മനുഷ്യന്റെ അനുഭവങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കുവാനുള്ള ഒരു മാധ്യമമാണ് സാഹിത്യം. ആത്മാവിഷ്കാരത്തിന് കൂടുതൽ ഫലപ്രദമായ ഒരു വഴിയാണിത്. വ്യത്യസ്തമായ സാഹിത്യരചനാരീതികൾ മലയാളത്തിൽ പ്രചാരത്തിലുണ്ട്. അവയിലൊന്നാണ് ആത്മകഥാസാഹിത്യം. ജീവിതത്തിലെ മുഖ്യസംഭവങ്ങൾ പ്രസന്നമായ ശൈലിയിൽ അവതരിപ്പിക്കുകയാണ് ആത്മകഥയുടെ സ്വഭാവം. ആത്മകഥയിലൂടെ ഗ്രന്ഥകാരൻ തന്റെ ജീവിതത്തെ മറ്റുള്ളവർക്കുമുന്നിൽ തുറന്നുവെയ്ക്കുകയും ശക്തി ദൗർബല്യങ്ങളെ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയും ചെയ്യുന്നു. സ്മരണകൾ ആത്മകഥയുടെ ഒരവിഭാജ്യഘടകമാണ്. ഒരു പ്രത്യേക ജീവിതകാലയളവിൽ തന്നെസ്പർശിച്ചുപോയ സംഭവങ്ങളെയും അനുഭവങ്ങളെയും വ്യക്തികളെയും വാക്കുകളാൽ ആവിഷ്കരിക്കുകയാണ് എഴുത്തുകാരൻ സ്മരണക്കുറിപ്പുകളിലൂടെ ചെയ്യുന്നത്. മറ്റു വ്യക്തികൾ രചിക്കുന്ന ജീവചരിത്രസ്വഭാവമുള്ള സ്മരണകളേക്കാൾ ആത്മകഥകൾക്കായിരിക്കും വിശ്വാസ്യത കൂടുതൽ. ഇത്തരം കൃതികളിലൂടെ ആ വ്യക്തിയെക്കുറിച്ചു മാത്രമല്ല അയാളുടെ മനസ്സിലൂടെ ആ കാലഘട്ടത്തിന്റെ ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്നിവയെ കൂടി മനസ്സിലാക്കാൻ സാധിക്കുന്നു. ചിന്തിക്കുവാനും സ്വയം നിരീക്ഷിക്കുവാനും ശീലിക്കുന്നതോടെയാണ് ഒരുവന് ആത്മകഥ എഴുതാനുള്ള പ്രേരണയുണ്ടാവുന്നത്. വ്യാഖ്യാനത്തെ അനുഭവത്തിനു പകരം നിർത്തുന്ന പുരുഷബോധങ്ങളാണ് ആത്മകഥ സൃഷ്ടിക്കുന്നതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ‘ഭൂതകാലവും വർത്തമാനവുമായുള്ള അർത്ഥോല്പാദന പ്രവർത്തനങ്ങളുടെ ഫലമാണ് ആത്മകഥകളൊക്കെയും’ എന്ന് ഉദയകുമാർ നിരീക്ഷിക്കുന്നു (2011: 45).
‘സ്വപ്നത്തിന്റെയും സ്മരണയുടെയും ധ്യാനത്തിന്റെയും പ്രവചനാതീതമായ ജൈവയോഗമാണ് എനിക്കു കവിത’ [അമാവാസി, (ആമുഖം) 1982] എന്ന് തുറന്നുപറഞ്ഞുകൊണ്ട് തീവ്രമായ വൈയക്തികാനുഭവങ്ങൾക്ക് കാവ്യഭാഷ ചമച്ച കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. എഴുത്തച്ഛനിൽ ആരംഭിക്കുന്ന കാവ്യവഴി സ്വീകരിച്ചുകൊണ്ട് ഭാവതലത്തിലും രൂപതലത്തിലും സൃഷ്ടിക്കുന്ന പുതുമകൾ അദ്ദേഹത്തെ സമകാലകവികളിൽ നിന്നും വ്യത്യസ്തനാക്കി. ജീവിതത്തെയും അനുഭവങ്ങളെയും വേറിട്ടു നോക്കികാണുവാനും തന്റേതായ രീതിയിൽ ആവിഷ്കരിക്കുവാനും ബാലചന്ദ്രൻ ചുള്ളിക്കാടിനുള്ള പാടവം ശ്രദ്ധേയമാണ്. അതിനാൽ അദ്ദേഹത്തിന്റെ സ്മരണാഗ്രന്ഥമായ ‘ചിദംബരസ്മരണ’ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ‘എന്റെ കഥ’യിൽ തുടങ്ങുന്ന ആത്മകഥകളുടെ റൊമാന്റിക് ലോകം മലയാളസാഹിത്യത്തിലെ അത്യപൂർവ്വമായ അനുഭവമാണ്. ഈ ശൃംഖലയിൽ കണ്ണിച്ചേർക്കാവുന്ന കൃതിയാണ് ‘ചിദംബരസ്മരണ’. സത്യസന്ധതയും ആത്മാർത്ഥതയും നിറഞ്ഞ തെളിവുകളാണ് ഇതിലെ ലേഖനങ്ങൾ. വ്യക്തികളുടെയും സംഭവങ്ങളുടെയും ആന്തരികഭാവങ്ങൾ മിഴിവോടെ വ്യക്തമാക്കുന്ന രീതിയിലാണ് ഇതിന്റെ രചന. കണ്ട സ്ഥലങ്ങൾ, വായിച്ച കൃതികൾ, കണ്ടുമുട്ടുന്ന വ്യക്തികൾ അതിൽതന്നെ കലാകാരന്മാർ ഇവയെല്ലാം ചിത്രത്തിലെഴുതിയപ്പോലെ അനുവാചകഹൃദയത്തിൽ പതിയുന്നു. ഇത്തരമനുഭവങ്ങളെ വർഷീകരിച്ചു ക്രമപ്പെടുത്തി വിശകലനം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്.
ആധുനിക മലയാളകവികളിൽ ഏറ്റവും ശ്രദ്ധേയനായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഓർമ്മക്കുറിപ്പുകളാണ് ‘ചിദംബരസ്മരണ’. മുപ്പത്തിയേഴ് അധ്യായങ്ങളുള്ള ഈ കൃതിയിൽ ജീവിതത്തോടുള്ള കവിമനസ്സിന്റെ പോരാട്ടം കാണാവുന്നതാണ്. അപാരമായ സത്യസന്ധതയോടെ തന്നെതന്നെ തുറന്നുകാണിക്കുവാനുള്ള വെമ്പൽ ഈ കവിയിൽ ചെറുപ്പം മുതലേയുണ്ട്. ആദ്യസമാഹാരത്തിനെഴുതിയ ആമുഖക്കുറിപ്പിൽ ഇങ്ങനെ എഴുതുന്നു. ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’ എന്ന് അനുവാചകന്റെ മുമ്പാകെ തുറന്നുവയ്ക്കുന്ന കവി തന്റെ ആത്മനൊമ്പരങ്ങളെയും അനുഭവങ്ങളെയും വായനക്കാരുമായി പങ്കുവയ്ക്കുന്ന ഹൃദ്യമായ അനുഭവമാണ് ‘ചിദംബരസ്മരണ’. അനുഭവങ്ങളെ ഓർമ്മയിൽ സൂക്ഷിച്ച് അവയ്ക്ക് വാക്രൂപം നൽകുന്നതിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനുള്ള കഴിവും ആർജ്ജവവും ഈ കൃതിയിൽ തെളിഞ്ഞുകാണാം.
‘ചില ജീവിതരംഗങ്ങൾ മങ്ങിപ്പോവാതെ മനസ്സിൽ അവശേഷിക്കുന്നു. അവയ്ക്ക് വാക്രൂപം നല്കണമെന്നുതോന്നി. അതിന്റെ ഫലമാണ് ഈ കുറിപ്പുകൾ. ജീവിതം മഹാദ്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അതു നിങ്ങൾക്കായി എപ്പോഴും കാത്തുവയ്ക്കുന്നു’ (2014: 7) എന്ന കുറിപ്പോടെയാണ് ചുള്ളിക്കാട് ‘ചിദംബരസ്മരണ’ ആരംഭിക്കുന്നത്. നർമ്മമൂറുന്നതും കണ്ണീർ കിനിയുന്നതും ഒരു ചെറുനെടുവീർപ്പുമായി ജീവിതത്തിൽ ഇടയ്ക്കിടെ ഓടിമറയുന്നതുമായ അനുഭവങ്ങൾ ഒരു വ്യക്തിയുടെ ബാഹ്യതലങ്ങളെപ്പോലെതന്നെ ആന്തരികതലങ്ങളെയും രൂപപ്പെടുത്തുന്നു. ഇത്തരം സന്തോഷം നിറഞ്ഞതും ദുഃഖം നിറഞ്ഞതുമായ അനുഭവങ്ങളെ അദ്ദേഹം ഈ കൃതിയിൽ യാതൊരു മടിയുമില്ലാതെ ആവിഷ്കരിച്ചിരിക്കുന്നു. അസ്തിത്വസംബന്ധിയും കാവ്യസംബന്ധിയുമായ തന്റെ സത്യസന്ധതകളെ അനുവാചകലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന എഴുത്തുകാരന്റെ ആർജ്ജവം ഏറെ ആകർഷണീയമാണ്. സ്മരണാബിംബങ്ങളുടെയും സ്മൃതിസംഭവങ്ങളുടെയും നീണ്ട നിരയാണ് ഈ കൃതിയിൽ കടന്നുവരുന്നത്. പലപ്പോഴും ആഖ്യാനതത്ത്വങ്ങൾക്കും കാവ്യപരമായ നീതീകരണത്തിനും വഴങ്ങാത്ത ഒരു അനുഭവതലം ഈ കൃതിയിൽ നിറഞ്ഞുനില്ക്കുന്നു.
ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച സംഭവങ്ങളെ തൂലികതുമ്പിൽ വിരിയിക്കുക എന്ന സങ്കീർണ്ണമായ പ്രവൃത്തിയെ ലളിതവും കാവ്യാത്മകവുമായ ഗദ്യത്തിൽ അനുവാചകരുടെ മുമ്പിലെത്തിക്കുവാൻ ബാലചന്ദ്രൻ ചുള്ളിക്കാടിന് സാധിച്ചു. ‘ചിദംബരസ്മരണ’യിലെ ആദ്യത്തെ അധ്യായമായ ‘ഭ്രൂണഹത്യ’യിൽ പ്രണയവും വിവാഹവും തുടർന്ന് ആദ്യമായി പിറവിയെടുക്കുവാൻ പോകുന്ന കുഞ്ഞിനെ ലോകത്തിന്റെ വെളിച്ചം കാണിക്കാതെ ഭ്രൂണഹത്യ നടത്തേണ്ടിവന്ന പിതാവിന്റെ മനോവ്യാപാരങ്ങളെയും ആവിഷ്കരിക്കുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനുഭവങ്ങളിൽനിന്ന് തീവ്രമായ കവിതകൾ ഉടലെടുത്തിട്ടുണ്ട്. ‘പിറക്കാത്ത മകന്’ എന്ന കവിത ഭ്രൂണഹത്യ ചെയ്ത തന്റെ മകനെക്കുറിച്ചും അദ്ദേഹത്തിന്റെ മനോവികാരങ്ങളെക്കുറിച്ചുമുള്ള കാവ്യാവിഷ്കാരമാണ്. ‘ക്ഷമാപണം’ എന്ന കവിത എഴുതുവാനുണ്ടായ സാഹചര്യവും ‘മറുപുറം’ എന്ന അധ്യായത്തിൽ അദ്ദേഹം ഓർക്കുന്നുണ്ട്. ബാല്യകാലസഖിയോടൊത്ത് ഹിന്ദുസ്ഥാനി സംഗീതം കേൾക്കാൻ പോയി. അവിടെവച്ച് യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസറായ ഒരു പ്രശസ്ത സാഹിത്യകാരനോടൊത്ത് മദ്യപിച്ച് തിരിച്ചെത്തിയ അദ്ദേഹത്തിനുനേരെ സുഹൃത്ത് ആക്രോശിക്കുന്നു. തുടർന്നുണ്ടായ മനോവികാരങ്ങളാണ് കവിതയായി രൂപപ്പെട്ടത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജീവിതത്തിൽനിന്നും ഉടലെടുക്കുന്നവയാണ് അദ്ദേഹത്തിന്റെ കവിതകൾ എന്നതുകൊണ്ടു തന്നെ ജീവസ്പന്ദനങ്ങൾ അവയിൽ നിറഞ്ഞുനില്ക്കുന്നു. ജീവിതവും അനുഭവങ്ങളും കാവ്യലോകത്തെ വിശാലമാക്കി. മറയില്ലാതെ, മുഖം മൂടികളില്ലാതെ തന്റെ ജീവിതത്തെയും നഗ്നമായ ആത്മാവിനെക്കൂടിയും ചുള്ളിക്കാട് തുറന്നുകാട്ടുന്നു. ‘ഇരന്നുണ്ട ഓണ’ത്തിൽ അദ്ദേഹം തന്റെ ദരിദ്രാവസ്ഥയെ അവതരിപ്പിക്കുന്നു. വിശപ്പു സഹിക്കാനാവാതെ ഓണദിവസം യാചകനെപ്പോലെ ഭക്ഷണം കഴിക്കേണ്ടിവന്നതും തന്നെ തിരിച്ചറിഞ്ഞപ്പോഴുണ്ടായ അഭിമാനക്ഷതവും ഈ ഭാഗത്തിൽ പറയുന്നു. സമ്പന്നതയും പ്രഭുത്വവും നിറഞ്ഞുനില്ക്കുന്ന തറവാട്ടിൽനിന്നും ആശയപരമായ ഭിന്നതകൾമൂലം വീടുവിട്ടിറങ്ങേണ്ടിവന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന് അന്നം മിക്കപ്പോഴും സ്വപ്നമായി തീർന്നു. ഒരുപിടി ചോറിനുവേണ്ടി ഇരക്കേണ്ടി വന്നപ്പോളൊക്കെ അഭിമാനബോധത്തിന് വ്രണമേല്ക്കുന്ന അവസ്ഥ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. ‘ചോരയുടെ വില, രാജകുമാരിയും യാചകബാലനും’എന്നീ അധ്യായങ്ങളിലും വിശപ്പിന്റെ വിളി അവതരിപ്പിക്കുന്നു. അന്നം എന്ന കവിതയിൽ ഇതിന്റെ പ്രതിഫലനം കാണാം. വിശപ്പ് ജീവിതത്തിൽ പ്രതിനായകനായി എത്തുന്ന സാഹചര്യങ്ങൾ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, തലചായ്ക്കാനൊരിടം ഇവ ഏതൊരു മനുഷ്യനെയും സ്വതന്ത്രനാക്കുന്നു എന്ന് ‘സ്വാതന്ത്ര്യം’ എന്ന കവിതയിലൂടെ പറയുന്നു. ഈ ബോധം അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നുതന്നെ ഉടലെടുത്തതാണ്. വളരെ ചെറുപ്രായത്തിൽ തന്നെ അനുഭവിക്കേണ്ടിവന്ന കഷ്ടതകളായിരിക്കാം കവിയുടെ കൃതികളിൽ വിങ്ങലുകളായി ഉയർന്നു വരുന്നത്. ആത്മസുഹൃത്തായ കെ. എസ്. രാധാകൃഷ്ണന്റെയും ഇഷ്ടകവിയായ സച്ചിദാനന്ദന്റെയും വാക്കുകളല്ല പകരം സഖാവ് ഹാരൂണിന്റെ വാക്കുകളാണ് യൗവനകാലഘട്ടത്തിൽ മനസ്സിനെ ഭരിച്ചിരുന്നത്. വേണ്ടപ്പെട്ട വാക്കുകളുടെ അർത്ഥങ്ങൾ മനസ്സിലാകാതെപോയ ജീവിതത്തെക്കുറിച്ച് പിന്നീട് അദ്ദേഹം പശ്ചാത്തപിക്കുന്നുണ്ട്. ചെറുപ്രായത്തിൽ തോന്നിയ ചോരതിളപ്പിനാൽ പഠനം ഉപേക്ഷിച്ച് നക്സൽ ആശയങ്ങൾക്കു പിന്നാലെ പാഞ്ഞുനടന്നു. എന്നാൽ 1986-ൽ സംഘടന പിരിച്ചുവിട്ടപ്പോൾ ആശയങ്ങൾ നഷ്ടപ്പെട്ട് ജീവിതത്തിന്റെ ചുഴലികളിൽ ഒരു കച്ചിതുരുമ്പിനായി പരതുകയാണ് അദ്ദേഹം.
തനിക്കു നിയന്ത്രിക്കുവാൻ കഴിയാത്ത ലൈംഗികതൃഷ്ണയെക്കുറിച്ച് ‘ചിദംബരസ്മരണ’യിലെ പല അധ്യായങ്ങളിലും പരാമർശിക്കുന്നുണ്ട്. ‘മായ’, ‘മറുപുറം’, ‘പതനം’, ‘വിഷകന്യക’ എന്നീ അധ്യായങ്ങളിൽ ഇത് കാണാവുന്നതാണ്. സ്ത്രീസാമീപ്യങ്ങളാൽ തീവ്രരതിഭാവമുള്ള കാല്പനികലോകം അദ്ദേഹം പടുത്തുയർത്തുന്നതുകാണാം. മാംസനിബദ്ധമാണ് അദ്ദേഹത്തിന്റെ പ്രണയം. നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും പഠിച്ച രാവണനും ജന്മവാസനകളിലകപ്പെട്ട് ദുരന്തമേറ്റുവാങ്ങുന്നത് ഇതിഹാസകാരൻ നമ്മെ പഠിപ്പിക്കുന്നു. അപ്പോൾ സാധാരണക്കാരനായ ഒരു മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും എന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുകയാണ് കവി.
വിവിധ വ്യക്തികളുമായുള്ള ഇടപഴകലാണ് ജീവിതത്തെ വിശാലമാക്കുന്നത്. വ്യത്യസ്തതലത്തിലുള്ള വ്യക്തികളുമായി ബന്ധം പുലർത്തുന്നതുവഴി സ്വഭാവവും ചിന്താധാരയും വരെ മാറ്റിമറിക്കപ്പെടുന്നു. ഉയർന്നതും താഴ്ന്നതും, സമ്പന്നരും ദരിദ്രരും എന്നിങ്ങനെ വ്യത്യസ്ത തട്ടുകളിൽപ്പെട്ട വ്യക്തികളുമായി ഇടപഴകിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ യൗവനകാലഘട്ടം ജീവിച്ചത്. അതുകൊണ്ട് അദ്ദേഹത്തിന് സമൂഹത്തിലെ വിവിധതലങ്ങളിൽപ്പെട്ട വ്യക്തികളുമായി ബന്ധങ്ങൾ സ്ഥാപിക്കുവാൻ സാധിച്ചു. ചിദംബരസ്മരണയിലെ ഓർമ്മക്കുറിപ്പുകളിൽ സാമൂഹിക-രാഷ്ട്രീയ സാംസ്കാരികരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രശസ്തരും അപ്രശസ്തരും മാത്രമല്ല, സമൂഹത്തിലെ അടിത്തട്ടിൽ അമർത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വ്യക്തികളെക്കുറിച്ചുള്ള ഓർമ്മകൾ എഴുതിയിരിക്കുന്നു. തന്റെ ജീവിതത്തിലൂടെ കടന്നുപോയ മുഖങ്ങളെ ഓർമ്മയിൽ സൂക്ഷിക്കുവാനും അവരെ അവതരിപ്പിക്കുവാനും ബാലചന്ദ്രൻ ചുള്ളിക്കാട് ശ്രമിച്ചിട്ടുണ്ട്.
ജീവിതത്തിലെ കഷ്ടതനിറഞ്ഞ ദിനങ്ങളിൽ തന്നോടൊപ്പം നിന്ന സുഹൃത്തുക്കളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. പഠനകാലത്ത് ഹോസ്റ്റൽ മുറിയിൽ അഭയം നല്കിയിരുന്ന രാധൻ എന്ന സുഹൃത്തിനെക്കുറിച്ചും നടുറോട്ടിൽ എന്തുചെയ്യണമെന്നറിയാതെ നിന്ന ചുള്ളിക്കാടിന് ആശ്വാസമായി എത്തിയ കോൺഗ്രസ്സ് നേതാവായ അഡ്വ. ജോസഫ് പുതുശ്ശേരിയെക്കുറിച്ചും അദ്ദേഹം ഓർക്കുന്നു. ഹൃദയത്തിൽ നന്മയുള്ള മനുഷ്യരെ ചുള്ളിക്കാട് ആത്മാർത്ഥതയോടെ സഹൃദയർക്കുമുന്നിൽ തുറന്നുവെയ്ക്കുന്നുണ്ട്. ‘മിന്നാമിനുങ്ങ്’ എന്ന അധ്യായത്തിൽ കുഞ്ഞാപ്പു എന്ന ബാല്യകാലസുഹൃത്തിനെക്കുറിച്ച് പറയുന്നു. തന്റെ സുഹൃത്തിന്റെ ജീവിതത്തിലെ ദുഃഖം നിറഞ്ഞ അന്ത്യം ഒരു നെടുവീർപ്പോടെ മാത്രമേ അദ്ദേഹത്തിന് ഓർക്കുവാൻ സാധിക്കുകയുള്ളു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജീവിതത്തിൽ വലിയൊരു സ്ഥാനം സുഹൃത്തുക്കൾക്കു നല്കുന്നതായി കാണാം. തന്റെ ബാല്യകാലസുഹൃത്തുക്കളെ അവിചാരിതമായി കണ്ടുമുട്ടുന്ന നിമിഷങ്ങൾ കവിയെ പൂർവ്വസ്മരണകളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.
‘രാജകുമാരിയും യാചകബാലനും’ എന്ന അധ്യായത്തിൽ കമലദാസിനെ ആദ്യമായി കണ്ട നിമിഷം അദ്ദേഹം പറയുന്നു. കവയത്രി നല്കിയ സ്നേഹവും വാത്സല്യവും സ്വന്തം ബന്ധുവീട്ടിൽ നിന്നുപോലും ലഭിക്കുകയില്ല എന്ന് അദ്ദേഹം ഓർക്കുന്നു. അന്ന് കവിയുടെ മുന്നിലിരുന്ന ആ രാജ്ഞീരൂപത്തെ വായനക്കാരന്റെ മനസ്സിൽ വരയ്ക്കുവാൻ ചുള്ളിക്കാടിന് സാധിച്ചു. പി. കുഞ്ഞിരാമൻ നായരുടെ ആരാധകനായ ചുള്ളിക്കാട് ആ മഹാകവിയെ നേരിൽ കണ്ട സന്ദർഭം പറയുന്നുണ്ട്. അവിചാരിതമായ കണ്ടുമുട്ടലും പരിചയപ്പെടലും വേർപാടുമെല്ലാം ചുള്ളിക്കാടിന്റെ മനസ്സിനെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നതായി കാണാം. പ്രശസ്തരായ എഴുത്തുകാരെ മാത്രമല്ല അത്ര പ്രശസ്തനല്ലാത്ത കിടങ്ങറ ശ്രീവത്സൻ എന്ന കവിയെക്കുറിച്ചും ഈ കൃതിയിൽ പറയുന്നുണ്ട്. ജീവിതത്തിൽ പരാജയങ്ങൾ മാത്രം നേരിട്ട കവിയാണ് കിടങ്ങറ ശ്രീവത്സൻ. ഈ കവിയുടെ കവിത്വസിദ്ധികണ്ട് അദ്ദേഹം അത്ഭുതപ്പെടുന്നുണ്ട്. ജി. എൻ. പിള്ള എന്ന തന്റെ ഗുരുനാഥൻ പറഞ്ഞ ജ്ഞാനത്തിന്റെ ഉന്മാദം നിറഞ്ഞ വാക്കുകൾ ഇന്നും അദ്ദേഹത്തിന്റെ ഉള്ളിൽ അലയടിച്ചുകൊണ്ടിരിക്കുന്നു. ഗുരുനാഥനോടുള്ള സ്നേഹവും ബഹുമാനവും വാക്കുകളാൽ ഈ കൃതിയിൽ ആവിഷ്കരിച്ചിരിക്കുന്നു.
അഭിനയലോകത്തെ കുലപതിയായ ശിവാജി ഗണേശനെ ആദ്യമായി കണ്ടതും അദ്ദേഹത്തിന്റെ വീട്ടിൽ അത്താഴവിരുന്നിനു പോയതും പങ്കുവയ്ക്കുന്നു. ജോൺ പോളിന്റെയും രാജീവ് നാഥിന്റെയും കൂടെ ശിവാജി ഗണേശന്റെ വീട്ടിലെത്തിയ കവി കണ്ടത് ‘വീടല്ല ഒരു കൊട്ടാരം’. ഈ ചെറുവാക്യപ്രയോഗത്തിലൂടെ മലയാളരചനയിലെ ‘ഭാവനാലോകത്തെ’ സൂക്ഷ്മമായി ചിത്രീകരിക്കുവാൻ സാധിച്ചിരിക്കുന്നു. തുടർന്ന് കൊട്ടാരസദൃശമായ വീടിന്റെ കാഴ്ചകളെ വർണ്ണിക്കുന്നതിലൂടെ ‘ഭാവനാലോകത്തിന്’ പൂർണ്ണത നല്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. കവിതയിലെ ഗഹനമായ ധ്വന്യാത്മകഭാഷയല്ല അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. അത് ഋജുവും ലളിതവുമാണെങ്കിലും തികച്ചും കാവ്യാത്മകമാണ്.
ഗാന്ധി എന്ന മഹാവ്യക്തിത്വത്തെ അടുത്തറിയാൻ ശ്രമിക്കുന്ന വൃദ്ധയുമായി സൗഹൃദം പങ്കിടുന്ന ചുള്ളിക്കാട് സഹനത്തിന്റെ ദേശീയതയുടെ നിശ്ചയദാർഢ്യത്തിന്റെ മുഖം ആ അമ്മയിൽ തെളിഞ്ഞു കാണുന്നു. ഇടശ്ശേരിയുടെ ‘പണിമുടക്കം’ എന്ന കവിതയിലെ അമ്മയെ മാർത്ത അമ്മൂമ്മയുമായി ചേർത്തുവയ്ക്കാവുന്നതാണ്. ആത്മബലിയുടെ മുഖം ഈ അമ്മമാരിൽ കാണാം. ജീവിതത്തിന്റെ വാർദ്ധക്യദശയിൽ നടരാജമൂർത്തി ആനന്ദതാണ്ഡവമാടുന്ന പുണ്യഭൂമിയിൽ ദേഹം വെടിയുവാനായി എത്തിയിരുന്ന വൃദ്ധദമ്പതിമാരെക്കുറിച്ച് അവരുടെ പഴകിയുറച്ച പ്രണയത്തെക്കുറിച്ച് ചുള്ളിക്കാട് ഇന്നും ഓർക്കുന്നു. പരാതിയില്ലാതെ പരിഭവമില്ലാതെ നൈരാശ്യമോ കുറ്റബോധമോ ഇല്ലാതെ എഴുപത്തിരണ്ടു വർഷങ്ങൾ ഒന്നിച്ചു ജീവിച്ച രണ്ടു മനുഷ്യജീവികളുടെ ആത്മകഥ ഹൃദയസ്പർശിയായിരുന്നു.
മറ്റുള്ളവരുടെ ദുഃഖങ്ങളെ തന്റെ ദുഃഖങ്ങളായി സ്വീകരിക്കാനുള്ള മനോഭാവം ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായിരുന്നു. അതുതന്നെയായിരിക്കാം അദ്ദേഹത്തിന്റെ രചനകൾക്ക് കൂടുതൽ ഈടും ഉറപ്പും നല്കുന്നത്. ജീവിച്ചുമാത്രം പഠിക്കാൻ കഴിയുന്ന ഒരു വിഷയമാണ് ജീവിതം എന്ന് അദ്ദേഹത്തെ പഠിപ്പിച്ച മോഹനനും വിപ്ലവകാരിയായ സുകുമാരനും വലിയ മനുഷ്യനായ രാജപ്പൻ എന്ന കെട്ടിടനിർമ്മാണ തൊഴിലാളിയും ചോരവില്ക്കുവാനായി എത്തിയ കൃഷ്ണൻകുട്ടി എന്ന ചെറുപ്പക്കാരനും ജീവിത ദുഃഖങ്ങളുടെ ഭാരം പേറിയ പേരില്ലാത്ത അസ്തിത്വങ്ങളാണ്. തന്റെ വ്യക്തിത്വത്തെ തന്നെ പേറിയ പേരില്ലാത്ത അസ്തിത്വങ്ങളാണ്. തന്റെ വ്യക്തിത്വത്തെ തന്നെ മറന്നുപോയവരും ജീവിതസമരങ്ങൾക്കിടയിൽപ്പെട്ട് തകർന്നു പോയവരും സാഹചര്യങ്ങളാൽ മറ്റൊരുവ്യക്തിത്വത്തെ സ്വീകരിച്ചതുമായ വ്യക്തികളെ ചുള്ളിക്കാട് അനുവാചകർക്ക് പരിചയപ്പെടുത്തുന്നു.
‘അച്ഛൻ’ എന്ന അധ്യായത്തിൽ പിതാവിന്റെ സ്മരണകളും മരണവും കവിയുടെ മനസ്സിൽ കുറ്റബോധമായി അവശേഷിക്കുന്നതുകാണാം. ബാല്യകാലത്തിൽ ഭയത്തോടെ മാത്രം നോക്കി കണ്ടിരുന്ന അച്ഛന്റെ മരണശേഷമാണ് അദ്ദേഹം വീട്ടിൽ തിരിച്ചെത്തുന്നത്. അച്ഛന്റെ മരണശേഷം എഴുതിയ കവിതയാണ് ‘താതവാക്യം’. ഉള്ളിൽ കിടന്നുനീറുന്ന ആത്മഗതങ്ങൾ ഈ കവിതയിൽ ആവിഷ്കരിച്ചിരിക്കുന്നു.
ലൈംഗികത പാപമല്ലെന്നും ജന്മവാസനയ്ക്കടിപ്പെട്ട് മനുഷ്യൻ ഇച്ഛിക്കാത്ത പാപങ്ങൾ ചെയ്തുപോകുന്നു എന്നു തുറന്നുപറഞ്ഞ ചുള്ളിക്കാട് സ്വകാര്യജീവിതത്തിൽ തനിക്കു സംഭവിച്ച പാപനിമിഷങ്ങളെ കുറ്റബോധത്തോടെ ഏറ്റുപറയുന്ന ഭാഗങ്ങൾ ചിദംബരസ്മരണയിലെ ഏറെ ഹൃദ്യമായ ആവിഷ്കാരങ്ങളാണ്. ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങളെപ്പോലെ സ്വന്തം ആത്മാവിന്റെ കുറ്റവിസ്താരത്തിൽ സംഘർഷമനുഭവിക്കുകയും ആ ആത്മവേദനകളെ ഭാഷയിലേക്ക് ആവാഹിക്കുകയും ചെയ്യുന്നു. വിവാഹശേഷം ഭർത്താവുമൊത്ത് തന്നെ കാണാൻ എത്തിയ ശ്രീദേവിക്കു മുമ്പിൽ ഒരു നാൾ തലകുനിച്ചുനിന്നത് അദ്ദേഹം ഓർക്കുന്നു. അടക്കാനാവാതെപ്പോയ ചപലതകളെ അദ്ദേഹം തുറന്നെഴുതുന്നുണ്ട്. കൗമാരകാലഘട്ടത്തിൽ തന്റെ കുസൃതിയ്ക്ക് ഇരയായ ഷാഹിന എന്ന പെൺകുട്ടിയെ മുഖത്തിന്റെ പാതിയും കഴുത്തും വലതുകൈയും തീപ്പൊള്ളിവികൃതമായ പേക്കോലമായി കണ്ടുമുട്ടിയതും പൂർവ്വസ്മരണകളും വാക്ചാതുര്യത്തോടെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. ‘വിഷകന്യക’എന്ന തലക്കെട്ടോടുകൂടി ലൈല എന്ന സ്ത്രീയെ പരിചയപ്പെടുത്തുന്നു. രഹസ്യസ്വഭാവിയായ അവളുടെ നോട്ടംപോലും കവിയെ വിവശനാക്കിയിരുന്നു. ഓഫീസിലെ മുഷിപ്പൻ പണികൾക്കിടയിൽ കവിയുടെ മനസ്സ് തേടിയിരുന്ന വിചിത്രസ്വഭാവിയായ രാധികയും സുന്ദരിയും സ്തനാർബുദരോഗിണിയുമായ ബെറ്റിയും അദ്ദേഹത്തിന്റെ കവിഭാവനയെ ഉണർത്തിയ സ്ത്രീകളാണ്. രതിയും മൃതിയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളിൽ സഹജാതമാണ് എന്ന് സച്ചിദാനന്ദൻ (2011) നിരീക്ഷിക്കുന്നുണ്ട്.
യാത്രകൾ പുതിയ അനുഭവങ്ങൾ നല്കുന്നു. പുതുകാഴ്ചകൾ പുതിയലോകം തന്നെ സൃഷ്ടിക്കുന്നു. കവിയുടെ കണ്ണിലൂടെ കാണുന്ന കാഴ്ചകൾ കാവ്യാത്മകമാക്കുന്നു. ‘ചിദംബരസ്മരണ’യിലൂടെ ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ അനുഭവങ്ങളെയും പരിചയലോകത്തെയും വായനക്കാരന്റേതാക്കി മാറ്റുക മാത്രമല്ല, പുതിയൊരു കാഴ്ചാനുഭവംകൂടി നല്കുന്നുണ്ട്. ചുള്ളിക്കാടിന് ആശയപരമായ ചേർച്ചക്കേടുകളാൽ വീട്ടിൽ നിന്നും നാട്ടിൽനിന്നും പോകേണ്ടിവന്നുവെങ്കിലും എന്നും അവ അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞുനില്ക്കുന്നു. ബാല്യകാല ഓർമ്മകളിൽ നാട്ടിൻപുറത്തെ വർണ്ണിക്കുന്നത് ശ്രദ്ധേയമാണ്. ലളിതവും ഹൃദ്യവുമായ ഗദ്യശൈലിയിലാണ് നാടിനെക്കുറിച്ച് പറയുന്നത്. ‘മന്ത്രവാദി’, ‘ഒഴിവുകാലം’, ‘മിന്നാമിനുങ്ങ്’, ‘അഗ്നികാവടി’ തുടങ്ങിയ അധ്യായങ്ങളിൽ നാട്ടിൻപുറവർണ്ണന കാണാം. കവിതയിൽ അന്തരീക്ഷമൊരുക്കുന്ന ഗ്രാമഭൂമികയുടെ വ്യക്തമായ ചിത്രണം ഈ കൃതിയിൽ കാണാം.
‘ഒരു അമ്മ’, ‘കരീന’, ‘ദത്തുപുത്രി’ എന്നീ അധ്യായങ്ങളിലായി സ്വീഡന്റെ വിവിധ മുഖങ്ങളെ പരിചയപ്പെടുത്തുന്നു. ചുരുങ്ങിയ വാക്കുകൾകൊണ്ട് സ്വീഡൻ നഗരത്തിന്റെ ചിത്രം വായനക്കാരന്റെ മനസ്സിൽ വരയ്ക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. പാശ്ചാത്യനോവലുകളെ ഓർമ്മിപ്പിക്കുന്ന ശൈലിയിലാണ് ഈ ഭാഗങ്ങളുടെ രചന. പാശ്ചാത്യകൃതികളിലൂടെ കടന്നുപോയ ഒരു മനസ്സിനേ ഇങ്ങനെ എഴുതുവാൻ സാധിക്കൂ.
ചിദംബരം ക്ഷേത്രത്തിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ മനസ്സിൽ മിന്നിമറയുന്നതായികാണാം. ‘ചിദംബരസ്മരണ’ എന്ന അധ്യായത്തിൽ ചിദംബരം ക്ഷേത്രത്തിന്റെ ഭക്തിപ്രപഞ്ചത്തെ ഇങ്ങനെ വർണ്ണിക്കുന്നു. ചിദംബരം ഗോപുരത്തിന്റെ കൊടുമുടിയിൽ തിങ്കൾക്കല തെളിഞ്ഞു. ചുടലഭസ്മംപോലെ നിലവുപൊഴിഞ്ഞു. നടരാജമൂർത്തിയുടെ ശില്പപ്രപഞ്ചം എനിക്കു ചുറ്റും സ്തംഭിച്ചുനിന്നു. ക്ഷേത്രത്തിന്റെ അകത്തളങ്ങളിലെവിടെയോ ഏകാന്തമായ ഒരു ഘണ്ടാനാദം മുഴങ്ങി നിശയുടെ നാമശൂന്യതയിൽ ലയിച്ചു (2014: 66). അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ ഗദ്യം പോലും കാവ്യമായിത്തീരുന്നു.
സ്മരണകൾ എന്നും കവിയെ പിന്തുടരുന്നതായികാണാം. തന്റെ ജീവിതത്തിലെ സുഖദുഃഖസ്മരണകളെ അദ്ദേഹം ഈ കൃതിയിലൂടെ അനുവാചകർക്കുമുമ്പിൽ തുറന്നുവെയ്ക്കുന്നു. കാവ്യാത്മകമായ ഗദ്യഭാഷയാണ് അതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചുരുങ്ങിയ വാക്കുകൾകൊണ്ട് കാഴ്ചയുടെ അതിരുകളെ ഭേദിക്കുന്ന രചനാശൈലി ശ്രദ്ധേയമാണ്. അനുഭവലോകത്താലും വാക്പ്രയോഗത്താലും രചനാരീതിയാലും ‘ചിദംബരസ്മരണ’ അനുഭൂതിയുടെ തലം സൃഷ്ടിക്കുന്നു. നിഗമനങ്ങളെ ക്രോഡീകരിച്ച് താഴെ ചേർക്കുന്നു.
സങ്കീർണ്ണമല്ലാത്ത ലഘുവാക്യങ്ങളുടെ ലാളിത്യവും മനോഹാരിതയും കൃതിയെ ആകർഷകമാക്കുന്നു.
അനുഭവങ്ങളുടെ ആർജ്ജവമുള്ള ഭാഷ.
വ്യാഖ്യാനത്തെ അനുഭവത്തിനു പകരം നിർത്തുന്ന പുരുഷബോധങ്ങളാണ് ആത്മകഥകളെ സൃഷ്ടിക്കുന്നതെന്ന ഉദയകുമാറിന്റെ നിരീക്ഷണവുമായി കൃതിയെ താരതമ്യം ചെയ്യുമ്പോൾ പണ്ഡിതോചിതമായ വ്യാഖ്യാനമല്ല ബാലചന്ദ്രൻ ചുള്ളിക്കാട് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കാണാം. ധ്വന്യാത്മകമായ കവിതയായി പലഭാഗവും മാറുന്നു.
സ്ഥലവർണ്ണനകളിൽ വായനക്കാരെ കൂട്ടികൊണ്ടുപോകുന്ന സഞ്ചാരസാഹിത്യകാരന്റെ സത്യസന്ധതയും ഭാവനകൊണ്ട് ആ പ്രദേശങ്ങളുടെ സൗന്ദര്യം മനസ്സിൽ കുറിക്കുന്ന കവിയുടെ കാല്പനികതയും കാണാം.
വ്യക്തിയെ അവതരിപ്പിക്കുമ്പോൾ പേരിടുന്ന രീതി മനുഷ്യസ്വഭാവത്തിന്റെ സൂക്ഷ്മരൂപമായി അവതരിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിയുന്നു. അതുകൊണ്ടുതന്നെ അനുഭവങ്ങൾ വൈയക്തികമാകുമ്പോഴും സാമൂഹ്യബോധങ്ങളെ തൃപ്തിപ്പെടുത്തുവാൻ അദ്ദേഹത്തിനു കഴിയുന്നു.
ലോകത്തെ ഒരു ജേണലിസ്റ്റിന്റെ കണ്ണിലൂടെ നോക്കികാണാനും അവ വായനക്കാരന്റെ അനുഭവമാക്കിത്തീർക്കാനുമുള്ള ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഴിവ് ഈ കൃതിയിൽ കാണാം. സാധാരണക്കാരിൽ തന്നെ കലാകാരനായ മനുഷ്യനേ ഇത്തരം കൃതി രചിക്കുവാൻ സാധിക്കു.
ഉണിത്തിരി, എൻ. വി. പി., (2012) ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കാവ്യപ്രപഞ്ചം ദേശാഭിമാനി ബുക്സ്, തിരുവനന്തപുരം.
നടുവട്ടം ഗോപാലകൃഷ്ണൻ, (1998),–ആത്മകഥാസാഹിത്യം മലയാളത്തിൽ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ബാലചന്ദ്രൻ ചുള്ളിക്കാട്, (1982), അമാവാസി, നാഷണൽ ബുക്സ്, കോട്ടയം.
ബാലചന്ദ്രൻ ചുള്ളിക്കാട്, (2014), ചിദംബരസ്മരണ, ഡി. സി. ബുക്സ്, കോട്ടയം.
ബാലചന്ദ്രൻ ചുള്ളിക്കാട്, (2014), ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ, ഡി. സി. ബുക്സ്, കോട്ടയം.
രതി, വി. കെ., (2012), ബാലചന്ദ്രൻ ചുള്ളിക്കാട്: പ്രതിഭയുടെ സർപ്പസാന്നിധ്യം, മലയാളപഠനഗവേഷണകേന്ദ്രം, തൃശ്ശൂർ.
രാജശേഖരൻ, പി. കെ., (2011), ആത്മാവിന്റെ പാവക്കളിക്കാരൻ (അവതാരിക, പ്രതിനായകൻ, ബാലചന്ദ്രൻ ചുള്ളിക്കാട്) ഡി. സി. ബുക്സ്, കോട്ടയം.
രാമകൃഷ്ണൻ, ഇ. വി, (2011), മാധവിക്കുട്ടി പഠനങ്ങളും രചനകളും, ഡി. സി. ബുക്സ്, കോട്ടയം.
സച്ചിദാനന്ദൻ, (2011), മലയാള കവിതാപഠനങ്ങൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്. പുറം.82, ലക്കം.16.