നോവലിലെ ഭാഷ: സാമൂഹികഭാഷാശാസ്ത്ര പാരായണം
ശരത് ചന്ദ്രൻ
മദ്രാസ് സർവ്വകലാശാല
ആമുഖം

സാമൂഹികബന്ധങ്ങളുടെ അടിത്തറ ഭാഷയാണ്. വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് വ്യത്യസ്തമായ ഭാഷകളുണ്ട്. അതുപോലെ തന്നെയാണ് ഒരു ഭാഷ വിവിധ മേഖലകളിൽ വൈവിധ്യത്തോടുകൂടി ഉപയോഗിക്കുന്നത്. ഈ വൈവിധ്യം ഓരോ ജനതയുടെയും ജീവിതരീതികളിൽനിന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽനിന്നും ഉരുത്തിരിയുന്നതാണ്. ഭാഷാവൈവിധ്യങ്ങളെ സമൂഹവുമായി ബന്ധിപ്പിച്ചുകൊണ്ട് പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് സാമൂഹികഭാഷാശാസ്ത്രം.

ഒരു സമൂഹത്തെക്കുറിച്ചോ ഏതെങ്കിലുമൊരു വിഭാഗത്തെക്കുറിച്ചോ സാഹിത്യത്തിൽ ആവിഷ്കരിക്കേണ്ടിവരുമ്പോൾ എഴുത്തുകാർ ആ ജനതയുടെ ഭൂമിശാസ്ത്രവും സാമൂഹികവുമായ പ്രത്യേകതകളെ മാത്രമല്ല ഭാഷയെയും സ്വീകരിക്കുന്നു. പൊതുവെ ഭാഷാഭേദങ്ങളെ ഉൾക്കൊള്ളാതെ വൈവിധ്യങ്ങളെ ചിത്രീകരിക്കാൻ എഴുത്തുകാർക്ക് സാധിക്കില്ല. അതുകൊണ്ട് ഒരു ജനതയെ അവതരിപ്പിക്കുന്ന സാഹിത്യകൃതിയിലെ ഭാഷ ആ ജനങ്ങളുടെ ഭാഷതന്നെയാകും; ആ ഭാഷയിലൂടെ പ്രത്യക്ഷത്തിൽ കാണാനാവാത്ത സാമൂഹിക യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും കഴിയുന്നു. അതിനായി പഠനവിധേയമാക്കുന്നത് പി. വത്സലയുടെ ‘നെല്ല്’ എന്ന നോവലാണ്.

നെല്ല് എന്ന നോവലിനെ അടിസ്ഥാനമാക്കി സൗന്ദര്യ ശാസ്ത്രപരമായും—പ്രശ്നപരമായ —പ്രത്യയശാസ്ത്രപരമായും പല പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും സാമൂഹികഭാഷാശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള പാരായണം ഉണ്ടായിട്ടില്ല. അതിനായി നോവലിലെ ഭാഷയെക്കുറിച്ചും സാമൂഹികതയെക്കുറിച്ചുമുള്ള മൂല്യങ്ങളാണ് (values) പരിശോധിക്കുന്നത്. സാമൂഹികചരങ്ങളായി സ്വീകരിച്ചിട്ടുള്ളത് ലിംഗം, ജാതി, മതം, തൊഴിൽ, സന്ദർഭം എന്നിവയും ഭാഷാചരങ്ങളായി സ്വീകരിച്ചിട്ടുള്ളത് വാക്യം, പദം (വ്യക്തിനാമങ്ങൾ, സംബോധനാപദങ്ങൾ, പരാമർശപദങ്ങൾ, ആചാരപദങ്ങൾ, വിദ്യാഭ്യാസ നാമങ്ങൾ, തൊഴിൽപദങ്ങൾ, ഭക്ഷണസൂചകപദങ്ങൾ, ആരാധനാ പദങ്ങൾ, വിശ്വാസസൂചകങ്ങൾ) എന്നിവയുമാണ്. ഇവ തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്നതിലൂടെ നിഗമനങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.

1നോവലും സാമൂഹികജീവിതവും

നിർവചനങ്ങളിൽ ഒതുങ്ങിനില്ക്കാത്ത നോവൽ, സാമൂഹിക ജീവിതം അതിന്റെ എല്ലാ സങ്കീർണ്ണതകളോടെയും അവതരിപ്പിക്കുന്നു. നോവൽ എപ്പോഴും അത് രൂപപ്പെട്ടുവരുന്ന പ്രദേശത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, പുരാവൃത്തങ്ങൾ, ഐതിഹ്യങ്ങൾ, നാട്ടറിവുകൾ എന്നിങ്ങനെ നിരവധി ഘടകങ്ങളുടെ സ്വാധീനത്തിനു വിധേയമായിട്ടുണ്ട്. മലയാള നോവലിന്റെ ചരിത്രം പരിശോധിക്കുമ്പോഴും ഈ വസ്തുതയാണ് വ്യക്തമാകുന്നത്. ഇതിനോടു സമാനമായ നിരീക്ഷണം തന്നെ ഇ. വി. രാമകൃഷ്ണനും നടത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു; ‘നോവലെന്നത് ഒരു സാഹിത്യരൂപമെന്നതിൽ കവിഞ്ഞ് ഒരു മുഴുവൻ സാഹിത്യമേഖല തന്നെയാണ് എന്ന അഭിപ്രായത്തെ ന്യായീകരിക്കുന്ന വിധം ഇവിടത്തെ ജീവിതത്തിന്റെ വൈവിധ്യം തന്നെയാണ്’ (2010:19). ഇതിൽനിന്നും മറ്റ് സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് നോവലിന്റെ ആഖ്യാനമണ്ഡലം വിശാലവും അതിവിപുലവുമാണെന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ സാമൂഹികജീവിതത്തെ അതിന്റെ എല്ലാ സൂക്ഷ്മതയോടുംകൂടി ആവിഷ്കരിക്കാൻ നോവലിന് കഴിയുന്നു.

നോവലിന്റെ ആഖ്യാനമണ്ഡലത്തിലേക്ക് സമൂഹഘടനയുമായി ബന്ധപ്പെട്ടുനില്ക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നായി ഭാഷയും കടന്നുവരുന്നു. ഒരു സമൂഹത്തെ അതിന്റെ പൂർണ്ണവൈവിധ്യങ്ങളിൽ ഉറപ്പിച്ചുനിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഭാഷയാണ്. ‘ഭാഷയുടെ പരമപ്രാധാന്യം കൊണ്ടുതന്നെ, അത് സമൂഹത്തിൽ വിവിധതരത്തിൽ, വ്യത്യസ്തരൂപങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. സമൂഹമില്ലാതെ ഭാഷയുണ്ടാകാത്തതുകൊണ്ട് സമൂഹത്തെ ഭാഷയിൽനിന്നകറ്റി നിർത്തിക്കൊണ്ടുള്ള ഭാഷാപഠനവും സാധ്യമല്ല’ (ഉഷാ നമ്പൂതിരിപ്പാട്, 1994:22). സാമൂഹിക വ്യത്യാസങ്ങളാണ് ഭാഷാഭേദങ്ങൾ സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കാം.

ഭാഷയുടെ കലയാണ് നോവൽ. ഭാഷയിലൂടെ കഥപറയുന്ന നോവൽ അതുകൊണ്ടുതന്നെ ഭാഷയിലൂടെവേണം വ്യത്യസ്ത സമൂഹത്തെയും വ്യക്തികളെയും സൃഷ്ടിക്കുവാൻ. മലബാറിൽ നടക്കുന്ന ഒരു കഥ സൂക്ഷ്മമായി അവതരിപ്പിക്കുന്ന എഴുത്തുകാരന്/എഴുത്തുകാരിക്ക് തിരുവിതാംകൂറിലെ ഭാഷ ഉപയോഗിക്കാൻ കഴിയില്ല. കാരണം ഭാഷാഘടനയും സമൂഹഘടനയും തമ്മിൽ പരസ്പരം പൊരുത്തപ്പെടുനില്ക്കുന്നു. ഈയൊരു പൊരുത്തം തന്നെയാണ് കേരളത്തിലെ ആചാരഭാഷയെക്കുറിച്ച് പഠിക്കുന്ന സന്ദർഭത്തിൽ പി. എം. ഗിരീഷും അഭിപ്രായപ്പെടുന്നത്. അദ്ദേഹം നിരീക്ഷിക്കുന്നത്, ‘സമകാലീന സാമൂഹികജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സാഹിത്യം പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് സാഹിത്യം ഒരേസമയം സമൂഹഘടനയുമായും ഭാഷാഘടനയുമായും ബന്ധപ്പെട്ടുകിടക്കുന്ന മേഖലയാണ്’ (1998:24) എന്നാണ്.

സമൂഹത്തിൽ ജീവിക്കുന്ന വ്യക്തിയുടെ പ്രത്യക്ഷജീവിതവും മാനസികമായ ചിന്തകളുമാണ് നോവലിൽ കാണുന്നത്. വ്യക്തിചിന്തകൾക്ക് അനുസരിച്ചും സാമൂഹികസാഹചര്യങ്ങൾക്ക് അനുസരിച്ചും നോവൽ മാറുന്നത് സ്വാഭാവികമാണ്. ഇവയെ എത്രത്തോളം സൂക്ഷ്മമായി ചിത്രീകരിക്കാൻ സാധിക്കുന്നു എന്നത് ഓരോ നോവലിന്റെയും മികവ് പുലർത്തുന്ന ഘടകങ്ങളിലൊന്നാണ്. എല്ലാ എഴുത്തുകാർക്കും ഇതിന് കഴിഞ്ഞുവെന്ന് വരില്ല. സി. വിയുടെ നോവലുകളിൽ ഈ പ്രവണത കാണാം. പിന്നീടുവന്ന നിരവധി എഴുത്തുകാരിൽ ചിലർ ഭാഷാഭേദങ്ങളിൽ ശ്രദ്ധപുലർത്തി. ചിലർ അതിനെ ഗൗരവമായി പരിഗണിച്ചതുമില്ല. പ്രാദേശിക ഭാഷാഭേദങ്ങളിലൂടെ കഥപറഞ്ഞ എഴുത്തുകാരിൽ പ്രമുഖരാണ് തകഴി, ബഷീർ, ഒ. വി. വിജയൻ, എം. ടി., സാറാ ജോസഫ് തുടങ്ങിയവർ. ഇവരുടെ നോവലുകളിൽ ഒരു സമൂഹത്തിന്റെയോ വിഭാഗത്തിന്റെയോ സൂക്ഷ്മജീവിതം ആവിഷ്കരിക്കുന്നത് പ്രാദേശിക ഭാഷാഭേദങ്ങളിലൂടെയാണ്.

നോവലിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ കഥപറയുന്ന നോവലിസ്റ്റ്, അതിലുപരിയായി പാത്രസ്വഭാവം കൂടിയാണ് വ്യക്തമാക്കുന്നത്. ഓരോ കഥാപാത്രത്തിനും സമൂഹത്തിന്റെ ഓരോ പ്രതിനിധികളായി മാറാൻ കഴിയുന്നു. ഈ കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ കടന്നുവരുന്നത് ആ സമൂഹത്തിലെ പ്രത്യക്ഷയാഥാർത്ഥ്യങ്ങളാണ്. അവ നോവലിസ്റ്റിന്റെ മാത്രം ഭാഷാസൃഷ്ടിയാണെന്ന് പറയുവാൻ കഴിയില്ല. ഓരോ കഥാപാത്രത്തോടും താതാത്മ്യം പ്രാപിച്ചുകൊണ്ട് കഥാപാത്രമായി മാറുകയാണ് എഴുത്തുകാർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിന്റെയും ഭാഷയിലൂടെ നോവൽ പറഞ്ഞുതരുന്നതിലുപരിയായിട്ടുള്ള സാമൂഹികാവസ്ഥകൾ മനസ്സിലാക്കാൻ സാധിക്കുന്നു.

2നെല്ലിലെ സാമൂഹികജീവിതവും ഭാഷയും

മലബാറിലെ തിരുനെല്ലിയിലെ ആദിവാസി ജനതയുടെ കഥ പറയുന്ന നോവലാണ് പി. വത്സലയുടെ നെല്ല്. എന്നാൽ ഇതിൽ ആദിവാസികളുടെ ജീവിതം മാത്രമല്ല, സമീപപ്രദേശത്തുള്ള ഇതര സമുദായങ്ങളുടെ ജീവിതാവസ്ഥകളും സാമൂഹികസാഹചര്യങ്ങളും കടന്നുവരുന്നു. കാടും കാടിന്റെ പരിസരത്തുള്ള ജനതയുടെ ജീവിതവുമാണ് ചിത്രീകരിക്കുന്നതെങ്കിലും ആദിവാസി-സവർണ്ണ വിഭാഗങ്ങൾ കടന്നുവരുന്നതിനാൽ പ്രാകൃതം/ആധുനികം എന്നീ ദ്വന്ദ്വങ്ങൾ ഈ നോവലിൽ പ്രതിഫലിക്കുന്നതായി ഷംഷാദ് ഹുസൈൻ ആമുഖപഠനത്തിൽ നിരീക്ഷിക്കുന്നു (പു. 7). ഈയൊരു ദ്വന്ദ്വം തന്നെ നെല്ലിലെ ഭാഷയിലും കാണാൻ സാധിക്കുന്നു. ഒരു വംശത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും നോവലിന്റെ ആഖ്യാനഘടനയിൽ സ്വീകാര്യമാകണമെങ്കിൽ അതിനകത്തുനിന്നുള്ള വീക്ഷണം അത്യാവശ്യമാണ്. ഇങ്ങനെയൊരു വീക്ഷണത്തിന്റെ ഭാഗമായി നോവലിലെ ഭാഷയിലും സൂക്ഷ്മത വരുത്താൻ പി. വത്സല ശ്രദ്ധിച്ചിട്ടുണ്ട്. നെല്ലിലെ ആഖ്യാനഘടനയിലേക്ക് കടന്ന് ഭാഷയിലൂടെ സാമൂഹികസാഹചര്യങ്ങൾ വ്യക്തമാക്കുന്ന ഘടകങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കുകയാണ് തുടർന്ന് ചെയ്യുന്നത്.

2.1വ്യക്തിനാമങ്ങൾ

പ്രാകൃതം/ആധുനികം എന്ന ദ്വന്ദ്വം നോവലിൽ നിലനില്ക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു. അതിനെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ് നോവലിലെ കഥാപാത്രങ്ങളുടെ പേരുകൾ. ഓരോ വിഭാഗത്തിലുമുള്ള വ്യക്തികളെ അവരുടെ പേരുകളിൽനിന്നും തിരിച്ചറിയാൻ സാധിക്കുന്നു. നോവലിൽ കടന്നുവരുന്ന കഥാപാത്രങ്ങളുടെ പേരുകൾ: മല്ലൻ, ചുണ്ടെലി, സെയ്ത്, കുറുമാട്ടി, കുറിച്യൻ കേളൻ, മാര, ചമ്പ, വെടിക്കാരൻ ജോസഫ്, കുറിച്യൻ ചാത്തു, കുഞ്ഞിലക്ഷ്മി, ശിവരാമൻ, ചാത്തൻ, സുഭദ്ര, കറുമൻ കാളൻ, സാവിത്രി വാരസ്യാർ, ഗോപാലൻ മൂസ്സ്, രാഘവൻ നായർ, തോമച്ചേട്ടൻ, പേമ്പി, ദാമുവാര്യർ, കരിയൻ, ജവനി, വെള്ളി, ജവരപ്പെരുമൻ, പെദ്ദുമാരൻ, എളുതപ്പൊട്ടൻ, മാനി, വട്ട, കുറിച്യൻ കണ്ണാമൻ, കാളി, ക്ഷുരകൻ ഗോപാലൻ, തട്ടാൻ ബാപ്പു, കൊല്ലൻ കൃഷ്ണൻ, മണ്ണാൻ രാമൻ, തപാൽ ശിപായി നാണു, മൊയ്തീൻ, കുഞ്ഞാലി, വണ്ടി കാക്ക, എമ്പ്രാശൻ മാധവൻ, മൂപ്പിൽ നായർ, തമ്മാടി, ഗോപാലൻ നായർ, കരിമി, കേളു, ഉണ്ണിത്തമ്പുരാൻ, ബസവൻ, കുറിച്യത്തി കുമ്പ, ജോഗി, മാരിയമ്മ, കിട്ടുവാര്യർ, ഗോപാലവാര്യർ, ലക്ഷ്മിക്കുട്ടി വാരസ്യാർ, കരിനീലക്കരിയൻ, ചാണ്ടി, മണ്ണാൻ ബാപ്പു, ഗാർഡ് ശങ്കുണ്ണി, പത്മനാഭൻ, അറുമുഖൻ, അപ്പുമൂസ്സ്, ചമയൻ, കൃഷ്ണമാരാർ, മുത്തു, വാസുദേവൻ, പഠാണി, തോലാവെള്ളൻ, ദാമോദരൻ എന്നിവയാണ്.

സമൂഹത്തിന്റെ ജാതീയമായിട്ടുള്ള ശ്രേണീകരണം അടിസ്ഥാനമാക്കിത്തന്നെയാണ് ഇവരുടെ പേരുകൾ എന്നു മനസ്സിലാക്കാം. ആദിവാസി ജനതയുടെ പേരുകൾ അപരിഷ്കൃതമെന്ന് തോന്നിക്കുന്ന തരത്തിലുള്ള ദ്രാവിഡാംശം ഏറിനില്ക്കുന്ന പദങ്ങളാണ്. എന്നാൽ സവർണ്ണരായിട്ടുള്ളവരുടെയും വിദ്യാസമ്പന്നരുടെയും പേരുകൾ പരിഷ്കൃതവും സംസ്കൃതീകരിച്ചവയുമാണെന്ന് കാണാം. ആദിവാസി-സവർണ്ണവിഭാഗങ്ങളുടെ ഇടയിൽ വരുന്ന ചില വിഭാഗങ്ങളെ അവരുടെ ജാതിനാമം ചേർത്താണ് വിളിക്കുന്നത്. കുറിച്യൻ, മണ്ണാൻ, ക്ഷുരകൻ, തട്ടാൻ, കൊല്ലൻ എന്നീ വിഭാഗങ്ങളെയാണ് ജാതിനാമം കഴിഞ്ഞ് പേരിട്ട് വിളിക്കുന്നത്. ഉയർന്ന ജാതിക്കാരുടെ പേരിനുശേഷമാണ് അവരുടെ ജാതിനാമം ചേർക്കുന്നത്. ഇവർക്ക് ജാതിനാമം ചേർത്തുവിളിക്കുന്നത് ശ്രേഷ്ഠമായി തോന്നുമെങ്കിലും താഴേക്കിടയിലുള്ളവർക്ക് അങ്ങനെയല്ല. അതുകൊണ്ടുതന്നെ അവരെ ജാതിയുടെ അടിസ്ഥാനത്തിൽ ചൂഷണം ചെയ്യുന്നതിനും മാനസികമായി തളർത്തുന്നതിനും കൂടിയാണ് പേരിനുമുൻപുതന്നെ ജാതിനാമം ചേർത്തുവിളിക്കുന്നത്.

പണ്ട് ജാതിനാമങ്ങൾ ഓരോ വിഭാഗത്തിന്റെയും തൊഴിലുമായി ബന്ധപ്പെട്ടായിരുന്നു നിലനിന്നിരുന്നത്. തൊഴിൽ നാമങ്ങളായാണ് കൊല്ലൻ, തട്ടാൻ, ക്ഷുരകൻ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഉപയോഗിച്ചിരുന്നത്. പിന്നീട് അത് ജാതിനാമങ്ങളായി മാറുകയായിരുന്നു. നോവലിൽ തൊഴിൽനാമം ചേർത്ത് വിളിക്കുന്ന മറ്റുചില പേരുകൾ കൂടി കാണാം. തപാൽ ശിപായി നാണു, വെടിക്കാരൻ ജോസഫ് എന്നിവയാണവ. ജാതിമത വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലുള്ളവ കൂടിയാണ് മുകളിൽ സൂചിപ്പിച്ച പേരുകളെല്ലാം. മൊയ്തീനും സെയ്തും ഏത് മതത്തിലാണ് എന്നും ജോസഫും ചാണ്ടിയും ഏതുമതത്തിലാണ് വിശ്വസിക്കുന്നതെന്നും അവരുടെ പേരുകൾ വ്യക്തമാക്കുന്നു.

2.2സ്ത്രീ-പുരുഷവ്യത്യാസം

മുകളിൽ സൂചിപ്പിച്ച പേരുകളിൽനിന്നും സ്ത്രീപുരുഷവ്യത്യാസം വ്യക്തമാണ്. പേരിന്റെ സ്വഭാവവും പ്രത്യേകതയുമാണ് സ്ത്രീപുരുഷനാമങ്ങളെ വേറിട്ടുനിർത്തുന്നത്. നോവലിലെ മല്ലൻ, കുറിച്യൻ കേളൻ, വെടിക്കാരൻ ജോസഫ്, കുറിച്യൻ ചാത്തു, ശിവരാമൻ, ഗോപാലൻമൂസ്സ്, ചാത്തൻ, രാഘവൻ നായർ, തോമച്ചേട്ടൻ, ദാമുവാര്യർ, കൊല്ലൻ കൃഷ്ണൻ, കരിയൻ, ജവരപ്പെരുമകൻ, പൊദ്ദട്ടമാരൻ, എളുതപ്പൊട്ടൻ, കുറിച്യൻ കണ്ണാമൻ, ക്ഷുരകൻ ഗോപാലൻ, മണ്ണാൻ രാമൻ, തപാൽ ശിപായി നാണു, മൊയ്തീൻ, കുറുമൻ കാളൻ, എമ്പ്രാശൻ, മാധവൻ, മൂപ്പിൽ നായർ, ഗോപാലൻ നായർ, കാളൻ കേളു, ഉണ്ണിത്തമ്പുരാൻ, ബസവൻ, കിട്ടുവാര്യർ എന്നിങ്ങനെയുള്ള നാമങ്ങൾ പുരുഷനാമങ്ങളാണെന്ന് പേരിന്റെ അവസാനം കടന്നുവരുന്ന ‘അൻ’ പ്രത്യയം ഉപയോഗിച്ച് എളുപ്പത്തിൽ മനസ്സിലാക്കാം. ‘അൻ’ പ്രത്യയം ഇല്ലാത്തതും ‘ഇ’ പ്രത്യയം വരുന്നതുമാണ് സ്ത്രീനാമങ്ങളിലധികവും. കുറുമാട്ടി, കുഞ്ഞുലക്ഷ്മി, സാവിത്രി, പേമ്പി, ജവനി, വെള്ളി, കാളി, കരിമി, ലക്ഷ്മിക്കുട്ടി എന്നിങ്ങനെയുള്ള നാമങ്ങൾ കേൾക്കുന്ന മാത്രയിൽ സ്ത്രീനാമങ്ങളാണെന്ന് തിരിച്ചറിയാം. ഇതുകൂടാതെ നോവലിൽ ഉപയോഗിക്കുന്ന സ്ത്രീ നാമങ്ങളാണ്. മാര, ചമ്പ, സുഭദ്ര, വട്ട, കുമ്പ മുതലായവ. ഈ നാമങ്ങളുള്ള വ്യക്തികളെ അവരുടെ ജാതിനാമം ചേർക്കുമ്പോൾ കടന്നുവരുന്ന ‘ഇ’ പ്രത്യയം ഉപയോഗിച്ചോ അവരുടെ സംബോധനാ പദങ്ങളിലൂടെയോ സ്ത്രീകളാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നു. ഇത്തരം നാമങ്ങൾ പുരുഷന്മാർക്ക് ഇടാറുമില്ല. ചുരുക്കത്തിൽ സ്ത്രീയ്ക്കും പുരുഷനും ഓരോ സമൂഹത്തിലും അവരുടെ സാമൂഹിക വ്യത്യാസങ്ങൾക്കനുസരിച്ച് നാമങ്ങളും തരംതിരിച്ച് നല്കിയിട്ടുണ്ടെന്ന് കാണാം. (വളരെ അപൂർവ്വമായി ഇതിനപവാദമായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന ചില പേരുകളും ഭാഷയിലുണ്ട്).

2.3സംബോധനാപദങ്ങൾ

വ്യക്തികൾ തമ്മിൽ സംഭാഷണത്തിലേർപ്പെടുമ്പോൾ പരസ്പരം വിളിക്കുന്ന പേരുകളാണ് സംബോധനാപദങ്ങൾ. സമൂഹജീവിയായ മനുഷ്യന് സംബോധനാപദങ്ങളുടെ പ്രയോഗം കൂടിയേതീരൂ. ഏതൊരു സമൂഹത്തിലും പരസ്പരം ബഹുമാന സൂചകമായോ അല്ലാതെയോ നിരവധി സംബോധനാപദങ്ങളും ഉണ്ടാവാറുണ്ട്. ഈ നോവലിലെ പല തരത്തിലുള്ള സംബോധനാപദങ്ങളുടെ പിന്നിലുള്ള സാമൂഹികാന്തരീക്ഷമാണ് തുടർന്ന് പരിശോധിക്കുന്നത്.

2.3.1അടിയാളരുടെ സംബോധനാപദങ്ങൾ

നോവലിലെ ഏറ്റവും താഴ്ന്ന വിഭാഗമായ അടിയാളർ സമൂഹത്തിലെ സവർണരായ നായർ, നമ്പൂതിരി, വാര്യർ മുതലായ വിഭാഗത്തിലുള്ള പുരുഷന്മാരെ ‘തമ്പ്രാൻ’ എന്നും സ്ത്രീകളെ ‘തമ്പ്രാട്ടി’, ‘മനയമ്മ’, ‘തിരുവോളമ്മ’ എന്നിങ്ങനെയുമാണ് വിളിക്കുന്നത്. അടിയാളർ മറ്റ് വിഭാഗത്തിലുള്ളവരെ ജാതിനാമത്തോടുകൂടി പേരുതന്നെയാണ് വിളിക്കുന്നത്. ഇവർക്ക് കൂടുതൽ വിധേയത്വമുള്ളത് നായർ, നമ്പൂതിരി, വാര്യർ വിഭാഗങ്ങളോടാണ്. അവരുടെ കീഴിലാണ് ഇവർ വേല ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവരോട് കൂടുതൽ ഭക്തിയും ബഹുമാനവും പ്രകടിപ്പിക്കുന്നു.

അടിയാളരായിട്ടുള്ള പുരുഷന്മാർ സ്ത്രീകളെ ‘മ’ എന്നും സ്ത്രീകൾ പുരുഷന്മാരെ ‘വ’ എന്നുമാണ് വിളിക്കുന്നത്. മറ്റ് സമൂഹങ്ങളിലേതുപോലെതന്നെ സന്ദർഭത്തിനനുസരിച്ച് ഇവരുടെ സംബോധനാപദങ്ങളും മാറുന്നുണ്ട്. ആദിവാസികൾ ചിറ്റപ്പനെ ‘കൂളിയപ്പൻ’ എന്നും ചിറ്റമ്മയെ ‘കൂളിയമ്മ’ എന്നുമാണ് വിളിക്കുന്നത്.

2.3.2മേലാളരുടെ സംബോധനാപദങ്ങൾ

മേലാളരായ സവർണ്ണവിഭാഗം ആദിവാസി വിഭാഗത്തിലുള്ളവരെ ‘നീ’ എന്നാണ് വിളിക്കുന്നത്. ചില സന്ദർഭത്തിൽ ‘പന്നി’ എന്നും വിളിക്കുന്നു. കോപം വരുമ്പോഴും ദേഷ്യപ്പെടുമ്പോഴുമാണിത്. ആദിവാസികളോടുള്ള മേലാളരുടെ മനോഭാവവും അധീശത്വവുമാണ് ഈ സംബോധനകളിൽനിന്നും വ്യക്തമാകുന്നത്. മറ്റുള്ള താഴ്ന്ന ജാതിക്കാരെ ഇവർ ജാതിപ്പേരിനുശേഷം വ്യക്തിനാമം കൂട്ടിയാണ് സംബോധന ചെയ്യുന്നത്. സവർണ്ണരായിട്ടുള്ളവർ പരസ്പരം ജാതിപ്പേര് മാത്രം ഉപയോഗിച്ചും പേരിനുശേഷം ജാതിപ്പേര് ചേർത്തും വിളിക്കുന്നു. പരസ്പരം ബഹുമാനത്തോടുകൂടിയാണ് ഈ സംബോധനകൾ. മേലാളർ അവരുടെ സ്ത്രീകളെയും കുട്ടികളെയും പേരാണ് വിളിക്കുന്നത്.

2.4പരാമർശപദങ്ങൾ

ഒരു വ്യക്തിയെക്കുറിച്ച് മൂന്നാമതൊരാളോടു സംസാരിക്കുമ്പോഴും പരിചയപ്പെടുത്തി കൊടുക്കുമ്പോഴും ഉപയോഗിക്കുന്ന പദങ്ങളാണ് പരാമർശപദങ്ങൾ. സംബോധനാപദങ്ങളിൽ പലതും പരാമർശത്തിനായും ഉപയോഗിക്കാറുണ്ട്. ആദിവാസിജനത അവരുടെ അമ്മയെ ബഹുമാനസൂചകമായി പരാമർശിക്കുന്നത് ‘അവ്വ’ എന്നാണ്. അല്ലാത്ത സന്ദർഭങ്ങളിൽ ‘തള്ള’ എന്നും ഉപയോഗിക്കുന്നു. ഭാര്യയെക്കുറിച്ച് അവർ ‘റാട്ടി’ എന്നാണ് പരാമർശിക്കുന്നത്. കുടുംബക്കാരണവരെ അഥവാ കുടുംബത്തിൽ ഏറ്റവും മുതിർന്ന പുരുഷനെ ‘കാരണവർ’ എന്നുപറയുന്നു. കുടുംബക്കാരണവരുടെ ഭാര്യയെ ‘ചെമ്മരക്കാരത്തി’എന്നും പറയുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങളിൽ ചെമ്മരക്കാരത്തിക്ക് പ്രത്യേക സ്ഥാനമാണുള്ളത്.

നോവലിലെ സവർണ്ണവിഭാഗങ്ങൾ മറ്റുള്ളവരെക്കുറിച്ച് പരാമർശിക്കാൻ പേരോ, ജാതിനാമമോ രണ്ടുംകൂടി ചേർത്തോ ഉപയോഗിക്കുന്നു.

2.5ആചാരഭാഷ

‘ആദരവും വിനയവും പ്രകടിപ്പിക്കുന്നതിനുള്ള ആചാരഭാഷ അതിന്റെ സവിശേഷതകൾ നിലനിർത്തുന്നത് മുഖ്യമായും സംബോധനാപദങ്ങളിലാണ്. ദിനചര്യകൾ, ഗൃഹം, ചിട്ടകൾ, ചടങ്ങുകൾ തുടങ്ങിയവയെ കുറിക്കുന്ന പേരുകളിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നു’ (ഗിരീഷ്, 1998: 14). ജാതിവ്യത്യാസങ്ങൾക്ക് അനുസരിച്ചുള്ള ബഹുമാനവും വിധേയത്വവും ഭാഷയിലൂടെ പ്രകടിപ്പിക്കുന്നത് നോവലിലും വ്യക്തമാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ആചാരഭാഷയാണ് ചുവടെ പരിശോധിക്കുന്നത്.

2.5.1വാസസ്ഥലങ്ങൾ

ഓരോ വിഭാഗത്തിനും ജാതിമത വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ വാസസ്ഥലത്തിന് വ്യത്യസ്ത പേരുകളാണുള്ളത്. നോവലിൽ നമ്പൂതിരിയുടെ വാസസ്ഥലം ‘മന’, ‘ഇല്ലം’ എന്നിങ്ങനെ മാറിമാറി ഉപയോഗിച്ചുകാണുന്നു. വാര്യരുടെ വീടിനെ ‘വാരിയം’ എന്നും നായരുടേത് ‘വീട്’ എന്നും സൂചിപ്പിക്കുമ്പോൾ ആദിവാസി വിഭാഗം താമസിക്കുന്നത് ‘ചെറ്റ’, ‘കുള്ള്’, ‘മുളഞ്ചെറ്റ’, ‘മൺകൂര’ എന്നിങ്ങനെയാണ് വിളിക്കുന്നത്. കുറിച്യർ പോലുള്ള മറ്റ് വിഭാഗങ്ങളുടെ വാസസ്ഥലത്തിന് ‘കുടി’ എന്നപദം ചേർത്ത് ജാതിനാമമാണ് ഉപയോഗിക്കുന്നത്. ‘കുറിച്യക്കുടി’, ‘തട്ടാക്കുടി’ എന്നിങ്ങനെയാണ് അവയെ വിളിക്കുന്നത്.

2.5.2ചടങ്ങുകൾ

ആചാരാനുഷ്ഠാനങ്ങളിലും ജീവിതരീതിയിലും ആദിവാസി-സവർണ്ണ വിഭാഗങ്ങൾ തമ്മിൽ വലിയ അന്തരമാണുള്ളത്. അവരുപയോഗിക്കുന്ന ഇത്തരം പദങ്ങളും വ്യത്യസ്തങ്ങളാണ്. എന്നാൽ രണ്ടുവിഭാഗങ്ങൾക്കും ഒരുപോലെയുള്ള പല ചടങ്ങുകളിലും ആചാരഭാഷയുടെ സ്വാധീനം ശക്തമായി കാണാം. വിവാഹമാണ് അവയിലൊന്ന്. ഉയർന്ന ജാതിക്കാരുടെ വിവാഹത്തെ ‘വേളി’ എന്നാണ് പരാമർശിക്കുന്നത്. എന്നാൽ ആദിവാസി ജനതയുടെ വിവാഹം ‘കെട്ട്’ എന്നുമാണ് അിറയപ്പെടുന്നത്. മരണാനന്തരം ചെയ്യുന്ന ക്രിയകൾക്ക് ആദിവാസികൾ ‘ശാസ്ത്രം ചൊല്ലിവിടൽ’ എന്നാണ് പറയുന്നത്. സവർണർ ഇതിന് ‘ശേഷക്രിയ’ എന്നും പറയുന്നു.

2.5.3വസ്തു നാമങ്ങൾ

പണവും മറ്റും സൂക്ഷിക്കുന്നതിനുള്ള ചെറിയ തുണിസഞ്ചിക്ക് ആദിവാസികൾ ‘ചീരം’ എന്നാണ് പറയുന്നത്. എന്നാൽ അതേ സഞ്ചി സവർണ്ണർ ഉപയോഗിക്കുമ്പോൾ അതിനെ ‘സഞ്ചി’ എന്നുതന്നെ പറയുന്നു. അതുപോലെ തന്നെയാണ് മേലാളന്മാർ ഉടുക്കുന്നത് ‘മുണ്ടും ഷർട്ടും’ എന്നു പറയുമ്പോൾ ആദിവാസിയുടേതിനെ ‘ചേല’, ‘പുടവ’, ‘ചിന്തെ’, ‘കുപ്പായം’ എന്നിങ്ങനെയാണ് പരാമർശിക്കുന്നത്.

2.6വിദ്യാഭ്യാസ സൂചകങ്ങൾ

കാട്ടിലും പരിസരപ്രദേശങ്ങളിലുമായി വസിക്കുന്ന ആദിവാസി വിഭാഗത്തിന് വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്ന് അവരുടെ സംസാരഭാഷയിൽനിന്നുതന്നെ മനസ്സിലാക്കാം. വിദ്യാഭ്യാസം നേടിയിട്ടുള്ളവർ പ്രാകൃതത്തിൽനിന്ന് അകന്നുനിൽക്കുന്ന മാനകമലയാളമാണ് ഉപയോഗിക്കുന്നത്. ഇവിടെയുള്ള ആദിവാസികൾ ഉപയോഗിക്കുന്ന ഏതാനും പദങ്ങളാണ്: കവുഞ്ഞാ=കഴിഞ്ഞോ, ഞാങ്കൂടെ = ഞങ്ങളുടെ, ശുണ്ടെലി = ചുണ്ടെലി, നിങ്കു = നിന്നെ, ഉറാങ്കി = ഉറങ്ങി, ബേണോ = വേണോ, ഞാള് = ഞങ്ങള്, ചീവിക്കുക = ജീവിക്കുക, വാറ് = ഗർഭം, നാനു = ഞാൻ എന്നിവ.

ആദിവാസികൾക്കുമാത്രമല്ല ഈ പ്രദേശത്തുള്ള സവർണ്ണരായിട്ടുള്ളവർക്കും വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാൻ മാർഗ്ഗങ്ങളില്ല എന്ന് സാവിത്രി വാരസ്യാരുടെ വാക്കുകളിൽനിന്നും മനസ്സിലാക്കാവുന്നതാണ്. അവർ പറയുന്നു: ‘ഇവിടെയൊരു പള്ളിക്കൂടം തുടങ്ങിയാൽ രാഘവൻ നായർക്കു പുണ്യമുണ്ടാവും’, ‘എന്റെ കുട്ടികളെയെങ്കിലും ഈ പൊട്ടക്കിണറ്റിൽ നിന്നു പൊക്കിയെടുക്കൂ’ (പു. 60) എന്നിങ്ങനെ. കാട്ടിലും കാടിനോടു ചേർന്ന പ്രദേശങ്ങളിലും കൃഷിചെയ്ത് ജീവിക്കുന്ന ഈ പ്രദേശത്തെ ജനതയ്ക്ക് കാര്യമായ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്ന് അവരുടെ ഭാഷയിൽനിന്നും മനസ്സിലാക്കാം.

2.7തൊഴിൽ പരാമർശങ്ങൾ

തിരുനെല്ലിയിലെ പ്രധാന തൊഴിൽ കൃഷിതന്നെയാണെന്ന് ഈ നോവലിൽ ആവർത്തിച്ചുവരുന്ന വയൽ, പുഞ്ചക്കണ്ടം, വേല, കലപ്പ, ഞാറ്റുവടികൾ, പത്തായം, കൊയ്ത്ത്, ഉഴുക, വല്ലികൊടുക്കുക, പാട്ടം, കാവൽ പന്തലുകൾ എന്നിങ്ങനെയുള്ള പദങ്ങളിൽനിന്നും മനസ്സിലാക്കാം. എന്നാൽ കൃഷിസ്ഥലങ്ങൾ മേലാളരായിട്ടുള്ളവരുടെ ഉടമസ്ഥതയിലും ആദിവാസികൾ വെറും കൂലികളാണെന്നും ‘അടിമപ്പണം’ എന്ന പദത്തിലൂടെ മനസ്സിലാക്കാം. മാത്രമല്ല അടിയാളരുടെ ഇടയിൽ ഉപയോഗിക്കുന്ന മറ്റുചില പദങ്ങൾ ഇതിനെ ഊട്ടിയുറപ്പിക്കുന്നതുമാണ്. അവ: ‘കുണ്ടൽ’ = അടിയാന്മാർക്ക് ആണ്ടറുതിയിൽ അവകാശമായി കിട്ടുന്ന നെല്ല്, ‘വല്ലികിട്ടുക’ = വീതം കിട്ടുക, ‘കൊരമ്പ്’ = മഴയത്തു വയൽപ്പണി ചെയ്യുന്നവർ ചൂടുന്ന ഒരു തരം കുട, ‘കൊമ്മ’ = നെല്ലിടുന്ന വലിയ വീപ്പയുടെ ആകൃതിയിലുള്ള മുളങ്കുട്ട. സവർണ്ണരുടെയും അവർണ്ണരുടെയും ഉപജീവനമാർഗ്ഗം പൊതുവെ നെൽകൃഷിയാണ് എന്ന് അവരുടെ ഭാഷയിലൂടെ മനസ്സിലാക്കാം.

നോവലിൽ മറ്റൊരിടത്ത് വാരസ്യാരെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്; ‘… പിന്നീട് കാത്തിരിപ്പാണ്. നിവേദ്യച്ചോറിന്, വിശന്നു കാരയുന്ന കുട്ടിയുടെ വായിൽ പാലില്ലാത്ത മുല തിരുകിക്കൊടുക്കുന്നു. ഇത് സാവിത്രി വാരസ്യാരുടെ മാത്രം കാര്യമല്ല’ (പു. 60). ഇതിൽനിന്ന് അവർ അനുഭവിച്ച ദാരിദ്ര്യവും കഷ്ടപ്പാടുകളും ഒപ്പം വാര്യരുടെ ക്ഷേത്രത്തിലെ ജോലിയും വ്യക്തമാക്കുന്നു. ‘സെയ്തിന്റെ ചായക്കട’, ‘മൊയ്തീന്റെ പീടിക’ എന്നിങ്ങനെ നോവലിൽ പരാമർശിച്ചു കാണുന്നതിൽനിന്നും മുസ്ലീങ്ങളുടെ തൊഴിൽ പരമ്പരാഗതമായ കച്ചവടം തന്നെയാണെന്ന് മനസ്സിലാക്കാം. മാത്രവുമല്ല, ഒരിടത്ത് സെയ്ത് പറയുന്നുമുണ്ട്, ‘മണ്ണും ഞാനും ഇണങ്ങില്ല നായരേ, കച്ചോടാണ് ഞമ്മക്കു പടച്ചോൻ തന്ന ജീവിതമാർഗ്ഗം’ (പു. 310). പണ്ടുതൊട്ടുതന്നെ മുസ്ലീങ്ങൾ കച്ചവടക്കാരാണ് എന്നൊരുധാരണ സമൂഹത്തിൽ പരക്കെയുണ്ട്. പൊതുവെ അത് ശരിയുമാണ്. ഇവിടെയും അതാണ് വ്യക്തമാകുന്നത്.

2.8ഭക്ഷണപദാർത്ഥങ്ങൾ

കാട്ടിലും സമീപപ്രദേശങ്ങളിലും നെൽകൃഷി ചെയ്തു ജീവിക്കുന്ന ഒരു ജനതയുടെ ഭക്ഷണക്രമത്തിൽ അരിയാഹാരം സാധാരണമാണ്. ജാതിയുടെയും സാമൂഹികാവസ്ഥകളുടെയും അടിസ്ഥാനത്തിൽ നോവലിലെ മേലാളന്മാരും കീഴാളന്മാരും വ്യത്യസ്തമായ ഭക്ഷണപദാർത്ഥങ്ങളാണ് കഴിക്കുന്നതെന്ന് അവരുടെ ഭാഷ വ്യക്തമാക്കുന്നു. കൊയ്ത്തു കഴിഞ്ഞുള്ള ഏതാനും നാളുകളിൽ മാത്രമാണ് കീഴാളരുടെ ജീവിതത്തിൽ ‘ചോറും’ ‘കഞ്ഞിവെള്ളവും’ കടന്നുവരുന്നത്. ദൈനംദിന ജീവിതത്തിൽ അവരുടെ ആഹാരപദാർത്ഥങ്ങളായി ഭാഷയിൽ കടന്നുവരുന്ന പദങ്ങളാണ് ‘അരിക്കിഴങ്ങ്’, ‘നാരങ്ങൽ കിഴങ്ങ്’, ‘താള്’, ‘ചക്ക’, ‘ഞണ്ട്’, ‘മീൻ’, ‘ചപ്പോ ഇലയോ’ എന്നിങ്ങനെയുള്ള വനവിഭവങ്ങൾ. വയലിൽ പണിക്കുപോകുന്ന ഒരു വിഭാഗത്തിന്റെ ആഹാരക്രമത്തിൽ അരിയാഹാരമില്ല എന്നു വരികയും അവർ പട്ടിണി അനുഭവിക്കുകയും ചെയ്യുമ്പോൾ സവർണ്ണരായ മേലാളർ നടത്തുന്ന ചൂഷണത്തിന്റെ ആക്കമാണ് വ്യക്തമാകുന്നത്.

മേലാളരുടെ ഭക്ഷണശീലങ്ങളിൽ എന്നും ‘ചോറും കറികളും’ കടന്നുവരുന്നു. മാത്രമല്ല, ‘നെയ്യൊഴിച്ചു ചുട്ട ദോശ’ മുതലായ അരിയാഹാരങ്ങളും അവരുടെ ഭാഷയിൽ കാണാം.

2.9ആരാധനാപദങ്ങൾ

നോവലിലെ രണ്ട് വിഭാഗങ്ങളുടെയും ദേവീദേവന്മാരുടെ നാമങ്ങളിൽനിന്നും അവർ ഏത് വിഭാഗത്തിലുള്ളവരാണെന്നും ദ്രാവിഡാരാധനാക്രമമാണോ ആര്യാരാധനാക്രമമാണോ തുടരുന്നതെന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ആദിവാസികളായ അടിയാളർ എപ്പോഴും ഈശ്വരനെ വിളിക്കുന്നത് ‘മലങ്കാരി ദേവതേ… ’ ‘ചാമുണ്ടി… ’ എന്നിങ്ങനെയാണ്. എന്നാൽ സവർണ്ണരായിട്ടുള്ള മറ്റുവിഭാഗങ്ങളുടെ ദേവീദേവന്മാരിൽനിന്ന് അവരുടെ വിശ്വാസവും വ്യക്തമാകുന്നു. അവർ ‘ഭഗവാനേ’, ‘ഈശ്വരാ’, ‘ദേവീ മഹാമായേ’, ‘കൊട്ടിയൂരമ്മേ’ എന്നിങ്ങനെയാണ് ദൈവത്തെ വിളിക്കുന്നത്, ആദിവാസികൾക്കിടയിൽ മാത്രം കാണുന്ന ‘ഖദ്ദിക’ എന്ന പദത്തിൽനിന്നും അവരുടെ വിശ്വാസങ്ങളും ആരാധനാരീതിയും എത്രത്തോളം തീവ്രമാണെന്ന് മനസ്സിലാക്കാം.

2.10വിശ്വാസസൂചകങ്ങൾ

ഒരു കാലത്ത് സമൂഹത്തിലുണ്ടായിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സൃഷ്ടിച്ച ചില വിശ്വാസങ്ങൾ തിരുനെല്ലിയിലുണ്ട് എന്ന് വ്യക്തമാക്കുന്ന സന്ദർഭം നോവലിൽ കാണാം. താഴ്ന്ന ജാതിക്കാർ തൊട്ടാലോ വീട്ടിൽ പ്രവേശിച്ചാലോ അശുദ്ധമാകുമെന്നും കളങ്കം വീഴുമെന്നും മറ്റുമുള്ള വിശ്വാസങ്ങൾ ഇവിടെ നിലനിന്നിരുന്നു. അത്തരം വിശ്വാസങ്ങളെ തുറന്നുകാട്ടുന്ന പ്രയോഗങ്ങളാണ്; ‘നായരൂട്ടീടെ എച്ചിപ്ലാവില ഇവ്ട്ത്തെ പാത്രത്തിൽ തൊടരുത്’, ‘നാനു അരിവച്ചാ, തമ്പ്രാ തിന്നുവാ?’ ഈ രണ്ട് വാക്യങ്ങളിലെയും ഭാഷയുടെ ശൈലിയും സൂചനകളും വെച്ച് ഏത് വിഭാഗത്തിലുള്ളവർ പറയുന്നതാണെന്നും എന്തിനുവേണ്ടി പറയുന്നതാണെന്നും വ്യക്തമാണ്.

2.11ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

കാട്ടിലും കാടിനോടു ചേർന്നുകിടക്കുന്ന പ്രദേശത്തുമാണ് തങ്ങൾ ജീവിക്കുന്നതെന്ന് വ്യക്തമാക്കിത്തരുന്ന ചില പ്രയോഗങ്ങൾ നോവലിലുണ്ട്. അതിൽ ഒന്നാണ്, ‘മൂന്നു ദിവസങ്ങളിലെ പത്രം ഒന്നിച്ചു വന്നപ്പോൾ ആദ്യം അത്ഭുതം തോന്നി’ എന്ന വാക്യം. കാട്ടിലാണ് വസിക്കുന്നതെന്ന് വ്യക്തമാക്കുന്ന പദങ്ങളാണ് ആദിവാസികളും ഉപയോഗിക്കുന്നത്. അവർ ഉപയോഗിക്കുന്ന ചില ഉപമകൾ ഇങ്ങനെയാണ്: ‘വീട്ടിക്കാതൽ പോലിരിക്കുന്ന’ (കാട്ടിലെ പ്രധാന ഉറപ്പുള്ള വൃക്ഷങ്ങളിലൊന്നാണ് ഈട്ടി), ‘ആന ചവുട്ടിയ വാഴപ്പിണ്ടി പോലെ’ (ആന ഇറങ്ങുന്ന പ്രദേശമാണ് എന്നും അവരുടെ ഭീതിയും കൃഷിനാശവും എല്ലാം വ്യക്തമാകുന്നു). ഇതുകൂടാതെ ‘കന്നുകാലിപ്പാത’, ‘ആനച്ചാല്’ എന്നീ പദങ്ങളും ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ വ്യക്തമാക്കുന്നവയാണ്.

ഓരോ പ്രദേശത്തിനും ഓരോ വിഭാഗത്തിനും അവരുടെ ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഭാഷാഭേദങ്ങൾ ഉണ്ടെന്നുകാണാം. ഒരു വിഭാഗത്തിലുള്ള ജനങ്ങൾ തമ്മിലുള്ള സംഭാഷണത്തിലും മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഒട്ടനവധി വൈവിധ്യങ്ങൾ കാണാൻ സാധിക്കും. ഭൂമിശാസ്ത്രവും കാലവും സന്ദർഭവുമെല്ലാം ഇത്തരത്തിൽ ഭാഷയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സാംസ്കാരിക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന കേരളത്തിൽ ഓരോസമൂഹത്തിനനുസരിച്ചും ഭാഷയിൽ വൈവിധ്യങ്ങൾ കാണാൻ സാധിക്കും. അങ്ങനെയുള്ള ഓരോ സമൂഹത്തിന്റെയും കഥപറയുന്ന നോവലിൽ ആ പ്രദേശത്തെ ജനതയുടെ ജീവിതത്തെ ആവിഷ്കരിക്കുന്നതോടൊപ്പം അവരുടെ ഭാഷയെയും അവതരിപ്പിക്കുന്നു. അങ്ങനെ ഭാഷയുടെ പ്രത്യേകതകളിലൂടെയും പ്രയോഗവൈവിധ്യങ്ങളിലൂടെയും അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സാധിക്കുന്നു.

3ഉപസംഹാരം

പി. വത്സലയുടെ നെല്ല് എന്ന നോവലിനെ അടിസ്ഥാനമാക്കി, അതിൽ ചിത്രീകരിച്ചിരിക്കുന്ന ജനങ്ങളുടെ ഭാഷയിൽ എത്രത്തോളം അവരുടെ ഭൗതികസാഹചര്യങ്ങൾ കടന്നുവരുന്നു എന്നുള്ള അന്വേഷണമാണ് ഈ പഠനം. സാമൂഹിക ഭാഷാശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഈ നോവലിനെ അപഗ്രഥനം നടത്തിയപ്പോൾ കണ്ടെത്തിയ നിഗമനങ്ങളെ താഴെ ക്രോഡീകരിക്കുന്നു.

  1. സമൂഹത്തിന്റെ ഭാഷാഭേദങ്ങളെ, അതാതു സമൂഹത്തിന്റെ ഉല്പന്നങ്ങളായ നോവലുകളിലൂടെ കണ്ടെത്താൻ സാധിക്കുന്നു. അതിലൂടെ ആ ജനതയുടെ ഭൗതികസാഹചര്യങ്ങളും മനസ്സിലാക്കാൻ കഴിയുന്നു.

  2. നോവലിൽ ചിത്രീകരിച്ചിരിക്കുന്ന തിരുനെല്ലിയിലെ ജനങ്ങളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തരംതിരിക്കാം. മേലാളരും കീഴാളരും വ്യത്യസ്ത ജീവിതരീതിയാണ് നോവൽ ആവിഷ്കരിക്കുന്നത്. ഇവർ തമ്മിലുള്ള സാമൂഹികമായിട്ടുള്ള അസമത്വങ്ങളെ ഭാഷാപ്രയോഗങ്ങളിലൂടെ

  3. ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിലുള്ള സാമൂഹികശ്രേണീകരണത്തിൽ വ്യക്തിനാമങ്ങൾ പോലും വേറിട്ടു നില്ക്കുന്നു.

  4. ആദിവാസി വിഭാഗം തങ്ങളുടെ ഭാഷയിലൂടെ മേലാളരോടുള്ള വിധേയത്വം വ്യക്തമാക്കുന്നു. മേലാളരുടെ ഭാഷയിലും താഴേക്കിടയിലുള്ളവരോടുള്ള അവരുടെ മനോഭാവവും കാഴ്ചപ്പാടുകളും പ്രകടമാണ്.

  5. മേലാളർ തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ് ആദിവാസികൾ എന്ന് ‘അടിമപ്പണം’ പോലുള്ള പദങ്ങൾ വ്യക്തമാക്കുന്നു.

  6. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾപോലും ഒരു ജനതയുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഇത് അവരുടെ ഭാഷയിലൂടെ പ്രതിഫലിക്കുകയും ചെയ്യുന്നു.

  7. തിരുനെല്ലിയിലെ ആദിവാസികൾക്കും സവർണ്ണ വിഭാഗങ്ങൾക്കും കാര്യമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്നു കാണാം.

ആധാരഗ്രന്ഥങ്ങൾ

  1. അച്യുതൻ, എം., 1983/2011, നോവൽ പ്രശ്നങ്ങളും പഠനങ്ങളും, കോട്ടയം: ഡി. സി. ബുക്സ്.

  2. അബൂബക്കർ, പി. എ., 2015, വടക്കൻ മലയാളം, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

  3. ഉഷാ നമ്പൂതിരിപ്പാട്, 1994, സാമൂഹിക ഭാഷാ വിജ്ഞാനീയം, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

  4. ഗിരീഷ്, പി. എം. 1998, കേരളത്തിലെ ആചാരഭാഷ, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.

  5. ജോർജ്ജ്, സി. ജെ. 1998, വാക്കിന്റെ സാമൂഹികശാസ്ത്രം, തൃശ്ശൂർ: കറന്റ് ബുക്സ്.

  6. ബാലകൃഷ്ണൻ, പി. കെ., 1995/2006, നോവൽ സിദ്ധിയും സാധനയും, കോട്ടയം: ഡി. സി. ബുക്സ്.

  7. വത്സല, പി., 2009, നെല്ല്, കോട്ടയം: ഡി. സി. ബുക്സ്.

  8. Hudson, R. A. 1980, Sociolingustics, Cambridge: Cambridge University Press.