്കാലകവിതകൾ അടയാളപ്പെടുത്തുന്നു. കുറിഞ്ഞിപ്പൂക്കൾ, സൈലന്റ് വാലി, വനിതാകമ്മീഷൻ, അട്ടപ്പാടിയെ സ്വപ്നം കണ്ടു ഞാനിന്നും സൈലന്റ് വാലിയിൽ വീണ്ടും അഭയാർത്ഥിനി, വനരോദനം എന്നിവ സാമൂഹിക പ്രമേയം കൈകാര്യം ചെയ്യുന്ന കവിതകളാണ്, ഇന്നും ഇത്തരം വിഷയം പ്രമേയമായി വരുന്ന കവിതകൾ സുഗതകുമാരിയെഴുതുന്നുണ്ട്. സുഗതകുമാരിയുടെ കവിതകൾ പരാഗരേണുക്കൾ കൊണ്ട് ഹൃദയഭിത്തികളിൽ നടത്തുന്ന ചിത്രരചനയെ ഓർമ്മിപ്പിച്ചു. മുറിവേറ്റ കരളിൽ നിന്നുവരുന്ന ചോരകൊണ്ട് കരാള ജീവിതദൃശ്യങ്ങൾ വരയ്ക്കുന്ന സിദ്ധിയും പിന്നീട് ശ്രദ്ധിച്ചു (എം. ടി. വാസുദേവൻ നായർ, 2016: 66). മുത്തുച്ചിപ്പി (1961), സ്വപ്നഭൂമി (1967), പാവം മാനവഹൃദയം (1968), ഇരുൾച്ചിറകുകൾ (1969), രാത്രിമഴ (1977), അമ്പല മണി (1981), തുലാവർഷപ്പച്ച (1990), രാധയെവിടെ (1995), ദേവദാസി (1998) എന്നിവ സുഗതകുമാരിയുടെ പ്രധാനപ്പെട്ട കവിതാസമാഹാരങ്ങളാണ്.

വികാരപരത, ആദർശത്തിന്റെ തലം തേടുന്ന പ്രണയം പ്രകൃതിയോടുള്ള ആഭിമുഖ്യം എന്നിങ്ങനെ നിരവധി കാല്പനികമായ പ്രത്യേകതകൾ സുഗതകുമാരി കവിതകളിലുണ്ട്. മഴ, നിലാവ് എന്നീ ബിംബങ്ങൾ ഉപയോഗിച്ചുകൊണ്ട് വിഷാദഭരിതമായ വൈകാരികലോകത്തെ കേന്ദ്രീകരിക്കുന്ന അവസ്ഥകളാണ് സുഗതകുമാരിയുടെ കവിത. ആദർശാത്മകതയോട് അടുത്തുനില്ക്കുന്ന പ്രണയഭാവമാണ് കവിതയിൽ നിറഞ്ഞു നില്ക്കുന്നത്. ഇതോടൊപ്പം പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങളും കവി പകർത്തുന്നു.

എഴുത്ത് എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ കലാപരമായ ആവിഷ്കാരമാണ്. എഴുത്ത് ജീവിതവും ചരിത്രവും വിനിമയം ചെയ്യുന്നു. വർഗ, വർണ ഘടനകൾ അതിരുകൾ നിർമ്മിച്ച് സാമൂഹികാവസ്ഥയിൽ എഴുത്തുകാരൻ എഴുതുന്നവനും സമരം ചെയ്യുന്നവനുമായിരുന്നു. ദേശത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളോടൊപ്പം അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിന്റെ പ്രശ്നങ്ങൾ എഴുത്തുകാരന്റെ പ്രഥമപരിഗണനകളാണ്. അവയിലെ സജീവമായ ഇടപെടലിന്റെ ഭാഗമാണ് എഴുത്ത് (പി. കെ. രാജശേഖരൻ, 1999: 47). എഴുത്ത് അവകാശമാണ്. ആത്മസംതൃപ്തിയ്ക്കുവേണ്ടി ചെയ്യുന്നതാണ് എഴുത്ത്. അതൊരു പോരാട്ടമാണ്. സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങൾക്കെതിരെയുള്ള പ്രതികരണമാണ്. എഴുത്ത് ക്രിയാത്മകമാണ്. അത് വായനക്കാരെ ആകർഷിക്കുന്നതാകണം. ജീവിതാനുഭവങ്ങളിൽ നിന്ന് ഊറിക്കൂടുന്ന സംസ്കാരത്തിന്റെ അടിത്തറയിലാണ് സാഹിത്യം എടുത്തെറിയപ്പെടുന്നത്. എഴുത്തുകാരന്റെ പ്രയത്നത്തിന്റെ പ്രതിഫലമാണ് സാഹിത്യപ്രവർത്തനം (എം. തോമസ് മാത്യു, 2011: 48). സുഗതകുമാരിയുടെ കവിതകൾ ഇത്തരം പ്രയത്നത്തിന്റെ പ്രതിഫലമാണ്.

സാഹിത്യരംഗത്ത് സ്ത്രീയുടെ ഇടം ഉറപ്പിക്കാൻ ചില സദാചാരനിബന്ധനകൾ പാലിക്കണമെന്ന സന്ദേശം നിലനിന്നിരുന്നു. എന്നാൽ മലയാള സാഹിത്യത്തിന്റെ എല്ലാ ശാഖകളിലും സ്ത്രീ സാന്നിദ്ധ്യം ഇന്ന് വർദ്ധിച്ചുവരുന്നു. പ്രസാധനരംഗത്ത് സ്ത്രീയുടെ എഴുത്തിന് ഇന്ന് വിലയുണ്ട്. സർക്കാർ/സർക്കാരേതര പുരസ്ക്കാരങ്ങൾ നേടുന്നതിൽ സ്ത്രീകൾ മുന്നേറിയിരിക്കുന്നു. സാഹിത്യവിപണി സാഹിത്യപൊതുമണ്ഡലം എന്നീ ഇടങ്ങളിലെല്ലാം സ്ത്രീകളുണ്ടെങ്കിലും പുരുഷന്മാരുടെ ഇടമായിത്തന്നെ സാഹിത്യരംഗത്തെ നോക്കിക്കാണാനുള്ള ശ്രമങ്ങൾ അപൂർവ്വമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ കേരളത്തിൽ രൂപപ്പെട്ടുവന്ന സാഹിത്യപൊതുമണ്ഡലം പുരുഷകേന്ദ്രിതമായിരുന്നു. എഴുത്ത്, വായന, വിമർശനം, പ്രസാധനം എന്നിവയിൽ നിന്ന് ഉളവാകുന്ന ആനന്ദം അനുഭവിച്ചത് പുരുഷന്മാർ മാത്രമായിരുന്നു. സാഹിത്യപ്രമാണങ്ങളോടും മത്സരങ്ങളോടും എതിരിട്ടും സന്ധിചെയ്തും എഴുത്തുകാരികൾ സ്വന്തം മാർഗ്ഗം വെട്ടിത്തുറന്നു. എഴുതുന്ന വ്യക്തിയെ പുരുഷനായും എഴുതപ്പെടുന്ന കൃതിയെ സ്ത്രീയായും സങ്കല്പിക്കുന്ന രീതി ഇക്കാലത്തും തുടരുന്നുണ്ട്. നവോത്ഥാനകാല സങ്കല്പന പ്രകാരം സ്ത്രീകളുടെമേൽ ആരോപിക്കപ്പെട്ട സഹജവാസനകളിൽ പലതും സാഹിത്യത്തിനുമുണ്ടായിരിക്കണമെന്ന നിർദ്ദേശം അക്കാലത്തുണ്ടായിരുന്നു (ജെ. ദേവിക, 2015: പുറം 8). പുരുഷനോടൊപ്പം തോളോടുതോളുരുമ്മിനിന്നുകൊണ്ട് എവിടെയും പൊരുതുവാനാണ് സ്ത്രീകൾ ഇന്ന് സന്നദ്ധകളായി ഇറങ്ങിയിരിക്കുന്നത്. എഴുതുന്നത് പുരുഷനും എഴുതപ്പെടുന്നത് സ്ത്രീയുമാകുമ്പോൾ എഴുതുന്ന സ്ത്രീയിൽ പുരുഷത്വം ആരോപിക്കപ്പെടുന്നു. അഥവാ എഴുതുന്ന സ്ത്രീ പുരുഷഗുണമുള്ളവളായി എണ്ണപ്പെടുന്നു. എന്നാൽ പുരുഷന്റെ നില സ്വീകരിച്ചു കൊണ്ടുമാത്രമേ സ്ത്രീകൾക്ക് ഉന്നതസാഹിത്യത്തിൽ ഇടം നേടാനാകൂ എന്ന ധാരണയെ ഇത്തരം പുനരാവിഷ്കരണങ്ങൾ അധികമൊന്നും ഉലച്ചില്ല. സ്ത്രീഗുണങ്ങൾകൊണ്ട് തൃപ്തിയടയാത്തവരും ആധുനിക സാഹിത്യരചനയ്ക്ക് ആവശ്യമായ സാമൂഹ്യവൽക്കരണം നേടിയവരുമായ സ്ത്രീകൾക്കാണ് സാഹിത്യരംഗത്ത് പ്രവേശിക്കാനാവുക എന്ന് പ്രഖ്യാപിക്കപ്പെട്ടു. സാമുദായിക സ്വാതന്ത്യം സ്ത്രീകൾക്കില്ലാത്തതുകൊണ്ട് പോരായ്മകളുണ്ടായിരുന്നു. സ്ത്രീയ്ക്ക് സഹജമായ വാസനകളുണ്ടെന്നും സാഹിത്യനിർമ്മാണം അവർക്ക് വശമാകാൻ സാദ്ധ്യതയുണ്ടെന്നുമുള്ള വീക്ഷണവും അക്കാലത്തെ സാഹിത്യ ചർച്ചകളിൽ സ്ത്രീകൾ ഉന്നയിച്ചു കാണുന്നു. അതായത് സരസമായ വാക്കുകളിലൂടെ പുരുഷനെ നേർവഴിക്ക് നയിക്കുന്നതാണ് സ്ത്രീ ധർമ്മമെന്നും അതിന് സമാനമായ ധർമ്മമാണ് സാഹിത്യത്തിന്റേതെന്നും വന്നപ്പോൾ അവരുടെ അനുഭവപരിധിയുടെ പോരായ്മ സാഹിത്യരംഗപ്രവേശത്തിന് തടസ്സമായിക്കൂടെന്ന അഭിപ്രായം പലരും മുന്നോട്ടു വെച്ചു. സ്ത്രൈണഗുണങ്ങളെ പ്രസരിപ്പിക്കുന്ന എഴുത്താകണം സ്ത്രീകളുടേതെന്നും അഭിപ്രായങ്ങളുമുണ്ടായിരുന്നു. ഇത്തരം ധാരണകളെയും പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ടാണ് എഴുത്തുകാരികൾ മലയാളസാഹിത്യരംഗത്ത് ഇടം കണ്ടെത്തിയത്. രാഷ്ട്രീയഎഴുത്തിനും അത്രതന്നെ പുരുഷകേന്ദ്രിതമായ ആധുനികതാപ്രവണതകൾക്കും കീഴ്പെടാതെ സ്വന്തം നില കണ്ടെത്താനാണ് എഴുത്തുകാരികൾ ശ്രമിച്ചിട്ടുള്ളത്. ലളിതാംബിക അന്തർജനം സരസ്വതിയമ്മ, മാധവിക്കുട്ടി, സുഗതകുമാരി, സാറാ ജോസഫ് എന്നീ എഴുത്തുകാരികൾ ഇത്തരം പ്രതിസന്ധികളോട് പൊരുതിനിന്നുകൊണ്ട് പ്രതികരണങ്ങളുടെയും പ്രചോദനങ്ങളുടെയും ഫലമായി സാഹിത്യരംഗത്ത് ഇടം നേടിയവരാണ്.

-2pt

2സ്ത്രീ ഇടങ്ങൾ

കുടുംബം പൊതുഇടം എന്നിങ്ങനെ രണ്ട് ഇടങ്ങളാണ് പ്രധാനമായും സമൂഹത്തിലുള്ളത്. ഒരു വ്യക്തിക്ക് സ്ത്രീ/പുരുഷൻ ആഗ്രഹിക്കുന്നത് ചെയ്യാൻ അനുവദിക്കപ്പെടുന്ന സ്ഥലം/സ്വാതന്ത്ര്യം/അളവ് ആണ് ഇടം (സുജ സൂസൻ ജോർജ്, 2010: 9). ഈ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഇടങ്ങൾ ഇന്ന് ജനാധിപത്യപരമല്ല. ഇത് സ്വാതന്ത്ര്യവും സുരക്ഷയും നിഷേധിക്കുന്നു. ബലാൽസംഗം, ലൈംഗികാതിക്രമം, സ്ത്രീധനമരണം തുടങ്ങിയ വിഷയങ്ങൾ സമൂഹത്തിൽ തുടർച്ചയായി ഉണ്ടാകുന്നത് സ്ത്രീ ഇടങ്ങൾ നഷ്ടപ്പെടുന്നതുകൊണ്ടാണ്. സ്ത്രീകൾ പുരുഷാധിപത്യത്തിന് കീഴിൽ അടുക്കളയിലും കിടപ്പുമുറിയിലും ഞെരിച്ചമർത്തപ്പെടുന്നു. പൊതുയിടത്തിലെ സ്ത്രീയുടെ സുരക്ഷ അത്യന്തം പരിതാപകരമായ ഒന്നായി തുടർന്നുകൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുൾപ്പെടെ അനേകംപേർ തിക്താനുഭവങ്ങളിലൂടെ കടന്നുപോകാൻ വിധിക്കപ്പെടുന്നു (ദിവ്യ, എൻ., 2017: 46). സാമൂഹിക പ്രവർത്തകർക്ക് നേരെയുള്ള അപവാദപ്രചരണങ്ങൾ അക്രമങ്ങൾ എന്നിവ ഈ പരിസരത്തിൽ നിന്ന് പരിശോധിക്കാവുന്നതാണ്. സമൂഹത്തിൽ സ്വാതന്ത്ര്യമില്ലാതെ എഴുത്തിലും സാമൂഹ്യപ്രവർത്തനത്തിലും ഇടപെടാൻ കഴിയാത്ത വിധം വെല്ലുവിളികൾ നേരിടുന്നു. ത്യജിക്കാനും സഹിക്കാനും മാത്രം വിധിക്കപ്പെട്ട അവസ്ഥകൾ, അഭിപ്രായങ്ങളും വിമർശനങ്ങളും തുറന്നുപറയാനുള്ള വേദികൾ ഉണ്ടാകാത്ത അനീതിപരമായ സാഹചര്യങ്ങൾ സ്ത്രീ ഇടം ഇല്ലാതാകുന്നതിന്റെ വർത്തമാനകാല സൂചനകളാണ്. സ്ത്രീ എഴുത്ത് ഇടപെടലിലൂടെയും സ്ത്രീ സംഘടനകൾ സ്ഥാപിച്ചുകൊണ്ടും പ്രവർത്തിക്കുന്നത് ഇടങ്ങൾ ഉണ്ടാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. സ്ത്രീയ്ക്ക് വിമോചിക്കപ്പെടാനും പുരോഗമിക്കാനും തണലേകാനും ആശ്വാസവും സുരക്ഷയും സംരക്ഷണവും നൽകാനും സ്ത്രീ ഇടങ്ങൾ ആവശ്യമാണ്.

-2pt

3സുഗതകുമാരിക്കവിതയിലെ സ്ത്രീ ഇടങ്ങൾ

സുഗതകുമാരി കവിതയിലൂടെ സ്ത്രീകളുടെ ദുരിതങ്ങൾ അവതരിപ്പിക്കുകയും സമൂഹത്തിലിറങ്ങി ഇത്തരം ദുരിതങ്ങളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും സ്ത്രീയായി നിന്നുകൊണ്ട് സ്ത്രീയ്ക്ക് എഴുത്തിലും വീട്ടിലും സമൂഹത്തിലും ഇടമുണ്ടെന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. പുരുഷാധികാരത്തിനുകീഴിൽ സ്ത്രീകൾ നേരിടുന്ന ചൂഷണവും അധികാരത്തിനെതിരെയുള്ള പ്രതിരോധവും അടയാളപ്പെടുത്തുന്നവയാണ് സുഗതകുമാരിയുടെ കവിതകൾ. സുഗതകുമാരി സ്ത്രീകളുടെ സ്വത്വബോധം സംരക്ഷിക്കാനും സ്ത്രീകൾക്ക് തണലേകാനും അഭയബാല, അത്താണി എന്നീ സ്ഥാപനങ്ങളിലൂടെ പ്രവർത്തിക്കുന്നു. നിർദ്ധനരും നിസ്സഹായരുമായ പെൺകുട്ടികൾക്കുവേണ്ടി ആരംഭിച്ചതാണ് അഭയബാല. മാനസിക പരാധീനത അനുഭവിക്കുന്ന സ്ത്രീകൾക്കുവേണ്ടിയും നിർദ്ധനരായ സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടിയും ചികിത്സാപരമായ സഹായങ്ങളും മാനസികമായ പിന്തുണകളും അത്താണി നല്കുന്നു.

പ്രാചീനകാലം മുതൽ തന്നെ സ്ത്രീകളെ എങ്ങനെ നോക്കിക്കാണണമെന്ന നിർദ്ദേശം വേദങ്ങൾ മുന്നോട്ട് വെച്ചിരുന്നു. സ്ത്രീകളെ അടിച്ചമർത്താനും പാർശ്വവത്ക്കരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ ഇന്നും സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിക്കാത്ത സാഹചര്യവും പീഡിതാവസ്ഥയും തുടരുന്നുണ്ട്. സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സുഗതകുമാരി ശ്രമിക്കുന്നു. അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ ആത്മാലാപം അവരുടെ കവിതകളിൽ കാണാം. സ്ത്രീത്വത്തിന്റെ വിഭിന്നമുഖങ്ങൾ സുഗതകുമാരി ആവിഷ്ക്കരിക്കുന്നു. സമൂഹ മനസ്സാക്ഷിയിൽ ചലനം സൃഷ്ടിക്കാൻ അവരുടെ കവിതകൾക്ക് കഴിയുന്നുണ്ട്. അഗതിയായ പെൺകുഞ്ഞ്, അനാഥഗർഭം പേറുന്ന യുവതി വേശ്യാത്തെരുവിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന സ്ത്രീ, മാനസിക വിഭ്രമത്തിനടിപ്പെട്ട വിധവ, ബലാത്സംഗത്തിന് വിധേയയായ പിഞ്ചുകുഞ്ഞ്, അമ്മ ഉപേക്ഷിച്ച പൈതൽ, നിരാശയയായ അമ്മ എന്നിങ്ങനെ വ്യത്യസ്തമുഖങ്ങൾ ചിത്രീകരിക്കുന്നതിലൂടെ സ്ത്രീയുടെ തീവ്രവേദനയ്ക്കും അവളോടുള്ള ക്രൂരതയ്ക്കുമെതിരെ പ്രതിരോധിക്കുകയാണ് കവിത ചെയ്യുന്നത്.

നിസ്സഹായയായ സ്ത്രീ, അബലയായ സ്ത്രീസ്വത്വം, സ്ത്രീയുടെ ഏകാന്തത, ഒറ്റപ്പെടൽ, വേദന, കണ്ണീർ, പ്രതിഷേധസ്വരം, അനാഥത്വം, അരക്ഷിതമായ അനുഭവം, അസ്വസ്ഥമാകുന്ന സ്ത്രീ ഹൃദയം, വ്യവസ്ഥ നല്കുന്ന പാഠത്തെ ആത്മാർത്ഥമായി അനുസരിക്കേണ്ടി വന്ന പെണ്ണിന്റെ നിസ്സഹായവസ്ഥ, സ്ത്രീസത്തയുടെ നിശ്ശബ്ദ സഹനങ്ങൾ, പ്രേമവ്യഥകളാൽ ഉറക്കം നഷ്ടപ്പെട്ട് ചിന്താകുലയായി കഴിയുന്ന പെണ്ണ് എന്നിങ്ങനെ വ്യത്യസ്ത രീതിയിലാണ് സ്ത്രീ കവിതയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. അടിമത്തങ്ങൾക്കെതിരെ ഉച്ചത്തിൽ പ്രതികരിക്കുന്ന സുഗതകുമാരി ഇന്നും വായനക്കാരുടെ ഇടയിൽ ഒരിടം കണ്ടെത്താൻ ശ്രമിക്കുന്നു. സ്ത്രീയ്ക്ക് വെറുംവസ്തുവെന്ന നിന്ദ്യമായ അവസ്ഥ കല്പിച്ചുകൊടുക്കുന്ന സമൂഹത്തിനുനേരെ കവി രോഷത്തോടെ പ്രതികരിക്കുന്നു (ജി. മുകുന്ദൻ നായർ, 2016: 71).

2001-ൽ എഴുതിയ വനിതാക്കമ്മീഷൻ എന്ന കവിതയിൽ സ്ത്രീ വിമോചനമാണ് കവി ലക്ഷ്യം വെയ്ക്കുന്നത്. ദുഃഖസാന്ദ്രമായ ഭാവമാണ് കവിതയിൽ ഉടനീളം നിലനില്ക്കുന്നത്. പുരുഷാധികാരത്തിനുകീഴിൽ ഞെരിഞ്ഞമരുന്ന സ്ത്രീയെയാണ് ഇവിടെ ചിത്രീകരിക്കുന്നത്. പൊതുഇടത്തിൽ സ്ത്രീ സ്വതന്ത്രയല്ല. ഇവിടെ നിരന്തരം സ്ത്രീയെ പീഡനത്തിന് ഇരയാക്കുന്ന പുരുഷാധികാരത്തോടുള്ള പ്രതിരോധമാണ് വിഷയമാകുന്നത്. കവിതയുടെ ആദ്യ ഭാഗത്തുതന്നെ കവിളിനെ നനയിച്ച മിഴികളുമായി നിൽക്കുന്ന സ്ത്രീയെ ചിത്രീകരിക്കുന്നു. സമൂഹത്തിലെ പതിവ് ചതികളുടെ വ്യഥ, മെയ്യുവിറ്റ ശിക്ഷയ്ക്ക് പാതനടുവിൽ പിടിച്ചിരുത്തി ചുറ്റും കൂടിയോർ കൂവിയാർത്ത് മൊട്ടയടിച്ച് പുരം വിലക്കി, കണ്ണുനീരും തൂവി നില്ക്കുന്ന നീതിയില്ലാത്ത സമൂഹത്തിന്റെ നേർപ്പകർപ്പാണ് ഈ കവിത. തൊഴിൽ നീട്ടി സ്ത്രീയെ വിളിച്ചിറക്കി, അഴിയിട്ടു കൂട്ടിലടച്ചൊതുക്കി, പലരുടേയും പശിയകറ്റാൻ മുന്നിൽ നിർത്തി പിടിക്കപ്പെടുന്ന നേരത്ത് ചീത്തയാണെന്നു ചൊല്ലീ കരയുവാൻ മറന്ന് കൺമുമ്പിൽ നില്ക്കുന്ന സ്ത്രീ ചിത്രങ്ങൾ കവി അവതരിപ്പിക്കുന്നു. നൊന്തുപെറ്റ മക്കൾക്ക് സ്ത്രീയോടുള്ള സമീപനം സുഗതകുമാരി ഇങ്ങനെ വരച്ചിടുന്നു:

പലവട്ടം കോടതി കേറ്റിയെന്നും
ഇനി വയ്യായെന്നും മനസ്സുമങ്ങി
മിഴിമങ്ങിയാകെത്തളർന്നു കൂനി
തലചായ്ക്കാനിടമൊന്നുതേടി മുന്നിൽ
അവൾ, അമ്മ, വടിയൂന്നി വന്നിരുന്നു

അച്ഛനാരെന്നറിയാൻ രക്തമെടുക്കണമെന്ന് ചൊല്ലുന്ന, അഴലാർന്ന അമ്മയുടെ കൈപിടിച്ച് നിൽക്കുന്ന,അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തെ ആവിഷ്കരിക്കുകയാണ് കവിതയിൽ ചെയ്യുന്നത്. തീയിൽ കരിഞ്ഞുകറുത്തുവരുന്ന നോവിൽ കുതിർന്നുകലങ്ങി നില്ക്കുന്ന പെരുവയർ താങ്ങിത്തളർന്ന് കൈയിൽ ചിലമ്പുയുർത്തി നില്ക്കുന്ന രോഷം നിറഞ്ഞ സ്ത്രീ ചിത്രത്തോടെയാണ് കവിത അവസാനിക്കുന്നത്. കോടതി പരിസരത്തിലൂടെയും മനസ്സുമങ്ങുന്ന കാഴ്ചകളിലൂടെയും അവതരിപ്പിക്കുന്ന കവിത തലചായ്ക്കാൻപോലും ഇടം കിട്ടാത്ത സ്ത്രീ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്.

1990-ൽ എഴുതിയ പെൺകുഞ്ഞ്-90 എന്ന കവിതയിൽ പിഴച്ചുപെറ്റ കുഞ്ഞിനെ കുറിച്ചോർത്ത് വ്യാകുലപ്പെടുന്ന സ്ത്രീയെയാണ് അവതരിപ്പിക്കുന്നത്. സമൂഹത്തിൽ ഇടം ലഭിക്കാത്ത അവസ്ഥകൾ തന്നെയാണ് കവി ചിത്രീകരിക്കുന്നത്. തന്റെ പെൺകുഞ്ഞിന് സമൂഹത്തിൽ ജീവിക്കാൻ ഒരിടം ലഭിക്കണേയെന്ന പ്രാർത്ഥനയോടെയാണ് കവിത ആരംഭിക്കുന്നത്.

പെണ്ണാണ്, കൊന്നൊഴിച്ചീടിനാൻ
കഴിഞ്ഞീല, പൊറുക്കുക
നിൻ മടിത്തട്ടിൽ ജീവിക്കാൻ
ഇവർക്കുമിടമേകുക

എന്നാണ് കവി ആവശ്യപ്പെടുന്നത്. ഇവൾ അനാഥാലയത്തിൽ ആശ്രയം കണ്ടെത്തേണ്ടിവരുമോ, ഇവളെത്തേടി പ്രേമമെത്തുമോ, സ്ത്രീധനം നല്കാനാവാതെ പട്ടിണിക്കിട്ടു കൊല്ലുമോ, ഇവളെ ചുവന്ന തെരുവിൽ പിഴിഞ്ഞൂറ്റി കുടിക്കുമോ, പിച്ചച്ചട്ടിയേന്തേണ്ടി വരുമോ എന്ന് ആകുലപ്പെടുന്ന അവസ്ഥകളെക്കുറിച്ചാണ് വിവരിക്കുന്നത്. മാനുഷിക മൂല്യങ്ങളും നന്മകളും നഷ്ടപ്പെട്ട മനുഷ്യത്വം നഷ്ടപ്പെട്ട സമൂഹത്തെയാണ് കവി ചോദ്യംചെയ്യുന്നത്. സ്ത്രീയ്ക്ക് സമൂഹത്തിൽ ജീവിക്കാൻ ഇടംനല്കാൻ കവി ആവശ്യപ്പെടുന്നു.

1979-ൽ എഴുതിയ ജെസ്സി എന്ന കവിതയിൽ ജെസ്സിയെന്ന പെൺകുട്ടിയുടെ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നത്. ജെസ്സിയുടെ ദുഃഖഭാവം കവിതയിൽ ഇങ്ങനെ അവതരിപ്പിക്കുന്നു:

നിന്റെ കൺതടങ്ങളിലെന്തൊരു കറുപ്പ്! നിൻ
കൺകൾ തൻ കയങ്ങളിലെന്തൊരു മഹാക്ഷീണം!…
ഒന്നിച്ച് നാലാം ക്ലാസിലിരുന്നോളിവൾ; കണ്ണിൽ
കണ്ണുനീരുണങ്ങാത്തോൾ, ആശ്രയം കണ്ടെത്താത്തത്തോൾ

ജെസ്സിയുടെ കഥ ഒരു ഒറ്റപ്പെട്ട വ്യക്തിയുടെ കഥയല്ല. ഒരു സമൂഹത്തിന്റെ പതനകഥയാണ്. ഒരു അധർമ്മവും ചെയ്യാത്ത പെങ്ങളെ കൊടിയ നരകത്തിലേക്ക് തള്ളിവിടുക; പാപികളെന്ന് വിധിച്ച് അവഹേളിക്കുക—ജെസ്സി ആ നിഷ്കളങ്ക ശരവ്യവർഗത്തിന്റെ പ്രതിനിധി മാത്രമാണ്. കുടുംബാംഗസംഖ്യ പരിമിതപ്പെടുത്തുന്നത് പാപമാണെന്ന് അനുശാസിക്കുന്ന മതം, മണ്ണിൽ പിറന്നു വീഴുന്ന മനുഷ്യക്കുഞ്ഞുങ്ങൾക്കെല്ലാം വളർന്നുവികസിക്കാൻ കഴിയുന്നത് ജന്മാവകാശമാണെന്ന് അംഗീകരിക്കാത്ത രാഷ്ട്രം—ഇവയെല്ലാം ഈ ദുരന്തകഥയിലെ വില്ലന്മാരാണ്. ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും പുറമേ നിയതി അവൾക്ക് വിക്കുകൂടി സമ്മാനിച്ചു. ജീവിതങ്ങളെക്കൊണ്ട് പന്തുതട്ടുന്ന കള്ളദൈവങ്ങളുടെ തേർവാഴ്ച വിജയിച്ചരുളുന്ന കാലഘട്ടത്തിൽ ജെസ്സിമാർ ബലിമൃഗങ്ങൾ മാത്രമാണ്. അച്ഛൻ വേറെ പെണ്ണുകെട്ടിപ്പോകുകയും കുടുംബം ചിതറിപ്പോയ അവസ്ഥയിൽ വേലചെയ്ത് ജീവിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ചാണ് ആദ്യം പരാമർശിക്കുന്നത്. പിന്നീട് കാബറേയിലും സ്വന്തം നാട്ടിൽ ഇടം കിട്ടാതെ പണിചെയ്യാൻ വിദേശത്തേയ്ക്കും പോകുകയും പുതിയ ഇടം കണ്ടെത്തി മറ്റൊരു സംസ്കാരത്തിലേക്ക് ചേക്കേറേണ്ടി വരികയും ചെയ്യുന്ന സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത അവസ്ഥകളെയാണ് കവി വരച്ചിടുന്നത്.

1979-ൽ എഴുതിയ ഇവൾക്കുമാത്രമായി ഉള്ളിൽ കൊടും തീയാളുന്ന സ്ത്രീയെ അവതരിപ്പിക്കുന്നു. പുരുഷന് ചവിട്ടാനും പുച്ഛിക്കാനും പരിത്യജിക്കാനുമുള്ള വസ്തുവായി സ്ത്രീ മാറുന്നു. സ്ത്രീയ്ക്ക് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയെക്കുറിച്ച് കവി ഇങ്ങനെ തിരിച്ചറിയുന്നു:

ചവിട്ടാൻ നിങ്ങൾക്ക് ചിലപ്പോൾ പൂജിക്കാൻ,
പരക്കെ പുച്ഛിക്കാൻ, പരിത്യജിക്കുവാൻ,
തുണയ്ക്കുകൈകോർത്തു നടക്കാൻ, മക്കളെ
പിടയ്ക്കും നെഞ്ചത്തു കിടത്തിപ്പോറ്റുവാൻ
ഇവൾക്കുമാത്രമായൊരു ജന്മം

എന്നിങ്ങനെ വ്യത്യസ്തരീതിയിൽ സ്ത്രീയുടെ അവസ്ഥ അവതരിപ്പിച്ചുകൊണ്ട് സ്ത്രീ ഇടം അന്വേഷിക്കുകയാണ് കവി ചെയ്യുന്നത്. ഇതിലൂടെ വായനക്കാർക്ക് സ്ത്രീ ഇടത്തെക്കുറിച്ചുള്ള ധാരണ വ്യക്തമാകുന്നു.

സ്ത്രീയ്ക്ക് സമൂഹത്തിൽ ഇടം നിഷേധിക്കപ്പെടുന്ന അവസ്ഥകളാണ് സുഗതകുമാരി തിരിച്ചറിയുന്നത്. സുഗതകുമാരി ഇത് കവിതകളിൽ അവതരിപ്പിക്കുന്നു. തന്റെ എഴുത്തിലൂടെ സ്ത്രീയ്ക്ക് ഒരിടമുണ്ടെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു. മാനുഷിക മൂല്യങ്ങളും നന്മകളും നഷ്ടപ്പെട്ട സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യത്വം നഷ്ടപ്പെട്ട സമൂഹത്തിന്റെ മനസ്സിൽ അമ്മമാർ അവഗണിക്കപ്പെടുന്നു. കോടതി വരാന്തയിൽ നില്ക്കുന്ന അമ്മയുടെ ചിത്രം ഇതിനൊരു ഉദാഹരണമാണ്. സ്ത്രീ പരിഹാസ കഥപാത്രമാകുന്ന സ്ത്രീയെ നിന്ദിക്കുന്ന, സ്ത്രീയ്ക്ക് പുരുഷനോടൊപ്പം സ്ഥാനമില്ലാത്ത, തലചായ്ക്കാനിടം തേടുന്ന സ്ത്രീ അവസ്ഥകളെക്കുറിച്ചാണ് കവിതയിൽ പ്രതിപാദിക്കുന്നത്. അനാഥാലയം, കോടതി വരാന്ത, റോഡിന്റെ നടുവ്, അഴിയിട്ട കൂട്, കാബറേ എന്നീ പരിസരങ്ങളിൽ സ്ത്രീകളെ അടയാളപ്പെടുത്തുമ്പോൾ സമൂഹ മനസ്സാക്ഷി സ്ത്രീയെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നാണ് അവതരിപ്പിക്കുന്നത്. സ്ത്രീയെന്ന കർതൃത്വപദവിയിൽ നിന്നുകൊണ്ട് പുരുഷൻ നിർവചിക്കുന്ന ഇടത്തിനുകീഴിൽ ഞെരിഞ്ഞമരുന്ന സ്ത്രൈണാവസ്ഥകളെക്കുറിച്ചുള്ള സൂചനകളാണ് സുഗതകുമാരി നല്കുന്നത്. ഇതിലൂടെ സ്ത്രീയ്ക്ക് ഇടംനല്കേണ്ടതിന്റെ ആവശ്യകതകൂടിയാണ് മുന്നോട്ടുവെയ്ക്കുന്നത്.

-2pt

4ഉപസംഹാരം

പ്രബന്ധത്തിൽ നിന്ന് ലഭിച്ച് നിഗമനങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം:

കാല്പനികവും സാമൂഹികവുമായ പ്രമേയങ്ങൾ കവിതയിൽ വിഷയമാക്കിക്കൊണ്ട് സുഗതകുമാരി സ്ത്രീകളുടെ ഇടത്തിനുവേണ്ടി പൊരുതുന്നു. സ്വന്തമായി മണ്ണിനുവേണ്ടി, തലചായ്ക്കാൻ ഇടം തേടുന്ന, ആശ്രയം കണ്ടെത്താനാകാത്ത സ്ത്രീ ചിത്രത്തിലൂടെ അവൾ ഇരയായി മാറുന്ന സ്ത്രൈണാവസ്ഥകൾ അവതരിപ്പിച്ചുകൊണ്ട് സ്ത്രീ ഇടത്തെത്തന്നെയാണ് പ്രശ്നവത്കരിക്കുന്നത്. സ്ത്രീയിടങ്ങൾ വിശാലമാകേണ്ടതുണ്ട്. ഇടങ്ങൾ സ്വന്തമാകുമ്പോഴാണ് സ്ത്രീക്ക് കുടുംബത്തിലും സമൂഹത്തിലും സ്ഥാനം ലഭിക്കുന്നത്. സ്ത്രീകളുടെ അടിമത്തത്തിനെതിരെ തിരിയുമ്പോഴും സ്വാതന്ത്ര്യം, സമത്വം, വിമോചനം എന്നീ ലക്ഷ്യങ്ങളിലേക്ക് എത്തുമ്പോഴുമാണ് സ്ത്രീയ്ക്ക് ഇടം ലഭിക്കുന്നത്. ഇടം നല്കാത്തതുകൊണ്ടാണ് സമൂഹത്തിൽ ഇന്നും ഇവർക്ക് നേരേയുള്ള അതിക്രമങ്ങൾ തുടരുന്നത്. സ്ത്രീയുടെ പുരോഗതിക്ക് ഇടങ്ങൾ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇടങ്ങൾക്കുവേണ്ടി വാദിക്കുകയാണ് കവിതയിലൂടെ സുഗതകുമാരി ചെയ്യുന്നത്.

-2pt

കുറിപ്പുകൾ

  1. ജെ.ദേവിക, ‘മലയാളസാഹിത്യത്തിലെ ‘തായ്കുലം’, സാറാജോസഫിന്റെ സമ്പൂർണ്ണ കഥകൾ 1968–2008, 2-ാം പതിപ്പ്, കറന്റ് ബുക്സ്, തൃശൂർ, 2015, പു. xi – xiii.

  2. എം. ലീലാവതി, ‘അവതാരിക’, സുഗതകുമാരിയുടെ അമ്പലമണി, 17-ാം പതിപ്പ്, ഡി. സി. ബുക്സ്, കോട്ടയം, 2014, പു. 23.

-2pt

ആധാരഗ്രന്ഥങ്ങൾ

  1. ടോണി മാത്യു, 2011, കാട്ടുകിളിയുടെ പാട്ട്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

  2. തോമസ് മാത്യു, 2011, ദന്തഗോപുരത്തിലേക്ക് വീണ്ടും, സാഹിത്യപ്രവർത്തകസഹകരണ സംഘം കോട്ടയം.

  3. ദിവ്യ, എൻ., 2017, പൊതുയിടങ്ങളിലെ സ്ത്രീകളും സമകാലീന മുഖ്യധാരാ വീക്ഷണങ്ങളും വാല്യം 13 ലക്കം 4, സംഘടിത.

  4. ദേവിക, ജെ., 2011, ‘കുലസ്ത്രീയും’ ‘ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ?, സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം.

  5. മുകുന്ദൻ നായർ, ജി., 2016, ഹരിതഹൃദയം, മാവേലിക്കര പുസ്തക സമിതി, മാവേലിക്കര.

  6. രാജശേഖരൻ, പി. കെ., 1999, അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറ് വർഷങ്ങൾ, ഡി. സി. ബുക്സ് കോട്ടയം.

  7. ലീലാവതി, എം., 2008, സ്ത്രീ സ്വത്വാവിഷ്ക്കാരം ആധുനിക മലയാളസാഹിത്യത്തിൽ, കേരള സാഹിത്യഅക്കാദമി, ത്യശ്ശൂർ.

  8. സാറാ ജോസഫ്, 2015, സാറാജോസഫിന്റെ സമ്പൂർണ്ണ കഥകൾ 1968 -2008, കറന്റ് ബുക്സ്, തൃശൂർ.

  9. സുഗതകുമാരി, 2007, സുഗതകുമാരിയുടെ കവിതകൾ സമ്പൂർണ്ണം, ഡി. സി. ബുക്സ്, കോട്ടയം.

  10. സുഗതകുമാരി, 2014, അമ്പലമണി, ഡി. സി. ബുക്സ്, കോട്ടയം.

  11. സുജ സൂസൻ ജോർജ്, 2010, അവകാശസമത്വവും അവസരസമത്വവും മാനവപുരോഗതിക്ക്, ഓറ മാസിക, മാർച്ച്.