പുരുഷവിചാരണകൾ സാറാ ജോസഫിന്റെയും സക്കറിയയുടെയും കൃതികളിൽ
ജോബി ജേക്കബ്
മലയാളവിഭാഗം, നിർമലഗിരി കോളേജ്, കൂത്തുപറമ്പ്
സാരാംശം

“മനുഷ്യൻ ഒഴികെയുള്ള ജന്തുജാലങ്ങൾ അവയ്ക്കു ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വൃത്തപരിധിയോളം യാത്രചെയ്ത് തങ്ങളുടെ ഭൂമിക പൂർണമായും നിറവേറ്റുന്നുണ്ടെന്നു പറയുന്നതിൽ തെറ്റുണ്ടാവില്ല. കാരണം, അവയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അവ അറിയാതെതന്നെ പ്രാകൃതികമായ മെറ്റാബോളിസത്തിന്റെയും ജന്മവാസനയുടെയും ഫലമായി നടന്നുപോകുന്നു. മനുഷ്യന് അത് സ്വയം സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച് ബോധപൂർവം നിറവേറ്റേണ്ടിയിരിക്കുന്നു. ആ ഇച്ഛാശക്തി പ്രയോഗിക്കപ്പെടാതെ ഇരിക്കുകയാണെങ്കിൽ അവൻ തനിക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യത്തിന്റെ സാമ്രാജ്യത്തെ തന്റേതാക്കുന്നതിൽ പരാജയപ്പെടുകയും അവനെക്കാൾ താണപടിയിലുള്ള ജന്തുക്കളുടെ ഭൂമിക മാത്രം നിറവേറ്റി സ്വന്തം ജീവിതം അവസാനിപ്പിക്കുകയുമാണ് ചെയ്യുന്നത്”. മനുഷ്യപ്രകൃതിയുടെ ജൈവസ്വഭാവത്തെക്കുറിച്ചു പറയുന്ന ആനന്ദിന്റെ വാക്കുകളാണിത്.

തങ്ങൾക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യത്തിന്റെ സാമ്രാജ്യത്തെ തങ്ങളുടേതാക്കുന്നതിൽ പരാജയപ്പെടുന്ന സ്ത്രീജന്മങ്ങൾ ഇക്കാലത്തും ഏറെയുണ്ട് നമ്മുടെ നാട്ടിൽ. കാലങ്ങളായി പുരുഷാധിപത്യത്തിനു വിധേയപ്പെട്ടു ജീവിക്കുന്ന ഇക്കൂട്ടരുടെ വിമോചനത്തിനുവേണ്ടി ആരംഭിച്ച പ്രസ്ഥാനങ്ങളും നടത്തിയിട്ടുള്ള ഐതിഹാസികസമരമുന്നേറ്റങ്ങളും ചരിത്രപുസ്തകങ്ങളിൽ സുഷുപ്തികൊള്ളുന്നു. പുരുഷാധിനിവേശം അതിന്റെ എല്ലാ ആസുരതകളോടുംകൂടെ സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ അതിനെതിരെയുള്ള പ്രതിരോധങ്ങൾ ബഹുമുഖങ്ങളാകണം. ഉത്തരാധുനിക സാഹിത്യത്തിന്റെ പ്രതിനിധാനങ്ങളായ സാറാ ജോസഫിന്റെയും സക്കറിയായുടെയും തെരഞ്ഞെടുത്ത കൃതികളിൽ ഈ വ്യവഹാരം എപ്രകാരമാണെന്ന അന്വേഷണമാണിത്.

1പശ്ചാത്തലം

പാശ്ചാത്യമിഷണറിപ്രവർത്തനങ്ങളും ഇംഗ്ലീഷ് വിദ്യാഭ്യാസവും നവോത്ഥാനദർശനങ്ങളുംകൊണ്ട് കേരളത്തിന്റെ പ്രത്യയശാസ്ത്രമണ്ഡലം വികസ്വരമായപ്പോൾ പുരുഷന്മാരായിരുന്നു ആ പരിഷ്കരണങ്ങളുടെ ആനുകൂല്യങ്ങളും സദ്ഫലങ്ങളും മുഖ്യമായും അനുഭവിച്ചത്. സ്വാഭാവികമായും സ്ത്രീകളും വിദ്യാഭ്യാസംനേടാനും സ്വതന്ത്രരാകാനും ആഗ്രഹിച്ചു. ഉൽക്കർഷേച്ഛുക്കളായ പുരുഷന്മാർ തങ്ങളുടെ സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കാൻ തുടങ്ങി. ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും ശക്തിപ്രാപിച്ചപ്പോൾ സ്ത്രീവിമോചനപ്രസ്ഥാനങ്ങളും സജീവമായിയെന്നു കാണാനൊക്കും. നവോത്ഥാന സമരങ്ങളുടെ ഭാഗമായ പല പ്രക്ഷോഭങ്ങളും സ്ത്രീകളുടെ സാമൂഹികപദവിയിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കാനുള്ളവയായിരുന്നു. ബഹുഭാര്യാത്വം, ബഹുഭർത്തൃത്വം, ശൈശവവിവാഹം, സംബന്ധം, സ്ത്രീധനം, സ്ഥിരവൈധവ്യം തുടങ്ങിയ ക്രൂരതകൾക്കെതിരെ സമൂഹമനഃസാക്ഷിയെ ഉണർത്താൻ അവ സഹായിച്ചു.

20-ാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന നവോത്ഥാനമുന്നേറ്റങ്ങളിൽ സുപ്രധാനമായ ചില ചലനങ്ങൾ സ്ത്രീവിമോചനവുമായി ബന്ധപ്പെട്ടായിരുന്നുവെന്നു പറയാറുണ്ട്. പക്ഷേ, സൂക്ഷ്മവിശകലനത്തിൽ അവ പുലർത്തിപ്പോന്നത് വിമോചനലക്ഷ്യങ്ങളായിരുന്നില്ല, പരിഷ്കരണലക്ഷ്യങ്ങളായിരുന്നുവെന്നു മനസ്സിലാകും. സ്ത്രീക്ക് കുടുംബത്തിൽ സ്വാതന്ത്ര്യവും മാന്യതയും ലഭിക്കണമെന്നും അവൾ ഉത്തമകുടുംബിനിയായി മാനിക്കപ്പെടണമെന്നും വിവാഹം, ലൈംഗികത, ശരീരം എന്നിവയെക്കുറിച്ചുള്ള പുരുഷനിർമിത മൂല്യസങ്കല്പങ്ങൾക്കനുസരിച്ച് സമൂഹം അവളെ ആദരിക്കണമെന്നുമാണ് നവോത്ഥാന മുന്നേറ്റങ്ങൾ ആവശ്യപ്പെട്ടത്.

വിമോചനപ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസപ്രവർത്തനങ്ങളുടെയും ഫലശൂന്യതയാണിവിടെ കാണുന്നത്. സ്ത്രീവിമോചനത്തിന് പുതിയ വഴി തേടേണ്ടിവരുന്നത് ഈ പശ്ചാത്തലത്തിലാണ്. ‘കേരളത്തിലെ പ്രത്യയശാസ്ത്രമണ്ഡലത്തിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങൾ മേൽക്കോയ്മ നേടുകയും മറുവശത്ത് ആന്തരികഘടനയിലെ പരിവർത്തനങ്ങൾ സ്ത്രീകളെ വീട്ടടിമകളാക്കിത്തീർക്കുകയും ചെയ്ത സവിശേഷസാഹചര്യങ്ങളാണ് സ്ത്രീവിമോചനത്തിന്റെ പ്രശ്നങ്ങൾ ഉയർന്നുവന്നതിനു കാരണം. ഈ പരിവർത്തനങ്ങൾ സ്ത്രീ പുരുഷവർഗങ്ങൾ തമ്മിൽ മുൻപെങ്ങുമില്ലാത്തവിധം ശത്രുതാപരമായ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും സൃഷ്ടിച്ചു. ഗാർഹികാടിമത്തത്തിൽ നിപതിച്ചു കഴിഞ്ഞ സമൂഹത്തിന്റെ അർദ്ധഭാഗമായ സ്ത്രീകളിൽനിന്നും വിമോചനാഭിലാഷങ്ങളും ആത്മരോഷവും നിഷേധങ്ങളും വിവിധഭാവങ്ങളിൽ പൊട്ടിപ്പുറപ്പെട്ടു’, എൻ. കെ. രവീന്ദ്രന്റെ നിരീക്ഷണമാണിത്.

ഗാർഹികാന്തരീക്ഷത്തിലെ അടിമത്തത്തിൽനിന്ന് സ്ത്രീകളെ വിമോചിപ്പിക്കുന്നതിനും സ്ത്രീധർമം, ചാരിത്ര്യം, പാതിവ്രത്യം, മാതൃത്വം തുടങ്ങിയ ആദർശബിംബങ്ങൾ പ്രതിഷ്ഠിച്ച് സ്ത്രീവിമോചനചലനങ്ങൾ പ്രതിരോധിക്കുന്ന പുരുഷകാപട്യങ്ങളെ തുറന്നുകാണിക്കുന്നതിനുമുള്ള സർഗാത്മകപ്രവർത്തനങ്ങൾ ആരംഭിച്ചത് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽത്തന്നെയാണ്. കെ. ലക്ഷ്മിയമ്മയുടെ ‘പുരുഷധർമ്മം’ (ശാരദ, മിഥുനം 1081), സരോജിനിയുടെ ‘സ്ത്രീത്വം’ (മഹിളാരത്നം, ധനു 1091) മാധവിയുടെ ‘വനിതാവൈഭവം’ (ശാരദ, ഏപ്രിൽ 1908), മിസ്സിസ്സ് സി. ജേക്കബിന്റെ ‘സ്ത്രീകളുടെ അഭ്യുന്നതി’ (മഹിളാരത്നം, വൃശ്ചികം 1901) ബി. പാച്ചിയമ്മയുടെ ‘സ്ത്രീകളും സ്വാതന്ത്യവും’ (മഹിള, മാർച്ച് 1921) മുതലായവ ഉദാഹരണങ്ങളാണ്. വളരെ രൂക്ഷവും പ്രകോപനപരവുമായ ഭാഷയിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ കപടതകളെയും തുറന്നെഴുതിയവരാണ് ഇവരെല്ലാം. കേരളീയ സ്ത്രീവിമോചനപാരമ്പര്യത്തിന്റെ ആദ്യകാലത്തുണ്ടായ തീക്ഷ്ണമായ ചില പ്രതിഷേധരചനകളുടെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണിവ. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെക്കാൾ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽപ്രവേശം എന്നീ നിലകളിൽ കേരളസ്ത്രീകൾ മുൻപന്തിയിലാണെങ്കിലും യാഥാസ്ഥിതികവും പാരമ്പര്യനിഷ്ഠവുമായ ചിന്താധാരകൾക്കൊണ്ട് വരിഞ്ഞുമുറുക്കപ്പെട്ട മലയാളികൾക്കിടയിൽ യഥാർത്ഥ സ്ത്രീസ്വാതന്ത്ര്യം മരീചികയായിത്തുടരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരാധുനിക സാഹിത്യത്തിലും സമകാലിക സാംസ്കാരിക വേദികളിലും സജീവസാന്നിദ്ധ്യങ്ങളായ സക്കറിയയെയും സാറാജോസഫിനെയും അവരുടെ സ്ത്രീപക്ഷ നിലപാടിനെപ്രതി ഇവിടെ സംക്ഷിപ്തമായി പഠിക്കുന്നത്. സ്ത്രീവിമോചന ലക്ഷ്യങ്ങളോടെ മലയാളത്തിൽ നടന്ന അനേകം രചനകളിൽനിന്ന് ഇവരുടെ രചനകളെ വ്യതിരിക്തമാക്കുന്ന ഒരു ഘടകം പുരുഷവിചാരണകളും പരിഹാസപ്രതിപാദനങ്ങളുമാണ്. ഉത്തരാധുനികരചനകളുടെ പൊതുസ്വഭാവമണ്ഡലത്തിലാണ് ഈ സവിശേഷതകൾ കാണപ്പെടുന്നത്.

2സാറാ ജോസഫും പുരുഷവിചാരണകളും

സ്ത്രീകൾക്കും ഭൂമിക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങൾക്കെതിരെയുള്ള എതിർപ്പാണ് സാറാ ജോസഫിന്റെ കൃതികളുടെ ചൈതന്യവും ശക്തിയും. മണ്ണും പെണ്ണും പുരുഷന്റെ ദയാദാക്ഷിണ്യങ്ങൾക്ക് വിധേയമാണിന്നും. ആർദ്രതയോ അലിവോ ഇല്ലാത്ത ആസുരപ്രകൃതമുള്ള പുരുഷനീതിയുടെ ഇരകളാക്കപ്പെടുന്നു സ്ത്രീയും പ്രകൃതിയും. പുരുഷത്വത്തിന്റെ ലക്ഷണം അധീശത്വവും നൃശംസതയുമാണെന്നു ധരിച്ചുവശായിരിക്കുന്ന ആണുങ്ങളെക്കുറിച്ച് സഹതാപാർദ്രതയോടെയാണ് എഴുത്തുകാരി സംസാരിക്കുന്നത്:

“നമുക്കൊരു സങ്കല്പമുണ്ട്. ഒരു പുരുഷൻ എങ്ങനെ ആയിരിക്കണമെന്നതിനെ സംബന്ധിച്ച്. അതീപ്പറഞ്ഞ കായികബലം കാണിക്കുന്ന പുരുഷനല്ല. എന്താണ് ആണത്തമെന്ന് ചോദിച്ചാൽ ഉറച്ച മസിലും പേശീബലവുമൊക്കെയുള്ള ‘എന്തെടാ’ എന്നു ചോദിച്ചാൽ ‘ഏതെടാ’ എന്നു പറയുന്ന ഒരു ആൺസങ്കല്പം ഇവിടെ നിലനില്ക്കുന്നുണ്ട്. എന്റെ മനസ്സിലുള്ള കംപാനിയൻ ആർദ്രമായ പെൺമനസ്സുള്ള ഒരു പുരുഷനാണ്. നമ്മളെ മനസ്സിലാക്കാനുള്ള ആർദ്രത. ഓരോ നിമിഷവും നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ. നമ്മളാഗ്രഹിക്കുന്നതിനേക്കാൾ നമ്മളെ ആഗ്രഹിക്കുന്ന പുരുഷൻ ആണെന്റെ മനസ്സിലെ കംപാനിയൻ. അതാണ് പ്രണയത്തിന്റെ ഒരു പൂർണതയായിവരുന്നത്. ഞാനൊരിക്കലും പുരുഷനെ വെറുക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല”.

പുരുഷനും സ്ത്രീയ്ക്കും സമൂഹത്തിൽ തുല്യപദവി ലഭിക്കണമെന്നല്ലാതെ സ്ത്രീവാദത്തിലൂടെ പുരുഷസമുദായത്തെ തേജോവധം ചെയ്യാൻ സാറാജോസഫ് ആഗ്രഹിക്കുന്നില്ല. ഭാരതചരിത്രത്തിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്ത്രീവിരുദ്ധത നിറഞ്ഞുനില്പുണ്ടെന്ന് മനസിലാക്കാൻ ഗവേഷണമൊന്നും ആവശ്യമില്ല. ആർഷഭാരതസംസ്കൃതിയെന്നു വാഴ്ത്തപ്പെടുന്ന ഈ നാടിന്റെ പാരമ്പര്യത്തിന്റെ അസ്തിവാരങ്ങൾ ഈ ക്ലാസിക്കുകളിലാണ് നാം കണ്ടെത്തുന്നത്. തീർച്ചയായും ഈ ബൃഹദാഖ്യാനങ്ങളെ യുക്തിപൂർവം വിചാരണ ചെയ്യുമ്പോൾ ക്രൂരമായ പുരുഷനീതികളും ഹീനമായ സ്ത്രീവിവേചനങ്ങളും തെളിഞ്ഞുകാണാനൊക്കും. എഴുതപ്പെട്ട കാലത്തെ നാട്ടുനീതികളുടെ വെളിച്ചത്തിൽ ചിട്ടപ്പെടുത്തിയവയാണ് പുരാണകൃതികളെല്ലാം. ഭരണവർഗ്ഗം ന്യായമെന്നും ധർമമെന്നും വിധിച്ച അംഗീകൃതപെരുമാറ്റമാതൃകകൾക്കെതിരെയുള്ള ചലനങ്ങളെയും സ്വരങ്ങളെയും അമർച്ച ചെയ്യലല്ലാതെ മറ്റൊന്നുമായിരുന്നില്ല ധർമസംസ്ഥാപനം. രാമൻ രാവണനെയും ബാലിയെയും ജംബൂകനെയും വകവരുത്തുന്നതും ശൂർപ്പണഖയെയും സീതയെയും ശിക്ഷിക്കുന്നതും സുഗ്രീവനെയും വിഭീഷണനെയും വാഴിക്കുന്നതും അംഗീകൃത നിയമവ്യവസ്ഥകളുടെ സാധൂകരണമല്ലാതെ മറ്റൊന്നുമായിരുന്നില്ല. സാറാജോസഫിന്റെ ഊരുകാവൽ എന്ന നോവലിൽ ഇതു കാണാനൊക്കും. കടന്നുകയറി നശിപ്പിക്കാനും അഹങ്കാരത്തോടെ ഭരിക്കാനും നെറികേടുകളെ ന്യായീകരിക്കാനും ചരിത്രത്തിലിങ്ങോളം പുരുഷൻ കാണിച്ച ധാർഷ്ട്യത്തെ പരിഹസിക്കുന്നുണ്ട് എഴുത്തുകാരി മറ്റു കൃതികളിലും. പ്രകൃതിയും സ്ത്രീയും പുരുഷന്റെ ദയാദാക്ഷിണ്യങ്ങൾക്കു വിധേയമാണെന്ന പരമ്പരാഗത ധാരണയെ പൊള്ളിക്കുകയാണ് എഴുത്തുകാരി.

അധികാരത്തിന്റെ ആൾരൂപങ്ങളും സർവജ്ഞഭാവം പൂണ്ടവരുമായ പുരുഷരൂപങ്ങളെ സാധൂകരിക്കാൻ സാറാ ജോസഫ് ശ്രമിച്ചിട്ടില്ല. അപഹാസ്യരും കഴിവുകെട്ടവരുമായ ഒരുപാട് പുരുഷകഥാപാത്രങ്ങൾ ആ കൃതികളിൽ നിറയുന്നുണ്ട്. ‘ഓരോ എഴുത്തുകാരിയുടെ ഉള്ളിലും’ എന്ന കഥയിലെ പുരുഷോത്തമൻ, ‘മുടിത്തെയ്യ’ത്തിലെ സനാതനൻ, ‘ദാമ്പത്യ’ത്തിലെയും ‘സ്കൂട്ടറി’ലെയും ‘പാപത്തറ’യിലെയും മറ്റനേകം കഥകളിലെയും ഭർത്താക്കന്മാർ, ‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിലെ കോക്കാഞ്ചിറ ഗ്രാമത്തിലെ രോഗികളും അലസന്മാരും കള്ളുകുടിയന്മാരും വഴക്കാളികളുമായ പുരുഷന്മാർ, ‘ഒതപ്പ്’ എന്ന നോവലിലെ ഫാ. കരീക്കൻ, മർഗലീത്തയുടെ സഹോദരന്മാർ, ‘ആതി’യിലെ കുമാരൻ, ഊരുകാവലിലെ സുഗ്രീവനും രാമനും മറ്റനേകരും ഉദാഹരണങ്ങളാണ്. വി. കെ. എൻ. കൃതികളെയും ധർമപുരാണത്തെയും ഓർമപ്പെടുത്തുന്ന ‘ജാതി ഗുപ്തനും ജാനകിഗുപ്തനും’ എന്ന കഥയിലെ നായകൻ അപഹാസ്യനും കഴിവുകെട്ടവനുമാണ്. ‘വിയർപ്പടയാളങ്ങൾ’ എന്ന കഥയിലെ തേവമ്മാഷ് മഹാഭീരുവായാണ് പ്രത്യക്ഷപ്പെടുന്നത്. ചരിത്രത്തിലെ നടുകുനിച്ച് വാപൊത്തിനില്ക്കുന്ന അപ്പന്മാരിൽ നിന്നാണ് അയാൾക്ക് പേടി പകർന്നുകിട്ടിയത്. മെറിറ്റിൽ അഡ്മിഷൻ കിട്ടേണ്ട തന്നെ അയാൾ റിസർവ്വേഷനിൽ പെടുത്തിയത് ചോദ്യംചെയ്യാൻ വന്ന കുട്ടിയുടെ വിയർപ്പടയാളങ്ങളെയാണ് അയാൾ ഭയക്കുന്നത്. അനീതിയെ ചോദ്യം ചെയ്യാൻ ആ കുട്ടിയെ അഡ്മിഷൻ കമ്മിറ്റിക്കു മുമ്പിലേക്കു പറഞ്ഞയക്കുന്ന പത്രം ഏജന്റ് ചന്ദ്രികയുടെ തന്റേടം ഇവിടെ പരഭാഗശോഭയോടെ ആവിഷ്കൃതമായിട്ടുണ്ട്. പുരുഷന്മാർ നിർമിച്ച ചരിത്രം ഭീരുത്വത്തിന്റേതാണെന്ന് ഇവിടെ സൂചിതമാകുന്നു. ചരിത്രാധ്യാപകനാണ് തേവമ്മാഷ്. അനീതിയും നെറികേടുകളും സ്ത്രീവിരുദ്ധതയും നിറയുന്ന ചരിത്രത്തിന് തുടർച്ച നല്കുന്നത് ഭീരുക്കളായ പുരുഷന്മാരാണെന്ന് ഈ എഴുത്തുകാരി ആവർത്തിക്കുന്നു.

ഈ കൃതികളിലെ പുരുഷവിചാരണകൾ പുരുഷവിരോധംകൊണ്ടോ അരാജകത്വമോഹങ്ങൾകൊണ്ടോ അല്ല, കടുത്ത അനീതികൾക്കും കപട സദാചാരങ്ങൾക്കും പരമ്പരാഗതമായ അനിഷേധ്യ ധാർഷ്ട്യത്തിനും സ്ത്രീകളെയും ദളിതരെയും പ്രകൃതിയെത്തന്നെയും നിരാകരിക്കുന്ന അധീശഭാവത്തിനുമെതിരായ ചെറുത്തുനില്പുകളാണ് അവ. കാലങ്ങളായി ഇരകളാക്കപ്പെട്ടവർ തങ്ങളുടെ അന്തസ്സും സ്വത്വബോധവും തിരിച്ചറിയാൻ ശ്രമിക്കുന്നതിന്റെ അടയാളങ്ങളാണീ വിചാരണകൾ. ഇരയുടെ പക്ഷത്തുനിന്നുള്ള തിരിച്ചറിവാണിത്. നല്ലതിനെയൊന്നും തകർക്കാനല്ല, ദുർനീതികളോട് സമരസപ്പെടാൻ വയ്യാത്തതുകൊണ്ടും സൃഷ്ടിപരതയെ മാനിക്കുന്നതുകൊണ്ടുമാണ് ഈ വിചാരണകളും കലാപങ്ങളും. ഉർവരതയെ തിരികെക്കൊണ്ടുവരാനാണ്, മറിച്ച് രാമനെ നശിപ്പിക്കാനല്ല സീതയുടെ ബലി. ‘ഭൂമിപുത്രി വലതുകാൽവെച്ച് ചിതയിലേക്കുകയറി. ഞാൻ സീത. അഗ്നിയെ ശമിപ്പിക്കാൻ കെല്പാർന്ന മണ്ണ്! അനാദികാലമായി മണ്ണിനുമീതെ വർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മഴകളെ ഉദരത്തിൽ പേറുന്നവൾ. വരുംകാല മഴകളുടെ മാറ്റമില്ലാത്ത നിനവിൽ മനസ്സൂന്നിയവൾ. മഴയും വിത്തും ഏററുവാങ്ങി അഗ്നിയോട് ചേർത്ത് ജീവന്റെ കുളിരാർന്ന പച്ച വിരിയിക്കേണ്ടവൾ. സീതയ്ക്കുചുറ്റും അഗ്നി ആളിയാളി പടർന്നു. പിന്നെ കാച്ചിയെടുത്ത മണ്ണ് വിത്തും മഴയും കാത്ത് വിശുദ്ധമായി തെളിഞ്ഞുകിടന്നു’ എന്ന് സാറാ ജോസഫ് എഴുതുന്നു.

സീതയുടെ ത്യാഗാനുഷ്ഠാനം പ്രകൃതിക്കു നല്കുന്ന പുത്തൻ ജൈവികതയാണിത്. നവോത്ഥാന സുകൃതങ്ങൾ കേരളമണ്ണിൽ മുളച്ചുപൊങ്ങിയത് ഇപ്രകാരമുള്ള രക്തസാക്ഷിത്വങ്ങൾ വഴിയാണ്. ഇവയൊക്കെയും പുരുഷമേധാവിത്വ നിലപാടുകളെ വിമർശിക്കുകയും വിചാരണ നടത്തുകയും ചെയ്യുന്നുണ്ട്. ഇരകൾക്ക് വാക്കും വേദിയും നല്കലാണ് നവോത്ഥാനത്തിന്റെ ആദ്യഘട്ടം. അത്തരമൊരു സമീപനമാണ് സാറാ ജോസഫിന്റെ കൃതികളിൽ കാണുന്നത്. നാളിതുവരെ നടന്ന യുദ്ധങ്ങൾ ശക്തന്റെയും പണക്കാരന്റെയും സവർണന്റെയും വീരത്വഘോഷങ്ങളായിരുന്നു. അവയിലെല്ലാം അവർ തന്നെ വിജയം കണ്ടു. ഈ വിജയങ്ങളാണ് സമൂഹത്തെയും ഭൂമിയെയും ആവാസവ്യവസ്ഥയെയും അപായപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പക്ഷേ, ഭാഷയും വാക്കും ചിന്തയുംകൊണ്ടുള്ള പുതിയ യുദ്ധത്തിൽ വിജയിക്കുന്നത് പഴയ ഇരകളായിരിക്കും. എഴുത്തുകാരിയുടെ സീതായണങ്ങളും ഈ പരിപ്രേക്ഷ്യത്തിൽ വിശദീകരിക്കാവുന്നവയാണ്.

പുരുഷവിചാരണകൾ സ്ത്രീകളോ ഇരകളോ ശബ്ദമുയർത്തി നടത്തുന്നവ മാത്രമല്ലെന്നും കാണാം. സ്ത്രീയുടെ നിശബ്ദതയും നിസംഗതയും പുരുഷവിചാരണയുടെ തീവ്രരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്രകൃതിയുടെ ക്രോധവും തിരിച്ചടികളും പുരുഷസ്വാർത്ഥതയെ വിചാരണ ചെയ്തുകൊണ്ടുള്ള ശിക്ഷനടപ്പാക്കലുകൾ തന്നെയാണ്. ‘ഫയലുകൾ’ എന്ന കഥയിൽ കൃഷ്ണയുടെ ധീരമായ നിലപാടും ഉറച്ച വ്യക്തിത്വവുംകൊണ്ട് മഹേശൻ മര്യാദക്കാരനാകുന്നുണ്ട്. ‘ജ്വാല’ എന്ന കഥയിലെ നായിക ഭർത്താവിനെയും അമ്മായിയച്ഛനെയും ഏറെ തന്മതയ്വത്തോടെ മാന്യന്മാരാക്കുന്നു.

സാറാ ജോസഫിന്റെ കൃതികളിലെ സജീവമായ പാരിസ്ഥിതികദർശനവും പുരുഷാധീശചൂഷണ വ്യവസ്ഥകൾക്കെതിരെയുള്ള ജാഗ്രതപ്പെടൽകൊണ്ട് സജീവമാണ്. സ്ത്രീയെയും പ്രകൃതിയെയും ഒരുപോലെ ആക്രമിക്കുകയും ചൂഷണം നടത്തുകയും ചെയ്യുന്ന പുരുഷാധിപത്യ സമ്പ്രദായത്തിനെതിരെയാണ് ഇക്കോഫെമിനിസം സജീവമാകുന്നത്. സ്വാഭാവികമായി, പരിസ്ഥിതിവാദവും സ്ത്രീവാദവും ഒരുമിച്ചുവരുകയാണിവിടെ. തകർക്കപ്പെടുന്ന സ്വത്വങ്ങളുടെ പുനർനിർമിതിയെയാണിതു ലക്ഷ്യമിടുന്നത്. സ്ത്രീയും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധവും പാരിസ്ഥിതിക സ്ത്രീവാദത്തെ യുക്തിഭദ്രമാക്കുന്നുണ്ട്. ‘പരിക്കേറ്റ പ്രകൃതിയെ പരിചരിക്കാൻ മറ്റ് ആരെക്കാളും സാധിക്കുക തത്തുല്യമായ അവസ്ഥ പങ്കിടുന്ന സ്ത്രീക്കാണ് എന്നു മനസ്സിലാക്കിയ സ്ത്രീവാദികളാണ് പാരിസ്ഥിതിക സ്ത്രീവാദത്തിന് തുടക്കം കുറിച്ചത്’.

സാറാ ജോസഫിന്റെ മിക്ക കൃതികളിലുമുണ്ട് ഈ പാരിസ്ഥിതികാവബോധവും പ്രകൃതി പാഠങ്ങളും. ‘ആതി’ എന്ന നോവൽ ഈ ആശയത്തിന്റെ ഏറ്റവും ശക്തമായ അവതരണമാണ്. ഇതിൽ വെള്ളം ജീവജലമാണെന്നറിയുന്ന ഹാഗാർ വെള്ളം തേടിവന്ന ആളുകളോടു പറയുന്ന ഒരു കാര്യമുണ്ട്. ‘വെള്ളത്തിന്റെ ഉടമസ്ഥ ഞാനായിരിക്കും. അതിന്റെ അമ്മയും പരിപാലകയും ഞാനായിരിക്കും. അധികാരത്തിന്റെ പേരിലല്ല; ജീവന്റെ പേരിലാണ് ഞാൻ ഇതു നിങ്ങളോടു പറയുന്നത്. ആദ്യത്തെ തുള്ളിവെള്ളത്തിന്റെ വില എന്റെ കുഞ്ഞിന്റെ ജീവന്റെ വിലയാണെന്നറിഞ്ഞവളാണ് ഞാൻ. കൺമുന്നിലൊരു തടാകം കണ്ട് മതിമറന്ന് നിൽക്കുന്നവരാണ് നിങ്ങൾ. ആദ്യത്തെ തുള്ളിവെള്ളത്തെക്കുറിച്ച് അറിവില്ലാത്തവരുമാണ്. നിങ്ങൾക്ക് മറക്കാം ഞാൻ മറക്കില്ല. ധൂർത്ത് ഞാൻ അനുവദിക്കില്ല’. സ്ത്രീ പ്രകൃതിയുടെ, ജലത്തിന്റെ, മണ്ണിന്റെ കാവലാളാകുന്നത് ഈ ജൈവബോധത്തിന്റെയും സംരക്ഷണബോധത്തിന്റെയും പ്രേരണയാലാണ്. അവളുടെ വാക്കുകൾ പ്രതിരോധത്തിന്റെയും മുന്നറിയിപ്പിന്റെയും പ്രഖ്യാപനങ്ങളാകുന്നത് ഈ പാരിസ്ഥിതിക അവബോധത്താലാണ്.

പാരിസ്ഥിതിക സ്ത്രീവാദമെന്ത് അഥവാ സ്ത്രീക്ക് പരിസ്ഥിതി സംരക്ഷണത്തിൽ എന്തു ഭാഗധേയമുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മരുഭൂമിയിലെ നീരുറവയ്ക്കരുകിലിരുന്നുകൊണ്ട് ഹാഗാർ പറയുന്നത്. അധികാരത്തിന്റെ പേരിലല്ല, ജീവന്റെ പേരിലാണ് ഈ പ്രതിരോധം. സ്ത്രീ ജീവന്റെയും പുരുഷൻ അധികാരത്തിന്റെയും പ്രതീകങ്ങളാകുന്നുണ്ട് സാറാ ജോസഫിന്റെ രചനകളിലെല്ലാം. ജലാശയങ്ങൾ തേടിവരുന്ന പുതിയ പുതിയ സംഘങ്ങളോട് ഹാഗാറിനു പറയാനുള്ളത് ആദ്യത്തെ ജലതുള്ളിയുടെ വിലയാണ്. അധിനിവേശത്തിന്റെയും ഉപഭോഗത്തിന്റെയും തിരസ്കാരത്തിന്റെയും പുരുഷനീതിയുടെ ഇരയാണ് ഹാഗാർ. ഈ പുരുഷനീതിയെ വിചാരണ ചെയ്യാൻമാത്രം കരുത്തുണ്ട് ഇപ്പോൾ ഹാഗാറിന്.

പുരുഷൻ അഥവാ അധിനിവേശം നശിപ്പിച്ച പ്രകൃതിസ്വത്വത്തിന്റെ വീണ്ടെടുക്കലിനുള്ള കർമാനുഷ്ഠാനങ്ങൾ ഏറെയുണ്ട് സാറാ ജോസഫിന്റെ കൃതികളിൽ. പ്രകൃതിയുടെ ജൈവികതയുടെ മേൽ, മണ്ണിന്റെയും പെണ്ണിന്റെയുംമേൽ അധികാരപ്രമത്തതയോടെ പുരുഷൻ നടത്തിപ്പോരുന്ന അതിക്രമങ്ങൾക്ക് പ്രതിക്രിയ ചെയ്യണമെന്നുതന്നെയാണ് എഴുത്തുകാരിയുടെ പക്ഷം. പുരാണകാലത്തു തുടങ്ങിയ ഈ നെറികേടുകളെ തിരുത്തണമെന്നുതന്നെയാണ് പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ സന്ദേശം. അതിന് സമൂഹത്തെയും പ്രകൃതിയെയും സ്ത്രീകൾ അവരുടെ ഭാവനയിലും ഭാഷയിലും പുനർനിർവചിക്കേണ്ടതുണ്ട്. പുരുഷനു മനസ്സിലാകില്ല ഈ പരിസ്ഥിതിദർശനം. ‘മഴ’യെന്ന കഥയിലെ നായിക പദ്മ ഭർത്താവിനെയും മക്കളെയും ഗൗനിക്കാതെ മഴ നനയുന്ന രംഗമുണ്ട്. ആർക്കും മനസിലാക്കാൻ പറ്റുന്നില്ല അവളുടെ വികാരങ്ങളും മാനസിക വ്യാപാരങ്ങളും. വീടിനു പുറത്തും മഴയത്തും ആയിരിക്കാൻ അവൾ ആഗ്രഹിക്കുന്നു. വീടിനു പുറത്തുള്ള അന്തരീക്ഷത്തെയും പ്രപഞ്ചത്തെയും പച്ചയെയും വനത്തെയും ജീവജാതികളെയും കടലിനെയും കുന്നുകളെയും സ്നേഹിക്കുന്ന സ്ത്രീകളുടെ ലോകമാണ് സ്ത്രീവാദം എന്ന പരികല്പനയിലുള്ളത് എന്നു സാരം.

3സക്കറിയയുടെ ഫെമിനിസം

സമകാലികകേരളസമൂഹത്തിന്റെ ധാരണകളും ചലനങ്ങളും അടുത്തുനിന്നു വീക്ഷിക്കുന്ന എഴുത്തുകാരനാണ് സക്കറിയ. മലയാളിയുടെ ബോധങ്ങളും ബോധക്കേടുകളുമാണ് അദ്ദേഹത്തിന്റെ പ്രമേയങ്ങൾ. അക്ഷരജ്ഞാനത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും സാംസ്കാരിക ബോധത്തിലും മലയാളി മറ്റു ഭാരതീയരെക്കാൾ മുന്നേറിയിട്ടുണ്ട് എന്ന ചിന്തയാണ് നവോത്ഥാനത്തിന്റെ സദ്ഫലങ്ങൾ ഇവിടെ വ്യാപകമാണെന്ന സങ്കല്പത്തിനാധാരം. പക്ഷേ, സമൂഹത്തിന്റെ പൊതുബോധത്തിലും പൊതുവേദികളിലും ഒരു മലയാളിയെ മറ്റൊരു മലയാളിയിൽനിന്നു അകറ്റിനിർത്താൻ ജാതി, മത, ലിംഗ, രാഷ്ട്രീയ പരിഗണനകൾ ഏറെ ശക്തമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് സക്കറിയയുടെ സ്ത്രീപക്ഷചിന്തകൾ നാം നിരീക്ഷിക്കുന്നത്.

ഫെമിനിസ്റ്റാകാൻ ശ്രമിക്കേണ്ടത് സ്ത്രീയല്ല, പുരുഷനാണെന്നാണ് സക്കറിയ എഴുതുന്നത്. ‘സ്ത്രീയെപ്പറ്റിയുള്ള ‘നല്കപ്പെട്ട’ തലച്ചോർശീലങ്ങളെ പുനഃപരിശോധിക്കുകയും ജീവിതത്തിലും എഴുത്തിലും അവയെ വിശാലമായ മാനുഷികസത്തകളിലധിഷ്ഠിതമായ പുനഃസംഘടനയ്ക്കു വിധേയമാക്കുകയും ചെയ്യുക മലയാളി എഴുത്തുകാരന്റെ ഉത്തരവാദിത്വമാണ്. ഫെമിനിസം പുരുഷന്റെ ചുമതലയാണ്; സ്ത്രീയുടേതിനേക്കാളേറെ’.

സ്ത്രീയെ ശരീരം മാത്രമായി കാണാതെ അവളുടെ വ്യക്തിത്വവും മനസ്സും ആത്മാവും തൊട്ടറിഞ്ഞ ക്രിസ്തുവാണ് സക്കറിയയുടെ സ്ത്രീദർശനത്തിന്റെ ആധാരം. വേശ്യയും പരസ്യപാപിനിയുമായവളെപ്പോലും ‘മകളേ’ എന്നു വിളിച്ച് സമാധാനപ്പെടുത്തിയവനാണ് ക്രിസ്തു. അടിമയും ഉപയോഗവസ്തുവുമായിട്ടാണ് ഭരണകൂടങ്ങളും അധികാരവർഗവും സ്ത്രീയെ പരിഗണിക്കുന്നത്. ‘എന്തുണ്ട് വിശേഷം പീലാത്തോസേ’ എന്ന കൃതിയിൽ ഇതാണ് കാണുന്നത്. അന്റോണിയോസിനോട് പീലാത്തോസ് എഴുതിപ്പറയുന്ന രഹസ്യങ്ങൾ സ്ത്രീകളെ ഉപയോഗിച്ചതിന്റെയും അവരുടെ ശരീരവഴക്കങ്ങളുടെയും വിവരണങ്ങൾ മാത്രമായിരുന്നു. യേശുവിനെ അയാൾ അസൂയയോടെയാണ് നോക്കുന്നത്. അതാകട്ടെ, സ്ത്രീകളിൽനിന്ന് റോമാഗവർണറായ തനിക്ക് ഒരിക്കലും ലഭിക്കാതെപോയ ആരാധനയെയും സ്നേഹത്തെയും പ്രതിയായിരുന്നു.

‘ഒരു ക്രിസ്മസ് കഥ’യിൽ ക്രിസ്തുവിന്റെ സ്ത്രീദർശനം അനാവൃതമാകുന്നുണ്ട്. പത്രോസ്, സിദ്ധാർത്ഥൻ എന്നിവർ ചേർന്ന് ലോഡ്ജിലെത്തിച്ച അമ്മിണി എന്ന വേശ്യ ഗർഭിണിയാണെന്നും ഭർത്താവിന്റെ നിർബന്ധപ്രകാരമാണീ ജോലിചെയ്യുന്നതെന്നും അറിഞ്ഞപ്പോൾ അവർ തരളിതരായി. അവളെ ആദരവോടെ നോക്കാൻ അവർ തയ്യാറാകുന്നു. ക്രിസ്തുമസ് ദിനത്തിൽ സിദ്ധാർത്ഥനും പത്രോസും ക്രിസ്തുവിന്റെ സ്ത്രീദർശനത്തിലേക്കു വളരുന്നു എന്നു പറയാം. സ്ത്രീയെ മാനിക്കുന്ന ക്രിസ്തു അന്ന് അവരുടെ ഉള്ളിൽ ജനിച്ചു. സക്കറിയായുടെ സ്ത്രീദർശനം മൃദുലാബായ് വിശദീകരിക്കുന്നതിങ്ങനെയാണ്: “പുരുഷാധിപത്യലോകം പെട്ടെന്ന് അംഗീകരിച്ചുനല്കാത്ത ബഹുമുഖമായ സ്ത്രീയുടെ വ്യക്തിത്വത്തെ പഠിക്കാനൊരു ശ്രമവും, അവളുടെ സ്ഥാനത്തുനിന്നുള്ള ചിന്താവ്യാപാരവും സക്കറിയ നിർവഹിച്ചു. സ്ത്രീയെക്കുറിച്ചുള്ള സമൂഹത്തിന്റെ മുൻവിധികളോട് ദാസ്യം പുലർത്താതെ അവയെ നീതിയുടെ വെട്ടത്തേക്ക് നീക്കിനിറുത്താൻ കഥാകാരൻ തന്റെ തൂലികകൊണ്ടൊന്ന് ഉന്തിനോക്കിയെന്നു പറയാം. ജീവിതാനുഭവങ്ങളെ സ്ത്രൈണമായ മാനസികാവസ്ഥയിലിരുന്ന് നോക്കിക്കാണാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ക്രൂരതയോടും അനീതിയോടും പ്രതിഷേധിക്കാൻ സക്കറിയ തന്റെ തൂലിക പരിഹാസച്ചാറിൽ മുക്കി പുരുഷധാർഷ്ട്യത്തിന്റെ പൊലിമയ്ക്കുമേൽ വയ്ക്കുകയാണു ചെയ്യുന്നത്. അല്ലാതെ സാരോപദേശപ്രസംഗമട്ടിൽ തുറന്നടിച്ചു വിസ്തരിക്കയല്ല. തനിക്കു പറയാനുള്ളതിനുതകുന്ന കഥാസന്ദർഭങ്ങളൊരുക്കി വാക്കുകളിലൂടെ ധ്വനിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്.”

4പരാജിതപുരുഷന്മാർ

നവോത്ഥാനപൂർവ കാലഘട്ടത്തിലെ പുരുഷമാതൃകകൾ സൂരിനമ്പൂതിരിപ്പാടിന്റെ സമശീർഷരായിരുന്നു. സമൂഹത്തിലെ പ്രമാണികൾ അവരായിരുന്നു. കുടുംബത്തിന്റെ നിയന്ത്രണവും സകലത്തിന്റെയും അവസാനവാക്കും അവരുടേതായിരുന്നു. അക്ഷരവും അക്കങ്ങളും തലയും കലയും അവരുടേതായിരുന്നു. അറിവിന്റെ കുത്തക തകർന്നിട്ടും സംസ്കാരത്തിലും മാന്യതയിലും പിന്നാക്കം പോയിക്കൊണ്ടിരുന്നിട്ടും ഇന്നും പുരുഷൻ തന്റെ പ്രാമാണിത്വത്തിന്റെ ചാരുകസേരയിൽ അമർന്നിരുന്ന് അപഹാസ്യനാകുകയാണ്. നിഷ്ക്രിയരും ഭീരുക്കളും കഥയില്ലാത്തവരുമായ അനേകം പുരുഷന്മാരുടെ കഥകൾ സക്കറിയായ്ക്കു പറയാനുണ്ട്. പ്രശ്നങ്ങളുടെ മുമ്പിൽ പരിഭ്രമിക്കുന്നവരും കഴിവുകെട്ടവരുമായ അനേകം ആണുങ്ങളുണ്ട് അദ്ദേഹത്തിന്റെ രചനകളിൽ. 2016-ൽ സക്കറിയ എഴുതിയ ‘റാണി’ എന്ന കഥ ഉദാഹരണം. അപഹാസ്യനും കഴിവുകെട്ടവനും ബുദ്ധിയും വിവേകവും തീരെ കുറഞ്ഞവനുമായ ഷാജി എന്ന ഭർത്താവ് ഈ കഥയുടെ പേജുകളിൽ മാത്രം ഒതുങ്ങുന്നവനല്ല; ഒ. വി. വിജയന്റെ ബിംബകല്പനയിലെ ദിനോസറിന്റെ കാലംവരെയെത്തിനില്ക്കുന്നു പരാജിതനും നിർഗുണനും ആണത്തമില്ലാത്തവനുമായ ആ പുരുഷൻ. പുരാണങ്ങളിലും ചരിത്രത്തിലെ യുദ്ധതാണ്ഡവങ്ങളിലും ഏകാധിപതികളുടെ മൃഗയാവിനോദങ്ങളിലും ജനാധിപത്യത്തിന്റെ കശാപ്പുശാലകളിലും വർഗീയസംഘർഷങ്ങളിലും പ്രാദേശിക ലഹളകളിലും വർഗസമരങ്ങളുടെ കൊലക്കളങ്ങളിലും മുഴങ്ങുന്ന സ്ത്രീവിലാപങ്ങളൊക്കെയും പുരുഷന്റെ ക്രൂരതകളുടെയും അസഹിഷ്ണുതയുടെയും ഫലമാണ്. ഇവയൊന്നും യഥാർത്ഥത്തിൽ പുരുഷന്റെ വിജയങ്ങളേ അല്ല.

‘രഹസ്യപ്പോലീസ്’ എന്ന കഥയിലുമുണ്ട് പരാജിതനും ഭീരുവുമായ പുരുഷൻ. ആൾമാറാട്ടം നടത്തി അനർഹമായി സമ്പാദിച്ച രഹസ്യപ്പോലീസ് ജോലിയുമായി ഈസ്താംബൂളിൽ ചെന്ന് സുഖഭോഗങ്ങളിൽ മുഴുകി നടന്ന അയാളെ പഴയ കാമുകി കയ്യോടെ പിടികൂടുമ്പോൾ പോലീസിനെ കണ്ട കള്ളന്റെ പരുങ്ങലിലാണയാൾ. നാടിനെയും ഉദ്യോഗത്തെയും സർവ്വോപരി സ്വന്തം വ്യക്തിത്വത്തെയും വഞ്ചിച്ച് കഴിഞ്ഞുകൂടിയ അയാൾ സമർത്ഥയും തന്റേടിയുമായ പഴയ കാമുകിയുടെ മുമ്പിൽ പഞ്ചപുച്ഛമടക്കി നിലകൊള്ളുന്നു. ‘പ്രെയ്സ് ദി ലോർഡ്’ എന്ന നോവലെറ്റിലെ ജോയി ഭാര്യയായ ആൻസിയുടെ സൗന്ദര്യത്തിന്റെയും പ്രത്യുല്പന്നമതിത്വത്തിന്റെയും മുമ്പിൽ വിനീതനും വിധേയനുമാണ്. വ്യഭിചരിക്കാനായി ഒരു രൂപയുമായി തൈപ്പുലയിയെ സമീപിച്ച ഒരുവനോട് അവൾ പറയുന്ന വാക്കുകൾ അയാളെ ലജ്ജിതനും പരാജിതനുമാക്കുന്നു. ‘നാലുകവിതാവസ്തുക്കൾ’ എന്ന കഥയിലെ മൂന്നാം ഖണ്ഡത്തിലാണിത്. പണമോ ജാത്യാഭിമാനമോ വിദ്യാഭ്യാസമോ ഇല്ലാത്ത ആ പുലയസ്ത്രീ തികഞ്ഞ സാമൂഹികാവബോധത്തോടെയും മനഃശാസ്ത്രവിശാരദയോടെയുമാണ് സംസാരിക്കുന്നത്: ‘തീ തിന്നുന്നതാരാണ്? നിങ്ങൾ പുരുഷന്മാരുടെ മടികളിൽ ഗുഹകൾ ഛർദ്ദിച്ച കുഞ്ഞുപിടയ്ക്കുമ്പോൾ ഞാനൊറ്റയ്ക്കാണ് വേദനയിൽ കൂടെപ്പിടയ്ക്കുന്നത്. കുഞ്ഞിനോടുകൂടെ നിങ്ങളുടെ വയറുകൾ ചിരികൊണ്ട് കുലുങ്ങുന്നു. എന്റെ അടിവയറിന്റെ മർദ്ദങ്ങളോ ഭൂകമ്പത്തിൽ പിളർന്ന ഭൂമിപോലെ പിളരുന്നു’ ഇങ്ങനെ പറഞ്ഞിട്ട് അവൾ ഓടിപ്പോയി. അവൾക്കു കൊടുത്ത പണംപോലും തിരികെ വാങ്ങാനാകാതെ ഇതികർത്തവ്യതാമൂഢനായി അയാൾ നിന്നുപോയി. സുഖം തേടിച്ചെന്നവൻ മുഖത്തടിയേറ്റവനെപ്പോലെ നിന്നുപോയി.

ഭാര്യയുടെ അസാന്മാർഗികതയിൽ മനംനൊന്ത് നാടുവിടുകയും ഭാര്യയുടെ ജാരൻ മരിച്ച ധൈര്യത്തിൽ തിരികെചെല്ലാൻ നിശ്ചയിക്കുകയും ചെയ്യുന്ന ഒരുവനെ ‘പത്രം’ എന്ന കഥയിൽ കാണാം. ജാരനെ എതിർക്കാനോ ഭാര്യയെ തിരുത്താനോ ധീരമായി കുടുംബം നോക്കാനോ പ്രാപ്തിയില്ലാത്ത ഭീരുവാണയാൾ. സമാനമായ ഭീരുത്വമാണ് അദ്ധ്യാപകനും പണക്കാരനും അന്ധവിശ്വാസിയുമായ നസ്രാണിയുവാവിൽ കാണുന്നത്. ഗൗളിശാസ്ത്രത്തിൽ ബുദ്ധികെട്ടുപോയ അയാൾക്ക് ഭാര്യയെ ‘നഷ്ടമാകുന്നു’ (ഒരു നസ്രാണി യുവാവും ഗൗളി ശാസ്ത്രവും). പുരുഷധാർഷ്ട്യത്തിന്റെ നികൃഷ്ടരൂപമായ ഭാസ്കരപട്ടേലരും നിയതാർത്ഥത്തിൽ മഹാഭീരുവും പരാജിതനുമായ ഒരു നീചപുരുഷനാണ്. പണത്തിനുവേണ്ടി അയാൾ സരോജക്കയെ കൊല്ലുന്നു. പക്ഷേ, താനാണ് കൊന്നതെന്ന് അവൾ അറിഞ്ഞിട്ടുണ്ടോ എന്നതാണയാളുടെ ഭയവും ആകുലതയും. തോക്കു സ്വന്തമായുണ്ടെങ്കിലും ഉന്നംപിഴയ്ക്കാതെ വെടിവെക്കാനറിയാത്തവനും വിടനും ഭോജനപ്രിയനും പരപീഡപ്രിയനുമൊക്കെയാണ് അയാൾ.

‘സലാം അമേരിക്കയിലെ’ ജോസി വിടുവായനും മന്ദനും മദ്യപാനിയും പരസ്ത്രീഗമനതല്പരനും ഭാര്യയുടെ മുമ്പിൽ വിനീതനുമാണ്. ‘ഹൃദയതാരക’ത്തിലെ സുകുമാരൻ മറ്റൊരുദാഹരണം. വ്യക്തിത്വമികവോ സ്വതന്ത്രനിലപാടോ യാഥാർത്ഥ്യബോധമോ വ്യക്തിബന്ധങ്ങളോ ജീവിതലക്ഷ്യമോ ഭാവി പദ്ധതികളോ ഇല്ലാത്തവനാണ് അയാൾ. സക്കറിയയുടെ പെൺകഥകളും സ്ത്രീപക്ഷനിലപാടുകളും പുരുഷപരാജയങ്ങളെ എടുത്തുകാണിക്കുന്നവയാണ്. ഫെമിനിസ്റ്റാകാൻ ശ്രമം നടത്തേണ്ടത് പുരുഷനാണെന്ന ബോധ്യമാണ് അദ്ദേഹത്തിനുള്ളത്. സ്ത്രീ-പുരുഷ സമത്വം പുരുഷന്റെ മാനസികാരോഗ്യത്തെയും വ്യക്തിത്വസമഗ്രതയേയും ആശ്രയിച്ചിരിക്കുന്നു എന്ന ചിന്തയാണ് സക്കറിയയുടെ സ്ത്രീപക്ഷ രചനകൾ വെളിപ്പെടുത്തുന്നത്.

5ഉപസംഹാരം

സാറാ ജോസഫിന്റെയും സക്കറിയയുടെയും ഫെമിനിസ്റ്റു ചിന്തകൾ സ്ത്രീയെ ഉദാത്തവല്ക്കരിക്കുന്നവയാണ്. പരമ്പരാഗതമായ പുരുഷധാരണകളിൽ സ്ത്രീ വിവേകരഹിതയും കഴിവുകെട്ടവളുമാണ്. പക്ഷേ, പുരുഷനീതിയുടെ ഇരകളാക്കപ്പെട്ടവരുടെ അവശതകൾ മാത്രമാണ് അവരുടെ പ്രശ്നം. സ്ത്രീയും പ്രകൃതിയും ഈ കാര്യത്തിൽ സമാന ദുഃഖിതരാണ്. പരാജിതരും ക്രൂരരും വിവേകരഹിതരും ജഡമോഹികളുമായ ഒരു വലിയ കൂട്ടം പുരുഷന്മാരുണ്ട് സക്കറിയായുടെയും സാറാ ജോസഫിന്റെയും പുരുഷകഥാപാത്രങ്ങളെ കഥകളിൽനിന്ന് വിളിച്ചിറക്കി നിരത്തിനിറുത്തിയാൽ. അതേസമയം വിവേകികളും ബുദ്ധിശാലികളും കാര്യപ്രാപ്തരും പ്രകൃതിയെയും സമൂഹത്തെയും മാനിക്കുന്നവരുമായ സ്ത്രീകളാണ് ഈ രചനകളിലെല്ലാം നിറയുന്നത്. അവരുടെ ഉത്കണ്ഠകളും ജാഗ്രതയും കണ്ണീരും പ്രപഞ്ചത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിക്കുവേണ്ടിയുള്ളതുമാണ്.

ആധാരഗ്രന്ഥങ്ങൾ

  1. മൃദുലാബായി, എം. ആർ., കണ്ണാടിച്ചീളുകളിലെ വെയിൽ തുണ്ടുകൾ, സാംസ്കാരികവികാരം മാസിക, സക്കറിയപ്പതിപ്പ്, 2003.

  2. സക്കറിയ, സക്കറിയയുടെ കഥകൾ, ഡി. സി. ബുക്സ്, കോട്ടയം, 2015.

  3. ആനന്ദ്, ജൈവമനുഷ്യൻ, ഡി. സി. ബുക്സ്, കോട്ടയം, 1998.

  4. സാറാജോസഫ്, സാറാജോസഫ് സമ്പൂർണ്ണകൃതികൾ, കറന്റ് ബുക്സ്, തൃശൂർ, 2010.