കേരളത്തിന്റെ സാമൂഹ്യസാഹചര്യത്തിൽ സ്ത്രീയെ എന്നും പൊതുമണ്ഡലത്തിൽനിന്ന് അകറ്റിയാണ് നിർത്തിയത്. പുരുഷകേന്ദ്രിതമായ സമൂഹത്തിൽ അവളുടെ ശരീരത്തിന്റെ ഘടനയെയും കുടുംബത്തിലെ അവളുടെ സ്ഥാനവും ഇത്തരം ഒഴിച്ചുനിർത്തലിനുള്ള കാരണമായി പൊതുവായി അംഗീകരിക്കപ്പെട്ടു. സ്ത്രീയെന്നാൽ അമ്മയാണ്, ദേവിയാണ് എന്നിങ്ങനെ വാഴ്ത്തലുകൾ നടത്തുന്ന ആരുംതന്നെ ഒരു സമൂഹജീവിയെന്ന നിലയിലുള്ള അവളുടെ കർതൃത്വത്തെയോ, വ്യക്തിത്വത്തെയോ അംഗീകരിച്ചില്ല. അതുകൊണ്ടുതന്നെ സ്ത്രീയെന്നാൽ പുരുഷന്റെ ആജ്ഞകൾ അനുസരിച്ച് അവന്റെ ഇഷ്ടങ്ങൾക്കൊപ്പം ചലിക്കുന്നവളാണെന്ന പൊതുധാരണയെയാണ് അംഗീകരിച്ചു വരുന്നത്. ഇത്തരം ധാരണകൾക്കു പുറത്തുവന്നു സംസാരിക്കുന്ന തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന സ്ത്രീ തന്റേടിയായും, വഴിവിട്ടു നടക്കുന്നവളായും ചിത്രീകരിച്ചു.
സ്ത്രീയും പൊതുമണ്ഡലവും എന്ന ഈ ലേഖനം പൊതുവേ സ്ത്രീകളെ എങ്ങനെയാണ് സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളിൽ നിന്നകറ്റി നിർത്തിയതെങ്ങനെയെന്നതാണ് പരിശോധിക്കുന്നത്.
പുരുഷനിർമ്മിതമായ സമൂഹത്തിൽ എന്നും സ്ത്രീയെ അപരയായാണ് കണക്കാക്കിയിരുന്നത്. മുഖ്യധാരാ സമൂഹത്തിന്റെ ഇടങ്ങളിലൊന്നും സ്ത്രീകളുടെ പ്രതിനിധാനങ്ങൾ ഉണ്ടായിരുന്നില്ല. പുരുഷമേല്ക്കോയ്മയിൽ ദൃശ്യത്തിൽപ്പെടാതെ പോയ സ്ത്രീകളെക്കുറിച്ചുള്ള ചിന്തകളും, തങ്ങളെ ആരാണ് പ്രതിനിധീകരിക്കേണ്ടത് എന്നുള്ള പുനർവിചിന്തനങ്ങളുമാണ് ഫെമിനിസത്തിന്റെ അടിത്തറയെന്നു പറയാം. ഇത്തരത്തിലുള്ള പുനർവിചിന്തനങ്ങൾ സ്ത്രീയെ അപരവല്ക്കരണത്തിൽനിന്ന് മോചിതയാക്കുകയും സ്ത്രീകൾക്ക് ദൃശ്യത നേടിക്കൊടുക്കുകയും ചെയ്തു. “പുരുഷ സ്വാതന്ത്ര്യത്തിനുള്ളിൽ സ്ത്രീ എന്നും അപരയാണ് (other). അവൾക്ക് പുരുഷൻ നിർവ്വചിക്കുന്ന സങ്കുചിത നിർവ്വചനങ്ങൾക്ക് പുറത്തേക്ക് കടക്കേണ്ടതുണ്ടെന്നും അങ്ങനെ പുതിയൊരു സാമൂഹ്യവത്കരണം (Cultural Socialization) രൂപപ്പെടുത്തണമെന്നും ബുവ്വ വാദിച്ചു” (പത്മകുമാർ, മുഞ്ഞിനാട്, 2015: 7). സ്ത്രീകൾക്കു കൂടി തുല്യത ലഭിക്കുന്ന സമൂഹത്തിന് മാത്രമേ സാമൂഹ്യവത്കരണം പൂർണ്ണമായതോതിൽ ലഭിക്കുന്നുള്ളൂവെന്ന് ബുവ്വ പറയുന്നു.
തുല്യസാമൂഹ്യപദവിയെക്കുറിച്ചുള്ള തന്റെ ചിന്തകളെ പങ്കുവെച്ചുകൊണ്ട് ബുവ്വ അഭിപ്രായപ്പെടുന്നതിങ്ങനെ: “തുല്യസാമൂഹികപദവി എന്നതുകൊണ്ട് ഉദ്ദേശിക്കുന്ന മറ്റൊരർത്ഥം കൂടി ഇവിടെ ചർച്ചചെയ്യേണ്ടത് അനിവാര്യമാണ്. പുരുഷനൊപ്പം എന്ന അർത്ഥത്തിലാണ് പലപ്പോഴും തുല്യപദവി എന്ന പദം ഉപയോഗിക്കുന്നത്. എന്നാൽ, ആ അർത്ഥവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും നിലനില്ക്കെ തന്നെ മറ്റൊന്നുകൂടി ആലോചിക്കേണ്ടതുണ്ട്. അത് ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ട അസ്തിത്വത്തെ സംബന്ധിച്ചാണ്. ഒരു സ്ത്രീയ്ക്ക് സമൂഹം അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്ര്യമുൾപ്പെടെയുള്ള അംഗീകാരങ്ങൾ മറ്റൊരു സ്ത്രീയ്ക്കും ലഭ്യമാകുക തന്നെ വേണം. ഇതും തുല്യസാമൂഹ്യപദവി തന്നെയാണ്. ഇങ്ങനെയൊരു അവസ്ഥ സാദ്ധ്യമാണെങ്കിൽ മാത്രമേ സാമൂഹികമായൊരു നീതി നടപ്പിലാകുകയുള്ളൂ” (2015: 97).
സ്ത്രീകൾക്കിടയിൽതന്നെ നിലനിന്ന വിവേചനത്തെയാണ് ബുവ്വ ഇവിടെ സൂചിപ്പിച്ചു പോകുന്നത്. ഉദാ: കേരളീയാന്തരീക്ഷത്തിൽ ദളിത് സ്ത്രീകൾ തങ്ങളുടെ പുരുഷന്മാരോടൊപ്പം ജോലിയിൽ ഏർപ്പെടുകയും പൊതു സമൂഹവുമായി ബന്ധപ്പെടുന്ന പ്രവൃത്തികളിൽ വ്യാപൃതരാവുകയും ചെയ്തിരുന്നു. എന്നാൽ ജാതികൊണ്ടും മറ്റ് ആനുകൂല്യങ്ങൾ കൊണ്ടും സമൂഹത്തിൽ ഉയർന്ന ശ്രേണിയിൽപെട്ടുപോന്ന സ്ത്രീകൾക്ക് ഇതിനുള്ള അവസരം നിഷേധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏതൊരു വിഭാഗത്തിലുംപെട്ട സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്ര്യം അത് നിഷേധിക്കപ്പെട്ടവർക്കും ലഭ്യമാകണം എന്നാണ് ബുവ്വ വാദിക്കുന്നത്. അതുപോലെ തന്നെ പുരുഷൻ എങ്ങനെയാണോ സ്വാതന്ത്ര്യം അനുഭവിക്കുന്നത് അത് സ്ത്രീക്കും ലഭ്യമാകണം എന്ന് അവർ പറയുന്നു.
സ്ത്രീയുടെ ഇടം ഗൃഹയിടമെന്നാണ് പരിഗണിച്ചു പോരുന്നത്. പൊതുവിടം പുരുഷനും ഗൃഹം സ്ത്രീക്കും ലഭിക്കയാൽ സ്ത്രീകളുടെ പൊതുവിട ദൃശ്യത തുലോം കുറവുതന്നെയായിരുന്നു. പുരുഷന്മാർക്ക് പൊതുവിടവും സ്ത്രീക്ക് ഗൃഹവും പതിച്ചുനല്കിയതിൽ അവരുടെ ശാരീരിക പ്രത്യേകതകൾക്ക് സ്ഥാനമുണ്ട്. ജെ. ദേവികയുടെ അഭിപ്രായം നോക്കാം “മിഷണറി സ്വാധീനത്തിനു പുറത്തുനിന്നുകൊണ്ട് പാശ്ചാത്യ രാഷ്ട്രീയചിന്തയിൽനിന്ന് സമത്വവാദങ്ങൾ കടമെടുത്തുകൊണ്ട് എഴുതിയ ചിലരുണ്ടായിരുന്നു. ഈ രണ്ടുകൂട്ടരും യോജിച്ച ഒരു കാര്യമുണ്ടായിരുന്നു. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള വ്യത്യാസം അവരുടെ ശാരീരികമായ പ്രത്യേകതകൾ കൊണ്ട് വിശദീകരിക്കാമെന്ന അവകാശവാദം. സ്ത്രീയുടെയും പുരുഷന്റെയും ശാരീരികപ്രത്യേകതകൾക്കിണങ്ങുന്ന സ്വഭാവഗുണങ്ങളും മനോഗതിയും പ്രകൃതിതന്നെ അവൾക്കു നല്കിയിരുന്നുവെന്നും ഇവയിലൂടെയാണ് സ്ത്രീയുടെയും പുരുഷന്റെയും സാമൂഹികനില നിർണ്ണയിക്കേണ്ടതെന്നും മിഷണറിമാരും മറ്റു പരിഷ്കരണകുതുകികളും ഒരുപോലെ വാദിച്ചു. ഇതു പ്രകാരം സ്ത്രീയുടെ ശരിയായ ഇടം ഗൃഹമാണെന്നു കല്പിക്കപ്പെട്ടു (2015: 79). പുരുഷന്റെ ശരീരത്തിന്റെ ദൃഢതയും സ്ത്രീശരീരത്തിന്റെ മൃദുലതയും ഈ ശാരീരിക പ്രത്യേകതകളിൽ പ്രാധാന്യം അർഹിക്കുന്നുണ്ട്. പൊതുവിടവുമായി ബന്ധപ്പെട്ട കായികശേഷി കൂടിയ പ്രവർത്തനങ്ങളിൽ ഇടപെടേണ്ടത് പുരുഷനാണെന്ന ധാരണ ഇതോടെ ശക്തിപ്പെട്ടു. താരതമ്യേന കായികശേഷികുറഞ്ഞ ഗൃഹജോലികളിലേക്ക് സ്ത്രീകളെ നിയോഗിക്കുകയും ചെയ്തു. ഗൃഹയിട ജോലികൾ സ്ത്രീകളുടെ കർത്തവ്യവും കടമയും ആയാണ് പരിഗണിച്ചുപോരുന്നത്. അവളുടെ ഏത് തരം ബുദ്ധിമുട്ടുകളും (ശാരീരികമോ, മാനസികമോ) ജോലിയുള്ള സ്ത്രീകളാണെങ്കിൽ അവരുടെ ജോലി തന്നെയോ ഇതിനായി മാറ്റിവെയ്ക്കേണ്ടിവരും. എന്നാൽ ഗൃഹത്തിന്റെ ഉടമയായി പൊതുമണ്ഡലത്തിൽ അംഗീകരിക്കപ്പെടുന്ന പുരുഷനാകട്ടെ ഇത്തരം വിട്ടുവീഴ്ചകൾക്കോ ഗൃഹപാലനത്തിനോ അധികം പ്രാമുഖ്യം നല്കുന്നില്ല. “വിവാഹമെന്ന ആണിക്കല്ലുകളിലൊന്നാണ് ലിംഗപരമായ തൊഴിൽ വിഭജനം. ഈ വിഭജനപ്രകാരം വീട്ടുജോലിയുടെ, പൊതുവേ പറഞ്ഞാൽ അധ്വാനശേഷിയെ ദിനംതോറും പുനരുല്പാദിപ്പിക്കുന്ന ജോലിയുടെ, ഉത്തരവാദിത്വം സ്ത്രീകൾക്കാണ്—ഭക്ഷണമുണ്ടാക്കൽ, വീടുവൃത്തിയാക്കൽ, തുണികഴുകൽ, വിശ്രമിക്കാനുള്ള ഒരുക്കങ്ങൾ മുതലായവ—അത്രയും പെണ്ണുങ്ങളാണ് ചെയ്യുന്നത്. വീട്ടുകാരി ഇവ സ്വയം ചെയ്യുകയോ കാശു കൊടുത്തുകൊണ്ട് താരതമ്യേന തന്നേക്കാൾ ദാരിദ്ര്യവും മറ്റു സാമൂഹികപിന്നോക്കാവസ്ഥയും അനുഭവിക്കുന്ന ഏതെങ്കിലും സ്ത്രീയെക്കൊണ്ട് ചെയ്യിപ്പിക്കുകതന്നെ വേണം, ഇവരിലാരു ചെയ്താലും വീട്ടുപണി ചെയ്യേണ്ടതു പെണ്ണുതന്നെ, അതാണവളുടെ പ്രഥമവും പ്രാധാന്യവുമായ പണി എന്നാണ് പൊതുവേ പറയാറ്” [നിവേദിത മേനോൻ (പരിഭാഷ: ദേവിക, ജെ.), 2017: 29].
ഇത്തരത്തിൽ ഗൃഹയിടത്തിലെ ജോലികളെക്കുറിച്ച് പറയുമ്പോൾ നിവേദിത പൊതു സമൂഹത്തിലെ തൊഴിൽ വിഭജനം ലിംഗപരമല്ല എന്ന് ചൂണ്ടികാണിക്കുന്നു. ഉദാ: ഹോട്ടലുകളിലെയും മറ്റു പൊതുവിടങ്ങളിലെയും പാചകം കൂടുതൽ ചെയ്യുന്നത് പുരുഷനാണ്. എന്നാൽ ഗൃഹങ്ങളിൽ ഇത് സ്ത്രീകളാണ് ചെയ്യുന്നത്. അതായത് കൂലിയില്ലായിടത്ത് ഇത് ലിംഗപരമാവുകയും, ചെയ്യുന്ന പ്രവൃത്തിക്ക് കൃത്യമായ വേതനം ലഭിക്കുന്ന സ്ഥലത്ത് ഇത് ലിംഗപരമല്ലാതാവുകയും ചെയ്യുന്നു. സ്ത്രീകളും പുരുഷന്മാരും ചേർന്നുനിന്ന് ജോലിയെടുക്കുന്ന സ്ഥലങ്ങളിൽ പുരുഷന് സ്ത്രീയേക്കാൾ കൂടുതൽ വേതനം ലഭിക്കുന്നു. അവിടെ കാഠിന്യമേറിയ ജോലികൾ പുരുഷന് തുല്യമായി നിന്നുകൊണ്ടുതന്നെ സ്ത്രീകൾ ചെയ്യുന്നു. എന്നാൽ സ്ത്രീകൾ ചെയ്തിരിക്കുന്ന ജോലി മെഷീൻ ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നായി മാറുമ്പോൾ അത് പ്രവൃത്തിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതും, അത് നിർവഹിക്കുന്നതും പുരുഷനാണ്. സ്ത്രീയവിടെ വീണ്ടും പ്രയാസമേറിയ ജോലിയിലേക്ക് മാറ്റപ്പെടുന്നു.
ശരീരം എന്നതിന്റെ സാധ്യതകൾ പുരുഷനെ അംഗീകരിക്കുവാനുള്ള ഒന്നായി വിലയിരുത്തിയപ്പോൾ സ്ത്രീയെ അവളുടെ ശാരീരിക സാധ്യതകൾകൊണ്ടുതന്നെ അകറ്റി നിർത്താവുന്ന ഒന്നായാണ് പരിഗണിച്ചത്. അമിതമായ വിനയം സ്ത്രീകളെ ഇത്തരം അവസ്ഥയിലേക്ക് സ്വയം നയിക്കുകയാണെന്ന് ബുവ്വ പറയുന്നു “ഇതൊരു പക്ഷേ, ചില പുരുഷന്മാർ സ്ത്രീയുടെ പരിമിതിയായി കണ്ട്, അവരുടെ പൂർണ്ണമായ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നതിനു പിന്നിൽ ചില ദുഃസൂചനകളുണ്ട്. അത് സ്ത്രീയുടെ ആഗ്രഹപ്രകാരമോ, നിർദ്ദേശപ്രകാരമോ ആയിരിക്കില്ല, അവൾ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിലിൽനിന്ന് ഓരോ കാരണങ്ങൾ പറഞ്ഞ് അവൻ അവളെ ആദ്യംതന്നെ വിലക്കുന്നു. അവളെ വിലപിടിപ്പുള്ള ഒന്നായി കണ്ട് വീടിനുള്ളിൽതന്നെ സൂക്ഷിക്കുന്നു. അവളെ കൂടുതൽ സുരക്ഷിതയും ഉത്തരവാദിത്തമുളവാക്കാനാണ് ഇതെന്നാണ് പുരുഷന്റെ ഭാഷ്യം” (2014: 74). ഇത്തരത്തിൽ പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന ധാരണയാണ് സമൂഹത്തിലുടനീളം നിലനില്ക്കുന്നത്. അതുകൊണ്ടുതന്നെ പുരുഷന്റെ വാക്കിനോ, ഗൃഹയിടത്തിനോ പുറത്ത് സ്ത്രീക്ക് അവളുടെ ലോകം നിഷേധിക്കപ്പെടുന്നു.
ഗർഭം ധരിക്കാനുള്ള സ്ത്രീയുടെ കഴിവ് പൊതുസമൂഹത്തിൽനിന്ന് അവളെ അകറ്റി നിർത്തുവാനുള്ള ഒന്നായാണ് പൊതുസമൂഹം സ്വീകരിച്ചത്. അമ്മയെന്നോ, ദേവിയെന്നോ വിളിച്ചപ്പോഴെല്ലാം മനുഷ്യജീവി എന്ന പരിഗണനയിൽ സ്ത്രീകളെ അംഗീകരിക്കാനുള്ള മടി പൊതുസമൂഹത്തിൽ വ്യക്തമായി കാണുവാൻ കഴിയുമായിരുന്നു. “പൊതുഇടമെന്നും സ്വകാര്യഇടമെന്നും (Public-Private-sphere) സമൂഹത്തെ വിഭജിച്ചതിൽ സ്ത്രീക്ക് നല്കപ്പെട്ടത് സ്വകാര്യഇടമായ വീടിന്റെ അകമായ അടുക്കളയാണ്. ലൈംഗികതയെന്ന ഭീകരതയിൽനിന്ന് സ്ത്രീ ഒഴിഞ്ഞു നില്ക്കണമെന്നും പുരുഷനാണതിന്റെ അധികാരമെന്നും സ്ത്രീ അതിന്റെ ആനന്ദം നിസ്സംഗമായി ഏറ്റുവാങ്ങുന്നവൾ മാത്രമാണെന്നും പഠിപ്പിക്കപ്പെട്ടു. ഇതിന്റെയെല്ലാം ആകത്തുകയെന്നത് സ്ത്രീ വീടിനകത്തെ പാചകവും കുട്ടികളുടെ പരിപാലനവുമായി കഴിയേണ്ടുന്ന ദുർബ്ബലയാണെന്നതായിരുന്നു” (യാക്കോബ് തോമസ്, 2014: 180). ലൈംഗികതയെന്ന ഭീകരതയിൽ നിന്നൊഴിവാക്കാനായാണ് സ്ത്രീക്ക് ഗൃഹയിടം കല്പിച്ചു നല്കിയതെന്ന യാക്കോബ് തോമസിന്റെ വാദത്തിനെതിരായാണ് നിവേദിത മേനോൻ തന്റെ ആശയം അവതരിപ്പിക്കുന്നത്. “മാതൃത്വം ജീവശാസ്ത്രപരമായ സത്യമാണ്; പിതൃത്വമോ സാമൂഹശാസ്ത്രപരമായ കെട്ടുകഥയും!” ഈ അറിവാണ് പുരുഷാധിപത്യവ്യവസ്ഥയുടെ ഒരിക്കലുമൊടുങ്ങാത്ത വെപ്രാളത്തിനു പിന്നിൽ. സ്ത്രീകളുടെ ലൈംഗികതയെ സദാ ഉറക്കമിളിച്ച് നിരീക്ഷിക്കാനുള്ള പ്രേരണ ഇതിൽ നിന്നാണ് ഉളവാകുന്നത്” ( 2017: 25).
ശരീരവും, ജാതിയും തിരിച്ചുള്ള ആൺ-പെൺ വേർതിരിവുകൾ കൃത്യമായി തങ്ങൾ പരസ്പരം അകന്ന എന്തോ ആണെന്നും തങ്ങളുടെ മുതലാളിമാർ പുരുഷന്മാരാണെന്നുമുള്ള ധാരണ സ്ത്രീകളിൽ ജനിപ്പിച്ചു. തങ്ങളുടെ ശരീരം പവിത്രമാണെന്നും അത് വിവാഹം കഴിക്കുന്നവനു മാത്രം അവകാശപ്പെട്ടതാണെന്നുമുള്ള ധാരണകൾ ഇതിനു പുറകെ അവരിൽ ശക്തമായി വേരുറയ്ക്കുന്നുണ്ട്. അന്യപുരുഷനുമായുള്ള ഏതൊരു സമ്പർക്കവും നിഷിദ്ധമാണെന്നും സ്വയം സംരക്ഷിക്കപ്പെടേണ്ടവളും പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളുമാണ് താനെന്ന ധാരണ സ്ത്രീകളിൽ ഇതേ തുടർന്ന് ബലമായി “ആണിനെയും പെണ്ണിനെയും രണ്ടു ധ്രുവങ്ങളിലേക്കു മാറ്റിനിർത്തി ഇവർക്കിടയിൽ സ്വാഭാവികമായ ഇടപാടുകൾ അസാധ്യമാക്കുകയായിരുന്നു ആൺകോയ്മ ചെയ്തത്. ഒരു സമഗ്രതയെ വിച്ഛേദിക്കൽ. തങ്ങൾ വിരുദ്ധവർഗ്ഗങ്ങളാണെന്ന് ഇരുകൂട്ടർക്കും തോന്നി. ആകാശം-ഭൂമി, സംസ്കൃതി-പ്രകൃതി, കരുത്ത്-സൗന്ദര്യം ഇക്കൂട്ടത്തിൽ ബുദ്ധി ആണിനും സൗന്ദര്യം പെണ്ണിനും പതിച്ചുകിട്ടി” (ഗീത, 2014: 63).
സൗന്ദര്യത്തിന്റെ അളവുകോലുകളിൽ സ്ത്രീയെ തളച്ചിട്ട ആൺകോയ്മ ബുദ്ധിയില്ലാത്ത സ്ത്രീയെ ബുദ്ധിയുള്ള തങ്ങളുടെ അടിമകളാക്കി, ബുദ്ധിയില്ലാത്തതുകൊണ്ടുതന്നെ അവൾക്ക് പൊതുവിടത്തിലേക്കുള്ള പ്രവേശനം നിഷിദ്ധമാവുകയും ചെയ്തു. കേരളീയന്തരീക്ഷത്തിലെ പൊതുവേ സ്ത്രീകളുടെ നിലയിങ്ങനെ തന്നെയായിരുന്നുവെങ്കിലും ഇവയെ മറിക്കടക്കുവാനുള്ള സ്ത്രീകളുടെ തന്നെ പരിശ്രമങ്ങൾ ഇതിനോട് ചേർന്ന് തന്നെ നടന്നുവരുന്നത് കാണുവാൻ കഴിയും. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് വിദ്യനേടിയ സ്ത്രീകൾ അറിവ് പകർന്നു കൊടുക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് ഗീത എഴുത്തമ്മമ്മാരിൽ പ്രതിപാദിക്കുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും മലയാളി സമൂഹത്തിൽ വിശ്വസിക്കപ്പെട്ടു തുടങ്ങിയ ആധുനിക ലിംഗഭേദവ്യവസ്ഥയുടെ ചട്ടക്കൂടിനുള്ളിൽത്തന്നെയായിരുന്നു ഇവരുടെ ചിന്തയെന്ന കാര്യം മറക്കാനാവില്ല. ആധുനിക ലിംഗഭേദമെന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇതൊക്കെയാണ്.
ലോകം മൊത്തത്തിൽ പൊതു, ഗാർഹികം എന്നീങ്ങനെയുള്ള രണ്ടിടങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു എന്ന ധാരണ. ഇതിൽ ‘പൊതുഇടം’ ‘പുരുഷ’ന്റെയും ‘ഗാർഹിക’ ഇടം ‘സ്ത്രീ’യുടെയും എന്ന വിവക്ഷയുണ്ട്. ഈ ഇടങ്ങളിൽ പുലരാനുള്ള ‘സ്വാഭാവിക’ അല്ലെങ്കിൽ ‘പ്രകൃത്യാ’യുള്ള വാസനകൾ പുരുഷന്മാരിലും സ്ത്രീകളിലും ജന്മനാ നിക്ഷിപ്തമാണെന്ന വാദം ഇതോടൊപ്പം നില്ക്കുന്നുണ്ട്.
നിർബന്ധമായ ഭിന്നവർഗ്ഗ ലൈംഗികത.
മനുഷ്യസമൂഹത്തിന്റെ സഹജവും പ്രകൃത്യാനുസരണവുമായ അടിത്തറ ആൺ-പെൺ ഭേദത്തിലാണ് കുടികൊള്ളുന്നതെന്ന ആശയം” (ദേവിക, ജെ., 2011: 13, 14).
ലൈംഗികത കൃത്യമായും വർഗത്തെ വേർതിരിക്കുന്ന ഒന്നാണ്. ഭിന്നവർഗ്ഗത്തോട് ലൈംഗികമായ അടുപ്പം ഉണ്ടാകും എന്ന് പറയുമ്പോൾ തന്നെ സ്ത്രീയുടെ ഭിന്നവർഗ്ഗം പുരുഷനാണെന്നും പുരുഷന്റെത് സ്ത്രീയാണെന്നുമുള്ള ചട്ടക്കൂട്ടിലേക്ക് ലൈംഗികതയെ തളച്ചിടുകയാണ് ചെയ്യുന്നത്. ഭിന്നവർഗത്തിനോടല്ലാതെ സ്വവർഗത്തോടുള്ള ലൈംഗികത സമൂഹം അംഗീകരിക്കുന്നില്ല.
സ്ത്രീയെ ലൈംഗിക വർഗ്ഗമായി കാണുന്ന രീതി ഗൃഹത്തിനുള്ളിൽനിന്നു തന്നെ തുടങ്ങുന്നുവെന്ന് കാണുവാൻ കഴിയും. ലൈംഗിക വർഗ്ഗമായാണ് സ്ത്രീയെ പൊതുവിടത്തിലും സ്ഥാനപ്പെടുത്തിയിരിക്കുന്നത്. അതായത് സ്ത്രീയെ വിന്യസിച്ചിരിക്കുന്ന ഇടങ്ങളിൽ അവൾക്ക് പുരുഷനിൽ നിന്ന് പ്രത്യേക സംരക്ഷണം നല്കുന്നുണ്ട്. പ്രത്യേകിച്ച് അന്യപുരുഷനിൽ നിന്ന്. തൊഴിലിടങ്ങളിൽ പുരുഷനിൽനിന്ന് കൃത്യമായ അകലം നല്കികൊണ്ടാണ് സ്ത്രീക്ക് തൊഴിൽ നല്കുന്നത്. അവളെ പുരുഷനുമായി നിരന്തരമായി സമ്പർക്കത്തിലേർപ്പെടാൻ സമ്മതിക്കുന്നില്ല. അവിടെ സ്ത്രീയെന്ന് പറയുന്നത് ലൈംഗികവർഗ്ഗം മാത്രമാണ്. “സ്ത്രീ തൊഴിലാളിയെന്ന നിലയിൽ അധ്വാനം വില്ക്കേണ്ടി വരുന്നു എന്നു മാത്രമല്ല, സ്ത്രീയെന്ന ലിംഗഭേദത്താൽ പീഡനവും ശരീരവില്പനയുംകൂടി നടത്തേണ്ടിവരുന്നു. തൊഴിൽ ശാലയിൽ സഹപ്രവർത്തകനായ പുരുഷത്തൊഴിലാളിയിൽനിന്നും കുടുംബത്തിനുള്ളിൽ ഭർത്താവായ പുരുഷനിൽനിന്നും പീഡനമേല്ക്കുന്നു. വീടിനുള്ളിൽ കൂലിയില്ലാത്ത ഗൃഹപ്പണി ചെയ്യുന്നു. അതുകൊണ്ട് അവൾ ഒരു ഗൃഹത്തൊഴിലാളിയാണ്. പുരുഷനാകട്ടെ ഗൃഹമുതലാളിയും. അങ്ങനെ വീടിനുള്ളിൽ ഒരു ലൈംഗികവർഗ്ഗം (sex class) നിലനില്ക്കുന്നു” (സോമൻ, പി„ 2014: 14–15), ലൈംഗിക വർഗ്ഗമായി സ്ത്രീയെ വിവേചിച്ചു നിർത്തുവാനുള്ള കാരണമാകുന്നു ശരീരം.
‘അമ്മച്ചുമട്’ (Mommy track) എന്നു പറയുന്ന പദത്തിന് സ്ത്രീയിടത്തിനെ നിർണയിക്കുന്നതിൽ കൃത്യമായ പങ്കുണ്ട്, സ്ത്രീ അമ്മയായി തീർന്നതിനുശേഷം ബാലപരിചരണത്തിനും ഗൃഹപരിചരണത്തിനും മുമ്പുണ്ടായതിനേക്കാൾ പ്രധാന്യം കല്പിക്കുന്നു. ഉദ്യോഗസ്ഥയായ സ്ത്രീയാണെങ്കിൽ അവൾ തന്റെ ജോലിവരെ ഇതിനായി ത്യജിക്കുകയും ചെയ്യുന്നു. ഇതിന്റെ അനന്തര ഫലമാകട്ടെ, ഗൃഹത്തിനുള്ളിലേക്ക് അവൾ ചുരുങ്ങിപ്പോകുന്നു. എന്നാൽ പുരുഷനാകട്ടെ ഇത്തരം തടസ്സങ്ങളൊന്നും ഇല്ലാതെതന്നെ തന്റെ ജീവിതം മുമ്പോട്ട് കൊണ്ടുപോവാനാകുന്നു.
സ്ത്രീയിടത്തിന്റെ സ്ഥാനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നത് കുടുംബഘടനയാണ്. കുടുംബത്തിന്റെ പ്രധാന തീരുമാനങ്ങളെടുക്കുന്ന നേരങ്ങളിൽ ഗൃഹനാഥ സ്ത്രീയാണെങ്കിലും അവൾക്കുമേൽ നിന്ന് പുരുഷന് തീരുമാനങ്ങൾ കൈക്കൊള്ളാനാകുന്നു. പിതൃദായക്രമവും, പുരുഷനു പതിച്ചുനല്കിയിരിക്കുന്ന ബുദ്ധിയുടെ ആനുകൂല്യവും ഇവിടെ പ്രാധാന്യമർഹിക്കുന്നു. ഈയൊരു ഘടനയിൽനിന്ന് പുറത്തു വരുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് പ്രയാസമേറിയതാവുന്നു.
പുരുഷന് തന്റെ ആരോഗ്യത്താൽ ലഭിക്കുന്ന ഏതൊരു അനുകൂല്യവും സ്ത്രീയിടത്തെ ഗൃഹയിടത്തിൽ തളയ്ക്കുന്നതാണ്. ഉത്തരാധുനികതയിൽ ഇത്തരം ഗൃഹയിടത്തിൽ നിന്ന് ഒരുവിഭാഗം സ്ത്രീകൾ പുറത്തേക്ക് വരാൻ ശ്രമിക്കുന്നത് കാണുവാൻ കഴിയും. ‘അധികപ്രസംഗി’, ‘തന്റേടി’, ‘വഴിപിഴച്ചവൾ’ എന്നിങ്ങനെ ഒന്നിലധികം പേരുകൾ ഇതിന്റെ ഭാഗമായി പൊതുസമൂഹം അവൾക്ക് ചാർത്തികൊടുക്കുന്നു. ഇതിനെ അതിജീവിക്കുന്ന സ്ത്രീകളാണ് പൊതുവിടത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ മറുപക്ഷം നില്ക്കുന്ന ഭൂരിഭാഗം സ്ത്രീകളും ഇത്തരം പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും നേരിടാനാവാതെ ഗൃഹയിടത്തിൽ തന്നെ ഒതുങ്ങുന്നു.
ഗീത, 2014, എഴുത്തമ്മമാർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ദേവിക, ജെ., 2011, കല്പനയുടെ മറ്റൊലി, കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത്, തൃശ്ശൂർ
ദേവിക, ജെ., 2015, ‘കുലസ്ത്രീയും ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ? കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത്, തൃശ്ശൂർ.
നിവേദിത മേനോൻ (പരിഭാഷ: ദേവിക, ജെ.), 2017, അകമേ പൊട്ടിയ കെട്ടുകൾക്കപ്പുറം ഇന്ത്യൻ ഫെമിനിസത്തിന്റെ വർത്തമാനങ്ങൾ, നാഷണൽ ബുക്ക് സ്റ്റാൾ, തിരുവനന്തപുരം.
വെർജീനിയ വൂൾഫ് (പരിഭാഷ: മൂസക്കുട്ടി എൻ.), 2014, എഴുത്തുകാരിയുടെ മുറി, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
സിമോൺ ഡി. ബുവ്വ, 2015, സെക്കൻഡ് സെക്സ്, പാപ്പിറസ് ബുക്സ്, കോട്ടയം.
സോമൻ, പി., 2014, മാർക്സിസം ലൈംഗികത സ്ത്രീപക്ഷം, കറന്റ് ബുക്സ്, തൃശ്ശൂർ.