ഇറാഖിലെ ബത്വാഇഹ് പ്രവിശ്യയിലെ ഉമ്മു അബിദ എന്ന ചെറുഗ്രാമത്തിൽ ജനിച്ച സൂഫി ഗുരുവായ ശൈഖ് അബ്ദുൽ അബ്ബാസ് അഹമദുൽ കബീർ അർ-രിഫാഈ ആണ് രിഫാഈ സൂഫി വഴിയുടെ സ്ഥാപക ഗുരു. [3] ഇദ്ദേഹത്തെ കുറിച്ചുള്ള അപദാനങ്ങളും കീർത്തനങ്ങളുമാണ് കുത്തി റാത്തീബിലെ ഗീതങ്ങൾ (ബൈത്ത്) ആയി ആലപിക്കുന്നത്. ശൈഖ് രിഫാഇയും [4] അദ്ദേഹത്തിന്റെ പിൻഗാമികളായ ഗുരുക്കന്മാരും വിശ്വാസസമൂഹത്തെ സൃഷ്ടിച്ചെടുത്തത് അതിസാഹസികമായ അത്ഭുത പ്രവൃത്തികൾ (കറാമത്ത്) ചെയ്തുകൊണ്ടായിരുന്നു. ഉദാഹരണത്തിന് കത്തിയാളുന്ന തീയിൽ ഇറങ്ങുക, വിഷപാമ്പുകളുമായി ഇടപഴകുക, ഹിംസ്ര ജന്തുക്കളുടെ പുറത്ത് സവാരി ചെയ്യുക, വിഷം കഴിക്കുക, തുടങ്ങിയ കാര്യങ്ങൾ ഇവർ സാധാരണയായി ചെയ്തിരുന്നവയാണ്. ഈ അത്ഭുതപ്രവൃത്തികളുടെ തുടർച്ചയെന്നോണം രൂപപ്പെട്ടുവന്ന ഒരു പ്രകടനരൂപമാണ് കുത്തിറാത്തീബ്. ആത്മീയ ശക്തികളെ ആവാഹിച്ച് നടത്തുന്ന ഒരു കലാരൂപമായതിനാൽ വളരെ ഏകാഗ്രതയോടും ഭക്തിയോടും കൂടിയാണ് ഈ പ്രകടനം നടത്താറുള്ളത്. [5] ആദ്യകാലത്തെ വസൂരിപോലെയുള്ള മാരകരോഗങ്ങളിൽനിന്നും മുക്തിനേടാനും തങ്ങളുടെ സാമ്പത്തിക ദുരിതങ്ങൾക്ക് അറുതി വരുത്താനും ആളുകൾ ഈ അനുഷ്ഠാനം നേർച്ച (offering) യായി കരുതിപ്പോന്നു. [6] രോഗങ്ങൾ വിതയ്ക്കുന്നത് പൈശാചികശക്തിയാണെന്ന് വിശ്വസിച്ചിരുന്ന ആദ്യകാല സമൂഹം തങ്ങളുടെ ചുറ്റുപാടിൽനിന്നും അവയെ അകറ്റിനിർത്താൻ കുത്തി റാത്തീബിനെ ഉപയോഗപ്പെടുത്തിയിരുന്നു. ആധുനിക രോഗപ്രതിരോധ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിലെ സാമൂഹ്യാന്തരീക്ഷം കുത്തിറാത്തീബിനെ രോഗപ്രതിരോധത്തിനുള്ള പ്രതിവിധി ആയി കാണുകയും ജാതി-മത ഭേദമന്യെ ഈ വിശ്വാസത്തെ ഉൾക്കൊള്ളുകയും ചെയ്തു. [7]
കുത്തി റാത്തീബിൽ പദ്യങ്ങൾ ചൊല്ലുന്നതിന് അകമ്പടിയായി ഉപയോഗിക്കുന്ന രണ്ട് വാദ്യോപകരണങ്ങളാണ് ദഫ്ഫും അറബനയും. കുത്തിറാത്തീബിൽ ഇവയുടെ മുട്ടിന് വളരെ പ്രാധാന്യം ഉണ്ട്. എട്ടിഞ്ചു വ്യാസത്തിൽ പ്ലാവിന്റെ വേര് കടഞ്ഞെടുത്ത് പെണ്ണാടിന്റെ തോൽ സ്ഫുടംചെയ്ത് ചരടുമുറുക്കി ശ്രുതി നിയന്ത്രിക്കുന്ന ഉപകരണമാണ് ദഫ്ഫ്. 12 ഇഞ്ച് വ്യാസത്തിൽ ഈഴചെമ്പകം അല്ലെങ്കിൽ അയനിപ്പിലാവ് മരത്തിന്റെ വേര് തടിയിൽനിന്നും അഞ്ചു കഷ്ണങ്ങൾ ഏകദേശം 90 സെ. മി ചുറ്റളവിൽ വൃത്തമാക്കിച്ചേർത്ത് ഒരു ഭാഗം മാത്രം തുകൽ പതിച്ച് വശങ്ങളിലെ ദ്വാരങ്ങളിൽ ‘ചിലമ്പ്’ ഇട്ട് ഘടിപ്പിച്ചിട്ടുള്ള ഉപകരണമാണ് അറബന. [8] ഈ അറബന ഇടത് കയ്യിൽ പിടിച്ച് വലത് കൈകൊണ്ടടിച്ചു ഉണ്ടാക്കുന്ന മുട്ടിന് ദഫ്ഫ് മുട്ടിനെക്കാൾ മുഴങ്ങുന്ന ശബ്ദമായിരിക്കും. ശ്രുതിയും താളവും അറബനയ്ക്കാണ് കൂടുതൽ. അതിനാൽ ചുവടുകൾക്ക് മാസ്മരികമായ ചടുലത പ്രകടമാകുന്നു. ദഫ്ഫ് അറബനയെ അപേക്ഷിച്ച് ലാസ്യാധിഷ്ഠിതമാണ്. [9] കേരളത്തിൽ വടക്കൻ ജില്ലകളിലെ കുത്തിറാത്തീബ് അനുഷ്ഠാനത്തിൽ ദഫ്ഫ്മുട്ടാണ് അകമ്പടിയായി ഉപയോഗിക്കുന്ന വാദ്യം. തെക്കൻ ഭാഗത്തേക്ക് പോകുംതോറും അറബനയാണ് വാദ്യോപകരണമായി കൂടുതലും ഉപയോഗിക്കുന്നത്. [10]
പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തിനു മുമ്പുതന്നെ അറേബ്യൻ കലാരൂപങ്ങളായിരുന്നു ദഫ്ഫും അറബനയും. [11] മക്കയിൽനിന്നും മദീനയിലേക്കുള്ള പ്രവാചകന്റെ പലായന സമയത്ത് (ഹിജ്റ) മദീനയിലെത്തിയ പ്രവാചകനെ മദീനയിലെ അന്നത്തെ പ്രമുഖ ഗോത്രമായിരുന്ന ബനൂ നജ്ജാദുക്കർ ദഫ്ഫ് മുട്ടി സ്വീകരിച്ചു എന്ന് പറയപ്പെടുന്നു. [12] ബദർ യുദ്ധം കഴിഞ്ഞെത്തിയ പ്രവാചകനെയും അനുയായികളെയും മദീനയിലെ ഒരു കൂട്ടം ആളുകൾ അറബന മുട്ടിപ്പാടി എതിരേറ്റു എന്നും ചരിത്രരേഖയിലുണ്ട്. [13] ഇതോടെ ദഫ്ഫിനും അറബനയ്ക്കും പ്രവാചകൻ മൗനാനുവാദം നല്കുകയും അതിന് മതപരമായ പരിവേഷം ഉണ്ടാവുകയും ചെയ്തു. തുടർന്ന് എ. ഡി.5-ാം നൂറ്റാണ്ടോടെ ദഫ്ഫ് മുട്ടിനേയും അറബനമുട്ടിനെയും സൂഫികൾ ഏറ്റെടുക്കുകയും തങ്ങളുടെ ആശയപ്രചാരണത്തിനുള്ള മാധ്യമമായി ഈ കലാരൂപങ്ങൾ ഉപയോഗിക്കപ്പെടുകയും ചെയ്തു. തങ്ങളുടെ സഞ്ചാര പഥങ്ങളിലൊക്കെയും കലാസാംസ്കാരികരംഗത്തെ പ്രോത്സാഹിപ്പിച്ച സൂഫികൾ ഓരോ പ്രദേശങ്ങൾക്കും അനുസൃതമായി ഈ കലാരൂപങ്ങളെ രൂപപ്പെടുത്തി. [14] ഈ കലാരൂപങ്ങൾ കേരളത്തിൽ എത്തിച്ചേർന്നത് ലക്ഷ്വദ്വീപ് വഴി ആയിരുന്നു. പിന്നീട് ഇവ കേരളീയശൈലിക്കു വഴിമാറി.
-5pt
കുത്തീ റാത്തിബിലെ റാത്തീബ്, (പദ്യങ്ങൾ, ഗീതങ്ങൾ) അറബനമുട്ട്, ദഫ്ഫ്മുട്ട്, ആയുധപ്രയോഗങ്ങൾ എന്നിവയൊക്കെ പാരമ്പര്യമായി സിദ്ധിക്കേണ്ടതാണ്. നിലവിലുള്ള ഓരോ ഗുരുക്കൻമാരിൽനിന്നും തുടങ്ങി മുകളിലേക്ക് ശൈഖ് അഹ്മദ് കബീർ രിഫാഈ വരെ എത്തി നില്ക്കുന്ന ഗുരു പാരമ്പര്യമാണ് കുത്തി റാത്തിബിലെ പ്രധാന സവിശേഷത. തങ്ങളുടെ ഗുരുക്കൻമാരിൽനിന്നും ലഭിക്കുന്ന സമ്മതപത്രത്തിലൂടെ (ഇജാസത്ത്) ആണ് ശിഷ്യന് അടുത്ത ഗുരുവായി മാറാനുള്ള അനുമതി ലഭ്യമാകുന്നത്. ഈ അനുഷ്ഠാനത്തിലെ ബൈത്തുകൾ അടങ്ങിയ പുസ്തകം ഇതുവരെ അച്ചടിക്കപ്പെട്ടിട്ടില്ല. തലമുറകളിൽനിന്ന് തലമുറയിലൂടെ കൈമാറികിട്ടുന്ന കയ്യെഴുത്തു പ്രതിയിലുള്ള ഗ്രന്ഥം ഓരോ പാരമ്പര്യക്കാരും അമൂല്യമായി കാണുന്നു. അറബിഭാഷയിലാണ് ഈ ഗീതങ്ങൾ എങ്കിലും അറബി ഭാഷാജ്ഞാനം മാത്രം കൊണ്ട് ഇവ ആലപിക്കാൻ കഴിയില്ല. അതിന് അതിന്റേതായ ഈണങ്ങളും താളങ്ങളും ഉണ്ട്. അതു പഠിച്ച് ഗുരുക്കൻമാരായി മാറിയ ആളുകൾ തങ്ങളുടെ ആൺമക്കളിൽ ചിലർക്കോ അടുത്ത അനുയായികൾക്കോ മാത്രമാണ് ഈ ജ്ഞാനം പകർന്നുകൊടുക്കുന്നത്. ഈ പാരമ്പര്യ ഗുരുക്കന്മാർ ‘അമീർ’ എന്നും ‘ഖലീഫ’ എന്നു അറിയപ്പെടുന്നു. ഈ ഗുരുക്കന്മാരുടെ കീഴിൽ രിഫാഈ റാത്തീബ് ഗ്രന്ഥം, വാദ്യോപകരണങ്ങളായ ദഫ്ഫുകൾ/അറബനകൾ, കുത്തി റാത്തിബിന് ഉപയോഗിക്കുന്ന ആയുധങ്ങൾ (കട്ടാരം, ദബ്ബൂസ്, കതിര്, വാൾ) തുടങ്ങിയവയും അവതരിപ്പിക്കാൻ പരിശീലിച്ച ഒരു സംഘം ശിഷ്യരും ഉണ്ടായിരിക്കും. ഈ ശിഷ്യന്മാരെ ‘മുരീദുകൾ’ എന്നാണ് വിളിക്കുന്നത്. ഓരോ സംഘവും ഖലീഫ അടക്കം 40, 20, 16, 12 എന്നീ ക്രമത്തിലാണ് രൂപപ്പെടുത്തുന്നത്. [15]
ആദ്യകാലത്ത് 40 ദിവസങ്ങൾക്ക് മുമ്പേ കുത്തി റാത്തിബിന്ന് വേണ്ട ഒരുക്കങ്ങൾ തുടങ്ങുമായിരുന്നു. പ്രത്യേകമായ കീർത്തനങ്ങൾ (ദിക്ർ) ഈ ദിവസങ്ങളിൽ ചൊല്ലേണ്ടതുണ്ട്. ഗുരുവും ശിഷ്യരും ഒരുമിച്ചിരുന്നാണ് കീർത്തനങ്ങൾ ചൊല്ലിയിരുന്നത്. എന്നാലിന്ന് ഗുരുവിന് മാത്രമാണ് പ്രത്യേകമായ അനുഷ്ഠാനകർമ്മങ്ങൾ നിർവ്വഹിക്കേണ്ടത്. പ്രത്യേക മന്ത്രങ്ങൾ അദ്ദേഹം ഉരുവിടുന്നു. അതത് സമയങ്ങളിൽ ചെയ്തു തീർക്കേണ്ട മന്ത്രങ്ങളാണവ. വൃത്തിയും ശുദ്ധിയും ഉള്ള ഒരു സദസ്സാണ് കുത്തിറാത്തീബ് അനുഷ്ഠിക്കാനുള്ള ഇടമായി തിരഞ്ഞെടുക്കേണ്ടത്. ചിരട്ടയുടെ കനലുകളിൽ കുന്തിരിക്കം, [16] ഉലുവാൻ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുന്നു. രണ്ടോമൂന്നോ തലയണ എടുത്ത് അതിന്റെ മുകളിൽ വെളുത്ത മല്ലിന്റെ തുണിവിരിക്കുന്നു. ഒരു തലയണക്ക് മുകളിലായി ഭക്തി പുരസ്സരം റാത്തിബ് ഗ്രന്ഥം വെക്കുന്നു. അടുത്ത തലയണക്ക് മുകളിൽ ആയുധങ്ങൾ വെക്കുന്നു. ചിലയിടത്ത് നിലവിളക്ക് കത്തിച്ച് വെക്കുകയും അതിന്റെ എണ്ണ ആയുധ പ്രയോഗത്തിന് ശേഷം മുറിവുകളിൽ പുരട്ടുകയും ചെയ്യാറുണ്ട്. [17] ഖലീഫ അടക്കം ശിഷ്യരെല്ലാം വെളുത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കും. ജുബ്ബയും മുണ്ടും തൊപ്പിയും ആണ് സാധാരണ വേഷം. തുടർന്ന് ഖലീഫ സദസ്സിന്റെ മധ്യത്തിലിരിക്കുന്നു. ശിഷ്യന്മാർ ഓരോരുത്തരായി വന്നുകൊണ്ട് ഗുരുവിന് അഭിവാദനം നല്കുകയും കൈകൊടുത്ത് അനുഗ്രഹം തേടുകയും ചെയ്യുന്നു. അനുഗ്രഹം വാങ്ങിയശേഷം സദസ്സിൽ ഇരുവശങ്ങളിലും അഭിമുഖമായി ഇരിക്കുന്നു. ആത്മബന്ധം ഉറപ്പിക്കുക എന്ന പ്രക്രിയയാണ് കൈ കൊടുക്കലിലൂടെ നടത്തപ്പെടുന്നത് എന്നാണ് വിശ്വാസം. തുടർന്ന് ലോകത്ത് അറിയപ്പെടുന്ന മിക്ക സൂഫി ഗുരുക്കന്മാരുടെ പേരിലും പ്രവാചകന്മാരുടെ പേരിലും വിശുദ്ധ ഖുർആനിലെ ആദ്യഅദ്ധ്യായമായ സൂറത്ത് ഫാത്വിഹ പാരായണം ചെയ്യുന്നു. പിന്നീട് ഗുരുക്കന്മാരുടെ ആത്മീയ ആഗമനത്തിന് വേണ്ടി അവരുടെ പേര് വിളിച്ച് കൊണ്ട് പ്രാർത്ഥന നടത്തുന്നു. [18] തുടർന്ന് ബൈയ്ത്തുകൾ ചൊല്ലാൻ തുടങ്ങുന്നു. ഈ ബൈത്തുകൾ അറബിയിലോ മലയാളത്തിലോ ആയിരിക്കും. പദ്യങ്ങൾ ചൊല്ലി ഒരു പ്രത്യേക വരികളിലെത്തുമ്പോൾ (ഹശില) വാദ്യങ്ങൾ ഉപയോഗിച്ച് തുടങ്ങുന്നു. ആദ്യം ഇരുന്നുകൊണ്ടും തുടർന്ന് നിന്നുകൊണ്ടുമാണ് വാദ്യങ്ങൾ മുട്ടുക. മുട്ട് മുറുകി വരുമ്പോൾ സദസ്സിലിരിക്കുന്ന ശിഷ്യർ ഖലീഫയുടെ അനുവാദത്തോടെ എഴുന്നേറ്റ് വരുകയും അദ്ദേഹത്തിൽനിന്നും അനുഗ്രഹം വാങ്ങി ഗുരു നൽകുന്ന ആയുധം ഏതാണോ അത് എടുത്ത് കൊണ്ട് സദസ്സിന്റെ മധ്യത്തിൽ വരുകയും ഷർട്ട് അഴിച്ചിട്ട് ആയുധപ്രയോഗം നടത്താൻ തുടങ്ങുകയും ചെയ്യുന്നു. ആയുധം ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിവേല്പിക്കുകയോ വെട്ടി പരിക്കേല്പിക്കുകയോ ചെയ്യുന്നു. വയർ, കൈകൾ, നാവ്, കണ്ണ്, ചെവി എന്നീ അവയവങ്ങളിലാണ് സാധാരണയായി ആയുധപ്രയോഗം നടത്താറുള്ളത്. ഓരോ പ്രയോഗത്തിന് ശേഷം ഗുരുവായ ഖലീഫ ശിഷ്യരുടെ അടുത്തെത്തി മുറിവിൽ തടവുന്നു. ചില മന്ത്രങ്ങൾ (ദിക്ർ) ചൊല്ലിയതിന് ശേഷം മുറിവിനെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് വരുന്നു. ശിഷ്യർ ഓരോരുത്തരായി വന്ന് ഇങ്ങനെ ആയുധ പ്രയോഗം നടത്തുന്നു. സാധാരണ അഞ്ച്മണിക്കൂറാണ് കുത്തിറാത്തിബ് അനുഷ്ഠിക്കാൻ എടുക്കാറുള്ളത്.
ഈ അനുഷ്ഠാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ‘ഖലീഫ’ എന്ന് വിളിക്കുന്ന ഗുരുവാണ്. ചൊല്ലുന്ന ഗീതങ്ങൾ. ദഫ്ഫിന്റേയോ അറബനയുടേയോ താളം, ആയുധപ്രയോഗം, എന്നിവയെല്ലാം ഒരുമിച്ചു കൊണ്ടുപോകേണ്ട ചുമതല ഗുരുവിന്റെതാണ്. ഒരാൾക്ക് പിഴച്ചാൽ മൊത്തം പിഴക്കും. കാരണം, ചൊല്ലുന്ന ഗീതങ്ങൾക്ക് അനുസരിച്ചായിരിക്കും വാദ്യങ്ങളുടെ മുഴക്കം ഉണ്ടാകുക. വാദ്യങ്ങളുടെ മുഴക്കത്തിന് അനുസരിച്ചായിരിക്കും ആയുധപ്രയോഗം നടത്തുക. അതിനാൽ ഇവയെല്ലാം ഗുരുവിന്റെ സൂക്ഷ്മമായ മേൽനോട്ടത്തിലായിരിക്കും. ആയുധപ്രയോഗം നടത്തുന്ന ശിഷ്യരുടെ മുറിവുകൾ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് പോകേണ്ട ചുമതലയും ഗുരുവിൽ നിക്ഷിപ്തമാണ്. ഇവിടെ ഖലീഫയുടെ ഗുരുവിന്റെ ശക്തിയാണ് ഖലീഫയിലൂടെ വെളിവാകുന്നത് എന്നാണ് വിശ്വാസം. ആയുധപ്രയോഗം നടത്തുന്നവർ പൂർണ്ണമായും ബോധാവസ്ഥയിലാണ്. പക്ഷേ, ആത്മീയമായ ഉന്മാദം തങ്ങളിൽ സംഭവിക്കാറുണ്ട് എന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ബോധമുണ്ടെങ്കിലും മുറിവ് ഉണ്ടാകുമ്പോൾ വേദന ഉണ്ടാകുന്നില്ല എന്നതാണ് ഈ അനുഷ്ഠാനത്തിലെ പ്രത്യേകത. ആത്മീയ ഗുരുക്കൻമാരുടെ വെളിപ്പെടൽ (ഹാളിർ) പോലെ ഇരിക്കും ഓരോ അനുഷ്ഠാനങ്ങളിലെയും ആയുധപ്രയോഗം എന്നാണ് വിശ്വാസം.
രിഫാഈ ‘പാരമ്പര്യം’ വ്യത്യസ്തമായ കൈവഴികളിലൂടെ കൈമാറപ്പെടുന്നതുകൊണ്ട് അനുഷ്ഠാനപരമായ ചില വ്യത്യാസങ്ങൾ വിശ്വാസികൾക്കിടയിൽ നിലനില്ക്കുന്നുണ്ട്. ചിലരുടെ വിശ്വാസപ്രകാരം ആത്മീയ ഗുരുക്കന്മാരുടെ ‘സന്നിഹിതൽ’- ഹാളിറാത്ത് കൂടുതൽ സംഭവിക്കുന്നു. അവിടെ ആയുധ പ്രയോഗത്തിലും ശക്തികൂടുന്നു. ചില ‘പാരമ്പര്യ’ ക്കാർക്കിടയിൽ ആയുധ പ്രയോഗം നടത്തുമ്പോൾ മുറിവുകളിൽനിന്ന് രക്തം ഒഴുകുകയില്ല. എന്നാൽ ചില ‘പാരമ്പര്യ’ ത്തിൽ ചെറിയ മുറിവ് ആണെങ്കിൽ കൂടിയും രക്തം ശക്തമായി ചീറ്റുന്നു. അതുപോലെ സദസ്യരുടെ ഇടയിൽ ആർത്തവമുള്ള സ്ത്രീകൾ ഇരിക്കുന്നത് വിലക്കുന്ന ‘പാരമ്പര്യം’ ഉണ്ട്. ചില ‘പാരമ്പര്യം’ ഇത്തരം വിലക്കുകൾ ഒന്നുമില്ലാത്തതായിരിക്കും.
ആയുധപ്രയോഗത്തിനു ശേഷം ഗുരുവും ശിഷ്യരും സദസ്സിലെ കാണികളും കൂടിച്ചേർന്ന് ദിക്റുകൾ (മന്ത്രം) ചൊല്ലുകയും പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. കത്തിച്ചുവെച്ച നിലവിളക്കിലെ എണ്ണ പ്രസാദംപോലെ എല്ലാവരും സ്വീകരിക്കുന്നു. ഈ എണ്ണ രോഗശമനത്തിന് ഉത്തമമാണെന്നാണ് കരുതപ്പെടുന്നത്. ശിഷ്യൻമാർ ഗുരുവിന് കൈകൊടുത്ത് പിരിയുന്നു. [19]
വിശ്വാസികൾക്ക് കുത്തി റാത്തീബ് ഒരു അനുഷ്ഠാനമാണെങ്കിലും ഇതിനെതിരെ പുലർത്തുന്ന സമീപനങ്ങൾ താഴെ പറയുന്നവയാണ്.
ഇസ്ലാമിന്റെ ഭാഗമല്ലാത്തതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം അനുഷ്ഠാനത്തിലൂടെ ചെയ്യുന്നത്.
സ്വന്തം ശരീരത്തെ മുറിവേല്പിക്കുന്നത് മാനസികരോഗമായി കാണുന്നു.
മാരകമായ രോഗങ്ങൾ ഭേദപ്പെടുത്താൻ ഈ അനുഷ്ഠാനം നടത്തുക വഴി ആധുനിക വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കുന്നു.
കാണികളുടെ കണ്ണിൽ പൊടി ഇടുന്ന മാജിക്ക് മാത്രമാകുന്നു.
ഒന്നാമത്തേത് ശുദ്ധ ഇസ്ലാമിസ്റ്റുകൾ എന്ന് വിളിക്കപ്പെടുന്നവരുടെ വാദഗതിയാണ്. അറേബ്യയിൽ നിലനിന്നുവന്ന ഇസ്ലാമിന്റെ ഉള്ളിൽ നില്ക്കുന്നവരായിരിക്കണം ലോക മുസ്ലീങ്ങൾ എല്ലാം എന്നുവാദിക്കുന്നതിലൂടെ ഒരു ചലനാത്മക സമൂഹത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയേയും തള്ളിക്കളയുകയാണ് ചെയ്യുന്നത്. ശൈഖ് രിഫാഈ മറ്റ് സൂഫികളെപ്പോലെത്തന്നെ അറേബ്യയിൽ ഉടലെടുത്ത ഇസ്ലാം മതത്തിന് വിഭിന്നമായി തങ്ങളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളെ കോർത്തിണക്കിക്കൊണ്ട് ഇസ്ലാമിന് പുനരുദ്ധാരണം നടത്തിയ വ്യക്തി ആയിരുന്നു. അദ്ദേഹം തികഞ്ഞ ഇസ്ലാമിക പണ്ഡിതൻ കൂടി ആയിരുന്നു.
രണ്ടാമത്തേതാകട്ടെ, ഒരു ഫോക്ലോർ ഗവേഷകനെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസമില്ല; വിശ്വാസം മാത്രമേയുള്ളൂ. ഈ ഒരു രീതിയിൽ ഈ വാദത്തെ നോക്കിക്കാണുകയാണെങ്കിൽ ശരീരത്തെ മുറിവേല്പിക്കുക എന്നത് വിശ്വാസികളുടെ വിശ്വാസം ആർജ്ജിക്കാൻ വേണ്ടിയായിരുന്നു ആദ്യകാലത്ത് ചെയ്തിരുന്നത്. മൂന്നാമത്തെ വാദം നോക്കുകയാണെങ്കിൽ ആധുനിക വൈദ്യശാസ്ത്രം വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് വിശ്വാസികളുടെ ആശ്രയം ഇത്തരം അനുഷ്ഠാനങ്ങളായിരുന്നു. കേരളത്തിലെ മറ്റ് അനുഷ്ഠാനരൂപങ്ങൾ പോലെതന്നെ കുത്തി റാത്തീബും രോഗം കൊണ്ടും ദുരിതംകൊണ്ടും ഗതിമുട്ടിയ വിശ്വാസമനസ്സുകൾക്ക് ആശ്രയമായി നിലകൊണ്ടു. അതുകൊണ്ടു തന്നെയാണ് കുത്തി റാത്തീബിന് ‘ആസ്വാദകരില്ല’ ‘ആശ്വാസദാഹിക’ളേയുള്ളൂ എന്ന് പൊതുവെ പറയപ്പെടുന്നത് വിശ്വാസികൾക്കിടയിൽ പറയപ്പെടുന്ന ഗുണപരമായ സമീപനങ്ങൾ ഒന്ന് പരിശോധിക്കാം.
പാരമ്പര്യമായി തങ്ങൾക്ക് കിട്ടിയ അറിവിനെ നിലനിർത്തി സൂക്ഷിക്കുന്നു.
അനുഷ്ഠാനം നടത്തുന്നവർ (Performers) കൃത്യമായ ജീവിതചിട്ട പാലിക്കുന്നവരായിരിക്കും. സമൂഹത്തിന് അഹിതമായ കാര്യങ്ങൾ ഇവരിൽനിന്നും സംഭവിക്കാതെ ശ്രദ്ധിക്കുന്നു.
ഗുരുശിഷ്യബന്ധം ഊഷ്മളമായി കണക്കാക്കുന്നു
ആത്മീയ ഔന്നത്യം സംഭവിക്കുന്നു.
പരിഹരിക്കപ്പെടാത്ത വ്യാധികൾക്ക് പരിഹാരമായി നിലനില്ക്കുന്നു.
അറബന മുട്ട്, ദഫ്ഫ് മുട്ട് എന്നീ കലാരൂപങ്ങൾ ജനകീയമായി.
ശുദ്ധ ഇസ്ലാമിസ്റ്റുകൾ തീവ്ര ആശയങ്ങളെ ചെറുക്കുന്നു.
കലയുള്ള മനസ്സ് കലുഷിതമാകുന്നില്ല. കലയുള്ള മണ്ണ് കലാപഭൂമി ആകില്ല എന്ന ഉറച്ച വിശ്വാസം. ഇത്തരം വസ്തുതകളാണ് വിശ്വാസികളുടെ കൂട്ടായ്മ മുന്നോട്ട് വെക്കുന്നത്.
-5pt
ഫോക്ലോർ വസ്തുതകൾ തലമുറതലമുറ കൈമാറ്റം ചെയ്യപ്പെടുന്നതുകൊണ്ട് മാറ്റത്തിനു വിധേയമാണ്. ഫോക്ലോർ പരിണാമത്തിന് വിധേയമാണ് എന്നർത്ഥം. അതുകൊണ്ടുതന്നെ ഇവ പുതിയപുതിയ പാഠങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഫോക്ലോർ വസ്തുതകൾ തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റംചെയ്യപ്പെടുന്നതിനെ Vertical Communication എന്നാണ് അറിയുപ്പെടുന്നത്. പഴയ തലമുറ ഒരു ഫോക്ലോർ രൂപത്തെ നോക്കിക്കാണുന്നതിൽനിന്നും വിഭിന്നമായിട്ടാണ് പുതുതലമുറ നോക്കിക്കാണുക. അതിനാൽ ഇവ മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഈ മാറ്റങ്ങൾ എല്ലാംതന്നെ കുത്തി റാത്തിബിനെ സംബന്ധിച്ചും പ്രധാനമാണ്. അങ്ങനെ നോക്കുമ്പോൾ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടുതന്നെ കുത്തിറാത്തിബ് ഇന്നും സമൂഹത്തിൽ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ സമകാലിക പ്രസക്തി സൂചിപ്പിക്കുന്നത്. തങ്ങൾക്കു കിട്ടിയ പാരമ്പര്യ അറിവുകൾ കൈമോശം വരാതെ സൂക്ഷിച്ച് കൈമാറിവരുന്നതുകൊണ്ട് ആ കലാരൂപം ഇന്നും അതതു സമൂഹത്തിൽ സജീവതയിൽ നിലനില്ക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ലോകത്തിലെ ഇസ്ലാം മതസമൂഹം ഇന്ന് ഒറ്റ സമൂഹമായി മാറണം എന്ന ശുദ്ധ ഇസ്ലാമിസ്റ്റുകളുടെ വാദത്തെ ചെറുത്തു തോല്പിക്കുന്നതിലും ഈ അനുഷ്ഠാന കലാരൂപം അതിന്റേതായ സംഭാവനകൾ ചെയ്യുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ പ്രത്യേകിച്ച് ന്യൂസിലാന്റ്, ഓസ്ട്രേലിയ, ഫിജി തുടങ്ങിയ ഇടങ്ങളിൽ കുത്തി റാത്തീബ് എന്ന അനുഷ്ഠാനകല അവതരിപ്പിക്കുന്നതിനു വേണ്ടി കേരളത്തിൽനിന്നുള്ള കലാസംഘം പോകാറുണ്ട് എന്നതും ഈ കലാരൂപത്തിന്റെ സാമൂഹ്യ പ്രസക്തിയെ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ കുത്തി റാത്തീബ് പുതിയ പുതിയ പാഠങ്ങൾ രൂപപ്പെടുത്തുകയും അതാത് കാലം ആവശ്യപ്പെടുന്ന അതിന്റെ ധർമ്മം നിലനിർത്തി തലമുറകളായി കൈമാറിവരുകയും നിലനില്ക്കുകയും ചെയ്യുന്നു എന്നതാണ് കുത്തി റാത്തീബിന്റെ ഏറ്റവും വലിയ സാമൂഹ്യ പ്രസക്തി എന്നു മനസ്സിലാക്കുകയാണ് ഈ അന്വേഷണത്തിലൂടെ സാധിക്കുന്നത്.
ഡോ. അബ്ദുൽ സത്താർ മുഹമ്മദ്. കെ.കെ, ‘മാപ്പിള കീഴാള പഠനങ്ങൾ’ (Ed.) 2014, വചനം ബുക്സ്, കോഴിക്കോട്.
ഡോ. രണ്ടത്താണി ഹുസൈൻ, ‘സൂഫിമാർഗം’, 2007, ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ, കോഴിക്കോട്.
സഖാഫി സൈദലവി കോഡൂർ ‘സുൽത്വാനുൽ ആരിഫീൻ ശൈഖ് രിഫാഈ’ 2002, ഇൻഫോ ബുക്സ്, മലപ്പുറം.
Dr. V. Kunhali ‘Sufism in Kerala’, 2004, Calicut University Press, University of Calicut.
കോയ കാപ്പാട്, കാപ്പാട്, 41 വയസ്സ്
മുത്തു മുസ്ല്യാർ, തൃശ്ശൂർ, 54 വയസ്സ്
താഹിർ ഉസ്താദ്, പട്ടാമ്പി, 35 വയസ്സ്
റാഷിദ്, പട്ടാമ്പി, 35 വയസ്സ്.
1 ഡോ. ഹുസൈൻ രണ്ടത്താണി ‘സൂഫിമാർഗം’, പു. 28, 29.
2 റാത്തീബെന്നാൽ കീർത്തനങ്ങൾ ആണ്. കീർത്തനങ്ങൾക്കിടയിൽ ആയുധ പ്രയോഗം നടത്തുന്നതാണ് കുത്തിറാത്തീബ്.
3 ബത്വാഇയ്യ, അഹമദീയ്യ എന്നും രിഫാഈ ത്വരീഖത്ത് അറിയപ്പെടുന്നുണ്ട്.
4 പ്രസിദ്ധ അറബി സഞ്ചാരി ഇബ്ൻ ബത്തൂത്ത തന്റെ യാത്രാ കുറിപ്പുകളിൽ രിഫാഈ സൂഫികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എ. ഡി. 1327-ൽ അഹമദ് രിഫാഈ യുടെ ഖബറിടം സന്ദർശിച്ചതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തരെ ശൈഖിന്റെ ദർഗയുടെ സമീപത്ത് തനിക്ക് കാണാൻ സാധിച്ചു എന്നും മധ്യാഹ്ന നമസ്ക്കാരത്തിന് ശേഷം ഈ ഭിക്ഷുക്കൾ പെരുമ്പറ കൊട്ടി ആത്മീയ നൃത്തം ചവിട്ടാറുണ്ട് എന്നും സന്ധ്യാശേഷം ഭജന നടത്താറുണ്ടെന്നും അദ്ദേഹം എഴുതി വെച്ചിട്ടുണ്ട്. കൂടാതെ വലിയ അഗ്നികുണ്ഡങ്ങളുണ്ടാക്കി അതിലേക്ക് ചാട്ടുകയും കത്തുന്ന വിറകിൻ കഷ്ണങ്ങൾ ഭക്ഷിക്കുകയും ചെയ്തിരുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
5 ഇവിടെ ആത്മീയ ശക്തികൾ എന്നത്കൊണ്ട് വിവക്ഷിക്കുന്നത് സൂഫി ഗുരുക്കൻമാരെ സംബന്ധിച്ചാണ്. ഈ പ്രകടന സമയത്ത് ഇവരുടെ ആത്മാക്കൾ സദസ്സിൽ സന്നിഹിതരാവുകയും അവരുടെ സഹായത്താൽ ആണ് പ്രകടനം നടത്താറുള്ളത് എന്നുമാണ് വിശ്വാസം.
6 ഈ കാലഘട്ടത്തിലും കാൻസർ പോലെയുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടാനുള്ള നേർച്ച ആയിട്ടാണ് ജനങ്ങൾ ഈ അനുഷ്ഠാനം നടത്താറുള്ളത്.
7 ഈ കാലഘട്ടത്തിലും മുസ്ലിം സമൂഹം മാത്രമല്ല കുത്തി റാത്തീബിന്റെ വിശ്വാസ സമൂഹം. ഹിന്ദു സമുദായത്തിലും തങ്ങളുടെ ആഗ്രഹനിവൃത്തിയാക്കി കുത്തി റാത്തീബ് അനുഷ്ഠിക്കാറുണ്ടെന്ന് അനുഭവക്കാർ സാക്ഷ്യപ്പെടുത്തുന്നു.
8 ആദ്യകാലത്ത് അറബനമുട്ട് ഒരു കലയായി വിശേഷിപ്പിച്ചിരുന്നില്ല. ഭയഭക്തി പുരസ്സരം മുഴക്കുന്ന ഒരു അനുഷ്ഠാന വാദ്യമായാണ് അറബനയെ കണക്കാക്കിയിരുന്നത്. അതിനാൽ അറബന മുട്ടിന് കുത്തിറാത്തീബിൽ അനിഷേധ്യസ്ഥാനമാണ് ഉണ്ടായിരുന്നത്.
9 വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ തങ്ങളുടെ മുൻഗാമികൾ എന്താണോ പിൻതുടർന്നത് അത് അതേപോലെ പിന്തുടരാനാണ് ഓരോ കുത്തിറാത്തീബ് പാരമ്പര്യക്കാരും ശ്രമിക്കുന്നത്.
10 ഒരു പേർഷ്യൻ ഗ്രാമത്തിന്റെ പേരാണ് അറബന. അതിനാൽ അറബന പേർഷ്യൻ വാദ്യമാണെന്ന് പറയപ്പെടുന്നുണ്ട്.
11 ഡോ. എം. നുജൂം ‘മാപ്പിളകീഴാള പഠനങ്ങൾ’, പു. 322.
12 അതേ പുസ്തകം, പു. 268.
13 ഇന്ത്യയിലെത്തിയ സൂഫികൾ ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിക്കൊണ്ട് ഇവിടത്തെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ആഘോഷങ്ങൾ, തത്വചിന്തകൾ തുടങ്ങിയവ അംഗീകരിച്ചുകൊണ്ട് ഇവയെ ഇന്ത്യൻ ഇസ്ലാമിന്റെ ഭാഗമാക്കിത്തീർത്തു. അതിനാൽ അറേബ്യയിലെ അടിസ്ഥാന ഇസ്ലാമിൽനിന്നും വ്യത്യസ്തമായ ചില സ്വഭാവവിശേഷങ്ങൾ ഇന്ത്യൻ ഇസ്ലാമിന് കൈവന്നു. കേരളവും ഇതിൽനിന്നും ഒട്ടും വിഭിന്നമായിരുന്നില്ല. തങ്ങൾക്ക് പൈതൃകമായി കിട്ടിയതും ഇവിടുത്തെ സങ്കലിത സംസ്കാരവുമായി ഇഴുകിച്ചേർന്ന് ഇവിടത്തെ മുസ്ലിങ്ങൾ അവരുടേതായ സംസ്കാരം രൂപപ്പെടുത്തി. അറേബ്യൻ മണലാരണ്യത്തിലെ വന്യതയും ചടുലതയും സൂഫിസത്തിന്റെ നിഷ്കളങ്കഭാവവും കേരളീയ നാടോടി പാരമ്പര്യവും കേരളീയ മുസ്ലിം സംസ്കാരത്തിന്റെ സ്വഭാവമാണ്.
14 ഡോ.കുഞ്ഞാലി.വി. ‘Sufism in Kerala’ p. 117.
15 ഏറ്റവും വലിയ സദസ്സ് 40 സംഘങ്ങൾ ഉണ്ടാകുമ്പോൾ ചെറിയ സദസ്സ് ആണെങ്കിൽ 12 പേർ അടങ്ങിയതായിരിക്കും. ചില പാരമ്പര്യക്കാർ സംഘങ്ങളുടെ എണ്ണത്തിൽ പ്രാധാന്യം നൽകുന്നില്ല.
16 കുന്തിരിക്കം അന്തരീക്ഷത്തിലെ മാലിന്യങ്ങളെ തടയുകയും പ്രാണിപോലെയുള്ള ക്ഷുദ്ര വസ്തുക്കളെ സദസ്സിൽനിന്നും പുറത്താക്കുകയും ചെയ്യുന്നു.
17 കുത്തി റാത്തിബ് അനുഷ്ഠാനം നടത്തുന്നവരുടെ പാരമ്പര്യത്തിന് വളരെ പ്രാധാന്യം ഉണ്ട്. തങ്ങളുടെ പിതാവ് പ്രപിതാക്കൻമാർ അനുഷ്ഠിച്ചിരുന്നത് അതേപടി പിന്തുടരുകയാണ് ഇന്ന് ചെയ്യുന്നത്. ശൈഖ് രിഫാഈ യുടെ പേരിൽ നടത്തുന്ന അനുഷ്ഠാനമാണെങ്കിലും ചെറിയ ചെറിയ കാര്യങ്ങളിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. വാദ്യോപകരണങ്ങൾ, വസ്ത്രങ്ങൾ, ആയുധം പ്രയോഗിക്കുന്ന രീതി, സദസ്സ്, ഇവയിലെ വ്യത്യസ്തമായ രീതികളാണ് ഈ അനുഷ്ഠാനത്തിൽ ഓരോ പാരമ്പര്യക്കാരും പിന്തുടരുന്നത്.
18 ഹാളിറൂ യാ ശൈഖ് എന്ന് വിളിച്ചു കൊണ്ടാണ് പ്രാർത്ഥന നടത്തുക. ഹാളിറാകുക എന്ന് പറഞ്ഞാൽ സന്നിഹിതനാവുക എന്നർത്ഥം. നിലവിളക്ക് വെളിച്ചത്തിലുള്ള ആലാപനവും അറബന മുട്ടും ശരീരത്തിന്റെ സ്വയം മറന്നുള്ള ചലനവും കൊണ്ട് ‘ഹാളിറാത്ത്’ സംഭവിക്കുന്നു. ‘ഹാളിറാത്ത്’ ഉള്ളത് കൊണ്ടാണ് മുറിവുകൾ പെട്ടെന്ന് ഉണങ്ങുന്നത് എന്നാണ് വിശ്വാസം.
19 ശിഷ്യന്മാർ ഗുരുവിന് കൈകൊടുത്ത് അനുഗ്രഹം തേടുന്നത് ഒരു ആത്മീയ പ്രവൃത്തിയാണ്. ‘ഖലീഫ’ തന്റെ ഗുരു അങ്ങിനെ മുകളിലോട്ട് ഓരോ ഗുരുക്കന്മാരിലൂടെയും ശൈഖ് രിഫാഈ യിൽ എത്തുന്നു. ശൈഖ് രിഫാഈ യിൽ നിന്ന് പ്രവാചകൻ മുഹമ്മദിലേക്കും അദ്ദേഹത്തിൽനിന്ന് ദൈവത്തിലേക്കും എത്തുന്നു എന്നാണ് വിശ്വാസം.